ഐ ടി പരിശീലനപ്പുസ്തകം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
23:52, 13 സെപ്റ്റംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- സുജിത്ത് (സംവാദം | സംഭാവനകൾ)
ഐ ടി പരിശീലനപ്പുസ്തകം

ഐ ടി കമ്മറ്റിയുടെ തീരുമാനപ്രകാരമുള്ള പുസ്തകം ഇവിടെ കൂട്ടായി നിർമ്മിക്കാം. എല്ലാവരും സഹകരിക്കുമല്ലോ.

ഉള്ളടക്കം

  1. ഇ-മലയാളം എഴുത്ത്
  2. പരിഷത്ത് വിക്കി
  3. വിക്കിപീഡിയ
  4. സ്വതന്ത്ര സോഫ്റ്റ്‌വെയർ - പരിഷത്ത് ഉബുണ്ടു പരിചയം
  5. നവമാദ്ധ്യമങ്ങൾ


മലയാളം കമ്പ്യൂട്ടിങ്

വിക്കിപീഡിയ

"ലോകത്തിലെ ഓരോ വ്യക്തിക്കും മനുഷ്യരുടെ എല്ലാ അറിവുകളും സ്വതന്ത്രമായി ലഭ്യമാകുന്ന ഒരു സ്ഥിതിയെ കുറിച്ചു് ചിന്തിക്കൂ", ഇത്തരമൊരു ആഹ്വാനത്തോടുകൂടി ജിമ്മി വെയിൽസും കൂട്ടരും തുടക്കമിട്ട പദ്ധതിയാണു് വിക്കിപീഡിയ. ലോകത്തിലെ എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂർണവുമായ വിജ്ഞാനകോശം നിർമ്മിക്കുവാനുള്ള ഒരു കൂട്ടായ സംരംഭം. സന്നദ്ധമായി പ്രവർത്തിക്കുന്ന ലോകമാകെ വ്യാപിച്ചു് കിടക്കുന്ന സ്വതന്ത്ര വിജ്ഞാനപ്രവർത്തകർ, വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെ പ്രാവർത്തികമാക്കിയ ഒരു വലിയ സംരംഭം. അതാണ് ഇന്ന് വിക്കിപീഡിയ. ആർക്കും എഴുതിച്ചേർക്കാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രചാരകനായ റിച്ചാർഡ് സ്റ്റാൾമാൻ 1999-ൽ മുന്നോട്ടു വച്ചിരുന്നു. ആ ആശയത്തിനെ പ്രാവർത്തികമാക്കാനുള്ള ആദ്യശ്രമം റിക്ക് ഗേറ്റ്സിന്റെ ഇന്റർപീഡിയ ആയിരുന്നു. എന്നാൽ അത്‌ ആസൂത്രണ ഘട്ടം കഴിഞ്ഞ് അധികം മുന്നോട്ടുപോയില്ല. ഒരോ വിഷയങ്ങളിലേയും വിദഗ്ദരുടെ ലേഖനങ്ങൾക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ന്യൂപീഡിയ ആയിരുന്നു അടുത്തത്‌. ജിമ്മി വെയിൽസും സഹായി ലാരി സാങറും ആയിരുന്നു അതിന്റെ ശിൽപ്പികൾ. ന്യൂപീഡിയക്കു് മറ്റുള്ളവയോടു കിടപിടിക്കാവുന്ന ഗുണമേന്മയും, ഒന്നാന്തരം ലേഖകരും ഉണ്ടായിരുന്നു. പക്ഷെ ലേഖനങ്ങൾ എഴുതപ്പെടുന്നത്‌ വളരെ പതുക്കെ ആയിരുന്നു. 2000-ൽ ന്യൂപീഡിയ സ്ഥാപകൻ ആയിരുന്ന ജിമ്മി വെയിൽസും അവിടുത്തെ ജോലിക്കാരനായിരുന്ന ലാറി സാങറും ന്യൂപീഡിയക്ക്‌ ഒരു അനുബന്ധ പ്രസ്ഥാനം തുടങ്ങുന്നതിനെ കുറിച്ച്‌ ഏറെ ആലോചിച്ചു. ഈ ആലോചനയിൽ നിന്നാണ് വിക്കിപീഡിയ പിറന്നത്.


മീഡിയവിക്കി

സാധാരണഗതിയിൽ ഇന്റർനെറ്റിലെ ഏതെങ്കിലുമൊരു താളിൽ എന്തെങ്കിലും എഴുതിച്ചേർക്കണമെങ്കിൽ മികച്ച സാങ്കേതിക പരിജ്ഞാനവും ആ താളിന്റെ ഉടമസ്ഥരുടെ സമ്മതവും വേണം. അത്തരം നിയന്ത്രണങ്ങളൊന്നുമില്ലാതെ ആർക്കും (സാങ്കേതിക പരിജ്ഞാനം വളരെയൊന്നും ഇല്ലാത്ത ഒരു സാധാരണ വെബ്ബു് ഉപയോക്താവിനു പോലും) വിവരങ്ങൾ കൂട്ടിച്ചേർക്കാനും, നീക്കം ചെയ്യാനും, മാറ്റം വരുത്താനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും നൽകുന്ന ഒരു സോഫ്റ്റ്‌വെയർ സം‌വിധാനമാണു് വിക്കി. വളരെ എളുപ്പത്തിൽ വിവരങ്ങൾ ചേർക്കാം എന്നതിനാൽ കൂട്ടായ്മയിലൂടെ രചനകൾ നടത്താനുള്ള മികച്ച ഉപാധിയാണു് വിക്കി സോഫ്റ്റ്‌വെയർ. ചുരുക്കത്തിൽ, ഒരേ സമയം ഗുണദാതാവായും ഉപയോക്താവായും ഏതൊരാൾക്കും പങ്കെടുക്കാനാവുന്ന ഒരു ഇന്റർനെറ്റ് സംവിധാനമാണു് വിക്കി. വാർഡ് കണ്ണിംഹാം (Ward Cunningham) എന്ന പോർട്ട്‌ലാൻഡുകാരനാണ് വിക്കി എന്ന ആശയത്തിനും, സോഫ്റ്റ്‌വെയറിനും അടിത്തറയിട്ടത്. 1994-ൽ അദ്ദേഹം വികസിപ്പിച്ചെടുത്ത വിക്കിവിക്കിവെബ് എന്ന സോഫ്റ്റ്‌വെയറാണു് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത്.

വിക്കിപീഡിയയുടെ വളർച്ച

വിക്കിപീഡിയ തുടങ്ങിയ കാലത്ത്‌ അത്തരത്തിൽ പല പദ്ധതികൾ രൂപംകൊണ്ടിരുന്നു. അവയിൽ പലതും ശൈശവദശയിൽ തന്നെ ഇല്ലാതായി. അതുകൊണ്ടുതന്നെ വിക്കിപീഡിയ ഒരു മഹാപ്രസ്ഥാനമായി മാറുമെന്നു് കുറച്ചുപേർ മാത്രമേ കരുതിയിരുന്നുള്ളു. അതിശയമെന്നു പറയട്ടെ, ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെയും കടത്തി വെട്ടിയ വിക്കിപീഡിയ, കാലാന്തരത്തിൽ തനതുവ്യക്തിത്വമുള്ള സ്വതന്ത്രവിജ്ഞാനകോശമായി മാറി. ഇന്നു് സ്വതന്ത്രവിജ്ഞാനകോശം എന്നതിന്റെ മറുവാക്കായ വിക്കിപീഡിയ ലോകത്തിലെ എറ്റവും വിപുലവും ഗുണമേന്മയുള്ളതുമായ വിജ്ഞാനകോശമായി മാറിക്കഴിഞ്ഞു. 2001 മെയ്‌ -ൽ ഇംഗ്ലീഷ്‌ ഇതര വിക്കിപീഡിയകൾ ആദ്യമായി പുറത്തിറങ്ങി( കാറ്റലൻ, ചൈനീസ്‌, ഡച്ച്‌, ജെർമൻ, എസ്പരാന്റോ, ഫ്രെഞ്ച്‌, ഹീബ്രും, ഇറ്റാലിയൻ, ജാപ്പനീസ്‌, പോർറ്റുഗീസ്‌,റഷ്യൻ, സ്പാനിഷ്‌, സ്വീഡിഷ്‌ മുതലായ ഭാഷകളിൽ, സെപ്റ്റംബർ 4-നു് അറബിയും, ഹൻഗേറിയനും കൂടെ ചേർന്നു). 2002 ഡിസംബർ 21 മുതലാണു് മലയാളം വിക്കിപീഡിയയിൽ തിരുത്തലുകൾ വന്ന് തുടങ്ങിയത്.

വിക്കിപീഡിയ തുടങ്ങിയ ആദ്യത്തെ ഒരു വർഷത്തിൽ ഒരു ഇന്ത്യൻ ഭാഷയിൽ പോലും വിക്കിയിൽ സമൂഹം രൂപം കൊണ്ടില്ല. ഈ വഴിക്കുള്ള ആദ്യത്തെ ശ്രമം ഉണ്ടായതു് 2002 ജൂൺ മാസത്തിൽ പഞ്ചാബി, അസ്സാമീസ്, നേപ്പാളി ഭാഷകളിലുള്ള വിക്കിപീഡിയകളിൽ തിരുത്തലുകൾ ആരംഭിച്ചപ്പോഴാണു്. ഈ മൂന്നു് ഇന്ത്യൻ ഭാഷകൾക്കു് ശേഷം 2002 ഡിസംബർ 21നാണു് മലയാളം വിക്കിപീഡിയയിൽ മലയാളി വിക്കിസമൂഹം വരികയും തിരുത്തലുകൾ നടക്കാൻ തുടങ്ങുകയും ചെയ്തത്. ക്രമേണ 2003-ഫെബ്രുവരിയിൽ ഭോജ്പൂരി, 2003 മെയിൽ മറാഠി, 2003 ജൂണിൽ കന്നഡ, 2003 ജൂലൈയിൽ ഹിന്ദി, 2003 സെപ്തംബറിൽ തമിഴ്, 2003 ഡിസംബറിൽ തെലുഗ്, ഗുജറാത്തി, 2004 ജനുവരിയിൽ ബംഗാളി എന്നിങ്ങനെ വിവിധ ഇന്ത്യൻ ഭാഷകളിൽ ഉള്ള വിക്കിപീഡിയകളിൽ തിരുത്തൽ ആരംഭിച്ചു.

നിലവിൽ 285-ൽ കൂടുതൽ ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്. ഇല്ലാതായി കൊണ്ടിരുന്ന പല ഭാഷകളും ലിപികളും വിക്കിപീഡിയയുടെ പ്രവർത്തനങ്ങളിലൂടെ പുനർജീവിച്ചു കൊണ്ടിരിക്കുകയുമാണ്. മുപ്പത്തൊൻപത് ലക്ഷത്തിലധികം ലേഖനങ്ങളുള്ള വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പാണ് ഈ സംരംഭത്തിൽ ഏറ്റവും വലുത്. ആദ്യവർഷത്തിൽ തന്നെ ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇരുപതിനായിരം കവിയുകയുണ്ടായി.

ലാഭേച്ഛരഹിത സ്ഥാപനമായ വിക്കിമീഡിയ ഫൗണ്ടേഷനാണു് (http://wikimediafoundation.org) ഇപ്പോൾ വിക്കിപീഡിയയെ നിയന്ത്രിക്കുന്നത്‌.

മലയാളം വിക്കിപീഡിയ

2002 ഡിസംബർ 21-നു് അമേരിക്കൻ സർവ്വകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ വിനോദ് മേനോൻ എം. പി യാണ് 2002 ഡിസംബർ 21നു് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്ത് ആദ്യമായി ലേഖനങ്ങൾ നിർമ്മിച്ചുതുടങ്ങിയ മലയാളി. അന്ന് തന്നെയാണ് ml.wikipedia.org എന്ന വിലാസത്തിലേക്ക് മലയാളം വിക്കിപീഡിയ ലഭ്യമായിത്തുടങ്ങിയത്. 2004 ജൂലായ് മാസം വരെ മലയാളം വിക്കിപീഡിയയിൽ രെജിസ്റ്റർ ചെയ്ത ആകെ ഉപയോക്താക്കളുടെ എണ്ണം (അന്താരാഷ്ട്രവിക്കിസംരംഭങ്ങളിൽ പ്രവർത്തിച്ചിരുന്ന മലയാളികളല്ലാത്ത ആളുകളുൾപ്പെടെ ) വെറും 28 ആയിരുന്നു. പേരു രെജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇവരിൽത്തന്നെ പലരും ലേഖനങ്ങൾ എഴുതുകയോ തിരുത്തുകയോ ചെയ്തിരുന്നില്ല. നൂറോളം ലേഖനങ്ങളാണു് ആ വർഷം കഴിയുമ്പോൾ മലയാളം വിക്കിപീഡിയയിൽ ആകെ എഴുതപ്പെട്ടിരുന്നതു്. മലയാളം കമ്പ്യൂട്ടറിലുപയോഗിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു പലപ്പോഴും വളർച്ചയെ തടഞ്ഞിരുന്നത്. എന്നാൽ മലയാളം യുണികോഡ് ലിപിസഞ്ചയവും ഇംഗ്ലീഷ്-മലയാളം ലിപ്യന്തര രീതിയും ഇന്റർനെറ്റിൽ പ്രചരിച്ചതോടെ സാധാരണ ഉപയോക്താക്കൾക്കു് കമ്പ്യൂട്ടറിലെ മലയാളം ഉപയോഗം സുഗമമായിത്തുടങ്ങി. യൂണീക്കോഡ് മലയാളം ഉപയോഗിച്ചു് ഗൾഫ് നാടുകളിലും, അമേരിക്കൻ ഐക്യനാടുകളിലും, മറ്റു് മറുനാടുകളിലും ഉള്ള അനേക മലയാളികൾ മലയാളത്തിൽ ബ്ലോഗു് ചെയ്യുവാൻ തുടങ്ങി. മുഖ്യമായും ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ് അനായാസം പഠിച്ചെടുത്ത ഇവരിൽ പലരുടേയും ശ്രദ്ധ ക്രമേണ വിക്കിപീഡിയയിലേക്കു് തിരിഞ്ഞു. എഴുത്തുമലയാളം യൂണിക്കോഡ് സാർവത്രികമായി ഉപയോഗിക്കുവാൻ തുടങ്ങിയതോടെ മലയാളം വിക്കിപീഡിയയും സജീവമായി. 2005 മദ്ധ്യത്തോടെ ധാരാളം പുതിയ അംഗങ്ങളെത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാൾ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങൾ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറിൽ മലയാളം വിക്കിപീഡിയയ്ക്കു് ആദ്യത്തെ സിസോപ്പിനെ ലഭിച്ചു. ഇതോടെ സാങ്കേതിക കാര്യങ്ങളിൽ മെറ്റാവിക്കിയിലെ പ്രവർത്തകരെ ആശ്രയിക്കാതെ മലയാളം വിക്കിപീഡിയക്കു് നിലനിൽക്കാം എന്ന സ്ഥിതിയായി. തുടർന്നുള്ള മാസങ്ങളിൽ അംഗങ്ങൾ വിക്കിപീഡിയയെക്കുറിച്ച് ഇന്റർനെറ്റ് വഴിയും അല്ലാതെയും സ്വന്തം നിലയിൽ പ്രചരണം തുടങ്ങി. വിക്കിപീഡിയയിൽ എഴുതുന്നതിനെ സഹായിക്കാനും ലേഖനങ്ങൾ സമ്പുഷ്ടമാക്കാനും മാത്രം ലക്ഷ്യമാക്കി ബ്ലോഗുകളും ഈ-ഗ്രൂപ്പുകളും ഉണ്ടായി.

വിക്കിപീഡിയയിൽ മലയാളമെഴുതാൻ

ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള എഴുത്തുപകരണങ്ങൾ

ഗ്നു/ലിനക്സ്, വിൻഡോസ് തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലുള്ള ഭാഷാപിന്തുണ ഉപയോഗിച്ച് ഇൻസ്ക്രിപ്റ്റ് രീതിയിലോ ലിപ്യന്തരണരീതിയിലോ വിക്കിയിൽ യുണിക്കോഡിൽ മലയാളം എഴുതാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മലയാളം കമ്പ്യൂട്ടിങ് എന്ന ഭാഗം നോക്കുമല്ലോ.

വിക്കിപീഡിയയിലെ എഴുത്തുപകരണം

മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ മലയാളം ടൈപ്പ്ചെയ്യുന്നതിനുള്ള സൗകര്യം നിലവിൽ വിക്കിപീഡിയയിൽ ചേർത്തിട്ടുണ്ട്. മീഡിയവിക്കി സോഫ്റ്റ്‌വെയറിനു വേണ്ടിയുള്ള നാരായം എന്ന ചേർപ്പുപയോഗിച്ചാണ് ഇത് സാധിച്ചിരിക്കുന്നത്. ഇംഗ്ലീഷ് കീബോർഡിലെ ചിഹ്നങ്ങളുപയോഗിച്ച് മലയാള ഭാഷാ അക്ഷരങ്ങളും ചിഹ്നങ്ങളും ടൈപ്പ് ചെയ്യുന്ന ലിപിമാറ്റ സമ്പ്രദായവും ഇംഗ്ലീഷ് ടൈപ്പ് ചെയ്യുന്ന അതേ രീതിയിൽ ഒരോ ചിഹ്നത്തിനും പ്രത്യേകം കീ ഉപയോഗിച്ചുള്ള ഇൻസ്ക്രിപ്റ്റ് രീതിയും ഇതിലുണ്ടു്. സാധ്യമാണു്

ബ്ലോഗ്/സോഷ്യൽനെറ്റ്‌വർക്ക് സൈറ്റുകൾ

സ്വതന്ത്രസോഫ്റ്റ്‌വെയർ

ഐ.ടി. നിയമങ്ങൾ

"https://wiki.kssp.in/index.php?title=ഐ_ടി_പരിശീലനപ്പുസ്തകം&oldid=2581" എന്ന താളിൽനിന്ന് ശേഖരിച്ചത്