കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-പുറന്തള്ളപ്പെടുന്നവർ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശുപാർശകൾ


ഡോ അശോൿമിത്ര ചെയർമാനായ കേരള വിദ്യാഭ്യാസ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1998 ലാണ്.തുടർന്നുള്ള നിരവധി കൂടിച്ചേരലുകളിലൂടെ കമ്മീഷൻ റപ്പോർട്ടിലെ നിർദേശങ്ങളെയും നിഗമനങ്ങളെയും ശുപാർശകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. വ്യാപകമായ ചർച്ചകളുടെ പരിസമാപ്തിയായി 2000 നവംബറിൽ തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ ജനസഭയിലൂടെ പരിഷത്ത് രൂപം കൊടുത്ത ശുപാർശകളാണ് കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ എന്ന ഗ്രന്ഥം. അതിലെ ഒരു അധ്യായമാണ് ഇത്.


1. സ്‌കൂൾ പ്രവേശനം എല്ലാ വിഭാഗങ്ങൾക്കും ഉറപ്പുവരുത്തുന്നതിലൂടെ സാമൂഹ്യ നീതി ഉറപ്പുവരുത്തപ്പെട്ടു എന്ന അവകാശവാദം ഉയർന്നുകേൾക്കാറുണ്ട്‌. ഇതു ശരിയാണോ എന്നു പരിശോധിക്കേണ്ടതാണ്‌. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങൾക്കും നൽകുന്ന വിദ്യാഭ്യാസത്തിന്റെ ഗുണപരമായ തുല്യത ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടില്ല. ആദിവാസികൾ, ദളിതർ എന്നിവർക്ക്‌ ഗുണപരമായി മറ്റുള്ളവർക്ക്‌ ഒപ്പമെത്താൻ കഴിയുന്നില്ല. വിദ്യാഭ്യാസരംഗത്തു പുറന്തള്ളപ്പെടുന്നവരും സാമൂഹ്യമായി അധഃകൃതരാണ്‌. വരേണ്യ സ്‌കൂളുകളുടെ ആവിർഭാവം, സെൽഫ്‌ ഫൈനാൻസിങ്ങ്‌ (കോസ്റ്റ്‌ ഷെയറിംഗ്‌) രീതികൾ മുതലായവയും പുറന്തള്ളപ്പെട്ടവർക്കെതിരായിത്തീരുകയാണ്‌. പരിമിതമായ റിസർവേഷൻ ആനുകൂല്യങ്ങൾ പോലും കമ്പോള ശക്തികളുടെ തള്ളിക്കയറ്റത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്‌.

2. ജനപക്ഷത്തു നിന്നുള്ള ഏതൊരു വിദ്യാഭ്യാസ പദ്ധതിക്കും ഈ മാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. പുറന്തള്ളപ്പെടുന്നവർക്ക്‌ വൈജ്ഞാനികവും പ്രായോഗികവും സാമൂഹ്യവുമായ തുല്യത ഉറപ്പുവരുത്തുകയാവണം ജനകീയ വിദ്യാഭ്യാസത്തിന്റെ ആദ്യത്തെ ലക്ഷ്യം. അതിനായി ചില പൊതു നിർദ്ദേശങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതാണ്‌.

3. a) സ്‌കൂൾ വിദ്യാഭ്യാസം പൂർണമായി അയൽപക്ക സമ്പ്രദായത്തിലേക്കു മാറണം. അയൽപക്കത്തുനിന്നുള്ള എത്ര ദരിദ്രരും പുറന്തള്ളപ്പെട്ടവരുമായ കുട്ടികൾക്കും അഡ്‌മിഷൻ നിഷേധിക്കാൻ ഒരു സ്‌കൂളിനും കഴിയരുത്‌.

b) സാമൂഹ്യമായി പുറന്തള്ളപ്പെട്ട എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസച്ചെലവ്‌ സർക്കാർ ഏറ്റെടുക്കണം. ഫ്രീഷിപ്പും ഗ്രാന്റും നൽകുക, ഹോസ്റ്റലുകൾ ആരംഭിക്കുക എന്ന നിലയിൽ മാത്രമല്ല ഇത്‌. അവർക്ക്‌ ഉന്നത നിലയിൽ പഠിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടൽ ആവശ്യമാണ്‌. ഇതിനുള്ള ഉത്തരവാദിത്വം പഞ്ചായത്തുകൾ ഏറ്റെടുക്കണം. സ്‌കൂൾ കോളേജ്‌ തലത്തിൽ അവരുടെ പുരോഗതി മോണിറ്റർ ചെയ്യുകയും പ്രോത്സാഹന പദ്ധതികൾ ഏർപ്പെടുത്തുകയും ചെയ്യാം. നഗരത്തിലെ ദരിദ്രർ, തെരുവുകുട്ടികൾ തുടങ്ങിയവരുടെ പുനരധിവാസത്തിനും പഠനത്തിനും പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യാം.

c) ആദിവാസി വിദ്യാഭ്യാസം, തീരപ്രദേശത്തുള്ളവരുടെ വിദ്യാഭ്യാസം, ഗ്രാമീണ ദരിദ്രരുടെ വിദ്യാഭ്യാസം തുടങ്ങിയവ സവിശേഷ ആസൂത്രണത്തിനു വിധേയമാക്കണം. ഇവർക്ക്‌ മറ്റുള്ളവരുമായി തുല്യതയിലധിഷ്‌ഠിതമായ പ്രത്യേക പാഠ്യപദ്ധതികളുടെയും പഠനസമയത്തിന്റെയും കാര്യം പരിഗണിക്കാം. ഇന്ന്‌ ഈ മേഖലയിൽ സന്നദ്ധ പ്രവർത്തകർ വളർത്തിയെടുത്ത വിദ്യാഭ്യാസ മാതൃകകൾ വ്യാപിപ്പിക്കുന്ന കാര്യം പരിശോധിക്കണം.

d) ഉന്നത വിദ്യാഭ്യാസത്തെ വൈവിധ്യവൽക്കരിക്കുകയും പ്രാദേശിക അറിവുകൾക്കും അനുഭവങ്ങൾക്കും പ്രാധാന്യം നൽകുകയും ചെയ്യേണ്ടതാണ്‌. വൈവിധ്യവൽക്കരണം വ്യത്യസ്‌ത അനുഭവ മേഖലകളുടെ വൈജ്ഞാനിക തലം വളർത്തിക്കൊണ്ടുവരാൻ സഹായിക്കും. അതുകൂടാതെ പുതിയ വിജ്ഞാനത്തെ സ്വന്തം അനുഭവങ്ങളുമായി ബന്ധിപ്പിക്കാനും സാധിക്കും. ഇത്‌ പുറന്തള്ളപ്പെട്ടവരുടെ ആശയ മണ്‌ഡലത്തെ വികസിപ്പിക്കാനും സഹായിക്കും. സവിശേഷ സാംസ്‌കാരിക പാരമ്പര്യമുള്ള ജനവിഭാഗങ്ങളെ സംബന്ധിച്ചിത്തോളം വിജ്ഞാനത്തിന്റെ വൈവിധ്യവൽക്കരണവും പ്രദേശികവൽക്കരണവും വളരെ പ്രധാനമാണ്‌.

e) ക്യാമ്പസ്‌ അന്തരീക്ഷത്തിൽ പ്രൗഢവിഭാഗവും പുറന്തള്ളപ്പെട്ടവരും തമ്മിലുള്ള അന്തരം ഭീമമാണ്‌. ഈ അന്തരം ഇന്നത്തെ ബോധന മൂല്യ നിർണയ രീതികൾ ശക്തിപ്പെടുത്തുന്നു. പുറന്തള്ളപ്പെടുന്നവരുടെ ആത്മവീര്യത്തെ ചോർത്തിക്കളയുന്ന പ്രതിഭാസമാണിത്‌. പ്രൗഡവിദ്യാഭ്യാസ രീതികൾ (ഇംഗ്ലീഷ്‌ മാധ്യമം, `കോച്ചിങ്ങ്‌' സമ്പ്രദായം, മത്സരപരീക്ഷകൾ)ക്കെതിരായ പോരാട്ടവും ജനാധിപത്യവൽക്കരണവും സാമൂഹ്യനീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ അത്യാവശ്യമാണ്‌.

f) അക്കാദമിക്‌/ വൊക്കേഷണൽ വിദ്യാഭ്യാസം തമ്മിലുള്ള അന്തരം ഇല്ലാതാക്കുകയും അത്യാവശ്യമാണ്‌. അക്കാദമിക്‌ വരേണ്യവും വൊക്കേഷണൽ ഹീനവുമാണെന്ന ധാരണ തന്നെ സാമൂഹ്യ നീതിക്കെതിരാണ്‌. എല്ലാ വിദ്യാർഥികളും തുല്യമായ കായികവും മാനസികവുമായി അധ്വാനിക്കുന്ന രീതി വളർന്നുവരണം. അതിൽ നിന്ന്‌ ഒരു വിദ്യാലയവും ഒഴിവായിക്കൂട.

g) തുല്യാതാ വിദ്യാഭ്യാസ രീതികളുടെ ശാസ്‌ത്രീയമായ വികാസവും പ്രധാനമാണ്‌. ഓപ്പൺസ്‌കൂളിങ്ങ്‌ പോലുള്ള സംവിധാനങ്ങളുടെ വളർച്ചമാത്രമല്ല പ്രധാനം. സ്വന്തം പ്രാരാബ്‌ധങ്ങൾ മൂലം കൊഴിഞ്ഞുപോകുന്ന വിദ്യാർഥിക്ക്‌ ഔപചാരികമേഖലയിലേക്ക്‌ തിരിച്ചുവരാനുള്ള സൗകര്യമുണ്ടാകണം. വിദ്യാർഥിയുടെ `ഗ്രഹണവേഗ'മനുസരിച്ച്‌ രൂപകൽപ്പന ചെയ്യുന്ന കോഴ്‌സുകൾ അത്യാവശ്യമാണ്‌. സ്‌കൂൾതലത്തിലും `ഗ്രഹണവേഗ'ത്തിലുള്ള വൈവിധ്യം കണക്കിലെടുക്കണം.