വേണം പശ്ചിമഘട്ടത്തെ ജീവനോടെ തന്നെ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വേണം പശ്ചിമഘട്ടത്തെ ജീവനോടെ തന്നെ
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം പരിസരം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം മെയ് 2014

വിവേകത്തിനുമേൽ വികാരത്തിന്‌ മേൽകൈ ലഭിച്ച പ്രതിഷേധ പ്രക്ഷോഭപ്രവർത്തനങ്ങളായിരുന്നു മാധവ്‌ ഗാഡ്‌ഗിൽ റിപ്പോർട്ട്‌ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ കേരളത്തിൽ പ്രത്യേകിച്ച്‌ ഇടുക്കി, വയനാട്‌ ജില്ലകളിൽ നടന്ന സമരങ്ങൾ. കാർഷിക വിരുദ്ധമെന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട സമരരൂപങ്ങൾ പശ്ചിമഘട്ടപ്രദേശത്ത്‌ ഒരു സംരക്ഷണവും ആവശ്യമില്ലെന്ന സമീപന ത്തിലേയ്‌ക്കും അതുവഴി സംവാദാത്മകമാക്കാമായിരുന്ന ഒരു അന്തരീക്ഷത്തെ ഇല്ലാതാക്കുന്ന സാഹചര്യത്തിലേയ്‌ക്കും എത്തിച്ചേർന്നു. ഡോ.മാധവ്‌ ഗാഡ്‌ഗിലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുള്ള റിപ്പോർട്ടായാലും ശരി, ഡോ.കസ്‌തൂരി രംഗന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുള്ള റിപ്പോർട്ടായാലും ശരി, കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ തയ്യാറാക്കിയ ഡോ.ഉമ്മൻ.വി.ഉമ്മന്റെ റിപ്പോർട്ടായാലും ശരി, വിശാലമായ അർത്ഥത്തിൽ കേരളത്തിലെ പശ്ചിമഘട്ടപ്രദേശത്തെ സംരക്ഷി ക്കുകയും സുസ്ഥിരവികസനം സാധ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യം മുൻനിർത്തി തയ്യാറാക്കിയിട്ടുള്ളതാണ്‌. ഈ സാഹ ചര്യത്തിൽ കേരളത്തിന്റെ വികസനവും പശ്ചിമഘട്ട സംരക്ഷണവും എന്ന രൂപത്തിൽ ഈ ചർച്ചകൾ വികസിച്ചു വരേണ്ടതുണ്ട്‌ എന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കരുതുന്നു. സംവാദാത്മകമായ ഒരന്തരീക്ഷം സൃഷ്‌ടിക്കാൻ കഴിയുന്ന വിധത്തിൽ പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച്‌ ഒരു ലഘുലേഖ കേരളസമൂഹസമക്ഷം പരിഷത്ത്‌ സമർപ്പിക്കുകയാണ്‌. 2014ലെ പരിസരദിനാചരണത്തിന്റെ ഭാഗമായി (ജൂൺ 5) `വേണം പശ്ചിമഘട്ടത്തെ ജീവനോടെ തന്നെ' എന്ന സന്ദേശം പ്രചരിപ്പിക്കാനാണ്‌ പരിഷത്ത്‌ ഉദ്ദേശിക്കുന്നത്‌. അതിനായി ഈ ലഘുലേഖകൂടി ഉപയോഗിക്കണമെന്ന്‌ സ്‌നേഹപൂർവം അഭ്യർത്ഥിക്കുന്നു.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌


പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം

സഹ്യാദ്രി എന്നുകൂടി അറിയപ്പെടുന്ന പശ്ചിമഘട്ടം വലിപ്പത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ പർവതനിരയാണ്‌. ഗുജറാത്തിന്റെ തെക്കു ഭാഗത്തുനിന്നാരംഭിച്ച്‌ കന്യാകുമാരിവരെ നീണ്ടുകിടക്കുന്ന പശ്ചിമ ഘട്ടത്തിന്‌ 1500 കിലോമീറ്ററോളം നീളമുണ്ട്‌. ആകെ വിസ്‌തൃതി 129037 ച. കിലോമീറ്റർ വരും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മേഖലകളിലൊന്നാണിത്‌. ഇന്ത്യയിലെ പ്രധാന നദികളായ കൃഷ്‌ണയും ഗോദാവരിയും കാവേരിയും ഇവിടെ നിന്നാണ്‌ ആരംഭിക്കുന്നത്‌. കേരളത്തിൽ നിന്നുമാത്രം 44 പുഴകളാണ്‌ പശ്ചിമഘട്ടത്തിൽ നിന്ന്‌ തുടങ്ങുന്നത്‌. പശ്ചിമഘട്ടത്തിന്റെ മറ്റൊരു പ്രാധാന്യം അതിന്റെ ജൈവവൈവിധ്യസമ്പന്നതയാണ്‌. ഹിമാലയം കഴിഞ്ഞാൽ ഏറ്റവും വലിയ ജൈവസമ്പന്നമാണ്‌ പശ്ചിമഘട്ടം. നൈസർഗ്ഗികജൈവസമ്പന്നതയാലും കാർഷികജൈവസമ്പന്നതയാലും ഔഷധസസ്യസമ്പന്നതയാലും സമ്പുഷ്‌ടമാണ്‌ ഈ മലനിര.

ലോകത്തിലെ ജൈവവൈവിധ്യസമ്പന്നമായ 35 സ്ഥാനങ്ങളിൽ ഒന്നാണ്‌ പശ്ചിമഘട്ടം. അതിൽത്തന്നെ, അപൂർവമായ എട്ട്‌ സ്ഥാന ങ്ങൾ തെരഞ്ഞെടുത്തതിലൊന്ന്‌ പശ്ചിമഘട്ടമാണ്‌. ഈ മലനിരകൾ ഓരോ പ്രദേശത്തും (നിത്യഹരിത ഉഷ്‌ണമേഖലാവനങ്ങൾ, ചോല മഴക്കാടുകൾ എന്നിങ്ങനെ) വിവിധ സസ്യ-ജന്തുവൈവിധ്യത്തിന്റെ ആവാസകേന്ദ്രമാണ്‌. സസ്യങ്ങളിൽ, രാജ്യത്തെ ആകെ പുഷ്‌പിക്കുന്ന ചെടികളിൽ 27%, അതായത്‌ 4000 ത്തോളം ഇനങ്ങൾ, 56.6% വരുന്ന (645 തരം) നിത്യഹരിതപുഷ്‌പങ്ങൾ, 682 ഇനം പായലുകൾ, 280 ഇനം വർണലതകൾ എന്നിവയൊക്കെ ഇവിടെ ഉണ്ട്‌. ജന്തുക്കളിൽ 350 തരം ഉറുമ്പുകൾ, 1000ത്തിൽപരമെങ്കിലും പ്രാണികൾ, 320 തരം ചിത്രശലഭങ്ങൾ, 174 തരം തുമ്പികൾ, 269 തരം ഒച്ചുകൾ, 288 തരം മത്സ്യങ്ങൾ, 500ലേറെ പക്ഷി ഇനങ്ങൾ, 120 തരം സസ്‌തനികൾ എന്നിവയെയും കാണുന്നു. ഇവയിൽ സിംഹവാലൻ കുരങ്ങടക്കം പലതും വംശനാശഭീഷണി നേരിടുന്നവയായതിനാൽ, എന്ത്‌ വില കൊടുത്തും സംരക്ഷി ക്കേണ്ടവയാണ്‌.

പശ്ചിമഘട്ടവനം 29 വിഭാഗത്തിൽപ്പെട്ട ആദിവാസികളുടെയും മറ്റ്‌ പലതരം വനവാസികളുടെയും വാസസ്ഥലമാണ്‌. പലതരം കുടിയേറ്റക്കാരും ഈ ഭൂപ്രദേശത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. ദക്ഷി ണേന്ത്യയുടെ അന്തരീക്ഷതാപനില, ആർദ്രത, വർഷപാതം, കാലാവസ്ഥ എന്നിവയൊക്കെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക്‌ വഹിക്കുന്നത്‌ പശ്ചിമഘട്ടമാണ്‌. പലതരം ധാതു പദാർഥങ്ങളും പ്രകൃതിവിഭവങ്ങളും ഇവിടെ ലഭ്യമാണ്‌. അതുകൊണ്ടു തന്നെ ഈ മലനിരകൾ അതിർത്തിയായി വരുന്ന സംസ്ഥാനങ്ങൾക്കും അവിടുത്തെ 26 കോടിയോളം വരുന്ന മനുഷ്യരടക്കം ഒട്ടേറെ ജീവജാലങ്ങൾക്കും ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥ തന്നെ യാണ്‌ പശ്ചിമഘട്ടം. കേരളത്തിലാണെങ്കിൽ 28,000ത്തിലധികം ച. കി.മീ. ഭൂമിയെയും (ആകെ ഭൂപ്രദേശത്തിന്റെ ഏതാണ്ട്‌ 75%), മൂന്ന്‌ കോടിയോളം ജനങ്ങളുടെ ജീവിതത്തെയും നേരിട്ട്‌ സ്വാധീനിക്കുന്ന ആവാസവ്യവസ്ഥയാണ്‌ ഈ പ്രദേശം.

ഈ പ്രാധാന്യമെല്ലാം ഉൾക്കൊള്ളുന്ന പശ്ചിമഘട്ടമിന്ന്‌ അതീവ ഗുരുതരമായ ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുന്നു. പശ്ചിമഘട്ട ത്തിലെ ജൈവവൈവിധ്യമാണ്‌ അതിഗുരുതരമായ തകർച്ചയിലേയ്‌ക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നത്‌. മറ്റൊന്ന്‌ വികസനപ്രവർത്തനങ്ങളുടെ പേരിൽ നടക്കുന്ന കയ്യേറ്റങ്ങളാണ്‌. ഖനനം, ടൂറിസം, മറ്റ്‌ കയ്യേറ്റങ്ങൾ ഇവയെല്ലാം ഇതിൽപെടുത്താം.

പശ്ചിമഘട്ടപരിസ്ഥിതിസംരക്ഷണം ഒറ്റപ്പെട്ട നടപടിയല്ല

ആഗോളതലത്തിൽ തന്നെ വിവിധ രാജ്യങ്ങളിൽ നടന്നുവന്ന അനിയന്ത്രിതമായ പ്രകൃതിവിഭവചൂഷണത്തിന്റെയും മലിനീകരണത്തിന്റെയും ജൈവവൈവിധ്യതകർച്ചയുടെയും പശ്ചാത്തലത്തിൽ ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തിൽ 1972-ൽ സ്റ്റോക്ക്‌ഹോമിൽ നടന്ന കോൺഫറൻസിൽ ഈ തകർച്ചകളുടെ മൂലകാരണങ്ങൾ തിരിച്ചറിഞ്ഞ്‌ നിയന്ത്രണനടപടികൾ സ്വീകരിക്കുന്നതിനും വികസന സമീപനങ്ങളിൽ മാറ്റം വരുത്തുന്നതിനും തീരുമാനിച്ചു. തുടർന്ന്‌ അംഗരാജ്യങ്ങൾ തങ്ങളുടെ രാജ്യത്തിന്റെ അവസ്ഥ വിലയിരുത്തി പരിസ്ഥിതിസംരക്ഷണനടപടികളും ആവശ്യമായ നിയമനിർമാണങ്ങളും നടത്തിത്തുടങ്ങി. 1986-ലാണ്‌ ഇന്ത്യയിൽ സമഗ്രമായ പരി സ്ഥിതിസംരക്ഷണനിയമം നടപ്പിൽ വന്നത്‌. തുടർന്നിങ്ങോട്ട്‌ വിവിധ മേഖലകളിൽ വർധിച്ചുവരുന്ന പരിസ്ഥിതിത്തകർച്ചകളെ തടയുന്ന തിന്‌ ഇന്ത്യയിൽ പൊതുവിലും സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചും തുടർനടപടികൾ എടുത്തുവന്നു. 1991-ലെ തീരദേശസംരക്ഷണ ത്തിനുള്ള വിജ്ഞാപനം ഇത്തരത്തിൽ ഉണ്ടായിട്ടുള്ളതാണ്‌. വന സംരക്ഷണനിയമം, വന്യജീവിസംരക്ഷണനിയമം, മലിനീകരണ നിയന്ത്രണനിയമം ഇവയൊക്കെ ഉദാഹരണങ്ങളാണ്‌.

പശ്ചിമഘട്ട പരിസ്ഥിതിസംരക്ഷണം

ഇപ്പറഞ്ഞ സാഹചര്യമാണ്‌ പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക തകർച്ച വിലയിരുത്തി ആവശ്യമായ നിയന്ത്രണങ്ങൾ സംബന്ധിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കുന്നതിന്‌ Western Ghats Ecology Expert Panel (WGEEP) എന്ന പതിനാലംഗസമിതിയെ നിയമിക്കുന്നതിന്‌ അന്നത്തെ വനം-പരിസ്ഥിതിമന്ത്രി ജയറാം രമേഷിനെ പ്രേരിപ്പിച്ചത്‌. പ്രൊഫ. മാധവ്‌ ഗാഡ്‌ഗിൽ ചെയർമാനായ പ്രസ്‌തുതകമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നതിനെതിരെ ഉയർന്ന പ്രതിഷേധത്തെ തുടർന്ന്‌ ഡോ.കസ്‌തൂരിരംഗൻ ചെയർമാനായി High Level Working Group on Western Ghats (HLWG) എന്ന പത്തംഗ സമിതിയെ നിയമിച്ചു. ആ റിപ്പോർട്ടും വിമർശനവിധേയമായതോടെ കേരളത്തിൽ ഡോ.ഉമ്മൻ.വി.ഉമ്മന്റെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയെ നിയോഗിച്ചു.

പശ്ചിമഘട്ടസംരക്ഷണമെന്നത്‌ ഇന്ന്‌ ഇന്ത്യയിലും കേരളത്തിലും ഏറ്റവും പ്രധാനപ്പെട്ട രാഷ്‌ട്രീയ-സാമൂഹികപ്രശ്‌നമായി മാറി യിരിക്കുന്നു.

ഗാഡ്‌ഗിൽ റിപ്പോർട്ടിന്റെ ശക്തിദൗർബല്യങ്ങൾ

ഗാഡ്‌ഗിൽ റിപ്പോർട്ടുപ്രകാരം പശ്ചിമഘട്ടം മുഴുവനും പരിസ്ഥിതിലോലപ്രദേശമാണെങ്കിലും പാരിസ്ഥിതികലോലതയുടെ തീവ്രതയ്‌ക്കനുസൃതമായി Environment Sensitive Zone (ESZ) I, II, III എന്നിങ്ങനെ മൂന്നുസോണുകളായി തരംതിരിച്ചിരിക്കുന്നു. നിലവിൽ സുരക്ഷിതമേഖലകളായ (Protected Area) ദേശീയോദ്യാനങ്ങളും വന്യജീവിസങ്കേതങ്ങളുമുൾപ്പെടെ പശ്ചിമഘട്ടത്തിലെ 142 താലൂക്കുകൾ ഏതെങ്കിലുമൊരു സോണിൽ പെടുന്നതായിരിക്കും. എന്നാൽ ഓരോ Ecologically Sensitive Area (ESA)യുടെ അതിരുകളും അവിടെ ഗാഡ്‌ഗിൽ റിപ്പോർട്ടിൽ ശുപാർശ ചെയ്യപ്പെട്ട രീതിയിലുള്ള വികസനപരിരക്ഷണപ്രവർത്തനങ്ങളും നിശ്ചയിക്കേണ്ടത്‌ ഗ്രാമസഭയും വികേന്ദ്രികൃതപഞ്ചായത്ത്‌ സംവിധാനങ്ങളും ആയിരിക്കും. പത്ത്‌ സൂചികകളുടെ അടിസ്ഥാനത്തിലാണ്‌ ഒരു പ്രദേശം ഏറ്റവും പരിസ്ഥിതിവിലോലമായ ESZ Iൽ പെടുത്തണമോ അത്രയും വേണ്ടാത്ത ESZ II മേഖലയിൽ പെടുത്തണമോ അതോ നിയന്ത്രണങ്ങളുടെ അളവ്‌ ഏറ്റവും കുറവുള്ള ESZ IIIയിൽ പെടുത്തണമോ എന്ന്‌ തീരുമാനിക്കേണ്ടത്‌.

ഗാഡ്‌ഗിൽ റിപ്പോർട്ടിലെ പ്രധാനപ്പെട്ട ശുപാർശകൾ താഴെ കൊടുത്തവയാണ്‌.

(a) പശ്ചിമഘട്ടത്തിന്റെ മുഴുവൻ പ്രദേശങ്ങൾക്കും ബാധകമായവ : ജനിതകമാറ്റം വരുത്തിയ കൃഷിരീതി പാടില്ല. പ്ലാസ്റ്റിക്കിന്റെ ഉപയോഗം എല്ലായിടങ്ങളിൽ നിന്നും മൂന്നുവർഷത്തിനകം ഘട്ടംഘട്ടമായി നിരോധിക്കണം. പുതിയ ഹിൽസ്റ്റേഷനുകൾ അനുവദിക്കരുത്‌. പൊതുഭൂമി സ്വകാര്യ ആവശ്യങ്ങൾക്കുവേണ്ടി മാറ്റാൻ അനുവദിക്കുന്നതല്ല (ഈ ശുപാർശയാണ്‌ പട്ടയം നൽകുന്നതിന്‌ തടസ്സമാകുമെന്ന വിമർശനത്തിന്‌ പാത്രമായിരിക്കുന്നത്‌). കമ്പി, സിമന്റ്‌ എന്നിവയുടെ ഉപയോഗം കുറയ്‌ക്കുന്നതിന്‌ കെട്ടിടങ്ങൾക്ക്‌ ഹരിതബിൽഡിങ്ങ്‌ കോഡുകൾ വേണം. ചതുപ്പുകളും തണ്ണീർത്തടങ്ങളും നികത്താൻ പാടില്ല. ഗ്രാമപഞ്ചായത്ത്‌ തലത്തിൽ ജലവിഭവപരിപാലനപ്ലാനുകൾ തയ്യാറാക്കണം. അണക്കെട്ടുകളുടെ വൃഷ്‌ടിപ്രദേശങ്ങളുടെ പുനരുദ്ധാരണം, പുഴകളിലെ നീരൊഴുക്ക്‌ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ, ജനകീയാവബോധത്തോടെ ജലസംരക്ഷണം എന്നിവ നടപ്പിലാക്കുക.

(b) ESZ Iൽ വനം കൃഷിയുൾപ്പെടെ മറ്റാവശ്യങ്ങൾക്കായി മാറ്റരുത്‌. എന്നാൽ തദ്ദേശീയജനസംഖ്യാവർധനവിന്റെ അടിസ്ഥാനത്തിൽ ഭൂമി നീക്കിയിരുപ്പ്‌ നടത്താവുന്നതാണ്‌. എന്നാൽ റോഡുകളും മറ്റു നിർമിതികളും പരിസ്ഥിതിആഘാതപഠനത്തിന്‌ വിധേയമാക്കിയതിനുശേഷം മാത്രം നടപ്പിലാക്കുക(ESZ I, ESZ II)

(c) ESZ I, ESZ II മേഖലകളിൽ മാരകമായ വിഷവസ്‌തുക്കൾ വിസർജിക്കുന്ന വ്യവസായയൂണിറ്റുകൾ സ്ഥാപിക്കരുത്‌.

(d) കൃഷി - അഞ്ചുവർഷത്തിനുള്ളിൽ രാസകൃഷി ഘട്ടംഘട്ട മായി ഇല്ലാതാക്കണം. അതേസമയം രാസവളങ്ങളുടെ ഉപയോഗം ഇല്ലാതാക്കാൻ കർഷകർക്ക്‌ സാമ്പത്തികസഹായം ഉൾപ്പടെയുള്ള പ്രോത്സാഹനം നൽകേണ്ടതാണ്‌.

(e) വനാവകാശനിയമം കർശനമായി നടപ്പിലാക്കണം.

(f) രാസവസ്‌തുക്കളോ ഡൈനാമൈറ്റുകളോ ഉപയോഗിച്ച്‌ മത്സ്യബന്ധനം നടത്തരുത്‌.

(g) വനപരിപാലനം : ഒരു സോണിലും യൂക്കാലിപ്‌റ്റസ്‌ പോലുള്ള ഏകവിളത്തോട്ടങ്ങൾ പാടില്ല. കാട്ടിൽ നിന്ന്‌ ഔഷധസസ്യങ്ങൾ കടുത്ത നിയന്ത്രണങ്ങളോടെ മാത്രമേ എടുക്കാൻ അനുവാദമുള്ളൂ.

(h) വൻകിടഖനനം (Mining) - ESZ I, ESZ II എന്നിവയിൽ പുതിയ ഖനനലൈസൻസ്‌ അനുവദിക്കുന്നതല്ല. നിലവിലെ ഖനനം അഞ്ചുവർഷങ്ങൾക്കകം നിർത്തലാക്കണം. അനധികൃതഖനനം ഉടനടി നിർത്തലാക്കണം. ചെറുകിടഖനനവും (Quarrying) മണൽവാരലും ESZ Iൽ പുതിയതായി അനുവദിക്കരുത്‌. നിലവിലുള്ള ഇടങ്ങളിൽ പാരിസ്ഥിതികസാമൂഹികാഘാതപഠനങ്ങൾക്ക്‌ വിധേയമാക്കി നിയന്ത്രിക്കണം.

(i) ഊർജം - ESZ I, ESZ IIൽ പുതിയ താപനിലയങ്ങൾ, വലിയ അണക്കെട്ടുകൾ, വലിയ കാറ്റാടിപദ്ധതികൾ എന്നിവ അനുവദനീയമല്ല. മൂന്നുമീറ്ററിനുമുകളിലുള്ള ചെറിയ പദ്ധതികൾ, അതായത്‌ Run of the river പദ്ധതികൾ, പാരിസ്ഥിതികസാമൂഹികാഘാതപഠനങ്ങൾക്ക്‌ വിധേയമാക്കി ഗ്രാമസഭയുടെ അനുമതിയോടുകൂടി മാത്രം നടപ്പി ലാക്കുക. വികേന്ദ്രീകൃത ഊർജസ്രോതസ്സുകൾ പ്രോത്സാഹിപ്പി ക്കുക. ആഡംബരത്തിനായുള്ള ഊർജോപയോഗം കുറച്ചുകൊണ്ട്‌ ഊർജോൽപാദനത്തിന്റെ പാരിസ്ഥിതികസാമൂഹികാഘാതങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുക.

ഇങ്ങനെ ഓരോ മേഖലയിലും (ESZ) അനുവദിക്കാവുന്നതും അനുവദിക്കാൻ കഴിയാത്തതുമായ പ്രവൃത്തികളാണ്‌ ശുപാർശകളായി നൽകിയിട്ടുള്ളത്‌. ഈ റിപ്പോർട്ടിന്റെ ശക്തിയെ നമുക്ക്‌ ഇപ്രകാരം ക്രോഡീകരിക്കാം

1. അധികാരവികേന്ദ്രീകരണത്തിന്റെ പ്രാധാന്യം എടുത്തുപറയുകയും അന്തിമതീരുമാനം എടുക്കാനുള്ള അവകാശം ഗ്രാമസഭകൾക്ക്‌ വിട്ടുകൊടുക്കുകയും ചെയ്‌തു.

2. റിപ്പോർട്ട്‌ ദരിദ്രപക്ഷത്ത്‌ നിലയുറപ്പിക്കുന്നു. പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യുന്ന സാമ്പത്തികശക്തികൾക്ക്‌ എതിരായ നിലപാട്‌ സ്വീകരിക്കുന്നു.

3. ശാസ്‌ത്രീയസമീപനത്തിലൂടെ പശ്ചിമഘട്ട സംരക്ഷണത്തിന്‌ സമഗ്രമായ വിശകലനവും നിർദ്ദേശങ്ങളും സമർപ്പിച്ചിരിക്കുന്നു.

4. പശ്ചിമഘട്ടം ദക്ഷിണേന്ത്യയിലെ 25 കോടി ജനങ്ങളുടെ ജലസംഭരണിയാണെന്ന്‌ റിപ്പോർട്ട്‌ ചൂണ്ടിക്കാണിക്കുന്നു. അതിന്റെ സംരക്ഷണത്തിനുവേണ്ടിയുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ചിരിക്കുന്നു.

5. പശ്ചിമഘട്ടത്തിലിപ്പോൾ അഞ്ചുകോടിയോളം മനുഷ്യർ വസിക്കുന്നുണ്ട്‌. അവരിപ്പോൾ അവിടെ താമസിക്കുകയും ഉപജീവനമാർഗം കണ്ടെത്തുകയും ചെയ്യുന്നതുപോലെ തുടർന്നും ചെയ്യണമെങ്കിൽ പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടതുണ്ട്‌.

6. ജൈവകൃഷിയിലേയ്‌ക്ക്‌ മാറുമ്പോഴും, 30%ൽ കൂടുതൽ ചെരിവുള്ള സ്ഥലങ്ങളിൽ ദീർഘകാലവിളവിലേയ്‌ക്ക്‌ മാറുമ്പോഴും ഉൽ പാദനത്തിലും വരുമാനത്തിലും ഉണ്ടാകുന്ന ഇടിവ്‌ നികത്താൻ കർഷകർക്ക്‌ സാമ്പത്തികസഹായം നൽകണമെന്ന്‌ റിപ്പോർട്ട്‌ എടുത്തുപറയുന്നു.

7. പ്രകൃതിവിഭവനശീകരണത്തിൽ മുഖ്യപങ്ക്‌ വഹിക്കുന്നത്‌ കരിങ്കൽമടകളും ഖനനകേന്ദ്രങ്ങളുമാണ്‌. ഇവ രണ്ടിനും എതിരായ നിലപാട്‌ ഗാഡ്‌ഗിൽ സമിതി സ്വീകരിച്ചിരിക്കുന്നു.

ഗാഡ്‌ഗിൽ റിപ്പോർട്ടിന്റെ ശക്തികൾ വിശകലനം ചെയ്യുന്ന തോടൊപ്പംതന്നെ ദൗർബല്യങ്ങളും വിലയിരുത്തപ്പെടേണ്ടതുണ്ട്‌. ദൗർബല്യങ്ങളെ നമുക്ക്‌ താഴെ പറയും വിധം ക്രോഡീകരിക്കാം.

1. പശ്ചിമഘട്ടമേഖലയിൽ എത്ര ജനങ്ങൾ അധിവസിക്കുന്നു, അവർ എത്രമാത്രം ഭൂമി ഏതെല്ലാം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു, ഇവരുടെ പ്രവർത്തനം മൂലം പശ്ചിമഘട്ടത്തിന്‌ എത്ര ശോഷണം സംഭവിച്ചിട്ടുണ്ട്‌ തുടങ്ങിയ സ്ഥിതിവിവരക്കണക്കുകൾ റിപ്പോർട്ടി ലില്ല. അതായത്‌ Social, agricultural, demographic ഭൂമികകൾ കമ്മിറ്റി പരിഗണിച്ചിട്ടില്ല.

2. കോർപറേറ്റുകളുടെ കടന്നുകയറ്റം മൂലവും വനസംരക്ഷണ പ്രവർത്തനങ്ങൾ മൂലവും കൂടുതൽ ദുരിതമുണ്ടാകുന്നത്‌ ചെറുകിടകർഷകർക്കാണ്‌. വൻകിടക്കാർക്ക്‌ കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാറില്ല. ഈ വസ്‌തുത റിപ്പോർട്ട്‌ വ്യക്തമായി കാണണമായിരുന്നു.

3. പശ്ചിമഘട്ടം സംബന്ധിച്ച്‌ ഇതുവരെ നടന്ന പ്രവർത്തനങ്ങൾ ക്രോഡീകരിക്കാൻ സമിതിക്ക്‌ കഴിഞ്ഞിട്ടില്ല. മേഖലാവൽക്കരണത്തിന്റെ അടിത്തറ പ്രണബ്‌ സെൻ കമ്മറ്റിയുടെ ശുപാർശകളാണ്‌. അത്‌ സ്വീകാര്യമാണ്‌. ഇന്ത്യയുടെ പർവതജൈവവൈവിധ്യത്തെപ്പറ്റി ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഇതിനായി ഡാറ്റാബേസ്‌ ഇനിയും ഉണ്ടാക്കേണ്ടിയിരിക്കുന്നു.

4. മലയും കടലും തമ്മിലുള്ള ബന്ധം ആണ്‌ കേരളത്തിന്റെ പരിസ്ഥിതിക്ക്‌ അടിസ്ഥാനം. ഇത്‌ ബോധ്യപ്പെടുത്താൻ ഗാഡ്‌ഗിൽ സമിതിക്ക്‌ കഴിഞ്ഞിട്ടില്ല.

5. 30%ത്തിൽ കൂടുതൽ ചരിവുള്ള സ്ഥലങ്ങളിൽ വാർഷികവിളകൾ പാടില്ല എന്ന നിർദ്ദേശം ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രായോഗികമാകണമെന്നില്ല. ഇപ്പോൾ ഇതിൽ കൂടുതൽ ചരിവുള്ള പ്രദേശങ്ങളിൽ വാർഷികവിളകൾ കൃഷി ചെയ്യുന്നുണ്ട്‌. അത്‌ കർഷകർ ശരിയായ മണ്ണ്‌-ജല സംരക്ഷണ പ്രവർത്തനങ്ങൾ ചെയ്‌തുകൊണ്ടാണ്‌. ശാസ്‌ത്രീയമായ മണ്ണ്‌-ജലസംരക്ഷണപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടേ ഇത്തരം മേഖലകളിൽ വാർഷികവിളകൾ കൃഷി ചെയ്യുകയുള്ളൂ എന്ന്‌ ഉറപ്പാക്കണം.

6. ജൈവകൃഷി എന്നാൽ എന്താണെന്ന്‌ വ്യക്തമാക്കേണ്ടതുണ്ട്‌. ഇത്‌ പ്രകൃതികൃഷിയല്ല. രാസകീടനാശികൾ പൂർണ്ണമായി ഒഴിവാക്കാൻ പറ്റിയേക്കും. എന്നാൽ രാസവളം പൂർണമായി ഒഴിവാക്കേണ്ടതല്ല. ജൈവകൃഷിക്ക്‌ പ്രായോഗിക ഉദാഹരണങ്ങൾ പറയാൻ കഴിഞ്ഞെങ്കിലേ ജൈവകൃഷി എത്രമാത്രം സ്വീകാര്യമാകുമെന്ന്‌ പറയാൻ കഴിയൂ.

7. കൃഷിക്കാർക്ക്‌ വിവിധതരം ഇൻസെന്റീവുകൾ നൽകുന്നതിനെക്കുറിച്ച്‌ റിപ്പോർട്ടിൽ പറയുന്നുണ്ട്‌. എന്നാൽ ഇത്തരം ഇൻസെന്റീവുകൾ തങ്ങൾക്ക്‌ യഥാർഥത്തിൽ ലഭിക്കും എന്ന്‌ കർഷകർ കരുതു ന്നില്ല. ഉദ്യോഗസ്ഥരംഗത്തെ അഴിമതിയും മറ്റ്‌ സാങ്കേതികനടപടി ക്രമങ്ങളുമാണതിന്‌ കാരണം. ഇത്‌ പരിഹരിക്കാൻ വ്യക്തമായ നിർദ്ദേശവും പരിപാടിയും വേണം.

8. ഭവനനിർമാണത്തിന്‌ പരിസരാഘാതപത്രിക വേണമെന്ന്‌ പറഞ്ഞിരിക്കുന്നു. ഇത്‌ പൂർണമായി ഒഴിവാക്കണം.

9. അണക്കെട്ടുകൾ ഡീ-കമ്മീഷൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അപൂർണമാണ്‌. അവ ഒഴിവാക്കുന്നതാണ്‌ നല്ലത്‌.

10. സോണുകൾ താലൂക്ക്‌ അടിസ്ഥാനത്തിൽ തിരിച്ചത്‌ ശരിയല്ല. സോണുകളുടെ അതിർത്തി 100 മുതൽ 1000 വരെ ഹെക്‌ടർ വിസ്‌തൃതിയുള്ള ചെറു (Micro)നീർത്തടാടിസ്ഥാനത്തിൽ നിർണ്ണയിക്കണം. അന്തിമതീരുമാനം ഗ്രാമസഭകൾക്ക്‌ കൊടുത്തപ്പോൾ തന്നെ സമിതി യുടെ ശുപാർശപ്രകാരമുള്ള പരിസ്ഥിതിലോലമേഖലയെ ഇപ്പോൾ തന്നെ വിജ്ഞാപനം ചെയ്യണമെന്ന്‌ പറഞ്ഞിരിക്കുന്നു. ഇത്‌ ശരിയായ സമീപനമല്ല.

കസ്‌തൂരിരംഗൻ റിപ്പോർട്ടിന്റെ പരിമിതികൾ

ഗാഡ്‌ഗിൽ റിപ്പോർട്ട്‌ ഒരു വിവാദമായപ്പോഴാണ്‌ അത്‌ നടപ്പാക്കുന്നതിനെപ്പറ്റി പഠിച്ച്‌ നിർദേശങ്ങൾ നൽകുന്നതിനായി ഡോ.കസ്‌തൂരിരംഗൻ കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നത്‌. കമ്മിറ്റിയോടാവശ്യപ്പെട്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്‌.

1. ഗാഡ്‌ഗിൽ റിപ്പോർട്ടിനെ സമഗ്രമായി പരിശോധിക്കുക.

2.ജൈവവൈവിധ്യവും പരിസ്ഥിതിയും പശ്ചിമഘട്ടപ്രദേശത്തിന്റെ സാംസ്‌കാരിക- സാമൂഹികവളർച്ചയുടെ പശ്ചാത്തലത്തിൽ പരിശോധിക്കുക.

3. ആദിവാസി-വനവാസി താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണത്തിനുള്ള നിർദേശങ്ങൾ നൽകുക.

4. പശ്ചിമഘട്ടത്തിന്‌ കൈവന്ന ആഗോളപൈതൃകപദവി അതിന്റെ വികസനത്തെയും പരിസ്ഥിതിയെയും എങ്ങനെ ബാധിക്കും എന്ന്‌ വിലയിരുത്തുക.

5. പശ്ചിമഘട്ട വികസനത്തെ കേന്ദ്ര-സംസ്ഥാനബന്ധങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കുക.

6. ഗാഡ്‌ഗിൽ റിപ്പോർട്ട്‌ ബന്ധപ്പെട്ടവരുമായി ചർച്ചചെയ്യുക. തുടർ നടപടികൾ നിർദേശിക്കുക.

കസ്‌തൂരിരംഗൻ കമ്മിറ്റിയുടെ നിയമനോദ്ദേശം അതിന്റെ പരിഗണനാവിഷയങ്ങളിൽ നിന്നുതന്നെ വ്യക്തമാണ്‌. ഗാഡ്‌ഗിൽ സമിതിയുടെ ശുപാർശകൾ വികസനവിരുദ്ധവും ജനവിരുദ്ധവുമാണെന്ന പ്രചാരണത്തിന്റെ സ്വാധീനമാണ്‌ പരിഗണനാവിഷയങ്ങളിൽ തന്നെയുള്ളത്‌. ഇക്കാര്യം സഫലീകരിക്കുന്ന ശുപാർശയാണ്‌ കസ്‌തൂരിരംഗൻ കമ്മിറ്റി സമർപ്പിച്ചത്‌. ഗാഡ്‌ഗിൽ റിപ്പോർട്ടിന്മേലുള്ള പൊതു പ്രതികരണം വിലയിരുത്തി കസ്‌തൂരിരംഗൻ കമ്മിറ്റി കണ്ടെത്തിയ കാര്യങ്ങളുണ്ട്‌. ഗാഡ്‌ഗിൽ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചതിനുശേഷം പ്രതികരിച്ച (വെബ്‌സൈറ്റിൽ) 1750 പേരിൽ 81% റിപ്പോർട്ടിനെ എതിർത്തു. കസ്‌തൂരിരംഗൻ കമ്മിറ്റി രൂപീകരണത്തിനുശേഷം അഭിപ്രായമറിയിച്ച 150 പേരിൽ 105 പേരും ഗാഡ്‌ഗിൽ ശുപാർശകൾക്കെതിരായിരുന്നു. സംസ്ഥാനസർക്കാരുകളും കേന്ദ്രമന്ത്രാലയങ്ങളും എതിർപ്പുകൾ അറിയിക്കുകയോ പിന്തുണക്കാതിരിക്കുകയോ ചെയ്‌തു. 25 കോടി മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്ന ഒരു പരിസ്ഥിതി വ്യവസ്ഥയുടെ സംരക്ഷണത്തെ കുറിച്ച്‌ 1900 പേരുടെ വാക്കുകേട്ട്‌ നിഗമനത്തിലെത്തുകയാണ്‌ കസ്‌തൂരിരംഗൻ കമ്മിറ്റി. ആദ്യത്തെ 1750 പേരിൽ 53 ശതമാനവും ഖനനലോബിയിൽ പെട്ടവരാണെന്ന്‌ കസ്‌തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ട്‌ തന്നെ സൂചിപ്പിക്കുന്നുണ്ട്‌.

കസ്‌തൂരിരംഗൻ കമ്മറ്റി മുന്നോട്ടുവച്ചിട്ടുള്ള മുഖ്യ ശുപാർശകൾ ഇവയാണ്‌ (പരിസ്ഥിതിലോലപ്രദേശങ്ങൾക്ക്‌ മാത്രം ബാധകമായവ).

1. പരിസ്ഥിതിക്ക്‌ ഏറ്റവും ദോഷം ചെയ്യുന്ന പ്രവർത്തനങ്ങളുടെമേൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ശുപാർശ.

2. ഖനനം, പാറപൊട്ടിക്കൽ, മണൽവാരൽ എന്നീ പ്രവൃത്തികൾ പരിസ്ഥിതിലോല പ്രദേശത്ത്‌ പൂർണമായും നിരോധിക്കുന്നു. നിലവിലുള്ള ഖനനം 5 വർഷത്തിനുള്ളിലോ പാട്ടകാലാവധി തീരുന്നതിനനുസൃതമായോ ഇല്ലാതാക്കണം.

3. താപനിലയങ്ങൾ അനുവദിക്കുകയില്ല, ജലവൈദ്യുതപദ്ധതികൾ ചില നിബന്ധനകൾക്ക്‌ വിധേമായി നടപ്പിലാക്കാം, കാറ്റിൽനിന്നും ഉൽപാദിപ്പിക്കുന്ന വൈദ്യുതപദ്ധതികൾ പരിസ്ഥിതിനിയമത്തിന്റെ (EIA Notification 2006) പരിധിയിൽ കൊണ്ടുവരണം.

4. റെഡ്‌ കാറ്റഗറിയിൽപ്പെട്ട വ്യവസായങ്ങൾ പാടില്ല.

5. 20000ച.സെ.മീറ്റർ (2,15000 അടി)വരെ വിസ്‌തൃതിയുള്ള കെട്ടിടങ്ങൾക്ക്‌ നിയന്ത്രണങ്ങൾ വേണ്ട. പരിസ്ഥിതിലോല പ്രദേശങ്ങളുടെ 10 കി.മീറ്റർ ചുറ്റളവിൽ വരുന്ന വികസനപദ്ധതികൾ പരിസ്ഥിതി അനുമതിക്ക്‌ വിധേയമായി നൽകണം.

ഗാഡ്‌ഗിൽ റിപ്പോർട്ട്‌ മുന്നോട്ടുവച്ച ഗ്രാമസഭകളെ ഉൾപ്പെടുത്തി പാരിസ്ഥിതികലോലമേഖലകളുടെ അതിർത്തികളും നിയന്ത്രണവും പരിരക്ഷണവും ഉറപ്പാക്കുന്ന പ്രക്രിയ കസ്‌തൂരിരംഗൻ കമ്മിറ്റി അട്ടിമറിച്ചു. കസ്‌തൂരിരംഗൻ കമ്മിറ്റി പശ്ചിമഘട്ടത്തെ പൊതുവെ രണ്ടായിതരംതിരിക്കുകയാണ്‌ ചെയ്‌തത്‌. 37% വരുന്ന സ്വാഭാവിക പ്രകൃതി മേഖല(Natural landscape), 63% വരുന്ന സാംസ്‌കാരിക പ്രകൃതിമേഖല. റിപ്പോർട്ട്‌ പ്രകാരം പശ്ചിമഘട്ടമേഖലയുടെ 37%മാത്രമാണ്‌ പാരിസ്ഥിതിക ദുർബലമേഖല. ഇവിടങ്ങളിൽ മാത്രമേ നിയന്ത്രണങ്ങൾക്കും സംരക്ഷണത്തിനും നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളു. ഇത്തരത്തിൽ കേരളത്തിലെ 128 വില്ലേജുകൾ ഉൾപ്പെടെ ഇന്ത്യയിലെ 4156 വില്ലേജുകൾ പാരിസ്ഥിതിക ദുർബലമേഖലകൾ (ESA) ആക്കിയുള്ള വിജ്ഞാപനമാണ്‌ കേന്ദ്രസർക്കാർ ഇറക്കിയത്‌. ഈ വിജ്ഞാപനം ദുർബലപ്പെടുത്തിയാണ്‌ ഇപ്പോൾ ഉമ്മൻ.വി.ഉമ്മൻ കമ്മിറ്റിയുടെ നിർദ്ദേശാനുസരണമുള്ള പുതിയ വിജ്ഞാപനത്തിലേയ്‌ക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നത്‌. നിലവിലുള്ള വകുപ്പുസംവിധാനത്തിന്റെ പിൻബലത്തോടെ ESA മേഖലകളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ഭരണസംവിധാനമാണ്‌ കസ്‌തൂരിരംഗൻ കമ്മിറ്റി നിർദ്ദേശിക്കുന്നത്‌. നിലവിൽ കേരളത്തിലെ പല വികസനവകുപ്പുകളും യാതൊരു ഏകോപനവുമില്ലാതെയാണ്‌ പല തീരുമാനങ്ങളുമെടുക്കുന്നത്‌. പുഴസംരക്ഷണമെന്നാൽ പശ്ചിമഘട്ടത്തിലെ വൃഷ്‌ടിപ്രദേശം മുതൽ കടൽ വരെയുള്ള ഒഴുക്കും ആവാസവ്യവസ്ഥകളുടെ സംരക്ഷണവുമാണ്‌. എന്നാൽ ഇത്‌ മനസ്സിലാക്കാതെ പല സർക്കാർവകുപ്പുകളും വിവിധ മേഖലകൾ പങ്കിട്ടെടുത്ത്‌ പുഴസംരക്ഷണം അസാധ്യമാക്കുന്ന പ്രവൃത്തിയാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. ഈ സമീപനത്തെ ശരിവയ്‌ക്കുകയാണ്‌ കസ്‌തൂരിരംഗൻ റിപ്പോർട്ട്‌ ചെയ്യുന്നത്‌. അതായത്‌ ജനങ്ങളുടെ ഭയപ്പാടിനെ ശരിവയ്‌ക്കുന്ന രീതിയിലുള്ള ഭരണസംവിധാനം തുടർന്നുകൊണ്ടുള്ള പശ്ചിമഘട്ടസംരക്ഷണം പ്രായോഗികമാകില്ല.

വേണ്ടത്‌ പശ്ചിമഘട്ടസംരക്ഷണപദ്ധതി

കഴിഞ്ഞ കുറേ മാസങ്ങളായി കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന പശ്ചിമഘട്ടസംരക്ഷണചർച്ചകൾ മേൽറിപ്പോർട്ടുകളെ സമഗ്രമായി വിശകലനം ചെയ്‌തുകൊണ്ടുള്ളതായിരുന്നില്ലായെന്ന്‌ ഏവർക്കും അറിയാവുന്ന കാര്യമാണ്‌. ചർച്ചകളിലൂടെ കൂടുതൽ വ്യക്തത കൈവരിക്കുന്നതിനുപകരം കൂടുതൽ സങ്കീർണതലങ്ങളിലേയ്‌ക്ക്‌ ചർച്ച നീണ്ടുപോവുകയും `കുളിപ്പിച്ച്‌ കുളിപ്പിച്ച്‌ കുട്ടി' ഇല്ലാതാവുന്ന സാഹചര്യത്തിലേയ്‌ക്ക്‌ എത്തിച്ചേരുകയുമാണ്‌ ഉണ്ടായിട്ടുള്ളത്‌.

മാധവ്‌ ഗാഡ്‌ഗിൽ സമിതി റിപ്പോർട്ടും പശ്ചിമഘട്ടസംരക്ഷണവും സംബന്ധിച്ച്‌ വിവിധ വിഭാഗം ജനങ്ങൾക്കിടയിൽ വലിയ ആശങ്കകൾ നിലനിൽക്കുന്നു. എന്തിനെയും വിവാദമാക്കുകയെന്നത്‌ കേരളത്തിന്റെ പൊതുസ്വഭാവമായിട്ടുണ്ട്‌. എല്ലാവർക്കും യോജിക്കാൻ കഴിയുന്ന കാര്യങ്ങളിൽപോലും വിവാദങ്ങളുണ്ട്‌. ഗാഡ്‌ഗിൽ സമിതിയുടെ ശുപാർശകളാണ്‌ ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. പശ്ചിമഘട്ടം സംര ക്ഷിക്കണം എന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകാനിടയില്ല. എന്നാൽ ഏതൊരു കമ്മിറ്റിയുടെ റിപ്പോർട്ടിലും അതിന്റെ സൂക്ഷ്‌മതലവിശദാംശങ്ങളിൽ ചില വിടവുകൾ ഉണ്ടാകാനിടയുണ്ട്‌. റിപ്പോർട്ട്‌ എത്രമാത്രം ശാസ്‌ത്രീയമായിരുന്നാലും അത്‌ നടപ്പിലാക്കുകയെന്നത്‌ ഒരിക്കലും ഋജുരേഖാസമീപനം കൊണ്ടുമാത്രം സാധിക്കുന്ന കാര്യമല്ല. പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള കർമപദ്ധതികളിൽ വളരെ സൂക്ഷ്‌മതലത്തിലുള്ള നിർദ്ദേശങ്ങൾ വരെ ഗാഡ്‌ഗിൽ സമിതി മുന്നോട്ടുവയ്‌ക്കുന്നു. ഇതിൽ ഏതെങ്കിലുമൊരു ചെറിയ നിർദ്ദേശത്തോട്‌ വിയോജിപ്പുള്ളവർപോലും ഗാഡ്‌ഗിൽസമിതിയുടെ ശുപാർശകൾ മൊത്തത്തിൽ തള്ളിക്കളയണമെന്ന്‌ ആവശ്യപ്പെടുന്നു. ഇതൊരുവശം. മറുവശത്ത്‌ സൂക്ഷ്‌മതലത്തിലേയ്‌ക്ക്‌ പോകാതെ പൊതുനിർദ്ദേശം മാത്രം വച്ചിരിക്കുന്ന ചില മേഖലകളുണ്ട്‌. അക്കാര്യത്തിൽ വിശദാംശങ്ങൾ അറിയില്ല എന്ന ഒറ്റക്കാരണംകൊണ്ട്‌ കുറച്ചുപേർ മൊത്തം റിപ്പോർട്ടിന്‌ എതിരായി.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്താകട്ടെ ഈ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾതന്നെ ഇതേക്കുറിച്ച്‌ ഒരു നയം രൂപപ്പെടുത്തിയിരുന്നു. അത്‌ കസ്‌തൂരിരംഗൻ റിപ്പോർട്ട്‌ തള്ളിക്കളയുക, മാധവ്‌ ഗാഡ്‌ഗിൽ റിപ്പോർട്ട ചർച്ച ചെയ്‌ത്‌ നടപ്പിലാക്കുക എന്നതായിരുന്നു. ഗാഡ്‌ഗിൽ റിപ്പോർട്ട്‌ ചർച്ചചെയ്‌ത്‌ നടപ്പിലാക്കുക എന്നുപറയുമ്പോൾ അതിന്റെയർത്ഥം ആ റിപ്പോർട്ടിലെ ചില ശുപാർശകൾക്കെങ്കിലും ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്‌ എന്നാണ്‌. ഗാഡ്‌ഗിൽ സമിതിയുടെ ശുപാർശകളെ പൊതുവിൽ അംഗീകരിക്കുമ്പോൾതന്നെ സൂക്ഷ്‌മവശങ്ങളിൽ പരിഹൃതമാകേണ്ട സംശയങ്ങൾ ബാക്കിനിൽ ക്കുന്നു. അതുകൊണ്ട്‌ ഗാഡ്‌ഗിൽ സമിതിയുടെ ശുപാർശകളുടെ പശ്ചാത്തലത്തിൽ പശ്ചിമഘട്ടം സംബന്ധിച്ച്‌ വിശദമായ ഒരു കർമ പരിപാടി ഉണ്ടാകേണ്ടതുണ്ട്‌.

1. ഗാഡ്‌ഗിൽ സമിതിയുടെ ചെയ്യാവുന്നതും ചെയ്യരുതാത്തതും വിശദീകരിക്കുന്ന ഭാഗത്ത്‌ ഉള്ള പല നിർദ്ദേശങ്ങളും പൊതുമാർഗ നിർദ്ദേശം മാത്രമാണ്‌. അതിൽ പ്രവർത്തനപരിപാടി നിർദ്ദേശിച്ചിട്ടില്ല. ഉദാ : പ്ലാസ്റ്റിക്‌ ബാഗുകൾ നിരോധിക്കണം, ജി.എം.വിളകൾ ഒഴിവാക്കണം, ജലാശയങ്ങൾ തുടങ്ങിയവയിൽ കടന്നുകയറ്റം അനുവദി ക്കരുത്‌. ഇത്തരത്തിലുള്ള എല്ലാ നിർദ്ദേശങ്ങളുടെയും പ്രവർത്തന പരിപാടി തയ്യാറാക്കണം.

2. പശ്ചിമഘട്ടത്തിൽ സവിശേഷമായ കെട്ടിടനിർമാണച്ചട്ടങ്ങൾ വേണമെന്ന്‌ ഗാഡ്‌ഗിൽ സമിതി ശുപാർശ ചെയ്യുന്നു. ഓരോ പ്രദേശത്തിനും അനുയോജ്യമായ കെട്ടിടനിർമാണശൈലി വേണമെന്നതിന്റെ അടിസ്ഥാനത്തിലാണ്‌ ഇത്‌ പറഞ്ഞിരിക്കുന്നത്‌. ഈ നയം സംസ്ഥാനത്തിന്‌ മുഴുവൻ ബാധകമാക്കേണ്ടതാണ്‌. പരിസ്ഥിതിസൗഹൃദപര മായ നിർമാണം എന്നാൽ ഓലയും പുല്ലും ഉപയോഗിച്ചുള്ള നിർമാണം എന്നല്ല. മറിച്ച്‌ എടുക്കുംതോറും ഇല്ലാതാകുന്ന പ്രകൃതിവിഭവങ്ങളെ ആശ്രയിച്ചുള്ള നിർമാണരീതി അവലംബിക്കുമ്പോൾ വിഭവചൂഷണം കഴിയുന്നത്ര പരിമിതപ്പെടുത്തുക എന്നാണ്‌. ഇത്‌ സാധ്യമാകണമെങ്കിൽ പ്രാദേശികമായി ലഭിക്കുന്ന നിർമിതവസ്‌തുക്കൾ സംബന്ധിച്ച ഗവേഷണപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണം.

3. പശ്ചിമഘട്ടത്തിൽ മേഖലാവൽക്കരണം നിർദ്ദേശിച്ചിട്ടുണ്ട്‌. ഇത്‌ മുൻസൂചിപ്പിച്ചപോലെ നീർത്തടാടിസ്ഥാനത്തിൽ ജനാധിപത്യപരമായി നടപ്പിലാക്കണം. കൂടാതെ കേരളത്തിന്റെ വികസനപ്രതിസന്ധിയുടെ അടിത്തറ ഭൂവിനിയോഗത്തിലെ അശാസ്‌ത്രീയതയാണ്‌. ഇത്‌ പരിഹരിക്കാൻ ഭൂമി മേഖലാവൽക്കരണത്തിന്‌ വിധേയമാക്കണമെന്ന്‌ ആശയം ഉയർന്നിട്ടുണ്ട്‌. കേരളത്തിന്റെ ഭൂമി അതിന്റെ സ്വാഭാവിക ഉപയോഗം എന്താണോ അതിന്‌ മാത്രമേ ഉപയോഗിക്കാവൂ. കാർഷികമേഖല, പാർപ്പിടമേഖല, വാണിജ്യമേഖല തുടങ്ങിയ രീതിയിൽ കേരളത്തിന്റെ ഭൂമിയെ മേഖലകളായി തിരിക്കാം. ഓരോ മേഖലയിലും ഭൂമി അതത്‌ മേഖലയുടെ സ്വാഭാവിക ഉപയോഗത്തിനായി മാത്രമേ മാറ്റിവയ്‌ക്കാവൂ. ഭൂരൂപത്തിന്റെ ഘടന മാറ്റുകയോ ഭൂമി പരിവർത്തനം ചെയ്യുകയോ അരുത്‌. ചുരക്കത്തിൽ ഗാഡ്‌ഗിൽ സമിതി നിർദ്ദേശിച്ചത്‌ പോലെ ഭൂമിയുടെ പ്രകൃതിദത്ത ഉപയോഗത്തെ അടിസ്ഥാനമാക്കി ഭൂമിയുടെ മേഖലാവൽക്കരണം നടത്തണം. ഇതും സംസ്ഥാനം മുഴുവൻ ബാധക മാക്കണം.

4. പാറപൊട്ടിക്കരുത്‌, മണൽ വാരരുത്‌ എന്നീ നിർദ്ദേശങ്ങൾക്കപ്പുറത്ത്‌ കേരളത്തിന്റെ കെട്ടിട നിർമാണമേഖലയെ മൊത്തത്തിൽ ഉടച്ചുവാർക്കാൻ കഴിയണം. വിവിധ റോഡുകളുടെ നിർമാണഗുണമേന്മ വർധിപ്പിക്കൽ, വീടുകളുടെ വലിപ്പനിയന്ത്രണം, കുടുംബത്തിന്റെ വലിപ്പത്തിന്‌ ആനുപാതികമായിമാത്രം വീട്‌ നിർമിക്കാൻ കഴിയുന്ന സാഹചര്യം, ഒരു കുടുംബത്തിന്‌ ഒരു വീട്‌ എന്ന സമീപനം, എല്ലാവിധ പൊങ്ങച്ചനിർമാണങ്ങളിലുമുള്ള നിയന്ത്രണം എന്നിവ പ്രയോഗത്തിൽ കൊണ്ടുവരണം.

5. പാറഖനനം പൂർണമായി നിർത്തിവയ്‌ക്കാനാവില്ല. അത്‌ ചെറിയതോതിലെങ്കിലും ആവശ്യമായേക്കാം. അത്‌ ചെയ്യാൻ കഴിയുന്ന പ്രദേശങ്ങൾ പ്രത്യേകം കണ്ടെത്തി വിജ്ഞാപനം ചെയ്യണം.

6. ഊർജലഭ്യതയ്‌ക്കുവേണ്ടി ചെറുകിടജലവൈദ്യുതപദ്ധതി, സൗരോർജം, പവനോർജം എന്നിവ ഉപയോഗപ്പെടുത്തണം. ഇവയുടെ ഉൽപാദനത്തിനായി പ്രത്യേകം പദ്ധതികൾ വേണം.

7. ഇന്ന്‌ ഗാഡ്‌ഗിൽ, കസ്‌തൂരിരംഗൻ എന്നീ പേരുകൾക്കാണ്‌ പ്രാധാന്യം. എന്നാൽ ഊന്നൽ ലഭിക്കേണ്ടത്‌ കേരളത്തിലെ ഭൂമി യുടെയും ഭൂവിഭവങ്ങളുടെയും യുക്തിസഹമായ വിനിയോഗത്തി നായിരിക്കണം. ഇത്‌ സംബന്ധിച്ച ഒരു ദീർഘകാലപരിപ്രേക്ഷ്യം ആവശ്യമാണ്‌. ഇതിനുള്ള നിർദ്ദേശം ഗാഡ്‌ഗിലിൽ നിന്നുമാത്രമല്ല, മറ്റു കമ്മിറ്റികളിൽ നിന്നും സ്വീകരിക്കാവുന്നതാണ്‌.

ഇന്നത്തെ പ്രശ്‌നങ്ങളുടെ അടിസ്ഥാനകാരണം കർഷകരോ പരിസ്ഥിതിയോ അല്ല. കൂടുതൽ ഭൂമി കയ്യേറാൻ പ്രേരിപ്പിക്കുകയും ശാസ്‌ത്രീയമായ ഭൂവിനിയോഗത്തെ തകിടം മറിക്കുകയും ചെയ്യുന്ന വികസനനയമാണ്‌ നിലനിൽക്കുന്നത്‌. അത്‌ പ്രകൃതിവിഭവങ്ങളുടെ മേൽ അനിയന്ത്രിതമായ ചൂഷണം അഴിച്ചുവിടുന്നു. ഒപ്പം ഭൂമികൈ മാറ്റത്തെയും നിർമാണമേഖലയെയും അമിതമായി ആശ്രയിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ നാലിലൊന്നിൽ കൂടുതൽ ഭൂമികൈമാറ്റത്തിൽ നിന്നും നിർമാണമേഖലയിൽ നിന്നും വരുന്നതാണ്‌. ഈ വികസനനയംകൊണ്ട്‌ പശ്ചിമഘട്ടത്തെ സംരക്ഷിക്കാനാവില്ല. ദീർഘകാലാടിസ്ഥാനത്തിൽ ദക്ഷിണേന്ത്യയ്‌ക്ക്‌ പൊതുവെയും പശ്ചിമഘട്ടനിവാസികൾക്ക്‌ വിശേഷിച്ചും ദോഷകരമാണിത്‌. ഇപ്പോൾ പിന്തുടരുന്ന വികസനനയമാകട്ടെ ആഗോളവൽകൃതസാമ്പത്തികസാഹചര്യങ്ങൾ ആവശ്യപ്പെടുന്നതും മുതലാളിത്തത്തിന്‌ ഏറെ പ്രിയപ്പെട്ടതുമാണ്‌. അതുകൊണ്ട്‌ പശ്ചിമഘട്ടസംര ക്ഷണമെന്നാൽ മുതലാളിത്തവികസനശൈലിയോടുള്ള എതിർപ്പ്‌ എന്നാണർത്ഥം. ഗാഡ്‌ഗിൽകമ്മിറ്റി റിപ്പോർട്ടിന്റെ പൊതുദിശ മുതലാളിത്തവിരുദ്ധമാണ്‌. ആ പൊതുദിശ അംഗീകരിക്കുകയും മേൽ വിവരിച്ചപോലെ വിശദാംശങ്ങൾ ചർച്ച ചെയ്‌ത്‌ സമന്വയം സൃഷ്‌ടിക്കുകയുമാണ്‌ വേണ്ടത്‌.

പശ്ചിമഘട്ടസംരക്ഷണം കേരളത്തിന്റെ നിലനിൽപ്പിന്‌ അനിവാര്യം

മുകളിൽ സൂചിപ്പിച്ച മൂന്ന്‌ വിദഗ്‌ധസമിതിറിപ്പോർട്ടുകളിലും ഇപ്പോൾ നടന്നുവരുന്ന ചർച്ചകളിലും ഗവൺമെന്റുകളുടെ സമീപനത്തിലുമെല്ലാം അടിവരയിട്ട്‌ അംഗീകരിക്കുന്ന കാര്യം `പശ്ചിമഘട്ടത്തെ സംരക്ഷി ക്കേണ്ടതുണ്ട്‌' എന്നതാണ്‌. സംരക്ഷണം ശാസ്‌ത്രീയവും ദീർഘ കാലഫലം നൽകുന്നതുമായിരിക്കണം. തകർച്ചയ്‌ക്ക്‌ കാരണമാകുന്ന അനിയന്ത്രിത ഇടപെടലുകളെല്ലാം നിയന്ത്രണവിധേയമാക്കണമെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്‌.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ പരിഗണിക്കുമ്പോൾ അടിസ്ഥാനസമീപനമായി എടുക്കേണ്ടത്‌ മനുഷ്യൻ കൂടി ഉൾക്കൊള്ളുന്നതാണ്‌ ഈ ഭൂമിയും ഭൂമിയുടെ പരിസ്ഥിതിയും എന്നും അവന്റെ നിലനിൽപ്പിനും തുടർച്ചക്കും ആവശ്യമായ വിഭവങ്ങൾ ഈ ഭൂമിയിൽ നിന്നുതന്നെ ലഭിക്കേണ്ടതുണ്ട്‌ എന്നുമുള്ള തിരിച്ചറിവാണ്‌. ഭൂമിയിലെ വിഭവങ്ങൾക്ക്‌ എല്ലാവർക്കും തുല്യ അവകാശമുണ്ട്‌. നാളത്തെ തലമുറക്കും ഈ അവകാശവും അർഹതയുമുണ്ട്‌. ആ അർത്ഥത്തിൽ എല്ലാ പ്രകൃതിവിഭവങ്ങളെയും സംരക്ഷിച്ചുപയോഗിക്കുക എന്നത്‌ മാനവരാശിയുടെ പൊതു ഉത്തരവാദിത്തവും ഓരോ പൗരന്റെയും കടമയുമാണ്‌. ഈ തിരിച്ചറിവ്‌ അംഗീകരിക്കാതെ അമിതലാഭത്തിനും ഹ്രസ്വകാലനേട്ടത്തിനും സ്വാർത്ഥതാൽപര്യങ്ങൾക്കുമായി പ്രകൃതിവിഭവങ്ങെള ചൂഷണം ചെയ്യുന്നതിലൂടെയാണ്‌ എല്ലാ പരിസ്ഥിതിതകർച്ചകളും ഉടലെടുക്കുന്നത്‌. ഇതിനെ തടയുന്നതിന്‌ സാമൂഹികമായ നിയന്ത്രണം അനിവാര്യമാണ്‌. ലോകത്തെവിടെയും സ്വകാര്യമൂലധനത്തിന്റെ അനിയന്ത്രിതമായ കടന്നുകയറ്റം തദ്ദേശീയമായും പരമ്പരാഗതമായും നിലനിന്നിരുന്ന ജനവിഭാഗങ്ങളുടെ നിലനിൽപ്പിനടിസ്ഥാനമായ വിഭവങ്ങളെ ഇല്ലായ്‌മ ചെയ്യുകയും അവരെ ജീവിതപ്രതിസന്ധികളിലേക്ക്‌ തള്ളിവിടുകയും ചെയ്‌തിരുന്നു. യന്ത്രവൽകൃതബോട്ടുകളുടെ അനിയന്ത്രിതകടന്നുകയറ്റം പരമ്പരാഗതമത്സ്യത്തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കി എനർജി പ്ലാന്റേഷനും സൂപ്പർഹൈവേകളും വന്നപ്പോൾ മൂന്നാംലോകരാജ്യങ്ങളിലെ കർഷകർ വഴിയാധാരമായി. അനിയന്ത്രിതമായ ക്വാറികളും, കുന്നിടിക്കലും വനം നശിപ്പിക്കലും പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക തകർച്ചയ്‌ക്കും അവിടെ വസിക്കുന്ന തദ്ദേശജനവിഭാഗങ്ങളുടെ ജീവിതപ്രതിസന്ധികൾക്കും മൊത്തത്തിൽ കേരളത്തിലെ ജനങ്ങളുടെ കുടിവെള്ളമുൾപ്പടെയുള്ള അടിസ്ഥാനാവശ്യങ്ങളുടെ തകർച്ചയ്‌ക്ക്‌ കാരണമായി. അതുകൊണ്ടുതന്നെ പശ്ചിമഘട്ടസംരക്ഷണമെന്നത്‌ പശ്ചിമഘട്ടത്തിൽ വസിക്കുന്ന ജനവിഭാഗങ്ങളുടെ മാത്രം ഉത്തരവാദിത്തവും കടമ യുമല്ല. മറിച്ച്‌, കേരളത്തിലെ ജനങ്ങളുൾപ്പടെ 25 കോടിയിലേറെ വരുന്ന, പശ്ചിമഘട്ടത്തെ ആശ്രയിക്കുന്ന എല്ലാ ജനവിഭാഗങ്ങളുടെയും പൊതുആവശ്യമാണ്‌. പശ്ചിമഘട്ടത്തിൽ നിന്ന്‌ കവർന്നെടുക്കുന്ന വിഭവങ്ങൾ ഉപയോഗിക്കുന്നത്‌ അവിടെ താമസിക്കുന്നവരുടെ ആവശ്യങ്ങൾക്കുമാത്രമല്ല. മറിച്ച്‌ പശ്ചിമഘട്ടത്തിന്‌ പുറത്തുനടക്കുന്ന അമിതമായ ആവശ്യങ്ങൾക്കുകൂടിയാണ്‌. ഇതിൽത്തന്നെ നിർമാണമേഖലയുടെ അനിയന്ത്രിതമായ വളർച്ച ഇതിൽ പ്രധാനമാണ്‌. സാധ്യമായ നിയന്ത്രണങ്ങളിലൂടെയെല്ലാം ഇന്ന്‌ നടക്കുന്ന വിഭവചൂഷണത്തെ ചെറുക്കേണ്ടതുണ്ട്‌. നിലനിൽക്കുന്ന രീതികളിലും ശീലങ്ങളിലും സമീപനങ്ങളിലും മാറ്റം വരണം. പശ്ചിമഘട്ടസംരക്ഷണം ഓരോ കേരളീയന്റെയും കടമയും ഉത്തരവാദിത്തവുമാണെന്ന്‌ തിരിച്ചറിയണം.

ഈ തിരിച്ചറിവോടെ വിവിധ വിദഗ്‌ധസമിതിറിപ്പോർട്ടുകളെ പരിശോധിക്കാനും വിലയിരുത്താനും നമുക്ക്‌ കഴിയണം. ഈ ജനകീയ പരിശോധന നടക്കണമെങ്കിൽ കാര്യങ്ങളെ വസ്‌തുനിഷ്‌ഠമായും കൂട്ടായും പരിശോധിക്കാൻ കഴിയുന്ന സംവാദങ്ങൾ കേരളത്തിലുടനീളം നടക്കണം. അതിന്‌ സഹായകമായവിധം `വേണം പശ്ചിമ ഘട്ടത്തെ, ജീവനോടെ തന്നെ' എന്ന മുദ്രാവാക്യം കേരളത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരി ഷത്ത്‌ ആഗ്രഹിക്കുന്നു. നിലനിൽപ്പുള്ളതും ജനകീയവുമായ വികസനനയങ്ങളുടെ രൂപീകരണത്തിൽ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ പക്ഷത്തുനിന്നുകൊണ്ടാണ്‌ പരിഷത്ത്‌ അതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌. പശ്ചിമഘട്ടസംരക്ഷണ ത്തിന്‌ അത്തരമൊരു കർമപദ്ധതി ആവശ്യമുണ്ട്‌. അതിലൂടെ മാത്രമേ, പശ്ചിമഘട്ടമലനിരകളും അതിൽ നിന്ന്‌ ഉത്ഭവിക്കുന്ന നദികളും, അവ ചേർന്ന്‌ രൂപപ്പെടുന്ന കായലുകളും ഫലഭൂയിഷ്‌ഠമായ തീരക്കടലുമൊക്കെ പരസ്‌പരബന്ധിതമായി രൂപപ്പെട്ട ഈ പരിസ്ഥിതിവ്യൂഹത്തെ പരിപാലിച്ചുകൊണ്ടുകേരളത്തെ കേരളമായി നിലനിർത്താനാവൂ.