തോൽപ്പിച്ചാൽ നിലവാരം ഉയരുമോ ?

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തോൽപ്പിച്ചാൽ നിലവാരം ഉയരുമോ ?
ലഘുലേഖ കവർ
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വിദ്യാഭ്യാസം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ആഗസ്റ്റ് , 2024

ആമുഖം

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചർച്ചകൾ കേരളത്തിൽ എന്നും സജീവമാണ്. പൊതുവിദ്യാഭ്യാസത്തെ മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുള്ള  സംവാദവേദിയായി കേരളം വീണ്ടും മാറുകയാണ്. വിദ്യാഭ്യാസഗുണമേന്മയുമായി ബന്ധപ്പെട്ട് കേരളസർക്കാർ തന്നെയാണ് അത്തരം ഒരു സംവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പാക്കാൻ സഹായകമാകും വിധം ഈ സംവാദത്തെ വളർത്തിയെടുക്കാൻ പൊതുവിദ്യാഭ്യാസത്തിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങൾക്കും സംഘടനകൾക്കും വ്യക്തികൾക്കും കഴിയേണ്ടതുണ്ട്. ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കിക്കൊണ്ടേ കേരളീയ വിദ്യാഭ്യാസത്തിന് മുന്നേറാൻ കഴിയൂ എന്നത് തർക്കിക്കേണ്ട കാര്യമല്ല. അറിവിന്റെ തലത്തിലും സാങ്കേതികവിദ്യാരംഗത്തും ഉണ്ടാകുന്ന മുന്നേറ്റങ്ങൾ ഗുണതാ വിദ്യാഭ്യാസത്തെ സംബന്ധിച്ച പുതിയ കാഴ്ചപ്പാട് സ്വാഭാവികമായും വികസിപ്പിച്ചിട്ടുണ്ട്. നമുക്ക് ചുറ്റുപാടും വികസിച്ചു കൊണ്ടിരിക്കുന്ന മത്സരലോകവും ഇതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സമൂഹമുന്നേറ്റത്തിന് അനുസരിച്ച് ഗുണമേന്മാ മാനദണ്ഡങ്ങൾ നിരന്തരം നവീകരിക്കപ്പെടണം. ഇതെങ്ങനെ വേണമെന്ന് സംബന്ധിച്ച് തുറന്നതും ആഴത്തിലുള്ളതുമായ അക്കാദമിക പഠനങ്ങളും ചർച്ചകളും സംവാദങ്ങളും അനിവാര്യമാണ്.

കേരളം വിജ്ഞാന സമൂഹമായി മാറണം എന്ന കാര്യത്തിൽ രാഷ്ട്രീയ സാമൂഹ്യതലങ്ങളിൽ ഏകാഭിപ്രായത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം പ്രാദേശിക സമ്പദ്ഘടനയും ശക്തിപ്പെടുത്തണം എന്നതിലും അഭിപ്രായസമന്വയം പ്രകടമാണ്. ഇതെങ്ങിനെ വേണം എന്നും അതിന്റെ രീതിശാസ്ത്രം എന്താണെന്നും സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. ഇത്തരം ഒരു സമൂഹത്തിലെ സ്കൂൾ വിദ്യാഭ്യാസം എന്താകണം എന്ന ചർച്ചയ്ക്ക് പ്രസക്തിയേറെയുണ്ട്. ആയതിനാൽ ഗുണമേന്മാ വിദ്യാഭ്യാസത്തിനായുളള ചർച്ചകൾ ഈ മാനത്തിലെല്ലാം പ്രസക്തമാണ്.

1990ൽ യുനസ്കോ, യൂനിസെഫ് തുടങ്ങിയ ലോകസംഘടനകൾ മുന്നോട്ട് വച്ച കാഴ്ചപ്പാടാണ് 'എല്ലാവർക്കും വിദ്യാഭ്യാസം' എന്നത്.  പ്രസ്തുത കാഴ്ചപ്പാടിനെ 'എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം' എന്നതിലേക്ക് വളർത്തിയെടുത്തമണ്ണാണ് കേരളം. കേരളത്തിലെ വിദ്യാഭ്യാസ വളർച്ച ഏതെങ്കിലും ഒരു സവിശേഷ പശ്ചാത്തലത്തിലേക്കോ ഏതെങ്കിലും ഏജൻസികളുടെ മാത്രം പ്രവർത്തനത്തന ഫലത്തിലേക്കോ ചുരുക്കിക്കാണാനാവില്ല. ചരിത്രപരമായ ഒരു പ്രക്രിയയിലൂടെയാണ് അത് വളർന്നുവന്നത്. തുച്ഛമായ പ്രതിഫലം ലഭിച്ചിരുന്ന, ഉപരിവർഗങ്ങളിൽ ഒന്നും പെടാത്തവരായിരുന്നു ആദ്യകാലത്തെ ഭൂരിഭാഗം അധ്യാപകരും. പക്ഷേ അവരുടെ അർപ്പണബോധവും ജനങ്ങളുമായുള്ള ബന്ധവും വിദ്യാഭ്യാസവളർച്ചയിൽ പ്രധാന പങ്കുവഹിച്ചു. ഗ്രാമപ്രദേശങ്ങളിലെ സാംസ്കാരിക നേതൃത്വം പലപ്പോഴും അധ്യാപകർക്കായിരുന്നു. കുട്ടികളെ സ്കൂളിലെക്കയക്കാൻ രക്ഷിതാക്കളെ അവർ പ്രേരിപ്പിച്ചു. സാമൂഹ്യനീതിക്കും തുല്യതയ്ക്കും വേണ്ടിനടന്ന എണ്ണമറ്റ പരിശ്രമങ്ങൾ നെഞ്ചേറ്റിയ ഒന്നാമത്തെ കേരള സർക്കാർ ഭരണ നടപടികളിലൂടെ ഈ മുന്നേറ്റത്തിന് വേഗത കൂട്ടി. കേരളീയ സമൂഹത്തിന്റെ സക്രിയമായ പങ്കാളിത്തത്തോടെ സ്കൂൾ വിദ്യാഭ്യാസം വളർന്നു വികസിച്ചു. ഈ സാഹചര്യത്തിൽ കേരളത്തിൽ വളർന്നുവന്ന എയ്ഡഡ് / സർക്കാർ വിദ്യാലയങ്ങളെ പൊതുസമ്പത്തായി കണ്ടുവന്നു. ജനസാമാന്യത്തെ അകറ്റിനിർത്തി, ഉപരിവർഗ്ഗത്തിന് മാത്രമായി വിദ്യാഭ്യാസത്തെ നാം കണ്ടില്ല. അധ:സ്ഥരെയും പാവപ്പെട്ടവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ അടിത്തറയായി അത് പരിണമിച്ചു.  പ്രസ്തുത പങ്കാളിത്തത്തിന്റെ വൈകാരികഭാവം ഇന്നും പ്രകടമാണ്. ആഗോളീകരണത്തിൻ്റെ കുത്തൊഴുക്ക് പൊതുഇടങ്ങളെയും പൊതു സംരഭങ്ങളെയും പൊതുസ്ഥാപനങ്ങളെയും തകർത്തെറിയുമ്പോൾ ജനകീയ പിന്തുണയോടെ പൊതുഇടങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും അതിൽതന്നെ പൊതുവിദ്യാലയങ്ങൾക്ക് പിടിച്ചു നിൽക്കാൻ കേരളത്തിൽ കഴിയുന്നുണ്ട്. ഇതിന്റെ പ്രത്യക്ഷ തെളിവാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കാനെത്തുന്ന കുട്ടികളുടെ എണ്ണം.

എല്ലാവർഷവും കേന്ദ്രസർക്കാർ സ്കൂൾപ്രായത്തിലുള്ള കുട്ടികളുടെ കണക്ക് എടുക്കാറുണ്ട്. 2021-22ലെ കണക്കാണ് (യുഡയസ്സ് പ്ലസ്) ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. അതുപ്രകാരം 58.55 ലക്ഷം കുട്ടികൾ ഒന്നുമുതൽ പന്ത്രണ്ട് വരെ ക്ലാസ്സ് പ്രായത്തിലുള്ളവരാണ്. ഈ കുട്ടികളിൽ 43.37ലക്ഷം അഥവാ 74.07ശതമാനം കുട്ടികൾ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്നു. അംഗീകൃതഅൺയ്ഡഡ് വിദ്യാലയങ്ങളിലും കൂടി പരിഗണിച്ചാൽ കേരളസിലബസ് പഠിക്കുന്ന കുട്ടികൾ 46.93ലക്ഷം വരും. അതായത് 80.15%. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ ബഹുഭ്രരിപക്ഷം വരുന്ന മധ്യവർഗ്ഗത്തിൽപെട്ടതും സാധാരണക്കാരുടെയും കുടുംബങ്ങ അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ഇപ്പോഴും ആശ്രയിക്കുന്നത് പൊതുവിദ്യാലയങ്ങളെ തന്നെയാണ്. അത്കൊണ്ട് കേരള സിലബസിൽ പ്രത്യേകിച്ചും സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന സാധാരണ കുടുംബങ്ങളിൽ നിന്നുമുള്ള കുട്ടികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക എന്നത് അതീവ പ്രാധാന്യമേറിയ കാര്യമായി മാറുന്നു. ഗുണമേന്മ എന്നതിനെ കേരളത്തിലെ പുരോഗമന സമൂഹം ഒരുകാലത്തും വിദ്യാഭ്യാസത്തിന്റെ പൊതുധാരയിൽ നിന്നും, ചുറ്റുപാടുമുള്ള സാമൂഹ്യ സാമ്പത്തിക ബന്ധങ്ങളിൽ നിന്നും ഒറ്റപ്പെട്ട ഒരു പ്രശ്നമായി മാറ്റി നിർത്തിയല്ല സമീപിച്ചിരുന്നത്. കേരളത്തിലെ വിദ്യാഭ്യാസ വളർച്ചയുടെ പശ്ചാത്തലവും ഓരോ ഘട്ടത്തിലും പുരോഗമന നിലപാടുകളും വലതുപക്ഷ/സാമ്പ്രദായിക നിലപാടുകളും തമ്മിലുള്ള സംഘർഷങ്ങളും അതിനിടയാക്കിയ വ്യത്യസ്ത താത്പര്യങ്ങളും വിശകലനം ചെയ്താണ് സാർവ്വത്രിക സ്കൂൾവിദ്യാഭ്യാസം മുന്നേറിയത്.

സ്കൂൾഘട്ടത്തിലെ ഗുണമേന്മ എന്നത് എല്ലാകാലത്തും എല്ലാസമൂഹങ്ങളും ഗൗരവത്തോടെ ചർച്ച ചെയ്യുന്ന കാര്യമാണ്. കേരളീയസമൂഹവും അതീവ താൽപ്പര്യമാണ് ഇക്കാര്യത്തിൽ കാട്ടുന്നത്. പ്രസ്തുത താല്പര്യമാണു പൊതുവിദ്യാഭ്യാസത്തിന്റെ വളർച്ചയുടെയും വികാസത്തിൻ്റെയും അടിത്തറ. കഴിഞ്ഞ ഇരുന്നൂറോളം വർഷങ്ങളായി വിദ്യാഭ്യാസം സംബന്ധിച്ച ഏത് റിപ്പോർട്ട് പരിശോധിച്ചാലും അതിൽ ഗുണമേന്മ വിദ്യാഭ്യാസം നേരിടുന്ന പോരായ്മകളും മുന്നോട്ടു പോകാനുള്ള വഴികളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ അർഹരായ മുഴുവൻ കുട്ടികൾക്കും സ്കൂൾപ്രാപ്യതയും പഠനതുടർച്ചയും ഉറപ്പാക്കുക എന്നതായിരുന്നു ഗുണമേന്മയുടെ മാനദണ്ഡമായി കണക്കാക്കിയിരുന്നത്. എന്നാൽ എല്ലാ കുട്ടികളും സ്കൂളിൽ എത്തുകയും പഠനതുടർച്ച ഉറപ്പാക്കുകയും ചെയ്ത നമ്മുടെത് സമൂഹങ്ങളിൽ തുല്യതയും നീതിയും കുട്ടികളുടെ സകലമാനമായ കഴിവുകളുടെ വികാസവും ഗുണമേന്മയുടെ അടിസ്ഥാന ശിലകളായി മാറും. അഖിലേന്ത്യാതലത്തിൽ എല്ലാ കുട്ടികളെയും സ്കൂളിൽ എത്തിക്കുകയും പഠനത്തുടർച്ച ഉറപ്പാക്കുകയും ചെയ്യുക എന്ന കാര്യത്തിൽ ഇനിയും ശ്രദ്ധ അനിവാര്യമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം സാർവ്വത്രികവിദ്യാഭ്യാസം  നേടിയെടുത്ത കേരളത്തിലെ‍ പൊതുവിദ്യാലയങ്ങളിലൂടെ സാധ്യമാണോ എന്ന കാര്യം പല ഘട്ടങ്ങളിലും സംവദിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം സംവാദങ്ങളിൽ സജീവമായി ഇടപെട്ടുപോരുന്ന സംഘടനയാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് അസമത്വങ്ങൾ നിറഞ്ഞ സാമൂഹ്യ സാഹചര്യങ്ങളിൽ ഗുണമേന്മ സംബന്ധിച്ച താൽപര്യങ്ങളും വ്യത്യസ്തമായിരിക്കും. എന്നാൽ തുല്യതയിലും സാമൂഹ്യനീതിയിലും ഉറച്ചുനിന്നുകൊണ്ട് ഗുണമേന്മ ഉറപ്പുവരുത്താനുള്ള പഠനങ്ങളും പ്രവർത്തനങ്ങളും ജനപങ്കാളിത്തത്തോടെ വികസിപ്പിച്ചെടുക്കാനാണ് പരിഷത്ത് എക്കാലവും ശ്രമിച്ചു പോരുന്നത്. വ്യത്യസ്ത സാമൂഹ്യ സാഹചര്യങ്ങളാലും പഠന സാഹചര്യങ്ങളിലെ ഏറ്റക്കുറച്ചിലുകൾ കൊണ്ടും പ്രതിസന്ധിയിൽ അകപ്പെട്ട ഒരു കുട്ടിയെ പോലും പുറന്തള്ളാതിരിക്കാനുള്ള കരുതൽ പരിഷത്തിന്റെ ഏത് വിദ്യാഭ്യാസ പദ്ധതികളിലും പ്രവർത്തനങ്ങളിലും നമുക്ക് ദർശിക്കാൻ കഴിയും. ഈയൊരു വീക്ഷണത്തിലൂടെ തന്നെയാണ് സമീപകാലത്ത് ഉയർന്നുവന്ന ഗുണമേന്മ ചർച്ചകളിലും പരിഷത്ത് ഭാഗമാക്കാവുന്നത്. ഇത്തരം സംവാദങ്ങളിൽ അതുകൊണ്ടുതന്നെ സാമൂഹികമായ ഉയർന്നുവരുന്ന ആശങ്കകൾ എല്ലാം വിശദമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.

ആശങ്കകൾ, അഭിപ്രായങ്ങൾ

വിദ്യാഭ്യാസ ഗുണമേന്മ സംബന്ധിച്ച് സംവാദങ്ങൾ നടത്തുമ്പോൾ സ്വാഭാവികമായി ഉയർന്നു വരുന്നതോ ബോധപൂർവം ഉയർത്തിക്കൊണ്ടു വരുന്നതോ ആയ ചില ആശങ്കകളുണ്ട്. അതിൽ പ്രധാനമായത് താഴെ കൊടുക്കുന്നു.

  1. എല്ലാവരും പാസ്സാകുമെന്നുണ്ടെങ്കിൽ പരീക്ഷകൾ നടത്തുന്നത് എന്തിനാണ് ?
  2. കേരളത്തിലെ വിദ്യാഭ്യാസഗുണതയെ ബാധിച്ച പ്രധാനഘടകം ഓൾ പ്രൊമോഷൻ  ആണ്. എല്ലാവരും പാസ്സാകുമെന്നുറപ്പുള്ളതു കൊണ്ട് കുട്ടികൾ പഠനത്തെ ഗൗരവത്തോടെ സമീപിക്കുന്നില്ല.
  3. എ പ്ലസ് കിട്ടിയ കുട്ടികൾക്കു പോലും എഴുതാനും വായിക്കാനും അറിയില്ല.
  4. ദേശീയതലത്തിൽ നടക്കുന്ന മത്സരപരീക്ഷകളിൽ കേരളം പിന്നിലാണ്.
  5. ചില സ്കൂളുകൾ റിസൾട്ട് മെച്ചപ്പെടുത്തുവാൻ അനഭിലഷണീയമായ പല മാർഗങ്ങളും സ്വീകരിക്കുന്നുണ്ട്.

മേൽപ്പറഞ്ഞ ആശങ്കകളും അഭിപ്രായങ്ങളുമെല്ലാം ഗൗരവമായ പരിഗണന അർഹിക്കുന്നവ തന്നെയാണ്. ഇവയുടെ നാനാവശങ്ങൾ ആഴത്തിൽ പരിശോധിക്കുകയും വസ്തുതകൾ ഉണ്ടെങ്കിൽ തിരുത്തൽ നടപടികൾ സ്വീകരിക്കുകയും വേണമെന്നതിൽ തർക്കമില്ല. അവ ഓരോന്നായി എടുത്ത് പരിശോധിക്കാം.

1. എല്ലാവരും പാസ്സാകുന്ന പരീക്ഷകൾ

സ്കൂളുകളിൽ വിവിധ ക്ലാസ്സുകളിൽ പരീക്ഷകൾ നടത്തുന്നത് എന്തിന് വേണ്ടിയാണെന്ന് ചിന്തിച്ചിട്ടുണ്ടോ ? ഏറ്റവും ലഘുവായി പറഞ്ഞാൽ,

  • ക്ലാസ് മുറിയിൽ നടക്കുന്ന പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ കുട്ടിക്കും എത്രമാത്രം ആശയവ്യക്തത ലഭിച്ചുവെന്നറിയാൻ
  • ആശയവ്യക്തത ലഭിക്കാത്തവർക്ക് അത് എന്തുകൊണ്ട് ലഭിച്ചില്ലെന്ന് അധ്യാപികയ്ക്ക് തിരിച്ചറിയാൻ
  • ഇതിന്റെ വെളിച്ചത്തിൽ തുടർന്ന് ഏതുതരം പഠനപ്രവർത്തനങ്ങൾ നൽകണമെന്ന് അധ്യാപികയ്ക്ക് തീരുമാനിക്കാൻ
  • അധ്യാപികയുടെ ക്ലാസ്റൂം പ്രവർത്തനം വിലയിരുത്തി മെച്ചപ്പെടുത്താൻ

വർഷാവസാനം നടത്തുന്ന പരീക്ഷകളെ ക്ലാസ് കയറ്റം പോലുള്ള മറ്റ് തീരുമാനങ്ങൾ എടുക്കാനും സംവിധാനം പ്രയോജനപ്പെടുത്താറുണ്ട്.

1997-98ലെ പാഠ്യപദ്ധതി പരിഷ്കരണത്തിന് മുമ്പ് 'കുട്ടികൾക്ക് എന്തറിയില്ല' എന്നായിരുന്നു പരീക്ഷയിൽ പൊതുവിൽ നോക്കിയിരുന്നത്. എന്നാൽ പരിഷ്കരണത്തിന്റെ ഭാഗമായി മൂല്യനിർണയ രീതിയിൽ മാറ്റം വന്നപ്പോൾ 'കുട്ടികൾക്ക് എന്തറിയാം' എന്നതിനായി ഊന്നൽ. അതോടെ സാമൂഹികമായി പിന്നാക്കം നിൽക്കേണ്ടുന്ന, എല്ലാ പരീക്ഷകളിലും തോൽക്കാൻ വിധിക്കപ്പെട്ട, പാവപ്പെട്ട കുടുംബങ്ങളിലെയും മറ്റും കുട്ടികൾക്ക് അവരുടെ കഴിവുകളും പരിമിതികളും കുറച്ചൊക്കെ തിരിച്ചറിയാനും മുഖ്യധാരയിൽ പ്രതീക്ഷയോടെ തുടരുവാനുമുള്ള ഇടം ലഭിച്ചു.

വിദ്യാഭ്യാസപരമായും സാമൂഹ്യമായും നോക്കിയാൽ പുരോഗമനപരമായ ഒരു നിലപാടായിരുന്നു അത്. കാരണം പൊതുവിദ്യാഭ്യാസം എന്നത് എല്ലാവരുടെയും അവകാശമാണ്. അത് സാധ്യമാക്കാൻ സംവിധാനത്തിന് ഉത്തരവാദിത്തമുണ്ട്. അത്തരമൊരു ഘട്ടത്തിൽ ആത്മവിശ്വാസം വളർത്തി എല്ലാവരെയും കൂടെ കൊണ്ടുപോകുന്ന സമീപനമാണ് ആവശ്യം. വിലയിരുത്തലിലൂടെ കുട്ടികളുടെ കഴിവുകൾ ഉയർത്തിക്കാട്ടുക, പോരായ്മകൾ ശ്രദ്ധയിൽ കൊണ്ടുവന്ന് അത് മറികടക്കാനുള്ള പിന്തുണ നൽകുക - ഇതത്രേ പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി ചെയ്യാൻ ശ്രമിച്ചത്.

ഈയൊരു മാറ്റത്തെ അധ്യാപക സമൂഹത്തിലെ വലിയൊരു വിഭാഗം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അംഗീകരിച്ചു. പിന്നാക്കം നിൽക്കുന്നവർ പോലും ഉത്സാഹത്തോടെ പഠനപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന കാഴ്ച അവരെ സന്തോഷിപ്പിച്ചു. എന്നാൽ പരീക്ഷയെ സംബന്ധിച്ച സാമ്പ്രദായിക ധാരണ കൊണ്ടുനടക്കുന്ന ചിലർ പരീക്ഷയുടെ ഗൗരവം ഇല്ലാതാക്കിയെന്ന ആരോപണവുമായി രംഗത്തെത്തി. അവരെ സംബന്ധിച്ച് കുറച്ചുപേരെ തോൽപിക്കാത്ത പരീക്ഷ ആ പേരിന് അർഹമല്ല. ഇത് പഴയ പരീക്ഷയല്ലെന്നും കുട്ടികളുടെ പഠനപുരോഗതിയുടെ വിലയിരുത്തലാണെന്നുമുള്ള വിശദീകരണം അവർക്ക് സ്വീകാര്യമായിരുന്നില്ല. അക്കൂട്ടർ ഒളിഞ്ഞും തെളിഞ്ഞും മാറ്റങ്ങളെ തുടർന്നും എതിർത്തു കൊണ്ടേയിരുന്നു.

ദേശീയ വിദ്യാഭ്യാസനയം 2020 ഇവരുടെ വാദത്തിന് ശക്തി പകർന്നിരിക്കുന്നു. 3, 5, 8 ക്ലാസ്സുകളിൽ ദേശീയതലത്തിൽ പൊതുപരീക്ഷ കൊണ്ടുവരുമെന്ന നിർദേശത്തിന്റെ പശ്ചാത്തലത്തിൽ അവർ വീണ്ടും എതിർപ്പുമായി രംഗത്ത് വന്നിരിക്കുകയാണ്. സംസ്ഥാന സർക്കാർ ഇത് തത്ത്വത്തിൽ അംഗീകരിച്ചിട്ടില്ലെങ്കിലും 8)o ക്ലാസ്സിൽ ഈ വർഷം മിനിമം മാ‍ർക്ക് കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. വിദ്യാഭ്യാസ വകുപ്പിൽ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന ചില ഉദ്യോഗസ്ഥർ ഇത്തരം ആശയങ്ങൾ കൊണ്ടുനടക്കുന്നവരാണ്. ഇതോടെ പരീക്ഷയിലൂടെ കുട്ടികൾ തോൽക്കാമെന്ന നില കേരളത്തിൽ വീണ്ടും സംജാതമായിരിക്കുന്നു. തോൽക്കുന്നവരെ രണ്ടാഴ്ചത്തെ തീവ്രപരിശീലനത്തിലൂടെ ജയിക്കുന്നവരാക്കി മാറ്റുമെന്നാണ് പറയുന്നത്. ഇത് കോച്ചിങ്ങല്ലാതെ മറ്റൊന്നുമില്ല.

തോൽപിക്കേണ്ടവരെ കണ്ടെത്തലാണ് പരീക്ഷയുടെ ലക്ഷ്യമെങ്കിൽ എല്ലാവരും ജയിക്കുന്നത് പ്രശ്നം തന്നെയാണ്. പക്ഷേ, സ്കൂൾ വിദ്യാഭ്യാസ ഘട്ടത്തിൽ തോൽപിക്കുക എന്നത് നമ്മുടെ ലക്ഷ്യമേ അല്ല. നിശ്ചിതമായ കഴിവുകൾ ഒരു പരിധി വരെയെങ്കിലും നേടാതെ കുട്ടികൾക്ക് ക്ലാസ് കയറ്റം നൽകുന്നുവെങ്കിൽ അത് ഗൗരവമേറിയ പ്രശ്നം തന്നെയാണെന്ന് അംഗീകരിക്കുന്നു. അതിന് കുട്ടിയെ കാരണക്കാരനായി കാണുന്നതും അതിനുള്ള ശിക്ഷയെന്ന നിലയിൽ കുട്ടിയെ തോൽപിക്കുന്നതും ആശാസ്യമേ അല്ല. കുട്ടി പരാജയപ്പടുന്നു എന്നതിന്റെ യഥാർഥമായ അർഥം സംവിധാനവും സമൂഹവും പരാജയപ്പെടുന്നു എന്നുതന്നെയല്ലേ ?

അതിനാൽ ഒന്നു മുതൽ പത്തിന്റെ അന്തിമഘട്ടം വരെ കുട്ടികളെ തിരിച്ചറിഞ്ഞ് സഹായിക്കാൻ കഴിയുന്ന വിലയിരുത്തൽ രീതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണം. ആ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ കൂടുതൽ മെച്ചപ്പെട്ട പിന്തുണ (scaffolding) അവർക്കു നൽകണം. ഓരോ ക്ലാസ്സിലും നേടേണ്ടത് മുഴുവൻ നേടുന്നുവെന്ന് ഉറപ്പാക്കണം. പാഠപുസ്തകം യാന്ത്രികമായി പഠിപ്പിച്ചു തീർക്കുകയല്ല പകരം, പാഠപുസ്തകത്തിലുള്ള പാഠങ്ങളെ വഴക്കത്തോടെ ഉപയോഗപ്പെടുത്തിയും, പിന്നാക്കക്കാർക്കു പറ്റിയ പാഠങ്ങൾ സ്വയം തയ്യാറാക്കിയും തന്റെ കുട്ടികളെ പഠിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം അധ്യാപകർക്ക് നൽകണം. പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ സാമൂഹ്യ – സാമ്പത്തിക – കുടുംബപശ്ചാത്തലം തിരിച്ചറിഞ്ഞ് മതിയായ അക്കാദമിക – സാമൂഹ്യപിന്തുണ ഉറപ്പാക്കാൻ സ്കൂളും അയൽപക്ക സമൂഹവും തദ്ദേശഭരണ സ്ഥാപനങ്ങളും തയ്യാറാവണം. ഇത് ആശയപരമായും പ്രായോഗികമായും മെനക്കെട്ട പണിയാണെങ്കിലും പഠിക്കാനും മുന്നേറാനുമുള്ള ഏവരുടെയും അവകാശത്തെ അംഗീകരിക്കുന്നുണ്ടെങ്കിൽ ആ ചുമതല നാം ഏറ്റെടുത്തേ മതിയാവൂ. പരീക്ഷകൾ പേരിന് നടത്തുകയും യാതൊരു അധികപിന്തുണയും ലഭ്യമാക്കാതെ കുട്ടികളെ കയറ്റിവിടുകയും ചെയ്യുന്നുണ്ടെങ്കിൽ പരീക്ഷയിലും കുട്ടികളിലുമല്ല കുറ്റങ്ങൾ കണ്ടെത്തേണ്ടത് മറിച്ച്, ഇത്തരമൊരു സംവിധാനത്തെ ഇവിടെ ഉണ്ടാക്കുകയും നിലനിർത്തുകയും ചെയ്യുന്നവരെയാണ്. ചുരുക്കത്തിൽ ഓരോ പാഠം / ആശയരൂപീകരണം പൂർത്തിയാകുമ്പോഴും നേടുന്ന ആശയത്തിൽ ഉണ്ടാകുന്ന വിടവുകൾ കണ്ടെത്തി പരിഹരിക്കാൻ അധ്യാപകർ ഉൾപ്പെടുന്ന സിസ്റ്റം തയ്യാറാകേണ്ടതുണ്ട്.

അതേസമയം പൊതുവിദ്യാഭ്യാസത്തിന്റെ അന്തിമഘട്ടത്തിലോ ഒരു കോഴ്സിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്ന ഘട്ടത്തിലോ നടത്തുന്ന പരീക്ഷ കുട്ടികളെ അവരുടെ കഴിവിനനുസരിച്ച് തരംതിരിക്കാനും തുടർപഠനം ഏത് മേഖലകളിൽ വേണമെന്ന് തീരുമാനിക്കാനും ഉതകുന്നതാവണം എന്നതിൽ പക്ഷാന്തരമില്ല. പത്തിന്റെയും പന്ത്രണ്ടിന്റെയും ഒടുവിൽ നടത്തുന്ന പരീക്ഷകൾ ഈ രീതിയിലുള്ളവ ആവണം.

2. ഓൾ പ്രമോഷൻ എന്ന ' വില്ലൻ '

സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് പലപ്പോഴും കാരണമായി ചൂണ്ടിക്കാട്ടുന്നത് ഓൾ പ്രമോഷൻ സമ്പ്രദായത്തെയാണ്. സ്കൂൾ വിദ്യാഭ്യാസത്തിൽ എല്ലാ കാലത്തും എല്ലാ ക്ലാസിലും കുട്ടികളെ മുകളിലത്തെ ക്ലാസ്സിലേക്ക് നിർബാധം കയറ്റിവിടുന്ന ഒരു പ്രമോഷൻ രീതി ഇവിടെയുണ്ടായിരുന്നുവെന്നും അതിപ്പോഴും നിലനിൽക്കുന്നുണ്ടെന്നുമുള്ള മട്ടിലാണ് പലരും ഇക്കാര്യം പറയുന്നത്.

ഒരുപക്ഷേ ഇവർ ഉദ്ദേശിക്കുന്നത് 1972 – 73ൽ ചാക്കീരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന പ്രമോഷൻ രീതിയെ ആവാം.  ഈ ഉത്തരവോടെ ഒന്നാം ക്ലാസിൽ പഠിക്കുന്ന മുഴുവൻ കുട്ടികളെയും രണ്ടാം ക്ലാസിലേക്ക് പ്രമോട്ട് ചെയ്യണം എന്നുവന്നു. ഒന്നും രണ്ടും ക്ലാസുകളെ അക്ഷരപഠനത്തെയും മറ്റും മുൻനിർത്തി ഒറ്റ യൂണിറ്റായി കാണാറുണ്ട് എന്നതിനാൽ ഇതിൽ അക്കാദമികമായ ഒരു യുക്തിയുണ്ട്. രണ്ടു മുതൽ ഏഴ് വരെ ക്ലാസിലുള്ള കുട്ടികളിൽ 90% പേർക്കെങ്കിലും അടുത്ത ക്ലാസിലേക്ക് പ്രമോഷൻ കൊടുക്കണമെന്നും എട്ട്, ഒമ്പത് ക്ലാസുകളിൽ 80% കുട്ടികളെയെങ്കിലും അടുത്ത ക്ലാസിലേക്ക് പ്രവേശിപ്പിക്കണമെന്നും നിർദേശിക്കപ്പെട്ടു. ഇങ്ങനെ കുട്ടികളെ തൊട്ടടുത്ത ക്ലാസിലേക്ക് പ്രമോട്ട് ചെയ്യുമ്പോൾ അവർ നിശ്ചിത നിലവാരം നേടുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന കാഴ്ചപ്പാട് കൂടി അതിൽ അന്തർലീനമായി ഉണ്ടായിരുന്നു. എന്നാൽ പലപ്പോഴും ഈ ഉത്തരവ് മനസ്സിലാക്കപ്പെട്ടത് യാന്ത്രികമായ രീതിയിലാണ്. രണ്ടു മുതൽ ഒമ്പതു വരെ ക്ലാസുകളിൽ നിശ്ചിത ശതമാനം കുട്ടികളെ തോൽപ്പിക്കണമെന്നും ബാക്കിയുള്ള കുട്ടികളെ ഏതെങ്കിലും വിധേന ക്ലാസ് കയറ്റി വിട്ടാൽ മതിയെന്നും പലരും കരുതി.

ഇങ്ങനെ ഒരു കൂട്ടം കുട്ടികളെ പ്രമോഷൻ കോടുത്ത് നിർബാധം കടത്തിവിടുമ്പോൾ അവരുടെ ഗുണനിലവാരം തൃപ്തികരമാണോ എന്ന കാര്യം സംവിധാനം ഉറപ്പാക്കിയില്ല. അതുപോലെ രണ്ടു മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ 10% കുട്ടികളെയും എട്ട്, ഒമ്പത് ക്ലാസുകളിൽ 20% കുട്ടികളെയും തോൽപ്പിക്കാമെന്നായപ്പോൾ, തോറ്റുപോകുന്ന കുട്ടികൾ ആരാണെന്നോ അവരെന്തുകൊണ്ട് തോറ്റുപോകുന്നുവെന്നോ പരിശോധിക്കാൻ സംവിധാനം (system) നാളിതുവരെ തയ്യാറായില്ല. അതിന്റെ ഫലമായി ഉയർന്ന ക്ലാസുകളിലേക്ക് വേണ്ടത്ര കഴിവുകൾ ഇല്ലാതെ കുറേ കുട്ടികൾ കയറിപ്പോകുന്നതും തോൽക്കുന്ന വിഭാഗങ്ങൾ നിരന്തരമായി തോറ്റുകൊണ്ടിരിക്കുകയും ഒരു സാധാരണ സംഭവം മാത്രമായി മാറി. ഗുണനിലവാര ചർച്ചകൾ ഉയരുമ്പോഴെല്ലാം ഈ സമ്പ്രദായമാണ് അല്ലാതെ, ഇത് നന്നായി നടപ്പിലാക്കാത്ത സംവിധാനമല്ല കുറ്റക്കാർ എന്ന പൊതുധാരണ ഉയരുന്ന നിലയുമുണ്ടായി.

ഈ സമ്പ്രദായം വരും മുമ്പ് എത്രപേരെ വേണമെങ്കിലും തോൽപിക്കാമായിരുന്നു. 1972 – 73 ലെ നിർദേശം അതൊന്ന് ലഘൂകരിച്ചുവെന്നുമാത്രം. തോൽക്കുന്നവരുടെ എണ്ണം അതോടെ കുറഞ്ഞു. പക്ഷേ തോൽക്കുന്ന വിഭാഗങ്ങൾ ആരെന്നതിൽ ഒരു മാറ്റവും ഉണ്ടായില്ല. ഈ വ്യവസ്ഥ ഏറ്റവും ഭംഗിയായി നടപ്പാക്കിയാലുള്ള സ്ഥിതി നോക്കൂ‍. 100 കുട്ടികൾ ഒന്നാം ക്ലാസ്സിൽ ചേരുന്നുവെന്ന് കരുതിയാൽ 10 ാം ക്ലാസ്സിൽ 34കുട്ടികൾ മാത്രമേ എത്തിച്ചേരൂ. അക്കാലത്ത് 10 ാം ക്ലാസ്സിൽ 50% ൽ താഴെയായിരുന്നു റിസൽട്ട് എന്ന് വസ്തുത കണക്കിലെടുത്താൽ 100 കുട്ടികൾ ഒന്നാം ക്ലാസ്സിൽ ചേർന്നാൽ 17 കുട്ടികൾ മാത്രം ഒരിക്കലും തോൽക്കാതെ എസ്.എസ്.എൽ.സി പാസാകും. മറ്റൊരു രീതിയിൽ പറഞ്ഞാൽ 83 കുട്ടികൾ വരെ പരീക്ഷകളിലൂടെ ഒഴിവാക്കപ്പെടും. തോറ്റ ചില കുട്ടികൾ രണ്ടും മൂന്നും വർഷം അതേ ക്ലാസ്സിലിരുന്ന് പഠിച്ച് പാസാകുന്നതുകൂടി പരിഗണിച്ചാൽ ഏതാണ്ട് 30 കുട്ടികൾ എസ്.എസ്.എൽ.സി പാസ്സാകുന്ന നില ഉണ്ടായേക്കാം. അതിനർഥം കുട്ടികളെ പാസാക്കുന്നതിൽ ഉദാരസമീപനമെടുത്ത ചാക്കീരിയുടെ  കാലത്തുപോലും 70% കുട്ടികളെ വരെ പൊതുധാരയിൽ നിന്ന് അരിച്ചുകളയുന്നുണ്ടായിരുന്നു.

കൃത്യമായ ഒരു കണക്കു പറയാം. പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ സ്റ്റാറ്റിറ്റിക്കൽ വിഭാഗം രേഖകൾ പ്രകാരം ചാക്കീരി പാസ് നിലനിന്നിരുന്ന 1990 - 91 കാലത്ത് കേരളത്തിലെ വിദ്യാലയങ്ങളിൽ ഒന്നാം തരത്തിൽ ചേർന്ന 6,01,030 കുട്ടികളിൽ 4,54,525 പേരാണ് ഒമ്പതാംതരം പൂർത്തിയാക്കി 1999ൽ പത്താം ക്ലാസിൽ എത്തിയത്. ഇതിനിടയിൽ വിവിധ കാലഘട്ടങ്ങളിൽ പഠനം നിർത്തിയത് 1,46,505 കുട്ടികളാണ്. അതായത് 24.38% പേർ. ഒരു കുഞ്ഞും സ്വമേധയാ തൻെറ കൂട്ടുകാരെ വിട്ട് കൊഴിഞ്ഞു പോവാൻ ഇഷ്ടപ്പെടില്ല. ഒരർഥത്തിൽ  കുട്ടികൾക്ക് പൊതുധാരയിൽ തുടരാൻ കഴിയാത്ത അന്തരീക്ഷം ഉണ്ടാക്കി വിദ്യാഭ്യാസ സംവിധാനം അവരെ ഒഴിവാക്കുകയാണ് ചെയ്തത്.

ഇക്കാലത്ത് നമ്മുടെ വിദ്യാലയങ്ങളിൽനിന്നും പട്ടികജാതി വിഭാഗത്തിലെ 36% കുട്ടികൾ പഠനം നിർത്തി. (ഈ വിഭാഗത്തിലെ 68,822 കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നപ്പോൾ 44,184 കുട്ടികളാണ് പത്താം തരത്തിൽ എത്തിയത്. പഠനം നിർത്തിയത് 24638 പേർ). പട്ടികവർഗ വിഭാഗത്തിലെ കുട്ടികളിൽ വഴിക്ക് വച്ച് പഠനം നിർത്തിയത് 66% ൽ അധികമായിരുന്നു. ഈ വിഭാഗത്തിലെ 9,827 കുട്ടികളിൽ 3,312 കുട്ടികളാണ് പത്താം ക്ലാസിൽ എത്തിചേർന്നത്. അതായത് 6575 കുട്ടികൾ പഠനം നിർത്തിപ്പോയി.

അങ്ങനെ പത്ത് വർഷംകൊണ്ട് കേരളത്തിലെ ക്ലാസ് മുറികളിൽ ബാക്കിയായ കുട്ടികൾക്ക് വേണ്ടി 2000 മാർച്ച് മാസത്തിൽ നടത്തിയ എസ് എസ് എൽ സി പരീക്ഷയിൽ, കേവലം 56.18% കുട്ടികൾ മാത്രമാണ് അടുത്ത ഘട്ടത്തിലേക്കുള്ള വിദ്യാഭ്യാസത്തിന് അർഹത നേടിയത്. അതായത് ആ വർഷം പരീക്ഷയെഴുതിയവരിൽ 44% പേരെ വിദ്യാഭ്യാസത്തിന്റെ പുറമ്പോക്കിലേക്ക് സംവിധാനം വലിച്ചെറിഞ്ഞു. 1989 ൽ ഒന്നാം തരത്തിൽ ചേർന്ന് പത്താംതരത്തിലെത്തും മുമ്പ് കൊഴിഞ്ഞുപോയത് ജനറൽ വിഭാഗത്തിലെ 25% കുട്ടികളും പട്ടികജാതി വിഭാഗത്തിലെ 36% കുട്ടികളും പട്ടികവർഗത്തിലെ 66% കുട്ടികളുമാണ്. ഇവരുടെ എണ്ണം കൂടി കണക്കിലെടുത്താൽ കൊഴിഞ്ഞുപോയും എസ് എസ് എൽ സി പരീക്ഷയോടെ തോറ്റും മുഖ്യധാരയിൽ നിന്നും പുറംതള്ളപ്പെട്ടവർ ഏതാണ്ട് അറുപത് ശതമാനത്തിനടുത്താണെന്ന് കാണാം. ഇങ്ങനെ സാമൂഹികവും സാമ്പത്തികവുമായി പിന്തുണ ആവശ്യമുള്ള വിഭാഗങ്ങളെ പരീക്ഷകളിലൂടെ പുറത്തെറിയുന്നതിനെ നീതീകരിക്കാൻ കഴിയുമോ?

2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തെ തുടർന്നാണ് ഒന്നു മുതൽ എട്ടുവരെ ക്ലാസ്സുകളിൽ ഒരു കുട്ടിയെയും തോൽപ്പിക്കരുത് എന്ന ഉദ്ദേശ്യത്തോടെ ' നോ ഡീറ്റൈൻഷൻ പോളിസി ' രാജ്യമാകെ നടപ്പിലാക്കുന്നത്. ഇവിടെയും എല്ലാ കുട്ടികളെയും ഉപാധികളില്ലാതെ പാസ്സാക്കണമെന്നല്ല ഉദ്ദേശിച്ചത്. മറിച്ച് ഓരോ ക്ലാസ്സിലും നേടേണ്ട കഴിവുകൾ കുട്ടികൾക്ക് മികവോടെതന്നെ നേടിക്കൊടുത്തുകൊണ്ട് അവരെ അടുത്ത ക്ലാസ്സിലേക്ക് പ്രവേശിപ്പിക്കണമെന്നാണ്. അതിനു മുൻപാകട്ടെ കുട്ടികൾ പല പല ക്ലാസുകളിൽ വച്ച് വൻതോതിൽ തോൽപ്പിക്കപ്പെട്ടു. അതിന്റെ ഭാഗമായി പഠിക്കാൻ കൊള്ളുന്നവരല്ല തങ്ങളെന്ന് കുട്ടികളും, പഠിക്കാൻ കഴിവുള്ളവരല്ല സ്വന്തം കുട്ടികളെന്ന് രക്ഷിതാക്കളും ധരിച്ചു. ആ കുട്ടികൾ സ്കൂളിൽ പോകുന്നത് നിർത്തി. ഏറെപ്പേർ വയലേലകളിലേക്കോ പണിശാലകളിലേക്കോ പോയി. വേറെ ചിലർ വീട്ടിൽ ഇളയ കുട്ടികളെ നോക്കാൻ നിയോഗിക്കപ്പെട്ടു. വിദ്യാഭ്യാസ അവകാശ നിയമം ഇതിന് മാറ്റം വരുത്തി.

എന്നാൽ വിദ്യാഭ്യാസം നിർബന്ധിതമാക്കുന്ന ബിൽ 1870 ൽ തന്നെ ബ്രിട്ടനിൽ നിലവിൽ വരികയുണ്ടായി. 1882 ഇന്ത്യൻ എജുക്കേഷൻ കമ്മീഷന്റെ മുമ്പാകെ സാർവത്രികവും നിർബന്ധിതവുമായ വിദ്യാഭ്യാസം നടപ്പിലാക്കണമെന്ന ആവശ്യം ഇന്ത്യൻ നേതാക്കൾ ഉയർത്തുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഗോപാലകൃഷ്ണ ഗോഖലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനായുള്ള അഭ്യർഥന ഇംപീരിയൽ ലജിസ്ലേറ്റീവ് കൗൺസിലിന്റെ മുമ്പാകെ കൊണ്ടുവന്നത്. 1937ൽ നയി താലിം എന്നറിയപ്പെട്ട പദ്ധതിയിലൂടെ മഹാത്മാഗാന്ധി ഇത് വീണ്ടും ചർച്ചാവിഷയമാക്കി. ഇതിന്റെയെല്ലാം പ്രതിഫലനമെന്നോണം  1950 ൽ ഇന്ത്യൻ ഭരണഘടന രൂപീകരിച്ചപ്പോൾ നിർദേശക തത്ത്വത്തിൽ ഉൾപ്പെടുത്തി 14 വയസ്സു വരെയുള്ള കുട്ടികൾക്ക് സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകത വെളിവാക്കി.

ഇത് യാഥാർഥ്യമാക്കുന്നതിനു വേണ്ടിയാണ് 2001 ൽ വിദ്യാഭ്യാസം നിർബന്ധിതവും അവകാശവുമാക്കിക്കൊണ്ടുള്ള 45)o ഭരണഘടനാ ഭേദഗതി വന്നതും വർഷമേറെ കഴിഞ്ഞ് 2009 ൽ അത് സംബന്ധിച്ച നിയമം പാസ്സാക്കിയതും. ഇതോടെ 1 മുതൽ 8 വരെ കുട്ടികളെ തോൽപ്പിക്കാൻ പറ്റില്ലെന്ന സാഹചര്യം രൂപപ്പെട്ടു. ഇത്രയേറെ പരിശ്രമങ്ങളിലൂടെ കൊണ്ടുവന്ന ഒരു നിയമത്തെയാണ് കഴിഞ്ഞ കേന്ദ്രസർക്കാർ 2019ൽ മറ്റൊരു ഭേദഗതിയിലൂടെ ദുർബലപ്പെടുത്തിയത്. അതനുസരിച്ച് ഈ നിയമം നടപ്പിലാക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയിലിട്ട് കേന്ദ്രം കൈയൊഴിഞ്ഞു.  പല സംസ്ഥാനങ്ങളും നോ ഡീറ്റെൻഷൻ സമ്പ്രദായം വേണ്ടെന്നു വെച്ചു. അതോടെ പണ്ട് കണ്ടതുപോലെ പിന്നാക്കവിഭാഗങ്ങളുടെ കുട്ടികൾ സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞു പോകുന്നതും പണിശാലകളിലേക്ക് മാറ്റപ്പെടുന്നതും വീണ്ടും കാണപ്പെടാൻ തുടങ്ങി. കേരളമാകട്ടെ അതിനെതിരായ നിലപാടെടുത്തു. ഓൾ പാസ്സാണ് നിലവാരം തകർത്തതെന്ന് ഒറ്റയടിക്ക് പറയുന്നവർ ഇത്രയെങ്കിലും ചരിത്രവും എത്രയോ ആലോചനകളും വലിയ ലക്ഷ്യങ്ങളും ഇതിനു പിന്നിൽ ഉണ്ട് എന്നത് മറക്കുന്നു.

ഈ നിയമ ഭേദഗതി പാർലമെൻറിൽ ചർച്ചയ്ക്ക് വന്നപ്പോൾ ഇന്ത്യയിലെ ഇടതുപക്ഷ എം പി മാർ ഈ ഭേദഗതി പിന്നാക്കവിഭാഗങ്ങളെ സ്കൂൾ പഠനത്തിൽ നിന്ന് പുറത്താക്കുന്നതിന് കാരണമാകുമെന്നും ഇത് പഴയ അവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടുപോകുമെന്നും വിമർശനങ്ങൾ ഉയർത്തി. പക്ഷേ ഇപ്പോഴത്തെ സംസ്ഥാന സർക്കാർ ഈ നിയമത്തിന് കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി മറ്റൊരു രീതിയിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. എട്ടാം ക്ലാസിൽ നിന്ന് 9ലേക്ക് പാസ്സാവണമെങ്കിൽ ഈ വർഷം എഴുത്തു പരീക്ഷയിൽ 30% മാർക്ക് വേണമെന്ന നിബന്ധന അവർ ഏർപ്പെടുത്തിയിരിക്കുന്നു. ഇത് വരും വർഷം 8, 9 ക്ലാസുകളിലും തൊട്ടടുത്ത വർഷം (2026 – 27) 8, 9, 10 ക്ലാസുകളിലും നടപ്പിലാകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. എല്ലാ കുട്ടികളെയും തോൽപ്പിക്കാതെ മുന്നിലെത്തിക്കുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും പിന്നാക്ക വിഭാഗങ്ങളിൽ പെട്ട പാവപ്പെട്ടവരും ദരിദ്രരുമായ കുട്ടികളിൽ കുറേപേർ ഭാവിയിൽ പൊതുവിദ്യാഭ്യാസം പൂർണമായും അനുഭവിക്കാനാവാതെ പുറത്തേക്ക് പോകുന്ന അവസ്ഥ കേരളത്തിലും സൃഷ്ടിക്കപ്പടും. പുതിയ തീരുമാനം പലവിധത്തിലുള്ള സാമൂഹ്യ – സാമ്പത്തിക താത്പര്യങ്ങളുടെയും സമ്മർദത്തിന്റെയും ഭാഗമാകാം. പക്ഷേ ഇത് ഉണ്ടാക്കാൻ പോകുന്ന വിദ്യാഭ്യാസപരവും രാഷ്ട്രീയപരവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങൾ ബന്ധപ്പെട്ടവർ വേണ്ടത്ര വിലയിരുത്തിയിട്ടില്ലെന്ന് കരുതേണ്ടിയിരിക്കുന്നു.

ഓൾ പ്രമോഷൻ ഉള്ളതുകൊണ്ട് കുട്ടികൾ പഠനത്തെ ഗൗരവത്തോടെ സമീപിക്കുകയില്ല  എന്ന ഒരു വാദമുണ്ട്. എന്തായാലും പാസാക്കുമെന്ന മനോഭാവം ചെറിയ പ്രായത്തിൽ തന്നെ ഉണ്ടാവുന്നത് ആത്യന്തികമായി ദോഷം ചെയ്യുമെന്നും പരാജയത്തെ അഭിമുഖീകരിക്കാൻ കുട്ടികൾക്ക് കഴിയാത്ത അവസ്ഥ സംജാതമാകുമെന്നും ചിലർ പറയുന്നുണ്ട്. ചുരുക്കത്തിൽ ഓൾ പ്രമോഷനാണ് നിലവാര പ്രശ്നങ്ങളുടെ മൂലകാരണം എന്നാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ കുട്ടികളും സ്കൂൾ വിദ്യാഭ്യാസം നേടേണ്ടതില്ല, ചിലർക്ക് അതിനുള്ള കഴിവുകളില്ല, അതുകൊണ്ട് അവരെ അരിച്ച് മാറ്റണം, എങ്കിലേ വിദ്യാഭ്യാസരംഗത്ത് ഗുണമേന്മ വർദ്ധിക്കൂ എന്നത്രേ ചിലരുടെ മനസ്സിലിരിപ്പ്. ഇത് ഉറക്കെ‍ പറയുന്നതിന് തുല്യമാണ് സർക്കാരിന്റെ പുതിയ ഉത്തരവ്.

മുമ്പ് അരിച്ചുമാറ്റപ്പെട്ട കുട്ടികൾ ആരായിരുന്നു, അവരുടെ സാമൂഹ്യ, സാമ്പത്തിക പശ്ചാത്തലം എന്തായിരുന്നു എന്നതും കൂടി നോക്കേണ്ടതില്ലേ ? പഠനകാലത്തു മുഴുവൻ പിൻബെഞ്ചുകളിൽ ഇരിക്കാൻ വിധിക്കപ്പെട്ട്, ഒടുവിൽ പത്താംതരം പരീക്ഷ എഴുതിയിട്ടും വിജയിക്കാൻ കഴിയാതെ പുറത്തേക്ക് വലിച്ചെറിയപ്പെട്ട കുട്ടികൾ സമൂഹത്തിലെ ഏറ്റവും പിന്നാമ്പുറത്തു നിന്നുള്ളവരായിരുന്നു. അതിദരിദ്രർ, പട്ടികവർഗക്കാർ, പട്ടികജാതിക്കാർ, മത്സ്യത്തൊഴിലാളികൾ, ഒ ബി സി വിഭാഗത്തിലെയും മത-ഭാഷാ ന്യൂനപക്ഷങ്ങളിലെയും പാവപ്പെട്ടവർ എന്നിവരാണ് അതിൽ മഹാഭൂരിപക്ഷവും. തൊണ്ണൂറുകളുടെ അവസാനംവരെ ഇവർ വിദ്യാഭ്യാസത്തിൻെറ പിന്നാമ്പുറത്ത് കഴിയുകയായിരുന്നു എന്ന യാഥാർഥ്യം നാം മറക്കരുത്. ആ അവസ്ഥയിലേക്ക് തിരിച്ചു നടക്കുകയാണോ ഇപ്പോൾ ?

മുൻകാലങ്ങളിൽ ഇങ്ങനെ അരിച്ചുമാറ്റപ്പെട്ടവരുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയാണ് സമൂഹത്തിലെ ഉത്പാദന പ്രവർത്തനങ്ങളെല്ലാം നടത്തിയിരുന്നത്. പണിക്ക് ആളെ കിട്ടണമെങ്കിൽ കുറേ കുട്ടികൾ തോൽക്കണം. ഇതായിരുന്നു ഫ്യൂഡൽ ജന്മിത്ത കാലത്തെ ചിന്താഗതി. കോർപ്പറേറ്റുകളും മറ്റൊരു ഭാഷയിൽ ഇത് തന്നെയാണ് നിലപാടെടുക്കുന്നത്. സർക്കാർ ഖജനാവിൽ നിന്നും പണമെടുത്ത് സാർവത്രിക വിദ്യാഭ്യാസം നൽകേണ്ടതില്ല എന്നാണവർ  പറയുന്നത്.

പാവപ്പെട്ടവരുടെ വീട്ടിൽ നിന്നു വരുന്ന കുട്ടികൾ തോൽക്കേണ്ടതാണ് എന്ന ഉപരിവർഗ ചിന്താഗതി ഇന്നും കേരളത്തിൽ തുടരുന്നുവെന്നാണ് പരീക്ഷയെന്നാൽ എല്ലാ കുട്ടികളും ജയിക്കാനുള്ളതല്ലെന്നും നോഡീറ്റെൻഷൻ പോളിസി എടുത്തുകളയണം എന്നുമുള്ള വാദങ്ങളുടെ പൊരുൾ. വിദ്യാഭ്യാസ രംഗത്ത് സാമൂഹിക നീതി പരിഗണിക്കപ്പെടേണ്ടതില്ല എന്ന വലതുപക്ഷ തീവ്രവികാരമാണ് ഇത്തരം നിലപാടുകളുടെ ആന്തരികചോദന.

ദേശീയ വിദ്യാഭ്യാസനയം 2020 അരിച്ചുമാറ്റലിനെ പരിപോഷിപ്പിക്കുന്നതാണ്. കേരളം എന്നും ചേർത്തുപിടിക്കലിനെയാണ് പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. ഇങ്ങനെ ചേർത്തുപിടിക്കുമ്പോഴും  വിദ്യാഭ്യാസത്തിലെ ഗുണമേന്മയുടെ കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും വരുത്താതെ എല്ലാ കുട്ടികളുടെയും കഴിവിനെ എങ്ങനെ വളർത്താമെന്നാണ് നാം ആലോചിക്കേണ്ടത്.

3. എ പ്ലസ് കിട്ടിയ കുട്ടികൾക്കുപോലും എഴുതാനും വായിക്കാനും അറിയില്ല

പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളെ എന്താക്ഷേപിച്ചാലും അതേറ്റു പാടുന്നതിന് സഹായകമായ ഒരന്തരീക്ഷം കേരളത്തിലെ മധ്യവർഗവും പാഠ്യപദ്ധതി നവീകരണങ്ങൾക്കെതിരെ നിലപാടെടുത്ത ഏതാനും മാധ്യമങ്ങളും സംഘടനകളും വ്യക്തികളും കൂടി ഉണ്ടാക്കിവെച്ചിട്ടുണ്ട്. അതുകൊണ്ടാണ് വരേണ്യവിഭാഗം കുട്ടികൾ പഠിക്കുന്ന സി ബി എസ് ഇ തുടങ്ങിയ ഇടങ്ങളിലെ ചെറിയ മികവുകൾ വരെ - അത് പത്താം ക്ലാസ് പരീക്ഷാഫലങ്ങൾ ആയാൽ പോലും - മെച്ചപ്പെടുത്തി അവതരിപ്പിക്കുന്നതിൽ പലരും യാതൊരു പിശുക്കും കാട്ടാതിരിക്കുന്നത്. അവിടെ ഗ്രേഡിങ്ങിലെ ചില ഇളവുകളും ഇന്റേണൽ അസസ്‍മെന്റിലെയും പ്രാക്റ്റിക്കലിലെയും ഉയർന്ന സ്കോറും പ്രയോജനപ്പെടുത്തി എത്ര ഉയർന്ന വിജയശതമാനം ഉണ്ടായാലും അതിൽ പ്രശ്നമില്ല. എന്നാൽ പൊതുവിദ്യാലയങ്ങളിലെ പരീക്ഷാഫലം മെച്ചപ്പെടുമ്പോൾ അവർക്കെല്ലാം നെറ്റിചുളിയുന്നു. പൊതുവിദ്യാലയങ്ങളിൽ കഷ്ടപ്പെട്ട് പഠിച്ച് ഉന്നതവിജയം നേടിയ കുട്ടികളുടെ മാനസികാവസ്ഥ പോലും പരിഗണിക്കാൻ ഇക്കൂട്ടർ തയ്യാറാകാത്തതും ഈ സാമൂഹികാന്തരീക്ഷത്തിന്റെ ബലത്തിലാണ്. പൊതുവിദ്യാലയങ്ങളിൽ കാണുന്ന വർദ്ധിതമായ മികവിനെ ചോദ്യംചെയ്യാനും ഒറ്റപ്പെട്ട കാര്യങ്ങൾ സാമാന്യവത്കരിച്ച് പ്രചരിപ്പിക്കാനും ഇത്തരം കാര്യങ്ങളെ പൊതുബോധമാക്കി മാറ്റാനും ഏതറ്റം വരെ പോകാനും ഇക്കൂട്ടർ തയ്യാറാകുന്നതിന്റെ പ്രതിഫലനമാണ് എ പ്ലസ് കിട്ടുന്ന കുട്ടികൾക്കുപോലും എഴുതാൻ അറിയില്ലെന്ന അപവാദപ്രചരണം.

സമ്പൂർണ സാക്ഷരതാ പദ്ധതിയുടെ (1990 - 91) തുടർച്ചയായി ഗുണമേന്മാ വർധനവിനായി നടത്തിയ 'അക്ഷരപ്പുലരി' പോലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പ്രീ ടെസ്റ്റിൽ വളരെ വലിയൊരു വിഭാഗം കുട്ടികൾക്ക് ഭാഷാപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനുമുമ്പ് ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാകമ്മിറ്റി നടത്തിയ 'അക്ഷരവേദി' സർവേയിലും സമാനമായ കണ്ടെത്തലുകളാണ് ഉണ്ടായത്. എന്നാൽ ഇന്ന് അതിൽ നിന്നെല്ലാം ഏറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. പ്രക്രിയ പാലിച്ചുകൊണ്ട് പഠിക്കാനുള്ള അവസരമൊരുക്കിയാൽ ഒന്നാംക്ലാസിലെ കുട്ടികളടക്കം മികച്ച രീതിയിൽ എഴുതുകയും വായിക്കുകയും ചെയ്യുമെന്നതിന് തെളിവുകൾ ഇന്ന് എല്ലാ നാട്ടിലുമുണ്ട്. ഇക്കാര്യങ്ങൾ കാണേണ്ട ഉദ്യോഗസ്ഥർ അതൊന്നും കാണാനോ വിദ്യാഭ്യാസ സംവിധാനത്തിന്റെ അനുഭവമാക്കാനോ തയ്യാറാകുന്നില്ല എന്ന അവസ്ഥ നിലനിൽക്കുന്നു. ഇതിനിടയിൽ നിലവാരം കുറഞ്ഞ കുട്ടികൾ ഉണ്ടാകാം. അതിന് പ്രധാന കാരണം പ്രക്രിയാധിഷ്ഠിത പഠനത്തിൽ നിന്ന് പിന്നാക്കം പോയതാണ്. പല കാരണങ്ങളാൽ അധ്യാപകർ അതിന് നിർബന്ധിക്കപ്പെടുന്നതിനാലാണ്. 2013 ലെ അസീസ് കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് പാഠപുസ്തകങ്ങളിലും പഠനരീതിയിലും പരീക്ഷയിലും വരുത്തിയ മാറ്റങ്ങൾ ഈ അവസ്ഥ കുറേക്കൂടി രൂക്ഷമാക്കി. അതിൽ കാര്യമായ മാറ്റം വരുത്താൻ പിന്നീട് വന്ന ഇടതുസർക്കാരുകൾ കാര്യമായൊന്നും ശ്രമിച്ചില്ല.

ഇത്തരം ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നവർ പറയാതെ പോകുന്ന മറ്റൊരു കാര്യമുണ്ട്. പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളുടെയും അതിൽ പഠിക്കുന്ന കുട്ടികളുടെയും എണ്ണത്തിൽ വർഷംതോറും വരുന്ന വർധനവാണത്. 2023 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷ എഴുതിയ കുട്ടികളുടെ പകുതിയിലേറെയും (57.28%) ഇംഗ്ലീഷ് മീഡിയത്തിലാണ് പരീക്ഷയെഴുതിയത്. അതിനർഥം കേരളത്തിലെ ഏതാണ്ട് അറുപത് ശതമാനത്തിനടുത്ത് കുട്ടികൾ ചെറിയ ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചുവരുന്നത് എന്നാണ്. ആവശ്യമായ ഭാഷാന്തരീക്ഷം ക്ലാസ്സിൽ ഇല്ലാതെ, മറ്റൊരു ഭാഷാമാധ്യമത്തിൽ പഠിക്കുന്ന ഈ കുട്ടികൾക്ക് മാതൃഭാഷയിൽ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള പരിമിതി എന്തിനാണ് പാഠ്യപദ്ധതിയുടെ തലയിൽ വെച്ചുകെട്ടുന്നത് ? രക്ഷാകർത്തൃ സമൂഹത്തിന്റെ ദുരഭിമാനത്തിന്റെ ബലിയാടുകളായി ഈ കുട്ടികൾ മാറ്റപ്പെടുകയല്ലേ ? ഇത് യഥാർഥത്തിൽ കുട്ടികളുടെ  അവകാശ നിഷേധമല്ലേ ?

പഠനവസ്തുതകൾ ആഴത്തിൽ സ്വാംശീകരിക്കുന്നതിന് മാധ്യമം ഒരു തടസ്സമായി നിൽക്കുന്നുണ്ടോ എന്നതും നോക്കേണ്ടതില്ലേ? അറിയുന്ന ഭാഷയിലേ അറിവ് നിർമ്മിക്കാൻ കഴിയൂ എന്ന അടിസ്ഥാനതത്ത്വം ഇവിടെ വിസ്മരിക്കപ്പെടുന്നു. അതുകൊണ്ടല്ലേ മന:പാഠം പഠിച്ച് എഴുത്തുപരീക്ഷകളിൽ ഉയർന്ന സ്കോർ നേടിയാലും മറ്റൊരു പ്രശ്നസന്ദർഭത്തിൽ കുട്ടികൾ പതറിപ്പോകുന്നത് ? വിവരങ്ങളെ അറിവുകളാക്കി മാറ്റി വിവിധ സന്ദർഭങ്ങളിൽ പ്രയോജനപ്പെടുത്താനുള്ള കുട്ടികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന പ്രക്രിയാബന്ധിതമായ പഠനരീതി ഇപ്പോൾ പഴയതുപോലെ സജീവമാണോ? ചുറ്റുപാടുമുള്ള വിവരങ്ങളെ കുട്ടികളുടെ അറിവാക്കി മാറ്റുന്ന ക്ലാസ് മുറികളല്ലേ നമുക്ക് വേണ്ടത് ? ഇതിന് കഴിയും വിധം സംവിധാനങ്ങളെ നവീകരിക്കുകയും അധ്യാപകരെ സജ്ജമാക്കുകയും അതിനു സഹായകമായ സാമൂഹികാന്തരീക്ഷം വളർത്തുകയും ചെയ്യാനുള്ള ഇച്ഛാശക്തി കാണിക്കാതെ കുട്ടികളെയോ പാഠ്യപദ്ധതിയെയോ കുറ്റം പറഞ്ഞ് നാം രക്ഷപ്പെടുകയാണോ?അത്തരം നിഗമനങ്ങളിൽ എത്തിച്ചേരാനുള്ള എന്തെങ്കിലും വസ്തുതകൾ എസ് സി ഇ ആർ ടി യോ ഡയറ്റുുകളോ ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ടോ ?

4. ദേശീയതലത്തിൽ നടക്കുന്ന മത്സരപരീക്ഷകളിൽ കേരളം പിന്നിലാണ്

ഇപ്പോൾ ഉയർന്നുവരുന്ന പ്രധാനപ്പെട്ട മറ്റൊരു വാദം അഖിലേന്ത്യ മത്സരപരീക്ഷകളിൽ കേരളത്തിലെ കുട്ടികൾ മികവു കാട്ടാതിരിക്കുന്നതിന് കാരണം എല്ലാ കുട്ടികളും പൊതുപരീക്ഷയിൽ പാസ്സാകുന്നു എന്നതാണ്. അക്കാദമികമായ സത്യസന്ധത പാലിക്കേണ്ട എസ് സി ഇ ആർ ടി അടക്കം ചർച്ചാരേഖകളിലൂടെ ഇക്കാര്യം ശക്തിയായി ഉന്നയിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ ശരിയാണെന്ന് തോന്നാവുന്ന ഈ വാദം ബാലിശമാണന്ന് മനസ്സിലാക്കാൻ ഏറെ ചിന്തിക്കേണ്ടതില്ല.

ഡൽഹി യൂണിവേഴ്സിറ്റിയിൽ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ ചില കോഴ്സുകളിൽ  കേരളത്തിലെ കുട്ടികൾ കൂട്ടത്തോടെ പ്രവേശനം നേടിയതും പിന്നീട് അവിടെ എൻട്രൻസ് പരീക്ഷ ഏർപ്പെടുത്തിയതോടെ പ്രവേശനനിരക്ക് കുറഞ്ഞതുമാണ് ഇത്തരമൊരു ചർച്ചയ്ക്ക് അടുത്ത കാലത്ത് കാരണമായത്. വിവിധ ബോർഡുകൾ തമ്മിൽ മാർക്കിൽ അന്തരമുണ്ടാവുന്ന സാഹചര്യത്തിൽ അവർ വിവിധ ബോർഡുകളുടെ മാർക്കുകൾ തമ്മിൽ സമീകരണം നടത്തേണ്ടതായിരുന്നു. അത് ചെയ്യാത്ത ഘട്ടത്തിലെ പ്രവേശന നിരക്കിനെ പൊതുഎൻട്രൻസ് വരുമ്പോൾ കിട്ടുന്ന നിരക്കുമായി താരതമ്യം ചെയ്യുന്നതിൽ യുക്തിയില്ല. പുതുതായി ഏർപ്പെടുത്തിയ പരീക്ഷ ഏതെങ്കിലും തരത്തിലുള്ള അഭികാമ്യമല്ലാത്ത പ്രാദേശികച്ചായ്‍വ് പുലർത്തുന്നുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളിൽ ഏതെങ്കിലും ഒറ്റപ്പെട്ട ഉദാഹരണങ്ങൾ വെച്ച് നിഗമനത്തിലെത്തുന്നത് ശാസ്ത്രീയമല്ല.

ഇന്ന് ഏതാണ്ടെല്ലാ ദേശീയതല സ്ഥാപനങ്ങളിലേക്കും തുടർപഠനത്തിന് തെരഞ്ഞടുക്കുന്നത് പൊതുഎൻട്രൻസ് പരീക്ഷകളിലൂടെയാണ്. ഇത്തരം പരീക്ഷകളിൽ ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ കേരളത്തിലെ കുട്ടികൾക്ക് കിട്ടുന്ന പ്രവേശനം കുറവാണോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യത്തിലും വസ്തുതകൾ വെച്ച് അഭിപ്രായം പറയാൻ വിമർശകർക്ക് ബാധ്യതയുണ്ട്.

വിമർശനം ഉന്നയിക്കുന്നവർ ഉദ്ദേശിക്കുന്നത് മെഡിസിൻ, എഞ്ചിനീയറിങ്ങ് തുടങ്ങിയവയുടെ പ്രവേശന പരീക്ഷയാണെങ്കിൽ അവ പ്ലസ് ടു കഴിഞ്ഞവർ എഴുതുന്ന പരീക്ഷകൾ ആണ്. പ്ലസ് ടു വിൽ കേരളത്തിലെ സംസ്ഥാന സിലബസ്സുകാരും സി ബി എസ് ഇ പോലുള്ള ഇതര സിലബസുകാരും ഒരേ പാഠ്യപദ്ധതിയാണ് പഠിക്കുന്നത്. അത് എൻ സി ഇ ആർ ടി യുടെ പാഠ്യപദ്ധതിയാണ്. ഈ പാഠ്യപദ്ധതി കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ 60 കുട്ടികളെ കുത്തിത്തിരുകിയ ക്ലാസ്‍മുറികളിൽ വേണ്ടവിധമല്ല പഠിപ്പിക്കുന്നതെങ്കിൽ അക്കാര്യം വിലയിരുത്തണം. ഭാഷ ഇവിടെ തടസ്സമാകുന്നുണ്ടോ ? പരീക്ഷയുടെ രീതി പ്രശ്നമാകുന്നുണ്ടോ ? കോച്ചിങ്ങ് കേന്ദ്രങ്ങളുടെ അവിശുദ്ധമായ ഇടപെടലുകൾ ഇതിൽ പ്രവർത്തിക്കുന്നുണ്ടോ ? ഇതൊന്നും വിലയിരുത്താതെ കാടടച്ച് വെടിവെക്കുന്നത് ശരിയല്ല.

അഖിലേന്ത്യാ മത്സരപരീക്ഷകളിൽ കേരളത്തിലെ കുട്ടികൾ ആനുപാതികമായി വിജയം നേടുന്നില്ലെന്ന് വാദത്തിന് അംഗീകരിച്ചാൽ പോലും പൊതുവിദ്യാലയങ്ങളിലെ പാവപ്പെട്ട കുട്ടികൾ എങ്ങനെ അതിന് ഉത്തരവാദികളാകും ? വരേണ്യ വിദ്യാലയങ്ങളിൽ പഠിച്ച് പലവിധ കോച്ചിങ്ങ് സംവിധാനങ്ങളുടെ ഭാഗമായവരല്ലേ ഇതിലൊക്കെ കൂടുതലും പങ്കെടുക്കുന്നത് ? സ്റ്റേറ്റ് സിലബസിൽ പഠിച്ചവരിൽ തന്നെ കാണുമല്ലോ മികച്ച പശ്ചാത്തലമുള്ളവരും കോച്ചിംഗ് സംവിധാനങ്ങളുടെ ഭാഗമാകുന്നവരും. ഈ കുട്ടികളൊക്കെ കഴിവ് തെളിയിച്ചിരുന്നെങ്കിൽ ഇപ്പറയുന്ന പരീക്ഷകളിൽ കേരളത്തിൽ നിന്നുള്ളവർ മികച്ച പ്രകടനം കാഴ്ച വെക്കേണ്ടതല്ലേ ?

ഐ എ എസ്, പി എച്ച് ഡി പോലുള്ള, മുഖാമുഖ പ്രവർത്തനങ്ങൾകൂടി ഫലത്തെ നിർണയിക്കുന്ന പരീക്ഷകളിൽ നാം പിറകിലേക്ക് പോകുന്നുണ്ടെങ്കിൽ അത് വേറിട്ട് പരിശോധിക്കണം. കുട്ടികളുടെ ആശയവിനിമയ ശേഷിയും വിമർശനാത്മക ചിന്തയും സർഗാത്മകതയും പ്രശ്നപരിഹരണ ശേഷിയുമൊക്കെ ഇത്തരം പരീക്ഷകളിലും തുടർന്നുള്ള ഇന്റർവ്യൂവിലും നിർണായകമാണ്. ' തത്തമ്മേ പൂച്ച പൂച്ച ' രീതിയിൽ പഠിച്ചവർക്ക് ഇതിൽ  നല്ല പ്രകടനം കാഴ്ചവെക്കാനാവില്ല. ജ്ഞാനനിർമിതിയിൽ അധിഷ്ഠിതമായ പഠനരീതികൾ ഇവിടെ സഹായകമാകേണ്ടതാണ്. കേരളത്തിലെ സ്കൂൾ, കോളേജ് ക്ലാസ് മുറികളിൽ ഈ രീതി വേണ്ട രീതിയിൽ നടക്കുന്നില്ലെന്നാണോ നാം മനസ്സിലാക്കേണ്ടത് ? അതെന്തായാലും നിഷ്കൃഷ്ടമായ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിൽ വേണം ഇത്തരം കാര്യങ്ങളിൽ അഭിപ്രായങ്ങളിൽ എത്താൻ. അതാണ് ഉത്തരവാദപ്പെട്ടവരിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്.

5. റിസൾട്ട് മെച്ചപ്പെടുത്തുവാൻ വഴിവിട്ട മാർഗങ്ങൾ

അവിഹിതമായ മാർഗങ്ങളിലൂടെ പല സ്കൂളുകളും ഉയർന്ന വിജയ ശതമാനവും ഫുൾ എ പ്ലസുകളും കരസ്ഥമാക്കുന്നു. അതിനാൽ വർധിച്ച വിജയ ശതമാനം അംഗീകരിക്കത്തക്കതല്ല എന്നതാണ് മറ്റൊരു വാദം. ഈ വാദത്തിൽ ചില വസ്തുതകൾ ഉണ്ട്.

പുതിയ മൂല്യനിർണയ രീതി പത്താം ക്ലാസിൽ നടപ്പിലാക്കിയത് 2005 മാർച്ചിലാണ്. TE യിലെ സ്കോറിനൊപ്പം CE സ്കോർ ( ഇത് യഥാർഥത്തിൽ CE സ്കോർ അല്ല. സ്കൂൾ നേരിട്ട് നടത്തുന്ന ആന്തരിക മൂല്യനിർണയത്തിന്റെ സ്കോറാണ്) കൂടി നൽകിയാണ് ഗ്രേഡ് നൽകുന്നത്. കുട്ടികൾ ചെയ്യുന്ന പ്രോജക്റ്റ്, സെമിനാ‍ർ, അസൈൻമെന്റ് തുടങ്ങിയവ വിലയിരുത്തി അതത് അധ്യാപകർ നൽകുന്ന സ്കോറാണ് CE സ്കോർ. മൂല്യനിർണയത്തെ കുറേക്കൂടി വൈവിധ്യപൂർണമാക്കാൻ ഇത് ഉപകരിച്ചു. ആദ്യത്തെ രണ്ടുവർഷം CE വിലയിരുത്തൽ ഒരുവിധം നന്നായി നടന്നു. പിന്നീടത് സ്കോർ ദാനമായി അധ:പതിച്ചു. ഡിപ്പാർട്ട്മെന്റിന്റെ മൗനാനുവാദം ഇക്കാര്യത്തിൽ ഉണ്ട് എന്നത് നിഷേധിക്കാനാവില്ല. ഇത് പരിഷ്കരിക്കേണ്ടതു തന്നെയാണ്.

ഗ്രേസ് മാർക്ക് സമ്പ്രദായമാണ് വിമർശന വിധേയമാകുന്ന രണ്ടാമത്തെ ഇനം. ഗ്രേസ് മാർക്ക് കൊണ്ടുവന്നതും സദുദ്ദേശ്യപരമായിട്ടായിരുന്നു. കലാമേള, കായികമേള, ശാസ്ത്രമേള, എൻ എസ് എസ് എന്നിങ്ങനെയുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ കുട്ടികൾ കൈവരിക്കുന്ന നേട്ടങ്ങൾക്കുള്ള അംഗീകാരമെന്ന നിലയിലാണ് ഇതിന് തുടക്കമിട്ടത്. വിദ്യാഭ്യാസമെന്നത് ഭിന്നമേഖലകളിൽ കുട്ടികൾ നേടുന്ന വികാസമാകയാൽ ഇവ പരിഗണിക്കേണ്ടതുതന്നെ.

ഗ്രേസ് മാർക്ക് സമ്പ്രദായം നിലവിൽ വന്നതോടെ അത് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിലേക്ക് പലരും പോയി. കലാമേളയിൽ നൃത്തം, സംഘ ഇനങ്ങൾ പോലുള്ളവയിൽ ഇതേറെ പ്രകടമായി. ലക്ഷങ്ങൾ ചെലവഴിച്ച് പരിശീലനം നേടാനും ഗ്രേഡുയർത്താനും ശ്രമമുണ്ടായി. നഗരമേഖലയിലെ സമ്പന്നരുടെ മക്കൾ പഠിക്കുന്ന സ്കൂളുകളിൽ ഇതേറെ പ്രകടമായി. അതോടെ അവസരതുല്യതയെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് ഇത് മാറി. വർഷം കഴിയുന്തോറും മേളകളുടെ വ്യാപ്തിയും അവയുടെ മത്സരസ്വഭാവവും കൂടി വരികയാണ്.

തീർച്ചയായും ഒരു പുന:പരിശോധന ഇക്കാര്യത്തിൽ ഉണ്ടാവേണ്ടതുണ്ട്. കുട്ടികൾ വ്യത്യസ്ത മേഖലകളിൽ പ്രകടിപ്പിക്കുന്ന മികവുകൾ സ്കോറുകളാക്കി മാറ്റി ഉപയോഗിക്കേണ്ടതുണ്ടോ, അവയ്ക്കോരോന്നിനും ലഭിക്കുന്ന വെയ്റ്റേജ് ഇപ്പോഴുള്ളതു തന്നെയാണോ വേണ്ടത് എന്നതൊക്കെ സമഗ്രമായി വിലയിരുത്തേണ്ടതുണ്ട്. നിലവിൽ ആകെ പരീക്ഷ എഴുതുന്നതിന്റെ 8-10% പേർക്കാണ് ഏതെങ്കിലും തരത്തിലുള്ള ഗ്രേസ് മാർക്ക് ലഭിക്കുന്നത്. ഇതിനുള്ള അവസരം പോലും എല്ലാ കുട്ടികൾക്കും ലഭിക്കുന്നില്ലെന്നത് പ്രധാന പ്രശ്നവുമാണ്. കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇത് ശാസ്ത്രീയമാക്കുന്നതിനും മികവ് കാട്ടുന്ന മേഖലയിൽ കുട്ടികളുടെ തുടർപഠനത്തിന് സഹായകമാകുന്ന തരത്തിൽ ഇതിനെ പുനരാവിഷ്കരിക്കുന്നതിനുമുള്ള ഉത്തരവാദിത്തം വിദ്യാഭ്യാസ വകുപ്പിനുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പരീക്ഷ എഴുതാൻ ഒരു സഹായിയെ അനുവദിക്കുന്ന രീതിയാണ് ദുരുപയോഗം ചെയ്യപ്പെടുന്ന വേറൊരിനം. അനർഹരായ കുട്ടികൾക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് സ്ക്രൈബിന്റെ സേവനം പ്രയോജനപ്പെടുത്തുന്നു എന്നതാണ് ആക്ഷേപം. ഇതും പരിശോധിക്കേണ്ട കാര്യമാണ്. പല തരത്തിലുള്ള പരിമിതികളുള്ള കുട്ടികളെ ചേർത്തുപിടിക്കുക എന്നത് കേരളീയസമൂഹം സ്വീകരിച്ചുവരുന്ന ശരിയായ നിലപാടാണ്. അത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നത് കർശനമായി പരിശോധിക്കപ്പെടണം. നാല് ലക്ഷത്തിലേറെ കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതുമ്പോൾ അതിൽ മുപ്പതിനായിരത്തിനടുത്ത് കുട്ടികൾ അതായത്, (8-10)% മാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്.

എല്ലാ കുട്ടികളും എഴുതുന്ന തരത്തിലുള്ള പരീക്ഷകളാണ് ഈ കുട്ടികളെക്കൊണ്ടും എഴുതിപ്പിക്കുന്നത്. ഇത് ശരിയാണോ എന്ന പരിശോധന ആവശ്യമുണ്ട്. ചില കുട്ടികളുടെ കാര്യത്തിൽ ഓഡിയോ രീതിയിൽ ഉത്തരം നൽകുന്നത് പരിഗണിക്കാം. ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ വിലയിരുത്തുന്നതിന്റെ ഉപാധിയായി പൊതുപരീക്ഷകളെ എങ്ങനെ പരിവർത്തിപ്പിക്കാമെന്ന് ഗവേഷണം ചെയ്ത് കണ്ടെത്താനുള്ള ഉത്തരവാദിത്തം എസ് സി ഇ ആർ ടി പോലുള്ള വിദ്യാഭ്യാസ ഗവേഷണസ്ഥാപനങ്ങൾ ഏറ്റെടുക്കണം. ഇത്തരം ഉത്തരവാദിത്തം ബന്ധപ്പെട്ട സ്ഥാപനങ്ങൾ നിർവഹിക്കാത്തതിന്റെ ബാധ്യതയും കുട്ടികളുടെ ചുമലിൽ വെച്ചുകെട്ടാൻ കഴിയുമോ? രക്ഷിതാക്കളെയും സ്കൂളുകളെയും മറ്റും പഴിച്ച് രക്ഷപ്പെടുന്നത് പ്രശ്നപരിഹാരമാകുമോ ? റിസൾട്ട് പൊലിപ്പിച്ചു കാട്ടാൻ ചില സ്കൂളുകൾ ശ്രമിക്കുന്നുണ്ടെങ്കിൽ അത് തടയാനുള്ള സംവിധാനം ഒരുക്കുക തന്നെ വേണം. അല്ലാതെ നല്ല ഉദ്ദേശ്യങ്ങളോടെ കൊണ്ടുവന്ന ശിശുസൗഹൃദ സമ്പ്രദായങ്ങൾ ഉപേക്ഷിക്കുകയല്ല പരിഹാരം.

സമൂഹം പ്രകടിപ്പിക്കുന്ന ഇത്തരം ആശങ്കകളിൽ ഒന്നിലും ഉത്തരവാദികൾ കുട്ടികളല്ലെന്ന് വ്യക്തമാണ്. എങ്കിൽ യഥാർഥ ഉത്തരവാദികൾ ആരാണെന്ന് നിജപ്പെടുത്തേണ്ടതുണ്ട്. തിരുത്തൽ ആവശ്യമുള്ള കാര്യങ്ങളിൽ അത് ചെയ്യേണ്ടതുണ്ട്. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യാൻ നിയോഗിക്കപ്പെട്ടവർ അതതു തലങ്ങളിൽ പ്രസ്തുത ചുമതല നിർവഹിക്കുന്നുണ്ടോ എന്ന് നോക്കാനുള്ള പ്രാഥമികബാധ്യത വിദ്യാഭ്യാസവകുപ്പിനുണ്ട്. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും എ ഇ ഒ വരെയുള്ള ഉദ്യോഗസ്ഥവൃന്ദവും ഡയറ്റ്, എസ് സി ഇ ആർ ടി, സർവകലാശാല എന്നിവിടങ്ങളിലെ വിദഗ്ധരും വിദ്യാഭ്യാസ ഗുണേമേന്മ വർധിപ്പിക്കുന്നതിനായി എന്താണ് ചെയ്യുന്നതെന്നാണ് ആദ്യം പരിശോധിക്കേണ്ടത്. അക്കാദമികവും ഭരണപരവുമായ മോണിറ്ററിംഗിനുള്ള ചുമതലയും ഉത്തരവാദിത്തവും ഉദ്യോഗസ്ഥർക്കാണ്. അത് അവർ നിറവേറ്റുന്നുണ്ടോ?

സംസ്ഥാന സർക്കാർ സമീപനം : പോരായ്മകളും പ്രശ്നങ്ങളും

പിന്തിരിഞ്ഞു നടക്കലാണോ പരിഹാരം ?

പത്താം തരം വിജയിക്കണമെങ്കിൽ ഇനിമുതൽ വാർഷിക എഴുത്തുപരീക്ഷയ്ക്ക് 30% മാർക്ക് വാങ്ങിയിരിക്കണമെന്ന നിബന്ധന സംസ്ഥാന ഗവൺമെന്റ് നടപ്പിലിക്കിയിരിക്കുന്നു. ഈ വർഷം എട്ടാം ക്ലാസിൽ നടപ്പിലാക്കുന്ന ഈ രീതി അടുത്ത രണ്ടു വർഷങ്ങളിലായി ഒമ്പതിലും പത്തിലും നടപ്പിൽ വരുത്തുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യക്ഷത്തിൽ ഗുണകരമാണെന്ന് തോന്നുമെങ്കിലും കേരളം മുന്നോട്ടുവെക്കുന്ന വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നേടാൻ സഹായകമല്ല ഈ നിർദ്ദേശങ്ങൾ. വളരെ വലിയ കൂട്ടായ്മകളിലൂടെയാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം വളർന്നതും വികസിച്ചതും. സാമൂഹ്യനീതിയും അവസരസമത്വവും ഉറപ്പാക്കാനുള്ള ആശയപരവും പ്രായോഗികവുമായ പ്രവർത്തനങ്ങളായിരുന്നു എല്ലാ കാലത്തും പുരോഗമനചിന്താധാരയുടെ ഭാഗമായി ഉണ്ടായിരുന്നത്. അതിന്റെ ഭാഗമായാണ് 1957 ൽ വിദ്യാഭ്യാസ ബില്ല് കൊണ്ടുവന്നത്. ഒട്ടനവധി ചർച്ചകൾക്കും സാമൂഹിക പ്രശ്നങ്ങൾക്കും അത് വഴിവെച്ചുവെങ്കിലും അതിന്റെ ഗുണഫലമായാണ് ഇന്നത്തെ കേരളീയവിദ്യാഭ്യാസം രൂപപ്പെട്ടത്. എല്ലാ കുട്ടികൾക്കും വീടിനടുത്തുള്ള പൊതുവിദ്യാലയങ്ങളിൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കാനുള്ള സംവിധാനം ഇന്ന് നിലവിലുണ്ട്. ഈ സംവിധാനമൊരുക്കിയത് ഇടതുപക്ഷത്തിന് മേൽക്കൈയുള്ള സർക്കാരുകൾ കേരളത്തിൽ ഉണ്ടായപ്പോഴാണ്. യാത്രാസൗകര്യമൊരുക്കൽ, ഉച്ചഭക്ഷണപദ്ധതി തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. അരികുവൽക്കരിക്കപ്പെടുന്ന / സാമൂഹികമായി പിന്നണിയിൽ നിൽക്കുന്ന കുടുംബങ്ങളിൽനിന്നു വരുന്ന കുട്ടികളെ ഉൾച്ചേർക്കാനും ചേർത്തുപിടിക്കാനും വേണ്ടിയുള്ള നയങ്ങളും പരിപാടികളും നടപ്പാക്കിയതിനു പിന്നിലും പുരോഗമനപ്രസ്ഥാനങ്ങൾ എന്നുമുണ്ടായിരുന്നു. പുതിയ പാഠ്യപദ്ധതി നടപ്പിലാക്കിയതും അധ്യാപക പരിശീലനങ്ങൾ ക്രമപ്പെടുത്തിയതും മൂല്യനിർണയവും പരീക്ഷകളും പരിവർത്തിപ്പിച്ചതും പോലുള്ള  ഒട്ടനവധി ഉദാഹരണങ്ങൾ എടുത്തുകാട്ടാൻ കഴിയും. അക്കാലങ്ങളിലെല്ലാം പുരോഗമനാശയങ്ങളെ എല്ലാവിധത്തിലും എതിർത്ത ശക്തികളും അവർക്ക് നിർലോഭമായ പിന്തുണ കൊടുത്ത മാധ്യമങ്ങളും ഉണ്ടായിരുന്നുവെന്ന കാര്യം മറക്കേണ്ട സമയമായിട്ടില്ല.

1957ലെ വിദ്യാഭ്യാസ ബില്ലിനെ ചെറുത്ത ശക്തികൾ നിരന്തരം കേരളീയ വിദ്യാഭ്യാസത്തിൽ ഇടപെടുന്നതായി സൂക്ഷ്മമായ നിരീക്ഷിക്കുന്ന ആർക്കും വ്യക്തമാകം. അത്തരം അവസരങ്ങളിലൊന്നും മാധ്യമ അജണ്ടകളിൽപ്പെട്ടു പോകാതെ പുരോഗമന വിദ്യാഭ്യാസ നിലപാടുമായി മുന്നോട്ടുപോകാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. ആഴത്തിലുള്ള അക്കാദമിക ചർച്ചകളിലൂടെയായിരുന്നു തീരുമാനങ്ങൾ കൈക്കൊണ്ടത്. ഇക്കാര്യത്തിൽ ഇപ്പോൾ ചില വ്യതിയാനങ്ങൾ വരുന്നുണ്ടോയെന്ന ആശങ്കയുണ്ട്. അടുത്തകാലത്ത് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രസ്താവനകളും മറ്റുമാണ് ഈ ആശങ്കയ്ക്ക് അടിസ്ഥാനം. പലപ്പോഴും വസ്തുതകളെ വസ്തുതകളായി കണ്ട് വിലയിരുത്താതെ ഏതാനും വ്യക്തികളുടെയോ ഉദ്യോഗസ്ഥന്മാരുടെയോ മാധ്യമങ്ങളുടെയോ അഭിപ്രായങ്ങൾക്ക് മുഖ്യപരിഗണന ലഭിക്കുന്ന സ്ഥിതി വന്നിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷയ്ക്ക് മിനിമം മാർക്ക് നിബന്ധന കൊണ്ടുവരുമ്പോൾ പരാജയപ്പെട്ട് പുറത്തുപോകുന്ന  സിംഹഭാഗം വിദ്യാർഥികളും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിലെ കുട്ടികളാണെന്ന വസ്തുത വിശകലനം ചെയ്യപ്പെടാതെ പോകുന്നു എന്നത് നിർഭാഗ്യകരമാണ്. അതുവഴിയുണ്ടാകാനിടയുള്ള  ദുരവ്യാപകമായ  അക്കാദമികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളും പരിഗണിച്ചിട്ടില്ല.  ഗ്രേഡിങ്ങടക്കം എടുത്തു മാറ്റണമെന്ന ചർച്ചകളും ഉയർന്നുവരുന്നുണ്ട്. വികസിതരാജ്യങ്ങളിലും വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗമിച്ച രാജ്യങ്ങളിലും മാർക്കുരീതി നിലനിൽക്കുന്നില്ല. കമ്പനികളുടെയും മറ്റും ഇൻറർവ്യൂകളിൽ വിശകലനശേഷിയും നിർദ്ധാരണശേഷിയും വിനിമയശേഷിയുമക്കെയാണ് പരിഗണിക്കുന്നത്. ഉന്നതബിരുദ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനും വികസിത രാജ്യങ്ങളിലെ തുടർപഠനത്തിനുമൊക്കെ അപേക്ഷകരുടെ മാർക്കിനെക്കാൾ പ്രാധാന്യം നൽകുന്നത് പ്രശ്നനിർധാരണ കാര്യങ്ങളിൽ അവരുടെ അറിവും കഴിവും നൈപുണിയും വിലയിരുത്തുകയെന്നതിനാണ്.

ഗുണാത്മകവിലയിരുത്തൽ നടക്കുന്ന ഇടങ്ങളിലെല്ലാം ഗ്രേഡിങ്ങാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇങ്ങനെ ലോകം മുന്നേറുമ്പോഴാണ് മാർക്കിലേക്ക് തിരിച്ചു പോകണമെന്ന വാദം കേരളത്തിൽ ഉയരുന്നത്. 2004-05 അക്കാദമികവർഷമാണ് എസ്എസ്എൽസി പരീക്ഷയ്ക്ക് കേരളത്തിൽ ഗ്രേഡിങ് സമ്പ്രദായം ആരംഭിക്കുന്നത്. ഒട്ടേറെ ചാഞ്ചാട്ടങ്ങൾക്കുശേഷമാണ് അന്നത്തെ യുഡിഎഫ് സർക്കാരിന് ഈ തീരുമാനം കൈക്കൊള്ളേണ്ടിവന്നത്. ദേശീയതലത്തിൽനിന്നുള്ള സമ്മർദ്ദങ്ങളും പുരോഗമന അധ്യാപക പ്രസ്ഥാനത്തിന്റെ ഭാഗത്തുനിന്നുണ്ടായ സമ്മർദ്ദവും ഈ തീരുമാനത്തിലേക്ക് നയിച്ചു.  

ഗുണാത്മകസൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ നടത്തുക. അവിടെ അക്കങ്ങൾ ഉപയോഗിച്ചുള്ള മാർക്കിങ്ങിന് പ്രസക്തിയില്ല. തുടർവിലയിരുത്തലും ഓരോ ഘട്ടത്തിന്റെ അന്ത്യത്തിലും നടത്തുന്ന വിലയിരുത്തലും ഒരുമിച്ചു ചേർത്ത് ഒന്നായാണ് ഗ്രേഡ് നൽകുക. കോളേജുകളിൽ ക്രെഡിറ്റ്സിസ്റ്റമാണ്. ക്രെഡിറ്റുകളാണ് ഫലം നിശ്ചയിക്കുന്നത്. വളരെ ഗൗരവമായ അക്കാദമിക- സാമൂഹിക- രാഷ്ട്രീയ ചർച്ചകളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ നിലവിലുള്ള ഗ്രേഡിങ് സമ്പ്രദായം യാതൊരു അക്കാദമികചർച്ചകളുമില്ലാതെ ഏതാനും പേരുടെ അഭിപ്രായം മാനിച്ച് തിരക്കുപിടിച്ച് മാറ്റരുതെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അഭിപ്രായം.

ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസ- തുടർവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചിലത് മാർക്ക് ചോദിക്കുന്നുണ്ട്. അവിടങ്ങളിൽ പോകുന്നവർക്കുമാത്രം മാർക്കു നൽകുന്ന നിലവിലുള്ള രീതി തുടരാം. ഇതുവരെ  മുന്നോട്ടുപോയതിൽനിന്ന് തിരിച്ചുനടക്കുന്നത് അഭികാമ്യമല്ല. ഒന്നാം ക്ലാസ് മുതൽതന്നെ വിവിധ വിഷയമേഖലകളിൽ കുട്ടികളുടെ വളർച്ചയും വികാസവും  രേഖപ്പെടുത്താം. കുട്ടികളുടെ സമഗ്രപുരോഗതി രേഖ (cumulative track record ) തയാറാക്കുന്നതുവഴി പഠന കാര്യങ്ങളിലും മറ്റു മണ്ഡലങ്ങളിലും കുട്ടികളുടെ ശക്തികളും പരിമിതികളും  അധ്യാപകർക്കും രക്ഷിതാക്കൾക്കും അറിയാൻ കഴിയും. എസ് സിഇആർടിയുടെ നേതൃത്വത്തിൽ മെന്ററിങ്ങിന്റെ ഭാഗമായി തയ്യാറാക്കിയ 'സഹിതം' പോർട്ടൽ മെച്ചപ്പെടുത്തി ഉപയോഗപ്പെടുത്തിയാൽ ഇക്കാര്യത്തിൽ ഗുണം ചെയ്യും.  രക്ഷിതാക്കൾക്ക് സ്വന്തം കുട്ടികളുടെ സമഗ്ര പഠനപുരോഗതി രേഖ ഈ സോഫ്റ്റ്വേർവഴി പിൻതുടരാൻ സാധിക്കണം.

ഇന്നത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള യോഗ്യതാപരീക്ഷ എന്നതിനപ്പുറം ഒരു ധർമ്മവും നിർവഹിക്കാനില്ല. മുമ്പ് അങ്ങനെ ആയിരുന്നില്ല. 12-ാംക്ലാസ് വരെ സാർവത്രിക സ്കൂൾ പ്രവേശനമെന്ന ഇടതുപക്ഷ നിലപാടിനോട് പോകുന്നതല്ല ഇപ്പോഴത്തെ തീരുമാനങ്ങൾ.  

ഗുണമേന്മയിൽ സന്ധി പാടില്ല

പാഠ്യപദ്ധതി പ്രവർത്തനങ്ങൾ കൃത്യമായി ചെയ്താൽ ഫലമുണ്ടാകുന്നുണ്ടെന്നത് അനുഭവമാണ്. അങ്ങനെ ചെയ്യുന്ന കുറെ വിദ്യാലയങ്ങളും അധ്യാപകരുമുണ്ട്. കുട്ടികളുടെ മികവിന്റെ എത്രയോ തെളിവുകളുമുണ്ട്.  ഒന്നാം ക്ലാസിലെ കുട്ടികളുടെ ഭാഷാശേഷി തെളിയിക്കുന്ന മികച്ച രചനകൾ ഇപ്പോൾ മാധ്യമങ്ങളിൽ ധാരാളമായി വരുകയും പ്രശംസിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

എന്നാൽ എല്ലാ വിദ്യാലയങ്ങളും ക്ലാസുകളും മികച്ച രീതിയിൽ പ്രവർത്തിക്കുകയും എല്ലാ കുട്ടികൾക്കും പഠന മികവുണ്ടാകുകയും ചെയ്യണം. ഗുണമേന്മയുള്ള വിദ്യാഭ്യാസം കട്ടിയുടെ അവകാശമാണ്. അത് യാഥാർഥ്യമായേ പറ്റൂൂ. ഇതിനു വേണ്ടിയുള്ള സമ്മർദവും ആവശ്യങ്ങളും രക്ഷാകർത്താക്കളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ശക്തമായി ഉയർന്നുവരണം. ഇവിടെ പ്രസക്തമാകുന്ന ചില ചോദ്യങ്ങൾ താഴെ ചേർക്കുന്നു.

  • 2,80,000ൽ അധികം ജീവനക്കാരുള്ള വിദ്യാഭ്യാസ മേഖലയിൽ പൊതുജനങ്ങളുടെ നികുതിപ്പണത്തിന്റെ വലിയ ഭാഗം നിക്ഷേപിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ട് പല അധ്യാപകരും ജീവനക്കാരും വിദ്യാലയങ്ങളും സമൂഹത്തോട് വേണ്ടത്ര എക്കൗണ്ടബിളാകുന്നില്ല?
  • ഇവരെ ഇക്കാര്യം ബോധ്യപ്പെടുത്തേണ്ട സംവിധാനങ്ങൾ എന്തുകൊണ്ട് ഉണർന്നു പ്രവർത്തിക്കുന്നില്ല?
  • വിദ്യാഭ്യാസ ഗുണതയുറപ്പാക്കാൻ ആർടി ഇ നിയമപ്രകാരം ബാധ്യതപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്തുകൊണ്ട് അതിനായി മുന്നിട്ടിറങ്ങുന്നില്ല?
  • കുട്ടികളുടെ എല്ലാവിധ കഴിവുകളും വികസിപ്പിക്കാൻ വിദ്യാഭ്യാസം വഴി സാധിക്കണമെന്നിരിക്കെ കലാ-കായിക - പ്രവൃത്തി പഠന വിഷയങ്ങൾക്ക് അധ്യാപകരില്ലാത്തത് എന്തുകൊണ്ട്?
  • പ്രൈമറി ക്ലാസുകളിൽ അധ്യാപകർ രാവിലെ മുതൽ വൈകുന്നേരം വരെ തുടർച്ചയായി പ്രവർത്തിക്കേണ്ടി വരുന്നതിനാൽ അധ്യാപനത്തിലുണ്ടാകുന്ന കുറവുകൾ പരിഹരിക്കാൻ ഒന്നും ചെയ്യാത്തതെന്തുകൊണ്ട്?
  • ടേം പരീക്ഷകൾ നടന്നു കഴിഞ്ഞാൽ കുട്ടികളുടെ ഉത്തരങ്ങൾ വിശകലനം ചെയ്യുകയോ പഠനനിലവാരം കുറവെന്ന് കണ്ടെത്തുന്ന കുട്ടികൾക്ക് പഠനസഹായ പ്രവർത്തനങ്ങൾ നൽകുകയും ചെയ്യാത്തതെന്തുകൊണ്ട്?
  • പരീക്ഷയ്ക്കായി യാന്ത്രികമായി പാഠം തീർക്കുന്ന പ്രവണത എന്തുകൊണ്ട് തടയുന്നില്ല?
  • പഠനപ്രവർത്തനങ്ങൾ അട്ടിമറിച്ചുകൊണ്ട് സ്കൂളുകളിൽ നടക്കുന്ന അക്കാദമികമായ ഊന്നലുകൾ വേണ്ടത്രയില്ലാത്ത ദിനാചരണങ്ങളും മത്സരപ്പരീക്ഷകളും നിയന്ത്രിക്കാത്തത് എന്തുകൊണ്ട്?
  • കുട്ടികളുടെ പഠനമികവിന് തടസ്സമായി നിൽക്കുന്ന ഗൃഹാന്തരീക്ഷത്തിലെ പരിമിതികളും മറ്റും പരിഹരിക്കാൻ സംവിധാനം ശ്രദ്ധിക്കാത്തതെന്തുകൊണ്ട്?
  • അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ ആഴത്തിലുള്ള പഠനമാണ് വേണ്ടതെന്നിരിക്കെ കാണാപ്പാഠ പഠനത്തിനും കോച്ചിംഗിനും അമിതപ്രാധാന്യം നൽകുന്ന തരത്തിലുള്ള എഴുത്തുപരീക്ഷകൾക്ക് വീണ്ടും വീണ്ടും ഊന്നൽ ലഭിക്കുന്നത് എന്തുകൊണ്ട് ?

പഠനദിനങ്ങളും പഠനസമയവും

കുട്ടികളെ കുറ്റവാളികളാക്കി ശിക്ഷിക്കുന്നതിനു മുമ്പ് മറ്റു പല കാര്യങ്ങളും വിശകലനം ചെയ്യേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് കരിക്കുലം വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങൾ സാർഥകമാകും വിധമുള്ള പഠനദിനങ്ങൾ കുട്ടികൾക്ക് ലഭ്യമാകുന്നുണ്ടോ എന്നതും അധ്യാപകരിൽ നിന്നും യഥാർഥത്തിൽ ലഭിക്കേണ്ട മുഖാമുഖപഠന സന്ദർഭങ്ങൾ ലഭിക്കുന്നുണ്ടോ എന്നതും. ദേശീയാടിസ്ഥാനത്തിലുള്ള നിലവാരം നമുക്ക് ഇല്ലെന്ന് പറയുമ്പോൾ ഇത്തരം കാര്യങ്ങളിൽ ദേശീയസ്ഥിതി എന്തെന്ന് നോക്കുന്നത് ഉചിതമായിരിക്കും.

കേരളത്തിൽ ഒരു വർഷത്തിൽ 61 ദിവസം വേനൽക്കാല അവധിയാണ്. ഓണം, ക്രിസ്തുമസ്, ശനി - ഞായർ ദിവസങ്ങൾ, പൊതുഅവധികൾ, കാലാവസ്ഥയും മറ്റും മൂലമുള്ള അപ്രതീക്ഷിത അവധികൾ തുടങ്ങിയവ ഒഴിവാക്കിയാൽ ലഭ്യമാവുന്ന പ്രവൃത്തിദിനങ്ങൾ ഏതാണ്ട് 185 ആകണ്. തുടർച്ചയായി ആറുദിവസം പ്രവൃത്തിദിനങ്ങൾ വരാത്ത തരത്തിൽ ശനിയാഴ്ചകൾ കൂടി പരിഗണിച്ച് വിദ്യാഭ്യാസ കലണ്ടറിൽ ഇത് 200 ദിനങ്ങൾ ആക്കുകയാണ് ചെയ്യുന്നത്. ഇതിൽ നിന്നും മൂന്ന് പാദവാർഷിക പരീക്ഷകൾക്കായി 30 ദിനങ്ങൾ മാറ്റിവെക്കേണ്ടി വരുന്നുണ്ട്.

കുട്ടിയുടെ ബഹുവിധമായ കഴിവുകളുടെ വികാസമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമാക്കുന്നത്. അതുകൊണ്ടുതന്നെ സ്കൂളിൽ നടക്കുന്ന എല്ലാവിധ പ്രവർത്തനങ്ങളും പഠന പ്രവർത്തനങ്ങൾ ആകേണ്ടതാണ്. എന്നാൽ ഇന്ന് നടക്കുന്ന തരത്തിലുള്ള കലാ - കായിക - ശാസ്ത്ര മേളകളിൽ ഏതാനും കുട്ടികളെ അരിച്ചെടുത്താണ് മത്സരിപ്പിക്കുന്നത്. അവ എല്ലാവർക്കും പങ്കെടുക്കാവുന്ന രീതിയിലേക്ക് മാറാത്തതിനാൽ അവയ്ക്കായി വിനിയോഗിക്കുന്ന ദിനങ്ങൾ പഠനദിനങ്ങളുടെ പട്ടികയിൽ പെടുത്താനാകുമോ എന്നതിൽ സംശയമുണ്ട്. ഫലത്തിൽ ശരാശരി 150-160 ദിവസങ്ങൾ മാത്രമേ യഥാർഥ പഠനദിനങ്ങളായി പരിഗണിക്കാനാവൂ.

ഹയർ സെക്കണ്ടറിയിൽ ഒന്നാംവർഷ ക്ലാസുകൾ തുടങ്ങുന്നതുതന്നെ ജൂലൈ മധ്യത്തിനു ശേഷമാണ്. അവരുടെ പൊതുപരീക്ഷയ്ക്കുള്ള പ്രായോഗിക പരീക്ഷ, മോഡൽ പരീക്ഷ എന്നിവ തുടങ്ങുന്നതാവട്ടെ ഫെബ്രുവരി മാസത്തോടെയുമാണ്. ഈ വിഭാഗത്തിൽപെട്ട കുട്ടികൾക്ക് എത്ര പഠനദിനങ്ങൾ കിട്ടുമെന്ന കണക്കെടുത്താൽ അത് നമ്മെ അമ്പരപ്പിക്കും. അതുപോലെ സെക്കൻഡറി, ഹയർസെക്കൻഡറി വിഭാഗം ഉള്ള സ്കൂളുകളിൽ 10, 11 ,12 ക്ലാസുകാർക്ക് മോഡൽ പരീക്ഷ തുടങ്ങിയാൽ ഒമ്പതാംക്ലാസ് വരെയുള്ള കുട്ടികൾക്ക് ഫെബ്രുവരി മുതൽ ഫലത്തിൽ അവധിയാണ്. അത്തരം വിദ്യാലയങ്ങളിൽ 40 ദിവസത്തോളം ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് നഷ്ടപ്പെടുന്നുണ്ട്.

ഇനി, ദിവസേന ലഭിക്കുന്ന പഠനസമയം നോക്കുകയാണെങ്കിൽ സ്കൂൾ ബസ്സുകളുടെ ഓട്ടസമയമാണ് പല സ്കൂളുകളിലും പഠനസമയത്തെ നിർണയിക്കുന്നത്. അയൽപക്ക സ്കൂളുകൾക്കു പകരം അകലങ്ങളിലുള്ള സ്കൂളുകളെ പഠനത്തിനായി ആശ്രയിക്കുന്നതു മൂലം ചില കുട്ടികളുടെ കാര്യത്തിൽ വീട്ടിൽ ലഭിക്കേണ്ട പഠനസമയം കുറയുന്നു. ഇവർക്കുവേണ്ടി സ്കൂൾ നേരത്തെ വിടുമ്പോൾ അത് മറ്റ് കുട്ടികളുടെ പഠനസമയത്തെയും ബാധിക്കുന്നു.

കേന്ദ്രസർക്കാരിന്റെ ചില ഏജൻസികളുടെ കണക്കു പ്രകാരം വിവിധ സംസ്ഥാനങ്ങളിലെ പ്രവൃത്തിദിനങ്ങൾ താഴെപ്പറയും പ്രകാരമാണ്.

ആന്ധ്രപ്രദേശ് 210 - 220, അസം 264, ബീഹാർ 247, ചത്തീസ്‍ഗഡ് 235, ഹരിയാന 239, ഹിമാചൽ പ്രദേശ് 242, ഝാർഖണ്ഡ് 253, കർണാടക 241 , മധ്യപ്രദേശ് 220, മഹാരാഷ്ട്ര 220, ഒറീസ 241, പഞ്ചാബ് 236 , രാജസ്ഥാൻ 226, തമിഴ്‍നാട് 220, ഉത്തർപ്രദേശ് 220, ത്രിപുര 251, ബംഗാൾ 248, ഗുജറാത്ത് 246 എന്നിങ്ങനെയാണ് നില. കേരളത്തിൽ വിദ്യാഭ്യാസ കലണ്ടർ പ്രകാരം 200 പ്രവൃത്തിദിനങ്ങളാണ്  ഉള്ളത്.

ഇതിൽനിന്ന് ചെറിയ മാറ്റങ്ങൾ അടുത്ത കാലത്തായി വന്നിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളുടെയും ഡാറ്റ നിലവിൽ പരിശോധിച്ചാൽ പഞ്ചാബ് 243, ബീഹാർ 241, ഹരിയാന 236, ഉത്തരാഖണ്ഡ് 234. ഝാർഖണ്ഡ് 249, മഹാരാഷ്ട്ര 225, ഗുജറാത്ത് 232, വെസ്റ്റ് ബംഗാൾ 239, കർണാടക 231, ഡൽഹി 220, തമിഴ്‍നാട് 220 എന്നിങ്ങനെയാണ് പ്രവൃത്തിദിനങ്ങൾ. വടക്കുകിഴക്കൻ പ്രദേശങ്ങളായ മേഘാലയയും നാഗാലാൻഡും മാത്രമാണ്  പ്രവൃത്തിദിനങ്ങൾ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തോടൊപ്പമുള്ളത്.

കേരള വിദ്യാഭ്യാസ ചട്ടം പ്രകാരം ഏറ്റവും ചുരുങ്ങിയത് 220 പഠനദിനങ്ങൾ വേണം. പരീക്ഷയുടെ ദിനങ്ങൾ ഇതിന് പുറമെ ആയിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സാധാരണയായി പഠനത്തിന്റെ ഭാഗമായി നടക്കുന്ന പരീക്ഷകൾ അധ്യയനദിനത്തിന്റെ ഭാഗമായാണ് പരിഗണിക്കേണ്ടത്. അത് അധ്യയനദിനങ്ങളായി പരിഗണിക്കണമെങ്കിൽ ഇപ്പോൾ പഠനവുമായി പരിഗണിക്കാൻ കഴിയാത്ത വിധം നടക്കുന്ന യാന്ത്രിക പരീക്ഷകൾ എന്ന അവസ്ഥ മാറി, വിലയിരുത്തലുകൾ അർഥപൂർണമാകണം. കുട്ടികളുടെ ശക്തിദൗർബല്യങ്ങൾ കണ്ടെത്തി ദൗർബല്യങ്ങൾ പരിഹരിക്കാൻ സഹായകമായ ഒന്നായി വിലയിരുത്തലുകൾ മാറണം.

വിദ്യാഭ്യാസ അവകാശനിയമം 2009പ്രകാരം (1 – 5) ക്ലാസ്സുകൾക്ക്  200 പ്രവൃത്തി ദിവസങ്ങൾ വേണം. (6 - 8) ക്ലാസുകൾ ഉൾപ്പെടുന്ന മിഡിൽ സ്കൂൾ വിഭഗത്തിലും  200 പ്രവൃത്തി ദിനങ്ങൾ വേണം. എന്നാൽ ഇതിൽ (1 – 5) ക്ലാസ്സുകൾക്ക്  800 പഠനമണിക്കൂറുകളും (6 - 8) ക്ലാസുകൾക്ക് 1000 പഠനമണിക്കൂറുകളും വേണമെന്ന് വേർതിരിച്ചു പറഞ്ഞിട്ടുണ്ട്. അധ്യാപികയുടെ വർക്ക് ലോഡ് പ്രതിവാരം 45 മണിക്കൂർ ആണെന്നും നിജപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പഠിപ്പിക്കാൻ തയ്യാറെടുക്കുന്ന സമയവും ഉൾപ്പെടും. ഇക്കാര്യത്തിലെല്ലാം ഏറ്റവും ചുരുങ്ങിയ സമയമാണ് (minimum time) നിയമത്തിൽ സൂചിപ്പിച്ചിട്ടുള്ളത്.

ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് 2020 പ്രകാരം പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി ഘട്ടങ്ങൾക്ക് പ്രതിവർഷം 220 പ്രവൃത്തി ദിനങ്ങൾ വേണം. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിനങ്ങളും മാസത്തിൽ രണ്ട് ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങൾ ആക്കണമെന്നാണ് നിർദേശം.

ദേശീയ മത്സരപരീക്ഷകളിൽ കേരളത്തിലെ കുട്ടികളെക്കുറിച്ച് വല്ലാതെ ആശങ്കപ്പെടുന്ന സമൂഹം നമ്മുടെ കുട്ടികൾക്ക് യഥാർത്തിൽ ലഭിക്കേണ്ട പഠനദിനങ്ങളും പഠനസമയവും ലഭ്യമാകുന്നുണ്ടോ എന്ന കാര്യം വേണ്ട ഗൗരവത്തോടെ പരിഗണിക്കുന്നില്ല.

ദേശീയ വിദ്യാഭ്യാസനയം 2020 നെ അടിസ്ഥാനമാക്കി പുറത്തുവിട്ട ദേശീയ സ്കൂൾ പാഠ്യ പദ്ധതി ചട്ടക്കൂട് പ്രകാരം എല്ലാ മാസവും രണ്ട് ശനിയാഴ്ച ഉൾപ്പെടെ 230 പ്രവൃത്തി ദിനങ്ങൾ നിർദേശിച്ചിരിക്കുന്നു. ആറാം ക്ലാസ് മുതൽ 1200 പഠന മണിക്കൂറുകൾ വരത്തക്കവിധം ക്രെഡിറ്റ് സമ്പ്രദായം നടപ്പാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

ചുരുക്കത്തിൽ, ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും സംസ്ഥാനതലത്തിലും ദേശീയതലത്തിലും കൈക്കൊണ്ടിട്ടുള്ള പ്രഖ്യാപനങ്ങളുമായി തട്ടിച്ചുനോക്കുമ്പോഴും നമുക്ക് കിട്ടുന്ന പഠനദിനങ്ങൾ പൊതുവിൽ കുറവ് തന്നെയാണ്. എന്നാൽ നമ്മുടെ അധ്യാപകരിൽ പലരും എത്രയോ ദിവസങ്ങൾ ഇതിനു പുറമെ സ്കൂളിനായി ചെലവഴിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അവരിൽ പലരും നിശ്ചിത സമയത്തിലും ഏറെ സ്കൂളിനും കുട്ടികൾക്കുമായി ചെലവഴിക്കുന്നുണ്ട് എന്നതും നാം കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. പഠനദിനം കൂടിയ സംസ്ഥാനങ്ങളിൽ അതനുസരിച്ചുള്ള മികവുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. എങ്കിലും കരിക്കുലം ഏതാണ്ട് എത്ര പഠനദിനം ഉദ്ദേശിച്ചാണോ തയ്യാറാക്കുന്നത്, അത് കുട്ടികൾക്ക് നൽകാനുള്ള ബാധ്യത നമുക്കുണ്ട് എന്നത് ഒരിക്കലും വിസ്മരിച്ചുകൂടാ.

മികവിനായുള്ള കൂട്ടായ്മകൾ

സാർവ്വത്രിക വിദ്യാഭ്യാസം നേടിയ കേരളത്തിൽ ഗുണതാവിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും സാധ്യമാണോ എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നുവരും. ഇത് സാധ്യമാണ് എന്നുതന്നെയാണ് കേരളത്തിന്റെ ഇത:പര്യന്തമുള്ള അനുഭവങ്ങൾ തെളിയിക്കുന്നത്‍. 2006ൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 33% റിസൾട്ട് നേടാത്ത കേരളത്തിലെയും ലക്ഷദ്വീപിലെയും 104 വിദ്യാലയങ്ങങ്ങളെ പ്രത്യേക ശ്രദ്ധ നൽകി പരിഗണിക്കാൻ അന്നത്തെ ഇടതു സർക്കാർ തീരുമാനിച്ചു.  'ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം' എന്നായിരുന്നു പദ്ധതിയുടെ പോര്.

2007 എസ്.എസ്. എൽ.സി പരീക്ഷയിൽ കേരളത്തിൽ പിന്നിൽനിന്ന 97 വിദ്യാലയങ്ങ‍ൾ 6 എണ്ണം 100% വിജയം നേടി. 41 എണ്ണത്തിലെ വിജയം 76നും 99നും ഇടയിലായിരുന്നു. 45 വിദ്യാലയങ്ങൾ 51നും 75നും ഇടയിൽ വിജയശതമാനം കൈവരിച്ചു. 50%ൽ താഴെ 5 വിദ്യാലയങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

2008 മാർച്ചിൽ അധികമായി ചേർത്ത 3 വിദ്യാലയങ്ങളടക്കം 100 വിദ്യാലയങ്ങളുടെ പരീക്ഷാഫലം കൂടുതൽ തിളക്കമുള്ളതായി മാറി. 24 വിദ്യാലയങ്ങളിൽ 100ശതമാനം റിസൾട്ടുണ്ടായി. 76നും 99നു മിടയിൽ 62 വിദ്യാലയങ്ങൾ സ്ഥാനം പിടിച്ചു. 51നും 75നും ഇടയിൽ 14 വിദ്യാലയങ്ങളായി കുറഞ്ഞു. മൂന്നിലൊന്ന് വിജയശതമാനം പോലും കൈവരിക്കാൻ കഴിയാതിരുന്ന ദുർബലവിഭാഗത്തിലെയും സാമൂഹികമായി പിന്നണിയിൽ നിൽക്കുന്ന കുടുംബങ്ങളിലെയും കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിലാണ് അസാധ്യമാണെന്ന് കരുതിയ കാര്യങ്ങൾ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും പിന്തുണയും ലഭിച്ചപ്പോൾ സാധ്യമാണെന്ന് വന്നത്.

പദ്ധതിയുടെ ഭാഗമായി ആദ്യം ഈ വിദ്യാലയങ്ങൾ എന്തുകൊണ്ടാണ് പിന്നണിയിൽ പോയത് എന്ന പഠനം നടത്തി. ഇതിനായി എസ്.സി.ഇ.ആ.ർടി 11 ജില്ലകളിലായി 25 വിദ്യാലയങ്ങളെ സാമ്പിളായി തിരഞ്ഞെടുത്തു. ഇതിൽ എയ്ഡഡ്, സർക്കാർ വിദ്യാലയങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നു. നഗരം, തീരദേശം, മലനാട്, ഇടനാട് പ്രദേശത്തുള്ള സ്കൂളുകളും സാമ്പിൾ ആയി എടുത്ത സ്കൂളുകളുടെ കൂട്ടത്തിൽപ്പെട്ടിരുന്നു. വിദ്യാഭ്യാസവകുപ്പിന്റേയും പൊതുസമൂഹത്തിന്റെയും കണ്ണ് തുറപ്പിക്കുന്നതായിരുന്നു പഠനത്തിലെ പൊതുകണ്ടെത്തലുകൾ.

  • സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളായിരുന്നു ഇത്തരം സ്കൂളുകളിൽ ഏതാണ്ടെല്ലാവരും.
  • മൊത്തം കുട്ടികളിൽ ഉച്ചഭക്ഷണം കഴിക്കാത്ത 20% കുട്ടികൾ, മാനസികബുദ്ധിമുട്ട് നേരിടുന്ന 20%, പഠനസൗകര്യങ്ങൾ പരിമിതമായ തോതിൽപോലും ഇല്ലാത്ത 15%, പണിക്ക്പോകുന്ന 8% കുട്ടികൾ എന്നിവരുണ്ടെന്ന് കണ്ടെത്താനായി. നിരന്തരരോഗം വന്നിരുന്നവരും ഈ സ്കൂളുകളിലുണ്ടായിരുന്നു.
  • ബഹുഭൂരിപക്ഷം സ്കൂളുകളിലും യാന്ത്രികമായ പഠനരീതിയാണ് അവലംബിച്ചിരുന്നത്. കുട്ടികളുടെ പരിമിതി കണ്ടെത്തി പിന്തുണ നൽകുന്ന അവസ്ഥ പൊതുവിൽ ഉണ്ടായിരുന്നില്ല.
  • വിദ്യാഭ്യാസവകുപ്പിലെയോ എസ്.എസ്.എയുടെയോ അക്കാദമിക ഉദ്യോഗസ്ഥരോ ഡയറ്റ് ഫാക്കൽറ്റിയോ അക്കാദമിക മോണിറ്ററിംഗ്/അധ്യാപകർക്ക് തത്സമയ/സ്ഥലപിന്തുണ നൽകുന്ന അവസ്ഥ ഈ വിദ്യാലയങ്ങളിലെവിടെയും കണ്ടില്ല.
  • ഗണിതം (80%) ഇംഗ്ലീഷ് (70%) ഹിന്ദി (60%) രസതന്ത്രം (50%) എന്നീ വിഷയങ്ങൾ‍ കുട്ടികൾ വിഷമമായി കണ്ടു. ഈ വിഷയങ്ങളിൽ പഠനപിന്തുണ നൽകാൻ എവിടെയും സംവിധാനമുണ്ടായിരുന്നില്ല.
  • എസ്.എസ്.ജി (സ്കൂൾ സ്പോർട്സ്ഗ്രൂപ്പ്), എസ്.ആർ.ജി (സ്കൂൾ റിസോഴ്സ്ഗ്രൂപ്പ്) എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കാത്തതും വലിയ പ്രശ്നമായി കണ്ടെത്തി.
  • ഒരു ക്ലാസ്സിൽ 25ൽ കുറവ് കുട്ടികളുള്ളതും 50ൽ കൂടുതൽ കുട്ടികളുള്ളതുമായ ക്ലാസ്സുകളിലെ സ്കോറിൽ വലിയ അന്തരം കണ്ടില്ല.
  • രക്ഷിതാക്കളുടേയും സമൂഹത്തിന്റേയും സ്കൂൾ കാര്യത്തിലുള്ള പങ്കാളിത്തക്കുറവ് എല്ലായിടത്തും പ്രതിഫലിച്ചു.

പഠനത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഉരുത്തിരിഞ്ഞുവന്ന പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നു.

  • കുട്ടികളെ അറിഞ്ഞുകൊണ്ട്, അവർക്ക് പഠിക്കാൻ ഭക്ഷണമടക്കം ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കേണ്ടതുണ്ട്.
  • പഠനനിലവാരത്തെ കേവലം 10ാം ക്ലാസ്സിലേക്ക് മാത്രമായി പരിമിതപ്പെടുത്തരുത്. പ്രൈമറിക്ലാസ് മുതൽ ഒമ്പതുവരെ ബന്ധിപ്പിച്ചുവേണം പ്രശ്നത്തെ സമീപിക്കേണ്ടത്.
  • ഗുണമേന്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പഠനവിധേയമാക്കിയ സ്കൂളിലേക്കു മാത്രമാക്കി ചുരുക്കിക്കാണരുത്.
  • വകുപ്പിന്റെ പ്രധാന ഊന്നൽ അക്കാദമിക മുന്നേറ്റമാകണം. മോണിറ്ററിംഗും തൽസ്ഥലസഹായവും ശക്തിപ്പെടുത്തണം.
  • സമൂഹത്തിന്റെ സക്രിയപങ്കാളിത്തം ഉറപ്പാക്കണം.
  • പ്രാദേശിക സാധ്യതകൾ പരമാവധി വിനിയോഗിക്കണം.

പഠനത്തിലൂടെ ഉരുത്തിരിഞ്ഞുവന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ ഒരു പ്രവർത്തന പരിപാടി ഉണ്ടാക്കി. ഓരോ സ്കൂളിന്റെയും സവിശേഷതകളും സാധ്യതകളും ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കാൻ സ്ഥാപനങ്ങളെ അനുവദിച്ചു. ഈ പ്രവർത്തനത്തിന്റെ പരിധിയിൽ വരുന്ന ഓരോ ജില്ലയിലെയും സ്കൂളുകളെ ക്ലസ്റ്ററുകളാക്കി മാറ്റി. പ്രവർത്തന പദ്ധതിയുടെ ദിശയും കർമ്മപരിപാടിയും സ്കൂളുകൾക്കടക്കം പങ്കാളിത്തമുണ്ടായ സംസ്ഥാന ശില്പശാലയിൽ രൂപപ്പെടുത്തി. സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും അക്കാദമിക ഗ്രൂപ്പുണ്ടാക്കി. എല്ലാ തലങ്ങളിലും പരിശീലനങ്ങൾ നടത്തി. സ്കൂൾതലത്തിൽ സംഘാടകസമിതി ഉണ്ടാക്കി. തദ്ദേശ ഭരണസ്ഥാപനങ്ങൾ, പിടിഎ, പൂർവ്വവിദ്യാർഥികൾ, നാട്ടുകാർ എന്നിവരൊക്കെ സംഘാടക സമിതിയുടെ ഭാഗമായി. മുഴുവൻ വിദ്യാലയങ്ങളിൽ അത്യപൂർവ്വമായ ജനപങ്കാളിത്തം ഉണ്ടായി. ഈ പങ്കാളിത്തം പദ്ധതി നടന്ന 2011 വരെ നിലനിന്നു. റിസോഴ്സ് പേഴ്സണുകളെ സഹായിക്കാൻ 'ചങ്ങാതി' എന്ന കൈപ്പുസ്തകം ഉണ്ടാക്കി. 2006 ഒക്ടോബർ മാസം രണ്ടിന് പദ്ധതി എല്ലാ സമൂഹത്തിന്റെ നിർലോഭമായ പിന്തുണയോടെ സ്വന്തം പദ്ധതിയായി ഇതിന ഏറ്റെടുത്തു. കുട്ടികൾക്ക് ഭക്ഷണമൊരുക്കി. തദ്ദേശഭരണസ്ഥാപനങ്ങളും വലിയ പിന്തുണ നൽകി.

അതോടെ പുതിയൊരു അക്കാദമിക കൂട്ടായ്മ രൂപപ്പെട്ടു. ടീച്ചർ വളണ്ടിയറിസം ഏറ്റവും ഉയർന്ന രൂപത്തിൽ പ്രകടമായി. മോണിറ്ററിങ് എന്നത് ഗൗരവമേറിയ അക്കാദമിക പ്രക്രിയയായി മാറി. അപ്രതീക്ഷിത സന്ദർശനങ്ങൾ എന്ന സാമ്പ്രദായിക രീതി മാറി. മുൻകൂട്ടി അറിയിച്ച് വേണ്ടത്ര തയ്യാറെടുക്കാൻ അവസരമൊരുക്കി. പ്രശ്നങ്ങൾ കണ്ടെത്തുന്നതിനൊപ്പം അതിന്റെ പരിഹരണത്തിനും വഴി കണ്ടെത്തി. ഉപദേശം ഒഴിവാക്കി, ചെയ്തുകാണിക്കലും സാധ്യതകൾ തെളിയിക്കലുമായി മോണിറ്ററിങ് വളർന്നു. സ്വന്തം ക്ലാസ് നഷ്ടപ്പെടുത്താതെ ശനിയാഴ്ചകളിലാണ് റിസോഴ്സ് പേഴ്സൺമാർ മോണിറ്ററിങ്ങ് നടത്തിയത്. സുഹൃത്തും കൂട്ടായ അന്വേഷകരുമായി റിസോഴ്സുകൾ മാറിയപ്പോൾ അതുവരെ "മുകളിൽ നിന്നും ആരും വരേണ്ട" എന്ന നിലപാടെടുത്ത അധ്യാപകർ പോലും മോണിറ്ററിംഗ് ടീം വീണ്ടും വരാൻ ക്ഷണിക്കുന്ന അവസ്ഥയുണ്ടായി. വിദ്യാഭ്യാസ വകുപ്പിലെ സകലമാന ഉദ്യോഗസ്ഥരും പദ്ധതിയുടെ ഭാഗമായി. ഈ പദ്ധതിയിൽ നിരന്തരമായ വിലയിരുത്തൽ ഒരു പ്രധാന ഭാഗമായിരുന്നു.

കുട്ടികൾ എഴുതിയ പേപ്പറുകൾ ഫലപ്രാപ്തി പഠനത്തിന് വിധേയമാക്കി. സ്കോർ നൽകുന്നതിലെ അശാസ്ത്രീയത ഇതുവഴി അധ്യാപകർക്ക് മനസ്സിലായി. ഫലപ്രാപ്തി പഠനത്തിന്റെ അടിസ്ഥാനത്തിൽ അധ്യാപകരെ വിഷയാടിസ്ഥാനത്തിൽ സഹായിക്കാൻ "ഒരുക്കം" എന്ന പ്രത്യേക പാക്കേജ് തയ്യാറാക്കി. പഠിക്കുന്ന സ്കൂളുകളിൽ നിന്നും അകലങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് അധ്യാപകരുടെയും പ്രാദേശിക റിസോഴ്സ്ഗ്രൂപ്പിന്റെയും സഹായത്തോടെ അയൽപക്ക പഠനകേന്ദ്രങ്ങൾ തുടങ്ങി. സഹായ സംവിധാനങ്ങൾ ഒരുക്കാൻ നാട്ടുകാർ തയ്യാറായി. കുട്ടികളുടെ പഠനം എന്നത് യഥാർഥത്തിൽ നാടിന്റെ അജണ്ടയായി മാറി. ഡയറ്റുകൾ ജില്ലാടിസ്ഥാനത്തിൽ നിർണ്ണായകമായ പങ്കുവഹിച്ചു. വിദ്യാഭ്യാസ സംവിധാനവും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും അക്കൗണ്ടബിൾ ആയപ്പോൾ കുട്ടികളും ഉത്തരവാദിത്തം മനസ്സിലാക്കി പ്രവർത്തിച്ചു. അവരുടെ ആത്മവിശ്വാസം വളർന്നു. അതോടൊപ്പം അറിവും കഴിവും ഉയർന്നു.

ഇത്രയും വിശദമായി ഇക്കാര്യം വിശദീകരിച്ചത് റിസൽട്ടുയർത്തുകയാണ് ഉദ്ദേശ്യമെങ്കിൽ അതിന് ജനകീയവും അക്കാദമികവുമായ ഒരു മാതൃക കേരളത്തിന് മുമ്പിൽ ഉണ്ട് എന്ന് സൂചിപ്പിക്കാനാണ്. ഒരു ഇടതുസർക്കാർ തന്നെയാണ് ഇതിന് നേതൃത്വം നൽകിയത്. കുട്ടികളെ സമ്മർദത്തിലാക്കി റിസൽട്ടുയർത്തുകയല്ല അന്ന് ചെയ്തത്. മികവിനായി നടക്കുന്ന പ്രവർത്തനങ്ങൾ മിന്നലാട്ടങ്ങളായി അവസാനിക്കാതിരിക്കണം എന്നുണ്ടെങ്കിൽ സ്ഥായിയായി മാറുന്ന ജനകീയ വിദ്യാഭ്യാസ പ്രവർത്തനമായി പൊതുവിദ്യാഭ്യാസത്തെ മാറ്റിയെടുക്കേണ്ടതുണ്ട്. ഇപ്പോഴത്തെ സർക്കാർ2023ൽ തുടങ്ങിവച്ച സമഗ്രഗുണമേന്മ വിദ്യാഭ്യാസപദ്ധതി മുൻകാലങ്ങളിൽ നടത്തിയ ജനകീയ പദ്ധതികളുടെ തുടർച്ച എന്ന നിലനിലയിൽ  മാറ്റാൻ കഴിയേണ്ടതുണ്ട്. അതിനു കഴിയുമെന്നാണ് കേരളത്തിന്റ ഇന്നലെകളുടെ അനുഭവങ്ങൾ സൂചിപ്പിക്കുന്നത്.

അറിവ് അതിനിർണായകമായ ലോകക്രമത്തിൽ അറിവിന്റെ അവകാശികളായി നമ്മുടെ കുട്ടികൾ മാറണം.  പ്രശ്നസന്ദർഭങ്ങളിൽ ആത്മവിശ്വാസത്തോടെ അറിവ് പ്രയോഗിക്കാനുള്ള കഴിവും ഉണ്ടാകണം. എങ്കിലേ അതിസങ്കീർണമായ മത്സരത്തിന്റെതായ ഈ ലോകത്ത് അതിജീവനം സാധ്യമാകൂ. അതോടൊപ്പം പൗരബോധവും ജനാധിപത്യമൂല്യങ്ങളും അങ്കുരിപ്പിക്കുകയും വേണം.  

മുൻകാലങ്ങളിൽ ഇല്ലാത്തവിധം ലഹരിയടക്കമുള്ള പല ചതിക്കുഴികളും തിരിച്ചറിയാൻ കുട്ടികളെ സജ്ജമാക്കേണ്ടതുണ്ട്. വിദ്യാഭ്യാസഅവകാശനിയമം കുട്ടികളുടെ അവകാശത്തെ പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഓരോഘട്ടത്തിലും കുട്ടി നേടേണ്ട കാര്യങ്ങളെല്ലാം നേടിയ എന്നുറപ്പാക്കാൻ വിദ്യാഭ്യാസസംവിധാനത്തിനും അതിന്റെ ഭാഗമായി അധ്യാപകർക്കും കടമയുണ്ട്.

കേരളത്തിലെ വിദ്യാഭ്യാസത്തിൽ കാണുന്ന പോസിറ്റീവായ മാറ്റങ്ങൾക്കനുസരിച്ച് ഘടനാപരമായ മാറ്റങ്ങൾ വരാത്തതും പ്രശ്നമാണ്. അക്കാദമികകാര്യങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യാൻ ബാധ്യതപ്പെട്ട ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരുടെ വളരെ വലിയ സമയവും ഊർജ്ജവും അധ്യാപക/അനധ്യാപക നിയമനങ്ങൾക്കും മാനേജ്മൻ്റ് സ്കൾ പ്രശ്നങ്ങൾ പരിഹരിക്കാനും സർവ്വോപരി മേളകൾ നടത്താനുമാണ് വിനിയോഗിക്കുന്നത്. ഇതിന്റെ ചെറിയൊരു ഭാഗം സമയം അക്കാദമിക കാര്യങ്ങൾക്ക് മാറ്റിവച്ചാൽ തന്നെ വലീയ പരിവർത്തനങ്ങൾ സാധ്യമാണ്.  

മാറ്റം സാധ്യമാണ് എന്നതിന് അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരുടെ ക്ലാസുമുറികളിൽ എത്രയോ തെളിവുകളുണ്ട്. ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ സംയുക്തഡയറികളും മറ്റം ഇതിന ഉദാഹരണമാണ്. അതുകൊണ്ട് കേരളത്തിലെ കുട്ടികൾ അഭിമുഖീകരിക്കുന്ന ഗുണനിലവാരം സംബന്ധിച്ച പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ എല്ലാ കുട്ടികളെയും ഉൾച്ചേർത്തും ഉൾക്കൊണ്ടുമുള്ള പദ്ധതിയാണ് അനിവാര്യം.

സ്കൂൾ വിദ്യാഭ്യാസം - പരിഗണിക്കേണ്ട നിർദ്ദേശങ്ങൾ

കേരളം ആഗ്രഹിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് തടസ്സമായി വരുന്ന പരീക്ഷാ പരിഷ്കാരം പോലെയുള്ള  തീരുമാനങ്ങൾ സർക്കാർ ഒഴിവാക്കണം. അതോടൊപ്പം വിദ്യാഭ്യാസ മികവ് ഉറപ്പാക്കുന്നതിന് ഉതകുന്ന അടിയന്തരവും കർശനവുമായ തീരുമാനങ്ങൾ എടുത്തു നടപ്പിലാക്കുകയും വേണം. അത്തരത്തിൽ സ്വീകരിക്കേണ്ട ചില കാര്യങ്ങൾ നിർദ്ദേശിക്കുന്നു.

  • ഓരോ ക്ലാസിലെയും ഓരോ വിഷയത്തിലും അതതു വർഷം കുട്ടികൾ നേടേണ്ട പഠനലക്ഷ്യങ്ങൾ എല്ലാ കുട്ടികളും നേടുന്നതിനുള്ള ഉത്തരവാദിത്തം സ്കൂളിനും അതിന്റെ നേതൃത്വത്തിനും നൽകണം.
  • അക്കാദമിക്  മോണിറ്ററിങ്ങും വിലയിരുത്തലും പുനരാസൂത്രണവും നടത്താനുള്ള ചുമതല പ്രഥമാധ്യാപകർക്ക് നൽകണം.
  • എല്ലാ വിദ്യാലയങ്ങളിലും ഈ രൂപത്തിൽ പ്രവർത്തനം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള മോണിറ്ററിങ്ങും തുടർപ്രവർത്തനങ്ങളും നടത്താനുള്ള ഉത്തരവാദിത്തം എ ഇഒ മുതലങ്ങോട്ടുള്ള വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാരെ ഏൽപ്പിക്കണം.
  • ഇക്കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായുള്ള പ്രതിമാസ അവലോകന - ആസൂത്രണ യോഗങ്ങൾ സംസ്ഥാന -  ജില്ലാ  - ഉപജില്ലാതലങ്ങളിൽ കൃത്യമായി നടക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കണം.
  • വിവിധ ഏജൻസികൾ ആവിഷ്കരിച്ചിട്ടുള്ള അക്കാദമിക പദ്ധതികൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി കുട്ടികളുടെ പഠനമികവിന് അനുഗണമാണെന്ന് ഉറപ്പുവരുത്തുംവിധം ഏകോപിപ്പിക്കണം.
  • പരീക്ഷ കഴിഞ്ഞാൽ കുട്ടികളുടെ പഠനനില കൃത്യമായി മനസ്സിലാക്കുകയും പഠനപിന്തുണ അരിവാര്യമായ കുട്ടികൾക്ക് അത് ലഭ്യമാക്കുകയും ചെയ്യുന്നതിനുള്ള വിശകലന - തുടർപ്രവർത്തന പരിപാടികൾ എല്ലാ വിദ്യാലയങ്ങളിലും എല്ലാ അധ്യാപകരും ചെയ്യുന്നുവെന്ന് ഉറപ്പാക്കണം.
  • അധ്യാപകർക്കും വിദ്യാലയങ്ങൾക്കും ഇക്കാര്യങ്ങളിൽ അക്കാദമിക പിന്തുണ നൽകുന്നതിനായി ഡയറ്റുകളെയും ബിആർസികളെയും ചുമതലപ്പെടുത്തണം.
  • മലയോരപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും അതുപോലെയുള്ള മറ്റിടങ്ങളിലും വിവിധ കാരണങ്ങളാൽ പല ദിവസങ്ങളിലും സ്കൂളിലെത്താൻ കഴിയാത്ത കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അതത് സ്കൂളുകളെ കേന്ദ്രീകരിച്ച് പദ്ധതിയുണ്ടാക്കണം. വിദ്യാഭ്യാസ ഓഫീസർമാർക്ക് ഇതിന്റെ ഏകോപനച്ചുമതല നൽകണം.
  • പഞ്ചായത്ത് വിദ്യാഭ്യാസ സമിതികൾ പുനഃസംഘടിപ്പിക്കുകയും വാർഡുതല സമിതികൾ കൂടി രൂപീകരിച്ച് വിദ്യാലയ പ്രവർത്തനങ്ങൾ കാര്യമാക്കാനുള്ള ഇടപെടൽ നടത്താൻ പാകത്തിൽ അവയെ ശക്തിപ്പെടുത്തുകയും ചെയ്യണം.  
  • വിദ്യാഭ്യാസ വകുപ്പിന്റെ മുഖ്യലക്ഷ്യം കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാവണം. വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാർ മേളനടത്തിപ്പ് പോലുള്ള കാര്യങ്ങൾ മുഖ്യലക്ഷ്യമായി ഏറ്റെടുത്തു നടത്തിവരുന്ന രീതി മാറ്റണം.
  • എസ് എസ് കെ യാന്ത്രികമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി കുട്ടികളുടെ പഠനസമയം അപഹരിക്കുന്നുവെന്ന വിമർശനം കണക്കിലെടുത്ത് കുട്ടികളുടെ പഠനം ഉറപ്പാക്കുന്നതിനായി ചിട്ടപ്പെടുത്തി ഏകോപിപ്പിക്കേണ്ടതുണ്ട്.    
  • ഇതിനെല്ലാം സഹായകമാകുംവിധം അധ്യാപകരെ സജ്ജമാക്കുന്ന പ്രവർത്തനങ്ങളും നടക്കണം. അധ്യാപകരുടെ  നിലപാടിലും മനോഭാവത്തിലും ശേഷിയിലും മാറ്റം വരുത്താൻ സഹായകമാംവിധം നിലവിലുള്ള പരിശീലനപദ്ധതികളെ ശക്തിപ്പെടുത്തണം.

സമൂഹം കാഴ്ചക്കാരാകരുത്

30% മിനിമം മാർക്ക് സംബന്ധിച്ച ഉത്തരവ് നടപ്പാകുമ്പോൾ ഉണ്ടാകുന്ന അനുരണനങ്ങളും പ്രതിഫലനങ്ങളും പ്രത്യാഘാതങ്ങളും കാണാതെ പോകരുത്. എങ്ങിനെയെങ്കിലും കുട്ടികളെ 30% ൽ എത്തിച്ചാൽ മതി എന്ന ചിന്ത സംവിധാനത്തിനും അതിന്റെ ഭാഗമായ അധ്യാപകർക്കും ഉണ്ടായാൽ കേരള വിദ്യാഭ്യാസരംഗത്തെ ഗുണതയെ അത് ഭീതിതമായ തരത്തിൽ ബാധിച്ചേക്കാം. ഇതുണ്ടാകില്ല എന്നുറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് എന്താണ് പരിപാടിയാണ് ഉള്ളതെന്ന് വ്യക്തമല്ല.

ഈ ഉത്തരവ് മറ്റ് പല സാധ്യതകളും തുറന്നുവയ്ക്കുന്നുണ്ട്. അതിലൊന്ന് തസ്തികാ നിർണയവുമായി ബന്ധപ്പെട്ടാണ്. ‘തസ്തികകൾ നിലനിർത്താനും' പുതീയ തസ്തികകൾ ഉണ്ടാക്കാനും ഉള്ള സുവർണാവസരമായി ഈ ഉത്തരവിനെ വിനിയോഗിക്കാം. അധ്യാപക നിയമനം തുറന്നുതരുന്ന സാമ്പത്തിക താല്പര്യം ഫലപ്രദമായി വിനിയോഗിക്കാൻ തല്പരകക്ഷികൾ നടത്തുന്ന ശ്രമങ്ങളെ കാണാതിരിക്കാൻ കഴിയുമോ? സർക്കാറിനും അതുവഴി സമൂഹത്തിനും ഉണ്ടാകുന്ന സാമ്പത്തീക ഭാരം പരിഗണിക്കപ്പെട്ടിട്ടുണ്ടോ? ഒന്നിലധികം വർഷം മിനിമം മാർക്ക് നിബന്ധന പ്രകാരം ക്ലാസ്‍കയറ്റം ലഭിക്കാതെ മുൻവർഷത്തെ ക്ലാസിൽ തുടരേണ്ടി വരുന്ന കുട്ടികളുടെ എണ്ണം തസ്തികാ നിർണയത്തിൽ പരിഗണിക്കേണ്ടതില്ല തുടങ്ങിയ അഭിപ്രായങ്ങളും ഉയർന്നു വരുന്നുണ്ട്. ഇത്തരം അഭിപ്രായങ്ങളും പരിഗണിക്കപ്പെടേണ്ടതല്ലേ ?

“തോല്പിച്ച് നിലവാരമുയർത്തുക" എന്നത് അക്കാദമികമായി നിലനിൽക്കുന്ന ഒന്നല്ല. അങ്ങിനെ നിലവാരമുയർത്തിയ അനുഭവങ്ങൾ ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി എവിടെയുമില്ല. എല്ലാവരെയും ഉൾച്ചേർക്കുക എന്നതാണ് പുതിയ വിദ്യാഭ്യാസ സമീപനം മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട്.

ചോദ്യങ്ങൾ ഉയരട്ടെ

  • ജനാധിപത്യ മതനിരപേക്ഷ നിലപാടുകളും അനുതാപവും സഹകരണവും സഹവർത്തിത്വവുമൊക്കെ സാമൂഹിക മനോഭാവമായി വളർത്തിക്കൊണ്ടുവരിക എന്നതും കൂടി വിദ്യാഭ്യാസത്തിന്റെ ഗുണതാ മാനദണ്ഡങ്ങളിൽ വരേണ്ടതല്ലേ? പ്രതിസന്ധി ഘട്ടങ്ങളിൽ കേരളീയസമൂഹം ഐക്യപ്പെട്ട് ഒന്നിച്ച് പ്രവർത്തിക്കുന്നത് നമ്മുടെ അനുഭവമാണല്ലോ? ഏറ്റവും അവസാനം വയനാട്ടിലുണ്ടായ ദുരന്തത്തോട് സമൂഹം പ്രതികരിച്ചത് നാം കാണേണ്ടതല്ലേ? പൊതുവിദ്യാഭ്യാസ ധാരയ്ക്ക് അത്തരം ഒരു മനോഭാവം വളർത്തിയെടുക്കുന്നതിൽ നിർണ്ണായകമായ പങ്കില്ലേ?
  • ഇതൊന്നും പരിഗണിക്കേണ്ടെന്നും മത്സരത്തിനും എൻട്രൻസിനും സജ്ജമായാൽ മാത്രം മതിയെന്നും ആയതിനാൽ കേവലം മാർക്ക് നേടൽ മാത്രമാക്കി വിദ്യാഭ്യാസത്തെ ചുരുക്കണമെന്നും പറയാനാവുമോ ? വിദ്യാഭ്യാസത്തെ കച്ചവടയുക്തിയോടെ കാണുന്നവരുടെ വാദഗതിയെ അംഗീകരിക്കുന്നത് പുരോഗമനാത്മകമാകുന്നത് എങ്ങിനെയാണ് ?
  • പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ തുടർന്ന് കരുത്തും വിശ്വാസവും വീണ്ടെടുത്ത പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകർക്കാനുള്ള വിദ്യാഭ്യാസക്കച്ചവടക്കാരുടെ കുതന്ത്രമല്ലേ ഇവിടെ ജയിക്കുക ? കുട്ടികൾ, അതും സാധാരണക്കാരുടെ മക്കൾ പാസാകുന്നതാണ് കേരള വിദ്യാഭ്യാസത്തിന്റെ ഗുണതാ പ്രശ്നമെന്ന് വരുത്തിത്തീർക്കുന്നതിനെ നിഷ്ക്കളങ്കമായി കാണാൻ കഴിയുമോ? ഇത്തരം കുതന്ത്രങ്ങളിൽ പുരോഗമന ഭരണകൂടമടക്കം പെട്ടുപോകുന്നത് എന്തുകൊണ്ടാണ്?
  • ഈയടുത്ത വർഷങ്ങളിലായി അഖിലേന്ത്യാ മത്സരപ്പരീക്ഷകളിലെ കേരളത്തിന്റെ നേട്ടങ്ങൾ കണക്കിലെടുക്കുമ്പോൾ “ നിലവാരത്തകർച്ച"  എന്നത് ഒരു വ്യാജനിർമ്മിതിയല്ലേ?
  • കുട്ടികളുടെ അന്വേഷണബുദ്ധിയെയും അറിവുനിർമ്മാണ ശേഷിയേയും മുൻനിർത്തിയുള്ള പഠനപ്രക്രിയ ഈ മുന്നേറ്റത്തിന് സഹായകമായിട്ടില്ലേ ?
  • ഇനി നിലവാരത്തകർച്ചയുണ്ടെങ്കിൽ അതിന് കാരണമെന്താണ്? കുട്ടികളെ തോല്പിക്കാത്തതാണോ? കുട്ടികളെ തോല്പിച്ചിരുന്ന കാലത്ത് തോറ്റ കുട്ടികളുടെ നിലവാരം പിന്നീട് മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ?
  • നിരന്തരവും സമഗ്രവുമായ വിലയിരുത്തലിനു പകരം ഒന്നോ രണ്ടോ മണിക്കൂർ നേരത്തെ ഓർമ്മപ്പരീക്ഷ കൊണ്ട് കുട്ടിയുടെ ശേഷികളെ വിലയിരുത്താൻ കഴിയുമോ? ഓർമ്മിച്ചെഴുതാനുള്ള കഴിവു നേടൽ മാത്രമാണോ ആധുനിക കാലത്ത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം?
  • തോല്ക്കുമെന്നു വന്നാൽ കുട്ടികൾ ഗൗരവത്തോടെ പഠിക്കുമെന്ന നിഗമനത്തിൽ എങ്ങിനെയാണ് നാമെത്തുന്നത്? അങ്ങിനെയെങ്കിൽ എട്ടാംതരത്തിൽ പൊതുപരീക്ഷ വേണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ശുപാർശയെ നമുക്കെങ്ങിനെ എതിർക്കാൻ കഴിയും?
  • കുട്ടികളെ തോറ്റ് പുറത്തേക്കു പോകുന്നതിൽ കുട്ടികൾക്കു തന്നെയാണ് ഉത്തരവാദിത്വം എന്ന് സ്ഥാപിച്ച് സിസ്റ്റത്തിനും അധികാരികൾക്കും കൈകഴുകാൻ നിന്നു കൊടുക്കേണ്ടതുണ്ടോ?
  • ദാരിദ്ര്യം ദരിദ്രന്റെ ഉത്തരവാദിത്വമാണ്, അയാളുടെ സാമർഥ്യക്കുറവു കൊണ്ടാണ്, അയാളുടെ അലസതകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് തുടങ്ങിയ ചൂഷകസിദ്ധാന്തങ്ങളെ വിദ്യാഭ്യാസ രംഗത്തേക്ക് വലിച്ചുനീട്ടുന്നത് അംഗീകരിക്കാൻ പുരോഗമന ശക്തികൾക്ക് കഴിയുമോ?
  • നിശ്ചിത സമയത്ത് നിശ്ചിത നിലവാരമാർജ്ജിക്കാൻ കഴിയാത്ത കുഞ്ഞുങ്ങളെ പിന്തുണക്കാൻ നമ്മുടെ വിഭ്യാഭ്യാസഘടനയിൽ ഫലപ്രദമായ സംവിധാനമുണ്ടോ? ആ പിന്തുണാ സംവിധാനം വികസിപ്പിച്ചെടുക്കുകയല്ലേ, നാം ചെയ്യേണ്ടത്? അത് സിസ്റ്റത്തിന്റെ ഉത്തരവാദിത്തമല്ലേ ?
  • ലോകത്താകെ നടക്കുന്ന വിദ്യാഭ്യാസ നവീകരണങ്ങളോട് നാം പുറംതിരിഞ്ഞു നില്ക്കണോ? പഠനരീതിയിലും വിലയിരുത്തൽ രീതിയിലും വികസിച്ചുവന്ന മാറ്റങ്ങളെ മനസ്സിലാക്കാൻ 96% സാക്ഷരതയുള്ള കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിനു ബാധ്യതയില്ലേ?
  • തോല്പിക്കാൻ തുടങ്ങിയാൽ ആരായിരിക്കും തോല്ക്കുന്നത്? ആർക്കും അത് മുൻകൂട്ടി പറയാൻ കഴിയും. കുട്ടികളെ റ്റ്യൂഷനു വിടാൻ കഴിയാത്തവർ, വീട്ടിൽ ഉയർന്ന വിദ്യാഭ്യാസ പശ്ചാത്തലമില്ലാത്തവർ, ചുരുക്കിപ്പറഞ്ഞാൽ സാമൂഹ്യ- സാമ്പത്തിക പിന്നോക്കാവാസ്ഥയിൽ തുടരുന്നവർ. അവരെ പിന്തള്ളി മുന്നേറാൻ സാമ്പത്തികമായും സാമൂഹ്യമായും മെച്ചപ്പെട്ടവർക്കു കഴിയും. ഈ മധ്യവർഗ താല്പര്യങ്ങളെയല്ലേ ,“തോല്പിച്ചു നിലവാരമുയർത്തൽ” പദ്ധതി പിന്തുണയ്ക്കുന്നത്? സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്നവരുടെ വർഗതാല്പര്യങ്ങളെ സംരക്ഷിക്കേണ്ടവരെങ്കിലും ഇത് തിരിച്ചറിയേണ്ടതല്ലേ?

ഇങ്ങിനെ നിരവധി ചോദ്യങ്ങൾ സ്വാഭാവികമായും ഉയർന്നുവരും.

ഈ സംവാദങ്ങളെ കേവലം മിനിമം മാർക്കിന്റെ പ്രശ്നമായി ചുരുക്കിക്കാണരുത്. കുറേക്കൂടി വിശാലമായ സാമൂഹികമാനം ഇപ്പോൾ നടക്കുന്ന സംവാദങ്ങൾക്കുണ്ട്. അരിച്ചു പുറംതള്ളുക എന്നത് കമ്പോളമുതലാളിത്ത രീതിയാണ്. എല്ലാവരെയും ഉൾക്കൊണ്ട് ചേർത്ത് പിടിച്ച് നീതിയും തുല്യതയും ഗുണതയും ഉറപ്പാക്കുന്ന വിദ്യാഭ്യാസം വികസിപ്പിക്കുക എന്നത് പുരോഗമന രാഷ്ട്രീയ സാമൂഹിക നിലപാടുമാണ്. നാളിതുവരെയുള്ള ഇടതുപക്ഷ സർക്കാറുകൾ ജനകീയ വിദ്യാഭ്യാസത്തിനായാണ് നിലകൊണ്ടത്.

എല്ലാവരെയും ഉൾക്കൊള്ളുന്നതും ആധുനിക ലോകത്ത് അതിജീവിക്കാൻ അനിവാര്യമായ അറിവും കഴിവും നൈപുണിയുമുള്ള,  പൗരസമൂഹത്തെ വളർത്തിയെടുക്കാൻ എങ്ങിനെ കഴിയും എന്നാണ് നാം ആലോചിക്കേണ്ടത്. ഗുണമേന്മാ വിദ്യാഭ്യാസം സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന ചർച്ചകൾ ഇത്തരമൊരു തലത്തിലേക്ക് വളർന്നുവരും എന്നാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതീക്ഷിക്കുന്നത്.