കൃഷ്ണപുരം കൊട്ടാരം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

{{#invoke:Namespace detect|main}}

പ്രമാണം:Krishnapuram palace2.jpg
കൃഷ്ണപുരം കൊട്ടാരം, കായംകുളം

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ്‌ കൃഷ്ണപുരം കൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മയാണ്‌ ഇന്നു കാണുന്ന രീതിയിൽ കൃഷ്ണപുരം കൊട്ടാരം നിർമ്മിച്ചത്. അതിനു മുമ്പ് കായംകുളം (ഓടനാട്) ഭരിച്ചിരുന്ന രാജാക്കന്മാരുടെ ആസ്ഥാനവും ഇവിടെയായിരുന്നു.

ചരിത്രം

പുരാതനകാലത്ത്‌ ഓടനാട് എന്നായിരുന്നു ഇന്നത്തെ കായംകുളം ഉൾപ്പെടുന്ന നാട്ടുരാജ്യം അറിയപ്പെട്ടിരുന്നത്‌. ഓടനാട്ടുരാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന ഈ കൊട്ടാരത്തിന്റെ പഴക്കത്തെക്കുറിച്ച്‌ കൃത്യമായ അറിവില്ല. കായംകുളവും സമീപ പ്രദേശങ്ങളായ ചെങ്ങന്നൂർഫലകം:തെളിവ്, മാവേലിക്കര, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി തുടങ്ങിയ പ്രദേശങ്ങളും ചേർന്ന വിശാലമായ ഒരു നാട്ടുരാജ്യമായിരുന്നു ഓടനാട്‌. പതിനഞ്ചാം നൂറ്റാണ്ടോടെ, ഓടനാടിന്റെ തലസ്ഥാനം കായംകുളത്തിനടുത്തുള്ള എരുവ എന്ന സ്ഥലത്തേക്ക്‌ മാറ്റി. നീണ്ട ഒരു കടൽത്തീരമുണ്ടായിരുന്ന ഈ രാജ്യവുമായി ഡച്ചുകാർക്കും പോർച്ചുഗീസുകാർക്കും നല്ല വ്യാപാരബന്ധങ്ങളുണ്ടായിരുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മ കായംകുളംരാജ്യം പിടിച്ചെടുക്കുകയും അതിനെ തിരുവിതാംകൂറിനോടു ചേർക്കുകയും ചെയ്തു. കായംകുളം രാജാക്കന്മാരുടെ കോട്ടകൊത്തളങ്ങൾ ഇടിച്ചുനിരത്തി, 1729-നും 1758-നും ഇടയിലുള്ള കാലഘട്ടത്തിൽ മാർത്താണ്ഡവർമ്മ ഇന്നു കാണുന്ന കൊട്ടാരത്തിന്റെ ആദ്യരൂപം പണികഴിപ്പിച്ചു. രാമയ്യൻ ദളവയ്ക്കായിരുന്നു നിർമ്മാണത്തിന്റെ മേൽനോട്ടച്ചുമതല. പിന്നീട്‌ അയ്യപ്പൻ മാർത്താണ്ഡപ്പിള്ള ഈ കൊട്ടാരം പുതുക്കിപ്പണിതെങ്കിലും തനിമയിൽ മാറ്റമൊന്നും വരുത്തിയില്ല. തിരുവിതാംകൂർ രാജാക്കന്മാരുടെ ഒരു ഇടത്താവളമായി കൃഷ്ണപുരം കൊട്ടാരം ഉപയോഗിച്ചുപോന്നു.

രൂപരേഖ

തനി കേരളീയ വാസ്തുശിൽപ്പരീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ കൊട്ടാരം പതിനാറുകെട്ടായാണ്‌ നിർമ്മിച്ചിരിക്കുന്നത്‌. തിരുവിതാംകൂറിലെ പത്മനാഭപുരം കൊട്ടാരത്തിന്റെ ഒരു ചെറിയപതിപ്പ് എന്നു തന്നെ പറയാവുന്ന രീതിയിലാണ്‌ ഇതിന്റെ നിർമ്മാണം. പുറത്തെ ചുറ്റുമതിൽ കടന്ന് ഉള്ളിലേക്കെത്തിയാൽ മനോഹരമായ ഒരു ഉദ്യാനം കാണാം. ഈ ഉദ്യാനം നല്ലരീതിയിൽത്തന്നെ പരിപാലിച്ചിട്ടുണ്ട്‌. അകത്തെ ചുറ്റുമതിലും പടിപ്പുരയും വിശാലമായ മുറ്റവും കടന്ന് കൊട്ടാരത്തിന്റെ പ്രധാന വാതിലിലൂടെ ചരിത്രമുറങ്ങുന്ന കൊട്ടാരക്കെട്ടിലേക്ക് പ്രവേശിക്കാം. കൊട്ടാരത്തിന്റെ പിൻഭാഗത്തായി കൊട്ടാരത്തോടു ചേർന്നു തന്നെ വിശാലമായ ഒരു കുളവും നിർമ്മിച്ചിരിക്കുന്നു.

മ്യൂസിയം

പ്രമാണം:Gajendramoksham High Resolution.jpg
ഗജേന്ദ്രമോക്ഷം ചുമർച്ചിത്രം

പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ്‌ ഇന്ന് കൊട്ടാരം. വിലമതിക്കാനാവാത്ത പുരാവസ്തുക്കളുടെ ഒരു അപൂർവ്വ ശേഖരം തന്നെ ഇവിടുത്തെ മ്യൂസിയത്തിൽ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. വിശദമായ വിവരണങ്ങൾ നൽകാൻ പുരാവസ്തു വകുപ്പിൻറെ ഉദ്യോഗസ്ഥരുമുണ്ട്. മുകൾത്തട്ടിലെ വിശാലമായ ഹാളുകളിൽ അതി ബൃഹത്തായ ഒരു നാണയശേഖരവും, പുരാതന ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. താഴത്തെ മുറികളിൽ ഇന്ത്യയുടേയും കേരളത്തിന്റെയും പലഭാഗങ്ങളിൽനിന്നും കണ്ടെത്തിയിട്ടുള്ള പുരാവസ്തുക്കളും, തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്തെ മഞ്ചൽ, പല്ലക്ക് തുടങ്ങിയ വസ്തുക്കളും പ്രദർശിപ്പിച്ചിരിക്കുന്നു. ഇതു കൂടാതെ കൊട്ടാരത്തിലെ തേവാരപ്പുരയുടെ സമീപമുള്ള ഭിത്തിയിൽ, കേരളത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച്‌ ഏറ്റവും വലിപ്പമേറിയ ഒറ്റപ്പാനൽ ചുവർച്ചിത്രമായ ഗജേന്ദ്രമോക്ഷം ചിത്രീകരിച്ചിരിക്കുന്നു. പൂർണ്ണമായും പ്രകൃത്യാ ലഭ്യമായ ചായക്കൂട്ടുകളാണ് ഈ ചിത്ര രചനയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.

എത്തിച്ചേരാൻ

ആലപ്പുഴ ജില്ലയിലെ പ്രമുഖ പട്ടണങ്ങളിൽ ഒന്നാണ്‌ കായംകുളം. പട്ടണത്തിൽനിന്നും ഏകദേശം രണ്ടുകിലോമീറ്റർ തെക്കോട്ടു മാറി, ദേശീയപാതക്കു സമീപത്താണ് കൃഷ്ണപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത്.

ചിത്രശാല

ഫലകം:Commonscat

അവലംബങ്ങൾ

"https://wiki.kssp.in/index.php?title=കൃഷ്ണപുരം_കൊട്ടാരം&oldid=5917" എന്ന താളിൽനിന്ന് ശേഖരിച്ചത്