ശാസ്ത്രവും ശാസ്ത്രബോധവും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

ഈ താൾ നിർമാണത്തിലാണ്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2013-2014 ലെ സംഘടനാവിദ്യാഭ്യാസ പരിപാടിയിലെ ക്ലാസ്സുകളിലൊന്നാണിത്.

ആമുഖം

മനുഷ്യൻ ഭൂമിയിൽ ആവിർഭവിച്ചിട്ട്‌ രണ്ടു ലക്ഷം വർഷമെങ്കിലും ആയെന്നാണ്‌ കണക്കാക്കുന്നത്‌. എന്നാൽ മാനവസംസ്‌കാരം രൂപം കൊണ്ടതാകട്ടെ ഏതാനും ആയിരം വർഷങ്ങൾ മുമ്പും. ഈ ചെറിയ കാലയളവിൽ ഏറ്റവും ഒടുവിലത്തെ നൂറ്റാണ്ടിലും ദശകങ്ങളിലുമാണ്‌ ഇന്നത്തെ മനുഷ്യൻ തന്റെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഒട്ടുമിക്ക സൗകര്യങ്ങളും രൂപപ്പെടുത്തിയത്‌. ഈ മാറ്റങ്ങൾ സൃഷ്‌ടിച്ചതിൽ, അഥവാ ആധുനിക മനുഷ്യനെ സൃഷ്‌ടിച്ചതിൽ മുഖ്യപങ്കും വഹിച്ചത്‌ ശാസ്‌ത്രമാണ്‌.

ശാസ്‌ത്രത്തിന്റെ സ്വാധീനം

ജീവിതത്തിന്റെ സമസ്‌തമേഖലകളിലും ഇന്ന്‌ ശാസ്‌ത്രത്തിന്റെ സ്വാധീനം കാണാം. മനുഷ്യന്റെ നിത്യജീവിതം മെച്ചപ്പെടുത്തുന്നതിൽ ശാസ്‌ത്രം വഹിച്ച പങ്ക്‌ തന്നെയാണ്‌ മുഖ്യം. ശാസ്‌ത്രം ഉദയം ചെയ്‌തത്‌ തന്നെ കായ്‌കനികൾ പറിക്കാനും മൃഗങ്ങളെ വേട്ടയാടാനും ആയുധങ്ങൾ ഉപയോഗിച്ചുതുടങ്ങിയതിലൂടെയാണ്‌. മൃഗങ്ങളെ ഇണക്കി വളർത്തുവാനും അവയെ മേയ്‌ക്കാനും തുടങ്ങിയപ്പോൾ എണ്ണി തിട്ടപ്പെടലും ദിക്കറിയലുമെല്ലാം ജീവിതത്തിന്റെ ഭാഗമായി. കാർഷിക വ്യദ്ധിയിലേക്ക്‌ കടന്നപ്പോൾ സസ്യ ഇനങ്ങളെ വേർതിരിച്ചു പഠിക്കലും അവയുടെ വളർച്ചാ ചക്രം മനസ്സിലാക്കലും കാലഗണനയും ആവശ്യമായി വന്നു. തീ ഉണ്ടാക്കുവാനും ഉപയോഗിക്കുവാനും തുടങ്ങിയപ്പോൾ ഭക്ഷണ പാചകവും ആയുധങ്ങളുടെ നിർമ്മിതിയും എളുപ്പമാക്കുക മാത്രമല്ല ചെയ്‌തത്‌. തസവിദ്യയുടെ തുടക്കം കൂടിയായിരുന്നു അത്‌. ആയുധങ്ങളും ഉപകരണങ്ങളും മറ്റ്‌ വസ്‌തുവകകളും അധ്വാനത്തിലൂടെ കൂടുതലായി സൃഷ്‌ടിക്കേണ്ടി വന്നപ്പോൾ അധ്വാനലഘൂകരണത്തിനായുള്ള ശ്രമങ്ങൾ ആയി. ചക്രവും ഉത്തോലകവും തുടങ്ങി വിവിധങ്ങളായ യന്ത്രസാമഗ്രികളുടെ കണ്ടുപിടിത്തത്തിലേക്ക്‌ അവ നയിച്ചു. ഈ വിധം ജീവിതാവശ്യങ്ങൾ അറിവിനെ സൃഷ്‌ടിക്കുകയും ആ അറിവ്‌ ജീവിതത്തെ കൂടുതൽ മെച്ചപ്പെട്ടതാക്കുകയും ചെയ്‌തതിലൂടെയാണ്‌ ശാസ്‌ത്രം മുന്നേറിയത്‌. മാനവസംസ്‌കാര പുരോഗതി പ്രാപിച്ചത്‌.

ഇന്നിപ്പോൾ ഉല്‌പാദന രംഗത്ത്‌ മാത്രമല്ല, ഗാർഹിക സേവനത്തിലും വാർത്താവിനിമയത്തിലും, ഗതാഗത സൗകര്യത്തിലും ചികിത്സാ രംഗത്തും വിനോദരംഗത്തും എന്നു വേണ്ട ജീവിതത്തിന്റെ സമസ്‌തമേഖലകളിലും ശാസ്‌ത്രത്തിന്റെ കണ്ടെത്തലുകൾ പരമ്പരാഗത രീതികളെ മാറ്റി മറിക്കുകയാണ്‌. ഇൻഫർമേഷൻ ടെക്‌നോളജിയും ബയോടെക്‌നോളജിയും നാനോ ടെക്‌നോളജിയുമെല്ലാം ഇനിയും വലിയ മാറ്റങ്ങൾക്ക്‌ നിമിത്തമാകും വിധമാണ്‌ കുതിക്കുന്നത്‌.

ചുറ്റുപാടിനെ മനസ്സിലാക്കുന്നതിൽ അളവുകൾക്കുള്ള പങ്ക്‌ വളരെ വലുതാണ്‌. ദൂരം, സമയം, വലിപ്പം, എണ്ണം, ഭാരം തുടങ്ങിയ അളവുകൾ സംബന്ധിച്ച സങ്കല്‌പങ്ങളിലും അവ അളക്കാനുള്ള ശേഷിയിലും മനുഷ്യൻ എത്രമാത്രം മുന്നേറി എന്നാലോചിച്ചു നോക്കൂ. ഇമവെട്ടലിന്‌ വേണ്ട സമയവും മുടിനാരിഴയുടെ കനവും പെറു തൂവലിന്റെ ഭാരവും ചെറു മൺതരിയുടെ വലിപ്പവുമെല്ലാമാണ്‌ പ്രാചീന മനുഷ്യൻ ഉപയോഗിച്ച ഏറ്റവും ചെറിയ അളവുകൾ. എണ്ണാൻ പറ്റുന്നതാകട്ടെ കൈവിരലുകളുടെ എണ്ണവും. എന്നാലിന്ന്‌ ഇവയുടെ എത്രയോ സൂക്ഷ്‌മതല അളവുകളായ അണുകേന്ദ്രത്തിന്റെ വലിപ്പം സ്‌പന്ദനവും ഭാരവുമെല്ലാം നമ്മുടെ ഗണിതത്തിന്‌ വഴങ്ങുന്നു. ലക്ഷക്കണക്കിന്‌ പ്രകാശവർഷം വലിപ്പമുള്ളതും കോടിക്കണക്കിന്‌ ദൂരെകിടക്കുന്നതുമായ ഗാലക്‌സികളെ കുറിച്ച്‌ നമുക്ക്‌ പഠിക്കാനാകുന്നു. ഗുണനവും ഘാതവും സംഖ്യാക്രിയകളുടെ ഭാഗമായതോടെ പത്തിന്റെ ഘാതം ഉപയോഗിച്ച്‌ എത്ര വലിയ സംഖ്യയും എത്ര ചെറിയ സംഖ്യയും നമുക്ക്‌ കൈകാര്യം ചെയ്യാവുന്ന സ്ഥിതിയായി. ഉദാഹരണമായി ലോകത്തെ ജനസംഖ്യ 7 x 109 എന്ന സംഖ്യകൊണ്ട്‌ സൂചിപ്പിക്കാം. ഭൂമിയിലെ ആകെ മണൽതരികൾ എത്ര എന്ന്‌ ചോദിച്ചെന്നിരിക്കട്ടെ ഏകദേശം 1041 എന്നു പറയാം. പ്രപഞ്ചത്തിൽ ആകെ എത്ര പ്രാഥമിക കണങ്ങൾ എന്നു തന്നെ ചോദിച്ചെന്നിരിക്കുക 1080 എന്ന്‌ ഉത്തരം പറയാം. ഇതുപോലെ ഒരു മുടിനാരിഴയുടെ കനം 10-4 മീറ്റർ എന്നെഴുതാം. ദൃശ്യ പ്രകാശത്തിന്റെ തരംഗദൈർഘ്യം 10-6 മീറ്ററിന്റെ ഗുണിതങ്ങളായി എഴുതിയാൽ മതി. ഇലക്‌ട്രോണിന്റെ വലിപ്പമാകട്ടെ 10-15 മീറ്ററും.

ശാസ്‌ത്രത്തിന്റെ മുന്നേറ്റം പ്രപഞ്ചവീക്ഷണത്തെയും മാറ്റി മറിച്ചു. അറ്റമില്ലാതെ പരന്നുകിടക്കുന്ന ഭൂമിയും അതിന്‌ മീതെ കുടപോലെ നിൽക്കുന്ന ആകാശവുമായിരുന്ന പ്രാചീന മനുഷ്യന്റെ പ്രപഞ്ച സങ്കല്‌പം. അതിലെ ഓരോ പ്രതിഭാസത്തെയും വിസ്‌മയത്തോടെയും ഭീതിയോടെയും വീക്ഷിച്ചു. എന്നാലിന്ന്‌ ഭൂമി എന്നത്‌ സൂര്യൻ എന്ന നക്ഷത്രത്തിന്‌ ചുറ്റും കറങ്ങുന്ന എട്ടു ഗ്രഹങ്ങളിൽ ഒന്നു മാത്രമാണെന്നും സൂര്യനെപോലെ നിരവധി നക്ഷത്രമുള്ള ആകാശഗംഗയെന്ന ഗാലക്‌സിയും അതുപോലെ നിരവധി ഗാലക്‌സികളുമുൾപ്പെടുന്നതാണ്‌ ഈ പ്രപഞ്ചമെന്നും അവയിലോരോന്നും ചലിക്കുകയാണെന്നും പ്രപഞ്ചമാകെ വികസിച്ചു വരികയാണെന്നുമെല്ലാമുള്ള ധാരണ നമുക്കിന്നുണ്ട്‌. ഈ ധാരണയുടെ വെളിച്ചത്തിൽ പണ്ട്‌ ഭീതിയോടെയും വിസ്‌മയത്തോടെയും കണ്ട ആകാശദൃശ്യങ്ങളെയാകെ നമുക്ക്‌ വിശദീകരിക്കാനാകും. ഇനിയുമേറെ അറിയാനുണ്ടെങ്കിലും പ്രപഞ്ചത്തിന്റെ ഉല്‌പത്തിയെ കുറിച്ചും പരിണാമത്തെ കുറിച്ചും യുക്തിഭദ്രമായ ഒരു ചിത്രം നമ്മുടെ മുന്നിലുണ്ട്‌. മണ്ണ്‌, വെള്ളം, വായു, തീ, ആകാശം (ഈതർ) എന്നീ പഞ്ചഭൂതങ്ങളെ ആസ്‌പദമാക്കി പദാർത്ഥ സ്വഭാവത്തെ മനസ്സിലാക്കികൊണ്ടാണ്‌ പ്രാചീന ശാസ്‌ത്രം പിറവികൊള്ളുന്നത്‌. എന്നാൽ ഇന്ന്‌ പദാർത്ഥത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളെല്ലാം അറ്റോമിക മാതൃകകളുടെയും അതിലെ കണികകളുടെ വിന്യാസത്തിന്റെയും അടിസ്ഥാനത്തിൽ മനസ്സിലാക്കാനും അതിനെ ആസ്‌പദമാക്കി പ്രകൃതിയിലെ ഭൗതിക പ്രതിഭാസങ്ങളെയാകെ വളരെ ലളിതമായി തന്നെ വിശദീകരിക്കാനും നമുക്കിന്നാവും. മനുഷ്യനും വൈവിധ്യമേറിയ മറ്റ്‌ ജീവജാലങ്ങൾക്കും ജനനവും മരണവുമുണ്ട്‌ എന്നതിനാൽ അവയെല്ലാം എങ്ങിനെ ഉത്ഭവിച്ചു എന്നത്‌ എല്ലാ സംസ്‌കാരങ്ങളുടെയും ആദ്യ സന്ദേഹങ്ങളിൽ ഒന്ന്‌ തന്നെയായിരുന്നു. എല്ലാവരും വിവിധരീതിയിലുള്ള ഉൽപത്തി സിദ്ധാന്തങ്ങൾ അവതരിപ്പിക്കയുണ്ടായി. അവയിലേറെയും ഒരദൃശ്യ ശക്തി ബോധപൂർവ്വമായി നടത്തിയ സൃഷ്‌ടിയിലൂടെയാണ്‌ മനുഷ്യനും ജീവജാലങ്ങളും പ്രപഞ്ചമാകെ തന്നെയും രൂപം കൊണ്ടത്‌ എന്നാണ്‌. എന്നാലിന്ന്‌ പരിണാമ സിദ്ധാന്തത്തിന്റെയും ജനിതകശാസ്‌ത്രത്തിന്റെയും സഹായത്തോടെ ഭൂമിയിലെ ജീവജാലങ്ങളുടെ ആവിർഭാവവും വികാസവും പരിണാമവും വംശനാശവുമെല്ലാം കൃത്യമായി വിശദീകരിക്കാൻ ശേഷി കൈവന്നിരിക്കുന്നു. ഇതോടൊപ്പം മനുഷ്യവംശത്തിന്റെ വികാസപ്രക്രിയയും അതിൽ ജീവിതത്തിനായി മനുഷ്യൻ പ്രകൃതിയോടും തമ്മിൽ തമ്മിലും നടത്തിയ സഹവാസവും സമരവും അതിലൂടെ രൂപപ്പെട്ട സാമൂഹ്യജീവിതവും ശാസ്‌ത്രത്തിന്റെ പഠനവിഷയമായി.

ഇരുപതാം നൂറ്റാണ്ടിൽ ശാസ്‌ത്രത്തിനുണ്ടായ വൻപുരോഗതി സൃഷ്‌ടിച്ച ആവേശവും മനുഷ്യന്‌ സ്വന്തം ഭാഗദേയം നിർണ്ണയിക്കാനുള്ള ശേഷി കൈവന്നിരിക്കുന്നു എന്ന ആത്മവിശ്വാസവും ശാസ്‌ത്രവിജ്ഞാനം ജനങ്ങൾക്കു പകർന്നുനൽകണമെന്ന അഭിലാഷവുമാണ്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ രൂപം കൊള്ളുവാൻ ഇടയാക്കിയത്‌. ശാസ്‌ത്രത്തിന്റെ വ്യത്യസ്‌ത രീതിയിലുള്ള പ്രയോഗത്തെ കുറിച്ചും അവ എങ്ങിനെ ജനങ്ങൾക്ക്‌ പ്രയോജനപ്പെടുത്താമെന്ന ചിന്തകളിലേയും പരിഷത്ത്‌ ക്രമേണ വളർന്നു.

ശാസ്‌ത്രം - വിജ്ഞാന സമ്പാദത്തിന്റെ സവിശേഷരീതി

ശാസ്‌ത്രസിദ്ധാന്തങ്ങളെയും സാങ്കേതിക വിദ്യയും ചൂണ്ടിക്കാണിച്ച്‌ അതാണ്‌ ശാസ്‌ത്രം എന്ന്‌ പലരും പറയാറുണ്ട്‌. യഥാർത്ഥത്തിൽ അവ ശാസ്‌ത്രത്തിന്റെ ഉൽപന്നങ്ങൾ മാത്രമാണ്‌. ഈ ഉൽപന്നങ്ങൾ സൃഷ്‌ടിക്കപ്പെടുന്നത്‌ ഒരു സവിശേഷമായ പ്രക്രിയയിലൂടെയാണ്‌ നാം നമ്മുടെ നിത്യജീവിതത്തിൽ നിരന്തരമായി ഈ രീതി പ്രയോഗിക്കുന്നുണ്ട്‌, അബോധപൂർവ്വമായിട്ടാണെങ്കിലും. ഉദാഹരണമായി അടുക്കളയിൽ മിക്‌സി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നത്‌ നിന്നുപോയാൽ ഏതെല്ലാം പടികളിലൂടെയാണ്‌ അതിന്റെ കാരണം കണ്ടെത്തുന്നത്‌? കുറ്റാന്വേഷികൾ കുറ്റവാളിയെ കണ്ടെത്തുന്ന രീതിയും ഇതുതന്നെയാണ്‌. കണക്കെഴുതുമ്പോൾ പറ്റിയ പിശക്‌ കണ്ടെത്താനും ഇതേ രീതി നമ്മൾ ഉപയോഗിക്കും. ഇവിടെയെല്ലാം നിരീക്ഷണത്തിന്റെയും നിഗമനത്തിന്റെയും പ്രയോഗത്തിന്റേയും തിരുത്തിലിന്റെയും പാതകൾ നിരന്തരം ആവർത്തിച്ച്‌ നാം ശരിയായ നിഗമനത്തിലേക്ക്‌ നയിക്കപ്പെടുന്നു. കുറച്ചുകൂടി വിശാലമായി പറഞ്ഞാൽ ചുറ്റുപാടിനെ നിരീക്ഷിച്ചും അതിൽ പ്രവർത്തിച്ചും സംഭവിക്കുന്ന മാറ്റത്തെ മനസ്സിലാക്കിയും ആശയരൂപീകരണം നടത്തിയും സഹജീവികളോട്‌ സംവേദനം നടത്തിയുമാണ്‌ ശാസ്‌ത്രം നിരന്തരം വികസിക്കുന്നത്‌. എന്നാൽ ശാസ്‌ത്രത്തിന്റെ വളർച്ച എല്ലായ്‌പ്പോഴും ഒരേ സ്വഭാവത്തിലായിരുന്നില്ലതാനും. മാനവ സംസ്‌കാരത്തിന്റെ ആദ്യഘട്ടത്തിൽ ശാസ്‌ത്രത്തിന്റെ ഇരട്ട സന്തതികളായി വിശേഷിപ്പിക്കപ്പെടാറുള്ള ശാസ്‌ത്രസിദ്ധാന്തങ്ങളും സാങ്കേതികവിദ്യയും വ്യത്യസ്‌ത പാതയിലൂടെയാണ്‌ മുന്നേറിയത്‌. ജീവിതാവശ്യവുമായി ബന്ധപ്പെട്ട്‌ വേണ്ടിവന്ന അധ്വാനത്തിലൂടെയും അതിലൂടെ കിട്ടിയ അനുഭവത്തിലൂടെയുമാണ്‌ സാങ്കേതിക വിദ്യകൾ വികസിച്ചത്‌. എന്നാൽ നിരീക്ഷണത്തിന്റെയും നിഗമനത്തിന്റെയും പ്രവചനത്തിന്റെയും വീണ്ടും നിരീക്ഷണത്തിന്റെയും പാതയിലാണ്‌ സൈദ്ധാന്തിക ശാസ്‌ത്രം അഥവാ പ്രകൃതിതത്വശാസ്‌ത്രം പുരോഗമിച്ചത്‌. എന്നാൽ ഗലീലിയോക്ക്‌ ശേഷം സ്ഥിതി മാറി. മുൻഗാമികൾ കേവലം മനനത്തിലൂടെ കണ്ടെത്തിയ പല സിദ്ധാന്തങ്ങളെയും പരീക്ഷണ വിധേയമാക്കാൻ അദ്ദേഹം തയ്യാറായി. പിസാ ഗോപുരത്തിന്‌ മുകളിൽ നിന്ന്‌ ഭാരം കൂടിയ കല്ലും കുറഞ്ഞ കല്ലും ഒരുമിച്ചിട്ട്‌ പരീക്ഷിച്ച്‌ അരിസ്റ്റോട്ടിൽ മുന്നോട്ട്‌ വച്ച സിദ്ധാന്തത്തെ തിരുത്തിയെന്ന കഥ ഇതിന്റെ ഭാഗമാണ്‌. ഈ വിധം സിദ്ധാന്തവും പ്രയോഗവും പരസ്‌പരം ബന്ധിപ്പിച്ച്‌ അനുഭവങ്ങൾ സൃഷ്‌ടിക്കയും നിരീക്ഷിക്കപ്പെടുകയും ചെയ്‌തപ്പോൾ ശാസ്‌ത്രം കുതിച്ചു ചാട്ടത്തിന്റെ പാതയിലായി. ചിട്ടയാർന്ന ഒരു രീതി ശാസ്‌ത്രാന്വേഷണത്തിന്‌ കൈവന്നു.

പ്രശ്‌നങ്ങളുടെ തിരിച്ചറിയൽ, വിശദമായ നിരീക്ഷണവും ബന്ധപ്പെട്ട വസ്‌തുതകൾ സംബന്ധിച്ച്‌ വിവരശേഖരണവും, വർഗ്ഗീകരിച്ച്‌ അവയുടെ പരസ്‌പരബന്ധവും വൈജാത്യവും മനസ്സിലാക്കൽ, അതിൽ നിന്ന്‌ ചില നിഗമനങ്ങൾ ആവിഷ്‌കരിക്കൽ, നിഗമനത്തെ അടിസ്ഥാനമാക്കിയ പ്രവചനങ്ങൾ, അവയുടെ സാധ്യത ബോധ്യപ്പെടാനുള്ള പരീക്ഷണങ്ങൾ, പരീക്ഷണഫലങ്ങളുടെ അടിസ്ഥാനത്തിൽ സാധൂകരിക്കപ്പെടാതെ വരുന്ന നിഗമനത്തെ നിരാകരിക്കൽ, തെളിയിക്കപ്പെട്ട നിഗമനത്തെ ശാസ്‌ത്രവിജ്ഞാനമായംഗീകരിച്ച്‌ അതിന്റെ പ്രയോഗസാധ്യത തേടൽ (അതായത്‌ സാങ്കേതിക വിദ്യ), നിരാകരിക്കപ്പെട്ടവ പുതിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ പുനഃപരിശോധിക്കൽ.... മിക്കവാറും ശാസ്‌ത്രഗവേഷണ പ്രവർത്തനങ്ങൾ ഈ രീതിയാണ്‌ ഇന്ന്‌ അവലംബിക്കുന്നത്‌. ഭൗതിക ശാസ്‌ത്രത്തിൽ മാത്രമല്ല പ്രകൃതി ശാസ്‌ത്രത്തിലും സാമൂഹ്യശാസ്‌ത്രത്തിലുമെല്ലാം ഈ രീതി പ്രസക്തമാണ്‌. ഏറിയും കുറഞ്ഞും അവ പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു.

ശാസ്‌ത്രവിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യം ഈ രീതി സ്വാംശീകരിക്കപ്പെടലാകണം. പാരമ്പര്യമായും സാമൂഹ്യമായും കിട്ടിയ എല്ലാ അറിവുകളെയും ഈ രീതിയുടെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടാനും പ്രസക്തമായവയെ പ്രയോഗിക്കുവാനും അല്ലാത്തവയെ തള്ളുവാനും എന്നാൽ മാത്രമേ കഴിയൂ. മനപാഠം പഠിക്കുകയും പരീക്ഷയെഴുതലും മാത്രമായി ശാസ്‌ത്രവിദ്യാഭ്യാസം മാറുന്ന സാഹചര്യത്തിനെതിരെയാണ്‌ വിദ്യാഭ്യാസ രംഗത്ത്‌ നാം ഇടപെടൽ തുടങ്ങിയത്‌. ഗുരുമുഖത്ത്‌ നിന്ന്‌ ഉപബോധമായി ലഭിക്കുന്ന സൂക്തങ്ങളാണ്‌ അറിവ്‌ എന്ന ധാരണയെ നിരാകരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്‌ അതാണ്‌. വിവരങ്ങൾ ആർജിക്കാനുള്ള കഴിവ്‌ നേടലാണ്‌ വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യവെക്കേണ്ടതെന്ന ഈ നിലപാടാണ്‌ പാഠ്യപദ്ധതിയോടുള്ള നമ്മുടെ സമീപനത്തിലും നിഴലിക്കുന്നത്‌.

ശാസ്‌ത്രവിജ്ഞാനത്തിന്റെ സവിശേഷതകൾ

  • നിരന്തരം പുതുക്കപ്പെടുന്നു എന്നതാണ്‌ ശാസ്‌ത്രവിജ്ഞാനത്തിന്റെ മുഖ്യസവിശേഷത. ഓരോ ശാസ്‌ത്രസിദ്ധാന്തവും കൂടപുതൽ ശരിയായ മറ്റൊന്നിന്‌ വേണ്ടി വഴിമാറാൻ തയ്യാകായിക്കൊണ്ടാണ്‌ നിൽക്കുന്നത്‌. മുമ്പ്‌ ലഭ്യമല്ലാതിരുന്ന ചില വിവരങ്ങൾ ലഭിക്കയോ പുതുതായി കണ്ടെത്തിയ ചില പ്രതിഭാസങ്ങളെ വിശദീകരിക്കാനാവാതെ വരുമ്പോഴോ ആണ്‌ ഈ വിധം പുതുക്കൽ, അല്ലെങ്കിൽ വഴിമാറൽ വേണ്ടി വരുന്നത്‌.

നക്ഷത്രങ്ങളും സൂര്യചന്ദ്രൻമാരും ഗ്രഹങ്ങളും ഉൾപ്പെട്ട ആകാശഗോളങ്ങളുടെ ഉദയാസ്‌തമനത്തെയും നക്ഷത്രമണ്‌ഡലത്തിലൂടെ പടിഞ്ഞാറ്‌ നിന്ന്‌ കിഴക്കോട്ടുള്ള ഗ്രഹങ്ങളുടെ സ്ഥാനചലനത്തെയും വിശദീകരിക്കാൻ അരിസ്റ്റോട്ടിലിന്റെ ഭൂകേന്ദ്രസിദ്ധാന്തത്തിന്‌ കഴിഞ്ഞിരുന്നു. എന്നാൽ അവയുടെ ചലനം വിശദീകരിക്കാൻ ആവാതെ വന്നപ്പോഴാണ്‌ ടോളമി അതിനെ പരിഷ്‌കരിച്ച്‌ സ്വന്തം സഞ്ചാരപഥത്തിൽ ലഘുവൃത്തങ്ങൾ (epicycle) കൂടി സൃഷ്‌ടിച്ചുകൊണ്ടാണ്‌ ഗ്രഹങ്ങൾ സഞ്ചരിക്കുന്നത്‌ എന്ന്‌ ചിത്രീകരിച്ചത്‌. കാലം കടന്നപ്പോൾ ഈ സങ്കല്‌പവും നിരീക്ഷണഫലങ്ങൾക്ക്‌ അനുയോജ്യമല്ല എന്ന തിരിച്ചറിവാണ്‌ സൗരകേന്ദ്ര മാതൃക അവതരിപ്പിക്കാൻ കോപ്പർനിക്കസിനെ പ്രേരിപ്പിച്ചത്‌. ഗ്രഹസഞ്ചാരത്തിന്റെ സൂക്ഷ്‌മമായ വിവരങ്ങൾ ലഭ്യമായപ്പോൾ അവ കൂടുതൽ വിശദമായി പരിശോധിച്ചതിൽ നിന്ന്‌ ഗ്രഹങ്ങളെല്ലാം സൂര്യന്‌ ചുറ്റും ദീർഘവൃത്താകൃതിയിലുള്ള പാതയിലാണെന്ന്‌ കെപ്ലർ നിഗമനത്തിലെത്തി. ന്യൂട്ടൺ ഗുരുത്വബലം വിശദീകരിച്ചപ്പോൾ സൂര്യന്‌ ചുറ്റുമല്ല ഗ്രഹങ്ങൾ സഞ്ചരിക്കുന്നത്‌ ഗ്രഹത്തിന്റെയും സൂര്യന്റെയും സംയുക്ത ഗുരുത്വ കേന്ദ്രത്തിന്‌ ചുറ്റുമാണെന്ന്‌ വന്നു. സൂര്യന്‌ ഏറെ അടുത്ത്‌ കിടക്കുന്ന ബുധന്റെ സഞ്ചാരപഥം ഇതുകൊണ്ടും വിശദീകരിക്കാനായില്ല. ഐൻസ്റ്റീന്റെ സ്‌പേസിൽ `ഗുരുത്വബലത്താൽ സംഭവിക്കുന്ന വക്രത' എന്ന ആശയത്തിലൂടെയേ അതിന്‌ സാധിച്ചുള്ളൂ.

  • ശാസ്‌ത്രവിജ്ഞാനം മാനവരാശിയുടെ പൊതുസ്വത്താണ്‌. ഏതെങ്കിലും വ്യക്തിയുടെയോ വിഭാഗത്തിന്റെ ആത്മനിഷ്‌ഠമായ അനുഭവങ്ങളോ നിരീക്ഷണമോ അല്ല അവ എന്നതാണതിന്‌ കാരണം.
  • എവിടെയും ഏതുകാലത്തും പ്രയോഗിച്ചുനോക്കാമെന്നതിനാൽ - ആവർത്തന ക്ഷമത - ശാസ്‌ത്രീയമായ വിവരം ഏവർക്കും സ്വായത്തമാക്കാനാവുന്നു. തെളിവിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിൽ മറ്റുള്ളവരെ ബോധ്യപ്പെടുത്താനാവുന്നു.
  • `അസത്യവൽക്കരണത്തിനുള്ള' അവസരമാണ്‌ ശാസ്‌ത്രത്തിന്റെ മറ്റൊരു സവിശേഷത. തെറ്റാണോ എന്ന പരിശോധനക്ക്‌ വിധേയമാകാൻ അവസരമുണ്ടാകണമെന്നർത്ഥം. ഒരു വസ്‌തുത ശരിയാണ്‌ എന്ന്‌ തെളിവിനേക്കാൾ ആധികാരികത കൈവരിക തെറ്റാണെന്ന്‌ തെളിയിക്കാനുള്ള ശ്രമം പരാജയപ്പെടുമ്പോഴാണ്‌ ഡാർവിന്റെ പരിണാമസിദ്ധാന്തവും ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തവും ഇത്തരം അസത്യവൽക്കരണ ശ്രമത്തെ ഇതുവരെ അതിജീവിച്ചവയാണ്‌. ഇപ്പോഴും ആ വിധത്തിൽ അവ പരിശോധിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. പരിണാമസിദ്ധാന്തപ്രകാരം വിവിധ ജീവിവർഗങ്ങൾ ഭൂമിയിൽ ആവിർഭവിച്ചത്‌ വിവിധ കാലഘട്ടങ്ങളിലാണ്‌. ഈ ക്രമത്തിന്‌ വിരുദ്ധമായ തെളിവുകൾ ഫോസിലുകളിൽ നിന്ന്‌ കണ്ടെത്തിയെന്ന്‌ കരുതുക. പരിണാമ സിദ്ധാന്തം തെറ്റെന്ന്‌ പറയേണ്ടിവരും.

പ്രകാശത്തേക്കാൾ വേഗതയിൽ ഏതെങ്കിലും കണങ്ങളെ ത്വരിപ്പിച്ച്‌ വേഗത കൂട്ടാനായാൽ ആപേക്ഷികതാ സിദ്ധാന്തവും പുനഃപരിശോധിക്കേണ്ടിവരും. ശാസ്‌ത്രവിജ്ഞാനം നിരന്തരം ഈട്ടം കൂടി വരുന്നു എന്നതാണ്‌ മറ്റൊരു പ്രത്യേകത. കാരണം ഇന്നലെവരെ നേടിയ അറിവുകളെ പ്രയോജനപ്പെടുത്തിയും തിരുത്തിയുമാണ്‌ പുതിയ അറിവുകൾ ഉണ്ടാകുന്നത്‌. മാനവരാശി മൊത്തത്തിൽ നേടുന്ന വിജ്ഞാനം നിരന്തരം വികസിക്കുകയാണ്‌. അതുകൊണ്ട്‌ പ്രാചീനത കൊണ്ട്‌ ഏതെങ്കിലും സിദ്ധാന്തത്തെ മഹത്തരമെന്ന്‌ സ്ഥാപിക്കാനുള്ള ശ്രമം അസംബന്ധമാണ്‌. ശാസ്‌ത്രം പുരോഗമിക്കുന്തോറും അത്‌ പ്രകൃതിയെ വ്യാഖ്യാനിക്കുന്നത്‌ കൂടുതൽ ലളിതവും സുന്ദരവുമായിട്ടായിരിക്കും. സാമാന്യപ്രപഞ്ചത്തിലെ ചലനങ്ങളെയാകെ ന്യൂട്ടന്റെ മൂന്ന്‌ ചലനനിയമമങ്ങൾകൊണ്ട്‌ അനായാസമായി വിശദീകരിക്കാനാവുന്നു. ബോറിന്റെ ആറ്റോമിക മാതൃക വന്നപ്പോൾ പ്രകൃതിയിലെ എല്ലാ രാസപ്രവർത്തനങ്ങളും ലളിതമായി വിശദീകരിക്കാമെന്നായി.

ശാസ്‌ത്രത്തിന്റെ ഈ സവിശേഷതകളാണ്‌ അതിന്റെ കരുത്ത്‌. മനുഷ്യൻ രൂപപ്പെടുത്തിയ വിജ്ഞാന സമ്പാദനത്തിന്റെ മറ്റേതൊരു രീതിയേക്കാളും ശാസ്‌ത്രത്തെ മഹത്തരമാക്കുന്നത്‌ ഈ സവിശേഷതകൾ മൂലമാണ്‌. സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ പരിശോധിക്കാൻ ശാസ്‌ത്രത്തിന്റെ രീതി ഉപയോഗിക്കണം എന്ന്‌ നാം വാദിക്കുന്നത്‌ അതുകൊണ്ടാണ്‌. പഠനത്തിന്റെയും വസ്‌തുതകളുടെയും പിൻബലമില്ലാതെ തിരക്കിട്ട നിലപാടുകൾ പലകാര്യത്തിലും പ്രഖ്യാപിക്കാൻ ശ്രമിക്കാത്തത്‌ അതുകൊണ്ടാണ്‌. മതത്തിന്റെയും ദേശത്തിന്റെയും അടിസ്ഥാനത്തിൽ ശാസ്‌ത്രത്തെ വിലയിരുത്താനുള്ള ശ്രമത്തെയും പരിഷത്ത്‌ അതിനാൽ നിരാകരിക്കുന്നു.

ശാസ്‌ത്രത്തിന്റെ പരിമിതികൾ

ശാസ്‌ത്രത്തിന്റെ കഴിവുകളെ പറ്റി പറയുമ്പോൾ തന്നെ ശാസ്‌ത്രത്തിന്റെ പരിമിതികളെക്കുറിച്ചും നാം ബോധവാന്മാരകണം. ശാസ്‌ത്രം എവിടെയൊക്കെ പ്രയോഗിക്കാൻ പറ്റും എന്നതാണ്‌ ഒരു പ്രശ്‌നം. അളക്കാനും തിട്ടപ്പെടുത്താനും കഴിയുന്ന ഭൗതിക പ്രതിഭാസങ്ങൾ തന്നെയാണ്‌ ശാസ്‌ത്രത്തിന്‌ എളുപ്പം വഴങ്ങുക. ആത്മനിഷ്‌ഠമായ പ്രശ്‌നങ്ങളും വിലയിരുത്തലുകളും പരിശോധിക്കാൻ ശാസ്‌ത്രം മുതിരുന്നത്‌ അപക്വമാണ്‌. കൃത്യമായി നിർവചിക്കപ്പെടാത്ത, അതിനാൽതന്നെ ഭൗതികമായ ഒരു വിലയിരുത്തലിനും പാകമല്ലാത്ത `ദൈവം' പോലുള്ള സങ്കല്‌പങ്ങൾ ശാസ്‌ത്രീയ വിലയിരുത്തലിന്റെ പരിധിക്ക്‌ പുറത്താണ്‌. വിവരത്തിന്റെ വെളിച്ചം എന്നാണ്‌ കാര്യങ്ങളിലും ശാസ്‌ത്രം പ്രയോഗിക്കാനാവില്ല. വിദൂരമായ ഒരു നക്ഷത്രത്തിന്‌ ചുറ്റും ഗ്രഹങ്ങൾ ഉണ്ടോ, അതിൽ ജീവൻ നിലനിൽക്കാനാവശ്യമായ സാഹചര്യമുണ്ടോ എന്ന്‌ മനസ്സിലാക്കാതെ മനുഷ്യന്‌ സമാനമായ ജീവികളുണ്ടോ ഇല്ലയോ എന്ന്‌ എങ്ങിനെ തീരുമാനിക്കാനാകും.

ശാസ്‌ത്രം മാനവരാശി നേരിടുന്ന മുഴുവൻ പ്രശ്‌നത്തിനും പരിഹാരമാണെന്ന കാഴ്‌ചപ്പാടും ശരിയല്ല. എല്ലാം രംഗത്തും ശാസ്‌ത്രീയമായ മനോഭാവം വേണമെന്ന്‌ പറയുമ്പോൾ തന്നെ രാഷ്‌ട്രീയം, സംസ്‌കാരം, ആത്മീയം തുടങ്ങി വിവിധ രീതിയിലുള്ള സാമൂഹ്യ പ്രവർത്തനങ്ങളിലൂടെയാണ്‌ സമൂഹത്തിന്‌ മുന്നോട്ട്‌ പോകാനാവുക എന്നും നാം തിരിച്ചറിയേണ്ടതുണ്ട്‌.

ശാസ്‌ത്രത്തിന്റെ മുന്നുപാധികൾ

ശാസ്‌ത്രപുരോഗതിക്ക്‌ ചില മുന്നുപാധികളുണ്ട്‌. വ്യക്തിയുടെയും സമൂഹത്തിന്റെയും സമീപനവുമായി ബന്ധപ്പെട്ടതാണവ. മുൻവിധികളില്ലാതെ തുറന്ന മനസ്സോടെ പ്രശ്‌നത്തെ സമീപിക്കാനുള്ള ശേഷിയും സന്നദ്ധതയുമാണ്‌ ഇതിൽ മുഖ്യം. തന്റേതെന്നൊ അന്യന്റേതെന്നോ ഉള്ള പരിഗണനകൾ അവിടെ പ്രസക്തമാവരുത്‌. താൻ മനസ്സുകൊണ്ട്‌ ,സ്‌നേഹിക്കയും അംഗീകരിക്കയും ചെയ്‌തിരുന്ന പലനിലപാടുകളും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപ്രസക്തമായേക്കാം. അപ്പോൾ അവ ത്യജിക്കാനും കൂടുതൽ ശരിയായതിനെ സ്വീകരിക്കാനുള്ള സന്നദ്ധതയുമാണ്‌ ശാസ്‌ത്രീയത. ആകാശഗോളങ്ങളുടെ പാതയെപ്പറ്റി പഠിക്കുമ്പോൾ ജോഹാനൻ കെപ്‌ളർ തികഞ്ഞ ഒരു പ്ലേറ്റോണിസ്റ്റ്‌ ആയിരുന്നു. പ്രകൃതിയെ ഏറ്റവും സുന്ദരമായാണ്‌ ദൈവം സൃഷ്‌ടിച്ചത്‌ എന്നും വൃത്താകൃതിയും ഗോളാകൃതിയുമാണ്‌ ഏറ്റവും പരിപക്വവുമായ രൂപങ്ങൾ എന്നുമായിരുന്നു ധാരണ. അതിനാലാണ്‌ ആകാശഗോളങ്ങൾ ഗോളാകൃതിയിൽ കാണുന്നതെന്നും അവ വൃത്താകാരത്തിൽ സഞ്ചരിക്കുന്നതെന്നുമായിരുന്നു വിശ്വാസം. എന്നാൽ നക്ഷത്രമണ്‌ഡലത്തിലെ ചൊവ്വയുടെ സ്ഥാനങ്ങൾ പരിശോധിച്ച കെപ്‌ളർക്ക്‌ ഒരു വിധത്തിലും അതിനെ വൃത്താകൃതിയിലുള്ള സഞ്ചാരപഥത്തിൽ ബന്ധിപ്പിക്കാനായില്ല. എന്നാൽ വൃത്തത്തിന്റെ പരിപാവനത്വം ഉപേക്ഷിച്ച്‌ ദീർഘവൃത്താകൃതി സങ്കല്‌പിച്ചപ്പോൾ വിശദീകരണത്തിനു വഴങ്ങി. കെപ്‌ളറുടെ ഗ്രഹചലന നിയമങ്ങൾ ശാസ്‌ത്രത്തിന്‌ മുതൽകൂട്ടായി. നാളതുവരെ നിലനിന്ന `സമയം എല്ലാത്തിൽ നിന്നും സ്വതന്ത്രമായ ഒന്നാണെന്ന' സങ്കല്‌പം ഉപേക്ഷിച്ചപ്പോഴാണ്‌ ആപേക്ഷികത സിദ്ധാന്തം ഐൻസ്റ്റൈന്‌ ആവിഷ്‌കരിക്കാൻ കഴിഞ്ഞത്‌.

ഏതിനെയും വിമർശനാത്മകമായി പരിശോധിക്കാനും ചോദ്യങ്ങൾ നിരന്തരം ഉന്നയിക്കാനുമുള്ള സന്നദ്ധതയാണ്‌ മറ്റൊന്ന്‌. വിജ്ഞാനം നിരന്തരം പുതുക്കപ്പെടുന്നത്‌ ഈ ചോദ്യം ചെയ്യപ്പെടലിലൂടെയാണ്‌. പുതിയ ആശയങ്ങളെ സ്വീകരിക്കയോ തള്ളുകയോ ചെയ്യേണ്ടത്‌ അത്‌ ആര്‌ ഉന്നയിക്കുന്നു എന്ന്‌ നോക്കിയിട്ടാവരുത്‌ എന്നതാണ്‌ മറ്റൊരു പ്രധാനകാര്യം. വ്യക്തിയുടെ പ്രാമാണികത്വം അവിടെ പ്രശ്‌നമേയല്ല. സിദ്ധാന്തം രൂപപ്പെട്ട വഴിയും അതിന്റെ പരീക്ഷണാത്മകതയുമാണ്‌ ശാസ്‌ത്രത്തിന്‌ താൽപര്യം അനിശ്ചിതത്വ സിദ്ധാന്തം (Uncertainty principle) ഹൈസൻബർഗ്‌ എന്ന യുവശാസ്‌ത്രജ്ഞൻ അവതരിപ്പിച്ചപ്പോൾ അതിനെ നിരാകരിച്ചുകൊണ്ടുള്ള സമീപനമാണ്‌ അന്ന്‌ ഭൗതികശാസ്‌ത്രത്തിന്റെ അവസാന വാക്കായി കരുതിയിരുന്ന ഐൻസ്റ്റൈൻ സ്വീകരിച്ചത്‌. പക്ഷേ ശാസ്‌ത്രലോകം പുതിയ സിദ്ധാന്തത്തെ അംഗീകരിക്കുകയും സൂക്ഷ്‌മതല ഭൗതികത്തിലെ സുപ്രധാന സിദ്ധാന്തമായി അവരോധിക്കുകയും ചെയ്‌തു.

ഈ വിധത്തിൽ ഒരു ശാസ്‌ത്രീയ മനോഭാവം കുട്ടികളിൽ തന്നെ വളർത്തിയെടുക്കുക എന്നതാണ്‌ വിദ്യാഭ്യാസരംഗത്തെ ഇടപെടലുകളിലൂടെയും ബാലവേദി രംഗത്തെ പ്രവർത്തനത്തിലൂടെയും നമ്മൾ ലക്ഷ്യമിട്ടത്‌.

സാമൂഹ്യമായ ചില സാഹചര്യങ്ങൾ കൂടി ശാസ്‌ത്രപുരോഗതിക്ക്‌ ആവശ്യമാണ്‌. ഉണ്ടാകുന്ന അറിവുകൾ എത്രവേഗം വ്യാപരിക്കുന്നു എന്നതാണ്‌ അതിൽ മുഖ്യം. ഇരുണ്ട യുഗത്തിൽ നിന്ന്‌ ശാസ്‌ത്രത്തെ മോചിപ്പിച്ചതിൽ പ്രധാന പങ്ക്‌ വഹിച്ചത്‌ അച്ചടിയന്ത്രത്തിന്റെ കണ്ടുപിടിത്തമാണ്‌. തുടർന്നുണ്ടായിരുന്ന അറിവിന്റെ സാർവത്രീകരണം പിന്നീടുണ്ടായ ശാസ്‌ത്രപുരോഗതിയെ ഏതെല്ലാം വിധത്തിൽ സഹായിച്ചു എന്ന്‌ നമുക്കറിയാം. അറിവിന്റെ ഉൽപാദനവും പ്രയോഗവും ഒരു സാമൂഹ്യപ്രക്രിയ ആണ്‌. ശാസ്‌ത്രവിജ്ഞാന രൂപീകരണത്തിൽ വ്യക്തികൾക്ക്‌ പങ്കുണ്ടെങ്കിലും അവർ ആശ്രയിക്കുന്നത്‌ സാമൂഹ്യമായി നേടിയ അറിവിനെ തന്നെയാണ്‌. അറിവിന്റെ വികാസപ്രക്രിയയിൽ സാന്ദർഭികമായി വന്നുചേരുന്ന കണ്ണികൾ മാത്രമാണ്‌ വ്യക്തികളുടെ സംഭാവനകൾ അവരല്ലെങ്കിൽ മറ്റൊരാളിലൂടെ ആ കണ്ണികൾ കൂട്ടിചേർക്കപ്പെടും. ശാസ്‌ത്രത്തിന്റെ പുരോഗതിക്ക്‌ അതിനാൽ ആവശ്യം ഒരു കൂട്ടായ്‌മയാണ്‌. ശാസ്‌ത്രാന്വേഷണത്തിലെ ഈ കൂട്ടായ്‌മയാണ്‌ ആധുനികശാസ്‌ത്രം ഇത്ര വേഗം മുന്നേറാൻ കാരണം. ശാസ്‌ത്രജ്ഞർ തമ്മിൽ തമ്മിലുള്ള കൂട്ടായ്‌മയോടൊപ്പം വിവിധ രാജ്യങ്ങൾ തമ്മിലും വിവിധ ശാസ്‌ത്രമേഖലകൾ തമ്മിലുള്ള സഹകരണമുണ്ട്‌. വിവിധ സ്‌പേസ്‌മിഷനുകളിലും ഹ്യൂമൺ ജീനോം പ്രോജക്‌ടിലും ഹൈഡ്രോൺ കൊളൈഡർ പ്രോജക്‌ടിലുമെല്ലാം രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കാണാം. വിവിധ മേഖലകളുടെ സഹകരണം ശാസ്‌ത്രപുരോഗതിയെ പുതിയ പന്ഥാവിലേക്ക്‌ തന്നെ നയിച്ചു എന്നുപറയാം. തീരെ ബന്ധമില്ലെന്ന്‌ കരുതിയ ജീവശാസ്‌ത്രവും ഗണിതവും പരസ്‌പരം ബന്ധപ്പെടുത്തിയപ്പോഴാണ്‌ ജനിതകശാസ്‌ത്രം വളർന്നത്‌. ആരോഗ്യശാസ്‌ത്രം ആണവ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയപ്പോൾ ചികിത്സാരംഗത്ത്‌ വൻ മുന്നേറ്റമായി. ശാസ്‌ത്രവിജ്ഞാനത്തിന്റെ വ്യാപ്‌തി കൂടുന്നതിനനുസരിച്ച്‌ വിശേഷവൽക്കരണവും കൂടിയേ തീരൂ. ഏറ്റവും സൂക്ഷ്‌മതലത്തിൽ കേന്ദ്രീകരിച്ചുള്ള ആഴത്തിലുള്ള അന്വേഷണങ്ങളാണ്‌ ഇന്നത്തെ പല പുതിയ കണ്ടുപിടിത്തങ്ങളുടെയും പിന്നിൽ. എന്നാൽ ഈ വിശേഷാൽ അറിവുകളെ പരസ്‌പരം പങ്കിടാനും ഉത്‌ഗ്രഥിക്കാനും കഴിയേണ്ടതുണ്ട്‌. രാജ്യത്ത്‌ നിലനിൽക്കുന്ന സാമൂഹ്യരാഷ്‌ട്രീയ സാഹചര്യം ഇവിടെ സുപ്രധാനമാകുന്നു. ജനാധിപത്യവും പൊതുനിയന്ത്രണവും ആസൂത്രണവും ശാസ്‌ത്രപുരോഗതിയെ സ്വാധീനിക്കുന്ന സുപ്രധാന രാഷ്‌ട്രീയ ഘടകങ്ങളാണ്‌. അറിവ്‌ നേടാനും കൈമാറാനുമുള്ള അവകാശം ജനാധിപത്യത്തിലൂടെയെ സാധ്യമാകൂ. ലഭ്യമായ അറിവുകളെ ഉദ്‌ഗ്രഥിക്കാനും സമൂഹത്തിന്‌ പ്രയോജനകരമാകും വിധം വിനിയോഗിക്കാനും അറിവിന്റെ ഗവേഷണത്തിലെ വിനിയോഗത്തിലും അതിനാവശ്യമായ സംവിധാനത്തിലും സാമൂഹ്യനിയന്ത്രണവും ആസൂത്രണവും ആവശ്യമായി വരും.

പരിഷത്ത്‌ എന്നും അറിവിന്റെ വ്യാപനത്തിന്‌ വേണ്ടിയാണ്‌ നിലകൊണ്ടിട്ടുള്ളത്‌. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസവും മാതൃഭാഷയിൽ തന്നെ ശാസ്‌ത്രസാഹിത്യം ലഭ്യമാക്കലും ഇതിനാലാണ്‌ പ്രസക്തമാവുന്നത്‌. ഭൗതികശാസ്‌ത്രം മുതൽ സാമൂഹ്യശാസ്‌ത്രങ്ങൾ വരെ എല്ലാ വിജ്ഞാനമേഖലകളെയും ബന്ധപ്പെടുത്താനും സാമൂഹ്യപുരോഗതിക്കായി പ്രയോജനപ്പെടുത്താനുമാണ്‌ പരിഷത്‌ ശ്രമിക്കുന്നത്‌. അത്തരത്തിൽ ഒരു സമീപനം സ്വീകരിക്കുന്നതിലൂടെയാണ്‌ പരിഷത്ത്‌ നിലപാടുകൾക്ക്‌ ഒരു സമഗ്രത കൈവരുന്നത്‌. ശാസ്‌ത്രപ്രയോഗത്തിലെ സാമൂഹ്യവും രാഷ്‌ട്രീയവുമായ മാനങ്ങൾ ചർച്ച ചെയ്യുന്നതിലൂടെയാണ്‌ പരിഷത്തിന്റെ രാഷ്‌ട്രീയവും രൂപപ്പെട്ടുവന്നത്‌.

ശാസ്‌ത്രബോധവും വിശ്വാസവും

ശാസ്‌ത്രവിജ്ഞാനത്തിന്റെ വളർച്ചയും വ്യാപനത്തോടൊപ്പം തന്നെ പ്രധാനമാണ്‌ സമൂഹത്തിൽ ശാസ്‌ത്രബോധം എത്രത്തോളം നിലനിൽക്കുന്നു എന്ന്‌. ശാസ്‌ത്രവിജ്ഞാനവും ശാസ്‌ത്രാഭിമുഖ്യവും അല്ല ശാസ്‌ത്രബോധം. ശാസ്‌ത്രത്തിന്റെ വെളിച്ചത്തിൽ ചുറ്റുപാടുകളെയാകെ നിരീക്ഷിക്കാനും പ്രയോഗിക്കാനുമുള്ള സന്നദ്ധത അഥവാ ശാസ്‌ത്രീയമായ അറിവുകൾ ആർജ്ജിക്കാനും അതിന്റെ വെളിച്ചത്തിൽ നിലവിലുള്ള ധാരണകളെ ചോദ്യം ചെയ്യാനും; അറിവിനെ പ്രയോഗിക്കുവാനും, പരസ്‌പരബന്ധിതമായി പ്രശ്‌നങ്ങളെ കാണാനുമുള്ള കഴിവാണ്‌ ശാസ്‌ത്രബോധം. ശാസ്‌ത്രപുരോഗതിയുടെ നേട്ടങ്ങൾ സമൂഹത്തിൽ ലഭ്യമാകണമെങ്കിൽ ശാസ്‌ത്രബോധം സമൂഹത്തിൽ വ്യാപരിക്കണം. വിശ്വാസം ഇതിൽ നിന്ന്‌ വ്യത്യസ്‌തമാണ്‌. ശാസ്‌ത്രീയമായി തെളിയിക്കാത്ത സങ്കല്‌പങ്ങളിലും ആശയങ്ങളെയും (അവ മിക്കവാറും പാരമ്പര്യമായി കൈമാറ്റം ചെയ്‌ത്‌ കിട്ടിയതാവാം) ചോദ്യം ചെയ്യലിന വിധേയമാക്കാതെ സ്വീകരിക്കയും അതനുസരിച്ച്‌ തനിക്ക്‌ ചുറ്റുമുള്ള ലോകത്തെ വീക്ഷിക്കുകയുമാണ്‌ വിശ്വാസികൾ ചെയ്യുന്നത്‌. ചോദ്യം ചെയ്യലുകൾ അത്‌ അംഗീകരിക്കുന്നില്ല. സംശയങ്ങൾ അപഥസഞ്ചാരമായി കാണുന്നു. സങ്കല്‌പങ്ങൾ പുതുക്കേണ്ടതായും കരുതുന്നില്ല. കണ്ടും കേട്ടും ആചാരാനുഷ്‌ഠാനങ്ങളിൽ പങ്കെടുത്തുമാണ്‌ വിശ്വാസങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നത്‌ എന്നതിനാൽ അവ നിലക്കൊള്ളുന്നത്‌ എപ്പോഴും വിഭാഗീയമായിട്ടാവും. പരീക്ഷണങ്ങളുടെയോ യുക്തിയുടെയോ മാർഗ്ഗം സ്വീകരിക്കപ്പെടാത്തതിനാൽ വിശ്വാസങ്ങൾ മറ്റുള്ളവരിലേക്ക്‌ ബോധനത്തിലൂടെ പകരുക എന്നത്‌ ദുഷ്‌കരമാണ്‌. വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അസഹിഷ്‌ണുതയും സംഘർഷവും നിലനിൽക്കാൻ അതാണ്‌ കാരണം.

വിശ്വാസം കൈമാറ്റം ചെയ്യുക എന്നതുപോലെതന്നെ ദുഷ്‌കരമാണ്‌ വിശ്വാസികളിലേക്ക്‌ ശാസ്‌ത്രബോധം സന്നിവേശിപ്പിക്കുക എന്നതും. ശാസ്‌ത്രത്തിന്റ രീതികൾ കൂടുതൽ കൂടുതൽ രംഗങ്ങളിൽ പ്രയോഗിക്കാൻ പ്രേരിപ്പിച്ചും ശാസ്‌ത്രം തെറ്റെന്ന്‌ തെളിയിച്ച വസ്‌തുതകളെ പരിചയപ്പെടുത്തിയും ക്രമേണ മാത്രമെ ശാസ്‌ത്രബോധത്തിലേക്ക്‌ ഒരാളെ കൈപിടിച്ചുയർത്താനാവൂ. അവിടെ വിശ്വാസങ്ങളെയും അന്ധവിശ്വാസങ്ങളെയും വേർതിരിച്ചുള്ള ഒരു സമീപനം വേണ്ടിവരും. ശാസ്‌ത്രം തെറ്റെന്ന്‌ തെളിയിച്ച കാര്യങ്ങളിൽ അജ്ഞതകൊണ്ടോ മനഃപൂർവ്വമോ വിശ്വസിച്ചു നടക്കുന്നതിനെയാണ്‌ അന്ധവിശ്വാസം എന്ന്‌ പറയുന്നത്‌. അജ്ഞതയാണ്‌ കാരണമെങ്കിൽ ശാസ്‌ത്രീയ വിശകലനം അവരിൽ എത്തിക്കുന്നതിലൂടെ അന്ധവിശ്വാസങ്ങളിൽ നിന്ന്‌ മോചിതരാക്കാമെന്ന്‌ പ്രതീക്ഷിക്കാം.

ശാസ്‌ത്രബോധവും വിശ്വാസവും പരസ്‌പരവിരുദ്ധമായ സമീപനങ്ങൾ ആയതിനാൽ അവക്ക്‌ സമരസപ്പെട്ടുപോകുവാൻ ആവില്ല എന്ന്‌ പ്രത്യക്ഷത്തിൽ തോന്നാം. എന്നാൽ നല്ലൊരുഭാഗം പേരും (അവരിൽ ശാസ്‌ത്രജ്ഞരും ഉൾപ്പെടും) തങ്ങൾക്ക്‌ അറിവുള്ള മേഖലകളിൽ ശാസ്‌ത്രം പ്രയോഗിക്കയും അല്ലാത്ത ഇടങ്ങളിൽ വിശ്വാസപ്രമാണങ്ങൾ കാത്തുസൂക്ഷിക്കയും ആചാരാനുഷ്‌ഠാനങ്ങൾ വെച്ച്‌ പുലർത്തുന്നവരുമാണ്‌. സാമൂഹ്യമായ ബന്ധങ്ങളും സാഹചര്യങ്ങളുമാണ്‌ അതിനിട വരുത്തുന്നത്‌. ശാസ്‌ത്രവിജ്ഞാനത്തെ സ്വീകരിക്കാൻ സന്നദ്ധമായിരിക്കയും ഇന്ന്‌ വിശ്വാസം പുലർത്തുന്ന മേഖലയിൽ പോലും പുതിയ അറിവിന്റെ വെളിച്ചത്തിൽ തിരുത്തുവാൻ തയ്യാറുള്ളവരെയും ശാസ്‌ത്രബോധമുള്ളവർ എന്ന്‌ തന്നെയാണ്‌ പറയേണ്ടത്‌. അതേസമയം സ്വന്തം പ്രവർത്തനമണ്‌ഡലങ്ങളിൽ ശാസ്‌ത്രം പ്രയോഗിക്കുമ്പോഴും മറ്റ്‌ മേഖലകളിൽ ഉണ്ടായ വിജ്ഞാനത്തിന്‌ നേരെ കണ്ണടച്ച്‌ അബന്ധധാരണകൾ വെച്ച്‌ പുലർത്തുവാൻ ശാസ്‌ത്രമണ്‌ഡലത്തിൽപോലുമുണ്ട്‌. അവരുടെ അശാസ്‌ത്രീയ സമീപനങ്ങൾ തുറന്ന്‌ കാട്ടുക തന്നെ വേണം.

ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്‌ ശാസ്‌ത്രബോധനത്തിന്‌ വേണ്ടി വാദിക്കുന്ന പല സംഘടനകളിൽ നിന്നും വ്യത്യസ്‌തമായി വിശ്വാസത്തിനെതിരെ കുരിശുയുദ്ധം നടത്താൻ പരിഷത്ത്‌ തയ്യാറാവാത്തത്‌. അതേസമയം അന്ധവിശ്വാസങ്ങളെ ശാസ്‌ത്രീയമായ വിവരങ്ങളുടെ പിൻബലത്തിൽ തുറന്ന്‌ കാണിക്കാൻ നാം തയ്യാറാവുകയും ചെയ്യുന്നു. പൊതുജനശ്രദ്ധ ശാസ്‌ത്ര വിഷയങ്ങളിലേക്ക്‌ തിരിയുന്ന ഏതവസരത്തേയും ശാസ്‌ത്രബോധം സൃഷ്‌ടിക്കുന്നതിലുള്ള പ്രവർത്തനവുമായി കൂട്ടിച്ചേർക്കാൻ നാം ശ്രമിക്കുന്നു. ഹാലിധുമകേതുവിന്റെ വരവ്‌, ആപേക്ഷികതാസിദ്ധാന്തത്തിന്റെ നൂറ്‌ വർഷങ്ങൾ, ശാസ്‌ത്രവർഷം (ഗലീലിയോ - ഡാർവിൻ സംഭാവനകളുടെ വാർഷികങ്ങൾ), രസതന്ത്രവർഷം, സമ്പൂർണ സൂര്യഗ്രഹണം, ശുക്രസംതരണം, ഐസോണിന്‌ വരവേൽപ്പ്‌ തുടങ്ങിയ ഉദാഹരണങ്ങൾ.

ശാസ്‌ത്രം നേരിടുന്ന വെല്ലുവിളികൾ

ശാസ്‌ത്രത്തിന്റെ വളർച്ചയും പ്രയോഗവും നിരപേക്ഷമായി സമൂഹത്തിന്‌ പ്രയോജനം ചെയ്യുന്നു എന്ന ധാരണയും ശരിയല്ല. ശാസ്‌ത്രത്തിന്റെ നേട്ടങ്ങളെ കുറിച്ചുള്ള ചർച്ചയോടൊപ്പം ശാസ്‌ത്രത്തിന്റെ ദുരുപയോഗവും എന്നും ചർച്ചാ വിഷയമായിട്ടുണ്ട്‌. ഈ ദുരുപയോഗങ്ങൾ ചൂണ്ടിക്കാട്ടി ശാസ്‌ത്രത്തെ തന്നെ നിരാകരിക്കാനും ആഹ്വാനം ഉണ്ടാകുന്നു. വിശ്വാസമാണ്‌ മനുഷ്യനെ നേർവഴിക്കാൻ പര്യാപ്‌തമായത്‌ എന്നും വാദിക്കപ്പെടുന്നു. സമീപകാലത്ത്‌ സമൂഹത്തിൽ പ്രകടമായ ഉപഭോഗപരതയ്‌ക്കും പരിസ്ഥിതി നാശത്തിനുമെല്ലാം ശാസ്‌ത്രത്തെ കുറ്റപ്പെടുത്തുന്നവർ ഉണ്ട്‌.

യുദ്ധം ആണ്‌ ശാസ്‌ത്രത്തിന്റെ ദുരുപയോഗത്തിന്റെ മികച്ച ഉദാഹരണം. രണ്ടു ലോകമഹായുദ്ധങ്ങളിലൂടെ ലോകത്തിന്‌ നഷ്‌ടമായ മനുഷ്യജീവനും സമ്പത്തിനും പ്രകൃതിവിഭവങ്ങൾക്കും കണക്കില്ല. അടിച്ചേൽപ്പിക്കപ്പെടുന്ന യുദ്ധങ്ങളിലൂടെ ഇന്നും അവ തുടരുന്നു. ആയുധങ്ങളുടെ പ്രഹരങ്ങൾ വർദ്ധിക്കുന്നതിനനുസരിച്ച്‌ യുദ്ധത്തിന്റെ തീക്ഷ്‌ണതയും വർദ്ധിക്കുന്നു. ആയുധങ്ങളെ വികസിപ്പിക്കുന്നതിൽ സഹായകമാകുന്നത്‌ ശാസ്‌ത്രസാങ്കേതിക വിദ്യയാണെന്നതിനാലാണ്‌ ശാസ്‌ത്രത്തിന്റെ മേൽ പഴി വരുന്നത്‌. യഥാർത്ഥത്തിൽ യുദ്ധം സൃഷ്‌ടിക്കപ്പെടുന്നത്‌ വിഭാഗീയ വികാരത്തിന്റെയും അസഹിഷ്‌ണുതയുടെയും തലത്തിലൂടെയാണ്‌. അഥവാ സമൂഹത്തിൽ ശാസ്‌ത്രബോധത്തിന്റെ അഭാവമാണ്‌ വംശീയ വിദ്വേഷത്തിന്റെയും ആധിപത്യമനോഭാവത്തിന്റെയും കാരണം. ശാസ്‌ത്രസാങ്കേതികവിദ്യ ശാസ്‌ത്രബോധമില്ലാത്ത ജനവിരുദ്ധരായവരുടെ കൈവശമാണ്‌, അല്ലെങ്കിൽ നിയന്ത്രണത്തിലാണ്‌ എന്നതാണ്‌ ശാസ്‌ത്രം ജനവിരുദ്ധമായി പ്രയോഗിക്കപ്പെടാൻ കാരണം.

ശാസ്‌ത്രം മനുഷ്യൻ നേടിയ ഏറ്റവും ശക്തമായ സമ്പത്തായതിനാൽ അതിന്റെ നിയന്ത്രണം ഏറ്റെടുത്ത്‌ സമൂഹത്തിന്റെ മേൽ ആധിപത്യം സ്ഥാപിക്കാനാണ്‌ ഒരു വിഭാഗം എപ്പോഴും ശ്രമിക്കുന്നത്‌. ഉത്‌പാദന ഉപകരണങ്ങളുടെയും പ്രകൃതി വിഭവങ്ങളുടെ മേലും ആധിപത്യം സ്ഥാപിച്ച സമ്പന്നവിഭാഗം തന്നെയാണവർ. ശാസ്‌ത്രത്തെ ആധിപത്യത്തിനും സ്വകാര്യലാഭത്തിനും പ്രയോജനപ്പെടുത്താനാണവർക്ക്‌ താൽപര്യം. ശാസ്‌ത്രത്തിന്റെ ദുരുപയോഗത്തിന്‌ നിമിത്തമാകുന്നത്‌ അതാണ്‌.

സാങ്കേതികവിദ്യയെ ആധുനിക ഉപഭോഗ ഉത്‌പന്നങ്ങളാക്ക്‌ കമ്പോളത്തിൽ വിറ്റഴിക്കാൻ അവർ താൽപര്യപ്പെടുന്നു. എന്നാൽ അതിനാധാരമായ അറിവ്‌ പേറ്റന്റ്‌ വ്യവസ്ഥയിലൂടെ കൂടുതൽ കേന്ദ്രീകരിക്കുവാനും നിഗൂഢവൽക്കരിക്കാനുമാണ്‌ താൽപര്യം. ഉപഭോഗം പരമാവധിയാക്കി കമ്പോളം വികസിപ്പിക്കുമ്പോൾ പ്രകൃതിവിഭവങ്ങളുടെ ചൂഷണവും അതിനായുള്ള സാങ്കേതികവിദ്യാ പ്രയോഗവും പ്രോത്സാഹിക്കപ്പെടുന്നു. സാമൂഹ്യമായ ആവശ്യങ്ങളേക്കാൾ ലാഭസാധ്യതയുള്ള ഉത്‌പന്നങ്ങൾ (യുദ്ധോപകരണങ്ങളും ലഹരി പദാർത്ഥങ്ങളും ഉൾപ്പെടെ) നിർമ്മിക്കുന്നതിലായിരിക്കും അവർ മുതിരുക.

ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവയുടെ കാരണങ്ങളെക്കുറിച്ചുള്ള തിരിച്ചറിവിനും ഇടയാക്കുമെന്നതിനാൽ ശാസ്‌ത്രബോധം സമൂഹത്തിൽ സൃഷ്‌ടിക്കാൻ അവർ മുതിരുകയില്ല. പകരം വിശ്വസങ്ങൾക്ക്‌ പ്രോത്സാഹനം നൽകുകയും കപടശാസ്‌ത്രങ്ങൾ സൃഷ്‌ടിച്ച്‌ പ്രചരിപ്പിക്കുകയും ചെയ്യുന്നു.

ശാസ്‌ത്രബോധത്തിന്റെ പ്രചരണത്തോടൊപ്പം ശാസ്‌ത്രത്തിന്റെ ദുരുപയോഗത്തിനെതിരായുള്ള പ്രവർത്തനവും പരിഷത്ത്‌ തുടങ്ങിയത്‌ ഈ വീക്ഷണത്തോടെയാണ്‌. യുദ്ധത്തിനെതിരെയും മലീനീകരണത്തിനെതിരെയും പരിസ്ഥിതി നാശത്തിനെതിരായും പരിഷത്ത്‌ പ്രവർത്തിക്കാൻ തുടങ്ങി. ആരോഗ്യമേഖലയിലെ അശാസ്‌ത്രീയതകൾക്കും കുത്തകകൾക്കുമെതിരെ പരിഷത്ത്‌ പ്രചരണം നടത്തി. ശാസ്‌ത്രപ്രയോഗത്തിലെ രാഷ്‌ട്രീയം മനസ്സിലാക്ക്‌ പ്രവർത്തിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു. പേറ്റന്റ്‌ വ്യവസ്ഥയിലൂടെ അറിവിനെ നിഗൂഢവൽക്കരിക്കാൻ കൊണ്ടുവന്ന നിയമത്തിനെതിരെ വിവിധ രീതിയിൽ പ്രചരണം നടത്തി.

മാനവരാശി നേരിടുന്ന വെല്ലുവിളികൾ

അശാസ്‌ത്രീയമായ വികസനത്തിന്റെയും ശാസ്‌ത്രത്തിന്റെ ദുരുപയോഗത്തിന്റെയും ഫലമായി മാനവരാശി ഇന്ന്‌ നിരവധി വെല്ലുവിളികൾ നേരിടുകയാണ്‌. ശാസ്‌ത്രം കൈവരിച്ച നേട്ടങ്ങൾ ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എന്തുകൊണ്ട്‌ പ്രയോജനകരമാകുന്നില്ല എന്ന ചോദ്യം നിരന്തരമായി ഉയർത്തിക്കൊണ്ടേ ശാസ്‌ത്രത്തിന്റെ സാർവത്രീകരണത്തിനു വേണ്ടി പ്രവർത്തിക്കാനും പുതിയൊരു സമൂഹസൃഷ്‌ടി സാധ്യമാക്കാനും കഴിയൂ. ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌ എന്നതിന്റെ സത്ത അതാണ്‌.

  • ശാസ്‌ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും മൊത്തം ജനസംഖ്യയിൽ ഏഴിൽ ഒന്നിനും (100 കോടി) വിജ്ഞാന സമ്പാദനത്തിന്റെ ആദ്യപടിയായ എഴുത്തും വായനയും അറിയില്ല.
  • ഉത്‌പാദനശേഷിയിൽ വൻകുതിപ്പുണ്ടാക്കൻ ശാസ്‌ത്രം പ്രയോജനപ്പെട്ടിട്ടും നൂറ്‌ കോടിയിലേറെ ജനങ്ങൾ ഇന്നും കൊടിയ ദാരിദ്ര്യത്തിലാണ്‌.
  • മതിയായ പോഷണം ലഭിക്കാതെ കഴിയുന്നവർ ലോകത്ത്‌ 200 കോടി പേരാണ്‌ (അലരിൽ ബഹുഭൂരിപക്ഷവും നമ്മുടെ രാജ്യത്താണ്‌) 50 ലക്ഷം കുട്ടികൾ ശൈശവാവസ്ഥയിൽ തന്നെ മരണപ്പെടുന്നു. 3 ലക്ഷം അമ്മമാർ വർഷം തോറും പ്രസവത്തോടുകൂടിയോ ഗർഭകാലത്തോ മരിച്ചു പോകുന്നു.
  • ലോകത്ത്‌ ഉത്‌പാദിപ്പിക്കുന്ന മൊത്തം ഊർജ്ജത്തിന്റെ 20% ഭാഗവും 5% ഭാഗം ജനങ്ങൾ പാർക്കുന്ന അമേരിക്കയിലാണ്‌ ഉപയോഗിക്കപ്പെടുന്നത്‌. നാലിരട്ടി ജനങ്ങൾ പാർക്കുന്ന ഇന്ത്യയിലാകട്ടെ അഞ്ചിലൊന്ന്‌ ഭാഗം മാത്രമാണുപയോഗിക്കുന്നത്‌. പകുതി ജനങ്ങൾ പാർക്കുന്ന ബംഗ്ലാദേശിൽ അറുപതിൽ ഒന്ന്‌ മാത്രമാണ്‌ ഉപഭോഗം.
  • എയിഡ്‌സ്‌, ക്യാൻസർ പോലുളള മാരകരോഗങ്ങളുടെ പിടിയിൽ അകപ്പെടുന്നവരുടെ എണ്ണം വർഷംതോറും വർദ്ധിക്കുന്നു.
  • യുദ്ധത്തിന്റെയും വംശീയസംഘർഷത്തിന്റെയും പാതയിൽ നിന്ന്‌ ഇനിയും ഭരണകൂടവും സംഘടനകളും പിന്നോട്ട്‌ പോയിട്ടില്ല. യുദ്ധോപകരണങ്ങൾക്കായി ലോകം ചെലവാക്കുന്നത്‌ 2 ലക്ഷം കോടി ഡോളറാണ്‌.
  • സാങ്കേതിക മുന്നേറ്റത്തിന്റെയും വികസനത്തിന്റെയും ഫലമായി വർഷം തോറും നിരവധി പേർ ഉപജീവനമാർഗ്ഗം ഇല്ലാതായി തെരുവിലേക്ക്‌ വലിച്ചെറിയപ്പെടുന്നു.
  • ആഗോളതാപനം മാനവരാശിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന പ്രധാന പ്രശ്‌നമായി ഉയർന്നു വന്നിരിക്കുന്നു. എന്നിരിക്കിലും അതിന്‌ കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജ്ജനം കുറയ്‌ക്കാനുള്ള ഒരു അന്താരാഷ്‌ട്രചർച്ചയും വിജയത്തിലേക്കെത്തുന്നില്ല.

എന്തുകൊണ്ടാണ്‌ ഈ പ്രശ്‌നങ്ങൾ. എന്തുകൊണ്ടാണ്‌ ഇവ പരിഹരിക്കപ്പെടാതെ പോകുന്നത്‌. സമൂഹത്തിൽ ഈ ചിന്ത ഉയർത്തലാണ്‌, തിരിച്ചറിവുകൾ ഉണ്ടാക്കുകയാണ്‌ ശാസ്‌ത്രപ്രചാരണത്തിന്റെ അടിസ്ഥാന ലക്ഷ്യം എന്നു നാം കരുതുന്നു.


അധിക വായനക്കുള്ള പുസ്‌തകങ്ങൾ

1. ശാസ്‌ത്രം ചരിത്രത്തിൽ - ജെ.ഡി. ബർണൽ

2. പ്രപഞ്ചരേഖ - ഡോ. എം.പി. പരമേശ്വരൻ

3. ശാസ്‌ത്രകൗതുകം

4. ശാസ്‌ത്രവും കപടശാസ്‌ത്രവും

5. ജ്യോതിഷവും ജ്യോതിശാസ്‌ത്രവും - പ്രൊഫ. കെ. പാപ്പൂട്ടി

6. ശാസ്‌ത്രവും ശാസ്‌ത്രാവബോധവും - പ്രൊഫ. പി.കെ. രവീന്ദ്രൻ

7. നക്ഷത്ര ദൂരങ്ങൾ തേടി - ടി.കെ. ദേവരാജൻ

"https://wiki.kssp.in/index.php?title=ശാസ്ത്രവും_ശാസ്ത്രബോധവും&oldid=3706" എന്ന താളിൽനിന്ന് ശേഖരിച്ചത്