പരിഷത്ത് വിക്കി കൈപ്പുസ്തകം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ജനകീയശാസ്ത്ര പ്രവർത്തനങ്ങളിൽ തല്പരരും സന്നദ്ധപ്രവർത്തകരമായ അനവധിപേരാൽ തയ്യാറാക്കപ്പെട്ട ഒരു വെബ്സൈറ്റാണ് പരിഷത്ത് വിക്കി . വിക്കി എന്നറിയപ്പെടുന്ന പ്രത്യേക ഗണത്തിൽ പെട്ട ഒരു വെബ്‌സൈറ്റാണിത്. വളരെയധികം ഉപയോക്താക്കൾ തുടർച്ചയായി പരിഷത്ത് വിക്കി മെച്ചപ്പെടുത്തുന്നുണ്ട്‌. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേന്ദ്രനിർവ്വാഹക സമിതിക്കുവേണ്ടി അതിന്റെ വിവരസാങ്കേതികവിദ്യാ ഉപസമിതി ആണ് ഈ വെബ്സൈറ്റ് സൃഷ്ടിച്ച്, പരിപാലിക്കുന്നത്.


ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന കാഴ്ചപ്പാടോടെയുള്ള എല്ലാവിധ രചനകൾക്കും പരിഷത്ത് വിക്കിയിൽ ഇടമുണ്ട്. കൂടാതെ കേരള ശാസ്ത്രസാഹിത്യ പരിഷത്തും സമാനചിന്താഗതിയുള്ള ജനകീയശാസ്ത്ര പ്രസ്ഥാനങ്ങളും നടത്തുന്ന പരിപാടികൾ, പദ്ധതികൾ, സംരംഭങ്ങൾ, സ്ഥാപനങ്ങൾ, പ്രചരണങ്ങൾ, പ്രക്ഷോഭങ്ങൾ, പരീക്ഷണങ്ങൾ, സൃഷ്ടിച്ച മാതൃകകൾ അവയുടെ നയങ്ങൾ, ഉദ്ദേശലക്ഷ്യങ്ങൾ, പ്രവർത്തനരീതികൾ തുടങ്ങിയവെയക്കുറിച്ചെല്ലാമുള്ള ലേഖനങ്ങൾ നിങ്ങൾക്കിതിൽ കാണാം. ഇല്ലാത്തവ ഉൾപ്പെടുത്താം.

കൂടാതെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യൂണിറ്റ് കമ്മറ്റികൾ, മേഖലാ കമ്മറ്റികൾ, ജില്ലാകമ്മറ്റികൾ, കേന്ദ്രനിർവ്വാഹക സമിതി, തുടങ്ങിയ സംഘടനാഘടകങ്ങളുടെ വിവിരണങ്ങൾ, അവയുടെ ചരിത്രം, ഏറ്റെടുത്ത പ്രധാന പ്രവർത്തനങ്ങൾ എന്നിവ നിങ്ങൾക്കിവിടെ വായിക്കാം. പങ്കുവെയ്കാം.

പരിഷത്ത് വിക്കിയിലേക്ക് സ്വാഗതം ! പരിഷത്തിന് പങ്കാളിത്ത തിരുത്തൽ (Collaborative Editing) സാധിക്കുന്ന വെബ്സൈറ്റ് ആരംഭിക്കണമെന്ന ആശയം പ്രാവർത്തികമാക്കുവാനുള്ള ശ്രമമാണിത്... പുതിയ വെബ്സൈറ്റ് പണി ആരംഭിച്ചിട്ടുള്ളത് ഇവിടെ കാണാം. മീഡിയാ വിക്കി സോഫ്റ്റ്‌വെയറിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത്.

അതിന്റെ ഇടതുവശം സമീപകാല മാറ്റങ്ങൾ എന്ന ലിങ്ക് ഞെക്കിയാൽ അതിൽ ഇതുവരെ നടന്നിട്ടുള്ള പ്രവർത്തനങ്ങൾ (സൃഷ്ടിച്ച താളുകൾ) കാണാം. "സഹായം" എന്ന കണ്ണി ഞെക്കിയാൽ പരിഷത്ത് വിക്കി എന്തിനാണ് എങ്ങിനെയാണ് എന്നതിന്റെ ഒരു പ്രാഥമിക ആശയം കിട്ടും.

ഇത് നിലവിലുള്ള വൈബ്സൈറ്റിന് പകരമല്ല. അതിന്റെ തുടർച്ചയാണ്. നിലവിലുള്ള സൈറ്റ് ഒരു മാതൃകാ സൈറ്റായി, പരിഷത്തിനെക്കുറിച്ച് ലോകത്തോട് സംസാരിച്ചുകൊണ്ട്, പരിഷത്തിന്റെ പ്രധാന വെബ്സൈറ്റായി ഇഗ്ലീഷ് ഭാഷയിൽ തുടരും.

പരിഷത് വിക്കി കേരളത്തിലെ പരിഷത്തിനെ മുഴുവൻ ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കേരളത്തിലെ മുപ്പതിനായിരത്തിൽ പരം വരുന്ന പരിഷത് മെമ്പർമാരെ മുഴുവൻ ഈ സൈറ്റിൽ അംഗങ്ങൾ (ഉപയോക്താക്കൾ - users) ആക്കുവാൻ കഴിയും. യൂണിറ്റ് കമ്മറ്റി മുതൽ നിർവ്വാഹക സമിതിവരെയുള്ള സംഘടനാ ഘടകങ്ങളുടെ ചരിത്രം, കമ്മറ്റിവിശദാംശങ്ങൾ (ഭാരവാഹികളുടെയും മറ്റും വിവരം), ഓരോഘടകത്തിന്റെയും വിലാസം, നാളിതുവരെ ഏറ്റെടുത്ത പ്രധാന പരിപാടികൾ, അതത് പ്രദേശത്ത് ഉണ്ടാക്കിയിട്ടുള്ള സ്വാധീനം, തുടങ്ങി - ഓരോ തലത്തിലുമുളള സംഘടനയുടെ പരിപൂർണ്ണ വിവിരങ്ങൾ ഇത്തരത്തിൽ ഉപയോക്താക്കളാക്കപ്പെടുന്ന ആർക്കും അഥവാ എല്ലാവർക്കും ചേർന്ന് ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്താൻ കഴിയും. ഇതിൽ ഉപയോക്താവാകുന്ന ഓരോ പരിഷത്ത് അംഗത്തിനും തന്റേതാകുന്ന പേജുകൾ ഈ വെബ്സൈറ്റിൽ നിർമ്മിക്കാം. അയാൾ പരിഷത്തിലെത്തിയ വർഷം, ഓരോ കാലത്തും വഹിച്ച പദവികൾ, പങ്കെടുത്ത / നേതൃത്വം കൊടുത്ത പ്രധാന പരിപാടികൾ.... ഇങ്ങനെ എല്ലാം തന്റെ ഉപയോക്തൃ താളിൽ അയാൾക്ക് ശേഖരിച്ച് വെയ്കാം. പരിഷത്തിലെ പ്രമുഖ വ്യക്തികളെക്കുറിച്ചുള്ള താളുകൾ സൃഷ്ടിക്കാം. നാളിതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളെ കുറിച്ചുള്ള ആസ്വാദനവും വിവരങ്ങളും രേഖപ്പെടുത്തിവെയ്കാം. ഒരാൾ ചേർത്ത വിവരത്തിലേക്ക് മറ്റൊരാൾക്ക് കൂടുതൽ വിവിരങ്ങൾ കൂട്ടിച്ചേർക്കുകയോ, ഒഴിവാക്കുകയോ ചെയ്യാം. ഓരോ സബ്ജക്ട് കമ്മറ്റിക്കും / സബ്കമ്മറ്റിക്കും അവരവരുടെ പ്രത്യേകം പ്രത്യേകം താളുകൾ സൃഷ്ടിക്കാം. അതിലൂടെ അവർക്ക് നേരിട്ട് അവരുടെ പരിപാടികളും മറ്റും സംഘത്തെയും ജനത്തെയും അറിയിക്കാം.

ജനകീയ ശാസ്ത്ര പ്രചരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലേഖനമെഴുതാം. കൂട്ടായ തിരുത്തലിലൂടെ അവ മെച്ചപ്പെടുത്തിയെടുക്കാം. സംഘടനാ രേഖയൊക്കെ ഇതിലൂടെ കൂട്ടായി എഴുതാം.

എന്തെങ്കിലും പ്രത്യേക വിഷയത്തെക്കുറിച്ച് സൈറ്റിലെ അംഗങ്ങൾക്കിടയിൽ പൊതു ചർച്ചകൾ നടത്താം. ഓൺലൈനായുള്ള വോട്ടെടുപ്പും മറ്റും നടത്താം.

ഏറ്റവും പ്രധാനം, നിവിലുള്ള സൈറ്റിലേതിനേക്കാൾ വ്യത്യസ്തമായി (അതിൽ രണ്ട് അഡ്മിനിസ്ട്രേറ്റർമാരാണുള്ളത്), വൈബ്സൈറ്റിന്റെ ഉള്ളടക്ക നിർമ്മാണം എന്നത് കേരളത്തിലെ പരിഷത്ത് അംഗങൾ കൂട്ടായി ചെയ്യുന്ന ഒന്നായി മാറുന്നു എന്നതാണ്. ജനകീയമായ ഒരു സൈറ്റ് നമുക്ക് ഉണ്ടാകുന്നു എന്നതാണ്.

ഇതിനൊക്കെ ആവശ്യമായ വിക്കി വെബ് എഡിറ്റിംഗ് സ്കിൽ സ്വയമോ, വളരെ ലളിതമായ പരിശീലനം കൊണ്ടോ ഓരോ ഉപയോക്താവിനും നേടിയെടുക്കാം.

ഇതിന്റെ നിർമ്മാണത്തിനാവശ്യമായ ഉപദേശ - നിർദ്ദേശങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ഏവരേയും വെബ്സൈറ്റിലെ ഉപയോക്താവാകുവാൻ ക്ഷണിക്കുന്നു. തുടക്കത്തിൽ ഉപയോക്താവായി സൈറ്റിൽ നിന്നും നേരിട്ട് ചേർക്കുന്നവർക്ക് മാത്രമേ സൈറ്റിൽ തിരുത്തുന്നതിന് അവകാശമുണ്ടാകൂ. ഈ മെയിലിനുള്ള മറുപടിയായി ഇതേഗ്രൂപ്പിലോ എനിക്ക് നേരിട്ടോ താങ്കൾ ആഗ്രഹിക്കുന്ന യൂസർ നെയിം ഇ മെയിൽ ചെയ്യുക. പാസ്സ് വേഡ് ഞാൻ അയച്ചുതരാം.