ആലപ്പുഴ ജില്ലയുടെ വിവരണം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കേരളത്തിലെ ഒരു തീരദേശജില്ലയാണ് ആലപ്പുഴ.ഇതിന്റെ ആസ്ഥാനം ആലപ്പുഴ നഗരമാണ്. 1957 ഓഗസ്റ്റ് 17 നാണ് ജില്ല രൂപീകൃതമായത്. 1990 ലാണ് ആലപ്പി എന്ന ഇതിന്റെ ഔദ്യോഗിക ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റിയത്. കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് ആലപ്പുഴ.കൂടാതെ കയർ വ്യവസായത്തിനും പേരുകേട്ടതാണ്. കേരളത്തിലെ ഒട്ടുമിക്ക കയർവ്യവസായസ്ഥാപനങ്ങളും ജില്ലയിലാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി ആലപ്പുഴ ജില്ല അറിയപ്പെടുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരവേദിയായിരുന്ന പുന്നപ്ര വയലാർ എന്നിവ ഇവിടെയാണ്. ഉൾനാടൻ ജലഗതാഗതത്തിന് പേരുകേട്ടതാണ് ആലപ്പുഴ. കേരളത്തിലെ പലപ്രദേശങ്ങളുമായും ഇവിടെനിന്നും ജലഗതാഗതബന്ധം കാലങ്ങൾക്കു മുൻപേ നിലവിലുണ്ട്.

കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയാണ് ആലപ്പുഴ. ജില്ലയുടെ 29.46% പ്രദേശവും നഗരപ്രദേശമാണ്. ചേർത്തല താലൂക്ക്(ചേർത്തല), അമ്പലപ്പുഴ താലൂക്ക്(അമ്പലപ്പുഴ), കുട്ടനാട് താലൂക്ക്(കുട്ടനാട്), കാർത്തികപ്പള്ളി താലൂക്ക്(കാർത്തികപ്പള്ളി), ചെങ്ങന്നൂർ താലൂക്ക്(ചെങ്ങന്നൂര്)‍, മാവേലിക്കര താലൂക്ക്(മാവേലിക്കര) എന്നിവയാണ് ജില്ലയിലെ താലൂക്കുകൾ, 91 വില്ലേജുകളും ഉണ്ട്. ജില്ലയുടെ ആസ്ഥാനമായ ആലപ്പുഴ നഗരം മനോഹരമായ കായലുകളും കനാലുകളും കൊണ്ട് സമ്പന്നമാണ്, കേരളത്തിൽ വനം ഇല്ലാത്ത ഏക ജില്ലയാണ് അലപ്പുഴ. തലങ്ങും വിലങ്ങുമായി ഒഴുകുന്ന തോടുകളും അതിലൂടെയുള്ള ജലഗതാഗതവും കണ്ട് ‘കിഴക്കിന്റെ വെനീസ്‘ എന്നാണ് കഴ്സൺ പ്രഭു ആലപ്പുഴയെ വിശേഷിപ്പിച്ചത്.

ചരിത്രം

ആദിചേരസാമ്രാജ്യം

ശിലായുഗകാലത്തെ തെളിവുകൾ ആലപ്പുഴ ജില്ലയിൽ നിന്ന് കൂടുതലായി കണ്ടെത്തിയിട്ടില്ല. തീര പ്രദേശങ്ങൾ അക്കാലത്ത് വെള്ളത്തിനടിയിൽ ആയിരുന്നിരിക്കാം എന്നതു കൊണ്ടാണത്. എന്നാൽ സംഘകാലത്തേ തന്നെ ഉൾപ്രദേശമായ കുട്ടനാടിനെ പറ്റി പരാമർശം ഉണ്ട്.[1] ചോഴന്മാരുടെ കയ്യിലായിരുന്നു ഇത്. എന്നാൽ കേരളത്തോട് ചേർന്ന് നിൽക്കുന്നതുമായ മരുതം തിണയിൽ ഉൾപ്പെട്ടിരുന്നതുമായ കുട്ടനാട്ടിൽ നിന്ന് ചേര രാജാവായിരുന്ന ഉതിയൻ ചേരൻ ചോഴ രാജാവിന്റെ സാമന്തനായ ഒരു വെള്ളാള നാടുവാഴിയെ ആക്രമിച്ച് കുട്ടനാടിനെ ചേര സാമ്രാജ്യത്തോട് ചേർത്തു. [2] അതിനുശേഷം കുറേക്കാലം ചേര രാജാക്കന്മാർ കുട്ടനാട്ടിൽ തങ്ങിവന്നു. ഈ വിജയം സൂചിപ്പിക്കാനായിട്ട് പിന്നീട് ചേര രാജാക്കന്മാർ കുട്ടുവൻ എന്ന സ്ഥാനപ്പേർ സ്വീകരിച്ചു. ഉണ്ണിനീലി സന്ദേശം എന്ന കൃതി ഈ കാലഘട്ടത്തെക്കുറിച്ച് വിവരം തരുന്നുണ്ട്. ബുദ്ധമതം കേരളത്തിൽ പ്രചരിച്ചതോടെ അവരിൽ മിക്കവരും ബുദ്ധമതം സ്വീകരിച്ചു. ഇന്നത്തെ ആലപ്പുഴയുടേയും കൊല്ലം ജില്ലയുടേയും നിരവധി പ്രദേശങ്ങൾ ബൗദ്ധമതത്തിന്റെ ശക്തികേന്ദ്രങ്ങളായിത്തീർന്നു. ക്രിസ്തുവിനു മുൻപു മുതൽ ക്രി.വ. 12)ം ശതകം വരെ വിവിധസാംസ്കാരികരംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ചുകൊണ്ട് ബുദ്ധമതം ഇവിടെ നിലനിന്നിരുന്നു. ആലപ്പുഴയിലെ ദ്രാവിഡക്ഷേത്രങ്ങളിൽ ബുദ്ധമതാചാരങ്ങളുടെ സ്വാധീനം വ്യക്തമായി ദർശിക്കാനാവുന്നതിതുകൊണ്ടാണ്‌. കെട്ടുകാഴ്ച, വെടിക്കെട്ട്, ആനമേൽ എഴുന്നള്ളിപ്പ്, പൂരം തുടങ്ങിയ പല ചടങ്ങുകളും ഇതിന്റെ ബാക്കി പത്രമാണ്‌. തൃക്കുന്നപ്പുഴക്കും പുറക്കാടിനും മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമായിരുന്ന ശ്രീമൂലവാസം അക്കാലത്ത് ലോകത്തിലേ ഏറ്റവും പ്രശസ്തമായ ബുദ്ധമതകേന്ദ്രമായിരുന്നു. സംസ്കൃതകാവ്യമായ മൂഷകവംശത്തിൽ വിക്രമാരാമൻ, വലഭൻ തുടങ്ങിയ രാജാക്കന്മാർ കടലാക്രമണത്തിൽ നിന്നും ശ്രീമൂലവാസത്തെ രക്ഷിക്കാനായി നടത്തിയ പരിശ്രമങ്ങളെ വിവരിച്ചിരിക്കുന്നു. ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റെ പ്രസിദ്ധമായ ചെപ്പേടിന്റെ തുടക്കത്തിൽ ബുദ്ധന്റെ ധർമ്മത്തേയും പ്രകീത്തിച്ചിരിക്കുന്നത് അക്കാലത്തെ ബുദ്ധമതസ്വാധീനത്തെ വെളിവാക്കുന്നു.[3] ജില്ലയിലെ മാവേലിക്കര(മാവേലിക്കര ബുദ്ധരച്ചൻ), ഭരണിക്കാവ്(വലിയ ബുദ്ധരച്ചൻ), കരുമാടി(കരുമാടിക്കുട്ടൻ) എന്നിവിടങ്ങളിൽ നിന്ന് ബുദ്ധവിഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം താന്ത്രികബുദ്ധമതത്തിന്റെ പ്രഭാവത്തെയാണ്‌ സൂചിപ്പിക്കുന്നത്. ഇവിടത്തെ ബുദ്ധമതം അന്ത്യഘട്ടത്തിൽ താന്ത്രികമതത്തിലേക്ക് പ്രവേശിക്കുകയും ശ്രീമൂലവാസവിഹാരത്തിലെ പ്രധാന ഭിക്ഷുവായ ആര്യമഞ്ജുശ്രീ അതിന്റെ പ്രധാന വക്താവായി മാറുകയും ചെയ്തു എന്ന് കരുതുന്നു. അദ്ദേഹം എഴുതിയ മഞ്ജുശ്രീമൂലതന്ത്രം, ആര്യമഞ്ജുശ്രീകല്പം എന്നിവയാണ്‌ ആദ്യത്തെ താന്ത്രിക ഗ്രന്ഥങ്ങളിൽ ചിലവ. ഇതിന്റെ പ്രതികൾ കേരളത്തിൽ നിന്നാണ്‌ കണ്ടെടുക്കപ്പെട്ടിട്ടുള്ളത്.

രണ്ടാം ചേരസാമ്രാജ്യം

മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂർ) ആസ്ഥാനമാക്കിയ രണ്ടാം ചേരസാമ്രാജ്യകാലത്ത് കുട്ടനാടിൽ നിന്ന് തലസ്ഥാനം മാറുകയായിരുന്നു. ഇത് ക്രി.വ. 800-1102 വരെയായിരുന്നു. ചേരചക്രവർത്തിയുടെ സാമന്തനായ നാടുവാഴികളായിരുന്നു ആലപ്പുഴയുൾപ്പെടുന്ന അന്നത്തെ കുട്ടനാടിന്റെ ഭരണകർത്താക്കൾ. ഇന്നത്തെ കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളിൽ ചില പ്രദേശങ്ങൾ ഉൾപ്പെടുന്ന ഓടനാടും തിരുവല്ല, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവയുടെ ചിലഭാഗങ്ങളും ചേരുന്ന നന്തുഴനാടുമായിരുന്നു പ്രധാന നാട്ടുരാജ്യങ്ങൾ. ഓടനാട് പിന്നീട് കായംങ്കുളം രാജ്യത്തിൽ ലയിച്ചു. ഉണ്ണുനീലി സന്ദേശത്തിൽ ഓടനാടിന്റെ ഭരണാധിപൻ ഇരവി വർമ്മയാണെന്നും തലസ്ഥാനം കണ്ടിയൂർ മറ്റുമാണെന്നും പറഞ്ഞിരിക്കുന്നു. ഉണ്ണിയാടി ചരിത്രത്തിലെ നായിക ഓടനാടധിപൻ കേരളവർമ്മയുടെ മകൾ ഉണ്ണിയാടിയാണ്‌. ഇക്കാലത്ത് ജന്മിസമ്പ്രദായം ശക്തിപ്രാപിച്ചു.[4] ആദിയിൽ ക്ഷേത്രങ്ങളായിരുന്നു വിഭവങ്ങൾ സമാഹരിച്ചിരുന്നതെങ്കിൽ പിന്നീട് അത് ജന്മിഗൃഹങ്ങൾ കയ്യടക്കി.

'പ്ലീനി' , 'ടോളമി' എന്നിവരുടെ യാത്രാവിവരണങ്ങളിൽ ആലപ്പുഴയിലെ പുറക്കാട് തുറമുഖത്തെ പറ്റി വിവരണം ഉണ്ട്. ഇതിന് അന്ന ബറേക്കാ എന്നാണ് വിളിച്ചിരുന്നത്. തോമാശ്ലീഹ കേരളത്തിൽ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഏഴു പള്ളികളിൽ ഒന്ന് ഐ ജില്ലയിലെ കൊക്കോതമംഗലം എന്ന സ്ഥലത്താണ്‌. അന്നു മുതൽ ക്രിസ്ത്യാനികളുടെ ഒരു കേന്ദ്രമായി ഇത് വികസിച്ചു. പിന്നീട് രണ്ടാം ചേരസാമ്രാജ്യ കാലത്ത് വീണ്ടും ഇത് അഭിവൃദ്ധി പ്രാപിച്ചു. ഇക്കാലത്താണ്‌ ചെങ്ങന്നൂർക്കാരനായ ശക്തിഭദ്രൻ ആശ്ചര്യ ചൂഢാമണി എന്ന സംസ്കൃത നാടകം രചിച്ചത്.

പിന്നീട് ചേരസാമ്രാജ്യത്തിന്റെ ശിഥിലീകരണത്തിനു ശേഷം, 16 ആം നൂറ്റാണ്ടിനോടനുബന്ധിച്ച് നിരവധി നാട്ടു രാജ്യങ്ങൾ ഉയർന്നു വന്ന കൂട്ടത്തിൽ പുറക്കാടിനടുത്ത അമ്പലപ്പുഴ കേന്ദ്രീകരിച്ച് മൂത്തേടത്തും ഇളേടത്തും എന്ന് പേരുള്ള നമ്പൂതിരി കുടുംബങ്ങൾ രാജ്യഭരണം കൈയ്യടക്കി. ഇത് ചെമ്പകശ്ശേരി രാജ്യം എന്നും അറിയപ്പെട്ടു. ഇതേ കാലത്തു തന്നെ പോർട്ടുഗീസുകാരും കേരളത്തിലെത്തിയിരുന്നു. അവർ പുറക്കാട് കേന്ദ്രീകരിച്ച് വാണിജ്യവും മതപ്രവർത്തനങ്ങളും നടത്തിയിരുന്നു. അക്കാലയളവിൽ സ്ഥാപിക്കപ്പെട്ടവയാണ്‌ പുറക്കാട്, അർത്തുങ്കൽ എന്നിവിടങ്ങളിലെ പള്ളികൾ. നമ്പൂതിരിയായ പൂരാടം തിരുനാൾ ദേവനാരായണൻ എന്ന രാജാവാണ്‌ പ്രസിദ്ധമായ വേദാന്ത രത്നമാല എഴുതിയത്. ഇത് ഭഗവദ് ഗീത അടിസ്ഥാനമാക്കി എഴുതിയിട്ടുള്ളതാണ്‌ . പതിനേഴാം നൂറ്റാണ്ടോടനുബന്ധിച്ച് ഡച്ചുകാർ (ലന്തക്കാർ) ആലപ്പുഴയിൽ അവരുടെ താവളം സൃഷ്ടിച്ചു. പോർച്ചുഗീസുകരെ അവർ ആട്ടിപ്പായിച്ചിരുന്നു. എന്നാൽ മാർത്താണ്ഡവർമ്മ തന്റെ തേരോട്ടം തുടങ്ങിയതും ആറ്റിങ്ങൽ രാജവംശം തിരുവിതാംകൂറിനോട് ചേർത്തതും അവർക്ക് തിരിച്ചടിയായിരുന്നു.

മാർത്താണ്ഡവർമ്മ യുടെ കാലത്ത് കൊല്ലം, കായംകുളം രാജാക്കന്മാരുമായി ഗൂഢാലോചന നടത്തിയതിന്റെ പേരിൽ അമ്പലപ്പുഴ രാജ്യം മാർത്താണ്ഡവർമ്മ ആക്രമിച്ചു കീഴടക്കി. [5] പിന്നീട് മാർത്താണ്ഡവർമ്മ തന്റെ ദളവായായിരുന്ന രാമയ്യൻ ദളവയുടെ തീരുമാനപ്രകാരം മാവേലിക്കരയെ വികസിപ്പിച്ചു. ഹുജൂർ കച്ചേരിയും മറ്റും ഇവിടെയായിരുന്നു പ്രവർത്തിച്ചിരുന്നത്

ഒരു കാലത്ത് പ്രതാപത്തിൽ പ്രവർത്തിച്ചിരുന്ന ആലപ്പുഴ തുറമുഖം സ്ഥാപിച്ചത് രാജാ കേശവദാസന്റെ കാലത്തായിരുന്നു.

താലൂക്കുകൾ

കടപ്പാട്

വിക്കിപ്പീഡിയ

  1. അകനാനൂറ് വാല്യം ഒന്ന്. വിവർത്തനം നെന്മാറ പി. വിശ്വനാഥൻ നായർ. കേരള സാഹിത്യ അക്കാദമി, തൃശൂർ
  2. ഫലകം:Cite book
  3. ഫലകം:Cite book
  4. ഫലകം:Cite book
  5. ഫലകം:Cite book
"https://wiki.kssp.in/index.php?title=ആലപ്പുഴ_ജില്ലയുടെ_വിവരണം&oldid=870" എന്ന താളിൽനിന്ന് ശേഖരിച്ചത്