പുതിയ പാഠ്യപദ്ധതി-വിമർശനങ്ങളും വസ്തുതകളും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
13:08, 29 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Peemurali (സംവാദം | സംഭാവനകൾ)

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല. പുതിയ പാഠ്യപദ്ധതി-വിമർശനങ്ങളും വസ്തുതകളും

പുതിയ പാഠ്യപദ്ധതി-വിമർശനങ്ങളും വസ്തുതകളും
[[പ്രമാണം:]]
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വിദ്യാഭ്യാസം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം മാർച്ച് 1999

ആമുഖം

അറിവ് പണ്ട് ഒരു ചെറുന്യൂനപക്ഷത്തിന്റെ കുത്തകയായിരുന്നു. ഈ ധനിക ന്യൂനപക്ഷമാകട്ടെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനവിഭാഗങ്ങളെ ചൂഷണം ചെയ്യുന്നതിനും അവരുടെ മേൽ ആധിപത്യം നേടുന്നതിനുമുള്ള ശക്തമായ ഉപാധിയായി അറിവിനെ ഉപയോഗിച്ചുപോന്നു. സമൂഹത്തിൽ വളർന്നുവന്ന സമത്വം, സ്വാതന്ത്ര്യം, ജനാധിപത്യം എന്നീ ആശയങ്ങൾ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ ഇടയാക്കി. സാർവ്വത്രിക വിദ്യാഭ്യാസം എന്ന മുദ്രാവാക്യം ഉയർന്നുവന്നു. എല്ലാവർക്കും വിദ്യാഭ്യാസം നൽകുന്നതിനായി വിദ്യാലയങ്ങൾ വ്യാപകമായി സ്ഥാപിക്കുന്നതിനും സൗജന്യവിദ്യാഭ്യാസം ഏർപ്പെടുത്തുന്നതിനും ഉച്ചഭക്ഷണ പരിപാടികൾ, സ്കോളർഷിപ്പുകൾ, വിദ്യാഭ്യാസ സബ്സിഡികൾ തുടങ്ങിയ പ്രോത്സാഹന പ്രചോദനപരിപാടി =കൾ നടപ്പിലാക്കുന്നതിനും ജനാധിപത്യസർക്കാരുകൾ തയ്യാറായി. സാമൂഹ്യനവോത്ഥാനപ്രസ്ഥാനങ്ങളും ഇതിനുവേണ്ടി പ്രവർത്തിച്ചു. വിദ്യാഭ്യാസരംഗത്തെ ജനാധിപത്യവത്കരണം ധനികന്യൂനപക്ഷത്തിന്റെ താല്പര്യങ്ങൾക്കിണങ്ങുന്നതായിരുന്നില്ല. ബഹുഭൂരിപക്ഷത്ത് വിദ്യാഭ്യാസനേട്ടങ്ങൾക്കർഹരാക്കുന്നതിൽ നിന്നുമകറ്റി നിർത്താൻ പറ്റുന്ന നയസമീപനങ്ങൾ വിദ്യാഭ്യാസത്തിന്റെ ആന്തരികതലത്തിൽ നിലനിന്നിരുന്നു. മദ്ധ്യവർഗതൊഴിൽസങ്കല്പങ്ങളും മൂല്യങ്ങളും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളായി അംഗീകരിപ്പിച്ചു. എല്ലാവരേയും ആവശ്യമില്ലാത്ത വരേണ്യവർഗത്തൊഴിലുകൾ മാത്രം ലക്ഷ്യമിട്ടതോടെ പരീക്ഷ ഭൂരിപക്ഷത്തേയും തോല്പിക്കുന്നതിനുള്ള അരിപ്പയാക്കി മാറി. സിലബസ് ഭാരം വർദ്ധിപ്പിച്ചും ദുർഗ്രഹമായ ബോധന രൂപങ്ങൾ നിലനിർത്തിയും ട്യൂഷനും കോച്ചിംഗുകളും നൽകാൻ കഴിയുന്ന സമ്പന്നവിഭാഗത്തിനുമാത്രം വിജയിക്കാൻ കഴിയുന്ന സാഹചര്യമൊരുക്കി. ഇതും പോരാഞ്ഞ് സമ്പന്നർക്കായി സമാന്തര വിദ്യാഭ്യാസധാരയും രൂപംകൊണ്ടു. ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ് വിദ്യാഭ്യാസം ആവിഷ്കരിക്കപ്പെടുന്നത് ധനിക പക്ഷത്തിന്റെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിനുവേണ്ടിയായിരുന്നു. ക്വസ്റ്റ്യൻ ബാങ്കുകൾ, റാങ്ക് ഫയലുകൾ, നൂറുമേനി വിദ്യാലയങ്ങൾ, ഗൈഡുകൾ, പ്രൈവറ്റ് ട്യൂഷൻ, എൻട്രൻസ് കോച്ചിംഗ്, എന്നിവ വിദ്യാഭ്യാസത്തിന്റെ ഒഴിവാക്കാനാവാത്ത ഘടക ങ്ങളാക്കി മാറ്റി. അങ്ങനെ വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവത്കരണം കൊണ്ട് എന്താണോ സമൂഹം ഉദ്ദേശിച്ചത് അതിനുനേർ വിപരീതാവസ്ഥയിൽ കാര്യങ്ങൾ എത്തിച്ചേരുകയാണ്. ധനികന്യൂനപക്ഷമാണിപ്പോഴും വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങൾ കൈയടക്കാൻ ശ്രമിക്കുന്നത്. ഇതിനെതിരായ പ്രതിരോധം ഉണ്ടാവേണ്ടിയിരിക്കുന്നു. പൊതു വിദ്യാഭ്യാസത്തിന്റെ ഗുണപരത ഉയർത്തുക എന്നത് അടിയന്തിരപ്രാ ധന്യം നൽകി ഏറ്റെടുക്കേണ്ടതുണ്ട്. സമ്പന്നർക്കുമാത്രം പ്രാപ്യമാകുന്നതരത്തിലുള്ള വിദ്യാഭ്യാസത്തിന്റെ വരേണ്യവർഗപക്ഷപാതിത്വത്തിന്റെ എല്ലാ ഘടകങ്ങളേയും സൂചകങ്ങളേയും സ്വാധീനങ്ങ ളേയും നിരാകരിക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കേരളത്തിൽ നടക്കുന്ന വിദ്യാ ഭ്യാസപരിഷ്ക്കാരങ്ങൾ വിലയിരുത്തപ്പെടേണ്ടത്. വിദ്യാഭ്യാസരംഗത്തെ ജനാധിപത്യവത്കരണത്തിന്റെ തുടർച്ചയാണ് പുതിയ പരിഷ്ക്കാരം എന്നു പരിഷത്ത് വിശ്വസിക്കുന്നു. ഇത് സമൂഹത്തിലെ ചെറുന്യൂനപക്ഷത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള പരിഷ്ക്കാരമല്ല എന്നു പരിഷത്ത് തിരിച്ചറിയുന്നു. ഈ പരിഷ്കാരം പിൻവലിച്ച് പഴയ സമ്പദായം നിലനിർത്തണമെന്നു പറയുന്ന വിമർശകർ ആർക്കുവേണ്ടിയാണ്, ഏതു വിഭാഗത്തിന്റെ താല്പര്യങ്ങൾക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന ചോദ്യം ഉയർന്നുവരികയാണ്. അതോടൊപ്പം അവാസ്തവവും അയഥാർത്ഥവുമായ ധാരണകളുടെ അടിസ്ഥാനത്തിൽ ഉയർത്തുന്ന വിമർശനങ്ങൾ തുറന്നുകാട്ടപ്പെടണം. കഴിഞ്ഞ കുറെ വർഷങ്ങളായി പൊതു വിദ്യാഭ്യാസത്തെ തകർക്കാൻ ശ്രമിക്കുന്ന പ്രവണതകൾക്കും ശക്തികൾക്കും ശക്തമായ പ്രഹരമേല്പിച്ചുകൊണ്ടല്ലാതെ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനാവില്ല. അതിനു സഹായകമായ ചർച്ചകൾ ഈ നാട്ടിൽ ഉയർന്നുവരുമെന്നു പ്രത്യാശിക്കട്ടെ. അതിനായുള്ള ജനകീയ വിദ്യാഭ്യാസപ്രവർത്തനങ്ങൾ പരിഷത്ത് ഏറ്റെടുക്കുന്നു.

  1. പുതിയ പാഠ്യപദ്ധതിയും ഡി.പി.ഇ.പി.യും ഒന്നാണോ?

ഡി.പി.ഇ.പി. എന്നത് വിദേശസാമ്പത്തിക സഹായത്തോടെ നടത്തുന്ന ഒരു പ്രോജക്ടാണ്. കേരളത്തിൽ പാഠ്യപദ്ധതി പരിഷ്ക്കരിച്ചത് ഡി.പി.ഇ.പി. പരിപാടിയുടെ ഭാഗമായല്ല. മറിച്ച്, കാലാകാലങ്ങളിൽ സർക്കാർ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ ഭാഗമായിട്ടാണ്. പാഠ്യപദ്ധതി പരിഷ്ക്കാരം മോനിട്ടർ ചെയ്യാനും പരിശോധിക്കാനും സർക്കാരിന് പ്രത്യേകം കരിക്കുലം കമ്മറ്റിയുണ്ടുതാനും. ഇതിന് ഡി.പി.ഇ.പി. സംവിധാനവുമായി യാതൊരു ബന്ധവുമില്ല. ഡി.പി.ഇ.പി. ആറു ജില്ലകളിൽ മാത്രം നടപ്പിലാക്കുന്ന പദ്ധതിയാണ്. പുതിയ പാഠ്യപദ്ധതി 14 ജില്ലകളിലേക്കുമുള്ളത്. ഡി.പി.ഇ.പി. ഒന്നു മുതൽ നാല് വരെമാത്രം. പുതിയ പാഠ്യപദ്ധതി പരിഷ്കാരം 1 മുതൽ 12-ാം ക്ലാസ് വരെ നടപ്പിലാക്കുന്നു.

  1. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഒരു പാഠ്യപദ്ധതി പരിഷ്ക്കരണം അനിവാര്യമായിരുന്നുവോ?

കേരളത്തിലെ പ്രാഥമിക വിദ്യാലയങ്ങളുടെ പൊതുഗുണനിലവാരം, വിദ്യാഭ്യാസപദ്ധതിയുടെ ഉള്ളടക്കവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. കേരളത്തിൽ പാഠ്യപദ്ധതി പരിഷ്ക്കരിക്കാനുള്ള ഒട്ടനവധി ശ്രമങ്ങൾ നടന്നിട്ടുണ്ടായിരുന്നുവെങ്കിലും അത്തരം ശ്രമങ്ങൾ ഒന്നുംതന്നെ പ്രാഥമിക വിദ്യാഭ്യാസപാഠ്യപദ്ധതിയുടെ ഉള്ളടക്കത്തെ സമഗ്രമായി പരിഷ്ക്കരിക്കുവാനോ ക്ലാസ് മുറികളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാനോ ശ്രമിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. അതിന്റെ ഫലമായി നമ്മുടെ പ്രാഥമിക വിദ്യാഭ്യാസം പഠിതാവിന്റേയും സമൂഹത്തിന്റേയും ആവശ്യങ്ങളെ നേരിടുന്നതിന് തീരെ അപര്യാപ്തമായിത്തീർന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായെങ്കിലും ഗുണപരമായി നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് കാണാം. ഉയർന്ന സാക്ഷരതാ നിലവാരം, വിദ്യാഭ്യാസ സൗകര്യ ങ്ങൾ, വിദ്യാലയങ്ങളിലെ താരതമ്യേന മെച്ചപ്പെട്ട ഭൗതികസാഹചര്യം, വളരെ കുറഞ്ഞ തോതിലുള്ള കൊഴിഞ്ഞുപോക്ക്, പരിശീലനം ലഭിച്ച അദ്ധ്യാപകർ, വിദ്യാഭ്യാസമേഖലയിൽ സമൂഹത്തിലെ പങ്കാളിത്തം തുടങ്ങിയ അനുകൂലഘടകങ്ങൾ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെയുണ്ടെങ്കിലും ഗുണനിലവാരത്തിന്റെ കാര്യത്തിൽ കേരളം വളരെ പിന്നിലാണ്. ഉദാഹരണമായി, ഒന്നാം ക്ലാസ്സിൽ പ്രവേശിപ്പിക്കപ്പെടുന്ന 100 കുട്ടികളിൽ 70 കുട്ടികൾ 10-ാം ക്ലാസ്സിലെത്തുന്നുള്ളു. ഈ കുട്ടികളിൽ ഇരുപത് ശതമാനത്തോളം മാത്രമാണ് മോഡറേഷനില്ലാതെ പത്താം ക്ലാസ്സ് പാസാവുന്നത്. ഒന്നാം ക്ലാസിൽ ചേരുന്ന പട്ടികവിഭാഗത്തിലെ 64.50% പേരും പത്താംക്ലാസ്സിൽ എത്തുന്നില്ല. പട്ടിക ജാതി വിഭാഗത്തിലെ 41.48% പേരും കൊഴിഞ്ഞുപോകുന്നു. ഇവരിൽ പരീക്ഷക്കിരിക്കുന്നവരിൽ വിജയിക്കുന്നത് 30% മാത്രം. അതായത് സ്കൂളിൽ ചേരുന്ന 100 പേരിൽ കേവലം പത്തോ പന്ത്രണ്ടോ പേരാണ് വിജയിക്കുന്നത്. അധസ്ഥിതരുടെ രക്ഷക്ക് ഉതക്കാത്തത്. ഈ വിദ്യാഭ്യാസ സമ്പദായം സാമൂഹ്യനീതിയിലധിഷ്ഠിതമാണോ? ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെങ്കിൽ സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം അനിവാര്യമാണ്.

S.S.L.C. Result വർഷം 1993 1994 1995 1996 1997 പരീക്ഷക്കിരുന്നവർ 514030 570011 538707 536617 559435 വിജയശതമാനം 54.41 49.12 50.55 48.38 50.86 പരാജിതർ (ലക്ഷത്തിൽ ) 2.33 2.89 2.66 2.74 2.74 ഈയൊരവസ്ഥയിലാണ് കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതി എന്തായിരിക്കണം? അതെങ്ങനെ ക്ലാസ്സ് മുറികളിൽ നിറവേറ്റണം എന്നീ ചിന്തകൾക്ക് പ്രസക്തിയേറിയത്. അതിന്റെയടിസ്ഥാനത്തിൽ കഴിഞ്ഞകാലത്തെ ഉപരിപ്ലവമായ പരിഷ്കരണ ശമങ്ങൾ ഗുണകരമാവില്ലെന്ന അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കാൻ തീരുമാനിച്ചത്.

  1. പാഠ്യപദ്ധതി ശാസ്ത്രീയമായി രൂപപ്പെടുത്തേണ്ടത് എങ്ങനെയാണ്?

കരിക്കുലം എന്നാൽ വിദ്യാഭ്യാസത്തിൽ സമൂഹത്തിന്റെ മനോഭാവം വ്യക്തമാക്കുന്ന ഒരു സാമൂഹിക-രാഷ്ട്രീയ രേഖയാണ്. ഈ രംഗത്തെ വിദഗ്ധർ, സാമൂഹിക ശാസ്ത്രജ്ഞർ, സാമ്പത്തികവിദഗ്ധർ, മനഃശാസ്ത്രജ്ഞർ, ജനപ്രതിനിധികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെയെല്ലാം അഭിപ്രായം പരിഗണിച്ചാവണം പാഠ്യ പദ്ധതി രൂപീകരണം നടത്തേണ്ടത്. ഇപ്രകാരം രൂപീകരിച്ച കരട് പാഠ്യപദ്ധതി വ്യാപകമായ ജനകീയ ചർച്ചകൾക്ക് വിധേയമാക്കി സാമൂഹികാംഗീകാരം നേടേണ്ടതുമാണ്. ഇങ്ങിനെ തയ്യാറാക്കിയ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന കരിക്കുലം ശേഷികൾ നേടാൻ പറ്റിയതരത്തിലുള്ള പാഠപുസ്തകങ്ങൾ തയ്യാറാക്കണം. ഇവയെ ഒരു അക്കാദമിക് വർഷം പൂർണ്ണമായും സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ പരീക്ഷണാർത്ഥം ടെ ഔട്ട് ചെയ്യണം. ഇതിൽനിന്ന് നേടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കരിക്കുലവും പാഠപുസ്തകവും വീണ്ടും പരിഷ്കരിക്കണം. ഇവയിനി സംസ്ഥാനത്തെ മൊത്തം സ്കൂളുകളിൽ നടപ്പാക്കാം. പക്ഷേ, ഓരോ വർഷവും വിദ്യാലയങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അത് നിരന്തരമായി പരിഷ്കരിക്കണം. നാളിതുവരെയുള്ള പാഠ്യപദ്ധതി പരിഷ്ക്കരണത്തിൽ ഇത്തരമൊരു ശാസ്ത്രീയരീതി സ്വീകരിച്ചിട്ടില്ല. (കേരളത്തിൽ അഞ്ചാംക്ലാസ് മുതൽ കരിക്കുലമേ ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത!) പുതിയ പാഠ്യപദ്ധതി രൂപീകരണത്തിൽ സർക്കാർ ശാസ്ത്രീയമായ സമീപനം സ്വീകരിക്കാൻ ശ്രമിച്ചതായിക്കാണാം. പാഠ്യപദ്ധതി എപ്രകാരമായിരിക്കണമെന്നതിനെ സംബന്ധിച്ച് ജനകീയ ചർച്ച, മാധ്യമങ്ങളിലൂടെയും സർവ്വേമുഖാന്തിരവും അഭിപ്രായങ്ങൾ ശേഖരിക്കൽ, വിദ്യാഭ്യാസ വിദഗ്ധർ, മനഃശാസ്ത്രജ്ഞർ, അദ്ധ്യാപകർ, സാംസ്കാരിക പ്രവർത്തകർ എന്നിവരുടെ അഭിപ്രായങ്ങൾ തേടൽ എന്നിവയൊക്കെ നടന്നിട്ടുണ്ട്. പാഠ്യപദ്ധതി പ്രായോഗികാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നിരന്തരം മെച്ചപ്പെടുത്തേണ്ടതുമാണ്. പുതിയ പാഠ്യപദ്ധതി ഇപ്രകാരം മെച്ചപ്പെടുത്തിയാണ് രണ്ടാംവർഷം നടപ്പിലാക്കിയത്. ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ ജനങ്ങൾക്ക് എല്ലാവർഷവും അവസരം ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഏതൊരു പാഠ്യപദ്ധതിയും പൂർണത കൈവരിക്കൂ. ജനാധിപത്യപരമായ രീതി ഇതാണ്.

  1. കേരളത്തിൽ നേരത്തെയുണ്ടായിരുന്ന പാഠ്യപദ്ധതിയുടെ പോരായ്മ എന്തെല്ലാമാരുന്നു?

നിലവിലുണ്ടായിരുന്ന പ്രൈമറി പാഠ്യപദ്ധതി സമഗ്രമോ വിദ്യാഭ്യാസപ്രക്രിയയ്ക്കാകെ ദിശാബോധം നൽകുന്നതോ ആയിരുന്നില്ല. പാഠ്യപദ്ധതിയുടെ ആമുഖത്തിൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പഠിതാവിന്റെ സമഗ്ര വികസനമാണെന്നും പഠനബോധനരീതി ശിശു കേന്ദ്രീകൃതമായിരിക്കണമെന്നും സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ വിവിധ വിഷയങ്ങളിൽ ഓരോ ഘട്ടത്തിലും ഇവ ക്രമാനുഗതമായി വികസിപ്പിച്ചെടുക്കാനുള്ള പ്രവർത്തനപദ്ധതികൾ ഒന്നുംതന്നെ ഉൾപ്പെടുത്തിയിരുന്നില്ല. ഉദാഹരണമായി, പരിസരപഠനത്തിന് അനുവർത്തിക്കേണ്ട ബോധനരീതി എന്തായിരിക്കണമെന്ന് പാഠ്യപദ്ധതിയിൽ സൂചിപ്പിച്ചാൽ മാത്രം പോരാ. ഇത് പഠിതാവിൽ ഏതുവിധത്തിലുള്ള നൈപുണിയുടെ വികസനത്തെയാണ് ലക്ഷ്യമിടുന്നത്, അതിനായി ആസൂത്രണം ചെയ്യാവുന്ന പഠനബോധനരീതികൾ എന്തൊക്കെ, ഉപയോഗിക്കാവുന്ന വിവിധ മൂല്യനിർണ്ണയമാർഗ്ഗങ്ങൾ ഏതെല്ലാമാണ്, ഇതിനായുള്ള ക്ലാസം തന്ത്രം എന്തായിരിക്കണം, അദ്ധ്യാപകർക്കുള്ള പരിശീലനം എങ്ങനെ ചിട്ടപ്പെടുത്തണം, ക്ലാസ് പ്രവർത്തനങ്ങളെ എങ്ങനെ മോണിട്ടർ ചെയ്യണം എന്നെല്ലാം പാഠ്യപദ്ധതി വിശദമാക്കണം. എന്നാൽ ഇതൊന്നും പറയാതെ പാഠഭാഗങ്ങളുടെ പ്രധാന ആശയങ്ങൾ അടങ്ങിയ ഒരു വിവരണം മാത്രമാണ് നിലവിലുണ്ടായിരുന്ന പാഠ്യപദ്ധതി. പാഠ്യപദ്ധതിയും സമീപനങ്ങളും സാമൂഹികാവബോധം, വൈകാരികവികസനം, അടിസ്ഥാന പഠനനെപുണികൾ എന്നിവയുടെ വികസനത്തിന് പരിഗണന നൽകാതെ, കുട്ടിയുടെ വൈജ്ഞാനിക വികസനത്തിന് മാത്രമാണ് ഊന്നൽ നൽകിയത്. അറിവ്, ഗ്രഹണം, പ്രയോഗം, അഭിഭാവം, മനോഭാവം എന്നീ തലങ്ങളിൽ മാറ്റമുണ്ടാക്കണമെന്നു പറയുമ്പോഴും കുറെ വിവരങ്ങൾ ആർജ്ജിക്കുക എന്നത് മാത്രമായി പഠനപ്രക്രിയ ചുരുങ്ങിപ്പോയത് സമീപനവൈകല്യം മൂലമാണ്. അതുപോലെതന്നെ സാമൂഹികമൂല്യങ്ങളായ സഹകരണമനോഭാവം, സഹിഷ്ണുത, സ്ത്രീ-പുരുഷ സമത്വം എന്നിവ വളർത്തിയെടുക്കാൻ പ്രഭാഷണരീതി, ക്ലാസ് മുറിയിൽ സംഘടിപ്പിക്കുന്ന പൊള്ളയായ ജീവിതമാതൃകകൾ മുതലായവയാണ് ആ പാഠ്യപദ്ധതി ശുപാർശ ചെയ്യുന്നത്. ഈ രീതികളിലൂടെ വൈകാരികവികസനം സാദ്ധ്യമല്ല. അത് അനൗപചാരിക സാമൂഹ്യ സന്ദർഭ ങ്ങളിലെ യഥാർത്ഥ പങ്കാളിത്തത്തിലൂടെയും അതിൻമേലുള്ള സംവാദത്തിലൂടെയും മാത്രമേ സാധിക്കൂ. എന്തു പഠിക്കണം എന്നതു പോലെ എങ്ങനെ പഠിക്കണം എന്നതും ഇക്കാര്യത്തിൽ പ്രധാനമാണ്. പഠനത്തിനുവേണ്ടി സ്വന്തം കഴിവുകൾ വികസിപ്പിച്ച് സ്വത്രന്തനാകുന്ന തിനുപകരം പാഠപുസ്തകത്തിനും അദ്ധ്യാപകർക്കും അതുവഴി അധീശത്വത്തിനും അടിമപ്പെടുത്തുന്ന സമീപനമാണ് നിലവിലുണ്ടായിരുന്നത്.

  1. പുതിയ പാഠ്യപദ്ധതിയുടെ മേൻമകൾ എന്തെല്ലാമാണ് ?

1. പുതിയ പാഠ്യപദ്ധതി ശിശുകേന്ദ്രീകൃതമാണ്. 2. അനുഭവത്തിൽക്കൂടിയും പ്രവർത്തനത്തിൽ കൂടിയും അറിവുനേടുന്നതിനാൽ അറിവ് സ്ഥായിയായി നിലനിൽക്കുന്നു (Sustainable) 3. ഉള്ളടക്കം കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ നിലവാരം പരിഗണിച്ച് തയ്യാറാക്കിയിരിക്കുന്നു. 4. പഠനം പ്രായോഗിക ജീവിതവുമായും ഭൗതികവും സാമൂഹികവുമായ പരിസരവുമായും ബന്ധമുള്ളതാക്കിയിരിക്കുന്നു. 5. പഠനപ്രകിയ അർത്ഥപൂർണവും ആസ്വാദ്യകരവുമായിരി ക്കുന്നു. 6. പഠനം നടക്കുന്നത് പ്രക്രിയാധിഷ്ഠിതവും ഉദ്ഗ്രഥിതവുമായ രീതിയിലാണ്. 7. മൂല്യനിർണയം സമഗ്രവും തുടർച്ചയായതും കുട്ടികളുടെ എല്ലാ കഴിവുകളും വിലയിരുത്തുന്നതിനു ലക്ഷ്യമിട്ടതുമാണ്. 8. ക്ലാസം പ്രവർത്തനം ജനാധിപത്യവൽക്കരിച്ചിരിക്കുന്നു. 9. അദ്ധ്യാപകന്റെയും കുട്ടിയുടെയും സർഗ്ഗാത്മകതയെ അംഗീകരിച്ചിരിക്കുന്നു. 10. വിദ്യാഭ്യാസത്തിൽ സാമൂഹികനിയന്തണം എന്ന ആശയം കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കുന്നു. 11. ഓരോ കുട്ടിയുടേയും പഠനവേഗത, പഠനരീതി, താല്പര്യങ്ങൾ ഇവ പരിഗണിച്ച് വ്യക്തിഗത ശ്രദ്ധ നൽകുന്നതിനാൽ പഠനത്തിലെ പിന്നോക്കക്കാരുടെ എണ്ണം കുറയ്ക്കാൻ കഴിയുന്നു. പഠനം ഫലപ്രദമാകുന്നു.

  1. പാഠ്യപദ്ധതിയും പാഠപുസ്തകവും തമ്മിലുള്ള ബന്ധം എന്തായിരിക്കണം? പുതിയ പാഠ്യപദ്ധതി എങ്ങനെ പഴയതിൽനിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു?

സമൂഹം നാളിതുവരെ ആർജ്ജിച്ച നേട്ടങ്ങൾ, അറിവുകൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ തുടങ്ങിയവ സമൂഹത്തിലെ പുതിയ അംഗമായ കുട്ടിയിലെത്തിക്കുന്നതാണല്ലോ വിദ്യാഭ്യാസം. പുതിയ അറിവുകൾ കണ്ടെത്തുന്നതിനും കൂടുതൽ മെച്ചപ്പെട്ട ഒരു "നാളെയെ' സൃഷ്ടിക്കുന്നതിനും വിദ്യാഭ്യാസം അവരെ പ്രാപ്തരാക്കണം. അതിനായി ഓരോ സമൂഹവും വിദ്യാഭ്യാസത്തിന് ലക്ഷ്യങ്ങൾ നിർവ്വചിച്ചിട്ടുണ്ട്. അതു നേടാനായി പഠനത്തിന്റെ ഉള്ളടക്കം, വിവിധ വിഷയങ്ങളുടെ പഠനബോധനരീതി, ഓരോ വിഷയം പഠിക്കുന്നതുവഴിയും നേടേണ്ട ശേഷികൾ, ഇതിനായുള്ള അദ്ധ്യാപക പരിശീലനം, അദ്ധ്യാപകർ- വിദ്യാർത്ഥികൾ, പഠനപ്രകിയ ഇവയെപ്പറ്റിയുള്ള ധാരണകളും സങ്കൽപ്പങ്ങളും, മൂല്യനിർണ്ണയരീതി, വിദ്യാലയവും സമൂഹവുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങൾ സൂചിപ്പിക്കുന്ന ഒരു സമഗരേഖയാണ് പാഠ്യപദ്ധതി അഥവാ കരിക്കുലം. നേരത്തെയുണ്ടായിരുന്ന പ്രൈമറി കരിക്കുലം മുകളിൽ സൂചിപ്പിച്ച അർത്ഥത്തിൽ സമഗ്രമായിരുന്നില്ല. പ്രവർത്തനാധിഷ്ഠിതവും ശിശുകേന്ദ്രീകൃതവും പരിസര ബന്ധിതവുമായ പഠനപ്രക്രിയയാണ് ഉദ്ദേശിക്കുന്നതെന്ന് ആമുഖത്തിൽ സൂചിപ്പിക്കുകയല്ലാതെ അതു പ്രാവർത്തികമാക്കാനുള്ള സാദ്ധ്യതകൾ ആ പാഠ്യപദ്ധതിയിലില്ലായിരുന്നു. മൂല്യനിർണ്ണയം എഴുത്തുപരീക്ഷ മാത്രമാവരുതെന്ന് വ്യക്തമാക്കാൻ ശ്രമിച്ച പഴയ കരിക്കുലത്തിലെ പ്രസ്താവനകൾ കരിക്കുലം രേഖയിൽ മാത്രമായി ഒതുങ്ങിയതും അതിന്റെ ആഭ്യന്തരമായ പോരായ്മകൾ കൊണ്ടാണ്. കരിക്കുലം അദ്ധ്യാപകർക്ക് നൽകിയിരുന്നില്ല എന്നതും പാഠപുസ്തകകേന്ദ്രീകൃത പഠനത്തിലേയ്ക്ക് നയിക്കുന്നതിന് ഇടയാക്കി. കരിക്കുലത്തിന്റെ ക്ലാസം പ്രാധാന്യം അന്നത്തെ കരിക്കുലം ശില്പികൾ വേണ്ടത്ര ഉൾക്കൊണ്ടിരുന്നില്ല എന്നുവേണം കരുതാൻ. കരിക്കുലം പ്രകാരമുള്ള ലക്ഷ്യങ്ങളാണ് കുട്ടികൾ നേടിയെടുക്കേണ്ടത്. അതിനായി അദ്ധ്യാപകർ പ്രയോജനപ്പെടുത്തുന്ന അനവധി സാമഗ്രികളിൽ ഒന്നുമാത്രമാണ് പാഠപുസ്തകം. ബാലസാഹിത്യകൃതികൾ, വിജ്ഞാനഗ്രന്ഥങ്ങൾ, വർത്തമാനപത്രമടക്കം വിവിധ മാധ്യമങ്ങൾ, കുട്ടികളുടെ സൃഷ്ടികൾ, ചുറ്റുമുള്ള പ്രകൃതി, സമൂഹത്തിലെ വിവിധ സ്ഥാപനങ്ങളും ബന്ധങ്ങളും ഒക്കെ കരിക്കുലം ലക്ഷ്യങ്ങൾ നേടുന്നതിനായി പാഠപുസ്തകങ്ങളോടൊപ്പം ഉപയോഗിക്കാവുന്നതാണ്. പുതിയ പാഠ്യപദ്ധതി ഇത്തരത്തിലുള്ള എല്ലാ കരിക്കുലം സാദ്ധ്യതകളേയും പരമാവധി പ്രയോജനപ്പെടുത്തുവാൻ പ്രവർത്തനങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പഴയ പാഠ്യപദ്ധതി പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക് പഠനസാദ്ധ്യകളെ കൊണ്ടുപോയിരുന്നില്ല.

  1. അദ്ധ്യാപകർ, പാഠപുസ്തകങ്ങൾ, പരീക്ഷ തുടങ്ങിയ ഔപചാരിക വിദ്യാഭ്യാസത്തിന്റെ അനുപേക്ഷണീയ ഘടകങ്ങൾ പുതിയ പാഠ്യപദ്ധതി അവഗണിക്കുന്നു എന്ന വിമർശനം ശരിയാണോ?

ശരിയല്ല. എന്നുമാത്രമല്ല അദ്ധ്യാപകർക്ക് മുമ്പത്തെ പാഠ്യപദ്ധതിയിൽ വിഭാവനം ചെയ്തിരുന്നതിനേക്കാൾ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് ഇപ്പോഴുള്ളത്. അദ്ധ്യാപകൻ കുട്ടിയുടെ മുതിർന്ന സുഹൃത്തായും മാർഗദർശിയായും കുട്ടിയുടെ പഠനാവശ്യങ്ങൾ കണ്ടറിഞ്ഞ് അനുയോജ്യമായ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്ന വിദ്യാഭ്യാസവിദഗ്ധനരായും പ്രവർത്തിക്കുക വഴി അദ്ധ്യാപകന്റെ റോൾ ക്ലാസുകളിൽ നിർണ്ണായകമാവുകയാണ് പുതിയ പാഠ്യപദ്ധതിയിൽ. ഏകമുഖമായ കല്പനകൾ പുറപ്പെടുവിക്കുന്ന തലത്തിൽനിന്ന് കൂടുതൽ ജനാധിപത്യപരമായ തലത്തിലേയ്ക്ക് പുരോഗമനാത്മകമായി അദ്ധ്യാപകർ മാറുന്നു. "പാഠപുസ്തകങ്ങളിൽ നിന്നു മാത്രം പഠിപ്പിക്കുന്ന അദ്ധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്ക് സ്വന്തമായി ഒന്നും പ്രദാനം ചെയ്യുന്നില്ല. അയാൾ തന്നെ പാഠപുസ്തകങ്ങളുടെ അടിമയാവുകയാണ്.” (ഗാന്ധിജി, ഹരിജൻ, 10-3-48) പാഠപുസ്തകങ്ങൾക്ക് പരമപ്രാധാന്യം നൽകുന്നത് പണ്ടുമുതലേ വിമർശനവിധേയമായിരുന്നു. ദേശീയ നേതാക്കൾ മുമ്പോട്ടുവച്ച് ഇത്തരം നിർദ്ദേശങ്ങൾ ഈ പാഠ്യപദ്ധതി രൂപീകരണത്തിൽ പരിഗണിക്കപ്പെട്ടിട്ടുണ്ട്. പാഠപുസ്തകം കരിക്കുലം ലക്ഷ്യം നേടാൻ ഉപ യോഗപ്പെടുത്തുന്ന അനേകം സാമഗ്രികളിൽ ഒന്നായിമാത്രമാണ് പുതിയ പാഠ്യപദ്ധതി നോക്കിക്കാണുന്നത്. വർത്തമാനപ്പത്രങ്ങൾ, കുട്ടികളുടെ സൃഷ്ടികൾ, ലോക്കൽ ടെസ്റ്റുകൾ, ബാലസാഹിത്യ കൃതികൾ, വിജ്ഞാനഗ്രന്ഥങ്ങൾ, പ്രകൃതി എന്ന പാഠപുസ്തകം, അദ്ധ്യാപകർ ശേഖരിക്കുന്ന പഠനസാദ്ധ്യതയുള്ള മെറ്റീരിയലുകൾ എന്നിവയൊക്കെ പാഠപുസ്തകങ്ങളോടൊപ്പം ഇന്ന് പഠനാനുഭവങ്ങൾ നൽകുന്നതിനായി പ്രയോജനപ്പെടുത്തുന്നു. പരീക്ഷ എന്നതിനെ ഗുണപരമായി മെച്ചപ്പെടുത്തിയിരിക്കുന്നു നിരന്തര മൂല്യനിർണയമെന്ന ആശയം യാഥാർത്ഥ്യമാക്കുകയാണ് പുതിയ പാഠ്യപദ്ധതിയിൽ ചെയ്തിട്ടുള്ളത്. അദ്ധ്യാപകർ ടീച്ചിംഗ് മാന്വലിലെ വിലയിരുത്തൽ കുറിപ്പുകളിലൂടെയും ഓരോ കുട്ടിയെക്കുറിച്ചുമുള്ള വിവരങ്ങൾ സൂക്ഷിക്കുന്ന "എന്റെ കുട്ടികൾ' എന്ന രേഖയിലൂടെയും ഓരോ പഠനപ്രവർത്തനവും എത്രത്തോളം ഫലപ്രദമായി എന്നും എത്ര കുട്ടികൾക്ക് നിർദ്ദിഷ്ടശേഷികൾ നേടാനായിയെന്നും അപ്പപ്പോൾ വിലയിരുത്തുക എന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. കൂടാതെ ടേം മൂല്യനിർണ്ണയത്തിലൂടെയും കുട്ടിയുടെ നാനാവിധമായ കഴിവുകൾ അളക്കുന്നുമുണ്ട്.

  1. ക്ലാസുകളിൽ പഠനമേ നടക്കുന്നില്ല, കളിമാത്രമാണ് നടക്കുന്നതെന്നുള്ള വിമർശനത്തിൽ കഴമ്പുണ്ടോ?

കളികളേയും കാര്യത്തേയും നേർവിപരീതങ്ങളായിക്കാണുന്ന സാമാന്യബോധമാണ് കാര്യമറിയാതെയുള്ള ഈ വിമർശനത്തിന്റെ അടിസ്ഥാനം. പ്രവർത്തനാധിഷ്ഠിതമായ ക്ലാസിൽ യഥാർത്ഥത്തിൽഎന്താണു നടക്കുന്നത് എന്ന് നേരിട്ടറിയാത്തതും വിമർശനമുന്നയിക്കാൻ കാരണമായിട്ടുണ്ട്. മസ്തിഷ്കപ്രവർത്തനങ്ങളെ സജീവമാക്കുന്ന പ്രവർത്തനങ്ങളിലേർപ്പെടുമ്പോൾ മാത്രമാണ് സ്വാഭാവികമായ പഠനം സംഭവിക്കുന്നത്. അത്തരം ധാരാളം അനുഭവങ്ങൾ ഉദ്ദേശ്യപൂർണ്ണമായി നൽകുന്നതിലൂടെ മാത്രമേ കുട്ടിയിൽ നമ്മുടെ സമൂഹം ഉദ്ദേശിക്കുന്ന ശേഷികളും ധാരണകളും മനോഭാവങ്ങളും വളരൂ. കുട്ടിയുടെ മനസ്സ് പ്രവർത്തനക്ഷമമാകുന്നത്, അവന്റെ താല്പര്യമുണരുന്നത്, ലക്ഷ്യബോധത്തോടെ അവനു പ്രവർത്തിക്കാൻ സാദ്ധ്യതയുള്ള സന്ദർഭങ്ങളിലാണ്. കുട്ടികളുടെ വളർച്ചയിലും പഠനത്തിലും കളികൾക്കുള്ള പ്രാധാന്യം എല്ലാ വിദ്യാഭ്യാസ മനഃശ്ശാസ്ത്രജ്ഞരും ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്. കളിയുടെ അംശങ്ങളായ ആവേശം, ഏകാഗ്രത, ടീം സ്പിരിറ്റ്, ലക്ഷ്യത്തിലേക്കെത്താനുള്ള ബോധപൂർവ്വമായ ശ്രമം (Goal directedness) എന്നിവ ഉൾച്ചേർന്ന പഠനപ്രവർത്തനങ്ങളാണ് ക്ലാസിൽ നടക്കുന്നത്. അല്ലാതെ കേവലം കളിയോ കളിപ്പിക്കലോ അല്ല. ഉദാഹരണമായി "ചോദ്യോത്തരപ്പയറ്റ്' എന്ന പ്രവർത്തനം നോക്കുക. കുട്ടികളുടെ ആശയഗഹണശേഷിയും പ്രകടനശേഷിയും വളർത്തുന്ന ഇതിൽ നമ്മളെന്താണ് കാണുന്നത്? ചോദ്യോത്തരപ്പയറ്റ് നടത്തുന്നതിനുവേണ്ടി അവർ ഗ്രൂപ്പായിത്തിരിഞ്ഞ് നിർദ്ദിഷ്ട ലേഖനം പാഠഭാഗം വായിക്കുന്നു. അതിൽനിന്ന് പരമാവധി ചോദ്യങ്ങൾ ആലോചിച്ചു കണ്ടെത്തിയെഴുതുന്നു. പിന്നെ ഒരു ഗ്രൂപ്പ് (അതായത് ഗ്രൂപ്പ് നിശ്ചയിക്കുന്ന അംഗങ്ങൾ) മാറിമാറി മറുഗ്രൂപ്പുകളോട് ചോദ്യങ്ങൾ ചോദിക്കുന്നു. ഓരോ ഗ്രൂപ്പും ഒറ്റക്കും കൂട്ടായും ആലോചിച്ച് ഉത്തരങ്ങൾ പറയുന്നു. അതിനെച്ചൊല്ലി സംവാദങ്ങൾ നടക്കുന്നു. ഓരോ ഗ്രൂപ്പിനും പ്രകടനത്തിനനുസരിച്ച് പോയിന്റുകൾ ലഭിക്കുന്നു. ഇവിടെ നടക്കുന്നത് ഭാഷാശേഷികളുടെ വികസനമോ കളിയോ? ഈ പ്രവർത്തനത്തിനുവേണ്ട സജ്ജീകരണങ്ങളും ആവശ്യമായ ഇടപെടലുകളും നടത്തുന്ന അദ്ധ്യാപകന്റെ പങ്ക് യഥാർത്ഥത്തിൽ താഴുകയാണോ അതോ ഉയരുകയാണോ?

"നമ്മൾ ഇന്നേവരെ കുട്ടികളുടെ മസ്തിഷ്കത്ത ഉത്തേജിപ്പിക്കുവാനും അങ്ങിനെ മനസ്സിനെ വികസിപ്പിക്കുവാനും നോക്കാതെ സകലവിധ വസ്തുക്കളും വിവരങ്ങളും അവരുടെ മനസ്സിൽ നിറയ്ക്കുവാനാണ് ശ്രദ്ധിച്ചിട്ടുള്ളത്.” (ഗാന്ധിജി, ഹരിജൻ, 28-08-32)

  1. പുതിയ പഠനബോധനസമീപനങ്ങൾക്ക് മനഃശാസ്ത്രപരമായ വല്ല അടിസ്ഥാനവുമുണ്ടോ?

മനഃശാസ്ത്രത്തിലെ ഏറ്റവും ആധുനികമായ ധാരണകളും ധാരയുമാണ് പുതിയ പാഠ്യപദ്ധതിയുടെ പഠനബോധന സമീപനങ്ങൾക്കാധാരം. നേരത്തെ നിലവിലുണ്ടായിരുന്ന ഉദ്ദേശ്യാധിഷ്ഠിത ബോധനസമീപനങ്ങളും (objective based learning approach) എം.എൽ.എൽ. രീതിതന്നെയും ഇതിനകം തന്നെ എല്ലാ വികസിതരാജ്യങ്ങളും ഉപേക്ഷിച്ച വ്യവഹാരവാദ മനഃശാസ്ത്രത്തെ (Behaviourist Psychology) അടിസ്ഥാനമാക്കുന്നതാണ്. വെള്ളലികളിലും മറ്റ് ജീവികളിലും നടത്തിയ പരീക്ഷണങ്ങൾവഴി ഉണ്ടാക്കിയ സിദ്ധാന്തങ്ങളെ മനുഷ്യമസ്തിഷ്കത്തിന്റെയും ബോധനത്തിന്റെയും സവിശേഷതകളെ കണക്കിലെടുക്കാതെ മനുഷ്യവ്യവഹാരങ്ങളിൽ ആരോപിക്കുകയും മനഃശാസ്ത്രമണ്ഡലത്തിൽ വ്യാപിപ്പിക്കുകയും ചെയ്ത ഈ വാദം ഇടുങ്ങിയതും യാന്ത്രികവുമാണ് എന്ന് മിക്ക വിദ്യാഭ്യാസവിദഗ്ദ്ധരും സമ്മതിച്ചിട്ടുള്ളതും തെളിയിച്ചിട്ടുള്ളതുമാണ്. നമ്മുടെ ബഹുഭൂരിപക്ഷം കുട്ടികളുടേയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുടെ കാരണം കിടക്കുന്നത് ആധുനിക മനഃശാസ്ത്രത്തിന്റെ അടിത്തറയില്ലാത്ത ബോധനസമീപനങ്ങളിലാണ്. എൻ.സി.ഇ.ആർ.ടിയുടെ പ്രാഥമിക വിദ്യാഭ്യാസ വിഭാഗം തലവരായ ഡോ.വിനീതാ കൗളിന്റെ നേതൃത്വത്തിലുള്ള എം.എൽ.എൽ ഇംപ്ലിമെന്റേഷൻ വിലയിരുത്തൽകമ്മറ്റി ഇക്കാര്യങ്ങൾ അവരുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ഡോ.ജീൻ പിയാഷേ, നോം ചോംസ്കി, വൈഗോട്സ്കി, ബ്രൂണർ തുടങ്ങിയ ആധുനിക മനഃശാസ്ത്രജ്ഞരുടേയും ഭാഷാശാസ്ത്രജ്ഞരുടേയും ചിന്താധാരകളാണ് പുതിയ പാഠ്യപദ്ധതിയുടെ പഠനബോധന സമീപനങ്ങൾക്കാധാരം.

  1. പുതിയ പാഠ്യപദ്ധതിപ്രകാരം ഭാഷാപഠനത്തിലൂടെ കുട്ടികൾക്ക് ലഭിക്കേണ്ട ശേഷികളെല്ലാം ലഭിക്കുന്നില്ല എന്ന വിമർശനം വാസ്തവമല്ലേ?

നേരത്തേയുണ്ടായിരുന്ന പാഠ്യപദ്ധതിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വിമർശനത്തിന് വേണ്ടിയുള്ള വിമർശനമാണെന്നു കാണാം. പകർത്തിയെഴുത്ത്, കേട്ടെഴുത്ത്, ചോദ്യങ്ങൾക്കുത്തരമെഴുതൽ, അർത്ഥം, പര്യായപദം, ടീച്ചർ എഴുതിക്കൊടുക്കുന്ന "രചനകൾ” പകർത്തൽ എന്നിവയിൽ മാത്രമൊതുങ്ങിയിരുന്നു മുമ്പുണ്ടായിരുന്ന ഭാഷാപഠനം. ഇന്നാകട്ടെ കുട്ടികൾ വാർത്തകൾ തയ്യാറാക്കൽ, റിപ്പോർട്ട് എഴുതൽ, വിവരണക്കുറിപ്പുകൾ, അനുഭവക്കുറിപ്പുകൾ, വർണനകൾ, കത്തുകൾ, മിനുട്സ്, ചെറുലേഖനങ്ങൾ, കഥകൾ, നാടകങ്ങൾ, സംഭാഷണങ്ങൾ, കവിതാപുരാണം, പ്രസംഗം, കമന്ററി, ചുമർമാസിക, കൈയെഴുത്തുമാസിക, അടിക്കുറിപ്പെഴുതൽ, തലവാചകം നിർമിക്കൽ, യാതാക്കുറിപ്പുകൾ, ചോദ്യോത്തരങ്ങൾ തയ്യാറാക്കൽ, പദകേളികൾ തുടങ്ങി വൈവിധ്യമുള്ള പ്രവർത്തനങ്ങളിലൂടെ ഭാഷാപ്രയോഗശേഷികൾ നേടുന്നു. ചോദ്യങ്ങൾ ചോദിക്കാനും പ്രതികരിക്കാനുമുള്ള അവരുടെ ശേഷി വർദ്ധിച്ചിരിക്കുന്നു. പാഠപുസ്തകങ്ങൾക്കുപരി മറ്റനേകം വായനാസാമഗ്രികൾ ഭാഷാപഠനത്തിന്റെ അവിഭാജ്യഘടകമായി തീർന്നിരിക്കുന്നു. ആത്മവിശ്വാസത്തോടെ നിസ്സങ്കോചം ഭാഷ പ്രയോഗിക്കാന വർക്കിന്നു കഴിയുന്നുണ്ട്.

  1. ഭാഷാപഠനത്തിൽ ആദ്യം അക്ഷരം പഠിച്ചുറച്ച് പിന്നീട് പദങ്ങൾ തുടർന്ന് വാക്യങ്ങൾ എന്ന രീതിയല്ലേ അഭികാമ്യം? ആശയാവതരണരീതി പ്രകാരം കുട്ടികൾ അക്ഷരം പഠിക്കുന്നേയില്ലല്ലോ?

പുതിയ രീതി നടപ്പാക്കിയിട്ട് രണ്ടുവർഷം തികയുന്നു. ക്ലാസിൽ എന്താണ് നടക്കുന്നതെന്നറിയാത്തവരാണ്. ക്ലാസം അനുഭവങ്ങൾ ഇല്ലാത്തവരാണ് ഈ വാദഗതിക്കാർ. അക്ഷരപഠനത്തിന് പല രീതികളുണ്ട്. പണ്ട് നാം അക്ഷരാവതരണരീതിയായിരുന്നു സ്വീകരിച്ചിരുന്നത്. ആദ്യം അക്ഷരം പഠിപ്പിച്ചാൽ കുട്ടിയെ സംബന്ധിച്ചിടത്തോളം അർത്ഥശൂന്യവും യാന്തികവുമാണെന്ന തിരിച്ചറിവാണ് പിന്നീട് പദാവതരണരീതി സ്വീകരിക്കാൻ ഇടയാക്കിയത്. ഈ മാറ്റം വരുത്തിയപ്പോഴും പാരമ്പര്യവാദികൾ ശക്തമായി എതിർത്തിരുന്നു എന്നോർക്കുക. ചിന്തയുടെ ഏകകം ആശയമാണ് എന്നത് ഏവർക്കുമറിവുള്ള പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. അർത്ഥപൂർണ്ണമായി സന്ദർഭത്തിൽ അവതരിപ്പിക്കുന്ന ആശയങ്ങളിൽനിന്ന് പദങ്ങൾ വേർതിരിച്ചറിയുന്നതിനും ആ പദങ്ങളിൽനിന്ന് നിർദ്ദിഷ്ട അക്ഷരങ്ങൾ തിരിച്ചറിയുന്നതിനും അങ്ങനെ തിരിച്ചറിഞ്ഞ അക്ഷരങ്ങളെ പുതിയ സന്ദർഭത്തിൽ മനസ്സിലാക്കുന്നതിനും അവ ഉപയോഗിച്ച് പദങ്ങളും വാക്യങ്ങളും നിർമ്മിക്കുന്നതിനും കഴിയത്തക്കവിധമാണ് പുതിയ രീതിയിൽ ഭാഷാപഠനപ്രവർത്തനങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്. ഈ രീതി കുട്ടിയെ സംബന്ധിച്ചിടത്തോളം സുഗമവും അവന്റെ ഭാഷാ പ്രയോഗശേഷിയും താല്പര്യവും വർദ്ധിപ്പിക്കുന്നതുമാണ് എന്ന കാര്യത്തിൽ സംശയമില്ല. പൂർണമായതിൽനിന്ന് അംശത്തിലേക്ക്, മൂർത്തമായതിൽനിന്ന് അമൂർത്തമായതിലേക്ക്, ലളിതമായതിൽനിന്ന് സങ്കീർണ്ണമായതിലേക്ക് തുടങ്ങിയ മനഃശാസ്ത്രതത്വങ്ങളും ബോധനപ്രമാണങ്ങളും ഈ രീതിക്കാധാരമാണ്. ഒന്നാംക്ലാസിൽ കുട്ടി പഠിക്കേണ്ട അക്ഷരങ്ങൾ ഏതൊക്കെയാണെന്ന് നിർണ്ണയിച്ച് അദ്ധ്യാപകസഹായിയുടെ അനുബന്ധത്തിൽ നൽകിയിട്ടുണ്ട്. കുട്ടി അക്ഷരം പഠിക്കുന്നുണ്ട്. പഠനരീതി ശാസ്ത്രീയമാക്കുക മാത്രമാണ് ചെയ്തത്. പഴയരീതിപ്രകാരം പഠിച്ച കുട്ടികളിൽ 35-40 ശതമാനം പേർക്ക് അക്ഷരം എഴുതാനോ വായിക്കാനോ കഴിഞ്ഞിരുന്നില്ല എന്നത് (അക്ഷരപുലരി-പഠനങ്ങൾ) പഴയരീതിയുടെ പോരായ്മയാണ്. പോരായ്മകൾ പരിഹരിക്കുന്നതിനാണ് പുതിയ രീതിയിലൂടെ ശ്രമിക്കുന്നത്.

  1. ഭാഷാസമീപനം ശാസ്ത്രീയാടിത്തറയില്ലാത്തതാണെന്ന വാദമുണ്ടല്ലോ?

കുട്ടിയുടെ ജൻമസിദ്ധമായ കഴിവുകളേയും അവരുടെ പ്രകൃതത്തേയും ഓരോ കുട്ടിയുടേയും വ്യക്തിവൈശിഷ്ട്യത്തേയും അറിഞ്ഞുകൊണ്ട് അവരുടെ പഠനപ്രക്രിയയ്ക്കു ഗതിവേഗം നൽകുന്ന ഭാഷാ സമീപനമാണ് നാം ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി നിരവധി മനഃശാസ്ത്രവിദഗ്ദ്ധരും ഭാഷാ ശാസ്ത്രജ്ഞരും വിദ്യാഭ്യാസ വിചക്ഷണരും വർഷങ്ങളോളമായി നടത്തിവന്ന കൂട്ടായ ശ്രമത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞുവന്നിട്ടുള്ള ഈ സമീപനത്തിന്റെ അന്തർധാര ഭാഷാ സാമഗ്രിക ദർശനം (Whole Language Philosephy) com. സ്കിന്നർ, തോൺഡെക്ക് തുടങ്ങിയവരുടെ ബിഹേവിയറിസ്റ്റ് മാതൃകയെ നിരാകരിച്ചുകൊണ്ട് നോം ചോംസ്കി, വൈഗോട്സ്കി, ഹാലിഡേ തുടങ്ങിയവരുടെ കോഗ്നിറ്റീവ്-ഇന്ററാക്ഷനിസ്റ്റ് മാതൃകയാണ് ഈ സമീപനത്തിന്റെ അടിത്തറയായി സ്വീകരിച്ചിട്ടുള്ളത്.

  1. ഭാഷാപുസ്തകങ്ങളിൽ നാടൻ പദപ്രയോഗങ്ങളുടെ അതിപ്രസരമാണെന്നുള്ള വിമർഷനം ശരിയാണോ?

ഏതൊരു ഭാഷയുടേയും ജീവത്സ്വരൂപമാണ് അതിന്റെ വായ്മൊഴി. സ്വതസിദ്ധവും സ്വാഭാവികവുമായ വ്യവഹാരഭാഷയെ നിഷേധിക്കാൻ ആർക്കും കഴിയുകയില്ല. കേരളത്തിലെല്ലായിടത്തും "മലയാളം” ഒരേ പോലെയല്ല സംസാരിക്കുന്നത്. ഈ വൈവിധ്യമാണ് മലയാളത്തിന്റെ സമ്പത്ത്. ഏതെങ്കിലും പ്രദേശത്തെ ഭാഷ മെച്ചമാണെന്നോ ഏതെങ്കിലും ഭാഗത്തെ ഭാഷ അധമമാണെന്നോ വിധിക്കുവാൻ ഭാഷാസ്നേഹികൾ മുതിരുകയില്ല. അറിവിന്റെ ഭാഷ ആഢ്യഭാഷയാണെന്ന മിഥ്യാധാരണ പണ്ടുമുതലേ അധീശവർഗ്ഗം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. പൗരോഹിത്യ ജൻമി-നാടുവാഴിത്ത ശക്തികൾക്ക് എന്നും കീഴാളവിഭാഗത്തിന്റെ ഭാഷ അപകൃഷ്ടമായിരുന്നു. മലയാളത്തിന്റെ ഓജസ്സും പ്രൗഢിയും വർദ്ധിപ്പിക്കുന്നത് സംസ്കൃതപദങ്ങളാണ് എന്നായിരുന്നു വരേണ്യവർഗ്ഗത്തിന്റെ മതം. ഒരു ജനതയുടെ മേൽ ആധിപത്യം നേടുന്നതിനുള്ള സാംസ്കാരികാക്രമണം അവരുടെ ഭാഷയുടെ തനിമ കെടുത്തുകയാണെന്ന് അധിനിവേശശക്തികൾക്കറിയാം. ആധിപത്യത്തിന്റെ സാസ്കാരിക ചിഹ്നമായി സംസ്കൃതവും ഇംഗ്ലീഷുമൊക്കെ കടന്നുവന്നതിങ്ങനെയാണ്. സംസ്കൃതം അറിയാവുന്നവരും ഇംഗ്ലീഷ് അറിയാവുന്നവരും "അറിവുള്ളവരായി” വ്യാഖ്യാനിക്കപ്പെട്ടു. പ്രൗഢഭാഷയുടെ വക്താക്കൾ വരേണ്യവർഗ്ഗത്തിന്റെ ഭാഷയാണ് ഏറ്റവും ശുദ്ധം എന്ന് വാദിക്കുകയാണ്. എപ്പോഴൊക്കെ മലയാളത്തനിമയും സംസ്കാരവും സംരക്ഷിക്കാനും വികസിപ്പിക്കാനും ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ യഥാസ്ഥിതികവാദികൾ അതിനെതിരെ അണിനിരന്നിട്ടുണ്ട്. സമൂഹത്തിൽ വളർന്നു വരുന്ന ജനാധിപത്യധാരണകൾ ഭാഷയ്ക്കും ബാധകമാണ്. ഭാഷയെ ജനാധിപത്യവത്കരിക്കുക എന്നാൽ വരേണ്യവർഗന്യൂനപക്ഷത്തിന്റെ ഭാഷയ്ക്കുപകരം ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനതയുടെ വ്യവഹാരഭാഷയെ അതിന്റെ സ്വാഭാവികതയെ, തനിമയെ, ലാളിത്യത്തെ അംഗീകരിക്കുകയും സാമൂഹ്യാംഗീകാരം നേടിക്കൊടുക്കുകയും ചെയ്യുകയാണ് വേണ്ടത്. ഭാഷയിൽ അധിനിവേശ സംസ്കാരത്തിനെതിരായ, ആധിപത്യശക്തികൾക്കെതിരായ നിലപാട് രൂപപ്പെടുന്നത് സ്വന്തം ഭാഷയിലെ സ്വാശ്രയത്വബോധത്തിൽ നിന്നാണ്. ഭാഷയിലെ ജനകീയവത്കരണത്തെ അംഗീകരിക്കാത്തവരാണ് പ്രൗഢഭാഷയുടെ വക്താക്കൾ. പരസ്പര സമ്പർക്കത്തിന്റെയും വിനിമയത്തിന്റെയും ഗതി വേഗം വർദ്ധിക്കുന്ന അവസരത്തിലാണ് വിവിധ പ്രദേശങ്ങളിലെ "മലയാളം” സാർവ്വത്രികാംഗീകാരം നേടുന്നതും വിനിമയശേഷി കൈവരിക്കുന്നതും. മാനകീകൃത തലത്തിലേക്കുള്ള പദങ്ങളുടെയും പ്രയോഗങ്ങളുടെയും വരവ് കൂട്ടുകയാണ് ഭാഷാവളർച്ചയ്ക്ക് അഭികാമ്യം. അച്ചടിയുടെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ ഇത് സാദ്ധ്യവുമാണ്. ഭാഷയിൽ ലക്ഷ്മണരേഖ വരച്ച് നാടൻ പദങ്ങളെ നിഷ്കാസനം ചെയ്യാനുള്ള ശ്രമം നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. നാട്ടറിവുകളുടെ സംരക്ഷണത്തിനായി നിലകൊള്ളുന്നവർ നാടിന്റെ ഭാഷാത്തനിമക്കെതിരായ നിലപാടെടുക്കുന്നത് ഒരു ജനതയുടെ ഭൗതികവും സാംസ്കാരികവുമായ സമ്പത്തിനെക്കുറിച്ചുള്ള ദുർബലധാരണകൾകൊണ്ടാണ്. പുതിയ പാഠ്യപദ്ധതി ഗ്രാമ്യപദങ്ങൾ പഠിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്തിട്ടില്ല. കഥകളിലും കവിതകളിലും സ്വാഭാവികമായി കടന്നുവരുന്ന പദങ്ങൾ കുട്ടികൾ പരിചയപ്പെടുന്നതിനെ വിലക്കുന്നുമില്ല. കുഞ്ഞുണ്ണിമാഷ്, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങിയവരുടെ രചനകളിലെ പ്രയോഗങ്ങളാണ് വിമർശകർക്ക് ദഹിക്കാത്തവ ശിശു സൗഹൃദപരമായ ഭാഷയും സമീപനവും വേണമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ വായനാതാൽപര്യത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ കൃത്രിമത്വം ഒഴിവാക്കിക്കൊണ്ടുള്ള ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. തലമുറകളിലൂടെ കൈമാറിക്കെമാറി നാം കാത്തുസൂക്ഷിക്കുന്ന നമ്മുടെ ഭാഷാപാരമ്പര്യത്തിന്റെ അമൂല്യസമ്പത്താണ് നാടൻപാട്ടുകൾ. അവ പാഠപുസ്തകങ്ങളിൽനിന്ന് ഒഴിവാക്കണമെന്ന വാദക്കാർ നമ്മുടെ സംസ്കാരികത്തനിമയിൽനിന്ന് അന്യവത്കരിക്കപ്പെട്ട ഒരു സമൂഹം, സ്വന്തം മണ്ണിന്റെ ചൂരും ചുണ യുമറിയാത്ത ഒരു സമൂഹം ഇവിടെയുണ്ടാകണമെന്നല്ലേ പരോക്ഷമായി ആഗ്രഹിക്കുന്നത്?

  1. പുതിയ പാഠ്യപദ്ധതിയിൽ പരിസരപഠനത്തോടുള്ള സമീപനമെന്ത് ?

പുതിയ പാഠ്യപദ്ധതി പഠിക്കുന്നതിനായി സർക്കാർ നിയോഗിച്ച 1999ലെ കമ്മറ്റി റിപ്പോർട്ട് ഇപ്രകാരം പറയുന്നു "പരിസരപഠനം പ്രൈമറി വിദ്യാഭ്യാസത്തിലെ ഒരു സുപ്രധാനഭാഗമാണെന്നും പരിസരനിരീക്ഷണവും പഠനവും കുട്ടികളുടെ എല്ലാ നൈപുണികളും വികസിപ്പിക്കാനുള്ള മാധ്യമമാണെന്നുമുള്ള തിരിച്ചറിവുണ്ടായിട്ടുണ്ട്. " "നിരീക്ഷണം, ക്രമീകരണം, തരംതിരിക്കൽ, താരതമ്യം ചെയ്യൽ, ചെയ്തുപഠിക്കൽ, ശേഖരണം തുടങ്ങിയവ പഠനപ്രവർത്തനങ്ങൾക്ക് പമറിതലത്തിൽ അർഹമായ (പ്രാധാന്യം ഈ പാഠപുസ്തകങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്.” (പേജ് 7) പരിസരപഠനം പരിസരത്തിൽ ഇറങ്ങിച്ചെന്നുള്ള പഠനമായി ഇന്നു മാറിയിരിക്കുകയാണ്. ചുറ്റുപാടുമുള്ള വസ്തുക്കളെയും പ്രതിഭാസങ്ങളെയും നിരീക്ഷിക്കുകയും താരതമ്യം ചെയ്ത് ചർച്ചയിലൂടെയും അദ്ധ്യാപകന്റെ ഇടപെടലുകളിലൂടെയും ധാരണകൾ രൂപീകരിക്കു ന്നതിലൂടെയാണ് ഇത് സാധിക്കുന്നത്. കുട്ടിയുടെ പരിസരം ഒരു ഔട്ട് ഡോർ ലബോറട്ടറി ആണെന്ന് വിദഗ്ധാഭിപ്രായം അംഗീകരിക്കുന്നതാണ് പുതിയ പാഠ്യപദ്ധതി.

  1. വിമർശനം ശരിയല്ലേ?

ഇന്നലെവരെ കേരളത്തിലെ ബഹുഭൂരിപക്ഷം കുട്ടികൾക്കും ഗണിതത്തോട് ഭയമായിരുന്നു. ഏറ്റവും പ്രയാസമുള്ള ആ ഗണിതം ഇന്ന് പുതിയ പാഠ്യപദ്ധതിപ്രകാരം പഠിക്കുന്ന കുട്ടികൾക്ക് ഏറ്റവും പ്രിയങ്കരമായിത്തീർന്നിരിക്കുന്നു. പാഠപുസ്തകങ്ങൾ മറിച്ചു നോക്കാൻപോലും ശ്രമിക്കാതെയുള്ള വിമർശനങ്ങളുടെ ഒരു ഉദാഹരണമാണിത്. വീട്ടിലേക്കുള്ള വഴി വീട്ടിലേക്കുള്ള വഴികൾ കാണിച്ചുകൊടുക്കുന്നതിന് കുട്ടികൾ ഏതെല്ലാം ക്രിയകൾ ചെയ്യണം? ഈ പ്രവർത്തനം വിവിധ സന്ദർഭങ്ങളിൽ എങ്ങനെ പ്രയോഗിക്കാം? ഇങ്ങനെ എല്ലാ ക്രിയകളും ചെയ്യേണ്ടിവരുന്ന മറ്റു പ്രവർത്തനങ്ങൾ എന്തൊക്കെ കണ്ടെത്താം?

ഈ പ്രവർത്തനത്തെ പുതിയ ക്രിയാകാർഡുകൾ ഉപയോഗിച്ച് എങ്ങനെ നടത്താം?

ഇതിനുപുറമെ ഏതൊക്കെ ശേഷികളെ ഊന്നി പ്രവർത്തനങ്ങൾ ഒരുക്കാം?

രണ്ട് മൂന്ന് നാലക്കസംഖ്യകളുടെ തുക നാലക്കസംഖ്യയിൽ നിന്ന് നാലക്കസംഖ്യ കുറയ്ക്കൽ ഭിന്നസംഖ്യകളുമായി ബന്ധപ്പെട്ട പാറ്റേണുകൾ 1000 വരെയുള്ള സംഖ്യകളുടെ സ്ഥാനവില പണമിടപാടുമായി ബന്ധപ്പെട്ട നിത്യജീവിതത്തിലെ പ്രശ്നങ്ങൾ, കണ്ടെത്തലുകൾ, അപഗ്രഥിക്കൽ, നിർധാരണം ചെയ്യൽ ഇനി പറയൂ, ഇതു വെറും കളിയാണാ. ഗണിതപഠനം തന്നെയല്ലേ നടക്കുന്നത്? പഠനം ആസ്വാദ്യകരമാക്കുന്നതിനുള്ള ശ്രമങ്ങൾ പാടില്ല എന്നു പറയുന്നവർ ശിശുമനശാസ്ത്രത്തെ അവഗണിക്കുന്നവരാണ്. പാറത്തെക്കുറിച്ചുള്ള മാമൂൽ ധാരണകളാണ് അവരെ നയിക്കുന്നത്.

  1. ദേശീയബോധം, മൂല്യബോധം എന്നിവ വളർത്തുന്നതിനുള്ള പാഠങ്ങൾ പുതിയ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ?

പാഠ്യപദ്ധതിയെന്നത് സ്കൂളിനകത്തും പുറത്തുമായി കുട്ടിക്കു ലഭിക്കുന്ന മൊത്തം പഠനാനുഭവങ്ങളാണല്ലോ. എങ്കിൽ എല്ലാ കാര്യങ്ങളിലും പാഠപുസ്തകത്തിൽത്തന്നെ ഉൾക്കൊള്ളിക്കേണ്ടതുണ്ടോ? ആഗസ്റ്റ് 15, ഒക്ടോബർ 2, നവംബർ 14, ജനുവരി 28, ജനുവരി 30 എന്നീ ദിനാചരണങ്ങളെ നമ്മുടെ പൈതൃകത്തെയും നേട്ടങ്ങളേയും കുറിച്ച് അഭിമാനിക്കാനും കഷ്ടപ്പെടുന്നവരേയും മറ്റു ജനവിഭാഗങ്ങളേയും സ്നേഹിക്കാനുമുള്ള ജൈവത്തായ അവസരങ്ങളാക്കി മാറ്റുകയല്ലേ വേണ്ടത്. ദേശീയബോധം എന്നത് ഇത്തരം അനുഭവങ്ങളിലൂടെ കുട്ടിയിൽ രൂപം കൊള്ളണ്ട ഒന്നാണ്. നമ്മുടെ സംസ്കാരം, ചരിത്രം, ഗാന്ധിജിയെക്കുറിച്ചുള്ള പാഠങ്ങൾ, ദേശഭക്തിഗീതങ്ങൾ എന്നിവ പഠനപ്രക്രിയയുടെ ഭാഗമായി പരിചയപ്പെടുന്നതിനുള്ള അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്. മൂല്യബോധം എന്നത് പഠിപ്പിക്കേണ്ടതോ പ്രബോധനം വഴി ഉണ്ടാക്കേണ്ടതോ അല്ല. പകരം ക്ലാസ് മുറികളിൽ, സ്കൂളുകളിൽ, വീട്ടിൽ, സമൂഹത്തിൽ പ്രയോഗിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ട ഒരു രീതിയാണെന്ന ബോധം വളർത്തിയെടുക്കുകയാണ് വേണ്ടത്. ആധുനിക സമൂഹത്തിൽ കുട്ടിക്ക് വേണ്ടത് ഫ്യൂഡൽ കാലഘട്ടത്തിലെ മൂല്യബോധമാണോ? ജനാധിപത്യരാഷ്ട്രത്തിൽ കുട്ടിക്കുവേണ്ട മൂല്യങ്ങളായ ജനാധിപത്യത്തിന്റേയും സഹിഷ്ണുതയുടേയും മാനവികതയുടേയും സമത്വത്തിന്റെയും പങ്കാളിത്തത്തിന്റെയും സാമൂഹ്യനീതിയുടേയും മൂല്യങ്ങൾ പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി കുട്ടി സ്വാംശീകരിക്കുന്നുണ്ട്. സ്ത്രീ-പുരുഷ സമത്വത്തിന്റേയും മതനിരപേക്ഷതയുടേയും മൂല്യബോധം വർദ്ധിച്ച അളവിൽ പുതിയ പാഠ്യപദ്ധതി കുട്ടികളിലെത്തിക്കുന്നുണ്ട്. ഓരോ പാഠങ്ങളും തയ്യാറാക്കിയത് lesson frame ഉണ്ടാക്കിയതിനു ശേഷമാണ്. എന്തൊക്കെ ശേഷികളും മനോഭാവങ്ങളും മൂല്യങ്ങളും വിരുതുകളുമാണ് കുട്ടിയിലുണ്ടാവേണ്ടതെന്ന് കൃത്യമായി നിർണ്ണയിച്ചതിനുശേഷം പാഠം തയ്യാറാക്കുന്ന രീതി അവലംബിച്ചു. പാഠങ്ങളുമായി ബന്ധപ്പെട്ട് കുട്ടിയിലെത്തിക്കുന്ന മൂല്യങ്ങൾ എന്താണെന്ന് അദ്ധ്യാപകസഹായിയും പാഠങ്ങളും വായിക്കുന്നവർക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയും. ഏതാനും ഉദാഹരണങ്ങൾ നോക്കുക. മനുഷ്യസ്നേഹം, സഹാനുഭൂതി (പാവങ്ങളിലൊരാൾ, ക്ലാസ് 4), അതിമോഹം ദുഃഖം വരുത്തും, ഓരോരുത്തരിലുമുള്ള തനിമയെ വളർത്തുകയാണ് വേണ്ടത്. വെച്ചുകെട്ടലുകൾകൊണ്ട് കാര്യമില്ല. (മണിക്കിടാവിന്റെ സങ്കടം. ക്ലാസ് 2) കബളിപ്പിക്കാൻ ശ്രമിച്ചാൽ പിടിക്കപ്പെടും (വേഷം മാറിയാൽ), ശക്തനെ യുക്തിയും ബുദ്ധിയും കൊണ്ട് നേരിടാം (മത്തങ്ങാ മുത്തശ്ശി, കുളത്തിലെ രാജാവ്, ക്ലാസ് 1) ആപത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള മനോഭാവം (എന്നെകിട്ടൂല, ക്ലാസ് 1) കഷ്ടപ്പെടുന്നവരോടൊപ്പം ചേരാനും ദുരാഗ്രഹിക്കെതിരെ നിലപാടെടുക്കാനുമുള്ള മനോഭാവം (മാന്തികപ്പെൻസിൽ, ക്ലാസ് 4) പാഠങ്ങളിൽ മൂല്യങ്ങളില്ല എന്ന വിമർശനം ഉയർത്തുന്നത് യഥാർത്ഥത്തിൽ പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താനും മൂല്യാധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുമുള്ള ബോധപൂർവ്വമായ ശ്രമത്തെ തകർക്കാനുള്ള ശ്രമമല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മൂല്യങ്ങൾക്ക് വിലകല്പിക്കാത്ത സമൂഹം സൃഷ്ടിക്കാനുള്ള സാമാജ്യത്വ താല്പര്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഗൂഢനീക്കവും വിമർശനത്തിന്റെ പിന്നിലുണ്ടോ എന്നു പരിശോധിക്കപ്പെടണം.

  1. നമ്മൾ ദീർഘകാലമായി തുടർന്നുപോന്ന മൂല്യനിർണയരീതി കുട്ടിയുടെ ഓർമ്മശക്തിയെ മാത്രം പരിശോധിക്കുന്നതും പാഠപുസ്തകപാനത്തെ മാത്രം പാത്സാഹിപ്പിക്കുന്നതുമാണ്. "ആദ്യം മാറ്റേണ്ടത്, ഒരു മാറ്റം വരുത്താൻ തീരുമാനിച്ചാൽ ആദ്യം തൊടേ‌ണ്ടത് പരീക്ഷയെയാണ് ” എന്ന് രാധാകൃഷ്ണൻ കമ്മീഷനും “എഴുത്തുപരീക്ഷകൊണ്ട് വിലയിരുത്താനാവാത്ത കാര്യങ്ങൾ മറ്റുരീതികളിലൂടെ വിലയിരുത്തണ”മെന്ന കോത്താരി കമ്മീഷനും പറഞ്ഞിട്ടുള്ളതാണ്. അനാശാസ്യമായ മത്സരബുദ്ധി വർദ്ധിപ്പിക്കുന്നതും മത്സ രാധിഷ്ഠിത സമൂഹത്തിന്റെ ജീർണത പ്രതിഫലിപ്പിക്കുന്നതുമായ പരീക്ഷാസമ്പദായം മാറ്റണമെന്ന് വിദ്യാഭ്യാസവിദഗ്ധർ ഒന്നടങ്കം ആവശ്യപ്പെട്ടുവരികയായിരുന്നു.

പുതിയ രീതിപ്രകാരം ഓരോ വിഷയത്തിലും കുട്ടി ആർജ്ജിക്കേണ്ട ശേഷികൾ എത്രമാത്രം നേടിയെന്ന് കൃത്യമായി തിട്ടപ്പെടുത്തുകയും അതിന്റെയടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ തുടർപഠനാനുഭവങ്ങൾ നൽകി നിശ്ചിത നിലവാരത്തിലേയ്ക്ക് എത്തിക്കുകയും ചെയ്യുക എന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. അതായത് കരിക്കുലം ലക്ഷ്യങ്ങൾ എത്രത്തോളം കുട്ടി നേടിയെന്ന് കണ്ടെത്തി പരിഹാരപ്രവർത്തനങ്ങൾ നടത്താൻ അദ്ധ്യാപകരെ അത് സഹായിക്കും. മാർക്കിനെ അടിസ്ഥാനമാക്കി ഗ്രേഡ് നിശ്ചയിക്കലല്ല ഇവിടെ. പകരം കുട്ടിയുടെ പ്രകടനത്തിന്റെ ഗുണപരതയുടെ അടിസ്ഥാനത്തിലുള്ള ഗ്രേഡ് സമ്പ്രദായമാണ് ആവി ഷ്ക്കരിച്ചിട്ടുള്ളത്. രക്ഷിതാവിനെ സംബന്ധിച്ചിടത്തോളം കുട്ടിയുടെ പഠനത്തിനുള്ള ശക്തി ദൗർബല്യങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നതിനും തുടർന്നങ്ങോട്ടുള്ള പഠനത്തിൽ ഏതുരീതിയിലുള്ള സഹായമാണ് എന്തു തരം അന്തരീക്ഷമാണ് വീട്ടിൽ ഒരുക്കേണ്ടത് എന്ന് തീരുമാനിക്കുന്നതിനും പുതിയരീതി സഹായകമാകുന്നു.

  1. MLL പാഠ്യപദ്ധതി മാറ്റി പുതിയ പാഠ്യപദ്ധതി കൊണ്ടുവരുവാൻ കാരണം?

ഇന്ത്യക്ക് പൊതുവായി തയ്യാറാക്കിയ എം.എൽ.എൽ. (Minimum Levels of Learning) നമ്മുടെ സാമൂഹിക സാംസ്കാരിക സവിശേഷതകൾ പരിഗണിക്കാതെയാണ് നടപ്പിലാക്കാൻ ശ്രമിച്ചത്. എം.എൽ.എൽ.പാഠ്യപദ്ധതി യാന്ത്രികമായ ധാരാളം അഭ്യാസങ്ങളിൽ ഊന്നുന്നതാണെന്നും കുട്ടിയുടെ മുൻകൈയുള്ള പഠനപ്രവർത്തനങ്ങൾ നടത്തുന്നതിന് അനുയോജ്യമല്ലെന്നുമാണ് അനുഭവം. (ഗണിത പാഠപുസ്തകം 300-400 പേജ് വരുന്നതായിരുന്നു!) പഠനം എന്നത് വൈവിധ്യമാർന്ന അനുഭവങ്ങൾ പലഘട്ടങ്ങളിലായി കുട്ടിക്കു ലഭിക്കുമ്പോൾ സംഭവിക്കുന്ന ഒന്നാണെന്ന ശാസ്ത്രീയവും ആധുനികവുമായ ധാരണയ്ക്കുപകരം എം.എൽ.എൽ. പഠനത്തെ രേഖീയപ്രക്രിയ എന്ന നിലയ്ക്കാണ് കണ്ടത്. ഓരോ കുട്ടിക്കും വ്യത്യസ്തമായ പഠനവേഗതയും പഠനരീതിയുമാണുള്ളതെന്നു പരിഗണിക്കാതെ ഓരോ പ്രാപ്തിയും “മാസ്റ്ററി' ലെവലിൽ എല്ലാ കുട്ടികളും നേടിയ ശേഷം അടുത്ത പ്രാപ്തി എന്ന വളരെ യാന്ത്രികമായ സമീപനമാണ് എം.എൽ.എൽ. പാഠ്യപദ്ധതി മുമ്പോട്ടുവച്ചത്. എം.എൽ.എൽ. പദ്ധതിയെക്കുറിച്ച് എൻ.സി.ഇ.ആർ.ടി. നടത്തിയ പഠനങ്ങൾ ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്. അതത് സംസ്ഥാനത്തിന്റെ സവിശേഷസാഹചര്യങ്ങൾക്കനുസരിച്ചും വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന ആധുനിക മനഃശാസ്ത്രധാരണകൾ ഉൾക്കൊണ്ടും എം.എൽ.എൽ പുനർനിർവചിക്കണമെന്ന് എൻ.സി.ഇ.ആർ.ടി നിർദ്ദേശിക്കുകയുണ്ടായി. നമ്മുടെതന്നെ അനുഭവങ്ങളുടെയും മുകളിൽ സൂചിപ്പിച്ച പഠനറിപ്പോർട്ടിന്റേയും അടിസ്ഥാനത്തിൽ കേരളത്തിനനുയോജ്യമായ തരത്തിൽ എം.എൽ.എല്ലിനെ പുനർ നിർവചിച്ചാണ് പുതിയ പാഠ്യപദ്ധതി തയ്യാറാക്കിയത്.

  1. യശ്പാൽ കമ്മിറ്റി റിപ്പോർട്ട് കേരളത്തിന് ബാധകമേയല്ലെന്നും മെട്രോ പോളിറ്റൻ സിറ്റികളിലെ കുട്ടികളുടെ കാര്യമാണ് യശ്പാൽ സൂചിപ്പിക്കുന്നതെന്നും പറയുന്നു. ഈ വിമർശനം എത്രമാത്രം ശരിയാണ്?

യശ്പാൽ കമ്മിറ്റി അതിന്റെ റിപ്പോർട്ടിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുവാൻ തിരുവനന്തപുരത്തും വന്നിരുന്നു. കേരളത്തിലെ വിവിധ സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ഇക്കാര്യം റിപ്പോർട്ടിൽ (പേജ് 2) യശ്പാൽ എടുത്തുപറയുന്നുണ്ട്. കുട്ടികളുടെ പഠനഭാരത്തെക്കുറിച്ചു പഠിക്കുവാൻ അഖിലേന്ത്യാ തലത്തിൽ നിയോഗിക്കപ്പെട്ട ഒരു കമ്മറ്റിയുടെ റിപ്പോർട്ടിൽ ഒരു സംസ്ഥാനത്തിന്റെയും പേരെടുത്തുപറയുന്നില്ല എന്ന കാരണം പറഞ്ഞ് അതത് സംസ്ഥാനങ്ങൾക്ക് ബാധകമല്ല എന്നുപറയുന്നത് ബാലിശമായ വാദമാണ്. തന്നെയുമല്ല, പഠനഭാരത്തിന്റെ പ്രശ്നങ്ങൾ എന്ന അദ്ധ്യായം അവസാനിക്കുന്നതിങ്ങനെയാണ്. "ഈ റിപ്പോർട്ടിൽക്കൂടി ഞങ്ങൾ വ്യക്തമാക്കുന്ന പ്രശ്നങ്ങൾ ചിലരെങ്കിലും വിചാരിക്കുന്നതുപോലെ നഗരപ്രദേശങ്ങളിലെമാത്രം പ്രശ്നമല്ല. ഇന്ത്യൻ ഗ്രാമങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ കാര്യത്തിലും ഇതു പ്രസക്തമാണ്.

"ശരിയായ വിദ്യാഭ്യാസം കുട്ടികളുടെ ഏറ്റവും നല്ല കഴിവുകൾ പുറത്തുകൊണ്ടുവരലാണ്. ക്രമവിരുദ്ധവും അനാവശ്യവുമായ വിവരങ്ങൾ വിദ്യാർത്ഥികളുടെ തലയിൽ കൂമ്പാരം കൂട്ടിയതുകൊണ്ട് ഇതു സാദ്ധ്യമാവില്ല. അവരുടെ എല്ലാ വ്യക്തിത്വത്തേയും ഞെക്കിരുക്കി അവരെ യന്ത്രങ്ങളാക്കുന്ന ഒരു മഹാഭാരമാണത്.” (മഹാത്മാഗാന്ധി, ഹരിജൻ 1-12-1933)

  1. പുതിയ കരിക്കുലം, പാഠപുസ്തകങ്ങൾ തുടങ്ങിയവയെപ്പറ്റി എൻ.സി.ഇ.ആർ.ടിയുടെ അഭിപ്രായങ്ങൾ, നിരീക്ഷണങ്ങൾ ഇവ എന്തൊക്കെയാണ്?

എൻ.സി.ഇ.ആർ.ടി.സി. നടത്തിയ പഠനത്തിലെ ചില നിരീക്ഷണങ്ങൾ ഇവയാണ്. പാഠ്യപദ്ധതി വികസിപ്പിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന മൊത്തം സമീപനം ശിശുകേന്ദീകൃതവും കൺസ്ട്രക്ടീവ് സൈദ്ധാന്തികധാരണകൾ അനുസരിച്ചുള്ളതുമാണ്. താഴെപ്പറയുന്ന കാര്യങ്ങൾ ഊന്നിക്കൊണ്ടാണ് ഇത് സാധിച്ചിട്ടുള്ളത്. പരിസരത്തിലിറങ്ങി അതിനുമേൽ പ്രവർത്തിച്ചുകൊണ്ട് ധാരാളം അനുഭവങ്ങൾ നേടാനും അതുവഴി കുട്ടിക്ക് തന്റേതായ രീതിയിൽ ധാരണകൾ നിർമ്മിക്കുന്നതിനുമുള്ള പഠനാന്തരീക്ഷം ഒരുക്കുവാനും പുതിയ പാഠ്യപദ്ധതി സഹായിക്കുന്നു. ഒന്ന് രണ്ട് ക്ലാസ്സുകളിൽ ഉദ്ഗ്രഥനസമീപനം സ്വീകരിച്ചിരിക്കുന്നതുവഴി പഠനത്തെ കൂടുതൽ പരസ്പരബന്ധിയും സമഗ്രവുമാക്കുന്നു. പാഠപുസ്തകങ്ങളിലുൾക്കൊള്ളിച്ചിട്ടുള്ള ആശയങ്ങൾ കുട്ടികളുടെ മാനസിക നിലാവരത്തിനും പ്രായത്തിനും അനുയോജ്യമാണ്. കുട്ടിയുടെ ചിന്തയേയും ഭാവനയേയും ഉത്തേജിപ്പിക്കുന്നതിന് ധാരാളം സാദ്ധ്യതകൾ തുറന്നിടുന്ന കഥകൾ (open-ended stories) പാഠപുസ്തകങ്ങളുടെ എടുത്തുപറയാവുന്ന ഒരു സവിശേഷതയാണ്. മൊത്തത്തിൽ പാഠപുസ്തകങ്ങളുടെ ഭാഷ, ഉള്ളടക്കം, ചിത്രീകരണം എന്നിവ തികച്ചും ശിശുസൗഹൃദകരമാക്കാൻ കഴിഞ്ഞു എന്നത് എടുത്തുപറയേണ്ടതുണ്ട്. നാടൻ പാട്ടുകളും കഥകളും ഉൾപ്പെടുത്തിയിരിക്കുന്നത് സാംസ്കാരിക സാംഗത്യമുള്ള വളരെ നല്ല ഒരു കാര്യമാണ്. ഗണിതത്തിന്റെ ഉള്ളടക്കത്തെ പ്രത്യേകിച്ചും സമീപിച്ചിരിക്കുന്നത് നൂതനവും (innovative) ശിശുസൗഹൃദപരവും ആസ്വദിച്ച് പഠിച്ച് ഗണിതധാരണകൾ നേടുന്നതിനും അനുയോജ്യമായ രീതിയിലാണ്. പാഠപുസ്തകങ്ങളുടെ അവതരണശൈലിതന്നെ ഗ്രൂപ്പ് ചർച്ച, സഹപഠനം, സജീവമായ പങ്കാളിത്തം, സ്വയം പഠനം എന്നിവ വളർത്തുന്ന തരത്തിലുള്ളതാണ്. അദ്ധ്യാപകസഹായികൾ, പഠനപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള ധാരാളം ആശയങ്ങളും വിഭവങ്ങളും അദ്ധ്യാപകർക്ക് നൽകുന്നുണ്ട്. പക്ഷേ, അവരുടെ തുറന്നതും നിർദ്ദേശാത്മകവുമായ (not prescriptive but suggestive) സ്വഭാവം അദ്ധ്യാപകരുടെ വിവേചനബുദ്ധിയേയും സൃഷ്ടിപരതയേയും ആശ്രയിക്കുന്നു. ദശകങ്ങളായി പാഠപുസ്തകങ്ങളോടും അതിലെ അഭ്യാസപ്രവർത്തനങ്ങളോടും അമിതമായ വിധേയത്വം പുലർത്തുന്ന അദ്ധ്യാപകർക്ക് അതു കൊണ്ടുതന്നെ "പ്രഷണനഷ്ടം” കൂടാതെയുള്ള പരിശീലനം ആവശ്യമാണ്. അവരിൽ ഉയർന്നതോതിലുള്ള അഭിപ്രരണ വളർത്തുന്നതിനും ആവേശം അണയാതെ സൂക്ഷിക്കുന്നതിനുമുള്ള പിന്തുണ നൽകേണ്ടതുണ്ട്.

  1. പുതിയ പാഠ്യപദ്ധതി നടപ്പിലാക്കിയപ്പോൾ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ ഒരു കമ്മറ്റിയെ നിയോഗിച്ചിരുന്നല്ലോ. കമ്മറ്റിയുടെ കണ്ടെത്തലുകൾ എന്തായിരുന്നു?

പുതിയ പാഠ്യപദ്ധതി 6 ജില്ലകളിൽ നടപ്പിലാക്കിയ വർഷം ഉണ്ടായ വിവാദങ്ങൾ പരിഗണിച്ച് അവ പഠിച്ച് പാഠപുസ്തകങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനായി കേരളസർക്കാർ ഒരു വിദഗ്ധകമ്മറ്റിയെ നിയോഗിക്കുകയുണ്ടായി. SCERT ഡയറക്ടർ ബി.വിജയകുമാർ ആയിരുന്നു ചെയർമാൻ. ഡോ.എൻ.എ.കരിം, ഡോ.എസ്.ശ്രീദേവി, ഡോ.വേദമണിമാനുവൽ, ഡോ.ആർ.ശക്തിധരൻ, ഡോ.സി.പി.അരവിന്ദാക്ഷൻ, ഡോ.രവിശങ്കർ, കെ.ബാലകൃഷ്ണൻ നമ്പ്യാർ, ഇടത്താട്ടിൽ മാധവൻ, സി.പി.നാരായണൻ, ടി.പി.കലാധരൻ, കെ.ടി.രാധാകൃഷ്ണൻ, മുണ്ടൂർ കൃഷ്ണൻകുട്ടി എന്നിവരായിരുന്നു കമ്മറ്റിയംഗങ്ങൾ. കമ്മറ്റിയുടെ പൊതുവായ വിലയിരുത്തൽ വിദ്യാർത്ഥികൾ നിഷ്ക്രിയരായിരുന്ന് അദ്ധ്യാപകർ നൽകുന്ന വസ്തുതകൾ വഴിയും പാഠപുസ്തകങ്ങൾ വഴിയും മാത്രം പഠിക്കുക എന്ന പരമ്പരാഗത രീതിയ്ക്ക് കാര്യമായ മാറ്റം വന്നു എന്നതാണ്. "ഈ പുസ്തകങ്ങളിലൂടെ വൈവിധ്യമുള്ള പഠനപ്രവർത്തനങ്ങൾ വിദ്യാഭ്യാസത്തിന്റെ മുഖ്യഭാഗമായിത്തീർന്നിട്ടുണ്ട്. പ്രൈമറിതലത്തിൽ ഇത്തരം പ്രവർത്തനങ്ങളുടെ പ്രാധാന്യം അദ്ധ്യാപകർക്കു മനസ്സിലാക്കിക്കൊടുക്കുവാനും ഈ പാഠപുസ്തകങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. "തികച്ചും ഔപചാരികവും, വായന, എഴുത്ത് എന്നീ മാധ്യമങ്ങളിലൂടെ മാത്രം വിദ്യാഭ്യാസം നിർവ്വഹിക്കപ്പെടുന്നതുമായ ഒരു ക്ലാസ്മം പരിസരത്തെ കുട്ടിയുടെ സ്വാഭാവികതാല്പര്യങ്ങൾക്ക് അനുസൃതവും കുട്ടിക്കുകൂടെ പങ്കാളിത്തമുള്ളതുമായ ഒരു പ്രവർത്തനപരിസരമാക്കാൻ പുതിയ പാഠപുസ്തകങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. ‘അദ്ധ്യാപനം പാഠപുസ്തകങ്ങളിലൂടെ മാത്രം നിർവ്വഹിക്കപ്പെടുന്ന രീതി മാറി അദ്ധ്യാപകർക്ക് തങ്ങളുടെ കഴിവുകൾ, ഭാവനാ ജ്ഞാനം എന്നിവയെ കൂടുതൽ ഉപയോഗപ്പെടുത്തേണ്ട അവസ്ഥ നിലവിൽ വന്നിട്ടുണ്ട്.' ‘ഭാഷണം, സംഭാഷണം, കഥപറച്ചിൽ, അധ്യാപകനുമായുള്ള സംഭാഷണം എന്നിവക്ക് പ്രൈമറി വിദ്യാഭ്യാസത്തിൽ സുപ്രധാനമായ സ്ഥാനമാണുള്ളത്. National Oracy Project (UK-1987-93) പോലുള്ള ഗവേഷണ പഠനങ്ങൾ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. ; പുതിയ പാഠപുസ്തകങ്ങളും പഠനപ്രവർത്തനങ്ങളും ഭാഷണപ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസത്തിൽ അർഹമായ സ്ഥാനം ഉറപ്പുവരുത്തിയിട്ടുണ്ട്.' ‘പഠനോപകരണങ്ങൾ പ്രൈമറിതലത്തിൽ അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവുണ്ടായിട്ടുണ്ട്.' ‘ക്ലാസുമുറിയും വിദ്യാലയവും ഒരു മുറിയോ കെട്ടിടമോ അല്ല. ഒരു learning context ആണെന്ന തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്.' ‘പരിസരം പ്രൈമറി വിദ്യാഭ്യാസത്തിലെ ഒരു സുപ്രധാനഭാഗമാണെന്നും പരിസര നിരീക്ഷണവും പഠനവും കുട്ടികളുടെ എല്ലാ നൈപുണികളും വികസിപ്പിക്കാനുള്ള മാധ്യമമാണെന്നുമുള്ള തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്.' "നിരീക്ഷണം, ക്രമീകരണം, തരംതിരിക്കൽ, താരതമ്യം ചെയ്യൽ, ചെയ്തുപഠിക്കൽ, ശേഖരണം തുടങ്ങിയ പഠനപ്രവർത്തനങ്ങൾക്ക് പ്രൈമറി തലത്തിൽ അർഹമായ പ്രാധാന്യം ഈ പാഠപുസ്തകങ്ങൾ ഉറപ്പു വരുത്തിയിട്ടുണ്ട്.' അധ്യാപകവിദ്യാർത്ഥി ബന്ധം തികച്ചും നൂതനമായ ഒരു തലത്തിലേക്ക് ഉയർത്താൻ ഈ പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും സഹായിച്ചിട്ടുണ്ട്. വിലക്കുകളുടെ അന്തരീക്ഷത്തിൽനിന്ന് സ്വാതന്ത്യ്രത്തിന്റെയും സ്വയം പ്രകാശനത്തിന്റെയും പ്രവർത്തനത്തിന്റെയും അന്തരീക്ഷത്തിലേക്ക് സ്ഥാപിക്കാനും സഹായകമായിട്ടുണ്ട്. കുട്ടിയുടെ സാമൂഹ്യബന്ധങ്ങളും മാനസികമായ ആരോഗ്യവും പരിപോഷിപ്പിക്കാൻ ഈ മാറ്റം കാരണമാകും.' നേരിട്ടു വിദ്യാലയങ്ങൾ സന്ദർശിച്ച് അദ്ധ്യാപകർ വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവരിൽ നിന്ന് അനുഭവങ്ങൾ പ്രതികരണങ്ങൾ മനസ്സിലാക്കിയും സർവ്വേ നടത്തിയും പാഠ്യപദ്ധതിയും പാഠപുസ്തങ്ങളും വിശദമായി അപഗ്രഥിച്ചുമാണ് കമ്മറ്റി നിഗമനങ്ങളിൽ എത്തിയതെന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്മറ്റി അപാകതകളും ചൂണ്ടിക്കാട്ടിയിരുന്നു. #പുതിയ പാഠ്യപദ്ധതി ഏർപ്പെടുത്തിയതുമൂലം സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ എണ്ണം കുറയുകയും അൺ എയിഡഡ് സ്കൂളുകളിലേയ്ക്ക് കുട്ടികൾ ഒഴുകുകയും ചെയ്യുന്നുവെന്ന് പറയുന്നത് ശരിയാണോ? തികച്ചും വാസ്തവ വിരുദ്ധമായ ഒരു പ്രസ്താവനയാണിത്. കഴിഞ്ഞ കുറേ വർഷങ്ങളായി സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ എണ്ണം കുറയുകയാണ്. ജനസംഖ്യയിലുണ്ടായ കുറവും യാതൊരു നിയന്ത്രണവുമില്ലാതെ അൺ എയ്ഡഡ് സ്കൂളുകൾ പുതുതായി ഉണ്ടാകുന്ന അവസ്ഥയുമാണ് ഇതിന് കാരണങ്ങൾ. എന്നാൽ 97-98 അദ്ധ്യയന വർഷത്തിൽ പുതിയ പാഠ്യപദ്ധതി ആദ്യമായി നടപ്പിലാക്കിയ ആറു ജില്ലകളിൽ ഈ വർഷം കുട്ടികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല എന്ന് കണക്കുകൾ ബോദ്ധ്യപ്പെടുത്തുന്നു. (പട്ടിക - 1നോക്കുക)

പട്ടിക-1 Number of Children enrolled in Std. 1 Year Governement Aided Unaided Total 87-88 266257 345994 17802 630053 88-89 248148 342720 17776 608642 89-90 240043 335528 18977 594548 90-91 241675 339294 20061 601030 91-92 227117 327846 20946 575909 92-93 222495 309142 21772 564737 93-94 208257 309142 23194 540593 94-95 202902 302742 23140 528754 95-96 195579 299153 24316 519048 96-97 188152 293700 25200 507072 97-98 173878 275607 25816 475301 98-99 (Provisional) 461999 Source : Directorate of Public Instructions പുതിയ പാഠ്യപദ്ധതി നടപ്പിലാക്കിയശേഷം സർക്കാർ സ്കൂളുകളിൽനിന്നും ടി.സി. വാങ്ങിപ്പോയ കുട്ടികളുടെ എണ്ണത്തിൽ പ്രകടമായ വർദ്ധനവ് ഇല്ലെന്ന് കണക്കുകൾ കാണിക്കുന്നു.

  1. സമ്പന്നരുടെ മക്കൾ പഠിക്കുന്ന അൺ എയിഡഡ് സ്കൂളുകളിൽ ഈ പാഠ്യപദ്ധതി നടപ്പാക്കാതെ പാവപ്പെട്ടവരുടെ മക്കൾ പഠിക്കുന്ന സർക്കാർ സ്കൂളുകളിൽ മാത്രം ഇത് നടപ്പിലാക്കിയത് രണ്ടുതരം പൗരൻമാരെ സൃഷ്ടിക്കാൻ വേണ്ടിയല്ലേ?

കേരളത്തിൽ ഭൂരിഭാഗം അൺ എയിഡഡ് സ്കൂളുകളിലും ഇത കാലവും സർക്കാർ പാഠ്യപദ്ധതി പഠിപ്പിച്ചിരുന്നില്ല എന്നതാണ് വാസ്തവം. ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിൽ വിദ്യാർത്ഥികളെ വീട്ടിലിരുത്തി പഠിപ്പിച്ച് പരീക്ഷയ്ക്കിരുത്താമെന്ന് കെ.ഇ.ആർ. വ്യവസ്ഥ ദുർവ്യാഖ്യാനം ചെയ്ത് സ്വന്തം സിലബസും പാഠപുസ്തകങ്ങളുമാണ് അൺ എയിഡഡ് സ്കൂളുകളിലെ പ്രൈമറി ക്ലാസ്സുകളിൽ പഠിപ്പിച്ചിരുന്നത്. നാട്ടിൽ അൺ എയിഡഡ് പ്രൈമറി സ്കൂളുകൾ കൂണുപോലെ മുളച്ചുപൊന്തുന്നതും ഈ പഴുതുപയോഗിച്ചാണ്. പലതരം വിദ്യാഭ്യാസ വ്യവസ്ഥകൾ സമാന്തരമായി നിലനിൽക്കുന്നതിനെക്കുറിച്ച് യശ്പാൽ കമ്മിറ്റി പറയുന്നതു നോക്കുക. "വ്യത്യസ്ത സംസ്ഥാനങ്ങളിൽ ഒരേസമയം സ്കൂൾ വിദ്യാഭ്യാസത്തിന്റെ മൂന്നു സമാന്തരവ്യവസ്ഥകളെങ്കിലും (സിലബസ്, പാഠപുസ്തകങ്ങൾ, പരീക്ഷ) നടന്നു വരികയാണ്. ഓരോ സംസ്ഥാനത്തും ഭൂരിപക്ഷം സ്കൂളുകളും സ്റ്റേറ്റ് വിദ്യാഭ്യാസ ബോർഡിൽ അഫിലിയേറ്റ് ചെയ്തിരിക്കയാണ്. കുറെയെണ്ണം സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷനി(സി.ബി.എസ്.ഇ)ലോ, കൗൺസിൽ ഫോർ ദി ഇൻഡ്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എജ്യുക്കേഷനി(സി.ഐ.എസ്.സി.ഇ)ലോ അഫിലിയേറ്റ് ചെയ്തിരിക്കുന്നു. ഡൽഹി അല്ലാതുള്ള സംസ്ഥാനങ്ങളിൽ സി.ബി.എസ്.ഇ.യോട് അഫിലിയേറ്റ് ചെയ്ത സ്കൂളുകൾക്ക് വരേണ്യസ്കൂളുകൾ ആണെന്ന പ്രശസ്തിയുണ്ട്. സംസ്ഥാനബോർഡുകൾക്ക് സി.ബി.എസ്.ഇ കരിക്കുലം ഒരു മാതൃകയായിത്തീരുന്നു. ഇതു ഭൂരിപക്ഷം കുട്ടികളുടെ മേൽ ഭാരമേറിയ കരിക്കുലം കെട്ടിവയ്ക്കുന്നു. അതിനാൽ സി.ബി.എസ്.ഇയുടെ അധികാരമേഖല കേന്ദ്രീയ-നവോദയ വിദ്യാലയങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും മറ്റെല്ലാ വിദ്യാ ലയങ്ങളും അതതു സംസ്ഥാനബോർഡുകളിൽ അഫിലിയേറ്റ് ചെയ്യണമെന്നും കമ്മിറ്റി ശുപാർശചെയ്യുന്നു'. (പേജ് 157, സമൂഹവും വിദ്യാഭ്യാസവും, കേരള ശാസ്ത്രസാഹിത്യപരിഷത്ത്) ഈ ശുപാർശ നടപ്പാക്കാനാവശ്യമായ സമ്മർദ്ദം ചെലുത്തുകയല്ലേ നാം ചെയ്യേണ്ടത്. മാതൃഭാഷയിലൂടെ ബോധനത്തിലൂന്നിയ പുതിയ പാഠ്യപദ്ധതി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടപ്പിലാക്കേണ്ടതാണ്. അതിനുപക്ഷേ, എല്ലാ സ്കൂളുകളിലേയും ബോധനമാധ്യമം മാതൃഭാഷയാക്കുകയും പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുകയും വേണം.

  1. എന്താണ് ഡി.പി.ഇ.പി.

ഇന്ത്യയിലെ പ്രൈമറി വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഒരു പദ്ധതിയാണ് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി അഥവാ ഡി.പി.ഇ.പി. (District Primary Education Programme) 1993ലാണ് ഈ പദ്ധതി നടപ്പിലാക്കിത്തുടങ്ങിയത്. ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലെ 132 ജില്ലകളിലാണ് ഇപ്പോൾ ഇത് നടന്നുവരുന്നത്. യൂറോപ്യൻ യൂണിയൻ (150 million ECU), IDA (690 million ഡോളർ) ഇംഗ്ലണ്ടിലെ ODA എന്നീ സ്ഥാപനങ്ങളാണ് വിദേശസാമ്പത്തികസഹായം നൽകുന്നത്. കേന്ദ്രസർക്കാർ ഈ തുക സംസ്ഥാനങ്ങൾക്ക് പൂർണ്ണമായും ഗ്രാന്റായാണ് നൽകുന്നത്. കേരളത്തിൽ 94-95 മുതൽ 3ജില്ലകളിലും (കാസർഗോഡ്, വയനാട്, മലപ്പുറം) 97-98 മുതൽ മൂന്ന് ജില്ലകളിലും (തിരുവനന്തപുരം, പാലക്കാട്, ഇടുക്കി) എന്നിങ്ങനെ ആറ് ജില്ലകളിലാണ് ഇത് നടപ്പിലാക്കിയത്. 7വർഷമാണ് പദ്ധതിയുടെ കാലാവധി. മൂന്നുവർഷം കഴിയുമ്പോൾ 2001-ൽ അവസാനിക്കും. 240 കോടി രൂപയാണ് കേരളത്തിൽ ചെലവഴിക്കുന്നത്. ഇതിൽ 85% കേന്ദ്രഗവൺമെന്റ് നൽകുന്നതും ബാക്കി സംസ്ഥാന വിഹിതവുമാണ്. പദ്ധതിത്തുകയുടെ 24% ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും 70% അക്കാദമിക കാര്യങ്ങൾക്കും 6% പദ്ധതി നടത്തിപ്പിനുമാണ് ഉപയോഗിക്കുന്നത്.

  1. പുതിയ പാഠ്യപദ്ധതി ലോകബാങ്കിന്റെ നിർദ്ദേശപ്രകാരമാണ് നടപ്പിലാക്കുന്നത് എന്നുപറയുന്നത് ശരിയാണോ?

വസ്തുതകൾ പരിശോധിച്ചാൽ ഈ വാദം തീർത്തും അടിസ്ഥാനരഹിതമാണെന്നു കാണാം. കേരളത്തിലെ പാഠ്യപദ്ധതി പരിഷ്ക്കരിക്കണമെന്നത് ഏറെക്കാലമായി വിദ്യാഭ്യാസവിദഗ്ധരും സമൂഹവും ആവശ്യപ്പെടുന്ന ഒരു കാര്യമാണ്. ഇതിനുള്ള ഒറ്റപ്പെട്ട, ബോധപൂർവ്വമായ ശ്രമങ്ങൾ ജനപങ്കാളിത്തത്തോടുകൂടി നിലവിലുള്ള സംവിധാനത്തിനുള്ളിൽ നിന്നുതന്നെ ജില്ലാ കൗൺസിലുകളുടേയും പ്രാദേശികസ്വയംഭരണസ്ഥാപനങ്ങളുടേയും വിദ്യാഭ്യാസപ്രവർത്തകരുടേയും സഹായത്തോടെ ആരംഭിച്ചിരുന്നു. അതിന്റെ സ്വാഭാവികമായ വളർച്ചയാണ് പുതിയ പാഠ്യപദ്ധതി. 93-94ൽ SCERT തയ്യാറാക്കിയ MLL പാഠപുസ്തകങ്ങളുടെ പരിമിതികൾ 1996-ൽ NCERT ചൂണ്ടിക്കാട്ടുകയുണ്ടായി. പ്രസ്തുത പാഠപുസ്തകങ്ങൾ പ്രായോഗികാനുഭവങ്ങളുടെ വെളിച്ചത്തിൽ പരിഷ്കരിക്കുന്നതിനു കേരള സർക്കാർ തീരുമാനിക്കുകയും ചെയ്തു. ഈ പരിഷ്കരണത്തിന് ഡി.പി.ഇ.പി.യുടെ പ്രോജക്ട് സംവിധാനം പ്രയോജനപ്പെടുത്തുകയാണുണ്ടായത്. ഇക്കാരണത്താലാണ് പുതിയ പാഠ്യപദ്ധതിയുടെ ലോക ബാങ്ക് ബന്ധം ആരോപിക്കുന്നത്. ലോകബാങ്ക് MLL ആയിരുന്നു ശുപാർശ ചെയ്തിരുന്നത് (Primary Education in India-World Bankd Report) MLL മാറ്റിയത് ലോകബാങ്ക് പറഞ്ഞിട്ടുമല്ല. ഈ പാഠ്യപദ്ധതി ഡി.പി.ഇ.പി. നടപ്പിലാക്കുന്ന 8 ജില്ലകളിലടക്കം കേരളത്തിലെ മുഴുവൻ സർക്കാർ എയ്ഡഡ് സ്കൂളുകളിലും നടക്കുന്ന ഒന്നാണ്. മാത്രവുമല്ല, 14 സംസ്ഥാനങ്ങളിലായി 132 ജില്ലകളിൽ നടപ്പിലാക്കപ്പെടുന്ന ഈ പദ്ധതിയിൽ മറ്റൊരു സംസ്ഥാനത്തും പാഠ്യപദ്ധതി പരിഷ്ക്കരിക്കപ്പെട്ടിട്ടുമില്ല. മറ്റൊന്നുകൂടിയുണ്ട്. ലോകബാങ്കിന് തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഏറ്റവും സഹായകമായിരുന്നത് കേരളത്തിൽ നിലനിന്നുവന്ന പാഠ്യപദ്ധതിയാണ്. ചിന്തിക്കാനും ചോദ്യംചെയ്യാനും പ്രേരിപ്പിക്കാത്ത, സർഗാത്മകശേഷി വികസിപ്പിക്കാത്ത, ഉപഭോഗ സംസ്കാരത്തിന്റെ മൂല്യങ്ങൾ ഉയർത്തുന്നു. അതുകൊണ്ടുതന്നെ കമ്പോള ശക്തികൾക്ക് അനുകൂലമായ ഒരു പാഠ്യപദ്ധതിയായിരുന്നു. അത്. എന്നാൽ കേരളത്തിൽ പുതുതായി വന്നത് സർഗാത്മകശേഷികൾ വികസിപ്പിക്കാൻ സഹായിക്കുന്ന, അന്വേഷണബുദ്ധിയേയും ചിന്തയേയും ചോദ്യംചെയ്യലിനേയും പ്രാത്സാഹിപ്പിക്കുന്ന, കൂട്ടായ്മയുടേയും മാനവികതയുടേയും മൂല്യങ്ങൾ ഉയർത്തുന്ന, വ്യക്തിത്വത്തിന്റെ സമഗ്രമായ വികാസത്തിന് കളമൊരുക്കുന്ന ഒരു പാഠ്യപദ്ധതിയാണ്. ആ അർത്ഥത്തിൽ അത് സാമാജ്യത്വവിരുദ്ധവുമാണ്. പാഠപുസ്തകങ്ങൾ പരിശോധിക്കുന്ന ഏതൊരാൾക്കും ഇക്കാര്യം ബോധ്യപ്പെടും.

  1. കേരളത്തിലെ വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ വിദേശ സാമ്പത്തികസഹായം ആവശ്യമുണ്ടോ?

വിദ്യാഭ്യാസരംഗത്ത് വിദേശമുതൽമുടക്ക് സ്വീകരിക്കാൻ തീരുമാനിച്ചത് നരസിംഹറാവുവിന്റെ കാലത്ത് നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക നയത്തിന്റെ ഭാഗമായാണ്. വിദ്യാഭ്യാസം പോലുള്ള മേഖലകളിൽ സാമാജ്യത്വതാല്പര്യങ്ങളുടെ സംരക്ഷണത്തിനായി നിലകൊള്ളുന്ന ലോകബാങ്കിന്റെ ധനസഹായം സ്വീകരിക്കുന്നത് ആശ്വാസ്യമല്ല. കേരളത്തെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസരംഗത്ത് വിദേശമുതൽമുടക്കിന്റെ ആവശ്യവുമില്ല. ഗാട്ട് ചർച്ചകളുടെ അന്ത്യത്തിൽ മാരക്കേഷിൽ വെച്ച് ഒപ്പുവെച്ച് കരാറിൽപ്പെട്ട സർവ്വീസ് രംഗത്തെ വ്യാപാരത്തെ സംബന്ധിച്ച ഉടമ്പടി (GATS, General Agreement on Trade in Services)യിൽ പെട്ടതാണ് വിദ്യാഭ്യാസവും. കൂടാതെ വിദ്യാഭ്യാസത്തെക്കുറിച്ച് ചർച്ച ചെയ്ത ജ്യേംതീൻ സമ്മേളനത്തിലെ തീരുമാനങ്ങളും ഇതിൽ പ്രധാനമാണ്. ഇവയനുസരിച്ച് വിദ്യാഭ്യാസരംഗത്തെ മുതൽമുടക്ക് ലോക കമ്പോളശക്തികൾക്ക് വിധേയമായിരിക്കുന്നു. ഇന്ത്യയെപ്പോലുള്ള ദരിദ്രരാഷ്ട്രങ്ങളിലെ പ്രബലമായ മനുഷ്യശക്തിയെ ആഗോളമുതലാളിത്തത്തിനുള്ള വിലകുറഞ്ഞ അദ്ധ്വാനശക്തിയും കമ്പോളവുമാക്കി മാറ്റുന്നതിനുള്ള പരാമർശം പ്രാഥമിക വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള ലോകബാങ്ക് റിപ്പോർട്ടിൽ (Primary Education in India 1997) കാണാം. ഇതിനുവേണ്ടി വമ്പിച്ച മുതൽമുടക്കുനടത്താൻ ഇന്ന് ലോകബാങ്കും മറ്റു ശക്തികളും തയ്യാറാണ്. ഇതിന്റെ ഭാഗമായി നടപ്പിലാക്കപ്പെട്ട നിരവധി പ്രോജക്ടുകൾ ഇപ്പോൾ തന്നെ വിവിധ സംസ്ഥാനങ്ങളിലുണ്ട്. ഇന്ത്യയൊട്ടാകെ നടപ്പിലാക്കിവരുന്ന ഡി.പി.ഇ.പി.യും ഇതിന്റെ ഭാഗമാണ്.

  1. പരിഷത്ത് പിന്തുണക്കുന്ന വിദ്യാഭ്യാസസമീപനങ്ങൾ - ശിശുകേന്ദ്രീകൃതം പ്രവർത്തനാധിഷ്ഠിതം ലോകബാങ്കിന്റെതാണെന്ന വിമർശനമുണ്ടല്ലോ?

ഇന്ത്യാ ഗവ: DPEP കരാറിൽ ഒപ്പിടുന്നതിനും വർഷങ്ങൾക്കുമുമ്പ് 1991-ൽ കേരളത്തിലെ വിദ്യാഭ്യാസം ഒരു പുനർവിചിന്തനം എന്ന രേഖയിൽ പരിഷത്ത് ഇപ്രകാരം പറഞ്ഞു. "കേരളത്തിലെ വികസത്തിലധിഷ്ഠിതമായ വിദ്യാഭ്യാസപദ്ധതിക്ക് താഴെപ്പറയുന്ന ഘടകങ്ങളുണ്ടാകണം. പ്രായോഗിക പരിശീലനവും സൈദ്ധാന്തിക പഠനവും സമന്വയമായിരിക്കും അതിന്റെ മുഖ്യസ്വഭാവം. പാഠപുസ്തകത്തിലും അദ്ധ്യാപകരിലും കേന്ദ്രീകരിച്ചുള്ള ശൈലി ഒഴിവാക്കുകയും നിരീക്ഷണപരീക്ഷണങ്ങളിലും പ്രയോഗത്തിലും കേന്ദ്രീകരിച്ചുള്ള ശൈലി വളർത്തിക്കൊണ്ടുവരികയും വേണം, പാഠപുസ്തകങ്ങളും അദ്ധ്യാപകരും മുഖ്യമായും വിദ്യാർത്ഥിയുടെ അന്വേഷണത്തിനുള്ള സഹായികളെന്ന നിലയിൽ വർത്തിക്കണം. പാഠപുസ്തകങ്ങൾ ഇന്നത്തെ ഏകമുഖമായ പ്രസംഗശൈലി ഉപേക്ഷിച്ച് സംവാദശൈലി വളർത്തിക്കൊണ്ടുവരണം. ക്ലാസ് മുറികളോടൊപ്പം സമൂഹജീവിതത്തിന്റെ വിവിധതുറകളും പഠനകേന്ദ്രങ്ങളാകണം. എഴുത്തും വായനയും കൂടാതെ ദൃശ്യശ്രാവ്യരൂപങ്ങൾ, പ്രായോഗിക പ്രവർത്തനങ്ങൾ, കലാമാധ്യമങ്ങൾ, കളികൾ എന്നിവയെല്ലാമുൾക്കൊള്ളുന്ന ബോധനരീതി വളർന്നുവരണം. എഴുത്തുപരീക്ഷകൾ കൂടാതെ സമഗ്രവും പഠനകാലം മുഴുവൻ നീണ്ടു നിൽക്കുന്നതുമായ മൂല്യനിർണയ സമ്പദായം നിലവിൽ വരണം ." പഠനാന്തരീക്ഷത്തിന്റെ ഉദ്ദേശ്യം വിദ്യാർത്ഥിയെ സമൂഹത്തിൽ നിന്നും പ്രകൃതിയിൽനിന്നും വേർപെടുത്തലാകരുത് എന്ന് പരിഷത്ത് അന്ന് ചൂണ്ടിക്കാട്ടി. ഭാവിയിൽ വളർന്നുവരേണ്ട് മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളുടെ പ്രാഗ് രൂപം വിദ്യാലയങ്ങളിൽ ഉണ്ടാകണമെന്നും വിദ്യാലയ ങ്ങളിൽ വളർന്നുവരേണ്ട ജനാധിപത്യസംസ്കാരവും കൂട്ടായ്മാ മനോഭാവവും ഭാവിയിൽ സമൂഹത്തിലെ ജനാധിപത്യസംസ്കാരവും കൂട്ടായാമനോഭാവവും വളർത്തുന്നതിന്റെ പേരകഘടകങ്ങളായി വളർന്നുവരണമെന്നും സമത്വത്തിന്റെയും സ്വാതന്ത്യത്തിന്റെയും മൂല്യബോധം വളർത്തിയെടുക്കുന്ന അദ്ധ്യയനാന്തരീക്ഷമാണാവശ്യമെന്നും പരിഷത്ത് പ്രസ്തുത രേഖയിൽ വിശദമാക്കിയിരുന്നു. ബാലോത്സവങ്ങൾ, സയൻസ്ക്രബ്ബുകൾ, ശാസ്ത്രസഹവാസക്യാമ്പുകൾ സയൻസ് ഒളിമ്പ്യാഡുകൾ, വിജ്ഞാനോത്സവങ്ങൾ, അക്ഷരവേദികൾ, വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തി പ്രസിദ്ധീകരിച്ച രേഖകളിലൂടെ പുസ്തകങ്ങളിലൂടെ പരിഷത്ത് മുന്നോട്ടുവച്ച ആശയപരവും പ്രായോഗികവുമായ നിർദ്ദേശങ്ങളും മാതൃകകളും വിമർശകർ ഉയർത്തിക്കാട്ടുന്ന ലോകബാങ്ക് രേഖകൾക്കുമുമ്പുള്ളവയാണ്. പരിഷത്ത് മാത്രമല്ല കേരളത്തിലെ അദ്ധ്യാപക സംഘടനകളും വിദ്യാർത്ഥി പ്രസ്ഥാനങ്ങളും മനഃശാസ്ത്രജ്ഞൻമാരുമൊക്കെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി മുമ്പോട്ടു വച്ച ആശയങ്ങളെ ലോകബാങ്കിന്റെ പുസ്തകത്താളിലൊതുക്കാൻ ശ്രമിക്കുന്നവർ കേരളത്തിലെ വർത്തമാനകാല യാഥാർത്ഥ്യങ്ങളും പാരമ്പര്യങ്ങളും പഠിക്കാൻ ശ്രമിക്കാത്തവരാണ്.

  1. ഇന്ത്യയിൽ നടപ്പിലാക്കുന്ന പുത്തൻ സാമ്പത്തികനയം വിദ്യാഭ്യാസരംഗത്ത് എന്തു പ്രത്യാഘാതങ്ങളാണുണ്ടാവുക?

'ഘടനാപരമായ കമീകരണങ്ങൾ സാമ്പത്തികരംഗത്ത് നടപ്പി ലാക്കുമ്പോൾ ആദ്യം കത്തിവീഴുന്നത് പൊതുവിദ്യാഭ്യാസത്തിനുള്ള ബജറ്റ് വകയിരുത്തലിൽ ആണ്. ഇതിനാൽ വിദ്യാഭ്യാസസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരിനു താല്പര്യം കുറയുന്നു. പോസ്റ്റ് പ്രൈമറി വിദ്യാഭ്യാസത്തെയാണ് ഇതു കൂടുതലായും ബാധിക്കും. സെക്കണ്ടറിതലത്തിലും ടെർഷ്യറിതലത്തിലും ഫീസ് വർദ്ധിപ്പിക്കുന്നതോടെ സാധാരണക്കാരന് ഉന്നതവിദ്യാഭ്യാസം നേടാനുള അവസരം ഇല്ലാതാകുന്നു. കുടുംബവരുമാനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, വിലവർദ്ധനവ്, സേവനരംഗങ്ങളിൽ യൂസർഫീസ് ഈടാക്കാനുള്ള നീക്കം, വിദ്യാർത്ഥികൾക്ക് യാത്രയ്ക്കും ഭക്ഷണത്തിനും പാഠപുസ്തകങ്ങൾക്കുമെല്ലാം നൽകുന്ന സബ്സിഡികൾ കുറയ്ക്കൽ, തുടങ്ങിയ പരിഷ്കാരങ്ങളും വിദ്യാഭ്യാസരംഗത്തെ ദോഷകരമായി ബാധിക്കും...' ഘടനാപരമായ ക്രമീകരണങ്ങൾ കമ്പോളത്തിലും ആന്തരിക ഘടനയിലും ഉണ്ടാകുന്ന മാറ്റങ്ങൾ വിദ്യാഭ്യാസരംഗത്തെ ബാധിക്കും. കറൻസിയുടെ മൂല്യം കുറയ്ക്കുക വഴി വിദേശത്തുനിന്നു ടെക്സ്റ്റ് ബുക്കുകൾ ജേർണലുകൾ, ഗവേഷണോപകരണങ്ങൾ മുതലായവ വരുത്താൻ സാദ്ധ്യമല്ലാതെ വരുന്നു. മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം ലോകബാങ്കിന്റെ രേഖയിൽ പ്രതിപാദിച്ചിട്ടുണ്ട്.' (പുത്തൻ സാമ്പത്തികനയവും വിദ്യാഭ്യാസവും KSSP 1994) അതായത് സാമാജ്യത്വതാല്പര്യങ്ങൾക്കെതിരായ ലോകബാങ്കിനെതിരായ സമരം ഇന്ത്യാഗവൺമെന്റിന്റെ സാമ്പത്തികനയത്തിനെതിരായ സമരമായി മാറ്റേണ്ടതുണ്ട്. ഇന്ത്യയിൽ പുത്തൻ സാമ്പത്തികനയം നടപ്പിലാക്കിയവരും ഇപ്പോൾ അത് പൂർവ്വാധികം ശക്തി യായി നടപ്പിലാക്കുന്നവരും അഖിലേന്ത്യാ തലത്തിൽ DPEP നടപ്പിലാക്കിക്കൊണ്ട് കേരളത്തിൽ മാത്രം നടത്തുന്ന വിമർശനങ്ങൾ തുറന്നുകാട്ടപ്പെടണം. 1994 ജനുവരിയിലാണ് DPEP നടപ്പിലാക്കാനുള്ള കരാറിൽ കേന്ദ്രഗവൺമെന്റ് ഒപ്പിടുന്നത്. അന്നൊന്നും സാമാജ്യത്വത്തിന്റെ പേരിൽ എതിർക്കാതിരുന്നവർ 4 വർഷത്തിനുശേഷം വിമർശനവുമായി പ്രത്യക്ഷപ്പെടുമ്പോൾ അവരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടിയിരിക്കുന്നു. "ഇതുവരെ എന്തു പ്രതികരിച്ചില്ല' എന്ന ജനങ്ങളുടെ ചോദ്യത്തിനുള്ള അവരുടെ പ്രതികരണമില്ലായ്മ ഈ സംശയത്തെ ബലപ്പെടുത്തുന്നുമുണ്ട്. പുത്തൻ സാമ്പത്തിക നയത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിദ്യാഭ്യാസരംഗത്തെ പ്രതിലോമപവണതകൾ എതിർക്കപ്പെടേണ്ടതുണ്ട്. സാമാജ്യത്വതാല്പര്യങ്ങൾക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയുമാണ്. അതിനാൽ പുത്തൻ സാമ്പത്തികനയവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും - പേറ്റന്റ് , ഇൻഷ്വറൻസ് സ്വകാര്യവൽക്കരണം, വിലവർദ്ധനവ്, ഇറക്കുമതിനയങ്ങൾ, സബ്സിഡി വെട്ടിക്കുറയ്ക്കൽ തുടങ്ങിയവ സമഗ്രമായി കണ്ടുകൊണ്ട് യഥാർത്ഥ ദേശസ്നേഹികൾ സമരപാതയിൽ അണിനിരക്കുകയാണാവശ്യം.

  1. പ്രൈമറി വിദ്യാഭ്യാസമേഖലയിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി എന്തെല്ലാം ചെയ്യണമെന്നാണ് പരിഷത്ത് ആവശ്യപ്പെടുന്നത്?

പൊതുവിദ്യാഭ്യാസം നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാൻ അടിയന്തിരമായി സംസ്ഥാന സർക്കാർ ചെയ്യേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്. 1. വിദ്യാഭ്യാസത്തെ - പ്രത്യേകിച്ചും അതിന്റെ അക്കാദമിക വശങ്ങളെ - ഇന്നത്തെപ്പോലെ ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്യുന്നത് നിർത്തുക. അദ്ധ്യാപന നിയമം, ടാൻസർ മുതലായവയുടെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയുക. അവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു നൽകുക. ഗവൺമെന്റ് മാനദണ്ഡങ്ങൾ നിശ്ചയിച്ചാൽ മാത്രം മതി. 2. പുതിയ പാഠ്യപദ്ധതിയുടെ പരിപക്ഷ്യത്തെക്കുറിച്ച് രക്ഷാകർത്താക്കളെയും അദ്ധ്യാപകരെയും ബോധവൽക്കരിക്കാനുള്ള വിപുലമായ പരിപാടി പ്രഖ്യാപിക്കുക. ജനങ്ങളുടെ വിമർശനങ്ങൾക്കെല്ലാം മറുപടി പറയാൻ ഇതുകൊണ്ടാവുമെന്നു കരുതുന്നില്ല. അതേസമയം പാഠ്യപദ്ധതിയുടെ ജനകീയ വശങ്ങളെ ഉയർത്തിപ്പിടിക്കാനും അതിലെ ശാസ്ത്രീയമായ ആശയങ്ങളെക്കുറിച്ച് ആത്മവിശ്വാസമുണ്ടാക്കാനും അതുകൊണ്ടു കഴിഞ്ഞക്കും. 3. നോൺ ഡി.പി.ഇ.പി. ജില്ലകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ സമഗ്രമായ അദ്ധ്യാപക പുനഃപരിശീലന പരിപാടി പ്രഖ്യാപിക്കുക. പുനഃപരിശീലനത്തിന് ഡയറ്റുകൾ കൂടാതെ ഡി.പി.ഇ.പി. ജില്ലകളിലെ BRCകൾക്കു സമാനമായ ഒരു ടീമിനെ ബ്ലോക്കുതോറും സൃഷ്ടിക്കണം. അവർക്ക് അക്കാദമിക് മോണിട്ടറിംഗിനുള്ള അധികാരവും ഉണ്ടാവണം, മേൽപറഞ്ഞ രണ്ടുപരിപാടികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ചെയ്യാം. അതിനാവശ്യമായ മുന്നൊരുക്കങ്ങളും പരിശീലനവും പഞ്ചായത്ത് പ്രതിനിധികൾക്ക് നൽകണം. 4. DPEP ജില്ലകളിൽ വിപുലമായ Learner Achivement test നടത്തുക. പാഠ്യപദ്ധതിയുടെ രണ്ടാം വർഷമായതുകൊണ്ട് ഈ വർഷം ഇത്തരം ടെസ്റ്റുകൾ ഫലപ്രദമായി നടത്താൻ കഴിയും. ഈ learner Achievement test കൾ പിന്നീട് പാഠ്യപദ്ധതിയുടെ പുനരവലോകനത്തിനും ആവിഷ്കരണത്തിനും സഹായിക്കും. 5. 1-4 വരെയുള്ള കരിക്കുലം, പാഠപുസ്തകങ്ങൾ എന്നിവയുടെ സമഗ്രമായ റെവ്യൂ നടത്തുക. റെവ്യൂവിന്റെ ലക്ഷ്യം കമ്പോള ശക്തികളുടെ താൽപര്യങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതിയെ മാറ്റിമറിക്കാനും നശിപ്പിക്കാനുമല്ല. നിലവിലുള്ള ദൗർബല്യങ്ങളെ മാറ്റി ജനകീയമായ പാഠ്യപദ്ധതിയുടെ ആവിഷ്കാരത്തിനാണ്. പാഠപുസ്തകങ്ങളെക്കുറിച്ച് ഇപ്പോഴുള്ള വിമർശനങ്ങളെയും നിരീക്ഷണങ്ങളെയുമെല്ലാം ഉൾക്കൊണ്ടുള്ള റെവ്യൂ ആയിരിക്കണം നടത്തേണ്ടത്. 6. പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറിവരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തിനു സമഗ്രമായ കരിക്കുലം പരിപ്രേക്ഷ്യം പ്രഖ്യാപിക്കണം. ഈ പരിപക്ഷ്യം വിപുലമായ ജനകീയ ചർച്ചകൾക്ക് വിധേയമാക്കണം, അദ്ധ്യാപകർ, രക്ഷിതാക്കൾ, ജനകീയ സംഘടനകൾ എന്നിവരിൽ ചർച്ചകൾ നടത്തി അഭിപ്രായ രൂപീകരണം നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ സ്കൂൾ കരിക്കുലം പ്രഖ്യാപിക്കുകയും വേണം. ഇതിന്റെ അടിസ്ഥാനത്തിൽ സിലബസ്സും പാഠപുസ്തകങ്ങളും തയ്യാറാക്കണം. 7. കരിക്കുലം നിർമ്മാണം, പാഠ്യപദ്ധതി, പാഠപുസ്തകങ്ങൾ തയ്യാറാക്കൽ ഫീൽഡ് പരീക്ഷണങ്ങൾ നടത്തൽ, അനുഭവപാഠങ്ങൾ പഠിക്കൽ, പുതുക്കൽ, അച്ചടി, വിതരണം മുതലായവ ഇന്നത്തേക്കാൾ ഗൗരവത്തിൽ കാണണം. കരിക്കുലം സ്റ്റിയറിംഗ് കമ്മറ്റിയെ ആണ്ടിലൊരിക്കൽ കൂടുന്ന ഒരു ആവരണമായി കാണരുത്. വിദ്യാഭ്യാസവുമായി നേരിട്ടു ബന്ധവും പ്രതിബദ്ധതയുമുള്ള കുറച്ചുപേരെക്കൂടി ചേർത്ത് വിശാലമായ കമ്മിറ്റി ഉണ്ടാക്കാം. അത് കൊല്ലത്തിൽ മൂന്നുതവണയെങ്കിലും കൂടണം. എന്നാൽ SCERT യുടെ കരിക്കുലം രംഗത്തെ പ്രവർത്തനങ്ങളെ സഹായിക്കാനും മോണിട്ടർ ചെയ്യാനുമായി മാസത്തിൽ ഒരിക്കലെങ്കിലും ചേരുന്ന ആവശ്യമുള്ളത്ര ഉപദേശകസമിതികളുണ്ടാകണം. കരിക്കുലം സ്റ്റിയറിംഗ് കമ്മറ്റിയുടെ അദ്ധ്യക്ഷനായി നല്ലൊരു വിദ്യാഭ്യാസ വിദഗ്ധനെ നിയോഗിക്കുകയായിരിക്കും കൂടുതൽ ഉചിതം. കരിക്കുലം രൂപീകരണം, പരീക്ഷണം ആദിയായവ മന്ത്രിയുടെയോ സെക്രട്ടറിയുടെയോ ഉത്തരവാദിത്വമാവരുത്. അവർക്ക് മറ്റുത്തരവാദിത്വങ്ങളുണ്ട്. 8. ഈ വർഷം തന്നെ 1-4 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ പുതിയ കരിക്കുലമനുസരിച്ച് പുനരാവിഷ്കരിക്കാം. 1999-ൽ 5-7വരെയുള്ള പുതിയ കരിക്കുലം തയ്യാറാക്കുകയും അതിനനുസരിച്ച് പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യണം. 2000-ാമാണ്ടിൽ 10-ാം ക്ലാസ്സുവരെയുള്ള കരിക്കുലവും പാഠപുസ്തകങ്ങളും തയ്യാറാക്കാം. ഇതിനോടൊപ്പം ഹയർസെക്കണ്ടറി കരിക്കുലവും തയ്യാറാക്കണം. ഇതിനായി SCERT യുടെ നേതൃത്വത്തിൽ വിദഗ്ധാംഗങ്ങൾ അടങ്ങുന്ന കരിക്കുലം വികസനസെൽ തുടർച്ചയായി പ്രവർത്തിക്കണം.


കമ്പോള ശക്തികളുടെ അധിനിവേശം ഏറ്റവും അധികം നടക്കുന്ന മേഖലയാണ് വിദ്യാഭ്യാസമെങ്കിലും അതു ഗൗരവത്തിലെടുക്കാനും വ്യക്തമായ ബദൽ നിർദേശങ്ങൾ മുന്നോട്ടു വെക്കാനും കേരളത്തിലെ സെക്കുലർ ജനാധിപത്യശക്തികൾ ഇനിയും തയ്യാറായിട്ടില്ല. മാറിമാറി വരുന്ന മന്ത്രിമാർക്കും സെക്രട്ടറിമാർക്കും ഡയറക്ടർമാർക്കും DPI മാർക്കും വിട്ടുകൊടുക്കുന്ന ഒരു ഏർപ്പാടായി വിദ്യാഭ്യാസം ഇന്നു മാറിക്കഴിഞ്ഞിരിക്കുന്നു. ഇത്രയും ഗൗരവം കുറഞ്ഞ ഒരു വിഷയമല്ല വിദ്യാഭ്യാസം. സെക്കുലർ സ്വഭാവമുള്ള രാഷ്ട്രീയപ്പാർട്ടികൾ തന്നെ വിദ്യാഭ്യാസകാര്യങ്ങളിൽ പല തട്ടുകളിൽ നിൽക്കുകയാണ്. സാമൂഹ്യ പരിഷ്ക്കരണത്തിന്റെയും ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും വളർച്ചയുടെ ഫലമായുയർന്നു വന്ന സങ്കല്പങ്ങൾ ഇന്നു പ്രായോഗികമല്ലെന്നുവരെ ചിലർ ചിന്തിക്കുന്നു. കമ്പോളവൽക്കരണത്തേയും ഇംഗ്ലീഷ് മീഡിയത്തെയും പരോക്ഷമായും പരസ്യമായും അംഗീകരിക്കുന്നവരുണ്ട്. ഇവർ തമ്മിൽ വിദ്യാഭ്യാസപ്രശ്നങ്ങളുടെ പേരിൽ പരസ്യമായ പോരാട്ടങ്ങളും നടക്കുന്നു. ഇതെല്ലാം വ്യക്തമായ ജനകീയ ബദൽനയം വിദ്യാഭ്യാസരംഗത്ത് രൂപപ്പെടുത്തുന്നതിന് തടസ്സമായി നൽക്കുന്നു. ഇക്കാരണങ്ങൾകൊണ്ടാണ് ലഭ്യമായ സാദ്ധ്യതകൾ ഉപയോഗിച്ചു കൊണ്ടുള്ള ഇടപെടലുകൾക്ക് പ്രാധാന്യം നൽകുന്നത്. ഇരുന്നൂറു വർഷത്തെ വരേണ്യപാരമ്പര്യമുള്ള ഒരു മേഖലയെ ദരിദ്രഭൂരിപക്ഷത്തിന്റെ ആവശ്യങ്ങൾക്കനുസരണമായി പുനരാവിഷ്ക്കരിക്കുന്നത് ക്ഷിപ്രസാദ്ധ്യമല്ല. ആഗോള മൂലധനവും ഫണ്ടിംഗ് ഏജൻസികളും വ്യാപകമായി ഇടപെടുന്ന മേഖലയായി വിദ്യാഭ്യാസം മാറിയതോടെ ഇത് കൂടുതൽ ദുഷ്കരമായി തീർന്നിരിക്കുന്നു. കേരളത്തിലെ ജനാധിപത്യപരമായ നേട്ടങ്ങളും പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ജീവിത ഗുണതയും തകരാതിരിക്കണമെങ്കിൽ, സാധാരണ ജനങ്ങൾക്ക് ഗുണ നിലവാരമുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടാതിരിക്കണമെങ്കിൽ വിദ്യാഭ്യാസരംഗത്ത് ജനകീയ ഇടപെടൽ അനിവാര്യമായിരിക്കുന്നു. അതിനു ജനീകയ പ്രവർത്തകർ കൈയും മെയ്യും മറന്നു പ്രവർത്തിക്കേണ്ട സന്ദർഭമാണിത്. കേവലനിഷേധാത്മകതകൊണ്ട് വിദ്യാഭ്യാസരംഗത്ത് ഒന്നും നേടാനാവില്ലെന്നു നാം ഇനിയെങ്കിലും തിരിച്ചറിയണം. കമ്പോളശക്തികളെ തളച്ചിടണമെങ്കിൽ നമുക്കാവശ്യം വ്യക്തമായ പ്രായോഗിക പ്രവർത്തനങ്ങളാണ്. സ്വന്തം വീട്ടുമുറ്റത്തുള്ള അയൽക്കൂട്ടങ്ങളിൽനിന്നാരംഭിക്കുന്ന പ്രവർത്തനങ്ങൾ, സ്വന്തം കുട്ടികളെ ചുറ്റുപാടുകളുമായും സംസ്കാരവുമായും ബന്ധപ്പെടുത്തുന്ന ബോധനരൂപങ്ങൾ പ്രാദേശിക കൂട്ടായ്മയിൽ നിന്നും വളർന്നുവരുന്ന ഭൗതികസൗകര്യങ്ങൾ. - ആ വിദ്യാഭ്യാസം ഉപകരണാത്മകമാവരുത്. സമഗ്രമായ സമൂഹമാറ്റത്തിന് ഉതകുന്നതാവണം. ഈ മാറ്റം ഇന്നു മുതലാരംഭിച്ചില്ലെങ്കിൽ കാലം നമ്മെ കൈവിട്ടുപോകും.