വേണം മറ്റൊരു കേരളം; മറ്റൊരിന്ത്യയ്ക്കായി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്വേണം മറ്റൊരു കേരളം; മറ്റൊരിന്ത്യയ്ക്കായി
Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വികസനം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ജനുവരി, 2014

വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട്‌ വിപുലമായ പ്രചാരണപ്രവർത്തനങ്ങൾ 2011-ലാണ്‌ പരിഷത്ത്‌ ആരംഭി ച്ചത്‌. വ്യത്യസ്‌ത വിഷയങ്ങളെ ആസ്‌പദമാക്കി അതത്‌ രംഗത്തെ വിദഗ്‌ധരെ പങ്കെടുപ്പിച്ചുകൊണ്ട്‌ നടത്തിയ ശിൽപശാലകളും സെമിനാറുകളും, കലാജാഥകൾ, സംസ്ഥാനതല പദയാത്രകൾ ഇതൊക്കെ ഇതിന്റെ ഭാഗമായിരുന്നു. തുടർന്ന്‌ പ്രാദേശികപഠനങ്ങളിലൂടെ ജന പക്ഷവികസനബദലുകൾ രൂപപ്പെടുത്താനുള്ള ശ്രമങ്ങൾക്കും തുടക്കം കുറിച്ചു.

ഇത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയും വളർച്ചയുമായിരുന്നു പരിഷത്ത്‌ നടത്തിയ വികസനസംഗമങ്ങളും വികസനകോൺഗ്രസും. പുതിയ കേരളത്തെക്കുറിച്ചുള്ള സങ്കൽപനങ്ങൾക്കും സമീപനങ്ങൾക്കും വ്യക്തത വരുത്താനും മൂർത്തമായ നിർദ്ദേശങ്ങൾക്ക്‌ രൂപം നൽകാനും സഹായകമായ ആഴത്തിലുള്ള ചർച്ചകളും സംവാദങ്ങ ളുമാണ്‌ ഇവിടെയെല്ലാം നടന്നത്‌.

നവകേരളനിർമിതി ലളിതമോ സുഗമമോ ആയ കാര്യമല്ലെന്ന്‌ നമുക്കറിയാം. കേരളത്തിന്റെ പുരോഗതിയിൽ നിർണായകസ്വാധീനം ചെലുത്തിയ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, വികേന്ദ്രീകരണം തുടങ്ങിയ എല്ലാ മേഖലകളിലും പ്രതിലോമപരമായ പ്രവർത്തനങ്ങൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്‌.

ഈ മാറ്റങ്ങളുടെ പിറകിൽ നമ്മുടെ ആഭ്യന്തരപരിമിതികളും നവലിബറൽനയങ്ങൾ സൃഷ്‌ടിക്കുന്ന പ്രതിസന്ധികളുമുണ്ട്‌. അഴിമതിയും അധികാരദുർവിനിയോഗവും സാമൂഹിക-സാംസ്‌കാരികതകർച്ചയും ഭീകരമായി വർധിച്ചിരിക്കുന്നു. ഇവയ്‌ക്കെതിരെ ഒന്നിച്ചണിനിരക്കേണ്ട ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച്‌ ദുർബലരാക്കാനും തീവ്രമായ മാധ്യമപ്രചാരണങ്ങളിലൂടെ ഉപഭോഗാസക്തരും കർമവിമുഖരും ആക്കിമാറ്റാനുമുള്ള ശ്രമങ്ങൾ പൂർവാധികം ശക്തിയോടെ തുടരുകയാണ്‌.

ഈ സാഹചര്യത്തിലാണ്‌ സമൂഹം നേരിടുന്ന യഥാർഥപ്രശ്‌ന ങ്ങളിലേക്ക്‌ ജനശ്രദ്ധയാകർഷിക്കുന്നതിനും സർഗാത്മകമായ സംവാദങ്ങൾ വളർത്തിയെടുക്കുന്നതിനും വേണ്ടി വിപുലമായൊരു ബഹു ജനവിദ്യാഭ്യാസപരിപാടിക്ക്‌ പരിഷത്ത്‌ ആരംഭം കുറിക്കുന്നത്‌. ബഹുജനങ്ങളെ ബാധിക്കുന്ന ഏതൊരു കാര്യവും വിവാദമായിമാറ്റി അതിനെ തമസ്‌കരിക്കുകയോ തിരസ്‌കരിക്കുകയോ ലഘൂകരിക്കുകയോ ചെയ്യാനുള്ള സംഘടിതപ്രയത്‌നങ്ങൾ വിവിധ കോണുകളിൽനിന്ന്‌ ഉണ്ടാകുന്നതിന്‌ നാം നിത്യേന സാക്ഷികളാവുകയാണ്‌. ഇവിടെയാണ്‌ ജനങ്ങളുടെ സാമാന്യബോധത്തെ ശാസ്‌ത്രബോധമാക്കി മാറ്റാനുള്ള ജനകീയസംവാദങ്ങളുടെ പ്രസക്തിയും പ്രാധാന്യവും. ഈ സംവാദങ്ങൾ, ശ്രീനാരായണഗുരു പറഞ്ഞതുപോലെ, വാദിക്കാനും ജയിക്കാനുമുള്ളതല്ല; അറിയാനും അറിയിക്കാനും വേണ്ടിയുള്ളതാണ്‌. ജനാധിപത്യബോധത്തിന്റെയും ശാസ്‌ത്രസംസ്‌കാര ത്തിന്റെയും അന്തഃസത്തയാണ്‌ സംവാദാത്മകത എന്ന ബോധ്യത്തോടെ, വേണം മറ്റൊരു കേരളം മറ്റൊരിന്ത്യയ്‌ക്കായി എന്ന വിശാലകാഴ്‌ചപ്പാടോടെ സംഘടിപ്പിച്ചിട്ടുള്ള ജനസംവാദയാത്ര ദേശീയതലത്തിൽ നടത്തുന്ന ദശലക്ഷം സംവാദങ്ങളുടെ പ്രാരംഭം കൂടിയാണ്‌.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌


വേണം മറ്റൊരു കേരളം;മറ്റൊരിന്ത്യയ്‌ക്കായി

ട്രെയിനിലും ഓഫീസിലും വായനശാലയിലും ചായക്കടയിലും അയൽപക്കത്തുമൊക്കെ നാം പലവിധത്തിലുള്ള ആളുകളെ പരിചയപ്പെടാറുണ്ടല്ലോ. പലരുമായും സംഭാഷണത്തിലും ഏർപ്പെടാറുണ്ട്‌. കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെപ്പറ്റി സംസാരിച്ചാൽ പ്രതികരണം പല വിധത്തിലാകാം. പലരും കേരളം പുരോഗതിയുടെ പാതയിലാണെന്ന്‌ കരുതുന്നുവരാണ്‌. കഴിഞ്ഞ തലമുറയുടേതിനേക്കാൾ മെച്ചപ്പെട്ടതാണ്‌ അവരുടെ ഇന്നത്തെ അവസ്ഥ. വിദ്യാഭ്യാസമുണ്ട്‌, ജോലിയുണ്ട്‌. ഭാര്യയും ജോലി ചെയ്യുന്നു. സ്ഥിരവരുമാനമുണ്ട്‌. എന്നാലും സംതൃപ്‌തരല്ല. തങ്ങൾ പഠിച്ചത്‌ പൊതുവിദ്യാലയത്തിലാണെങ്കിലും തങ്ങളുടെ കുട്ടികൾക്കതുപോരാ എന്നവർ കരുതുന്നു. രോഗം വന്നാൽ തങ്ങൾ പണ്ട്‌ സർക്കാരാശുപത്രിയിലാണ്‌ പോയിരുന്നതെങ്കിലും ഇപ്പോളവിടത്തെ സേവനം അവർക്ക്‌ തൃപ്‌തികരമാവുന്നില്ല. അതിനാൽ കാശ്‌ കടംവാങ്ങിയാണെങ്കിലും അവർ സ്വകാര്യ ആശുപത്രിയിലേ പോകൂ. ബസ്‌ യാത്രയിലെ അസൗകര്യങ്ങളൊഴിവാക്കാൻ മിക്കവാറും സ്വകാര്യവാഹനങ്ങളിലാണ്‌ യാത്ര. ടെലിവിഷനിൽ കാണുന്ന സുഖസൗകര്യങ്ങളും ആർഭാടങ്ങളുമാണ്‌ യഥാർത്ഥ ജീവിതലക്ഷ്യം എന്നവർ കരുതുന്നു. ഇപ്പോൾ ലഭ്യമല്ലാത്തതുകൂടി ഭാവിയിൽ തങ്ങൾക്കും ആസ്വദിക്കാനാകും എന്നവർ സ്വപ്‌നം കാണുന്നു. അതിനായി കുട്ടികളെ സ്വകാര്യ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലയക്കുന്നു. അവർ പഠിച്ച്‌ എൻജിനീയറോ ഡോക്‌ടറോ ആയി, അല്ലെങ്കിൽ വിദേശത്തു ജോലിനേടി, തങ്ങളെ രക്ഷിക്കുമെന്നാണ്‌ അവരുടെ വിശ്വാസം. അതിനു വേണ്ടിയാണവർ ജീവിക്കുന്നത്‌. അതിനായി എന്തു ത്യാഗവും സഹിക്കാനവർ ഒരുക്കമാണ്‌. വീട്‌ പണയംവച്ചുപോലും മക്കൾക്ക്‌ എൻട്രൻസ്‌ ട്യൂഷനും പ്രൊഫഷണൽ കോളേജ്‌ അഡ്‌മിഷനും തരപ്പെടുത്താൻ അവർ തയ്യാർ. അവർ സ്വപ്‌നം കാണുന്നത്‌ വിദേശത്തുള്ള ആഡംബരങ്ങളെല്ലാം ഭാവയിൽ കേരളത്തിലും ഉണ്ടാകുമെന്നാണ്‌. തങ്ങൾക്ക്‌ അതൊന്നും ഉപയോഗിക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെങ്കിലും, എക്‌സ്‌പ്രസ്‌വേയും ഷോപ്പിംഗ്‌ മാളുകളും ജില്ലതോറും വിമാനത്താവളവും റിസോർട്ടുകളുമെല്ലാം വികസനത്തിന്റെ ഭാഗമാണെന്നും അവയെല്ലാം കേരളത്തിലും താമസിയാതെ വരണമെന്നും അവരാഗ്രഹിക്കുന്നു. ഇതിനെയെല്ലാം എതിർക്കുന്നവർ കേരളത്തിന്റെ പുരോഗതിക്കു തടസ്സം പിടിക്കുന്നവരാണെന്നും അവർക്കഭിപ്രായമുണ്ട്‌.

വേറൊരു കൂട്ടർ വികസനത്തിന്റെ പുറമ്പോക്കിൽ പെട്ടുപോയവരാണ്‌. അവർക്ക്‌ സ്വപ്‌നം കാണാൻ കൂടി ധൈര്യമില്ല. ഇന്നത്തെ കാര്യം കഴിഞ്ഞിട്ടുവേണ്ടേ നാളത്തെ കാര്യം! സ്ഥിരജോലി ഇല്ലാത്തതുകൊണ്ട്‌ അന്നന്നത്തെ അപ്പം എന്നതാണ്‌ ലക്ഷ്യം. പല കാരണങ്ങളാലും കേരളത്തിലെ കൂലി വർധിച്ചിരിക്കുന്നതുകൊണ്ട്‌ പണി കിട്ടിയാൽ അന്നത്തെ കാര്യം രക്ഷപ്പെട്ടു. പക്ഷേ, സാമാന്യം നല്ല കൂലി കിട്ടിയാൽ പോലും ``കുടുംബനാഥൻ മിക്കവാറും അത്‌ മദ്യഷാപ്പിൽ ചെലവാക്കും. കഞ്ഞിക്കുള്ള വക അമ്മ വേറെ ഉണ്ടാക്കണം. തട്ടിയും മുട്ടിയും കഴിഞ്ഞുപോകുന്നു എന്നേ പറയാവൂ. ഇതിനുപുറമെയാണ്‌ ചെറുകിട കൃഷിക്കാർ. പരമ്പരാഗതമായി കൃഷി ചെയ്‌തുവരുന്നതു കൊണ്ടും മറ്റു പണികളൊന്നും പഠിച്ചിട്ടില്ലാത്തതുകൊണ്ടും കൃഷിയിൽ തുടരുന്നവരാണ്‌ മിക്കവരും. തങ്ങളുടെ മക്കളെ കൃഷിക്കാരാക്കാൻ മിക്കവർക്കും ആഗ്രഹമില്ല. മക്കൾക്കുമില്ല ആ മോഹം. എങ്ങനെയുണ്ടാകാൻ? സർക്കാറാഫീസിലെ ഒരു പ്യൂണിനു കിട്ടുന്ന വരുമാനമോ ജീവിതസുരക്ഷയോ ഒരു കർഷകനുണ്ടോ? ഓരോ തവണയും കൃഷി അനിശ്ചിതത്വത്തിലാണ്‌. കൃഷിപ്പിഴ ഉണ്ടായാൽ സഹിക്കുക തന്നെ. നഷ്‌ടപരിഹാരം പേപ്പറിൽ കണ്ടാലും അത്‌ വാങ്ങിയെടുക്കണമെങ്കിൽ എത്ര ചെരുപ്പ്‌ തേയണം! കൃഷി നന്നായാലും രക്ഷയില്ല. അപ്പോൾ ഉൽപന്നത്തിന്‌ നല്ല വില കിട്ടില്ല. താങ്ങുവില എന്നൊക്കെ പറയുമെങ്കിലും അത്‌ കയ്യിൽ കിട്ടാനുള്ള പാട്‌ അനുഭവിച്ചവർക്കേ അറിയൂ. റിയൽഎസ്റ്റേറ്റ്‌ മാഫിയയ്‌ക്കായാലും ആർക്കായാലും നല്ല വില കിട്ടിയാൽ ഉള്ള ഭൂമി വിറ്റു കാശാക്കാൻ തുനിയുന്നവരെ എങ്ങനെ കുറ്റം പറയും?

ഇവരിൽ മിക്കവരുടെയും കുട്ടികൾ പൊതുവിദ്യാലയങ്ങളിലാണ്‌ പോകുന്നത്‌. പഠിത്തം എങ്ങനെയോ എന്തോ! ഗൃഹപാഠം പറഞ്ഞുകൊടുക്കാനോ പ്രോജക്‌ട്‌ ചെയ്യിക്കാനോ ട്യൂഷൻ ഏർപ്പാടാക്കാനോ കഴിവില്ല. സ്‌കൂളാണ്‌ ഏക ആശ്രയം. കുട്ടികൾ എല്ലാ ക്ലാസിലും ജയിക്കുന്നതുകൊണ്ട്‌ അവരുടെ പഠിത്തത്തെപ്പറ്റി തൽക്കാലം ഉത്‌കണ്‌ഠയില്ല. പത്താംക്ലാസ്‌ വരെ അങ്ങനെയങ്ങ്‌ പോകട്ടെ. പിന്നത്തെ കാര്യം അപ്പൊ നോക്കാം. നല്ല ജോലി കിട്ടണമെങ്കിൽ എഞ്ചിനീയറിങ്ങോ മെഡിസിനോ നഴ്‌സിങ്ങോ ഒക്കെ പഠിക്കണമത്രേ. അതിനൊക്കെ വലിയ ചെലവല്ലേ. അതെങ്ങനെയുണ്ടാക്കും? അവർക്കൊരു പ്രതീക്ഷയുമില്ല. കുട്ടികളെയും ഈ നിരാശാബോധം ബാധിക്കുന്നു. തങ്ങളേക്കാൾ മാർക്ക്‌ കുറഞ്ഞവർ കാശുമുടക്കി സീറ്റും അതുകഴിഞ്ഞ്‌ ചിലർ ജോലിയും വിലയ്‌ക്ക്‌ വാങ്ങുന്നത്‌ അവരും കാണുന്നുണ്ടല്ലോ. അതിനിടെയാണ്‌ കൂട്ടത്തിൽ ചിലർ കൂലിത്തല്ലും കൊട്ടേഷനും പോലുള്ള പണികളിലൂടെ ചുളുവിൽ കാശുണ്ടാക്കുന്നത്‌. അവരുടെ `അടിപൊളി' ജിവിതം ആരിലും അസൂയയുണർത്തില്ലേ?

വിദ്യാഭ്യാസത്തിന്റെ കാര്യം പറഞ്ഞതുപോലെതന്നെയാണ്‌ ആരോഗ്യസേവനത്തിന്റെ കാര്യവും. രോഗം വന്നാൽ സർക്കാരാശുപത്രിതന്നെ ശരണം. മരുന്ന്‌ വെളിയിൽ നിന്ന്‌ വാങ്ങുകയോ ഡോക്‌ടർക്ക്‌ കൈക്കൂലി കൊടുക്കുകയോ ചെയ്യേണ്ടിവന്നാൽ കടം വാങ്ങേണ്ടിവരും. രോഗം, പെൺമക്കളുടെ വിവാഹം എന്നിവയാണ്‌ കടംകേറി മുടിയാനുള്ള പ്രധാന കാരണങ്ങൾ.

കേരളം ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന്‌ കൊട്ടിഘോഷിക്കുമ്പോഴും ഇപ്രകാരം അരക്ഷിതജീവിതം നയിക്കുന്നവർ ജനസംഖ്യയിൽ പാതിയോളം വരും എന്നാണു ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ നടത്തിയ കേരളപഠനം കാണിക്കുന്നത്‌.

സ്വാഭാവികമായും ഇവരുടെയെല്ലാം പ്രശ്‌നങ്ങൾ വ്യത്യസ്‌തമാണ്‌. എങ്കിലും വിശക്കുന്നവന്റെ മുന്നിൽ ദൈവം പോലും അപ്പത്തിന്റെ രൂപത്തിലേ പ്രത്യക്ഷപ്പെടാൻ ധൈര്യപ്പെടൂ എന്നു പറഞ്ഞതുപോലെ, മിക്കവരുടെ കാര്യത്തിലും ജീവിതസുരക്ഷയാണ്‌ അടിയന്തിരപ്രശ്‌നം. ഒരു കാലത്ത്‌ കേരളത്തിന്റെ രക്ഷാകവചമായിരുന്നത്‌ പൊതുവിദ്യാഭ്യാസം, സൗജന്യചികിത്സ, സാർവത്രിക റേഷൻ സമ്പ്രദായം എന്നീ നെടുങ്കോട്ടകളായിരുന്നു. ഇവ മൂന്നും ഇന്ന്‌ ദുർബലമായിരിക്കുന്നു. ഇത്‌ യാദൃച്ഛികമല്ല. പൊതുവിദ്യാഭ്യാസത്തെ തകർക്കും എന്നറിഞ്ഞുകൊണ്ടുതന്നെ സർക്കാർ സ്വകാര്യവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അവയോടു മത്സരിക്കാനുതകുന്ന വിധത്തിൽ പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താൻ തക്കതായ നടപടികളുണ്ടാകുന്നില്ല. കുട്ടികളെ ഉത്സാഹത്തോടെ പഠിക്കാൻ സഹായിച്ചിരുന്ന പുതിയ പാഠ്യപദ്ധതിയെ തുരങ്കം വച്ച്‌, ഭീതിയുടെ മുൾമുനയിൽ നിർത്തി കാണാപ്പാഠം പഠിപ്പിക്കുന്ന പഴയ രീതി വീണ്ടും കൊണ്ടുവരാൻ ശ്രമിക്കുന്നു. ഒരുപാടുപേരെ തോൽപിച്ച്‌ ഗുണമേന്മ തെളിയിക്കുന്ന പഴയ രീതിയും മടങ്ങിവന്നേക്കാം. അധ്യാപകരെ വേണ്ടവിധം പരിശീലിപ്പിച്ച്‌ ആത്മവിശ്വാസമുള്ളവരാക്കുന്നില്ല. നല്ല അധ്യാപകർക്കുപോലും മനസ്സിന്‌ തൃപ്‌തിവരുംവിധം പഠിപ്പിക്കാൻ ആവശ്യമായത്രയും പ്രവൃത്തിദിവസങ്ങൾ കിട്ടുന്നില്ല. പലവിധ കാരണങ്ങളാൽ ക്ലാസ്‌ നഷ്‌ടപ്പെടുന്നു. ``നല്ല സ്‌കൂൾ എന്ന്‌ പേരെടുത്ത വിദ്യാലയമാണെങ്കിൽ, അവിടെ ഓരോ ക്ലാസ്സിലും കുട്ടികളുടെ എണ്ണം അൻപതിൽ കൂടുതലായിരിക്കും. അപ്പോൾ കുട്ടികളെ വേണ്ടവിധം ശ്രദ്ധിക്കാൻ പറ്റുന്നില്ല. സർക്കാരിനാകട്ടെ ഇതിലൊന്നും ശ്രദ്ധയില്ല. ``വലിയ ആളുകളുടെ കുട്ടികൾ സ്വകാര്യവിദ്യാലയങ്ങളിൽ പഠിക്കുന്നതുകൊണ്ട്‌ പൊതുവിദ്യാലയങ്ങൾ എങ്ങനെയും പോകട്ടെ എന്ന വിചാരമാണ്‌ ഭരിക്കുന്നവർക്ക്‌. അവിടത്തെ അധ്യാപകരുടെ ജോലി സംരക്ഷിക്കുന്നതിലല്ലാതെ, കുട്ടികളുടെ പഠിത്തം മെച്ചപ്പെടുത്തുന്നതിൽ ആർക്കും വേണ്ടത്ര ശുഷ്‌ക്കാന്തി കാണുന്നില്ല. ആശുപത്രികളുടെ കാര്യവും അങ്ങനെ തന്നെ. രോഗികൾക്ക്‌ വേണ്ടത്ര ശ്രദ്ധ കൊടുക്കാനാവശ്യമായ ഡോക്‌ടർമാരോ, സഹായികളോ, സന്നാഹങ്ങളോ അവിടെയില്ല. പലപ്പോഴും ആവശ്യമുള്ള മരുന്നുകളും ലഭ്യമല്ല. ഇതിനു പുറമേ അഴിമതിയും അനാസ്ഥയും. കാശും സ്വാധീനവുമുള്ളവർ സർക്കാർ ആശുപത്രിയിലേക്ക്‌ വരുന്നുമില്ല.

ഇതിന്റെയെല്ലാം ഫലമായി പാവപ്പെട്ടവരുടെ ജീവിതം ദുസ്സഹമാകുന്നു. നൂൽപ്പാലത്തിലൂടെയുള്ള നടപ്പ്‌ ഏതു നിമിഷവും തെന്നിവീഴാം എന്നുള്ള അരക്ഷിതത്വത്തിലേക്ക്‌ അവരെ തള്ളിവിടുന്നു. അതേസമയം കാശുള്ളവർക്ക്‌ മെച്ചപ്പെട്ട സേവനങ്ങൾ യഥേഷ്‌ടം ലഭ്യമാകുന്ന അവസ്ഥയുമുണ്ട്‌. ഇത്‌ സമൂഹത്തിലെ അസംതൃപ്‌തിയും സംഘർഷങ്ങളും വർധിപ്പിക്കുന്നു. അസമത്വങ്ങൾ വർധിച്ചാൽ ക്രമേണ അത്‌ സമൂഹത്തെത്തന്നെ ദുഷിപ്പിക്കുമെന്നാണ്‌ ലോകമെങ്ങുമുള്ള അനുഭവങ്ങൾ പഠിപ്പിക്കുന്നത്‌. അതുകൊണ്ട്‌ ഭക്ഷണം, ആരോഗ്യസേവനം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ അടിസ്ഥാനമേഖലകളിൽ സാമൂഹികമായ പ്രശ്‌നപരിഹാരങ്ങളാണ്‌ ആവശ്യം. പൊതുസേവനങ്ങളെ ശക്തിപ്പെടുത്തിക്കൊണ്ടുമാത്രമേ ഇത്‌ സാധ്യമാകൂ. അതിന്‌ സർ ക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും ആ രൂപത്തിൽ ഉണ്ടായിവരേ ണ്ടതുണ്ട്‌. അതോടൊപ്പം ജനകീയകൂട്ടായ്‌മകൾക്കും പ്രാദേശിക സർക്കാരുകൾക്കും ചിലതൊക്കെ ചെയ്യാനാകും. ഉദാ: നമ്മുടെ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിലെ പഠനം മെച്ചപ്പെടുത്താൻ നമുക്ക്‌ ഇടപെടാൻ കഴിയില്ലേ? പി.ടി.എ ഉത്സാഹിച്ച്‌ ഇറങ്ങിയതോടെ വളരെ മെച്ചപ്പെട്ട പല സ്‌കൂളുകളുടെയും അനുഭവം നമ്മുടെ മുമ്പിലുണ്ടല്ലോ. ഇപ്പോൾ അധികാരവികേന്ദ്രീകരണത്തിന്റെ ഫലമായി പഞ്ചായത്തുകൾക്ക്‌ വലിയൊരു അവസരം കിട്ടിയിട്ടുണ്ട്‌. അത്‌ വേണ്ടവിധത്തിൽ ഉപയോഗിച്ച പല പഞ്ചായത്തുകളുമുണ്ട്‌. ഇക്കാര്യത്തിൽ വിദ്യാഭ്യാസ അവകാശനിയമം പ്രയോജനപ്പെടുത്താൻ തീർച്ചയായും കഴിയും. സർക്കാർ വിദ്യാലയങ്ങളുടെ ഒരു ഗുണം അവിടത്തെ അധ്യാപകർ മികച്ചവരാണെന്നതാണ്‌. ശ്രദ്ധിക്കാനും പ്രോത്സാഹിപ്പിക്കാനും ആളുണ്ടെങ്കിൽ അവരും നന്നായി പണിയെടുക്കും. തങ്ങളുടെ പ്രവൃത്തി മറ്റുള്ളവർ അഭിനന്ദിക്കുന്നതു കേൾക്കാൻ ആർക്കാണ്‌ ആഗ്രഹമി ല്ലാത്തത്‌?

അതുപോലെതന്നെ, ജനങ്ങൾ സംഘടിച്ച്‌ ഇടപെട്ടാൽ ആശുപത്രികൾ നന്നാക്കാൻ കഴിയില്ലേ?സംഘടിക്കുന്നതിനുപകരം ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ അവനവന്റെ കാര്യം മാത്രം നോക്കാനുള്ള ശ്രമമാണ്‌ അവസാനം നമ്മെ സ്വകാര്യആശുപത്രികളിൽ എത്തിക്കുന്നത്‌. ആശുപത്രിയും മരുന്നും പോലെതന്നെ പ്രധാനമാണ്‌ വ്യക്തിശുചിത്വവും ശുദ്ധമായ പരിസരവും നല്ല വെള്ളവും പോഷകാഹാരവും എന്ന്‌ നമുക്കെല്ലാം അറിയാം. ഇവിടെയും സർക്കാർ ചെയ്യേണ്ട കാര്യങ്ങ ളുണ്ട്‌. അതുപോലെ നമുക്ക്‌ ചെയ്യാൻ കഴിയുന്ന കാര്യങ്ങളുമുണ്ട്‌. സർക്കാറിനെക്കൊണ്ട്‌ ചെയ്യിക്കാനായാലും ജനങ്ങൾ സ്വയം ഏറ്റെടുത്തു ചെയ്യാനായാലും കൂട്ടായ ഇടപെടൽ ഉണ്ടായേ മതിയാവൂ.

വിലയ്‌ക്ക്‌ വാങ്ങാൻ ശേഷിയുള്ളവർ എന്തിനു വേണ്ടെന്നു വയ്‌ക്കണം?

ഈ പറഞ്ഞതൊക്കെ പാവങ്ങൾക്കു വേണ്ടിയുള്ളതാണ്‌. കാശുകൊടുത്തു മെച്ചപ്പെട്ട സേവനം വാങ്ങാൻ കഴിവുള്ള, അല്ലെങ്കിൽ നാളെ കഴിവുണ്ടാകും എന്ന്‌ പ്രതീക്ഷിക്കുന്ന, ഞങ്ങളെന്തിന്‌ അത്‌ വേണ്ടെന്നു വയ്‌ക്കണം? എന്നതായിരിക്കും ഇടത്തരക്കാരുടെ ചിന്ത. ഒറ്റനോട്ടത്തിൽ സംഗതി ശരിയാണെന്ന്‌ തോന്നാം. ഗൾഫിൽ പോയോ, നല്ല ശമ്പളമുള്ള ജോലികൾ നേടിയോ, ബിസിനസ്‌ ചെയ്‌തോ കാശുണ്ടാക്കിയ ഒരു ചെറുവിഭാഗം സകലവിധ സൗകര്യങ്ങളും അനുഭവിക്കുന്നത്‌ നാം കാണുന്നുണ്ട്‌. അവരുടെ ജീവിതശൈലിയാണ്‌ മറ്റുള്ളവരുടെ വികസനസ്വപ്‌നം. പക്ഷേ ഈ മാതൃക സമൂഹത്തിലെ എല്ലാവർക്കും കയ്യെത്തിപ്പിടിക്കാവുന്നതോ നിലനിർത്താവുന്നതോ അല്ലാ എന്നതാണ്‌ സത്യം.

ഗതാഗതപ്രശ്‌നം തന്നെ ഉദാഹരണമായെടുക്കാം. ഇന്ന്‌ കേരളത്തിൽ 45 ലക്ഷം ഇരുചക്ര വാഹനങ്ങളും 13 ലക്ഷത്തിലധികം കാറുകളുമുണ്ട്‌. സ്‌കൂട്ടറോ ബൈക്കോ ഓടിക്കുന്നവരുടെ സ്വപ്‌നം എത്രയും വേഗം കാറിലേക്ക്‌ മാറണം എന്നതാണല്ലോ.അതാണല്ലോ അമേരിക്കയിലെയും ഗൾഫിലെയും മാതൃക. അമേരിക്കയിലെ ശരാശരി വാഹനഉടമസ്ഥത വീടൊന്നിനു 2.3 ആണ്‌. (അതായത്‌ 100 വീടുകൾക്ക്‌ 230 കാർ) ഇവിടെയും അങ്ങനെ ആവണം എന്നതാണ്‌ ഈ വികസനസ്വപ്‌നത്തിന്റെ അർഥം. ഇത്‌ എന്നെങ്കിലും നടക്കുന്ന കാര്യമാണോ? പതിമൂന്നു ലക്ഷം കാറായിട്ടുതന്നെ നമ്മുടെ റോഡുകൾക്ക്‌ അവയെ ഉൾക്കൊള്ളാൻ കഴിയുന്നില്ല. അത്‌ റോഡുകൾക്ക്‌ വീതി കൂട്ടാത്തതുകൊണ്ടും പുതിയ ഹൈവേകൾ വരാത്തതുകൊണ്ടുമാണ്‌ എന്നായിരിക്കും ഉത്തരം. ഹൈവേയ്‌ക്ക്‌ വീതി കൂട്ടുന്നത്‌ മാത്രമല്ലല്ലോ കാര്യം. നഗരങ്ങളിലെങ്ങും കാറ്‌ പാർക്ക്‌ ചെയ്യാൻ സ്ഥലമില്ല. ഷോപ്പിംഗ്‌ മാളുകൾക്ക്‌ മുന്നിലും തിയെറ്ററുകൾക്കു മുന്നിലും ഓഡിറ്റോറിയങ്ങൾക്ക്‌ മുന്നിലും ഓഫീസുകൾക്ക്‌ മുന്നിലും വാഹനത്തിരക്കാണ്‌. ഏതാനും ആളുകൾ മാത്രം വാഹനങ്ങളിൽ വന്നിരുന്ന കാലത്ത്‌ ഉണ്ടാക്കിയ സംവിധാനങ്ങളേ അവിടെയുള്ളൂ. മിക്കവാറും എല്ലാവരും കാറിൽ വരുന്ന സാഹചര്യം ആലോചിച്ചുനോക്കു. എല്ലാവരും കാറിൽ യാത്രചെയ്യുന്ന അമേരിക്കയിലെ നഗരങ്ങളിൽ റോഡുകളും പാർക്കിങ്ങും കൂടി നഗരഹൃദയത്തിന്റെ പാതിയോളം സ്ഥലമാണ്‌ അപഹരിക്കുന്നത്‌. ആവാസകേന്ദ്രങ്ങളിൽ പോലും അത്‌ മൂന്നിലൊന്നോളം വരും. ന്യൂയോർക്ക്‌ നഗരത്തിൽ ഓരോ ചതുരശ്രകിലോമീറ്റർ സ്ഥലത്തും മൂന്നരകിലോമീറ്റർ നീളത്തിലുള്ള റോഡു ലെയിനുകളാണ്‌ പണിയേണ്ടിവന്നിട്ടുള്ളത്‌. ഇതിനു പുറമെയാണ്‌ പാർക്കിങ്ങിനുള്ള സ്ഥലം. ലോസ്‌ ആഞ്ചലസ്‌ പോലുള്ള നഗരങ്ങളിൽ ഈ അനുപാതം ഇതിലും കൂടുതലാണ്‌. അവിടെ ഓരോ ഹെക്‌ടർ സ്ഥലത്തും 263 കാറുകൾ പാർക്ക്‌ ചെയ്യാനുള്ള സംവിധാനമാണത്രെ ഉള്ളത്‌. മിക്ക നഗരങ്ങളിലും അതിന്റെ പകുതിവച്ചെങ്കിലും സ്ഥലം പാർക്കിങ്ങിന്‌ വിടുന്നുണ്ട്‌. എന്നിട്ടും ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാൻ കഴിയുന്നില്ല! അവിടത്തെക്കാളൊക്കെ ജനസാന്ദ്രത കൂടുതലുള്ള നമ്മുടെ നാട്ടിൽ എങ്ങനെയാണ്‌ ഈ തിരക്ക്‌ കൈകാര്യം ചെയ്യുക? ചുരുക്കത്തിൽ അമേരിക്കയിലേതുപോലെ എല്ലാവർക്കും കാറ്‌ എന്ന സ്വപ്‌നം ഇവിടെ യാഥാർഥ്യമാക്കാൻ കഴിയില്ല എന്നർഥം.

ഇതിനൊക്കെ വേണ്ട ഇന്ധനം എവിടന്നു കിട്ടും എന്നതാണ്‌ മറ്റൊരു പ്രശ്‌നം. ഇപ്പോൾ തന്നെ ഇന്ത്യയുടെ വിദേശനാണ്യപ്രതിസന്ധിയുടെ പ്രധാനഘടകം പെട്രോളിയം ഇറക്കുമതിക്ക്‌ കൊടുക്കേണ്ട വൻ വിലയാണ്‌. അത്‌ പ്രതിവർഷം കുതിച്ചുകയറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അത്‌ നമ്മുടെ കാര്യം. ആഗോളതലത്തിലും എണ്ണയുൽ പാദനം കുറയാൻ പോകുകയാണ്‌, ആവശ്യം വർധിക്കുകയും. ഇത്‌ അനിയന്ത്രിതമായ വിലവർധനവിനുള്ള കുറിപ്പടിയാണെന്നു വ്യക്തമല്ലേ? അതായത്‌ നമ്മുടെ മധ്യവർഗം കഷ്‌ടിച്ച്‌ കാറുവാങ്ങാനുള്ള കാശ്‌ സമ്പാദിക്കുമ്പൊഴെക്കും പെട്രോൾ വാങ്ങാൻ കാശ്‌ തികയാത്ത അവസ്ഥ വരും എന്നർഥം. ശരിക്കും, മുന്നിൽ കെട്ടിത്തൂക്കിയ ക്യാരറ്റ്‌ കണ്ടു ``ഇപ്പോക്കിട്ടും, ഇപ്പോക്കിട്ടും എന്ന്‌ മനപ്പായസമുണ്ട്‌ മുന്നോട്ടു നീങ്ങുന്ന കഴുതയുടെ അവസ്ഥ തന്നെ.

കേരളത്തിന്റെ വികസനവ്യാമോഹങ്ങൾ!!!

കാറും പത്രാസുമൊക്കെ അമേരിക്കക്കാർക്കും ഗൾഫുകാർക്കും മാത്രം മതിയോ, നമുക്കിതൊന്നും വേണ്ടേ, എന്ന ചോദ്യം ന്യായ മാണ്‌. നമുക്കും നമ്മുടെ ഗതാഗതപ്രശ്‌നങ്ങൾ പരിഹരിച്ചേ തീരൂ. പക്ഷേ, അത്‌ എല്ലാവർക്കും കാറ്‌, അല്ലെങ്കിൽ ബൈക്ക്‌, എന്ന രീതിയിലാകണമെന്നില്ല. പൊതുഗതാഗതസംവിധാനം ശക്തിപ്പെടുത്തിയും ആകാം. മിക്ക യൂറോപ്യൻ നഗരങ്ങളിലും അതീവ കാര്യക്ഷമമായ പൊതുഗതാഗതസംവിധാനങ്ങളുണ്ട്‌. കാശുണ്ടെങ്കിലും കാറ്‌ വാങ്ങണമെന്ന്‌ തോന്നാത്തവരും, കാറുണ്ടെങ്കിലും ദൈനംദിന ആവശ്യങ്ങൾക്ക്‌ പൊതുസംവിധാനങ്ങളെ ആശ്രയിക്കുന്നവരുമാണ്‌ പലരും. പക്ഷേ, ദൗർഭാഗ്യവശാൽ, പൊതുഗതാഗതത്തെ തകർത്ത്‌ സ്വകാര്യ വാഹനങ്ങളെ അമിതമായി ആശ്രയിക്കുന്ന അമേരിക്കൻ മാതൃകയാണ്‌ ഗൾഫുകാരും ഇപ്പോൾ നമ്മളും പിൻതുടരുന്നത്‌. ഇതുമാറിയേ പറ്റൂ. കാശുള്ളവർ കാറു വാങ്ങിക്കോട്ടെ. പക്ഷേ, അതിനെ പ്രോത്സാഹി പ്പിക്കേണ്ടതില്ല. വീടുവയ്‌ക്കാൻ കടമെടുക്കുമ്പോഴത്തേക്കാൾ ആനുകൂല്യങ്ങളോടെ വാഹനം വാങ്ങാൻ എന്തിന്‌ വായ്‌പ കൊടുക്കണം? തിരക്കുള്ള വഴിയോരങ്ങളിൽ സൗജന്യമായി വണ്ടി പാർക്ക്‌ ചെയ്യാൻ എന്തിനനുവദിക്കണം?

ആവശ്യത്തിന്‌ പൊതുഗതാഗതസംവിധാനമുണ്ടെങ്കിൽ, ഇവി ടെയും ആളുകൾ ക്രമേണ അതിലേക്ക്‌ തിരിച്ചുപോകും എന്നുറ പ്പാണ്‌. അതായിരിക്കണം ദീർഘകാലനയം;അല്ലാതെ കാറുകളുടെ എണ്ണം കൂട്ടാൻ സഹായിക്കുന്ന നിലപാടുകളല്ല.

വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ആരോഗ്യസേവനങ്ങളുടെ കാര്യത്തിലും ഇത്‌ ബാധകമാണ്‌. യൂറോപ്പിലെമ്പാടും വിദ്യാഭ്യാസം സർക്കാരിന്റെ പൂർണ ഉത്തരവാദിത്തത്തിലാണ്‌. അതിരുകളില്ലാത്ത കമ്പോളാധിപത്യത്തിന്‌ വേണ്ടി മറ്റുള്ളവരുടെ മേൽ സമ്മർദ്ദം ചെലുത്തുന്ന അമേരിക്കയിൽ പോലും പൊതുസംവിധാനങ്ങളാണ്‌ വിദ്യാഭ്യാസത്തിന്റെ അടിക്കല്ല്‌. അത്‌ പൂർണമായും പ്രാദേശികഭരണകൂടത്തിന്റെ ഉത്തരവാദിത്തത്തിലുമാണ്‌. പ്രാദേശികമായ വ്യത്യാസങ്ങൾ കൂടുതലുള്ള ഇന്ത്യയിൽ, എല്ലാ വിഭാഗത്തിൽപെട്ടവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തണമെങ്കിൽ വിദ്യാഭ്യാസത്തിന്റെ സാമ്പത്തികചുമതല കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തന്നെ ഏറ്റെടുക്കണം. പക്ഷെ, നിയന്ത്രണം പ്രാദേശികസർക്കാരുകൾക്കാകാം. ഓരോ സ്‌കൂളും ആ ദേശത്തിന്റെ അഭിമാനഭാജനമാകണം. ജാതി-മത-സാമ്പത്തികവ്യത്യാസമില്ലാതെ ഒരു ദേശത്തെ എല്ലാ കുട്ടികളും ഒരേ സ്‌കൂളിൽ പഠിക്കുന്നത്‌ സമത്വബോധവും സാഹോദര്യവും വളർത്തുന്നതിന്‌ അത്യന്താപേക്ഷിതമാണ്‌. അത്‌ പാവപ്പെട്ടവരുടെ മാത്രം കാര്യമല്ല. സമൂഹത്തിലെ സമ്പന്നരുടെ കുട്ടികൾക്കും ആ അനുഭവം ആവശ്യമാണ്‌. എങ്കിലേ അവർ നല്ല മനുഷ്യരും നല്ല പൗരരും ആകൂ. നമ്മളെക്കാൾ സമ്പന്നരായ രാജ്യക്കാർപോലും ഇത്‌ മനസ്സിലാക്കി പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിൽ നിന്ന്‌ നാമും പാഠം പഠിക്കേണ്ടതല്ലേ?

ഇന്ത്യയെപ്പോലെ ജാതി-മത-സാമ്പത്തികവ്യത്യാസങ്ങൾ വർധിച്ച ഒരു രാജ്യത്ത്‌ പൊതുവിദ്യാലയങ്ങളുടെ പ്രസക്തി മറ്റെവിടത്തെക്കാളും കൂടുതലാണ്‌. വിവിധ ജാതി-മത-സാമ്പത്തിക വിഭാഗങ്ങളിൽപെട്ട കുട്ടികൾ എങ്ങനെ ജീവിക്കുന്നു എന്നതും സമൂഹത്തിലെ അടിസ്ഥാന ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾ എന്തെന്നതും നേരിട്ട്‌ മനസ്സിലാക്കുന്നത്‌ എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസ ആവശ്യമാണ്‌. അതിനുപകരം ഓരോ ജാതിമത വിഭാഗത്തിനും പ്രത്യേക വിദ്യാലയങ്ങൾ എന്ന സ്ഥിതി കുട്ടികളിൽ വിഭാഗീയവികാരവും ഭാവിയിൽ വർഗ്ഗീയവിദ്വേഷവും സൃഷ്‌ടിക്കാൻ ഇടയാക്കും. ഇതിന്റെ മറുഭാഗം, നമ്മുടെ കുട്ടി പഠിക്കുന്ന സ്‌കൂൾ മെച്ചപ്പെടുത്താൻ നാമും ബാധ്യസ്ഥരാണ്‌ എന്നതാണ്‌. പിടിഎ മീറ്റിങ്ങുകളിൽ പങ്കെടുത്ത്‌ ക്രിയാത്മകനിർദേശ ങ്ങൾ നൽകുക മാത്രമല്ല, സ്‌കൂൾ അഭിവൃദ്ധിപ്പെടുത്താനാവശ്യമായ എല്ലാ സഹായങ്ങളും സന്തോഷപൂർവ്വം ചെയ്യുകയും അതിനായി കുറച്ചുസമയം മാറ്റിവയ്‌ക്കുകയും വേണം. അതിന്റെ ഗുണം നമ്മുടെ കുട്ടിക്കും നാട്ടിലെ കുട്ടികൾക്കും കിട്ടുമല്ലോ. അങ്ങനെയാണ്‌ ``അവനവനാത്മസുഖത്തിനായാചരിക്കുന്നത്‌ സമൂഹത്തിന്റെ മൊത്തം ഗുണത്തിനായിത്തീരുന്നത്‌.

പക്ഷേ, ഇങ്ങനെയല്ലാതെ, ``ഞാനെന്റെ കാര്യം നോക്കിക്കോളാം, എല്ലാവരും അവരവരുടെ കാര്യം നോക്കിയാൽ സമൂഹത്തിന്റെ മൊത്തം കാര്യവും നടക്കില്ലേ എന്ന്‌ ചോദിക്കുന്നവരും ഉണ്ടാകാം. ഒന്നാമത്തെ പ്രശ്‌നം, അസമത്വങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ``അവനവന്റെ കാര്യം നോക്കാൻ എല്ലാവർക്കും ഒരേപോലുള്ള അവസരങ്ങൾ കിട്ടില്ല എന്നതാണ്‌. ഇന്ന്‌ മെച്ചപ്പെട്ട ജീവിതാന്തരീക്ഷത്തിൽ കഴിയുന്നവർ ഈ അവസ്ഥയിലെത്തിച്ചേർന്നത്‌ എന്തെല്ലാം അനുകൂലസാഹചര്യങ്ങൾ ഉണ്ടായതുകൊണ്ടാണെന്ന്‌ ശാന്തമായി ആലോചിച്ചാൽ മനസ്സിലാകും. ഇവരിൽ ഭൂരിപക്ഷവും പൊതുസംവിധാനങ്ങൾ സൃഷ്‌ടിച്ച നീതിപൂർവമായ സാഹചര്യം പ്രയോജന പ്പെടുത്തി ഉയർന്നുവന്നതാണ്‌. അതുകൊണ്ടുതന്നെ, അത്തരം നീതിപൂർവ്വമായ സാഹചര്യങ്ങൾ നിലനിർത്താനും ശക്തിപ്പെടുത്താനും ഉതകുന്ന വ്യവസ്ഥിതിയാണ്‌ നാം സൃഷ്‌ടിക്കേണ്ടത്‌. അത്‌ അവ രോടുള്ള ദയയോ ദാക്ഷിണ്യമോ അല്ല. അത്‌ മുഴുവൻ സമൂഹത്തിന്റെയും ആവശ്യമാണ്‌. അതെങ്ങനെയെന്നോ?

ജനങ്ങളുടെ സൗഖ്യം ഉറപ്പാക്കാൻ സാമ്പത്തിക വളർച്ച മാത്രം പോരാ, തുല്യതയും ഉണ്ടാകണം എന്ന ആശയം പുതിയതല്ല. മാത്രമല്ല തുല്യതയിലും വിതരണനീതിയിലും ഊന്നിയ സാമൂഹികക്രമങ്ങൾ നിലനിൽക്കുന്നുമുണ്ട്‌. മറ്റു രാജ്യങ്ങളിലെ വികസനം സംബന്ധിച്ച്‌ അടുത്തകാലത്തായി നടന്ന പല പഠനങ്ങളും ഇതിനെ ശരി വയ്‌ക്കുന്നു. ഒരേ വികസനരീതി പിന്തുടരുന്ന, സാമ്പത്തികസ്ഥിതിയുള്ള രാജ്യങ്ങളെത്തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, അസമത്വം കൂടുതലുള്ള രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളും സാമൂഹികസംഘർഷങ്ങളും മാനസികരോഗങ്ങളും വ്യക്തിപരമായ പ്രശ്‌നങ്ങളും കൂടുതലുള്ളതായി കാണപ്പെടുന്നു. ഉദാഹരണമായി ഉയർന്ന സാമ്പത്തികസ്ഥിതിയും കടുത്ത അസമത്വവുമുള്ള അമേരിക്കയിൽ ഒരുലക്ഷം ജനങ്ങളിൽ അഞ്ഞൂറുപേരും ജയിലിലാണ്‌. എന്നാൽ,താരതമ്യേന കുറഞ്ഞ അസമത്വം നിലനിൽക്കുന്ന ജപ്പാനിലും സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലും ഈ അനുപാതം അമ്പതിനോടടുത്തേ ഉള്ളൂ. അതേസമയം, അസമത്വം കൂടുതലുള്ള ഇംഗ്ലണ്ടിലാകട്ടെ ജയിൽവാസികളുടെ എണ്ണം കൂടുതലാണ്‌. അതുപോലെ സ്‌കൂൾ വിട്ടുപോകൽ, മയക്കുമരുന്ന്‌ ഉപ യോഗം, മാനസികരോഗികളുടെ എണ്ണം മുതലായ മറ്റു പല സൂച കങ്ങളും ഈ ബന്ധം കാണിക്കുന്നു എന്നത്‌ അർഥഗർഭമാണ്‌.

മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ഒറ്റപ്പെട്ട രക്ഷനേടൽ സാധ്യമല്ല. വലിയ മതിൽക്കെട്ടും, ഗേറ്റിൽ ഗൂർഖയുടെ കാവലും ഇലക്‌ട്രോണിക്‌ സർവെയിലൻസും കൊണ്ടൊന്നും സമ്പന്നർക്ക്‌ സുരക്ഷ കിട്ടില്ല. അയൽപക്കത്തുള്ള ആളുകളുടെ സ്‌നേഹവും വിശ്വാസവുമാണ്‌ ഏതു കുടുംബത്തിന്റെയും ഏറ്റവും വലിയ സുരക്ഷ. ``അവരെങ്ങനെയും തുലയട്ടെ, ഞാനും കുടുംബവും രക്ഷപ്പെട്ടോളാം എന്ന്‌ കരുതുന്നത്‌ മണ്ടത്തരമാകും. നമുക്ക്‌ ഒന്നിച്ചേ രക്ഷപ്പെടാൻ പറ്റൂ,`` എന്റെ കുട്ടി പഠിക്കുന്ന സ്‌കൂൾ മാത്രം നന്നായാൽ പോരാ, എല്ലാ സ്‌കൂളുകളും നന്നാകണം. എല്ലാ ആശുപത്രിയും നന്നാകണം. പൊതുഗതാഗത സംവിധാനം നന്നാകണം. പൊതുഭക്ഷ്യവിതരണം കാര്യക്ഷമമാകണം. അതുകൊണ്ടുതന്നെ, നാം നേരിടുന്ന പ്രശ്‌നങ്ങൾക്ക്‌ കൂട്ടായ പരിശ്രമത്തിലൂടെയുള്ള സാമൂഹികമായ പരിഹാരങ്ങളാണ്‌ വേണ്ടത്‌.

ഒരുവിധത്തിൽ പറഞ്ഞാൽ, അത്‌ കേരളം ഇന്നലെവരെ വന്ന വഴിയാണ്‌. സംഘടിതമായ പ്രക്ഷോഭങ്ങളിലൂടെയും വിലപേശലിലൂടെയും സമരങ്ങളിലൂടെയുമാണ്‌ നാമിവിടെ എത്തിയത്‌. പക്ഷേ, ജനങ്ങളിൽ ഒരു വിഭാഗത്തിന്‌ സ്വന്തം കാലിൽ നിൽക്കാനുള്ള ത്രാണി കിട്ടിയപ്പോൾ അവർക്ക്‌ സമരങ്ങളോടും പ്രക്ഷോഭങ്ങളോടും പുച്ഛമായി! ഇനി ആവിധ ``ശല്യം ഒന്നുംകൂടാതെ കൈവന്ന സൗഭാഗ്യങ്ങൾ അനുഭവിക്കാനാണ്‌ അവർക്കു താൽപര്യം. ഒരുകാലത്ത്‌ അവരിൽ നിന്ന്‌ വളരെയൊന്നും വ്യത്യസ്‌തരല്ലാതിരുന്നവരും അവർക്കു കിട്ടിയ അനുകൂല അവസരങ്ങളൊന്നും കിട്ടാതിരുന്നവരുമായ ഒരുകൂട്ടം ഇപ്പോഴും വികസനത്തിന്റെ പുറമ്പോക്കിൽ കഴിയുന്നു എന്നത്‌ അവരെ അലോസരപ്പെടുത്തുന്നില്ല!

പണ്ടുകാലത്ത്‌ നാട്ടിൻപുറങ്ങളിൽനിന്ന്‌ പഠിക്കാനായി തിരുവനന്തപുരത്തേക്കോ മദിരാശിയിലേക്കൊ ചേക്കേറുന്നത്‌ ചെറുപ്പക്കാരുടെ പതിവായിരുന്നു. അവരിൽ ചിലരെങ്കിലും പഠിച്ചു നല്ല ഉദ്യോഗം കിട്ടിക്കഴിഞ്ഞാൽ പിന്നെ സ്വന്തം സഹോദരങ്ങളെയും അച്ഛനെയും അമ്മയെയും പോലും മറക്കും. (ഒരു കാലത്തെ മലയാളസാഹിത്യത്തിലെ സ്ഥിരം പ്രമേയമായിരുന്നല്ലോ ഇത്‌). വീട്‌ പണയപ്പെടുത്തിയോ, അല്ലെങ്കിൽ മറ്റനേകം ത്യാഗം സഹിച്ചോ ആയിരിക്കാം ഈ ഒരുവനെ പഠിപ്പിച്ചത്‌. അവരുടെ ത്യാഗത്തിന്മേലാണ്‌ തന്റെ ഉയർച്ച എന്നത്‌ മറക്കാനാണ്‌ അക്കൂട്ടർ ശ്രമിച്ചത്‌. ഒരുപക്ഷേ, സമൂഹമെന്ന നിലയിൽ നമ്മളും ഇത്തരത്തിൽ കുറ്റക്കാരാകാം. ഒരു കുട്ടിയെ സർവകലാശാല കടത്താൻ പത്ത്‌ കർഷകരുടെ അധ്വാനം ആവശ്യമാണ്‌ എന്ന്‌ (പഴയ) ചൈനയിൽ ഒരു ചൊല്ലുണ്ടായിരുന്നു. അത്‌ ഇപ്പോഴും ഇവിടെയും ബാധകമാണ്‌. തങ്ങളുടെ ശമ്പളവും പെൻഷനും ഉയർന്ന വരുമാനവും എല്ലാം അന്തിമമായി വരുന്നത്‌ പാടത്തും പറമ്പിലും തോട്ടത്തിലും ഫാക്‌ടറിയിലും പണിയെടുക്കുന്ന തൊളിലാളിയുടെ വിയർപ്പിൽ നിന്നാണെന്ന്‌ ഇടത്തരക്കാർ ഓർക്കണം. എന്തെന്നാൽ അവർ മാത്രമേ യഥാർഥത്തിൽ സമ്പത്തുണ്ടാക്കുന്നുള്ളൂ. ബാക്കിയെല്ലാം അതിനെ സഹായിക്കാനോ ആ പേരിലോ നടത്തുന്ന തന്ത്രങ്ങളിലൂടെയുള്ള വിതരണം മാത്രം. ഉൽപാദനമേഖലക്ക്‌ താങ്ങി നിർത്താൻ കഴിയുന്നിടത്തോളം മാത്രമേ ആത്യന്തികമായി സേവന മേഖലക്ക്‌ നിലനിൽപ്പുള്ളൂ. ഈ സത്യം മറന്നുകൊണ്ടാണ്‌ നാം ഉൽ പാദനമേഖലയിൽ പണിയെടുക്കുന്നവർക്കു കിട്ടുന്നതിനേക്കാൾ എത്രയോ അധികം വരുമാനം സേവനമേഖലയിൽ കിട്ടത്തക്കവിധം നമ്മുടെ സാമ്പത്തികക്രമം ക്രമീകരിച്ചിരിക്കുന്നത്‌. വേതനങ്ങളിലുള്ള ഈ അസമത്വങ്ങളും കുറച്ചുകൊണ്ടുവരേണ്ടതുണ്ട്‌. അതുപോലെ, പെൻഷൻ, പ്രൊവിഡന്റ്‌ ഫണ്ട്‌, സൗജന്യവൈദ്യസേവനം തുടങ്ങിയ ജീവിതസുരക്ഷാഉപാധികൾ സംഘടിതമേഖലയിലെ ചെറുന്യൂന പക്ഷത്തിനു മാത്രമല്ല, എല്ലാ പൗരരുടെയും ജന്മാവകാശമാക്കണം. മുതലാളിത്തരാജ്യങ്ങൾ പോലും ഏതെങ്കിലും വിധത്തിലുള്ള സോഷ്യൽ സെക്യൂരിറ്റി സ്‌കീമുകൾ നടപ്പിലാക്കിയിട്ടുണ്ട്‌. നമ്മുടെ നാട്ടിലാണ്‌ അന്നം നേടുന്നയാൾക്കെന്തെങ്കിലും സംഭവിച്ചാൽ കുടുംബം വഴിയാധാരമാകുന്നത്‌. നാം വിഭാവനം ചെയ്യുന്ന കേരളത്തിൽ ഈ സാമൂഹികസുരക്ഷ നടപ്പാക്കുന്നതിനാകണം ഏറ്റവും വലിയ മുൻഗണന. അതിനായി വേണ്ട തുക മാറ്റിവച്ചിട്ട്‌ ബാക്കിയുള്ള വിഭവങ്ങൾ മാത്രമേ നമുക്ക്‌ അനുഭവിക്കാനവകാശമുള്ളൂ. അല്ലാതുള്ളത്‌ പിടിച്ചുപറിയാണ്‌. അതിനുള്ള മാർഗം സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ ചെയ്യുന്നതുപോലെ സമ്പന്നവിഭാഗത്തിന്റെ നികുതിഭാരം വർധിപ്പിക്കുക എന്നതാണ്‌. താരതമ്യേന സമ്പത്തും വരുമാനവും കൂടുതലായി അനുഭവിക്കുന്നവർ, കൂടുതൽ നികുതിഭാരം വഹിക്കാൻ നിർബന്ധിതമാകണം. വരുമാനമുള്ളവർ അതിനനുസരിച്ചുള്ള നികുതി നൽകുന്ന മനോഭാവത്തിലേക്ക്‌ ഉയരുകയും വേണം. അതുപോലെ, പലവിധത്തിലും നികുതിവെട്ടിപ്പും കള്ളപ്പണസംഭരണവും നടത്തുന്ന വിഭാഗത്തെയും നിയമത്തിൻകീഴിൽ കൊണ്ടുവരേണ്ടതുണ്ട്‌.

സുസ്ഥിരവികസനം

മറ്റുള്ളവർക്കുകൂടി അവകാശപ്പെട്ട സമ്പത്ത്‌ കൈവശപ്പെടുത്തി അനുഭവിക്കുന്നതിൽ ഒരുപക്ഷെ സമ്പന്നർക്ക്‌ വലിയ മന:ക്ലേശം ഉണ്ടായെന്നുവരില്ല. (അത്‌ ശീലമായിപ്പോയല്ലോ!) പക്ഷേ അത്‌ മാത്രമല്ല ഇന്ന്‌ സംഭവിക്കുന്നത്‌. അവരുടെതന്നെ കുട്ടികൾ കൂടി ഉൾപ്പെടുന്ന ഭാവിതലമുറക്ക്‌ അവകാശപ്പെട്ട സമ്പത്താണ്‌ അവർ ഇന്ന്‌ ധൂർത്തടിക്കുന്നത്‌ എന്നത്‌ ഏവരുടെയും ഉറക്കം കെടുത്തേണ്ടതല്ലേ? ഭാവിതലമുറയുടെ ജീവിതം ദുഷ്‌കരമാക്കുന്ന തരത്തിലുള്ള നാശനഷ്‌ടങ്ങളാണ്‌ നാം ഈ ഭൂമിയിൽ വരുത്തുന്നത്‌. അങ്ങനെയാണ്‌ ഇന്നത്തെ പോക്ക്‌. നാം നമ്മുടെ സുഖത്തിനും ആഡംബരത്തിനും വേണ്ടിചെയ്യുന്ന പല കാര്യങ്ങളും ഈ ഭൂമിയിലും ഇവിടെ ജീവിതം സാധ്യമാക്കുന്ന പ്രകൃതിവ്യവസ്ഥകളിലും തിരുത്താനാവാത്ത പരിക്ക്‌ ആണ്‌ ഏൽപിച്ചുകൊണ്ടിരിക്കുന്നത്‌. അത്‌ താമസിയാതെ നമുക്കുതന്നെ കണ്‌ഠ കോടാലി ആകുകയും ചെയ്യും. ഓസോൺപാളിയിലെ ക്ഷയം, അന്തരീക്ഷതാപനം, കാലാവസ്ഥയെ മാറ്റിമറിക്കൽ, പരിസരമലിനീകരണം, ജലശോഷണം, നദികളെ നശിപ്പിക്കൽ, കാട്‌ വെട്ടിത്തെളിക്കൽ, ചതുപ്പ്‌ നികത്തൽ, കുന്നിടിക്കൽ എന്നിങ്ങനെ ആ ലിസ്റ്റ്‌ നീളുന്നു. ഓരോ പ്രശ്‌നം എടുക്കുമ്പോഴും നമ്മുടെ ചിന്ത ``ഈ ഭൂമി എത്ര വലുതാണ്‌. ഇവിടെ ഈ ഇത്തിരി നാശം വരുത്തി എന്നതുകൊണ്ട്‌ ഭൂമിക്കു എന്തുസംഭവിക്കാനാണ്‌ എന്നായിരിക്കും. പക്ഷെ ഭൂമിക്കു താങ്ങാനാവുന്ന ക്ഷതത്തിന്‌ ഒരു പരിധിയുണ്ട്‌. ആ പരിധി പല കാര്യങ്ങളിലും എന്നോ അതിക്രമിച്ചിരിക്കുന്നു. ഈ പോക്ക്‌ സർവനാശത്തിലേ കലാശിക്കൂ എന്നതിന്‌ ധാരാളം മുന്നറിയിപ്പുകൾ കിട്ടിക്കഴിഞ്ഞു. പക്ഷെ പാലം കുലുങ്ങിയാലും കുലുങ്ങാത്ത കേളന്മാരായി നാം അപകടത്തിലേക്ക്‌ കൂപ്പുകുത്തുകയാണ്‌.

സാമൂഹികനിയന്ത്രണമെന്ന സുവർണ നിയമം

സമ്പന്നരാജ്യങ്ങളുടെയും, എല്ലാ രാജ്യങ്ങളിലെ സമ്പന്നരുടെയും, ഉപഭോഗജ്വരം ത്യജിച്ചകൊണ്ട്‌ മാത്രമേ ഈ അപകടത്തിൽ നിന്നു രക്ഷപ്പെടാനാകൂ. അതിനാദ്യം വേണ്ടത്‌ ഭൂമിയുൾപ്പടെയുള്ള എല്ലാ വിഭവങ്ങളുടെയും ഉപഭോഗത്തിൽ സാമൂഹികനിയന്ത്രണം അംഗീകരിക്കുകയാണ്‌ വേണ്ടത്‌. കാശുണ്ടെന്ന്‌ കരുതി എന്തും ഏതളവിലും വാങ്ങാനും ധൂർത്തടിക്കാനും ആർക്കും അവകാശമുണ്ടാകരുത്‌.

എല്ലാ കാര്യങ്ങളും വിപണി നിയന്ത്രിക്കുന്ന ഒരു വ്യവസ്ഥയിലേക്കാണ്‌ നാമിന്ന്‌ പോയിക്കൊണ്ടിരിക്കുന്നത്‌. ഇത്‌ നാം സ്വമേധയാ എടുത്ത ഒരു തീരുമാനമല്ല. നേരെ മറിച്ച്‌, സമ്പത്തിന്റെ കാര്യത്തിൽ പലവിധ നിയന്ത്രണങ്ങളുള്ള ഒരു വ്യവസ്ഥയാണ്‌ കേരളത്തിലും ഒരു പരിധിവരെ ഇന്ത്യയിലും നിലനിന്നിരുന്നത്‌. ആ നിയന്ത്രണങ്ങളെല്ലാം നീക്കി, മുതൽ മുടക്കാൻ തയ്യാറുള്ളവർക്ക്‌ സർവതന്ത്രസ്വതന്ത്രമായി ലാഭമുണ്ടാക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുക എന്ന രീതി ഇന്ത്യയിലും കൊണ്ടുവരണം എന്നതാണ്‌ ആഗോളസാമ്പത്തികശക്തികളുടെ ലക്ഷ്യം. എങ്കിൽമാത്രമേ അവർക്ക്‌ ഇന്ത്യയിലും നിക്ഷേപം നടത്തി ലാഭമുണ്ടാക്കാൻ കഴിയൂ. മുതൽ എപ്പോഴും പെരുകിക്കൊണ്ടിരിക്കണം. അതാണ്‌ അതിന്റെ സ്വഭാവം. അതിനുള്ള അവസരങ്ങൾ അവരുടെ രാജ്യത്തു മതിയാകാതെ വരുമ്പോഴാണ്‌ അവർ കോളനികൾ പിടിച്ചടക്കുന്നതും പുതിയ കമ്പോളങ്ങൾ കണ്ടെത്തുന്നതും. നമ്മളാകട്ടെ നമ്മുടെ ഉൽപാദകരെ സംരക്ഷിക്കാനായി നമ്മുടെ കമ്പോളത്തിലേക്കുള്ള പ്രവേശനം പലവിധ തീരുവകളിലൂടെയും നിയമങ്ങളിലൂടെയും നിയന്ത്രിച്ചുവച്ചിരിക്കുകയായിരുന്നു. അങ്ങനെയാണ്‌ നമ്മുടെ പല വ്യവസായങ്ങളും കൃഷിയും സംരക്ഷിക്കപ്പെട്ടതും വളർന്നതും. വെളിച്ചെണ്ണയുടെ ഇറക്കുമതി നിയന്ത്രിച്ചാലേ നമ്മുടെ നാളികേരത്തിന്‌ നല്ല വില കിട്ടൂ. അതുപോലെ റബ്ബറിന്റെ കാര്യവും. പക്ഷെ, ഇപ്പോൾ വിദേശശക്തികളുടെ സമ്മർദ്ദത്തിനുവഴങ്ങി നാം നമ്മുടെ കമ്പോളം തുറന്നുകൊടുക്കുകയാണ്‌. വിദേശശക്തികൾ മാത്രമല്ല, ഈ പുതിയ വ്യവസ്ഥിതിയിൽ നിന്ന്‌ ഗുണമുണ്ടാകുന്ന നാടൻ മുതലാളിമാരും ഇതിനെ അനുകൂലിക്കുന്നു. അതിനായി സമ്മർദ്ദം ചെലുത്തുന്നു. അവർക്ക്‌ വഴങ്ങുന്ന ഒരു അധികാരവ്യവസ്ഥയാണ്‌ ദൗർഭാഗ്യവശാൽ ഇന്ന്‌ നമ്മുടെ നാട്ടിലുള്ളത്‌. വിദേശത്തുനിന്നുള്ള ചരക്കുകൾ മാത്രമല്ല മൂലധനവും വരണമെന്നാണ്‌ അവരുടെ ആഗ്രഹം. ആ മൂലധനം കൊണ്ട്‌ നമ്മുടെ ഓഹരി വിപണി പുഷ്‌ടിപ്പെടും എന്നാണവർ കരുതുന്നത്‌. ഓഹരി വിപണിയുടെ ഉയർച്ചയാണ്‌ രാജ്യത്തിന്റെ അഭിവൃദ്ധി എന്ന്‌ ഭരണകൂടം ധരിച്ചുവശായിരിക്കുന്നു. വിദേശനിക്ഷേപകരെ ആകർഷിക്കാനായി, നാം ദീർഘകാലമായി നിലനിർത്തിയിരുന്ന പല നിയമങ്ങളും മാറ്റിക്കഴിഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങളിലും ആനുകൂല്യങ്ങളിലും വെള്ളം ചേർക്കപ്പെടുന്നു. ആരെയും എപ്പോഴും പിരിച്ചുവിടാവുന്ന, ജോലിസ്ഥിരതയോ ജീവിതസ്ഥിരതയോ ഇല്ലാത്ത, ഒരു വ്യവസ്ഥയിലേക്കാണ്‌ കാര്യങ്ങൾ പോകുന്നത്‌. ഇന്ന്‌ സ്ഥിരജോലിയുള്ള ആളുകളുടെ മക്കളും ഈ ഭീഷണി നേരിടുന്നുണ്ടാകാം. വിദേശത്തെ വികസിതരാജ്യങ്ങളിൽ അത്യാവശ്യം സാമൂഹികസുരക്ഷാവലയം ഒരുക്കിയതിന്‌ ശേഷം മാത്രമാണ്‌ അവർ ``ഹയർ ആൻഡ്‌ ഫയർ രീതി (അതായത്‌, ഇഷ്‌ടം പോലെ നിയമിക്കുകയും പിരിച്ചുവിടുകയും ചെയ്യാനുള്ള അവകാശം) കൊണ്ടുവന്നത്‌. പക്ഷെ യാതൊരുവിധ സാമൂഹിക സുരക്ഷയും ഒരുക്കാത്ത നാം ഈ രീതി പകർത്തുമ്പോൾ കാണിക്കുന്നത്‌ സുരക്ഷാവലയം പോലുമില്ലാത്ത ട്രപ്പീസഭ്യാസമാണ്‌! ജീവിതസ്ഥിരതയും സുരക്ഷയുമില്ലാത്ത, ജനങ്ങളെ ഉത്‌കണ്‌ഠയുടെ മുൾമുനയിൽ നിർത്തുന്ന ഒരു വികസനമാതൃകയുടെ പിന്നിൽ വ്യക്തമായ ഒരു രാഷ്‌ട്രീയമുണ്ട്‌. അത്‌ തിരിച്ചറിയപ്പെടുകയും എതിർക്ക പ്പെടുകയും വേണം.

ഭൂമി പൊതുസ്വത്ത്‌

ഇന്ന്‌ കേരളത്തിൽ സമ്പത്തുൽപാദനമെന്ന പേരിൽ നടക്കുന്നത്‌ പ്രധാനമായും റിയൽ എസ്റ്റേറ്റ്‌ കച്ചവടവും കെട്ടിടനിർമാണവുമാണ്‌. ഇത്‌ രണ്ടും കൊണ്ട്‌ യഥാർഥസമ്പത്ത്‌ ഉണ്ടാകുന്നില്ല. എന്നുതന്നെ യല്ല, ഈ മേഖല മാഫിയകളുടെ നിയന്ത്രണത്തിലേക്ക്‌ വഴുതിവീണുകൊണ്ടിരിക്കുകയുമാണ്‌. ഇതുമൂലം സ്ഥലത്തിന്റെ വില വാണം പോലെ കുതിച്ചുകയറുന്നത്‌ യഥാർഥത്തിൽ സമ്പത്തുൽപാദിപ്പി ക്കുന്ന കൃഷിക്കും വ്യവസായത്തിനും ഭീഷണിയുമാകുന്നു. സ്ഥലവില ഈ വിധത്തിൽ ഉയർന്നാൽ ഒരു കൃഷിയും മുതലാവില്ല. ഒരു വ്യവ സായവും മുതലാവില്ല. അതുകൊണ്ടാണ്‌ വൻലാഭമുണ്ടാക്കുന്ന ഐ.ടി കമ്പനികൾ പോലും സർക്കാർ സ്ഥലമെടുത്ത്‌ വ്യവസായ പാർക്ക്‌ ഉണ്ടാക്കിയാൽ മാത്രമേ തങ്ങൾക്കു പ്രവർത്തിക്കാനാവൂ എന്ന്‌ വാശി പിടിക്കുന്നത്‌. എങ്ങനെയും സ്ഥലത്തിന്റെ മേലുള്ള ഊഹ ക്കച്ചവടവും വിലക്കയറ്റവും നിയന്ത്രിച്ചേ മതിയാവൂ.

ഇതെങ്ങനെ സാധിക്കും? പരിഷത്ത്‌ മുന്നോട്ടുവച്ചിട്ടുള്ള ഒരു വഴി, ഭൂമിയുടെ വാങ്ങലും വിൽപനയും ഒരു ലാൻഡ്‌ബാങ്ക്‌ മുഖേന മാത്രമേ ആകാവൂ എന്ന്‌ നിഷ്‌കർഷിക്കുകയാണ്‌. എനിക്ക്‌ ഒരു തുണ്ട്‌ ഭൂമി വിൽക്കാനുണ്ടെങ്കിൽ അത്‌ ബാങ്കിനെ ഏൽപിക്കണം. അവരത്‌ പരസ്യപ്പെടുത്തി ലേലത്തിന്‌ വച്ച്‌ വിറ്റ്‌ എനിക്ക്‌ വില തരും. ഒരു ചെറിയ കമ്മീഷനും എടുക്കും. അതുപോലെ പ്ലോട്ട്‌ വാങ്ങാനാഗ്രഹിക്കുന്നവർ, ബാങ്കിനെ സമീപിച്ചു അവരുടെ ലിസ്റ്റിൽ നിന്ന്‌ ആവശ്യത്തിനുള്ള സ്ഥലം തെരഞ്ഞെടുക്കാം. അതിനും തുറന്ന ലേലം ഉണ്ടായിരിക്കും. ആവശ്യക്കാർക്ക്‌ ന്യായമായ വിലക്ക്‌ കച്ചവടം നടക്കും. പക്ഷെ, ഇടനിലക്കാരും ഏജന്റുമാരും ഉണ്ടാവില്ല, നിശ്ചിത ആവശ്യത്തിനു മാത്രമേ ഭൂമി ഉപയോഗിക്കാവൂ. മറിച്ചുവിൽപന പാടില്ല. ആവശ്യമില്ലെങ്കിൽ ഭൂമി ബാങ്കിന്‌ തന്നെ മടക്കി ക്കൊടുക്കാം. സ്വതന്ത്രമായി വീടുള്ളവർ രണ്ടാമതൊരു വീടോ ഫ്‌ളാറ്റോ വാങ്ങുന്നതും പണിയുന്നതും കർശനമായി നിയന്ത്രിക്കണം. ഭൂമിയെ ഒരു നിക്ഷേപ മാക്കുന്ന രീതി അവസാനിപ്പിക്കുകയാണ്‌ ലക്ഷ്യം. ഭൂമി ഒരു ഉൽ പാദനഉപാധിയാണ്‌. ഊഹക്കച്ചവടത്തിനുള്ള ചരക്കല്ല. ഇങ്ങനെ യൊരു രീതി നമുക്ക്‌ ആവശ്യപ്പെടരുതോ?

കേരളത്തിൽ ആവശ്യമുള്ളതിനേക്കാൾ 20% കൂടുതൽ വീടുകളും ഫ്‌ളാറ്റുകളും ഇപ്പോഴുണ്ട്‌. അതേ സമയം, താഴത്തെ പകുതിയിലുള്ള 5 ലക്ഷം കുടുംബങ്ങൾക്ക്‌ വീടില്ല. വീട്‌ പണിയാൻ പറ്റുകയുമില്ല. എന്തെന്നാൽ സ്ഥലമില്ല. ഉള്ളതിന്‌ തീവിലയും. ഇതിനുവേറൊരു വശം കൂടിയുണ്ട്‌. അമിതവും അനാവശ്യവുമായ കെട്ടിടനിർമാണമാണ്‌ മണ്ണിനും കല്ലിനും വെള്ളത്തിനുമുള്ള ഡിമാണ്ട്‌ വർധിപ്പിക്കുന്നത്‌. അതാണ്‌ കുന്നിടിക്കാനും ചതുപ്പ്‌ നികത്താനും കായൽ കയ്യേറാനും പുഴയിൽ നിന്നു അമിതമായ മണൽവരാനും പ്രേരകമാകുന്നത്‌. കേരളത്തിലെ പ്രകൃതിനാശത്തിന്റെ ഒരു പ്രധാനകാരണം നിർമാണമേഖലയുടെ ഈ അനാരോഗ്യകരമായ വളർച്ചയാണ്‌. ഭൂമി കൈമാറ്റത്തിനും പ്രകൃതിവിഭവചൂഷണത്തിനും ശക്തമായ സാമൂഹികനിയന്ത്രണം നടപ്പിലാക്കാനായാൽ ഇതിന്‌ ഒരു അറുതി വരും. താമസിക്കാൻ മാത്രമേ വീട്‌ വയ്‌ക്കൂ. ഫ്‌ളാറ്റ്‌ വാങ്ങിച്ചു മറിച്ചുവിൽക്കുന്നതിനായി വെറുതെയിടുന്ന പതിവും അവസാനിക്കും.

ഉൽപാദനാധിഷ്‌ഠിത വികസനം

കേരളത്തിലിന്ന്‌ കാണുന്നത്‌ കൂടുതൽ കൂടുതൽ ആളുകൾ ഉൽപാദനമേഖലയിൽ നിന്ന്‌ കച്ചവടം പോലുള്ള സേവനങ്ങളിലേക്ക്‌ മാറുന്നതാണ്‌. അതിന്റെ ഫലമായി നമുക്കാവശ്യമുള്ള മിക്ക സാധനങ്ങളും വെളിയിൽ നിന്നുകൊണ്ടുവരേണ്ടിവരുന്നു. ഇത്‌ ആരോഗ്യകരമല്ല. ഒരർഥത്തിൽ, ഇത്‌ തന്നെയാണ്‌ ഇവിടത്തെ തൊഴിലില്ലായ്‌മയു ടെയും കാരണം. നമ്മുടെ യുവാക്കൾക്ക്‌ തൊഴിലുകിട്ടാനുള്ള ഒരു പ്രധാനമാർഗം നമുക്കാവശ്യമുള്ള, അല്ലെങ്കിൽ കയറ്റി അയക്കാവുന്ന സാധനങ്ങൾ ഉണ്ടാക്കുന്നതിലൂടെ ആണല്ലോ. അവയെല്ലാം പുറത്തുനിന്ന്‌ വരികയാണെങ്കിൽ അവയുണ്ടാക്കുന്നതിലൂടെ സൃഷ്‌ടിക്കപ്പെടുന്ന തൊഴിലുകളും പുറത്തുതന്നെയാണല്ലോ ഉണ്ടാകുക. അപ്പോൾ നമ്മുടെ യുവാക്കൾക്ക്‌ പുറത്തുപോയി ജോലി ചെയ്യേണ്ടിവരുന്നു. ഈ സാധനങ്ങളിൽ ആവുന്നതൊക്കെ ഇവിടെത്തന്നെ ഉണ്ടാക്കിയാൽ, അത്രയും തൊഴിലവസരങ്ങൾ ഇവിടെയുണ്ടാകാം. അത്രത്തോളം നമ്മുടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുകയും ചെയ്യും. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരുപാട്‌ ചെറുകിടസംരംഭങ്ങൾ തുടങ്ങിയിട്ടുണ്ട്‌. അവയിൽ പലതും ലാഭകരമല്ല. അതിനുള്ള പ്രധാന കാരണം വിൽപന നടക്കാത്തതാണ്‌. വസ്‌ത്രമായാലും ഭക്ഷണ മായാലും ആളുകൾക്ക്‌ പുറത്തുനിന്നുവരുന്ന ബ്രാൻഡഡ്‌ സാധനങ്ങളേ വേണ്ടു. ഇതു മാറേണ്ടേ? നമ്മുടെ അയൽപ്പക്കത്ത്‌ സഹോദരി ഉണ്ടാക്കുന്ന സോപ്പോ പലഹാരമോ ഉടുപ്പോ എന്തുകൊണ്ട്‌ നമുക്ക്‌ വാങ്ങിക്കൂടാ? (തീർച്ചയായും അത്‌ നല്ല ഗുണനിലവാരമുള്ളതായിരിക്കണം) പക്ഷേ, പലപ്പോഴും ഗുണനിലവാരത്തേക്കാൾ പരസ്യത്തിൽ കാണുന്ന പൊലിമയാണ്‌ നമ്മെ നയിക്കുന്നത്‌. ഇത്‌ മാറണം. ഗുണനിലവാരം തൃപ്‌തികരമാണെങ്കിൽ അയൽപ്പക്കഉൽപന്നങ്ങളേ വാങ്ങൂ എന്ന്‌ നമുക്ക്‌ പ്രതിജ്ഞയെടുക്കരുതോ? അത്‌ നമ്മുടെ നാട്ടിൽ തന്നെ കൂടുതൽ തൊഴിൽ ഉണ്ടാക്കും. സമ്പത്ത്‌ വർധിപ്പിക്കും. അതിന്റെ ഗുണം നമുക്കും കിട്ടും. നമ്മളോരോരുത്തരും ഉപഭോക്താവുമാത്രമല്ല ഉൽപാദകനും കൂടിയാണല്ലോ. എന്തെങ്കിലും സാധനമോ സേവനമോ നാമും ഉണ്ടാക്കുന്നുണ്ടല്ലോ. നാം ഓരോ സാധനം വാങ്ങുമ്പോഴും ആലോചിക്കണം : `` ഞാൻ കൊടുക്കുന്ന പണം എങ്ങോട്ടാണ്‌ പോകുന്നത്‌? അത്‌ അയൽപ്പക്കത്തെ വീട്ടിൽ ഭക്ഷണമായിട്ടാണോ അതോ ഏതെങ്കിലും ബഹുരാഷ്‌ട്രകമ്പനിയുടെ ലാഭമായിട്ടാണോ പോകുന്നത്‌? ആ വിവേചനത്തോടെ നാം വിപണിയെ നേരിടുമ്പോഴാണ്‌ ഉപഭോഗവും ഒരു ആയുധമാകുന്നത്‌. വിപണി നിയന്ത്രിക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ പോലും അതിന്റെ ശക്തി അപാരമാണെന്നാണ്‌ സംഘടിത ഉപഭോക്തൃപ്രസ്ഥാനങ്ങൾ തെളിയിച്ചിട്ടുള്ളത്‌.

അപ്പോൾ എങ്ങനെയുള്ള ഒരു ഭാവികേരളമാണ്‌ നാം ആഗ്രഹി ക്കുന്നത്‌?

നാം വിഭാവനം ചെയ്യുന്ന കേരളത്തിൽ എല്ലാവർക്കും വീടും ഭക്ഷണവും വിദ്യാഭ്യാസവും ആരോഗ്യസേവനവും ഉറപ്പാക്കിയിരിക്കണം എന്നതിൽ സംശയമില്ല. പൊതുവിദ്യാലയങ്ങളും ആശുപത്രികളും സൗജന്യമായാൽ മാത്രം പോരാ, അവിടത്തെ സേവനങ്ങളും മികച്ചതായിരിക്കണം. അവശർക്കും ആർത്തർക്കും ആലംബഹീനർക്കും താങ്ങും തണലും അവകാശമായിത്തന്നെ കിട്ടണം. ആ ഭാരം വഹിക്കാൻ, വർധിച്ച നികുതിഭാരത്തിലൂടെ, സ്ഥിരംജോലിയുള്ളവരും ഉയർന്ന വരുമാനക്കാരും തയ്യാറാകണം. പ്രാദേശികഉൽപാദനം വർധിപ്പിച്ച്‌ കൂടുതൽ തൊഴിലവസരങ്ങൾ ഇവിടെത്തന്നെ ഉണ്ടാക്കണം. ഗൾഫ്‌ രാജ്യങ്ങളിലെ സമൃദ്ധിയെ ആശ്രയിച്ചുള്ള ആകാശക്കൊട്ടാരം കെട്ടൽ അപകടമാണ്‌. ഗുണമേന്മ ഉറപ്പുവരുത്തിയാൽ കഴിവതും പ്രാദേശികഉൽപന്നങ്ങളേ വാങ്ങൂ എന്ന്‌ നാം തീരുമാനിക്കണം. അതായത്‌ കേവലമായ സാമ്പത്തികവളർച്ചയിലും കമ്പോളമൂല്യങ്ങളിലും ഊന്നുന്ന ഒരു സാമൂഹികക്രമത്തിനുപകരം സാമൂഹികനീതി പുലരുന്നതും, സുസ്ഥിരത ഉറപ്പാക്കുന്നതും, ജനാധിപത്യം മതനിരപേക്ഷത, ശാസ്‌ത്രബോധം തുടങ്ങിയ മൂല്യങ്ങളിൽ അടിയുറച്ചതുമായ പുതിയൊരു കേരളമാണ്‌ നാം വിഭാവനം ചെയ്യുന്നത്‌. അങ്ങനെയുള്ള ഒരു കേരളമായിരിക്കണം നാം നമ്മുടെ കുട്ടികൾക്ക്‌ കൈമാറേണ്ടത്‌.

ഇതെല്ലാം താനേ നടക്കുന്നതല്ല. ആരെങ്കിലും മുകളിൽനിന്ന്‌ കനിഞ്ഞനുഗ്രഹിച്ച്‌ തരുന്നതുമല്ല. നമ്മളെല്ലാവരും കൂടി ശ്രമിച്ചാൽ മാത്രമേ ഇതെല്ലാം നടക്കൂ. കേരളത്തിൽ മാത്രമായി ഈ ശ്രമങ്ങൾ സാധ്യമാണോ എന്ന ചോദ്യം തീർച്ചയായും പ്രസക്തമാണ്‌. ആഗോളതലത്തിലും ദേശീയതലത്തിലും ഉള്ള കാര്യങ്ങളോട്‌ പ്രതികരിച്ചും പങ്കാളിയായുമാണ്‌ ഇവിടെയും മാറ്റങ്ങൾ സംഭവിക്കുന്നത്‌. അത്തരം മാറ്റങ്ങൾക്കിടവരുത്തുന്ന തെറ്റായ നയസമീപനങ്ങൾ പലതും രാഷ്‌ട്രീയതീരുമാനങ്ങളുടെ ഫലമാണ്‌. അതിനാൽ അതിനെതിരെയുള്ള സമരം കേരളത്തിൽ മാത്രമല്ല, ദേശീയതലത്തിലും നടക്കേണ്ടുന്ന രാഷ്‌ട്രീയസമരമാണ്‌. ഒപ്പം അന്താരാഷ്‌ട്രതലത്തിലുള്ള സഹകരണവും പ്രതിരോധവും പ്രധാനമാണ്‌. എന്നാൽ ഇത്തരം രാഷ്‌ട്രീയപ്രതിരോധം മാത്രമല്ല പ്രസക്തമായിട്ടുള്ളത്‌. ശരിയായ ദിശയിലേക്ക്‌ ചൂണ്ടുന്ന മാതൃകകൾ സൃഷ്‌ടിക്കാനുള്ള നിർമാണപ്രവർത്തനവും വേണം. അതിന്‌ സഹായകമായ ഒരു സാംസ്‌കാരികാന്തരീക്ഷം സൃഷ്‌ടിക്കാൻ കഴിയണം. ഈ മേഖലകളിലെല്ലാമുള്ള ശരിയായ ദിശയിലുള്ള കൂട്ടായ ഇടപെടലാണ്‌ വികസനത്തിന്റെ രാഷ്‌ട്രീയം. പുതിയൊരു കേരളത്തിനായുള്ള ഈ പ്രവർത്തനങ്ങളെ പുതിയൊരിന്ത്യക്കായുള്ള ശ്രമങ്ങളുടെ ഭാഗമായാണ്‌ നാം കാണുന്നത്‌. അതിൽനിന്ന്‌ ആർക്കും മാറിനിൽക്കാനാവില്ല. മാറിനിൽക്കുന്നവർ ഇന്നത്തെ വിപണിസർവാധിപത്യത്തെയാണ്‌ തുണയ്‌ക്കുന്നത്‌. അത്‌ അരാഷ്‌ട്രീയതയല്ല, പ്രതിലോമരാഷ്‌ട്രീയമാണ്‌.