ഭാഷ സംസ്കാരം വിദ്യാഭ്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഭാഷ, സംസ്കാരം, വിദ്യാഭ്യാസം
പ്രമാണം:T=Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വിദ്യാഭ്യാസം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഒക്ടോബർ, 1995

കേരളത്തനിമകൾക്ക് അടിസ്ഥാനമായ വർത്തിച്ച പൊതു വിദ്യാഭ്യാസത്തിനു നേരെ വൻഭീഷണി ഉയർന്നുവന്നിരിക്കുന്ന സാഹചര്യമാണിന്ന്. അതിശക്തമായി പ്രതികരിക്കുകയും ബദൽ സമീപനങ്ങൾ കൂട്ടായി വളർത്തിയെടുക്കുകയും ചെയ്തുകൊണ്ടേ ഈ തകർച്ചയെ നേരിടാനാവൂ. പൊതുവിദ്യാഭ്യാസം സംരക്ഷിച്ചുകൊണ്ടേ നമുക്കു കേരളത്തെ രക്ഷിക്കാനാവൂ. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി 95 നവംബർ 1 മുതൽ 18 വരെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിപുലമായ ജനബോധവൽക്കരണ പരിപാടിയാണ് വിദ്യാഭ്യാസ ജാഥ. കാസർഗോഡ്, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നാരംഭിക്കുന്ന ജാഥകൾ നവംബർ 18ന് വിപുലമായ പരിപാടികളോടെ തൃശ്ശൂരിൽ സമാപിക്കും. ജാഥയോടനുബന്ധിച്ചു പുറത്തിറക്കുന്ന ലഘുലേഖകളിൽ ഒന്നാണിത്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാനുള്ള ഈ ശ്രമത്തിൽ കേരളത്തെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളും പങ്കുചേരുമെന്ന് പ്രതീക്ഷിക്കട്ടെ.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്



1995ലെ വിദ്യാഭ്യാസ ജാഥയിൽ പുറത്തിറക്കിയ ലഘുലേഖ

കേരളത്തനിമകൾക്ക് അടിസ്ഥാനമായി വർത്തിച്ച പൊതുവിദ്യാഭ്യാസത്തിനു നേരെ വൻഭീഷണി ഉയർന്നു വന്നിരിക്കുന്ന സാഹചര്യമാണിന്ന്. അതിശക്തമായി പ്രതികരിക്കുകയും ബദൽസമീപനങ്ങൾ കൂട്ടായി വളർത്തിയെടുക്കുകയും ചെയ്തുകൊണ്ടേ ഈ തകർച്ചയെ നേരിടാനാവൂ. പൊതുവിദ്യാഭ്യാസം രക്ഷിച്ചുകൊണ്ടേ നമുക്കു കേരളത്തെ രക്ഷിക്കാനാവൂ.

'പൊതുവിദ്യാഭ്യാസം സം‌രക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി 95 നവംബർ 1 മുതൽ 18 വരെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിപുലമായ ജനബോധവൽക്കരണപരിപാടിയാണ് വിദ്യാഭ്യാസ ജാഥ.

കാസർകോട്, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നാരംഭിക്കുന്ന ജാഥകൾ നവംബർ 18-ന് വിപുലമായ പരിപാടികളോടെ തൃശൂരിൽ സമാപിക്കും.

ജാഥയോടനുബന്ധിച്ചു പുറത്തിറക്കുന്ന ലഘുലേഖകളിൽ ഒന്നാണിത്. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുവാനുള്ള ഈ ശ്രമത്തിൽ കേരളത്തെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളും പങ്കുചേരുമെന്നു പ്രതീക്ഷിക്കുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഭാഷ, സംസ്കാരം, വിദ്യാഭ്യാസം

ഭാഷ എന്നത് ചിന്തയുടെ രൂപമാണ്. സമുദായ വ്യവസ്ഥയുടെയും മനുഷ്യബന്ധങ്ങളുടെയും രൂപമാണ്. ആധിപത്യത്തിന്റെയും അധികാരത്തിന്റെയും രൂപവും കൂടിയാണത്. ഒരു ഭാഷയുടെ വ്യാകരണം ഒരു സമൂഹത്തിന്റെ വ്യാകരണം, അല്ലെങ്കിൽ മനുഷ്യബന്ധങ്ങളുടെ ഒരു പ്രദർശനം ആയിത്തീരുന്നുണ്ട്. ഒരു ഭാഷ എങ്ങനെ രൂപപ്പെടുന്നുവോ അതുപോലെയാണ് സമുദായം രൂപപ്പെടുക എന്നുള്ളത് ഇന്ന് സാമൂഹ്യഭാഷാശാസ്ത്രത്തിലെ പ്രധാനപ്പെട്ട ഒരാശയമാണ്.

നാം അറിഞ്ഞോ അറിയാതെയോ ഒരു ഭാഷയിൽ കൂടി ചിന്തിക്കുകയും സ്വപ്നം കാണുകയും നമ്മുടെ ചരിത്രം നിർമ്മിക്കുകയുമാണ് ചെയ്യുന്നത്. ഒരു കുട്ടിയെ ഒരു വാക്ക് പഠിപ്പിക്കുമ്പോൾ ഒരു ആശയത്തിനോ അനുഭവത്തിനോ രൂപം നൽകുന്നു എന്ന് ഒരു ഭാഷാശാസ്ത്രജ്ഞനറിയാം. ആർദ്രത എന്നുള്ളത് ഒരു പദമാണ്. ഈ ആശയമുണ്ടാകുന്ന ഈർപ്പം എന്ന ഒരനുഭവത്തിൽ നിന്നാണ്. ഈ ഈർപ്പം എന്ന ശാരീരിക അനുഭവത്തെ മാനസിക അനുഭവമായി രൂപാന്തരപ്പെടുത്തി നമ്മുടെ സമൂഹത്തിൽ ആർദ്രത വറ്റിക്കൊണ്ടിരിക്കുന്നു എന്നു പറയാറുണ്ട്. ഇത് വറ്റിപ്പോയ ഒരു പുഴയാകാം, കുളമാകാം വികാരവുമാകാം. ഇങ്ങനെ വറ്റിപ്പോകുമ്പോഴും ഈ ആർദ്രത ഭൂമിയുടെ ഉള്ളിൽ ഊറിക്കൂടുകയും ചിലപ്പോഴെല്ലാം അത് ഉറവകളായി മുകളിലേക്ക് വരികയും ചെയ്യുന്നു എന്നുള്ളത് ആർദ്രതയെ കുറിച്ചുള്ള ഒരു തത്വമാണ്.

വൈലോപ്പിള്ളി സംസ്കൃതത്തെ കുറിച്ച് എഴുതിയ ഒരു കവിതയിൽ സംസ്കൃതം ഇവിടെ ഒഴുകിയ ഒരു പുഴയാണെന്നും അതിനെ സരസ്വതി എന്നു വിളിക്കാമെന്നും പറയുന്നുണ്ട്. ത്രിവേണീസംഗമത്തിൽ രണ്ടു നദികളേ സംഗമിക്കുന്നുള്ളു. മൂന്നാമത്തെ നദിയായ സരസ്വതി ഭൂമിക്കടിയിൽ എവിടെയെല്ലാമോ ഒഴുകി ത്രിവേണീസംഗമത്തിൽ വന്നുയരുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ അന്തർവാഹിനിയായ സരസ്വതിയാണ് സംസ്കൃതം എന്ന് അദ്ദേഹം പറയുന്നു. ഇതിലെ ബോധം നമ്മുടെ സൗന്ദര്യബോധങ്ങൾ, നമ്മുടെ മൂല്യബോധങ്ങൾ എന്നിവ സൂക്ഷിക്കുന്ന ഒരന്തർവാഹിനിയായി ഭാഷ നിലനിൽക്കുന്നു എന്നുള്ളതാണ്.

ഇളംകാറ്റിന് സുഖമുണ്ട് എന്നു നാം കരുതുന്നത് "പാടല സംസർഗസുരഭിവനവാതാൻ..." എന്നുള്ള കാളിദാസന്റെ മാലിനീനദിയിലെ ഈർപ്പമുള്ള കാറ്റിനെകുറിച്ചുള്ള വർണനെയെകൂടി ഉള്ളിൽ കണ്ടുകൊണ്ടാണ്. സൂര്യനസ്തമിക്കുമ്പോൾ അതിന് ഭംഗിയുണ്ട് എന്ന് നിങ്ങൾക്കു തോന്നുന്നത് സൂര്യന് ഭംഗിയുള്ളതുകൊണ്ടല്ല; അതിന് ഭംഗിയുണ്ട് എന്നു ഞാൻ പറഞ്ഞതുകൊണ്ടാണ് എന്ന് ഓസ്കാർ വൈൽഡ് പറയുന്നത് ഭാഷ അനുഭവത്തിന്റെ രൂപമായതുകൊണ്ടാണ്. സൗന്ദര്യം ഭാഷയുടെ പ്രക്ഷേപണമാണ് എന്നാണ് ഇതിലെ ആശയം. സൗന്ദര്യം എന്നുള്ള മൂല്യം പോലെതന്നെ മുഖത്തിന്റെ കാന്തിയെപ്പറ്റി, ചന്ദ്രന്റെ കാന്തിയെപ്പറ്റി, പൂക്കളുടെ കാന്തിയെപ്പറ്റിയെല്ലാമുള്ള പ്രക്ഷേപണങ്ങൾ സൗന്ദര്യത്തിക്കുറിച്ചുള്ള ഒരു ഭാഷാശാസ്ത്ര നിവേദനമാണ് എന്നും ഇങ്ങനെയുള്ള നിവേദനങ്ങളിൽ കൂടിയാണ് നാം ലോകത്തെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നത് എന്നും നാം അറിഞ്ഞുതുടങ്ങിയിരിക്കുന്നു.

ഒരു സാർവലൗകിക ഭാഷയുണ്ടാക്കാനുള്ള ശ്രമം ഒരു ഭാഗത്തും നമ്മുടെ പ്രാചീനമായ ഭാഷാഭേദങ്ങളെയും സങ്കൽപങ്ങളെയും ഉയർത്തെഴുന്നേൽപിക്കാനുള്ള ശ്രമം മറുഭാഗത്തും നടന്നുവരുന്നു.

ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ആദ്യഘട്ടത്തിൽ ഇത്തരം ഒരു പുനരുദ്ധാനം ഉണ്ടാകുന്നുണ്ട്. ഈ ഘട്ടത്തിലാണ് പുന്നശ്ശേരി നീലകണ്ഠശർമ്മ വള്ളത്തോളിനോട് പുരാണമൊക്കെ പഠിക്കണമെന്നു പറഞ്ഞത്. അങ്ങനെ വള്ളത്തോൾ പുരാണം പഠിക്കുകയും എല്ലാ പുരാണങ്ങളും പഠിച്ചതിനു ശേഷം 'പുരാണങ്ങൾ' എന്ന കവിത എഴുതുകയും ചെയ്യുന്നു. കാരണം ദേശീയതയുടെ ബൂർഷ്വാസങ്കൽപം ഒരടി പിന്നോട്ടുള്ള ഒരു പ്രയാണം കൂടിയാണ്. പുരാണങ്ങളുടെ വ്യാഖ്യാനങ്ങൾ ഉണ്ടാകുമ്പോൾ നാം നമ്മുടെ ദേശീയതയെ വീണ്ടും വ്യാഖ്യാനിക്കുന്നു എന്നും പൗരാണികമായ ചിഹ്നങ്ങളിൽ നാം നമ്മുടെ പൗരുഷത്തിന്റെയും സ്ത്രീത്വത്തിന്റെയും അടയാളങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു എന്നുള്ള ബോധം ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട ഒരു ബോധം ആയിരുന്നു. ഈ ബോധം വീണ്ടും വീണ്ടും വരാം. സാർവലൗകികതയെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കെയാണ് വ്യാവസായിക സംസ്കാരം ലോകത്തെ ഒരൊറ്റ വീടാക്കിത്തീർത്തുകൊണ്ടിരിക്കെയാണ്, നമ്മുടെ അന്തർമണ്ഡലങ്ങളിൽ നിന്ന്, ചെറിയ ബോധങ്ങൾ ഉയിർത്തെഴുന്നേൽക്കുകയും ദേശീയത, ഉപദേശീയത തുടങ്ങിയ സങ്കൽപങ്ങൾ വരികയും ചെയ്യുന്നത്. ഇത് അധികാരത്തിന്റെ ഒരു ഏറ്റുമുട്ടലും പുനർനിർവചനവും കൂടിയാണ്.

അധികാരത്തിന്റെ രൂപം കൂടിയാണ് ഭാഷ എന്നതിനാൽ അധികാരത്തെ തോൽപിക്കാൻ അതിന്റെ ഭാഷയെ തോൽപിക്കണമെന്ന് നമ്മുടെ ദേശീയത കരുതിപ്പോന്നിരുന്നു. ഇതേ ഉദ്ദേശത്തോടെയാണ് ഇംഗ്ലീഷ് സോപ്പിനെയും ഇംഗ്ലീഷ് മല്ലുമുണ്ടിനെയും ഇംഗ്ലീഷ് ഭാഷയെയും നാം എതിർത്തിരുന്നത്.

മാഞ്ചസ്റ്ററിൽ നിന്ന് പല ബാധകൾ വരുന്നുണ്ട് എന്നും അതിലൊരു ബാധ മല്ലുമുണ്ടാണെന്നും മല്ലുമുണ്ടിനെ എതിർക്കണമെന്നും ഇ.വി.കൃഷ്ണപിള്ള പാടിയിട്ടുണ്ട്.

ആധിപത്യത്തിന്റെ ഒരു പ്രധാന ഉപകരണം ഭാഷയാണെന്നും വസ്ത്രധാരണരീതിയാണെന്നും വിദ്യാഭ്യാസമാണെന്നുമുള്ള പ്രാഗ്‌ബോധം ഇന്ത്യൻദേശീയപ്രസ്ഥാനത്തിലുണ്ടായിരുന്നുവെന്ന് നാം ഇപ്പോൾ മനസ്സിലാക്കുന്നു. അത്കൊണ്ടാണ് അന്ന് വിദ്യാപീഠങ്ങൾ ഉണ്ടായതും അലിഗഢ് സർവകലാശാല ഉണ്ടായതും കാശിയിലെ ഹിന്ദു സർവകലാശാല ഉണ്ടായതും സമാന്തരവിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടായതുമെല്ലാം. ഇത് ഒരു ശക്തി തിരിച്ചുപിടിക്കലാണ് എന്നും ഇങ്ങനെ ശക്തി തിരിച്ചുപിടിക്കാനുള്ള ഒരു മാർഗ്ഗം നമ്മുടെ ഭാഷയെ തിരിച്ചു പിടിക്കലാണ് എന്നും ഗാന്ധിജിയും കരുതിയിരുന്നു.

ഇംഗ്ലീഷിനെ നിരോധിക്കാനുള്ള മാർഗ്ഗം മലയാളം തിരിച്ചു പിടിക്കുകയാണ് അല്ലെങ്കിൽ ഹിന്ദിയെ തിരിച്ചു പിടിക്കുകയാണ് എന്ന ബോധം പോലെ തന്നെ വിദേശസാങ്കേതിക വിദ്യയെ നിഷേധിച്ചുകൊണ്ട് നാടൻ ചക്കിനെയും കൈത്തറിയെയും തിരിച്ചുപിടിക്കണം എന്നും അക്കാലത്തെ ദേശീയപ്രസ്ഥാനം കരുതിയിരുന്നു.

പ്രതിരോധത്തിന്റെ മാർഗം ഒരടി പിറകോട്ട് മാറി നിൽക്കലാണ് എന്നുള്ളത് ഒരു സാർവലൗകിക പ്രതിരോധ തന്ത്രമാണ്. അച്ചടി എല്ലായിടത്തുമുണ്ടായിട്ടും കൈയെഴുത്തുമാസിക തുടങ്ങുന്നതും ഡി.ടി.പി. വരുമ്പോഴും ഇൻലന്റ് മാസിക നടത്തുന്നതും ഒരു പ്രതിരോധതന്ത്രമത്രെ. എളിമയെ പൊലിമയാക്കുന്ന തന്ത്രം. ഇങ്ങനെ ഒരടി പിന്നോക്കം മാറി നിൽക്കുന്ന ഒരു ഭാഷാപ്രസ്ഥാനമായാണ് മലയാളത്തിൽ പച്ചമലയാളപ്രസ്ഥാനം രൂപം കൊണ്ടത്. സംസ്കൃതത്തിന്റെ ആധിപത്യത്തെ ചെറുക്കാനുള്ള ഒരു മാർഗ്ഗം നാടൻ ഭാഷയിൽ സംസാരിക്കുക എന്നുള്ളതാണ്. പരാജയപ്പെട്ട പച്ചമലയാളപ്രസ്ഥാനം പോലും കേരളദേശീയബോധത്തിന്റെ പ്രകടനമായിരുന്നു എന്നും അത് ദ്രാവിഡ ദേശീയബോധത്തിന്റെ ഭാഗമായിരുന്നു എന്നും അതിന്റെ പ്രക്ഷീണമായ പ്രതിധ്വനി മാത്രമെ മലയാളത്തിലുണ്ടായുള്ളു എന്നും നാം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്.

ഭാഷ ഒരു സാംസ്കാരിക് ഉപകരണം

നാം വികാര നിവേദനത്തിനുപയോഗിക്കുന്ന ആദ്യത്തെയും ഒരു പക്ഷെ അവസാനത്തെയും ഭാഷ മാതൃഭാഷയാണ്. ശുണ്ഠിവന്നു സംസാരിക്കുമ്പോൾ വ്യാകരണമൊക്കെ തെറ്റുകയും പിന്നീട് ഗൗഡസാരസ്വതഭാഷയിൽ മാത്രം സംസാരിക്കുകയും ചെയ്യുമായിരുന്ന ഞങ്ങളുടെ മലയാളം പണ്ഡിതനെ ഓർത്തുപോകുന്നു. രോഷം വന്നാൽ, ദുഃഖം വന്നാൽ, സത്യം വന്നാൽ നാമെല്ലാം ഉപയോഗിക്കുന്ന ഭാഷ നമ്മുടെ മാതൃഭാഷ ആയിരിക്കും എന്നതു ഭാഷയുടെ പ്രാഥമിക തത്വമാണ്.

ശുണ്ഠിപിടിച്ച് പുലഭ്യം പറയുമ്പോൾ നാം നമ്മുടെ സ്വത്വത്തോട് കൂടുതൽ അടുക്കുന്നു. ഇതിനെ അമർത്തിവെച്ചുകൊണ്ടാണ് നാം ഒരു വ്യാകരണഭാഷയോ ഒരു വിദേശഭാഷയോ ഒരു ദേശീയഭാഷയോ സിവിൽ മാന്യതയോ അണിയുന്നത്. നമ്മുടെ ജീവിതത്തിന്റെ ഘടന, നാം ലോകത്തെ മനസ്സിലാക്കുന്ന രീതി നമ്മുടെ ആദ്യത്തെ ഭാഷയിൽ നിന്നാണുണ്ടായിത്തീരുന്നത്. ഈ പ്രാഥമിക തത്വം നിഷേധിക്കപ്പെടുമ്പോൾ ലോകത്തുള്ള മുഴുവൻ ശിശുക്കളുടെയും വരാനിരിക്കുന്ന തലമുറകളുടെയും പ്രാഥമിക വികാരതലം അനാർദ്രമായിത്തീരുകയും വികാരശൂന്യമായ ഒരു തലമുറ ഉണ്ടായിത്തീരുകയും ചെയ്യുന്നു. വികാരശൂന്യത ഫലത്തിൽ അബോധമായി പ്രവർത്തിക്കുന്ന വികാരമായി വന്ന് നമ്മെ ഓർക്കാപ്പുറത്ത് ആക്രമിക്കുകയാണ് ചെയ്യുന്നത്. പരസ്യമായി കരയാൻ പാടില്ല എന്നു കരുതുന്ന ഒരു പുരുഷന് പൗരുഷം ഒരു കവചമേ ആകുന്നുള്ളു. ഇങ്ങനെ വികാരങ്ങളെല്ലാം അന്തർവാഹിനികളായിത്തീരുകയും ആക്രമിക്കുകയും ചെയ്യുന്ന ഒരവസ്ഥ ഒരു സമുദായത്തിന്റെ മാനസികഘടനയിലെ പിളർപ്പിന്റെ അടയാളമാണ്. ഒരു വ്യക്തി രണ്ടായിത്തീരുകയും അടിയിൽ ഒരു വ്യക്തിയും മേലെ ചിരിച്ചു കാണിക്കുന്ന ഒരു വ്യക്തിയും എന്ന് ആളുകൾ രണ്ടായിത്തീരുകയും നമ്മുടെ സംസ്കാരം ഒരു വിഭക്തസംസ്കാരമായിത്തീരുകയും ചെയ്യുന്നു എന്നു പറയാം. പുറമെ പറയുന്ന ഒരു ഭാഷയും വീട്ടിൽ പറയുന്ന ഒരു ഭാഷയും എന്ന രണ്ടു ഭാഷ ഉണ്ടായിത്തീരുന്നു. അധ്യാപകന്റെയോ രക്ഷിതാവിന്റെയോ മുന്നിൽ വെച്ച് ചെയ്യാവുന്ന കാര്യങ്ങളും ഒറ്റക്കിരിക്കുമ്പോൾ ചെയ്യാവുന്ന കാര്യങ്ങളും എന്ന അർത്ഥത്തിൽ സഭ്യവും അസഭ്യവും പിരിഞ്ഞൊഴുകുന്ന മനസ്സിന് അതിന്റെ ഉദ്‌ഗ്രഥനം, ഇണക്കം നഷ്ടമായിത്തീരുന്നു. ഇത്തരം ഒരു പിളർപ്പ് നമ്മുടെ നാഗരികതക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടാണ് വളരെ പ്രസിദ്ധനായ ഇടതുപക്ഷ എറിൿഫ്രോം ഇന്നാർക്കെങ്കിലും 'ഭ്രാന്ത്' അഥവാ 'ബുദ്ധിഭ്രമം' വരുന്നില്ലെങ്കിൽ അതിനർത്ഥം അയാൾക്ക് ബുദ്ധിയില്ല എന്നാണ് എന്നു പറയുന്നത്.

നമ്മുടെ മനസ്സിനെ അസന്തുലിതമാക്കിത്തീർക്കുന്ന വളരെ വേഗമേറിയ ചലനങ്ങളിൽ കൂടിയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ആധുനിക സംസ്കാരത്തിന് നമ്മുടെ ആശയങ്ങളെ ഉൽപന്നങ്ങളാക്കി രൂപാന്തരപ്പെടുത്താനും നമ്മുടെ മോഹങ്ങൾക്ക് പകരമായ സാധനങ്ങൾ തരാനും സാധിക്കും. അങ്ങനെ ഭക്തി എന്ന അരച്ച ചന്ദനമോ കത്തിച്ച ചാണകമോ ആകുന്നു. അമ്പലത്തിലെ ചീട്ടോ വാടകക്ക് ശയനപ്രദക്ഷിണം നടത്തുന്ന ഒരാളുടെ കൂലിയോ ആകുന്നു. ഭക്തിയെ ഉൽപന്നമാക്കിത്തീർക്കുന്ന ഒരു രീതിയാണത്. ഇതാണ് മതത്തിന്റെ ഉൽപാദനവിതരണരീതി. ഈ രീതി പുതിയ നാഗരികത സ്വീകരിക്കുകയും സ്നേഹത്തെയും ആദർശത്തെയും സൗന്ദര്യത്തെയുമെല്ലാം വിൽക്കാമെന്ന് കണ്ടെത്തുകയും ചെയ്യുന്നു. ഇങ്ങനെ ഉൽപാദന വിപണനത്തിന്റെ സംസ്കാരം കൊണ്ട് ലോകത്തെ മുഴുവൻ വലയം ചെയ്യാമെന്ന പുതിയ ബോധത്തിലാണ് നാമെല്ലാം എത്തിച്ചേർന്നിട്ടുള്ളത്.

ലോകത്തിലെ ആളുകളെല്ലാം ഒരു പ്രത്യേക ബ്രാൻഡിലുള്ള ആഹാരം മാത്രം കഴിച്ചാൽ മതിയെന്ന് ഒരു അന്താരാഷ്ട്ര കമ്പനി പറയുമ്പോൾ നമ്മുടെ മേശപ്പുറത്തും അമേരിക്കക്കാരന്റെ മേശപ്പുറത്തുമെല്ലാം ഒരേ സ്വാദുള്ള ന്യൂഡ്‌ൽസോ, ചോളപ്പൊരിയോ വന്നുചേരുന്നു. ഇത് രുചിയുടെ ആഗോളവൽക്കരണമാണ്. എല്ലാവരുടെയും രുചി എന്നതിനർത്ഥം അതാരുടെയും രുചിയല്ല എന്നു തന്നെയാണ്.

ലോകത്തിലുള്ള മുഴുവൻ സാധനങ്ങളെയും നല്ലത്, ചീത്ത എന്നു വേർതിരിക്കലാണ് വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റെയും പ്രാഥമികപ്രവർത്തനങ്ങളിലൊന്ന്. വരവ്, ചെലവ് എന്ന് പട്ടിക തിരിക്കുന്നതു പോലെ 'ഹറാം-ഹലാൽ' എന്നോ 'പുണ്യം-പാപം' എന്നോ തരംതിരിക്കുന്നു. ഇങ്ങനെ തരം തിരിക്കുന്നത് പലപ്പോഴും ഒരു ഭാഷയുടെയോ ആദിമബോധത്തിന്റെയോ അടിസ്ഥാനത്തിലാണ്. ഇങ്ങനെയുള്ള ജീവിതബോധം നമ്മുടെ ഉള്ളിൽ രൂപം കൊള്ളുന്നത് തീർച്ചയായും ജീവിതത്തിന്റെ ആദ്യനാളുകളിലാണ്. അതുകൊണ്ടുകൂടിയാണ് ആദ്യം പഠിക്കുന്ന ഭാഷയുടെ ഘടന നമ്മെ ഗണ്യമായി സ്വാധീനിക്കുന്നു എന്നു പറയുന്നത്.

എൻ.വി. കൃഷ്ണവാരിയർ 1940-കളിൽ എഴുതിയ ഒരു കവിതയിൽ അനുരാഗത്തിന്റെ അടയാളമായി കാമുകൻ ധരിച്ചിരുന്നത് ഒരു ജോഡി ഷൂസായിരുന്നു. പൊറ്റെക്കാടിന്റെ കഥയിൽ അനുരാഗത്തിന്റെ അടയാളം ഒരു വാസനസോപ്പാണ്. ഷേക്സ്പിയറുടെ കൃതികളിൽ അത് ഒരു തൂവാലയാണ്. ഇത്തരത്തിലുള്ള അടയാളങ്ങളൊക്കെ നമുക്ക് തന്നുകൊണ്ടിരിക്കുന്നത് ഭാഷയുടെ പ്രക്ഷേപണങ്ങളാണ്. ഈ അടയാളങ്ങൾക്ക് മാറ്റങ്ങളുണ്ടാവാം. ഇങ്ങനെയുള്ള അടയാളങ്ങൾ മാറി വരുമ്പോൾ ഭാഷയും അതോടൊപ്പം മാറിത്തീരുന്നു. ബഷീർ ഇത്തരത്തിലുള്ള മുരടിച്ച മാന്യതയുടെ അടയാളങ്ങളെ ഭേദിക്കുകയും പുതിയ അടയാളങ്ങളുടെ ലോകം കൊണ്ടുവരികയും ചെയ്യുന്നു. ഈ പുതിയ അടയാളങ്ങൾ നമ്മുടെ തിരക്കിനിടയിൽ നാം മറന്നുപോയ വളരെ സാധാരണമായ പഴയ അടയാളങ്ങൾ തന്നെയാണ്. സ്നേഹത്തിന്റെ ഏറ്റവും സാധാരണമായ പ്രകടനങ്ങളിലൊന്ന് നുള്ളുകയാണ് എന്ന് ബഷീർ നമ്മെ ഓർമ്മിപ്പിച്ചുവല്ലോ.

സ്വാഭാവികമായ വികാരങ്ങൾക്കു പകരം അയഥാർത്ഥമായ, കൃത്രിമമായ, അനുകൃതമായ വികാരങ്ങൾ കൊണ്ട് നമ്മുടെ ജീവിതം നിറയുമ്പോൾ അത് തികച്ചും ഉപചാരപൂർണ്ണമായിത്തീരുന്നു. 'Happy birthday to you' എന്ന് നിർത്താതെ കൂകും പോലെ. ഒരു വൈദേശികഭാഷയുടെയോ വൈദേശികാചാരത്തിന്റെയോ ജഡഭാരം ഒരനുഭവമായി മാറുന്നില്ല.

ലോകത്തിലെ എല്ലാ മനുഷ്യരും ഒരേ വസ്ത്രം ധരിക്കുമ്പോൾ ലോകം കാണാൻ കൊള്ളാത്ത ഒന്നായിത്തീരുന്നു എന്നുള്ളതാണ് അതിന്റെ ഏറ്റവും വലിയ ദോഷം. ഒരേ തൂവൽപക്ഷികളുടെ ദോഷം തന്നെ. എല്ലാ പക്ഷികൾക്കും ഒരേ തൂവലായിത്തീരുമ്പോൾ പക്ഷികളില്ലാതായിത്തീരുന്നു എന്നുള്ളതാണ് പക്ഷികളുടെ ജൈവദൗർഭാഗ്യം എന്നു പറയുന്നത്. വൈവിധ്യം ജീവിതത്തിന്റെ ആധാരവും സൗഭാഗ്യവുമാണെന്ന് ശാസ്ത്രം അറിയുന്നതും നാം തെങ്ങുകൾ മാത്രം വെച്ചുപിടിപ്പിക്കുകയും നമ്മുടെ കവികൾ തെങ്ങിനെ പറ്റി മാത്രം കവിതയെഴുതുകയും ചെയ്യുമ്പോൾ സംഭവിക്കുന്നതും മറ്റൊന്നല്ല. അനന്തജൈവവൈവിധ്യത്തിന്റെ സാധ്യത നമുക്കു നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ചില ഓർക്കിഡ് പുഷ്പങ്ങൾക്കു മാത്രമെ മാർക്കറ്റുള്ളു എന്നു വരുമ്പോൾ കുമാരനാശാൻ വർണ്ണിച്ച കപോതപുഷ്പം നമുക്കു നഷ്ടപ്പെട്ടു പോകുന്നു. എന്റെ ഹൃദയമാണ് ഇവിടെ വിരിഞ്ഞു നിൽക്കുന്നത് എന്ന് ഒരു പേർഷ്യൻ കവി വർണിച്ച പനിനീർപ്പൂ നമുക്ക് നഷ്ടപ്പെടുന്നു. പകരം എല്ലാവർക്കും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ 'ഔപചാരിക മൗഢ്യം' മാത്രം സമ്മാനിക്കപ്പെടുകയും ചെയ്യുന്നു.

ഇങ്ങനെ നമ്മുടെ സംസ്കാരത്തിന്റെ അഭിരുചി വൈവിധ്യം, അനുരാഗത്തിന്റെ വർണവൈവിധ്യം എന്നിവയെല്ലാം നഷ്ടപ്പെടുകയും സ്നേഹത്തിന്റെ അടയാളം പ്രഷർകുക്കറോ വാഷിങ്മെഷീനോ ആണെന്ന് നമ്മുടെ ബുദ്ധി തെറ്റിദ്ധരിക്കാനിടവരികയും ചെയ്യുന്നു.

ഇങ്ങനെ നമ്മുടെ ജീവിതം സാംസ്കാരികമായി എത്രമേൽ ദരിദ്രമായിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് വാസ്തവത്തിൽ ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും തലത്തിൽ എത്തുമ്പോൾ നാം വേദനയോടെ നേടുന്ന അറിവ്. മലയാള ഭാഷ എന്റെ ഹൃദയത്തിലെ പൂവാണ് എന്നും അതെന്റെ സ്നേഹത്തിന്റെ ആർദ്രതയാണ് എന്നും എന്റെ കോപത്തിന്റെ തുടുപ്പാണ് എന്നും എന്റെ മൗഢ്യത്തിന്റെ കറുപ്പാണ് എന്നും അറിയുന്നതിലാണ് ആ ഭാഷയെ നിലനിർത്തേണ്ടത്. ഞാൻ ഉണ്ടാക്കുന്ന പുഷ്പമാണ് എന്റെ ഭാഷ എന്നും ഇത്തരം അനേകം പൂക്കൾ വിരിയുമ്പോൾ അത് ലോകത്തിന്റെ വലിയ പൂന്തോപ്പായി തീരുന്നു എന്നും മറ്റെല്ലാ ജൈവവസ്തുക്കളുടെയും അതിജീവനത്തിന് ജൈവവൈവിധ്യം സഹായിക്കുന്നതുപോലെ നമ്മുടെ സംസ്കാരത്തിന്റെ അതിജീവനത്തിന് ഭാഷകളുടെയും നമ്മുടെ സാംസ്കാരികപ്രതികരണങ്ങളുടെയും വൈവിധ്യം ആവശ്യമാണ് എന്ന് തിരിച്ചറിയുന്നതിനും ഉൾക്കൊള്ളുന്നതിനും ആഗോളവൽക്കരണം തടസ്സമായി മാറുന്നു.

എഴുത്തച്ഛൻ അദ്ദേഹത്തിന്റെ ഒരു ഭാഷ സൃഷ്ടിക്കുകയാണ് ചെയ്തത്. അത് ഒരു ഭാഷയും വ്യത്യസ്തമായ ഒരു ജീവിതമൂല്യബോധവും ആയിത്തീർന്നു. അതു ചെറുശേരിയുടെ ഭാഷയല്ല. കുഞ്ചൻനമ്പ്യാരുടെതുമല്ല. നമ്പ്യാരുടെ നാട്ടുകാരനായ വി.കെ.എൻ. തന്റെ ഭാഷയും എഴുത്തച്ഛന്റെ നാട്ടുകാരനായ എം.ടി അദ്ദേഹത്തിന്റെ ഭാഷയും സൃഷ്ടിക്കുമ്പോഴാണ് നാം പറയുന്ന ഭാഷയുടെ ജൈവവൈവിധ്യം ഉണ്ടാകുന്നത്. ഓരോ വ്യക്തിയും അയാളുടെ നാടിന്റെ സംസ്കാരത്തെ വീണ്ടും വീണ്ടും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതാണ് സംസ്കാരത്തിന്റെ ജൈവതത്വം. ഈ ജൈവതത്വത്തിന് വിഘാതമായിട്ടുള്ള ഒന്നായാണ് നാം ആഗോളവൽകരണത്തെ കാണുന്നത്.

ഒരു ലോകം സൃഷ്ടിക്കാനുള്ള മാർഗമാണ് ഭാഷ. ലോകത്തെ സൃഷ്ടിക്കുന്ന പ്രാഥമികമായ ഉപകരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഭാഷ എന്ന സംഗതി നാം ഇടയ്ക്ക് എവിടെയോ വെച്ച് മറന്നുപോയി.

ഭാഷ ആധിപത്യത്തിന്റെ രൂപം

ആർജ്ജിത വിജ്ഞാനം പകർന്നു കൊടുക്കാനുള്ള ഉപകരണമാണ് ഭാഷ എന്ന് ധരിക്കുമ്പോഴാണ് എഞ്ചിനീയറിങ് പഠിക്കൻ ഇംഗ്ലീഷല്ലേ നല്ലത് എന്ന തെറ്റിദ്ധാരണയുണ്ടയിത്തീരുന്നത്. ഇംഗ്ലീഷും എഞ്ചിനീയറിങും തമ്മിൽ ഒരു ബന്ധവും ഇല്ല. ഷേക്സ്പിയറുടെ ഹാമ്ലറ്റും DTPയും തമ്മിൽ ഒരു ബന്ധവുമില്ല എന്നു പറയുന്നതുപോലെ തന്നെ. ഇതു മനസ്സിലാകാതെ പോകുന്നതിനുള്ള മുഖ്യകാരണം നമ്മുടെ നാട്ടിൽ യാന്ത്രികാധിപത്യം കൊണ്ടുവന്നത് ഇംഗ്ലീഷ് സംസാരിക്കുന്നവരായതുകൊണ്ടാകാം. സംസ്കൃതഭാഷ സംസാരിക്കുന്നവർ നമ്മുടെ നാട്ടിൽ ആധിപത്യം നേടിയാൽ സംസ്കൃതം നല്ല ഭാഷയാണ്; അനാദിയായ ഭാഷയാണ് എന്നൊക്കെ നാം പറയും. ലോകം ഒരൊറ്റ ഗോളമായിത്തീരുകയും ആഗോളവൽക്കരണത്തിന് ഏറ്റവും സഹായകരമായ ഭാഷ ഇംഗ്ലീഷാണ് എന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് നമ്മുടെ കുട്ടികൾ ഇംഗ്ലീഷിൽ തന്നെ പഠിക്കണം എന്ന് കുട്ടികളെ 'സ്നേഹി'ക്കുന്ന അച്ഛനമ്മമാർ കരുതുന്നത്. ഇത് ഭാഷയുടെ പ്രാധമികപ്രയോഗത്തെ കുറിച്ചുള്ള അജ്ഞത കൊണ്ടുകൂടിയാണ്.

നമ്മുടെ കാലഘട്ടം Information technologyയുടെ കാലഘട്ടമാണ്. എന്നാൽ എല്ലാ ഇൻഫർമേഷനും വികാരങ്ങളിൽ നിന്നാണ് സാർത്ഥകമായിരിത്തീരുന്നത് എന്ന് information കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്കറിയില്ല. അച്ഛനമ്മമാർക്കും ഇതറിയാതെ പോകുന്നു. അതറിയുന്ന ഒരൊറ്റ വർഗ്ഗമേ ലോകത്തുള്ളു. അത് പരസ്യമെഴുതുന്നവരും പരസ്യം കാണിക്കുന്നവരുമായ ആളുകളാണ്. സോപ്പ് ഒരു വികാരമാണ് എന്നറിയുന്ന ഒരു സോപ്പ് നിർമ്മാതാവ് സോപ്പിനെ ഒരു സ്പർശനമായും ചുംബനമായും സൗന്ദര്യത്തിന്റെ ഭക്ഷണമായും അനുരാഗമായും അവതരിപ്പിച്ച് നമ്മെ അവതാളത്തിലാക്കുന്നു.

ലോകത്തിനു മുഴുവൻ ഒരു ഭാഷ ഉണ്ടാക്കാൻ കഴിയുമെങ്കിലും അങ്ങനെ ഉണ്ടാക്കുമ്പോൾ അത് കാർഷിമേഖലയിലെ uniculture പോലെ ഭക്ഷണത്തിൽ നൂഡിൽ സംസ്കാരം പോലെ ഏകതാനം ആയിത്തീരും. ഇത് മനുഷ്യവർഗ്ഗത്തിന്റെ, ജീവിവർഗ്ഗത്തിന്റെ അടിസ്ഥാന സൗഭാഗ്യമായ ജീവിതവൈവിധ്യത്തെ, നാഗരികതയുടെ വൈവിധ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ അർത്ഥത്തിലാണ് ശാസ്ത്രസാഹിത്യപരിഷത്തും ശാസ്ത്രകാരന്മാരും ഭാഷയുടെ ഈ പ്രശ്നത്തെ സമീപിക്കുന്നത്.

യഥാർത്ഥ വിദ്യക്ക് പഴക്കമില്ല എന്നായിരുന്നു നാംകരുതിയിരുന്നത്. ഇതിനെയാണ് നാം സാഹിത്യത്തിലെയോ കാഞ്ചീപുരം സാരിയിലേയോ ശാശ്വതമൂല്യം എന്നു പറയുന്നത്. പുരോഗമനസാഹിത്യം പെട്ടെന്ന് കീറിപ്പോകുന്നു; ഉടുക്കുമ്പോഴേക്ക് മോശമാകുന്നു; എന്നാൽ വ്യാസന്റെ കൃതികൾക്ക് പഴക്കമുണ്ടാകുന്നില്ല എന്നു കരുതിപ്പോരുന്നു. ചരിത്രത്തിന്റെ ഗതിവേഗം കൂടുമ്പോൾ വിദ്യകളെല്ലാം വേഗത്തിൽ അപ്രസക്തമായിത്തീരുകയും പുതിയ വിദ്യകൾ ഉണ്ടായിത്തീരുകയും പഴയ വിദ്യകൾ ഒരു ഊനവും തട്ടാത്തതാണെങ്കിലും പെട്ടിയിൽ വെക്കാൻ മാത്രമുള്ളതോ ബൈൻഡ് ചെയ്തു വെക്കാൻ മാത്രമുള്ളതോ ആയിത്തീരുകയും ചെയ്യുന്നു. ഒരുപാട് മന്ത്രവാദം നമുക്കറിയാം. പക്ഷെ, പാമ്പുകടിച്ചാൽ ഉപയോഗിക്കുന്നത് ആന്റിവെനമാണ്. പിന്നെ ഈ മന്ത്രവാദം കൊണ്ടെന്താണ് പ്രയോജനം എന്നു ചോദിച്ചാൽ അത് കുന്ദംകുളത്തെ പ്രസ്സിൽ അച്ചടിച്ച് പെട്ടിയിൽ സൂക്ഷിക്കാമെന്നതാണ്. ഇങ്ങനെ വിദ്യ ഉപയോഗിക്കാനുള്ളതല്ല സൂക്ഷിച്ചുവെക്കാനുള്ളതാണ് എന്ന ബോധമുണ്ടാകുമ്പോൾ വിദ്യ ആദരിക്കാൻ ഉള്ള ഒരു സാധനമായി രൂപാന്തരപ്പെടുന്നു.

ഒരു കാലഘട്ടത്തിന്റെ സാങ്കേതികജ്ഞാനം പകർന്നുകൊടുക്കുന്ന വിദ്യ ഒരു സമുദായ വ്യവസ്ഥയെ നിലനിർത്തുക കൂടി ചെയ്യുന്നുണ്ട്. സാങ്കേതികവിദ്യയിൽ പരിവർത്തനമില്ലാതെ വരുമ്പോൾ അത് അച്ഛനിൽ നിന്ന് മക്കൾക്കും മക്കളിൽ നിന്ന് അവരുടെ മക്കൾക്കും പകർന്നു കൊടുക്കപ്പെടുന്ന പാരമ്പര്യവിദ്യ ആയിത്തീരുകയും ഒരു വേള ജാതിവ്യവസ്ഥക്കുള്ള കാരണങ്ങളിൽ ഒന്നായിത്തീരുകയും ചെയ്യുന്നു. ഇത്തരം പാരമ്പര്യവിദ്യകളിൽ സിദ്ധാന്തവും പ്രയോഗവും ഒരിക്കലും വേർതിരിയുന്നില്ല--സംപൃക്തമാണ് എന്നു പറയാം. ഒരു പ്രാഥമിക മനുഷ്യബോധത്തിൽ പ്രയോഗവും സിദ്ധാന്തവും ഇങ്ങനെ സംപൃക്തമാണ്. ഇങ്ങനെ സംപൃക്തമായിട്ടുള്ള ഒരു ബോധത്തെ പകർന്നുകൊടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ അതിപ്രാചീനമായിട്ടുള്ള ഒരു സ്വഭാവം.

ദ്രോണർ തന്റെ ശിഷ്യന്മാർക്ക് നടത്തിയത് ആയുധ പരീക്ഷയായിരുന്നു. എത്രപേരെ കൊല്ലാൻ കഴിയും എന്നുള്ളതാണ് ഒരു യോദ്ധൃസമുദായത്തിലെ വിദ്യയുടെ മൂല്യം. അതുകൊണ്ട് അന്നത്തെ പരീക്ഷ പൊതുവിജ്ഞാന പരീക്ഷ ആയിരുന്നില്ല. ആയുധപരീക്ഷ ആയിരുന്നു. ഒരു സമുദായത്തിന്റെ വിദ്യാഭ്യാസം ആ സമുദായത്തിന് എന്താവശ്യമുണ്ടോ അതിനുള്ള വിദ്യാഭ്യാസമാണ്. സാമ്രാജ്യകാലത്തെ വികസനപ്രകൃയ എന്നത് നാട്ടിലുള്ള ജനങ്ങളുടെ ശരാശരി വരുമാനം അക്കങ്ങളിൽ വർദ്ധിപ്പിക്കുക എന്നതായിരുന്നില്ല; മറിച്ച് യുദ്ധം ചെയ്ത് രാജ്യം വലുതാക്കലായിരുന്നു. ഇങ്ങനെ ഓരോ സമുദായവും അതതുകാലത്ത് അതിനു വേണ്ട വിദ്യ ഉണ്ടാക്കി വിൽക്കുകയാണ് ചെയ്യുന്നത്.

മാറിവരുന്ന സങ്കൽപങ്ങൾ

മനുഷ്യനും മനുഷ്യനും തമ്മിലുമുള്ള ബന്ധത്തെ നിർവചിച്ചുകൊണ്ടിരിക്കുന്നു എന്നതും വിദ്യാഭ്യാസത്തിലെ ഒരു പ്രധാന തത്വമാണ്. മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും ദൈവവും തമ്മിലും മനുഷ്യനും സാധനങ്ങളും തമ്മിലുള്ള ബന്ധത്തെ നിർവചിക്കുകയാണ് നമ്മുടെ അറിവിന്റെ പല രീതികൾ. (ആരെയൊക്കെ സ്നേഹിക്കണം, ആരെയൊക്കെ ദ്രോഹിക്കണം എന്നു പഠിപ്പിച്ചാണ് നാം ദ്രോഹിക്കാൻ തുടങ്ങുന്നത്. വീട്ടുകാരെ സ്നേഹിക്കണം അയൽക്കാരെ ദ്രോഹിക്കണം എന്നത് നമ്മുടെ പ്രയോഗവും അയൽക്കാരനെ സ്നേഹിക്കണം എന്നത് നമ്മുടെ ആദർശവുമാണ്.) ഇത്തരത്തിൽ മനുഷ്യബന്ധത്തെയും ഒരു കാലഘട്ടത്തിനെ പ്രയോഗവിജ്ഞാനത്തെയും പകർന്നുകൊടുക്കുക എന്നുള്ള ധർമ്മമായിരുന്നു വിദ്യാഭ്യാസം നിലനിർത്തിക്കൊണ്ടേയിരുന്നത്. ഇങ്ങനെ മാറാത്ത വിദ്യ ഉണ്ടാകുമ്പോൾ അതിന് 'പൂർണ്ണത്'(Perfection) ഉണ്ട് എന്ന് തോന്നാനിടയാകുന്നു. മാറിക്കൊണ്ടിരിക്കുന്ന ഒന്നിനും ഈ പൂർണ്ണത് ഉണ്ടാകില്ല. പഴയകാലത്ത് വ്യാകരണമൊന്നും തെറ്റാത്ത അധ്യാപരാണുണ്ടായിരുന്നത്. ഇന്ന് അത്തരം അധ്യാപരെ അദ്ധ്യാപകരായി ആരും കരുതാറില്ല. ഒരു വ്യാകരണത്തെറ്റുപോലും വരുത്താത്ത അദ്ധ്യാപകൻ എന്തദ്ധ്യാപകനാണ് എന്നാണ് നാം ചോദിക്കുക. കാരണം തെറ്റുക എന്നത് പുതിയ ഒന്നിനെ സൃഷ്ടിക്കലാണ് എന്നു കൂടി ഇന്ന് നമുക്കറിയാം.

വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ നമ്മുടെ മൂല്യനിർണ്ണയവും വേഗത്തിൽ മാറുന്നു. ഈ നാട്ടിൽ മുതിർന്ന ഒരാളായി ജീവിക്കുന്നതിനേക്കാൾ നല്ലത് കുട്ടിയായി ജീവിക്കുക എന്നതാണ് എന്ന് വേഡ്സ്‌വർത്ത് പറഞ്ഞതിന്റെ അർത്ഥം ഒരു വലിയ മാറ്റം ഉണ്ടാവുമ്പോൾ നാം ഒരടി പിന്നോട്ടു പോകണം എന്നാണ്. ഗാന്ധിജിയുടെ അടിസ്ഥാനവിദ്യാഭ്യാസം ഇത്തരത്തിൽ ഒരടി പിന്നാക്കം നിൽക്കലാണ്- ഒരു പ്രതിരോധപ്രവർത്തമാണ്. ഒരു കുട്ടി എണ്ണം പഠിക്കേണ്ടത് ഒരു തക്ലിയിൽ അല്ലെങ്കിൽ ഒരു ചർക്കയിൽ നൂട്ട 'നൂൽക്കഴി'യുടെ എണ്ണം നോക്കിയാവണം എന്നാണ് ഗാന്ധിജി പറഞ്ഞത്. എണ്ണം പഠിക്കേണ്ടത് ജീവിതത്തിൽ നിന്നാവണം; തൊഴിലിൽ നിന്നാവണം എന്നത് വിദ്യാഭ്യാസത്തിന്റെ പ്രാധമിക തത്വമാണ്. മുതലാളിത്തെത്തെ പ്രതിരോധിക്കാനുള്ള ഒരു രീതിയും.

നേരത്തെ ഉണ്ടാക്കപ്പെട്ട ഒരു സമുദായഘടനയിലാണ് നാം ജനിക്കുന്നതും ജീവിക്കുന്നതും. ഇതിനിടയിൽ ഈ ജീവിതം അത്ര ശരിയല്ലെന്ന് തോന്നുന്ന ആളുകളാണ് ഈ ഘടനയൊന്നു പൊളിച്ചു പണിയണം എന്നു പറയുന്നത്. ഇങ്ങനെ സമുദായം എന്ന വീട് പൊളിച്ചു പണിയുന്നതിന് നാം വിപ്ലവം എന്നു പറയുന്നു. ഇത്തരത്തിൽ വീടുകൾ മാറുന്നത് പല തരത്തിലാകാം. ഒന്നുകിൽ അതൊരു പുതിയ വീടായിത്തീരാം. അല്ലെങ്കിൽ അത് ഒരു പ്രതിരോധഗൃഹമാകാം. ലാറിബേക്കറുടെ വീടിന് അത്തരമൊരു പ്രത്യയശാസ്ത്രമുണ്ടാല്ലോ. മനുഷ്യൻ വീടിന് കുമ്മായം തേക്കുന്നത് എന്തിനാണ് എന്നാണ് ലാറിബേക്കർ ആലോചിച്ചത്. പ്ലാസ്റ്റർ തേച്ചിട്ട് അതിനകത്ത് ഇഷ്ടികയാണെന്നു കാണിക്കാൻ വര വരയ്ക്കുന്നു. "ഞാൻ ലോകത്തു കണ്ടിട്ടുള്ള ഏറ്റവും വലിയ മനുഷ്യമൗഢ്യം ഇതാണെന്ന്" ബേക്കർ തന്റെ ചെറിയ പുസ്തകത്തിൽ പറയുന്നുണ്ട്. നമ്മുടെ ധർമ്മസംഹിതകളൊക്കെ ഇങ്ങനെ ഉള്ളിലുള്ളത് മറച്ചുവെച്ചിട്ട് അതിന്റെ മീതെ വരകൾ വരക്കുകയാണ്. ഇതു മനസ്സിലായപ്പോഴാണ് ഗാന്ധിജി തന്റെ കോട്ടഴിച്ചു വെച്ചിട്ട് ഇനി ഒരു മുണ്ട് മതി എന്നു തീരുമാനിക്കുന്നത്. മുണ്ടും തോർത്തുമുടുത്തവരാണ് 28പൈസ നിത്യചെലവിൽ ഇന്ത്യയുടെ ചരിത്രമുണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്നും അവരുടെ പേര് കൃഷിക്കാർ എന്നാണെന്നും ബോധ്യപ്പെട്ടപ്പോഴാണ് ഗാന്ധിജി തനിക്ക് മുണ്ട് മതി എന്നു തീരുമാനിക്കുന്നത്. മുണ്ട് ഒരു ജീവിതബോധവും ഒരു തത്വശാസ്ത്രവും കൂടിയാണ് എന്നാണിതിനർത്ഥം. വിദ്യാഭ്യാസത്തെ കുറിച്ചുള്ള ചിന്തകളിൽ വിദ്യാഭ്യാസം ഏതു സമുദായത്തെ മുന്നിൽ കണ്ടുകൊള്ളുതാണ് എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.

നമ്മളൊക്കെ ഇപ്പോഴും ധരിച്ചുവെച്ചിരിക്കുന്നത് നമ്മൾ പറയുന്നത് കേട്ടിട്ടാണ് കുട്ടികൾ അവരുടെ സ്വഭാവം രൂപീകരിക്കുന്നത് എന്നാണ്. ഈ ശരിയിൽ ഒരു ചെറിയ തെറ്റേ ഉള്ളു: നമ്മൾ കാണിക്കുന്നതൊക്കെ കണ്ടിട്ടാണ് അവർ സ്വന്തം സ്വഭാവം രൂപീകരിക്കുന്നത് എന്നതാണാ വ്യത്യാസം. ഒരു കുട്ടിയും പറയുന്നത് കേൾക്കുകയല്ല ചെയ്യുന്നത് കാണുകയാണ് പതിവ്. ഓരോ കുട്ടിയും ഓരോ ജീവിതമാതൃക ഉണ്ടാക്കുകയും അതിനെ അനുകരിക്കുകയുമാണ് ചെയ്യുന്നത്. ചിലപ്പോൾ അത് അധ്യാപകനാകാം; ചിലപ്പോൾ അത് സിനിമാതാരമാവാം, രാഷ്ട്രീയപ്രവർത്തകനോ, തെമ്മാടിയെന്നോ റൗഡിയെന്നോ വിളിക്കുന്ന മറ്റൊരു മാന്യനോ ആവാം. നമ്മുടെ പ്രവർത്തനം കൊണ്ട് മറ്റുള്ളവർ, ഒരു 'ജീവിതമാതൃക' ഉണ്ടാക്കുന്നു എന്നത് വിദ്യാഭ്യാസത്തിലെ ഒരു പ്രധാനപ്പെട്ടതും എന്നാൽ ആരും പുറത്തു പറയാൻ ഇഷ്ടപ്പെടാത്തതുമായ ഒരു കാര്യമാണ്.

തിരിച്ചുപോക്ക് വിദ്യാഭ്യാസത്തിലൂടെ

നമ്മുടെ നാട്ടിലുല്പാദിപ്പിച്ചിരുന്നതെല്ലാം ഇന്ന് മറ്റാരോ കീഴടക്കിക്കൊണ്ടിരിക്കയാണ്. മിക്ക സ്ഥാപന ങ്ങളും വിൽക്കപ്പെട്ടുകഴിഞ്ഞു. സർക്കാരിനെ മാത്രമെ ഇപ്പോൾ വിൽക്കാത്തതായിട്ടുള്ളൂ. സർക്കാരിനെയും വളരെ വേഗം ഒരു സ്വകാര്യ ഏജൻസിയെ ഏല്പിച്ചുകൊടുക്കുകയും ഇപ്പോഴത്തെ സർക്കാരിനെക്കാൾ വളരെ ഭംഗിയായി അത് നടത്താൻ കഴിയും എന്ന് ആരെങ്കിലും തെളിയിക്കുകയും ചെയ്തു എന്ന് വരാം. എല്ലാ അധികാരങ്ങളും അന്യോന്യം മാറ്റാവുന്നതാണ്. മതപരമായ അധികാരമോ സാമ്പത്തികമായ അധികാരമോ രാഷ്ട്രീയമായ അധികാരമോ ഒക്കെയാകാം. രാജാവ് ഭരിക്കുമ്പോഴും ഇവിടെയുള്ള രാജാവിനെ ഉപദേശിച്ചിരുന്നത് പുരോഹിതന്മാരായിരുന്നു. സ്വാമിമാരുടെ ഉപദേശങ്ങൾ കേട്ടിട്ടും അവരുടെ കവടി നോക്കിയിട്ടും അവരുടെ സിന്ദൂരങ്ങൾ തൊട്ടിട്ടുമാണ് നമ്മുടെ നാട്ടിൽ എത്രയോ കാലം ഭരണം നടന്നിട്ടുള്ളത്. നമ്മുടെ നാട്ടിലുള്ള ഇന്നത്തെ അവസ്ഥ രാഷ്ട്രീയമായ അധികാരം മതപരമായ അധികാരത്തിന് വഴങ്ങുന്ന ഒരു ദേശീയരംഗവും രാഷ്ട്രീയമായ അധികാരം സാമ്പത്തികമായ അധികാരശക്തികൾക്കു മുന്നിൽ അലിഞ്ഞുപോകുന്ന ഒരു സാർവദേശീയരംഗവുമാണ്. ഇതിൽ ആദ്യത്തെതിനെ ദേശീയ ഫാസിസമെന്നും രണ്ടാമത്തെതിനെ സാർവദേശീയ മുതലാളിത്തമെന്നും പറയാവുന്നതാണ്. ഇങ്ങനെ രണ്ട് ഭാഗത്തേക്കും വലിച്ചിഴയ്ക്കപ്പെടുന്ന അവസ്ഥയുടെ കൃത്യമായ ഒരു ചിത്രം 'എന്റോൺ' ഇടപാടിൽ കാണാം. സാമാന്യമായി പറഞ്ഞാൽ ഇതിൽ സാമ്പത്തികശക്തിയേ വിജയിക്കുകയുള്ളൂ. ആഗോളമുതലാളിത്തത്തിന് വിലയ്ക്കു വാങ്ങാൻ കഴിയുന്ന പല സാധനങ്ങളിലൊ ന്നാണ് നമ്മുടെ 'നിഷ്‌കപട ദേശീയത' എന്ന് നമുക്ക് ഒന്നോ രണ്ടോ ആഴ്ചകൾക്കകം ബോധ്യപ്പെടുന്ന താണ്. കപടദേശീയതയെ ആർക്കും വാങ്ങാം; ശുദ്ധദേശീയതയ്ക്ക് ഒരാഴ്ച കൂടി സമയം വേണമെന്നേയുള്ളൂ. ജർമനിയിലും ഇറ്റലിയിലുമുണ്ടായിട്ടുള്ള ഫാസിസ്റ്റ് മുതലാളിത്ത സംഘർഷം പോലുള്ള ഒരവസ്ഥ ആംശികമായിട്ടെങ്കിലും ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇത്തരമൊരവസ്ഥയിൽ നമ്മുടെ വിദ്യാഭ്യാസത്തെ പഴമയിലേക്ക് പഴമ എന്ന വ്യാജമായ ഉറപ്പിലേക്ക് കൊണ്ടുപോകാനുള്ള ഒരു യത്‌നവും വിദ്യാഭ്യാസത്തെ കച്ചവടത്തിലേക്ക് മാറ്റാനുള്ള ഒരു യത്‌നവും ഒരേസമയം നടക്കുന്നതായി നാം തിരിച്ചറിയുന്നുണ്ട്. എല്ലാ ഗണിതശാസ്ത്രവും വേദത്തിലുണ്ടായിരുന്നു എന്ന് പറയുന്നത് ഇന്ന് ഞായറാഴ്ചകളിലെ ഒരാവശ്യമാണ്. മറ്റ് ദിവസങ്ങളിൽ നമുക്ക് പഠിക്കാൻ വേറെ കണക്കുണ്ട്. വേദത്തിന്റെ കാലത്തുള്ള ആളുകൾ അവരുടെ കണക്ക് ഉണ്ടാക്കുകയും അത് ഉപയോഗിക്കുകയും ചെയ്ത യഥാർത്ഥ മനുഷ്യരായിരുന്നു. പിരമിഡുണ്ടാക്കാൻ വേണ്ട ജ്യോമട്രി പിരമിഡിന്റെ കാലത്തെ ആളുകൾ ഉണ്ടാക്കി ഉപയോഗപ്പെടുത്തിയിരുന്നു. നേരെമറിച്ച് നാമിതിനെ ഓർമയായിക്കൊണ്ട് നടക്കുകയും അതിന്റെ സ്മൃതിമൂല്യങ്ങൾ പുതുക്കുകയും മാത്രമേ ചെയ്യുന്നുള്ളൂ. നമ്മുടെ വിദ്യാഭ്യാസത്തെ പിറകോട്ട് വലിക്കുന്ന പ്രതീകാത്മക ഫാസിസ്റ്റ്‌രീതിയുടെ ഭാഗമായാണ് സ്‌കൂളുകൾക്ക് ആശ്രമത്തിന്റെ പേരിടുക; സ്‌കൂളിൽ ഹാജർ വിളിക്കുമ്പോൾ നമഃശിവായ എന്നൊക്കെ പറയാൻ ശീലിപ്പിക്കുക തുടങ്ങിയവയെ കാണേണ്ടത്. ലോകത്തെ മുഴുവൻ നശിപ്പിക്കാൻ പോരുമായിരുന്ന വിഷം വാങ്ങിക്കുടിച്ച് നീലകണ്ഠനായി കഴിയുന്ന ഒരു ശിവനെക്കൊണ്ടാകാം മനുഷ്യവർഗം ഇന്ന് ജീവിക്കുന്നത്. പക്ഷേ, ശിവൻ എന്നുള്ളത് ഹാജർ വിളിക്കുമ്പോൾ പറയാനുള്ള പേരാണെന്ന് ശിവൻ പോലും കരുതിയിരുന്നില്ല. നമഃശിവായ എന്ന പദമൊഴികെ മറ്റൊരു ഭാരതീയ പദവും ഇത്തരം സ്‌കൂളുകളിൽ ഉച്ചരിക്കാറില്ല എന്നുകൂടി നാമറിയണം. ഉത്തമം സംസ്‌കൃതമാണെങ്കിലും മാധ്യമം ആംഗലംതന്നെ. ഇങ്ങനെ നമ്മുടെ വിദ്യാഭ്യാസരീതിയുടെ പരിവർത്തനം പ്രതീകാത്മകമായി പിന്നോട്ടും എന്നാൽ ഫലത്തിൽ വാണിജ്യമേഖലയിലേക്ക് മുന്നോട്ടും ആണെന്നുള്ളതാണ് വസ്തുത. ഇവിടെ അറിവ് മറ്റെല്ലാ സാധനങ്ങളേയുംപോലെ വിൽക്കാനും വാങ്ങാനുമുള്ള ഒരു സാധനമായിത്തീരുന്നു. വാണീലാ വരവർണ്ണിനി മണികൾതൻ വാർകുന്തളത്തിൻ സുഖം വീണീലാ വിധിപോലെ ചെന്ന് ഭഗവൽ പാദാരവിന്ദങ്ങളിൽ എന്നാണല്ലോ നമ്മുടെ ഒരു പഴയ കവി പാടിയത്. ഇത് ഒരു പൂവല്ല പറഞ്ഞത്. പരാഗണത്തിനുള്ള ഒരു ഉപകരണമാണ് താനെന്ന് ഒരുപക്ഷേ, പൂവിനറിയാം. എന്നാൽ അക്കാലത്ത് പൂവിന്റെ രണ്ടുപയോഗമായി കണക്കാക്കിയത് കാമുകിയുടെ മുടിയിൽ പൂവായിരിക്കുക എന്നതോ ദേവന്റെ കാൽക്കൽ പോയി വീഴുക എന്നതോ ആയിരുന്നു. ഇന്നത് ഒരു മാസം വാടാതിരിക്കുക എന്നതും പോളിത്തീൻ കടലാസുകൊണ്ട് പൊതിഞ്ഞ് അതിവിശിഷ്ടവ്യക്തികൾക്ക് സമ്മാനിക്കാം എന്നതും ആകുന്നു. അങ്ങനെ പൂവിന്റെ പ്രയോജനം വിൽക്കാമെന്നത് ആയിത്തീരുന്നു. പൂവിനെ വിൽക്കാം എന്നതുപോലെ വിദ്യയും വിൽക്കാമെന്നും വിദ്യയിൽ ഓഹരി എടുക്കാമെന്നും അതിൽ മൂലധനനിക്ഷേപം ആവാമെന്നും അത് നഷ്ടങ്ങളില്ലാത്ത ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപമാണ് എന്നും വരുന്നു. ചെമ്മീൻ കച്ചവടത്തിലും കശുവണ്ടിക്കച്ചവടത്തിലും സാഹസം ആവശ്യമാണ്. എന്നാൽ വിദ്യാഭ്യാസ വ്യവസായത്തിൽ അതു വേണ്ട. ഒരിക്കലും നഷ്ടമുണ്ടാകുന്നില്ല. അതുകൊണ്ട് വിദ്യാഭ്യാസ സംസ്‌കരണവും വിപണനവുമാണ് ഇന്ന് കശുവണ്ടിയെക്കാളും ചെമ്മീനിനെക്കാളും ഉത്തമമായ വ്യവസായം. ഇത്രയേറെ അഭ്യസ്തവിദ്യർ ഉണ്ടായാൽ ഇവർക്കെല്ലാം എന്തുതൊഴിലാണ് കൊടുക്കുക എന്ന് ചോദിക്കാറുണ്ട്. കെയിൻഷ്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പഴയ തത്വം ആവശ്യത്തിനനുസരിച്ച് ഉല്പാദിപ്പിക്കുകയാണ്. ഉല്പാദിപ്പിച്ചു കഴിഞ്ഞാൽ ആവശ്യക്കാർ തനിയെ ഉണ്ടായിക്കൊള്ളും എന്നതാണ് പുതിയ തത്വം. ആറ് എഞ്ചിനീയറിങ് കോളേജുകൾ ഒറ്റദിവസംകൊണ്ട് സ്ഥാപിക്കാം എന്ന് തീരുമാനിക്കുന്നത് എഞ്ചിനീയർമാർ പുറത്തുവന്നാൽ ആവശ്യമുണ്ടാകും എന്നതുകൊണ്ടാണ്. ഇവർ എന്തെങ്കിലുമൊക്കെ ചെയ്തുകൊള്ളും. ആത്മഹത്യ ചെയ്യേണ്ടവർ ആത്മഹത്യ ചെയ്തുകൊള്ളും എന്നത്രേ ഈ കെയിൻഷ്യൻ സാമ്പത്തികശാസ്ത്ര തത്വം. നിങ്ങൾ ഡോക്ടർമാരെ ഉണ്ടാക്കുക; രോഗികൾ തനിയെ വന്നുകൊള്ളും. തീയുള്ളേടത്ത് ഈയലിന് ക്ഷണക്കത്ത് കൊടുക്കേണ്ട എന്നും മരിക്കാനാഗ്രഹമുള്ളവരെല്ലാം നഴ്‌സിങ് ഹോമിൽ പോയി അവിടെ കിടന്നുകൊണ്ട് സുഖമായി, മാന്യമായി മരിക്കുമെന്നും ഇന്നാർക്കുമറിയാം. നിങ്ങൾ പണംകൊണ്ട് കുറെ വിദ്യാസമ്പന്നരെ ഉല്പാദിപ്പിച്ചാൽ അവർ അവരുടെ സമ്പത്ത് വീണ്ടും വിൽക്കുന്ന പണ്ഡിതൻമാരാകും. ആയിരം ഷർട്ടുണ്ടാക്കിയാൽ അത് ധരിക്കാൻ ആയിരം ആൾക്കാരു ണ്ടാവുമോ എന്നാണ് നമ്മുടെ വങ്കത്തം ചോദിച്ചുകൊണ്ടിരിക്കുന്നത്. ഒരു ദീപാവലി കഴിയുമ്പോൾ ബാക്കിയാകുന്ന ഷർട്ടുകൾ ലേലംവിളിച്ച് വിൽക്കുകയും ആരെങ്കിലുമൊക്കെ വാങ്ങിക്കൊണ്ടുപോവുകയും നമുക്ക് പാകമാകാത്ത ഷർട്ടുകൾ മറ്റുള്ളവർക്ക് ദാനം നൽകുകയും അങ്ങനെ ഈ ഷർട്ടുകൾക്കൊക്കെ ഉപയോഗമുണ്ടാവുകയും ചെയ്യുന്നു. ഒരു ഉല്പന്നം ഒരുപഭോക്താവിനെ ഉണ്ടാക്കുന്നു എന്നുള്ള സാമ്പത്തികശാസ്ത്രമാണ് വിദ്യാഭ്യാസത്തെയും ഉല്പന്നമാക്കിത്തീർത്തുകൊണ്ടിരിക്കുന്നത്. ഉപഭോഗം വ്യാജമായ അനുഭവമാണെന്നോർക്കാൻ നമുക്കു കഴിയുന്നേയില്ലേ. നമ്മുടെ മക്കൾ വേഗം വളരാനായി നാമവർക്ക് നല്ലത് എന്ന് പരസ്യപ്പെടുത്തിയിട്ടുള്ള ഭക്ഷണം വാങ്ങിക്കൊടുക്കുകയും അവരുടെ ഹോംവർക്ക് ചെയ്തുകൊടുക്കാൻ കഴിയാത്തതുകൊണ്ട് അവർക്ക് 'ബ്രഹ്മി' വാങ്ങിച്ചു കൊടുക്കുകയും അങ്ങനെ അവർക്കായി വാത്സല്യം ഭദ്രമാക്കിത്തീർക്കുകയും ചെയ്യുന്നു. കുഞ്ഞിനോടുള്ള നിങ്ങളുടെ സ്‌നേഹത്തിനെന്ത് വിലയുണ്ട് എന്നത് ഒരു കുപ്പി ബ്രഹ്മിയുടെ വിലയാണ് എന്ന് തീരുമാനിക്കുകയും ചെയ്യുന്നു. ഇത്തരത്തിലൊരു പരിവർത്തനം നമ്മുടെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നതിന്റെ ഭാഗം തന്നെയാണ് വിദ്യാഭ്യാസത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റവും. വിലകൂടിയ വിദ്യാഭ്യാസമാണ് വിലമതിക്കാൻ കഴിയാത്ത സ്‌നേഹം. എന്നാൽ ഇതിലുള്ള ഏറ്റവും വലിയ വിഷമം ഈ പരീക്ഷണം നാം നടത്തുന്നത് മനുഷ്യരിലാണ് എന്നതാണ്. പശുവിൽ നാം ചെയ്യുന്ന പരീക്ഷണങ്ങൾ പശുവിനെക്കൊണ്ടല്ല വിലയിരുത്താറുള്ളത്. പശുവിനെക്കൊണ്ട് മനുഷ്യർക്കെന്ത് പ്രയോജനമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് സിന്ധിപ്പശുവോ വെച്ചുർ പശുവോ നല്ലത് എന്ന് നാം തീരുമാനിക്കുന്നത്. എന്നാൽ ഇത്തരം പരീക്ഷണങ്ങൾ മനുഷ്യനിൽ എത്രത്തോളം ആവാം എന്നതിനെപ്പറ്റി ഗൗരവമായ ആലോചനകൾ ഉണ്ടാവേണ്ടതാണ്. മനുഷ്യേതര വസ്തുക്കളുടെ നിയമങ്ങൾ മനുഷ്യജീവിതത്തിന് ബാധകമായിക്കൂടാത്തതാണ്. കാരണം നിയമങ്ങളും വസ്തുക്കളുമെല്ലാം നിർമിക്കുന്നത് മനുഷ്യനു വേണ്ടിയാണ്. മാറുന്ന ലോകത്ത് മൂല്യങ്ങളും മാറിക്കൊണ്ടിരിക്കുന്നു. ഒരു ബൂർഷ്വാ സമുദായത്തിൽ അനുസരണശീലം ഏറ്റവും നല്ല ഗുണമായിരിക്കണമെന്നില്ല. മൃഗീയത അല്ലെങ്കിൽ ആക്രമണോത്സുകത (അഴഴൃലശൈ്‌ലില)ൈ ആണ് ബൂർഷ്വാ കാലഘട്ടത്തിലെ ഏറ്റവും വലിയ മൂല്യം എന്ന് വരാം. അഴഴൃലശൈ്‌ല അല്ലെങ്കിൽ നിങ്ങൾക്ക് സിനിമാ ടിക്കറ്റ് കിട്ടിയെന്നു വരില്ല. ട.ക. സെലക്ഷൻ കിട്ടിയെന്ന് വരില്ല. നല്ല സെയിൽസ്മാൻ ആകാൻ കഴിഞ്ഞെന്നും വരില്ല. നല്ല മാനേജരാകാൻ കഴിയില്ല. ഇങ്ങനെ ഏത് മൂല്യമാണ് ഈ കാലത്ത് വേണ്ടത് എന്ന് ഒരു സമ്പദ്‌വ്യവസ്ഥയാണ് തീരുമാനിക്കുന്നത്. ്യു മനുഷ്യന്റെ വളർച്ചയായി മാർക്‌സ് കണ്ടിരുന്നത് ഓരോരുത്തരും അവന്റെ കഴിവിനും ആവശ്യത്തിനും ഒത്ത് വളരുന്നതിനെയാണ്. ഓരോരുത്തനും സമുദായത്തിന് നൽകുന്ന സംഭാവനകൾ വ്യത്യസ്തമാണ് എന്നത് ഒരു സാമാന്യ മനുഷ്യതത്വമാണ്. എന്നാൽ ഈ മാനുഷിക തത്വം കണക്കിലെടുക്കാതെ മനുഷ്യേ തര വസ്തുക്കളെ പോലെതന്നെ മനുഷ്യനെ കണക്കാക്കുന്നതാണ് വാസ്തവത്തിൽ വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണത്തിലൂടെ നാം വരുത്തിവയ്ക്കുന്ന പ്രാഥമികമായ ഒരുപക്ഷേ, അന്തിമമായ തെറ്റ്. മനുഷ്യൻ വിൽക്കപ്പെടാനും വാങ്ങപ്പെടാനുമുള്ള ഒരു സാധനമല്ല എന്നുള്ള ബോധം യഥാർത്ഥമായ മനുഷ്യത്വബോധം ഉണ്ടാക്കുവാനുള്ള ഒരു പ്രതിരോധ പ്രവർത്തനംകൊണ്ട് മാത്രമെ ലോകത്തിലെ വസ്തുവകകളെപ്പോലെ മനുഷ്യനെയും വിലയിരുത്തുന്ന ഈ വ്യവസായം അവസാനിക്കുകയുള്ളൂ. ലോകത്തെ മുഴുവൻ ഒരു വലിയ ചന്തയാക്കി മാറ്റിത്തീർക്കാനും ഈ ചന്തയിലെ കച്ചവടക്കാരനായി മാറാനും കഴിയും എന്നുള്ള നില ലോകമുതലാളിത്തത്തിന് വന്നുചേർന്നിട്ടുണ്ട്. ഇത് സാർവലൗകിക മനുഷ്യബോധത്തിന് കിട്ടാവുന്ന ഏറ്റവും വലിയ പ്രഹരമാണ്. വിദ്യാഭ്യാസം വാണിജ്യമാക്കരുത് എന്ന് നാം പറയുന്നതിന്റെ അർത്ഥം മനുഷ്യൻ അവനവനിൽത്തന്നെ ഒരു മൂല്യമാണ് എന്നും ആത്യന്തികമായ മനുഷ്യന്റെ മൂല്യം അവന്റെ സ്വച്ഛന്ദമായ വളർച്ചയാണ് എന്നുമാണ്. ഇതിനു നേരെവരുന്ന ഓരോ ആക്രമണത്തെയും എതിർത്തുതോല്പിക്കുക എന്നുള്ളത് വിദ്യാഭ്യാസ പ്രവർത്തനത്തിലെ ഒരു മൗലിക പ്രതിരോധപ്രവർത്തനമായിത്തീരുന്നു.

വിദ്യാഭ്യാസമാധ്യമം മഹാന്മാരുടെ വീക്ഷണങ്ങൾ

അധ്യയനമാധ്യമം മാതൃഭാഷയാകണം-മഹാത്മാ ഗാന്ധി

വിദേശഭാഷ തലച്ചോറിനെ ക്ഷീണിപ്പിച്ചിരിക്കുന്നു. നമ്മുടെ കിടാങ്ങളുടെ ഞരമ്പുകൾക്കു താങ്ങാനാകാത്ത ഭാരം ചുമത്തിയിരിക്കുന്നു. അവരെ കരണ്ടികളും കാട്ടിയതു കാട്ടുന്നവരുമാക്കി യിരിക്കുന്നു. സ്വന്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും പറ്റാത്തവരാക്കിയിരിക്കുന്നു. തങ്ങളുടെ അറിവ് കുടുംബത്തിലും ബഹുജനങ്ങൾക്കിടയിലും സംവേശിപ്പിക്കാൻ കഴിവില്ലാത്തവരാക്കിയിരിക്കുന്നു. വിദേശഭാഷ നമ്മുടെ കുട്ടികളെ സ്വന്തം നാട്ടിൽ പ്രായോഗികവശങ്ങളിലെല്ലാം വിദേശികളാക്കി മാറ്റിയിരിക്കുന്നു. നിലവിലുള്ള സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ദുരന്തം ഇതാണ്. വിദേശഭാഷ നമ്മുടെ നാട്ടുഭാഷകളുടെ വളർച്ചയെ തടസ്സപ്പെടുത്തിയിരിക്കുന്നു. എനിക്ക് ഒരു സേച്ഛാധിപതിയുടെ അധികാരങ്ങളുണ്ടായിരുന്നുവെങ്കിൽ, ഒരു വിദേശഭാഷയിലൂടെ ആൺകുട്ടികളെയും പെൺകുട്ടികളെയും പഠിപ്പിക്കുന്നത് ഇന്നുതന്നെ നിർത്തലാക്കും; എല്ലാ ടീച്ചർമാരെയും പ്രൊഫസർമാരെയും പുറത്താക്കു മെന്ന ഭീഷണിയിൽ അവരോടും ഉടൻതന്നെ ഭാഷയിലുള്ള ഈ മാറ്റം വിദ്യാലയങ്ങളിൽ അവതരിപ്പിക്കാൻ ആവശ്യപ്പെടും. ഞാൻ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതുവരെ കാത്തുനിൽക്കുകയില്ല. അവ മാറ്റത്തെ അനുസരിച്ചു വന്നുകൊള്ളും. അവിളംബിത നിവാരണം ആവശ്യമായ ഒരു ദോഷമാണത്. തങ്ങളുടേതല്ലാത്ത ഒരു ഭാഷയിൽ ബോധനം സ്വീകരിക്കുന്ന ഒരു രാജ്യത്തിലെ കുട്ടികൾ ആത്മഹത്യയാണു ചെയ്യുന്നതെന്ന് എനിക്കുറപ്പുണ്ട് . അതവരുടെ ജൻമാവകാശത്തെ അപഹരിക്കലാണ്. ഒരു വൈദേശികാധ്യയനഭാഷ ചെറുപ്പക്കാരുടെമേൽ അനർഹമായ ഭാരം ചുമത്തുന്നു; അതവരുടെ നൈസർഗിക സിദ്ധികളെ അപഹരിക്കുന്നു; വളർച്ച മുട്ടിക്കുന്നു, അവരെ സ്വന്തം വീട്ടിൽനിന്നും ഒറ്റപ്പെടുത്തുന്നു. തൻമൂലം, ഞാൻ അത്തരം കാര്യങ്ങൾ സർവപ്രധാനമായ ഒരു ദേശീയ ദുരന്തമായി കണക്കാക്കുന്നു. ഇപ്പോൾ നൽകപ്പെടുന്ന രീതിയിലുള്ള ഇംഗ്ലീഷ് വിദ്യാഭ്യാസം ഇംഗ്ലീഷ് പഠിച്ച ഇന്ത്യക്കാരനെ നിർവീര്യനാക്കിയിരിക്കുന്നു. ഇന്ത്യൻ വിദ്യാർത്ഥികളുടെ സിരാശക്തിയുടെ മേൽ അതു വളരെ കഠിനമായി ആയാസപ്പെടുത്തിയിരിക്കുന്നു. നമ്മെ അത് വെറും അനുകർത്താക്കളാക്കിയിരിക്കുന്നു. ഇംഗ്ലീഷു കാരുമായുള്ള ബന്ധത്തിന്റെ അധ്യായങ്ങളിൽ ഏറ്റവും പരിതാപകരമായ ഒന്നാണ് നാട്ടുഭാഷകളെ സ്ഥാനഭ്രഷ്ടമാക്കിയത്. ഇംഗ്ലീഷിൽ ചിന്തിക്കുകയും തങ്ങളുടെ ചിന്തകൾ പ്രധാനമായും ഇംഗ്ലീഷിൽ പകർത്തുകയും ചെയ്യുകയെന്ന വൈഷമ്യത്തോടു കൂടിയല്ല പ്രവർത്തനങ്ങൾ ആരംഭിച്ചതെങ്കിൽ, രാം മോഹന്റായ് കൂടുതൽ വലിയൊരു പരിഷ്‌കർത്താവും ലോകമാന്യ തിലകൻ കൂടുതൽ വലിയൊരു പണ്ഡിതനും ആകുമായിരുന്നു. കുറച്ചുകൂടി അകൃത്രിമമായ ഒരു രീതിയിലായിരുന്നെങ്കിൽ അവരുടെ അതിമഹത്തായ സന്ദേശം ജനങ്ങൾക്കിടയിൽ കൂടുതൽ ഫലപ്രദമായേനെ. ഇംഗ്ലീഷ് സാഹിത്യത്തിന്റെ അമൂല്യ നിക്ഷേപങ്ങളുമായുള്ള പരിചയത്തിൽനിന്നു പല നേട്ടങ്ങളും അവർ നേടിയിട്ടുണ്ട്, സംശയമില്ല. എന്നാൽ, ഇതവർക്കു സ്വന്തം നാട്ടുഭാഷയിൽക്കൂടെത്തന്നെ അഭിഗമ്യമാകണമായിരുന്നു. ഒരു ജാതി അനുകർത്താക്കളെമാത്രം സൃഷ്ടിച്ചുകൊണ്ട് ഒരു നാടിനും ഒരു രാഷ്ട്രമായി വളരാൻ കഴിയില്ല. ബൈബിളിന് ഒരു അധികൃതവിവർത്തനമില്ലെങ്കിൽ, ഇംഗ്ലീഷുകാരുടെ നില എന്താകുമായിരുന്നുവെന്ന് ഒന്നാലോചിച്ചു നോക്കു. രാം മോഹന്റോയിയെക്കാളും, തിലകനെക്കാളും മഹാൻമാരായിരുന്നു ചൈതന്യനും കബീറും നാനാക്കും ഗുരുഗോവിന്ദസിങ്ങും ശിവജിയും പ്രതാപസിംഹനും എന്നു ഞാൻ വിശ്വസിക്കുകതന്നെ ചെയ്യുന്നു. താരതമ്യം ചെയ്യുന്നത് അനുചിതമാണെന്നെനിക്കറിയാം. എല്ലാവരും സ്വന്തം നിലയ്ക്കു തുല്യനിലയിൽ പക്ഷേ, ഫലം കൊണ്ടു നോക്കുമ്പോൾ രാം മോഹനും തിലകനും ജനസാമാന്യത്തിനുമേൽ ചെലുത്തിയ സ്വാധീനശക്തി, അവരെക്കാളധികം ഭാഗ്യവാൻമാരായി ജനിച്ച മറ്റവരുടേതിനോളം സ്ഥായിയോ വിദൂരസ്പർശിയോ ആയിരുന്നില്ല. അവർക്കു കടന്നുചാടേണ്ടിയിരുന്ന വിഘ്‌നങ്ങളാലോ ചിച്ചാൽ, അവർ മഹാരഥൻമാരായിരുന്നു. അവരിരുവരും തങ്ങൾക്കു കിട്ടിയ വിദ്യാഭ്യാസംകൊണ്ടു പ്രതികൂലസ്ഥിതിയിലായിരുന്നില്ലെങ്കിൽ, മഹത്തരമായ ഫലങ്ങൾ നേടുന്നതിൽ കൂടുതൽ വിജയിക്കു മായിരുന്നു. ഇംഗ്ലീഷ് ഭാഷ അറിയുമായിരുന്നില്ലെങ്കിൽ രാജായ്ക്കും ലോകമാന്യനും അവർ ചിന്തിച്ചതുപോലെ ചിന്തിക്കുവാൻ സാധിക്കയില്ലായിരുന്നുവെന്നു വിശ്വസിക്കുവാൻ ഞാൻ വിസമ്മതി ക്കുന്നു. സ്വാതന്ത്ര്യാശയങ്ങൾ ഉൾക്കൊള്ളാനും ചിന്താസൂക്ഷ്മത വികസിപ്പിക്കാനും ഇംഗ്ലീഷ് ഭാഷാജ്ഞാനം ആവശ്യമാണെന്ന വിശ്വാസമാണ് ഇന്ത്യയെ ബാധിച്ചിട്ടുള്ള അന്ധവിശ്വാസങ്ങളിൽവച്ച് ഏറ്റവും വലുത്. കഴിഞ്ഞ 50 കൊല്ലക്കാലമായി ഇന്ത്യയ്ക്ക് ഒരു വിദ്യാഭ്യാസസമ്പ്രദായമേ ഉണ്ടായിരു ന്നുള്ളുവെന്ന് ഓർക്കണം. ഒരൊറ്റ ആശയവിനിമയോപാധി മാത്രമാണ് നമ്മുടെ നാട്ടിൽ അടിച്ചേൽ പിക്കപ്പെട്ടത്. ഇന്നത്തെ സ്‌കൂളുകളിലും കോളേജുകളിലും ഈ വിദ്യാഭ്യാസമില്ലായിരുന്നുവെങ്കിൽ, നാം എന്താകുമായിരുന്നുവെന്നറിയാൻ അതുകൊണ്ടും യാതൊരു അനുമാനമാർഗവുമില്ല. എന്തായാലും, ഒന്നറിയാം; ഇന്ത്യ 50 കൊല്ലം മുമ്പത്തെക്കാൾ ഇന്നു ദരിദമാണ്; സ്വയം പ്രതിരോധിച്ചുനിൽക്കാനുള്ള ശക്തി ഇന്നു കുറവാണ്; ഇന്ത്യയുടെ മക്കൾക്കു കരുത്തും ഇന്നു കമ്മിയാണ്. ഇതുമുഴുവൻ ഭരണരീതിയുടെ കുറവുകൾകൊണ്ടാണെന്ന് എന്നെ പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. വിദ്യാഭ്യാസരീതിയാണതിലെ ഏറ്റവും ദൂഷ്യം ബാധിച്ച ഭാഗം. ഇംഗ്ലീഷിനെയോ ആ ഭാഷയിലെ ഉത്കൃഷ്ടസാഹിത്യത്തെയോ അപലപിക്കുകയാണ് ഞാനെന്നു ധരിക്കരുത്. ഹരിജന്റെ പംക്തികൾതന്നെ എനിക്ക് ഇംഗ്ലീഷിനോടുള്ള സ്‌നേഹത്തിനു മതിയായ തെളിവാണ്. ഇംഗ്ലണ്ടിന്റെ മിതശീതോഷ്ണ കാലാവസ്ഥ, പ്രകൃതിദൃശ്യങ്ങൾ എന്നിവയാലുണ്ടാ കാവുന്നതിലധികം പ്രയോജനം ഇംഗ്ലീഷ് സാഹിത്യത്തിന്റെ ഔൽകൃഷ്ട്യംകൊണ്ട് ഭാരതരാഷ്ട്രത്തി നുണ്ടാവില്ല. ഇന്ത്യയ്ക്ക് സ്വന്തം കാലാവസ്ഥയും പ്രകൃതിദൃശ്യവും സാഹിത്യവുംകൊണ്ടുതന്നെ വേണം അഭിവൃദ്ധി പ്രാപിക്കാൻ-ഇവ മൂന്നും ഇംഗ്ലീഷ് കാലാവസ്ഥയ്ക്കും പ്രകൃതിദൃശ്യത്തിനും സാഹിത്യത്തിനും താഴെയാണെന്നു വന്നാലും, നമ്മളും നമ്മുടെ സന്താനങ്ങളും സ്വന്തം പാരമ്പര്യത്തിന് മേൽത്തന്നെ ഉൽകർഷം കെട്ടിപ്പടുക്കണം. നാം മറ്റൊന്നു കടം കൊണ്ടാൽ, നമ്മുടേതിനെ ദാരിദ്ര്യസ്ഥിതിയിലാഴ്ത്തും. നമുക്കു വിദേശാഹാരം ഭക്ഷിച്ചു വളരാൻ ഒരിക്കലും പറ്റുകയില്ല. നമ്മുടെ രാഷ്ട്രത്തിന് ആ ഭാഷയിലെയും ലോകത്തിലെ ഇതരഭാഷകളിലെയും അനർഘനിധികൾ സ്വന്തം നാട്ടുഭാഷകളിലൂടെ കൈവരേണ്ട ആവശ്യമുണ്ട്. രവീന്ദ്രനാഥിന്റെ നിസ്തുല്യമായ കലാസൃഷ്ടികൾ ആസ്വദിക്കാൻ എനിക്കു ബംഗാളി പഠിക്കേണ്ടതില്ല; നല്ല തർജുമകളിലൂടെ എനിക്കതു ലഭിക്കുന്നു. ടോൾസ്റ്റോയിയുടെ ചെറുകഥകൾ ആസ്വദിക്കാൻ ഗുജറാത്തിലെ ആൺകുട്ടികളും പെൺകുട്ടികളും റഷ്യൻഭാഷ അഭ്യസിക്കേണ്ടതില്ല; അവർ, നല്ല വിവർത്തനങ്ങൾ വഴി അവ പഠിച്ചറിയുന്നു. ഇംഗ്ലീഷുകാർക്കു സാഭിമാനം പറയാൻ കഴിയും, ലോകത്തിലെ ഏറ്റവും മികച്ച സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ച് ഒരാഴ്ച കഴിയുന്നതിനകം ലളിതമായ ഇംഗ്ലീഷിൽ തങ്ങളുടെ രാഷ്ട്രത്തിനു കരഗതമാവുമെന്ന്. ഷേക്‌സ്പിയറും മിൽട്ടണും ചിന്തിച്ചതും എഴുതിയതുമായ കാര്യങ്ങളിൽ അനർഘങ്ങളായവ ലബ്ധമാവാൻ എനിക്ക് ഇംഗ്ലീഷ് പഠിക്കേണ്ട ആവശ്യമെന്ത്? ലോകത്തിലെ വിവിധ ഭാഷകളിൽ പഠിക്കേണ്ടവയിൽ വച്ച് ഏറ്റവും നല്ലത് പഠിച്ചു നാട്ടുഭാഷകളിലേക്കു വിവർത്തനം ചെയ്യുക തൊഴിലാക്കിയ ഒരുസംഘം വിദ്യാർത്ഥികളെ നിയോഗിക്കുക ലാഭകരമായ ഒരു ധനവിനിയോഗമായിരിക്കും. നമ്മുടെ യജമാനന്മാർ നമുക്കു തെറ്റായ മാർഗം തെരഞ്ഞെടുത്തു തന്നു; ശീലം തെറ്റിനെ ശരിയെന്നു തോന്നിക്കുകയും ചെയ്തു. കപടവും നമ്മെ ഭാരതീയരല്ലാതാക്കുന്നതുമായ വിദ്യാഭ്യാസംകൊണ്ട് ജനലക്ഷങ്ങളോടു തുടർച്ചയായും വർധമാനമായും ചെയ്യുന്ന അപരാധത്തിനുള്ള തെളിവും ഞാൻ അനുദിനം കാണുന്നുണ്ട്. എന്റെ വിലപ്പെട്ട സഹപ്രവർത്തകരായ ഈ ബിരുദധാരികൾക്കു തന്നെ സ്വന്തം ഹൃദയാന്തർഭാഗത്തുള്ള ചിന്തകൾ ആവിഷ്‌കരിക്കേണ്ടിവരുമ്പോൾ വല്ലാതെ കുഴങ്ങുന്നു. അവർ സ്വന്തം വീട്ടിൽ അപരിചിതരാണ്. ഇംഗ്ലീഷ് വാക്കുകളോ വാചകങ്ങളോ അവലംബിക്കാതെ സംഭാഷണം മുഴുമിക്കാൻ വയ്യാത്തത്ര പരിമിതമാണവരുടെ മാതൃഭാഷാജ്ഞാനം. അവർക്ക് ഇംഗ്ലീഷുപുസ്തകങ്ങളില്ലാതെ ജീവിക്കാൻ വയ്യ. അവർ പലപ്പോഴും തമ്മിൽത്തമ്മിൽ ഇംഗ്ലീഷിലെഴുത്തെഴുതുന്നു. ഞാൻ എന്റെ കൂട്ടുകാരുടെ കാര്യമെടുത്തു പറഞ്ഞത് ഈ ദോഷം എത്രയധികം അടിയിലേക്കിറങ്ങിയിരിക്കുന്നുവെന്ന് കാണിക്കാ നാണ്. കാരണം, ഞങ്ങൾ സ്വയം കുറവുകൾ തീർക്കാൻ ബോധപൂർവം പരിശ്രമിച്ചിട്ടുള്ളവരാണ്. കോളേജുവിദ്യാർത്ഥികളിൽനിന്ന് ഒരു ജഗദീശ് ബോസിനെ സൃഷ്ടിക്കാൻ കഴിയുമെങ്കിൽ, നമ്മുടെ കലാശാലകളിലെ ധനദുർവ്യയം നമ്മെ വിഷമിപ്പിക്കേണ്ടതില്ലെന്ന് വാദിക്കപ്പെട്ടിട്ടുണ്ട്. ദുർവ്യയം ഒഴിവാക്കാൻ വയ്യാത്തതായിരുന്നുവെങ്കിൽ, ഞാനും ആ വാദത്തെ അനുകൂലിക്കുമായിരുന്നു. അതൊഴിവാക്കാമായിരുന്നു, ഇന്നും ഒഴിവാക്കാം എന്നു ഞാൻ കാണിച്ചുതന്നിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. മാത്രമല്ല, ഒരു ബോസുണ്ടായി എന്നത് ആ വാദത്തിന് സഹായകമല്ല. കാരണം, ബോസ് ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ ഒരു സന്താനമല്ല. അദ്ദേഹം തനിക്ക് പ്രവർത്തിക്കേണ്ടിവന്ന പരിതഃസ്ഥിതിയിൽ കഠിനമായ പ്രതിബന്ധങ്ങളുണ്ടായിട്ടും ഉയർന്നുവന്നു. അദ്ദേഹത്തിന്റെ വിജ്ഞാനം ബഹുജനങ്ങൾക്കു മിക്കവാറും ദുർഗ്രഹമായിത്തീർന്നു. ഇംഗ്ലീഷറിയാത്ത ഒരാൾക്കും ബോസിനെപ്പോലെയാവാൻ സാധ്യമല്ലെന്നും നാം ചിന്തിക്കുന്നതുപോലെ തോന്നുന്നു. ഇതിലും വമ്പിച്ച ഒരന്ധവിശ്വാസം എനിക്കു സങ്കല്പിക്കാൻ സാധ്യമല്ല. നമ്മെപ്പോലെ ഒരു ജപ്പാൻകാരന് നിസ്സഹായത തോന്നുന്നില്ല. സംസ്ഥാനഭാഷകൾക്ക് ശരിയായ സ്ഥാനം നൽകിയാൽ, അധ്യയനഭാഷ എന്തു വിലകൊടുത്തും ഉടനെ മാറ്റണം. നിത്യവും പെരുകിവരുന്ന കുറ്റകരമായ ദുർവ്യയത്തെക്കാൾ ഞാൻ ഇഷ്ടപ്പെടുക ഉന്നതവിദ്യാഭ്യാസത്തിലുള്ള താൽക്കാലികമായ അവ്യവസ്ഥയാണ്. സംസ്ഥാനഭാഷകളുടെ പദവിയും കമ്പോളവിലയും വർധിപ്പിക്കാനായി, നീതിന്യായക്കോടതികളിലെ വ്യവഹാരഭാഷ, ആ കോടതികൾ സ്ഥാപിച്ചിരിക്കുന്ന സംസ്ഥാനത്തിലെ ഭാഷയായിരിക്കണമെന്നു ഞാൻ നിർദേശിക്കുന്നു. സംസ്ഥാന നിയമസഭകളിലെ നടപടികൾ ആ സംസ്ഥാനത്തിലെ ഭാഷയിൽ അഥവാ സംസ്ഥാനത്തിൽ ഒന്നിലധികം ഭാഷകളുണ്ടെങ്കിൽ അവയിൽ ആയിരിക്കണം. നിയമസഭാംഗങ്ങൾ വേണ്ടത്ര ശ്രദ്ധിച്ചാൽ ഒരു മാസത്തിനുള്ളിൽ അവരുടെ ഭാഷകൾ അവർക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് ഞാൻ അഭിപ്രായപ്പെടുന്നു. ഒരു തമിഴന് തമിഴിനോട് ബന്ധപ്പെട്ട തെലുങ്ക്, മലയാളം, കർണാടകം എന്നീ ഭാഷകളിലെ ലളിതമായ വ്യാകരണവും ഏതാനും ശതം വാക്കുകളും നിഷ്പ്രയാസം പഠിക്കുന്നതിന് പ്രതിബന്ധമായി യാതൊന്നുമില്ല. കേന്ദ്രത്തിൽ ഹിന്ദുസ്ഥാനി ആധിപത്യം വഹിക്കുകയും വേണം. ഇംഗ്ലീഷ് പഠിക്കാൻ ഇപ്പോൾ പതിവുള്ളതിലും കുറച്ചു സമയം മാത്രമേ എടുക്കാവൂ എന്ന് നമ്മുടെ സ്ത്രീപുരുഷന്മാരോട് ഞാൻ പറയുമ്പോൾ, അവർക്കതുവഴിയുണ്ടാകാവുന്ന സന്തോഷം നഷ്ടപ്പെടു ത്തുകയെന്നതല്ല എന്റെ ഉദ്ദേശ്യം. ഇത്ര വമ്പിച്ച വിലകൊടുക്കാതെയും വിഷമം സഹിക്കാതെയും കൂടുതൽ സ്വാഭാവികമായ ഒരു മാർഗം അവലംബിച്ചാൽ അതേ തോതിലുള്ള സന്തോഷംതന്നെ കൈവരുമെന്നാണെന്റെ പക്ഷം. ലോകം അമൂല്യസൗന്ദര്യമോലുന്ന അനേകം രത്‌നങ്ങൾകൊണ്ടു നിറഞ്ഞതാണ്. എന്നാൽ ഈ രത്‌നങ്ങളെല്ലാം ഇംഗ്ലീഷ് സംവിധാനത്തിലുള്ളവയല്ല. തുല്യവൈഭവമുള്ള കലാസൃഷ്ടികൾ തങ്ങൾക്കുമുണ്ടെന്ന് അന്യഭാഷകൾക്കും അഭിമാനിക്കാൻ വകയുണ്ട്. ഇതെല്ലാം നമ്മുടെ സാധാരണക്കാർക്കു കിട്ടാറാവണം. നമ്മുടെ പഠിച്ച ആളുകൾ ഇവയെല്ലാം നമുക്കുവേണ്ടി നമ്മുടെ സ്വന്തം ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ ഏറ്റാൽ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. ('ഗാന്ധി സാഹിത്യ'ത്തിൽനിന്ന്)

അറിവും വിദ്യാഭ്യാസവും-സ്വാമി വിവേകാനന്ദൻ

മസ്തിഷ്‌കത്തിൽ കുറേ അറിവുകൾ കുത്തിച്ചെലുത്തലല്ല വിദ്യാഭ്യാസം. അതു നിങ്ങളുടെ ജീവിതകാലം മുഴുവനും അവിടെക്കിടന്നു പാകപ്പെടാതെ അനർത്ഥങ്ങൾ ഉണ്ടാക്കിത്തീർക്കുകയേയുള്ളൂ. ജീവനെ പ്രദാനം ചെയ്യുന്നതും സ്വഭാവത്തെ രൂപീകരിക്കുന്നതും മനുഷ്യത്വത്തെ സൃഷ്ടിക്കുന്നതുമായ ആശയങ്ങളുടെ സാത്മീകരണമാണ് നമുക്കുവേണ്ടത്. നാലോ അഞ്ചോ ആശയങ്ങൾ മാത്രം സ്വാംശീകരിച്ച് അവയെ നിങ്ങളുടെ പ്രാണനും നിഷ്ഠയും ആക്കിത്തീർക്കാൻ നിങ്ങൾക്കു കഴിഞ്ഞുവെങ്കിൽ ഒരു ഗ്രന്ഥാലയം മുഴുവൻ ഹൃദിസ്ഥമാക്കിയവനേക്കാൾ കൂടുതൽ വിദ്യാഭ്യാസം നിങ്ങൾക്കു സിദ്ധിച്ചിട്ടുണ്ട്. അറിവും വിദ്യാഭ്യാസവും ഒന്നാണെന്നുവരികിൽ ഗ്രന്ഥാലയങ്ങൾ യതിവര്യന്മാരാണ്. സർവവിജ്ഞാന കോശങ്ങൾ ഋഷീശ്വരന്മാരുമാണ്. ഒരു വിദേശഭാഷയിൽക്കൂടി മറ്റുള്ളവരുടെ ചില ആശയങ്ങൾ ഹൃദിസ്ഥമാക്കി, കുറേ സർവകലാ ശാലാബിരുദങ്ങളും നേടിക്കഴിഞ്ഞാൽ നിങ്ങൾ വിചാരിക്കും, നിങ്ങൾ അഭ്യസ്തവിദ്യരാണെന്ന്. ഇതാണോ വിദ്യാഭ്യാസം? നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്താണ്? ഒരു ഗുമസ്തനോ ഒരഭിഭാഷകനോ കൂടിവന്നാൽ ഒരു ഡെപ്യൂട്ടിമജിസ്‌ട്രേട്ടോ-അതും ഒരുതരം ഗുമസ്തവൃത്തിതന്നെയാണ് -ഇത്രയല്ലേ ഉള്ളൂ? ഇതു നിങ്ങൾക്കോ നിങ്ങളുടെ നാടിനോ എന്തു ഗുണമാണ് ചെയ്യുവാൻ പോകുന്നത്? കണ്ണുതുറന്നു നോക്കൂ! സമൃദ്ധിയുടെ നാടെന്ന് പ്രസിദ്ധിയാർജിച്ച ഭാരതത്തിൽനിന്നും പട്ടിണിക്കാരുടെ ദീനരോദനങ്ങളല്ലേ നിങ്ങൾ ഇന്നു കേൾക്കുന്നത്? നിങ്ങളുടെ വിദ്യാഭ്യാസം ഈ കുറവിനെ നികത്തുമോ? സാധാരണജനങ്ങൾക്കു ജീവസന്ധാരണത്തിനുതകാത്ത വിദ്യാഭ്യാസം, സ്വഭാവദാർഢ്യത്തെ ഉണ്ടാക്കിത്തീർക്കാത്ത വിദ്യാഭ്യാസം, ജീവകാരുണ്യവും സിംഹതുല്യമായ വീര്യവും നമ്മിൽ വളർത്തിക്കൊണ്ടുവരാൻ കഴിയാത്ത വിദ്യാഭ്യാസം-ആ പേരിന് അർഹമാണോ? സ്വഭാവത്തെ രൂപീകരിച്ച്, മനോബലം വളർത്തി, ബുദ്ധിശക്തിയെ വികസിപ്പിച്ച് മനുഷ്യനെ സ്വാശ്രയശീലനാക്കിത്തീർക്കുന്ന വിദ്യാഭ്യാസമാണ് നമുക്കാവശ്യം. വിദേശനിയന്ത്രണം കൂടാതെ തന്നെ ഭാരതീയ വിജ്ഞാനസമ്പത്തിന്റെ ശാഖോപശാഖകളിൽ നാം പ്രവീണരാകണം. അതോടുകൂടി ഇംഗ്ലീഷ് ഭാഷയും പാശ്ചാത്യശാസ്ത്രങ്ങളും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. നമ്മുടെ വ്യവസായങ്ങളെ പോഷിപ്പിക്കുന്നതിനുവേണ്ട സാങ്കേതിക വിദ്യാഭ്യാസവും നമുക്കുണ്ടാവണം. എന്നാൽ മാതമേ, ഉദ്യോ ഗാർത്ഥം അലഞ്ഞുതിരിയാതെ അന്നന്നു സുഭിക്ഷമായിക്കഴിഞ്ഞ് നാളത്തെ ആവശ്യത്തിലേക്ക് കരുതിവക്കുവാൻ വേണ്ടിടത്തോളം സമ്പാദിക്കുന്നതിന് ആളുകൾക്കു സാധിക്കൂ. വിദ്യാഭ്യാസത്തിന്റെയും സാങ്കേതിക പരിശീലനങ്ങളുടെയും എല്ലാം ലക്ഷ്യം മനുഷ്യനെ നിർമിക്കലാവണം. എല്ലാ പഠിപ്പുകളുടെയും ഉന്നം മനുഷ്യനെ ഉയർത്തുക എന്നുള്ളതാണ്. ഇച്ഛാശക്തി യുടെ പ്രചോദനത്തെയും പ്രകടനത്തെയും നിയന്ത്രണം ചെയ്ത് അതിനെ ഫലവത്താക്കിത്തീർക്കാൻ കഴിയുന്ന പരിശീലനമാണ് വിദ്യാഭ്യാസം. നമ്മുടെ രാജ്യത്തിന് ഇന്നാവശ്യം ഇരുമ്പുകൊണ്ടുള്ള മാംസപേശികളും ഉരുക്കുകൊണ്ടുള്ള ഞരമ്പുകളുമാണ്. ലോകത്തിൽ യാതൊന്നിനും തടയാൻ കഴിയാത്ത അതിമാനുഷമായ ഇച്ഛാശക്തി, വിശ്വമഹാരഹസ്യങ്ങളിലേക്ക് ആണ്ടിറങ്ങാൻ കഴിയുന്ന മഹത്തായ ഇച്ഛാശക്തി, ആഴിയുടെ അടിത്തട്ടോളം പോകേണ്ടിവന്നാലും മരണത്തെത്തന്നെ നേരിടേണ്ടിവന്നാലും ലക്ഷ്യം നിറവേറ്റാതെ പിന്തിരിയില്ലെന്ന ഇച്ഛാശക്തി - അതാണ് നമ്മുടെ ഇന്നത്തെ ആവശ്യം.

വിദ്യാഭ്യാസമാധ്യമം-രവീന്ദ്രനാഥടാഗോർ

അധ്യയനഭാഷ വിദ്യാർത്ഥിയുടെ ഭാഷയിൽനിന്നു വിഭിന്നമായിരിക്കുന്ന സ്ഥിതി ലോകത്ത് ഇന്ത്യയൊഴിച്ച് വേറൊരു രാജ്യത്തും കാണാനാവില്ല. ജപ്പാൻ പാശ്ചാത്യസംസ്‌കാരത്തിലേക്കു ഉപനയിക്കപ്പെട്ടിട്ട് നൂറുകൊല്ലമായിട്ടില്ല. ആദ്യം അവർക്കു വിദേശഭാഷകളിൽ എഴുതിയ പുസ്തകങ്ങൾ ഉപയോഗിക്കേണ്ടിവന്നു. എന്നാൽ, ആദ്യം മുതൽക്കേ അവരുടെ ലക്ഷ്യം രാജ്യത്തിന്റെ ഭാഷയിൽ പഠനവിഷയങ്ങൾ ലഭ്യമാകുന്ന സ്ഥിതി കൈവരുത്തുകയായിരുന്നു. പൗരന്മാരിൽ ഒരു വരേണ്യവിഭാ ഗത്തിനുള്ള ആഭരണമായിട്ടല്ല, അവർക്കെല്ലാവർക്കും ശക്തിയും സംസ്‌കാരവും പ്രദാനംചെയ്യുന്നതി നാണ് വിദ്യാഭ്യാസമെന്നു ജപ്പാൻ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് അതിനെ ജനങ്ങൾക്കു സാർവ ത്രികമായി ലഭ്യമാക്കുന്നതു പരമപ്രധാനമായി അവർ കണക്കാക്കി. പാശ്ചാത്യകലകളിലും ശാസ്ത്ര ങ്ങളിലും പ്രാവീണ്യം നേടുന്നതിനുള്ള യത്‌നത്തിൽ എന്തു പ്രയാസമാണ്, എത്ര ചെലവാണ് വേണ്ടിവരിക, എന്നു ജപ്പാൻ നോക്കിയതേയില്ല. കാരണം അവയിലുള്ള പ്രാവീണ്യമാണ് ജപ്പാന് വിദേശശക്തികളുടെ കടന്നാക്രമണശക്തിക്കെതിരെ സ്വയം പ്രതിരോധശേഷി ഉണ്ടാക്കിക്കൊടുത്തതും രാഷ്ട്രസമുച്ചയത്തിൽ മാന്യമായ പദവി നേടിക്കൊടുത്തതും. വിദ്യാഭ്യാസത്തെ ഒരു വിദേശഭാഷയുടെ ചട്ടക്കൂടിനുള്ളിൽ ജനങ്ങൾക്ക് എളുപ്പം ലഭ്യമല്ലാതാക്കി നിർത്തുക എന്ന വിഡ്ഢിത്തം അവർ കാണിച്ചില്ല. ഒരു വിദേശമാധ്യമത്തിലൂടെയുള്ള പഠനം വിദ്യാർത്ഥിയെ പഠനവിഷയത്തിൽ അവഗാഹം നേടുന്നതിനുപകരം അത് കാണാപ്പാഠം പഠിക്കാൻ പേരിപ്പിക്കുന്നു. മാത്രമല്ല, യുക്തിസഹമായ വിദ്യാഭ്യാസനയം അനുസരിച്ച് സ്‌കൂളിലെയും ഉന്നതവിദ്യാഭ്യാസത്തിന്റെയും മാധ്യമം ഒന്നായിരിക്കുന്ന താണ് നല്ലത്. 1937 നു മുമ്പ് പരസ്പരം പൊരുത്തമുള്ളതായിരുന്നു സ്ഥിതി. സ്‌കൂളിന്റെ ഉയർന്ന തലത്തിലും കോളേജിലും അധ്യയനമാധ്യമം ഇംഗ്ലീഷായിരുന്നു. സ്‌കൂൾ ഘട്ടത്തിൽ പ്രാദേശികഭാഷകളെ ശരിയായിത്തന്നെ വിദ്യാഭ്യാസമാധ്യമമാക്കിയ സ്ഥിതിയിൽ, നാം അവയെ ഉന്നതഘട്ടത്തിലും പടിപടി യായി നടപ്പാക്കേണ്ടതാണ്. (1966-ലെ കോത്താരി കമ്മീഷൻ റിപ്പോർട്ടിൽ നിന്ന്)

പ്രൊഫ.എം.എൻ.വിജയന്റെ രണ്ടു പ്രഭാഷണങ്ങളാണ് ഈ ലഘു ലേഖയ്ക്കാധാരം. വിദ്യാഭ്യാസജാഥയുടെ അനുബന്ധമായി സെപ്തംബർ 29, 30 തീയതികളിൽ തലശ്ശേരിയിൽ പരിഷത്ത് സംഘടിപ്പിച്ചതായിരുന്നു പ്രഭാഷണ പരിപാടി. ഇതോടൊപ്പം ബോധനമാധ്യമത്തെക്കുറിച്ച് മഹാ ത്മാഗാന്ധി, രവീന്ദ്രനാഥടാഗോർ, സ്വാമി വിവേകാനന്ദൻ എന്നിവരുടെ വീക്ഷണങ്ങളും ചേർത്തിട്ടുണ്ട്.

"https://wiki.kssp.in/index.php?title=ഭാഷ_സംസ്കാരം_വിദ്യാഭ്യാസം&oldid=7711" എന്ന താളിൽനിന്ന് ശേഖരിച്ചത്