പരിസരദിനക്കുറിപ്പ് 2012
ജൂൺ 5 - ലോകപരിസര ദിനം
1972ലായിരുന്നു ആദ്യത്തെ ലോകതല പരിസ്ഥിതി സമ്മേളനം ചേർന്നത്.സ്റ്റോക്ക്ഹോമിൽ ചേർന്ന ആ സമ്മേളനം അക്കൊല്ലം ജൂൺ 5നാണ് പൂർത്തിയായത്. ഈ സമ്മേളനതീരുമാനപ്രകാരമാണ് എല്ലാ വർഷവും ജൂൺ 5ന് ലോക പരിസരദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഓരോ വർഷവും പ്രസക്തമായ ഒരു വിഷയം തെരഞ്ഞെടുക്കുകയും അതിനെക്കുറിച്ച് വിശദമായ പഠനങ്ങളും ചർച്ചകളും നടത്തുകയും ചെയ്യുന്നതാണ് ഈ ദിനത്തിന്റെ മുഖ്യ പ്രവർത്തന പരിപാടി. പഠനങ്ങളും ചർച്ചകളും മാത്രമല്ല തെരെഞ്ഞെടുക്കുന്ന വിഷയ മേഖലയിൽ അനുഭവപ്പെടുന്ന പ്രതിസന്ധികൾ പരിഹരിക്കാനാവശ്യമായ പ്രവർത്തനപരിപാടികളും ഇതിന്റെ ഭാഗമായി ഉണ്ടാകുന്നു. അവ നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങളും രൂപപ്പെടുത്തും. ലോകതലത്തിൽ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗമായ യു.എൻ.ഇ.പി. ആണ് ഈ പരിപാടികൾക്കെല്ലാം നേതൃത്വം കൊടുക്കുന്നത്. വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ, സർവ്വകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ ,ശാസ്ത്ര പ്രസ്ഥാനങ്ങൾ എന്നിവയെല്ലാം ഈ സംരഭത്തിൽ പങ്കുചേരുന്നുണ്ട്.
ഈ വർഷത്തെ പരിസരദിനത്തിന്റെ മുദ്രാവാക്യം ഹരിത സമ്പദ്വ്യവ്സ്ഥയെക്കുറിച്ചാണ് . Green Economy:does it include you എന്നതാണ് പൂർണ്ണമായ മുദ്രാവാക്യം. നമ്മുടെ ഇപ്പോഴത്തെ ജീവിതശൈലിയും സമ്പത്ത് ഉത്പാദനവും ഒട്ടും തന്നെ സുസ്ഥിരമല്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഹരിതസമ്പദ്വ്യവ്സഥയെക്കുറിച്ചുള്ള ചിന്തകൾ ആരംഭിക്കുന്നത്. ഇപ്പോഴത്തെ ലോകം സുസ്ഥിരമല്ലെന്ന് പറയാനുള്ള കാരണങ്ങൾ നിരവധിയാണ്.കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം, അന്തരീക്ഷ താപനിലയിലെ വർദ്ധനവ്, മാലിന്യപ്പെരുപ്പം, ജലാശയങ്ങളുടെ നാശവും മലീനികരണവും, വനനശീകരണം എന്നിവയൊക്കെയാണ് നമുക്ക് ഭീഷണിയായി വളരുന്നത്. ഈ വിഷയങ്ങളൊക്കെ മുൻവർഷങ്ങളിലെ പരിസരദിനാചരണവേളകളിൽ വിശദമായി നമ്മൾ ചർച്ച ചെയ്തിട്ടുള്ളതാണ്. മേൽപ്പറഞ്ഞ പ്രശ്നങ്ങൾ ലോകത്താകമാനം കാർഷിക ഉത്പാദനം കുറയ്ക്കുന്നതിനും ജലക്ഷാമം ഉണ്ടാക്കുന്നതിനും കാരണമായിട്ടുണ്ട്.ഇത് ദാരിദ്ര്യം വർദ്ധിപ്പിക്കുന്നു. ആളുകൾ തമ്മിലുള്ള അസമത്വത്തെ പെരുപ്പിക്കുന്നു. അത് കലാപങ്ങൾക്കും ആക്രമണങ്ങൾക്കും കാരണമായേക്കാം. അതേസമയം ഇപ്പോഴത്തെ ജീവിതശൈലി ചില വിഭാഗങ്ങൾക്കെങ്കിലും ഉയർന്ന സാമ്പത്തിക ലാഭം ഉണ്ടാകാൻ കാരണമായിട്ടുണ്ട്. വ്യവസായ ഉടമകൾ, ആഗോളതല കച്ചവടക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് വൻ തോതിൽ സാമ്പത്തിക വരുമാനം ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് ഒരു വശത്ത് സമ്പത്ത് കുന്നുകൂടുകയും അവർ എല്ലാവിധ സുഖഭോഗങ്ങളിലും മുഴുകി ജീവിക്കുകയും ചെയ്യുന്നു. മറുവശത്ത് കൃഷിയിടം നഷ്ടമാകുന്നതും മൃഗസംരക്ഷണ സാധ്യതകൾ കുറയുന്നതും മത്സ്യങ്ങൾ നശിക്കുകയും ചെയ്യുന്നത് അത്തരം പ്രകൃതി വിഭങ്ങളെ ഉപയോഗിച്ച് തൊഴിലെടുക്കുകയും ജീവിക്കുകയും ചെയ്യുന്നവരെ ദുരിതത്തിലാക്കുകയും ചെയ്യുന്നു. ഇങ്ങനെ മനുഷ്യർ തമ്മിലുള്ള അസമത്വം വർദ്ധിക്കുന്നതിനോടൊപ്പം പ്രകൃതി നശിക്കുകയും ജീവിതം കൂടുതൽ ബുദ്ധിമുട്ടിലായിതീരുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇന്നത്തെ മട്ടിലുള്ള ജീവിത രീതി സുസ്ഥിരമല്ല എന്ന് പറയുന്നത്. ഇത് ഹരിതസമ്പത്ത് ഘടനയല്ല എന്നും പറയാം. ഈ ജീവിത രീതിയെ തവിട്ട് സമ്പദ് ഘടന ( Brown Economy)എന്ന് ചിലർ വിളിക്കാറുണ്ട്.
എന്താണ് ഹരിത സമ്പദ്ഘടന എന്നു നോക്കാം. അതു പ്രധാനമായും പരിസ്ഥിതിയുടെ സംതുലിതാവസ്ഥയെ തകർക്കാത്തയായിരിക്കണം.മുഖ്യമായും ഊർജ്ജ ഉല്പാദനരംഗത്താണ് കൂടുതൽ ശ്രദ്ധ വേണ്ടത്. നമ്മളിപ്പോൾ ഉപയോഗിക്കുന്നത് ജീവാശ്മകഇന്ധനങ്ങളാണ് . ഇവ മണ്ണിനടിയിൽ നിന്നും കുഴിച്ചെടുക്കുന്നതാണ്. ഇവയ്ക്ക് രണ്ട് പരിമിതികളുണ്ട്. ഒന്നാമതായി ഇവ ഉപയോഗിക്കുന്നതിനനുസരിച്ച് ഉത്പാദിപ്പിക്കാൻ കഴിയുന്നതല്ല. ഒരു നിശ്ചിത കാലമെത്തുമ്പോൾ അവ തീർന്നുപോയേക്കാം. രണ്ടാമതായി ഇവ കത്തുമ്പോൾ ധാരാളം കാർബൺഡൈഓക്സൈഡ് ഉണ്ടാകുകയും അത് അന്തരീക്ഷ താപനില വർദ്ധിക്കാൻ കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇവയുടെ ഉപയോഗം വലിയതോതിൽ വർദ്ധിക്കുന്നത് ജീവന്റെ നിലനിൽപ്പിനുതന്നെ വെല്ലുവിളിയായി മാറിയേക്കാം.അതുകൊണ്ട് ഹരിതാസമ്പത്ത് വ്യവസ്ഥയുടെ ഒന്നാമത്തെ ആശയം സൗരോർജ്ജം, ജൈവഇന്ധനങ്ങൾ, കാറ്റിൽ നിന്നുള്ള ഊർജ്ജോത്പാദനം എന്നിവയെ ആശ്രയിച്ചുള്ള ഒരു ജീവിതശൈലി രൂപപ്പെടണം എന്നാണ്. രണ്ടാമത്തേത് ഹരിത ജീവനോപാധികൾ (Green jobs) വളർത്തിക്കൊണ്ടുവരണം എന്നതാണ്. കാർഷിക വ്യവ്സഥയുമായി ബന്ധപ്പെട്ട ജോലികൾ പരിസ്ഥിതിയുടെ ഗുണമേൻമ നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, ആവാസവ്യവസ്ഥകളെയും ജൈവവൈവിധ്യത്തെയും സംരക്ഷിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ എന്നിവയൊക്കൊ ഹരിതജീവനോപാദികളിൽപ്പെടും. ജീവാശ്മക ഇന്ധനങ്ങൾ ഉപയോഗപ്പെടുത്തിയുള്ള പദ്ധതികളെക്കാൾ കൂടുതൾ തൊഴിൽ സാധ്യതകൾ ഉത്പാദിപ്പിക്കാൻ ബദൽ ഊർജ്ജരൂപങ്ങൾക്ക് കഴിയുമെന്നാണ് ഗവേഷകൻമാർ കരുതുന്നത്. ഹരിതസമ്പദ്വ്യവസ്ഥയ്ക്ക് മൂന്ന് അടിത്തറകളുണ്ട്. അവ ഇനിപ്പറയുന്നവയാണ്. അംഗാരഉത്സർജ്ജനം(carbon emission) പരമാവധികുറയ്ക്കുകയാണ് ഒന്നാമത്തേത്. ഇതിനായി നമ്മുടെ വാഹനപ്പെരുപ്പം തടയേണ്ടതായി വരും. പാചകത്തിനടക്കം ഉപയോഗിക്കുന്ന ഇന്ധനങ്ങളുടെ അളവ് കുറയ്ക്കേണ്ടിവരും. കൂടുതൽ ദക്ഷതയുള്ള വിറകടുപ്പുകളോ, ചൂടാറാപ്പെട്ടിയോ ഒക്കെ ഇവിടെ ഉപയോഗിക്കാം.നടന്നുപോകാവുന്ന ദൂരം സഞ്ചരിക്കാൻ മോട്ടോർവാഹനങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നത് ഇവിടെ ചെയ്യാവുന്ന ഒന്നാണ്. സൈക്കിളുകൾ വ്യാപകമായി ഉപയോഗിക്കപ്പെടണം.സാധാരണ ബൾബുകൾക്കു പകരം സി.എഫ് വിളക്കുകളോ, എൽ.ഇ.ഡി. വിളക്കുകളോ ഉപയോഗിക്കുമ്പോഴും നാം ഇതുതന്നെയാണ് ചെയ്യുന്നത്.രണ്ടാമത്തേത് വിഭവവിനിയോഗം കൂടുതൽ കാര്യക്ഷമമാക്കുക എന്നതാണ്. മണ്ണ് വെള്ളം തുടങ്ങിയ പ്രകൃതി വിഭവങ്ങളെ വൻതോതിൽ ധൂർത്തടിച്ചുകൊണ്ടാണ് ഇപ്പോൾ നമ്മൾ ജീവിക്കുന്നത്.നമ്മുടെ ആഡംബബര ഭ്രമം തന്നെയാണ് ഇതിനുകാരണം.വലിയ വീടുകൾ കച്ചവടസ്ഥാപനങ്ങൾ എന്നിവയൊക്കെ ആഡംബരത്തിനുവേണ്ടി കെട്ടിഉയർത്തുമ്പോൾ മറ്റുള്ളവർക്കുകൂടി ഉപയോഗിക്കേണ്ട ഇത്തരം വിഭവങ്ങളെയാണ് നമ്മൾ ഉപയോഗിക്കുന്നത് എന്ന ഓർമ്മ വേണം.വലിയ നഗരങ്ങളിൽ കൂറ്റൻമാളുകളും ഫ്ളാറ്റ് സമുച്ചയങ്ങളും നിർമ്മിക്കുമ്പോൾ അതിന് ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത് നാം കാണാറുണ്ടല്ലോ. ആവശ്യത്തിലധികം വിസ്താരമുള്ള റോഡുകളും വിമാനത്താവളങ്ങളും ഒക്കെ നിർമ്മിക്കുമ്പോഴും നാം ഇതേ അപകടം വരുത്തിവയ്ക്കുന്നുണ്ട്. മൂന്നാമത്തേത് സാമൂഹികമായി കൂടുതൽപേരെ ഉൾക്കൊള്ളുക എന്നതാണ് പല കാരണങ്ങൾക്കൊണ്ടും സമൂഹത്തിൽ പിന്നോക്കമായി പോകുന്നവർ നിരവധി ഉണ്ട് നമ്മുടെ നാട്ടിൽ. പ്രകൃതി വിഭവങ്ങളുടെ നാശംകൊണ്ട് കൂടുതൽ ദുരിതം അനുഭവിക്കേണ്ടി വരുന്നത് അത്തരം ആളുകളാണ് അതുകൊണ്ട് പൊതുവായി നടക്കുന്ന വികസനപദ്ധതികളെല്ലാം എല്ലാവരെയും ഉൾക്കൊള്ളുന്നതായിരിക്കണം എന്നതും ഹരിതസമ്പദ് വ്യവസ്ഥയുടെ ഒരാശയമാണ്.
മേൽപ്പറഞ്ഞവ കൂടാതെ വ്യക്തിതലത്തിൽതന്നെ നമുക്ക് ചെയ്യാവുന്ന നിരവധികാര്യങ്ങളുണ്ട്. ഒറ്റതവണ ഉപയോഗിച്ച് വലിച്ചെറിയുന്ന ഒരു ഉൽപ്പന്നവും ഉപയോഗിക്കാതിരിക്കുക എന്നത് ഒരു ശീലമാക്കാം. പ്ലാസ്റ്റിക് ക്യാരിബാഗുകൾ, ബോൾപോയിന്റ് പേനകൾ എന്നിവയൊക്കെ ഇതിനു ഉദാഹരണങ്ങളാണ്. നമ്മുടെ ജീവിതത്തിൽ മാലിന്യ ഉത്പാദനം പരമാവധി കുറയണം. കൂടുതൽ ധൂർത്തും ആഡംബരവുമാണ് കൂടുതൽ മാലിന്യം ഉത്പാദിപ്പിക്കുന്നത്. നമ്മുടെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള ഇടമല്ല പൊതുനിരത്തുകളും അയൽക്കാരന്റെ പുരയിടങ്ങളും എന്നും നമ്മൾ അറിയണം. നമ്മുടെ ജീവിതംകൊണ്ട് ഉണ്ടാകുന്ന മാലിന്യങ്ങൾ നമുക്ക് തന്നെ സംസ്കരിക്കാൻ കഴിയണം. ഒരു ചെറിയ അടുക്കളത്തോട്ടം ഉണ്ടാക്കിയാലും നമുക്കിത് ചെയ്യാം.മാലിന്യത്തിൽ നിന്ന് പാചകവാതകം ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾ ഇപ്പോൾ ലഭ്യമാണ്. അവ ഉപയോഗിക്കാൻ കഴിയുമോ എന്ന് നോക്കണം.ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് കൂടുതൽ മരങ്ങൾ വച്ച്പിടിപ്പിക്കുക എന്നത് തന്നെയാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ദക്ഷതയുള്ളവ തെരെഞ്ഞെടുക്കാൻ കഴിയണം.കുടുംബത്തിലും വ്യക്തിജീവിതത്തിലും ഉണ്ടാകുന്ന വിവിധ തരം ചടങ്ങുകൾക്ക് ആർഭാടവും ധൂർത്തും കുറയ്ക്കണം. സ്വർണ്ണഭ്രമവും ഇതേപോലെതന്നെ വിമർശിക്കപ്പെടേണ്ടതാണ്. വ്യക്തിതലത്തിൽമാത്രമല്ല സർക്കാരുകൾക്കും പലവിധ കാര്യങ്ങൾ ചെയ്യാനുണ്ട്. 1972ലെ ആദ്യസമ്മേളനത്തിനുശേഷം ഓരോ അഞ്ച് വർഷം കൂടുമ്പോഴും ലോകസമ്മേളനങ്ങൾ ചേർന്ന് പരിസ്ഥിതി സംരക്ഷണ കാര്യങ്ങൾ വിശകലനം ചെയ്യണം എന്ന് തീരുമാനിച്ചിരുന്നു.1992 ഇതിന്റെ ഭാഗമായി ഒരു ഭൗമ ഉച്ചകോടി ചേർന്നിരുന്നു. റിയോ ഡി ജനീറോയിലായിരുന്നു ആ സമ്മേളനം. 2002 ൽ ജോഹന്നാസ് ബർഗിൽവെച്ച് സുസ്ഥിരവികസനത്തിനായുള്ള ലോകഉച്ചകോടിയും നടന്നു.ഇത് റിയോ + 10 എന്നാണ് അറിയപ്പെട്ടത്. ഈ വർഷം ആദ്യസമ്മേളനത്തിന്റെ 40-ാം വാർഷികവും റിയോ സമ്മേളനത്തിന്റെ 20-ാം വാർഷികവുമാണ്. വിവിധ സമ്മേളനങ്ങളും ചർച്ചകളും നടന്നുകഴിഞ്ഞെങ്കിലും പരിസ്ഥിതി സംരക്ഷണ രംഗത്ത് ലോകതലത്തിൽ കാര്യമായ മുന്നേറ്റമൊന്നും ഉണ്ടായിട്ടില്ല. വൻ വ്യവസായികളുടെയും ലാഭമോഹം തന്നെയാണ് ഇതിന് തടസ്സമായി നിൽക്കുന്നത്. കൂടുതൽ ചർച്ചകളും പഠനങ്ങളും ആവശ്യമുണ്ട് ഒപ്പം നമുക്ക് ചെയ്യാവുന്നത് ഇപ്പോൾതന്നെ ചെയ്തുതുടങ്ങുകയും വേണം.