കൂടങ്കുളം പദ്ധതി ഉപേക്ഷിക്കുക

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
10:58, 21 സെപ്റ്റംബർ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- സുജിത്ത് (സംവാദം | സംഭാവനകൾ)

കൂടങ്കുളം പദ്ധതി ഉപേക്ഷിക്കുക

ആണവനിലയങ്ങൾ വേണ്ടേ വേണ്ട!

കൂടങ്കുളത്തുനിന്നു വരുന്ന വാർത്തകൾ അസ്വാസ്ഥ്യ ജനകമാണ്. എന്താണവിടെ സംഭവിക്കുന്നത് ?

ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ പുതിയ ആണവനിലയങ്ങൾക്കു അനുയോജ്യമായ സ്ഥലങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ പെരിങ്ങോമും തമിഴ്നാടിലെ കൂടങ്കുളവും തിരഞ്ഞെടുത്തത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുണ്ടായ കടുത്ത എതിർപ്പിനെ തുടർന്ന് പെരിങ്ങോമിലെ നിർദേശം ഉപേക്ഷിക്കപ്പെട്ടു. ഉയർന്ന ജനസാന്ദ്രതയും ലോലമായ പാരിസ്ഥിതിക വ്യവസ്ഥയും കേരളത്തെ ആണവനിലയങ്ങൾ സ്ഥാപിക്കുന്നതിന് അനുയോജ്യമല്ലാതാക്കുന്നു എന്ന വാദം ആണവോർജക്കംമീഷനും അംഗീകരിക്കേണ്ടി വന്നു. കൂടങ്കുളത്തും എതിർപ്പുണ്ടായി എങ്കിലും താരതമ്യേന ജനവാസം കുറഞ്ഞ ആ സ്ഥലം ആണവോർജനിലയം സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥാപിത മാർഗനിർദേശങ്ങൾക്ക് അനുസൃതം ആണെന്ന് തീരുമാനിക്കപ്പെട്ടു. അതുകൊണ്ടുതന്നെ എതിർപ്പുകളെ അവഗണിച്ചും അടിച്ചമർത്തിയും സർക്കാർ മുന്നോട്ടുപോയി. എന്നാൽ എതിർപ്പിന്റെ കനലുകൾ മങ്ങാതെ കിടന്നു. ഇപ്പോൾ നിലയം കമ്മീഷൻ ചെയ്യാറായപ്പോൾ വീണ്ടും അത് ആളിക്കത്തുകയാണ് ഉണ്ടായത്.

നിർദിഷ്ട നിലയത്തിനടുത്തുള്ള ഇടിന്തക്കര ഗ്രാമത്തിലെ ജനങ്ങൾ ഒന്നടങ്കം സമര രംഗത്തു ആണ്‌ . അവരിൽ മിക്കവരും പാവപ്പെട്ട മുക്കുവരാണ്‌. വാർത്തകളിൽ നിന്ന്‌ മനസ്സിലാക്കാൻ കഴിയുന്നത് അവിടെ ഏതാണ്ട് ഒരു പോലീസ് രാജ് ആണെന്നാണ്‌.

ആണവനിലയം ഉപേക്ഷിക്കണം എന്നാണോ അവരുടെ ആവശ്യം? ഇതിനകം എത്രയോ ആയിരം കോടി രൂപ ഈ പദ്ധതിക്ക് വേണ്ടി ചെലവാക്കിക്കഴിഞ്ഞു. ഇനി ഈ ഘട്ടത്തിൽ പദ്ധതി ഉപേക്ഷിക്കുന്നത് പ്രായോഗികമാണോ?

ഈ പദ്ധതിക്ക് ഇതിനകം ഏകദേശം 15000 കോടി രൂപ ചെലവാക്കിക്കഴിഞ്ഞു എന്നാണ് വാർത്ത‍. പക്ഷേ, ഇതിനേക്കാൾ കൂടുതൽ നഷ്ടം സഹിച്ചും പ്രോജക്ടുകൾ ഉപേക്ഷിച്ച ചരിത്രമുണ്ട്. അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാനത്തുള്ള ഷോർഹാം എന്ന സ്ഥലത്ത് 600 കോടി ഡോളർ (ഏതാണ്ട് 30000 കോടി രൂപ) മുടക്കി 1984 ൽ പണിപൂർത്തിയാക്കിയ ഒരു ആണവനിലയം, ജനങ്ങളുടെ സുരക്ഷ കരുതി വേണ്ടെന്നു വയ്ക്കുകയുണ്ടായി. ആ ആണവനിലയത്തിന്റെ പണി പൂർത്തിയാക്കി പ്രവർത്തനം തുടങ്ങാറായ ഘട്ടത്തിലാണ് അവിടെ ഒരു വൻഅപകടം ഉണ്ടായാൽ ചുറ്റുവട്ടത്തുള്ള ജനങ്ങളെ എങ്ങനെ സുരക്ഷിതമായി ഒഴിപ്പിക്കും എന്ന ചോദ്യം ഉയർന്നത്. അത് സാധ്യമല്ലെന്ന് തെളിഞ്ഞപ്പോൾ പ്രാദേശിക ഭരണകൂടം പ്ലാന്റിന് അനുമതി നിഷേധിച്ചു. അത്ര തന്നെ. ഇതുപോലെ പാതി പണി തീർത്തതും നിർമിതി തുടങ്ങിയതുമായ അനേകം ആണവനിലയങ്ങൾ അമേരിക്കയിൽ പല ഭാഗത്തായി ഉപേക്ഷിക്കപ്പെട്ടു കിടപ്പുണ്ട്. അവയിൽ പലതും ഗ്യാസ് കത്തിക്കുന്ന പദ്ധതികളാക്കി മാറ്റി. ചിലവ ഇപ്പോൾ മ്യൂസിയങ്ങളാണ് !

1986 ൽ ഫിലിപ്പയിന്സിൽ പണിതീർത്ത ഒരു ആണവനിലയവും ഇതുപോലെ ഉപേക്ഷിക്കാൻ അധികൃതർ നിർബന്ധിതരായിരുന്നു. ഫുകുഷിമയിലെ ദുരന്തത്തിന്റെ അനുഭവം കൂടിയായപ്പോൾ ആ പദ്ധതി പാടേ ഉപേക്ഷിച്ചതായി അതിന്റെ നിർമാതാക്കൾ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നു. ജെർമനി അവരുടെ എല്ലാ ആണവ നിലയങ്ങളും കാലക്രമേണ അടച്ചുപൂട്ടി ഒരു ആണവ വിമുക്ത ഊർജ വ്യവസ്ഥയിലേക്കു മാറാൻ തീരുമാനിച്ചു.

ഫുകുഷിമ ദുരന്തത്തെ തുടർന്ന് പൂട്ടിയിട്ട ജപ്പാനിലെ 35 ആണവ നിലയങ്ങൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. 2030 ഓടെ ജപ്പാനെ പൂർണമായും ആണവ വിമുക്തമാക്കും എന്നാണ് അവർ പ്രഖ്യാപിച്ചിരിക്കുന്നത്. ആണവോർജത്തിന്റെ കാര്യത്തിൽ ഏറ്റവും ശക്തമായ നിലപാടെടുത്തിരുന്ന, ആണവ നിലയങ്ങളിലൂടെ തങ്ങളുടെ വൈദ്യുതി ആവശ്യങ്ങളുടെ 75% വും നിറവേറുന്ന, ഫ്രാൻസ് പോലും അത് 50% ആക്കി കുറയ്ക്കാൻ തീരുമാനിച്ചുകഴിഞ്ഞു.

ഇതൊക്കെ എത്രയോ കോടാനുകോടി ഡോളർ നഷ്ടം വരുത്തുന്ന തീരുമാനങ്ങളായിരിക്കും! ഇതൊക്കെ കാണിക്കുന്നത്, ജനങ്ങളുടെ ക്ഷേമവും സുരക്ഷയും അപകടത്തിലാവുംപോൾ, ജനക്ഷേമം കാംക്ഷിക്കുന്ന സർക്കാറുകൾ ധനനഷ്ടത്തെക്കുറിച്ചല്ല വ്യാകുലപ്പെടെണ്ടത് എന്നാണ്. ഏതായാലും, പണിതീർത്ത ആണവനിലയം ഉപേക്ഷിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന നഷ്ടം ഒരൊറ്റ ആണവ അപകടത്തിനു കൊടുക്കേണ്ട വിലയേക്കാൾ എത്രയോ കുറവായിരിക്കും.

കൂടങ്കുളത്തു അപകടം ഉണ്ടായാൽ അത് കേരളത്തെ ബാധിക്കുമോ

അതൊരു ഇടുങ്ങിയ ചിന്താഗതിയാണ്. ചെര്നോബിളിലോ ഫുകുഷിമയിലോ ഉണ്ടായതുപോലുള്ള ഒരു വൻകിട ആണവ അപകടം ഇന്ത്യയിൽ എവിടെ ഉണ്ടായാലും അതൊരു ദേശീയ ദുരന്തമായിരിക്കും. ദുരന്തത്തിനു ഇരകളായവരെ ഒഴിപ്പിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ചികില്സിക്കുന്നതിനും ഉള്ള ഉത്തരവാദിത്തം രാജ്യത്തിനു മുഴുവനും ഉണ്ട്. ആണവ നിലയത്തിന് 30 കിലോമീറ്റർ ദൂരത്തുള്ളവരെയാണ് ഉടൻ ഒഴിപ്പിക്കെണ്ടിവരുക. വികിരണം വഹിക്കുന്ന അവശിഷ്ടങ്ങൾ എത്ര ദൂരത്തുവരെ എത്തും എന്നത് കാറ്റിന്റെ ഗതിയും മഴയും അനുസരിച്ചിരിക്കും. റിയാക്ടറിൽ പൊട്ടിത്തെറി ഉണ്ടായാൽ, ഉയർന്നു പൊങ്ങുന്ന വികിരണധൂളികൾ മേഘങ്ങളുടെ ചിറകിലേറിപ്പറന്നു ആയിരക്കണക്കിനു കിലോമീറ്റർ അകലെപ്പോലും ചെന്നുപതിക്കാം. അങ്ങനെ പതിക്കുന്ന സ്ഥലങ്ങളിലും വികിരണപ്രശ്നങ്ങൾ ഉണ്ടാകാം. കൃഷി അപകടപ്പെടാം. ഭൂമി തരിശിടെണ്ടിവന്നെക്കാം. ഫുക്കുഷിമ ദുരന്തത്തെ തുടർന്ന് ജപ്പാനിൽ 350 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ വരെ അതിന്റെ നേരിട്ടുള്ള പ്രത്യാഘാതമുണ്ടായി എന്നാണ് വാർത്തകളിൽ നിന്ന് വ്യക്തമാകുന്നത്. കൂടങ്കുളത്തുനിന്നു 'കാറ്റു വാക്കിനു' കിടക്കുന്ന ശ്രീലങ്കയിലും അപകടത്തിന്റെ ഭീഷണി എത്തിയേക്കാം. കേരളാതിർത്തിയും കൂടംകുളവുമായി ഏതാണ്ട് 62 കിലോമീറ്റർ അകലം മാത്രമാണുള്ളത് എന്നതും ഈ സാഹചര്യത്തിൽ നാം മനസ്സിൽ വെയ്കേണ്ടതാണ്.

കൂടങ്കുളം പദ്ധതി തുടങ്ങിയപ്പോൾ തടയാൻ കഴിയാതെ ഇപ്പോൾ എതിർക്കുന്നതിന്റെ പ്രസക്തി എന്താണ്? അതുകൊണ്ടല്ലേ ഇപ്പോൾ ഇത്രയും ധനനഷ്ടം ഉണ്ടാകുന്നത്?

കൂടങ്കുളം പദ്ധതി ആലോചിച്ച കാലം മുതൽക്കു തന്നെ എതിർപ്പും തുടങ്ങിയിരുന്നു. അവിടത്തുകാരായ മീൻ പിടിത്തക്കാരും മറ്റു പാവപ്പെട്ടവരും അവരുടെ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. ഉദയകുമാറും മറ്റും എത്രയോ തവണ കേരളത്തിൽ വന്നു പരിഷത്തിന്റെതുൾപ്പെടെയുള്ള വേദികളിൽ തന്നെ ഈ പ്രശ്നം അവതരിപ്പിച്ചിട്ടുണ്ട്. പരിഷത്തും കേരളത്തിലെ മറ്റു പല സംഘടനകളും വ്യക്തികളും അവരുടെ എതിർപ്പ് പ്രസ്താവനകളിലൂടെയും ലേഖനങ്ങളിലൂടെയും പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആണവ വിരുദ്ധ പ്രസ്ഥാനങ്ങളെല്ലാം തന്നെ കൂടങ്കുളം പദ്ധതിയോടുള്ള ആശയപരമായ എതിർപ്പ് ആരംഭം മുതൽക്കേ പ്രകടിപ്പിച്ചിരുന്നു. മാത്രവുമല്ല, ഇന്ത്യയുടെ ആണവനയത്തിന്റെ മുഖമുദ്രയായ സ്വാശ്രയ സങ്കൽപ്പത്തിനു കടകവിരുദ്ധമാണ് റഷ്യയിൽ നിന്ന്‌ ആണവ റിയാക്ടർ ഇറക്കുമതി ചെയ്യാനുള്ള ഈ നീക്കം എന്നു ചില ആണവ അനുകൂലികൾ തന്നെ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ഈ എതിർപ്പെല്ലാം സർക്കാർ ഒന്നുകിൽ അവഗണിച്ചു, അല്ലെങ്കിൽ ബലം പ്രയോഗിച്ചു അടിച്ചമർത്തി, എന്നതാണ് സത്യം. അതുകൊണ്ട് 'നേരത്തെ എന്തുകൊണ്ട് എതിർത്തില്ല' എന്ന ആരോപണം ശരിയല്ല. എതിർ വാദങ്ങൾ ഗൌരവമായി എടുത്തില്ല എന്നത് സർക്കാരിന്റെ വീഴ്ച ആണ്‌. അതുകൊണ്ടുതന്നെ, ഇപ്പോൾ ഈ നിലയം ഉപേക്ഷിക്കെണ്ടിവന്നാൽ, അതുമൂലം ഉണ്ടാകുന്ന അധിക നഷ്ടത്തിന് സർക്കാർ തന്നെയാണ് ഉത്തരവാദി. ഫുകുഷിമ ദുരന്തം ആണവനിലയങ്ങളോടുള്ള എതിർപ്പിനു പുതിയൊരു മാനം നൽകി എന്നതും ഒരു വസ്തുതയാണ്. ആ ദുരന്തത്തിന്റെ പശ്ചാത്തലമാണ് ഇപ്പോൾ കൂടങ്കുളം സമരം മാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ കാരണം എന്നതും ശരിയാണ്. ഇതുവരെ ആണവനിലയങ്ങൾ സുരക്ഷിതമാണ് എന്ന്‌ വിശ്വസിച്ചിരുന്ന ചിലരും മറിച്ച്‌ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അതിശക്തമായ അടിച്ചമര്ത്തലിന്റെ ഭീഷണിയെ നേരിട്ടുകൊണ്ട് സമാധാനപരമായ രീതിയിൽ ചെറുത്തുനിൽപ്പ് തുടരുന്ന കൂടങ്കുളത്തെ സഹോദരങ്ങൾ എല്ലാ പിന്തുണയും അർഹിക്കുന്നു. അവർ ചെയ്യുന്നത് നമ്മുടെകൂടി സമരമാണ്. അവർ ആവശ്യപ്പെടുന്നത് നമ്മുടെയും കൂടി സുരക്ഷയാണ്.

മുൻ രാഷ്‌ട്രപതി അബ്ദുൽ കലാമിനെപ്പോലെ സർവാദരണീയരായ ശാസ്ത്രജ്ഞർ കൂടങ്കുളം നിലയം തീർത്തും സുരക്ഷിതമാണെന്ന് ഉറപ്പുതന്നിട്ടുണ്ടല്ലോ. അവർ കള്ളം പറയുമോ?

= അവർ കള്ളം പറയുകയാണ്‌ എന്ന്‌ കരുതേണ്ടതില്ല. അവർ അവരുടെ അഭിപ്രായം പറയുന്നു എന്ന്‌ മാത്രം. അല്ലെങ്കിൽ, അവർക്ക് വിശ്വാസമുള്ള മറ്റു ശാസ്ത്രജ്ഞരുടെ അഭിപ്രായം മുഖവിലയ്ക്കെടുത്ത് ആവർത്തിക്കുന്നു എന്ന്‌ മനസ്സിലാക്കിയാൽ മതി. (ശ്രീ അബ്ദുൽ കലാം ഒരു ആണവ ശാസ്ത്രജ്ഞനല്ല, അദ്ദേഹം മിസ്സൈൽ സാങ്കേതിക വിദ്യയിലാണ് അനുഭവ സമ്പന്നൻ.) ഈ കാര്യത്തിൽ ആണവ ശാസ്ത്രജ്ഞരുടെ ഇടയിൽ തന്നെ വ്യത്യസ്ത അഭിപ്രായമുണ്ട് എന്നതാണ് വാസ്തവം. ആണവ നിലയങ്ങൾക്കെതിരെ രംഗത്ത് വന്നിട്ടുള്ളവരിൽ പലരും മുൻ ആണവശാസ്ത്രജ്ഞരാണ് എന്നത് കൌതുകകരമാണ്. അപ്പോൾ അഭിപ്രായങ്ങൾക്ക് പകരം നാം വസ്തുതകൾക്കാണ് പരിഗണന കൊടുക്കേണ്ടത്.

എന്താണ് വസ്തുതകൾ?

കൂടങ്കുളത്തായാലും മറ്റ് ഏതൊരു റിയാക്ടറിൽ ആയാലും, അപകടം ഒരിക്കലും ഉണ്ടാവില്ല എന്ന്‌ ആർക്കും ഉറപ്പു പറയാൻ കഴിയില്ല എന്നതാണ് ആദ്യത്തെ വസ്തുത. അതുകൊണ്ടാണല്ലോ ഇൻഡോ അമേരിക്കൻ ആണവ കരാറിനെത്തുടർന്നു ആണവ അപകടം ഉണ്ടായാൽ കൊടുക്കേണ്ട നഷ്ടപരിഹാരത്തെ ചൊല്ലി തർക്കം ഉണ്ടായത്. അമേരിക്കയുടെ നിർബന്ധം കാരണമാണ് അമേരിക്കയിലെ പ്രൈസ് ആൻഡേർസൻ ആക്ടിന്റെ മാതൃകയിൽ ഇവിടെയും ഒരു നിയമം ഉണ്ടാക്കാൻ നമ്മുടെ സർക്കാർ തീരുമാനിച്ചത്. പ്രൈസ് ആൻഡേർസൻ ആക്ടിന്റെ പിന്നിൽ ഒരു ചരിത്രമുണ്ട്. ഹിരോഷിമ ദുരന്തത്തെ തുടർന്ന് ആണവ പദ്ധതികൾക്ക് നേരിടേണ്ടിവന്ന പൊതുജനരോഷത്തെ മറികടക്കാനായി ആണവ ശക്തിയുടെ സമാധാനപരമായ ഉപയോഗങ്ങൾ പ്രചരിപ്പിക്കുന്ന "ആറ്റംസ് ഫോർ പീസ്‌ " എന്നൊരു പ്രസ്ഥാനം പ്രേസിടന്റ് ഐസെന്ഹൊവറുടെ ഉത്സാഹത്തിൽ ആരംഭിച്ചു. അതിലെ ഒരു പ്രധാന പരിപാടി സ്വകാര്യ കമ്പനികളെക്കൊണ്ട് ആണവോർജ നിലയങ്ങൾ ഏറ്റെടുപ്പിക്കുക എന്നതായിരുന്നു. പക്ഷേ അവർ മടിച്ചു നിന്നു. എങ്ങാനും ഒരപകടം ഉണ്ടായാലോ? അതിന് നഷ്ടപരിഹാരം കൊടുത്തു കമ്പനി മുടിയില്ലേ? മറ്റു അപകടങ്ങൾ പോലല്ല ആണവ അപകടം എന്ന്‌ ഹിരോഷിമ ദുരന്തത്തിനു ശേഷം പൊതു ജനങ്ങൾക്കും ആണവ വ്യവസായികൾക്കും തീർത്തും ബോധ്യമുണ്ടായിരുന്നു. ആണവാപകടങ്ങളുടെ ഫലമായി ജീവനും സ്വത്തിനും ഉണ്ടാകുന്ന നഷ്ടം കോടിക്കണക്കിലോ ശതകോടിക്കണക്കിലോ അല്ല, 'ലക്ഷംകോടി' എന്ന കണക്കിലാണ്. അതുകൊണ്ടുതന്നെ ആ ഭാരം താങ്ങാൻ ഒരു കമ്പനിക്കും സാധിക്കില്ല. അതിനാൽ, ഏതെങ്കിലും ആണവ നിലയത്തിൽ അപകടം ഉണ്ടായി അതുമൂലം പൊതുജനത്തിന് കഷ്ടനഷ്ടങ്ങൾ ഉണ്ടായാൽ, നിലയത്തിന്റെ നടത്തിപ്പുകാർ കൊടുക്കേണ്ട നഷ്ടപരിഹാരം അവർക്ക് താങ്ങാവുന്ന ഒരു നിശ്ചിത തുകയിലേക്ക് പരിമിതപ്പെടുത്തണം എന്ന്‌ അവർ ആവശ്യപ്പെട്ടു. ഇങ്ങനെയൊരു ഉറപ്പ് ഉണ്ടെങ്കിലേ തങ്ങൾ ആണവ വ്യവസായത്തിൽ മുതൽ മുടക്കൂ എന്ന്‌ അമേരിക്കയിലെ സ്വകാര്യ വ്യവസായിമാർ വാശിപിടിച്ചു. അതിന് വഴങ്ങി അമേരിക്കൻ കോണ്ഗ്രസ് പാസ്സാക്കിയ നിയമമാണ് പ്രൈസ് ആൻഡേർസൻ ആക്റ്റ്. ആണവ അപകടം കൊണ്ടുണ്ടാകാവുന്ന അപകടങ്ങളുടെ സ്വഭാവം സാധാരണ അപകടങ്ങളുടെതിൽ നിന്ന്‌ വളരെ വ്യത്യസ്തമാണെന്നും, അത് താങ്ങാൻ ഒരു വ്യവസായത്തിനും കഴിയുകയില്ലാ എന്നും ഭയമുള്ളത് കൊണ്ടാണല്ലോ അവർ ഇങ്ങനെ നിർബന്ധം പിടിച്ചത്. ഏതായാലും ഇങ്ങനെയൊരു കുടക്കീഴിൽ ആണ്‌ അമേരിക്കയിലെ സ്വകാര്യ ആണവ കമ്പനികൾ പ്രവർത്തിക്കുന്നത്. ഇൻഡോ അമേരിക്കൻ ആണവ കരാറിന്റെ പിന്നിൽ ഇന്ത്യയ്ക്ക് ആണവ റിയാക്ടറുകൾ വിൽക്കാനുള്ള അമേരിക്കൻ കമ്പനികളുടെ ഉത്സാഹം ആണ്‌ എന്നത് ഒരു രഹസ്യമൊന്നും അല്ലല്ലോ. അത് സാധിക്കണമെങ്കിൽ ഇതുപോലുള്ള ഒരു നിയമം ഇന്ത്യയും പാസ്സാക്കിയെ തീരൂ എന്ന്‌ അമേരിക്കൻ കമ്പനികൾ നിർബന്ധിച്ചു. ഇന്ത്യയിൽ ഇതുവരെ ആണവ നിലയങ്ങൾ സർക്കാർ ഉടമസ്ഥതയിൽ ആയിരുന്നതുകൊണ്ട് ഇങ്ങനെയൊരു നിയമം ഇവടെ ആവശ്യമായിരുന്നില്ല. ഇപ്പോൾ പുറത്ത് നിന്ന്‌ റിയാക്ടറുകൾ വാങ്ങുന്നതുകൊണ്ടാണ് റിയാക്ടർ സപ്പ്ലയര്മാർക്ക് ഉണ്ടാകുന്ന നഷ്ടപരിഹാര ബാധ്യത നിശ്ചിതപ്പെടുത്തെണ്ടിവരുന്നത്. (റഷ്യയിൽ നിന്ന്‌ വാങ്ങിയ റിയാക്ടറുകളുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നു എന്നാണ് ഈയിടെ വന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.) ഇതൊക്കെ തെളിയിക്കുന്നത് ആണവ നിലയത്തിന്റെ പ്രവർത്തനത്തിൽ അപകടം ഉണ്ടാകാൻ ഇടയുണ്ട് എന്ന്‌ എല്ലാവർക്കും ഭയമുണ്ട് എന്നല്ലേ? അല്ലെങ്കിൽ, അപകടത്തിലെ നഷ്ടപരിഹാരത്തെ ചൊല്ലി തർക്കിക്കേണ്ട കാര്യമുണ്ടോ? അപകടം ഉണ്ടാവില്ല എന്നുറപ്പുണ്ടെങ്കിൽ, തങ്ങളുടെ റിയാക്ടറുകളുടെ തകരാറുകൾ മൂലം എന്തെങ്കിലും അപകടം ഉണ്ടായാൽ "എത്ര നഷ്ടപരിഹാരവും കൊടുക്കാം" എന്ന്‌ സകല ബാധ്യതയും ഏറ്റെടുക്കുന്നതിൽ സപ്പ്ലയര്മാർ എന്തിന് മടിക്കണം? ആണവ നിലയ നടത്തിപ്പുകാർ എന്തിന് ഭയക്കണം? സർക്കാരുകൾ എന്തിന് ഇങ്ങനെയൊരു നിയമം ഉണ്ടാക്കണം? [പണ്ട്, പെരിങ്ങോമിൽ ആണവനിലയം സ്ഥാപിക്കാൻ ആലോചിച്ചപ്പോൾ അവിടത്തുകാർ ഉന്നയിച്ച ഒരു ചോദ്യം ഓർമവരുന്നു: "ഈ നിലയം ഇവർ പറയുംപോലെ സുരക്ഷിതമാണെങ്കിൽ, എന്തുകൊണ്ട് ഇത് തിരുവനന്തപുരത്തോ കൊച്ചിയിലോ സ്ഥാപിക്കുന്നില്ല?"]

ഒരു സുനാമി വന്നാലും അത് നിലയത്തെ ബാധിക്കാത്ത വിധം ആണ്‌ കൂടങ്കുളം നിലയം രൂപകൽപന ചെയ്തിട്ടുള്ളത് എന്നാണല്ലോ ശ്രീ കലാം പറഞ്ഞത്

അത് ശരിയായിരിക്കാം. കൂടങ്കുളം നിലയം സുനാമിയിൽ തകരില്ല എന്ന്‌ നമുക്ക് വിശ്വസിക്കാം. "പട്ടാള മേധാവികൾ എപ്പോഴും കഴിഞ്ഞ യുദ്ധത്തിനു വേണ്ടിയാണ് തയാറെടുക്കുന്നത്," എന്ന്‌ ഒരു ചൊല്ലുണ്ട്. തീർച്ചയായും കഴിഞ്ഞ യുദ്ധത്തിൽ നിന്നും, കഴിഞ്ഞ അപകടത്തിൽ നിന്നും, നാം പാഠങ്ങൾ പഠിക്കേണ്ടതുണ്ട്. പക്ഷേ അത് പഴയ മണ്ടത്തരങ്ങൾ ആവര്തിക്കാതിരിക്കാനെ ഉതകൂ. പുതിയ അപകടം പഴയതിന്റെ ആവർത്തനം ആകണമെന്നില്ല. അത് പുതിയ രീതിയിലായിരിക്കാം ഉണ്ടാകുക. 1979 ൽ അമേരിക്കയിലെ ത്രീ മൈൽ ഐലൻഡിൽ ആണ്‌ ആദ്യത്തെ മേജർ ആണവ അപകടം സംഭവിച്ചത്. പക്ഷേ, അവിടെ സംഭവിച്ചപോലല്ല 1986 ൽ സോവിയറ്റ് യൂണിയനിലെ ചെർണോബിലിൽ അപകടം സംഭവിച്ചത്. ജപ്പാനിലെ ഫുകുഷിമയിലാകട്ടെ, ഇതുവരെ ആരും വിഭാവനം ചെയ്യാത്ത ഒരു ആകസ്മിക സംഭവ പരമ്പരയിലാണ് കഴിഞ്ഞ വർഷം ദുരന്തമുണ്ടായത്‌. അപൂർവശക്തിയോടെയുള്ള ഒരു ഭൂകമ്പം. പിന്നാലെ ഒരു ഭീമൻ സുനാമി. അതിന് പുറമേ രൂപകല്പനയിലെ പിഴവുകളും. അതായിരുന്നു ഫുകുഷിമയിലെ സവിശേഷത. ഇനി അടുത്ത തവണ ഉണ്ടാകാൻ പോകുന്നത് വേറൊരു തരത്തിലുള്ള ആകസ്മികത ആകാം. മാനുഷിക പിഴവ്, അട്ടിമറി, ഭീകര പ്രവർത്തനം, ശത്രുവിന്റെ ആക്രമണം, ഇതൊന്നിനും ഒരു നിയത രൂപവും ഇല്ല. അപകടം ഉണ്ടാവില്ല എന്നല്ല, ഉണ്ടായാൽ അതിന് കൊടുക്കേണ്ട വില എന്ത്, അത് കൊടുക്കാൻ തയാറാണോ, എന്നാണ് നാം ആലോചിക്കേണ്ടത്.

അപകടങ്ങൾ എല്ലാ രംഗത്തും ഉണ്ടാകാറുണ്ട്, പക്ഷേ അതിന്റെ പേരിൽ നാം വാഹനയാത്രയോ വ്യവസായങ്ങളോ വേണ്ടെന്നു വയ്ക്കാറില്ലല്ലോ?

= ശരിയാണ്. വിമാന അപകടം ഉണ്ടാകാറുണ്ട്, എന്ന്‌ കരുതി നാം വിമാനയാത്ര വേണ്ടെന്നു വയ്ക്കില്ല. ദിവസേന എന്നോണം റോഡപകടങ്ങൾ ഉണ്ടാകുന്നു. അത് പേടിച്ചു നാം റോഡിലിറങ്ങാതിരിക്കുന്നില്ല. ഇത്തരം അപകടങ്ങൾ ഉണ്ടാകാം എന്ന്‌ നമുക്കറിയാം. ഒരർഥത്തിൽ അപകടം നമ്മുടെ സഹയാത്രികനാണ്, എപ്പോഴും. ആ അപകടങ്ങൾക്ക് അവയുടേതായ വില കൊടുത്തേ മതിയാകൂ. പക്ഷേ, എന്താണ് ആ വില? ഏറിയാൽ, അപകടത്തിൽ പെട്ട ഏതാനും പേരുടെ ജീവൻ ഒടുങ്ങും. അത് തീർച്ചയായും കഷ്ടം തന്നെ; പക്ഷേ അതോടെ അത് തീരും. ആണവ ദുരന്തം അങ്ങനെയല്ല എന്ന്‌ അനുഭവം നമ്മെ പഠിപ്പിക്കുന്നു. അതാണു രണ്ടാമത്തെ വസ്തുത. അമേരിക്കയിലെ ത്രീ മൈൽ ഐലന്ഡ് അപകടത്തിൽ ആരും മരിച്ചില്ല. പക്ഷേ, അത് ആയിരക്കണക്കിനു ജനങ്ങളിൽ ഏൽപ്പിച്ച മാനസിക ആഘാതം ചെറുതായിരുന്നില്ല. ചെര്നോബിളിലും നേരിട്ടുള്ള ജീവനാശം ഏറെയൊന്നും ഉണ്ടായില്ല എന്നാണ് പല ഔദ്യോഗിക വക്താക്കളും അവകാശപ്പെടുന്നത്. പക്ഷേ, ഹിരോഷിമയിലെ അണുബോംബ് സ്ഫോടനത്തിൽ ഉണ്ടായതിന്റെ നാനൂറിരട്ടി ആണവ വികിരണം ആണ്‌ ചെര്നോബിളിലെ റിയാക്ടർ തകർന്നപ്പോൾ പുറത്ത് പരന്നത്. ആണവ വികിരണത്തിന്റെ ഒരു സവിശേഷത, അതുമൂലമുണ്ടാകുന്ന മരണം ഉടനടി സംഭവിക്കണമെന്നില്ല എന്നതാണ്. തീർച്ചയായും, അതിശക്തമായ വികിരണം ഏറ്റാൽ ഉടനടി മരണം ഉണ്ടാകാം. പക്ഷേ പലപ്പോഴും അത്ര തന്നെ ശക്തമല്ലാത്ത വികിരണം ആയിരിക്കും ശരീരത്തിൽ എല്ക്കുക. അങ്ങനെയുള്ള സന്ദർഭങ്ങളിൽ, മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷം ആയിരിക്കും പലവിധത്തിലുള്ള കാൻസറുകൾ രൂപപ്പെടുക. അത് വികിരണം മൂലമാണോ അതോ മറ്റു സ്വാഭാവിക കാരണങ്ങൾ കൊണ്ടാണോ എന്ന്‌ തീരുമാനിക്കാൻ വിഷമമാണ്. ആ തർക്കം ഒരിക്കലും തീർന്നെന്നും വരില്ല. ചെർണോബിൽ അപകടം മൂലമുണ്ടായ / ഉണ്ടാകാവുന്ന, കാൻസർ മരണങ്ങൾ ഏതാണ്ട് 9000 മാത്രമേ (!) വരൂ എന്നാണ് ലോക ആരോഗ്യ സംഘടനയുടെ (WHO) കണക്കുകൂട്ടൽ. എന്നാൽ, യൂണിയൻ ഓഫ് കണ്സേൺഡ്‌ സയന്റിസ്റ്സ് എന്ന വിഖ്യാത സംഘടനയുടെ അഭിപ്രായത്തിൽ അത് 27,000 എങ്കിലും വരും. അതേ സമയം, ലോകപ്രശസ്ത പരിസ്ഥിതി സംഘടനയായ ഗ്രീൻ പീസ്‌ ആരോപിക്കുന്നത് ചുരുങ്ങിയത് രണ്ട് ലക്ഷം മരണങ്ങൾക്കെങ്കിലും ചെർണോബിൽ അപകടം കാരണമാകും എന്നാണ്. ഇങ്ങനെയാണ് തർക്കം പുരോഗമിക്കുക. 9000 ആണെങ്കിൽ സാരമില്ല, രണ്ട് ലക്ഷം ആണെങ്കിൽ വേണ്ടേ വേണ്ട, 27000 ആണെങ്കിൽ ഒരു റിസ്ക്‌ എടുക്കാം, എന്നൊക്കെ വാദിക്കാൻ പറ്റുമോ? പക്ഷേ, ഒരു തർക്കവുമില്ലാത്ത ഒരു വസ്തുതയുണ്ട് : അപകടസ്ഥാനത്തിനു 30 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലം (2,60,000 ഹെക്ടർ) മുഴുവൻ ഇപ്പോഴും നിരോധിത മേഖലയാണ്. അവിടെ ഇപ്പോഴും അപകടകരമായ തോതിൽ ആണവവികിരണം നിലനിൽക്കുന്നു. 20,000 വർഷത്തോളം അത് അപകടകരമായി തുടരും എന്നാണ് ഉക്രെയിൻ അധികൃതർ പറയുന്നത്. അവിടെ നിന്ന്‌ അടിയന്തിരമായി കുടിയൊഴിപ്പിക്കപ്പെട്ട മൂന്ന് ലക്ഷത്തോളം പേർ അപകടം കഴിഞ്ഞു 26 വർഷമായിട്ടും ഇപ്പോഴും അഭയാർഥി ഗ്രാമങ്ങളിലാണ് താമസം. അവർക്കിനി ഒരിക്കലും തിരിച്ചുപോകാൻ കഴിയില്ല എന്നുറപ്പാണ്. അപകടത്തെ തുടർന്ന് വികിരണം ബാധിച്ച മൊത്തം പ്രദേശത്തിന്റെ വിസ്തൃതി ഒരു ലക്ഷം ചതുരശ്ര കിലോമീറ്റർ കവിയും (കേരളത്തിന്റെ മൊത്തം വിസ്തൃതിയുടെ മൂന്നിരട്ടിയോളം) എന്നാണ് കണക്ക്. ദുരന്തനിവാരണത്തിന് ചെലവാക്കെണ്ടിവരുന്ന മൊത്തം തുക 23500 കോടി ഡോളർ ( ഉദ്ദേശം 11,75,000 കോടി രൂപയോളം ) വരും എന്നാണ് ബെലാറസ് (ചെര്നോബിളിനോടു തൊട്ടു കിടക്കുന്ന രാജ്യമാണ് ബെലാറസ്) കണക്കാക്കിയിട്ടുള്ളത്. ചെർണോബിൽ ഉൾപ്പെടുന്ന ഉക്രെയിനിലാകട്ടെ, ഇപ്പോഴും വാർഷിക ബജറ്റിന്റെ 5 - 7 % ചെർണോബിൽ അഭയാർഥികളുടെ ക്ഷേമത്തിനായി അവർ മാറ്റിവച്ചുകൊണ്ടിരിക്കുകയാണ്. ഫുകുഷിമ ദുരന്തത്തിനു കൊടുക്കേണ്ടിവരുന്ന വില 250 ബില്ല്യൻ (25000 കോടി) ഡോളർ, അതായത് 12,50,000 കോടി രൂപ) വരും എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യാ സർക്കാരിന്റെ ഈ വർഷത്തെ മൊത്തം റെവന്യൂ വരുമാനം 9,35,684.64 കോടി രൂപയാണ് ! ചുരുക്കത്തിൽ, ഇത്തരത്തിലുള്ള ഒരൊറ്റ അപകടം പോലും താങ്ങാനുള്ള ശേഷി ഇന്ത്യ പോലുള്ള ഒരു രാജ്യത്തിനുണ്ടാവില്ല. (നമ്മൾ ഭോപാൽ ദുരന്തം എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന്‌ ഓർമയുണ്ടല്ലോ. അപകടം കഴിഞ്ഞു വർഷം പലതു കഴിഞ്ഞിട്ടും ഇനിയും അവരോടു നീതി ചെയ്യാൻ നമുക്ക് കഴിഞ്ഞിട്ടില്ല. അപകടം സംഭവിച്ചാൽ അത് അവരുടെ വിധി എന്ന്‌ 'പറയാതെ പറഞ്ഞ് ' കൈ കഴുകുകയാണ് നമ്മുടെ പതിവ്.)

ഒരു ആണവ നിലയം ഒരിക്കലും ആറ്റംബോംബു പോലെ പൊട്ടിത്തെറിക്കില്ല; അത് അസംഭവ്യം ആണ്‌ എന്നാണല്ലോ പല ആണവ ശാസ്ത്രജ്ഞരും പറയുന്നത്. അവർ കള്ളം പറയുകയാണോ?

= അല്ല; അത് കള്ളമല്ല. പക്ഷേ സത്യവുമല്ല! ചെര്നോബിളിലും ഫുകുഷിമയിലും ആണവ റിയാക്ടറുകൾ പൊട്ടിത്തെറിച്ചത് ലോകം കണ്ടതാണല്ലോ. പക്ഷേ, അവ പൊട്ടിത്തെറിച്ചത് ബോംബു പൊട്ടുന്നതുപോലെ ആയിരുന്നില്ല എന്നത് ശരിയാണ്. അണുബോംബ് പൊട്ടുന്നത് അണുഭേദനത്തിന്റെ ശ്രുംഖലാ പ്രവർത്തനം അതിരുവിട്ടു പെരുകുംപോഴാണ്. ഒരു പരമാണു പിളർന്നു കുറേ ഊർജവും രണ്ടോ മൂന്നോ ന്യൂട്രോണും പുറത്തു ചാടുന്നു. ആ ന്യൂട്രോണുകൾ പുതിയ പരമാണുക്കളെ പിളർക്കുന്നു. പിന്നെയും പുതിയ ന്യൂട്രോണുകൾ, അവ പുതിയ പരമാണുക്കളെ പിളർക്കുന്നു. ഇതാണ് ശ്രുംഖലാ പ്രവർത്തനം അഥവാ chain reaction. ഇതൊക്കെ നിമിഷത്തിന്റെ ആയിരത്തിലൊരംശം കൊണ്ട് കഴിയും. നൊടിയിടയിൽ ശ്രുംഖല വളർന്ന് പെരുകി കോടാനുകോടി അണുക്കൾ പിളർന്നു ഭീകരമായ അളവിൽ ഊർജം പുറത്തുചാടിക്കഴിയും. ഒരു ആണവ റിയാക്ടറിൽ ഈ ചങ്ങലയെ തളച്ചിട്ടു നിയന്ത്രണ വിധേയമാക്കിയിരിക്കയാണ്. എന്നാൽ അണുബോംബിലാകട്ടെ അതിനെ കെട്ടഴിച്ചുവിടും. അതോടെ അത് ഭീകരമായ ഒരു പൊട്ടിത്തെറിയിലേക്ക് കുതിക്കും. എന്നാൽ ആണവ റിയാക്ടറിൽ അത് ഒരിക്കലും സംഭവിക്കില്ല. അത്തരത്തിലാണ് റിയാക്ടർ രൂപകൽപന ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് ആണവ എൻജിനീയർമാർ അങ്ങനെ ഉറപ്പിച്ചു പറയുന്നത്. പക്ഷേ അത് പാതിസത്യം മാത്രം! അവർ പറയാത്തത്, പല കാരണങ്ങളാലും റിയാക്ടറിലെ നീരാവിമർദം അതിര് കടന്ന്‌, അത് പൊട്ടിത്തെറിക്കാം എന്ന മറുഭാഗമാണ്. (അതാണ് ചെര്നോബിളിലും ഫുകുഷിമയിലും സംഭവിച്ചത്. അങ്ങനെ സംഭവിച്ചാൽ, അതിനകത്തുള്ള ടൺ കണക്കിന് വികിരണ മാലിന്യങ്ങൾ പുറത്ത് പരക്കുകയും ചെയ്യാം. അതും സംഭവിച്ചു, രണ്ടിടത്തും. പൊട്ടിത്തെറിയുടെ മെക്കാനിസം വ്യത്യസ്തമാണെങ്കിലും ഫലം ഒന്നു തന്നെ! വാസ്തവത്തിൽ ഒരു അണുബോംബ് പൊട്ടുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ നൂറു കണക്കിന് ഇരട്ടി ആണവ വികിരണ വസ്തുക്കളാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ആണവ റിയാക്ടറിൽ ഉണ്ടാവുക. അതിനാൽ റിയാക്ടർ അപകടത്തിൽ നിന്നുള്ള വികിരണ ഭീഷണി, അണുബോംബ് വിസ്ഫോടനത്തിൽ ഉണ്ടാകുന്നതിനേക്കാൾ പലമടങ്ങ്‌ കൂടുതലായിരിക്കാൻ സാധ്യതയുണ്ട്.

ആണവ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി താരതമ്യേന കുറഞ്ഞ വിലയ്ക്കാണല്ലോ സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡുകൾക്ക് കിട്ടുന്നത്. അതുവേണ്ടെന്നു വയ്ക്കാൻ അവർ തയാറാകുമോ?

ഇലക്ട്രിസിറ്റി ബോർഡുകൾ ആയാലും സർക്കാരുകൾ ആയാലും, താത്കാലിക അല്ലെങ്കിൽ ഭാഗികമായ ലാഭത്തെക്കാൾ സമൂഹത്തിന്റെ മൊത്തം തത്പര്യം അല്ലെ മാനിക്കെണ്ടത്? നൂക്ലിയർ കോര്പോറെഷന് ആണവനിലയ വൈദ്യുതി താരതമ്യേന കുറഞ്ഞ വിലയ്ക്ക് കൊടുക്കാൻ കഴിയുന്നത് നയപരമായ ഒരു തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ്‌. അമേരിക്കയിൽ പ്ലൂട്ടോണിയം ക്രെഡിറ്റ് ആണ്‌ ഈ വില നിര്ണയിക്കുന്നതിൽ പ്രധാനം. അതായത്, റിയാക്ടറിൽ ഉറഞ്ഞുകൂടുന്ന പ്ലൂട്ടോണിയം അവിടത്തെ സർക്കാർ വിലയ്കെടുക്കുന്നു. എന്തെന്നാൽ ഈ പ്ലൂട്ടോണിയം മിലിട്ടറി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ളതാണ്. അതിന് എന്തു വില കൊടുക്കുന്നു എന്നതാണ് അവിടത്തെ ആണവ വൈദ്യുതിവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ഇവിടെയാണെങ്കിൽ ആണവപരിപാടി സംബന്ധിച്ച ഒരുപാട് ചെലവുകൾ സർക്കാർ ബജറ്റിൽ നിന്ന്‌ വഹിക്കുന്നതിനാൽ, ആണവ വൈദ്യുതിക്ക് എന്തുവിലയും ഇടാം. ഉദാഹരണമായി, ആയുസ്സെത്തുംപോൾ ആണവനിലയങ്ങൾ സുരക്ഷിതമായി പൊളിച്ചടുക്കി മറവുചെയ്യുന്നതിനു കനത്ത ചെലവ് വരുമെന്ന് എല്ലാവർക്കും അറിയാം. പക്ഷേ അതിനുള്ള ചെലവ് ഒരിക്കലും ആണവ വൈദ്യുതിയുടെ കണക്കിൽ വരുന്നില്ല. അത് ഭാവി തലമുറയ്ക്ക് വിടുകയാണ് നമ്മൾ! അതുപോലെ ഉപയോഗിച്ചുകഴിഞ്ഞ ഇന്ധന ദണ്ടുകളും മറ്റു ആണവമാലിന്യങ്ങളും സംസ്കരിക്കാനുള്ള ചെലവുകളും ഒരിടത്തും വരുന്നില്ല. അതും നാം അട്ടിയിട്ടു സൂക്ഷിക്കുകയാണ്; ഭാവിതലമുറയ്ക്ക് കൈമാറാനായി !

ആണവ മാലിന്യങ്ങൾ ഒരു പ്രശ്നമല്ല, അതിനുള്ള പരിഹാരം ലഭ്യമാണ്, എന്ന്‌ ചില ആണവ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നുണ്ടല്ലോ. അത് സത്യമാണോ?

= അല്ല. കഴിഞ്ഞ അര നൂറ്റാണ്ടോളമായി ലോകത്ത് പലരാജ്യങ്ങളിലായി പ്രവർത്തിച്ചുവരുന്ന 440 ആണവനിലയങ്ങളിൽ അടിഞ്ഞുകൂടിയിട്ടുള്ള ആണവമാലിന്യങ്ങൾ ഇപ്പോഴും തൃപ്തികരമായി സംസ്കരിക്കപ്പെട്ടിട്ടില്ല. ഇന്ധനസംസ്കരണത്തിലും റിയാക്ടർ പ്രവർത്തനത്തിലും മറ്റും ഉത്‌പാദിപ്പിക്കപ്പെടുന്ന വികിരണശേഷി കുറഞ്ഞ മാലിന്യങ്ങൾ (low level wastes) നേർപ്പിച്ചു ദുർബലപ്പെടുത്തി അപകടരഹിതമാക്കി പുറത്തുകളയാറുണ്ട്. പക്ഷേ അണുവിഘടനത്തിൽ നിന്നുണ്ടാകുന്ന വികിരണ ശേഷി കൂടിയ ആണവ മാലിന്യങ്ങൾ "തണുപ്പിക്കാനായി" (എന്ന്‌ വച്ചാൽ, സ്വാഭാവിക ക്ഷയത്തിലൂടെ വികിരണം കുറയും വരെ കാത്തിരിക്കുക എന്നർത്ഥം) സുരക്ഷിതമായി സൂക്ഷിക്കുകയാണ് മിക്കയിടത്തും ചെയ്യുന്നത്. അതിന് ആയിരക്കണക്കിനു വർഷങ്ങൾ എടുക്കും. അങ്ങനെ സൂക്ഷിക്കുന്ന ഖരമാലിന്യങ്ങളുടെ വലുപ്പം കുറയ്ക്കാനായി അവയെ ഉന്നത ഊഷ്മാവിൽ ചുട്ട് സ്ഫടികസമാനമായ വസ്തു ആക്കി മാറ്റാറുണ്ട്. ഇതിന് vitrification എന്നുപറയും. ഇതുകൊണ്ട് പ്രശ്നം തീരുന്നില്ല. ഈ വസ്തുക്കൾ വികിരണത്തിലൂടെ ചൂട് വമിച്ചുകൊണ്ടിരിക്കും. അത് തണുപ്പിക്കണം. അത് ഭീകരന്മാരുടെ കൈയിൽ അകപ്പെടാതെ സൂക്ഷിക്കണം. മണ്ണിലും വെള്ളത്തിലും കലരാതെ നോക്കണം. ആയിരക്കണക്കിനു വർഷങ്ങളോളം! ഈ തലവേദനയോക്കെ നാം വരും തലമുറകൾക്ക് കൈമാറുകയാണ്.

ഈ പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിൽ തന്നെയും നമ്മുടെ ഊർജാവശ്യങ്ങൾ നിറവേറ്റാൻ ആണവ നിലയങ്ങൾ കൂടിയേ തീരൂ എന്നാണല്ലോ ഭാരത സർക്കാർ പറയുന്നത്. അത് ശരിയല്ലേ? നമുക്ക് വികസനം വേണ്ടേ? അതിന് ഊർജം വേണ്ടേ?

നമുക്ക് വികസനം വേണം, അതിന് ഊർജവും വേണം. പക്ഷേ, അതിന് ആണവനിലയങ്ങൾ കൂടിയേ തീരൂ എന്നില്ല. അതിനുള്ള മറ്റു മാർഗങ്ങൾ ഇപ്പോൾ തെളിഞ്ഞുവന്നിട്ടുണ്ട്. നേരെമറിച്ച്, ഇപ്പോൾ പണിയുന്ന തരത്തിലുള്ള ആണവ നിലയങ്ങൾക്ക് ഒരിക്കലും നമ്മുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടുന്ന വൈദ്യുതി നൽകാനാവില്ല എന്നതാണ് വാസ്തവം. ഇന്ത്യയിൽ ലഭ്യമായ യൂറേനിയം കഷ്ടിച്ച് 10000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന റിയാക്ടറുകൾ പ്രവർത്തിപ്പിക്കാൻ മാത്രമേ തികയൂ. അതിൽ കൂടുതൽ റിയാക്ടറുകൾ സ്ഥാപിച്ചാൽ അതിനുള്ള ഇന്ധനം ഇറക്കുമതി ചെയ്തെ പറ്റൂ. ലോകത്താകമാനം നോക്കിയാൽ, ഇപ്പോൾ തെളിയിക്കപ്പെട്ടിട്ടുള്ള യൂറേനിയം നിക്ഷേപം, ഇന്നത്തെ നിലയ്ക്ക് ഉപഭോഗം തുടർന്നാൽ, ഏതാണ്ട് എൺപത് വർഷത്തെക്കെ കാണൂ. നിലവിലുള്ള റിയാക്ടറുകളുടെ എണ്ണം ഇരട്ടിയായാൽ അത് നാൽപതു വർഷം കൊണ്ട് തീരും എന്നർത്ഥം. ലോകം മുഴുവൻ ആണവോർജത്തെ ആശ്രയിക്കാൻ തുടങ്ങിയാൽ, തീർച്ചയായും ആണവ റിയാക്ടറുകളുടെ എണ്ണം പല മടങ്ങ്‌ വര്ധിച്ചല്ലേ മതിയാവൂ? അപ്പോഴോ? ഇനിയും തെളിയിക്കപ്പെടാത്ത, പക്ഷേ സാധ്യതയുള്ള, നിക്ഷേപങ്ങൾ ഇന്നുള്ളതിന്റെ മൂന്നിരട്ടി വരുമത്രേ. എന്നിരുന്നാലും, ദീർഘമായ ഒരു ഭാവി ഈ തരം റിയാക്ടറുകൾക്കില്ല എന്ന്‌ വ്യക്തം. പൂർണമായും ആണവബദ്ധമായ ഒരു ഊർജഭാവി ആണ്‌ നാം വിഭാവനം ചെയ്യുന്നതെങ്കിൽ, ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകൾ എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെ മതിയാവൂ. കത്തിക്കുന്നതിനേക്കാൾ കൂടുതൽ പുതിയ ഇന്ധനം സൃഷ്ടിക്കും എന്നതാണ് അവയുടെ സവിശേഷത. പക്ഷേ, ആ ഇനം റിയാക്ടറുകളുടെ കാര്യം ഇപ്പോഴും സന്നിഗ്ധാവസ്ഥയിലാണ്. ആ രംഗത്ത് മുന്നിട്ട് നിന്നിരുന്ന അമേരിക്കയും ഫ്രാൻസും ഇപ്പോൾ അവരുടെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ പരിപാടി മാറ്റി വച്ചിരിക്കയാണ്. ഇന്ന് നിലവിലുള്ള റിയാക്ടറുകളേക്കാൾ വളരെ അപകട സാധ്യത കൂടിയവയാണ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ എന്നതാണ് അവരുടെ അമാന്തത്തിനു കാരണം.

നമ്മുടെ കരിമണലിലുള്ള തോറിയം നല്ലൊരു ആണവ ഇന്ധനമല്ലേ? അത് മതിയാവില്ലേ നമ്മുടെ ഊർജാവശ്യങ്ങൾ നിറവേറ്റാൻ?

അതിനുള്ള സാധ്യത ഉണ്ട്; പക്ഷേ തോറിയം നേരിട്ടു ഇന്ധനമായി ഉപയോഗിക്കാൻ പറ്റില്ല. ആദ്യം ഫാസ്റ്റ് ബ്രീഡർ റിയാക്ടറിലൂടെ അതിനെ യൂറേനിയം 233 എന്ന ഐസോട്ടോപ്പ് ആക്കി മാറ്റെണ്ടതുണ്ട്. അതിനായി പ്ലൂട്ടോണിയം ഇന്ധനമായി ഉപയോഗിക്കുന്ന ഫാസ്റ്റ് ബ്രീഡർ റിയാക്ടർ വികസിപ്പിക്കുക എന്നതായിരുന്നു ഇന്ത്യൻ ആണവ പരിപാടിയുടെ രണ്ടാം ഘട്ടം. (അതിന് വേണ്ടത്ര പ്ലൂട്ടോണിയം ഉണ്ടാക്കാനായി 10000 മെഗാവാട്ട് ശേഷിയുള്ള ഘനജല റിയാക്ടറുകൾ ഉണ്ടാക്കുക എന്നതായിരുന്നു ഒന്നാം ഘട്ടത്തിന്റെ ലക്‌ഷ്യം.) അത് കഴിഞ്ഞാൽ മാത്രമേ നമുക്ക് യൂറേനിയം 233 ഉപയോഗിക്കുന്ന മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കാനാവൂ. വാസ്തവം പറഞ്ഞാൽ, 10000 മെഗാവാട്ട് എന്ന ഒന്നാം ഘട്ട ലക്‌ഷ്യം പോലും നമുക്ക് ഇനിയും കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. (നമ്മുടെ മൊത്തം ആണവ സ്ഥാപിത ശേഷി കഷ്ടിച്ച് 4000 മെഗാവാട്ട് മാത്രമാണ്.) അതിന് മുൻപേ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ നാം നിർബന്ധിതരായി. അവിടെയും, തോറിയത്തെ യൂറേനിയം 233 ആക്കി മാറ്റുന്ന പരീക്ഷണം ഇനിയും ആരംഭിച്ചിട്ടില്ല. ചുരുക്കത്തിൽ, ഹോമി ഭാഭ വിഭാവനം ചെയ്ത 'മൂന്ന് ഘട്ട ആണവ പരിപാടി' നിരാശാജനകമാം വിധം അമാന്തത്തിലാണ്. ഒരു പക്ഷേ, വൻതോതിൽ വിദേശ റിയാക്ടറുകൾ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യാ സർക്കാരിന്റെ തീരുമാനം ഈ പരാജയത്തിന്റെ പരോക്ഷമായ സമ്മതം ആണെന്ന് പറയാം. എന്നാൽ, ഇറക്കുമതി ചെയ്യപ്പെട്ട റിയാക്ടറുകളെ ആശ്രയിച്ചുള്ള ഒരു ഊർജഭാവി അത്യന്തം അനിശ്ചിതത്വം നിറഞ്ഞതും, ഇന്ത്യയുടെ ഊർജ സുരക്ഷയും അതുവഴി നമ്മുടെ സാമ്പത്തിക സുരക്ഷയും വിദേശ ശക്തികൾക്കു അടിയറ വയ്ക്കുന്നതും, ആയിരിക്കും. എന്തെന്നാൽ, നമുക്ക് റിയാക്ടറും ഇന്ധനവും തരുന്ന രാജ്യങ്ങൾക്ക് ഏതു സമയത്തും ഇന്ധനം നിഷേധിച്ചുകൊണ്ട് നമ്മെ വരുതിയിൽ നിർത്തുന്നതിനു സാധിക്കും. താരാപ്പൂർ ആണവനിലയത്തിന്റെ കാര്യത്തിൽ നാം ഇതു അനുഭവിച്ചതാണ്‌. താരാപ്പൂർ റിയാക്ടർ നമുക്ക് വിറ്റ അമേരിക്ക, കരാറനുസരിച്ച് നമുക്ക് ഇന്ധനം തരാൻ ബാധ്യസ്ഥമായിരുന്നു. പക്ഷേ പൊഖ്റാൻ സ്ഫോടനത്തിൽ പ്രതിഷേധിച്ചു അവർ നമുക്ക് ഇന്ധനം നിഷേധിച്ചു. ഇൻഡോ അമേരിക്കൻ ആണവ കരാറിലും, അമേരിക്കയുടെ സാമ്രാജ്യത്വ പരിപാടികൾക്ക് കൂട്ടുനിന്നില്ലെങ്കിൽ നമുക്ക് ഇന്ധനം നിഷേധിക്കാനുള്ള വകുപ്പൊക്കെ അവർ എഴുതി ചേർത്തിട്ടുണ്ട്. റഷ്യയുടെ കാര്യത്തിൽ അത്തരം ആശങ്ക ഒരു പക്ഷേ അസ്ഥാനത്തായാലും, സ്ഥായിയായ വിധേയത്വമാണ് ഇത്തരം ഇടപാടുകൾ സൃഷ്ടിക്കുന്നത് എന്നതിൽ സംശയമില്ല. ചുരുക്കത്തിൽ ഇറക്കുമതി ചെയ്ത ആണവ റിയാക്ടറുകൾ ഇന്ത്യക്ക് ഊർജസുരക്ഷ നൽകും എന്ന്‌ പറയുന്നത് വലിയൊരു തമാശയാണ്. ഏറ്റവും അരക്ഷിതമായ ഒരു ഊർജ ഭാവിയിലേക്കാണ് അത് നമ്മെ നയിക്കുക.

പിന്നെ എന്താണ് ഊർജ സുരക്ഷയ്ക്കുള്ള മാർഗം?

ഇന്ത്യാ ഗവണ്മെന്റിന്റെ ഉദ്ഗ്രഥിത ഊർജ നയം (IEP ) എന്ന രേഖ അനുസരിച്ച് 2031 ൽ 375 ശതകോടി യൂനിറ്റ് (billion Unit) വൈദ്യുതി ആണ്‌ ആണവ നിലയങ്ങളിൽ നിന്ന്‌ പ്രതീക്ഷിക്കുന്നത്. ഇതാകട്ടെ, അന്നത്തെ മതിപ്പ് ഊർജ ആവശ്യത്തിന്റെ കഷ്ടിച്ച് പത്തു ശതമാനമേ വരൂ. അതായത്, നമ്മുടെ ഊർജ ആവശ്യത്തിന്റെ തൊണ്ണൂറു ശതമാനവും മറ്റു മാർഗങ്ങളിലൂടെയാണ് നിറവേറാൻ പോകുന്നത് എന്നർത്ഥം! പിന്നെങ്ങനെയാണ് ആണവോർജം നമ്മുടെ ഊർജ സുരക്ഷയ്ക്ക് ഒഴിച്ചുകൂടാൻ വയ്യാത്തതാണ് എന്ന്‌ പറയുക? അത്രയും ഊർജം കൂടി മറ്റു മാർഗങ്ങളിലൂടെ ഉണ്ടാക്കിയാൽ പോരെ?ഒന്നുകിൽ, അതിനനുസരിച്ച് കൽക്കരി, എണ്ണ, ഗ്യാസ് എന്നിവയിൽ നിന്നുള്ള ഉത്പാദനം വര്ധിപ്പിക്കെണ്ടിവരും. അല്ലെങ്കിൽ, പവനോര്ജം, സൌരോർജം തുടങ്ങിയ തെളിയിക്കപ്പെട്ട മറ്റു മാർഗങ്ങളിൽ കൂടി അത്രയും ഊർജം അധികമായി ഉത്പാദിപ്പിക്കണം. ഒരു മെഗാവാട്ട് സൌരോർജ ഫോടോവോൾട്ടയിക് പ്ലാന്റിൽ നിന്ന്‌ ഒരു വർഷം 12 ലക്ഷം യൂനിറ്റ് (1.2 MU) വൈദ്യുതി കിട്ടും എന്ന്‌ കണക്കാക്കിയാൽ, ആണവ ഊര്ജത്തിൽ നിന്ന്‌ പ്രതീക്ഷിക്കുന്ന അത്രയും വൈദ്യുതി ഉത്പാദിപ്പിക്കാൻ ഏതാണ്ട് 3,00,000 മെഗാവാട്ട് ശേഷിയുള്ള സോളാർ പി വി പ്ലാന്റുകൾ അധികമായി സ്ഥാപിക്കേണ്ടി വരും. ഇന്ത്യയേക്കാൾ എത്രയോ കുറവ് മാത്രം സൌരോർജം കിട്ടുന്ന ജർമനി ഇതിനകം തന്നെ 29000 മെഗാവാട്ട് ശേഷിയുള്ള സൌരോർജ നിലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട് എന്നോർക്കുമ്പോൾ ഇത് നമുക്ക് അപ്രാപ്യമായ ലക്ഷ്യമല്ല എന്ന്‌ കാണാവുന്നതാണ്. അതിനുള്ള നിശ്ചയ ദാര്ട്യവും ഭാവനാത്മകമായ നയങ്ങളും നടപടികളും ഉണ്ടാകണം എന്ന്‌ മാത്രം.

എത്രയായാലും ആണവോർജത്തിനു പകരം ആകുമോ സൌരോർജ വൈദ്യുതി?

ഉടനെ പറ്റില്ല. പക്ഷേ ദീർഘകാല അടിസ്ഥാനത്തിൽ സൌരോർജം, പവനോര്ജം, ജലവൈദ്യുതി, ബയോമാസ് മുതലായ അക്ഷയ ഊർജ സ്രോതസ്സുകളിൽ നിന്ന്‌ നമുക്ക് ആവശ്യമുള്ള വൈദ്യുതി മുഴുവനും ഉത്പാദിപ്പിക്കാൻ തീർച്ചയായും സാധിക്കും. എന്നല്ല, അത് മാത്രമേ സാധ്യമാവൂ. പക്ഷേ ചില സാങ്കേതിക മുന്നേറ്റങ്ങൾ കൂടി നേടേണ്ടതുണ്ട്. അതിനായിരിക്കണം എല്ലാ രാജ്യങ്ങളുടെയും മുൻഗണന. സൌരോർജ വൈദ്യുതിയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന പ്രശ്നം പരിഹരിക്കപ്പെടെണ്ടതുണ്ട്. സൌരോർജത്തിൽ നിന്നുണ്ടാകുന്ന വൈദ്യുതി സൂക്ഷിച്ചുവയ്ക്കാനുള്ള വഴി കണ്ടെത്തണം എന്നതാണത്. സൌരോർജം പകലാണല്ലോ കിട്ടുക. വൈദ്യുതിയാണെങ്കിൽ രാവും പകലും ആവശ്യവുമുണ്ട്. അതിനായി രണ്ട് വഴികളാണ് സാധ്യമായുള്ളത്. ഒന്ന്, പകൽ ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഉപയോഗിച്ചു ഹൈഡ്രജൻ ഉണ്ടാക്കുക; അത് സൂക്ഷിച്ചുവച്ച്‌ ആവശ്യാനുസരണം വൈദ്യുതി ഉത്പാദിപ്പിക്കാം. രണ്ടാമത്തെ വഴി, പകൽ സമയത്ത് ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഉപയോഗിച്ച് വെള്ളമോ വായുവോ പമ്പുചെയ്ത് ഉന്നത മർദത്തിൽ ശേഖരിച്ചുവച്ച്‌, ആവശ്യാനുസരണം വൈദ്യുതി ഉത്പാദിപ്പിക്കുക എന്നതാണ്. 'പമ്പ്ഡു സ്റൊറെജ് ' എന്നാണ് ഈ സാങ്കേതികവിദ്യക്ക് പറയുക. ഇപ്പോൾ തന്നെ, ചില പ്രത്യേക സാഹചര്യങ്ങളിൽ ഈ വിദ്യ പ്രയോഗിക്കുന്നുണ്ട്. ഇത് വികസിപ്പിച്ചു ലാഭകരമാക്കാൻ കഴിഞ്ഞാൽ സൌരോർജം, പവനോര്ജം മുതലായ അസ്ഥിര ഊർജ സ്രോതസ്സുകളുടെ ഉപയോഗം സുസ്ഥിരമാക്കാൻ കഴിയും. ഇതോ, അല്ലെങ്കിൽ പകരം വയ്ക്കാവുന്നതോ ആയ സാങ്കേതിക വിദ്യകൾ തെളിഞ്ഞുവരും വരെ, എണ്ണ, ഗ്യാസ്, കൽക്കരി എന്നീ ഫോസിൽ ഇന്ധനങ്ങളെ കുറെക്കാലത്തെക്കുകൂടി ആശ്രയിച്ചേ മതിയാവൂ.

എണ്ണ, ഗ്യാസ്, കൽക്കരി എന്നിവയൊക്കെ കത്തിക്കുമ്പോൾ കാർബൺ ഡയോക്സയിഡു പുറത്തേക്ക് വമിക്കുകയും അത് ആഗോളതാപനത്തിനു കാരണമാകുകയും ചെയ്യില്ലേ?

= ശരിയാണ്. വാസ്തവത്തിൽ ആണവവാദികൾ മുന്നോട്ടുവയ്ക്കുന്ന ഒരു പ്രധാന വാദം ഇതാണ്: ആഗോളതാപനം ഒഴിവാക്കണമെങ്കിൽ കൂടുതൽ ആണവ നിലയങ്ങൾ സ്ഥാപിച്ചേ തീരൂ. ഒരർഥത്തിൽ അത് ശരിയുമാണ്. പക്ഷേ, അനവനിലയനൾക്ക് പകരം സൌരോർജനിലയങ്ങളും കാട്ടാടികളും കൂടുതലായി സ്ഥാപിച്ചാലും അത് സാധിക്കാം. ഉദാഹരണമായി, ഇന്ത്യയുടെ ആസൂത്രണ കമ്മീഷൻ 2006 ൽ അവതരിപ്പിച്ച ഉദ്ഗ്രഥിത ഊർജ നയം (IEP) അനുസരിച്ച് 2031 - 32 ൽ ഇന്ത്യയുടെ പ്രതീക്ഷിത വൈദ്യുതി ആവശ്യം 2828 മുതൽ 3693 കോടിവരെ ശതകോടി യൂനിറ്റ് ആയിരിക്കും. അതിൽ 375 ശതകോടി യൂനിറ്റ് മാത്രമാണ് ആണവോർജത്തിൽ നിന്ന്‌ പ്രതീക്ഷിക്കുന്നത് എന്ന്‌ സൂചിപ്പിച്ചുവല്ലോ. അതേ സമയം, സൌരോർജവും പവനോർജവും ഉൾപ്പെടെയുള്ള അക്ഷയ സ്രോതസ്സുകളിൽ നിന്ന്‌ ഉത്പാദിപ്പിക്കാം എന്ന്‌ പ്ലാനിംഗ് കമ്മീഷൻ കണക്കുകൂട്ടുന്നത് 24 ശതകോടി യൂനിറ്റ് മാത്രമാണ്. ഇത് വല്ലാത്ത ഒരു കുറച്ചുകാണൽ ആണ്‌ എന്ന്‌ പറഞ്ഞെ തീരൂ. ഇന്ത്യയേക്കാൾ വളരെക്കുറച്ചുമാത്രം സൌരോർജം ലഭിക്കുന്ന ജെർമനി, ഇതിനകം തന്നെ അവരുടെ മൊത്തം വൈദ്യുതാവശ്യത്തിന്റെ 3.5% (9.66 ശതകോടി യൂനിറ്റ് ) സൌരോർജത്തിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. കാറ്റിൽ നിന്ന്‌ 7.5% ഉം (20.6 ശതകോടി യൂനിറ്റ് ) ഉൾപ്പെടെ മൊത്തം 20.8% വൈദ്യുതി ആവശ്യവും അവർ പുതുക്കാവുന്ന (അക്ഷയ) സ്രോതസ്സുകളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.സൌരോർജത്തിന്റെ കാര്യത്തിൽ ജെർമനിയെക്കൾ എത്രയോ സമ്പന്നമായ ഇന്ത്യയ്ക്ക് ആ ലക്‌ഷ്യം എളുപ്പത്തിൽ കൈവരിക്കാവുന്നതെ ഉള്ളൂ, വേണമെന്നു വച്ചാൽ.

12 മണിക്കൂർവരെ പവർക്കട്ട് ഉള്ള പ്രദേശമാണ് തമിഴ്നാട്. അവിടുത്തെ ഗ്രാമീണർ വൈദ്യുതിക്കായി സമരം ചെയ്യുന്നവരാണ്. ആ പ്രശ്നത്തിന് നിങ്ങൾക്കെന്താ മറുപടി ?

= വരൾച്ച വരുന്ന സമയത്ത് ഏറ്റവും കൂടുതൽ ലോഡ് വരുന്നത് ജലസേചനത്തിനുള്ള പമ്പുകളിൽ നിന്നാണ്. അടുത്തകാലത്ത് ഉത്തരേന്ദ്യയിൽ ഉണ്ടായ "ബ്ലാക്ക് ഔട്ട്‌" ന്റെ കാരണവും അതായിരുന്നു. ഇത്തരം സന്ദർഭങ്ങളിലാണ് സൌരോർജത്തിന്റെ വില അറിയുക. വേനൽക്കാലത്ത് സൌരോർജ പാനലുകളിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം പരമാവധി ആയിരിക്കും. സോളാർ പമ്പിംഗ് സിസ്റ്റങ്ങൾ സ്ഥാപിച്ചുകൊടുക്കാൻ ഒരു അടിയന്തിര പരിപാടി ഉണ്ടെങ്കിൽ ഈ പ്രതിസന്ധി തരണം ചെയ്യാവുന്നതെ ഉള്ളൂ.

അതുവരെ എന്തുകൊണ്ട് ആണവനിലയങ്ങളെ ആശ്രയിച്ചുകൂടാ?

അങ്ങനെയാണ് അടുത്തകാലം വരെ എല്ലാ രാജ്യങ്ങളും, ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളും, കരുതിയിരുന്നത്. എന്നാൽ, ഫുകുഷിമ അപകടം എല്ലാവരിലും ഒരു പുനർവിചിന്തനം വരുത്തിയിരിക്കുന്നു. അടിക്കടി ഉണ്ടാകുന്ന ആണവ അപകടങ്ങൾക്ക് കൊടുക്കേണ്ടിവരുന്ന വില ദുർവഹം ആണെന്ന് അവർക്ക് ഇപ്പോൾ ബോധ്യമായിരിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ആണ്‌, അല്ലാതെ ആണവോർജം കൊണ്ടുവരുന്ന ഊർജ സമ്പത്തിനും ബിസിനസ് അവസരങ്ങൾക്കും അല്ല മുൻഗണന കൊടുക്കേണ്ടതെന്നു അവർ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ്, ജപ്പാനും ജർമനിയും സ്വിറ്റ്സർലാണ്ടും സ്വീഡനും മാത്രമല്ല, പരമ്പരാഗതമായി ആണവോർജത്തിൽ അമിത വിശ്വാസമർപ്പിച്ചിരുന്ന ഫ്രാൻസ് പോലും ആണവോർജത്തിലുള്ള ആശ്രിതത്വം കുറയ്ക്കും എന്ന്‌ പ്രഖ്യാപിച്ചിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥിതിയിൽ ജനങ്ങളുടെ ശക്തമായ അഭിപ്രായത്തെ മാനിക്കാതെ പറ്റില്ലാ എന്നതായിരിക്കാം കാരണം. ശരിതന്നെ, ഒറ്റയടിക്ക് ആണവനിലയങ്ങൾ അടച്ചുപൂട്ടും എന്ന്‌ ഒരു രാജ്യവും പറയുന്നില്ല - ഇപ്പോഴും. പക്ഷേ, കാറ്റ് മാറിവീശിത്തുടങ്ങി എന്നതിൽ സംശയമില്ല. ഫ്രാന്സിനെയോ ജപ്പാനെയോ പോലെ വൻതോതിൽ ആണവനിലയങ്ങളിൽ മുതൽ മുടക്കിയ രാജ്യങ്ങൾക്ക് ആ ധർമസങ്കടം ഉണ്ടാകും. പക്ഷേ ഇന്ത്യയെപ്പോലെ താരതമ്യേന കുറച്ചുമാത്രം (വെറും നാലുശതമാനം മാത്രം) ആണവോർജത്തെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് ഇനി ആ വഴിയെ അധികം മുന്നോട്ടു പോകാതിരിക്കുക എന്നത് തന്നെയാണ് ബുദ്ധി. അതു തിരിച്ചറിയാനുള്ള വിവേകം നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ഭരണാധികാരികൾക്കും ഉണ്ടാകട്ടെ.

ആണവനിലയങ്ങളെ എതിർക്കുമ്പോൾ നിങ്ങൾ ആണവ വിദ്യയെ അപ്പാടെ എതിർക്കുകയാണോ? മെഡിക്കൽ ആപ്ലിക്കേഷനും മറ്റുമായി ആണവ വികിരണം ഉപയോഗിക്കുന്നില്ലേ? അതും വേണ്ടെന്നാണോ?

തീർച്ചയായും അല്ല. മെഡിക്കൽ / ഇന്ടസ്ട്രിയൽ ഐസോട്ടോപ്പ് ഉണ്ടാക്കാനും ശാസ്‌ത്ര ഗവേഷണത്തിനും മറ്റുമായി പരീക്ഷണ റിയാക്ടറുകൾ പല രാജ്യങ്ങളിലും, പല വിദേശ സർവകലാശാലകളിൽ പോലും, പ്രവർത്തിക്കുന്നുണ്ട്. അവകൊണ്ട് ആണവ വൈദ്യുതി റിയാക്ടറുകളിൽ നിന്നെന്ന പോലെയുള്ള അപകട സാധ്യത ഉണ്ടാവില്ല.

പരിസ്ഥിതി ആക്ടിവിസ്റ്റുകൾ കൂടംകുളത്തെ എതിർക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികൾ പക്ഷേ, ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കഴിഞ്ഞാൽ കൂടംകൂളം സ്വീകാര്യമെന്നു പറയുന്നു.അമേരിക്കൻ പണം പറ്റുന്നവർ എന്നാക്ഷേപിക്കപ്പെടുന്ന ആക്ടിവിസ്റ്റുകൾക്കൊപ്പമാണോ പരിഷത്തും നിലപാടെടുക്കുന്നത്

ഓരോ വിഷയവും പഠിച്ചും വിലയിരുത്തിയും ചർച്ചചെയ്തും ശാസ്ത്രീയമായ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ പ്രശ്നങ്ങളിൽ ഇടപെടുന്ന സംഘടനയാണ് പരിഷത്ത്. മറ്റ് സംഘടനകൾ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല പരിഷത്ത് നിലപാട് സ്വീകരിക്കുന്നത്. ആണവനിലയത്തെ എതിർക്കാൻ മേൽവിശദീകരിച്ച ന്യായീകരണങ്ങളാണ് പരിഷത്തിനുള്ളത് എന്ന് ഇതിനകം ബോദ്ധ്യപ്പെട്ടിരിക്കുമല്ലോ.

ഇതൊക്കെ ഇങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണ് നമ്മുടെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഇപ്പോഴും ആണവനിലയങ്ങളെ തള്ളിപ്പറയാത്തത് ?

പല കാരണങ്ങളും ഉണ്ടാകാം. ഏറ്റവും പ്രധാനം ആധുനിക ശാസ്‌ത്ര സാങ്കേതിക വിദ്യകളുടെ മകുടമണി എന്ന്‌ വാഴ്ത്തപ്പെട്ട ആണവവിദ്യയെ തള്ളിപ്പറയാനുള്ള സങ്കോചം തന്നെയാണ്. തങ്ങൾ പിൻതിരിപ്പന്മാരെന്നോ പുരോഗമനവിരുദ്ധരെന്നോ അപഹസിക്കപ്പെട്ടാലോ? (വാസ്തവം പറഞ്ഞാൽ, ആണവനിലയങ്ങൾ പൂര്ണതയിലെത്തും മുൻപേ കാലഹരണപ്പെട്ടുപോയ ഒരു സാങ്കേതിക വിദ്യയാണ്. സൌരോർജത്തിലും പവനോർജത്തിലും വന്ന പുത്തൻ കുതിപ്പുകളാണ് അതിനെ കാലഹരണപ്പെടുത്തിയത്. ആ അർത്ഥത്തിൽ ഇനിയും ആണവോർജത്തെ മുറുകെപ്പിടിക്കുന്നതാണ് പിൻതിരിപ്പൻ സമീപനം എന്ന്‌ പറയേണ്ടിവരും!) മറ്റൊരു കാരണം, ഇന്ത്യ സർവപ്രതീക്ഷയും അർപ്പിച്ചിരുന്ന, സഹസ്രകോടികൾ മുടക്കിക്കഴിഞ്ഞ, ആണവപരിപാടി പരാജയം ആണെന്ന് സമ്മതിക്കുന്നതിലെ ജാള്യത ആയിരിക്കാം. മൂന്ന്, ആണവപരിപാടി തീർത്തും വേണ്ടെന്നു വച്ചാൽ അത് രൂക്ഷമായ ഊർജ പ്രതിസന്ധിയിലേക്ക് നയിച്ചെക്കുമോ എന്ന ഭയം. നാല്, (യു.പി. എ. യേ സംബന്ധിച്ചിടത്തോളം) വളരെയധികം നയതന്ത്ര സമ്മർദം ചെലുത്തി നേടിയെടുത്ത ഇൻഡോ അമേരിക്കൻ ആണവക്കരാർ പാഴാക്കിയാൽ, അത് ഇൻഡോ അമേരിക്കൻ ബന്ധങ്ങളെ എങ്ങനെ ബാധിക്കും എന്ന ആശങ്ക. അഞ്ച്, ആണവലോബിയുടെയും അനിവാര്യമായും സംഭവിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ആണവ സ്വകാര്യവത്കരണത്തിന്റെ ഗുണഭോക്താക്കളാകാൻ കാത്തിരിക്കുന്ന വ്യവസായ ലോബിയുടെയും സമ്മർദം. ആറ്, ആണവ നിലയങ്ങൾ സുരക്ഷിതമാണെന്നും, അഥവാ ഇനി അപകടങ്ങൾ ഉണ്ടായാൽ തന്നെ, "വരുന്നിടത്തുവച്ചു കാണാം" എന്നും കരുതുന്ന "പ്രായൊഗികവാദികളായ" ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും ചെലുത്തുന്ന സ്വാധീനം.

ഇതൊക്കെ ഏറിയും കുറഞ്ഞും എല്ലാ രാജ്യങ്ങളിലും ഉള്ള ഘടകങ്ങൾ ആണ്‌. ഫ്രാൻസിലും ജപ്പാനിലും ജെർമനിയിലും ഒക്കെ ഇതിനെയെല്ലാം ചെറുത്തുകൊണ്ട് ആണവ വിരുദ്ധ തീരുമാനങ്ങൾ എടുക്കാൻ സർക്കാരുകളെ നിർബന്ധിതരാക്കിയത് ശക്തമായ ജനവികാരം ആണ്‌. അത് വളർത്തിയെടുക്കുക എന്നതായിരിക്കണം ഇന്ത്യയിലും നമ്മുടെ ലക്‌ഷ്യം.

അനുബന്ധം

ഇക്കഴിഞ്ഞ മേയ് 13 നു തിരുവനന്തപുരത്ത് സമാപിച്ച പരിഷത്തിന്റെ നാല്പത്തൊന്പതാം വാർഷികം അംഗീകരിച്ച പ്രമേയം: ആണവനിലയങ്ങൾ ഇനി വേണ്ട

അമേരിക്കയുമായുണ്ടാക്കിയ 123 കരാറിനെ പരിഷത്ത് ആദ്യംമുതൽ തന്നെ എതിർത്തിരുന്നതാണ്. കരാർ വ്യവസ്ഥകൾ ഇന്ത്യയുടെ താത്പര്യങ്ങൾക്ക് ഹാനികരമാണ് എന്നതുമാത്രമായിരുന്നില്ല എതിർപ്പിനുകാരണം. അതിന്റെ ആവശ്യത്തെപ്പറ്റി, ആണവോർജവികസനത്തെപ്പറ്റിത്തന്നെ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ആണവനിലയങ്ങൾ അനഭിലഷണീയമാണെന്നും അവയുടെ ആവശ്യം ഇല്ലെന്നുമുള്ള നിലപാടാണ് പരിഷത്തിനുണ്ടായിരുന്നത്. ജപ്പാനിലെ ഫുക്കുഷിമ ദുരന്തം പരിഷത്തിന്റെ നിലപാടിനെ ശരിവയ്ക്കുന്നു. ജപ്പാനിലെ ആണവനിലയങ്ങൾ എല്ലാംതന്നെ അടച്ചുപൂട്ടിയിരിക്കുകയാണ്. അമേരിക്കയാകട്ടെ 1978-നുശേഷം ഒരൊറ്റപുതിയ റിയാക്ടറിനുപോലും അനുമതി നൽകിയിട്ടില്ല. ജർമനി ഒരു ആണവവിമുക്ത ഊർജഭാവി രൂപപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. ആണവനിലയങ്ങളെ ഏറ്റവുമധികം ആശ്രയിച്ചിരുന്ന ഫ്രാൻസ് പോലും വീണ്ടുവിചാരം ആരംഭിച്ചിരിക്കുന്നു. ഇതൊന്നും കണ്ടില്ല, കേട്ടില്ല എന്നുപറഞ്ഞ് മുന്നോട്ടുപോകുന്നത് ഇന്ത്യയും ചൈനയും മാത്രമാണ്.

കൂടംകുളം ആണവനിലയത്തിനെതിരായി നടക്കുന്ന ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തിക്കൊണ്ട് അതിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. മാരകമായ റേഡിയോ ആക്റ്റീവ് പദാർഥങ്ങൾ റിയാക്ടറുകളിൽ വൻ തോതിൽ ഉത്പാദിപ്പിക്കപ്പെടും. മാത്രമല്ല ആയിരം മെഗാവാട്ട് ഉത്പാദനശേഷി വിഭാവനം ചെയ്യുന്ന ജെയ്താപ്പൂർ ആണവനിലയവും മറ്റു നിലയങ്ങളും നിർമിക്കുകതന്നെ ചെയ്യും എന്ന നിലപാടിലാണ് ഗവൺമെന്റ്. അതിനായി അവർ അണിനിരത്തുന്ന വാദങ്ങളെല്ലാം തെറ്റാണ്.

ആണവനിലയങ്ങളില്ലെങ്കിലും ഇന്ത്യയുടെ ഊർജാവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ കഴിയും. തത്കാലത്തേക്ക് താപനിലയങ്ങളുടെ ശേഷി പത്തുമുതൽ 12 ശതമാനം വരെ കൂട്ടിയാൽ മതി. അതോടൊപ്പം സൗരോർജനിലയങ്ങളുടെ ശേഷി വർധിപ്പിക്കുകയും വേണം. ആണവനിലയങ്ങൾ ഒഴിവാക്കിയേ പറ്റൂ. സൗരോർജം ആത്യന്തികമായി ആണവ ഊർജത്തെക്കാൾ ലാഭകരമായി ഉത്പാദിപ്പിക്കാൻ കഴിയും. അതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഇന്ത്യയ്ക്ക് ഒരു ആണവേതര ഊർജഭാവി സാധ്യമാണ്.

ആണവമാലിന്യങ്ങൾ അതീവമാരകങ്ങളാണ്. അവ സംസ്‌കരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. പ്ലൂട്ടോണിയം വീണ്ടെടുത്ത് കഴിഞ്ഞ് അവശേഷിക്കുന്നതും മാരകമായ മാലിന്യമാണ്. അവയെ സുരക്ഷിതമായി നൂറുകണക്കിന് കൊല്ലം സൂക്ഷിക്കുക എന്നത് ചെലവേറിയ കാര്യമാണ്. ലോകത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലധികം കാലമായി ഉത്പാദിപ്പിക്കപ്പെട്ടിട്ടുള്ള ആണവമാലിന്യങ്ങളൊന്നുംതന്നെ ശാസ്ത്രീയമായി മറവുചെയ്യപ്പെട്ടിട്ടില്ല. സെയ്ഫ് കസ്റ്റഡിയിൽ സൂക്ഷിച്ചുവച്ചിരിക്കുകയാണ്. വരുംതലമുറകളുടെ മേൽ അപകടകരവും അനാവശ്യവുമായ ഒരു ബാധ്യതയാണ് നമ്മൾ അടിച്ചേൽപ്പിക്കുന്നത്. അതിനവർ നമുക്ക് മാപ്പുതരില്ല.

ഇന്ത്യയിൽ ആണവോർജം സമൃദ്ധമാണ് എന്ന വാദവും തെറ്റാണ്. ബ്രീഡർ റിയാക്ടറുകൾ കഴിഞ്ഞ 50 കൊല്ലത്തെ പരീക്ഷണങ്ങൾക്കുശേഷവും ഇപ്പോഴും പരീക്ഷണഘട്ടത്തിൽ ഇരിക്കുകയാണ്. തോറിയം ബ്രീഡറുകളാകട്ടെ പരീക്ഷണത്തിനുപോലും വിധേയമായിട്ടില്ല. യുറേനിയത്തെ മാത്രം ആശ്രയിക്കുന്ന - അതേപറ്റൂ - പരിപാടി പരിമിതമാണ്. പരമാവധി പതിനയ്യായിരം മെഗാവാട്ട്. 2031-ൽ ഇന്ത്യയ്ക്കു വേണ്ടത് 750000 മെഗാവാട്ടാണ് എന്നത്രേ മതിച്ചിട്ടുള്ളത്. സുരക്ഷാ, സമൃദ്ധി, ഉത്പാദനച്ചെലവ് - ഏത് പരിഗണിച്ചാലും ആണവനിലയം ഇതിനൊന്നും ഉതകില്ല എന്ന നിഗമനത്തിലാണ് എത്തുന്നത്.

ഈ പശ്ചാത്തലത്തിൽ, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 49-ാം സമ്മേളനം കേന്ദ്രഗവൺമെന്റനോട് ആവശ്യപ്പെടുന്നു: ഇനിയൊരു ആണവനിലയവും പണിയരുത്. ആണവോർജ വികസനത്തിന് ചെലവാക്കുന്ന വൻതുക സൗരോർജ വികസനത്തിനായി മാറ്റിവയ്ക്കുക. നിലവിലുള്ള ആണവനിലയങ്ങൾ ക്രമേണ അടച്ചുപൂട്ടാനുള്ള സാധ്യത പരിശോധിക്കുക. കൂടംകുളം നിലയം പൂർത്തിയാക്കിയുട്ടുണ്ടെങ്കിൽപ്പോലും കമ്മിഷൻ ചെയ്യാതെ ഉപേക്ഷിക്കുന്നതായിരിക്കും ആത്യന്തികമായി അഭികാമ്യം. പക്ഷേ അതുമൂലമുണ്ടാകുന്ന ധനനഷ്ടം സഹിക്കാനും ഒരു സമൂഹം എന്ന നിലയിൽ നാം തയ്യാറാകേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കൂടംകുളത്തുനിന്നും വിഹിതം ചോദിച്ചുവാങ്ങാനുള്ള കേരളസർക്കാരിന്റെ നീക്കത്തെ ഈ സമ്മേളനം അപലപിക്കുന്നു. അതിനുപകരം അത്രയും വൈദ്യുതി പവനോർജമായും സൗരോർജമായും ഉത്പാദിപ്പിക്കാനുള്ള സഹായമാണ് നാം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടേണ്ടത്.

പരിഷദ് സമ്മേളനം ഇന്നാട്ടിലെ പൗരന്മാരോട് അഭ്യർഥിക്കുന്നു: ഭാവിതലമുറയുടെ മേൽ അസഹനീയമായ ആണവമാലിന്യങ്ങൾ അടിച്ചേല്പിക്കുന്ന, ഒരുതരത്തിലും ന്യായീകരിക്കാനാകാത്ത, ഗവൺമെന്റിന്റെ ആണവ വികസനപരിപാടിയെ എതിർത്തു തോല്പിക്കുക; ഇന്ത്യൻ ജനതയുടെ താത്പര്യമല്ല അന്താരാഷ്ട്ര ആണവലോബിയുടെ താത്പര്യമാണ് ഈ പരിപാടിക്കുപിന്നിൽ ഉള്ളതെന്നും മനസ്സിലാക്കുക; കൂടംകുളം നിലയത്തിനെതിരായി സമരം ചെയ്യുന്ന തമിഴ്‌നാട്ടിലെ ജനങ്ങൾക്കും ജെയ്താപ്പൂർ നിലയത്തെ പ്രതിരോധിക്കുന്ന മഹാരാഷ്ട്രയിലെ ജനങ്ങൾക്കും വൈകാരികവും ഭൗതികവുമായ പിന്തുണ നൽകുക.

കുറിപ്പ്

കേരള ശാസ്‌ത്ര പരിഷത്ത് ഈ നിലപാടിൽ എത്തിയത് ആകസ്മികമായല്ല. അര നൂറ്റാണ്ട്‌ മുൻപ്, പരിഷത്തിന്റെ ആരംഭദശയിൽ, ശാസ്ത്രലോകത്തെ മറ്റു മിക്കവരെയും പോലെ തന്നെ പരിഷത്തും ആണവ സാങ്കേതിക വിദ്യയുടെ ആകർഷകമായ വാഗ്ദാനങ്ങളിൽ വിശ്വസിച്ചിരുന്നു. അളവറ്റതും ചെലവ് കുറഞ്ഞതും ആയ ഊര്ജസംപത്തിലെക്കുള്ള വാതിലാണ് തുറക്കപ്പെട്ടിരിക്കുന്നത് എന്ന്‌ പരിഷത്തും കരുതി. എന്നാൽ, വിവിധ ആണവനിലയങ്ങളിലും സംസ്കരണശാലകളിലും മാലിന്യ നിക്ഷേപങ്ങളിലും ഉണ്ടായിക്കൊണ്ടിരുന്ന അപകടങ്ങളും അവയോടു ആണവ അധികൃതർ എടുത്ത നിഷേധാത്മക സമീപനവും സംശയത്തിന്റെ വിത്തുപാകി. 1979 ലെ ത്രീ മൈൽ ഐലന്ഡ് അപകടം ഒരു മുന്നറിയിപ്പ് ആയിരുന്നു. ആണവനിലയങ്ങൾ പ്രവർത്തന നിരതമായി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആണവ മാലിന്യ സംസ്കരണം കീറാമുട്ടിയായി അവശേഷിച്ചതും ഈ സാങ്കേതികവിദ്യയുടെ സാധുതയെക്കുറിച്ച്‌ ആശങ്കയുയർത്തി. താങ്ങാൻ പാടില്ലാത്ത ഭാരമാണ് നാം ഭാവിതലമുറകളിലേക്ക് പകരുന്നത് എന്നത് അസ്വാസ്ഥ്യജനകം ആയിരുന്നു. ഈ സാഹചര്യത്തിലാണ് 1986 -ൽ ചെർണോബിൽ ആണവദുരന്തം അരങ്ങേറുന്നത്. അതോടെ വൻതോതിൽ ഉള്ള ആണവ അപകടങ്ങൾ സംഭവ്യതയുടെ സീമയ്ക്കുള്ളിലാണെന്നും ആണവ നിലയങ്ങൾ സ്ഥാപിക്കുമ്പോൾ ആ സാധ്യതയും കണക്കിലെടുക്കണമെന്നും പൊതുവേ അമ്ഗീകരിക്കപ്പെട്ടു. അതുകൊണ്ടാണ് എൺപതുകളിൽ കേരളത്തിൽ ഒരു ആണവനിലയം സ്ഥാപിക്കാനുള്ള നീക്കം ഉണ്ടായപ്പോൾ, പാരിസ്ഥിതിക ലോലമായ കേരളത്തിൽ അതിന് അനുയോജ്യമായ സ്ഥലം ഇല്ലെന്നും ആ നീക്കം ഉപേക്ഷിക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടത്. എന്നാൽ, ഒരിടത്തും ഒരുകാലത്തും ആണവനിലയം പാടില്ല എന്നൊരു നിലപാടിൽ പരിഷത്ത് അന്ന് എത്തിയിരുന്നില്ല. (അങ്ങനെ ചിന്തിച്ചിരുന്ന ചില മുതിർന്ന പ്രവർത്തകർ പരിഷത്തിൽ അന്നും ഉണ്ടായിരുന്നെങ്കിലും!) ഒരു പക്ഷേ, സാങ്കേതിക വിദ്യയിലുള്ള പുരോഗതിയിലൂടെ ഈ പരിമിതികൾ മറികടക്കാൻ ആണവ വിദ്യക്ക് കഴിയും എന്ന പ്രതീക്ഷ പരിഷത്ത് അന്നും പുലർത്തിയിരുന്നു. എന്നാൽ, ആ പ്രതീക്ഷകൾ സഫലമായില്ല. മറിച്ച്‌, അതിന് പിന്നീട് ഉണ്ടായ സംഭവ വികാസങ്ങൾ, വിശേഷിച്ചും ഫുകുഷിമ ദുരന്തവും, അതോടൊപ്പം സൌരോർജവും പവനോർജവും ഉൾപ്പെടെയുള്ള ബദൽ ഊർജസാങ്കേതിക വിദ്യകളിലുണ്ടായിട്ടുള്ള പുരോഗതിയും, ആ നിലപാടിൽ നിന്ന്‌ മുന്നോട്ടു പോയി ആണവനിലയങ്ങൾ ആവശ്യമില്ല എന്ന നിലപാടിലെത്താൻ പരിഷത്തിനെ സജ്ജമാക്കിയിരിക്കുന്നു.

ഒരിടത്തും ഒരുകാലത്തും വൈദ്യുതി ഉത്പാദനത്തിന് വേണ്ടി ആണവനിലയങ്ങളെ ആശ്രയിക്കേണ്ടതില്ല എന്ന്‌ പറയാൻ ഇന്ന് നമുക്ക് കഴിയും; കഴിയണം.