ആര്യാട് വടക്ക്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആര്യാട് വടക്ക് യൂണിറ്റ് | |
---|---|
പ്രസിഡന്റ് | ദീപാങ്കുരൻ |
വൈസ് പ്രസിഡന്റ് | മുരളീധരൻ |
സെക്രട്ടറി | ജ്യോതിരാജ് |
ജോ.സെക്രട്ടറി | ഹരികുമാർ |
ഗ്രാമപഞ്ചായത്ത് | മണ്ണഞ്ചേരി |
'''ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്''' |
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാകമ്മറ്റിയുടെ പരിധിയിൽപ്പെടുന്ന,ആലപ്പുഴ മേഖലയിലെ ഒരു യൂണിറ്റാണ് ആര്യാട് വടക്ക്.
യൂണിറ്റ് കമ്മറ്റി
- പ്രസിഡന്റ്
- വൈസ് പ്രസിഡന്റ്
- സെക്രെട്ടറി
- ജോയിന്റ് സെക്രെട്ടറി
യൂണിറ്റ് കമ്മറ്റി അംഗങ്ങൾ
സി.രാജശേഖരൻ, മോളി.പി., പ്രശാന്ത്,
യൂണിറ്റിലെ പ്രധാന പരിപാടികൾ
യൂണിറ്റിൽ നിന്നുള്ള ഉപരി കമ്മറ്റി അംഗങ്ങൾ
- എം.ഗോപകുമാർ,എം.രാജേഷ്(ജില്ല കമ്മറ്റി)
- എം.എൻ.സുശീലൻ(മേഖല കമ്മറ്റി)
യൂണിറ്റ് ചരിത്രം
1985-ലാണു യൂണിറ്റ് സ്ഥാപിതമായത്. മുൻപു ചില ശ്രമങ്ങൾ,ഗ്രാമശാസ്ത്രസമിതിയുടെയും മറ്റും രൂപത്തിൽ നടന്നുവെങ്കിലും അവയൊന്നും തന്നെ ഏറെനാൾ പ്രവർത്തിക്കുകയോ,നിലനിൽക്കുന്ന ഒരു സംഘടനാരൂപം കൈവരിക്കുകയോ ചെയ്തിരുന്നില്ല.
1985 ആഗസ്റ്റ് 8.സ്ഥാപകദിനം
അന്നേ ദിവസം,എസ്.എൻ.ഡി.പി.ഓഫീസിൽ പ്രവർത്തിച്ചു വന്ന ഗോകുൽ ടൂട്ടോറിയലിൽ ചേർന്ന ആദ്യ യോഗത്തിൽ 10 പേരാണ് പങ്കെടുത്തത്. തമ്പകച്ചുവട് യൂണിറ്റ്എന്ന പേര് യോഗത്തിൽ അംഗീകരിക്കപ്പെട്ടു.എം.ഗോപകുമാർ ആയിരുന്നു ആദ്യ പ്രസിഡന്റ്കെ.ജി.ഉദയൻ സെക്രട്ടറിയും.ആലപ്പുഴ ടൗൺ യൂണിറ്റ് അംഗമായിരുന്ന കെ.ജി.ഉദയൻ, ടൗൺ യൂണിറ്റ് യോഗത്തിൽ ഉണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ നടത്തിയ ഇടപെടലാണ് യൂണിറ്റ് രൂപീകരണത്തിലേക്ക് നയിച്ചത്.ജില്ലാസെക്രട്ടറി ആയിരുന്ന പി.ബാലചന്ദ്രൻ,പ്രസിഡന്റ് ആയിരുന്ന ചുനക്കര ജനാർദ്ദനൻ നായർ,പി.വി.ജോസഫ്,പി.ഏ.റോബി എന്നിവരുടെ ഇടപെടൽ ആദ്യഘട്ടത്തിൽ യൂണിറ്റ് പ്രവർത്തകർക്ക് വലിയ സഹായവും ആവേശവും നൽകി.
തൊട്ടടുത്ത മാസം( സെപ്റ്റംബർ )ചമ്പക്കുളത്ത്,കലാജാഥ ക്യാമ്പിൽ വച്ചു കൂടിയ ജില്ലാതലയോഗത്തിൽ സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്തു.അവിടെ തീരുമാനിക്കപ്പെട്ടതിൽ ഒരു ജാഥാകേന്ദ്രം യൂണിറ്റ് ഏറ്റെടുത്തു. 1985 ഒൿടോബർ മാസത്തിൽ,ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ,റോഡുമുക്ക് കവലയ്ക്ക് സമീപം ഉണ്ടായിരുന്ന മൈതാനത്ത്(ഇന്നത് ഒരു സ്വകാര്യ വിദ്യാലയം ആണ്) മണൽ കൂട്ടി ഉയർത്തി നിർമ്മിച്ച വേദിയിൽ യൂണിറ്റിലെ ആദ്യ പരിപാടി നടന്നു.രൂപീകൃതമായി വെറും 2 മാസത്തിനുള്ളിൽ നടന്ന കലാജാഥയുടെ വിജയം,പ്രവർത്തകർക്ക് പകർന്നു നൽകിയ ഊർജ്ജം വലുതായിരുന്നു.പൂർവ്വ മാതൃകകൾ ഒന്നും തന്നെ മുന്നിൽ ഇല്ലാതിരുന്ന ഒരു കൂട്ടം ചെറുപ്പക്കാർക്ക് പകർന്നു കിട്ടിയ സംഘബോധവും സാമൂഹികാംഗീകാരവും മാത്രമല്ല,വടക്കനാര്യാട് എന്ന നാട്ടിൻപുറത്ത് ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടന ആദ്യചലനം സൃഷ്ടിച്ച പരിപാടി എന്ന നിലയിലും കലാജാഥ'85 വൻവിജയമായിരുന്നു.യൂണിറ്റിന്റെ പ്രവർത്തനചരിത്രം അവിടെ ആരംഭിക്കുന്നു.
കലാജാഥ,കൂട്ടായ്മയുടെയും ഇച്ഛാശക്തിയുടേയും വിജയമായിരുന്നു.പുസ്തകപ്രചരണം പകർന്ന ഉൾക്കരുത്തും;സമത്വബോധത്താലും അനൗപചാരികതയാലും ഊട്ടിയുറപ്പിക്കപ്പെട്ട സൗഹൃദങ്ങളും പാരിഷത്തികതയുടെ ആദ്യാനുഭവങ്ങളായി.മൈതാനത്തും തെരുവിലും വായനശാലമുറ്റത്തും ഒക്കെയായി രാവേറെ നീണ്ട സനേഹക്കൂട്ടം..കളിചിരികൾ ..സംവാദങ്ങൾ ...അതിൽ നിന്ന് ഉരവം കൊണ്ട പ്രവർത്തനങ്ങൾ....സംഘടനയെ നാടറിഞ്ഞു തുടങ്ങി;സംഘടന നാടിനെയും..
തുടർന്ന് നടന്ന നാം ജീവിക്കുന്ന ലോകംക്ലാസ്സുകൾ ആശയപ്രചാരണത്തിന്റെ പുതുവഴി തുറന്നു.യൂണിറ്റ് പ്രവർത്തകരുടെ ചങ്ങാത്തങ്ങൾക്കുള്ളിൽ ഒതുങ്ങി നിന്നിരുന്ന സംവാദങ്ങൾ , ഭൌതികലോകം, ശാസ്ത്രലോകം, ജീവലോകം, നാളെത്തെലോകം എന്നീ ഗ്രാമീണക്ലാസ്സുകളിലൂടെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ക്ലാസുകൾ മുന്നേറുന്തോറും, പഠനവും സ്വയംവിമർശനവും പുതിയ അറിവുകൾ ആർജിക്കലും അനിവാര്യമായി തീർന്നു. സമൂഹത്തിൽ മാറ്റം വരുത്താൻ നടത്തിയ ശ്രമങ്ങൾ, സാമൂഹിക ഇടപെടലിന്റെ പാരസ്പര്യത്തിലൂടെ പരിഷത്തുകാരെയും മാറ്റിതീർത്തു. ഓരോ ക്ലാസ്സും ഒന്നിലധികം ക്ലാസ്സുകൾക്കു വഴി തുറന്നു.ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾ ,സ്വജീവിതത്തിൽ പ്രാധാന്യമുള്ളതാകയാലും തങ്ങളിലൊരാൾ അത് അവതരിപ്പിക്കുന്നതിന്റെ മാനസികൈക്യവും ക്ലാസ്സുകളെ നവീനവും ഹൃദ്യവുമായ അനുഭവമാക്കി മാറ്റി.
ലോകം വലുതാകുന്നു..
സമൂഹത്തിൽ ഇടപെടണമെങ്കിൽ കാര്യങ്ങൾ പഠിക്കണം എന്നും പഠനം ഇടപെടലുകൾക്ക് കൂടുതൽ തെളിമ നൽകുമെന്നും ക്ലാസ്സുകളുടെ വിജയത്തോടെ ബോധ്യമായി. 1986ൽ നടന്ന ആദ്യ യൂണിറ്റ് വാർഷികം നിർണ്ണായകമായ ചില വഴിത്തിരിവുകൾ കൊണ്ട് ശ്രദ്ധേയമായി. യൂണിറ്റ് പ്രവർത്തന പരിധി ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകൾ എന്നു തീരുമാനിച്ചു. യൂണിറ്റ് '''ആര്യാട്''' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. കൂടുതൽ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്യപ്പെട്ടു. 1986-ലെ ഓണക്കാലം സവിശേഷമായിത്തീർന്നത് അങ്ങനെയാണ്. കലാജാഥയിലെ തെരഞ്ഞെടുത്ത ചില ഭാഗങ്ങൾ കോർത്തിണക്കി, യൂണിറ്റ് പ്രവർത്തകർ സ്വയം പഠിച്ച് നാട്ടിലാകെ അവതരിപ്പിച്ച ഒരു കലാസംഘം ആയിരുന്നു, വിസ്മയകരമായി പിന്നീടെപ്പോളും വിലയിരുത്തപ്പെട്ട ഓണക്കാല പരിപാടി. ആലാത്ത് എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന വലിയ ഊഞ്ഞാലും അതിന് ചുറ്റും രാപ്പകൽ ;പ്രായഭെദമന്യേ സജീവമാകുന്ന കളിക്കൂട്ടങ്ങളും നാടുണർത്തുന്ന ഓണക്കാലത്ത്, കാവിമുണ്ടും തോർത്തും ധരിച്ച് പാട്ട് പാടിയും കഥകൾ പറഞ്ഞും ചുവടുകൾ വച്ച് നടിച്ചും സംഘം നാട് ചുറ്റി. കോൽക്കളിക്കാരും വട്ടക്കളിക്കാരും പ്രാദേശിക നാടകസംഘങ്ങളും അരങ്ങ് വാഴുന്ന ഉത്സവമേളങ്ങൾക്കിടയ്ക്ക്, ആശയങ്ങളുടെ തെളിമയും കലയുടെ കലഹവുമായി അവരാ നാടിന്റെ ശ്രദ്ധ പിടിച്ചു പറ്റി. പഴയകാലപ്പെരുമകൾ മാത്രമല്ല, ഇന്ന് നാട് നേരിടുന്ന പ്രശ്നങ്ങളും, നാളെയുടെ സ്വപ്നങ്ങളും ആ ശീലുകളിലൂടെ പങ്കു വയ്ക്കപ്പെട്ടു. അങ്ങനെ,ആ ഓണക്കാലം ഒരുപാട് സൗഹൃദങ്ങൾ, ബന്ധങ്ങൾ, പുതിയ ഇടങ്ങൾ സൃഷ്ടിച്ചു. ആര്യാട് പ്രദേശത്തെ ജനങ്ങൾ സംഘടനയെ അനുഭാവപൂർവം ശ്രദ്ധിച്ച് തുടങ്ങിയ നാളുകൾ.... തുടർന്ന് നടന്ന ജനകീയാരോഗ്യ ക്ലാസുകളുടെ വിജയത്തിന് ഈ ബന്ധങ്ങൾ സഹായകമായി.
ജനകീയാരോഗ്യ ക്ലാസുകൾ
ദേശീയ ആരോഗ്യ ശിബിരത്തിന്റെ ഭാഗമായി, 1986 ഒക്ടോബർ 7 മുതൽ നവംബർ 7 വരെ കേരളത്തിലുടനീളം നടന്ന ജനകീയാരോഗ്യക്ലാസുകൾ യൂണിറ്റ് പ്രദേശത്ത് ചലനം സൃഷ്ടിച്ച മറ്റൊരു പരിപാടി ആയിരുന്നു. കോമളപുരം ആശാൻ മെമ്മോറിയൽ വായനശാലയിൽ വച്ചു നടന്ന ജില്ലാതല ഉത്ഘാടനം വൻവിജയമായിരുന്നു. അതെത്തുടർന്ന് നിരവധി ക്ലാസുകൾ വീട്ടുമുറ്റങ്ങളിൽ അടക്കം നടന്നു. പോഷണം-രോഗപ്രതിരോധം, ആരോഗ്യശീലങ്ങൾ ,O.R.T., പ്രഥമ ശുശ്രൂഷ, എന്നിവയായിരുന്നു ക്ലാസിന്റെ വിഷയങ്ങൾ. തങ്ങളൂടെ ആരോഗ്യകാര്യങ്ങൾ അത്രയ്ക്കങ്ങ് സ്വന്തം കാര്യം അല്ല, അതിൽ സാമൂഹിക ഘടകങ്ങൾ ഉൾച്ചേർന്നിരിക്കുന്നു എന്ന സന്ദേശം പൊതു മണ്ഡലത്തിൽ സംവാദങ്ങൾ സൃഷ്ടിച്ചു. ഡോക്ടർ, രോഗി, മരുന്ന് എന്ന ആരോഗ്യ സമവാക്യത്തിന് ജനകീയാരോഗ്യ പ്രവർത്തകർ എന്ന പൂരകം രൂപപ്പെട്ട് തുടങ്ങിയ പരിപാടി ആയിരുന്നു ജനകീയാരോഗ്യ ക്ലാസുകൾ. ആര്യാട് പഞ്ചായത്തിൽ പ്രവർത്തകർ ഉണ്ടായി വന്നത് ഈ ക്ലാസുകളിലൂടെ ആയിരുന്നു. ആദ്യമായി വനിതാപ്രവർത്തകർ ഉണ്ടാകുന്നതും ഇതോട് കൂടിയാണ്. ''നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, അവശ്യമരുന്നുകൾ'' എന്ന പുസ്തകം വിറ്റഴിച്ചാണ് ക്ലാസുകളുടെ നടത്തിപ്പിന് ആവശ്യമായ സാമ്പത്തികം കണ്ടെത്തിയത്. സമാന്തരമായി നടന്ന പുസ്തകവിൽപ്പന ആരോഗ്യക്യാമ്പയിന്റെ ഉള്ളടക്കത്തെ സമ്പുഷ്ടമാക്കി എന്ന് തന്നെയായിരുന്നു അനന്തര വിലയിരുത്തൽ. കേവലം വില്പനയ്ക്ക് ഉപരി, പുസ്തകപ്രചരണം എന്ന സവിശേഷവും അനിവാര്യവുമായ സംഘടാന ചര്യ സായത്തമാക്കിയ പരിപാടി എന്ന നിലയിലും ജനകീയാരോഗ്യ ക്യാമ്പയിൻ ഒരു നാഴികക്കല്ലാണ്.