ദേശീയ വിദ്യാഭ്യാസനയം:ചതിക്കുഴികൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ദേശീയ വിദ്യാഭ്യാസനയം:ചതിക്കുഴികൾ
ലഘുലേഖ കവർ
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വിദ്യാഭ്യാസം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം നവമ്പർ, 2024

ആമുഖം

വളരെ വ്യത്യസ്തമായ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക സാഹചര്യങ്ങളിൽനിന്നു വരുന്ന നാനാതരക്കാരായ കുട്ടികൾ ഉൾപ്പെടുന്നതാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങൾ. മറ്റുസംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി, എല്ലാ കുട്ടികളെയും സ്‌കൂളിലെത്തിക്കാൻ കേരള സമൂഹത്തിന് കഴിഞ്ഞു. അവരെ പന്ത്രണ്ടാംക്ലാസ് വരെ സ്‌കൂളിൽ നിലനിർത്താനും കഴിഞ്ഞു. എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിട്ടുകൊണ്ട് പാഠ്യപദ്ധതി പരിഷ്‌കരിച്ചു. അധ്യാപകശാക്തീകരണം നടത്തി; വിദ്യാലയങ്ങളെ മെച്ചപ്പെടുത്തി മുന്നോട്ടുപോവുകയാണ് കേരളം. എല്ലാവരെയും ഉൾച്ചേർക്കുന്ന സാർവത്രികവിദ്യാഭ്യാസ സംവിധാനമായി കേരളത്തെ വളർത്താനായതിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം. എന്നാൽ, എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെന്ന ലക്ഷ്യം പൂർണമായി നേടാൻ കഴിഞ്ഞിട്ടില്ല. പലതരത്തിൽ അധികപിന്തുണയും പരസഹായവും ആവശ്യമുള്ള വിദ്യാർഥികളുടെയെല്ലാം പ്രാപ്യസ്ഥാനം പൊതുവിദ്യാലയങ്ങളാണ്. ഈ ലക്ഷ്യത്തോടെ ആസൂത്രിതമായി പ്രവർത്തിച്ചു മുന്നേറുകയാണ് പൊതുവിദ്യാഭ്യാസ സംവിധാനം. എന്നാൽ, പതുക്കെപ്പതുക്കെ മാത്രമേ ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ കഴിയുകയുള്ളൂ. എല്ലാ കുട്ടികൾക്കും അക്കാദമികമികവ് ഉറപ്പാക്കുന്നതിന് തടസ്സം നിൽക്കുന്ന കാരണങ്ങളിൽ പലതും സാമൂഹികമാണ്. അതടക്കം കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ജനകീയ ഉത്തരവാദിത്തമുള്ള വിദ്യാഭ്യാസവകുപ്പിൽ നിന്നുണ്ടാകേണ്ടത്.

ശരിയായ പഠനപ്രക്രിയയും അതിൽ ഉൾച്ചേർത്ത് നിർവഹിക്കേണ്ട നിരന്തര മൂല്യനിർണയവുമാണ് നിലവിലുള്ള പാഠ്യപദ്ധതി സമീപനത്തിന്റെ കാതൽ. ഇത് ശരിയായ രൂപത്തിൽ നടക്കുന്നില്ലെന്ന വസ്തുത തർക്കമറ്റ സംഗതിയാണ്. ഇതിന്റെ കാഴ്ചപ്പാടും പ്രയോഗവും നിരന്തരമായി ചർച്ചചെയ്ത് ഫലപ്രദമാക്കണം. മാതൃഭാഷയിലുള്ള പഠനത്തിന്റെ അഭാവം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ പ്രതി കൂലമായി ബാധിക്കുന്നുണ്ടോ? എല്ലാ വിഷയങ്ങളുടെയും പഠനത്തെ സ്വാധീനിക്കുന്ന ഭാഷാപഠനത്തിലെ വൈകല്യം അന്വേഷണങ്ങളുടെ അടിത്തറയാക്കേണ്ടതുണ്ട്. ഭാഷാപഠനത്തിന്റെ പ്രക്രിയയും രീതിശാസ്ത്രവും കൃത്യമായി പാലിക്കപ്പെടേണ്ടത് അനിവാര്യമാണ്. ഇതു സംബന്ധിച്ച് ധാരാളം അവ്യക്തതകളും സാമൂഹ്യവിരുദ്ധമായ സമ്മർദസമീപനങ്ങളും നിലനിൽക്കുന്നുണ്ട്.

കേവലം അറിവിനപ്പുറം, വിദ്യാർഥികളിൽ നവീനസാങ്കേതികശേഷികളും ഭരണഘടനാധാർമിക മൂല്യങ്ങളും സാമൂഹ്യമനോഭാവങ്ങളും രൂ പപ്പെടുത്തണം. പൗരന്റെ അവകാശവും കർത്തവ്യവും തിരിച്ചറിഞ്ഞ് മികച്ച സാമൂഹികജീവിയായി പ്രവർത്തിക്കുന്ന തലത്തിലേക്ക് കുട്ടിയെ വളർത്തുകയെന്നത് വിദ്യാഭ്യാസത്തിന്റെ സുപ്രധാനലക്ഷ്യമാണ്. എല്ലാ വിദ്യാർഥികളും ഈ ലക്ഷ്യങ്ങൾ നേടണമെങ്കിൽ വിദ്യാഭ്യാസസംവിധാനം ഇനിയും ഉന്നതി പ്രാപിക്കണം. ഓരോരോ ഘടകങ്ങളും ശാസ്ത്രീയമായി നവീകരിക്കണം. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനം ഈ ദിശയിൽ ബഹുദൂരം മുന്നോട്ടുപോകേണ്ടതുണ്ട്.

എന്നാൽ ക്രിയാത്മകമായ നവീകരണശ്രമങ്ങൾ ശക്തമായി തുടരുന്നതിനുപകരം, നിലവിലുള്ള സംവിധാനത്തിന്റെ ദൗർബല്യം മറച്ചുവെച്ച്, കുട്ടികളെ പഴിചാരുന്ന രീതി ഒട്ടും ഗുണകരമല്ല. അതെല്ലാം പരിഹരിക്കാനുള്ള വിദൂരസാധ്യതപോലും ഇല്ലാതാക്കുന്നതിന്റെ പ്രവണതകളാണ് പുതിയ പരീക്ഷാ പരിഷ്‌കാരത്തിൽ അടങ്ങിയിട്ടുള്ളത്. വിദ്യാഭ്യാസവകുപ്പ് ഇക്കാര്യത്തിൽ അനവധാനതയോടെ പ്രവർത്തിക്കരുത്.

വിദ്യാഭ്യാസരംഗത്ത് ഇതുണ്ടാക്കാൻ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ കേരളസമൂഹം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് ശരിയായ വിദ്യാഭ്യാസ ഗുണതയ്ക്കുവേണ്ടിയുള്ള ജനകീയസമ്മർദം ഉയർന്നുവരണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് താൽപര്യപ്പെടുന്നു.

കേരളസമൂഹത്തിന്റെ പൊതുബോധ നവീകരണത്തിനു സഹായകമായ 6 ലഘുലേഖകളുടെ സമാഹാരമാണ് 'ഗുണമേന്മയുള്ള വിദ്യാഭ്യാസം, കുട്ടികളുടെ അവകാശം' എന്ന ക്യാമ്പയിനിലൂടെ പ്രചരിപ്പിക്കുന്നത്. തോൽപ്പിച്ചാൽ നിലവാരം കൂടുമോ?, പുതുവഴികൾ തേടുന്ന ഭാഷാപഠനം, പരീക്ഷയെക്കുറിച്ച് ഒരു വർത്തമാനം, മാറണം: വിദ്യാഭ്യാസവ്യവസ്ഥയും സംവിധാനവും, സ്‌കൂൾവിദ്യാഭ്യാസം: പരിഷത്തനുഭവങ്ങൾ, ദേശീയവിദ്യാഭ്യാസനയം: ചതിക്കുഴികൾ എന്നിവയാണ് അവ. എല്ലാ സുഹൃത്തുക്കളും വായിക്കണേ.. വിദ്യാഭ്യാസരംഗത്തെ തെറ്റായ പ്രവണതകൾ തിരുത്തിക്കുന്നതിനുള്ള സക്രിയമായ ഇടപെടലുകൾക്ക് ഇത് കളമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ദേശീയവിദ്യാഭ്യാസനയം: ചതിക്കുഴികൾ

2020 ജൂലൈ 29ന് യൂണിയൻ സർക്കാർ ദേശീയ വിദ്യാഭ്യാസ നയം 2020 (എൻ ഇ പി - 2020) പ്രഖ്യാപിച്ചു. ഈ നയം സ്കൂൾവിദ്യാഭ്യാസമേഖലയിൽ സമയബന്ധിതമായി ആരെല്ലാം എങ്ങനെയെല്ലാം എപ്പോഴെല്ലാം നടപ്പാക്കുമെന്ന് വിശദീകരിക്കാൻ 'സാർത്ഥക് ' എന്ന പേരിൽ ഒരു പ്രവർത്തനപദ്ധതിയും പുറത്തിറക്കി. ഈ നയരേഖയും പ്രവർത്തനപദ്ധതിയും രാജ്യത്തെ വിദ്യാഭ്യാസമേഖലയെ എങ്ങനെയെല്ലാം പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്ന തുറന്ന പരിശോധന അനിവാര്യമാണ്.

നയത്തിനെതിരായ വിമർശനങ്ങൾ

ദേശീയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ച ഉടനെ അതിൽ അന്തർലീനമായ ചില അപകടങ്ങൾ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ സമൂഹത്തോട് തുറന്നുപറഞ്ഞിരുന്നു. അതിൽ ഏറ്റവും പ്രധാനം, ദേശീയ വിദ്യാഭ്യാസ നയരേഖയെ രാഷ്ട്രത്തിന്റെ വിദ്യാഭ്യാസത്തെ സംബന്ധിച്ച കേവലമായ ഒരു രേഖ മാത്രമായി പരിമിതപ്പെടുത്താൻ കഴിയില്ലെന്നും അത് കേന്ദ്രസർക്കാർ വിവിധ മേഖലകളിൽ കൈക്കൊള്ളുന്ന നയങ്ങളുമായും പരിപാടികളുമായും ബന്ധിതമായിരിക്കും എന്നതുമാണ്. അതുകൊണ്ടുതന്നെ ഭരണകൂടം മുന്നോട്ടുവച്ച ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ രാഷ്ട്രീയലക്ഷ്യങ്ങളെ ഗൗരവത്തോടെ സമീപിക്കണം എന്നതായിരുന്നു അന്ന് ഉയർത്തിയ വിമർശനങ്ങളുടെ കാതൽ. വിദ്യാഭ്യാസമെന്നത് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന പൗരസമൂഹത്തെ വളർത്തിക്കൊണ്ടുവരുന്നതിനുള്ള ഉപകരണമായിരിക്കണം. ജനാധിപത്യം, മതനിരപേക്ഷത, സ്ഥിതിസമത്വം, സഹവർത്തിത്വം, തുല്യനീതി തുടങ്ങിയവയെല്ലാം ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന പ്രമാണങ്ങളാണ്. പരസ്പരസഹകരണവും സഹാനുഭൂതിയുമെല്ലാം അത് മുന്നോട്ടുവയ്ക്കുന്ന മനോഭാവങ്ങളാണ്. ഇവയോട് ഒത്തുപോകുന്ന മൂല്യബോധമുള്ള ഒരു സമൂഹമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ രൂപീകരിക്കപ്പെട്ടിരിക്കുന്ന നയം ഇവയോടെല്ലാം ഒത്തുപോകുന്നതാണോ എന്ന വിലയിരുത്തൽ രാഷ്ട്രപുരോഗതിയിൽ താത്പര്യമുള്ള ഏവരും നടത്തേണ്ടതുണ്ട്.

അത്തരമൊരു വിലയിരുത്തൽ നടത്തിയപ്പോൾ വ്യക്തമായ കാര്യങ്ങളാണ് പരിഷത്ത് ഉൾപ്പെടെ വിമർശനങ്ങളായി നേരത്തെ ഉയർത്തിയത്. അതിന്റെ ഭാഗമായാണ് ദേശീയ വിദ്യാഭ്യാസനയം 2020 ന്റെ അടിസ്ഥാനസ്വഭാവം അമിതകേന്ദ്രീകരണമാണെന്ന നിരീക്ഷണം മുന്നോട്ടുവെച്ചത്. ഈ നയം ഫെഡറൽ തത്വങ്ങളെയാകെ അപ്രസക്തമാക്കാനുള്ള ഉപകരണമായി ഭാവിയിൽ മാറുമെന്നും അന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. സംസ്ഥാനങ്ങൾക്കു കൂടി പ്രധാന ഉത്തരവാദിത്തം ലഭിക്കും വിധം ഇന്ത്യൻ ഭരണഘടന മുന്നോട്ടുവച്ച അടിസ്ഥാന തത്വങ്ങളെയെല്ലാം എൻ ഇ പി 2020 അപ്രസക്തമാക്കുമെന്നും ഇതിനായി കേന്ദ്രാവിഷ്കൃത പദ്ധതികളെ പ്രയോജനപ്പെടുത്തുമെന്നും ഈ നയരേഖയെ വിമർശനാത്മകമായി നോക്കിക്കണ്ട മിക്ക സംഘടനകളും വ്യക്തികളും പറയുകയുണ്ടായി. മാത്രവുമല്ല, സ്വകാര്യവൽകരണം ലക്ഷ്യമിടുക വഴി കച്ചവടവൽകരണത്തിനും കോർപ്പറേറ്റ്‍വൽകരണത്തിനുമുള്ള 'സുവർണാവസര'ങ്ങൾ ഒരുക്കാൻ ഈ നയത്തിന് കഴിയുമെന്നും അഭിപ്രായപ്പെടുകയുണ്ടായി. സ്കൂൾ വിദ്യാഭ്യാസ കാര്യങ്ങളിൽ നിന്ന് സർക്കാർ പിൻമാറ്റത്തിനുള്ള ഉപാധിയായി നിർദിഷ്ടനയത്തെ കേന്ദ്രഭരണകൂടം പ്രയോജനപ്പെടുത്തുമെന്നും പലരും ചൂണ്ടിക്കാട്ടുകയുണ്ടായി. കൂടാതെ വിദ്യാഭ്യാസരംഗത്തെ വർഗീയവൽകരിക്കാനുള്ള സാധ്യതകളും ഈ നയത്തിൽ അടങ്ങിയിട്ടുണ്ടെന്ന് വിമർശകർ ഉറപ്പിച്ചുപറഞ്ഞു.

യൂണിയൻ സർക്കാരിന്റെ പിന്നീടുള്ള ഓരോ നടപടിയും അന്നന്നുന്നയിച്ച വിമർശനങ്ങൾ എത്രമാത്രം ശരിയായിരുന്നുവെന്ന് വിളിച്ചോതുന്നു. സമഗ്ര ശിക്ഷ, നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി, പരാഖ്, പ്രൊഫഷണൽ സ്റ്റാന്റേർഡ് സെറ്റിങ്ങ് ബോഡി, എൻ സി ഇ ആർ ടി തുടങ്ങിയ വിവിധങ്ങളായ കേന്ദ്ര ഏജൻസികൾ വഴി കേന്ദ്രനയം നടപ്പാക്കാൻ നിർബന്ധിച്ചു കൊണ്ട് സ്കൂൾവിദ്യാഭ്യാസരംഗത്ത് സംസ്ഥാനങ്ങൾക്കുള്ള എല്ലാ അധികാരങ്ങളും കവരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വിയോജിപ്പ് പ്രകടിപ്പിക്കുന്ന സംസ്ഥാനങ്ങൾക്കു നേരെ ഏതാണ്ടൊരു സാമ്പത്തിക ഉപരോധമാണ് യൂണിയൻ സർക്കാർ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന് ലഭിക്കേണ്ട സമഗ്ര ശിക്ഷയുടെ വിഹിതം കഴിഞ്ഞ വർഷത്തെ മൂന്നാംഗഡു മുതൽ നിഷേധിച്ചതിനെ ഇങ്ങനെയല്ലാതെ കാണാൻ കഴിയില്ല. ഇത് കേരളത്തിന്റെ മാത്രം പ്രശ്നമല്ലെന്നും, യൂണിയൻ സർക്കാരിന്റെ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന മറ്റു സംസ്ഥാനങ്ങളും ഇതേ അവസ്ഥ നേരിടുന്നുണ്ടെന്നും കാണാവുന്നതാണ്.

വിദ്യാഭ്യാസ മേഖലയിലെ അംഗീകൃത തത്വങ്ങൾക്ക് വിരുദ്ധമായി അക്കാദമിക മേഖലയിലും കേന്ദ്രീകരണം നടപ്പിലാക്കാൻ നയം ഇടയാക്കുമെന്ന് ഞങ്ങൾ അന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലായതിനാൽ എല്ലാറ്റിനെയും തന്ത്രപരമായി കേന്ദ്രീകരിപ്പിച്ചുകൊണ്ട് ഫെഡറൽ ഘടനയെ പ്രസ്തുത നീക്കം നശിപ്പിക്കുമെന്നും വൈവിധ്യങ്ങളുടെയും വൈജാത്യങ്ങളുടെയും ഇടം അതോടെ നഷ്ടമാകുമെന്നും പലരും സൂചിപ്പിക്കുകയുണ്ടായി. അതുവഴി പാഠപുസ്തകങ്ങളുടെ വർഗീയവൽകരണത്തിനുള്ള ഇടപെടലുകൾ ദേശീയ തലത്തിൽ നിന്നും ഉടനെ ഉണ്ടാകുമെന്നും നാം പറയുകയുണ്ടായി. അതിനുള്ള കുറുക്കുവഴിയാണ് 'പ്രാദേശിക മണമുള്ള ദേശീയ പാഠപുസ്തകം' (National textbook with local flavour) എന്ന നിലപാടിലൂടെ കേന്ദ്രവിദ്യാഭ്യാസവകുപ്പ് ഒരുക്കിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. ജനാധിപത്യം, മതനിരപേക്ഷത, സ്ഥിതിസമത്വം തുടങ്ങിയ പദങ്ങൾ പോലും തമസ്കരിക്കപ്പെട്ട ആദ്യരേഖയാണ് ഇതെന്ന് കാണാവുന്നതാണ്. അധികാര വികേന്ദ്രീകരണം, സ്വകാര്യവൽകരണം, കച്ചവടവൽകരണം എന്നീ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി അക്കാദമിക കേന്ദ്രീകരണത്തെ ഭാവിയിൽ പ്രയോജനപ്പെടുത്തുമെന്ന ഭയവും അന്നേ പങ്കുവെക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഈ നയരേഖയിൽ പുരോഗമനപരമെന്നോ നവീനമെന്നോ തോന്നിപ്പിക്കും വിധം അവതരിപ്പിക്കപ്പെടുന്ന പല പദങ്ങൾക്കും പ്രയോഗങ്ങൾക്കും അത്തരമൊരു അർത്ഥമോ വ്യാഖ്യാനമോ സാധ്യമല്ലാതെ വരുമെന്നും വിദഗ്ധർ വിലയിരുത്തുകയുണ്ടായി.

2020 ലെ ദേശീയ വിദ്യാഭ്യാസനയത്തിന് ദേശീയ വികസനത്തിനാവശ്യമായ വിശാലഭൂമിക ഒരുക്കുകയെന്ന ലക്ഷ്യമൊന്നുമില്ലെന്നും മറിച്ച്, ലാഭകേന്ദ്രീകൃതവും വ്യക്തികേന്ദ്രീകൃതവുമായ സമൂഹത്തെയാണ് അത് ലക്ഷ്യംവയ്ക്കുന്നതെന്നും നയത്തിന്റെ രാഷ്ട്രീയവായന സമൂഹത്തെ ബോധ്യപ്പെടുത്തുകയുണ്ടായി. ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും അത് കേവലം ഉപകരണമാക്കുകയാണ് ചെയ്യുന്നത്. ആധുനിക ലോകവീക്ഷണത്തിന് അനുയോജ്യമല്ലാത്ത വിധം, സങ്കുചിതമായ ഒരു ദേശീയബോധമാണ് അത് പ്രസരിപ്പിക്കുന്നതെന്നുമുള്ള വിമർശനവും ഉയരുകയുണ്ടായി.

അധ്യയനവും അധ്യാപകനും ജനാധിപത്യവൽകരിക്കപ്പെടണം എന്ന നിലപാടിന് പകരം ഫ്യൂഡൽ മൂല്യങ്ങൾ വളർത്തിയെടുക്കാനാണ് രേഖ ശ്രമിക്കുന്നതെന്നും സമൂഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. അധ്യാപകരെ വാടകയ്ക്കെടുക്കാം എന്ന കാഴ്ചപ്പാട് ആദ്യമായി മുന്നോട്ടുവയ്ക്കുന്ന നയം കൂടിയാണിത് എന്ന വസ്തുതയും തുറന്നു കാട്ടപ്പെട്ടു. പരീക്ഷകളുടെ ചില ദോഷങ്ങളെ പറ്റി ആമുഖത്തിൽ പറയുന്നുണ്ടെങ്കിലും അതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് നയത്തിൽ പിന്നീട് വരുന്നതെന്നും അന്നുതന്നെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഇപ്പറയുന്ന ആശങ്കകൾ എത്രമാത്രം പ്രസക്തമാണെന്നറിയാൻ യൂണിയൻ സർക്കാരും ചില സംസ്ഥാന സർക്കാരുകളും ഈ നയം എങ്ങനെയെല്ലാമാണ് ഇന്ന് നടപ്പിലാക്കുന്നത് എന്ന് നോക്കിയാൽ മതിയാകും.

ശിശുകേന്ദ്രീകൃതമായ വിദ്യാഭ്യാസത്തിനു പകരം പരീക്ഷാകേന്ദ്രീകൃതമായ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കുന്ന അവസ്ഥ ഇപ്പോൾതന്നെ വന്നുകഴിഞ്ഞു. കുട്ടികളെ, വിദ്യാഭ്യാസ പ്രക്രിയയിൽ നിന്നും, അരിച്ചു മാറ്റാനുള്ള ഉപകരണമാക്കി പരീക്ഷകളെ മാറ്റുന്ന കാഴ്ചയാണ് നാം കാണുന്നത്. പ്രാഥമികക്ലാസുകളിൽ പോലും പൊതുപരീക്ഷകളും 'പരാഖ് ' നടത്തുന്ന പരീക്ഷകളും പ്രോത്സാഹിപ്പിക്കപ്പെടുന്നത് വിദ്യാർത്ഥികളിൽ അനാരോഗ്യകരമായ മത്സരം വളർത്തുന്നു. സഹവർത്തിത പഠനത്തിന്റെ സാധ്യത ഇല്ലാതാക്കി പകരം, മത്സരാധിഷ്ഠിത പഠനമാണ് രേഖ ഫലത്തിൽ മുന്നോട്ടുവയ്ക്കുന്നത്. അതാണ് 'നാസ് ' (National Achievement Survey) പരീക്ഷയുടെ പേരിൽ രാജ്യത്തെമ്പാടും നടന്നുകൊണ്ടിരിക്കുന്നത്. അതിനായി സ്കൂൾ പഠനം പോലും മാറ്റിവെച്ച് നാസ് പരീക്ഷയ്ക്കുള്ള കോച്ചിങ്ങിലേക്ക് സംസ്ഥാനങ്ങൾ പോകുന്ന ദു:സ്ഥിതി ഉണ്ടാവുന്നു. ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ സ്വാഭാവികമായും ഉയർന്നുവരുന്ന ഒരു ചോദ്യം ഒന്നും മാറേണ്ടതില്ല എന്നാണോ നിങ്ങളുടെ നിലപാട് എന്നതാണ്.

നയങ്ങൾ പരിഷ്കരിക്കപ്പെടേണ്ടതല്ലേ?

നയങ്ങൾ തീർച്ചയായും കാലാനുസൃതമായി പരിഷ്കരിക്കപ്പെടേണ്ടതു തന്നെ. വൈജ്ഞാനിക മേഖലയിലും സാങ്കേതികവിദ്യാരംഗത്തും വരുന്ന പരിവർത്തനങ്ങൾ ഉൾക്കൊള്ളാനും ഉൾച്ചേർക്കാനും കഴിയും വിധം കാലോചിതമായ പരിഷ്കരണങ്ങൾ ഏതൊരു നയത്തിലും ആവശ്യമായി വരും. ഓരോ മേഖലയിലും രാജ്യം മുന്നോട്ടുവച്ച ലക്ഷ്യങ്ങൾ നേടിക്കഴിഞ്ഞെങ്കിൽ അവയുടെ തുടർച്ചയും വളർച്ചയും ഉറപ്പാക്കാൻ നയത്തിൽ മാറ്റങ്ങൾ അനിവാര്യമാണെങ്കിൽ നിലനിൽക്കുന്ന നയം പരിഷ്കരിക്കപ്പെടുക തന്നെ വേണം. നിലവിലുള്ള നയങ്ങൾ എല്ലാവരെയും ഉൾക്കൊള്ളാനും ഉൾപ്പെടുത്താനും തടസ്സം നിൽക്കുന്നുവെങ്കിൽ പ്രസ്തുത തടസ്സങ്ങൾ മാറ്റാൻ സഹായകമാകും വിധത്തിലും നയങ്ങൾ പരിഷ്കരിക്കപ്പെടണം. എന്നാൽ വളരെ സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങൾക്ക് വേണ്ടിയാവരുത് അതെന്നുമാത്രം.

സ്കൂൾ വിദ്യാഭ്യാസരംഗം ദേശീയതലത്തിൽ

1950 ൽ നമ്മുടെ രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കുമ്പോൾ സ്കൂൾ വിദ്യാഭ്യാസത്തെ നിയാമകതത്വങ്ങളിലാണ് ഉൾച്ചേർത്തിരുന്നത്. പത്തുവർഷത്തിനുള്ളിൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സ്കൂൾ വിദ്യാഭ്യാസം നൽകാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അന്ന് നമ്മുടെ ഭരണഘടനാശില്പികൾ. എന്നാൽ രണ്ടായിരാമാണ്ട് കഴിഞ്ഞിട്ടും ഈ പ്രതീക്ഷ നിറവേറ്റാൻ നമുക്ക് കഴിഞ്ഞില്ല. സ്വാഭാവികമായും കുട്ടികളുടെ വിദ്യാഭ്യാസം അവരുടെ അവകാശമാക്കി മാറ്റുന്നതിനായി വലിയ തോതിലുള്ള സാമൂഹിക സമ്മർദ്ദമുണ്ടായി. അങ്ങനെ വർദ്ധിച്ചുവന്ന സാമൂഹിക സമ്മർദ്ദത്തിന് വഴങ്ങി 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം അവകാശമാക്കി മാറ്റിക്കൊണ്ട് 2002 ൽ 86-ാം ഭരണഘടനാ ഭേദഗതി നിലവിൽ വന്നു. അതോടെ സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം ആർട്ടിക്കിൾ 21 ന്റെ ഭാഗമായി. ഇത് നിയമമാക്കുന്നതിന്റെ ഭാഗമായി 2009 ൽ പാർലമെന്റ് വിദ്യാഭ്യാസ അവകാശനിയമം പാസ്സാക്കുകയും 2010 ഏപ്രിൽ ഒന്നു മുതൽ അത് നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

പത്തുവർഷത്തിനുശേഷം ദേശീയ വിദ്യാഭ്യാസ നയം 2020 പ്രഖ്യാപിക്കുമ്പോൾ പ്രസ്തുത രേഖയിൽ തന്നെ പറയുന്നത് സ്കൂൾ പ്രായത്തിലുള്ള 3.22 കോടി കുട്ടികൾ സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്നും പുറത്താണ് എന്നാണ് ! യൂണിയൻ സർക്കാർ പുറത്തുവിട്ട മറ്റു രേഖകളിൽ നിന്നും ലഭ്യമാവുന്ന കണക്കുകൾ ഇതിലും ഭീമമാണ്. കോടിക്കണക്കിന് കുട്ടികൾ ഔപചാരിക വിദ്യാഭ്യാസ സംവിധാനത്തിന് പുറത്താണ് എന്നാണ് ഇത് വെളിപ്പെടുത്തുന്നത്. വലിയ തോതിലുള്ള കൊഴിഞ്ഞുപോക്കും ഇന്ത്യൻ വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധിയിലാഴ്ത്തുന്നു. പട്ടികജാതി - പട്ടികവർഗവിഭാഗങ്ങളിലെ‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് അതീവ ഗൗരവമേറിയ പ്രശ്നമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തെ അവരുടെ രക്ഷിതാക്കളുടെ വിദ്യാഭ്യാസനില പ്രത്യക്ഷമായി സ്വാധീനിക്കുമെന്ന് നമുക്കറിയാം. ദേശീയ സാമ്പിൾ സർവേ 2021 പ്രകാരം രാജ്യത്തെ ശരാശരി സാക്ഷരതാ നിരക്ക് 77% ആണ്. അതിൽ സ്ത്രീ സാക്ഷരതാ നിരക്ക് 70.30% ആണ്. ജനസംഖ്യാ പ്രൊജക്ഷൻ പ്രകാരം ഇന്ത്യയിലെ ഇപ്പോഴത്തെ ജനസംഖ്യ 140.12 കോടിയാണ്. അതായത് നാം സ്വാതന്ത്ര്യത്തിന്റെ 75-ാംവർഷത്തിന്റെ ഭാഗമായി 'ആസാദി കാ അമൃത് മഹോത്സവം' ആഘോഷിച്ചത് 31.5 കോടി നിരക്ഷരരുമായാണ് ! ഇതിൽ വനിതകളുടെ ജനസംഖ്യ 68.16 കോടി വരും. ഇവരിൽ 20.24 കോടി വനിതകൾ നിരക്ഷരരാണ്. അതായത് ഇന്ത്യയിൽ മൂന്ന് വനിതകളിൽ ഒരാൾ നിരക്ഷരയാണ് എന്ന യാഥാർഥ്യം ഇപ്പോഴും നിലനിൽക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം സത്യസന്ധമായി വിലയിരുത്തിയാണ് ഒരു ദേശീയ വിദ്യാഭ്യാസ നയം വികസിപ്പിച്ചത് എന്നതിന് ഒരു തെളിവുമില്ല.

വിദ്യാഭ്യാസ നയരേഖ - പശ്ചാത്തലം

ഒരു രാഷ്ട്രത്തിന്റെ വിദ്യാഭ്യാസ നയരേഖ ശൂന്യതയിൽ നിന്നും ഉണ്ടാകുന്നതല്ല. അത് ആ രാഷ്ട്രത്തിന്റെ പൊതുവായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക നിലപാടിനനുസൃതമായി രൂപപ്പെടുന്നതാണ്. ഏതൊരു ഭരണകൂടവും അതിന്റെ രാഷ്ട്രീയനിലപാട് ദൃഢപ്പെടുത്താനും ആ നിലപാടിനെ ഭാവിസമൂഹത്തിന്റെതാക്കി മാറ്റാനും ഫലപ്രദമായി ഉപയോഗിക്കുന്ന ഉപാധി കൂടിയാണ് വിദ്യാഭ്യാസം. അതുകൊണ്ടുതന്നെ തങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ചേ ഭരണകൂടം പാഠ്യപദ്ധതി പോലുള്ളവ വികസിപ്പിക്കൂ എന്നതിൽ അത്ഭുതപ്പെടാനില്ല.

ഏതൊരു രാജ്യത്തും അറിവിന്റെ നിഗൂഢവൽകരണത്തിനും കച്ചവടവൽകരണത്തിനും ജനവിരുദ്ധപ്രയോഗങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന ശക്തികളും നിലപാടുകളുമുണ്ടാകും. അതേസമയം അറിവിന്റെ ജനാധിപത്യവൽകരണത്തിനും സാർവത്രികവൽകരണത്തിനും ജനപക്ഷപ്രയോഗങ്ങൾക്കും വേണ്ടി നിലനിൽക്കുന്ന ശക്തികളും ഉണ്ടാവും. ദൗർഭാഗ്യവശാൽ,‍ അറിവിനെ സ്വകാര്യവൽകരിക്കുകയും കച്ചവടവൽകരിക്കുകയും ലാഭകേന്ദ്രീകൃതമാക്കുകയും അതിനുവേണ്ടി എന്ത് ഹീനമായ പ്രവർത്തനങ്ങളും നയങ്ങളും കൊണ്ടുവരികയും ചെയ്യുന്ന ശക്തികൾക്ക് മേൽക്കൈയുള്ള ഒരു സമൂഹത്തിലാണ് നാം അധിവസിക്കുന്നതെന്ന് കണ്ടുവേണം ഭരണകൂടം മുന്നോട്ട് വയ്ക്കുന്ന നയങ്ങളെയും പരിപാടികളെയും പുരോഗമനകാംക്ഷികൾ വിലയിരുത്തേണ്ടത്.

എൻ ഇ പി യുടെ ഭാഗമായി നടക്കുന്നതെന്ത്?

പൊതുവെ നോക്കിയാൽ പൊതുവിദ്യാഭ്യാസം ആക്രമിക്കപ്പെടുന്നു എന്നതിന്റെ സൂചനകളാണ് നമുക്ക് രാജ്യത്തെമ്പാടുനിന്നും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് നടക്കുന്ന കാര്യങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാൽ ഭരണകൂട ഇംഗിതങ്ങൾ നടപ്പാക്കാൻ എൻ ഇ പി യെ എങ്ങനെയാണ് പ്രയോജനപ്പെടുത്തുന്നതെന്ന് ഏതാണ്ട് മനസ്സിലാക്കാവുന്നതേയുള്ളൂ.

2020 ലാണ് ദേശീയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ചതെങ്കിലും അതിന് മുമ്പുതന്നെ ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും നടപ്പാക്കിത്തുടങ്ങിയിരുന്നു. 'നീതി ആയോഗ് ' ആണ് ഇതിനെല്ലാം നേതൃത്വം കൊടുത്തത്. 2017 - 18 ൽ 15,58,903 സ്കൂളുകളാണ് രാജ്യത്തുണ്ടായിരുന്നത്. ഇതിൽ സ്വകാര്യമേഖലയിലെ 3,22,201 സ്കൂളുകളും ഉൾപ്പെടും. 2021 - 22 അക്കാദമികവർഷം ഇത് 14,89,115 ആയി കുറഞ്ഞു. അതായത്, 2017 - 18 നെ അപേക്ഷിച്ച് 2021 - 22 ആകുമ്പോഴേക്കും 69,788 വിദ്യാലയങ്ങൾ കുറഞ്ഞു. ഫലത്തിൽ ആകെയുണ്ടായിരുന്ന വിദ്യാലയങ്ങളിൽ 4.48% ത്തിന്റെ കുറവ് സംഭവിച്ചു.

ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ കാലഘട്ടത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ വന്ന കുറവ് 6.59% ആണ്. അതേസമയം സ്വകാര്യമേഖലയിൽ 4.23% വിദ്യാലയങ്ങൾ വർദ്ധിക്കുകയാണ് ഉണ്ടായത്. ഈയൊരു പശ്ചാത്തലത്തിലാണ് ദേശീയ വിദ്യാഭ്യാസ നയം പൊതുവിദ്യാഭ്യാസത്തിൽ നിന്ന് പിൻവാങ്ങാനുള്ള ഉപാധിയായി മാറുമെന്ന വിമർശനം ശരിവയ്ക്കപ്പെടുന്നത്. ഇതിലൂടെ ഈ നയം സ്വകാര്യവൽകരണത്തെ പ്രോത്സാഹിപ്പിക്കുമെന്ന വിമർശനവും ശരിവയ്ക്കുപ്പെടുന്നു.

ഇതേ കാലഘട്ടത്തിൽ 10% ത്തിലധികം പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടിയ സംസ്ഥാനങ്ങളാണ് അരുണാചൽപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ മുതലായവ. ഉത്തർപ്രദേശിൽ 17,232 പൊതുവിദ്യാലയങ്ങളാണ് അടച്ചുപൂട്ടിയത്. വിവിധ സംസ്ഥാനങ്ങളിൽ അടച്ചുപൂട്ടൽ ത്വരിതഗതിയിൽ നടക്കുകയാണ്. 'മർജർ' എന്ന പേരു നൽകിയാണ് സംസ്ഥാന സർക്കാരുകൾ അടച്ചുപൂട്ടലിന് നേതൃത്വം നൽകുന്നത്. നീതി ആയോഗ് വിദ്യാഭ്യാസത്തെ ലാഭനഷ്ടക്കണക്കുകളുടെ അടിസ്ഥാനത്തിൽ വീക്ഷിച്ചതിന്റെ ദുരന്തഫലമാണ് ഇതൊക്കെ.

2017 ൽ നീതി ആയോഗ് തയ്യാറാക്കിയ 'സാത്തി പ്രോഗ്രാം' (Project SATH-E, 'Sustainable Action for Transforming Human Capital-Education') പ്രകാരം രണ്ടര ലക്ഷത്തിലധികം വിദ്യാലയങ്ങൾ അടച്ചുപൂട്ടണമെന്ന് വിഭാവനം ചെയ്തിരുന്നു എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഏറ്റവും അവസാനം വന്ന റിപ്പോർട്ടനുസരിച്ച്,‍ രാജ്യത്തു നിലനിൽക്കുന്ന 15 ലക്ഷം വിദ്യാലയങ്ങളിൽ 11 ലക്ഷവും പല കാരണങ്ങളാൽ പരിമിതികൾ നേരിടുന്ന വിദ്യാലയങ്ങളായി അഥവാ പ്രായോഗികമല്ലാത്ത (Non viable) വിദ്യാലയങ്ങളായിട്ടാണത്രേ കണക്കാക്കപ്പെട്ടിരിക്കുന്നത്. ഈ 11 ലക്ഷം വിദ്യാലയങ്ങളെ 6.5 ലക്ഷം വിദ്യാലയങ്ങളാക്കി സമീകരിക്കണം (Rationalize) എന്നാണ് നീതി ആയോഗ് വിഭാവനം ചെയ്തിരിക്കുന്നത്. അതായത് ഇപ്പോഴുള്ള വിദ്യാലയങ്ങളിൽ അഞ്ചുലക്ഷത്തിനടുത്തുള്ള വിദ്യാലയങ്ങൾ ഇല്ലാതാകണം എന്നതത്രേ ലക്ഷ്യം. വിദ്യാലയങ്ങളെ മറ്റു വിദ്യാലയങ്ങളുമായി സംയോജിപ്പിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണമെന്നാണ് നിർദ്ദേശിക്കപ്പെടുന്നത്. ലക്ഷക്കണക്കിന് കുട്ടികൾ സ്വന്തം വീടിനടുത്ത് പഠിച്ചുകൊണ്ടിരിക്കുന്ന അഞ്ചുലക്ഷത്തോളം വിദ്യാലയങ്ങളാണ് അടച്ചുപൂട്ടപ്പെടും എന്നാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. ഈയൊരു നടപടിയിലൂടെ എത്രയോ ലക്ഷം കുട്ടികളാവും സ്കൂൾ വിദ്യാഭ്യാസം എന്നെന്നേക്കുമായി ഉപേക്ഷിക്കുക. അതിൽ നല്ലൊരു പങ്ക് പെൺകുട്ടികളാവും; വിശേഷിച്ചും, പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവർ. രാജ്യത്തെമ്പാടും ഗ്രാമീണമേഖലയിലെ പൊതുവിദ്യാലയങ്ങൾ ഇല്ലാതാക്കുക എന്നത് സംഘടിതമായ ഒരജണ്ടയായി ഭരണകൂടം തന്നെ ഏറ്റെടുത്തിരിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസ അവകാശനിയമം നിലനിൽക്കുന്ന ഈ നാട്ടിലാണ് അവ മെച്ചപ്പെടുത്തി നിലനിർത്താൻ ബാധ്യതപ്പെട്ട സർക്കാർ തന്നെ, അതിന്റെ വിവിധങ്ങളായ ഉപകരണങ്ങൾ വഴി വിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നത് എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.

ദേശീയ വിദ്യാഭ്യാസനയം 2020 ന്റെ ഭാഗമായി പല സംസ്ഥാനങ്ങളും ഇക്കാര്യം നടപ്പാക്കിത്തുടങ്ങി. ഹരിയാനയിൽ മുഖ്യമന്ത്രിയുടെ (Chief Minister Education Relief, Assistance and Grant - CHEERAG) പദ്ധതിയുടെ ഭാഗമായി ഈയടുത്ത കാലത്ത് പുറപ്പെടുവിച്ച ഒരു സർക്കുലർ പ്രകാരം, സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന 1.8 ലക്ഷം രൂപയിൽ കുറവ് വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽ നിന്നും സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് സർക്കാർ അംഗീകൃത അൺഎയ്ഡഡ് (സ്വകാര്യ) വിദ്യാലയങ്ങളിലേക്ക് പഠനം മാറ്റാൻ ആവശ്യമായ സൗകര്യം സർക്കാർ ഏർപ്പെടുത്തുമത്രേ! അങ്ങനെ മാറിയ കുട്ടികൾ ചേരുന്ന അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഫീസായി സർക്കാർ നിശ്ചിത തുക നൽകുമെന്നും തീരുമാനിച്ചിരിക്കുന്നു. ഹരിയാനയിൽ രക്ഷാകർത്തൃ സമൂഹം കരുതലോടെയാണ് സർക്കാരിന്റെ ഈ‍ പ്രഖ്യാപനത്തെ സമീപിച്ചത്. വലിയ വിമർശനം ഉയർന്നുവന്ന സാഹചര്യത്തിൽ താൽക്കാലികമായി പ്രസ്തുത തീരുമാനം പിൻവലിക്കുകയാണ്.

മധ്യപ്രദേശ് സർക്കാർ 'സി എം റൈസ് ' എന്നൊരു പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് ഒരു ലക്ഷം സർക്കാർ വിദ്യാലയങ്ങളിലായി ഒരു കോടി കുട്ടികൾ പഠിക്കുന്നുണ്ട്. ദേശീയ വിദ്യാഭ്യാസനയത്തിൽ വിഭാവനം ചെയ്ത സ്കൂൾ കോംപ്ലക്സ് എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ 15 കിലോമീറ്റർ റേഡിയസിലുള്ള എല്ലാ വിദ്യാലയങ്ങളെയും സംയോജിപ്പിക്കാൻ സി എം റൈസ് പദ്ധതി വിഭാവനം ചെയ്യുന്നു. അങ്ങനെയെങ്കിൽ ഇപ്പോൾ നിലവിലുള്ള ഒരുലക്ഷം വിദ്യാലയങ്ങളെ ഘട്ടംഘട്ടമായി 9,500 വിദ്യാലയങ്ങളായി സമീകരിക്കാൻ കഴിയും. ഇങ്ങനെ ചെയ്യുന്നതിലൂടെ ബാക്കിയാകുന്ന വിദ്യാലയങ്ങളിൽ എല്ലാ സൗകര്യവും ഒരുക്കാൻ കഴിയുമെന്നാണ് സർക്കാർ വാദിക്കുന്നത്.

ഒഡീഷയിൽ നീതി ആയോഗ് നിർദ്ദേശപ്രകാരം 8,000 വിദ്യാലയങ്ങളാണ് അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്. അതേത്തുടർന്ന് വലിയ ജനകീയ പ്രക്ഷോഭമാണ് അവിടെ ഉയർന്നുവന്നത്. എസ് എം സി കൾ സംഘടിച്ച് കേസ് നൽകി. ഒഡീഷ ഹൈക്കോർട്ടിന്റെ സിങ്കിൾ ബെഞ്ച് കുട്ടികൾക്ക് പഠിക്കാനുള്ള എല്ലാ സൗകര്യവും ഉറപ്പാക്കുകയാണ് വേണ്ടതെന്നും സ്കൂളുകൾ അടച്ചുപൂട്ടേണ്ട കാര്യമില്ലെന്നും വിധിച്ചു. എന്നാൽ സർക്കാർ സ്കൂളുകൾ സമീകരിക്കുകയെന്നത് സർക്കാർ നയമാണെന്ന വാദം അംഗീകരിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, പ്രസ്തുത വിധി സ്റ്റേ ചെയ്തിരിക്കുകയാണ്. നിർഭാഗ്യവശാൽ ഈ അവസരം സ്കൂൾ അടച്ചുപൂട്ടുന്നതിനായി വിനിയോഗിക്കാൻ ഇടയാക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ ഒഡീഷയിലുള്ളത്.

കർണാടകയിൽ 13,800 വിദ്യാലയങ്ങൾ അടച്ചുപൂട്ടാനുള്ള തീരുമാനം തുടർനടപടികൾ കാത്തുകിടക്കുകയാണ്. ഈയടുത്ത കാലത്ത് ആന്ധ്രാപ്രദേശിലും വളരെ കടുത്ത നടപടികളാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. ദേശീയ വിദ്യാഭ്യാസനയത്തിൽ പറഞ്ഞ ഘടനാപരമായ മാറ്റം ആന്ധ്രാപ്രദേശിൽ നടപ്പാക്കാൻ ആരംഭിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി ഒന്നാം ഘട്ടത്തിൽ 8,000 ത്തിലേറെ പ്രൈമറി വിദ്യാലയങ്ങളിലെ ഒന്നും രണ്ടും ക്ലാസുകളെ അങ്കണവാടികളുമായും (പ്രീപ്രൈമറി) മൂന്നു മുതലുള്ള ക്ലാസുകളെ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള ഹൈസ്കൂളുമായും സംയോജിപ്പിക്കാൻ സർക്കാർ തലത്തിൽ തീരുമാനമായിക്കഴിഞ്ഞു. ഇതു സംബന്ധിച്ചുള്ള വിശദമായ ഉത്തരവ് ആന്ധ്രാപ്രദേശ് സർക്കാർ ഇറക്കിയിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ 11,000 പ്രൈമറി സ്കൂളുകൾ ഇപ്പോഴും ഏകാധ്യാപക വിദ്യാലയങ്ങളാണ്. വിദ്യാഭ്യാസ അവകാശനിയമത്തെ സംസ്ഥാനസർക്കാർ തന്നെ ലംഘിക്കുന്ന അവസ്ഥയാണിത്. വലിയ തോതിലുള്ള ചെറുത്തുനിൽപ്പുകളാണ് ഇതേത്തുടർന്ന് അവിടെ‍ ഉണ്ടായിവരുന്നത്.

പ്രായോഗികമല്ലെന്ന് മുദ്രകുത്തി 15,000 സ്കൂളുകൾ അടച്ചു പൂട്ടാനാണ് മഹാരാഷ്ട്ര സർക്കാർ 2023 ആഗസ്റ്റിൽ തീരുമാനിച്ചത്. ഇതിനെതിരെ സേവ് എജുക്കേഷൻ സമിതിയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം നടക്കുകയുണ്ടായി. പൊതുസമൂഹവും വ്യാപകമായി പ്രതിഷേധത്തിൽ പങ്കെടുത്തു. അതേത്തുടർന്ന് പ്രസ്തുത തീരുമാനത്തിൽ നിന്നും സർക്കാരിന് പിൻവാങ്ങേണ്ടി വന്നു. പകരമായി സർക്കാർ സ്കൂളുകളെ അനാകർഷകമാക്കാനുള്ള നീക്കം സർക്കാർ തന്നെ സമാന്തരമായി നടത്തുകയാണ്. ഓരോ സ്കൂളിലും ഉണ്ടായിരുന്ന രണ്ട് സ്ഥിരം അധ്യാപകരിൽ ഒരാളെ പിൻവലിക്കുകയും പകരം റിട്ടയർ ചെയ്ത അധ്യാപകരെയോ തൊഴിൽരഹിതരായ ട്രെയിൻഡ് അധ്യാപകരെയോ കോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനിച്ചു. ഇതിനെതിരെ രണ്ട് ലക്ഷത്തിലധികം വരുന്ന അധ്യാപകർ 2024 ഒക്ടോബറിൽ ഒരു ദിവസത്തെ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുകയുണ്ടായി. ഇതിന്റെ തുടർച്ചയായി വലിയതോതിലുള്ള പ്രക്ഷോഭങ്ങൾ മഹാരാഷ്ട്രയിൽ തുടരുകയാണ്. പാഠ്യപദ്ധതിയെ വർഗീകരിക്കുന്നതിനെതിരായ ചെറുത്തുനിൽപ്പുകളും അവിടെ നടക്കുന്നുണ്ട്. മുഖ്യധാരാ മാധ്യമങ്ങൾ ഇത്തരം പ്രക്ഷോഭങ്ങളെ തമസ്കരിക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസരംഗത്ത് നീതിക്കുവേണ്ടി പോരാടിയ മഹാത്മാ ഫൂലെ, സാവിത്രീ ഫൂലെ, ഫാത്തിമ ഷെയ്ക്ക്, ഡോ. ബാബാ സാഹിബ് അംബേദ്കർ തുടങ്ങിയവർ ഉയർത്തിയ ആശയപ്രപഞ്ചം മഹാരാഷ്ട്രയിൽ നിന്നും പൂർണമായും ഇല്ലാതായിട്ടില്ലെന്നാണ് ഇത്തരം പ്രതിരോധങ്ങൾ വ്യക്തമാക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ദേശീയനയത്തിന്റെ ഭാഗമായി സ്കൂളുകൾ അടച്ചു പൂട്ടാനുള്ള നടപടികൾ മുന്നേറുകയാണ്.

അക്കാദമിക കാര്യങ്ങളിലെ ഇടപെടലാകട്ടെ,‍ ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് മുന്നേറുന്നത്. പഠനഭാരം കുറക്കുന്നുവെന്ന ന്യായേന എൻ സി ഇ ആർ ടി പാഠഭാഗങ്ങളുടെ സമീകരണം നടത്തുകയുണ്ടായല്ലോ. ഇതിന്റെ ഭാഗമായി പാഠപുസ്തകങ്ങളിലെ പുരോഗമന ആശയങ്ങളിലാണ് അവർ തന്ത്രപരമായി കത്രിക വെച്ചത്. കൂട്ടത്തിൽ, മുഗളകാലഘട്ടം പ്രതിപാദിക്കുന്ന ഭാഗങ്ങൾ പ്രത്യേകം കണ്ടെത്തി മുറിച്ചുമാറ്റുകയും ചെയ്തു.

വർഗീയ അജണ്ട കുത്തിനിറക്കാൻ ശ്രമിക്കുന്നത് എങ്ങനെയെന്ന് തിരിച്ചറിയാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന കാര്യങ്ങളും‍ മനസ്സിലാക്കേണ്ടതുണ്ട്. കർണാടകത്തിലെ മുൻ സംസ്ഥാന സർക്കാർ പാഠപുസ്തകങ്ങളിൽ ഏകപക്ഷീയമായി പല മാറ്റങ്ങളും വരുത്തി. എല്ലാ പുരോഗമന നവോത്ഥാന ആശയങ്ങളെയും നവോത്ഥാന നായകരെയും പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കി. വളരെ വലിയ പ്രതിഷേധം ഇതേത്തുടർന്ന് ഉയർന്നുവന്നതിനാൽ സർക്കാർ‍ തത്കാലത്തേക്ക് പിൻമാറുകയായിരുന്നു.

ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഭഗവത് ഗീത സ്കൂൾ കരിക്കുലത്തിന്റെ ഭാഗമാക്കിക്കഴിഞ്ഞു. ചില സംസ്ഥാനങ്ങൾ വേദവും കരിക്കുലത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. മറ്റുചില സംസ്ഥാനങ്ങൾ ഈ ദിശയിൽ ചിന്തിച്ചുകൊണ്ടിരിക്കുന്നു. വേദങ്ങളോ ഭഗവത്ഗീതയോ പഠിക്കണമെന്നാഗ്രഹിക്കുന്നവർക്ക് അവ പഠിക്കാമെന്നതിൽ പക്ഷാന്തരമില്ല. പക്ഷേ, നാനാമതങ്ങളിൽ വിശ്വസിക്കുന്നവർ ഒത്തുചേരുന്ന മതനിരപേക്ഷ ഇടമായ വിദ്യാലയങ്ങളെ ഇത്തരം കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തരുത്. ഒരു മതത്തിന്റെ ഗ്രന്ഥങ്ങൾ മാത്രം പഠിപ്പിക്കുന്ന ഇടമാക്കി വിദ്യാലയങ്ങളെ മാറ്റുന്നതിനെ എങ്ങനെയാണ് നീതീകരിക്കാനാവുക?

സങ്കുചിത താത്പര്യങ്ങളാൽ നിർമിക്കപ്പെടുന്ന കേന്ദ്രീകൃത പാഠ്യപദ്ധതികൾക്ക് തീർച്ചയായും ചില ഗൂഢലക്ഷ്യങ്ങൾ ഉണ്ടാവും. അതിലൊന്ന്, ഭരിക്കുന്നവരുടെ രാഷ്ട്രീയ അജണ്ട നടപ്പിൽ വരുത്താനുള്ള ഉപകരണമാക്കി പാഠ്യപദ്ധതികളെ‍ മാറ്റലാണ്. പാഠ്യപദ്ധതിയുടെയും പാഠപുസ്തകങ്ങളുടെയും, രാഷ്ട്രീയവൽകരണവും മതവൽകരണവും, പുരോഗമന ആശയങ്ങളെയും ശാസ്ത്രബോധത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്. ചരിത്രവും, ശാസ്ത്രവും തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്കും മത താത്പര്യങ്ങൾക്കും എതിരാണെങ്കിൽ, അവ പാ ഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കപ്പെടണം എന്ന നിലപാട് ബന്ധപ്പെട്ടവർ കൈക്കൊള്ളും. അതിന് ഉദാഹരണമാണ് ഈയടുത്തകാലത്ത് സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തെ സംബന്ധിച്ച് കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ. ഐതിഹ്യങ്ങളെ ചരിത്രമായും പുരാണങ്ങളെ ശാസ്ത്രമായും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടുന്ന അവസ്ഥയിലേക്കാണ് ഇത് രാജ്യത്തെ എത്തിച്ചിരിക്കുന്നത്.

എൻ ഡി എയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളാണ് നീതി ആയോഗും എൻ ഇ പി 2020 ഉം മുന്നോട്ടുവെച്ച പല നിർദേശങ്ങളും നടപ്പിലാക്കാൻ തിടുക്കവും വ്യഗ്രതയും കാട്ടുന്നത്. എങ്കിലും ഇത്തരം ഇടപെടലുകൾ ശ്രദ്ധയിൽ പെടുമ്പോൾ, മതിയായ തോതിലല്ലെങ്കിലും എല്ലായിടത്തും ചെറുത്തുനിൽപ്പുകൾ ഉണ്ടാകുന്നുവെന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നു.

ദേശീയ വിദ്യാഭ്യാസനയവും കേരളവും

സ്കൂൾ പ്രായത്തിലുള്ള ഏതാണ്ടെല്ലാവരും സ്കൂളിലെത്തുന്ന സംസ്ഥാനമാണ് കേരളം. അങ്ങനെ എത്തിച്ചേർന്ന ഏതാണ്ടെല്ലാവരും പന്ത്രണ്ടാം ക്ലാസ് വരെ പഠനം തുടരുകയും ചെയ്യുന്ന സംസ്ഥാനമാണിത്. എന്നാൽ ദേശീയാടിസ്ഥാനത്തിൽ നോക്കുമ്പോഴുള്ള പൊതുസ്ഥിതി ഇതല്ല. കേന്ദ്ര വിദ്യാഭ്യാസവകുപ്പ് എല്ലാ വർഷവും പുറത്തിറക്കുന്ന 'യു ഡയസ് പ്ലസ് ' റിപ്പോർട്ട് ഇക്കാര്യം വ്യക്തമാക്കുന്നു. ഏറ്റവും അവസാനം വന്ന 2021 - 22 ലെ റിപ്പോർട്ട് (പേജ് 123) പ്രകാരം ദേശീയതലത്തിൽ സ്കൂളിൽ എത്തിച്ചേർന്ന കുട്ടികളുടെ പഠനത്തുടർച്ചാ നിരക്ക് അഭികാമ്യമായ തലത്തിലല്ല ഉള്ളത്. ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ 81 ശതമാനം മാത്രമേ എട്ടാംക്ലാസിൽ എത്തുന്നുള്ളൂ. പത്താംക്ലാസിൽ ഇത് 65 ശതമാനത്തിന് അടുത്താണ്. അതായത് നൂറിൽ 35 കുട്ടികൾ പത്താം ക്ലാസിന് മുമ്പുതന്നെ പൊതുധാരയിൽ നിന്നും കൊഴിഞ്ഞുപോയി / ഒഴിവാക്കപ്പെട്ടു എന്നർത്ഥം. പന്ത്രണ്ടാം ക്ലാസിൽ ഇത് 43.6 ശതമാനമാണ്. ഒന്നാം ക്ലാസിൽ ചേർന്നവരിൽ 56 ശതമാനത്തിലധികം കുട്ടികൾ പന്ത്രണ്ടാം ക്ലാസിൽ എത്തുന്നില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. കോടിക്കണക്കിന് കുട്ടികളാണ് ഇപ്രകാരം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാതെ മുഖ്യധാരയിൽ നിന്നും ഒഴിവാക്കപ്പെടുന്നത്. അതിൽനിന്നും തികച്ചും വ്യത്യസ്തമാണ് കേരളത്തിന്റെ സ്ഥിതി. ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ പഠനത്തുടർച്ചാ നിരക്ക് കേരളത്തിൽ ഏതാണ്ട് പൂർണമാണ്. അതായത് നമ്മുടെ രാജ്യത്ത് സാർവത്രിക വിദ്യാഭ്യാസം സാർത്ഥകമാക്കിയ ഏക സംസ്ഥാനമാണ് കേരളം.

അതുകൊണ്ടുതന്നെ വിദ്യാഭ്യാസരംഗത്ത് ദേശീയതലത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളല്ല കേരളം നേരിടുന്നത്. ദേശീയാടിസ്ഥാനത്തിൽ സ്കൂൾപ്രാപ്യതയും പഠനത്തുടർച്ചയും ആണ് പ്രധാന പ്രശ്നമെങ്കിൽ കേരളത്തിൽ അത് നീതി ഉറപ്പാക്കിക്കൊണ്ടുള്ള ഗുണമേന്മാ വിദ്യാഭ്യാസം യാഥാർഥ്യമാക്കലാണ്. അതുകൊണ്ടാണ് 'ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശം' എന്ന നിലപാട് കേരളം കൈക്കൊണ്ടത്. വിദ്യാഭ്യാസമേഖലയുടെ ഗുണമേന്മാ വർദ്ധനവിന് സഹായകമായ വിധത്തിൽ ഭൗതികസൗകര്യ വികസനത്തിനായി 2017 മുതൽ സംസ്ഥാനസർക്കാർ വലിയ തുക നിക്ഷേപിച്ചത് നമ്മുടെ അനുഭവമാണ്. വിദ്യാഭ്യാസത്തിനായി വേണ്ടിവരുന്ന പണത്തെ ചെലവായാണ് കമ്പോളയുക്തി കാണുക. എന്നാൽ പുരോഗമനയുക്തി അതിനെ നിക്ഷേപമായാണ് സമീപിക്കുന്നത്.

കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും സ്കൂൾ വിദ്യാഭ്യാസത്തിനടക്കം വിഹിതം നൽകാറുണ്ട്. മുൻകാലങ്ങളിൽ വ്യത്യസ്തങ്ങളായ ചാലുകളിലൂടെയാണ് സംസ്ഥാനങ്ങൾക്ക് തുക നൽകിയിരുന്നത്. എന്നാലിപ്പോൾ ഉച്ചഭക്ഷണപദ്ധതിക്ക് ഒഴികെയുള്ള മറ്റെല്ലാ തുകയും 'സമഗ്ര ശിക്ഷ' എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയിലൂടെയാണ് സംസ്ഥാനങ്ങൾക്ക് കൈമാറുന്നത്. ദേശീയതലത്തിൽ തയ്യാറാക്കിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ കൈമാറ്റം.

1976 വരെ സ്കൂൾവിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിൽ ആയിരുന്നു. പിന്നീടത് കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തപ്പെട്ടു. പരിമിതികൾ ഉണ്ടെങ്കിലും അതിലുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് കേരളം സ്കൂൾ വിദ്യാഭ്യാസരംഗത്തെ അന്യാദൃശ്യമായ നേട്ടങ്ങൾ ഓരോന്നും കൈവരിച്ചത്. എന്നാൽ ദേശീയ വിദ്യാഭ്യാസനയം 2020 നടപ്പാക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കാൻ യൂണിയൻ സർക്കാർ ഉപയോഗിക്കുന്ന ഒരു ഉപകരണമായി സമഗ്ര ശിക്ഷ ഇതിനകം മാറിക്കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. സംസ്ഥാനങ്ങൾക്ക് കാശ് വേണമെങ്കിൽ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായ ഇന്നിന്ന കാര്യങ്ങളിൽ ഒപ്പിടണം എന്ന നിബന്ധന കേന്ദ്രം മുന്നോട്ടുവെക്കുകയാണ്.

കേന്ദ്രസർക്കാർ നയമെന്നത് രാഷ്ട്രീയമായി തീരുമാനിക്കുന്നതാണ് എന്നതിൽ സംശയമില്ല. പക്ഷേ പ്രസ്തുത നയങ്ങളോട് വിയോജിപ്പുള്ള സംസ്ഥാനങ്ങളുടെ മേൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഇംഗിതം അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. സ്കൂൾ വിദ്യാഭ്യാസമേഖലയിൽ ഇതുവരെ സംഭവിക്കാത്തതാണ് ഇതെല്ലാമെന്നോർക്കണം. സമഗ്ര ശിക്ഷ പദ്ധതിയുമായി യാതൊരു ബന്ധവുമില്ലാതെ തികച്ചും ഭിന്നമായി ആവിഷ്കരിച്ച പദ്ധതിയാണ് 'പി എം ശ്രീ സ്കൂൾ' പദ്ധതി. അതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാന്റിങ്ങിൽ ഒപ്പിട്ടില്ല എന്ന കാരണത്താലാണ് സമഗ്രശിക്ഷയുടെ കഴിഞ്ഞവർഷത്തെ മൂന്നാം ഗഡു മുതൽ ഇങ്ങോട്ട് കേരളത്തിന് കിട്ടേണ്ട തുക തടഞ്ഞു വെച്ചിരിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ഈ വർഷം ഈ ഇനത്തിൽ കേരളത്തിന് തുകയൊന്നും നൽകിയിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

പി എം ശ്രീ സ്കൂളുകൾ

പി എം ശ്രീ സ്കൂളുകൾ (പി എം സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) എന്നത് കേന്ദ്ര ക്യാബിനറ്റ് തീരുമാനപ്രകാരം ആരംഭിച്ച സ്കൂളുകളാണ്. 2022 സെപ്റ്റംബർ മാസമാണ് കേന്ദ്രം ഈ സ്കൂളുകൾക്ക് അനുവാദം കൊടുത്തത്. 2022 സെപ്റ്റംബർ 5ന് അധ്യാപകദിനത്തിൽ ഈ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. പദ്ധതി നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയെയാണ് ! മാതൃകാ വിദ്യാലയങ്ങൾ എന്ന നിലയിൽ ഒരു വികസന ബ്ലോക്കിൽ രണ്ട് വിദ്യാലയങ്ങൾ എന്ന് കണക്കാക്കി ഇന്ത്യയിലുടനീളം 14,500 പി എം ശ്രീ സ്കൂളുകൾ നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 2022 മുതൽ 2027 വരെയാണ് നിലവിൽ ഈ പദ്ധതിയുടെ കാലാവധി. എൻ ഇ പി 2020ൽ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിർദ്ദേശിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും 'ഷോക്കേസ്' ചെയ്യുന്നതിനുള്ള പദ്ധതിയായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.

ഈ പദ്ധതിയുടെ സാമ്പത്തികകാര്യങ്ങൾ നോക്കാം. 2022 - 23 മുതൽ 2026 - 27 വരെയുള്ള അഞ്ചു വർഷങ്ങൾ കൊണ്ട് 14,500 വിദ്യാലയങ്ങളെ പി എം ശ്രീ വിദ്യാലയങ്ങൾ ആക്കി മാറ്റുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ കാലയളവിലേക്ക് 27,360 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ട്. പി എം ശ്രീ സ്കൂളുകൾക്കായി കേന്ദ്രസർക്കാർ 60 ശതമാനം തുക നൽകും. ബാക്കി 40 ശതമാനം സംസ്ഥാന സർക്കാർ വഹിക്കണം. കേന്ദ്രസർക്കാർ 5 വർഷത്തേയ്ക്ക് നീക്കിവയ്ക്കുന്നത് 18,128 കോടി രൂപയാണ്. സംസ്ഥാന സർക്കാരുകൾ 9,232 കോടി രൂപ നീക്കിവയ്ക്കണം. അതായത് പ്രതിവർഷം കേന്ദ്രം 3,625.6 കോടി രൂപയും സംസ്ഥാനങ്ങൾ 1,846.4 കോടി രൂപയും ഈ പദ്ധതിയ്ക്കായി നീക്കിവയ്ക്കണം. 2026 - 27ന് ശേഷം ഈ സ്കീമിന് എന്ത് സംഭവിക്കുമെന്ന് ഇതുവരെ വ്യക്തമല്ല. നിലവിലുള്ള രേഖകൾ സൂചിപ്പിക്കുന്നത് സംസ്ഥാനങ്ങളുടെ ചുമതലയായി ഇത് മാറും എന്നാണ്.

ഒരു പി എം ശ്രീ സ്കൂളിന് 5 വർഷത്തേക്ക് കേന്ദ്ര – സംസ്ഥാന സർക്കാർ വിഹിതമായി 1.88 കോടി രൂപ പരമാവധി ലഭിച്ചേക്കാം. ഇതിൽ കേന്ദ്രവിഹിതം 1.13 കോടി രൂപയും സംസ്ഥാനവിഹിതം 75.20 ലക്ഷം രൂപയുമാണ്. അതായത് ഒരു സ്കൂളിന് പ്രതിവർഷം ലഭിക്കാൻ സാധ്യതയുള്ള പരമാവധി തുക 37.6 ലക്ഷം രൂപ ആയിരിക്കും. ഇതിൽ കേന്ദ്രവിഹിതം 22.6 ലക്ഷം രൂപ ആയിരിക്കും. അത് ലഭിക്കണമെങ്കിൽ സംസ്ഥാനം, അതിന്റെ വിഹിതമായി 15 ലക്ഷം രൂപ മാറ്റിവയ്ക്കണം. കേരളത്തിൽ 152 വികസന ബ്ലോക്കുകളാണുള്ളത്. അതുകൊണ്ടു് 304 വിദ്യാലയങ്ങൾക്കായി 571.52 കോടി രൂപ ആകെ ചെലവ് വരും. ഇതിൽ 342.9 കോടി രൂപ കേന്ദ്രവിഹിതമായി ലഭിച്ചേക്കാം. ഇത് ലഭിക്കണമെങ്കിൽ സംസ്ഥാന വിഹിതമായി 228.6 കോടി രൂപ നീക്കിവയ്ക്കണം.

കേന്ദ്രം, സംസ്ഥാനം, കേന്ദ്രഭരണപ്രദേശം, പ്രാദേശിക സർക്കാരുകൾ എന്നിവ നിയന്ത്രിക്കുന്ന നിലവിലുള്ള സ്കൂളുകളിൽ നിന്നായിരിക്കും പി എം ശ്രീ പദ്ധതിയുടെ ഭാഗമാകുന്ന സ്കൂളുകളെ തെരഞ്ഞെടുക്കുക. സ്കൂളുകൾ നേരിട്ട് പോർട്ടൽ വഴി അപേക്ഷിക്കണം. വർഷത്തിൽ നാല് തവണ അപേക്ഷിക്കത്തക്ക വിധം പോർട്ടൽ തുറന്നുകൊടുക്കും. ഒരു ബ്ലോക്കിൽ നിന്ന് പരമാവധി രണ്ട് സ്കൂളുകൾ മാത്രമേ തെരഞ്ഞെടുക്കപ്പെടുകയുള്ളൂ. സ്കൂളുകൾ തെരഞ്ഞെടുക്കപ്പെടണമെങ്കിൽ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകണം. ഒന്നാം ഘട്ടമായി, ഈ സ്കൂളുക ളിൽ എൻ ഇ പി യിൽ പറയുന്ന ഗുണത ഉറപ്പാക്കാനായി എൻ ഇ പി 2020 അതേപടി നടപ്പാക്കിക്കൊള്ളാമെന്ന് സംസ്ഥാന സർക്കാരുകൾ എഗ്രിമെന്റിൽ (എം. ഒ. യു) ഒപ്പുവയ്ക്കണം. രണ്ടാം ഘട്ടമായി യു ഡയസ് ഡാറ്റ വഴി അപേക്ഷിച്ച സ്കൂളുകൾക്ക് അടിസ്ഥാന യോഗ്യതയുണ്ടെന്ന് ഉറപ്പാക്കണം. ഇനിപ്പറയുന്ന മിനിമം മാനദണ്ഡങ്ങളാണ് പരിഗണിക്കുക. സ്കൂളിന് പൂർണമായും ഉപയോഗയോഗ്യമായ സ്വന്തമായ കെട്ടിടമുണ്ടാകണം, തടസ്സമില്ലാതെ സ്കൂളിൽ പ്രവേശിക്കാൻ കഴിയണം, സ്കൂളിൽ സുരക്ഷാസംവിധാനങ്ങൾ ഉണ്ടാകണം. വിദ്യാർത്ഥി പ്രവേശനം സംസ്ഥാന ശരാശരിക്ക് മുകളിലായിരിക്കണം. അധ്യാപകർക്കുള്ള തിരിച്ചറിയൽ കാർഡ്, കുട്ടികൾക്കുള്ള ലൈബ്രറി, സ്പോർട്സ് ഉപകരണങ്ങൾ എന്നിവയെല്ലാം സ്കൂളിൽ ഉണ്ടാകണം.

സ്കൂളുകൾ തെരഞ്ഞെടുക്കുന്നത് കേന്ദ്രസർക്കാർ നിയോഗിച്ച ഒരു വിദഗ്ധസമിതിയായിരിക്കും. ഈ പരിശോധന നടത്തുമ്പോൾ ഭൗതികസൗകര്യങ്ങൾ,‍ അധ്യാപകരുടെ ലഭ്യത, അവർക്ക് നൽകുന്ന പരിശീലനങ്ങൾ, ഉച്ചഭക്ഷണ പദ്ധതി, പഠനനേട്ടങ്ങൾ, പഠനപരിപോഷണ പദ്ധതികൾ, ബോധന രീതി, എൻ എസ് ക്യു എഫ്, സ്കൂൾ ഹരിതവൽകരണം, സ്റ്റേക്ക് ഹോൾഡേഴ്സിന്റെ താല്പര്യം എന്നിവയൊക്കെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയത്തിന്റെ പേരിനുമുമ്പായി പി എം ശ്രീ സ്കൂൾ എന്ന് രേഖപ്പെടുത്തും. 5 വർഷത്തേയ്ക്ക് മാത്രമായിരിക്കും ധനസഹായം. 5 വർഷത്തിനുശേഷം വിദ്യാലയങ്ങളെ സംസ്ഥാനങ്ങൾക്ക് കൈമാറും. 31.03.2027വരെ ആയിരിക്കും ധാരണാപത്രത്തിന്റെ കാലാവധി. ധാരണാപത്രം അസാധുവാക്കുന്നതിനുള്ള അധികാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാണ്.

എൻ ഇ പി 2020 ഷോക്കേസ് ചെയ്യുന്നതിനും അതിലെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടിയും ലക്ഷ്യമിടുന്ന ഈ പദ്ധതിയെ ദേശീയ വിദ്യാഭ്യാസനയത്തെ എതിർക്കുന്ന സംസ്ഥാന സർക്കാരു കൾ സംശയത്തോടെയാണ് നിരീക്ഷിക്കുന്നത് എന്നാണ് മാധ്യമങ്ങൾ പല ഘട്ടങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദേശീയ വിദ്യാഭ്യാസനയത്തിനെതിരെ വലിയതോതിലുള്ള പ്രതിഷേധങ്ങൾ അഖിലേന്ത്യാടിസ്ഥാനത്തിൽ രൂപപ്പെട്ടുവരുന്നുണ്ട്. ഇക്കാര്യത്തിൽ കേരളം കൈക്കൊള്ളുന്ന നിലപാടുകൾ ദേശീയതലത്തിൽ തീർച്ചയായും ശ്രദ്ധിക്കപ്പെടും.

വലിയതോതിലുള്ള സാമ്പത്തികസഹായം വാസ്തവത്തിൽ കേന്ദ്രസർക്കാർ ഈ പദ്ധതി വഴി നൽകുന്നില്ല. നിലവിലുള്ള പദ്ധതികളിൽ നിന്നും ആവശ്യമായ സാമ്പത്തികം സ്വരൂപിക്കണമെന്നാണ് ബന്ധപ്പെട്ടവർ പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നത്! പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം / വിദ്യാകിരണം മിഷന്റെ ഭാഗമായി ഭൗതികസൗകര്യ വികസനത്തിന് വലിയതോതിലുള്ള നിക്ഷേപം കേരളസർക്കാർ നടത്തിയിട്ടുണ്ട്. കേന്ദ്രസർക്കാർ മാനദണ്ഡം നോക്കുകയാണെങ്കിൽ കേരളസർക്കാർ കിഫ്ബി പദ്ധതിയോ മറ്റ് പദ്ധതികളോ‍ വഴി നിർമ്മിച്ച സ്കൂളുകളാണ് തെരഞ്ഞെടുക്കപ്പെടാൻ സാധ്യത. സംസ്ഥാനം മുതൽ മുടക്കി മെച്ചപ്പെടുത്തിയ ഈ വിദ്യാലയങ്ങൾ പിന്നീട് പി എം ശ്രീ വിദ്യാലയങ്ങൾ എന്ന പേരിലാവും അറിയപ്പെടുക. ഒരിക്കൽ പ്രസ്തുത പേര് നൽകിയാൽ പിന്നീട് അത് മാറ്റാൻ കഴിയില്ലെന്ന് എം ഒ യു വ്യക്തമാക്കുന്നു.

തങ്ങളുടെ വിലയിരുത്തൽ സംവിധാനങ്ങളിലൂടെ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളുടെ അധികാരത്തിൽ വലിയ തോതിൽ ഇടപെടുമെന്ന് ഈ പദ്ധതിയോട് വിയോജിപ്പുള്ള വിദ്യാഭ്യാസ വിദഗ്ധർ അഭിപ്രായപ്പെടുന്നു. കേന്ദ്രസർക്കാരിന്റെ പരിപാടികൾ മുഴുവൻ നടത്താനുള്ള മാതൃകാകേന്ദ്രങ്ങളായി ഈ വിദ്യാലയങ്ങൾ മാറ്റപ്പെടും. എൻ സി ഇ ആർ ടി പാഠ്യപദ്ധതി ഈ വിദ്യാലയങ്ങളിൽ നടപ്പാക്കണമെന്ന് തീരുമാനിച്ചാൽ വർഗീയ അജണ്ട വളഞ്ഞ വഴികളിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലേക്ക് എളുപ്പത്തിൽ പ്രസരിപ്പിക്കാനാവും. ഭൂരിപക്ഷ വർഗീയത പ്രചരിപ്പിക്കാനുള്ള ഇടങ്ങളായി ഇത്തരം വിദ്യാലയങ്ങൾ മാറുമോ എന്ന ആശങ്ക ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതാണ്. സംസ്ഥാനസർക്കാരുകളെക്കൊണ്ട് ദേശീയ വിദ്യാഭ്യാസനയം ഏറ്റെടുപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇത്തരം പദ്ധതികൾ എന്നതിൽ സംശയമില്ല. പതിനെട്ട് വയസ്സുവരെ പ്രായമുള്ള എല്ലാവർക്കും വിദ്യാഭ്യാസം അവകാശമാക്കി മാറ്റാത്ത, ബഹുസ്വരതയെയും വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും നിരസിക്കുന്ന, ഫെഡറൽ സംവിധാനങ്ങളെയാകെ അട്ടിമറിച്ച് ഏകശിലാ ലക്ഷ്യങ്ങൾ മുന്നോട്ടുവയ്ക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ ജനകീയ കൂട്ടായ്മകളും പ്രതിരോധങ്ങളും വളർത്തിക്കൊണ്ടുവരേണ്ട കാലഘട്ടമാണിത്. വിദ്യാഭ്യാസ നയരേഖയിലെ അക്കാദമിക നിലപാടുകളെ രാഷ്ട്രീയ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ വേണം സമീപിക്കേണ്ടതെന്നു് ഇതുവരെയുള്ള അനുഭവങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നു. ഈ നയത്തിനെതിരായ പ്രതിരോധം ശക്തമായ ഇടങ്ങളിലെല്ലാം കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പിന്നോക്കം പോയിട്ടുണ്ട് എന്നത് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്. ഇത്തരം കാര്യങ്ങളിൽ മുന്നണിയിൽ നിൽക്കാൻ കേരളത്തിന് കഴിയണമെന്നാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് സംസ്ഥാന സർക്കാരിനോടും പൊതുസമൂഹത്തോടും പറയാനുള്ളത്.