ധാതുമണൽ ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക-സാമൂഹ്യപ്രശ്നങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ധാതുമണൽ ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക-സാമൂഹ്യപ്രശ്നങ്ങൾ
പ്രമാണം:T=Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം പരിസരം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഡിസംബർ 2002


കരിമണൽ ഖനനം പദ്ധതിയും പശ്ചാത്തലവും

വികസനത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടിലും വ്യവസായ - സാമ്പത്തിക നയങ്ങളിലും വരുന്ന മാറ്റങ്ങൾ കേരളത്തിന്റെ സാമൂഹ്യന്തരീക്ഷത്തിൽ പുതിയ ചില സംഘർഷങ്ങൾക്കും പ്രതിസന്ധികൾക്കും കാരണമാകുന്നുണ്ട്‌. ഇതുവരെ അനുവദിക്കപ്പെടാതിരുന്ന പുതിയ മേഖലകളിലേയ്‌ക്ക്‌ വൻവ്യവസായങ്ങൾ കടന്ന്‌ വരുന്നതും അവ വലിയ തോതിൽ സാമ്പത്തിക വളർച്ച നേടിത്തരുമെന്നുള്ള പ്രതീക്ഷ രൂപംകൊള്ളുന്നതും ഒരു വശത്തെക്കാഴ്‌ചയാണ്‌. മറുവശത്താകട്ടെ ഇപ്രകാരം വ്യവസായങ്ങൾ കടന്ന്‌ വരുന്നതുമൂലം തങ്ങൾ പരമ്പരാഗതമായി ചെയ്‌തുപോന്ന തൊഴിലിനും ജീവിച്ചുപോന്ന ഭൂമിക്കും മേൽ ഭീഷണി ഉയരുന്നത്‌ കാണുമ്പോൾ തദ്ദേശ വാസികളായ പരമ്പരാഗത തൊഴിലാളികൾക്കുണ്ടാകുന്ന അങ്കലാപ്പും ദൃശ്യമാണ്‌. കേരളത്തിലുടനീളം വ്യത്യസ്‌തരീതികളിൽ പ്രകടമാകുന്ന ഈ സംഘർഷത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ്‌ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ എന്നീ പഞ്ചായത്തുകളിലെ ധാതുമണൽ ഖനനവുമായി ബന്ധപ്പെട്ട്‌ ഉയർന്നിരിക്കുന്ന വിവാദവും സംഘർഷവും.

എന്താണ്‌ ധാതു മണൽഖനനം

ആലപ്പുഴ ജില്ലയുടെ പടിഞ്ഞാറേ തീരത്ത്‌ തെക്കേയറ്റത്തുള്ള രണ്ട്‌ പഞ്ചായത്തുകളാണ്‌ ത്യക്കുന്നപ്പുഴയും ആറാട്ടുപുഴയും. ആറാട്ടുപുഴ പഞ്ചായത്തിന്റെ തെക്കേ അതിർത്തി ആലപ്പുഴ കൊല്ലം ജില്ലകളുടെ അതിർത്തിയായ വലിയഴീക്കൽ പൊഴിയാണ്‌. കൊല്ലം ജില്ലയിലെ തെക്കുംഭാഗം, ചവറ, പന്മന, കരുനാഗപ്പള്ളി, കുലശേഖരപുരം, ആയിരംതെങ്ങ്‌ എന്നീ വില്ലേജുകളും ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ എന്നീ പഞ്ചായത്തുകളും ചേർന്നുള്ള തീരപ്രദേശം ധാതുമണൽ സമ്പന്നമാണ്‌. കൊല്ലം ജില്ലയിലെ പ്രദേശത്തു നിന്ന്‌ ഇന്ത്യൻ റെയർ എർത്ത്‌ ലിമിറ്റഡ്‌ (IREL) ചവറയിലെ കേരള മിനറൽസ്‌ ആൻഡ്‌ മെറ്റൽസ്‌ ലിമിറ്റഡ്‌ (KMML) എന്നീ കമ്പനികൾ ഇപ്പോൾ തന്നെ ധാതുമണൽ ശേഖരിക്കുന്നുണ്ട്‌. ത്യക്കുന്നപ്പുഴ മുതൽ വലിയഴീയ്‌ക്കൽ പൊഴീവരെയുള്ള ആലപ്പുഴ ജില്ലയുടെ തീരത്തുനിന്ന്‌ മണൽ ഖനനത്തിന്‌ ഏതാനും ചില സ്വകാര്യകമ്പനികൾ മുന്നോട്ടുവരികയും അതിനായി തീരപ്രദേശം വിലയ്‌ക്ക്‌ വാങ്ങുകയും ചെയ്‌തു തുടങ്ങിയതാണ്‌ വിവാദങ്ങൾ ഉയർത്തിയിരിക്കുന്നത്‌. താഴെപ്പറയുന്ന സ്വകാര്യ കമ്പനികളാണ്‌ ഇതിനായി സർക്കാർ പക്കൽ പദ്ധതികൾ സമർപ്പിച്ച്‌ പ്രവർത്തനത്തിനു മുന്നോട്ടു വന്നിട്ടുള്ളതും.

1. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന കൊച്ചിൻ മിനറൽസ്‌ ആൻഡ്‌ റൂട്ടൈൽസ്‌ ലിമിറ്റഡിന്റെ സബ്‌സിഡിയറി കമ്പനിയായി റജിസ്റ്റർ ചെയ്‌തിരിക്കുന്ന കേരളാ റയർ ഏർത്‌സ്‌ ആൻഡ്‌ മിനറൽസ്‌ ലിമിറ്റഡ്‌ (KRML)

2. തൂത്തുക്കുടി കേന്ദ്രമായി പ്രവർത്തിക്കുന്ന വി. വി. മിനറൽസ്‌

3. തൂത്തുക്കുടിയിൽ തന്നെയുള്ള ബീച്ച്‌ സാൻഡ്‌ മിനറൽസ്‌ കമ്പനി.

എന്താണ്‌ ധാതുമണൽ

ഒറ്റനോട്ടത്തിൽ അത്‌ കറുത്ത മണലാണ്‌ അതുകൊണ്ട്‌ കരിമണൽ എന്ന്‌ വിളിക്കുന്നു. താഴെപ്പറയുന്ന ധാതുക്കളാണ്‌ ഈ മണ്ണിൽ അടങ്ങിയിട്ടുള്ളത്‌. (പട്ടിക 1 കാണുക)

പട്ടിക 1 കരിമണലിൽ അടങ്ങിയിരിക്കുന്ന ധാതുക്കളും അവയുടെ ഗാഢതയും ക്രമ നമ്പർ ധാതുവിന്റെ പേര്‌ മണലിൽ കാണപ്പെടുന്ന ഗാഡത % 1.2.3.4.5.6.7. ഇൽമനൈറ്റ്‌റൂട്ടൈൽസിർക്കോൺഗാർനൈറ്റ്‌മോണോസൈറ്റ്‌സിലിമിനൈറ്റ്‌സിലിക്ക 80%4% - 6%4% - 6%0 - 5%0.5% - 1%3% - 5%0.5 - 1% അവലംബം : P.K. Thampi, The National Resources Of Kerala:WWF, TVM (1997)

പെയിന്റ്‌, തുണിത്തരങ്ങൾ, പ്ലാസ്റ്റിക്ക്‌, റബർ ഉത്‌പന്നങ്ങൾ, കടലാസ്‌, എന്നിങ്ങനെയുള്ള സാധാരണക്കാർ ഉപയോഗിക്കുന്ന വസ്‌തുക്കൾ മുതൽ വിമാനങ്ങൾ, ബഹിരാകാശയാനങ്ങൾ, യുദ്ധോപകരണങ്ങൾ എന്നിവവരെയുള്ള വിവിധ തരം ഉത്‌പന്നങ്ങൾ ഉദ്‌പാദിപ്പിക്കുന്നതിനുള്ള ഒരു അസംസ്‌കൃത വസ്‌തുവായ ടൈറ്റാനിയം ലോഹത്തിന്റെ അയിരുകളാണ്‌ ഇൽമനൈറ്റും റൂട്ടൈലും. ഇതാണ്‌ ഈ അയിരുകളുടെ സാമ്പത്തിക പ്രാധാന്യം. മറ്റ്‌ ധാതുക്കളും വ്യാവസായിക പ്രാധാന്യം ഉള്ളവ തന്നെ. അവ പിന്നീട്‌ പറയുന്നുണ്ട്‌. പ്രാധാനമായും നാല്‌ ഘട്ടങ്ങളിലായാണ്‌ ഈ പ്രവർത്തനം നടക്കുന്നത്‌.

1. കടൽ തീരത്തെ മണൽ ഖനനം. അതായത്‌ ജെ.സി.ബി. ഉപയോഗിച്ച്‌ ബീച്ചിൽ നിന്ന്‌ മണൽ സംഭരിക്കൽ.

2. ഇതിൽ നിന്ന്‌ ഇൻമനൈറ്റ്‌, റൂട്ടൈൽ സിർക്കൺ, തുടങ്ങിയ ധാതുപദാർത്ഥങ്ങൾ വേർതിരിച്ചെടുക്കൽ.

3. ഇൻമനൈറ്റിൽ നിന്ന്‌ ഇരുമ്പിന്റെ അംശം നീക്കി ടൈറ്റാനിയം ഗാഢത വർദ്ധിപ്പിച്ച്‌ സമ്പുഷ്‌ട ഇൻമനൈറ്റ്‌ അല്ലെങ്കിൽ കൃത്രിമ റൂട്ടൈൽ ഉത്‌പാദ്‌പ്പിക്കുന്നു.

4. സമ്പുഷ്‌ട ഇൻമനൈറ്റിൽനിന്ന്‌ ടൈറ്റാനിയം ഡയോക്‌സൈഡ്‌ ഉത്‌പാദിപ്പിക്കുന്നു.

ഇൻമനൈറ്റ്‌ ഒഴികെയുള്ള മറ്റ്‌ ധാതു പദാർത്ഥങ്ങൾ ഇലക്‌ട്രോഡുകളുടെ ഉദ്‌പാദനത്തിനും, സിറാമിക്‌സ്‌ വ്യവസായത്തിലും അണുശക്തി രംഗത്തും ഉപയോഗിക്കുന്നു.

ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും നടക്കാനിടയുള്ള പ്രവർത്തനം രണ്ട്‌ തരത്തിലാണ്‌.

1. തൂത്തുക്കുടി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനികൾ മണൽ ശേഖരിച്ച്‌ അവരുടെ ആസ്ഥാനത്തേക്ക്‌ കൊണ്ടുപോക്കും. മറ്റ്‌ പ്രവർത്തനങ്ങൾ അവിടെയാണ്‌ നടക്കുക.

2. KRML മണൽ ശേഖരിച്ച്‌ ഉത്‌പാദന പ്രക്രിയയുടെ ഒരു ഭാഗമെങ്കിലും അവിടെവച്ച്‌തന്നെ നടത്തിയേക്കാം. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ലക്ഷ്‌മിത്തോപ്പ്‌ എന്ന സ്ഥലത്ത്‌ ഇതിനാവശ്യമായ പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്‌ കമ്പനി സ്ഥലം വാങ്ങിയിട്ടുണ്ട്‌.

ടൈറ്റാനിയം ചിലവിവരങ്ങൾ കൂടി

നിർദ്ദിഷ്‌ട പ്രവർത്തനം നടത്തുന്നതിന്റെ ആഘാത പ്രത്യാഘാതങ്ങൾ പരിശോധിക്കുന്നതിന്‌ മുമ്പ്‌ ടൈറ്റാനിയം സംബന്ധിച്ച ചില വിശദാംശങ്ങൾ കൂടി അറിയുന്നത്‌ നന്നായിരിക്കും. ഇന്ത്യയിൽ ടൈറ്റാനിയം ലോഹം അതേ രൂപത്തിൽ ഇനിയും ഉത്‌പാദനം ആരംഭിച്ചിട്ടില്ല. മുമ്പ്‌ സൂചിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളിലും ഇപ്പോൾ വരാൻ പോകുന്ന കമ്പനികളിലും ടൈറ്റാനിയം ഓക്‌സൈഡ്‌ ആണ്‌ ഉത്‌പാദിപ്പിക്കുന്നത്‌. ഇൽമനൈറ്റിൽ 60%ഉം റൂട്ടൈലിൽ 95%ഉം, ലക്കക്‌സിനിൽ 70% മുതൽ 75% വരെയും സിർക്കണിൽ 65% ഉം ടൈറ്റാനിയം അടങ്ങിയിട്ടുണ്ട്‌. ലോകത്ത്‌ ലഭ്യമായിട്ടുള്ള ലോഹമണൽ നിക്ഷേപത്തിന്റെ ശരാശരി ഇൽമനൈറ്റ്‌ ഗാഢത 25% മാത്രമാണ്‌. ഇവിടെയുള്ള മണലിൽ 40% മുതൽ 55% വരെ ഇൽമനൈറ്റ്‌ ഉണ്ട്‌. ഈ ഇൽമനൈറ്റിന്റെ 60% വും ടൈറ്റാനിയം ആണ്‌. ഇതാണ്‌ കേരളതീരത്തെ ധാതുമണലിന്റെ പ്രാധാന്യം. ഇപ്പോൾ തന്നെ ലോകത്തിലാകെ നടക്കുന്ന ഇൽമനൈറ്റ്‌ ഉത്‌പാദനത്തിന്റെ 8.5%ഉം റൂട്ടൈൽ ഉത്‌പാദനത്തിന്റെ 3.1% ഇന്ത്യൻ വിഹിതമാണ്‌. ഈ കണക്കുകളാണ്‌ ഈ വ്യവസായത്തിന്‌ ഇന്ത്യയിൽ വിശേഷിച്ചും കേരളത്തിൽ വലിയ ഭാവിയുണ്ടെന്നും അത്‌ വലിയ പുരോഗതിയുണ്ടാക്കുമെന്നുമുള്ള വാദത്തിന്റെ അടിസ്ഥാനം.

പട്ടിക 2 ധാതുപദാർത്ഥങ്ങളുടെ പ്രതിവർഷ ഉത്‌പാദനം ധാതു പദാർത്ഥങ്ങൾ ഉത്‌പാദനം ദശലക്ഷം ടൺ ആഗോളം ഇന്ത്യ ഇൽമനൈറ്റ്‌റൂട്ടൈൽമോണോസൈറ്റ്‌സിർക്കൺസിലിമനൈറ്റ്‌ഗാർനറ്റ്‌ 1722 255 കണക്ക്‌ ലഭ്യമല്ല 480 454 59 146 8.0 4.5 12 54 53

നയംമാറ്റം-സ്വാകാര്യവത്‌കരണത്തിന്റെ തുടക്കം

ധാതുമണൽ ഖനനം നേരിട്ടു സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളിൽലേക്ക്‌ കടക്കുന്നതിന്‌ മുമ്പ്‌ നാം അറിഞ്ഞിരിക്കേണ്ട മറ്റൊരു പ്രധാനകാര്യം ഈ രംഗത്ത്‌ സംഭവിച്ച നയംമാറ്റത്തിന്റേതാണ്‌. 1962 ലെ അണു ശക്തിനിയമത്തിന്റെ അടിസ്ഥാനത്തിൽ ഈ വ്യവസായമേഖല പൂർണ്ണമായും പൊതുമേഖലയിൽ മാത്രമായിരുന്നു. അതും അണുശക്തിക്കമ്മീഷന്റെ (Atomic Energy Commission) ഇടപെടലോടുകൂടി മാത്രം നടക്കുന്ന പ്രവർത്തനങ്ങളാണ്‌.

ധാതുമണലിൽ നിന്നുള്ള ഉത്‌പന്നങ്ങൾ അണുശക്തിയുടെ ഉത്‌പാദന പ്രക്രിയകളിലും ഉപയോഗിക്കാമെന്നുള്ളത്‌ കൊണ്ടാണ്‌ ഈ നിയന്ത്രണം ഉണ്ടായിരുന്നത്‌. 1991 ലെ പുതിയ സാമ്പത്തിക നയങ്ങളുടേയും സാമ്പത്തിക ഉദാരവല്‌ക്കരണത്തിന്റേയും പശ്ചാത്തലത്തിൽ രൂപം നല്‌കിയ വ്യവസായ നയത്തിലാണ്‌ നിയന്ത്രിത രീതിയിൽ സ്വകാര്യ പങ്കാളിത്തം ആവാമെന്ന നിർദ്ദേശം വച്ചത്‌. 1998 ൽ ഒരു പടികൂടി കടന്ന്‌ ധാതുക്കളുടേയും മൂല്യവർദ്ധിത ഉത്‌പന്നങ്ങളുടേയും ആഭ്യന്തരവും അന്താരാഷ്‌ട്രീയവുമായ വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത്‌ ഖനനത്തിനും ധാതുവേർതിരിക്കലിനും പുതിയ പ്ലാന്റുകൾ സ്വകാര്യമേഖലയിലും വേണ്ടിവന്നാൽ വിദേശ പങ്കാളിത്തത്തോടെ തന്നെയും സ്ഥാപിക്കാമെന്ന്‌ അണുശക്തി വകുപ്പ്‌ തീരുമാനിച്ചത്‌. (8/1(1)/97-PS4/1422 ാം നമ്പരിലുള്ള അണുശക്തി വകുപ്പ്‌ ഗസ്റ്റ്‌ വിജ്ഞാപനം തീയി ഒക്‌ടോബർ 6, 1998). അതായത്‌ പുതിയ സംഘർഷത്തിന്റേയും പ്രതിസന്ധിയുടേയും മൂലകാരണം പുതിയ സാമ്പത്തിക നയങ്ങളും ഉദാരവല്‌ക്കരണവും തന്നെ.

കെ. ആർ.എം. എൽ ചില വിവരങ്ങൾ

കേരള റെയർ എർത്ത്‌സ്‌ ആൻഡ്‌ മിനറൽസ്‌ ലിമിറ്റഡിനെ കൂടാതെ വേറേയും ചില കമ്പനികൾ മണൽ ഖനനത്തിനായി രംഗത്തുണ്ടെന്ന്‌ മുമ്പ്‌ സൂചിപ്പിച്ചു. അതിൽ പേര്‌ പറഞ്ഞിട്ടില്ലാത്ത മറ്റ്‌ ചില കമ്പനികളും സർക്കാരിന്‌ പ്രോജക്‌ടുകൾ സമർപ്പിച്ചിട്ടുണ്ട്‌. എന്നാൽ അവയൊന്നും കേരളത്തിൽ പ്രവർത്തിക്കുന്ന കമ്പനികളല്ല. അവയ്‌ക്കൊന്നിനും കേരളത്തിൽ ശുദ്ധീകരണ പ്‌ളാന്റുകളുമില്ല. അവയുടെ ഒരേയൊരു പ്രവർത്തനം തൃക്കുന്നപ്പുഴ ആറാട്ടുപുഴ കടൽ തീരത്ത്‌ നിന്ന്‌ ധാതുമണൽ ഖനനം ചെയ്‌ത്‌ തങ്ങളുടെ പ്ലാന്റുകളിലേക്ക്‌ കൊണ്ടുപോവുകയെന്നത്‌ മാത്രമാണ്‌. മറ്റ്‌ പ്രവർത്തനങ്ങൾ കേരളത്തിന്‌ വെളിയിലുള്ള അവരുടെ പ്ലാന്റുകളിലായിരിക്കും നടക്കുന്നത്‌. അതായത്‌ ആ കമ്പനികളുടെ പ്രവർത്തനം മൂലം കേരളത്തിന്‌ പൊതുവായോ ആലപ്പുഴയ്‌ക്ക്‌ വിശേഷിച്ചോ യാതൊരു നേട്ടവും ലഭിക്കുന്നില്ല. അതായത്‌ കടൽ തീരത്തിനോട്‌ ചേർന്ന്‌ ഭൂമിയുള്ള (ധാതുമണൽ നിക്ഷേപമുള്ള ഭൂമിയുള്ള) ഏതാനും പേർക്ക് ഭൂമി വിറ്റ്‌ പണമാക്കാമെന്നുള്ളതല്ലാതെ മറ്റ്‌ പ്രയോജനമൊന്നും ലഭിക്കുന്നില്ല. ഭൂമിവിറ്റാൽ വലിയ തോതിൽ പണം ലഭിക്കുമോയെന്നത്‌ നമുക്ക്‌ പിന്നീട്‌ പരിശോധിക്കാം. എന്നാൽ KRML ന്റെ കാര്യം ഇങ്ങനെയല്ല. അവർ ലക്ഷ്‌മിത്തോപ്പിൽ ഒരു പ്ലാന്റ്‌ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ട്‌. കൊച്ചിയിൽ CMRL ന്‌ ഇപ്പോൾ തന്നെ ഒരു പ്ലാന്റ്‌ ഉണ്ട്‌ CMRL ന്റെ ഒരു സബ്‌സിഡിയറിയാണ്‌ KRML എന്ന്‌ നേരത്തെ പറഞ്ഞു. കമ്പിനിയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ബാക്ക്‌ വാർഡ്‌ ഇന്റഗ്രേഷൻ. ആ നിലയ്‌ക്ക്‌ KRML മൂലം ഖനന പ്രദേശത്ത്‌ ചില നേട്ടങ്ങൾ ഉണ്ടാകുമെന്ന്‌ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. അതിന്റെ സത്യാവസ്ഥ വിശദമായി പരിശോധിക്കണം. ആദ്യം എന്താണ്‌ KRML എന്ന്‌ പരിശോധിക്കാം.

കേരള റയർ എർത്‌സ്‌ ആൻഡ്‌ മിനറൽസ്‌ ലിമിറ്റഡ്‌ എന്നാണ്‌ കമ്പനിയുടെ പേര്‌. ഖനനവും ധാതുവേർതിരിക്കൽ പ്ലാന്റും (Mining and mineral separation plant) എന്നതാണ്‌ പദ്ധതി. പ്രതിവർഷം ഒരു ലക്ഷം മെഗാട്ടൺ ഇൽമനൈറ്റ്‌ ഉത്‌പാദിപ്പിക്കാൻ കഴിയുന്ന പ്ലാന്റും അതിനാവശ്യമായ ധാതുമണൽ ഖനനം ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കുകയാണ്‌ പരിപാടി. നൂറ് കോടി രൂപയാണ്‌ ഇതിനായി മുതൽ മുടക്കാൻ പോകുന്നത്‌. അതിനർത്ഥം നൂറ്‌ കോടിരൂപ കമ്പനി മുതലിറക്കുമെന്നല്ല. 60 കോടി രൂപ ദേശീയ സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നുള്ള കടമായും 40 കോടി ഓഹരികളായും സമാഹരിക്കും. ഓഹരികളിൽ 49% അതായത്‌ 19.6 കോടിരൂപയുടേത്‌ CMRL ന്റേതായിരിക്കും. CMRL അനുബന്ധ കമ്പനികൾക്ക്‌ 7% (2.8 കോടി രൂപ) ഇന്ത്യ റെയർ എർത്‌സ് ലിമിറ്റഡ്‌ (IREL ഇത് ഒരു പൊതുമേഖലാ സ്ഥാപനമാണ്‌). 20% (8 കോടി രൂപ)കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ 11% (4.4 കോടി രൂപ) ഐ.ഡി.ബി.ഐ., (IDBI) യ്‌ക്ക്‌ 13% (5.2 കോടി രൂപ) എന്നിങ്ങനെയായിരിക്കും.

CMRL ഉം IREL ഉം തമ്മിൽ എന്ത്‌?

ഇൻമനൈറ്റ്‌ / സിന്തറ്റിക്ക്‌ റൂട്ടൈൽ CMRL ഇപ്പോൾ വാങ്ങുന്നത്‌ പൊതുമേഖലാ സ്ഥാപനമായ IREL-ൽ നിന്നാണ്‌. മുമ്പ്‌ സൂചിപ്പിച്ചതു പോലെ ധാതുമണൽ വ്യവസായം പൊതുമേഖലയിൽ മാത്രമേ അനുവദിച്ചിരുന്നുള്ളു എന്നുള്ളതിനാലാണ്‌ ഇത്‌ വേണ്ടി വന്നത്‌. പുതിയ നയംമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ്‌ CMRL നേരിട്ട്‌ ഖനനം നടത്തുന്നതും ശുദ്ധീകരണ പ്ലാന്റ്‌ പ്രവർത്തിപ്പിക്കുന്നതും. IREL ൽ നിന്നും വാങ്ങാതെ എന്തുകൊണ്ടാണ്‌ കമ്പനി നേരിട്ട്‌ ഈ പ്രവർത്തനം ഏറ്റെടുക്കുന്നതെന്ന ചോദ്യത്തിന്‌ കമ്പനി ചില മറുപടികൾ നല്‌ക്കുന്നുണ്ട്‌. അവ വളരെ പ്രധാനമാണ്‌. കമ്പനിയുടെ മറുപടി നോക്കുക.

1. ആഗോള വിപണിയിൽ കണ്ടു വരുന്ന മത്സരങ്ങളും വിലയിടിവും കാരണം കമ്പനിയുടെ ഉത്‌പന്നമായ സിന്തറ്റിക്‌ റൂട്ടൈൽ ലാഭകരമായി വിറ്റഴിക്കാൻ ഉത്‌പാദന ചെലവ്‌ ഗണ്യമായി കുറയ്‌ക്കേണ്ടതുണ്ട്‌.

2. ആഗോള വിപണിയിൽ മത്സരത്തെ അതിജീവിച്ച്‌ പിടിച്ചു നിൽക്കുവാൻ ഇതാവശ്യമാണ്‌.

3. IRE യിൽ നിന്ന്‌ ഇൽമനൈറ്റ്‌ വാങ്ങി സിന്തറ്റിക്‌ റൂട്ടൈൽ ഉത്പാദിപ്പിച്ചാൽ ലോക വിപണിയിൽ പിടിച്ചു നില്‌ക്കുവാൻ സാധ്യമല്ല. (കൊച്ചിൻ മിനറൽസ്‌ ആൻഡ്‌ റൂട്ടൈൽ ലിമിറ്റഡിനെപ്പറ്റി കമ്പനി നൽകിയ പത്രക്കുറിപ്പിൽ നിന്ന്‌).

കമ്പനി വേറേയും കാരണങ്ങൾ പറയുന്നുണ്ട്‌. എന്നാൽ ആവർത്തിച്ചുപറയുന്ന കാരണങ്ങൾ പുതിയ സാഹചര്യത്തിൽ ലോക വിപണിയിൽ പിടിച്ചുനില്‌ക്കുവാൻ ഈ മാറ്റം ആവശ്യമാണെന്നാണ്‌. ഈ മാറ്റത്തോട്‌ കൂടി IRE യ്‌ക്ക്‌ ഒരു ഉപഭോക്താവിനെ നഷ്‌ടമാവുകയാണ്‌. പുതിയ ആഗോള സാഹചര്യങ്ങളും അവയ്‌ക്കനുസരിച്ചുള്ള സർക്കാർ നയംമാറ്റവും എങ്ങനെയാണ്‌ ഒരു പൊതുമേഖലാ സ്ഥാപനത്തെ പരോക്ഷമായി നശിപ്പിക്കുന്നതെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്‌ ധാതുമണൽ മേഖലയിൽ വരുന്ന ഈ സ്വകാര്യ കടന്നുകയറ്റം.

തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും ഖനനം സൃഷ്‌ടിക്കുന്ന പ്രത്യാഘാതങ്ങൾ

ആദ്യഭാഗത്ത്‌ ധാതുമണൽ ഖനന വ്യവസായത്തിന്റെ പശ്ചാത്തലമാണ്‌ പരിശോധിച്ചതെങ്കിൽ തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഖനനം സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങൾ വിശദമായി പരിശോധിക്കണം. അതിന്‌ പദ്ധതിയുടെ നേട്ടകോട്ടങ്ങൾ അപഗ്രഥിക്കുകയാണ്‌ വേണ്ടത്‌.

നേട്ടങ്ങൾ

ഒരു വ്യവസായം എന്ന നിലയിൽ ധാതുമണൽ ഖനനവും അനുബന്ധ പ്രവർത്തനവും മുന്നോട്ട്‌ വയ്‌ക്കുന്ന മുഖ്യനേട്ടം തൊഴിൽ ലഭ്യതയാണ്‌. എന്നാൽ തൂത്തുകുടി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനികളൊന്നും ഒരൊറ്റ തൊഴിലവസരം പോലും കേരളത്തിൽ സൃഷ്‌ടിക്കുന്നില്ല. അവർക്ക്‌ സൃഷ്‌ടിക്കാവുന്ന തൊഴിലവസരം മണൽ കടത്തിക്കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ജെ.സി.ബി യുടേയോ ലോറിയുടേയോ ഡ്രൈവറുടെത്‌ മാത്രമാണ്‌. മറ്റ്‌ പ്രവർത്തനങ്ങൾ കേരളത്തിന്‌ വെളിയിലാണല്ലോ നടക്കുന്നത്‌. എന്നാൽ KRML ആണ്‌ വൻതോതിൽ തൊഴിലുകൾ നല്‌കുമെന്ന പ്രചരിപ്പിച്ചിട്ടുള്ളത്‌ എന്നാൽ കമ്പനി തന്നെ പുറത്തിറക്കിയ രേഖകൾ പ്രകാരം 300 പേർക്ക്‌ പ്രത്യക്ഷതൊഴിലും 500 പേർക്ക്‌ പരോക്ഷ തൊഴിലും ലഭിക്കുമെന്നാണ്‌ പറയുന്നത്‌. (Project at a glance- കമ്പനി പത്രങ്ങൾക്ക്‌ നൽകിയത്‌). പരോക്ഷ തൊഴിലുകളെ ഇവിടെ കണക്കിലെടുക്കേണ്ടതില്ല. കാരണം മിക്കവാറും മേഖലകളിൽ ഈ കണക്ക്‌ അതിശയോക്തികരമാംവിധം പെരുപ്പിച്ച്‌ കാട്ടിയതാകും. ആകെ കണക്കിലെടുക്കാവുന്നത്‌ 300 പേർക്ക്‌ തൊഴിൽ കിട്ടുമെന്നുള്ളതാണ്‌. അതിൽ സംസ്ഥാനത്തിന്‌ വെളിയിലോ, സംസ്ഥാനത്തിന്റെ മറ്റ്‌ ഭാഗങ്ങളിലോ നിന്നുള്ളവരും, ഇപ്പോൾ തന്നെ CRMLന്റെ മറ്റ്‌ ഘടകങ്ങളിൽ ജോലി ചെയ്യുന്നവരും ഒക്കെ കണ്ടേക്കാം. കേരള സർക്കാർ പുറത്തിറക്കിയ പുതിയ തൊഴിൽ നയം അനുസരിച്ച്‌ ഒരു പുതിയ വ്യവസായം സ്ഥാപിക്കപ്പെടുമ്പോൾ അതിൽ പ്രാദേശികവാസികൾക്കോ പദ്ധതിക്ക്‌ വേണ്ടി ഭൂമി വിട്ടുകൊടുത്തവർക്കോ തൊഴിലിന്‌ മുൻഗണന ആവശ്യപ്പെടാൻ പാടില്ലെന്നാണ്‌. ചുരുക്കത്തിൽ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പ്രദേശത്ത്‌ ഇതിൽ സാമ്പത്തിക ലാഭം കാര്യമായി അനുഭവപ്പെടാൻ പോകുന്നില്ലെന്നർത്ഥം. എന്നാൽ കോട്ടങ്ങളോ ? പരമ്പരാഗതമായി ചെയ്‌തുകൊണ്ടിരുന്ന തൊഴിലുകളടക്കം നിരവധി നഷ്‌ടങ്ങൾ ഉണ്ടാകാം. അതറിയണമെങ്കിൽ മണൽ ഖനനം ഈ പ്രദേത്തുണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ പരിശോധിക്കണം.

കരിമണൽ സമ്പുഷ്‌ടമായ ഭൂമി വിറ്റ്‌ പണവുമുണ്ടാക്കാമെന്ന വാദം ഉയർന്നിട്ടുണ്ട്‌. അതിൽ തീരെ ശരിയില്ലാതെയുമില്ല. കടൽ തീരത്തിനോട്‌ ചേർന്ന്‌ കടലാക്രമണ ഭീഷണിയുള്ള വാസസ്ഥലങ്ങൾക്ക്‌ സാധാരണ നിലയിൽ കിട്ടാവുന്നതിനേക്കാൾ ഉയർന്ന വിലയാണ്‌ ഇപ്പോൾ കമ്പനികൾ നല്‌കിയിട്ടുള്ളത്‌. എന്നാൽ ഇത്‌ ആദ്യത്തെ ഏതാനും ചിലർക്ക്‌ മാത്രമേ ലഭ്യമാകൂ. കുറേയാളുകൾ ഭൂമി വില്‌ക്കുവാൻ തയ്യാറാകുകയും അവിടെ ഖനനം ആരംഭിക്കുകയും ചെയ്‌തുകഴിഞ്ഞാൽ മറ്റുള്ളവരും ഭൂമി വില്‌ക്കാൻ നിർബന്ധിക്കപ്പെടും. കാരണം വീടിന്‌ തൊട്ടടുത്ത്‌ വരെയുള്ള കടൽ തീരം ഖനനം ചെയ്യപ്പെട്ടു കഴിഞ്ഞാൽ പിന്നെ ജീവിതം സുരക്ഷിതമായിരിക്കയില്ലല്ലോ? അങ്ങനെ ഭൂമി വില്‌ക്കാൻ നിർബന്ധിക്കപ്പെടുന്നവർക്ക്‌ മതിയായ വില ലഭിക്കണമെന്നില്ല.

പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിത പ്രശ്‌നങ്ങൾ

കൊല്ലം ആലപ്പുഴ ജില്ലകളിലെ തീരദേശം ഭൂമിശാസ്‌ത്രപരമായി വളരെ ഇടുങ്ങിയ ഒരു നാടയുടെ ഘടനയുള്ളതാണ്‌. പടിഞ്ഞാറ്‌ വശത്ത്‌ അറബിക്കടലും കിഴക്കുവശത്ത്‌ കായലുകളും മധ്യത്തിൽ വീതികുറഞ്ഞ കരയുടെ ഒരു നാടയും, ആറാട്ടുപുഴ - തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ നിർദ്ദിഷ്‌ട ഖനന പ്രദേശവും ഇതേ ഘടനയിൽ തന്നെയാണ്‌ കാണുന്നത്‌. അറബിക്കടലിന്റേയും കായംകുളം കായലിന്റേയും ഇടയിലായി ഈ പ്രദേശത്ത്‌ പല സ്ഥലത്തും ഈ കരഭൂമിയുടെ വീതി 100 മീറ്ററിൽ താഴെയാണ്‌. ആറാട്ടുപുഴ പഞ്ചായത്തിലെ തറയിൽ കടവ്‌ എന്ന സ്ഥലമാണ്‌ ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. ഇവിടെ കായലിനും കടലിനും ഇടയിൽ ഉള്ള ദൂരം 50 മീറ്ററിനടുത്തേ വരു. വിവിധ കാരണങ്ങൾ കൊണ്ട്‌ കടൽ കരയിലേക്ക്‌ കയറിവരികയും കടൽതീരം കടലെടുത്ത്‌ പോവുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ്‌ ഇത്തരം വളരെ ഇടുങ്ങിയ പ്രദേശത്തെ മണൽ ഖനനത്തിന്റെ അപകടം ശ്രദ്ധേയമാകുന്നത്‌. ആറാട്ടുപ്പുഴ തൃക്കുന്നപ്പുഴ പ്രദേശത്തെ കര കടലെടുത്തത്‌ സംബന്ധിച്ച വ്യക്തമായ പഠനങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ ഇതിനോട്‌ തൊട്ട്‌ ചേർന്ന്‌ കിടക്കുന്ന കൊല്ലം ജില്ലയിലെ പ്രദേശങ്ങളിലെ തീരം ഒലിച്ചു പോകലിന്റെ കണക്കുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. 1887 മുതൽ 1997 വരെയുള്ള 110 കൊല്ലത്തിനിടയിൽ ഈ പ്രദേശത്തെ 177.04 ഹെക്‌ടർ പ്രദേശം കടലെടുത്ത്‌ പോയിട്ടുണ്ട്‌. ശരാശരി ഒരു വർഷം 86 സെ.മി. തീരമാണ്‌ ഇങ്ങനെ നഷ്‌ടമാകുന്നത്‌. (Atomic Minerals Directorate for Exploration and research)

ആറാട്ടുപുഴയിലും തൃക്കുന്നപുഴയിലും ഉള്ള ജനങ്ങളുടെ അഭിപ്രായത്തിൽ ഏതാണ്ട്‌ ഇതേ രൂപത്തിൽ തന്നെ ഇവിടെയും തീരം ഒലിച്ചുപോകുന്നുണ്ട്‌. യഥാർത്ഥത്തിൽ ഇപ്പോൾ കടലിനോട്‌ തൊട്ട്‌ ചേർന്ന്‌ വരെ സ്വകാര്യ ഭൂമിയാണ്‌. പൊതു കടൽത്തീരം ഇപ്പോൾ ഇല്ല. അത്‌ പണ്ടുതന്നെ കടലെടുത്തു പോയിക്കഴിഞ്ഞു. തീരത്ത്‌ നിന്നുള്ള മണൽ ഖനനം ഇങ്ങനെയുള്ള ഒലിച്ചുപോകലിനെ ശക്തിപ്പെടുത്തുമെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം. നീണ്ടകര മുതൽ കായംകുളം പൊഴിവരെയുള്ള തീരത്ത്‌ ഉയർന്ന നിരക്കിൽ കാണപ്പെടുന്ന തീരം ഒലിച്ചുപോകൽ KRML, IREL എന്നിവ നടത്തുന്ന മണൽ ഖനനത്തിന്റെ ഫലമാണെന്ന്‌ വിദഗ്‌ധപഠനങ്ങൾ സ്ഥാപിക്കുന്നു. (Privatization and Mineral Mining and Costal Production - Karunakaran Rafi) ഇത്‌ താഴെപ്പറയും പ്രകാരം വിശദീകരിക്കാം.

കടലും കരയും തമ്മിലുള്ള മണൽ കൊടുക്കൽ വാങ്ങലുകൾ പ്രധാനമായും രണ്ട്‌ രീതിയിലാണ്‌ നടക്കുന്നത്‌. ഒന്നാമത്തേത്‌ മൺസൂൺകാലത്ത്‌ കരയുടെ നേർക്ക്‌ വരുന്ന ഉയർന്ന തിരമാലകൾ വലിയ അളവിൽ മണൽ കടലിലേക്ക്‌ ഒഴുക്കുന്നു. ഇങ്ങനെ ഒഴുകുന്ന മണൽ ആഴക്കടലിലേയ്‌ക്ക്‌ നഷ്‌ടപ്പെട്ട്‌ പോകുകയില്ല. അത്‌ കടൽ തീരത്തോട്‌ ചേർന്നുള്ള അടിത്തട്ടിൽ നിക്ഷേപിക്കപ്പെടും സെപ്‌തംബർ മുതൽ മേയ്‌വരെ കടൽ താരതമ്യേന ശാന്തമാകുന്ന സമയത്ത്‌ ഉണ്ടാകുന്ന തിരമാലകൾ ഈ മണലിനെ വീണ്ടും കരയ്‌ക്കെത്തിക്കും. ഈ തിരമാലകൾ തിരികെ പോകുന്നത്‌ മന്ദഗയിലായതിനാൽ അവ മണൽ ഒഴുക്കികൊണ്ടു പോകുകയില്ല.

രണ്ടാമത്തേത്‌ തീരത്തിന്‌ സമാന്തരമായി ഒഴുകുന്ന അടിയൊഴുക്ക്‌ തീരത്ത്‌ നിന്ന്‌ മണൽ ഒഴുക്കിക്കൊണ്ട്‌ പോകുന്നതാണ്‌. തീരത്ത്‌ തന്നെ ഒരു സ്ഥലത്ത്‌ നിന്നുമറ്റൊരു സ്ഥത്തേയ്‌ക്ക്‌ മണൽ നീക്കം ചെയ്യപ്പെടാൻ ഇത്‌ കാരണമാകുന്നു. രണ്ടായാലും തീരത്തെ മണൽ ആഴക്കടലിലേയ്‌ക്കോ വിദൂരതയിലേയ്‌ക്കോ നഷ്‌ടപ്പെടുകയില്ലെന്നാണ്‌ ഈ പഠനം തെളിയിക്കുന്നത്‌.

സ്വാഭാവികാവസ്ഥയിൽ തിരമാലകൾ കൊണ്ടുപോകുന്ന മണലിന്റേയും നിക്ഷേപിക്കുന്ന മണലിന്റേയും അളവുകൾക്ക്‌ ഒരു സംതുലനാവസ്ഥ ഉണ്ടായിരിക്കും. നിക്ഷേപം കുറയുന്നതാണ്‌ കടൽ തീരം ഒലിച്ചുപോകുന്നതിന്‌ കാരണമാകുന്നത്‌. ഈ ഒലിക്കൽ നിക്ഷേപിക്കൽ പ്രവർത്തനത്തിന്റെ സംതുലനാവസ്ഥ കടൽതീരത്തിന്റെ ഭൂമിശാസ്‌ത്രപരമായ കിടപ്പിനേയും ഒഴുക്കിന്റെ പ്രവേഗത്തേയും ആശ്രയിച്ചിരിക്കുന്നു. മണൽ ഖനനം തീരത്തോട്‌ ചേർന്നുള്ള കടൽത്തട്ടിലെ മണൽ നിക്ഷേപം കുറയാൻ കാരണമാകുന്നു അതുവഴി തീരത്തിന്റെ ഭൂമിശാസ്‌ത്രപരമായ ഘടനമാറുകയും ഒഴുക്കിന്റെ പ്രവേഗത്തിൽ വ്യത്യാസം വരികയും ചെയ്യുന്നു. ഇതുമൂലം കടലാക്രമണം രൂക്ഷമാകുകയും കടൽത്തീരം കൂടുതൽ കൂടുതൽ ഒലിച്ചുപോകുകയും ചെയ്യുന്നു. ഈ വസ്‌തുതയെ മറച്ച്‌ വയ്‌ക്കുന്നതിനാണ്‌ മണൽ ആഴക്കടലിൽ നിന്നാണ്‌ തിരമാലകൾ കൊണ്ടുവരുന്നതെന്നും ഖനനം ചെയ്‌തെടുത്തില്ലെങ്കിൽ അത്‌ ആഴകടലിലേയ്‌ക്കോ വിദൂരതയിലേയ്ക്കോ തിരിച്ചുപോകുമെന്ന്‌ കമ്പനികൾ പ്രചരിപ്പിക്കുന്നത്‌.

ഇതുവരെ വിശദീകരിച്ചതിന്റെയർത്ഥം ഇതാണ്‌. തീരപ്രദേശത്ത്‌ നിന്നുള്ള മണൽ ഖനനം തീരം മുഴുവൻ നശിപ്പിക്കുകയും കടൽ കരയിലേക്ക്‌ കയറിവരാൻ കാരണമാകുകയും ചെയ്യും. നിർദ്ദിഷ്‌ട പദ്ധതി പ്രദേശം വിസ്‌തൃതി വളരെ കുറഞ്ഞ പ്രദേശമാണ്‌ എന്ന്‌ നേരത്തെ പറഞ്ഞു. ഇപ്പോൾ തന്നെ രൂക്ഷമായ കടലാക്രമണവും തീരമൊലിച്ചുപോകലും നിലനിൽക്കുന്ന ഈ പ്രദേശത്ത്‌ ഖനനം കൂടുതൽ പ്രതിസന്ധിയുണ്ടാക്കും. 50-100 മീറ്റർ ദൂരം കടൽ കരയിലേയ്‌ക്ക്‌ വന്നാൽ കടലും കായംകുളം കായലും തമ്മിൽ സന്ധിക്കുകയും കടൽ കായലിന്റെ കിഴക്കേ കരയിലേക്ക്‌ നീങ്ങുകയും ചെയ്യാം. പദ്ധതി പ്രദേശവും പരിസരവും പൂർണ്ണമായി കടലിൽ മുങ്ങുകയായിരിക്കും ഇതിന്റെ ഫലം.

ഖനനം സൃഷ്‌ടിക്കുന്ന സാമൂഹിക പ്രശ്‌നം

മേൽവിവരിച്ചത്‌ ദീർഘകാലാടിസ്ഥാനത്തിൽ നടക്കുന്ന വലിയ ഒരപകടമാണ്‌. എന്നാൽ ഈ പ്രക്രിയയുടെ തുടക്കത്തിൽ അതൊരു സാമൂഹ്യ പ്രശ്‌നത്തിന്‌ വഴിവയ്‌ക്കും. തൃക്കുന്നപ്പുഴ ആറാട്ടുപ്പുഴ പഞ്ചായത്തുകളിലായി ആകെ 24 കി.മി. കടൽ തീരമാണുള്ളത്‌. ഏതാണ്ട്‌ പകുതി വീതം ഒരോ പഞ്ചായത്തിനും. രണ്ട്‌ പ്രദേശത്തേയും പരമ്പരാഗത തൊഴിൽ മേഖല മത്സ്യ ബന്ധനമാണ്‌. തൃക്കുന്നപുഴയിലെ ആകെ ജനസംഖ്യയുടെ 30%വും ആറാട്ടുപുഴയിലെ 50%വും ജനങ്ങൾ മത്സ്യമേഖലയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നുവെന്നാണ്‌ ഈ പഞ്ചായത്തുകളുടെ വികസനരേഖകൾ (1996) സാക്ഷ്യപ്പെടുത്തുന്നത്‌. ഈ രണ്ട്‌ പഞ്ചായത്തുകളിലായി രണ്ട്‌ മത്സ്യഗ്രാമങ്ങളുണ്ട്‌. തൃക്കുന്നപ്പുഴയിലെ രണ്ട്‌ വാർഡുകളും ആറാട്ടുപുഴ പഞ്ചായത്ത്‌ മുഴുവനും ഉൾപ്പെടുന്ന കള്ളിക്കാട്‌ മത്സ്യഗ്രാമത്തിൽ 4695 മത്സ്യതൊഴിലാളികളുണ്ട്‌. അതിന്റെ അനുബന്ധ മേഖലകളിൽ 329 പേർ തൊഴിൽ ചെയ്യുന്നു. തൃക്കുന്നപ്പുഴയുടെ മറ്റ്‌ ഭാഗങ്ങളും പുന്നപ്ര പഞ്ചായത്ത്‌ പ്രദേശങ്ങളും ചേർന്ന തോട്ടപ്പള്ളി മത്സ്യ ഗ്രാമത്തിൽ 4000 ൽ അധികം തൊഴിലാളികളുണ്ട്‌. (മത്സ്യ തൊഴിലാളി ക്ഷേമനിധി രേഖകൾ). ഈ പ്രദേശത്തെ മത്സ്യ തൊഴിലാളികൾ ആകെ ചേർന്നാൽ ആലപ്പുഴ ജില്ലയിലെ ആകെ മത്സ്യതൊഴിലാളി കുടുംബങ്ങളിലെ സ്‌ത്രീ പുരുഷ എണ്ണത്തിന്റെ 13% - 15% വരും

പട്ടിക 4 ആലപ്പുഴ ജില്ലയിലെ സമുദ്ര മത്സ്യതൊഴിലാളി ജനസംഖ്യ സ്‌ത്രീകൾ പുരുഷന്മാർ കുട്ടികൾ ആകെ കുട്ടികളെ ഒഴിവാക്കിയാൽ ആകെ മത്സ്യതൊഴിലാളി 33743348874347311204368630


ജനസംഖ്യ

കള്ളിക്കാട്‌ തോട്ടപ്പള്ളി (തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, പുന്നപ്ര പഞ്ചായത്തുകൾ മത്സ്യ ഗ്രാമങ്ങളിലായി 10,000 ൽ താഴെ മത്സ്യതൊഴിലാളികൾ മാത്രമുണ്ട്‌. ഏതാണ്ട്‌ 1/6 ഭാഗം ഇവിടുത്തെ മൊത്തെ മത്സ്യതൊഴിലാളി ജനസംഖ്യ 20,000 വരും. ആലപ്പുഴ ജില്ലയിലെ മത്സ്യ തൊഴിലാളി ജനസംഖ്യ 1/3 ഭാഗം.)

ഇവരുടെ തൊഴിലിടത്തിലേയ്‌ക്കാണ്‌ മണൽ വ്യവസായം കടന്നുവരുന്നത്‌. 10000 ൽ കൂടുതൽ വരുന്ന ഇവരുടെ കുടുംബാംഗങ്ങളെയാകെ ചേർത്താൽ ഏതാണ്ട്‌ 20,000 ത്തിന്‌ മുകളിൽ ജനങ്ങളുടെ ജീവിതമാർഗമാണ്‌ പുതിയ വ്യവസായം തകർക്കുന്നത്‌. പകരം കിട്ടുന്നത് 300 പേർക്ക്‌ തൊഴിലും. പുതിയ തൊഴിൽ നയം അനുസരിച്ച്‌ ഈ 300 പേർ സ്ഥലവാസികൾ ആയിക്കൊള്ളണമെന്നില്ലതാനും. മത്സ്യതൊഴിലാളി കുടുംബാംഗങ്ങളുടെ സാമ്പത്തിക സ്ഥിതി കടലിൽ പോകുന്ന പുരുഷ തൊഴിലാളികളെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്‌. ഈ തൊഴിലിന്‌ ഭംഗം നേരിടുന്നത്‌ വളരെ വ്യാപകമായ ദുരന്തങ്ങൾ വരുത്തിവയ്‌ക്കുമെന്നതിൽ സംശയമില്ല. ഇത്‌ മാത്രമല്ല മറ്റൊരു പ്രധാന പ്രശ്‌നം കൂടിയുണ്ട്‌. ജൂലൈ മുതൽ നവംബർ വരെ 5 മാസക്കാലങ്ങളിൽ മത്സ്യം കൂടുതലായി ലഭിക്കുന്നത്‌ മൂലം കുറഞ്ഞവില മാത്രമേ ലഭിക്കുന്നുള്ളു. ഈ അവസരങ്ങളിൽ ചില പ്രത്യേക മത്സ്യങ്ങൾക്ക്‌ വിപണി ലഭിക്കാത്തതിനാൽ മത്സ്യം ഗ്രാമങ്ങളിൽ തന്നെ ഉണക്കുന്ന സ്ഥിതി വിശേഷമുണ്ട്‌. (വികസനരേഖ തൃക്കുന്നപ്പുഴ പഞ്ചായത്ത്‌) ഇതിനായി കടൽ തീരം പൂർണ്ണമായും പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ നിയന്ത്രണത്തിൽ ഉണ്ടായിരിക്കേണ്ടത്‌ ആവശ്യമാണ്‌. ഖനനം തുടങ്ങുമ്പോൾ തന്നെ ഈ സ്ഥിതി തകർക്കപ്പെടാനിടയുണ്ട്‌.

മറ്റ്‌ ചില സാമൂഹ്യ പ്രശ്‌നങ്ങൾകൂടി

വളരെ കടുത്ത ദാരിദ്ര്യം നിലനിൽക്കുന്ന പ്രദേശമാണ്‌ ഈ മത്സ്യ തൊഴിലാളി മേഖല. 1987 തൊട്ടു ഡിസംബർ മുതൽ മെയ്‌ വരെയുള്ള മാസങ്ങളിൽ സാമ്പത്തിക പ്രയാസങ്ങൾ ഉച്ചസ്ഥായിയിലാകുന്നു. 1980 ൽ മത്സ്യതൊഴിലാളി ഭവന നിർമാണത്തിന്‌ അനുവദിച്ച വായ്‌പ 1996 വരെയായിട്ടും അടച്ച്‌ തീർക്കാൻ കഴിയാതിരുന്നവർ തൃക്കുന്നപ്പുഴയിൽ ഉണ്ടായിരുന്നു. ഇപ്പോഴും സ്ഥിതി വളരെയൊന്നും വ്യത്യസ്‌തമല്ല. മത്സ്യബന്ധന ഉപകരണങ്ങളുടെ വിലക്കയറ്റവും വർഷംതോറും മത്സ്യബന്ധന ബോട്ടുകളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവും മത്സ്യഗ്രാമങ്ങളിലെ ജനസാന്ദ്രതയിൽ വരുന്ന വർധനവും എല്ലാം കണക്കിലെടുക്കുമ്പോൾ തൊഴിലാളികളുടെ നില കൂടുതൽ കൂടുതൽ ദുരിതത്തിലേക്കാണ്‌ വീഴുന്നത്‌. സാമ്പത്തിക നയങ്ങളിൽ വരുന്ന മാറ്റം മൂലം ക്ഷേമപ്രവർത്തനങ്ങളിൽ വരുത്തുന്ന വെട്ടിക്കുറയ്‌ക്കൽ ഇവരെ ഇനിയും ദുരിതത്തിലാഴ്‌ത്തിയേക്കാം. ഇപ്പോൾ തന്നെ ജീവിത സുരക്ഷയില്ലായ്‌മ അനുഭവപ്പെടുന്ന തൊഴിലാളികളുടെ തൊഴിൽ സുരക്ഷ കൂടി നഷ്‌ടപ്പെടുകയാവും പുതിയ പദ്ധതികൾ മൂലം സംഭവിക്കുക.

തീരദേശ പരിപാലന നിയമത്തിന്റെ ദൗർബല്യം

മേൽപറഞ്ഞ രീതിയിൽ തീരദേശം മത്സ്യതൊഴിലാളികൾക്ക്‌ മാത്രമായി ലഭിക്കുന്ന രീതിയിലാണ്‌ തീരദേശപരിപാലന നിയമം ആദ്യം വിഭാവനം ചെയ്‌തിരുന്നത്‌. പരമ്പരാഗത തൊഴിലാളികളുടെ തൊഴിലിനും അനുബന്ധ പ്രവർത്തനങ്ങൾക്കും പാർപ്പിടാവശ്യത്തിനും മാത്രമായി തീരദേശം പരിമിതപ്പെടുത്തിയിരുന്നു. മറ്റെല്ലാ പ്രവർത്തനങ്ങളും ഇവിടെ നിരോധിക്കുകയും വേണ്ടിയിരുന്നു. എന്നാൽ തീരദേശ നിയന്ത്രണ മേഖലകൾ വിജ്ഞാപനം ചെയ്‌തപ്പോൾ (Coastal Regulation Zone Notification) ധാതുമണൽ ഖനനം ഒഴികെയുള്ള നിർമാണ വ്യവസായിക പ്രവർത്തനങ്ങൾ മാത്രമേ തീരദേശത്ത്‌ നിരോധിച്ചുള്ളൂ എന്നതിനാലും തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തീരദേശ പ്രദേശങ്ങൾ CRZ-I ൽ ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കാതിരുന്നതു മൂലവുമാണ്‌ ഇപ്പോഴത്തെ പദ്ധതികൾക്ക്‌ നിയമ സാധുതയുണ്ടായത്‌. ഇത്‌ പരിഹരിക്കേണ്ടത്‌.

കടൽ തീരം ഒറ്റ നോട്ടത്തിൽ

തൃക്കുന്നപ്പുഴയിലേയും ആറാട്ടുപ്പുഴയിലേയും കടൽത്തീരം അങ്ങേയറ്റം അപകടകരമായ സ്ഥിതിയിലാണ്‌. കരിങ്കല്ല്‌ അടുക്കി നിർമ്മിച്ചിരിക്കുന്ന കടൽ ഭിത്തി 90% തകർന്ന്‌ കഴിഞ്ഞിട്ടുണ്ട്‌. നീണ്ടകര ഭാഗത്തെ കടൽ ഭിത്തി തകർന്നതിന്റെ പ്രധാന കാരണം ഖനനമാണ്‌. കടൽ ഭിത്തി നിലനില്‌ക്കുന്ന പദ്ധതി പ്രദേശത്ത്‌ പോലും ഭിത്തിക്കു മുകളിലൂടെ തിരമാലകൾ ഉയർന്ന്‌ കയറി കരയിൽ നിന്ന്‌ മണൽ ഒഴുക്കിക്കൊണ്ട്‌ പോകുന്നു. ഭിത്തിയുടെ കരിങ്കല്ലുകൾക്കിടയിലൂടെ പുറത്ത്‌ പോകുന്ന ഈ മണൽ ഭിത്തി തടസ്സമായത്‌ മൂലം തിരികെ നിക്ഷേപിക്കപ്പെടുകയില്ല. ആറാട്ടുപുഴ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തിരമാലകൾ കടൽഭിത്തിയും തീരവും റോഡും കടന്ന്‌ വീട്ടുമുറ്റങ്ങളിൽ എത്തിക്കഴിഞ്ഞു. ഇവിടെ റോഡ്‌ ഏതാണ്ട്‌ പൂർണ്ണമായി തകർന്നിരിക്കുകയാണ്‌. ജൂൺ മുതൽ ഒക്‌ടോബർ വരെ എല്ലാവർഷവും കടലാക്രമണം രൂക്ഷമാകുന്നു. ഇത്തരം ഒരു പ്രദേശത്താണ്‌ 84 ഹെക്‌ടർ സ്ഥലത്ത്‌ മണൽ ഖനനത്തിനുള്ള പദ്ധതി തയ്യാറായിരിക്കുന്നത്‌. ഭൂമിയുടെ നിലവിലുള്ള ഘടന തകരുമെന്നും മുഴുവൻ ജനങ്ങക്കും ഇത്‌ ദുരിതം വരുത്തിവയ്‌ക്കുമെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ?

എന്തുചെയ്യണം?

1. മണൽ ഖനനം സൃഷ്‌ടിക്കുന്ന പാരിസ്ഥിതിക സാമൂഹ്യ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത്‌ ഈ പ്രദേശത്തെ മണൽ ഖനന പദ്ധതി ഉടനടി നിർത്തിവയ്‌ക്കണം.

2. തീരദേശത്ത്‌ ധാതുമണൽ ഖനനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിരോധിക്കത്തക്കവണ്ണം തീരദേശ പരിപാലന നിയമത്തിൽ മാറ്റം വരുത്തണം.

3. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളെ CRZ-I ൽ ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കണം.

4. ധാതുമണൽ അണുശക്തി വ്യവസായത്തിന്‌ കൂടി ഉപയോഗിക്കപ്പെടാമെന്നതിനാൽ രാജ്യരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത്‌ ഈ തീരമേഖല സംരക്ഷിക്കണം.


box matter

വസ്‌തുതകൾ മറച്ച് വയ്‌ക്കുന്നതിന്‌ ഒരു ഉദാഹരണം

CRMLന്റെ പ്രവർത്തനത്തെക്കുറിച്ച്‌ ശ്രീ.പി.സി. ജോർജ്‌ എം.എൽ.എ. ചില ആരോപണങ്ങൾ ഉന്നയിച്ചു. അതിൽ ഒന്ന്‌ ഖജനാവിലേക്ക്‌ ലീസ്‌ അപ്ലിക്കേഷൻഫീസും റോയൽറ്റി 25 രൂപയും മാത്രമേ ഇതിന്‌ കിട്ടുകയുള്ള എന്നാതായിരുന്നു

കമ്പനി നല്‌കിയ മറുപടി

? റോയൽറ്റി 25 രൂപാ മാത്രമാണെന്ന പ്രസ്‌താവന തെറ്റിദ്ധാരണാജനകമാണ്‌. ആയത്‌ കാലാകാലങ്ങളിൽ നിശ്ചയിക്കാൻ കേന്ദ്ര സർക്കാറിന്‌ അധികാരമുള്ളതും അങ്ങനെ നടപ്പാക്കാറുള്ളതുമാണ്‌. ഇന്ത്യാ ഗവൺമെന്റ്‌ നിശ്ചയിച്ചിരിക്കുന്ന റോയൽറ്റി മാത്രമാണ്‌ ഇതിൽ നിന്ന്‌ സ്റ്റേറ്റ്‌ ഗവണ്മെന്റിനുള്ള വരുമാനം. ഇങ്ങനെ ഒരു പ്രോജക്‌ട്‌ കേരളത്തിൽ വരുമ്പോൾ പുതുതായി ഉണ്ടാകുന്ന തൊഴിൽ അവസരങ്ങൾ അതിൽ നിന്നും ഉണ്ടാകുന്ന സാമൂഹ്യ സാമ്പത്തിക വളർച്ച എന്നിവയ്‌ക്കു നേരെ കണ്ണടയ്‌ക്കുകയാണോ ?? (Reply to Mr. P.C.George - Critcism - കമ്പനിയുടെ പത്രക്കുറിപ്പ്‌)

നിലവിൽ റോയൽറ്റി എത്രയാണെന്നോ സ്റ്റേറ്റ്‌ ഗവൺമെന്റിന്റെ വരുമാനം എത്രയാകുമെന്നോ മറുപടിയിൽ പറയുന്നില്ലെന്ന്‌ ശ്രദ്ധിക്കുക. യഥാർത്ഥത്തിൽ അത്‌ വില്‌പന വിലയുടെ 2% ആണ്‌. റോയൽറ്റി ടണ്ണിന്‌ 60-65 രൂപവന്നേക്കാം. മറ്റ്‌ കാര്യങ്ങളൊക്കെ വെറും വാചകാഭ്യാസം മാത്രമാണ്‌.