വികസന കോൺഗ്രസ് സമീപന രേഖകൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

വികസന കോൺഗ്രസ് സമീപന രേഖകൾ

കേരളത്തിന്റെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന, സാമൂഹിക നീതിയെ മുറുകെ പിടിക്കുന്ന, സുസ്ഥിരമായ ഒരു വികസന ക്രമത്തിനുള്ള അന്യോഷണങ്ങളുടെ ഭാഗമായി 2013 വർഷത്തിൽ തിരുവനന്തപുരം, കണ്ണൂർ, പാലക്കാട്‌ എന്നിവിടങ്ങളിലായി പരിഷത്ത്‌ മൂന്ന്‌ വികസന സംഗമങ്ങൾ വിഷയടിസ്ഥാനത്തിൽ സംഘടിപ്പിച്ചു. കേരളത്തിന്റെ പ്രക്യതി വിഭവ സുരക്ഷ, ഭക്ഷ്യസുരക്ഷ, ഗതാഗതം-ഊർജ്ജം, ജലസുരക്ഷ, ഉപജീവന സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, ലിംഗനീതി, വികേന്ദ്രീകരണം-പൊതുഭരണം, വ്യവസായം, സാമ്പത്തികം, പാർശ്യവത്‌കരിക്കപ്പെടുന്ന സാമൂഹ്യ വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ എന്നിവ ഈ മൂന്ന്‌ വികസന സംഗമങ്ങളിലുമായി ആഴത്തിൽ ചർച്ച ചെയ്‌തു. വികസന സംഗമങ്ങളിൽ നടന്ന ചർച്ചകളെ ക്രോഡീകരിച്ച്‌ കേരളത്തിന്‌ ഒരു ജനപക്ഷ വികസന ക്രമത്തിനായുള്ള നിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നതിനുള്ള കേരള വികസന കോൺഗ്രസ്സ്‌ 2013 ഡിസംബർ 26,27,28 തിയതികളിലായി എറണാകുളം മഹാരാജാസ്‌ കോളേജിൽ വെച്ച്‌ നടന്നു. വികസന കോൺഗ്രസ്സിൽ അവതരിപ്പിക്കുന്ന പൊതു സമീപനരേഖയും, വിഷയ സമീപന രേഖകളുമാണ്‌ ഈ കൈപ്പുസ്‌തകത്തിന്റെ ഉള്ളടക്കം. ഈ രേഖ പൊതു ചർച്ചകൾക്കും പരിശോധനകൾക്കുമായി ഞങ്ങൾ സമർപ്പിക്കുന്നു.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌്‌


== സാമൂഹ്യ നീതിയും സമത്വവും സന്തോഷവും സംതൃപ്‌തിയും പുലരുന്ന ഒരു കേരളത്തിന്‌ വേണ്ടി ==


ആമുഖം


കേരള വികസന രംഗത്ത്‌ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുള്ള സംഘടനയാണ്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌. ശാസ്‌ത്രം അധ്വാനം, അധ്വാനം സമ്പത്ത്‌, സമ്പത്ത്‌ ജനനന്മക്ക്‌. എന്ന പരിഷദ്‌ മുദ്രാവാക്യം തന്നെ അദ്ധ്വാനത്തിലൂടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന സമ്പത്ത്‌ മാത്രമെ സുസ്ഥിര വികസനത്തിലേക്ക്‌ നയിക്കൂ എന്ന കാഴ്‌ചപ്പാട്‌ ഉൾക്കൊള്ളുന്നു. 1976ൽ പരിഷത്ത്‌ പ്രസിദ്ധീകരിച്ച കേരളത്തിന്റെ സമ്പത്ത്‌ കേരള വികസന സംവാദത്തിൽ പുതിയൊരു കാൽവെപ്പ്‌ ആയിരുന്നു. കേരളത്തിന്റെ സമ്പത്ത്‌ കേരളവികസന പ്രകൃതി വിഭവങ്ങളാണെന്നും അവയെ പരിപാലിച്ചുകൊണ്ടും പോഷിപ്പിച്ചുകൊണ്ടുമുള്ള വികസനം മാത്രമെ ശാസ്വതമാകൂ എന്നും അതനാവശ്യമായ മാനവശേഷി വളർത്തിയെടുക്കൽ നമ്മുടെ വിദ്യാഭ്യാസ-ആരോഗ്യ സേവനങ്ങളിലൂടെ സാധ്യമാകണമെന്നും എക്കാലവും വാദിച്ചിട്ടുണ്ട്‌. ആ കാഴ്‌ചപ്പാടോട്‌ കൂടിയാണ്‌ സൈലന്റ്‌ വാലി വിവാദത്തിനും ചാലിയാർ മലിനീകരണ പ്രശ്‌നത്തിനും മറ്റനേകം പരിസ്ഥിതി സംരക്ഷണ പ്രക്ഷോഭങ്ങളിലും ആരോഗ്യരംഗത്തെ ചൂഷണങ്ങൾക്കെതിരെയുള്ള സമരങ്ങളിലും വിദ്യാഭ്യാസ പരിഷ്‌കരണത്തിലും പരിഷത്ത്‌ ഇടപെട്ടിട്ടുള്ളത്‌. എന്തല്ല വേണ്ടത്‌ എന്ന്‌ പറഞ്ഞുള്ള പ്രക്ഷോഭങ്ങൾക്കൊപ്പം തന്നെ എന്താണ്‌ വേണ്ടത്‌ എന്ന്‌ ചൂണ്ടിക്കാണിക്കാൻ സഹായിക്കുന്ന ബദലുകളെപ്പറ്റിയുള്ള ചർച്ചകളിലും അത്‌ സംബന്ധിച്ച നിർമ്മാണ പ്രവർത്തനങ്ങളിലും കൂടി ഏർപ്പെടാൻ പരിഷത്ത്‌ ശ്രമിച്ചിട്ടുണ്ട്‌. കേരളവികസനത്തെപ്പറ്റി ആഴത്തിൽ പഠിക്കാൻ ശ്രമിക്കുന്ന കേരള വികസന സംഗമങ്ങളും ആ അന്വേഷത്തിന്റെ ഭാഗമാണ്‌

വികസനം വികസനം ആണ്‌ ഈ കാലഘട്ടത്തിന്റെ മന്ത്രം. എല്ലാവർക്കും വേണം വികസനം. ആരും വികസനത്തിനെതിരല്ല. വികസന വിരുദ്ധമായ മുദ്ര ആരും ആഗ്രഹിക്കുന്നില്ല. സാമ്പത്തിക വളർച്ച, അതായത്‌ ജി.ഡി.പി വർദ്ധന, ആണ്‌ വികസനത്തിന്റെ സൂചകം എന്ന്‌ ഏതാണ്ട്‌ ഉറപ്പിച്ച മട്ടാണ്‌ അധികാരികൾ. അതുകൊണ്ടാണ്‌ ഇന്ത്യയുടെ ജി.ഡി.പി വർദ്ധനതോത്‌ ഇത്രയേറെ ചർച്ചാവിഷയമാകുന്നത്‌. അത്‌ കുറയുന്നത്‌ ധനമന്ത്രിമാരെ അലോസരപ്പെടുത്തുന്നു. സെൻസെക്‌സ്‌ എന്ന മായാസൂചിക താഴുമ്പോൾ ധനമന്ത്രിമാരെ അലോസരപ്പെടുത്തുന്നു. സെൻസക്‌സ്‌ എന്ന മായാസൂചിക താഴുമ്പോൾ മാധ്യമങ്ങൾ അലമുറയിടുന്നു. ലോകത്തിലെ ശതകോടീശ്വരന്മാരുടെ കൂട്ടത്തിൽ ഇന്ത്യാക്കാരുടെ എണ്ണം കൂടുമ്പോഴും നമ്മുടെ ബഹീരാകാശ വാഹനം ചൊവ്വയിലേക്ക്‌ കുതിക്കുമ്പോഴും നാം സമാധാനപരമായ ആണവവിസ്‌ഫോടനം നടത്തുമ്പോഴും അഭിമാനപൂരിതമാകണമന്തരംഗം എന്ന്‌ അവർ ഓർമ്മിപ്പിക്കുന്നു. പക്ഷെ ലോകത്തിൽ ഏറ്റവും കൂടുതൽ ദരിദ്രരും നിന്ദിതരും പീഡിതരും നിത്യരോഗികളും അധിവസിക്കുന്നത്‌ ഇവിടെയാണെന്നതോ, ലോകത്ത്‌ ഏറ്റവും കൂടുതൽ ശിശുക്കൾ ഒരു വയസ്സു തികയാതെ മരിക്കുന്നതും പോഷകക്കുറവുമൂലം അന്ധരാകുന്നതും പ്രസവത്തോടെ അമ്മമാർ മരിക്കുന്നതും മന്തും മലമ്പനിയും ക്ഷയവും കുഷ്‌ഠവും ഏറ്റവും കൂടുതലാളുകലെ വേട്ടയാടുന്നതും ഈ മഹാരാജ്യത്താണെന്നതും നാം സൗകര്യപൂർവ്വം മറക്കുന്നു.

തീർച്ചയായും ഈ കാര്യത്തിലൊക്കെ കേരളം ഇന്ത്യയിലെ മറ്റുമിക്ക പ്രദേശങ്ങളേക്കാളും ദീർഘദൂരം മുന്നിലാണെന്നതിൽ നാം അഭിമാനിക്കാറുണ്ട്‌. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ 2004 ൽ നടത്തിയ കേരളപഠനം അനുസരിച്ച്‌ ഇവിടെ നൂറിൽ തൊണ്ണൂറുപേർക്കും സ്വന്ത്വം വീടുണ്ട്‌. 92% വീടുകളിലും കക്കൂസുണ്ട്‌. 85% ത്തോളം വീടുകളിലും വൈദ്യുതിയുണ്ട്‌. അഞ്ചുവയസ്സായ ഏതാണ്ടെല്ലാ കുട്ടികളും സ്‌കൂളിൽ പോകുന്നു. അവരിൽ മിക്കവരും പത്തിലെത്തുന്നു. 90% ത്തിലേറെ പാസ്സാകുന്നു. പ്രതീക്ഷിത ആയുസ്സ്‌ ഇന്ത്യയിലേറ്റവും ഉയർന്നത്‌, പല വികസിത രാജ്യങ്ങൾക്കൊപ്പം. ശിശുമരണ നിരക്കിലും മാതൃമരണനിരക്കിലും ഏതാണ്ടതുപോലെ തന്നെ. പക്ഷെ, ഈ നേട്ടങ്ങൾക്ക്‌ കാരണമായ സംഗതികളെല്ലാം വളരെ മുൻപ്‌ നടന്നതല്ലേ? പത്തൊമ്പതാം നൂറ്റാണ്ടിലെ തുടക്കംകുറിച്ച വിദ്യാഭ്യാസ ആരോഗ്യ നയങ്ങളും ഐക്യകേരളം രൂപപ്പെട്ട നാളുകളിൽ നടപ്പാക്കിയ ഭൂപരിഷ്‌കരണവും സമ്പൂർണ്ണ പൊതുവിവരണ സമ്പ്രദായവും അല്ലേ ഈ നേട്ടങ്ങളിലേക്ക്‌ നയിച്ചത്‌. അവയുടെ ഫലം എഴുപതുകളിൽ തന്നെ അവയുടെ സ്വാഭാവിക പരിധിയിലെത്തുകയും വിഖ്യാതമായ കേരള മാതൃക എന്ന പ്രയോഗത്തിന്‌ കാരണമാകുകയും ചെയ്‌തല്ലോ. അതിന്‌ ശേഷം നമുക്ക്‌ ഈ ദിശയില്‌ മുന്നോട്ട്‌ നീങ്ങാൻ കഴിഞ്ഞിട്ടുണ്ടോ? അതോ ആ നേട്ടങ്ങളുടെ അടിസ്ഥാന ശിലകൾ ഒന്നൊന്നായി പൊളിച്ചടുക്കുകയാണോ? പൊതുവിദ്യാഭ്യാസ സംവിധാനവും പൊതു ആരോഗ്യ സേവന സംവിധാനവും പൊതു ഭക്ഷ്യവിതരണ സംവിധാനവും ഭീഷണിയിലാണ്‌. അവയുടെയെല്ലാം വ്യാപ്‌തി വർദ്ധിച്ചെങ്കിലും, അതോടെ സേവനങ്ങളുടെ ഗുണമേന്മയും കാര്യക്ഷമതയും നഷ്‌ടപ്പെട്ടിരിക്കുന്നു. സാക്ഷരതയിലും സ്‌കൂൾ പ്രവേശനത്തിലും മുൻപന്തിയിലാണെങ്കിലും എട്ടാം ക്ലാസ്സിലെത്തിയിട്ടും കൂട്ടിവായിക്കാനും കൂട്ടാനും കുറയ്‌ക്കാനും അറിയാത്ത കുട്ടികളുടെ എണ്ണവും വർദ്ധിച്ചിരിക്കുന്നു എന്നല്ലേ പഠനങ്ങൾ കാണിക്കുന്നത്‌? ശതമാനക്കണക്കിൽ നോക്കിയാൽ നേട്ടങ്ങൾ അഭിമാനകരമാണെങ്കിലും പിന്നോക്കം തള്ളപ്പെട്ടവർ ഏതാണ്ടു മുഴുവനും ഗിരിജനങ്ങളും തീരദേശത്തെ മത്സ്യത്തൊഴിലാളികളും പട്ടികജാതിക്കാരുമാണെന്നുള്ളത്‌ വിവേചനത്തിന്റെ മറ്റൊരു മുഖം കാണിക്കുന്നു. വിദ്യാഭ്യാസ രംഗത്ത്‌ സ്‌ത്രീകൾ മുന്നിലാണെങ്കിലും തൊഴിൽ രംഗത്തെ സ്‌ത്രീ പങ്കാളിത്തം ഇന്ത്യൻ ശരാശരിയേക്കാൾ കുറവാണെന്നത്‌ ഒരു സമസ്യയാണ്‌. സ്‌ത്രീമുന്നേറ്റത്തിന്റെ വീരകഥകൾ ഏറെ പറയാനുണ്ടെങ്കിലും സ്‌ത്രീകൾക്കെതിരെയുള്ള അക്രമവും ഗാർഹിക പീഢനവും ലജ്ജകരമാംവിധം വർദ്ധിക്കുന്നു എന്നത്‌ എങ്ങനെ വിശദീകരിക്കാം? ടെലിവിഷൻ, മൊബൈൽ ഫോൺ, മോട്ടോർ ബൈക്കുകൾ തുടങ്ങീ അത്യന്താധുനിക ഉപകരണങ്ങളുടെ അനാദൃശ്യമായ വ്യാപനം ആധുനികതയുടെതായ പരിവേഷം കേരളസമൂഹത്തിന്‌ നൽകുമ്പോഴും ജാതി-മത ചിന്തകളിലും വ്യക്തിബന്ധങ്ങളിലും തനി മൂരാച്ചിമൂല്യങ്ങളാണ്‌ മലയാളി വെച്ചുപുലർത്തുന്നത്‌ എന്നത്‌ മറ്റൊരു വൈരുദ്ധ്യം. സാങ്കേതിക വിദ്യയുടെ ഉൽപ്പന്നങ്ങളെ ആവേശത്തോടെ പുൽകുംപോഴും അവയ്‌ക്ക്‌ പിന്നിലുള്ള ശാസ്‌ത്രത്തോടും ശാസ്‌ത്രീയ സമീപനത്തോടും തികഞ്ഞ അവഗണനയാണ്‌ മലയാളിക്ക്‌. അന്ധവിശ്വാസങ്ങളും തട്ടിപ്പുകളും കൂടിവരുന്നു. വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിൽ കേമന്മാരാണെന്ന്‌ അഭിമാനിക്കുന്ന മലയാളികളുടെ സാമൂഹ്യ ശുചിത്വബോധം ദയനീയം തന്നെ. ഏതു തെരുവിലും കാണാം അതിന്റെ തെളിവുകൾ. പ്രതിശീർഷ ചെലവിന്റെ കാര്യത്തിൽ ഏറെ നാളായി മുൻപന്തിയിലായിരുന്ന കേരളം അടുത്ത കാലത്തായി പ്രതിശീർഷ വരുമാനത്തിലും മുന്നിലെത്തിയിട്ടുണ്ട്‌. എന്നിട്ടും സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണ്‌. ദരിദ്രമായ സർക്കാരും സമ്പന്നരായ ജനങ്ങളും എന്നത്‌ വേറൊരു വൈരുദ്ധ്യം. ഇത്തരം വൈരുദ്ധ്യങ്ങളുടെ ഒരു കൂമ്പാരമാണ്‌ കേരളം. ഇവയെ പഠിക്കാനും മനസ്സിലാക്കാനും നിർദ്ധാരണം ചെയ്യാനും സഹായിക്കേണ്ട ഉപരിവിദ്യാഭ്യാസമാകട്ടെ അവഗണിക്കപ്പെടുന്നു. ഉദ്യോഗം കിട്ടാൻ സഹായിക്കുന്നതെന്തോ അത്‌ പഠിക്കുക എന്നതാണ്‌ നടപ്പുരീതി. സ്വാഭാവികമായും വിദ്യാർത്ഥികളുടെ നൈസർഗ്ഗിക വാസനകളോ, വൈഭവങ്ങളോ പോഷിപ്പിക്കപ്പെടുന്നില്ല. അതുകൊണ്ട്‌ തന്നെ വൈജ്ഞാനിക രംഗത്ത്‌ മൗലികമായ സംഭാവനകൾ പ്രതീക്ഷിക്കാൻ കഴിയുന്നില്ല. നാടിന്റെ വികസനമെന്ന്‌ പറയുന്നതില്‌ ഈ വക കാര്യങ്ങൾക്ക്‌ പ്രസക്തിയില്ലേ?

സുസ്ഥിര വികസനം വളരെ വലിയ തോതിൽ വിദേശ പണം വരവിനെ ആശ്രയിച്ചു നിലനിൽക്കുന്ന കേരള സമ്പദ്‌ വ്യവസ്ഥയെക്കുറിച്ച്‌ ഉറപ്പായി പറയാൻ കഴിയുന്ന ഒരേയൊരു കാര്യം അത്‌ ~ഒട്ടും സുസ്ഥിരമല്ല എന്നതാണ്‌. ഗൾഫിലുണ്ടാകുന്ന രാഷ്‌ട്രീയ സംഭവ വികാസങ്ങൾ എങ്ങനെ ഇവിടെ ആഘാത തരംഗങ്ങൾ സൃഷ്‌ടിക്കുന്നു എന്നത്‌ നാം കണ്ടതാണ്‌. എന്നിരുന്നാലും വ്യക്തികൾ അവരുടെ ഭാഗ്യാന്വേഷണത്തിന്റെ ഭാഗമായി അത്തരം അവസരങ്ങൾ പരമാവധി മുതലെടുക്കാൻ ശ്രമിച്ചേക്കാം. പക്ഷെ ഒരു സർക്കാരും ഈ പണം വരവ്‌ ഇങ്ങനെ എക്കാലവും തുടരും എന്ന മട്ടിൽ രാജ്യത്തിന്റെ ഭാവിവികസനം ആസൂത്രണം ചെയ്യാൻ പാടില്ല. ഗൾഫിൽ നിന്നുള്ള പണം വരവ്‌ കൊണ്ട്‌ മാത്രം നിലനിൽക്കുന്ന ഷോപ്പിംഗ്‌ മാളുകളും വാഹനപ്പെരുപ്പവും ഫ്‌ളാറ്റ്‌ നിർമ്മാണവുമാണ്‌ വികസനത്തിന്റെ ലക്ഷണങ്ങളായി ഇവിടെ പെരുകുന്നത്‌. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കേരളത്തെ സംബന്ധിച്ചിടത്തോളം കൃഷിയും കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധനയും അതിലൂടെ ഉണ്ടാകുന്ന സമ്പത്തുൽപ്പാദനവും ആയരിക്കണം സുസ്ഥിരവികസനത്തിന്റെ അടിത്തറ. വൻകിട വ്യവസായങ്ങൾക്ക്‌ കേരളം അനുയോജ്യമല്ലെങ്കിലും ഐ.ടി. അധിഷ്‌ഠിത സംരംഭങ്ങൾക്ക്‌ കേരളത്തിന്റെ സാഹചര്യങ്ങൾ പറ്റിയതാണ്‌ എന്നതിൽ സംശയമില്ല. കരിമണലും ചൈനാക്ലേയും പോലത്തെ കുറച്ച്‌ ധാതുസമ്പത്തുള്ളത്‌ ഏറ്റവും മൂല്യവർദ്ധനവുള്ള ഉൽപ്പന്നങ്ങളാക്കി മാത്രമേ കയറ്റി അയക്കാവൂ. ഇതിന്‌ പുറമെ നമുക്ക്‌ ശാശ്വതമായി ആശ്രയിക്കാവുന്നതായുള്ളത്‌ (നമ്മുടെ ഭൗതിക വ്യവസ്ഥയ്‌ക്ക്‌ താങ്ങാവുന്ന) ടൂറിസമാണ്‌. ഇവയിലൂടൊക്കെ ഉണ്ടാകുന്ന വരുമാനത്തിന്‌ താങ്ങിനിർത്താവുന്ന സേവനമേഖലയ്‌ക്ക്‌ മാത്രമെ ഇവിടെ പിടിച്ചുനിൽക്കാനാകൂ. അല്ലാതുള്ളതൊക്കെ കുമിളകളാണ്‌. അവ പൊട്ടും ഏന്നുറപ്പാണ്‌. എപ്പോഴത്തെ കാര്യത്തിൽ മാത്രമേ തർക്കമുണ്ടാകണ്ടേതുള്ളൂ. പക്ഷെ ദൗർഭാഗ്യവശാൽ അത്തരം ഇത്തിക്കണ്ണി വികസനത്തിലാണ്‌ സർക്കാരിന്റെ കണ്ണും മനസ്സും.

ഉൽപ്പാദനമേഖലയിലെ മുരടിപ്പ്‌ കേരളത്തിന്റെ കാർഷിക മേഖലയുടെ കഴിഞ്ഞ ദശകത്തിലെ (2001-11) വളർച്ച 0.27% എന്ന തോതിലാണ്‌. കേരളത്തിന്റെ സമ്പത്തിലേക്ക്‌ കാർഷിക രംഗത്തിന്റെ സംഭാവന കഴിഞ്ഞ 20 വർഷം കൊണ്ട്‌ 21% ൽ നിന്ന്‌ 8% ആയി കുറഞ്ഞിരിക്കുന്നു. എന്നാൽ വ്യവസായത്തിന്റെ കാര്യമോ? കേരളത്തിൽ എസ്‌.ഡി.പിയിൽ വ്യവസായ രംഗത്തിന്റെ സംഭാവന കേവലം 21% ആണ്‌. ഇതുതന്നെ സാധ്യമാകുന്നത്‌ ഖനനവും കെട്ടിട നിർമ്മാണവും അതിലുൾപ്പെടുന്നത്‌ കൊണ്ടാണ്‌. ആ മേഖലകൾ 11-12 ശതമാനം തോതിലാണ്‌ വളരുന്നത്‌. ചരക്കുൽപ്പാദനം 7% തോതിലെ വളർന്നിട്ടുള്ളൂ. അതിൽ തന്നെ അസംഘടിത മേഖലയാണ്‌ സംഘടിത മേഖലയേക്കാൾ മുന്നില്‌. കഴിഞ്ഞ ഇടതുപക്ഷ സർക്കാറിന്റെ കാലത്ത്‌ പൊതുമേഖലാ വ്യവസായങ്ങളെ ലാഭത്തിലെത്തിക്കാൻ ഒത്തുപിടിച്ച ശ്രമമുണ്ടായെങ്കിലും സർക്കാർ മാറിയപ്പോൾ വീണ്ടും ഇവയെ എങ്ങനെ എഴിതിത്ത്‌ള്ളാം എന്ന രീതിയിലേക്കാണ്‌ കാര്യങ്ങൾ പോകുന്നത്‌. യഥാർത്ഥ സമ്പത്തുൽപ്പാദനം നടക്കുന്ന കൃഷി-വ്യാവസായ മേഖലകളെ പുനരുജ്ജീവിപ്പിക്കാതെ സുസ്ഥിരവികസനം എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുവാൻ പോകുന്നില്ല. പക്ഷെ അതിന്‌ വേണ്ടത്‌ ഏതു തരത്തിലുള്ള വ്യാവസായത്തേയും ക്ഷണിച്ചുവരുത്തുകയല്ല. ജനവാസ കേന്ദ്രത്തിൽ ഇരുമ്പും ബോക്‌സൈറ്റും മറ്റും ഖനനം ചെയ്യുന്നതും പാറമടകൾ പ്രവർത്തിപ്പിക്കുന്നതും പ്രോത്സാഹിപ്പുക്കുകയല്ല. കേരളത്തിനൊട്ടും അനുയോജ്യമല്ലാത്ത ഇരുമ്പുരുക്ക്‌ വ്യവസായത്തേയും ക്ഷണിത്തുവരുത്തുകയല്ല. ജനവാസകേന്ദ്രങ്ങളിൽ ഇരുമ്പും ബോക്‌സൈറ്റും മറ്റും ഖനനം ചെയ്യുന്നതും പാറമടകള പ്രവർത്തിപ്പിക്കുന്നതും പ്രോത്സാഹിപ്പുകയല്ല. കേരളത്തിനൊട്ടും അനുയോജ്യമല്ലാത്ത ഇരുമ്പുരുക്ക്‌ ശാലകൾ പാലക്കാട്ട്‌ കൂണുകൾ പോലെ മുളച്ചുപൊന്തിയ സാഹചര്യം ഓർക്കുമല്ലോ. അതുകൊണ്ട്‌ കേരളത്തിന്‌ എന്തു ഗുണമുണ്ടായി. കുറേ പരിസ്ഥിതി നാശമല്ലാതെ? നേരെ മറിച്ച്‌, നാളികേരത്തിൽ നിന്ന്‌ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന, അല്ലെങ്കിൽ ചക്ക ഉൾപ്പെടെ പാഴിയപോകുന്ന പഴങ്ങൾ സംസ്‌കരിക്കുന്ന, സുഗന്ധ ദ്രവ്യങ്ങളിൽ നിന്ന്‌ ഏറ്റവും വിലകൂടിയ സത്ത്‌ വാറ്റിയെടുക്കുന്ന, തേങ്ങാവെള്ളം കുപ്പിപ്പാനീയമാക്കുന്ന തരം വ്യവസായങ്ങളും പരിസരദൂഷണമുണ്ടാക്കാത്ത ഇലക്‌ട്രോണിക്‌സ്‌ -എഞ്ചിനീയറിംഗ്‌ വ്യവസായങ്ങളും എന്തുകൊണ്ട്‌ വികസനത്തിനായി അയൽ സംസ്ഥാനങ്ങളിലേക്ക്‌ ചേക്കേറുന്നു? ഇതിന്റെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാതെ എങ്ങനെയാണ്‌ കേരളത്തിലെ ഉൽപ്പാദന മേഖല വികസിക്കുക.

പരിസ്ഥിതി നാശം നിർമ്മാണ-ഖനന രംഗങ്ങളാല്ലോ ഇവിടെ ഏറ്റവും വേഗം വളരുന്നത്‌. ഇവ കേരളത്തിന്റെ പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ ഗുരുതരമാണ്‌. കായൽ കൈയ്യേറുന്നതിനും വയൽ നികത്തുന്നതിനും കുന്നിടിക്കുന്നതിനും പുഴകളിൽ നിന്ന്‌ അമിതമായി മണൽ വാരുന്നതിനും ജനവാസ കേന്ദ്രങ്ങളിൽ പോലും നിയമം ലംഘിച്ചു പാറമട പ്രവർത്തിപ്പിക്കുന്നതിനുമൊക്കെ പ്രേരകമാകുന്നത്‌ ഈ മേഖലകളുടെ കടിഞ്ഞാണില്ലാതെ വളർച്ചയാണ്‌. ഇതെല്ലാം തന്നെ കേരളത്തിന്റെ അടിസ്ഥാന സമ്പത്തായ പ്രകൃതിനാശം കേരളത്തിന്റെ തനത്‌ കാലാവസ്ഥയേയും ജലസ്രോതസ്സുകളേയും കാർഷിക വ്യവസ്ഥയേയും നശിപ്പിക്കുമെന്ന്‌ മാത്രമല്ല ഈ വികസന വക്താക്കൾ ഏറെ പ്രതീക്ഷയർപ്പിച്ച ടൂറിസത്തിൽപോലും ഹ്രസ്വായുസ്സാക്കി മാറ്റുമെന്നുറപ്പാണ്‌. പശ്ചിമഘട്ട സംരക്ഷണത്തിനായി കൊണ്ടുവന്ന ഗാഡ്‌ഗിൽ റിപ്പോർട്ടിനും കസ്‌തൂരി രംഗൻ റിപ്പോർട്ടിനും എതിരായി കേരളത്തിൽ നടക്കുന്ന കള്ളപ്രചാരണത്തിന്റെ പിന്നിലും ഈ ലോബികളാണ്‌. പ്രകൃതി സംരക്ഷണം എന്നുപറയുന്നത്‌ വനവും കുറേ പ്രത്യേക സ്ഥലങ്ങളും മാത്രം സംരക്ഷിക്കുകയല്ല. പശ്ചിമഘട്ടതത്തിലും തീരപ്രദേശത്തും ഇടനാട്ടിലുമുള്ള ചതുപ്പുകളും ചെരിവുകളും നൽവയലുകളും നീർത്തടങ്ങലും നദികളും പുഴയോരങ്ങളും സംരക്ഷിക്കുകയാണ്‌. ഭൂവിനിയോഗത്തിൽ സാമൂഹിക നിയന്ത്രണം കൊണ്ടുവരികയാണ്‌. സ്വകാര്യസ്വത്തുടമസ്ഥത എന്നത്‌ സാമൂഹിക അംഗീകാരത്തോടെ ഭൂമി ഉപയോഗിക്കാനുള്ള ലൈസൻസ്‌ മാത്രമാണ്‌. ഭൂമി ദുരുപയോഗം ചെയ്‌തു നശിപ്പിക്കാനുള്ള അവകാശമല്ല അതിന്‌ ഭൂമി ഒരു പൊതുസ്വത്ത്‌ എന്ന കാഴ്‌ചപ്പാട്‌ സമൂഹത്തെക്കൊണ്ട്‌ അംഗീകരിപ്പിക്കേണ്ടിയിരിക്കുന്നു.

സേവനങ്ങളുടെ കച്ചവടവത്‌കരണം ഉൽപ്പാദന മേഖലയിലെ മുരടിപ്പിന്‌ മറുമരുന്നായി സാമ്പത്തിക വികസനത്തിന്‌ ഊർജ്ജം പകരുന്നതാകട്ടെ അതിവേഗം വളരുന്ന സേവനമേഖലയാണ്‌. അതിലാണ്‌ നമ്മുടെ സർക്കാരിന്റേയും ആസൂത്രകരുടേയും പ്രതീക്ഷകളത്രയും. ഈ മേഖല പൂർണ്ണമായും കച്ചവടവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്‌. വിദ്യാഭ്യാസ ആരോഗ്യസേവന ഭക്ഷ്യവിതരണ ഗതാഗതം എന്നീ അട്‌സ്ഥാനമേഖലകളിലെ കച്ചവടവൽക്കരണത്തിന്റെ ഫലം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ ഈ സേവനങ്ങളുടെ പ്രയോജനം നിഷേധിക്കപ്പെടും എന്നതാണ്‌ ഈ മേഖലകളിൽ പൊതു സംവിധാനങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അവിടുത്തെ സേവനങ്ങളുടെ ഗുണമേന്മ നിലനിർത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ ഫലത്തിൽ സമ്പന്നർക്കും ദരിദ്രർക്കും കിട്ടുന്ന അടിസ്ഥാന സേവനങ്ങൾ തമ്മിലുള്ള അന്തരം വർദ്ധിക്കുന്നു. അതാകട്ടെ ആണവ വിഭവ ശേഷി വികസിക്കുന്നതിലെ അന്തരം വർദ്ധിപ്പിക്കും. അത്‌ വീണ്ടും സാമ്പത്തിക അസമത്വങ്ങൾ കൂടുന്നതിലും അതുമൂലമുണ്ടാകുന്ന സാമൂഹിക സംഘർഷങ്ങൾ മൂർച്ചിക്കുന്നതിനും കാരണമാകുന്നു. സംസ്ഥാന പ്ലാനിംഗ്‌ ബോർഡ്‌ തയ്യാറാക്കിയ വിഷൻ 2030ൽ കേരള വികസനത്തിന്റെ ചാലകശക്തിയായി കാണുന്നത്‌ വിദ്യാഭ്യാസ ആരോഗ്യ മേഖലകളുടെ കച്ചവട വൽക്കരണമാണ്‌ എന്നത്‌ ആശങ്കാജനകമത്രെ. ഫലത്തിൽ കൃഷിയേയും ഉൽപ്പാദനത്തേയും എഴുതിത്തള്ളുന്നു എന്നതിന്റ അർത്ഥതലങ്ങൾ ഒരു വശത്ത്‌. ഈ അടിസ്ഥാന മേഖലകളെ കച്ചവടവൽക്കരിക്കുന്നതിന്റെ സാമൂഹിക ആഘാതങ്ങൾ കാണാതെപോകുന്നതിന്റെ അപകടങ്ങൾ മറുഭാഗത്ത്‌. ഉന്നതവിദ്യാഭ്യാസത്തിനും ചികിത്സക്കുമായി വിദേശത്തുനിന്ന്‌ ടൂറിസ്റ്റുകൾ പ്രവഹിക്കുമെന്നതാണ്‌ അവരുടെ കണക്കുകൂട്ടൽ. തീർച്ചയായൂം ഈ രംഗങ്ങളിൽ കേരളമുണ്ടാക്കിയ നേട്ടങ്ങൾ അഭിമാനകരമാണ്‌. പക്ഷെ അത്‌ മുഖ്യമായും അവയുടെ വ്യാപ്‌തിയിലാണ്‌ ഗുണമേന്മയിലല്ല എന്നതും ഒരു വസ്‌തുതയാണ്‌. അത്‌ നാം അംഗീകരിച്ചേ തീരു. ഒരു ശ്രീചിത്രാ സെന്ററോ, ഒരു ആർ.സി.സിയോ ഉണ്ടായാൽ പോരല്ലോ, അവയ്‌ക്കാണെങ്കിൽ ഇവിടുത്തെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറാൻ തന്നെ സാധിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ ഏത്‌ സ്ഥാപനമാണുള്ളത്‌? വിദേശികൾക്ക്‌ വന്ന്‌ പഠിക്കണമെന്ന്‌ തോന്നത്തക്കവിധത്തിൽ ലോകപ്രശസ്‌തിയാർജ്ജിച്ചത്‌. കാശ്‌ കൊടുത്ത്‌ സീറ്റ്‌ വാങ്ങാനിറങ്ങുന്ന കുറേ പ്രവാസി മലയാളികളല്ലാതെ ആരാണ്‌ ഇങ്ങോട്ട്‌ അന്വേഷിച്ച്‌ വരിക. ഈ മേഖലകളുടെ പൊതുഗുണ നിലവാരം ഉയർത്തുന്നതിന്‌ പകരം ജീർണ്ണതയുടെ മഹാസാഗരത്തിൽ ഔന്നിത്യത്തിന്റെ ചില ചെറു തുരുത്തുകൾ പടുത്തുയർത്തുക എന്ന തന്ത്രമാണ്‌ ഈ രേഖ വെളിവാക്കുന്നത്‌. അത്‌ സേവനരംഗത്ത്‌ പണം മുടക്കുന്ന നികഷേപകർക്ക്‌ ലാഭമുണ്ടാക്കാൻ ഉപകരിക്കും എന്നതല്ലാതെ ജനങ്ങൾക്ക്‌ മെച്ചപ്പെട്ട സേവനങ്ങൾ നൽകാനോ, പൊതുവായ സാമൂഹിക വികസനത്തിനോ ഉപകരിക്കില്ല എന്നത്‌ വ്യക്തമാണ്‌. അതിന്‌ പകരം വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലെ പൊതുസേവന നിലവാരം ഉയർത്താനും അതിന്‌ മാനവശേഷി വികസനം മെച്ചപ്പെടുത്താനുമാണ്‌ നാം ലക്ഷ്യമിടേണ്ടത്‌. അതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസത്തിനോ, ആരോഗ്യസേവനത്തിനോ വേണ്ടി വിദേശികൾ ഇങ്ങോട്ട്‌ വന്നാൽ അതായിക്കോട്ടെ. അതായിരിക്കരുത്‌ നമ്മുടെ വികസന തന്ത്രം.

കമ്പോളമേധാവിത്വം വിഖ്യാതമായ കേരളമാതൃക സാധ്യമാക്കിയത്‌ അമർത്യാസെൻ ചൂണ്ടിക്കാട്ടിയത്‌ പോലെ ജനപക്ഷത്ത്‌ നിന്നുള്ള നയരൂപീകരത്തിലേക്ക്‌ നയിച്ച ജനകീയ മുന്നേറ്റങ്ങളായിരുന്നു. 60കൾക്ക്‌ ശേഷം കേരളം ഭരിച്ച ഏത്‌ മുന്നണിക്കും ഈ നയങ്ങളെ പൂർണ്ണമായി അവഗണിക്കാൻ സാധ്യമല്ലായിരുന്നു. അതിന്റെ ഫലമായി പൊതുവായ ഒരു ഇടതുപക്ഷ വികസനവീക്ഷണം കേരളത്തിൽ നിലനിന്നു എന്ന്‌ പറയാം. പക്ഷെ അഖിലേന്ത്യാ തലത്തിൽ 1991 ൽ ആരംഭം കുറിച്ച ആഗോളവൽക്കരണ വ്യതിയാനത്തിന്‌ ശേഷം ഈ നിലപാടുകൾ പുലർത്തുക എന്നത്‌ കൂടുതൽ ദുഷ്‌കരമായി വരികയാണ്‌. അത്‌ മാത്രവുമല്ല പൊതുവെതന്നെ വികസന കമ്പോളത്തിലെ മുൻഗണനകളനുസരിച്ചാണ്‌ എന്നൊരു ചിന്താഗതി പ്രചരിപ്പിക്കുന്നതിൽ നമ്മുടെ മുഖ്യാധാരാ മാധ്യമങ്ങളും വലിയൊരു പങ്ക്‌ വഹിക്കുന്നുണ്ട്‌. കമ്പോളത്തിന്റെ താൽപ്പര്യം എപ്പോഴും ഉപഭോഗ ജ്വരം വളർത്തുക എന്നതാണല്ലോ ഉപഭോഗ സംസ്‌കാരത്തിന്റെ കുഴപ്പം അത്‌ നമ്മുടെ സംസ്‌കാരത്തേയും ദുഷിപ്പിക്കും എന്നതാണ്‌. എല്ലാത്തിന്റെയു വില അറിയാം ഒന്നിന്റെയും മൂല്യമറിയാം എന്ന്‌ പറഞ്ഞത്‌ പോലെ എല്ലാറ്റിനേയും ഉപയോഗിച്ച്‌ വലിച്ചെറിയുക എന്നൊരു സംസ്‌കാരത്തിലേക്ക്‌ അത്‌ നമ്മെ എത്തിക്കും. അത്‌ വ്യക്തിബന്ധങ്ങളേയും മൂല്യങ്ങളേയും തകർക്കും. മക്കൾ അച്ഛനമ്മമാർക്ക്‌ ചെലവിനു കൊടുക്കണം. അവരെ വീട്ടിൽ നിന്നും ഇറക്കിവിടാൻ പാടില്ല. എന്നൊക്കെ നിയമം കൊണ്ടുവരേണ്ടിവരുന്നത്‌ അതുകൊണ്ടാണ്‌. കമ്പോളം ആവശ്യമാണ്‌. പക്ഷേ അതിനെ സമൂഹത്തിന്റെ മുൻഗണനകളനുസരിച്ച്‌ നിലയ്‌ക്ക്‌ നിർത്തണം. വികസനത്തിന്റെ മുൻഗണനകൾ തീരുമാനിക്കേണ്ടത്‌ കമ്പോളമല്ല. സമൂഹമാണ്‌. അതിന്‌ ഭാവിസമൂഹം എങ്ങനെയായിരിക്കണം എന്നൊരുദർശനം ആദ്യമുണ്ടാകണം. അതിന്‌ ബ്യൂറോക്രസിയെയോ കൺസൾട്ടന്റുമാരെയോ അല്ല ആശ്രയിക്കേണ്ടത്‌. അതാണ്‌ രാഷ്‌ട്രീയകക്ഷികൾ ചർച്ച ചെയ്യേണ്ടത്‌. അതിലാണ്‌ വികസനത്തിന്റെ രാഷ്‌ട്രീയം പ്രതിഫലിക്കുന്നത്‌. കേരളത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ്‌, നാളത്തെ കേരളം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച്‌ ഒരു സമവായത്തിലെത്താൻ രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾ ശ്രമിക്കണം. അതിന്റെ അടിസ്ഥാനത്തിൽ മാത്രമെ വികസനസമീപനത്തിന്‌ രൂപം കൊടുക്കാൻ കഴിയൂ. അല്ലെങ്കിൽ വിദേശത്ത്‌ എന്ത്‌ കണ്ടാലും അതിവിടെയും കൊണ്ടുവരണം എന്ന ഒരു ലഘൂകൃത സമീപനത്തിനലേക്കു പോകും. എക്‌സ്‌പ്രസ്‌ ഹൈവേ, അതിവേഗ റെയിൽ, ആകാശനഗരം, ജില്ലതോറും വിമാനത്താവളം, സീപ്ലെയിൻ മുതലായവ വികസനത്തിന്റെ അടയാളങ്ങളാകുന്നത്‌ അങ്ങനെയാണ്‌. ലാഭമുണ്ടാക്കുന്നതാണെങ്കിൽ എന്തും ചെയ്യാം. അല്ലെങ്കിൽ വേണ്ട എന്നത്‌ കമ്പോള സമീപനമാണ്‌. അതല്ല സാമൂഹികമായ വികസനദർശനം. ലിംഗവിവേചനം-പീഢനം വ്യക്തികളും ബന്ധങ്ങളും കൂടി വില്‌പനയ്‌ക്കുള്ള ചരക്കുകളായി മാറുന്ന കമ്പോള സംസ്‌കാരത്തിൽ സ്‌ത്രീ വെറും ശരീരവും ഉപഭോഗവസ്‌തുവും ആകുന്നതിൽ അത്ഭുതമില്ലല്ലോ. സ്‌ത്രീശരീരം മാത്രമല്ല പുരുഷശരീരവും ഒരു സൗന്ദര്യ സങ്കല്‌പത്തിന്റെ ഭാഗമായി എക്കാലവും അംഗീകരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്‌. പക്ഷേ, അതിൽനിന്ന്‌ വ്യത്യസ്ഥമായി, സ്‌ത്രീകളെ വെറും ശരീരമായി ചുരുക്കുന്നുവെന്നതാണ്‌ കമ്പോളത്തിന്റെ സ്വഭാവം. അതോടുകൂടി സ്‌ത്രീകളെ സ്വകാര്യ സ്വത്തായികാണുന്ന ഫ്യൂഡൽ പാരമ്പര്യം കൂടി ചേരുമ്പോഴാണ്‌ കേരളത്തിലെ ഇന്നത്തെ അവസ്ഥയിലെത്തുക. സ്‌ത്രീകളെ വിദ്യാഭ്യാസം നേടുവാനും ഉദ്യോഗം സമ്പാദിക്കുവാനും പ്രേരിപ്പിക്കുന്നതിന്റെ പിന്നിലും യാതൊരു വിമോചന ലിബറൽ ചിന്തകളുമില്ല. മറിച്ച്‌ അവർ ജോലിചെയ്‌തു കൊണ്ടുവരുന്ന സമ്പാദ്യത്തോടുള്ള അഭിനിവേശം മാത്രമേയുള്ളു എന്നത്‌ വ്യക്തമാണ്‌. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും സ്‌ത്രീകൾ അനുഭവിക്കേണ്ടിവരുന്ന ശല്യപ്പെടുത്തലും പീഡനവും കേരളം ഇനിയും ഒരു പരിഷ്‌കൃതസമൂഹം ആയിട്ടില്ല എന്നാണ്‌ തെളിയിക്കുന്നത്‌. ഇത്‌ മാറ്റിയെടുക്കുക എന്നതും വികസനത്തിന്റെ ഒരു അജണ്ടയാകേണ്ടതല്ലേ? മറ്റു പലകാര്യങ്ങളിലും എന്നപോലെ ഈ രംഗത്തും ഏറെ പ്രതീക്ഷ നൽകുന്നത്‌ കുടുംബശ്രീ അനുഭവങ്ങളാണ്‌. അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്ക്‌ മാത്രമല്ല ഉത്‌പാദനരംഗത്തേക്കും ഭരണരംഗത്തേക്കും സ്‌ത്രീകളെ കൊണ്ടുവരുന്നതിൽ കുടുംബശ്രീ സ്‌തുത്യർഹമായ നേട്ടമാണ്‌ കൈവരിച്ചിട്ടുള്ളത്‌. എന്നിരുന്നാലും കുടുംബത്തിനകത്തെ അധികാരഘടനകളെ വെല്ലുവിളിക്കാൻ കുടുംബശ്രീക്കും കഴിഞ്ഞിട്ടുണ്ടോ എന്ന്‌ സംശയമാണ്‌. വിവാഹവും മാതൃത്വവും മാത്രമാണ്‌ സ്‌ത്രീജന്മത്തിന്റെ സാഫല്യമെന്ന പരമ്പരാഗത സങ്കല്‌പം തിരുത്തിക്കുറിച്ചുമല്ലാതെ സ്‌ത്രീ വിമോചനം സാധ്യമല്ല. അതിനനുസരിച്ച്‌ സ്‌ത്രീകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പുരോഗമന പ്രസ്ഥാനങ്ങൾ പ്രതീക്ഷക്ക്‌ വകനൽകുന്നു.

അരക്ഷിതത്വം ഇന്നത്തെ കേരള സമൂഹത്തെ അടയാളപ്പെടുത്തുന്ന പ്രധാനമുദ്ര അരക്ഷിതത്വമാണ്‌. അന്നം സമ്പാദിക്കുന്ന ആളിന്‌ എന്തെങ്കിലും സംഭവിച്ചാൽ കുടുംബം വഴിയാധാരമാകുമെന്ന ഭയമാണ്‌ നമ്മുടെ മിക്ക തീരുമാനങ്ങളെയും സ്വാധീനിക്കുന്നത്‌. മക്കൾക്കും കൊച്ചുമക്കൾക്കും കൂടി സുരക്ഷിതത്വം ഉറപ്പാക്കും വിധത്തിൽ സമ്പാദിച്ചുവയ്‌ക്കാനാണ്‌ മധ്യവർഗ്ഗക്കാരുടെ വെപ്രാളം. കുട്ടികളാണ്‌ മിക്ക കുടുംബങ്ങളുടെയും ഇൻഷുറൻസ്‌. അതാകട്ടെ അവരിലും അനാരോഗ്യകരമായ ആശങ്കകൾ അടിച്ചേൽപ്പിക്കുന്നു. തങ്ങൾക്കിഷ്‌ടപ്പെട്ട വിഷയം പഠിക്കുന്നതിൽ നിന്നും യുവാക്കളെ പിന്തിരിപ്പിക്കുന്നത്‌ ഈ ഭാരമാണ്‌. അതുകൊണ്ടാണ്‌ പലരും തങ്ങൾക്ക്‌ വിശേഷിച്ച്‌ താല്‌പര്യമോ കഴിവോ ഇല്ലാത്ത, പക്ഷെ ജോലി കിട്ടാൻ സഹായിക്കുമെന്നു കരുതപ്പെടുന്ന ചിലവിഷയങ്ങളെടുത്തു പഠിക്കാനൊരുങ്ങുന്നത്‌. അതിലേക്കുനയിക്കുന്ന സാമൂഹ്യഘടകങ്ങൾ മനസ്സിലാക്കാതെ കുട്ടികളെയോ രക്ഷിതാക്കളെയോ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. പരമ്പരാഗതമായി സുരക്ഷ നൽകിയിരുന്ന കൂട്ടുകുടുംബങ്ങളുടെയും ഗോത്ര ഘടനകളുടെയും തകർച്ചയാണ്‌ കേരളത്തെ ഈ അരക്ഷിതത്വ ബോധത്തിലേക്കു നയിച്ചത്‌. പാശ്ചാത്യസമൂഹങ്ങളിലും മുതലാളിത്തത്തിന്റെ ആവിർഭാവത്തോടെ ഈ തകർച്ചയുണ്ടായി. അവരതിനെ മറികടന്നത്‌ പകരം സംവിധാനങ്ങൾ ഒരുക്കിക്കൊണ്ടാണ്‌. മുതലാളിത്ത വ്യവസ്ഥയ്‌ക്കു കീഴിൽ ഉയർന്നുവന്ന ട്രെയ്‌ഡ്‌ യൂണിയനുകളാണ്‌ കൂട്ടായ വിലപേശലിലൂടെ സാമൂഹ്യസുരക്ഷാസംവിധാനങ്ങൾ നേടിയെടുക്കാൻ പൊരുതിയത്‌. അവരതിൽ ഒരു പരിധിവരെയെങ്കിലും വിജയിക്കുകയും ചെയ്‌തു. എല്ലാ വികസിത രാജ്യങ്ങളിലും ശക്തമായ ട്രേയ്‌ഡ്‌ യൂണിയനുകളുണ്ടായി. തൊഴിലാളികളുടെ ജീവിതസുരക്ഷ തൊഴിലുടമയുടെ ഉത്തരവാദിത്വമാക്കുന്നിൽ അവർ വിജയിച്ചു. അതോടൊപ്പം മിക്ക സാമൂഹ്യ സുരക്ഷാ (Social Security) സംവിധാനങ്ങളും ഉണ്ടായിവന്നു. സോഷ്യലിസ്റ്റ്‌ രാജ്യങ്ങളെ മാറ്റി നിർത്തിയാൽ സ്‌കാൻഡിനേവിയൻ രാജ്യങ്ങളാണ്‌ ഇക്കാര്യത്തിൽ മാതൃക. താച്ചറും റീഗനും ഇതൊക്കെ തകർക്കാനാവത്‌ ശ്രമിച്ചെങ്കിലും കമ്പോള മുതലാളിത്വത്തിന്റെ പറുദീസയായാ അമേരിക്കയിൽ പോലും സാമാന്യം തൃപ്‌തികരമായ സോഷ്യൽ സെക്ക്യൂരിറ്റി സംവിധാനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്‌. ഈ സുരക്ഷാവലക്ക്‌ മുകളിലാണ്‌ അവർ `ഹയർ ആന്റ്‌ ഫയർ' പോലൂള്ള അഭ്യാസങ്ങൾ പയറ്റുന്നത്‌. അവിടുത്തെ മുതലാളിമാരോട്‌ തുല്യതയിൽ മത്സരിക്കാൻ വേണ്ടിയാണ്‌ ഇവിടെയും അത്തരം സ്വാതന്ത്ര്യങ്ങൾ വേണമെന്ന്‌ നമ്മുടെ വ്യവസായികളും ആവശ്യപ്പെടുന്നത്‌. പക്ഷെ, അവിടെയുള്ള സോഷ്യൽ സെക്ക്യൂരിറ്റി സുരക്ഷാവല ഇവിടെയില്ല. അതുണ്ടാക്കാനുള്ള ശ്രമവും കാണാനില്ല. അങ്ങിങ്ങായി ഒറ്റപ്പെട്ട ക്ഷേമനിധികളും അഗതിപെൻഷനുമാണ്‌ നാം വെച്ചു നീട്ടുന്ന നക്കാപ്പിച്ച. അതിനുപകരം ഒരു സമഗ്ര സാമൂഹിക സുരക്ഷാസംവിധാനമാണ്‌ നാം ലക്ഷ്യം വെയ്‌ക്കേണ്ടത്‌. അതോടൊപ്പം പരിഗണിക്കേണ്ടതാണ്‌ സംഘടിതമേഖലയും അസംഘടിതമേഖലയും തമ്മിലുള്ള വ്യത്യാസവും. ഒരു ചെറിയ വിഭാഗം മാത്രം പണിയെടുക്കുന്ന സംഘടിതമേഖലയിൽ (വിശേഷിച്ച്‌ സർക്കാർ മേഖലയിൽ) വളരെ ഉയർന്ന സുരക്ഷിതത്വവും ബഹുഭൂരിപക്ഷം ആളുകളും ഉപജീവനത്തിന്‌ ആശ്രയിക്കുന്ന അസംഘടിത മേഖലയും സമ്പൂർണ്ണ അരാജകത്വവും എന്നത്‌ ഒട്ടും സ്വീകാര്യമല്ല. ജീവിതസുരക്ഷക്ക്‌ പൂർണ്ണമായും തൊഴിലുടമയെ ആശ്രയിക്കുന്നതിന്റെ പരിമിതിയാണിത്‌. അതിനനുപകരം സമഗ്രമായ സാമൂക്ഷിക സുരക്ഷാ സംവിധാനം ഏർപ്പെടുത്തുകയും അതിലേക്ക്‌ തങ്ങളുടെ പങ്കു നൽകാൻ തൊഴിലുടമകളെ നിർബന്ധിക്കുകയുമാണ്‌ വേണ്ടത്‌. ഇതായിരിക്കണം എല്ലാവർക്കും ലഭ്യമായ സാമൂഹ്യമായ സുരക്ഷാവല. അതിനു പുറമെ ഓരോരുത്തർക്കും അവരവരുടെ വരുമാനമനുസരിച്ച്‌ സ്വന്തമായ പെൻഷൻ പദ്ധതികളാകാം. ഈ സാമൂഹ്യ സുരക്ഷാവിധികളെ ഷെയർവിപണിയിലെ ഊഹക്കച്ചവടത്തിന്‌ വിടാതെ സർക്കാരിന്റെ ക്ഷേമപദ്ധതികളുടെ ഭാഗമാക്കുകയാണ്‌ വേണ്ടത്‌. പലവിധത്തിലുമുള്ള ക്ഷേമനിധികളുള്ള കേരളത്തിൽ ഇവയെല്ലാം ഏകോപിപ്പിച്ച്‌ ഒരു സമഗ്ര സാമൂഹിക ക്ഷേമനിധി രൂപീകരിക്കുക എന്നത്‌ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഏതൊരു സാമൂഹിക സുരക്ഷാ സംവിധാനവും നിലനിൽക്കുന്നത്‌ നികുതി വരുമാനത്തിന്റെ പുറത്താണ്‌. വരുമാനമുള്ളവരിൽ നിന്ന്‌ കനത്ത നികുതി ചുമത്തേണ്ടി വരും അതിനുള്ള വിഭവം കണ്ടെത്താൻ. അത്‌ നാം അംഗീകരിച്ചേ പറ്റൂ. മിക്ക മുതലാളിത്ത രാജ്യങ്ങളിലും ഉയർന്നവരുമാനക്കാർക്ക്‌ 50%ത്തിനു മുകളിലണ്‌ നികുതി ഭാരം. ഇവിടെയും നാം അതിനു തയ്യാറായേ പറ്റൂ. തീർച്ചയായും അതോടൊപ്പം, നികുതിവെട്ടിപ്പുകാരെയും കള്ളപ്പണക്കാരെയും നിയമത്തിനു കീഴിൽ കൊണ്ടുവരുകയും വേണം. കേരളത്തിന്റെ സമ്പത്ത്‌ വ്യവസ്ഥയിൽ പാതിയോളം കള്ളപ്പണത്തിന്റെ പിടിയിലാണെന്നാണ്‌ കണക്ക്‌. ഇതവസാനിപ്പിച്ചേ തീരൂ.,

സാമൂഹിക സംഘർഷങ്ങൾ അടുത്ത കാലത്ത്‌ നടന്ന പലപഠനങ്ങളും കാണിക്കുന്നത്‌ സാമ്പത്തിക വളർച്ചയുണ്ടായാൽ മാത്രം പോരാ വിതരണനീതി കൂടിയുണ്ടായേ തീരൂ എന്നാണ്‌. ഒരേപോലെയുയർന്ന പ്രതിശീർഷവരുമാനമുള്ള, പക്ഷെ വ്യത്യസ്ഥമായ അസമത്വം നിലനിൽക്കുന്ന വികസിതരാജ്യങ്ങളെ അപഗ്രഥിച്ച്‌ വിദഗ്‌ദ്ധർകണ്ടെത്തിയത്‌ ഉയർന്ന അസമത്വം നിൽക്കുന്ന രാജ്യങ്ങളിൽ താരതമ്യേന കൂടുതൽ സാമൂഹിക സംഘർഷങ്ങളും മാനസിക പ്രശ്‌നങ്ങളും കുറ്റവാസനയും കാണപ്പെടുന്നുവെന്നാണ്‌. ഉദാഹരണമായി ഉയർന്ന വരുമാനവും കടുത്ത അസമത്വവുമുള്ള അമേരിക്കയിൽ ഒരുലക്ഷം പേരിൽ അഞ്ഞൂറു പേരും ജയിലിൽ കഴിയുമ്പോൾ എതാണ്ട്‌ അത്രതന്നെ പ്രതിശീർഷ വരുമാനമുള്ള ജപ്പാനിലും സ്‌കാഡിനേവിയൻ രാജ്യങ്ങളിലും ഈ അനുപാതം ഒരുലക്ഷത്തിന്‌ അമ്പതോളം മാത്രമാണ്‌ മാനസികരോഗികളുടെ എണ്ണം. സ്‌കൂളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക്‌, സേവനങ്ങളുടെ ഗുണനിലവാരം തുടങ്ങി മറ്റു പല സൂചകങ്ങളിലും ഈ അന്തരം ഉണ്ടാകുന്നുണ്ട്‌. അതുകൊണ്ട്‌ സമത്വം വർധിപ്പിക്കുക എന്നത്‌ ധാർമ്മികതയുടെ പേരിലുള്ള ഒരു ധാക്ഷിണ്യമല്ല. മറിച്ച്‌ സമ്പന്നരുടെകൂടി താല്‌പര്യമാണെന്ന്‌ എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്‌. വെറും (GDP) വർധനമാത്രം ലക്ഷ്യമാക്കുന്ന വികസന സമീപനത്തിന്റെ മറ്റൊരപകടമാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.

പാർശ്വവത്‌കരണം വികസന സൂചികകളിൽ കേരളത്തിന്‌ അഭിമാനാർഹമായ സ്ഥാനമുണ്ടെങ്കിലും അവസാനം പോരാതെ കിടക്കുന്ന ഒഴിവുകൾ മിക്കവാറും ആദിവാസികകളുടെയും മത്സ്യതൊഴിലാളികളുടെയും പട്ടികജാതിക്കാരുടെയുമാണ്‌. വികസനത്തിലേക്കുള്ള കേരളമാർച്ചിൽ പുറമ്പോക്കിൽ പെട്ടുപോയവരാണിവർ. ആദ്യകാലത്ത്‌ കേരളത്തിലെ ചൂഷണ വ്യവസ്ഥ കുറച്ചു ചൂഷകരും ബഹുഭൂരിപക്ഷം ചൂഷിതരും എന്ന രീതിയിൽ ആയിരുന്നപ്പോൾ ചൂഷിതരുടെ ഭാഗത്തുനിൽക്കാൻ ധാരാളം പുരോഗമന ചിന്താഗതിക്കാരും പ്രസ്ഥാനങ്ങളും മുന്നോട്ടുവന്നു. അങ്ങനെയാണ്‌ ഗ്രാന്റ്‌ സ്‌കൂൾ അധ്യാപകരും പാട്ടകുടിയാൻമാരും സാഹിത്യത്തിലെ ദുരന്തകഥാപാത്രങ്ങളാവുന്നത്‌. ആദിവാസികളുടെ ഭൂമി കുടിയാൻമാരിലേക്ക്‌ കൈമാറിയപ്പോഴും സമൂഹം കുടിയേറ്റക്കാരോടൊപ്പമായിരുന്നു. മലയപ്പുലയന്‌ കിട്ടിയ സഹതാപം പോലും ?നമ്മൾ കൊയ്യുവയലെല്ലാം നമ്മുടേത്‌? ആകാത്തതിന്റെ പേരിലായിരുന്നില്ല. ഭൂപരിഷ്‌കരണത്തിന്റെ ഫലമായി അവർക്കെല്ലാം കേറിക്കിടക്കാനൊരിടം കിട്ടി എന്നത്‌ വലിയകാര്യംതന്നെ സംശയമില്ല. പക്ഷെ, അതായിരുന്നില്ല ഭൂപരിഷ്‌കരണം കൊണ്ടുണ്ടാക്കേണ്ടിയിരുന്ന ഉത്‌പാദനപരമായ നേട്ടം. അദ്ധ്വാനിക്കുവാൻ തയ്യാറുള്ളവരുടെ കൈയ്യിലേക്ക്‌ ഭൂമി എത്തിക്കുക എന്നതായിരുന്നു ആ ലക്ഷ്യം അതുനടന്നില്ല അതുകൊണ്ടാണ്‌ ആദിവാസി സമരങ്ങളും ചേങ്ങറ സമരവുമൊക്കെ ഉണ്ടാവുന്നത്‌. അതുപോലെതന്നെ ഭൂരഹിതർക്ക്‌ കൃഷിഭൂമി പതിച്ചുനൽകിയപ്പോഴും ?പിൻതലമുറക്ക്‌ കൈമാറാം പക്ഷേ വിൽക്കാൻ പറ്റില്ല? എന്ന വ്യവസ്ഥ കർശനമാക്കാഞ്ഞതും വിനയായി. അതുകാരണം, പാട്ടക്കാരുടെ കൈവശം വന്ന ഭൂമി ?ഉത്‌പാദന ഉപകരണം? എന്നതിനേക്കാൾ ?വിൽക്കാനുള്ള സ്വത്ത്‌ ആയിമാറി? ന ഇപ്പോൾ ഭവന രഹിതരില്ലാത്ത കേരളം എന്ന പുതിയ പരിപാടിയിലും ഇതേ അബന്ധം ആവർത്തിക്കുകയാണ്‌ വാസ്ഥവത്തിൽ ഭൂരഹിതർക്ക്‌ ഭൂമിയും ഭവന രഹിതർക്ക്‌ ഭവനവും സർക്കാരിൽ നിന്ന്‌ കൊടുക്കുമ്പോൾ, പിൻതലമുറയ്‌ക്ക കൃഷിചെയ്യാനോ താമസിക്കാനോ അത്‌ ആവശ്യമെങ്കിൽ സർക്കാർ അത്‌ തിരിച്ചെടുത്ത്‌ ആവശ്യക്കാർക്ക്‌ ആവശ്യക്കാർക്ക്‌ അത്‌ വീണ്ടും വിതരണംചെയ്യണം എങ്കിൽ മാത്രമെ പാർശ്വവത്‌കൃതർ ഇല്ലാതാകൂ.

അതുപോലെ തന്നെ, വിദ്യഭ്യാസ രംഗത്തും പിന്നാക്ക വിഭാഗങ്ങൾക്ക്‌ ആനുകൂല്ല്യങ്ങൾ പ്രഖ്യാപിച്ചതുകൊണ്ട്‌ മാത്രം കാര്യമില്ല. അഥുകൊണ്ട്‌ ഉദ്ദ്യേശിച്ച ഗുണം കിട്ടുന്നു എന്ന്‌ ഉറപ്പാക്കണം. ലംപ്‌സെ ഗ്രാന്റ്‌ എപ്പോഴെങ്കിലും കൊടുത്താൽ പോര, കുട്ടികൾക്ക്‌ കിട്ടേണ്ട സമയത്ത്‌ അത്‌ കിട്ടണം. പ്രൊഫഷണൽ കോളേജുകളിൽ സീറ്റ്‌ സംവരണം ചെയ്‌താൽ പോരാ, അത്‌ പ്രയോജനപ്പെടുത്താനുള്ള വിദ്യഭ്യാസ മികവ്‌ കുട്ടികൾക്ക്‌ സ്‌കൂളിൽ നിന്ന്‌ കിട്ടുന്നുണ്ടെന്ന്‌ ഉറപ്പു വരുത്തണം. അതിന്‌ ഒന്നാംക്ലാസ്‌ മുതൽ തന്നെ വ്യക്തിഗത ശ്രദ്ധ കുട്ടിക്കു കിട്ടണം. വ്യത്യസ്‌ത സാമൂഹിക പരിസ്ഥിതികളിൽ നിന്നുവരുന്ന കുട്ടികൾക്ക്‌ അനുഭാവപൂർവമായ സമീപനം അധ്യാപകരിൽ നിന്ന്‌ വരുന്ന കുട്ടികൾക്ക്‌ അനുഭാവപൂർവമായ സമീപനം അധ്യാപകരിൽ നിന്ന്‌ കിട്ടുന്നു എന്ന്‌ ഉറപ്പാക്കണം. പണം അനുവദിക്കുന്നതുപോലെ എളുപ്പമല്ല അത്‌ വേണ്ടവിധം ചെലവുചെയ്യപ്പെടുന്നു എന്ന്‌ ഉറപ്പുവരുത്തുന്നത്‌.

പാർശ്വവത്‌കരിക്കപ്പെടുന്നവരെ ഒപ്പമെത്തിക്കുക എന്നത്‌ അവരോടുള്ള ഒരു കാരുണ്യമല്ല, അത്‌ മുന്നിൽ പോകുന്നവരുടെയും കൂടി ആവശ്യമാണ്‌. എന്തെന്നാൽ, അന്തിമ വിശകലനത്തിൽ ഒരു രാജ്യത്തിന്റെ മഹത്വം കുടികൊള്ളുന്നത്‌ അവിടുത്തെ ശതകോടീശ്വരൻമാരുടെ എണ്ണത്തിലല്ല, അവിടുത്തെ ഏറ്റവും പിന്നിൽ നിൽക്കുന്നവരുരെ എങ്ങനെ സംരക്ഷിക്കുന്നു എന്നതിലാണ്‌. അധ്വാന വൈമുഖ്യം അഭ്യസ്‌ത വിദ്യരായ മലയാളികൾ അധ്വാനിക്കാൻ തയ്യാറാകുന്നില്ല എന്നതാണ്‌ നമ്മെപ്പറ്റിയുള്ള പ്രധാന ആക്ഷേപം. ഇതൊരു പഴയ പാരാതിയാണ്‌. 1933 ൽ തിരുവിതാംകൂറിൽ നിയമിക്കപ്പെട്ട വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിറ്റിയുടെ ഒരു പ്രധാന നിയോഗം അഭ്യസ്‌തവിദ്യരുടെ തൊഴിലില്ലായ്‌മക്ക്‌ പരിഹാരം നിർദ്ദേശിക്കുക എന്നതായിരുന്നു. സ്‌ക്കൂൾ വിദ്യാഭ്യാസം യൂണിവേഴ്‌സിറ്റി പ്രവേശനത്തിനുള്ള മെട്രിക്കുലേഷൻ പരീക്ഷയിലേക്ക്‌ അമിതമായി ഊന്നിപ്പോകുന്നു എന്നും, അതിനാൽ തന്നെ അത്‌ കുട്ടികളെ തൊഴിലിൽ നിന്നകറ്റുന്നു എന്നുമായിരുന്നു. അവരുടെ കണ്ടെത്തൽ. അതുകൊണ്ട്‌ സ്‌കൂൾ വിദ്യാഭ്യാസം വൈവിദ്ധ്യവത്‌കരിക്കണമെന്നും കൂടുതൽ പോരെ തൊഴിലുളിലേക്ക്‌ തിരിച്ചുവിടണമെന്നുമായിരുന്നു അവരുടെ ശുപാർശ. അത്‌ ഇന്നും പ്രസക്തമാണ്‌. അധ്വാനത്തോടുള്ള വൈമുഖ്യം നമ്മുടെ വിദ്യാഭ്യാസത്തിന്റെ മുഖമുദ്രയായി ഉറച്ചുപോയിരിക്കുന്നു. ഒരർത്ഥത്തിൽ, അദ്ധ്വാനം ആവശ്യമായ തൊഴിലുകളിൽ നിന്ന്‌ രക്ഷപ്പെടാനാണ്‌ സ്‌കൂളിൽ പോകുന്നത്‌ തന്നെ. പണിയെടുക്കുന്നതിന്‌ പകരം പണിയെടുക്കുന്നവരുടെ `മേൽനോട്ടം' വഹിക്കുന്ന സൂപ്പർവൈസറോ ആകാം. എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിച്ചാൽ പിന്നെ ആരാണ്‌ പണിയെടുക്കുക? അതിനു പഠിപ്പില്ലാത്ത അന്യസംസ്ഥാന തൊഴിലാളികൾ വരണമോ? ഈ സമീപനം മാറണമെങ്കിൽ അധ്വാനത്തെ സംബന്ധിച്ച കാഴ്‌ചപ്പാട്‌ മാറണം. അത്‌ മാത്രം പോരാ. അതോടൊപ്പം അടിസ്ഥാനമേഖലകളിൽ പണിയെടുക്കുന്നവരുടെ തൊഴിൽ സാഹചര്യവും അവരോടുള്ള സമൂഹ മനോഭാവവും അവരുടെ വതന ഘടനയും മാറണം. വിദ്യാഭ്യാസമുള്ളവർ കുഴിയെടുക്കാനും മണ്ണ്‌ മാറ്റാനും റോഡു പണിയാനും പോകുമ്പോൾ ആ മേഖലകൾ കൂടുതലും യന്ത്രവത്‌കരിക്കപ്പെടും. അവരുടെ ജോലി സാഹചര്യങ്ങൾ മാറും അവരെയും മനുഷ്യരായികാണാൻ `മേൽനോട്ടക്കാർ' നിർബന്ധിതരാകും. അങ്ങനെയാണ്‌ ഓരോ തൊഴിൽ മേഖലയും ആധുനികവത്‌കരിക്കപ്പെടുക. നെൽകൃഷി ഉദാഹരണാമായെടുത്താൽ. പകലന്തിയോളം ചേറിൽ കുനിഞ്ഞുനിന്ന്‌ ഞാറുനടാനും കതിര്‌ കൊയ്യാനും ഗതികേടുകൊണ്ടേ ആളുകൾ തയ്യാറാകൂ. എന്നാൽ നടീൽ യന്ത്രമോ കൊയ്‌ത്തുയന്ത്രമോ പ്രവർത്തപ്പിക്കാൻ ആർക്കും മടിയുണ്ടാവില്ല. ഭാഗ്യവശാൽ ഇന്ന്‌ കാർഷാകരംഗത്ത്‌ അത്തരം യന്ത്രവത്‌കരണത്തിന്‌ അനുയോജ്യമായ അന്തരീക്ഷമാണ്‌. പക്ഷെ യന്ത്രവത്‌കണത്തിന്റെ ഉദ്ദേശ്യം തൊഴിലാളികളെ ഒഴിവാക്കുന്നതിനു പകരം അവരുടെ അധ്വാനശേഷിയും ഉത്‌പാദന ക്ഷമതയും വരുമാനവും വർധിപ്പിക്കുന്നതിനാകണം. അതിന്‌ യന്ത്രങ്ങളുടെ ഉടമസ്ഥത തൊഴിലാളികളുടെ സംഘങ്ങൾക്കായിരിക്കണം. അല്ലാതെ ഏതെങ്കിലും മുതലാളിക്കാകരുത്‌. അതിനനുയോജ്യമായ മാനേജ്‌മെന്റ്‌ സംവിധാനത്തിന്‌ രൂപം കൊടുക്കുക എന്നതാണ്‌ നമ്മുടെ മുന്നിലുള്ള വെല്ലുവിളി. അതിനുപകരം തൊഴിലാഭിമുഖ്യം വളർത്തുക എന്ന്‌ വെറുതെ പറഞ്ഞതുകൊണ്ട്‌ പ്രയോജനമില്ല.

അവന്നവനിസം കേരള മാതൃകയുടെ സവിശേഷത കൂടാതെയുള്ള മുന്നേറ്റവും ജനപക്ഷ വികസനനയങ്ങളും ആയിരുന്നു എന്നു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. പക്ഷെ, ആ നയങ്ങളുടെ ഗുണഭോക്താക്കളായി സന്തം കാലിൽ നിൽക്കാനുള്ള ശേഷി കൈവരിച്ച തലമുറ ഇപ്പോൾ ഇഷ്‌ടപ്പെടുന്നത്‌ ഏതുവിധേനയും സ്വന്തം കാര്യം നേടിയെടുക്കാനാണ്‌. കൂട്ടായിട്ടുള്ള പ്രശ്‌ന പരിഹാരങ്ങളിൽ അവർക്ക്‌ വിശ്വാസം നഷ്‌ടപ്പെട്ടിരിക്കുന്നു. അയൽപ്പക്ക സ്‌കൂളിന്‌ ഗ്ലാമർപോരെങ്കിൽ കുട്ടിയെ ദുരത്തുള്ള സ്വകാര്യ സ്‌കൂളിൽ അയയ്‌ക്കാം. ഉയർന്ന ഫീസും വണ്ടിക്കൂലിയും മറ്റ്‌ അസൗകര്യങ്ങളും പ്രശ്‌നമല്ല. പൊതുഗത#ാഗതം കാര്യക്ഷമമല്ലെങ്കിൽ ബൈക്കോ കാറോ വാങ്ങാം. സർക്കാരാശുപത്രി പോരെന്നു തോന്നിയാൽ വലിയ ഫീസ്‌ കൊടുത്ത്‌ സ്വകാര്യ ആശുപത്രിയിൽ പോകാം. റോഷനരി ആർക്കു വേണം. കുറച്ചു കൂടുതൽ കാശുകൊടുത്താൽ നല്ല്‌ ബ്രാൻഡഡ്‌ അരി അടുത്ത കടയിൽ കിട്ടുമല്ലോ. ഇങ്ങനെ പൊതു സേവനങ്ങളെ തിരുത്താനും മെച്ചപ്പെടുത്താനും കഴിവുള്ള വിഭാഗം ക്രമേണ അവിടങ്ങളിൽനിന്ന്‌ അകന്നുപോയപ്പോഴാണ്‌ അവ കൂടുതൽ മോശമായതും ക്ഷയിച്ചതും ഈ പ്രവണതയാണ്‌ തിരുത്തേണ്ടത്‌. എങ്ങനെ തിരുത്തും. ഒന്നാമത്‌ പൊതു സംവിധാനങ്ങൾ നിലനിൽക്കേണ്ടത്‌ അവ ഉപയോഗിക്കുന്നവരുടെ മാത്രം ആവശ്യമല്ലെന്നും സമൂഹത്തിന്റെ മുഴുവൻ ആവശ്യമാണെന്നും നാം തിരിച്ചറിയണം. അതോടെ, അവ മെച്ചപ്പെടുത്താനുള്ള ഉത്ത്രവാതിത്ത#ം നമ്മുക്കെല്ലാം ഏറ്റെടുക്കേണ്ടിവരും. രണ്ടാമത്‌ ആ സേവനങ്ങളുടെ ഗുണനിലവാരം ഉയർനത്താനുള്ള സേവനങ്ങൾക്ക്‌ അവിടെ പ്രവർത്തിക്കുന്നവരുടെ സേവനം ഉറപ്പാക്കണം. അവരെ ശത്രുപക്ഷത്ത്‌ നിർത്തിക്കൊണ്ടോ അവരെ മോശക്കാരാക്കിക്കൊണ്ടോ ഒന്നും നേടാനില്ല. മറിച്ച്‌ തങ്ങൾ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളുടെ സേവനം മെച്ചപ്പെട്ടാൽ അവക്ക്‌ സമീഹത്തിൽ ലഭിക്കുന്ന അംഗീകാരം വർധിക്കുകയും അത്‌ പരോക്ഷമായി അവരുടെ തന്നെ സ്വാഭിമാനത്തെ ഉയർത്തുകയും ചെയ്യുമെന്ന വസ്‌തുത അവരെ മനസ്സിലാക്കണം. അതിനവരുടെ പ്രവൃത്തികൾ സമൂഹം ശ്രദ്ധിക്കുന്നുണ്ടെന്നും വിലയിരുത്തുന്നുണ്ടെന്നും അവരെ ബോധ്യപ്പെടുത്തണം. ശ്‌ത്രീകളുടെയും ആശുപത്രികളുടെയും കാര്യത്തിൽ നടപ്പിലാക്കിയ അധികാര വികേന്ദ്രകരണം ഇതിന്‌ വളരെ സഹായകരമാണ്‌. ആ അവസരത്തെ ആവിധത്തിൽ ഉപയോഗപ്പെടുത്താണ്‌ ജനകീയ പ്രസ്ഥാനങ്ങൾക്കു കഴിയണം. അതോടൊപ്പം സമർപ്പണ ബുദ്ധിയോടെ പ്രവർത്തിക്കുന്നവരെ അല്ലാത്തവരെ തള്ളിപ്പറയുകയും വേണം. ഏതായാലും ഒരുകാര്യം ഉറപ്പാണ്‌, പൊതു സംവിധാനങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടല്ലാതെ സ്വകാര്യവത്‌ക്കരണത്തിന്റെ ഭീഷണിയെ നേരിടാനാവില്ല. ഈ സ്ഥാപനങ്ങൾ നിൽക്കുന്നമത്‌ അവിടെ തൊഴിലെടുക്കുന്വനർക്ക്‌ മാത്രമല്ലെന്നും സമീഹത്തിന്‌ അവ കൂടിയേ തീരൂഎന്നും ജനങ്ങൾക്ക്‌ ബോധ്യപ്പെട്ടാൽ മാത്രമം അവയെ സംരക്ഷിക്കാനുള്ള ജനവികാരം ഉണരൂ. ഇത്‌ എല്ലാ പൊതു മേഖലാ സ്ഥാപനങ്ങൾക്കും ബാധകമാണ്‌. സമാപനം ചുരുക്കത്തിൽ, കേരള വികസനത്തെക്കുറിച്ചുള്ള ഏത്‌ ചർച്ചയും ആദ്യം തീരുമാനിക്കേണ്ടത്‌ എത്‌ വിധത്തിലുള്ള കേരളമാണ്‌ നാളെ നമ്മുടെ കുട്ടികൾക്കായി നാം കൈമാറേണ്ടത്‌ എന്നാണ്‌. അത്‌ ദുബായിയേയോ സിങ്കപ്പൂരിനേയോ അനുകരിക്കാൻ ശ്രമിക്കുന്ന ഒന്നാകണോ? അതോ, പ്ലാനിംഗ്‌ ബോർഡിന്റെ വിഷൻ 2030 ൽ സൂചിപ്പിക്കുന്നത്‌ പോലെ സ്‌കാണ്ടിനേവിയൻ മാതൃകയിലെ നല്ല അംശങ്ങളെ സ്വാംശീകരിക്കുന്ന, അതേ സമയം കേരളത്തിന്റെ തനതു ഗുണവിശേഷങ്ങളെ നിലനിർത്തുന്ന ഒന്നായിരിക്കണോ? എങ്കിൽ ഏതെല്ലാമാണ്‌ സംരക്ഷിക്കേണ്ടത്‌, ഏതെല്ലാമാണ്‌ മാറ്റേണ്ടത്‌? കേരള സമൂഹത്തിൽ വ്യാപകമായി ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ്‌ ഇവ. ഏതായാലും ഒരു കാര്യം ഉറപ്പാണ്‌. ഭാവികേരളം ഇന്നത്തേക്കാൾ കൂടുതൽ സാമൂഹിക നീതിയും സമത്വവും പുലരുന്നതാകണം. അടിസ്ഥാന സേവനങ്ങൾ പൊതുമേഖലയിൽ തന്നെ നിലനിർത്തണം. അവ കച്ചവടാധിഷ്‌ഠിതമാകരുത്‌. അതേ സമയം, പൊതുസേവനങ്ങളുടെ ഗുണനിലവാരം ഇന്നത്തേക്കാൾ ഏറെ മെച്ചപ്പെടണം. പോരാ, അവ ലോകോത്തരമാകണം. വികസനമെന്നാൽ ജി.ഡി.പി വർദ്ധന മാത്രമല്ല., തീർച്ചയായും വരുമാനം വർദ്ധിക്കണം. പക്ഷെ ഇത്‌ ചുരുക്കം ചിലരിൽ കുന്നുകൂടുന്ന വിധത്തിലാകരുത്‌. ഉൽപ്പാദന-സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടത്‌. അതായത്‌ സമ്പത്തുൽപ്പാദനവും വിതരണവും അഭേദ്യമായ രീതിയിൽ ബന്ധപ്പെട്ടാണിരിക്കുന്നത്‌. വിതരണ രീതിയെ മറന്നുകൊണ്ടുള്ള സമ്പത്തുൽപ്പാദനം അമിതമായ കേന്ദ്രീകരണത്തിലേക്കും വർദ്ധിക്കുന്ന അസമത്വത്തിലേക്കും നയിക്കും. അത്‌ സാമൂഹിക സംഘർഷങ്ങൾ വളരാനും ജനജീവിതം ദുസ്സഹമാക്കാനും ഇടയാകും. അതൊഴിവാകണമെങ്കിൽ കേരളത്തിന്റെ വികസനാനുഭവത്തിൽ നിന്നും പ്ലാനിംഗ്‌ ബോർഡ്‌ തന്നെ മാതൃകയായി ഉയർത്തിപ്പിടിക്കുന്ന സ്‌കാണ്ടിനേവിയൻ രാജ്യങ്ങളുടെ തന്നെ അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്‌.

അതിനെപ്പറ്റിയുള്ള വിപുലമായ ചർച്ചകൾ നടത്തുന്നതിന്‌ പരിഷത്‌ സംഘടിപ്പിക്കുന്ന ഈ സംഗമം വേദിയാകുമെന്ന്‌ പ്രത്യാശിക്കാം.







== `ചോദ്യം ചെയ്യേണ്ട പരിഹാരങ്ങൾ' പദ്ധതി പരിപ്രേക്ഷ്യം 2030ന്റെ രാഷ്ട്രീയം ==

കേരള വികസനത്തെ മുൻനിർത്തി കേരളസംസ്ഥാന ആസൂത്രണ ബോർഡ്‌ മുന്നോട്ടുവെച്ചതും ഇപ്പോൾ തുടങ്ങി 2030നകം നടപ്പാക്കാനുദ്ദേശിക്കുന്നതുമായ വികസന നിലപാടുകളും പ്രവർത്തന പരിപാടികളുമടങ്ങിയ രേഖയാണ്‌ ``പദ്ധതി പരിപ്രേക്ഷ്യം 2030. ആസൂത്രണ ബോർഡിന്‌ വേണ്ടി ഇത്‌ തയ്യാറാക്കിയിരിക്കുന്നത്‌ ഡൽഹിയിലെ ഗവേഷണ സ്ഥാപനമായ National Council for Applied Economic Research (NCAER) ആണ്‌. രണ്ട്‌ പതിറ്റാണ്ടിനിടയിൽ കേരള സമ്പദ്‌ഘടനയേയും സാമൂഹ്യ വികസന രീതിയേയും പാടെ മാറ്റിമറിക്കുക എന്നതാണ്‌ പദ്ധതി പരിപ്രേക്ഷ്യത്തിന്റെ മുഖ്യ ലക്ഷ്യം. കേരളം ഇപ്പോൾത്തന്നെ മെച്ചപ്പെട്ട സാമ്പത്തിക വളർച്ച (7.8%) യുള്ള ഒരു സംസ്ഥാനമാണ്‌. ഈ വളർച്ചാനിരക്ക്‌ വരും വർഷങ്ങളിലും തുടരാൻ കഴിയണം. അതിന്‌ പക്ഷേ, ഇന്നത്തെ വികസന രീതി തന്നെ തുടരുകയാണെങ്കിൽ കഴിയില്ല. കാരണം, ഇന്നത്തേത്‌ വിദേശപ്പണത്തിനാൽ ത്വരിതപ്പെടുന്ന ആഭ്യന്തര കമ്പോളത്തിന്റെ പിൻബലത്തിലുള്ളത്‌ മാത്രമാണ്‌. അതുവഴി വളരുന്ന കെട്ടിടനിർമാണം, റിയൽ എസ്റ്റേറ്റ്‌, വാണിജ്യം, ഫൈനാൻസ്‌, എന്നീ മേഖലകളെ അടിസ്ഥാനമാക്കി ഉള്ളതാണ്‌ മിക്ക പ്രവർത്തനങ്ങളും. ഇന്നത്തെ വളർച്ചാനിരക്ക്‌ തുടർന്നും നിലനിർത്തണമെങ്കിൽ ഇന്ന്‌ ഊന്നൽ ലഭിക്കുന്ന മേഖലകൾ മാറണം. പകരം ഇപ്പോൾത്തന്നെ കേരളത്തിന്‌ തനത്‌ ശേഷിയുള്ള വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങൾക്കായിരിക്കണം ഊന്നൽ. അതുകൊണ്ട്‌ നിലവിലുള്ള സാമ്പത്തിക വളർച്ചാനിരക്ക്‌ നിലനിർത്തത്തക്കരീതിയിൽ വിദ്യാഭ്യാസ - ആരോഗ്യ രംഗത്തെ ഉടച്ചുവർക്കുകയും അതിന്നനുസൃതമായി മറ്റ്‌ വികസന രംഗങ്ങളേയും അവയുടെ പ്രവർത്തനങ്ങളേയും ക്രമീകരിക്കുകയുമാണ്‌ ആസൂത്രണബോർഡിന്റെ `പദ്ധതിപരിപ്രേക്ഷ്യം 2030' പ്രധാനമായും വിഭാവനം ചെയ്യുന്നത്‌. ഈ ലക്ഷ്യത്തിലേക്കെത്താൻ വിദ്യാഭ്യാസ - ആരോഗ്യമേഖലകളടക്കം 14 രംഗങ്ങളിലെ മാറ്റങ്ങൾക്കായുള്ള വിലയിരുത്തലും നിർദേശങ്ങളും അടങ്ങുന്ന 14 അധ്യായങ്ങൾ, അവക്കുള്ള ആമുഖമന്ന നിലയിൽ കേരള സമ്പദ്‌ഘടനയെ സ്ഥൂല - സൂക്ഷ്‌മതലങ്ങളിൽ അപഗ്രഥിക്കുന്ന രണ്ട്‌ അധ്യായങ്ങൾ, സാമൂഹ്യാവസ്ഥകൾ പൊതുവിൽ അവലോകനം ചെയ്യുന്ന എട്ട്‌ അധ്യായങ്ങൾ എന്നിങ്ങനെ 24 അധ്യായങ്ങളും മൂന്ന്‌ അനുബന്ധങ്ങളുമുള്ള 746 പേജുള്ള ഒരു ബൃഹദ്‌ രേഖയാണ്‌ ആസൂത്രണബോർഡ്‌ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്‌. ഒന്നാമത്തെ പഠനം കേരള വികസനത്തെ മുൻനിർത്തി NCAER 1962ലും ഇത്തരം പ്രവർത്തനം നടത്തിയിരുന്നു. അന്നത്തെ സംസ്ഥാന സർക്കാരിന്റെ ആവശ്യാർഥം തയ്യാറാക്കിയ ഒരു പ്രാമാണിക രേഖയായിരുന്നു അത്‌. അതിന്റെ പേര്‌ ``The Techno - Economic Survery of Kerala എന്നായിരുന്നു. അന്ന്‌ നിലവിലുണ്ടായിരുന്ന നാല്‌ പ്രധാന പ്രശ്‌നങ്ങളായിരുന്നു രേഖ എടുത്ത്‌ പറഞ്ഞിരുന്നത്‌. - തൊഴിലില്ലായ്‌മ (4.6%), ജനസംഖ്യാവർധന, കുറഞ്ഞ പ്രതിശീർഷവരുമാനം, കൃഷിഭൂമിയുടെ അപര്യാപ്‌തത, എന്നിവയായിരുന്നു അവ. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായകമാകുംവിധം വരും കാലങ്ങളിൽ നടപ്പാക്കാവുന്ന വികസന നടപടികളുടെ സാമ്പത്തികവും സാങ്കേതികവുമായ സാധ്യതാപരിശോധനയായിരുന്നു പ്രസ്‌തുത സർവെ. അതിനെ അടിസ്ഥാനമാക്കി ഒരു ദശാബ്ദത്തിലേക്കുള്ള നടപടികളായിരുന്നു അന്ന്‌ ശിപാർശ ചെയ്‌തിരുന്നത്‌. അതനുസരിച്ച്‌ 1961ൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനമായിരുന്ന 204രൂപ (1955 -56 ലെ വിലയനുസരിച്ച്‌) എന്നത്‌ 1970-71ൽ 404 രൂപയായി വർധിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതിന്നാകട്ടെ, സംസ്ഥാനത്തിന്റെ മൊത്തം വരുമാനം അന്നന്നത്തെ 400 കോടി രൂപയിൽ നിന്ന്‌ 812.8 കോടി രൂപയാക്കാനും നിർദേശിച്ചു. അതായത്‌, ശരാശരി വാർഷിക വളർച്ച 10.3 ശതമാനം ആക്കി ഉയർത്തുക. ഭക്ഷ്യകൃഷി വ്യാപനം, ഭക്ഷ്യസുരക്ഷ, ജലസേചനം, എഞ്ചിനീയറിങ്ങ്‌ വ്യവസായങ്ങളുടെ വ്യാപനം, സാങ്കേതിക മുന്നേറ്റം എന്നിവയൊക്കെയായിരുന്നു അതിൽ മുൻഗണന നൽകിയത്‌. കേരളത്തിൽ മിച്ചംവരുന്ന വൈദ്യുതിയുടെ കയറ്റുമതി സാധ്യതയെപ്പറ്റിയും റിപ്പോർട്ട്‌ പരാമർശിച്ചിരുന്നു. (അന്നത്തെ ഇന്ത്യ- കേരള താരതമ്യം പട്ടിക -1ൽ നൽകിയിരിക്കുന്നു.) അമ്പത്‌ വർഷത്തിന്‌ ശേഷമാണ്‌ NCAER കേരളത്തിനായി രണ്ടാമത്തെ വികസന പരിപ്രേക്ഷ്യം തയ്യാറാക്കുന്നത്‌. ഇതിന്നിടയിൽ ഏറെ മാറ്റങ്ങൾ സംസ്ഥാനത്തും ഇന്ത്യയിലും ലോകത്താകെ തന്നെയും ഉണ്ടായിരിക്കുന്നു. ആദ്യത്തെ റിപ്പോർട്ടിന്നനുസരിച്ച്‌ എന്തെങ്കിലും മാറ്റങ്ങൾ കേരളത്തിൽ സംഭവിച്ചോ എന്നത്‌ പരിശോധിക്കേണ്ടതാണ്‌. എന്തായാലും 1970കൾ, സർവെ വിഭാവനം ചെയ്‌തതുപോലെ വലിയൊരു വളർച്ചാ കാലമായിരുന്നില്ല. മറിച്ച്‌, കേരളത്തിന്റെ സമ്പത്തുൽപ്പാദനരംഗത്ത്‌ വലിയൊരു മുരടിപ്പിന്റെ കാലമായിരുന്നു. സാമ്പത്തിക വളർച്ചാനിരക്കും പ്രതിശീർഷ വരുമാനനിരക്കും അക്കാലത്ത്‌ ഇന്ത്യൻ ശരാശരിയേക്കാൾ താഴെയായിരുന്നു. പക്ഷേ, സാമൂഹ്യവികസന രംഗങ്ങളിൽ ദേശീയ ശരാശരിയേക്കാൾ കേരളം വളരെ മുന്നിലേക്കെത്തിയിരുന്നു. ഇതുവഴി പരമ്പരാഗത സാമ്പത്തിക സിദ്ധാന്തങ്ങൾക്ക്‌ മുന്നിൽ കേരളം പുതിയ ചോദ്യങ്ങളുയർത്തി. സാമ്പത്തികമായി പിന്നോക്കം നിൽക്കുമ്പോഴും സാമൂഹ്യമായി മുന്നേറ്റം കൈവരിക്കാൻ കഴിയുമെന്നതിന്‌ കേരളം ലോകത്തിന്റെ മുന്നിൽ അനുഭവസാക്ഷ്യമായി. രാഷ്ട്രീയ പിൻബലമുള്ള സംഘടിതമായ ജനകീയ ഇടപെടലായിരുന്നു ഈ സവിശേഷതയ്‌ക്ക്‌ പിന്നിൽ പ്രവർത്തിച്ചതെന്നും കുറെയൊക്കെ അംഗീകരിക്കപ്പെട്ടു. ഇതിനെ ലോകം ``കേരള വികസനമാതൃകയായി കണക്കാക്കി വരുന്നു. ഉൽപ്പാദനരംഗത്ത്‌ 1970കളോടെ പ്രകടമായ മുരടിപ്പ്‌ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും ജനങ്ങളുടെ വരുമാനത്തിലും അവരുടെ സാമ്പത്തിക ഇടപെടലിലും പക്ഷേ അത്‌ പ്രതിഫലിക്കുന്നില്ല. ഇതിന്റെ പ്രധാന കാരണം വൻതോതിൽ പ്രചരിക്കപ്പെട്ട വിദേശപണമായിരുന്നു. ഇതോടൊപ്പം സാമൂഹ്യ സുരക്ഷാ രംഗങ്ങളിലെ പൊതു സംവിധാനങ്ങളും സർക്കാർ ചെലവുകളും വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളും ജനങ്ങളെ വലിയ തോതിൽ സഹായിച്ചു. പല സാമൂഹ്യ സംഘടനകളും ഇതിലേക്ക്‌ സംഭാവന ചെയ്‌തിട്ടുണ്ട്‌. അതുകൊണ്ട്‌ ജനജീവിതം വലിയ അല്ലലില്ലാതെ കടന്നുപോയി. സാമൂഹ്യ വികസനതുറകൾ ശക്തിപ്പെടുകയും ചെയ്‌തു. പക്ഷേ അടിസ്ഥാന പ്രശ്‌നങ്ങൾ പലതും നിലനിൽക്കുകയാണ്‌. കേരള പഠനങ്ങൾ ഇതേ കാലത്ത്‌ തന്നെയാണ്‌ കേരള വികസനം സംബന്ധിച്ച അക്കാദമിക്‌ പഠനങ്ങളും വിപുലപ്പെടുന്നത്‌. ഇതിലേക്കുള്ള ശ്രദ്ധേയമായൊരു കാൽവെപ്പായിരുന്നു CDS ന്റെ 1976ലെ ``Poverty, Unemployment and Development Policy എന്ന പഠനം. ഒട്ടേറെ പുതിയ നിരീക്ഷണങ്ങൾ ഈ പഠനം മുന്നോട്ടുവെയ്‌ക്കുകയുണ്ടായി. യഥാർഥത്തിൽ ഈ നിരീക്ഷണങ്ങളാണ്‌ പിന്നീട്‌ `കേരള വികസന മാതൃക' എന്നറിയപ്പെട്ടത്‌ തന്നെ. ഇതേവർഷം തന്നെയാണ്‌ ജനകീയതലത്തിൽ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശ്രദ്ധേയ പഠനമായ, `കേരളത്തിന്റെ സമ്പത്ത്‌' പ്രസിദ്ധീകരിക്കുന്നത്‌. പരിഷത്തിന്റെ ഈ പഠനത്തിന്‌ പിന്നിലും CDS ന്റെ സഹായം ഉണ്ടായിരുന്നു. ഈ രണ്ട്‌ പഠനങ്ങളും സമാന്തരമായി അക്കാദമിക്‌ രംഗത്തും ജനകീയ രംഗത്തും കേരള വികസനം വലിയൊരു ചർച്ചാവിഷയമാക്കി. ഈ ചർച്ചകളിൽ കേരളീയർ മാത്രമല്ല ധാരാളം വിദേശപണ്ഡിതരും പങ്കാളികളായി. റോബിൻ ജഫ്രി, ജോയൻ മെഞ്ചർ, റൊണാൾഡ്‌ ഹെറിങ്ങ്‌, പാട്രീക്‌ ഹെല്ലർ എന്നിങ്ങനെ ധാരാളം പേർ ഇതിൽ പങ്കെടുത്ത്‌ തനത്‌ സംഭാവനകൾ നൽകി. ഇന്ത്യയിൽ നിന്നാണെങ്കിൽ കെ.എൻ.രാജ്‌, ടി.എൻ.കൃഷ്‌ണൻ, ഐ.എസ്‌ ഗുലാത്തി എന്നിവരുടെ നേതൃത്വത്തിലുള്ള CDS ലെ വലിയൊരു സംഘം പണ്ഡിതർ ഈ ചർച്ചകൾക്ക്‌ നേതൃത്വം നൽകി. അമർത്യാസെൻ, അശോക്‌മിത്ര, ജോസഫ്‌ താരമംഗലം, വി.കെ രാമചന്ദ്രൻ തുടങ്ങി സംസ്ഥാനത്തിന്‌ പുറത്തുള്ള വലിയൊരു സംഘം ഗവേഷകരും സാമൂഹ്യശാസ്‌ത്രജ്ഞരും ഈ ചർച്ചയിൽ പങ്കാളിയായി. രാഷ്‌ട്രീയതലത്തിൽ ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ നടന്ന ബദൽ പഞ്ചവൽസര പദ്ധതി രൂപീകരണം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഇടപെടലായിരുന്നു. തുടർന്ന്‌ വിവിധ മേഖലകളെയും വിവിധ പ്രദേശങ്ങളെയും വിവിധ വികസന പ്രവർത്തനങ്ങളെയുമെല്ലാം ബന്ധപ്പെടുത്തിക്കൊണ്ടുള്ള അക്കാദമിക്‌ പഠനങ്ങൾ ധാരാളമുണ്ടായി. രാഷ്ട്രീയതലത്തിൽ രണ്ട്‌ മൂന്ന്‌ കേരള വികസന കോൺഗ്രസ്സുകളും സംഘടിപ്പിച്ചു. പരിഷത്തിന്റെ പ്രവർത്തനങ്ങളും സമാന്തരമായി ശക്തിപ്പെടുകയായിരുന്നു. വ്യവസായ സുവനീറുകൾ, വകസന ചർച്ചകൾ, എട്ടാം പദ്ധതി പരിപ്രേക്ഷ്യം, 2004ലെ കേരള പഠനം, 2012ലെ വേണം മറ്റൊരു കേരളം ക്യാമ്പയിൻ ഇപ്പോഴത്തെ വികസന സംഗമങ്ങൾ, എന്നിങ്ങനെ കേരള വികസന കോൺഗ്രസ്‌ വരെയായി അവ എത്തി നിൽക്കുന്നു. എം.പി പരമേശ്വരൻ, ശ്യാമസുന്ദരൻ നായർ, കെ.പി കണ്ണൻ, തോമസ്‌ ഐസക്‌, കെ.എൻ ഗണേശ്‌ തുടങ്ങി ഒട്ടേറെപ്പേർ ഈ ചർച്ചകളിലേക്കും സംഭാവന നൽകി. സൈലന്റ്‌വാലി സമരവും; സമ്പൂർണ സാക്ഷരതക്കും, അധികാരവികേന്ദ്രീകരണത്തിനും വേണ്ടി നടന്ന സാമ്യതയില്ലാത്ത ക്യാമ്പയിനുകളും പുതിയ ഒട്ടേറെ ജനകീയ മാതൃകകൾക്ക്‌ രൂപം നൽകി. ഇതിന്റെയെല്ലാം ഫലമായി, വികസനവുമായി ബന്ധപ്പെട്ട്‌ അക്കാദമിക്‌ തലത്തിലും, രാഷ്ട്രീയതലത്തിലും ജനകീയതലത്തിലും ലഭ്യമായിട്ടുള്ള അറിവും അനുഭവവും ഇന്ത്യയിൽ മറ്റേതൊരു സംസ്ഥാനങ്ങളിലേതിനേക്കാളും, ഒരു പക്ഷേ കേരളത്തിൽ വളരെ കൂടുതയായിരിക്കും. എന്നാൽ, ഇവയെയൊന്നും കാര്യമായി പരിഗണിക്കാതെയാണ്‌ NCAER അതിന്റെ വികസന പരിപ്രേക്ഷ്യം 2030 തയ്യാറാക്കിയിരിക്കുന്നതും സംസ്ഥാന ആസൂത്രണബോർഡ്‌ അത്‌ ഏറ്റെടുത്ത്‌ നടപ്പിലാക്കാൻ ശ്രമിക്കുന്നതും. അതുകൊണ്ടുതന്നെ, കേരളത്തിന്റെ ഇതുവരെയുള്ള വികസനാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അതിന്റെ നേട്ടകോട്ടങ്ങളെ പ്രതിഫലിപ്പിക്കാൻ പറ്റുന്ന ഒന്നല്ല പുതിയ പരിപ്രേക്ഷ്യരേഖ. വികസന അജണ്ട കേരളവികസനവുമായി ബന്ധപ്പെട്ട്‌ ``പദ്ധതി പരിപ്രേക്ഷ്യം കൈക്കൊള്ളുന്ന മുഖ്യ സമീപനം നേരത്തെ തന്നെ സൂചിപ്പിച്ചല്ലോ. രേഖയിൽ നിന്ന്‌ തന്നെ നേരിട്ട്‌ ഒരു വരി ഉദ്ധരിക്കാം. ``The major growth challange is to pull the economy out of vicious circle of law quality to a Vertous circle high quality growth എന്നതാണ്‌ (page -43). ഇതിനായി അറിവ്‌ കേന്ദ്രീകൃതമായ ഒരു സമ്പദ്‌ഘടനയും (Knowledge economy), അതിന്റെ തുടർ നിലനിൽപ്പോടു കൂടിയ വികസനവും (Sustainable development) വിഭാവനം ചെയ്യുന്നു. ഇതനുസരിച്ച്‌ വിദേശപ്പണത്തിന്റെ പിൻബലത്തിലുള്ള ഇന്നത്തെ ഉപഭോക്തൃപ്രധാന രംഗങ്ങൾക്ക്‌ പകരം വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളെ വികസനത്തിന്റെ മുൻപന്തിയിലേക്ക്‌ കൊണ്ടുവരാനും കേരളത്തിലെ ഇന്നത്തെ 7 - 8 ശതമാനം വളർച്ച, വിദ്യാഭ്യാസ - ആരോഗ്യ രംഗങ്ങളിൽ പ്രതീക്ഷിക്കുന്ന ഉയർന്ന വളർച്ചാനിരക്കുകൾവഴി നിലനിർത്താനുമാണ്‌ ഉദ്ദേശിക്കുന്നത്‌ (പട്ടിക 2 കാണുക) അതേസമയംതന്നെ വിദ്യാഭ്യാസ - ആരോഗ്യ മേഖലകൾക്ക്‌ ചില പ്രധാന ദൗർബല്യങ്ങളുള്ളതായി രേഖ വിലയിരുത്തുന്നു. അതിൽ പ്രധാനം ഈ മേഖലകൾ വേണ്ടത്ര വാണിജ്യവൽക്കരിക്കപ്പെട്ടിട്ടില്ല അഥവാ വേണ്ടത്ര കച്ചവടവൽക്കരിക്കപ്പെട്ടിട്ടില്ല എന്നതത്രെ. സാങ്കേതികമായി പറഞ്ഞാൽ ഈ മേഖലകൾ Non - Tradable ആണത്രെ. ഇതിന്‌ കാരണം, ഇവ ഇപ്പോഴും പ്രാഥമികമായി ഊന്നുന്നത്‌ പൊതുജനങ്ങളുടെ വിദ്യാഭ്യാസ - ചികിത്സാ കാര്യങ്ങൾക്കാണ്‌. ഈ രംഗങ്ങളിൽ സ്വകാര്യ - സ്വാശ്രയ മേഖലകൾ വൻതോതിൽ വളരുന്നുണ്ടെങ്കിലും വാണിജ്യവൽക്കരണം വേണ്ടത്ര നടന്നിട്ടില്ല എന്നതാണ്‌ രേഖയുടെ വിലയിരുത്തൽ. ഇപ്പോഴത്തെ നിലയിൽ അവ തദ്ദേശീയ കമ്പോളസാധ്യതകളെ മാത്രം ചുറ്റിപ്പറ്റിയുള്ളതാണ്‌. അതുപോര, ദേശീയ - വിദേശീയ കമ്പോളങ്ങളെ വൻതോതിൽ ആകർഷിക്കാൻ കഴിഞ്ഞാൽ മാത്രമെ ഇന്നത്തേതിനേക്കാൾ വളർച്ചാനിരക്ക്‌ ത്വരിതപ്പെടുത്താൻ കഴിയൂ. അതിന്‌ വേണ്ടി വിദ്യാഭ്യാസ - ആരോഗ്യ രംഗങ്ങളിലേക്ക്‌ വിദേശപ്പണത്തെ മാത്രമല്ല, വിദേശ ഉപഭോക്താക്കളെയും വൻതോതിൽ ക്ഷണിക്കണം, അല്ലെങ്കിൽ ക്ഷണിക്കാതെ തന്നെ ആകർഷിക്കണം. ഇതുവഴി മറ്റ്‌ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നിന്നുള്ളവർ ചികിത്സക്കും പഠനത്തിനുമായി കേരളത്തിൽ വരണം. അവർ കേരത്തെ ആശ്രയിക്കണം. അതിനാൽ ലോക കമ്പോളത്തെ ലക്ഷ്യമാക്കി കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖല പൂർണമായി അഴിച്ചുപണിയുക, അതിന്മേൽ ആസൂത്രണ ബോർഡിന്റെ അടുത്ത രണ്ട്‌ ദശകത്തിലേക്കുള്ള വികസന അജണ്ട ``അറിവിനാൽ നിയന്ത്രിക്കുന്ന, തുടർനിലനിൽപ്പോടു കൂടിയ സാമ്പത്തിക വികസന തന്ത്രം (Knowledge Driven Sustainable Economic Development Strategy) എന്നാണിതിന്റെ പേര്‌. ഇതാണ്‌ കേരള സർക്കാർ ഇനിയങ്ങോട്ട്‌ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്‌. എങ്ങനെയാണ്‌ ഈ പദ്ധതി പരിപ്രേക്ഷ്യം നടപ്പാക്കാൻ പോകുന്നത്‌? ആദ്യമായി വിദ്യാഭ്യാസരംഗത്ത്‌ അഞ്ചും, ആരോഗ്യ രംഗത്ത്‌ മൂന്നും ആഗോളഹബ്ബുകൾ സ്ഥാപിക്കും. ഇവയ്‌ക്കെല്ലാം മാതൃക ചില സ്‌കാൻഡിനേവിയൻ രാജ്യങ്ങളും ഏതാനും ഏഷ്യൻ രാജ്യങ്ങളും ആയിരിക്കും; അവിടെ നടപ്പാക്കുന്ന Hub and spoke model ആയിരിക്കും. ഡെൻമാർക്ക്‌, സ്വീഡൻ, നോർവെ, ഫിൻലാന്റ്‌, അബുദാബി, ദുബായ്‌, ബഹറിൻ, സിംഗപ്പൂർ, മലേഷ്യ, ദക്ഷിണകൊറിയ എന്നിവയിലെ അനുഭവങ്ങളെയാണ്‌ നാം മാതൃകയാക്കാനുദ്ദേശിക്കുന്നത്‌. വിദ്യാഭ്യാസരംഗത്ത്‌ സ്ഥാപിക്കുന്ന അഞ്ച്‌ ആഗോളഹബുകൾ കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ്‌. ആരോഗ്യരംഗത്ത്‌ മൂന്ന്‌ അന്താരാഷ്‌ട്ര ഹബുകൾ ഉദ്ദേശിക്കുന്നു - മലപ്പുറം, തൃശ്ശൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ. ഇവ വ്യവസായരംഗത്ത്‌ നടപ്പാക്കി വരുന്ന പ്രത്യേക സാമ്പത്തിക മേഖലകൾ (SEZ) പോലെ സർവതന്ത്ര സ്വതന്ത്രമായി പ്രവർത്തിക്കും. ഇവിടങ്ങളിലേക്ക്‌ വിദേശ/ സ്വകാര്യ സർവകലാശാലകൾ, ബഹുരാഷ്ട്ര കമ്പനികൾ, നാടൻ കുത്തകകൾ, സ്വകാര്യ ആസ്‌പത്രികൾ എന്നിവയെയൊക്കെ ക്ഷണിക്കും. അവയുടെ സ്വതന്ത്രമായ പ്രവർത്തനത്തിനായി ഇന്നുള്ള എല്ലാവിധ സർക്കാർ/ സാമൂഹ്യ നിയന്ത്രണങ്ങളും ഒഴിവാക്കും. ഇക്കാര്യം രേഖയിൽ വളരെ വ്യക്തമായി തന്നെ പറഞ്ഞുവെക്കുയ്‌ന്നുണ്ട്‌. കേരളത്തിലെ സ്ഥിതി കേരളത്തിലെ സ്ഥൂലതല പ്രശ്‌നങ്ങളും ഓരോ വികസന മേഖലക്കുമുള്ള സൂക്ഷ്‌മതല പ്രശ്‌നങ്ങളും അവയ്‌ക്കുള്ള പരിഹാരങ്ങളും രേഖയിൽ പ്രത്യേകം പ്രത്യേകം വിവരിക്കുന്നുണ്ട്‌. അവയുടെ സാരാംശം മാത്രമേ ഇവിടെ പ്രതിപാദിക്കുന്നുള്ളൂ. 2001 മുതൽ കേരളത്തിൽ ത്വരിതഗതിയിലുള്ള സാമ്പത്തിക വളർച്ചയാണ്‌ - ശരാശരി 8 ശതമാനം. ഈ ഉയർന്ന നിരക്ക്‌ കൈവരിച്ചതോടെ കേരളം വളർച്ചയുടെ പുതിയ വിതാനത്തിലേയ്‌ക്കെത്തിയതായി പറയുന്നു. ഉയർന്ന സാമൂഹ്യ വികസനത്തോടൊപ്പം സാമ്പത്തിക വളർച്ചാനിരക്കും കൂടിയതിനാലാണ്‌ ഇങ്ങനെ പറയുന്നത്‌. എന്നാൽ, ഈ വളർച്ചയെ വലിയതോതിൽ മുഖവിലക്കെടുക്കാൻ കഴിയില്ലെന്നാണ്‌ റിപ്പോർട്ട്‌ വിലയിരുത്തുന്നത്‌. അതിന്റെ കാരണമായി പറയുന്നത്‌ 1) സമ്പദ്‌ഘടന പ്രധാനമായും പ്രവർത്തിക്കുന്നത്‌ ഉൽപ്പാദനക്ഷമത കുറഞ്ഞ തലങ്ങളിലാണ്‌. 2) തൊഴിൽ രഹിത വളർച്ച നിലനിൽക്കുന്നു. 3) മുന്നേറ്റമുണ്ടാകുന്നത്‌, ഉപഭോഗബന്ധിതമായിട്ടാണെങ്കിലും (77%) അതിന്‌ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ കഴിയുന്നില്ല. 4) കേരളം നിക്ഷേപസൗഹൃദമല്ല. 5) പഴഞ്ചൻ സാമൂഹ്യ - രാഷ്ട്രീയ നിലപാടുകൾ നിലനിൽക്കുന്നു. 6)പല മേഖലകളും ഇപ്പോഴും വാണിജ്യവൽക്കരിക്കപ്പെട്ടിട്ടില്ല. ഇത്തരം കാരണങ്ങളുള്ളതിനാൽ സാമ്പത്തിക വളർച്ച ഉണ്ടാകുമ്പോഴും സമ്പദ്‌ഘടനയിൽ ഒരു ഘടനാപരമായ പരിവർത്തനം (Structural transformation) നടക്കുന്നില്ല. ഇവയോടൊപ്പം വിദേശപ്പണം വരവ്‌ കുറയാനുള്ള സാധ്യത നമ്മെ മുൾമുനയിൽ നിർത്തുന്നു. സമ്പദ്‌വ്യവസ്ഥ തന്നെ പൂർണമുരടിപ്പിൽ അകപ്പെട്ടേക്കാം. ഇതിന്‌ പുറമെയാണ്‌ വർധിച്ചുവരുന്ന സമ്പത്തിക അസമത്വവും (ഗിനിഗുണാങ്കം 0.45), പ്രാദേശികാടിസ്ഥാനത്തിലുള്ള അസമത്വവും സൃഷ്‌ടിക്കുന്ന സംഘർഷങ്ങൾ. ദാരിദ്ര്യനിരക്ക്‌ കുറഞ്ഞിട്ടുണ്ടെങ്കിലും 40 ലക്ഷത്തോളം (12%) ദരിദ്രർ ഇപ്പോഴും ഇവിടെ ഉണ്ടെന്ന്‌ കണക്കാക്കുന്നു. ദാരിദ്ര്യം കുറഞ്ഞതായി പറയുന്നതുതന്നെ പ്രതിശീർഷ കലോറി ലഭ്യത കുറച്ചുകാണിച്ച്‌ തയ്യാറാക്കിയ കണക്കനുസരിച്ചാണ്‌. (2400 - 1480 കി. കലോറി). ജില്ലകൾക്കിടയിൽ തന്നെ ദാരിദ്ര്യാനുപാതത്തിൽ വലിയ അന്തരം നിലനിൽക്കുന്നതായി കണക്കാക്കുന്നു. സംസ്ഥാനത്തെ ശരാശരി പോഷണലഭ്യത ദേശീയശരാശരിയെക്കാൾ കുറവാണത്രെ. ഇതോടൊപ്പം സാമൂഹ്യനീതി, ലിംഗനീതി എന്നിവയും കുറയുന്നു. കൂടാതെ സാമൂഹ്യമായ പുറംതള്ളലും, മദ്യപാനവും വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിന്‌ പുറമെ വർധിച്ചുവരുന്ന വൃദ്ധാനുപാതം, അനിയന്ത്രിതമായ നഗരവൽക്കരണം, ഗൾഫിൽ നിന്നുള്ള തിരിച്ചുവരവ്‌, അന്യസംസ്ഥാന തൊഴിലാളികളുടെ ആധിക്യം, പ്രകൃതിവിഭവങ്ങളിലെ കടന്നാക്രമണം എന്നിവയും പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളായി ചൂണ്ടിക്കാണിക്കുന്നുണ്ട്‌. എന്നാൽ ഇതിനെല്ലാമുള്ള പരിഹാരമായി നേരത്തെ പറഞ്ഞ അറിവ്‌ അധിഷ്‌ഠിതവും തുടർനിലനിൽപ്പോടെയുമുള്ള വികസനമാണ്‌ നിർദേശിക്കുന്നത്‌. അതിന്റെ പ്രധാന പ്രവർത്തന രംഗങ്ങളാകട്ടെ ആരോഗ്യവും വിദ്യാഭ്യാസവും തന്നെ. നിർവഹണരീതി പരിപ്രേക്ഷ്യരേഖ, വ്യവസായമേഖലയിൽ നിന്ന്‌ പോലും 9 ശതമാനം വളർച്ച മാത്രം പ്രതീക്ഷിക്കുമ്പോൾ വിദ്യാഭ്യാസ - ആരോഗ്യ രംഗങ്ങളിൽ നിന്ന്‌ 10 ശതമാനം വളർച്ച ഉണ്ടാകുമെന്ന്‌ കരുതുന്നു.(പട്ടിക 2) ഇതെങ്ങനെ യാഥാർഥ്യമാകും എന്നകാര്യം ചർച്ച ചെയ്യേണ്ടതാണ്‌. സാധാരണ നിലയിൽ ഈ രംഗങ്ങളിൽ നിന്ന്‌ സംസ്ഥാന വരുമാനത്തിലേക്ക്‌ (GSDP) കാര്യമായൊന്നും വരാനില്ല. ഇവിടെ ജോലി ചെയ്യുന്നവർക്ക്‌ കിട്ടുന്ന ശമ്പളമാണ്‌ പ്രധാന വരുമാനമാർഗം. കാരണം മറ്റ്‌ വരുമാനമാർഗങ്ങളായ പാട്ടം, ലാഭം, പലിശ എന്നിവ ഇവിടെ നിന്ന്‌ വരാനുള്ള സാധ്യത വളരെ കുറവാണ്‌. ഇതിൽത്തന്നെ, വിലക്കയറ്റമുണ്ടായാൽ, ശമ്പളവർധനവഴിയുള്ള യഥാർഥ വരുമാനം വർധിക്കില്ല. എന്നിട്ടും 10 ശതമാനം വാർഷിക വളർച്ച സംസ്ഥാനവരുമാനത്തിലേക്ക്‌ നൽകണമെങ്കിൽ ഈ രംഗത്ത്‌ നിന്നുള്ള ലാഭം വലിയതോതിൽ കൂടെയേ തീരൂ. ലാഭം കൂടണമെങ്കിൽ കച്ചവടം കൂടണം; കച്ചവട സ്ഥാപനങ്ങൾ കൂടണം; ഇടപാടുകൾ കൂടണം. അങ്ങിനെ ആരോഗ്യ - വിദ്യാഭ്യാസ രംഗങ്ങൾ തികച്ചുമൊരു കച്ചവട മേഖലയായാൽ മാത്രമെ പ്രതീക്ഷിത 10 ശതമാനം വികസനം വളർച്ച സാധ്യമാകൂ എന്നർഥം. ഇതാണ്‌ ആഗോളഹബുകൾ സ്ഥാപിക്കുക വഴി നടപ്പാക്കാൻ കഴിയുമെന്ന്‌ പദ്ധതി പരിപ്രേക്ഷ്യം ലക്ഷ്യമിടുന്നത്‌. അതുകൊണ്ടുതന്നെ, ഏതാനും ജില്ലാകേന്ദ്രങ്ങളിലെ ആഗോളഹബുകളിൽ മാത്രം ഒതുങ്ങാതെ, ക്രമത്തിൽ എല്ലാ ജില്ലകളിലേക്കും ഇത്തരം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. അതിന്നായി അവിടങ്ങളിലെല്ലാം പുതിയ ഉപഗ്രഹകേന്ദ്രങ്ങൾ സ്ഥാപിക്കും. അങ്ങനെ 2030 ആകുമ്പോഴേയ്‌ക്കും വിദ്യാഭ്യാസ - ആരോഗ്യമേഖലകൾ ഇന്നത്തെ വാണിജ്യ രീതിയിലല്ലാത്ത സ്ഥിതിയിൽ നിന്ന്‌ മാറി, തികച്ചും കച്ചവട സാന്ദ്രമായ രീതിയിൽ `അതിവേഗം വളരുന്ന' മേഖലകളായി പുനഃസംഘടിപ്പിക്കും. അങ്ങനെ അവ മറ്റെല്ലാ മേഖലവഴിയും നടക്കുന്ന വികസന പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന ചാലകശക്തികളായി മാറും. ഇതാണ്‌ `വികസന പരിപ്രേക്ഷ്യം 2030' സ്വപ്‌നം കാണുന്നത്‌. അതുവഴി ഇന്നത്തെ പ്രതിശീർഷവരുമാനമായ 4700 ഡോളർ (PPP) എന്നത്‌ 2030 ആകുമ്പോഴേയ്‌ക്കും 19000 ഡോളറും 2040ൽ 36000 ഡോളറുമായി ഉയരും.' പട്ടിക രണ്ടിൽ ചൂണ്ടിക്കാണിച്ചപോലെ 10 ശതമാനം വളർച്ചയാണ്‌ ഈ രംഗങ്ങളിൽ ഉദ്ദേശിക്കുന്നത്‌. കൃഷിയിൽപ്പോലും 2 ശതമാനം വാർഷികവളർച്ച, അതായത്‌ ദേശീയ ശരാശരിയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ആണ്‌ ലക്ഷ്യമിടുന്നത്‌. കാർഷിക രംഗത്തെ ഊന്നൽ Agri - culture ൽ നിന്ന്‌ Agri - business ലേക്കാണ്‌. അതിനായി ഉൽപ്പാദന കമ്പനികൾ, പ്രത്യേകം കാർഷികമേഖലകൾ (Special Agricultural Zone - SAZ) സാങ്കേതികവിദ്യാ അധിഷ്‌ഠിതമായ കൃഷി, കേരളത്തിന്റേതായ തനത്‌ ബ്രാൻഡ്‌ ഉൽപ്പന്നങ്ങൾ (Made in Kerala) എന്നിവയൊക്കെയാണ്‌ വിഭാവനം ചെയ്യുന്നത്‌. അതേസമയം സംസ്ഥാന വരുമാനത്തിലേക്ക്‌ 14 ശതമാനം സംഭാവന ചെയ്യുന്ന (പുതിയ Economic Review അനുസരിച്ച്‌ 9 ശതമാനം മാത്രം) കാർഷികമേഖലയെയാണ്‌ സംസ്ഥാനത്തെ തൊഴിൽ സേനയിൽ 26 ശതമാനവും ആശ്രയിക്കുന്നതെന്നും ആസൂത്രണബോർഡിന്റെ പദ്ധതി പരിപ്രേക്ഷ്യരേഖ സമ്മതിക്കുന്നു. കാർഷിക രംഗത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാനോ സംസ്ഥാനത്തെ പ്രധാന വിളവുകളായ തെങ്ങ്‌, നെല്ല്‌, തോട്ടവിളകൾ എന്നിവയുടെ കാര്യത്തിലോ പരിപ്രേക്ഷ്യം ഒന്നും പറയുന്നില്ല. ആരോഗ്യ - വിദ്യാഭ്യാസ മേഖലകൾ വഴി കേരളത്തിന്റെ പൊതു വികസനത്തിനായി പുതിയൊരു വികസന തന്ത്രത്തിന്‌ രൂപം നൽകാനുള്ള കാരണമായി പറയുന്നത്‌, ആ രംഗത്തെ നമ്മുടെ മത്സരശേഷിയാണ്‌. പലതരം മത്സരശേഷികൾ ഈ രംഗങ്ങളിൽ ഇപ്പോൾത്തന്നെ ഉണ്ട്‌; അവയെ പ്രയോജനപ്പെടുത്തണം. അത്‌ സംബന്ധിച്ച്‌ രേഖയിൽ നിന്ന്‌ തന്നെ ഒരു ഖണ്ഡിക ഉദ്ധരിക്കുകയാണ്‌ ``കേരള സമ്പദ്‌ഘടനയുടെ പുതിയ നിയന്ത്രിതാക്കൾ ഇവിടുത്തെ മത്സരശേഷിയുള്ള വിദ്യാഭ്യാസ - ആരോഗ്യ മേഖലകളായിരിക്കും. ഇവിടെ മുന്നോട്ടുവെയ്‌ക്കുന്ന കേരളത്തിനായുള്ള വികസന തന്ത്രം ഈ മേഖലകളിലെ മത്സരശേഷിയെ അടിസ്ഥാനമാക്കി പടുത്തുയർത്തിയതാണ്‌. ഇതിന്നായി, ഈ മേഖലകളിലെ നമ്മുടെ കഴിവിനെ പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളുമായി മാറ്റിത്തീർത്ത്‌, പാക്ക്‌ ചെയ്‌ത്‌ ദേശീയ - അന്തർദേശീയ തലത്തിൽ പ്രചരിപ്പിക്കണം. ഈ രീതിയിൽ, ഇന്ന്‌ ഉപഭോഗോന്മുഖമായ ഈ മേഖലകളെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനഉന്മുഖ മേഖലകളാക്കി മാറ്റണം. ഈ മേഖലകളിൽ സൃഷ്ടിക്കുന്ന ഉൽപ്പാദനശേഷി ആഗോളവൽക്കരണവും ഐടി വിപ്ലവവും സൃഷ്ടിക്കുന്ന വാണിജ്യ സാധ്യതകളെ പ്രയോജനപ്പെടുത്താൻ നമ്മെ സഹായിക്കും. ഇതുവഴി കേരളം വിജ്ഞാന സമൂഹമായി മാറുന്നത്‌ മറ്റ്‌ ഉൽപ്പാദന തുറകളെയും പ്രചോദിപ്പിക്കും. (Executive Summary Page 13, 14). ഈ തരത്തിലുള്ള അവകാശവാദങ്ങളാണ്‌ പദ്ധതി പരിപ്രേക്ഷ്യത്തിലുടനീളം കാണുന്നത്‌. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നിവ കൂടാതെ നിത്യജീവിതവുമായി ബന്ധപ്പെട്ട മറ്റ്‌ 11 മേഖലകളിൽക്കൂടി നടപ്പാക്കേണ്ട കാര്യങ്ങൾ രേഖയിൽ പ്രതിപാദിക്കുന്നുണ്ട്‌. അവയെല്ലാം ഇവിടെ വിശദീകരിക്കാൻ മുതിരുന്നില്ല. എല്ലാ രംഗത്തേയും പൊതു സമീപനം വർധിച്ചതോതിലുള്ള വാണിജ്യ - സ്വകാര്യവൽക്കരണമാണ്‌. അതത്‌ രംഗങ്ങളിൽ പരിമിതമാണെങ്കിലും നിലവിലുള്ള സാമൂഹ്യ നിയന്ത്രണങ്ങൾ നീക്കി കമ്പോളത്തിന്‌ സഹായകമായ രീതിയിൽ പുതുക്കിപ്പണിയുകയാണ്‌. ആസൂത്രണ ബോർഡിന്റേതായ ഈ രേഖ കേരളവികസനത്തെപ്പറ്റി ഇന്ന്‌ ലഭ്യമായ ഏറെ പ്രാധാന്യമുള്ള പഠന/ അറിവ്‌ ശേഖരത്തെ ഉപയോഗപ്പെടുത്തുന്നില്ല എന്ന കാര്യം നേരത്തെ സൂചിപ്പിച്ചല്ലോ. മറ്റൊരർഥത്തിൽ കേരളത്തിലെ വലിയൊരു പണ്ഡിത സമൂഹത്തിന്‌ ഈ പ്രക്രിയയിൽ പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു പങ്കും വഹിക്കാനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യം, വികസനരാഷ്ട്രീയം, സാമൂഹ്യ ഇടപെടൽ എന്നിവയൊക്കെയുമായി യാതൊരു രീതിയിലും സമരസപ്പെടാത്ത നിലപാടാണ്‌ ഈ രേഖയിൽ ഉടനീളം പ്രസ്‌താവിച്ചിരിക്കുന്നത്‌. സംസ്ഥാന ആസൂത്രണബോർഡ്‌ ഒരു പദ്ധതി പരിപ്രേക്ഷ്യം തയ്യാറാക്കുമ്പോൾ അതിൽ കേരളത്തിന്റെ വ്യാപകമായ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതായിരുന്നു. ഗൗരവമേറിയ ഒരു പൊതു ചർച്ചപോലും ഇതുവരെ നടത്തിയതായി അറിയില്ല. ഇതൊന്നും നടക്കാത്തതുകൊണ്ടുതന്നെ പറയാനും പഠിക്കാനും ഉണ്ടായിരുന്ന ധാരാളം കാര്യങ്ങളെ അവഗണിക്കുന്നതും നേരത്തെ തന്നെ പലരും പറഞ്ഞ ചില നിലപാടുകൾ ആവർത്തിക്കുന്നതും, ചർച്ചകളിലൂടെ ഇപ്പോൾ ഉരുത്തിരിഞ്ഞുവന്നുകൊണ്ടിരിക്കുന്ന ചില പുതിയ സമീപനങ്ങളെ അട്ടിമറിക്കുന്നതുമായ (സ്‌ത്രീ നീതി, വികേന്ദ്രീകരണം എന്നിങ്ങനെ) ഒരു നവലിബറൽ വികസന അജണ്ടയാണ്‌ ആസൂത്രണബോർഡിന്റെ ഈ രേഖ. കേന്ദ്രസർക്കാർ പന്ത്രണ്ടാം പദ്ധതിയിലേക്ക്‌ വിഭാവനം ചെയ്യുന്ന PPP ഉന്മുഖ നിർവഹണ ചട്ടക്കൂടിലേക്ക്‌ കേരളത്തിലെ വികസന രംഗങ്ങളെ വിശിഷ്യാ ആരോഗ്യം, വിദ്യാഭ്യാസം എന്നിവയെ തിരുകിക്കയറ്റാനുള്ള ശ്രമമാണ്‌ ഇതിൽ നിറഞ്ഞുനിൽക്കുന്നത്‌. മറ്റ്‌ നവലിബറൽ രേഖകൾ പറയുന്നതുപോലെ തന്നെ, ഇവിടെയും പ്രശ്‌നങ്ങളെ സംബന്ധിച്ച വിശദീകരണം, അവ പരിഹരിക്കാനുള്ള പ്രസ്‌താവനകൾ എന്നിവയൊക്കെ കുറെയേറെ യോജിക്കാവുന്ന പൊതു സമ്മതി പ്രസ്‌താവനകളാണ്‌. എന്നാൽ, പ്രശ്‌നപരിഹാരത്തിനായി മുന്നോട്ടുവെയ്‌ക്കുന്ന ഓരോ നടപടിയും നടപ്പ്‌ പ്രശ്‌നങ്ങളെ കൂടുതൽ പ്രതിസന്ധികളാക്കി മാറ്റാൻ മാത്രം സഹായിക്കുന്ന കൃത്യമായ നവലിബറൽ പരിഷ്‌ക്കാരങ്ങളാണ്‌. അതിനാൽ പ്രാഥമികാരോഗ്യരംഗത്തെ നവലിബറൽ പരിഷ്‌ക്കാരങ്ങളുടെ പ്രത്യാഘാതങ്ങളെപ്പറ്റി ഡേവിഡ്‌ വേർണറും ഡേവിഡ്‌ സാൻസേഴ്‌സും തയ്യാറാക്കിയ ഗ്രന്ഥത്തിൽ പറയുന്നതുപോലെ പ്രശ്‌നങ്ങളെയല്ല, അതിനുള്ള പരിഹാര നിർദേശങ്ങളെ ചോദ്യം ചെയ്യുമ്പോഴാണ്‌ കാര്യങ്ങളുടെ യഥാർഥ രാഷ്ട്രീയം പുറത്തുവരിക. കേരളത്തിലെ പദ്ധതി പരിപ്രേക്ഷ്യ ചർച്ചയിലും അത്‌ തന്നെയാണ്‌ നടക്കേണ്ടത്‌.

വേണം മറ്റൊരു കേരളം തികച്ചും വ്യത്യസ്‌തമായൊരു നിലപാടാണ്‌ ഇന്നത്തെ കേരളം ആവശ്യപ്പെടുന്നത്‌. സാമൂഹ്യരംഗങ്ങളിൽ നേടിയ നേട്ടങ്ങൾ നിലനിർത്തുകയും; അവിടുത്തെ ഗുണനിലവാരം അടിക്കടി വർധിപ്പിച്ചും ഉൽപ്പാദനാധിഷ്‌ഠിതമായ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തിയും അതിന്റെ നേട്ടങ്ങൾ എല്ലാവർക്കും എത്തിക്കാനുള്ള സമഗ്രവികസന സമീപനങ്ങളാണ്‌ ആവശ്യമായിട്ടുള്ളത്‌. അതിന്നാകട്ടെ, തലമുറകൾക്കിടയിലും ജനങ്ങൾക്കിടയിലും പ്രാദേശികമായും ഉണ്ടാകുന്ന അസന്തുലിതാവസ്ഥ പരിഹരിക്കപ്പെടും വിധം കാര്യങ്ങൾ സാമൂഹ്യ നീതിയിൽ അധിഷ്‌ഠിതമാവണം. വികസന പ്രക്രിയതന്നെ ആസൂത്രിതവും വികേന്ദ്രീകൃതവും ജനപങ്കാളിത്തം ഉറപ്പാക്കുന്നതുമാകണം. ഇതിന്ന്‌ പുറമെ വികസനാന്തരീക്ഷം കൂടുതൽ പരിസ്ഥിതി സൗഹൃദവും, സ്‌ത്രീപുരുഷതുല്യത ഉറപ്പാക്കുന്നതുമായിരിക്കണം. ഇന്ന്‌ നിലവിലുള്ള പൊതു സംവിധാനങ്ങളെ സംരക്ഷിച്ചാൽ മാത്രം പോര, അവയെ വിപുലപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും വേണം. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, തൊഴിൽ, സാമൂഹ്യ സുരക്ഷ എന്നിവയൊക്കെ ജനങ്ങളുടെ അവകാശമായി തന്നെ നിലനിർത്താനും അത്‌ എല്ലാവർക്കും ലഭ്യമാക്കാനുമുള്ള പ്രാഥമിക ചുമതല സർക്കാരിൽ നിക്ഷിപ്‌തവുമായിരിക്കണം. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ - മതേതര ചട്ടക്കൂടിൽ കീഴ്‌മേൽ പരസ്‌പര അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഫെഡറൽ സംവിധാനവും അതിന്‌ സഹായകമായ കേന്ദ - സംസ്ഥാന സാമ്പത്തിക ബന്ധങ്ങളും അനിവാര്യമാണ്‌. ഇതിനെക്കുറിച്ചൊന്നും പദ്ധതി പരിപ്രേക്ഷ്യം ഒന്നും പറയുന്നില്ല. ഇവയ്‌ക്കെല്ലാം പുറമെ, സംസ്ഥാനം നേരിടുന്ന ചില സവിശേഷപ്രശ്‌നങ്ങളിൽ പ്രധാന രാഷ്ട്രീയപ്പാർട്ടികൾക്കിടയിൽ ഉണ്ടാകേണ്ട സമവായത്തെപ്പറ്റിയും ചർച്ചചെയ്യണം. ത്രിദീയ മേഖലയുടെ ഊഹക്കച്ചവട ഉന്മൂഖമായ വികസന നിലപാടിനും ഭൂവിനിയോഗ രീതിക്കും പകരം; മുൻഗണന നൽകേണ്ടത്‌ പ്രാഥമിക - ദ്വിതീയ മേഖലകളുടെ ഉൽപ്പാദന വർധനവിനായിരിക്കണം. അതിന്‌ സഹായകമായ ഭൂവിനിയോഗ രീതി, വിദ്യാഭ്യാസം, ആരോഗ്യം, പശ്ചാത്തലസൗകര്യങ്ങൾ എന്നിവയാണ്‌ വളർന്ന്‌ ശക്തിപ്പെടേണ്ടത്‌. ഭൂമിയെ ഊഹക്കച്ചവട ഉപാധിയാക്കുക, ജനങ്ങളെ തൊഴിൽ പരിശീലനം നൽകി കയറ്റുമതി ചെയ്യുക എന്ന വികസന പരിപ്രേക്ഷ്യനിലപാട്‌ തിരുത്തിക്കൊണ്ടു മാത്രമേ ഇതെല്ലാം സാധ്യമാകൂ. കേന്ദ്ര സംസ്ഥാനസർക്കാരുകൾ ഇപ്പോൾ നടപ്പാക്കിവരുന്ന നവലിബറൽ അജണ്ട അടുത്ത ഒരു 20 വർഷത്തേക്കെങ്കിലും സ്ഥായിയാക്കി ഉറപ്പിക്കാനുള്ള ശ്രമമാണ്‌ ഇപ്പോഴത്തെ വികസന പരിപ്രേക്ഷ്യം ലക്ഷ്യമാക്കുന്നത്‌. അതുകൊണ്ടുതന്നെ സമഗ്ര സാമൂഹ്യ വികസനത്തെ മുൻനിർത്തിയുള്ള ഓരോ അജണ്ടയും അട്ടിമറിച്ച്‌ തികച്ചും കമ്പോളാധിഷ്‌ഠിതമാക്കാനാണ്‌ സംസ്ഥാന സർക്കാരും ആസൂത്രണ ബോർഡും ശ്രമിക്കുന്നത്‌. പരിഷത്ത്‌ 1976 മുതൽ പ്രചരിപ്പിച്ചുവരുന്നതും അനുഭവങ്ങളിലൂടെ ഈട്ടം കൂടി വരുന്നതുമായ ജനപക്ഷ വികസന സമീപനത്തിന്‌ കടകവിരുദ്ധമാണ്‌ പുതിയ രേഖയുടെ നിലപാട്‌. അതിനുള്ള ഏറ്റവും നല്ല ഉദാഹരണങ്ങളാണ്‌ വിദ്യാഭ്യാസ, ആരോഗ്യ, കാർഷികരംഗങ്ങളിലെ ശിപാർശകൾ. സാമൂഹ്യ പരിഷ്‌ക്കരണ പ്രവർത്തനങ്ങളിൽ തുടങ്ങി കൃത്യമായൊരു രാഷ്ട്രീയ അജണ്ടയായി മാറി ജനങ്ങൾ ഏറ്റെടുത്ത്‌ സാമൂഹ്യമാറ്റത്തിന്റെ ഒരു ചാലകശക്തിയായി വളർത്തിയെടുത്തതാണ്‌ കേരളത്തിലെ പൊതു വിദ്യാഭ്യാസം. സംസ്ഥാനത്തിന്റെ എല്ലാതരം മുന്നേറ്റങ്ങൾക്കും അടിസ്ഥാനമായി പ്രവർത്തിച്ചത്‌ ഇവിടുത്തെ പൊതു വിദ്യാഭ്യാസമാണെന്ന കാര്യം പൊതുവെ അംഗീകരിക്കപ്പെട്ടതാണ്‌. ഇവയെ വിദേശരാജ്യങ്ങളിലെ വളർച്ചാകേന്ദ്രങ്ങൾക്ക്‌ സമാനമായ ഹബ്ബുകളാക്കി വികസിപ്പിക്കുമെന്നതൊക്കെ നമ്മുടെ നാടിന്റെ ചരിത്രവും രാഷ്ട്രീയവും അവഗണിക്കുന്ന നിർദേശങ്ങളാണ്‌. അവ ജനവിരുദ്ധവും നിരുത്തരവാദപരവുമായ നിലപാടുകളാണ്‌; ജനങ്ങളെ വിഡ്ഡിയാക്കുന്ന ഏതാനും പ്രവചനങ്ങൾ മാത്രമാണ്‌. അതേപോലെ, വർഷങ്ങളായി കേരളത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ചില നടപടികളെങ്കിലും ഈയിടെയായി അനുകൂലമായി പ്രതികരിച്ചുതുടങ്ങിയിരിക്കയാണ്‌. അതിൽ പ്രധാനം കാർഷിക രംഗത്തെ മാറ്റങ്ങളാണ്‌. ഈ രംഗത്തെ സ്ഥലജലപരിപാലനം, ഗ്രൂപ്പ്‌ ഫാമിങ്ങ്‌, പുരയിടകൃഷി, `കുടുംബശ്രീ' ഇടപെടൽ ഇവയൊക്കെ നല്ല പ്രതിഫലനങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ്‌ എല്ലാറ്റിനും പ്രതിവിധി `അഗ്രി - ബിസിനസ്സാ'ണെന്ന്‌ എന്ന്‌ വിലയിരുത്തുന്നത്‌. എന്നിട്ടും പ്രതീക്ഷിക്കുന്നതോ കേവലം രണ്ട്‌ ശതമാനം വളർച്ചയും. ചുരുക്കത്തിൽ നവലിബറൽ പരിഷ്‌ക്കാരങ്ങളെ സ്ഥായിയാക്കാനുള്ള അക്ഷീണ ശ്രമമാണ്‌ രേഖയിലുടനീളം കാണാൻ കഴിയുന്നത്‌. ഇതിന്നായി ലോകത്താകെ കൈക്കൊണ്ടു വരുന്ന മൂന്ന്‌ നടപടികൾ അതായത്‌ - സാമൂഹ്യ നിയന്ത്രണങ്ങൾ ഇല്ലാതാക്കൽ (ഉദാരവൽക്കരണം) സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കൽ (സ്വകാര്യ വൽക്കരണം) എല്ലാറ്റിനേയും ലോക കമ്പോളവുമായി കണ്ണിചേർക്കൽ (ആഗോളവൽക്കരണം) - എന്നിവയല്ലാതെ മറ്റൊന്നും ആസൂത്രണ ബോർഡിന്റെ പുതിയ പദ്ധതി പരിപ്രേക്ഷ്യം മുന്നോട്ടുവെയ്‌ക്കുന്നില്ല. ഇതിലെ നിർദേശങ്ങൾ നടപ്പാക്കിയാൽ, സംസ്ഥാനത്ത്‌ നിലവിലുള്ള വെല്ലുവിളികളായി രേഖ ചൂണ്ടിക്കാട്ടിയ തൊഴിലില്ലായ്‌മ, സാമ്പത്തിക അസമത്വം, ദാരിദ്ര്യം, പ്രകൃതിവിഭവകയ്യേറ്റം, സാമൂഹ്യ സംഘർഷങ്ങൾ എന്നിവയൊക്കെ ഇനിയും ശക്തിപ്പെടുമെന്നത്‌ നിസ്‌തർക്കമാണ്‌. ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്‌ പദ്ധതി പരിപ്രേക്ഷ്യം വഴി അടിച്ചേൽപ്പിക്കാനുദ്ദേശിക്കുന്ന നവലിബറൽ പരിഷ്‌ക്കാരങ്ങളെ പ്രതിരോധിക്കേണ്ടത്‌ ജനപക്ഷവികസനം കാംക്ഷിക്കുന്ന കേരളം പോലൊരു സംസ്ഥാനത്തിന്‌ അനിവാര്യമായിരിക്കുന്നു.

പട്ടിക 1 മേഖലാതല ഉൽപ്പാദനം കേരളം, ഇന്ത്യ (%) മേഖല/രംഗം കേരളം ഇന്ത്യ പ്രാഥമികം 49.1 45.4 ദ്വിതീയം 14.6 18.5 ത്രിദീയം 36.3 36.2 പ്രതിശീർഷ വരുമാനം (രൂപ) 234.4 261.0 ഉൽപ്പാദനക്ഷമത/ തൊഴിലാളി (കൃഷി)(രൂപ) 625.0 411.0 ഉൽപ്പാദനക്ഷമത (വ്യവസായം) 539.0 1294.0

സ്രോതസ്സ്‌ : The Techno - Economic Survey of Kerala, NCAER

പട്ടിക 2 പ്രതീക്ഷിത സാമ്പത്തിക വളർച്ച (2013 - 2030) മേഖല/ രംഗം വളർച്ച(%) കൃഷി 2 നിർമിതവ്യവസായം 9 നിർമാണ രംഗം 9 വാർത്താവിനിമയം 7.5 വിദ്യാഭ്യാസം 10 ആരോഗ്യം 10 പ്രതിശീർഷ വരുമാനം ($PPP) 2013 4,700 2030 19,000 2040 36,000 സ്രോതസ്സ്‌ : The Kerala Perspective Plan 2030 - NCAER

Selected Referencers 1 - State Planning Board (2013) `Perspective Plan'?- Trivandrum 2 - NCAER (1962): The Techno - Economic Survey of Kerala - New Delhi 3 - Economic Review (2012): State Panning Board - Trivandrum 4 - David Werner and David Sanders (1998) : Questioning the Solution - The Polictics of PHC and Child Survival, Baulmon Prakashan, Culcutta 5 - Robin Jeffrey (1992) : Politics, Woman and Well being - How Kerala Became a Model - OUP - New Delhi 6 - Josoph Tharamangalam (Ed) (2006) : Kerala - The Paradoxes of Public Action and Development; Orient Longman, Hyderabad 7 - Patric Heller (1999): The Labour of Development Workers and the Tranformation of Kerala. India - Cornell University Press. 8 - Proverty, Unemployment and Development; Policy (1976); Centre for Development Studies, Trivandrum. 9 - PGK Panikkar and CRSanan (1986) The Health Status of Kerala , CDS Trivandrum 10 - Kannan K.P (et.al) - Health and Development in Rural of Kerala (1990) KSSP -Trissur 11 - Dr.M.P Parameswaran (2005) : Empowering People - Danish Books, Delhi 12 - EMS Namboodiripad (1966): Economics and Politics of Indians Socialist Pattern PPH - New Delhi 13 - EMS Namboodiripad (1952) - Food: Achilles Heel of Indian Economy - PPH - Bombay 14 - EMS Namboodiripad (1974). Indian Planning in Crisis- Chintha - Trivandrum 15 - V.K.Ramachandran (1996) : On Kerala's Development Experience - in Jean Dreaze & Amartya Sen (Ed) India Development, Selected Regional Perspectives - OUP- New Delhi 16 - ഡോ.കെ.പി അരവിന്ദൻ (എ.ഡി) (2004); കേരളപഠനം - കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌-കോഴിക്കോട്‌ 17 - ഡോ.കെ.പി കണ്ണൻ (2011); കേരളവികസന പ്രയാണം, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ 18 - കേളശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തൃശ്ശൂർ. 19 - ഡോ. എം.പി പരമേശ്വരൻ, ഡോ.ശ്യാമസുന്ദരൻ നായർ, ഡോ.കെ.പി കണ്ണൻ (1976); കേരളത്തിന്റെ സമ്പത്ത്‌ - കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌. 20 - ഡോ.ടി.എം തോമസ്‌ ഐസക്‌ (2010); കേരളം മണ്ണും മനുഷ്യനും - കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ - കോഴിക്കോട്‌. 21 - ടി.പി കുഞ്ഞിക്കണ്ണൻ (എഡിറ്റർ) - 2008; കേരളം - പുതിയ അന്വേഷണങ്ങൾക്ക്‌ ഒരാമുഖം.കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, കോഴിക്കോട്‌. 22 - ഡോ.കെ.എൻ ഗണേശ്‌ (എഡിറ്റർ) - 2007, അമ്പതാണ്ട്‌ പിന്നിട്ട കേരളം - ചില നിരീക്ഷണങ്ങൾ, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, കോഴിക്കോട്‌. 23 - ഡോ.കാവുമ്പായി ബാലകൃഷ്‌ണൻ (എഡിറ്റർ) - 2012 മറ്റൊരു കേരളം, സങ്കൽപ്പങ്ങൾ, സമീപനങ്ങൾ - കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ - തൃശ്ശൂർ. 24 - ഇ.എം.എസ്‌ നമ്പൂതിരിപ്പാട്‌ (1982) : ആസൂത്രണം പ്രതിസന്ധിയിൽ - ചിന്ത - തിരുവനന്തപുരം 25 - എം.പി. പരമേശ്വരൻ (et.al) (എഡിറ്റർമാർ)- 2012, പുതുകേരള ചിന്തകർ, കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, തൃശ്ശൂർ. 26 - ഡോ.കെ.കെ.ജോർജ്‌ (2001): കേരള മാതൃകയുടെ പരിമിതികൾ - കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്‌ - തിരുവനന്തപുരം 27 - ഡോ.ടി.എം തോമസ്‌ ഐസക്‌ (2009): സാമ്പത്തിക ബന്ധങ്ങൾ, കേന്ദ്രവും കേരളവും - ഡി.സിബുക്‌സ്‌ - കോട്ടയം. - ഒരു സംഘം ലേഖകർ (2011): ഭൂമി പൊതു സ്വത്ത്‌- കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌ - തൃശ്ശൂർ. ..



== കേരളത്തിലെ സ്‌കൂൾവിദ്യാഭ്യാസം ഒ.എം. ശങ്കരൻ ==


ഏത്‌ പ്രദേശത്തിന്റെയും വികസനത്തിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക്‌ അദ്വിതീയമാണ്‌. കേരളവും ഇതിൽ നിന്ന്‌ ഭിന്നമല്ല. പത്തൊമ്പതാം നൂറ്റാണ്ടിൽ മിഷനറിമാരും തിരുവിതാകൂറിലെയും കൊച്ചിയിലെയും രാജാക്കന്മാരും വിദ്യാഭ്യാസരംഗത്ത്‌ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ കൊളോണിയൽ വ്യവസ്ഥയുടെ പൊതുപശ്ചാത്തലത്തിലായിരുന്നു. ഒരു മധ്യവർഗത്തെയും അത്തരം സംസ്‌കാരത്തെയും വളർത്തിയെടുക്കലായിരുന്നു അതിന്റെ ലക്ഷ്യം. നാട്ടുരാജാക്കന്മാർ മലയാളത്തിലുള്ള വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു. ഇതോടൊപ്പം സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങൾ, പ്രത്യേകിച്ചും ഈഴവ - അധഃസ്ഥിത വിഭാഗങ്ങളിലുണ്ടായ ഉണർവ്‌, തൊഴിലാളി വർഗത്തെയും കർഷക ജനതയെയും അണിനിരത്തുന്നതിലുണ്ടായ മുന്നേറ്റം എന്നിവ വിദ്യാഭ്യാസത്തെ സമൂഹത്തിന്റെ ആവശ്യവുമായി ബന്ധപ്പെടുത്തി ചർച്ചചെയ്യുന്ന സാഹചര്യം സൃഷ്‌ടിച്ചു. രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും ഇതിൽ സജീവമായ പങ്ക്‌ വഹിച്ചു. അച്ചടിയുടെ തുടക്കം, വർത്തമാന പത്രങ്ങൾ, സ്വാതന്ത്ര്യസമര - ദേശീയ പ്രസ്ഥാനങ്ങൾ എന്നിവയുടെ സാന്നിധ്യം വായനശാലകളും ഗ്രന്ഥശാലകളും സ്ഥാപിക്കുന്നതിൽ കലാശിച്ചു. 1956 ൽ കേരളം രൂപപ്പെട്ടതിന്‌ ശേഷമുള്ള ആദ്യത്തെ സെൻസസ്‌ (1961) പ്രകാരം കേരളത്തിലെ സാക്ഷരതാനിരക്ക്‌ 55.08% ആയിരുന്നു. അന്ന്‌ 9659 സ്‌കൂളുകൾ ആണ്‌ ഉണ്ടായിരുന്നത്‌. 2011 ൽ സാക്ഷരതാനിരക്ക്‌ 93.91% ആയും സ്‌കൂളുകളുടെ എണ്ണം 12644 ആയും വർധിച്ചു. 1836 ഹയർ സെക്കണ്ടറി സ്‌കൂളുകളും 389 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളും ഉൾപ്പെടെയാണിത്‌. കേരളത്തിലെ ഇന്നത്തെ സ്‌കൂൾ ഘടന 4 + 3 + 3 + 2 ആണ്‌; വിദ്യാഭ്യാസ അവകാശനിയമത്തിലും മറ്റും നിർദ്ദേശിച്ചതുപോലെ 5 + 3 + 2 + 2 അല്ല. ആർ.ടി.ഇ പ്രകാരമുള്ള വിദ്യാഭ്യാസകാലമായ 8-ാം ക്ലാസുവരെയുള്ള ഘട്ടത്തിൽ കാര്യമായ കൊഴിഞ്ഞുപോക്കൊന്നും സംസ്ഥാനത്തില്ല. അതിനാൽ 8-ാം ക്ലാസ്‌ പ്രൈമറിയിലാണോ ഹൈസ്‌കൂളിലാണോ എന്നത്‌ പ്രത്യേക വ്യത്യാസമൊന്നും കേരളത്തിൽ ഉണ്ടാക്കുന്നില്ലെന്നത്‌ വാസ്‌തവമാണ്‌. സ്‌കൂൾ വിദ്യാഭ്യാഭ്യാസത്തിന്റെ ഗുണതയുടെ മൂന്ന്‌ സൂചകങ്ങളായ സ്‌കൂൾ ലഭ്യത (accessibility), സ്‌കൂൾ പ്രവേശനം (enrolment), കൊഴിഞ്ഞ്‌പോക്കില്ലാതെ നിലനിൽക്കൽ (retention) എന്നിവ വെച്ച്‌ നോക്കുമ്പോൾ വിദ്യാഭ്യാസപരമായി പുരോഗതി പ്രാപിച്ച രാജ്യങ്ങളുടേതിന്‌ തുല്യമായ അവസ്ഥ ഇന്ന്‌ കേരളത്തിലുണ്ട്‌. മലയോര-തീരപ്രദേശങ്ങളിലെ നിസ്സാരമായ എണ്ണത്തെ മാറ്റി നിർത്തിയാൽ ഇവിടെ സ്‌കൂൾ പ്രവേശനം സാർവത്രികമാണ്‌. സ്‌കൂളിലെത്തിയ മിക്കവാറും എല്ലാവരും 10-ാം ക്ലാസ്‌ വരെ എത്തുന്നുമുണ്ട്‌. എന്നാൽ ഒന്നാം ക്ലാസിൽ ചേരുന്ന 100 പട്ടികജാതി കുട്ടികളിൽ 70 പേർ മാത്രമാണ്‌ 10-ാം ക്ലാസിലെത്തുന്നത്‌. അവരിൽ തന്നെ ഏകദേശം 22 പേരാണ്‌ ഹയർ സെക്കണ്ടറി പഠനത്തിന്‌ അർഹത നേടുന്നത്‌. സാമ്പത്തികമായും സാമൂഹികമായും പിറകിൽ നിൽക്കുന്ന വിഭാഗത്തിലെ കുട്ടികളും ഇതേ പിന്നോക്കാവസ്ഥ അനുഭവിക്കുന്നുണ്ട്‌. കേരളം രൂപപ്പെട്ടതിന്‌ ശേഷം തയ്യാറാക്കിയ കെ.ഇ.ആർ, ഭൂപരിഷ്‌കരണം, മാറിമാറിവന്ന ജനകീയ സർക്കാരുകളുടെ സമീപനങ്ങൾ എന്നിവ വിദ്യാഭ്യാസത്തിലെ ഗണാത്മക വളർച്ചയ്‌ക്ക്‌ ആക്കം നൽകി. പത്താം ക്ലാസിലെത്തുന്ന 99% കുട്ടികളും മാർച്ചിലെ പൊതുപരീക്ഷയിലും തുടർന്നുള്ള `സെ' പരീക്ഷയിലുമായി ഉന്നത വിദ്യാഭ്യാസത്തിന്‌ അർഹത നേടുന്നുണ്ട്‌. ഇങ്ങനെ എസ്‌.എസ്‌.എൽ.സി കഴിഞ്ഞ്‌ തുടർപഠനത്തിന്‌ അർഹത നേടുന്നവർക്കെല്ലാം +2, തത്തുല്യമായ കോഴ്‌സുകളുള്ള പോളിടെക്‌നിക്ക്‌, ഐ.ടി.ഐ./ഐ.ടി.സി, ഗവ:കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റിയൂട്ടുകൾ, ഫുഡ്‌ക്രാഫ്‌റ്റ്‌ ഇൻസ്റ്റിറ്റിയൂട്ടുകൾ തുടങ്ങിയ ഇടങ്ങളിൽ തുടർപഠനത്തിനാവശ്യമായ സീറ്റുകളുണ്ട്‌. ഓപ്പൺ സ്‌കൂൾ സംവിധാനവും ലഭ്യമാണ്‌. 1961 -62 ൽ ഒന്നാം ക്ലാസിലെ പ്രവേശനം 6.46 ലക്ഷമായിരുന്നു. അത്‌ ക്രമേണ വർധിച്ച്‌ 1971 - 72 ൽ പരമാവധിയെത്തി (8.41 ലക്ഷം). പിന്നെ ക്രമേണ കുറഞ്ഞ്‌ ഇന്ന്‌ (2013-14) 2.92 ലക്ഷത്തിലെത്തിയിരിക്കുന്നു. 1 മുതൽ 10 വരെ ക്ലാസിലെ മൊത്തം കുട്ടികൾ 1961-62 ൽ 34.58 ലക്ഷമായിരുന്നത്‌ 1986-87 ൽ 63.26 ആയി ഉയർന്ന ശേഷം ഇന്ന്‌ (2013-14) 38.52 ലക്ഷമായി മാറിയിരിക്കുന്നു. ഇന്ന്‌ കേരളത്തിൽ 1 മുതൽ 10 വരെ ക്ലാസുകളിലായി 38.52 ലക്ഷവും ഹയർ സെക്കണ്ടറിയിൽ 6 ലക്ഷവും വൊക്കേഷണൽ ഹയർസെക്കണ്ടറിയിൽ 55,000 ഉം എന്നിങ്ങനെ ആകെ ഏകദേശം 45.01 ലക്ഷം കുട്ടികൾ 1 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നുണ്ട്‌. പത്താം ക്ലാസിലെ പൊതു പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണം കഴിഞ്ഞവർഷം (2013 മാർച്ച്‌) 4.79 ലക്ഷമായിരുന്നു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നവലിബറൽ നയങ്ങൾ പൊതുവിദ്യാഭ്യാസത്തിലും പ്രതിഫലിക്കാൻ തുടങ്ങിയിട്ടുണ്ട്‌. അതിന്റെ ഭാഗമായി ധാരാളം അൺഎയ്‌ഡഡ്‌ സ്‌കൂളുകൾ സർക്കാർ അനുവദിച്ചിട്ടുണ്ട്‌. സ്വകാര്യ സംരംഭകർക്ക്‌ വാതിൽ തുറന്നുകൊടുക്കുന്നത്‌ സർക്കാർ തന്നെയാണെന്നതാണ്‌ ഇതിലെ വൈരുധ്യം. ജാതിമതശക്തികൾ പൊതുയിടങ്ങളെ തകർക്കാനും അതുവഴി ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ്‌ വർധിപ്പിക്കാനും ശ്രമിക്കുന്നു. ഇവർ തന്നെയാണ്‌ പുരോഗമനമുഖമുള്ള പാഠ്യപദ്ധതികളെ തകർക്കാൻ ശ്രമിക്കുന്നത്‌. 2010 - 11 ലെ കണക്കനുസരിച്ച്‌ കേരളാ പാഠ്യപദ്ധതി പ്രകാരം സർക്കാർ / എയ്‌ഡഡ്‌ സ്‌കൂളുകളിൽ 39.86 ലക്ഷം കുട്ടികളും അൺഎയ്‌ഡഡ്‌ വിഭാഗത്തിൽ 3.75 ലക്ഷം കുട്ടികളും പഠിക്കുന്നുണ്ട്‌. ഇതേ വർഷത്തിൽ 27 കേന്ദ്രീയ വിദ്യാലയങ്ങൾ 14 ജവഹർ നവോദയ വിദ്യാലയങ്ങൾ, 108 ഐ സി എസ്‌ ഇ സ്‌കൂളുകൾ, 797 സി ബി എസ്‌ ഇ സ്‌കൂളുകൾ എന്നിവിടങ്ങളിലായി 7.15 ലക്ഷം കുട്ടികളും പഠിക്കുന്നുണ്ടായിരുന്നു. ആകെ 50.76 ലക്ഷം. ഇതിൽ കേരളാ പാഠ്യപദ്ധതിയിലെ അൺഎയ്‌ഡഡിലും കേരളേതര പാഠ്യപദ്ധതിയിലുമായി 10.90 ലക്ഷം കുട്ടികളുണ്ട്‌. അതായത്‌ ഇപ്പോഴും പൊതുവിദ്യാലയങ്ങളിലാണ്‌ 78.54% കുട്ടികളും പഠിക്കുന്നത്‌. അതിനാൽ ഭൂരിഭാഗം വരുന്ന ഈ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചമാക്കുന്നതിനാവണം നമ്മുടെ ആസൂത്രണത്തിലെ ഊന്നൽ. കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ രൂപം കൊണ്ടത്‌ 1962-ലായിരുന്നു. എണ്ണംകൊണ്ട്‌ അധ്യാപകർക്ക്‌ മുൻതൂക്കമുള്ള പരിഷത്ത്‌ വിദ്യാഭ്യാസരംഗത്ത്‌ ഒട്ടേറെ ഇടപെടലുകൾ നടത്തിയിട്ടുണ്ട്‌, പ്രത്യേകിച്ചും സ്‌കൂൾ വിദ്യാഭ്യാസ മേഖലയിൽ. കുട്ടികൾക്കുള്ള ശാസ്‌ത്രമാസികളുടെ പ്രസിദ്ധീകരണം, യുറീക്ക ബാലവേദികളുടെ രൂപീകരണം, വിദ്യാഭ്യാസരേഖയുടെ പ്രസിദ്ധീകരണം, വിദ്യാഭ്യാസരംഗത്തെ അഴിമതിക്കും അശാസ്‌ത്രീയതയ്‌ക്കുമെതിരെയുള്ള പരസ്യതെളിവെടുപ്പ്‌, ഹാലി ധൂമകേതുവിനെ മുൻനിർത്തി ശുദ്ധശാസ്‌ത്രത്തെ ജനങ്ങളിലെത്തിക്കാനും അന്ധവിശ്വാസങ്ങൾക്കെതിരെ ബോധവത്‌ക്കരിക്കാനുമുള്ള ശ്രമം, ബാലോത്സവമെന്ന സങ്കേതമുപയോഗിച്ച്‌ ശിശുകേന്ദ്രീകൃതമായും പ്രവർത്തനാധിഷ്‌ഠിതമായും പരിസരബന്ധിതമായും നടത്തിയ പഠന - ബോധന പ്രവർത്തനത്തിന്റെ ആവിഷ്‌കാരം, സമ്പൂർണ സാക്ഷരതാപരിപാടി വഴി മുതിർന്നവരുടെ പഠനബോധനത്തിനായി പാഠ്യപദ്ധതി ആവിഷ്‌കരിക്കാനുള്ള വൈദഗ്‌ധ്യം വളർത്തിയെടുത്തത്‌, തിരുവനന്തപുരത്തും വടകരയിലും രൂപപ്പെട്ട അക്ഷരവേദി പ്രവർത്തനങ്ങൾ വഴി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണമേന്മയെ ചോദ്യം ചെയ്യുകയും അങ്ങിനെ പുതിയ പാഠ്യപദ്ധതി രൂപീകരണത്തിലേക്ക്‌ നയിച്ചത്‌. വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ വഴി ക്ലാസ്‌റൂം മൂല്യനിർണയത്തിനുള്ള പുതുവഴികൾ രൂപപ്പെടുത്തിയത്‌ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ പരിഷ്‌കരിക്കാൻ കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌ എന്നിവ ഈ രംഗത്ത്‌ പരിഷത്ത്‌ ഏറ്റെടുത്ത്‌ നടപ്പാക്കിയ ചില പ്രവർത്തനങ്ങൾ മാത്രമാണ്‌. 1997 ൽ കേരളത്തിൽ രൂപപ്പെട്ട ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ പാഠ്യപദ്ധതി നമ്മുടെ ക്ലാസ്‌മുറികളെ ജനാധിപത്യവത്‌കരിക്കാനുള്ള ശ്രമം നടത്തി. 2005 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിൽ ഈ ആശയത്തെ മെച്ചപ്പെടുത്തി. 2007 ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ ഇനിയും മുന്നോട്ടുള്ള കുതിപ്പിന്‌ ആവശ്യമായ സൈദ്ധാന്തികവും പ്രായോഗികവുമായ അടിത്തറ നമുക്ക്‌ നൽകി. കേരളം രൂപീകരിക്കപ്പെട്ട ശേഷം ഉണ്ടായ ആദ്യത്തെ വിപ്ലവകരമായ തീരുമാനമായിരുന്നു 1958 ലെ കേരള വിദ്യാഭ്യാസ നിയമം. അധ്യാപകരുടെ സേവനവേതന വ്യവസ്ഥകൾ ചിട്ടപ്പെടുത്താനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും സ്‌കൂൾ ഘടനയെ സമന്വയിപ്പിക്കാനും അത്‌ ഉപകരിച്ചു. പക്ഷെ ക്ലാസ്‌ മുറികൾക്കുള്ളിലെ അധ്യാപക - വിദ്യാർത്ഥി ബന്ധത്തെ ജനാധിപത്യവൽക്കരിക്കൽ ക്ലാസ്‌മുറിയിലെ പഠനബോധന പ്രവർത്തനത്തെ ശാസ്‌ത്രീയമാക്കൽ എന്നിവയിൽ കെ.ഇ.ആറിനെ നമുക്ക്‌ വേണ്ടത്ര ഉപയോഗപ്പെടുത്താനായില്ല. 2002 ഡിസംബറിൽ 6 മുതൽ 14 വയസ്സുവരെയുള്ള എല്ലാവർക്കും വിദ്യാഭ്യാസം മൗലികാവകാശമായി മാറി. ഇതിന്‌ തുടർച്ചയായി 2009 ൽ നിലവിൽ വന്ന വിദ്യാഭ്യാസ അവകാശനിയമം (Right of Children to Free and Compulsory Education) ഇന്ന്‌ സംസ്ഥാനത്ത്‌ നിലനിൽക്കുന്നുണ്ട്‌. ഈ നിയമപ്രകാരമുള്ള സ്‌കൂൾ സൗകര്യങ്ങൾ, അധ്യാപകരുടെ ലഭ്യത, പ്രവൃത്തി ദിനങ്ങളുടെ എണ്ണം, സ്‌കൂൾ മാനേജ്‌മെന്റ്‌ കമ്മിറ്റിയുടെ പ്രവർത്തനം എന്നിവ എത്രത്തോളം നടപ്പാക്കിക്കഴിഞ്ഞുവെന്ന്‌ ശാസ്‌ത്രീയമായ പരിശോധനക്ക്‌ ഇനിയും വിധേയമാക്കിയിട്ടില്ല. സ്‌കൂൾ വിദ്യാഭ്യാസത്തെ സമഗ്രമായി പരിഷ്‌കരിക്കാനായി ഈ രംഗത്തെ ചില പ്രശ്‌നങ്ങളും നിർദ്ദേശങ്ങളും ചർച്ചക്കു വേണ്ടി സംക്ഷിപ്‌തമായി അവതരിപ്പിക്കുന്നു. 1 വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാന ദൗത്യം വിമോചനത്തിന്റേതാണ്‌. ഇതാണതിന്റെ രാഷ്‌ട്രീയവും. നിലവിലുള്ള സാഹചര്യങ്ങളെ പരിവർത്തിപ്പിച്ച്‌ ജനാധിപത്യത്തിലും അവസരതുല്യതയിലും പരസ്‌പര ചൂഷണമില്ലായ്‌മയിലും പ്രകൃതി സംരക്ഷണത്തിലും അധിഷ്‌ഠിതമായ ഒരു സമൂഹസൃഷ്‌ടിക്കായി പ്രവർത്തിക്കാൻ എല്ലാവരെയും തയ്യാറാക്കലാണ്‌ അതിന്റെ ലക്ഷ്യം. വികസന രംഗത്ത്‌ പൊതുവെയും വിദ്യാഭ്യാസ രംഗത്ത്‌ സവിശേഷമായും നവലിബറൽ നയങ്ങൾ നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുമ്പോൾ വിമോചന ലക്ഷ്യത്തിൽ നിന്ന്‌ വിദ്യാഭ്യാസം വ്യതിചലിക്കുന്നു. ഇതിന്റെ പ്രതിഫലനം വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും രീതിശാസ്‌ത്രത്തിലും പ്രതിഫലിക്കുന്നുണ്ട്‌. വിദ്യാഭ്യാസം വെറും തൊഴിൽ തേടലിനാണെന്നും അത്‌ പണമുള്ളവന്‌ വാങ്ങാനുള്ള ചരക്കാണതെന്നുമുള്ള നവലിബറൽ നയങ്ങളും അതിനെ അംഗീകരിക്കുന്ന മധ്യവർഗമൂല്യങ്ങളും കൂടിച്ചേർന്നു വിദ്യാഭ്യാസം വഴി നടക്കേണ്ട സാമൂഹ്യമാറ്റത്തെ പുറകോട്ടടിക്കുന്നുണ്ട്‌. ഇതിനെതിരായ ബോധവത്‌കരണ പ്രവർത്തനങ്ങളും സർക്കാരുകളുടെ നയം മാറ്റത്തിനായുള്ള പ്രതിരോധ പ്രവർത്തനങ്ങളും ഏറ്റെടുക്കേണ്ടതുണ്ട്‌. 2. സാമൂഹ്യമാറ്റത്തിനുള്ള ശക്തമായ ഉപാധിയാണ്‌ വിദ്യഭ്യാസം. കേരളത്തിലെ പാഠ്യപദ്ധതിയിലെ ഉള്ളടക്കത്തിലും രീതിശാസ്‌ത്രത്തിലും ഇതിന്റെ അനുരണനങ്ങൾ കാണാം. ഒരു പാഠ്യപദ്ധതി ഫലപ്രദമായി നടപ്പാക്കുക വഴി കുട്ടിയുടെ ഉള്ളിലുള്ള എല്ലാ കഴിവുകളെയും അനാവൃതമാക്കുകയും വളർത്തിയെടുക്കുകയും വേണം. ഇങ്ങനെ ചെയ്യുന്നതാകട്ടെ സമൂഹത്തിന്റെ കൂടി ആവശ്യം പരിഗണിച്ചാവണം. പക്ഷെ ഇക്കാര്യം നമ്മുടെ രക്ഷാകർത്താക്കളിലും അധ്യാപകരിൽ പോലും വേണ്ടത്ര ശക്തമായി വേരോടിയിട്ടില്ല. നിരന്തരമായ ബോധവത്‌കരണം വഴിയേ ഇത്‌ സാധ്യമാകൂ. ഇക്കാര്യത്തിൽ അധ്യാപകർ, വിദ്യാലയമേലധികാരികൾ, ആസൂത്രകർ, പൊതുസമൂഹം എന്നിവർ ആസൂത്രിതമായി ഇടപെടേണ്ടതുണ്ട്‌. താൻ ജീവിക്കുന്ന സമൂഹത്തിന്റെ മോചനത്തോടൊപ്പം മാത്രമെ തനിക്കും മെച്ചപ്പെട്ട ജീവിതം നയിക്കാനാകുകയുള്ളുവെന്ന്‌ സമൂഹത്തെ ബോധ്യപ്പെടുത്താൻ ശ്രമങ്ങൾ നിരന്തരമായി ഏറ്റെടുക്കേണ്ടതുണ്ട്‌. 3. കേരളത്തിൽ ഒരുകാലത്ത്‌ ശക്തമായ അയൽപക്കസ്‌കൂൾ സമ്പ്രദായം നിലനിന്നിരുന്നു. എല്ലാവരും അവരുടെ തൊട്ടടുത്ത സ്‌കൂളുകളിൽ തന്നെ പഠിച്ചു. ഈ രീതിക്ക്‌ ഇപ്പോൾ രണ്ട്‌ തലത്തിൽ ഭീഷണിയുണ്ടായിരിക്കയാണ്‌. ഒന്നാമതായി, ഗുണമേന്മയുള്ളതായി രക്ഷിതാക്കൾ വിശ്വസിക്കുന്ന അകലെയുള്ള എയ്‌ഡഡ്‌/സർക്കാർ സ്‌കൂളിലേക്ക്‌ കുട്ടികളെ അയക്കുന്നു. അതിനായി പല സ്‌കൂളുകളും സ്വന്തമായി ബസോ രക്ഷിതാക്കൾ സ്വന്തം വാഹനങ്ങളോ ഉപയോഗപ്പെടുത്തുന്നു. രണ്ടാമതായി, എയ്‌ഡഡ്‌/സർക്കാർ സ്‌കൂളുകൾക്ക്‌ ഗുണനിലവാരമില്ലെന്ന്‌ പ്രചരിപ്പിച്ച്‌ 20-25 കി.മീ പോലും ദൂരെയുള്ള അൺ എയ്‌ഡഡ്‌ സി.ബിഎസ്‌.ഇ/ഐ.സി.എസ്‌.ഇ/ഇന്റർ നാഷണൽ സ്‌കൂളുകളിലേക്കും കേന്ദ്രീയ വിദ്യാലയങ്ങളിലേക്കും കുട്ടികളെ അയക്കുന്നു. പൊതുഗതാഗത സംവിധാനത്തിന്മേൽ ഇതുണ്ടാക്കുന്ന സമ്മർദ്ദത്തോടൊപ്പം അധ്യാപകനും കുട്ടിയും തമ്മിലുള്ള സ്വകാര്യ ഏർപ്പാടായി വിദ്യാഭ്യാസത്തെ ചുരുക്കുകയും ചെയ്യുന്നു. പാഠ്യപദ്ധതിയുടെ ഉള്ളടക്കം, അത്‌ നടപ്പാക്കാൻ അധ്യാപകർക്ക്‌ ലഭിക്കുന്ന പരിശീലനം, പാഠപുസ്‌തകങ്ങൾ എഴുതപ്പെട്ട രീതി, മൂല്യനിർണയം തുടങ്ങിയ കാര്യങ്ങളിലൊക്കെ കേരള പാഠ്യപദ്ധതി സി.ബി.എസ്‌.ഇ യേക്കാൾ മെച്ചമാണെന്നാണ്‌ പരിഷത്ത്‌ നടത്തിയ പഠനം തെളിയിച്ചിട്ടുള്ളത്‌. അതിനാൽ അയൽപക്ക പൊതുവിദ്യാലയങ്ങളെ അക്കാദമികമായും ഭൗതികസൗകര്യങ്ങളിലും സമൂഹപങ്കാളിത്തത്തോടെ മെച്ചപ്പെടുത്തി അതത്‌ പ്രദേശത്തെ കുട്ടികൾ അവിടെത്തന്നെ പഠിക്കുന്നുവെന്നുറപ്പാക്കാൻ എന്തുചെയ്യാമെന്നും കേരള സമൂഹം ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ കേരളത്തിലെ പ്രധാന ദേശീയ രാഷ്‌ട്രീയ കക്ഷികൾ അടിയന്തിരമായി ആശയവിനിമയം നടത്തേണ്ടതുണ്ട്‌. 4. കെ.ഇ.ആർ നിലവിൽ വന്നത്‌ 1958 ലാണ്‌. പല കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുമൊക്കെ അതിൽ ഉണ്ടായിട്ടുണ്ട്‌. 1958 ന്‌ ശേഷം കേരള വിദ്യാഭ്യാസ രംഗത്ത്‌ ഒട്ടേറെ അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്‌. ത്രിതല പഞ്ചായത്തീരാജ്‌ സംവിധാനങ്ങളുടെ ആവിർഭാവം, +2 ഘട്ടം സർവകലാശാലകളിൽ നിന്ന്‌ സ്‌കൂൾ തലത്തിലേക്ക്‌ ചേർക്കൽ, സമൂഹത്തിലെ മുഴുവൻ കുട്ടികളും സ്‌കൂളിലെത്തിയ ജനാധിപത്യ മതേതര അന്തരീക്ഷം, വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ നടപ്പാക്കൽ - ഇവയെല്ലാം കെ.ഇ.ആറിന്റെ സമഗ്രമായ പരിഷ്‌കരണം ആവശ്യപ്പെടുന്നു. രണ്ടുതവണ ഇതിനായുള്ള ശ്രമങ്ങൾ നടന്നുവെങ്കിലും, സർക്കാർ ഇനിയും ഈ ദിശയിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ഭാവിതലമുറയുടെ കാര്യശേഷിയിലും സർഗശേഷിയിലും ഊന്നുന്ന പരിവർത്തനോന്മുഖ വിദ്യാഭ്യാസം വളർത്തിക്കൊണ്ടുവരാൻ പൊതുവിദ്യാലയങ്ങൾക്കേ സാധിക്കൂ. നിലവിലുള്ള കെ.ഇ.ആർ അനുസരിച്ച്‌ തന്നെ സർക്കാർ, എയ്‌ഡഡ്‌ മേഖലകൾ ചേരുന്നതാണ്‌ പൊതുവിദ്യാലയങ്ങൾ. വിദ്യാഭ്യാസത്തിന്റെ പുതിയ ആവശ്യങ്ങൾക്കനുസരിച്ച്‌ പൊതുവിദ്യാഭ്യാസം പരിഷ്‌ക്കരിക്കാനുള്ള നിർദ്ദേശങ്ങൾ അടങ്ങുന്ന സി.പി.നായർ കമ്മിറ്റി റിപ്പോർട്ട്‌ സർക്കാരിന്റെ പക്കലുണ്ട്‌. അതുപയോഗിച്ചുകൊണ്ട്‌ പൊതുവിദ്യാഭ്യാസം കാലത്തിനനുസരിച്ച്‌ പുനരാവിഷ്‌കരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യാനുള്ള സമഗ്രമായ പ്രവർത്തനപരിപാടി സർക്കാർ തയ്യാറാക്കി നടപ്പാക്കണം. 5. സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങൾ ഒരു പുനർവിചാരണ ആവശ്യപ്പെടുന്നുണ്ട്‌. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ സ്‌കൂളിൽ പഠിച്ചവർക്ക്‌ അവരുടെ സ്വന്തം വീട്ടിലെ സൗകര്യങ്ങളെക്കാളും മെച്ചമായിരുന്നു സ്‌കൂളിലെ സൗകര്യങ്ങൾ - കാറ്റും വെളിച്ചവുമുള്ള മുറി, സിമന്റിട്ട തറ, ഇരിക്കാൻ ബഞ്ചും, എഴുതാൻ ഡസ്‌ക്കും, മൂത്രപ്പുരകൾ തുടങ്ങിയവ. ഇന്നത്തെ സ്ഥിതി നേരെ മറിച്ചാണ്‌. വീട്ടിലെ സൗകര്യങ്ങളുടെ ഗുണതയേക്കാൾ കുറഞ്ഞതാണ്‌ സ്‌കൂളിലേത്‌. സ്വകാര്യതയും വൃത്തിയുമില്ലാത്ത ടോയ്‌ലറ്റുകൾ കുട്ടികളെ, വിശേഷിച്ചും പെൺകുട്ടികളെ, മൂത്രാശയ രോഗങ്ങൾക്ക്‌ അടിമയാക്കിക്കൊണ്ടിരിക്കുന്നു. ആധുനിക സമൂഹത്തിലെ സ്‌കൂളുകൾ ഭൗതികസൗകര്യങ്ങളുടെ കാര്യത്തിൽ മാതൃകാപരമാകേണ്ടതുണ്ട്‌. നമ്മുടെ നാട്ടിലെ സർക്കാർ വിദ്യാലയങ്ങൾ ഭൗതികസൗകര്യങ്ങളുടെ കാര്യത്തിൽ ഒരു പടി മുന്നിലാണെങ്കിലും എയ്‌ഡഡ്‌ സ്‌കൂളുകൾ ഇക്കാര്യത്തിൽ തൃപ്‌തികരമല്ല. എയ്‌ഡഡ്‌ സ്‌കൂളുകളുടെ ഉടമ സ്വകാര്യ മാനേജർമാരാണെങ്കിലും അവിടെ പഠിക്കുന്ന കുട്ടികൾ നമ്മുടേതാണ്‌. അതിനാൽ ഇത്തരം സ്ഥാപനങ്ങളുൾപ്പെടെയുള്ള മുഴുവൻ വിദ്യാലയങ്ങളിലും ഘട്ടംഘട്ടമായി കെട്ടിടങ്ങൾ, കളിസ്ഥലങ്ങൾ, വായനാമുറികൾ, ലാബ്‌ സൗകര്യം, ആധുനിക അടുക്കള, ധാരാളം ചെടികളും വൃക്ഷങ്ങളുമുള്ള സ്‌കൂൾ പറമ്പ്‌ തുടങ്ങിയവ ഉറപ്പാക്കാൻ ആസൂത്രിതമായ നീക്കം കേരള സമൂഹം നടത്തിയേ പറ്റൂ. ഇതിന്റെ മുന്നോടിയായി ഇക്കാര്യത്തിനായി ബഡ്‌ജറ്റിൽ തുക വകയിരുത്തണം. 6. ഇന്ന്‌ കേരളത്തിലെ മൊത്തം സ്‌കൂൾ കുട്ടികളുടെ എണ്ണം 38.52 ലക്ഷം മാത്രമാണ്‌. 63.26 ലക്ഷത്തിൽ നിന്നാണ്‌ ഈ കുറവുണ്ടായത്‌. ഇതെന്തുകൊണ്ട്‌ സംഭവിച്ചുവെന്ന്‌ ചർച്ച ചെയ്യേണ്ടതുണ്ട്‌. കേരളത്തിലെ സംരക്ഷിത അധ്യാപകരുടെ എണ്ണം 2010 - 11 ൽ 2957 ആണ്‌. ഇവരെ `വിദ്യാഭ്യാസ പാക്കേജി'ൽ പെടുത്തി പലേടത്തും വിന്യസിച്ചിരിക്കയാണ്‌. സ്‌കൂളിൽ കുട്ടികളുടെ കുറവുകൊണ്ടുണ്ടായ സൗകര്യങ്ങളെ (ഭൗതികസൗകര്യം, അധ്യാപകർ ...) എങ്ങനെ നമ്മുടെ ഗുണനിലവാര വർധനവിനായി ഉപയോഗപ്പെടുത്താമെന്ന്‌ പരിശോധിക്കണം. അധ്യാപക - വിദ്യാർത്ഥി അനുപാതം കുറയ്‌ക്കൽ, അധ്യാപക പരിശീലനവും തത്‌സ്ഥലസഹായവും സുസ്ഥിരമാക്കൽ, ഉച്ചഭക്ഷണ പരിപാടിക്കുള്ള ഡൈനിങ്ങ്‌ ഹാളിന്റെ നിർമ്മാണം, ലാബ്‌-ലൈബ്രറി സൗകര്യങ്ങളുടെ വർധന, പൊതു ഹാളിന്റെ ലഭ്യത, കൗമാര പ്രായക്കാരായ വിദ്യാർത്ഥിനികളുടെ പ്രത്യേക ആവശ്യങ്ങൾക്കായുള്ള മുറികൾ, സ്‌ത്രീസൗഹൃദ ടോയ്‌ലറ്റുകൾ, എൽ.സി.ഡി സൗകര്യമുള്ള ഒന്നിൽ കൂടുതൽ ക്ലാസ്‌മുറികൾ, ഘട്ടംഘട്ടമായി എല്ലാ ക്ലാസിലും ഇന്റർനെറ്റ്‌ സൗകര്യം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി സ്‌കൂൾ സൗകര്യങ്ങളെ പുനർനിർവചിക്കാനുള്ള ശ്രമങ്ങൾ തുടങ്ങേണ്ടതുണ്ട്‌. 7. കേരളത്തിൽ ഒട്ടേറെ സ്‌കൂളുകളിൽ 1-12 വരെ ക്ലാസുകൾ ഉണ്ട്‌. 5 വയസ്സുകാരനും 17 വയസ്സുകാരനും ഒരേ സ്‌കൂളിൽ പഠിക്കുന്നു. പ്രൈമറി സ്‌കൂളുകൾ ഗ്രാമപഞ്ചായത്തിനും ഹൈ/ഹയർ സെക്കണ്ടറി സ്‌കൂളുകൾ ജില്ലാ പഞ്ചായത്തിനും കീഴിലാണ്‌. അതിനാൽ പ്രൈമറി വിഭാഗങ്ങളെ ഹൈസ്‌കൂളുകളിൽ നിന്ന്‌ വേർപെടുത്തണം. സ്‌കൂളുകളുടെ വലുപ്പവും ഈ രീതിയിൽ കുറയ്‌ക്കാനാവും. ഹൈ/ഹയർ സെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ പരമാവധി 800-1000 കുട്ടികൾ പഠിക്കുന്ന തരത്തിൽ ക്രമീകരിക്കണം. സ്ഥാപന മാനേജ്‌മെന്റ്‌ ഫലപ്രദമാകാൻ ഇത്‌ സഹായിക്കും. ഇപ്പോൾ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ രണ്ട്‌ സ്ഥാപന മേധാവികളെന്ന സ്ഥിതിയും അടിയന്തിരമായി ഒഴിവാക്കണം. ഹൈസ്‌കൂൾ/ഹയർ സെക്കണ്ടറി അധ്യാപകരെ അവരുടെ വിദ്യാഭ്യാസയോഗ്യതകൾ ഏകീകരിച്ച്‌ ഒരൊറ്റ കേഡറാക്കുന്ന കാര്യം തീരുമാനിക്കണം. 8. കേരളത്തിൽ 1 - 12 വരെ ക്ലാസുകളിലെ വിദ്യാഭ്യാസം മിക്കവാറും സാർവത്രികമായിട്ടുണ്ട്‌. പ്രായപൂർത്തി വോട്ടവകാശം നേടുന്നത്‌ വരെ ഒരു വ്യക്തിക്ക്‌ വിദ്യാഭ്യാസം കൊടുക്കാനുള്ള ചുമതലയാണ്‌ ഇത്‌ വഴി കേരള സമൂഹം ഏറ്റെടുത്തത്‌. ഇതിലെ 6-14 വയസ്‌ കാലം ഇപ്പോൾ വിദ്യാഭ്യാസ അവകാശനിയമത്തിൽ ഉൾപ്പെട്ടിരിക്കുന്നു. പക്ഷെ 0-6 വയസ്‌ കാലഘട്ടം ഇതിൽ പെട്ടിട്ടില്ല. 1950 ൽ നിലവിൽ വന്ന ഭരണഘടനയിലെ നിർദ്ദേശകതത്വത്തിലെ 45-ാം വകുപ്പിനും വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റാനുള്ള ഉടൻ കാരണമായ ഉണ്ണികൃഷ്‌ണൻ കേസിലെ (1995) വിധിക്കും എതിരാണിത്‌. രണ്ടിലും 0-14 വയസ്സാണ്‌ ഉൾപ്പെട്ടിട്ടുള്ളത്‌. 0-6 വയസ്‌ കാലത്തെ ശാസ്‌ത്രീയമായ പരിചരണവും വിദ്യാഭ്യാസവും കുട്ടിയുടെ പിന്നീടുള്ള വളർച്ചയിൽ ഏറെ പ്രാധാന്യമുള്ളതാണല്ലൊ. ഇത്‌ സാർവത്രികമാക്കാനും ഇതിന്റെ ഉള്ളടക്കം ശാസ്‌ത്രീയമാക്കാനും നമുക്കിനിയും സാധിച്ചിട്ടില്ല. പ്ലസ്‌ടു വിദ്യാഭ്യാസം വരെ സൗജന്യമായ കേരളത്തിൽ 0 - 18 വരെ വിദ്യാഭ്യാസം സാർവത്രികമാക്കാനുള്ള ആലോചനകളും തീരുമാനങ്ങളും ഉണ്ടാകേണ്ടതുണ്ട്‌. ഇതോടൊപ്പം സ്‌കൂൾ പ്രവേശന വയസ്സ്‌ വിദ്യാഭ്യാസ അവകാശനിയമത്തിൽ നിർദ്ദേശിച്ചതുപോലെ 6+ ആയി ഉയർത്തുകയും വേണം. 9. വിദ്യാഭ്യാസമെന്നത്‌ ലക്ഷ്യമാക്കേണ്ടത്‌ കുട്ടിയുടെ ശാരീരികവും വൈകാരികവും ബൗദ്ധികവുമായ വളർച്ചയാണ്‌. എല്ലാ കുട്ടികൾക്കും ബഹുമുഖബുദ്ധിയുണ്ടെന്നും ഒരു കഴിവും മറ്റൊന്നിന്‌ കീഴെയല്ലെന്നും ഇന്ന്‌ വിദഗ്‌ധർ അംഗീകരിക്കുന്നുണ്ട്‌. പക്ഷെ, ജ്ഞാനസമ്പാദനത്തിന്‌ മാത്രമായി നമ്മുടെ സ്‌കൂൾ പഠനം ന്യൂനീകരിക്കപ്പെട്ടിരിക്കയാണ്‌. ആരോഗ്യകരമായ ശരീരവളർച്ചയും വൈകാരികവളർച്ചയും കുറ്റമറ്റമാക്കാൻ മിക്കവാറും ഒന്നും തന്നെ സ്‌കൂളുകളിൽ ചെയ്യുന്നില്ല. കായികവിദ്യാഭ്യാസം, കലാവിദ്യാഭ്യാസം എന്നിവയ്‌ക്ക്‌ മിക്കയിടങ്ങളിലും അധ്യാപകരില്ല. കളിസ്ഥലങ്ങളും വേണ്ടത്ര കളി ഉപകരണങ്ങളുമില്ലാത്ത സ്‌കൂളുകളുടെ എണ്ണം നിരവധിയാണ്‌. ഇത്‌ +2 ഘട്ടത്തിൽ സവിശേഷമായി ഒട്ടേറെ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്‌. അണുകുടുംബത്തിലെ അംഗമായ ഇന്നത്തെ +2 വിദ്യാർത്ഥിക്ക്‌ അവളുടെ/അവന്റെ വൈകാരിക - സാമൂഹ്യ പ്രശ്‌നങ്ങൾ പങ്കുവെക്കാനും പരിഹരിക്കാനുമുള്ള ക്രമീകരണങ്ങളൊന്നും സ്‌കൂളുകളിലില്ല. +2 ഘട്ടം വരെയുള്ള സ്‌കൂളുകളിൽ എല്ലാ അധ്യാപകരും കൗമാരക്കാരുടെ മനഃശാസ്‌ത്രത്തിൽ പ്രത്യേക പരിശീലനം കിട്ടിയവരാണെന്നുറപ്പാക്കണം. കൂടാതെ +2 ഘട്ടം വരെ കലാ - കായികാധ്യാപകരെയും നിയമിക്കണം. ഒരു വ്യക്തിയുടെ സാമൂഹ്യവും സാംസ്‌കാരികവും ശാരീരികവും മാനസികവും ബൗദ്ധികവുമായ സമഗ്ര വളർച്ച ഉറപ്പാക്കും വിധം വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും സ്‌കൂളിലെ സൗകര്യങ്ങളിലും വരേണ്ട മാറ്റങ്ങൾ പരിശോധിച്ചു കണ്ടെത്തേണ്ടതും അതിനുള്ള അഴിച്ചു പണികൾക്ക്‌ തുടക്കം കുറിക്കേണ്ടതുമുണ്ട്‌. 10. മറ്റ്‌ സംസ്ഥാനങ്ങളുമായി ജനസംഖ്യാനുപാതികമായി താരതമ്യപ്പെടുത്തുമ്പോൾ കേരളേതരപാഠ്യപദ്ധതി നിലവിലുള്ള സ്‌കൂളുകളുടെ എണ്ണം ഇവിടെ കൂടുതലാണ്‌. 2011 - 12 ലെ കണക്ക്‌ പ്രകാരം അത്‌ 946 ആണ്‌. കഴിഞ്ഞ രണ്ടു വർഷങ്ങൾ കൊണ്ട്‌ മുന്നൂറോളം പുതിയ സ്‌കൂളുകൾക്ക്‌ എൻ.ഒ.സി നൽകിക്കഴിഞ്ഞു. ഇനിയും ഒട്ടേറെ എണ്ണം പൈപ്പ്‌ലൈനിൽ ഉണ്ട്‌. സംസ്ഥാന പാഠ്യപദ്ധതിയിൽ തന്നെ സമാന്തര ഇംഗ്ലീഷ്‌ മീഡിയം ക്ലാസുകൾ സ്‌കൂളുകളിൽ നടക്കുന്നുണ്ട്‌. പ്രൈമറി തലത്തിൽ ഇംഗ്ലീഷ്‌ മീഡിയം വിദ്യാർത്ഥികൾക്കായി എസ്‌.സി.ഇ.ആർ.ടി പാഠപുസ്‌തകങ്ങൾ ഈ വർഷം തയ്യാറാക്കിയിരിക്കുന്നു. ഇത്‌ തീർത്തും അശാസ്‌ത്രീയവും മാതൃഭാഷയിൽക്കൂടി പഠിക്കാനുള്ള അവകാശത്തിന്റെ നിഷേധവുമാണ്‌. ഭാഷാ സംസ്ഥാന രൂപീകരണത്തിന്റെ അന്തഃസത്തയ്‌ക്ക്‌ വിരുദ്ധമാണ്‌. ഇതിനെതിരെ ശക്തമായ നിലപാടുകൾ ആവശ്യമാണ്‌. നവോദയ - കേന്ദ്രീയ വിദ്യാലയങ്ങളൊഴിച്ച്‌ എല്ലാ സ്‌കൂളുകളും സംസ്ഥാന പരീക്ഷാ ബോർഡുകളുമായി അഫിലിയേറ്റ്‌ ചെയ്യണമെന്ന യശ്‌പാൽ കമ്മിറ്റി (1993) ശുപാർശ നടപ്പാക്കണമെന്നും സ്‌കൂൾ വിദ്യാഭ്യാസം മാതൃഭാഷയിലാവണമെന്നും സ്‌കൂളുകളിലെ ഇംഗ്ലീഷ്‌ പഠനം മെച്ചപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടുവരുവാനുള്ള മാർഗങ്ങൾ അടിയന്തിരമായി ആലോചിക്കേണ്ടതുണ്ട്‌. കൂടാതെ, പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കാനുള്ള ശ്രമം ചിലേടത്തു നടക്കുന്നുണ്ട്‌. ഇവ കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ളവയാണെങ്കിലും പൊതുവിദ്യാലയങ്ങളല്ല. അതിനാൽ ഇത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിലുള്ള അനാവശ്യമായ വർധനവിനെ കേരള സമൂഹം ശക്തമായി ചോദ്യം ചെയ്യേണ്ടതുണ്ട്‌. 11. കുട്ടികളുടെ എണ്ണം കുറവുള്ള സ്‌കൂളുകളെ `അൺ എക്കണോമിക്‌' സ്‌കൂളുകളെന്ന്‌ വിളിക്കുന്നു. 2012-13 ൽ ഇത്തരം സ്‌കൂളുകളുടെ എണ്ണം 5137 ആയിരുന്നു. ആകെയുള്ള സ്‌കൂളുകളുടെ 40.6% ആണിത്‌. വിദ്യാലയങ്ങളെ ലാഭത്തിനായല്ല നടത്തുന്നത്‌ എന്ന്‌ നമുക്കറിയാം. എന്നിരുന്നാലും നിലവിലുള്ള ഇത്തരം വിദ്യാലയങ്ങളുടെ ഭാവിയെക്കുറിച്ച്‌ കേരള സമൂഹം ചർച്ച ചെയ്യേണ്ടതുണ്ട്‌. സർക്കാറിന്റെ പൊതുവിദ്യാലയങ്ങളെ തകർക്കുന്ന നയത്തിനെതിരെ നിലപാടെടുക്കണം. ഒരു കുട്ടിക്കും തൊട്ടടുത്ത്‌ വിദ്യാലയം ഇല്ലാത്തത്‌ കൊണ്ട്‌ വിദ്യാഭ്യാസം നിഷേധിക്കാൻ പാടില്ല. പക്ഷെ സ്‌കൂളുകൾ തമ്മിലുള്ള അകലം അര കി.മീ വരെ മാത്രമുള്ള ഒട്ടേറെ സ്‌കൂളുകൾ ഇന്ന്‌ കേരളത്തിലുണ്ട്‌. ഒരു കാലത്ത്‌ വേണ്ടത്ര കുട്ടികൾ ലഭ്യമായ സമയത്തും ഗതാഗത സംവിധാനം ഇത്രയേറെ ഇല്ലാതിരുന്ന സമയത്തും അവയുടെ നിലനിൽപിന്‌ പ്രസക്തിയുണ്ടാകും. ഇപ്പോൾ അവിടെ പലേടത്തും 50 ൽ താഴെ കുട്ടികൾ മാത്രം പഠിക്കുന്നു. അതിനാൽ രണ്ട്‌ കാര്യങ്ങളുടെ സാധ്യത, ആ ക്രമത്തിൽത്തന്നെ പരിശോധിക്കേണ്ടതുണ്ട്‌. ആദ്യമായി, ഓരോ അൺഎക്കണോമിക്‌ സ്‌കൂളിനെയും പ്രത്യേകം പഠിച്ച്‌ സ്‌കൂൾ പ്രദേശത്തെ മുഴുവൻ കുട്ടികളെയും അവിടെ എത്തിക്കാൻ ഗ്രാമപഞ്ചായത്ത്‌, അധ്യാപകർ, രക്ഷിതാക്കൾ, എസ്‌.എം.സി, പ്രദേശത്തെ ജനങ്ങൾ എന്നിവർ സംയുക്തമായി ഒരു പരിപാടി തയ്യാറാക്കുക. ഇത്‌ നടപ്പാക്കാനുള്ള രാഷ്‌ട്രീയ ഇച്ഛാശക്തി സർക്കാർ കാണിക്കണം. ഇങ്ങനെ പ്രസ്‌തുത സ്‌കൂളിനെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കിന്നില്ലെങ്കിൽ മാത്രം, രണ്ടാമതായി, അധ്യാപകരുടെയും മറ്റ്‌ ജീവനക്കാരുടെയും ജോലി നഷ്‌ടപ്പെടാതെ തന്നെ ഇത്തരം ചില സ്‌കൂളുകളെ സംയോജിപ്പിക്കാനുള്ള സാധ്യത, ഒരു കുട്ടിയുടെയും പഠനസൗകര്യം നഷ്‌ടപ്പെടുത്താതെ എങ്ങിനെ ചെയ്യാമെന്ന്‌ ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്‌. ഇതിനായി ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ സ്‌കൂൾ മാപ്പിങ്ങ്‌ പ്രവർത്തനം ഏറ്റെടുക്കണം. 12. 1997 ലാണ്‌ കേരളത്തിൽ പാഠ്യപദ്ധതിയിൽ അടിസ്ഥാനപരമായ മാറ്റമുണ്ടായത്‌. ഇതിന്റെ ചുവടുപിടിച്ചുകൊണ്ട്‌ 2005 ൽ കേന്ദ്രസർക്കാർ ദേശീയ പാഠ്യപദ്ധതി പരിഷ്‌കരിച്ചു. തുടർന്നു കേരളത്തിൽ 2007 ൽ വ്യാപകമായി ചർച്ചചെയ്‌ത്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ തയ്യാറാക്കി. പാഠ്യപദ്ധതിയും പാഠപുസ്‌തകങ്ങളും രൂപപ്പെടുത്തി. പാഠ്യപദ്ധതി പരിഷ്‌കരണമെന്നത്‌ ഒരു നിരന്തരമായ ഗവേഷണ പ്രവർത്തനമാണ്‌. ഓരോ 5 വർഷത്തിനും ശേഷം നിലവിലുള്ള പാഠ്യപദ്ധതി പാടേമാറ്റുന്ന രീതിയാണ്‌ ഇന്ന്‌ നിലവിലുള്ളത്‌. 1 - 12 വരെ ക്ലാസുകളിലെ പാഠപുസ്‌തകങ്ങൾ തയ്യാറാക്കി നടപ്പാക്കാൻ കുറഞ്ഞത്‌ മൂന്ന്‌ വർഷമെടുക്കും. അടുത്ത രണ്ട്‌ വർഷം കൊണ്ട്‌ ഇവയുടെ ക്ലാസ്‌മുറിയിലെ പ്രവർത്തനക്ഷമത ശാസ്‌ത്രീയമായ പഠനത്തിനും നിരീക്ഷണത്തിനും വിധേയമാക്കിയ ശേഷം വീണ്ടും മെച്ചപ്പെടുത്തി അടുത്ത അഞ്ച്‌ വർഷം നിരന്തരമായ അധ്യാപക പരിശീലനവും മോണിറ്ററിംഗും വഴി ഫലപ്രദമായി നടപ്പാക്കുന്ന 10 വർഷത്തിലൊരിക്കൽ പാഠ്യപദ്ധതി പരിഷ്‌കരണമെന്ന രീതിയാവില്ലേ ശാസ്‌ത്രീയം? 13. സ്‌കൂൾ ലഭ്യത, സ്‌കൂൾ പ്രവേശനം, കൊഴിഞ്ഞ്‌പോക്ക്‌ ഇല്ലായ്‌മ എന്നീ സൂചകങ്ങളിൽ കേരളം മറ്റ്‌ സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലാണ്‌. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണതയുടെ നാലാമത്തെ സൂചകമായ ഗുണമേന്മയുടെ കാര്യത്തിലും നാം ഏറെ മുന്നിലാണ്‌. 2012 ലെ അസർ (Annual Status of Education Report) പഠനപ്രകാരം 1, 2 ക്ലാസിലെ ഭാഷയിൽ 3-ാം സ്ഥാനവും (1 ാം സ്ഥാനം - സിക്കിം) അതേ ക്ലാസുകളിലെ ഗണിതത്തിൽ 5-ാം സ്ഥാനവും (1-ാം സ്ഥാനം - സിക്കിം) 3, 4, 5 ക്ലാസിലെ ഭാഷയിൽ രണ്ടാം സ്ഥാനവും (1 ാം സ്ഥാനം - ഹിമാചാൽപ്രദേശ്‌) അതേ ക്ലാസുകളിലെ ഗണിതത്തിൽ 4 ാം സ്ഥാനവും (1 ാം സ്ഥാനം - മിസോറാം), 6, 7, 8 ലെ ഇംഗ്ലീഷിൽ 6 ാം സ്ഥാനവും (1 ാം സ്ഥാനം - സിക്കിം) അതേ ക്ലാസുകളിലെ ഗണിതത്തിൽ 6 ാം സ്ഥാനവും (1-ാം സ്ഥാനം - സിക്കിം) ആണ്‌. 2009 ൽ എൻ.സി.ഇ.ആർ.ടി. നടത്തിയ പഠനത്തിൽ അഞ്ചാം ക്ലാസിലെ ഭാഷാശേഷിയിൽ കേരളത്തിലെ പെൺകുട്ടികൾക്ക്‌ 2 ാം സ്ഥാനവും (1 ാം സ്ഥാനം - ഉത്തർപ്രദേശ്‌) ആൺകുട്ടികൾക്ക്‌ 3 ാം സ്ഥാനവും (1 ാം സ്ഥാനം - തമിഴ്‌നാട്‌) ലഭിച്ചതായി റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. മറ്റ്‌ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയെല്ലാം തൃപ്‌തികരമാണ്‌. അസറിന്റെ പഠന പ്രകാരം 3, 4, 5 ക്ലാസിൽ ഭാഷാശേഷിയുള്ളവർ 78.3% മാത്രമെയുള്ളൂ. അതേ ക്ലാസുകളിൽ ഗണിതശേഷിയുള്ളവരാകട്ടെ 67.9% വും 6, 7, 8 ക്ലാസുകളിൽ ഇംഗ്ലീഷ്‌ ഭാഷാശേഷിയുള്ളവർ 78.5% വും ഗണിതശേഷിയുള്ളവർ 64.2% വും മാത്രമെയുള്ളൂ. ഈ ഗുണനിലവാരം ഇനിയും വർധിപ്പിക്കേണ്ടതുണ്ട്‌. അതിനുള്ള സാധ്യത കേരളത്തിലുണ്ട്‌. സ്‌കൂളുകളിലെ പ്രവർത്തനങ്ങളെ പ്രൊഫഷണലായി പുനഃസംഘടിപ്പിച്ചും, അധ്യാപകരുടെ പുനഃപരിശീലനം ശാസ്‌ത്രീയമായി ക്രമീകരിച്ചും സാങ്കേതികവിദ്യയുടെ (കമ്പ്യൂട്ടർ, ഇന്റർനെറ്റ്‌) സഹായം തേടിയും അധ്യാപകരുടെ പ്രി-സർവീസ്‌ പരിശീലനം മെച്ചപ്പെടുത്തിയും സ്‌കൂളിലെ ഭൗതിക സൗകര്യം ആധുനികവൽക്കരിച്ചും ഇനിയും മുന്നോട്ടു പോകാൻ സാധിക്കേണ്ടതാണ്‌. 14. 1997 ലെ പാഠ്യപദ്ധതി പരിഷ്‌കരണമാണ്‌ മൂല്യനിർണയ പ്രവർത്തനങ്ങളിൽ ഗ്രേഡിങ്ങ്‌ സമ്പ്രദായം തുടങ്ങിവെച്ചത്‌. നിരന്തര മൂല്യനിർണയം തത്വത്തിൽ അംഗീകരിക്കപ്പെട്ടു. പക്ഷെ ഇപ്പോൾ ഈ പേരിൽ നടക്കുന്നത്‌ ശരിയായ നിരന്തരമൂല്യനിർണയമാണോ? എന്തുകൊണ്ടിങ്ങനെ സംഭവിച്ചു? അധ്യാപകരുടെ ആത്മവിശ്വാസക്കുറവാണോ? അതോ അനുഭവങ്ങളുടെ കുറവോ? ഏതായാലും ഈ പ്രശ്‌നത്തെ പ്രൊഫഷണലായി സമീപിച്ചുകൊണ്ടു പരിഹരിച്ചേതീരൂ. അതോടൊപ്പം ഇന്ന്‌ നടക്കുന്ന മൂന്ന്‌ ടെർമിനൽ പരീക്ഷയെന്ന രീതിയും ചോദ്യം ചെയ്യപ്പെടണം. പകരമെന്ത്‌? എങ്ങിനെ? ഇക്കാര്യത്തിൽ രക്ഷിതാക്കൾക്കും ചില ഉത്‌കണ്‌ഠകളുണ്ട്‌. ഇവയെല്ലാം പരിഗണിച്ചുള്ള ശാസ്‌ത്രീയമായ പരിഹാരം ഉണ്ടാവണം. അതിനായി, അധ്യാപകർ ട്രൈഔട്ടുകൾ നടത്തി മെച്ചപ്പെട്ട മാതൃക രൂപപ്പെടുത്തണം. അതിന്‌ സഹായിക്കുന്നതരത്തിൽ ഡയറ്റുകൾ, എസ്‌ സി ഇ ആർ ടി എന്നീ സ്ഥാപനങ്ങൾ പ്രവർത്തന പരിപാടികൾ തയ്യാറാക്കണം. 15. സ്‌കൂൾവിദ്യാഭ്യാസത്തിലെ ഏറ്റവും ശക്തികുറഞ്ഞ കണ്ണിയാണ്‌ അധ്യാപക വിദ്യാഭ്യാസം. നിലവിലുള്ള ഡി.എഡ്‌, ബി.എഡ്‌ കോഴ്‌സുകൾ പുനഃസംഘടിപ്പിക്കണം. ഏറ്റവും സമർത്ഥരായവരെ ആകർഷിക്കാൻ പാകത്തിൽ അധ്യാപകരുടെ സേവനവേതന വ്യവസ്ഥ മെച്ചപ്പെടുത്തണം. ഇപ്പോൾ ആർ.ടി.ഇ പ്രകാരമുള്ള അധ്യാപകർക്ക്‌ 5-ാം ക്ലാസുവരെ ഡി.എഡും, 6 മുതൽ 8 വരെയുള്ളവർക്ക്‌ ബി.എഡും ആവശ്യമാണ്‌. ഡി.എഡിന്റെ പാഠ്യപദ്ധതി പുതിയ സാഹചര്യത്തിൽ പുനഃപരിശോധിക്കണം. 5 മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപകരെ പരിശീലിപ്പിക്കാൻ +2 വിന്‌ ശേഷം നാല്‌ വർഷത്തെ ഒരു ഉദ്‌ഗ്രഥിത ഡിഗ്രി കോഴ്‌സും 9 മുതൽ 12 വരെ ക്ലാസുകൾക്കായി +2 വിന്‌ ശേഷം 6 വർഷത്തെ ഉദ്‌ഗ്രഥിത പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ കോഴ്‌സും ആലോചിക്കേണ്ടതുണ്ട്‌. ഇക്കാര്യത്തിൽ ഉള്ളടക്കം തീരുമാനിക്കാനും അധ്യാപക പരിശീലന കോഴ്‌സുകളുടെ നടത്തിപ്പ്‌ മോണിറ്റർ ചെയ്യാനും പാകത്തിൽ എസ്‌.സി.ഇ.ആർ.ടി.യെ ഒരു യൂണിവേഴ്‌സിറ്റി സ്റ്റാറ്റസിലേക്ക്‌ ഉയർത്തി പുനഃസംഘടിപ്പിക്കണം. നിലവിലുള്ള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റുകൾ പുനഃപരിശോധിക്കണം. സെറ്റ്‌ പരീക്ഷക്ക്‌ പകരം എം.എഡ്‌ മതിയെന്നത്‌ പോലുള്ള തീരുമാനങ്ങളും `സെറ്റ്‌ ' - ന്റെ നടത്തിപ്പ്‌ രീതിയും പുനർവിചിന്തനത്തിന്‌ ലവിധേയമാക്കണം. ഏറ്റവും മികവുള്ളവർ മാത്രം അധ്യാപകരാകും വിധം നയസമീപനങ്ങളിൽ മാറ്റം വരുത്തണം. 16. അധ്യാപകർ സ്വന്തം അറിവുകളും ധാരണകളും നിരന്തരമായി പുതുക്കേണ്ടവരാണ്‌. ഇതിനായി അവരുടെ പ്രൊഫഷണൽ കൂട്ടായ്‌മയെ വളർത്താനായാണ്‌ വർഷത്തിലൊരിക്കൽ 5-6 ദിവസത്തെ പരിശീലനം, അതിന്‌ ശേഷം എല്ലാ മാസവും ഉള്ള ഏകദിന അനുഭവങ്ങളുടെ പങ്ക്‌ വെക്കൽ എന്നിങ്ങനെയുള്ള പരിശീലനരീതി കേരളത്തിൽ ആവിഷ്‌ക്കരിച്ചത്‌. അധ്യാപകർക്ക്‌ സ്വന്തം പ്രവർത്തനം വിലയിരുത്താനും തന്റെ ക്ലാസ്‌റൂം പഠന - തന്ത്രങ്ങൾക്ക്‌ കൂടുതൽ മൂർച്ച വരുത്തുവാനും അതുവഴി സാധിക്കുമായിരുന്നു. അതിനാൽ, ഇത്‌ തിരിച്ച്‌ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത പരിശോധിക്കണം. അടുത്തകാലംവരെ നടന്നിരുന്ന ഈ അധ്യാപക പരിശീലനം ആവർത്തന വിരസമെന്ന്‌ വിമർശിക്കപ്പെട്ടിട്ടുണ്ട്‌. കൃത്യമായ ഗൃഹപാഠം ചെയ്യാതെയും അധ്യാപകരെകൊണ്ട്‌ മുൻകൂട്ടി തന്നെ ട്രൈഔട്ടുകൾ നടത്തിയ അനുഭവം പങ്ക്‌വെക്കാനില്ലാതെ പരിശീലനപരിപാടികൾ ആസൂത്രണം ചെയ്‌തപ്പോഴാണ്‌ വൈരസ്യം ഉണ്ടായത്‌. എങ്ങനെ അധ്യാപകന്റെ നിരന്തര പരിശീലനത്തിന്‌ പ്രയോജനപ്പെടുംവിധം ഇതിനെ പുനരാവിഷ്‌കരിക്കാൻ സാധിക്കുമെന്നതിന്‌ പ്രൊഫഷണലായ ആലോചനകളും അന്വേഷണങ്ങളും നടത്തേണ്ടതുണ്ട്‌. 17. 12-ാം ക്ലാസ്‌ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ടെർമിനൽ ഘട്ടമാണ്‌. അതു പൂർത്തിയാക്കുന്നവർ ഏതെങ്കിലും തരത്തിലുള്ള ഒരു തൊഴിലിൽ വൈദഗ്‌ധ്യം നേടണമെന്ന്‌ കെ.സി.എഫ്‌ 2007 ആഗ്രഹിക്കുന്നു. പക്ഷെ അതിനായുള്ള പ്രായോഗിക പരിപാടികൾ ഒന്നും തന്നെ സ്‌കൂളുകളിൽ നടക്കുന്നില്ല. മാത്രവുമല്ല, കേരളത്തിൽ ആകെ ലഭ്യമായ +2 സീറ്റുകളിൽ 92.1% വും അക്കാദമിക ധാരയിലാണുള്ളത്‌. നമ്മുടെ ആസൂത്രണത്തിലെ തെറ്റായ ഊന്നലിലേക്ക്‌ ഇത്‌ വിരൽ ചൂണ്ടുന്നു. കൂടാതെ നിലവിലുള്ള വൊക്കേഷണൽ ഹയർ സെക്കണ്ടറി കോഴ്‌സുകളിൽ പഠിക്കുന്ന മിക്ക കുട്ടികളും അക്കാദമിക്‌ ധാരയിലെ വിഷയങ്ങൾകൂടി പഠിക്കുന്നതിനാൽ തൊഴിൽ പരിശീലനവും അക്കാദമിക്‌ പഠനവും മികവില്ലാത്തതായി പരിണമിക്കുന്നു. നിലവിലുള്ള നാൽപതിലേറെ തൊഴിലുകൾക്ക്‌ പകരമോ അതോടൊപ്പമോ വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തുന്ന ആയിരത്തിലേറെ തൊഴിൽ പരിശീലന കോഴ്‌സുകൾക്ക്‌ കേരളത്തിൽ സാധ്യതയുണ്ട്‌ (പാശ്ചാത്യരാജ്യങ്ങളിൽ ഇത്‌ 3000 ത്തോളവും ചൈനയിൽ 4000 ത്തോളവുമാണ്‌). തൊഴിലിൽ അവരെ മികവുറ്റവരാക്കാൻ പാകത്തിൽ പാഠ്യപദ്ധതി രൂപകല്‌പന ചെയ്യേണ്ടതുണ്ട്‌. കൂടാതെ പ്ലസ്‌ടു ഘട്ടം പൂർത്തിയാവുമ്പോഴേക്കും ഏതെങ്കിലും ഒരു തൊഴിൽ എല്ലാവരും പഠിച്ചിരിക്കണമെന്നുറപ്പാക്കുകയും വേണം. 18. വിദ്യാഭ്യാസ അവകാശനിയമം (ആർ ടി ഇ) വരും മുമ്പ്‌ കേരളത്തിലെ സ്‌കൂളുകൾക്ക്‌ 200 പ്രവൃത്തിദിനങ്ങളായിരുന്നു ഉണ്ടായിരുന്നത്‌. ആർ.ടി.ഇ. പ്രകാരം 5-ാം ക്ലാസ്‌ വരെ 200 പ്രവൃത്തി ദിനങ്ങളും (800 പഠന മണിക്കൂർ) 6 മുതൽ 8-ാം ക്ലാസ്‌ വരെ 220 പ്രവൃത്തി ദിനങ്ങളും (1000 പഠന മണിക്കൂർ) ലഭിക്കണം. ഇതിപ്പോഴും കേരളത്തിൽ സ്വപ്‌നതുല്യമായി മാത്രം നിലനിൽക്കുന്നു. അവധിദിനങ്ങൾ പ്രഖ്യാപിക്കുന്നതിൽ സർക്കാർ ഉദാരമായ സമീപനമെടുക്കുന്നു. ഇത്‌ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്‌. സ്‌കൂൾ പ്രവൃത്തിദിനങ്ങളിൽ തന്നെ യഥാർത്ഥത്തിൽ നമ്മുടെ കുട്ടികൾക്ക്‌ ലഭിക്കുന്ന അധ്യാപക - വിദ്യാർത്ഥി പഠന- സമ്പർക്ക സമയം എത്രയാവും? ഒരു അന്വേഷണം കാണിക്കുന്നത്‌ പലകാരണം കൊണ്ടും അധ്യാപകർ സ്‌കൂളിലെത്തിയാലും ക്ലാസിലെത്തുന്നില്ലെന്നും ക്ലാസിലെത്തിയാൽ തന്നെ കുട്ടിയുടെ പഠനാവശ്യത്തിനായി മുഴുവൻ സമയവും ഉപയോഗിക്കുന്നില്ലെന്നുമാണ്‌. ഇത്‌ കുട്ടികൾക്ക്‌ ലഭിക്കേണ്ട പഠനസമയത്തിൽ കുറവുണ്ടാക്കുന്നു. വിദ്യാർത്ഥികളുടെ അവകാശനിഷേധമാണിത്‌. ഇത്‌ അനുവദിക്കാനാവില്ല. എന്താണിതിന്‌ പരിഹാരം? 19. നമ്മുടെ സ്‌കൂളുകളിലെ രണ്ടാം ടേമിലെ പ്രവൃത്തിദിനങ്ങളിൽ ഭൂരിഭാഗവും സ്‌കൂൾ/സബ്‌ജില്ല/റവന്യൂ ജില്ല/സംസ്ഥാനതല മേളകൾക്ക്‌ ഉപയോഗിക്കുന്നു. സ്‌കൂൾതല മേളകൾ എല്ലാ സ്‌കൂളുകളിലും നടക്കേണ്ടതുണ്ട്‌. അതിന്‌ ശേഷമുള്ള ഘട്ടങ്ങളിലെ മേളകൾ സ്‌കൂൾ അവധിക്കാലത്തേക്ക്‌ മാറ്റാൻ ആലോചിക്കേണ്ടതാണ്‌. സ്‌കൂൾ യുവജനോത്സവങ്ങളേയും വിദ്യാരംഗം സാഹിത്യോത്സവങ്ങളെയും സംയോജിപ്പിക്കണം. അതുവഴി കുട്ടികളുടെ പഠനസമയം നഷ്‌ടമാകുന്നത്‌ ഒഴിവാക്കാം. മേളകളുടെ സംസ്ഥാനതലം ആവശ്യമില്ല; റവന്യൂജില്ലാതലം വരെ മതിയാവുന്നതാണ്‌. ശാസ്‌ത്ര - ഗണിതശാസ്‌ത്ര - സാമൂഹ്യശാസ്‌ത്ര - പ്രവൃത്തിപരിചയ മേളയിലെ പല പ്രദർശന വസ്‌തുക്കളും നിർമിക്കുന്നത്‌ വിദ്യാർത്ഥികളല്ല. അതിനാൽ അതിനെ കുട്ടികളുടെ യഥാർത്ഥ കഴിവ്‌ പ്രകടമാക്കും വിധം പുനഃസംഘാടനം ചെയ്യേണ്ടതുണ്ട്‌. ഇത്തരം മത്സരങ്ങളുടെ സംസ്ഥാനതല വിജയികൾക്കും മറ്റ്‌ ചില ഇനങ്ങൾക്കും (സ്‌കൗട്ട്‌സ്‌, ഗൈഡ്‌സ്‌ തുടങ്ങിയവ) ഇപ്പോൾ കൊടുക്കുന്ന ഗ്രേസ്‌മാർക്ക്‌ സമ്പ്രദായം പൂർണമായും നിർത്തലാക്കണം. ഇത്തരം കഴിവുകൾ പ്രദർശിപ്പിച്ചവർക്ക്‌ തുടർപഠന കോഴ്‌സിലെ പ്രവേശനത്തിന്‌ അതത്‌ വിഷയവുമായി ബന്ധപ്പെട്ട കഴിവുകൾക്ക്‌ മാത്രം ഒരു വെയ്‌റ്റേജ്‌ പരിഗണിച്ചാൽ മതി. അതുവഴി ഈ മേഖലയിലെ അനഭിലഷണീയമായ മത്സരങ്ങൾ കുറയ്‌ക്കാനാവും. 20. `സെ' പരീക്ഷകൾ കൂടി കഴിഞ്ഞാൽ നിലവിൽ എസ്‌.എസ്‌.എൽ.സി വിജയശതമാനം 99% ത്തിനടുത്താണ്‌. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ടെർമിനൽ ഘട്ടം 10-ാം ക്ലാസിന്‌ പകരം ഇന്ന്‌ 12-ാം ക്ലാസാണ്‌. അതിനാൽ നിലവിലുള്ള രീതിയിൽ എസ്‌.എസ്‌.എൽ.സി പരീക്ഷ തുടരേണ്ടതുണ്ടോ എന്ന്‌ ഗൗരവമായി ആലോചിക്കണം. അതിന്റെ സാമ്പത്തിക ചെലവ്‌, ചെലവഴിക്കുന്ന അധ്വാനവും സമയവും, കുട്ടികൾക്കുണ്ടാക്കുന്ന പിരിമുറുക്കം എന്നിവ പരിഗണിച്ചും അത്‌ നൽകുന്ന യഥാർത്ഥ അക്കാദമിക നേട്ടം പരിഗണിച്ചും അതിനെ പുനഃസംഘാടനം ചെയ്യുകയാണോ അതോ ഒഴിവാക്കുകയാണോ വേണ്ടത്‌ എന്ന്‌ ഉടനെ ഒരു വിദഗ്‌ധസമിതി പരിശോധിക്കണം. അപ്പോൾ 11-ാം ക്ലാസിലെ പ്രവേശന മാനദണ്‌ഡം എന്താവും? അതും തീരുമാനിക്കേണ്ടതുണ്ട്‌. 21. 1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഉല്‌പന്നങ്ങളാണ്‌ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (DIET), കോളേജ്‌ ഓഫ്‌ ടീച്ചർ എഡ്യുക്കേഷൻ (CTE), ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ അഡ്വാൻസ്‌ഡ്‌ സ്റ്റഡി ഇൻ എഡ്യുക്കേഷൻ (IASE) എന്നിവ. എന്താണിവയുടെ ഇന്നത്തെ സ്ഥിതി? 1997 ലെ പാഠ്യപദ്ധതി പരിഷ്‌കരണം ആവശ്യമാണെന്ന്‌ സ്ഥാപിച്ചത്‌. 1990 കളിൽ പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങളുമായി ചേർന്ന്‌ ഡയറ്റുകൾ നടത്തിയ `അക്ഷരപ്പുലരി' പരമ്പരകളായിരുന്നു. വ്യത്യസ്‌തമായ ഒരു രീതിശാസ്‌ത്രം ഉപയോഗിച്ചും കുട്ടികളെ സജീവമായി പഠനപ്രക്രിയയിൽ പങ്കെടുപ്പിച്ചും നടത്തിയാൽ പഠനം ഫലപ്രദമാവുമെന്ന്‌ ആ പ്രവർത്തനങ്ങൾ തെളിയിച്ചു. ഇങ്ങനെ നടന്ന പ്രവർത്തനങ്ങളിൽ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രവർത്തകരുടെ വൈദദ്ധ്യം ഡയറ്റുകൾ ഉപയോഗപ്പെടുത്തി. 1997 ലെ പാഠ്യപദ്ധതി രൂപപ്പെടുത്തുന്നതിലും നടപ്പാക്കുന്നതിലും മോണിറ്ററിങ്ങിലും ആന്തരിക വിലയിരുത്തൽ നടത്തുന്നതിലും ഡയറ്റുകളുടെ പങ്ക്‌ അദ്വിതീയമായിരുന്നു. അങ്ങിനെ വളർച്ച നേടിയ ഡയറ്റുകളുടെ ഇന്നത്തെ സ്ഥിതിയെന്താണ്‌? കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തെ ഇന്നത്തെ പ്രതിസന്ധിയിൽ നിന്ന്‌ മുന്നോട്ട്‌ കൊണ്ടുപോകാൻ പ്രൊഫഷണൽ സഹായം നൽകേണ്ട ഡയറ്റുകൾ ആ ചുമതല എത്രമാത്രം നിർവഹിക്കുന്നുണ്ട്‌? പരിശോധിക്കണം. സി.ടി.ഇ.കളുടെയും ഐ.എ.എസ്‌.ഇ.യുടെയും സാന്നിധ്യം കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിൽ തീരെ ദൃശ്യമല്ല. എന്താണിവ ഈ രംഗത്ത്‌ ചെയ്യുന്നത്‌? എങ്ങിനെയാണീ സ്ഥാപനങ്ങളെ പുനർനിർവചനം ചെയ്‌ത്‌ അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സജ്ജമാക്കുക ? 22. സംസ്ഥാനത്ത്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്‌ കീഴിൽ ഒട്ടേറെ സ്ഥാപനങ്ങൾ / പ്രോജക്‌ടുകൾ പ്രവർത്തിക്കുന്നുണ്ട്‌. എസ്‌.സി.ഇ.ആർ.ടി, സീമാറ്റ്‌, എസ്‌.ഐ.ഇ.ടി, ഐ.ടി. @ സ്‌കൂൾ, എസ്‌.എസ്‌.എ, ആർ.എം.എസ്‌.എ തുടങ്ങിയവയാണവ. ഡി.പി.ഐ, ഹയർ സെക്കണ്ടറി ഡയരക്‌ടർ, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയരക്‌ടർ എന്നിവരെ കൂടാതെയാണിത്‌. ഇവ തമ്മിൽ കോർഡിനേഷൻ തീരെ ഇല്ല. അതിനാൽ സ്‌കൂൾ ഭരണ സംവിധാനത്തിന്റെ ഘടനയിൽ ഒരു പൊളിച്ചെഴുത്ത്‌ ആവശ്യമാണ്‌. സ്‌കൂൾ വിദ്യാഭ്യാസത്തിനായി ഒരു കമ്മീഷനറേറ്റും അതിന്‌ കീഴിൽ ഭരണപരമായ കാര്യങ്ങൾ നോക്കാൻ ഡയരക്‌ടർ ഓഫ്‌ സ്‌കൂൾ എഡ്യൂക്കേഷനും (DSE), അക്കാദമിക കാര്യങ്ങൾക്ക്‌ നേതൃത്വം കൊടുക്കാൻ ഡയരക്‌ടർ, എസ്‌.സി.ഇ.ആർ.ടി.യും ആവാം. നിലവിലുള്ള സീമാറ്റ്‌ (SIEMAT), എസ്‌.ഐ.ഇ.ടി എന്നിവ എസ്‌.സി.ഇ.ആർ.ടി.യുടെ കീഴിലും പ്രിപ്രൈമറി - പ്രൈമറി, സെക്കണ്ടറി (8 - 12 വരെയുള്ള ക്ലാസുകൾ), പരീക്ഷ നടത്തിപ്പുൾപ്പെടെയുള്ള മൂല്യനിർണയ പ്രവർത്തനങ്ങൾ എന്നിവയ്‌ക്കായി ഡയരക്‌ടർ ഓഫ്‌ സ്‌കൂൾ എഡ്യുക്കേഷന്‌ കീഴിൽ ഓരോ അഡീഷണൽ ഡയരക്‌ടർ ആവാം. ഡി.ഡി.ഇമാരും ഡയറ്റ്‌ പ്രിൻസിപ്പലും റവന്യു ജില്ലാതലത്തിൽ. ഡി.ഡി.ഇ.മാർക്ക്‌ കീഴിൽ പരമാവധി 30-40 സെക്കന്ററി - ഹയർ സെക്കന്ററി സ്‌കൂളുകൾക്ക്‌ ഒരു അസി.ഡയരക്‌ടർ (ഇപ്പോഴത്തെ ഡി.ഇ.ഒ.). അതിനും താഴെയായി 30-40 പ്രൈമറി സ്‌കൂളുകൾക്ക്‌ ഒരു ബി.ഇ.ഒ. (ഇപ്പോഴത്തെ എ.ഇ.ഒ). അസി.ഡയരക്‌ടർ, ബി.ഇ.ഒ ഓഫീസുകൾക്കൊപ്പം സ്‌കൂളുകളിൽ പോയി അധ്യാപകർക്ക്‌ തൽസ്ഥലസഹായം കൊടുക്കാൻ കഴിവുള്ള 8-10 പേരുടെ അക്കാദമികസംഘം ഉണ്ടാക്കേണ്ട കാര്യം പരിഗണിക്കണം. ഇതിനായി പരമാവധി 3000-3500 നടുത്ത്‌ അധ്യാപകരെ കണ്ടെത്താൻ അധികച്ചെലവില്ലാതെ തന്നെ സാധ്യമാണ്‌. ഈ പരിഷ്‌ക്കാരങ്ങൾ ഒന്നിച്ച്‌ ഒരു പാക്കേജായി നടപ്പാക്കുന്ന കാര്യം ആലോചിക്കണം. 23. ഉച്ചഭക്ഷണ പരിപാടിയിൽ ഇപ്പോൾ കേന്ദ്രസർക്കാരിന്റെ കൂടി പങ്കാളിത്തമുണ്ട്‌. ഒരു കാലത്ത്‌ ഉച്ചക്കഞ്ഞിയെന്ന നിലയിൽ നടപ്പാക്കിയ ഈ പരിപാടിയുടെ പോഷകാഹാര ഉള്ളടക്കം മെച്ചപ്പെടുത്തിയിട്ടുണ്ട്‌. എങ്കിലും അതു വ്യാപകമായിട്ടില്ല ; സുസ്ഥിരമായിട്ടില്ല. കൂടാതെ, ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതിലും അതിന്റെ തയ്യാറാക്കലിലും ഭക്ഷണം കഴിക്കുന്ന സൗകര്യങ്ങളിലും ആരോഗ്യപരമായ ഘടകങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്‌. എല്ലാ സ്‌കൂളിലും ആധുനിക അടുക്കളയും ഡൈനിങ്ങ്‌ ഹാളും സജ്ജീകരിക്കണം. രക്ഷിതാക്കളുടെ പങ്കാളിത്തം ഇതിൽ വർധിപ്പിച്ച്‌ കുട്ടികളുടെ പഠനസമയം നഷ്‌ടപ്പെടുത്താതെ എങ്ങിനെ ഇതിനെ പരിവർത്തനം ചെയ്യാമെന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌. 24. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ എയ്‌ഡഡ്‌ സർക്കാർ എലിമെന്ററി സ്‌കൂളുകളിലും സ്‌കൂൾ മാനേജ്‌മെന്റ്‌ കമ്മിറ്റി (എസ്‌.എം.സി) കൾ നിലവിൽ വരേണ്ടിയിരുന്നു. പക്ഷെ, ഇപ്പോൾ എയ്‌ഡഡ്‌ സ്‌കൂളുകളെ അതിൽ നിന്ന്‌ ഒഴിവാക്കിയിരിക്കുന്നു. കേരളത്തിൽ 60% ലേറെ സ്‌കൂളുകൾ എയ്‌ഡഡ്‌ മേഖലയിലാണ്‌. എസ്‌.എം.സികളാവട്ടെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ നട്ടെല്ലായിരുന്നു. പുതിയ തീരുമാനപ്രകാരം ഭൂരിഭാഗം സ്‌കൂളുകളും ഇതിന്‌ പുറത്തായിരിക്കുന്നു. സർക്കാർ സ്‌കൂളിലാവട്ടെ, ഇവ വെറും കടലാസ്‌ സംഘടനയാണ്‌. കൃത്യമായി .യോഗം ചേരുകയോ ജനാധിപത്യപരമായ ചർച്ചകൾ വഴി തീരുമാനം എടുക്കുകയോ അവ നടപ്പിലാക്കുകയോ അക്കാര്യം ആരെങ്കിലും മോണിട്ടർ ചെയ്യുകയോ ചെയ്യുന്നില്ല. ഫലത്തിൽ എസ്‌.എം.സികൾ എവിടെയും പ്രവർത്തിക്കുന്നില്ല. സ്‌കൂളുകളിലെ ഭൗതിക സൗകര്യങ്ങളും അക്കാദമിക നിലവാരവും മെച്ചപ്പെടുത്താനായി ഇവയെ ഉപയോഗപ്പെടുത്തുന്നതരത്തിലുള്ള മാതൃകകൾ ഉണ്ടായി വരേണ്ടതുണ്ട്‌. 25. സ്‌കൂൾ പാർലമെന്റുകൾ അവിടത്തെ ജനാധിപത്യവേദികളാണല്ലൊ. അതിലെ പ്രതിനിധികളെ തെരഞ്ഞെടുക്കുവാനും മറ്റും വിശദമായ നിർദ്ദേശങ്ങൾ നിലവിലുണ്ട്‌. സ്‌കൂൾ പാർലമെന്റിന്റെ ചുമതലകളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്‌. എല്ലാ സ്‌കൂളുകളിലും പാർലമെന്റുകൾ രൂപീകരിക്കാറുണ്ടെങ്കിലും അവയുടെ പ്രവർത്തനം ഒന്നും തന്നെ നടക്കുന്നില്ല. ജനാധിപത്യമെന്നത്‌ സ്‌കൂളിലും സമൂഹത്തിലും പ്രയോഗവൽക്കരിക്കേണ്ട സമീപനവും മൂല്യവുമാണ്‌; പാഠപുസ്‌തകത്തിൽ നിന്നു വായിച്ചു പഠിക്കേണ്ടതല്ല. അതിനാൽ സ്‌കൂളുകളുടെ നടത്തിപ്പ്‌, അവിടത്തെ പ്രശ്‌നങ്ങളുടെ കണ്ടെത്തലും പരിഹരണവും എന്നിവയിൽ വിദ്യാർത്ഥി പ്രതിനിധികളുടെ കൂടി പങ്കാളിത്തത്തോടെ ഇടപെടുന്ന രീതി സ്ഥാപന മാനേജ്‌മെന്റിന്റെ ഭാഗമായിത്തന്നെ കൊണ്ടുവരേണ്ട കാര്യം ആലോചിക്കണം. 26. വ്യത്യസ്‌ത കഴിവുകളുള്ള കുട്ടികൾക്ക്‌ മറ്റ്‌ കുട്ടികളോടൊപ്പം പഠിക്കുന്ന ഉൾച്ചേർന്ന വിദ്യാഭ്യാസം എല്ലായിടത്തും ഉറപ്പാക്കണം. എല്ലാ സ്‌കൂളുകളിലും ഇത്തരം കുട്ടികളെ സഹായിക്കാനാവശ്യമായ പ്രത്യേക പരിശീലനം കിട്ടിയ അധ്യാപകരെ നിയമിക്കണം. ഇവരും സ്ഥിരം അധ്യാപകരും ചേർന്നു നടത്തേണ്ട പഠന-ബോധന പ്രവർത്തനങ്ങൾ എങ്ങിനെയാവണമെന്ന്‌ സൂക്ഷ്‌മാംശത്തിൽ ആസൂത്രണം ചെയ്യണം. ഇപ്പോൾ അതിന്‌ ശാസ്‌ത്രീയമായി നിർദ്ദേശങ്ങളോ നിയതമായ പ്രവർത്തനരീതിയോ ഇല്ല. 27. സ്‌കൂൾ വിദ്യാഭ്യാസത്തിലെ ഒന്നാംതലമുറ പ്രശ്‌നങ്ങളായ സ്‌കൂൾ പ്രവേശനം, കൊഴിഞ്ഞുപോക്ക്‌ എന്നിവ കേരളത്തിൽ തീരെ കുറവാണ്‌. നാമിപ്പോൾ ഈ മേഖലയിലെ രണ്ടാംതലമുറ പ്രശ്‌നങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. ഇവയിൽ ഏറ്റവും പ്രധാനം സ്‌കൂളുകൾക്ക്‌ മികച്ച നിലവാരത്തിലുള്ള ഭൗതികസൗകര്യങ്ങളും അവയെ ഉപയോഗപ്പെടുത്തി ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസ ഗുണനിലവാരവും നേടുകയെന്നതാണ്‌. അതിനായി സ്‌കൂളിലെ കെട്ടിടങ്ങൾ, ക്ലാസ്‌ റൂം സൗകര്യങ്ങൾ, ലാബ്‌, ലൈബ്രറി, കളിസ്ഥലം, കളിയുപകരണങ്ങൾ, കമ്പ്യൂട്ടർ, ഇന്റർനെറ്റ്‌ സൗകര്യം, വൈവിധ്യമുള്ള തൊഴിൽപരിശീലന ഇടങ്ങൾ, കൃഷി ചെയ്യാനും പൂന്തോട്ടം വളർത്താനുമുള്ള സൗകര്യങ്ങൾ തുടങ്ങിയവ എല്ലാ സ്‌കൂളുകളിലും ലഭ്യമാക്കേണ്ടതുണ്ട്‌. ഇതിനായി ഇന്നത്തെ സ്‌കൂളുകളെ മാറ്റി എടുക്കണമെങ്കിൽ വലിയ സാമ്പത്തിക നിക്ഷേപം ആവശ്യമാണ്‌. സംസ്ഥാന സർക്കാർ ഇതിനായി വിശദമായ പരിപ്രേക്ഷ്യ പ്ലാനുകൾ തയ്യാറാവണം. ഇതിന്റെ അടിസ്ഥാനത്തിൽ, വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും മുമ്പേ നടക്കുന്ന സംസ്ഥാനമെന്ന നിലയിൽ കേരളത്തിലെ പൊതു വിദ്യാലയങ്ങളെ ഉന്നത നിലവാരത്തോടെ വളർത്തിയെടുക്കാനുള്ള സാമ്പത്തിക സഹായം കേന്ദ്രസർക്കാർ ലഭ്യമാക്കണം. ഒരു പുതിയ മാതൃക വളർത്തിയെടുക്കാനുള്ള ശ്രമമായി കേന്ദ്രസർക്കാർ ഇത്‌ കണക്കാക്കണം. അതിനായി കേന്ദ്രസഹായത്തോടൊപ്പം കേരളത്തിന്റെ ബഡ്‌ജറ്റിൽ വിദ്യാഭ്യാസത്തിനായുള്ള പങ്കും വർദ്ധിപ്പിക്കേണ്ടതുണ്ട്‌. കൂടുതൽ പണം കണ്ടെത്താൻ ഉയർന്ന വരുമാനക്കാർ, സി.ബി.എസ്‌.ഇ / ഐ.സി.എസ്‌.ഇ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ എന്നിവരിൽ നിന്ന്‌ അഞ്ച്‌-പത്ത്‌ വർഷത്തേക്ക്‌ സെസ്‌ പിരിച്ചെടുക്കാമോ എന്നു പരിശോധിക്കണം. 28. 73, 74 ഭരണഘടനാ ഭേദഗതികൾ പ്രകാരം ത്രിതല പഞ്ചായത്തുകൾ കേരളത്തിൽ നിലവിൽ വന്നത്‌ 1994 ലാണ്‌. അന്നത്തെ മിക്കവാറും എല്ലാ ത്രിതല പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങളും വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കാനുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തിരുന്നു. തിരുവനന്തപുരം ജില്ലാപഞ്ചായത്ത്‌, കല്ല്യാശ്ശേരി-മടിക്കൈ ഗ്രാമപഞ്ചായത്തുകൾ എന്നിവ അവയിൽ ചിലത്‌ മാത്രമാണ്‌. സ്‌കൂളിലെ ഭൗതികസൗകര്യം വർധിപ്പിക്കുക, അധ്യാപന സഹായികൾ രൂപപ്പെടുത്തി അധ്യാപകർക്ക്‌ പരിശീലനം നൽകുക, ജനകീയ മോണിറ്ററിംഗ്‌ നടത്തി സ്‌കൂൾ പ്രവർത്തനങ്ങൾ മെച്ചമാക്കുക, ഉച്ചഭക്ഷണ പരിപാടി പോഷകമൂല്യമുള്ളതും രുചികരവുമാക്കുക, കായികവിദ്യാഭ്യാസം വ്യാപകമാക്കാൻ സ്‌കൂളുകളെ സഹായിക്കുക എന്നിവ അവയിൽ ചിലത്‌ മാത്രമായിരുന്നു. പക്ഷെ, ഇപ്പോഴത്തെ സ്ഥിതിയെന്താണ്‌? നിയമപ്രകാരം വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ ഉപയോഗിക്കാവുന്ന പണത്തിന്റെ ഒരുഭാഗം എസ്‌.എസ്‌.എയുടെ സംസ്ഥാനത്തിന്റെ പങ്കായി കൊടുക്കണം. ബാക്കിയുള്ള പണം പലപ്പോഴും പുതിയ പദ്ധതി നിർവഹണത്തിനായി ഉപയോഗിക്കുന്നില്ല. പൊതുവിദ്യാഭ്യാസത്തിൽ നിയമപ്രകാരമായ ഉത്തരവാദിത്തങ്ങൾ ഇല്ലാതിരുന്നിട്ട്‌ പോലും കോഴിക്കോട്‌ ജില്ലയിലെ തോടന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പോലുള്ളവ കാണിച്ച വ്യത്യസ്‌ത മാതൃകകൾ കേരളത്തിലെ ത്രിതല പഞ്ചായത്തുകളെ എന്തുകൊണ്ട്‌ ഇപ്പോൾ പ്രചോദിപ്പിക്കുന്നില്ല? ഭാവി സമൂഹനിർമിതിക്കാവശ്യമായ നിക്ഷേപമാണ്‌ വിദ്യാഭ്യാസം. 20-25 വർഷങ്ങൾക്ക്‌ ശേഷമുള്ള ഒരു സാഹചര്യത്തെ പഠിക്കാനും അന്നത്തെ സമൂഹത്തിലെ ബലതന്ത്രങ്ങൾ മനസ്സിലാക്കി അതിനെ മാറ്റാനും ആവശ്യമായ കഴിവുകൾ രൂപപ്പെടുത്താനാവണം ഇന്നത്തെ സ്‌കൂളുകൾ ശ്രമിക്കേണ്ടത്‌. ഈ ലക്ഷ്യം രൂപപ്പെടുത്തി പ്രവർത്തിക്കുന്നത്‌ നമ്മുടെ ഭരണഘടന ലക്ഷ്യമാക്കുന്ന ഒരു ജനാധിപത്യ മതേതര സോഷ്യലിസ്റ്റ്‌ സമൂഹത്തെ കെട്ടിപ്പടുക്കുവാനാണെന്ന്‌ അധ്യാപകരും വിദ്യാലയ മേലധികാരികളും ജനങ്ങളും നിരന്തരമായി ഓർക്കേണ്ടതുണ്ട്‌; അവരെ ജനങ്ങൾ ഓർമ്മപ്പെടുത്തേണ്ടതുണ്ട്‌.

ഒ.എം. ശങ്കരൻ, `അശ്വതി', നായാട്ടുപാറ, പട്ടാന്നൂർ (പി.ഒ), കണ്ണൂർ - 670631 9447469966, [email protected]





== സാമൂഹികസുരക്ഷ എം.പി. പരമേശ്വരൻ ==

1. സമൂഹം അതിലെ ഓരോ അംഗത്തിനും നൽകുന്ന ഉറപ്പ്‌ ആണ്‌ സാമൂഹ്യസുരക്ഷ. അത്‌, ശാരീരികാക്രമണത്തിൽനിന്ന്‌ പൊലീസും കോടതിയും കൂടി നൽകുന്ന സുരക്ഷയിൽ ഒതുങ്ങുന്നതല്ല. സമൂഹത്തിലെ അംഗമായി ജീവിക്കാനും അതിന്റെ ഉൽപാദന-സേവന പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും ഒരു മനുഷ്യൻ എന്ന നിലയ്‌ക്കുള്ള വ്യക്തിയുടെ സർവ തോമുഖമായ വളർച്ച ഉറപ്പുവരുത്താനും സമൂഹം എടുക്കുന്ന നടപടികളുടെ ആകത്തുകയെ ആണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. 2. തൊഴിൽസുരക്ഷ, വരുമാനസുരക്ഷ, ഭക്ഷ്യസുരക്ഷ, ആരോഗ്യസുരക്ഷ, വിദ്യാഭ്യാസസുരക്ഷ, വൈകാരികസുരക്ഷ............ എന്നിങ്ങനെ വിവിധങ്ങളായ ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ സാമൂഹ്യസുരക്ഷ. 3. കുട്ടികൾ, യുവതീയുവാക്കൾ, മുതിർന്നവർ, പ്രായമായവർ എന്നിങ്ങനെ പ്രായമനുസരിച്ചും, സ്‌ത്രീകൾ എന്ന നിലയ്‌ക്കും, ദളിതർ, ആദിവാസികൾ എന്ന നിലയ്‌ക്കും. രോഗികൾ, വയോവൃദ്ധർ എന്ന നിലയ്‌ക്കും ഒക്കെയായി സമൂഹത്തിൽ പ്രത്യേകം പ്രത്യേകം സുരക്ഷ ആവശ്യമുള്ളവർ ഉണ്ട്‌. 4. മത്സരാധിഷ്‌ഠിതമായ ഒരു സമൂഹത്തിൽ ഓരോ വ്യക്തിയും സ്വന്തം സുരക്ഷ ഉറപ്പുവരുത്തേണ്ടിവരുന്നു. സമൂഹത്തിൽനിന്ന്‌ ഒരു സഹായവും ലഭിക്കുന്നതല്ല. മനുഷ്യജാതി പരിണമിച്ചുണ്ടായതുതന്നെ തങ്ങൾക്കിടയിലുള്ള സഹകരണത്തിലൂടെയാണ്‌, പരസ്‌പരം സുരക്ഷ നൽകിക്കൊണ്ടാണ്‌. 5. ഈ പരസ്‌പരസുരക്ഷയാണ്‌ സാമൂഹ്യസുരക്ഷയായി വളർന്നത്‌. സോഷ്യലിസ്റ്റ്‌ രാജ്യങ്ങളിലും സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലുമായിരുന്നു ഏറ്റവും മെച്ചപ്പെട്ട സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നത്‌. സോഷ്യലിസ്റ്റ്‌ രാജ്യങ്ങൾ മിക്കവയും തകർന്നു. സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലെ സുരക്ഷാസംവിധാനങ്ങളും ദുർബലപ്പെടാൻ തുടങ്ങി. 6. മുതലാളിത്തത്തിനും നവലിബറൽ വ്യവസ്ഥയ്‌ക്കും സാമൂഹ്യ സുരക്ഷ എന്ന സങ്കൽപം തന്നെ അംഗീകരിക്കാനാകാത്തതാണ്‌. വിപണിയുടെ പരമാധികാരത്തെ ദുർബലപ്പെടുത്തുന്നതാണ്‌ ഈ സങ്കൽപം. എല്ലാ രാജ്യങ്ങളിലെയും സാമൂഹ്യ സുരക്ഷാസംവിധാനങ്ങളെ ദുർബലപ്പെടുത്താൻ അത്‌ ശ്രമിക്കുന്നു. 7. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ സാമൂഹ്യ സുരക്ഷയുടെ കാര്യത്തിൽ കേരളം വളരെ മുന്നിലായിരുന്നു. പ്രത്യേകിച്ചും, മെച്ചപ്പെട്ട പൊതു ആരോഗ്യസേവന സംവിധാനം, പൊതുവിതരണ സംവിധാനം, പൊതു വിദ്യാഭ്യാസ സംവിധാനം, തൊഴിൽ നിയമങ്ങൾ, പരിഷ്‌കരിച്ച ഭൂബന്ധങ്ങൾ, സംഘടിതപ്രവർത്തനങ്ങൾ, അവകാശബോധങ്ങൾ എന്നിവയൊക്കെ നൽകിയ സാമൂഹ്യസുരക്ഷ. 8. ഇവയുടെയെല്ലാം ഫലമായാണ്‌, മൊത്തം ദേശീയോൽപാദനം, അഖിലേന്ത്യാ ശരാശരിയേക്കാൾതന്നെ കുറവും വികസിതരാജ്യങ്ങളുടെ പത്തിലൊന്നിൽ താഴെയും ആയിരുന്നിട്ടുപോലും പ്രതീക്ഷിത ആയുസ്സ്‌, ശിശു മരണനിരക്ക്‌, മാതൃമരണനിരക്ക്‌, ജനനനിരക്ക്‌ മുതലായ സാമൂഹ്യവികാസ സൂചകാങ്കങ്ങളുടെ കാര്യത്തിൽ കേരളം വികസിതരാജ്യങ്ങളുടെ നിലവാരത്തിലേക്ക്‌ ഉയർന്നതും കേരളമാതൃകയ്‌ക്ക്‌ രൂപം നൽകിയതും. 9. എന്നാൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പ്‌ ആരംഭിച്ചതും 1990 നോടുകൂടി സ്ഥിരപ്രതിഷ്‌ഠയാർജിച്ചതുമായ നവലിബറൽ ഉദാരവത്‌ക്കരണം ഈ നേട്ടങ്ങളെ അട്ടിമറിച്ചു. മൊത്തം സാമ്പത്തിക വളർച്ചയുടെ നിരക്ക്‌ വർധിപ്പിക്കുക എന്നതായി മാറി ലക്ഷ്യം. അങ്ങനെ കേരളീയന്റെ ശരാശരി വാർഷിക വരുമാനം ഇന്ത്യൻ ശരാശരിയുടെ മുകളിൽ പോയി. രാജ്യത്തെമ്പാടും സമൃദ്ധിയുടെ ലക്ഷണങ്ങൾ ഉയർന്നുവരാൻ തുടങ്ങി. കേരളം ഉപഭോഗസംസ്‌കാരത്തിന്നടിമപ്പെട്ടു. കച്ചവടക്കാരുടെ പറുദീസയായി മാറി അത്‌. 10. പക്ഷേ, അതിന്‌ കനത്ത വിലകൊടുത്തുകൊണ്ടിരിക്കുകയാണ്‌ കേരളം. അസമത്വം ഭീകരമായ തോതിൽ വർധിച്ചുകൊണ്ടിരിക്കയാണ്‌, പ്രകൃതിവിഭവങ്ങൾ കണ്ണടച്ച്‌ കൊള്ളചെയ്യപ്പെ ട്ടുകൊണ്ടിരിക്കയാണ്‌. സാമൂഹ്യസുരക്ഷാ സംവിധാനങ്ങൾ തുടർച്ചയായി ദുർബലപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. 11. സാമൂഹ്യ സുരക്ഷാ സംവിധാനത്തിന്‌ വന്നു ചേർന്നിട്ടുള്ള അപചയം താഴെ പറയുന്നവയാണ്‌. i) തൊഴിൽ മേഖല വർധിച്ചുകൊണ്ടിരിക്കുന്ന തോതിൽ അസ്ഥിരമായിക്കൊണ്ടിരിക്കുന്നു.ഇത്‌ ഉപജീവന സുരക്ഷയെ തകർക്കുന്നു. ii)രണ്ടു തരം വിദ്യാഭ്യാസം വളർന്നുവരികയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്‌തതിന്റെ ഫലമായി പൊതുവിദ്യാഭ്യാസം ദുർബലപ്പെട്ടുവരുന്നു. ഇത്‌ തടയാനുള്ള ശ്രമങ്ങൾ അങ്ങിങ്ങ്‌ നടക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല. വിദ്യാഭ്യാസം ലാഭമുണ്ടാക്കാനുള്ള ഒരു വ്യവസായമായി ഗവൺമെന്റ്‌തന്നെ അംഗീകരിച്ചിരിക്കുന്നു. പരിപ്രേക്ഷ്യം 2030 ൽ മൊത്തം "ദേശീയവരുമാന"ത്തിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക്‌ 10-12 ശതമാനമായി ഉയർത്തണം എന്നാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌. iii)വിദ്യാഭ്യാസത്തിന്റെ ഈ കച്ചവടവത്‌ക്കരണം, മതിയായ പ്രതിരോധ പ്രവർത്തനത്തിന്റെ അഭാവത്തിൽ നിലനിൽക്കുന്ന അസമത്വങ്ങൾ കൂടുതൽ മൂർച്ഛിക്കുന്നതിലേക്ക്‌ നയിക്കുന്നു. iv) ആരോഗ്യസേവനത്തെയും ഒരു കച്ചവടച്ചരക്കായി കാണാൻ തുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസം പോലെ തന്നെ വൻ ലാഭസാധ്യതയുള്ള ഒരു വ്യവസായമായി അതിനെ കാണുന്നു. പരിപ്രേക്ഷ്യം 2030ൽ ഈ സാധ്യത സാക്ഷാത്‌കരിക്കും എന്നാണ്‌ പറയുന്നത്‌. ഇതിൻ ഫലമായി ഇടത്തരക്കാർക്കും ദരിദ്രർക്കും ഭാവിജീവിതസുരക്ഷ പൂർണമായും പണയം വെച്ചുകൊണ്ടു മാത്രമെ ഇന്നത്തെ രോഗത്തിൽനിന്ന്‌ രക്ഷപ്പെടാൻ കഴിയൂ എന്ന അവസ്ഥ വന്നിരിക്കുന്നു. (v) ജീവിക്കാൻ അവശ്യം വേണ്ട ഭക്ഷ്യവസ്‌തുക്കളുടെപോലും പൊതുവിതരണ സംവിധാനം പടിപ്പടിയായി തകർക്കപ്പെട്ടുകൊണ്ടിരിക്കയാണ്‌. വരുമാനത്തിലുള്ള അസമത്വം സബ്‌സിഡികളിലൂടെ പരിഹരിക്കാനാണ്‌ - അതും ഭാഗികമായി മാത്രം - ശ്രമിക്കുന്നത്‌. സാമൂഹ്യസുരക്ഷയെ "അവകാശം" എന്ന സങ്കൽപനത്തിൽനിന്ന്‌ "ഔദാര്യം" എന്ന സങ്കൽപനത്തിലേക്ക്‌ തരം താഴ്‌ത്തിയിരിക്കുന്നു. (vi) മനുഷ്യവാസയോഗ്യമായ പാർപ്പിടമില്ലാത്ത 7-8 ലക്ഷം കുടുംബങ്ങളുണ്ട്‌. അവർക്ക്‌ പാർപ്പിടമെന്നത്‌ ഇന്ന്‌ ഒരിക്കലും സാക്ഷാത്‌കരിക്കാനാകാത്ത ഒരു സ്വപ്‌നമാണ്‌. റിയൽ എസ്റ്റേറ്റ്‌-കെട്ടിടനിർമാണ വ്യവസായം, ഭൂമിയുടെയും നിർമാണപദാർഥങ്ങളുടെയും വില അവർക്ക്‌ ഒരിക്കലും താങ്ങാൻ പറ്റാത്തവിധം വർധിപ്പിച്ചിരിക്കുന്നു. (vii) ദളിതർ, തീരവാസികൾ, ആദിവാസികൾ മുതലായവർ ഇന്നും പാർശ്വവത്‌കരിക്കപ്പെട്ട അവസ്ഥയിലാണ്‌. അവർക്കായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ നേട്ടങ്ങളിൽ സിംഹഭാഗവും അവരിൽതന്നെപെട്ട സമ്പന്നരോ, മറ്റു വിഭാഗങ്ങളോ കരസ്ഥമാക്കിക്കൊണ്ടിരിക്കയാണ്‌. ഫലത്തിൽ സമൂഹത്തിൽനിന്ന്‌ അവർക്ക്‌ ഒരു സുരക്ഷയും കിട്ടുന്നില്ല. മറ്റു സമൂഹവിഭാഗങ്ങൾ അവരെ ശത്രുതയോടെയാണ്‌ നോക്കുന്നത്‌. (viii) പ്രത്യേക പരിഗണന ആവശ്യമുള്ള വിശാലമായ ഒരു ജനവിഭാഗമുണ്ട്‌ - ശാരീരികവും ബൗദ്ധികവും മാനസികവും സാമൂഹികവും ആയ കാരണങ്ങളാലാണ്‌ ഇവർക്ക്‌ പ്രത്യേക പരിഗണന ആവശ്യമാകുന്നത്‌. അതിനായി നീക്കിവെക്കുന്ന വിഭവങ്ങൾ അപര്യാപ്‌തമാണെന്നതിനു പുറമേ, വൃഥാവ്യയമോ ദുർവ്യയമോ ആയിത്തീരുകയും ചെയ്യുന്നു. ഫലത്തിൽ, അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുകയാണ്‌, സ്വന്തം കുടുംബാംഗങ്ങൾ മാത്രമേ അവർക്ക്‌ ആശ്രയമുള്ളു എന്ന അവസ്ഥയാണിപ്പോൾ. സമൂഹത്തിന്റെ ഒരു സഹായ വുമില്ല. 12. അങ്ങനെ, മൊത്തത്തിൽ ലോകത്തെ മറ്റെല്ലാവരുടെയും പോലെ കേരളീയരുടെയും സാമൂഹിക സുരക്ഷിതത്വബോധം ദുർബലപ്പെട്ടുവരികയാണ്‌. ഓരോരുത്തനും "സ്വന്തം സുരക്ഷ" നേടാൻ തുടങ്ങിയിരിക്കുന്നു. ഇതിന്റെ പാർശ്വഫലങ്ങളാണ്‌ അക്രമങ്ങളും അഴിമതികളും മറ്റും. വർധിച്ചുവരുന്ന അസമത്വവും തകർന്നുകൊണ്ടിരിക്കുന്ന പ്രകൃതിവിഭവാടിത്തറയും അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഉൽപാദനമേഖലകളും കൂടിച്ചേർന്ന്‌ വിസ്‌ഫോടകാത്മകമായ ഒരു അവസ്ഥയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കയാണ്‌ കേരളം. 13. ദേശീയതലത്തിൽ ഇതിന്‌ പരിഹാരം ഉണ്ടാകുന്നതല്ല. കാരണം, ദേശീയതലത്തിലുള്ള നയങ്ങളും ചെയ്‌തികളുമാണ്‌ ഇതിന്‌ കാരണം. സംസ്ഥാനതലത്തിലും പരിമിതമായ പരിഹാരമേ കാണാൻ കഴിയൂ. എന്നാൽ ദരിദ്രപകുതിയോടു കൂറുള്ളതും സമത്വത്തിലും സാഹോദര്യത്തിലും വിശ്വസിക്കുന്നതുമായ ഒരു സംസ്ഥാന ഗവൺമെന്റിന്‌ പലതും ചെയ്യാൻ കഴിയും അങ്ങനത്തെ ഗവൺമെന്റുകളെ പലതവണ കണ്ട സംസ്ഥാനമാണ്‌ കേരളം. 14. ഉൽപാദകക്കൂട്ടായ്‌മകളുടെ തലത്തിലും പഞ്ചായത്തുതലത്തിലും വളരെ കൂടുതൽ ചെയ്യാൻ കഴിയും. അതിനാവശ്യമായ വിഭവങ്ങൾ വർധിതമായ വരുമാന നികുതികളിലൂടെ കണ്ടെത്താവുന്നതാണ്‌. സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ 30 ശതമാനം മുതൽ 60 ശതമാനം വരെയാണ്‌ വരുമാന നികുതിനിരക്ക്‌. പഞ്ചായത്തിന്റെ മൊത്തം ദേശീയ വരുമാനത്തിന്റെ 12-15 ശതമാനമെങ്കിലും സാമൂഹ്യസുരക്ഷാനികുതിയായി പിരിച്ചെടുക്കാവുന്നതാണ്‌. 15. ആദ്യത്തേത്‌ ഉപജീവനസുരക്ഷയാണ്‌. തൊഴിലിനും മാന്യമായ പ്രതിഫലത്തിനുമുള്ള അവകാശത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇതിനു രൂപം നൽകേണ്ടത്‌. പണിയെടുക്കാൻ കഴിയുന്ന ഓരോ ആൾക്കും പ്രതിവർഷം ഒരു മിനിമം വരുമാനം നൽകുന്ന ഒരു ജോലി അയാളുടെ മൗലികാവകാശമായി കാണണം. ഇന്നത്തെ നിലവാരത്തിൽ ഇത്‌ 50,000 എന്നു നിശ്ചയിക്കാം. ഒരു കുടുംബത്തിന്‌ 80,000 രൂപ. 16. തൊഴിലിന്റെ ഇന്നത്തെ അസ്ഥിരസ്വഭാവം മാറ്റിയെടുക്കാം. എല്ലാം 'സർക്കാർ' ജോലിയോ പ്രൈവറ്റ്‌ കമ്പനി ജോലിയോ ആക്കാൻ പറ്റുന്നതല്ല. ബഹുഭൂരിപക്ഷവും ഉൽപാദനക്കൂട്ടായ്‌മകളായിരിക്കും, ആയിരിക്കണം. ഒരേ കൂട്ടർ തന്നെയാണ്‌ തൊഴിലാളികളും ഉടമകളും. കാർഷികമേഖല, കാർഷിക സംസ്‌കരണമേഖല, ഉപഭോഗവ്യവസായമേഖല, സേവനമേഖല എന്നീ രംഗങ്ങളിലെല്ലാം ഉൽപാദകരുടെ ഉടമയിലുള്ള സംരംഭങ്ങൾ വളർത്തിക്കൊണ്ടുവരാം. ഈ സംരംഭങ്ങളും സാമൂഹ്യസുരക്ഷാ സംവിധാനത്തിൽ പങ്കാളികളായിരിക്കും. 17. എല്ലാ കുട്ടികൾക്കും ഉന്നത ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ ആവശ്യമായ അധികവിഭവം സമൂഹത്തിൽനിന്നു കണ്ടെത്താനും പ്രയാസം വരില്ല. അച്ഛനമ്മമാർ ആഗ്രഹിക്കുന്ന ഇംഗ്ലീഷ്‌, കമ്പ്യൂട്ടർ ശേഷികൾ നൽകാനും അധ്യയനദിവസങ്ങൾ മുടങ്ങില്ലെന്ന്‌ ഉറപ്പുവരുത്താനും പ്രത്യേകിച്ച്‌ വലിയ പണച്ചെലവൊന്നുമില്ല. 18. സമൂഹത്തിലെ എല്ലാവർക്കും ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യസേവനം ഉറപ്പുവരുത്താനും സമൂഹത്തിന്‌ കഴിയുന്നതാണ്‌. പ്രൈമറി ആരോഗ്യസേവന സംവിധാനം കുറ്റമറ്റ താക്കുന്നതിന്റെ ഉത്തരവാദിത്തം പഞ്ചായത്തുകൾക്ക്‌ ഏറ്റെടുക്കാൻ കഴിയും. ഇന്നത്തെ ഇരട്ടനിയന്ത്രണസംവിധാനം അവസാനിപ്പിക്കേണ്ടിവരും. കൂടുതൽ വിഭവവും നീക്കിവെക്കേണ്ടി വരും. 19. കാർഷികരംഗത്തെ, ഭൂമിയുടെയും അധ്വാനത്തിന്റെയും, രണ്ടിന്റെയും ഉൽപാദനക്ഷമത വർധിപ്പിച്ചും ഉൽപന്നങ്ങളുടെ വില വർധിപ്പിച്ചുംകൊണ്ടു മാത്രമേ കാർഷികാധ്വാനത്തിനും മറ്റുതരത്തിലുള്ള അധ്വാനത്തിന്റേതിനും തുല്യമായ പ്രതിഫലം നൽകാൻ കഴിയൂ. അതേ സമയം കുറഞ്ഞ വരുമാനക്കാരായി അവശേഷിക്കുന്നവർക്ക്‌ കുറഞ്ഞ വിലയ്‌ക്ക്‌ അവശ്യസാധനങ്ങൾ ലഭ്യമാക്കുകയും വേണം. ആർക്കൊക്കെ എന്തെല്ലാം തരത്തിലുള്ള സബ്‌സിഡികൾ നൽകണമെന്ന്‌ ഗ്രാമസഭകൾ ആണ്‌ തീരുമാനിക്കേണ്ടത്‌. അധികം ആവശ്യമായി വരുന്ന വിഭവം കണ്ടെത്തേണ്ടതിന്റെ ഉത്തരവാദിത്തവും അവർക്കാണ്‌. 20. കുട്ടികളുടെ ബൗദ്ധികവും വൈകാരികവുമായ വളർച്ച മാത്രമല്ല ശാരീരികമായ വളർച്ചയും സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്‌. അതിന്റെ ഭാഗികമായ അംഗീകാരമാണ്‌ "ഉച്ചഭക്ഷണം." ഇത്‌ "പൂർണഭക്ഷണം" ആക്കി ഉയർത്താവുന്നതാണ്‌. അതിനാവശ്യമായ അധികവിഭവങ്ങളും പ്രാദേശികമായി (പഞ്ചായത്തിനകത്തുതന്നെ) കണ്ടെത്തേണ്ടതാണ്‌. ഈ രംഗത്ത്‌ ഇന്നു നടമാടുന്ന അഴിമതികൾ ജനകീയതലത്തിൽ മാത്രമേ ഇല്ലാതാക്കാൻ പറ്റൂ. 21. സമൂഹത്തിൽ പ്രത്യേക പരിഗണന അനുഭവിക്കുന്ന ഒട്ടേറെ വിഭാഗങ്ങളുണ്ടല്ലോ. അശരണരായ രോഗികൾ, വൃദ്ധർ, ശേഷി പരിമിതികളുള്ളവർ, ചരിത്രകാലം മുതൽക്കേ വിവിധതരത്തിൽ പാർശ്വവത്‌ക്കരിക്കപ്പെട്ട പട്ടികജാതി-പട്ടികവർഗങ്ങൾ എന്നിങ്ങനെ പലരും. അവർക്ക്‌ ആവശ്യമായ പരിരക്ഷണങ്ങൾ നൽകുന്നതിനും വിഭവം വേണം. പക്ഷേ, അതുമാത്രം പോരാ. സഹാനുഭൂതിയും നീതിബോധവും ഉള്ള ആളുകളും വേണം. 22. ഇങ്ങനെ,എല്ലാവർക്കും തൊഴിലിനും വരുമാനത്തിനും ഉള്ള അവകാശം ഉറപ്പാക്കിക്കൊണ്ട്‌, അവരുടെ ഉൽപാദനപ്രവർത്തനത്തിന്റെ ദക്ഷത വർധിപ്പിച്ചുകൊണ്ട്‌, ഉൽപന്നങ്ങൾ പങ്കിടുന്നത്‌ കൂടുതൽ കൂടുതൽ നീതപൂർവമാക്കിക്കൊണ്ട്‌, വിദ്യാഭ്യാസം, ആരോഗ്യസേവനം, പാർപ്പിടം എന്നിവ എല്ലാവർക്കും ഉറപ്പാക്കിക്കൊണ്ട്‌,പൊതുവിതരണസംവിധാനം ശക്തിപ്പെടുത്തിക്കൊണ്ട്‌, പ്രത്യേക പരിഗണന ആവശ്യമുള്ളവർക്ക്‌ അത്‌ നൽകാനുള്ള മനുഷ്യത്വം കാണിച്ചുകൊണ്ട്‌, സമൂഹത്തിലെ എല്ലാവർക്കും പൂർണമായ സാമൂഹ്യസുരക്ഷ എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിന്‌ മറികടക്കാനാകാത്ത തടസ്സങ്ങളൊന്നുമില്ല. 23. ഇതിനാവശ്യമായി വരുന്ന അധികവിഭവങ്ങൾ സമൂഹത്തിന്റെ - ഗ്രാമസഭയുടെയും പഞ്ചായത്തിന്റെയും നിയന്ത്രണത്തിൽ വരുന്ന, അധികവിഭവങ്ങൾ രണ്ടു തരത്തിൽ കണ്ടെത്താം. (i) സമൂഹത്തിലെ അധികവരുമാനമുള്ളവരിൽനിന്ന്‌ ഈടാക്കുന്ന പ്രതേക നികുതികൾ (ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ഇത്‌ വഴി പ്രതിഫലം മിനിമം 5 കോടിരൂപയും ശരാശരി 10-15 കോടി രൂപയും സ്വരൂപിക്കാൻ കഴിയുന്നതാണ്‌. (ii) കേന്ദ്ര ഗവൺമെന്റിന്റെ ചെലവ്‌ - പ്രതിരോധം, ഒട്ടനവധി ഡിപ്പാർടുമെന്റുകൾ, കേന്ദ്രാ വിഷ്‌കൃത പദ്ധതികൾ എന്നിവയ്‌ക്ക്‌ വരുന്ന ചെലവ്‌ - പടിപ്പടിയായി കുറച്ചുകൊണ്ടുവരികയും അങ്ങനെ അവശേഷിക്കുന്നത്‌ സംസ്ഥാനങ്ങൾക്കും പഞ്ചായത്തുകൾക്കും കൈമാറുകയും ചെയ്യണം. 24. ഇത്‌ സാധ്യമാകണമെങ്കിൽ സമൂഹം അത്ര സുഖകരമല്ലാത്ത ഒരു തീരുമാനം എടുക്കണം. a) എല്ലാവർക്കും മനുഷ്യരെപ്പോലെ ജീവിക്കാനുള്ള അവകാശമാണോ, അതോ b) കുറച്ചുപേർക്ക്‌ നിയന്ത്രണം കൂടാതെ സമ്പത്ത്‌ ആർജിക്കാനുള്ള അവകാശമാണോ - ഏതാണ്‌ മൗലികമായിട്ടുള്ളത്‌? രണ്ടും കൂടി നടക്കുന്നതല്ല. ഇന്ന്‌ പ്രയോഗത്തിൽ ഇരിക്കുന്നത്‌ രണ്ടാമത്തെ കാഴ്‌ചപ്പാട്‌ ആണ്‌. അത്‌ തുടരാൻ അനുവദിക്കുകയാണെങ്കിൽ സാമൂഹ്യസുരക്ഷ എന്ന സങ്കൽപനത്തോട്‌ വിടപറയാം.

== കേരളത്തിനൊരു ഗതാഗതനയം

അഡ്വ.കെ.പി.രവിപ്രകാശ്‌ ==

ആമുഖം പ്രാചീന മനുഷ്യനിൽ നിന്ന്‌ ആധുനിക മനുഷ്യനിലേക്കുള്ള വികാസത്തിൽ, മനുഷ്യർക്കും അവന്റെ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്തുന്നതിനും യാത്ര ചെയ്യേണ്ടി വരുന്ന ദൂരത്തിന്‌ മാറ്റം വന്നിട്ടുണ്ട്‌. നായാടി ജീവിതത്തിൽ നിന്ന്‌ കാർഷിക വൃത്തിയിലേക്ക്‌ മാറിയപ്പോൾ യാത്രചെയ്യേണ്ട ദൂരം കുറഞ്ഞു. ഒരു പ്രദേശത്ത്‌ തന്നെ ജീവിക്കാനുള്ള സാഹചര്യം കൃഷിയുടെ കണ്ട്‌ പിടിത്തത്തോടെ സാധ്യമായപ്പോൾ യാത്ര ചെയ്യേണ്ട ആവശ്യം സ്വാഭാവികമായും കുറഞ്ഞു. എന്നാൽ ലോഹങ്ങളുടെയും, യന്ത്രങ്ങളുടേയും കണ്ടുപിടിത്തത്തോടെ വാങ്ങൽ-വിൽക്കൽ ഉണ്ടാവുകയും വ്യാപാരം ഉടലെടുക്കുകയും ചെയ്‌തതോടെ യാത്ര വീണ്ടും ശക്തിപ്പെട്ടു. ഇന്ന്‌ മനുഷ്യന്റെയും ചരക്കിന്റെയും യാത്രക്ക്‌ ഒരു ആഗോള, ദേശീയ, പ്രാദേശിക മാനങ്ങൾ ഉണ്ട്‌. ആധുനിക മനുഷ്യൻ ജനിക്കുന്നത്‌ ഒരിടത്ത്‌, വിദ്യാഭ്യാസം ചെയ്യുന്നത്‌ മറ്റൊരിടത്ത്‌, തൊഴിൽ വേറൊരിടത്ത്‌. താമസിക്കുന്നത്‌ മറ്റു സ്ഥലത്ത്‌ ആകുന്നതോടെ യാത്ര ചെയ്യുന്ന ദൂരം വർദ്ധിക്കുന്നു. ഇത്‌ കൂടാതെ ഉല്ലാസ യാത്രകളും മറ്റ്‌ ജീവിത ബന്ധിതമായ യാത്രകളും ആധുനിക കാലത്ത്‌ വർദ്ധിച്ച്‌ കൊണ്ടിരിക്കുക തന്നെയാണ്‌. ഇനി ചരക്ക്‌ കടത്തിന്റെ കാര്യത്തിൽ ആണ്‌ എങ്കിൽ അതിന്റെ സഞ്ചാരം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്‌. കാർഷിക ഉൽപാദനത്തിന്റെ കാര്യമാണ്‌ എങ്കിൽ ഉൽപാദനം ഒരിടത്ത്‌ വിതരണം ലോകം മുഴുവൻ എന്നാണ്‌ സ്ഥിതി. മറ്റ്‌ ഉൽപന്നങ്ങൾ ആണ്‌ എങ്കിൽ അസംസ്‌കൃതവസ്‌തുക്കൾ ഒരിടത്ത്‌, ഉൽപാദനം വിവിധ സ്ഥലങ്ങളിൽ കൂട്ടിയോചിപ്പിക്കൽ (Assembling) മറ്റൊരിടത്ത്‌. ഉപഭോഗം ലോകം മുഴുവൻ.അതിനാൽ ആധുനിക കാലത്ത്‌ മനുഷ്യന്റെയും ചരക്കിന്റെയും സുഗമമായ സഞ്ചാരം ഒരുക്കുന്നതിന്‌ പശ്ചാത്തല സൗകര്യവികസനത്തിന്‌ വലിയ പങ്കാണ്‌ ഉള്ളത്‌. ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നവലോകവികസനം മുതലാളിത്ത ഉൽപാദനരീതിയെ അവലംബിച്ചുകൊണ്ടുള്ള വികസനം ആണ്‌ എന്ന്‌ ഏവർക്കും അറിയാം. ഇവിടെ ഏറ്റവും കുറഞ്ഞ ചെലവിൽ ആവശ്യവും അനാവശ്യവുമായ ചരക്കുകളും സേവനങ്ങളും ഉൽപാദിക്കുകയും ഏറ്റവും ലാഭകരമായ രീതിയിൽ ഉൽപാദിപ്പിച്ച ചരക്കുകളും സേവനങ്ങളും ഉപഭോക്താവിലേക്ക്‌ എത്തിക്കുകയും ചെയ്യുക എന്നതാണ്‌ ലക്ഷ്യം. അതുകൊണ്ട്‌ തന്നെ മനുഷ്യ സമൂഹത്തിന്റെ ഭാവി വികസനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു വികസന സമീപനമല്ല ഇപ്പോൾ നടക്കുന്ന വികസനത്തിന്‌ ഉള്ളത്‌. തന്മൂലം ദീർഘ വീക്ഷണത്തോടെയുള്ള വികസന ആസൂത്രണവും അതനുസരിച്ചുള്ള പശ്ചാത്തല വികസന ആസൂത്രണവും കാര്യമായി നടക്കുന്നില്ല. മുതലാളിത്ത വികസന സമീപനം ഉൾക്കൊള്ളുന്നതോടെ എല്ലാ വസ്‌തുക്കളും സേവനങ്ങളും ചരക്കായി മാറും. ഉദാഹരണമായി, മനുഷ്യന്റെയും അവന്‌ ആവശ്യമായ വസ്‌തുക്കളുടേയും സേവനങ്ങളുടെയും യാത്രാസൗകര്യങ്ങളും, അതിനാവശ്യമായ പശ്ചാത്തല സൗകര്യവും എന്നതിന്‌ പകരം യാത്രാ സൗകര്യങ്ങളും (Automobil Industries) പശ്ചാത്തല സൗകര്യങ്ങളും ( PPPറോഡുകൾ) തന്നെയും ചരക്കായി മാറുന്നു. അത്‌ ഒരു ലാഭ ഉൽപാദന മേഖലയാകുന്നു. അതുകൊണ്ട്‌ യാത്രയും യാത്ര സൗകര്യങ്ങളും ആവശ്യത്തിന്‌ എന്നതിന്‌ ഉപരി ലാഭകരമായ ഉൽപാദന വ്യവസ്ഥ നിലനിർത്താൻ എന്നതായി മാറുന്നു. അതുകൊണ്ട്‌ ഒരു വശത്ത്‌ സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും അതിന്റെ സഞ്ചാരത്തിന്‌ ആവശ്യമായ പശ്ചാത്തല സൗകര്യവികസനത്തെ സ്വകാര്യവൽകരിച്ച്‌ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അടിസ്ഥാനപരമായി ഈ വികസന തന്ത്രത്തെ പുനക്രമീകരിച്ച്‌ കൊണ്ടല്ലാതെ മനുഷ്യ കേന്ദ്രീകൃതമായ ഒരു ഗതാഗത നയം രൂപപ്പെടുത്തി എടുക്കാൻ കഴിയില്ല. വിദ്യാഭ്യാസത്തിനും, തോഴിലിനും, ഉപഭോഗത്തിനും ഉളള യാത്രകൾ കുറച്ച്‌ കൊണ്ട്‌ വരിക എന്നതും, വാഹന പെരുപ്പം കുറച്ച്‌ കൊണ്ട്‌ ജനങ്ങളുടെയും അവർക്ക്‌ ആവശ്യമായ ചരക്കിന്റെയും സേവനത്തിന്റെയും സുഗമമായ യാത്രാ സൗകര്യം ഒരുക്കുക എന്നതാവണം ഒരു ദീർഘകാല ഗതാഗത നയത്തിന്റെ ഉള്ളടക്കം. ഗതാഗതം - കേരള സാഹചര്യം 2,01,220 കി.മീ റോഡും 1257 കി.മീ റെയിൽ ലൈനും 1680 കി.മീ ജലപാതയും മൂന്ന്‌ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളും അടങ്ങിയതാണ്‌ കേരളത്തിലെ ഗതാഗതത്തിന്‌ വേണ്ടിയുള്ള പശ്ചാത്തല സൗകര്യം. അഖിലേന്ത്യ ശരാശരിയുമായി തട്ടിച്ചുനോക്കുമ്പോൾ ഗതാഗതത്തിന്‌ വേണ്ടിയുള്ള പശ്ചാത്തല സൗകര്യത്തിന്റെ കാര്യത്തിൽ നാം ഏറെ മുന്നിലാണ്‌. ഇവിടെ ഒരു സ്‌ക്വയർ കിലോമീറ്ററിൽ 5.17 കി.മീ റോഡ്‌ ഉണ്ട്‌. അഖിലേന്ത്യ ശരാശരി ഒരു സ്‌ക്വയർ കിലോമീറ്ററിനു 1 കി.മീ മാത്രമാണ്‌. എല്ലാ ഗ്രാമങ്ങളിലേക്കും നമുക്ക്‌ റോഡ്‌ സൗകര്യം ഉണ്ട്‌. താരതമ്യേന മെച്ചപ്പെട്ട നിലവാരം ഉള്ളതാണ്‌ റോഡുകൾ. ഓരോ വർഷവും 6 ലക്ഷം പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങുന്നു. 11% എന്ന നിരക്കിലാണ്‌ വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നത്‌. ഇപ്പോൾ കേരളത്തിൽ 75 ലക്ഷം വാഹനങ്ങൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. 1000 പേർക്ക്‌ 230 വാഹനങ്ങൾ എന്നാണ്‌ കേരളത്തിന്റെ നിരക്ക്‌. ഇത്‌ ഇന്ത്യയുടെ കാര്യത്തിലാണെങ്കിൽ 22ഉം ചൈനയുടേത്‌ 50ഉം അമേരിക്കയുടേത്‌ 510ഉം ആണ്‌. കേരളത്തിലോടുന്ന മൊത്തം വാഹനങ്ങളിൽ 60% ഇരുചക്രവാഹനങ്ങളും 18% കാറുകളും 9% ഓട്ടോറിക്ഷയുമാണ്‌. 2.7% മാത്രമാണ്‌ ബസ്സുകൾ. ആകെയുള്ള ബസ്സ്‌ സർവീസുകളിൽ 11% മാത്രമാണ്‌ KSRTCയുടെ സംഭാവന. ശരാശരി 40,000 റോഡപകടങ്ങൾ ആണ്‌ കേരളത്തിൽ ഒരു വർഷം ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. ഇതിൽ 4000 പേർ മരിക്കുന്നു. ഇന്ത്യയിൽ ഒരു വർഷം 5 ലക്ഷം റോഡപകടങ്ങളിൽ ആയി 1.25 ലക്ഷം പേർ മരിക്കുന്നുണ്ട്‌. മൊത്തം മരണകാരണങ്ങളുടെ 9-ാം സ്ഥാനത്താണ്‌ റോഡപകടത്തിന്റെ ഇപ്പോഴത്തെ സ്ഥാനം. ഈ അവസ്ഥ ഇതേപടി തുടരുകയാണ്‌ എങ്കിൽ 2030 ആകുമ്പോൾ മരണകാരണത്തിന്റെ സ്ഥാനം 5 ആകും എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ഡ്രൈവറുടെ അശ്രദ്ധ ആണ്‌ റോഡപകടങ്ങളുടെ മുഖ്യകാരണമായി എപ്പോഴും രേഖപ്പെടുത്താറ്‌ എങ്കിൽ കൂടി റോഡപകടങ്ങളുടെ മൂല കാരണങ്ങൾ പലതാണ്‌ എന്ന്‌ എല്ലാവർക്കും അറിയാം. റോഡിന്റെ ഗുണനിലവാരമില്ലായ്‌മ, ഗതാഗതനയങ്ങളുടെ അപര്യാപ്‌തത, ഗുണനിലവാരം ഇല്ലാത്ത വാഹനങ്ങൾ, കാലാവസ്ഥ തുടങ്ങിയവ എല്ലാം കൂടിച്ചർന്നാണ്‌ അപകടങ്ങൾ വിതക്കുന്നത്‌. പലപ്പോഴും റോഡിലെ അപകടങ്ങൾ അപ്രതീക്ഷിതമല്ല. അപകട സാഹചര്യങ്ങൾ വളരെ കൂടുതൽ ആയിനിലനിൽക്കുന്നതുകൊണ്ടാണ്‌ അപടങ്ങൾ സംഭവിക്കുന്നത്‌. അപകടസാഹചര്യങ്ങൾ കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞാൽ അപകടങ്ങൾ കുറയ്‌ക്കാൻ കഴിയും എന്ന്‌ തന്നെയാണ്‌ കേരള അനുഭവം. പ്രധാന ഹൈവേകളുടെ പുനർനിർമ്മാണത്തിന്റെയും മറ്റും ഫലമായി 2006ൽ 41,647 അപകടങ്ങൾ എന്നത്‌ 2010 ൽ 35,046 എന്ന തോതിലേക്ക്‌ കുറച്ച്‌ കൊണ്ട്‌ വരാൻ കഴിഞ്ഞു. യു.കെ, ചൈന, ജർമനി, ഫ്രാൻസ്‌, ജപ്പാൻ എന്നീ രാജ്യങ്ങൾ ഇന്ത്യൻ ശരാശരിയുടെ പകുതിയിലേക്ക്‌ റോഡപകടങ്ങളെ കുറച്ച്‌ കൊണ്ട്‌ വരാൻ കഴിഞ്ഞിട്ടുള്ള രാജ്യങ്ങൾ ആണ്‌. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കേരളത്തിലെ വാഹനങ്ങൾ 3 ഇരട്ടിയായി വർദ്ധിച്ചപ്പോൾ(2000ൽ 18.85 ലക്ഷം 2013ൽ 75 ലക്ഷം) റോഡിന്റെ നീളത്തിലും വീതിയിലും കാര്യമായ വർദ്ധനവ്‌ ഉണ്ടായിട്ടില്ല. അതുകൊണ്ട്‌ തന്നെ വാഹന സാന്ദ്രത വർദ്ധിച്ച്‌ വേഗത കുറയുകയും, അപകടങ്ങളും സമയ നഷ്‌ടവും വർദ്ധിച്ച്‌ കൊണ്ടിരിക്കുന്ന സാഹചര്യമാണ്‌ കേരളത്തിലെ റോഡ്‌ ഗതാഗതത്തിന്‌ ഉള്ളത്‌. ശരാശരി 30കി.മീ സ്‌പീഡിൽ കൂടുതൽ വേഗത്തിൽ വാഹനങ്ങൾക്ക്‌ പോകാൻ കഴിയാത്ത അവസ്ഥയാണ്‌ ഇന്ന്‌ നിലനിൽക്കുന്നത്‌. റോഡ്‌ സുരക്ഷിതത്വത്തിന്‌ കൃത്യമായ ഒരു സംവിധാനം ഇന്ന്‌ നിലവിൽ ഇല്ല. ഒരു ദേശീയ പാതക്ക്‌, സ്റ്റേറ്റ്‌ പാതക്ക്‌, പി ഡബ്ലിയു ഡി റോഡുകൾക്ക്‌ etc... ഉണ്ടാകേണ്ട ഗുണനിലവാരം നിഷ്‌കർഷിക്കപ്പെട്ടിട്ടുണ്ട്‌ എങ്കിലും അത്‌ ഉറപ്പ്‌ വരുത്താനുള്ള സംവിധാനങ്ങൾ ഇന്ന്‌ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. റോഡിൽ സ്ഥാപിക്കേണ്ട സൂചകങ്ങൾ (Singnals) യഥാവിധി സ്ഥാപിക്കുകയോ പിരപാലിക്കപ്പെടുകയോ ചെയ്യുന്നില്ല. കാൽനടക്കാരുടേയും, സൈക്കിൾ യാത്രക്കാരുടേയും, ഇരുചക്ര വാഹനത്തിന്റെയും സുരക്ഷ ഉറപ്പ്‌ വരുത്തുന്ന വിധത്തിൽ റോഡിൽ നടപ്പാക്കേണ്ട ഡിവിഷനുകൾ പരിമിതമായ തോതിലേ ഉള്ളു എന്ന്‌ മാത്രമല്ല ഉള്ളവ തന്നെ പരിപാലിക്കപ്പെടുന്നില്ല. ഡ്രൈവറുടെ ശ്രദ്ധ തിരിയുന്ന വിധത്തിൽ റോഡരികിൽ പരസ്യങ്ങൾ പാടില്ല എന്ന്‌ നിഷ്‌കർഷിക്കപ്പെട്ടിട്ടുണ്ട്‌ എങ്കിലും ഈ നിഷ്‌കർഷ പരിപാലിക്കപ്പെടുന്നില്ല എന്ന്‌ മാത്രമല്ല പലപ്പോഴും റോഡ്‌ തന്നെ പരസ്യങ്ങൾ മൂലം മറക്കപ്പെടാറുണ്ട്‌. വാഹനങ്ങളുടെ പാർക്കിങ്ങ്‌ സംബന്ധിച്ചും കൃത്യമായ ഒരു നയം ഇല്ല. റോഡരികിലെ ചെറുതും വലുതുമായ വാഹനങ്ങളുടെ അശാസ്‌ത്രീയമായ പാർക്കിങ്ങ്‌ വലിയ അപകടങ്ങൾക്ക്‌ ഇടയാക്കാറുണ്ട്‌. ശാസ്‌ത്രീയമായ ഡ്രൈവിങ്ങ്‌ പരിശീലനത്തിന്റെയും, തുടർ പരിശീലനത്തിന്റെയും, റോഡ്‌ ഉപയോഗം സംബന്ധിച്ചുള്ള അറിവില്ലായ്‌മയുടേയും പരിമിതികൾ മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങൾ അനവധിയാണ്‌. റോഡ്‌ നിർമ്മാണ രംഗത്തെ അഴിമതിയും എസ്റ്റിമേറ്റ്‌ ഉണ്ടാക്കലും, ഉദ്യോഗസ്ഥരുടെ കെടു കാര്യസ്ഥതയും ഒരു പ്രധാന പ്രശ്‌നമേഖലയായി ഇപ്പോഴും നിലനിൽക്കുന്നു. കാലാവസ്ഥക്കും ഭൂമിയുടെ സ്വഭാവത്തിനും അനുസരിച്ച്‌ ഉള്ള റോഡുകൾ എന്ന കാഴ്‌ചപ്പാട്‌ നമുക്ക്‌ രൂപപ്പെടുത്തി എടുക്കാൻ കഴിഞ്ഞിട്ടില്ല. റോഡ്‌ നിർമ്മാണം, പരിപാലനം, സുരക്ഷ, വാഹന പെർമിറ്റ്‌, വാഹനസുരക്ഷ എന്നിവയുടെ ഉത്തരവാദിത്വം പല വകുപ്പുളുടേയും ചുമതലായായി ചിതറികിടക്കുകയാണ്‌. എൻ.എച്ച്‌ ഡിപ്പാർട്ട്‌മെന്റ,്‌ എൻ എച്ച്‌ ഡി പി, പി ഡബ്ലിയു ഡി, ആർ.ഒ.ടി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, റെവന്യു വകുപ്പുകൾ, പോലീസ്‌, കെ. എസ്‌ .ആർ.ടി.സി തുടങ്ങിയ വകുപ്പുകളുടെ ഏകോപനമില്ലായ്‌മ പ്രശ്‌നങ്ങളെ കൂടുതൽ രൂക്ഷമാക്കുന്നു. ഇത്‌ റോഡ്‌ നിർമ്മാണത്തെയും സ്ഥലം ഏറ്റെടുക്കലിനേയും, റോഡ്‌ പരിപാലനത്തേയും, വാഹന ഗതാഗതത്തേയും പലരീതിയിൽ ബാധിച്ച്‌ കൊണ്ടിരിക്കുന്നു. റോഡ്‌ ഗതാഗതത്തെ സമഗ്രമായി കണ്ട്‌ വില്ലേജ്‌ റോഡ്‌, ജില്ലറോഡ്‌, സംസ്ഥാന റോഡ്‌, ദേശീയ റോഡ്‌ എന്നിവയുടെ ധർമ്മവും ഉത്തരവാദിത്വവും വിശദമാക്കുന്ന വിധത്തിൽ റോഡ്‌ പരിപാലനനയം കൊണ്ടുവരാൻ നമുക്ക്‌ ആയിട്ടില്ല. വാഹനപ്പെരുപ്പത്തെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യം ബോധ്യമാണ്‌ എങ്കിലും ഇവയെ നിയന്ത്രിച്ച്‌ പൊതുയാത്രാ സംവിധാനം ശക്തിപ്പെടുത്താൻ നമുക്ക്‌ ആകുന്നില്ല. റോഡ്‌ ഗതാഗതം പോലെത്തന്നെ പ്രാധാന്യമേറിയ ഗതാഗത സംവിധാനമാണ്‌ റെയിൽവെ . ലോകത്തിൽ 4-ാം സ്ഥാനമാണ്‌ ഇന്ത്യൻ റെയിൽവേക്ക്‌ ഉള്ളത്‌. ശരാശരി 750 കോടി ജനങ്ങൾ ഈ യാത്രാ സംവിധാനത്തിലൂടെ ഒരു വർഷം യാത്ര ചെയ്യുന്നു. 60,000 കോടി രൂപയുടെ ചരക്ക്‌ കടത്തും ഒരു വർഷം റെയിൽവേയിലൂടെ നടത്തുന്നുണ്ട്‌. ഇതിൽ പാസഞ്ചേഴ്‌സ്‌ വരുമാനത്തിന്റെ കാര്യത്തിൽ കേരളം ഇന്ത്യൻ ശരാശരിയേക്കാൾ മുന്നിൽ നിൽക്കുന്നു. ചരക്ക്‌ ഗതാഗതത്തേക്കാൾ ജനങ്ങളുടെ യാത്രാവശ്യങ്ങൾക്കാണ്‌ ഇന്ന്‌ കേരളം റെയിൽവെയെ കൂടുതൽ ആയി ആശ്രയിക്കുന്നത്‌. ഓരോ വർഷവും യാത്രക്കാരുടെ എണ്ണത്തിന്റെ 4.7% വർദ്ധനവാണ്‌ രേഖപ്പെടുത്തുന്നത്‌. 1250 കിലോമീറ്റർ റെയിൽവേ ലൈനിലൂടെ 83 ട്രെയിനുകൾ ഇപ്പോൾ കേരളത്തിൽ നിന്നും ഓപ്പറേറ്റ്‌ ചെയ്യുന്നുണ്ട്‌. മറ്റ്‌ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ റെയിൽവേ ലൈനുകൾ ഓവർ യൂട്ടിലൈസ്‌ഡ്‌ ആണ്‌. 1000 സ്‌ക്വയർ കിലോമീറ്ററിൽ കേവലം 27.02 കിലോമീറ്റർ റെയിൽവേ ലൈൻ എന്ന നിരക്കിൽ കഴിഞ്ഞ കുറേ വർഷങ്ങളായി കേരളം നിലനിൽക്കുകയാണ്‌. എന്നാൽ ഓരോ വർഷവും 5% നിരക്കിൽ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. നമ്മുടെ റെയിൽവേ ലൈനിന്റെ നിരക്ക്‌ 1000 സ്‌ക്വയർ കിലോമീറ്ററിന്‌ 27.02 എന്നായിരിക്കെ, ബീഹാറിന്റേത്‌ 37.33 കിലോമീറ്ററും പശ്ചിമബംഗാളിന്റെത്‌ 43.83 കിലോമീറ്ററും ചത്തീസ്‌ഗഢിന്റേത്‌ 145.45 കിലോമീറ്ററും ആണ്‌. ഏറ്റവും സുരക്ഷിതവും, യാത്ര ചെലവ്‌ കുറഞ്ഞതും, താരതമ്യേന വേഗതയാർന്നതും, സൗകര്യ പ്രദമായതുമായ യാത്ര സംവിധാനമാണ്‌ റെയിൽവെ. 150 കി.ഗ്രാം റോഡ്‌ വഴികൊണ്ടു പോകാൻ ചെലവഴിക്കുന്ന ഊർജ്ജം ഉണ്ട്‌ എങ്കിൽ 500 കി.ഗ്രാം റെയിൽവെ വഴി കൊണ്ടു പോകാൻ കഴിയും. പരിസ്ഥിതി സൗഹൃദപരവും ചെലവ്‌ കുറഞ്ഞതുമായതു പോലെ തന്നെ കൂടുതൽ പേരെ ഉൾക്കൊള്ളാൻ കഴിയുന്ന പൊതു യാത്രാസംവിധാനമാണ്‌ ഇത്‌. ഇന്ന്‌ ഇന്ത്യൻ റെയിൽവെക്ക്‌ കേരളത്തിൽ 1250 റൂട്ട്‌ കിലോമീറ്റർ ആണ്‌ ഉള്ളത്‌. പൊതു ജനങ്ങളുടെ യാത്ര ആവശ്യവും നമ്മുടെ വികസന ആവശ്യവുമായി തട്ടിച്ചു നോക്കുമ്പോൾ റെയിൽവെ വികസനം വളരെ മന്ദഗതിയിലാണ്‌ നീങ്ങിക്കൊണ്ടിരിക്കുന്നത്‌. ഏറ്റവും അടിസ്ഥാന ആവശ്യങ്ങൾ ആയ പാത ഇരട്ടിപ്പിക്കലും, വൈദ്യുതീകരണവും ഇതുവരെ പൂർത്തിയായിട്ടില്ല. ആവശ്യമായ ലെവൽ ക്രോസുകളിലെ മേൽപ്പാല നിർമ്മാണം ഇപ്പോഴും മുഴുവൻ പൂർത്തീകരിക്കാൻ നമുക്ക്‌ ആയിട്ടില്ല. ജനസാന്ദ്രതയേറിയതും ഭൂമി ദൗർലഭ്യം കൂടുതലായി അനുഭവപ്പെടുന്നതുമായ ഒരു പ്രദേശത്തിന്‌ ഏറ്റവും അനുയോജ്യമായ യാത്രാസംവിധാനം എന്ന നിലയിൽ റെയിൽവെ വികസനത്തെ പരിശോധിക്കാൻ നമുക്ക്‌ ആയിട്ടില്ല. റെയിൽ ഗതാഗത സംവിധാനം വേണ്ടത്ര ശക്തിപ്പെടുന്നില്ല എന്നതാണ്‌ റോഡ്‌ ഗതാഗതത്തിനായി നമുക്ക്‌ കൂടുതൽ ആശ്രയിക്കേണ്ടി വരുന്നത്‌. കേരളത്തിന്‌ ഉപയോഗപ്പെടുത്താൻ കഴിയുന്ന മറ്റൊരു ഗതാഗതമേഖലയാണ്‌ ജലഗതാഗതം. 590 കിലോമീറ്റർ തീരപാതയും (Coastal line) 1548 കിലോമീറ്റർ ഉൾനാടൻ ജലപാതയും അടങ്ങിയതാണ്‌ കേരളത്തിന്റെ ജലഗതാഗതം. ഒരു വലിയ തുറമുഖവും 4 ചെറിയ തുറമുഖങ്ങളുമടക്കം അഞ്ച്‌ തുറമുഖങ്ങളാണ്‌ നമുക്കുള്ളത്‌. കൊച്ചി തുറമുഖമാണ്‌ ഇതിൽ അന്തർദേശീയ നിലവാരമുള്ളത്‌. 827 ഹെക്‌ടർ സ്ഥലത്താണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌. 2011-12 ലെ കണക്കുപ്രകാരം 1,78,73000 MTയുടെ ചരക്കുഗതാഗതവും 1,40,000 പേരുടെ യാത്രാഗതാഗതവും ഇവിടെ നിന്ന്‌ ഉണ്ടായിട്ടുണ്ട്‌. ചെറുകിട പോർട്ടുകളിൽ വലുത്‌ ബേപ്പൂർ തുറമുഖമാണ്‌. ഇവിടെ നിന്ന്‌ 1,00,000 MTയുടെ ചരക്കും 7500 പേരുടെ യാത്രയുമാണ്‌ ശരാശരി നടക്കുന്നത്‌. ഇവിടെ നിന്നുള്ള പ്രധാന ലക്ഷ്യസ്ഥാനം ലക്ഷദ്വീപാണ്‌. മറ്റ്‌ മൂന്ന്‌ തുറമുഖങ്ങളായ വിഴിഞ്ഞം, അഴീക്കൽ, കൊല്ലം എന്നിവ ചേർന്നാലുള്ള മൊത്തം ചരക്കുകടത്ത്‌ 8000 MTയിൽ താഴെ മാത്രമേ വരികയുള്ളൂ. 550 കി.മീ സമുദ്രതീരവും പടിഞ്ഞാറോട്ട്‌ ഒഴുകുന്ന 41 നദികളും പരസ്‌പരം ബന്ധപ്പെട്ട്‌ കിടക്കുന്ന തടാകങ്ങളും ജലഗതാഗതത്തിന്‌ ഏറ്റവും അനുയോജ്യമായ പ്രദേശമായി കേരളത്തെ മാറ്റിയെടുക്കാൻ കഴിയും. നമുക്കുള്ള 1680 കി.മീ ജലപാത ശൃംഖലയിൽ 20 % മാത്രമാണ്‌ ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുള്ളൂ. ചെറിയ അളവിലുള്ള ഊർജ്ജ ശേഷികൊണ്ട്‌ വലിയ അളവിൽ ഭാരം കടത്താൻ കഴിയും എന്നതാണ്‌ ജലഗതാഗതത്തിന്റെ പ്രത്യേകത. കേരളം ജല സമൃദ്ധമാണ്‌, 41 നദികളും പശ്ചിമഘട്ടവും അറബിക്കടലും അടങ്ങിയ അതിവിപുലമായ, വിഭവ സമൃദ്ധമായ ആവാസ വ്യവസ്ഥ നമുക്ക്‌ സ്വന്തമായി ഉണ്ട്‌. എന്നാൽ ഇത്‌ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ജല ഗതാഗത വികസനത്തിൽ നമ്മൾ ഏറെ പിറകിലാണ്‌ എന്ന കാര്യം പറയാതെ വയ്യ. മുൻപ്‌ റെയിൽവെ വികസനത്തിന്റെ കാര്യത്തിൽ സൂചിപ്പിച്ചത്‌ പോലെ ഏറ്റവും ചുരുങ്ങിയ ചെലവിൽ, പാരിസ്ഥിതിക ആഘാതങ്ങൾ ഇല്ലാതെ, ചുരുങ്ങിയ ഇന്ധനത്തോടെയും ഇന്ധനക്ഷമതയോടെയും, സ്ഥലം ഏറ്റെടുക്കൽ ഇല്ലാതെയും കൂടുതൽ സുരക്ഷിതത്വത്തോടെയും ഒരുക്കാൻ കഴിയുന്ന യാത്രാസംവിധാനമാണ്‌ ജലഗതാഗതം. പ്രധാനമായും രണ്ട്‌ ഡിപ്പാർട്ട്‌മെന്റുകൾ ആണ്‌ നമ്മുടെ ജലഗതാഗത സംവിധാനത്തെ നിയന്ത്രിക്കുന്നത്‌. ഒന്ന്‌ ജനങ്ങളുടെ യാത്ര കൈകാര്യം ചെയ്യുന്ന State Water Transport Department. മറ്റൊന്ന്‌ ചരക്ക്‌ ഗതാഗതം നടത്തുന്ന Kerala Shipping and Island Navigation Corporation Ltd. ഇതിൽ SWTD അവരുടെ 47 ബോട്ടുകളിലൂടെയായി 877 ട്രിപ്പുകളാണ്‌ നടത്തുന്നത്‌. 6733 km ജലപാത ഇവർ ഉപയോഗിക്കുന്നുണ്ട്‌. ഇനി കെ. എസ്‌. ഐ. എൻ. സി യുടെ കാര്യം നോക്കുകയാണ്‌ എങ്കിൽ അവർ 20,000 കിലോ മീറ്റർ ജലപാത ഉപയോഗിച്ച്‌ 2 ജങ്കാറിലൂടെയുളള ചരക്ക്‌ ഗതാഗതം സംഘടിപ്പിക്കുന്നു. സ്വകാര്യ മേഖലയിൽ കുറച്ച്‌ ടൂറിസം ബോട്ടുകൾ ആണ്‌ നമുക്ക്‌ ഉളളത്‌. 10 km/hr ആണ്‌ നമ്മുടെ ജലഗതാഗതത്തിന്റെ പരമാവധി speed. നമ്മുടെ പ്രഖ്യാപിത ജലപാതയുടെ നീളം 1895 km ആണ്‌. ഇന്ന്‌ തിരുവനന്തപുരം മുതൽ കാസർഗോഡ്‌ വരെ ജലപാതയിലൂടെ മാത്രം യാത്രചെയ്യാൻ വേണ്ടി വരുന്ന പാത നമുക്ക്‌ ഉണ്ട്‌. പക്ഷെ ഉപയോഗപ്പെടുത്തുന്നില്ല എന്ന്‌ മാത്രം. വേണ്ടത്ര ശ്രദ്ധയും ദീർഘവീക്ഷണവും ഇല്ലാത്തതിനാൽ നമ്മുടെ ജലപാതകളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഗതാഗതത്തിന്റെ വളർച്ച മുരടിച്ചിരിക്കുകയാണ്‌. വ്യോമഗതാഗതരംഗത്ത്‌ നമ്മൾ വളർച്ചയുടെ പാതയിലാണ്‌. ഇപ്പോൾ പ്രവർത്തിക്കുന്ന മൂന്ന്‌ അന്തർദേശീയ വിമാനത്താവളങ്ങളിലൂടെ ഒരു വർഷം 81 ലക്ഷം യാത്രക്കാർ സഞ്ചരിക്കുന്നുണ്ട്‌. ഇത്‌ ഇന്ത്യയുടെ 12.6% വരും. കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ എണ്ണം ഇനിയും വർദ്ധിക്കും. ഇതിൽ അന്തർദേശീയ സഞ്ചാരികളാണ്‌ കൂടുതൽ. ഇന്ത്യയ്‌ക്കകത്തും കേരളത്തിൽ തന്നെയുമുള്ള സർവീസുകൾ വേണ്ടത്ര വികസിച്ചിട്ടില്ല. സംസ്ഥാനത്തിനുള്ളിൽ തന്നെയുള്ളതും വിവിധ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതുമായ വ്യോമയാത്ര സൗകര്യം ഇനിയും വികസിക്കേണ്ടതുണ്ട്‌. വ്യോമഗതാഗതരംഗത്ത്‌ യാത്രക്കാരുടെ എണ്ണം വർദ്ധിച്ച്‌ കൊണ്ടിരിക്കുക തന്നെയാണ്‌. ചെലവ്‌ പരമാവധി കുറച്ച്‌ കൊണ്ട്‌ സാധാരണ ജനങ്ങൾക്ക്‌ കൂടി ഉപകരിക്കുന്ന വിധത്തിൽ വ്യോമഗതാഗതത്തെ സജ്ജമാക്കാൻ കഴിഞ്ഞാൽ തിരുവനന്തപുരം-കാസർഗോഡ്‌ യാത്രകളുടെ സമയം കുറക്കാനും എക്‌സ്‌പ്രസ്സ്‌ ഹൈവേ പോലുള്ള സംവിധാനങ്ങൾക്ക്‌ പകരം വക്കാനും കഴിയും.

വിഷൻ 2030 ഉം ഗതാഗതവികസനവും കേരളസർക്കാർ ചർച്ചക്കായി വച്ചിട്ടുള്ള `വിഷൻ 2030' എന്ന കേരളവികസനനയത്തിന്റെ പതിനാലാം അധ്യായത്തിന്റെ പേര്‌ സുസ്ഥിരഗതാഗതതന്ത്രം 2030 (Sustainable Transport Strategy 2030) എന്നാണ്‌. 2030 ആകുമ്പോഴേക്കും കേരളത്തിലെ ഗതാഗതരംഗത്ത്‌ വരുത്തേണ്ട മാറ്റങ്ങൾ സാമാന്യം വിശദമായിത്തന്നെ 45 പേജുകളിൽ ചർച്ച ചെയ്യുന്നുണ്ട്‌. പ്രധാന ലക്ഷ്യങ്ങൾ താഴെ പറയുന്നവയാണ്‌. 1. പൊതുജനയാത്രയിൽ 70% റോഡ്‌, 25% റെയിൽവെ, 4% ജലഗതാഗതം, 1% വ്യോമഗതാഗതം എന്ന നിരക്കിലും ചരക്കുകടത്തിൽ 60% റോഡ്‌, 20% റെയിൽവെ, 20% ജലഗതാഗതം എന്ന നിരക്കിലേക്ക്‌ യാത്രാസംവിധാനത്തെ സജ്ജീകരിക്കുക. 2. പൊതുയാത്രാസംവിധാനം ഇപ്പോഴുള്ള 33% ഷെയറിൽ നിന്ന്‌ 80% ഷെയറിലേക്ക്‌ വർദ്ധിപ്പിക്കുക. 3. ആക്‌സിഡന്റ്‌ നിരക്ക്‌ 10,000 വാഹനങ്ങൾക്ക്‌ 5 എന്ന തോതിൽ കുറച്ചുകൊണ്ടുവരിക. 4. കാറുപോലുള്ള വാഹനങ്ങളിലെ കുറഞ്ഞ യാത്രികരുടെ എണ്ണം അഞ്ച്‌ എന്ന നിരക്കിൽ കൊണ്ടുവരിക. മേൽ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള വികസനതന്ത്രത്തെ അഞ്ച്‌ തൂണുകളായി വിഭജിച്ചിരിക്കുന്നു. 1) സ്ഥാപനങ്ങൾ (Institutions) 2) അടിസ്ഥാന ഭൗതികസൗകര്യങ്ങൾ (Physical Infrastructure) 3) സാമ്പത്തിക കാര്യക്ഷമത (Economic efficiency) 4) സാമൂഹിക തുല്യത (Social equity) 5) പരിസ്ഥിതി സുസ്ഥിരത (Environmental sustainability)

1) സ്ഥാപനങ്ങൾ (Institutions) സ്ഥാപനങ്ങളുടെ ഘടന ഇപ്രകാരമാണ്‌.

വിദഗ്‌ധരടങ്ങിയ ഗതാഗത വൈദഗ്‌ധ്യഗ്രൂപ്പ്‌

ട്രാൻസ്‌പോർട്ട്‌ റെഗുലേറ്ററി അതോറിറ്റി

പബ്ലിക്‌ ട്രാൻസിറ്റ്‌ അതോറിറ്റി കേരളത്തിലെ ഗതാഗത മാനേജ്‌മെന്റ്‌ സംവിധാനത്തെ നിയന്ത്രിക്കുന്ന മേൽ-കീഴ്‌ ഘടനയാണ്‌ മുകളിൽ സൂചിപ്പിച്ചിട്ടുള്ളത്‌. നിയന്ത്രണസംവിധാനങ്ങളെ അഞ്ച്‌ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. തിരുവന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നീ നഗരങ്ങളുടെ യാത്രാസംവിധാനത്തെ നിയന്ത്രിക്കുന്ന മൂന്ന്‌ അതോറിറ്റികൾ. മറ്റ്‌ സംസ്ഥാന-അന്തർസംസ്ഥാന യാത്രാസംവിധാനങ്ങളെ നിയന്ത്രിക്കുന്ന ഒരു അതോറിറ്റി. ഉൾനാടൻ ജലഗതാഗതത്തിനായി അഞ്ചാമത്തെ അതോറിറ്റി. അതോറിറ്റി രൂപീകരണത്തിലെ പ്രധാന നിർദേശങ്ങളിലൊന്ന്‌ ഇപ്പോഴുള്ള KSRTCയെ ബസ്സ്‌ ഓപ്പറേഷൻ ചുമതലയിൽ നിന്നും ഒഴിവാക്കി മേൽ സൂചിപ്പിച്ച നാലാമത്തെ അതോറിയുടെ ചുമതല ഏൽപ്പിക്കുക എന്നതാണ്‌. ഈ അതോറിറ്റിയെ ഭരണസൗകര്യത്തിനായി തെക്ക്‌, വടക്ക്‌, മധ്യം എന്നിങ്ങനെ മൂന്നായി വിഭജിക്കാനും നിർദേശമുണ്ട്‌. ബസ്സ്‌ ഓപ്പറേഷൻ മുഴുവൻ സ്വകാര്യസംവിധാനത്തിലേക്ക്‌ മാറ്റാനും വിഷൻ നിർദേശിക്കുന്നു. സ്വകാര്യ ബസ്സ്‌ ഓപ്പറേഷൻ വാർഷികാടിസ്ഥാനത്തിൽ മോണിറ്റർ ചെയ്യാനുള്ള സംവിധാനമാക്കി KSRTCയെ KSTAയിലൂടെ പുന:ക്രമീകരിക്കും.

2) അടിസ്ഥാന ഭൗതികസൗകര്യങ്ങൾ (Physical Infrastructure) ഗതാഗത പശ്ചാത്തലസൗകര്യ വികസനത്തിനായി ഒട്ടേറെ നിർദേശങ്ങൾ മുന്നോട്ട്‌ വച്ചിട്ടുണ്ട്‌. പക്ഷേ, എല്ലാ നിർദേശങ്ങളിലും മുഴച്ചുനിൽക്കുന്നത്‌ നിലനിൽക്കുന്ന പ്രശ്‌നങ്ങളെ പ്രായോഗികമായി പരിഹരിച്ച്‌ മെച്ചപ്പെട്ട സംവിധാനം ഉണ്ടാക്കുക എന്നല്ല. മറിച്ച്‌, അടിസ്ഥാന വികസനമേഖലകളെ മുഴുവൻ സ്വകാര്യവൽക്കരിച്ച്‌ കോർപറേറ്റ്‌ നിയന്ത്രണത്തിലാക്കുക എന്നതാണ്‌. പ്രധാന നിർദേശങ്ങൾ ഇവയാണ്‌. 1. ദേശീയപാതകൾ മുതൽ ഗ്രാമീണറോഡുകളുടെ നിർമാണം വരെ PPP സംവിധാനത്തിലേക്ക്‌ മാറ്റുക. 2. ബസ്സ്‌ ടെർമിനലുകളുടെയും റെയിൽവെ സ്റ്റേഷനുകളുടെയും നിർമാണവും നടത്തിപ്പും PPP സമ്പ്രദായത്തിലേക്ക്‌ മാറ്റുക. 3. ഗതാഗതവരുമാന സ്രോതസ്സുകളുടെ എണ്ണം വർദ്ധിപ്പിക്കുക. അതായത്‌ പരസ്യം, കെട്ടിടസമുച്ചയങ്ങളിൽ നിന്നുള്ള വരുമാനം തുടങ്ങിയ പുതിയ സ്രോതസ്സുകൾ കണ്ടെത്തുക. 4. ഗുജറാത്തിലെ കച്ച്‌ റെയിൽവെ കമ്പനി ലിമിറ്റഡിന്റെ മോഡലിൽ കേരള റെയിൽവെ കമ്പനി ലിമിറ്റഡ്‌ എന്ന പേരിൽ വിദേശകേരളീയർക്ക്‌ പങ്കാളിത്തമുള്ള കമ്പനി രൂപീകരിച്ച്‌ റെയിൽവെ വികസനത്തിൽ പങ്കാളികളാകുക. 5. കൊച്ചിയിലെ വല്ലാർപ്പാടം കണ്ടെയ്‌നർ ടെർമിനലിന്റെ ആഴം കൂട്ടുന്നതിനായി കൂടുതൽ തുക ചെലവാക്കേണ്ടിവരുന്ന സാഹചര്യത്തിൽ വിഴിഞ്ഞത്ത്‌ പുതിയ കണ്ടെയ്‌നർ ടെർമിനൽ പണിയുക. 6. ആറന്മുളയടക്കം അഞ്ച്‌ അന്തർദേശീയ വിമാനത്താവളങ്ങൾ കൂടാതെ കഴിയുന്നത്ര ചെറിയ വിമാനത്താവളങ്ങൾ (30 പേർ സഞ്ചരിക്കുന്ന വിമാനങ്ങൾക്കനുയോജ്യമായ) ഇവയുമായി ബന്ധിപ്പിക്കുക. 7. PWDയുടെ ഉത്തരവാദിത്തങ്ങൾ കുറച്ചുകൊണ്ടുവന്ന്‌ റോഡുകളുടെ നിർമാണത്തിന്റെയും പരിപാലനത്തിന്റെയും ഉത്തരവാദിത്തം സ്വകാര്യകമ്പനികളെ ഏൽപ്പിക്കുക. റോഡുകളുടെ നിർമാണവും പരിപാലനവും 20-30 വർഷത്തേക്ക്‌ സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചാൽ PWDയുടെ പണി കുറയും എന്നാണവർ പറയുന്നത്‌.

3) സാമ്പത്തിക കാര്യക്ഷമത (Economic efficiency) വിവിധ ഗതാഗതരൂപങ്ങളെ ഏകോപിപ്പിക്കുക, ഒരു ഗതാഗതസംവിധാനത്തിൽ നിന്ന്‌ മറ്റൊരു ഗതാഗതസംവിധാനത്തിലേക്ക്‌ മാറുമ്പോൾ ഒരേ ടിക്കറ്റുകൾ ഉപയോഗിക്കാൻ കഴിയുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തുക, മാസ്സ്‌ ട്രാൻസ്‌പോർട്ടേഷൻ സംവിധാനം ശക്തിപ്പെടുത്തുക, ഗ്രാമീണറോഡുകളിലടക്കം മിനിബസ്സുകൾ സർവീസ്‌ നടത്തുക, ഓട്ടോറിക്ഷകളുടെ എണ്ണം നിയന്ത്രിക്കുക, PPP മാതൃകയിലൂടെ പാർക്കിംഗ്‌ സംവിധാനം കാര്യക്ഷമമാക്കുക തുടങ്ങിയ നിർദേശങ്ങളാണ്‌ ഇതിലുള്ളത്‌.

4) സാമൂഹിക തുല്യത (Social equity) പ്രായമായവർക്കും സ്‌ത്രീകൾക്കും മറ്റ്‌ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും സൗഹൃദപരമായ ബസ്സുകൾ, ബസ്സ്‌ സ്റ്റേഷനുകൾ, കൂടാതെ വൈകുന്നേരങ്ങളിൽ സ്‌ത്രീകൾക്ക്‌ മാത്രമായി ബസ്സ്‌ സർവീസുകൾ, പ്രായമായവർക്ക്‌ അത്യാവശ്യ സന്ദർഭങ്ങളിൽ ലഭ്യമാകുന്ന കോൾ ടാക്‌സി സംവിധാനം എന്നീ നിർദേശങ്ങളിലൂടെ സാമൂഹിക തുല്യത ഉറപ്പുവരുത്താനാണ്‌ `വിഷൻ 2030' നിർദേശിക്കുന്നത്‌.

5) പരിസ്ഥിതി സുസ്ഥിരത (Environmental sustainability) യൂറോ സ്റ്റാന്റേഡിലേക്ക്‌ വാഹനമലിനീകരണം കുറച്ചുകൊണ്ടുവരാനും ശുദ്ധ ഇന്ധനങ്ങൾക്ക്‌ ഇൻസെന്റീവ്‌ നൽകാനും പഴയ കാറുകളെ നിരത്തിൽ നിന്ന്‌ നീക്കം ചെയ്യാനും നിർദേശിക്കുന്നു.

ചുരുക്കത്തിൽ `വിഷൻ 2030' വിശകലനം ചെയ്യുമ്പോൾ നമുക്ക്‌ ഒരു കാര്യം ബോധ്യപ്പെടും. കേരളത്തിന്റെ പരിസ്ഥിതിക്കും അതിന്റെ നിലനിൽപ്പിനും ഭൂ ലഭ്യതക്കും അനുയോജ്യമായ വികസനകാഴ്‌ചപ്പാടല്ല ഇവിടെ മുന്നോട്ടുവച്ചിട്ടുള്ളത്‌. മറിച്ച്‌, പൊതുസ്വത്ത്‌ സ്വകാര്യമൂലധനശക്തികൾക്ക്‌ കൈമാറി അവരുടെ വികസനത്തിലൂടെ നാടിനാവശ്യമായതൊക്കെ നേടിയെടുക്കാം എന്ന വ്യാമോഹമാണ്‌ ഇവിടെ പങ്കുവയ്‌ക്കുന്നത്‌. ഒരുവശത്ത്‌ പൊതുയാത്രാസംവിധാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മുന്നോട്ടുവയ്‌ക്കുമ്പോൾ അതിനുവേണ്ടി നിർദേശിക്കുന്ന തന്ത്രങ്ങൾ ചെലവേറിയ പൊതുയാത്രാസംവിധാനത്തിലേക്ക്‌ നയിക്കുന്നതും സ്വകാര്യവാഹനപ്പെരുപ്പത്തെ സഹായിക്കുന്നതുമാണ്‌. എക്‌സ്‌പ്രസ്സ്‌ ഹൈവേ, ഹൈ സ്‌പീഡ്‌ റെയിൽവേ കോറിഡോർ എന്നീ സ്വപ്‌നപദ്ധതികളും വിഷൻ 2030ൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്‌. നാമമാത്രമായിക്കൊണ്ടിരിക്കുന്ന പൊതുസംവിധാനങ്ങളെ മുഴുവൻ തകർക്കാനും സുസ്ഥിരത, സാമൂഹികനീതി, തുല്യത എന്നിവ 2030-ഓടെ കേരളത്തിൽ നിന്ന്‌ തുടച്ചുനീക്കാനും മാത്രമെ ഈ `വിഷൻ' കൊണ്ട്‌ ഉപകരിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ സുസ്ഥിരഗതാഗതം ലക്ഷ്യംവച്ചുകൊണ്ടുള്ള ജനകീയബദലുകൾ ഉണ്ടായിവരേണ്ടതുണ്ട്‌.

ബദൽനയവും അതിനനുസൃതമായ പരിപാടികളുമാണ്‌ താഴെ വിവരിക്കുന്നത്‌.

പൊതുനയം മുൻപ്‌ വളരെ വിശദമായിത്തന്നെ പരിശോധിച്ച കേരളത്തിലെ ഗതാഗത പ്രശ്‌നങ്ങൾക്ക്‌ പരിഹാരമായി വിഷൻ 2030 നെ കാണാൻ നമുക്ക്‌ കഴിയില്ല. അത്‌ അമിതി വിഭവശോഷണത്തിലും ഉപഭോഗ ഭ്രാന്തിലും അമിത സ്വകാര്യവൽക്കരണത്തിലും അധിഷ്‌ഠിതമാണ്‌. ഈ നയം നിലനിൽക്കുന്ന ധനിക ദരിദ്ര അന്തരം വർധിപ്പിക്കുകയും ധനികതാൽപര്യത്തിലേക്ക്‌ വികസനത്തെ ഒതുക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ കൂടുതൽ മെച്ചപ്പെട്ട സംവിധാനം ഒരുക്കുന്ന വിധത്തിൽ ആയിരിക്കണം ഗതാഗതനയം രൂപപ്പെടുത്തേണ്ടത്‌. താഴെ പറയുന്ന സമീപനങ്ങൾ ആണ്‌ ഉണ്ടാകേണ്ടത്‌ 1. സ്വകാര്യവാഹനങ്ങളെ നിയന്ത്രിക്കുക. 2. യന്ത്രവൽകൃതമല്ലാത്ത സൈക്കിൾ പോലുള്ള യാത്രാവാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക. 3. പൊതുയാത്രാസംവിധാനങ്ങളെ ശക്തിപ്പെടുത്തുക. 4. യാത്രകൾ ലഘൂകരിക്കുന്ന വിധത്തിൽ ജീവിതസംവിധാനം ഒരുക്കുക. 5. പെട്രോളിന്റെയും ഡീസലിന്റെയും പരിമിതി ബോധ്യപ്പെട്ട്‌ ബദലുകൾ അന്വേഷിക്കുക. 6. മാസ്‌ ട്രാൻസ്‌പോർട്ടേഷൻ ശക്തിപ്പെടുത്തുക. 7. സുരക്ഷിതമായ യാത്രാസംവിധാനം ഒരുക്കുക. 8. വികസനം സുസ്ഥിരമെന്നപോലെ ഗതാഗതവും സുസ്ഥിരമാക്കുക. 9. പാർക്കിംഗ്‌ സംവിധാനം കുറ്റമറ്റതാക്കുക 10. പശ്ചാത്തലസൗകര്യവികസനം പൂർണ്ണമായും പൊതുമേഖലയിൽ തന്നെ ആക്കുക. 11. വാഹനഗതാഗതത്തിൽ പൊതുമേഖല, സഹകരണമേഖല എന്നിവയ്‌ക്കായിരിക്കണം മുൻഗണന. 12. വിവരവിനിമയ സാങ്കതികവിദ്യ (ICT) ഉപയോഗപ്പെടുത്തി ഗതാഗതരംഗം ആധുനികവൽക്കരിക്കുക. മേൽ സൂചിപ്പിച്ച പൊതുനയത്തിന്റെ പശ്ചാത്തലത്തിൽ ഓരോ മേഖലയിലും വരുത്തേണ്ട മാറ്റങ്ങളെ ഇങ്ങനെ ചുരുക്കാം. I. റോഡ്‌ ഗതാഗതം (1). ഇപ്പോൾ 75 ലക്ഷം വാഹനങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇതിൽ കൂടുതൽ വാഹനങ്ങളെ താങ്ങാൻ കേരളത്തിന്‌ കഴിയില്ല എന്ന തിരിച്ചറിവ്‌ ഉണ്ടാകണം. കഴിയുമെങ്കിൽ ശാസ്‌ത്രീയ പഠനങ്ങളുടെ പിൻബലം വേണം. സ്വകാര്യ വാഹനപ്പെരുപ്പം നിയന്ത്രിച്ചേ തീരു, അതിനായി സർക്കാരിന്റെ ഭാഗത്തുനിന്നുതന്നെ പ്രചാരവേലകൾ സംഘടിപ്പിക്കണം. അതിന്റെ മുന ദേശീയ താൽപര്യം മുൻനിർത്തി സ്വകാര്യ കാറുകളുടെ എണ്ണം കുറയ്‌ക്കണം എന്നായിരിക്കണം. രാജ്യത്തിന്റെ ഇറക്കുമതിച്ചെലവിന്റെ 30%ന്റെ ഉത്തരവാദി പെട്രോളിയം ഉൽപന്നങ്ങൾ ആണെന്നും ഫോസിൽ ഇന്ധനമെന്ന നിലയ്‌ക്ക്‌ പെട്രോളിയം ഉൽപന്നങ്ങൾ ഉപയോഗിക്കുന്തോറും കുറയുന്നതാണെന്നും ഉപഭോഗം കുറയ്‌ക്കാൻ ജനങ്ങൾ പൊതുയാത്രാസംവിധാനത്തിലേക്ക്‌ തിരിയണമെന്നുമുള്ള ആഹ്വാനങ്ങൾ ഉണ്ടാകണം. (2). 1000 സിസി ക്ക്‌ മേലുള്ള കാറുകൾക്ക്‌ കടുത്ത നികുതി ചുമത്താൻ കഴിയണം. വാഹനങ്ങളുടെ വിലയുടെ അത്രതന്നെ നികുതി ഏർപ്പെടുത്താൻ കഴിയണം. ഇതൊരു ദേശീയ നയമാകണം. (3). മീറ്റർ ഘടിപ്പിച്ച ടാക്‌സി, ഓട്ടോറിക്ഷ എന്നിവയ്‌ക്ക്‌ പെർമിറ്റ്‌ നൽകണം. അവശ്യ സർവ്വീസ്‌ ആയി പ്രഖ്യാപിച്ച്‌ അവരുടെ സമരം നിരോധിക്കണം. രണ്ട്‌ വർഷം കൂടുമ്പോൾ നിരക്ക്‌ പുതുക്കി നൽകാനുള്ള സംവിധാനം വേണം. 24 മണിക്കൂർ ടാക്‌സി സർവ്വീസ്‌ ഉറപ്പ്‌ വരുത്തണം. ഡീസലിന്‌ ഇവർക്ക്‌ സബ്‌സിഡി നൽകണം. (4) സ്വകാര്യ യാത്രാ വാഹനങ്ങൾക്ക്‌ യാതോരു സബ്‌സിഡിയും നൽകേണ്ടതില്ല. അവരുടെ പെട്രോൾ ഡീസൽ ചാർജ്‌ ഒന്നാക്കാം. (5). വാഹനങ്ങളുടെ പാർക്കിങ്ങിന്‌ പ്രത്യേക ചട്ടങ്ങൾ ഉണ്ടാക്കണം. നിരത്തുകളിലെ പാർക്കിങ്ങ്‌ നിരോധിക്കണം. പാർക്കിങ്ങ്‌ വേണ്ടിവരുന്ന ആവശ്യ ഘട്ടത്തിൽ പ്രത്യേക സിഗ്നൽ സംവിധാനം ഉറപ്പ്‌ വരുത്തണം. റോഡരികിൽ വാഹനം നിറുത്തിയിട്ടിട്ടുള്ള കയറ്റിറക്ക്‌ പീക്ക്‌ ടൈമിൽ നിരോധിക്കണം. രാവിലെ 8 മുതൽ 11 വരെയും വൈകീട്ട്‌ 4 മുതൽ 7വരെയും റോഡരികിലെ കയറ്റിറക്ക്‌ നിരോധിക്കണം. (6) പോതു യാത്രാവാഹനങ്ങൾക്കും (ടാക്‌സി) ചരക്ക്‌ വാഹനങ്ങൾക്കും പഞ്ചായത്ത്‌, മുനിസിപ്പൽ, കോർപ്പറേഷൻ കേന്ദ്രങ്ങളിൽ ആവശ്യമായും പാർക്കിങ്‌ സ്റ്റാന്റുകൾ ഉണ്ടാകണം. മറ്റ്‌ വാഹനങ്ങൾക്ക്‌ പേ പാർക്കുകൾ (Pay Park) ഉണ്ടാകണം. ഷോപ്പിങ്ങ്‌ കോംപ്ലക്‌സുകളിൽ പാർക്കിങ്ങ്‌ ഏരിയ ഉണ്ടാകണമെന്ന നിബന്ധന കർശനമാക്കണം. (7) ബസ്‌ സ്റ്റേഷനും റെയിൽവെ സ്റ്റേഷനും അടുത്തടുത്ത്‌ സ്ഥാപിക്കുകയും രണ്ടിടത്തും വിശാലമായ പാർക്കിങ്ങ്‌ സൗകര്യം ഒരുക്കുകയും വേണം. എല്ലായിടങ്ങളിലും പ്രീ-പെയ്‌ഡ്‌ ടാക്‌സി സംവിധാനം ഉണ്ടാകണം. (8) ദേശീയ പാതകൾ, പ്രധാന സ്റ്റേറ്റ്‌ പാതകൾ എന്നിവ ദേശസാൽക്കരിച്ച്‌ കെ.എസ്‌.ആർ.ടി.സി ബസ്സുകൾ മാത്രം ഓടിക്കാനുള്ള സംവിധാനം ഒരുക്കണം. (9) ദീർഘ ദൂര ബസ്സുകളും ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ബസ്സുകളും നിർബന്ധമായും പൊതുമേഖലയിൽ ആയിരിക്കണം. (10) അയൽപക്ക സ്‌കൂൾ എന്നത്‌ കർശ്ശനമാക്കുകയും കുട്ടികളുടെ കാൽനട യാത്രയെ പ്രോത്സാഹിപ്പിക്കുകയും വേണം. (11) രാവിലെ നാല്‌ മണി മുതൽ വൈകീട്ട്‌ 12 മണിവരെ പൊതുയാത്രാ ബസ്സുകൾ പ്രധാന ദേശീയ, സ്റ്റേറ്റ്‌ ഹൈവേകളിൽ ഉണ്ടാകും എന്ന്‌ ഉറപ്പു വരുത്തണം. 12) കെ. എസ്‌. ആർ. ടി. സി ബസ്സുകാരും, സ്വകാര്യ ബസ്സുകാരും തമ്മിലുള്ള മത്സരം അല്ലവേണ്ടത്‌ മറിച്ച്‌ ഉദ്‌ഗ്രധിത സമീപനം (Intagratated Approch)ആണ്‌ വേണ്ടത്‌. ദീർഘദൂര ബസ്സുകൾ കെ.എസ്‌. ആർ. ടി. സി യും ഹൃസ്വദൂര ബസ്സുകൾ സ്വകാര്യ ബസ്സ്‌ ഉടമകളും ഓപ്പറേറ്റ്‌ ചെയ്യണം. സ്വകാര്യ ബസ്സുകൾ operate ചെയ്യാത്ത ഇടങ്ങളിൽ നിർബന്ധമായും സർക്കാർ ബസ്സുകൾ operate ചെയ്യണം. (13) ബസ്സ്‌ റൂട്ടുകൾ ഇല്ലാത്ത ദൂരം കുറഞ്ഞ ഇടങ്ങളിലേക്ക്‌ Share Taxi സംവിധാനം വേണം. ഓട്ടോറിക്ഷ, കാർ, ടെമ്പോ എന്നിവയിൽ ചാർജ്‌ ഷെയർ ചെയ്‌ത്‌ പോകാനുള്ള സംവിധാനം ഉണ്ടാകണം. (14) നാലു പേരിൽ കുറവ്‌ യാത്രചെയ്യുന്ന കാറുകളെ നിരുത്സാഹപ്പെടുത്തണം. (15) അടുത്ത അഞ്ച്‌ വർഷത്തിനുള്ളിൽ കേരളത്തിലെ റോഡുകൾ എല്ലാം ഒരേ നിലവാരം പുലർത്തുന്നവയാകും എന്ന്‌ ഉറപ്പ്‌ വരുത്തണം. പഞ്ചായത്ത്‌ റോഡ്‌, ജില്ല റോഡ്‌, സംസ്ഥാന റോഡ്‌, സ്റ്റേറ്റ്‌ ഹൈവേ, ദേശീയ ഹൈവേ എന്നിങ്ങനെ തരം തിരിച്ച്‌ ഓരോ റോഡിനും സ്റ്റാൻഡേർഡ്‌ ഉണ്ടാക്കുകയും അതനുസരിച്ച്‌ അഞ്ച്‌ വർഷ ഗ്യാരണ്ടിയോടുകൂടി റോഡ്‌ നിർമ്മിക്കണം. ലഭ്യമായ തുകക്ക്‌ അനുസരിച്ച്‌ ഉള്ള എസ്റ്റിമേറ്റ്‌, അതനുസരിച്ചുള്ള റോഡ്‌ എന്നതിന്‌ പകരം സ്റ്റാൻഡേർഡ്‌ അനുസരിച്ചുള്ള റോഡ്‌ അതനുസരിച്ചുള്ള തുക എന്നതാവണം നയം. റോഡിന്റെ സ്റ്റാന്റേർഡ്‌ അനുസരിച്ചുള്ള തുക നിർബന്ധമായും വകയിരുത്തുകയും അതനുസരിച്ചുള്ള എസ്റ്റിമേറ്റ്‌ ഉണ്ടാക്കുകയും വേണം. (16) ദേശീയ പാതകളുടെ വീതി 30 മീറ്റർ മുതൽ 45 മീറ്റർ എന്നും, (ഇപ്പോൾ കേന്ദ്രസർക്കാർ നയമായ 45 മീറ്ററിൽ നാലുവരിപ്പാത എന്ന നയമല്ല വേണ്ടത്‌. മറിച്ച്‌ കേരളത്തിലെ ജനസാന്ദ്രതയും വിഭവ ദൗർലഭ്യവും പരിഗണിച്ച്‌ 30 മീറ്ററിൽ നാലുവരിയും ആവശ്യമായ ഇടങ്ങളിൽ 45 മീറ്ററിൽ ആറുവരിയുമെന്നാണ്‌.)സംസ്ഥാന പാതകളുടെ വീതി 15 മുതൽ 20 മീറ്റർ എന്നും, ജീല്ലാപാതകളുടെ വീതി 12 മീറ്റർ എന്നും പഞ്ചായത്ത്‌ പാതകളുടെ വീതി 10 മീറ്റർ എന്നും നിചപ്പെടുത്തണം. എല്ലാ പാതയിലും കാൽനടക്കാർക്ക്‌ പ്രത്യേക സംവിധാനം വേണം. (17). ദേശീയപാതകളിൽ ഒരു ട്രാക്ക്‌ ട്രക്ക്‌ ട്രാഫിക്കിന്‌ വേണ്ടി മാത്രം ഉള്ളതായിരിക്കണം. (18). കേരളത്തിലെ ജനസാദ്രതയും ജനങ്ങളുടെ റോഡ്‌ ഉപയോഗവും ആവാസ വ്യവസ്ഥയും പരിഗണിച്ച്‌ പരമാവധി വേഗതക്ക്‌ നിയന്ത്രണം ഉണ്ടാകണം. പഞ്ചായത്ത്‌ റോഡുകൾ 40 കി.മീ/ എന്നും ജീല്ല റോഡ്‌ 50 കി.മീ എന്നും ദേശീയ -സംസ്ഥാന പാതകൾ 80കി.മി/ എന്നും നിചപ്പെടുത്തണം. ഇതിൽ കൂടുതൽ സ്‌പീഡിൽ പോകുന്നവരെ ഓവർ സ്‌പീഡ്‌ ഗണത്തിൽപ്പെടുത്തണം. (19) റോഡ്‌ സുരക്ഷക്കാവശ്യമായ എല്ലാ സിഗ്നലുകളും, ആവശ്യമായ വെളിച്ചവും റോഡുകളിലുണ്ട്‌ എന്ന്‌ ഉറപ്പ്‌ വരുത്തണം. (20) ജില്ല റോഡ്‌ മുതൽ ദേശീയ പാതവരെ, പെഡസ്‌ട്രിയൻ ട്രാക്കും സൈക്കിൾ ട്രാക്കും നിർബന്ധമായും ഉണ്ടാകണം. (21) റോഡ്‌ ക്രോസിങ്ങിന്‌ ആവശ്യമായ സുരക്ഷാലൈൻ എല്ലായിടത്തും ഉണ്ടാകണം. (22) ട്രാഫിക്‌ നിയമങ്ങളും, റോഡ്‌ ഉപയോഗവും നല്ല രീതിയിൽ അറിയുന്നവർക്ക്‌ മാത്രം ലൈസൻസ്‌ എന്നതാകണം ലക്ഷ്യം. പരിശീലനവും ലൈസൻസും കുറ്റമറ്റതാക്കണം. തുടർ പരിശീലനങ്ങളും ഉണ്ടാകണം. പ്ലസ്‌ടു കഴിയുന്നതോടൊപ്പം ഔപചാരികമായിത്തന്നെ ഡ്രൈവിങ്‌ പരിശീലനം പൂർത്തീകരിച്ച്‌ ലൈസൻസ്‌ നൽകാനുള്ള സംവിധാനം സ്‌കൂളുകളിൽ ഏർപ്പെടുത്തണം. (23) ട്രാഫിക്ക്‌ നിയമ ലംഘനം അപ്പപ്പോൾ അറിയുന്നതിന്‌ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തണം. ദേശീയ പാതകളിലും, സ്റ്റേറ്റ്‌ ഹൈവേകളിലും, കുറ്റമറ്റ കൺട്രോൾ റൂമുകൾ പ്രവർത്തിക്കണം. (24) ട്രാഫിക്‌ നിയമലംഘനം നടത്തുന്നവർക്ക്‌ എതിരെ വളരെ പെട്ടന്നു തന്നെ ഫൈൻ പോലുള്ള ശിക്ഷ നടപടികൾ നൽകാനും കടുത്ത നിയമ ലംഘനത്തിനും ആവർത്തിച്ചുളള നിയമലംഘനത്തിനും പെർമിറ്റ്‌ റെദ്ദാക്കൽ, ലൈസൻസ്‌ റെദ്ദാക്കൽ തുടങ്ങിയ ശിക്ഷാ നടപടികൾ നൽകാൻ കഴിയണം. (25) ദേശീയ, സ്റ്റേറ്റ്‌ പാതകളിൽ അപകടങ്ങളിൽ പെടുന്നവരെ വളരെ പെട്ടെന്ന്‌ ആശപത്രികളിലെത്തിക്കാൻ സംവിധാനങ്ങൾ ഉണ്ടാകണം. (26) റോഡരികിലെ വലിയ പരസ്യങ്ങൾ കട്ട്‌ ഔട്ടറുകൾ എന്നിവ കർശനമായും നിരോധിക്കണം. (27) സ്റ്റേറ്റ,്‌ ദേശീയപാതകളിലെ ബസ്‌ സ്റ്റോപ്പുകൾക്ക്‌ സൗകര്യ പ്രദമായ ബസ്‌ബേകൾ ഉണ്ടായിരിക്കണം. (28) റോഡുകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനും ആവശ്യമായ മുഴുവൻ തുകയും നികുതി മുഖേനയും, ലോൺ മുഖേനയും സർക്കാർ തന്നെ കണ്ടെത്തണം. (29) ഒരു പൊതു നയത്തിന്റെ ഉള്ളിൽ നിന്ന്‌ കൊണ്ടാകണം എല്ലാ വകുപ്പുകളും പ്രവർത്തിക്കേണ്ടത്‌. റോഡ്‌ നിർമ്മിക്കുന്നവരും,റോഡ്‌ സുരക്ഷക്കാരും, വാഹനം ഓടിക്കുന്നവരും, നിയമ നിർവ്വഹണം ഉറപ്പ്‌ വരുത്തേണ്ടവരും, പെർമിറ്റ്‌ നൽകുന്നവരും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ ഒരു കുടക്കീഴിൽ അണിനിരക്കണം. (30) പൊതു യാത്രസംവിധാനവും, മാസ്‌ ട്രാൻസ്‌പോർട്ടിങ്ങ്‌ സംവിധാനവും ഉപയോഗപ്പെടുത്തി കേരളത്തിലെ ഏതു പ്രദേശത്തേക്കും നിശ്ചിത സമയത്തിനുള്ളിൽ യാത്ര ചെയ്യാൻ കഴിയണം. (31) നഗരങ്ങളിലെ ട്രാഫിക്‌ ബ്ലോക്കുകൾ ഇല്ലാതാക്കാൻ ദീർഘകാല നഗരാസൂത്രണ പദ്ധതികൾക്ക്‌ കഴിയണം. നഗരത്തിലെ ഏറ്റവും തിരക്കേറിയ തെരുവുകളെ വാഹനവിമുക്ത തെരുവുകൾ ആക്കുകയോ, വാഹന പ്രവേശന സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയോ വേണം. തിരക്കേറിയ നഗര പ്രദ്‌ശങ്ങളിൽ സ്വകാര്യ വാഹനത്തെ നിയന്ത്രിച്ച്‌ ബസ്സ്‌ യാത്ര സംവിധാനം മാത്രമാക്കി മാറ്റണം. (32) 1150 കി.മീറ്റർ വരുന്ന ഹിൽഹൈവേ, 680 കി.മീറ്റർ വരുന്ന കോസ്റ്റൽ ഹൈവേ എന്നിവ യാഥാർത്ഥ്യമാക്കണം. ഇവിടെ പുതിയ റോഡല്ല ഉദ്ദശിക്കുന്നത്‌. ഇപ്പോൾ തന്നെ നിലനിൽക്കുന്ന റോഡുകളെ ബന്ധിപ്പിച്ച്‌ ഹൈവേ ഗുണനിലവാരത്തിലേക്ക്‌ ഉയർത്തുകയാണ്‌ വേണ്ടത്‌. (33) തെരുവോരങ്ങളിലെ കച്ചവടങ്ങൾ നിരോധിച്ച്‌ ഓരോ പഞ്ചായത്തിലും മാർക്കറ്റുകൾ സ്ഥാപിച്ച്‌ അവിടെ അവർക്ക്‌ വേണ്ട സൗകര്യങ്ങൾ ചെയ്‌തു കൊടുക്കണം. (34) റോഡ്‌ കയ്യേറുന്നവരിൽ നിന്ന്‌ കയ്യേറിയ സ്ഥലം തിരിച്ചു പിടിക്കുക മാത്രമല്ല കർശ്ശന ശിക്ഷയും നൽകണം. (35) കേരള സ്റ്റേറ്റ്‌ റോഡ്‌ സേഫ്‌റ്റി അതോറിറ്റി ആക്‌റ്റ്‌ 2007 കാര്യക്ഷമതയോടെ നടപ്പാക്കണം. (36) വിവരവിനിമയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി റോഡ്‌ഗതാഗതം സുരക്ഷിതവും സുശക്തവുമാക്കണം. (37) പെട്രോൾ, ഡീസൽ ഇന്ധനങ്ങളിൽ നിന്നും ചെറുവാഹനങ്ങളെങ്കിലും CNG (Compressed Natural Gas), LNG (Liquified Natural Gas) എന്നിവയിലേക്ക്‌ നിയമനിർമാണത്തിലൂടെ (ഡെൽഹി മോഡൽ) മാറ്റുക.(ഡീസലിനും കാൻസറിനും തമ്മിൽ വലിയ ബന്ധമാണുള്ളത്‌.)

II ജലഗതാഗതം ജലഗതാഗത സാധ്യതകളെ വളരെ പരിമിതമായതോതിൽ മാത്രം ഉപയോഗപ്പെടുത്തുന്ന സംസ്ഥാനമാണ്‌ നമ്മുടേത്‌. അത്‌ പോര സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താൻ എന്ത്‌ ചെയ്യണം എന്ന്‌ ചിന്തിക്കണം. (1) കേരളത്തിലെ ചരക്ക്‌ ഗതാഗതത്തിന്റെ 25% ജലപാതയിലേക്ക്‌ മാറ്റാൻ കഴിയും എന്നാണ്‌ നാറ്റ്‌പാക്കിന്റെ 1998 ലെ പഠനം വ്യക്തമാക്കുന്നത്‌. അത്‌ നടപ്പാക്കാനുള്ള ഇച്ചാശക്തി ഉണ്ടാകണം. (2) ഉൾനാടൻ ജലപാതകളെ തുറമുഖങ്ങളുമായി ബന്ധപ്പെടുത്തണം. (3) ജലഗതാഗതവും, റോഡ്‌, റെയിൽ ഗതാഗതവും ബന്ധിപ്പിക്കുന്നതിനായി ജലഗതാഗത ടെർമിനലുകൾ ധാരാളമായി സ്ഥാപിക്കണം. (4) ഹോസ്‌ ദുർഗ്ഗ്‌ മുതൽ കോവളം വരെ നീണ്ട 506 കി.മീ വെസ്റ്റ്‌ കോസ്റ്റ്‌ കനാൽ ഉപയോഗപ്പെടുത്തി സുസ്ഥിരമായ ഒരു ജല യാത്ര സംവിധാനം ഒരുക്കണം. (5) 10-20 യാത്രക്കാരെ ഉൾക്കൊള്ളുന്ന സ്‌പീഡ്‌ ബോട്ടുകളും ഹ്രസ്വദൂര ദീർഘദൂര യാത്രക്കാർക്കും ചരക്ക്‌ കടത്തലിനും സൗകര്യപ്രദമായ വലിയ ബോട്ടുകളും ധാരാളമായി ഇറക്കാൻ കഴിയണം. (6) 1994 മുതൽ വാട്ടർ ട്രാൻപോർട്ട്‌ ഡിപ്പാർട്ട്‌മെന്റ്‌ പ്രവർത്തിക്കുന്നുണ്ട്‌. എങ്കിലും കാര്യമായ പുരോഗതി ദൃശ്യമാകാത്ത വകുപ്പ്‌ ആണ്‌ ഇത്‌. വാട്ടർ ട്രാൻസ്‌പോർട്ട്‌ ഡിപ്പാർട്ട്‌മെന്റിനെ ശാക്തീകരിച്ച്‌ കൊണ്ട്‌ മാത്രമെ ഈ രംഗത്ത്‌ പുരോഗതി കൈവരിക്കാൻ കഴിയൂ. (7) റോഡും, റെയിലുമായി താരതമ്യപ്പെടുത്തുമ്പോൾ എത്രയോ കുറവ്‌ ചെലവ്‌ കൊണ്ട്‌ ജലഗതാഗതം സുഗമമാക്കാൻ കഴിയും-അതിന്‌ വേണ്ടിയുള്ള ശ്രമം അടിയന്തിരമായി ഉണ്ടാകണം. (8) ജലഗതാഗത ടെർമിനലുകളിൽ വരുന്ന യാത്രക്കാരെയും ചരക്കിനേയും പെട്ടന്ന്‌ റോഡ്‌ വഴികൊണ്ടു പോകാവുന്ന വിധത്തിൽ റോഡ്‌, ജലമാർഗ്ഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കണം. (9) ജലഗതാഗതം സമഗ്രമാക്കി വികസിപ്പിക്കാൻ കഴിഞ്ഞാൽ റോഡ്‌ പോലെ തന്നെ ഒട്ടേറെ ചെറുകിട വൻകിട സ്ഥാപനങ്ങൾക്ക്‌ കായലോരത്ത്‌ പ്രവർത്തിക്കാനും വികസിക്കാനും കഴിയും. (10) ടൂറിസ സാധ്യതകളെ വൻതോതിൽ ഉപയോഗപ്പെടുത്താൻ ഉൾനാടൻ ജലപാതകൾക്ക്‌ കഴിയണം. (11). വല്ലാർപാടം കണ്ടെയ്‌നർ ടർമിലനിന്റെ പൂർണ്ണശേഷി ഉപയോഗപ്പെടുത്തുമെന്ന ഉറപ്പിനുശേഷം ഇനിയും ഒരു അന്തർദേശീയ കണ്ടെയ്‌നർ ടർമിനലിന്‌ സാമ്പത്തികമായി സാധ്യതാപരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ മാത്രമേ വിഴിഞ്ഞം കണ്ടെയ്‌നർ നിർമാണത്തെക്കുറിച്ച്‌ ചിന്താക്കാൻ പാടുള്ളൂ. വിഴിഞ്ഞത്തെ കടലിന്‌ ആഴം കൂടുതലുണ്ട്‌ എന്നുള്ളതുകൊണ്ടുമാത്രം വിഴിഞ്ഞം പദ്ധതി ആരംഭിക്കരുത്‌. III. റെയിൽ ഗതാഗതം അടിയന്തരാവശ്യങ്ങൾ 1. റോഡ്‌ ഗതാഗതവും റെയിൽ ഗതാഗതവും സമന്വയിപ്പിച്ച്‌ മീൻമുള്ള്‌ (Fish borne)രീതിയിൽ ഉള്ള ഒരു വികസനതന്ത്രം നടപ്പാക്കണം. ട്രെയിൻ ഇറങ്ങിയാൽ തൊട്ടടുത്ത കേന്ദ്രത്തിലേക്ക്‌ ബസ്സിൽ പോകാനുള്ള സൗകര്യങ്ങൾ ഉണ്ടാകണം. 2. നിലവിലുള്ള ലെവൽ ക്രോസുകൾ മുഴുവൻ fly over നിർമിച്ച്‌ automatic signal സംവിധാനത്തിലൂടെ ട്രെയിനുകളുടെ സ്‌പീഡും കാര്യക്ഷമതയും വർധിപ്പിക്കണം. 3. എറണാകുളം ഹൈക്കോർട്ട്‌ ജങ്‌ഷനടുത്തുള്ള പഴയ റെയിൽവെ സ്റ്റേഷൻ പുനർ നിർമ്മിച്ച്‌ സബർബൻ ട്രെയിനിന്റെ Station അവിടേക്ക്‌ ആക്കണം. തെക്കോട്ടേക്കും കിഴക്കോട്ടേക്കും വടക്കോട്ടേക്കും ധാരാളം സബർബൻ ട്രെയിനുകൾ ഇവിടെനിന്നും ആരംഭിക്കണം. 4. മംഗലാപുരം മുതൽ നാഗർ കോവിൽ വരെ വൈദ്യുതീകരിച്ച, ഇരട്ടപ്പാത എത്രയും വേഗം നിലവിൽ വന്നാൽ മാത്രമേ കേരളത്തിന്‌ ഇന്നത്തെ ശ്വാസം മുട്ടലിൽ നിന്ന്‌ അല്‌പമെങ്കിലും മോചനം ലഭിയ്‌ക്കുകയുള്ളൂ. a) ഷൊർണൂർ-മംഗലാപുരം പാത ഇരട്ടിപ്പിയ്‌ക്കൽ ഉടൻ പൂർത്തിയാക്കണം. b) ഈപാതയുടെ വൈദ്യുതീകരണം ത്വരിതപ്പെടുത്തണം. c) നിർമ്മാണാനുമതി ലഭിച്ചിട്ടുള്ള മുളന്തുരുത്തി മുതൽ ചെങ്ങന്നൂർ വരെയുള്ള മേഖലയിലെ പാത ഇരട്ടിപ്പിയ്‌ക്കൽ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണം. d) തുറവൂർ- അമ്പലപ്പുഴ, തിരുവനന്തപുരം-നാഗർകോവിൽ മേഖലകളിലെ ഇരട്ടിപ്പിയ്‌ക്കൽ 2012-13 റെയിൽവേ ബജറ്റിൽ ഉൾപ്പെടുത്തണം. e) ഷൊർണൂർ ജംഗ്‌ഷനിൽ നിന്നും എറണാകുളം-പാലക്കാട്ട്‌ ഇരട്ടപ്പാതയിലേയ്‌ക്കും (പാലക്കാട്‌ ഭാഗത്തേയ്‌ക്കും, തൃശൂർ ഭാഗത്തേയ്‌ക്കും) എറണാകുളം ടൗണിൽ നിന്നും എറണാകുളം ജംഗ്‌ഷൻ- കോട്ടയം ഇരട്ടപ്പാതയിലേയ്‌ക്കും ഏതാനും ദൂരം ഒറ്റപ്പാതയാണ്‌. ഇവ മൂന്നും അടിയന്തരമായി ഇരട്ടിപ്പിയ്‌ക്കണം. 5. പാലക്കാട്‌-പൊള്ളാച്ചി, പുനലൂർ-ചെങ്കോട്ടപാതകൾ ഗേജുമാറ്റത്തിനായി അടച്ചിട്ടിരിയ്‌ക്കുന്നു. ഈ പ്രവർത്തികൾ എത്രയും വേഗം പൂർത്തിയാക്കി, ഗതാഗതം ആരംഭിയ്‌ക്കണം. 6. ഗുരുവായൂർ- തിരുനാവായപാതയുടെ നിർമ്മാണത്തിനുള്ള തടസ്സങ്ങൾ നീക്കി, പ്രവർത്തനങ്ങൾ ആരംഭിയ്‌ക്കണം. 7. പാലക്കാട്‌, കൊല്ലം, മെമു ഷെഡുകൾ കേന്ദ്രീകരിച്ച്‌ കേരളത്തിലുടനീളം മെമുസർവ്വീസ്‌ ആരംഭിയ്‌ക്കണം. 8. വിവരവിനിമയസാങ്കേതികവിദ്യകളുടെ സഹായത്തോടെ സുരക്ഷിതവും കാര്യക്ഷമവുമായ റെയിൽവേ സംവിധാനം ഒരുക്കുക. 9. നിലവിലുള്ള പാതകൾ ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്‌തുകൊണ്ട്‌ വണ്ടികളുടെ വേഗത മണിക്കൂറിൽ 150 - 200 കി.മീ. ആയി ഉയർത്തണം. 10. കൂടുതൽ വണ്ടികൾ കൈകാര്യം ചെയ്യുന്നതിന്‌ ഓട്ടോമാറ്റിക്‌ സിഗ്നലിംഗ്‌ സമ്പ്രദായം ഏർപ്പെടുത്തണം. 11. ഹ്രസ്വദൂര യാത്രക്കാർക്കു വേണ്ടി ഇടതടവില്ലാതെ മെമു വണ്ടികൾ ഓടിയ്‌ക്കുന്നതിന്‌ 2 പാതകൾ കൂടി ഏർപ്പെടുത്തേണ്ടിവരും. ആദ്യപടിയായി, ഏറ്റവും തിരക്കേറിയ ഷൊർണൂർ-എറണാകുളം മേഖലയിൽ നാലുവരിപാതയുള്ള പ്രവർത്തനങ്ങൾ ആരംഭിയ്‌ക്കണം. 12. നിലവിൽ പാലക്കാട്‌-കോയമ്പത്തൂർ പാതയാണ്‌ കേരളത്തിന്റെ മുഖ്യപ്രവേശന കവാടം. പശ്ചിമേന്ത്യയിലേയ്‌ക്കുള്ള തീവണ്ടികൾ മംഗലാപുരം, കൊങ്കൺപാതയും ഉപയോഗിയ്‌ക്കുന്നു. വടക്കൻ കേരളത്തിലുള്ളവർക്ക്‌, പ്രത്യകിച്ചും കോഴിക്കോടിനു വടക്കുള്ളവർക്ക്‌ യാത്രാ ദൂരം കുറയ്‌ക്കുന്ന മംഗലാപുരം ജംഗ്‌ഷൻ-ഹാസൻ-അരശിക്കരെ-ചിക്‌ജാജൂർ-ഹുബ്ലി/ബെല്ലാരി വഴിയായി ഇന്ത്യയുടെ ഇതര ഭാഗങ്ങളിലേക്ക്‌ ധാരാളം തീവണ്ടികൾ ഓടിയ്‌ക്കണം. കേരളത്തിന്റെ മറ്റൊരു പ്രധാന കവാടമായി ഈ പാതമാറണം. 13. നിലവിലുള്ള പാതയോടൊപ്പം ഒരു ഹൈസ്‌പീഡ്‌ ട്രാക്ക്‌ കൂടി ചേർത്ത്‌ അതിലൂടെ അതിവേഗട്രെയിനുകൾക്ക്‌ സംവിധാനം ഒരുക്കണം. 14. കോച്ചുനിർമാണ ഫാക്‌ടറിയും കോച്ചുകളുടെ അറ്റകുറ്റപ്പണിക്കുള്ള സംവിധാനങ്ങൾ കഴിയുന്നതും കേരളത്തിൽ തന്നെ ഒരുക്കണം. 15. സർവീസ്‌ അവസാനിപ്പിക്കുന്ന കേന്ദ്രങ്ങളിൽ കോച്ച്‌ യാർഡുകൾ ആവശ്യാനുസരണം പണിയണം. 16. റെയിൽവികസനരംഗത്ത്‌ കേന്ദ്രവും സംസ്ഥാനവും ചേർന്നുള്ള സംയുക്ത വികസനപദ്ധതികൾ ആവിഷ്‌കരിക്കണം. 17. മെട്രോ, മോണോറെയിൽ പദ്ധതികൾക്ക്‌ നൽകുന്ന പരിഗണനയേക്കാൾ പ്രാധാന്യം നിലവിലുള്ള തെക്കുവടക്ക്‌ റെയിൽവേ ലൈനിന്റെ ഇരട്ടിപ്പിക്കലിനും ആധുനികവൽക്കരിക്കുന്നതിനും നൽകണം.


IV വ്യോമഗതാഗതം കേരളം പോലുള്ള ചെറിയ സംസ്ഥാനങ്ങൾക്ക്‌ ആവശ്യമായ നാല്‌ അന്തർദേശീയവിമാനത്താവളങ്ങൾ (കണ്ണൂർ പൂർത്തിയാകുന്നതോടെ) ഇവിടെ വന്നുകഴിഞ്ഞു. സാമ്പത്തികസുസ്ഥിരതയുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാലും, ഭൂമിയുടെ ദൗർലഭ്യംകൊണ്ടും പാരിസ്ഥിതികപ്രശ്‌നങ്ങളെക്കൊണ്ടും ഇനിയും അന്തർദേശീയവിമാനത്താവളങ്ങൾക്ക്‌ കേരളം അനുയോജ്യമാകില്ല. ഇനി ഈ നാല്‌ വിമാനത്താവളങ്ങൾ ബന്ധിപ്പിച്ചുകൊണ്ടുള്ള സംസ്ഥാന-അന്തർസംസ്ഥാനസർവീസുകൾ സാമ്പത്തികമായി വിജയിക്കുമെങ്കിൽ ധാരാളമായി കൊണ്ടുവരാവുന്നതാണ്‌. വിഷൻ 2030ൽ സൂചിപ്പിക്കുന്നതുപോലെ 30 പേർക്ക്‌ യാത്രചെയ്യാവുന്ന ചെറിയ വിമാനങ്ങൾ ഇറക്കാൻ കഴിയുന്ന വിമാനത്താവളങ്ങൾ യോജിച്ച സ്ഥലലഭ്യതക്കനുസരിച്ച്‌ വയനാടും ഇടുക്കിയിലും നിർമിക്കാൻ കഴിയുമോ എന്ന്‌ പരിശോധിക്കാവുന്നതാണ്‌. കൂടുതൽ അന്തർദേശീയവിമാനത്താവളങ്ങൾ നിർമിച്ച്‌ അവർ തമ്മിൽ മത്സരിച്ച്‌ ബിസിനസ്‌ നിലനിർത്തുന്നതിനായി ആശാസ്യകരമല്ലാത്ത പ്രവർത്തനങ്ങളിലേക്ക്‌ നയിക്കുന്ന സമീപനം ഒരിക്കലും ഉണ്ടാകരുത്‌.


പട്ടിക 1 കേരളത്തിലെ റോഡപകടങ്ങൾ


2008 2009 2010 2011 2012

അപകടം 37263 35433 35046 35216 36174

മരണം 3901 3831 3922 4145 4286

പരിക്കുപറ്റിയവർ 43857 41401 41207 41379 41915


ഒരു ടൺ-കിലോമീറ്റർ കാർഗോ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന മലിനീകരണം (In gms)

മലിനീകരണം റോഡ്‌ ജലം

കാർബൺ മോണോക്‌സൈഡ്‌ 0.92 .25

സൾഫർ ഡയോക്‌സൈഡ്‌ 0.32 0.06

നൈട്രജൻ ഓക്‌സൈഡ്‌ 2.84 .27

കാർബൺ ഡൈയോക്‌സൈഡ്‌ 2.23 0.45

Natpac study










































ഊർജ്ജം : നാളത്തെ കേരളത്തിൽ

ആർവി ജി

കേരളം മാത്രമല്ല, ഇന്ത്യയും ലോകമൊട്ടാകെയും അതിരൂക്ഷമായ ഒരു പ്രതിസന്ധിയുടെ വക്കത്താണ്‌. വൈദ്യുതി ആധുനിക ജീവിതത്തിന്‌ ഒഴിച്ചുകൂടാൻ വയ്യാത്തതായിട്ടുണ്ട്‌. ലോകമൊട്ടാകെയും വൈദ്യുതോല്‌പ്പാദനത്തിന്‌ ആശ്രയിക്കുന്നത്‌ പ്രധാനമായും കൽക്കരിയെയാണ്‌. അത്‌ കുഴിച്ചെടുക്കുമ്പോഴും കത്തക്കുമ്പോഴും ഉണ്ടാകുന്ന കഠിനമായ പരിസര മലിനീകരണം ഒരു ഭാഗത്ത്‌. വായുമലിനീകരണം മാത്രമല്ല ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും അതിൽപെടും. ഭൂമിയിലെ കൽക്കരി നിക്ഷേപം അതിവേഗം തീർന്നുകൊണ്ടിരിക്കുകയാണ്‌ എന്നത്‌ മറുഭാഗത്ത്‌. വൈദ്യുതി ഉൽപ്പാദനത്തിന്‌ ഭാഗികമായും ഗതാഗതത്തിന്‌ പൂർണ്ണമായും നാം ആശ്രയിക്കുന്നത്‌ എണ്ണയും പ്രകൃതിവാതകവുമാണല്ലോ. അവയുടെ കാര്യവും മെച്ചമല്ല. എണ്ണ ഉദ്ദേശം 40 വർഷത്തേക്കും ഗ്യാസ്‌ 60 വർഷത്തേക്കും മാത്രമേ ശേഷിക്കൂ എന്നാണ്‌ മതിപ്പ്‌. ഷെയിൽ ഗ്യാസ്‌ മുതലായ പുതിയ കണ്ടുപിടിത്തങ്ങൾ ഇത്‌ ഒരു പക്ഷെ ഏതാനും ദശകങ്ങൾ കൂടി നീട്ടിയേക്കാം എന്നാലും അടുത്ത ഒന്നുരണ്ട്‌ തലമുറകൾക്കകം അവ തീരും എന്നതിൽ ആർക്കും സംശയമുണ്ടാവില്ല. അവയിൽ നിന്നുണ്ടാകുന്ന കാർബൺ ഡയോക്‌സൈഡ്‌ ആഗോളതാപനത്തിന്‌ ആക്കം കൂട്ടുകയും ചെയ്യും. ഇതിൽ നിന്ന്‌ വെലിവാകുന്ന യാഥാർത്ഥ്യം ഇന്ന്‌ നിലവിലിരിക്കുന്ന ഊർജ്ജവ്യവസ്ഥ ഒട്ടും സുസ്ഥിരമല്ല എന്നതാണ്‌.

എന്നാൽ ഈ പ്രതിസന്ധിയെ മൊത്തം അവഗണിക്കുന്ന പ്രവണതയാണ്‌ പൊതുവേ ഇന്ത്യയിൽ കാണപ്പെടുന്നത്‌. സൗരോർജ്ജത്തിനും പവനോർജ്ജത്തിനും പ്രൊജക്‌ടുകൾ ഇല്ലെന്നല്ല. അങ്ങനെ പറയുകയാണെങ്കിൽ 30ലേറെ വർഷങ്ങൾക്കുമുമ്പ്‌ തന്നെ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾക്കായി ഒരു പ്രത്യേക വകുപ്പ്‌ തന്നെ ഇന്ത്യയിൽ തുടങ്ങിയതാണ്‌. പിന്നീടിതൊരു പ്രത്യേക മിനിസ്റ്ററിയായി. പക്ഷെ എന്നിട്ടും ഇന്ത്യയുടെ ഭാവി ഊർജ്ജ പരിപ്രേക്ഷ്യത്തിൽ കാര്യമായ ഒരു പങ്ക്‌ നേടിയെടുക്കാൻ അതിനായിട്ടില്ല. ജവഹർലാൽ നെഹ്‌റുവിന്റെ പേരിലുള്ള സൗരോർജ്ജ നയമൊക്കെയുണ്ട്‌. കാര്യം ശരി, പക്ഷെ പ്ലാനിംഗ്‌ കമ്മീഷന്റെ കണക്കുപ്രകാരം 2031-32 ൽ 3628 മുതൽ 493 ബില്യൺ യൂണിറ്റ്‌ വരെ വൈദ്യുതി ആവശ്യമുള്ളപ്പോൾ സൗരോർജ്ജവും പവനോർജ്ജവും ജൈവോർജ്ജവുമൊക്കെ ഉൾപ്പെടെ അക്ഷ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന്‌ ആകെ പ്രതീക്ഷിക്കുന്നത്‌ വെറും 24 ബില്ല്യൺ യൂണിറ്റ്‌ മാത്രം- ഒരു ശതമാനത്തിൽ താഴെ!. എല്ലാവരും നെല്ലുണക്കുമ്പോൾ ആരോ വാലുണക്കുന്നു എന്ന്‌ പറയുന്നത്‌ പോലെ നമ്മളും എന്തൊക്കെയോ ചെയ്യുന്നു എന്ന്‌ മാത്രം. ആരെക്കെയോ ബോധിപ്പിക്കാൻ!. അതേ സമയം, ഇന്ത്യയേക്കാൾ എത്രയോ കുറവ്‌ സൂര്യപ്രകാശം പതിക്കുന്ന ജർമ്മനി 2012ൽ തന്നെ അവരുടെ മൊത്തം ഊർജ്ജ ഉപയോഗത്തിന്റെ 12% (124 GWh) സൗരോർജ്ജത്തിൽ നിന്നും 19% (202 GWh) പവനോർജ്ജത്തിൽ നിന്നും 9% (90GWh) ജൈവ ദ്രവ്യങ്ങളിൽ നിന്നും ഉത്‌പാദിപ്പിച്ചു. 2025 ആകുമ്പോഴേക്കും ആണവനിലയങ്ങൾ പൂർണ്ണമായി അടച്ചുപൂട്ടി ആ കുറവും കൂടി അക്ഷയ ഊർജ്ജ സ്രോതസ്സുകൾ കൊണ്ട്‌ നികത്തണം എന്നാണ്‌ അവരുടെ ലക്ഷ്യം. അതവര്‌ നേടും എന്നുറപ്പാണ്‌. നമ്മളോ? കഴിഞ്ഞ കൊല്ലം പവനോർജ്ജവും സൗരോർജ്ജവും ജൈവദ്രവ്യവുമെല്ലാംഉൾപ്പെടെ അക്ഷയ സ്രോതസ്സുകളിൽ നിന്ന്‌ നാം ഉൽപ്പാദിപ്പിച്ചത്‌ നമ്മുടെ മൊത്തം ഊർജ്ജ ഉപഭോഗത്തിന്റെ 6% മാത്രം.

അത്‌ അഖിലേന്ത്യാ തലത്തിലെ കാര്യം. കേരളത്തിലോ? സംസ്ഥാന പ്ലാനിംഗ്‌ ബോർഡ്‌ തയ്യാറാക്കിയ വിഷൻ 2030 അനുസരിച്ച്‌ അന്ന്‌ കേരളത്തിലെ വൈദ്യുതി ആവശ്യം 67201 MUആയിരിക്കും. അതിൽ 12,901MU അക്ഷയ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന്‌ ലഭ്യമാക്കണം എന്നാണ്‌ പ്രതീക്ഷ. അതായത്‌ ഏതാണ്ട്‌ 19%. അഖിലേന്ത്യാ തല കണക്കുകൂട്ടലുകളേക്കാൾ ഭേദമാണെങ്കിലും ഇത്‌ ഒട്ടും ശുഭപ്രതീക്ഷയുണർത്തുന്നതല്ല എന്ന്‌ പറഞ്ഞേ തീരു. കഴിഞ്ഞ ഇരുപത്‌ വർഷങ്ങൾക്കകം എണ്ണയുടേയും ഗ്യാസിന്റെയും വിലയിലുണ്ടായ വർദ്ധന കണക്കിലെടുത്താൽ അന്നത്തേക്ക്‌ ഫോസിൽ ഇന്ധനങ്ങളുടെ വില പതിന്മടങ്ങ്‌ വർദ്ധിക്കുമെന്നുള്ളത്‌ ഊഹിക്കാവുന്നതാണ്‌. അവ കത്തിക്കുന്നത്‌ മൂലമുള്ള പരിസര ദൂഷണവും ആഗോലതാപനവും വേറെ. അതിനെയൊക്കെ മറികടക്കുവാനുള്ള ഏക പ്രായോഗിക മാർഗ്ഗം അക്ഷയ ഊർജ്ജ സ്സോതസ്സുകളെ കൂടുതലായി കറന്നെടുക്കുക എന്നത്‌ മാത്രമാണ്‌. അവയ്‌ക്ക്‌ ചെലവ്‌ കൂടുതലാണ്‌ എന്നതായിരുന്നു അടുത്ത കാലം വരെയുള്ള ആക്ഷേപം. ഇപ്പോൾ അതും പരിഹരിക്കപ്പെട്ടുവരുന്നു. ജർമ്മനി പോലുള്ള രാജ്യങ്ങൾ പരിസ്ഥിതി നാശമുണ്ടാക്കുന്ന ഫോസിൽ ഇന്ധനങ്ങൾക്ക്‌ അധിക നികുതി ചുമത്തിയാണ്‌ അക്ഷയ ഊർജ്ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്നത്‌. എന്ത്‌കൊണ്ട്‌ നമുക്ക്‌ ആ വഴി പിന്തുടർന്നുകൂടാ?

ലഭ്യത അങ്ങനെയാണെങ്കിൽ പോലും സൗരോർജ്ജവും പവനോർജ്ജവും ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജാവശ്യങ്ങൾ നിറവേറാൻ പര്യാപ്‌തമാണോ എന്നതാണ്‌ പലരും ഉയർത്തുന്ന ചോദ്യം. പര്യാപ്‌തമാണ്‌ എന്നാണ്‌ പഠനങ്ങൾ കാണിക്കുന്നത്‌. .............................കേരളത്തിന്റെ കാര്യമോ? അതിന്‌ നമുക്ക്‌ ഭാവിയിലെ എത്ര ഊർജ്ജം വേണ്ടി വരും എന്നതിനെക്കുറിച്ച്‌ ഒരു ധാരണ ഉണ്ടാകേണ്ടിയിരിക്കുന്നു. എത്ര ഊർജ്ജമാണ്‌ നമുക്ക്‌ വേണ്ടി വരിക?. വിഷൻ 2030 എന്ന പ്ലാനിംഗ്‌ ബോർഡ്‌ രേഖ 2030 ലെ വൈദ്യുത ആവശ്യത്തെപ്പറ്റി നടത്തിയിട്ടുള്ള പ്രോജക്ഷൻ 5844 മുതൽ 6720 കോടി യൂണിറ്റ്‌ വരെ എന്നതാണ്‌. പരിഷത്ത്‌ നടത്തിയ ആവശ്യാധിഷ്‌ഠിത ഊർജ്ജോപഭോഗ പഠനം പ്രകാരം (ഊർജ്ജം ഊർജ്ജം, കേരളശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ 2008) അത്‌ 2390 മുതൽ 3800 കോടി യൂണിറ്റ്‌ വരെ ആയിരിക്കും. ഈ അളവിലുള്ള വൈദ്യുതി സൗരോർജ്ജം പവനോർജ്ജം ജൈവദ്രവ്യം തുടങ്ങിയ അക്ഷയ സ്രോതസ്സുകളിൽ നിന്നും ലഭ്യമാകുമോ?

കേരളത്തിന്റെ കാര്യത്തിൽ അത്തരമൊരു പഠനത്തിലാണ്‌ പൂനൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന World Institute of Sustainable Energy (WISE) ഏർപ്പെട്ടിരിക്കുന്നത്‌. ഒരു കാര്യം തീർച്ചയാണ്‌. രാജസ്ഥാനിലും ഗുജറാത്തിലും മറ്റും ഉദ്ദേശിക്കുന്നതുപോലെ വൻകിട സോളാർ ഫാമുകളോ തമിഴ്‌ നാട്ടിലേതുപോലെ വൻകിട കാറ്റാടിപ്പാടങ്ങളോ കേരളത്തിൽ പ്രായോഗികമല്ല. സ്ഥല ദൗർലഭ്യം തന്നെ കാരണം. പക്ഷെ 1000 മെഗാവാട്ടോളം ശേഷിയുള്ള കാറ്റാടി മില്ലുകൾക്കും 600 മെഗാവാട്ടോളം ശേഷിയുളള ചെറുകിട ജലവൈദ്യുതി പദ്ധതികൾക്കും കേരളത്തിൽ സാധ്യതയുണ്ട്‌ എന്നാണ്‌ പഠനങ്ങൾ കാണിക്കുന്നത്‌. സൗരോർജ്ജത്തിന്റെ കാര്യത്തിലാണ്‌ അവ്യക്തതയുള്ളത്‌. വൻകിട സോളാർ ഫാമുകളേക്കാൾ പുരപ്പുറത്ത്‌ സ്ഥാപിക്കുന്ന സോളാർ പാനലുകളാണ്‌ കേരളത്തിൽ കൂടുതൽ അനോയജ്യം. ഇവിടെയും ജർമ്മനിയെ നമുക്ക്‌ മാതൃകയാക്കാം. അക്ഷയ സ്രോതസ്സുകളിൽ നിന്ന്‌ അവർ ഉൽപ്പാദിപ്പിക്കുന്ന 53000 മെഗാവാട്ട്‌ വൈദ്യുതിയിൽ 51% വും ഉൽപ്പാദിപ്പിക്കുന്നത്‌ വ്യക്തികളാണ്‌. സൗരോർജ്ജ വൈദ്യുതിയുടെ നല്ലൊരു ഭാഗം പുരപ്പുറത്ത്‌ സ്ഥാപിച്ചിട്ടുള്ള സോളാർ പാനലുകളാണ്‌ നൽകുന്നത്‌. അങ്ങനെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡ്ഡിലേക്ക്‌ നൽകുകയും ആവശ്യമനുസരിച്ച്‌ ഗ്രിഡ്ഡിൽ നിന്ന്‌ എടുക്കുകയും ചെയ്യുന്നു.

കേരളത്തിലും പുരപ്പുറ സൗരോർജ്ജ ഉൽപ്പാദനത്തിന്റെ സാദ്ധ്യതകൾ ഒട്ടും കുറച്ചകാണാൻ പാടില്ല. കേരളത്തില്‌ രണ്ട്‌ മൺസൂൺ മഴക്കാലമുണ്ട്‌. ധാരാളം തെങ്ങും, മരങ്ങളും ഉള്ളതുകൊണ്ട്‌ നിഴലിന്റെ പ്രശ്‌നം കൂടും. ഓടും ഓലയും മേഞ്ഞ വീടുകൾ ഇതിന്‌ പറ്റില്ല. ഇങ്ങനെ പോകുന്നു വിമർശനങ്ങൾ. എന്നാൽ പഠനങ്ങൾ സൂചിപ്പിക്കുന്നത്‌ മറ്റൊന്നാണ്‌.എറണാകുളം ജില്ലയിലെ ചേന്ദമംഗലം പഞ്ചായത്തിനെ ഒരു സൗരോർജ്ജ ഗ്രാമമാക്കി മാറ്റാനുള്ള സാധ്യതയെപ്പറ്റി സി.ഡിറ്റിന്റെ ഉൽസാഹത്തിൽ ബോംബെ ഐ.ഐ.ടിയിലെ സെന്റർ ഫോർ ടെക്‌നോളജി ആപ്ലിക്കേഷൻ ഇൻ റൂറൽ ഏരിയാസും അതിൽ CTARA നാഷണൽ സെന്റർ ഫോർ ഫോട്ടോ വോൾട്ടയിക്‌ റിസർച്ചും (NCPRE) ചേർന്ന്‌ നടത്തിയ പഠന പ്രകാരം അവിടെ സർവ്വേ നടത്തിയ 4416 വീടുകളിൽ 80% വീടുകളിലും തുറന്ന ടെറസ്സുണ്ട്‌. അതിൽ നിഴൽ ശല്യമില്ലാത്ത സ്ഥലത്ത്‌ സ്ഥാപിക്കുന്ന സോളാർ പാനലുകളിൽ നിന്ന്‌ 11.2 മെഗാവാട്ട്‌ (15.3 MU) വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള സാധ്യതയുണ്ട്‌. ഇത്‌ അവിടത്തെ ഇപ്പോഴത്തെ വാർഷിക വൈദ്യുതി ഉപയോഗത്തിന്റെ (742740 യൂണിറ്റ്‌) ഇരുപതിരട്ടി വരും.!

WISE നടത്തിയ പഠനത്തിൽ കേരളത്തിലെ പുരപ്പുറ സൗരോർജ്ജ ഉൽപ്പാദനത്തിന്റെ സാധ്യത 13079 MW എന്നാണ്‌ കാണുന്നത്‌. എന്നാൽ അവർ കണക്കുകൂട്ടിയത്‌ വലിയ വീടുകളിൽ പോലും 3 KV പാനലുകളേ വയ്‌ക്കൂ എന്നാണ്‌. ഇത്‌ ശരിയാകണമെന്നില്ല. സ്വകാര്യ സംരംഭകർക്ക്‌ ലാഭകരമാകുന്ന വിലയ്‌ക്ക്‌ ബോർഡ്‌ പുരപ്പുറ സൗരവൈദ്യുതി ഗ്രിഡിലേക്ക്‌ എടുക്കാൻ തയ്യാറാണെങ്കിൽ ഒഴിഞ്ഞുകിടക്കുന്ന ടെറസ്സുകൾ വാടകയ്‌ക്കെടുത്ത്‌ സോളാർ പാനൽ സ്ഥാപിച്ച്‌ ബോർഡിന്‌ വിറ്റ്‌ ലാഭമുണ്ടാക്കുന്ന സംരംഭകത്വം വളർന്ന്‌ വരാതിരിക്കില്ല. 1500 ചതുരശ്ര അടി ടെറസ്സിലുള്ള ഒരു ഇടത്തരം വീട്ടില്‌ പോലും പുരപ്പുറത്ത്‌ 10 KW ഉൽപ്പാദിപ്പിക്കാമെന്നരിക്കെ WISE കണക്കാക്കിയതിനേക്കാൾ പലമടങ്ങ്‌ ഉൽപ്പാദന സാദ്ധ്യതയുണ്ട്‌ എന്ന്‌ വ്യക്തമാണ്‌.

ഇതിന്‌ പുറമേയാണ്‌ പൊതു കെട്ടിടങ്ങൾ, സ്വകാര്യ ഓഫീസുകൾ., ഫാക്‌ടറികൾ,, റയിൽവേ ട്രാക്കുകൾ, വഴിയോരങ്ങൾ, കനാലുകളുടെ മേൽഭാഗം മുതലായവ. അവിെയല്ലാം സോളാർ വെച്ചു കിലോവാട്ട്‌ കണക്കിലെ വൈദ്യുതി ഉൽപ്പാദിപ്പിച്ചു ഗ്രിഡിലേക്ക്‌ കൊടുക്കാൻ കഴിയും. മറ്റ്‌ പല സംസ്ഥാനങ്ങളിലും ഉള്ളതുപോലെ കേരളത്തിൽ തുറസ്സായ ഒഴിഞ്ഞ സ്ഥലങ്ങൾ കുറവാണ്‌. അതുകൊണ്ട്‌ മെഗാവാട്ട്‌ ശേഷിയുള്ള വലിയ സോളാർ ഫാമുകൾ ഇവിടെ സ്ഥാപിക്കാൻ എളുപ്പമല്ല. പക്ഷെ അതിന്‌ പകരം നമ്മുടെ ജലാശയങ്ങളിൽ ചങ്ങാടങ്ങളിട്ട്‌ അവയില്‌ സോളാർ പാനലുകൾ വിന്യസിക്കാൻ കഴിയും. അതിന്റെ ശേഷി അതിഭീമമായിരിക്കും. ഉദാഹരണമായി ഇടുക്കി ജലാശയത്തിന്റെ ഉപരിതല വിസ്‌തീർണ്ണം 60 ചതുരശ്ര കിലോ മീറ്റർ ആണ്‌. അതിന്റെ മൂന്നിലൊന്ന്‌ ഭാഗത്ത്‌ സോളാർ പാനലുകൾ വിന്യസിപ്പിച്ചാൽ തന്നെ 2000 മെഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സാധിക്കും. ചുരുക്കത്തിൽ കേരളത്തിന്റെ ആവശ്യത്തിനുള്ള വൈദ്യുതി മുഴുവൻ തന്നെ, വേണമെങ്കില്‌ സൗരോർജ്ജത്തിൽ നിന്ന്‌ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന്‌ ഉറപ്പാണ്‌.


സ്റ്റോറേജ്‌ : സൗരോർജ്ജവും പവനോർജ്ജവും സ്ഥിരതയില്ലാത്ത സ്രോതസ്സുകളാണല്ലോ. അതുകൊണ്ട്‌ തന്നെ, അവ ലഭ്യമായ സമയത്ത്‌ പരമാവധി ഉൽപ്പാദിപ്പിച്ചു ശേഖരിച്ചു വെച്ചാൽ മാത്രമെ നമ്മുടെ ആവശ്യമനുസരിച്ച്‌ വൈദ്യുതി ലഭ്യമാക്കാൻ കഴിയൂ. പരിപൂർണ്ണമായും സുസ്ഥിര ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്ന ഒരു ഊർജ്ജ വ്യവസ്ഥയിൽ ഊർജ്ജ സംഭരണവും ശേഖരണവും പരിഗണിച്ചേ തീരു. അതിനായി രണ്ട്‌ സാങ്കേതിക വിദ്യകളിലാണ്‌ പ്രതീക്ഷയർപ്പിക്കാവുന്നത്‌. ഒന്ന്‌ പംപ്‌ഡ്‌ സ്റ്റോറേജ്‌, മറ്റേത്‌ ഫ്യൂൽ സെൽ. രണ്ടിന്റെയും സാങ്കേതിക സാധുത തെളിയിക്കപ്പെട്ടതാണ്‌. കേരളത്തിലെ സാഹചര്യങ്ങളിൽ അവയുടെ സാധ്യതാ പഠനങ്ങൾ ഇപ്പോഴേ തുടങ്ങേണ്ടിയിരിക്കുന്നു. ഇലക്‌ട്രിസിറ്റി ബോർഡ്‌ നടത്തിയ പ്രാഥമിക പഠനങ്ങൾ കാണിക്കുന്നത്‌ ആയിരക്കണക്കിന്‌ മെഗാവാട്ട്‌ ശേഷിയുള്ള പംപ്‌ഡ്‌ സ്റ്റോറേജ്‌ പ്ലാന്റുകൾക്ക്‌ കേരളത്തിൽ സാധ്യതയുണ്ട്‌.

കർമ്മപദ്ധതി കേരളത്തിൽ സൗരോർജ്ജ ഉപയോഗം വ്യാപകമാക്കുന്നതിനായി താഴെപ്പറയും പ്രകാരമുള്ള ഒരു കർമ്മപദ്ധതിക്ക്‌ രൂപം കൊടുക്കണം.

കേരളത്തിൽ ഇപ്പോൾ മുപ്പത്‌ ലക്ഷം വീടുകളിൽ ഇൻവെർട്ടർ എന്ന ഉപകരണം സ്ഥാപിച്ചിട്ടുണ്ട്‌. എന്നാണ്‌ എനർജി മാനേജ്‌മെന്റ്‌ സെന്റർ കണക്കാക്കിയിരിക്കുന്നത്‌. ഇവ ഒഴിവാക്കാവുന്ന വൈദ്യുതി നഷ്‌ടം ഉണ്ടാക്കുന്നു എന്ന്‌ മാത്രമല്ല, ലോഡ്‌ ഷെഡ്ഡിങ്ങിനിടെ നിഷ്‌പ്രയോജനമാക്കുകയും ചെയ്യുന്നു. ഇതിനുള്ള പരിഹാരം ഈ ഇൻവർട്ടറുകളെ സോളാർ ചാർജറുകളാക്കി മാറ്റുകയാണ്‌. നിലവിലുള്ള ഒരു ഇൻവെർട്ടറിൽ ഒരു സോളാർ പാനലും ചാർജ്ജ്‌ കൺട്രോളറും പിൻ ഘടിപ്പിക്കുന്നതിന്‌ ഏതാണ്ട്‌ 17000 രൂപയോളമേ ചെലവ്‌ വരൂ. ഇതിനാവശ്യമായ പാനലുകൾ സൗജന്യ നിരക്കിൽ ലഭ്യമാക്കുകയോ വായ്‌പ അനുവദിക്കുകയോ മറ്റ്‌ വിധത്തിൽ പ്രോത്സാഹനം നൽകുകയോ ആണ്‌ സർക്കാറിനും ഇലക്‌ട്രിസിറ്റി ബോർഡിനും ചെയ്യാവുന്നത്‌.

ഇതൊടൊപ്പം കമ്പ്യൂട്ടർ സ്ഥാപിച്ചിട്ടുള്ള എല്ലാ സർക്കാർ സ്‌കുളുകളിലും ഓഫീസുകളിലും മറ്റ്‌ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളിലും വാണിജ്യസ്ഥാപനങ്ങളിലും യു.പി.എസ്സുകൾ ഉണ്ടാകുമല്ലോ. അവ ഇപ്പോൾ മെയിൻ ലൈനിൽ നിന്നാണ്‌ ചാർജ്ജ്‌ ചെയ്യുന്നത്‌. ഇവയെല്ലാം സോളാർ ചാർജറുകളാക്കി മാറ്റുന്നതിന്‌ പരമമായ മുൻഗണന നൽകണം. അവിടെയും നിലവിലുള്ള ബാറ്ററികളും ഇൻവർട്ടരുകളും പ്രയോജനപ്പെടുത്തുന്നതിലൂടെ ചെലവ്‌ ചുരുക്കാൻ കഴിയും.

അനെർട്ടിന്റെ ആഭിമുഖ്യത്തിൽ ഇപ്പോൾ നടപ്പാക്കിവരുന്ന പുരപ്പുറത്തെ സൗരോർജ്ജ നിലയം ഒരു നല്ല പദ്ധതിയാണ്‌. അതനുസരിച്ച്‌ ബാറ്ററി പിന്തുണയോട്‌ കൂടിയ ഒരു കിലോ വാട്ട്‌ സോളാർ പവർ സിസ്റ്റമാണ്‌ സ്ഥാപിക്കുന്നത്‌. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സബ്‌സിഡി കഴിച്ചാൽ ഏതാണ്ട്‌ ഒരു ലക്ഷം രൂപയാണ്‌ അതിന്‌ ചെലവാകുക. ഒന്നാമതായി അത്‌ ലോഡ്‌ ഷെഡിങ്ങിൽ നിന്നും മറ്റ്‌ വൈദ്യുതി തടസ്സങ്ങളിൽ നിന്നും സുരക്ഷ നൽകുന്നു. രണ്ടാമതായി, ഇനിവരുന്ന ഇരുപത്‌ ഇരുപത്തഞ്ചു വർഷത്തേക്ക്‌ പ്രതിവർഷം ആയിരത്തിൽ ചില്വാനം യൂണിറ്റ്‌ വൈദ്യുതി വീട്ടിൽ നിന്നു തന്നെ കിട്ടുമെന്ന്‌ ഉറപ്പാക്കുന്നു. ആ രീതിയിൽ വരാനിരിക്കുന്ന വിലവർദ്ധനവിനെതിരെ മുൻകൂർ ജാമ്യം നൽകുന്നു!. മൂന്നാമതായി, നിങ്ങൾ പ്രകൃതി സൗഹാർദ്ധപരമായ ഒരു മാറ്റത്തിന്റെ ഭാഗമാകുന്നു എന്ന സംതൃപ്‌തി ലഭിക്കുന്നു.

പക്ഷെ അതിന്റെ പരിമിതി ബാറ്ററി ആണ്‌. അഞ്ചോ, ആറോ വർഷം കഴിഞ്ഞാൽ അത്‌ മാറ്റേണ്ടിവരും. അത്രയും കാലം നേടിയ ലാഭം അതോടെ തീരും! ഇതിനുള്ള പരിഹാരം പുരപ്പുറത്തുണ്ടാക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക്‌ എടുക്കുക എന്നതാണ്‌. വിദേശങ്ങളിലെല്ലാം പതിവ്‌ അതാണ്‌. എന്നാൽ കേരളത്തിൽ നമ്മുടെ കെ.എസ്‌.ഇ.ബി അതിന്‌ ഇനിയും തയ്യാറായിട്ടില്ല. സാങ്കേതിക തടസ്സങ്ങലുണ്ട്‌ എന്നാണ്‌ അവർ പറയുന്നത്‌. ഈ സാങ്കേതിക തടസ്സങ്ങളെല്ലാം മറ്റുള്ളവർ പരിഹരിച്ചു കഴിഞ്ഞതാണ്‌. നമുക്കും അതിന്‌ കഴിയണം. പരമമായ മുൻഗണന അതിന്‌ നൽകണം.

എല്ലാ സർക്കാർ കെട്ടിടങ്ങളിലും ഓഫീസുകളിലും പുരപ്പുറ സോളാർ പ്ലാന്റുകൾ സ്ഥാപിച്ചു ഗ്രിഡിലേക്ക്‌ കൊടുത്തുകൊണ്ട്‌ സർക്കാർ മാതൃക കാട്ടണം. നിശ്ചിത വലുപ്പത്തിൽ കൂടുതലുള്ള പുതിയ സ്വകാര്യകെട്ടിടങ്ങൾക്ക്‌ ഇത്‌ നിർബന്ധമാക്കണം.

സ്വകാര്യ കെട്ടിടങ്ങളിൽ കെട്ടിടങ്ങളിൽ പുരപ്പുറത്ത്‌ സ്ഥാപിച്ച്‌ സോളാർ പാനലുകളിൽ നിന്നുള്ള വൈദ്യുതി ഒരു നിശ്ചിത വിലയ്‌ക്ക്‌ എടുക്കാൻ കെ.എസ്‌.ഇ.ബി തയ്യാറാകണണം. അതോടൊപ്പം, തുറസ്സായ സ്ഥലങ്ങളിൽ നിന്ന്‌ വലിയ തോതിൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചു നൽകാൻ തയ്യാറാകുന്ന സ്വകാര്യ ഏജൻസികളുമായും പി.പി.എയിൽ ഏർപ്പെടണം. ആരംഭ ചെലവിന്‌ സബ്‌സിഡി കൊടുക്കുന്നതിനേക്കാൾ അഭിലഷണീയം അങ്ങനെ ഉൽപ്പാദിപ്പിച്ചു നൽകുന്ന വൈദ്യുതി ആകർഷകമായ വിലയ്‌ക്ക്‌ വാങ്ങുന്നതാണ്‌ എന്നാണ്‌ ഫാമുകളുടെ അനുഭവം കാണിക്കുന്നത്‌.

അതോടൊപ്പം ചെയ്യാവുന്ന മറ്റൊരു കാര്യം, വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താവിൽ നിന്ന്‌ ഉയർന്ന വില ഈടാക്കുകയാണ്‌. ഇപ്പോൾ പ്രതിമാസം ഇരുന്നൂറ്‌ യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന സമ്പന്നർക്ക്‌ പോലും സൗജന്യനിരക്കിലാണ്‌ വൈദ്യുതി നൽകുന്നത്‌. അതിന്റെ ഭാഗമായി TOD metering നടപ്പാക്കണം.

ഭാവിയിൽ ഉപകാരപ്രദമാകുന്ന മാതൃകകൾ (ഫോട്ടോവോൾട്ടയിക്‌, ഊർജ്ജ സംഭരണം മുതലായ മേഖലകളിൽ ) വികസിപ്പിച്ചെടുക്കാൻ മുൻകൈ എടുക്കുന്നവർക്ക്‌ പ്രോത്സാഹനം നൽകണം. എഞ്ചിനീയറിംഗ്‌ കോളേജുകൾ, ശാസ്‌ത്ര സാങ്കേതിക സ്ഥാപനങ്ങൾ മുതലായവയെ ഇക്കാര്യത്തിൽ മുൻകൈ എടുക്കാൻ പ്രേരിപ്പിക്കണം.

അന്തരാള ഘട്ടം പുതുതായി സ്ഥാപിക്കപ്പെടുന്ന സോളാർ/വിൻഡ്‌ പവർ പ്ലാന്റുകൾക്ക്‌ നിലവിലുള്ള ജലവൈദ്യുത താപനിലയങ്ങളുമായി ബന്ധപ്പെട്ട്‌ കൊണ്ട്‌ മാത്രമെ പ്രവർത്തിക്കാനാവൂ. സുസ്ഥിര ഊർജ്ജ വ്യവസ്ഥയിൽ പോലും ഊർജ്ജ സംഭരണത്തിന്‌ (സ്‌റ്റോറേജ്‌) ജലവൈദ്യുത നിലയങ്ങളെ ആശ്രയിക്കേണ്ടി വരും. സമ്പൂർണ്ണമായും സുസ്ഥിരമായ ഒരു ഊർജ്ജവ്യവസ്ഥയിലേക്ക്‌ മാറുന്ന അന്തരാള ഘട്ടത്തിൽ തീർച്ചയായും നമുക്ക്‌ താപനിലയങ്ങളേയും ആശ്രയിച്ചേ മതിയാവൂ.

കേരളത്തിന്റെ സാഹചര്യത്തിൽ ഇറക്കുമതി ചെയ്യുന്ന എൽ.പി.ജി ആയിരിക്കും ഏറ്റവും സ്വീകാര്യം. കായംകുളം പ്ലാന്റിന്റെ വികസനം, വൈപ്പിനിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്ലാന്റ്‌, എന്നിവയ്‌ക്കായിരിക്കണം സ്വാഭാവികമായും മുൻഗണന. കൊച്ചി റിഫൈനറിയിലെ അവക്ഷിപ്‌തമായ പെറ്റ്‌കോക്ക്‌ ഉപയോഗിച്ച്‌ 500 മെഗാവാട്ട്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള ഒരു നിർദ്ദേശവുമുണ്ട്‌. ഇതിന്‌ പുറമെ സ്ഥാപിക്കുന്ന പ്ലാന്റുകളുടെ ദീർഘകാല ലാഭനഷ്‌ട കണക്കുകൂട്ടലുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കണം.

ഊർജ്ജ സംരക്ഷണം കേരളത്തിലെ വൈദ്യുതി വിതരണ രംഗത്തെ പ്രസരണ-വിതരണ നഷ്‌ടം മുൻപത്തെ 30 ശതമാനത്തിൽ നിന്ന്‌ ഏതാണ്ട്‌ 18% ആയി കുറച്ച്‌ കൊണ്ട്‌ വരുവാൻ കെ.എസ്‌.ഇ.ബി കളിൽ നിന്ന്‌ സി.എഫ്‌.എല്ലുകളിലേക്കുള്ള മാറ്റം ബോർഡിന്റെ ഉത്സാഹത്തിൽ തന്നെ വിജയകരമായി പുരോഗമിക്കുന്നുണ്ട്‌. രസകരമായ സംഗതി, അറുപതോളം വർഷങ്ങളായി ടൂബ്‌ ലൈറ്റിലെ മെർക്കുറിയെപ്പറ്റി വേവലാതിയില്ലാതിരുന്ന പലരും ഇപ്പോൾ അതിനേക്കാൾ വളരെക്കുറവ്‌ മെർക്കുറി അടങ്ങുന്ന സി.എഫ്‌.എല്ലിനെപ്പറ്റി ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്‌ രംഗത്ത്‌ വന്നിരിക്കുന്നു എന്നതാണ്‌. അവരുടെ ലക്ഷ്യം എന്തായാലും, കാലാവധി കഴിഞ്ഞ ട്യൂബ്‌ ലൈറ്റും, സി.എഫ്‌.എല്ലും വേണ്ടവിധത്തിൽ സംസ്‌കരിക്കാനുള്ള ഏർപ്പാടുകൾ ചെയ്യേണ്ടതുണ്ട്‌. സി.എഫ്‌.എല്ലിനേക്കാൾ ഊർജ്ജ ക്ഷമതയും ആയുസ്സുമുള്ള എൽ.ഇ.ഡിയിലേക്കുള്ള മാറ്റവും പ്രോത്സാഹിപ്പിക്കണം.

ഊർജ്ജക്ഷമത കൂടിയ ഫ്രിഡ്‌ജുകൾ, ഫാനുകൾ, മോട്ടോറുകൾ, പമ്പുകൾ തുടങ്ങിയ ഉപകരണങ്ങളും ഇപ്പോൾ വിപണിയിലെത്തിത്തുടങ്ങിയിട്ടുണ്ട്‌. സൗരോർജ്ജ ഉപയോഗം പ്രചരിക്കുന്നതോടെ ഡി.സി ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്കും പ്രചാരം വർദ്ധിക്കാനിടയുണ്ട്‌.

ഊർജ്ജ സംരക്ഷണത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ്‌ അനാവശ്യ ദൂർത്ത്‌ ഒഴിവാക്കുക. നമ്മുടെ നാട്ടില്‌ വൈദ്യുതി പരസ്യത്തിനും അലങ്കാരത്തിനുമായി ചെലവാക്കുന്ന പ്രവണത വർദ്ധിക്കുകയാണ്‌. അവ നിരോധിക്കുന്നത്‌ പ്രായോഗികമല്ലെങ്കിലും അത്തരം പ്രയോഗങ്ങൾക്ക്‌ വളരെ ഉയർന്ന ചാർജ്ജ്‌ ഈടാക്കുന്നത്‌ തീർച്ചയായും നല്ലൊരു നയമായിരിക്കും. അതുപോലെ തന്നെ, പ്രതിമാസം നൂറ്റി അൻപതോ, ഇരുന്നൂറോ യൂണിറ്റിന്‌ മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവരിൽ നിന്ന്‌ സബ്‌സിഡി കൂടാതെ യഥാർത്ഥ ചെലവ്‌ ഈടാക്കുന്നതും ഊർജ്ജ സംരക്ഷണത്തിനും സൗരോർജ്ജ പ്രചാരത്തിനും പ്രേരകമാകും.




കേരളത്തിന്റെ ധനസ്ഥിതിയും വിഭവവിനിയോഗവും

വികസനത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഒരു പ്രദേശത്തിന്റെ ധനസ്ഥിതി വളരെയേറെ പ്രാധാന്യമർഹിക്കുന്നു. കേരളത്തെ സംബന്ധിച്ചേടത്തോളവും ഇതാണ്‌ അവസ്ഥ. എന്നാൽ, ഇത്തരം ചർച്ചകൾ ആദ്യം പണവുമായി ബന്ധപ്പെട്ടു മാത്രമായിരുന്നു നടന്നിരുന്നത്‌. പ്രകൃതിവിഭവങ്ങളെയും മനുഷ്യാധ്വാനത്തെയും കൂട്ടിയിണക്കുന്ന ധർമമാണ്‌ ഉൽപ്പാദനപ്രക്രിയയിൽ പണം നിർവഹിക്കുന്നത്‌. അതേസമയം പണത്തിന്റെ രൂപഭാവങ്ങളിൽ ഇക്കാലത്തുണ്ടായ മാറ്റങ്ങളും ധനഉരുപ്പടികളുടെ വിവിധതരം കൈമാറ്റരീതികളും ചേർന്ന്‌ സമ്പദ്‌ഘടനയിൽ ധനകാര്യത്തിന്റെ സ്വാധീനം പതിന്മടങ്ങ്‌ വർധിപ്പിച്ചിരിക്കുന്നു. നവലിബറൽ പരിഷ്‌ക്കാരങ്ങളോടെ ധനമൂലധനത്തിന്റെ ഇടപെടലും കൂടിയിരിക്കയാണ്‌. ധനമൂലധനത്തെ സഹായിക്കുന്ന നയങ്ങൾ തദ്ദേശീയ സർക്കാരുകളെക്കൊണ്ട്‌ നടപ്പാക്കിക്കാൻ മൂലധനശക്തികൾക്ക്‌ കഴിയുന്നുണ്ട്‌. ലോകത്താകെ നടക്കുന്ന ഇത്തരം മാറ്റങ്ങളിൽ നിന്ന്‌ നമ്മുടെ രാജ്യത്തിനോ സംസ്ഥാനത്തിനോ മാറിനിൽക്കാൻ കഴിയില്ലെന്നതും ഒരു വസ്‌തുതയാണ്‌. വികസന ധനകാര്യവും യാഥാസ്ഥിതിക ധനകാര്യവും കേരളത്തിന്റെ ധനകാര്യമെന്നത്‌ സംസ്ഥാനസർക്കാരിന്റെ വരവ്‌ ചെലവുകൾ, ബാങ്ക്‌ - ബാങ്കിതര സ്ഥാപനങ്ങളുടെ ക്രയവിക്രയം, സഹകരണസ്ഥാപനങ്ങളുടെ ഇടപാടുകൾ, ഓഹരിക്കമ്പോളം, വിദേശപ്പണത്തിന്റെ കൈമാറ്റം, സ്വകാര്യ പണമിടപാടുകാർ എന്നിവയൊക്കെ ചേർന്നതാണ്‌. ഇവിടെയെല്ലാം പൊതുചാലകശക്തിയായി പ്രവർത്തിക്കുന്നത്‌ പണം തന്നെയാണ്‌. എന്നാൽ പണത്തോടൊപ്പം മനുഷ്യാധ്വാനവും പ്രകൃതിവിഭവവും കൂടിച്ചേർന്നാണ്‌ വികസന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്‌. ഇവയെ കൂട്ടിയിണക്കി കേരളത്തിലെ സാധാരണ ജനങ്ങൾ നേരിടുന്ന വികസന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനാണ്‌ സംസ്ഥാനത്തിന്റെ ധനകാര്യ പ്രവർത്തനങ്ങളിൽ മുൻതൂക്കം ലഭിക്കേണ്ടത്‌. അത്തരത്തിൽ ജനപക്ഷത്ത്‌ നിന്നുള്ള ഒരു ധനകാര്യ സമീപനത്തെ വികസന ധനകാര്യം (Developmental Finance) എന്നാണ്‌ പൊതുവിൽ പറയാറുള്ളത്‌. എന്നാൽ, നവലിബറൽ പരിഷ്‌ക്കാരങ്ങൾ ആവശ്യപ്പെടുന്നതും നിർബന്ധിക്കുന്നതും തികച്ചും വ്യത്യസ്‌തമായ ഒരു ധനകാര്യ രീതിയാണ്‌. അതിൽ സർക്കാരിന്റെയും പൊതുസ്ഥാപനങ്ങളുടെയും പൊതുധനകാര്യ (Public Finance) ഇടപെടലുകൾ ഗണ്യമായി വെട്ടിക്കുറയ്‌ക്കാനും, സ്വകാര്യ പണമിടപാടുകൾക്ക്‌ വർധിച്ച പ്രാധാന്യം നൽകാനുമാണ്‌ ശ്രമിക്കുന്നത്‌. ഈ നിലപാടിനെ യാഥാസ്ഥിതിക ധനകാര്യം (Conservative Finance) എന്നാണ്‌ പറയുന്നത്‌. യാഥാസ്ഥിതിക ധനകാര്യത്തെ പ്രതിരോധിച്ചുകൊണ്ട്‌, വികസന ധനകാര്യ ഇടപെടലുകളെ ശക്തിപ്പെടുത്തുകയും വിപുലപ്പെടുത്തുകയുമാണ്‌ ജനക്ഷേമത്തിനായുള്ള കേരള വികസനത്തിന്‌ ആവശ്യമായിട്ടുള്ളത്‌. മറ്റൊരു കേരള സൃഷ്ടിക്കായുള്ള പ്രയാണത്തിൽ മുൻഗണന നൽകേണ്ടതും അതിനായിരിക്കണം. ഈയൊരു പൊതുനിലപാടിൽ കേരളത്തിന്റെ ധനസ്ഥിതി, വിഭവവിനിയോഗം എന്നിവയെ പരസ്‌പരം ബന്ധപ്പെടുത്തി ചില കാര്യങ്ങൾ ചർച്ചചെയ്യാനാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. സാമൂഹ്യമാറ്റത്തിനായുള്ള ജനകീയ ഇടപെടലുകളിൽ ഒരു പ്രദേശത്തിന്റെ ധനകാര്യവും പ്രധാനപ്പെട്ടൊരു സമരമുഖമാണെന്ന്‌ ഞങ്ങൾ കരുതുന്നു. പൊതുധനകാര്യം പൊതുധനകാര്യത്തിൽ പ്രധാനം സർക്കാരിന്റെ വരവ്‌ - ചെലവുകളാണ്‌. സംസ്ഥാനത്ത്‌ നിന്നുള്ള തനത്‌ വരുമാനം കേന്ദ്രസർക്കാരിൽ നിന്നുള്ള വിഹിതം, വായ്‌പ എന്നിവയാണ്‌ സംസ്ഥാന സർക്കാരിന്റെ വരുമാനമാർഗങ്ങൾ. വിവിധതരം നികുതികൾ, നികുതിയേതര വരുമാനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്നുള്ള ലാഭം എന്നിവയാണ്‌ തനത്‌ വരുമാനസ്രോതസ്സുകൾ. കേന്ദ്രധനകമ്മീഷൻ അനുവദിക്കുന്ന വിഹിതം, പദ്ധതിവിഹിതം, പ്രത്യേക ഗ്രാന്റുകൾ എന്നിങ്ങനെയാണ്‌ കേന്ദ്രവിഹിതം. ആഭ്യന്തരവായ്‌പ, കേന്ദ്രാനുമതിയോടെയുള്ള വിദേശവായ്‌പ എന്നിവയാണ്‌ വായ്‌പാ സ്രോതസ്സുകൾ. ഇതിൽ തനത്‌ വരുമാനം, കേന്ദ്ര വിഹിതം എന്നിവ ചേർന്നതാണ്‌ റവന്യൂവരുമാനം. ബാക്കി ഉള്ളവയെ മൂലധനസ്രോതസ്സുകളായി കണക്കാക്കുന്നു. 2011 - 12 വർഷത്തെ കണക്കനുസരിച്ച്‌ സംസ്ഥാനത്തിന്റെ മൊത്തം നികുതിവരുമാനം 25,719 കോടി രൂപയാണ്‌. ഇതിൽത്തന്നെ വിൽപ്പന നികുതിയും (മദ്യം, പെട്രോളിയം എന്നിവയ്‌ക്ക്‌) മൂല്യവർധിത നികുതിയുമാണ്‌ (വാറ്റ്‌) പ്രധാനം. 67 ശതമാനം ഇതോടൊപ്പം സ്റ്റാമ്പ്‌ ഡ്യൂട്ടി, സ്റ്റേറ്റ്‌ എക്‌സൈസ്‌ ഡ്യൂട്ടി, വാഹന നികുതി, ഭൂനികുതി എന്നിവയും ഉൾപ്പെടുന്നു. നികുതിയേതര വരുമാനം 7 ശതമാനവും കേന്ദ്രവിഹിതം 26 ശതമാനവുമാണ്‌. ഇവ യഥാക്രമം 2592 കോടി രൂപ, 9699 കോടി രൂപ എന്നിങ്ങനെയാണ്‌.

പട്ടിക 1 സംസ്ഥാന ധനകാര്യവുമായി ബന്ധപ്പെട്ട പ്രധാന കണക്കുകൾ 2011 - 12 (കോടി രൂപയിൽ) നികുതി വരുമാനം തുക ഭൂനികുതി 60.75 സ്റ്റാമ്പ്‌ ഡ്യൂട്ടി + റജിസ്‌ട്രേഷൻ 2986.56 സംസ്ഥാന എക്‌സൈസ്‌ ഡ്യൂട്ടി 1883.18 വിൽപ്പന നികുതി + വാറ്റ്‌ 18938.83 വാഹന നികുതി 1587.13 മറ്റുള്ളവ 262.15 ആകെ 25718.6 മൊത്തം സംസ്ഥാന വരുമാനം 315205 വരവ്‌ ചെലവുകൾ മൊത്തം റവന്യൂ വരുമാനം 38010 മൊത്തം റവന്യൂ ചെലവ്‌ 46045 മൊത്തം മൂലധന ചെലവ്‌ 3853 മൊത്തം ചെലവ്‌ 49898 കടം ആഭ്യന്തര കടം 55397 ചെറുകിട നിക്ഷേപം + പ്രൊവിഡണ്ട്‌ ഫണ്ട്‌ 27625 കേന്ദ്രസർക്കാർ വഴി 6,395.08 ആകെ 89418

Source: Economic Review- 2012 ഇവ മൂന്നും കൂടി ചേർന്ന്‌ (2011 - 12ൽ) മൊത്തം റവന്യൂ വരുമാനം.

38010 കോടി രൂപയാണ്‌. എന്നാൽ, റവന്യൂ (നിത്യനിദാന) ചെലവ്‌ 46045 കോടി രൂപ വരുന്നു. ഇത്‌ കാണിക്കുന്നത്‌ 2011 - 12 വർഷത്തിലെ റവന്യു കമ്മി 8035 കോടി രൂപയാണെന്നതാണ്‌. 2011 - 12 വർഷത്തെ ബജറ്റിൽ ഇത്‌ 5534 കോടി രൂപയും ആയിരുന്നു. അതായത്‌, നിത്യനിദാനവരുമാനം കൊണ്ട്‌ നിത്യച്ചെലവ്‌ അഥവാ റവന്യു ചെലവ്‌ റവന്യു വരുമാനം കൊണ്ട്‌ നിറവേറ്റാൻ കഴിയുന്നില്ല എന്നർഥം. അതിനാൽ, കടം വാങ്ങിക്കുന്നതിന്റെ ഒരു ഭാഗം നിത്യചെലവിനായി നീക്കിവെയ്‌ക്കേണ്ടി വുന്നു. ഇത്‌ ഗുണകരമല്ല; പക്ഷേ തനതായ ചില കാരണങ്ങളുണ്ട്‌. കേരളത്തിലെ മിക്ക വികസന രംഗങ്ങളും സേവന പ്രധാനങ്ങളാണ്‌. അവിടുന്ന്‌ നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാനത്തിനില്ല. ഇതേപോലെ, തോട്ടവിളകൾ, പരമ്പരാഗത വ്യവസായ ഉൽപ്പന്നങ്ങൾ എന്നിവയൊക്കെ കയറ്റുമതി പ്രധാനങ്ങളാണെങ്കിലും കയറ്റുമതിനികുതി ചുമത്തുന്നതും ഈടാക്കുന്നതും കേന്ദ്രസർക്കാരാണ്‌. അതേസമയം ഇതിനകം തന്നെ നല്ലതോതിൽ മുന്നേറിക്കഴിഞ്ഞ കേരളത്തിലെ പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാമൂഹിക സുരക്ഷ എന്നിവയിൽ നിന്നൊന്നും പിന്നാക്കം പോകാൻ കഴിയില്ലെന്നതും വസ്‌തുതയാണ്‌. ഈ രംഗങ്ങളിലെ ശമ്പളം, പെൻഷൻ തുടങ്ങിയ ചെലവുകളൊന്നും കുറയ്‌ക്കാൻ കഴിയില്ല. പ്രാദേശിക ഭരണസമിതികൾ, സർവകലാശാലകൾ എന്നിവയ്‌ക്കൊക്കെ നൽകുന്ന പണം യഥാർഥത്തിൽ വികസനോന്മുഖവും ആസ്‌തിയുണ്ടാക്കാൻ ഇടയാക്കുന്നതും ആണെങ്കിലും കണക്ക്‌ തയ്യാറാക്കുന്നതിലെ സാങ്കേതികത്വത്താൽ അവയും റവന്യൂചെലവിലാണ്‌ വരുന്നത്‌. പക്ഷേ, ഇതൊക്കെ മാറ്റിനിർത്തിയാൽ പോലും റവന്യുവരുമാനം കൊണ്ട്‌ കേരളത്തിലെ റവന്യൂചെലവിന്‌ മതിയാകില്ല. ഈ സാഹചര്യത്തിലാണ്‌ റവന്യുകമ്മി, ധനകമ്മി എന്നിവ മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനത്തിലേക്ക്‌ നിജപ്പെടുത്തണമെന്നും ക്രമത്തിൽ അവ ഒഴിവാക്കണമെന്നുമുള്ള ധന ഉത്തരവാദിത്ത നിയമത്തിന്റെ (FRBMനിയമം) നിബന്ധനകൾ കൂടുതൽ പ്രതിസന്ധികൾക്കിടയാക്കുന്നത്‌. ഇവ 2011 - 12 വർഷത്തിൽ യഥാക്രമം 1.81 ശതമാനവും 3.43 ശതമാനവും ആയിരുന്നു. സംസ്ഥാനത്തിന്റെ റവന്യുചെലവ്‌ 46045 കോടി രൂപയാണെന്ന്‌ സൂചിപ്പിച്ചല്ലോ (2011 - 12). ഇതിൽ, 55.3 ശതമാനം ആരോഗ്യം, വിദ്യാഭ്യാസം, ഉൽപ്പാദനരംഗങ്ങൾ തുടങ്ങിയ വികസന ചെലവുകൾക്കും 44.7 ശതമാനം രൂപ പലിശ, പെൻഷൻ, ഭരണച്ചെലവ്‌, പോലീസ്‌ എന്നിവയുൾപ്പെടുന്ന വികസനേതര (Non - Developmental) ചെലവുകൾക്കുമാണ്‌. പലിശ, പെൻഷൻ, ശമ്പളം എന്നിവ ഒഴിവാക്കാനാവാത്ത ചെലവുകളാണ്‌. ഈ ചെലവ്‌ സംസ്ഥാനത്തിന്റെ തനത്‌ വരുമാനത്തേക്കാൾ കൂടുതലാകുന്നുണ്ടെന്നതും മനസ്സിലാക്കേണ്ടതുണ്ട്‌. മൊത്തം റവന്യൂചെലവിൽ 15.5 ശതമാനം പെൻഷൻ ഇനങ്ങളാണ്‌. പെൻഷൻ മൊത്തം ശമ്പളത്തിന്റെ പകുതിയിലികം വരുന്നുണ്ട്‌. സംസ്ഥാനം നേടിയെടുത്ത ഉയർന്ന പ്രതിശീർഷ ആയുർദൈർഘ്യത്തിൽ പെൻഷൻതുക ഇനിയും വർധിക്കാനാണ്‌ സാധ്യത. (ആയുർദൈർഘ്യം കുറച്ച്‌ പെൻഷൻ കുറയ്‌ക്കാനും കഴിയില്ലല്ലോ. ഇത്തരം സവിശേഷതകളാണ്‌ കേരളം നേരിടുന്ന രണ്ടാം തലമുറ പ്രശ്‌നങ്ങളായി കണക്കാക്കുന്നത്‌). സമീപഭാവിയിൽ, സർവീസിലുള്ള ജീവനക്കാരെക്കാൾ കൂടുതലായിരിക്കും. പെൻഷൻകാരുടെ എണ്ണമെന്നതും ശ്രദ്ധേയമാണ്‌. റവന്യു ചെലവിൽ, കടംവകയുള്ള പലിശ, 21.5 ശതമാനം വരുന്നുണ്ട്‌. ഭാവി വികസനത്തിനുള്ള മൂലധനചെലവായി വകയിരുത്താൻ കഴിഞ്ഞത്‌ 2010 - 11ൽ 4125 കോടി രൂപയായിരുന്നു. ഈ നില തന്നെയാണ്‌ ഇപ്പോഴും തുടരുന്നത്‌. സംസ്ഥാന ധനകാര്യത്തിന്റെ മറ്റൊരു പ്രശ്‌നം കടമാണ്‌. മൊത്തം കടം വലിയൊരു ഭാരമായി തുടരുകയാണ്‌. 2011 - 12 വർഷത്തിൽ മൊത്തം കടം 89418 കോടി രൂപ ആയിരുന്നു. ഇതിൽ ആഭ്യന്തര കടം 55397 കോടി രൂപയും ചെറുകിട നിക്ഷേപം, പ്രൊവിഡണ്ട്‌ ഫണ്ട്‌ എന്നിവയിൽ നിന്ന്‌ 27625 കോടി രൂപയും കേന്ദ്രസർക്കാർ മുഖേന വായ്‌പ 6396 കോടി രൂപയും ആണ്‌. 2010 - 11 പ്രതിശീർഷ കടം 18042 രൂപവരും. ഇത്‌ അഖിലേന്ത്യാ നിരക്കായ 11086 രൂപയേക്കാളും, ദക്ഷിണേന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിലേതിനേക്കാളും വളരെ കൂടുതലാണ്‌. ഈ രീതിയിലെല്ലാം പരിശോധിക്കുമ്പോൾ വളരെ ദുർബലമായ പൊതുധനസ്ഥിതിയുള്ള സംസ്ഥാനമാണ്‌ കേരളം. എന്നാൽ, ഈ ദുർബലാവസ്ഥ പലപ്പോഴും ജനജീവിതത്തിൽ പ്രകടിപ്പിക്കപ്പെടുന്നില്ല. പ്രതിശീർഷ ഉപഭോഗത്തിൽ ഇന്ത്യയിൽ ഉയർന്നു നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളം. ഇതിന്റെ പ്രധാന കാരണം വിദേശവരുമാനം, പ്രത്യേകിച്ചും ഗൾഫിൽ നിന്നുള്ള വരുമാനമാണ്‌. ഒപ്പം പ്രാദേശിക ഭരണസമിതികൾ മുഖേന കഴിഞ്ഞ 10 - 15 വർഷങ്ങളായി നടക്കുന്ന ചെലവുകളും പ്രധാനമാണ്‌. കുടുംബശ്രീ, തൊഴിലുറപ്പ്‌ പദ്ധതിഎന്നിവ ജനജീവിതം തകരാതിരിക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്‌. ഗൾഫ്‌ വരുമാനം തന്നെ ഇക്കാലത്തായി നിയമപ്രകാരം 60,000 കോടി രൂപയിൽ കൂടുതലാണെന്ന്‌ വിദഗ്‌ധർ കണക്കാക്കുന്നു. ഈ പണം കേരളത്തിലാകെ പരന്ന്‌ പ്രചരിക്കുകയാണ്‌. ഇവയിൽ നല്ലൊരുഭാഗം ഉപഭോഗാവശ്യത്തിനാണ്‌ ചെലവാക്കുന്നത്‌. ദല്ലാൾ മുഖേനയുള്ള സ്വകാര്യ പണമിടപാടുകളും പ്രധാനമാണ്‌. ഇതോടൊപ്പം ബാങ്കുകളിൽ നിന്ന്‌ പലതരത്തിൽ വാങ്ങുന്ന വായ്‌പകൾ പ്രചാരണത്തിലുണ്ട്‌. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ശമ്പളം, കൂലി എന്നിവയും ജനങ്ങളുടെ വരുമാനം വർധിപ്പിക്കുന്ന ഘടകങ്ങളാണ്‌. കേരളത്തിൽ പ്രവഹിക്കുന്ന ബാങ്ക്‌ വായ്‌പകൾ 2013 മാർച്ചിലെ കണക്കനുസരിച്ച്‌ 1,75,087 കോടി രൂപയുടേതാണ്‌. 2010 - 11 വർഷത്തിൽ തന്നെ നബാർഡിൽ നിന്ന്‌ 1618 കോടി രൂപ വിവിധസഹായങ്ങൾക്കായി സംസ്ഥാനത്തിന്‌ ലഭിക്കുന്നുണ്ട്‌. ഇതിൽ നല്ലൊരു ശതമാനം സഹകരണ സംഘങ്ങൾ വഴി ജനങ്ങളിലേക്കെത്തിയിട്ടുണ്ടാകും. 2013 മാർച്ചിലെ കണക്കനുസരിച്ച്‌ കേരളത്തിൽ 5997 ബാങ്ക്‌ ശാഖകളാണ്‌ പ്രവർത്തിക്കുന്നത്‌. ഇവയിൽ, ഏതാണ്ട്‌ 2,29,148 കോടി രൂപയുടെ നിക്ഷേപം ഉള്ളതായി കണക്കാക്കുന്നു. ഇന്ത്യയിലെ ആകെ ബേങ്ക്‌ശാഖകളുടെ 4.2 ശതമാനം ആണ്‌ കേരളത്തിലുള്ളത്‌. ഇന്ത്യയിലെ ആകെ നിക്ഷേപത്തിന്റെ 3.3 ശതമാനവും വായ്‌പയായി 3.1 ശതമാനവും കേരളത്തിലാണ്‌. കേരളത്തിൽ പ്രചരിക്കുന്ന പുറംവരുമാനം, ഉപഭോഗനിരക്ക്‌ എന്നിവയുമായി തട്ടിച്ചുനോക്കുമ്പോൾ പിരിഞ്ഞുകിട്ടേണ്ട വിൽപ്പന നികുതി പൂർണമായും കിട്ടുന്നില്ല. നികുതി സ്രോതസ്സിന്റെ വളർച്ചയ്‌ക്കനുസരിച്ച്‌ നികുതി നിരക്ക്‌ വർധിക്കുന്നില്ലെന്നത്‌ (ഈ അനുപാത നിരക്കിനാണ്‌ നികുതിയുടെ പ്ലവഗ നിരക്ക്‌ അഥവാ Tax buoyancy എന്ന്‌ പറയുന്ന്‌ത്‌) കേരളത്തിലെ ഒരു പ്രശ്‌നമാണ്‌. നികുതിവെട്ടിപ്പ്‌, പലതരം അഴിമതി, സങ്കുചിത താൽപ്പര്യങ്ങൾ എന്നിവയൊക്കെയാണ്‌ ഇതിന്ന്‌ കാരണമെന്നതും എല്ലാവർക്കും അറിയാവുന്നതാണ്‌. ഇക്കാര്യങ്ങളെല്ലാം പൊതുവിൽ പരിശോധിക്കുമ്പോൾ, വളരെ വിശാലവും മാമൂൽവിട്ടതും അതേസമയം ജനപക്ഷ സമീപനത്തിൽ ഊന്നുന്നതുമായ ഒരു ധനപരിപാലന വിനിമയ രീതി കേരളത്തിൽ ശക്തിപ്പെട്ടുവരേണ്ടതുണ്ട്‌. ഈ പ്രക്രിയയിൽ ധനകാര്യത്തോടൊപ്പം ഇതര വിഭവങ്ങളുടെ ഉപയോഗവും കൂട്ടിച്ചേർത്ത്‌ പരിഗണിക്കുകയും വേണം. ഇവിടെയാണ്‌ മുകളിൽ സൂചിപ്പിച്ച വികസന ധനകാര്യം കൂടുതൽ പ്രസക്തമാകുന്നത്‌. വികസനധനകാര്യത്തിന്റെ പ്രാധാന്യം കേരളത്തിൽ പണപ്പിരിവിന്റെയും പണച്ചെലവിന്റെയും, കാര്യത്തിൽ പ്രശ്‌നങ്ങളുണ്ട്‌. നികുതി പിരിച്ചെടുക്കുന്നതിൽ പലരും കാണിക്കുന്ന അനാസ്ഥപോലെത്തന്നെ ജനപ്രിയമായി പണം ചെലവാക്കുന്ന രീതിയും പ്രകടമാണ്‌. രാഷ്ട്രീയനേതാക്കളും മന്ത്രിമാരുപോലും ബജറ്റിൽ വകകൊള്ളിക്കാതെയും ബജറ്റിന്റെ പരിധിക്കപ്പുറത്തും പലപ്പോഴും പണം ചെലവാക്കാറുണ്ട്‌. ഇത്‌ നിയമസഭയെ നോക്കുകുത്തിയാക്കുന്നതിന്‌ തുല്യമാണ്‌. ഇതേപോലെതന്നെ, ഭരണരംഗത്തെ അഴിമതി, ധൂർത്ത്‌, ഇരട്ടിച്ചലവ്‌, പാഴ്‌ചെലവ്‌, സമയബന്ധിതമല്ലാത്ത ചെലവ്‌, പരസ്‌പര ഏകോപനമില്ലാത്ത ചെലവ്‌ ഇവയൊക്കെ പരിമിതമായ വരവിന്റെ ഫലപ്രദമല്ലാത്തതും മുൻഗണനയില്ലാത്തതുമായ ചെലവ്‌ രീതികളാണ്‌. ഇതേപോലെ തന്നെ വളരെ കർശനമായ നിയന്ത്രണങ്ങളും സാങ്കേതികത്വവും, വകുപ്പുകൾക്കിടയിലെ പ്രശ്‌നങ്ങളും പലപ്പോഴും സമയത്തിന്‌ പണം ചെലവാക്കാൻ കഴിയാതാക്കുന്നു. വിദേശവായ്‌പയും, പ്രോജക്‌ട്‌ പണവുമൊക്കെ വളരെ പരിമിതമായി മാത്രമേ ചെലവാക്കുന്നുള്ളള്ളൂ. മാർച്ച്‌ മാസത്തിൽ മാത്രമാണ്‌ ഔദ്യോഗിക പണമിടപാടുകളിൽ നല്ലൊരു ഭാഗവും നടക്കുന്നത്‌. ഇതും അഴിമതിക്കിടയാക്കുന്നുണ്ടെന്ന്‌ മാത്രമല്ല, പൊതു ചെലവ്‌ വഴി അതത്‌ കാലത്ത്‌ ലഭിക്കേണ്ടിയിരുന്ന നേട്ടങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. പൊതുഭരണ സംവിധാനത്തിന്റെ കാര്യശേഷിയല്ലായ്‌മ പണപ്പിരിവിനേയും, ലഭ്യമായ പണം ഫലപ്രദമായി ചെലവാക്കുന്നതിനെയും പ്രതികൂലമായി സ്വാധീനിക്കുന്നുണ്ട്‌. നികുതി പിരിച്ചെടുക്കുക എന്നത്‌ വികസന ധനകാര്യത്തിന്റെ അവിഭാജ്യഭാഗമാണ്‌. സർക്കാരിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള നേട്ടങ്ങൾ പ്രയോജനപ്പെടുത്തി ഒരാൾക്കുണ്ടാകുന്ന വരുമാനത്തിന്റെ നിശ്ചിത അനുപാതം സാമൂഹിക വികസനത്തിനായി സംഭാവന ചെയ്യാൻ ഏതൊരാളും ബാധ്യസ്ഥനാണ്‌. അവരുടെ കടമയാണ്‌. എന്നാൽ, നികുതിവെട്ടിപ്പ്‌ നടത്തുന്നതിനാണ്‌ നാം തന്ത്രങ്ങൾ മെനയുന്നത്‌. തദ്ദേശഭരണ സമിതികളും മറ്റും ജനപ്രീതിനേടാനും വോട്ട്‌ ലക്ഷ്യമിട്ടും നികുതിരഹിത പഞ്ചായത്തുകളും മറ്റും പ്രഖ്യാപിക്കുന്ന രീതിവരെ കണ്ടുവരുന്നുണ്ട്‌. കെട്ടിടനികുതി, വസ്‌തുനികുതി എന്നിവയൊക്കൈ ശാസ്‌ത്രീയമായി കണക്കാക്കുന്നതിനും ചുമത്തുന്നതിനും പിരിച്ചെടുക്കുന്നതിനും പ്രാദേശിക ഭരണസമിതികൾ വേണ്ടത്ര തൽപ്പരരാകുന്നില്ലെന്നത്‌ ആശാസ്യമല്ല. വികസന ധനകാര്യത്തിന്നെതിരായ കേന്ദ്ര നിലപാടുകൾ ഇതോടൊപ്പം തന്നെ കൂട്ടിവായിക്കേണ്ടതാണ്‌, നവലിബറൽ പരിഷ്‌ക്കാരങ്ങളുടെയും അതുവഴി, കേന്ദ്രസർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നടപടികളുടെയും പ്രത്യാഘാതങ്ങൾ. ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയിലുള്ള കേന്ദ്ര - സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ നിന്നുള്ള പിന്മാറ്റമാണ്‌ ഇന്ന്‌ യഥാർഥത്തിൽ നടന്നുകൊണ്ടിരിക്കുന്നത്‌. പല കാരണങ്ങളാലും വരുമാനം കൂടുതൽ പിരിച്ചെടുക്കാൻ കഴിയുന്നത്‌ കേന്ദ്രസർക്കാരിനാണ്‌ (കഴിഞ്ഞ കുറേ വർഷങ്ങളായി വൻകിടക്കാരുടെ നികുതി ബാധ്യതകൾ വൻതോതിൽ എഴുതിത്തള്ളുന്നു എന്ന കാര്യവും ഓർക്കണം). അതേസമയം ഭരണപരമായി സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്‌ കൂടിവരുന്നത്‌. ഇത്തരം കാര്യങ്ങൾ ഭരണഘടനയുടെ ചട്ടക്കൂടിനകത്ത്‌ പരിഹരിക്കാനാണ്‌ അഞ്ച്‌ വർഷത്തിലൊരിക്കൽ ധനകാര്യകമ്മീഷനെ നിയോഗിക്കുന്നത്‌. ഇതൊക്കെ വിശദമായ രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണ്‌. എന്നാൽ ഈയിടെയായി ധനകാര്യകമ്മീഷനുകളെ പുതിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ നടപ്പാക്കാനുള്ള ഒരു ഏജൻസിയായി കേന്ദ്രസർക്കാർ ഉപയോഗപ്പെടുത്തുകയാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. സർക്കാർ നിർദേശങ്ങളും ധനകമ്മീഷൻ ശുപാർശകളും പരിശോധിക്കുമ്പോൾ ചില കാര്യങ്ങൾ വ്യക്തമാണ്‌. ഒന്ന്‌, കേന്ദ്രത്തിന്റെ വരുമാനം കൂടിവരുന്നു. രണ്ട്‌ സംസ്ഥാനങ്ങൾക്ക്‌ ധാരാളം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നു. മൂന്ന്‌, സംസ്ഥാന പരിധിയിൽ വരുന്ന രംഗങ്ങളിൽപ്പോലും കേന്ദ്രതലത്തിൽ പദ്ധതി ഉണ്ടാക്കിയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ക്രമാതീതമായി വർധിക്കുന്നു. നാല്‌, പതിയ മാനദണ്ഡങ്ങളുണ്ടാക്കി ധനകാര്യകമ്മീഷൻ വഴി സംസ്ഥാനങ്ങൾക്ക്‌ കൊടുക്കാവുന്ന ധനവിഹിതത്തിൽ കുറവ്‌ വരുത്തുന്നു. ഇവയ്‌ക്കെല്ലാം നിയമത്തിന്റെ പ്രാബല്യം നൽകുന്നവിധത്തിൽ ധന ഉത്തവാദിത്വനിയമം നടപ്പാക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലേക്ക്‌ സംസ്ഥാനസർക്കാരിന്റെ വിഹിതം കൂട്ടിച്ചേർക്കണമെന്നത്‌ സംസ്ഥാനങ്ങൾക്ക്‌ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നു. പ്രാദേശിക ഭരണസമിതികൾ പോലും പ്ലാൻഫണ്ടിന്റെ നിശ്ചിതഭാഗം ഈ രീതിയിൽ മാറ്റിവെയ്‌ക്കാൻ നിർബന്ധിതരാകുന്നുണ്ട്‌. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ വഴിയുള്ള ചെലവിൽ 63 ശതമാനവും സംസ്ഥാന ബജറ്റുകളെ പരിഗണിക്കുക പോലും ചെയ്യാതെ, നിർവഹണ ഏജൻസികളിലേക്കോ, പ്രാദേശിക ഭരണ സമിതികളിലേക്കോ നേരിട്ട്‌ ചെല്ലുകയാണ്‌. സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതത്തിൽ പത്താം ധനകമ്മീഷൻ കേരളത്തിന്‌ അനുവദിച്ചത്‌ 3.9 ശതമാനമായിരുന്നെങ്കിൽ 11, 12, 13 ധനകമ്മീഷനുകൾ അനുവദിച്ചത്‌ യഥാക്രമം 3.1, 2.7, 2.34 ശതമാനം വീതമായിരുന്നു. ശതമാനത്തിന്റെ കുറവ്‌ ചെറിയതോതിലാണെങ്കിലും ആയിരക്കണക്കിന്‌ കോടിരൂപയാണ്‌ കേരളത്തിന്‌ ഇതുവഴി നഷ്ടമാകുന്നത്‌. ധനകാര്യ രംഗത്ത്‌ പുത്തൻ പരിഷ്‌ക്കാരങ്ങൾ എത്രമാത്രം നടപ്പാക്കുന്നു എന്നത്‌ വരെ ഒരു മാനദണ്ഡമായി ധനകമ്മീഷനുകൾ കണക്കാക്കുകയുണ്ടായി. നികുതി പിരിവ്‌ വർധിപ്പിക്കണമെന്നപേരിൽ ധനകാര്യ അച്ചടക്കം കർശനമാക്കാനും നടപടിയുണ്ടായി. ഇത്തരം പ്രശ്‌നങ്ങളെ ചില പൊതുധാരണകളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ സമവായം ഉണ്ടാക്കി നേരിടാനും കേരളത്തിൽ കഴിയുന്നില്ലെന്നതും പ്രശ്‌നമാണ്‌. ധന ഉത്തരവാദിത്ത നിയമം വളരെ യാന്ത്രികമായി വരവ്‌ - ചെലവുകളെ സമീകരിക്കാൻ ശ്രമിക്കയാണ്‌. സർക്കാരിന്റെ ചെലവ്‌ കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ, പണ്ട്‌ കാലത്ത്‌ നടപ്പാക്കിയിരുന്ന സന്തുലിത ബജറ്റ്‌ (Balanced Budget) എന്ന യാഥാസ്ഥിതിക നിലപാടാണ്‌ ഇവിടെയും തുടരുന്നത്‌. സർക്കാരുകൾ അതിന്റെ വരവ്‌ അനുസരിച്ച്‌ ചെലവാക്കിയാൽ മതിയെന്നും ചെലവ്‌ തന്നെ എങ്ങനെയാവണമെന്നത്‌ മുൻകൂട്ടി നിർണയിക്കണമെന്നുമാണ്‌ ധന ഉത്തരവാദിത്വനിയമം അനുശാസിക്കുന്നത്‌. ചുരുക്കത്തിൽ, സംസ്ഥാനങ്ങളുടെ ജനപക്ഷ ഇടപെടലുകളെ നിയമം വഴി നിയന്ത്രിക്കാനുള്ള നവലിബറൽ പരിഷ്‌ക്കാരങ്ങളുടെ ഒരുപാധിയാണ്‌ ധനഉത്തരവാദിത്വ നിയമം. അതിന്റെ പ്രധാന ഊന്നൽ റവന്യുകമ്മി, ധനക്കമ്മി എന്നീ കാര്യങ്ങളിലാണ്‌. ധനക്കമ്മി എന്നത്‌ തന്നെ നവലിബറൽ കാലത്തിൽ ഉയർന്നുവന്നതാണ്‌. മൊത്തം സർക്കാർ ചെലവിൽ നിന്ന്‌ റവന്യു വരുമാനം കുറച്ച്‌ കിട്ടുന്ന തുകയാണ്‌ ധനകമ്മിയായി പറയുന്നത്‌. ഇതിനെ മൊത്തം സംസ്ഥാന വുരമാനത്തിന്റെ നിശ്ചിത ശതമാനമായി നിജപ്പെടുത്തണമെന്നാണ്‌ നിയമം അനുശാസിക്കുന്നത്‌. അങ്ങനെ ധനകമ്മി, നിശ്ചിതനിരക്കിൽ നിജപ്പെടുത്തണമെങ്കിൽ ഒന്നുകിൽ സർക്കാരിന്റെ പൊതു ചെലവ്‌ വെട്ടിക്കുറയ്‌ക്കണം. അല്ലെങ്കിൽ റവന്യുവരുമാനം വർധിപ്പിക്കണം. വരുമാനം വർധിപ്പിക്കുന്നതിന്‌ കേരളത്തിലുള്ള പ്രത്യേക പ്രശ്‌നങ്ങൾ നേരത്തെ സൂചിപ്പിച്ചു. അത്തരം പ്രശ്‌നങ്ങൾ മറികടക്കൽ അത്ര എളുപ്പമല്ല. അപ്പോൾ സർക്കാരിന്റെ പൊതുചെലവ്‌ വെട്ടിക്കുറയ്‌ക്കുകയാവും വേണ്ടത്‌. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്‌ക്കൽ, സാമൂഹിക ക്ഷേമ നടപടികൾ വേണ്ടെന്ന്‌ വയ്‌ക്കൽ, സബ്‌സിഡി, പെൻഷൻ എന്നിവ നിരാകരിക്കൽ, ആരോഗ്യ - വിദ്യാഭ്യാസ ചെലവുകളിൽ നിന്നുള്ള സർക്കാർ പിന്മാറ്റം എന്നിവയൊക്കെയാണ്‌ നിർദേശിക്കപ്പെട്ടത്‌. വരുമാനം വർധിപ്പിക്കാൻ കൈക്കൊണ്ടമാർഗം പൊതുമേഖലാസ്ഥാപനങ്ങളുടെ വിൽപ്പനയായിരുന്നു. സാധാരണ ജനങ്ങളെ പൊതുവിൽ ബാധിക്കുന്ന നികുതികൾ വർധിപ്പിക്കുകയും ധനികർക്ക്‌ നിക്ഷേപസൗഹൃദത്തിന്റെ പേരിൽ നികുതിയിളവുകൾ അനുവദിക്കുകയും ചെയ്യുക എന്നത്‌ കേന്ദ്രസർക്കാരിന്റെ പ്രഖ്യാപിത രീതികളായിരുന്നു. ഇതിന്റെ ഭാഗമായി എക്‌സൈസ്‌ തീരുവ, വിൽപ്പന നികുതി, വാറ്റ്‌ എന്നിവ കൂട്ടുകയും ആദായനികുതി, കമ്പനി നികുതി എന്നിവ കുറയ്‌ക്കുകയും ചെയ്‌തിരുന്നു. സംസ്ഥാന സർക്കാരുകളെ സ്വയം ചെറുതാക്കുന്ന, അവയുടെ പ്രവർത്തനം സാമ്പത്തിക വികസനരംഗങ്ങളിൽ നിന്ന്‌ മാറ്റി ക്രമസമാധാനം തുടങ്ങിയ രംഗങ്ങളിലേക്ക്‌ കേന്ദ്രീകരിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇത്‌ പഴയ യാഥാസ്ഥിതിക രീതിയിലേക്കുള്ള തിരിച്ചുപോക്കാണ്‌. അതുകൊണ്ടുതന്നെ ഇത്തരം നീക്കങ്ങളെ ജനകീയമായിത്തന്നെ പ്രതിരോധിക്കേണ്ടതുണ്ട്‌. എന്നാൽ ചെലവിന്റെ മുൻഗണനകളും പരിശോധിക്കേണ്ടതാണ്‌. കേരളം പോലൊരു സംസ്ഥാനത്ത്‌ പലപ്പോഴും മുൻതൂക്കം നൽകുന്നത്‌ പശ്ചാത്തല വികസനത്തിനാണ്‌. പശ്ചാത്തല വികസനത്തിന്റെ പ്രാധാന്യം കുറച്ചുകാണുന്നില്ലെങ്കിലും അതിനെക്കാൾ പ്രാധാന്യം ഉൽപ്പാദനരംഗത്തിനാണ്‌. കാരണം, സംസ്ഥാനം നേരിടുന്ന ഉൽപ്പാദനം, ഭക്ഷ്യസുരക്ഷയില്ലായ്‌മ, തൊഴിലില്ലായ്‌മ, സേവനരംഗങ്ങളിലെ ഗുണനിലവാരത്തകർച്ച, മാലിന്യനിർമാർജനം എന്നിവയൊക്കെ പരിഹരിക്കാനായിരിക്കണം പ്രാഥമിക പരിഗണന. അതിന്‌ ശേഷം ഊന്നൽ കൊടുക്കേണ്ടതാണ്‌ പശ്ചാത്തലവികസനം. പശ്ചാത്തലവികസന രംഗത്ത്‌ പുതിയ ജനവിരുദ്ധ നിലപാടുകൾ തന്നെ കൈക്കൊള്ളുന്ന നഗരവൽക്കരണത്തെപ്പറ്റി ഗൗരവമേറിയ പുനർചിന്തകൾ നടക്കണം. ഇന്ന്‌ നടക്കുന്നത്‌ സർക്കാർ ഇടപെട്ടു ഭൂമി ഏറ്റെടുത്ത്‌ പണക്കാർക്കും പിപിപി ക്കാർക്കും നൽകുന്ന പണിയാണ്‌. ഇതൊക്കെ പ്രതിരോധിക്കേണ്ട നടപടികളാണ്‌. വിദേശപണത്തെ തികച്ചും നീതീകരിക്കാനുള്ള വ്യഗ്രതകളാണ്‌ പലപ്പോഴും കണ്ടുവരുന്നത്‌. കടംവാങ്ങി നിത്യനിദാനച്ചെലവ്‌ നടത്തുന്ന സ്ഥിതി അവസാനിപ്പിക്കണം എന്നതുപോലെത്തന്നെ പ്രധാനമാണ്‌ വിദേശ, സ്വകാര്യ മൂലധനത്തിന്റെ പേരിൽ നമ്മുടെ വിഭവാടിത്തറ തകരാനിടയാകരുതെന്നതും. ലക്ഷ്യം ഭൂരിഭാഗം വരുന്ന സാധാരണ ജനങ്ങളുടെ ഉന്നമനമായിരിക്കണം. പുറംനിക്ഷേപമാകാം, പക്ഷേ പൂർണമായും സാമൂഹിക നിയന്ത്രണങ്ങൾക്ക്‌ വിധേയമായിട്ടായിരിക്കണം. അല്ലാത്തവ നിരാകരിക്കാനുള്ള ചങ്കൂറ്റം രാഷ്ട്രീയപ്പാർട്ടികൾക്കുണ്ടാവണം. സാമ്പത്തിക വളർച്ചയുടെ നിരക്കിനേക്കാൾ കുറവാണ്‌ വായ്‌പയുടെ പലിശ നിരക്കെന്നുണ്ടെങ്കിൽ എത്രയും വായ്‌പ വാങ്ങി ചെലവഴിക്കാം, സമ്പദ്‌ഘടന സുശക്തമായിരിക്കും എന്നൊക്കെയുള്ള വാദങ്ങളും ശക്തമാണ്‌. ഇതൊക്കെ സൈദ്ധാന്തികമായി ശരിയായിരിക്കാമെന്നുണ്ടെങ്കിലും ഇന്നത്തെ കേരളീയ പശ്ചാത്തലത്തിൽ എത്രമാത്രം സഹായകമാണെന്ന കാര്യം ചർച്ചചെയ്യേണ്ടതാണ്‌. ഭൂമിയുടെ ഊഹക്കച്ചവടത്തിലും ഗൾഫ്‌ വരുമാനം വഴിയുള്ള റിയൽ എസ്റ്റേറ്റ്‌ ഇടപാടിലും, മനുഷ്യാധ്വാന കയറ്റുമതിയിലും ഊന്നിയുള്ളതാണ്‌ കേരളത്തിലെ ഇന്നത്തെ ഉയർന്ന സാമ്പത്തിക വളർച്ചാനിരക്ക്‌. ഇത്‌ ജനങ്ങളുടെ സമഗ്രവികസനവുമായി തട്ടിച്ചുനോക്കിയാൽ കണക്കിൽ മാത്രമുള്ള വളർച്ചാനിരക്കാണ്‌. അതിന്റെ നേട്ടങ്ങൾ ഒരു വിഭാഗം സമ്പന്നരിൽ മാത്രം ഒതുങ്ങുകയാണെന്നാണ്‌ പഠനങ്ങളെല്ലാം കാണിക്കുന്നത്‌. ഈ സാഹചര്യത്തിൽ, വായ്‌പവഴിയുള്ള വിദേശപ്പണത്തെ പശ്ചാത്തലവികസനത്തിനായി വിനിയോഗിച്ചാൽ ഉണ്ടാകുന്നത്‌ ദരിദ്രരുടെ കിടപ്പാടം അന്യാധീനപ്പെടലും പണക്കാർ കൂടുതൽ പണക്കാരായിക്കൊണ്ടിരിക്കലും തന്നെയായിരിക്കും. ഇവിടെ ജനകീയ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെന്ന്‌ മാത്രമല്ല പുതിയ ജീവിതപ്രയാസങ്ങൾക്കിടയാക്കുകയും ചെയ്യും. ചുരുക്കത്തിൽ ഇന്നത്തെ നവലിബറൽ പരിഷ്‌ക്കാരങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം ഇടപെടലുകൾ സംസ്ഥാനസർക്കാരുകളെ ദുർബലപ്പെടുത്താനും ജനങ്ങളെ കഷ്ടപ്പെടുത്താനും മാത്രമേ സഹായകമാകുകയുള്ളൂ. അതിനാൽ, പുരോഗമന രാഷ്ട്രീയ പാർട്ടികൾ ഇത്തരം നീക്കങ്ങൾക്കെതിരെ ജാഗരൂകരാകേണ്ടിയിരിക്കുന്നു. ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ്‌ മീറ്റ്‌, എമർജിംഗ്‌ കേരള എന്നിവയൊക്കെ ഇക്കൂട്ടത്തിൽപ്പെട്ട പരിപാടികളാണ്‌. ഈ പശ്ചാത്തലത്തിൽ ജനപക്ഷത്ത്‌ ഊന്നിക്കൊണ്ടുള്ള വികസന ധനകാര്യം നടപ്പാക്കുന്നതിന്‌ എന്തൊക്കെ ചെയ്യാമെന്ന കാര്യം ഗൗരവത്തിൽ ചർച്ചചെയ്യേണ്ടിയിരിക്കുന്നു. തീർച്ചയായും കടംവാങ്ങി നിത്യചെലവ്‌ നടത്തുന്ന സ്ഥിതി ഒഴിവാക്കണം. അതിനാൽ റവന്യുവരുമാനം വർധിപ്പിക്കുന്നതിനായി നികുതിപിരിവ്‌ അടക്കമുള്ള കാര്യങ്ങൾ വർധിപ്പിക്കണം. സ്വർണവിൽപ്പന പോലുള്ള രംഗങ്ങൾ ശക്തമായി വളരുമ്പോഴും ആ രംഗത്ത്‌ നിന്ന്‌ പിരിച്ചെടുക്കുന്ന നികുതി സാധ്യതകൾക്കനുസരിച്ച്‌ ഉയർത്താൻ കഴിയുന്നില്ല. കേരളത്തിലെ 5000 ഓളം വരുന്ന ജ്വല്ലറികളിലൂടെയും ബേങ്ക്‌ ഇതര സ്ഥാപനങ്ങളിലൂടെയും ഒരു വർഷം ചുരുങ്ങിയത്‌ 30,000 കോടി രൂപയ്‌ക്ക്‌ സ്വർണ ബിസിനസ്‌ നടക്കുന്നതായി കണക്കാക്കുന്നു. വിൽപ്പന നികുതി വകുപ്പിന്റെ കണക്കനുസരിച്ച്‌ 8000 കോടി രൂപയുടേതാണ്‌ സ്വർണവിൽപ്പന. ഇതുവഴി 300 കോടി രൂപ മാത്രമാണ്‌ നികുതി ഇനത്തിൽ ലഭിക്കുന്നത്‌. വർഷംപ്രതി 25 ശതമാനം കോമ്പൗണ്ടിങ്ങ്‌ നികുതി അടയ്‌ക്കുകയാണ്‌ പതിവ്‌. വിൽപ്പനയിൽ ഒരു വർഷം 25 ശതമാനത്തിന്റെ വർധന ഉണ്ടാകുമ്പോഴും അത്‌ നികുതി വരുമാനത്തിൽ പ്രതിഫലിക്കുന്നില്ല. ഈ ഇനത്തിൽ 1000 - 1500 കോടി രൂപ വരെ ഒരു വർഷം സംസ്ഥാനത്തിന്‌ നഷ്ടപ്പെടുന്നതായി കണക്കാക്കുന്നു. സർക്കാരിന്റെ വരവും ചെലവും വർധിപ്പിക്കണം. അതുവഴി സർക്കാരിന്റെ ഇടപെടൽ കൂട്ടണം. ധനയാഥാസ്ഥിതികത്വത്തിനെതിരായ ജനകീയ പ്രതിരോധം ശക്തിപ്പെടുത്താൻ ഇതാവശ്യമാണ്‌. ഇതിനെല്ലാമുള്ള പ്രധാന മാർഗമായി ആഭ്യന്തര വിഭവസ്രോതസ്സുകളെ പ്രയോജനപ്പെടുത്താൻ കഴിയണം. ഈ പ്രക്രിയയിൽ പണം മാത്രമല്ല മനുഷ്യ - പ്രകൃതി വിഭവങ്ങളെയും ചേർത്തുള്ള സമഗ്രപദ്ധതികൾ തയ്യാറാക്കണം. ഇതിന്‌ കഴിയണമെങ്കിൽ ഇന്നത്തെ വികസന സമീപനത്തിൽത്തന്നെ മാറ്റം വരുത്തണം. പകരം, ജനപക്ഷ നിലപാടിൽ ഊന്നിയ ഒരു വികസനനയം രൂപപ്പെടുത്തണം. തദേശീയമായ പ്രകൃതിവിഭവങ്ങൾ, മനുഷ്യാധ്വാനം എന്നിവയെ വികസിപ്പിക്കാനും, വിനിയോഗിക്കാനും, ശാസ്‌ത്രീയമായ പരിപാടികൾ ഉണ്ടാക്കണം. തദ്ദേശ ഭരണസ്ഥാപനങ്ങൾ ഈ രീതിയിൽ വളർന്നുവരും വിധം അധികാരവികേന്ദ്രീകരണത്തെ കൂടുതൽ സാർഥകമാക്കണം. ഗൾഫ്‌ വരുമാനത്തെ ഉൽപ്പാദനമേഖലയിൽത്തന്നെ പ്രയോജനപ്പെടുത്തുന്നതിന്‌ സഹായകമായ പ്രൊജക്‌ടുകൾ തയ്യാറാക്കാനുള്ള ഗൗരവമായ ചർച്ചകൾ നടത്തണം. സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപത്തെ ചെറുകിടവ്യവസായം, ആധുനിക സാങ്കേതികവിദ്യയുടെ വ്യാപക ഉപയോഗം എന്നിവയ്‌ക്കൊക്കെ പ്രയോജനപ്പെടുത്തുന്നതിന്‌ സഹായകമായ നിയമനിർമാണം നടത്തണം. ഇതിനായി ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണം. സംഘടിത മനുഷ്യാധ്വാനവും, സംഘടനാബോധവും കൂട്ടിയിണക്കിക്കൊണ്ടുള്ള വിഭവസമാഹരണരീതിയും, ഉൽപ്പാദനസംരംഭങ്ങളും ഒന്നിച്ച്‌ ഉണർന്നുവരാൻ വേണ്ട നടപടികൾ കൈക്കൊള്ളണം. കുടുംബശ്രീ അടക്കമുള്ള വനിതാ സംരംഭങ്ങളെ ഈ രീതിയിൽ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്‌. 1,80,000 കോടിയോളം വരുന്ന ബാങ്ക്‌ ഡെപ്പോസിറ്റുകൾക്ക്‌ ആകർഷകമായ പലിശനൽകി അവയിൽ നല്ലൊരുഭാഗം ട്രഷറി ഡെപ്പോസിറ്റുകളാക്കി മാറ്റാൻ മുൻസർക്കാർ നടത്തിയ ശ്രമങ്ങൾ ശ്ലാഘനീയമായിരുന്നു. അത്‌ തുടരാനും അതിനുള്ള നിയമതടസ്സങ്ങൾ നീക്കാനും കഴിയണം. കെ.എസ്‌.എഫ്‌.ഇ പോലെ സംസ്ഥാന നിയന്ത്രണത്തിലുള്ള ധനകാര്യസ്ഥാപനങ്ങളെ നിക്ഷേപസമാഹരണത്തിനും വിനിയോഗത്തിനും സഹായിക്കുന്ന രീതിയിൽ മാറ്റാനുള്ള തടസ്സങ്ങൾ നീക്കുന്നതിനും ജനകീയ ഇടപെടൽ ആവശ്യമാണ്‌. കടം വാങ്ങുന്നതിൽ മുൻഗണന ആഭ്യന്തര സ്രോതസ്സുകളിൽ നിന്നാവണം. ഇതോടൊപ്പം സാമ്പത്തിക വളർച്ചയിലുണ്ടാകുന്ന വർധനക്കനുസൃതമായി റവന്യു വരുമാനം വർധിപ്പിക്കുന്ന നടപടികൾ ദാക്ഷിണ്യമില്ലാതെ നടപ്പാക്കാനും കഴിയണം. ചുരുക്കത്തിൽ, ധനകാര്യ ഇടപെടൽ ദരിദ്രപക്ഷത്തിൽ ഊന്നിക്കൊണ്ടാവണം. വിഭവവിനിയോഗം വികസന പ്രവർത്തനങ്ങൾക്ക്‌ ഉപയോഗിക്കാവുന്നതെല്ലാം വിഭവങ്ങളാണ്‌. വിഭവങ്ങളിൽ പ്രധാനം പ്രകൃതിവിഭവങ്ങളാണ്‌. പിന്നീടുള്ളത്‌ മനുഷ്യാധ്വാനമാണ്‌. പ്രകൃതിവിഭവങ്ങളിൽത്തന്നെ ഭൂതലവിഭവങ്ങളും ഭൂഗർഭവിഭവങ്ങളും ഉണ്ട്‌. ഇവയ്‌ക്കു പുറമേ മനുഷ്യനിർമിതമായ വിഭവങ്ങളുമുണ്ട്‌. മനുഷ്യാധ്വാനം എന്ന പ്രധാനപ്പെട്ട വിഭവവും ഉണ്ട്‌. ഇക്കാര്യങ്ങളെല്ലാം പൊതുവിൽ അതിന്റെ സമഗ്രതയിൽ ഉൾക്കൊള്ളുന്നതാവണം വിഭവസമാഹരണത്തിന്റെയും വിഭവവിനിയോഗത്തിന്റെയും നിലപാടുകൾ. മനുഷ്യന്റെ അധ്വാനമാണ്‌ ഏതൊരു സമൂഹത്തിലും സമ്പത്തും മൂലധനവും സൃഷ്ടിക്കുന്നത്‌. ആ രീതിയിൽ സാമൂഹിക ഉൽപ്പാദനത്തെ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉപാധിയാണ്‌. മനുഷ്യാധ്വാനം. അധ്വാനിക്കുന്നവലിലേക്ക്‌ ശാസ്‌ത്രവും സാങ്കേതികവിദ്യയും എത്തുമ്പോഴാണ്‌ അവരുടെ ഉൽപ്പാദനശേഷി മെച്ചപ്പെടുന്നതും ഉൽപ്പാദനം വർധിക്കുന്നതും. വർധിച്ച ഉൽപ്പാദനത്തിന്റെ നല്ലൊരു ഭാഗം അതുണ്ടാക്കിയ മനുഷ്യാധ്വാനത്തിന്റെ ഉടമസ്ഥരിലേക്കു തന്നെ എത്തുമ്പോൾ മാത്രമേ അധ്വാനശേഷി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പുനഃസൃഷ്ടിക്കപ്പെടുകയുള്ളൂ. അതിനാകട്ടെ ആധുനിക വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണരീതികളും ഒക്കെ ലഭിക്കാനുള്ള അവസരവും ഉണ്ടാക്കണം. ഈ രീതിയിൽ വികസിക്കുന്ന അധ്വാനശേഷിയാണ്‌ കൂടുതൽ സാമൂഹിക ഉൽപ്പാദനത്തെ സൃഷ്‌ടിക്കുന്നത്‌. വിഭവസമാഹരണം പോലെയോ അതിനേക്കാൾ പ്രധാനപ്പെട്ടതോ ആണ്‌ വിഭവവിനിയോഗത്തിന്റേതായ നിലപാടുകളും. പാഴ്‌ചെലവ്‌ ഒഴിവാക്കി മിച്ചം വയ്‌ക്കാൻ കഴിയുന്ന വിഭവം പുതിയ വിഭവസമാഹരണത്തിനു തുല്യമാണ്‌. നാം നിത്യേന ഉപയോഗിക്കുന്ന വിഭവങ്ങളിൽ ഭൂരിഭാഗവും പരിമിതമാണ്‌. അതുകൊണ്ടുതന്നെ സൂക്ഷിച്ച്‌ ഉപയോഗിക്കേണ്ടവയുമാണ്‌. ഇവിടെ വിഭവവിനിയോഗത്തിന്റെ മുൻഗണനാക്രമത്തിന്‌ വലിയ പ്രാധാന്യം കൈവരുന്നു. കേരളത്തിലെ ഇന്നത്തെ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതായിരിക്കണം മുഖ്യപരിഗണന. കേരളത്തിലെ ജനങ്ങളിൽ ഏതാണ്ട്‌ പകുതിയോളം ആപേക്ഷികമോ കേവലമോ ആയി ദരിദ്രരാണ്‌. അതുകൊണ്ടുതന്നെ അവരുടെ ദാരിദ്ര്യം പരിഹരിക്കുന്നതിനാവണം മുൻഗണന. തൊഴിലില്ലായ്‌മ പ്രത്യേകിച്ചും സ്‌ത്രീകളുടെ തൊഴിലില്ലായ്‌മ കേരളത്തിലെ പ്രധാന പ്രശ്‌നമാണ്‌. സ്‌ത്രീകളുടെ സാമൂഹിക - സാമ്പത്തിക ശാക്തീകരണത്തെ അത്‌ പ്രതികൂലമായി ബാധിക്കുന്നു. ഇക്കാര്യം പരിഹരിക്കാൻ വിഭവവിനിയോഗത്തിൽ മുൻഗണന കിട്ടണം. കേരളത്തിൽ ധനിക - ദരിദ്ര അന്തരം കൂടിവരികയാണ്‌. വരുമാനത്തിന്റെ അസന്തുലിതമായ വിതരണമാണ്‌ ഇതിനു കാരണം. ഇക്കാര്യം കണ്ടറിഞ്ഞ്‌ ഇടപെട്ടില്ലെങ്കിൽ കേരളം ഒരു പൊട്ടിത്തെറിയിലേക്ക്‌ എത്തിയേക്കും. കാർഷിക - വ്യാവസായിക മേഖലകളുടെയും മറ്റ്‌ അസംഘടിത രംഗങ്ങളുടെയും പുനഃസംഘാടനത്തിനും ഗണ്യമായ ഉൽപ്പാദനവർധനവിനും സഹായിക്കുന്ന പരിപാടികൾ ആവിഷ്‌ക്കരിക്കുന്നതിനാവണം ശ്രദ്ധിക്കേണ്ടത്‌. കേരളത്തിലെ നടപ്പ്‌ വികസനരീതി ഇതിനൊന്നും സഹായകമല്ല. ഇന്നത്തെ രീതി കേരളത്തിൽ അവശേഷിക്കുന്ന പ്രകൃതിവിഭവ അടിത്തറയുടെയും പരിസ്ഥിതി സന്തുലിതാവസ്ഥയുടെയും തകർച്ചയ്‌ക്ക്‌ ഇടയാക്കും. മനുഷ്യാധ്വാനവും ഒരുതരം സേവന - വേതന വ്യവസ്ഥകളും ബാധകമല്ലാത്ത രീതിയിൽ ചൂഷണത്തിനിരയാവുകയാണ്‌. ഇതൊക്കെ പരിഗണിച്ചുകൊണ്ടായിരിക്കണം വിഭവവിനിയോഗം ആസൂത്രണം ചെയ്യേണ്ടത്‌. സംസ്ഥാനത്തേയ്‌ക്കുള്ള ഔദ്യോഗിക പണംവരവിൽ പ്രധാനം കേന്ദ്രസർക്കാരിൽ നിന്നാണ്‌. ഇതിൽത്തന്നെ നല്ലൊരു ഭാഗം കേന്ദ്രാവിഷ്‌കൃത പദ്ധതികൾ വഴിയാണ്‌. കേന്ദ്രം പദ്ധതി ഉണ്ടാക്കി അതിന്റെ നിബന്ധനകളും പണവും സംസ്ഥാനങ്ങളെ ഏൽപ്പിക്കുന്നു. സംസ്ഥാനവും പ്രാദേശിക ഭരണസമിതികളും അതിന്റെ നടത്തിപ്പുകാർ മാത്രമാണ്‌. ഇത്‌ രണ്ടും പ്രശ്‌നങ്ങൾക്ക്‌ ഇടയാക്കുന്നു. ഒന്ന്‌, ലഭ്യമാകുന്ന വിഭവത്തെ സംസ്ഥാനങ്ങളുടെ മുൻഗണനയ്‌ക്ക്‌ അനുസരിച്ച്‌ വിനിയോഗിക്കാൻ കഴിയുന്നില്ല. രണ്ട്‌, ഇത്തരം പരിപാടികൾ ഒട്ടുമിക്കതിന്റെയും ലക്ഷ്യങ്ങൾ കേരളം നേരത്തെതന്നെ കൈവരിച്ചതാകും. അതിനാൽ പണം ചെലവാക്കിയില്ലെങ്കിലും ധൂർത്തടിച്ചാൽ തന്നെയും ലക്ഷ്യം നിറവേറ്റുന്നതിൽ കേരളം ഒരുപക്ഷേ ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്തായേക്കും. ലക്ഷ്യം നേടാൻ സഹായിച്ചത്‌, ഇപ്പോഴത്തെ പദ്ധതിച്ചെലവുകൊണ്ടല്ല. മറിച്ച്‌ നേരത്തെ നടന്ന സാമൂഹിക രാഷ്ട്രീയ സമരങ്ങളും ജനകീയ ഇടപെടലുകളാണ്‌ എന്നകാര്യം തിരിച്ചറിയണം. സംസ്ഥാനത്തെ രണ്ടാം തലമുറ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതിനായി ഇത്തരം പണം വിനിയോഗിക്കാൻ കഴിയണമെന്ന വാദത്തിന്‌ പലപ്പോഴും വേണ്ടത്ര രാഷ്ട്രീയ പിൻബലം ഉണ്ടാകുന്നില്ല. ഇതിനു പകരം പണം എങ്ങനെയെങ്കിലും ചെലവാക്കുന്നതിനുള്ള രാഷ്ട്രീയ സമ്മർദമുണ്ടാക്കുന്നു. പണം ചെലവാകാതെ വന്നാൽ മന്ത്രിമാരുടെയോ ജനപ്രതിനിധികളുടെയോ കഴിവുകേടായി ചിത്രീകരിക്കുന്നു. അതുകൊണ്ടുതന്നെ ചെലവഴിക്കുന്ന രീതി ശരിയല്ലെങ്കിലും ചിലപ്പോൾ തെറ്റായ രീതിയിൽ തന്നെ വിനിയോഗിച്ചാലും നാം ചെലവിൽ മാത്രം ബദ്ധശ്രദ്ധരാകുന്നു. ഇതൊന്നും രാഷ്ട്രീയ അജണ്ടയായി മാറുന്നില്ല. ഗൗരവമായ രാഷ്ട്രീയ പ്രശ്‌നങ്ങളായി ചർച്ചചെയ്യേണ്ടുന്ന വിഭവവിനിയോഗം നിർഭാഗ്യവശാൽ കേരളത്തിൽ പലപ്പോഴും ഒരു വിവാദ വിഷയം മാത്രമായി ചുരുങ്ങുന്നു. മിക്കപ്പോഴും അത്‌ വകുപ്പുകൾ തമ്മിലുള്ള പഴിചാരലായി അധഃപതിക്കുന്നു. വൈവിധ്യമാർന്ന പ്രകൃതിവിഭവങ്ങൾ, പ്രത്യക്ഷത്തിൽ പണം ഒഴുകിക്കൊണ്ടിരിക്കുന്ന പ്രതീതി, ഉപഭോഗത്തിന്‌ ഊന്നൽ കൊടുക്കുന്ന ജനത, എന്നാൽ ദരിദ്രമായ സർക്കാർ, കടത്തിൽ കുളിച്ചുനിൽക്കുന്ന നാട്ടുകാർ ഒപ്പം വലിയ ബാധ്യതകളും. ഇതാണ്‌ കേരളത്തിലെ ഇന്നത്തെ അവസ്ഥ. ഇവിടെ പ്രശ്‌നം വിഭവസമാഹരണത്തിന്റെ മാത്രമല്ല. ശാസ്‌ത്രീയമായ വിനിയോഗത്തിന്റേതു കൂടിയാണ്‌. ഒപ്പം, വിഭവത്തെപ്പറ്റിയുള്ള സമഗ്രമായ കാഴ്‌ചപ്പാടിന്റെയും അതിനനുസൃതമായ പരിപാടികളുടെ അഭാവവും. വിഭവത്തിന്മേലുള്ള നിയന്ത്രണം ജനങ്ങൾക്കാവുക എന്നതാവണം വിഭവസമാഹരണത്തിന്റെയും വികസനത്തിന്റെയും വിനിയോഗത്തിന്റെയും ലക്ഷ്യം. അപ്പോൾ മാത്രമേ, ഇന്നത്തെ ധനികവൽക്കരണ - ദരിദ്രവൽക്കരണ പ്രക്രിയയെ കീഴ്‌മേൽ മറിച്ചുകൊണ്ടുള്ള ഒരു സാമൂഹിക വ്യവസ്ഥയ്‌ക്ക്‌ രൂപം നൽകാൻ കഴിയൂ. പാലക്കാട്ടെ വികസന സംഗമത്തിൽ കേരളത്തിന്റെ ധനകാര്യവുമായി ബന്ധപ്പെട്ട്‌ നടന്ന സെമിനാറിലേയും വർക്ക്‌ ഷാപ്പിലേയും അവതരണങ്ങളും ചർച്ചകളും ആധാരമാക്കിയാണ്‌ ഈ കുറിപ്പ്‌ തയ്യാറാക്കിയത്‌. ഇതിലേക്ക്‌ പ്രധാനമായും സംഭാവനചെയ്‌തത്‌ കെ.പി.രവിപ്രകാശ്‌, വി.പി നിർമൽ റോയ്‌, ജോസ്‌ ടി.അബ്രഹാം, സജിവർഗീസ്‌, മിഥുൻ സി.പി, ഡി.ഷൈജൻ, ടി.പി.കുഞ്ഞിക്കണ്ണൻ എന്നിവരാണ്‌.

"https://wiki.kssp.in/index.php?title=വികസന_കോൺഗ്രസ്_സമീപന_രേഖകൾ&oldid=4567" എന്ന താളിൽനിന്ന് ശേഖരിച്ചത്