ചാൾസ് റോബർട്ട് ഡാർവിൻ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ചാൾസ് റോബർട്ട് ഡാർവിൻ
Cover
കർത്താവ് പ്രൊഫ. എം ശിവശങ്കരൻ
ഭാഷ മലയാളം
വിഷയം [[]]
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഒക്ടോബർ, 2009

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല. ആധുനികശാസ്‌ത്രവിജ്ഞാനം, ശാസ്‌ത്രീയ വീക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്‌ ബോധ്യമുള്ള ഏതൊരാളെ സംബന്ധിച്ചിടത്തോളവും ഏറെ പ്രാധാന്യമുള്ള വർഷമാണ്‌ 2009. ഭൗതികശാസ്‌ത്രരംഗത്ത്‌ പൊതുവിലും ജ്യോതിശ്ശാസ്‌ത്രരംഗത്ത്‌ പ്രത്യേകിച്ചും യുഗപരിവർത്തനത്തിന്‌ തുടക്കം കുറിച്ച ഗലീലിയോ ഗലീലിയുടെ പ്രശസ്‌തമായ ടെലിസ്‌കോപ്പ്‌ നിരീക്ഷണം നടന്നിട്ട്‌ 400 സംവത്സരങ്ങൾ പൂർത്തിയാകുന്നത്‌ ഈ വർഷമാണ്‌ . അതുപോലെ തന്നെ ജീവശാസ്‌ത്രരംഗത്ത്‌ അന്നുവരെ നിലനിന്നിരുന്ന ഒട്ടേറെ അബദ്ധധാരണകളെ തകിടം മറിച്ച്‌ ആധുനിക ജീവശാസ്‌ത്രത്തിന്‌ അടിത്തറ പാകിയ ചാൾസ്‌ ഡാർവിന്റെ 200-ാം ജന്മവാർഷികവും, അദ്ദേഹത്തിന്റെ `സ്‌പീഷീസുകളുടെ ഉത്‌പത്തി' (Origin Of Species) എന്ന മഹദ്‌ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ട്‌ 150 സംവത്സരങ്ങൾ പൂർത്തിയാകുന്നതും ഈ വർഷം തന്നെ. ചുരുക്കത്തിൽ നവ മാനവസംസ്‌കാരത്തിന്റെ അസ്‌തിവാരമെന്ന്‌ നിസ്സംശയം വിശേഷിപ്പിക്കാവുന്ന ആധുനിക ശാസ്‌ത്രത്തിന്റെ ചരിത്രത്തിലെ അത്യന്തം പ്രാധാന്യമേറിയ ചില മുഹൂർത്തങ്ങളുടെ ഓർമ പുതുക്കിക്കൊണ്ടാണ്‌ 2009 നമ്മുടെ മുന്നിൽ എത്തുന്നത്‌. ഇന്ത്യൻ ആണവ പരിപാടിയുടെയും ബഹിരാകാശ ഗവേഷണത്തിന്റേയും ഉപജ്ഞാതാവായ ഹോമി ജെ ഭാഭയുടെ ജന്മശതാബ്‌ദി വർഷമാണ്‌ ഇതെന്ന കാര്യവും ഈ അവസരത്തിൽ സ്‌മരണീയമാണ്‌.

ഈ ചരിത്രമുഹൂർത്തത്തിന്റെ സവിശേഷ പ്രാധാന്യം കണക്കിലെടുത്ത്‌ കൊണ്ട്‌ 2009 -2010 പ്രവർത്തനവർഷം ശാസ്‌ത്രവർഷമായി ആചരിക്കാൻ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തീരുമാനിച്ചിരിക്കുകയാണ്‌. ആധുനിക ശാസ്‌ത്രവിജ്ഞാനവും ശാസ്‌ത്രബോധവും സമസ്‌ത ജനവിഭാഗങ്ങളിലേക്കും പ്രസരിപ്പിക്കുക എന്നത്‌ പണ്ടെന്നത്തേക്കാളും ഇന്ന്‌ പ്രസക്തമായി തീർന്നിരിക്കുന്നു എന്ന വിശ്വാസമാണ്‌ ഇത്തരമൊരു തീരുമാനമെടുക്കാൻ പരിഷത്തിനെ പ്രേരിപ്പിക്കുന്നത്‌.

ആധുനിക ശാസ്‌ത്രവിജ്ഞാനത്തിന്റെ അനന്തസാധ്യതകൾക്കും അതുണർത്തിവിടുന്ന ഉദാത്തമായ ജിജ്ഞാസക്കുമൊപ്പം, ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ വിവേകപൂർണമായ ഉപയോഗവും അവയ്‌ക്ക്‌ മേലുള്ള സാമൂഹ്യനിയന്ത്രണവും വ്യാപകമായ ചർച്ചയ്‌ക്ക്‌ വിഷയീഭവിക്കേണ്ടതുണ്ടെന്ന്‌ പരിഷത്ത്‌ കരുതുന്നു. ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ ശാസ്‌ത്ര പ്രചാരണ പ്രവർത്തനങ്ങൾക്കാണ്‌ പരിഷത്ത്‌ രൂപം നൽകിയിട്ടുള്ളത്‌. ശാസ്‌ത്രവർഷാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലഘുഗ്രന്ഥപരമ്പരയിലെ ഒരു പുസ്‌തകമാണിത്‌.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌

ആമുഖം

ലോകം ഇപ്പോൾ ചാൾസ്‌ ഡാർവിന്റെ ഇരുനൂറാം ജന്മവാർഷികം ആഘോഷിച്ച്‌ കൊണ്ടിരിക്കുകയാണ്‌ (ജനനം ഫെബ്രുവരി 12, 1809). ചാൾസ്‌ ഡാർവിനും ആൽഫ്രഡ്‌ റസ്സൽ വാലസ്സും ചേർന്ന്‌ പ്രകൃതിനിർധാരണം എന്ന സിദ്ധാന്തം മുന്നോട്ടുവച്ചതിന്റെ 150-ാം വാർഷികം കൂടിയാണിത്‌. ചാൾസ്‌ ഡാർവിന്റെ `സ്‌പീഷീസുകളുടെ ഉത്‌പത്തിയെക്കുറിച്ച്‌' എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചത്‌ 1859 നവംബർ 24-ാം തീയതിയാണ്‌. അത്‌ ജീവശാസ്‌ത്രത്തിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കം കുറിച്ചു. യഥാർഥത്തിൽ അത്‌ ശാസ്‌ത്രത്തിലെ ഒരു വിപ്ലവം തന്നെയായിരുന്നു. കോപ്പർനിക്കസിന്റെ വിപ്ലവം ഭൂമിയെ പ്രപഞ്ചത്തിന്റെ കേന്ദ്രസ്ഥാനത്തു നിന്നു മാറ്റിയതുപോലെ, ഡാർവീനിയൻ വിപ്ലവം മനുഷ്യനെ ജൈവലോകത്തിന്റെ ഉച്ചകോടിയിൽ നിന്നും മാറ്റി. ഒരു പക്ഷേ മനുഷ്യനെ ജൈവലോകത്തിന്റെ ഭാഗമാക്കി മാറ്റി എന്ന്‌ പറയുന്നതാവും ശരി. പാശ്ചാത്യ ലോകത്തിൽ,അതായത്‌ ജൂഡിയൊ ക്രിസ്‌ത്യൻ ലോകവീക്ഷണം സ്വീകരിച്ചിരുന്നവരിൽ ഇതുണ്ടാക്കിയ പ്രത്യാഘാതം വലുതായിരുന്നു. അതിന്റെ പ്രകമ്പനങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഡാർവീനിയൻ സിദ്ധാന്തത്തിന്‌ മറ്റൊരു സവിശേഷത കൂടിയുണ്ട്‌. അത്‌ സുപ്രധാനവുമാണ്‌. പത്തൊമ്പതാം നൂറ്റാണ്ടിലെ മറ്റൊരു ശാസ്‌ത്രസിദ്ധാന്തവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഗവേഷണ അജണ്ട നിർണ്ണയിക്കുന്നവ ആയി തുടരുന്നില്ല. ഡാർവിൻ ദ്വിശതാബ്‌ദി പ്രമാണിച്ച്‌ നേച്ചർ വാരിക, പരിണാമപഠനങ്ങളിലെ 15 രത്‌നങ്ങളെന്ന്‌ വിശേഷിപ്പിച്ച്‌, പുരാജീവശാസ്‌ത്രം, പരിസ്ഥിതിവിജ്ഞാനം, തന്മാത്രാജൈവശാസ്‌ത്രം എന്നീ വിഷയങ്ങളിലെ പ്രബന്ധങ്ങളുടെ സംക്ഷിപ്‌തവിവരണങ്ങൾ കൊടുത്തിട്ടുണ്ട്‌. ഇതിൽ പതിനാലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിച്ചിട്ടുള്ളവയാണ്‌. ഒരെണ്ണം മാത്രം - തൂവലുകളുടെ ഉത്‌പത്തിയെക്കുറിച്ചുള്ളത്‌ - 1998ൽ ആണ്‌ പ്രസിദ്ധീകരിച്ചത്‌. വിശദീകരണങ്ങൾ നൽകുന്നതിനുള്ള കരുത്ത്‌, പ്രവചനക്ഷമത, തുടർഗവേഷണങ്ങൾ നിർദ്ദേശിക്കാനുള്ള കഴിവ്‌ എന്നിവയാണ്‌ ഒരു ഉത്തമശാസ്‌ത്രസിദ്ധാന്തത്തിന്റെ മുഖ്യലക്ഷണങ്ങൾ. ഡാർവിന്റെ പരിണാമസിദ്ധാന്തം ഇതെല്ലാം തികഞ്ഞതാണ്‌.

മുഖ്യവിഷയത്തിലേക്ക്‌ കടക്കുന്നതിനുമുമ്പ്‌ ഒരു പ്രധാനകാര്യം കൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്‌. സമീപകാലം വരെ, കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ ഏതാണ്ട്‌ 1982 വരെ, ഡാർവിന്റെ ആത്മകഥയേയും സ്‌പീഷീസുകളുടെ ഉത്‌പത്തിയെക്കുറിച്ചുള്ള പുസ്‌തകത്തിന്റെ ആറാമത്തേതും അവസാനേത്തതുമായ പതിപ്പിനെയും ആസ്‌പദമാക്കിയാണ്‌ അദ്ദേഹത്തിന്റെ സംഭാവനകളെ വിലയിരുത്തിയിരുന്നത്‌. എന്നാൽ ചരമവാർഷികത്തോട്‌ അനുബന്ധിച്ചും അതിനെ തുടർന്നും, പരിണാമസിദ്ധാന്തത്തിന്റെ ഉത്‌പത്തിയേയും, അതിന്റെ ഉത്ഭവത്തെയും കുറിച്ച്‌ നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്‌. ഒരു നീരൊഴുക്കായി തുടങ്ങി അത്‌, പിന്നീട്‌ ഒരു വെള്ളപ്പാച്ചിലായി തീർന്നു. അത്‌ ഇന്നും തുടർന്നുകൊണ്ടിരിക്കുകയാണ്‌. ഡാർവിന്റെ ആത്മകഥ ആദ്യം പ്രസിദ്ധീകരിച്ചപ്പോൾ, കുടുംബാംഗങ്ങളുടെ നിർദ്ദേശപ്രകാരം, അതിൽ നിന്നു മതത്തെ സ്‌പർശിച്ചിരുന്ന ചില ഭാഗങ്ങൾ വിട്ടുകളഞ്ഞിരുന്നു. പിന്നീട്‌ അതിന്റെ പൂർണ്ണമായ പതിപ്പ്‌ 1958-ൽ മാത്രമാണ്‌ പ്രസിദ്ധീകരിക്കപ്പെട്ടത്‌. കണ്ടുപിടുത്തം നടത്തിയതിനുശേഷം 50 വർഷം കഴിഞ്ഞാണ്‌ ഡാർവിൻ ഈ ഓർമ്മക്കുറിപ്പുകൾ തയ്യാറാക്കിയത്‌. മാത്രമല്ല അദ്ദേഹമത്‌ ചെറുമക്കൾക്കുവേണ്ടി എഴുതിയതാണ്‌. ഡാർവിന്റെ മുഴുവൻ കത്തിടപാടുകളും പ്രസിദ്ധീകരിക്കുന്നതിനുമുമ്പുതന്നെ ഏതാനും വാള്യങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഇന്ന്‌ നമുക്ക്‌ കലണ്ടർ (Calender) എന്ന തലക്കെട്ടിൽ ഡാർവിനു വന്നതും ഡാർവിൻ അയച്ചതുമായ 13,889 കത്തുകളുടെ ചുരുക്കം ലഭ്യമാണ്‌. ഇവയിൽ നിന്നെല്ലാം ഡാർവിനെക്കുറിച്ചുള്ള വളരെയധികം വിവരങ്ങൾ ലഭ്യമാണ്‌. തന്റെ ചിന്തകളെയും പ്രവർത്തനങ്ങളേയും കുറിച്ച്‌ വിശദമായ കുറിപ്പുകൾ ഡാർവിൻ നോട്ട്‌പുസ്‌തകങ്ങളിൽ രേഖപ്പെടുത്തിയിരുന്നു. ഇതിൽ കണ്ടുപിടുത്തത്തിന്റെ നിർണ്ണായകമായ നാളുകളിലേക്ക്‌, 1960-തുകളിൽ പ്രശസ്‌ത ഭ്രൂണവിജ്ഞാനീയനായ സർ ഗാവിൻ ഡി ബീയർ (Gavin da Beer) പ്രസിദ്ധപ്പെടുത്തി. 1842-ൽ ഡാർവിൻ തന്റെ പരിണാമസിദ്ധാന്തത്തെക്കുറിച്ച്‌ രണ്ട്‌ ഭാഗങ്ങളായുള്ള ഒരു സ്‌കെച്ച്‌ തയ്യാറാക്കി. പിന്നീട്‌ 1844-ൽ അദ്ദേഹം ഇത്‌ ഒരു നീണ്ട ഉപന്യാസമാക്കി വികസിപ്പിച്ചു. ഇതെല്ലാം ഇന്ന്‌ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. ചാൾസ്‌ ഡാർവിനെക്കുറിച്ച്‌ പല ജീവചരിത്രങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്‌. അവയിൽ എടുത്തുപറയേണ്ടവ രണ്ടെണ്ണമാണ്‌. ഒന്ന്‌ എഡ്രിയാൻ ഡെസ്‌മണ്ടും ജെയിംസ്‌ മൂറും ചേർന്നെഴുതിയ ഡാർവിൻ. സ്റ്റീഫൻ ജെ ഗൗൾഡിന്റെ അഭിപ്രായത്തിൽ ഡാർവിനെ കുറിച്ചെഴുതപ്പെട്ടിട്ടുള്ള ജീവചരിത്രങ്ങളിൽ ഏറ്റവും നല്ലത്‌ ഇതാണെന്ന വസ്‌തുത ചോദ്യം ചെയ്യുവാൻ കഴിയുകയില്ല. രണ്ടാമതായി ജാനെറ്റ്‌ ബ്രൗൺ രണ്ട്‌ വാള്യങ്ങളായി പ്രസിദ്ധീകരിച്ച ആധികാരിക ജീവചരിത്രമാണ്‌. ആദ്യവാള്യത്തിന്റെ പേര്‌ വോയേജിങ്ങ്‌ (Voyaging). ഇതിനെ ഗൗൾഡ്‌ അദ്‌ഭുതകരം, അതിഗംഭീരം എന്നൊക്കെയാണ്‌ വിശേഷിപ്പിച്ചത്‌. രണ്ടാമത്തെ വാള്യത്തിന്റെ പേര്‌ ചാൾസ്‌ ഡാർവിൻ പവർ ഓഫ്‌ ദി പ്‌ളേസ്‌ (Charles Darwin Power of the Place) എന്നാണ്‌. ഇത്‌ പുറത്തു വന്നപ്പോഴേക്കും (2002) ഗൗൾഡ്‌ മരിച്ചുകഴിഞ്ഞിരുന്നു.

ആദ്യകാലം

ചാൾസ്‌ റോബർട്ട്‌ ഡാർവിൻ 1809 ഫെബ്രുവരി 12-ാം തിയ്യതിയാണ്‌ ജനിച്ചത്‌. അച്ഛൻ റോബർട്ട്‌ വാറിങ്ങ്‌ ഡാർവിൻ പ്രശസ്‌തനും സമ്പന്നനുമായ ഒരു ഡോക്‌ടറായിരുന്നു. അമ്മ സൂസന്ന വെഡ്‌ജ്‌വുഡ്‌ ആകട്ടെ, വ്യവസായവിപ്‌ളവത്തിന്റെ വിജയകഥകളിലൊന്നായ കളിമൺപാത്ര വ്യവസായത്തിന്റെ ഉടമയായ ജോസിയ വെഡ്‌ജ്‌വുഡിന്റെ മകളായിരുന്നു. ഡാർവിന്‌ എട്ടുവയസ്സുമാത്രം പ്രായമുള്ളപ്പോൾ അമ്മ മരിച്ചു. പിന്നീട്‌ ഡാർവിന്റെ സഹോദരിമാരാണ്‌ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്‌. പൊതുവെ പറഞ്ഞാൽ ഡാർവിൻ കുടുംബത്തിലെ ആണുങ്ങൾ മതപരമായ കാര്യങ്ങളിൽ യഥാസ്ഥിതികരായിരുന്നില്ല. സ്‌ത്രീകളാകട്ടെ ഭക്തിയുള്ളവരും ബൈബിളിനെ ഗൗരവത്തിൽ എടുക്കുന്നവരുമായിരുന്നു. ചാൾസ്‌ ഡാർവിന്റെ മുത്തച്ഛനായ ഇറാസ്‌മസ്‌ ഡാർവിനും ഒരു ഡോക്‌ടറായിരുന്നു എന്നതിനു പുറമെ, ജൈവലോകത്തെക്കുറിച്ച്‌ കവിതകൾ എഴുതുന്ന ആളുമായിരുന്നു. അദ്ദേഹം രചിച്ച സൂനോമിയ (Zoonomia) എന്ന പുസ്‌തകം, പരിണാമപരമായ ഊഹാപോഹങ്ങൾ ഉൾപ്പെടുന്നതാണ്‌. ഇറാസ്‌മസ്‌ ഡാർവിന്റെ പല സ്വഭാവവിശേഷങ്ങളും ഡാർവിനിലും ജ്യേഷ്‌ഠൻ ഇറാസ്‌മസിലും പ്രതിഫലിച്ചിട്ടുണ്ട്‌. ഇറാസ്‌മസ്‌ ഡാർവിൻ 1766 മുതൽ ബർമിങ്‌ഹാമിൽ നിലവിലുണ്ടായിരുന്ന ലൂണാൽ സൊസൈററിയിലെ അംഗമായിരുന്നു. ജെയിംസ്‌ വാട്ട്‌, മാത്യൂ ബോൾട്ടൺ, ശാസ്‌ത്രജ്ഞനായ ജെയിംസ്‌ പ്രീസ്റ്റ്‌ലി, വ്യവസായപ്രമുഖനായ ജോസിയ വെഡ്‌ജ്‌വുഡ്‌ എന്നിവരാണ്‌ അതിലെ പ്രമുഖാംഗങ്ങൾ. അവർ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതിൽ ശാസ്‌ത്രത്തിനും സാങ്കേതികവിദ്യകൾക്കുമുള്ള പങ്കിനെക്കുറിച്ച്‌ ചർച്ചകൾ നടത്താറുണ്ടായിരുന്നു. ഇറാസ്‌മസ്‌ ഡാർവിന്റെ പരിണാമചിന്തകൾ ഡാർവിനെ നേരിട്ട്‌ സ്വാധീനിച്ചിട്ടില്ല. പക്ഷേ പ്രകൃതിയെ ഒരു സങ്കീർണ്ണമായ യാന്ത്രികസൂത്രപ്പണിയായി കാണുന്നതിൽ മുത്തച്ഛന്റെ കാഴ്‌ചപ്പാടിന്റെ സ്വാധീനതയുണ്ട്‌. കൂടാതെ ലിംഗനിർദ്ധാരണത്തിന്റെ കാര്യത്തിൽ ഒരു പരിധിവരെ ഇറാസ്‌മസ്‌ ഡാർവിൻ ഒരു മുൻഗാമിയായിരുന്നു.

ചാൾസിന്റെ മൂത്ത സഹോദരൻ ഇറാസ്‌മസ്‌ ശാസ്‌ത്രത്തിൽ തത്‌പരനായിരുന്നു. ഇരുവരും ചേർന്ന്‌ വീട്ടിൽ ഒരു രസതന്ത്ര ലാബറട്ടറി ഒരുക്കി അവിടെ പരീക്ഷണങ്ങൾ നടത്തുക പതിവായിരുന്നു. ചാൾസ്‌ കുറച്ചുനാൾ അയൽപക്കത്തെ സ്‌കൂളിൽ പോയിരുന്നെങ്കിലും, താമസിയാതെ ഷ്രൂസ്‌ബറിയിലെ സ്‌കൂളിലേക്ക്‌ മാറി. സ്‌കൂൾ, വീട്ടിൽനിന്നു നടക്കുവാനുള്ള ദൂരത്തായിരുന്നെങ്കിലും, ഡാർവിൻ ഹോസ്‌റ്റലിലാണ്‌ താമസിച്ചിരുന്നത്‌. സ്‌കൂ ളിൽ നിന്നു തനിക്ക്‌ ഒരു വിദ്യാഭ്യാസവും കിട്ടിയിട്ടില്ലെന്നാണ്‌, ഡാർവിൻ തന്നെ എഴുതിയിട്ടുള്ളത്‌. അക്കാലത്തു തുടങ്ങിയ നായാട്ടിലുള്ള കമ്പം യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന കാലംവരെ തുടർന്നു. പക്ഷേ പിൽക്കാലത്ത്‌ അനാവശ്യമായ കൊലപാതകമെന്ന നിലയിൽ അതിനെ ഉപേക്ഷിച്ചു. ഇതേ കാലത്ത്‌ ഖനിജ ഇനങ്ങളെ ശേഖരിക്കലും പക്ഷിനിരീക്ഷണവും തുടങ്ങി. അക്കാലത്ത്‌ സ്‌കൂളിൽ ശാസ്‌ത്രവിഷയങ്ങളൊന്നും പഠിപ്പിച്ചിരുന്നില്ലെന്ന വസ്‌തുത മനസ്സിലാക്കണം. സഹോദരന്മാരുടെ രസതന്ത്രപരീക്ഷണങ്ങളെ ക്കുറിച്ചു സൂചിപ്പിച്ചുവല്ലോ. ഒരിക്കൽ ഹെഡ്‌മാസ്റ്റർ രസതന്ത്രം പോലെ ഉപയോഗശൂന്യമായ ഒരു വിഷയത്തിൽ താത്‌പര്യം കാട്ടുന്നതിൽ, ഡാർവിനെ ശാസിക്കുകവരെയുണ്ടായി. പിൽക്കാലത്ത്‌ ജീവികളും പരിസരവും തമ്മിൽ പ്രതിപ്രവർത്തിക്കുന്നതെങ്ങനെയെന്ന്‌ മനസ്സിലാക്കാൻ ഒരു പരിധിവരെ രസതന്ത്രപഠനങ്ങൾ ഡാർവിനെ സഹായിച്ചിരിക്കാമെന്നാണ്‌ കരുതപ്പെടുന്നത്‌.

എഡിൻബർഗ്‌

പതിനാറാമത്തെ വയസ്സിൽ ചാൾസ്‌ ഡാർവിനെ വൈദ്യശാസ്‌ത്രബിരുദമെടുക്കാനായി സ്‌കോട്ട്‌ലൻഡിലെ എഡിൻബർഗിലേക്കയച്ചു. അക്കാലത്ത്‌ എഡിൻബർഗ്‌ വൈദ്യശാസ്‌ത്രത്തിന്റെ മാത്രമല്ല, മറ്റു വൈജ്ഞാനികമേഖലകളുടെയും പഠനത്തിന്റെ കേന്ദ്രമായിരുന്നു. ആധുനിക ഭൂവിജ്‌ഞാനീയത്തിന്റെ പിതാവ്‌ എന്ന്‌ വിളിക്കാവുന്ന ജെയിംസ്‌ ഹട്ടൻ സ്‌കോട്ട്‌ലന്റുകാരനായിരുന്നു. എഡിൻബർഗിൽ സോഷ്യലിസ്റ്റുകൾ സഹകരണജീവിതത്തിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. പ്രൊഫസർമാർ ഭൂമിയുടെ ഉത്‌പത്തിയെക്കുറിച്ചും ശരീരശാസ്‌ത്രജ്ഞർ ജീവന്റെ സൃഷ്‌ടിയെക്കുറിച്ചും പ്രസംഗങ്ങൾ നടത്തി. ഇതെല്ലാം അക്കാലത്ത്‌ തികച്ചും വിപ്ലവകരമായ വിഷയങ്ങളായിരുന്നു എന്ന്‌ ഓർമിക്കണം. ചാൾസ്‌ ഡാർവിൻ അവിടെ ചെന്ന സമയത്ത്‌ ജ്യേഷ്‌ഠൻ ഇറാസ്‌മസും അവിടെ എത്തി. ഇറാസ്‌മസ്‌ കേംബ്രിഡ്‌ജിൽ വൈദ്യശാസ്‌ത്രം പഠിക്കുകയായിരുന്നു. അതോടനുബന്ധിച്ച്‌ ഒരു വർഷത്തെ പ്രായോഗികപരിശീലനത്തിനായിട്ടാണ്‌ അദ്ദേഹം അവിടെ എത്തിയത്‌. ഇറാസ്‌മസിന്റെ കാര്യം എടുത്തു പറയേണ്ടതുണ്ട്‌. ചാൾസ്‌ ഡാർവിന്റെ ബുദ്ധിപരമായ വളർച്ചയിൽ ഇറാസ്‌മസിന്‌ നല്ലൊരു പങ്കുണ്ട്‌. പിൽക്കാലത്ത്‌ ബീഗിൾയാത്ര കഴിഞ്ഞ്‌ മടങ്ങിയെത്തിയ ചാൾസിനെ ലണ്ടനിലെ ബൗദ്ധികസമൂഹത്തിന്‌ പരിചയപ്പെടുത്തിയതും ഇറാസ്‌മസാണ്‌. എഡിൻബർഗ്‌ അക്കാലത്ത്‌ തികച്ചും കോസ്‌മൊപൊളിറ്റനായ ഒരു നഗരമായിരുന്നു. ഡാർവിൻ അവിടെ ഉണ്ടായിരുന്ന കാലത്ത്‌ അമേരിക്കയിലെ പ്രസിദ്ധ പ്രകൃതിശാസ്‌ത്രജ്ഞനും പക്ഷിശാസ്‌ത്രജ്ഞനുമായ ജെയിംസ്‌ ഓഡ്‌ബോൺ `അമേരിക്കയിലെ പക്ഷികൾ' എന്ന പുസ്‌തകത്തിന്‌ പ്രീപബ്ലിക്കേഷൻ ബുക്ക്‌ ചെയ്യാനായി അവിടെ ചെന്നിരുന്നു. എഡിൻബർഗിൽ ഒന്നിച്ചുണ്ടായിരുന്ന കാലത്ത്‌ ജ്യേഷ്‌ഠനും അനുജനും ലൈബ്രറിയിൽനിന്നും ഏറ്റവുമധികം പുസ്‌തകം എടുത്തുവായിക്കുന്നവരായിരുന്നു. വൈദ്യശാസ്‌ത്രപഠനം തുടരുന്ന കാര്യത്തിൽ ചാൾസ്‌ ഡാർവിന്‌ വലിയ താത്‌പര്യം ഉണ്ടായിരുന്നില്ല. മാത്രമല്ല, ശസ്‌ത്രക്രിയയും രക്തം വാർന്നുപോകുന്നതും മറ്റും കണ്ടുനിൽക്കുവാനുള്ള മനക്കരുത്തും ഡാർവിനില്ലായിരുന്നു. അനസ്‌തേഷ്യ കൊടുക്കാതെ ഒരു ബാലനെ ശസ്‌ത്രക്രിയ നടത്തുവാൻ തയ്യാറാക്കുന്നതു കണ്ടതോടെ ഓപ്പറേഷൻ തിയേറ്ററിൽ നിന്നും ഓടിപ്പോയി. ഇനിയൊരിക്കലും വൈദ്യശ്ശാസ്‌ത്രപഠനത്തിന്‌ മുതിരുകയില്ലെന്നും തീരുമാനിച്ചു.

എങ്കിലും എഡിൻബർഗിലെ ജീവിതം ചാൾസ്‌ ഡാർവിന്റെ ഭാവി പ്രവർത്തനങ്ങളെ സ്വാധീനിച്ചു. വൈജ്ഞാനിക ചർച്ചകൾ നടത്തിവന്ന പ്‌ളിനിയൻ സൊസൈറ്റി (Plinian Society) യിൽ ഡാർവിൻ അംഗമായി. പരിവർത്തനവാദികളായ പല വിദ്യാർത്ഥികളും ഇതിലെ അംഗങ്ങളായിരുന്നു. ഈ സമയത്താണ്‌ ഡാർവിൻ റോബർട്ട്‌ ഗ്രാന്റിനെ പരിചയപ്പെട്ടത്‌. ഗ്രാന്റ്‌ തനിക്ക്‌ പരമ്പരാഗതമായി കിട്ടിയ സമ്പത്തുകൊണ്ട്‌ പാരീസിൽ പോയി ജോർജ്‌ കുവിയെ (Geroge Cuvier) (1769-1832), ബാപ്‌റ്റിസ്റ്റെ ലാമാർക്ക്‌ (1779-1829) എന്നിവരുടെ ഗവേഷണങ്ങളും പഠനങ്ങളുമായി നേരിട്ടു പരിചയപ്പെട്ടു. ഗ്രാന്റിന്‌ ഒന്നും തന്നെ പവിത്രമായിരുന്നില്ല. ഒരു സ്വതന്ത്രചിന്തകനായ അദ്ദേഹം പ്രകൃതിക്കു പിന്നിൽ ആത്മീയമായി ഒന്നുമുള്ളതായി കരുതിയിരുന്നില്ല. ഗ്രാന്റ്‌, ലാമാർക്കിന്റെ ട്രാൻസ്‌മ്യൂട്ടേഷൻ (transmutation) സിദ്ധാന്തത്തെ സ്വാംശീകരിച്ച ആളായിരുന്നു. (അക്കാലത്ത്‌ പരിണാമം എന്ന വാക്ക്‌ ഇന്നത്തെ അർഥത്തിൽ പ്രചാരത്തിൽ വന്നിരുന്നില്ല. ഡാർവിൻപോലും ആദ്യഘട്ടത്തിൽ ട്രാൻസ്‌മ്യൂട്ടേഷൻ സിദ്ധാന്തം (Transmutation Theory) എന്നാണ്‌ വിശേഷിപ്പിച്ചിരുന്നത്‌. ഫ്രഞ്ചുവിപ്ലവത്തിനുശേഷം ഫ്രാൻസിൽനിന്നു വരുന്ന ഏതുതരം ചിന്തകളേയും സിദ്ധാന്തങ്ങളേയും ഇംഗ്ലീഷുകാർ ഭയപ്പെട്ടിരുന്നകാലമായിരുന്നു അത്‌. അതിനാൽ സൃഷ്‌ടിവാദത്തിനെതിരായ ഒരു സിദ്ധാന്തം എന്നതുപോലെ തന്നെ, പാരീസിലെ ലാമാർക്കിന്റെ സിദ്ധാന്തം എന്ന നിലയിലും ട്രാൻസ്‌മ്യൂട്ടേഷൻ സിദ്ധാന്തങ്ങളെ വ്യാപകമായി എതിർത്തിരുന്നു. ആശയവിനിമയത്തിനുപുറമെ പ്രായോഗികപഠനത്തിലും ഗ്രാന്റ്‌ ഡാർവിനെ പരിശീലിപ്പിച്ചു. കടൽ തീരത്തു പോയി കടൽജന്തുക്കളെ ശേഖരിക്കലും അവയെക്കുറിച്ച്‌ പഠിക്കലും പതിവായിരുന്നു. സ്‌പഞ്ചുകളായിരുന്നു ഗ്രാന്റിന്റെ പ്രത്യേക പഠനവിഷയം. ഡാർവിനും ഗ്രാന്റിന്റെ ശിക്ഷണത്തിൽ അകശേരുകികളുടെ ലാർവകളെ മൈക്രോസ്‌കോപ്പിലൂടെ നിരീക്ഷിക്കാൻ തുടങ്ങി. ഇതിനായി ഗ്രാന്റ്‌ നൽകിയ ലാമാർക്കിന്റെ സാങ്കേതികഗൈഡ്‌ പുസ്‌തകത്തിൽ, ലാമാർക്കിന്റെ സിദ്ധാന്തത്തെക്കുറിച്ചുള്ള ഒരു ഉപന്യാസമുണ്ടായിരുന്നു. ഇക്കാലത്താണ്‌ ഡാർവിൻ ആദ്യമായി ഒരു ഗവേഷണപ്രബന്ധം അവതരിപ്പിച്ചതും. പക്ഷേ താമസിയാതെ ഡാർവിന്‌ ഗ്രാന്റുമായുള്ള ബന്ധം വേർപെടുത്തേണ്ടിവന്നു. ഇന്നും ഗവേഷണവിദ്യാർത്ഥികൾ നേരിടുന്ന ഒരു പ്രശ്‌നത്തിലാണിതിന്റെ തുടക്കം. ഫ്‌ളസ്‌ട്ര (Flustra) എന്നൊരു സ്‌പഞ്ചിന്റെ ചലനശേഷിയുള്ള അണ്‌ഡത്തെ ഡാർവിൻ കണ്ടുപിടിച്ചു. ഇക്കാര്യം സന്തോഷത്തോടെ ഗ്രാന്റിനോട്‌ ചെന്നു പറഞ്ഞപ്പോൾ അദ്ദേഹം രോഷാകുലനാകുകയാണുണ്ടായത്‌. കാരണം അദ്ദേഹം സ്‌പഞ്ചുകളുടെ പ്രജനനത്തിൽ ഗവേഷണം നടത്തുന്നുണ്ടായിരുന്നു. അതിൽ ഡാർവിൻ കൈവച്ചത്‌ ഗ്രാന്റിന്‌ തീരെ പിടിച്ചില്ല. മാത്രമല്ല, അദ്ദേഹം തന്റെ ഗവേഷണപ്രബന്ധത്തിൽ ഡാർവിന്റെ കണ്ടുപിടുത്തവും തന്റേതായി അവതരിപ്പിക്കുകയും ചെയ്‌തു. ഏതായാലും ഗ്രാന്റുമായുള്ള സഹപ്രവർത്തനം ബീഗിൽയാത്രയിൽ ഡാർവിന്‌ ഉപകാരപ്രദമായി.

കേംബ്രിഡ്‌ജ്‌

വൈദ്യശാസ്‌ത്രബിരുദം പരാജയമായതോടെ ചാൾസിന്‌ വൈദികനായി ബിരുദം നേടികൊടുക്കുവാൻ അച്ഛൻ തീരുമാനിച്ചു. അങ്ങനെ ഡാർവിൻ കേംബ്രിഡ്‌ജിലെ ക്രൈസ്റ്റ്‌ കോളേജിൽ ഡിഗ്രിക്ക്‌ പഠിക്കാനായി ചേർന്നു. അക്കാലത്ത്‌ ആംഗ്‌ളിക്കൻ സഭയിലെ പള്ളിയിലെ വികാരിയാകുകയെന്നത്‌ ഒരു മാന്യന്‌ പറ്റിയ ഉദ്യോഗമായിരുന്നു. പാതിരിയായാൽ താമസിക്കാൻ ലഭിക്കുന്ന സ്ഥലത്ത്‌, ഒഴിവുസമയങ്ങളിൽ പ്രകൃതിപഠനങ്ങളിൽ സമയം വിനിയോഗിക്കുന്നതിനും യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല. ഗണിതമല്ലാതെ ഒരു ശാസ്‌ത്രവിഷയവും സിലബസ്സിൽ ഇല്ലായിരുന്നു. ഇവിടെ വച്ചാണ്‌ ഡാർവിൻ വില്യം പാലിയുടെ (William Paley) ക്രിസ്‌തുമതത്തിനുള്ള തെളിവുകൾ, പ്രകൃതിപരമായ ദൈവശാസ്‌ത്രം (Natural Theology) എന്നീ പുസ്‌തകങ്ങൾ പഠിക്കാനിടയായത്‌. അവയെക്കുറിച്ച്‌ ഡാർവിന്‌ വലിയ മതിപ്പുമായിരുന്നു. ഒരു ഡിഗ്രി എടുക്കണമെന്നല്ലാതെ ഡാർവിന്‌ കൂടുതലായി ഒരാഗ്രഹവും ഉണ്ടായിരുന്നുമില്ല. കൂട്ടുകാരുമൊത്ത്‌ നായാട്ടും ബോട്ടുയാത്രകളും മറ്റും നടത്തലായിരുന്നു മുഖ്യപരിപാടി.

അതേസമയം, കേംബ്രിഡ്‌ജിൽ ചെലവഴിച്ചകാലം ഒരു വഴിത്തിരിവായി മാറി. അക്കാലത്താണ്‌ ഡാർവിന്‌ വണ്ടുകളെ ശേഖരിക്കുന്നതിൽ കമ്പം കയറിയത്‌. ഇക്കാര്യത്തിൽ അടുത്ത ബന്ധുവായ വില്യം ഡാർവിൻ ഫോക്‌സുമായി മത്സരമായിരുന്നു. ഫോക്‌സ്‌ ഡാർവിനെ അവിടത്തെ പ്രൊഫസറായിരുന്ന റവ: ജോൺ സ്റ്റിവെൻസ്‌ ഹെൻസ്‌ലൊവുമായി പരിചയപ്പെടുത്തി. സസ്യശാസ്‌ത്രം ഒരു പഠനവിഷയമായിരുന്നില്ലെങ്കിലും, ഹെൻസ്‌ലൊ തത്‌പരരായ വിദ്യാർത്ഥികളെ സസ്യങ്ങളെ ശേഖരിക്കാനും അവയെ തിരിച്ചറിയാനുമായി കൊണ്ടുപോകുമായിരുന്നു. മാത്രമല്ല, ആഴ്‌ചയിലൊരിക്കൽ അദ്ദേഹത്തിന്റെ വീട്ടിൽ വൈജ്ഞാനിക ചർച്ചകൾ നടത്താറുമുണ്ട്‌. ഡാർവിൻ ഹെൻസ്‌ലൊവിന്റെ വീട്ടിലെ ഒരു നിത്യസന്ദർശകനായിത്തീർന്നു. താമസിയാതെ കേംബ്രിഡ്‌ജിൽ ഡാർവിൻ അറിയപ്പെട്ടിരുന്നത്‌ ഹെൻസ്‌ലൊയുടെകൂടെ നടക്കുന്ന ആൾ എന്ന പേരിലായി. ഹെൻസ്‌ലൊവിന്റെ പക്കൽനിന്നും അലക്‌സാണ്ടർ വോൺ ഹംബോൾട്ടിന്റെ (Alexander von Humboldt) പേഴ്‌സണൽ നരേറ്റീവ്‌സ്‌ എന്ന ബൃഹദ്‌ ഗ്രന്ഥം വായിക്കാനായി വാങ്ങി. തെക്കേ അമേരിക്കയെ ചുറ്റി അദ്ദേഹം നടത്തിയ സാഹസികമായ യാത്രയെക്കുറിച്ചുള്ള വിവരണമായിരുന്നു അത്‌. ഹംബോൾട്ട്‌ (1769-1859) കൊട്ടക്കണക്കിന്‌ സസ്യശാസ്‌ത്ര സ്‌പെസിെമനുകൾ ശേഖരിച്ചു. ഇവയിൽ ഭൂവിജ്ഞാനീയ സ്‌പെസിമെനുകളും ഉൾപ്പെടും. ഏഴു വാള്യങ്ങളായി പ്രസിദ്ധീകരിച്ച യാത്രാവിവരണം ഡാർവിന്‌ വലിയ പ്രചോദനമായി. ഹംബോൾട്ടിനെ അനുകരിക്കാൻ ഡാർവിന്‌ മോഹമായി. ഇതിനായി ഡാർവിൻ ഒരു സുഹൃത്തുമായി ചേർന്ന്‌ അറ്റ്‌ലാന്റിക്കിലെ ഒരു ദ്വീപായ ടെനിറൈഫിലേക്ക്‌ ഒരു പര്യവേക്ഷണം ആസൂത്രണം ചെയ്യുക പോലുമുണ്ടായി. എന്നാൽ അത്‌ അലസിപ്പോയി.

അക്കാലത്ത്‌ ഭൂവിജ്ഞാനീയപഠനങ്ങൾ, പ്രകൃതിപഠനങ്ങളുടെ ഒരു അവിഭാജ്യഘടകമായിരുന്നു. അതിനാൽ ഭൂവിജ്ഞാനീയപരമായ പരിശീലനത്തിന്‌ ഹെൻസ്‌ലൊ ഡാർവിന്‌ റവ: ആദം സെഡ്‌ജ്‌വിക്കിനെ പരിചയപ്പെടുത്തി. സെഡ്‌ജ്‌വിക്ക്‌ കേംബ്രിഡ്‌ജിലെ ഭൂവിജ്ഞാനീയപ്രൊഫസറായിരുന്നു. ഡാർവിൻ ഉത്സാഹത്തോടെ സെഡ്‌ജ്‌വിക്കിന്റെ ക്‌ളാസുകൾ കേൾക്കാൻ തുടങ്ങി. ഭൂവിജ്ഞാനീയകാലഘട്ടങ്ങളിലെ കേംബ്രിയൻ യുഗം തിരിച്ചറിഞ്ഞതും അതിന്‌ പേരിട്ടതും സെഡ്‌ജ്‌വിക്കാണ്‌. സെഡ്‌ജ്‌വിക്കുമായുള്ള സമ്പർക്കം പ്രഭാഷണങ്ങൾ കേൾക്കുന്നതിൽ മാത്രം ഒതുങ്ങി നിന്നില്ല. ഭൂവിജ്ഞാനീയപര്യവേക്ഷണത്തിന്‌ പ്രായോഗികപരിശീലനം അനിവാര്യമാണ്‌. ഇക്കാര്യത്തിൽ സെഡ്‌ജ്‌വിക്കിന്റെ കീഴിൽ പരിശീലനം നേടാൻ കഴിഞ്ഞു എന്നത്‌ ഡാർവിനെ സംബന്ധിച്ചിടത്തോളം മഹാഭാഗ്യമായിരുന്നു. ഒരു അവധിക്കാലത്ത്‌ ഡാർവിനും സെഡ്‌ജ്‌വിക്കും ചേർന്ന്‌ വടക്കൻ വെയ്‌ൽസിൽ പര്യവേക്ഷണം നടത്തി. ഇത്‌ പിൽക്കാലത്ത്‌ ഡാർവിന്‌ അങ്ങേയറ്റം ഉപയോഗപ്രദമായി. ചാൾസ്‌ ഡാർവിൻ ശാസ്‌ത്രലോകത്തിൽ ആദ്യം സ്ഥാനം പിടിച്ചത്‌, ഭൂവിജ്ഞാനീയൻ എന്ന നിലയിലാണ്‌. ബീഗിൾയാത്രയിൽ ഡാർവിന്റെ ആദ്യഘട്ട പര്യവേക്ഷണങ്ങൾ, ഭൂവിജ്ഞാനീയവുമായി ബന്ധപ്പെട്ടവ ആയിരുന്നു.

കേംബ്രിഡജ്‌ ദിവസങ്ങളിൽ ഡാർവിന്റെ പ്രവർത്തനത്തെക്കുറിച്ച്‌ സൂചിപ്പിക്കേണ്ടതുണ്ട്‌, ഇത്‌ ഡാർവിനെ മറ്റു പല പ്രമുഖശാസ്‌ത്രജ്ഞരിൽനിന്നും വ്യത്യസ്‌തനാക്കുന്ന ഒന്നാണ്‌. മുത്തച്ഛൻ ഇറാസ്‌മസ്‌ ഡാർവിനും പ്രകൃതിപരമായ ദൈവശാസ്‌ത്രത്തിന്റെ പ്രമുഖവക്താവായ വില്യം പാലിയും പരസ്‌പരവിരുദ്ധമായ ലോകക്കാഴ്‌ചകളാണ്‌ അവതരിപ്പിച്ചിരുന്നത്‌. പാലിയുടെ അഭിപ്രായത്തിൽ, ഒരു കേംബ്രിഡ്‌ജ്‌കാരനു സ്വീകാര്യമാകുന്ന ഒരു തെളിവും ഇറാസ്‌മസ്‌ ഡാർവിൻ മുന്നോട്ടു വച്ചിരുന്നില്ല. ഇത്‌ ഡാർവിനെ ചിന്താവിഷ്‌ടനാക്കി. സ്വീകാര്യമായ തെളിവുകളും വസ്‌തുതകളും പ്രകൃതി നിയമങ്ങളും എന്താണ്‌? ഇതെല്ലാം സ്ഥാപിച്ചെടുക്കുന്നതെങ്ങനെയാണ്‌? അക്കാലത്ത്‌ ശാസ്‌ത്രജ്ഞരുടെ ആചാര്യനായ സർ ജോൺ ഹെർഷൽ (നെപ്‌റ്റിയൂൺ ഗ്രഹം കണ്ടുപിടിച്ച വില്യം ഹെർഷലിന്റെ മകൻ) ശാസ്‌ത്രത്തെ കുറിച്ച്‌ ഒരു പുസ്‌തകമെഴുതിയിരുന്നു. അക്കാലത്തെ ശൈലിക്കനുസരിച്ച്‌ അതിന്‌ നീണ്ട ഒരു പേരായിരുന്നു, പ്രകൃതിതത്ത്വശാസ്‌ത്രപഠനത്തെക്കുറിച്ച്‌ ഒരു പ്രാഥമികചർച്ച (Preliminary Discourse on Natural Philosophy) ഇത്‌ ഡാർവിൻ ഹൃദിസ്ഥമാക്കി. ശാസ്‌ത്രീയമായ വിശദീകരണങ്ങൾക്കും പുരോഗതിക്കും അനന്തമായ സാധ്യതകളാണുള്ളതെന്ന്‌, ഹെർഷൽ വാദിച്ചു. ശക്തമായ മനസ്സുകളുടെ പ്രവർത്തനങ്ങളിൽനിന്ന്‌ നമുക്ക്‌ എന്താണ്‌ പ്രതീക്ഷിക്കുവാൻ കഴിയാത്തത്‌ അതും പഴയതലമുറകൾ ആർജ്ജിച്ച വിജ്ഞാനത്തിൻമേൽ പണിതുയർത്തുമ്പോൾ. ഡാർവിന്റെ മനസ്സിൽ ശാസ്‌ത്രത്തിനുവേണ്ടിയുള്ള അഭിനിവേശം കത്തിജ്ജ്വലിച്ചു.

ബീഗിൾ യാത്ര

കേംബ്രിഡ്‌ജിലെ പഠനം പൂർത്തിയായ ഉടനെ തന്നെ ഡാർവിന്‌ തികച്ചും അപ്രതീക്ഷിതമായ ഒരു ക്ഷണം കിട്ടി. ഇല്ലെങ്കിൽ ഡാർവിൻ ഇംഗ്ലണ്ടിലെ ഏതെങ്കിലും ഒരു പള്ളിയിലെ വികാരിയും ഒരു പക്ഷേ അറിയപ്പെടുന്ന ഒരു പ്രകൃതിനിരീക്ഷകനും മാത്രമായി തീർന്നേനെ. കോളനിവൽക്കരണത്തിന്റെ ആദ്യഘട്ടത്തിൽ ബ്രിട്ടന്റെ കപ്പലുകൾ മറ്റുവൻകരകളുടെ കടൽതീരങ്ങളും മറ്റു മാപ്പ്‌ ചെയ്യുന്ന കാലമായിരുന്നു. അങ്ങനെ എച്ച്‌.എം.എസ്‌.ബീഗിൾ (H.M.S. Beagle) എന്ന കപ്പൽ തെക്കെ അമേരിക്കയുടെ തീരപ്രദേശങ്ങളിൽ സർവ്വെ നടത്താൻ പുറപ്പെടുകയായിരുന്നു. കപ്പലിന്റെ ക്യാപ്‌റ്റൻ റോബർട്ട്‌ ഫിറ്റ്‌സ്‌റോയ്‌ക്ക്‌ ഒരു മാന്യനായ സഹയാത്രികനെ കൂട്ടിനായി വേണം. അയാൾക്ക്‌ കൂട്ടത്തിൽ പ്രകൃതിശാസ്‌ത്രപഠനങ്ങൾ നടത്തുകയും ചെയ്യാം. പറ്റിയ ആളെ വേണമെന്ന്‌ പറഞ്ഞ്‌ അന്വേഷണം ഹെൻസ്‌ലോയുടെ അടുത്താണെത്തിയത്‌. അദ്ദേഹം ഡാർവിൻ അതിനു പറ്റിയ ആളാണെന്ന്‌ തീരുമാനിക്കുകയും ചെയ്‌തു. ഒരിക്കൽ ടെനിറൈഫിലേക്ക്‌ യാത്ര പോകാൻ സ്വപ്‌നം കണ്ടിരുന്ന ആളാണെന്ന്‌ ഹെൻസ്‌ലൊവിനറിയാമായിരുന്നു. പിന്നെ ഔപചാരികമായി പ്രകൃതിശാസ്‌ത്രത്തിൽ പരിശീലനം ലഭിച്ചിട്ടില്ലെങ്കിലും ഡാർവിന്റെ കഴിവിനെക്കുറിച്ച്‌ ഹെൻസ്‌ലൊ ബോധവാനായിരുന്നല്ലോ.

1831 ഡിസംബർ 27-ാം തീയതി ബീഗിൾ ചരിത്രപ്രധാനമായ യാത്ര തുടങ്ങി. ഹെൻസ്‌ലൊയുടെ ഉപദേശപ്രകാരം ഡാർവിൻ ആയിടെ പുറത്തിറങ്ങിയ ചാൾസ്‌ ലയലിന്റെ ഭൂവിജ്ഞാനീയത്തിന്റെ തത്വങ്ങൾ (Principles of Geology) എന്ന പുസ്‌തകത്തിന്റെ ആദ്യത്തെ വാള്യം കൊണ്ടുപോയിരുന്നു. ബീഗിൾ ആദ്യമായി കരക്കടുത്തത്‌ കാനറിദ്വീപ്‌സമൂഹത്തിലെ സെയ്‌ന്റ്‌ ജാഗൊ എന്ന ആഗ്നേയദ്വീപിലാണ്‌. ഡാർവിൻ കരയ്‌ക്കിറങ്ങിയ ഉടനെ അവിടത്തെ ഭൂവിജ്ഞാനത്തെക്കുറിച്ചാണ്‌ പഠിച്ചത്‌. അതിൽ നിന്ന്‌ ലയലിന്റെ പുസ്‌തകത്തിലെ യൂണിഫോമിറ്റേറിയൻ തത്വങ്ങളെ ഫീൽഡിൽ ഫലപ്രദമായി പ്രയോഗിക്കാമെന്ന്‌ മനസ്സിലാക്കി. പിന്നീട്‌ തെക്കെ അമേരിക്കയിൽ എത്തിയതിനുശേഷമാണ്‌ പ്രകൃതിവിജ്ഞാനീയപരമായ സ്‌പെസിമെനുകൾ ശേഖരിക്കലും പഠനങ്ങളും തുടങ്ങിയത്‌. ബ്രസീലിലെ മഴക്കാടുകളിലെ സസ്യജന്തുജാലങ്ങളുടെ വൈവിധ്യം ഡാർവിനെ അമ്പരിപ്പിച്ചു. കപ്പൽയാത്രയ്‌ക്കിടയിലും ഡാർവിൻ സമുദ്രജീവികളെ ശേഖരിക്കുകയും പഠിക്കുകയും ചെയ്‌തിരുന്നു. ഇക്കാര്യത്തിൽ എഡിൻബർഗിൽ വച്ച്‌ റോബർട്ട്‌ ഗ്രാന്റിൽ നിന്നു കിട്ടിയ പരിശീലനം പ്രയോജനപ്പെട്ടു. 1832 ഫെബ്രുവരി 29-ന്‌ ബീഗിൾ ബ്രസീലിലെ ബാഹിയ അഥവാ സാൻ സാൽവഡോറിൽ എത്തി. ആദ്യമായി ഉഷ്‌ണമേഖലാമഴക്കാടുകൾ കണ്ടപ്പോൾ ഡാർവിനുണ്ടായ അനുഭൂതി അദ്ദേഹത്തിന്റെ വാക്കുകളിൽ തന്നെ ഉദ്ധരിക്കുന്നതായിരിക്കും ഉത്തമം.

"ദിവസം ആഹ്ലാദകരമായി കടന്നുപോയി. ആഹ്ലാദം എന്നു പറഞ്ഞാൽ യഥാർത്ഥത്തിൽ അത്‌ ബ്രസീലിലെ കാടുകളിൽ ചുറ്റി നടന്ന ഒരു പ്രകൃതിസ്‌നേഹിയുടെ വികാരങ്ങളെ വിവരിക്കാൻ പര്യാപ്‌തമല്ല. പുല്ലുകളുടെ ശോഭ, പരാദസസ്യങ്ങളുടെ പുതുമ, പുഷ്‌പങ്ങളുടെ സൗന്ദര്യം, ഇലകളുടെ തിളങ്ങുന്ന പച്ചനിറം, എല്ലാറ്റിനും പുറമെ സസ്യജാലങ്ങളുടെ ധാരാളിത്തം-ഇതെല്ലാം എന്നെ ആനന്ദം നിറഞ്ഞ ആരാധനകൊണ്ട്‌ നിറച്ചു."

ബാഹിയയിലും പിന്നീട്‌ മോൺഡിവിഡിയോയിലും ഡാർവിൻ കരയ്‌ക്കിറങ്ങി, ഉൾപ്രദേശത്തേക്ക്‌ സഞ്ചരിച്ചു. അതിനിടെ സസ്യങ്ങളെയും ജന്തുക്കളെയും ശേഖരിക്കുകയും ഭൂവിജ്ഞാനീയ നിരീക്ഷണങ്ങൾ നടത്തുകയും ചെയ്‌തു. ഇവിടെ നടത്തിയ നിരീക്ഷണങ്ങൾ പിന്നീട്‌ പരിണാമ സിദ്ധാന്തത്തിനുള്ള പശ്ചാത്തലമൊരുക്കി. ഇതിൽ പ്രധാനമായ ഒന്നാണ്‌ പമ്പാസ്‌ പുൽമേടുകളിൽ കാണുന്ന, ഒട്ടകപ്പക്ഷിയെ അനുസ്‌മരിപ്പിക്കുന്ന റിയ (Rhea) എന്ന പക്ഷിയുടെ വിതരണത്തെക്കുറിച്ചുളള നിരീക്ഷണം. ജൈവഭൂമിശാസ്‌ത്രപരമായ തെളിവുകൾ ഉത്‌പത്തിപ്പുസ്‌തകത്തിലെ പ്രധാനചർച്ചാവിഷയമാണ്‌. പമ്പാസിന്റെ (Pampas) വടക്കൻ പ്രദേശങ്ങളിൽ താരതമ്യേന വലിപ്പം കുറഞ്ഞ ഒരിനമാണുള്ളത്‌. യാത്രയ്‌ക്കിടയിൽ ഇതിനെ ഡാർവിൻ പല തവണ ഭക്ഷിക്കുകയുണ്ടായി. അവസാനം ഒരെണ്ണത്തെ തിന്നാൻ തുടങ്ങിയപ്പോഴാണ്‌ ഇത്‌ മറ്റൊരു സ്‌പീഷീസായിരിക്കാമെന്ന ബോധോദയമുണ്ടായത്‌. ഉടനെ ചിറകും തൂവലുകളും എല്ലാമെല്ലാം പാക്ക്‌ ചെയ്‌ത്‌ ലണ്ടനിലേക്കയച്ചു. അവിടെ വിദഗ്‌ദ്ധർ അതിന്‌ റിയ ഡാർവീനി (Rhea Darwini) എന്ന്‌ പേരിടുകയും ചെയ്‌തു. അങ്ങനെ ഒരു സ്‌പീഷീസിന്റെ വിതരണ മേഖലയുടെ അതിർത്തിയിൽ, അത്‌ മറ്റൊരു സ്‌പീഷീസായി രൂപാന്തരപ്പെട്ടു. അതിർത്തിപ്രദേശത്ത്‌ പാരിസ്ഥിതികഘടകങ്ങൾ വ്യത്യസ്‌തമായിരിക്കുമല്ലോ. പമ്പാസിന്‌ വടക്കുനിന്നും തെക്കോട്ടു യാത്ര ചെയ്യുമ്പോൾ വ്യത്യസ്‌ത സ്‌പീഷീസുകളാണെങ്കിലും ഒരേ ജനുസ്സിൽപ്പെട്ട അമേരിക്കൻ ഒട്ടകപ്പക്ഷിയെയാണ്‌ കാണുന്നത്‌. അല്ലാതെ അവിടെ ആഫ്രിക്കയിലെ ഒട്ടകപ്പക്ഷിയേയോ, ആസ്‌ത്രേലിയയിലെ എമു (Emu) വിനെയോ അല്ല കാണുന്നത്‌.

തെക്കെ അമേരിക്കയിൽ നിന്നും ഡാർവിന്‌ സുപ്രധാനമായ പല ഫോസിലുകളും കണ്ടുകിട്ടി. അക്കാലത്ത്‌ സ്‌പീഷീസുകളുടെ രൂപാന്തരണം എന്ന ആശയം ഡാർവിന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. എങ്കിലും ഈ ഫോസിലുകൾ ഡാർവിനെ ചിന്തിപ്പിച്ചു. ഒരു ഫോസിൽ ഗ്‌ളിപ്‌റ്റൊഡോൺ (Glyptodon) എന്ന ജീവിയുടേതായിരുന്നു. അതിന്റെ ഘടന തെക്കെ അമേരിക്കയിൽ ഇന്നു ജീവിക്കുന്ന ആർമാഡില്ലൊ എന്ന ഉറുമ്പു തീനിയുടേതിനോട്‌ സാദൃശ്യമുള്ളതായിരുന്നു. അതേപോലെ മെഗാത്തീരിയം എന്ന ഭീമൻ ഫോസിൽ ഇന്ന്‌ അവിടെ ജീവിക്കുന്ന ഭീമൻ സ്‌ലോത്തിനോട്‌ (Sloth) സാദൃശ്യമുള്ളതായിരുന്നു. മാക്രോചേനിയ എന്നൊരു ഫോസിലും കണ്ടെത്തിയിരുന്നു. ഇതുമാത്രം അവിടെ ജീവിക്കുന്ന ഗുവാനക്കൊ എന്ന ഒട്ടകത്തിനോടു സാമീപ്യമുള്ള മൃഗത്തോടു ബന്ധപ്പെട്ടതാണെന്ന്‌ ഡാർവിൻ തെറ്റിദ്ധരിച്ചു. ലണ്ടനിലെ റിച്ചാഡ്‌ ഓവൻ എന്ന പ്രശസ്‌ത ശരീരശാസ്‌ത്രജ്ഞനാണ്‌ തെറ്റായ ഈ തിരിച്ചറിയൽ നടത്തിയത്‌. അതേപോലെ ടോക്‌സൊഡോൺ എന്നൊരു ഫോസിലിന്‌ ഇന്ന്‌ അവിടെ ജീവിക്കുന്ന കാപ്പിബാര എന്ന വലിയ കരണ്ടുതീനിജന്തു (Rodent) വിനോട്‌ സാമ്യമുണ്ടായിരുന്നു. ഇതിൽനിന്ന്‌ ഡാർവിൻ ഒരു കാര്യം മനസ്സിലാക്കി. തെക്കെ അമേരിക്കയിൽ നിന്നു കിട്ടിയ സസ്‌തനികളുടെ ഫോസിലുകൾ ഇന്നിവിടെ ജീവിക്കുന്നവയോട്‌ സാമ്യമുള്ളവയാണ്‌. (ഇതിൽ മാക്രൊേചനിയയുടെ കാര്യത്തിൽ മാത്രമേ ഒരു അപവാദമുണ്ടായിരുന്നുള്ളൂ.) ഇന്ന്‌ അക്കാര്യത്തിൽ അദ്‌ഭുതകരമായൊന്നുമില്ല. കാരണം തെക്കെ അമേരിക്കയിൽ ഒരു കാലത്ത്‌ മറ്റെങ്ങും കാണാത്ത പലതരം മൃഗങ്ങളും ജീവിച്ചിരുന്നതായി ഇന്ന്‌ നമുക്കറിയാം. എന്താണിതിനുകാരണം? ഒരു കാലഘട്ടം കഴിഞ്ഞപ്പോൾ ജന്തുജാലങ്ങൾ മാറ്റിവെക്കപ്പെട്ടു (replacement). അങ്ങനെ പുതിയതായി ഉണ്ടായവ അവിടെ തന്നെ മുമ്പ്‌ ജീവിച്ചവയോട്‌ ബന്ധപ്പെട്ടവയുമാണ്‌. പിൽക്കാലത്ത്‌ പരിണാമസിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ ഇത്‌ വിശദീകരിക്കപ്പെട്ടു.

തെക്കെ അമേരിക്കയുടെ തെക്കെ അറ്റത്തുള്ള ടിയറ ഡെൽ ഫ്യുജിയൊ സന്ദർശിച്ചത്‌, ഡാർവിന്റെ ജീവിതത്തിലെ ശ്രദ്ധേയമായ അനുഭവങ്ങളിൽ ഒന്നായിരുന്നു. ഫ്യൂജിയക്കാരുമായുള്ള ഇടപെടൽ മനുഷ്യപരിണാമത്തെക്കുറിച്ചുള്ള ഡാർവിന്റെ ധാരണകളെ സ്വാധീനിച്ചു. തെക്കെ അമേരിക്കയിലെ പര്യടനത്തിൽ, ഡാർവിന്‌ അടിമകളുടെ ജീവിതം നേരിൽ കണ്ടു മനസ്സിലാക്കാൻ അവസരം കിട്ടി. കുടുംബപരമായി തന്നെ ഡാർവിൻ അടിമത്തത്തിനെതിരായിരുന്നു. അടിമകളെ എത്ര ക്രൂരമായിട്ടാണ്‌ കൈകാര്യം ചെയ്യുന്നതെന്നു കണ്ടതോടെ ഡാർവിൻ കൂടുതൽ രോഷാകുലനായി.

പരിണാമത്തിൽ വിശ്വസിക്കുന്നവർപോലും നീഗ്രോ വംശക്കാർ യൂറോപ്പുകാരുടേതിൽ നിന്നും വ്യത്യസ്‌തനായ ഒരു പൊതുപൂർവ്വികനിൽ നിന്നാണ്‌ പരിണമിച്ചുണ്ടായതെന്നാണ്‌ കരുതിയിരുന്നതെന്ന്‌ ഓർമ്മിക്കണം. പക്ഷേ ഡാർവിൻ ഭൂമിയിലെ എല്ലാ മനുഷ്യവംശങ്ങളുടേയും പൊതുപൂർവ്വികൻ ഒന്നാണെന്നാണ്‌ കണക്കാക്കിയിരുന്നത്‌. ഇക്കാര്യത്തിൽ ഡാർവിൻ തികച്ചും ആധുനികനാണ്‌. അദ്ദേഹം ഇന്നു ജീവിച്ചിരുന്നെങ്കിൽ ആഫ്രിക്കയിൽ നിന്ന്‌ (Out of Africa) എന്ന സിദ്ധാന്തത്തെ കുറിച്ച്‌ കേൾക്കുമ്പോൾ ഏറ്റവും സന്തുഷ്‌ടനായേനെ. ഒരു വിവാദ ആശയമാണെങ്കിലും, ഡാർവീനിയൻ പണ്‌ഡിതന്മാരായ എഡ്രിയൻ ഡെസ്‌മണ്ടും ജെയിംസ്‌ മൂറും തങ്ങളുടെ പുതിയ പുസ്‌തകത്തിൽ (The Sacred Cause), പരിണാമ സിദ്ധാന്തത്തിന്റെ രൂപവത്‌കരണത്തിൽ, ഡാർവിൻ മനുഷ്യവംശങ്ങളെക്കുറിച്ചു നടത്തിയ പഠനങ്ങൾക്ക്‌ വലിയ പങ്കുണ്ടെന്നാണ്‌ അഭിപ്രായപ്പെടുന്നത്‌.

ബീഗിൾയാത്രയിൽ ഡാർവിൻ ഭൂവിജ്ഞാനീയപഠനങ്ങളും നടത്തിയിരുന്നല്ലോ. ആൻഡീസ്‌ പർവ്വതനിര സമുദ്രത്തിൽനിന്നു ഘട്ടം ഘട്ടമായി ഉയർന്നു വന്നതാണെന്ന്‌ ഡാർവിൻ വാദിച്ചു. ഇതിനായി അദ്ദേഹം ചിലിയിൽ എത്തിയശേഷം ആൻഡീസ്‌ പർവ്വതത്തിലേക്ക്‌ പര്യവേക്ഷണവും നടത്തി. ചാൾസ്‌ ലയലിന്റെ ഭൂവിജ്ഞാനീയതത്ത്വങ്ങൾ പ്രസിദ്ധീകരിക്കുന്നതനുസരിച്ച്‌ ഡാർവിന്‌ കിട്ടിക്കൊണ്ടിരുന്നു. ഡാർവിനെ ഏറ്റവുമധികം സ്വാധീനിച്ച പുസ്‌തകമാണത്‌. ചാൾസ്‌ ലയലും ഭൂമിയിൽ മാറ്റങ്ങൾ നടക്കുന്നുണ്ടെന്നും അവയെ മുൻകാലങ്ങളിൽ നടന്ന പ്രക്രിയകളുടെ വെളിച്ചത്തിൽ വിശദീകരിക്കാൻ കഴിയുമെന്നുമാണ്‌ വാദിച്ചത്‌. ഒറ്റ കാര്യത്തിൽ മാത്രമെ ഡാർവിനുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നുള്ളു. ഈ മാറ്റങ്ങൾ ജൈവലോകത്തിനും ബാധകമാക്കാൻ ലയൽ വിസമ്മതിച്ചു. സ്‌പീഷീസുകളുടെ ഉത്‌പത്തിയെക്കുറിച്ച്‌ എന്ന പുസ്‌തകം പ്രസിദ്ധീകരിച്ച്‌ വളരെ നാൾ കഴിഞ്ഞശേഷം മാത്രമേ ലയൽ പരിണാമസിദ്ധാന്തത്തെ അംഗീകരിച്ചുള്ളൂ. തെക്കെ അമേരിക്കയുടെ പടിഞ്ഞാറേ തീരത്തിനടുത്തുള്ള ചിലൊ (Chilo) ദ്വീപിൽ പര്യവേക്ഷണം നടത്തവെ, വൻകരയിൽ ഒരു അഗ്നിപർവ്വതസ്‌ഫോടനമുണ്ടായി. ഡാർവിന്‌ ഇതു കാണാനുള്ള അവസരം കിട്ടി. ലയലിന്റെ ഭൂവിജ്ഞാനീയസിദ്ധാന്തത്തിന്റെ ഒരു മുഖ്യഘടകം ഭൂമിയുടെ കീഴോട്ടിരിക്കലും ഉയർത്തപ്പെടലുമാണ്‌. വാൽഡീവിയയിൽ വച്ച്‌ ഡാർവിന്‌ ഒരു ഭൂകമ്പം അനുഭവിക്കാനുള്ള ഭാഗ്യമുണ്ടായി. (ഭൂവിജ്ഞാനീയർ ഇത്തരം അനുഭവങ്ങൾ ഭാഗ്യമായിട്ടാണ്‌ കണക്കാക്കുക.) ഡാർവിൻ നിന്നിരുന്ന ഭാഗം ചാഞ്ചാടുന്നതായി തോന്നി. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കിഴക്കു ഭാഗത്തുള്ള കോൺസെപ്‌സിയോൺ പട്ടണമായിരുന്നു. അവിടത്തെ കെട്ടിടങ്ങളെല്ലാം തകർന്നു വീണു. ഭൂമിയിൽ വലിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. പിറ്റേദിവസം ഡാർവിനും കൂട്ടരും അവിടെ ചെന്നു. ഭൂവിജ്ഞാനീയപരമായ കാഴ്‌ചപ്പാടിൽ ഏറ്റവും പ്രധാനം തീരപ്രദേശത്ത്‌ കണ്ട ഭൂമിയുടെ ഉയർച്ചയാണ്‌. തീരപ്രദേശത്തിന്റെ അതിർത്തി ഏതാണ്ട്‌ ഒരു മീറ്ററോളം ഉയർന്നിരുന്നു. ഇതേക്കുറിച്ച്‌ ക്യാപ്‌റ്റൻ ഫിറ്റ്‌സ്‌റോയി കൃത്യമായി അളവുകളെടുത്തു. ഇതോടെ ലയലിന്റെ ആശയങ്ങൾ ഡാർവിനിലും സ്ഥിരപ്രതിഷ്‌ഠനേടി.

പവിഴപ്പുറ്റുകൾ

ഡാർവിനെ ഒരു അംഗീകൃതശാസ്‌ത്രജ്ഞനാക്കിയ കണ്ടുപിടുത്തവും ബീഗിൾയാത്രക്കിടയിലാണ്‌ ഉണ്ടായത്‌. പ്രകൃതിനിർദ്ധാരണസിദ്ധാന്തം മുന്നോട്ടു വച്ചില്ലെങ്കിൽ തന്നെ, ഈ ഒരു സിദ്ധാന്തം, ഡാർവിന്‌ ശാസ്‌ത്രജ്ഞർക്കിടയിൽ സ്ഥാനം നേടിക്കൊടുത്തേനെ. പവിഴപ്പുറ്റുചങ്ങലപ്പാറകളുടേയും (coral reefs) അറ്റോളുകളുടേയും (attols) ഉത്‌പത്തിയെക്കുറിച്ചുള്ള സിദ്ധാന്തമാണത്‌. പോളിപ്പുകൾ (polyps) എന്ന കടൽ ജീവികളുടെ, ചുണ്ണാമ്പുകൊണ്ടുണ്ടാക്കിയ ബാഹ്യകവചമാണ്‌ പവിഴപ്പുറ്റായിത്തീരുന്നത്‌. സമുദ്രത്തിൽ അങ്ങിങ്ങായി (ഉഷ്‌ണമേഖലാപ്രദേശത്ത്‌) നടുവിൽ നീലിമയുള്ള വെള്ളംനിറഞ്ഞ ലഗൂണും (lagoon) ചുറ്റും വൃത്താകാരത്തിൽ വിതരണം ചെയ്‌ത പവിഴപ്പുറ്റുകളെയുമാണ്‌ അറ്റോൾ എന്ന്‌ പറയുന്നത്‌. സമുദ്രോപരിതലത്തിനടുത്ത്‌, പ്രകാശം അകത്തേക്കു പ്രവേശിക്കുന്ന ഭാഗത്തു മാത്രമേ പവിഴപ്പുറ്റ്‌ ഉണ്ടാക്കുന്ന പോളിപ്പുകൾ ജീവിക്കുകയുള്ളൂ. അഗ്നിപർവ്വതങ്ങളുടെ ക്രേറ്ററിന്റെ (crator) അരികുകളിൽ വളരുന്നവയാണ്‌ അറ്റോളുകളെന്ന്‌ ലയൽ അഭിപ്രായപ്പെട്ടു. അതേസമയം കരയുടെ ഒരു ഭാഗം ഉയരുന്നതിനനുസരിച്ച്‌ സമുദ്രത്തിന്റെ അടിത്തട്ട്‌ താഴുമെന്ന്‌ ഡാർവിൻ വിശ്വസിച്ചു. ഡാർവിന്റെ സിദ്ധാന്തമനുസരിച്ച്‌ സമുദ്രത്തിലെ ആഗ്നേയദ്വീപിന്റെ തീരഭാഗത്ത്‌, അതിന്‌ ചുറ്റുമായി പവിഴപ്പുറ്റുകൾ വളരുന്നുണ്ടായിരിക്കും. സമുദ്രത്തറ താഴുന്നതിനനുസരിച്ച്‌ ആഗ്നേയദ്വീപും താഴോട്ടിരിക്കുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ, പ്രകാശം പ്രവേശിക്കാത്ത ആഴത്തിലുള്ള പവിഴപ്പുറ്റുപോളിപ്പുകൾ നശിക്കും. അവയുടെ ചുണ്ണാമ്പ്‌ അസ്ഥികൂടം അവിടെ അവശേഷിക്കും. അവക്ക്‌ മുകളിൽ പുതിയ പവിഴപ്പുറ്റു പോളിപ്പുകൾ വളരും. അങ്ങിനെ താഴോട്ട്‌ ഇരിക്കുന്നതിന്റെ തോതനുസരിച്ച്‌ പുതിയ പോളിപ്പുകൾ മുകളിലേക്കു വളരും. അഗ്നിപർവ്വതത്തിന്റെ കോൺ, അതായത്‌ ദ്വീപിന്റെ മുകൾഭാഗം വെള്ളത്തിനടിയിൽ ആകുമ്പോൾ, ചുറ്റുമുള്ള പവിഴപ്പുറ്റുകൾ വളരുന്നുണ്ടാകും. അങ്ങനെ അവ ജലോപരിതലത്തിന്റെ തൊട്ടുതാഴെയായി നിലനിൽക്കും. മരിച്ചുപോയ പവിഴപ്പുറ്റുകളുടെ അസ്ഥികൂടം അവയെ താങ്ങി നിർത്തും. അറ്റോളുകൾ രൂപപ്പെടുന്നത്‌ ഇപ്രകാരമാണ്‌. ഡാർവിന്റെ ഈ സിദ്ധാന്തം ഇന്നും അംഗീകരിക്കപ്പെടുന്ന ഒന്നാണ്‌. ബീഗിൾ യാത്രയിൽ തുടക്കം മുതൽ തന്നെ ഡാർവിൻ പോളിപ്പുകളുടെ ജീവിത ചക്രത്തെക്കുറിച്ച്‌ പഠിച്ചിരുന്നു. എങ്കിലും ഒരു അറ്റോൾ നേരിട്ടു കാണുന്നതിനും മുമ്പാണ്‌ ഡാർവിൻ തന്റെ സിദ്ധാന്തം മുന്നോട്ടു വച്ചത്‌. അദ്ദേഹത്തിന്റെ കയ്യിൽ ലയലിന്റെ പുസ്‌തകത്തിൽ നിന്നു കിട്ടിയ വിവരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലയൽ മുന്നോട്ടുവച്ച ആശയത്തിന്‌ വിരുദ്ധമായ ഒരു സിദ്ധാന്തം മുന്നോട്ടു വയ്‌ക്കാനുള്ള ആത്മവിശ്വാസം ഡാർവിന്‌ ഉണ്ടായി എന്നതാണ്‌ ശ്രദ്ധേയമായ വസ്‌തുത.

ഗാലപ്പഗോസ്‌

1835 സെപ്‌റ്റംബർ അവസാനത്തോടെ ബീഗിൾ തെക്കേ അമേരിക്കയുടെ തീരം വിട്ട്‌ പസഫിക്കിലൂടെ യാത്ര തിരിച്ചു. ആദ്യം ചെന്നെത്തിയത്‌ ഇക്വഡോറിൽ നിന്ന്‌ ഏതാണ്ട്‌ 1500 കി.മീ. അകലെ ഭൂമധ്യരേഖയുടെ ഇരുവശത്തുമായി ചിതറിക്കിടക്കുന്ന ഗാലപ്പഗോസ്‌ ദ്വീപസമൂഹത്തിലാണ്‌. ഇവയെല്ലാം ആഗ്നേയദ്വീപുകളായിരുന്നു. `ഇവിടെ നാം ആ വലിയ വസ്‌തുതയുടെ അടുത്തെത്തിയതായി തോന്നും - ആ രഹസ്യങ്ങളുടെ രഹസ്യം'-സ്‌പീഷീസുകൾ ആദ്യം ഉദ്‌ഭവിച്ചതിന്റെ രഹസ്യം ഡാർവിൻ തന്റെ യാത്രാവിവരണത്തിൽ ഇപ്രകാരമാണെഴുതിയത്‌. പക്ഷേ യഥാർഥത്തിൽ ഗാലപ്പഗോസ്‌ സന്ദർശിക്കുന്ന സമയത്ത്‌ ഡാർവിന്റെ മനസ്സിൽ സ്‌പീഷീസുകളുടെ ഉത്‌പത്തിയെക്കുറിച്ചുള്ള ഒരു ചിന്തയും ഉണ്ടായിരുന്നില്ല. അവിടെ കുരുവികളെ നിരീക്ഷിച്ചതിൽ നിന്നുമാണ്‌, സ്‌പീഷീസുകളുടെ ഉത്‌പത്തിയെക്കുറിച്ചുള്ള ആശയം ഡാർവിന്റെ മനസ്സിൽ ഉദിച്ചതെന്നതും പരക്കെ അറിയപ്പെടുന്ന ഒരു ഐതിഹ്യമാണ്‌. അതേസമയം പരിണാമചിന്ത മനസ്സിൽ ഉദിച്ചതിനുശേഷം, ഗാലപ്പഗോസിൽ കണ്ട കാര്യങ്ങൾ ഡാർവിന്റെ ചിന്തയെ സ്വാധീനിച്ചു എന്ന കാര്യത്തിൽ സംശയമില്ല. അവിടെ ചെന്നിറങ്ങിയപ്പോഴും ഡാർവിന്റെ മുൻഗണന അവിടത്തെ ഭൂവിജ്ഞാനീയം പഠിക്കുന്നതിലായിരുന്നു. ഡാർവിന്‌ ഒരു അഗ്നിപർവ്വതത്തിന്റെ മുഖം (ക്രേറ്റർ) നേരിട്ട്‌ കാണാൻ വലിയ താത്‌പര്യമുണ്ടായിരുന്നു. ആ ആഗ്രഹം സാധിക്കുകയും ചെയ്‌തു.

ഗാലപ്പഗോസ്‌ ദ്വീപസമൂഹത്തിൽ ചാൾസ്‌, ചാഥാം, ആൾബ്‌മാളെ എന്നീ ദ്വീപുകളാണ്‌ ഡാർവിൻ സന്ദർശിച്ചത്‌. അവിടെ കണ്ട കടൽജീവികളായ ഇഗ്വാനകൾ ഡാർവിനിൽ ഏറെ കൗതുകമുണർത്തി. ഏതാണ്ട്‌ ഉടുമ്പിനെ പോലെയിരിക്കുന്ന ഉരഗമാണത്‌. ഓരോ ദ്വീപിലും ഓരോതരം കരയാമകളാണ്‌ ഉള്ളതെന്നും, അവയുടെ പുറംതോടു മാത്രം കണ്ടാൽ, തനിക്ക്‌ അത്‌ ഏതു ദ്വീപിലേതാണെന്ന്‌ പറയാൻ കഴിയുമെന്നും അവിടത്തെ വൈസ്‌ ഗവർണറായ മിസ്റ്റർ ലോസൺ ഡാർവിനോട്‌ പറയുകയുണ്ടായി. ഈ പറഞ്ഞതിന്റെ പ്രസക്തിയും ഡാർവിന്‌ പിന്നീടാണ്‌ മനസ്സിലായത്‌. ഇക്കാര്യം ഡാർവിൻ തന്റെ യാത്രാവിവരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്‌. അതിൽ അദ്ദേഹം ഇങ്ങനെ എഴുതി; കേവലം 100-120 കി.മീ അകലത്തിൽ സ്ഥിതി ചെയ്യുന്ന, ഒരേതരം പാറകളും, ഒരേ കാലാവസ്ഥയും ഉള്ള ദ്വീപുകളിൽ വ്യത്യസ്‌തമായ ജീവികൾ (ഒരേ ഇനത്തിൽപ്പെട്ടവ) ഉണ്ടായിരിക്കണമെന്ന്‌ ഞാൻ സ്വപ്‌നത്തിൽപോലും കരുതിയില്ല. ഇംഗ്ലണ്ടിൽ തിരിച്ചെത്തിയ ഡാർവിൻ താൻ ശേഖരിച്ച വിവിധവിഭാഗങ്ങളിൽപ്പെട്ട ജന്തുക്കളെ തിരിച്ചറിയാനും അവയുടെ വിവരണം തയ്യാറാക്കാനും വിദഗ്‌ദ്ധരെ ഏൽപിച്ചിരുന്നു. അക്കൂട്ടത്തിൽ പക്ഷികളെ തരംതിരിക്കുവാൻ ഏൽപ്പിച്ചിരുന്നത്‌ ജെയിംസ്‌ ഗുൽഡിനേയാണ്‌. അദ്ദേഹമാണ്‌ ഡാർവിനോട്‌ ഓരോ ദ്വീപിൽ നിന്നും ശേഖരിച്ച മോക്കിങ്‌ ബേഡ്‌ (mocking bird) എന്ന ഇനത്തിൽപ്പെട്ട പക്ഷികൾ വ്യത്യസ്‌ത സ്‌പീഷീസുകളായിരിക്കാമെന്ന്‌ ആദ്യമായി അഭിപ്രായപ്പെട്ടത്‌. ഇതോടെയാണ്‌ ഡാർവിൻ വസ്‌തുതകളെ പുതിയ വെളിച്ചത്തിൽ കാണാൻ തുടങ്ങിയത്‌. യഥാർത്ഥത്തിൽ ഡാർവിൻ കുരുവികളെ ശേഖരിച്ചിരുന്നുവെങ്കിലും, അവയോരോന്നും ഏതേത്‌ ദ്വീപിൽനിന്ന്‌ കിട്ടിയവയാണെന്ന്‌ ലേബൽ ചെയ്‌തിരുന്നില്ല. എന്നാൽ മോക്കിങ്‌ ബേഡിന്റെ കാര്യത്തിൽ ഒരു സൂചന കിട്ടിയതോടെ, ഓരോ ദ്വീപിലേയും കുരുവികളെ തിരിച്ചറിയുവാൻ ഡാർവിൻ തീവ്രശ്രമം നടത്തി.

1836-ൽ ഡാർവിൻ ഇംഗ്ലണ്ടിൽ തിരിച്ചെത്തി. കുറച്ചുനാൾ ലണ്ടനിൽ തന്നെ താമസിച്ച്‌, ബീഗിൾ യാത്രയിൽ ശേഖരിച്ച സ്‌പെസിമെനുകൾ തരം തിരിക്കുകയും ഓരോ വിഭാഗവും പറ്റിയ വിദഗ്‌ധരെ പഠനങ്ങൾക്കായി ഏൽപ്പിക്കുകയും ചെയ്‌തു. ഇതിനിടെ സ്‌പീഷീസുകളുടെ രൂപാന്തരണത്തെ (transmutation) കുറിച്ചുള്ള ചിന്തകൾ ഡാർവിന്റെ മനസ്സിൽ ഉദിച്ചു കഴിഞ്ഞിരുന്നു. അതിനായി അദ്ദേഹം രണ്ടു നോട്ടുപുസ്‌തകങ്ങൾ വച്ചു. അതിൽ അപ്പോഴപ്പോൾ മനസ്സിൽ തോന്നുന്ന കാര്യങ്ങളും ലഭിക്കുന്ന വിവരങ്ങളും കുറിച്ചിട്ടു തുടങ്ങി. 1842-ൽ സ്‌പീഷീസുകളുടെ രൂപാന്തരണത്തെ ക്കുറിച്ച്‌ ഡാർവിൻ ചെറിയ ഒരു കുറിപ്പെഴുതി. 1844-ൽ ഇതു വിപുലീകരിച്ച്‌ നീണ്ട ഒരു പ്രബന്ധമാക്കി മാറ്റി. ഈ കാലത്ത്‌ ബഹുമാന്യനായ ഒരു ജീവശാസ്‌ത്രജ്ഞന്റേയും മുമ്പിൽ രൂപാന്തരണത്തെക്കുറിച്ച്‌ സൂചിപ്പിക്കുവാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അതേസമയം ഡാർവിൻ തന്റെ സിദ്ധാന്തം അങ്ങേയറ്റം മൗലികമായ ഒന്നാണെന്ന്‌ മനസ്സിലാക്കി. അദ്ദേഹം എമ്മയുടെ പേരിൽ ഒസ്യത്തിന്റെ രീതിയിൽ ഒരു കത്തെഴുതിവച്ചു. അതിൽ ആ പ്രബന്ധം പ്രസിദ്ധീകരിക്കുവാനുള്ള തുക വകയിരുത്തി. മാത്രമല്ല അത്‌ എഡിറ്റ്‌ ചെയ്യാൻ സമീപിക്കേണ്ട ആളുകളുടെ ഒരു ലിസ്റ്റു തയ്യാറാക്കി വച്ചിരുന്നു. ഇതിൽനിന്നും താൻ ഏതെങ്കിലും കാരണവശാൽ മരിച്ചുപോകുകയാണെങ്കിൽ പോലും ഈ പ്രബന്ധം പ്രസിദ്ധീകരിക്കണമെന്ന്‌ ആഗ്രഹിച്ചിരുന്നതായി കാണാം. അതിന്‌ അദ്ദേഹം അത്രയ്‌ക്ക്‌ പ്രധാന്യം കല്‌പിച്ചിരുന്നു. അതേസമയം ഉടനെ പ്രസിദ്ധീകരിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം ബോധവാനായിരുന്നു.

തുടർന്ന്‌ തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ചാൾസ്‌ ലയൽ, ജോസഫ്‌ ഡാൾട്ടൺ ഹുക്കർ എന്നിവരോട്‌ ഈ വിഷയത്തെക്കുറിച്ച്‌ ചർച്ചചെയ്യുവാൻ തുടങ്ങി. ഹുക്കർക്കാണ്‌ ആദ്യമായി പ്രബന്ധത്തിന്റെ ഒരു കോപ്പി നൽകിയത്‌. ഹുക്കർ ഡാർവിനേപ്പോലെ ഒരു കപ്പൽയാത്ര നടത്തിയ ആളായിരുന്നു. അദ്ദേഹം എറിബസ്‌ (Erebus) എന്ന കപ്പലിൽ അന്റാർട്ടിക്കയി ലേക്ക്‌ ഒരു യാത്ര നടത്തി. മാത്രമല്ല അദ്ദേഹത്തിന്റെ അച്ഛൻ വില്യം ഹുക്കർ ലണ്ടനിലെ പ്രശസ്‌തമായ ക്യൂ (Kew) തോട്ടത്തിലെ ഡയറക്‌ടറുമായിരുന്നു. അതിനാൽ പ്രതിഭാശാലിയായ ജോസഫ്‌ ഹുക്കറിന്‌ സസ്യങ്ങളെക്കുറിച്ച്‌ പൊതുവേയും, അവയുടെ ഭൂമിശാസ്‌ത്രപരമായ വിതരണത്തക്കുറിച്ച്‌ പ്രത്യേകമായും നല്ല വിജ്ഞാനമുണ്ടായിരുന്നു. ഡാർവിൻ പല സംശയനിവാരണങ്ങൾക്കും ഹുക്കറെയായിരുന്നു സമീപിക്കാറ്‌. അങ്ങനെ അവർ തമ്മിൽ നല്ല സുഹൃദ്‌ബന്ധത്തിലായി. ചാൾസ്‌ ലയലും, ഡാർവിന്റെ സിദ്ധാന്തത്തെ അനുകൂലിച്ചില്ലെങ്കിലും, പ്രോത്സാഹനം നൽകി. ഈ സമയത്താണ്‌ അജ്ഞാതനായ ഒരു എഴുത്തുകാരന്റെ വെസ്റ്റിജസ്‌ ഓഫ്‌ ക്രിയേഷൻ (Vestiges Of Creation) എന്ന പുസ്‌തകം പുറത്തിറങ്ങിയത്‌. ഇതിന്റെ രചയിതാവ്‌ എഡിൻബറൊയിലെ പ്രസാധകനായ റോബർട്ട്‌ ചേമ്പേഴ്‌സ്‌ ആയിരുന്നു. പ്രപഞ്ചോത്‌പത്തി മുതൽ മനുഷ്യന്റെ ഉത്‌പത്തി വരെ പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമായിരുന്നു അത്‌. പുസ്‌തകത്തിന്‌ വൻപ്രചാരമുണ്ടായിരുന്നു. പക്ഷേ അതിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണുണ്ടായത്‌. അതിൽ ഗ്രന്ഥകാരൻ ശാസ്‌ത്രീയമായ തെളിവുകളൊന്നും നിരത്തിയിരുന്നില്ല എങ്കിലും ഇത്തരമൊരു ചിന്താഗതി ഇത്രയും വലിയൊരു കൊടുങ്കാറ്റ്‌ ഉയർത്തുമെന്ന്‌ ഡാർവിൻ തീരെ പ്രതീക്ഷിച്ചില്ല. അതിനാൽ താനും ഇത്തരം ഒരു സംരംഭത്തിന്‌ മുതിരുമ്പോൾ തക്ക തയ്യാറെടുപ്പ്‌ വേണമെന്ന്‌ ഉറപ്പായി. മാത്രമല്ല, വ്യതിയാനങ്ങളെക്കുറിച്ചും സ്‌പീഷീസുകളെക്കുറിച്ചുമെല്ലാം പറയുമ്പോൾ കൂടുതൽ അനുഭവസമ്പത്ത്‌ വേണമെന്ന്‌ ഹുക്കറും പറഞ്ഞിരുന്നു.

അങ്ങനെയാണ്‌ ബാർണക്കിളുകളെക്കുറിച്ചുള്ള ബൃഹത്തായ പഠനം തുടങ്ങിയത്‌. പുറംതോടുകളുള്ള ഒരു ജീവിയാണിത്‌. അതിനാൽ ഒരു കാലത്ത്‌ ഇതിനെ കക്ക, ഞൗണി മുതലായവ ഉൾപ്പെടുന്ന മൊളസ്‌ക എന്ന വിഭാഗത്തിലാണ്‌ പെടുത്തിയിരുന്നത്‌. പിന്നീട്‌ അതിന്റെ ജീവചരിത്രം പഠിച്ചപ്പോഴാണ്‌, അത്‌ ചെമ്മീൻ, ഞണ്ട്‌ മുതലായവയോട്‌ ബന്ധപ്പെട്ട ക്രസ്റ്റേഷ്യ (Crustacea) യിൽ പെടുന്നതാണെന്ന്‌ മനസ്സിലാക്കിയത്‌. തോടുകൾക്കകത്ത്‌- പല പാളികൾ ചേർന്നതാണിത്‌ -മലർന്നുകിടന്ന്‌, കാലുകൾകൊണ്ട്‌ ഭക്ഷണം തേടുന്ന ഒരു ജീവിയാണിത്‌. ബീഗിൾ യാത്രക്കിടയിൽ ഒരു ചെറിയ ബാർണ ക്കിളിനെ ഡാർവിൻ ശേഖരിച്ചിരുന്നു. ഇതിൽ നിന്നാണ്‌ പഠനങ്ങൾ തുടങ്ങിയത്‌. പിന്നീട്‌ ഡാർവിന്റെ ശൈലിക്കനുസരിച്ച്‌ പലരുടെ കൈയ്യിൽ നിന്നും, പല സ്ഥലങ്ങളിൽനിന്നും, ബാർണക്കിളുകളെ ശേഖരിക്കാൻ തുടങ്ങി. ഹുക്കർ അന്റാർട്ടിക്കയിൽനിന്നു കിട്ടിയ ഒരു സ്‌പീഷീസിനെ സമ്മാനിച്ചു. അങ്ങനെ അന്ന്‌ അറിയപ്പെട്ടിരുന്ന എല്ലാ ബാർണക്കിൾ സ്‌പീഷീസുകളെ കുറിച്ചും ഡാർവിൻ പഠിച്ചു. അവയിൽ കാണുന്ന വ്യതിയാനങ്ങളെയും വൈവിധ്യങ്ങളേയും കുറിച്ച്‌ നേരിട്ട്‌ ബോധ്യപ്പെട്ടു. ഇത്‌ വാസ്‌തവത്തിൽ ആത്മവിശ്വാസം നേടിയെടുക്കാനുള്ള ബോധപൂർവകമായ ഒരു ശ്രമം കൂടിയായിരുന്നു. നീണ്ട എട്ടു വർഷങ്ങളാണ്‌, ഡാർവിൻ ഇതിന്‌ ചെലവഴിച്ചതെന്ന്‌ പറയുമ്പോൾത്തന്നെ എത്ര കണ്ട്‌ ബൃഹത്തായ ഒരു പഠനമായിരുന്നു ഇതെന്ന്‌ ഊഹിക്കാമല്ലോ. അവസാനം ബാർണക്കിളുകളെ കുറിച്ചൊരു ഏകവിഷയപ്രബന്ധം (monograph) പ്രസിദ്ധീകരിച്ചു. ഇനിയാർക്കും ഡാർവിൻ സ്‌പീഷീസുകളെയും വ്യതിയാനങ്ങളെയും കുറിച്ചു പറയാൻ യോഗ്യനായ ആളല്ല എന്ന്‌ പറയാൻ കഴിയാത്ത അവസ്ഥയായി.

ബാർണക്കിളുകളുടെ പഠനം പൂർത്തിയാക്കിയ ശേഷവും, ഡാർവിൻ സ്‌പീഷീസുകളിലെ വ്യതിയാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കൽ, പ്രാവുകളെ വളർത്തുന്നവർ സവിശേഷ ഇനങ്ങളെ വളർത്തിയെടുക്കാൻ ഉപയോഗിക്കുന്ന കൃത്രിമനിർദ്ധാരണത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കൽ എന്നിവയിൽ മുഴുകി കാലം കഴിച്ചു വരികയായിരുന്നു. ഒരു വിഷയത്തിൽ തൽപരനായാൽ അതുമായി ബന്ധപ്പെട്ട എല്ലാവരുമായി കത്തുകൾ വഴി ബന്ധപ്പെടുക പതിവായിരുന്നു. ഇത്‌ പ്രത്യേകം എടുത്തു പറയേണ്ട ഒരു വസ്‌തുതയാണ്‌. ഇങ്ങനെ നിരവധി ആളുകളിൽ നിന്നു വിവരങ്ങൾ ശേഖരിക്കുന്നതു സംബന്ധിച്ച്‌ ഡാർവിൻ തന്നെ ചിലപ്പോൾ നർമ്മരസത്തോടുകൂടി, ഞാനിപ്പോൾ വസ്‌തുതകളുടെ ശേഖരത്തിന്റെ കാര്യത്തിൽ കോടീശ്വരനായി എന്നു പറഞ്ഞിട്ടുണ്ട്‌. ഇങ്ങനെ കാലം കഴിക്കുന്നതിനിടയിലാണ്‌, മലേഷ്യയിൽ നിന്നും ഒരു കത്ത്‌ വന്നത്‌. കത്ത്‌ ആൽഫ്രെഡ്‌ റസ്സൽ വാലസിന്റേതായിരുന്നു. അതിന്റെ ഉള്ളടക്കമാകട്ടെ, ഡാർവിന്റെ പ്രകൃതിനിർദ്ധാരണസിദ്ധാന്തത്തിന്റെ രത്‌നച്ചുരുക്കവും. ഡാർവിനാകെ പരിഭ്രിമിച്ച്‌ പോയി. തന്റെ സിദ്ധാന്തത്തിന്മേൽ ഉണ്ടായിരുന്ന കുത്തക നഷ്‌ടപ്പെട്ടിരിക്കുന്നു. യഥാർത്ഥത്തിൽ, ആ ചെറിയ ഉപന്യാസം ചാൾസ്‌ ലയലിന്‌ കൈമാറണം എന്നാണ്‌ കത്തിൽ എഴുതിയിരുന്നത്‌. ഡാർവിൻ നിരാശയിലാണ്ടു. വാലസ്‌ പറഞ്ഞതുപോലെ ചെയ്യാനാണ്‌, ഡാർവിൻ തീരുമാനിച്ചത്‌. പക്ഷേ വിവരം അറിഞ്ഞപ്പോൾ ലയലും ഹുക്കറും ഇടപെട്ടു. അവർ ഡാർവിന്റെ 1844-ലെ പ്രബന്ധം വായിച്ചിട്ടുള്ളവരാണല്ലോ. അതുകൊണ്ട്‌ അവരൊരു പോംവഴി കണ്ടെത്തി. ലീനിയൻ സൊസൈറ്റിയിൽ ഡാർവിന്റെയും വാലസിന്റെയും പ്രബന്ധങ്ങൾ ഒരുമിച്ച്‌ അവതരിപ്പിക്കുക. അപ്പോൾ രണ്ടുപേർക്കും പ്രശ്‌നമില്ല. ഇക്കാര്യം വാലസിനെ അറിയിച്ചപ്പോൾ, അദ്ദേഹം ഏറെ സന്തുഷ്‌ടനായി. വാലസ്‌, അത്രയും മഹാമനസ്‌കത ഉള്ള ആളായിരുന്നു. അങ്ങനെ കൃത്യമായി പറഞ്ഞാൽ പ്രകൃതിനിർധാരണസിദ്ധാന്തത്തെ ഡാർവിൻ വാലസ്‌ സിദ്ധാന്തമെന്നാണ്‌ പറയേണ്ടത്‌.

പിന്നീട്‌ ഡാർവിൻ ഒട്ടും മടിച്ചുനിൽക്കാതെ തന്റെ നിർദ്ദിഷ്‌ട ഗ്രന്ഥം പുറത്തിറക്കുവാൻ തീരുമാനിച്ചു. അങ്ങനെയാണ്‌ 1859 നവംബറിൽ `പ്രകൃതി നിർദ്ധാരണം വഴിയുള്ള സ്‌പീഷീസുകളുടെ ഉത്‌പത്തിയെക്കുറിച്ച്‌' എന്ന പുസ്‌തകം പുറത്തിറങ്ങിയത്‌. ഇത്‌ സാധാരണമായി `സ്‌പീഷീസുകളുടെ ഉത്‌പത്തിയെക്കുറിച്ച്‌' എന്ന ചുരുക്കപ്പേരിലാണ്‌ അറിയപ്പെടുന്നത്‌. അപ്പോഴും ഡാർവിൻ താൻ എഴുതുവാൻ ഉദ്ദേശിച്ച പുസ്‌തകത്തിന്റെ ഒരു ചുരുക്കമായിട്ടു മാത്രമേ അതിനെ കണക്കാക്കിയിരുന്നുള്ളൂ. ആദ്യം അച്ചടിച്ച കോപ്പികൾ പ്രസിദ്ധീകരിച്ച ദിവസം തന്നെ വിറ്റു തീർന്നു. പ്രതീക്ഷിച്ചതുപോലെ അത്‌ ഒരു കൊടുങ്കാറ്റു തന്നെയാണ്‌ ഉയർത്തിയത്‌. പിന്നീട്‌ തോമസ്‌ ഹക്‌സ്‌ലി അതിന്‌ സർവ്വവിധ പിൻതുണയും പ്രഖ്യാപിച്ചു. ഹക്‌സ്‌ലി തുടർന്നുള്ള നാളുകളിൽ പരിണാമവാദത്തിന്റെ മുഖ്യവക്താവായി മാറുകയും ചെയ്‌തു. ഹക്‌സ്‌ലി ഏത്‌ വേദിയിലും പരിണാമസിദ്ധാന്തത്തിനു വേണ്ടി വാദിക്കുന്ന ആളുമായി മാറി. അങ്ങനെ അക്കാലത്ത്‌ ഹക്‌സ്‌ലി, ഡാർവിന്റെ ബുൾഡോഗ്‌ (bulldog) എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. അധികം താമസിയാതെ ജീവശാസ്‌ത്രജ്ഞർ പൊതുവെ പരിണാമവാദത്തെ അംഗീകരിച്ചു. പക്ഷേ പ്രകൃതിനിർദ്ധാരണത്തിന്റെ കാര്യത്തിൽ ഹക്‌സ്‌ലി ഉൾപ്പെടെ പലർക്കും പൂർണ്ണസമ്മതമുണ്ടായിരുന്നില്ല. ഫ്രാൻസിൽ ദേശീയതയുടെ സങ്കുചിത കാഴ്‌ചപ്പാടിൽ ഡാർവിന്റെ സിദ്ധാന്തത്തിന്‌ വലിയ പ്രചാരം കിട്ടിയില്ല. ഡാർവിൻ ലാമാർക്കിന്റെ പരിണാമസിദ്ധാന്തത്തെ തള്ളി പറഞ്ഞിരുന്നു, എന്ന്‌ ഓർമ്മിക്കണം. അതേസമയം ജർമ്മനിയിലാകട്ടെ എണസ്റ്റ്‌ ഹേക്കലിന്റെ നേതൃത്വത്തിൽ ഡാർവിനിസത്തിന്‌ വലിയ പ്രചാരം കിട്ടി. അമേരിക്കയിലും, ഡാർവിന്റെ ഉത്തമ സുഹൃത്തായ അസ ഗ്രെയുടെ (Asa Gray) സഹായത്തോടെ ഉത്‌പത്തി പുസ്‌തകം(Origin of Species) പ്രസിദ്ധീകരിക്കപ്പെട്ടു.

സമീപകാലം വരെ ശ്രദ്ധിക്കപ്പെടാത്ത ഒരു പുസ്‌തകമാണ്‌, `ഓർക്കിഡുകളിൽ ഷഡ്‌പദങ്ങൾ പരാഗണം നടത്തുന്നതിനുള്ള പലവിധ സൂത്രപ്പണികളെകുറിച്ച്‌' എന്ന പുസ്‌തകം. 1861-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്‌തകം, യഥാർഥത്തിൽ പരിണാമവാദത്തിന്‌ അധികവായനയ്‌ക്കുള്ള ഒരു ഏകവിഷയപ്രബന്ധം (monograph) ആണ്‌. മാത്രമല്ല. അതിൽ പരിണാമത്തിൽ, ലൈംഗിക പ്രജനനത്തിനും, പ്രത്യേകിച്ച്‌ പരബീജസങ്കലനത്തിനും (cross fertilization) ഉളള പ്രാധാന്യത്തേയും പ്രതിപാദിക്കുന്നുണ്ട്‌. പരിണാമവാദത്തിന്റെ ഒരു അടിത്തറ, ജീവികളോ അവയിലെ ഘടനകളോ, ചെറിയ മാറ്റങ്ങളിലൂടെ രൂപാന്തരണം സംഭവിച്ച്‌ മറ്റൊന്ന്‌ ആയി തീരുമെന്നതാണല്ലോ. ഘടനകളെയോ, അവയവങ്ങളെയോ കുറിച്ച്‌ പറയുമ്പോൾ, സമജാതീയത (homology) ഇതിന്റെ കാതലായ ഒരു വശമാണ്‌. പരപരാഗണം (cross pollination) നടത്തുവാനായി, ഓർക്കിഡുകളിൽ പലവിധ സൂത്രപ്പണികളും കാണാം. പുഷ്‌പങ്ങളിൽ സാധാരണ കാണുന്ന ഘടനകളിൽ മാറ്റങ്ങൾ വരുത്തിയാണ്‌, ഈ സൂത്രപ്പണികൾ (contrivances) ഉണ്ടാക്കപ്പെട്ടിട്ടുള്ളത്‌ എന്ന്‌ സ്ഥാപിക്കുകയാണ്‌ ഡാർവിൻ ചെയ്‌തത്‌. ഈ സൂത്രപ്പണികൾ എല്ലാം അനുകൂലനങ്ങൾ (adaptations) ആണ്‌. വാസ്‌തവത്തിൽ ഡാർവിൻ ഉപയോഗിച്ച സൂത്രപ്പണികൾ എന്ന വാക്കാണ്‌, ഇതിന്‌ കൂടുതൽ അന്വർഥമായത്‌. ഓർക്കിഡ്‌ പുഷ്‌പങ്ങളിൽ പരാഗണത്തിനായി രൂപാന്തരപ്പെട്ട ഘടനകളുടെ സമജാതീയതയെ കുറിച്ചുള്ള പഠനമാണ്‌ ഡാർവിൻ നടത്തിയത്‌. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയിൽ, തെക്കെ അമേരിക്ക മുതൽ ഇൻഡോനേഷ്യ വരെയുളള ഭൂപ്രദേശങ്ങളിൽ നിന്നും ഓർക്കിഡുകളെ കൊണ്ടുവന്നാണ്‌ ഡാർവിൻ പഠനങ്ങൾ നടത്തിയത്‌. ഇത്‌ സാധ്യമാക്കിയത്‌, ബ്രിട്ടന്റെ അക്കാലത്തെ സാമ്രാജ്യത്വമേധാവിത്വവുമാണെന്ന വസ്‌തുത ശ്രദ്ധേയമാണ്‌.

പത്തു വർഷങ്ങൾക്ക്‌ ശേഷം ഡാർവിൻ `മനുഷ്യന്റെ അവരോഹണം' (The Descent of Man, 1871) എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചു. അക്കാലത്ത്‌ ഒരു മനുഷ്യഫോസിൽ പോലും തിരിച്ചറിയപ്പെട്ടിരുന്നില്ല എന്ന വസ്‌തുത ഓർമ്മിക്കണം. അതിനാൽ ഡാർവിന്‌ ആൾക്കുരങ്ങുകളിൽ നിന്നാണ്‌ മനുഷ്യൻ ഉത്ഭവിച്ചതെന്ന്‌ പറയാനായി പരോക്ഷമായ നിരവധി തെളിവുകൾ നിരത്തേണ്ടിവന്നു. മനുഷ്യന്‌ മറ്റൊരു ജന്തുവിനുമില്ലാത്ത സവിശേഷതകൾ ഉണ്ടെന്നായിരുന്നു പരിണാമവിരുദ്ധരുടെ വാദം. അതിനാൽ ഡാർവിൻ മനുഷ്യന്റെ എല്ലാ സവിശേഷതകളും മൃഗങ്ങളുടേതിൽ നിന്ന്‌, പ്രത്യേകിച്ച്‌ ആൾകുരങ്ങുകളുടേതിൽ നിന്ന്‌ പരിണമിച്ചുണ്ടായതാകാം എന്ന്‌ തെളിയിക്കുന്നതിനാണ്‌ ഊന്നൽ കൊടുത്തത്‌. ആ പുസ്‌തകവും ഒരു വൻ വിജയമായിരുന്നു. അതിലാണ്‌ അദ്ദേഹം ലൈംഗികനിർദ്ധാരണം എന്ന ആശയം മുന്നോട്ടു വച്ചത്‌. നീഗ്രോയ്‌ഡുകൾ, മംഗ്ലോയ്‌ഡുകൾ, കോക്കേസിയൻമാർ എന്നിവരിൽ കാണുന്ന സവിശേഷദൃശ്യലക്ഷണങ്ങൾ (visual charecteristics) ലൈംഗികനിർധാരണം വഴി ഉണ്ടായതാകാം എന്ന ആശയം ഡാർവിൻ മുന്നോട്ടു വച്ചു.

ലൈംഗികനിർധാരണം

ലൈംഗികപ്രജനനത്തിൽ ഇണ ചേരാനും, കൂടുതൽ സന്തതികളെ ഉത്‌പാദിപ്പിക്കാനുമുള്ള സാധ്യത വർധിപ്പിക്കുന്ന ലക്ഷണങ്ങൾ ഉണ്ടാകുന്നതിനെയാണ്‌ ലൈംഗികനിർധാരണം എന്നു പറയുന്നത്‌. ഒറ്റനോട്ടത്തിൽ ഇത്‌ പ്രകൃതിനിർധാരണത്തിന്‌ എതിരായി പ്രവർത്തിക്കുന്നതായി തോന്നി യേക്കാം. ആൺമയിലിന്റെ വാലിന്റെ കാര്യം എടുക്കാം. അത്രയും വലിയ വാലുള്ളതിനാൽ അതിന്‌ പറക്കാനും അതിനാൽ ശത്രുക്കളിൽ നിന്നും രക്ഷപ്പെടാനും പ്രയാസമാണ്‌. മാത്രമല്ല, അത്രയും സങ്കീർണ്ണമായ ഒരു ഘടന ഉണ്ടാക്കാനായി ശരീരത്തിലെ വിഭവങ്ങൾ കൂടുതലായി ഉപയോഗിക്കുകയും വേണം. ജന്തുക്കളിലെ വർണ്ണശബളങ്ങളായ നിറങ്ങളേയും ഡാർവിൻ പരിഗണിക്കുകയുണ്ടായി. ഇത്തരം ലക്ഷണങ്ങൾ ഇണകളുടെ എന്നപോലെ ഇരപിടിയൻമാരുടെ ശ്രദ്ധയും പിടിച്ചുപറ്റും.

ഡാർവിൻ ജീവിച്ചിരുന്ന കാലത്ത്‌ ലൈംഗികനിർധാരണത്തിന്‌ ആരും വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. എന്നാൽ സമീപകാലത്ത്‌ ഇത്‌ ജീവശാസ്‌ത്രജ്ഞരുടെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്‌. ഈ വിഷയത്തിൽ ശ്രദ്ധേമായ പല പരീക്ഷണങ്ങളും നടന്നിട്ടുണ്ട്‌. പ്രകൃതിനിർധാരണവും ലൈംഗികനിർധാരണവും തമ്മിൽ ഒരു വൈരുദ്ധ്യം ഉണ്ട്‌. പക്ഷേ ലൈംഗികനിർധാരണത്തിന്റെ ഫലം, അടുത്ത തലമുറയിലേക്ക്‌ കൂടുതൽ സന്തതികളെ സംഭാവന ചെയ്യുക എന്നതാണല്ലോ. അതിനാൽ ലൈംഗികനിർധാരണത്തെ പ്രകൃതിനിർധാരണത്തിന്റെ ഒരു പ്രത്യേകവിഭാഗമായി കണക്കാക്കാം. ഇക്കാര്യത്തിൽ ലാഭനഷ്‌ടങ്ങളുടെ കണക്കാണ്‌ പ്രധാനം. ആൺമയിലിന്റെ വാല്‌, അതിജീവനക്ഷമത കുറക്കാം. അതേസമയം വാലിന്റെ ഗുണഗണങ്ങൾ നോക്കി കൂടുതൽ സന്തതികളെ ഉത്‌പാദിപ്പിക്കുവാനുള്ള സാധ്യത കൂടിയാൽ അതും ലാഭമായി കണക്കാക്കാം. രണ്ടും കൂടി തട്ടിക്കിഴിച്ച്‌ നോക്കിയാണ്‌ മുൻതൂക്കം ഏതിനാണെന്ന്‌ തീരുമാനിക്കുന്നത്‌. മയിലിന്റെ കാര്യത്തിൽ വാലിലെ കണ്ണുകൾക്ക്‌ കറുത്ത ചായമടിച്ചും, നീളം വെട്ടിക്കുറച്ചുമെല്ലാം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്‌. കൂടുതൽ ആകർഷകമായ ആൺ മയിലുകൾക്ക്‌ ഇണകളെ കിട്ടുവാനുള്ള സാധ്യത കൂടുതലാണെന്ന്‌ തെളിയിക്കുവാൻ കഴിഞ്ഞിട്ടുണ്ട്‌. ഇതുപോലെ പെണ്ണിന്റെ തിരഞ്ഞെടുക്കൽ (female choice) എന്നൊരു പ്രതിഭാസത്തിന്റെ യാഥാർഥ്യത്തെ കുറിച്ചും പരീക്ഷണപരമായ തെളിവുകൾ ഉണ്ട്‌. കൂടുതൽ വർണ്ണശബളമായ ആണുങ്ങൾക്ക്‌ ഇണചേരുവാനുള്ള സാധ്യത കൂടുതലാണ്‌. പക്ഷികളിലാണെങ്കിൽ കൂട്‌ കൂട്ടുന്നതിലും, മുട്ടകൾക്ക്‌ അടയിരിക്കുക, കുഞ്ഞുങ്ങൾക്ക്‌ ഭക്ഷണം തേടുക എന്നീ കാര്യങ്ങളിലും ആണിനും പെണ്ണിനുമുള്ള പങ്ക്‌ ലൈംഗികനിർധാരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌. അതിന്റെ വിശദാംശങ്ങളിലേക്കൊന്നും കടക്കുന്നില്ല.

`ജന്തുക്കളിലും സസ്യങ്ങളിലും കാണുന്ന വ്യതിയാനങ്ങൾ,' `പടർന്ന്‌ കയറുന്ന ചെടികൾ' എന്നിവ ഡാർവിന്റെ ശ്രദ്ധേയമായ പഠനങ്ങൾ ആണ്‌. മൃഗങ്ങളിലും മനുഷ്യനിലും ഉണ്ടാകുന്ന വികാരങ്ങളേയും അവയുടെ പ്രകടനങ്ങളേയും കുറിച്ച്‌ ഡാർവിൻ നടത്തിയ പഠനവും മൗലിക സ്വഭാവമുള്ള താണ്‌. ജന്തുക്കളുടെ പെരുമാറ്റങ്ങളെക്കുറിച്ചുള്ള പഠനമായ എഥോളജി (Ethology)യുടെ അടിത്തറ പാകിയത്‌ ഇതാണ്‌. ഇതിൽ തന്റെ സ്വന്തം മക്കളെ മുതൽ വീട്ടുമൃഗങ്ങളേയും നാട്ടുമൃഗങ്ങളേയുമെല്ലാം ഡാർവിൻ പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌. ഏറ്റവും അവസാനം മണ്ണിരകളുടെ പ്രവർത്തനങ്ങളെ കുറിച്ചാണ്‌ ഡാർവിൻ പഠിച്ചത്‌. ഇക്കാര്യത്തിലും താൻ ജീവിതകാലം മുഴുവനും കൊണ്ട്‌ നടന്ന ഒരു കാഴ്‌ചപ്പാടിന്റെ സ്വാധീനം കാണാം. യാതൊരു പ്രാധാന്യവും ഇല്ലാത്തതാണെന്നുതോന്നിയേക്കാമെങ്കിലും മണ്ണ്‌ രൂപീകരിക്കുന്നതിൽ മണ്ണിരകളുടെ നിരന്തരമായ പ്രവർത്തനത്തിന്‌ വലിയ പങ്കുണ്ട്‌.

ഏതാണ്ട്‌ അവസാനകാലം വരെ, ഡാർവിൻ നിരന്തരമായ നിരീക്ഷണങ്ങളിലും പരീക്ഷണങ്ങളിലും ഏർപ്പെട്ടിരിക്കുകയായിരുന്നു. ഉപരിപ്ലവമായി നോക്കിയാൽ, ഡാർവിൻ സംഭവബഹുലമായ നഗരജീവിതത്തിൽ നിന്നെല്ലാം ഒഴിഞ്ഞ്‌ മാറി, ഗ്രാമത്തിൽ സൈ്വര്യമായി ഏകാന്തവാസം നടത്തുകയായിരുന്നു എന്ന്‌ തോന്നിയേക്കാം. പക്ഷേ ഇത്‌ വലിയൊരു തെറ്റിദ്ധാരണയാണ്‌. യഥാർത്ഥത്തിൽ ഡാർവിന്റെ മനസ്സ്‌ സദാ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു ഫാക്‌റ്ററി പോലെയായിരുന്നു. ഭാര്യയും കുട്ടികളുമായിട്ടാണ്‌ ജീവിച്ചിരുന്നതെങ്കിലും, അവരോടൊന്നിച്ച്‌ ചെലവഴിച്ച സമയം കുറവാണ്‌. ബീഗിൾയാത്ര മുതൽ അവസാനകാലംവരെ ശാസ്‌ത്രത്തിനുവേണ്ടി ഉഴിഞ്ഞ്‌ വച്ച ഒരു ജീവിതമായിരുന്നു ഡാർവിന്റേത്‌. അവസാനമായി ഒരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്‌. ഡാർവിൻ സമകാലികരാഷ്‌ട്രീയത്തിലും, സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായ പങ്ക്‌ വഹിച്ചിരുന്നു.

പ്രകൃതിനിർധാരണം

ഡാർവിന്റെ ഏറ്റവും മൗലികവും വിപ്ലവാത്മകവുമായ ആശയം പ്രകൃതി നിർദ്ധാരണമാണെന്നതിൽ സംശയമില്ല. ഏറ്റവും ശക്തമായി എതിർക്കപ്പെട്ടിട്ടുള്ളതും ഈ ആശയം തന്നെയാണ്‌. സാമൂഹ്യശാസ്‌ത്രജ്ഞർ പ്രകൃതിനിർധാരണമെന്ന ആശയം ഉരുത്തിരിയുവാനുള്ള കാരണം അന്നത്തെ മുതലാളിത്തത്തിന്റെ വളർച്ചയും വ്യാവസായിക വിപ്ലവത്തിന്റെ പശ്ചാത്തലവുമാണെന്ന്‌ പറയുന്നുണ്ട്‌. പക്ഷേ രണ്ടാമതൊന്നാലോചിച്ചാൽ, അതിൽ വലിയ കഴമ്പില്ലെന്നുകാണാം. കാരണം വിരലിലെണ്ണാവുന്ന പ്രകൃതി ശാസ്‌ത്രജ്ഞരൊഴികെ മറ്റെല്ലാവരും പ്രകൃതിനിർധാരണത്തെ തള്ളിക്കളയുകയാണുണ്ടായത്‌. പരിണാമവാദത്തിന്റെ ഏറ്റവും വലിയ ചാമ്പ്യനായ ടി.എച്ച്‌ ഹക്‌സ്‌ലിക്ക്‌ പോലും അതിൽ വലിയ വിശ്വാസം ഉണ്ടായിരുന്നില്ല. പ്രകൃതി ദൈവവിജ്ഞാനീയർ (Natural theologists) അതിനെ നഖശിഖാന്തം എതിർത്തതിൽ അദ്‌ഭുതപ്പെടാനില്ലല്ലോ. കാരണം, പ്രകൃതി നിർദ്ധാരണം പ്രകൃത്യതീതമായ എല്ലാ ആത്യന്തിക കാരണങ്ങളേയും (Finalistic Cause) തിരസ്‌കരിക്കുന്നു. മാത്രമല്ല, അത്‌ എല്ലാവിധ നിശ്ചിത തത്ത്വങ്ങളേയും (determination) ഉപയോഗിക്കുന്നു. പ്രഗത്‌ഭ പരിണാമ വിജ്ഞാനീയനായ ജി.ജി. സിംപ്‌സണിന്റെ അഭിപ്രായത്തിൽ പ്രകൃതിനിർധാരണം പൂർണ്ണമായും അവസരവാദിയാണ.്‌ വിഖ്യാത തൻമാത്ര ജൈവശാസ്‌ത്രജ്ഞനായ ഫ്രാൻകോയ്‌ ഷാക്കൂബ്‌ അതിനെ തട്ടിക്കൂട്ടിയെടുക്കുന്നവൻ (tinkerer) ആയിട്ടാണ്‌ വിശേഷിപ്പിച്ചത്‌. പ്രകൃതിനിർധാരണം ഇന്നും വിവാദവിഷയമാകുവാൻ തത്ത്വശാസ്‌ത്രപരവും മനഃശാസ്‌ത്രപരവുമായ കാരണങ്ങൾ ഉൾപ്പെടെ പല കാരണങ്ങളും ഉണ്ട്‌. എന്നാൽ പ്രകൃതിനിർധാരണമെന്നു പറയുന്നതുകൊണ്ട്‌ ഡാർവിൻ എന്താണ്‌ ഉദ്ദേശിച്ചതെന്ന്‌ ശരിക്ക്‌ മനസ്സിലാക്കുവാൻ കഴിയാത്തതും വലിയൊരു ഘടകമാണ്‌. അതിനാൽ അതെന്താണെന്ന്‌ പരിശോധിക്കാം.

1836 ഒക്‌ടോബറിലാണ്‌ ബീഗിൾ കപ്പൽ യാത്രകഴിഞ്ഞ്‌ ഡാർവിൻ ഇംഗ്ലണ്ടിൽ എത്തിയത്‌. അതിനുശേഷം ജോൺ ഗൂൾഡ്‌ എന്ന പക്ഷിശാസ്‌ത്രജ്ഞനുമൊത്ത്‌ കപ്പൽയാത്രയിൽ ശേഖരിച്ച പക്ഷികളെ പഠിക്കുമ്പോഴാണ്‌ ഡാർവിൻ പരിണാമവാദിയായി തീർന്നത്‌. നേരത്തെ പറഞ്ഞത്‌ പോലെ ഗാലപ്പഗോസ്‌ ദ്വീപുകളിലെ മോക്കിങ്ങ്‌ പക്ഷികളുടെ പഠനമാണ്‌ ഇതിന്റെ വിത്ത്‌ പാകിയത്‌. 1837 ജൂലായ്‌ ആയപ്പോഴേക്കും ഡാർവിൻ പൊതുപൂർവ്വികനിൽ നിന്നുളള വംശപരമ്പരയെന്ന ആശയം പൂർണ്ണമായും അംഗീകരിച്ചു കഴിഞ്ഞു. ഇതിനെ ആദ്യത്തെ ഡാർവ്വീനിയൻ വിപ്ലവമെന്ന്‌ വിളിക്കാം. അതോടെ മാറ്റമില്ലാതെ തുടരുന്ന പ്രപഞ്ചത്തിനു പകരം പരിണമിക്കുന്ന ഒന്നായി മാറി. പ്രപഞ്ചത്തിൽ മനുഷ്യനുള്ള അതുല്യമായ സ്ഥാനം നഷ്‌ടപ്പെട്ടു. അവൻ (അവൾ) ജന്തുപരിണാമത്തിലെ ഒരു ശാഖയായി തീർന്നു. എങ്കിൽ അപ്പോഴും പരിണാമം നടക്കുന്നതെങ്ങനെയെന്നത്‌ ഡാർവിന്‌ അജ്ഞാതമായ ഒന്നുതന്നെയായിരുന്നു. തുടർന്ന്‌ ഒന്നരക്കൊല്ലത്തോളം ഡാർവിൻ അതിനെക്കുറിച്ച്‌ തലപുകഞ്ഞാലോചിച്ചു. പല സിദ്ധാന്തങ്ങളും പരിഗണിക്കുകയും തിരസ്‌കരിക്കുകയും ചെയ്‌തു. അവസാനം 1838 സെപ്‌റ്റംബർ 28-ാം തീയതിയാണ്‌ ഇക്കാര്യത്തിൽ ഡാർവിന്റെ മനസ്സിൽ വെളിച്ചം വീശിയത്‌. അതെക്കുറിച്ച്‌ തന്റെ ആത്മകഥയിൽ ഡാർവിൻ ഇപ്രകാരം എഴുതി.

"ഞാൻ എന്റെ ചിട്ടയോടുകൂടിയ അന്വേഷണങ്ങൾ തുടങ്ങിയിട്ട്‌ പതിനഞ്ച്‌ മാസം കഴിഞ്ഞപ്പോഴാണ്‌ രസത്തിനായി മാൽത്തൂസ്‌ ജനസംഖ്യയെക്കുറിച്ച്‌ എഴുതിയത്‌ വായിക്കുവാൻ ഇടയായത്‌. ജന്തുക്കളുടെയും സസ്യങ്ങളുടെയും ജീവിതരീതികൾ വളരെ കാലമായി നിരീക്ഷിച്ച്‌ പരിചയമുളള എനിക്ക്‌ ചുറ്റുപാടും നടക്കുന്ന നിലനിൽപിനുവേണ്ടിയുള്ള പോരാട്ടത്തെക്കുറിച്ച്‌ മനസ്സിലാക്കുവാൻ പ്രയാസമുണ്ടായില്ല. അതിനാൽ ഈ സാഹചര്യത്തിൽ അനുകൂലമായ വ്യതിയാനങ്ങൾ സംരക്ഷിക്കപ്പെടുകയും പ്രതികൂലമായവ നശിപ്പിക്കപ്പെടുകയും ചെയ്യുമെന്ന്‌ ഉടനെ പിടികിട്ടി. ഇതിന്റെ ഫലമായി പുതിയ സ്‌പീഷീസുകൾ ഉണ്ടാകും. അങ്ങിനെ അവസാനം എനിക്ക്‌ വികസിപ്പിച്ചെടുക്കുവാൻ പറ്റിയൊരു സിദ്ധാന്തം കൈയിൽ കിട്ടി.

ഈ സിദ്ധാന്തത്തെയാണ്‌ പിന്നീട്‌ ഡാർവിൻ പ്രകൃതിനിർധാരണമെന്ന്‌ വിളിച്ചത്‌. അങ്ങേയറ്റം സുധീരമായൊരു പുതിയ ആശയമായിരുന്നു അത്‌. അന്നുവരെ മുൻകൂട്ടി നിശ്ചയിച്ച മാതൃകാരൂപത്തിനനുസരിച്ച്‌ ഉണ്ടാകുന്നതായി കരുതപ്പെട്ടിരുന്ന ജൈവലോകത്ത്‌ കാണുന്ന അനുകൂലനങ്ങളെല്ലാം, പ്രകൃത്യാ ഉള്ള കാരണങ്ങളാൽ യാന്ത്രികമായി ഉണ്ടാകുന്നതായി വിശദീകരിക്കപ്പെട്ടു. ഇതിനെയാണ്‌ രണ്ടാമത്തെ ഡാർവീനിയൻ വിപ്ലവമായി വിശേഷിപ്പിക്കുന്നത്‌. ഡാർവിൻ ഈ വിപ്ലവകരമായ ആശയത്തിൽ എത്തിയതിനുശേഷം നാൽപ്പതുകൊല്ലം കഴിഞ്ഞിട്ടാണ്‌ തന്റെ ആത്മകഥയെഴുതിയത്‌. അതിനാൽ അദ്ദേഹത്തിന്റെ ഓർമ്മ പൂർണ്ണമായും ശരിയായിരിക്കണമെന്നില്ല. 1950-തുകളിൽ ഡാർവിന്റെ നോട്ടുപുസ്‌തകങ്ങൾ കണ്ടുകിട്ടിയതിനുശേഷം വിശദമായ അപഗ്രഥനങ്ങൾ നടത്തുവാൻ കഴിഞ്ഞു. ഗാവിൻ ഡി ബിയർ, എച്ച്‌ ഗ്രൂബർ, ഡി. ലാമോ ജസ്‌, ഡേവിഡ്‌ കോൺ (David Kohn)എന്നിവർ ഗഹനങ്ങളായ പഠനങ്ങൾ നടത്തിയിട്ടുണ്ട്‌. ഇതിന്റെ വെളിച്ചത്തിൽ പ്രകൃതി നിർദ്ധാരണമെന്ന ആശയം മുന്നോട്ടു വയ്‌ക്കുന്നതിനു തൊട്ടുമുമ്പുള്ള കാലഘട്ടത്തിൽ ഡാർവിന്റെ മനസ്സിൽ നടന്നിരുന്ന ചിന്താഗതികളെക്കുറിച്ച്‌ നമുക്ക്‌ ഊഹിക്കുവാൻ കഴിയും. ഏണസ്റ്റ്‌ മേയറുടെ അഭിപ്രായത്തിൽ നാല്‌ പ്രധാന മേഖലകളിൽ ഡാർവിന്റെ കാഴ്‌ചപ്പാടുകളിൽ ഉണ്ടായ മാറ്റമാണ്‌, പ്രകൃതി നിർദ്ധാരണത്തിലേക്ക്‌ നയിക്കുവാനുളള പശ്ചാത്തലമൊരുക്കിയത്‌.

1. അന്നേവരെയുള്ള ചിന്തകൻമാരെല്ലാം സത്വവാദികളായിരുന്നുവല്ലോ. അതായത്‌ ഓരോ സ്‌പീഷീസിനും അതിന്റേതായ സ്വത്വമുണ്ട്‌ (essence). ഇതിൽ നിന്നുള്ള വ്യതിയാനങ്ങളെല്ലാം അപകർഷങ്ങളാണ്‌. ഇതിനു വിപരീതമായി ഡാർവിൻ ഓരോ വ്യക്തിയും അതുല്യമാണെന്ന്‌ മനസ്സിലാക്കി. വ്യതിയാനങ്ങൾ ഉണ്ടാകുകയെന്നത്‌ സർവസാധാരണമാണ്‌. ഒരു സ്‌പീഷീസിനും അചഞ്ചലമായ മാതൃകാരൂപമെന്നൊന്നില്ല. ഇതാണ്‌ ജീവസമഷ്‌ടിപരമായ ചിന്തയുടെ (population thinking) അന്ത:സത്ത. അതായത്‌ വ്യക്തികൾ തമ്മിലുള്ള വ്യത്യാസങ്ങളും വ്യതിയാനങ്ങളും യാഥാർഥ്യമാണെന്ന തിരിച്ചറിവ്‌.

2. ഡാർവിൻ എക്കാലവും ഉപയോഗത്തിലും ഉപയോഗമില്ലായ്‌മയിലും അധിഷ്‌ഠിതമായ ലാമാർക്കിയിൽ പാരമ്പര്യത്തിൽ വിശ്വസിച്ചിരുന്നു. എങ്കിലും പ്രകൃതിനിർധാരണം പ്രാവർത്തികമാവണമെങ്കിൽ വ്യക്തികൾ തമ്മിലുള്ള വ്യത്യാസങ്ങൾക്ക്‌ ജനിതക അടിസ്ഥാനമുണ്ടായിരിക്കണം. അതായത്‌ ജനിതക പാരമ്പര്യത്തിന്‌ മുൻതൂക്കം കൊടുക്കണം. അങ്ങനെ ജീവസമഷ്‌ടിയിൽ അധിഷ്‌ഠിതമായ ചിന്തയോടൊപ്പം ജനിതക പാരമ്പര്യത്തിനും കൂടുതൽ ഊന്നൽ കൊടുക്കേണ്ടിവന്നു.

3. പ്രകൃതിയിലെ സന്തുലിതാവസ്ഥയെക്കുറിച്ചുള്ള സമീപനത്തിലുള്ള മാറ്റം. അക്കാലത്ത്‌ പ്രകൃതിയിലെ സന്തുലിതാവസ്ഥ എന്നു പറഞ്ഞാൽ നമ്മുടെ മനസ്സിൽ ഇന്നുള്ളതല്ല ഉദ്ദേശിക്കുന്നത്‌. പ്രകൃതിയിൽ ഓരോ സ്‌പീഷീസുകളും അവയുടെ എണ്ണവുമെല്ലാം ദൈവനിശ്ചയപ്രകാരമുണ്ടായതാണ്‌. അത്‌ മാറ്റമില്ലാതെ തുടരും. അങ്ങനെ മാറ്റമില്ലാതെ അചഞ്ചലമായ ഒന്നാണ്‌ പ്രകൃതിയിലെ സന്തുലിതാവസ്ഥ. എന്നാൽ ഈ സന്തുലിതാവസ്ഥ ചലനാത്മകമായ ഒന്നാണെന്ന്‌ ഡാർവിൻ മനസ്സിലാക്കി. നിരന്തരമായി നടക്കുന്ന പോരാട്ടമാണ്‌ ഇതിന്റെ അടിസ്ഥാനം.

4. ഒട്ടും അപ്രധാനമല്ലാത്ത ഒന്നാണ്‌ ക്രിസ്‌തുമതത്തിലുള്ള ഡാർവിന്റെ വിശ്വാസം ക്രമേണ നഷ്‌ടപ്പെട്ടു എന്ന വസ്‌തുത. തന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും വേദനിപ്പിക്കാതിരിക്കുവാനായി, ഡാർവിൻ, തന്റെ പ്രസിദ്ധീകരണങ്ങളിൽ ദൈവവിശ്വാസത്തിനനുസൃതമായ പ്രയോഗങ്ങൾ ഉപയോഗിച്ചിരുന്നു. പക്ഷേ ഇക്കാലത്ത്‌ (1836-1839) ഡാർവിൻ ക്രമേണ ഒരു ഭൗതിക വാദിയായി മാറിക്കഴിഞ്ഞതായി നോട്ടുപുസ്‌തകങ്ങളിൽ നിന്ന്‌ കാണാം.

പ്രശസ്‌ത ഡാർവീനിയൻ പരിണാമ വാദിയായ ഏണസ്റ്റ്‌ മേയറുടെ വിശകലനം സ്വീകരിച്ച്‌, ഡാർവിന്റെ പ്രകൃതിനിർധാരണ സിദ്ധാന്തത്തെ ഏതാനും വസ്‌തുതകളും അവയെ അടിസ്ഥാനമാക്കിയുള്ള നിഗമനങ്ങളുമായി അവതരിപ്പിക്കാം.

വസ്‌തുത 1.

ജീവസമഷ്‌ടികൾ ജ്യാമിതീയമായി വികസിക്കുവാനുള്ള സാധ്യത അതായത്‌ അതിപ്രത്യുത്‌പാദന ക്ഷമത.

വസ്‌തുത 2.

അതേസമയം സാധാരണ ഗതിയിൽ, ജീവസമഷ്‌ടിയിലെ അംഗസംഖ്യ തലമുറകളായി സന്തുലിതാവസ്ഥയിൽ ആയിരിക്കും. എന്താണിതിനുകാരണം?

വസ്‌തുത 3.

ജീവികളുടെ നിലനിൽപിനു വേണ്ട വിഭവങ്ങൾ ക്ലിപ്‌തമായ അളവിലേ ലഭ്യമാകൂ.

ഈ മൂന്ന്‌ വസ്‌തുതകളുടെയും അടിസ്ഥാനത്തിൽ ഒന്നാമത്തെ നിഗമനത്തിൽ എത്താം.

നിഗമനം 1:

വ്യക്തികൾ തമ്മിൽ നിലനിൽപ്പിനായി പോരാട്ടമുണ്ടാകും.

വസ്‌തുത 4.

ഓരോ വ്യക്തിയും അതുല്യമാണ്‌. ഓരോ വ്യക്തിയുടേയും വ്യക്തിത്വം സവിശേഷമായ വ്യതിയാനങ്ങളിൽ അധിഷ്‌ഠിതമാണ്‌.

വസ്‌തുത 5.

വ്യക്തികളിൽ കാണുന്ന സവിശേഷതകളിൽ നല്ലൊരു ഭാഗം അടുത്ത തലമുറയിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടും. അതായത്‌ അവയ്‌ക്ക്‌ ജനിതക അടിസ്ഥാനമുണ്ട്‌. ആദ്യത്തെ നിഗമനവും, നാലാമത്തേയും അഞ്ചാമത്തേയും വസ്‌തുതകളും കണക്കിലെടുത്താൽ രണ്ടാമതൊരു നിഗമനത്തിൽ എത്താം.

നിഗമനം 2:

ഒരു ജീവസമഷ്‌ടിയിലെ വ്യക്തികൾ തമ്മിൽ അതിജീവനക്ഷമതയിൽ വ്യത്യാസമുണ്ടായിരിക്കും. ഈ ഭേദസൂചകമായ അതിജീവനത്തെയാണ്‌ പ്രകൃതിനിർധാരണമെന്ന്‌ പറയുന്നത്‌.

നിഗമനം 3:

പ്രകൃതിനിർധാരണം തലമുറകളായി തുടരുമ്പോൾ പരിണാമം നടക്കുന്നു.

നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടം

ഡാർവിന്റെ നോട്ടുപുസ്‌തകത്തിൽനിന്നും ഒരു കാര്യം വ്യക്തമാണ്‌. അതായത്‌ മാൽത്തുസിന്റെ പൊതുസമീപനമല്ല ഡാർവിനെ സ്വാധീനിച്ചത്‌. അക്കാലത്ത്‌ പലരും പല അർഥത്തിലാണ്‌ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തെ കണ്ടിരുന്നത്‌. പ്രകൃതി ദൈവവിജ്ഞാനീയരുടെ കാഴ്‌ചപ്പാട്‌ വ്യത്യസ്‌തമായ ഒന്നായിരുന്നു. മുയലുകളും മറ്റും ധാരാളം കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്‌, കുറുക്കനും മറ്റു മാംസഭുക്കുകൾക്കും വേണ്ട ഭക്ഷണത്തിനായിട്ടാണ്‌. അങ്ങനെ പ്രകൃതിയിലെ പൊരുത്തത്തിനു (Harmony of Nature) വേണ്ടിയാണ്‌ എല്ലാം നടക്കുന്നത്‌. ഇക്കാരണത്താലാണ്‌ പരിണാമവാദിയായ ലാമാർക്കിനുപോലും വംശനാശമെന്ന ആശയം ഉൾക്കൊള്ളുവാൻ കഴിയാതെ വന്നത്‌. നശിക്കുവാൻവേണ്ടി ദൈവം സൃഷ്‌ടിക്കുകയില്ലല്ലോ. ഡാർവിന്റെ കാലത്ത്‌ ഇത്തരം ചിന്താഗതിക്ക്‌ വലിയ പ്രചാരമായിരുന്നു.

എന്നാൽ നിലനിൽപിനു വേണ്ടിയുള്ള പോരാട്ടമെന്നത്‌ ഇന്ന്‌ തികച്ചും വ്യത്യസ്‌തമായ ഒരു ആശയമാണ്‌. സാവധാനത്തിലാണ്‌ ഡാർവിൻ ഈ നിലപാടിലെത്തിയത്‌. വംശനാശം ഒരു യാഥാർഥ്യമാണെന്ന്‌ അദ്ദേഹം മനസ്സിലാക്കി. പരിണാമം മൂലം മാറ്റങ്ങൾ ഉണ്ടാകാമെന്നും ഇതുമൂലം താൽക്കാലികമായി അസന്തുലിതാവസ്ഥകളും അനുകൂലനങ്ങളുടെ അപര്യാപ്‌തതകളും ഉണ്ടാകാമെന്നും അദ്ദേഹം കണ്ടു.

വ്യക്‌തികളുടെ അതുല്യത

ആരു തമ്മിലാണ്‌ നിലനിൽപിനുള്ള പോരാട്ടം നടക്കുന്നത്‌? വ്യക്തികൾ തമ്മിലോ അതോ സ്‌പീഷീസുകൾ തമ്മിലോ ഇന്നും ചൂടേറിയൊരു വിവാദ വിഷയമാണിത്‌. എങ്കിലും ഒരു ജീവസമഷ്‌ടിയിലെ വ്യക്തികൾ തമ്മിലാണ്‌ പോരാട്ടം നടക്കുന്നതെന്നത്‌ നിർണ്ണായകമായ ഒന്നാണ്‌. ഇതാണ്‌ ജീവസമഷ്‌ടിപരമായ ചിന്തയുടെ അടിസ്ഥാനം. ഒരു സ്‌പീഷീസിലെ എല്ലാ വ്യക്തികളുടെയും സത്ത ഒന്നാണെങ്കിൽ, അവർ തമ്മിലുളള മത്സരത്തിന്‌ വലിയ അർത്ഥമില്ല. ഒരു ജീവസമഷ്‌ടിയിലെ വ്യക്തികൾ തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടെന്ന വസ്‌തുത അംഗീകരിച്ചാലേ അത്‌ പരിണാമപരമായി അർഥവത്താകൂ. ജീവശാസ്‌ത്രപരമായ വ്യക്തിത്വത്തെ മനസ്സിലാക്കിയത്‌ ചിന്താഗതിയിലെ തന്നെ വിപ്ലവാത്മകമായൊരു പുതുമയാണ്‌. ഇങ്ങനെ ഓരോ വ്യക്തിയും അതുല്യമാണെന്ന ആശയത്തെയാണ്‌ ജീവസമഷ്‌ടിപരമായ ചിന്ത (Population Thinking) എന്ന്‌ പറയുന്നത്‌.

തക്കസമയത്ത്‌ മാൽത്തുസിനെ വായിക്കാനിടവന്നതിൽ നിന്നുമാണ്‌ ഡാർവിന്‌ ജീവസമഷ്‌ടിപരമായ ചിന്തയിൽ ചെന്നെത്തുവാൻ കഴിഞ്ഞത്‌ എന്നതിന്‌ സംശയമില്ല. എന്നാൽ കൃത്യമായി പറഞ്ഞാൽ ഡാർവിന്റെ ആശയങ്ങളും മാൽത്തുസിന്റെ രചനയും തമ്മിലുള്ള ബന്ധമെന്താണ്‌ ? ഇതേപ്പറ്റി തികഞ്ഞ തെറ്റിദ്ധാരണയാണുള്ളത്‌. മാൽത്തുസ്‌ യഥാർഥത്തിൽ ജനസംഖ്യയെക്കുറിച്ചുള്ള പഠനത്തിൽ നിന്നും ഡാർവിന്റേതിൽ നിന്നും കടക വിരുദ്ധ മായ നിഗമനത്തിലാണ്‌ എത്തിയത്‌. കൃത്രിമനിർധാരണം വഴി വളർത്തു മൃഗങ്ങളിൽ മൗലികമായ മാറ്റങ്ങൾ വരുത്തുവാൻ കഴിയുകയില്ലെന്ന്‌ മാൽ ത്തുസ്‌ സമർഥിച്ചു. ജന്തുക്കളിൽ നിർദ്ധാരണം വഴി അനിശ്ചിതമായ വ്യത്യാ സങ്ങൾ ഉണ്ടാകുകയില്ലെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. ജന്തുക്കളെ വളർത്തു ന്നവരിൽ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഡാർവിൻ, നിർധാരണം വഴി ഗണ്യമായ മാറ്റങ്ങൾ വരുത്താമെന്ന ആശയത്തിൽ എത്തി ചേർന്നത്‌. നിലനിൽപിനു വേണ്ടിയുള്ള സമരം അല്ലെങ്കിൽ വ്യക്തികൾക്കിടയിലുള്ള വ്യത്യാസങ്ങളാണ്‌ ഡാർവിന്റെ മനസ്സിൽ ഉയർന്നത്‌. അങ്ങനെ രണ്ട്‌ സുപ്രധാന ആശയങ്ങൾ -അതിരു കവിഞ്ഞ ഉൽപാദനക്ഷമതയും വ്യക്തിത്വവും ഇവ രണ്ടും ചേർന്നാണ്‌ നിർധാരണമെന്ന പുതിയ ആശയ രൂപീകരണത്തിലേക്ക്‌ നയിച്ചത്‌.

ഡാർവിനും മാൽത്തുസും

മാൽത്തുസിന്റെ ജനസംഖ്യാ വർധനവിൽ ജ്യാമിതീയമായ വളർച്ചയെക്കുറിച്ചുള്ള പ്രമേയമാണ്‌ ഡാർവിനെ ഏറ്റവുമധികം സ്വാധീനിച്ചത്‌. മേയർ പറഞ്ഞതുപോലെ, മാൽത്തുസിന്റെ ഒറ്റ വാചകം അതിശീതീകരണത്തിനു വിധേയമായൊരു ലായനിയിൽ ലായകത്തിന്റെ ഒരു ക്രിസ്റ്റൽ ഇട്ടാൽ സംഭവിക്കുന്നതുപോലെയായി. (ലായനിയിൽ ലയിച്ചിരുന്ന ലായകം ക്രിസ്റ്റലീകരിക്കപ്പെട്ട്‌ വലിയൊരു ക്രിസ്റ്റലായി തീരുമല്ലോ). മാൽത്തുസിനെ സംബന്ധിച്ചി ടത്തോളം നിലനിൽപിനുവേണ്ടിയുള്ള സമരത്തിൽ നിന്നും ക്രിയാത്മകമായ മാറ്റം ഉണ്ടാകുകയില്ല. അത്‌ സ്ഥിരസ്ഥിതിയെ നിലനിർത്തുന്നു. എന്നാൽ ഡാർവിൻ അതിൽനിന്നും അനുകൂലനങ്ങൾ ഉടലെടുക്കുന്നതായി കണ്ടു. എല്ലാ ഘടകങ്ങളേയും കോർത്തിണക്കി പ്രകൃതിനിർധാരണമെന്ന ആശയത്തിലെത്തുവാൻ കഴിഞ്ഞതിലാണ്‌ ഡാർവിന്റെ ജീനിയസ്‌. ഇതിനടിസ്ഥാനമായ വസ്‌തുതകളെ കുറിച്ച്‌ അക്കാലത്ത്‌ അറിവുണ്ടായിരുന്നു. പക്ഷെ പ്രത്യയശാസ്‌ത്രപരമായ കടപ്പാടുകൾ മൂലം മറ്റുള്ളവർക്ക്‌ ശരിയായ നിഗമനത്തിൽ എത്തുവാൻ കഴിഞ്ഞില്ല. ഏതാണ്ട്‌ ഡാർവിന്റെ അതേ അനുഭവജ്ഞാനവും പ്രകൃതി ചരിത്രത്തിലുള്ള താൽപര്യവുമുണ്ടായിരുന്ന ആൽ ഫ്രഡ്‌ വാലസിനു മാത്രമാണ്‌ ഡാർവിന്റെ അതേ നിഗമനങ്ങളിൽ എത്തിച്ചേരുവാൻ കഴിഞ്ഞത്‌.

നിർധാരണത്തിന്റെ വിവിധ വശങ്ങൾ

ഡാർവിന്‌ പ്രകൃതിനിർധാരണമെന്ന ആശയം ലളിതമായ ഒന്നായിരുന്നു. അദ്ദേഹം പറഞ്ഞു, അനുകൂലമായ വ്യതിയാനങ്ങളുടെ സംരക്ഷണവും പ്രതികൂലമായവയുടെ തിരസ്‌കരണത്തേയും ഞാൻ പ്രകൃതിനിർധാരണമെന്ന്‌ വിളിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ എതിരാളികൾ പ്രത്യയശാസ്‌ത്രം, മതം, തത്വശാസ്‌ത്രം എന്നിങ്ങനെ പലതിന്റേയും പേരിൽ എതിർവാദങ്ങൾ ഉന്നയിച്ചു. ഇവയെല്ലാം അടിസ്ഥാനരഹിതമായിരുന്നു എന്ന്‌ പറയുവാൻ തരമില്ല. നിർധാരണം എന്ന വാക്കു തന്നെ പ്രശ്‌നങ്ങൾക്ക്‌ വഴിയൊരുക്കുവാൻ പറ്റിയതായിരുന്നു. ഒന്നാമതായി ഡാർവിന്റെ വാദങ്ങളെല്ലാം നിഗമനങ്ങളെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു. അദ്ദേഹത്തിന്‌ വ്യക്തമായ തെളിവുകളൊന്നും നിരത്തുവാൻ കഴിഞ്ഞില്ല. കൂടാതെ തിരഞ്ഞെടുക്കൽ എന്നു പറയുമ്പോൾ തന്നെ അതിനായി ഒരു ഏജൻസിയുള്ളതായി തോന്നും. കൂടാതെ അതിനൊരു ലക്ഷ്യമുള്ളതായും അങ്ങനെ അത്‌ ഒരു പ്രയോജനവാദത്തിൽ അധിഷ്‌ഠിതമായൊരു ആശയമാണെന്ന ആരോപണവും ഉയർന്നു. ഏറ്റവും അനുയോജ്യമായതിന്റെ അതിജീവനം (Survival of the fittest) എന്നു പറഞ്ഞാൽ എന്താണ്‌ ഉദ്ദേശിക്കുന്നത്‌? അതിജീവിക്കുന്നവ ഏതാണോ അവ ഏറ്റവും അനുയോജ്യമായവ ആണെന്നായിരിക്കണമല്ലോ. അതാണ്‌ അതൊരു ``പറയുന്നതുതന്നെ വീണ്ടും മറ്റൊരു തരത്തിൽ പറയുന്ന (tautological) ആശയമാണെന്ന്‌ പറയുന്നത്‌. ഇതെല്ലാം വാക്കുകളുടെ അർഥത്തിലും പ്രയോഗത്തിൽ നിന്നുമുണ്ടായ തെറ്റിദ്ധാരണകളാണ്‌.

ഓരോ തലമുറയിലും നൂറോ, ആയിരമോ, ലക്ഷക്കണക്കിനോ ഉണ്ടാകുന്ന സന്തതികളിൽ ഏതാനും വ്യക്തികൾ മാത്രമേ അതിജീവിച്ച്‌ വീണ്ടും പ്രത്യുത്‌പാദനം നടത്തുന്നുള്ളൂ. ഇവർക്ക്‌ അവയുടെ ജീവിതകാലത്തുണ്ടായിരുന്ന പാരിസ്ഥിതിക ഘടകങ്ങൾക്ക്‌ അനുയോജ്യമായ ലക്ഷണങ്ങളുടെ സമുച്ചയമുണ്ടായിരുന്നു. ഇതാണ്‌ നിർധാരണം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. അങ്ങനെ ഏറ്റവും അനുയോജ്യമായവയുടെ അതിജീവനം എന്ന പ്രയോ ഗമില്ലാതെ തന്നെ ഡാർവിന്റെ ആശയത്തെ വിശദീകരിക്കുവാനാകും. തത്വശാസ്‌ത്രജ്ഞർ നിർധാരണത്തിന്‌ കൂടുതൽ കർക്കശമായ നിർവചനങ്ങളും മുന്നോട്ട്‌ വച്ചിട്ടുണ്ട്‌. ഒരു ജീവിയുടെ അനുയോജ്യതയെന്നാൽ ആ ജീവിക്ക്‌ ഒരു പ്രത്യേക പാരിസ്ഥിതിക സാഹചര്യത്തിലും ജീവസമഷ്‌ടിയിലും അതിജീവിക്കുവാനും പ്രത്യുൽപാദനം നടത്തുവാനുമുള്ള പ്രവണതയാണ്‌. ഈ നിർവചനത്തിൽ ഒരു ജീവി അതിജീവിച്ചു കൊള്ളണമെന്നില്ലെന്നത്‌ ശ്രദ്ധിക്കുക. ഇടിവെട്ടേറ്റ്‌ ആ ജീവി മരിച്ചാൽ അതിന്റെ അനുയോജ്യതയെ ബാധിക്കുകയില്ലല്ലോ.

രണ്ട്‌ ഘട്ട പ്രക്രിയ

പ്രകൃതിനിർധാരണം രണ്ട്‌ ഘട്ടങ്ങളിലായി നടക്കുന്ന ഒരു പ്രക്രിയ യാണെന്നത്‌ സുപ്രധാനമായൊരു ഉൾക്കാഴ്‌ചയാണ്‌. ഇത്‌ മനസ്സിലാക്കാത്തതുകൊണ്ടാണ്‌ പല ആശയക്കുഴപ്പങ്ങളും ഉണ്ടായിട്ടുള്ളത്‌. ഉദാഹരണമായി ഒരു കുരങ്ങൻ കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന്‌ കീ ബോർഡിൽ തോന്നിയതുപോലെ അമർത്തികൊണ്ടിരുന്നാൽ, `ശാകുന്തളം രചിക്കാനാകുമോ' എന്ന തരത്തിലുള്ള ചോദ്യങ്ങൾ. പ്രകൃതിനിർധാരണമെന്നത്‌ രണ്ടാം ഘട്ട ത്തിൽ നടക്കുന്ന പ്രക്രിയയാണ്‌. ആദ്യഘട്ടത്തിൽ ഓരോ തലമുറയിലും വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഇവയാണ്‌ നിർധാരണത്തിലുള്ള അസംസ്‌കൃ തവസ്‌തുക്കൾ. ഇതും നിർധാരണവുമായി നേരിട്ടു ബന്ധമില്ല. അതേസമയം തുടർച്ചയായി വ്യതിയാനങ്ങൾ ഉത്‌പാദിപ്പിക്കപ്പെടാതെ നിർധാരണം നടക്കുകയുമില്ല. നിർധാരണം തന്മാത്രതലത്തിൽ നടക്കുന്നൊരു പ്രക്രിയയാണോ എന്നെല്ലാം ചോദിക്കുന്നതിൽ അർഥമില്ല. കാരണം തന്മാത്രാതലത്തിൽ നടക്കുന്ന പ്രക്രിയയിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നത്‌ ആദ്യഘട്ടത്തിലാണ്‌. ആദ്യ ഘട്ടമില്ലാതെ രണ്ടാമത്തെ ഘട്ടമുണ്ടാകുകയില്ലല്ലോ. മ്യൂട്ടേഷനുകളാണല്ലോ വ്യതിയാനങ്ങൾക്കടിസ്ഥാനം. മ്യൂട്ടേഷൻ ആകസ്‌മികമായി ഉണ്ടാകുന്നവ (random) എന്നു പറയുന്നതും ആശയകുഴപ്പത്തിന്‌ വഴിവെച്ചിട്ടുണ്ട്‌. ആകസ്‌മികമായി എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഇത്രമാത്രമാണ്‌. ഒരു പ്രത്യേക പരിസ്ഥിതിയിൽ വേണ്ട അനുകൂലനങ്ങളെ ലക്ഷ്യമാക്കിയല്ല, മ്യൂട്ടേഷനുകൾ ഉണ്ടാകുന്നത്‌. മ്യൂട്ടേഷനുകളുടെ ഉത്‌പാദനവും ഒരു ജീവിയുടെ ആവശ്യങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല. അല്ലാതെ മ്യൂട്ടേഷൻ നടക്കുന്നതിൽ ഭൗതികമായ യാതൊരു നിദാനവും ഇല്ലെന്നല്ല.

നിർധാരണത്തിന്റെ ലക്ഷ്യം

ഒറ്റ നോട്ടത്തിൽ ലളിതമാണെന്നു തോന്നിയാലും സങ്കീർണ്ണമായൊരു പ്രശ്‌നമാണിത്‌. ഡാർവിന്റെ കാലത്ത്‌ നിർധാരണത്തിന്റെ ഉന്നം ഒരു ജീവിയുടെ പ്രകടരൂപമാണെന്നതിൽ സംശയമുണ്ടായിരുന്നില്ല. പിന്നീട്‌ നവഡാർവിനിസത്തിന്റെ കാലഘട്ടത്തിൽ ജീനുകളായി ഉന്നം. ഇന്നും അങ്ങനെ വാദിക്കുന്നവരുണ്ട്‌. ഈ തർക്കങ്ങൾക്ക്‌ പ്രധാന കാരണം നിർധാരണത്തിന്റെ യൂണിറ്റ്‌ എന്ന്‌ പറയുമ്പോൾ യൂണിറ്റ്‌ എന്നതുകൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ഇനിയും കൃത്യമായി നിർവചിക്കപ്പെട്ടിട്ടില്ലെന്നതാണ്‌. സ്‌പീഷീസിന്റെ നന്മയാണ്‌ നിർധാരണത്തിന്റെ ഉന്നമെന്ന്‌ വാദിക്കുന്നവരുണ്ട്‌. ഗ്രൂപ്പുകളുടെ നിർധാരണം പ്രബലമായൊരു ആശയമാണ്‌. തർക്കങ്ങളുടെ വിശദാംശങ്ങളിലേക്ക്‌ കടക്കാതെ ഇന്ന്‌ വ്യക്തികളാണ്‌ നിർധാരണത്തിന്റെ ഉന്നമെന്നതിനാണ്‌ മുൻതൂക്കമെന്ന്‌ പറയട്ടെ. ഇവിടെ ഒരു സുപ്രധാനകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്‌. എന്തിന്റെ നിർധാരണം (selection of), എന്തിനുവേണ്ടിയുള്ള നിർധാരണം (selection for); ഇതു രണ്ടും തികച്ചും വ്യത്യസ്‌തമാണ്‌. നിർധാരണത്തിന്റെ ഉന്നത്തെക്കുറിച്ച്‌ പറയുമ്പോൾ എന്തിനു വേണ്ടിയുള്ള നിർധാരണമെന്നതാണ്‌ ചോദ്യം. വ്യക്തികളെയാണല്ലോ തിരഞ്ഞെടുക്കുന്നത്‌. സമീപകാലത്ത്‌ ഗ്രൂപ്പുകളുടെ നിർധാരണം നടക്കുമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഗ്രൂപ്പ്‌ നിർധാരണത്തിൽ അംഗങ്ങൾ തമ്മിലുള്ള സഹകരണത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌.

ഇവിടെ എന്തിനു വേണ്ടിയുള്ള നിർധാരണമാണെന്ന ചോദ്യത്തിനാണ്‌ പ്രസക്തി. അതായത്‌ നിർധാരണം അനുകൂലിക്കുന്ന ലക്ഷ്യങ്ങൾ ഏതെല്ലാം. ഒരു തലമുറ അടുത്ത തലമുറയിലെ ജീൻ സഞ്ചയത്തിലേക്ക്‌ നൽകുന്ന സംഭാവനയുടെ അളവിനെ അടിസ്ഥാനമാക്കി നിർധാരണത്തെ വിലയിരുത്താം. എന്നാൽ പ്രത്യുത്‌പാദനത്തിന്റെ വിജയത്തിന്‌ രണ്ട്‌ വ്യത്യസ്‌ത കാരണങ്ങൾ ഉണ്ടാകും. മറ്റാരേക്കാൾ വ്യക്തമായി ഡാർവിൻ ഇത്‌ മനസ്സിലാക്കിയിരുന്നു. അതിജീവനത്തിനോട്‌ ആനുകൂല്യം കാണിക്കുന്ന എന്തിനേയും, ഡാർവിൻ പ്രകൃതിനിർധാരണമെന്ന്‌ വിളിച്ചു. കൂടിയതോ കുറഞ്ഞതോ ആയ ശരീരവലിപ്പം, പ്രതികൂലമായി പാരിസ്ഥിതിക ഘടകങ്ങളുടെ കൂടുതൽ കാര്യക്ഷമമായ ഉപയോഗം, നിച്ചിന്റെ (niche) വിപുലീകരണമോ ചുരുക്കമോ, പ്രതികൂലമായ പാരിസ്ഥിതിക ഘടകങ്ങളെ അങ്ങേയറ്റം ചെറുത്ത്‌ നിൽക്കുവാനുള്ള കഴിവ്‌, രോഗങ്ങൾക്കും ശത്രുക്കൾക്കും എതിരായുള്ള പ്രതിരോധം എന്നിങ്ങനെ പലതും ഇതിൽപ്പെടും. പാരിസ്ഥിതിക ഫിസിയോളജീയ കാര്യക്ഷമതയെയും ഊർജ്ജത്തെ മിതമായി ചിലവിടുന്ന എന്തിനേയും പ്രകൃതിനിർധാരണം അനുകൂലിക്കും. അങ്ങനെ നിർധാരണം ആനുകൂല്യം കാണിക്കുന്ന ഏതൊരു വ്യക്തിയും അടുത്ത തലമുറയിലേക്കുള്ള ജീൻ സഞ്ചയത്തിലേക്ക്‌ ജനിതകരൂപങ്ങൾ സംഭാവനചെയ്യും. അത്‌ ജീവസമഷ്‌ടിയുടെ അനുകൂലനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാക്കും.

മറ്റൊരു പ്രധാനകാര്യം എല്ലാ തരം നിർധാരണങ്ങളും അനുകൂലനങ്ങളെ കൂടുതൽ മെച്ചപ്പെട്ടതാക്കണമെന്നില്ല. മറ്റാരേക്കാൾ നന്നായി ഡാർവിൻ അത്‌ മനസ്സിലാക്കിയിരുന്നു. ഒരു വ്യക്തി അടുത്ത തലമുറയിലേക്ക്‌ കൂടുതൽ ജീനുകളെ സംഭാവന ചെയ്‌തേക്കാം. ഇത്‌ ഫിസിയോളജീയമായ കാര്യക്ഷമതയോ, ജീവനക്ഷമതയെ വർദ്ധിപ്പിക്കുന്ന മറ്റേതെങ്കിലും ഘടകം കൊണ്ടോ ആകണമെന്നില്ല. ഇതിന്റെ അടിസ്ഥാനം പ്രത്യുത്‌പാദനത്തിലുള്ള വിജയം കൊണ്ട്‌ മാത്രമാകാം. ഡാർവിൻ ഇതിനെ ലൈംഗികനിർധാരണമെന്ന്‌ വിശേഷിപ്പിച്ചു. ഇതും പ്രകൃതിനിർധാരണവും തമ്മിൽ പൊരുത്തപ്പെടാതെ വരാമെന്നും അദ്ദേഹം പറഞ്ഞു. മയിലിന്റെ പീലി, പറുദീസപ്പക്ഷിക (birds of paradise) ളുടെ തൂവലുകൾ, ആനസീലുകളിൽ (elephant seal) ആണുങ്ങളുടെ ഭീമാകാരം എന്നിവ ലൈംഗികനിർധാരണം വഴി ഉണ്ടായവയാണ്‌. ഈ സുപ്രധാന പ്രക്രിയ ഏതാണ്ട്‌ ഒരു നൂറ്റാണ്ടോളം കാലം മറന്നു കിടക്കുകയായിരുന്നു. കാരണം ജീനിനെ നിർധാരണത്തിന്റെ യൂണിറ്റായി കണക്കാക്കുവാൻ തുടങ്ങിയതോടെ ഇതിന്റെ പ്രസക്തി അറിയാതെയായി. എന്നാൽ ഇന്ന്‌ ലൈംഗികനിർധാരണം വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്‌. ഇത്‌ സംശ്ലേഷണത്തിനുശേഷമുള്ള പരിണാമ ജൈവശാസ്‌ത്രത്തിന്റെ ഭാഗമാകയാൽ ഇവിടെ കൂടുതലായി ചർച്ചചെയ്യുന്നില്ല.

നിർധാരണം പരിപൂർണ്ണതയിലേക്ക്‌ നയിക്കുമോ

സുപ്രധാനമായൊരു ചോദ്യമാണിത്‌. അപൂർണ്ണതകളും പ്രത്യനുകൂലനങ്ങളും പ്രകൃതിയിൽ കാണാം. അതിനാൽ പ്രകൃതിനിർധാരണം നടക്കുന്നില്ലെന്ന വാദം ശത്രുക്കൾ ഉയർത്തി. എന്നാൽ വാസ്‌തവത്തിൽ പ്രകൃതി നിർധാരണം വഴി പരിപൂർണ്ണമായ അനുകൂലനങ്ങൾ ഉണ്ടാകുമെന്ന്‌ ഒരു പരിണാമവാദിയും പറഞ്ഞിട്ടില്ല, ഡാർവിൻ പ്രകൃതി നിർധാരണത്തിന്റെ പരിമിതികളെക്കുറിച്ച്‌ ബോധവാനായിരുന്നു. അദ്ദേഹം പറഞ്ഞതെന്താണെന്ന്‌ നോക്കാം. പ്രകൃതി നിർധാരണം ഓരോ ജീവിയേയും അതേ സ്ഥലത്ത്‌ ജീവിക്കുന്നതോ, അതുമായി നിലനിൽപിനായി പോരാടുന്നതോ ആയ മറ്റു ജീവികൾക്കൊപ്പമോ അതിൽ അൽപം കൂടുതലോ ആയ പൂർണ്ണതയിലെത്തിക്കുക മാത്രമേ ചെയ്യുന്നുള്ളു. ഇതിനുകാരണം പ്രകൃതിനിർധാരണം അവസരവാദിയായ ഒന്നാണെന്നതാണ്‌. ഒരു ജീവി അപ്പോൾ ജീവിക്കുന്ന ആവാസവ്യവസ്ഥയിലെ പാരിസ്ഥിതിക ഘടകങ്ങളോട്‌ പൊരുത്തപ്പെടുവാനുള്ള അനുകൂലനങ്ങൾ രൂപപ്പെടുത്തുക മാത്രമാണ്‌ ലക്ഷ്യം. മാത്രമല്ല നിർധാരണത്തിന്‌ പല പരിമിതികളുമുണ്ട്‌ നിർധാരണത്തിന്‌ എന്തും ചെയ്യുവാൻ കഴിയുമെന്ന്‌ ബോധമുള്ളവരാരും പറഞ്ഞിട്ടില്ല. അങ്ങനെ കഴിയുകയില്ലെന്നതിനുള്ള ഏറ്റവും നല്ല തെളിവാണ്‌ വംശനാശങ്ങൾ. ഭൂമിയിൽ ജീവിച്ചിരുന്ന സ്‌പീഷീസുകളിൽ 99.9% നശിച്ചു കഴിഞ്ഞു.

നിർധാരണത്തിന്റെ പരിമിതികൾ

പരിണാമത്തിന്റെ അടിസ്ഥാനം പ്രകൃതിനിർധാരണമാണെന്ന്‌ പറഞ്ഞാൽ പ്രകൃതിനിർധാരണം കൊണ്ട്‌ എന്തും സാധിക്കും എന്ന നിഗമനത്തിലെത്തുന്നത്‌ ശരിയല്ല. അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ട്‌. ഒരു ഘട്ടത്തിൽ പരിണാമ വിജ്ഞാനീയർക്കുപോലും ഇങ്ങനെയൊരു ധാരണയുണ്ടായിരുന്നു. ജീൻ ആവൃത്തിയിൽ വരുന്ന വ്യത്യാസമാണ്‌ പരിണാമം എന്ന്‌ പ്രചാരത്തിലുണ്ടായിരുന്ന കാലത്താണ്‌, പ്രകൃതിനിർധാരണം സർവശക്തനാണെന്ന്‌ കരുതിയിരുന്നത്‌. പക്ഷെ ഇന്ന്‌ പ്രകൃതിനിർധാരണത്തിന്‌ പല പരിമിതികളും ഉണ്ടെന്ന വസ്‌തുത പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌.

ജനിതകേതരമായ മാറ്റങ്ങൾ നടക്കാം. ഉദാഹരണമായി പലപ്പോഴും ഒരേ ജനിതകരൂപത്തിന്റെ അടിസ്ഥാനത്തിൽ വികസിച്ചുണ്ടാകുന്ന പ്രകടരൂപങ്ങളിൽ വ്യതിയാനങ്ങൾ കാണാം. പ്രകടരൂപത്തിന്റെ പ്ലാസ്‌റ്റികത(plasticity) ആണ്‌ അടിസ്ഥാനം. സസ്യങ്ങളിലും സൂക്ഷ്‌മജീവികളിലും പ്രകടരൂപഅനുകൂലനങ്ങൾ (phenotypic adaptations) സാധാരണമാണ്‌. അതേസമയം പ്രകടരൂപത്തിന്റെ പ്ലാസ്റ്റികതയുടെ അടിസ്ഥാനം ജനിതകപരമാണെന്ന വസ്‌തുത മറക്കരുത്‌. ഇന്ന്‌ ജനിതക മുദ്രണത്തെ (genetic imprinting) കൂടുതലായി മനസ്സിലാക്കി വരുമ്പോൾ, മേൽവിവരിച്ച കാര്യങ്ങളിലേക്ക്‌ കൂടുതൽ വെളിച്ചം വീശും.

പ്രകൃതിനിർധാരണത്തിന്റെ ലക്ഷ്യം വ്യക്തികളാകുമ്പോൾ അതുകാരണം ചില പരിമിതികൾ ഉണ്ടാകാം. ഒരു പ്രത്യേകജീനാണ്‌ ചില വ്യക്തികൾക്ക്‌ മെച്ചപ്പെട്ട അതിജീവനക്ഷമത നൽകുന്നതെന്ന്‌ കരുതുക. ഈ ജീനിനെമാത്രം അടിസ്ഥാനമാക്കി നിർദ്ധാരണം നടക്കുമ്പോൾ, അതിന്റെ കൂടെ നിർഗുണമായതോ, ദോഷഗുണമുള്ളതോ ആയ മറ്റു ജീനുകൾ തെരഞ്ഞെടുക്കപ്പെട്ടേക്കാം. അങ്ങനെ ജനിതക സന്ധികൾ (genetic lintago) ഗണ്യമായ പരിമിതികൾക്ക്‌ കാരണമായേക്കാം.

വ്യതിയാനങ്ങളാണല്ലോ പ്രകൃതിനിർധാരണത്തിന്റെ അസംസ്‌കൃത വസ്‌തുക്കൾ. അവയുടെ ലഭ്യതക്കനുസരിച്ചേ നിർധാരണം നടക്കൂ. പ്രകൃതിയിൽ വേണ്ടത്ര വ്യതിയാനങ്ങൾ ഉണ്ടെന്ന്‌ ഡാർവിൻ വിശ്വസിച്ചു. എന്നാൽ പിന്നീട്‌ ഡിവ്രീസ്‌, ബെയ്‌റ്റൺ മുതൽ പലരും ഇതിനെ തള്ളിപറഞ്ഞു. പക്ഷെ സമീപകാലത്ത്‌ പാരിസ്ഥിതിക ജനിതക വിജ്ഞാനീയരും, തൻമാത്രാ ജനിതകശാസ്‌ത്രജ്ഞരും ഡാർവിന്റെ വിശ്വാസം ശരിയാണെന്ന്‌ തെളിയിച്ചു. എങ്കിലും ഒരു പ്രത്യേക പാരിസ്ഥിതിക സാഹചര്യത്തിനാവശ്യമായ വ്യതിയാനങ്ങൾ ഉണ്ടാകണമെന്നില്ല. അതുകൊണ്ടാണല്ലോ വംശനാശങ്ങൾ ഉണ്ടാകുന്നത്‌. കൂടാതെ മൂട്ടൊ കിമുറ (Mooto Kimura) ചൂണ്ടിക്കാട്ടിയത്‌ പോലെ തന്മാത്രാതലത്തിൽ കാണുന്ന പല വ്യതിയാനങ്ങളും നിഷ്‌പക്ഷം (neutral) ആയവയാണ്‌.

പരിസര വെല്ലുവിളികളെ നേരിടുവാൻ പല മാർഗ്ഗങ്ങൾ ഉണ്ട്‌. ഓരോ സ്‌പീഷീസും അതിന്റേതായ പ്രശ്‌നപരിഹാരങ്ങൾ കണ്ടെത്തിയിട്ടുള്ളതായി കാണാം. പരിണാമത്തിന്റെ മുഖമുദ്ര തട്ടിക്കൂട്ടിയെടുക്കലാണെന്ന്‌ (tinkering) പറയുന്നതിന്റെ അടിസ്ഥാനമിതാണ്‌. ഏത്‌ തലത്തിലുള്ള അനുകൂലനങ്ങൾ പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാകും. കീടനാശിനികളെ ചെറുത്ത്‌ നിൽക്കുവാനുള്ള കഴിവ്‌ പല കീടങ്ങളും ആർജ്ജിച്ചിട്ടുണ്ടല്ലോ. ഇവയെ പരിശോധിച്ചാൽ ഒരോ സ്‌പീഷീസും അതിന്റേതായ സവിശേഷ എൻസൈം സംവിധാനമാണ്‌ ഇതിനായി വികസിപ്പിച്ചെടുത്തിട്ടുള്ളതെന്ന്‌ കാണാം.

പല ആകസ്‌മിക ഘടകങ്ങളും നിർധാരണത്തെ സ്വാധീനിക്കുന്നുണ്ട്‌. ഇതിൽ വ്യതിയാനങ്ങൾ ആകസ്‌മികമായി ഉണ്ടാകുന്നതാണെന്ന ഘടകം മാത്രമല്ല ഉള്ളത്‌. കോശവിഭജന സമയത്ത്‌ നടക്കുന്ന ക്രോസിങ്ങ്‌ ഓവർ ജീൻ സമുച്ചയങ്ങളെ മുറിച്ചു മാറ്റുന്നു. ഒരു സിക്താണ്‌ഡം ഭ്രൂണവികാസഘട്ടത്തിലെത്തുന്നതിനുമുമ്പ്‌, അതിന്‌ പല അപകടങ്ങളെയും തരണം ചെയ്യേണ്ടതുണ്ട്‌.

പലപ്പോഴും ജനിതക രൂപത്തിന്റെ പരസ്‌പരാശ്രയത്വം, അതിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തുവാൻ കഴിയുമെന്നതിനെ ഗണ്യമായി സ്വാധീനിക്കും. പല ജീനുകളും ധർമ്മപരമായി വളരെ മുറുകി പരസ്‌പരം ബന്ധപ്പെട്ടിരിക്കും. അതിനാൽ ഏതിലെങ്കിലും ഒന്നു മാത്രമായി മാറ്റം വരുത്തിയാൽ അതിന്റെ ഫലം ദോഷകരമായിരിക്കും. അതിനാൽ വലിയ മാറ്റങ്ങൾ ദോഷകരമായ ജനിതകരൂപങ്ങൾക്ക്‌ വഴിയൊരുക്കും.

ഒരു ഫൈലത്തിന്റെയോ അതുപോെലയുള്ള ജീവികളുടെ പ്രധാന വിഭാഗങ്ങളുടേയോ അടിസ്ഥാന ശരീരഘടനക്കാണ്‌ ബുപ്ലോൺ (Bauplan) എന്ന്‌ പറയുന്നത്‌. ഈ മാതൃകാഘടന പലപ്പോഴും പരിണാമത്തെ ഒരു പ്രത്യേക പാതയിൽ നയിക്കുവാൻ പറ്റുന്ന തരത്തിലുള്ളതായിരിക്കും. ഉദാഹരണമായി ദള-മീൻ ചിറകുകളുള്ള സീലക്കാന്ത്‌ വിഭാഗത്തിൽപ്പെട്ട മത്സ്യങ്ങൾക്ക്‌, കരയിൽ ജീവിക്കുന്ന ജന്തുക്കൾക്ക്‌ ജന്മം നൽകുവാനുള്ള ഘടനയാണുണ്ടായിരുന്നത്‌. അതേപോലെ ആർക്കൊസോറിയ വിഭാഗത്തിൽപ്പെട്ട ഡൈനൊസറുകളിൽനിന്ന്‌ പക്ഷികൾ പരിണമിച്ചുണ്ടാകുവാനുള്ള സാധ്യതയും മുൻകൂട്ടിതന്നെ ഉണ്ടായിരുന്നു. അതേസമയം ഒരു ആമയുടെ ശരീരഘടന നോക്കിയാൽ അവയിൽനിന്നും പക്ഷികൾ പരിണമിച്ചുണ്ടാകുവാനുള്ള സാധ്യത തീരെയില്ലെന്ന്‌ കാണാം. അതായത്‌ നിലവിലുള്ള ജനിതകരൂപം ഭാവിപരിണാമത്തിന്റെ സാധ്യതകളെ പരിമിതപ്പെടുത്തുന്നു എന്നർത്ഥം.

ആകസ്‌മികത

നിർധാരണത്തെ പലപ്പോഴും ഒരു നിശ്ചിതത്വ പ്രക്രിയയായി ചിത്രീകരിക്കാറുണ്ട്‌. എന്നാൽ സൂക്ഷ്‌മ പരിശോധനകൾ ഈ ധാരണകൾ ശരിയല്ലെന്നു കാണാം. പ്രജനനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ആകസ്‌മികതയ്‌ക്ക്‌ സ്ഥാനമുണ്ട്‌. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും നിരത്താം. മ്യൂട്ടേഷനുകൾ ഏതു ജീനിൽ വേണമെങ്കിലും ഉണ്ടാകാം. ക്രോസിങ്ങ്‌ ഓവർ നടക്കുവാനായി കയാസ്‌മകൾ (Chiasmata) ക്രോമസോമിൽ എവിടെ വേണമെങ്കിലും ഉണ്ടാകാം. ജനിതക ഡ്രിഫ്‌റ്റിന്‌ നല്ലൊരു പങ്കുണ്ടാകാം. ജീവസമഷ്‌ടിയുടെ ഘടനയ്‌ക്കും വലിയ പ്രാധാന്യമുണ്ട്‌. പരന്നു കിടക്കുന്ന ജീവസമഷ്‌ടിയാണോ അതോ ഒറ്റപ്പെട്ട ഡീമുകളുള്ള (deme) വയാണോ, എന്നീ ഘടകങ്ങളെല്ലാം പരിണാമത്തിന്റെ തോതിനെ സ്വാധീനിക്കും.



"https://wiki.kssp.in/index.php?title=ചാൾസ്_റോബർട്ട്_ഡാർവിൻ&oldid=3727" എന്ന താളിൽനിന്ന് ശേഖരിച്ചത്