തൃശ്ശൂർ
ഇതൊരു കവാടമായി (Portal) സജ്ജീകരിക്കാനുദ്ദേശിക്കുന്ന താളാണ്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ കമ്മിറ്റി | |
---|---|
പ്രസിഡന്റ് | ജയ കെ. എസ് |
സെക്രട്ടറി | ടി. സത്യനാരായണൻ |
ട്രഷറർ | ടി.എ. ഷിഹാബുദ്ധീൻ. |
സ്ഥാപിത വർഷം | {{{foundation}}} |
ഭവൻ വിലാസം | പരിഷത് ഭവൻ,
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഗുരുവായൂർ റോഡ്, തൃശ്ശൂർ 680004 |
ഫോൺ | 0487 2381344 |
' | [email protected]. |
ബ്ലോഗ് | ......................... |
മേഖലാകമ്മറ്റികൾ | 15 |
ഇതിൽ വരേണ്ടുന്ന ചില സംഗതികൾ ഇവിടെ കുറിക്കുന്നു. ഇനിയും വേണ്ടവ കൂട്ടിച്ചേർക്കുമല്ലോ...
ജില്ലയുടെ പൊതുവിവരണം/ആമുഖം
ജില്ലാകമ്മറ്റിയുടെ വിവരങ്ങൾ
ജില്ലാഭവന്റെ വിലാസം
പരിഷത് ഭവൻ,
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഗുരുവായൂർ റോഡ്, തൃശ്ശൂർ 680004
ഫോൺ- 0487 2381344
ജില്ലയിലെ മേഖലാകമ്മറ്റികളുടെ പട്ടിക
ജില്ലയിലെ യൂണിറ്റ് കമ്മറ്റികളുടെ പട്ടിക
ചാലക്കുടി മേഖല
ജില്ലയിലെ പ്രധാന പരിപാടികൾ
- പൊതുവിദ്യാഭ്യാസ വകുപ്പും തൃശ്ശൂർ ജില്ലാ പഞ്ചായത്തും ആയി സഹകരിച്ച് എല്ലാവർഷവും സ്കൂളുകളിൽ വിജ്ഞാനോൽസവം നടത്തിവരുന്നു
- ശാസ്ത്രകലാജാഥ
- നവകേരളോൽസവം
- ടോൾ വിരുദ്ധ കാമ്പയിൻ
- കാതിക്കുടം
ജില്ലയിലെ പരിഷത്തിന്റെ ചരിത്രം
തൃശ്ശൂർ ജില്ലാ വാർഷികം 2014
2014 ലെ തൃശ്ശൂർ ജില്ലാ വാർഷികം ഇരിങ്ങാലക്കുട എസ് എൻ ഹയർസെക്കന്ററി സ്ക്കൂളിൽ വച്ചു നടന്നു. ഉദ്ഘാടന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ ആദ്ധ്യക്ഷ്യം വഹിച്ചു. ഡോ. ഖദീജ മുംതാസാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സ്ത്രീത്വത്തെ മാനിക്കുന്ന പുതിയ രാഷ്ട്രീയ പാർട്ടികൾ ഉയർന്നുവരണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. കേരള വികസനം കോൺഗ്രസ്സിൽ നിന്നും മുന്നോട്ട് എന്ന വിഷയത്തിൽ സി.എ. അജില പഠനരേഖ അവതരിപ്പിച്ചു ജില്ലാ സെക്രട്ടറി ഡോ. കെ. പ്രദീപ്കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രൊഫ. എം.കെ. ചന്ദ്രൻ, ടി.ഐ. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. വിവരസാങ്കേതികവിദ്യയെ കുറിച്ച് രഞ്ജിത്ത് സിജി അവതരണം നടത്തി. പ്രതിനിധി സമ്മേളനത്തിൽ ജില്ലാപ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു.
അദ്ധ്യക്ഷപ്രസംഗം
കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ 51-ാം വാർഷിക സമ്മേളനം മെയ് 9,10,11 തീയതികളിലായി കാസർഗോഡ് വച്ച് നടക്കുകയാണ്. അതിന്റെ മുന്നോടിയായി നടക്കുന്ന തൃശ്ശൂർ ജില്ലാസമ്മേളനത്തിന് എത്തിച്ചേർന്ന മുഴുവൻ പരിഷത്ത് പ്രവർത്തകരെയും സ്‌നേഹപൂർവ്വം അഭിവാദ്യം ചെയ്യുന്നു. ശാസ്‌ത്രവും സാങ്കേതികവിദ്യയും ദ്രുതഗതിയിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്. ശാസ്‌ത്രസാങ്കേതികവിദ്യയിലുണ്ടായിക്കൊണ്ടിരിക്കുന്ന വികാസം നമ്മുടെ ചുറ്റുപാടുകളെ കണ്ണുചിമ്മുന്ന വേഗത്തിൽ മാറ്റി മറിക്കുന്നു. മാറ്റം ദൃശ്യമാകുന്നത് പണമുള്ളവരുടെ ഭൗതിക ജീവിതസാഹചര്യത്തിലാണെന്നുമാത്രം. സമ്പത്തിലും ലാഭത്തിലും ഊന്നിയിട്ടുള്ള വികസനപ്രക്രിയ മനുഷ്യന്റെ യുക്തിചിന്തക്കും ശാസ്‌ത്രബോധത്തിനും മേലെ ഒരു വിശ്വാസംപോലെ മുന്നേറുകയാണ്. ``വിശ്വാസം, അതല്ലേ എല്ലാം എന്ന പരസ്യവാക്യം നമ്മുടെ ജീവിതവ്യവഹാരരംഗങ്ങളിലെല്ലാം യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നു. ചോദ്യം ചെയ്യുക, അന്വേഷിക്കുക, വിശകലനം ചെയ്യുക, കാര്യകാരണബന്ധം ബോധ്യപ്പെട്ട് നിഗമനങ്ങളിൽ എത്തിച്ചേരുക- അതാണല്ലോ ശാസ്‌ത്രത്തിന്റെ രീതി. ശാസ്‌ത്രവും സാങ്കേതികവിദ്യയും വികസിക്കുകയും ജനങ്ങൾ വിദ്യാസമ്പന്നരാകുകയും ചെയ്യുമ്പോൾ ശാസ്‌ത്രത്തിന്റെ രീതി ഉപയോഗിച്ചുകൊണ്ടുള്ള ജീവിതവികാസം സാധ്യമാകുമെന്നാണ് നമ്മൾ കരുതിയത്. എന്നാൽ ശാസ്‌ത്രസാങ്കേതികവിദ്യയുടെ വികാസത്തേക്കാൾ ഒരുപടി മുന്നിലാണ് വിശ്വാസവും അയുക്തിക സമീപനങ്ങളും വളർന്നുവരുന്നത്. ഹോജോ കഥയാണ് ഇവിടെ ഓർമവരുന്നത്. വിശന്നുവലഞ്ഞുസഞ്ചാരിയുടെ ശല്യമൊഴിവാക്കുന്നതിനായി രാജാവ് സൗജന്യമായി ബിരിയാണി കൊടുക്കുന്നുണ്ടെന്ന് നുണ പറഞ്ഞ് സുഖമായി കിടന്നുറങ്ങിയ ഹോജോ ഉണർന്നെണീറ്റപ്പോൾ കണ്ടത് അയാൾ പറഞ്ഞ വഴിയിലൂടെ ധാരാളം ആളുകൾ പോകുന്നതാണ്. അവരോട് എങ്ങോട്ട് പോകുന്നു എന്ന് അന്വേഷിച്ചപ്പോൾ ``രാജാവ് സൗജന്യമായി ബിരിയാണി കൊടുക്കുന്നുണ്ട്, പോരുന്നുവോ? എന്നായിരുന്നു മറുപടി. സന്ധ്യയായിട്ടും ആളുകളുടെ ഒഴുക്ക് നിലക്കാതായപ്പോൾ സത്യത്തിൽ രാജാവ് ബിരിയാണി കൊടുക്കുന്നുണ്ടാകുമോ എന്നുകരുതി ഹോജോയും അവരുടെ പിന്നാലെ പോയി എന്നാണ് കഥ. ആൾദൈവങ്ങളുടെയും ധ്യാനകേന്ദ്രങ്ങളുടെയും അടുത്തേക്ക് പരസ്യപ്രചാരവേലകളിലൂടെ പതിനായിരങ്ങളൊഴുകുമ്പോൾ ``എന്തിനു പോകണം ?, എന്തുകൊണ്ട് പോകണം ?, അവിടെ നിന്ന് ലഭിക്കുന്ന സന്തോഷത്തിന്റെ ശാസ്‌ത്രീയ കാരണമെന്ത്? മനസ്സാണോ അമാനുഷികതയാണോ നമ്മളെ നയിക്കുന്നത്? എന്ന് അന്വേഷിക്കാൻ പോലും ശാസ്‌ത്രത്തിന്റെയും ശാസ്‌ത്രസാങ്കേതികവിദ്യയുടെയും വികാസത്തിന് കഴിയുന്നില്ല. ധനാകർഷണയന്ത്രവും, വശ്യാകർഷണഏലസ്സും, മുസലി പവർ എക്‌സട്രായും, മുഖകാന്തിക്കുള്ള നൂറ് നൂറ് ക്രീമുകളും, കുടുംബക്ഷേത്രങ്ങളും, ആഘോഷങ്ങളും, വർധിച്ചുവരുന്ന പൊങ്കാല ഉത്സവങ്ങളും, അക്ഷയതൃതീയയുടെ പേരിൽ നടക്കുന്ന വ്യാപാര മഹോത്സവങ്ങളും വലിയ കച്ചവട സാധ്യതകളായി മാറുന്നത് ഏറ്റവും കൂടുതൽ ശാസ്‌ത്രസാങ്കേതികവിദ്യാഭ്യാസം നേടിയ കേരളത്തിലാണെന്ന് മനസ്സിലാക്കുമ്പോൾ വിദ്യാഭ്യാസവും ശാസ്‌ത്രസാങ്കേതികവിദ്യയും ലഭ്യമായതുകൊണ്ട് മാത്രം ഒരാൾ ശാസ്‌ത്രീയ മനോഭാവം ഉള്ളവനാകണമെന്നില്ല എന്ന് നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. വിശ്വാസത്തിന്റെ മനോവൃത്തി, മതത്തിന്റെ മനോവൃത്തി, കച്ചവടത്തിന്റെ മനോവൃത്തി എന്നിവക്ക് ഒരേ സ്വഭാവമാണ് ഉള്ളത്. കൊടികെട്ടിയ ആഭരണക്കടയിലെ സ്വർണം നല്ലതാണെന്ന് വിശ്വസിച്ചാൽമതി, ചിന്തിക്കേണ്ടതില്ല. കോംപ്ലാൻ കുടിച്ചാൽ ഉയരവും തൂക്കവും കൂടുമെന്ന് വിശ്വസിച്ചാൽമതി, അതിന് എത്രമാത്രം ശാസ്‌ത്രസമ്മിതി ഉണ്ടെന്ന് അന്വേഷിക്കേണ്ടതില്ല. ഇതുപോലെത്തന്നെയാണ് മതത്തിന്റെ മനോവൃത്തിയും. എല്ലാ ദിവസവും ആരാധനാലയങ്ങളിൽ ചെന്നു പ്രാർഥിച്ചാൽ, വിവിധങ്ങളായ വഴിപാടുകൾ നടത്തിയാൽ, ദൈവത്തിന്റെ ഇടനിലക്കാരുടെ ശുപാർശകൾക്കനുസരിച്ച് പ്രവർത്തിച്ചാൽ, സർവ്വവിധ ഐശ്വര്യങ്ങളും ഉണ്ടാകും; എന്നിട്ടും എന്തെങ്കിലും സംഭവിച്ചാൽ വിധിയെന്നല്ലാതെ എന്തുപറയാൻ.. ഇത്തരം വിശ്വാസങ്ങളെ മനുഷ്യൻ ഊന്നുവടിയാക്കുന്നതോടെ, മനസ്സ് അത്തരത്തിൽ പാകപ്പെടുന്നതോടെ സാമ്പത്തിക വികസനത്തിനൊപ്പം വിശ്വാസപ്രസ്ഥാനങ്ങളും അഭിവൃദ്ധിപ്പെടും. അവരുടെ ആസ്‌തിയും ശേഷിയും വർധിക്കും. അതുകൊണ്ടുതന്നെയാണ് മതത്തെ തൊട്ടുകളിക്കുന്നതിലും നല്ലത് മതത്തെ തൊട്ടുനിൽക്കുന്നതാണെന്ന് രാഷ്‌ട്രീയ സാമൂഹികപ്രസ്ഥാനങ്ങൾക്ക് തോന്നുന്നത്. കച്ചവട മനോവൃത്തിയും വിശ്വാസം പോലെത്തന്നെയാണ്. ഏറ്റവും വിലകൂടിയ കാർ സ്വന്തമാക്കിയാൽ ഏറ്റവും അന്തസ്സുള്ളവനാകും. വീടിന്റെ വലുപ്പം അന്തസ്സിന്റെ പ്രതീകമാണ്. ഏറ്റവും വില കൂടിയ ഗൂഗിൾ കണ്ണട സ്വന്തമാക്കിയ ആൾ ആരാധ്യനാണ്. അവനവനാത്മസസുഖത്തിന്നാചാരിക്കുന്നവ അപരന്റെ സുഖത്തിന്നായ് വരേണം എന്ന് കച്ചവട മനോവൃത്തി ആഗ്രഹിക്കുന്നില്ല. പശ്ചിമഘട്ടത്തിൽ ജീവിക്കേണ്ടി വന്നു എന്നതുകൊണ്ട് മാത്രം വലിയ കെട്ടിടസമുച്ചയങ്ങളും പാറമടകളും കൺവെൻഷൻ സെന്ററുകളും വേണ്ടെന്ന് വയ്‌ക്കാനാകുമോ എന്നും, മറ്റുള്ളവരുടെ സുഖസൗകര്യങ്ങൾ ഞങ്ങൾക്ക് നിഷേധിക്കുന്നത് ന്യായമാണോ എന്നും മതനേതൃത്വം ചോദിക്കുന്നതിനുള്ള കാരണവും ഇതുതന്നെയാണ്. കച്ചവട മനോവൃത്തി ഒരു രാഷ്‌ട്രത്തിന്റെ ചോദ്യം ചെയ്യപ്പെടാനാകാത്ത നയസമീപനമായ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഈ മനോവൃത്തിയിൽ നിന്നുകൊണ്ടാണ് വികസനത്തെ സിദ്ധാന്തിക്കുന്നതും വിശകലം ചെയ്യുന്നതും. അതുകൊണ്ട് മനുഷ്യന്റെ ആവശ്യങ്ങളും സുസ്ഥിരവികസന കാഴ്‌ചപ്പാടുകളും അത് നടപ്പാക്കുന്നതിനു വേണ്ടിയുള്ള തന്ത്രങ്ങളും അന്വേഷിക്കാനോ നടപ്പിലാക്കാനോ ശ്രമിക്കേണ്ടതില്ല എന്നതാണ് പുതിയ കാലത്തെ രാഷ്‌ട്രതന്ത്രജ്ഞത വെളിവാക്കുന്നത്. പണം ഇരട്ടിപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുക, പിന്നെയൊക്കെ നടന്നുകൊള്ളും. തെളിച്ചവഴിയെ നടക്കണമെന്ന് ശഠിക്കേണ്ട. നടന്നവഴിയെ തെളിച്ചാൽ മതി. അതുകൊണ്ട് കമ്പോളത്തിന്റെ വഴിയിലൂടെ ജനങ്ങളെ തെളിച്ചുകൊണ്ടിരിക്കുകയാണ്. ഈ മനോവൃത്തി ദൃഢപ്പെടുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് ചുറ്റുപാടും നടക്കുന്നുകൊണ്ടിരിക്കുന്നത്. ദാരിദ്ര്യത്തെ ഇല്ലാതാക്കാനും നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനും ഈ തന്ത്രം സ്വീകരിച്ച സർക്കാറിന്റെ മാന്ത്രികവടിക്കായില്ലെങ്കിലും കഴിഞ്ഞ 20 വർഷത്തിനിടയിൽ സമ്പന്ന ദരിദ്ര വിടവ് നികത്താനാവാത്തവിധം വർധിപ്പിക്കാനും ലോകത്തിലെ അതിസമ്പന്നരും അതിദരിദ്രരും ഉള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റാനും ആ മാന്ത്രികവടിക്ക് കഴിഞ്ഞു. ലോകത്തിലെ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ. കേവല ദാരിദ്ര്യം നേരിടുന്ന ഏറ്റവും കൂടുതൽ ജനങ്ങളുള്ള രാജ്യവും ഇന്ത്യതന്നെ. 2011ല സെൻസസ് റിപ്പോർട്ട് ഈ അവസ്ഥയുടെ ഒരു നേർക്കാഴ്‌ചയാണ് നമുക്ക് കാട്ടിത്തരുന്നത്. പകുതിയിലധികം ഇന്ത്യക്കാർക്കും വീട്ടിൽ കക്കൂസ് ഇല്ലെങ്കിലും 63% വീടുകളിലും ടെലിഫോൺ ഉണ്ട്. 53.2% ഭാരതീയഗൃഹങ്ങളിലും മൊബൈൽഫോൺ ഉണ്ടെന്നതും സത്യം! എന്നാൽ 32% ഇന്ത്യൻ വീടുകളിൽ മാത്രമാണ് ശുദ്ധജലം ലഭ്യമായിട്ടുള്ളത്. 24,66,98,667 വീടുകളാണത്രെ, 2011ലെ സെൻസസ് കണക്കുപ്രകാരം രാജ്യത്തുള്ളത്. അതിൽ 37.1% ഏകമുറിയുള്ള `വീടു'കളാണെന്ന് കണക്കെടുപ്പിൽ വ്യക്തമാവുന്നു. 39.4% ഗ്രാമീണഭവനങ്ങളും 32.1% നഗരഗൃഹങ്ങളും ഒറ്റമുറിയുള്ള ആവാസസ്ഥാനങ്ങളാണുപോലും! 49% വീടുകളിലും വിറകടുപ്പുകൾകൊണ്ട് പാചകം ചെയ്യുമ്പോഴും 47% ഗൃഹങ്ങളിലും ടെലിവിഷനുണ്ട്. 47% വീടുകൾക്ക് കക്കൂസുണ്ടെന്ന് കണക്കുകൾ പറയുമ്പോൾ, അതിൽ പൈപ്പുവെള്ളം ലഭ്യമായിട്ടുള്ളവ കേവലം 11% മാത്രം. വെള്ളം ലഭ്യമല്ലാത്ത കക്കൂസുകൾ അതിൽ 49% ഉണ്ടത്രെ! 3.2% വീട്ടുകാർ പൊതുകക്കൂസ് ഉപയോഗിക്കുന്നവരുണ്ട്. പക്ഷേ, 49.8%വും മലവിസർജനം പൊതുസ്ഥലത്താണ് നിർവഹിക്കുന്നത്. 32% ഇന്ത്യൻ വീടുകളിൽ ശുദ്ധജലം ലഭിക്കുന്നുവെന്നാണ് സെൻസസ് കണക്കെടുപ്പ് പറയുന്നത്. എന്നാൽ 17% ഇന്ത്യക്കാർ അരക്കിലോമീറ്റർ അധികം ദൂരെപ്പോയിട്ടാണ് ശുദ്ധജലം ശേഖരിക്കുന്നതത്രെ! സ്വന്തം വീട്ടിൽ താമസിക്കുന്നവരായി 86.6% ഉണ്ടെങ്കിലും 37.1%വും ഒറ്റമുറിയിലാണ് ജീവിതം തള്ളിനീക്കുന്നത്. 7,88,65,937 നഗരവീടുകളിൽ 10.4%ത്തിനാണ് കമ്പ്യൂട്ടറുള്ളത്. ഇന്റർനെറ്റ് കണക്ഷനുള്ളവർ 8.3%വും. രാജ്യത്തെ ഗ്രാമീണവസതികളിൽ ഇത് യഥാക്രമം 4.4ഉം 0.7ഉം ശതമാനം ആണ്. ഗ്രാമീണരിൽ 11.4% ത്തിന് മാത്രമാണ് ഗ്യാസ്‌കണക്ഷനുള്ളത്. രാജ്യം മൊത്തമായെടുത്താൽ 8.5% ഗൃഹങ്ങളിൽ എൽപിജിയുണ്ട്. കാറോ ജീപ്പോ ഉള്ള വീട്ടുകാർ രാജ്യത്താകെ 4.7% മാത്രം. 21 ശതമാനത്തിന് ഇരുചക്രവാഹനങ്ങൾ ഉണ്ടെന്ന് സെൻസസ്‌രേഖകൾ വിശദീകരിക്കുന്നു. എന്നാൽ കേരളത്തിന്റെ സ്ഥിതി തികച്ചും വ്യത്യസ്‌തമാണ്. 2011ലെ സെൻസസ് പ്രകാരം 3,33,87,677 ആണ് നമ്മുടെ ജനസംഖ്യ. വീടുകളുടെ എണ്ണം 1,12,17,853 ഇതിൽ 11,89,144 വീടുകളിൽ ആൾപാർപ്പില്ല. 60% വീടുകളിലും നാലിൽ താഴെ അംഗങ്ങളാണ് താമസിക്കുന്നത്. 32.2% വീടുകളിലും 3 കിടപ്പുമുറികൾ ഉണ്ട്. 7.3% ആളുകൾ വാടകവീട്ടിലാണ് താമസം. 74.2% ആളുകൾക്കും സ്വന്തം ബാങ്ക് അക്കൗണ്ട് ഉണ്ട്. ജീവിതനിലവാരത്തിൽ കേരളവും ഇന്ത്യയും തമ്മിൽ യാതൊരു സാദൃശ്യവും ഇല്ല. അമേരിക്കൻ ധൂർത്തൻ ജീവിതശൈലി സ്വായത്തമാക്കിയ 10% പേരെങ്കിലും കേരളത്തിലുണ്ടെന്നാണ് കണക്ക്. വലിയ വിലപിടിപ്പുള്ള കാറുകൾ ഏറ്റവും കൂടുതൽ വാങ്ങുന്ന നാടാണ് കേരളം. സ്വർണം വാങ്ങുന്നതിലും കൺസ്യൂമർ ഉൽപന്നങ്ങൾ വാങ്ങുന്നതിലും ആളോഹരി മദ്യഉപഭോഗത്തിലും നമ്മൾ മുന്നിൽ നിൽക്കുന്നു. 50% പേരുടെ കയ്യിൽ ആവശ്യത്തിലധികം പണം വ്യവഹരിക്കപ്പെടുന്ന നാടാണ് നമ്മുടേത്. സർക്കാരിന്റെ കയ്യിൽ പണമില്ലെങ്കിൽ നാട്ടുകാരുടെ കയ്യിൽ പണമുണ്ട്. പക്ഷെ നമുക്ക് ഒട്ടുമില്ലാതെ പോകുന്നത് ചരിത്രബോധവും ശാസ്‌ത്രബോധവുമാണ്. നവോത്ഥാനപ്രസ്ഥാനത്തിന്റെയും പുരോഗമന രാഷ്‌ട്രീയപ്രസ്ഥാനങ്ങളുടെയും പ്രവർത്തനങ്ങളാണ് ഉയർന്ന വിദ്യാഭ്യാസവും, ഭൂപരിഷ്‌കരണവും നമുക്ക് നൽകിയതെന്ന കാര്യം നമ്മൾ മറന്നു. വിദ്യാഭ്യാസവും ഭൂപരിഷ്‌കരണവുമാണ് സാമ്പത്തിക വികാസത്തിന് നമ്മളെ കെൽപുള്ളവരാക്കി മാറ്റിയതെന്ന് നാം വിസ്‌മരിച്ചു. വ്യക്തിനേട്ടങ്ങളല്ല സാമൂഹിക നേട്ടങ്ങളാണ് സമഗ്രമാറ്റങ്ങൾ സൃഷ്‌ടിക്കുക എന്ന കാര്യവും നമ്മൾ മറന്നു. നവോത്ഥാനത്തിൽ നിന്ന് ശാസ്‌ത്രീയചിന്താഗതിയിലേക്ക് മാറുന്നതിന് പകരം കച്ചവടതന്ത്രങ്ങളിലേക്ക് മാറാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് നാം. "It Shall be the duty of every citizen of India to develop Scientific temper, humanism and the sprit of enquiry and reform എന്ന് 42-ാം ഭരണഘടനാ ഭേദഗതിയായി ഭരണഘടനയിൽ 1964ൽ എഴുതിച്ചേർത്ത രാജ്യമാണ് ഇന്ത്യ. ഈ ഭേദഗതിയും ഇപ്പോഴത്തെ ഇന്ത്യയേയും കേരളത്തെയെയും ഒന്ന് വിശകലനം ചെയ്‌ത് നോക്കാം. അന്ധവിശ്വാസങ്ങളുടെയും വിജ്ഞാനവിരുദ്ധ ചിന്താഗതിയുടെയും അതിശയകരമായ മുന്നേറ്റത്തിനാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് തൽക്ഷണ പരിഹാരങ്ങളും മാന്ത്രികപരിഹാരങ്ങളും ഉണ്ടെന്ന് വരുത്തിത്തീർക്കുവാൻ മാധ്യമങ്ങൾ വലിയതോതിൽ ഉപയോഗിക്കപ്പെടുന്നു. ആഡംഭരവും അമിതാഹാരവും ഭക്ഷ്യധൂർത്തും യുക്തിക്ക് നിരക്കാത്ത ആരോഗ്യപരിപാലന രീതികളും വർധിച്ചുവരുന്നു. സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ ദിവസംപ്രതി കൂടിവരികയാണ്. ഭീകരമായ അഴിമതിയും അധികാര ദുർവിനിയോഗവും സാമൂഹിക സാംസ്‌കാരിക ജീർണതയും വ്യാപകമായിക്കൊണ്ടിരിക്കുന്നു. ജനങ്ങളെ വർഗീയമായി ചേരിതിരിച്ച് ധനികപക്ഷനിലപാടുകൾ ശക്തമാക്കാനുള്ള ശ്രമങ്ങൾ രാജ്യത്താകമാനം നടന്നുകൊണ്ടിരിക്കുന്നു. എല്ലാ പ്രശ്‌നങ്ങളെയും വ്യക്തിഗത പ്രശ്‌നങ്ങളാക്കി മാറ്റി ജനങ്ങളെ അരാഷ്‌ട്രീയവൽക്കരിക്കാനുള്ള നീക്കങ്ങൾ ശക്തമായിക്കൊണ്ടിരിക്കുന്നു. വിമോചനദൗത്യം നിറവേറ്റേണ്ട വിദ്യാഭ്യാസം കമ്പോള താൽപര്യത്തിനും സാമുദായിക ശക്തികൾക്കും അടിയറവു പറഞ്ഞുകൊണ്ടിരിക്കുന്നു. മതവും വിശ്വാസവും കച്ചവടവും രാജ്യത്തെ ഭരിക്കാൻ വെമ്പി നിൽക്കുകയാണ്. പ്രതിരോധങ്ങൾ തീർക്കുന്നവർക്കെതിരെ അക്രമങ്ങൾ അഴിച്ചുവിടുകയാണ്. ധബോൽക്കറുടെ കൊലപാതകത്തെ എങ്ങനെയാണ് നമ്മൾ വിശകലനം ചെയ്യേണ്ടത്? ശാസ്‌ത്രബോധമുള്ള ഭാരതീയരെ സ്വപ്‌നംകണ്ട് സ്വതന്ത്രഭാരത നിർമാണത്തിന് നേതൃത്വം നൽകിയ ജവഹർലാൽ സെഹ്‌റുവിന്റെ നാടാണിത്. ശാസ്‌ത്രബോധത്തിൽ അധിഷ്‌ഠിതമായ ഭരണഘടനയും അനുയോജ്യമായ ഒട്ടേറെ നിയമങ്ങളും നമുക്കുണ്ട്. ഉയർന്ന സാക്ഷരതയും വിദ്യാഭ്യാസവും നമുക്കുണ്ട്. എന്നിട്ടും എന്തുകൊണ്ടിങ്ങനെ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനും, ജനങ്ങളെ പ്രാപ്‌തരാക്കാനുമുള്ള പരിഷത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് `വേണം മറ്റൊരു കേരളം' ക്യാമ്പയിനും, വികസനകോൺഗ്രസ്സും, ഗാന്ധി നാടകവും, സംവാദ സദസ്സുകളും. സമൂഹത്തിലെ അശാസ്‌ത്രീയതകൾക്കെതിരായി ശാസ്‌ത്രത്തിന്റെ രീതിയിലൂടെ പ്രതികരിക്കുകയും പഠനങ്ങൾ നടത്തുകയും ബദലുകൾ അവതരിപ്പിക്കാൻ ശ്രമിക്കുകയുമാണ് നമ്മുടെ സംഘടന ചെയ്‌തുകൊണ്ടിരിക്കുന്നത്. ജനങ്ങളിൽ ശാസ്‌ത്രീയമനോഭാവം വളർത്തിയെടുക്കാനുള്ള പല തന്ത്രങ്ങളും നമ്മൾ ആവിഷ്‌കരിച്ചേ തീരൂ. ശാസ്‌ത്രത്തിന്റെയോ സാങ്കേതികവിദ്യയുടെയോ വ്യാപനത്തേക്കാൾ പ്രധാനമാണ് ശാസത്രബോധത്തിന്റെ വ്യാപനം. മനുഷ്യന്റെ ഏറ്റവും മഹത്തായ പാരമ്പര്യം അവനിൽ/അവളിൽ ഉള്ള ശാസ്‌ത്രബോധമാണ്. ഈ ബോധമാകട്ടെ മനുഷ്യന്റെ നിരന്തരമായ അധ്വാനത്തിന്റെയും അന്വേഷണത്തിന്റെയും പരിശ്രമങ്ങളുടെയും ഫലമായി ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ്. അന്വേഷണതൃഷ്‌ണയും ചോദ്യം ചെയ്യുന്നതിനും ചെയ്യപ്പെടുന്നതിനുമുള്ള തന്റേടവും ശാസ്‌ത്രബോധത്തിന്റെ അടിസ്ഥാന ശിലകളാണ്. കേരളത്തിന്റെ പുരോഗതിയിൽ നിർണായകമായ സ്വാധീനം ചെലുത്തിയ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, വികേന്ദ്രീകരണം തുടങ്ങിയ എല്ലാ മേഖലകളിലും പ്രതിലോമകരമായ തീരുമാനങ്ങൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. മറ്റൊരു കേരളത്തിനായുള്ള പ്രവർത്തനങ്ങൾ വികസനകോൺഗ്രസ്സോടെ ഒരുഘട്ടമെത്തിക്കഴിഞ്ഞു. ക്രമാനുഗതമായി വികസിച്ചുവന്ന പ്രക്രയിയയിലൂടെ രൂപപ്പെടുത്തിയെടുത്ത ജനപക്ഷവികസന അജണ്ട പൊതുസമൂഹത്തിലും ഭരണസംവിധാനത്തിലുമെല്ലാം എത്തിക്കേണ്ട ബാധ്യത നമുക്കുണ്ട്. സംസ്ഥാന പ്ലാനിങ് ബോർഡ് തയ്യാറാക്കിയ വിഷൻ 2030 കേരള വികസനത്തിന്റെ ചാലകശക്തിയായി കാണുന്നത് വിദ്യാഭ്യാസ ആരോഗ്യ മേഖലകളുടെ കച്ചവടവൽക്കരണമാണ്. വിഖ്യാതമായ കേരളമാതൃക സാധ്യമാക്കിയത് അമർത്യാസെൻ പറഞ്ഞതുപോലെ ജനപക്ഷനയരൂപീകരണത്തിലേക്ക് നയിച്ച ജനകീയ മുന്നേറ്റങ്ങളായിരുന്നു. അതുകൊണ്ടുതന്നെ മറ്റൊരു കേരളത്തിനും പുതിയൊരു ഇന്ത്യക്കും വേണ്ടിയുള്ള ആശയ സമരങ്ങളിലും പ്രായോഗിക പ്രവർത്തനങ്ങളിലും പരമാവധി ജനങ്ങളെ അണിനിരത്തുന്നതിനും പൊതുഇടങ്ങളെ സംവാദാത്മകമാക്കുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങൾ ഇനിയും തുടരേണ്ടതുണ്ട്. അയുക്തികചിന്തയുടെ പാളയത്തിൽ അകപ്പെട്ട് നിൽക്കുന്ന ജനങ്ങളിൽ ആത്മവിശ്വാസം പകർന്ന് ഒരു പുനർ ചിന്തക്ക് അവരെ പ്രേരിപ്പിക്കുകയെന്ന മഹത്തായ പ്രവർത്തനമാണ് നാം ഏറ്റെടുക്കേണ്ടത്. ജനങ്ങളിൽ സമത്വബോധവും അഭിമാനബോധവും ജനിപ്പിക്കുവാനും ഓരോ പ്രവർത്തനത്തിനും ഉണ്ടായിരിക്കേണ്ട സാമൂഹികബാധ്യതകളെപ്പറ്റി മനസ്സിലാക്കി കൊടുക്കുവാനും കഴിയുന്ന തരത്തിലാവണം ശാസ്‌ത്രബോധം വളർത്തുന്നതിനുള്ള പ്രചാരണം. ശാസ്‌ത്രബോധം സാമാന്യബോധമാകണമെങ്കിൽ ഇപ്പോൾ മനസ്സിൽ കോറിക്കിടക്കുന്ന വിവിധങ്ങളായ അയുക്തികബോധങ്ങളെ മായ്‌ക്കുകതന്നെ വേണം. എത്രമാത്രം അവ മാച്ചുകളഞ്ഞ്, പുതിയത് എഴുതാൻ കഴിയുമോ അത്രയായിരിക്കും നമ്മുടെ വിജയം. ഒരിക്കൽകൂടി എല്ലാവരെയും അഭിവാദ്യം ചെയ്‌തുകൊണ്ട്,
ടി.കെ.മീരാഭായി ജില്ലാപ്രസിഡണ്ട്
ദേശാഭിമാനി വാർത്ത http://www.deshabhimani.com/newscontent.php?id=448029
മനോരമ വാർത്ത് http://epaper.manoramaonline.com/MMDaily/Thrissur/2014/04/27/F/MMDaily_Thrissur_2014_04_27_F_LO_012/762_912_1462_2012.jpg