ശാസ്ത്രവും സമൂഹവും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.

ശാസ്ത്രവും സമൂഹവും
Cover
കർത്താവ് ഡോ.ആർ.വി.ജി.മേനോൻ
ഭാഷ മലയാളം
വിഷയം [[]]
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഒക്ടോബർ, 2009

ആധുനികശാസ്‌ത്രവിജ്ഞാനം, ശാസ്‌ത്രീയ വീക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്‌ ബോധ്യമുള്ള ഏതൊരാളെ സംബന്ധിച്ചിടത്തോളവും ഏറെ പ്രാധാന്യമുള്ള വർഷമാണ്‌ 2009. ഭൗതികശാസ്‌ത്രരംഗത്ത്‌ പൊതുവിലും ജ്യോതിശ്ശാസ്‌ത്രരംഗത്ത്‌ പ്രത്യേകിച്ചും യുഗപരിവർത്തനത്തിന്‌ തുടക്കം കുറിച്ച ഗലീലിയോ ഗലീലിയുടെ പ്രശസ്‌തമായ ടെലിസ്‌കോപ്പ്‌ നിരീക്ഷണം നടന്നിട്ട്‌ 400 സംവത്സരങ്ങൾ പൂർത്തിയാകുന്നത്‌ ഈ വർഷമാണ്‌ . അതുപോലെ തന്നെ ജീവശാസ്‌ത്രരംഗത്ത്‌ അന്നുവരെ നിലനിന്നിരുന്ന ഒട്ടേറെ അബദ്ധധാരണകളെ തകിടം മറിച്ച്‌ ആധുനിക ജീവശാസ്‌ത്രത്തിന്‌ അടിത്തറ പാകിയ ചാൾസ്‌ ഡാർവിന്റെ 200-ാം ജന്മവാർഷികവും, അദ്ദേഹത്തിന്റെ `സ്‌പീഷീസുകളുടെ ഉത്‌പത്തി' (Origin Of Species) എന്ന മഹദ്‌ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ട്‌ 150 സംവത്സരങ്ങൾ പൂർത്തിയാകുന്നതും ഈ വർഷം തന്നെ. ചുരുക്കത്തിൽ നവ മാനവസംസ്‌കാരത്തിന്റെ അസ്‌തിവാരമെന്ന്‌ നിസ്സംശയം വിശേഷിപ്പിക്കാവുന്ന ആധുനിക ശാസ്‌ത്രത്തിന്റെ ചരിത്രത്തിലെ അത്യന്തം പ്രാധാന്യമേറിയ ചില മുഹൂർത്തങ്ങളുടെ ഓർമ പുതുക്കിക്കൊണ്ടാണ്‌ 2009 നമ്മുടെ മുന്നിൽ എത്തുന്നത്‌. ഇന്ത്യൻ ആണവ പരിപാടിയുടെയും ബഹിരാകാശ ഗവേഷണത്തിന്റേയും ഉപജ്ഞാതാവായ ഹോമി ജെ ഭാഭയുടെ ജന്മശതാബ്‌ദി വർഷമാണ്‌ ഇതെന്ന കാര്യവും ഈ അവസരത്തിൽ സ്‌മരണീയമാണ്‌.

ഈ ചരിത്രമുഹൂർത്തത്തിന്റെ സവിശേഷ പ്രാധാന്യം കണക്കിലെടുത്ത്‌ കൊണ്ട്‌ 2009 -2010 പ്രവർത്തനവർഷം ശാസ്‌ത്രവർഷമായി ആചരിക്കാൻ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തീരുമാനിച്ചിരിക്കുകയാണ്‌. ആധുനിക ശാസ്‌ത്രവിജ്ഞാനവും ശാസ്‌ത്രബോധവും സമസ്‌ത ജനവിഭാഗങ്ങളിലേക്കും പ്രസരിപ്പിക്കുക എന്നത്‌ പണ്ടെന്നത്തേക്കാളും ഇന്ന്‌ പ്രസക്തമായി തീർന്നിരിക്കുന്നു എന്ന വിശ്വാസമാണ്‌ ഇത്തരമൊരു തീരുമാനമെടുക്കാൻ പരിഷത്തിനെ പ്രേരിപ്പിക്കുന്നത്‌.

ആധുനിക ശാസ്‌ത്രവിജ്ഞാനത്തിന്റെ അനന്തസാധ്യതകൾക്കും അതുണർത്തിവിടുന്ന ഉദാത്തമായ ജിജ്ഞാസക്കുമൊപ്പം, ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ വിവേകപൂർണമായ ഉപയോഗവും അവയക്ക്‌ മേലുള്ള സാമൂഹ്യനിയന്ത്രണവും വ്യാപകമായ ചർച്ചക്ക്‌ വിഷയീഭവിക്കേണ്ടതുണ്ടെന്ന്‌ പരിഷത്ത്‌ കരുതുന്നു. ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ ശാസ്‌ത്ര പ്രചാരണ പ്രവർത്തനങ്ങൾക്കാണ്‌ പരിഷത്ത്‌ രൂപം നൽകിയിട്ടുള്ളത്‌. ശാസ്‌ത്രവർഷാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലഘുഗ്രന്ഥപരമ്പരയിലെ ഒരു പുസ്‌തകമാണിത്‌.


                          കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌

ആമുഖം

അറിയാനും ചോദ്യം ചെയ്യാനും പരീക്ഷിച്ചുനോക്കാനുമുള്ള മനുഷ്യസഹജമായ കൗതുകത്തിൽ നിന്നാണ്‌ ശാസ്‌ത്രം ജന്മംകൊണ്ടത്‌. വേട്ടക്കാരനായി കഴിയുമ്പോൾതന്നെ പ്രകൃതിയെപ്പറ്റിയും ഇഴജന്തുക്കളെപ്പറ്റിയും ഫലമൂലാദികളെപ്പറ്റിയും ധാരാളം അറിവ്‌ മനുഷ്യൻ നേടിയിരുന്നിരിക്കണം. ആയുധത്തിനായോ ഉപകരണത്തിനായോ വിവിധയിനം കല്ലുകൾ തെരഞ്ഞെടുക്കുമ്പോഴും, തീയിനെ നിയന്ത്രിക്കാൻ ശീലിക്കുമ്പോഴും, വേട്ടയാടപ്പെടുന്ന മൃഗങ്ങളുടെ പെരുമാറ്റം നിരീക്ഷിക്കുമ്പോഴും, ആഹാരത്തിനുതകുന്നതും അല്ലാത്തതുമായ സസ്യങ്ങളുടെ ലഭ്യതയും സ്വഭാവവും പഠിക്കുമ്പോഴും, ഇവയെല്ലാം സ്വാധീനിക്കുന്ന പ്രകൃതിയുടെ ഋതുഭേദങ്ങളെ അപഗ്രഥിക്കുമ്പോഴും അറിവുനേടുന്നതിനും ചിട്ടപ്പെടുത്തുന്നതിനുമുള്ള ബോധപൂർവമായ ശ്രമങ്ങൾ തീർച്ചയായും ഉണ്ടായിരുന്നിരിക്കണം. ശാസ്‌ത്രം ഉദിച്ചു കഴിഞ്ഞിരുന്നു എന്നു സാരം. പക്ഷെ, ഉദ്ദേശം 10,000 വർഷം മുമ്പ്‌ കാർഷികവൃത്തി ആരംഭിച്ചതോടെ പ്രകൃതിയെ ആഴത്തിൽ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യാനുള്ള അവസരങ്ങളും ആവശ്യങ്ങളും പലമടങ്ങ്‌ വർധിച്ചു. നിലം ഒരുക്കുന്നതിനും വിത്തുവിതയ്‌ക്കുന്നതിനും ഒക്കെ കാലാവസ്ഥാപ്രവചനശേഷി കൂടിയേതീരൂ. അത്‌ കലണ്ടർ നിർമാണത്തിലേക്ക്‌ നയിച്ചു. സൂര്യന്റെ അയനങ്ങളും ഋതുക്കളും തമ്മിലുള്ള ബന്ധം വളരെ വ്യക്തമായിരുന്നു. ഋതുക്കളുടെ ആവർത്തന ചക്രമായ വർഷവും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ കുറിക്കുന്ന ചാന്ദ്രമാസങ്ങളും തമ്മിലുള്ള പൊരുത്തക്കേട്‌ കുറച്ചൊന്നുമല്ല പ്രാചീന വാനശാസ്‌ത്രജ്ഞരെ കുഴക്കിയത്‌. എങ്കിലും ചാന്ദ്രമാസത്തിന്റെ ദൈർഘ്യം 29.530594 ദിവസം എന്ന്‌ 6 ദശാംശസ്ഥാനം വരെ കൃത്യമായി കണക്കാക്കാൻ മെസൊപ്പൊട്ടേമിയൻ വാനനിരീക്ഷകർക്കു കഴിഞ്ഞു. വർഷത്തിന്റെ ദൈർഘ്യം 365.25 ദിവസം എന്ന്‌ ഈജിപ്‌റ്റുകാരും കണ്ടെത്തി. തലമുറകളോളം നീണ്ട നിരീക്ഷണങ്ങളും കൗശലപൂർവമായ കണക്കുകൂട്ടലുകളും ആണ്‌ ഇതു സാധ്യമാക്കിയത്‌. ഈ തപസ്യയിലേർപ്പെട്ടിരുന്നവരെ തീറ്റിപ്പോറ്റാനും പ്രോത്സാഹിപ്പിക്കാനും സമൂഹം തയ്യാറായത്‌ അവരുടെ പ്രവൃത്തിയും കണ്ടെത്തലുകളും കൃഷിയുടെ വിജയത്തിനും സമൂഹത്തിന്റെ നിലനിൽപ്പിനും ഒഴിച്ചുകൂടാനാവാത്തതാണ്‌ എന്ന തിരിച്ചറിവുകൊണ്ടായിരുന്നു. കലണ്ടർ ഉണ്ടാക്കലിലൂടെ ജ്യോതിശ്ശാസ്‌ത്രവും ഗണിതവും വികസിച്ചു.

കാർഷിക സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി വികസിച്ചുവന്ന കച്ചവടമാണ്‌ ഗണിതശാസ്‌ത്രത്തിന്റെ വളർച്ചയ്‌ക്ക്‌ വഴിവെച്ച മറ്റൊരു ഘടകം. മെസൊപ്പൊട്ടേമിയൻ കളിമൺ പലകകളിൽ കൊത്തിക്കുറിച്ച പട്ടികകളിൽ ചിലത്‌ കൂട്ടുപലിശ കണക്കാക്കാൻ വേണ്ടിയുള്ളവയായിരുന്നു (പലിശനിരക്ക്‌ 331/3%) ഈജിപ്‌റ്റിലാകട്ടെ, നൈൽനദിയിലെ ആണ്ടോടാണ്ടുള്ള വെള്ളപ്പൊക്കങ്ങളിൽ നെൽവയലുകൾ എക്കൽവീണ്‌ നിറഞ്ഞ്‌ വരമ്പുകൾ മായുമ്പോൾ വീണ്ടും അളന്നു തിരിക്കുന്ന പ്രക്രിയയിലൂടെയാണ്‌ ജ്യോമെട്രി വികസിച്ചത്‌. ഇന്ത്യയിലെ ആര്യസംസ്‌കൃതിയിൽ യാഗാദികർമങ്ങൾക്കുള്ള വേദിയും ശാലയും പണിയാൻ വേണ്ടി ജ്യാമിതി ഉപയോഗിച്ചു. യാഗങ്ങൾക്കുള്ള പുണ്യമുഹൂർത്തങ്ങൾ ഗണിച്ചെടുക്കാൻ ജ്യോതിഷവും സഹായിച്ചു. ഇങ്ങനെ എല്ലാ പ്രാചീന സമൂഹങ്ങളിലും ഉത്‌പാദനപരവും സാംസ്‌കാരികവുമായ ജീവിതാവശ്യങ്ങൾ നിറവേറുന്നതിനു സഹായകമായ അറിവുകൾ ലഭ്യമാക്കുന്നതിലൂടെയാണ്‌ ശാസ്‌ത്രശാഖകൾ പോഷിപ്പിക്കപ്പെട്ടത്‌ എന്നു മനസ്സിലാക്കാം.

നിഗൂഢവൽക്കരണം

അതേ സമയം തന്നെ അറിവിനെയും അറിവിന്റെ വഴികളേയും നിഗൂഢവൽക്കരിക്കാനുള്ള ശ്രമവും നമുക്ക്‌ ഇവിടെയെല്ലാം കാണാൻ കഴിയും. മെസൊപ്പൊട്ടേമിയയിലും ഈജിപ്‌റ്റിലും ഇന്ത്യയിലും പുരോഹിതന്മാരും ഉന്നത ഉദ്യോഗസ്ഥരുമാണ്‌ കലണ്ടർ നിർമാണവും അതിനടിസ്ഥാനമായ ജ്യോതിശ്ശാസ്‌ത്രവും കൈയടക്കിയത്‌. കാലഗണനയും കാലാവസ്ഥാപ്രവചനവും നിഗൂഢവൽക്കരിക്കുക വഴി അവയുടെമേൽ നിയന്ത്രണം അവകാശപ്പെടാനും അതിനായി സവിശേഷമായ കർമകാണ്ഡങ്ങൾ രൂപപ്പെടുത്താനും അവർക്കു കഴിഞ്ഞു. അതോടെ നേരിട്ടോ അല്ലാതെയോ അറിവിന്റെ കുത്തകയും അതിലൂടെ സമൂഹത്തിന്റെ ബൗദ്ധികമായ മേധാവിത്തവും അവരിലമർന്നു.

നിഗൂഢവൽക്കരിക്കപ്പെട്ട, ചിട്ടവൽക്കരിക്കപ്പെട്ട അറിവായിരുന്നു പ്രാചീനസമൂഹങ്ങളിൽ ശാസ്‌ത്രം എന്നു വിവക്ഷിക്കപ്പെട്ടത്‌. 4000 കൊല്ലം മുമ്പുള്ള ഒരു ഈജിപ്‌ഷ്യൻ പാപ്പിറസ്‌ ചുരുളിൽ ഒരു അച്ഛൻ മകനുകൊടുക്കുന്ന ഉപദേശം ഇപ്രകാരമാണ്‌: `നീ വെറുതെ കളിച്ചു നടക്കാതെ കുത്തിയിരുന്നു നാലക്ഷരം പഠിച്ച്‌ ഒരു എഴുത്താളൻ (Scribe) ആകാൻ നോക്ക്‌. അല്ലെങ്കിൽ മാടുകളെപ്പോലെ പാടത്തു പണിയെടുക്കേണ്ടിവരും.' അക്ഷരാഭ്യാസവും ശാസ്‌ത്രജ്ഞാനവും സാധാരണക്കാരിൽ നിന്നു വ്യത്യസ്‌തമായ, മേലനങ്ങി അധ്വാനിക്കേണ്ടാത്ത ഒരു വർഗത്തെ വേർതിരിക്കാൻ അന്നേ ദുരുപയോഗപ്പെടുത്തിയിരുന്നു എന്നർത്ഥം. അറിവിന്റെ നിഗൂഢവൽക്കരണം എന്ന പ്രക്രിയ വിവിധ പ്രാചീന സമൂഹങ്ങളിൽ വിവിധ രീതിയിലാണ്‌ സംഭവിക്കുന്നത്‌. ഇന്ത്യയിൽ ഉരുത്തിരിഞ്ഞു വന്ന ജാതിവ്യവസ്ഥ അതിനു സവിശേഷമായ ചില മാനങ്ങൾ നൽകി. എങ്കിലും പൊതുവെ പറഞ്ഞാൽ പുരോഹിതവർഗത്തിനായിരുന്നു എല്ലാ പ്രാചീന സമൂഹങ്ങളിലും അറിവിന്റെ കുത്തക. ജനാധിപത്യമാതൃകകൾ വികസിപ്പിച്ചെടുത്ത ഗ്രീസിൽ പോലും അടിമകൾ എന്ന വലിയ വിഭാഗത്തിന്‌ അറിവുകളുടെ ലോകം നിഷിദ്ധമായിരുന്നു.

ശാസ്‌ത്രവും സാങ്കേതികവിദ്യയും

കൃഷിയുടെ ഭാഗമായും അനുബന്ധമായും അനേകം സാങ്കേതിക വിദ്യകൾ വികസിച്ചുവന്നു. മൃഗങ്ങളെ മെരുക്കലും നുകം വയ്‌ക്കലും, കാർഷിക ഉപകരണങ്ങൾ ഉണ്ടാക്കൽ, വീടുപണി, മൺപാത്രങ്ങൾ ഉണ്ടാക്കൽ, തുണിനെയ്യൽ, ലോഹപാത്രനിർമ്മാണം, ആയുധനിർമ്മാണം, യുദ്ധതന്ത്രങ്ങൾ ഇവയെല്ലാം ക്രമാനുഗതമായി വളർന്നു വികസിച്ചു. ശാസ്‌ത്രങ്ങളിൽ നിന്നു വ്യത്യസ്‌തമായി സാങ്കേതികവിദ്യകൾ എല്ലാക്കാലവും ജനകീയമായിരുന്നു എന്നു കാണാം. അതുകൊണ്ടുതന്നെ ശാസ്‌ത്രവളർച്ച മുരടിച്ചു നിന്ന മധ്യകാലഘട്ടത്തിലും യൂറോപ്പിൽ സാങ്കേതിക വിദ്യകൾ ക്രമമായി വളർന്നുകൊണ്ടിരുന്നു എന്നത്‌ നമ്മെ അത്ഭുതപ്പെടുത്തുന്നില്ല. ഒഴുകുന്ന വെള്ളത്തിന്റ ശക്തികൊണ്ടു കറങ്ങുന്ന ജലചക്രങ്ങളും അവയാൽ പ്രവർത്തിക്കുന്ന ധാന്യമില്ലുകളും പമ്പുകളും ഇതിനുദാഹരണം. ജലചക്രങ്ങളും പമ്പുകളും ന്യൂമാറ്റിക്‌ യന്ത്രങ്ങളും ആദ്യമായി പ്രത്യക്ഷപ്പെടുന്നത്‌ അലക്‌സാണ്ട്രിയയിലാണ്‌. ഇവയിൽ പലതും കൗതുകപ്രദർശനത്തിനും അലങ്കാരത്തിനുമാണ്‌ ഉപയോഗിക്കപ്പെട്ടിരുന്നത്‌. അലക്‌സാണ്ട്രിയയുടെ പതനത്തോടെ ഇത്തരം ബാഹ്യമോടികൾ മറക്കപ്പെട്ടു. പക്ഷെ ജലസേചനം, കുടിവെള്ളം പമ്പുചെയ്യൽ, ധാന്യംപൊടിക്കൽ മുതലായ ഉൽപാദന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ തുടർന്നും വികസിച്ചുകൊണ്ടേയിരുന്നു. പക്ഷെ അറിവും അധ്വാനവും തമ്മിൽ ക്രമേണ വളർന്നു വന്ന വിടവ്‌ ശാസ്‌ത്രപുരോഗതിയുടെ കൂമ്പടച്ചു. ഗ്രീസിലും റോമിലും അടിമവ്യവസ്ഥയാണിതിനു കാരണമായതെങ്കിൽ ഇന്ത്യയിൽ ജാതിസമ്പ്രദായമായിരുന്നു ഇതിനു വഴിവെച്ചത്‌. ഗാലൻ ലാറ്റിൻ ഭാഷയിലെഴുതിയ അനാട്ടമി ഗ്രന്ഥം ഉയർന്ന കസാലയിലിരുന്നു പ്രൊഫസർ വായിക്കുകയും `ബാർബർ സർജൻ' ശവശരീരം കീറിമുറിച്ചു പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയിൽ അറിവെങ്ങനെ വളരും? കൈകൊണ്ട്‌ ജോലി ചെയ്യുന്നവരെ അധഃകൃതരായി കാണുന്ന ജാതിവ്യവസ്ഥ ഇന്ത്യയുടെ പ്രത്യേക ശാപമായിത്തീർന്നു. അറിവിന്റെ ലോകത്ത്‌ വിഹരിച്ചിരുന്ന ഉന്നത ജാതിക്കാർക്ക്‌ അധ്വാനത്തിലൂടെ നേടേണ്ടുന്ന പ്രായോഗിക ജ്ഞാനം അന്യമായി. അതോടെ നിരീക്ഷണ പരീക്ഷണ പ്രവർത്തനങ്ങൾ അത്യാവശ്യമായ സാങ്കേതികവിദ്യകളുടെ വളർച്ച മുരടിച്ചു. ബൗദ്ധകാലഘട്ടത്തിൽ അന്യാദൃശ്യമായ വികാസം പ്രാപിച്ചിരുന്ന ആയുർവേദശാസ്‌ത്രം പോലും ക്രമേണ പ്രായോഗിക ബന്ധങ്ങൾ വെടിഞ്ഞ്‌ ശാസ്‌ത്രഗ്രന്ഥങ്ങളുടെ ശുഷ്‌ക വ്യാഖ്യാനങ്ങളിലൊതുങ്ങി.

മാറ്റങ്ങൾ

യൂറോപ്പിൽ ഈ രീതി മാറിത്തുടങ്ങിയത്‌ നവോത്ഥാന കാലഘട്ടത്തിലും ആകെ മാറിമറിഞ്ഞത്‌ വ്യാവസായിക വിപ്ലവത്തിലൂടെയും ആയിരുന്നു.

നവോത്ഥാനകാലഘട്ടത്തിൽ സാമുദായിക നേതൃത്വം ഫ്യൂഡൽ പ്രഭുക്കളിൽ നിന്നും കച്ചവടക്കാരിലേക്കു മാറി. കടൽവഴിയുള്ള സാഹസികയാത്രകളും പുതിയ വിപണികൾ കണ്ടെത്തിയതും അവരുടെ സമ്പത്തും പ്രാധാന്യവും വർധിപ്പിച്ചു. പുതിയ കണ്ടുപിടുത്തങ്ങളും അറിവുകളും കച്ചവടത്തിനും വ്യവസായത്തിനും സഹായകമായേക്കും എന്ന തിരിച്ചറിവ്‌ അവയെ പ്രോത്സാഹിപ്പിക്കാൻ കച്ചവടക്കാർക്ക്‌ പ്രേരകമായി. അങ്ങനെ അവ പരസ്‌പരം പോഷിപ്പിക്കുന്ന ഒരു പങ്കാളിത്തത്തിലേക്കു നയിച്ചു. എന്നാൽ ഫ്യൂഡൽ പ്രഭുക്കളും രാജസേവകന്മാരും നിയന്ത്രിച്ചിരുന്ന ഇന്ത്യൻ-ചൈനീസ്‌ സമൂഹങ്ങളിൽ ഈ മാറ്റങ്ങൾ വന്നില്ല. അവർക്ക്‌ നിലവിലുള്ള വ്യവസ്ഥ തുടരുന്നതാണല്ലോ അഭികാമ്യം. എന്തുകൊണ്ട്‌ വ്യവസായ വിപ്ലവം കിഴക്ക്‌ ഉണ്ടായില്ല എന്നതിന്റെ ഉത്തരം ഒരു പക്ഷെ ഇതായിരിക്കാം. കച്ചവടക്കാർക്ക്‌ ഏറ്റവും മുൻതൂക്കം കിട്ടിയ ഇംഗ്ലണ്ടിൽ അതിന്റെ അരങ്ങേറ്റം ഉണ്ടായത്‌ യാദൃശ്ചികമല്ല.

പുതുതായി തുറന്നു കിട്ടിയ വിപണികളുടെ ആവശ്യത്തിനനുസരിച്ച്‌ ഉൽപാദനം വർധിപ്പിക്കാൻ പരമ്പരാഗത കുടിൽ വ്യവസായ രീതിക്ക്‌ കഴിയാതെ വന്നപ്പോഴാണ്‌ ഫാക്‌ടറി ഉൽപാദനവ്യവസ്ഥ അടിച്ചേൽപ്പിക്കാൻ വ്യാപാരിസമൂഹം നിർബന്ധിതരായത്‌. തൊഴിലാളികളെ ഒരേ കൂരയ്‌ക്കു കീഴിൽ അണിനിരത്തുക, അവരുടെ പണിരീതികളും പണിആയുധങ്ങളും മെച്ചപ്പെടുത്തുക, ക്രമേണ യന്ത്രവൽക്കരണവും അതിലൂടെ പ്രകൃതി ശക്തികളെ ചൂഷണം ചെയ്യലും സാദ്ധ്യമാക്കുക എന്നിങ്ങനെയായിരുന്നു വ്യവസായ വിപ്ലവത്തിന്റെ പടികൾ. ഈ സംരംഭത്തിൽ സാങ്കേതിക വിദ്യയുടെ മേന്മ മാത്രമല്ല വ്യാപാരിവ്യവസായി സമൂഹത്തിന്റെ സംഘടിത രാഷ്‌ട്രീയശക്തി എന്ന കൈക്രിയ കൂടി വേണ്ടിവന്നു അതിനെ വിജയിപ്പിക്കുവാൻ എന്നത്‌ മറ്റൊരു കാര്യം. ഇംഗ്ലണ്ടിലെ വ്യവസായ ശാലകളിൽ തുഛമായ കൂലിക്ക്‌ എല്ലുമുറിയെ പണിയെടുക്കാൻ പാകത്തിന്‌ ഒരു തൊഴിലില്ലാപ്പടയെ ഒരുക്കിക്കൊടുക്കുന്നതിനു സഹായകമായ നിയമനിർമാണങ്ങളും ദരിദ്രവൽക്കരണവും സാധ്യമാക്കാൻ വ്യാപാരി വ്യവസായികളുടെ സംഘടിത രാഷ്‌ട്രീയ ശക്തിക്കുകഴിഞ്ഞു. എന്നിട്ടും അവരുടെ പരുപരുത്ത മിൽ തുണികളെ വെല്ലുന്ന മേത്തരം കൈത്തറി വസ്‌ത്രങ്ങൾ സൃഷ്‌ടിച്ചിരുന്ന (ഡാക്കാ മസ്ലിൻ, ബനാറസ്‌ പട്ട്‌) ഇന്ത്യയിലെ നെയ്‌ത്തുവ്യവസായത്തെ തകർക്കാനും അവരുടെ രാഷ്‌ട്രീയശക്തി ആവശ്യമായിത്തീർന്നു. കാലക്രമത്തിൽ മാത്രമാണ്‌ യന്ത്രവൽകൃത ഉൽപാദനവ്യവസ്ഥയ്‌ക്ക്‌ സ്വന്തം ഉൽപാദനക്ഷമതയുടെയും ഗുണനിയന്ത്രണത്തിന്റെയും മാത്രം മെച്ചം കൊണ്ട്‌ ലോകം കീഴടക്കാമെന്ന മേന്മ സ്വായത്തമായത്‌. പിന്നെയൊരു ജൈത്രയാത്രയായിരുന്നു. എവിടെയെല്ലാം അത്‌ പരമ്പരാഗത ഉൽപാദന വ്യവസ്ഥയുമായി എതിരിട്ടുവോ അവിടെയെല്ലാം അതിന്റെ മേൽക്കൈ അവിതർക്കിതമായിരുന്നു. പക്ഷെ അതിന്റെ ആരംഭഘട്ടത്തിൽ അതിന്‌ സ്വന്തം കാലിൽ നിൽക്കാൻ തീർച്ചയായും കഴിയുമായിരുന്നില്ല. അതുപോലെ തന്നെ പ്രധാനമാണ്‌ കോളനികളെ കൊള്ളയടിച്ചു കുന്നുകൂട്ടിയ മൂലധനത്തിന്റെ സംഭാവനയും. പതിനായിരക്കണക്കിനു ടൺ വെള്ളിയും സ്വർണവുമാണ്‌ ഈ കാലഘട്ടത്തിൽ ഏഷ്യ-ആഫ്രിക്ക-അമേരിക്ക ഭൂഖണ്ഡങ്ങളിൽ നിന്ന്‌ യൂറോപ്പിലേക്കൊഴുകിയത്‌. തോന്നിയ വിലകൊടുത്തും കൊടുക്കാതെയും കയറ്റിക്കൊണ്ടുപോയ അസംസ്‌കൃത വസ്‌തുക്കളുടെ കാര്യം വേറെ. യൂറോപ്പിനെ വ്യവസായവൽക്കരിക്കുന്ന പ്രക്രിയയിലൂടെയാണ്‌ മറ്റു ഭൂഖണ്ഡങ്ങളെല്ലാം ദാരിദ്ര്യത്തിലേക്ക്‌ ആണ്ടുപോയത്‌ എന്നതും യാഥാർത്ഥ്യമാണ്‌.

ശാസ്‌ത്രപുനരുത്ഥാനം

ഈ മാറ്റങ്ങൾ സാധ്യമാക്കുന്നതിൽ ശാസ്‌ത്രപുനരുത്ഥാനത്തിനും വലിയൊരു പങ്കുണ്ടായിരുന്നു. ശാസ്‌ത്രത്തിന്റെ ജനകീയവൽക്കരണമായിരുന്നു അതിലേക്കു നയിച്ച ഒരു പ്രധാന ഘടകം. അച്ചടിയും അറിവിന്റെ ജനാധിപത്യവൽക്കരണവും ആണ്‌ അതിനു കാരണമായത്‌. ഗുരുശിഷ്യപരമ്പരയിലൂടെയും വാചിക മാധ്യമത്തിലൂടെയും അറിവുപകരുന്ന സമ്പ്രദായമായിരുന്നു നിഗൂഢവൽക്കരണത്തിന്റെ അടിസ്ഥാനം. കൈയെഴുത്തുപ്രതികൾപോലും വളരെ കുറച്ചുപേർക്ക്‌ മാത്രമേ ലഭ്യമായിരുന്നുള്ളൂ. പക്ഷെ അച്ചടിച്ച പുസ്‌തകങ്ങളുടെ പ്രചരണം അറിവിന്റെ ലോകത്തൊരു പൊട്ടിത്തെറി തന്നെ സൃഷ്‌ടിച്ചു. വിശിഷ്‌ടഗ്രന്ഥങ്ങൾ സാധാരണക്കാർക്കുപോലും ലഭ്യമായി. ഏറ്റവും അപ്രതീക്ഷിതമായ കൈകളിൽപോലും അവ എത്തിച്ചേർന്നു. മതത്തിന്റെ കെട്ടുപാടുകൾ അയഞ്ഞതും മതവും അധികാരവും തമ്മിൽ മത്സരം മുറുകിയതും സ്വതന്ത്രചിന്തയ്‌ക്ക്‌ ലൈസൻസ്‌ കിട്ടിയതും ഒരിടത്തല്ലെങ്കിൽ മറ്റൊരിടത്ത്‌ എന്ന മട്ടിൽ യൂറോപ്പിലെ രാജ്യങ്ങൾ പരസ്‌പരം മത്സരിച്ച്‌ ശാസ്‌ത്രജ്ഞർക്ക്‌ പ്രോത്സാഹനം നൽകിയതും ഈ പ്രക്രിയയെ സഹായിച്ചു.

ഇൻക്വിസിഷനും മറ്റും മതപീഡനങ്ങളും ഇടങ്കോലിട്ടെങ്കിലും ഇംഗ്ലണ്ടിലെയും ഹോളണ്ടിലെയും പ്രൊട്ടെസ്റ്റന്റ്‌ അഭയകേന്ദ്രങ്ങൾ ധൈഷണിക വിപ്ലവത്തിന്റെ തിരി കെടാതെ കാത്തു. വ്യവസായ വിപ്ലവം ഉൽപാദനശക്തികളെ വിജൃംഭിപ്പിച്ചപ്പോൾ പ്രതിലോമശക്തികൾ ക്രമേണ അപ്രസക്തങ്ങളായി. ഡാവിഞ്ചിയും ബേക്കണും ഗലീലിയോയും ന്യൂട്ടണും മറ്റും തുടങ്ങിവച്ച ശാസ്‌ത്രീയസമീപനവും രീതികളും ആധികാരികത കൈവരിച്ചു. ശാസ്‌ത്രം എന്നത്‌ ചിട്ടപ്പെടുത്തിയ അറിവ്‌ എന്നതിൽ നിന്ന്‌ ഒരു പ്രത്യേക ചിട്ടയും അതിലൂടെ നേടിയ അറിവും മാത്രമാണ്‌ എന്ന്‌ മാറി. അമൂർത്തമായ ആശയങ്ങളിലധിഷ്‌ഠിതമായ പ്രമാണങ്ങളെ ആസ്‌പദമാക്കിയിട്ടുള്ള വാദങ്ങളുടെയും സിദ്ധാന്തങ്ങളുടെയും ചിട്ടപ്പെടുത്തിയ രൂപങ്ങളായിരുന്നു പഴയ പലശാസ്‌ത്രങ്ങളും. പക്ഷെ നിരീക്ഷണങ്ങളിൽ നിന്നുരുത്തിരിച്ചെടുത്ത സങ്കൽപനങ്ങളും അവയെ ആധാരമാക്കിയ പരീക്ഷണങ്ങളും അപഗ്രഥനവും അവയിലൂടെ തെറ്റുതിരുത്തി കറ തീർത്ത്‌ പരിഷ്‌കരിച്ച പുതിയ സങ്കൽപനങ്ങളുമാണ്‌ ശാസ്‌ത്രം എന്ന ആധുനിക ചിന്താഗതി ക്രമേണ പരക്കെ അംഗീകരിക്കപ്പെട്ടു. അതോടെ പൗരാണിക ശാസ്‌ത്രങ്ങളും ആധുനികശാസ്‌ത്രവും തമ്മിലുള്ള വിടവ്‌ പൂർണമായി.

ശാസ്‌ത്രവും വ്യവസായവും

വ്യവസായ വിപ്ലവത്തിന്റെ ചാലകമായിരുന്ന ആവി എഞ്ചിന്റെ കണ്ടുപിടിത്തത്തിലോ അതിന്റെ കൊടിക്കപ്പലായിരുന്ന തുണിമില്ലുകളുടെ വളർച്ചയിലോ ശാസ്‌ത്രത്തിനു യാതൊരു പങ്കും ഇല്ലായിരുന്നു. മെക്കാനിക്കുകളുടെയും സഹജാവബോധത്തെ മാത്രം ആശ്രയിച്ച കണ്ടുപിടുത്തക്കാരുടെയും സംഭാവനകളായിരുന്നു അവയെല്ലാം. യഥാർത്ഥത്തിൽ, തീരെ അശാസ്‌ത്രീയമായ ഫ്‌ളോജിസ്റ്റോൺ സിദ്ധാന്തവും (താപം എന്നത്‌ ചൂട്‌ കൂടിയ വസ്‌തുവിൽ നിന്നും ചൂടുകുറഞ്ഞ വസ്‌തുവിലേക്ക്‌ ഒഴുകുന്ന ഒരു ദ്രാവകം ആണ്‌ എന്നതായിരുന്നു ഫ്‌ളോജിസ്റ്റോൺ സിദ്ധാന്തത്തിന്റെ അടിസ്ഥാനം) മറ്റും കൊടിക്കുത്തി വാണ കാലമായിരുന്നു അത്‌. ആവിയന്ത്രം സർവസാധാരണമായിക്കഴിഞ്ഞു മാത്രമാണ്‌ തെർമോ ഡൈനാമിക്‌സ്‌ എന്ന ശാസ്‌ത്രശാഖയുടെ പിതാവായ സാഡി കാർണോട്ട്‌ തന്റെ സിദ്ധാന്തങ്ങൾക്ക്‌ രൂപം നൽകിയത്‌.

പക്ഷെ ക്രമേണ ഈ സമവാക്യം മാറിമറിഞ്ഞു. ഇലക്‌ട്രിക്കൽ ടെക്‌നോളജി ലാബറട്ടറിയുടെയും ശാസ്‌ത്രത്തിന്റെയും സൃഷ്ടിയാണ്‌ എന്നു പറയാം. ഇലക്‌ട്രോണിക്‌സിന്റെയും അണുശക്തിയുടെയും യുഗം ആവുമ്പോഴേക്കും ശാസ്‌ത്രവും സാങ്കേതിവിദ്യയും വേർതിരിച്ചറിയാനാവാത്ത വിധം കൂട്ടിപ്പിണഞ്ഞു കിടക്കുന്നു എന്നതായി അവസ്ഥ. ആധുനിക വ്യവസായങ്ങളെല്ലാം പൂർണമായും ശാസ്‌ത്രത്തിന്റെ സംഭാവനകളാണ്‌. അതുപോലെ തന്നെ, ഒറ്റപ്പെട്ട കണ്ടുപിടുത്തങ്ങളിൽ നിന്നും ശാസ്‌ത്രഗവേഷണങ്ങളിൽ നിന്നും വ്യാവസായിക പ്രാധാന്യമുള്ള സാങ്കേതികവിദ്യകൾ ഉരുത്തിരിഞ്ഞു വരിക എന്ന പഴയ രീതിക്കു പകരം വ്യവസായങ്ങൾ അവർക്കു താൽപര്യമുള്ള ശാസ്‌ത്രശാഖകളെ ബോധപൂർവം പ്രോത്സാഹിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്യുക എന്ന രീതിയിലേക്ക്‌ സംഗതികൾ മാറിയിട്ടുണ്ട്‌. ഇതിനു ഗുണവശവും ദോഷവശവുമുണ്ട്‌. സമൂഹഗന്ധിയായ സാങ്കേതിക ഗവേഷണത്തിനും അതിനുതകുന്ന ശാസ്‌ത്രങ്ങൾക്കും സാമ്പത്തിക പിന്തുണ ലഭിക്കുന്നു എന്നത്‌ ഗുണവശവും, പ്രത്യക്ഷത്തിലോ ഉടനെയോ ``പ്രയോജനം കിട്ടാത്തതും കാണാത്തതുമായ ശാസ്‌ത്രങ്ങൾക്കും ഗവേഷണയത്‌നങ്ങൾക്കും പ്രോത്സാഹനം കിട്ടാതെ പോകുന്നു എന്നത്‌ ദോഷവശവുമാണ്‌. സാമൂഹിക ശാസ്‌ത്രങ്ങൾ ഏറ്റവും പ്രതികൂലമായി ബാധിക്കപ്പെടുന്നു. വ്യാപകമായ അർത്ഥത്തിലും ദീർഘകാലാടിസ്ഥാനത്തിലും ഇതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും അനഭിലഷണീയമായിരിക്കും എന്നതിന്‌ സംശയമില്ല. ഇതു മറികടക്കാൻ ബോധപൂർവമായ സാമൂഹിക ഇടപെടൽ കൂടിയേ തീരൂ.

അറിവിന്റെ ലോകത്തെ ജനാധിപത്യവിരുദ്ധ പ്രവണതകൾ

ആഗോള വിപണിവൽക്കരണം മേൽസൂചിപ്പിച്ച പ്രവണതകളെ ശക്തിപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. ചെറുകിട കണ്ടുപിടുത്തക്കാരെ പ്രോത്സാഹിപ്പിക്കാനും വിദ്യയുടെ നിഗൂഢവൽക്കരണം ഒഴിവാക്കാനുമായി ആരംഭിച്ച പേറ്റന്റ്‌ സമ്പ്രദായം ഇന്ന്‌ ആഗോളകുത്തകകളുടെ സംരക്ഷണത്തിനും മൂന്നാം ലോകരാജ്യങ്ങളെ എന്നും പുറമ്പോക്കിലായി ഒതുക്കുന്നതിനുമാണ്‌ ദുരുപയോഗപ്പെടുത്തുന്നത്‌. ചില കണ്ടുപിടുത്തക്കാർ തങ്ങളുടെ കണ്ടുപിടുത്തം രഹസ്യമാക്കി വച്ചു കൊണ്ട്‌ ഉത്‌പന്നങ്ങൾ മാത്രം വിറ്റ്‌ ലാഭമുണ്ടാക്കാൻ ശ്രമിച്ചിരുന്നു. ഇത്‌ സാങ്കേതിക വിദ്യയുടെ വളർച്ചയെയും പ്രചാരത്തെയും പ്രതികൂലമായി ബാധിക്കുന്നു എന്നു കണ്ടതുകൊണ്ടാണ്‌ പേറ്റന്റ്‌ സമ്പ്രദായം പ്രാബല്യത്തിൽ കൊണ്ടുവന്നത്‌. ഇതനുസരിച്ച്‌ പേറ്റന്റ്‌ എടുക്കുന്നയാൾ തന്റെ കണ്ടുപിടുത്തത്തിന്റെ വിശദവിവരങ്ങൾ വെളിപ്പെടുത്താൻ ബാധ്യസ്ഥനാണ്‌. പകരമായി അതിന്മേലുള്ള അയാളുടെ അവകാശം സംരക്ഷിക്കപ്പെടുന്നു. മറ്റാർക്കും അതു മോഷ്ടിക്കാനാവില്ല. പക്ഷെ ആ അറിവ്‌ ഉൾക്കൊണ്ട്‌ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാൻ തടസ്സവുമില്ല. ഇതായിരുന്നു പേറ്റന്റ്‌ സമ്പ്രദായത്തിന്റെ ആദ്യകാലമെച്ചം. പക്ഷേ ഇന്ന്‌ ഇതു പലപ്പോഴും വിപരീതഫലമാണ്‌ ചെയ്യുന്നത്‌. ഇന്നത്തെ ലോകത്ത്‌ ഒറ്റപ്പെട്ട ഗവേഷകർക്കോ ചെറുചെറു സ്ഥാപനങ്ങൾക്കോ അറിവിന്റെ അതിർ മേഖലകളിൽ കാര്യമായി ഒന്നും ചെയ്യാനില്ല. വമ്പിച്ച മുതൽമുടക്കും ഉപകരണ സന്നാഹങ്ങളും ആവശ്യമായ മറ്റൊരു വ്യവസായമായി മാറിയിരിക്കുന്നു ഗവേഷണം. സിബാഗൈഗി, മോൺസാന്റോ മുതലായ ബഹുരാഷ്‌ട്ര കമ്പനികളുടെ ഗവേഷണ ബജറ്റ്‌ മിക്ക മൂന്നാം ലോകരാഷ്‌ട്രങ്ങളുടെയും ദേശീയ ബജറ്റിനേക്കാൾ കൂടുതലാണ്‌. അവരുടെ താൽപര്യങ്ങൾക്കനുസൃതമായ, വമ്പിച്ച ലാഭസാധ്യതയുള്ള ഗവേഷണങ്ങൾ മാത്രമേ അവർ ഏറ്റെടുക്കുകയുള്ളൂ. എന്നുമാത്രമല്ല, തങ്ങളുടെ ലാഭസാധ്യത കുറക്കുന്ന ഗവേഷണങ്ങൾ മറ്റാരെങ്കിലും നടത്തുന്നുണ്ടെങ്കിൽ അതിനെ നിർവീര്യമാക്കാനുള്ള ശ്രമങ്ങൾപോലും അവർ നടത്തിയെന്നിരിക്കും. കീടബാധയെ ചെറുക്കാനുള്ള കഴിവ്‌ സ്വതഃസിദ്ധമായ സങ്കരയിനം വിത്തുകൾ ജനിതക സാങ്കേതികവിദ്യയിലൂടെ ഉരുത്തിരിച്ചെടുക്കാൻ ചില ചെറുകിട കമ്പനികൾ നടത്തിയ ഗവേഷണം ഇത്തരത്തിൽ മുളയിലെ നുള്ളപ്പെട്ട ചരിത്രമുണ്ട്‌. ഈ ഗവേഷണം നടത്തിക്കൊണ്ടിരുന്ന കമ്പനിയെ തന്നെ കീടനാശിനി ഉൽപാദന രംഗത്തെ ഒരു ഹിഡുംബൻ കമ്പനി അപ്പാടെ വിഴുങ്ങുകയാണുണ്ടായത്‌. സ്വതന്ത്രവിപണി വ്യവസ്ഥയുടെ മാഹാത്മ്യത്തെ പുകഴ്‌ത്തുന്നവർ ഇത്തരം കുത്സിത വൃത്തികളെ കണ്ടില്ലെന്നു നടിക്കുകയോ ഇതൊക്കെ സഹിച്ചേതീരൂ എന്നു ഭാവിക്കുകയോ ആണു പതിവ്‌. അറിവിന്റെ വിനിയമത്തിനുള്ള സ്വാതന്ത്ര്യത്തെ നിഷേധിച്ചുകൊണ്ട്‌ അനിയന്ത്രിതമായ കച്ചവട സ്വാതന്ത്ര്യത്തെ വാഴ്‌ത്തുന്നത്‌ ജനങ്ങളെ കെണിയിൽ ചാടിക്കുകയേയുള്ളൂ.

ജനനന്മയ്‌ക്കുള്ള ഗവേഷണം കുറയുന്നു എന്നുമാത്രമല്ല, ജനവിരുദ്ധമായവ കൂടാനും ഇടയുണ്ട്‌. യഥാർത്ഥ ആവശ്യങ്ങളെയും മുൻഗണനകളേയും മറികടന്നുകൊണ്ട്‌ കൃത്രിമമായ ആവശ്യങ്ങളും തലതിരിഞ്ഞ മുൻഗണനകളും അടിച്ചേൽപ്പിക്കുക എന്നത്‌ നിരങ്കുശവിപണിയുടെ സഹജഭാവമത്രെ. വിപണനവും പരസ്യവും ഏറ്റവും ലാഭമുള്ളതും സർഗാത്മകവുമായ പ്രവർത്തനരംഗമാകുമ്പോൾ ഏറ്റവും മിടുക്കർ അങ്ങോട്ടു ചേക്കേറുന്നത്‌ സ്വാഭാവികം. അനാവശ്യങ്ങളെ ആവശ്യങ്ങളും ആഡംബരങ്ങളെ അത്യാവശ്യങ്ങളും ആക്കി മാറ്റുക എന്നതാണല്ലോ പരസ്യകലയുടെ പ്രഖ്യാപിത മേന്മ. തീർച്ചയായും ഇത്‌ ശാസ്‌ത്രസാങ്കേതികഗവേഷണ രംഗത്തും പ്രതിഫലിക്കും.

നൂതന ശാസ്‌ത്രസാങ്കേതിക വിദ്യകളുടെയും പേറ്റന്റുകളുടെയും കുത്തക ബഹുരാഷ്‌ട്ര കമ്പനികൾക്കാകുമ്പോൾ ചെറുരാജ്യങ്ങൾക്കും ദരിദ്രരാജ്യങ്ങൾക്കും അവയുടെ പ്രയോജനം കിട്ടണമെങ്കിൽ ഈ കുത്തകകളുടെ താളത്തിനു തുള്ളണം എന്ന നില വരും. വിപണിയിലെ മത്സരം ആത്യന്തികമായി ഉപഭോക്താവിനു ഗുണം ചെയ്യും എന്നതാണ്‌ അടിസ്ഥാന അവകാശവാദം. പക്ഷെ, ക്രയശേഷി ഇല്ലാത്ത വ്യക്തികൾക്കും സമൂഹത്തിനും വിപണിയിൽ പ്രസക്തിയോ പ്രവേശനമോ ഇല്ല എന്നതാണ്‌ ഇതിന്റെ കാണാപ്പുറം. കുത്തകകളെ മാനിക്കാതിരിക്കയോ അവരുടെ താൽപര്യസംരക്ഷണാർത്ഥമുള്ള പേറ്റന്റു നിയമങ്ങളെ വെല്ലുവിളിക്കുകയോ ചെയ്‌താൽ അങ്ങനെയുള്ള നിഷേധികളെ ഒറ്റപ്പെടുത്തുകയും ഒതുക്കുകയും ചെയ്യുക എന്നതാണ്‌ ഈ വ്യവസ്ഥയുടെ ശിക്ഷാരീതി. അങ്ങനെയുള്ള രാജ്യങ്ങൾക്ക്‌ സാങ്കേതികവിദ്യകളും സാമാന്യമായ അവകാശങ്ങളും നിഷേധിക്കുക എന്നത്‌ ഇതിന്റെ ബാക്കിപത്രം. അസമത്വവും ചൂഷണവും ഒന്നിനൊന്ന്‌ കൂടിവരിക എന്നതായിരിക്കും ഇതിന്റെ ഭവിഷ്യത്ത്‌.

ഇന്ത്യയിൽ ഒരു ആസൂത്രിത സമ്പദ്‌വ്യവസ്ഥയും അതിന്മേൽ ജനകീയ നിയന്ത്രണവും ഉണ്ടെന്നാണ്‌ സങ്കൽപ്പം. പക്ഷെ ഇവിടെ പോലും സർക്കാറിന്റെ തലതിരിഞ്ഞ നയങ്ങൾ ശാസ്‌ത്രനേട്ടങ്ങൾ ജനനന്മയ്‌ക്കുതകുന്നതിന്‌ എതിരായി വരുന്നുണ്ട്‌. ശാസ്‌ത്രസാങ്കേതിക വികസനത്തിനായി പൊതുഖജനാവിൽ നിന്നും ചെലവാക്കുന്ന തുകയുടെ എഴുപത്‌ ശതമാനവും അണുശക്തിക്കും ബഹിരാകാശ ഗവേഷണത്തിനും ചെലവഴിക്കുമ്പോൾ അടിസ്ഥാന ആരോഗ്യപ്രശ്‌നങ്ങളും കുടിവെള്ളദൗർഭല്യവും കാർഷിക പ്രതിസന്ധികളുമാണ്‌ വിഭവദാരിദ്ര്യം മൂലം പരിഹാരം കിട്ടാതെ അവശേഷിക്കുന്നത്‌. വിദ്യാഭ്യാസം സാർവത്രികവും ഗുണമേന്മയുള്ളതും ആക്കുന്നതിന്‌ തടസ്സമാകുന്നതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നതും ഈ വിഭവദാരിദ്ര്യമാണ്‌. ഉന്നത വിദ്യാഭ്യാസവും ഗവേഷണവും കച്ചവടവൽക്കരിക്കപ്പെടുമ്പോഴും ക്രയശേഷിയാണ്‌ അർഹതയുടെ മാനദണ്ഡമായി എഴുന്നള്ളിക്കപ്പെടുന്നത്‌.

സ്വദേശി ശാസ്‌ത്രമോ?

ഇതെല്ലാം പടിഞ്ഞാറൻ ശാസ്‌ത്രത്തിന്റെ പ്രശ്‌നങ്ങളാണെന്നും ഇവയ്‌ക്കു പരിഹാരം നമ്മുടെ തനതു ശാസ്‌ത്രപാരമ്പര്യം പുനഃസ്ഥാപിക്കലാണ്‌ എന്നുമുള്ള വാദം ഈയിടെയായി ശക്തിപ്രാപിച്ചിട്ടുണ്ട്‌. ഇന്ത്യൻ ശാസ്‌ത്രം-പടിഞ്ഞാറൻ ശാസ്‌ത്രം എന്നിങ്ങനെ ശാസ്‌ത്രത്തിനും ശാസ്‌ത്രീയ വീക്ഷണത്തിനും വേലികെട്ടിത്തിരിക്കുന്നത്‌ യുക്തിസഹമല്ല. തീർച്ചയായും ശാസ്‌ത്രത്തിന്റെ ദർശനത്തിലും രീതിയിലും കാലക്രമത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്‌. പക്ഷെ അത്‌ ഏതെങ്കിലും ജനതയുടേയോ രാഷ്‌ട്രത്തിന്റെയോ സവിശേഷത എന്നതിനേക്കാൾ സാമ്പത്തികവും സാമൂഹികവുമായ പരിണാമങ്ങളുടെ ഫലമായിരുന്നു. ഉദാഹരണത്തിന്‌ - പൗരാണിക കാലത്ത്‌ ഭാരതീയ ജ്യോതിശ്ശാസ്‌ത്രം, ഗണിതം, വൈദ്യം മുതലായവയ്‌ക്കും സമകാലിക ഗ്രീക്ക്‌-റോമൻ പാരമ്പര്യത്തിനും തമ്മിൽ പല സമാനതകളും കാണാം. വരാഹമിഹിരന്റെ പഞ്ചസിദ്ധാന്തികത്തിൽ വിവരിക്കുന്ന രോമകസിദ്ധാന്തം, പൗലിശ സിദ്ധാന്തം എന്നിവ വാസ്‌തവത്തിൽ ഗ്രീക്ക്‌-റോമൻ പാരമ്പര്യങ്ങളുടെ ഭാഗമാണ്‌. അതുപോലെ തന്നെ ഇന്ത്യൻ ഗ്രന്ഥങ്ങൾ വ്യാപകമായി ചൈനീസ്‌ഭാഷയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. നവോത്ഥാന കാലഘട്ടത്തിൽ യൂറോപ്പിൽ സമ്മിളിതമായ സവിശേഷ സാഹചര്യങ്ങളിലാണ്‌ ആധുനിക ശാസ്‌ത്രത്തിന്റെ രീതിപദ്ധതി രൂപപ്പെട്ടത്‌ എന്നതുകൊണ്ട്‌ അത്‌ മാനവരാശിയുടെ പൊതുപൈതൃകം അല്ലാതാകുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിലെ നിർണയതാവാദവും *ഇരുപതാം നൂറ്റാണ്ടിലെ സംഭാവ്യതാ സമീപനവും എല്ലാം ആധുനിക മനുഷ്യന്റെ വികാസപരിണാമങ്ങളുടെ രൂപരേഖയാണ്‌. അവയെ പാശ്ചാത്യരുടെ വേറിട്ടുള്ളൊരു വഴിയായി വ്യാഖ്യാനിക്കുന്നത്‌ ഏറ്റവും സങ്കുചിതമായ സമീപനമായിരിക്കും. നാം പിന്തുടരുന്ന ശാസ്‌ത്രസമീപനം സ്വദേശിയോ വിദേശിയോ എന്നല്ല അത്‌ ജനകീയമോ ജനവിരുദ്ധമോ എന്നാണ്‌ ആലോചിക്കേണ്ടത്‌.അത്‌ ജനങ്ങളുടെ യഥാർത്ഥ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണോ ഉപയോഗിക്കപ്പെടുന്നത്‌ - അതോ അവരെ കൂടുതൽ ``ശാസ്‌ത്രീയമായി ചൂഷണം ചെയ്യുന്നതിനാണോ ഉപയോഗിക്കുന്നത്‌ എന്നാണ്‌.

(*നിർണ്ണയതാ വാദവും സംഭവ്യതാ സമീപനവും ന്യൂട്ടന്റെ ചലനനിയമങ്ങളെ തുടർന്ന്‌ കണികകളുടെയും ഘനവസ്‌തുക്കളുടെയും ദ്രാവകങ്ങളുടെയും ചലനങ്ങളെ വിശദീകരിക്കുന്ന അനേകം സമവാക്യങ്ങൾ കണ്ടെത്തുകയുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ട്‌ അവസാനിക്കുമ്പോഴേയ്‌ക്കും ഈ സമവാക്യങ്ങളുടെ സഹായത്തോടെ ഏതു വസ്‌തുവിന്റെയും, എന്തിന്‌ പ്രപഞ്ചത്തിലെ എല്ലാ കണികകളുടെയും, ചലനം വേണമെങ്കിൽ പ്രവചിക്കാം എന്ന ഒരു അഹന്ത ശാസ്‌ത്രലോകത്തുണ്ടായി. നമുക്ക്‌ കണക്കുകൂട്ടാൻ പ്രയാസമോ ഒരു പക്ഷെ അസാധ്യമോ ആണെങ്കിൽ കൂടി അത്‌ പ്രവചനീയമാണ്‌ എന്നതിനെ നിഷേധിക്കാനാവില്ലല്ലോ. അതായത്‌ പ്രപഞ്ചാരംഭത്തിലെ കണികകളുടെ ആദ്യസ്ഥിതി നിശ്ചയിക്കപ്പെട്ടപ്പോൾ തന്നെ പിന്നീട്‌ എല്ലാ കാലത്തേക്കുമുള്ള അവയുടെ ഭാവിയും നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞിരുന്നു എന്നുവരുന്നു. ഇതിനെ തത്വചിന്താ തലത്തിൽ വ്യാപിപ്പിച്ചെടുക്കുന്നതാണ്‌ നിർണ്ണയതാവാദം (Scientific determinism).

ഇരുപതാം നൂറ്റാണ്ടിൽ സ്റ്റാറ്റിസ്റ്റിക്കൽ തെർമോ ഡൈനാമിക്‌സും സംഭവ്യതാ സിദ്ധാന്തവും അനിശ്ചിതത്വ സിദ്ധാന്തവും ഒക്കെ പ്രാമാണ്യം നേടിക്കഴിഞ്ഞപ്പോഴാണ്‌ ഈ നില മാറിയത്‌. ഒരു കണികയുടെ പോലും സ്ഥാനവും പ്രവേഗവും ഒരുമിച്ച്‌ കിറുകൃത്യമായി നിർണയിക്കാൻ പറ്റില്ല എന്ന്‌ വന്നപ്പോൾ പൂർണമായ പ്രവചനം ഒരിക്കലും സാധിക്കില്ല എന്നു വ്യക്തമായി. എന്നു മാത്രമല്ല പദാർത്ഥങ്ങളുടെ പരമസ്വഭാവത്തോട്‌ അടുക്കുന്തോറും നിശ്ചിതത്വം കുറയുകയും സംഭവ്യതയുടെ രൂപത്തിൽ മാത്രം കാര്യം പറയാൻ കഴിയുകയും ചെയ്യുക എന്നതാണ്‌ പ്രപഞ്ചത്തിന്റെ സ്വഭാവം എന്ന്‌ ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. കൂടുതൽ കൂടുതൽ അറിയുന്തോറും അറിയാത്തത്‌ കുറയുകയല്ല, അറിവില്ലായ്‌മയുടെ പുതിയ പുതിയ തലങ്ങൾ അനാവരണം ചെയ്യപ്പെടുകയാണ്‌ എന്നതത്രേ അനുഭവം. )

വളർച്ച മുന്നോട്ടോ പിന്നോട്ടോ?

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ന്യൂട്ടോണിയൻ സമന്വയത്തിന്റെ പരകോടിയിൽ, നാം അറിവിന്റെ അതിർത്തികളെ സമീപിച്ചു കഴിഞ്ഞു എന്ന അതിരുകടന്ന ശുഭാപ്‌തിവിശ്വാസം ശാസ്‌ത്രരംഗത്ത്‌ ഉണ്ടായിരുന്നു. പ്രപഞ്ചത്തിന്റെ അടിസ്ഥാനനിയമങ്ങളെല്ലാം അനാവരണം ചെയ്യപ്പെട്ടുകഴിഞ്ഞു, ഇനി ചില ചില്ലറ മുക്കും മൂലയും ചെത്തി മിനുക്കാൻ മാത്രമേ ബാക്കി കിടക്കുന്നുള്ളൂ, എന്നായിരുന്നു പൊതുധാരണ. പക്ഷേ, റേഡിയോ ആക്‌റ്റിവിറ്റിയും ദ്രവ്യോർജസമതാസിദ്ധാന്തവും തുടർന്നു വന്ന അനിശ്ചിതത്വ തത്വവും ആണവാന്തരലോകത്തെ നിത്യവിസ്‌മയമായ ക്വാണ്ടം ഭൗതികവും ശാസ്‌ത്രനിർണയതാ വാദത്തിന്റെ അടിത്തറ തകർത്തു കളഞ്ഞു. കൃത്യമായ ഡാറ്റ കിട്ടിയാൽ എന്തും പ്രവചിക്കാം എന്ന ഊറ്റം വിനയാന്വിതമായ ഒരു സമീപനത്തിനു വഴിമാറി.

ക്വാണ്ടം മെക്കാനിക്‌സിലെ കോപൻഹേഗൻ സ്‌കൂൾ എന്നറിയപ്പെടുന്ന ബോർ-ഹൈസൻബർഗ്‌ പ്രഭൃതികൾ അറിവിന്റെ പരിമിതികളിലേക്കു തന്നെ കൈചൂണ്ടി. ഫിസിക്‌സിന്റെ ദൗത്യം പ്രപഞ്ചരഹസ്യങ്ങൾ മനസ്സിലാക്കിത്തരികയല്ല, അവയുടെ വിശദീകരണം മാത്രമാണ്‌ എന്നുവരെ അവർ പറഞ്ഞുവച്ചു. ഉദാഹരണത്തിന്‌ ഒരു കണികയുടെ ക്വാണ്ടംതലങ്ങളുടെ സമവാക്യം എഴുതുന്നതിലൂടെ അതിന്റെ പ്രവർത്തനത്തിന്റെ ഒരു വിശദീകരണം നൽകാം എന്നേയുള്ളൂ. അതുകൊണ്ട്‌ അതിനെപ്പറ്റി എന്തെങ്കിലും അറിയാം എന്നു ഭാവിക്കുന്നതിലർത്ഥമില്ല. നാളെ ഇതിനെക്കാൾ പറ്റിയ മറ്റൊരു വിശദീകരണം കിട്ടിയെന്നും വരാം.

അതിസൂക്ഷ്‌മതലത്തിലുള്ള ഇത്തരം പ്രതിഭാസങ്ങളും ചിന്താക്കുഴപ്പമുണ്ടാക്കുന്ന പ്രസ്‌താവങ്ങളും ശാസ്‌ത്രരംഗത്തെ അതികായരെപ്പോലും ശാസ്‌ത്രത്തിന്റെ പരിമിതികളെപ്പറ്റി ബോധവാന്മാരാക്കിയിട്ടുണ്ട്‌. പക്ഷെ ഈ പരിമിതികൾക്കകത്ത്‌ ശാസ്‌ത്രരീതിയുടെ സാധുതയെ അവരാരും സംശയിക്കുന്നില്ല. ഉദാഹരണത്തിന്‌ അത്യുന്നത വേഗത്തിൽ സഞ്ചരിക്കുന്ന കണികകളുടെ കാര്യത്തിൽ ആപേക്ഷികതാ സിദ്ധാന്തം ന്യൂട്ടോണിയൻ ഭൗതികത്തെ നിഷ്‌പ്രഭമാക്കുന്നു. പക്ഷെ വീടും പാലവും വിമാനവും റോക്കറ്റും ഡിസൈൻ ചെയ്യുമ്പോൾ ന്യൂട്ടോണിയൻ ഭൗതികം തീർത്തും അനുയോജ്യം തന്നെ. അതുപോലെ ഹൈസൻബർഗിന്റെ അനിശ്ചിതത്വ തത്വം ഉദ്ധരിച്ചുകൊണ്ട്‌ നിത്യജീവിത വ്യാപാരങ്ങളിൽ ``ഒരു നിശ്ചയമില്ലയൊന്നിനും എന്നതാണ്‌ ശാസ്‌ത്രീയ സമീപനം എന്നു വ്യാഖ്യാനിക്കുന്നത്‌ സാഹസമായിരിക്കും. പക്ഷെ ഇതാണ്‌ നിർഭാഗ്യവശാൽ പോസ്റ്റ്‌ മോഡേണിസത്തിന്റെ പേരിൽ പലരും ചെയ്യുന്നത്‌. ശാസ്‌ത്രത്തിന്റെയും തത്വചിന്തയുടെയും മങ്ങിയ വെളിച്ചം മാത്രം വ്യാപരിക്കുന്ന ചില സാന്ധ്യമേഖലകളുണ്ട്‌ എന്നത്‌ ശരിതന്നെ. പ്രപഞ്ചത്തിന്റെ യഥാർത്ഥ സ്വഭാവമെന്ത്‌, പ്രപഞ്ചസത്ത എത്രമാത്രം അനുഭവവേദ്യമാണ്‌, ദ്രഷ്ടാവിൽ നിന്ന്‌ തീർത്തും സ്വതന്ത്രമായ ഒരു നിരപേക്ഷസത്തയുണ്ടോ തുടങ്ങിയവ ഈ അന്തരാളമേഖലയെ സംബന്ധിക്കുന്ന സംശയങ്ങളാണ്‌. പക്ഷേ അവിടെയും ശാസ്‌ത്രത്തിന്റെ വെളിച്ചം വേണ്ടത്രയില്ല എന്നതു കൊണ്ടുമാത്രം അത്രപോലും അടിസ്ഥാനമില്ലാത്ത മിസ്റ്റിക്‌ സങ്കൽപനങ്ങളെ വിശ്വാസ്യതയുള്ള ശാസ്‌ത്രസിദ്ധാന്തങ്ങളായി അവതരിപ്പിക്കുന്നത്‌ തെറ്റിദ്ധാരണാജനകമത്രെ. ശ്രീശങ്കരന്റെ മായാവാദവും ചീനക്കാരുടെ ടാവോയും എല്ലാം ആഴമുള്ള സങ്കൽപനങ്ങളാണ്‌. ആലോചനാമൃതവുമാണ്‌. പക്ഷെ ഒരു ശാസ്‌ത്രീയ സങ്കൽപനത്തിനനുപേക്ഷണീയമായ പ്രവചനക്ഷമതയോ falsifiability യോ (തെറ്റെന്നു തെളിയിക്കപ്പെടാനുള്ള കഴിവ്‌)അവയ്‌ക്കില്ല. അതുകൊണ്ടുതന്നെ അവ ശാസ്‌ത്ര സമ്മതവുമല്ല. അവ തെറ്റോ ശരിയോ ആകാം. അതല്ല പ്രശ്‌നം. അത്‌ വിശ്വാസത്തിന്റെ രേഖയിലേ നിൽക്കുന്നുള്ളൂ എന്നതാണ്‌ കാര്യം. വിശ്വാസം കൊണ്ടു സംതൃപ്‌തമാകുന്നതാണ്‌ മാനവ മനീഷയെങ്കിൽ നാം മധ്യകാല നിലപാടുകളിൽ ഉറച്ചുനിന്നാൽ മതിയായിരുന്നുവല്ലോ!

ഇത്‌ ഉന്നതതലത്തിലെ `കൺഫ്യൂഷൻ'. പക്ഷെ സമൂഹത്തിലെ സാധാരണക്കാർക്കിടയിൽ ഭയാനകമായ മറ്റൊരു ക്യാൻസർ പടർന്നുകൊണ്ടിരിക്കുകയാണ്‌. ശാസ്‌ത്രസാങ്കേതിക മുന്നേറ്റത്തിന്റെ കൊടിക്കൂറ പാറുന്ന അമേരിക്കയിൽപോലും അന്ധവിശ്വാസങ്ങളും അബദ്ധധാരണകളും അവിശ്വസനീയമായ വിധത്തിൽ പ്രചാരമാർജിച്ചിരിക്കുന്നു. 63% അമേരിക്കക്കാർക്കും ഡൈനോസോറുകൾ മനുഷ്യരാശി ഉദയം ചെയ്യുന്നതിനു മുമ്പ്‌ ജീവിച്ചിരുന്ന ജന്തുക്കളാണെന്നറിയില്ല; 75% ത്തിനും ആന്റിബയോട്ടിക്കുകൾ ബാക്‌ടീരിയയെ മാത്രമേ നശിപ്പിക്കൂ വൈറസിനെ നശിപ്പിക്കില്ല എന്നറിയില്ല; 57% ത്തിനും ഇലക്‌ട്രോൺ ആറ്റത്തിനെക്കാൾ ചെറുതാണ്‌ എന്നറിയില്ല; ഏതാണ്ട്‌ പകുതിപ്പേർക്കും ഭൂമി ഒരു വർഷംകൊണ്ട്‌ സൂര്യനെ ചുറ്റുന്നു എന്ന കാര്യംപോലും അറിഞ്ഞുകൂടാ; എന്തിന്‌ സർവകലാശാലാവിദ്യാർത്ഥികളിൽ പലർക്കും നക്ഷത്രങ്ങൾക്കും ഉദയാസ്‌തമനങ്ങളുണ്ടെന്നോ സൂര്യൻ ഒരു നക്ഷത്രമാണെന്നോ അറിയില്ല. (കാൾസാഗൻ: ദി ഡെമൺ ഹാണ്ടഡ്‌ വേൾഡ്‌ -പു. 304) ശാസ്‌ത്ര സാങ്കേതിക നേട്ടങ്ങളുടെ ബാഹുല്യം ശാസ്‌ത്രബോധത്തിന്റെ അടയാളമല്ല എന്നതിന്റെ തെളിവാണ്‌ ഇതെല്ലാം.

പല അഭിപ്രായവോട്ടെടുപ്പുകളും കാണിക്കുന്നത്‌ അമേരിക്കക്കാരിൽ ബഹൂഭൂരിപക്ഷവും ഗോളാന്തര സഞ്ചാരികളിലും പറക്കും തളികകളിലും വിശ്വസിക്കുന്നവരാണെന്നാണ്‌. 18% പേർ അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടെന്ന്‌ അവകാശപ്പെട്ടു. 10% പേർ ഗോളാന്തര സഞ്ചാരികളുടെ കൂടെ ആകാശഗമനം ചെയ്‌തതായി സാക്ഷ്യം പറഞ്ഞു. 2% പേർക്ക്‌ അന്യഗ്രഹജീവികൾ അവരെ തട്ടിക്കൊണ്ടുപോയ അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ്‌ പറയുന്നത്‌. ദുർദേവതകളിലും ദുർമന്ത്രവാദത്തിലും ആഭിചാരത്തിലും എല്ലാമുള്ള വിശ്വാസവും പ്രയോഗവും അവിടെ കൂടിക്കൂടിവരികയാണ്‌ എന്നത്‌ ഞെട്ടിപ്പിക്കുന്ന സത്യമാണ്‌. ലോകത്തെ ഏറ്റവും ശാസ്‌ത്രപുരോഗതി നേടിയ രാജ്യത്തെ കഥ ഇതാണെങ്കിൽ ഇന്ത്യയിലെ കാര്യം എന്തായിരിക്കും എന്നത്‌ ഊഹിക്കാവുന്നതേയുള്ളൂ. അതോ ശാസ്‌ത്രപുരോഗതി കൂടുന്തോറും ആണോ ഈ പ്രതിഭാസം ഒരു തിരിച്ചടിപോലെ ശക്തിപ്രാപിക്കുന്നത്‌? അതിരുകടന്ന ആധികാരികതയും അപ്രമാദിത്വവും അവകാശപ്പെട്ടിരുന്ന ശാസ്‌ത്രത്തിന്റെ അടിസ്ഥാന ശിലകളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു എന്ന തോന്നലാണോ ഈ മറുകണ്ടം ചാടലിന്‌ ജനസാമാന്യത്തെ പ്രേരിപ്പിക്കുന്നത്‌?

അതിരുകടന്ന അവകാശവാദങ്ങളും ആധികാരികതാ നാട്യങ്ങളും കുറച്ചൊന്നുമല്ല ശാസ്‌ത്രത്തെ അപകടപ്പെടുത്തിയിട്ടുള്ളത്‌. പ്രപഞ്ചരഹസ്യങ്ങളെ അനാവരണം ചെയ്യാനുള്ള ഒരു മാർഗം മാത്രമാണ്‌ ശാസ്‌ത്രം. തെറ്റുതിരുത്തി മുന്നോട്ടുപോകാനുള്ള പഴുത്‌ തരുന്നു എന്നതാണ്‌ അതിന്റെ ഏറ്റവും വലിയ മഹത്വം. ഇതനുവദിക്കുന്നില്ല എന്നതാണ്‌ വിശ്വാസത്തിന്റെ കോട്ടം. പക്ഷെ അത്‌ നേട്ടമായി കാണുന്നവർക്ക്‌, അതായത്‌ തെറ്റാണെന്നൊരിക്കലും തെളിയിക്കപ്പെടാത്ത ``ശാശ്വതസത്യത്തിന്റെ താങ്ങ്‌ ആവശ്യമായ വിശ്വാസികൾക്ക്‌ ശാസ്‌ത്രത്തിന്റെ ``താൽക്കാലിക സത്യം വൈകാരികമായി ആശ്വാസമേകുന്നില്ല. ഇത്‌ ശാസ്‌ത്രത്തിന്റെ പരിമിതിയല്ല, മറിച്ച്‌ വിദ്യാഭ്യാസം കൊണ്ടു കിട്ടേണ്ടതായ സത്യാന്വേഷണത്വരയും യാഥാർത്ഥ്യങ്ങളെ നേരിടാനുള്ള ധീരതയും സമൂഹത്തിൽ വേണ്ടത്ര വളർന്നിട്ടില്ല എന്ന അവസ്ഥയാണ്‌ കാണിക്കുന്നത്‌.

ശാസ്‌ത്രത്തിന്റെ വെളിച്ചം വീഴുന്ന ഭൗതിക മേഖലകളിൽ തെറ്റെന്ന്‌ തെളിയിക്കപ്പെടാവുന്ന സിദ്ധാന്തങ്ങൾ മുറുകെ പിടിച്ചുകൊണ്ട്‌ മതവിശ്വാസം അപഥസഞ്ചാരം ചെയ്യുമ്പോഴാണ്‌ ശാസ്‌ത്രം മതത്തെ നേരിട്ട്‌ വെല്ലുവിളിക്കുന്നത്‌. ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നോ, എന്തിനു സൃഷ്ടിച്ചു എന്നോ, മതം പ്രസ്‌താവിക്കുമ്പോൾ ശാസ്‌ത്രം മൗനം പാലിക്കുന്നു. പക്ഷേ എങ്ങനെ സൃഷ്ടിച്ചു എന്ന്‌ ഭൗതിക വസ്‌തുതകളോടെ വിശദീകരിച്ചു തുടങ്ങുമ്പോൾ ``അങ്ങനെയല്ലാ എന്നുറക്കെപ്പറയാൻ ശാസ്‌ത്രം നിർബന്ധിതമാകും. B.C. 4004-ാമാണ്ട്‌്‌ നവംബർ 11 നാണ്‌ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്‌ എന്ന്‌ ഏതു മതപണ്ഡിതൻ ഏതു വേദപുസ്‌തകം ഉദ്ധരിച്ചുകൊണ്ടു സമർത്ഥിച്ചാലും അത്‌ അസംബന്ധമാണെന്ന്‌ തെളിയിക്കാൻ ശാസ്‌ത്രത്തിന്‌ കഴിയും. ആ അർത്ഥത്തിൽ വ്യാഖ്യാനിച്ചാൽ ശാസ്‌ത്രത്തിന്റെ കൈത്തിരി കൂടുതൽ കൂടുതൽ മുന്നേറുന്തോറും മതത്തിന്റേതായി വിശേഷിപ്പിക്കപ്പെട്ടിരുന്ന മേഖലയിലെ അജ്ഞാനാന്ധകാരം ചുരുങ്ങിച്ചുരുങ്ങി വരുന്നതായി സമ്മതിച്ചേ തീരൂ.

എന്നു കരുതി മതപ്രസ്‌താവനകൾ എല്ലാം ശാസ്‌ത്ര നിഷേധമാണെന്നോ അവാസ്‌തവങ്ങളാണെന്നോ ശാസ്‌ത്രം വാശിപിടിക്കുന്നില്ല. അറിയാത്തതിനെപ്പറ്റി അഭിപ്രായം പറയാതിരിക്കുക എന്ന വിനയം (സദ്‌ബുദ്ധിയും) ഇരുപതാം നൂറ്റാണ്ടിന്റെ ശാസ്‌ത്രം വളർത്തിയെടുത്തിട്ടുണ്ട്‌. ``കൂടുതൽ വിവരം കിട്ടട്ടെ, അപ്പോൾ അഭിപ്രായം പറയാം എന്നു പറയേണ്ടിടത്ത്‌ ചാടിക്കയറി അഭിപ്രായം പറയേണ്ട ബാധ്യത ശാസ്‌ത്രത്തിനോ ശാസ്‌ത്രജ്ഞർക്കോ ഇല്ല. എല്ലാ പ്രപഞ്ച പ്രതിഭാസങ്ങളും അടിസ്ഥാന നിയമങ്ങൾക്കനുസൃതമായാണ്‌ സംഭവിക്കുന്നത്‌ എന്നത്‌ ശാസ്‌ത്രത്തിന്റെ മൗലികതത്വമത്രെ. ഈ നിയമങ്ങളെ കണ്ടെത്താനുള്ള ഏറ്റവും ആശ്രയിക്കാവുന്ന മാർഗം ശാസ്‌ത്രത്തിന്റെതാണെന്ന്‌ നാം കരുതുന്നു. എന്നു കരുതി ശാസ്‌ത്രത്തിൽകൂടി മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാവുന്നതാണ്‌ എല്ലാം എന്നത്‌ തെളിയിക്കപ്പെടാത്ത, ഒരുപക്ഷേ തെളിയിക്കാനാവാത്ത, പ്രസ്‌താവമാണ്‌. അതുകൊണ്ടുതന്നെ ശാസ്‌ത്രീയവുമല്ല.

ശാസ്‌ത്രവും ആത്മീയതയും

പ്രപഞ്ചരഹസ്യങ്ങൾ അനാവരണം ചെയ്യാൻ ഏറ്റവും ആശ്രയിക്കാവുന്ന വഴി ശാസ്‌ത്രത്തിന്റേതാണ്‌ എന്ന്‌ നാം പറയുമ്പോൾ ജീവിക്കാൻ ശാസ്‌ത്രം മാത്രം മതി എന്നോ, എല്ലാ ജീവിതപ്രശ്‌നങ്ങൾക്കും ശാസ്‌ത്രീയമായ പരിഹാരമാർഗങ്ങൾ ലഭ്യമാണെന്നോ ശഠിക്കാനാവില്ല. പക്ഷെ, യുക്ത്യധിഷ്‌ഠിതമായ സമീപനമാണ്‌ ഏറ്റവും ആശ്രയിക്കാവുന്നത്‌ എന്നു പറയാം. എന്താണ്‌ യുക്ത്യധിഷ്‌ഠിതമായ, അല്ലെങ്കിൽ ശാസ്‌ത്രീയമായ, സമീപനം കൊണ്ട്‌ നാം ഉദ്ദേശിക്കുന്നത്‌? ഒന്നാമത്‌, ശാസ്‌ത്രത്തിന്റെ കാര്യത്തിൽ എന്നപോലെ സാമൂഹിക പ്രശ്‌നങ്ങളിലും മുൻവിധിയില്ലാത്തതും തികച്ചും സത്യസന്ധവുമായിരിക്കണം നമ്മുടെ സമീപനം. പ്രതിഭാസങ്ങളെ ശ്രദ്ധാപൂർവം വിമർശന ബുദ്ധിയോടെ പക്ഷപാതമില്ലാതെ നിരീക്ഷിക്കുകയും ജാതി-മത-പ്രാദേശിക-വ്യക്തിപര ചിന്തകൾ കൂടാതെയും, മുൻകൂർ തീരുമാനിച്ച്‌ മൂല്യങ്ങളെ മുറുകെ പിടിക്കാതെയും, സത്യസന്ധമായി വിലയിരുത്തുകയും ചെയ്യണം. നമുക്കെത്രമാത്രം പ്രിയപ്പെട്ട ശാസ്‌ത്രസങ്കൽപനമാണെങ്കിലും അനുഭവത്തിനു വിരുദ്ധമായാൽ അതിനെ നിസ്സംശയം ഉപേക്ഷിക്കുന്നതുപോലെ, സാമൂഹികരംഗത്തും അപ്രിയമായ സത്യത്തെ അംഗീകരിക്കാൻ നാം തയ്യാറാകേണ്ടതുണ്ട്‌. ``പുരാണമിത്യേവ ന സാധുസർവം, നചാപികാവ്യം നവമിത്യവദ്യം; സന്ത:പരീക്ഷ്യാണ്യതരൽ ഭജന്തേ, മൂഢാ: പരപ്രത്യയനേയ ബുദ്ധി: (കാവ്യം പഴയതെന്നു കരുതി നല്ലതോ, പുതിയതെന്നു കരുതി മോശമോ ആകുന്നില്ല; സത്തുക്കൾ പരീക്ഷിച്ചുനോക്കിയിട്ടു തീരുമാനിക്കുന്നു, മൂഢന്മാരാണ്‌ ബാക്കിയുള്ളവർ പറയുന്നതുകേട്ട്‌ വിശ്വസിക്കുന്നത്‌)എന്ന്‌ കാളിദാസൻ പറഞ്ഞത്‌ എത്രയോ ശരി.

ശാസ്‌ത്രരീതിയിൽ നിന്നു പകർത്തേണ്ട മറ്റൊരു ഗുണം ആരു പറയുന്നു എന്നു നോക്കാതെ എന്തു പറയുന്നു, പറയുന്നതിൽ കാര്യമുണ്ടോ എന്നുമാത്രം നോക്കുക എന്നതാണ്‌. ലണ്ടനിലെ റോയൽ സൊസൈറ്റിയുടെ പ്രവേശനദ്വാരത്തിൽ ലാറ്റിൻ ഭാഷയിൽ എഴുതിവച്ചിട്ടുണ്ടത്രെ -`Nullius in Verba ``ആരുടെയും വാക്കിന്റെ ബലത്തിലല്ല എന്നർത്ഥം. പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രം, അല്ലെങ്കിൽ യുക്തിയിലൂടെയും അനുഭവങ്ങളിലൂടെയും മാത്രം അനുമാനങ്ങളിൽ എത്തുക എന്നത്‌ വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും കഴിയുന്നത്ര പാലിക്കാൻ ശ്രമിക്കുക എന്നതാണ്‌ ഇതിന്റെ പാഠം.

അതേ സമയം തന്നെ യുക്തികൊണ്ട്‌ ആശ്വാസം കിട്ടാത്ത കാര്യങ്ങളിൽ സാധാരണ മനുഷ്യർ വിശ്വാസത്തെയോ ആചാരാനുഷ്‌ഠാനങ്ങളെയോ ആശ്രയിക്കുന്നതിനെ പുച്ഛിക്കയോ ദ്വേഷിക്കയോ ചെയ്യുക ശാസ്‌ത്രീയമല്ല. എന്നാൽ യുക്തിക്കു വിരുദ്ധവും സമൂഹത്തിന്‌ ദോഷകരവും ആയവയെ എതിർക്കുകയും വേണം.

ഉദാഹരണത്തിന്‌ സംഘർഷഭരിതമായ ജീവിതയാത്രയിൽ അനേകം പേർ അല്‌പമൊരു ആശ്വാസത്തിനും ആശ്രയത്തിനുമായി ദേവാലയങ്ങളെയും മതവിശ്വാസങ്ങളെയും ആശ്രയിക്കുകയും അവരിൽ ചിലർക്കെങ്കിലും അപ്രകാരം ആശ്വാസം ലഭിക്കുകയും ചെയ്യുന്നു എന്നത്‌ അനുഭവവേദ്യമാണ്‌. ഇതിൽ ശാസ്‌ത്രവിരുദ്ധമായി യാതൊന്നും ഇല്ല. ഇത്‌ വിശ്വാസം സത്യമാണെന്നതിന്‌ തെളിവല്ല; പക്ഷെ വിശ്വാസത്തിന്റെ ശക്തിക്കു തെളിവാണ്‌. മനോസംഘർഷത്തിന്‌ ശാസ്‌ത്രീയമായി ഇപ്പോൾ നിർദേശിക്കാനുള്ള പരിഹാരം ഗുളികയും സൈക്യാട്രിക്‌ കൗൺസിലിങ്ങും ആണ്‌. പക്ഷെ ഇവ വേണ്ടുവോളം ഉള്ള അമേരിക്കയിലാണ്‌ ഈ അസുഖം കൂടുതലുള്ളത്‌. മാത്രവുമല്ല, രോഗികളെ ചൂഷണം ചെയ്യുന്ന കാര്യത്തിൽ (സാമ്പത്തികമായും ശാരീരികമായും) അമേരിക്കയിലെ സൈക്കോ അനലിസ്റ്റുകൾ നമ്മുടെ നാട്ടിലെ മന്ത്രവാദികളെയും ആൾദൈവങ്ങളെയും അപേക്ഷിച്ച്‌ ഒട്ടും മോശമല്ല എന്നാണ്‌ പത്രവാർത്തകൾ സൂചിപ്പിക്കുന്നത്‌. ഈ വസ്‌തുതയും വിശ്വാസത്തിന്റെ പ്രസക്തിയും അംഗീകരിച്ചു കൊണ്ടുതന്നെ വിശ്വാസ വ്യാപാരികളുടെ ചൂഷണത്തിനും ദുർവൃത്തികൾക്കുമെതിരായി പോരാടുകയേ നമുക്ക്‌ ചെയ്യാനാകൂ.

ശാസ്‌ത്രീയതയുടെയും യുക്തിവിചാരത്തിന്റെയും പേരിൽ ആത്മീയത(Spirituality) എന്ന വാക്കിനുതന്നെ അയിത്തം കൽപ്പിച്ചതാണു നമുക്കു പറ്റിയ തെറ്റ്‌. മതപരമായ ആത്മീയതയ്‌ക്കും പരലോക സംബന്ധിയായ സദാചാരനിഷ്‌ഠയ്‌ക്കും അതീതമായ ഒരു ആത്മീയതയും ധാർമികതയും നിർവചിക്കാൻ കഴിയും. അതു ഭൗതികേതരമാകണമെന്നില്ല, പക്ഷെ യുക്തിക്കതീതമായിരിക്കാം. വീണ്ടും കാൾസാഗന്റെ വാക്കുകൾ കടമെടുക്കട്ടെ:

``ശാസ്‌ത്രം ആത്മീയതയുമായി ഒത്തുപോകും എന്നു മാത്രമല്ല, അത്‌ ആത്മീയതയുടെ ഒരു മഹനീയ സ്രോതസ്സുമാണ്‌. പ്രകാശവർഷങ്ങളുടെ അഗാധതയിലും കാലത്തിന്റെ അപാരതയിലും നമ്മുടെ യഥാർത്ഥമായ സ്ഥാനം നാം തിരിച്ചറിയുമ്പോൾ, ജീവന്റെ മൃദുലമനോഹര സൗന്ദര്യവും നിഗൂഢതയും ഉൾക്കൊള്ളുമ്പോൾ, നമ്മുടെ ഉള്ളിന്റെ ഉള്ളിലുറഞ്ഞുകൂടുന്ന ഔന്നത്യവും വിനമ്രതയും കലർന്ന ആനന്ദാനുഭൂതിയുണ്ടല്ലോ, തീർച്ചയായും അത്‌ ആത്മീയം തന്നെയാണ്‌. അതുപോലെ തന്നെയാണ്‌, മഹത്തായ കലയോ സംഗീതമോ സാഹിത്യമോ നമ്മിൽ ഉയർത്തുന്ന വികാരവിശേഷവും, അല്ലെങ്കിൽ ഗാന്ധിജിയുടെയോ മാർട്ടിൻ ലൂഥർകിങ്ങിന്റെയോ പോലെ അപൂർവമായ നിസ്വാർത്ഥ സേവനത്തിന്റെയും ധീരതയുടെയും നിസ്‌തുലമാതൃകകൾ നമ്മിലുയർത്തുന്ന അത്ഭുതാദരങ്ങളും. ശാസ്‌ത്രവും ആത്മീയതയും പരസ്‌പര നിഷേധങ്ങളാണ്‌ എന്ന വാദം രണ്ടിനും ദോഷമേ ചെയ്യൂ. (ibid:പു.32.)

ശാസ്‌ത്രവും സംസ്‌കാരവും

സംസ്‌കൃതിയുടെ അടിസ്ഥാനമായ കൃഷി സാദ്ധ്യമാക്കിയതുതന്നെ പ്രകൃതി പ്രതിഭാസങ്ങളെപ്പറ്റിയുള്ള ശാസ്‌ത്രീയമായ അറിവാണെന്ന്‌ നാം കണ്ടു. അതായത്‌ നിരീക്ഷണങ്ങളെ ക്രോഡീകരിച്ച്‌ യുക്തിയുക്തമായി അപഗ്രഥിച്ച്‌ ചിട്ടപ്പെടുത്തിയ വിജ്ഞാനമായിരുന്നു കാർഷികാഭിവൃദ്ധിക്കും അതിലൂടെ മെസൊപ്പൊട്ടേമിയൻ-ഈജിപ്‌ഷ്യൻ-സൈന്ധവ-ചൈനീസ്‌ സംസ്‌കാരങ്ങൾക്കും അടിത്തറ പാകിയത്‌. അതുമൂലമുള്ള സംസ്‌കാരങ്ങളുടെ വികാസപരിണാമങ്ങൾ പരിശോധിച്ചാൽ ശാസ്‌ത്രസാങ്കേതികവിദ്യയുടെ വികസനവും പരിമിതികളും സാംസ്‌കാരികവളർച്ചയ്‌ക്ക്‌ അതിരുകളിട്ടിരുന്നു എന്നു കാണാം. ആദിമ നാഗരീകതയുടെ അഭിവൃദ്ധിക്കടിസ്ഥാനമായ അടിമവ്യവസ്ഥയ്‌ക്ക്‌ അവസാനം കുറിച്ചതുതന്നെ ആവിയന്ത്രങ്ങളുടെ ആവിർഭാവമാണ്‌. അടിമവേലയെക്കാൾ ലാഭകരമാണ്‌ യന്ത്രമേഖല എന്ന സാമ്പത്തിക യാഥാർത്ഥ്യമാണ്‌ അടിമപ്പണി. അധാർമ്മികമാണെന്ന മൂല്യബോധത്തിന്‌ സാമൂഹിക സമ്മതി നേടിക്കൊടുത്തത്‌. സാമൂഹ്യനീതിയോടുകൂടിയ ഭൗതികഗുണത ഉറപ്പുവരുത്താൻ പ്രകൃതിശക്തികളെ മെരുക്കിയെടുക്കാനും പ്രകൃതിവിഭവങ്ങളെ യുക്തിപൂർവ്വം പ്രയോജനപ്പെടുത്താനുമുള്ള ശാസ്‌ത്രവും സാങ്കേതികവിദ്യകളും സ്വായത്തമായേ തീരൂ. അവ വശമല്ലാത്ത സമൂഹത്തിൽ ഒന്നുകിൽ ന്യൂനപക്ഷത്തിന്റെ ചൂഷണം, അല്ലെങ്കിൽ ദാരിദ്ര്യം സമമായി പങ്കിടൽ- രണ്ടിലൊന്നേ വഴിയുള്ളൂ.

ആധുനിക സാങ്കേതികവിദ്യയ്‌ക്ക്‌ എന്തൊക്കെ ദൂഷ്യങ്ങളുണ്ടെന്ന്‌ പറഞ്ഞാലും ഒരുകാര്യം സമ്മതിച്ചേ തീരൂ. എല്ലാ മനുഷ്യർക്കും തൃപ്‌തികരമായ ഭക്ഷണം, പാർപ്പിടം, വസ്‌ത്രം, പ്രാഥമികാരോഗ്യസേവനം, വിദ്യാഭ്യാസത്തിലൂടെയുള്ള സാംസ്‌കാരിക ഉന്നമനം എന്നീ അടിസ്ഥാന സേവനങ്ങൾ ഉറപ്പാക്കാൻ വേണമെങ്കിൽ നമുക്ക്‌ കഴിയും എന്ന അവസ്ഥ ഇന്നുണ്ടായിട്ടുള്ളത്‌ അതിന്റെ സംഭാവനയായിട്ടാണ്‌. ഇതു മറന്നുള്ള വിമർശനം പാടില്ല. ശാസ്‌ത്രവിമർശനം ശാസ്‌ത്രനിഷേധത്തിലേക്കു വഴുതിവീഴാതിരിക്കാൻ നാം ശ്രദ്ധിക്കണം.

അത്രയും സമ്മതിക്കുമ്പോൾ തന്നെ, ശാസ്‌ത്ര-സാങ്കേതികവിദ്യകൾ അവയുടേതായ രീതിയിൽ സമൂഹത്തെ കരുപിടിപ്പിക്കുന്നു എന്നത്‌ നാം തിരിച്ചറിയുകയും വേണം. കാർഷിക സാങ്കേതികവിദ്യ പുരാതന നാഗരികതകൾ സാധ്യമാക്കിയപ്പോൾ യുദ്ധതന്ത്രത്തിലെ സാങ്കേതികവിദ്യകളാണ്‌ കോട്ടകൊത്തളങ്ങളോടുകൂടിയ മധ്യകാല നഗരങ്ങളുടെ രൂപകല്‌പന നിർണയിച്ചത്‌. വ്യവസായിക വിപ്ലവം ഉൽപാദനവ്യവസ്ഥയെ കേന്ദ്രീകരിക്കുകയും അതിദ്രുത നഗരവൽക്കരണത്തിന്‌ തുടക്കമിടുകയും ചെയ്‌തു. മാസ്‌ പ്രൊഡക്‌ഷനും കേന്ദ്രീകൃത ഉൽപാദന വ്യൂഹങ്ങളും അവയുടേതായ മലിനീകരണപ്രശ്‌നങ്ങളും വിഭവശോഷണവും അടിച്ചേൽപ്പിച്ചു. വിപണികേന്ദ്രിത സമ്പദ്‌വ്യവസ്ഥകളിൽ ഉപഭോഗമാത്രസംസ്‌കൃതിയിലേക്കു നയിച്ചു. ആകെക്കൂടി നോക്കിയാൽ ഇരുപതാം നൂറ്റാണ്ടിലെ സമൂഹം ഒന്നാം വ്യവസായവിപ്ലവത്തിന്റെ സൃഷ്ടിയാണെന്ന്‌ പറയാം.

രണ്ടാം വ്യവസായ വിപ്ലവം എന്നുതന്നെ വിളിക്കാവുന്ന ഒന്നാണ്‌ ഇന്ന്‌ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഇൻഫർമേഷൻ റവല്യൂഷൻ. കമ്പ്യൂട്ടറിന്റെയും ഇലക്‌ട്രോണിക്‌സിന്റെയും അത്ഭുതസിദ്ധികൾ സമൂഹശില്‌പത്തിന്റെ അടിസ്ഥാനഘടകങ്ങളെതന്നെ മാറ്റിമറിക്കാൻ പോന്നവയാണ്‌. ഇതിന്റെ ദിശ എന്താവാം എന്നതിനെച്ചൊല്ലി അഭിപ്രായഭിന്നതകളുണ്ട്‌. ആഗോള വിപണി, ആഗോള വിവരവിനിമയ വലക്കെട്ട്‌, സാംസ്‌കാരിക നവകൊളോണിയലിസം എന്നിവയാണ്‌ ഈ സാങ്കേതികവിപ്ലവത്തിന്റെ തരംഗങ്ങളായി ഇന്നനുഭവപ്പെടുന്നത്‌. അത്ഭുതസിദ്ധികളുള്ള ഈ സാങ്കേതികവിദ്യയെ അനിയന്ത്രിത വിപണിശക്തികൾ കൈയടക്കിയാലുള്ള ഭവിഷ്യത്ത്‌ ആശങ്കാജനകമാണ്‌. ഉപഭോഗവസ്‌തുക്കൾക്ക്‌ ആഗോളവിപണി സൃഷ്ടിക്കാനുള്ള ശ്രമത്തിൽ ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങളെയും രുചിഭേദങ്ങളെയും ഏകതാനപ്പെടുത്താനാണ്‌ ബഹുരാഷ്‌ട്രകമ്പനികൾ ആഗ്രഹിക്കുന്നത്‌. വ്യവസായിക ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ മാത്രമല്ല വസ്‌ത്രം, ഭക്ഷണം, സാംസ്‌കാരിക ഉൽപ്പന്നങ്ങൾ എന്നിവയുടെ കാര്യത്തിലും ഈ ഏകതാനത അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്‌. ലോകത്തിലെ ഏതു മൂലയിലെ ``കെന്റുക്കി ഫ്രൈഡ്‌ ചിക്കനും ഒരേ സ്വാദ്‌ ആയിരിക്കണമെന്നും ഒരേ ബ്രാൻഡ്‌ നെയിം ജീൻസും ഒരേ പോപ്പ്‌ സംഗീതവും ഒരേ ഹോളിവുഡ്‌ സിനിമയും ലോകത്തെല്ലാം ഒരുപോലെ സ്വീകാര്യമാകണം എന്നും ഉള്ളത്‌ സാംസ്‌കാരിക വൈവിധ്യത്തെ വേരോടെ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണല്ലോ. ഇൻഫർമേഷൻ റവല്യൂഷനെ ഈ തരത്തിൽ ഉപയോഗപ്പെടുത്താനാണ്‌ വിപണിശക്തികളുടെ താൽപര്യം.

പക്ഷെ ഇതേ പ്രതിഭാസത്തെ ചെറുതിന്റെ വിജയമാക്കിയും മാറ്റാം എന്നതാണ്‌ ആശ്വാസകരമായ വസ്‌തുത. വികേന്ദ്രീകരണത്തിനുള്ള സാധ്യതയും കമ്പ്യൂട്ടറിലും ഇന്റെർനെറ്റിലും അടങ്ങിയിരിക്കുന്നു. ചെറു ചെറു കൂട്ടങ്ങളുടെ കൂട്ടായ്‌മയിലൂടെ ബഹുരാഷ്‌ട്ര രാക്ഷസൻമാർക്കെതിരായുള്ള ചെറുത്ത്‌ നിൽപ്പ്‌ സംഘടിപ്പിക്കാനും ഇതേ ആയുധം തന്നെ ഉതകും. അതുപോലെ തന്നെ ആധുനിക കൺട്രോൾ സിസ്റ്റങ്ങളുടെ ആവിർഭാവത്തോടെ വികേന്ദ്രീകൃത ഉൽപ്പാദന വ്യവസ്ഥകൾക്കും ഒരു പുതു ജീവൻ വെച്ചിട്ടുണ്ട്‌. ഇക്കണോമി ഓഫ്‌ സ്‌കെയിൽ എന്ന മോഹന വാഗ്‌ദാനത്തിന്റെ പേരിൽ വലുതിന്റെ പിമ്പെ പോയവർ ഇപ്പോൾ ചെറുതിന്റെ ദക്ഷതയെപ്പറ്റിയും ആലോചിച്ചു തുടങ്ങിയിട്ടുണ്ട്‌. തീർച്ചയായും ഈ രംഗത്ത്‌ ഇനിയും കുതിച്ചുചാട്ടങ്ങൾ വേണ്ടിയിരിക്കുന്നു. പക്ഷെ അതിന്റെ സംഭവ്യത തെളിഞ്ഞിരിക്കയാണ്‌. ചെറുത്‌ സുന്ദരം മാത്രമല്ല സുശക്തവും ആയിക്കഴിഞ്ഞാൽ പുതിയൊരു ലോക ക്രമത്തിന്റെ അടിത്തറയാകാൻ അതിനു കഴിയും.

ഒന്നാം വ്യവസായവിപ്ലവം രാക്ഷസവൽക്കരണത്തിലേക്ക്‌ നയിച്ചപ്പോൾ രണ്ടാം വ്യവസായ വിപ്ലവം വികേന്ദ്രീകരണത്തിലേക്കും അതിലൂടെ യഥാർത്ഥപങ്കാളിത്തത്തിലേക്കുമുള്ള വഴിതുറന്നുതന്നിരിക്കയാണ്‌. അതോടെ അപൂർണ്ണമായ ടെക്‌നോളജിയുടെ അപക്വമായ ഉപയോഗത്താൽ ഉണ്ടായ പ്രശ്‌നങ്ങൾക്ക്‌ ആശ്വാസമാകും എന്നു പ്രതീക്ഷിക്കാം.


"https://wiki.kssp.in/index.php?title=ശാസ്ത്രവും_സമൂഹവും&oldid=3696" എന്ന താളിൽനിന്ന് ശേഖരിച്ചത്