സ്കൂൾ വിദ്യാഭ്യാസം: പരിഷത്ത് അനുഭവങ്ങൾ
സ്കൂൾവിദ്യാഭ്യാസം - പരിഷത്ത് അനുഭവങ്ങൾ | |
---|---|
കർത്താവ് | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ഭാഷ | മലയാളം |
വിഷയം | വിദ്യാഭ്യാസം |
സാഹിത്യവിഭാഗം | ലഘുലേഖ |
പ്രസാധകർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
പ്രസിദ്ധീകരിച്ച വർഷം | നവമ്പർ , 2024 |
ആമുഖം
വളരെ വ്യത്യസ്തമായ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക സാഹചര്യങ്ങളിൽനിന്നു വരുന്ന നാനാതരക്കാരായ കുട്ടികൾ ഉൾപ്പെടുന്നതാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങൾ. മറ്റുസംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി, എല്ലാ കുട്ടികളെയും സ്‌കൂളിലെത്തിക്കാൻ കേരള സമൂഹത്തിന് കഴിഞ്ഞു. അവരെ പന്ത്രണ്ടാംക്ലാസ് വരെ സ്‌കൂളിൽ നിലനിർത്താനും കഴിഞ്ഞു. എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിട്ടുകൊണ്ട് പാഠ്യപദ്ധതി പരിഷ്‌കരിച്ചു. അധ്യാപകശാക്തീകരണം നടത്തി; വിദ്യാലയങ്ങളെ മെച്ചപ്പെടുത്തി മുന്നോട്ടുപോവുകയാണ് കേരളം. എല്ലാവരെയും ഉൾച്ചേർക്കുന്ന സാർവത്രികവിദ്യാഭ്യാസ സംവിധാനമായി കേരളത്തെ വളർത്താനായതിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം. എന്നാൽ, എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെന്ന ലക്ഷ്യം പൂർണമായി നേടാൻ കഴിഞ്ഞിട്ടില്ല. പലതരത്തിൽ അധികപിന്തുണയും പരസഹായവും ആവശ്യമുള്ള വിദ്യാർഥികളുടെയെല്ലാം പ്രാപ്യസ്ഥാനം പൊതുവിദ്യാലയങ്ങളാണ്. ഈ ലക്ഷ്യത്തോടെ ആസൂത്രിതമായി പ്രവർത്തിച്ചു മുന്നേറുകയാണ് പൊതുവിദ്യാഭ്യാസ സംവിധാനം. എന്നാൽ, പതുക്കെപ്പതുക്കെ മാത്രമേ ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ കഴിയുകയുള്ളൂ. എല്ലാ കുട്ടികൾക്കും അക്കാദമികമികവ് ഉറപ്പാക്കുന്നതിന് തടസ്സം നിൽക്കുന്ന കാരണങ്ങളിൽ പലതും സാമൂഹികമാണ്. അതടക്കം കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ജനകീയ ഉത്തരവാദിത്തമുള്ള വിദ്യാഭ്യാസവകുപ്പിൽ നിന്നുണ്ടാകേണ്ടത്. ശരിയായ പഠനപ്രക്രിയയും അതിൽ ഉൾച്ചേർത്ത് നിർവഹിക്കേണ്ട നിരന്തര മൂല്യനിർണയവുമാണ് നിലവിലുള്ള പാഠ്യപദ്ധതി സമീപനത്തിന്റെ കാതൽ. ഇത് ശരിയായ രൂപത്തിൽ നടക്കുന്നില്ലെന്ന വസ്തുത തർക്കമറ്റ സംഗതിയാണ്. ഇതിന്റെ കാഴ്ചപ്പാടും പ്രയോഗവും നിരന്തരമായി ചർച്ചചെയ്ത് ഫലപ്രദമാക്കണം. മാതൃഭാഷയിലുള്ള പഠനത്തിന്റെ അഭാവം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ പ്രതി കൂലമായി ബാധിക്കുന്നുണ്ടോ? എല്ലാ വിഷയങ്ങളുടെയും പഠനത്തെ സ്വാധീനിക്കുന്ന ഭാഷാപഠനത്തിലെ വൈകല്യം അന്വേഷണങ്ങളുടെ അടിത്തറയാക്കേണ്ടതുണ്ട്. ഭാഷാപഠനത്തിന്റെ പ്രക്രിയയും രീതിശാസ്ത്രവും കൃത്യമായി പാലിക്കപ്പെടേണ്ടത് അനിവാര്യമാണ്. ഇതു സംബന്ധിച്ച് ധാരാളം അവ്യക്തതകളും സാമൂഹ്യവിരുദ്ധമായ സമ്മർദസമീപനങ്ങളും നിലനിൽക്കുന്നുണ്ട്.
കേവലം അറിവിനപ്പുറം, വിദ്യാർഥികളിൽ നവീനസാങ്കേതികശേഷികളും ഭരണഘടനാധാർമിക മൂല്യങ്ങളും സാമൂഹ്യമനോഭാവങ്ങളും രൂ പപ്പെടുത്തണം. പൗരന്റെ അവകാശവും കർത്തവ്യവും തിരിച്ചറിഞ്ഞ് മികച്ച സാമൂഹികജീവിയായി പ്രവർത്തിക്കുന്ന തലത്തിലേക്ക് കുട്ടിയെ വളർത്തുകയെന്നത് വിദ്യാഭ്യാസത്തിന്റെ സുപ്രധാനലക്ഷ്യമാണ്. എല്ലാ വിദ്യാർഥികളും ഈ ലക്ഷ്യങ്ങൾ നേടണമെങ്കിൽ വിദ്യാഭ്യാസസംവിധാനം ഇനിയും ഉന്നതി പ്രാപിക്കണം. ഓരോരോ ഘടകങ്ങളും ശാസ്ത്രീയമായി നവീകരിക്കണം. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനം ഈ ദിശയിൽ ബഹുദൂരം മുന്നോട്ടുപോകേണ്ടതുണ്ട്. എന്നാൽ ക്രിയാത്മകമായ നവീകരണശ്രമങ്ങൾ ശക്തമായി തുടരുന്നതിനുപകരം, നിലവിലുള്ള സംവിധാനത്തിന്റെ ദൗർബല്യം മറച്ചുവെച്ച്, കുട്ടികളെ പഴിചാരുന്ന രീതി ഒട്ടും ഗുണകരമല്ല. അതെല്ലാം പരിഹരിക്കാനുള്ള വിദൂരസാധ്യതപോലും ഇല്ലാതാക്കുന്നതിന്റെ പ്രവണതകളാണ് പുതിയ പരീക്ഷാ പരിഷ്‌കാരത്തിൽ അടങ്ങിയിട്ടുള്ളത്. വിദ്യാഭ്യാസവകുപ്പ് ഇക്കാര്യത്തിൽ അനവധാനതയോടെ പ്രവർത്തിക്കരുത്.
വിദ്യാഭ്യാസരംഗത്ത് ഇതുണ്ടാക്കാൻ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ കേരളസമൂഹം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് ശരിയായ വിദ്യാഭ്യാസ ഗുണതയ്ക്കുവേണ്ടിയുള്ള ജനകീയസമ്മർദം ഉയർന്നുവരണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് താൽപര്യപ്പെടുന്നു. കേരളസമൂഹത്തിന്റെ പൊതുബോധ നവീകരണത്തിനു സഹായകമായ 6 ലഘുലേഖകളുടെ സമാഹാര മാണ് 'ഗുണമേന്മയുള്ള വിദ്യാഭ്യാസം, കുട്ടികളുടെ അവകാശം' എന്ന ക്യാമ്പയിനിലൂടെ പ്രചരിപ്പിക്കുന്നത്. തോൽപ്പിച്ചാൽ നിലവാരം കൂടുമോ?, പുതുവഴി തേടുന്ന ഭാഷാപഠനം, പരീക്ഷയെക്കുറിച്ച് ഒരു വർത്തമാനം, വിദ്യാഭ്യാസ ഗുണനിലവാരം: മാറണം വിദ്യാഭ്യാസവ്യവസ്ഥയും സംവിധാനവും, സ്‌കൂൾവിദ്യാഭ്യാസം: പരിഷത്തനുഭവങ്ങൾ, ദേശീയവിദ്യാഭ്യാസനയവും കേരളവും എന്നിവയാണ് അവ. എല്ലാ സുഹൃത്തുക്കളും വായിക്കണേ.. വിദ്യാഭ്യാസരംഗത്തെ തെറ്റായ പ്രവണതകൾ തിരുത്തിക്കുന്നതിനുള്ള സക്രിയമായ ഇടപെടലുകൾക്ക് ഇത് കളമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
സ്കൂൾ വിദ്യാഭ്യാസം: പരിഷത്ത് അനുഭവങ്ങൾ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1962 ൽ രൂപംകൊണ്ടതു തന്നെ ശാസ്ത്രവിജ്ഞാനം മലയാളഭാഷയിൽ പ്രചരിപ്പിക്കാനാണല്ലോ. ക്രമേണ, മാതൃഭാഷയിൽ കൂടിയാവണം സ്കൂൾപഠനം നടക്കേണ്ടതെന്നും അതിനാൽ ശാസ്ത്ര വിദ്യാഭ്യാസത്തിനായി തയ്യാറാക്കുന്ന പുസ്തകങ്ങളും ലേഖനങ്ങളും മലയാളഭാഷയിലായിരിക്കണമെന്നും പരിഷത്ത് ആവശ്യപ്പെടാൻ തുടങ്ങി. പരിഷത്തിന്റെ മെമ്പർഷിപ്പ് ചേരുവയിൽ മുന്നിൽ നിന്നത് സ്കൂൾ അധ്യാപകരായിരുന്നു. സ്വാഭാവികമായും അവരുടെ പ്രൊഫഷണൽ മികവ് വർധിപ്പിക്കാനും അതുവഴി സ്കൂളിനെ/ വിദ്യാർഥികളെ അക്കാദമികമായി സഹായിക്കാനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ പരിഷത്ത് ആസൂത്രണം ചെയ്തുകൊണ്ടിരുന്നു. കേരള സംസ്ഥാനം രൂപംകൊള്ളുന്നത് 1956 ലാണല്ലോ. അതേ കാലഘട്ടത്തിൽ തന്നെയായിരുന്നു (1957 ൽ) സോവിയറ്റ് യൂണിയന്റെ സ്‌പുട്‌നിക് വിക്ഷേപണവും. ലോകത്തെല്ലായിടത്തെയും ശാസ്ത്രജ്ഞരെയും സ്‌കൂൾ - സർവകലാശാല തലങ്ങളിലെ വിദ്യാഭ്യാസ ആസൂത്രകരെയും ഈ സംഭവം അക്ഷരാർഥത്തിൽ ഞെട്ടിച്ചു. യൂറോപ്പിലും അമേരിക്കയിലും സ്‌കൂൾ പാഠ്യപദ്ധതി നവീകരിക്കുകയും പുനഃസൃഷ്ടിക്കുകയും ചെയ്യാൻ സോവിയറ്റ് യൂണിയന്റെ സ്‌പുട്‌നിക് വിക്ഷേപണം ശക്തമായ പ്രചോദനമായി മാറി. ഇവയെല്ലാം ഇന്ത്യയിലെയും കേരളത്തിലെയും സ്കൂൾവിദ്യാഭ്യാസത്തിലെ നവീകരണ ശ്രമങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഗണിതം, ശാസ്ത്രം എന്നീ മേഖലകളിലായിരുന്നു അമേരിക്കയിലെയും യൂറോപ്പിലെയും സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം പ്രധാനമായും നടന്നത്. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങളും അധ്യാപക സഹായികളും വിവിധതരം റഫറൻസ് ബുക്കുകളും അവർ തയ്യാറാക്കിയിരുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും പാഠ്യപദ്ധതി പരിഷ്കാരങ്ങൾ ഇന്ത്യയിലും നടപ്പാക്കാൻ തീരുമാനിച്ചപ്പോൾ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലും പുതിയരീതിയിൽ പാഠ്യപദ്ധതി പരിഷ്കരിച്ചു നടപ്പാക്കുകയുണ്ടായി. അതിനായി പ്രത്യേക പരിശീലനങ്ങളൊന്നും അധ്യാപകർക്കോ വിദ്യാഭ്യാസ മാനേജ്‌മെന്റ് സംവിധാനത്തിനോ നൽകിയിരുന്നില്ല. അതിനാൽ ഗഹനമായ ഉള്ളടക്കവും ആശയങ്ങളും മറ്റുമുള്ള പാഠപുസ്തകങ്ങൾ ക്ലാസിൽ വിനിമയം ചെയ്യാനായി ശാസ്ത്രസാഹിത്യ പരിഷത്തിലെ കോളേജ് അധ്യാപകർ സ്കൂൾ അധ്യാപകർക്ക് പരിശീലനം കൊടുക്കുകയുണ്ടായി. പരിഷത്ത് നടത്തിയ ആദ്യത്തെ ഔപചാരികമായ അധ്യാപകപരിശീലനം ഇതായിരുന്നു. 1950 ൽ നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയിൽ വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റിൽ (State list) ആയിരുന്നു. അത് 45-ാം വകുപ്പിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. 45-ാം വകുപ്പ് 14 വയസ്സുവരെയുള്ള (8-ാം ക്ലാസ് - എലിമെന്ററി വിദ്യാഭ്യാസ കാലംവരെ) കാലത്തെ വിദ്യാഭ്യാസത്തെക്കുറിച്ചാണ് സൂചിപ്പിച്ചിരുന്നത്. ഭരണഘടനയിലെ നിർദേശകതത്വങ്ങളിൽ (Directive Principles) ആണ് വിദ്യാഭ്യാസം ഉൾപ്പെട്ടിരുന്നത്. എന്നിട്ടുപോലും സ്കൂൾവിദ്യാഭ്യാസത്തെ സാർവത്രികമാക്കാനുള്ള ഒട്ടേറെ നടപടികൾ കേരളം സ്വീകരിച്ചു. സാർവത്രികമായ പ്രൈമറി വിദ്യാഭ്യാസം ലക്ഷ്യമാക്കിയുള്ള സ്കൂൾ ലഭ്യതയും സ്കൂൾ പ്രവേശനവും കുട്ടികളെ കൊഴിഞ്ഞുപോക്കില്ലാതെ നിലനിർത്തലും പോലുള്ള ഒട്ടേറെ നയങ്ങൾ കേരളം നടപ്പാക്കി. അയൽപക്കത്തു തന്നെ സ്കൂളുകൾ സ്ഥാപിക്കുക, സ്കൂളിലെത്താൻ എല്ലാ കുട്ടികൾക്കും കൺസെഷനോടു കൂടിയ യാത്രാസൗകര്യം ബസ്സുകളിൽ ഏർപ്പെടുത്തുക, ഉച്ചഭക്ഷണ പരിപാടികൾക്കായി രക്ഷിതാക്കളുടെ, പ്രത്യേകിച്ച് അമ്മമാരുടെ പങ്കാളിത്തം ഉറപ്പാക്കുക, നാട്ടുകാരുടെ സജീവപങ്കാളിത്തത്തോടെ സ്കൂൾ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയവയെല്ലാം രാജ്യത്തു തന്നെ സ്കൂൾ വിദ്യാഭ്യാസമേഖലയിൽ കേരളത്തെ ബഹുദൂരം മുന്നിലെത്തിച്ചു.
വിദ്യാഭ്യാസമേഖലയിലെ ദ്വിമുഖ സമരം
ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസനയം രൂപംകൊണ്ടത് 1968 ൽ ആയിരുന്നു. 1964-66 ലെ കോത്താരി കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നാണത് (അന്ന് വിദ്യാഭ്യാസം ഭരണഘടനയിലെ സംസ്ഥാന ലിസ്റ്റിലായിരുന്നു). വിദ്യാഭ്യാസം സംയുക്ത ലിസ്റ്റിൽ (Concurrent List) ആയശേഷം 1986 ലാണ് അടുത്ത ദേശീയ വിദ്യാഭ്യാസനയം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. അപ്പോഴേക്കും പരിഷത്ത് വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങൾക്ക് രണ്ടു മുഖം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഏത് സംവിധാനത്തിലും, രാജ്യത്തും വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും രീതിശാസ്ത്രവും നിർണയിക്കുന്നത് ആ സംവിധാനം വിദ്യാഭ്യാസപ്രവർത്തനത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതിനനുസരിച്ചാണ്. ആ രാജ്യത്തെ പൊതുനയങ്ങളുടെ ആഖ്യാനമായ ഭരണഘടനയ്ക്ക് അതിൽ നിർണായക സ്വാധീനമുണ്ട്. വിദ്യാഭ്യാസം എന്നത് നിലവിലുള്ള സമൂഹത്തെ മാറ്റിപ്പണിയാനും ഓരോ വ്യക്തിക്കും താൻ ജീവിക്കുന്ന സമൂഹത്തെ പുനഃസൃഷ്ടിക്കാൻ തന്റെ കഴിവുകളെ പരമാവധി വളർത്തിയെടുക്കാനുമുള്ള ഇടമാണ്. വിദ്യാഭ്യാസത്തിന്റെ ഈ സമീപനം അംഗീകരിക്കാത്ത സംവിധാനത്തിൽനിന്ന് ഇത്തരമൊരു നയങ്ങളല്ല ഉണ്ടായിവരിക. അപ്പോൾ ആ തീരുമാനങ്ങളെയും സമീപനങ്ങളെയും ആശയങ്ങളെയും ചോദ്യംചെയ്യേണ്ടിവരും. വിദ്യാഭ്യാസത്തിന്റെ വിമോചനാത്മക റോൾ അംഗീകരിക്കുന്നില്ലെങ്കിൽ അതിനെ ചോദ്യംചെയ്യുന്ന സമരത്തോടൊപ്പം ക്ലാസ് മുറിയിലെ മുഴുവൻ വിദ്യാർഥികളുടെയും വിവിധ വിഷയമേഖലയിലെ പരമാവധി ശേഷീവളർച്ച ഉറപ്പാക്കാനായി വിദ്യാർഥികളെ സഹായിക്കേണ്ടി വരും. രണ്ടാമത്തെതും ഒരുതരം സമരം തന്നെയാണ് - ക്ലാസ്മുറിക്കകത്തുള്ള സമരം. ക്സാസ്മുറിക്കകത്തും പുറത്തുമുള്ള ഈ ദ്വിമുഖ സമരം പരിഷത്തിന്റെ ഉത്തരവാദിത്തമായി സംഘടന 1980 കളിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു. 1966, 1969, 1970 വർഷങ്ങളിലാണ് പരിഷത്ത് ശാസ്ത്രഗതി, ശാസ്ത്രകേരളം, യുറീക്ക എന്നിവ പ്രസിദ്ധീകരിക്കാനാരംഭിച്ചത്. സ്കൂളുകളിലും കലാലയങ്ങളിലും ശാസ്ത്രം പഠിക്കാനും, പഠിപ്പിക്കാനും അധ്യാപകരെയും, വിദ്യാർഥികളെയും സഹായിക്കാനും ശാസ്ത്രത്തിന്റെ രീതി ഉൾക്കൊള്ളാനും പറ്റിയ വിധത്തിൽ പഠനങ്ങളും ബോധനരീതികളും പരിഷത്ത് ഈ മാസികകളിൽ ചർച്ചചെയ്തു. അധ്യാപകർക്ക് ക്ലാസ്‌മുറിക്കുള്ളിലെ സമരത്തിന് തയ്യാറെടുക്കാൻ പറ്റിയ ഒട്ടേറെ വിഭവങ്ങൾ ഈ മാസികകളിലുണ്ടായിരുന്നു. മേൽപ്പറഞ്ഞ മൂന്ന് മാസികകളെക്കൂടാതെ ധാരാളം ശാസ്ത്ര - സാമൂഹ്യശാസ്ത്ര പുസ്തകങ്ങളും റിപ്പോർട്ടുകളും ലഘുലേഖകളും പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്രാന്വേഷണ പ്രോജക്ടുകളും പരീക്ഷണങ്ങളും, ദിവാസ്വപ്നം, ടോട്ടോച്ചാൻ, നേഴ്‌സറി വിദ്യാഭ്യാസം എന്ത്? എന്തിന്?, വിദ്യാഭ്യാസ പരിവർത്തനത്തിന് ഒരു ആമുഖം, ജനായത്ത വിദ്യാലയം, സയൻസ് ക്രീം പുസ്തകങ്ങൾ, ഗണിതകൗതുകം, ശാസ്ത്രകൗതുകം, എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്, കുരുന്നില, പുരോഗമന വിദ്യാഭ്യാസചിന്തകൾ, സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഫിൻലൻഡ് മാതൃക, കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ട് തുടങ്ങിയ മേൽപ്പറഞ്ഞ സമീപനങ്ങൾക്ക് അനുഗുണമായി പ്രസിദ്ധീകരിച്ചവയാണ്.
സർക്കാരുകളുടെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ
വിമർശനങ്ങൾ ഉയർത്തുക മാത്രമല്ല, പ്രായോഗിക ബദലുകൾ നിർദേശിക്കുകയും ചെയ്തുവെന്നതിനാൽ ധാരാളം അധ്യാപകർ പരിഷത് പ്രവർത്തനങ്ങളിൽ ആകൃഷ്ടരാവുകയുണ്ടായി. എയ്‌ഡഡ് സ്കൂളിലെ അധ്യാപക നിയമനത്തിൽ നടക്കുന്ന അഴിമതിയെപ്പറ്റിയും സ്വജന പക്ഷപാതത്തെപ്പറ്റിയും അറിയാമായിരുന്നെങ്കിലും അതിന്റെ തീവ്രത വെളിവായത് പരിഷത്ത് 1984 ൽ ജനകീയമായും പരസ്യമായും നടത്തിയ തെളിവെടുപ്പിലൂടെയായിരുന്നു. 1976 ൽ അടിയന്തിരാവസ്ഥയുടെ മറവിൽ വിദ്യാഭ്യാസം ഭരണഘടനയിലെ സംസ്ഥാന ലിസ്റ്റിൽ നിന്ന് സംയുക്ത ലിസ്റ്റിലേക്ക് കേന്ദ്രസർക്കാർ മാറ്റിയപ്പോഴും പ്രതിഷേധിക്കാൻ പരിഷത്ത് മുന്നിട്ടിറങ്ങി. 1986 ൽ പ്രഖ്യാപിക്കാൻ പോകുന്ന ദേശീയ വിദ്യാഭ്യാസനയത്തിന്റെ മുന്നോടിയായി 1985 ൽ ചർച്ചയ്ക്ക് വേണ്ടി അവതരിപ്പിച്ച വിദ്യാഭ്യാസത്തിലെ വെല്ലുവിളികൾ (Challenges of Education: Policy Prospective) എന്ന രേഖയെപ്പറ്റി പരിഷത്ത് വ്യാപകമായി അക്കാദമിക ചർച്ചകൾ നടത്തുകയുണ്ടായി. 2001 ൽ കേരളത്തിൽ അധികാരത്തിലെത്തിയ സർക്കാർ, കുട്ടികൾ കുറവാണെന്ന കാരണത്താൽ സ്കൂളുകളെ അനാദായകരം (uneconomic) എന്ന് മുദ്രകുത്തി അടച്ചൂപൂട്ടാൻ തീരുമാനിച്ചപ്പോൾ പരിഷത്ത് അതിൽ സക്രിയമായി ഇടപെടുകയുണ്ടായി. ആ സ്കൂളുകൾ ഇല്ലാതായാൽ ആ പ്രദേശത്തെ സ്കൂൾ പ്രായത്തിലുള്ള കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെടുമെന്ന് ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ദൂരപ്രശ്നങ്ങളും ചൂണ്ടിക്കാണിച്ച് പ്രദേശത്തിന്റെ ഭൂപടത്തിൽ രേഖപ്പെടുത്തി ജനങ്ങളുടെയും സർക്കാരിന്റെയും മുമ്പിൽ വിശദീകരിച്ചു. ആ തീരുമാനത്തിൽനിന്ന് സർക്കാരിനെ പിന്തിരിപ്പിക്കാനുള്ള ജനകീയസമ്മർദ്ദങ്ങളെ ശക്തിപ്പെടുത്താൻ ഈ വിവരങ്ങൾ പ്രയോജനകരമായി.
ബാലവേദിയെന്ന പരീക്ഷണശാലകൾ
സ്കൂളുകളിലെ പഠനം, പ്രത്യേകിച്ചും ശാസ്ത്രപഠനം, അവരിൽ ശാസ്ത്രബോധവും സാമൂഹ്യബോധവും രൂപപ്പെടുത്താൻ ഉതകുന്നവയായിരുന്നില്ല. പഠനം പലപ്പോഴും പരീക്ഷാകേന്ദ്രിതവും അധ്യാപകകേന്ദ്രിതവുമായിരുന്നു. ക്ലാസ്‌റൂം പഠനത്തെ പഠിതാവിനെ കേന്ദ്രീകരിച്ച് പ്രവർത്തനാധിഷ്ഠിതവും പരിസരബന്ധിതവും ആക്കി മാറ്റി അറിവ് സൃഷ്ടിക്കാൻ ഉതകുന്ന തരത്തിൽ എങ്ങനെ മാറ്റാമെന്ന അന്വേഷണമാണ് ‘ബാലവേദി’കൾക്ക് രൂപംകൊടുക്കാൻ ശാസ്ത്രസാഹിത്യ പരിഷത്തിന് പ്രചോദനമായത്. പല പ്രായത്തിലുള്ള കുട്ടികൾ ഒന്നിച്ചിരുന്ന് ചിരിച്ചും കളിച്ചും അഭിനയിച്ചും ചെയ്തും പരീക്ഷിച്ചും അറിവ് സൃഷ്ടിച്ച് പ്രവർത്തിക്കുന്ന ഒരിടമായിരുന്നു ബാലവേദികൾ. അധ്യാപിക/ അധ്യാപകൻ സാമൂഹ്യബോധമുള്ള ഒരു പരിഷത് പ്രവർത്തകയായിരിക്കും. കുട്ടിക്ക് ആവശ്യമുള്ള കൈത്താങ്ങാണ് (scaffolding) അധ്യാപിക അവിടെ കൊടുത്തത്. അധ്യാപിക എല്ലാം അറിയുന്ന, എല്ലാറ്റിനും ഉത്തരം നൽകുന്ന, ശരിമാത്രം ചെയ്യുന്ന ഒരാളായല്ല; അവർ ഒരു മുതിർന്ന പഠിതാവ്/ സഹപാഠി മാത്രമായിരുന്നു. പഠനം അർഥപൂർണമാവാൻ അധ്യാപിക - പഠിതാവ് ബന്ധത്തിലെ മേൽ - കീഴ് ബന്ധത്തെ ജനാധിപത്യവത്കരിക്കണമെന്ന ആശയം പരിഷത്ത് പ്രവർത്തകർക്ക് ബോധ്യപ്പെടാൻ ബാലവേദി പ്രവർത്തനങ്ങൾ ഏറെ സഹായിച്ചു. പരിഷത്ത് ആവിഷ്കരിച്ച പല ആശയങ്ങളും പരീക്ഷിച്ചുനോക്കാനുള്ള ഒരു ലാബ് കൂടിയായിരുന്നു ബാലവേദികൾ. വ്യത്യസ്ത വയസ്സിലുള്ള പഠിതാക്കൾ അവിടെ ഒരേ ക്ലാസിലിരുന്നു ‘പഠിച്ചു.’ കളികൾ, പാട്ടുകൾ, നാടകങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ, ഗണിത പസിലുകൾ, ജ്യോതിശ്ശാസ്ത്ര നിരീക്ഷണങ്ങൾ, അന്വേഷണങ്ങൾ എന്നിവ ശിശു കേന്ദ്രീകൃതമായും പ്രവർത്തനാധിഷ്ഠിതമായും ബാലവേദി പ്രവർത്തകർ കൂട്ടായി ഏറ്റെടുത്തു. പരിഷത്ത് അടുപ്പ് എന്ന പരിഷത്തിന്റെ ഊർജക്ഷമതയുള്ള അടുപ്പ് ഉപയോഗിച്ചുകൊണ്ട് 5, 6, 7 ക്ലാസിലെ പാഠ്യപദ്ധതിയിലെ, ഊർജം, പരിസ്ഥിതി സംരക്ഷണം, ഭക്ഷണം, എനർജി മാനേജ്‌മെന്റ് തുടങ്ങിയ ആശയങ്ങളെ ഉദ്‌ഗ്രഥിതമാക്കിയും കൂടുതൽ ആശയ വ്യക്തത യോടെയും എങ്ങനെ പഠിക്കാമെന്നതിനായി ഉദ്ഗ്രഥിത ശാസ്ത്രപഠനത്തിൽ ധാരാളം പ്രവർത്തനങ്ങൾ ബാലവേദികൾ ഏറ്റെടുക്കുകയുണ്ടായി. ഈ ആശയങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ധാരാളം ബാലോത്സവങ്ങൾ പരിഷത്ത് നടത്തുകയുണ്ടായി. യൂണിറ്റ് തലം, മേഖലാതലം, ജില്ലാതലം, സംസ്ഥാനതലം, ദേശീയതലം എന്നിങ്ങനെ പല തട്ടുകളിൽ, കുട്ടികളെ അതിഥി - ആതിഥേയ രീതിയിൽ താമസിപ്പിച്ചുകൊണ്ട്, ബാലോത്സവങ്ങൾ നടത്തി. പരിഷത്തിന്റെ സംഘാടന മികവും അക്കാദമിക മികവും തെളിയിക്കുന്ന വിദ്യാഭ്യാസ പരിപാടികളായിരുന്നു അവയെല്ലാം. കൂടാതെ, ബാലോത്സവജാഥകളെന്ന സഞ്ചരിക്കുന്ന ക്ലാസ്‌മുറികൾ ധാരാളം സ്‌കൂളുകൾ സന്ദർശിക്കുകയുണ്ടായി. മൂല്യനിർണയത്തിലും അന്വേഷണങ്ങൾ സംഘടന ഏറ്റെടുത്തിട്ടുണ്ട്. പരീക്ഷ എങ്ങനെയോ അങ്ങനെയാവും ക്ലാസ്‌റൂം പഠനം എന്നത് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. അതിനാൽ മൂല്യനിർണയം (പരീക്ഷ) മാറാതെ ക്ലാസ് അന്തരീക്ഷവും ക്ലാസ്‌റൂം പഠനവും മാറില്ല. അതിനായി വിജ്ഞാനോത്സവങ്ങൾ സ്കൂളുകളിലും ബാലവേദികളിലും നടത്തി. കുട്ടികളെ ശരിയായി വിലയിരുത്താൻ സഹായിക്കാനായി ആശയ രൂപീകരണം നടത്താൻ സ്കൂൾ തലം, ഗ്രാമപഞ്ചായത്തുതലം, മേഖലാതലം, ജില്ലാതലം എന്നിങ്ങനെ വിവിധ തട്ടുകളിൽ വിജ്ഞാനോത്സവം നടത്തി മൂല്യനിർണയ ടൂളുകൾക്ക് രൂപംനൽകുകയുണ്ടായി. 1997 ൽ സർക്കാർ നടത്തിയ പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ ഈ ആശയങ്ങളെ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പൊതുവിദ്യാലയങ്ങളിൽ 2005 മുതൽ എസ്.എസ്.എൽ.സി. പരീക്ഷകൾക്ക് ഗ്രേഡിങ് സമ്പ്രദായം നടപ്പാക്കുന്നതിന് മുമ്പുതന്നെ വിജ്ഞാനോത്സവത്തിൽ അത് ഉപയോഗപ്പെടുത്തുകയും അതിനെ കുറ്റമറ്റതാക്കാനുള്ള ട്രൈ ഔട്ടുകൾ നടത്തുകയും ചെയ്തിരുന്നു പരിഷത്ത്.
സാക്ഷരതാ പ്രവർത്തനങ്ങൾ
‘ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്’ എന്നതാണല്ലോ പരിഷത്തിന്റെ കേന്ദ്ര മുദ്രാവാക്യം. സാമൂഹ്യ മാറ്റത്തിൽ ശാസ്ത്രത്തെ ഉപയോഗപ്പെടുത്തണമെങ്കിൽ ജനങ്ങൾ സാക്ഷരരാവണം. അപ്പോൾ മാത്രമേ തന്റെ അവസ്ഥ എന്താണെന്നും അത് എന്തുകൊണ്ടാണെന്നും അതിൽനിന്നുള്ള മോചനം എങ്ങനെയെന്നുമുള്ള ചോദ്യങ്ങളുയർത്താൻ ഒരാൾക്ക് സാധിക്കൂ. അതിനാകട്ടെ, മുഴുവൻ ജനങ്ങളും സാക്ഷരരാവണം. സ്വാതന്ത്ര്യം ലഭിച്ച് 40 ലേറെ വർഷങ്ങൾ കഴിഞ്ഞിട്ടും (1990 ൽ) ഇത് നേടാൻ നമുക്കായില്ല. അതിനു കാരണം ഫലപ്രദമായ ഒരു മാതൃക നമുക്ക് സൃഷ്ടിക്കാൻ സാധിക്കാത്തതാണ്; രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാത്തതാണ്. അതിനായി, സ്കൂൾ പ്രായത്തിലുള്ള മുഴുവൻ കുട്ടികളും അയൽപ്പക്ക സ്കൂളുകളിൽ എത്തുകയും എത്തിയവരെല്ലാം 10-ാം ക്ലാസുവരെ നിലനില്ക്കുകയും (retention) എല്ലാവർക്കും പരമാവധി പഠനനേട്ടങ്ങൾ ഉണ്ടാകുകയും വേണം. ഇത് പ്രാവർത്തികമാക്കുന്നതിന് ഇക്കാര്യങ്ങളെക്കുറിച്ച് ബോധ്യമുള്ള രക്ഷിതാക്കൾ ഉണ്ടാവുന്നത് നമ്മുടെ ശ്രമം എളുപ്പമാക്കും; ഇത്തരം രക്ഷിതാക്കളെ പ്രാദേശിക വികസനപ്രവർത്തനങ്ങളിൽ പങ്കാളിയാക്കാനാവുകയും ചെയ്യും. അതിനാൽ സാക്ഷരതാ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് പരിഷത്ത് തിരിച്ചറിഞ്ഞു. സാക്ഷരതാ പ്രവർത്തനങ്ങൾക്ക് പുതുവഴി തേടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എറണാകുളം ജില്ലയിൽ 1989 -90 ൽ ഇക്കാര്യം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഏറ്റെടുക്കുന്നത്. ജില്ലാ ഭരണകൂടം, വിവിധ രാഷ്ട്രീയപ്പാർട്ടികൾ, സാംസ്കാരിക പ്രവർത്തകർ, അധ്യാപകരും സർക്കാർ ജീവനക്കാരും, മതമേധാവികൾ, പൊതുസമൂഹം എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തോടെയാണ് പരിഷത്ത് ഈ യജ്ഞം പ്രാവർത്തികമാക്കിയത്. 1989 ജനുവരി 26 ന് ആരംഭിച്ച സമ്പൂർണ സാക്ഷരതയ്ക്കായുള്ള പ്രവർത്തനത്തിൽ ആദ്യം ശ്രമിച്ചത് ജില്ലയിൽ അത്തരം പ്രവർത്തനം ഏറ്റെടുക്കാനുള്ള അന്തരീക്ഷ നിർമാണത്തിനാണ്. ഇതിനായി കലാജാഥകൾ, പോസ്റ്ററുകൾ, ചെറു പ്രഭാഷണങ്ങൾ, പള്ളികളും സ്കൂളുകളും ഓഫീസുകളും കേന്ദ്രീകരിച്ചുകൊണ്ടുള്ള ബോധവത്‌കരണ പരിപാടികൾ, സാക്ഷരതാ ഇൻസ്‌ട്രക്‌ടർമാരായി ചെറുപ്പക്കാരെ എൻറോൾ ചെയ്യാനുള്ള തീവ്ര ശ്രമങ്ങൾ, ജില്ലയിലെ മൊത്തം ബ്യൂറോക്രസിയെ ഈ ആശയത്തിലേക്ക് ആവേശംകൊള്ളിക്കാനുള്ള പരിശ്രമം എന്നിവയായിരുന്നു ഏറ്റെടുത്തത്. ജില്ലയിലെ മുഴുവൻ ജനങ്ങളെയും പരിപാടിയുടെ ഭാഗമാക്കാൻ പരമാവധി ശ്രദ്ധിച്ചു. വീടുകൾ കയറി ശാസ്ത്രീയമായി നടത്തിയ സർവെ വഴി കണ്ടെത്തിയ 1,85,381 നിരക്ഷരരിൽ സ്ഥലത്തില്ലായ്ക, രോഗം തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഒഴിവായവരെ മാറ്റിനിർത്തിയാൽ ബാക്കിയുള്ള 1,61,839 പേർക്കായി ഏകദേശം 18,500 ക്ലാസുകൾ നടത്തുകയുണ്ടായി. ചിട്ടയായ ആസൂത്രണം, പ്രത്യേകമായി തയ്യാറാക്കിയ പാഠപുസ്തകങ്ങൾ, അധ്യാപകർക്കായി തയ്യാറാക്കിയ കൈപ്പുസ്തക ങ്ങൾ, അധ്യാപക പരിശീലനം, കൃത്യമായ മോണിട്ടറിംഗ്, നടത്തിപ്പിൽ ആവശ്യമായ ഇടക്കാല തിരുത്തലുകൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന - ഒരിക്കലും പൂട്ടാത്ത - സാക്ഷരതാ ഓഫീസ് സംവിധാനം എന്നിവയിലൂടെ കേരളം നാളിതുവരെ കാണാത്തതും പുതുമയാർന്നതുമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ്മയിലൂടെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത നേടിയ ജില്ലയായി എറണാകുളത്തെ പ്രഖ്യാപിച്ചു. അനന്യമായ ഈ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയകരമായി പൂർത്തീകരിച്ചതിനുള്ള അംഗീകാരമായി യുനെസ്‌കോയുടെ ‘കിങ് സെ ജോങ്’ സാക്ഷരതാ അവാർഡ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് ലഭിച്ചു. അസാധ്യമെന്ന് കരുതിയിരുന്ന സമ്പൂർണ സാക്ഷരതാ നേട്ടം സാധ്യമാക്കാൻ വ്യത്യസ്തവും തനിമയുള്ളതുമായ ഒരു രീതിശാസ്ത്രം വളർത്തിയെടുത്തത് പരിഷത്തിനെ സംബന്ധിച്ച് അഭിമാനകരമായിരുന്നു. തൊട്ടടുത്ത വർഷം എറണാകുളം ഒഴികെയുള്ള സംസ്ഥാനത്തെ മറ്റു ജില്ലകളിൽ സാക്ഷരതാ യജ്ഞം കേരള സർക്കാരിന്റെ നേതൃത്വത്തിൽ നടന്നു. 1991 ഏപ്രിലിൽ പൂർത്തിയാക്കിയ, സംസ്ഥാനമാകെ സമ്പൂർണ സാക്ഷരത നേടാനുള്ള ‘സാക്ഷരകേരളം’ പരിപാടി എറണാകുളം ജില്ലയിലെ അനുഭവങ്ങളിൽ അധിഷ്ഠിതമായിരുന്നു. സാക്ഷരതാപ്രവർത്തനത്തിന്റെ എറണാകുളം മാതൃക മറ്റു പല സംസ്ഥാനങ്ങളിലെയും വ്യത്യസ്ത ജില്ലകൾ നടപ്പാക്കി സമ്പൂർണ സാക്ഷരത കൈവരിക്കുകയുണ്ടായി.
വികേന്ദ്രീകൃത അക്കാദമിക പ്രവർത്തനങ്ങൾ
കേരളത്തിന്റെ അധികാര വികേന്ദ്രീകരണ ചരിത്രത്തിൽ 1990 ൽ നടന്ന ജില്ലാ കൗൺസിലുകളുടെ രൂപീകരണം പ്രധാനമായിരുന്നു. സ്കൂൾ വിദ്യാഭ്യാസമേഖലയിൽ ലഭിച്ച അധികാരങ്ങൾ അവർ സർഗാത്മകമായി വിനിയോഗിച്ചു. ഒട്ടേറെ ജില്ലാ കൗൺസിലുകൾ ഈ മേഖലയിലെ പരിഷത് അനുഭവങ്ങളെ സക്രിയമായി ഉപയോഗപ്പെടുത്തി. 1989-90 ൽ തിരുവനന്തപുരം ജില്ലയിൽ ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ ഒരു സർവെയായിരുന്നു ജില്ലാ കൗൺസിലുകളുടെ വിദ്യാഭ്യാസമേഖലയിലെ ഈ പ്രവർത്തനങ്ങൾക്ക് പ്രചോദനമായത്. 7-ാം ക്ലാസുവരെയുള്ള കുട്ടികളിൽ നടന്ന പ്രസ്തുത സർവെയിൽ ഒരു സബ്‌ജില്ലയിലെ മാതൃഭാഷാ നൈപുണി പരിശോധിക്കാനുള്ള ടെസ്റ്റിൽ ഭൂരിഭാഗം പേർക്കും മുഴുവൻ മലയാള അക്ഷരങ്ങൾ എഴുതാൻ അറിഞ്ഞുകൂടെന്ന് തെളിഞ്ഞു. നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ പിടിപ്പുകേടാണ് ഇത് വെളിവാക്കിയത്. ഇതിന് പരിഹാരമെന്താണ്? കുട്ടിയെ പ്രചോദിപ്പിച്ചാൽ, അവൾക്ക് പഠനം എന്നത് സന്തോഷനൽകുന്ന പ്രക്രിയ ആക്കി മാറ്റാം. അധ്യാപനം അധ്യാപികയ്ക്ക് അതിമധുരമായ ഉത്തരവാദിത്തമായി മാറണം. ക്ലാസിലെ ഓരോ കുട്ടിയുടെയും ശക്തിദൗർബല്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് എല്ലാവരേയും ഉൾക്കൊള്ളാൻ സാധിക്കുന്ന പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. നിരന്തരമൂല്യനിർണയ സാധ്യതകൾ ഉപയോഗിച്ച് ഓരോ കുട്ടിയുടെയും പഠനനില മനസ്സിലാക്കുകയും അതിനനുഗുണമായ തോതിൽ, ആവശ്യമെങ്കിൽ കൂടുതൽ സമൃദ്ധമായ (enriched) പ്രവർത്തനങ്ങൾ ചെയ്യാൻ അവസരം കൊടുക്കുകയും വേണം. അതായത്, അറിവു നിർമിക്കാനാവശ്യമായ കൈത്താങ്ങും ആത്മവിശ്വാസവും ആശയവ്യക്തതയും ആവശ്യമായ തോതിൽ കുട്ടികൾക്ക് കൊടുക്കണം. അങ്ങനെ, തിരുവനന്തപുരത്ത് അക്ഷരപഠനത്തിൽ പരിമിതികളുള്ള കുട്ടികളെ അതിനായുള്ള ഒട്ടേറെ പ്രവർത്തനങ്ങളിൽകൂടി കടത്തിവിട്ടു. നാടകങ്ങൾ, കളികൾ, പാട്ടുകൾ, പ്രവർത്തനങ്ങൾ തുടങ്ങിയ ലക്ഷ്യാധിഷ്ഠിതവും ആസൂത്രിതവുമായ പ്രവർത്തനങ്ങളായിരുന്നു അവ. ക്ലാസുകൾ ജനാധിപത്യ ഇടങ്ങളായി മാറ്റി. ചോദ്യം ചോദിച്ചും അന്വേഷിച്ചും സ്വയം ചെയ്യാനും പഠിക്കാനുമുള്ള അവസരം നൽകി. അതിനായി ‘അക്ഷരവേദി’ എന്നൊരു കൈപ്പുസ്തകം പരിഷത്ത് തയ്യാറാക്കുകയും ചെയ്തു. 1991 ഏപ്രിലിൽ കേരളം സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടശേഷം ഔപചാരിക വിദ്യാഭ്യാസരംഗത്തെ ക്ലാസുമുറികളിലെ ‘നിരക്ഷരത’ സമൂഹത്തിൽ ചർച്ചയ്ക്ക് വിധേയമായി. ഈ ചർച്ചയുടെ തുടക്കമായി അന്നത്തെ പ്രാദേശിക സർക്കാരായിരുന്ന ജില്ലാ കൗൺസിലുകൾ, പരിഷത്ത്, ഡയറ്റ് എന്നിവയുടെ സഹായത്തോടെ കാസർഗോഡ് ജില്ലയിൽ ഭാഷാപഠനത്തിനായി ‘അക്ഷരപ്പുലരി’ എന്ന പരിപാടിയും മലപ്പുറം ജില്ലയിൽ ‘അമ്മതൻ മണിക്കുട്ടൻ’ എന്ന പരിപാടിയും ഏറ്റെടുത്തു. മലയാളഭാഷയിലെ അക്ഷരങ്ങൾ എഴുതാനും വായിക്കാനും പ്രവർത്തനാധിഷ്ഠിതവും പരിസരത്തെ ഉപയോഗപ്പെടുത്തിയുമുള്ള പ്രവർത്തന പാക്കേജായിരുന്നു അത്. ഒന്നര മാസത്തോളം നീണ്ടുനിന്ന ആ പരിപാടി വൻ വിജയമായിരുന്നു. അത് ഒരു പ്രധാന കാര്യം ബോധ്യപ്പെടുത്തി: പഠന - ബോധനത്തിനായി ശരിയായ രീതിശാസ്ത്രം ഉപയോഗപ്പെടുത്തിയാൽ അർഥപൂർണമായ പഠനം നടക്കും. അതിനായി ക്ലാസിന്റെ അന്തരീക്ഷവും അവിടെ നടക്കുന്ന പ്രവർത്തനങ്ങളും വിദ്യാർഥിസൗഹൃദമാക്കി മാറ്റേണ്ടതുണ്ട്. അക്ഷരവേദി പ്രവർത്തനം കേരളത്തിലെ വിദ്യാഭ്യാസവകുപ്പിന്റെ കണ്ണു തുറപ്പിച്ചു. നമ്മുടെ സ്കൂളുകളിലെ ക്ലാസുകളിൽ പഠനത്തിന്റെ ഗുണത തീരെ സംതൃപ്തി നൽകുന്നതല്ലെന്നും പഠന- ബോധന പ്രവർത്തനങ്ങളുടെ ഗുണമേന്മ വളർത്തുകയെന്നത് കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസമേഖലയിൽ ഉടനെ ഏറ്റെടുക്കേണ്ട പ്രവർത്തനമാണെന്നും ബോധ്യപ്പെടാൻ തുടങ്ങി. ഈ ബോധ്യമാണ് ജില്ലാ കൗൺസിലുകളുടെ നേതൃത്വത്തിൽ കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളിലും ഇത്തരമൊരു പ്രവർത്തനം ഏറ്റെടുക്കുന്നതിൽ കലാശിച്ചത് എന്നു വിലയിരുത്താവുന്നതാണ്. അക്ഷരപഠനം എന്നത് പൂർത്തീകരിച്ചപ്പോൾ സ്വാഭാവികമായും ഇനിയെന്ത് എന്ന ചോദ്യം ഉയർന്നു. ‘അക്ഷരപ്പുലരി’ പോലുള്ള പ്രവർത്തനം സ്കൂളിലെ മൊത്തം അക്കാദമിക പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്നില്ല. സ്കൂൾ പ്രവർത്തനങ്ങളിൽ സമഗ്രമായി ഇടപെട്ടാൽ മാത്രമേ വിദ്യാഭ്യാസത്തിന്റെ വിമോചകസ്വഭാവം സമൂഹത്തിൽ പ്രതിഫലിക്കുകയുള്ളൂ എന്ന് പരിഷത്തിന് ബോധ്യമായി. ഈ ചർച്ചകൾ കണ്ണൂർ ജില്ലയിൽ ശിവപുരം സ്കൂൾ കോംപ്ലക്‌സ് എന്നൊരു പരിപാടി രൂപപ്പെടുത്താൻ കണ്ണൂർ ജില്ലാ കൗൺസിലിന് ആത്മവിശ്വാസം പകർന്നു. സ്കൂൾ കോംപ്ലക്‌സ് എന്നത് കോത്താരി കമ്മീഷൻ റിപ്പോർട്ടിലെ (1964-66) ഒരു പ്രധാന ആശയമാണ്. ഒരു ഹൈസ്‌കൂളിനെയും അതിനു ചുറ്റുമുള്ള, ആ സ്കൂളിന്റെ ഫീഡിങ് സ്കൂളുകളെയും ചേർത്തുള്ള ഒരു സംഘടനാ രൂപമായിരുന്നു അത്. ഹൈസ്കൂളിലെ ഉയർന്ന തോതിലുള്ള ഭൗതിക സാഹചര്യങ്ങളേയും മികച്ച മനുഷ്യവിഭവശേഷിയേയും എല്ലാ ഫീഡിങ് സ്കൂളും പങ്കിട്ടെടുത്ത് അതത് സ്കൂളിന്റെ അക്കാദമിക ഗുണത വർധിപ്പിക്കുക എന്നത് സമൂഹത്തിന്റെയും പ്രാദേശിക സർക്കാരുകളുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും പ്രാഥമിക ഉത്തരവാദിത്തമായി പരിഗണിച്ചാണ് കോത്താരി കമ്മീഷൻ സ്കൂൾ കോംപ്ലക്സുകളെ വിഭാവനം ചെയ്തിരിക്കുന്നത്. ശിവപുരം സ്കൂൾ കോംപ്ലക്‌സ് ഒരു വർഷത്തെ പ്രവർത്തനം പൂർത്തിയാക്കിയപ്പോഴേക്കും 83, 84 ഭരണഘടനാ ഭേദഗതി വഴി ജില്ലാ പഞ്ചായത്തുകളുൾപ്പെടെ ത്രിതല പഞ്ചായത്തു ഭരണ സംവിധാനം കേരളത്തിൽ നിലവിൽ വന്നിരുന്നു. പുതിയ സാഹചര്യത്തിൽ പഞ്ചായത്ത് സ്കൂൾ കോംപ്ലക്‌സ് എന്ന ആശയം പരിഷത്ത് മുന്നോട്ടുവെച്ചു. എല്ലാ വിഷയങ്ങളുടെ പഠനവും പ്രവർത്തനാധിഷ്ഠിതമായി മാറ്റുകയും നിരന്തര മൂല്യനിർണയം പഠനത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റുകയും ചെയ്യാനായിരുന്നു ശ്രമം. ഈ പ്രവർത്തനങ്ങൾക്ക് പരിഷത്ത് ആശയപരവും അക്കാദമികവും ആയ പിൻബലം നൽകുകയുണ്ടായി.
പാഠ്യപദ്ധതി പരിഷ്കരണം
1997 ൽ ഒട്ടേറെ ചർച്ചകൾക്ക് വഴിമരുന്നിട്ട പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പ്രാഥമികാശയങ്ങൾ രൂപംകൊണ്ടത് പരിഷത്തിന്റെ ബാലവേദികളിലായിരുന്നു. നേരത്തെ ചൂണ്ടിക്കാണിച്ച പോലെ മൂല്യനിർണയ രീതികളുൾപ്പെടെ നവീനങ്ങളായ വിദ്യാഭ്യാസ ആവശ്യങ്ങളും ആഗ്രഹങ്ങളും പരിഷത്ത് ട്രൈഔട്ട് ചെയ്തത് ബാലവേദികളിലായിരുന്നു. ഔപചാരിക വിദ്യാഭ്യാസ മേഖലയായ സ്കൂളുകളിൽ അത് നടപ്പാക്കി അതിനെ പരിഷ്കരിക്കാനാവശ്യമായ വിവരങ്ങളും വസ്തുതകളും ശേഖ രിക്കാൻ സാധിച്ചത് ജില്ലാ കൗൺസിലിന്റെ ഈ രംഗത്തെ പ്രവർത്തനങ്ങൾക്ക് ഏറെ സഹായം ചെയ്തു. ബാലവേദി, അക്ഷരവേദി, ഉദ്ഗ്രഥിത ശാസ്ത്രപഠനം, പഞ്ചായത്ത് സ്കൂൾ കോംപ്ലക്സിന്റെ സൈദ്ധാന്തിക വശങ്ങളും പ്രായോഗികാനുഭവങ്ങളും എല്ലാം ചേർന്ന് 1996 ൽ ആരംഭിച്ച് 1997 ൽ നടപ്പാക്കിയ പ്രൈമറി പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാനും അക്കാദമികമായി ഒരു മുഴം മുമ്പെ ചിന്തിക്കാനുമുള്ള ആത്മവിശ്വാസം പരിഷത് പ്രവർത്തകർക്ക് നൽകി. ക്ലാസ്‌റൂം/ സ്കൂൾ അന്തരീക്ഷം പരമാവധി ജനാധിപത്യവത്കരിച്ചുകൊണ്ട് മാത്രമേ മികവാർന്ന തരത്തിൽ എല്ലാ വിഷയങ്ങളിലെയും വിവിധ ആശയ രൂപീകരണം നടക്കുകയുള്ളൂ എന്ന ബോധ്യത്തോടെയാണ് പരിഷത്ത് ഈ പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്നത്. കേരളത്തിൽ അന്നുവരെയുണ്ടായിരുന്ന പാഠ്യപദ്ധതി സമീപനങ്ങളിൽ നിന്നു വ്യത്യസ്തമായി ഈ മേഖലയിലെ ഒരു വിചാരമാതൃകാമാറ്റമായാണ് (Paradigm Shift) 1997 ൽ രൂപപ്പെടുത്തിയ പാഠ്യപദ്ധതിയെ വിദ്യാഭ്യാസവിദഗ്ധർ വിലയിരുത്തിയത്. അത് ശരിയായിരുന്നുതാനും. പാഠ്യപദ്ധതി രൂപീകരണത്തിനായുള്ള തയ്യാറെടുപ്പ്, പാഠ്യപദ്ധതി തയ്യാറാക്കൽ, പാഠപുസ്തകങ്ങളും അധ്യാപകർക്കുള്ള കൈപ്പുസ്തകങ്ങൾക്കുള്ള രൂപരേഖയും തയ്യാറാക്കൽ, അധ്യാപകരുടെ പരിശീലനവും അതിന്റെ മോണിട്ടറിംഗും ഇടക്കാല തിരുത്തലുകളും, ക്ലാസ് റൂം പഠന - ബോധന പ്രവർത്തനങ്ങളും നിരന്തര മൂല്യനിർണയവും, രക്ഷിതാക്കളെ തയ്യാറാക്കലും അവർക്കായുള്ള കൈപ്പുസ്തകം തയ്യാറാക്കലും പ്രാദേശിക സർക്കാരുകളുമായുള്ള ബന്ധം തൽസ്ഥല സഹായം (On Site Support) തുടങ്ങിയവയെല്ലാം സമഗ്രമായി പരിഷ്കരിച്ച് നടപ്പാക്കാനാണ് അന്ന് ശ്രമിച്ചത്. തുടക്കത്തിൽ, ഈ പാഠ്യപദ്ധതി 1 മുതൽ 4 വരെ ക്ലാസുകളിലാണ് നടപ്പാക്കിയത്. വിദ്യാഭ്യാസ വിദഗ്ധരും പത്രമാധ്യമങ്ങളും ആദ്യം ഈ സമഗ്ര മാറ്റത്തെ സ്വാഗതംചെയ്തു. പക്ഷേ, ക്രമേണ മാധ്യമങ്ങളും ചില അധ്യാപക സംഘടനകളും നിലപാട് മാറ്റി, വിമർശകരുടെ പക്ഷത്തോടൊപ്പം ചേർന്നു. വിദ്യാഭ്യാസത്തിലെ അടിസ്ഥാന തത്വങ്ങൾക്കനുസരിച്ചുള്ളതും വിദ്യാഭ്യാസപരമായി മുന്നിട്ട് നില്ക്കുന്ന രാജ്യങ്ങളിൽ നിലനില്ക്കുന്നതുമായ പഠന-ബോധന രീതിയെ തന്നെ പലരും ചോദ്യംചെയ്തു. ‘പഴയതാണ് ശരി’ എന്നുപോലും നിലപാടെടുത്തു. ഈ സാഹചര്യത്തെ സർക്കാർ ആവുംവിധം പ്രതിരോധിക്കാൻ ശ്രമിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് അക്കാദമികമായി പ്രതികരിച്ചുകൊണ്ട്, ഈ സന്ദർഭത്തിൽ ഉണർന്നു പ്രവർത്തിച്ചു. പാഠ്യപദ്ധതിയിലെ പുരോഗമനപരമായ മാറ്റങ്ങളെപ്പറ്റി സമൂഹത്തെ ബോധ്യപ്പെടുത്തി മാത്രമേ നടപ്പാക്കാൻ പാടുള്ളൂവെന്ന് സർക്കാരിനെ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും പൂർണ അർത്ഥത്തിൽ അത്തരം പൊതുപ്രവർത്തനം ഔദ്യോഗികമായി ഉണ്ടായില്ല. എന്നാൽ പാഠ്യപദ്ധതിയുടെ മികവും തനിമയും ആവശ്യകതയും സമൂഹത്തെ ബോധ്യപ്പെടുത്താൻ പരിഷത്ത് അതിശക്തമായി ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചു. പലതരം ലഘുലേഖകൾ തയ്യാറാക്കി പരിഷത് പ്രവർത്തകർക്ക് പരിശീലനം കൊടുത്ത് ആത്മവിശ്വാസമുള്ളവരാക്കുന്നതിന് പലവിധത്തിലും ശ്രമിച്ചു. അനേകം ലഘുേലഖകൾ ഇതിനെ സംബന്ധിച്ച് തയ്യാറാക്കി പ്രസിദ്ധീകരിച്ചു. നിലവിലുള്ള പാഠപുസ്തകങ്ങളെ അക്കാദമിക് ഓഡിറ്റ് നടത്തൽ, സ്കൂൾ/ ക്ലാസ് അന്തരീക്ഷത്തെ ജനാധിപത്യവത്കരിച്ച് മികവുറ്റതാക്കൽ, അധ്യാപകർക്ക് നിരന്തരമായ പുനഃപരിശീലനം കൊടുത്ത് അധ്യാപനരീതി പുതുക്കിപ്പണിയൽ എന്നിവയിലെല്ലാം പുതിയ ആശയങ്ങൾ പ്രദാനം ചെയ്ത് വിദ്യാഭ്യാസമെന്നത് മനുഷ്യ വിമോചനത്തിനാവണമെന്നും ക്ലാസ് മുറിയിൽ / പഠനത്തിൽ തുല്യതയും അവസരസമത്വവും നൽകി സമൂഹനന്മയ്ക്കായി ഓരോ കുട്ടിയുടെയും എല്ലാ കഴിവുകളെയും വളർത്തിയെടുക്കണമെന്നും ഉള്ള വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യവും രാഷ്ട്രീയവും ജനങ്ങളിലെത്തിക്കാൻ പരിഷത്ത് പരമാവധി ശ്രമിച്ചു. പ്രൊഫ. യശ്‌പാലിന്റെ നേതൃത്വത്തിൽ ദേശീയ സർക്കാർ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് (NCF-2005) രൂപം നൽകിയപ്പോൾ 1997 ലെ നമ്മുടെ പാഠ്യപദ്ധതി സമീപനങ്ങൾ വഴികാട്ടിയാവുകയുണ്ടായി.
കോവിഡ് കാലത്തെ വിദ്യാഭ്യാസം
കോവിഡ് കാലത്ത് സ്‌കൂളുകൾ അടച്ചിടേണ്ടിവന്നത് ഓർമയുണ്ടാവുമല്ലോ. സ്കൂൾ അടച്ചിടുക മാത്രമല്ല കുട്ടികൾക്ക് കൂട്ടമായിരുന്ന് കളിക്കാനോ സാമൂഹ്യമായി ഇടപെടാനോ ഉള്ള അവസരം അവർക്കില്ലായിരുന്നു. ഇത് ഒട്ടേറെ വിദ്യാഭ്യാസപരവും മനഃശാസ്ത്രപരവും സാമൂഹികവും സാംസ്കാരികവുമായ പ്രശ്നങ്ങൾ കുട്ടികളിലും രക്ഷിതാക്കൾക്കിടയിലും അധ്യാപകരിലും സൃഷ്ടിച്ചു. അവയെ ഒരു പരിധിവരെ ശാസ്ത്രീയമായി അഭിമുഖീകരിക്കാൻ എന്തൊക്കെ ചെയ്യാമെന്നതിന്റെ അന്വേഷണമായിരുന്നു 2021-22 ലെ ‘മക്കൾക്കൊപ്പം’ പരിപാടി. 12 ലക്ഷത്തോളം കുടുംബങ്ങളോട് പരിഷത്ത് ഓൺലൈനായി സംവദിച്ചു. രക്ഷിതാക്കൾക്കും അധ്യാപകർക്കും വലിയൊരളവോളം ആത്മവിശ്വാസംനൽകിയ പരിപാടിയായിരുന്നു അത്.
വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ട്
കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തെപ്പറ്റിയും അതിൽ കൊണ്ടുവരേണ്ട പുരോഗമനപരമായ നവീകരണത്തെക്കുറിച്ചും ധാരാളം ആലോചനകൾ, ചർച്ചകൾ, സംവാദങ്ങൾ എന്നിവ പരിഷത്ത് നടത്തിയിട്ടുണ്ട്. നാളത്തെ കേരളം എങ്ങനെയാവണമെന്നത് തീരുമാനിക്കുന്നതിൽ ഇന്നത്തെ കേരളത്തിലെ വിദ്യാഭ്യാസത്തിനും അതിലെ നയങ്ങൾക്കും വലിയ സ്ഥാനമുണ്ടല്ലോ. അതിന്റെ തുടക്കമെന്ന നിലയിലാണ് 1982 ൽ മഞ്ചേരിയിൽ നടന്ന 19-ാം വാർഷികത്തിൽ ‘വിദ്യാഭ്യാസരേഖ’ പ്രസിദ്ധീകരിക്കുന്നത്. തുടർന്നുള്ള പ്രവർത്തനങ്ങളിൽ നാം ആർജിച്ച വൈദഗ്ധ്യവും പ്രവർത്തന മികവും വിദ്യാഭ്യാസത്തെ കുറച്ചുകൂടി പ്രൊഫഷണലായും സമഗ്രമായും ആസൂത്രിതമായും നോക്കിക്കാണണമെന്ന ആശയഗതി പരിഷത്തിൽ ഉയർന്നുവന്നു. 1995 നവംബറിൽ തൃശ്ശൂരിൽ നടത്തിയ വിദ്യാഭ്യാസ ജനസഭയിൽ ഒരു ജനകീയവിദ്യാഭ്യാസ കമ്മീഷൻ പ്രവർത്തനം ആരംഭിക്കണമെന്ന് നിർദേശിക്കപ്പെട്ടു. പ്രശസ്ത സാമ്പത്തിക വിദഗ്ധനായ ഡോ. അശോക്‌മിത്രയെ ചെയർമാനായി നിയമിച്ചു. പ്രസ്തുത റിപ്പോർട്ട് 1998 ൽ പൂർണരൂപത്തിൽ പ്രസിദ്ധീകരിച്ചു. കേരളത്തിലെ പ്രീ-സ്കൂൾ ഘട്ടം മുതൽ ഉന്നത വിദ്യാഭ്യാസ ഘട്ടം വരെയുള്ള വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളെ വിമർശനാത്മകമായി പരിശോധിച്ച കമ്മീഷൻ ഒട്ടേറെ ശുപാർശകൾ മുന്നോട്ടുവെക്കുകയുണ്ടായി.
പഠന- ബോധന മാധ്യമം
പഠന-ബോധന മാധ്യമം എന്തായിരിക്കണമെന്ന കാര്യത്തിൽ വിദ്യാഭ്യാസ വിദഗ്ധരുടെ ഇടയിൽ ഭിന്നാഭിപ്രായമില്ല. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പുരോഗതി പ്രാപിച്ച ലോകരാഷ്ട്രങ്ങളിൽ മിക്കവാറും എല്ലായിടത്തും സ്കൂൾ പഠന - ബോധന മാധ്യമം മാതൃഭാഷ തന്നെയാണ്. സ്വന്തമായി ആശയരൂപീകരണം നടത്താനും പുതിയ ആശയങ്ങൾക്ക് രൂപം കൊടുക്കാനും മറ്റുള്ളവരുമായി സംവദിക്കാനും മാതൃഭാഷയിൽക്കൂടി ലഭിക്കുന്ന വഴക്കം മറ്റു ഭാഷകളിൽക്കൂടി ലഭിക്കുകയില്ല. പക്ഷേ, കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളിൽ 60 ശതമാനത്തിലേറെ പേർ ഇംഗ്ലീഷ് മാധ്യമത്തിൽക്കൂടിയാണ് ഇന്ന് പഠിക്കുന്നതെന്ന് പത്ര റിപ്പോർട്ടുകളിൽ കാണുന്നു. ഇത് ഭാവി കേരളത്തിൽ ഗുരുതരമായ വിദ്യാഭ്യാസ - സാംസ്കാരിക പ്രശ്നങ്ങളും വികസന പ്രതിസന്ധികളും സൃഷ്ടിക്കുമെന്ന് പരിഷത്ത് കരുതുന്നു. ഇക്കാര്യം ജനങ്ങളോട് സംവദിക്കാൻ പലതരം പ്രവർത്തനങ്ങൾ സംഘടന ഏറ്റെടുത്തിട്ടുണ്ട്. ലഘുലേഖകൾ, സംവാദങ്ങൾ, ചർച്ചകൾ, ക്ലാസുകൾ എന്നിവ പലപ്പോഴായി നടത്തിയിട്ടുണ്ട്; ആ പ്രവർത്തന ങ്ങൾ ഇപ്പോഴും തുടരുന്നുമുണ്ട്.
ഭാവി വെല്ലുവിളികൾ
2020 ലെ ദേശീയ വിദ്യാഭ്യാസനയം (NEP-2020) ഇന്ത്യ നാളിതു വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പിൻനടത്തത്തിന് വഴിയൊരുക്കീട്ടുണ്ട്. 2002 ൽ പാർലിമെന്റ് പാസ്സാക്കിയ ഈ ഭരണഘടനാ ഭേദഗതി സ്കൂൾ വിദ്യാഭ്യാസത്തിലെ 14 വയസ്സുവരെയുള്ള കാലഘട്ടം വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശമാക്കി മാറ്റിയിരുന്നു. എന്നാൽ ഈ അവകാശത്തെ എൻ.ഇ.പി. 2020 അംഗീകരിക്കുന്നില്ല എന്നത് പ്രതിഷേധാർഹമാണ്. ഇന്ത്യൻ ഭരണഘടനയിലെ ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം, അവസരസമത്വം എന്നിവയെയും ഈ വിദ്യാഭ്യാസ നയം അംഗീകരിക്കുന്നില്ല. ഒരു ഫെഡറൽ ഭരണസംവിധാനം നിർദേശിക്കുന്ന ഭരണഘടനയുടെ സ്വത്വം അംഗീകരിക്കാനും എൻ.ഇ.പി.2020 തയ്യാറാകുന്നില്ല. വിദ്യാഭ്യാസത്തിനുള്ള ചെലവ് പാഴ്‌ച്ചെലവല്ലെന്നും ജനാധിപത്യക്രമത്തിന്റെ ശക്തി വിദ്യാഭ്യാസം വഴി കരുത്താർജിച്ച ജനതയാണെന്നുമുള്ള ആശയത്തെ അംഗീകരിക്കാനും എൻ.ഇ.പി. വിസമ്മതിക്കുന്നു. അതിനാൽ പല സംസ്ഥാന സർക്കാരുകളും സാർ വത്രികവും സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണെന്ന അടിസ്ഥാന വസ്തുതയിൽ തന്നെ വെള്ളംചേർത്തു തുടങ്ങിയിരിക്കുന്നു. സ്കൂൾ വിദ്യാഭ്യാസരംഗത്തെ ഉത്കണ്ഠകൾ അനവധിയാണ്. പരിഷത്ത് പോലുള്ള പുരോഗമന പ്രസ്ഥാനങ്ങൾ ഈ നയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാനുള്ള ആശയപ്രപഞ്ചം വളർത്തിയെടുക്കണം. ജനങ്ങളെ ബോധ്യപ്പെടുത്തണം. ഇത്തരം കാര്യങ്ങൾ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചർച്ചാവിഷയമായി വളർത്തിയെടുക്കാൻ ശ്രമിക്കേണ്ടതുണ്ട്; അതാണീ കാലഘട്ടം പരിഷത്തിനോടും സമാന ചിന്താഗതിയുള്ള പ്രസ്ഥാനങ്ങളോടും ആവശ്യപ്പെടുന്നത്.