വേണം മറ്റൊരു കേരളം : സംസ്ഥാന ശില്പശാല
വേണം മറ്റൊരു കേരളംഎന്ന സാമൂഹ്യവികസന മുദ്രാവാക്യം മുന്നോട്ട് വച്ച് കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തി വരുന്ന ജനകീയ കാമ്പയിൻ അടുത്ത ഘട്ടത്തിലേക്ക്... കേരള വികസനം നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും വിമർശനാത്മകമായി വിലയിരുത്തപ്പെട്ട ഒന്നാം ഘട്ടത്തിൽ സംഘടിപ്പിക്കപ്പെട്ട കലാജാഥ,പദയാത്ര,സെമിനാറുകൾ എന്നിവ ശ്രദ്ധേയമായിരുന്നു. കേരളത്തെക്കുറിച്ച് ഗൌരവമായി ചിന്തിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞു.പഞ്ചായത്തടിസ്ഥാനത്തിൽ,മേഖലാകമ്മറ്റികളുടെ മുൻകൈയ്യോടെ ചെയ്തു വരുന്ന പ്രാദേശിക ഇടപെടൽ പ്രവർത്തനങ്ങൾ,അതിനാവശ്യമായ പഠനം,അതിൽ ഇന്നും ഉരുത്തിരിയുന്ന ബദൽ നിർദ്ദേശങ്ങൾ,ക്രീയാത്മക പ്രവർത്തനങ്ങൾ എന്നിങ്ങനെയാണ് അടുത്ത ഘട്ടം വിഭാവനം ചെയ്തിരിക്കുന്നത്.ഇതിനായി ജില്ലാ വിഷയസമിതികളെ പരസ്പരം ബന്ധപ്പെടുത്തിയും മേഖലാകമ്മറ്റികളുമായി കൂടിയാലോചിച്ചും ഒരു പ്രവർത്തനകലണ്ടർ തയ്യാറാക്കും.ഇതിന്റെ മോണിട്ടറിങ്ങിനായി സംസ്ഥാനതലത്തിലും,ജില്ലാതലത്തിലും വികസന സബ്-കമ്മറ്റിയുടെ ഭാഗമായി ഒരു സെൽ പ്രവർത്തിക്കും.