ആറന്മുള വിമാനത്താവളം അനിവാര്യമോ?

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ആറന്മുള വിമാനത്താവളം അനിവാര്യമോ?
പ്രമാണം:T=Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വികസനം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ജൂലൈ, 2012


ആറൻമുള വിമാനത്താവളം പത്രമാധ്യമങ്ങളിൽ ഒരു വിവാദ വിഷയമായി പ്രത്യക്ഷപ്പെടുന്നത്‌ കാണാം. എന്താണ്‌ യഥാർത്ഥത്തിൽ ഈ പദ്ധതി ?

  • കെ.ജി.എസ്‌ ആറൻമുള എയർപോർട്ട്‌ ലിമിറ്റഡ്‌ എന്ന പേരിൽ ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു വ്യവസായ സ്ഥാപനമാണ്‌ ആറൻമുള വിമാനത്താവളം എന്ന പദ്ധതി ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്നത്‌. പത്തനംതിട്ട ജില്ലയിൽ, കോഴഞ്ചേരി താലൂക്കിൽ, ആറൻമുള, കിടങ്ങന്നൂർ, മല്ലപ്പുഴശ്ശേരി എന്നീ വില്ലേജുകളിലായി പദ്ധതി പ്രദേശം വ്യാപിച്ച്‌ കിടക്കുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ഒരു പരിസര ആഘാതപത്രിക (Environment impact assesment) തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതനുസരിച്ച്‌ 500 ഏക്കർ ഭൂമിയാണ്‌ വിമാനത്താവളം നിർമ്മിക്കാൻ വേണ്ടത്‌. എന്നാൽ പദ്ധതി നടത്തിപ്പുകാരുടെ വെബ്‌സൈറ്റിൽ (www.kgsaranmula.com) അത്‌ 700 ഏക്കർ എന്നാണ്‌ കാണിച്ചിട്ടുള്ളത്‌. 2000 കോടി രൂപയാണ്‌ പദ്ധതിയുടെ ആകെ അടങ്കൽ തുക. റിലയൻസ്‌ ഗ്രൂപ്പിന്‌ ഇതിൽ 15% പങ്കാളിത്തമുണ്ടായിരിക്കും.

എന്തിനാണ്‌ ആറൻമുളയിൽ ഒരു വിമാനത്താവളം?

  • ഈ ചോദ്യത്തിന്‌ കെ.ജി.എസ്‌ കമ്പനിക്ക്‌ കൃത്യമായ ഉത്തരം ഉണ്ട്‌. ഒന്നാമതായി ആറൻമുള വിമാനത്താവളം തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ ഏതാണ്ട്‌ മധ്യത്തിലായാണ്‌ സ്ഥിതി ചെയ്യുന്നത്‌. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ജനങ്ങളുടെ വ്യോമഗതാഗത ആവശ്യത്തിന്‌ ആറൻമുള വിമാനത്താവളം അനുയോജ്യമായിരിക്കുമെന്ന്‌ അവർ പറയുന്നു. കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളിൽ 21% വും ആഭ്യന്തര സഞ്ചാരികളിൽ 14% വും ഈ ജില്ലകളിലേയ്‌ക്കാണ്‌ വരുന്നത്‌. മറ്റു സംസ്ഥാനങ്ങളിൽ നിന്ന്‌ ശബരിമലയിൽ എത്തുന്ന ഭക്തന്മാർക്കും ഇത്‌ സഹായകമാകും. മധ്യതിരുവിതാംകൂർ മേഖലയിൽ നിന്ന്‌ ധാരാളം പ്രവാസി മലയാളികളുണ്ട്‌. ഇവർക്കെല്ലാം വിമാനത്താവളം കൊണ്ട്‌ ഗുണമുണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്‌. തീർന്നില്ല, ക്രൈസ്‌തവരുടെ ഒരു പ്രമുഖ പ്രവർത്തനമാണ്‌ പത്തനംതിട്ട ജില്ലയിലെ മാരാമൺ കൺവൻഷൻ. ഇവിടെയും അന്യസംസ്ഥാനത്ത്‌ നിന്നുള്ള തീർത്ഥാടകർ വരുമെന്നും അവർക്കും ഇത്‌ ഗുണം ചെയ്യുമെന്നും കമ്പനി അവരുടെ വെബ്‌സൈറ്റിലൂടെ പ്രചരിപ്പിക്കുന്നുണ്ട്‌. ഈ പദ്ധതി 1500 പേർക്ക്‌ നേരിട്ടും 6000 പേർക്ക്‌ പരോക്ഷമായും തൊഴിൽ നല്‌കുമെന്നും അവർ പറയുന്നു.

ഇതൊക്കെ യാഥാർത്ഥ്യമാകുമോ?

  • തീർച്ചയൊന്നുമില്ല. ശബരിമലയിലും മാരാമൺ കൺവൻഷനിലും മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്ന്‌ വരുന്ന തീർത്ഥാടകർ എത്രയാണെന്നോ, അവരിൽ എത്ര പേർ വിമാനത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ളവരാണെന്നോ അറിയാൻ കഴിയുന്ന ഔദ്യോഗിക പഠനങ്ങൾ ലഭ്യമല്ല. എന്നാലും ഒരു വിമാനത്താവളം വരുമ്പോൾ കുറച്ച്‌ പേർ എന്തായാലും വിമാനത്തിൽ വരാതിരിക്കില്ല. അതേ സമയം പദ്ധതി 6000 പേർക്ക്‌ പരോക്ഷമായി തൊഴിൽ നല്‌കുമെന്ന്‌ പറയുന്നതിന്റെ വിശദാംശങ്ങൾ കമ്പനി തന്നെയാണ്‌്‌ വെളിപ്പെടുത്തേണ്ടത്‌. കേരളത്തിൽ അടുത്തകാലത്തായി നടക്കുന്ന വലിയ നിർമ്മാണ പദ്ധതികളൊക്കെ പരോക്ഷ തൊഴിൽ ലഭ്യതയുടെ കണക്ക്‌ പെരുപ്പിച്ച്‌ കാണിക്കുന്നതായിട്ടാണ്‌ അനുഭവം. പലപ്പോഴും അത്‌ യാഥാർത്ഥ്യമാകാറില്ല.

വിമാനത്താവളം സംബന്ധിച്ച സാങ്കേതികമായ വിവരങ്ങൾ എന്തെല്ലാമാണ്‌ ?

  • A - 320 എയർബസ്‌, ബോയിംഗ്‌ 747 എന്നിവയടക്കം ഇറങ്ങാൻ കഴിയുന്ന ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാണ്‌ ആറൻമുളയിൽ വരാൻ പോകുന്നത്‌. ലോകത്തിൽ തന്നെ ഏറ്റവും വലിയ വ്യോമഗതാഗത കമ്പനികളിലൊന്നായ എമിറേറ്റ്‌സ്‌ ഗ്രൂപ്പ്‌ ആയിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്‌. 3100 x 45 മീറ്റർ അളവുള്ള ഒരു റൺവേ ഇതിനുണ്ടായിരിക്കും. 1000 യാത്രക്കാർക്ക്‌ ഒരേ സമയം ഇവിടെ എത്താൻ കഴിയും. വിമാനത്താവളം പൂർണ്ണമായും സ്വകാര്യ ഉടമസ്ഥതയിലായിരിക്കും.

ആറൻമുളയിൽ ഒരു വിമാനത്താവളം എന്ന ആവശ്യം ആരാണ്‌ മുന്നോട്ട്‌ വച്ചത്‌ ? ആർക്ക്‌ വേണ്ടിയാണ്‌ ഈ വിമാനത്താവളം?

  • വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണിത്‌. രാഷ്‌ട്രീയപാർട്ടികളോ ബഹുജന പ്രസ്ഥാനങ്ങളോ ആറൻമുളയിൽ ഒരു വിമാനത്താവളം വേണം എന്ന ആവശ്യം ഉന്നയിക്കുകയോ അതിനു വേണ്ടി സമര പ്രചരണ പരിപാടികൾ സംഘടിപ്പിക്കുകയോ ചെയ്‌തതായി അറിവില്ല. ഔദ്യോഗികമായും അല്ലാതെയും നടന്ന വിവിധ വികസന സെമിനാറുകളിലോ സിമ്പോസിയങ്ങളിലോ, വികസനാസൂത്രണം സംബന്ധിച്ച വിവിധ ചർച്ചകളിലോ ഇത്തരം ഒരാവശ്യം ഉയർന്ന്‌ വന്നിട്ടില്ല. മൗണ്ട്‌ സിയോൺ എഡ്യൂക്കേഷൻ ട്രസ്റ്റ്‌ എന്ന സ്ഥാപനമാണ്‌ ഇത്തരമൊരാശയം ആദ്യമായി മുന്നോട്ട്‌വയ്‌ക്കുന്നത്‌. എബ്രഹാം കലമണ്ണിൽ എന്നൊരു പ്രവാസി മലയാളിയായിരുന്നു അതിന്റെ ചെയർമാൻ. നിർദ്ദിഷ്‌ട പ്രദേശത്ത്‌ ഒരു എഞ്ചിനിയറിംഗ്‌ കോളേജും അവിടെ എയ്‌റോനോട്ടിക്കൽ എഞ്ചിനീയറിംഗ്‌ കോഴ്‌സും എന്നതായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. അതിന്‌ വേണ്ടി അദ്ദേഹം പദ്ധതി പ്രദേശത്ത്‌ ഭൂമി വാങ്ങിക്കൂട്ടി. വിദ്യാഭ്യാസ ആവശ്യമായതിനാൽ സ്ഥലവാസികൾ എതിർപ്പുകളോ കാര്യമായ വിലപേശലോ ഇല്ലാതെ ചുരുങ്ങിയ വിലയ്‌ക്ക്‌ ഭൂമി വിൽക്കാൻ തയ്യാറായി. നാട്ടുകാർ പറയുന്നതനുസരിച്ച്‌ സെന്റിന്‌ 300 - 400 രൂപയ്‌ക്ക്‌ വരെ ഭൂമി നല്‌കിയവരുണ്ട്‌. 350 ഏക്കർ ഭൂമിയാണ്‌ ഇങ്ങനെ വാങ്ങിയത്‌. എന്നാൽ മൗണ്ട്‌ സിയോൺ എഡ്യൂക്കേഷണൽ ട്രസ്റ്റ്‌ യാതൊരു വിദ്യാഭ്യാസ പ്രവർത്തനവും അവിടെ നടത്തിയിട്ടില്ല. ഭൂമി മൊത്തത്തിൽ അവർ കെ.ജി.എസ്‌ ഗ്രൂപ്പിന്‌ കൈമാറുകയാണ്‌ ഉണ്ടായത്‌.

മൗണ്ട്‌ സിയോൺ ട്രസ്റ്റ്‌ പിന്മാറാൻ കാരണമെന്താണ്‌ ?

  • കൃത്യമായി പറയാനാവില്ല. ലഭ്യമായ വിവരങ്ങൾ വച്ച്‌ നോക്കിയാൽ ഇതൊരു റിയൽ എസ്റ്റേറ്റ്‌ ഇടപാടാനാകാനാണ്‌ സാദ്ധ്യത. എഞ്ചിനിയറിംഗ്‌ കോളേജും എയ്‌റോനോട്ടിക്കൽ കോളേജും മറ്റും അതിനുള്ള മറ മാത്രമായിരുന്നിരിക്കാം. വേറെയും ചില കാരണങ്ങൾ നമുക്ക്‌ കണ്ടില്ലെന്ന്‌ നടിക്കാനാവില്ല. വാങ്ങിയ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ പാരിസ്ഥിതികവും നിയമപരവുമായ തടസ്സങ്ങൾ ഉണ്ടായിരുന്നു. അവ വഴിയേ വിശദീകരിക്കാം. എന്തായാലും ഇതോട്‌ കൂടി ഈ മേഖലയിലെ ഭൂമി വില 70-80 ഇരട്ടി വരെ കൂടിയതായി കാണുന്നു. അതായത്‌ റിയൽ എസ്റ്റേറ്റ്‌. മെയ്യനങ്ങാതെ കോടികൾ തട്ടിയെടുക്കാനുള്ള ഒരു സുവർണ്ണാവസരമായി ഇത്‌ മാറി.

പദ്ധതിക്കെതിരായി വിവിധ കോണുകളിൽ നിന്ന്‌ എതിർപ്പ്‌ ഉണ്ടാകാനുള്ള കാരണം എന്തായിരുന്നു?

  • മുഖ്യകാരണം പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയുടെ സവിശേഷത തന്നെയായിരുന്നു. 500 - 700 ഏക്കർ ഭൂമി പദ്ധതിക്കായി നേരിട്ട്‌ വേണം എന്ന കാര്യത്തിൽ തർക്കമില്ല. ഇതിൽ 400 ഏക്കർ നെൽപ്പാടമാണ്‌. ആറൻമുള പുഞ്ച എന്ന്‌ വിളിക്കുന്ന ഭാഗം. ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂർ, ഇലന്തൂർ, മെഴുവേലി എന്നീ വില്ലേജുകളിലായി പുഞ്ച വ്യാപിച്ച്‌ കിടക്കുന്നു. പദ്ധതി പ്രദേശത്ത്‌ ഉണ്ടാകുന്ന നിർമ്മാണ പ്രവർത്തനങ്ങളും തന്മൂലം സംഭവിക്കുന്ന മാറ്റങ്ങളും ഈ മേഖലയെ ആകമാനം പാരിസ്ഥിതികമായി ബാധിക്കാനിടയുണ്ട്‌.

അങ്ങനെ പൊതുവായി പറഞ്ഞാൽ മതിയോ?

  • തീർച്ചയായും പോര. ഈ ഭൂമിയിൽ വരുന്ന മാറ്റങ്ങളെ മനസ്സിലാക്കാൻ വേണ്ടി നമുക്കവയെ മൂന്നായി തിരിച്ച്‌ വിശദമായി പരിശോധിക്കാം. ആദ്യമായി നമുക്ക്‌ പദ്ധതികൊണ്ട്‌ ആഘാതം ഉണ്ടാകുന്ന സ്ഥലവിസ്‌തീർണ്ണം കൃത്യമായി എത്രയെന്ന്‌ മനസ്സിലാക്കണം.

500-700 ഏക്കർ ഭൂമിയാണ്‌ കമ്പനി ആവശ്യപ്പെടുന്നത്‌ എന്ന്‌ നേരത്തെ പറഞ്ഞു. എന്നാൽ പദ്ധതി നടത്തിപ്പിന്‌ വേണ്ടി ഈ പ്രദേശത്തെ സർക്കാർ വ്യവസായ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്‌. അതിന്റെ വിശദാംശങ്ങൾ പിന്നീട്‌ പറയുന്നുണ്ട്‌. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്‌. വ്യവസായ മേഖലയായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്‌ 500 ഏക്കർ പ്രദേശമാണ്‌. സർവ്വേ നമ്പറുകൾ അടക്കമാണ്‌ പ്രദേശം വിജ്ഞാപനം ചെയ്‌തിട്ടുള്ളത്‌. 1963 സർവ്വേ നമ്പറുകളിൽ ഉൾപ്പെടുന്ന ഭൂമി ഇതിൽ വരും. ആറന്മുള നിവാസിയായ ശ്രീ.ശ്രീരംഗനാഥൻ (Rtd. Artist, Rubber Board) ഈ പ്രദേശത്തിന്റെ ~ഒരു ഉപഗ്രഹ ഭൂപടം തയ്യാറാക്കിയിട്ടുണ്ട്‌. ഭൂപടത്തിൽ ഈ പ്രദേശം 500 ഹെക്‌ടർ ( 1250 ഏക്കർ) വരും. കൃത്യമായ രേഖകളിൽ അതിലധികം വന്നേക്കാം. എന്നാൽ പദ്ധതിയുടെ ആഘാത പഠനങ്ങൾ ഔദ്യോഗികമായി കണക്കാക്കിയിട്ടുള്ളതെല്ലാം 500 ഏക്കർ എന്ന കണക്കിനെ അടിസ്ഥാനമാക്കിയാണ്‌. അതുകൊണ്ട്‌ ഔദ്യോഗീക കണക്കിൽ ആഘാതങ്ങളെല്ലാം ചുരുക്കി കാണിക്കാനുള്ള സാധ്യതയുണ്ട്‌.

ഈ പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച്‌ തൃശ്ശൂരിലുള്ള സലിം അലി ഫൗണ്ടേഷൻ ഒരു പ്രാഥമിക പഠനം നടത്തിയിട്ടുണ്ട്‌. ഫൗണ്ടേഷന്‌ വേണ്ടി ഡോ.വി.എസ്‌.വിജയന്റെ നേതൃത്വത്തിലുള്ള ഒരു വിദഗ്‌ദ്ധസംഘമാണ്‌ ഈ പഠനം നടത്തിയിരിക്കുന്നത്‌. (The proposed Aranmula Green field Airport Ltd- Potential ecological, social and economic impacts - a Preliminary appraisal) ഈ പഠനം താഴെപ്പറയുന്ന വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ജൂൺ മാസത്തിൽ കേരളത്തിൽ ഇടവപ്പാതി ആരംഭിക്കുമ്പോൾ പമ്പാനദിയിൽ വെള്ളം നിറയാൻ തുടങ്ങും. വലിയ തോതിൽ മത്സ്യങ്ങൾ നദിയിലൂടെ മുകളിലേയ്‌ക്ക്‌ (കിഴക്കോട്ട്‌) നീന്തിയെത്തും. ഇവ വിവിധ തണ്ണീർത്തടങ്ങളിലേക്കും ചതുപ്പുനിലങ്ങളിലേക്കും കയറിവരും. ഈ പ്രവർത്തനം ആറന്മുള പുഞ്ചയ്‌ക്കും ബാധകമാണ്‌. അങ്ങനെ ഈ തണ്ണീർത്തടത്തിൽ പുറമെ നിന്ന്‌ ധാരാളം മത്സ്യങ്ങൾ എത്തും. അവിടെ വച്ച്‌ അവ മുട്ടയിട്ട്‌ കുഞ്ഞുങ്ങളെ വിരിയിക്കുന്നു. നദിയിലെപ്പോലെയുള്ള മറ്റ്‌ ഇടപെടലുകൾ ഈ ഘട്ടത്തിൽ പുഞ്ചയിൽ ഉണ്ടായിരിക്കുകയില്ലല്ലോ ? സെപ്‌റ്റമ്പർ മാസത്തിൽ കൃഷിക്ക്‌ ഒരുക്കങ്ങൾ തുടങ്ങുമ്പോൾ പമ്പാനദിയിലെ ജലനിരപ്പ്‌ താഴും. അപ്പോൾ ഈ മത്സ്യങ്ങൾ നദിയിലേയ്‌ക്ക്‌ തിരികെപ്പോകും അതായത്‌ വിവിധയിനം മത്സ്യങ്ങളുടെ സ്വാഭാവീക നഴ്‌സറിയോ ഹാച്ചറിയോ ആണ്‌ ഇത്തരം തണ്ണീർത്തടങ്ങൾ.

അതൊരു വലിയ കാര്യമാണോ ? ഈ മേഖലയിൽ അത്രയധികം മത്സ്യങ്ങൾ ഉണ്ടോ?

  • തീർച്ചയായും. ഡോ.വി.എസ്‌.വിജയന്റെ പഠനത്തിൽ കണ്ടത്‌ അറുപത്‌ ഇനം മത്സ്യങ്ങൾ ഈ മേഖലയിൽ ഉണ്ടെന്നാണ്‌. ഇവയിൽ 25 ഇനങ്ങൾ പശ്ചിമഘട്ടത്തിന്റെ തനത്‌ മത്സ്യങ്ങളാണ്‌.4 ഇനങ്ങൾ ഇന്റർനാഷണൽ യൂണിയൻ ഓഫ്‌ കൺസർവേഷൻ ഓഫ്‌ നേച്ചർ (IUW) ഈ മേഖലയിൽ മാത്രം കാണപ്പെടുന്നവയായി പട്ടികപ്പെടുത്തിയിട്ടുള്ളതാണ്‌.

എന്നാൽ പരിസ്ഥിതിക്ക്‌ വേണ്ടി മനുഷ്യരുടെ വികസനം തടസ്സപ്പെടുത്തേണ്ടതുണ്ടോ?

  • ഇതൊരു പഴയ ചോദ്യമാണ്‌. സൈലന്റ്‌വാലി സമരകാലം മുതൽ പരിഷത്ത്‌ നേരിട്ട ഒരു ചോദ്യം. വികസനം വേണോ പരിസ്ഥിതി വേണോ എന്നായിരുന്നു അന്ന്‌ ഉയർന്ന ചോദ്യം. അതിന്റെ ഇന്നത്തെ ആവർത്തനമാണിത്‌. ഈ ചോദ്യത്തിന്‌ രണ്ട്‌ ഉത്തരങ്ങൾ ഉണ്ട്‌. ഒന്നാമത്തെ ഉത്തരം ഔഷധ സസ്യങ്ങൾ അടക്കം വിവിധ ഇനം സസ്യങ്ങളും ഭക്ഷ്യയോഗ്യമായവ അടക്കം വിവിധ ഇനം മത്സ്യങ്ങളുമാണ്‌ ഇവിടെ നഷ്‌ടമാകുന്നത്‌ എന്നതാണ്‌. രണ്ടാമത്തേത്‌ നേരിട്ട്‌ വിലകല്‌പിക്കാനാവാത്ത സേവനങ്ങൾ പ്രകൃതി മനുഷ്യന്ന്‌ നൽകുന്നുണ്ട്‌ എന്നതാണ്‌. ഈ സേവനങ്ങളുടെ തകർച്ചയും ആത്യന്തികമായി മനുഷ്യനെത്തന്നെയാണ്‌ ബാധിക്കുന്നത്‌. അതിന്റെ വിശദമായ കണക്കുകൾ പറയുന്നതിന്‌ മുമ്പ്‌ സാമ്പത്തികമായുണ്ടാകുന്ന മറ്റൊരു നഷ്‌ടം പറയാം. അത്‌ നെൽപാടത്തിന്റെ നാശം മൂലം നെല്ലുൽ ല്‌പാദനത്തിൽ വരുന്ന കുറവാണ്‌. വിമാനത്താവളം വരുന്നത്‌ മൂലം 400 ഏക്കർ നെൽവയൽ നേരിട്ട്‌ നഷ്‌ടമാകും എന്ന്‌ ആദ്യമേ പറഞ്ഞല്ലോ. എന്നാൽ ഇത്‌ വിശാലമായ ആറൻമുള പുഞ്ചയുടെ ഒരു ഭാഗം മാത്രമാണ്‌. ആറന്മുളപുഞ്ചയുടെ വിസ്‌തീർണ്ണം 1417 ഹെക്‌ടർ (3500 ഏക്കർ) വരും. ജലം പരന്നൊഴുകുന്ന ഒരു പ്രദേശം എന്ന നിലയിൽ ഇതിന്റെ ഒരു ഭാഗം നികത്തപ്പെടുന്നതു മുഴുവൻ പ്രദേശത്തെയും പാരിസ്ഥിതികമായി ബാധിക്കും. അത്‌ ആദ്യം മൊത്തം പുഞ്ചയുടെ ഗുണനിലവാരം നഷ്‌ടപ്പെടുത്തും തുടർന്ന്‌ പുഞ്ച മുഴുവൻ നികത്തപ്പെടാനും കാരണമാകും. ഈ പുഞ്ചയുടെ ഇപ്പോഴത്തെ ഉല്‌പാദനക്ഷമത ഹെക്‌ടറിന്‌ 5 ടൺ ആണെന്ന്‌ കർഷകർ പറയുന്നു. അങ്ങനെ നോക്കിയാൽ 7085 ടൺ നെല്ലാണ്‌ പ്രതിവർഷം ഉല്‌പാദിപ്പിക്കുന്നത്‌. നെല്ല്‌ ഉല്‌പാദനത്തിൽ കേരളം നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത്‌ വേണം ഇക്കാര്യം നമ്മൾ പരിശോധിക്കാൻ. പ്രതിവർഷം 55-60 ലക്ഷം ടൺ ഭക്ഷ്യധാന്യമാണ്‌ ഇപ്പോൾ കേരളത്തിന്‌ വേണ്ടത്‌. അതിന്റെ 10-11 ശതമാനം മാത്രമാണ്‌ നാം ഇപ്പൊൾ ഉല്‌പാദിപ്പിക്കുന്നത്‌. ആ നിലയ്‌ക്ക്‌ നെൽപ്പാടം ഇപ്പോഴോ സമീപ ഭാവിയിലോ നശിപ്പിക്കപ്പെടാൻ സാധ്യതയുള്ള ഒരു പദ്ധതിയും നാം അനുവദിച്ചു കൂട. ഈ നാശം എത്ര ചെറിയ തോതിൽ ഉള്ളതാണെങ്കിലും കേരളത്തിന്റെ മൊത്തം ഭക്ഷ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അത്‌ അപകടകരം തന്നെയാണ്‌.

വിമാനത്താവളത്തിന്‌ വേണ്ടി നികത്തപ്പെടുന്ന 400 ഏക്കർ പാടം മാത്രമാണ്‌ നശിപ്പിക്കപ്പെടുന്നതെന്ന്‌ കരുതുക. അവിടെ കുറെക്കാലമായി നെൽകൃഷി നടക്കുന്നില്ല എന്ന യാഥാർത്ഥ്യം ഉണ്ട്‌. ഇത്രയും ഭാഗം നെൽകൃഷി ചെയ്യാതെ വെറുതെ വെള്ളക്കെട്ടായി വിട്ടാൽ അത്‌ നിറവേറ്റുന്ന ചില പാരിസ്ഥിതിക ധർമ്മങ്ങൾ ഉണ്ട്‌.

കാലാവസ്ഥനിയന്ത്രണം, മണ്ണൊലിപ്പ്‌ തടയൽ, അംഗാര ശേഖരം, മാലിന്യ സംസ്‌കരണം, പോഷക ചംക്രമണം, അസംസ്‌കൃത പദാർത്ഥങ്ങളുടെ ഉല്‌പാദനം, ഭക്ഷ്യോല്‌പാദനം, തുടങ്ങിയ വിവിധങ്ങളായ സേവനങ്ങളാണ്‌ തണ്ണീർത്തടങ്ങൾ നിർവഹിക്കുന്നത്‌. അന്താരാഷ്‌ട്ര തലത്തിൽ പാരിസ്ഥിതിക ശാസ്‌ത്രജ്ഞരും വിദഗ്‌ധരും ഇത്തരം സേവനങ്ങൾക്ക്‌ രൂപയിൽ മതിപ്പ്‌ വില കണക്കാക്കിയിട്ടുണ്ട്‌. എന്നാൽ കേരളത്തിലെ തണ്ണീർത്തടങ്ങൾ കുറെക്കൂടി സങ്കീർണ്ണവും കൂടുതൽ സേവനങ്ങൾ നല്‌കുന്നവയുമാണ്‌. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ആറന്മുളപുഞ്ച നല്‌കുന്ന പാരിസ്ഥിതിക സേവനങ്ങൾ പൂർണ്ണമായി മനുഷ്യനിർമ്മിതമായ സംവിധാനങ്ങളിലൂടെ ജനങ്ങൾക്ക്‌ നല്‌കുക സാധ്യമല്ല.

ഇതിന്‌ കുറച്ച്‌കൂടി മൂർത്തമായ ഒരു ഉദാഹരണം പറയാമോ?

  • തീർച്ചയായും . എത്രയോ നൂറ്റാണ്ടുകളായി ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ മഴക്കാലത്ത്‌ ലഭിക്കുന്ന അധിക ജലം പമ്പയാറ്റിലേക്ക്‌ ഒഴുകിപ്പോകുന്നത്‌ വലിയ തോട്ടിലൂടെയാണ്‌. ചില ഭാഗങ്ങളിൽ വലിയ തോട്‌ അറിയപ്പെടുന്നത്‌ കോഴിത്തോട്‌ എന്നാണ്‌. കോഴിത്തോട്‌ അടച്ച്‌ കളഞ്ഞിട്ട്‌ ഇത്രയും വെള്ളം ~ഒഴുകിപ്പോകാൻ കൃത്രിമമായി ജലനിർഗ്ഗമന സംവിധാനങ്ങൾ നിർമ്മിക്കാൻ എത്ര പണം വേണം എന്ന്‌ കണക്കാക്കി നോക്കൂ.

വിമാനത്താവളം നിർമ്മിക്കുന്നത്‌കൊണ്ട്‌ കോഴിത്തോട്‌ അടഞ്ഞു പോകുമോ?

  • കോഴിത്തോട്‌ ഇപ്പോൾതന്നെ അടഞ്ഞുകഴിഞ്ഞല്ലോ. വിമാനത്താവള പദ്ധതിയുടെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടർ ശ്രീ. നന്ദകുമാർ ഒരു ദിനപ്പത്രത്തിൽ (മാതൃഭൂമി ഏപ്രിൽ 16, 2012) എഴുതിയ ലേഖനത്തിൽ പറയുന്നത്‌ കോഴിത്തോടിന്‌ മുകളിലൂടെയാണ്‌ വിമാനത്താവളത്തിന്റെ റൺവേ നിർമ്മിക്കുന്നത്‌ എന്നാണ്‌. അങ്ങനെ കോഴിത്തോട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കാം എന്ന്‌ അദ്ദേഹം പറയുന്നു. പാരിസ്ഥിതികമായി ഇതൊരു ഹിമാലയൻ അബദ്ധമാണ്‌ എന്ന്‌ പറയേണ്ടതില്ലല്ലോ. വെള്ളപ്പൊക്കം ഒഴിവായാലും വെള്ളം അവിടെ ഉണ്ടാകുമല്ലോ ? ഈ വെള്ളം എങ്ങോട്ടായിരിക്കും ഒഴുകാൻ പോകുന്നത്‌ ? കോഴിത്തോട്ടിലേക്ക്‌ വെള്ളം ഒഴുകിയെത്തുന്ന നീർച്ചാലുകളിൽ വെള്ളക്കെട്ടുകൾ സൃഷ്‌ടിക്കപ്പെടാം. അത്‌ ജന വാസകേന്ദ്രങ്ങളിൽ ഇപ്പോൾ ഇല്ലാത്ത പുതിയ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കും എന്നുറപ്പാണല്ലോ. ഇത്‌ എത്ര വലിയ പ്രശ്‌നമായിരിക്കും ഉണ്ടാക്കുക എന്നറിയണമെങ്കിൽ കോഴിത്തോട്‌ കേന്ദ്രമായിവരുന്ന നീർമറി പ്രദേശത്തിന്റെ ജലവാഹക ശേഷിയെക്കുറിച്ച്‌ പഠിക്കണം. അതായത്‌ നിർദ്ദിഷ്‌ട പദ്ധതി ഇതു വരെയില്ലാത്ത പുതിയ പ്രകൃതി ദുരന്തങ്ങളിലേക്ക്‌ ജനങ്ങളെ തള്ളി വിടാൻ സാധ്യതയുണ്ട്‌. അവയെക്കുറിച്ചൊന്നും ഒരു പഠനവും നടത്താൻ അധികാരികൾ തയ്യാറല്ലതാനും.

ഇതിൽ പരിഗണിക്കപ്പെടേണ്ട മറ്റൊരു വശം കൂടിയുണ്ട്‌. കോഴിത്തോട്‌ ഒരു സ്വകാര്യസ്വത്തല്ല. അത്‌ ഒരു പൊതു ജലാശയമാണ്‌. ഒരു പൊതുജലാശയം കയ്യേറി അതിന്റെ മുകളിൽ ഒരു സ്വകാര്യ വ്യക്തിക്ക്‌ റൺവേ നിർമ്മിക്കാൻ എന്താണവകാശം? അത്‌ നിയമവിരുദ്ധമാണ്‌. നാളെ മറ്റൊരാൾ പമ്പാനദിതന്നെ കയ്യേറി അതിന്റെ മുകളിൽ കെട്ടിടമോ റിസോർട്ടോ പണിതിട്ട്‌ നദി അതിന്റെ അടിയിലൂടെ ഒഴുകിക്കൊള്ളും എന്ന്‌ പറഞ്ഞാൽ നമ്മൾ അനുവദിക്കാമോ? പൊതുസ്വത്ത്‌ സമ്പന്നൻ കയ്യേറുന്നു എന്നത്‌ മാത്രമല്ല; ഇത്തരം നിർമ്മിതികൾക്കിടയിൽ പെട്ടുപോകുന്ന ജലാശയങ്ങൾ ആസന്ന ഭാവിയിൽ തന്നെ പൂർണ്ണമായി ഇല്ലാതാകുമെന്നതും ഒരു യാഥാർത്ഥ്യമാണ്‌.

വിമാനത്താവളവുമായി ബന്ധപ്പെട്ട മറ്റൊരു നിർമ്മിതിയുടെ കാര്യംകൂടി ഇവിടെ പറയാതിരിക്കാനാവില്ല. അത്‌ വലിയ തോടിന്‌ കുറുകെ നാല്‌കാലിക്കലിൽ ഒരു പുതിയ പാലം നിർമ്മിക്കുന്നതാണ്‌. വിമാനത്താവളത്തിന്‌ വേണ്ടിയാണ്‌ ഈ പുതിയ നിർമ്മിതിയും. ഇത്‌ ഈ ഭാഗത്ത്‌ നദിയുടെ വീതി കുറയാനും ഒഴുകി വരുന്ന വെള്ളം പാലത്തിന്റെ മറുഭാഗത്തേയ്‌ക്ക്‌ ഒഴുകിപ്പോകാതെ കെട്ടി നിൽക്കാനും കാരണമാകും. ഒരു തരത്തിലുള്ള കുപ്പിക്കഴുത്ത്‌ പ്രതിഭാസമാണ്‌ ഇവിടെ ഉണ്ടാകാൻ പോകുന്നത്‌. ഇത്‌ പമ്പാനദിക്കും നെൽപ്പാടങ്ങൾക്കും ഇടയിൽ വെള്ളക്കെട്ടിന്‌ കാരണമാകും. ആകെ ക്കൂടി നോക്കിയാൽ വലിയതോട്ടിൽ ഉണ്ടാകുന്ന ഈ വെള്ളക്കെട്ട്‌ മറ്റ്‌ പ്രദേശങ്ങളിലേക്ക്‌ കവിഞ്ഞൊഴുകാൻ കാരണമാകുകയും മൊത്തം നെൽവയലിൽ കൃഷി സാധ്യമല്ലാതാകുകയും ചെയ്യും. 1999 മുതൽ പലതലങ്ങളിൽ നടന്നിട്ടുള്ള നെൽപ്പാടനാശം ഇപ്പോൾതന്നെ സങ്കീർണ്ണമായ പ്രശ്‌നങ്ങൾക്ക്‌ കാരണമായിട്ടുണ്ട്‌.

ഒരു വിമാനത്താവളം നിർമ്മിച്ചു എന്ന്‌ കരുതി ഇത്ര രൂക്ഷമായ അപകടങ്ങൾ ഉണ്ടാകുമോ?

  • ഇവിടെപ്പറഞ്ഞ എല്ലാ കണക്കുകളും ഏറ്റവും കുറഞ്ഞ ആഘാതം കണക്കിലെടുത്ത്‌ ഉണ്ടാക്കിയിട്ടുള്ളതാണ്‌. ആത്യന്തികഫലം ഇതിനേക്കാൾ രൂക്ഷമാകാനാണിട. ഇത്‌ മാത്രമല്ല ഇത്തരം ഒരു ഭീമൻ പദ്ധതിക്ക്‌ വേണ്ടി ചെലവഴിക്കേണ്ട പ്രകൃതിവിഭവ അളവ്‌ വളരെ വലുതാണ്‌.

വിമാനത്താവള നിർമ്മിതിക്ക്‌ എന്തൊക്കെയാണ്‌ പ്രകൃതി വിഭവങ്ങൾ വേണ്ടത്‌?

  • സിമന്റ്‌, കമ്പി, മണൽ, കരിങ്കല്ല്‌, ഇഷ്‌ടിക, തറയോട്‌, കൃത്രിമതടി, ശുദ്ധീകരണ ഉപകരണങ്ങൾ, വൈദ്യുതി പ്രവാഹത്തിനുള്ള സംവിധാനങ്ങൾ, വെള്ളം ഇവയൊക്കെ വേണം. സാധാരണഗതിയിൽ ഒരു വലിയ പദ്ധതി നടപ്പിലാക്കണമെങ്കിൽ അതിന്‌ ഒരു പരിസരാഘാത പത്രിക തയ്യാറാക്കേണ്ടതുണ്ട്‌. ഇവിടെയും അങ്ങനെയൊരു പത്രിക തയ്യാറാക്കിയിട്ടുണ്ട്‌. അതെക്കുറിച്ച്‌ വിശദമായി പിന്നീട്‌ പറയാം. ഇപ്പോൾ പറയുന്നത്‌ മറ്റൊരു കാര്യമാണ്‌. പരിസരാഘാത പത്രികയിൽ ഓരോ പ്രകൃതിവിഭവവും എത്ര അളവിൽ വേണം എന്ന്‌ പറയേണ്ടതാണ്‌. എന്നാൽ ഇവിടെ അക്കാര്യങ്ങൾ പറയാതെ ഒളിച്ച്‌ വച്ചിരിക്കുന്നു.

ഇത്‌ സംബന്ധിച്ച്‌ നമുക്ക്‌ മറ്റേതെങ്കിലും കണക്കുകൾ ലഭ്യമാണോ?

  • പരിസരാഘാത പത്രികയിൽ പറയുന്ന മറ്റ്‌ ചില കണക്കുകളിൽ നിന്ന്‌ ഡോ.വി.എസ്‌. വിജയനും സംഘവും എത്തിച്ചേരുന്ന ചില നിഗമനങ്ങൾ ഉണ്ട്‌. അതനുസരിച്ച്‌ ആറന്മുള വിമാനത്താവളത്തിന്റെ നിർമ്മാണത്തിന്‌ താഴെപ്പറയുന്ന തരത്തിലുള്ള പ്രകൃതിവിഭവങ്ങൾ വേണം.

പദ്ധതി നിർമ്മാണത്തിന്റെ ഒന്നാം ഘട്ടത്തിൽ 12000 ലിറ്റർ വെള്ളം ഓരോ ദിവസവും വേണം. രണ്ടാം ഘട്ടത്തിൽ ഇത്‌ അനേക മടങ്ങായി ഉയരും. അസംസ്‌കൃത ജലം ഓരോ ദിവസവും 7.55 കിലോലിറ്റർ വീതം വേണ്ടി വരും എന്നൊരു കണക്കും പരിസരാഘാത പത്രിക നല്‌കുന്നുണ്ട്‌. വിവിധ കാരണങ്ങൾ കൊണ്ട്‌ കേരളം മൊത്തത്തിൽ അതിരൂക്ഷമായ ജലക്ഷാമത്തിലേക്ക്‌ പോവുകയാണെന്ന്‌ നമുക്കറിയാം. ആറന്മുളയിലും ഇത്‌ വ്യത്യസ്‌തമാകാനിടയില്ല. എന്നാൽ പുഞ്ച നശിപ്പിക്കപ്പെടുന്നതിലൂടെ പ്രദേശത്തെ കിണറുകളും കുളങ്ങളും വറ്റാൻ പോവുകയാണ്‌.

അതെങ്ങനെ സംഭവിക്കും?

  • നെൽപ്പാടത്ത്‌ വർഷക്കാലത്ത്‌ വെള്ളം കെട്ടിനിൽക്കും എന്ന്‌ നമുക്കറിയാമല്ലോ ? ഈ വെള്ളം പതുക്കെപ്പതുക്കെ ഭൂഗർഭത്തിലേക്ക്‌ കിനിഞ്ഞിറങ്ങും. ഒരു മീറ്റർ ആഴമുള്ള ഒരു ഏക്കർ നെൽപാടത്ത്‌ പോലും 40 ലക്ഷത്തിലധികം ലിറ്റർ വെള്ളം സംഭരിക്കപ്പെടും. ഇതിൽ നല്ലൊരു ഭാഗവും ഭൂഗർഭത്തിലേക്ക്‌ കിനിഞ്ഞിറങ്ങും. ഇതാണ്‌ ഭൂഗർഭജലമായി സംഭരിക്കപ്പെടുന്നത്‌. ഈ ഭൂഗർഭജലമാണ്‌ നെൽപാടത്തിന്‌ ചുറ്റുമുള്ള കുളങ്ങളിലും കിണറുകളിലും എത്തിച്ചേരുന്നത്‌. നെൽപാടം നശിപ്പിക്കപ്പെട്ടാൽ ഈ പ്രവർത്തനം തടസ്സപ്പെടുകയും അതിന്‌ ചുറ്റുമുള്ള പ്രദേശത്തെ കുളങ്ങളിലും കിണറുകളിലും ഉറവ വറ്റുകയും ചെയ്യും. ഇതായിരിക്കാം വിമാനത്താവളം ആറന്മുള നിവാസികൾക്ക്‌ നൽകാൻ പോകുന്ന ഒന്നാമത്തെ ദുരന്തം. ഇന്നത്തെ ജല ഉപയോഗത്തിനു പുറമെ, പ്രതിദിനം 12000 മോ അതിന്റെ അനേകം മടങ്ങോ ലിറ്റർ വെള്ളം വിമാനത്താവളത്തിന്‌ വേണ്ടി ചെലവഴിക്കുകയും ചെയ്യും. കൊച്ചി നഗരത്തിൽ ഫ്‌ളാറ്റ്‌ നിർമ്മാണത്തിന്റെ നിരക്ക്‌ വർദ്ധിച്ചപ്പോൾ ചുറ്റുപാടുള്ള പ്രദേശങ്ങൾ കടുത്ത ജലക്ഷാമത്തിലേക്ക്‌ വീണ യാഥാർത്ഥ നമ്മുടെ മുന്നിലുണ്ടല്ലോ. സമാനമായ ഒരു ജലദുരന്തം ആറന്മുളയിലും കാത്തിരിക്കുന്നു.

വളരെ ഭീകരമായ ഒരവസ്ഥയാണല്ലോ വരാൻ പോകുന്നത്‌, മറ്റെന്തങ്കിലും പ്രകൃതിവിഭവം ഇത്തരത്തിൽ ചെലവഴിക്കേണ്ടി വരുമോ?

  • തീർച്ചയായും. പരിസരാഘാത പത്രിക സമ്പൂർണ്ണമായി നിശ്ശബ്‌ദത പാലിക്കുന്ന ഒരു മേഖലയുണ്ട്‌. അത്‌ പദ്ധതിക്ക്‌ വേണ്ടി മാറ്റിവയ്‌ക്കുന്ന ഭൂമിയിൽ 400 ഏക്കർ നെൽപാടമാണ്‌ എന്നതാണ്‌. അത്‌ പറഞ്ഞാൽ ആ ഒറ്റക്കാരണം കൊണ്ട്‌ തന്നെ പദ്ധതി നടക്കാതെ പോകും. പക്ഷെ ഇവിടെ പറയാൻ പോകുന്ന പ്രശ്‌നം മറ്റൊന്നാണ്‌. 400 ഏക്കർ നെൽപാടം നികത്തി കരഭൂമിയാക്കേണ്ടതുണ്ട്‌. വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം ചുറ്റുമുള്ള മറ്റ്‌ പ്രദേശങ്ങളെ അപേക്ഷിച്ച്‌ 3-4 അടിയെങ്കിലും ഉയരത്തിലായിരിക്കണം. അല്ലാത്ത പക്ഷം മഴക്കാലത്ത്‌ വിമാനത്താവളത്തിൽ വെള്ളപ്പൊക്കമുണ്ടാകും. ഇപ്പോൾ നെൽപാടങ്ങൾ ചുറ്റുമുള്ള കരഭൂമിയേക്കാൾ 7-8 അടി താഴ്‌ചയിലാണുളളത്‌. അങ്ങനെയാണെങ്കിൽ ഇപ്പോഴത്തെ നെൽപ്പാടം വിമാനത്താവളമായി മാറണമെങ്കിൽ അത്‌ 10-12 അടിയെങ്കിലും ഉയർത്തണം. 400 ഏക്കർ പാടം 10-12 അടി ഉയർത്തണമെങ്കിൽ എത്രമണ്ണ്‌ വേണം ? ചുരുങ്ങിയത്‌ 96 ലക്ഷം ടൺ മണ്ണ്‌! ഇത്രയ്‌ക്ക്‌ മണ്ണ്‌ എവിടെ നിന്ന്‌ കൊണ്ടു വരും?

തൊട്ടടുത്ത്‌തന്നെയുള്ള ചെങ്കൽ കുന്നുകൾ കമ്പനി വിലയ്‌ക്ക്‌ വാങ്ങിയിട്ടുണ്ട്‌. കരിമരുത്‌ മലയാണ്‌ ഉദാഹരണം. അത്‌ പകുതിയോളം ഇടിച്ച്‌ നിരത്തിയിട്ടുണ്ട്‌. ആ മണ്ണ്‌ ഉപയോഗിച്ചാണ്‌ ഇപ്പോൾ ഏതാണ്ട്‌ 70 ഏക്കർ നികത്തിയിട്ടുള്ളത്‌. ഇനിയും ചുറ്റുമുള്ള ചെങ്കൽകുന്നുകൾ ഇടിച്ച്‌ നിരത്തപ്പെട്ടേക്കാം. കേരളത്തിൽ ഇങ്ങനെ കുന്നുകൾ ഇടിച്ച്‌ നിരത്തുന്നത്‌ വലിയ പാരിസ്ഥിതികപ്രശ്‌നം സൃഷ്‌ടിക്കുമെന്ന്‌ ഇന്ന്‌ എല്ലാവർക്കും മനസ്സിലാകും. ഈ കുന്നിടിക്കൽ പ്രശ്‌നം മറ്റ്‌ ചില പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക്‌ വഴിവയ്‌ക്കും. ഭൂഗർഭ ജലത്തിന്റെ നാശം, ജൈവവൈവിധ്യശോഷണം എന്നിവയൊക്കെ ഇതിൽപ്പെടും. അതായത്‌ വിമാനത്താവള നിർമ്മാണം മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക നഷ്‌ടം ഏതെങ്കിലും ഒരു ഭാഗത്ത്‌ മാത്രമല്ല. വിവിധ വശങ്ങളിൽ നിന്ന്‌ വന്ന്‌ ജനങ്ങളെ അകപ്പെടുത്തുവാൻ പോകുന്ന ഒരു വലക്കെട്ടായി മാറും.ഇവയൊന്നും കൂടാതെയാണ്‌ കുടിയൊഴിപ്പിക്കലിന്റെ പ്രശ്‌നം വരുന്നത്‌

വിമാനത്താവളം നിർമ്മാണത്തിന്‌ വലിയ അളവിൽ കുടിയൊഴിപ്പിക്കൽ വേണ്ടി വരുമോ?

  • പദ്ധതിക്കായി തയ്യാറാക്കിയ പരിസരാഘാത പത്രിക ഇക്കാര്യങ്ങളെക്കുറിച്ച്‌ മിണ്ടുന്നേയില്ല. വ്യവസായ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള 500 ഹെക്‌ടർ സ്ഥലത്തുള്ള വീടുകൾ ആരും എണ്ണിത്തിട്ടപ്പെടുത്തിയതായി കാണുന്നുമില്ല. എന്നാലും നമ്മുടെ കയ്യിലുള്ളത്‌ ശ്രീരംഗനാഥൻ തയ്യാറാക്കിയ ഉപഗ്രഹഭൂപടമാണ്‌. അതിൽ 780 വീടുകൾ കാണാൻ കഴിയുമെന്ന്‌ അദ്ദേഹം പറയുന്നു. എന്നാൽ ഈ പ്രദേശം ധാരാളം വൃക്ഷങ്ങൾ നിറഞ്ഞതാണ്‌. റബ്ബർകൃഷി തന്നെ മോശമല്ലാതെ നടക്കുന്നുണ്ടല്ലോ ? ഇവയുടെ ഇലച്ചാർത്തിൽ പെട്ട്‌ എല്ലാ വീടുകളും ഉപഗ്രഹ ചിത്രത്തിൽ തെളിയണമെന്നില്ല. ഏറ്റവും ചുരുങ്ങിയത്‌ 1000 വീടുകളെങ്കിലും ഇവിടെ ഉണ്ടാകുമെന്ന്‌ കണക്കാക്കണം. ഒരു വീട്ടിൽ 3-4 പേർ ഉണ്ടെങ്കിൽ 3000 നും 4000 നും ഇടയിൽ ആളുകളെ കുടിയൊഴിപ്പിക്കേണ്ടി വരും. പദ്ധതി പ്രദേശത്തുള്ളവരെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്ന ഒരു ഒഴുക്കൻ പ്രസ്‌താവന മാത്രമാണ്‌ ഇത്‌ സംബന്ധിച്ച്‌ പരിസരാഘാത പത്രികയിൽ ഉള്ളത്‌. എത്ര ആളുകൾ എന്ന കൃത്യമായ കണക്ക്‌ അത്‌ രഹസ്യമാക്കി വയ്‌ക്കുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‌ വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട എത്രയോ പേർക്ക്‌ വർഷങ്ങൾ കഴിഞ്ഞിട്ടും പ്രതിഫലം കിട്ടാതെ കഷ്‌ടപ്പെട്ട വാർത്തകൾ ധാരാളമുണ്ട്‌. പൂർണ്ണമായും സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വിമാനത്താവളത്തിന്‌ വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടാൽ ആര്‌ നഷ്‌ടപരിഹാരം കൊടുക്കും ? പദ്ധതിമേഖലയാകെ സർക്കാർ വ്യവസായമേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഒരു പക്ഷെ ജനരോഷം താൽക്കാലികമായി ശമിപ്പിക്കാനായി വ്യവസായ മേഖല എന്ന പ്രഖ്യാപനം പിൻവലിച്ചാലും ജനങ്ങൾ സുരക്ഷിതരാകുന്നില്ല. വിമാനത്താവളം യാഥാർത്ഥ്യമാവുകയും അത്‌ ആറന്മുളയിൽ വേര്‌ പിടിക്കുകയും ചെയ്‌ത്‌ കഴിഞ്ഞാൽ ഭാവിയിൽ അതിന്‌ കൂടുതൽ വികസനം വേണ്ടി വരും. അന്ന്‌ വീണ്ടും വ്യവസായ മേഖലയെന്ന പ്രഖ്യാപനം വരാം. ഒട്ടകത്തിന്‌ ഇടം നൽകിയ അറബിയുടെ കഥ നമുക്ക്‌ പരിചയമുണ്ടല്ലോ.

ഇത്‌ മാത്രമല്ല. പരിസരാഘാത പത്രിക പൂർണ്ണമായി നിശ്ശബ്‌ദത പാലിക്കുന്ന ഒരു നിർമ്മിതികൂടി പദ്ധതിരേഖയിലുണ്ട്‌. അത്‌ വിമാനത്താവളത്തിന്റെ സമീപസ്ഥ റോഡാണ്‌. പരുമുട്ടുംപടി മുതൽ ഐക്കര ജംഗ്‌ഷൻ വരെയും ഐക്കര മുതൽ വിമാനത്താവളംവരെയും നിർമ്മിക്കുന്ന ഈ റോഡിന്‌ 23 മീറ്റർ വീതി വേണം. 4 വരിപ്പാതയാണ്‌ വേണ്ടത്‌. 23 മീറ്ററിൽ നില്‌ക്കുമോ എന്നുറപ്പൊന്നും ഇല്ല. 4വരിയിൽ ദേശീയ പാത നിർമ്മിക്കാൻ 60 മീറ്റർ സ്ഥലം വേണം എന്നാണ്‌ ഇന്ത്യൻ ദേശീയ പാത അതോറിറ്റിയുടെ കണക്ക്‌. അത്‌ പാതയോരങ്ങളിൽ മറ്റ്‌ നിർമ്മിതികൾ കൂടി നടത്താൻ വേണ്ടിയാണ്‌. അത്തരം കാര്യങ്ങളൊക്കെ മറ്റു രൂപത്തിലെങ്കിലും ഇവിടെയും വന്നുകൂട എന്ന്‌ തീർച്ചയൊന്നുമില്ല.

ഇനി, 23 മീറ്ററിൽ 4 വരിപ്പാതയെന്ന്‌ കരുതുക. നിശ്ചയമായും നിലവിലുള്ള റോഡ്‌ വീതി കൂട്ടേണ്ടി വരും. റോഡിന്റെ രണ്ട്‌ വശത്തേയ്‌ക്കും 4 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നാണ്‌ കരുതുന്നത്‌. റോഡിന്റെ ഇരുവശവും ഇപ്പോഴുള്ള കെട്ടിടങ്ങൾ പൊളിച്ച്‌ മാറ്റുകയും വേണം. ഈ പ്രദേശത്ത്‌ വീടുകളും കടകളുമായി എൺപത്തിയഞ്ച്‌ കെട്ടിടങ്ങൾ ഉണ്ടെന്നാണ്‌ ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ പ്രവർത്തകർ നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ കണ്ടത്‌. റോഡിന്റെ വീതി 23 മീറ്ററിൽ കൂടാതെയിരിക്കുകയും റോഡ്‌ പരമൂട്ടും പടി വരെ മാത്രമായിരിക്കുകയും ചെയ്‌താലാണ്‌ ഈ കണക്ക്‌ ശരിയാവുക. മുമ്പ്‌ പറഞ്ഞപോലെ ഇത്‌ ഏറ്റവും കുറഞ്ഞ ആഘാതമാണ്‌. എന്തായാലും ഒരു കാര്യം ഉറപ്പിച്ച്‌ പറയാം. പരമൂട്ടുംപടി മുതൽ വിമാനത്താവളം വരെ റോഡിന്റെ ഇരുവശവും താമസിക്കുന്നവർ എന്തായാലും കുടിയൊഴിഞ്ഞേ തീരൂ.

ഏത്‌ പദ്ധതിയും നടപ്പിലാക്കുന്നതിന്‌ മുമ്പ്‌ തീർച്ചയായും പരിസരാഘാത പത്രിക തയ്യാറാക്കണമല്ലോ? ഇപ്പോൾ തന്നെ പലവട്ടം പരിസരാഘാത പത്രികയെക്കുറിച്ച്‌ പരാമർശിച്ചും കഴിഞ്ഞു. അതിൽ അത്യാവശ്യം വേണ്ട പല വിവരങ്ങളും ഇല്ല എന്നും പറയുകയുണ്ടായി വമാനത്താവള പദ്ധതിക്ക്‌ വേണ്ടി പരിസരാഘാത പത്രിക തയ്യാറാക്കിയത്‌ ആരാണ്‌? അത്‌ ഔദ്യോഗികമായ സർക്കാരിന്റെ നിലപാട്‌ ആണോ? അത്‌ ശാസ്‌ത്രീയമല്ലേ?

  • എല്ലാ വലിയ പദ്ധതികൾക്കും പരിസരാഘാതപത്രിക വേണമെന്നത്‌ നിയമംമൂലം നിർബന്ധമുള്ള കാര്യമാണ്‌. അത്‌ ചെയ്യുന്നത്‌ പ്രത്യേകം വൈദഗ്‌ദ്ധ്യമുള്ള സംഘങ്ങളോ സ്ഥാപനങ്ങളോ ആണ്‌. എന്നാൽ ഒരു പ്രധാന പരിമിതി പദ്ധതി നടത്തിപ്പുകാരാണ്‌ ഇത്തരം പഠനം നടത്താൻ സംഘങ്ങളേയോ സ്ഥാപനങ്ങളെയോ ചുമതലപ്പെടുത്തുന്നത്‌ എന്നതാണ്‌. അതുകൊണ്ട്‌ പദ്ധതിനടത്തിപ്പുകാരുടെ ആവശ്യങ്ങൾക്കനുസരിച്ച്‌ ഇത്തരം പത്രികയിൽ ശാസ്‌ത്രീയ വിവരങ്ങളുടെ ഒഴിവാക്കലുകളും, മറച്ചുവയ്‌ക്കലുകളും, ദുർവ്യാഖ്യാനം ചെയ്യലും ഒക്കെ സംഭവിക്കാറുണ്ട്‌.

ആറന്മുളയിലെ വിമാനത്താവളപദ്ധതിക്കായി പരിസരാഘാത പത്രിക തയ്യാറാക്കിയത്‌ മധുര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എൻവിറോ കെയർ ഇന്ത്യാ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനമാണ്‌. ഇവർ തയ്യാറാക്കിയ പത്രികയിൽ വിമാനത്താവളത്തിന്റെ ഘടന, രൂപകല്‌പന, എത്ര യാത്രക്കാർക്കുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടായിരിക്കും, യാത്രക്കാരുടെ മറ്റ്‌ വാഹനങ്ങൾക്കുള്ള പാർക്കിങ്ങ്‌ സൗകര്യങ്ങൾ, ഇത്തരത്തിൽ എത്ര വാഹനങ്ങൾ വരാനിടയുണ്ട്‌ തുടങ്ങിയ വിവിധ വിഷയങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്‌. കൂടാതെ ഈ പ്രദേശത്തിന്റെ ഭൗതിക ഘടകങ്ങൾ, കൂടിയതും കുറഞ്ഞതുമായ അന്തരീക്ഷ ഊഷ്‌മാവ്‌, മഴയുടെ ലഭ്യത, അന്തരീക്ഷത്തിലെ നീരാവിയുടെ അളവ്‌, കാറ്റിന്റെ ഗതിയും വേഗതയും, വായുഗുണത, ശബ്‌ദപരിസ്ഥിതി, മണ്ണിന്റെയും വെള്ളത്തിന്റെയും രാസഭൗതിക സ്വഭാവങ്ങൾ, മാലിന്യനിർമാർജ്ജന സൗകര്യങ്ങൾ എന്നിവയെക്കുറിച്ചു വിശദീകരിച്ചിട്ടുണ്ട്‌. എന്നാൽ പ്രദേശത്തിന്റെ ജൈവവൈവിദ്ധ്യത്തെക്കുറിച്ചോ പരിസ്ഥിതി വ്യൂഹത്തെക്കുറിച്ചോ ഇത്‌ കാര്യമായൊന്നും പഠിക്കുന്നില്ല. പലയിടത്തും ഇത്‌ സംബന്ധിച്ച വസ്‌തുതകളും കണക്കുകളും തെറ്റായി കൊടുത്തിട്ടുണ്ടെന്നും ഡോ.വി.എസ്‌ വിജയൻ കുറ്റപ്പെടുത്തുന്നു. ഒരു ഉദാഹരണം: പരിസരാഘാത പത്രികയുടെ 87-ാം പുറത്തിൽ പ്രദേശത്തെ സസ്യവൈവിധ്യത്തെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ട്‌. ഇരുപതു സസ്യങ്ങളുടെ ശാസ്‌ത്രീയ നാമങ്ങളാണ്‌ സ്ഥലത്തെ സസ്യങ്ങൾ എന്ന്‌ പറഞ്ഞ്‌ കൊടുത്തിട്ടുള്ളത്‌. ഡോ. വിജയന്റെ അഭിപ്രായത്തിൽ ഇതിൽ ഒന്നൊഴികെ ബാക്കിയെല്ലാം വരണ്ട പ്രദേശത്ത്‌ കാണപ്പെടുന്നവയാണ്‌. തണ്ണീർത്തടത്തിൽ കാണപ്പെടുന്നവയല്ല. അതായത്‌ പദ്ധതി പ്രദേശം ഒരു തണ്ണീർത്തടമാണ്‌ എന്ന വിവരം അധികാരികളിൽ നിന്ന്‌ മറച്ചുവയ്‌ക്കുന്നതിനായി പത്രികയിൽ തെറ്റായ വിവരം കൊടുത്തിരിക്കുന്നതായി തോന്നൂം. ഡോ. വിജയൻ തയ്യാറാക്കിയ പഠനത്തിന്റെ ഏഴാം പുറത്തിലാണ്‌ ഇത്‌ സംബന്ധിച്ച വിവരങ്ങൾ കൊടുത്തിട്ടുള്ളത്‌.

പ്രദേശത്തെ മത്സ്യങ്ങൾ, ഉരഗങ്ങൾ, സസ്‌തനികൾ എന്നിവയെക്കുറിച്ച്‌ പഠിച്ചുവെന്ന്‌ പത്രിക അവകാശപ്പെടുന്നുണ്ടങ്കിലും ഇത്‌ സംബന്ധിച്ച വിവരങ്ങളൊന്നും കൊടുത്തിട്ടില്ല. സൂക്ഷ്‌മജീവികൾ അടക്കം പ്രദേശത്തിന്റെ പാരിസ്ഥിതിക സംതുലനാവസ്ഥക്ക്‌ കോട്ടം തട്ടുന്ന എന്തെങ്കിലും പ്രവർത്തനങ്ങൾ പദ്ധതി പ്രവർത്തനങ്ങളിൽ ഉണ്ടെങ്കിൽ അത്‌ ചൂണ്ടിക്കാട്ടാൻ ബാദ്ധ്യതയുള്ള പരിസരാഘാതപത്രികയിൽ ഇവ സംബന്ധിച്ച ഗൗരവമായ പഠനങ്ങൾ നടത്തിയതായി കാണുന്നില്ല. നടത്തിയ പഠനങ്ങളുടെ രീതി സമ്പ്രദായങ്ങളും മറ്റും എല്ലാവർക്കും ബോദ്ധ്യപ്പെടുന്ന തരത്തിൽ വിശദമാക്കിയിട്ടുമില്ല.

താഴെപ്പറയുന്ന കാര്യങ്ങൾ പരിസരാഘാത പത്രികയിൽ പറയുന്നില്ല. അത്‌ ഗൗരവതരമായ ഒഴിവാക്കലുകളാണ്‌.

1. പദ്ധതി പ്രദേശത്ത്‌ 400 ഏക്കർ നെൽപാടമാണ്‌.

2. പദ്ധതി പ്രദേശം 10-12 അടിയെങ്കിലും മണ്ണിട്ട്‌ ഉയർത്തണം

3. ഇതിനാവശ്യമായി വരുന്ന മണ്ണ്‌ എത്രയെന്ന്‌ കണക്കാക്കിയിട്ടില്ല.

യഥാർത്ഥത്തിൽ ഗുരുതരമായ പാരിസ്ഥിതികാഘാതം വരുത്തുന്ന ഈ ഘടകങ്ങൾ പത്രിക ബോധപൂർവ്വം മറച്ചുവച്ചതായി കണക്കാക്കണം. അവ്യക്തവും അപൂർണ്ണവുമായ ഒരു പരിസരാഘാത പത്രികയുടെ സഹായത്തോടെ, പ്രദേശത്തിന്റെ പാരിസ്ഥിതിക സംതുലനാവസ്ഥ തകർക്കുകയും ജനങ്ങൾക്ക്‌ ജീവിതദുരന്തങ്ങൾ സമ്മാനിക്കുകയും ചെയ്യുന്ന ഒരു പദ്ധതി നടപ്പിലാക്കുകയാണ്‌ അധികാരികളുടെ ലക്ഷ്യമെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

ആറന്മുളയിൽ ഒരു വിമാനത്താവളം ആവശ്യമില്ല എന്ന വാദം ഉണ്ടോ?

  • ആറന്മുള വിമാനത്താവളം അനിവാര്യമാണോ എന്ന കാര്യം ആദ്യം പരിശോധിക്കണം. കേരളത്തിനാകെ തെക്ക്‌ വടക്കായി 600 കിലോമീറ്റർ ദൈർഘ്യമാണുള്ളത്‌. ഇതിനിടയിൽ 3 അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ ഉണ്ട്‌. കണ്ണൂർ ജില്ലയിൽ ഒരെണ്ണം വരാനിരിക്കുന്നു. ശരാശരിയെടുത്താൽ 150 കിലോമീറ്ററിന്‌ ഒരു വിമാനത്താവളം. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾ തമ്മിൽ 226 കിലോമീറ്റർ ദൈർഘ്യമാണ്‌ കരമാർഗ്ഗം ഉള്ളത്‌. അതായത്‌ 150 കിലോമീറ്ററിനുള്ളിൽ ഏതൊരാൾക്കും ഒരു വിമാനത്താവളം ഉണ്ട്‌ എന്നർത്ഥം. ആറന്മുള ഗ്രീൻഫീൽഡ്‌ വിമാനത്താവളത്തിനായി കേന്ദ്രസർക്കാർ നൽകിയ മാർഗ്ഗനിർദ്ദേശത്തിൽ നിലവിലുള്ള വിമാനത്താവളത്തിൽ നിന്ന്‌ 150 കിലോമീറ്റർ അകലെയായിരിക്കണം പുതിയ വിമാനത്താവളമെന്ന്‌ നിഷ്‌കർഷിച്ചിരിക്കുന്നതായി ഡോ. വി.എസ്‌. വിജയൻ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ നിന്ന്‌ നിർദ്ദിഷ്‌ട ആറന്മുള വിമാനത്താവളത്തിലേയ്‌ക്കുള്ള ദൂരം വായു മാർഗ്ഗത്തിൽ 96 കിലോമീറ്റർ മാത്രമാണ്‌. കരമാർഗ്ഗമാണെങ്കിൽ തിരുവനന്തപുരത്ത്‌ നിന്ന്‌ 122 കിലോമീറ്ററും കൊച്ചിയിൽ നിന്ന്‌ 104 കിലോമീറ്ററും. അങ്ങനെ നോക്കിയാൽ നിലവിലുള്ള മാർഗ്ഗ നിർദേശപ്രകാരം പുതിയ വിമാനത്താവളം അനുവദനീയമല്ലെന്ന്‌ കാണാം.

മറ്റൊരു കാര്യം: യാത്രക്കാരുടെ കുറവ്‌കൊണ്ട്‌ കൊച്ചി വിമാനത്താവളത്തിൽ നിന്ന്‌ വിമാനങ്ങൾ റദ്ദ്‌ ചെയ്യേണ്ടി വരുന്നുണ്ട്‌. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള യാത്രക്കാർ പുതിയ വിമാനത്താവളത്തിലേയ്‌ക്ക്‌ മാറിയാൽ നിലവിലുള്ള വിമാനത്താവളങ്ങൾ നഷ്‌ടമാകും. പൊതുമേഖലയിൽ പ്രവർത്തിക്കുന്നതോ സർക്കാരിന്‌ കൂടി പങ്കാളിത്തമുള്ള സംവിധാനത്തിൽ പ്രവർത്തിക്കുന്നതോ ആയ വിമാനത്താവളങ്ങൾ നഷ്‌ടത്തിലാക്കിയിട്ട്‌ സ്വകാര്യ വിമാനത്താവളങ്ങളെ നിലനിർത്താൻ ശ്രമിക്കുന്നത്‌ ഭാവിയിൽ പത്തനംതിട്ടക്കാർക്ക്‌ പോലും ദോഷകരമായി മാറാനിടയുണ്ട്‌.

ഇതോടൊപ്പമാണ്‌ നിയമപരമായി ലഭിക്കേണ്ട അനുമതികൾ നേടാതെയും നിയമം ലംഘിച്ചും നിലവിലുള്ള നിയമത്തിൽ ഇളവുകൾ നേടിയും വിമാനത്താവളം നിർമ്മിക്കാനുള്ള ശ്രമം. ഇവയെല്ലാം എതിർക്കപ്പെടേണ്ടതാണ്‌.

എന്തൊക്കെയാണ്‌ ഇവിടെ ലംഘിക്കപ്പെടുന്ന നിയമങ്ങൾ?

  • അതറിയണമങ്കിൽ ഈ വിമാനത്താവളത്തിന്റെ നിർമ്മിതിക്ക്‌ അനുമതി നേടിയെടുക്കാൻ വിവിധ തലത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ചരിത്രം മുഴുവൻ അറിയണം.

മൗണ്ട്‌ സിയോൺ എഡ്യുക്കേഷണൽ ട്രസ്റ്റ്‌ വിദ്യാഭ്യാസ ആവശ്യത്തിനെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ ഭൂമി വാങ്ങിക്കൂട്ടുകയും പിന്നീടത്‌ കെ.ജി.എസ്‌ കമ്പനിക്ക്‌ മറിച്ച്‌ വിറ്റ്‌ ലാഭം ഉണ്ടാക്കുകയും ചെയ്‌ത ചരിത്രം നേരത്തേ പറഞ്ഞല്ലോ. അതേ തുടർന്നുള്ള ചില കഥകൾ ഇനിപ്പറയാം.

12.4.2010 ൽ കമ്പനിയുടെ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസർ മുഖ്യമന്ത്രിക്ക്‌ ഒരു കത്ത്‌ നൽകി. ഇതിൽ 4 ആവശ്യങ്ങളാണ്‌ ഉന്നയിച്ചിരിക്കുന്നത്‌. അവ താഴെപ്പറയുന്നു.

1. വിമാനത്താവള പദ്ധതിക്കാവശ്യമായ നിരാക്ഷേപപത്രം നൽകുക.

2. അധിക ഭൂമി കൈവശം വയ്‌ക്കുന്നത്‌ സംബന്ധിച്ച സീലിംഗ്‌ നിയമത്തിൽ നിന്ന്‌ (Land Reforms Act 1963) കമ്പനിയെ ഒഴിവാക്കുക.

3. 2008 ലെ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ (Kerala Paddy and Wet Land conservation act)നിന്ന്‌ ഇളവ്‌ നൽകുക.

4. ഭൂമി ഏറ്റെടുക്കൽ നിയമത്തിൻ കീഴിൽ 150 ഏക്കർ സ്ഥലം എടുത്ത്‌ നൽകുക.

ഈ ആവശ്യങ്ങളിൽ നിന്ന്‌ ഒരു കാര്യം വ്യക്തമാണ്‌. കേരളത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട രണ്ട്‌ സുപ്രധാന നിയമത്തിന്‌ വിരുദ്ധമാണ്‌ വിമാനത്താവള പദ്ധതി. അതിൽ നിന്ന്‌ കമ്പനിക്ക്‌ പ്രത്യേക പരിരക്ഷ നൽകണമെന്നമെന്നായിരുന്നു ആവശ്യം. മുൻ ഇടത്‌മുന്നണി സർക്കാരിന്റെ കാലത്താണ്‌ ഈ കത്ത്‌ നൽകുന്നത്‌. ഇത്‌ സംബന്ധിച്ച സർക്കാരിന്റെ തീരുമാനം 8.9.2010 ലാണ്‌ പുറത്ത്‌ വരുന്നത്‌. ഈ തീയതിയിൽ വ്യവസായ വകുപ്പിന്റെ സെക്രട്ടറി ടി. ബാലകൃഷ്‌ണൻ ഒപ്പിട്ട്‌ പുറത്ത്‌ വന്ന ഉത്തരവിൽ ഇതിന്‌ വ്യക്തമായ മറുപടിയുണ്ട്‌. അതിങ്ങനെയായിരുന്നു.

``പ്രസ്‌തുത പ്രോജക്‌ട്‌ പ്രൊപ്പോസൽ സർക്കാർ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ താഴെപറയും പ്രകാരം ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന ഗ്രീൻഫീൽഡ്‌ എയർപോർട്ടിന്‌ നിലവിലുള്ള നിയമ വ്യവസ്ഥകൾക്ക്‌ വിധേയമായി മാത്രം സ്വന്തം നിലയിൽ ഭൂമി കണ്ടെത്തേണ്ടതാണെന്ന വ്യവസ്ഥയിൽ തത്വത്തിൽ അംഗീകാരം നൽകുന്നു.

സർക്കാരിന്റെ മറുപടി വ്യക്തം. ഒരു നിയമത്തിലും ഇളവ്‌ കൊടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.

എന്നിട്ടും നിയമവിരുദ്ധമായി നിലംനികത്തൽ നടന്നു അല്ലേ?

  • അതു കൊണ്ട്‌ കമ്പനി വെറുതെയിരുന്നില്ല. പിന്നീടവർ മറ്റൊരു അപേക്ഷ മുഖ്യമന്ത്രിക്ക്‌ നൽകുകയുണ്ടായി. ഇതിൽ മറ്റൊരാവശ്യമാണ്‌ ഇവർ ഉന്നയിച്ചത്‌. തങ്ങൾ 350 ഏക്കർ സ്ഥലം ശ്രീ. എബ്രഹാം കലമണ്ണിൽ എന്ന പ്രവാസി മലയാളിയിൽ നിന്ന്‌ വാങ്ങുന്നതിന്‌ വില സമ്മതിച്ച്‌ എഗ്രിമെന്റ്‌ വച്ചിട്ടുള്ളതാണ്‌. എന്നാൽ സ്ഥലം കെ.ജി.എസ്‌ പേർക്ക്‌ രജിസ്റ്റർ ചെയ്‌ത്‌ കിട്ടുന്നില്ല. കാരണം എബ്രഹാം കലമണ്ണിനെതിരെ നെൽവയൽ നികത്തി എന്നൊരു കേസ്‌ ഉണ്ട്‌. അതുകൊണ്ട്‌ സർക്കാരിന്റെ അനുമതിയോടെ മാത്രമേ തുടർ അനുമതി നൽകാനാവൂ എന്ന്‌ ജില്ല കളക്‌ടർ അറിയിച്ചിരിക്കുന്നു. ആയതിനാൽ ബഹു:മുഖ്യമന്ത്രി ഇടപെട്ട്‌ ഇക്കാര്യത്തിലുള്ള തടസ്സം നീക്കി നൽകാൻ ആവശ്യമായത്‌ ചെയ്യണം. ഇതായിരുന്നു ആവശ്യം.

കുറച്ച്‌ കൂടി ഗൗരവമുള്ള നിയമലംഘനം നടത്തുന്നു എന്നാണ്‌ ഇതിൽ നിന്ന്‌ തെളിയുന്നത്‌. എബ്രഹാം കലമണ്ണിൽ നിയമ വിരുദ്ധമായി നെൽപാടം നികത്തിയിട്ടുണ്ട്‌. അതിന്റെ പേരിൽ കേസ്സും ഉണ്ട്‌. ഈ കേസിന്റെ ഗതിയെന്തായി എന്ന്‌ നോക്കാം. അതറിയണമെങ്കിൽ ഇതിന്‌ ഏതാണ്ട്‌ രണ്ട്‌ വർഷം മുമ്പ്‌ 3.5.2008 ൽ അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർ, കോഴഞ്ചേരി തഹസീദാർക്ക്‌ നൽകിയ ഒരു കത്ത്‌ വായിച്ചാൽ മതി. ഈ കത്ത്‌ അനുബന്ധത്തിൽ കൊടുത്തിട്ടുണ്ട്‌. അതിൽ പറയുന്നതനുസരിച്ച്‌ സർക്കാർ വക തോടും, തോടു പുറമ്പോക്കും അനധികൃതമായി കയ്യേറി നികത്തിയ ആളാണ്‌ എബ്രഹാം കലമണ്ണിൽ. അതുകൊണ്ട്‌ നിയമ പ്രകാരം നടപടി സ്വീകരിച്ചു അനധികൃതമായ നിലം നികത്തിയതിന്‌ കെ.എൽ.യു ഉത്തരവ്‌ പ്രകാരം നടപടി സ്വീകരിച്ചു റിപ്പോർട്ടു ചെയ്യാൻ തഹസീൽദാർ ബാധ്യസ്ഥനാണ്‌.

ഇത്‌ മാത്രമല്ല ഇതിന്‌ മുമ്പ്‌തന്നെ തങ്ങൾ വാങ്ങിയ സ്ഥലത്ത്‌ നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ സംരക്ഷണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ എബ്രഹം കലമണ്ണിൽ കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ ഹൈക്കോടതി വിധി 2005 ഫെബ്രൂവരി 24 നാണ്‌ ഉണ്ടായത്‌. ജസ്റ്റീസ്‌ ജെ.ബി കോശിയും ജസ്റ്റീസ്‌ വി. രാംകുമാറും ചേർന്ന്‌ പുറപ്പെടുവിച്ച ഈ വിധിയിൽ രണ്ട്‌ കാര്യങ്ങൾ പറഞ്ഞു.

പരാതിക്കാർ വാങ്ങിയിട്ടുള്ള ഭൂമിയിൽ, റബ്ബർ തോട്ടത്തിലും കരഭൂമിയിലും ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അവർക്ക്‌ അനുവാദമുണ്ട്‌. പദ്ധതിക്കാവശ്യമായ സർവ്വ പ്രവർത്തനങ്ങളും ആകാം. ഇതിന്‌ ആവശ്യമായ പോലീസ്‌ സംരക്ഷണം നൽകണം.

നെൽവയലിൽ ഏതെങ്കിലും നിർമ്മാണ പ്രവർത്തനമോ വികസനപ്രവർത്തനമോ നടത്തുന്നത്‌ നിയമപരമായ അനുമതി ലഭിച്ചതിനു ശേഷം മാത്രമേ ആകാവൂ.

ഇങ്ങനെ പലതലങ്ങളിൽ നടന്ന പരിശോധനകളിലും നിയമവിരുദ്ധമെന്ന്‌ തീർച്ചയായ ഒന്നിന്‌ അനുമതി വേണമെന്നാവശ്യപ്പെട്ടാണ്‌ കമ്പനി അധികൃതർ മുഖ്യമന്ത്രിയെ സമീപിച്ചത്‌. മന്ത്രിസഭയാകട്ടെ യാതൊരു ഇളവും പാടില്ലെന്നും നിയമപരമായി കാര്യങ്ങൾ നടക്കണമെന്നും മറുപടി നൽകി. പൊതുതാൽപര്യം മുൻനിറുത്തി നിയമത്തിൽ ഇളവ്‌ വേണം എന്നാണല്ലോ കമ്പനി ആവശ്യപ്പെടുന്നത്‌?

  • പൊതു എന്ന വാക്കുകൊണ്ട്‌ എന്താണർത്ഥമാക്കുന്നത്‌ എന്നാദ്യം പറയണം. വിമാനത്താവള കമ്പനിക്കും വിമാനയാത്രക്കാർക്കുമാണ്‌ പദ്ധതി വരണം എന്ന താൽപര്യം. ആറന്മുളയിലെ മറ്റ്‌ സാധാരണക്കാർക്ക്‌ ഇതു കൊണ്ട്‌ വിശേഷാൽ ഗുണമൊന്നുമില്ല. കൃഷിഭൂമിനാശം, കുടിയിറക്ക്‌ ഭീഷണി, കുടിവെള്ളമില്ലായ്‌മ, ജൈവവൈവിദ്ധ്യ ശോഷണം, പാരിസ്ഥിതിക തകർച്ച, ദാരിദ്ര്യം, അന്തരീക്ഷ താപനം, തുടങ്ങിയ ഒട്ടനവധി ദുരിതങ്ങൾ ഉണ്ട്‌താനും. ഈ രണ്ട്‌ കൂട്ടരുടെ താൽപര്യങ്ങളിൽ ആരുടെ താൽപര്യമാണ്‌ പൊതുതാൽപര്യമായി വരേണ്ടത ? ഒരു ചെറിയ ധനിക വർഗ്ഗത്തിന്റെ താൽപര്യങ്ങൾ പൊതുതാൽപര്യങ്ങൾ എന്ന പേരിൽ ദരിദ്രന്റെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. ഒരർത്ഥത്തിൽ അഖിലേന്ത്യാതലത്തിലും കേരളത്തിലും നടപ്പിലാക്കികൊണ്ടിരിക്കുന്ന വിവിധ ജനവിരുദ്ധ വികസന പദ്ധതികളുടെ അതേഘടനയാണ്‌ ആറന്മുള വിമാനത്താവളം പദ്ധതിക്കും എന്ന്‌ കാണാം.

പക്ഷേ പദ്ധതിക്ക്‌ അനുമതി നൽകാൻ വ്യവസായ വകുപ്പ്‌ ഏകജാലക ക്ലിയറൻസ്‌ ബോർഡ്‌ രൂപീകരിച്ചിട്ടുണ്ടല്ലോ?

  • 2011 ഫെബ്രുവരി 24 ന്‌, അതായത്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടു മുൻപാണ്‌ അത്‌ സംഭവിക്കുന്നത്‌. 1999 ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ്‌ ബോർഡും വ്യവസായനഗര പ്രദേശവികസനവും ആക്‌ട്‌ അനുസരിച്ചാണ്‌ ഈ ബോർഡ്‌ രൂപപ്പെടുത്തിയിട്ടുള്ളത്‌. ഈ നിയമത്തിന്റെ രണ്ടാം അധ്യായം ആറാം ഖണ്ഡികയിൽ പറയുന്നത്‌ പ്രകാരം ഇങ്ങനെ വ്യവസായ മേഖലയായി പ്രഖ്യാപിക്കപ്പെടുന്ന സ്ഥലത്തെ പദ്ധതികളെ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, ടൗൺപ്ലാനിംഗ്‌ ഡിപ്പാർട്ട്‌മെന്റ്‌, വികസന അഥോറിറ്റികൾ, എന്നിവയിൽ നിന്ന്‌ നേടേണ്ട അനുമതികളിൽ നിന്ന്‌ ഒഴിവാക്കിയിരിക്കുന്നു. ഇതനുസരിച്ച്‌ ആറന്മുള, കിടങ്ങന്നൂർ, മല്ലപ്പുഴശ്ശേരി, എന്നീ വില്ലേജുകളിൽപെട്ട 1500 സർവ്വേ നമ്പറുകളിൽപ്പെടുന്ന ഭൂമി ഇന്ന്‌ വ്യവസായ മേഖലയാണ്‌. മാത്രമല്ല ഇതേ നിയമം ഒരു ഏകജാലക ക്ലിയറൻസ്‌ ബോർഡ്‌ രൂപവത്‌ക്കരിക്കാൻ സർക്കാരിനെ അധികാരപ്പെടുത്തുന്നുണ്ട്‌. നിയമത്തിന്റെ രണ്ടാം വകുപ്പ്‌ എഫ്‌.ഖണ്ഡവും അഞ്ചാം വകുപ്പും പ്രകാരം ഈ ബോർഡിന്‌ വ്യവസായ പ്രദേശത്ത്‌ വ്യവസായ സംരഭങ്ങൾ ആരംഭിക്കുന്നതിന്‌ ആവശ്യമായ ലൈസൻസുകളും ക്ലിയറൻസുകളും സർട്ടിഫിക്കറ്റുകളും ത്വരിതഗതിയിൽ നൽകാൻ കഴിയും. ഇതനുസരിച്ച്‌ ഗ്രീൻഫീൽഡ്‌, എയർപോർട്ട്‌, ആറന്മുള ഏകജാലകക്ലിയറൻസ്‌ ബോർഡ്‌ എന്ന പേരിൽ 15 അംഗങ്ങളുള്ള ഒരു ബോർഡ്‌ രൂപവത്‌കരിച്ചിട്ടുണ്ട്‌. ഇതിൽ 14 പേരും വിവിധ ഡിപ്പാർട്ടുമെന്റുകളിലെ ഉന്നതന്മാരാണ്‌. ഒരാൾ ഗ്രീൻഫീൽഡ്‌ എയർപോർട്ട്‌ കമ്പനിയുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും.

നിയമങ്ങൾ മറികടക്കാനുള്ള കുറുക്ക്‌ വഴിയാണ്‌ വ്യവസായ മേഖലയും ബോർഡും എന്ന്‌ വ്യക്തം. എന്നാലും തണ്ണീർ ത്തട സംരക്ഷണ നിയമത്തിൽ നിന്നും ലാൻഡ്‌ റിഫോംസ്‌ ആക്‌ടിൽ നിന്നും ഇളവ്‌ കൊടുക്കാൻ ഈ ബോർഡിന്‌ അധികാരമുണ്ടോ എന്ന കാര്യം സംശയമാണ്‌. അത്‌ ചെയ്യണമെങ്കിൽ ബോർഡ്‌ നിയമംവിട്ട്‌ പ്രവർത്തിക്കേണ്ടി വരും.

ഇതാണ്‌ പ്രധാനം. എത്ര ഏക്കറാണ്‌ വ്യവസായ മേഖലയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്‌ എന്നതിനേക്കാൾ പ്രധാനം നിയമത്തിൽ നിന്ന്‌ ഇളവു നേടാനുള്ള കുറുക്കുവഴിയാണിത്‌ എന്നതാണ്‌. വ്യവസായമേഖലാപ്രഖ്യാപനം ഭാഗികമായി പിൻവലിച്ചാലും കമ്പനിക്കും സർക്കാരിനും വേണമെങ്കിൽ ഭാവിയിൽ അത്‌ കൊണ്ടുവരാവുന്നതേയുള്ളു.

ഈ സാഹചര്യത്തിൽ എന്താണ്‌ പരിഷത്തിന്റെ നിർദ്ദേശങ്ങൾ?

  • പൊതുസമൂഹവും സർക്കാരും ചർച്ച ചെയ്യണം എന്ന്‌ പരിഷത്ത്‌ ആഗ്രഹിക്കുന്ന നിർദ്ദേശങ്ങൾ താഴെപ്പറയുന്നവയാണ്‌.

1. കേരളത്തിൽ ഇപ്പോൾ 3 വിമാനത്താവളങ്ങൾ ഉണ്ട്‌. കണ്ണൂർ വിമാനത്താവളം ഉടൻ പൂർത്തിയാകും. ഒരു അഞ്ചാം വിമാനത്താവളം കേരളത്തിനാവശ്യമുണ്ടോ എന്ന കാര്യം സർക്കാർ വിമർശനപരമായി പരിശോധിക്കണം.

2. നിലവിലുള്ള വിമാനസർവ്വീസുകളുടെ വിശദാംശങ്ങൾ ശേഖരിച്ച്‌ വിലയിരുത്തൽ നടത്തണം. വിമാന സർവ്വീസുകളുടെ എണ്ണം, യാത്രക്കാരുടെ എണ്ണം, വിമാനത്തിലെ സീറ്റുകളുടെ ലഭ്യതയും ആവശ്യകതയും, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലെ അന്താരാഷ്‌ട്ര സഞ്ചാരികളുടെ എണ്ണം ഇവയൊക്കെ പരിശോധിച്ച്‌ നിലവിലുള്ള വിമാനത്താവളത്തിൽ അധിക സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടെങ്കിൽ അത്‌ ചെയ്യണം.

3. ഒരു സാഹചര്യത്തിലും നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിൽ ഒരു ഇളവും കൊടുക്കാൻ പാടില്ല. കേരളം അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്ക്‌ നീങ്ങുകയാണ്‌. ഈ സാഹചര്യത്തിൽ വിമാനത്താവളത്തിനായി 400 ഏക്കർ നെൽപാടം നികത്തുന്നതിനുള്ള അനുമതി നൽകരുത്‌.

4. ആറന്മുളയിൽ കുറെക്കാലമായി കൃഷി നടക്കാത്ത നെൽവയൽ അടിയന്തിരമായി കൃഷിയോഗ്യമാക്കണം

5. വലിയതോടിനുണ്ടായ പാരിസ്ഥിതിക ആഘാതം പരിഹരിക്കണം. തോടിന്റെ സ്വാഭാവികാവസ്ഥ പുനഃസ്ഥാപിക്കണം.

6. മൗണ്ട്‌ സിയോൺ ട്രസ്റ്റ്‌ വാങ്ങിയിട്ടുള്ള നെൽവയലിൽ കൃഷിയിറക്കാൻ അവരോട്‌ ആവശ്യപ്പെടണം.