ചർച്ചാവേദി-വായനാദിന പരിപാടി.

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
16:01, 20 ജൂൺ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jyothitagore (സംവാദം | സംഭാവനകൾ)

വായനാദിനം‌-ഓർക്കുന്നു കേരളം ആ വലിയ മനുഷ്യനെ.....

കോട്ടയം ജില്ലയിൽ നീലമ്പേരൂരിൽ 1909 മാർച്ച് 1ന് പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ.പണിക്കർ ജനിച്ചു. അദ്ധ്യാപകനായിരുന്നു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ ,കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിന് നൽകി.

1926 ൽ,തന്റെ ജന്മനാട്ടിൽ സനാതനധർമ്മം എന്ന വായനശാല സ്ഥാപിച്ചുകൊണ്ട് അദ്ദേഹം തുടക്കമിട്ട പ്രവർത്തനങ്ങളാണ് കേരള ഗ്രന്ഥശാലാസംഘം എന്ന ആശയത്തിലേക്ക് കേരളത്തെ നയിച്ചത്.ഗ്രന്ഥശാലാസംഘത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു.ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട്,കേരളസംസ്ഥാന ലൈബ്രറീസ് ആക്റ്റ്;നിയമസഭ അംഗീകരിച്ചതോടെ അദ്ദേഹം പകർന്നു നൽകിയ വലിയൊരു സ്വപ്നം കേരളത്തെ മുന്നോട്ട് നയിക്കുന്ന ശക്തിയായി മാറുകയായിരുന്നു.

ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർസാർ എന്ന് വിളിക്കുന്ന അദ്ദേഹം നിർഭാഗ്യവശാൽ (ചില രാഷ്ട്രീയസാഹചര്യങ്ങളിൽപ്പെട്ട്) ഗ്രന്ഥശാലാസംഘത്തിൽ നിന്നു വിട്ടു പോകുകയും, മറ്റൊരു പ്രസ്ഥാനം (കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി) രൂപീകരിക്കുകയും ചെയ്തു. 1995 ജൂൺ 19 ന് അന്തരിച്ചു.അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായും,തുടർന്ന് ഒരാഴ്ച്ചക്കാലം വായനാവാരം ആയും ആചരിക്കുന്നു.


സ്നേഹാദരവോടെ കേരളം.

വിഞ്ജാനവ്യാപനത്തിനായി ഉഴിഞ്ഞു വച്ച പണിക്കർ സാറിന്റെ ജീവിതം സന്നദ്ധപ്രവർത്തനത്തിന് പുതിയ മാതൃക സൃഷ്ടിച്ചു.അക്ഷരങ്ങളുടെ പ്രഹരശേഷിക്ക് സംഘബോധത്തിന്റെ ചേതന പകർന്നു കിട്ടിയ ആ നാളുകളിലൂടെയാണ് കേരളം ഒരു ആധുനിക സമൂഹമായി പരിവർത്തനം നേടിയത്.അതുകൊണ്ട് തന്നെ അദ്ദേഹത്തെ സ്മരിക്കുമ്പോൾ ,ജൂൺ 19,കേരള നവോത്ഥാനത്തിന്റെ പുനർവായനയ്ക്ക് കൂടി അവസരം തരുന്നുണ്ട്.കേരളത്തിലെ സ്കൂളുകളും വായനശാലകളും മറ്റ് സംഘടനകളും വിവിധ പരിപാടികളോടെ,വായനാദിനം ആചരിക്കുന്നു.