പദയാത്രാഗീതങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
alt text


നടത്തപ്പാട്ടുകൾ സുസ്ഥിര വികസനം സുരക്ഷിതകേരളം - ജനകീയക്യാമ്പയിൻ - മേഖലാപദയാത്രയിൽ ഉപയോഗിക്കാവുന്ന പദയാത്രാഗീതങ്ങൾ 26 പദയാത്രാഗീതങ്ങൾ ഈ ലിങ്കിലൂടെ ഓഡിയോ ഡൗൺലോഡ് ചെയ്യാംനടത്തപ്പാട്ടുകൾ - പി.ഡി.എഫ് ഡൗൺലോഡ് ചെയ്യാം
പി.ഡി.എഫ് ഡൗൺലോഡ് ചെയ്യാം
ഭാഷ മലയാളം
വിഷയം വികസനം
സാഹിത്യവിഭാഗം മുദ്രാഗീതം
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഒക്ടോബർ , 2018

പദയാത്രയിൽ ചൊല്ലാവുന്നത്

മുദ്രാ ഗീതം 1
മുദ്രാഗീതം 1 https://soundcloud.com/yuvasamithi-kssp/3-kssp-1

മുദ്രാ ഗീതം 2
മുദ്രാഗീതം 2 https://soundcloud.com/yuvasamithi-kssp/kssp-7

മുദ്രാ ഗീതം 3
മുദ്രാഗീതം 3 https://soundcloud.com/yuvasamithi-kssp/2-kssp-1

മുദ്രാ ഗീതം 4
മുദ്രാഗീതം 4 https://soundcloud.com/yuvasamithi-kssp/3-kssp

മുദ്രാ ഗീതം 5
മുദ്രാഗീതം 4 https://soundcloud.com/yuvasamithi-kssp/2-kssp

പാട്ടുകേൾക്കാം

പാട്ട് - വീഡിയോകൾ

3.

മാറിപ്പോ- എം.എം.സചീന്ദ്രൻ - കോട്ടക്കൽ മുരളി - സുസ്ഥിരവികസനം സുരക്ഷിത കേരളം KSSP https://soundcloud.com/yuvasamithi-kssp/kssp-4

4.
സഹ്യനും അസഹ്യനോ ? - എം.എം.സചീന്ദ്രൻ സുസ്ഥിരവികസനം സുരക്ഷിതകേരളം - KSSP https://soundcloud.com/yuvasamithi-kssp/kssp-6

5.
പ്രളയഗീതം - എം.എം.സചീന്ദ്രൻ -സുസ്ഥിരവികസനം സുരക്ഷിതകേരളം https://soundcloud.com/yuvasamithi-kssp/kssp-5

6.
ഒരുമയുടെ ഗീതം - എ.എം.ബാലകൃഷ്ണൻ -സുസ്ഥിരവികസനം സുരക്ഷിതകേരളം https://soundcloud.com/yuvasamithi-kssp/kssp-3

വായിക്കാം..

പദയാത്രാ ഗീതങ്ങൾ 1

കെ.ടി.ആർ

1
പ്രളയം വന്നു പൊലിഞ്ഞൂ ജീവൻ
ദുരിതം വന്നു നിറഞ്ഞൂ വീട്ടിൽ
പുഴകൾ നിറഞ്ഞു പരന്നൂ നാട്ടിൽ
ദുരിതക്കടലായ് കേരളമാകെ

നാടും വീടും ഒഴുകി നടപ്പതു
കരളു പിളർക്കും കാഴ്ചകളായി
കാർഷിക വിളകൾ നശിച്ചു കഴിഞ്ഞു
മണ്ണും വയലും ശ്വാസം മുട്ടി
കാലികൾ-കോഴികൾ മിണ്ടാപ്രാണികൾ
പരഗതിയില്ലാതന്ത്യം കണ്ടു.
റോഡും പാലവുമെല്ലാം ഒഴുകി-
പ്പോയതു കണ്ടു നടുങ്ങിപ്പോയി

പിന്നെ......
പിന്നെപ്പുതിയൊരു ബോധമുണർന്നു
കേരളമാകെ ഉണർന്നെഴുനേറ്റു
ദുരിതം തടയാനൊരുമനസ്സായി
കരങ്ങൾ ചേർത്തൊരു വന്മതിലായി
ജാതി മതത്തിൻ മതിലുതകർത്തി-
ട്ടേകമനസ്സിൻ മാനവരായി.

വിശ്വ വിവേക കൊടികളുയർത്തി
കരയുന്നോർക്കൊരു കൈത്താങ്ങായി
അങ്ങനെ കേരളചരിതം വീണ്ടും
പശ്ചിമഘട്ടം കേറി മറിഞ്ഞു.

2
പശ്ചിമഘട്ടം നിലനിന്നാലേ
കേരളമിനിയും നിലനിന്നീടൂ
ഏറ്റ പരിക്കുകൾ ചില്ലറയല്ല-
തിനറുതി വരുത്താൻ അണിചേരുക നാം.
ജല ഗോപുരമാം പശ്ചിമഘട്ടം
ഇനി മേൽ വെട്ടി നശിപ്പിക്കരുത്.
ലാഭക്കൊതിയന്മാർക്കിനി മേലിൽ
തോന്ന്യാസത്തിനു നൽകീടരുത്

ഖനനം ചെയ്തും മണ്ണിനെ വിറ്റും
പരിസ്ഥിതിക്ക് പരിക്കുകൾ വന്നാൽ
ഉരുൾപൊട്ടീടും മലനിരയാകെ
പൊലിഞ്ഞു പോകും ജീവിതമാകെ.
നദികൾ നശിക്കാൻ കാരണമാകും
ജലസംഭരണികൾ നികന്നു പോകും

മഴവെള്ളം പിന്നെങ്ങോട്ടൊഴുകും?
മഴവെള്ളം പിന്നെങ്ങോട്ടൊഴുകും?

തോന്നിയപോലതു നാശം പെയ്തി-
ട്ടൊഴുകും, തകരും ജീവിത സംസ്കാരങ്ങൾ.

പുഴക്ക് സ്വന്തം വഴിയുണ്ട്
പുഴക്ക് പാടാൻ പാട്ടുണ്ട്
പുഴയുടെ വഴികൾ അടച്ചെന്നാൽ
പുഴ കോപിക്കും കലി തുള്ളും.

അതിന്റെ മടിയിൽ കയറിക്കൂടി
സ്വകാര്യ സ്വത്തായ് തീർത്തെങ്കിൽ
സകലവുമൊന്നായ് കൂലം കുത്തി
അറബിക്കടലിൽ ചെന്നീടും

പുഴ കയ്യേറ്റം തടയുക നാം
മല കയ്യേറ്റം തടയുക നാം
വന കയ്യേറ്റം തടയുക നാം
കായൽ നികത്തൽ നിർത്തുക നാം
കയ്യേറ്റങ്ങൾക്കെതിരേ നമ്മുടെ
മുഷ്ടി ചുരുട്ടി പാടുക നാം.
പുഴയുടെ മഴയുടെ കാടിൻ താളം
നിലനിന്നീടും കാലം വരുവാൻ
നിയമം കർശനമാക്കുക നാം.

പരിസ്ഥിതിക്ക് പരിക്കേൽക്കാതെ
സുസ്ഥിര പരിസര സംരക്ഷകരായ്
പുതിയൊരു ചിന്ത വളർത്തുക നാം.
പുതിയൊരു കേരളമാകുക നാം
അങ്ങനെ പുനർനിർമിക്കുക നാം
സുസ്ഥിര വികസിത കേരള നാട്.

3.
വിഭവം പരിമിതമാണിവിടെ
മോഹം പലവിധമാണിവിടെ
മണലും മണ്ണും പാറക്കല്ലും
ധൂർത്തിനു നല്കാനില്ലിവിടെ

കുടുംബമൊന്നിന്നൊരുവീട്
അത് കിട്ടാത്തോരുണ്ടിവിടെ
അവർക്കു വേണം പരിഗണന
അവർക്കു വേണം മുൻഗണന.

ഒരാൾക്ക് തന്നെ പല പല വീട്
അതിന്റെ വിസ്തൃതി കൂട്ടീടുന്നു
കൊട്ടാരങ്ങൾ നിറയുന്നു
കച്ചവടം പൊടി പാറുന്നു.
പാർക്കാനല്ലീ വീടൊന്നും
എന്ന് പറഞ്ഞാൽ തീരില്ല
വില്പന-ലാഭം-കച്ചവടം
റിയൽ എസ്റ്റേറ്റിൻ കച്ചവടം
ഇതിനു നമ്മുടെ വിഭവം മുഴുവൻ
തുരന്നു മാന്തി എടുക്കുന്നു.
ഇതല്ല,സുസ്ഥിര വികസനമെന്ന്
പഠിക്കണം നാം വൈകാതെ.
മിച്ച വീടുകൾ പതിച്ചു നൽകി
ഇല്ലാത്തോർക്ക് കൊടുത്തൂടെ??

വീടിനു പരിധി വരുത്തേണം
വിഭവ നിയന്ത്രണമനിവാര്യം
പൊതുവായുള്ളൊരു വിഭവങ്ങൾ
പൊതുവായ് തന്നെ നിയന്ത്രിക്കേണം.

4

പാടം തൂർത്തു കുളം വറ്റി
തോടുകൾ റോഡുകളായ് മാറ്റി
വില്ലകൾ എങ്ങും നിറയുന്നു
വില്ലന്മാരുടെ പണി കണ്ടോ
മലയുടെ ചരിവിൽ പുഴയുടെ കരയിൽ
കായലിനുള്ളിൽ തണ്ണീർ തടത്തിൽ
രണ്ടും മൂന്നും മേനി വിളഞ്ഞൊരു
പാടത്തിന്റെ നടുവിൽ പോലും
മണി സൗധങ്ങൾ പണിഞ്ഞില്ലേ ?
ഉറവകളൊഴുകും വഴികളെയെല്ലാം
കടലിൽ ചേരും പൊഴികളെ എല്ലാം
"ഭദ്രമാക്കി" അടച്ചില്ലേ ?
വീടിനു ചുറ്റും കൊട്ടിയടച്ചി-
ട്ടുഗ്രൻ മതിലുകൾ തീർത്തില്ലേ?
അതിന്നു മുകളിൽ കുപ്പികഷ്ണം
നീളെ ഉറപ്പിച്ചിട്ടില്ലേ

എല്ലാം ഭദ്രം പരമസുഖം
എന്നോർത്ത് കിടക്കാൻ എന്ത് സുഖം!!

പ്രകൃതിയെ നമ്മൾ നോവിച്ചൂ
കുത്തി കീറി നശിപ്പിച്ചു
സന്തുലനത്തിൻ സന്തോഷത്തിനു
പരിക്ക് നന്നായേൽപ്പിച്ചു.
എത്ര പൊറുക്കും ഇപ്പണികൾ?
പ്രകൃതി ചെറുത്തൂ പകവീട്ടി
ഒരു നിമിഷംകൊണ്ടെല്ലാം കടലായി
മരണം വന്നു വിളിച്ചില്ല?
_____________ കെ.ടി.രാധാകൃഷ്ണൻ


പദയാത്രാഗീതം 2

എം.എം.സചീന്ദ്രൻ

തലയും തല്ലി നിലത്തടിയുന്നൊരു
വെൺമാടത്തിൻ കാതുകളിൽ
വയലിൽനിന്നും
പാറിവരുന്നൊരു
പനയോലക്കിളി ചോദിച്ചൂ
വിത്തിനു ജീവൻ നല്കാനലിയും
മണ്ണിലൊരമ്മമനസ്സില്ലേ
കുത്തനെ നിൽക്കും
മലയുടെ നെറുകിൽ
ഇത്ര കനത്തിൽ പൊങ്ങാമോ?

ഒലിച്ചുപോകും റോഡിന്നൊപ്പം
നീന്തിയ പരൽ മീൻ ചോദിച്ചു
പുഴ നിറയുമ്പോൾ
പൊങ്ങിയ വെള്ളം
ഇതുവഴി പോണതു പതിവല്ലേ?
നെഞ്ചു വിരിച്ചീ
വഴി തടയാനായ്
ആരു പറഞ്ഞു നിന്നോട്?

കഴുത്തുമുട്ടെ
വെള്ളം കേറിയൊ-
രിരുനില മാളിക കരയുമ്പോൾ
നീന്തിയടുത്തൊരു മഞ്ഞത്തവള കാതിലുറക്കെച്ചോദിച്ചൂ
പലകുറിയീ വഴി
വെള്ളം പൊങ്ങിയ കഥയറിയാത്തവരാരുണ്ട്!
മണ്ണു നിറച്ചീ വയലു നികത്തി
ഞെളിഞ്ഞു നിന്നത് നീയല്ലേ?

പദയാത്രാഗീതം 3

എം.എം.സചീന്ദ്രൻ

പുഴയാകുമ്പോൾ മണലുണ്ടാകും
മണലൂറ്റുന്നതു പതിവല്ലേ?
ഒരു തരി മണലും വാരാതെങ്ങനെ
ആളുകൾ കെട്ടിടമുണ്ടാക്കും?
ഒരു തരിമണലു മെടുക്കരുതെന്ന്
ആരും പറയുന്നില്ലല്ലോ
പുഴയിൽനിന്നും മണലൂറ്റാനും
ശാസ്ത്രത്തിന്റെ ബലംവേണം
പുഴയെപ്പുഴയായ് നിലനിർത്താനൊരു
കരുതലുവേണം, ദയവേണം
പാലത്തിന്നടിവേരും മാന്തി
മണലൂറ്റുന്നതു ശരിയല്ല...
മണലൂറ്റുമ്പോൾ പുഴയുടെയാഴം
കൂടുകയല്ലേ, കുറയില്ല..
പുഴയുടെയാഴം കൂടുകയെന്നാൽ
കിണറുകൾ വറ്റുകയെന്നർത്ഥം.
കിണറുകൾ വറ്റുകയെന്നാൽ നാട്ടിൽ
ജീവൻ വറ്റുകയെന്നർത്ഥം!
_____________ എം.എം.സചീന്ദ്രൻ


പദയാത്രാഗീതം 4

എം.എം.സചീന്ദ്രൻ

കോറിയെന്നതു കേൾക്കുമ്പോൾ
കലിതുള്ളുന്നതു ശരിയാണോ?
പാറയൊട്ടും
പൊട്ടിക്കാതെ
റോഡുണ്ടാക്കാ
നെന്തു വഴി?
വീടുണ്ടാക്കാനെന്തു വഴി ?
പാറയൊട്ടും പൊട്ടിക്കരുതെ-
ന്നാരും പറയുന്നില്ലല്ലോ ...
പൊട്ടിക്കാവുന്നവയുണ്ട്
പൊട്ടിക്കരുതാത്തവയുണ്ട്
ശാസ്ത്രത്തിന്റെ സഹായത്താൽ
പഠിച്ചു വേണം പൊട്ടിക്കാൻ
അരുതാത്തിടത്തു പൊട്ടിച്ചാൽ
അടിവേരിളകും ഉരുൾപൊട്ടും.
_____________ എം.എം.സചീന്ദ്രൻ

സഹ്യനും അസഹ്യനായോ?

എം.എം.സചീന്ദ്രൻ

മൂന്നു തലമുറ മുമ്പു, മലനിര -
കീഴടക്കിയതായിരിക്കാം.
കാടുവെട്ടിയൊതുക്കിയന്നേ-
വിത്തെറിഞ്ഞവരായിരിക്കാം.
കാട്ടുചോല തിരിച്ചൊഴുക്കി
തോട്ടമേറെ നനച്ചിരിക്കാം,
ചെരിവു കുത്തനെ താഴ്ത്തിവെട്ടി
വലിയ മാടം തീർത്തിരിക്കാം
കാട്ടുവന്യതയോടു നിങ്ങൾ
കൊമ്പുകോർത്തു ജയിച്ചിരിക്കാം
ഉറ്റവരുമുടയോരുമായ് ചിലർ
പുലിപ്പല്ലിലരഞ്ഞിരിക്കാം.
തുള്ളിവന്ന മലമ്പനിക്കടിപെട്ടു മക്കൾ പൊലിഞ്ഞിരിക്കാം...
ഒക്കെനേരാണെങ്കിലും, ഇത് സഹ്യപർവ്വതമെങ്കിലും
ഏതുസഹനത്തിന്നു മൊടുവിൽ
കൊടുമുടിത്തുമ്പില്ലയോ?
സഹ്യനെങ്കിലും
അളയിൽ മുട്ടി
യസഹ്യനായ് ത്തിരിയുന്നുവോ?
_____________ എം എം സചീന്ദ്രൻ

പദയാത്രാഗീതം 8

കൊല്ലം കലാകൂടിയിരിപ്പിൽ കെട്ടിയപാട്ട്

നാം നമ്മെ വീണ്ടെടുക്കുന്ന കാലം
കാതോർത്തിരുന്നൊരു നല്ല കാലം
ചൂരും ചുണയുമായ് പണിയേണ്ടകാലം
നാം നമ്മെ നന്നായറിയേണ്ട കാലം

ആർത്തി പെരുക്കാത്ത നന്മകൾ പൂക്കുന്ന
സ്നേഹം തഴക്കുന്ന നല്ല കാലം
എല്ലാം തകർന്നടിഞ്ഞെങ്കിലും നമ്മൾ
ഒരുമയോടൊക്കെയും വീണ്ടെടുക്കാം.

_____________.
കൊല്ലം കലാകൂടിയിരിപ്പിൽ കെട്ടിയപാട്ട്.

മാറിപ്പോ!

എം.എം.സചീന്ദ്രൻ

നടു പാതിരനേരം, ഒരു മല -
യാർത്തുവിളിച്ചു കരഞ്ഞുപറഞ്ഞു
മാറിപ്പോ! കൊടുമുടികേറിയ
മന്ദതവാറ്റി മയങ്ങുന്നോരേ,
മാറിപ്പോ! സർവചരാചര ജീവികളേയെൻ ബലമഴിയുന്നു!
ഉരുൾപൊട്ടുകയല്ലിതു ഞാനെൻ
ഉള്ളം പൊട്ടിയൊലിച്ചു വരുന്നു..
തുടൽ പൊട്ടിയ പ്രാന്ത,ല്ലെന്നുടെ
കാലടി വെച്ച നിലം തകരുന്നു.
എവിടെന്റെ കനത്തിനുവേരായ്
മണ്ണിലുറച്ച കരിങ്കൽപ്പാറകൾ?
എവിടെന്റെ ബലത്തിനു,മറുബല -
മൂന്നാൻ ചാരിയൊരടിവേരുകളും?
ആരാണെൻ നീർച്ചാൽ വഴിയിൽ
തൊട്ടിലുകെട്ടിത്താരാട്ടുന്നു?
ആരാണെൻ കാറ്റു വഴികളിൽ
ഇരുമ്പും കല്ലും കുരിശേറ്റുന്നു?
മാറിപ്പോ! മർത്ത്യ ജയത്തിൻ
മന്ദതവാറ്റിമയങ്ങുന്നോരേ...
മാറിപ്പോ! കൊറ്റിനു തെണ്ടി
ഗതി കെട്ടീ വഴി വന്നവരേ...!
_____________ എം എം സചീന്ദ്രൻ


പദയാത്രാഗീതം 10

ഇ.ജിനൻ

പുഴയുടെ
വഴികളി-
ലൊക്കെ നമ്മൾ
തടകെട്ടി
പുരവെച്ചു
താമസിച്ചു..

ചിറകെട്ടി
നിർത്തിയ
പുഴകളോക്കെ
പ്രളയക്കടലായ്
തിളച്ചു പൊന്തി.
മലകളിൽ
വേരാഴ്ത്തി-
പ്പന്തലിച്ച
മരമൊക്കെ നമ്മൾ
മുറിച്ചുമാറ്റി

അതുകൊണ്ട്
മണ്ണിന്റെ ഉടലുപൊട്ടി
ഉരുൾപൊട്ടി ഞെട്ടി-
ത്തെറിച്ചു ലോകം.
_____________ ഇ.ജിനൻ

പദയാത്രാഗീതം 11

ഇ.ജിനൻ

വള്ളത്തിൽ
പാഞ്ഞേ വന്നേ
ഉള്ളത്തിൽ
ഭയമില്ലാത്തോർ

കടലിന്റെ കരുത്തുള്ളോര്
കനിവിന്റെ
കരളുള്ളോര്

അവരെന്നും
തുഴയണതൊന്നായ്
പിടക്കുന്നൊരു
മീനിനു വേണ്ടി
അവരന്നു തു-
ഴഞ്ഞത് പക്ഷേ
പിടയുന്നൊരു
ജീവനു വേണ്ടി..

നാടെങ്ങും
കടലായപ്പോൾ
നാവികരായ്
വന്നവരല്ലോ
കരയുന്ന
മനുഷ്യരെയെല്ലാം
കരകേറ്റിയ-
തിവരാണല്ലോ..

വിലപേശരു-
തിനിമേൽ മുക്കുവർ
വലവീശി-
യെടുക്കും മീനിന്.

വിലപേശിയ-
തില്ലവരാരും
വിലയേറിയ
നമ്മുടെ ജീവന്.

തീൻമേശയി-
ലിനിമേൽ സ്നേഹം
മീൻ പൊലെ
തിളങ്ങി രുചിക്കും

മീൻ കണ്ടൊരു
മുക്കൂവനെന്നൊരു
പഴമൊഴിയിനി
പതിരാണല്ലോ.
_____________ ഇ.ജിനൻ

പദയാത്രാഗീതം 12

എം എം സചീന്ദ്രൻ

പുഴയാകുമ്പോൾ മണലുണ്ടാകും
മണലൂറ്റുന്നതു പതിവല്ലേ?
ഒരു തരി മണലും വാരാതെങ്ങനെ
ആളുകൾ കെട്ടിടമുണ്ടാക്കും?
ഒരു തരിമണലു മെടുക്കരുതെന്ന്
ആരും പറയുന്നില്ലല്ലോ
പുഴയിൽനിന്നും മണലൂറ്റാനും
ശാസ്ത്രത്തിന്റെ ബലംവേണം
പുഴയെപ്പുഴയായ് നിലനിർത്താനൊരു
കരുതലുവേണം, ദയവേണം
പാലത്തിന്നടിവേരും മാന്തി
മണലൂറ്റുന്നതു ശരിയല്ല...
മണലൂറ്റുമ്പോൾ പുഴയുടെയാഴം
കൂടുകയല്ലേ, കുറയില്ല..
പുഴയുടെയാഴം കൂടുകയെന്നാൽ
കിണറുകൾ വറ്റുകയെന്നർത്ഥം.
കിണറുകൾ വറ്റുകയെന്നാൽ നാട്ടിൽ
ജീവൻ വറ്റുകയെന്നർത്ഥം!
_____________ എം എം സചീന്ദ്രൻ


പദയാത്രാഗീതം 14

എം എം സചീന്ദ്രൻ

തലയും തല്ലി നിലത്തടിയുന്നൊരു
വെൺമാടത്തിൻ കാതുകളിൽ
വയലിൽനിന്നും
പാറിവരുന്നൊരു
പനയോലക്കിളി ചോദിച്ചൂ
വിത്തിനു ജീവൻ നല്കാനലിയും
മണ്ണിലൊരമ്മമനസ്സില്ലേ
കുത്തനെ നിൽക്കും
മലയുടെ നെറുകിൽ
ഇത്ര കനത്തിൽ പൊങ്ങാമോ?

ഒലിച്ചുപോകും റോഡിന്നൊപ്പം
നീന്തിയ പരൽ മീൻ ചോദിച്ചു
പുഴ നിറയുമ്പോൾ
പൊങ്ങിയ വെള്ളം
ഇതുവഴി പോണതു പതിവല്ലേ?
നെഞ്ചു വിരിച്ചീ
വഴി തടയാനായ്
ആരു പറഞ്ഞു നിന്നോട്?

കഴുത്തുമുട്ടെ
വെള്ളം കേറിയൊ-
രിരുനില മാളിക കരയുമ്പോൾ
നീന്തിയടുത്തൊരു മഞ്ഞത്തവള
കാതിലുറക്കെച്ചോദിച്ചൂ
പലകുറിയീ വഴി
വെള്ളം പൊങ്ങിയ കഥയറിയാത്തവരാരുണ്ട്!
മണ്ണു നിറച്ചീ വയലു നികത്തി
ഞെളിഞ്ഞു നിന്നത് നീയല്ലേ?
_____________ എം എം സചീന്ദ്രൻ


ഇരിക്കും കൊമ്പുമുറിക്കരുതേ....

എം എം സചീന്ദ്രൻ

ഇരിക്കും കൊമ്പുമുറിക്കരുതേ....

മലയിങ്ങനെ
യുരുൾപൊട്ടുമ്പോൾ
മലനാടെങ്ങനെ
നിലനിൽക്കും?
മറുപാതി
തുരന്നു വരുന്നൊരു
ജേസീബിക്കതു
പറയാമോ?

മലവെള്ളമൊ-
ലിച്ചു പരന്നാൽ
ഇടനാടെങ്ങനെ
നിലനിൽക്കും
വയലേലകൾ
തിന്നു തടിക്കും
നഗരങ്ങൾക്കതു
പറയാമോ?

തിരയലകൾ
പൊങ്ങി മറിഞ്ഞാൽ
തീരം-
കടലായ്പ്പോവില്ലേ!
ഭൂഗോളം
ചുട്ടു പുഴുങ്ങി,
ഇരിക്കുംകൊമ്പു -
മുറിക്കരുതേ....!!
_____________

പദയാത്രാഗീതങ്ങൾ 16

കൊല്ലം കലാകൂടിയിരിപ്പിൽ കെട്ടിയ പാട്ട്

പ്രളയകാല കെടുതികൾ
ദുരിതഭരിതജീവിതം
മറികടന്നുയർന്നിടാൻ
ഒരുമയോടെ നീങ്ങിടാം

മണലുവാരി പുഴ തകർത്ത്
മലയരിഞ്ഞ കാരണം
കെടുതിയേറ്റ് ദുരിതമായി-
യുടഞ്ഞു പോയി കേരളം

ഒരുമയോടെ കൈപ്പിടിച്ച്
പണിതുയർത്തി നേടിടാം
നിറയെ നന്മ പൂത്തിടുന്ന
ഹരിതഭരിത നാടിനെ..
_____________


പദയാത്രാഗീതങ്ങൾ 17

_____________ എ.എം.ബാലകൃഷ്ണൻ

പ്രളയ പ്രവാഹം പഠിപ്പിച്ചെതെല്ലാം,
പ്രകൃതത്തിൽ മാറ്റം വരുത്തേണ്ട പാഠം,
പ്രകൃതിയും മർത്ത്യനും കാത്തു സൂക്ഷിക്കേണ്ട
സൗഹൃദം കൃത്യം കുറിച്ചിട്ട പാഠം.
തെറ്റാതെ യോർത്തു ചൊല്ലാം-
ഹൃത്തിൽ മായാതെ ചേർത്തുവെക്കാം.

നീരൊഴുക്കെല്ലാം നീളെ തടയുന്ന
നിർമ്മിതികൾ മാറ്റിവെക്കാം,
മലപോലെ മതിലുകൾ
പണിയേണ്ടതില്ലെനി
ജൈവവേലിയാലതിരു തീർക്കാം,
മതിലുകൾ ഭേദിച്ച സൗഹൃദമൊക്കെയും
വേലിയിൽ പൂത്തിടട്ടെ-_
ജൈവവേലിയിൽ പൂത്തിടട്ടെ !!


നാലുപേർക്കന്തിയുറങ്ങുവാനെന്തിനാ,
നാലായിരം സ്ക്വയർ ഫീറ്റ് വീട് ?
ആർഭാട ഹർമ്മ്യങ്ങൾ പാടേ
യുപേക്ഷിച്ചു ആവശ്യങ്ങൾക്കൊത്ത വീടു തീർക്കു.


പാർക്കുവാനാളില്ല പാർപ്പിടത്തിൽ,
എത്രയോ ഫ്ലാറ്റുകൾ കാലിയായി,
പണിതുയർത്താൻ വൃഥാ
ഖനിജങ്ങളെത്രയോ പാഴായ്പടുത്തുയർത്തി !!

അണുകുടുമ്പത്തിന്നായ്,
ഒരു നല്ല വീട് അധികമായ് എന്തിനേറേ ?
ഒരു ചെറിയ വീടെങ്കിലതു നല്ല വീട്,
ആർഭാടമെന്തിനായി?


സ്വന്തമായൊരു കൂര പോലുമില്ലാത്തവർ
പാവങ്ങൾ പതിനായിരങ്ങൾ,
പാർക്കാത്ത വീടുകൾ കണ്ടുകെട്ടു,
പാർപ്പിടമില്ലാത്തവർക്കു നൽകു.
പ്രകൃതി വിഭവങ്ങൾ തൻ ദുർവ്യയത്തെ
നവകേരളത്തിൽ തുടച്ചു നീക്കു.

ഇന്നു നാം തീർക്കുന്നതെല്ലാം,
നാളെയെ കണ്ടുവേണം.
പോറലേൽക്കാതെയെല്ലാം
നാളേക്കു കൈമാറണം.

ഭൂഗർഭപാത്രത്തിലെ ഖനിജങ്ങളിന്നു തീർന്നാൽ,
നാളെ പിറവികൊള്ളും പൈതങ്ങളെന്തു ചൊല്ലും !!

പാതകൾ പലതുമാകാം,
പാതകം ചെയ്തിടൊല്ലെ,
വയലുകൾ നീർത്തടങ്ങൾ മൂടി
പാതകൾ നരകതുല്ല്യം !!

യാത്രാവിനോദമാകാം,
സഞ്ചാരി നാടിന്നു ധനമേകിടാം,
"സഹ്യസ്വാസ്ഥ്യം " കെടുത്തും
റിസോർട്ടുകൾ മല തുരന്നേറെ വേണോ ?

കാനന ഛായ നൽകും,
ആനന്ദമാസ്വദിക്കാം,
കാടാകെ ആഹരിച്ചാൽ
കഷ്ടകാലം തുടക്കമാകും,
വനഭൂമി മരുവാകിടിൽ,
ജന ഭൂമി മൃതി ഭൂമി താൻ


പദയാത്രാഗീതങ്ങൾ 18

_____________ റിസ്വാൻ, കെ.ടി.രാജപ്പൻ

എരിപൊരി കൊണ്ട് പുളഞ്ഞില്ലേ നാം
ഒരുമാസം മുമ്പോർക്കുന്നോ ?
പ്രളയക്കെടുതികളൊന്നൊന്നായ്
കേരളമാകെ വലഞ്ഞില്ലേ ?

കാലം തെറ്റിയ കാലവർഷം
അടിവേരിളകിയ വയനാട്
കുട്ടനാടൻ ഗ്രാമങ്ങൾ
റോഡുകൾ, വീടുകൾ, അങ്ങാടികളും,
പെരിയാറിന്റെ തീരങ്ങൾ
ഒരു മഴ പെയ്തിട്ടിവയെല്ലാം ഇവയെല്ലാം
പ്രളയക്കെടുതിയിലായല്ലോ

ആരു തടുക്കും പ്രകൃതിയിടഞ്ഞാൽ
കരുതിയിരിക്കുക നാം
മണ്ണിന് , മലയ്കക്ക്, പുഴയ്ക്ക്, കാടിന്
കാവലിരിക്കുക നാം.
ഇതുവരെ നമ്മൾ വന്നൊരു വഴികൾ
സുസ്ഥിരമല്ലല്ലോ
ഇനിപോകും വഴി, ഇതുപോലൊട്ടും

ആവതാവരുതേ
പുതിയ കേരളം പുതുപാഠങ്ങൾ
മാറ്റിപ്പണിയുക നാം

ഭൂമി നമ്മുടെ പൊതുസ്വത്ത്
പാറകൾ മണലും പൊതുസ്വത്ത്
കുന്നിൻവേരറുക്കരുതേ
നീർത്തടങ്ങൾ തൂർക്കരുതേ
പുഴയൊഴുകും വഴികളെയെല്ലാം
സംരക്ഷിക്കാൻ ഒന്നിക്കാം.

കാടും മലയും വെട്ടി നിരത്തി
ലാഭം കൊയ്യും നേരത്ത്
സുരക്ഷിതമല്ലാതാകുന്നു..
മണ്ണിന് താങ്ങാതാവുന്നു..

ജാഗ്രത വേണം വികസനജാഗ്രത
തീരദേശം മലനാടും പശ്ചിമഘട്ടക്കാടുകളും
സംരക്ഷിക്കാൻ ജാഗ്രത വേണം
മണ്ണിലുറച്ചൊരു ജാഗ്രത വേണം.

എത്രയെത്ര ജീവിതം
പോലിഞ്ഞതെന്നതോർക്കുവിൻ
എത്രയെത്ര ജീവിതം
കൊഴിഞ്ഞതെന്നതോർക്കുവിൻ
ഇനിയുമിതാവർത്തിക്കരുതെങ്കിൽ
ഇന്ന് തുടങ്ങുക നാമൊന്നായ്‌...

രക്ഷാപ്രവർത്തനകാലത്ത് ,
ദുരിതാശ്വാസക്യാമ്പുകളിൽ,
വെള്ളമിറങ്ങും നേരത്ത് ,
എല്ലാംമറന്നൊന്നിച്ചവരാ-
കേരള ജനതയൊന്നാകെ…
ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ
ഒന്നിപ്പിന്റെ കരുത്തോടെ
ഒന്നിച്ചൊന്നായ് പണിതീടാം
പുതിയ കേരളം സുരക്ഷിത കേരളം.


പദയാത്രാഗീതങ്ങൾ 19

_____________ ജിനൻ

ഗാഡ്ഗിൽ പണ്ട്
പറഞ്ഞു നടന്നത്
പാടേ പാഴ് വാ-
ക്കെന്നു ചിരിച്ച്

ലോലപ്പരിസര-
ലോകത്താകെ
വീടും വെച്ച്
റിസോർട്ടും വെച്ച്

കയ്യൂക്കുള്ളവർ
കയ്യേറുമ്പോൾ
കയ്യും കെട്ടി-
ക്കഴിയണോ നമ്മൾ?

വീടുണ്ടാക്കാൻ
മരവും പാറ-
ക്കല്ലും തേടി
നടക്കുന്നവനേ,
മാനംമുട്ടും
വീടുകളാരുടെ
മാനം കാക്കാ-
നാണൂ സൂഹൃത്തേ?

വേണം യാത്രക-
ളെന്നാൽ വേണ്ടതി-
ലേറെ വാഹന-
മല്ലാ വേണ്ടത്.
_____________ ജിനൻ


സംഘഗാനം.

സന്തോഷ് യു എൽ

പൊങ്ങിയ വെള്ളം താഴുമ്പോൾ
ചെളി മൂടിയൊരൊന്നാം പാഠം.
ഒട്ടിയ താളുതുറക്കുമ്പോൾ
കിട്ടിയ വാക്കുകളെന്താണ്.

തളരുകയില്ലാ തളരുകയില്ലാ
തളരുകയില്ലാ നമ്മൾ.
തളരുകയില്ല തളർത്താൻ കഴിയി
ല്ലൊരുമയിലോണം കൊണ്ടോർനാം.

മതങ്ങൾ ജാതികൾ ദുരഭാവങ്ങൾ
ഒഴുക്കി മാറ്റി പ്രളയം.
പറ്റിയ തെറ്റു തിരുത്താൻ പ്രളയം
നൽകി യൊന്നാം പാഠം

അടിയും ചെളിയിലുയർത്തിവളർത്തും
നെൽക്കതിരുകൾ വീണ്ടും നമ്മൾ.
പുത്തരി വയ്ക്കും ഓണം കൊള്ളും
കേരള മക്കൾ നമ്മൾ.

ഒരു കൈ താഴാൻ പോകുമ്പോൾ
ഒരു നൂറെണ്ണം നീളും.
കരകയറും കനവെല്ലാം, പൂക്കും
വീണ്ടും കിളികൾ പാടും.

പൊന്നിൻ ചിങ്ങം കതിരണിയട്ടെ
മാബലി വീണ്ടും വന്നോട്ടെ
കുന്നും പുഴയും മണലും ശിലയും
കണ്ണിനു കുളിരായ് നിന്നോട്ടെ.

അതിരുകളില്ലാ ജനതകൾ നമ്മൾ
ലോകത്തെങ്ങും നിറയും.
അതിജീവിക്കും പടുത്തുയർത്തും
ഒരു നവകേരളഭൂമി…
_____________ സന്തോഷ് യു എൽ


മതിലുകൾ

ഇ. ജിനൻ

മതിലുകളെല്ലാം
പൊളിച്ചു മാറ്റും
പുതിയൊരു സ്വപ്നം
നമുക്കു കാണാം.

അതിരുകൾ മൈലാഞ്ചി-
വേലിയാക്കാം
നീരോലി നട്ടു
തിരിക്കയാകാം.

അങ്ങനെ ഹരിത-
മനോഹരമാം
പുതിയൊരു കേരള-
ക്കാഴ്ച്ച കാണാം

പ്രളയമതിന്നു
വഴിയൊരുക്കീ-
ട്ടല്ലേ, യിതിലേ
കടന്നു പോയീ...

മതിലുകളിനി വേണ്ടയെന്നതാകാം
അതിനു പറയേണ്ട
പാഠഭേദം.
_____________ ഇ. ജിനൻ


സംഭാഷണഗീതം

എം എം സചീന്ദ്രൻ

പ്രളയം വന്നതു ശരിതന്നെ
എന്നാലതുകൊണ്ടിനി മേലിൽ
വികസനമെന്നും വേണ്ടെന്നോ?

ഇത്ര നിഷേധം പാടുണ്ടോ?
വികസനമൊന്നും വേണ്ടെന്ന്
' ഞങ്ങൾ പറയുന്നില്ലല്ലോ ..


സഞ്ചാരത്തിനു വഴിയില്ലെങ്കിൽ
എങ്ങനെ വികസന മുണ്ടാകും?

റോഡുണ്ടാക്കൽ വികസനമല്ലെന്നെന്തിനു ശാഠ്യം പറയുന്നു?
റോഡുണ്ടാക്കരുതെന്നല്ല
റോഡുകൾ എങ്ങും വികസിച്ചാൽ
റോഡിൻ വികസനമാവും പക്ഷേ,
നാടിൻ വികസന മാവില്ല..

വികസന വേഗതയുണ്ടാകാൻ
സഞ്ചാരത്തിനു വഴി വേണ്ടേ?
മനുഷ്യർ മാത്രം വാഹനമേറി
കുതിച്ചു പാഞ്ഞാൽ പോരല്ലോ!

നീരൊഴുക്കിന്, നദിക്കു , കാറ്റിനു
സഞ്ചരിക്കാൻ വഴി വേണം,
നീർച്ചാലുകളും കുളങ്ങളും വയൽപ്പരപ്പും
മണ്ണിട്ട്, മനുഷ്യവാഹനമോടും പാതകൾ

നാടു നിരത്തി പണി തെന്നാൽ,
കാറ്റും മഴയും തിരമാലകളും
പുഴയും കുത്തിയൊലിച്ചെത്തും..
മുന്നോട്ടുള്ള കുതിപ്പിനു വേണ്ടി
പ്രളയക്കയ്യാൽ വഴിവെട്ടും!


ഭൂമി പൊതു സ്വത്തെന്നാണല്ലോ
പരിഷത്തിപ്പോൾ പറയുന്നു..!
ഭൂമി പൊതു സ്വത്താണെന്നുള്ളത്
മാർക്സിസത്തിൻ മുദ്രാവാക്യം..
പൊതുസ്വത്താക്കി സ്വകാര്യ സ്വത്തുകൾ
പിടിച്ചെടുക്കാൻ നോക്കുന്നോ?

ഭൂമി പൊതു സ്വത്തെന്നു പറഞ്ഞാൽ
പിടിച്ചെടുക്കണമെന്നല്ല..
ഭൂമിയൊന്നായ് പിടിച്ചെടുത്ത്
പൊതുമുതലാക്കണമെന്നല്ല..
ഓരോ മണ്ണും തരാതരം
പോൽ ഉപയോഗിക്കണമെന്നർത്ഥം.
നെൽകൃഷി ചെയ്യും പാടം തൂർത്ത്
വീടുണ്ടാക്കരുതെന്നർത്ഥം
ഏലം കായ്ക്കും മലഞ്ചെരിവുകളിൽ
ബഹുനില പണിയരുതെന്നർത്ഥം.
ജലസംഭരണികൾ നികത്തിയെടുത്ത്
റോഡുണ്ടാക്കരുതെന്നർത്ഥം.
പുഴയുടെ തീരം പിടിച്ചടക്കി
വീടുണ്ടാകരുതെന്നർത്ഥം.
വീടുണ്ടാക്കാൻ പറ്റിയ ഭൂമി
അതിനായ് തരംതിരിക്കേണം..
ഓരോ കൃഷിക്കും ഉതകും ഭൂമികൾ
അതാതിനായി കരുതേണം..

നാടിനു പൊതുവാം ജലസംഭരണികൾ
നാട്ടിന്നുടമയിലാവേണം..
തോടും പുഴയും കുളവും വയലും
മാലിന്യക്കുഴിയാക്കരുത്!
പാറയുടയ്ക്കാൻ മണലൂറ്റാനും
മലയിടിച്ചു പൊടിക്കാനും
കരിമരുന്നും, ജെസീബിയും,
കൈക്കൂലിക്കു പണപ്പൊതിയും
രാഷ്ട്രിയത്തിൽ ബലവും മാത്രം
മതിയാകുന്നത് തെറ്റാണ്!
ശാസ്ത്രത്തിന്റെ സഹായത്തോടെ
അനുമതി നല്കാൻ കഴിയേണം
_____________

മൂദ്രാഗീതം 22

മതവിഭിന്ന ചിന്തകൾ
വെടിഞ്ഞൊരുമ നേടിടാം
ഹരിതപുളക സൗഹൃദം
പുന:ർ ജനിച്ചുയർന്നിടും....

തകർന്നടിഞ്ഞ ജീവിതം
ഉടച്ചുവാർത്തെടുക്ക നാം
കഴിഞ്ഞ കാല ചെയ്തികൾ
നമുക്കു പാഠമാകണം....

വികസനം വികേന്ദ്രിതം,
വിഭവ - വൈഭവങ്ങളെ
സുതാര്യമായി ണക്കണം
ജനതയാകെ യുണരണം....

പ്രകൃതി വിഭവ ചൂഷണം
കരുതലോടെയാ കണം
ഇനി വരുന്നവർക്കു വേണ്ടി
കരുതലോടെ കാക്കണം ...

ഉതിർന്നു വിണ്ണിൽ നിന്നു -
മെത്തിടുന്ന നീർകണം
പുളകമാർന്നു പുൽകുവാൻ
മൺ വിശുദ്ധി കാക്കണം ...

കിനിഞ്ഞു മണ്ണിനുൾ നിറഞ്ഞു
നീരുറവയായ് ജനിച്ചിടാൻ
നീരു സംഭരിച്ചു നിർത്തിടും
കുന്നുകൾ പുലരണം ....

ഉറവപൊട്ടി അരുവിയായ്
പുഴകളായ് പടരുവാൻ
പ്രവാഹ വേഗമേറ്റു -
വാങ്ങിടാനിടം കൊടുക്കണം....

സ്വാർത്ഥ മോഹമോടെ
കാടൊടുക്കി ടേണ്ട തോർക്കുക
മുടിഞ്ഞു നാടൊടുങ്ങിടും
ദുരന്ത ഭാരമേറിടും.....


മടത്തറ ശശി

ഓട്ടൻതുള്ളൽമട്ട്

അകലെയല്ല
അകലെയല്ല
നവകേരള ലക്ഷ്യം
അരികിലെത്തി
അരികിലെത്തി
അതിനായ് പലമാർഗ്ഗം.

അതിജീവന-
ത്തിനായ്
അതിവേഗ-
മുണർന്നവർ
അതിലും ഗതി-
വേഗത്തിൽ
പണിയും പുതുലോകം.

പ്രളയം മുക്കി-
നനച്ചൊരു നാടിനെ
പഴയതുപൊലെ
പുതുക്കീടേണ്ടാ..

പ്രകൃതി കൊതിക്കും
പോലൊരു പുത്തൻ
പ്രകൃതിയിലാക്കാം
കേരളഭൂമിയെ.

തകൃതിയി-
ലൊക്കെ നടക്കണ-
മതിനായ്
കുതികൊണ്ടീ-
ടണമൊറ്റ മനസ്സായ്

ജാതിമതത്തിൻ
കറകളെയല്ലോ
പ്രളയക്കരമത്
കഴുകിയെടുത്തൂ

കഴുകിക്കഴുകി
കറപോകാത്തവർ
കഴുകന്മാരൂടെ
കൊക്കിന് ഭോജ്യം

ഒറ്റക്കൊറ്റ-
ക്കല്ലാ നമ്മൾ
പറ്റം ചേർന്നേ
പണിചെയ്യാവൂ.

നമ്മുടെ നാടിന്
നാശം വന്നാൽ
നന്നാക്കേണ്ടത്
നമ്മുടെ ലക്ഷ്യം

മറ്റുള്ളോരിൽ
കുറ്റം ചാരും
മണ്ടത്തരമത്
വേണ്ടേ വേണ്ടാ.

ജാതിമതങ്ങൾ
നോക്കീട്ടല്ല
ജാതകദോഷം
നോക്കീട്ടല്ല
ആധിപെരുപ്പി-
ച്ചലറിവിളിച്ചി-
ട്ടതിലേയിതിലേ
വന്നൂ പ്രളയം.

കൊടിയുടെ വർണ്ണം
ബോധിച്ചല്ല
കൊടിയ ദുരന്തം
വന്നൂ നാട്ടിൽ
ചെടിയോടൊന്നും
ചോദിച്ചല്ല
അടിയിൽ വന്നു
നിറഞ്ഞൂ പ്രളയം.

--- ഇ ജിനൻ

ഒരുമയുടെ ഗീതം

എ.എം.ബാലകൃഷ്ണൻ

ഒരുമയുടെ ഗീതം പെരുമയായുയരുന്നു
സഹ്യാദ്രി സാനുക്കളോളം, !
ഭേദങ്ങളെല്ലാം ഭേദിച്ചു നീങ്ങുന്നു,
പ്രളയ പ്രവാഹത്തിനോളം !!

പുതു കേരളം പാടിടുന്നു,
പുതുകേരളം പാടിടുന്നു,

"സുസ്ഥിര,, സുരക്ഷിതം നവകേരളം
തീർക്കാൻ ഒരു മനസ്സോടെ നീങ്ങാം,
ഇനിയും വരാനുള്ള തലമുറയ്ക്കായ്
ഭുമിചമയിച്ചു കാത്തുവെക്കാം ".

പ്രളയം പഠിപ്പിച്ച പാഠങ്ങളൊക്കെയും
പ്രകൃതത്തിൽ ഉൾച്ചേർത്തിടാം,
മാമലകൾ വയലുകൾ തീരങ്ങളൊക്കെയും
തകരാതെ കാത്തുവെക്കാം.

പുതു കേരളം പാടിടുന്നു,
പുതു കേരളം പാടിടുന്നു,

"സുസ്ഥിര സുരക്ഷിതം നവകേരളം
തീർക്കാൻ ഒരു മനസ്സോടെ നീങ്ങാം,
ഇനിയും വരാനുള്ളതലമുറയ്ക്കായ്
ഭൂമി ചമയിച്ചു കാത്തുവെക്കാം"

പണമാക്കി മാറ്റും ചരക്കല്ല മണ്ണ്,
അന്നവും ജീവനും വിളയുന്ന മണ്ണ്,
കൃഷി തന്നെ ജീവനും,,
കൃഷി തന്നെ ജീവിതം,
കൃഷി തന്നെ സംസ്ക്കരവും !!

പുതു കേരളം പാടിടുന്നു,
പുതു കേരളം പാടിടുന്നു,

സുസ്ഥിര സുരക്ഷിതം നവകേരളം തീർക്കാൻ,,
ഒരു മനസ്സോടെ നീങ്ങാം,
ഇനിയും വരാനുള്ളതലമുറയ്ക്കായ്
ഭൂമി ചമയിച്ചു കാത്തുവെക്കാം

ഇന്നിന്റെ യാർത്തികൾ തീർക്കാനുയർത്തുന്ന,
നിർമ്മിതികൾ മാറ്റിവെക്കാം,
നാളേക്കുമുയരങ്ങൾ കീഴടക്കാനുള്ള
പടവുകൾ തീർത്തു വെക്കാം;!!

പുതു കേരളം പാടിടുന്നു,
പുതു കേരളം പാടിടുന്നു,

സുസ്ഥിര സുരക്ഷിതം, നവകേരളം തീർക്കാൻ,
ഒരു മനസ്സോടെ നീങ്ങാം,
ഇനിയും വരാനുള്ള തലമുറയ്ക്കായ്
ഭൂമി ചമയിച്ചു കാത്തുവെക്കാം.

പാട്ടുകൾ കേൾക്കാം

7.
ഭൂമി പൊതുസ്വത്ത് - ഭൂമിഗീതങ്ങൾ -പരിഷദ് ഗീതങ്ങൾ KSSP https://soundcloud.com/riswan-ilaveyil-giridhar-chokkan/kssp-11

8
എന്റെ മണ്ണെന്റെ മണ്ണ് - ഭൂമിഗീതങ്ങൾ - പരിഷദ് ഗീതങ്ങൾ KSSP https://soundcloud.com/riswan-ilaveyil-giridhar-chokkan/kssp-14

9
മഴയെങ്ങു പോയ് - ഭൂമിഗീതങ്ങൾ - പരിഷദ് ഗീതങ്ങൾ KSSP https://soundcloud.com/riswan-ilaveyil-giridhar-chokkan/kssp-12

10
ഇനി വരുന്നൊരു തലമുറക്ക് - ഭൂമിഗീതങ്ങൾ - പരിഷദ് ഗീതങ്ങൾ - KSSP https://soundcloud.com/riswan-ilaveyil-giridhar-chokkan/kssp-16

11
വരികയാണ് വരികയാണ് വിശ്വകേരളം - സാക്ഷരഗീതങ്ങൾ - പരിഷദ് ഗീതങ്ങൾ - KSSP https://soundcloud.com/riswan-ilaveyil-giridhar-chokkan/kssp-30

12
സംവത്സരങ്ങളായ് - ഭൂമിഗീതങ്ങൾ - പരിഷദ് ഗീതങ്ങൾ KSSP https://soundcloud.com/riswan-ilaveyil-giridhar-chokkan/kssp-13

13
പറയുവാനെന്തുണ്ട് വേറെ വേണം മറ്റൊരു കേരളം KSSP https://soundcloud.com/user-170169096/kssp-6

14
കുരുമുളക് വള്ളിയിൽ എം.എം. സചീന്ദ്രൻ വേണം മറ്റൊരു കേരളം KSSP https://soundcloud.com/user-170169096/kssp-2

15.
പന്ത്കായ്ക്കുംകുന്ന് മോഹനകൃഷ്ണൻ കാലടി യുറീക്കാപ്പാട്ടുകൾ KSSP https://soundcloud.com/user-170169096/kssp-21

16
സ്വാശ്രയമെന്നത് സ്വാതന്ത്ര്യം സ്വാശ്രയഗാനം KSSP https://soundcloud.com/user-338232909/kssp-8

17
വേണം മറ്റൊരു കേരളം ആമുഖം KSSP https://soundcloud.com/user-170169096/kssp-9

18
മഴവില്ലുകൾ കോർത്ത സ്വപ്നങ്ങൾ വേണം മറ്റൊരു കേരളം KSSP https://soundcloud.com/user-170169096/kssp-7

19
അറിയില്ലവർക്കൊന്നും വേണം മറ്റൊരു കേരളം KSSP https://soundcloud.com/user-170169096/kssp-4

20
വേർപ്പുവീഴ്ത്തി വേണം മറ്റൊരു കേരളം KSSP https://soundcloud.com/user-170169096/kssp-5

21
വേണം മറ്റൊരു ജീവിതം വേണം മറ്റൊരു കേരളം KSSP https://soundcloud.com/user-170169096/kssp-3

22
മറ്റൊരു ലോകം വേണം മറ്റൊരു കേരളം KSSP https://soundcloud.com/user-170169096/kssp-8

23
മഴയാഴ് പെയ്യുക നമ്മൾ യുറീക്കാപ്പാട്ടുകൾ KSSP https://soundcloud.com/user-170169096/kssp-19

24
ഞാനുറങ്ങും വീടിനൊരു മേൽക്കൂര ഞായറുള്ള തിങ്കളുള്ള മേൽക്കൂര അക്ഷരഗീതങ്ങൾ KSSP https://soundcloud.com/user-338232909/kssp-11

വികസനക്യാമ്പയിൻ മറ്റുപേജുകൾ

 1. ക്യാമ്പയിൻ സംഗ്രഹം - ക്ലിക്ക് ചെയ്യുക
 2. പുതിയകേരളം നിർ‍മ്മിക്കാൻ - മുഖ്യമന്ത്രിക്കുള്ള കത്ത് - ക്ലിക്ക് ചെയ്യുക
 3. ക്യാമ്പയിൻ ലഘുലേഖ - ക്ലിക്ക് ചെയ്യുക
 4. മേഖലാപദയാത്രകൾ - ക്ലിക്ക് ചെയ്യുക
 5. പദയാത്രാഗീതങ്ങൾ - ക്ലിക്ക് ചെയ്യുക
 6. തെരുവരങ്ങ് ചെറുനാടകങ്ങൾ - ക്ലിക്ക് ചെയ്യുക
 7. സംവാദകേന്ദ്രങ്ങൾ - ക്ലിക്ക് ചെയ്യുക
 8. സംസ്ഥാന വാഹനജാഥകൾ - ക്ലിക്ക് ചെയ്യുക
 9. പുതിയകേരളം - ജില്ലാ സെമിനാറുകൾ - ക്ലിക്ക് ചെയ്യുക
 10. ക്യാമ്പസ് സംവാദങ്ങൾ - ക്ലിക്ക് ചെയ്യുക
 11. സാമൂഹ്യമാധ്യമങ്ങൾ - ക്ലിക്ക് ചെയ്യുക
 12. പോസ്റ്ററുകൾ - ക്ലിക്ക് ചെയ്യുക
 13. ബ്രോഷറുകൾ - ക്ലിക്ക് ചെയ്യുക
 14. വീഡിയോകൾ - ക്ലിക്ക് ചെയ്യുക
 15. ഫോട്ടോഗാലറി - ക്ലിക്ക് ചെയ്യുക
 16. പഴയകാല പരിഷത്ത് രേഖകൾ - ക്ലിക്ക് ചെയ്യുക
"https://wiki.kssp.in/index.php?title=പദയാത്രാഗീതങ്ങൾ&oldid=7424" എന്ന താളിൽനിന്ന് ശേഖരിച്ചത്