കേരള ശാസ്ത്രസാഹിത്യ സമിതി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
01:08, 14 ജൂൺ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- സുജിത്ത് (സംവാദം | സംഭാവനകൾ) ('കേരളത്തിലെ ആദ്യ ശാസ്ത്രസാഹിത്യ സംഘടനയായിരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിലെ ആദ്യ ശാസ്ത്രസാഹിത്യ സംഘടനയായിരുന്നു കേരള ശാസ്ത്രസാഹിത്യ സമിതി. എൻ.വി. കൃഷ്ണവാര്യരുടെ നേതൃത്വത്തിൽ സമസ്ത കേരള സാഹിത്യ പരിഷത്തിൽ പ്രവർത്തിച്ചിരുന്ന ചിലർ ചേർന്ന് രൂപീകരിച്ച ഈ സമിതി വളരെ ചുരുങ്ങിയ കാലം മാത്രമാണ് പ്രവർത്തന രംഗത്തുണ്ടായിരുന്നത്. ഈ സംഘടന പിൽക്കാലത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ രൂപീകരണത്തിന് വഴി തെളിച്ചു.

ചരിത്രം

1927 -ൽ ആരംഭിച്ച സമസ്ത കേരള സാഹിത്യപരിഷത്തിന്റെ പ്രവർത്തനങ്ങളിൽ അസംതൃപ്തരായ ചില സാഹിത്യകാരന്മാർ ചേർന്ന് സാഹിത്യ സമിതി എന്നൊരു സംഘടന ഉണ്ടാക്കുവാൻ മുൻകൈയ്യെടുത്തു. 1957 -ൽ ഒറ്റപ്പാലത്തു വെച്ച് ചേർന്ന അതിന്റെ വാർഷിക സമ്മേളനത്തിൽ, മലയാളത്തിൽ ശാസ്ത്ര രചനകൾ നടത്തുന്നവർക്കായി പ്രത്യേകം ഒരു യോഗം നടക്കുകയും ആ യോഗത്തിൽ കേരള ശാസ്ത്രസാഹിത്യ സമിതി എന്ന സംഘടനയ്ക്ക് രൂപം നൽകുകയും ചെയ്ത. പി.ടി. ഭാസ്കരപ്പണിക്കർ ആണ് ഇതിന് മുൻകൈയെടുത്തത്. പി.കെ.കോരുമാസ്റ്റർ അധ്യക്ഷനും ഭാസ്കരപ്പണിക്കർ ഉപാധ്യക്ഷനും ഒ.പി.നമ്പൂതിരിപ്പാട് കാര്യദർശിയും ഡോ.എസ്സ്.പരമേശ്വരൻ, സി.കെ.മൂസ്സത്, എം.സി.നമ്പൂതിരിപ്പാട്, ഇ.വി.ദേവ്, എം.എൻ.സുബ്രഹ്മണ്യൻ മുതലായവർ നിർ‌വ്വാഹക സമിതി അംഗങ്ങളുമായി.

വിവിധ ശാസ്ത്ര ശാഖകളെ സംബന്ധിച്ച ലേഖനങ്ങൾ സമാഹരിച്ച് ‘പെൻഗ്വിൻ സയൻസ് ന്യൂസ്’ എന്ന ഗ്രന്ഥ പരമ്പരയുടെ മാതൃകയിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുവാൻ സമിതി തീരുമാനിച്ചു. 1958-ൽ ‘ആധുനിക ശാസ്ത്രം’ എന്ന പേരിൽ ആദ്യത്തെ ലേഖനസമാഹാരം പുറത്തിറക്കുവാൻ കഴിഞ്ഞു. പി.കെ.കോരു, ഡോ.എസ്സ്.പരമേശ്വരൻ, പി.ടി. ഭാസ്കരപ്പണിക്കർ, സി.കെ.മൂസത്, എം.സി.നമ്പൂതിരിപ്പാട്, ഒ.പി.നമ്പൂതിരിപ്പാട്, ഇ.വി.ദേവ് എന്നിവരുടെ ലേഖനങ്ങളാണ് ‘ആധുനിക ശാസ്ത്ര’ത്തിൽ ഉണ്ടായിരുന്നത്. ഒരു രൂപ വിലയുണ്ടായിരുന്ന ഈ ഗ്രന്ഥത്തിന്റെ 1000 കോപ്പികൾ അച്ചടിച്ചിരുന്നു. 1958-ൽ ഡാർവിന്റെ, ഒറിജിൻ ഓഫ് സ്പീഷീസ് എന്ന ഗ്രന്ഥത്തിന്റെ ശതാബ്ദി വർഷമായിരുന്നതിനാൽ അത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനും ആലോചിച്ചിരുന്നു. പക്ഷേ അത് നടന്നില്ല.

സമിതിയുടെ ഊർജ്ജ സ്രോതസ്സായിരുന്ന പി.ടി ഭാസ്കരപ്പണിക്കർ ആദ്യ കേരള സർക്കാരിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ പ്രൈവറ്റ് സെക്രട്ടറിയായതിനെ തുടർന്ന് സമിതിയുടെ പ്രവർത്തനങ്ങൾ നിർജ്ജീവമായി.

"https://wiki.kssp.in/index.php?title=കേരള_ശാസ്ത്രസാഹിത്യ_സമിതി&oldid=602" എന്ന താളിൽനിന്ന് ശേഖരിച്ചത്