വേണം മതനിരപേക്ഷ ജനാധിപത്യവിദ്യാഭ്യാസം
വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് വിപുലമായ പ്രചാരണപ്രവർത്തനങ്ങൾ 2011-ലാണ് പരിഷത്ത് ആരംഭി ച്ചത്. വ്യത്യസ്‌ത വിഷയങ്ങളെ ആസ്‌പദമാക്കി അതത് രംഗത്തെ വിദഗ്‌ധരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ശിൽപശാലകളും സെമിനാറുകളും, കലാജാഥകൾ, സംസ്ഥാനതല പദയാത്രകൾ ഇതൊക്കെ ഇതിന്റെ ഭാഗമായിരുന്നു. തുടർന്ന് പ്രാദേശികപഠനങ്ങളിലൂടെ ജനപക്ഷവികസനബദലുകൾ രൂപപ്പെടുത്താനുള്ള ശ്രമങ്ങൾക്കും തുടക്കം കുറിച്ചു.
വേണം മതനിരപേക്ഷ ജനാധിപത്യവിദ്യാഭ്യാസം | |
---|---|
കർത്താവ് | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ഭാഷ | മലയാളം |
വിഷയം | വിദ്യാഭ്യാസം |
സാഹിത്യവിഭാഗം | ലഘുലേഖ |
പ്രസാധകർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
പ്രസിദ്ധീകരിച്ച വർഷം | ജനുവരി 2014 |
ഇത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയും വളർച്ചയുമായിരുന്നു പരിഷത്ത് നടത്തിയ വികസനസംഗമങ്ങളും വികസനകോൺഗ്രസും. പുതിയ കേരളത്തെക്കുറിച്ചുള്ള സങ്കൽപനങ്ങൾക്കും സമീപനങ്ങൾക്കും വ്യക്തത വരുത്താനും മൂർത്തമായ നിർദ്ദേശങ്ങൾക്ക് രൂപം നൽകാനും സഹായകമായ ആഴത്തിലുള്ള ചർച്ചകളും സംവാദങ്ങ ളുമാണ് ഇവിടെയെല്ലാം നടന്നത്.
നവകേരളനിർമിതി ലളിതമോ സുഗമമോ ആയ കാര്യമല്ലെന്ന് നമുക്കറിയാം. കേരളത്തിന്റെ പുരോഗതിയിൽ നിർണായകസ്വാധീനം ചെലുത്തിയ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, വികേന്ദ്രീകരണം തുടങ്ങിയ എല്ലാ മേഖലകളിലും പ്രതിലോമപരമായ പ്രവർത്തനങ്ങൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
ഈ മാറ്റങ്ങളുടെ പിറകിൽ നമ്മുടെ ആഭ്യന്തരപരിമിതികളും നവലിബറൽനയങ്ങൾ സൃഷ്‌ടിക്കുന്ന പ്രതിസന്ധികളുമുണ്ട്. അഴിമതിയും അധികാരദുർവിനിയോഗവും സാമൂഹിക-സാംസ്‌കാരിക തകർച്ചയും ഭീകരമായി വർധിച്ചിരിക്കുന്നു. ഇവയ്‌ക്കെതിരെ ഒന്നിച്ചണിനിരക്കേണ്ട ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് ദുർബലരാക്കാനും തീവ്രമായ മാധ്യമപ്രചാരണങ്ങളിലൂടെ ഉപഭോഗാസക്തരും കർമവിമുഖരും ആക്കിമാറ്റാനുമുള്ള ശ്രമങ്ങൾ പൂർവാധികം ശക്തിയോടെ തുടരുകയാണ്.
ഈ സാഹചര്യത്തിലാണ് സമൂഹം നേരിടുന്ന യഥാർഥപ്രശ്‌ന ങ്ങളിലേക്ക് ജനശ്രദ്ധയാകർഷിക്കുന്നതിനും സർഗാത്മകമായ സംവാദങ്ങൾ വളർത്തിയെടുക്കുന്നതിനും വേണ്ടി വിപുലമായൊരു ബഹു ജനവിദ്യാഭ്യാസപരിപാടിക്ക് പരിഷത്ത് ആരംഭം കുറിക്കുന്നത്. ബഹുജനങ്ങളെ ബാധിക്കുന്ന ഏതൊരു കാര്യവും വിവാദമായിമാറ്റി അതിനെ തമസ്‌കരിക്കുകയോ തിരസ്‌കരിക്കുകയോ ലഘൂകരിക്കുകയോ ചെയ്യാനുള്ള സംഘടിതപ്രയത്‌നങ്ങൾ വിവിധ കോണുകളിൽനിന്ന് ഉണ്ടാകുന്നതിന് നാം നിത്യേന സാക്ഷികളാവുകയാണ്. ഇവിടെയാണ് ജനങ്ങളുടെ സാമാന്യബോധത്തെ ശാസ്‌ത്രബോധമാക്കി മാറ്റാനുള്ള ജനകീയസംവാദങ്ങളുടെ പ്രസക്തിയും പ്രാധാന്യ വും. ഈ സംവാദങ്ങൾ, ശ്രീനാരായണഗുരു പറഞ്ഞതുപോലെ, വാദിക്കാനും ജയിക്കാനുമുള്ളതല്ല; അറിയാനും അറിയിക്കാനും വേണ്ടിയുള്ളതാണ്. ജനാധിപത്യബോധത്തിന്റെയും ശാസ്‌ത്രസംസ്‌കാര ത്തിന്റെയും അന്തഃസത്തയാണ് സംവാദാത്മകത എന്ന ബോധ്യത്തോടെ, വേണം മറ്റൊരു കേരളം മറ്റൊരിന്ത്യയ്‌ക്കായി എന്ന വിശാലകാഴ്‌ചപ്പാടോടെ സംഘടിപ്പിച്ചിട്ടുള്ള ജനസംവാദയാത്ര ദേശീയതലത്തിൽ നടത്തുന്ന ദശലക്ഷം സംവാദങ്ങളുടെ പ്രാരംഭം കൂടിയാണ്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ലോകം മുഴുവൻ പ്രചുരപ്രചാരം നേടിയ കേരള വികസനാനുഭവങ്ങളിൽ ഏറ്റവും പ്രമുഖമായത് വിദ്യാഭ്യാസ രംഗത്തെ നമ്മുടെ നേട്ടങ്ങളായിരുന്നു. ആളോഹരിവരുമാനം കുറഞ്ഞ നിരക്കിൽ തുടരുമ്പോഴും ജീവിതഗുണതാസൂചകങ്ങളിൽ വികസിതരാജ്യങ്ങൾക്കൊപ്പം ഉയർന്നു നിൽക്കാൻ ഈ കൊച്ചുകേരളത്തെ പ്രാപ്‌തമാക്കിയത് വിദ്യാഭ്യാസ രംഗത്ത് നേടിയ മേൽകൈയ്യാണ് എന്നാണ് കേരളത്തിന്റെ സവി ശേഷാനുഭവങ്ങൾ ഗൗരവത്തോടെ കാണുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള അക്കാദമികപണ്ഡിതർ വിലയിരുത്തുന്നത്. ധനിക ദരിദ്ര, സ്‌ത്രീപുരുഷ വ്യത്യാസമില്ലാതെ, ജാതിമത, ഏവർക്കും സ്‌കൂൾ വിദ്യാഭ്യാസ പ്രാപ്യത ഉറപ്പാക്കാൻ കേരളീയസമൂഹത്തിന് കഴിഞ്ഞു. സ്‌കൂൾവിദ്യാഭ്യാസഘട്ടത്തിലെന്നപോലെ വിതരണനീതി ഉന്നത വിദ്യാഭ്യാസരംഗത്ത് ഉറപ്പാക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും അവ യെയും സാമൂഹികനിയന്ത്രണപരിധിയിൽ കൊണ്ടുവരാൻ ഒരു പരിധിവരെ കഴിഞ്ഞിരുന്നു. വിദ്യാഭ്യാസം എന്നാൽ - അത് സ്‌കൂൾ വിദ്യാഭ്യാസമായാലും ഉന്നതവിദ്യാഭ്യാസമായാലും - സാമൂഹികനിയന്ത്രണമുള്ള പൊതുവിദ്യാഭ്യാസമാകണം എന്നായിരുന്നു സമൂഹം വിവക്ഷിച്ചിരുന്നത്. ത്യാഗപൂർണ്ണമായ പ്രക്ഷോഭങ്ങളടക്കമുളള പരിശ്രമങ്ങളിലൂടെയായിരുന്നു ഈ സമീപനം വികസിച്ചുവന്നത്. അതുകൊണ്ടുതന്നെ അതിനെതിരായ ഏതൊരു ചലനത്തെയും കേരളീയ സമൂഹം ചെറുത്തുതോൽപ്പിച്ചിരുന്നു.
എന്നാൽ ഈ മനോഭാവത്തിന് കാര്യമായ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നു. 1990കളിൽ നവലിബറൽ നയങ്ങൾ ആരംഭിച്ച ഘട്ടത്തിൽ തന്നെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തടക്കമുള്ള പുരോഗമനസംഘടനകളും വിദ്യാഭ്യാസപ്രവർത്തകരും നൽകിയ അപകടസൂചനകൾ ഇന്ന് യാഥാർത്ഥ്യമാവുകയാണ്. സ്‌കൂൾ വിദ്യാഭ്യാസമേഖലയിലെയും, ഉന്നതവിദ്യാഭ്യാസ മേഖലയിലെയും പൊതുവിദ്യാഭ്യാസസങ്കല്‌പം തകർന്നുകൊണ്ടിരിക്കുന്നു. അല്ലെങ്കിൽ തകർത്തുകൊണ്ടിരിക്കുന്നു. ജനങ്ങളുടെയും വിദ്യാഭ്യാസപ്രവർത്ത കരുടെയും ശക്തമായ എതിർപ്പിനെ മറികടന്ന് വിദ്യാഭ്യാസരംഗ ത്തിന്റെ കച്ചവടവൽക്കരണത്തിന്റെ ഗതിവേഗം വൻതോതിൽ വർദ്ധിച്ചിരിക്കുന്നു. രണ്ട് പ്രധാന ഘടകങ്ങൾ ഇതിന് സഹായകരമായി വർത്തിക്കുന്നു.
1. ആഗോളീകരണ കാഴ്‌ചപ്പാട് ശക്തമാകുന്നതുവരെ വിദ്യാഭ്യാസത്തെ സേവനമേഖലയുടെ ഭാഗമായാണ് പരിഗണിച്ചിരുന്നത്. സേവന മേഖലയെന്നാൽ സാമൂഹിക ഉന്നമനത്തിനായി നിലകൊള്ളുന്നതുമായിരുന്നു. വ്യക്തികളും, സ്വകാര്യസ്ഥാപനങ്ങളും, ട്രസ്റ്റുകളും ഒക്കെ വിദ്യാഭ്യാസ വളർച്ചയ്‌ക്കായി സമ്പത്ത് ചെലവിട്ടിരുന്നു. ഇത് കച്ചവടത്തിന്റെ ഭാഗമായിട്ടായിരുന്നില്ല മറിച്ച് മനുഷ്യ സേവനത്തിന്റെ ഭാഗമായിരുന്നു. എന്നാൽ സേവനങ്ങൾ വാണിജ്യമാണെന്ന് ഗാട്ട് കരാറിലൂടെ ഇന്ത്യ അംഗീകരിച്ചതോടെ ഇന്ത്യൻ ഭരണകൂടത്തിന്റെ കാഴ്‌ചപ്പാടിലും വലിയ മാറ്റം വന്നു. വിദേശമൂലധനത്തിന്റെയും സ്വദേശീയ മൂലധനത്തിന്റെയും സമ്മർദ്ദവും ലോകവ്യാപാരകരാറുകളുടെ നിബന്ധനകളും ഭരണകൂടം രാജാവിനേക്കാളും വലിയ രാജഭക്തിയോടെ പാലിക്കുന്ന അവസ്ഥ സംജാതമായതോടെ വിദ്യാഭ്യാസം എന്നത് പൂർണ്ണാർത്ഥത്തിൽ ചരക്കായി മാറി. പൊതുവിദ്യാഭ്യാസം ഒരുകാലത്ത് വളർത്തികൊണ്ടുവരുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഭരണകൂടം തന്നെയാണ് ഇന്ന് അതിനെ തകർക്കുന്നതിനാവശ്യമായ ആസൂത്രണത്തിനും നിർവഹണത്തിനും നേതൃത്വം നൽകുന്നത്.
2. വ്യത്യസ്‌ത ജനവിഭാഗങ്ങൾ ഒന്നിച്ചുചേർന്ന് നടത്തിയ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സാമൂഹികനീതി പ്രയോജനപ്പെടുത്തി വളർന്നുവന്ന കേരളീയസമൂഹത്തിലെ ഗണ്യമായ ഒരു വിഭാഗം അവർ വളർന്നുവികസിച്ച ജീവിതാനുഭവങ്ങൾ മറന്നുകൊണ്ട് കച്ചവടതാൽ പര്യങ്ങൾക്കനുഗുണമായ നിലപാട് കൈക്കൊണ്ടു. ഈ വിഭാഗത്തിന്റെ അസ്‌തിത്വത്തിന് നിദാനമായ പൊതുസംവിധാനങ്ങളെ വളരെ വേഗം ഇകഴ്‌ത്തിക്കാട്ടാനും കച്ചവടശക്തികളുടെ ഇംഗിതത്തിനനുസരിച്ച് നിലകൊള്ളാനും കേരളത്തിലെ മധ്യവർഗ്ഗചിന്താധാര തയ്യാറായി. പൊതുവിദ്യാലയങ്ങളിൽ പഠിച്ചുകൊണ്ട് അവർ സ്വായത്തമാക്കിയ കൂട്ടായ്‌മയും, മതനിരപേക്ഷചിന്താഗതിയും കൊണ്ട് മത്സരാധിഷ്‌ഠിതലോകക്രമത്തിൽ തങ്ങളുടെ മക്കൾ മത്സരസജ്ജരാകില്ല എന്ന മൂഢവിശ്വാസം ഇക്കൂട്ടരിൽ വളർന്നുവന്നു. കച്ചവടശക്തികൾ ഈ സാഹചര്യം നന്നായി പ്രയോജനപ്പെടുത്തി. കച്ചവടവിദ്യാഭ്യാസസ്ഥാപനങ്ങളുടെ വിളനിലമായി നമ്മുടെ സംസ്ഥാനം മാറി. ഭരണകൂടം ഇതിനു വേണ്ട എല്ലാ സൗകര്യവും ചെയ്‌തുകൊടുത്തു.
ഭരണകൂടവും, മധ്യവർഗ്ഗചിന്താധാരയും കൂട്ടുചേർന്ന് തളർത്തി ക്കൊണ്ടിരിക്കുന്ന നമ്മുടെ പൊതുവിദ്യാഭ്യാസം എങ്ങനെ വളർന്നുവന്നുവെന്ന് നാം ഓർത്തെടുക്കേണ്ടതുണ്ട്.
കൊളോണിയൽ കാലഘട്ടത്തിൽ തന്നെ ആധുനികവിദ്യാഭ്യാസ വികാസത്തിന് കേരളത്തിൽ ആരംഭം കുറിച്ചിട്ടുണ്ട്. ബ്രിട്ടീഷ് സാമ്രാ ജ്യത്വം വിദ്യാഭ്യാസരംഗത്ത് കൈക്കൊണ്ട പല നയങ്ങളും പ്രത്യക്ഷമായും അല്ലാതെയും കേരളത്തെ സ്വാധീനിച്ചിട്ടുണ്ട്. ബ്രിട്ടനിൽ നട പ്പാക്കിയ വിദ്യാഭ്യാസനയങ്ങൾ ഇവിടെയും പ്രതിഫലിച്ചു. 19-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ തന്നെ തിരുവിതാംകൂർ റാണി ഗൗരിപാർവ്വതിഭായി വിദ്യാഭ്യാസം സർക്കാറിന്റെ ചുമതലയായി പ്രഖ്യാപിച്ചു. കൊച്ചിയിലും ഇതേ നടപടി ഉണ്ടായി. ആധുനികവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിയാൻ മിഷനറിമാരുടെ പ്രവർത്തനങ്ങളും സഹായകമായി. ചൂഷണത്തിനെതിരെയും ജാതീയത ഉയർത്തിവിട്ട സാമൂഹികഅസമത്വങ്ങൾക്കെതിരെയും വളർന്നുവന്ന വൈവിധ്യമാർന്ന സമരങ്ങൾ വിദ്യാഭ്യാസവ്യാപനത്തെ ത്വരിതപ്പെടുത്തി. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ, വൈകുണ്‌ഠ സ്വാമികൾ, ചാവറ കുര്യാക്കോസ്‌ഏലിയാസ് അച്ചൻ, മുഹമ്മദ് അബ്‌ദുൾ റഹ്‌മാൻ സാഹബ് തുടങ്ങി അറിയപ്പെടുന്നവരും അതിലേറെ അറിയപ്പെടാത്തവരും നേതൃത്വം നൽകിയ, പോരാട്ടങ്ങളി ലൂടെ ഉയർന്നുവന്ന നവോത്ഥാനമുന്നേറ്റങ്ങളും അതിന്റെ തുടർച്ച യായ ഇടതുപക്ഷ ജനാധിപത്യ കൂട്ടായ്‌മകളുമാണ് പുരോഗമനപര മായ ആശയപ്രപഞ്ചം കേരളത്തിൽ വളർത്തിയെടുത്തത്. ഈ ആശയപ്രപഞ്ചത്തിൽ വളർന്നുവന്നത് ഭിന്നിപ്പിക്കലിന്റെതായ സംഘടിതരൂപങ്ങളായിരുന്നില്ല. മറിച്ച് കൂട്ടായ്‌മകളിലൂടെ വളർന്ന പൊതുഇടങ്ങളായിരുന്നു. അങ്ങിനെയാണ് തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്‌ടിയിൽപെട്ടാലും ദോഷമുള്ളോർക്കടക്കം നിർഭയമായി ഇടപെടാവുന്ന പൊതുഇടങ്ങൾ ഉണ്ടായി വന്നത്. വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടിച്ച് ശക്തരാകുക, ഒരുജാതി ഒരുമതം ഒരു ദൈവം മനുഷ്യന് തുടങ്ങിയ കാഴ്‌ച്ചപ്പാടുകളും കൂടുതൽ തീവ്രമായ ജാതി വേണ്ട, മതംവേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന സന്ദേശവു മൊക്കെ നവോത്ഥാനകാലഘട്ടത്തിൽ ഉയർന്നുവന്നതാണ്. മനുഷ്യനെ മതത്തിന്റെയും വിശ്വാസത്തിന്റെയും വിധേയത്വത്തിന്റെയും കള്ളികളിൽ തിരിച്ചിട്ട് പരസ്‌പരം പോരാടിപ്പിച്ച് അതിലൂടെ തങ്ങളുടെ താൽപര്യം സംരക്ഷിച്ചുപോന്ന തൽപരശക്തികളുടെ കുതന്ത്രങ്ങളെ തിരിച്ചറിയാനും അതിനെ പ്രതിരോധിക്കാനും പുരോഗമനശക്തികൾക്ക് കഴിഞ്ഞു. ഇതിന്റെ ഫലമായാണ് കേരളത്തിൽ മതനിരപേക്ഷ സംസ്‌കാരം വളർന്നുവന്നത്. ഇതിൽ പൊതുവിദ്യാലയങ്ങൾ വഹിച്ചപങ്ക് നിസ്സീമമാണ്. കേരളത്തിലെ സാമൂഹിക വളർച്ചയെയും വിദ്യാഭ്യാസവ്യാപനത്തെയും ഇഴപിരിച്ച് കാണാൻ കഴിയില്ല. കേരള ത്തിൽ നടപ്പിലാക്കിയ ഭൂപരിഷ്‌കരണനിയമം ഭൂമിയുടെ കേന്ദ്രീകരണത്തെ ഒരുപരിധിവരെ ഇല്ലാതാക്കി. വലിയൊരുവിഭാഗം ജനത ഭൂമിയുടെ ഉടമകളായി മാറി. വിദ്യാഭ്യാസബില്ല് വിദ്യാഭ്യാസരംഗത്ത് സ്വകാര്യമാനേജർമാരുടെ ചൂഷണരീതികൾ അവസാനിപ്പിച്ചു. സാമൂഹികനിയന്ത്രണം ഒരുപരിധിവരെ വിദ്യാഭ്യാസരംഗത്ത് നടപ്പാക്കി. ഈ രണ്ട് കാര്യങ്ങൾ പൊതുവിദ്യാഭ്യാസം കൂടുതൽ വ്യാപകമാകുന്നതിലേക്കും നയിച്ചു.
മേൽപ്പറഞ്ഞ ശ്രമങ്ങളുടെ ഫലമായി ഐക്യകേരളം രൂപപ്പെടുന്ന ഘട്ടമാകുമ്പോഴേക്കും വളരെ വിപുലമായ പ്രൈമറിവിദ്യാലയശൃംഖല കേരളത്തിൽ രൂപപ്പെട്ടിരുന്നു. എന്നാൽ സെക്കന്ററി വിദ്യാഭ്യാസം ഐക്യകേരളം രൂപംകൊണ്ട ശേഷമാണ് പടർന്ന് പന്തലിച്ചത്. ഇങ്ങനെ വളരുന്നതിൽ ജനങ്ങളുടെ പങ്കാളിത്തം അതിനിർണ്ണായകമായിരുന്നു. കൂടാതെ കേരളത്തിലെ ജനകീയ സർക്കാറുകൾ പൊതുവിദ്യാഭ്യാസം വളർത്തുന്നതിനു ഗുണകരമായ നിരവധി പദ്ധതികൾ ആവിഷ്‌ക്ക രിച്ചു. അപ്പർ പ്രൈമറി, സെക്കന്ററി വിദ്യാലയങ്ങൾ വ്യാപകമായി ആരംഭിച്ചു. 1970കളിൽത്തന്നെ സാർവ്വത്രിക സ്‌കൂൾ പ്രവേശം സാധ്യമായി. ദേശീയതലത്തിൽ 2009ൽ ഇതിനായി വിദ്യാഭ്യാസഅവകാശ നിയമം കൊണ്ടുവരേണ്ടിവന്നു എന്നത് ഇത്തരുണത്തിൽ പ്രത്യേക പരാമർശം അർഹിക്കുന്നു. ദേശീയതലത്തിൽ സാർവ്വത്രീക എലിമെന്ററി വിദ്യാഭ്യാസത്തിനായി പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ നാം കേരളീയർ സാർവ്വത്രീക പന്ത്രണ്ടാം ക്ലാസ് എന്ന ലക്ഷ്യത്തിന്റെ പടിവാതിൽക്കലാണ്. ദേശീയതലത്തിൽ സ്വപ്‌നം കാണാൻപോലും കഴിയാത്തവിധം മുമ്പിലാണ് നാം. താഴെ കൊടുത്തിരിക്കുന്ന പട്ടിക ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത നൽകുന്നു.
9,10 ക്ലാസുകളിൽ പഠിക്കുന്ന 13-15 പ്രായപരിധിയിലുളള 65% പേരേ ഇന്ത്യയിൽ സ്‌കൂളുകളിൽ ഉള്ളൂ. ലോകശരാശരി ഇത് 68% ആണ്. വികസിതരാജ്യങ്ങളിൽ ഇത് 100% ആണ്. ചൈനയിൽ 78 ആണ്. കേരളം വികസിത രാജ്യങ്ങൾക്കൊപ്പമാണ്. (ചില കുട്ടികൾ ക്ലാസ് കയറ്റം ലഭിക്കാതെ അതേ ക്ലാസ്സിൽ തുടരുന്നതിനാലാണ് കേരളത്തിൽ നൂറിൽ അധികമായി കാണുന്നത്). ബീഹാറിൽ 41.8%വും ഗുജറാത്തിൽ 64.3%വും ആണ്. ഗുജറാത്ത് മാതൃകയെക്കുറിച്ച് ഏറെ ചർച്ചചെയ്യപ്പെടുന്ന ഇക്കാലത്ത് സ്‌കൂൾ പ്രവേശനത്തിന്റെ കാര്യത്തിൽ അഖിലേന്ത്യാ ശരാശരിയേക്കാൾ കുറവാണ് ഗുജറാത്തിലേതെന്ന് കാണാതെ പോകരുത്. ദേശീയതലത്തിൽ കേന്ദ്രഭരണപ്രദേശമടക്കമുളള 35 സംസ്ഥാനങ്ങളിൽ ഗുജറാത്തിന്റെ സ്ഥാനം 23-ാമത്തെതാണ്. ഹയർ സെക്കന്ററി തലത്തിൽ എത്തേണ്ട പ്രായത്തിലുളള കുട്ടികളുടെ 39.3% മാത്രമേ ദേശീയതലത്തിൽ സ്‌കൂളിലുള്ളൂ. ഐ.ടി.ഐകൾ, പോളിടെക്‌നിക്ക്, വൊക്കേഷണൽ ഹയർസെക്കന്ററി മേഖലകൾ ഉൾപ്പെടെ കേരളത്തിൽ 90%ത്തിലധികം കുട്ടികൾ പൊതുധാരയിൽ തുടരുമ്പോൾ ജാർഖ ണ്‌ഢിൽ 12.6%വും ബീഹാറിൽ 21.2%വും, മാത്രമേ പഠനം തുടരുന്നുള്ളൂ. ഗുജറാത്തിൽ ഇവരുടെ തോത് 36.9% ആണ്. പെൺകുട്ടികളുടെ പ്രവേശനതോത് വിശകലനം ചെയ്‌താൽ സ്‌കൂൾ പ്രവേശനത്തിലെ ലിംഗവിവേചനം ഓരോസംസ്ഥാനത്തും എത്രമാത്രമുണ്ടെന്ന് വ്യക്തമാകും. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ സ്‌കൂൾ പ്രവേ ശനതോത് പരിതാപകരമാംവിധം കുറഞ്ഞ തോതിലാണ്. സ്‌കൂൾ ഘട്ടത്തിലെ കൊഴിഞ്ഞുപോക്കും വിലയിരുത്തുന്നത് ഉചിതമാകും.
പട്ടിക - 1 സ്‌കൂൾ പ്രവേശനം ഗ്രോസ് എൻറോൾമന്റ് റേഷ്യോ*
ഇന്ത്യ 87.7 83.1 85.5 69 60.8 65 42.2 36.1 39.3 കേരളം 106.5 101.3 103.9 101.6 99.7 100.6 64.1 72.1 68 ഗുജറാത്ത് 89.5 81.5 85.7 71.3 56.5 64.3 40.0 33.5 36.9 ബീഹാർ 68.4 60.4 64.6 46.3 37.0 41.8 24.1 18.0 21.2 കർണ്ണാടക 92.2 89.1 90.7 74.0 72.5 73.3 41.9 43.6 42.8 ജാർഖണ്‌ഡ് 81.7 81.0 81.3 47.4 43.1 45.3 13.3 11.8 12.6 ആന്ധ്രപ്രദേശ് 80.3 79.9 80.1 67.1 67.3 67.2 50.1 44.9 47.5
- പ്രസ്‌തുത പ്രായഘട്ടത്തിൽ സ്‌കൂളിലുളള ആകെ കുട്ടികളുടെ അനുപാതം.
അവലംബം : സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് സ്‌കൂൾ എഡുക്കേഷൻ 2010-11, ഗവണ്മെന്റ് ഓഫ് ഇന്ത്യ, മാനവ വികസന മന്ത്രാലയം, ബ്യൂറോ ഓഫ് പ്ലാനിങ്ങ് മോണിറ്ററിങ്ങ് & സ്റ്റാറ്റിസ്റ്റിക്‌സ് ന്യൂഡൽഹി - 2012
സ്‌കൂളിൽ എത്തിച്ചേരുന്ന കുട്ടികൾ വൻതോതിൽ, പലകാരണ ങ്ങളാൽ സ്‌കൂൾ വിട്ടുപോകുന്നു എന്നാണ് പട്ടിക വ്യക്തമാക്കുന്നത്. 1 മുതൽ 10 വരെ ക്ലാസ്സുകളിലായി ഇങ്ങനെ പൊതുധാരയിൽ നിന്നും ദേശീയതലത്തിൽ പുറത്തുപോകുന്നത് ഏതാണ്ട് പകുതിയോളം കുട്ടികളാണ്. ബീഹാറിൽ ഇത് 62.2%വും ജാർഖണ്‌ഡിൽ 69.5%വുമാണ്. കർണ്ണാടകയിൽ 43.3% കുട്ടികൾ ഈ ഘട്ടത്തിൽ കൊഴിഞ്ഞു പോകുന്നു. ഗുജറാത്തിൽ ഇത് 57.9%മാണ്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണിവയെല്ലാം. പട്ടികവർഗ്ഗ വിഭാഗത്തിൽ കൊഴിഞ്ഞുപോക്ക് ദേശീയശരാശരി 70.9% ആണ്. ബീഹാറിൽ ഇത് 71.1%വും ജാർഖ ണ്‌ഡിൽ 79.8% വുമാണ്. ഗുജറാത്തിൽ ഇത് 77.6%മാണ്. ദേശീയ ശരശരിയേക്കാൾ മോശപ്പെട്ട അവസ്ഥ. കേരളത്തിൽ പൊതുവേ കൊഴിഞ്ഞുപോക്ക് ഇല്ലെങ്കിലും പട്ടികവർഗ്ഗവിഭാഗത്തിലെ 29.1% കുട്ടികൾ 1 മുതൽ 10 വരെയുള്ള പഠനകാലത്തിനിടെ കൊഴിഞ്ഞുപോകുന്നു. നാം ഇനി ശ്രദ്ധിക്കേണ്ട മേഖലകളിലൊന്നാണ് സാമൂഹികമായി പിന്നോക്കം നിൽക്കുന്ന പട്ടികവർഗ്ഗം കുട്ടികളുടെ വിദ്യാഭ്യാസം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സ്‌കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് പൊതുസ്ഥിതി വിലയിരുത്തിയാൽ മറ്റു പല സംസ്ഥാനങ്ങൾക്കും സ്വപ്‌നം കാണാവുന്നതിലും മുമ്പിലാണ് കേരളം. അഭിമാനാർഹ മായ ഈ അവസ്ഥയെയാണ് ഇപ്പോൾ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളും ദുർബലപ്പെട്ടുവരികയാണ്. അതിനെതിരായ ജനകീയമുന്നേറ്റങ്ങളോടൊപ്പം കേരളീയ സമൂഹം സാമൂഹികമായി ഉറപ്പാക്കിയ പ്രാപ്യത എന്ന ഘടകത്തെ അടിത്തറയാക്കി വിദ്യാഭ്യാസരംഗത്ത് തുല്യത, ഗുണത എന്നീ ഘടകങ്ങൾ ഉറപ്പുവരുത്തുന്നതിനാവശ്യമായ സംവാദങ്ങൾ ഉയർന്നുവര ണമെന്ന് കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് ആഗ്രഹിക്കുന്നു. അതിന് സഹായകമായ ചില വസ്‌തുതകൾ സമൂഹപരിഗണന ക്കായി സമർപ്പിക്കുന്നു.
1. 1956-ൽ കേരളപ്പിറവി ഘട്ടത്തിൽ 9137 സ്‌കൂളുകൾ ആണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിലേറെയും ലോവർ പ്രൈമറി സ്‌കൂളുകളായിരുന്നു (6699 എണ്ണം). നിലവിൽ അത് 12644 ആണ്. കേരള രൂപീകരണ സമയത്ത് ലോവർ പ്രൈമറി ആയിരുന്ന പലതും പിന്നീട് അപ്പർ പ്രൈമറി സ്‌കൂളുകളായും, ഹൈസ്‌കൂളുകളായും ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളായും ഉയർ ത്തപ്പെട്ടു. കേരള വിദ്യാഭ്യാസ നിയമത്തിന്റെ തുടർച്ചയായി വന്ന കെ.ഇ.ആർ, കുട്ടികളെ സംബന്ധിച്ച് പഠന കാര്യത്തിൽ എയ്‌ഡഡ്, സർക്കാർ വ്യത്യാസം ഇല്ലാതാക്കി. അതായത് സർക്കാർ സ്‌കൂളകളോടൊപ്പം എയ്‌ഡഡ് സ്‌കൂളുകളും പൊതുവിദ്യാലയങ്ങളായി പരിഗണിക്കപ്പെട്ടു. സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഒന്നാംതലമുറ പ്രശ്‌ന ങ്ങളുടെ പ്രധാന സൂചകങ്ങളായ സ്‌കൂൾ ലഭ്യത, സ്‌കൂൾ പ്രവേ ശനം, കൊഴിഞ്ഞുപോക്കില്ലാതെ നിലനിൽക്കൽ എന്നിവയുടെ പൊതു അവസ്ഥ കേരളത്തിൽ വികസിതരാജ്യങ്ങളോട് സമാനമാണ് എന്ന് കാണാം. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിൽ ഇപ്പോഴും ഒന്നാംതലമുറ പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോൾ 1980-കളിൽ തന്നെ ഇക്കാര്യങ്ങൾ മറികടക്കാൻ കേരളീയസമൂഹത്തിന് കഴിഞ്ഞു. മല യോര-തീരപ്രദേശങ്ങളിലെ ചില ഇടങ്ങളിൽ സ്‌കൂൾ പ്രവേശനസൗകര്യമില്ല എന്നത് കാണാതെയല്ല ഇത് പറയുന്നത്. സാക്ഷരതാ രംഗത്ത് ഉണ്ടായ മാററം ഇതോടൊപ്പം പരിഗണിക്കാം. കേരള സംസ്ഥാന രൂപീകരണ ശേഷം 1961ൽ നടന്ന സെൻസസിൽ കേരളത്തിലെ സാക്ഷരതാനിരക്ക് 55 ശതമാനത്തിനടുത്താണ്. 2011ലെ സെൻസ സിൽ അത് 94% മാണ്. ഇതിന്റെ പ്രതിഫലനം സ്‌കൂൾ വിദ്യാഭ്യാസത്തിലും പ്രകടമാണ്. സ്‌കൂളിൽ ഒന്നാം ക്ലാസ്സിൽ പ്രവേശിക്കുന്ന കുട്ടികളിൽ ഏതാണ്ടെല്ലാവരും 10-ാം ക്ലാസ്സ് വരെ എത്തുന്നു. 85%ത്തോളം പേർ ഹയർസെക്കന്ററിയോ തത്തുല്യമായ കോഴ്‌സുകളോ കടന്നു പോകുന്നു. ഇതൊക്കെ നേട്ടമായി പറയുമ്പോഴും പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട 100 കുട്ടികളിൽ 70 പേർ മാത്രമേ 10-ാം ക്ലാസ്സിൽ എത്തുന്നുള്ളൂവെന്നതും അതിൽ തന്നെ 22 പേർ മാത്രമെ ഹയർസെക്കന്ററി പ്രവേശന യോഗ്യത നേടുന്നുള്ളൂ എന്നതും ഇനി കേരളീയസമൂഹത്തിന്റെ ശ്രദ്ധ എവിടെയാണ് വേണ്ടത് എന്നതിന്റെ സൂചനയാണ്.
പട്ടിക - 2 കൊഴിഞ്ഞുപോക്ക് നിരക്ക്
ഇന്ത്യ 28.7 25.1 27.0 40.3 41.0 40.6 50.4 47.9 49.3 കേരളം - - - - - - - - - ഗുജറാത്ത് 36.9 6.6 25.7 44.6 49.4 46.7 61.1 52.4 57.9 ബീഹാർ 39.2 30.7 35.7 58.5 58.0 58.3 64.4 58.9 62.2 കർണ്ണാടക 9.2 8.5 8.9 20.1 21.5 20.8 44.5 42.1 43.3 ജാർഖണ്‌ഡ് 31.0 25.6 28.4 48.4 41.2 45.1 70.6 68.1 69.5 ആന്ധ്രപ്രദേശ് 18.1 16.7 17.4 33.0 32.7 32.9 45.8 46.6 46.2 അവലംബം : സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് സ്‌കൂൾ എഡുക്കേഷൻ 2010-11, ഗവണ്മെന്റ് ഓഫ് ഇന്ത്യ, മാനവ വികസന മന്ത്രാലയം, ബ്യൂറോ ഓഫ് പ്ലാനിങ്ങ് മോണിറ്ററിങ്ങ് & സ്റ്റാറ്റിസ്റ്റിക്‌സ് ന്യൂഡൽഹി - 2012
കേരളസംസ്ഥാനരൂപീകരണവും അതിന്റെ തുടർച്ചയായി വന്ന സർക്കാരുകളുടെ വിതരണനീതി ഉറപ്പാക്കാനുളള ശ്രമങ്ങളും ഒന്നാംതലമുറ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതിന് സഹായകമായി. 1961-62ൽ ഒന്നാംക്ലാസ്സ് പ്രവേശനം 6.46 ലക്ഷമായിരുന്നു. അത് വർദ്ധിച്ച് 1971-72ൽ ഏറ്റവും ഉയർന്ന തലത്തിലെത്തി 8.41 ലക്ഷമായി മാറി. സ്‌കൂളിലെ മൊത്തം കുട്ടികൾ 1961ൽ 34.58 ലക്ഷം എന്നത്‌് 1986-87 ആകുമ്പോഴേക്കും 63.26 ആയി ഉയർന്നു. വിദ്യാഭ്യാസകാര്യങ്ങളിൽ ഉണ്ടായ അനുകൂലവളർച്ച കുടുംബങ്ങളെയും, കുടുംബങ്ങളുടെ ആസൂത്രണത്തെയും സ്വാധീനിച്ചു. ഉയർന്ന സാക്ഷരതാനിരക്ക് ജനസംഖ്യാനിയന്ത്രണത്തിൽ പ്രതിഫലിച്ചു. അങ്ങനെ 2013-14ൽ ഒന്നാം ക്ലാസ്സിലെ സ്‌കൂൾപ്രവേശനം മൂന്ന് ലക്ഷത്തിൽ താഴെയായി. (2.92 ലക്ഷം). ഈ കുറവ് പൊതുവിദ്യാലയങ്ങളിലെ ആകെ കുട്ടികളുടെ എണ്ണത്തിലും ഉണ്ടായിട്ടുണ്ട്. ഒന്ന് മുതൽ പത്തുവരെ ക്ലാസ്സുകളി ലായി 38.52 ലക്ഷം കുട്ടികളും, ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർസെക്കന്ററി ക്ലാസ്സുകളിലായി 6.5 ലക്ഷം കുട്ടികളും അടക്കം 45 ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ ഇപ്പോൾ പഠിക്കുന്നത്. ഇത് കേരളത്തിലെ സ്‌കൂൾ പ്രായപരിധിയിലുളള മൊത്തം കുട്ടി കളുടെ 78.54% വരും.
വർഷങ്ങളിലൂടെ സ്‌കൂളുകളിലെ കുട്ടികളുടെ മൊത്തം എണ്ണത്തിലുണ്ടായ കുറവ് സ്‌കൂൾ സൗകര്യങ്ങൾ വർധിപ്പിക്കാനും അതുവഴി സ്‌കൂളിലെ ഗുണനിലവാരം വർധിപ്പിക്കാനും എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് കേരളസമൂഹം ആലോചിക്കേണ്ടതുണ്ട്. ഇതിനുപകരം പൊതുവിദ്യാഭ്യാസത്തെ ദുർബലപ്പെടുത്തുംവിധം സി.ബി.എസ്.ഇ സ്‌കൂളുകൾക്ക് അംഗീകാരം നൽകുന്ന സർക്കാർ നടപടി എങ്ങനെ നീതികരിക്കും? മറ്റു സംസ്ഥാനങ്ങളുമായി ജനസംഖ്യാനുപാതിക മായി താരതമ്യപ്പെടുത്തിയാൽ കേരളേതരപാഠ്യപദ്ധതി നിലവിലുള്ള സ്‌കൂളുകളുടെ എണ്ണം ഇവിടെ വളരെക്കൂടുതലാണ്. 2011-12ലെ കണക്കനുസരിച്ച് 950ന് അടുത്താണ്. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് 400ന് അടുത്ത പുതിയ സി.ബി.എസ്.ഇ സ്‌കൂളുകൾക്ക് അംഗീകാരം നൽകിക്കഴിഞ്ഞു. കൂടുതൽ സ്‌കൂളുകൾക്ക് അംഗീകാരം നൽകാനുള്ള നട പടിക്രമം പൂർത്തിയായി വരുന്നു. ഇതിന് പുറമെയാണ് സംസ്ഥാന സിലബസിൽ നിലവിൽ പ്രവർത്തിക്കുന്ന മുഴുവൻ അനധികൃത അൺ എയ്‌ഡഡ് സ്‌കൂളുകൾക്കും അംഗീകാരം നൽകാൻ പോകുന്നത്. വിദ്യാഭ്യാസഅവകാശനിയമത്തിന്റെ മറ പറ്റിയാണ് ഇത് ചെയ്യുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസധാരയെ സർക്കാർ തന്നെ തകർക്കുന്ന നിലപാട് എങ്ങനെ അംഗീകരിക്കാൻ സാധിക്കും?
ഇതുപോലെയാണ് കേരള സിലബസിലുള്ള സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങുന്നത്. ഇതുവഴി മലയാളികൾക്ക് മലയാളം പഠിക്കാൻ കഴിയാത്ത ഒരു സ്ഥിതി സംജാതമാവുകയാണ്. മലയാളം ശ്രേഷ്‌ഠഭാഷയായി അംഗീകരിച്ച ഒരു കാലഘട്ടത്തിലാണ് മലയാളഭാഷയെ അലമാരയിലേക്ക് ഒതു ക്കാനുള്ള പ്രവർത്തനം മലയാളികൾ തന്നെ ചെയ്യുന്നത്. സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും യാതൊരു പിൻബലവുമില്ലാതെ ദുരഭിമാനപ്രചോദിതമായി ചെയ്യുന്ന ഇത്തരം അശാസ്‌ത്രീയ പ്രവർത്തനങ്ങൾ എതിർക്കപ്പെടേണ്ടതല്ലേ.?
നവോദയ-കേന്ദ്രീയവിദ്യാലയങ്ങളൊഴികെ എല്ലാ സ്‌കൂളുകളും സംസ്ഥാന ബോർഡുകളുമായി അഫിലിയേറ്റ് ചെയ്യണമെന്ന യശ്‌പാൽ കമ്മിറ്റി (1993) ശുപാർശ നടപ്പാക്കണമെന്നും സ്‌കൂൾ വിദ്യാഭ്യാസം മാതൃഭാഷയിലാവണമെന്നും സ്‌കൂളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ സാമൂഹികമായി ഉയർന്നുവരേണ്ടതുണ്ട്. പുതിയ കേന്ദ്രീയവിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിനെയും മേൽ പറഞ്ഞ കാരണങ്ങളാൽ നീതീകരിക്കാൻ കഴിയില്ല.
2. വീടുകളുടെ തൊട്ടടുത്ത് നിന്നും കുട്ടികളെ ഗുണമേന്മയുണ്ട് എന്ന് കരുതുന്ന അകലെയുള്ള സ്‌കൂളുകളിലേക്ക്, അത് സർക്കാർ/ എയ്‌ഡഡ്, അൺഎയ്‌ഡഡ് ആയാലും മറ്റ് കേരളേതര സ്‌കൂളുകളിലേക്കായാലും, അയക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. ഇത് കേരളത്തിലെ ഗതാഗതസംവിധാനത്തിലുണ്ടാക്കുന്ന സമ്മർദ്ദം വളരെ വലുതാണ്. നമ്മുടെ റോഡുകളുടെ കാരിയിങ്ങ് കപ്പാസിറ്റിയിലും അപ്പുറമാണിത്. മാത്രമല്ല മൃഗങ്ങൾക്ക് കിട്ടുന്ന പരിഗണന പോലും പലപ്പോഴും വിദ്യാർഥികൾക്ക് വാഹനങ്ങളിൽ ലഭിക്കാറില്ല. ഓരോ വർഷവും എത്ര കുട്ടികളാണ് അപകടത്തിൽപ്പെട്ട് പോകുന്നത്? ഒഴിവാക്കാവുന്ന ഈ ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ ആവശ്യമായ സാമൂഹികസമ്മർദങ്ങൾ വളർന്ന് വരേണ്ടതല്ലേ? വികസിതരാജ്യങ്ങളിലടക്കം വിദ്യാഭ്യാസത്തിൽ മുന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലെല്ലാം അയൽപക്കവിദ്യാലയം എന്ന കാഴ്‌ചപ്പാട് ശക്തമായി നിലനിൽക്കുന്നു. പല രാജ്യങ്ങളിലും ഇത് ഏതാണ്ട് നിർബ ന്ധവുമാണ്. സമൂഹത്തിന് ക്രിയാത്മകമായി വിദ്യാഭ്യാസകാര്യങ്ങ ളിൽ ഇടപെടാനുള്ള അവസരം അയൽപക്കസംവിധാനത്തിലുണ്ട്. വിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട ഒരു ലക്ഷ്യമായ സാമൂഹികവൽക്കരണത്തിന് ഇത് ആക്കം കൂട്ടുന്നു. വിദ്യാഭ്യാസത്തെ അധ്യാപകനും കുട്ടിയും തമ്മിൽ നടത്തുന്ന ഒരു സ്വകാര്യഏർപ്പാടെന്ന കച്ചവട വിദ്യാഭ്യാസ സംസ്‌കാരത്തെ ഇത് ചോദ്യം ചെയ്യുന്നു. പാഠ്യപദ്ധതിയുടെ ഉള്ളടക്കം, അധ്യാപകപരിശീലനം, മൂല്യനിർണയം തുടങ്ങിയ കാര്യങ്ങളിലൊക്കെ കേരളപാഠ്യപദ്ധതി സിബിഎസ്‌ഇയെക്കാൾ മെച്ചമാണ് എന്നാണ് കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്, കെഎസ്‌ടിഎ തുടങ്ങിയ സംഘടനകൾ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. മറിച്ചുള്ള പഠനങ്ങൾ ഒന്നുമില്ലതാനും. ആയതിനാൽ അയൽ പക്കത്തുള്ള പൊതുവിദ്യാലയത്തെ എല്ലാ തരത്തിലും മെച്ചപ്പെടുത്തി ആ പൊതുവിദ്യാലയത്തിന്റ പരിധിയിൽ വരുന്ന മുഴുവൻ കുട്ടികളും അവിടെത്തന്നെ പഠിക്കേണ്ടതാണ്. അവർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന് സാമൂഹികമായി ചർച്ച ചെയ്യണം. ഇതൊരു പ്രധാന അജണ്ടയായി കാണാൻ കേരളത്തിലെ മുഴുവൻ മുഖ്യധാരാരാഷ്‌ട്രീയപാർട്ടികൾക്കും സാധിക്കണം.
3. സ്‌കൂൾ വിദ്യാഭ്യാസഘട്ടത്തിൽ മറ്റു സംസ്ഥാനങ്ങൾ ഒന്നാം തലമുറ പ്രശ്‌നങ്ങൾ നേരിടുമ്പോൾ കേരളം അടുത്ത ഘട്ടങ്ങളിലെ പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. 6 മുതൽ 14 വയസ് വരെയുള്ള പ്രായക്കാരെ പരിഗണിക്കുന്ന വിദ്യാഭ്യാസഅവകാശനിയമം ഈ പശ്ചാത്തലത്തിൽ വേണം ചർച്ച ചെയ്യേണ്ടത്. ഇന്ത്യയിലെ മറ്റു സംസ്ഥനങ്ങളിൽ പ്രാപ്യത ഇന്നും പ്രശ്‌നമാണ്. നമുക്ക് കേരളത്തിൽ അപൂർവമായ ഇടങ്ങളിലൊഴികെ പ്രാപ്യതയല്ല മുഖ്യപ്രശ്‌നം; തുല്യതയും ഗുണതയുമാണ്. ഗുണതയെന്നാൽ ക്ലാസ് മുറിക്കകത്ത് നടക്കുന്ന പഠനപ്രക്രിയ മാത്രമല്ല. കുട്ടികളുടെ സമഗ്രവിസനത്തിന് എല്ലാ കഴിവുകളും വികസിപ്പിക്കാൻ ആവശ്യമായ പഠനാനുഭവങ്ങൾ ഉണ്ടാക്കുന്ന പഠന പരിസരം ഇതിൽ പ്രധാനമാണ്. നമ്മൂടെ സ്‌കൂൾ ക്യാമ്പസുകളെ ഈ തരത്തിലേക്ക് ഉയർത്താൻ നമുക്ക് കഴിയണം. പഞ്ചായത്ത്‌രാജ് സംവിധാനത്തിന്റെ മുഴുവൻ സാധ്യതയും പ്രയോജനപ്പെടുത്തി സാമൂഹിക സാധ്യതകൾ എല്ലാം വിനിയോഗിച്ച് എങ്ങനെ ഇത് പ്രാവർത്തികമാക്കാം എന്ന ഗൗരവമായ ആലോചനകൾ നടക്കേണ്ടതാണ്. അതിന് നേതൃത്വം നൽകുക എന്നതാണ് യഥാർത്ഥത്തിൽ വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ടത്. ഇത്തരം ചർച്ചകൾ നടക്കുമ്പോൾ ക്ലാസ്‌മുറികൾ ആധുനികവൽക്കരിക്കുന്നതോടൊപ്പം കളി സ്ഥലം, മൂത്രപ്പുര (ഉപയോഗ യോഗ്യമായ മൂത്രപ്പുരകളുടെ അഭാവം കുട്ടികളിൽ പ്രത്യേകിച്ച് പെൺകുട്ടികളിൽ മൂത്രാശയ സംബന്ധമായ രോഗങ്ങൾ വർദ്ധിക്കാൻ ഇടയാക്കുന്നു തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെ), ഉച്ച ഭക്ഷണ സൗകര്യങ്ങൾ, ലൈബ്രറി ഉൾപ്പെടെയുള്ള വായന സൗകര്യങ്ങൾ, ലാബുകൾ, തൊഴിൽ നൈപുണി പരിശീലനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയൊക്കെ പരിഗണിക്കപ്പെടണം.
4. കുട്ടികൾ കുറവുള്ള സ്‌കൂളുകളെ അൺ എക്കണോമിക് വിദ്യാലയങ്ങൾ എന്ന് വിളിക്കുന്നു. 2012-13ൽ ഇത്തരം വിദ്യാലയങ്ങളുടെ എണ്ണം 5137 ആയി മാറിയിരിക്കുന്നു. ആകെയുള്ള സ്‌കൂളുകളുടെ 40 ശതമാനത്തിലധികം വരും ഇത്. വിദ്യാലയങ്ങളെ ലാഭനഷ്‌ടകണക്കുകളുടെ പശ്‌ചാത്തലത്തിലല്ല നോക്കിക്കാണേണ്ടത്. എന്നിരുന്നാലും കുട്ടികളില്ലാത്ത വിദ്യാലയം എന്ന സങ്കൽപ്പം നമുക്കില്ലാത്തതിനാൽ ഇക്കാര്യം സജീവമായി സംവദിക്കപ്പെടണം. ഇവിടെയാണ് പൊതു വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം അവകാശമാക്കി പ്രഖ്യാപിച്ചതിനുശേഷം അത് നട പ്പാക്കുന്ന സമയത്ത് യാതൊരു പഠനമോ ആസൂത്രണമോ ഇല്ലാതെ വൻതോതിൽ ഫീസ് നൽകേണ്ട സിബിഎസ്‌ഇ വിദ്യാലയങ്ങൾ, അനുവദിക്കുന്നതിന്റെ വൈരുധ്യം ചർച്ച ചെയ്യേണ്ടത്. ഒരു കുട്ടിക്കും തൊട്ടടുത്ത് സ്‌കൂൾ ഇല്ലാത്തതിനാൽ വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത്. അതുപോലെത്തന്നെ പ്രധാനമാണ് സ്‌കൂളിലെത്തുന്ന മുഴുവൻ കുട്ടികൾക്കും സ്‌കൂൾ വിദ്യാഭ്യാസലക്ഷ്യങ്ങൾ സാർഥകമാകുന്നു എന്നു റപ്പാക്കൽ. സാമൂഹികവൽക്കരണം സ്‌കൂൾ വിദ്യാഭ്യാസഘട്ടത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ലക്ഷ്യമാണ്. ഇതിനാണെങ്കിലോ ഓരോ ക്ലാസിലും ഒരു മിനിമം എണ്ണം കുട്ടികളും ആവശ്യമാണ്. വളരെ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന നിരവധി വിദ്യാലയങ്ങൾ സംസ്ഥാനത്തുണ്ട്. വിദ്യാഭ്യാസഅവകാശനിയമം സൂചിപ്പിക്കുന്നത്‌പോലെ ഒരു കിലോമീറ്റർ പരിധിയിൽ ഒന്നിലധികം സ്‌കൂളുകൾ ഉണ്ടാവുകയും അവയിലെല്ലാം മിനിമം കുട്ടികൾ ഇല്ലാത്ത സ്ഥിതിവരികയും ചെയ്യുകയാണെങ്കിൽ സാമൂഹികമായും സാംസ്‌കാരികമായും ഉള്ള ഘടകങ്ങൾ കൂടി അനുകൂലമാണെങ്കിൽ ഓരോ പ്രദേശത്തിന്റെയും സവിശേഷ സാഹചര്യം പരിഗണിച്ച് ഇവ സംയോജിപ്പിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നതിൽ അപാകതയുണ്ടോ? ഇങ്ങനെയുള്ള ചിന്തകൾ നടത്തേണ്ടത് പ്രാദേശികമായാവണം. ഗ്രാമപഞ്ചായത്തുകളായിരിക്കണം ഇതിന് നേതൃത്വം നൽകേണ്ടത്. ഓരോ സ്‌കൂളിന്റെയും പരിധിയിൽ വരുന്ന സ്‌കൂൾ പ്രായപരിധിയിലുള്ള മുഴുവൻ കുട്ടികളെയും പ്രസ്‌തുത സ്‌കൂളിലെത്തിക്കാൻ സാമൂഹികമായി ശ്രമം നടത്തി അത് വിലയി രുത്തിയ ശേഷമേ ഈ ആലോചന നടത്തേണ്ടതുള്ളൂ. ഇങ്ങനെ ചെയ്യുമ്പോൾ നിലവിലുള്ള അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും തൊഴിൽ നഷ്‌ടപ്പെടില്ല എന്നുറപ്പാക്കുകയും വേണം. ജില്ലാ പഞ്ചായത്തുകൾ സ്വന്തം ജില്ലകളിൽ സ്‌കൂൾ മാപ്പിങ് നടത്തേണ്ടതിന്റെ പ്രസക്തി ഇവിടെയാണ്. സർക്കാരിന്റെ ഇഷ്‌ടാനിഷ്‌ടത്തിന്റെ അടിസ്ഥാന ത്തിൽ സൗജന്യവിദ്യാഭ്യാസം എന്ന ഭരണഘടനാ അവകാശം പോലും നിഷേധിച്ച് കച്ചവടവിദ്യാകേന്ദ്രങ്ങൾ ആരംഭിക്കുന്നതിനെ തിരെ തെളിവുകളുടെ അടിസ്ഥാനത്തിൽ ജനകീയ ശബ്‌ദം ഉയർത്താൻ സ്‌കൂൾ മാപ്പിങ് സഹായകമാകും.
5. സെക്കൻഡറി വിദ്യാഭ്യാസത്തിനുണ്ടാകേണ്ട മാറ്റവും ഗൗരവ മർഹിക്കുന്നു. കേരളത്തിന്റെ സവിശേഷ സാഹചര്യം അനുസരി ച്ചാകണം സെക്കൻഡറി വിദ്യാഭ്യാസത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യേണ്ടത്. പത്താം ക്ലാസ് വരെയുള്ള സെക്കൻഡറി വിദ്യാഭ്യാസഘട്ടത്തിലെ കുട്ടികളുടെ മൊത്തം സ്‌കൂൾ പ്രവേശന തോത് (ജിഇആർ - ഗ്രോസ് എൻറോൾമെന്റ് റേഷ്യാ) ലോകശരാശരി 2009-10 വർഷം 68 ആണ്. ഇന്ത്യൻ ശരാശരി 63 ആണ്. എന്നാൽ കേരളത്തിൽ ഇത് 98 ആണ്. വികസിതരാജ്യങ്ങളോടടുത്ത് നിൽക്കുന്നു. ജാർഖണ്ഡിൽ 29, ബീഹാറിൽ 35 എന്നിങ്ങനെയാണ്. എന്നാൽ ഹയർസെക്കൻഡറി ഘട്ടമാകുമ്പോഴേക്കും ഇന്ത്യൻ ശരാശരി 39.92 ആയി മാറുന്നു. കേരളത്തിൽ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, പോളിടെക്‌നിക്, ഐടിഐ/ഐടിസി, ഓപ്പൺ സ്‌കൂൾ എന്നിവയെല്ലാം ചേർത്ത് 90 ശതമാനത്തിലധികം വരും. ദേശീയതലത്തിൽ ഹയർ സെക്കൻഡറിയിൽ എത്തുമ്പോഴേക്കും 65 ശതമാനം കുട്ടികളും പുറംതള്ളപ്പെടുമ്പോൾ കേരളത്തിൽ ഇത് 10 ശതമാനത്തിൽ താഴെ മാത്രമാണ്. കേരളത്തിൽ ഹയർ സെക്കൻഡറി കഴിയുന്ന 90 ശതമാനത്തിലധികം കുട്ടികളിൽ 20-22 ശതമാനം മാത്രമാണ് പ്രൊഫഷണൽ കോഴ്‌സുകളടക്കമുള്ള ഉപരി പഠനത്തിന് പോകുന്നത്. അതു കൊണ്ടുതന്നെയാണ് അഭ്യസ്‌തവിദ്യരുടെ തൊഴിലില്ലായ്‌മ ഏറ്റവും കൂടുതൽ നമ്മുടെ സംസ്ഥാനത്ത് കാണുന്നത്. ഇങ്ങനെ സെക്കൻഡറി വിദ്യാഭ്യാസം കഴിഞ്ഞ് സ്‌കൂളിന് പുറത്തേക്ക് വരുന്ന യുവതീയുവാക്കളെ ആത്മവിശ്വാസത്തോടെ ജീവിതപ്രവർത്തനങ്ങളിലേക്ക് നയിക്കാൻ നമ്മുടെ വിദ്യാഭ്യാസപ്രക്രിയക്ക് ഇപ്പോൾ സാധിക്കുന്നില്ല. അതുകൊണ്ടാണ് വിദ്യാസമ്പന്നരായ തൊഴിലി ല്ലാപടയുടെ ഇടയിലും നൈപുണികൾ ആവശ്യമായതും കായിക പ്രാധാന്യമുള്ളതുമായ തൊഴിലുകൾചെയ്യാൻ സജ്ജരായി ലക്ഷക്കണക്കിന് മറുനാടൻ തൊഴിലാളികൾ കേരളത്തിൽ എത്തികൊണ്ടിരിക്കുന്നത്. ഇവിടെ ചെറുപ്പക്കാർ തൊഴിൽ രഹിതരായി അലയുമ്പോൾ പല തൊഴിലുകളും തൊഴിലാളികൾക്കായി കാത്തിരിക്കുന്നു എന്ന വൈരുധ്യം നിലനിൽക്കുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് സമൂഹ വികാസത്തിന് അനുഗുണമായ ജീവിതബന്ധിയായ തൊഴിൽ നൈപുണികൾ വികസിപ്പിക്കുന്നതിന് നമ്മുടെ സ്‌കൂൾ വിദ്യാഭ്യാസം പ്രത്യേകിച്ച് +2 ഘട്ടം വിജയിക്കുന്നില്ല എന്നതാണ്. ഇവിടെ പ്രബലമായ മധ്യവർഗ കാഴ്‌ചപ്പാടനുസരിച്ച് രൂപീകൃതമായ വിദ്യാഭ്യാസ ഉള്ളടക്കത്തെ മറികടക്കാൻ ഇനിയും നമുക്ക് കഴിയേണ്ടിയിരിക്കുന്നു. 8-10 ശതമാനം മാത്രമുള്ള പ്രൊഫഷണൽ വിദ്യാഭ്യാസമേഖലയി ലേക്ക് പോകുന്നവരെ ലക്ഷ്യമാക്കിയുള്ള വിദ്യാഭ്യാസ ചർച്ചകളെ ചോദ്യം ചെയ്‌തുകൊണ്ടേ ഇത് സാധിക്കൂ. 12ാം ക്ലാസോടെ ജീവിതത്തിലേക്ക് തിരിയുന്ന 80 ശതമാനത്താളം വരുന്ന തൊഴിൽ ശക്തി യുടെ പ്രശ്‌നങ്ങൾ സജീവ ചർച്ചാവിഷയമാക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകണം, ഉണ്ടാക്കണം.
നമ്മുടെ തൊഴിൽശക്തിയുടെ ഗുണത എങ്ങിനെ വർദ്ധിപ്പിക്കാം എന്ന സംവാദം സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിൽ വരുത്തേണ്ട മാറ്റങ്ങളിലേക്ക് വെളിച്ചം വീശും. സെക്കൻഡറി വിദ്യാഭ്യാസ ത്തിന്റെ ഉള്ളടക്കത്തിൽ എന്തെല്ലാം മാറ്റങ്ങൾ ആകാം എന്ന നിർദേശങ്ങൾ ദേശീയ കരിക്കുലം ചട്ടക്കൂട് 2005ന്റെ തുടർച്ചയായി 2007ൽ രൂപം നൽകിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടിലുണ്ട്. 9ാം ക്ലാസ് മുതൽ വൈവിധ്യവൽക്കരണം വേണമെന്ന് ഇത് നിർദേശിക്കുന്നു. സെക്കൻഡറി വിദ്യാഭ്യാസഘട്ടത്തിലൂടെ കടന്നു പോകുന്ന മുഴുവൻ കുട്ടി കൾക്കും 12-ാം ക്ലാസ് കഴിയുമ്പോഴേക്കും ഒരു തൊഴിലെങ്കിലും ചെയ്യാനാവശ്യമായ പരിശീലനം ലഭിച്ചിരിക്കണം എന്ന് പ്രസ്‌തുത രേഖ വിഭാവനം ചെയ്യുന്നു. നിലവിലുള്ള വൊക്കേഷണൽ ഹയർ സെക്കൻഡറി അതിന്റെ ഉള്ളടക്കം കൊണ്ട് തൊഴിൽ നൈപുണിയിൽ മികവുറ്റതാക്കുന്നതിൽ പരാജയപ്പെടുന്നു. അതുകൊണ്ട് തന്നെ മികച്ച വിദ്യാർഥികളെ ആകർഷികാൻ സാധിക്കുന്നില്ല. അതേസമയം എൻടിടിഎഫ് പോലുള്ള തൊഴിൽ വിദ്യാഭ്യാസ കേന്ദ്രങ്ങൾക്ക് മികച്ച നൈപുണിയുള്ള കുട്ടികളെ ആകർഷിക്കാനും കഴിയുന്നു. ഇത് എന്തുകൊണ്ട് എന്ന് സത്യസന്ധമായി പരിശോധന നടത്തുകയും കേരളത്തിലെ വൊക്കേഷണൽ ഹയർസെക്കൻഡറികളെ ഏറ്റവും നല്ല തൊഴിൽപരിശീലനകേന്ദ്രങ്ങളാക്കി മാറ്റുകയും വേണം. ഇങ്ങനെ വരുമ്പോൾ ഇപ്പോൾ അവിടെ കുട്ടികൾ പഠിക്കുന്ന തൊഴിലേതരവിഷ യങ്ങളെല്ലാം ആവശ്യമുണ്ടോ എന്ന് പരിശോധിക്കേണ്ടി വരും. നിലവിൽ നാൽപ്പതോളം തൊഴിലുകളേ നമ്മൂടെ +2 സ്‌കൂൾ ഘട്ടത്തിൽ പഠനത്തിനായി കുട്ടികൾക്ക് തെരഞ്ഞെടുക്കാൻ അവസരമുള്ളൂ. ഇത് മാറണം. ചൈനയിലേത് പോലെ 4000ത്തിൽ അധികം തൊഴിൽ കോഴ്‌സുകൾക്ക് ഇവിടെ സാധ്യതയുണ്ട്. അവ കുട്ടികളുടെ കഴിവിനനുസരിച്ച് തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ടാകണം. തൊഴിൽ വിഷയങ്ങൾ കേവലം ക്ലാസ് മുറിയിൽ മാത്രമിരുന്ന് പഠിക്കാൻ കഴിയില്ല. കുട്ടികൾക്ക് ലഭിക്കേണ്ട പ്രായോഗിക അനുഭവങ്ങൾ ഏറ്റവും പ്രധാനമാണ്. ഇതിനായി നാട്ടിലുള്ള പാടങ്ങൾ, പണിശാലകൾ അടക്കമുള്ള തൊഴിലിടങ്ങളെയെല്ലാം പ്രയോജനപ്പെടുത്തണം. ഇത്തരം ഒരു കാഴ്‌ചപ്പാട് അംഗീകരിക്കപ്പെട്ടാൽ അതിന്റെ പ്രായോഗിക കാര്യങ്ങൾ വികസിപ്പിക്കാവുന്നതേയുള്ളൂ. ഈ സമഗ്ര കാഴ്‌ചപ്പാട് വളർത്തിയെടുക്കുവാൻ ഉതകുന്നതാണോ ഇന്ന് കേരളസർക്കാറിന്റെ നേതൃത്വത്തിൽ നടക്കുന്ന അസാപ് പദ്ധതി എന്ന് വിമർശനപരമായി പരിശോധിക്കണം.മധ്യവർഗം `മാന്യം' എന്ന് മുദ്രകുത്തുന്ന തൊഴിൽ സംരഭങ്ങളിലേക്ക് കുട്ടികളെ പരിമിതപ്പെടുത്തുകയേ അസാപ് ചെയ്യുകയുള്ളൂ എന്നും യഥാർത്ഥ തൊഴിൽ വിദ്യാഭ്യാസ സംരംഭത്തിൽ നിന്നും സമൂഹത്തെ ഇത് വഴിതിരിച്ചുവിടും എന്നുമുള്ള വിമർശനം ഇപ്പോൾ തന്നെ ഇതിനെതിരെ ഉയരുന്നുണ്ട്.
6. വിദ്യാഭ്യാസരംഗത്ത് നിരവധി പ്രോജക്‌ടുകൾ കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഭൗതികസാഹചര്യവികസനം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ ഗുണതാ വർദ്ധന എന്നതൊക്കെ ഈ പ്രോജക്‌ടുകളുടെ പരിധിയിൽ വരുന്നു. സ്‌കൂൾ വിദ്യാഭ്യാസ ഘട്ടത്തിൽ 1 മുതൽ 8 വരെയുളള ക്ലാസ്സുകൾക്കായി സർവ്വശിക്ഷാ അഭിയാൻ (എസ്.എസ്.എ), സെക്കന്ററി വിദ്യാഭ്യാസത്തിനായി രാഷ്‌ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (ആർ.എം.എസ്.എ) എന്നിവ ഇപ്പോൾ നിലവിലുണ്ട്. വിദ്യാഭ്യാസരംഗത്തെ സാമ്പത്തികവിതരണകാര്യത്തിൽ കേന്ദ്രസർക്കാർ തുടരുന്ന നയങ്ങൾ തിരുത്തപ്പെടേണ്ടതുണ്ട്. നേരത്തെ സൂചിപ്പിച്ച പ്രകാരം കേരളത്തിന്റെ വിദ്യാഭ്യാസ ആവശ്യ കതകൾ ദേശീയതലത്തിൽ ഉളളതുപോലെ ഒന്നാംതലമുറ പ്രശ്‌ന ങ്ങളല്ല. തുല്യത, ഗുണത എന്നിവയെ അഭിമുഖീകരിക്കുന്നതിനാണ് നമുക്ക് സാമ്പത്തിക സഹായം വേണ്ടത്. വികേന്ദ്രീകരണത്തിനായി പഞ്ചായത്തിരാജ് നിയമങ്ങൾ ഒരുഭാഗത്ത് കൊണ്ടുവരികയും ഓരോ സ്‌കൂളിലും എന്ത് നടക്കണം എന്ന് കേന്ദ്രീകൃതമായി തീരുമാനിക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ അവസ്ഥ മാറണം. മൊത്തം ജന സംഖ്യയുടെ മൂന്ന് ശതമാനത്തിനടുത്ത് പേർ കേരളത്തിലാണ് നിവസിക്കുന്നത്. അതുകൊണ്ട് തന്നെ ജനസംഖ്യ മാനദണ്ഡമാക്കിയാൽ പോലും മൂന്നുശതമാനം തുക കേരളത്തിന് അർഹതപ്പെട്ടതാണ്. എസ്.എസ്.എ വിഭാവനം ചെയ്‌ത ലക്ഷ്യങ്ങൾ എല്ലാം കേരളം നേടിക്കഴിഞ്ഞു എന്നുപറഞ്ഞ് നമുക്ക് കേന്ദ്രവിഹിതം ഫലത്തിൽ നിഷേധിക്കുന്ന നയമാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്. മുൻതലമുറ വിദ്യാഭ്യാസകാര്യത്തിൽ സക്രിയമായി ഇടപെട്ടതുകൊണ്ടാണ് ഇന്ന് കാണുന്ന മെച്ചപ്പെട്ട അവസ്ഥയുണ്ടായത്.
അന്ന് വ്യവസായ മേഖലയിലേക്കും മറ്റും ചെലവഴിക്കേണ്ട സമ്പത്തും അധ്വാനവും സമയവുമാണ് കേരളസമൂഹം വിദ്യാഭ്യാസ മേഖലയ്‌ക്കായി ഉപയോഗപ്പെടുത്തിയത്.
ഇത് ഒരു ശിക്ഷയായി മാറുകയാണ്. ഇത് തന്നെയാണ് ആർ.എം.എസ്.എയുടെയും സ്ഥിതി. ഓരോ സ്‌കൂളിന്റെയും, പ്രദേശത്തിന്റെയും സവിശേഷ സാംസ്‌കാരിക ആവശ്യകത കൂടി പരിഗണിച്ച് തുക വിനിയോഗിക്കുന്ന തരത്തിൽ കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികൾക്കായി തുക അനുവദിക്കുന്ന അവസ്ഥ ഉണ്ടാകണം. ഫെഡറൽ സംവിധാനത്തിന്റെ ശക്തി പരിഗണിക്കാതെ എല്ലാം കേന്ദ്രീകരി ക്കുകയും അതിനനുസരിച്ച് സാമ്പത്തികവിതരണം നടത്തുകയും ചെയ്യുന്ന രീതി മാറുവാനാവശ്യമായ സാമൂഹിക സമ്മർദ്ദങ്ങൾ ഉണ്ടാകണം. ഓരോ സ്‌കൂളിന്റെയും സവിശേഷ ആവശ്യകങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സ്‌കൂൾ പ്ലാൻ തയ്യാറാക്കുകയും അതെല്ലാം പരിഗണിച്ച് ജില്ലാ സംസ്ഥാന പ്ലാനുകൾ ഉണ്ടാക്കുകയും അവ നടപ്പാക്കാനാവശ്യമായ സാമ്പത്തികം കേന്ദ്രസർക്കാർ അനുവദിക്കുകയും (ധനകാര്യ ക്കമ്മീഷനുകൾ പോലെ) വേണം.
കേരളത്തിലെ മുഴുവൻ സർക്കാർ/എയ്‌ഡഡ് വിദ്യാലയങ്ങളുടെയും ഭൗതികസൗകര്യങ്ങൾ ഉയർന്ന നിലവാരത്തിലുള്ളതും അവിടത്തെ പഠന-ബോധനപ്രവർത്തനങ്ങൾ ഏറ്റവും മികവുള്ളതുമാക്കാൻ പറ്റിയ ഒരു പരിപ്രേക്ഷ്യപ്ലാൻ തയാറാക്കണം. അടുത്ത അഞ്ചുവർഷംകൊണ്ട് അതു നടപ്പാക്കാനാവശ്യമായ സാമ്പത്തികസമാഹരണം നടത്താൻ സർക്കാർ നേതൃത്വം കൊടുക്കണം. ഇതിലെ നല്ലൊരുഭാഗം പണം കേന്ദ്രസർക്കാർ നൽകണം. ബാക്കി സമൂഹത്തിലെ തൽപ്പരരായ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കണ്ടെത്തണം.
എന്നാൽ ലഭിച്ചതുക പോലും വിനിയോഗം ചെയ്യുന്നതിൽ ദയനീയമായി പരാജയപ്പെടുന്ന അവസ്ഥയാണ് പലപ്പോഴും ഉള്ളത് ഇത് ആവർത്തിക്കപ്പെടരുത്. വിദ്യാഭ്യാസ നിയമം കേരളത്തിൽ നടപ്പാക്കുന്നത് എസ്.എസ്.എയിലൂടെയാണ്. 11.03.2013-ന് ചേർന്ന പി.എ.ബി (പ്രോജക്‌ട് അപ്രൂവൽ ബോർഡ്) 402.92 കോടി രൂപ കേരളത്തിന നുവദിച്ചു. ഇത് എത്രമാത്രം ചെലവാക്കി എന്ന് നോക്കേണ്ടതുണ്ട്. 2013 മാർച്ചിൽ തന്നെ പെൺകുട്ടികൾ, ബി,പി.എൽ, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന ആൺകുട്ടികൾ എന്നിങ്ങനെ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന 8.43 ലക്ഷം കുട്ടികൾക്ക് സൗജന്യ യൂനിഫോം അനുവദിച്ചു. സ്‌കൂൾ വർഷാരംഭത്തിൽ തന്നെ എല്ലാ വർഷവും ചെയ്‌തു പോരുന്നവിധം ഈ വർഷവും യൂനിഫോം വിതരണം ചെയ്‌താൽ മതിയായിരുന്നു. അതിനുപകരം അത് കേന്ദ്രീകരിക്കാൻ ശ്രമിച്ചു. സംസ്ഥാനതലത്തിൽ തന്നെ യൂനിഫോം നിറം നിശ്ചയിച്ചു. (ഓരോ സ്‌കൂളും വ്യത്യസ്‌തതരം യൂണിഫോമുകൾ ആണ് ഉപയോഗിക്കുന്നത് എന്നതാണ് വസ്‌തുത). പിന്നീട് തുണി എങ്ങിനെ വാങ്ങും എന്ന അന്വേഷണമായി. അത് ഇപ്പോഴും തുടരുകയാണ്. കുട്ടികൾക്ക് അക്കാദമിക വർഷം അവസാനിക്കാറായിട്ടും തുണി കിട്ടിയില്ല എന്നുമാത്രം. പാവപ്പെട്ട കുട്ടികൾക്ക് അവകാശപ്പെട്ട യൂനിഫോം വിത രണം ഇങ്ങനെ കുളമാക്കാൻ എങ്ങനെ സർക്കാറിന് ധൈര്യം വന്നു? വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അന്തസ്സത്തയെ തന്നെ ചോദ്യം ചെയ്യുന്നവിധം കുട്ടികൾക്ക് കേന്ദ്രസർക്കാർ അനുവദിച്ച തുക വിനിയോഗിച്ച് യൂനിഫോം നൽകാതിരിക്കുക എന്ന ക്രിമിനൽ കുറ്റമാണ് സർക്കാർ ചെയ്യുന്നത്.
ഈ സമീപനം തന്നെയാണ് അധ്യാപകരെ നിയമിക്കുന്നകാര്യ ത്തിലും കൈക്കൊണ്ടത്. 6340 അധ്യാപകരെ നിയമിക്കാൻ 91.44 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ 3450 അധ്യാപകർ കലാ-കായികം, പ്രവൃത്തി പരിചയം തുടങ്ങിയവയ്‌ക്കാണ്. സർക്കാർ സ്‌കൂളിലെ സാധാരണക്കാരുടെ കുഞ്ഞുങ്ങൾക്ക് അവരവരുടെ സർഗ്ഗശേഷികൾ വികസിപ്പിക്കാൻ ആവശ്യമായ പഠനാനുഭവങ്ങൾ പ്രദാനം ചെയ്യുമായിരുന്ന ഈ അധ്യാപകരിൽ ആരെയും നിയമിച്ചിട്ടില്ല. ഈ അക്കാദമിക വർഷത്തിന്റെ ആരംഭം മുതൽ നിയമിച്ചിരുന്നുവെങ്കിൽ പ്രയോജനപ്പെടുത്താമായിരുന്ന കേന്ദ്രവിഹിതം നഷ്‌ടപ്പെടുത്തിയത്‌ആർക്കു വേണ്ടിയാണ്? എന്തിന് വേണ്ടിയാണ് ? ആർ.എം.എസ്.എ പദ്ധതി യുടെ സ്ഥിതിയും വ്യത്യസ്‌തമല്ല.
7. കേരളത്തിൽ ഒട്ടേറെ സ്‌കൂളുകളിൽ ഉച്ചഭക്ഷണ പരിപാടി മാതൃകാപരമായി നടക്കുന്നുണ്ട്. പലേടത്തും ഇനിയും മെച്ചപ്പെടുത്താനുള്ള സാധ്യതകളുമുണ്ട്. കുട്ടികളുടെ വിശപ്പകറ്റുന്ന ഒരു പരിപാടിക്ക് പകരം വളരുന്ന തലമുറയ്‌ക്കാവശ്യമായ പോഷകാഹാരങ്ങൾ ലഭ്യമാക്കുംവിധം അതിനെ വളർത്താനും കുട്ടികളിൽ ആരോഗ്യശീലങ്ങൾ തുടങ്ങിയവ രൂപപ്പെടുത്താനും മത-വർഗ-ജാതി-ലിംഗ വ്യത്യാസങ്ങൾ മറന്ന്, ഒരു അടുക്കളയിൽ പാകംചെയ്‌ത ഭക്ഷണം ഒരു മേൽക്കൂര യ്‌ക്ക് കീഴിലിരുന്നു കഴിക്കുന്നതുവഴി വളരെ വിശാലമായ മൂല്യങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കാനും ഇതുവഴി സാധിച്ചിട്ടുണ്ട്. ഈ പരി പാടിയെപ്പോലും തളർത്തുന്ന സമീപനമാണ് സർക്കാരിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. `ഹരിതവിദ്യാലയം' പോലെ കേരളത്തിലെ സ്‌കൂളുകളിൽ രൂപപ്പെട്ട നന്മകളെ വ്യാപകമാക്കാൻ മുൻകാലങ്ങളിൽ സ്വീകരിച്ച സമീപനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കയാണ്. സ്വന്തം വകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയോ മോണിറ്റർ ചെയ്യുകയോ ചെയ്യാൻ വിദ്യാഭ്യാസവകുപ്പ് താൽപ്പര്യം കാണിക്കുന്നില്ലെന്നത് പൊതു വിദ്യാലയങ്ങളുടെ മുരടിപ്പിന് കാരണമായിത്തീർന്നിട്ടുണ്ട്. ഫലത്തിൽ സർക്കാർ തന്നെ സർക്കാർ വിദ്യാലയങ്ങളുടെ വളർച്ചയ്‌ക്ക് തടസ്സംനിൽക്കുകയാണ്.
8. പലവിധ പരിമിതികളുമുളള കുട്ടികൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിലാണ് ഇൻക്ലൂസിവ് എഡുക്കേഷൻ എന്ന നിലയിൽ പദ്ധതി കൾ ആവിഷ്‌ക്കരിക്കുന്നത്. എസ്.എസ്.എ പദ്ധതിയുടെ ഭാഗമായി അനുവദിച്ച ഈ വർഷത്തെ വിഹിതമായ 23.70 കോടി രൂപയിൽ ഇതി നായി നിയോഗിക്കപ്പെട്ട അധ്യാപകരുടെ ശമ്പളത്തിനപ്പുറം എന്ത് ചെലവാക്കി എന്ന് പരിശോധിക്കേണ്ടതുണ്ട്.
9. ഇതുപോലെ സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് അക്കാദമികമായി സംഭാവന ചെയ്യേണ്ട ഐ.ടി @സ്‌കൂൾ, സീമാറ്റ്, എസ്.സി.ഇ.ആർ.ടി ഇവയ്‌ക്കെല്ലാം എന്തുപറ്റി എന്നും സമൂഹം അന്വേഷിക്കേണ്ടതുണ്ട്. പാർശ്വവർത്തികളെ താക്കോൽസ്ഥാനങ്ങളിൽ നിയമിച്ചതിന്റെ ദുരന്തം ഈ സ്ഥാപനങ്ങളിലൂടെ കേരളീയ സമൂഹം കാണുന്നുണ്ട്.
10. വിദ്യാഭ്യാസത്തിന്റെ ഉളളടക്കം സംബന്ധിച്ച് ഗൗരവതരമായ മാറ്റങ്ങൾ രൂപപ്പെടുന്നത് 1997ലാണ്. 2000-ൽ സംസ്ഥാനം സ്‌കൂൾ പാഠ്യപദ്ധതി സമീപന രേഖ അംഗീകരിച്ചു. പഠനം എന്നത് ക്ലാസ് മുറിക്ക് പുറത്തേക്കും വ്യാപിപ്പിച്ചു. രക്ഷാകർത്താക്കളും സമൂഹവും കുട്ടികളുടെ പഠന പ്രക്രിയയുടെ സ്വാഭാവിക ഭാഗമായി. അതുകൊണ്ട് തന്നെ, 2001-ൽ പൊതുതെരഞ്ഞെടുപ്പിനെ തുടർന്നു അധികാരത്തിൽ വന്ന സർക്കാർ പുതിയ പാഠ്യപദ്ധ്യതിയെ അട്ടിമറിച്ചെങ്കിലും, അതിനെതിരെ വിപുലമായ പ്രതിഷേധം കേരളത്തിൽ രൂപപ്പെട്ടു. സർക്കാറിന് തീരൂമാനത്തിൽ നിന്നും പുറകോട്ടുപോകേണ്ടി വന്നു. ഗൈഡ് ലോബിയടക്കമുളളവരായിരുന്നു പുതുതായി രൂപീകരിക്കപ്പെട്ട പാഠ്യപദ്ധതിയെ അട്ടിമറിക്കാൻ സർക്കാറിനെ പ്രലോഭിപ്പിച്ചത്. പ്രസ്‌തുത ശക്തികൾ ഇന്നും പ്രബലമാണ്. അവരാണ് പാഠ്യപദ്ധതിയെ അട്ടിമറിക്കാൻ സർക്കാറിൽ സമ്മർദ്ദം ചെലുത്തുന്നത്. ഇതിനായി കൊച്ചി/അലിഗഡ് സർവകലാശാല വി.സിയായിരുന്ന പ്രൊഫ:അബ്‌ദുൾ അസീസ് ചെയർമാനായി ഒരു സമിതിയെ നിയോഗിച്ചു. പ്രസ്‌തുത സമിതി ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2005-ന്റെ അടിസ്ഥാനത്തിൽ കേരളീയ സവിശേഷതകൾ കൂടി ചേർത്ത് വികസിപ്പിച്ച കേരളപാഠ്യപദ്ധതി ചട്ടക്കൂട് 2007 വികസിപ്പിച്ച സമീപനങ്ങളെ ആകെ മാറ്റി എഴുതി. ഇതിനായി തീവ്രഹിന്ദു വികാരം കുത്തിനിറച്ച് എൻ.ഡി.എ കാലഘട്ടത്തിൽ പ്രൊഫ:രാജ്‌പുത്ത് (ബി.ജെ.പി കാലഘട്ടത്തിൽ എൻ.സി.ഇ.ആർ.ടി ഡയരക്‌ടർ) തയ്യാറാക്കിയ വിഷൻ 2020 അടക്കം പ്രയോജനപ്പെടുത്തി. ഭരണഘടനാ മൂല്യങ്ങളായ സഹവർത്തിത്തവും, സഹകരണവും, സംഘബോധവും, ജനാധിപത്യ ബോധവും ഉളവാക്കാൻ സഹായകമായ പഠന പ്രക്രിയകളെ ഒഴിവാക്കി. ലോകം അംഗീകരിച്ച വിമർശനാത്മക ബോധനശാസ്‌ത്രവും, സാമൂഹിക ജ്ഞാനനിർമ്മിതി വാദവും ഒഴിവാക്കി. പഠനം എന്നാൽ കാണാപാഠം പഠിക്കലാണെന്നും പരീക്ഷയെന്നാൽ കാണാപാഠം പഠിച്ചത് കടലാസിൽ പകർത്തലാണെന്നുമുളള, കേരളം തിരസ്‌കരിച്ച കാഴ്‌ച്ചപ്പാടിനെ തിരിച്ചുകൊണ്ടുവന്നു. പഴയ മാമൂലുകളും ചട്ടങ്ങളും നിലനിർത്താനും ചോദ്യംചെയ്യുക എന്ന കുട്ടിയുടെ സഹജവാസനയെ ഇല്ലാതാക്കാനും കീഴടങ്ങലിന്റെയും വിധേയത്വത്തിന്റെതുമായ മനോഭാവം വളർത്താനും മാത്രം സഹായിക്കുന്ന പഴയ പാഠ്യപദ്ധതിയെ തിരിച്ചു കൊണ്ടുവരുന്ന തിനെ എങ്ങിനെ നീതീകരിക്കും? ഗുണമേൻമാവിദ്യാഭ്യാസത്തി നായി സമൂഹപങ്കാളിത്തത്തോടെ പഞ്ചായത്ത്‌രാജ് സംവിധാനങ്ങ ളുടെ നേതൃത്വത്തിൽ രണ്ടു വർഷം മുമ്പുവരെ നടന്ന അന്വേഷണങ്ങൾ പെട്ടെന്ന് നിന്നുപോകാൻ കാരണമെന്ത്? ഇത്തരം കാര്യങ്ങളും സാമൂഹികസംവാദത്തിന് വിധേയമാകേണ്ടതുണ്ട്. (കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈ അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച അസീസ് കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന ലഘുലേഖ വായിച്ചാൽ കൂടുതൽ വിശദാംശങ്ങൾ ലഭിക്കും)
11. ഭരണകൂടത്തിന്റെ നവലിബറൽ നയങ്ങളോടുള്ള ദാസ്യമനോഭാവത്തോടൊപ്പം കേരളീയ സമൂഹത്തിൽ വന്നുകൊണ്ടിരിക്കുന്ന പുരോഗമന വിരുദ്ധ മനോഭാവവും ചർച്ചചെയ്യപ്പെടണം. വീടിന്റെ തൊട്ടടുത്ത പൊതു വിദ്യാലയത്തിൽ കുട്ടികളെ അയയ്‌ക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്? പ്രസ്‌തുത സ്ഥാപനത്തിൽ എന്തെങ്കിലും കുറവോ പരിമിതികളോ ഉണ്ടെങ്കിൽ അവരവരുടെ വിദ്യാഭ്യാസ യോഗ്യതയും അനുഭവസമ്പത്തും ഉൾച്ചേരുന്ന പുതിയ കൂട്ടായ്‌മകളുണ്ടാക്കി പ്രസ്‌തുത സ്ഥാപനങ്ങളുടെ ഗുണത വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും നടപ്പിൽവരുത്താനുമുള്ള സമ്മർദമുണ്ടാക്കുകയല്ലേ വേണ്ടത്? പലവിധ തൊഴിലുകൾ ചെയ്‌ത് വൈവിധ്യ മാർന്ന അനുഭവങ്ങളാൽ സമ്പന്നമായ പ്രായമുള്ളവർക്ക് പഞ്ഞമി ല്ലാത്ത നാടാണ് നമ്മുടേത്. അവരുടെ ജീവിതത്തിന് പുതിയ അർഥം കൂടി നൽകുംവിധം അവരുടെ കർമശേഷി കൂടി പ്രയോജനപ്പെടുത്താൻ കഴിയുമോ എന്ന് അന്വേഷിക്കേണ്ടതല്ലേ? ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ ചേർത്ത് ഒരു ഘട്ടം കഴിയുമ്പോഴേയ്‌ക്കും അതുമായി ആത്മവിശ്വാസത്തോടെ പൊരുത്തപ്പെട്ട് പോകാൻ കഴിയാതെ പ്രത്യക്ഷ മായി കുട്ടിയും പരോക്ഷമായി രക്ഷിതാക്കളും അനുഭവിക്കുന്ന മാനസികക്ലേശങ്ങൾ അതിന്റെ സാമൂഹികപ്രത്യാഘാതവും ചർച്ച ചെയ്യേണ്ടതല്ലേ? കേരളീയ സമൂഹത്തിന്റെ വലതുപക്ഷവൽക്കരണത്തിന് അവരവരുടെ മക്കളുടെ വിദ്യാഭ്യാസം എന്ന ഘടകം എങ്ങനെ യെല്ലാം വഴിവയ്‌ക്കുന്നു എന്നത് സജീവമായി ചർച്ച ചെയ്യപ്പെടണം.
12. പൊതു വിദ്യാലയങ്ങളുടെ ഗുണതയെക്കുറിച്ചുള്ള ചർച്ചക ളിൽ നമുക്ക് പരിഗണിക്കാതിരിക്കാൻ കഴിയാത്ത ഒരു പ്രശ്‌നമാണ് പ്രവൃത്തിദിനങ്ങളുടെ എണ്ണം. കേരളേതര പാഠ്യപദ്ധതി സ്‌കൂളുക ളിലും അൺഎയ്‌ഡഡ് സ്‌കൂളുകളിലും ശനിയാഴ്‌ചകളടക്കം പ്രവൃത്തി ദിനങ്ങളാകുമ്പോൾ പൊതുവിദ്യാലയങ്ങളിലെ പ്രവൃത്തിദിനങ്ങളുടെ കുറവ് രക്ഷിതാക്കളെ സ്വാധീനിക്കുന്നു. വരേണ്യ വിദ്യാലയങ്ങളിൽ കുട്ടികളെ അയയ്‌ക്കുന്നവരാണ് മത സാമുദായിക കാര്യങ്ങൾക്കടക്കം പൊതുവിദ്യാലയങ്ങളിൽ അവധിക്കായി മുറവിളികൂട്ടുന്നത് എന്നതും നാം കാണണം. വിദ്യാഭ്യാസ അവകാശനിയമം അനുശാസിക്കും വിധം ലോവർപ്രൈമറിയിൽ 200 ദിവസവും അപ്പർപ്രൈമറിയിൽ 220 ദിവസവും എന്നത് ഉറപ്പാക്കാൻ നമുക്ക് കഴിയണം. സെക്കന്ററി യിൽ പാഠ്യപദ്ധതിവിനിമയത്തിന് അനിവാര്യമായ ദിവസങ്ങൾ ഉണ്ടായേപറ്റൂ. കാറ്റഗറി സംഘടനകളുടെ ആവശ്യത്തിന് വഴങ്ങി ഹയർസെക്കന്ററിയിൽ നിലവിലുള്ള പഠനദിനങ്ങളുടെ എണ്ണം കുറ യ്‌ക്കാൻ (ശനിയാഴ്‌ച പ്രവൃത്തിദിനം ഒഴിവാക്കാനുള്ള) നീക്കം നടക്കുന്നു. പഠനദിനങ്ങൾ എത്രയെന്ന് തീരുമാനിക്കേണ്ടത് കരിക്കുലത്തിന്റെയും കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട കാഴ്‌ചപ്പാടി ന്റെയും അടിസ്ഥാനത്തിലാകണം.
ജാതിമത ശക്തികളുടെ ഇംഗിതത്തിന് അനുസരിച്ച് എളുപ്പം അവധികൊടുക്കാവുന്ന സംവിധാനമായി വിദ്യാലയങ്ങളെ സർക്കാർ മാറ്റിയിരിക്കുന്നു. ഓരോ ജാതി ഉത്സവങ്ങൾക്കും പ്രസ്‌തുതജാതിയിൽപ്പെട്ട അധ്യാപകർക്ക് ലീവ് എടുക്കാം എന്ന് നിഷ്‌കർഷിക്കുന്നത് മതനിരപേക്ഷത അംഗീകരിച്ച ഒരു സമൂഹത്തിൽ എങ്ങനെ നീതീകരിക്കാനാകും? അധ്യാപകൻ നായരാണോ, ഈഴവനാണോ, മുസ്ലീ മാണോ, കൃസ്‌ത്യനാണോ എന്ന് കുട്ടിക്ക് അനുഭവപ്പെടുന്ന തരത്തിൽ ലീവെടുക്കാൻ സൗകര്യം കൊടുക്കുന്നത് മതനിരപേക്ഷത എന്ന മൂല്യബോധമാണോ വളർത്തുക? ഇത്തരം അസംബന്ധങ്ങൾ ഇല്ലായ്‌മ ചെയ്യേണ്ടതല്ലെ? അതോടൊപ്പം പ്രധാനമാണ് പ്രമുഖരുടെ മരണ വുമായി ബന്ധിപ്പിച്ചോ അവരുടെ ചരമദിനവുമായി ബന്ധിപ്പിച്ചോ നൽകുന്ന സ്‌കൂൾ അവധികൾ. മനുഷ്യരാശിക്ക് ഇവർ നൽകിയ സംഭാവനകൾ മനസ്സിലാക്കാൻ ആവശ്യമായ പഠന പ്രവർത്തനങ്ങളും രീതിശാസ്‌ത്രവും സ്‌കൂളുകളിൽ വളർത്തുന്നതിന് പകരം പ്രസ്‌തുത ദിനങ്ങൾ അവധിയാക്കുന്ന രീതിയും മാറേണ്ടതുണ്ട്.
13. നമ്മുടെ ക്ലാസുമുറികൾ ഇന്ന് ഒട്ടേറെ മാറിയിട്ടുണ്ട്. അധ്യാപക വിദ്യാർഥിബന്ധം പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ പതിനഞ്ചിലേറെ വർഷങ്ങളായി നടന്ന ക്ലാസ്‌മുറികളെ ജനാധിപത്യവൽക്കരിക്കാനുള്ള ശ്രമങ്ങളുടെ ഫലമായാണത്. സ്‌കൂളും സമൂഹവും മുമ്പത്തേക്കാൾ ജൈവികമായി ബന്ധപ്പെട്ടുകൊണ്ടിരി ക്കുന്നു. ഇതിനനുസൃതമായി സ്‌കൂൾ ഭരണ സംവിധാനങ്ങൾ മാറി യിട്ടില്ല; മാറ്റിയിട്ടില്ല. അതിപ്പോഴും ഫ്യൂഡലിസ്റ്റ് മൂല്യങ്ങൾ പ്രകാരം തന്നെ പ്രവർത്തിക്കുന്നു. മേലേ നിന്ന് താഴോട്ട് ഉത്തരവുകളും നിർദേശങ്ങളും ഒഴുകുന്നു. താഴെനിന്ന് മേലോട്ടുള്ള പ്രശ്‌നങ്ങളുടെ/ ആശയങ്ങളുടെ പ്രവാഹം ഇല്ലതന്നെ. മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് അതിലെ അധ്യാപകർ അർഹമായ പ്രമോഷൻ നേടി ഉയർന്നുപോകാറുണ്ടെങ്കിലും ഏറ്റവും ഉയർന്നഘട്ടംവരെ അവർ രോഗ ചികിത്സ നടത്താറുണ്ട്; സ്‌കൂൾ വിദ്യാഭ്യാസത്തിലാകട്ടെ, അധ്യാപകൻ ഹെഡ്‌മാസ്റ്ററായാൽ പഠിപ്പിക്കൽ നിർത്തുന്നു. ഉയർന്നുപോകുന്തോറും സ്‌കൂൾ പ്രവർത്തനങ്ങളിൽ നിന്ന് അകന്നകന്നുപോകുന്നു. സ്‌കൂൾ ഭരണസംവിധാനങ്ങൾ ജനാധിപത്യമൂല്യങ്ങളെ തിരസ്‌കരിക്കുന്ന അവസ്ഥയുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാമെന്ന ഗൗരവ തരമായ ആലോചന ഉടനെ ആരംഭിച്ചേതീരൂ.
ഉന്നത വിദ്യാഭ്യാസം
ഇന്ത്യയിലാകെ ഇപ്പോൾ ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വാശ്രയ കോളേജുകൾ ആണ് കൂടുതൽ. 52% വിദ്യാർത്ഥികളും അവയിൽ പഠിക്കുന്നു. കേരളത്തിലും സ്വാശ്രയകോളേജുകളാണ് കൂടുതൽ. അവയിൽ എത്ര വിദ്യാർത്ഥികൾ പഠിക്കുന്നു എന്ന കണക്കുപോലും സർക്കാരിന്റെയോ സർവകലാശാലയുടെയോ പക്കലില്ല. അധ്യാപകരുടെ വിവരങ്ങളും അങ്ങനെ തന്നെ. പല പ്രൊഫഷണൽ സ്ഥാപനങ്ങളി ലെയും വിജയശതമാനം കുറവായതിനാൽ അവ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി വിധിക്കുകപോലുമുണ്ടായി. ഇത്തരം കൂട്ടത്തോൽവിക്കുകാരണം പല വിദ്യാർത്ഥികളുടെയും നിലവാരക്കുറവും യോഗ്യരായ അധ്യാപകർ ഇല്ലാത്തതുമാണെന്ന് പറയപ്പെടുന്നു. സ്വാശ്രയകോളേജുകൾക്ക് വേണ്ടത്ര വിദ്യാർത്ഥികളെ കിട്ടാനായി അവരുടെ മിനിമം യോഗ്യതപോലും താഴ്‌ത്തപ്പെടുന്നു. എന്നിട്ട് വർഷംതോറും പുതിയ സ്വാശ്രയകോളേജുകൾക്ക് അനുമതി നൽകുന്നു. ഇതിന് സർക്കാരും കോടതിയുമൊക്കെ കൂട്ടുനിൽക്കുന്നു.
കേന്ദ്രസർക്കാർ സ്വകാര്യവിദ്യാഭ്യാസകച്ചവടക്കാരെ സഹായി ക്കാനായി റുസാ എന്ന പേരിൽ ഒരു പുതിയ സംവിധാനം കൊണ്ടു വന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് പാർലമെന്റ് നിയമം പാസ്സാക്കേണ്ട താണ്. എന്നാൽ അവിടെ അത് പാസ്സാവുമോ എന്ന് സംശയിച്ച് സർക്കാർ അതിനുപകരം ഒരു ഉത്തരവ് ഇറക്കുകയാണുണ്ടായത്. റുസ സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്നു. ഇത് തടയപ്പെടേണ്ടതാണ്.
എന്നാൽ സംസ്ഥാനസർക്കാർ അതിനുപകരം കേന്ദ്രസർക്കാരുമായി കൂട്ടുചേർന്ന് സർക്കാരിന്റെ പണം സ്വകാര്യവിദ്യാഭ്യാസകച്ച വടക്കാർക്ക് കൈമാറാൻ ശ്രമിക്കുകയാണ്. സ്വയംഭരണകോളേജുകൾ ഇതിനുള്ള മറ്റൊരു ഉപകരണമാണ്. അവിടത്തെ പ്രധാന പ്രശ്‌നം ആർക്കാണ് സ്വയംഭരണാവകാശം എന്നതാണ്. അത് അക്കാദമിക് വിഭാഗത്തിനായിരിക്കണം എന്നതാണ് ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ള തത്വം. എന്നാൽ ഇപ്പോളത് നൽകപ്പെടുന്നത് സ്വകാര്യ മാനേജ്‌മെന്റുകൾക്കാണ്. അത് ഗുണനിലവാരം ഉയർത്താൻ സഹായി ക്കില്ല. അതിനാൽ ആ പരിഷ്‌കാരം ഒഴിവാക്കിയേ തീരൂ.
പരിമിതികളേറെയുണ്ടെങ്കിലും ജനാധിപത്യം, സാമൂഹികനീതി അവസരതുല്യത എന്നിവയിലധിഷ്‌ഠിതമായ കാഴ്‌ചപ്പാട്. കേരളീയ ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ മേൻമകളാകയിരുന്നു. 1990 മുതൽ ആഗോളവൽക്കരണത്തിന്റെ കമ്പോളനീതി ഏറെ ആക്രമിച്ചത് ഉന്നത വിദ്യാഭ്യാസമേഖലയെയാണ്. കച്ചവടത്തിന്റെ അനന്തസാധ്യതകൾ ഇത് തുറന്നിട്ടു. ആഗോളകുത്തകകൾ മുതൽ നാടൻകച്ചവടക്കാർ വരെ വിദ്യാഭ്യാസത്തെ ഗണ്യമായ ലാഭസാധ്യതയുള്ള മേഖലയായി കണ്ടു. അതിന്റെ ഫലമായി സ്വാശ്രയസ്ഥാപനങ്ങൾ, സ്വാശ്രയകോഴ്‌സുകൾ, വിദേശസർവകലാശാലകൾ എന്നിവയൊക്കെ യാഥാർഥ്യമായി. ഇതോടൊപ്പം നിലവിലുള്ള സർവകലാശാല, കോളേജ് വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ച ഈ കച്ചവടവൽക്കരണത്തിന് ആക്കം കൂട്ടി. സാമ്പ്രദായിക കോഴ്‌സും കാലഹരണപ്പെട്ട ഉള്ളടക്കവും, അത് മാറ്റാൻ നിലവിലുള്ള അധ്യാപകരിൽ വലിയൊരുവിഭാഗം കാട്ടിയ വൈമുഖ്യവും, കച്ചവട ശക്തികൾക്ക് വേരുറപ്പിക്കാനുള്ള പഴുതുക ളായി. വൈവിധ്യവൽക്കരണം ആധുനികവൽക്കരണം തുടങ്ങിയവ സർക്കാറിന്റെ ബാധ്യതയല്ല എന്ന ഭരണകൂടത്തിന്റ നിലപാടും കച്ച വടത്തിന്റെ വേഗത വർദ്ധിപ്പിച്ചു. സർക്കാർ ഉന്നതവിദ്യാഭ്യാസത്തെ നവീകരിക്കുന്നതിനായി എന്തെങ്കിലും ചെയ്‌താൽ ലഭ്യമാകുന്ന ഏറ്റവും അടുത്ത സന്ദർഭത്തിൽ അതിനെ പഴയപടിയാക്കി മാറ്റാൻ കച്ചവടശക്തികൾക്ക് കഴിയുന്നതും അവരുടെ ഇംഗിതത്തിന് അനുസ രിച്ച് ആടാൻ തയാറാകുന്ന അക്കാദമിക് പണ്ഡിതൻമാർ ഉണ്ട് എന്നതും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഏറ്റവും നല്ല ഉദാഹരണം 2006-11 കാലഘട്ടത്തിൽ പ്രൊഫ.കെ.എൻ.പണിക്കരുടെ നേതൃത്വ ത്തിൽ ഉന്നതവിദ്യാഭ്യാസകൗൺസിൽ കേരളത്തിൽ ഉന്നതവിദ്യാഭ്യാസരംഗത്ത് നടത്തിയ മാറ്റങ്ങളാണ്. വിവിധ കമ്മീഷനുകളുടെ നിർദേശം അനുസരിച്ച് വ്യക്തമായ രൂപരേഖ ഇക്കാര്യത്തിൽ അന്ന് തയ്യാറാക്കുകയുണ്ടായി. ചില മേഖലകളിൽ പ്രായോഗികപ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. ഇതിൽ ഏറ്റവും പ്രധാനമായത് ക്രെഡിറ്റ് സെമസ്‌റ്റർ സമ്പ്രദായമായിരുന്നു. കുട്ടികൾക്ക് അവരവരുടെ അഭി രുചി മേഖലകളിൽ ഉയർന്നതലത്തിൽ പഠിക്കാൻ അവസരമൊരു ക്കുന്ന മികച്ചൊരു പ്രവർത്തനപരിപാടിയായിരുന്നു ഇത്. ആരംഭഘട്ടത്തിൽ സ്വാഭാവികമായും ഉണ്ടാകുന്ന പരിമിതികളെ എങ്ങനെ മുറിച്ച് കടക്കാം എന്നാലോചിക്കുന്നതിന് പകരം അതിനെയാകെ പടിപടിയായി ഇല്ലാതാക്കുന്ന നടപടിയാണ് പുതിയ സർക്കാർ നടപ്പിലാക്കിയത്. അനന്തസാധ്യതകളുള്ള വൈവിധ്യവൽക്കരണം കച്ചവട ശക്തികൾക്ക് ഒരിക്കലും ഇഷ്‌ടപ്പെടില്ല. അവരുടെ കൈവശമുള്ള കൂടുതൽ ലാഭസാധ്യതയുള്ള ചരക്കുകളുടെ വിപണനമാണ് കച്ചവട ശക്തികൾ ഇഷ്‌ടപ്പെടുക, പ്രോത്സാഹിപ്പിക്കുക. ഈ യുക്തിയാണ് വിദ്യാഭ്യാസമേഖലയിലും അവർ നടപ്പാക്കുന്നത്. ഇവർക്ക് ഒത്താശ ചെയ്‌തുകൊടുക്കാൻ ഭരണകൂടം സജീവമായി ഇടപെടുകയും ചെയ്‌തു.
അടുത്തകാലത്തുണ്ടായ ചില തീരുമാനങ്ങൾ പരിശോധിച്ചു നോക്കൂ.
- സർവകലാശാലകളുടെ സ്വയംഭരണാവകാശം നിഷേധിക്കുകയും നിലവിലുള്ള എയ്‌ഡഡ് സർക്കാർ കോളേജുകളെ സ്വയംഭരണ കോളേജാക്കി മാറ്റുകയും ചെയ്യുന്നു.
- സർവകലാശാലകളുടെ സ്വയം ഭരണം തകർത്ത് തെരെഞ്ഞെടു ക്കപ്പെട്ട സിന്റിക്കേറ്റുകളെയെല്ലാം പിരിച്ചുവിട്ട് പാർശ്വവർത്തികളെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലെല്ലാം നിയമിച്ച് അക്കാദമിക പ്രവർത്തങ്ങൾക്ക് പകരം കച്ചവടപ്രവർത്തനങ്ങൾ സർവകലാശാല കളെക്കൊണ്ട് നടത്തിക്കുന്നു.
- ഉന്നതവിദ്യാഭ്യാസരംഗത്തെ കേന്ദ്രസർക്കാർ പദ്ധതിയായ റൂസയെ അംഗീകരിക്കുകയും എന്നാൽ അതിന് വേണ്ടി യാതൊരു ആസൂത്രണവും നടത്താതെ മാറി നിൽക്കുകയും ചെയ്യുന്നു.
- സ്വാശ്രയ കോളേജുകൾ യഥേഷ്‌ടം ആരംഭിക്കുന്നു. ആവശ്യത്തിന് കുട്ടികളെ കിട്ടുന്നില്ല എന്നുള്ളപ്പോൾ കച്ചവടശക്തികളുടെ ഇംഗിതത്തിന് വഴങ്ങി അടിസ്ഥാന യോഗ്യതയിൽപ്പോലും വെള്ളം ചേർക്കുന്നു. എഞ്ചിനിയറിങ് പ്രവേശനത്തിന് കണക്കിന് 50 ശതമാനം സ്‌കോർ വേണം എന്നത് 45 ശതമാനമാക്കി മാറ്റിയത് ഉദാഹരണ മാണ്.
ഈയടുത്ത കാലത്ത് സംസ്ഥാന ആസൂത്രണബോർഡ് കേരള ത്തിന്റെ വികസനം ലക്ഷ്യമിട്ടുകൊണ്ട് തയ്യാറാക്കിയ പരിപ്രേക്ഷ്യ പ്ലാൻ - 2030 (Perspective Plan - 2030) അനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്താൽ ഉന്നതവിദ്യാഭ്യാസരംഗത്ത് ഇപ്പോൾ ബാക്കി യുള്ള സാമൂഹികനീതിയും അവസരതുല്യതയും മികവും പൂർണ മായും അപ്രത്യക്ഷമാവും. നോളജ്‌സിറ്റി പോലെ, വ്യാപകമായ സ്വകാര്യവൽക്കരണത്തിനും കച്ചവടവൽക്കരണത്തിനുമുള്ള നിർദേശ മാണതിലുള്ളത്.
സ്വാശ്രയ കോളേജുകളുടെ പരീക്ഷയടക്കം നടത്താൻ അവകാശമുള്ള സ്വയം ഭരണ കോളേജുകൾ സൃഷ്‌ടിക്കുകയും ഇവിടെ പഠി ക്കുന്നവർക്ക് ഡിഗ്രി നൽകാൻ സ്വകാര്യസർവകലാശാലകൾ സ്ഥാപിക്കുകയും ചെയ്‌താൽ എല്ലാം ശുഭമാകും. ഇത്തരത്തിലുള്ള ഗൗരവ തരമായ ആലോചനകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്; പലതും നിയമത്തിന്റെ പോലും പിൻബലമില്ലാതെ നടപ്പാക്കുകയും ചെയ്യുന്നു.
ആയതിനാൽ സാമൂഹികനീതിക്കും സമത്വത്തിനും എതിരെ ഉയർന്നുവരുന്ന ഭരണകൂട ഭീഷണികളെയും സമൂഹത്തിൽ വളർന്നു വരുന്ന മധ്യവർഗ താൽപര്യങ്ങൾ ഉയർത്തുന്ന സമ്മർദങ്ങളെയും അതീജീവിക്കാൻ ആവശ്യമായ ഒരു ആശയപ്രപഞ്ചം വികസിപ്പി ക്കേണ്ടതുണ്ട്. സംവാദാത്മകമായ ഒരു അന്തരീക്ഷത്തിലൂടെ മാത്രമെ ഈ ആശയ പ്രപഞ്ചം വളർത്തിയെടുക്കാൻ സാധിക്കുകയുള്ളൂ. ഇത് ചെയ്യുന്നതോടൊപ്പം ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെ തിരായ പ്രക്ഷോഭങ്ങൾ വളർത്തിക്കൊണ്ടുവരികയും വേണം. ഈ പ്രക്ഷോഭങ്ങളിൽ ജനങ്ങളെ അണിചേർക്കാൻ കഴിയണമെങ്കിൽ ഇന്ന് നിലവിലുള്ള പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുള്ള പ്രായോഗികപ്രവർത്തനങ്ങൾ അനിവാര്യ മാണ്. അതിനുള്ള കൂട്ടായ്‌മകൾ ഉണ്ടാക്കണം. പഞ്ചായത്ത്‌രാജ് സംവി ധാനങ്ങൾക്ക് ഇതിൽ നിർണായകമായ പങ്ക് വഹിക്കാൻ സാധിക്കും. അധ്യാപകസമൂഹം ഇതിന്റെ നേതൃത്വം ഏറ്റെടുക്കണം. അങ്ങനെ അധ്യാപകരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും പൊതുസമൂഹവും മതനിരപേക്ഷജനാധിപത്യവിദ്യാഭ്യാസം സംരക്ഷിക്കാനും അതി ലൂടെ മറ്റൊരു കേരളനിർമ്മിതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനും ഒന്നിച്ചണിനിരക്കേണ്ടിയിരിക്കുന്നു.