ഉദിനൂർ യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉദിനൂർ യൂണിറ്റ്
പ്രസിഡന്റ് എൻ. വി. ഭാസ്കരൻ
വൈസ് പ്രസിഡന്റ്
സെക്രട്ടറി അജിത് കുമാർ
ജോ.സെക്രട്ടറി
ജില്ല കാസർകോഡ്
മേഖല തൃക്കരിപ്പൂർ
ഗ്രാമപഞ്ചായത്ത്
ഉദിനൂർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഉദിനൂർ ഗ്രാമമാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഉദിനൂർ യൂനിറ്റ് ഭൂപ്രദേശമെന്ന് പറയാം. വലിയ സംഭവങ്ങളൊന്നുമുണ്ടായ ഗ്രാമമല്ല ഉദിനൂർ . ഭൂമിശാസ്ത്രപരമായ വൈവിധ്യമുണ്ട്. സാംസ്കാരികരംഗം സജീവമായിത്തന്നെ തുടരുന്നു. രാഷ്ട്രീയ പ്രവർത്തനം ചിട്ടയായി നടക്കുന്നുണ്ട്. ഉപജീവനത്തിന്റേയും അതിജീവനത്തിന്റേയും പൊതു ശീലങ്ങൾ ഇവിടെ പുലരുന്നുമുണ്ട്. സ്ത്രീസമൂഹത്തിന്റേയും കീഴാള ജന വിഭാഗത്തിന്റേയും ജീവിതത്തിൽ നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്. ഈ അനുഭവങ്ങൾ സ്വരുക്കൂട്ടിയാണ് ഈ യൂനിറ്റ് ചരിത്ര രചന നിർവ്വഹിച്ചിട്ടുള്ളത്. വസ്തുതകളുടെ പാരസ്പര്യത്തിലാണ് ശ്രദ്ധിച്ചിട്ടുള്ളത്. ഒന്നും യാദൃശ്ചികമായി സംഭവിച്ചതല്ല എന്ന തിരിച്ചറിവ് ഇവിടെ വഴിവിളക്കാവുന്നു. അസാധാരണമായി ഒരു പാട് പറയാനില്ലെങ്കിലും ഒരു ഗ്രാമം ജീവിക്കുന്നത് എങ്ങനെയൊക്കെയെന്ന് ഇവിടുത്തെ ഇപ്പോഴത്തെ ജീവിതത്തെ സൂക്ഷിച്ചു നോക്കിയാലറിയാം. പ്രാദേശിക ഇടങ്ങളില്ലാതാവുകയും ലോകത്തെ ഏക ധ്രുവമാക്കി പരിവർത്തനം ചെയ്യുകയും ചെയ്യുന്നതിലൂടെ ചൂഷണ പ്രക്രിയ അനായാസമാക്കാൻ തിടുക്കം കൂട്ടുന്ന നവമുതലാളിത്തത്തെ ഒട്ടൊക്കെ പ്രതിരോധിക്കാൻ ഗ്രാമീണ ചരിത്രങ്ങളുടെ നിർമ്മിതിയും പുനർവായനയും കൊണ്ട് കഴിയുമെന്ന് പ്രത്യാശിക്കാം.

ഉദിനൂർ ഭൂപ്രകൃതി

ഉദിനൂർ പൂർണമായും തീരപ്രദേശത്ത് ഉൾപ്പെടുന്നു. പഴയ മദിരാശി സംസ്ഥാനത്തിലുൾപ്പെട്ട സൗത്ത് കനറാ ജില്ലയുടെ ഭാഗമായിരുന്നു. നീർവാഴ്ചയ്ക്ക് ഉതകുന്ന തരത്തിൽ പടിഞ്ഞാറോട്ട് ചരിഞ്ഞാണ് കിടപ്പ്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ തണ്ണീർതടങ്ങളായ കൈപ്പാടുകളും മൺകൂനകളായ കുതിരുകളും വ്യാപകമായിരുന്നു. മനുഷ്യന്റെ കടന്നുകയറ്റം മൂലം താഴ്ന്ന പ്രദേശങ്ങൾ നികത്തുകയും മൺകൂനകൾ ഇല്ലാതാവുകയും ചെയ്തു.

അതിരുകൾ

  • വടക്ക്-പിലിക്കോട്,
  • മാണിയാട്ട് ഗ്രാമങ്ങൾ
  • കിഴക്ക് - മാണിയാട്ട് തൃക്കരിപ്പൂർ
  • തെക്ക് - തൃക്കരിപ്പൂർ
  • പടിഞ്ഞാറ് - പടന്ന ഗ്രാമം

പൂഴിമണ്ണ്, പൂഴി കലർന്ന കളിമണ്ണ്, ചെമ്മണ്ണ് ഇവയാണ് കൂടുതലും. അമ്പത് വർഷം മുമ്പുണ്ടായിരുന്ന മണ്ണിന്റെ ഘടന ഇന്ന് കാണാനില്ല. കുന്നുകളിടിച്ച് കൊണ്ടുവന്ന മണ്ണ് മണ്ണിന്റേയും വെള്ളത്തിന്റെയും സ്വാഭാവികത നഷ്ടപ്പെടുത്തി. വർധിച്ചു വരുന്ന കെട്ടിട നിർമ്മാണം, ഗതാഗത സൗകര്യങ്ങളിലെ വർധനവ്, വയൽ നികത്തൽ എന്നിവ കൂടി ഇതിനാക്കം കൂട്ടിയിട്ടുമുണ്ട്. ഇവിടെയുണ്ടായിരുന്ന ഇരുപ്പൂ , ഒരുപ്പൂ കൃഷിനിലങ്ങളേതാണ്ട് അപ്രത്യക്ഷമായിക്കഴിഞ്ഞു.

ഉദിനൂരിന്റെ ചരിത്രം

ജന്മിമാരുടെ ചൂഷണത്തിനെതിരായി കർഷകരെ സംഘടിപ്പിക്കുന്നതിന് ഉദിനൂരിലേയും പരിസരങ്ങളിലേയും കൃഷിക്കാർ ഒന്നിച്ചു. 1937 ൽ ഉദിനൂരിൽ കർഷക സംഘത്തിന്റെ ഘടകം രൂപീകരിച്ചു. മൃഗീയ ചൂഷണമാണ് ജന്മിമാർ അക്കാലത്ത് നടത്തിയിരുന്നത്. മറ്റെല്ലായിടത്തുമെന്ന പോലെ സംഘടിത ചെറുത്തുനില്പ് ഇവിടെയുമുണ്ടായി. ഉദിനൂർ വിള കൊയ്ത്തു സമരം, റേഷൻ കാർഡ് സമരം , കോണത്ത് വയൽ വിള കൊയ്ത്ത്, അഴിമതി വിരുദ്ധ പരിപാടി, തിമിരി വിള കൊയ്ത്ത്, തോൽ വിറക് സമരം എന്നിങ്ങനെ ഉദിനൂരിലും സമീപപ്രദേശങ്ങളിലുമായി ഒട്ടേറെ സമരങ്ങൾ .സമീപ ഗ്രാമങ്ങളായ കയ്യൂരിലേയും കരിവെള്ളൂരിലേയും കർഷക പോരാട്ടങ്ങൾ ഈ സമരങ്ങൾക്കൊക്കെ തീ പകർന്നു . 1938 ൽ കോൺഗ്രസ്സ് പ്രവർത്തനം തുടർന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി . 1938 - 39ൽകമ്യൂണിസ്റ്റ് പാർട്ടിയുടെ അനുഭാവി ഗ്രൂപ്പ് രൂപീകരിച്ച്‌ പ്രവർത്തനമാരംഭിച്ചു. 1952 ൽ നിരോധനം പിൻവലിക്കുന്നതു വരേയും ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വവും ജന്മിമാരും കമ്യൂണിസ്റ്റ് വേട്ട തുടർന്നു. 1964 ലെ പിളർപ്പിനെ തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ പൂർണമായിത്തന്നെ CPI(M) നൊപ്പം നിന്നു.

പരിഷത്ത് ഉദിനൂരിൽ

ശാസ്ത്രമെഴുത്തുകാരുടെ സംഘടന എന്ന രൂപീകരണ കാലഘട്ടത്തിലെ പരിമിത ലക്ഷ്യത്തിൽ നിന്ന് മാറി സാമൂഹ്യ ജീവിതത്തിന്റെ നാനാ മേഖലകളേയും പരിശോധിക്കുവാനും സമഗ്രതയോടെ അവയെ നോക്കിക്കാണാനും ശ്രമിക്കുന്ന സംഘടനയാണ് പരിഷത്ത് . വിദ്യാഭ്യാസം, പരിസ്ഥിതി, ഊർജ്ജം , കല, ആരോഗ്യം, വികസനം, ബാലവേദി, ജന്റർ തുടങ്ങിയ എല്ലാ രംഗങ്ങളിലും ഇടപെട്ട് ശക്തമായ സാമൂഹ്യ വിമർശനങ്ങളുടെ കർമ്മ പരിപാടികൾ കൊണ്ട് കേരളീയ മനസ്സുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

1983 - 84 വർഷം ഉദിനൂരിൽ ശാസ്ത്ര കലാജാഥയ്ക്ക് സ്വീകരണം നല്കിയതോടു കൂടിയാണ് ഇവിടെ പരിഷത്ത് രൂപം കൊള്ളുന്നത്. പി പി രാജൻ,എ.മാധവൻ, പി പി കുഞ്ഞിക്കൃഷ്ണൻ, പി പി ഭാസ്ക്കരൻ , എം രവി, വൈ.സുധാകരൻ, കെ പി കൃഷ്ണൻ, പി പി നാരായണൻ എന്നിവരായിരുന്നു യൂനിറ്റിലെ ആദ്യ കാല പ്രവർത്തകർ. ഭോപ്പാൽ കൂട്ടക്കൊലയ്ക്കെതിരെയുള്ള പ്രതിഷേധം എടച്ചാക്കൈ ചകിരി ഫാക്റ്ററിയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്കെതിരെയുള്ള സമരം, കവ്വായി കായൽ കയ്യേറ്റങ്ങൾക്കെതിരെ നടത്തിയ ബോധവല്ക്കരണ പ്രവർത്തനം - കവ്വായിക്കൂട്ടായ്മ, മാച്ചിക്കാട്, തടിയൻ കൊവ്വൽ എന്നിവിടങ്ങളിലെ അശാസ്ത്രീയമായ മണലെടുപ്പ്, മാച്ചിക്കാട് പ്രദേശത്തെ കുടിവെള്ള സംരക്ഷണ പ്രവർത്തനം, നടക്കാവ് ആശാൻ ബാലവേദിയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സമ്പൂർണ സാക്ഷരതാ പ്രവർത്തനം, ജനകീയാസൂത്രണം, വിജ്ഞാനോത്സവം, വിദ്യാഭ്യാസ സംരക്ഷണ ജാഥ, ശാസ്ത്രപുസ്തക പ്രചാരണം, ശാസ്ത്രമാസികകളുടെ പ്രചാരണം, സ്ത്രീശാക്തീകരണ ക്ലാസ്സുകൾ, ശാസ്ത്ര മാസം ക്ലാസ്സുകൾ, ഗ്രാമ പാർലമെന്റ്, അടുപ്പ്, ചൂടാറാപ്പെട്ടി , CFL ലാമ്പ് , ppc ഉല്പന്നങ്ങൾ തുടങ്ങിയവയിലൂടെ പരിഷത്തിന്റെ സ്പന്ദനങ്ങളറിയാൻ ഉദിനൂരിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല നാളിതുവരെ സംഘടന നടത്തിയ കലാ ജാഥകൾക്കെല്ലാം സ്വീകരണം നല്കാൻ ഉദിനൂരിന് സാധിച്ചിട്ടുണ്ട്. അമ്പത്തൊന്നാം സംസ്ഥാന വാർഷിക സമ്മേളനത്തിന് യൂനിറ്റാണ് ആതിഥേയത്വം വഹിച്ചത്.

വിദ്യാഭ്യാസം - സംസ്കാരം

ഭാവിയെക്കുറിച്ചുള്ള ഒരു സമൂഹത്തിന്റെ കാഴ്ചപ്പാട് അവിടത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിഴലിച്ചു കാണാം. കുടിപ്പള്ളിക്കൂടങ്ങളിൽ തുടങ്ങി ഔപചാരികവും അനൗപചാരികവുമായ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായി. ഉദിനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ,ഉദിനൂർ സെൻട്രൽ യു പി സ്കൂൾ, ഉദിനൂർ എടച്ചാക്കൈ യുപി സ്കൂൾ , ഉദിനൂർ തടിയൻ കൊവ്വൽ എൽപി സ്കൂൾ ,ഉദിനൂർ സൗത്ത് എൽ പി സ്കൂൾ എന്നിവയിൽ മിക്കതും 1930 മുതൽക്കിങ്ങോട്ട് സ്ഥാപിതമായവയാണ്. 1955 ൽ സ്ഥാപിച്ച കിനാത്തിൽ വായനശാല, (25000 ലധികം പുസ്തകങ്ങൾ) 1956 ൽ സ്ഥാപിതമായ തടിയൻ കൊവ്വൽ കൈരളി ഗ്രന്ഥാലയം (20000 ലധികം പുസ്തകങ്ങൾ), ഉദിനൂർ പഞ്ചായത്ത് ലൈബ്രറി, കോണത്ത് വയൽ ഇ എം എസ് ഗ്രന്ഥാലയം, കോരംകുളം വായനശാല എന്നിവ നാട്ടിലെ അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്. ഒപ്പം നാടക പ്രവർത്തനങ്ങൾക്കും മറ്റ് കലാ-കായിക പ്രവർത്തനങ്ങൾക്കുമുള്ള ജ്വാലാ തിയറ്റേഴ്സ് ഉദിനൂർ, മനീഷാ തിയറ്റേഴ്സ് തടിയൻ കൊവ്വൽ , എ കെ ജി സി സി, എ കെ ജി കലാവേദി, സെൻട്രൽ യൂനിറ്റി, മുതിര ക്കൊവ്വൽ അഴീക്കോടൻ ക്ലബ്ബ് നേതൃത്വപരമായ പങ്ക് വഹിക്കുന്നു.

വിദ്യാഭ്യാസപരമായി ഉയർന്ന നിലവാരം പുലർത്തുന്നവരാണ് ഉദിനൂരിലെ ജനങ്ങൾ . ഇക്കാര്യത്തിൽ നേരത്തേ പറഞ്ഞ സ്ഥാപനങ്ങളുടെ പങ്ക് പ്രത്യേകം സൂചിപ്പിക്കുന്നു. തൊഴിൽ സാധ്യതയുള്ള പരിശീലന രംഗങ്ങളിൽ ആഭിമുഖ്യം പ്രകടിപ്പിക്കുന്നവരാണ് കൂടുതലും. മാനവിക വിഷയങ്ങളോട് പൊതുവെ കുറവാണ് താല്പര്യമെങ്കിലും ഇപ്പോൾ മാറ്റം വരുന്നതിന്റെ സൂചനകളുണ്ട്. ഇംഗ്ലീഷ് മീഡിയ ത്തോടുള്ള ഭ്രമം മറ്റു പ്രദേശങ്ങളിൽ കാണുന്നത്ര ശക്തമല്ല. പൊതു വിദ്യാഭ്യാസ രംഗത്തെ ജനകീയ ഇടപെടലാണിതിനു കാരണം.

2011 ലെ കണക്കനുസരിച്ച്

  • ആകെ കുടുംബങ്ങൾ 2041.
  • ജനസംഖ്യ 10299.
  • സ്ത്രീകൾ 5269,
  • പുരുഷൻമാർ 5030,
  • 287 പേർ വിദേശത്ത്
  • 252 പേർ കേരളത്തിനു പുറത്ത്
  • 19 ൽ താഴെ 27 %
  • 19-35 വയസ്സ് 33%
  • 36 - 60.വയസ്സ് 31%
  • 60 above 9 %
  • 72 മിശ്ര വിവാഹിതർ

700 കുടുംബങ്ങൾക്ക് കുടിവെള്ള ക്ഷാമമുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട തൊഴിൽ മേഖലയിൽ പ്രവർത്തിച്ചവരായിരുന്നു ഉദിനൂരിൽ മുമ്പുണ്ടായിരുന്ന ഭൂരിഭാഗവും. ഇന്ന് അഭ്യസ്ത വിദ്യരുടെ എണ്ണം കൂടിയിരിക്കുന്നു. മറ്റ് തൊഴിൽ മേഖലകളോട് ആഭിമുഖ്യം കൂടി വരുന്നുണ്ട്.

നവോത്ഥാന പ്രസ്ഥാനത്തിന്റേയും കർഷക പ്രസ്ഥാനത്തിന്റേയും ഭാഗമായാണ് ഉദിനൂരിലും വായന ശാലകൾ പ്രവർത്തിച്ചു തുടങ്ങിയത്. 1940 നോടടുത്ത് ഉദിനൂർ റെയിലിന് കിഴക്ക് വശം തുടങ്ങിയ പൊതുജന വായനശാലയ്ക്ക് ഒട്ടേറെ സമര ചരിത്രം പറയാനുണ്ട്.

യൂനിറ്റ് രൂപീകരണം

83-84 ലെ കലാജാഥാ സ്വീകരണത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് 1984 ൽ ആണ് ഉദിനൂർ കേന്ദ്രമായി യൂനിറ്റ് രൂപീകരിക്കുന്നത്. ജില്ലാ വിഭജനത്തോടെ യൂനിറ്റും നിലവിൽ വന്നു. ജില്ല രൂപം കൊണ്ടതിനു ശേഷം രൂപീകരിച്ച ആദ്യ യൂണിറ്റ് ഉദിനൂർ ആണ് . അന്നത്തെ പ്രധാന പരിഷത്ത്‌ പ്രവർത്തകരായ ടി. വി. ശ്രീധരൻ , കെ. വി. കൃഷ്ണൻ എന്നിവരുടെ പ്രേരണ കൂടി ഉണ്ടായിരുന്നു. യൂനിറ്റിന്റെ ആദ്യ പ്രസിഡണ്ട് പി പി രാജൻ, സെക്രട്ടറി, പി പി കുഞ്ഞികൃഷ്ണൻ തുടർന്ന് എ. മാധവൻ, കെ പി കൃഷ്ണൻ, എം രവി, ഒപി ചന്ദ്രൻ, എ.ഗംഗാധരൻ, പി പി നാരായണൻ, പി. മുരളി, സുരേഷ്കുമാർ , അജിത്ത്കുമാർ, ശരത്ത്, അനേഷ് കണ്ണോത്ത്, രാഹുൽ ഉദിനൂർ, എൻ വി ഭാസ്ക്കരൻ എന്നിവർ ഭാരവാഹികളായി പ്രവർത്തിച്ചു. 1986 ൽ തൊട്ടടുത്ത തടിയൻ കൊവ്വൽ യൂനിറ്റ് രൂപീകരിച്ചതിനെത്തുടർന്ന് ശക്തമായ പഞ്ചായത്ത് സമിതി നിലവിൽ വരികയും രമേശൻ കോളിക്കര, ദാമു കാര്യത്ത്, മോഹനൻ കാര്യത്ത്, കെ വി രാജൻ, പി വി ഭാസ്ക്കരൻ എന്നിവർ മുൻനിര പ്രവർത്തകരാവുകയും ചെയ്തു. യൂനിറ്റിന് ദിശാബോധം നല്കാനും പ്രവർത്തനങ്ങളിൽ ഇടപെടാനും വൈ. സുധാകരൻ, കെ വി രാഘവൻ മാഷ്, കെ പി കൃഷ്ണൻ മാഷ്, യു. നാരായണൻ , ടി.രാഘവൻ , മുരളി മാഷ് എന്നിവർ മുൻ നിരയിലുണ്ടായിരുന്നു.

ജനകീയാസൂത്രണം

പരിഷത്ത് പ്രവർത്തകർ തന്നെയായിരുന്നു ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്. പദ്ധതി രൂപീകരണം മുതൽ എല്ലാ ഘട്ടത്തിലും സംസ്ഥാന തലത്തിൽ നിന്ന് കിട്ടിയ അനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി. പരിഷത്ത് മുതിർന്ന പ്രവർത്തകൻ ടി ജി യുടെ സഹായം എടുത്തു പറയേണ്ടതാണ്. എല്ലാ വാർഡുകളിലും മോഡൽ ഗ്രാമസഭ സംഘടിപ്പിച്ചും പദ്ധതികളിൽ ചിലവ കുറഞ്ഞ എസ്റ്റിമേറ്റിൽ നടപ്പിലാക്കിയും യൂനിറ്റ് മാതൃക കാട്ടി. ജൈവ വളം പദ്ധതി, ഉദിനൂർ -തടിയൻ കൊവ്വൽ റോഡ് നിർമ്മാണം എന്നിവ ഏതാനും ഉദാഹരണങ്ങൾ . എട്ടാം പദ്ധതിക്കു മുന്നോടിയായി 1987 - 88 വർഷത്തിൽ പടന്നയിലെ 4, 5 വാർഡുകളിൽ നടത്തിയ സാമ്പത്തിക സർവ്വേ വേറിട്ട അനുഭവമായിരുന്നു.

സാക്ഷരതാ പ്രവർത്തനം

യൂനിറ്റ് പ്രവർത്തകർ പൂർണമായും പങ്കാളികളായിരുന്നു. പരിഷത്ത് പ്രവർത്തകരായ പി പി കുഞ്ഞികൃഷ്ണൻ, മോഹനൻകാര്യത്ത്, ശശിധരൻ അടിയോടി, പി വി ഭാസ്ക്കരൻ എന്നിവർ പഞ്ചായത്തിലെ Apo മാരായി പ്രവർത്തിച്ചു. സാക്ഷരതാ പ്രവർത്തളുടെ തുടർച്ചയായി ഗ്രന്ഥശാലാ പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും യൂനിറ്റ് അംഗങ്ങൾ സജീവമായി ഇടപെട്ടു. അക്ഷര കലാജാഥകളിൽ ഒപി ചന്ദ്രൻ ,പി പി രാജൻ എന്നിവർ പങ്കെടുത്തു.

ബാലോത്സവങ്ങൾ

കൊല്ലം ബാലോത്സവത്തിലും തൃശ്ശൂർ അഖിലേന്ത്യാ ബാലോത്സവത്തിലും ബാലവേദി കൂട്ടുകാരും മുതിർന്ന പ്രവർത്തകരും പങ്കെടുത്തു. 1991-92 ൽ തൃക്കരിപ്പൂരിൽ നടന്ന TEPയുടെ മുഖ്യ സംഘാടകർ യൂനിറ്റിൽ നിന്നായിരുന്നു. അധ്യാപകരും കുട്ടികളുമടക്കം വലിയ സംഘത്തിന് താമസമൊരുക്കിയത് ഉദിനൂരിലാണ്. ഓണക്കാലത്ത് അവർക്ക് വ്യത്യസ്തമായ അനുഭവമൊരുക്കാൻ കഴിഞ്ഞു.

ഭോപ്പാൽ കൂട്ടക്കൊലയ്ക്കെതിരെ

യൂനിറ്റ് രൂപീകരണത്തിനെത്തുടർന്ന് ഏറ്റെടുത്ത ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു യൂനിയൻ കാർബൈഡ് വിരുദ്ധ സമരം. കാലിക്കടവിൽ നടന്ന ആദ്യ ജാഥയിലും ഇതിനെത്തുടർന്ന് കിനാത്തിൽ മുതൽ ഉദിനൂർവരെ നടന്ന എവറെഡി ബാറ്ററി വിരുദ്ധ ജാഥയിലും കുറഞ്ഞ പ്രവർത്തകർ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും ഉന്നയിച്ച ആശയങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റി.

പരിസ്ഥിതി പ്രശ്നങ്ങൾ

എടച്ചാക്കൈ പുഴ മലിനീകരണ വിരുദ്ധ സമരം, മാച്ചിക്കാട് അശാസ്ത്രിയമായ മണലെടുപ്പിനെതിരെയും കുടിവെള്ളമില്ലാതാക്കുന്നതിനുമെതിരെയും നടത്തിയ സമരം, കവ്വായിക്കായൽ പഠനവും സംരക്ഷണവും , തടിയൻ കൊവ്വൽ മണ്ണെടുപ്പിനെതിരെ പ്രതിരോധം എന്നിവ യൂനിറ്റ് ഏറ്റെടുത്ത സവിശേഷമായ പരിസ്ഥിതി സമരങ്ങളായിരുന്നു. ഒപ്പം നായനാർ സർക്കാരിന്റെ കാലത്ത് മാച്ചിക്കാട് സ്ഥാപിക്കാനുള്ള തീരുമാനത്തിന് അനുകൂലമായി കോർണർ യോഗങ്ങളും നോട്ടീസ് പ്രചാരണങ്ങളും നടത്തി. നമ്മളുന്നയിച്ച പ്രശ്നങ്ങൾ ഇന്നും നിലനില്ക്കുന്നുണ് എടച്ചാക്കൈ പുഴ മറ്റ് രീതികളിൽ മലിനമാകുന്നു . പുഴ കയ്യേറ്റം വ്യാപകമാണ്. ഇരു കരകളിലുമുള്ള തണ്ണീർത്തടങ്ങൾ നികത്തപ്പെടുന്നു. കുടിവെള്ളം കിട്ടാക്കനിയാവുന്നു.


സംസ്ഥാന സമ്മേളനം

2014 ൽ നടന്ന അമ്പത്തിയൊന്നാം സംസ്ഥാന സമ്മേളനം സംഘാടക മികവ് കൊണ്ട് ശ്രദ്ധേയമായി. എല്ലാ അർത്ഥത്തിലും സ്വയം പര്യാപ്തമായ സമ്മേളനമായിരുന്നു അത്. പരിഷത്ത് പ്രവർത്തകർ കൃഷി ചെയ്തുണ്ടാക്കിയ നെല്ലും പച്ചക്കറികളും മരച്ചീനിയും തന്നെയായിരുന്നു ഉപയാഗിച്ചത്. സംഘാടകസമിതിരൂപീകരണം മുതൽ സമാപനം വരെ തികച്ചും പാരിഷത്തികമായിത്തന്നെ നടത്തിയ സമ്മേളനം ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംഘാടക സമിതി ഓഫീസ് ഓല കൊണ്ട് കെട്ടി മേഞ്ഞു. കമാനങ്ങളും അലങ്കാരങ്ങളും പ്രകൃതിവിഭവങ്ങൾ കൊണ്ട് തീർത്തു. ഉദിനൂരിലെ വീടുകളിൽ തന്നെയായിരുന്നു പ്രതിനിധികൾ താമസിച്ചത്. 1998 ൽ കയ്യൂരിൽ നടന്ന 35ാം സംസ്ഥാന സമ്മേളനത്തിനും പ്രവർത്തകർ കൈയ് മെയ് മറന്ന് പ്രവർത്തിച്ചിരുന്നു.

വിജ്ഞാനോത്സവം

പഠനം പാൽപ്പായസമാക്കാനും അധ്യാപനം മധുരതരമാക്കാനുമായി പരിഷത്ത് നടത്തുന്ന വിജ്ഞാനോത്സവങ്ങൾ പഞ്ചായത്തടിസ്ഥാനത്തിൽ ഏറ്റവും കാര്യക്ഷമമായി നിർവ്വഹിച്ചു വരുന്നു. ആദ്യ വർഷങ്ങളിലെ പൊതുജന പങ്കാളിത്തം നഷ്ടമായിട്ടുണ്ട്.

ശാസ്ത്ര കലാജാഥകൾ

1983 - 84ലെ കലാ ജാഥ തൊട്ടിങ്ങോട്ട് ഒട്ടനേകം കലാ ജാഥകൾക്ക് യൂനിറ്റിൽ മികവുറ്റ വരവേൽപ്പ് നൽകി. അക്ഷര കലാജാഥ, വനിതാ കലാ ജാഥ, സ്വാശ്രയ ജാഥ, വികസന ജാഥ, ഗാന്ധി നാടകം, തുടങ്ങിയ ജാഥകളിലുന്നയിച്ച പ്രമേയങ്ങൾ ശ്രദ്ധേയമായി. കലാ ജാഥകളിൽ ഒ പി ചന്ദ്രൻ, പി പി രാജൻ. രമേശൻ കോളിക്കര, മുരളി, രേണുവൻ, ശ്രീലാൽ, ശ്രീലക്ഷ്മി, സുനിത, തുടങ്ങിയവർ അംഗങ്ങളായിട്ടുണ്ട്.

മറ്റ് യൂനിറ്റുകൾ

1986 ൽ തടിയൻ കൊവ്വലും തുടർന്ന് തെക്കേക്കാട്, മാച്ചിക്കാട്, യൂനിറ്റുകളും നിലവിൽ വന്നു. മാച്ചിക്കാട് ഇപ്പോൾ യൂനിറ്റില്ല.

നമ്മെ വിട്ടു പോയവർ

യൂനിറ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ ഏതാനും പേർ എന്നെന്നേക്കുമായി വിട്ടു പിരിഞ്ഞിട്ടുണ്ട്. പപ്പൻ മാഷ്, മോഹനൻ കാര്യത്ത്, വിജയൻ മാഷ്, വിനയ ചന്ദ്രൻ പി പി, അകാലത്തിൽ വേർപിരിഞ്ഞവരാണ്. കെ വി രാഘവൻ മാഷ്, യു നാരായണൻ എന്നിവരുടെ വേർപാടും നികത്താനാവാത്ത നഷ്ടമാണ്.

പരിഷത്തും സമൂഹവും

പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെടുന്നത് ചിലപ്പോഴെങ്കിലും പ്രദേശത്തെ പ്രധാന രാഷ്ട്രീയ പ്രസ്ഥാനവുമായി സംഘർഷമുണ്ടാക്കിയിട്ടുണ്ട്. ഉദാ. മണലെടുപ്പ്, ചകിരി പ്രശ്നം എന്നാൽ സമൂഹമൊന്നാകെ പരിഷത്തിനെ പിന്തുണച്ച ഒട്ടേറെ സന്ദർഭങ്ങളുമുണ്ട്. കുടുംബശ്രീയും സ്വയം സഹായ സംഘങ്ങളും ഇന്ന് പരിഷത്തിന്റെ പ്രവർത്തനങ്ങൾക്കായി കാത്തു നില്ക്കുന്നുണ്ട്. ppc ഉല്പന്നങ്ങളുടെ പരിശീലനത്തിന് അവർ സന്നദ്ധരാണ്. നല്ല സ്ത്രീ പങ്കാളിത്തമുണ്ടായ പരിപാടിയായിരുന്നു വനിതാ കലാജാഥാ സ്വീകരണം, പരിഷത്ത് യൂനിറ്റ് 37 വർഷം പിന്നിടുമ്പോൾ ഉദിനൂരിൽ പരിഷത്ത് ഇപ്പോഴും സജീവമായുണ്ട്.

ബാലവേദി

സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ട രണ്ട് ബാലവേദികളായിരുന്നു ഉദിനൂരും നടക്കാവും. ഏറെ വ്യത്യസ്തമായ ഒട്ടനവധി പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു. ഒട്ടേറെ പ്രവർത്തകർ ബാലവേദിയിലൂടെ ഉണ്ടായെങ്കിലും പരിഷത് സംഘടനാ പ്രവർത്തകരായി അവരെ ലഭിച്ചില്ല.

വജ്ര ജൂബിലി പ്രവർത്തനങ്ങൾ

2021-22 നമ്മുടെ വജ്ര ജൂബിലി വർഷമാണ് യൂണിറ്റ് ഇതിന്റെ ഭാഗമായി ഏറ്റെടുത്ത പ്രവർത്തനങ്ങൾ ഇവയാണ്.

  1. പഞ്ചായത്തിലെ അതിഥിത്തൊഴിലാളികളെക്കുറിച്ചുള്ള പഠനം. 2022 - APR-MAY
  2. LP, UP,HS കുട്ടികൾക്ക് ബാലവേദിയുടെ നേതൃത്വത്തിൽ സാംസ്കാരിക സ്ഥാപനങ്ങളുടെ സഹായത്തോടെ പഠന പിന്തുണാ സംവിധാനം 2022 Jan-Mar
  3. വീട്ടിലൊരു ലൈബ്രറി പരമാവധി എണ്ണം Dec.
  4. മാസികകൾക്ക് വരിക്കാരെ കണ്ടെത്തൽ Dec- Jan
  5. ppc ഉല്പന്ന പ്രചാരണം Apr, May
  6. കുടുംബശ്രീ യൂനിറ്റുകളിൽ സംരഭകത്വ പരിശീലനം - Jan - Mar
  7. മാച്ചിക്കാട്, ഓരി യൂനിറ്റ് രൂപീകരണം.
  8. അംഗത്വം 100 ൽ എത്തിക്കൽ.


ഉപസംഹാരം

യൂനിറ്റിൽ ഇന്ന് 86 അംഗങ്ങളുണ്ട്. അതിൽ മൂന്നിലൊന്ന് വനിതകളാണ്. യുവാക്കളുടെ ഒരു നിരയുണ്ട് വിദ്യാർത്ഥികളുണ്ട്. ഇവരൊക്കെ പ്രവർത്തകരായാൽ ജൂബിലി പ്രവർത്തനങ്ങൾ യൂനിറ്റിൽ സക്രിയമാക്കാം. പ്രവർത്തനങ്ങൾ ഏതാനും പേരിൽ ഒതുങ്ങിപ്പോകുന്നുണ്ട്. വിവിധ സംഘടനാ ചുമതലകളുടെ ബാഹുല്യം വെല്ലുവിളിയാണ്. പാരിഷത്തികത മുറുകേ പ്പിടിക്കുകയും പരസ്പര ബന്ധങ്ങളിലുണ്ടായിരുന്ന ഊഷ്മളത തിരികേപ്പിടിക്കുകയും ചെയ്താൽ പഴയ ഉദിനൂർ യൂനിറ്റ് കൂട്ടായ്മ വീണ്ടും ഉണരുക തന്നെ ചെയ്യും.

"https://wiki.kssp.in/index.php?title=ഉദിനൂർ_യൂണിറ്റ്&oldid=10116" എന്ന താളിൽനിന്ന് ശേഖരിച്ചത്