ഭക്ഷ്യസുരക്ഷ : കൃഷിയും മാലിന്യപരിപാലനവും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്



ഭക്ഷ്യസുരക്ഷ : കൃഷിയും മാലിന്യപരിപാലനവും
Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വികസനം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ജനുവരി, 2014

വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട്‌ വിപുലമായ പ്രചാരണപ്രവർത്തനങ്ങൾ 2011-ലാണ്‌ പരിഷത്ത്‌ ആരംഭി ച്ചത്‌. വ്യത്യസ്‌ത വിഷയങ്ങളെ ആസ്‌പദമാക്കി അതത്‌ രംഗത്തെ വിദഗ്‌ധരെ പങ്കെടുപ്പിച്ചുകൊണ്ട്‌ നടത്തിയ ശിൽപശാലകളും സെമിനാറുകളും, കലാജാഥകൾ, സംസ്ഥാനതല പദയാത്രകൾ ഇതൊക്കെ ഇതിന്റെ ഭാഗമായിരുന്നു. തുടർന്ന്‌ പ്രാദേശികപഠനങ്ങളിലൂടെ ജനപക്ഷവികസനബദലുകൾ രൂപപ്പെടുത്താനുള്ള ശ്രമങ്ങൾക്കും തുടക്കം കുറിച്ചു.

ഇത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയും വളർച്ചയുമായിരുന്നു പരിഷത്ത്‌ നടത്തിയ വികസനസംഗമങ്ങളും വികസനകോൺഗ്രസും. പുതിയ കേരളത്തെക്കുറിച്ചുള്ള സങ്കൽപനങ്ങൾക്കും സമീപനങ്ങൾക്കും വ്യക്തത വരുത്താനും മൂർത്തമായ നിർദ്ദേശങ്ങൾക്ക്‌ രൂപം നൽകാനും സഹായകമായ ആഴത്തിലുള്ള ചർച്ചകളും സംവാദങ്ങ ളുമാണ്‌ ഇവിടെയെല്ലാം നടന്നത്‌.

നവകേരളനിർമിതി ലളിതമോ സുഗമമോ ആയ കാര്യമല്ലെന്ന്‌ നമുക്കറിയാം. കേരളത്തിന്റെ പുരോഗതിയിൽ നിർണായകസ്വാധീനം ചെലുത്തിയ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, വികേന്ദ്രീകരണം തുടങ്ങിയ എല്ലാ മേഖലകളിലും പ്രതിലോമപരമായ പ്രവർത്തനങ്ങൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്‌.

ഈ മാറ്റങ്ങളുടെ പിറകിൽ നമ്മുടെ ആഭ്യന്തരപരിമിതികളും നവലിബറൽനയങ്ങൾ സൃഷ്‌ടിക്കുന്ന പ്രതിസന്ധികളുമുണ്ട്‌. അഴിമതിയും അധികാരദുർവിനിയോഗവും സാമൂഹിക-സാംസ്‌കാരിക തകർച്ചയും ഭീകരമായി വർധിച്ചിരിക്കുന്നു. ഇവയ്‌ക്കെതിരെ ഒന്നിച്ചണിനിരക്കേണ്ട ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച്‌ ദുർബലരാക്കാനും തീവ്രമായ മാധ്യമപ്രചാരണങ്ങളിലൂടെ ഉപഭോഗാസക്തരും കർമവിമുഖരും ആക്കിമാറ്റാനുമുള്ള ശ്രമങ്ങൾ പൂർവാധികം ശക്തിയോടെ തുടരുകയാണ്‌.

ഈ സാഹചര്യത്തിലാണ്‌ സമൂഹം നേരിടുന്ന യഥാർഥപ്രശ്‌ന ങ്ങളിലേക്ക്‌ ജനശ്രദ്ധയാകർഷിക്കുന്നതിനും സർഗാത്മകമായ സംവാദങ്ങൾ വളർത്തിയെടുക്കുന്നതിനും വേണ്ടി വിപുലമായൊരു ബഹു ജനവിദ്യാഭ്യാസപരിപാടിക്ക്‌ പരിഷത്ത്‌ ആരംഭം കുറിക്കുന്നത്‌. ബഹുജനങ്ങളെ ബാധിക്കുന്ന ഏതൊരു കാര്യവും വിവാദമായിമാറ്റി അതിനെ തമസ്‌കരിക്കുകയോ തിരസ്‌കരിക്കുകയോ ലഘൂകരിക്കുകയോ ചെയ്യാനുള്ള സംഘടിതപ്രയത്‌നങ്ങൾ വിവിധ കോണുകളിൽനിന്ന്‌ ഉണ്ടാകുന്നതിന്‌ നാം നിത്യേന സാക്ഷികളാവുകയാണ്‌. ഇവിടെയാണ്‌ ജനങ്ങളുടെ സാമാന്യബോധത്തെ ശാസ്‌ത്രബോധമാക്കി മാറ്റാനുള്ള ജനകീയസംവാദങ്ങളുടെ പ്രസക്തിയും പ്രാധാന്യ വും. ഈ സംവാദങ്ങൾ, ശ്രീനാരായണഗുരു പറഞ്ഞതുപോലെ, വാദിക്കാനും ജയിക്കാനുമുള്ളതല്ല; അറിയാനും അറിയിക്കാനും വേണ്ടിയുള്ളതാണ്‌. ജനാധിപത്യബോധത്തിന്റെയും ശാസ്‌ത്രസംസ്‌കാര ത്തിന്റെയും അന്തഃസത്തയാണ്‌ സംവാദാത്മകത എന്ന ബോധ്യത്തോടെ, വേണം മറ്റൊരു കേരളം മറ്റൊരിന്ത്യയ്‌ക്കായി എന്ന വിശാലകാഴ്‌ചപ്പാടോടെ സംഘടിപ്പിച്ചിട്ടുള്ള ജനസംവാദയാത്ര ദേശീയതലത്തിൽ നടത്തുന്ന ദശലക്ഷം സംവാദങ്ങളുടെ പ്രാരംഭം കൂടിയാണ്‌.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌

ആമുഖം

കേരളത്തിലെ കാർഷികരംഗം തകർച്ചയിലാണ്‌. കൃഷിഭൂമിയുടെ വിസ്‌തൃതി കുറയുന്നു. കാർഷികരംഗത്ത്‌ പണിയെടുക്കുന്നവർ - കർഷകരും കർഷകത്തൊഴിലാളികളും - കൃഷി ഉപേക്ഷിക്കുന്നു. കാർഷികമേഖലയിൽ നിന്നുള്ള മൊത്തവരുമാനം ഗണ്യമായി കുറഞ്ഞിരിക്കുന്നു. കർഷകരുടെ ആത്മഹത്യ ഒരു നിത്യസംഭവമായി രിക്കുന്നു. കാർഷിക ഉൽപന്നങ്ങളുടെ ലഭ്യത കുറയുന്നു. നിത്യേനയെന്നോണം ഇവയുടെ വിലവർദ്ധിക്കുന്നു. ഇതിലൊരു വൈരുദ്ധ്യ മുണ്ട്‌. ഉൽപന്നങ്ങൾക്ക്‌ ആവശ്യക്കാർ ഏറുകയും വില വർധിക്കുകയും ചെയ്യുമ്പോൾ ഉൽപാദനം വർധിക്കുമെന്നാണ്‌ വിപണിയുടെ നിയമം. എന്നിട്ടും കർഷകർ ഉൽപാദനം നിർത്തുകയാണ്‌. ഈ വൈരുദ്ധ്യമാണ്‌ പരിശോധിക്കപ്പെടേണ്ടത്‌. ഇത്‌ കേരളത്തിലെ മാത്രം സ്ഥിതിയല്ല. കാർഷികപ്രധാനമായ മറ്റ്‌ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇത്‌ തന്നെയാണ്‌ സ്ഥിതി. മഹാരാഷ്‌ട്ര, ആന്ധ്രപ്രദേശ്‌, കർണാടക, മധ്യപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങൾ കർഷക ആത്മഹത്യക്ക്‌ കുപ്രസിദ്ധി നേടിക്കഴിഞ്ഞിരിക്കുന്നു. ഏഷ്യയിലെയും ആഫ്രിക്ക യിലെയും തെക്കേഅമേരിക്കൻ രാജ്യങ്ങളിലെയും കർഷകസമൂഹ ങ്ങളുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. കാർഷികമേഖലയുടെ തകർച്ചക്കുള്ള കാരണങ്ങൾ ഗൗരവമായ പരിഗണന അർഹിക്കുന്നു.

കൃഷി ലാഭകരമല്ല

കേരളത്തിന്റെ കാർഷികമേഖലയെ നെല്ല്‌, തെങ്ങ്‌ എന്നിവയുമായി ബന്ധപ്പെട്ട പരമ്പരാഗത കാർഷികമേഖലയെന്നും വാണിജ്യവിളകളുമായി ബന്ധപ്പെട്ട മേഖലയെന്നും തരംതിരിക്കാവുന്നതാണ്‌. വാണിജ്യവിളകളിൽ ചിലവ വിപണിയുമായി ബന്ധപ്പെട്ട ചാഞ്ചാട്ടങ്ങൾക്ക്‌ വിധേയമാണെങ്കിലും ലാഭകരമാണെന്ന്‌ കണക്കാക്കപ്പെടുന്നുണ്ട്‌. എന്നാൽ മഹാഭൂരിപക്ഷം കർഷകരെയും കൃഷിഭൂമിയെയും ഭക്ഷ്യസുരക്ഷയെയും ബാധിക്കുന്ന കാർഷികമേഖല ലാഭകരമല്ല എന്ന താണ്‌ വാസ്‌തവം. ഇതുമൂലം കൃഷിഭൂമി തരിശിടുന്നതും നികത്തിയെടുക്കുന്നതും റിയൽ എസ്റ്റേറ്റ്‌ കച്ചവടക്കാർക്ക്‌ വിൽക്കുന്നതും സംസ്ഥാനത്താകെ പതിവുസംഭവമായിരിക്കുകയാണ്‌.

റിയൽഎസ്റ്റേറ്റ്‌ സ്വാധീനം

കൃഷിഭൂമി വാണിജ്യ ആവശ്യങ്ങൾക്ക്‌ കൈമാറപ്പെടുന്നതിന്റെ പ്രധാനകാരണം ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ടതാണ്‌. കൃഷിഭൂമിയുടെ ഉടമസ്ഥരിൽ നല്ലൊരു വിഭാഗത്തിന്റെയും മുഖ്യവരുമാനം കൃഷിയിൽ നിന്നല്ല. അതായത്‌ അവർ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരല്ല. അതുകൊണ്ട്‌ കൃഷിഭൂമികയ്യൊഴിയുന്നതിൽ ഇക്കൂട്ടർക്ക്‌ ലാഭചിന്ത മാത്രമേ ഉള്ളൂ. ഇതാണ്‌ റിയൽ എസ്റ്റേറ്റുകാർക്ക്‌ മുതലെ ടുക്കാൻ കഴിയുന്നത്‌. നെൽവയലുകൾ നികത്തി അപ്പാർട്ടുമെന്റുകളും മാളുകളും കൺവെൻഷൻ സെന്ററുകളും സ്വാശ്രയ പ്രൊഫഷണൽ സ്ഥാപനങ്ങളും വിമാനത്താവളങ്ങളും നിർമിക്കുന്ന വികസനവ്യവസായം ഭക്ഷ്യസ്വയംപര്യാപ്‌തതയെയും പരിസ്ഥിതിയെയും അപകടപ്പെടുത്തുന്നു. കാർഷികമേഖലയെ തകർക്കുന്നു. ഭൂമിയെ ഉൽപാദന ഉപാധിയെന്ന അവസ്ഥയിൽ നിന്ന്‌ നിക്ഷേപ ആസ്‌തിയാക്കി മാറ്റുകയാണ്‌ റിയൽ എസ്റ്റേറ്റുകാർ ചെയ്യുന്നത്‌.

വാണിജ്യവിളകളിലേക്കുള്ള മാറ്റം

കയറ്റുമതിയെയും വിപണിയെയും മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള വിളകൾ പ്രാദേശികസമൂഹത്തിന്റെ ഭക്ഷ്യസുരക്ഷയെ അപകടപ്പെടുത്തുന്നു. കേരളത്തിൽ 1970കളിൽ 7 ലക്ഷത്തിലേറെ ഹെക്‌ടറിൽ നെൽകൃഷി ഉണ്ടായിരുന്നത്‌ ഇപ്പോൾ 2.5 ലക്ഷം ഹെക്‌ടറിൽ താഴെ ആയിരിക്കുന്നു. ഇതിൽ സിംഹഭാഗവും റബ്ബറും മറ്റ്‌ വാണിജ്യവിളകളും കൃഷി ചെയ്യുന്നതിനായി മാറ്റിയെടുത്ത നെൽപാടങ്ങളാണ്‌. വാഴത്തോട്ടങ്ങളായി മാറിയ നെൽപാടങ്ങളും കുറവല്ല. പ്രാദേശിക സമൂഹത്തിന്റെ ഭക്ഷ്യധാന്യലഭ്യത കുറക്കുകയാണ്‌ വാണിജ്യവിള കളിലേക്കുള്ള മാറ്റം എന്ന സത്യം അംഗീകരിക്കാതിരിക്കാൻ കഴിയുകയില്ല (വിദേശനാണ്യവരുമാനം ലഭിക്കുന്നുണ്ടെങ്കിലും). നെൽകൃഷി ലാഭകരമല്ല എന്ന കാരണത്താലാണ്‌ നെൽപ്പാടങ്ങളെ ഇത്തരത്തിൽ രൂപാന്തരപ്പെടുത്തുന്നത്‌.

കേരളത്തിൽ നെൽകൃഷി ആവശ്യമില്ലെന്ന വാദം

കേരളീയന്റെ മുഖ്യഭക്ഷണമാണ്‌ അരി. അരിയുടെ വിലയാണെങ്കിൽ സർവകാലത്തെയും ഉയർന്ന നിലയിലെത്തിയിരിക്കുന്നു. കേരളത്തിൽ നെൽകൃഷി ആവശ്യമില്ലെന്ന പ്ലാനിങ്‌ കമ്മീഷൻ ഉപാധ്യക്ഷൻ മോണ്ടേക്‌ സിങ്‌ അലുവാലിയ ഏതാനും മാസങ്ങൾക്കുമുമ്പ്‌ നടത്തിയ പ്രസ്‌താവന നമുക്കോർമയുണ്ട്‌. ഉള്ള നെൽവയലുകളെല്ലാം നികത്തി വ്യാപാരസമുച്ചയങ്ങൾ നിർമിക്കാൻ എമർജിങ്‌ കേരള പോലുള്ള നിക്ഷേപസംഗമങ്ങളിൽ പ്രോജക്‌ടുകൾ തയ്യാറാക്കുന്ന തിനിടയിലായിരുന്നു ഇത്തരം പ്രസ്‌താവന. മുഴുവൻ ഭൂമിയും കൊത്തിവിഴുങ്ങാൻ തയ്യാറെടുക്കുന്ന ഭൂമാഫിയക്ക്‌ പിന്തുണ നൽകുന്നതാണ്‌ ഇത്തരം നയങ്ങളും സമീപനങ്ങളും. കേരളീയരുടെ വരുമാനം കൂടുതലാണെന്നും അവർ ലഭ്യമായ സ്ഥലത്തുനിന്ന്‌ വില കൊടുത്ത്‌ അരി വാങ്ങാൻ ശേഷിയുള്ളവരാണെന്നുമുള്ള വിശദീകരണവും ഇതിനെത്തുടർന്നുണ്ടായി. എന്താണ്‌ ഭക്ഷ്യധാന്യരംഗത്തെ ഇന്ത്യയിലെ അവസ്ഥ? അരികയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ്‌ ഇന്ത്യ. എന്നാൽ പ്രാദേശികവിപണിയിൽ ഒരു കാലത്തുമില്ലാത്ത വിലക്കയറ്റമാണ്‌ അനുഭവപ്പെടുന്നത്‌. ദുർബലജനവിഭാഗങ്ങൾ ഭക്ഷ്യധാന്യ ദൗർലഭ്യത്താൽ കഷ്‌ടപ്പെടുന്നു. ഈ അവസരത്തിൽ നെൽ കൃഷി ആവശ്യമില്ലെന്നുകൂടി പ്രസ്‌താവിക്കുന്നത്‌ മുറിവിൽ മുളകു തേയ്‌ക്കുന്നതിനു സമാനമാണ്‌, ദേശീയതലത്തിലുള്ള നയവൈകല്യത്തിന്‌ ഉത്തമ ഉദാഹരണവും.

നഗരവൽക്കരണത്തിന്റെ സ്വാധീനം

കൃഷിഭൂമി നിർമാണാവശ്യങ്ങൾക്ക്‌ കൂടുതലായി ഉപയോഗിക്ക പ്പെടുന്നതിൽ കേരളത്തിന്റെ നഗരവൽക്കരണത്തിന്‌ നിർണായകമായ പങ്കുണ്ട്‌. 2001ലെയും 2011ലെയും സെൻസസുകൾക്കിടയിൽ കേരളത്തിൽ നഗരവൽക്കരണത്തിൽ ഒരു കുതിച്ചുചാട്ടമാണ്‌ ദൃശ്യമായത്‌. നഗരജനസംഖ്യ 26 ശതമാനത്തിൽ നിന്ന്‌ 47.1 ശതമാനമായി വർ ദ്ധിച്ചു. നഗരങ്ങളിലെ ജനസംഖ്യ വർധിച്ചതുകൊണ്ടല്ല, ഗ്രാമപ്രദേശങ്ങൾ നഗരങ്ങളായി രൂപാന്തരപ്പെട്ടതുകൊണ്ട്‌. സെൻസസ്‌ നഗരങ്ങൾ 2001ലെ 99ൽ നിന്ന്‌ 2011ൽ 461 ആയി ഉയർന്നു. ഗ്രാമങ്ങൾ നഗരങ്ങളായി മാറിയത്‌ കൃഷിയിടങ്ങളെ പാർപ്പിടസമുച്ഛയങ്ങളും വാണിജ്യകേന്ദ്രങ്ങളുമാക്കി മാറ്റിയും, അവക്കനുസൃതമായ പശ്ചാത്തലസംവിധാനങ്ങൾ രൂപപ്പെടുത്തിയുമായിരുന്നു. കോഴിക്കോട്‌, തൃശൂർ, മലപ്പുറം ജില്ലകളിലെ നഗരവൽക്കരണം പരിശോധിച്ചാൽ നാഗരിക സൗകര്യങ്ങളുടെ വർധനവും കാർഷികമേഖലയുടെ തകർച്ചയും തമ്മിലുള്ള ബന്ധം വ്യക്തമാകും. കർഷകത്തൊഴിലാളികൾ കൂടുതൽ കൂലി ലഭിക്കുന്ന നിർമാണമേഖലയിലേക്കു മാറുന്നതും അതിന്റെ ഫലമായി അവശേഷിക്കുന്ന കൃഷിഭൂമിയും തരിശായി കിടക്കേണ്ടി വരുന്ന സ്ഥിതിയും കേരളത്തിൽ എവിടെയും ദൃശ്യമാണ്‌.

കാർഷികമേഖലയിൽ നിന്നുള്ള വരുമാനം

ഈ മാറ്റങ്ങളുടെ ഫലമായാണ്‌ കാർഷികമേഖല സാമ്പത്തിക പരിഗണനകളിൽ അപ്രധാനമായത്‌. പ്രാഥമികമേഖലയായ കൃഷി യിൽ നിന്ന്‌ സംസ്ഥാനത്തിന്റെ മൊത്തം ആന്തരികഉൽപാദനത്തി ലേക്കുള്ള പങ്ക്‌ 15 ശതമാനമായി കുറഞ്ഞതായി കണക്കുകൾ കാണിക്കുന്നു. നെൽകൃഷിയുടെ വിളവിസ്‌തീർണവും ഉൽപാദനവും കഴിഞ്ഞ പത്തുവർഷങ്ങളിൽ എത്രമാത്രം വ്യത്യാസപ്പെട്ടു എന്ന്‌ പട്ടികയിൽ കൊടുത്തിരിക്കുന്നു.

കാർഷികമേഖലയിലുണ്ടായ വരുമാനക്കുറവിനും കാർഷികമേഖലയുടെ തകർച്ചക്കും ഇടയാക്കിയ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനല്ല കാർഷികമേഖലയെയും കർഷകരെയും അവഗണിക്കുന്നതിനാണ്‌ ഭരണകൂടം തയ്യാറായത്‌.

കേരളം - നെല്ലുൽപാദനം

വർഷം വിസ്‌തീർണം(ലക്ഷം ഹെക്‌ടർ) ഉൽപാദനം (ലക്ഷം ടൺ) ഉൽപാദനക്ഷമത (കി.ഗ്രാം/ഹെക്‌ടർ)
2002-03 3.11 6.89 2218
2004-05 2.90 6.67 2301
2007-08 2.29 5.28 2308
2010-11 2.12 5.96 2557


വരുമാനത്തിന്റെ 15 ശതമാനമേ ഉൽപാദിപ്പിക്കുന്നുള്ളുവെങ്കിലും ജനസംഖ്യയുടെ 33 ശതമാനം കാർഷികമേഖലയെ ആശ്രയിക്കുന്ന വരാണ്‌. ഇവർ ആകെ അവഗണിക്കപ്പെട്ടു. പരമ്പരാഗത കാർഷിക മേഖലയിൽ നിന്ന്‌ കർഷകരെ പിൻവലിയാൻ പ്രേരിപ്പിക്കുന്നതായിരുന്നു ഭരണകൂടനടപടികൾ.

(A) കൃഷിച്ചെലവ്‌ വർധിച്ചു

1.യൂറിയ ഉൾപ്പെടെയുള്ള വളങ്ങൾക്ക്‌ വില വർധിപ്പിക്കുകയും വളങ്ങളുടെ വിലനിർണയം എടുത്തുകളഞ്ഞ്‌ സ്വകാര്യനിർമാതാക്കൾക്ക്‌ തന്നിഷ്‌ടപ്രകാരം വില വിർധിപ്പിക്കാൻ അവസരം നൽകുകയും ചെയ്‌തത്‌ കൃഷിച്ചെലവ്‌ ഗണ്യമായി വർധിക്കാൻ കാരണമായി.

2.ജീവിതച്ചെലവിലെ വർധനവിനനുസരിച്ച്‌ കൂലി വർധിപ്പിക്കേണ്ടിവന്നത്‌ കൃഷിച്ചെലവിന്റെ വർധനവിനിടയാക്കി.

3.മിതമായ പലിശക്ക്‌ വായ്‌പലഭിക്കാതെ വന്നതുമൂലം ഉയർന്ന പലിശക്ക്‌ കടമെടുക്കേണ്ടിവരികയും പലിശയുടെ അധികബാധ്യത കൃഷിച്ചെലവ്‌ വർധിക്കുന്നതിന്‌ കാരണമാവുകയും ചെയ്‌തു.

(B) തൊഴിലാളികളുടെ ലഭ്യത കുറഞ്ഞു

നഗരങ്ങളിലും ചെറുനഗരങ്ങളിലും നഗരസമാനഗ്രാമങ്ങളിലും വർധിച്ചതോതിൽ ഉണ്ടായ നിർമാണപ്രവർത്തനങ്ങൾ കർഷക ത്തൊഴിലാളികൾ നിർമാണമേഖലയിലേക്ക്‌ മാറാൻ കാരണമായി.

1.നിർമാണമേഖലയിൽ കാർഷികമേഖലയിലേക്കാൾ കൂടുതൽ തൊഴിൽദിനങ്ങൾ ലഭ്യമായിരുന്നു.

2.നിർമാണമേഖലയിൽ കാർഷികമേഖലയിലേക്കാൽ കൂടുതൽ കൂലി ലഭ്യമായിരുന്നു.

3.നിർമാണത്തൊഴിലാളി കർഷകത്തൊഴിലാളിയേക്കാൾ നാഗരികനും അന്തസ്സ്‌ കൂടിയവനുമായി പരിഗണിക്കപ്പെട്ടു.

ഇതിന്റെയെല്ലാം ഫലമായി കാർഷികത്തൊഴിലാളികൾ നിർമാണ മേഖലയിലേക്ക്‌ വൻതോതിൽ മാറുകയും കാർഷികരംഗത്ത്‌ തൊഴിലാളികളുടെ ക്ഷാമം അനുഭവപ്പെടുകയും ചെയ്‌തു. കൊയ്യാനും തെങ്ങുകയറാനും വരെ തൊഴിലാളികളെ ലഭിക്കാതെ വിള നശിക്കുന്ന രംഗങ്ങൾ കേരളത്തിൽ സാധാരണമായി. നാളികേരകർഷകൻ തെങ്ങിന്‌ വളമോ ജലസേചനമോ ചെയ്യാതെ കിട്ടിയതായി എന്ന ചിന്താഗതിയിലെത്തി. നെൽകൃഷിരംഗത്താകട്ടെ കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയുമായി.

സംഭരണസംവിധാനത്തിന്റെ പരിമിതിയും വിപണിയുടെ അനിശ്ചിതത്വവും

കൊയ്‌ത്തുകഴിഞ്ഞ്‌ നെല്ലുണക്കി സൂക്ഷിക്കാനുള്ള സംവിധാനം ഓരോ കർഷകനും ഉണ്ടാവുക അസാധ്യമാണ്‌. വിളവെടുപ്പ്‌ എല്ലായിടത്തും ഒരേസമയത്ത്‌ തന്നെ നടക്കുന്നതുകൊണ്ട്‌ ഉൽപന്നങ്ങൾ വാങ്ങി സൂക്ഷിക്കാൻ വേണ്ട സംവിധാനങ്ങൾ ആവശ്യമായി വരുന്നു. പൊതുമേഖലയിൽ ധാന്യസൂക്ഷിപ്പുസംവിധാനം (വെയർഹൗസു കൾ) ശക്തമാക്കാനും ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ച്‌ സൂക്ഷിക്കാനുമാണ്‌ ഫുഡ്‌ കോർപ്പറേഷൻ ഓഫ്‌ ഇന്ത്യപോലുള്ള സംവിധാനങ്ങൾ രൂപപ്പെടുത്തിയത്‌. സമീപകാലങ്ങളിൽ ഈ സംവിധാനം ശക്തമാകുന്നതിനുപകരം ദുർബലമാകുന്ന കാഴ്‌ചയാണുണ്ടായത്‌. എൺപതുകളിൽ ലോകബാങ്കിന്റെയും നാണയനിധിയുടെയും കാർമികത്വത്തിൽ നടന്ന ഘടനാപരമായ പരിഷ്‌കാരങ്ങളും തൊണ്ണൂറുകളിൽ നടപ്പായ പുത്തൻ സാമ്പത്തികപരിഷ്‌കാരങ്ങളും ഭക്ഷ്യധാന്യസൂക്ഷിപ്പ്‌ പൊതുമേഖല യിൽ നിന്ന്‌ സ്വകാര്യമേഖലയിലേക്ക്‌ മാറ്റുന്നതിനാണ്‌ കാരണമായത്‌. ഫുഡ്‌ കോർപ്പറേഷൻ അടക്കമുള്ള പൊതുസംവിധാനങ്ങൾ കൂടുതൽ സംഭരണശാലകളുണ്ടാക്കിയില്ലെന്നുമാത്രമല്ല നിലവിലുള്ളതിൽ പലതും സ്വകാര്യമേഖലക്ക്‌ പാട്ടത്തിനുനൽകി. സർക്കാരാകട്ടെ സ്വകാര്യമേഖലയിലെ സംഭരണശാലകൾക്ക്‌ വായ്‌പയും സബ്‌സി ഡിയും നൽകുകയും ചെയ്‌തു. കേരളത്തിൽ സർക്കാർ സാമാന്യം മെച്ചപ്പെട്ട സംഭരണവില ഏർപ്പെടുത്തിയെങ്കിലും സംഭരണസംവിധാനം ദുർബലമായതുകൊണ്ട്‌ മുഴുവൻ ഉൽപന്നങ്ങളും യഥാസമയം സംഭരിക്കാനും സംഭരിച്ചതിന്റെ പണം യഥാസമയം നൽകാനും കഴിയാതെ വന്നു. ആലപ്പുഴ, തൃശൂർ, പാലക്കാട്‌ ജില്ലകളിൽ മാത്രമേ നെല്ല്‌ സംഭരിക്കുന്നത്‌ ഗൗരവമായെടുത്തിട്ടുള്ളൂ. പൊതുസംവിധാനങ്ങൾ ദുർബലമായതിനാൽ സ്വകാര്യവ്യാപാരികൾ നൽകുന്ന വിലക്ക്‌ ഉൽ പന്നങ്ങൾ വിറ്റഴിക്കാൻ കർഷകർ നിർബന്ധിതരാകുന്ന സാഹചര്യം നിലനിൽക്കുന്നു. ഇത്‌ കൃഷി ലാഭകരമല്ലാതാക്കുന്നതിന്റെ പ്രധാന ഘടകമാണ്‌. പാമോയിലിനും മറ്റു സസ്യഎണ്ണകൾക്കും ഇറക്കുമതി ചുങ്കം കുറവുചെയ്‌ത്‌ വൻതോതിൽ ഇറക്കുമതി ചെയ്യുന്നതും വളരെ കുറഞ്ഞ വിലക്ക്‌ വിപണിയിൽ ലഭ്യമാക്കുന്നതും കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലക്കുറവിന്‌ കാരണമായിട്ടുണ്ട്‌. കൊപ്ര സംഭരണത്തിന്ന്‌ സർക്കാർ ഏർപ്പെടുത്തുന്ന സംവിധാനങ്ങൾ ഒരിടത്തും എത്തുന്നുമില്ല. ഇവയെല്ലാം ചേർന്ന്‌ നാളികേരളകർഷകർ കാർഷികമേഖലയിൽ നിന്നു പിൻവാങ്ങുന്ന സാഹചര്യം പ്രബലപ്പെടുന്നു.

2008ലെ ഭക്ഷ്യക്ഷാമം

ലോകരാജ്യങ്ങളിലാകെ ഭക്ഷ്യധാന്യങ്ങളുടെ ദൗർലഭ്യം അനുഭവപ്പെടുകയും വിലക്കയറ്റം ഉണ്ടാവുകയും ചെയ്‌തു. വികസ്വരരാജ്യ ങ്ങളിലും പിന്നോക്കരാജ്യങ്ങളിലും ക്ഷാമസമാനമായ സാഹചര്യ മാണ്‌ 2007-2008 കാലഘട്ടത്തിലുണ്ടായത്‌. ആഗോളതലത്തിൽ ഭക്ഷ്യവസ്‌തുക്കളുടെ വില 2005 ജനുവരിക്കും 2008 ജൂണിനും ഇടക്ക്‌ 83 ശതമാനമാണ്‌ വർധിച്ചത്‌. അരിവില 170 ശതമാനവും ഗോതമ്പിന്റെ വില 127 ശതമാനവും വർധിച്ച്‌ വികസ്വരരാജ്യങ്ങളുടെ ഭക്ഷ്യധാന്യ ഇറക്കുമതി ചെലവ്‌ 2006-07ൽ 37 ശതമാനവും 2007-08ൽ 56 ശതമാനവുമാണ്‌ വർധിച്ചത്‌. ഇത്‌ വിലക്കയറ്റത്തിന്റെ കാരണങ്ങളന്വേഷിക്കുന്നതിനും ദേശീയതലത്തിൽ ഭക്ഷ്യസുരക്ഷയെക്കുറിച്ച്‌ ചിന്തിക്കുന്നതിനും കാരണമായി. ഭക്ഷ്യധാന്യവിപണി ലാഭം കൊയ്യാനുള്ള മേഖലയെന്ന്‌ കണ്ട്‌ ബഹുരാഷ്‌ട്രകുത്തകകൾ ഈ മേഖലയിൽ വൻതോതിൽ കടന്നുകയറുന്നതിനും ആഗോളഭക്ഷ്യക്ഷാമം ഇടയാക്കിയിട്ടുണ്ട്‌.

ഭക്ഷ്യദൗർലഭ്യത്തിന്റെ കാരണങ്ങൾ

ഭക്ഷ്യദൗർബല്യത്തിന്റെ കാരണഭക്ഷ്യധാന്യങ്ങളുടെ ഉൽപാദനത്തിൽ കുറവുവരുന്നതിന്‌ നിര വധി കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്‌. അവയിൽ പ്രധാനപ്പെട്ട ചിലവ മാത്രം ഇവിടെ പരിഗണിക്കാം.

(1) ഭക്ഷ്യധാന്യ ഉൽപാദനത്തിലെ വളർച്ച 2000-07 കാലഘട്ടത്തിൽ പ്രതിവർഷം 2.2 ശതമാനത്തിൽ നിന്ന്‌ 1.3 ശതമാനമായി കുറഞ്ഞു. അത്‌ വീണ്ടും കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. വർഷംതോറും 50 ലക്ഷം മുതൽ 100 ലക്ഷം ഹെക്‌ടർ വരെ കൃഷിഭൂമി പാരിസ്ഥിതിക പ്രശ്‌നങ്ങൾ മൂലം നഷ്‌ടമായിക്കൊണ്ടിരിക്കുന്നതായാണ്‌ കണ ക്കാക്കുന്നത്‌. മൂലധനനിക്ഷേപകരും പെൻഷൻ ഫണ്ടുകളും അവധി വ്യാപാരവുമായി ഭക്ഷ്യധാന്യവ്യാപാരരംഗത്ത്‌ പ്രത്യക്ഷപ്പെട്ടതും ഭക്ഷ്യധാന്യലഭ്യതയെ ദോഷകരമായി ബാധിച്ച ഒരു പ്രധാന ഘടകമാണ്‌. യു.എസ്‌ ഹോംഅഫയേഴ്‌സ്‌ കമ്മറ്റി ചരക്കുവിപണിയിലെ വില വർധനവിന്‌ പെൻഷൻ ഫണ്ടുകളെയാണ്‌ കുറ്റപ്പെടുത്തിയത്‌. ഭവനനിർമാണരംഗത്തുണ്ടായ തകർച്ചയെ തുടർന്ന്‌ മൂലധനനിക്ഷേപകർ കൂടുതൽ ലാഭകരവും സുരക്ഷിതവുമായ ഭക്ഷ്യവിപണിയി ലേക്ക്‌ മാറുകയാണുണ്ടായത്‌. ഭക്ഷ്യചരക്കുവിപണിയിൽ ഇക്കൂട്ടർ നടത്തിയ നിക്ഷേപം 2003ലെ 13 ബില്യൺ ഡോളറിൽ നിന്ന്‌ 2008 ആയപ്പോഴേക്ക്‌ 260 ബില്യൺ ഡോളറായി ഉയർന്നു. ഈ നിക്ഷേപം ഭക്ഷ്യധാന്യങ്ങൾ പൂഴ്‌ത്തിവയ്‌ക്കുന്നതിനുപയോഗിച്ചതുകൊണ്ടാണ്‌ വിലക്കയറ്റം രൂക്ഷമായത്‌.

(2) ജൈവ ഇന്ധനങ്ങൾ

ഫോസിൽ ഇന്ധനങ്ങളുടെ ലഭ്യത കുറഞ്ഞുവരുന്നതും നിലവിലുള്ള സ്രോതസ്സുകൾ ദീർഘകാലം നിലനിൽക്കുകയില്ല എന്ന തിരിച്ചറിവുമാണ്‌ ബദൽ എന്ന രീതിയിൽ ജൈവഇന്ധനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടയാക്കിയത്‌. ജട്രോപ്പ മുതലായവയിൽ നിന്നു ലഭിക്കുന്ന ജൈവ എണ്ണകളും മറ്റു പലതരം സസ്യ എണ്ണകളും ഇന്ധനമായുപയോഗിച്ചു തുടങ്ങി. അരിയും ഗോതമ്പും ചോളവും കൃഷി ചെയ്‌തിരുന്ന കൃഷിയിടങ്ങളിൽ ജൈവ ഇന്ധനത്തിനു വേണ്ട കൃഷി തുടങ്ങിയത്‌ ഭക്ഷ്യധാന്യലഭ്യതകുറക്കാൻ ഇടയാക്കി. എഥനോൾ ഇന്ധനമായുപയോഗിക്കാമെന്നു വന്നതോടെ അതിന്റെ വാണിജ്യ ഉൽപാദനം ഗണ്യമായി വർധിച്ചു. ധാന്യങ്ങളിൽ നിന്ന്‌, പ്രത്യേകിച്ചും ചോളത്തിൽ നിന്നാണ്‌ വൻതോതിൽ എഥനോൾ നിർമിക്കാനാരംഭിച്ചത്‌. അമേരിക്കൻ ഐക്യനാടുകൾ ജൈവ ഇന്ധന ഉപയോഗം 2022 ഓടെ നാലിരട്ടിയാക്കാൻ തീരുമാനിച്ചു. 2005ൽ 1 ബില്യൺ ഗാലൺ മാത്രമായിരുന്ന ഉൽപാദനം 2009 ആയപ്പോഴേക്ക്‌ 9 ബില്യൺ ഗാലൺ ആയി ഉയർന്നു. ഇതോടെ അമേരിക്ക ചോളം കയറ്റിഅയക്കാതായി. ഇത്‌ ചോളം ഇറക്കുമതിയെ ആശ്രയിച്ചിരുന്ന ദുർബലരാജ്യങ്ങളുടെ ഭക്ഷ്യധാന്യലഭ്യതയെ അപകടപ്പെടുത്താൻ കാരണമായി. വില കൂടുകയും കിട്ടാതാവുകയും ചെയ്‌തു. ഭക്ഷ്യക്ഷാമമായിരുന്നു ഫലം.

(3) കൃഷിയുടെ കമ്പോളവൽക്കരണം

കൃഷിഭൂമി കമ്പോള ആവശ്യങ്ങൾക്ക്‌ മാറിയത്‌ ഭക്ഷ്യധാന്യ ഉൽ പാദനം കുറയാൻ കാരണമായെന്നു മുൻപേ കാണുകയുണ്ടായി. ഇതേപോലെതന്നെ അപകടകരമായ ഒന്നാണ്‌ വാണിജ്യവിളകൾക്കു വേണ്ടി കൃഷിഭൂമി മാറ്റിയത്‌. ഭക്ഷ്യധാന്യ ഉൽപാദനം 1983-84ലെ 31.3 ശതമാനത്തിൽ നിന്ന്‌ 2007-08ൽ എത്തിയപ്പോൾ 24.7 ആയി കുറഞ്ഞു. ഇതേകാലഘട്ടത്തിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും പങ്ക്‌ 14.1 ശതമാനത്തിൽ നിന്ന്‌ 16.9 ശതമാനമായി വർധിച്ചതായാണ്‌ കണക്കുകൾ കാണിക്കുന്നത്‌. പാൽ, മാംസം, എണ്ണക്കുരുക്കൾ എന്നിവയുടെ ഉൽപാദനത്തിലും വർധനവാണുണ്ടായത്‌. ധാന്യകൃഷിക്കുപോഗിച്ചിരുന്ന ഭൂമിയുടെ അളവ്‌ ഈ കാലഘട്ടത്തിൽ 23.7 ശത മാനത്തിൽ നിന്ന്‌ 14.8 ശതമാനമായി കുറഞ്ഞു. പയറുവർഗങ്ങളുടെ കൃഷിഭൂമിയിലും ഗണ്യമായ കുറവുണ്ടായി. 13.4 ശതമാനത്തിൽനിന്ന്‌ 12.1 ശതമാനമായി. ഭക്ഷ്യധാന്യങ്ങളും പയറും മുഖ്യഭക്ഷണമായ വികസ്വരരാജ്യങ്ങളുടെ ഭക്ഷ്യലഭ്യത അപകടപ്പെടുവാനാണിത്‌ ഇട വരുത്തിയത്‌.

കാർഷികമേഖലയുടെ കോർപ്പറേറ്റുവൽക്കരണം

ഭക്ഷ്യവസ്‌തുക്കൾക്കുണ്ടായ ദൗർലഭ്യവും വിലക്കയറ്റവും കോർ പ്പറേറ്റ്‌ ഭീമന്മാർ ഒരവസരമാക്കിയിരിക്കുകയാണ്‌. ഇതോടൊപ്പം ഭക്ഷ്യഇറക്കുമതിക്കുവേണ്ടി വൻതോതിൽ പണം ചെലവഴിക്കുന്ന എണ്ണ സമ്പന്നരാജ്യങ്ങളും കാർഷികമേഖലയിലേക്ക്‌ ഇറങ്ങാൻ തീരുമാനിച്ചു. ഭക്ഷ്യആവശ്യത്തിന്‌ മിക്കവാറും ഇറക്കുമതിയെ ആശ്രയിക്കുന്ന ഗൾഫ്‌ രാജ്യങ്ങൾക്ക്‌ ഭക്ഷ്യ ഇറക്കുമതിക്കുവേണ്ട ചെലവിലുണ്ടായ വർധന അതിഭീമമായിരുന്നു. 2002ൽ 8 ബില്യൺ ഡോളറായിരുന്ന ഇറക്കുമതി ചെലവ്‌ 2008 ആയപ്പോൾ 20 ബില്യൺ ഡോളറായാണ്‌ ഉയർന്നത്‌. ഭക്ഷ്യവസ്‌തുക്കളുടെ ലഭ്യത സംബന്ധിച്ച അനിശ്ചിത ത്വവും വിലക്കയറ്റവും തരണം ചെയ്യാൻ അവർ കണ്ടെത്തിയവഴി ഭക്ഷ്യോൽപാദന സാധ്യതയുള്ള രാജ്യങ്ങളിൽ വൻതോതിൽ കൃഷിഭൂമിവാങ്ങിക്കൂട്ടുകയാണ്‌. ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ്‌ ഈ രംഗത്ത്‌ മുൻനിരയിൽ. 99 വർഷത്തെ പാട്ടത്തിനെടുക്കുന്ന കൃഷിഭൂമിയിൽ ഭക്ഷ്യധാന്യങ്ങൾ കൃഷി ചെയ്‌ത്‌ വിളവ്‌ മുഴുവൻ സ്വന്തം നാട്ടിലേക്ക്‌ കയറ്റി അയച്ച്‌ തങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാണവരുടെ പദ്ധതി. ഇവർക്കു പിറകെ ചൈനയും തെക്കൻ കൊറിയയും പോലുള്ള രാജ്യങ്ങളുമുണ്ട്‌. ഒരു പക്ഷെ ചൈനയും സൗദി അറേബ്യയുമാണ്‌ ഏറ്റവും കൂടുതൽ കൃഷിഭൂമി കൈവശപ്പെടുത്തിയിട്ടുള്ളത്‌. ആഗോള ധനകാര്യസ്ഥാപനങ്ങളും കാർഷികമേഖലയിൽ നിക്ഷേപമിറക്കാൻ ലക്ഷക്കണക്കിനേക്കർ കൃഷിഭൂമി ദരിദ്രരായ ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വന്തമാക്കുകയോ ദീർഘകാല പാട്ടത്തിന്ന്‌ എടുക്കുകയോ ചെയ്‌തിട്ടുണ്ട്‌. ഇന്തോനേഷ്യ, പാകി സ്ഥാൻ, വിയറ്റ്‌നാം, കമ്പോഡിയ, തായ്‌ലണ്ട്‌, മ്യാൻമാർ, എത്യോപ്യ, ടാൻസാനിയ, കെനിയ, സുഡാൻ, സിംബാബ്വെ, ഉഗാണ്ട, നൈജീ രിയ, റഷ്യ, ഉക്രെയ്‌ൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ ഇത്തരം ഭൂമി കച്ചവടം നടന്നിട്ടുണ്ട്‌. ഇക്കൂട്ടത്തിൽ ഇന്ത്യൻ കമ്പനികളായ ഇമാമിബയോടെക്‌, കരുടുറി തുടങ്ങിയവ എത്യോപ്യയിൽ ലക്ഷക്കണക്കിന്‌ ഏക്കർ ഭൂമി കരിമ്പുകൃഷിക്കും മറ്റു വാണിജ്യകൃഷികൾക്കും പാട്ട ത്തിനെടുത്തിട്ടുണ്ട്‌. ധനകാര്യസ്ഥാപനങ്ങൾ ഇതിനുപയോഗിക്കുന്ന മൂലധനത്തിൽ പെൻഷൻഫണ്ടുകളും ഹാർവാഡ്‌ പോലുള്ള സർവ കലാശാലകളുടെപോലും നിക്ഷേപങ്ങളും ഉൾപ്പെടുന്നു.

പ്രാദേശികസമൂഹങ്ങളുടെ ഭക്ഷ്യസുരക്ഷ

കാർഷികമേഖലയുടെ കോർപറേറ്റുവൽക്കരണം അപകടപ്പെടുത്തുന്നത്‌ പ്രാദേശികജനസമൂഹങ്ങളുടെ ഭക്ഷ്യസുരക്ഷയെയാണ്‌. തല മുറകളായി കൃഷി ചെയ്‌തിരുന്ന പൊതുഭൂമിയിൽ നിന്ന്‌ ലക്ഷക്കണക്കിന്‌ നിർധന കുടുംബങ്ങളെയാണ്‌ ആഫ്രിക്കൻ രാജ്യങ്ങളിൽ കുടിയിറക്കിയത്‌. അവരുടെ കൈവശമുണ്ടായിരുന്ന ഭൂമിയാണ്‌ സമ്പന്ന രാജ്യങ്ങൾക്കും കുത്തകകൾക്കും വിൽപന നടത്തിയത്‌. സ്വന്തം ഭൂമിയിൽ കൃഷി ചെയ്‌തിരുന്ന ഇക്കൂട്ടർക്ക്‌ ഒരു പക്ഷേ ഇനി കൂലിത്തൊഴിലാളികളായി തുടരാൻ കഴിഞ്ഞേക്കാം. പക്ഷേ അവിടെയുൽപാദി പ്പിക്കുന്ന ഭക്ഷ്യധാന്യം പൂർണമായും കയറ്റുമതി ചെയ്യാനുള്ളതാണ്‌, പ്രാദേശികവിപണിയിലേക്കുള്ളതല്ല. ഗുരുതരമായ ഭക്ഷ്യധാന്യ ദൗർ ലഭ്യമായിരിക്കും ഇതിന്റെ ഫലം. ലാഭം കൊയ്യാൻ ലക്ഷ്യമിട്ടുകൊണ്ട്‌ ഭൂമി കയ്യടക്കുന്നകുത്തകകൾ വാണിജ്യവിളകളുടെ കൃഷിയാണ്‌ നടത്തുക. കരിമ്പും റബ്ബറും എണ്ണക്കുരുക്കളും ജട്രോപ്പയും മറ്റുമാണ്‌ കൃഷിചെയ്യുക. ഇതും ഭക്ഷ്യധാന്യലഭ്യത കുറക്കാനേ സഹായിക്കൂ. ഒരു കൃഷിയും ചെയ്യാതെ ഭൂമിയുടെ വിൽപന വിലയിലുണ്ടാകുന്ന വർധനമാത്രം കണക്കുകൂട്ടി റിയൽ എസ്റ്റേറ്റ്‌ കാഴ്‌ചപ്പാടിൽ ഭൂമി തരിശിടുന്ന നിക്ഷേപകരുമുണ്ടെന്നറിയുന്നു. ചുരുങ്ങിയത്‌ 20-24 ശതമാനം ലാഭം ഭൂമിക്കച്ചവടത്തിൽ നിന്ന്‌ ലഭിക്കുമെന്നാണ്‌ നിക്ഷേപസ്ഥാപനങ്ങൾ നിക്ഷേപകർക്ക്‌ ഉറപ്പുനൽകുന്നത്‌. നാളെ നമ്മുടെ പെൻഷൻഫണ്ടുകളും ഇത്തരത്തിൽ ഭക്ഷ്യസുരക്ഷ അപകടപ്പെടുത്തുന്ന നിക്ഷേപങ്ങളായി മാറാനാണ്‌ സാധ്യത.

പാരിസ്ഥിതികപ്രശ്‌നങ്ങൾ

വിദേശരാജ്യങ്ങളും സാമ്പത്തികസ്ഥാപനങ്ങളും നടത്താൻ പോകുന്ന കാർഷികപ്രവർത്തനങ്ങൾ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്‌ടിക്കും. കയറ്റുമതിക്കുവേണ്ടി ധാന്യങ്ങൾ ഉൽ പാദിപ്പിക്കുന്നവർ ഉൽപാദനം വർധിപ്പിക്കുന്നതിന്‌ സഹായകമായ കൃഷിരീതികളായിരിക്കും ഉപയോഗിക്കുക. സ്വന്തം മണ്ണിനെ സ്‌നേഹിക്കുന്ന പ്രാദേശികസമൂഹത്തിന്റെ മനോഭാവം ഇവർക്കുണ്ടാകില്ല. നിർധനകർഷകർ നിലനിൽപിനുവേണ്ടി നടത്തിയിരുന്ന കൃഷിരീതിയിൽ നിന്ന്‌ വാണിജ്യതലത്തിൽ ഉൽപാദനം നടത്തുന്നതിനുവേണ്ടിയുണ്ടാകുന്ന മാറ്റം ദൂരവ്യാപകമായ പാരിസ്ഥിതികഅപകടങ്ങളുണ്ടാക്കും.

കാർഷികമേഖലയിൽ ലാഭത്തിനുവേണ്ടി മുതൽ മുടക്കുന്ന ഫണ്ടുകൾ കൂടുതൽ ലാഭം നൽകുന്ന വിളകളായിരിക്കും കൃഷിചെയ്യുക. എണ്ണക്കുരുക്കളും ബയോഡീസലും കരിമ്പും റബ്ബറും ഒക്കെയായിരിക്കും കൃഷി ചെയ്യുക. ഇത്‌. ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത കുറക്കാനും വിലക്കയറ്റം സൃഷ്‌ടിക്കാനും ഇടയാക്കുന്നതോടൊപ്പം പാരിസ്ഥിതിക സന്തുലനം നഷ്‌ടമാക്കാനിടവരുത്തും. കടുംകൃഷിരീതികൾ പരി സ്ഥിതിക്ക്‌ അപകടം വരുത്തിയ ഉദാഹരണങ്ങൾ നിരവധിയുണ്ട്‌.

അവശേഷിക്കുന്ന കൃഷിഭൂമി സംരക്ഷിക്കുക

ആഗോളതലത്തിൽ നടക്കുന്ന കൃഷിഭൂമികയ്യേറ്റത്തിന്റെ പ്രതി ഫലനം കേരളത്തിലും ദൃശ്യമാണ്‌. കേരളവികസനത്തിനായി വിഭാവനം ചെയ്‌തുവരുന്ന പദ്ധതികളെല്ലാം തന്നെ കൃഷിഭൂമി വാണിജ്യ ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളവയാണ്‌. എമർജിങ്‌ കേരളയിൽ വന്ന എല്ലാ പദ്ധതികളും വൻതോതിൽ നിലംനികത്തൽ ആവശ്യമായതാണ്‌. ഇത്‌ സാധ്യമാക്കുന്നതിനായി നെൽ വയൽ നീർത്തടസംരക്ഷണനിയമവും ഭൂഉടമസ്ഥത സംബന്ധിച്ചുള്ള മറ്റു നിരവധി നിയമങ്ങളും ഭേദഗതി ചെയ്യാൻ സർക്കാർ തയ്യാറെടുക്കുകയാണ്‌. ഒരു നേരത്തെ ഭക്ഷണത്തിനുള്ള അരിയെങ്കിലും ഇവിടെ ഉൽപാദിപ്പിക്കാൻ കഴിയുന്നതരത്തിൽ അവശേഷിക്കുന്ന നെൽ വയലുകൾ നിലനിർത്തിയേ പറ്റൂ. വാണിജ്യ ആവശ്യങ്ങൾക്കായി നെൽവയലുകൾ നികത്തിയെടുക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തേണ്ടതുണ്ട്‌.

ഇതുപോലെ പ്രധാനമാണ്‌ കൃഷിയോഗ്യമായ മുഴുവൻ ഭൂമി യിലും കൃഷി ചെയ്യണമെന്നത്‌. ഒരിഞ്ചുഭൂമിപോലും തരിശിടാൻ ഇടവരുത്തരുത്‌. സ്വയം കൃഷി ചെയ്യുകയോ കുടുംബശ്രീ പോലുള്ള സംവിധാനങ്ങൾക്ക്‌ കൃഷിചെയ്യുന്നതിന്‌ ലീസിനു നൽകുകയോ വേണം. ഒരോ ഹെക്‌ടറിൽ നിന്നും പരമാവധി ഉൽപാദനം ലഭ്യമാക്കുകയാവണം ലക്ഷ്യം, ഇതിന്‌ ഒരു വിളമാത്രം കൃഷിചെയ്യുന്ന കൃഷി ഭൂമിയിൽ കഴിയുന്നത്ര ഇടവിളകൾ കൃഷിചെയ്യേണ്ടിവരും. ഭക്ഷ്യ സുരക്ഷയെ കരുതി നെല്ലിനുപുറമെ കിഴങ്ങുവർഗങ്ങളും, പയറുവർഗങ്ങളും കഴിയുന്നിടത്തെല്ലാം കൃഷിചെയ്യാൻ കഴിയണം. തെങ്ങിൻ തോട്ടങ്ങളിൽ സാധ്യമായ വിളകൾ മാറിമാറി കൃഷി ചെയ്‌ത്‌ പ്രതി ഹെക്‌ടർ മൊത്തഉൽപാദനം വർധിപ്പിക്കാൻ കഴിയും.

മണ്ണ്‌-ജലസംരക്ഷണം

ഫലപുഷ്‌ടിയുള്ള മണ്ണും ആവശ്യത്തിനുവെള്ളവുമുണ്ടെങ്കിൽ ചെടികൾ സൂര്യപ്രകാശമുപയോഗിച്ച്‌ കാർബോഹൈഡ്രേറ്റ്‌ സംശ്ലേഷിക്കും. ഈ ശേഷി പച്ചിലസസ്യങ്ങൾക്കു മാത്രമേ ഉള്ളൂ. ഇത്‌ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുമാത്രമേ കാർഷികോൽപാദനം വർധിപ്പിക്കാൻ കഴിയുകയുള്ളൂ. മഴവെള്ളത്തോടൊപ്പം മണ്ണൊലിച്ചു പോകുന്നതുകൊണ്ട്‌ വലിയൊരളവുഭൂമി കൃഷിയോഗ്യമല്ലാതായിട്ടുണ്ട്‌. മണ്ണിലെ വളം ഒലിച്ചുപോകുന്നതിനും മണ്ണൊലിപ്പ്‌ ഇടവരുത്തുന്നു.

മേൽമണ്ണില്ലാത്തതുകൊണ്ട്‌ മണ്ണിൽ ഈർപ്പം ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നു. മഴക്കാലത്ത്‌ വെള്ളം പിടിച്ചു നിർത്താനും അടിയിലേക്ക്‌ ഊർന്നിറങ്ങാനും കഴിയാത്ത അവസ്ഥയും ഉണ്ടാകുന്നു. വെള്ളം കുത്തിയൊലിച്ചുപോകും, അതോടൊപ്പം അവശേഷിക്കുന്ന മണ്ണും. വെള്ളത്തോടൊപ്പമാണ്‌ മണ്ണ്‌ ഒലിച്ചുപോകുന്നത്‌. അതുകൊണ്ട്‌ മണ്ണൊലിപ്പ്‌ തടയണമെങ്കിൽ നീരൊഴുക്കിനെ നിയന്ത്രിക്കണം. ശാസ്‌ത്രീയമായ മണ്ണുജലപരിപാലനം കാർഷികമേഖലയുടെ സുസ്ഥിരതക്ക്‌ അനിവാര്യമാകുന്നത്‌ ഇക്കാരണത്താലാണ്‌.

നീർത്തടാധിഷ്‌ഠിത വികസനം

ഒരു വർഷം ശരാശരി 300 സെ.മീ മഴ ലഭിക്കുന്ന പ്രദേശമാണ്‌ കേരളം. എന്നിട്ടും മിക്കസ്ഥലങ്ങളിലും വരൾച്ച അനുഭവപ്പെടുന്നു എന്ന വിരോധാഭാസമുണ്ട്‌. വെള്ളം കുത്തിയൊലിച്ചു പോകാൻ സഹായകമായ ചെരിവാണ്‌ നമ്മുടെ ഭൂമിക്ക്‌. ചെറുനീർച്ചാലുകളും കൈത്തോടുകളും അരുവികളും പുഴകളും നെൽപ്പാടങ്ങളും തണ്ണീർ ത്തടങ്ങളുമെല്ലാമായി പെയ്‌ത വെള്ളത്തെ തടഞ്ഞുനിർത്തി പതുക്കെ ഒഴുക്കിക്കളയാനുള്ള സംവിധാനമാണ്‌ നീർത്തടത്തിലു ള്ളത്‌. നീർത്തടത്തിന്റെ സ്വാഭാവിക അതിർത്തികൾ അതിനെ സവിശേഷതകളുള്ള ഒരു പാരിസ്ഥിതികവ്യൂഹമാക്കുന്നു. എന്നാൽ ആസൂത്രിതമല്ലാത്ത വികസനം ഈ പാരിസ്ഥിതികസന്തുലിതാവസ്ഥ തകർത്തിരിക്കുന്നു. തണ്ണീർത്തടങ്ങളും നെൽപാടങ്ങളും നികത്ത പ്പെടുന്നു. അരുവികളും കൈത്തോടുകളും പോലും നികത്തിയെടുത്ത്‌ കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നു.നീർച്ചാലുകൾ തടയപ്പെടുന്നു. സമതലങ്ങളിൽ വെള്ളക്കെട്ടിനും ചെരിവുതലങ്ങളിൽ ഉരുൾപൊട്ടലടക്ക മുള്ള പ്രകൃതിദുരന്തങ്ങൾക്കും ഇത്‌ ഇടവരുത്തുന്നു. മഴവെള്ളം മുഴുവൻ മണിക്കൂറുകൾക്കകം കുത്തിയൊഴുകി കടലിലെത്തുന്നു. മഴവെള്ളം അൽപം പോലും മണ്ണിലിറങ്ങാതെ മണ്ണിലെ ജലനിരപ്പ്‌ താഴ്‌ന്ന കിണറുകളും കുളങ്ങളും വറ്റുന്ന അവസ്ഥ സംജാതമായി രിക്കുന്നു. കൃഷിക്കെന്നല്ല കുടിക്കാൻ പോലും വെള്ളമില്ലാത്ത അവസ്ഥയാണ്‌ സംജാതമായിട്ടുള്ളത്‌.

ഈ സാഹചര്യത്തിലാണ്‌ നീർത്തടാധിഷ്‌ഠിതവികസനം പ്രസക്തമാകുന്നത്‌. സ്വാഭാവികമായ നീരൊഴുക്ക്‌ തടസ്സപ്പെടാത്ത രീതിയിൽ മണ്ണും വെള്ളവും പരിപാലിക്കുന്നതിനാണ്‌ നീർത്തടാധിഷ്‌ഠിത വികസനം മുൻഗണന നൽകുന്നത്‌. ജലലഭ്യത ഉറപ്പാക്കാനും മേൽ മണ്ണിന്റെ വളക്കൂറ്‌ നിലനിർത്താനും ഇതുവഴി കഴിയുന്നു. വെള്ള ത്തിന്റെ ലഭ്യത മെച്ചപ്പെടുത്തുന്നതോടൊപ്പം അതിന്റെ ഗുണമേന്മ നിലനിർത്താനും നീർത്തടാധിഷ്‌ഠിതവികസനം സഹായിക്കുന്നു.

ആവശ്യമുള്ള സമയത്ത്‌ ആവശ്യമുള്ളത്ര വെള്ളമാണ്‌ കൃഷിക്ക്‌ വേണ്ടത്‌. അധികവും കുറവും ഗുണകരമല്ല. നമ്മുടെ ജലസേചന രീതികൾ ശാസ്‌ത്രീയമല്ല. ആവശ്യമനുസരിച്ചുള്ള നിയന്ത്രിതരീതി കൾ നീർത്തടാധിഷ്‌ഠിതവികസനത്തിൽ പ്രയോഗിക്കാൻ കഴിയും. അതുപോലെതന്നെയാണ്‌ ഗാർഹികവും കാർഷികവുമായ അവ ശിഷ്‌ടങ്ങൾ കൃഷിക്ക്‌ വളമായി ഉപയോഗിക്കാമെന്നതും.

കാർഷികമേഖല ലാഭകരമാക്കാൻ

മണ്ണൊലിപ്പ്‌ ഒഴിവാക്കുകയും ജലലഭ്യത ഉറപ്പാക്കുകയും ചെയ്‌താൽ ഉൽപാദനക്ഷമത വർധിപ്പിച്ചുകൊണ്ട്‌ ലാഭകരമായി കൃഷി നടത്താൻ കഴിയും. മെച്ചപ്പെട്ട വിത്തും നടീൽവസ്‌തുക്കളും ഉപയോഗിക്കേണ്ടത്‌ ഇതിന്‌ അനിവാര്യമാണ്‌. മണ്ണിലെ പോഷണമൂല്യം നിലനിർത്താനാവശ്യമായ പരിസ്ഥിതിസൗഹൃദമായ വളപ്രയോഗം ആവശ്യമായി വരും. ജൈവവളങ്ങൾക്ക്‌ പ്രാധാന്യം നൽകാവുന്നതാണ്‌. ഇതുപോലെ ത്തന്നെ പ്രധാനമാണ്‌ കീടപരിപാലനവും. രാസകീടനാശിനികളുടെ അമിതപ്രയോഗം പാരിസ്ഥിതികമായ ദോഷങ്ങൾ വരുത്തിവച്ചിട്ടുണ്ട്‌. പരിസ്ഥിതിക്കിണങ്ങുന്ന നിരവധി ജൈവകീടനാശിനികൾ ഇന്ന്‌ ലഭ്യമാണ്‌.

കാർഷികമേഖല ലാഭകരമായി തുടരണമെങ്കിൽ തൊഴിലാളിക ളുടെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്‌. കൃഷിയിൽനിന്ന്‌ വളരെ കുറച്ചു ദിവസത്തേക്കുള്ള തൊഴിൽ മാത്രമേ കിട്ടുന്നുള്ളൂ എന്നതുകൊണ്ടാണ്‌ കർഷകത്തൊഴിലാളികൾ നിർമാണമേഖലയിലേക്കും മറ്റും മാറിയത്‌. അവർക്ക്‌ മാന്യമായ വേതനവും സ്ഥിരമായ തൊഴിലും ഉറപ്പാക്കി യാൽ കർഷകർക്ക്‌ ആവശ്യമുള്ള അവസരത്തിൽ തൊഴിലാളിയെ കിട്ടുമെന്നുറപ്പാക്കാൻ കഴിയും. ഐ.ആർ.ടി.സിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന നീർത്തടവികസനപരിപാടിയിൽ ഇതിനുവേണ്ടി രൂപീകരിച്ച ലേബർബാങ്കിന്‌ വിജയകരമായ കഥയാണ്‌ പറയാനു ള്ളത്‌. ഒരു കൃഷിയിടത്തിലെ മൊത്തം കൃഷിപ്പണിയും കരാറെടുത്ത്‌ ചിട്ടയായി പ്രവർത്തിക്കുന്ന സംവിധാനങ്ങളും പ്രവർത്തിച്ചുവരുന്നുണ്ട്‌.

അഞ്ചും പത്തും സെന്റു വരുന്ന സ്വന്തം പുരയിടത്തിൽ പച്ച ക്കറിയോ വാഴയോ കൃഷി ചെയ്യുന്നവരുണ്ട്‌. കൃഷിയോഗ്യമായ മുഴുവൻ ഭൂമിയും ഉപയോഗിക്കപ്പെടേണ്ടതുകൊണ്ട്‌ ഇവർക്കുംകൂടി സഹായകരമായ ചെറുകാർഷികയന്ത്രങ്ങളുടെ പ്രയോഗം ആവശ്യ മായിവരുന്നു. ഇവയുടെ ലഭ്യതയും അവ ഉപയോഗിക്കാനും റിപ്പ യർ ചെയ്യാനും കഴിവുള്ള തൊഴിലാളികളും ഓരോ പ്രദേശത്തും ഉണ്ടാകണം. ഇവർ കർഷകത്തൊഴിലാളി എന്ന നിലയിൽ നിന്ന്‌ കാർഷികസാങ്കേതികജ്ഞർ എന്ന നിലവാരത്തിലേക്ക്‌ ഉയർന്ന്‌ കൂടുതൽ സാമൂഹിക അംഗീകാരം നേടിയവരാകും. ഇവരുടെ സേവനം ലഭ്യമാകുന്ന അഗ്രോക്ലിനിക്കുകൾ പിന്നാമ്പുറകൃഷിയടക്കമുള്ള കാർഷികപ്രവർത്തനങ്ങൾക്ക്‌ സഹായകമാകും. ഇന്ന്‌ കാർഷികമേഖലയിൽ പണിയെടുക്കുന്നവരിൽ ഭൂരിഭാഗവും സ്‌ത്രീതൊഴിലാളിക ളായതിനാൽ സ്‌ത്രീസൗഹൃദമായ കാർഷിക ഉപകരണങ്ങൾ രൂപ പ്പെടുത്തേണ്ട ആവശ്യകതയും സംജാതമായിട്ടുണ്ട്‌. ഇക്കാര്യവും സജീവമായി പരിശോധിക്കേണ്ടതുണ്ട്‌.

വിപണി ഉറപ്പാക്കൽ

വിപണിയിലെ അനിശ്ചിതത്വവും ഇടത്തട്ടുകാരുടെ ചൂഷണവു മാണ്‌ കാർഷികമേഖലയെ തകർക്കുന്ന ഘടകങ്ങളിൽ പ്രധാനം. വിപണിയിലുള്ള ഭരണകൂട ഇടപെടൽ കർഷകന്‌ സഹായകമാകും. നെല്ല്‌ സംഭരിക്കാനുള്ള സംവിധാനം സഹകരണസംവിധാനങ്ങ ളുടെ പിൻബലത്തിൽ സജ്ജമാക്കണം. വിളവെടുപ്പ്‌ സമയത്ത്‌ മുഴുവൻ നെല്ലും സംഭരിക്കാനും സൂക്ഷിക്കാനുമുള്ള സംവിധാനമു ണ്ടായാൽ മാത്രമേ വിപണിക്ക്‌ സ്ഥിരത ഉണ്ടാകൂ. കർഷകന്‌ മെച്ചപ്പെട്ട വില കിട്ടുമെന്ന്‌ ഉറപ്പാക്കുന്നതോടൊപ്പം ഉപഭോക്‌താക്കൾക്ക്‌ വിലക്കയറ്റം അനുഭവപ്പെടാതിരിക്കാനും ഇത്‌ സഹായകമാകും. പാലക്കാട്‌ ജില്ലയിൽ ഉള്ള പാഡികോ മാത്രമാണ്‌ ഇന്ന്‌ ഇത്തരത്തിലുള്ള ഏകസംരംഭം.

പച്ചക്കറിക്കും ലാഭകരമായ താങ്ങുവില ഏർപ്പെടുത്തിയാൽ കർഷകരെ ഈ മേഖലയിൽ നിലനിർത്താൻ കഴിയും. കഞ്ഞിക്കുഴി, മാരാരിക്കുളം പഞ്ചായത്തുകളിൽ ഇത്തരമൊരു പരീക്ഷണം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്‌. വിപണി ഉറപ്പായതുകൊണ്ട്‌ ഉൽപാദനം തുടർച്ചയായി നടക്കുന്നതിന്റെ നല്ലൊരുദാഹരണമാണ്‌ കൊടകരയിലെ കദളി പ്രോജക്‌ട്‌.

പ്രാഥമിക കാർഷിക ഉൽപന്നങ്ങളുടെ മൂല്യവർധനവും ഗൗരവ മായ പരിഗണന അർഹിക്കുന്നു. അരിപ്പൊടികൊണ്ടുള്ള നിരവധി പലഹാരക്കൂട്ടുകൾ ഇന്ന്‌ വിപണിയിലെത്തിയിട്ടുണ്ട്‌. അച്ചാറുകൾ, ജെല്ലി, ജാം തുടങ്ങിയവയ്‌ക്കും നല്ല മാർക്കറ്റുണ്ട്‌. എന്നാൽ ഇവയെല്ലാം തന്നെ വൻകിടസംരംഭകരുടെയും വാണിജ്യശൃംഖലകളുടെയും അധീനതയിലാകുന്നതുകൊണ്ട്‌ കർഷകർക്ക്‌ നേട്ടമുണ്ടാകുന്നില്ല. ഗ്രാമീണതലത്തിൽ കർഷകക്കൂട്ടായ്‌മകളുടെ ഉടമസ്ഥതയിൽ തന്നെ ഇത്തരം മൂല്യവർധിത കാർഷികാധിഷ്‌ഠിത ഉൽപന്ന നിർമാണ സംവിധാനങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്‌. ഗ്രാമീണമേഖലയിൽ നിര വധി പേർക്ക്‌ തൊഴിൽ ലഭ്യമാക്കുന്നതിന്‌ ഇത്തരം സംരംഭങ്ങൾ സഹായിക്കും. തുടർച്ചയായ കാർഷികോൽപാദനം ഉറപ്പാക്കുകയും ചെയ്യും. കാർഷികമേഖലക്ക്‌ സഹായകമായ രീതിയിൽ കാലി വളർത്തലും കോഴിവളർത്തലും പോലുള്ള പ്രവർത്തനങ്ങൾ കൂടി ഏറ്റെടുക്കേണ്ടതുണ്ട്‌. ചെറുകിട നാമമാത്രകർഷകർക്ക്‌ കാർഷിക രംഗത്തുനിന്നുള്ള വരുമാനത്തോടൊപ്പം മൃഗസംരക്ഷണരംഗത്തെ വരുമാനം കൂടിയാകുമ്പോൾ കൃഷി ആദായകരമാകും.

ഇത്തരമൊരു കാർഷികപരീക്ഷണം നീർത്തടാധിഷ്‌ഠിതവിക സനപദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായി പാലക്കാട്‌ ജില്ലയിലെ 12 നീർത്തടങ്ങളിൽ ഐ.ആർ.ടി.സിയുടെ സഹായത്തോടെ പ്രാദേശിക കൂട്ടായ്‌മകളുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്‌. ഇതുവരെയുള്ള അനുഭവങ്ങൾ പ്രോത്സാഹജനകമാണ്‌. കൂടുതൽ പ്രദേശങ്ങളിൽ ആവർത്തിച്ച്‌ ഫലസിദ്ധി ഉറപ്പാക്കേണ്ടതുണ്ട്‌. പ്രാദേശികസവിശേ ഷതകൾ കണക്കിലെടുത്തുകൊണ്ട്‌ ഉചിതമായ കാർഷികപാക്കേ ജുകൾ കർഷകകൂട്ടായ്‌മകളുടെ നേതൃത്വത്തിൽ നടപ്പാക്കിക്കൊണ്ട്‌ പ്രാദേശിക ഇടപെടലുകൾ ആരംഭിക്കാം. കാർഷികമേഖലക്ക്‌ ആവശ്യമായ ജൈവവളത്തിന്‌ അനുയോജ്യമായ സ്രോതസ്സാണ്‌ ജൈവ അവശിഷ്‌ടങ്ങൾ. കാർഷികമേഖലയുടെ സുസ്ഥിരതയും ഗാർഹി കവും കാർഷികവുമായ ജൈവഅവശിഷ്‌ടങ്ങളുടെ സംസ്‌കരണത്തിനുള്ള ചിട്ടയായ സംവിധാനങ്ങളും അനോന്യം ബന്ധപ്പെട്ടിരിക്കുന്നു.

മാലിന്യപരിപാലനം ഒരു ഗുരുതരപ്രശ്‌നം

നാടും നഗരവും മാലിന്യം നിറഞ്ഞിരിക്കുകയാണ്‌. തെരുവോര ങ്ങളിലും പുഴയോരങ്ങളിലും വെളിമ്പറമ്പുകളിലും മാലിന്യകൂമ്പാരങ്ങൾ കാണാൻ കഴിയും. തോടുകളും പുഴകളും മാലിന്യനിക്ഷേപ കേന്ദ്രങ്ങളായിരിക്കുന്നു. ചീഞ്ഞുനാറുന്ന ജൈവമാലിന്യങ്ങളുടെ ദുർഗന്ധം നഗരവാസികൾക്ക്‌ ഒരു നിത്യ അനുഭവമായിരിക്കുകയാണ്‌. മാലിന്യകൂമ്പാരങ്ങളിൽ നിന്ന്‌ ഒലിച്ചിറങ്ങുന്ന മലിനജലം ജല സ്രോതസ്സുകളെമലിനപ്പെടുത്തുന്നു. ഈച്ചയും കൊതുകും പെരുകുന്നതുകൊണ്ട്‌ ഇവ പരത്തുന്ന രോഗങ്ങളും കൂടുന്നു. കൊതുകു സംഹാരികൾക്കുവേണ്ടിയും കൊതുകുജന്യരോഗങ്ങളുടെ ചികിത്സക്കും ഓരോ കുടുംബവും ഭീമമായ തുകയാണ്‌ ചെലവഴിക്കുന്നത്‌. ഇതൊക്കെയാണെങ്കിലും മാലിന്യപരിപാലനം ശാസ്‌ത്രീയമായി നിർവഹിക്കാൻ ഒരു നഗരസഭക്കും കഴിഞ്ഞിട്ടില്ല. നഗരങ്ങളിലെന്നതുപോലെതന്നെ നഗരസ്വഭാവമാർജിച്ച ഗ്രാമങ്ങളിലും മാലിന്യനിർമാർജനം ഗുരുതരമായ പ്രശ്‌നമായി അവശേഷിക്കുന്നു. ജന ങ്ങളും ഭരണാധികാരികളും പരസ്‌പരം പഴിചാരുന്നതല്ലാതെ ഫലപ്രദമായ പ്രശ്‌നപരിഹാരമുണ്ടാകുന്നില്ല. ഒരു ഗുരുതരമായ പ്രശ്‌ന മെന്നതരത്തിൽ ഇത്‌ രൂപപ്പെട്ടത്‌ സമീപകാലത്താണ്‌. ഇതിന്റെ കാരണങ്ങൾ ആസൂത്രിതമല്ലാത്ത നഗരവൽക്കരണം, ജീവിതരീതിയിൽ വന്ന മാറ്റം, കാർഷികരംഗത്തുനിന്നുള്ള പിന്മാറ്റം തുടങ്ങിയവയാണ്‌.

നഗരവൽക്കരണവും ജീവിതരീതിയിലെ മാറ്റങ്ങളും

ആവശ്യത്തിന്‌ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കിയിട്ടല്ല നഗരപ്രദേശങ്ങളിലും നഗരപ്രാന്തപ്രദേശങ്ങളിലും പാർപ്പിടസമുച്ചയ ങ്ങളും വ്യാപാരകേന്ദ്രങ്ങളും വളർന്നുവന്നത്‌. കുറഞ്ഞ സ്ഥലത്ത്‌ ധാരാളം കുടുംബങ്ങൾ താമസിക്കാനിടവരുമ്പോൾ അവരുടെ ഗാർഹികമാലിന്യങ്ങളുടെ സംസ്‌കരണം തദ്ദേശഭരണസ്ഥാപനത്തിന്റെ ബാധ്യതയാകുന്നു. ചന്തകളും വ്യാപാരസ്ഥാപനങ്ങളും രൂപപ്പെടുമ്പോഴും ഇതുതന്നെയാണ്‌ അവസ്ഥ. കന്നുകാലികളും കോഴിയും മറ്റു വളർത്തുമൃഗങ്ങളുമുണ്ടായിരുന്ന ഗ്രാമീണഭവനങ്ങളിൽ നിന്ന്‌ ഇവയെല്ലാം വിട്ടൊഴിഞ്ഞപ്പോൾ ഗാർഹികഅവശിഷ്‌ടങ്ങൾ ഉപ യോഗശൂന്യമായ മാലിന്യവസ്‌തുക്കളായി തീർന്നു.

കാർഷികമേഖലയിൽ നിന്നുള്ള പിന്മാറ്റം

വീട്ടുവളപ്പുകളിൽ തെങ്ങും വാഴയും പച്ചക്കറികളും കൃഷി ചെയ്‌ത്‌ വന്നിരുന്ന ഗ്രാമീണസാഹചര്യത്തിൽ ഗാർഹികമാലിന്യങ്ങൾ കൃഷിക്കുള്ള ജൈവവളസ്രോതസ്സായിരുന്നു. വീട്ടുവളപ്പുകളിൽ കമ്പോസ്റ്റ്‌ കുഴികൾ സാധാരണമായിരുന്നു. കൃഷിയിൽ നിന്നു പിന്മാറിയ കുടുംബത്തിന്‌ കമ്പോസ്റ്റ്‌ ആവശ്യമില്ലാതെ വന്നതോടെ ഗാർഹികഅവശിഷ്‌ടങ്ങൾ ഒഴിവാക്കപ്പെടേണ്ട മാലിന്യമായി മാറി. ഇവ കണ്ടസ്ഥലങ്ങളിൽ വലിച്ചെറിയുന്ന സ്വഭാവം ഈ മനോഭാവത്തിന്റെ ഫലമായിരുന്നു. കൃഷിയോടുള്ള ആഭിമുഖ്യം വർദ്ധിക്കുന്ന ഒരു സാഹചര്യത്തിൽ മാത്രമേ പ്രകൃതിസൗഹൃദമായ രീതിയിലുള്ള മാലിന്യപരിപാലനം സാധ്യമാകൂ. കാർഷികമേഖലക്കുള്ള ജൈവ വളത്തിന്റെ മുഖ്യസ്രോതസ്സാണ്‌ ജൈവമാലിന്യങ്ങൾ എന്ന്‌ ബോധ്യപ്പെടുകയും അത്‌ ഉപയോഗിക്കാൻ തയ്യാറാവുകയും വേണം.

മാലിന്യങ്ങളിൽ നിന്ന്‌ സമ്പത്ത്‌

നമുക്ക്‌ ആവശ്യമില്ലാത്തത്‌ അവശിഷ്‌ടമായി - മാലിന്യമായി - തിരസ്‌കരിക്കുന്നു. മറ്റൊരു സാഹചര്യത്തിൽ ഉപയോഗിക്കാൻ കഴിയുകയും സമ്പത്തുൽപാദനത്തിലെത്തുകയും ചെയ്യുന്ന അസംസ്‌കൃത പദാർഥമായിരിക്കും അത്‌. അതുകൊണ്ടാണ്‌ അവശിഷ്‌ടമെന്നത്‌ ഒരുതെറ്റായ സ്ഥലത്ത്‌ എത്തിപ്പെട്ട സമ്പത്താണെന്ന്‌ (Waste is Wealth in the Wrong Place) പറയുന്നത്‌. എന്തായാലും അവശിഷ്‌ടങ്ങൾ കഴി യുന്നത്ര കുറക്കുക എന്നതാണ്‌ അനുകരണീയമായരീതി. രാസ വസ്‌തുക്കൾ കഴിവതും കുറച്ച്‌ ഉപയോഗിക്കുകയും ബാക്കി സംര ക്ഷിക്കുകയും ചെയ്യുക എന്നതാണ്‌ ഹരിതരസതന്ത്രത്തിന്റെ (Green Chemistry) സന്ദേശം. ഇത്‌ എല്ലാപദാർത്ഥങ്ങൾക്കും ബാധകമാണ്‌. ഇത്‌ അവശിഷ്‌ടങ്ങൾ കുറക്കാൻ സഹായകമാണ്‌. മാലിന്യപരി പാലനത്തിനുള്ള ആദ്യഘട്ടം മാലിന്യം കഴിവതും കുറക്കുക എന്നതുതന്നെയാണ്‌. ആർക്കാണ്‌ മാലിന്യപരിപാലനത്തിന്റെ ചുമതല എന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. മാലിന്യം ഉൽപാദിപ്പിക്കുന്നതാരാണോ അയാൾക്കുതന്നെയാണ്‌ അത്‌ സംസ്‌കരിക്കേണ്ട ചുമതലയും. തദ്ദേശഭരണസ്ഥാപനങ്ങൾ അതിനാവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഏർപ്പെടുത്തേണ്ടതുണ്ട്‌. പരിസരവും റോഡും ജലാശയങ്ങളും മലിനപ്പെടുത്താൻ ആരും അനുവാദം നൽകിയിട്ടില്ല എന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു. അതുകൊണ്ട്‌ മാലിന്യപരിപാലനം സംബന്ധിച്ച്‌ പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ നൽകുന്ന മാർഗനിർദ്ദേശങ്ങൾ പാലിക്കപ്പെടേണ്ടതുണ്ട്‌. തദ്ദേശഭരണസ്ഥാപനങ്ങൾ രൂപപ്പെടുത്തുന്ന മാലിന്യപരിപാലനസംവിധാനവുമായി സഹകരി ക്കുകയാണ്‌ ഇതിൽ പ്രധാനം.

മാലിന്യസംസ്‌കരണരീതികൾ

എല്ലാതരം മാലിന്യങ്ങളും ഒന്നിച്ചുകൂട്ടി സംസ്‌കരിക്കാൻ കഴിയുകയില്ല. ഓരോന്നിനും പ്രത്യേകം സംസ്‌കരണരീതികളുണ്ട്‌. മാലിന്യത്തിന്റെ തരം, സ്വഭാവം, അവലഭ്യമാകുന്ന സ്രോതസ്സ്‌ എന്നിയെ അടിസ്ഥാനപ്പെടുത്തി വേണം സംസ്‌കരണരീതി തെരഞ്ഞെടുക്കാൻ. അടുക്കളമാലിന്യം, ചന്തയിലെ മാലിന്യങ്ങൾ, പ്ലാസ്റ്റിക്ക്‌, കുപ്പി, ഗ്ലാസ്‌, പാട്ട, പാക്കിങ്ങ്‌ സാമഗ്രികൾ, ബൾബ്‌, കാർഡ്‌ബോർഡ്‌, പേപ്പർ, പഴയ ചെരിപ്പ്‌, ബാഗ്‌, കുട, ചെടികളുടെ തണ്ടും മരക്കമ്പുകളും, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, ബാറ്ററി, ടി.വി.സെറ്റ്‌, മൊബൈൽ ഫോൺ, മറ്റു ഇലക്‌ട്രോണിക്‌ അവശിഷ്‌ടങ്ങൾ, കെട്ടിടനിർമാണ അവശിഷ്‌ടങ്ങൾ എന്നിവയെല്ലാം നമ്മുടെ മാലിന്യകൂമ്പാരത്തിലുണ്ട്‌. ഇവയെല്ലാം ഒന്നിച്ചുകൂട്ടി സംസ്‌കരിക്കാൻ കഴിയുകയില്ലെന്നു വ്യക്തമാണല്ലോ. ആശുപത്രികളിലെ അവശിഷ്‌ടങ്ങളും അറവുശാലകളിലെ മാലിന്യങ്ങളും പ്രത്യേകമായി സംസ്‌കരിക്കണമെന്ന്‌ നിയമം നിർബന്ധമായി അനുശാസിക്കുന്നുണ്ട്‌. അവ മറ്റുമാലിന്യങ്ങളുമായി യാതൊരു കാരണ വശാലും കൂടിക്കലരാൻ ഇടവരാതിരിക്കാനാണ്‌ ഈ നിബന്ധന.

നഗരസഭകൾ മാലിന്യശേഖരണം ആരംഭിച്ചപ്പോൾ തന്നെ പൊതു ഇടങ്ങൾ മാലിന്യകൂമ്പാരങ്ങളായി തുടങ്ങി. റോഡരുകിൽ സ്ഥാപിച്ച ബിന്നുകളിൽ നമുക്കുവേണ്ടാത്തതെല്ലാം നിക്ഷേപിക്കാൻ തുടങ്ങി. ഭക്ഷ്യാവശിഷ്‌ടങ്ങളും അടുക്കളമാലിന്യങ്ങളും വീടും പറമ്പും അടിച്ചുവാരിയതും എല്ലാം ബിന്നുകളിൽ നിക്ഷേപിക്കാൻ തുടങ്ങി. പ്ലാസ്റ്റിക്‌ കാരിബാഗുകൾക്ക്‌ പ്രചാരം വർധിച്ചപ്പോൾ വേണ്ടാത്തതെല്ലാം ഒരു കാരിബാഗിൽ കെട്ടി മുനിസിപ്പൽ ബിന്നുകളിലോ റോഡരികിലോ, തോട്ടിറമ്പുകളിലോ, തോട്ടിൽതന്നെയോ നിക്ഷേപിക്കാൻ തുടങ്ങി.

ഇവ ശേഖരിച്ച്‌ പൊതുസംസ്‌കരണസംവിധാനത്തിൽ എത്തിച്ച്‌ സംസ്‌കരിക്കാനാണ്‌ സംവിധാനങ്ങൾ രൂപപ്പെടുത്തിയത്‌. ഒരു നഗരസഭാപ്രദേശത്തെ മുഴുവൻ മാലിന്യങ്ങളും സംഭരിച്ച്‌ ഓരൊറ്റ്‌ കേന്ദ്രത്തിൽ സംസ്‌കരിക്കുന്നതിനുള്ള കേന്ദ്രീകൃത സംസ്‌കരണസംവി ധാനങ്ങൾ (Centralised treatment facilities) പൂർണമായും പരാജയപ്പെട്ടിരിക്കുന്നു. ഇതാണ്‌ മാലിന്യസംസ്‌കരണത്തിന്റെ അപര്യാപ്‌തതയെ ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമായും പാരിസ്ഥിതിക പ്രശ്‌നമായും വളർത്തിയത്‌.

പരാജയകാരണങ്ങൾ

കേന്ദ്രീകൃതമാലിന്യസംസ്‌കരണരീതികൾ പരാജയപ്പെട്ടതിന്‌ നിരവധി കാരണങ്ങളുണ്ട്‌. ഇവയിൽ പ്രധാനപ്പെട്ട ചിലവ താഴെ കൊടുക്കുന്നു.

(1) എല്ലാതരം മാലിന്യങ്ങളും ഒന്നിച്ചുകൂട്ടി സംസ്‌കരിക്കാൻ കഴിയുകയില്ല എന്നതിരിച്ചറിവില്ലാതെ എല്ലാതരം മാലിന്യങ്ങളും ഒരു പൊതുകേന്ദ്രത്തിലെത്തിച്ച്‌, പൊതുകേന്ദ്രത്തിൽ ഇവ വേർതിരിക്കുക അപ്രായോഗികമായിരുന്നു. അഴുകുന്നവ മാത്രമേ കമ്പോസ്റ്റാവുക യുള്ളു. അല്ലാത്തവ അതേപോലെ കിടക്കും. വിഘടിക്കാത്ത മാലിന്യഘടകങ്ങൾ കൂടിക്കലർന്ന കമ്പോസ്റ്റാകട്ടെ ആർക്കും വേണ്ടാതെയും വന്നു. ഒടുവിൽ സംസ്‌കരിക്കാത്ത അവശിഷ്‌ടങ്ങളും കുന്നുകൂടിക്കിടക്കുന്ന അവസ്ഥയായി. കമ്പോസ്റ്റിങ്‌ കൂനകളിൽ നിന്ന്‌ ഒലിച്ചിറങ്ങുന്ന മലിനജലം ജലസ്രോതസ്സുകളെ മലിനപ്പെടുത്തി. കിലോമീറ്ററുകളോളം പടരുന്ന ദുർഗന്ധവും ഈച്ചയുടെ ശല്യവും എല്ലാം ചേർന്ന്‌ മാലിന്യസംസ്‌കരണസംവിധാനം വെറുക്കപ്പെട്ട ഒരിടമായിതീർന്നു.

(2) പ്രതിദിനം 400 ടൺ ഖരമാലിന്യം ഒരൊറ്റയിടത്ത്‌ സംസ്‌കരിക്കുന്നതരം കേന്ദ്രീകൃതസംവിധാനങ്ങൾ രൂപപ്പെടുത്തിയാണ്‌ ഈ സാഹചര്യങ്ങൾ സൃഷ്‌ടിച്ചത്‌.

(3) അഴുകിത്തുടങ്ങിയതും ദുർഗന്ധം വമിക്കുന്നതുമായ മാലിന്യങ്ങൾ ദീർഘദൂരം കടത്തിക്കൊണ്ടുപോകേണ്ടിവരുന്നു. തങ്ങളുടെ വീട്ടുമുറ്റത്തുള്ള റോഡിലൂടെ മാലിന്യവണ്ടികൾ ദുർഗന്ധം വമിച്ചുകൊണ്ട്‌ തുടർച്ചയായി കടന്നുപോകുന്നത്‌ നഗരവാസികൾക്ക്‌ അസഹനീയമായിരുന്നു. ഇത്‌ എതിർപ്പ്‌ വിളിച്ചുവരുത്തി.

(4) മാലിന്യസംസ്‌കരണസംവിധാനത്തിന്റെ നടത്തിപ്പുചുമതല ഏറ്റെടുത്ത കമ്പനികൾ (വൻകിട അന്യസംസ്ഥാനകമ്പനികൾ) മാലിന്യസംസ്‌കരണം സംബന്ധിച്ച്‌ ഒരു ധാരണയും ഇല്ലാത്ത ചെറുകിട പ്രാദേശികകമ്പനികൾക്ക്‌ ഉപകരാർ നൽകിയാണ്‌ പ്രവർത്തനം നടത്തിയത്‌. അവരുടെ അറിവില്ലായ്‌മ പ്രശ്‌നം സങ്കീർണമാക്കി.

(5) പലരും പ്രയോഗിച്ച സാങ്കേതികവിദ്യകൾ പലതും പരീക്ഷണഘട്ടങ്ങളിലുള്ളവയായിരുന്നു. ഇത്‌ പ്രശ്‌നം സങ്കീർണമാക്കാനിടയാക്കി.

(6) യന്ത്രസാമഗ്രികൾ സമയാസമയങ്ങളിൽ മാറ്റുക, റിപ്പയർ ചെയ്യുക, ആവശ്യമായ നിർമിതികൾ സമയബന്ധിതമായി പൂർത്തിയാക്കുക എന്നിവക്ക്‌ നഗരസഭകളുടെ ഭരണസംവിധാനം വേണ്ടത്രശുഷ്‌കാന്തി കാണിച്ചില്ല. കാര്യങ്ങൾ ലാഘവബുദ്ധിയോടെ കണ്ടത്‌ പ്രശ്‌നം ഗുരുതരമാകാൻ കാരണമായി.

(7) വലിയ അളവിൽ മാലിന്യം കൈകാര്യം ചെയ്യാൻമാത്രം സ്ഥലം മിക്കയിടങ്ങളിലും ലഭ്യമായിരുന്നില്ല. നിരവധിയിടങ്ങളിൽ ഭൂമി ഇത്തരമൊരു സംവിധാനത്തിന്‌ അനുയോജ്യവുമായിരുന്നില്ല. ഇതുമൂലം ശാസ്‌ത്രീയമായ ലാൻഡ്‌ ഫില്ലിങ്ങും അസാധ്യമായിരുന്നു.

ഇത്തരം കാരണങ്ങൾകൊണ്ട്‌ ക്രന്ദ്രീകരിച്ചുള്ള സംവിധാനം അപകടകരമാണെന്നതിരിച്ചറിവിൽ എത്തിനിൽക്കുകയാണ്‌. ഇത്രയൊക്കെയായിട്ടും ഇപ്പോഴും സർക്കാരിന്റെ ഭാഗത്തുനിന്ന്‌ കേന്ദ്രീകൃതമാലിന്യ സംസ്‌കരണസംവിധാനം നടപ്പാക്കുമെന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുന്നുണ്ട്‌ എന്നത്‌ ദു:ഖകരമാണെന്നു പറയാതെ വയ്യ. ദുരനുഭവങ്ങളുടെ വെളിച്ചത്തിൽ സ്വന്തം പ്രദേശങ്ങളിൽ മാലിന്യസംസ്‌കരണസംവിധാനം ഏർപ്പെടുത്തുന്നതിന്‌ അനുവദിക്കുന്നില്ല. തങ്ങളുടെ പ്രദേശത്തുകൂടി മാലിന്യം കടത്തുന്നതിനും ജനങ്ങൾ സമ്മതിക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ കേന്ദ്രീകൃതമായ മാലിന്യസംസ്‌കരണസംവി ധാനം അസാധ്യമായി തീർന്നിരിക്കുന്നു. ഈ സാഹചര്യത്തിലാണ്‌ വികേന്ദ്രീകൃതമായ മാലിന്യസംസ്‌കരണത്തിന്‌ പ്രാധാന്യം ലഭി ക്കുന്നത്‌.

വികേന്ദ്രീകൃതമാലിന്യസംസ്‌കരണം

സ്രോതസ്സിൽ തന്നെ സംസ്‌കരിക്കുകയാണ്‌ ഇതിൽ പ്രധാനം. വിവിധ തരം മാലിന്യങ്ങൾ കൂടിക്കലരാതെ വേർതിരിച്ചുവേണം ഉപയോഗിക്കാൻ. വീടുകൾ, ഹോട്ടലുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിങ്ങനെ എല്ലാ സ്ഥലങ്ങളിലും ഇതാകാവുന്നതാണ്‌. ജൈവമാലിന്യങ്ങളാണ്‌ അഴുകുന്നവ. അവ പ്രത്യേകം ശേഖരിച്ച്‌ അന്നന്നുതന്നെ സംസ്‌കരിക്കണം. ജൈവമാലിന്യങ്ങളിൽ പ്ലാസ്റ്റിക്ക്‌, കുപ്പി, പാട്ട, ഹാർഡ്‌ ബോർഡുകൾ എന്നിങ്ങനെ നിരവധി വസ്‌തുക്കളുണ്ടാകും. ഇവ ജൈവമാലിന്യങ്ങളുമായി ബന്ധപ്പെടാതെ പ്രത്യേകം സൂക്ഷി ക്കണം. ഉപയോഗം കഴിഞ്ഞ ന്യൂസ്‌ പേപ്പർ സൂക്ഷിക്കുന്നതുപോലെ ഇവ കുറച്ചുനാളുകൾ വച്ചിരുന്നാലും കേടുവരികയോ ദുർഗന്ധമു ണ്ടാവുകയോ ചെയ്യില്ല. മാസത്തിലൊരിക്കൽ ഇവ ശേഖരിക്കുന്നതിനുള്ള സംവിധാനം തദ്ദേശഭരണസ്ഥാപനങ്ങൾ ഏർപ്പെടുത്തേണ്ട താണ്‌. ഇവ തരം തിരിച്ച്‌ ഓരോന്നിനുമുള്ള പുനചംക്രമണസംവി ധാനങ്ങൾക്ക്‌ കൈമാറാവുന്നതാണ്‌. ഭക്ഷ്യവസ്‌തുക്കളുമായി കൂടി ക്കലർന്ന പ്ലാസ്റ്റിക്‌ കാരിബാഗുകളും മറ്റും കഴുകിയുണക്കിവേണം സൂക്ഷിക്കാൻ. യാതൊരു കാരണവശാലും ഇവ വലിച്ചെറിയരുത്‌.

ജൈവമാലിന്യങ്ങളുടെ സംസ്‌കരണം

അഴുകുന്നത്‌ ജൈവമാലിന്യമാണ്‌. ഇത്‌ സംസ്‌കരിക്കുന്നതിന്‌ നിരവധി രീതികൾ പ്രാബല്യത്തിലുണ്ട്‌.

കമ്പോസ്റ്റിങ്‌

വായുവിന്റെ സാന്നിധ്യത്തിൽ ജൈവവസ്‌തുക്കൾ വിഘടിച്ച്‌ കമ്പോസ്റ്റു നൽകുന്ന രീതിയാണിത്‌. വളരെ പഴക്കമുള്ളതാണ്‌ കമ്പോസ്റ്റിങ്‌. കുഴിക്കമ്പോസ്റ്റ്‌, റിങ്‌ കമ്പോസ്റ്റിങ്‌, പോട്ട്‌ കമ്പോസ്റ്റിങ്‌ എന്നിങ്ങനെ നിരവധി കമ്പോസ്റ്റിങ്‌ രീതികൾ പ്രചാരത്തിലുണ്ട്‌. അടുത്തകാലത്തായി കൂടുതൽ പ്രചാരം നേടിയ രീതിയാണ്‌ പൈപ്പ്‌ കമ്പോസ്റ്റിങ്‌. ഒരു മീറ്റർ നീളവും 20 സെ.മി വ്യാസവുമുള്ള ഒരു പിവിസി പൈപ്പ്‌ മുറ്റത്ത്‌ (30 സെ.മി താഴ്‌ത്തി കുഴിച്ചിടുകയും വീട്ടിലെ ഗാർഹികമാലിന്യങ്ങൾ ദിവസേന പൈപ്പിൽ നിക്ഷേപിക്കുകയും ചെയ്യുക. 30-40 ദിവസംകൊണ്ട്‌ പൈപ്പു നിറയും അപ്പോൾ രണ്ടാമതൊരു പൈപ്പിൽ മാലിന്യം നിക്ഷേപിച്ചു തുടങ്ങാം. ഇതും നിറയാറാവുമ്പോഴേക്ക്‌ ആദ്യത്തെ പൈപ്പിലെ മാലിന്യം മുഴുവൻ കമ്പോസ്റ്റായി തീർന്നിരിക്കും. കമ്പോസ്റ്റ്‌ ഒന്നാംതരം ജൈവവളമാണ്‌. കമ്പോസ്റ്റുപൈപ്പിൽ പുഴു ഉണ്ടാകാൻ സാധ്യതയുണ്ട്‌. ഈർപ്പം വളരെ കൂടുന്നത്‌ നല്ല തല്ല. അല്‌പം ചാണകസ്ലറി ഒഴിച്ചുകൊടുക്കുന്നത്‌ കമ്പോസ്റ്റിങിന്‌ വേഗത കൂട്ടാൻ സഹായിക്കും. പൈപ്പ്‌ അനുയോജ്യമായ ഒരു മൂടികൊണ്ട്‌ അടച്ചുവയ്‌ക്കുന്നതാണ്‌ നല്ലത്‌.

മണ്ണിരകമ്പോസ്റ്റിങ്‌

ജൈവവസ്‌തുക്കളെ മെച്ചപ്പെട്ട കമ്പോസ്റ്റാക്കിമാറ്റാൻ കഴിവുള്ള വയാണ്‌ മണ്ണിരകൾ. അനുയോജ്യമായ ഒരു പാത്രത്തിൽ, ട്രേ, കലം, ബേസിൻ എന്നിങ്ങനെ ഏതെങ്കിലുമൊന്ന്‌, മണ്ണിരകളെ ഇട്ട്‌ ദിവസേനയുള്ള ജൈവമാലിന്യം ഇതിൽ നിക്ഷേപിക്കുക. വെള്ളം അധിക മായാലും അമ്ലതകൂടിയ വസ്‌തുക്കളുണ്ടെങ്കിലും മണ്ണിര നശിച്ചു പോകാനിടയുണ്ട്‌. ജൈവമാലിന്യങ്ങൾ മുഴുവൻ കമ്പോസ്റ്റായി കഴിഞ്ഞാൽ (30 ദിവസം) മണ്ണിരകളെ മാറ്റി കമ്പോസ്റ്റ്‌ വളമായുപയോഗിക്കാം. സാധാരണ കമ്പോസ്റ്റിനേക്കാൾ മെച്ചപ്പെട്ട വളമാണ്‌ മണ്ണിര കമ്പോസ്റ്റ്‌. സാധാരണ കമ്പോസ്റ്റിലും മണ്ണിര കമ്പോസ്റ്റിലും അടങ്ങിയിട്ടുള്ള സസ്യപോഷകങ്ങളുടെ താരതമ്യം പട്ടികയിൽ കൊടുത്തി രിക്കുന്നു.

ഘടകം സാധാരണ കമ്പോസ്റ്റ്‌ മണ്ണിര കമ്പോസ്റ്റ്
നൈട്രജൻ 1.8% 1.8%
ഫോസ്‌ഫറസ്‌ 1.4% 1.6%
പൊട്ടാസിയം 1.3% 1.5%

ബയോഗ്യാസ്‌ പ്ലാന്റുകൾ

ജൈവമാലിന്യങ്ങളെ ഓക്‌സിജന്റെ അസാന്നിധ്യത്തിൽ വിഘടിച്ച്‌ ജൈവവാതകം നൽകുന്ന സംവിധാനമാണ്‌ ബയോഗ്യാസ്‌ പ്ലാന്റ്‌. ജൈവവസ്‌തുക്കൾ ബാക്‌ടീരിയങ്ങളുടെ പ്രവർത്തനത്തിന്റെ ഫല മായി മീഥേനും കാർബൺഡൈഓക്‌സൈഡും ഉണ്ടാകുന്നു. ഈ വാതകമിശ്രിതമാണ്‌ ബയോഗ്യാസ്‌. ബയോഗ്യാസ്‌ പാചകവാതകം പോലെ ഇന്ധനമായുപയോഗിക്കാം. ഇതു കത്തിക്കുന്നതിനാവശ്യമായ പ്രത്യേകതരം ബർണറുകൾ ലഭ്യമാണ്‌. ജൈവമാലിന്യത്തിലെ നല്ല പങ്കും വെള്ളമാണ്‌. ഖരവസ്‌തു ഏകദേശം 22-24 ശതമാനമേ വരൂ. ഒരു ടൺ ജൈവമാലിന്യത്തിലുള്ള 220 കി.ഗ്രാം ഖരവസ്‌തു വിഘടിക്കുമ്പോൾ 25-30 കി.ഗ്രാം മീഥേൻ ഉൽപാദിപ്പിക്കപ്പെടുമെന്ന്‌ കണക്കാക്കിയിട്ടുണ്ട്‌. ഗാർഹിക ഉപയോഗത്തിനുപറ്റിയ പോർട്ടബ്‌ൾ ബയോഗ്യാസ്‌ പ്ലാന്റുകൾ തന്നെ പലതരമുണ്ട്‌. വാട്ടർ ജാക്കറ്റ്‌ ഇല്ലാത്ത തരവും വാട്ടർ ജാക്കറ്റ്‌ ഉള്ള തരവുമുണ്ട്‌. വാട്ടർ ജാക്കറ്റ്‌ ഇല്ലാത്ത മോഡലിൽ കൊതുകുവളരാനുള്ള സാധ്യത കൂടുതലാണ്‌. രണ്ടു വ്യാപ്‌തത്തിലുള്ള മോഡലുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പ്രതിദിനം 2.5 കി.ഗ്രാം വരെ മാലിന്യം കൈകാര്യം ചെയ്യാൻ ശേഷിയുള്ള 0.5 m3 (500 ലിറ്റർ) പ്ലാന്റ്‌. ഇതിൽ നിന്ന്‌ ദിവസേന 40-45 മിനിറ്റ്‌ കത്തിക്കുന്നതിനുള്ള ഇന്ധനം ലഭിക്കും. 1 m3 (1000 ലിറ്റർ) ശേഷിയുള്ള പ്ലാന്റിൽ 5 മുതൽ 7.5 വരെ കി.ഗ്രാം മാലിന്യം പ്രതിദിനം സംസ്‌കരിക്കാവുന്നതാണ്‌. 1.5-1.75 മണിക്കൂർ നേരം കത്തുന്നതി നുള്ള വാതകം ഇതിൽ നിന്നു ലഭിക്കും. ബയോഗ്യാസ്‌ പ്ലാന്റിൽനിന്ന്‌ കിട്ടുന്ന ദ്രാവക അവശിഷ്‌ടമായ സ്ലറി പോഷകമൂല്യമുള്ളതാണ്‌. ഇത്‌ ജൈവവളമായി ഉപയോഗിക്കപ്പെടുന്നുണ്ട്‌.

ബയോഗ്യാസ്‌ പ്ലാന്റുകൾ സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്യണം. അമ്ലത കൂടിയ മാലിന്യങ്ങൾ പ്ലാന്റിൽ ഉപയോഗിക്കരുത്‌. പ്ലാന്റ്‌ സജ്ജ മാക്കുന്ന സമയത്ത്‌ ചേർക്കുന്ന ചാണകസ്ലറിയാണ്‌ ബാക്‌റ്റീരി യകളുടെ സ്രോതസ്സ്‌. പ്ലാന്റിന്റെ ശേഷിയിൽ കൂടുതൽ മാലിന്യം ചേർത്താലും പ്ലാന്റ്‌ പ്രവർത്തനരഹിതമാകും. പ്ലാന്റിൽ എന്തെല്ലാം ചേർക്കാം എന്നും എന്തെല്ലാം അരുത്‌ എന്നും പ്ലാന്റ്‌ സജ്ജമാക്കുന്ന സമയത്ത്‌ വ്യക്തമായി പറഞ്ഞുമനസ്സിലാക്കിയിരിക്കും. അതനുസ രിച്ചുതന്നെ പ്രവർത്തിച്ചാൽ ഒരു പരിധിവരെ പാചകവാതക ആവശ്യം ബയോഗ്യാസ്‌ കൊണ്ടുനിറവേറ്റാൻ കഴിയും. ജൈവമാലിന്യത്തിന്റെ സംസ്‌കരണവുമാകും.

വലിയ ബയോഗ്യാസ്‌ പ്ലാന്റുകൾ

സ്‌കൂളുകൾ, അങ്കണവാടികൾ, ആശുപത്രികൾ, ഹോട്ടലുകൾ, സദ്യാലയങ്ങൾ, ചന്തസ്ഥലങ്ങൾ എന്നിങ്ങനെ ജൈവമാലിന്യമു ണ്ടാകുന്ന സ്ഥാപനങ്ങളിൽ അവ സംസ്‌കരിക്കുന്നതിന്‌ അനുയോജ്യമായ വലുപ്പമുള്ള ബയോഗ്യാസ്‌ പ്ലാന്റുകൾ നിർമിച്ച്‌ പ്രവർത്തിപ്പി ക്കാവുന്നതാണ്‌. ഇത്തരം ബയോഗ്യാസ്‌ പ്ലാന്റുകളിൽ ഭക്ഷണാവ ശിഷ്‌ടങ്ങളോടൊപ്പം കക്കൂസ്‌ മാലിന്യത്തെയും ജൈവവാതകമാക്കാൻ കഴിയുന്നതാണ്‌. ഇത്തരം കമ്യൂണിറ്റി ബയോഗ്യാസ്‌ പ്ലാന്റുകൾ പലയിടങ്ങളിലും പ്രവർത്തിച്ചുവരുന്നുണ്ട്‌.

ഒരു തദ്ദേശഭരണപ്രദേശത്ത്‌ സമഗ്രമായ ഒരു മാലിന്യപരിപാലന പരിപാടിയിൽ ഉറവിട മാലിന്യസംസ്‌കരണം വഴി മിക്കവാറും മാലിന്യങ്ങൾ ഒഴിവാക്കാൻ കഴിയും. പൊതുസ്ഥലങ്ങളിൽ നിന്നോ, അവിചാരിതമായ അവസരങ്ങളിലോ ഉണ്ടായേക്കാവുന്ന മാലിന്യങ്ങളെ കരുതി 2-5 ടൺ ശേഷിയുള്ള ഒരു പൊതുസംവിധാനം ഒരു കരുതൽ എന്ന നിലയിൽ ഉണ്ടായിരിക്കുന്നത്‌ നന്നായിരിക്കും.

ദ്രവമാലിന്യങ്ങൾ

വിവിധ ഉപയോഗങ്ങൾക്കുശേഷം ലഭിക്കുന്ന മലിനജലം ഓടകളിലൂടെ ഒഴുകിയെത്തി നമ്മുടെ ജലാശയങ്ങളെ മലിനപ്പെടുത്തുന്നുണ്ട്‌. കക്കൂസ്‌ മാലിന്യവും ഒരു ഗുരുതരമായ മലിനീകരണ സ്രോത സ്സാണ്‌. ജലസ്രോതസ്സുകൾ, ഭൗമജലം പോലും, അപകടകാരിക ളായ ബാക്‌ടീരിയകൾ വളരെ കൂടുതൽ ഉള്ളതുകൊണ്ട്‌ ഉപയോഗ്യ മല്ലാതായി തീർന്നിരിക്കുന്നതായാണ്‌ റിപ്പോർട്ടുകൾ. ഇക്കാര്യങ്ങൾ കേരളസമൂഹം ഗൗരവബുദ്ധിയോടെ പരിഗണിക്കേണ്ടതുണ്ട്‌. കൂട്ടായശ്രമം വഴി മാത്രമേ പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളൂ.