പരിഷത്ത് വിക്കി കൈപ്പുസ്തകം
പരിഷത്ത് വിക്കിയിലേക്ക് സ്വാഗതം ! ജനകീയശാസ്ത്ര പ്രവർത്തനങ്ങളിൽ തല്പരരും സന്നദ്ധപ്രവർത്തകരമായ അനവധിപേരാൽ തയ്യാറാക്കപ്പെട്ട ഒരു വെബ്സൈറ്റാണ് പരിഷത്ത് വിക്കി . വിക്കി എന്നറിയപ്പെടുന്ന പ്രത്യേക ഗണത്തിൽ പെട്ട ഒരു വെബ്സൈറ്റാണിത്. വളരെയധികം ഉപയോക്താക്കൾ തുടർച്ചയായി പരിഷത്ത് വിക്കി മെച്ചപ്പെടുത്തുന്നുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേന്ദ്രനിർവ്വാഹക സമിതിക്കുവേണ്ടി അതിന്റെ വിവരസാങ്കേതികവിദ്യാ ഉപസമിതി ആണ് ഈ വെബ്സൈറ്റ് സൃഷ്ടിച്ച്, പരിപാലിക്കുന്നത്.
ഇത് നിലവിലുള്ള വൈബ്സൈറ്റിന് (http://kssp.in) പകരമല്ല. അതിന്റെ തുടർച്ചയാണ്. നിലവിലുള്ള സൈറ്റ് ഒരു മാതൃകാ സൈറ്റായി, പരിഷത്തിനെക്കുറിച്ച് ലോകത്തോട് സംസാരിച്ചുകൊണ്ട്, പരിഷത്തിന്റെ പ്രധാന വെബ്സൈറ്റായി ഇഗ്ലീഷ് ഭാഷയിൽ തുടരും.
എന്താണ് പരിഷത്ത് വിക്കി
പങ്കാളിത്ത തിരുത്തൽ (Collaborative Editing) സാധ്യമാകുന്ന വെബ്സൈറ്റ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് ആരംഭിക്കണമെന്ന ആശയം പ്രാവർത്തികമാക്കുവാനുള്ള ശ്രമമാണ് പരിഷത്ത് വിക്കി വൈബ്സൈറ്റ്. പുതിയ വെബ്സൈറ്റ് പണി ആരംഭിച്ചിട്ടുള്ളത് (http://wiki.kssp.in) എന്ന വിലാസത്തിൽ കാണാം. മീഡിയാ വിക്കി സോഫ്റ്റ്വെയറിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. പരിഷത് വിക്കി കേരളത്തിലെ പരിഷത്തിനെ മുഴുവൻ ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
സാധാരണഗതിയിൽ ഇന്റർനെറ്റിലെ ഏതെങ്കിലുമൊരു താളിൽ എന്തെങ്കിലും എഴുതിച്ചേർക്കണമെങ്കിൽ മികച്ച സാങ്കേതിക പരിജ്ഞാനവും ആ താളിന്റെ ഉടമസ്ഥരുടെ സമ്മതവും വേണം. അത്തരം നിയന്ത്രണങ്ങളൊന്നുമില്ലാതെ ആർക്കും (സാങ്കേതിക പരിജ്ഞാനം വളരെയൊന്നും ഇല്ലാത്ത ഒരു സാധാരണ വെബ്ബു് ഉപയോക്താവിനു പോലും) വിവരങ്ങൾ കൂട്ടിച്ചേർക്കാനും, നീക്കം ചെയ്യാനും, മാറ്റം വരുത്താനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും നൽകുന്ന ഒരു സോഫ്റ്റ്വെയർ സംവിധാനമാണു് വിക്കി. വളരെ എളുപ്പത്തിൽ വിവരങ്ങൾ ചേർക്കാം എന്നതിനാൽ കൂട്ടായ്മയിലൂടെ രചനകൾ നടത്താനുള്ള മികച്ച ഉപാധിയാണു് വിക്കി സോഫ്റ്റ്വെയർ. ചുരുക്കത്തിൽ, ഒരേ സമയം ഗുണദാതാവായും ഉപയോക്താവായും ഏതൊരാൾക്കും പങ്കെടുക്കാനാവുന്ന ഒരു ഇന്റർനെറ്റ് സംവിധാനമാണു് വിക്കി. വാർഡ് കണ്ണിംഹാം (Ward Cunningham) എന്ന പോർട്ട്ലാൻഡുകാരനാണ് വിക്കി എന്ന ആശയത്തിനും, സോഫ്റ്റ്വെയറിനും അടിത്തറയിട്ടത്. 1994-ൽ അദ്ദേഹം വികസിപ്പിച്ചെടുത്ത വിക്കിവിക്കിവെബ് എന്ന സോഫ്റ്റ്വെയറാണു് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത്. ഹവായിയൻ ഭാഷയിൽ വിക്കി എന്നാൽ വേഗത്തിൽ എന്നാണ് അർത്ഥം."What I Know Is" എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ ഇപ്പോൾ വികസിപ്പിച്ചു് പറയാറുണ്ട്.
ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന കാഴ്ചപ്പാടോടെയുള്ള എല്ലാവിധ രചനകൾക്കും പരിഷത്ത് വിക്കിയിൽ ഇടമുണ്ട്. കൂടാതെ കേരള ശാസ്ത്രസാഹിത്യ പരിഷത്തും സമാനചിന്താഗതിയുള്ള ജനകീയശാസ്ത്ര പ്രസ്ഥാനങ്ങളും നടത്തുന്ന പരിപാടികൾ, പദ്ധതികൾ, സംരംഭങ്ങൾ, സ്ഥാപനങ്ങൾ, പ്രചരണങ്ങൾ, പ്രക്ഷോഭങ്ങൾ, പരീക്ഷണങ്ങൾ, സൃഷ്ടിച്ച മാതൃകകൾ അവയുടെ നയങ്ങൾ, ഉദ്ദേശലക്ഷ്യങ്ങൾ, പ്രവർത്തനരീതികൾ തുടങ്ങിയവെയക്കുറിച്ചെല്ലാമുള്ള ലേഖനങ്ങൾ നിങ്ങൾക്കിതിൽ കാണാം. ഇല്ലാത്തവ ഉൾപ്പെടുത്താം.
കൂടാതെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യൂണിറ്റ് കമ്മറ്റികൾ, മേഖലാ കമ്മറ്റികൾ, ജില്ലാകമ്മറ്റികൾ, കേന്ദ്രനിർവ്വാഹക സമിതി, തുടങ്ങിയ സംഘടനാഘടകങ്ങളുടെ വിവിരണങ്ങൾ, അവയുടെ ചരിത്രം, ഏറ്റെടുത്ത പ്രധാന പ്രവർത്തനങ്ങൾ എന്നിവ നിങ്ങൾക്കിവിടെ വായിക്കാം. പങ്കുവെയ്കാം.
അതിന്റെ ഇടതുവശം സമീപകാല മാറ്റങ്ങൾ എന്ന ലിങ്ക് ഞെക്കിയാൽ അതിൽ ഇതുവരെ നടന്നിട്ടുള്ള പ്രവർത്തനങ്ങൾ (സൃഷ്ടിച്ച താളുകൾ) കാണാം.
"സഹായം" എന്ന കണ്ണി ഞെക്കിയാൽ പരിഷത്ത് വിക്കി എന്തിനാണ് എങ്ങിനെയാണ് എന്നതിന്റെ ഒരു പ്രാഥമിക ആശയം കിട്ടും.
പരിഷത് വിക്കി കേരളത്തിലെ പരിഷത്തിനെ മുഴുവൻ ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കേരളത്തിലെ മുപ്പതിനായിരത്തിൽ പരം വരുന്ന പരിഷത് മെമ്പർമാരെ മുഴുവൻ ഈ സൈറ്റിൽ അംഗങ്ങൾ (ഉപയോക്താക്കൾ - users) ആക്കുവാൻ കഴിയും. യൂണിറ്റ് കമ്മറ്റി മുതൽ നിർവ്വാഹക സമിതിവരെയുള്ള സംഘടനാ ഘടകങ്ങളുടെ ചരിത്രം, കമ്മറ്റിവിശദാംശങ്ങൾ (ഭാരവാഹികളുടെയും മറ്റും വിവരം), ഓരോഘടകത്തിന്റെയും വിലാസം, നാളിതുവരെ ഏറ്റെടുത്ത പ്രധാന പരിപാടികൾ, അതത് പ്രദേശത്ത് ഉണ്ടാക്കിയിട്ടുള്ള സ്വാധീനം, തുടങ്ങി - ഓരോ തലത്തിലുമുളള സംഘടനയുടെ പരിപൂർണ്ണ വിവിരങ്ങൾ ഇത്തരത്തിൽ ഉപയോക്താക്കളാക്കപ്പെടുന്ന ആർക്കും അഥവാ എല്ലാവർക്കും ചേർന്ന് ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്താൻ കഴിയും. ഇതിൽ ഉപയോക്താവാകുന്ന ഓരോ പരിഷത്ത് അംഗത്തിനും തന്റേതാകുന്ന പേജുകൾ ഈ വെബ്സൈറ്റിൽ നിർമ്മിക്കാം. അയാൾ പരിഷത്തിലെത്തിയ വർഷം, ഓരോ കാലത്തും വഹിച്ച പദവികൾ, പങ്കെടുത്ത / നേതൃത്വം കൊടുത്ത പ്രധാന പരിപാടികൾ.... ഇങ്ങനെ എല്ലാം തന്റെ ഉപയോക്തൃ താളിൽ അയാൾക്ക് ശേഖരിച്ച് വെയ്കാം. പരിഷത്തിലെ പ്രമുഖ വ്യക്തികളെക്കുറിച്ചുള്ള താളുകൾ സൃഷ്ടിക്കാം. നാളിതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളെ കുറിച്ചുള്ള ആസ്വാദനവും വിവരങ്ങളും രേഖപ്പെടുത്തിവെയ്കാം. ഒരാൾ ചേർത്ത വിവരത്തിലേക്ക് മറ്റൊരാൾക്ക് കൂടുതൽ വിവിരങ്ങൾ കൂട്ടിച്ചേർക്കുകയോ, ഒഴിവാക്കുകയോ ചെയ്യാം. ഓരോ സബ്ജക്ട് കമ്മറ്റിക്കും / സബ്കമ്മറ്റിക്കും അവരവരുടെ പ്രത്യേകം പ്രത്യേകം താളുകൾ സൃഷ്ടിക്കാം. അതിലൂടെ അവർക്ക് നേരിട്ട് അവരുടെ പരിപാടികളും മറ്റും സംഘത്തെയും ജനത്തെയും അറിയിക്കാം.
ജനകീയ ശാസ്ത്ര പ്രചരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലേഖനമെഴുതാം. കൂട്ടായ തിരുത്തലിലൂടെ അവ മെച്ചപ്പെടുത്തിയെടുക്കാം. സംഘടനാ രേഖയൊക്കെ ഇതിലൂടെ കൂട്ടായി എഴുതാം.
എന്തെങ്കിലും പ്രത്യേക വിഷയത്തെക്കുറിച്ച് സൈറ്റിലെ അംഗങ്ങൾക്കിടയിൽ പൊതു ചർച്ചകൾ നടത്താം. ഓൺലൈനായുള്ള വോട്ടെടുപ്പും മറ്റും നടത്താം.
ഏറ്റവും പ്രധാനം, നിവിലുള്ള സൈറ്റിലേതിനേക്കാൾ വ്യത്യസ്തമായി (അതിൽ രണ്ട് അഡ്മിനിസ്ട്രേറ്റർമാരാണുള്ളത്), വൈബ്സൈറ്റിന്റെ ഉള്ളടക്ക നിർമ്മാണം എന്നത് കേരളത്തിലെ പരിഷത്ത് അംഗങൾ കൂട്ടായി ചെയ്യുന്ന ഒന്നായി മാറുന്നു എന്നതാണ്. ജനകീയമായ ഒരു സൈറ്റ് നമുക്ക് ഉണ്ടാകുന്നു എന്നതാണ്.
ഇതിനൊക്കെ ആവശ്യമായ വിക്കി വെബ് എഡിറ്റിംഗ് സ്കിൽ സ്വയമോ, വളരെ ലളിതമായ പരിശീലനം കൊണ്ടോ ഓരോ ഉപയോക്താവിനും നേടിയെടുക്കാം.