കേരള വിദ്യാഭ്യാരംഗം വഴിത്തിരിവിൽ‌

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
കേരള വിദ്യാഭ്യാസരംഗം വഴിത്തിരിവിൽ
പ്രമാണം:T=Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വിദ്യാഭ്യാസം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഒക്ടോബർ, 1995

കേരളത്തനിമകൾക്ക് അടിസ്ഥാനമായ വർത്തിച്ച പൊതു വിദ്യാഭ്യാസത്തിനു നേരെ വൻഭീഷണി ഉയർന്നുവന്നിരിക്കുന്ന സാഹചര്യമാണിന്ന്. അതിശക്തമായി പ്രതികരിക്കുകയും ബദൽ സമീപനങ്ങൾ കൂട്ടായി വളർത്തിയെടുക്കുകയും ചെയ്തുകൊണ്ടേ ഈ തകർച്ചയെ നേരിടാനാവൂ. പൊതുവിദ്യാഭ്യാസം സംരക്ഷിച്ചുകൊണ്ടേ നമുക്കു കേരളത്തെ രക്ഷിക്കാനാവൂ. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി 95 നവംബർ 1 മുതൽ 18 വരെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിപുലമായ ജനബോധവൽക്കരണ പരിപാടിയാണ് വിദ്യാഭ്യാസ ജാഥ. കാസർഗോഡ്, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നാരംഭിക്കുന്ന ജാഥകൾ നവംബർ 18ന് വിപുലമായ പരിപാടികളോടെ തൃശ്ശൂരിൽ സമാപിക്കും. ജാഥയോടനുബന്ധിച്ചു പുറത്തിറക്കുന്ന ലഘുലേഖകളിൽ ഒന്നാണിത്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാനുള്ള ഈ ശ്രമത്തിൽ കേരളത്തെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളും പങ്കുചേരുമെന്ന് പ്രതീക്ഷിക്കട്ടെ.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ആരംഭം

1819-ൽ തിരുവിതാംകൂറിലെ റാണി ഗൗരിപാർവതിബായി പുറപ്പെടുവിച്ച വിളംബരമാണ് കേരളത്തിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ നയപരമായ അടിസ്ഥാനം കുറിച്ചത്. ജനങ്ങളുടെ പിന്നോക്കാവസ്ഥ മാറുന്നതിനും അവരെ നല്ല പൗരൻമാരാക്കുന്നതിനും വിദ്യാഭ്യാസം ആവശ്യമാണെന്നു കാൺകയാൽ ജനങ്ങളുടെ വിദ്യാഭ്യാസത്തിന്റെ സകല ചെലവുകളും സർക്കാർ വഹിക്കുന്നതായിരിക്കും എന്നായിരുന്നു ആ പ്രഖ്യാപനം. സർക്കാർ നേരിട്ടു നടത്തുന്ന സ്‌കൂളുകൾക്കു പുറമെ സ്വകാര്യവ്യക്തി കളും, എജൻസികളും സ്ഥാപിച്ചു നടത്തുന്ന സ്‌കൂളുകൾക്കും സഹായധനം നൽകാൻ സർക്കാർ തയ്യാറായി. ഇത്തരം സ്‌കൂളുകളാണ് പൊതുവെ വിദ്യാഭ്യാസ കാര്യത്തിൽ പിന്നാക്കം നിന്ന ജനവിഭാഗങ്ങളെയും സ്ത്രീകളെയും വിദ്യാലയങ്ങളിലേക്ക് കൊണ്ടുവരാൻ മുൻകൈ എടുത്തത്. പിന്നീട് വിവിധ സമുദായസംഘടനകൾ സ്‌കൂളുകളും കോളേജുകളും സ്ഥാപിക്കുന്നതിന് മത്സരിച്ചെന്നവണ്ണം രംഗത്തുവന്നു. പക്ഷേ അപ്പോഴും സമുദായത്തിലെ ധനാഢ്യരുടെയും സ്ഥാപനങ്ങളുടെയും ജനസാമാന്യ ത്തിന്റെ തന്നെയും സംഭാവനകളിലൂടെയാണ് സ്‌കൂളുകളും കോളേജുകളും കെട്ടിപ്പടുക്കപ്പെട്ടത്. ഉത്പ ന്നപ്പിരിവും പിടിയരിസംഭാവനയും പോലുള്ള പരിപാടികൾ ഈ യത്‌നത്തെ തികച്ചും ജനകീയമാക്കി ത്തീർത്തു. ഈ രീതിയിൽ നോക്കിയാൽ, ജാതീയവും മതപരവുമായ കലർപ്പുകൾ ഉണ്ടെന്നുവരികിലും കേരള വിദ്യാഭ്യാസരംഗത്തെ സ്വകാര്യപങ്കാളിത്തത്തിന് ജനകീയതയുടെതായ ചില സംഭാവനകൾ ഉണ്ടായി രുന്നെന്ന് കാണാം. സാമുദായിക സംഘടനകൾ നടത്തുന്ന ചില സ്‌കൂളുകളിലും കോളേജുകളിലും അ ധ്യാപക-അനധ്യാപക നിയമനങ്ങളെപ്പറ്റി പരാതികൾ ഉയർന്നുവന്നിരുന്നുവെങ്കിലും വിദ്യാർത്ഥി പ്രവേശനം മതനിരപേക്ഷവും ജാതിനിരപേക്ഷവും യോഗ്യതാടിസ്ഥാനത്തിലും ആയി നടത്തുന്നതിന് കാലാകാലങ്ങളിലുള്ള സർക്കാർ നയവും സഹായിച്ചു. അധ്യാപകർക്കുള്ള ഡയറക്ട് പേയ്‌മെന്റ് സമ്പ്രദായം ആവിഷ്‌കരിക്കപ്പെട്ടതോടെ ഫീസുനിരക്കിലും അധ്യാപകരുടെ സേവന-വേതന വ്യവസ്ഥകളിലും ഗണനീയമായ ഐകരൂപ്യവും നിലവിൽ വന്നു. ഇതിന്റെയെല്ലാം ഫലമായി വിദ്യാഭ്യാസത്തിന്റെ സാർവജനീനത്വത്തിൽ കേരളം ഭാരതത്തിന്റെ മുൻപന്തിയിലെത്തി. പരമ്പരയിലാദ്യമായി അക്ഷരം പഠിക്കുന്നവരും, വിദ്യയുടെ മഹത്വമറിയാത്ത മാതാപി താക്കളുടെ കുട്ടികളും കൂടുതൽ കൂടുതലായി സ്‌കൂളിലും കോളേജിലുമൊക്കെയെത്തിത്തുടങ്ങിയതോടെ അധ്യയനനിലവാരത്തിൽ സ്വാഭാവികമായും മാറ്റംവന്നു. വരേണ്യവർഗസന്താനങ്ങളുടെ വിഹാര രംഗങ്ങളായിരുന്ന വിദ്യാലയാങ്കണങ്ങളിൽ സമൂഹത്തിലെ എല്ലാത്തരക്കാരായ കിടാങ്ങളും അവരവരുടേതായ രീതിയിൽ മേളിച്ചു തുടങ്ങിയപ്പോൾ അതിനനുസരിച്ചുള്ള പ്രശ്‌നങ്ങളും ഉണ്ടായി. ഉപരി-മധ്യവർഗങ്ങൾക്ക് ഉദ്യോഗം കിട്ടാനുള്ള തയ്യാറെടുപ്പായി മാത്രം പൊതുവേ കണക്കാക്കപ്പെട്ടിരുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളും പാഠ്യപദ്ധതികളും തങ്ങളുടെ പരുപരുത്ത ജീവിത യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നു ബോദ്ധ്യപ്പെട്ട പല കുട്ടികളും വിദ്യാലയങ്ങളിൽ അന്യവത്ക്കരിക്കപ്പെട്ടു. അത് വിദ്യാലയാന്തരീക്ഷത്തെ കലുഷമാക്കുകയും ചെയ്തു. തികച്ചും വിദ്യാഭ്യാസപരവും സാമൂഹികവുമായ ഈ പ്രശ്‌നത്തെ വെറും അച്ചടക്ക പ്രശ്‌നമെന്ന നിലയിലാണ് അധികൃതരും വിദ്യാഭ്യാസസമൂഹവും കൈകാര്യം ചെയ്തത്. വിദ്യാലയങ്ങളിലെ അശാന്തിയിൽ നിന്ന് തങ്ങളുടെ കുട്ടികളെ രക്ഷപ്പെടുത്താ നുള്ള ഉപരിവർഗ രക്ഷിതാക്കളുടെ ആകാംക്ഷയെ തൃപ്തിപ്പെടുത്തിക്കൊണ്ടാണ് കേരളത്തിൽ സ്വകാര്യ വിദ്യാലയങ്ങളുടെ രണ്ടാം പിറവി ഉടലെടുക്കുന്നത്. കൂട്ടത്തിൽ ഇംഗ്ലീഷ് മാധ്യമത്തിലൂടെ വിദ്യാഭ്യാസം ചെയ്യാനുള്ള അന്ധമായ ഭ്രമത്തെയും അവ മുതലാക്കി. ഇന്ന് കേരളത്തിൽ സ്വകാര്യ വിദ്യാലയങ്ങളുടെ പങ്കിനെക്കുറിച്ച് പറയുമ്പോൾ ഇത്തരം വിദ്യാലയങ്ങളാണ് പ്രസക്തം. പക്ഷേ കേരളത്തിനെ ഇന്ത്യയുടെ വിദ്യാഭ്യാസ മാതൃകയാക്കുന്നതിൽ ഇവ യാതൊരു പങ്കും വഹിച്ചിട്ടില്ലെന്നതാണ് വാസ്തവം. അതിനുള്ള നന്ദി നാം പ്രകാശിപ്പിക്കേണ്ടത് അവർണരെയും അശരണരെയും സ്ത്രീകളെയും വിദ്യാലയങ്ങളിലേ കൈപിടിച്ചാനയിച്ച ധർമസ്ഥാ പനങ്ങളായ കഴിഞ്ഞ തലമുറയിലെ സ്വകാര്യ വിദ്യാലയങ്ങളോടാണ്. അവയുടെ ഐതിഹാസിക സേവനത്തിന്റെ യശോധാവള്യത്തിൽ തിളങ്ങാൻ ശ്രമിക്കുന്ന ഇന്നത്തെ വരേണ്യവർഗ മീഡിയം സ്‌കൂളുകൾ ഡിമാന്റുനോക്കി വിലപേശി സേവനം വിൽക്കുന്ന കച്ചവടസ്ഥാപനങ്ങൾ മാത്രമാണ്. വിദ്യാഭ്യാസരംഗത്തെ സ്വകാര്യ പങ്കാളിത്തത്തെപ്പറ്റി സംസാരിക്കുമ്പോൾ ഇവയെ വേർതിരിച്ച് കണ്ടാൽ മാത്രമെ ഈ രംഗത്ത് യഥാർഥത്തിൽ സമൂഹസേവനം ചെയ്തവരോടു നീതി ചെയ്യാൻ കഴിയൂ.

ഉന്നത വിദ്യാഭ്യാസരംഗം

സർവകലാശാലാ വിദ്യാഭ്യാസരംഗത്തും ഏതാണ്ടിതേമാതിരിയുള്ള വികാസപരിണാമങ്ങൾ ദൃശ്യമാ ണ്. തിരുവനന്തപുരം മഹാരാജാസ് കോളേജും (പിന്നീട് യൂണിവേഴ്‌സിറ്റി കോളേജ്) എറണാകുളം മഹാരാജാസും പാലക്കാട്ടെ വിക്ടോറിയാ കോളേജും പോലുള്ള പൊതുസ്ഥാപനങ്ങളും കോട്ടയം സി. എം.എസ്., ചങ്ങനാശ്ശേരി എസ്.ബി, അലുവാ യു.സി, മലബാർ ക്രിസ്ത്യൻ കോളേജ് മുതലായ സ്വകാര്യ കോളേജുകളുമാണ് ഈ രംഗത്ത് ഔന്നത്യത്തിന്റെ വഴിതെളിച്ചത്. അമ്പതുകളിൽ എൻ.എസ്.എസ്., എസ്.എൻ.ടസ്റ്റ് തുടങ്ങിയ സാമുദായിക സംഘടനകൾ വമ്പിച്ച പൊതു ജനപിന്തുണയോടെ കോളേജുകൾ സ്ഥാപിക്കാൻ മുന്നോട്ടുവന്നു. പഴയ ദ്വിവർഷ ഇന്റർമീഡിയറ്റ് കോഴ്‌സ് ഏക വർഷ പ്രീയൂണിവേഴ്‌സിറ്റി യായും പിന്നീട് വീണ്ടും ദ്വിവർഷ പീഡിഗ്രിയായും മാറിയും മറിഞ്ഞും കിടന്ന അറുപതുകളിൽ ജൂ നിയർ കോളേജുകൾ ക്രമാതീതമായി പെരുകിയതാണ് ഉന്നത വിദ്യാഭ്യാസരംഗത്തെ മൂല്യത്തകർച്ചയ്ക്കു വഴിവച്ചത്. കെട്ടിടങ്ങളും ലൈബ്രറികളും ലാബറട്ടറികളും പണം മുടക്കിയാൽ പെട്ടെന്നുണ്ടാക്കാൻ കഴിയും. പക്ഷേ, അനുഭവസമ്പന്നരായ അധ്യാപകരെ കൂട്ടംകൂട്ടമായി സൃഷ്ടിക്കാനാവില്ലല്ലോ. അനാസൂത്രിതമായ വളർച്ച ദുർമേദസ്സുപോലെ തന്നെ അപകടകാരിയായി. എൺപതും നൂറും കുട്ടികളെ മൊത്തമായി കൈകാര്യം ചെയ്യുന്ന എട്ടും പത്തും ബാച്ചുകളുള്ള പ്രീഡിഗ്രി ക്ലാസ്സുകൾ ഡിഗ്രികോളേജുകളുടെ അന്തരീക്ഷത്തെ പാടെ ഇളക്കിമറിച്ചു. യൂണിവേഴ്‌സിറ്റി പരീക്ഷാ വിഭാഗത്തിന്റെ ജോലിഭാരവും പല പല മടങ്ങ് സങ്കീർണവും ഗുരുതരവുമായി. വ്യക്തിപരമായ ശ്രദ്ധയും അക്കാദമിക മാർഗദർശനവും കിട്ടാത്ത പ്രീഡിഗ്രി ക്ലാസ്സുകൾ സ്‌കൂൾ ക്ലാസ്സുകളുടെ രീതിയിൽ ടെക്സ്റ്റ് ബുക്ക് അധിഷ്ഠിത പഠനരീതിയിലൊതുങ്ങി. സർവകലാശാലാ വിദ്യാഭ്യാസത്തിന്റെ ഒരു ഗുണവും അവകാശപ്പെടാനില്ലാത്ത ഈ പ്രീഡിഗ്രി കാലഘട്ടം ചുക്കാൻ ഇല്ലാത്ത കപ്പൽപോലെ ലക്ഷ്യബോധം നഷ്ടപ്പെട്ട മട്ടിലായി. ഇവിടെയും സ്വകാര്യമേഖല അതിന്റെതായ പ്രശ്‌നപരിഹാരവുമായി ഈ വിടവു നികത്തി. സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികളുടെ പ്രീഡിഗ്രിക്കു പകരം സി.ബി.എസ്സ്.ഇ. യുടെ പ്ലസ് ടൂ വിനു ആദ്യകാലത്തൊന്നും കേരളത്തിൽ പ്രചാരമുണ്ടായിരുന്നില്ല. പ്രീഡിഗ്രിക്കു കിട്ടുന്നതുപോലെ 'വാരിക്കാരി' മാർക്കു നൽകാ ത്തത് ആയിരുന്നു ഒരു കാരണം. (പ്രീഡിഗ്രിക്ക് നൂറിൽ നൂറും വാങ്ങുന്ന കുട്ടി ശരിക്കും നൂറിലല്ല നൂറുവാങ്ങുന്നത് എന്ന് എത പേർ മനസ്സിലാക്കുന്നുണ്ട്?) പക്ഷേ അതിനേക്കാൾ ശക്തമായ കാരണം അന്നൊക്കെ പ്രൊഫെഷണൽ കോളേജുപ്രവേശനം പ്രീഡിഗ്രിമാർക്കിനെ അടിസ്ഥാനമാക്കിയായിരുന്നു എന്നതായിരിക്കണം. വളരെ അളന്നുതൂക്കിക്കിട്ടുന്ന പ്ലസ് ടൂ മാർക്കുകൊണ്ട് വളരെ കുറച്ചു കുട്ടികൾക്കു മാത്രമേ ഇവിടത്തെ പ്രൊഫെഷണൽ കോളേജുകളിൽ പ്രവേശനം കിട്ടുമായിരുന്നുള്ളൂ. (മെഡിസിനും എഞ്ചിനീയറിങ്ങിനും പ്രവേശനം കിട്ടാൻ ഉതകാത്ത പ്ലസ് ടൂ ആർക്കുവേണം?) ഈ സന്ദർഭത്തിലാണ് യാദൃച്ഛികമായുണ്ടായ മാർക്കു തട്ടിപ്പുകളുടെ പേരിൽ പ്രീഡിഗ്രി പരീക്ഷയെ ഒന്നടങ്കം തള്ളിക്കളഞ്ഞുകൊണ്ട് പൊതുപ്രവേശന പരീക്ഷ ആദ്യം മെഡിസിനും പിന്നെ എ ഞ്ചിനീയറിങ്ങിനും നടപ്പാക്കിയത്. ഇതോടെ പ്രീഡിഗ്രിയുടെ അപചയം പൂർണമായി എന്നു പറയാം. ആദ്യത്തെ ചില എൻട്രൻസ് പരീക്ഷകളിൽ, പ്രീഡിഗ്രിയെക്കാൾ പ്ലസ് ടൂ ക്ലാസ്സിൽ പഠിച്ചവർക്ക് മുൻതൂക്കം കിട്ടുന്ന രീതിയിൽ ചോദ്യങ്ങൾ വരികയോ, അങ്ങനെ വരുന്നു എന്ന പ്രചാരണം നടക്കുകയോ ചെയ്തതോടു കൂടി പ്ലസ് ടൂവിന് സ്വാഭാവികമായും പ്രിയം വർധിച്ചു. പക്ഷേ പ്രീഡിഗ്രിയുടെ അപചയത്തിൽ പ്ലസ് ടൂ നടത്തിപ്പുകാരെക്കാൾ കൂടുതൽ ഗുണഭോക്താ ക്കളായത് സ്വകാര്യ ട്യൂഷൻ നടത്തുന്ന അധ്യാപകരാണ്. ഇതൊരു ദൂഷിതവലയമാണെന്നത് നിസ്തർക്കമാണ്. അണ്ടിയോ മൂത്തത് മാവോ മൂത്തത് എന്ന മട്ടിലുള്ള സമസ്യ, സ്വകാര്യ ട്യൂഷൻ വർധിച്ചതുകൊണ്ടാണോ കുട്ടികൾ ക്ലാസ്സിൽ ശ്രദ്ധിക്കാത്തതും അധ്യാപകർ ക്ലാസ്സിനെ ശ്രദ്ധിക്കാത്തതും? അതോ, ക്ലാസ്സ് നേരാംവണ്ണം നടക്കാത്തതുകൊണ്ടാണോ സ്വകാര്യ ട്യൂഷൻ ഒഴിവാക്കാനാവാത്ത അധികച്ചെലവായി മാറിയത് ? രണ്ടും പരസ്പരപൂരകങ്ങളാണ് എന്നതത്രെ സത്യം. പ്രീഡിഗ്രി പരീക്ഷയിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളെ പൂർണമായി്യൂ ആശ്രയിച്ചുകൊണ്ടുള്ള എൻട്രൻസ് പരീക്ഷക്കു തയ്യാറെടുക്കുവാൻ വെറും പഠിത്തം പോരെന്നുവന്നതോടെ അതിനുവേണ്ടിയുള്ള സ്‌പെഷ്യൽ കോച്ചിങ് മറ്റൊരു വൻവ്യവസായമായി വളർന്നു വന്നു. മാനംമുട്ടുന്ന ഫീസും കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളും കംപ്യൂട്ടറിനെ കൂട്ടുപിടിച്ചുള്ള മായാജാലങ്ങളും ചേർന്നുള്ള എൻട്രൻസ് കോച്ചിങ് ഷോപ്പുകൾ കേരളത്തിലിന്ന് ഏറ്റവും ലാഭം കൊയ്യുന്ന വ്യവസായമാണ്. ആയിരങ്ങൾ മുടക്കി ഇത്തരം സ്‌പെഷ്യൽ കോച്ചിങ്ങിനു പോകാനുള്ള പണമോ സാഹചര്യമോ ഇല്ലാത്തവർ ഈ തെരഞ്ഞെടുപ്പിൽ പിന്തള്ളപ്പെട്ടുപോകുന്നു എന്നതും സത്യമാണ്. എൻട്രൻസ് പരീക്ഷാരീതി നിലവിൽ വന്നതോടെ നമ്മുടെ പ്രൊഫെഷണൽ കോളേജുകളിൽ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നു വന്നവരുടെ സംഖ്യ കുറഞ്ഞു വരുന്നതായാണ് അനുഭവം. പക്ഷെ, പണംവാരിയെറിഞ്ഞ് ട്യൂഷനും ഓരോവിഷയത്തിനും സ്‌പെഷ്യൽട്യൂഷനും എൻട്രൻസ് സ്‌പെഷ്യൽകോച്ചിങ്ങും ഒക്കെ ചെലുത്തിയിട്ടും നല്ല റാങ്കു നേടാൻ കഴിയാതെ പോകുന്ന സമ്പന്ന കിടാങ്ങളെച്ചൊല്ലിയാണ് ഇവിടെ ഏറെ കണ്ണീരൊഴുക്കപ്പെടുന്നത്. കർണാടകത്തിലും തമിഴ്‌നാട്ടിലും എഞ്ചിനീയറിങ് വിദ്യാഭ്യാസരംഗത്തുണ്ടായിരിക്കുന്ന അഭൂതപൂർവമായ പുരോഗതിയെപ്പറ്റി, അവിടെ സീറ്റു തേടിപ്പോകുന്ന മലയാളിക്കുട്ടികളിലൂടെ പുറത്തോട്ടൊഴുകുന്ന കോടികളെപ്പറ്റി, അവിടത്തെ കോഴക്കോളേജുകളിൽ പോയി നമ്മുടെ പിഞ്ചുപൈതങ്ങൾ പെടുന്ന പെടാപ്പാടിനെപ്പറ്റി, എല്ലാം പൊടിപ്പും തൊങ്ങലും വച്ച പൈങ്കിളി ഫീച്ചറുകൾ ആസൂത്രിതമായെന്നവണ്ണം നമ്മുടെ ആനുകാലികങ്ങളിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു തുടങ്ങി. എന്തുകൊണ്ട് ഈ പണം കേരളത്തിൽ പിടിച്ചുനിർത്തിക്കൂടാ? നമ്മുടെ കുട്ടികൾ പ്രൊഫെഷണൽ വിദ്യാഭ്യാസം തേടി എന്തിന് മറുനാട്ടിൽ പോയി അലയണം? എന്തുകൊണ്ടു പണം ചെലവാക്കാൻ തയ്യാറുള്ള അവരുടെ പണം മൂലധനമാക്കി കേരളത്തിൽ കോളേജുകൾ തുടങ്ങിക്കൂടാ? കച്ചവടാടിസ്ഥാനത്തിൽ പണം പിടുങ്ങി ഒരു തത്ത്വദീക്ഷയും ഇല്ലാതെ കുട്ടികളെ വലയ്ക്കുന്ന മറുനാടൻ കോളേജുകളെക്കാൾ എന്തുകൊണ്ടും മെച്ചമായ സ്വാശ്രയ കോളേജു കൾ നമ്മുടെ ഉത്തരവാദപ്പെട്ട സർക്കാർ ഏജൻസികൾക്കു എന്തുകൊണ്ടു നടത്തിക്കൂട? ഈ വെല്ലുവിളിയും ഉത്തരവാദിത്തവും ഏറ്റെടുക്കാൻ ഇവിടെ പൊതുമേഖലയിൽ ഏറെക്കാലമായി പ്രവർത്തിച്ചുകൊണ്ടുവന്ന ഐ.എച്ച്.ആർ.ഡി.ഇ. യും എൽ.ബി.എസ്. സെന്ററും മുന്നോട്ടുവന്നു. അവർ കണ്ടുപിടിച്ച അചുംബിതാശയം ആണ് നിക്ഷേപകോളേജുകൾ. തീർച്ചയായും കുറിക്കമ്പനികളുടെ കുത്തക അവകാശപ്പെടാവുന്ന കേരളത്തിനു മാത്രമേ ഇത് ഭാവനാപൂർണമായ ഒരു വിദ്യാഭ്യാസ വ്യവസായമാതൃകയ്ക്കു രൂപം കൊടുക്കാനാവൂ.

മുതൽ മുടക്കില്ലാത്ത കച്ചവടം

ഏതൊരു വ്യവസായത്തിനും കച്ചവടത്തിനും എന്തെങ്കിലും മുതൽമുടക്കു വേണമല്ലൊ. പക്ഷേ കേരളത്തിൽ ഇന്നു അരങ്ങേറുന്ന വിദ്യാഭ്യാസക്കച്ചവടത്തിന് ഒരു മുതൽമുടക്കും ആവശ്യമില്ല എന്ന താണ് വിശേഷം. എഞ്ചിനീയറിങ് കോളേജ് ആയാലും നഴ്‌സിങ്, ഫാർമസി മുതലായ കോഴ്‌സുകൾ ആയാലും പ്രവേശനം കാംക്ഷിക്കുന്നവരിൽ നിന്ന് അഡ്വാൻസായി നിക്ഷേപം പിരിക്കുക എന്നതാണ് ഈ കുറുക്കുവഴി. 240 സീറ്റുള്ള എഞ്ചിനീയറിങ് കോളേജ് ഭാവനയിൽ കാണുന്ന അധികൃതർ സിറ്റൊന്നുക്ക് ഒരു ലക്ഷം രൂപ വീതം പിരിക്കും. ക്ലാസ്സു തുടങ്ങും മുമ്പുതന്നെ 2 കോടി 40 ലക്ഷംരൂപ കൈയിലായി. പലപ്പോഴും ഇതു കഴിഞ്ഞാണ് ക്ലാസ്സു തുടങ്ങാനായി ഒഴിഞ്ഞ സ്‌കൂൾ കെട്ടിടങ്ങളോ (കൂടുതൽ കൂടുതൽ സ്‌കൂളുകൾ ഒഴിവാക്കാനുള്ള പരിപാടികൾ മറ്റൊരു വശത്തുകൂടെ അരങ്ങേറുന്നുണ്ടല്ലൊ) പീടിക വരാന്തകളോ ഒക്കെ അന്വേഷിക്കുന്നത്. (പാരാമെഡിക്കൽ കോഴ്‌സുകൾക്കു പോലും അമ്പതിനായിരം നിക്ഷേപം വാങ്ങുന്നുണ്ട്. ഇതിനു പുറമേ കോഴ്‌സ് ചെലവിനു കനത്ത ഫീസു വേറെ). നാലു കൊല്ലത്തെ കോഴ്‌സിന് ഈ കണക്കിൽ പത്തു കോടിയോളം രൂപ സ്ഥിരമായി കൈയിൽ നിൽക്കുമല്ലൊ. അഞ്ചാം കൊല്ലത്തെ അഡ്മിഷൻ നടക്കുമ്പോൾ അഞ്ചാം ബാച്ചിൽ നിന്നു പിരിഞ്ഞു കിട്ടുന്ന തുക കോഴ്‌സ് കഴിഞ്ഞു പുറത്തുപോകുന്ന ഒന്നാം ബാച്ചുകാർക്കു മടക്കിക്കൊടുക്കാം! ഒരു വ്യവസായസംരംഭം എന്ന നിലയിൽ ഒരാക്ഷേപവും ഇല്ലാത്ത ഇടപാടാണിത്. ആർക്കുമാർക്കും പരാതി ഇല്ല. ആർക്കാണ് പരാതി? പരാതി ഇല്ലേ? തീർച്ചയായും ഉണ്ട്. ഈ കച്ചവടം കൊണ്ട് ഗുണം കിട്ടുന്നവർക്കല്ല, പക്ഷേ വിദ്യാഭ്യാസത്തെ സാമൂഹിക പ്രക്രിയയായി കാണുന്നവർക്കെല്ലാം പരാതി ഉണ്ടാകും. ഡിഗ്രി നൽകുന്നവരും കോഴ്‌സ് നടത്തുന്നവരും ബിരുദാർത്ഥികളും തമ്മിലുള്ള ഒരു നീക്കുപോക്ക് അല്ലല്ലൊ വിദ്യാഭ്യാസം. സമൂഹത്തിന് ആവശ്യമുള്ള ഡോക്ടർമാരെയും എഞ്ചിനീയർമാരെയും മറ്റു വിദഗ്ധരെയും പണ്ഡിതരെയും വാർത്തെടുക്കാനായി സമൂഹം നടത്തുന്ന ശ്രമമാണ് ഉന്നതവിദ്യാഭ്യാസം. അതിനുവേണ്ടി മുടക്കുന്നത് ഒരു സാമൂഹിക മുതൽമുടക്കാണ്. ഈ ജോലികൾക്ക് ഏറ്റവും പ്രാപ്തരായവരെ തെരഞ്ഞെടുത്ത് അവരുടെ സാമ്പത്തികസ്ഥിതി തടസ്സമാകാനനുവദിക്കാതെ നിർദ്ധനർക്ക് സ്‌കോളർഷിപ്പും ഫീസിളവും നൽകി സാമൂഹികനീതി ഉറപ്പാക്കിക്കൊണ്ടാണ് ഇതു നിർവഹിക്കുന്നത്. സമ്പന്ന രാജ്യങ്ങളിൽ പോലും പഠനച്ചെലവിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഫീസിനത്തിൽ ഈടാക്കാറുള്ളു. ബാക്കിയെല്ലാം സമൂഹം വഹിക്കുകയാണ് പതിവ്. ഇതിൽ സർക്കാർ നേരിട്ടു ചെയ്യുന്ന സഹായത്തിനു പുറമേ ധനാഢ്യരിൽ നിന്നും വ്യവസായങ്ങളിൽ നിന്നുമുള്ള സംഭാവനകളും യൂണിവേഴ്‌സിറ്റി സ്വന്തമായി നേടുന്ന വരുമാനവും ഉൾപ്പെടും. ഏതായാലും ഉന്നതവിദ്യാഭ്യാസം അതിന്റെ ചെലവു വഹിക്കാൻ കഴിയുന്നവർക്കു മാത്രം എന്ന രീതി ലോകത്തൊരിടത്തുമില്ല. പക്ഷേ, ഇവിടെ കൊണ്ടുവരാൻ ശ്രമിക്കുന്ന പരിഷ്‌കാരം ഇതാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് ഇനി മുടക്കാൻ സർക്കാരിനു പണമില്ല. അതുകൊണ്ട് ഇനിയുള്ള വികസനം മുഴുവൻ സ്വകാര്യമേഖലയിലാകട്ടെ. അങ്ങനെയാവുമ്പോൾ സ്വാഭാവികമായും ലക്ഷക്കണക്കിനു രൂപ നിക്ഷേപവും പതിനായിരക്കണക്കിനു രൂപ ഫീസും താങ്ങാൻ കഴിവുള്ളവർക്കു മാത്രമേ അങ്ങോട്ട് എത്തിനോക്കാൻ പോലും കഴിയൂ. പാവപ്പെട്ട വീടുകളിലെ മിടുക്കരായ കുട്ടികൾക്ക് പഠിച്ചു നന്നാകാനുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത്. ഈ സാമൂഹിക അനീതിയിൽ എല്ലാവർക്കും പരാതി വേണ്ടതല്ലേ?

കേസുകളുടെ തുടക്കം

കർണാടകത്തിലെ ഒരു മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ച മോഹിനി ജെയിൻ എന്ന പെൺകുട്ടി ഭാരിച്ച കോഴപ്പണം കൊടുക്കാൻ വിസമ്മതിച്ച് കോടതിയിൽ പോയതോടെയാണ് ഇതു സംബന്ധമായ കേസുകളുടെ തുടക്കം. ഈ കേസിൽ സുപ്രീം കോടതിയിലെ മൂന്നംഗബെഞ്ച് നൽകിയ വിധിയിൽ വിദ്യാഭ്യാസം ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങളുടെ ഭാഗമാണെന്നും അർഹതയുള്ളവർക്ക് അവരാഗ്രഹിക്കുന്ന തലംവരെ വിദ്യാഭ്യാസം നൽകാൻ സർക്കാർ ബാദ്ധ്യസ്ഥമാ ണെന്നും അഭിപായപ്പെട്ടു. ഇതു വലിച്ചു നീട്ടിയാൽ എഞ്ചിനീയറിങ്ങിനും മെഡിസിനും അപേക്ഷിക്കുന്ന അർഹരായവർക്കൊക്കെ പ്രവേശനം നൽകേണ്ട ബാദ്ധ്യത സർക്കാരിനു വന്നുകൂടും. അതുപോലെ മറ്റു സർവകലാശാലാ കോഴ്‌സുകൾക്കും. പ്രത്യക്ഷത്തിൽ തന്നെ ദുസ്സാദ്ധ്യമായ ഈ ചുമതലയിൽനിന്നു രക്ഷപ്പെടാൻ സർക്കാർ ഈ വിധിയുടെ പുനഃപരിശോധനക്ക് അപേക്ഷിച്ചു. അതോടൊപ്പം തന്നെ തലവരി സമ്പ്രദായം നിയന്തിക്കാനായി കർണാടക, ആന്ധ്രാ, തമിഴ്‌നാട്, മഹാരാഷ്ട്രാ ഗവണ്മെന്റുകൾ പാസാക്കിയ നിയമങ്ങൾക്കെതിരായി ചില സ്വകാര്യ മാനേജ്‌മെന്റുകളും, ഈ നിയമങ്ങളിലെ പഴുതുകളിലൂടെ തുടർന്നും നടന്നുവന്നിരുന്ന കോഴപ്പണമീടാക്കലിനെതിരെ ആന്ധ്രാപ്രദേശിൽ എഞ്ചിനീയറിങ്ങിനു പ്രവേശനം കിട്ടിയ ഉണ്ണികൃഷ്ണൻ എന്ന വിദ്യാർഥിക്കനുകൂലമായ ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലും സുപ്രീംകോടതിയിലെ ഒരു അഞ്ചംഗ ഭരണഘടനാ ബെഞ്ചു മുമ്പാകെ എത്തി. ഇതിനു പൊതുവേ 'ഉണ്ണികൃഷ്ണൻ കേസ്' എന്നു പറയുന്നു. 'ഉണ്ണികൃഷ്ണൻ കേസി'ൽ സർക്കാർ, യു.ജി.സി., ഏ.ഐ.സി. ടി. ഇ., ഐ.എം.സി. എന്നീ ഔദ്യോഗിക പക്ഷത്തിന്റെ നിലപാട് വിദ്യാഭ്യാസത്തിന്റെ കച്ചവടവത്ക്കരണത്തിന് എതിരായിരുന്നു. എന്നാൽ ഇനിയും ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ വർധിപ്പിക്കാൻ സർക്കാരിന്റെ വിഭവദാരിദ്ര്യം അനുവദിക്കുന്നില്ല. അതുകൊണ്ട് സ്വകാര്യവത്കരണം അനിവാര്യമാണ്. അപ്പോൾ സ്വാഭാവികമായും അവയ്ക്കും ഉയർന്ന ഫീസ് ചുമത്തേണ്ടിവരും. ഇത് കച്ചവടവത്കരണമല്ല. പക്ഷേ സീറ്റിന്റെ ലേലംവിളിയും അവിഹിത പണമിടപാടുകളും നിരോധിച്ചേ പറ്റൂ. നേരേമറിച്ച് സ്‌കൂളും കോളേജും നടത്തി പണമുണ്ടാക്കുക എന്നത് തങ്ങളുടെ ജീവസന്ധാരണ ത്തിനുള്ള ബിസിനസ്സാണെന്നും തൊഴിൽ ചെയ്തു ജീവിക്കാനുള്ള മൗലികാവകാശത്തിൻകീഴിൽ ഇതും പെടും എന്നും സ്വകാര്യമാനേജുമെന്റുകൾ വാദിച്ചു. സർക്കാർ സഹായം കിട്ടുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കും സർക്കാരിനുള്ളതു പോലെ തന്നെ ഭരണഘടനാ വ്യവസ്ഥകൾ പ്രകാരമുള്ള തുല്യാവകാശം ഉറപ്പ് വരുത്താനുള്ള ബാധ്യത ഉണ്ടെന്നും ഉയർന്ന ഫീസ് കൊടുക്കാനുള്ള കഴിവിന്റെ പേരിലുള്ള വിവേചനം ഭരണഘടന 14 ഉം 15 ഉം വകുപ്പുകൾക്കെതിരാണെന്നും ഉണ്ണികൃഷ്ണൻ വാദിച്ചു. 1993 ഫെബ്രുവരി 4-ന് സുപ്രസിദ്ധമായ ഉണ്ണികൃഷ്ണൻ കേസ് വിധി ഉണ്ടായി. വിദ്യാഭ്യാസത്തിന്റെ കച്ചവടവത്കരണത്തെ കോടതി തീർത്തും നിരോധിച്ചു. സ്‌കൂളും കോളേജും നടത്തുന്നത് ജീവസന്ധാരണത്തിനുള്ള തൊഴിലാണെന്ന വാദവും കോടതി തള്ളിക്കളഞ്ഞു. എന്നാൽ ഭരണഘടനാ പ്രകാരം സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം നൽകാൻ സർക്കാരിനുള്ള ബാധ്യത സ്‌കൂൾ വിദ്യാഭ്യാസത്തിന് മാത്രമേ ബാധകമാകൂ എന്നും കോടതി വ്യാഖ്യാനിച്ചു. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം അർഹത, യോഗ്യത, സർക്കാരിന്റെ സാമ്പത്തികശേഷി എന്നിവയാൽ പരിമിതമാണ്. സർക്കാരിന്റെ വിഭവദാരിദ്ര്യം പരിഗണിച്ച് ഈ മേഖലയിൽ സ്വകാര്യസംരംഭകർക്കും പങ്കു നൽകിയേ പറ്റൂ എന്ന സർക്കാർ നിലപാട് കോടതി അംഗീകരിച്ചു. സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും ഈ ധർമം സർക്കാരിനുവേണ്ടി നിർവഹിക്കുന്നതുകൊണ്ട് അവർ ഇക്കാര്യത്തിൽ സർക്കാരിന്റെ ഏജൻസി ആയിട്ടാണ് പ്രവർത്തിക്കുന്നതെന്നും അതുകൊണ്ട് 14 ഉം 15 ഉം അനുച്ഛേദം അനുസരിച്ചുള്ള തുല്യത ഉറപ്പുവരുത്താൻ അവരും ബാധ്യസ്ഥരാണെന്നും കോടതി നിഷ്‌കർഷിച്ചു. ഇങ്ങനെ സ്വകാര്യമേഖല നടത്തുന്ന സ്ഥാപനങ്ങൾ പൂർണമായോ ഭാഗികമായോ സർക്കാർ സഹായം വാങ്ങുന്നവയാകാം, ഒരു സഹായവും സ്വീകരിക്കാത്തവയുമാകാം. എന്തെങ്കിലും സർക്കാർ സഹായം കിട്ടുന്നവ തീർച്ചയായും സർക്കാർ നിയമങ്ങൾക്കകത്തുതന്നെ പ്രവർത്തിക്കേണ്ടതാണ്. പ്രവേശനത്തിൽ അവർ സർക്കാർ സ്ഥാപനങ്ങളുടെ നിയമങ്ങൾ--യോഗ്യതയും ഭരണഘടനാപരമായ സംവരണവും-- നിർബന്ധമായും പാലിച്ചിരിക്കണം. തത്തുല്യമായ സർക്കാർ വിദ്യാലയങ്ങളിലെ ഫീസുമാത്രമേ അവയും ഈടാക്കാവൂ. യാതൊരുവിധ സർക്കാർ സഹായവും സ്വീകരിക്കാതെ തികച്ചും സ്വകാര്യമായി നടത്തുന്ന സ്ഥാപന ങ്ങളും ഡിഗ്രിയുടെ അംഗീകാരത്തിനുവേണ്ടി യൂണിവേഴ്‌സിറ്റി, എ.ഐ.സി.ടി.ഇ. മുതലായ വ്യവസ്ഥാപിത അധികാര സ്ഥാനങ്ങളെ ആശ്രയിക്കുന്നതുകൊണ്ട് അവയ്ക്കും ഭരണഘടനാപരമായ ബാധ്യത നിറവേറ്റേണ്ടതുണ്ട്. പക്ഷേ അവയുടെ നടത്തിപ്പുചെലവ് അവയ്ക്ക് എങ്ങനെയും ഉണ്ടാക്കിയേ പറ്റൂ. ഇത്തരം സ്ഥാപനങ്ങൾ സമൂഹത്തിലെ ധനാഢ്യരിൽ നിന്നും വ്യവസായങ്ങളിൽ നിന്നും ധർമസ്ഥാപന ങ്ങളിൽ നിന്നും ധനശേഖരണം നടത്തി വിദ്യാർഥികളുടെ ഫീസുഭാരം ലഘൂകരിക്കുന്ന അമേരിക്കൻ രീതി എന്തുകൊണ്ടോ കോടതിയുടെ ശ്രദ്ധയിൽ പെട്ടില്ല. അതിനുപകരം ഈ ചെലവ് മുഴുവനും ഫീസായി വിദ്യാർത്ഥികളിൽ നിന്നും ഈടാക്കാൻ അനുവദിക്കയാണ് കോടതി ചെയ്തത്. അതേസമയം തന്നെ ദുർവഹമായ ഫീസുഭാരം നിമിത്തം നിർദ്ധനരായ സമർഥന്മാർക്ക് അവസരം നിഷേധിക്കപ്പെടുന്നത് സാമൂഹികനീതിക്കു വിരുദ്ധമാണെന്നും കോടതി കണ്ടു. ഈ ധർമ സങ്കടത്തിനു പരിഹാരമായാണ് സുപ്രീംകോടതിയുടെ സുപ്രസിദ്ധമായ സ്‌കീം നിർദേശിക്കപ്പെട്ടത്.

സ്‌കീം

ഈ സ്‌കീം അനുസരിച്ച് സ്വകാര്യമാനേജുമെന്റുകളെ സർക്കാരിൽ നിന്നും സഹായം കിട്ടുന്നവയെന്നും കിട്ടാത്തവയെന്നും രണ്ടായി തിരിച്ചു. സഹായം കിട്ടുന്ന കോളേജുകളിലെ ഫീസു വ്യവസ്ഥയും തെരഞ്ഞെടുപ്പും സർക്കാർ കോളേജുകളിലേതുപോലെ തന്നെയായിരിക്കും. സഹായം കിട്ടാത്ത സ്വാശ്രയ കോളേജുകളിലും പകുതി സീറ്റുകൾ സർക്കാർ നിലവാരത്തിലുള്ള ഫീസു മാത്രം വാങ്ങുന്ന ഫ്രീ സീറ്റുകളായിരിക്കും; ബാക്കി പകുതി സീറ്റുകൾ ഉയർന്ന ഫീസു വാങ്ങാവുന്ന പേയ്‌മെന്റ് സീറ്റുകളും. ഈ പേയ്‌മെന്റ് സീറ്റുകളിൽ വാങ്ങാവുന്ന ഉയർന്ന ഫീസു നിരക്ക് നാട്ടിലെ വൈസ് ചാൻസലറും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും മറ്റും അടങ്ങുന്ന ഒരു കമ്മിറ്റിയായിരിക്കണം നിശ്ചയിക്കേണ്ടത്. കോളേജിന്റെ മൊത്തം നടത്തിപ്പു ചെലവ് പിരിഞ്ഞു കിട്ടാവുന്ന വിധത്തിൽ ഈ ഫീസു നിലവാരം ഉയർത്താം. അതായത്, ഫലത്തിൽ പേയ്‌മെൻ് സീറ്റിൽ പ്രവേശനം തേടുന്നവർ സ്വന്തം പഠനച്ചെലവിനു പുറമെ ഫ്രീസീറ്റിൽ പ്രവേശനം കിട്ടുന്നവരുടെ ചെലവുകൂടി വഹിക്കേണ്ടിവരും. ഇതാണ് ഈ സമ്പ്രദായത്തിനു സുപ്രീംകോടതി കണ്ടെത്തിയ സാമൂഹിക നീതീകരണം. ഉയർന്ന മാർക്കുള്ളവർക്ക് ഫ്രീസീറ്റിൽ പ്രവേശനം കിട്ടാം. മാർക്കു കുറവും എന്നാൽ സാമ്പത്തിക ശേഷി കൂടുതലും ഉള്ളവർക്കാണല്ലൊ പേയ്‌മെന്റ് സീറ്റ്. അവരേക്കാൾ മാർക്കുള്ള നിർദ്ധനരെ പിന്നിലാക്കി അവസരം നേടുന്നതിന്റെ പ്രായശ്ചിത്തമെന്ന നിലയിലാണ് അവർ തങ്ങളെക്കാൾ മിടുക്കരായ ഫ്രീസീറ്റുകാരുടെ പഠനച്ചെലവുകൂടി വഹിക്കേണ്ടിവരുന്നത്. അങ്ങനെ സാമൂഹികനീതി ഉറപ്പുവരുത്താം എന്ന് കോടതി നിശ്ചയിച്ചു. വിദ്യാർഥി പ്രവേശനത്തിൽ സ്വകാര്യ മാനേജുമെന്റുകൾക്കുള്ള വിവേചനാധികാരമാണ് സകലവിധ അഴിമതികൾക്കും വഴിവയ്ക്കുന്നത് എന്ന് കോടതിക്കു ബോധ്യമായി. അതുകൊണ്ട് ഈ വിവേച നാധികാരം പൂർണമായി എടുത്തുകളഞ്ഞു. ഒരു സംസ്ഥാനത്തെ എല്ലാ എഞ്ചിനീയറിങ് കോളേജു കളിലേക്കും എല്ലാ മെഡിക്കൽ കോളേജുകളിലേക്കും പൊതുവായി ഓരോ പ്രവേശന പരീക്ഷ മാത്രമേ പാടുള്ളൂ എന്നും ഈ പ്രവേശനങ്ങൾ നടത്താൻ ഒരു ചുമതലപ്പെട്ട ഉദ്യോഗസ്ഥനെ ഏർപ്പെടുത്തണമെന്നും സ്‌കീമിൽ നിഷ്‌കർഷിക്കുന്നു. പൊതു പ്രവേശനപരീക്ഷയുടെ റാങ്ക് അടി സ്ഥാനത്തിലായിരിക്കണം എല്ലാ പ്രവേശനവും. വിദ്യാർഥിയുടെ ഇച്ഛയും യോഗ്യതയും അനുസരിച്ച് അർഹതപ്പെട്ട എല്ലാ കോളേജുകളിലേക്കും ഈ അധികാരി കുട്ടികളെ തെരഞ്ഞെടുത്തയക്കും. ഫ്രീ സീറ്റായാലും പേയ്‌മെന്റ് സീറ്റായാലും പ്രവേശന രീതി ഒന്നുതന്നെ. സ്വാഭാവികമായും ആദ്യം സംസ്ഥാനത്തെ ഫ്രീസീറ്റുകൾ മുഴുവൻ നിറയ്ക്കണം. അതുകഴിഞ്ഞ് ഒഴിവുകൾ നികത്തിയതിനുശേഷമേ പേയ്‌മെന്റു സീറ്റുകളിലേക്ക് ആളെ വിളിക്കാവൂ. നിശ്ചിത പേയ്‌മെന്റും ഈ അധികാരി തന്നെ ശേഖരിച്ച് അതാതു മാനേജുമെന്റുകൾക്കു നൽകണം. സ്വകാര്യ മാനേജ്‌മെന്റുകൾക്ക് പ്രവേശനം സംബന്ധിച്ച ഒരു കൃത്രിമത്തിനും അവസരം നൽകാതിരിക്കുകയാണ് ഉദ്ദേശ്യമെന്നു വ്യക്തം. വിദ്യാർഥികൾക്കും അത്യന്തം സൗകര്യപ്രദവുമായിരിക്കും ഈ രീതി. പണക്കിഴിയുമായി കോളേജുതോറും കയറിയിറങ്ങേണ്ട ഗതികേടു മാറുമല്ലോ. 1994 മുതലുള്ള പ്രവേശനം ഈ നിബന്ധനകൾക്കു വിധേയമായിരിക്കണം എന്ന് സുപ്രീംകോടതി നിർദേശിച്ചു.

ന്യൂനപക്ഷ വിദ്യാലയങ്ങളുടെ സവിശേഷാവകാശങ്ങൾ

ഉണ്ണിക്യഷ്ണൻ വിധിയിൽ ന്യൂനപക്ഷ സമുദായാംഗങ്ങൾ സ്ഥാപിച്ചു നടത്തുന്ന വിദ്യാലയങ്ങളുടെ കാര്യം പ്രത്യേകം എടുത്തുപറഞ്ഞിരുന്നില്ല. ഡൽഹിയിലെ സെയ്ന്റ് സ്റ്റീഫൻസ് കോളേജിനെ സംബന്ധിച്ച മറ്റൊരു വിധിയിൽ ഭരണഘടനയുടെ 30-ാം വകുപ്പനുസരിച്ച് ഭാഷാപരവും മതപരവുമായ ന്യൂനപക്ഷ ങ്ങൾക്ക് സ്വന്തമായി വിദ്യാലയങ്ങൾ സ്ഥാപിച്ചു നടത്താനുള്ള അവകാശമനുസരിച്ച് 50% സീറ്റുകളിലേക്ക് സ്വന്തമായി വിദ്യാർഥി പ്രവേശനം നടത്താനുള്ള അവകാശവും സുപ്രീംകോടതി അനുവദിച്ചുകൊ ടുത്തിരുന്നു. ഈ വിധിയുടെ തണലിൽ തങ്ങൾക്കും സ്വന്തമായി വിദ്യാർഥികളെ തെരഞ്ഞെടുക്കാനുള്ള അവസരം കിട്ടണമെന്ന് വെല്ലൂർ മെഡിക്കൽ കോളേജ് അടക്കം ചില ന്യൂനപക്ഷ സ്ഥാപനങ്ങൾ കോട തിയിലെത്തി. ഒരു ഇടക്കാല ഉത്തരവിലൂടെ വെല്ലൂർ മെഡിക്കൽ കോളേജും സെയ്ന്റ് ജോൺസ് മെഡിക്കൽ കോളേജും മറ്റും മുൻകാലങ്ങളിൽ ചെയ്തിരുന്നതുപോലെ സ്വന്തമായി എൻട്രൻസ് പരീക്ഷ നടത്തി വിദ്യാർഥികളെ തെരഞ്ഞെടുക്കാൻ തത്കാലത്തേക്ക് സുപ്രീംകോടതി അവരെ അനുവദിച്ചു.

ഉണ്ണികൃഷ്ണൻ വിധിയും കേരളവും

ഉണ്ണികൃഷ്ണൻ കേസ് പരിഗണനയിൽ വന്നപ്പോൾ തന്നെ താത്പര്യമുള്ള എല്ലാ സംസ്ഥാനങ്ങളും ഇതിൽ കക്ഷിചേരണമെന്ന് സുപീംകോടതി നിർദേശിച്ചതാണ്. പക്ഷേ അന്ന് ക്യാപ്പിറ്റേഷൻ ഫീ വാങ്ങുന്ന കോളേജുകൾ കേരളത്തിലില്ലാ എന്ന കാരണം കൊണ്ടായിരിക്കാം, കേരളാ ഗവണ്മെന്റ് ഒരു താത്പര്യവും കാണിച്ചില്ല. കേസുവിധി വന്നപ്പോൾ അതിലെ ചില പരാമർശങ്ങൾ കേരളത്തിനും ബാധകമാണെന്ന് പലരും ചൂണ്ടിക്കാട്ടുകയുണ്ടായി. ഉദാഹരണമായി സർക്കാരിൽ നിന്ന് സഹായം പറ്റുന്ന സ്വകാര്യ കോളേജു കളിലെ അഡ്മിഷൻ പൂർണമായും എൻട്രൻസ് പരീക്ഷയിലെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണമെന്നും ഒരു സംസ്ഥാനത്തെ എല്ലാ പ്രൊഫഷണൽ കോളേജുകളിലേക്കുമുള്ള പ്രവേശനവും നിശ്ചിത അധി കാരി നേരിട്ടു നടത്തണമെന്നും ആണല്ലൊ വിധിയിൽ പറഞ്ഞത്. കേരളത്തിലെ മൂന്ന് സ്വകാര്യ എഞ്ചിനീയറിങ് കോളേജുകളിലും ഡയറക്ട് പേയ്‌മെന്റ് സമ്പ്രദായമാണ്. അതായത്, അധ്യാപകരുടെ ശമ്പളവും അറ്റകുറ്റപ്പണികളുടെ മുക്കാൽ പങ്കും സർക്കാർ വഹിക്കുന്നു. പകരം സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് മാനേജ്‌മെന്റ് പിരിച്ച് ട്രഷറിയിൽ അടയ്ക്കുന്നു. വിദ്യാർഥി പ്രവേശനത്തിൽ 85% വും സർക്കാർ കോളേജുകളിലേതിനോടൊപ്പം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ നടത്തും. ബാക്കി 15% മാനേജ് മെന്റ് ക്വാട്ടയാണ്. എൻട്രൻസ് എഴുതിയവരിൽ നിന്ന് അവർക്കിഷ്ടമുള്ളവരെ അവർ തെരഞ്ഞെടുക്കും. ഇതിനായി സംഭാവനകൾ പിരിക്കാറുണ്ടെന്നുള്ളത് ഒരിക്കലും രഹസ്യമായിരുന്നിട്ടില്ല. സംഭാവനക്കു പകരം സ്വാധീനമോ അധികാരമോ മതിയായെന്നും വരാം. ഏതായാലും പുതിയ വിധിപ്രകാരം ഇത്തരം ക്വാട്ടാകൾ നിയമവിരുദ്ധമായിത്തീർന്നു. 100 ശതമാനവും മെറിറ്റനുസരിച്ചു തന്നെ പ്രവേശനം നൽകിയേ തീരൂ. അതുപോലെ, സർക്കാരിന്റെ തന്നെ ഏജൻസിയായ ഐ.എച്ച്.ആർ.ഡി.ഇ നടത്തുന്ന തൃക്കാക്കര മോഡൽ എഞ്ചിനീയറിങ് കോളേജിൽ ഗവണ്മെന്റ് കോളേജിലുള്ളതിന്റെ പത്തിരട്ടിയാണ് ട്യൂഷൻ ഫീസ്. ഇതും സുപ്രീംകോടതി വിധിക്കെതിരാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. പക്ഷെ ഈ മുന്നറിയിപ്പുകളെ സർക്കാർ അവഗണിച്ചു. ഇതിനിടെ, ഈ വിധി തങ്ങളുടെ മാനേജ്‌മെന്റു ക്വാട്ടയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നു ഭയന്ന കോതമംഗലം-കൊല്ലം എഞ്ചിനീയറിങ് കോളേജുകാർ, ഓടുന്ന നായ്ക്ക് ഒരു മുഴം മുമ്പേ എന്ന പ്രമാണം അനുസരിച്ച് സ്വയം ന്യൂനപക്ഷ വിദ്യാലയങ്ങളായി പ്രഖ്യാപിച്ച് 50% സീറ്റും സ്വന്തം പരീക്ഷയിലൂടെ നിറയ്ക്കാനായി നീക്കം തുടങ്ങി. ഇതിനു പരിരക്ഷക്കായി സുപ്രീംകോടതിയെയും സമീപിച്ചു. കേരളത്തിലെ സവിശേഷ സാഹചര്യങ്ങൾ കോടതി മുമ്പാകെ ബോധിപ്പിക്കാൻ മറുഭാഗത്ത് സർക്കാർ ഹാജരാകാഞ്ഞതിനാൽ ഇവയും വെല്ലൂരും സെയ്ന്റ് ജോൺസും പോലുള്ള സ്വകാര്യ കോളേജുകളാണെന്നു ധരിച്ച സുപ്രീംകോടതി 50% സീറ്റുകൾ സ്വന്തമായി പരീക്ഷ നടത്തി നിറക്കാൻ ഇവരെ അനുവദിച്ചു. ഈ വിദ്യയും കൊണ്ട് ഇവർ രക്ഷപ്പെടുമായിരുന്നു. പക്ഷേ മുറുമുറുപ്പായി തുടങ്ങിയ ജനവികാരം ശക്തമായ പ്രതിഷേധത്തിലെത്തി. ഇത് ഡയറക്ട് പേയ്‌മെന്റ് ഉടമ്പടിയുടെ ലംഘനമാകയാൽ അധ്യാപകർക്ക് ശമ്പളം കൊടുക്കില്ലെന്ന് അന്നത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ വാശിപിടിച്ചു. 75% മുതൽമുടക്കും സർക്കാർ നടത്തി പൊതു സ്ഥാപനമായിത്തുടങ്ങിയ ഇവയ്ക്ക് ന്യൂനപക്ഷപദവിക്കു അർഹതയില്ലാ എന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അഭിപ്രായപ്പെട്ടു. മാനേജുമെന്റിന്റെ കുത്സിത നീക്കത്തിന് മൗനാനുവാദം നൽകാനിരുന്ന മന്ത്രി ഒരു തുറന്ന നിലപാടെടുക്കാൻ നിർബന്ധിതനായി. എന്നിട്ടും കേരള സർക്കാരിന്റെ വക്കീൽ സുപ്രീംകോടതിയിൽ ഒളിച്ചുകളി നടത്തി. ഒടുവിൽ ഈ സ്വകാര്യ കോളേജുകളിലെ അധ്യാപക സംഘടനകളും പ്രതിപക്ഷനേതാവും കേസിൽ കക്ഷിചേർന്നു വാദിച്ചപ്പോഴാണ് സുപ്രീംകോടതിക്ക് തങ്ങൾ കബളിപ്പിക്കപ്പെട്ട കാര്യം ബോധ്യമായത്. 1993 നവംബർ 19 ലെ വിധിയിൽ ജസ്റ്റിസ് കുൽദീപ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഏഴംഗബെഞ്ച് കേരള സർക്കാരിന്റെ ചെയ്തികളെ നിശിതമായി വിമർശിച്ചു: കേരളത്തെ സംബന്ധിച്ചിടത്തോളം ദുഃഖകരമായ ഒരു സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നത് രണ്ടു കാരണങ്ങളാലാണ്: 1) ഞങ്ങൾ 1993 ആഗസ്റ്റ് 18 ലെ ഇടക്കാലവിധി പുറപ്പെടുവിക്കുമ്പോൾ ആ സംസ്ഥാനത്തു നിലനിൽക്കുന്ന സവിശേഷ സാഹചര്യത്തെപ്പറ്റി ഞങ്ങളെ ആരും പറഞ്ഞറിയിച്ചിരുന്നില്ല. രണ്ടാമതായി ഈ രണ്ടു സ്ഥാപനങ്ങളും ന്യൂനപക്ഷ സ്ഥാപനങ്ങളാണോ എന്ന കാര്യം തീരുമാനിക്കാൻ സംസ്ഥാന സർക്കാർ ഉചിതമായ നടപടി തക്ക സമയത്ത് കൈക്കൊണ്ടില്ല. ഇത് ഞങ്ങളുടെ ആഗസ്റ്റ് 18-ലെ വിധിയെ തുടർന്ന് ഉടനടി അവർ ചെയ്യേണ്ടതായിരുന്നു. ഇപ്പോൾ ഞങ്ങളോടു പറയുന്നു ഈ കോളേജുകൾ 50% സീറ്റുകളിലേക്ക് സ്വന്തമായി അഡ്മിഷൻ നടത്തിക്കഴിഞ്ഞു എന്ന്. ഇനി ഇത് മാറ്റിമറിക്കുന്നത് ശരിയല്ല. പക്ഷേ ഒരു കാര്യം വ്യക്തമാക്കട്ടെ, ഇത് ഇവരുടെ ന്യൂനപക്ഷ പദവിക്കുള്ള അംഗീകാരമല്ല. ഇത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അന്വേഷിച്ച് ബോധ്യപ്പെട്ട് മൂന്നു മാസത്തിനകം തീർപ്പ് കൽപിക്കണം. അടുത്ത കൊല്ലത്തെ അഡ്മിഷന് അത് ബാധകമായിരിക്കും . . . . . . ഇതിൽ സുപ്രീംകോടതി അറിയാതെ പോയ മറ്റൊരു കള്ളക്കളി കൂടി ഉണ്ടായിരുന്നു. തങ്ങളുടെ 50% സീറ്റിൽ അഡ്മിഷൻ പൂർത്തിയായി എന്ന് ഈ കോളേജുകൾ സത്യവാങ്മൂലം കൊടുത്ത നാളിൽ ഒരു കോളേജിൽ ടെസ്റ്റുപോലും നടത്തിയിട്ടുണ്ടായിരുന്നില്ല. മറ്റേ കോളേജിലാകട്ടെ ബന്ധപ്പെട്ട വിഷയങ്ങളിൽ പരീക്ഷ നടത്തുന്നതിനു പകരം മതബോധനത്തിലും മറ്റുമായിരുന്നു ടെസ്റ്റ്. പക്ഷേ ഈവക കാര്യങ്ങൾ തക്ക സമയത്ത് വേണ്ട വിധത്തിൽ സുപ്രീംകോടതിയുടെ മുമ്പിൽ ഉന്നയിക്കുന്നതിന് ആർക്കും കഴിയാതെ പോയി. സർക്കാരാണെങ്കിൽ കുറ്റകരമായ അനാസ്ഥയും ഒരതിരുവരെ പങ്കാളിത്തവും കാട്ടി. കോതമംഗലം കോളേജിനെതിരെയുള്ള കേസിൽ സർക്കാരിനുവേണ്ടി ഹാജരാകാൻ പ്രത്യേകം നിയോഗിക്കപ്പെട്ടത് ആ കോളേജുമായി പാരമ്പര്യബന്ധമുള്ള ഒരു വക്കീലാണ്. ന്യൂനപക്ഷപദവിക്കാര്യത്തിൽ പൊതുതാത്പര്യം മുൻനിർത്തി വാദിച്ച സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെയും സെക്രട്ടറിയെയും ശത്രുപക്ഷമെന്ന മട്ടിലാണ് സർക്കാർ കണ്ടത്. കോടതിക്കും ഇത് മനസ്സിലായതുകൊണ്ടായിരിക്കണം ഇതേപ്പറ്റി അന്തിമ തീരുമാനം എടുക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്നതിനുപകരം സെക്രട്ടറിയോട് വ്യക്തിപരമായി കോടതി നിർദേശിച്ചത്. ഒരു നല്ല ജനാധിപത്യ വ്യവസ്ഥിതിയിൽ ഇത്തരമുള്ള പ്രതികൂലപരാമർശം സർക്കാരിന് നാണക്കേടാകേണ്ടതാണ്. പക്ഷേ നമ്മുടെ സർക്കാർ ഇതും ഒരു തണൽ എന്നമട്ടിലാണ് സ്വീകരിച്ചത്. ഇത് തങ്ങൾ ന്യൂനപക്ഷ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ തെളിവായി അവർ വ്യാഖ്യാനിച്ചു. പക്ഷേ ഫലത്തിൽ 50% സീറ്റ് മാനേജ്‌മെന്റ് ക്വാട്ടയാക്കുകയും ന്യൂനപക്ഷസമുദായാംഗങ്ങളുടെ സംഖ്യ 50% ൽ കവിയരുത് എന്ന് നിർബന്ധിക്കുകയും ചെയ്തപ്പോൾ നഷ്ടം ന്യൂനപക്ഷ സമുദായങ്ങൾക്കായി. അവരുടെ മിടുക്കരായ കുട്ടികൾക്കുപോലും ഈ വിദ്യാലയങ്ങളിൽ സീറ്റ് കിട്ടണമെങ്കിൽ അത് മാനേജ്‌മെന്റ് ക്വാട്ടയിലൂടെ മാത്രമേ ആകൂ എന്നുവന്നു! അതിന് കൊടുക്കേണ്ട വില അറിയാമല്ലോ. അങ്ങനെ കൊല്ലത്തെ മിടുക്കനായ മുസ്ലീം ബാലന് കൊല്ലത്തും കോതമംഗലത്തെ കിസ്ത്യാനിക്കുട്ടിക്ക് കോതമംഗലത്തും മെരിറ്റുമാത്രം കൊണ്ട് സീറ്റ് കിട്ടില്ല എന്നായി. ഏതായാലും മൂന്നുമാസം കൊണ്ട് ഇവരുടെ ന്യൂനപക്ഷ പദവിയെപ്പറ്റി കൂലങ്കഷമായി പഠിച്ച സെക്രട്ടറി ഇവ പൊതുസ്ഥാപനങ്ങളാണ് എന്ന് റിപ്പോർട്ട് ചെയ്തു. അതായത് അവർക്ക് 50% ക്വാട്ടായ്ക്കുള്ള അർഹത ഇല്ല, എങ്കിലെന്ത്, സർക്കാരിന്റെ അനാസ്ഥകൊണ്ട് സാധാരണ 15% സീറ്റിലൊതുങ്ങാറുണ്ടായിരുന്ന സീറ്റുകച്ചവടം 1993-94-ൽ 50% ആയി കൂട്ടിക്കിട്ടി! ഇതിനിടെ മണ്ണും ചാരിനിന്നവൻ പെണ്ണും കൊണ്ടുപോയി എന്നുപറയും പോലെ ന്യൂനപക്ഷ പദവിത്തർക്കത്തിലൊന്നും തലയിടാതെ മാറിനിന്ന പാലക്കാട് എൻ.എസ്.എസ്. എഞ്ചിനീയറിങ് കോളേജ് പതിവുപോലെ 15% സീറ്റ് മാനേജ്‌മെന്റ് ക്വാട്ടയായി തന്നെ നിറച്ചു. സർക്കാർ ഒരു ചുക്കും ചെയ്തില്ല.

1994

93-ലെ പാഠങ്ങൾ പഠിച്ച ഗവണ്മെന്റ് 94-ലെങ്കിലും വേണ്ട മുൻകരുതലുകൾ എടുത്ത് നീതിയും നിയമവും നടപ്പാക്കും എന്നു കരുതിയെങ്കിൽ തെറ്റി. അതിനു പകരം, 15% സീറ്റെങ്കിലും സ്വന്തമായി വിതരണം ചെയ്യാനാവില്ലെങ്കിൽ പിന്നെന്തിനാണ് സ്വകാര്യ ഏജൻസികൾ കോളേജ് നടത്തുന്നത്? എന്ന കച്ചവടാനുകൂല നിലപാടാണ് മന്ത്രി എടുത്തത്. ഇതു മുൻകൂട്ടി അറിഞ്ഞതുപോലെ എല്ലാ സ്വകാര്യ മാനേജ്‌മെന്റുകളും പതിവുപരിപാടികളുമായി മുന്നോട്ടുപോയി. മാനേജ്‌മെന്റ് ക്വാട്ടയിലുള്ളവരെയും മെറിറ്റു ലിസ്റ്റിൽ നിന്നെടുക്കാം . . പക്ഷെ മെറിറ്റുലിസ്റ്റ് മുഴുവൻ തങ്ങൾക്കു ലഭ്യമാക്കണം എന്നായി അവർ. അതായത് എൻട്രൻസ് പരീക്ഷ എഴുതിയ ഇരുപതിനായിരത്തോളം പേരുടേയും റാങ്കുലിസ്റ്റ് തന്നാൽ ആ ലിസ്റ്റിൽ നിന്നുതന്നെ തങ്ങൾക്ക് ബോധിച്ച ആളുകളെ തങ്ങൾ തെരഞ്ഞെടുത്തോളാം എന്ന്. പിന്നെന്തു മെറിറ്റ് സെലക്ഷൻ? ഇതിനെതിരെ കർക്കശമായ നിലപാടെടുക്കേണ്ടതിനു പകരം വീണ്ടും സർക്കാർ ഒത്തുകളിച്ചു. കോതമംഗലം എഞ്ചിനീയറിങ് കോളേജുകാർ സ്ഥലത്തെ മുൻസിഫ് കോടതിയിൽ നിന്നറ്റ് സർക്കാർ ലിസ്റ്റ് അപൂർണമാണെന്നും അതുകൊണ്ട് തങ്ങൾക്ക് സ്വന്തമായി ടെസ്റ്റു നടത്തി പ്രവേശനം നൽകാമെന്നും അവർ വിധി നേടി. ഇതിനിടെ ചില ഉദ്ബുദ്ധസംഘടനകൾ ഹൈക്കോടതിയിൽ അപ്പീലിനുപോയി. മെറിറ്റനുസരിച്ച് എന്നാൽ റാങ്കുലിസ്റ്റിൽ നിന്ന് തോന്നിയപോലെ എന്നല്ല അർത്ഥം; റാങ്കനുസരിച്ച് എന്നുതന്നെയാണ് എന്നും ഹൈക്കോടതി ഉത്തരവിട്ടു. മാനേജ്‌മെന്റ് സുപ്രീംകോടതിയിൽ പോയി. അവിടെയും മെറിറ്റു തത്ത്വം കോടതി ഉയർത്തിപ്പിടിച്ചു. കേസു തോറ്റു. പക്ഷേ, എന്തു നഷ്ടം? 94 ലും 15% സീറ്റ് എല്ലാ സ്വകാര്യമാനേജ്‌മെന്റുകൾക്കും കീശയിലായി.

1995

ഇതിനകം മടുപ്പുകൊണ്ടോ ആശ നശിച്ചിട്ടോ എന്തോ 95-ലെ അഡ്മിഷൻ ആയപ്പോൾ ഒരു പൊതുസം ഘടനയും മാനേജ്‌മെന്റു ക്വാട്ടാ പ്രശ്‌നം ഉയർത്തിപ്പിടിച്ചില്ല. ഫലമോ? സുപ്രീംകോടതിയുടെ വിധി പോലും നഗ്‌നമായി ലംഘിച്ചുകൊണ്ട് കേരള സർക്കാർ എൻട്രൻസ് പരീക്ഷ എഴുതിയവരുടെ മുഴുവൻ റാങ്കുലിസ്റ്റും മാനേജ്‌മെന്റുകൾക്കു ലഭ്യമാക്കി. അതിൽ നിന്ന് അവർ തോന്നിയ പോലെ വേണ്ടപ്പെട്ടവരെ സെലക്ട് ചെയ്തു എന്നാണ് അറിവ്. ഇക്കാര്യത്തിൽ ഒരു അറിയിപ്പോ തീരുമാനമോ നാളിതുവരെ പുറത്തു വന്നിട്ടില്ല. നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്തെ ഏറ്റവും ലജ്ജാകരമായ ഒരു കീഴടങ്ങലിന്റെ കഥയാണിത്. സംഘടിതമായ പൊതുജനനീക്കത്തിന്റെ ദുഃഖകരമായ അപര്യാപ്തതയുടെയും. വേണ്ട വിധത്തിൽ ശക്തമായി നിയമപരമായ ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ പരിഹരിക്കാവുന്ന ഒരു പ്രശ്‌നമായിരുന്നു ഇത്. കോടതിവിധി അത്രമാത്രം വ്യക്തവും അനുകൂലവുമാണ്. അത്തരം ഇടപെടലിന് ഈ നാട്ടിലെ ഉദ്ബുദ്ധരായ ജനങ്ങൾ തയ്യാറല്ലേ?

സ്വാശ്രയ'ത്തിന്റെ കേരളപ്പതിപ്പ്

94 -95 കാലഘട്ടത്തിൽ മറ്റൊരു നിയമയുദ്ധവും ഇവിടെ അരങ്ങേറുന്നുണ്ടായിരുന്നു. മറുനാടുകളിൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും 'സ്വാശ്രയ'കോളേജുകൾ സ്ഥാപിച്ചു നടത്തിയപ്പോൾ കേരളത്തിൽ രണ്ടു സർക്കാർ ഏജൻസികളാണ് അതിനു മുമ്പോട്ടുവന്നത് എന്നു നാം കണ്ടു. അവർ ആദ്യം തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട് അനുസരിച്ചാണ് ലക്ഷം രൂപ നിക്ഷേപവും 12500 രൂപ ഫീസും എന്നു നിശ്ചയിച്ചത്. ഉണ്ണികൃഷ്ണൻ കേസുവിധി പ്രകാരം സ്വാശ്രയ കോളേജുകളിൽ പാതി ഫ്രീ സീറ്റായിരിക്കണ്ടേ എന്ന് പലരും ചൂണ്ടിക്കാട്ടിയപ്പോൾ അതു സ്വകാര്യ ഏജൻസിക്കല്ലേയുള്ളൂ, തങ്ങൾക്കു ബാധകമല്ല, എന്ന നിലപാടാണ് അധികൃതർ എടുത്തത്. ഇതു സ്വാഭാവികമായും തർക്കങ്ങൾക്കു വഴിവച്ചു ഉണ്ണികൃഷ്ണൻ കേസിലെ സ്‌കീമിൽ പണശേഷി കൊണ്ട് മുന്നിൽ കയറുന്ന ഒരാൾ സ്വന്തം പഠനച്ചെലവിനു പുറമേ യോഗ്യത കൂടിയ ഒരാളുടെ ചെലവു കൂടി വഹിക്കണം എന്ന തത്വമാണ് തങ്ങളുടെ സാമൂഹിക നീതിമത്കരണം എന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ തത്വം അനുസരിച്ചാണെങ്കിൽ സ്വകാര്യ ഏജൻസി നടത്തുന്നതായാലും സർക്കാരോ യൂണിവേഴ്‌സിറ്റിയോ നേരിട്ട് നടത്തുന്നതായാലും പണശേഷി കൊണ്ട് സീറ്റുനേടുന്നവർക്കെല്ലാം ഇതു ബാധകമാക്കേണ്ടതല്ലേ? ഈ തത്വം സുപ്രീംകോടതി മെനഞ്ഞെടുത്തത് ഭരണഘടനയുടെ സുപ്രധാനമായ 14, 15 അനുഛേദങ്ങളിൽ നിന്നാണ്'. സർക്കാരിനു തീർച്ചയായും തുല്യത പാലിച്ചേ പറ്റൂ. സർക്കാരിനുവേണ്ടി വിദ്യാഭ്യാസ ഭാരം ഏറ്റെടുത്തു നടത്തുന്നു എന്ന തുകൊണ്ടാണ് സ്വകാര്യ ഏജൻസികൾക്കുപോലും ഇതു ബാധകമായിരിക്കുന്നത്. അപ്പോൾ പിന്നെ സർക്കാരിന്റെ സ്വന്തം ഏജൻസി നടത്തുന്ന സ്ഥാപനത്തിന് ഇത് എങ്ങനെ ബാധകമല്ലാതാകും? സാമാന്യബുദ്ധിക്കു നിരക്കാത്ത ഈ അവകാശവാദത്തെ ചില വിദ്യാർഥി സംഘടനകളും സന്നദ്ധ സംഘടനകളും ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. വാസ്തവത്തിൽ 93-ലെ അഡ്മിഷൻ കാലത്തു തന്നെ കേസ് ഫയൽ ചെയ്തതാണ്. പക്ഷേ പല കാരണങ്ങളാലും കേസ് ഒന്നുമൊന്നും ആകാതെ നീണ്ടുപോയി, 94 ബാച്ചും പ്രവേശനത്തിനൊരുങ്ങി. കേസു വകവക്കാതെ അധികൃതർ രണ്ടാം ബാച്ചിനെയും കയറ്റി ക്ലാസ് തുടങ്ങി. അപ്പോഴാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചുവിധി വരു ന്നത്: ഈ അഡ്മിഷനെല്ലാം നിയമവിരുദ്ധമാണ്. ഉണ്ണികൃഷ്ണൻ കേസു വിധി അനുസരിച്ചേ പ്രവേശനം ആകാവൂ. പകുതി ഫ്രീ സീറ്റ് ആയിരിക്കണം. നിയമവിരുദ്ധമായി പ്രവേശനം നൽകിയവരെ പിരിച്ചുവിടണം. വളരെ ഗുരുതരമായ ഒരു പ്രതിസന്ധിയാണ് ഈ വിധിമൂലം ഉളവായത്. സർക്കാരിന്റെ വാക്കും വിശ്വസിച്ച് ലക്ഷക്കണക്കിനു രൂപ നിക്ഷേപവും പതിനായിരക്കണക്കിനു രൂപ ഫീസും മുടക്കി പ്രവേശനം നേടിയ അഞ്ഞൂറോളം കുട്ടികളുടെ ഭാവിയായി പ്രശ്‌നം. സ്വാഭാവികമായും ഈ വമ്പിച്ച നിക്ഷിപ്ത താത്പര്യം സംരക്ഷിക്കാൻ കൂടുതൽ ലക്ഷങ്ങൾ ഒഴുകി. സുപ്രീംകോടതിയിൽ അപ്പീൽ പോയി. അവിടത്തെ അതിപ്രശസ്തരും ഏറ്റവും പ്രഗത്ഭരും ഏറ്റവും വിലപ്പെട്ടവരുമായ അഭിഭാഷകരുടെ ഒരു നിര തന്നെ കുട്ടികൾക്കും സർക്കാർ ഏജൻസികൾക്കും വേണ്ടി ഹാജരായി. മറുഭാഗത്ത് ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാൻ ഫീസില്ലാതെ വാദിക്കാൻ സന്മനസ്സു കാണിച്ച നമ്മുടെ പ്രിയപ്പെട്ട പോറ്റിസ്സാർ മാത്രം (മുൻ ജസ്റ്റിസ് ശ്രീ. സുബ്രഹ്മണ്യം പോറ്റി). ജസ്റ്റീസുമാർ ശ്രീ. അഗർവാളും ശ്രീമതി സുജാതാ മനോഹറും ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് കേസുകേട്ടത്. ഉണ്ണികൃഷണൻ കേസിലെ അഞ്ചംഗ ബഞ്ചിന്റെ പ്രശസ്തമായ വിധിയിൽ ആശ അർപ്പിച്ചിരുന്ന നീതി കാംക്ഷികളെ നടുക്കിക്കൊണ്ട് അവരുടെ വിധി വന്നു: ഉണ്ണികൃഷ്ണൻ വിധി ഒരു അവസാന വാക്കല്ല ... സർക്കാർ നടത്തുന്ന സ്വാശ്രയകോളേജു കൾക്ക് ഈ സ്‌കീം ബാധകമല്ല. സർക്കാരിന് യുക്തമെന്നു തോന്നുന്ന ഫീസു പിരിക്കാം. അത് എത്ര ഉയർന്നതായാലും കച്ചവടമാവില്ല.... ഇങ്ങനെ പോകുന്നു വിദ്യാഭ്യാസ കച്ചവടത്തെപ്പറ്റിയുള്ള ഒടുവിലത്തെ ന്യായാസനവിധി. അഞ്ചംഗബഞ്ചിന്റെ 'ഉണ്ണികൃഷ്ണൻ' വിധി തീർച്ചയായും അവസാന വാക്കല്ല. അത് ജസ്റ്റിസ് കുൽദീപ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള ഏഴംഗബഞ്ച് പരിശോധിച്ചുവരികയാണ്. പക്ഷേ അതിനിടെ അതിനെ തള്ളിപ്പറയാൻ ഒരു ദ്വയാംഗബഞ്ച് ഒരുങ്ങിയത് ആരെയും അമ്പരപ്പിക്കും. അതെങ്ങനെയുമാകട്ടെ; ഇതാണ് അത്യുന്നത ന്യായാസനത്തിന്റെ വിധി എങ്കിൽ നാമതു നിയമപരമായി അംഗീകരിച്ചേ പറ്റൂ.

നിയമത്തിനുപരിയായ ധാർമികത

പക്ഷേ ഇത് അന്തിമമായി ഒരു ധാർമിക പ്രശ്‌നമാണ്, രാഷ്ട്രീയ പ്രശ്‌നമാണ്. സ്വകാര്യ സ്വാശ്രയ കോളേജോ സർക്കാർ സ്വശ്രയ കോളേജോ തുടങ്ങുന്നതിനെതിരെ നിയമതടസ്സമില്ലെങ്കിൽ പോലും അത് സ്വീകാര്യമാകുന്നില്ല. എന്താണ് സ്വാശ്രയ കോളേജുകളോടുള്ള നമ്മുടെ എതിർപ്പ്? അത് നിയമപരം മാത്രമല്ലല്ലോ. ലക്ഷം രൂപ നിക്ഷേപവും പതിനായിരക്കണക്കിനുരൂപ ഫീസും കൊടുക്കാൻ ത്രാണിയുള്ളവർക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ ആകർഷണീയമായ മേച്ചിൽപ്പുറങ്ങൾ തുറന്നു കൊടുക്കുകയും അല്ലാത്തവർക്ക് സാദാ കോഴ്‌സുകൾ വച്ചുനീട്ടുകയും ചെയ്യുന്നത് ഈ നാട്ടിനെ എവിടെ എത്തിക്കും? എഞ്ചിനീയറിങ് രംഗത്തുമാത്രമല്ല, നഴ്‌സിങ്, ഫാർമസി, ലാബ് ടെക്‌നീഷ്യൻ, ഹോസ്പിറ്റൽ മാനേജ്‌മെന്റ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് തുടങ്ങി ജോലി സാധ്യതയുണ്ട് എന്നു പൊതുവേ കരുതപ്പെടുന്ന എല്ലാ രംഗത്തേക്കും ഈ പ്രവണത പടരുകയാണ്. പതിനായിരങ്ങളും ലക്ഷങ്ങളും മറിക്കാനില്ലാത്തവർക്ക് ഈ മേഖലകൾ അന്യമാകുകയാണ്. അവർക്കായി തുറക്കുന്നത് അർഥമില്ലാത്ത കുറേ പഴഞ്ചൻ കോഴ്‌സുകൾ മാത്രം. ഇലക്ട്രോണിക്‌സ്, കംപ്യൂട്ടർ മുതലായ മേഖലകളിൽ സർക്കാർ എയ്ഡഡ് മേഖലകളിലുള്ളതിന്റെ അഞ്ചി രട്ടിയോളം സീറ്റുകൾ 'സ്വാശ്രയ' കോളേജുകളിൽ ആയിക്കഴിഞ്ഞു. ഇനിയുള്ള വികസനം ഈ ദിശയിൽമാത്രമായി ഒതുങ്ങും എന്നും ഏറെക്കുറെ തീർച്ചയാണ്. ഈ നീക്കം കണ്ട് നിലമറന്ന യൂണിവേഴ്‌സിറ്റികളും മുതലെടുപ്പിനായി മുന്നോട്ടുവന്നിരിക്കയാണ്. കൊച്ചിൻ യൂണിവേഴ്‌സിറ്റി തങ്ങളുടെ കമ്മിയായ 6 കോടി രൂപ നികത്താൻ കണ്ട എളുപ്പവഴി ലക്ഷം രൂപ നിക്ഷേപം വാങ്ങി 600 എഞ്ചിനീയറിങ് സീറ്റ് ഉണ്ടാക്കുകയാണ്. കൂടെ ഒരു മെഡിക്കൽ കോളേജും പ്രഖ്യാപിച്ചു. അടുത്തദിവസം വരുന്നു മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പ്രഖ്യാപനം. തങ്ങളും തുടങ്ങുന്നു ഒരു 'സ്വാശ്രയ' മെഡിക്കൽ കോളേജ്. നമ്മുടെ അക്കാദമിക രംഗത്തിന് ഭ്രാന്തുപിടിച്ചിരിക്കയാണ്. ഭ്രാന്ത് ചങ്ങലയ്ക്കും പടർന്നിരിക്കുന്നു. ഇതിനെതിരെ നിയമങ്ങൾ അപര്യാപ്തമെങ്കിൽ പുതിയ നിയമം ഉണ്ടാക്കണം. നിയമത്തിനതീതമായ ധാർമികതയിൽ നിന്ന്, സമൂഹമനഃസാക്ഷിയിൽ നിന്ന് വിദ്യാഭ്യാസ മൂല്യങ്ങളിൽ നിന്ന് നാം പ്രചോദനം തേടണം. ഈ പ്രവണതയെ ചെറുക്കാൻ, ഈ പോക്കിനെ തിരിച്ചുവിടാൻ നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങളെ നിർബന്ധിതമാക്കണം. അതിന് സമൂഹ മനഃസാക്ഷി ഉണർന്നേ തീരൂ. താമസിക്കുന്തോറും വിദ്യാഭ്യാസ രംഗത്തെ അന്യായങ്ങൾക്കും നിക്ഷിപ്ത താത്പര്യങ്ങൾക്കും കനംവയ്ക്കും. ശക്തിയേറും.നാളെയാവുകിലേറെ വൈകീടും.