ഈയ്യക്കാട് യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈയ്യക്കാട് യൂണിറ്റ്
പ്രസിഡന്റ് ജിനേഷ് കെ. വി.
വൈസ് പ്രസിഡന്റ് രാജൻ ഇ.
സെക്രട്ടറി ദിനൂപ് കെ. വി.
ജോ.സെക്രട്ടറി രതീഷ് കെ.
ജില്ല കാസർകോഡ്
മേഖല തൃക്കരിപ്പൂർ
ഗ്രാമപഞ്ചായത്ത്
ഈയ്യക്കാട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നാനാവിധമായ പ്രവർത്തനങ്ങൾ കേരളത്തിന്റെ സാംസ്കാരിക നഭസ്സിൽ അലയടിച്ചിരുന്ന 80 കളിൽ പരിഷത്ത് കലാജാഥകളൊക്കെ നിറഞ്ഞ സദസ്സ് നിറഞ്ഞ മനസ്സോടെ നെഞ്ചേറ്റിയിരുന്ന കാലത്ത് പരിഷത്തിന്റെ വല്ലാതെ കണ്ട് സ്നേഹിച്ചു പോയ ഇ യ്യക്കാട്ടെ ഒരു കൂട്ടം സഹൃദയരായ പൊതുപ്രവർത്തകരുടെ മനസ്സിലാണ് 1986 ൽ ഈയ്യക്കാട്ടും പരിഷത്തിന് ഒരു ഒരു യൂനിറ്റ് വേണമെന്ന ചിന്ത മുളപൊട്ടിയത്. ഈയ്യക്കാട്, കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിലെ ഇപ്പോഴത്തെ അഞ്ചാം വാർഡിലുൾപ്പെട്ട ഒരു കൊച്ചു പ്രദേശമാണ്.. യൂനിറ്റ് രൂപീകരിക്കുന്ന കാലത്ത് കൂടുതൽ ജനങ്ങളും കാർഷികവൃത്തിയിലേർപ്പെട്ടായിരുന്നു ഉപജീവനം നടത്തിയിരുന്നു. ഈയ്യക്കാട്ടെ പാടങ്ങളെല്ലാം വായക്കോടൻ കോമൻ ഈയ്യക്കാട്ടില്ലത്തെ നാരായണൻ നമ്പൂതിരി തുടങ്ങിയ ജന്മിമാരുടെ അധീനതയിലായിരുന്നു.

നാടിന്റെ ചരിത്രം

അതി രാവിലെ തുടങ്ങി സന്ധ്യയോളം നീണ്ടു നില്ക്കുന്ന കൃഷിപ്പണിയിൽ മുഴുകിയ കർഷകർ, അവരുടെ താളത്തിലുള്ള ഞാറ്റു പാട്ട്, ആനിക്കാടൻ രാഘവേട്ടൻ യു.കെ.രാഘവേട്ടൻ തുടങ്ങിയ കർഷകത്തൊഴിലാളികളുടെ കന്നുപൂട്ടിന്റെ ഓഹോ ശബ്ദം, ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന് പൊതുവെ വേരോട്ടം കൂടുതലുള്ള മണ്ണ്, പരസ്പരം മത്സരിച്ചിരുന്ന നിരവധി കൊച്ചു കൊച്ചു നാടക സംഘങ്ങൾ, നാട്ടിലെ നാടകകലാകാരന്മാർ ഒത്തുചേർന്ന് അവതരിപ്പിച്ചിരുന്ന നാടകങ്ങൾ, സുപ്രസിദ്ധ കാഥികൻ കെ. കെ. ഈയ്യക്കാട് കഥാപ്രസംഗ രംഗത്ത് കത്തിജ്വലിച്ചു നിന്ന നാളുകൾ, കരിവെള്ളൂർ രക്തസാക്ഷിത്വത്തിന്റെ ചൂടും ചൂരും നെഞ്ചേറ്റി ബഹുഭൂരിപക്ഷവും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കൊപ്പം നിന്ന മണ്ണ്, ഇതായിരുന്നു ഈയ്യക്കാടിന്റെ സാംസ്കാരിക ചരിത്ര ചിത്രം.

കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിലൊന്ന് എന്ന പ്രത്യേകത കൂടി ഇയ്യക്കാടിനുണ്ട്. കണ്ണൂർ കാസറഗോഡ് ജില്ലകളെ വേർതിരിച്ചു ഒഴുകുന്ന ചരിത്രത്തിൽ ഇടം നേടിയ കുണിയൻ പുഴ ഈ പ്രദേശത്തു കൂടിയാണ് കടന്നുപോകുന്നത്. എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം കണ്ണെത്താ പാടങ്ങൾ പച്ചവിരിച്ചു നിന്നിരുന്ന നാടാണിത്. ജനസംഖ്യ വർദ്ധിച്ചപ്പോൾ പല പാടങ്ങളും പറമ്പുകളായി എന്നത് വർത്തമാന കാല യാഥാർത്ഥ്യം.

പരിഷത്ത് യൂനിറ്റിന്റെ പിറവി

പരിഷത്ത് സംഘടന അക്കാലത്ത് തൃക്കരിപ്പൂർ പഞ്ചായത്തിൽ തൃക്കരിപ്പൂർ യൂനിറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പി.പി.കെ പൊതുവാൾ മാഷിന്റെ നേതൃത്വത്തിൽ എണ്ണത്തിൽ കുറഞ്ഞ പ്രവർത്തകരെ വെച്ച് പഞ്ചായത്താകെ പരിഷത്ത് പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. പ്രധാനമായും പുകയില്ലാത്ത അടുപ്പ് വീടുകളിൽ ചെന്ന് സ്ഥാപിക്കുന്ന പ്രവർത്തനം സജീവമായി നടന്നിരുന്നു. അങ്ങനെ ഈയ്യക്കാട് പ്രദേശത്ത് 11 വീടുകളിൽ പി.പി. കെ മാഷിന്റെ നേതൃത്വത്തിൽ അടുപ്പ് സ്ഥാപിക്കുകയുണ്ടായി. സംഘടനയെ പ്രദേശത്തുകാർക്ക് സുപരിചിതമാക്കുന്നതിന് ഇത് ഏറെ സഹായിച്ചു. യൂനിറ്റ് രൂപീകരിക്കാനുള്ള മണ്ണൊരുക്കം ഇതുവഴി സാധിച്ചു.

പി. പി. കെ. പൊതുവാൾ മാഷിനു പുറമെ ടി. വി. ശ്രീധരൻ മാസ്റ്റർ കൊടക്കാട് നാരായണൻ മാസ്റ്റർ തുടങ്ങിയവരാണ് സംഘടനാ തലത്തിൽ ഈയ്യക്കാട്ട് യൂനിറ്റ് രൂപീകരണത്തിന് നേതൃത്വം വഹിച്ചത്. പ്രാദേശിക സാംസ്കാരികപ്രവർത്തകരായിരുന്ന ശ്രീ ടി.രവീന്ദ്രൻ മാസ്റ്റർ വി. കോമൻ മാസ്റ്റർ . കർഷനായ എ. രാഘവൻ , സി. വി. ചന്ദ്രൻ തുടങ്ങിയവർ യൂനിറ്റ് രൂപീകരണത്തിന്റെ പ്രാദേശിക മുന്നണി പോരാളികളായി. ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ ശ്രീ.സി. രാമകൃഷ്ണൻ മാഷും സജീവമായി നിലകൊണ്ടു .

"https://wiki.kssp.in/index.php?title=ഈയ്യക്കാട്_യൂണിറ്റ്&oldid=10244" എന്ന താളിൽനിന്ന് ശേഖരിച്ചത്