എന്തുകൊണ്ട്‌ മറ്റൊരു കേരളം?

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
എന്തുകൊണ്ട്‌ മറ്റൊരു കേരളം?
200px
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വികസനം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ജനുവരി 2012

കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുപതിറ്റാണ്ടു കാലമായി സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌. ശാസ്‌ത്രീയ അറിവുകൾ ജനങ്ങളിലേക്ക്‌ അവരുടെ സ്വന്തം ഭാഷയിൽ എത്തിക്കാനും അതുവഴി അവരിൽ ശാസ്‌ത്രബോധം വളർത്താനും ലക്ഷ്യമിട്ടാണ്‌ പരിഷത്ത്‌ പ്രവർത്തനം ആരംഭിക്കുന്നത്‌. ക്രമേണ ശാസ്‌ത്രത്തിന്റെ ദുരുപയോഗത്തിനെതിരെയും ജനക്ഷേമകരമായ പ്രയോഗത്തിനു വേണ്ടിയും പരിഷത്ത്‌ ശബ്‌ദമുയർത്താൻ തുടങ്ങി. ശാസ്‌ത്ര-സാങ്കേതിക വിദ്യകളുടെ പ്രയോഗം ബഹുഭൂരിപക്ഷത്തിന്റെ ജീവിതം മെച്ചപ്പെടുത്താൻ ഉപകരിക്കാത്തതും പലപ്പോഴും ദോഷകരമായി ബാധിക്കുന്നതിന്റെയും അടിസ്ഥാന കാരണം നീതിപൂർവമല്ലാത്ത ഒരു സാമൂഹ്യ വ്യവസ്ഥയാണെന്നും അതിൽ ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ നിയന്ത്രണം ധനിക ന്യൂനപക്ഷത്തിന്റെ കൈവശമാണെന്നും പരിഷത്ത്‌ നിരീക്ഷിച്ചു. `ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌' എന്ന മുദ്രാവാക്യം സ്വീകരിക്കുന്നതിന്റെ അടിസ്ഥാനം അതാണ്‌.

പരിഷത്ത്‌ പ്രവർത്തനങ്ങൾക്ക്‌ കൃത്യമായ ദിശാബോധം നൽകാൻ ഈ മുദ്രാവാക്യം സഹായകമായി. തുടർന്ന്‌ സാമൂഹ്യജീവിതത്തിന്റെ നാനാ മേഖലകളിൽ ശാസ്‌ത്രരീത്യാ ഇടപെടുകയും ദരിദ്രപക്ഷത്തു നിന്നുകൊണ്ട്‌ നിലപാടുകൾ കൈക്കൊള്ളുകയും ചെയ്‌തു. വിദ്യാഭ്യാസം, പരിസ്ഥിതി, ഊർജം, ആരോഗ്യം, സംസ്‌കാരം, ജെൻഡർ തുടങ്ങിയ രംഗങ്ങളെല്ലാം ഈവിധം പരിഷത്ത്‌ ഇടപെടുകയും പുതിയ ചിന്തകൾക്ക്‌ വഴിമരുന്നിടുകയും ചെയ്‌ത മേഖലകളാണ്‌. വിമർശനങ്ങൾ ഉയർത്തിയും പഠനപ്രവർത്തനത്തിലേർപ്പെട്ടും ചിലപ്പോൾ പുതിയ ബദൽ മാതൃകകൾ വികസിപ്പിച്ചുമായിരുന്നു പരിഷത്തിന്റെ ഓരോ രംഗത്തെയും ഇടപെടൽ. ഓരോ പ്രത്യേക രംഗങ്ങളിലിടപെടുമ്പോഴും അവ തമ്മിലുള്ള പരസ്‌പര ബന്ധം മനസ്സിലാക്കി ഉദ്‌ഗ്രഥിതമായ ഒരു സമീപനം വളർത്തിയെടുക്കാനും പരിഷത്ത്‌ ശ്രദ്ധിച്ചിരുന്നു.

ജനജീവിതവുമായി ബന്ധപ്പെട്ട പ്രാദേശിക ഉൽപ്പാദന പ്രവർത്തനങ്ങളിൽ ശാസ്‌ത്രത്തിന്റെ പ്രയോഗം ഉണ്ടാകുന്നതിലൂടെയേ ശാസ്‌ത്രബോധം ജനങ്ങളിൽ വളരൂ എന്ന തിരിച്ചറിവാണ്‌ 1975ൽ ഗ്രാമശാസ്‌ത്ര സമിതികൾ രൂപീകരിക്കാൻ പരിഷത്തിനെ പ്രേരിപ്പിച്ചത്‌. വാഴയൂർ ജലവിഭവ സർവേ, കല്യാശ്ശേരി വിഭവ ഭൂപട നിർമാണം, പതിനഞ്ച്‌ പഞ്ചായത്തുകളിൽ നടത്തിയ ജനകീയാസൂത്രണ പരിപാടി, കേരളത്തെ അറിയുക; കേരളത്തെ മാറ്റുക ക്യാമ്പയിൻ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ പ്രാദേശികാസൂത്രണം സംബന്ധിച്ച പരിഷത്ത്‌ അനുഭവങ്ങളും നിലപാടുകളും വികസിച്ചുവന്നു. ആഗോളവൽക്കരണത്തിന്റെ ഭാഗമായി നവലിബറൽ നയങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയപ്പോൾ അവയ്‌ക്കെതിരെ പ്രചരണം നടത്താനും പ്രതിരോധങ്ങൾ ഉയർത്താനും പരിഷത്ത്‌ ശ്രമിച്ചത്‌ അതുവരെയുള്ള പ്രവർത്തന അനുഭവങ്ങളുടെ വെളിച്ചത്തിലാണ്‌. വികസനവും രാഷ്‌ട്രീയവും തമ്മിലുള്ള ബന്ധം കൂടുതൽ തിരിച്ചറിയാൻ ഈ പ്രവർത്തനങ്ങൾ സഹായിച്ചു. കേരളത്തിന്റെ വിഭവലഭ്യതയെയും മാനവശേഷിയെയും സമഗ്രമായി പരിശോധിച്ചുകൊണ്ട്‌ ഒരു വികസന പരിപ്രേക്ഷ്യം അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ തുടക്കമായിരുന്നു 1975 ൽ പ്രസിദ്ധീകരിച്ച കേരളത്തിന്റെ സമ്പത്ത്‌. തുടർന്ന്‌ 1988 ൽ പ്രസിദ്ധീകരിച്ച എട്ടാം പദ്ധതിക്ക്‌ ഒരാമുഖം, ജനകീയാസൂത്രണ പ്രസ്ഥാനം, കേരളപഠനം, ഭൂമി പൊതുസ്വത്ത്‌ കാമ്പയിൻ തുടങ്ങിയവയിലൂടെ കാലികമായി കേരള സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെക്കൂടി പരിശോധിച്ചുകൊണ്ട്‌ കേരള വികസനം സംബന്ധിച്ച നിലപാട്‌ പരിഷത്ത്‌ വികസിപ്പിക്കുകയുണ്ടായി.

പരിഷത്ത്‌ അമ്പത്‌ വർഷം പിന്നിടുകയാണ്‌. ആഗോളവൽക്കരണം രാജ്യത്ത്‌ നടപ്പിലാക്കാൻ തുടങ്ങിയിട്ട്‌ രണ്ട്‌ ദശകവും പിന്നിടുന്നു. വികസനത്തിന്റെ വിവിധ തലങ്ങളിൽ നടത്തിയ ഇടപെടലുകളിൽ നിന്നാർജിച്ച അനുഭവങ്ങളുടെയും ഉൾക്കാഴ്‌ചയുടെയും അടിസ്ഥാനത്തിൽ വീക്ഷിക്കുമ്പോൾ കേരളം ഇന്ന്‌ വളരുന്ന രീതി ആപൽക്കരമാണെന്നാണ്‌ ഞങ്ങളുടെ അഭിപ്രായം. നാം നേടിയ സാമൂഹ്യനീതി നഷ്‌ടമാവുന്നു. പാരിസ്ഥിതികവും സാമ്പത്തികവുമായ അസ്ഥിരത നമുക്ക്‌ മുമ്പിൽ വെല്ലുവിളിയാവുന്നു. ലോകമെങ്ങും സംഭവിക്കുന്ന ദുരിതങ്ങളും പ്രക്ഷോഭങ്ങളും നമുക്ക്‌ ചൂണ്ടുപലകയാണ്‌. `വേണം മറ്റൊരു കേരളം' എന്ന ഒരു മുദ്രാവാക്യം ഉയർത്തുവാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നതതാണ്‌. 2011 ഫെബ്രുവരിയിൽ നടന്ന പരിഷത്തിന്റെ 48-ാം വാർഷികത്തിൽ ആസൂത്രണം ചെയ്‌ത ഈ കാമ്പയിൻ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന്‌ ആരംഭിച്ചു. ഏതാണ്ട്‌ രണ്ടുവർഷക്കാലം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്നതും വിപുലമായതുമായ ഒരു ക്യാമ്പയിനാണ്‌ പരിഷത്ത്‌ തുടക്കം കുറിക്കുന്നത്‌. ഇതു വിജയിപ്പിക്കുവാൻ വലിയ അളവിലുള്ള ജനകീയ കൂട്ടായ്‌മകൾ ആവശ്യമാണ്‌. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഇതിന്നായി അഭ്യർത്ഥിക്കുന്നു.

കാമ്പെയിന്റെ ഭാഗമായി വിവിധങ്ങളായ ലഘുലേഖകളും പുസ്‌തകങ്ങളും പ്രസിദ്ധീകരിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. അക്കൂട്ടത്തിൽ ഒന്നാണിത്‌.

                                                                                                കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌


വേണം മറ്റൊരു കേരളം' എന്ന മുദ്രാവാക്യം കേൾക്കുമ്പോൾ പലരും ആദ്യം ചിന്തിക്കുക, `എന്താ ഇന്നത്തെ കേരളത്തിന്‌ ഇത്ര തകരാറ്‌'? എന്നാവും. സമൂഹത്തിലെ നല്ലൊരു ശതമാനം പേരും ഈ ചോദ്യം ഉയർത്തിയേക്കാം. കാരണം, നമ്മുടെ നഗരങ്ങളിലൂടെ യാത്രചെയ്യുമ്പോൾ, പത്രമാധ്യമങ്ങളിലെ മുഴുപ്പേജ്‌ പരസ്യം കാണുമ്പോൾ, ദൃശ്യമാധ്യമങ്ങളിലെ സാംസ്‌കാരിക പരിപാടികൾ ആസ്വദിക്കുമ്പോൾ, എന്തിന്‌, പൊതു സമൂഹത്തിലെ മുഖ്യധാരാ ചർച്ചകൾക്ക്‌ ചെവിയോർക്കുമ്പോൾ പോലും നാം അത്ഭുതം കൂറുക, കേരളത്തിൽ ഇത്രയേറെ സമൃദ്ധിയോ എന്നാവാം. വിശേഷിച്ച്‌, ഇക്കഴിഞ്ഞ രണ്ട്‌ ദശകങ്ങൾക്കിടയിൽ ഉണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ.

സുഖ സമൃദ്ധമായ ഇന്നത്തെ കേരളം?

ദിനംപ്രതി വിവിധ പട്ടണങ്ങളിൽ ആർഭാടാരവങ്ങളോടെ ഉദ്‌ഘാടനം ചെയ്യപ്പെടുന്ന വൻകിട വസ്‌ത്രാലയങ്ങൾ, സ്വർണാഭരണശാലകൾ; നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും ഉയർന്ന്‌ പൊങ്ങുന്ന കൂറ്റൻ കെട്ടിടങ്ങളും ഫ്‌ളാറ്റുകളും; ഏത്‌ ഉപഭോഗസാധനവും ഒരൊറ്റ കേന്ദ്രത്തിൽ നിന്ന്‌ ലഭ്യമാക്കാനുള്ള ലോകപ്രശസ്‌ത ബ്രാന്റ്‌ നാമങ്ങളുള്ള കൂറ്റൻ മാളുകൾ; ആഗ്രഹിക്കുന്ന ഏവർക്കും തങ്ങളുടെ മക്കളെ ഡോക്‌ടറും എൻജീനിയറും ബിസിനസ്സ്‌ എക്‌സിക്യൂട്ടിവുമെല്ലാം ആക്കാൻ സഹായിക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ; ഏത്‌ തരം വിദഗ്‌ധ പരിശോധയ്‌ക്കും ചികിത്സയ്‌ക്കും സദാസമയം തയ്യാറായി നിൽക്കുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ആസ്‌പത്രികൾ; നഗരവീഥികളിലൂടെ നിറഞ്ഞ്‌ കവിഞ്ഞ്‌ ഒഴുകിപ്പോകുന്ന അത്യാഡംബരകാറുകൾ...നാം നിത്യേന കാണുന്ന സമൃദ്ധിയുടെ നിറപ്പകിട്ടുകളാണിവ.

തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ നിത്യജീവിതത്തിൽ വന്ന മാറ്റത്തിലും നാം അത്ഭുതസ്‌തബ്‌ധരാകും. ഒരിക്കൽ സ്വപ്‌നം കാണാൻ പോലും പറ്റാതിരുന്ന എത്രയെത്ര ഗാർഹികോപകരണങ്ങൾ ഇന്നിപ്പോൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു. സ്‌കൂട്ടർ പോലും ആഡംബരമായി കണ്ടിരുന്ന കാലം മാറി. ഒട്ടുമിക്ക ഇടത്തരം കുടുംബങ്ങളിലും സ്വന്തം കാറ്‌ കൈവശമെത്തിയിരിക്കുന്നു. പല വീടുകളിലും ഒന്നിലേറെ വാഹനങ്ങൾ; കമ്പ്യൂട്ടറും ഇന്റർനെറ്റുമെല്ലാം ശാസ്‌ത്ര കൽപ്പിത കഥകളിലൂടെ അറിയുന്ന കാര്യമല്ല ഇന്ന്‌; മിക്കവരുടേയും ദൈനംദിന ജീവിതത്തിലെ ഒഴിവാക്കാൻ പറ്റാത്ത കാര്യങ്ങളാണ്‌. മൊബൈൽ ഫോൺ കണക്‌ഷനുകളുടെ എണ്ണം കേരളത്തിലെ ജനസംഖ്യയെ പോലും മറികടന്നിരിക്കുന്നു.

പണമുണ്ടെങ്കിൽ മാത്രമല്ലേ ഈ സൗഭാഗ്യങ്ങൾ ഓരോന്നും കൈപ്പിടിയിലൊതുങ്ങൂ എന്ന ചോദ്യത്തിനും മറുപടിയുണ്ട്‌. ശമ്പളത്തിലും കൂലിയിലുമെല്ലാം നല്ല വർധനവ്‌ കഴിഞ്ഞ കുറച്ചുകാലത്തിനിടയിൽ ഉണ്ടായില്ലേ? ഡോക്‌ടറും എൻജിനീയറും ബിസിനസ്സ്‌ എക്‌സിക്യൂട്ടിവുകളും ചാർട്ടേഡ്‌ അക്കൗണ്ടന്റുമാരുമെല്ലാം ലക്ഷക്കണക്കിന്‌ രൂപ പ്രതിമാസം ഉണ്ടാക്കുന്നില്ലേ? വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാതെതന്നെ പതിനായിരങ്ങൾ കൊയ്‌തെടുക്കാവുന്ന എത്രയെത്ര തൊഴിലുകളാണ്‌ പുതുതായി പ്രചാരം നേടുന്നത്‌! കച്ചവടം, റിയൽഎസ്റ്റേറ്റ്‌, കമ്മീഷൻ എജൻസി, നെറ്റ്‌വർക്ക്‌ മാർക്കറ്റിംഗ്‌ തുടങ്ങിയവ. ദിവസക്കൂലിപോലും അത്യാകർഷകമായ നിലവാരത്തിലല്ലേ ഇന്നുള്ളത്‌? വരുമാനം കുറഞ്ഞ, കഷ്‌ടപ്പാടുള്ള ജോലികൾ ചെയ്യാൻ അന്യനാടുകളിൽ നിന്ന്‌ കേരളത്തിലേയ്‌ക്ക്‌ വരാൻ പുറംനാട്ടിലെ തൊഴിലാളികൾ തയ്യാറാകുന്നു എന്നതുകൂടി ശ്രദ്ധിക്കുമ്പോൾ കേരളത്തിന്റെ അഭിവൃദ്ധിയുടെ ചിത്രം പൂർത്തിയാകും.

ഇത്തരം കാഴ്‌പ്പാടുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിലുള്ള നിരീക്ഷണങ്ങൾക്കുമപ്പുറം, സാമ്പത്തിക ശാസ്‌ത്രത്തിന്റെ ഭാഷയിലും കേരളം അതിവേഗം പുരോഗമിക്കയാണെന്ന്‌ സ്ഥാപിക്കുന്നവരുണ്ട്‌. വളർച്ചാനിരക്കിൽ അഖിലേന്ത്യാ ശരാശരിയേക്കാൾ പിന്നിലായിരുന്ന കേരളം ഇപ്പോൾ സാമ്പത്തിക വളർച്ചയിൽ ദേശീയതലത്തിൽ ഏറെ മുന്നിലാണ്‌. 2009-10 ൽ 9.6% ഉം 2010-11ൽ 10% ഉം വളർച്ചാനിരക്ക്‌ നമുക്ക്‌ കൈവരിക്കാനായി. അതേ സമയം ഈ വർഷങ്ങളിലെ ദേശീയ നിരക്ക്‌ 7.4 ഉം 8.6 ഉം മാത്രമാണ്‌ . വികസിത രാജ്യങ്ങളുടേതുപോലെ കേരളത്തിന്റെ സംസ്ഥാന വരുമാനത്തിലെ മുഖ്യപങ്ക്‌ ഇപ്പോൾ സേവനമേഖലയിൽ നിന്നാണ്‌. 1960 ൽ പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളിൽ നിന്നുള്ള സംസ്ഥാന വരുമാനം യഥാക്രമം 56%, 15%, 29% എന്നിങ്ങനെയായിരുന്നു. എന്നാലിന്നിത്‌ 16%, 23% 61% എന്നീ ക്രമത്തിലാണ്‌. നാട്‌ സാമ്പത്തികമായി പുരോഗമിക്കുമ്പോൾ പ്രാഥമിക മേഖലയുടെ പങ്ക്‌ കുറയുകയും സേവന മേഖലയുടെ പങ്ക്‌ വർധിക്കുകയും ചെയ്യുന്നത്‌ സ്വാഭാവിക പ്രവണതയാണ്‌. ആളോഹരി വരുമാനത്തിലും കേരളം മുന്നേറുകയാണ്‌. 2004-05ൽ 36278 രൂപയായിരുന്നു പ്രതിശീർഷവരുമാനം. 2009-10ൽ 52984 രൂപ ആയി ഉയർന്നു (2004-05 ലെ വില നിലവാരത്തിൽ പരിഗണിക്കുമ്പോൾ തന്നെ). ജീവിതനിലവാരം ഉയർന്നു എന്നതിന്റെ സൂചനയല്ലേയിത്‌? ഇതാണ്‌ ചിലർ ഉയർത്തുന്ന വാദം.

വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, വ്യക്തിശുചിത്വം തുടങ്ങിയ ജീവിതഗുണമേന്മാ സൂചകങ്ങളിൽ കേരളം കൈവരിച്ച പുരോഗതി ലോകതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്‌. അവയോടൊപ്പം മുൻ സൂചിപ്പിച്ച പ്രവണതകൾ കൂടി ചേരുമ്പോൾ ഏറെ അഭിമാനാർഹമായ നിലയിലാണ്‌ നമ്മൾ എന്ന്‌ ചിന്തിക്കുക സ്വാഭാവികമാണ്‌. കേരളത്തിലെ ജനങ്ങളിൽ വലിയൊരു വിഭാഗം. കാര്യങ്ങൾ ഈ വിധം നിരീക്ഷിക്കുന്നവരാണ്‌. മാധ്യമങ്ങളും അപ്രകാരം തന്നെ. കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ കാലത്തെ പല വികസന ചർച്ചകളും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. വിശദാംശങ്ങളിലും ഊന്നലിലും വ്യത്യാസമുണ്ടെങ്കിലും ഒരു പൊതുസമവായം കേരളവികസനം സംബന്ധിച്ച്‌ ഇന്ന്‌ ഉയർന്നു വരുന്നതായി കാണാം. അതിന്റെ ഉള്ളടക്കം പ്രധാനമായും താഴെപറയുന്ന കാര്യങ്ങളിലാണ്‌ ഊന്നുന്നത്‌.

w ഗതാഗതവികസനം - അതിൽ തന്നെ മുഖ്യമായി റോഡ്‌ ഗതാഗതം, തുറമുഖം, വിമാനത്താവളം.

w ഐ.ടി - ബി.ടി. മേഖലകളിലെ ശാസ്‌ത്രസാങ്കേതിക വിദ്യാഭ്യാസവും അത്തരം വിദ്യാഭ്യാസം നേടിയവർക്കുള്ള തൊഴിലിടങ്ങൾ സൃഷ്‌ടിക്കലും.

w ഔട്ട്‌ സോഴ്‌സിങ്ങിലൂടെയും അല്ലാതെയുമുള്ള മാനവശേഷി കയറ്റുമതി.

w കേരളത്തിന്റെ പ്രകൃതിസൗന്ദര്യസാധ്യത ഉപയോഗപ്പെടുത്തിയുള്ള ടൂറിസം വികസനം.

ഈ വികസന പരിപാടികളെല്ലാം രാഷ്‌ട്രീയത്തിനതീതമായി സംഘടിപ്പിക്കേണ്ടതാണെന്ന്‌ ഏവരും പറയുന്നു. ഇത്തരം സമവായ ചർച്ചകൾ നടക്കുമ്പോഴും നാളിതുവരെയുള്ള വികസനത്തിന്റെ ഗുണഫലങ്ങൾ ഒന്നും കാര്യമായി ലഭിക്കാത്ത അതി ദരിദ്രരായ ഒരു വിഭാഗം കേരളത്തിലുണ്ട്‌ എന്ന്‌ ഏവരും ഇപ്പോൾ അംഗീകരിക്കുന്നു. സാമ്പത്തിക വളർച്ച ത്വരിതപ്പെടുമ്പോൾ ആ പ്രശ്‌നം ക്രമേണ പരിഹരിക്കപ്പെടുമെന്നാണ്‌ ഒരു പക്ഷത്തിന്റെ നിലപാട്‌. അതിനിടയിൽ ചില കരുതൽ നടപടികളിലൂടെ ആശ്വാസം പകർന്നാൽ മതിയാകും എന്നവർ പറയുന്നു. മറുപക്ഷം ഈ വാദം അംഗീകരിക്കുന്നില്ല. എങ്കിലും നവ ലിബറൽനയങ്ങൾ തീവ്രമായി നടപ്പിലാക്കുന്ന കേന്ദ്രനയത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേമ പദ്ധതികളുടെ വിപുലീകരണത്തിലൂടെ ആശ്വാസ നടപടികൾ എത്തിക്കുകയല്ലാതെ ഒരു സംസ്ഥാനത്ത്‌ മറ്റൊന്നും ചെയ്യാനാവില്ല എന്നാണ്‌ അവരുടെ നിലപാട്‌.

ഇത്തരം സമവായങ്ങൾക്കും ഭിന്നതകൾക്കുമപ്പുറത്തേയ്‌ക്ക്‌ അടിസ്ഥാനപരമായി കേരളവികസനം സംബന്ധിച്ച ചില ചർച്ചകൾ ഉയർന്ന്‌ വരണമെന്നാണ്‌ പരിഷത്ത്‌ ആഗ്രഹിക്കുന്നത്‌. കാരണം ഇപ്പോൾ നടക്കുന്ന രീതിയിലുള്ള `വികസനം' സംബന്ധിച്ച ചില മൗലികമായ ചോദ്യങ്ങൾ ഉയരേണ്ടതുണ്ട്‌.

ചില ചോദ്യങ്ങൾ

w ഇന്നത്തെ സാമ്പത്തികവളർച്ചയുടെ നേട്ടങ്ങൾ എല്ലാ വിഭാഗങ്ങളിലേക്കും എത്തുന്നുണ്ടോ?

w മുമ്പെങ്ങുമില്ലാത്ത തരത്തിൽ അസമത്വം വർധിച്ചിട്ടില്ലേ?

w അസമത്വം വർധിക്കുക എന്നത്‌ ഈ വികസന തന്ത്രത്തിന്റെ അനിവാര്യ ഫലമല്ലേ?

w ഈ വികസന രീതി തുടർന്നാൽ ദരിദ്രപക്ഷത്തുള്ളവരുടെ ജീവിതം ഇനിയെങ്കിലും മെച്ചപ്പെടുമോ?

w ഈ വികസന രീതി സാമ്പത്തികമായ തുടർ നിലനിൽപ്പ്‌ ഉറപ്പ്‌ വരുത്തുന്നുണ്ടോ?

w പാരിസ്ഥിതിക സുസ്ഥിരത തകർക്കുന്ന രീതിയിലുള്ള വികസനമല്ലേ ഇപ്പോൾ നടക്കുന്നത്‌?

w സാമൂഹ്യമായ കൂട്ടായ്‌മയും വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സൗഹാർദവും ഉറപ്പാക്കപ്പെടുന്നുണ്ടോ?

w കേരളത്തിന്റെ സംസ്‌കാരികത്തനിമയും ഭാഷയും സംരക്ഷിക്കപ്പെടുമോ?

w സ്‌ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ പരിരക്ഷിക്കപ്പെടുമോ?

ഈ ചോദ്യങ്ങൾക്കുത്തരം കാണണമെങ്കിൽ ഇന്നത്തെ പുരോഗതിയുടെ യഥാർത്ഥകാരണങ്ങളിലേക്കും അതിന്റെ സ്വഭാവ സവിശേഷതകളിലേക്കും നമ്മുടെ ശ്രദ്ധ പതിയണം.

കേരളത്തിന്റെ സാമൂഹ്യനേട്ടങ്ങൾ

സാമ്പത്തിക വളർച്ചാതോതിൽ പിന്നിലായിട്ടും സാമൂഹ്യപുരോഗതിയിൽ ഏറെ മുമ്പോട്ട്‌ പോകാൻ കഴിഞ്ഞു എന്നതാണ്‌ കേരളത്തിന്റെ മുഖ്യ സവിശേഷതയായി ഏവരും ചൂണ്ടിക്കാട്ടുന്നത്‌. വിവിധ സാമൂഹ്യമേഖലകളിൽ നാം കൈവരിച്ച പുരോഗതി അഖിലേന്ത്യാ ശരാശരിയുമായി താരതമ്യം ചെയ്‌തുകൊണ്ടുള്ള പട്ടിക താഴെ കൊടുക്കുന്നു.

ഈ സാമൂഹ്യനേട്ടങ്ങളിൽ നല്ലൊരു ഭാഗവും എൺപതുകളായപ്പോൾ തന്നെ നാം കൈവരിച്ചതാണ്‌. എങ്ങിനെയാണ്‌ ഈ നേട്ടങ്ങൾ സാധ്യമായത്‌?


പട്ടിക 1 വിവിധ സാമൂഹ്യ മേഖലകളിലെ കേരളത്തിന്റെ പുരോഗതി 1991 2009 കേരളം ഇന്ത്യ കേരളം ഇന്ത്യ ജനനനിരക്ക്‌ 19.8 30.5 14.6 22.8 മരണനിരക്ക്‌ 5.8 10.2 6.6 7.4 ശിശുമരണ നിരക്ക്‌ (ആയിരത്തിൽ) 17 91 12 53 ബാലമരണ നിരക്ക്‌ (0-4 വയസ്സ്‌) 4.6 26.3 3 17 മാതൃമരണ നിരക്ക്‌ (ലക്ഷം പ്രസവത്തിൽ) 110 301 സന്താനോൽപ്പാദന നിരക്ക്‌ 1.7 2.9 ആയുർദൈർഘ്യം 71 60 74 63.5 ആയുർദൈർഘ്യം (സ്‌ത്രീ) 72 61.7 76.3 64.2 ആയുർദൈർഘ്യം (പു) 69 60.06 71.4 62.6 സാക്ഷരത (ശതമാനത്തിൽ) 91 52 93 74.04 സ്‌കൂൾ പ്രവേശനം (ശതമാനത്തിൽ) 100 92.4 കൊഴിഞ്ഞുപോക്ക്‌ (പ്രൈമറി തലത്തിൽ %) 0.42 40 സ്ഥിരതയുള്ള വീടുകൾ (2001) 68 51.8 കക്കൂസ്‌ സൗകര്യം (2001) 85 36 അവലംബം: ഇക്കണോമിക്‌ റിവ്യൂ

കേരളത്തിൽ ആദ്യം രൂപം കൊണ്ട ജനകീയ സർക്കാർ തന്നെ, ഇതര ഇന്ത്യൻ സംസ്ഥാനങ്ങളുടേതിൽ നിന്നും വ്യത്യസ്‌തമായ ഒരു വികസന സമീപനം മുമ്പോട്ട്‌ വയ്‌ക്കുകയും അതിനനുസൃതമായ നിയമനിർമാണങ്ങളും ഭരണനടപടികളും കൈക്കൊള്ളുകയുമുണ്ടായി. പിന്നീട്‌ മൂന്ന്‌ ദശക കാലത്തിനിടയിൽ അധികാരത്തിലിരുന്ന സർക്കാരുകൾക്കൊന്നും ഈ അടിസ്ഥാനസമീപനങ്ങളിൽ നിന്ന്‌ ഏറെയൊന്നും വ്യതിചലിക്കാനായില്ല. അങ്ങനെ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ സർക്കാർ കൂടിയ തോതിൽ പണം ചെലവഴിച്ചു. പൊതു വിദ്യാഭ്യാസവും പൊതു ജനാരോഗ്യവും മെച്ചപ്പെടാൻ ഇത്‌ സഹായിച്ചു.പൊതു വിതരണസംവിധാനം വിപുലപ്പെടുത്തിയത്‌ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി. ഭൂപരിഷ്‌കരണം കൃഷി ഭൂമി സ്വന്തമാക്കാൻ പാട്ടക്കാരായ കൃഷിക്കാരെ സഹായിച്ചു. പാട്ടക്കുടിയാൻമാരായ കർഷക തൊഴിലാളികൾക്ക്‌ ഒരു തുണ്ട്‌ ഭൂമിയെങ്കിലും കിടപ്പാടമായി ലഭിച്ചു. തൊഴിൽ നിയമങ്ങൾ തൊഴിലാളികളുടെ അവകാശ സമരങ്ങൾക്ക്‌ പരിരക്ഷ നൽകുകയും തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്‌തു. അധികാര വികേന്ദ്രീകരണം പല അടിസ്ഥാന വികസന പ്രവർത്തങ്ങളും ഗ്രാമീണതലം വരെ ഫലപ്രദമായി എത്തിക്കുന്നതിന്‌ സഹായിച്ചു. ഇതോടൊപ്പം കേന്ദ്രസർക്കാർ അക്കാലത്ത്‌ നടപ്പാക്കിയിരുന്ന ദാരിദ്ര്യ നിർമാർജ്ജന പരിപാടികളും, ബാങ്കുകൾ ദേശസാൽക്കരിച്ച്‌ അവയിലൂടെ നടപ്പാക്കിയ കാർഷിക - ഗ്രാമവികസന പരിപാടികളും ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കേരളത്തിനായി.

സാമൂഹ്യനീതി ഉറപ്പ്‌ വരുത്തലാണ്‌ ജനകീയ സർക്കാരുകളുടെ പ്രാഥമിക ചുമതല എന്ന സമീപനമാണ്‌ അന്നുണ്ടായിരുന്നത്‌. സാമൂഹ്യനിയന്ത്രണം കൂടുതൽ ശക്തമാക്കുക എന്നതായിരുന്നു അതിന്‌ മാർഗമായി കണ്ടത്‌. ജാതി മത ഭേദമെന്യേ പണക്കാരനും പാവപ്പെട്ടവനും ഒന്നിച്ചുപയോഗിക്കാൻ പറ്റുന്ന പൊതു ഇടങ്ങൾ വ്യാപിപ്പിച്ചുകൊണ്ടാണ്‌ ഇത്‌ സാധ്യമാക്കിയത്‌. ഇതിനാവശ്യമായ ബഹുജനസമ്മർദം ഉയർത്താൻ പോന്ന രാഷ്‌ട്രീയ ബോധം കേരളത്തിൽ അക്കാലത്ത്‌ ഉയർന്നു വന്നിരുന്നു. അത്തരം രാഷ്‌ട്രീയ ബോധം വളർത്തിയെടുക്കലാണ്‌ തങ്ങളുടെ കടമയെന്ന്‌ നല്ലൊരു ഭാഗം സാംസ്‌കാരിക പ്രവർത്തകരും മാധ്യമങ്ങളും അന്ന്‌ തിരിച്ചറിഞ്ഞിരുന്നു.

ഇടത്തരക്കാരന്റെ കേരളം

എഴുപതുകളുടെ പകുതിയോടെ തന്നെ വിദ്യാഭ്യാസം സിദ്ധിച്ച സാധാരണക്കാരുടെ ഒരു നിര ഇതിന്റെ ഫലമായി കേരളത്തിൽ ഉയർന്നുവന്നു. ഇവരിൽ പലർക്കും ഗൾഫ്‌ നാടുകളിലും മറ്റ്‌ വിദേശ രാജ്യങ്ങളിലും തൊഴിൽ ലഭ്യമായി. കേരളത്തിലെ സർവീസ്‌ മേഖലയുടെ വികാസം സർക്കാർ - പൊതുമേഖലാ ജീവനക്കാരുടെ എണ്ണവും വർധിപ്പിച്ചു. സംഘടിത തൊഴിൽ മേഖലയിലെ മെച്ചപ്പെട്ട കൂലിയും സേവനമേഖലയുടെ വിപുലീകരണവും ഗൾഫ്‌ പണവുമെല്ലാം ചേർന്ന്‌ മെച്ചപ്പെട്ട ജീവിതനിലവാരം പുലർത്തുന്ന, മതിയായ വാങ്ങൽ ശേഷിയുള്ളവരുടെ ഒരു വലിയ നിര തന്നെ ഇവിടെ രൂപപ്പെട്ടു. ഇവരിൽ ബഹുഭൂരിപക്ഷത്തിന്റേയും മുൻതലമുറ അതിശോചനീയമായ ജീവിത സാഹചര്യങ്ങളിൽ കഴിഞ്ഞവരായിരുന്നു. വിദ്യാഭ്യാസ പുരോഗതിയാണ്‌ അവരുടെ ജീവിതവിജയത്തിന്റെ താക്കോലായി മാറിയത്‌. എന്നാൽ, തങ്ങളുടെ പിൻ തലമുറയ്‌ക്കും ഈ വിദ്യാഭ്യാസ നേട്ടം ഉറപ്പുവരുത്താൻ പൊതു വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താനല്ല അവരിൽ പലരും ശ്രമിച്ചത്‌. പ്രക്ഷോഭങ്ങൾകൊണ്ട്‌ കലുഷിതവും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം കൊണ്ട്‌ മോശപ്പെട്ടതുമായിരുന്ന പൊതു വിദ്യാഭ്യാസ മേഖല കയ്യൊഴിഞ്ഞ്‌ `സ്വന്തം കാര്യം മാത്രം നോക്കി ഭാവിജീവിതം ശോഭനമാക്കാൻ പഠിപ്പിക്കുന്ന' കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങളെ വളർത്തുകയും പരിപോഷിപ്പിക്കുകയുമാണ്‌ അത്തരക്കാർ ചെയ്‌തത്‌. ആശ്രിതത്വബോധത്തിൽനിന്ന്‌ അവകാശബോധത്തിലേക്കും സംഘടിത പോരാട്ടങ്ങളിലേക്കും വിവിധ വിഭാഗങ്ങളെ നയിക്കാൻ ഇവിടുത്തെ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക്‌ സാധിച്ചു. പക്ഷേ, തങ്ങളുടെ പിന്നിൽ അണിനിരന്നവരിൽ സാമൂഹ്യബോധം വളർത്തിയെടുക്കാൻ പല കാരണങ്ങൾകൊണ്ടും അവർക്ക്‌ കഴിഞ്ഞില്ല. ഇതുമൂലം, നേട്ടങ്ങൾ ഉണ്ടാക്കിയ ഇടത്തരക്കാരിൽ ഒരു വിഭാഗത്തിന്റെ ജീവിതവീക്ഷണം സ്വാർത്ഥതയിൽ മാത്രമൂന്നി വികലമായിത്തീരുകയാണുണ്ടായത്‌. തീക്ഷ്‌ണമായ ജീവിതപ്രശ്‌നങ്ങൾ അലട്ടാനില്ലാതായപ്പോൾ ഇത്തരം കുടുംബങ്ങളുടെ സാമൂഹ്യബന്ധത്തിന്റെ വഴി, ജാതിയും മതവും ആചാരവും അനുഷ്‌ഠാനവുമെല്ലാമായി മാറി. കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വളർന്നുവന്ന പുതിയ തലമുറ കൂടിയായപ്പോൾ- അതും വ്യത്യസ്‌ത മതസ്ഥാപനങ്ങളും ജാതി സംഘടനകളും നടത്തുന്ന- പുനരുത്ഥാന മൂല്യങ്ങളെ പരിപാലിക്കുന്ന, തൻകാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരു സാംസ്‌കാരികാന്തരീക്ഷം കേരളത്തിൽ ഇടത്തരക്കാരുടെയിടയിൽ പ്രബലമാകാൻ തുടങ്ങി. സിനിമയും, സാഹിത്യവും, മാധ്യമവാർത്തകളും എല്ലാം ഇതിനെ പരിപോഷിപ്പിക്കും വിധം സൃഷ്‌ടിക്കപ്പെട്ടു.

ഇടത്തരക്കാരന്റെ സ്വപ്‌നവും ആഗോളവൽക്കരണവും

വേണ്ടത്ര വാങ്ങൽ ശേഷിയുള്ള മധ്യവർഗവിഭാഗം ഉയർന്നുവരികയും അവരിൽ മേൽ സൂചിപ്പിച്ച സാംസ്‌കാരികബോധം അടിയുറക്കുകയും ചെയ്‌തുകൊണ്ടിരുന്ന ഘട്ടത്തിലാണ്‌ ആഗോളവൽക്കരണനയത്തിന്റെ ഭാഗമായുള്ള നവലിബറൽ നയങ്ങൾ രാജ്യത്ത്‌ നടപ്പിലാക്കാൻ തുടങ്ങിയത്‌. ലോകം മുഴുവൻ ഒരൊറ്റ കമ്പോളമായി മാറ്റിയ ആഗോളവൽക്കരണം മധ്യവർഗവിഭാഗങ്ങളുടെ ഉപഭോഗ താൽപ്പര്യത്തെ തൃപ്‌തിപ്പെടുത്താനുള്ള അവസരമാണ്‌ നൽകിയത്‌. ശാസ്‌ത്രസാങ്കേതിക രംഗത്തെ -വിശേഷിച്ച്‌ ഐ.ടി മേഖലയിലെ- വൻകുതിപ്പ്‌ വൈവിധ്യമാർന്ന ഉപഭോഗ ഉൽപ്പന്നങ്ങൾ കമ്പോളത്തിലെത്തിച്ചു. ഇലക്‌ട്രോണിക്‌ ഉൽപ്പന്നങ്ങളോടൊപ്പം ഗാർഹികോപകരണങ്ങളും വാഹനങ്ങളും മാർക്കറ്റിൽ സുലഭമാകുകയും അവയെല്ലാം വൻതോതിൽ വിറ്റഴിയുകയും ചെയ്‌തതോടെ കേരളത്തിലെ കച്ചവടമേഖല ദ്രുതഗതിയിൽ വളർന്നു.

നവലിബറൽ നയങ്ങൾക്കനുസരിച്ച്‌ ബാങ്കിംഗ്‌ മേഖലയിലുണ്ടായ നയവ്യതിയാനവും പുതിയ പ്രവണതയ്‌ക്ക്‌ ആക്കം കൂട്ടി. കാർഷികവൃത്തിക്കും ചെറുകിട മേഖലയ്‌ക്കും വായ്‌പകൾ നൽകിയിരുന്ന ബാങ്കുകൾ ആ രംഗത്ത്‌ നിന്നു ക്രമേണ പിൻമാറുകയും ഗൃഹനിർമാണ വായ്‌പകൾക്കും ഉപഭോഗ വായ്‌പകൾക്കും ഊന്നൽ നൽകുകയും ചെയ്‌തു. തിരിച്ചടവ്‌ സുരക്ഷിതമെന്ന്‌ കരുതുന്ന ഇടത്തരക്കാർക്ക്‌ വൻതോതിൽ വായ്‌പകൾ നൽകി. ആഗോളവൽക്കരണത്തിന്റെ ആദ്യഘട്ടത്തിൽ വിദേശ ഇന്ത്യക്കാരുടെ നിക്ഷേപത്തിന്‌ നൽകിയ വളരെ ഉയർന്ന പലിശയും രൂപയുടെ മൂല്യത്തിൽ തുടർച്ചയായി വന്ന മൂല്യശോഷണവും വിദേശ ഇന്ത്യക്കാരുടെ കുടുംബങ്ങളിലെ ആപേക്ഷിക വരുമാനത്തിൽ വലിയ വർധനവുണ്ടാക്കി. ഉൽപ്പാദന മേഖലകളിൽ നിക്ഷേപിക്കുന്നതിനുപകരം താമസത്തിനും വാണിജ്യാവശ്യത്തിനുമുള്ള വൻ കെട്ടിടങ്ങൾ നിർമിക്കുന്നതിലാണ്‌ അവർ ഈ വരുമാനം വിനിയോഗിച്ചത്‌. വിദേശപണമിടപാടുകൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കയും നവലിബറൽ നയങ്ങളുടെ ഉപോൽപ്പന്നമായ വൻകിട അഴിമതിയുടെ വ്യാപ്‌തി വർധിക്കയും ചെയ്‌തതോടെ വൻതോതിൽ കള്ളപ്പണവും നാട്ടിലേക്ക്‌ പ്രവഹിച്ചു. റിയൽ എസ്റ്റേറ്റിലും നിർമാണ പ്രവർത്തനത്തിലും ഈ പണമെല്ലാം വിനിയോഗിക്കപ്പെട്ടതായി കാണാം. മുമ്പ്‌ സൂചിപ്പിച്ച സമൃദ്ധിയുടെ ദൃശ്യങ്ങൾ പലതും ഇങ്ങനെ സൃഷ്‌ടിക്കപ്പെട്ടതാണ്‌.

വളർച്ചയിലെ ചതിക്കുഴികൾ

മേൽപ്പറഞ്ഞ നിരീക്ഷണങ്ങൾ കുറെക്കൂടി വ്യക്തമാകാൻ സാമ്പത്തിക വളർച്ച സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുടെ സൂക്ഷ്‌മതലത്തിലേക്ക്‌ പോയാൽ മതിയാകും. കേരളത്തിന്റ ആഭ്യന്തര വരുമാനത്തിൽ മൂന്നിൽ രണ്ടു ഭാഗത്തോളമിന്ന്‌ തൃതീയ മേഖലയിൽ നിന്നാണ്‌ വരുന്നത്‌. സേവന മേഖലയുടെ ഈ ആധിപത്യം സാമ്പത്തികവും സാമൂഹ്യവുമായ വളർച്ചയുടെ ലക്ഷണമാണോ? നാട്‌ കൂടുതൽ പുരോഗമിക്കുന്തോറും പ്രാഥമികമേഖലയെക്കാൾ ദ്വിതീയ മേഖലയും അവ രണ്ടിനെയുംകാൾ തൃതീയ മേഖലയും വളർന്നു മുന്നേറുന്നത്‌ സ്വാഭാവികമാണ്‌. പക്ഷേ, അത്തരം സ്വാഭാവിക പുരോഗതിക്ക്‌ ചില സവിശേഷതകളുണ്ട്‌; കാരണങ്ങളുമുണ്ട്‌. ഏത്‌ പ്രദേശത്തിന്റെയും വികസനത്തിന്റെ ആദ്യഘട്ടത്തിൽ കാർഷിക മേഖലക്കായിരിക്കും മുൻതൂക്കം. ജനങ്ങളുടെ പ്രാഥമിക ആവശ്യം ഭക്ഷണമാണ്‌; അത്‌ നിറവേറ്റുന്നത്‌ കാർഷികമേഖലയാണ്‌ എന്നതിനാലാണത്‌. സമൂഹം കൂടുതൽ പുരോഗമിക്കുന്തോറും വസ്‌ത്രം, പാർപ്പിടം, കാർഷികോപകരണങ്ങൾ തുടങ്ങിയ നിർമിത ചരക്കുകളുടെ ആവശ്യകത വ്യാപിക്കുകയും വ്യവസായിക മേഖലയ്‌ക്ക്‌ മുൻതുക്കം വരികയും ചെയ്യും. കൂടുതൽ പുരോഗതി കൈവരിക്കുന്നതോടെ വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങിയ മേഖലകളിലേക്ക്‌ ആവശ്യങ്ങൾ വളരുകയും സേവന മേഖലയ്‌ക്ക്‌ ആധിപത്യം കൈവരികയും ചെയ്യുന്നത്‌ സ്വാഭാവികമാണ്‌. എന്നാൽ, അപ്പോഴെല്ലാം മൊത്തം ജനങ്ങളുടെ ഭക്ഷണത്തിന്റെയും അസംസ്‌കൃത സാധങ്ങളുടെയും ആവശ്യകത മുഖ്യമായി നിറവേറ്റാൻ അവിടുത്തെ കാർഷികമേഖലയ്‌ക്ക്‌ കഴിയേണ്ടതാണ്‌. അതുപോലെ നിർമിത വസ്‌തുക്കളുടെ ആവശ്യകത നിറവേറ്റാൻ വ്യാവസായിക മേഖലയ്‌ക്ക്‌ കഴിയണം. ഈ ഒരു ദിശയിലുള്ള പുരോഗതിയേ സുസ്ഥിരമാകൂ. ഓരോ മേഖലയിലും സൃഷ്‌ടിക്കപ്പെടുന്ന വരുമാനം ആ രംഗത്തെ ആശ്രയിച്ചുകഴിയുന്നവരുടെ എണ്ണത്തിന്‌ ആനുപാതികമെങ്കിലുമാവുമ്പോഴേ നീതിയിലധിഷ്‌ഠിതമായ ഒരു സാമൂഹ്യവ്യവസ്ഥയുണ്ടാകൂ.

പട്ടിക രണ്ട്‌ വളർച്ചാനിരക്കും സംസ്ഥാന വരുമാനത്തിലെ വിഹിതവും വളർച്ചാ നിരക്ക്‌ വിഹിതം 2009-10 2009-10 1990-91 കൃഷി 0.25 11.47 31 വനം 4.49 1.52 .50 മത്സ്യബന്ധനം 0.06 1.17 1.78 ഖനനം 17.37 1.19 0.28 പ്രാഥമിക മേഖല 1.27 15.36 35.99 വ്യവസായം 14.65 8.34 15.18 നിർമാണം 5.87 11.87 7.65 വൈദ്യുതി, ഗ്യാസ്‌, വെള്ളം 5.66 1.66 1.09 ദ്വിതീയ മേഖല 9.43 22.08 23.92 ഗതാഗതം 14.48 7.07 4.59 വാർത്താവിനിമയം 30.72 4.45 0.80 വ്യാപാരം, ഹോട്ടൽ 7.96 20.70 13.76 ബാങ്കിംഗ്‌, ഇൻഷൂറൻസ്‌ 15.34 6.32 7.30 റിയൽ എസ്റ്റേറ്റ്‌ 9.89 11.69 0.50 പൊതുഭരണം 4.95 4.48 6.70 മറ്റ്‌ സർവീസ്‌ 7.85 6.44 സേവനമേഖല 11.51 62.56 40.09 അവലംബം-ഇക്കണോമിക്‌ റിവ്യൂ

കേരളം സാമ്പത്തികമായി ഇപ്പോൾ മുന്നേറിയത്‌ ഈ ഒരു രീതിയിലേ അല്ല. പ്രാഥമിക മേഖലയുടെ -വിശേഷിച്ച്‌ കാർഷികമേഖലയിൽ- വളർച്ചയില്ലാതെയാണ്‌ തൃതീയ മേഖല വളർന്നുകൊണ്ടിരിക്കുന്നത്‌. ഇതിന്റെ ഫലമായി 1981 ൽ 39.20% സംസ്ഥാന വരുമാനം നൽകിയിരുന്ന പ്രാഥമിക മേഖല 1990ൽ 36 % ഉം 2010ൽ 15.3 % ആയും ചുരുങ്ങി.

കാർഷിക മേഖലയിൽ നിന്നുള്ള വരുമാനത്തിൽ ഈ വിധം കുത്തനെ ഇടിവുണ്ടായത്‌ മറ്റ്‌ മേഖലകളുടെ ദ്രുതഗതിയിലുള്ള വളർച്ച മൂലം ആപേക്ഷികമായി മാത്രം സംഭവിച്ചതല്ല. കാർഷികമേഖലയുടെ നിശ്ചലാവസ്ഥയും തളർച്ചയും ആണ്‌ കാരണം. ഈ തളർച്ചയുടെ സ്വാധീനം രണ്ടുവിധത്തിൽ ഉണ്ടാകും. ഒന്ന്‌, ഉൽപ്പാദനത്തിലെ ഇടിവ്‌ മൂലം ഭക്ഷ്യസുരക്ഷയിലും അസംസ്‌കൃതസാധനങ്ങളുടെ ലഭ്യതയിലുമുള്ള ശോഷണമായി. രണ്ട്‌, ആ മേഖലയെ ആശ്രയിക്കുന്നവരുടെ വരുമാനത്തിലെ ഇടിവ്‌ ആയി. ഇത്‌ രണ്ടും ഇവിടെ സംഭവിക്കുന്നു.1990ൽ നമുക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ 30 ശതമാനം കേരളത്തിൽ ഉൽപ്പാദിപ്പിച്ചിരുന്നെങ്കിൽ ഇന്നത്‌ 15 ശതമാനത്തിൽ താഴെ മാത്രമാണ്‌. ഏകദേശം പൂർണമായി തന്നെ ഭക്ഷ്യധാന്യങ്ങൾക്ക്‌ മറുനാടുകളെ ആശ്രയിക്കുന്ന തലത്തിലേയ്‌ക്കുള്ള വളർച്ചയുടെ ആപത്ത്‌ വ്യക്തമാണല്ലോ. സംസ്ഥാന വരുമാനത്തിൽ 12 ശതമാനത്തോളം മാത്രം പ്രദാനം ചെയ്യുന്ന കാർഷിക മേഖലയെ കർഷകരും കർഷകത്തൊഴിലാളികളുമായി 30 ശതമാനത്തിലേറെപ്പേർ ആശ്രയിക്കുന്നുവെന്നാണ്‌ വിവിധ കണക്കുകൾ വ്യക്തമാക്കുന്നത്‌ (കേരളപഠനം 2004- 33%; ഇന്ത്യ ലേബർ മാർക്കറ്റ്‌ റിപ്പോർട്ട്‌ 2008 - 31.26%). ആളോഹരി വരുമാനത്തിൽ കാർഷിക രംഗത്ത്‌ പ്രവർത്തിക്കുന്നവരെ മൊത്തത്തിൽ എടുത്താൽ സംസ്ഥാന ശരാശരിയുടെ മൂന്നിൽ ഒന്ന്‌ മാത്രമേ അവർക്ക്‌ ലഭിക്കുന്നുള്ളൂവെന്നാണിത്‌ കാണിക്കുന്നത്‌. നവലിബറൽ നയങ്ങളുടെ ആദ്യ പത്ത്‌ വർഷത്തിൽ കാർഷികവരുമാനത്തിലും കൃഷിയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും വന്ന മാറ്റം വ്യക്തമാവാൻ പട്ടിക 4 ഉപയോഗപ്പെടും.


പട്ടിക 3 ശരാശരി വളർച്ചാനിരക്ക്‌ 99-00 മുതൽ 04-05 വരെ 04-05 മുതൽ 09-10 വരെ കൃഷി 2.7 -2 വനം 7.9 3.8 മത്സ്യം -0.1 -1.0 ഖനനം -1.0 6.6 പ്രാഥമികം 2.8 -1.0 വ്യവസായം 1.26 13.64 നിർമാണം 11.11 7.13 വൈദ്യുതി 8.8 3.42 ദ്വിതീയം 6.64 9.26 ഗതാഗതം 9.1 9.0 കമ്യൂണിക്കേഷൻ 47.5 61.4 വ്യാപാരം 4.85 10.4 ബേങ്കിങ്ങ്‌ 12.56 22.28 റിയൽ എസ്റ്റേറ്റ്‌ 10.72 13.67 പൊതുഭരണം 4.6 10.1 മറ്റുള്ളവ 4.19 11 തൃതീയം 7.64 13.92 കാർഷികമേഖലയിൽ നിന്ന്‌ ഇതരമേഖലയിലേക്ക്‌ ആൾക്കാർ ജീവിതവൃത്തിക്കായി മാറുന്നു എന്നതിനോടൊപ്പം അതിൽ നിലനിൽക്കുന്നവരുടെ വരുമാനം ഇതരമേഖലകളെ അപേക്ഷിച്ച്‌ കുത്തനെ ഇടിയുന്നു എന്നുകൂടിയാണിത്‌ കാണിക്കുന്നത്‌. ആത്യന്തികമായി ഈ പ്രവണത കാർഷികമേഖലയുടെ സാമ്പത്തിക നിലനിൽപ്പ്‌ തന്നെ അവതാളത്തിലാക്കും.


പട്ടിക നാല്‌ കേരളത്തിലെ വിവിധ തൊഴിൽ മേഖലകളിലെ പങ്കാളിത്തം ശതമാനത്തിൽ 1991 2001 കൃഷിക്കാർ 12.24 7.20 കർഷക തൊഴിലാളികൾ 25.55 16.07 കുടിൽ വ്യവസായം 2.58 3.54 കാർഷികാനുബന്ധ പ്രവർത്തനങ്ങൾ 10.23 മറ്റ്‌ തൊഴിലുകൾ 49.40 } 73.19 കാർഷികവരുമാനം 33.46 15.35

ദ്വീതീയ മേഖല മൊത്തത്തിൽ എടുത്താൽ സംസ്ഥാന വരുമാനത്തിലെ വിഹിതത്തിൽ വലിയ കുറവ്‌ വന്നിട്ടില്ല ( 1990 ൽ 23.02%, 2009 -10ൽ 22.98 %). എന്നാൽ, വ്യവസായ മേഖലയുടെ പങ്ക്‌ 15.18% ൽ നിന്ന്‌ 8.54 % ആയി കുറഞ്ഞു. നിർമാണമേഖലയുടെ വളർച്ചയും സ്വാധീനവുമാണ്‌ ദ്വീതീയ മേഖലയെ സജീവമാക്കിയതെന്ന്‌ വ്യക്തമാണ്‌ (1990 - ൽ 7.65% ,2009 -10 ൽ 11.87%).

ഈ വിധം, അടിസ്ഥാന മേഖലയായ കൃഷിയും വ്യവസായവും വളരാതിരിക്കുമ്പോഴും സാമ്പത്തിക വളർച്ച ദ്രുതഗതിയിലാകുന്നത്‌ എന്തുകൊണ്ട്‌? സേവനമേഖലയിൽ ചില രംഗങ്ങളിൽ ഉണ്ടായ വളർച്ചയാണിതിനെ സഹായിച്ചത്‌. പട്ടിക രണ്ടിൽ നിന്ന്‌ വ്യക്തമാകുന്നതുപോലെ ഗതാഗതം, വാർത്താവിനിമയം, വ്യാപാരം, ബാങ്കിംഗ,്‌ ഇൻഷൂറൻസ്‌, റിയൽ എസ്റ്റേറ്റ്‌ എന്നീ മേഖലകളിലെ കുതിപ്പാണ്‌ സേവന മേഖലയുടെ വളർച്ചയ്‌ക്ക്‌ കരുത്തേകുന്നത്‌. സംസ്ഥാന വരുമാനത്തിന്റെ മുഖ്യഭാഗം ഈ മേഖലകളിൽ നിന്നാണ്‌. ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി വളർന്നുവന്ന വർധിച്ച വാഹന ഉപഭോഗവും സേവനമേഖലയുടെ വളർച്ചമൂലം സംഭവിക്കുന്ന യാത്രചെയ്യേണ്ടതിന്റെ ആവശ്യകതയും കാരണമാണ്‌ ഗതാഗത മേഖല വളർന്നത്‌. കമ്യൂണിക്കേഷൻ മേഖലയുടെ വളർച്ച ആ രംഗത്തുണ്ടായ ശാസ്‌ത്രപുരോഗതിയുടെയും അതിന്റെ ഉൽപ്പന്നങ്ങളുടെ വ്യാപനത്തിന്റെയും ഫലമാണ്‌. റിയൽ എസ്റ്റേറ്റ്‌ രംഗം കെട്ടിനിർമാണത്തിന്റെയും ഭൂമി ഇടപാടിന്റെയും ഭാഗമായി വളർന്നതാണ്‌. നിർമാണാവശ്യങ്ങൾക്കും ഉപഭോഗാവശ്യങ്ങൾക്കും നൽകുന്ന വായ്‌പകളിലൂടെയാണ്‌ ധനമേഖലയിൽ ബാങ്കിങ്ങ്‌ മുഖ്യമായും വളർന്നത്‌. വിവിധ അനിശ്ചിതത്വങ്ങളിൽ നിന്ന്‌ പരിരക്ഷ നൽകാൻ സഹായിക്കുന്ന ഇൻഷൂറൻസ്‌ പദ്ധതികളുടെ വ്യാപനമാണ്‌ ഇൻഷൂറൻസ്‌ മേഖലയെ വളർത്തിയത്‌. വ്യാപാര രംഗത്തിന്റെ വളർച്ചയാകട്ടെ നിർമാണ സാമഗ്രികളുടെയും ഉപഭോഗസാധനങ്ങളുടെയും വർധിച്ച വിപണിയിലൂടെ ഉണ്ടായതും.

വർധിച്ച ഉപഭോഗവും കെട്ടിട നിർമാണ പ്രവർത്തനവും അവയെ അടിസ്ഥാനമാക്കി കുതിച്ചുയരുന്ന കച്ചവടവും ഫിനാൻസും ഒപ്പം നടക്കുന്ന ഊഹക്കച്ചവടവുമാണ്‌ കേരളസമ്പദ്‌ ഘടനയുടെ ഇന്നത്തെ അടിത്തറ എന്നതാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.

പണം വരുന്ന വഴികൾ

കെട്ടിടനിർമാണമായാലും, വർധിച്ച തോതിലുള്ള ഉപഭോഗ ആവശ്യമായാലും, അവയ്‌ക്കെല്ലാം വർധിച്ച തോതിൽ പണം വേണമല്ലോ. എവിടെ നിന്നാണ്‌ ഈ പണം സൃഷ്‌ടിക്കപ്പെടുന്നത്‌? കേരളീയരുടെ അധ്വാനം ഉൽപ്പാദന പ്രവർത്തനത്തിൽ ചെലുത്തി വർധിച്ച മൂല്യ വർധനവ്‌ നടത്തിയുണ്ടാകുന്ന മിച്ചമാണോ? അല്ലയെങ്കിൽ ആ സ്രോതസ്സുകൾ എന്താണ്‌? അവ എത്രത്തോളം സുസ്ഥിരമാണ്‌?

കാർഷിക- വ്യവസായിക മേഖലയുടെ മരവിപ്പ്‌ ആ മേഖല സൃഷ്‌ടിക്കുന്ന അധിക വരുമാനത്തിന്റെ പരിമിതി വ്യക്തമാക്കുന്നു. റബ്ബറിന്റെ വിലവർധനവും അതിലൂടെ കൃഷിക്കാർക്ക്‌ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കിട്ടുന്ന വരുമാനവും മാത്രമാണ്‌ ഈ രംഗത്ത്‌ എടുത്തു പറയാവുന്നത്‌. അതാകട്ടെ ആഗോള റബ്ബർ വിപണിയിൽ ചില താൽക്കാലിക സംഭവ വികാസങ്ങളുടെ ഫലമായി ഉണ്ടായതുമാണ്‌. മാത്രവുമല്ല, മൊത്തം സംസ്ഥാന വരുമാനത്തിൽ ചെറിയൊരു ശതമാനമേ ഇത്‌ മൂലം ലഭ്യമായിട്ടുള്ളൂ. ഗൾഫ്‌ പണമാണ്‌ മുമ്പെന്ന പോലെ ഇപ്പോഴും നിക്ഷേപത്തിന്റെയും വിപണനത്തിന്റെയും മുഖ്യ സ്രോതസ്സ്‌ . ഏകദേശം 50,000 കോടി രൂപയോളം വിദേശ ഇന്ത്യക്കാർ വഴി കേരളത്തിലേക്ക്‌ വിവിധ മാർഗങ്ങളിലൂടെ (ബാങ്കുകൾ മുഖേനയും അല്ലാതെയും) പ്രതിവർഷം എത്തുന്നുണ്ട്‌ എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. മറ്റൊരു പ്രധാന സ്രോതസ്സ്‌ ബാങ്ക്‌ വായ്‌പയാണ്‌. 1998 ൽ 48% മാത്രമുണ്ടായിരുന്ന വാണിജ്യബാങ്കുകളുടെ വായ്‌പാനിക്ഷേപാനുപാതം ഇപ്പോൾ 70 ശതമാനത്തിനടുത്ത്‌ എത്തിയിരിക്കുന്നു. ഏകദേശം ഒരു ലക്ഷത്തോളം കോടി രൂപ വിവിധ ഇനത്തിലായി വാണിജ്യബാങ്കുകൾ കേരളത്തിൽ ഇപ്പോൾ വായ്‌പയായി നൽകിയിട്ടുണ്ട്‌. ഇതിൽ സിംഹഭാഗവും ഒഴുകുന്നത്‌ കെട്ടിട നിർമാണത്തിനും ഉപഭോഗാവശ്യങ്ങൾക്കും കച്ചവടാവശ്യങ്ങൾക്കുമായാണ്‌. കേരളവികസനത്തെക്കുറിച്ചുള്ള ഗൗരവതരമായ ചർച്ചകളിലെല്ലാം കേരളത്തിൽ ബാങ്കുകൾ സമാഹരിക്കുന്ന പണത്തിന്റെ (അതിന്റെ മുഖ്യപങ്ക്‌ വിദേശ ഇന്ത്യക്കാരുടെ പണമാണ്‌) മുഖ്യ ഭാഗം അന്യനാടുകളിലെ വികസന പ്രവർത്തനങ്ങൾക്ക്‌ വിനിയോഗിക്കുന്നതിനെ വിമർശിച്ചിരുന്നു. എന്നാൽ, കേരളത്തിൽ ഇപ്പോൾ കൂടുതൽ വായ്‌പ നൽകുന്നുണ്ടെങ്കിലും അവ പോകുന്നത്‌ അടിസ്ഥാന ഉൽപ്പാദനമേഖലയിലേക്കല്ല. എന്ന്‌ മാത്രമല്ല, ആ രംഗത്തുള്ള വായ്‌പ യഥാർത്ഥത്തിൽ കുറയുന്നുമുണ്ട്‌. വിദ്യാഭ്യാസം, ചികിത്സ, വിവാഹം, തുടങ്ങിയ ആവശ്യങ്ങൾക്ക്‌ ദരിദ്രരും, ഉപഭോഗാവശ്യങ്ങൾക്കും ആസ്‌തി നിർമിക്കുന്നതിനും വിദ്യാഭ്യാസ ആവശ്യത്തിനുമായി സമ്പന്നരും, വലിയതോതിലുള്ള വായ്‌പ വാങ്ങിക്കൂട്ടുന്നുണ്ട്‌. `കേരളപഠന'ത്തിൽ കണ്ടെത്തിയത്‌ വാർഷിക വരുമാനത്തിന്റെ 15% എങ്കിലും 2004ൽ ഓരോരുത്തർക്കും കടബാധ്യത ഉണ്ടെന്നാണ്‌.

മൂന്നാമത്തെ പ്രധാന സ്രോതസ്‌, രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്നും കേരളത്തിൽ നിന്നുതന്നെയും എത്തുന്ന കള്ളപ്പണമാണ്‌. ഈ പണം മുഖ്യമായും ചെലവഴിക്കുന്നത്‌ റിയൽ എസ്റ്റേറ്റ്‌ ഇടപാടുകളിലാണ്‌. കണക്കിൽ കവിഞ്ഞതും അവിഹിതവുമായ പണം നിക്ഷേപിക്കാൻ ഭൂമിയെ അടിസ്ഥാനമാക്കുന്നതാണ്‌ സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും വില ഇത്രയേറെ വർധിക്കാൻ ഒരു കാരണം.

നാലാമത്തെ സ്രോതസ്സ്‌ തികച്ചും സാങ്കൽപ്പികമാണ്‌. `സാമ്പത്തിക കുമിളകൾ' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസം. ഭാവിയിൽ ഉണ്ടാകുമെന്ന്‌ കരുതുന്ന ഒരു വരുമാനത്തേയോ മൂല്യത്തെയോ അടിസ്ഥാനമാക്കി, ആവശ്യക്കാർ വർധിക്കുന്നതിനാൽ മൂല്യത്തെക്കാൾ എത്രയോ മടങ്ങ്‌ ഉയരത്തിലേക്ക്‌ അതിന്റെ വില പോകുന്ന പ്രതിഭാസമാണിത്‌.

ഇങ്ങിനെയെല്ലാം ഉണ്ടാക്കുന്ന പണത്തിന്റെ വലിയ ഒരു ഭാഗം കെട്ടിടനിർമാണം, ഭൂമി ഇടപാട്‌, ഉപഭോഗവസ്‌തുക്കളുടെ വാങ്ങൽ എന്നിവയിലേക്ക്‌ പോകുമ്പോൾ എന്താണ്‌ സംഭവിക്കുക? കെട്ടിടനിർമാണം ഒരു ഭാഗത്ത്‌ ആവർത്തന സ്വഭാവമില്ലാത്ത, എന്നാൽ എണ്ണത്തിൽ പെരുകിയ തൊഴിലുകൾ സൃഷ്‌ടിക്കും. മറുഭാഗത്ത്‌ നിർമാണ സാമഗ്രികളുടെ കച്ചവടം പൊടിപൊടിക്കും. ഭൂമി വാങ്ങാൻ പണം ചെല്ലുമ്പോൾ ഭൂമിയുടെ വില ഉയരും. വായ്‌പയ്‌ക്കുള്ള സുരക്ഷിത ഈടായി ധനകാര്യസ്ഥാപനങ്ങൾ ഭൂസ്വത്തിനെ കരുതുന്നതുകൊണ്ട്‌ കൂടുതൽ പണം വായ്‌പയായി ലഭ്യമാക്കാനും അവ വീണ്ടും ഉപഭോഗത്തിനും നിർമാണാവശ്യങ്ങൾക്കായി വിനിയോഗിക്കാനും കഴിയുന്നു. കച്ചവടരംഗത്തിന്റെ വളർച്ച വിൽപ്പന നികുതിയായി സർക്കാർ വരുമാനത്തിലേക്കും ശമ്പളമായി തിരിച്ച്‌ വീണ്ടും വിപണിയിലേക്കുമെത്തുന്നു. ഈ പ്രവർത്തനമെല്ലാം വായ്‌പയായും നിക്ഷേപമായും ധനകാര്യസ്ഥാപനക്കാരുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കും. ഈ ചാക്രിക പ്രവർത്തനമാണ്‌ ഇന്നത്തെ സാമ്പത്തികവളർച്ചയുടെ പൊരുൾ.


സാമ്പത്തിക കുമിളകൾ ചെറിയ ഒരു ഉദാഹരണത്തിലൂടെ അത്‌ വ്യക്തമാക്കാം. മൂന്ന്‌ പേർ ഒരുമിച്ച്‌ ഭിക്ഷയ്‌ക്ക്‌ പുറപ്പെട്ടു. രണ്ട്‌പേർക്ക്‌ ഭിക്ഷയായി പത്ത്‌ രൂപ വീതം രണ്ട്‌ മാന്യൻമാരിൽനിന്ന്‌ കിട്ടി. മൂന്നാമത്തെയാൾ സമീപിച്ചത്‌ ഒരു പുരോഹിതനെയാണ്‌. ഭാവിയിൽ ഐശ്വര്യം നൽകുമെന്ന്‌ പറഞ്ഞ്‌ പുരോഹിതൻ ഒരു വസ്‌തു അയാൾക്ക്‌ നൽകി. മൂന്ന്‌ പേരും വീണ്ടും ഒരുമിച്ചുകൂടി. ഇപ്പോൾ അവർക്കു കിട്ടിയ സമ്പത്ത്‌ ഇരുപത്‌ രൂപയാണ്‌. എന്നാൽ ആദ്യത്തെയാൾക്ക്‌ ഭാഗ്യവസ്‌തു സ്വന്തമാക്കാൻ മോഹം. അയാൾ തന്റെ പത്ത്‌ രൂപ കൊടുത്ത്‌ മൂന്നാമത്തെയാളിൽ നിന്ന്‌ അതു വാങ്ങി. ഇപ്പോഴെത്രയായി സമ്പത്ത്‌? മുപ്പത്‌ രൂപ. അപ്പോൾ, രണ്ടാമത്തെയാൾക്ക്‌ അത്‌ വേണമെന്ന്‌ തോന്നുന്നു. 20 രൂപ കൊടുത്ത്‌ അത്‌ അയാൾ വാങ്ങാൻ തീരുമാനിച്ചു. കയ്യിലുള്ള പത്തുരൂപയും അപരന്റെ കയ്യിൽനിന്ന്‌ വായ്‌പ വാങ്ങിയ പത്ത്‌ രൂപയും. ഇപ്പോൾ ഓരോരുത്തരും തങ്ങളുടെ ആസ്‌തി കണക്കാക്കിയാൽ മൊത്തം 50 രൂപ അപ്പോൾ മൂന്നാമത്തെയാൾക്ക്‌ അത്‌ തിരിച്ചു വാങ്ങണമെന്ന്‌ തോന്നി മുപ്പത്‌ രൂപയ്‌ക്ക്‌. സ്വന്തം പണത്തോടൊപ്പം അപരനിൽനിന്ന്‌ വായ്‌പയായി പത്ത്‌ രൂപ നേടിയും പിന്നീട്‌ നൽകാമെന്ന വ്യവസ്ഥയിൽ പത്തു രൂപ ബാധ്യതവെച്ചും അയാൾ 30 രൂപ സൃഷ്‌ടിച്ച്‌ ഭാഗ്യവസ്‌തു തിരിച്ചു കയ്യിലാക്കി. ഇപ്പോൾ ആകെ ആസ്‌തി 70 രൂപ. കയ്യിലുള്ള ഭാഗ്യവസ്‌തുവിന്‌ യഥാർത്ഥ ലോകത്തിൽ യാതൊരു വിലയുമില്ലെന്ന്‌ തിരിച്ചറിയുന്നതുവരെ സമ്പത്ത്‌ സൃഷ്‌ടിച്ച്‌ ഈ കച്ചവടം മുന്നേറാം. ഈ രീതിയിൽ സൃഷ്‌ടിക്കുന്ന സമ്പത്ത്‌ യാഥാർത്ഥ്യത്തോടടുക്കുമ്പോൾ അതിന്റെ യഥാർത്ഥമൂല്യത്തിലേക്കോ ചിലപ്പോൾ അതിലും താഴേയ്‌ക്കോ പതിക്കും. ഇന്നത്തെ സാമ്പത്തികവളർച്ചയിൽ ഷെയർമാർക്കറ്റും റിയൽ എസ്റ്റേറ്റും സൃഷ്‌ടിക്കുന്ന വളർച്ച ഇത്തരത്തിലുള്ളതാണെന്ന്‌ പറയാം.


മേൽ വിവരിച്ച സ്രോതസ്സുകളുടെയെല്ലാം പ്രത്യേകത അവ ഏത്‌ സമയവും പിന്നോട്ടടിക്കാമെന്നതാണ്‌. ആഗോളതലത്തിൽ വളരുന്ന സാമ്പത്തിക പ്രതിസന്ധി ഗൾഫുനാടുകളിലെ തൊഴിൽ സാധ്യതയ്‌ക്ക്‌ ഇപ്പോൾ തന്നെ മങ്ങൽ ഏൽപ്പിച്ചിരിക്കുന്നു. മലേഷ്യപോലുള്ള രാജ്യങ്ങൾ വീണ്ടും പഴയതോതിൽ റബ്ബർ ഉൽപ്പാദിപ്പിക്കാൻ തുടങ്ങുമ്പോൾ ആസിയൻ കരാറിന്റെ കൂടി പശ്ചാത്തലത്തിൽ റബ്ബറിന്റെ മോഹവില അധികകാലം തുടരില്ല എന്ന്‌ വ്യക്തമാണ്‌. വളർന്നുവരുന്ന സാമ്പത്തിക കുമിളകൾ ആശങ്കയുള്ള ചെറിയ മുൾമുനയിൽ പെട്ട്‌ എപ്പോൾ വേണമെങ്കിലും അപ്പാടെ പൊട്ടാം. കിട്ടാക്കടങ്ങൾ പെരുകുന്ന മുറയ്‌ക്ക്‌ ബാങ്ക്‌ ഫിനാൻസും വിവിധ രംഗങ്ങളിൽ നിന്ന്‌ പിൻവാങ്ങും.

തീർത്തും സുരക്ഷിതമല്ലാത്തതും അയഥാർഥവുമായ സാമ്പത്തിക തൂണുകളിലാണ്‌ കേരളസമ്പദ്‌ഘടന ഇന്ന്‌ നിൽക്കുന്നത്‌ എന്നാണിത്‌ വ്യക്തമാക്കുന്നത്‌.

സ്വപ്‌നങ്ങൾ ഫ്‌ളാറ്റാകുമ്പോൾ

സാമ്പത്തിക വളർച്ചയിൽ മുഖ്യ സംഭാവന ചെയ്യുന്ന കെട്ടിട നിർമാണ പ്രവർത്തനം എങ്ങോട്ട്‌ പോകുന്നുവെന്നു നോക്കാം. കെട്ടിടങ്ങൾ സാധാരണ നിർമിക്കുക രണ്ടാവശ്യത്തിനാണ്‌. ഒന്നുകിൽ, താമസസൗകര്യത്തിന്‌ അതല്ലെങ്കിൽ വ്യവസായം, കച്ചവടം , ലോഡ്‌ജിംഗ്‌ തുടങ്ങി ഏതെങ്കിലും വാണിജ്യാവശ്യങ്ങൾക്ക്‌. വാണിജ്യാവശ്യത്തിനായി വിനിയോഗിക്കുമ്പോൾ അതിലൂടെ മിച്ചം വരുന്ന ലാഭത്തിന്റെ ഒരു പങ്ക്‌ മാത്രമേ വാടകയിനത്തിൽ നൽകാനാവൂ. ഇങ്ങിനെ ലഭിക്കുന്ന വാടക, കെട്ടിടത്തിന്റെ നിർമാണച്ചെലവിന്റെ പലിശയും മൂല്യശോഷണവും കൂട്ടിക്കിട്ടുന്നതിനെക്കാൾ കൂടുതൽ ആണെങ്കിൽ മാത്രമേ ലാഭകരമാകൂ. ഉദാഹരണമായി ഇരുപത്‌ലക്ഷം രൂപ 12 % പലിശയ്‌ക്ക്‌ വായ്‌പയെടുത്ത്‌ ഒരു കെട്ടിടം വാടകയ്‌ക്ക്‌ കൊടുക്കാൻ ഉദ്ദേശിച്ച്‌ നിർമിക്കുന്നു എന്ന്‌ കരുതുക. പ്രതിമാസം 20000 രൂപ അയാൾക്ക്‌ പലിശയിനത്തിൽ ചെലവ്‌ വരും. കെട്ടിടത്തിന്റെ ആയുഷ്‌കാലം 50 വർഷമായി കരുതിയാൽ പോലും മൂല്യശോഷണത്തിന്റെ തുകയായി 3000 രൂപയിലേറെ വകയിരുത്തേണ്ടി വരും. പ്രതിവർഷം വരുന്ന അറ്റകുറ്റച്ചെലവും കൂടി പരിഗണിച്ചാൽ 30,000 രൂപയോളമെങ്കിലും പ്രതിമാസം വാടകയിനത്തിൽ വരുമാനമായി ലഭിച്ചാൽ മാത്രമേ സ്വന്തം ആവശ്യത്തിനല്ലാതെ കെട്ടിടം നിർമിച്ചതു കൊണ്ട്‌ അയാൾക്ക്‌ പ്രയോജനമുണ്ടാകൂ. പക്ഷേ, ഇന്നത്തെ കണക്ക്‌ അതല്ല എന്ന്‌ വ്യക്തമാണ്‌ 20 ലക്ഷം രൂപയുടെ കെട്ടിടം അടുത്ത വർഷം 25 ലക്ഷത്തിനെങ്കിലും വിൽക്കാൻ കഴിയുന്നുണ്ടല്ലോ. അപ്പോൾ വരുമാനത്തിന്റെ കൂട്ടത്തിൽ ഈ അഞ്ച്‌ ലക്ഷവും ഉൾപ്പെടുത്തി വേണ്ടേ കണക്കാക്കാൻ എന്ന ചോദ്യം സ്വാഭാവികമായി ഉയരും. ഇന്നത്തെ പ്രതീക്ഷ അതാണ്‌. അതുകൊണ്ടാണ്‌ സ്വന്തം ആവശ്യത്തിനോ വാടകയ്‌ക്ക്‌ നൽകാനോ ഒന്നുമല്ലെങ്കിലും ഫ്‌ളാറ്റുകൾ നിരന്തരം പൊന്തുന്നതും അവയെല്ലാം തൽക്ഷണം വിറ്റഴിയുന്നതും. ഫ്‌ളാറ്റുകളിൽ സ്വന്തമായോ വാടകയ്‌ക്കോ ആയി താമസിക്കുന്നവർ ഇന്ന്‌ മുപ്പത്‌ ശതമാനത്തിലേറെയില്ല. ബാങ്കുകൾ വായ്‌പ നൽകിയതും സംഘാടകൻ തന്റെ വിഹിതം നിക്ഷേപിച്ചതുമെല്ലാം ഈ പ്രതീക്ഷയുടെ പുറത്താണ്‌. പക്ഷേ, ഈ പ്രതീക്ഷ എത്രകാലം? കെട്ടിടത്തിന്റെ ആയുഷ്‌കാലം മുഴുവൻ ഈ പ്രതീക്ഷ വെച്ചുപുലർത്താനാവുമോ? അതിനു ശേഷം തിരിച്ചുകിട്ടുന്നത്‌ എന്താവും? യഥാർത്ഥത്തിലുള്ള കാലാവധി അത്ര അകലെയാവില്ല. എണ്ണത്തിൽ പെരുകുന്നു എന്നതുകൊണ്ട്‌ തന്നെ ഫ്‌ളാറ്റുകളിലെ ആൾപ്പാർപ്പിന്റെ തോത്‌ ഇതിലും കുറയും. അതിനാൽ പ്രതീക്ഷയുടെ പൊള്ളത്തരം അധികം വൈകാതെ മനസ്സിലാകുകയും ചെയ്യും. (അഞ്ചുവർഷം മുമ്പ്‌ `കേരളപഠനം' നടത്തിയപ്പോൾ തന്നെ തന്നെ 95%പേർക്ക്‌ സ്വന്തമായി വീടുണ്ട്‌. അതിൽ 10% മാത്രമാണ്‌ ഇന്നത്തെ നിലയിൽ താമസയോഗ്യമല്ലെന്ന്‌ കരുതാവുന്ന വീടുകളിൽ താമസിക്കുന്നത്‌. കണ്ണൂർ ജില്ലയിലെ ഒരു ചെറിയ മുനിസിപ്പാലിറ്റിയായ തളിപ്പറമ്പിലെ കണക്കെടുത്ത്‌ നോക്കിയപ്പോൾ പോലും കാണുന്നത്‌ പ്രതിവർഷം ആയിരത്തോളം കെട്ടിടങ്ങൾക്ക്‌ അവിടെ നിർമാണാനുമതി നൽകുന്നുണ്ടെന്നുള്ളതാണ്‌. അതിൽ 600 ലേറെ വീടുകളാണ്‌).

ഈ വിധം നിർമാണമേഖലയിൽ അനിവാര്യമായും സംഭവിക്കാവുന്ന തകർച്ചയും പിന്നോട്ടടിയും എങ്ങനെയാണ്‌ കേരളത്തെ ബാധിക്കുക? കൂടുതൽ വില മോഹിച്ച്‌ കെട്ടിടം വാങ്ങിയവരുടെ സ്വപ്‌നങ്ങൾ മാത്രമാണോ തകരുക? വായ്‌പ നൽകിയ ബാങ്കുകൾ പ്രതിസന്ധിയിലാകില്ലേ? മറുഭാഗത്ത്‌ ഇന്ന്‌ കേരളത്തിൽ കായികാധ്വാനം ഏറ്റവും അധികം വിനിയോഗിക്കപ്പെടുന്നത്‌ നിർമാണ മേഖലയിലാണെന്നത്‌ ശ്രദ്ധിക്കണം.12 ശതമാനത്തോളം തൊഴിലുകൾ നേരിട്ട്‌ നിർമാണമേഖലയുമായി ബന്ധപ്പെട്ടാണുള്ളത്‌. അതിൽ 90 ശതമാനവും അസ്ഥിരതൊഴിൽ ആണ്‌. ഇനി, കച്ചവടമേഖലയെടുത്താൽ മൊത്തം കച്ചവടത്തിന്റെ ഗണ്യമായ ഒരു ഭാഗം നിർമാണ സാമഗ്രികളുടേതാണ്‌. ഗതാഗതാവശ്യങ്ങളിലും നിർമാണ മേഖല വലിയ സ്വാധീനം ചെലുത്തുന്നു. ഈ വിധം പരോക്ഷമായി സൃഷ്‌ടിക്കുന്ന തൊഴിലുകൾ കൂടി പരിഗണിച്ചാൽ- കച്ചവടം, ഫിനാൻസ്‌, ഗതാഗതം, വ്യവസായം എന്നിങ്ങനെ -മുപ്പത്‌ ശതമാനം തൊഴിലുകളെങ്കിലും നിർമാണ മേഖലയുടെ പുരോഗതി സൃഷ്‌ടിച്ചതാണ്‌. അപ്പോൾ നിർമാണമേഖലയിലുണ്ടായേക്കാവുന്ന തിരിച്ചടി ഈ മേഖലയിലെ തൊഴിലാളികളെയെല്ലാം പ്രതിസന്ധിയിൽ ആക്കുക എന്ന വൻ വിപത്തിലേക്കാവും നമ്മെ നയിക്കുക.

പുലിപ്പുറത്ത്‌ തുടർന്നാൽ

ഇനി നിർമാണ മേഖല തളരാതെ ഇന്നത്തെപ്പോലെ കുറെക്കൂടി മുമ്പോട്ടുപോകുന്നുവെന്ന്‌ കരുതുക. കൂടുതൽ വൈകിയുള്ള തകർച്ച ദുരന്തത്തിന്റെ തീവ്രത വർധിപ്പിക്കുമെന്ന കാര്യം തൽക്കാലം മറക്കാം. എന്നാൽ, മറ്റ്‌ ഭവിഷ്യത്തുകളോ?

കെട്ടിടനിർമാണത്തിന്‌ മുഖ്യമായി വേണ്ടത്‌ കല്ല്‌, മണ്ണ്‌, മണൽ, ജലം, തടി എന്നീ പ്രാഥമിക പ്രകൃതി വിഭവങ്ങളാണ്‌. ഇവയുടെ അമിത ചൂഷണം തീവ്രമായി തുടരേണ്ടിവരും. നിർമാണാവശ്യത്തിനായി കൂടുതൽ അനുയോജ്യമായ സ്ഥലം വേണം. ഇതിനായി പാടങ്ങളും തണ്ണീർത്തടങ്ങളും ഇനിയും വ്യാപകമായി നികത്തേണ്ടിവരും. കുന്നുകൾ ഇടിച്ചും പാടങ്ങൾ നികത്തിയും മണലൂറ്റിയും, കുഴൽകിണർ കുഴിച്ചും പഴയ കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങൾ വലിച്ചെറിഞ്ഞും മുന്നേറുന്ന കെട്ടിടനിർമാണം വളരെ വേഗം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്‌ടിക്കും. കൃഷിഭൂമിയുടെ അളവ്‌ കുറയുക മാത്രമല്ല. അവശേഷിക്കുന്ന ഭൂമിയിൽ പോലും കൃഷിചെയ്യാനാവാത്ത സ്ഥിതിയിലേക്കാവും നാം എത്തുക.

നിർമാണ മേഖലയുടെ കുതിപ്പാണ്‌ ഭൂമിയുടെ വിലക്കയറ്റത്തിന്‌ മുഖ്യകാരണം. ഭൂമിയുടെ വില കൂടുന്തോറും, കൃഷിയും വ്യവസായവും ചെയ്യാൻ ഭൂമി കയ്യിൽ വെയ്‌ക്കുന്നത്‌ ലാഭകരമല്ലാതാവും. കൃഷിഭൂമി തരിശിടുകയും നിർമാണപ്രവർത്തനത്തിനായി പരിവർത്തനം ചെയ്യുകയും ചെയ്യും. പുതിയ വ്യവസായം തുടങ്ങാൻ ഒരു വ്യവസായിയും ഭൂമി വാങ്ങാൻ തയ്യാറാവില്ല. വ്യവസായം വേണമെങ്കിൽ പൊന്നും വിലയ്‌ക്ക്‌ സർക്കാർ ഭൂമി വാങ്ങി നൽകേണ്ടിവരും. ക്ഷേമ പ്രവർത്തനങ്ങൾക്ക്‌ ചെലവഴിക്കേണ്ട പണം ഈ വിധം വിനിയോഗിക്കേണ്ട അവസ്ഥയിലാണ്‌ സർക്കാരുകൾ. ഇങ്ങിനെ പുലിപ്പുറത്ത്‌ കയറി ഇറങ്ങാനും തുടരാനും വയ്യാത്ത സ്ഥിതിയാണ്‌ ഇന്നത്തെ വളർച്ചയുടെ ഫലമായി സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത്‌.

നിലം തൊടാതെ

അമേരിക്കയിൽ തൊഴിലാളികൾ പോലും സ്വന്തം കാറിൽ യാത്രചെയ്‌ത്‌ തൊഴിൽ ശാലയിലേക്ക്‌ പോകുന്നു എന്നറിഞ്ഞ്‌, നാം അത്ഭുതം കൂറിയ ഒരു കാലമുണ്ടായിരുന്നു. എന്നാൽ, കേരളത്തിൽ തൊഴിലാളികളായി വിശേഷിപ്പിക്കപ്പെടുന്ന വിഭാഗങ്ങളിൽ പലർക്കും `സ്വന്തം കാർ' സാക്ഷാത്‌കരിക്കപ്പെട്ടിരിക്കുന്നു. പുരോഗതിയുടെ സൂചികയിൽപ്പോലും സ്വന്തം കാറുണ്ടോ, ഉണ്ടെങ്കിൽ അത്‌ ഏതുതരം തുടങ്ങിയ കാര്യങ്ങൾ വന്നു ചേർന്നിരിക്കുന്നു.

ഗതാഗതമേഖലയ്‌ക്കാണ്‌ വികസനത്തിന്റെ ചർച്ചകളിൽ മിക്കവാറും ഏറ്റവും കൂടുതൽ ഊന്നൽ ലഭിക്കാറുള്ളത്‌. കേവലമായ യാത്രാസൗകര്യം വർധിപ്പിക്കുക മാത്രമാണോ ലക്ഷ്യം? എങ്കിൽ, കേരളത്തിന്റെ ഭൂപ്രകൃതി കൂടി പരിഗണിക്കുമ്പോൾ വേഗത, സുരക്ഷിതത്വം, സമയകൃത്യത, ചെലവ്‌ കുറവ്‌, തുടങ്ങിയ കാരണങ്ങളാൽ മുൻഗണന ലഭിക്കേണ്ടത്‌ റെയിൽവേ വികസനത്തിനാണ്‌. എന്നാൽ കേരളത്തിലെ വികസന ചർച്ചയിൽ എപ്പോഴും പ്രാമുഖ്യം ലഭിക്കുക എക്‌സ്‌പ്രസ്സ്‌ വേ, മലയോര ഹൈവേ, തീരദേശ ഹൈവേ, ബി. ഒ. ടി പാത തുടങ്ങിയ റോഡ്‌ ഗതാഗതവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്‌. എന്തുകൊണ്ടാണിത്‌ ? ഗതാഗതം എന്നാൽ സ്വന്തമായി വാഹനമുള്ളവർക്ക്‌ അതിവേഗം സുഖകരമായി സഞ്ചരിക്കാനുളള പാത എന്നാണ്‌ നാം ധരിക്കുന്നത്‌.

സ്വന്തം വാഹനം സ്വപ്‌നമായി സ്വീകരിക്കപ്പെട്ടതോടെ കേരളത്തിലെ വാഹനങ്ങളുടെ എണ്ണത്തിൽ അതിഭീമവർധനവാണ്‌ ഉണ്ടായിട്ടുള്ളത്‌. ഓരോ അഞ്ച്‌ വർഷവും കൂടുമ്പോൾ വാഹനങ്ങളുടെ എണ്ണം ഇരട്ടിയാകുന്നു. 1980ൽ കേരളത്തിൽ ഓടുന്ന വാഹനങ്ങളുടെ എണ്ണം 2 ലക്ഷം മാത്രമായിരുന്നത്‌ ഇന്ന്‌ 60 ലക്ഷമാണ്‌. വർഷം തോറും ഏകദേശം 5 ലക്ഷം വാഹനങ്ങൾ പുതുതായി നിരത്തിലിറങ്ങുന്നു. ഇവയിൽ ഏറെയും സ്വകാര്യ ആവശ്യക്കാർക്കുള്ളവയാണ്‌. ഈ തോത്‌ വരും വർഷങ്ങളിൽ കൂടുതൽ വേഗതയിൽ വർധിക്കും. പക്ഷേ, വർധിക്കാൻ സാധ്യമല്ലാത്ത ഒന്നുണ്ട്‌. റോഡുകൾക്ക്‌ ലഭ്യമായ സ്ഥലം. ഇപ്പോൾതന്നെ രാജ്യത്തെ പൊതുനിലവാരം വെച്ച്‌ നോക്കുമ്പോൾ റോഡ്‌ സൗകര്യങ്ങളുടെ അളവിൽ നാം ഏറെ മുന്നിലാണ്‌. ഒരു ലക്ഷം പേർക്ക്‌ 509 കി. മി. തോതിൽ ഇവിടെ റോഡുകൾ ഉള്ളപ്പോൾ ദേശീയ ശരാശരി 321 കി.മീ. മാത്രമാണ്‌. വാഹനവർധനവിന്റെ ഫലമായി ഗതാഗതകുരുക്കുകൾ നിത്യസംഭവമാകുമ്പോൾ കുരുക്കഴിക്കാനുള്ള മാർഗമായി മുഖ്യമായും കാണുന്നത്‌ ഗുണമുള്ള പുതിയ റോഡുകൾ സൃഷ്‌ടിക്കുകയാണ്‌. പൊതു വാഹനങ്ങൾക്ക്‌ പകരം സ്വകാര്യവാഹനം അന്തസ്സായതു പോലെ സ്വകാര്യറോഡുകളും നാടിന്റെ അന്തസ്സായി മാറണമെന്നാണ്‌ `അന്തസ്സുള്ളവർ' വീറോടെ വാദിക്കുന്നത്‌. സ്വകാര്യവാഹനങ്ങൾ പെരുകുമ്പോൾ ഉപജീവനത്തിനായി ഗതാഗത മേഖല തെരെഞ്ഞെടുത്തവർ -ഓട്ടോറിക്ഷ, ഡ്രൈവർമാരും ടാക്‌സി ഡ്രൈവർമാരും- അന്നത്തെ വരുമാനം കിട്ടുമോ എന്ന ആശങ്കയിൽ കാത്തുകെട്ടിക്കിടപ്പാണ്‌.

വാങ്ങിയും വലിച്ചെറിഞ്ഞും ദുരിതം കൊയ്യുന്നു

സാമ്പത്തിക വളർച്ച കൈവരിക്കാൻ മുഖ്യമായി സഹായിച്ച ഉപഭോഗ സംസ്‌കാരം മുമ്പോട്ട്‌ വയ്‌ക്കുന്ന മുദ്രാവാക്യം വാങ്ങുക ഉപയോഗിക്കുക, വലിച്ചെറിയുക എന്നതാണല്ലോ. റീഫില്ലും പ്ലാസ്റ്റിക്‌ കാരിബാഗും മുതൽ ഉപയോഗിച്ചു കഴിഞ്ഞ കമ്പ്യൂട്ടറുകളും ഗാർഹിക ഉപകരണങ്ങളും വരെ വിവിധ സാധനങ്ങൾ നാം നിരന്തരം വലിച്ചെറിയുന്നു. വീടുകളിൽനിന്ന്‌ തെരുവുകളിലേക്കും തെരുവുകളിൽനിന്ന്‌ നഗരമധ്യത്തിലേക്കും മാലിന്യങ്ങൾ കുടിയേറുന്നു. എലിയും കൊതുകും പെരുകി പഴയതും പുതിയതുമായ രോഗങ്ങൾ പടർന്നുപിടിക്കുന്നു. മാലിന്യം പ്രശ്‌നമാണെന്ന്‌ സ്വഭാവികമായും എല്ലാവരും സമ്മതിക്കും. പക്ഷേ, മൊഗാ പ്രോജക്‌റ്റ്‌ സ്ഥാപിച്ചാലേ അത്‌ സംസ്‌കരിക്കാനാകൂ എന്നതാണ്‌ പൊതുവെ നടക്കുന്ന ചർച്ചയുടെ സാരാംശം.

പ്രകൃതിയിൽ ജിവന്റെ തുടർച്ച നിലനിൽക്കുന്നത്‌ പ്രകൃതി പ്രതിഭാസങ്ങളുടെ ചാക്രിക സ്വഭാവം കൊണ്ടാണ്‌. മണ്ണും വെള്ളവും വായുവും ജീവജാലങ്ങളുമെല്ലാം ഈ ചാക്രിക സ്വഭാവത്തിന്‌ വിധേയമാണ്‌. എന്നാൽ ഈ സ്വഭാവം നിഷേധിക്കുകയാണ്‌ പുതിയ വളർച്ചാ രീതിയിൽ. കാരണം വളർച്ചയുണ്ടാകണമെങ്കിൽ കൂടുതൽ ഉൽപ്പാദനം വേണം. അപ്പോൾ കൂടുതൽ വാങ്ങിക്കൂട്ടണം. അതിനിടെ എല്ലാം ഒരിക്കൽ മാത്രമേ ഉപയോഗിക്കാനാവൂ. വലിച്ചെറിയലാണ്‌ ഏറ്റവും ലാഭകരമായത്‌ എന്നതിനാൽ അത്‌ തന്നെ എല്ലാവരും ചെയ്യുന്നു.

മാലിന്യ സംസ്‌കരണം എങ്ങിനെയാകണം? എവിടെ വെച്ചാകണം? എല്ലാ മാലിന്യങ്ങളും ഒന്നിച്ചുകൂടി ഒരിടത്ത്‌ സംസ്‌കരിക്കണോ? എങ്കിൽ പുതിയ രൂപത്തിൽ മാലിന്യങ്ങൾ സൃഷ്‌ടിക്കാനേ അത്‌ സഹായകമാകൂ. വേണ്ടത്‌ മാലിന്യം കഴിയുന്നതും ഉണ്ടാകാതെ നോക്കുകയാണ്‌. ഒരു വസ്‌തു തെറ്റായ സ്ഥലത്തേക്ക്‌ വലിച്ചെറിയുമ്പോഴാണ്‌ അത്‌ മാലിന്യമാകുന്നത്‌. ഓരോന്നും ഉപയോഗത്തിനുശേഷം മറ്റൊന്നിനായി പ്രയോജനപ്പെടുത്തുമ്പോൾ ഏത്‌ മാലിന്യവും സമ്പത്തായി മാറും. സാമ്പത്തിക വളർച്ചയിൽ മാത്രം കണ്ണ്‌ നട്ടുള്ള വികസന കാഴ്‌ചപ്പാടിന്‌ അതിൽ താൽപ്പര്യമുണ്ടാകില്ല.

പരിസരവും തെരുവും നഗരവും മാത്രമല്ല മലിനമാകുന്നത്‌. കിണറും പുഴയും കായലുമെല്ലാം വിഷമയമാവുകയാണ്‌. അന്തരീക്ഷവും അതിവേഗം മലിനമാകുന്നു. മാലിന്യം പെരുകുമ്പോൾ കീടങ്ങൾ പെരുകും. കീടങ്ങൾ പെരുകിയാൽ കീടനാശിനികളുടെ ഉപഭോഗവും വർധിപ്പിക്കാം. പകർച്ചവ്യാധികളാകട്ടെ, ക്യാൻസർ ആകട്ടെ, രോഗങ്ങൾ ഏതുമാകട്ടെ ഔഷധവ്യവസായത്തിനും മെഡിക്കൽ സേവനമേഖലയ്‌ക്കും വളർന്നു പന്തലിക്കാൻ പറ്റിയ അവസരമാണത്‌. അതും സാമ്പത്തിക വളർച്ചയുടെ സൂചികയിൽ പോസിറ്റീവായി പ്രതിഫലിക്കും.

ഇന്ന്‌ നമ്മുടെ നാട്‌ വളരുന്ന രീതി സാമ്പത്തികമായും പാരിസ്ഥിതികമായും സുസ്ഥിരമല്ലാതെ ഭാവിയിൽ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്താൻ തക്കവിധമാണെന്നാണ്‌ ഇതെല്ലാം സൂചിപ്പിക്കുന്നത്‌

വളർച്ചയുടെ ഗുണഫലങ്ങൾ കിനിഞ്ഞിറങ്ങുമോ?

സാമ്പത്തികവളർച്ചയുടെ ഗുണഫലങ്ങൾ ആദ്യം മേൽത്തട്ടിൽ ആയിരിക്കും ലഭിക്കുന്നതെങ്കിലും പിന്നീട്‌ താഴെത്തട്ടിലേക്ക്‌ അത്‌ കിനിഞ്ഞിറങ്ങുമെന്നാണ്‌ മുതലാളിത്തത്തിന്റെ വക്താക്കൾ എപ്പോഴും അവകാശപ്പെടാറുള്ളത്‌. സോഷ്യലിസമെന്നാൽ ദാരിദ്ര്യം പങ്കുവയ്‌ക്കലാണെന്ന്‌ അവർ പരിഹസിക്കയും ചെയ്‌തിരുന്നു. നവലിബറൽ കാലഘട്ടത്തിൽ അവ കൂടുതൽ ശക്തിയായി അവതരിപ്പിക്കപ്പെടുന്നു. നമ്മുടെ അനുഭവമെന്താണ്‌?

ദാരിദ്ര്യത്തെ രണ്ടു വിധത്തിൽ വിലയിരുത്താം; കേവലമായും ആപേക്ഷികമായും. നമ്മുടെ രാജ്യത്ത്‌ ദാരിദ്ര്യരേഖയെ അടിസ്ഥാനമാക്കിയാണ്‌ കേവല ദാരിദ്ര്യത്തിന്റെ ശതമാനം 1975മുതൽ കണക്കാക്കുന്നത്‌. ഗ്രാമങ്ങളിൽ പ്രതിദിനം 2400 കലോറിയും നഗരങ്ങളിൽ 2100 കലോറിയും ഊർജം ഭക്ഷണം വഴി ലഭ്യമാക്കാൻ ഒരാൾക്ക്‌ എത്ര ഉപഭോഗ ചെലവ്‌ വരും എന്നതിനെ അടിസ്ഥാനമാക്കി പ്രതിമാസ വരുമാനം കണക്കാക്കുകയാണ്‌ ചെയ്യുന്നത്‌. ഇന്നും ആ സമീപനം തുടരുന്നു. ജീവൻ നിലനിർത്തുക എന്നതല്ലാതെ വിദ്യാഭ്യാസം, വസ്‌ത്രം, പാർപ്പിടം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങളുടെ ചെലവ്‌ പരിഗണിക്കപ്പെടുന്നില്ല. ആരോഗ്യ പരിരക്ഷയ്‌ക്കുള്ളതും വകയിരുത്തപ്പെടുന്നില്ല. ഇന്നിപ്പോൾ 12-ാം പദ്ധതിയായപ്പോൾ ഈ നിശ്ചിത അളവ്‌ കലോറി ലഭിക്കാൻ എത്ര ഭക്ഷണ ചെലവ്‌ വരും എന്നത്‌ ഇന്നത്തെ ഭക്ഷ്യവസ്‌തുക്കളുടെ വിലനിലവാരം വെച്ച്‌ നിർണയിക്കലല്ല ചെയ്യുന്നത്‌. അന്നത്തെയും ഇന്നത്തെയും വില സൂചികകൾ താരതമ്യം ചെയ്‌ത്‌ പ്രതിമാസ വരുമാനം എത്രവേണമെന്ന്‌ കണ്ടെത്തുകയാണ്‌.

ആപേക്ഷിക ദാരിദ്ര്യം നിർണയിക്കാൻ നല്ലത്‌ അസമത്വത്തിന്റെ തോത്‌ നിർണയിക്കലാണ്‌. 2008 ലെ നാഷണൽ സാമ്പിൾ സർവെ പ്രകാരം കേരളത്തിൽ 37.5 ലക്ഷം ദരിദ്രർ ഉണ്ടെന്നാണ്‌ കണക്കാക്കുന്നത്‌. ഗ്രാമങ്ങളിൽ ദാരിദ്ര്യത്തിന്റെ തോത്‌ 13.25 ശതമാനവും നഗരങ്ങളിൽ 20.2 ശതമാനവും എന്നാണ്‌ കണക്കാക്കിയത്‌. പ്രതിമാസം ആളോഹരി വരുമാനം യഥാക്രമം 420 രൂപയും 539 രൂപയും ലഭിക്കുന്നവരിൽ താഴെയുള്ളവരാണിത്‌. 2008ലെ പ്രതിമാസ ആളോഹരി വരുമാനം 5608 രൂപയാണ്‌ എന്നകാര്യം പരിഗണിക്കുക. അതായത്‌, ശരാശരി ആളോഹരി വരുമാനത്തിന്റെ പത്തിലൊന്നിൽ താഴെ വരുമാനമുള്ളവരെയാണ്‌ ദരിദ്രരായി കണക്കാക്കുന്നത്‌. 2004 ൽ പരിഷത്ത്‌ നടത്തിയ `കേരളപഠന' പ്രകാരം ദരിദ്രരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 22.6 ശതമാനമാണ്‌. (ഗ്രാമങ്ങളിൽ 22.9 ശതമാനവും നഗരങ്ങളിൽ 20.8 ശതമാനവും). പ്രതിമാസം 439 രൂപ ഗ്രാമത്തിലും 558രൂപ നഗരത്തിലും താഴെ മാത്രം വരുമാനമുളളവരുടെ കണക്കാണിത്‌.

`കേരളപഠന'ത്തിലൂടെ കണ്ടെത്തിയ മറ്റൊരു വസ്‌തുത സാമ്പത്തികസ്ഥിതിയിൽ ഏറ്റവും ഉന്നതിയിലുള്ള പത്ത്‌ ശതമാനത്തിന്റെ വരുമാനം താഴെ തട്ടിലുള്ള പത്തുശതമാനത്തിന്റെതിനേക്കാൾ 40 ഇരട്ടിയാണെന്നാണ്‌. അപ്പോഴത്തെ അഖിലേന്ത്യാ തോതിനെക്കാൾ ഉയർന്ന സൂചികയാണിത്‌.

നവലിബറൽ നയങ്ങളുടെ കഴിഞ്ഞ ദശകങ്ങളിൽ കേരളത്തിൽ കേവല ദാരിദ്ര്യം കാര്യമായി കുറയ്‌ക്കാനായില്ല എന്ന്‌ മാത്രമല്ല ആപേക്ഷിക ദാരിദ്ര്യം ശക്തിപ്പെടുന്നു എന്നാണിത്‌ കാണിക്കുന്നത്‌.

വളരുന്ന മെഡിക്കൽ രംഗം, തകരുന്ന ആരോഗ്യം

ഉയർന്ന ആയുർദൈർഘ്യം, കുറഞ്ഞ ശിശു - ബാല്യ- മാതൃമരണനിരക്കുകൾ എന്നിവ കേരളത്തിന്റെ മെച്ചപ്പെട്ട ആരോഗ്യാവസ്ഥയുടെ സൂചകങ്ങളാണ്‌ . ഡോക്‌ടർ മാരുടെ എണ്ണത്തിലും ആശുപത്രികളുടെ എണ്ണത്തിലും നാം ഇക്കഴിഞ്ഞ രണ്ടുദശകങ്ങളിലും വളരെ മുന്നേറി. എന്നിട്ടും ആരോഗ്യ രംഗത്ത്‌ പുതിയ ഭീഷിണികൾ ഉയരുകയാണ്‌.

ഡങ്കിപ്പനി, ചിക്കൻ ഗുനിയ, എച്ച്‌ 1 എൻ1..... എല്ലാ വർഷവും ഏതെങ്കിലും വിധത്തിലുള്ള പനിയോ മഞ്ഞപ്പിത്തം പോലുള്ള പകർച്ചവ്യാധികളോ വ്യാപകമായി പടർന്നുപിടിക്കയും ഒട്ടേറെ മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. ഈ വർഷം തന്നെ പകർച്ചപ്പനിമൂലം നൂറുകണക്കിനാളുകൾ മരിച്ചു. മറുഭാഗത്താകട്ടെ സമൂഹത്തിൽ നല്ലൊരു ശതമാനം പേരും പ്രമേഹം , ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീരോഗങ്ങൾക്ക്‌ വിധേയരാണ്‌. പലപ്പോഴും പരിസരമലിനീകരണം മൂലകാരണമായേക്കാവുന്ന ക്യാൻസർ, ആസ്‌ത്‌മ, എന്നീ രോഗങ്ങളും വർധിച്ചുവരുന്നതായി കാണുന്നു. എന്നാൽ, ഇത്തരം രോഗാവസ്ഥകൾ സമഗ്രമായൊരു ആരോഗ്യ പരിപാടിയിലേക്കല്ല നമ്മെ ചിന്തിപ്പിക്കുന്നത്‌. ഡോക്‌ടറും ആശുപത്രിയും, ഔഷധശാലകളും അടങ്ങിയ മെഡിക്കൽ വ്യവസായത്തിന്റെ വിപുലികരണത്തിലേക്കാണ്‌. ആരോഗ്യരംഗത്ത്‌ രോഗം വരാതിരിക്കാൻ ഉള്ള നടപടികൾക്കായി സർക്കാർ ചെലവഴിക്കേണ്ടുന്ന തുക പോലും വിനിയോഗിക്കുന്നത്‌ സ്വകാര്യ ചികിത്സാ സൗകര്യം ഉറപ്പ്‌ വരുത്താൻ പറ്റിയ ഇൻഷൂറൻസ്‌ പദ്ധതികളിലാണ്‌.

`കേരളപഠന'ത്തിൽ ലഭ്യമായ വിവരമനുസരിച്ച്‌ മൊത്തം കുടുംബ ചെലവിന്റെ 13.9% ചികിത്സക്കായിട്ടാണ്‌ മലയാളി ചെലവാക്കുന്നത്‌. അതിദരിദ്ര വിഭാഗത്തെ സംബന്ധിച്ചിടത്തോളം ഈ ചെലവ്‌ 31.7 ശതമാനമാണ്‌. കേരളീയ കുടുംബത്തിലെ കടബാധ്യതയുടെ 12 ശതമാനമെങ്കിലും ചികിത്സാ ആവശ്യവുമായി ബന്ധപ്പെട്ടുണ്ടായതാണ്‌. ഭൂമി വിൽപ്പനയുടെ 7.2 ശതമാനവും അപ്രകാരമുള്ള കാരണങ്ങളാലാണ്‌. അതി ദരിദ്രവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം 12.3 ശതമാനം ഭൂമി വിൽപ്പനയും നടക്കുന്നത്‌ കുടുംബാംഗങ്ങൾക്ക്‌ ചികിത്സ തേടാനായാണ്‌.

ആരോഗ്യകരമായ ഒരു സമൂഹം സൃഷ്‌ടിക്കാൻ രോഗം വരാതിരിക്കുന്നതിനാണോ ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിലാണോ ഊന്നൽ നൽകേണ്ടത്‌ എന്നതാണ്‌ പ്രസക്തമായ ചോദ്യം.

വിദ്യയെന്തിന്‌ മർത്ത്യന്‌ വിത്തം കൈവശമാവുകിൽ!

ഇടത്തരക്കാരും സമ്പന്നരുമായ വിഭാഗങ്ങളിൽ ഉൾപ്പെട്ട ഇന്നത്തെ നല്ലൊരു വിഭാഗത്തിന്റയും മുൻതലമുറയ്‌ക്ക്‌ അതിദരിദ്രമായ ജീവിതത്തിൽ നിന്ന്‌ ഉന്നത ശ്രേണികൾ കയറാൻ സഹായകമായിതീർന്നത്‌ പൊതു വിദ്യാഭ്യാസത്തിലൂടെ സർക്കാർ ഒരുക്കിയ സൗകര്യമാണ്‌. ``വിത്തമെന്തിനു മർത്ത്യന്‌ വിദ്യ കൈവശമാവുകിൽ എന്ന കവിതാശകലം അന്നത്തെ തലമുറയെ സംബന്ധിച്ചിടത്തോളം ആപ്‌തവാക്യം തന്നെയായിരുന്നു. എന്നാലിന്ന്‌ സ്ഥിതിയാകെ മാറിയിരിക്കുന്നു.

വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യം നാടിന്റെ വികസനത്തിൽ പങ്കാളിയാകാനും സാമൂഹ്യബോധം സംക്രമിപ്പിക്കാനുമുള്ള പരിശീലനമാണ്‌. അതുകൊണ്ടാണ്‌ വിദ്യാഭ്യാസം ഒരു സാമൂഹ്യആവശ്യമായി മാറുന്നത്‌. എന്നാലിന്ന്‌ ലക്ഷത്തിനടുത്ത്‌ പ്രതിമാസവരുമാനം സമ്പാദിക്കുന്ന തൊഴിലുകൾ നേടിയെടുക്കുവാൻ പറ്റിയ ബിരുദസമ്പാദനമാണ്‌ വിദ്യാഭ്യാസം. അതിനാൽ അത്‌ തികച്ചും വ്യക്തിപരമായി ഏത്‌ വിധേനയും മത്സരിച്ചു നേടേണ്ട ഒന്നായിരിക്കുന്നു. ഈ ബോധത്തിലൂന്നിയാണ്‌ ഇവിടെ അൺ എയിഡഡ്‌ സകൂളുകളും സ്വാശ്രയകോളേജുകളും വളർന്നു വന്നത്‌. ഇവയുടെ വരവോടെ പൊതു വിദ്യാഭ്യാസം വൻ വെല്ലുവിളി നേരിടുകയാണ്‌. വിദ്യാർത്ഥി സൗഹൃദപരവും ശാസ്‌ത്രീയവുമായ കരിക്കുലം, എസ്‌. എസ്‌. എ, ജനകീയാസൂത്രണ പദ്ധതികൾ വഴി മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ എന്നിവ കൈവന്നിട്ടും കേരളത്തിന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്‌ സി.ബി.എസ്സ്‌. ഇ അൺ എയിഡഡ്‌ സ്‌കൂളുകളുടെ കടന്നുകയറ്റം വലിയ ഭീഷണിയാവുകയാണ്‌. നാലായിരത്തോളം പൊതു വിദ്യാലയങ്ങളാണ്‌ അൺ എക്കണോമിക്‌ ആയതിനാൽ അടച്ചുപൂട്ടൽ ഭീഷിണി നേരിടുന്നത്‌.

എന്നാൽ, വിദ്യാഭ്യാസ രംഗത്തെ ചർച്ചകൾ മുഴുവനും കേന്ദ്രീകരിക്കുന്നത്‌ സ്വാശ്രയകോളേജ്‌ അഡ്‌മിഷനും ഫീസും സംബന്ധിച്ചാണ്‌. യോഗ്യതയുടെ അടിസ്ഥാനത്തിൽ അഡ്‌മിഷനും ശേഷിയുടെ അടിസ്ഥാനത്തിൽ ഫീസും ഏർപ്പെടുത്തുന്നതിന്‌ പകരം ഫിഫ്‌റ്റി ഫിഫ്‌റ്റി എന്ന അസംബന്ധത്തിൽ കറങ്ങിയാണ്‌ സ്വാശ്രയകോളേജുകളുടെ ചർച്ച എന്നത്‌ ശ്രദ്ധേയമാണ്‌.

പണം കൊടുത്ത്‌ നേടാവുന്ന ബിരുദമല്ല വിദ്യാഭ്യാസമെന്നും, നാടിനെ സാമ്പത്തികമായും സാമൂഹ്യമായും സാംസ്‌കാരികമായും ഉന്നതിയിലേക്ക്‌ നയിക്കാനുള്ള പ്രധാന ഉപാധിയാണ്‌ വിദ്യയെന്നും, അത്‌ ദരിദ്രനും സമ്പന്നനും ഒരു പോലെ ലഭ്യമാക്കാൻ സമൂഹത്തിന്‌ ബാധ്യതയുണ്ടെന്നതും നമുക്ക്‌ മറക്കാനാകുമോ?

സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെ

സ്‌ത്രീപുരുഷതുല്യതയിൽ ഏറ്റവും മുന്നിലെത്തിയ നാടാണ്‌ നമ്മുടേത്‌. ഉയർന്ന സ്‌ത്രീ പുരുഷാനുപാതം; ആയുർദൈർഘ്യത്തിൽ പുരുഷനേക്കാൾ മുന്നിൽ; മാതൃമരണനിരക്ക്‌ അഖിലേന്ത്യാ ശരാശരിയേക്കാൾ മൂന്നിലൊന്ന്‌ മാത്രം; സന്താനോൽപ്പാദന നിരക്ക്‌ രണ്ടിൽ താഴെ; സംഘടിതമേഖലയിലെ തൊഴിൽ പങ്കാളിത്തം 45%; വിദ്യാഭ്യാസ മേഖലയിൽ സ്‌കൂൾ പ്രവേശനത്തിലും ഉന്നത വിദ്യാഭ്യാസത്തിലും വിവേചനം അനുഭവപ്പെടുന്നില്ല; എന്നിട്ടും നമ്മുടെ നഗരങ്ങളിൽ, നിരത്തുകളിൽ സന്ധ്യകഴിഞ്ഞാൽ സ്‌ത്രീകളാരെയും കാണാത്തതെന്തുകൊണ്ട്‌? പെൺവാണിഭം സ്‌ത്രീപീഡനം എന്നിവയെല്ലാം കൊച്ചുകുട്ടികൾക്ക്‌ പോലും പരിചയമുള്ള വാക്കുകളാകുന്നതെന്തുകൊണ്ട്‌? സ്വന്തം കുടുംബാംഗങ്ങളിൽ നിന്നുപോലും പെൺകുട്ടികൾക്ക്‌ പീഡനമേറ്റുവാങ്ങേണ്ടിവരുന്നതായി റിപ്പോർട്ടുകൾ ഉണ്ടാകുന്നത്‌ എന്തുകൊണ്ട്‌? ഉന്നത വിദ്യാഭ്യാസം നേടിയ സ്‌ത്രീകളിൽ നല്ലൊരു ശതമാനവും വീട്ടമ്മയായി ഒതുങ്ങിക്കഴിയുന്നത്‌ എന്തുകൊണ്ട്‌?

ഇതുകൂടി ഓർക്കുക

ആത്മഹത്യാ നിരക്കിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ്‌ കേരളം. കുടുംബ ആത്മഹത്യകളാണ്‌ അവയിലേറെയും. കടബാധ്യതകളും രോഗം ചികിത്സിക്കാൻ വഴിയില്ലാത്തതുമാണ്‌ പല കുടുംബങ്ങളെയും ആത്മഹത്യയിലേക്ക്‌ നയിക്കുന്നത്‌.

മദ്യപാനത്തിന്റെ കാര്യത്തിലും ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണ്‌ കേരളം. പ്രതിവർഷം നമ്മൾ മദ്യത്തിനായി ചെലവഴിക്കുന്നത്‌ 7000 കോടി രൂപ. മദ്യം ചെത്തരുത്‌, വിൽക്കരുത്‌, കുടിക്കരുത്‌ എന്നാഹ്വാനം ചെയ്‌ത ശ്രീനാരായണഗുരുവിന്റെ ജൻമദിവസം കൂടി ഉൾപ്പെടുന്ന തിരുവോണനാളുകളിൽ കേരളം കുടിച്ചു വറ്റിച്ചത്‌ 211 കോടി രൂപ!

കുറ്റകൃത്യങ്ങളിൽ മുന്നേറുന്ന നാടുകൂടിയായി കേരളം മാറിയിരിക്കുന്നു. രാജ്യത്ത്‌ ഏറ്റവും കുറ്റകൃത്യങ്ങൾ നടക്കുന്ന നഗരമായി കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിനഗരം സ്ഥാനം പിടിച്ചിരിക്കുന്നു.

മതേതരത്വ മൂല്യങ്ങൾക്കും രാഷ്‌ട്രീയ ബോധത്തിനും പേരുകേട്ട കേരളത്തിൽ കഴിഞ്ഞ കുറെ തെരെഞ്ഞെടുപ്പുകളിൽ മേധാവിത്വം വഹിച്ചത്‌ ജാതിമത ശക്തികളുടെ നിലപാടുകൾ. ഈ സ്ഥിതി തുടർന്നാൽ മതിയോ? എങ്കിൽ, നമ്മെ കാത്തിരിക്കുന്നത്‌ ദുരിതത്തിന്റെയും അസമത്വത്തിന്റെയും അക്രമങ്ങളുടെയും കലാപങ്ങളുടെയും നാളുകളായിരിക്കും; ഭ്രാന്താലയമായി കേരളം വീണ്ടും പരിണമിക്കും. അതിനാൽ ഈ സ്ഥിതി മാറിയേ തീരൂ.

സാമൂഹ്യനീതിയിലും സുസ്ഥിരതയിലും അധിഷ്‌ഠിതമായ ഒരു കേരളം കെട്ടിപ്പടുത്തേ തീരൂ.

പക്ഷേ, എങ്ങനെ? ഒപ്പം വേറൊരു ചോദ്യവും. സാമൂഹ്യവികസനത്തിൽ കേരളത്തെ മുന്നിലേക്ക്‌ നയിച്ചത്‌ കേരളത്തിന്റെ രാഷ്‌ട്രീയ പ്രബുദ്ധതയും വേറിട്ട വികസനകാഴ്‌ചപ്പാടുമായിരുന്നു. എന്തുകൊണ്ട്‌ വികസന രംഗത്തെ പാടേ മാറ്റി മറിക്കാൻ ഉതകുന്ന രാഷ്‌ട്രീയ മുന്നേറ്റങ്ങൾ ഉണ്ടാകുന്നില്ല?

തിരിഞ്ഞു നോക്കുമ്പോൾ

കർഷക സമരങ്ങളുടെയും തൊഴിലാളിസമരങ്ങളുടെയും ദേശീയ പ്രക്ഷോഭങ്ങളുടെയും തീക്ഷ്‌ണതയിൽ വളർന്നുവന്ന യുവത്വമായിരുന്നു കേരളപ്പിറവിയുടെ ഘട്ടത്തിൽ നാടിന്റെ ചുക്കാൻ പിടിച്ചിരുന്നത്‌. സംസ്ഥാന തലത്തിലും പ്രാദേശികതലത്തിലും അവർ ഉയർത്തിയ രാഷ്‌ട്രീയ ചിന്തകൾക്ക്‌ വികസന കാഴ്‌ചപ്പാട്‌ രൂപീകരിക്കുന്നതിൽ എൺപതുകൾ വരെ മേൽക്കൈ ഉണ്ടായിരുന്നു. വലതുപക്ഷ സ്വഭാവമുള്ള സർക്കാരുകൾക്ക്‌ പോലും ഈ ഇടതുപക്ഷ നയങ്ങളെ തിരസ്‌കരിക്കാൻ കഴിയുമായിരുന്നില്ല. അന്നു നടന്ന രാഷ്‌ട്രീയ പോരാട്ടങ്ങൾ ഏറെയും ഭൂപരിഷ്‌കരണം, പൊതു വിദ്യാഭ്യാസം, അധികാര വികേന്ദ്രീകരണം തുടങ്ങിയ അജണ്ടകളിൽ വെള്ളം ചേർക്കുന്നതിനെതിരെയായിരുന്നു. ഒപ്പം വിവിധ തൊഴിൽ വിഭാഗങ്ങളുടെ അവകാശ സമരങ്ങളെ സംരക്ഷിക്കുന്നതിനെ ചൊല്ലിയും.

സാമൂഹ്യ വികസന പരിപാടികൾക്ക്‌ വേണ്ടത്ര പണം കണ്ടെത്താൻ സംസ്ഥാന സർക്കാരിന്‌ കഴിയാത്തവിധം ആഭ്യന്തരവരുമാനം പ്രകടമായി കുറഞ്ഞ എഴുപതുകളിൽ കേരളവികസനം സംബന്ധിച്ച ഗൗരവതരമായ ചർച്ചകൾ ഉയർന്നുവരാൻ തുടങ്ങി. കൃഷിയും വ്യവസായവും വളരാതെ നാടെങ്ങിനെ പുരോഗമിക്കും എന്ന ചോദ്യം സ്വാഭാവികമായി ഉയർന്നു. പിന്നോട്ടടിപ്പിച്ചത്‌ ഭൂപരിഷ്‌കരണവും തൊഴിൽ സമരവുമാണെന്ന്‌ ഒരു പക്ഷം. കേന്ദ്ര- സംസ്ഥാനതല ബന്ധത്തിലെ പരിമിതികളും വികസനരംഗത്ത്‌ പൊതുനിക്ഷേപം കുറച്ചുകൊണ്ടുള്ള കേന്ദ്രനയങ്ങളുമാണ്‌ യഥാർത്ഥ പ്രശ്‌നമെന്ന്‌ മറുപക്ഷവും വാദിച്ചു. ഈ തർക്കങ്ങൾക്കിടയിലാണ്‌, അധികാര വികേന്ദ്രീകരണത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയും പ്രാദേശിക വിഭവങ്ങൾ തിരിച്ചറിഞ്ഞും ജനപങ്കാളിത്തത്തോടു കൂടിയ, ഗ്രാമീണ വികസനത്തിലൂന്നിയ, സ്ഥിരതയും സാമൂഹ്യനീതിയും ഉറപ്പിക്കുന്ന ഒരു വികസന കാഴ്‌ച്ചപ്പാട്‌ ഉയർന്നുവന്നത്‌. ഈ കാഴ്‌ച്ചപ്പാടിനൊപ്പം ഇടതുപക്ഷവും നിലയുറപ്പിച്ചതിന്റെ ഫലമായിരുന്നു ജനകീയാസൂത്രണ പ്രസ്‌ഥാനം. പ്രാദേശിക ഭരണകൂട ഇടപെടലിലൂടെ കേരളത്തിന്റെ ഉൽപ്പാദന മേഖലയെ സജീവമാക്കാനും സേവന മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും സമൂഹത്തിന്റെ പിന്നണിയിൽ നിൽക്കുന്നവരേയും സ്‌ത്രീകളേയും മുന്നോട്ട്‌ കൊണ്ടുവരാനും ലക്ഷ്യമിട്ടായിരുന്നു ജനകീയാസൂത്രണം ആരംഭിച്ചത്‌. അതുകൊണ്ടുതന്നെ സാധാരണ ജനങ്ങൾക്ക്‌ വലിയ ശുഭപ്രതീക്ഷയും ആത്മവിശ്വാസവും നൽകിക്കൊണ്ടായിരുന്നു ഇതിന്റെ തുടക്കം. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ ജനകീയ ഇടപെടൽ , സ്‌ത്രീകളുടെ കൂട്ടായ്‌മ വളർത്തിയെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ ജനകീയാസൂത്രണം വലിയ സംഭാവന നൽകിയെങ്കിലും അടിസ്ഥാന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽനിന്ന്‌ അത്‌ ഏറെ അകലെയായിരുന്നു. കാരണങ്ങൾ പലതുണ്ട്‌. ഇതിൽ പ്രധാനമാണ്‌ മധ്യവർഗ വിഭാഗങ്ങൾ പൊതുവിൽ കാണിച്ച നിസ്സംഗത. സംഘടിത പ്രസ്ഥാനങ്ങളിൽ അണിനിരന്ന മധ്യവർഗക്കാരിൽ നല്ലൊരു ശതമാനത്തിന്‌ പോലും അവകാശ ബോധത്തിനപ്പുറമുള്ള സാമൂഹ്യബോധത്തിലേക്ക്‌ വളരുവാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ ജനകീയാസൂത്രണം ലക്ഷ്യം വെച്ച സാമൂഹ്യ നൻമകൾ തങ്ങൾക്ക്‌ പ്രത്യക്ഷത്തിൽ ഉടൻ ഗുണം നൽകില്ല എന്ന കാരണത്താൽ അവർ വിട്ടുനിന്നു.

ജനകീയാസൂത്രണത്തിന്റെ വികസനകാഴ്‌ചപ്പാടും അതിലടങ്ങിയ രാഷ്‌ട്രീയവും സ്വാംശീകരിച്ച്‌ അതിന്‌ നേതൃത്വം നൽകാൻ, സർക്കാരിനെ നയിച്ച രാഷ്‌ട്രീയ പ്രസ്‌ഥാനത്തിന്‌ പോലും കഴിഞ്ഞില്ല.

ആഗോളവൽക്കരണം സൃഷ്‌ടിച്ച വിപണിസാധ്യതകളിൽ മധ്യവർഗ വിഭാഗങ്ങൾ ആകൃഷ്‌ടമായതും അതിന്‌ അനുയോജ്യമാം വിധം ഒരു സാംസ്‌കാരികാന്തരീക്ഷം വളർത്തിയെടുക്കാൻ മാധ്യമങ്ങൾ ശ്രമിക്കുകയും ചെയ്‌ത ഘട്ടമായിരുന്നു അത്‌. ഈ സാംസ്‌കാരിക അന്തരീക്ഷം ജനകീയാസൂത്രണം സംബന്ധിച്ച ക്രിയാത്മക ചർച്ചകൾ അക്കാലത്ത്‌ വ്യാപകമായി നടക്കുന്നതിന്‌ തടസ്സമായി. പ്രായോഗിക രംഗത്താകട്ടെ ഉൽപ്പാദന മേഖലകളിൽ ബദൽ അനുഭവങ്ങളും സംഘടനാ രൂപങ്ങളും വേണ്ടത്രയില്ലാത്തത്‌ ആ മേഖലയിൽ നിർദേശിക്കപ്പെട്ട പ്രോജക്‌റ്റുകൾ വികലമാകാൻ ഇടയായി.

പിന്നീട്‌, അടുത്ത തെരെഞ്ഞെടുപ്പിൽ ഭരണമാറ്റം വരികയും ജനകീയാസൂത്രണ ലക്ഷ്യത്തിൽ നിന്ന്‌ പുതിയ സർക്കാർ പിന്നോട്ട്‌ പോവുകയും നവലിബറൽ നയങ്ങൾ തീക്ഷ്‌ണമായി നടപ്പിലാക്കുകയും ചെയ്‌തത്‌ ജനകീയാസൂത്രണം തകരാൻ ഇടയാക്കി. തുടർന്ന്‌ നടന്ന വിവാദം ജനകീയാസൂത്രണം എന്ന ബദൽ വികസന അജണ്ടയെ സംശയത്തിന്റെ നിഴലിൽ നിർത്തിയത്‌ നവ ലിബറൽ നയങ്ങൾ കൂടുതൽ കൂടതൽ ശക്തമാക്കി അടിച്ചേൽപ്പിക്കാൻ കളമൊരുക്കി. ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരത്തിൽ വന്നെങ്കിലും വിവാദത്തിന്റെ കയ്‌പും സാംസ്‌കാരികതലത്തിൽ വന്ന മാറ്റവും മൂലം നവലിബറൽ നയങ്ങളെ എല്ലാതലത്തിലും പ്രതിരോധിക്കാനുതകുന്ന ജനകീയാസൂത്രണം പോലെ ശക്തമായ ഒരു ബദൽ നയം മുന്നോട്ട്‌ വെക്കാനും നടപ്പിലാക്കാനും തയ്യാറായില്ല.

സാംസ്‌കാരിക രംഗത്തെ മാറ്റം

ഒരിക്കൽ ഭ്രാന്താലയം എന്ന്‌ വിശേഷിപ്പിക്കപ്പെട്ട കേരളം സാമൂഹ്യപുരോഗതിയിൽ ഏറ്റവും മുന്നിലെത്തിയതിന്‌ പിന്നിൽ കേരളത്തിൽ ആദ്യം രൂപംകൊണ്ട സർക്കാർ മുതൽ നടപ്പിലാക്കിയ ജനപക്ഷ വികസന പരിപാടികളാണെന്ന്‌ നാം കണ്ടു. പക്ഷേ, അത്തരം ഒരു സർക്കാർ രൂപവൽക്കരിക്കപ്പെടാൻ കാരണമായ രാഷ്‌ട്രീയ സംസ്‌കാരം എങ്ങനെയാണ്‌ ഇവിടെ മാത്രം വളർന്നത്‌ എന്ന ചോദ്യം പ്രസക്തമാണ്‌.

അതിന്‌ നാം കടപ്പെട്ടിരിക്കുന്നത്‌ കേരളത്തിൽ പ്രവർത്തിച്ച നവോഥാന പ്രസ്ഥാനങ്ങളോടാണ്‌. യുക്തിബോധവും വിദ്യാഭ്യാസവും എത്തിച്ചുകൊണ്ട്‌ അന്ധവിശ്വാസവും അനാചാരങ്ങളും ഇല്ലാതാക്കാനാണ്‌ അവർ പ്രവർത്തിച്ചത്‌. ആത്മീയതയെ പോലും അവർ ഉപയോഗപ്പെടുത്തിയത്‌ ജനങ്ങളിൽ ആത്മവിശ്വാസം ഉണ്ടാക്കി സംഘടിപ്പിക്കാനാണ്‌. അന്നത്തെ സാഹചര്യത്തിൽ സാമൂഹ്യപരിഷ്‌കരണം സാധ്യമാക്കാൻ അതായിരുന്നു എളുപ്പ മാർഗം. അങ്ങനെ പടർന്ന യുക്തിബോധവും സാമൂഹിക ബോധവുമാണ്‌ സ്വന്തം ദൈന്യതയുടെ കാരണം വിധിയല്ലെന്നും സംഘടിച്ച്‌ പോരാടിയാലേ അവ മാറൂ എന്നുമുള്ള തിരിച്ചറിവിലേക്ക്‌ ജനങ്ങളെ നയിച്ചത്‌. അവകാശ സമരങ്ങളുടെ വിജയവും പരാജയവുമെല്ലാം രാഷ്‌ട്രീയമായ പോരാട്ടത്തിന്റെ പ്രസക്തിയിലേക്ക്‌ അവരെ നയിച്ചു. ഒപ്പം പുതിയ ലോകം സാധ്യമാണെന്ന ശുഭാപ്‌തിവിശ്വാസത്തിലേക്കും.

എന്നാൽ കേരളം ഇന്ന്‌ നേരിടുന്ന അടിസ്ഥാന പ്രതിസന്ധി സാംസ്‌കാരിക രംഗത്ത്‌ വന്ന മാറ്റമാണ്‌. സമാന്തര വിദ്യാഭ്യാസത്തിലൂടെ, മാധ്യമങ്ങളിലൂടെ, സാംസ്‌കാരിക പരിപാടികളിലൂടെ വിപണി മൂല്യങ്ങളോടൊപ്പം അന്ധവിശ്വാസവും അശാസ്‌ത്രീയതയും ജാതികളുമെല്ലാം ജനങ്ങളിലേക്ക്‌ സംക്രമിപ്പിക്കുകയാണ്‌. ആത്മീയത ഏറ്റവും വാണിജ്യമൂല്യമുള്ള ചരക്കായി മാറിയിരിക്കുന്നു. അന്ധവിശ്വാസവും അനാചാരങ്ങളും വിറ്റഴിച്ച്‌ സാമ്പത്തിക സാമ്രാജ്യം കെട്ടിപ്പൊക്കുന്നവർ വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ കച്ചവടങ്ങൾക്കും നേതൃത്വം നൽകുന്നു. ആരാലും ചോദ്യം ചെയ്യപ്പെടാതെ, ആരാലും വിമർശിക്കപ്പെടാതെ, ആരോടും കണക്കു ബോധിപ്പിക്കേണ്ടതില്ലാതെ മുന്നേറുന്ന ഈ ആത്മീയ വ്യാപാരം ജനങ്ങളെ അരാഷ്‌ട്രീയവൽക്കരിച്ചുകൊണ്ടാണ്‌ മുന്നേറുന്നത്‌. അതിനാൽ യഥാർത്ഥ പ്രശ്‌നങ്ങളെ തിരിച്ചറിയാനും സംഘടിതമായ രാഷ്‌ട്രീയ പ്രതിരോധങ്ങൾ സംഘടിപ്പിക്കാനും കഴിയാതെ വരുന്നു. കേരളം നേരിടുന്ന അടിസ്ഥാന വെല്ലുവിളി ഒരുപക്ഷേ ഇതാവാം.

മറ്റൊരു കേരളം സാധ്യമാവാൻ

കേരളത്തിന്‌ മുന്നിൽ ജനപക്ഷത്തുനിന്നുള്ള ഒരു വികസന അജണ്ട വെച്ചുകൊണ്ടേ ഈ വഴിപിഴച്ച പോക്കിനെ തടയാനാവൂ. കേവലമായ സാമ്പത്തിക വളർച്ചയ്‌ക്ക്‌ പകരം സാമൂഹിക വികസനത്തിലൂന്നിയ ഒരു വികസന പരിപാടിയാണ്‌ ഉയർന്നുവരേണ്ടത്‌. കേരളത്തിന്റെ ഉൽപ്പാദന മേഖലയെ വിശേഷിച്ച്‌ ഭക്ഷ്യോൽപ്പാദനത്തെ വീണ്ടെടുക്കാനും പരിസ്ഥിതി സംരക്ഷിക്കാനും സാമൂഹ്യനീതി ഉറപ്പ്‌ വരുത്താനും ഈ വികസന അജണ്ടക്കാവണം.

സമസ്‌ത മേഖലകളിലും സാമൂഹ്യനിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടേ ഇത്‌ സാധ്യമാവൂ. കമ്പോളവും സ്വകാര്യ താൽപ്പര്യവും സാമൂഹ്യനീതി ലക്ഷ്യം വച്ചാകില്ല ഒരിക്കലും പ്രവർത്തിക്കുക. ലാഭം വർധിപ്പിക്കൽ മാത്രമാണ്‌ അവിടെ പരിഗണിക്കപ്പെടുന്ന വിഷയം. സാമൂഹ്യനിയന്ത്രണം സാധ്യമാക്കുക വർധിച്ച സർക്കാർ ഇടപെടലിലൂടെയാണ്‌. നവലിബറൽ നയങ്ങൾ നിർദേശിക്കുന്നതുപോലെ കേവലം ഫെസിലിറ്റേറ്റർ ആവുകയല്ല സർക്കാർ ചെയ്യേണ്ടത്‌. ഉൽപ്പാദന മേഖലയിലും സേവന മേഖലയിലും സജീവമായി ഇടപെടുകയാണ്‌. അങ്ങനെ ഇടപെടണമെങ്കിൽ സർക്കാർ സാമ്പത്തിക സുസ്ഥിരത കൈവരിച്ചേ മതിയാകൂ. ഇന്ന്‌ കാണുന്ന സമൃദ്ധിയും സാമ്പത്തിക ശേഷിയുള്ള വലിയ ഒരു വിഭാഗം ജനങ്ങളെയും ഇതിനായി പ്രയോജനപ്പെടുത്തണം. നികുതി പിരിക്കാതിരിക്കുന്നതല്ല ജനക്ഷേമകരമായ നടപടി. വരുമാനം വേണ്ടത്രയുള്ളവരിൽ നിന്ന്‌ വിവിധ രീതിയിലുള്ള നികുതിയിലൂടെ പണം സമാഹരിക്കയാണ്‌ പ്രാദേശിക ഭരണകൂടം മുതൽ ദേശീയ സർക്കാർ വരെ ചെയ്യേണ്ടത്‌. സ്വർണത്തിലും ഭൂമിയിലുമെല്ലാം നിക്ഷേപിച്ച്‌ മനക്കോട്ടകൾ കൊയ്യുന്ന ഇവിടുത്തെ സമ്പന്ന വിഭാഗങ്ങളോട്‌ നാടിന്റെ വികസനത്തിന്‌ സംഭാവന ചെയ്യാൻ ആവശ്യപ്പെടണം. ഇതിനായി അനുയോജ്യമായ സംഘടനാ രൂപങ്ങൾ ഉയർന്നുവരണം.

പക്ഷേ, ഒരു സംശയം ഉയർന്നേക്കാം. കേരളം ഇന്ത്യയുടെ ഭാഗമാണ്‌. ഇന്നത്തെ ജനക്ഷേമകരമല്ലാത്ത പല നയങ്ങളും കേരളത്തിൽ നടപ്പിലാക്കപ്പെട്ടത്‌ കേന്ദ്ര നയങ്ങളുടെ സമ്മർദ ഫലമായാണ്‌. അപ്പോൾ കേരളത്തിൽ മാത്രമായി ഒരു ജനപക്ഷ വികസന അജണ്ട രൂപപ്പെടുത്താനാവുമോ?

ശരിയാണ്‌. കേരളം ഇന്ത്യയുടെയും ഇന്ത്യ ലോകത്തിന്റെയും ഭാഗമാണ്‌. ഇന്നത്തെ ആഗോളവൽക്കരണ കാലഘട്ടത്തിൽ പ്രാദേശിക സമ്പദ്‌ഘടനകൾ ലോകകമ്പോളവുമായി ചേർന്നു പ്രവർത്തിക്കുമ്പോൾ അത്തരം പ്രതിരോധ പ്രവർത്തനങ്ങൾ ശ്രമകരം തന്നെയാണ്‌. പക്ഷേ, അവ കൂടിയേ തീരൂ. നീതിപൂർവകമായ ഒരു സമൂഹത്തെ മുന്നിൽ കണ്ടുകൊണ്ട്‌ അതിനായി ഇന്നുതന്നെ പ്രവർത്തിക്കുമ്പോഴാണ്‌ ജനങ്ങളിൽ ആത്മവിശ്വാസം വളരുക. അത്തരം ശ്രമങ്ങളുടെ ജയപരാജയങ്ങളിൽ നിന്നാണ്‌ ജനങ്ങൾ രാഷ്‌ട്രീയം യഥാവിധം മനസ്സിലാക്കുക. സാമൂഹ്യനീതിയിലും സുസ്ഥിരതയിലുമൂന്നിയ ഒരു ബദൽ വികസന അജണ്ടയാണ്‌ ഇതിനായി രൂപപ്പെടുത്തേണ്ടത്‌.

അത്തരം ഒരു വികസന അജണ്ട നടപ്പിലാക്കാൻ രാഷ്‌ട്രീയവും സാംസ്‌കാരികവുമായ ഇടപെടൽ ഉണ്ടാവണം. രാഷ്‌ട്രീയത്തിനതീതമായ വികസനമല്ല വികസനകാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള രാഷ്‌ട്രീയമാണ്‌ ഉയർന്നുവരേണ്ടത്‌. കക്ഷി രാഷ്‌ട്രീയത്തിനതീതമായി വിവിധ പ്രസ്ഥാനങ്ങളിൽ അണിനിരന്ന സാധാരണക്കാരെ മുഴുവൻ ഈ വികസന അജണ്ടയ്‌ക്ക്‌ പിന്നിൽ അണിനിരത്താൻ കഴിയണം. കേരളത്തിന്റെ സാസ്‌കാരിക മണ്‌ഡലത്തിൽ വിവിധ തലങ്ങളിൽ ശക്തമായി ഇടപെട്ടുകൊണ്ടേ ഇത്തരം വികസന കാഴ്‌ചപ്പാടും രാഷ്‌ട്രീയവും വളർത്തിയെടുക്കാനാവൂ. കേരളത്തിന്റെ രാഷ്‌ട്രീയ പാരമ്പര്യം, ജനപക്ഷ രാഷ്‌ട്രീയത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ട രാഷ്‌ട്രീയ പ്രവർത്തകർ, സംഘടിത പ്രസ്ഥാനങ്ങൾ, ഗ്രന്ഥശാലാ പ്രസ്ഥാനം, കുടുംബശ്രീ ഇവയെല്ലാം ഇത്തരം സംസ്‌കാരം വളർത്തിയെടുക്കാനുള്ള അനുകൂലഘടകങ്ങളാണ്‌. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്‌ഥയും അടിസ്ഥാന സൗകര്യങ്ങളിൽ വന്ന മുന്നേറ്റവും ജനതയുടെ വിദ്യാഭ്യാസ നിലവാരവുമെല്ലാം ഗുണപരമായി നമുക്ക്‌ പ്രയോജനപ്പെടുത്താനാവും.