അത്ഭുതകരമായ ആകാശം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
അത്ഭുതകരമായ ആകാശം
Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം [[]]
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഒക്ടോബർ, 2009

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.

ആധുനികശാസ്‌ത്രവിജ്ഞാനം, ശാസ്‌ത്രീയ വീക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്‌ ബോധ്യമുള്ള ഏതൊരാളെ സംബന്ധിച്ചിടത്തോളവും ഏറെ പ്രാധാന്യമുള്ള വർഷമാണ്‌ 2009. ഭൗതികശാസ്‌ത്രരംഗത്ത്‌ പൊതുവിലും ജ്യോതിശ്ശാസ്‌ത്രരംഗത്ത്‌ പ്രത്യേകിച്ചും യുഗപരിവർത്തനത്തിന്‌ തുടക്കം കുറിച്ച ഗലീലിയോ ഗലീലിയുടെ പ്രശസ്‌തമായ ടെലിസ്‌കോപ്പ്‌ നിരീക്ഷണം നടന്നിട്ട്‌ 400 സംവത്സരങ്ങൾ പൂർത്തിയാകുന്നത്‌ ഈ വർഷമാണ്‌ . അതുപോലെ തന്നെ ജീവശാസ്‌ത്രരംഗത്ത്‌ അന്നുവരെ നിലനിന്നിരുന്ന ഒട്ടേറെ അബദ്ധധാരണകളെ തകിടം മറിച്ച്‌ ആധുനിക ജീവശാസ്‌ത്രത്തിന്‌ അടിത്തറ പാകിയ ചാൾസ്‌ ഡാർവിന്റെ 200-ാം ജന്മവാർഷികവും, അദ്ദേഹത്തിന്റെ `സ്‌പീഷീസുകളുടെ ഉത്‌പത്തി' (Origin Of Species) എന്ന മഹദ്‌ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ട്‌ 150 സംവത്സരങ്ങൾ പൂർത്തിയാകുന്നതും ഈ വർഷം തന്നെ. ചുരുക്കത്തിൽ നവ മാനവസംസ്‌കാരത്തിന്റെ അസ്‌തിവാരമെന്ന്‌ നിസ്സംശയം വിശേഷിപ്പിക്കാവുന്ന ആധുനിക ശാസ്‌ത്രത്തിന്റെ ചരിത്രത്തിലെ അത്യന്തം പ്രാധാന്യമേറിയ ചില മുഹൂർത്തങ്ങളുടെ ഓർമ പുതുക്കിക്കൊണ്ടാണ്‌ 2009 നമ്മുടെ മുന്നിൽ എത്തുന്നത്‌. ഇന്ത്യൻ ആണവ പരിപാടിയുടെയും ബഹിരാകാശ ഗവേഷണത്തിന്റേയും ഉപജ്ഞാതാവായ ഹോമി ജെ ഭാഭയുടെ ജന്മശതാബ്‌ദി വർഷമാണ്‌ ഇതെന്ന കാര്യവും ഈ അവസരത്തിൽ സ്‌മരണീയമാണ്‌.

ഈ ചരിത്രമുഹൂർത്തത്തിന്റെ സവിശേഷ പ്രാധാന്യം കണക്കിലെടുത്ത്‌ കൊണ്ട്‌ 2009 -2010 പ്രവർത്തനവർഷം ശാസ്‌ത്രവർഷമായി ആചരിക്കാൻ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തീരുമാനിച്ചിരിക്കുകയാണ്‌. ആധുനിക ശാസ്‌ത്രവിജ്ഞാനവും ശാസ്‌ത്രബോധവും സമസ്‌ത ജനവിഭാഗങ്ങളിലേക്കും പ്രസരിപ്പിക്കുക എന്നത്‌ പണ്ടെന്നത്തേക്കാളും ഇന്ന്‌ പ്രസക്തമായി തീർന്നിരിക്കുന്നു എന്ന വിശ്വാസമാണ്‌ ഇത്തരമൊരു തീരുമാനമെടുക്കാൻ പരിഷത്തിനെ പ്രേരിപ്പിക്കുന്നത്‌.

ആധുനിക ശാസ്‌ത്രവിജ്ഞാനത്തിന്റെ അനന്തസാധ്യതകൾക്കും അതുണർത്തിവിടുന്ന ഉദാത്തമായ ജിജ്ഞാസക്കുമൊപ്പം, ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ വിവേകപൂർണമായ ഉപയോഗവും അവയക്ക്‌ മേലുള്ള സാമൂഹ്യനിയന്ത്രണവും വ്യാപകമായ ചർച്ചക്ക്‌ വിഷയീഭവിക്കേണ്ടതുണ്ടെന്ന്‌ പരിഷത്ത്‌ കരുതുന്നു. ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ ശാസ്‌ത്ര പ്രചാരണ പ്രവർത്തനങ്ങൾക്കാണ്‌ പരിഷത്ത്‌ രൂപം നൽകിയിട്ടുള്ളത്‌. ശാസ്‌ത്രവർഷാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലഘുഗ്രന്ഥപരമ്പരയിലെ ഒരു പുസ്‌തകമാണിത്‌.


കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌

ജ്യോതിശ്ശാസ്ത്രം ഗലീലിയോയ്ക്കു മുമ്പും പിമ്പും

ഗലീലിയോയ്‌ക്കു മുമ്പും പിമ്പുമുള്ള ജ്യോതിശ്ശാസ്‌ത്രത്തിന്റെ കാതലായ വ്യത്യാസം രണ്ടാണല്ലോ. ജ്യോതിശ്ശാസ്‌ത്ര നിരീക്ഷണത്തിന്റെ കാര്യത്തിൽ നഗ്നനേത്രങ്ങൾ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളിൽ നിന്ന്‌ ടെലിസ്‌കോപ്പ്‌ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലേക്കുള്ള പരിവർത്തനം. ജ്യോതിശ്ശാസ്‌ത്ര സിദ്ധാന്തത്തിൽ, ഭൂകേന്ദ്രിത പ്രപഞ്ചവീക്ഷണത്തിൽ നിന്ന്‌ സൂര്യകേന്ദ്രിത സൗരയൂഥത്തിലേക്കും ആകാശഗംഗ എന്ന നക്ഷത്രമണ്‌ഡലത്തെ ചുറ്റിപ്പറ്റിയുള്ള വീക്ഷണത്തിലേക്കുമുള്ള മാറ്റവും, പിന്നീട്‌ അത്തരം കോടാനുകോടി ഗ്യാലക്‌സികൾ ഉൾപ്പെടുന്ന ബൃഹദ്‌ പ്രപഞ്ചമെന്ന കാഴ്‌ചപ്പാടിലേക്കുമുള്ള വളർച്ചയും.

സൂര്യചന്ദ്രാദികളുടെ ഉദയാസ്‌തമയങ്ങളെപ്പറ്റിയും നക്ഷത്രമണ്‌ഡലത്തിന്റെ പശ്ചാത്തലത്തിൽ ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ സഞ്ചാരപഥങ്ങളെപ്പറ്റിയും വളരെ കൃത്യമായ നിരീക്ഷണങ്ങൾ ടെലിസ്‌കോപ്പ്‌ വരും മുമ്പുതന്നെ ജ്യോതിശ്ശാസ്‌ത്രജ്ഞർ നടത്തിയിരുന്നു എന്നുള്ളതാണു സത്യം. അതിനുവേണ്ടിയുള്ള വിവിധയന്ത്രങ്ങൾ വളരെ മുമ്പ്‌ തന്നെ വികസിപ്പിച്ചെടുത്തിരുന്നു. ആ നിരീക്ഷണങ്ങളുടെ കൃത്യത അല്‌പം കൂടി വർധിപ്പിക്കുക എന്നതിനേക്കാൾ, നഗ്നനേത്രങ്ങൾ കൊണ്ട്‌ ഒരിക്കലും കാണാൻ കഴിയുമായിരുന്നില്ലാത്ത കാഴ്‌ചകൾ കാട്ടിത്തന്നു എന്നതായിരുന്നു ഗലീലിയോയുടെ ടെലിസ്‌കോപ്പിന്റെ മഹത്വം. പിന്നീടുവന്ന സാങ്കേതിക മികവു കൂടിയ ഓപ്‌ടിക്കൽ ടെലിസ്‌കോപ്പുകളും റേഡിയോ, എക്‌സ്‌റേ ടെലിസ്‌കോപ്പുകളും ബഹിരാകാശത്തു നാട്ടിയ ഹബ്‌ൾ ടെലിസ്‌കോപ്പുമെല്ലാം കൂടുതൽ ദൂരത്തേക്ക്‌, കൂടുതൽ സൂക്ഷ്‌മതലങ്ങളിലേക്ക്‌ നമ്മുടെ ദൃഷ്‌ടിയെ എത്തിക്കുകയാണുണ്ടായത്‌. ഒരു പുതിയ പ്രപഞ്ചം തന്നെ നമുക്കു തുറന്നു തന്നു.

തുടക്കം

മലർന്നു കിടന്ന്‌ മാനത്തുനോക്കി അത്ഭുതം കൂറാൻ കഴിയുന്ന ഒരേ ഒരു ജീവി മനുഷ്യനാണല്ലോ. വേട്ടയാടിയും പെറുക്കിതിന്നും കഴിഞ്ഞിരുന്ന ആദ്യ നാളുകളിൽ തന്നെ സൂര്യന്റെ ദിനചലനവും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും നക്ഷത്രാവൃതമായ രാത്രിനഭസ്സും മനുഷ്യനെ ആകർഷിച്ചിരുന്നിരിക്കും എന്നതിൽ സംശയമില്ല. സൂര്യനും ദിനരാത്രങ്ങളും തമ്മിലുള്ള ബന്ധം സ്വയംസിദ്ധമാണല്ലോ. മറ്റുള്ള മാറ്റങ്ങൾ വെറും കൗതുകം എന്നതിനപ്പുറം പ്രസക്തമായതിന്‌ പലകാരണങ്ങളും ഉണ്ടാവാം. ഒന്ന്‌, പകൽ സമയത്ത്‌ സൂര്യന്റെ എന്നതുപോലെ രാത്രിയിൽ നക്ഷത്രങ്ങളുടെ ഉദയവും സ്ഥാനവും സമയനിർണയത്തിനുതകും എന്ന അറിവ്‌. രണ്ട്‌, മരുഭൂമിയിലും കടലിലും യാത്ര ചെയ്യുന്നവർക്ക്‌ നക്ഷത്രങ്ങളുടെ സ്ഥാനം ദിക്കറിയാൻ ഉപകരിക്കുന്നു എന്നത്‌. മൂന്ന്‌, അവയുടെ ആവർത്തനവും പ്രകൃതിയിലെ ഋതുക്കളും തമ്മിലുള്ള പാരസ്‌പര്യം ശ്രദ്ധയിൽപെട്ടത്‌. അതോടെ ആകാശമാറ്റങ്ങൾ മുൻകൂട്ടി കണക്കാക്കിയാൽ പ്രകൃതിമാറ്റങ്ങളും പ്രവചിക്കാനാകുമെന്നു വന്നു. അങ്ങനെ കലണ്ടറുണ്ടായി. ഋതുക്കളുടെ ആവൃത്തിയെക്കുറിക്കുന്ന വർഷം ആയിരുന്നിരിക്കണം അടിസ്ഥാന യൂണിറ്റ്‌. എത്ര ദിവസം കൂടുമ്പോൾ ഒരു ചക്രം പൂർത്തിയാകും? 360? 365? ഈജിപ്‌റ്റുകാർക്ക്‌ നൈൽ നദിയിലെ വെള്ളപ്പൊക്കമായിരുന്നു പുതുവർഷാരംഭം. സൂര്യൻ സോഥിയൂസ്‌ നക്ഷത്രത്തിന്റെ (നമ്മുടെ സിറിയസ്‌) ഒപ്പം ഉദിക്കുന്ന ദിവസം വെള്ളം പൊങ്ങും. (അത്‌ മഴയുമായി ബന്ധപ്പെട്ടായിരുന്നില്ല. ആയിരക്കണക്കിനു കിലോമീറ്റർ തെക്ക്‌, നൈൽ നദി ഉത്ഭവിക്കുന്ന കിളിമഞ്‌ജാരോ മലകളിലെ മഞ്ഞ്‌ ഉരുകിത്തുടങ്ങുന്നതാണതിനു കാരണം) അതിനാൽ വർഷത്തിന്റെ ദൈർഘ്യം ഏതാണ്ടു കൃത്യമായി 3651/4 ദിവസം എന്നു കണക്കാക്കാൻ അവർക്കു കഴിഞ്ഞു. വർഷത്തിന്റെ ചെറുഘടകങ്ങളായാണ്‌ മാസങ്ങൾ വന്നത്‌. പല സമൂഹങ്ങളിലും അത്‌ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ ആസ്‌പദമാക്കിയാണു നിർണയിക്കപ്പെട്ടത്‌. അത്‌ ഏതാണ്ടു 30 ദിവസങ്ങളോടടുത്തു വരുന്നു എന്നതും 12 മാസങ്ങൾ ചേർന്ന വർഷം 360 ദിവസങ്ങളുള്ള വർഷം ആകും എന്നതും 60 അടിസ്ഥാനമായുള്ള എണ്ണൽ രീതി സ്വീകരിച്ചിരുന്ന മെസൊപ്പൊട്ടേമിയക്കാരെ സന്തുഷ്‌ടരാക്കി. 12, 30, 360 എല്ലാം 60 അടിസ്ഥാനമായുള്ള എണ്ണൽ രീതിയിൽ വളരെ പ്രാധാന്യമുള്ള സംഖ്യകളാണല്ലോ. (അവരിൽ നിന്നാണ്‌ നമുക്ക്‌ 60 സെക്കന്റ്‌ ഒരു മിനിട്ട്‌, 60 മിനിട്ട്‌ ഒരു മണിക്കൂർ എന്ന സമയമാപന രീതിയും, സമഭുജത്രികോണത്തിലെ കോണിന്റെ 60ൽ ഒന്ന്‌ എന്ന ഡിഗ്രി അളവും കിട്ടിയത്‌). പക്ഷേ 360 ദിവസങ്ങൾ ചേർന്ന വർഷം ഋതുക്കളോടു പൊരുത്തപ്പെടുന്നില്ല എന്ന്‌ അവർ വേഗത്തിൽ മനസ്സിലാക്കി. അവർ പിന്തിരിഞ്ഞില്ല. 12 x 30 എന്ന കണക്കു നിലനിർത്തിക്കൊണ്ടുതന്നെ അവർ അഞ്ചോ ആറോ വർഷം കൂടുമ്പോൾ ഒരു അധികമാസം കൂട്ടിച്ചേർത്തുകൊണ്ട്‌ വർഷങ്ങളും ഋതുക്കളും തമ്മിലുള്ള പൊരുത്തം ശരിയാക്കി. ഈജിപ്‌റ്റുകാരാകട്ടെ 360 ദിവസം (12 x 30) കഴിഞ്ഞുള്ള അഞ്ചോ ആറോ ദിവസം `ഡൈസ്‌നോൺ' ആയി പ്രഖ്യാപിച്ചു! (ആഘോഷദിവസങ്ങൾ എന്നു പറയുന്നതായിരിക്കും കൂടുതൽ ശരി). ഏതായാലും ച്രന്ദന്റെ വൃദ്ധിക്ഷയങ്ങളിൽ നിന്നുദിക്കുന്ന മാസവും ഋതുക്കളുടെ ആവൃത്തിക്കു നിദാനമായ സൗരവർഷവും തമ്മിലുള്ള പൊരുത്തമില്ലായ്‌മ എല്ലാ കലണ്ടർ നിർമാതാക്കളെയും കുഴക്കിയിട്ടുണ്ട്‌. രണ്ടുവിധത്തിലാണ്‌ ഇതിനു പരിഹാരം കണ്ടത്‌. ഒന്ന്‌, അറബികൾ ചെയ്‌തതുപോലെ പൂർണമായും ചന്ദ്രനെ ആശ്രയിച്ചുള്ള വർഷം സ്വീകരിക്കുക. കാര്യമായ കൃഷിയൊന്നുമില്ലാത്ത അവർക്ക്‌ അതാകാം! പക്ഷേ ഇൻഡ്യയും ചൈനയും ഉൾപ്പെടെയുള്ള മറ്റു മിക്ക സമൂഹങ്ങളും ചെയ്‌തത്‌ സൗരയൂഥവർഷത്തിനുള്ളിൽ ചാന്ദ്രമാസങ്ങളെ തിരുകിക്കയറ്റുകയാണ്‌. ശകവർഷത്തിലെ മാസങ്ങൾക്ക്‌ (ചൈത്രം, വൈശാഖം, ...) ഏതു നക്ഷത്രത്തിൽ ചന്ദ്രൻ നിൽക്കുമ്പോഴാണ്‌ പൗർണമി ഉണ്ടാവുക എന്നതിനെ ആശ്രയിച്ചാണ്‌ പേരിട്ടിരിക്കുന്നത്‌. അങ്ങനെ വരുമ്പോൾ നേരത്തേ സൂചിപ്പിച്ച രീതിയിലുള്ള തിരുത്തലുകൾ ഇടയ്‌ക്കിടെ വേണ്ടിവരും. ഇക്കാര്യത്തിൽ ഏറ്റവും ശാസ്‌ത്രീയം കൊല്ലവർഷമാണ്‌. നമ്മുടെ മാസക്കണക്കിന്‌ ചന്ദ്രനുമായി ബന്ധമൊന്നുമില്ല. നക്ഷത്ര പശ്ചാത്തലത്തിൽ സൂര്യൻ ചലിക്കുന്ന പഥത്തെ 30 ഡിഗ്രി വീതമുള്ള 12 തുല്യ രാശികളായി ഭാഗിച്ചിരിക്കുന്നു. ഓരോന്നും ഓരോ മാസം. മാസത്തിന്റെ പേര്‌ അതാതു ഭാഗത്തുള്ള നക്ഷത്രക്കൂട്ടങ്ങളുടെ ആകൃതിയോ അതുമായി ബന്ധപ്പെട്ട കഥകളോ ആധാരമാക്കി സ്വീകരിച്ചിരിക്കുന്നു. ഈ രീതിക്ക്‌ മെസൊപ്പൊട്ടേമിയൻ രീതിയും തുടർന്നുവന്ന യവന രാശി നാമങ്ങളുമായുള്ള സാമ്യം യാദൃശ്‌ഛികമാകാൻ വഴിയില്ല. വരാഹമിഹിരന്റെ പഞ്ചസിദ്ധാന്തിക എഴുതിയ കാലത്തു തന്നെ യവനരുടെ ജ്യോതിശ്ശാസ്‌ത്രസിദ്ധാന്തങ്ങൾ ഭാരതത്തിൽ സുപരിചിതമായിരുന്നു. (പഞ്ചസിദ്ധാന്തികയിൽ രണ്ടെണ്ണമെങ്കിലും-രോമക, പൗലിശ സിദ്ധാന്തങ്ങൾ-അവിടെ നിന്നു വന്നതാണ്‌).

ഏതായാലും രണ്ടായിരത്തിമുന്നൂറ്‌ വർഷങ്ങൾക്കു മുമ്പുതന്നെ ഗ്രഹനില കൃത്യമായി ഗണിച്ചെടുക്കാനും ഗ്രഹണസമയങ്ങൾ പ്രവചിക്കാനും കഴിയുന്ന വിധത്തിൽ ജ്യോതിശ്ശാസ്‌ത്ര നിരീക്ഷണങ്ങൾ വളർന്നു വികസിച്ചിരുന്നു. അതിന്‌ അത്യാവശ്യമായി വേണ്ടത്‌ സമയവും കോണും അളക്കാനുള്ള ഉപകരണങ്ങളാണ്‌. അലക്‌സാൻഡ്രിയയിലെ എൻജിനീയർമാർ ഇതു രണ്ടും വികസിപ്പിച്ചെടുത്തിരുന്നു. `ക്ലെപ്‌സിഡ്ര' എന്ന ജലഘടികാരമാണ്‌ സമയമളക്കാൻ അവർ ഉപയോഗിച്ചത്‌. കോൺ അളക്കാനുള്ള അസ്‌ട്രോലേബ്‌ (Astrolabe) എന്ന ഉപകരണം ബി.സി. മൂന്നാം നൂറ്റാണ്ടിൽ അലക്‌സാൻഡ്രിയയിലാണു നിർമിക്കപ്പെട്ടത്‌.

ചന്ദ്രൻ സൂര്യന്റെ പ്രകാശം തട്ടിത്തിളങ്ങുന്ന ഒരു ഗോളമാണെന്നതും ഗ്രഹണങ്ങൾ ഉണ്ടാകുന്നത്‌ ചന്ദ്രന്റെയും ഭൂമിയുടെയും നിഴൽ മൂലമാണെന്നതും ബി.സി. 488-422 ൽ ജീവിച്ചിരുന്ന അനക്‌സഗോറാസ്‌ എന്ന യവന പണ്‌ഡിതൻ ഉറപ്പിച്ചു പറഞ്ഞിരുന്നു. പക്ഷേ അതു വിശ്വസിക്കാനാർക്കും ഇഷ്‌ടമുണ്ടായിരുന്നില്ല. എങ്കിലും ആ അടിസ്ഥാനത്തിലാണ്‌ മിക്ക ജ്യോതിശ്ശാസ്‌ത്രജ്ഞരും കണക്കുകൂട്ടലുകൾ നടത്തിയിരുന്നത്‌. ചന്ദ്രന്റെ കൃത്യം പാതി സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന ദിവസം സൂര്യ-ചന്ദ്ര-ഭൂഗോളങ്ങൾ ഒരു മട്ടത്രികോണാകൃതിയിൽ എത്തും എന്ന വസ്‌തുതയുടെ അടിസ്ഥാനത്തിൽ അരിസ്റ്റാർക്കസ്‌ (310-230 ബി.സി.) ചന്ദ്രന്റെ 19 ഇരട്ടി അകലെയാണ്‌ സൂര്യനെന്നു കണക്കു കൂട്ടി. ഗ്രഹണസമയത്തു ചന്ദ്രനിൽ വീഴുന്ന ഭൂമിയുടെ നിഴലിന്റെ വളവിൽ നിന്ന്‌ ഭൂമിയുടെ വ്യാസം ചന്ദ്രന്റെ ഇരട്ടിയാണെന്നും കണക്കാക്കി. ശരിയായ അളവുകൾ വളരെ വ്യത്യസ്‌തമാണെങ്കിൽ പോലും ഇത്തരം കൗശലപൂർവമായ നിരീക്ഷണങ്ങൾ നടത്തിയ അവരെ സമ്മതിച്ചേ പറ്റൂ! മാത്രമല്ല, സൂര്യനും ചന്ദ്രനും ഏതാനും മീറ്റർ മാത്രം വലുപ്പമുള്ള പ്രകാശഗോളങ്ങളാണെന്ന പരമ്പരാഗത ധാരണയെ അതു മാറ്റിമറിക്കുകയും ചെയ്‌തു. ഈ കണ്ടുപിടുത്തങ്ങളുടെ ബലത്തിലാവണം, സൂര്യൻ അനങ്ങാതെ നിൽക്കുകയാണെന്നും ഭൂമിയും മറ്റുഗ്രഹങ്ങളും സൂര്യനെ വലം വയ്‌ക്കുകയാണെന്നും അരിസ്റ്റാർക്കസ്‌ പറഞ്ഞു. പക്ഷേ ആരുമത്‌ കാര്യമായിട്ടെടുത്തില്ല.

ഭൂമിയുടെ ചുറ്റളവു കണക്കാക്കാനായി ഇറാത്തോസ്‌തനീസ്‌ (276-195 ബി.സി.) നടത്തിയ പരീക്ഷണം ഇന്നു സ്‌കൂൾ കുട്ടികൾക്കു പോലും അറിയാം. (ചരിത്രത്തിലെ ഏറ്റവും മനോഹരമായ പരീക്ഷണങ്ങളിലൊന്ന്‌ എന്നാണതു വിശേഷിപ്പിക്കപ്പെടുന്നത്‌!). ബി.സി. 124ൽ ഹിപ്പാർക്കസ്‌ എന്ന യവന ശാസ്‌ത്രജ്ഞൻ വാനനിരീക്ഷണം നടത്തിയപ്പോൾ സ്‌പിക്ക (നമ്മുടെ ചിത്ര) എന്ന നക്ഷത്രം പണ്ടുള്ളവർ പറഞ്ഞ സ്ഥാനത്തുനിന്ന്‌ 2 ഡിഗ്രി മാറിയിരിക്കുന്നത്‌ ശ്രദ്ധയിൽപെട്ടു. `അചഞ്ചലം' എന്നു കരുതപ്പെടുന്ന നക്ഷത്ര സ്ഥാനങ്ങളിൽ ഇതു വരാൻ പാടില്ലാത്തതാണല്ലൊ. തുടർന്ന്‌ അദ്ദേഹം മറ്റു പ്രധാന നക്ഷത്രങ്ങളുടെ സ്ഥാനവും പുനർനിർണയിച്ചു. അത്ഭുതം! എല്ലാ നക്ഷത്രങ്ങളും സ്ഥാനം മാറിയിരിക്കുന്നു. അതും ഒരു പ്രത്യേക ക്രമത്തിൽ! ഭൂമിയുടെ അച്ചുതണ്ട്‌ അതിന്റെ സ്ഥിരമെന്നു കരുതപ്പെടുന്ന ദിശയിൽ നിന്ന്‌ തെന്നിമാറിയിരിക്കുന്നു! അത്‌ വർഷത്തിൽ 50.2 സെക്കൻഡ്‌ എന്ന തോതിൽ ആടിയുലഞ്ഞ്‌ 25800 വർഷം കൊണ്ട്‌ ഒരു വൃത്തം പൂർത്തിയാക്കും എന്ന്‌ ഇന്നു നമുക്കറിയാം. ഇതിനു വിഷുവബിന്ദുക്കളുടെ പുരസ്സരണം (precession of the equinox) എന്നു പറയുന്നു. ഈ ഭ്രംശത്തിന്റെ അളവ്‌ ഹിപ്പാർക്കസ്‌ കണക്കാക്കിയത്‌ സ്വല്‌പം തെറ്റിപ്പോയി (45 സെക്കന്റ്‌). എന്നിരുന്നാലും അതൊരു വലിയ കണ്ടുപിടുത്തം തന്നെയായിരുന്നു. ഈ പ്രിസെഷൻ എല്ലാ പുരാതന രാശിചക്രങ്ങളുടെ ദിശയെയും ബാധിച്ചിരുന്നു. (ഇതേപ്പറ്റി നമ്മുടെ പൂർവികരായ ജ്യോതിശ്ശാസ്‌ത്രജ്ഞർ ബോധവാന്മാരും ആയിരുന്നു. ഇതു തിരുത്താനാണ്‌ കേരളീയനായ വടശ്ശേരി പരമേശ്വരൻ (1360-1455) ദൃഗ്ഗണിത സിദ്ധാന്തം ആവിഷ്‌കരിച്ചത്‌.)

അതുവരെയുള്ള വാനനിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ, ഭൂമിയെ കേന്ദ്രമായി സങ്കല്‌പിച്ചുകൊണ്ടുള്ള ഒരു പ്രപഞ്ചമാതൃക ടോളമി (എ.ഡി. 85-165) കണക്കു കൂട്ടിയെടുത്തു. അതിന്റെ അടിസ്ഥാനത്തിൽ ഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളും ഗ്രഹനിലയും കൃത്യമായി ഗണിച്ചെടുക്കാമായിരുന്നു. ഗ്രഹപഥങ്ങൾ കണക്കാക്കുന്നതിലെ ഒരു പ്രശ്‌നം ഗ്രഹങ്ങൾ ചിലപ്പോൾ വേഗത കൂടിയും ചിലപ്പോൾ വേഗത കുറഞ്ഞും മറ്റു ചിലപ്പോൾ പിറകോട്ടും പോകുന്നതായി തോന്നുന്നതാണ്‌. പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും സ്വാധീനത്താൽ ഗ്രഹങ്ങളെല്ലാം ഭൂമിക്കു ചുറ്റും വൃത്തപഥങ്ങളിലാണ്‌ സഞ്ചരിക്കുന്നതെന്ന മുൻവിധിയുണ്ടായിരുന്ന യവനർക്ക്‌ ഇതു വിശദീകരിക്കാൻ വല്ലാതെ ബുദ്ധിമുട്ടേണ്ടിവന്നു. അതിനായി ടോളമി, വൃത്തങ്ങൾക്കു പുറമേ അതിവൃത്തങ്ങളും അതിന്മേൽ ഉരുളുന്ന കൂടുതൽ അതിവൃത്തങ്ങളുമായി നൂറുകണക്കിനു വൃത്തങ്ങളുടെ ഒരു സങ്കീർണവ്യൂഹം തന്നെ സൃഷ്‌ടിച്ചു. പക്ഷേ അന്നത്തെ നിലയ്‌ക്ക്‌ നിരീക്ഷിക്കാൻ കഴിയുന്ന കൃത്യതയോടെയുള്ള പ്രവചനം നടത്താൻ ആ ഗണിതീയ മാതൃകയ്‌ക്കു കഴിയുമായിരുന്നു എന്നതാണു കാതലായ കാര്യം. അന്നത്തെ ശാസ്‌ത്രത്തിന്റെ ഒരു വിജയപതാകയായിരുന്നു ടോളമിയൻ മാതൃക എന്നു നിസ്സംശയം പറയാം.

യവനജ്യോതിശ്ശാസ്‌ത്രവുമായി കൊടുക്കൽ വാങ്ങലുകൾ ഉണ്ടായിരുന്ന ഇന്ത്യയിലും ഈ മുന്നേറ്റങ്ങൾ തരംഗങ്ങൾ സൃഷ്‌ടിച്ചിരുന്നു. എ.ഡി. അഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ജീവിച്ച ആര്യഭടൻ ഭൂമി ഉരുണ്ടതാണെന്നും അത്‌ സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നതാണ്‌ ദിനരാത്രങ്ങൾക്കു കാരണമെന്നും പ്രഖ്യാപിച്ചു. ഗ്രഹപഥങ്ങൾ കണക്കാക്കാനായി വൃത്തങ്ങളും അതിവൃത്തങ്ങളും തന്നെയാണ്‌ അദ്ദേഹവും ഉപയോഗിച്ചത്‌. ഭൂകേന്ദ്രിതമായ ഗണിത മാതൃകതന്നെ ആര്യഭടനും പിന്തുടർന്നു. എന്നാൽ ആര്യഭടനെ പിന്തുടർന്നു വന്ന വരാഹമിഹിരനും ബ്രഹ്മഗുപ്‌തനും ഭൂമി കറങ്ങുന്നുവെന്ന സിദ്ധാന്തത്തെ എതിർത്തു. വരാഹമിഹിരനെത്തുടർന്നാണ്‌ ഇൻഡ്യയിൽ പ്രചാരത്തിലില്ലാതിരുന്ന ഫലഭാഗജ്യോതിഷം ഇവിടെയും പടർന്നത്‌ എന്നു കരുതപ്പെടുന്നു. മിക്കവാറും അതു യവനരിൽ നിന്നു കിട്ടിയതാവാം.

മറ്റ്‌ പ്രാചീന സംസ്‌കൃതികളിൽ നിന്നു ചൈനക്കാരെ വ്യത്യസ്‌തരാക്കുന്നത്‌ കൃത്യമായി രേഖകൾ സൂക്ഷിക്കുന്ന അവരുടെ നിഷ്‌ഠയാണ്‌. അതി പ്രാചീനകാലം മുതൽക്കേ തന്നെ അവർ വാനനിരീക്ഷണം നടത്തിയിരുന്നു. ബി.സി. 1600നും എ.ഡി. 1600നും ഇടയ്‌ക്ക്‌ കാണപ്പെട്ട 581 വാൽനക്ഷത്രങ്ങളുടെ റിക്കോർഡ്‌, ബി.സി. 1400നും എ.ഡി. 1690നും ഇടയ്‌ക്ക്‌ പ്രത്യക്ഷമായ നോവകളുടെയും സൂപ്പർനോവകളുടെയും ചരിത്രം, അതിനിടെ ദൃശ്യമായ സൂര്യകളങ്കങ്ങൾ (sun spots), ഗ്രഹണങ്ങൾ എന്നിവയൊക്കെ അവരുടെ ശേഖരത്തിലുണ്ട്‌. ചരിത്രത്തിലെ ആദ്യത്തെ സൂര്യഗ്രഹണം ബി.സി.1361 ൽ ചീനക്കാർ രേഖപ്പെടുത്തിയിട്ടുള്ളതാണ്‌. ഹാലി ധൂമകേതുവിനെ ആദ്യം കണ്ടത്‌ (ഏതായാലും എഴുതിവച്ചത്‌) അവരാണ്‌. എ.ഡി. 467ൽ വിഷുവവും സ്വരണവും അവർ കണ്ടെത്തി കണക്കു കൂട്ടിയിരുന്നു.

അറബികളും നല്ല ജ്യോതിശ്ശാസ്‌ത്രജ്ഞരെ സൃഷ്‌ടിച്ചിട്ടുണ്ട്‌. മരുഭൂമികളിലെ വാസവും നീണ്ട യാത്രകളും അവർക്ക്‌ വാനനിരീക്ഷണത്തിലും ജ്യോതിശ്ശാസ്‌ത്രത്തിലും അഗാധമായ താല്‌പര്യം ജനിപ്പിച്ചിരിക്കാം. എ.ഡി. പത്താംശതകത്തിൽ ജീവിച്ച അൽബത്താനി ടോളമിയേക്കാൾ കൃത്യതയോടെ പുരസ്സരണവും കണക്കാക്കിയിട്ടുണ്ട്‌. കോർദൊബയിൽ പ്രവർത്തിച്ചിരുന്ന അർസാഷെൽ (1080) ഗ്രഹങ്ങൾ സൂര്യനുചുറ്റും ദീർഘവൃത്താകൃതിയിൽ സഞ്ചരിക്കുന്നതായി അഭിപ്രായപ്പെടുകയുണ്ടായി. കെയ്‌റോയിലെ വാനനിരീക്ഷണശാലയിൽ പ്രവർത്തിച്ചിരുന്ന ഇബ്‌നു യൂനിസ്‌ പതിനൊന്നാം നൂറ്റാണ്ടിൽ കൃത്യമായ നക്ഷത്രപ്പട്ടികകൾ തയാറാക്കി. ചെങ്കിസ്‌ഖാന്റെ പൗത്രനായ ഹുലാഗോഖാൻ പതിമൂന്നാം നൂറ്റാണ്ടിൽ അസർബൈജാനിലും ഒരു നക്ഷത്രനിരീക്ഷണാലയം സ്ഥാപിക്കുകയുണ്ടായി.

അറബികളിൽ നിന്നാണ്‌ മധ്യകാല യൂറോപ്പുകാർ അസ്‌ട്രോണമി പകർത്തിയത്‌. നവഗണിതവും നവവാനശാസ്‌ത്രവും നവോത്ഥാനത്തിന്റെ നാളുകളിൽ യൂറോപ്പിൽ പെട്ടെന്നു തഴച്ചു വളർന്നു. ബിഷപ്പ്‌ ഓറെസ്‌മി, കർദ്ദിനാൾ നിക്കോളാസ്‌ തുടങ്ങിയ പുരോഹിതശ്രേഷ്‌ഠരടക്കം പലരും പരമ്പരാഗത ഭൂകേന്ദ്രിത സിദ്ധാന്തത്തിനെതിരെ ചിന്തിക്കാൻ തയാറായി. എന്നാൽ ഭൂമിയാണു പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന അടിത്തറയിൽ പടുത്തുയർത്തിയ മതാധിഷ്‌ഠിത ലോകവീക്ഷണത്തിന്‌ ഇതു വിപരീതമാകും എന്ന ശങ്ക എല്ലാവരെയും ഈ ദിശയിൽ മുന്നോട്ടു പോകുന്നതിൽ നിന്നു തടഞ്ഞു. ഭൂമിക്കു പകരം സൂര്യനെ കേന്ദ്രത്തിൽ പ്രതിഷ്‌ഠിച്ചാൽ കണക്കുകൂട്ടലുകൾ താരതമ്യേന ലഘുവാകും എന്ന്‌ ആദ്യം തെളിയിച്ചത്‌ കോപ്പർനിക്കസ്സാണ്‌. മറ്റു പലരും അത്തരം ആശയങ്ങൾ മുന്നോട്ടു വച്ചിരുന്നുവെങ്കിലും അതിനനുസരിച്ചുള്ള ഗണിതമാതൃക കണക്കുകൂട്ടിയെടുത്തിരുന്നില്ല. ഇവിടെയാണ്‌ കോപ്പർനിക്കസ്സിന്റെ പ്രാധാന്യം. അടുത്തകാലത്തായി പലരും കോപ്പർനിക്കസ്സിനും ശതാബ്‌ദങ്ങൾക്കു മുന്നേ ആര്യഭടൻ ഭൂമി കറങ്ങുകയാണെന്നു പറഞ്ഞിരുന്നതായും പാശ്ചാത്യ പ്രേമികളാണ്‌ ആര്യഭടനു പകരം കോപ്പർനിക്കസ്സിനു ക്രെഡിറ്റു കൊടുക്കുന്നത്‌ എന്നും പറയാറുണ്ട്‌. ഇതു തികഞ്ഞ വിവരക്കേട്‌ ആണ്‌. ഭൂമി ഉരുണ്ടതാണെന്നുള്ളത്‌ ആര്യഭടനും മുമ്പുതന്നെ പല യവനപണ്‌ഡിതരും പറയുക മാത്രമല്ല അതിന്റെ ചുറ്റളവു നിർണയിക്കുക കൂടി ചെയ്‌തിരുന്നു. എങ്കിലും ഭാരതത്തിൽ ആദ്യമായങ്ങനെ പറഞ്ഞതിന്റെ മേന്മ ആര്യഭടനു തന്നെയാണ്‌. അദ്ദേഹവും ഭൂമിയുടെ വ്യാസം ഏതാണ്ടു കൃത്യമായിത്തന്നെ പറയുന്നുമുണ്ട്‌. എങ്കിലും എങ്ങനെയാണതു കണക്കാക്കിയത്‌ എന്നതിന്റെ സൂചനയൊന്നുമില്ല. ഭൂമി കറങ്ങുന്നതാണ്‌ ദിനരാത്രങ്ങൾക്കു കാരണമെന്ന ആര്യഭടന്റെ വാദം തീർത്തും അഭിനന്ദനാർഹം തന്നെയാണ്‌. എങ്കിലും അതും അരിസ്റ്റാർക്കസും മറ്റും ഏതാണ്ട്‌ 600-700 വർഷം മുമ്പുതന്നെ പറഞ്ഞിരുന്നു എന്നതിനെ വിസ്‌മരിക്കാമോ? മാത്രവുമല്ല, ഭൂമി കറങ്ങുന്നുണ്ട്‌ എന്നല്ലാതെ, സൂര്യനെ ചുറ്റുന്നുണ്ട്‌ എന്ന്‌ ആര്യഭടൻ ഒരിടത്തും പറഞ്ഞിട്ടുമില്ല. അങ്ങനെയൊരു തോന്നൽ ഉണ്ടാകത്തക്കവിധമാണ്‌ പലരും പറയുകയും എഴുതുകയും ചെയ്യാറുള്ളത്‌. അതു ശരിയല്ല. എന്നാൽ ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനെ ചുറ്റുകയാണെന്ന്‌ കോപ്പർനിക്കസ്സിനു മുമ്പും പലരും പറഞ്ഞിരുന്നു എന്നതു ശരിയാണ്‌. മുകളിൽ സൂചിപ്പിച്ചതുപോലെ അതിന്റെ ഗണിതമാതൃക ഉണ്ടാക്കി എന്നതാണദ്ദേഹത്തിന്റെ സംഭാവന. ഇതു നാം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്‌. എന്നാൽ ടോളമിയെപ്പോലെ കോപ്പർനിക്കസ്സും പ്ലാറ്റോവിന്റെ വൃത്ത ഭ്രമത്തിനുള്ളിൽപെട്ട്‌ ഉഴലുകയായിരുന്നതുകൊണ്ട്‌, എണ്ണത്തിൽ കുറവെങ്കിലും അനേകം വൃത്തങ്ങളും അതിവൃത്തങ്ങളും വേണ്ടിവന്നു ഗ്രഹപഥങ്ങൾ കൃത്യതയോടെ വിവരിക്കാൻ. ഈ വിഷമവൃത്തത്തിൽ നിന്നു പുറത്തുകടക്കുന്നത്‌ കെപ്ലർ ആണ്‌. ഓരോ ഗ്രഹത്തിന്റെയും പഥം ഒരൊറ്റ ദീർഘവൃത്തം (ellipse) കൊണ്ട്‌ നിർവചിക്കാം എന്ന്‌ കെപ്ലർ തെളിയിച്ചു. ഇതു വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ `നവ ജ്യോതിശ്ശാസ്‌ത്രം' (Astronomia Nova) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്‌ 1609ൽ ആയിരുന്നു എന്നത്‌ 2009ന്റെ ജൂബിലി മാഹാത്മ്യത്തിനു മാറ്റു കൂട്ടുന്നു.

പക്ഷേ കോപ്പർനിക്കസ്സിന്റെ ?De Revolutionibus Orbium Coelestium? എന്ന ഗ്രന്ഥത്തിനോ കെപ്ലറുടെ Astronomia Nova യ്‌ക്കോ കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. അധികം പേരൊന്നും ഗണിതജഡിലമായ ആ പുസ്‌തകങ്ങൾ വായിക്കാൻ മെനക്കെട്ടില്ല എന്നതാണു സത്യം. എന്നാൽ ഗലീലിയോ ദന്തഗോപുരവാസിയായ ഒരു വാനശാസ്‌ത്രജ്ഞനായിരുന്നില്ല. അദ്ദേഹം ഒരു പരിധിവരെ ഒരു `പ്രകടനപരതൻ' (show man) ആയിരുന്നു. 1609ൽ ടെലിസ്‌കോപ്പ്‌ ഉപയോഗിച്ച്‌ അദ്ദേഹം നടത്തിയ നിരീക്ഷണങ്ങളുടെ യഥാർത്ഥ നിഗമനം അരിസ്റ്റോട്ടിൽ പറഞ്ഞതിനപ്പുറം പലതുമുണ്ട്‌, അതവസാന വാക്കല്ല എന്നതായിരുന്നുവല്ലോ. അല്ലാതെ ഭൂമി കറങ്ങുന്നു എന്നതിനു തെളിവൊന്നും ടെലിസ്‌കോപ്പിലൂടെ കാണാൻ കഴിയില്ലല്ലൊ. ഗലീലിയോ യഥാർത്ഥത്തിൽ കണ്ടതെന്താണ്‌? ചന്ദ്രന്റെ ഉപരിതലം കുണ്ടും കുഴിയും നിറഞ്ഞതാണെന്നു കണ്ടു. അതോടെ ആകാശം പരിപൂർണതയുടെ മണ്‌ഡലമാണെന്ന അരിസ്റ്റോട്ടിലിന്റെ വാദം തകർന്നു. ശുക്രനും ചന്ദ്രനെപ്പോലെ വൃദ്ധിക്ഷയങ്ങളുണ്ടെന്നു കണ്ടു. അതോടെ ഗ്രഹങ്ങൾ പ്രകാശഗോളങ്ങളല്ലെന്നും സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന ജഡവസ്‌തുക്കളാണെന്നും തെളിഞ്ഞു. വ്യാഴത്തിന്റെ നാല്‌ ഉപഗ്രഹങ്ങളെ കണ്ടു. അവ വ്യാഴത്തിനെയാണു ചുറ്റുന്നത്‌. അതോടെ പ്രപഞ്ചത്തിലെ സകല ഗോളങ്ങളും ഭൂമിയെ പ്രദക്ഷിണം വയ്‌ക്കുന്നു എന്ന വാദം പൊളിഞ്ഞു. ശനിയുടെ വളയങ്ങളെ ഗലീലിയോ കണ്ടത്‌ ശനിയെ മൂന്നായി ഭാഗിച്ചിരിക്കുന്നതായാണ്‌. ഏതായാലും അരിസ്റ്റോട്ടിലും മറ്റും പറഞ്ഞുവച്ചിരിക്കുന്നതിനപ്പുറം പ്രപഞ്ചത്തിൽ പലതുമുണ്ട്‌ എന്നതിനു തെളിവായി ശനിയുടെ പുതിയ രൂപവും നഗ്നനേത്രങ്ങൾകൊണ്ടു കാണാനാവാത്ത ആയിരമായിരം നക്ഷത്രങ്ങൾ ടെലിസ്‌കോപ്പിലൂടെ പുതുതായി പ്രത്യക്ഷപ്പെട്ടതും. ചുരുക്കത്തിൽ പഴയ പ്രാമാണിക ഗ്രന്ഥങ്ങളുടെ വിശ്വാസ്യത തകർക്കുക എന്നതായിരുന്നു ഗലീലിയോയുടെ കണ്ടെത്തലുകളുടെ അന്തിമഫലം. ഒരു പക്ഷേ ഈ തിരിച്ചറിവാകാം ഈ പോക്കിന്റെ അപകടം മതമേലധ്യക്ഷന്മാരെ ബോധ്യപ്പെടുത്തിയത്‌. വഴിപോക്കരെ പിടിച്ചു നിർത്തി ടെലിസ്‌കോപ്പിലൂടെ നോക്കാൻ പ്രേരിപ്പിച്ചും, പണ്‌ഡിതഭാഷയായ ലാറ്റിനു പകരം സാധാരണക്കാരുടെ ഭാഷയായ ഇറ്റാലിയനിൽ പുസ്‌തകമെഴുതിയും ശരിയായ ശാസ്‌ത്രപ്രചരണമാണു ഗലീലിയോ നടത്തിയത്‌. ഇത്‌ കോപ്പർനിക്കസ്സും കെപ്ലറും ചെയ്‌തതിൽ നിന്ന്‌ എത്രയോ വ്യത്യസ്‌തമായിരുന്നു! സൂര്യകേന്ദ്രിത സിദ്ധാന്തം വെറുമൊരു ശാസ്‌ത്രീയ സിദ്ധാന്തം എന്നതിലുപരിയായി അധികാര സ്ഥാനങ്ങളോടുള്ള ഒരു വെല്ലുവിളിയായി മാറി. ഗലീലിയോ നടത്തുന്നത്‌ വിധ്വംസക പ്രവർത്തനമാണെന്ന്‌ പള്ളിക്കു ബോദ്ധ്യപ്പെട്ടു. ഇതിനോടു പ്രതികരിക്കാതിരിക്കാൻ അവർക്കു കഴിയുമായിരുന്നില്ല. അങ്ങനെയാണ്‌ ഗലീലിയോക്കെതിരെ നടപടിയുണ്ടായത്‌.

ഗലീലിയോയുടെ വിചാരണയും തടവുശിക്ഷയും യൂറോപ്പിലാകെ ശ്രദ്ധിക്കപ്പെട്ടു. സൂര്യകേന്ദ്രിതസിദ്ധാന്തത്തിന്‌ അതിയായ പ്രശസ്‌തി കിട്ടി. അതു ശാസ്‌ത്രസദസ്സുകളിൽ ചർച്ചാവിഷയമായി. കെപ്ലറുടെ ദീർഘവൃത്ത ഭ്രമണപഥത്തിന്റെ ലാളിത്യം ഏവരെയും ഹഠാദാകർഷിച്ചു. ക്രമേണ അത്‌ സുസമ്മതമായിത്തീർന്നു. തുടർന്ന്‌ ദീർഘവൃത്തപഥത്തിനു വിശദീകരണമായി ന്യൂട്ടന്റെ ചലനനിയമങ്ങൾ കൂടി വന്നതോടെ ഒരു സംശയവും ബാക്കിയില്ലാതായി. സൗരയൂഥം ഒരു തുറന്ന പുസ്‌തകമായി എന്നു പറയാം.

ഗലീലിയോക്കു ശേഷം

ഗലീലിയോക്കു ശേഷം കണ്ടുപിടിക്കപ്പെട്ട ഗ്രഹങ്ങളാണ്‌ യുറാനസും നെപ്‌ട്യൂണും. പ്ലൂട്ടോയെക്കൂടി ഒരു ഗ്രഹമായി കണക്കാക്കിയിരുന്നെങ്കിലും ഇപ്പോൾ ആ സ്ഥാനം നഷ്‌ടപ്പെട്ടിരിക്കയാണ്‌. ഭൂമിയുടെ കാൽ ഭാഗം മാത്രമുള്ള പ്ലൂട്ടോയ്‌ക്ക്‌ ഗ്രഹമെന്ന പദവിക്ക്‌ അർഹതയില്ലത്രേ! 1781ൽ വില്യം ഹെർഷൽ എന്ന വാനനിരീക്ഷകനാണ്‌ യുറാനസിനെ കണ്ടെത്തിയത്‌. സൂക്ഷ്‌മദൃക്കുകൾക്ക്‌ നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ കാണാവുന്ന ഈ ചെറു പ്രകാശഗോളത്തെ ഗ്രഹമാണെന്നു തിരിച്ചറിഞ്ഞതാണ്‌ ഹെർഷലിന്റെ മിടുക്ക്‌. യുറാനസിന്റെ ഭ്രമണപഥത്തിലെ ചില ക്രമക്കേടുകളാണ്‌ അതിന്റെ സമീപം മറ്റൊരു ഗ്രഹം കൂടി ഉണ്ടായിരിക്കാമെന്ന സംശയത്തിനു വഴിവച്ചത്‌. ലെ വെരിയർ കണക്കുകൂട്ടലുകൾ നടത്തി; ബെർലിനിലെ യോഹാൻ ഗാലിയോട്‌ കൃത്യമായി ഇന്ന സ്ഥലത്തു നോക്കാൻ നിർദ്ദേശിച്ചു. 1846 സെപ്‌റ്റംബർ 23ന്‌ അതേ ദിശയിൽ തന്നെ പുതിയ ഗ്രഹത്തെ കണ്ടെത്തുകയും ചെയ്‌തു. നെപ്‌ട്യൂണിന്റെ കണ്ടെത്തൽ ന്യൂട്ടോണിയൻ ചലനനിയമങ്ങളുടെ വൻ വിജയസൂചകമായി കൊണ്ടാടപ്പെട്ടു.

വളരെ വിദൂരസ്ഥമായ നക്ഷത്രങ്ങളെപ്പറ്റി വിവരം തരാൻ നമുക്ക്‌ ടെലിസ്‌കോപ്പുകളെക്കാൾ സഹായകമാകുന്നത്‌ അവയിൽ നിന്നുള്ള വികിരണങ്ങളെ അപഗ്രഥിക്കാനുതകുന്ന ഉപകരണമായ സ്‌പെക്‌ട്രോസ്‌കോപ്പ്‌ ആണ്‌. ഓരോ മൂലകത്തിനും അതിന്റേതായ തരംഗദൈർഘ്യത്തിലുള്ള വികിരണങ്ങളെ ആഗിരണം ചെയ്യാൻ കഴിയും. ആ വിടവ്‌ രേഖാരൂപത്തിൽ പ്രകാശവീചിയിൽ പ്രത്യക്ഷപ്പെടും. അങ്ങനെ വിദൂരസ്ഥ നക്ഷത്രങ്ങളുടെ അന്തരീക്ഷത്തിലുള്ള മൂലകങ്ങളുടെ കൈയൊപ്പ്‌ അവയിൽ നിന്നുള്ള പ്രകാശവീചിയിൽ സ്‌പെക്‌ട്രോസ്‌കോപ്പിന്റെ സഹായത്തോടെ നമുക്കു തിരിച്ചറിയാം. അങ്ങനെയാണ്‌ 1861 ൽ ഗുസ്‌താവ്‌ കിർച്ചോഫ്‌ സൂര്യരശ്‌മികളിൽ സോഡിയം, കാൽസിയം, മഗ്നീഷ്യം, ഇരുമ്പ്‌, ക്രോമിയം, നിക്കൽ, ബേരിയം, ചെമ്പ്‌, കറുത്തീയം എന്നീ മൂലകങ്ങളുടെ കൈയൊപ്പു കണ്ടെത്തിയത്‌. അതായിരുന്നു സ്‌പെക്‌ട്രോസ്‌കോപ്പിയുടെയും അസ്‌ട്രോഫിസിക്‌സിന്റെയും ഉദയം.

1864ൽ ഒരു ഇംഗ്ലീഷ്‌ അമച്വർ അസ്‌ട്രോണമർ ആയ സർ. വില്യം ഹഗ്ഗിൻസ്‌ ആണ്‌ സ്‌പെക്‌ട്രോസ്‌കോപ്പിന്റെ സഹായത്തോടെ ഒറിയോൺ നെബുല ഒരൊറ്റ ഗ്യാസ്‌ മാത്രമടങ്ങുന്ന ഒരു വാതകപടലമാണെന്നു മനസ്സിലാക്കിയത്‌. ആയിടയ്‌ക്കു പ്രചാരത്തിൽ വന്ന ഫോട്ടോഗ്രഫി വാനനിരീക്ഷണത്തിലുപയോഗിച്ചു തുടങ്ങിയത്‌ മറ്റൊരു ശക്തമായ ഉപകരണമായി മാറി.

ഐൻസ്റ്റൈന്റെ ആപേക്ഷികതാസിദ്ധാന്തം വാനശാസ്‌ത്രത്തിലും പ്രതിരണനങ്ങളുണ്ടാക്കി. ഗുരുത്വാകർഷണശക്തി പ്രകാശരശ്‌മികളെയും വളയ്‌ക്കും എന്ന അറിവ്‌ വിദൂരനക്ഷത്രങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾക്കു പുതിയ മാനം നൽകി. ഇതിനിടെ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച 1914 ജൂൺ 28ന്‌ ആണ്‌ വേർണർ കോൾഹോഴ്‌സ്റ്റർ എന്ന ജർമൻകാരൻ ഒരു ബലൂണിൽ 10,000 മീറ്റർ ഉയരത്തിലെത്തിയത്‌. അതിലെ ഒരു ഉപകരണം ഇലക്‌ട്രോസ്‌കോപ്പ്‌ ആയിരുന്നു. അതിലെ കണ്ടെത്തൽ പ്രകാരം ഭൂതലത്തിലുള്ളതിനേക്കാൾ ഇരട്ടിയോളം അതിശക്ത വികിരണങ്ങളാണ്‌ അത്യുന്നതങ്ങളിലുള്ളത്‌. അവയുടെ ഉത്ഭവം ബഹിരാകാശത്തു നിന്നാണ്‌ എന്ന്‌ അതു തെളിയിച്ചു. കോസ്‌മിക്‌ വികിരണങ്ങൾ കണ്ടെത്തപ്പെട്ടു.

നിയതമായ ക്രമത്തിൽ തിളക്കം കൂടുകയും കുറയുകയും ചെയ്യുന്ന ഇരട്ട നക്ഷത്രങ്ങളാണ്‌ സെഫീഡ്‌കൾ. ഘടികാരം പോലെ കൃത്യമാണ്‌ അവയുടെ പ്രകാശവ്യതിയാനങ്ങൾ. ഹെൻറിയറ്റ സ്വാൻ ലീവിറ്റ്‌ എന്ന ഹാർവാർഡ്‌ വാനശാസ്‌ത്രജ്ഞ അവയെ സംബന്ധിച്ച ഒരു സുപ്രധാന തത്വം കണ്ടെത്തി. അവയുടെ ശരാശരി പ്രകാശതീവ്രതയും വ്യതിയാന ആവൃത്തിയും തമ്മിൽ കൃത്യമായ ബന്ധമുണ്ട്‌. ഈ ബന്ധത്തെ സെഫീഡിലേക്കുള്ള ദൂരം കണ്ടെത്താനുള്ള ഉപായമാക്കാം. വിദൂരമായ ഗാലക്‌സികളിലേക്കുള്ള ദൂരം കണക്കാക്കാൻ ഈ കണ്ടെത്തൽ ഏറെ സഹായകമായി. ഈ തത്വം ഉപയോഗിച്ചാണ്‌ നമ്മുടെ ഗ്യാലക്‌സിയുടെ കേന്ദ്രത്തിൽ നിന്ന്‌ 30,000 പ്രകാശവർഷം ദൂരത്താണ്‌ സൂര്യൻ സ്ഥിതി ചെയ്യുന്നത്‌ എന്ന്‌ ഹാർലോ ഷേപ്‌ലി നിർണയിച്ചത്‌. അങ്ങനെ കോപ്പർനിക്കസ്‌ ഭൂമിയെ പ്രപഞ്ചകേന്ദ്രത്തിൽ നിന്നു പുറത്താക്കി സൂര്യനെ അവിടെ പ്രതിഷ്‌ഠിച്ചുവെങ്കിൽ ഷേപ്‌ലി സൂര്യനെയും അവിടെ നിന്നു തൂക്കിയെറിഞ്ഞു!

ഐൻസ്റ്റൈന്റെ സിദ്ധാന്തമായ പ്രകാശത്തിന്റെ ഗുരുത്വാകർഷണ വിധേയത്വം ഉപയോഗിച്ചുതന്നെയാണ്‌ ഡച്ച്‌ വാനശാസ്‌ത്രജ്ഞനായ വില്ലെം ഡെ സിറ്റർ, അങ്ങനെ വളയ്‌ക്കപ്പെടുന്ന രശ്‌മി വളഞ്ഞുവളഞ്ഞ്‌ പുറപ്പെട്ടേടത്തുതന്നെ എത്തുമെന്ന്‌ സിദ്ധാന്തിച്ചത്‌! പ്രപഞ്ചം വർത്തുളമാണെന്ന്‌ ഐൻസ്റ്റൈനും സമ്മതിച്ചിരുന്നു. പക്ഷേ ഡെ സിറ്റർ ഒരു പടികൂടി മുമ്പോട്ടുപോയി. വർത്തുളമായ ഈ പ്രപഞ്ചം സദാ വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു! വിദൂരസ്ഥമായ ഗ്യാലക്‌സികളുടെ `റെഡ്‌ ഷിഫ്‌ട്‌' പ്രതിഭാസം പഠിച്ച എഡ്വിൻ ഹബ്ബ്‌ൾ ഇതു നിരീക്ഷണങ്ങളിലൂടെ ശരിവച്ചു. വിദൂരസ്ഥ ഗ്യാലക്‌സികളുടെ ദൂരത്തിന്‌ ആനുപാതികമാണ്‌ അവ അകലുന്ന വേഗതയും എന്ന അത്ഭുതകരമായ വസ്‌തുതയും ഹബ്ബ്‌ൾ കണ്ടെത്തി. അതുപ്രകാരം ഈ ദൃശ്യപ്രപഞ്ചത്തിന്റെ വ്യാസം 2740 കോടി പ്രകാശവർഷമാണത്രേ.

1948ൽ സ്ഥാപിക്കപ്പെട്ട മൗണ്ട്‌ പാലോമറിലെ 200 ഇഞ്ചു ടെലിസ്‌കോപ്പും 1991 ൽ ഹവായിയിലെ മൗനാകീയിൽ സ്ഥാപിതമായ 400 ഇഞ്ചു ടെലിസ്‌കോപ്പും ദൃശ്യപ്രപഞ്ചത്തിന്റെ അതിരും കൃത്യതയും അഭൂതപൂർവമാം വിധത്തിൽ വികസിപ്പിച്ചു. അവയിലൂടെയുള്ള നിരീക്ഷണങ്ങളിലൂടെ അലൻ സാൻഡേജ്‌ എത്തിയ നിഗമനം ഇന്നു നാം കാണുന്ന പ്രപഞ്ചത്തിന്റെ വയസ്സ്‌ 2500 കോടി വർഷമാണെന്നാണ്‌. ഇപ്പോഴത്‌ 1370 കോടി പ്രകാശവർഷം എന്നു കണക്കാക്കുന്നു. ഇന്നും ഓപ്‌ടിക്കൽ ടെലിസ്‌കോപ്പുകൾ വഴി, വാനനിരീക്ഷകർ നക്ഷത്രങ്ങളെയും ഗ്യാലക്‌സികളെയും നെബുലകളെയും സംബന്ധിച്ച രസകരങ്ങളായ പുതിയ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നു.

എന്നാൽ ഇതിനിടെത്തന്നെ ബഹിരാകാശവാഹനങ്ങളുടെ സഹായത്തോടെ ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തിൽ സ്‌പേസ്‌ ടെലിസ്‌കോപ്പുകൾ എത്തിക്കാനും നമുക്കു കഴിഞ്ഞിട്ടുണ്ട്‌. 1990 മുതൽ ഹബ്ബ്‌ൾ ടെലിസ്‌കോപ്പും 1991 മുതൽ ഗാമാറേ ഒബ്‌സർവേറ്ററിയും (GRO) ഈ വിധത്തിൽ പ്രവർത്തിച്ചു വരുന്നു. ഭൗമാന്തരീക്ഷത്തിലെ അലോസരങ്ങളൊന്നുമില്ലാതെ വാനനിരീക്ഷണം നടത്താനാകുന്നു എന്നതാണവയുടെ സവിശേഷത.

നക്ഷത്രങ്ങളുടെ ആന്തര രഹസ്യങ്ങൾ കണ്ടെത്താനുള്ള ശ്രമമാണ്‌ നൂക്ലിയർ ഫിസിസിസ്റ്റായ ഹാൻസ്‌ ബെഥെ(Hans bethe)യെ വാനശാസ്‌ത്രജ്ഞർക്കു പ്രിയങ്കരനാക്കിയത്‌. വൻതോതിൽ ഹൈഡ്രജൻ ന്യൂക്ലിയസ്സുകളെ ഹീലിയമാക്കി മാറ്റുന്ന ഫ്യൂഷൻ പ്രക്രിയയിലൂടെയാണ്‌ നക്ഷത്രങ്ങൾ ജ്വലിക്കുന്നതെന്ന്‌ അദ്ദേഹം ഊഹിച്ചു. ജോർജ്‌ ഗാമോവ്‌ ഈ ആശയത്തെ വിപുലപ്പെടുത്തി നക്ഷത്രങ്ങളുടെ ജീവിത ചക്രം കണ്ടെത്താൻ ശ്രമിച്ചു. നക്ഷത്രങ്ങളുടെ കേന്ദ്രസ്ഥാനത്തുള്ള കോടാനുകോടി ഡിഗ്രി സെൽഷ്യസ്‌ ഊഷ്‌മാവിൽ നടക്കുന്ന ഫ്യൂഷൻ പ്രക്രിയ അതിസമ്മർദ്ദം ചെലുത്തുമ്പോൾ അവയുടെ ശക്തമായ ഗുരുത്വാകർഷണം അതിനെ ഉള്ളിലോട്ടു വലിക്കുകയും ചെയ്യുന്നു. ഇവ തമ്മിലുള്ള സമതുലനമാണ്‌ നക്ഷത്രങ്ങളെ പൊട്ടിത്തെറിക്കാതെയും ഉറഞ്ഞുകൂടാതെയും പിടിച്ചുനിറുത്തുന്നത്‌. ഹൈഡ്രജൻ ശേഖരം കത്തിത്തീരുന്നതനുസരിച്ച്‌ ഈ സമതുലനത്തിൽ മാറ്റം സംഭവിച്ച്‌ നക്ഷത്രങ്ങൾ വികസിച്ച്‌്‌ ചുവന്ന ഭീമൻ (Red giant) ആകുകയോ, ചുരുങ്ങി വെള്ളക്കുള്ളൻ ആയി മാറുകയോ, സൂപ്പർനോവ ആയി പൊട്ടിത്തെറിക്കുകയോ, ആന്തരിക വിസ്‌ഫോടനത്തിലൂടെ (implosion) തമോഗർത്തമായി രൂപാന്തരപ്പെടുകയോ ചെയ്യാമെന്ന്‌ വാനശാസ്‌ത്രജ്‌ഞർ കണക്കുകൂട്ടുന്നു.

റേഡിയോ ടെലിസ്‌കോപ്പുകളിലൂടെ കണ്ടെത്തപ്പെട്ട വിദൂരസ്ഥമായ പ്രതിഭാസമാണ്‌ നക്ഷത്രങ്ങളെപ്പോലെയിരിക്കുന്ന റേഡിയോ സ്രോതസ്സുകൾ അഥവാ ക്വാസാർസ്‌. നൂറുകോടിക്കണക്കിനു കോടി പ്രകാശവർഷങ്ങൾക്കപ്പുറമാണവയുടെ സ്ഥാനം. ഏറ്റവും അകലെയുള്ളവ 1200 കോടി പ്രകാശവർഷങ്ങൾക്കുമപ്പുറം - ദൃശ്യപ്രപഞ്ചത്തിന്റെ അതിർത്തി കുറിക്കുന്നവ എന്നുതന്നെ പറയാം. കൂട്ടത്തിൽ പറയട്ടെ, ഈ ദൂരങ്ങളെല്ലാം അവയുടെ പ്രകാശത്തിലെ ചുവപ്പ്‌ നീക്കത്തെ (Red Shift) അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടലുകളാണ്‌. റെഡ്‌ഷിഫ്‌ട്‌ എല്ലായ്‌പ്പോഴും പ്രകാശസ്രോതസ്സുകൾ നമ്മിൽ നിന്നകന്നു പോകുന്നതിന്റെ സൂചനയാകണമെന്നില്ല എന്നും വികസ്വരമായ പ്രപഞ്ചം എന്ന സങ്കല്‌പം തന്നെ ശരിയല്ലാ എന്നുമുള്ള ഒരു വാദവും രംഗത്തുണ്ട്‌.

റേഡിയോ ടെലസ്‌കോപ്പുകളിൽ പ്രത്യക്ഷപ്പെട്ട ആന്ദോളനങ്ങൾ (പൾസുകൾ) മുഖേനയാണ്‌ ന്യൂട്രോൺ നക്ഷത്രങ്ങൾക്കു തെളിവുകിട്ടിയത്‌. ഊഹിക്കാനാവാത്ത വിധം സാന്ദ്രതകൂടിയ ഇവയിൽ നിന്ന്‌ റേഡിയോ തരംഗങ്ങൾ ആന്ദോളനങ്ങളായി പ്രവഹിച്ചുകൊണ്ടിരിക്കയാണ്‌. ഇവയെ പൾസാറുകൾ എന്നു വിളിക്കുന്നു.

അതുപോലെതന്നെ 1964ൽ ബെൽലാബിലെ ആർനോ പെൻസിയാസി(Arno penzias)ന്റെയും റോബർട്ട്‌ വിൽസൺ(Robert wilson)ന്റെയും റേഡിയോ ആന്റിനയിൽ അനുഭവപ്പെട്ട ദുരൂഹമായ `നോയ്‌സ്‌' നെപ്പറ്റിയുള്ള അന്വേഷണമാണ്‌ ബിഗ്‌ബാങ്ങിന്റെ അവശിഷ്‌ടമെന്നു കരുതപ്പെടുന്ന 3 K പശ്ചാത്തല വികിരണം കണ്ടെത്തുന്നതിൽ കലാശിച്ചത്‌. രസകരമായ വൈരുദ്ധ്യം എന്തെന്നാൽ പെൻസിയാസും വിൽസണും തങ്ങളുടെ ആന്റിനയിൽ കടന്നുകൂടിയ ഈ `ശല്യം' ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ വെറും 50 കിലോമീറ്റർ അകലത്ത്‌ പ്രിൻസ്‌ടൺ സർവകലാശാലയിൽ റോബർട്ട്‌ ഡിക്ക്‌ പണ്ടു ഗാമോവ്‌ പറഞ്ഞുവച്ച ഈ പശ്ചാത്തല വികിരണം കണ്ടുപിടിക്കാനായി തല പുകച്ചുകൊണ്ടിരിക്കയായിരുന്നു. ഇക്കഥയൊന്നുമറിയാത്ത പെൻസിയാസും വിൽസണും തങ്ങളുടെ പ്രശ്‌നം പരിഹരിക്കാനായി സമീപിച്ചത്‌, ഭാഗ്യവശാൽ, റോബർട്ട്‌ ഡിക്കിനെ ആയിരുന്നു. ആ ഫോൺ സന്ദേശം കിട്ടിയ മാത്രയിൽ തന്നെ ഡിക്കിനു കാര്യം മനസ്സിലായി-തങ്ങൾ കാത്തുസൂക്ഷിച്ച കസ്‌തൂരി മാമ്പഴം..... പെൻസിയാസിനും വിൽസണും കിട്ടിയതു നോബൽ സമ്മാനം. ഡിക്കിനു കിട്ടിയത്‌ ശാസ്‌ത്രചരിത്ര പുസ്‌തകങ്ങളിലെ അനുഭാവപൂർവമായ ഒരു അടിക്കുറിപ്പ്‌!

ഇന്ന്‌ വാനശാസ്‌ത്രജ്ഞരെ കുഴക്കുന്ന പ്രധാന പ്രശ്‌നം ദൃശ്യപ്രപഞ്ചത്തിന്റെ ഗുരുത്വസ്വഭാവവും വികസനസ്വഭാവവും തമ്മിൽ പൊരുത്തപ്പെടുന്നില്ല എന്നതാണ്‌. അതിൽ ചെലുത്തപ്പെടുന്ന ഗുരുത്വപ്രഭാവത്തെ വിശദീകരിക്കാൻ അറിയപ്പെടുന്ന ദ്രവ്യമാനം പോരാ. നാമറിയുന്ന തരത്തിലുള്ള പ്രോട്ടോണും ന്യൂട്രോണും മറ്റും ചേർന്ന മൊത്തം ദ്രവ്യത്തിന്റെ അളവ്‌, ആവശ്യമായതിന്റെ 4% മാത്രമേ വരൂ! ബാക്കിയോ? ഏതാണ്ട്‌ 20% `കാണാദ്രവ്യം' (Dark matter) ആണെന്നു വിശ്വസിക്കപ്പെടുന്നു. നമുക്കവയെ യാതൊരു ഉപകരണവുംകൊണ്ട്‌ കാണാനാവുന്നില്ല; പക്ഷേ അവ അവിടെ ഉണ്ട്‌ എന്ന്‌ സമീപസ്ഥ വസ്‌തുക്കളിൽ അവ ചെലുത്തുന്ന ഗുരുത്വാകർഷണത്തിൽ നിന്നു മനസ്സിലാക്കാം. എന്നാലും ബാക്കി വരുന്ന 76 ശതമാനത്തിന്റെ കാര്യമോ? അത്‌ ദ്രവ്യരൂപത്തിലല്ല, നമുക്കു കാണാനാവാത്ത ഊർജരൂപത്തിലാണ്‌ (Dark Energy) സ്ഥിതിചെയ്യുന്നത്‌ എന്ന്‌ വാനശാസ്‌ത്രജ്ഞർ കരുതുന്നു. അവയെ സംബന്ധിച്ച കൗതുകകരമായ വിവരങ്ങൾ താമസിയാതെ പ്രതീക്ഷിക്കാം എന്നാണ്‌ ഭാരതീയ വാനശാസ്‌ത്രഭൗതികരിൽ പ്രമുഖനായ താണു പത്മനാഭൻ പറയുന്നത്‌.

അത്ഭുതകരമായ ആകാശം

ആകാശക്കാഴ്‌ചകൾ എക്കാലത്തും മനുഷ്യനെ വിസ്‌മയം കൊള്ളിച്ചിട്ടുണ്ട്‌. അവന്റെ ഭാവനയെയും ജിജ്ഞാസയെയും അതെപ്പോഴും ഉണർത്തിയിട്ടുമുണ്ട്‌. ദിക്കറിയാനും സമയമറിയാനും കാലം ഗണിക്കാനുമെല്ലാം നക്ഷത്രങ്ങളും ആകാശസംഭവങ്ങളും സഹായകമായതോടെ ഏത്‌ പ്രദേശത്തിന്റെയും സംസ്‌കാരത്തിലെ അവിഭാജ്യഘടകമായി ആകാശ വിജ്ഞാനം. ഏറ്റവും ആദ്യം വികസിച്ചുവന്ന ശാസ്‌ത്രശാഖകളിലൊന്നാണ്‌ ജ്യോതിശ്ശാസ്‌ത്രം. എന്നാൽ ശാസ്‌ത്രം വളരെയേറെ പുരോഗമിക്കുകയും ശാസ്‌ത്രവിജ്ഞാനങ്ങൾ വളരെ ജനകീയമാവുകയും ചെയ്‌ത ഈ കാലഘട്ടത്തിൽ പോലും ജ്യോതിശ്ശാസ്‌ത്രം സംബന്ധിച്ച മിക്കവരുടെയും ധാരണകൾ പാഠപുസ്‌തകത്താളുകൾക്കപ്പുറത്തേക്ക്‌ കടക്കുന്നില്ല. നമ്മുടെ ആകാശത്ത്‌ നിത്യേന കാണുന്ന ആകാശക്കാഴ്‌ചകൾ ബഹുഭൂരിപക്ഷം ജനങ്ങൾക്കും മനസ്സിലാക്കാനോ ആസ്വദിക്കാനോ ആവുന്നില്ല. എന്നു മാത്രമല്ല പല തെറ്റിദ്ധാരണകളും വെച്ചു പുലർത്തുകയും ചെയ്യുന്നു. അതിനാൽ അത്ഭുതകരമായ ആകാശദൃശ്യങ്ങൾ ആസ്വദിക്കാൻ ജനങ്ങളിൽ താൽപര്യമുളവാക്കുകയും അതിലൂടെ അവരുടെ പ്രപഞ്ച വിജ്ഞാനത്തെ വികസിപ്പിക്കുകയുമാണ്‌ വേണ്ടത്‌.

ആകാശക്കാഴ്‌ചകൾ

ആദ്യം നമുക്ക്‌ നാം നിത്യേന കാണുന്ന ആകാശക്കാഴ്‌ചകളുടെ സവിശേഷതകളിലേക്ക്‌ കടക്കാം. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം കിഴക്കുദിച്ച്‌ പടിഞ്ഞാറസ്‌തമിക്കുന്നത്‌ ഏവരും നിരീക്ഷിക്കുന്ന കാര്യമാണ്‌. ഭൂമി പടിഞ്ഞാറ്‌ നിന്ന്‌ കിഴക്കോട്ട്‌ ഭ്രമണം ചെയ്യുന്നതുമൂലമാണ്‌ നമുക്കിങ്ങനെ തോന്നുവാൻ കാരണമെന്നും എല്ലാവർക്കും അറിയാം. എന്നാൽ അതിനുമുപരിയായി ഒട്ടേറെ കാഴ്‌ചകൾക്ക്‌ നാം നിത്യേന സാക്ഷിയാവുന്നുണ്ട്‌. ഉദാഹരണമായി പകൽ സമയത്തെ കാര്യമെടുക്കാം. സൂര്യൻ ദിവസവും ഒരേ സ്ഥലത്താണോ ഉദിക്കുന്നത്‌? അസ്‌തമിക്കുന്നതും? വർഷത്തിൽ രണ്ടേരണ്ടു ദിവസം മാത്രമാണ്‌ സൂര്യൻ നേർകിഴക്ക്‌ ഉദിച്ച്‌ നേർ പടിഞ്ഞാറസ്‌തമിക്കുന്നത്‌. മാർച്ച്‌ 21 ഉം സപ്‌തംബർ 22 ഉം ആയാണ്‌ ആ ദിവസങ്ങൾ വരിക. മാർച്ച്‌ 21 ന്‌ ശേഷം സൂര്യൻ അൽപാൽപമായി വടക്കോട്ട്‌ നീങ്ങി ജൂൺ 22 ആവുമ്പോൾ സൂര്യൻ പരമാവധി 23? ഡിഗ്രി വടക്ക്‌ മാറി ഉദിക്കുന്നു. പിന്നീട്‌ സൂര്യൻ തെക്ക്‌ ഭാഗത്തേക്ക്‌ യാത്രയായി സെപ്‌തംബർ 22 ന്‌ നേരെ കിഴക്കെത്തും. തുടർന്ന്‌ ഡിസംബർ 21 ആകുമ്പോൾ 23? ഡിഗ്രി തെക്കു ഭാഗത്തെത്തി തുടർന്ന്‌ തിരിച്ചു പോരുന്നു - ഈ മാറ്റം ഭൂമിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? മാർച്ച്‌ 21 ഉം സപ്‌തംബർ 22 ഉം നമുക്ക്‌ സമരാത്രദിനങ്ങളാണ്‌. സൂര്യൻ വടക്കോട്ടേക്ക്‌ പോകുമ്പോൾ പകൽ കൂടി വരുന്നു. അപ്പോഴാണ്‌ നമുക്ക്‌ ഉഷ്‌ണകാലം.സൂര്യൻ തെക്കോട്ട്‌ പോകും തോറും രാത്രി കൂടി വരുന്നു. കാലാവസ്ഥയാകട്ടെ ശൈത്യകാലവും. ഭൂമി സൂര്യനെ പ്രദക്ഷിണം ചെയ്യുന്നതും, അത്‌ സ്വയം ഭ്രമണം ചെയ്യുന്ന അച്ചുതണ്ടിന്‌ പ്രദക്ഷിണപഥവുമായുള്ള ചരിവുമാണ്‌ ഈ കാലാവസ്ഥാ മാറ്റങ്ങൾ ഉണ്ടാകാൻ കാരണം.

രാത്രികാലത്ത്‌ മുഖ്യ ആകർഷണകേന്ദ്രം ചന്ദ്രൻ തന്നെയാണ്‌. ദിനചലനത്തോടൊപ്പം ദിവസേന ഉദിക്കുന്ന സമയത്തിലുള്ള മാറ്റവും രൂപമാറ്റവുമാണ്‌ ചന്ദ്രന്റെ മുഖ്യ സവിശേഷത. സൂര്യനും ചന്ദ്രനും തമ്മിലുള്ള ആകാശത്തിലെ അകലത്തിൽ 12 ഡിഗ്രി കണ്ട്‌ ദിവസേന വ്യത്യാസം വരുന്നു. അടുത്തുവരുന്തോറും വലിപ്പം കുറയുന്നു. അകലുന്തോറും വലിപ്പം കൂടുന്നു. ഈ മാറ്റത്തിന്‌ - അമാവാസി മുതൽ അമാവാസിവരെ - വേണ്ടിവരുന്ന സമയം 29? ദിവസം. പകൽ കാണാൻ കഴിയാത്തവയാണ്‌ നക്ഷത്രങ്ങൾ. എന്നാൽ സന്ധ്യയോടെ ആകാശത്തെങ്ങും വാരി വിതറിയ പോലെ അത്‌ പരക്കാൻ തുടങ്ങും. ചിലയിടത്ത്‌ ചിതറി. ചിലയിടത്ത്‌ കൂട്ടമായി. വ്യത്യസ്‌ത ശോഭയിൽ. ഏകദേശം മൂവായിരം നക്ഷത്രങ്ങൾ ആണ്‌ വെറും കണ്ണുകൊണ്ട്‌ നമുക്ക്‌ ഒരു സമയം കാണാനാകുക. ചെറിയ ഒരു ബൈനോക്കുലർ ഉപയോഗിച്ചാൽ പോലും അവയുടെ എണ്ണം പതിന്മടങ്ങാകും. നക്ഷത്രങ്ങളും ഉദിച്ചസ്‌തമിക്കുന്നു. നേരെ കിഴക്ക്‌ ഉദിച്ചവ നേരെ പടിഞ്ഞാറസ്‌തമിക്കും. എന്നാൽ അവ തലയ്‌ക്ക്‌ മുകളിലൂടെയാണോ കടന്ന്‌ പോകുന്നത്‌? നമ്മൾ നിൽക്കുന്ന പ്രദേശത്തിന്റെ അക്ഷാംശരേഖയ്‌ക്കനുസൃതമായി അൽപം തെക്കോട്ട്‌ മാറിയാണ്‌ അവ കടന്നുപോവുക. (ഭൂമധ്യരേഖയിലെങ്കിൽ തലയ്‌ക്ക്‌ മുകളിലൂടെ; ദക്ഷിണാർദ്ധഗോളത്തിലെങ്കിൽ വടക്കോട്ട്‌ മാറി). ഇവയ്‌ക്ക്‌ സമാന്തരമായാണ്‌ തെക്കുഭാഗത്തും വടക്കുഭാഗത്തുമുള്ള നക്ഷത്രങ്ങൾ സഞ്ചരിക്കുന്നതായി തോന്നുക. എന്നാൽ ഉദയാസ്‌തമയമില്ലാതെ നിശ്ചലമായി നിൽക്കുന്ന ഒരു നക്ഷത്രമുണ്ട്‌. വടക്കൻ ചക്രവാളത്തിൽ കാണുന്ന ധ്രുവൻ. ധ്രുവന്‌ ചുറ്റുമുള്ള നക്ഷത്രങ്ങൾ അതിനെ പ്രദക്ഷിണം ചെയ്യുകയാണെന്ന്‌ തോന്നും. ഭൂമിയുടെ ഉത്തരധ്രുവത്തിന്‌ നേരെയാണ്‌ ഈ നക്ഷത്രം എന്നതിനാലാണിത്‌.

നക്ഷത്രങ്ങൾ വ്യത്യസ്‌ത ശോഭയിൽ കാണാമെന്ന്‌ പറഞ്ഞല്ലോ. ഭൂമിയിൽ നിന്നുള്ള അകലവും നക്ഷത്രത്തിന്റെ യഥാർത്ഥ ശോഭയുമാണ്‌ കാഴ്‌ചയിലുള്ള ശോഭയെ നിർണ്ണയിക്കുന്നത്‌. സിറിയസ്‌ (രുദ്രൻ) കനോപ്പസ്‌( അഗസ്‌ത്യൻ), ആൽഫാസെന്റാറി, വേഗ, ചോതി, റീഗൽ, തിരുവാതിര തുടങ്ങിയവ കാഴ്‌ചയിൽ ശോഭയേറിയ നക്ഷത്രങ്ങളാണ്‌. നക്ഷത്രങ്ങൾ പല നിറത്തിൽ കാണപ്പെടുന്നു. നീല, വെള്ള, മഞ്ഞ, ഓറഞ്ച്‌, ചുവപ്പ്‌ നിറങ്ങളിൽ. റീഗൽ ഒരു നീല നക്ഷത്രമാണ്‌. തിരുവാതിര ചുവപ്പും. നക്ഷത്രങ്ങളുടെ നിറം നിർണ്ണയിക്കുന്നത്‌ അതിന്റെ ഉപരിതലത്തിലെ താപനിലയാണ്‌. നീല നക്ഷത്രങ്ങൾക്കാണ്‌ ചൂട്‌ കൂടുതൽ. ചുവപ്പ്‌ താപനില ഏറ്റവും കുറവുള്ളതും. നക്ഷത്രങ്ങളെല്ലാം അതേ പാറ്റേണിൽ തുടരുന്നു എന്നുള്ളതാണ്‌ മറ്റൊരു സവിശേഷത. അതിനാൽ അവയെ കോർത്തിണക്കി വ്യത്യസ്‌ത രൂപങ്ങൾ നമുക്ക്‌ ഭാവനയിൽ സൃഷ്‌ടിക്കാം. ഈ വിധം നക്ഷത്രങ്ങളിൽ രൂപങ്ങൾ ആരോപിച്ചാൽ അവയെ തിരിച്ചറിയാൻ എളുപ്പമായി. നക്ഷത്രങ്ങളെ തിരിച്ചറിയുന്നതോടെ മറ്റൊരു കാര്യം കൂടി ശ്രദ്ധയിൽപെടും. അവ എല്ലാ ദിവസവും ഒരേ സമയത്തല്ല ഉദിക്കുന്നത്‌. ദിവസവും ഓരോ നക്ഷത്രവും ഉദിക്കുന്ന സമയം 4 മിനിട്ട്‌ മുന്നോട്ടാണ്‌. ഉദാഹരണമായി ഇന്ന്‌ രാത്രി 8 മണിക്ക്‌ ഉദിക്കുന്ന നക്ഷത്രം നാളെ 7.56 നാണ്‌ ഉദിക്കുക. അപ്പോൾ ഒരു മാസം കൊണ്ട്‌ 2 മണിക്കൂർ വ്യത്യാസത്തിൽ. വർഷം പിന്നിടുമ്പോൾ വീണ്ടും അതേ സ്ഥാനത്ത്‌. എന്താണിതിന്‌ കാരണം? സൂര്യന്‌ അഭിമുഖമായുള്ള നക്ഷത്രങ്ങൾ നമുക്ക്‌ കാണാൻ കഴിയില്ലല്ലോ. എതിർ ഭാഗത്തെ നക്ഷത്രങ്ങളാണ്‌ നാം രാത്രിയിൽ കാണുക. അപ്പോൾ സൂര്യന്‌ ചുറ്റും ഭൂമി പ്രദക്ഷിണം വയ്‌ക്കുന്നതിനനുസരിച്ച്‌ കാണുന്ന നക്ഷത്രങ്ങളും വ്യത്യസ്‌തമാകും.

പ്രഥമദൃഷ്‌ട്യാ നക്ഷത്രങ്ങളെ പോലെ തോന്നുമെങ്കിലും മിന്നിത്തിളങ്ങാതെ നിലയുറപ്പിച്ചവയാണ്‌ ഗ്രഹങ്ങൾ. നക്ഷത്രങ്ങളെ അപേക്ഷിച്ച്‌ അവയ്‌ക്ക്‌ സ്ഥാനചലനം സംഭവിക്കുന്നു. ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ അഞ്ചു ഗ്രഹങ്ങളെയാണ്‌ നമുക്ക്‌ വെറും കണ്ണുകൊണ്ട്‌ കാണാനാവുക. ചന്ദ്രൻ കഴിഞ്ഞാൽ ആകാശത്ത്‌ ഏറ്റവും ശോഭയോടെ കാണപ്പെടുന്നത്‌ ശുക്രനാണ്‌. പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യനസ്‌തമിച്ചതിന്‌ ശേഷം, അല്ലെങ്കിൽ കിഴക്കൻ ചക്രവാളത്തിൽ സൂര്യോദയത്തിന്‌ മുമ്പ്‌ ശുക്രൻ ഏവരുടെയും ശ്രദ്ധയിൽ പെട്ടിരിക്കും. സൂര്യനിൽ നിന്ന്‌ പരമാവധി 47 ഡിഗ്രി അകലത്തിൽ മാത്രമേ ശുക്രനെ കാണൂ. അതിനാൽ അതിനെ നമുക്കൊരിക്കലും സൂര്യന്‌ എതിർവശത്തോ തലയ്‌ക്കുമുകളിലോ (സമ്പൂർണ സൂര്യഗ്രഹണസമയത്ത്‌ ഒഴികെ) കാണാനാവില്ല. ശുക്രൻ സൂര്യനെ പ്രദക്ഷിണം വെക്കുന്നത്‌ ഭൂമിയ്‌ക്കും സൂര്യനും ഇടയിലുള്ള പഥത്തിലൂടെയായതിനാലാണിത്‌. ശുക്രനെപ്പോലെ ബുധനും പ്രഭാതത്തിൽ കിഴക്കൻ ചക്രവാളത്തിലോ സന്ധ്യയ്‌ക്ക്‌ പടിഞ്ഞാറൻ ചക്രവാളത്തിലോ ആയാണ്‌ കാണാൻ കഴിയുക.സൂര്യനിൽ നിന്ന്‌ പരമാവധി 280 മാത്രമേ അകലത്തിലാകൂ എന്നതിനാൽ അപൂർവ്വമായി മാത്രം ദർശിക്കുവാൻ കഴിയുന്ന ഒരു ഗ്രഹമാണിത്‌. പോരെങ്കിൽ ഒരു സാധാരണ നക്ഷത്രത്തിന്റെ ശോഭ മാത്രമേ കാഴ്‌ചയിലുള്ളുതാനും. അൽപം ചുവപ്പ്‌ രാശിയോടെ ചിലപ്പോൾ നല്ല ശോഭയോടെയും (സൂര്യന്‌ എതിർവശമാകുമ്പോൾ) സൂര്യനോടടുക്കുമ്പോൾ ശോഭ കുറഞ്ഞും കാണപ്പെടുന്നതാണ്‌ ചൊവ്വ. ശുക്രൻ കഴിഞ്ഞാൽ ആകാശത്ത്‌ ശോഭയോടെ കാണപ്പെടുന്നത്‌ വ്യാഴമാണ്‌. ഒരിടത്തരം നക്ഷത്രത്തെപ്പോലെ തോന്നിപ്പിക്കുന്നതാണ്‌ ശനി. ഈ മൂന്ന്‌ ഗ്രഹങ്ങളും കിഴക്ക്‌ പടിഞ്ഞാറ്‌ ദിശയിൽ ഏത്‌ ഭാഗത്തും കാണാം. നക്ഷത്രമണ്‌ഡലത്തിലൂടെയുള്ള ഇവയോരോന്നിന്റെയും സഞ്ചാരം വ്യത്യസ്‌ത വേഗതയിലാണ്‌. ശനിയാണ്‌ ഏറ്റവും മെല്ലെ. ഒരു നക്ഷത്രത്തിൽ നിന്നകന്ന്‌ വീണ്ടും അതേ സ്ഥാനത്തെത്താൻ 29? വർഷമെടുക്കും. വ്യാഴത്തിന്‌ 12 വർഷമാണ്‌ വേണ്ടത്‌. ചൊവ്വയ്‌ക്കാകട്ടെ ഒന്നരവർഷവും. പടിഞ്ഞാറ്‌ നിന്ന്‌ കിഴക്കോട്ടാണ്‌ നക്ഷത്രമണ്‌ഡലത്തിലൂടെയുള്ള ഇവയുടെ യാത്ര. എങ്കിലും ചിലപ്പോൾ ചെറിയ കാലയളവിൽ തിരിച്ച്‌ സഞ്ചരിക്കുന്നതായി തോന്നും. (ചൊവ്വയുടെ കാര്യത്തിൽ വളരെ പ്രകടമാണിത്‌). ബുധനും ശുക്രനും സൂര്യനെ ചുറ്റിപ്പറ്റി ദോലനം ചെയ്യുന്നതായാണ്‌ തോന്നുക. ബുധൻ സാമാന്യം നല്ല വേഗത്തിൽ 88 ദിവസം കൊണ്ട്‌. ശുക്രൻ 225 ദിവസവും.

ചെറിയ ഒരു ബൈനോക്കുലർ കൊണ്ട്‌ ആകാശം ചുറ്റിക്കാണുകയാണെങ്കിൽ പലയിടങ്ങളിലും `പുക' പോലെ പ്രകാശമാനമായ ചിലവയെ കണ്ടെത്താൻ കഴിയും. നെബുലകളാണിവ. ആൻഡ്രോമിഡ ഗാലക്‌സിയെയും ഈ വിധം തന്നെയാണ്‌ കാണുക.

തെളിഞ്ഞ ആകാശത്ത്‌ കണ്ണും നട്ടിരുന്നാൽ ചില തീക്കട്ടകൾ ഇടയ്‌ക്കിടെ പായുന്നതായി കാണാറുണ്ടല്ലോ. ഉൽക്കകളാണിവ. ബഹിരാകാശത്ത്‌ അലഞ്ഞുതിരിയുന്ന പാറക്കഷ്‌ണങ്ങളും മറ്റും (ധൂമകേതുക്കളിൽ നിന്നും വിട്ടുപോയത്‌) ഭൂമിയുടെ ആകർഷണ വലയത്തിലേക്ക്‌ എത്തി അതിവേഗതതിൽ സഞ്ചരിച്ച്‌ വായുമണ്‌ഡലത്തിൽ വെച്ച്‌ കത്തിതീരുന്നതാണത്‌. ചില ദിവസങ്ങളിൽ ഉൽക്കാവർഷം തന്നെ ഉണ്ടാവാറുണ്ട്‌. വളരെ അപൂർവ്വമായി എന്നാൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട്‌ വരുന്നവയാണ്‌ ധൂമകേതുക്കൾ. കുറച്ചുകാലം മാത്രം ആകാശത്ത്‌ പ്രത്യക്ഷമായിരിക്കയും പിന്നീട്‌ മടങ്ങി പോകുകയും ചെയ്യുന്ന ഇവയെ സംബന്ധിച്ച്‌ ഒട്ടേറെ അന്ധവിശ്വാസങ്ങൾ നിലനിന്നിരുന്നു. ധൂമകേതുക്കളിൽ ചിലത്‌ കൃത്യമായ ഇടവേളകളിൽ ദൃശ്യമാവാറുണ്ട്‌. 76 വർഷം കൊണ്ട്‌ എത്തുന്ന ഹാലി ധൂമകേതുവാണ്‌ ഇതിൽ ഏറ്റവും പ്രശസ്‌തമായത്‌.

നക്ഷത്രഗണങ്ങൾ

നക്ഷത്രങ്ങൾ കാണപ്പെടുന്നത്‌ സ്ഥിരമായ ഒരു പാറ്റേണിലാണെന്നും അതുകൊണ്ട്‌ അവയിൽ പ്രത്യേകം രൂപങ്ങൾ സങ്കൽപ്പിക്കാമെന്നും പറഞ്ഞുവല്ലോ. ഇത്തരം രൂപങ്ങൾ ഓരോ സംസ്‌കാരവും പ്രാചീന കാലം മുതൽ സങ്കൽപ്പിച്ചെടുത്തിട്ടുണ്ട്‌. അവരവർക്ക്‌ പരിചയമുള്ള വസ്‌തുക്കളുടേയും ജീവികളുടെയും വീരപുരുഷൻമാരുടേയും എല്ലാം രൂപങ്ങളാണ്‌ ഓരോരുത്തരും ആരോപിച്ചത്‌. ഉദാഹരണമായി റീഗലും തിരുവാതിരയുമെല്ലാം ഉൾപ്പെടുന്ന ഓറിയോൺ, ഗ്രീക്കുകാരുടെ വേട്ടക്കാരൻ എന്ന സങ്കൽപ്പത്തിന്റെ ഭാഗമാണ്‌. വേട്ടക്കാരന്റെ ബെൽറ്റും വാളും ഭാരതീയ സങ്കൽപ്പങ്ങളിൽ വില്ലും അമ്പുമാണ്‌. വേട്ടക്കാരന്റെ തല മൃഗശീർഷവും. വടക്കൻ ചക്രവാളത്തിൽ കാണാറുള്ള കലപ്പ ആകൃതിയിലുള്ള ഒരേ ശോഭയുള്ള ഏഴ്‌ നക്ഷത്രങ്ങൾ നമുക്ക്‌ സപ്‌തർഷികളാണ്‌. പശ്ചാത്യർക്കാകട്ടെ വടക്കൻ കരടിയും. തെക്ക്‌ ഭാഗത്ത്‌ കാണുന്ന നാല്‌ നക്ഷത്രങ്ങൾ പാശ്ചാത്യർ കുരിശായി സങ്കൽപ്പിച്ച്‌ തെക്കൻ കുരിശ്‌ എന്ന്‌ വിളിച്ചപ്പോൾ നമുക്ക്‌ തലകുത്തനെ കിടക്കുന്ന ത്രിശങ്കു ആണത്‌. അപ്പോൾ ഇവയിൽ ഏതേത്‌ സങ്കൽപ്പമാണ്‌ ശരി? വളരെ വ്യത്യസ്‌തമായ അകലത്തിൽ കിടക്കുന്ന ഈ നക്ഷത്രങ്ങളെയെല്ലാം ആകാശത്ത്‌ ഒരൊറ്റ പ്രതലമായി സങ്കൽപ്പിച്ചാണ്‌ നാം കാണുന്നത്‌. അതുകൊണ്ടാണ്‌ ഇത്തരം രൂപങ്ങൾ നമുക്ക്‌ സങ്കൽപ്പിക്കാനാവുന്നത്‌. മറ്റൊരു നക്ഷത്രത്തിനരികിൽ പോയി ഇവയെ നിരീക്ഷിച്ചാൽ ആകാശത്ത്‌ കാണുന്ന നക്ഷത്ര പാറ്റേണുകൾ ഇവയായിരിക്കില്ല. അതിനാൽ ഇത്തരം രൂപങ്ങൾ എല്ലാം നമ്മുടെ ഭാവന എന്നതിനപ്പുറത്ത്‌ മറ്റൊന്നുമല്ല.

ആകാശത്തെ 88 ഭാഗങ്ങളായി വിഭജിച്ച്‌ അതിൽ വരുന്ന നക്ഷത്രങ്ങളെ പ്രത്യേക ഗണങ്ങളായി നാമകരണം ചെയതിരിക്കയാണിന്ന്‌. വിവിധ പ്രദേശങ്ങളിൽ നിലനിന്ന `നക്ഷത്രരൂപങ്ങൾ' ഉപയോഗപ്പെടുത്തിയാണ്‌ ഈ നാമകരണം. ഓറിയോൺ, ടോറസ്‌ (ഇടവം), ജമിനി(മിഥുനം), സ്‌കോപ്പിയോ (വൃശ്ചികം), ലിയോ (ചിങ്ങം), ഓറിഗ ഇവയെല്ലാം ആകാശത്ത്‌ എളുപ്പം തിരിച്ചറിയാവുന്ന നക്ഷത്ര ഗണങ്ങളാണ്‌. തെക്കൻ കുരിശ്‌, സെന്റാറസ്‌, കരീന ഇവയാണ്‌ ദക്ഷിണഭാഗത്തെ ചില പ്രധാന നക്ഷത്രഗണങ്ങൾ. കസ്യോപിയ, വടക്കൻ കരടി തുടങ്ങിയവ വടക്കുഭാഗത്തുള്ളതും. സമാന്യം ശോഭയുള്ള നക്ഷത്രങ്ങൾക്ക്‌ മിക്കതിനും പ്രത്യേകമായി പേരുകളുണ്ടെങ്കിലും നക്ഷത്രഗണവും ഗ്രീക്ക്‌ അക്ഷരവും ചേർത്ത്‌ വിളിക്കുന്ന രീതിയാണ്‌ ജ്യോതിശ്ശാസ്‌ത്രരംഗത്ത്‌ അവലംബിക്കുന്നത്‌.

കാലഗണനയും നക്ഷത്രങ്ങളും

മനുഷ്യൻ ചിട്ടയായ വാനനിരീക്ഷണം തുടങ്ങിയതിന്റെ പ്രധാന ആവശ്യം ദിക്കറിയലും കാലഗണനയുമായിരുന്നുവെന്ന്‌ നേരത്തെ സൂചിപ്പിച്ചുവല്ലോ. എങ്ങനെയാണ്‌ കാലഗണനയ്‌ക്കായി നക്ഷത്രങ്ങൾ പ്രയോജനപ്പെടുക?

ഒരു വർഷം എന്നു പറഞ്ഞാൽ നമുക്ക്‌ 365-366 ദിവസമാണ്‌. ഭൂമിക്ക്‌ സൂര്യനെ ചുറ്റാൻ വേണ്ടിവരുന്ന സമയമാണിതെന്ന്‌ ഇന്നിപ്പോൾ എല്ലാവർക്കുമറിയാം. പക്ഷെ വർഷ സങ്കൽപ്പം കാലഗണനയ്‌ക്കായി മനുഷ്യൻ സ്വീകരിച്ചു തുടങ്ങിയത്‌ എന്തിന്റെ അടിസ്ഥാനത്തിലാണ്‌? ഋതുഭേദങ്ങൾ മാറിവരുന്ന ശരാശരി കാലയളവാണ്‌ ഒരു വർഷം. ഇത്‌ ദീർഘകാലത്തെ അനുഭവത്തിലൂടെ 365 ആയി കണക്കാക്കപ്പെട്ടു. സൂര്യന്റെ അയന ചലനവും രാവിനും പകലിനും വരുന്ന വ്യത്യാസവും മുൻനിർത്തി `വസന്തവിഷുവം' (പകലിന്‌ ദൈർഘ്യം കൂടാൻ തുടങ്ങുന്ന സമരാത്രദിനം) വർഷാരംഭമായും അതാവർത്തിച്ചു വരുന്ന കാലയളവ്‌ ഒരു വർഷമായും പരിഗണിക്കപ്പെട്ടു. (അങ്ങനെയാണ്‌ നമുക്ക്‌ മേടം 1 വിഷുവായത്‌. വിഷുവം എന്നാൽ സമരാത്രദിനം). നക്ഷത്രങ്ങളെ കാലഗണനയ്‌ക്ക്‌ ആദ്യം പ്രയോജനപ്പെടുത്തിയത്‌ നൈൽ നദിയുടെ തീരത്ത്‌ താമസിച്ച ഈജിപ്‌തുകാരാണത്രെ. നൈൽ നദിയിൽ വെള്ളപ്പൊക്കമുണ്ടാകുന്നതിന്‌ തൊട്ടു മുമ്പാണ്‌ സിറിയസ്‌ നക്ഷത്രത്തെ പ്രഭാതത്തിൽ ദർശിക്കുന്നതെന്ന്‌ അവർ മനസിലാക്കി. ഇതുപോലെ തിരുവാതിര നക്ഷത്രത്തിനോടടുത്ത്‌ സൂര്യൻ വരുന്ന ഘട്ടത്തിൽ ഭാരതത്തിൽ മഴക്കാലമായിരിക്കുമെന്നതിനാലാണ്‌ അതിന്‌ `ആർദ്ര' (നനവുള്ളത്‌) എന്ന പേർ ലഭിച്ചത്‌. ക്രമേണ വർഷം ഗണിക്കാൻ ഒരു നക്ഷത്രം അതേ സമയം അതേ സ്ഥാനത്ത്‌ കാണാൻ പറ്റുന്ന കാലയളവ്‌ കണക്കാക്കിയാൽ മതിയെന്നായി. പിന്നീട്‌ രണ്ടു രീതിയിൽ - സമരാത്രദിനത്തിന്റെയും നക്ഷത്രത്തിന്റെയും - കണക്കാക്കപ്പെടുന്ന വർഷങ്ങൾ തമ്മിൽ നേരിയ വ്യത്യാസമുണ്ടെന്ന്‌ പ്രാചീന ജ്യോതിശ്ശാസ്‌ത്രജ്ഞർ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇന്ന്‌ നമുക്കതിന്റെ കാരണവുമറിയാം. 26000 വർഷം കൊണ്ട്‌ ഭൂമിയുടെ അച്ചുതണ്ട്‌ മറ്റൊരു ഭ്രമണത്തിലൂടെ ഒരു വൃത്തം പൂർത്തിയാക്കുന്ന പുരസ്സരണം (Precession) എന്ന പ്രതിഭാസമാണതിന്‌ കാരണം. ഇത്‌ കാരണം ഏകദേശം 1500 വർഷം മുമ്പ്‌ മേടം 1 ന്‌ സംഭവിച്ചിരുന്ന വിഷുവം ഇപ്പോൾ മാർച്ച്‌ 21 (മീനം 8) ആണ്‌.

മാസം എന്ന കാലയളവ്‌ എങ്ങനെയാണ്‌ രൂപപ്പെട്ടത്‌? ചന്ദ്രന്റെ വൃദ്ധിക്ഷയവുമായി ബന്ധപ്പെട്ടാണ്‌ മാസം ഗണിക്കാൻ തുടങ്ങിയത്‌. അമാവാസി മുതൽ അടുത്ത അമാവാസി വരെയുള്ള 29? ദിവസമായിരുന്നു ലോകമെങ്ങും മാസമായി പരിഗണിക്കാൻ തുടങ്ങിയത്‌. മതപരമായ പ്രാധാന്യവും ഈ കാലയളവിനുണ്ടായിരുന്നു. എന്നാൽ പിന്നീട്‌ മാസവും വർഷവും തമ്മിൽ പൊരുത്തപ്പെടുത്താനുള്ള ശ്രമമായി. കാരണം 12 ചാന്ദ്രമാസങ്ങൾ ചേർന്നാൽ 354-355 ദിവസം മാത്രമേയാകൂ. മൂന്ന്‌ വർഷം കൂടുമ്പോൾ ഒരധിമാസം ഉൾപ്പെടെ 13 മാസം ഉൾപ്പെടുത്തി വർഷവും മാസവും പൊരുത്തപ്പെടുത്താൻ ചിലർ ശ്രമിച്ചു. ഇതും പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചപ്പോൾ കൃഷിയെ അടിസ്ഥാനമാക്കി ജീവിക്കുന്ന സമൂഹങ്ങൾ കാലാവസ്ഥയ്‌ക്ക്‌ പ്രാധാന്യമുള്ള 1 വർഷം = 365 ദിവസമായി ഗണിച്ച്‌ അതിനെ 30-31 ദിവസങ്ങളാകുന്ന 12 മാസങ്ങളായി വിഭജിച്ചു. എന്നാൽ കൃഷി പ്രധാനമല്ലാത്ത അറേബ്യൻ നാടുകൾ ചാന്ദ്രമാസത്തെ മുറുകെ പിടിക്കുകയും 12 ചാന്ദ്രമാസങ്ങൾ ചേർന്ന 354 ദിവസം ഒരു വർഷമായി പരിഗണിക്കാനും തുടങ്ങി.

1 വർഷത്തിൽ 12 മാസമാണെന്നതുകൊണ്ടും 12 ന്റെ ഗണിതപരമായ പ്രത്യേകതകൊണ്ടും (1, 2, 3, 4, 6 എന്നീ സംഖ്യകൾ കൊണ്ട്‌ ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ), സൂര്യചന്ദ്രൻമാരും ഗ്രഹങ്ങളും സഞ്ചരിക്കുന്ന ആകാശ വീഥിയെ 12 ആയി ഭാഗിച്ച്‌ ഗ്രഹസ്ഥാനങ്ങൾ ഗണിക്കുന്ന രീതി ബാബിലോണിയയിൽ ആരംഭിച്ചിരുന്നു. ഇതിനെയാണ്‌ രാശി എന്ന്‌ പറയുന്നത്‌.

വസന്തവിഷുവത്തിൽ സൂര്യൻ വരുന്ന ബിന്ദുവിനെ പ്രാരംഭമായെടുത്താണ്‌ വിഭജനം. ഓരോ 300 ഡിഗ്രിയിലും വരുന്ന പ്രധാന നക്ഷത്രഗണത്തിന്റെ പേരിൽ ആ ഭാഗം അറിയപ്പെടുന്നു. മേടം നക്ഷത്രഗണമുള്ള ഭാഗമാണ്‌ ആദ്യരാശി. തുടർന്ന്‌ ഇടവം നക്ഷത്രഗണമുള്ള 300 ഇടവം രാശിയാണ്‌. നമ്മൾ കേരളീയർ മാസം ഗണിക്കാൻ സൂര്യൻ ഏതു രാശിയിൽ നിൽക്കുന്നു എന്നതിനെയാണ്‌ ആശ്രയിക്കുന്നത്‌. സൂര്യൻ ചിങ്ങം രാശിയിൽ നിൽക്കുമ്പോഴാണ്‌ നമ്മൾ ചിങ്ങമാസം എന്നു പറയുന്നത്‌. ഭൂമിയുടെ പുരസ്സരണം(Precession) മൂലം വസന്തവിഷുവബിന്ദു മാറുന്നുണ്ടെങ്കിലും രാശിയുടെ സ്ഥാനം അതനുസരിച്ച്‌ മാറ്റാൻ ഭാരതീയർ മെനക്കെട്ടിട്ടില്ല. എന്നാൽ പാശ്ചാത്യരീതി അതനുസരിച്ച്‌ മാറ്റം നൽകലാണ്‌.

ദിവസം കണക്കാക്കാൻ പ്രധാനമായും രണ്ടു രീതിയാണ്‌ ഭാരതത്തിൽ വളരെ മുമ്പുതന്നെ ഉപയോഗിച്ചു വന്നത്‌. ചന്ദ്രന്റെ വലുപ്പമനുസരിച്ച്‌ ദിവസത്തെ പേർ ചൊല്ലി വിളിക്കുന്നതാണ്‌ ഒരു രീതി . വൃദ്ധിക്ഷയത്തിന്‌ വേണ്ടി വരുന്ന 29? ദിവസം കൊണ്ട്‌ ഹരിക്കുന്നതിന്‌ പകരം 30 കൊണ്ട്‌ ഹരിച്ചാണ്‌ `തിഥി' കണക്കാക്കുന്നത്‌. അതിനാൽ 1 തിഥി 24 മണിക്കൂറിൽ അൽപം കുറവായിരിക്കും. നക്ഷത്രമണ്‌ഡലത്തിലൂടെ ചന്ദ്രന്‌ ഒരു ഭ്രമണം പൂർത്തിയാക്കാൻ വേണ്ടത്‌ 27.32 ദിവസം. അതിനാൽ ചന്ദ്രവീഥിയെ 27 കൊണ്ട്‌ ഭാഗിച്ച്‌ ഓരോ ഭാഗത്തേയും പ്രത്യേകമായി മനസിലാക്കിയാൽ ദിവസം നിർണയിക്കാൻ കുറച്ചുകൂടി എളുപ്പമായി. ഇതിനു സഹായകമാകുന്നതാകട്ടെ ആ ഭാഗത്തുള്ള നക്ഷത്രങ്ങളും. ഇപ്രകാരം അശ്വതി നക്ഷത്രം നിൽക്കുന്ന 13 1/3 ഡിഗ്രിയിൽ (360 ഡിഗ്രിയെ 27 കൊണ്ട്‌ ഹരിക്കുമ്പോൾ കിട്ടുന്നത്‌) ചന്ദ്രൻ വരുമ്പോൾ നമ്മൾ അശ്വതി നക്ഷത്രം എന്നു പറയുന്നു.

രണ്ടേകാൽ നക്ഷത്രഭാഗങ്ങൾ (ചന്ദ്രരാശി) ചേരുമ്പോഴാണല്ലോ സൗരരാശിയായ 300 ഡിഗ്രി ലഭിക്കുന്നത്‌. അപ്പോൾ ഓരോ സൗരരാശിയിലും 2 1/4 ചാന്ദ്രരാശിയുണ്ടാവും.മേടം രാശിയിൽ അശ്വതിയും ഭരണിയും കാർത്തികയുടെ കാൽ ഭാഗവും - ഇതിനെയാണ്‌ അശ്വതി, ഭരണി, കാർത്തികക്കാൽ-- മേടക്കൂറ്‌ എന്നുപറയുന്നത്‌.

ഒരു ചന്ദ്രരാശിയിൽ സൂര്യൻ നിൽക്കുന്നത്‌ ഏകദേശം 2 ആഴ്‌ചയാണ്‌. ഇതാണ്‌ ഞാറ്റുവേല - ഞായർ (സൂര്യൻ) ഉള്ള വേള.

സൂര്യനും ചന്ദ്രനും നഗ്നനേത്രങ്ങൾകൊണ്ട്‌ കാണാൻ പറ്റുന്ന 5 ഗ്രഹങ്ങളും ഉൾപ്പെടെയുള്ള പഴയകാലത്തെ `സപ്‌തഗ്രഹങ്ങളെ' അടിസ്ഥാനമാക്കിയാണ്‌ ആഴ്‌ചകൾക്ക്‌ പേര്‌ നൽകിയിരിക്കുന്നത്‌.

വിവിധ ചന്ദ്രരാശികളിൽ ഗ്രഹങ്ങൾ നിൽക്കുന്ന സ്ഥാനം - ഗ്രഹനില അഥവാ ജാതകം - എഴുതുന്ന ഏർപ്പാട്‌ പണ്ടുമുതലേ ഭാരതത്തിൽ നിലനിന്നിരുന്നു. സൗരരാശിയുടെ അടിസ്ഥാനത്തിൽ ഗ്രഹനില എഴുതുന്ന രീതി പശ്ചിമേഷ്യയിൽ നിന്ന്‌ പിന്നീട്‌ നാം സ്വീകരിച്ചതാണ്‌. എന്നാൽ ഇന്നത്തെപ്പോലെ മനുഷ്യന്റെ ഭാവി പ്രവചിക്കാനും മറ്റും ഉപയോഗപ്പെടുത്താമെന്ന വിശ്വാസത്തിലല്ല അന്ന്‌ ജാതകത്തെ കണ്ടിരുന്നത്‌. പ്രായം ഗണിക്കാൻ സൗകര്യപ്രദമായ ഒരുരീതി എന്ന നിലയിലാണ്‌. എങ്ങനെയാണിത്‌ സാധിക്കുന്നത്‌ എന്ന്‌ നോക്കാം.

ജാതകത്തിലെ ഗ്രഹനിലയിൽ 9 ഗ്രഹങ്ങളാണ്‌ പരിഗണിക്കുന്നത്‌. ഇതിൽ യഥാർത്ഥ ഗ്രഹമായ 5 എണ്ണവും, സൂര്യചന്ദ്രൻമാരും രാഹുകേതുക്കളുമാണുള്ളത്‌. എന്താണ്‌ രാഹുവും കേതുവും? മുമ്പ്‌ ഗ്രഹണം എന്തുകൊണ്ടെന്നറിയാത്ത കാലത്ത്‌ സൂര്യനെയും ചന്ദ്രനെയും നിഷ്‌പ്രഭമാക്കുന്ന രണ്ട്‌ ഇരുണ്ട ഗ്രഹങ്ങളെ സങ്കൽപ്പിച്ചുണ്ടാക്കിയതാണ്‌ രാഹുവും കേതുവും. ഗ്രഹണം സംഭവിക്കുന്നതെങ്ങനെയെന്ന്‌ ഏവർക്കുമറിയുന്ന ഇക്കാലഘട്ടത്തിൽ അത്തരം സങ്കൽപത്തിലെ അർത്ഥശൂന്യത ഏവർക്കും ബോധ്യമാവും. രാഹുകേതുക്കൾ യഥാർത്ഥത്തിൽ ഉള്ളതല്ലെങ്കിലും അവയുടെ സ്ഥാനം യാഥാർത്ഥ്യമാണ്‌! ഗ്രഹണം സംഭവിക്കാൻ സാധ്യതയുള്ള ബിന്ദുക്കളാണവ. ഇവയുൾപ്പെടെയുള്ള 9 ഗ്രഹങ്ങളും ഏതേത്‌ രാശിയിൽ നിൽക്കുന്നുവെന്നും ഉദിച്ചുയരുന്ന രാശി (ലഗ്നം) ഏതെന്നും അടയാളപ്പെടുത്തിയാണ്‌ ഗ്രഹനില. വ്യത്യസ്‌ത ഗ്രഹങ്ങൾ വ്യത്യസ്‌ത വേഗതയിലാണ്‌ നക്ഷത്രമണ്‌ഡലത്തിലൂടെ (രാശി ചക്രത്തിലൂടെ) സഞ്ചരിക്കുന്നത്‌ എന്നതിനാൽ 9 സൂചികളുള്ള ഒരു ക്ലോക്ക്‌ എന്നപോലെ കാലം അളക്കുവാൻ പറ്റിയ ഒന്നാന്തരം സൂത്രമാണ്‌ ഗ്രഹനില. ഒരു സംഭവം നടക്കുമ്പോൾ അപ്പോഴത്തെ ഗ്രഹനില എഴുതി സൂക്ഷിച്ചാൽ പിന്നീട്‌ ഏതെങ്കിലും സമയത്തെ ഗ്രഹനിലയുമായി താരതമ്യം ചെയ്‌ത്‌ (വിവിധ ഗ്രഹങ്ങൾ സഞ്ചരിക്കാൻ വേണ്ട കാലയളവ്‌ കണക്കാക്കി) പിന്നിട്ട കാലം ഗണിക്കാനാവും.

എന്നാൽ ഇന്ന്‌ ജാതകവും ഗ്രഹനിലയുമെല്ലാം ഉപയോഗിക്കുന്നത്‌ ഭാവി പ്രവചനത്തിനാണ്‌. ഗ്രഹങ്ങൾക്കും രാശികൾക്കും എല്ലാം ചില പ്രത്യേക ദൈവികമായ കഴിവുകൾ ആരോപിച്ചാണ്‌ ഫലഭാഗജ്യോതിഷം തയ്യാറാക്കുന്നത്‌. ഇത്തരത്തിൽ എന്തെങ്കിലും ദൈവികശേഷി ഗ്രഹങ്ങൾക്കോ രാശികൾക്കോ ഉണ്ടെന്ന്‌ ശാസ്‌ത്രം കരുതുന്നില്ല.

ജ്യോതിശ്ശാസ്‌ത്രത്തിന്റെ വികാസം

ആകാശക്കാഴ്‌ചകളെക്കുറിച്ച്‌ പ്രാചീന മനുഷ്യർ സങ്കൽപ്പിച്ച ഭാവനാ സങ്കൽപ്പങ്ങളിൽ നിന്ന്‌ ഇന്ന്‌ നാം അറിയുന്ന ജ്യോതിശ്ശാസ്‌ത്രധാരണകളിലേക്കുള്ള വളർച്ച ഏറെ ഉദ്വേഗജനകവും ശാസ്‌ത്രത്തിന്റെ രീതി എന്തെന്ന്‌ വിളിച്ചറിയിക്കുന്നതുമായ ഒന്നാണ്‌.

`പരന്ന ഭൂമിയുടെ മീതെക്കൂടി കടന്നുപോകുന്ന ആകാശ ഗോളങ്ങൾ എങ്ങനെ ആവർത്തിച്ച്‌ പ്രത്യക്ഷപ്പെടുന്നു എന്നതായിരുന്നു പ്രാചീന മനുഷ്യന്റെ ജിജ്ഞാസയെ ഉണർത്തിയ പ്രധാനപ്പെട്ട കാര്യം - സ്വാഭാവികമായും ഒട്ടേറെ ഭാവനാസങ്കൽപ്പങ്ങൾ അവൻ ഇതിന്റെ ഭാഗമായി ഉണ്ടാക്കി. എന്നാൽ ഭൂമി ഗോളാകൃതിയാണെന്ന്‌ സങ്കൽപ്പിച്ചതോടെ ഈ പ്രഹേളികയ്‌ക്ക്‌ ഉത്തരമായി. കൂടുതൽ ഉയരങ്ങളിലേക്ക്‌ പോകുമ്പോൾ കൂടുതൽ വിശാലമായ ചക്രവാളം ദർശിക്കാനാവുന്നതും തെക്ക്‌ വടക്ക്‌ ദിശയിൽ സഞ്ചരിക്കുമ്പോൾ നക്ഷത്രങ്ങളുടെ സ്ഥാനത്തിൽ മാറ്റം സംഭവിക്കുന്നതും ഭൂമിയുടെ വക്രാകൃതിയെ കുറിച്ച്‌ ചിന്തിക്കാൻ പ്രാചീന ജോതിശ്ശാസ്‌ത്രജ്ഞരെ പ്രേരിപ്പിച്ചു. ചന്ദ്രഗ്രഹണ സമയത്തെ നിഴൽ വക്രാകൃതിയിലാണെപ്പോഴും എന്ന്‌ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ അരിസ്റ്റോട്ടിൽ ആണ്‌ ഭൂമിയുടെ ഗോളാകൃതി ശാസ്‌ത്രീയമായി സമർത്ഥിച്ചത്‌. തുടർന്നദ്ദേഹം ഭൂമിയെ കേന്ദ്രസ്ഥാനത്ത്‌ നിർത്തിക്കൊണ്ട്‌ ഒരു പ്രപഞ്ച സങ്കൽപ്പം മുമ്പോട്ടു വെച്ചു. ഒരു പുറം തോടെന്ന നിലയിൽ നക്ഷത്രമണ്‌ഡലവും വ്യത്യസ്‌ത അകലത്തിൽ ഭൂമിയെ ചുറ്റിക്കറങ്ങുന്ന ചന്ദ്രൻ, ബുധൻ, ശുക്രൻ, സൂര്യൻ, ചൊവ്വ, വ്യാഴം, ശനി എന്നീ ഗോളങ്ങളുമായിരുന്നു അരിസ്റ്റോട്ടിലിന്റെ പ്രപഞ്ചം. ഈ സങ്കൽപ്പത്തിലൂടെ നക്ഷത്ര മണ്‌ഡലത്തിലൂടെയുള്ള ഗ്രഹങ്ങളുടെ സഞ്ചാരവും അതിലെ വേഗതാ വ്യത്യാസവും നക്ഷത്രങ്ങളുടെ സ്ഥിരതയും കാലത്തിനനുസരിച്ച മാറ്റവും എല്ലാം വിശദീകരിക്കാമെന്നായി. എന്നാൽ അപ്പോഴും പ്രശ്‌നങ്ങൾ ബാക്കി. ചില ഗ്രഹങ്ങൾക്ക്‌ പ്രകാശ തീവ്രതയിൽ വ്യത്യാസം വരുന്നതെന്തുകൊണ്ട്‌? ചിലവ സ്വാഭാവിക പഥത്തിൽ നിന്ന്‌ മാറി ഇടയ്‌ക്ക്‌ പിന്നോട്ട്‌ ചലിക്കാൻ കാരണമെന്ത്‌? ഈ ചോദ്യങ്ങൾക്കുത്തരമായാണ്‌ ഈജിപ്‌തിലെ ജ്യോതിശ്ശാസ്‌ത്രജ്ഞനായ ടോളമി അരിസ്റ്റോട്ടിലിന്റെ പ്രപഞ്ച സങ്കൽപ്പത്തെ പരിഷ്‌കരിച്ച്‌ പുതിയൊരു മാതൃക അവതരിപ്പിച്ചത്‌. അത്‌ പ്രകാരം ഗ്രഹങ്ങൾ ഭൂമിയെ ചുറ്റുന്നതോടൊപ്പം ഭ്രമണപഥത്തിലൂടെ ലഘുവൃത്തങ്ങൾ കൂടി സൃഷ്‌ടിച്ചുകൊണ്ട്‌ കറങ്ങുന്നു എന്നായിരുന്നു സങ്കൽപ്പം. ഇത്‌ ഗ്രഹങ്ങളുടെ പ്രകാശ തീവ്രതയിൽ വരുന്ന വ്യത്യാസങ്ങളും പിൻചലനവും ഒരു പരിധി വരെ വിശദീകരിക്കാൻ പര്യാപ്‌തമായിരുന്നു. എന്നാൽ ദീർഘകാല നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഈ മാതൃക വെച്ചും ആകാശ ദൃശ്യാനുഭവങ്ങളെ വ്യാഖ്യാനിക്കാനാവില്ല എന്ന്‌ വ്യക്തമായിരുന്നു. പക്ഷെ ഇതിനകം സമൂഹത്തിലും ഭരണകൂടത്തിലും സ്വാധീനമുറപ്പിച്ച മതശക്തികൾ തങ്ങളുടെ വിശ്വാസ പ്രമാണങ്ങൾക്ക്‌ കോട്ടം തട്ടാത്ത വിധം വ്യാഖ്യാനിക്കാവുന്നതാണ്‌ അരിസ്റ്റോട്ടിലിന്റെയും ടോളമിയുടെയും പ്രപഞ്ച സങ്കൽപങ്ങൾ എന്നതിനാൽ അതിനെ പരിപാലിക്കാൻ തയ്യാറായി. ഇത്‌ പിന്നീടുള്ള സ്വതന്ത്രാന്വേഷണങ്ങളെയെല്ലാം നിരുത്സാഹപ്പെടുത്തിയെന്നത്‌ ചരിത്രവസ്‌തുത.

ടോളമിയുടെ മാതൃകയേക്കാൾ മെച്ചമായ വ്യാഖ്യാനം സൂര്യനെ കേന്ദ്ര സ്ഥാനത്തു നിർത്തി ഗ്രഹങ്ങൾ അതിനു ചുറ്റും പ്രദഷിണം ചെയ്യുന്നതായി സങ്കൽപ്പിച്ചാൽ സാധ്യമാവുമെന്ന്‌ ഗണിത യുക്തിയിലൂടെ സമർത്ഥിച്ചത്‌ 15-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കോപ്പർനിക്കസാണ്‌. ഭൂമിയടക്കം ഇങ്ങനെ സൂര്യനെ ചുറ്റുമ്പോൾ നക്ഷത്രങ്ങൾക്ക്‌ സ്‌ഥാനചലനം സംഭവിക്കാത്തത്‌ അവ അത്രമാത്രം ദൂരെയായതുകൊണ്ടാണെന്നും അദ്ദേഹം വാദിച്ചു. കേവല യുക്തിക്കപ്പുറം മറ്റ്‌ തെളിവുകൾ ഒന്നും ഈ വ്യാഖ്യാനത്തിനുണ്ടായിരുന്നില്ല. എന്നാൽ പിന്നെയുമൊരു നൂറു വർഷമായപ്പോഴാണ്‌ ഗലീലിയോ തന്റെ ടെലിസ്‌കോപ്പിലൂടെ ആകാശ ദൃശ്യങ്ങൾ നിരീക്ഷിച്ചത്‌. ചന്ദ്രന്റെ ഉപരിതലത്തിലെ കുന്നും കുഴികളും ശുക്രന്റെ വൃദ്ധിക്ഷയവും (ചന്ദ്രനെപോലെ) വ്യാഴത്തിന്റെ നാലുപഗ്രഹങ്ങളും ശനിയുടെ വലയവും സൂര്യന്റെ കളങ്കവുമെല്ലാം അദ്ദേഹം തന്റെ ദൂരദർശിനിയിലൂടെ ദർശിച്ചു; ലോകത്തിന്‌ കാണിച്ചുകൊടുത്തു. ഈ നിരീക്ഷണഫലങ്ങളിൽ പലതും കോപ്പർ നിക്കസിന്റെ പ്രപഞ്ചമാതൃകയിലൂടെയേ വിശദീകരിക്കാനാവൂ എന്നതിനാൽ അദ്ദേഹം അതിന്റെ പ്രചാരകനായി. സൂര്യനെ കുറിച്ചും ചന്ദ്രനെ കുറിച്ചും ഭൂമിയെ കുറിച്ചുമുള്ള പരമ്പരാഗത സങ്കൽപങ്ങളെയെല്ലാം തിരസ്‌കരിക്കാൻ പുതിയ നിരീക്ഷണഫലങ്ങൾ ഇടയാക്കി.

കോപ്പർനിക്കസും ഗലീലിയോയുമെല്ലാം ഭൂമിയടക്കമുള്ള ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നത്‌ വൃത്താകൃതിയിലാണെന്നാണ്‌ ധരിച്ചത്‌. എന്നാൽ അക്കാലത്ത്‌ വാനനിരീക്ഷണ വിവരങ്ങളുടെ കൃത്യതയാർന്നതും വലിയതുമായ ഒരു ശേഖരം കൈവശമുണ്ടായിരുന്ന ആളായിരുന്നു ടൈക്കോ ബ്രാഹെ എന്ന വാനനിരീക്ഷകൻ. അദ്ദേഹത്തിന്റെ സഹായിയായി പ്രവർ ത്തനം ആരംഭിച്ച കെപ്ലറുടെതാണ്‌ ജ്യോതിശ്ശാസ്‌ത്രത്തിലെ അടുത്ത പ്രധാന ചവിട്ടുപടി. ബ്രാഹെയുടെ നിരീക്ഷണഫലങ്ങൾ വിശകലനം ചെയ്‌ത അദ്ദേഹത്തിന്‌ ഗ്രഹങ്ങളുടെ വൃത്താകൃതിയിലുള്ള പാതയിലൂടെ അവ വിശദീകരിക്കാനായില്ല. എന്നാൽ ദീർഘവൃത്താകൃതിയിലുള്ള ഒരു പാത സങ്കൽപ്പിച്ചാൽ അവ നിരീക്ഷണഫലങ്ങൾക്ക്‌ അനുയോജ്യമാകുമെന്നും തെളിഞ്ഞു. മാത്രമല്ല സൂര്യനും ചന്ദ്രനും എല്ലാം നക്ഷത്രമണ്‌ഡല ത്തിലൂടെ വ്യത്യസ്‌ത വേഗതയിൽ സഞ്ചരിക്കുന്നതിന്റെ കാരണവും വിശദീകരിക്കാമെന്നായി. അതിലൂടെയാണ്‌ കെപ്ലറുടെ മൂന്ന്‌ പ്രധാന ഗ്രഹചലന നിയമങ്ങൾ രൂപപ്പെടുന്നത്‌.

എന്നാൽ അതുകൊണ്ടും പ്രശ്‌നം ബാക്കിയായില്ല. ഗ്രഹങ്ങൾ സൂര്യനെ നിരന്തരമായി ചുറ്റുന്നതിനു വേണ്ട ബലം എവിടെ നിന്നാണ്‌ ലഭിക്കുന്നത്‌? ചുറ്റുന്നതിനിടയിൽ അവ എന്തുകൊണ്ടാണ്‌ ദൂരേയ്‌ക്ക്‌ തെറിച്ചു പോകാത്തത്‌? ഇതിന്‌ മറുപടി നൽകിയത്‌ ഐസക്ക്‌ ന്യൂട്ടനാണ്‌. നിശ്ചിത വേഗതയിൽ ചലിച്ചുകൊണ്ടിരിക്കുന്ന വസ്‌തു അതേ വേഗതയിൽ പുറമെ നിന്ന്‌ ബലം ലഭ്യമല്ലാത്തിടത്തോളം കാലം ചലിച്ചുകൊണ്ടിരിക്കുമെന്ന അദ്ദേഹത്തിന്റെ ഒന്നാം ചലന നിയമവും ഗുരുത്വാകർഷണ സിദ്ധാന്തവും ഗ്രഹങ്ങളുടെ തുടർചലനത്തിന്റെ അടിസ്ഥാന കാരണങ്ങൾ വെളിപ്പെടുത്തി. ഗുരുത്വാകർഷണബലത്തിന്‌ ഗ്രഹങ്ങളുടെ പിണ്‌ഡം, അവ തമ്മിലുള്ള ദൂരം എന്നിവയുമായുള്ള ബന്ധം കൂടി അദ്ദേഹം അനുമാനിച്ചെടുത്തതോടെ അറിയപ്പെടാത്ത പല പ്രപഞ്ച രഹസ്യങ്ങളെയും മനസ്സിലാക്കാനും പുതിയവ കണ്ടെത്താനുമുള്ള ഒരു താക്കോലായി അത്‌ മാറി. ന്യൂട്ടന്റെ കണ്ടെത്തലുകൾ കെപ്ലറുടെ ഗ്രഹനിയമങ്ങളെയും പരിഷ്‌ക്കരിച്ചു.

ന്യൂട്ടന്റെ അതേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന എഡ്‌മണ്ട്‌ ഹാലി ധൂമകേതുക്കളെപ്പറ്റി പഠനം നടത്തുകയും ചിലത്‌ നിശ്ചിത വർഷങ്ങൾ കൂടുമ്പോൾ വീണ്ടും പ്രത്യക്ഷപ്പെടുമെന്ന്‌ പ്രവചിക്കുകയും ചെയ്‌തു. 1781ൽ വില്യം ഹെർഷൽ യുറാനസ്‌ എന്ന പുതിയൊരു ഗ്രഹത്തെ കണ്ടെത്തി. തുടർന്ന്‌ അതിന്റെ ചലനപഥം നിരീക്ഷിച്ചപ്പോൾ കെപ്ലറും ന്യൂട്ടനും ചേർന്ന്‌ വരച്ച പാതയിൽനിന്ന്‌ ഇടയ്‌ക്ക്‌ അതിനെ വഴിതെറ്റിക്കുന്നത്‌ മറ്റൊരു ഗ്രഹമാണെന്ന്‌ സങ്കൽപ്പിച്ച്‌ അതിനെ തേടി പിടിച്ച്‌ കണ്ടെത്തിയതാണ്‌ നെപ്‌ട്യൂൺ(1840). സമാനമായ രീതിയിൽ 1930ൽ പ്ലൂട്ടോയും കണ്ടെത്തി.

മറ്റേതൊരു ശാസ്‌ത്രശാഖയെയും പോലെ ജ്യോതിശ്ശാസ്‌ത്രത്തിന്റെയും കുതിച്ചു ചാട്ടത്തിന്‌ ഇരുപതാം നൂറ്റാണ്ട്‌ സാക്ഷ്യം വഹിച്ചു. ഭൗതിക ശാസ്‌ത്രത്തിലും സാങ്കേതിക വിദ്യയിലുമുണ്ടായ മുന്നേറ്റങ്ങൾ ജ്യോതിശ്ശാസ്‌ത്രം ശരിക്കും പ്രയോജനപ്പെടുത്തി. ദൃശ്യപ്രകാശത്തിനപ്പുറവും ഇപ്പുറവുമുള്ള ഊർജതരംഗങ്ങളെ വിശകലനം ചെയ്‌ത്‌ പ്രകാശവർഷങ്ങൾ അകലെയുള്ള നക്ഷത്രങ്ങളുടെയും ഗാലക്‌സികളുടെയും ഘടനയും സവിശേഷതയും എല്ലാം മനസ്സിലാക്കാൻ കഴിഞ്ഞു. അവ എത്ര ദൂരെയാണ്‌, എത്ര വലിപ്പമാണ്‌, എത്രമാത്രം ദ്രവ്യമാനമുണ്ട്‌, അതിന്റെ ആയുസ്സെത്ര... ഇവ മാത്രമല്ല നക്ഷത്രങ്ങളുടെ ജനനത്തെയും വളർച്ചാ ഘട്ടങ്ങളെപ്പറ്റിയും മരണത്തെപ്പറ്റിയുമെല്ലാം (500 -1000 കോടി വർഷങ്ങൾ കൊണ്ട്‌ സംഭവിക്കുന്നവയാണ്‌ ഇവ) വെറും നൂറുവർഷങ്ങൾക്കിടയിൽ മനുഷ്യൻ മനസ്സിലാക്കി! - ഈ മഹാപ്രപഞ്ചത്തെക്കുറിച്ച്‌ ഇന്ന്‌ ശാസ്‌ത്രം കരുതുന്ന കാര്യങ്ങൾ ഇനി നമുക്ക്‌ ഒന്ന്‌ ഓടിച്ചു പരിചയപ്പെടാം.

പ്രപഞ്ച സങ്കൽപ്പം - ഇന്ന്‌

ഭൂമിയോടേറ്റവും അടുത്തു കിടക്കുന്ന ആകാശഗോളം ചന്ദ്രനാണ്‌. 384000 കി.മീറ്റർ. ഭൂമിയുടെ 1/4 മാത്രം വ്യാസവും 1/80 മാത്രം ദ്രവ്യമാനവുമുള്ള ചന്ദ്രനിൽ ഗുരുത്വാകർഷണം ഭൂമിയുടേതിനേക്കാൾ 1/6 മാത്രമാണുള്ളത്‌. അതിനാൽ അവിടെ വായുമണ്‌ഡലമില്ല. അതിനാൽ അവിടെ പതിക്കുന്ന ഉൽക്കകൾ തീർക്കുന്ന ഗർത്തങ്ങളാണ്‌ ചന്ദ്രന്റെ മുഖത്ത്‌ കാണുന്ന `വസൂരിക്കല'കൾ. ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന 27.3 ദിവസം കൊണ്ട്‌ തന്നെയാണ്‌ അതിന്റെ സ്വയംഭ്രമണവും പൂർത്തിയാവുന്നത്‌. അതിനാൽ ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ നമുക്ക്‌ കാണാനാവൂ.

സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യൻ നമ്മിൽ നിന്ന്‌ ഏകദേശം 15 കോടി കി.മീറ്റർ അകലെയാണ്‌. ഭൂമിയുടെ 10 ലക്ഷം മടങ്ങ്‌ വ്യാപ്‌തം. 3 ലക്ഷം മടങ്ങ്‌ ദ്രവ്യമാനം. നിരന്തരമായി കത്തിയെരിഞ്ഞ്‌ ഭൂമിക്കാവശ്യമായ ഊർജം മുഴുവൻ ലഭ്യമാക്കുന്ന സൂര്യൻ മനുഷ്യന്റെ എന്നത്തെയും വിസ്‌മയമാണ്‌. വിവിധ സങ്കൽപങ്ങളിലൂടെ മതവും ശാസ്‌ത്രവും ഇതിനെ വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ മാത്രമാണ്‌ സൂര്യനിലും മറ്റു നക്ഷത്രങ്ങളിലും നടക്കുന്ന യഥാർത്ഥ പ്രക്രിയയുടെ പൊരുൾ കണ്ടെത്താനായത്‌. ഹൈഡ്രജൻ ആണവഫ്യൂഷനിലൂടെ ഹീലിയമായി രൂപാന്തരം പ്രാപിക്കുമ്പോഴുണ്ടാകുന്ന അതിഭീമമായ ഊർജമാണ്‌ സൂര്യനിൽ നിന്ന്‌ നിരന്തരം പ്രവഹിക്കുന്നത്‌. ഇതിന്റെ ഫലമായി സൂര്യന്റെ അകക്കാമ്പിൽ ഒരു കോടിയിലേറെ ഡിഗ്രിയാണ്‌ താപനില. നമ്മൾ കാണുന്ന പുറംതോടായ ഫോട്ടോസ്‌ഫിയറിൽ 6000 ഡിഗ്രിയും. സൂര്യഗ്രഹണ സമയത്ത്‌ മാത്രം കാണാൻ പറ്റുന്ന പ്രകാശമാനമായ കൊറോണയിൽ താപനില 1 ലക്ഷം ഡിഗ്രിയോളം വരും.

സൂര്യനോടേറ്റവും അടുത്ത്‌ കിടക്കുന്ന ഗ്രഹം (ശരാശരി 5.8 കോടി കി.മീറ്റർ) ബുധനാണ്‌. ഏകദേശം ചന്ദ്രന്റെയത്ര വലിപ്പവും ദ്രവ്യമാനവുമുള്ള ബുധനിലും ഉൽക്കകൾ വീണ്‌ ഉണ്ടായ ഗർത്തങ്ങൾ നിരവധിയുണ്ട്‌. 88 ദിവസംകൊണ്ട്‌ സൂര്യനെ ചുറ്റുന്ന ബുധൻ സ്വയം ഭ്രമണം ചെയ്യാൻ 59 ദിവസം പിടിക്കുന്നു. അതിനാൽ ബുധന്റെ ഒരു ദിവസം (സൂര്യോദയങ്ങൾ തമ്മിലുള്ള ഇടവേള) അതിന്റെ രണ്ടു വർഷത്തിന്‌ (സൂര്യന്‌ ചുറ്റുമുള്ള പരിക്രമണ കാലയളവ്‌) തുല്യമാണ്‌! സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹത്തിൽ നിന്ന്‌ അകന്നാൽ പിന്നെ നാം കണ്ടെത്തുക ശുക്രനാണ്‌. ഭൂമിയുടെ ഏകദേശം അത്ര തന്നെ വലിപ്പമുണ്ടെങ്കിലും ഉപഗ്രഹങ്ങളില്ല. വലിയ അന്തരീക്ഷമുണ്ട്‌. പക്ഷെ മുഖ്യഘടകം co2 ആണ്‌. അതിന്റെ ഹരിതഗൃഹപ്രഭാവം മൂലം ഏറ്റവും താപനിലയുള്ള ഗ്രഹമാണ്‌ (4800C) ശുക്രൻ. മറ്റ്‌ ഗ്രഹങ്ങൾ സ്വയം ഭ്രമണം ചെയ്യുന്ന ദിശയ്‌ക്ക്‌ വിപരീത ദിശയിലാണ്‌ ശുക്രൻ സ്വയം ഭ്രമണം ചെയ്യുന്നത്‌. സൗരയൂഥത്തിന്റെ മൂന്നാമത്തെ ഗ്രഹമായ ഭൂമിയുടെ സവിശേഷതകൾ ഏവർക്കുമറിയാം. ഓക്‌സിജനുള്ള അന്തരീക്ഷവും ജലവും ജീവനും ചിന്തിക്കുന്ന മനുഷ്യരുമാണ്‌ ഭൂമിയുടെ മുഖ്യപ്രത്യേകതകൾ. സൂര്യനിൽ നിന്ന്‌ 22 കോടി കി.മീറ്റർ (1.52 au;1 au എന്നാൽ ഭൂമിയിൽ നിന്ന്‌ സൂര്യനിലേക്കുള്ള ശരാശരി ദൂരം) അകലെയാണ്‌ ജ്യോതിഷികൾ `പാപഗ്രഹ'മായി വിശേഷിപ്പിക്കപ്പെടാറുള്ള ചൊവ്വയുള്ളത്‌. ചൊവ്വ ചുവപ്പ്‌ നിറത്തിൽ കാണപ്പെടാൻ കാരണം അതിന്റെ ഉപരിതലത്തിൽ അടങ്ങിയ ഇരുമ്പിന്റെ ഓക്‌സൈഡുകളാണ്‌. ഭൂമിയേക്കാൾ അൽപം ചെറുതെങ്കിലും ഭൂമിയോടേറ്റവും സാമ്യമുള്ള ഗ്രഹമാണിത്‌. താപനില 00 ഡിഗ്രിയോടടുത്താണ്‌. അച്ചുതണ്ടിന്റെ ചരിവുമൂലം കാലാവസ്ഥാ വ്യതിയാനവുമുണ്ടാകുന്നു. ദിനചലനത്തിന്‌ വേണ്ടിവരുന്ന സമയം 24 മണിക്കൂർ തന്നെ. അതിനാൽ ഏതെങ്കിലും കാലത്ത്‌ മനുഷ്യന്‌ കാലുകുത്തുവാൻ കഴിയുന്ന ഏകഗ്രഹം ചൊവ്വയാണ്‌ എന്ന്‌ പറയാം. ചൊവ്വയ്‌ക്ക്‌ രണ്ട്‌ ഉപഗ്രഹങ്ങൾ ഉണ്ട്‌. ഫോബോസും ദീമോസും.

ബുധനും ശുക്രനും ഭൂമിയും ചൊവ്വയുമുൾപ്പെടെയുള്ള സമീപഗ്രഹങ്ങളെ ഭൗമഗ്രഹങ്ങൾ (Terrestial planets) എന്നാണ്‌ പറയുന്നത്‌. താരതമ്യേന ചെറിയ ഗ്രഹങ്ങളായ ഇവ ഭൂമിയെപ്പോലെ പാറകൾ നിറഞ്ഞ്‌ ഖരാവസ്ഥയിലുള്ളവയാണ്‌. അടുത്ത ഗ്രഹമായ വ്യാഴത്തിലേക്ക്‌ എത്തുന്നതിന്‌ മുമ്പായി നിരവധി പാറക്കഷ്‌ണങ്ങൾ സൂര്യനെ ചുറ്റുന്ന പാതകൾ കണ്ടെത്താനാകും. astroied belt എന്നാണ്‌ ഇതിന്‌ പറയുന്നത്‌. പാറക്കഷ്‌ണങ്ങളിൽ ഏറ്റവും വലുത്‌ സിറസ്‌ (Ceres) എന്ന 940 കി.മീ ദൈർഘ്യമുള്ള ഛിന്ന ഗ്രഹമാണ്‌.

ഭൂമിയുടെ 1000 മടങ്ങ്‌ വ്യാപ്‌തമുള്ള വാതക ഗ്രഹമായ വ്യാഴമാണ്‌ അടുത്തത്‌. വ്യാഴത്തിന്‌ 60 ലേറെ ഉപഗ്രഹങ്ങളുണ്ട്‌. ഇവയിൽ ചിലതിന്‌ ഭൂമിയോടടുത്ത വലിപ്പമുണ്ട്‌. ഇതിൽ യൂറോപ്പ, ഗാനിമേഡ്‌, ഇയോ, കാലിസ്റ്റ എന്നീ ഉപഗ്രഹങ്ങളെയാണ്‌ ഗലീലിയോ തന്റെ ടെലിസ്‌കോപ്പിലൂടെ കണ്ടെത്തിയത്‌. വ്യാഴത്തിൽ മുഖ്യമായും ഉള്ളത്‌ ഹൈഡ്രജൻ, ഹീലിയം, അമോണിയ തുടങ്ങിയ വാതകങ്ങളാണ്‌. സൂര്യനിൽ നിന്ന്‌ 5.2 au അകലെയുള്ള വ്യാഴത്തിന്‌ സൂര്യനെ ചുറ്റാൻ ഏകദേശം 12 വർഷമാണ്‌ വേണ്ടത്‌. വ്യാഴത്തിന്‌ സമാനമായ അതിനോടടുത്ത വലിപ്പമുള്ള ഗ്രഹമാണ്‌ ശനി. ഉള്ളടക്കവും അപ്രകാരം തന്നെ. സൂര്യനിൽ നിന്ന്‌ ഭൂമിയേക്കാൾ 9.54 മടങ്ങ്‌ അകലെയുള്ള ശനിയുടെ മുഖ്യ സവിശേഷത അതിന്റെ പ്രകടമായ വലയങ്ങളാണ്‌. നിശ്ചിത പാതയിൽ ശനിയെ വലം വെയ്‌ക്കുന്ന ഹിമക്കട്ടകളും ധൂളികളുമാണവ. ശനിക്കും ചെറുതും വലുതുമായ നിരവധി ഉപഗ്രഹങ്ങളുണ്ട്‌. ഇവയിൽ ഏറ്റവും വലുത്‌ ടൈറ്റാൻ ആണ്‌. ശനി സൂര്യനെ ചുറ്റാൻ 29 1/2 വർഷം വേണം 19.92 au അകലെ യുള്ള യുറാനസും 30 auഅകലെയുള്ള നെപ്‌ട്യൂണും വലിയ വാതക ഗോളങ്ങൾ തന്നെ. ഭൂമിയുടെ 60-70 മടങ്ങ്‌ വലിപ്പമുള്ള ഗ്രഹങ്ങളാണവ. എങ്കിലും അവ നഗ്നനേത്രങ്ങൾക്ക്‌ തിരിച്ചറിയാനാവില്ല. യുറാനസിന്റെ അച്ചുതണ്ടിന്റെ ചെരിവ്‌ 90 ഡിഗ്രിയിലേറെയായതിനാൽ സൂര്യനു ചുറ്റും ഒരുതരം ശയനപ്രദക്ഷിണം നടത്തുകയാണതെന്ന്‌ പറയാം. വ്യാഴം, യുറാനസ്‌, നെപ്‌ട്യൂൺ എന്നീ ഗ്രഹങ്ങൾക്കും ശനിയുടെ അത്ര ദൃശ്യമല്ലെങ്കിലും ചുറ്റും നേരിയ വലയങ്ങളുണ്ട്‌. ശരാശരി 40 au അകലെയുള്ള പ്ലൂട്ടോയെ സമീപകാലം വരെ ഗ്രഹമായി പരിഗണിച്ചിരുന്നുവെങ്കിലും അതിന്റെ വലിപ്പക്കുറവും ഭ്രമണപഥത്തിന്റെ പ്രത്യേകതയും മൂലം ഗ്രഹപദവിയിൽ നിന്നിപ്പോൾ പുറത്താക്കപ്പെട്ടിരിക്കയാണ്‌. പ്ലൂട്ടോയ്‌ക്കുമപ്പുറം നിശ്ചിത പാതയിൽ സൂര്യനെ ചുറ്റുന്ന ചില ചെറുഗോളങ്ങളെ കൂടി കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ഗ്രഹപദവി അർഹിക്കുന്നില്ല. പ്ലൂട്ടോയിൽ നിന്നും വീണ്ടുമകന്നാൽ ഒരു ലക്ഷം au അകലം വരെ വ്യാപിച്ചു കിടക്കുന്ന ഹിമക്കട്ടകൾ കണ്ടെത്താൻ കഴിയും. ഇവയെ ഊർട്ട്‌ മേഘങ്ങൾ എന്നാണ്‌ പറയുക. ഇവയിൽ ചിലതാണ്‌ സൂര്യന്റെ ആകർഷണ വലയത്തിൽപ്പെട്ട്‌ ധൂമകേതുക്കളായി ചുറ്റിക്കറങ്ങി തിരിച്ചു പോകുന്നത്‌.

നാം ശ്രദ്ധിക്കേണ്ടത്‌ ഇതുവരെ പരിചയപ്പെട്ട സൗരയൂഥത്തിലെ ഭൂമിയൊഴികെയുള്ള ഒരു ഗോളത്തിലും ജീവന്റെ കണിക പോലുമില്ല എന്ന വസ്‌തുതയാണ്‌. രൂപപ്പെടാനുള്ള സാധ്യതയും വിരളം. അപ്പോൾ ഇനി നാം ജീവനെ തേടണമെങ്കിൽ മറ്റു നക്ഷത്രങ്ങൾക്കടുത്തേക്ക്‌ പോകണം.

സൗരയൂഥത്തിനോട്‌ ഏറ്റവും അടുത്തു കിടക്കുന്ന നക്ഷത്രം പ്രോക്‌സിമാസെന്ററിയാണ്‌. അടുത്ത്‌ എന്ന്‌ പറഞ്ഞാൽ 4 പ്രകാശവർഷം. എന്ന്‌ വെച്ചാൽ അവിടെ നിന്ന്‌ പ്രകാശം ഇങ്ങെത്താൻ 4 വർഷം വേണ്ടി വരുമെന്നർത്ഥം. അവിടെ ജീവജാലങ്ങളും ഭൂമിയിലുള്ളതുപോലുള്ള മനുഷ്യനും ഉണ്ടെന്ന്‌ സങ്കൽപ്പിച്ച്‌ അവരുമായി ആശയ സംവേദനം നടത്തുന്ന കാര്യം സങ്കൽപിച്ചു നോക്കൂ! ഒരു ഫോൺ വിളി പൂർത്തിയാക്കണമെങ്കിൽ തന്നെ എത്രവർഷം വേണ്ടിവരും?

നമ്മൾ ആകാശത്തു കാണുന്ന എല്ലാ നക്ഷത്രങ്ങളും അതിനേക്കാൾ അകലെയുള്ളവയാണ്‌. ഏറ്റവും പ്രകാശമാനമായി കാണുന്ന സിറിയസ്‌ 8.6 പ്രകാശ വർഷം അകലെയാണ്‌. രണ്ടാമത്തെ ശോഭയേറിയ നക്ഷത്രമായ കനോപ്പസ്‌ 650 പ്രകാശവർഷവും തിരുവാതിര നക്ഷത്രം 560 പ്രകാശവർഷവും അകലെയാണ്‌. നാം ഇക്കാണുന്ന നക്ഷത്രങ്ങളെല്ലാം സൂര്യൻ ഉൾപ്പെടുന്ന ആകാശഗംഗ എന്നു പേരിട്ട ഗാലക്‌സിയിൽ അംഗങ്ങളാണ്‌. ഒരറ്റത്ത്‌ നിന്ന്‌ മറ്റേ അറ്റം വരെ 1 ലക്ഷം പ്രകാശ വർഷം ദൂരമുള്ള ഈ ഗാലക്‌സിയിൽ 1011 നക്ഷത്രങ്ങൾ ഉണ്ടത്രെ. ക്ഷീരപഥത്തോടേറ്റവും അടുത്തു കിടക്കുന്ന ആൻഡ്രോമിഡ ഗാലക്‌സി 20 ലക്ഷം പ്രകാശവർഷം അകലെയാണ്‌. അതായത്‌ മനുഷ്യൻ ഭൂമിയിൽ ആവിർഭവിക്കുന്നതിന്‌ മുമ്പുള്ള ഗാലക്‌സിയെയാണ്‌ നാമിപ്പോൾ കാണുന്നത്‌! ഇന്നിപ്പോൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ 1200 കോടി പ്രകാശവർഷം അകലെയുള്ള ഗാലക്‌സികളെപോലും തിരിച്ചറിയുന്നു. അങ്ങനെ എത്ര ഗാലക്‌സികൾ! ദൃശ്യപ്രപഞ്ചത്തിൽ ഏകദേശം 10,000 കോടി ഗാലക്‌സികൾ വരുമത്രേ. വിദൂര ഗാലക്‌സികളേയും മറ്റും നിരീക്ഷിച്ച്‌ പഠിച്ച നമ്മൾ മറ്റൊരു കാര്യവും മനസിലാക്കി. അവ ഓരോന്നും പരസ്‌പരം അകലുകയാണെന്ന്‌. ഇതിൽ നിന്നാണ്‌ പ്രപഞ്ചത്തിന്റെ ഈ ഘട്ടം ഒരു മഹാസ്‌ഫോടനത്തിലൂടെയാണ്‌ ആരംഭിച്ചത്‌ എന്ന അനുമാനത്തിലേക്ക്‌ നാം എത്തിയത്‌.

ഈ ഓട്ടപ്രദക്ഷിണത്തിലൂടെ നാം മനസ്സിലാക്കേണ്ട കാര്യങ്ങൾ മുഖ്യമായി എന്താണ്‌? നാം ആകാശത്ത്‌ കാണുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും ഏതെങ്കിലും ദൈവിക ശേഷിയുള്ള ശക്തികളല്ല. പ്രപഞ്ചത്തിലെ ഭൗതിക നിയമങ്ങൾക്ക്‌ വിധേയമായി പ്രവർത്തിക്കുന്ന ഭൂമിയേപ്പോലുള്ള നിർജീവ ഗോളങ്ങളാണ്‌. ഇവയിൽ നാം അറിഞ്ഞിടത്തോളം ഭൂമിയിൽ മാത്രമാണ്‌ ജീവനുള്ളത്‌. മറ്റ്‌ നക്ഷത്രസമൂഹത്തിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും നമുക്ക്‌ അവരെ കണ്ടെത്തൽ ദുഷ്‌ക്കരമാണ്‌. അതിനാൽ ഈ ഭൂമിയുടെ സവിശേഷതകൾ - അതിലെ വെള്ളവും ജീവനും ജൈവസമ്പത്തും വളരെ വിലപ്പെട്ടതാണ്‌. ശാസ്‌ത്രത്തിന്റെ ദുരുപയോഗത്തിലൂടെ മനുഷ്യൻ അതിനെ തകർക്കരുത്‌. കോടിക്കണക്കിന്‌ പ്രകാശവർഷം അകലെയുള്ള ഗാലക്‌സികളെപ്പറ്റി വരെ നമുക്ക്‌ പഠിക്കാൻ കഴിയുന്നത്‌ ശാസ്‌ത്രത്തിന്റെ സവിശേഷ രീതി ഉപയോഗപ്പെടുത്തിയാണ്‌. ഈ മഹാ പ്രപഞ്ചത്തിലെ അതിസൂക്ഷ്‌മ കണികയായ ഭൂമിയിൽ ജീവിക്കുന്ന നമ്മൾ ഈ വിജ്ഞാനം തേടാൻ ശാസ്‌ത്രത്തെയാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. ഈ കരുത്തുറ്റ ആയുധത്തെ നമ്മുടെ ഭാവി ജീവിതം മെച്ചപ്പെടുത്താനും വരും തലമുറകൾക്ക്‌ കൂടി ഭൂമിയിൽ അധിവസിക്കാനും ആവും വിധം കൂടുതൽ ഫലപ്രദമായി ഉപയോഗിച്ചു കൂടെ?"https://wiki.kssp.in/index.php?title=അത്ഭുതകരമായ_ആകാശം&oldid=3726" എന്ന താളിൽനിന്ന് ശേഖരിച്ചത്