അജ്ഞാതം


"ഐ ടി പരിശീലനപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
30,272 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:42, 21 സെപ്റ്റംബർ 2013
വരി 12: വരി 12:


== മലയാളം കമ്പ്യൂട്ടിങ് ==
== മലയാളം കമ്പ്യൂട്ടിങ് ==
'''സന്തോഷ് തോട്ടിങ്ങൽ'''


മനുഷ്യചരിത്രത്തിലെ സുപ്രധാനമായ നാഴികകല്ലുകളിലൊന്നാണ് എഴുത്തുവിദ്യയുടെ കണ്ടുപിടിത്തം. വാമൊഴിയിലൂടെ കൈമാറിയിരുന്ന അറിവുകളെ വരും തലമുറകൾക്കായി ഗുഹകളുടെ ചുമരുകളിലും  പാറക്കല്ലുകളിലും രേഖപ്പെടുത്തിയാണ് വരമൊഴിയുടെ ചരിത്രം തുടങ്ങുന്നത്. പിന്നീടത് സംസ്കരിച്ചെടുത്ത ഓലകളിലേക്കു മാറി. കടലാസും അച്ചടിയന്ത്രവും വന്നപ്പോൾ അത് കടലാസിലേക്കു മാറി. ഇന്നത്തെ കാലഘട്ടത്തിൽ അറിവിന്റെ പ്രാഥമിക ശേഖരണം പുസ്തകങ്ങളിൽ സ്ഥിതിചെയ്യുന്നു. ഇന്നിപ്പോൾ നാം വീണ്ടും ഒരു മാറ്റത്തെ അഭിമുഖീകരിക്കുന്നു. ഡിജിറ്റൽ രൂപത്തിലേക്കുള്ള മാറ്റം. എഴുത്തോലകളിൽ നിന്നു കടലാസിലേയ്ക്കുള്ള മാറ്റം വിവരങ്ങളുടെ ശേഖരണത്തിന്റെയും സംഭരണത്തിന്റെയും രീതിയിലുള്ള മാറ്റമായിരുന്നു. എന്നാൽ കടലാസിൽ നിന്ന് ഡിജിറ്റൽ രൂപത്തിലേയ്ക്കുള്ള മാറ്റം വിവരശേഖരത്തോടൊപ്പം വിവര സംസ്കരണമെന്ന പുതിയൊരു സൗകര്യം കൂടി വാഗ്ദാനം ചെയ്യുന്നു. അസംസ്കൃതമായ ഒരു വിവരശേഖരത്തിൽ നിന്നു നമുക്കാവശ്യമുള്ള വിവരത്തെ വളരെ പെട്ടെന്നു സംസ്കരിച്ചെടുക്കുന്ന സാങ്കേതികവിദ്യയാണ് വിവര സാങ്കേതിക വിദ്യ എന്ന പേരിൽ ഇന്ന് പരക്കെ അറിയപ്പെടുന്നത്..
==ഭാഷാ കമ്പ്യൂട്ടിങ്ങിന്റെ പ്രാധാന്യം ==
അറിവിന്റെ ശേഖരണം പലഭാഷകളിലായാണ് നടക്കുന്നത്. ഒരു പക്ഷേ ഭാഷയുടെ അടിസ്ഥാനധർമ്മങ്ങളിലൊന്നാണത്. ലോകത്തിന്ന് ഏകദേശം 7000 ത്തോളം ഭാഷകളുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. 83 ഭാഷകളാണ് ലോകത്തിലെ 80 ശതമാനത്തോളം പേർ ഉപയോഗിക്കുന്നത്. പക്ഷേ പലഭാഷകളുടെയും നിലനില്പ് അപകടത്തിലുമാണ്.  ഓരോ രണ്ട് ആഴ്ചയിലും ഒരു  ഭാഷ വീതം മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഈ അടുത്തു നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നു. ഭാഷയുടെ കാലങ്ങളിലൂടെയുള്ള അതിജീവനം അതുപയോഗിക്കുന്നവരിലൂടെയാണ് . സംസാരത്തിലൂടെ എഴുത്തിലൂടെ, സാഹിത്യത്തിലൂടെ... പക്ഷേ അതുപയോഗിക്കുന്നവരുടെ ജീവിത രീതികളും സാഹചര്യങ്ങളും മാറുമ്പോൾ അത് അവരുടെ ഭാഷയെയും ബാധിക്കുന്നു. ആഗോളീകരണത്തിന്റെ പുതിയ ലോകത്ത് ലോകഭാഷയായ ഇംഗ്ലീഷിലേക്ക് നാം ചേക്കേറുമ്പോൾ നാം ഉപേക്ഷിച്ച് പോകുന്നത് നമ്മുടെ ഭാഷ മാത്രമല്ല, പരമ്പരയായി നേടിയ നമ്മുടെ അറിവുകളാണ്. ഭാഷ നഷ്ടപ്പെടുന്നത് അറിവ് നഷ്ടപ്പെടുന്നതിനു തുല്യമാണെന്ന്  ഈ രംഗത്തു പഠനം നടത്തിയ ഡേവിഡ് ഹാരിസൺ എന്ന ലിംഗ്വിസ്റ്റിക്സ്  വിദഗ്ധൻ അഭിപ്രായപ്പെടുന്നു. ലിവിങ്ങ് ടങ്ങ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ ഗ്രിഗറി ഡി എസ് ആൻഡേഴ്സൺ ഇങ്ങനെ അഭിപ്രായപ്പെടുന്നു: "ഭാഷയ്ക്ക് പരിക്കേല്ക്കുന്നത് അതുപയോഗിക്കുന്നവർ ആ ഭാഷ പുരോഗമനത്തിന് തടസ്സമാണെന്ന് കരുതുമ്പോഴാണ്. ഭാഷ ഉപയോഗിക്കുന്ന ഒരു തലമുറയെ വാർ‌ത്തെടുക്കുകയാണ് ഇതിനുള്ള ഏക പരിഹാരം". ഇതിനുള്ള ആദ്യപടി, വരും തലമുറയും ഇനിയുള്ള കാലഘട്ടങ്ങളിൽ നമ്മളും ഉപയോഗിക്കാൻ പോകുന്ന വിവരസാങ്കേതിക വിദ്യകൾക്കായി നമ്മുടെ ഭാഷയെ സജ്ജമാക്കുകയെന്നതാണ്. നിയതമായ ലിപിയോ രചനകളോ നിഘണ്ടുവോ ഇല്ലാതെ മരിച്ചുപോയ ഭാഷകൾ നമ്മൾ കടലാസുകളുടെ കാലഘട്ടത്തിൽ കണ്ടു. ഡിജിറ്റൽ യുഗത്തിൽ വേണ്ടത്ര സാങ്കേതിക മുന്നേറ്റം നടത്താത്ത ഒരു ഭാഷയുടെയും ഗതി അതാണ് എന്ന് നാം വളരെ നേരത്തെ തന്നെ മനസ്സിലാക്കണം.
സാങ്കേതികവിദ്യ മുന്നേറും തോറും നമ്മുടെ സംസ്കാരത്തിലും അതിന്റേതായ സ്പന്ദനങ്ങൾ കാണും. സംസ്കാരത്തിന്റെ പ്രധാനകണ്ണിയായ ഭാഷയിലും ഈ മാറ്റങ്ങൾ കാണും. ധാരാളം ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വരുന്നതും കമ്പോളസംസ്കാരത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ഭാഷയെ ആളുകൾ പുണരുന്നതും കാണാൻ സാധിക്കും. അവിടെ നമ്മൾ മറന്നിട്ടു പോകുന്നത് നമ്മുടെ മാതൃഭാഷയാണ്.. എഴുത്തോലകൾ കടലാസിനു വഴിമാറിയ പോലെ കടലാസ് ഡിജിറ്റൽ മീഡിയക്കും വഴിമാറിക്കൊടുക്കും. അവിടെ അന്യഭാഷാപ്രേമമല്ല കാണിക്കേണ്ടത് ഭാഷാ സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് . സ്വന്തം ഭാഷയിൽ മാത്രം നിലനിൽക്കുന്ന  ഇത്തരം അറിവുകളെയും രചനകളെയും ഡിജിറ്റൽ ഭാവിയിലേക്ക്  സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് വേണ്ടത്.
==സ്വതന്ത്ര സോഫ്റ്റ്‌വെയറും ഭാഷാ കമ്പ്യൂട്ടിങ്ങും ==
‌മറ്റേതു സോഫ്റ്റ്‌വെയറിനെക്കാളും ഭാഷാ സോഫ്റ്റ്‌‌വെയറുകളുടെ കുത്തകവല്കരണത്തെ തടയേണ്ടത് അത്യാവശ്യമാണ്. ഭാഷ സമൂഹത്തിന്റെ സ്വത്താണെന്ന പോലെ ഭാഷയെ സംഭരിക്കുന്നതിനും സംസ്കരിക്കുന്നതിനും ഉള്ള സോഫ്റ്റ്‌വെയറുകളും സമൂഹത്തിന്റെ പൊതു സ്വത്താകേണ്ടതുണ്ട്. തുറന്ന സോഴ്സു് കോഡ് ഉപയോഗിക്കുന്നവർക്ക് അതു മനസ്സിലാക്കാനും തെറ്റുകൾ തിരുത്താനും നവീകരിയ്ക്കാനുമുള്ള സൗകര്യമുണ്ട്.  ഭാഷാ സോഫ്റ്റ്‌വെയറുകൾ ഭാഷ ഉപയോഗിക്കുന്നവർക്കു തന്നെ പരിപാലിക്കാം. ഇവിടെ കച്ചവട താല്പര്യങ്ങൾക്കപ്പുറത്തു ഭാഷയുടെ താല്പര്യങ്ങൾ സംരക്ഷിക്കപെടുന്നു.  സാങ്കേതികമായ സ്വയംപര്യാപ്തതയും ഇതു മൂലമുണ്ടാവുന്നു. കുത്തക സോഫ്റ്റ്‌വെയറുകൾ വിപണിയിലെ ഡിമാന്റിനനുസരിച്ച് സോഫ്‌റ്റ്‌വെയറുകൾ വികസിപ്പിക്കുമ്പോൾ,  ഭാഷയുടെ ആവശ്യങ്ങൾക്കായി നാം സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉണ്ടാക്കുന്നു. ഭാഷാ സോഫ്റ്റ്‌വെയറുകൾ എല്ലാ ഭാഷകളിലും വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ സാങ്കേതികവിദ്യയുടെ കൊടുക്കൽ വാങ്ങലുകൾ സാധ്യമാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളായാൽ ഇത് എളുപ്പമാകുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗത്തിനോടു കേരളത്തിലുള്ള ആഭിമുഖ്യവും സ്കൂളുകളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിലധിഷ്ഠിതമായ സാങ്കേതികവിദ്യകൾ പഠിപ്പിക്കുന്നതും ലോക ശ്രദ്ധ ആകർഷിച്ചിരിക്കുന്നതിൽ നമുക്കേവർക്കും അഭിമാനിക്കാവുന്നതാണ്. ഇത്തരം ഒരു  ചട്ടകൂട്  കേരളീയ സമൂഹത്തിൽ നിലനിൽക്കുന്നതു കൊണ്ട്  സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിൽ വികസിപ്പിച്ചെടുക്കുന്ന ഭാഷാ സോഫ്റ്റ്‌വെയറുകൾക്ക് എളുപ്പത്തിൽ വേരോട്ടം കിട്ടുകയും ചെയ്യും.
ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന ഭാഷാ സോഫ്റ്റ്‌വെയറുകളിൽ ഭൂരിഭാഗവും മലയാളികൾ തന്നെ വികസിപ്പിച്ചെടുത്ത സ്വതന്ത്ര സോഫ്റ്റ്‌വെയറുകളാണ്. അതുകൊണ്ടു തന്നെ അവയുടെ നിലവാരവും വളരെകൂടുതലാണ്. അവയെല്ലാം നിരന്തരമായി പുതുക്കലിനും വിധേയമാകുന്നു. മൈക്രോസോഫ്റ്റ് മലയാളത്തിനു വേണ്ടി വികസിപ്പിച്ച കാർത്തിക എന്ന ഫോണ്ട്  മലയാളികൾ കൂടുതലും ഉപയോഗിക്കുന്ന മീര, അഞ്ജലിഓൾഡ്ലിപി, രചന എന്നി ഫോണ്ടുകളുമായി ഒരു താരതമ്യ പഠനത്തിനുപോലും യോഗ്യമല്ല. ഭാഷാ സോഫ്റ്റ്‌വെയറുകൾ കുത്തക സോഫ്റ്റ്‌വെയറുകളായാൽ അതിലെ തെറ്റുതിരുത്തലിനും, പുതുക്കലിനും അതിന്റെ  ഉടമസ്ഥരുടെ ദയക്ക് വേണ്ടി നമ്മൾ കാത്തു നിൽക്കണം. മൈക്രോസോഫ്റ്റിന്റെ വിൻഡോസിൽ മലയാളം ഇന്റർഫേസിനായി ബിൽഗേറ്റ്സിനോടപേക്ഷിച്ച മന്ത്രിമാരും നമുക്കുണ്ടായിട്ടുണ്ട്. ഇന്നിപ്പോൾ ആരുടെയും സഹായമില്ലാതെ സ്വതന്ത്ര മലയാളം കൂട്ടായ്മയിലെ പ്രവർത്തകർ ഗ്നു/ലിനക്സിലെ  ഗ്നോം ഡെസ്ക്‌ടോപ്പ് 80% ത്തിലധികം പ്രാദേശികവത്കരിച്ചിരിക്കുന്നു.
==മലയാളവും സാങ്കേതികതയും==
കുറ്റമറ്റ രീതിയിൽ മലയാളം കമ്പ്യൂട്ടറിൽ പ്രദർശിപ്പിക്കുക എന്നതാണ് ആദ്യ പടി. 1, 0 എന്നീ ബൈനറി ഗണിതം മാത്രം മനസ്സിലാക്കാവുന്ന കമ്പ്യൂട്ടറിനെ ഇംഗ്ലീഷ് മനസ്സിലാക്കിപ്പിച്ചത് ഓരോ അക്ഷരങ്ങൾക്കും ഒരു സംഖ്യ കൊടുത്തിട്ടായിരുന്നു. 8 ബിറ്റുകളുടെ ഒരു കൂട്ടം അതായത്  A എന്നെഴുതാൻ 95 എന്ന് ഉപയോഗിക്കുക. വിവര സാങ്കേതിക വിദ്യ ജന്മം കൊണ്ടത് പടിഞ്ഞാറൻ നാടുകളിൽ ആയിരുന്നതിനാൽ സ്വാഭാവികമായും ലാറ്റിൻ അക്ഷരങ്ങൾക്കാണ് ഈ സംഖ്യകൾ കൊടുത്തത്  അതായത്  2^8=256 അക്ഷരങ്ങൾ മാത്രം ഉപയോഗിക്കാൻ പറ്റുന്ന രീതി. ആയിരക്കണക്കിന് അക്ഷരങ്ങളുള്ള ചൈനീസ് പോലുള്ള ഭാഷകളൊക്കെ എന്തു ചെയ്യും?.  256 ലാറ്റിൻ അക്ഷരങ്ങളിൽ താന്താങ്ങളുടെ ഭാഷകളെ ഒതുക്കാൻ പലരും പലരീതികളും ഉപയോഗിച്ചു. അതായത് ആന്തരികമായി കമ്പ്യൂട്ടറിൽ ശേഖരിയ്ക്കുന്ന വിവരം ലാറ്റിൻ രൂപത്തിൽ തന്നെയെങ്കിലും പ്രദർശിപ്പിക്കുന്ന അക്ഷരരൂപങ്ങൾ അതത് ഭാഷയായിരിക്കും.
വളരെ ലളിതമായ ഒരുദാഹരണം പറഞ്ഞാൽ A എന്നു ശേഖരിക്കപ്പെടുകയും ആ വിവരം പ്രദർശിപ്പിക്കുമ്പോൾ  A എന്നതിന് പകരം അ എന്ന അക്ഷരമെടുത്ത് കാണിക്കുകയും ചെയ്യുക. അ എന്നതിന് പകരം A എന്നു തന്നെ ശേഖരിക്കുകയും ഉപയോക്താവിനെ ഈ വിവരങ്ങൾ കാണിക്കുമ്പോൾ A വരുന്നിടത്തെല്ലാം അ എന്നെടുത്തു കാണിക്കുകയും ചെയ്യാം. ഒരു ASCII അധിഷ്ടിത ഫോണ്ടിൽ 900 ത്തോളം അക്ഷരചിത്രങ്ങളുള്ള മലയാളം ഒതുങ്ങില്ല. പ്രായോഗികമായി 256 ൽ താഴെ അക്ഷരചിത്രങ്ങളേ ഒതുങ്ങൂ. അപ്പോൾ വളരെ പെട്ടെന്ന്  തോന്നുന്നതും ആത്മഹത്യാപരവുമായ ഒരു പരിഹാരമാണ് അക്ഷരങ്ങളെ വെട്ടിച്ചുരുക്കുക എന്നത് . വേറൊരു രീതിൽ പറഞ്ഞാൽ സാങ്കേതിക വിദ്യയുടെ ശേഷിക്കുറവ്  മറച്ചു വെയ്ക്കാൻ ഭാഷയെ വെട്ടിച്ചെറുതാക്കുക. ചില കൂട്ടക്ഷരങ്ങളേയും അധികം ഉപയോഗിക്കാത്ത അക്ഷരങ്ങളേയും നീക്കം ചെയ്ത് ഭാഷയെ ചെറുതാക്കുക. കൂട്ടക്ഷരങ്ങൾക്ക് പകരം അവയെ ഇടക്ക് ചന്ദ്രക്കലയിട്ട് കാണിക്കുക എന്നിങ്ങനെയാണ് അതു സാധ്യമാകുക. "മലയാളത്തനിമ" എന്ന പേരിൽ 1997 ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഇത്തരത്തിലൊരു ലിപി പരിഷ്കാര ശ്രമം നടത്തുകയുണ്ടായെങ്കിലും കാലക്രമത്തിൽ പുതിയ സാങ്കേതിക വിദ്യകൾ വന്നതോടെ അവ അമ്പേ പരാജയപ്പെട്ടു. രചനാ അക്ഷരവേദി എന്ന പേരിലുള്ള ഒരു കൂട്ടായ്മ 6 ASCII ഫോണ്ടുകൾ ഒരുമിച്ച്  ഉപയോഗിച്ച്  മലയാളത്തിന്റെ തനതു ലിപി നിലനിർത്തിക്കൊണ്ട് 900 ത്തോളം അക്ഷരരൂപങ്ങളുള്ള രചന എന്ന പേരിലുള്ള ഫോണ്ട് പുറത്തിറക്കിക്കൊണ്ട്  ഭാഷയുടെ മരണത്തിലേക്ക്  വഴിതെളിക്കുമായിരുന്ന ആ നീക്കത്തെ പ്രതിരോധിച്ചു.
‌ASCII Font കളുപയോഗിച്ച് നടത്തിയ മുൻപു പറഞ്ഞ എളുപ്പവഴി പലരും പലരീതിയിലാണ് ചെയ്തത്. പക്ഷേ ആന്തരിക ശേഖരം ലാറ്റിനിൽ ആയതിനാൽ സവിശേഷമായ വിവര സംസ്കരണം എന്ന സൗകര്യം ഉപയോഗിക്കാൻ അത്യധികം വിഷമകരമാവുന്നു. ഇന്നും മലയാളത്തിലെ പ്രധാന പത്രങ്ങളെല്ലാം പിന്തുടരുന്ന സാങ്കേതിക വിദ്യ ഇതാണ്. മാതൃഭൂമി പോലുള്ള ചില പത്രങ്ങൾ ഈയിടെ യുണിക്കോഡിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്.  ഒരു പത്രത്തിന്റെ വെബ്സൈറ്റിൽ വാർത്ത വായിക്കണമെങ്കിൽ അവിടെ മാത്രമുപയോഗിക്കാവുന്ന ഒരു ഫോണ്ട് വേണം.  വേറൊരു പത്രത്തിന്റെ വെബ്സൈറ്റിൽ പോയാൽ ഈ ഫോണ്ട് ഉപയോഗിക്കാൻ പറ്റില്ല. പഴയ വാർത്തകൾ തെരയാനോ അവയിൽ നിന്ന് പുതിയ വിവരങ്ങൾ വേർതിരിച്ചെടുക്കാനോ കഴിയില്ല. ഇതിന് കാരണം സോഫ്റ്റ്‌വെയറുകൾ വിവരങ്ങൾ മലയാളത്തിൽ ആണ് എന്നുള്ള വസ്തുത അറിയുന്നില്ല എന്നതാണ്. കാണിക്കുമ്പോൾ മാത്രമേ മലയാളം ഉള്ളല്ലോ. ആന്തരികശേഖരണം ലാറ്റിനിൽ തന്നെ.
ഇന്ന് ലോകഭാഷകൾക്കെല്ലാം വേണ്ടി അംഗീകരിക്കപ്പെട്ട ഏകീകൃത കോഡിങ്ങ് സമ്പ്രദായം യൂണിക്കോഡാണ്. യൂണിക്കോഡിന്റെ ആന്തരികവിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ആസ്കി സമ്പ്രദായത്തിൽ ലാറ്റിൻ അക്ഷരങ്ങൾക്ക് പ്രത്യേകം കോഡുള്ള പോലെ ലോകഭാഷകളിലെ എല്ലാ അക്ഷരങ്ങൾക്കും പ്രത്യേകം കോഡുള്ള സമ്പ്രദായമാണ് യൂണിക്കോഡ് എന്നു ചുരുക്കത്തിൽ പറയാം.
==മലയാളം ഡിജിറ്റൽ സാങ്കേതികത: വർത്തമാനം ==
കമ്പ്യൂട്ടറിൽ മലയാളം ഉപയോഗിക്കുന്നത് ഇന്ന് വളരെ വ്യാപകമായിക്കൊണ്ടിരിക്കുന്നു. 6000 ത്തിൽപരം ലേഖനങ്ങളുള്ള മലയാളം വിക്കിപീഡീയയും, സജീവമായ മലയാളം ബ്ലോഗുകളും മലയാളം ഡിജിറ്റൽ കണ്ടന്റിന്റെ പ്രധാന ഉത്പാദനകേന്ദ്രങ്ങളാണ്. ഈമെയിൽ, ചാറ്റ് തുടങ്ങിയവ മലയാളത്തിൽ ഉപയോഗിക്കുന്നത് സാധാരണമായിക്കൊണ്ടിരിക്കുന്നു. ചാറ്റ് ചെയ്യാൻ മംഗ്ലീഷ് ഉപയോഗിച്ചിരുന്ന മലയാളികൾ പിന്നീട്  മംഗ്ലീഷ് അടിസ്ഥാനമാക്കിയുള്ള നിവേശകരീതികളിൽ(input method ) ആകൃഷ്ടരാവുകയും മലയാളത്തിൽ തന്നെ എഴുതിതുടങ്ങുകയും ചെയ്തു. ജനങ്ങൾക്ക് പൊതുവേ മലയാളം ടൈപ്പ് ചെയ്യാൻ ലിപ്യന്തരണം അഥവാ ട്രാൻസ്ലിറ്ററേഷൻ രീതികൾ ഉപയോഗിക്കാനാണ് ഇഷ്ടം. പഠിയ്ക്കാൻ എളുപ്പമാണെന്നുള്ളതാണ്  പ്രധാനകാരണം. വരമൊഴി, മൊഴി, സ്വനലേഖ തുടങ്ങിയവ ഇതിനായി ഉപയോഗിയ്ക്കപ്പെടുന്നു. ഇതുകൂടാതെ വെബ്‌പേജുകളിൽ മാത്രം ഉപയോഗിക്കത്തക്കരീതിയിലുള്ള ഇവയുടെ തന്നെ പകർപ്പുകളുമുണ്ട്. ഇൻസ്ക്രിപ് രീതി ഉപയോഗിയ്ക്കുന്നവരും ഉണ്ട്. തനതുലിപിയിലെ ഫോണ്ടുകൾക്കാണ് കൂടുതൽ പ്രചാരം. അഞ്ജലിഓൾഡ്‌ലിപി, മീര, രചന തുടങ്ങിയ തനതുലിപി ഫോണ്ടുകൾ പ്രശസ്തമാണ്.  മലയാളം റെൻഡറിങ്ങ് (ചിത്രീകരണം) ഇപ്പോഴും പൂർണ്ണമായും പ്രശ്നരഹിതമല്ലെങ്കിലും പുരോഗമിച്ചിട്ടുണ്ട്.
പ്രവർത്തകസംവിധാനങ്ങളുടെ(operating system) മലയാളം പതിപ്പുകളുടെ കാര്യത്തിൽ ഗ്നു/ലിനക്സ്  സ്വാഭാവികമായും മുന്നിട്ടു നിൽക്കുന്നു. ഗ്നോം ഡെസ്ക്ടോപ്പ് 80% മലയാളത്തിൽ ലഭ്യമാണ്. KDE യുടെ പ്രാദേശികവത്കരണം അതിവേഗത്തിൽ പുരോഗമിക്കുന്നു. ഡെബിയൻ, ഉബുണ്ടു, ഫെഡോറ തുടങ്ങിയവ മലയാളത്തിൽ തന്നെ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. വിൻഡോസിനെ അപേക്ഷിച്ച് ഗ്നു/ലിനക്സിന്റെ മറ്റൊരു സവിശേഷത ഭാഷാ സോഫ്റ്റ്‌വെയറുകളുടെ സാന്നിദ്ധ്യമാണ്. സ്പെൽ ചെക്കർ, ടെക്സ്റ്റ് ടു സ്പീച്ച് സിസ്റ്റം, ടൈപ്പിങ്ങ് ട്യൂട്ടർ, സ്പീച്ച് റെകഗ്നീഷൻ, നിരവധി നിവേശകരീതികൾ, കേരളീയതനിമയുള്ള ആർട്ട് വർക്കുകൾ എന്നിവയെല്ലാം ഗ്നു/ലിനക്സിൽ ലഭ്യമാണ്. യൂണിക്കോഡ് നന്നായി കൈകാര്യം ചെയ്യാവുന്ന എഡിറ്ററുകളും ഓപ്പൺ ഓഫീസ് പോലുള്ള ഓഫീസ് സ്യൂട്ടുകളുമുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ മലയാള പ്രാദേശികവത്കരണവും വികസനവും ലക്ഷ്യമാക്കി പ്രവർത്തിയ്ക്കുന്ന  സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന കൂട്ടായ്മ അഭിനന്ദനീയമായ രീതിയിൽ കേരളത്തിൽ പ്രവർത്തിക്കുന്നു. ഇന്ത്യൻ ഭാഷകൾ തന്നെ മാതൃകയാക്കുന്ന രീതിയിലാണ് മലയാളം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ മുന്നേറ്റം.
മാതൃഭൂമി, മംഗളം തുടങ്ങിയ പത്രങ്ങളുടെ വെബ്‌സൈറ്റുകളും ഇപ്പോൾ മലയാളത്തിൽ ലഭ്യമാണ്.  മറ്റു പത്രങ്ങളെല്ലാം ആസ്കിഫോണ്ടുകൾ അടിസ്ഥാനമാക്കിയുള്ള മലയാളം ആണ് ഉപയോഗിക്കുന്നതെന്നതിനാൽ അവയിൽ മലയാളം ഭാഷാ പ്രൊസസ്സിങ്ങ് ഒന്നും നടക്കില്ല. സാമ്പത്തികചെലവും, മെച്ചപ്പെട്ട DTP സോഫ്റ്റ്‌വെയറിന്റെ അഭാവവുമാണ് പത്രങ്ങളെ യൂണിക്കോഡിന്റെ ഗുണഫലങ്ങൾ ഉപയോഗിയ്ക്കുന്നതിൽ നിന്നു തടയുന്നത്.
സംസ്ഥാനഗവൺമെന്റ്  ഈയിടെ മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണ പരിപാടികൾ ആസൂത്രണം ചെയ്തു നടത്താൻ തുടങ്ങിയിരിക്കുന്നത് പ്രശംസനീയമാണ്.


== വിക്കിപീഡിയ ==
== വിക്കിപീഡിയ ==
48

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2748" എന്ന താളിൽനിന്ന് ശേഖരിച്ചത്