പശ്ചിമഘട്ടസംരക്ഷണവും കേരളത്തിന്റെ വികസനവും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്



പശ്ചിമഘട്ടസംരക്ഷണവും കേരളത്തിന്റെ വികസനവും
Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വികസനം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ജനുവരി, 2014

വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട്‌ വിപുലമായ പ്രചാരണപ്രവർത്തനങ്ങൾ 2011-ലാണ്‌ പരിഷത്ത്‌ ആരംഭി ച്ചത്‌. വ്യത്യസ്‌ത വിഷയങ്ങളെ ആസ്‌പദമാക്കി അതത്‌ രംഗത്തെ വിദഗ്‌ധരെ പങ്കെടുപ്പിച്ചുകൊണ്ട്‌ നടത്തിയ ശിൽപശാലകളും സെമിനാറുകളും, കലാജാഥകൾ, സംസ്ഥാനതല പദയാത്രകൾ ഇതൊക്കെ ഇതിന്റെ ഭാഗമായിരുന്നു. തുടർന്ന്‌ പ്രാദേശികപഠനങ്ങളിലൂടെ ജന പക്ഷവികസനബദലുകൾ രൂപപ്പെടുത്താനുള്ള ശ്രമങ്ങൾക്കും തുടക്കം കുറിച്ചു.

ഇത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയും വളർച്ചയുമായിരുന്നു പരിഷത്ത്‌ നടത്തിയ വികസനസംഗമങ്ങളും വികസനകോൺഗ്രസും. പുതിയ കേരളത്തെക്കുറിച്ചുള്ള സങ്കൽപനങ്ങൾക്കും സമീപനങ്ങൾക്കും വ്യക്തത വരുത്താനും മൂർത്തമായ നിർദ്ദേശങ്ങൾക്ക്‌ രൂപം നൽകാനും സഹായകമായ ആഴത്തിലുള്ള ചർച്ചകളും സംവാദങ്ങ ളുമാണ്‌ ഇവിടെയെല്ലാം നടന്നത്‌.

നവകേരളനിർമിതി ലളിതമോ സുഗമമോ ആയ കാര്യമല്ലെന്ന്‌ നമുക്കറിയാം. കേരളത്തിന്റെ പുരോഗതിയിൽ നിർണായകസ്വാധീനം ചെലുത്തിയ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, വികേന്ദ്രീകരണം തുടങ്ങിയ എല്ലാ മേഖലകളിലും പ്രതിലോമപരമായ പ്രവർത്തനങ്ങൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്‌.

ഈ മാറ്റങ്ങളുടെ പിറകിൽ നമ്മുടെ ആഭ്യന്തരപരിമിതികളും നവലിബറൽനയങ്ങൾ സൃഷ്‌ടിക്കുന്ന പ്രതിസന്ധികളുമുണ്ട്‌. അഴിമതിയും അധികാരദുർവിനിയോഗവും സാമൂഹിക-സാംസ്‌കാരികതകർച്ചയും ഭീകരമായി വർധിച്ചിരിക്കുന്നു. ഇവയ്‌ക്കെതിരെ ഒന്നിച്ചണിനിരക്കേണ്ട ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച്‌ ദുർബലരാക്കാനും തീവ്രമായ മാധ്യമപ്രചാരണങ്ങളിലൂടെ ഉപഭോഗാസക്തരും കർമവിമുഖരും ആക്കിമാറ്റാനുമുള്ള ശ്രമങ്ങൾ പൂർവാധികം ശക്തിയോടെ തുടരുകയാണ്‌.

ഈ സാഹചര്യത്തിലാണ്‌ സമൂഹം നേരിടുന്ന യഥാർഥപ്രശ്‌ന ങ്ങളിലേക്ക്‌ ജനശ്രദ്ധയാകർഷിക്കുന്നതിനും സർഗാത്മകമായ സംവാദങ്ങൾ വളർത്തിയെടുക്കുന്നതിനും വേണ്ടി വിപുലമായൊരു ബഹു ജനവിദ്യാഭ്യാസപരിപാടിക്ക്‌ പരിഷത്ത്‌ ആരംഭം കുറിക്കുന്നത്‌. ബഹുജനങ്ങളെ ബാധിക്കുന്ന ഏതൊരു കാര്യവും വിവാദമായിമാറ്റി അതിനെ തമസ്‌കരിക്കുകയോ തിരസ്‌കരിക്കുകയോ ലഘൂകരിക്കുകയോ ചെയ്യാനുള്ള സംഘടിതപ്രയത്‌നങ്ങൾ വിവിധ കോണുകളിൽനിന്ന്‌ ഉണ്ടാകുന്നതിന്‌ നാം നിത്യേന സാക്ഷികളാവുകയാണ്‌. ഇവിടെയാണ്‌ ജനങ്ങളുടെ സാമാന്യബോധത്തെ ശാസ്‌ത്രബോധമാക്കി മാറ്റാനുള്ള ജനകീയസംവാദങ്ങളുടെ പ്രസക്തിയും പ്രാധാന്യവും. ഈ സംവാദങ്ങൾ, ശ്രീനാരായണഗുരു പറഞ്ഞതുപോലെ, വാദിക്കാനും ജയിക്കാനുമുള്ളതല്ല; അറിയാനും അറിയിക്കാനും വേണ്ടിയുള്ളതാണ്‌. ജനാധിപത്യബോധത്തിന്റെയും ശാസ്‌ത്രസംസ്‌കാര ത്തിന്റെയും അന്തഃസത്തയാണ്‌ സംവാദാത്മകത എന്ന ബോധ്യത്തോടെ, വേണം മറ്റൊരു കേരളം മറ്റൊരിന്ത്യയ്‌ക്കായി എന്ന വിശാലകാഴ്‌ചപ്പാടോടെ സംഘടിപ്പിച്ചിട്ടുള്ള ജനസംവാദയാത്ര ദേശീയതലത്തിൽ നടത്തുന്ന ദശലക്ഷം സംവാദങ്ങളുടെ പ്രാരംഭം കൂടിയാണ്‌.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌


പശ്ചിമഘട്ടസംരക്ഷണവും കേരളവികസനവും

I

"ഈ ഭൂമി സ്വകാര്യവ്യക്തികളുടേതല്ല, രാഷ്‌ട്രങ്ങളുടേതല്ല, ഭൂമിയിൽ ജീവിക്കുന്ന മുഴുവൻ മനുഷ്യരെയുമെടുത്താൽ, അവരുടേതുമല്ല. നാം അതിന്റെ ഗുണഭോക്താക്കൾ മാത്രമാണ്‌. നമുക്കു കിട്ടിയതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ വരുംതലമുറകൾക്ക്‌ കൈമാറാൻ നാം ബാധ്യസ്ഥരാണ്‌ - നല്ല തറവാട്ടുകാരണവന്മാരെപ്പോലെ."

(കാൾ മാർക്‌സ്‌, മൂലധനം)

വാനരനിൽ നിന്ന്‌ നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക്‌ എന്ന പ്രബന്ധത്തിൽ എംഗൽസ്‌ എഴുതി :

``ഹേ മനുഷ്യാ, പ്രകൃതിയുടെ മേൽ നീ കൈവരിക്കുന്ന വിജയ ങ്ങളിൽ അഹങ്കരിക്കാതിരിക്കുക. ഓരോ വിജയത്തിനും പ്രകൃതി അതിന്റെ പ്രതികാരം വീട്ടിയിട്ടുണ്ട്‌. തുടക്കത്തിൽ നാം ആഗ്രഹിച്ച അഭിലഷണീയ ഫലങ്ങൾ ഉണ്ടായെങ്കിലും പിന്നീട്‌ പിന്നീട്‌ അവയെ നിഷ്‌പ്രഭമാക്കുന്ന തിരിച്ചടികൾ ഉണ്ടാകാറുണ്ട്‌.

ഈ തിരിച്ചറിവിൽ കൂടിയാണ്‌ പരിസ്ഥിതിശാസ്‌ത്രം (ഇക്കോളജി) രൂപംകൊണ്ടത്‌. പ്രകൃതിയിൽ നാം വരുത്തുന്ന മാറ്റങ്ങളുടെ ദീർഘകാലപ്രത്യാഘാതങ്ങളെക്കുറിച്ച്‌ നാം കുറേശ്ശെ കുറേശ്ശെയായി മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു. വളർന്നുവരുന്ന ഈ തിരിച്ചറി വാണ്‌, പ്രകൃതിയിൽ ഇടപെടുന്നതിന്‌ മുമ്പ്‌ സംഭവ്യമായ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ പഠിക്കണം എന്ന ബോധത്തിലേക്ക്‌ സമൂഹത്തെ നയിച്ചത്‌. അതിൽനിന്നാണ്‌ പരിസര ആഘാതപഠനം, പാരിസ്ഥിതിക അനുമതി മുതലായവ രൂപംകൊണ്ടത്‌. അങ്ങനെയുള്ള പഠന ത്തിന്റെയും പരിഗണനയുടെയും അടിസ്ഥാനത്തിലാണ്‌ സൈലന്റ്‌ വാലി ജലവൈദ്യുതപദ്ധതി ഉപേക്ഷിക്കപ്പെട്ടത്‌.

വളരെ ചെറിയ തോതിലുള്ള ഇടപെടലുകൾ വൻപ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്നു വരില്ല. എന്നാൽ അനേകായിരം ``ചെറു ഇടപെട ലുകൾ ചേർന്നാൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. അങ്ങനെ ഗുരുതരമായ ഒരവസ്ഥയിൽ എത്തിച്ചേർന്നിട്ടുള്ള ഒരു ഭൂപ്രദേശമാണ്‌ പശ്ചിമഘട്ടം. ഈ മാറ്റങ്ങൾ ഒരുതരത്തിലുള്ള ശൃംഖലാപ്രതിപ്രവർത്തനത്തിന്റെ സ്വഭാവം കൈവരിക്കാൻ തുടങ്ങിയിരിക്കുന്നു. വർധമാനമായ തോതിൽ നടക്കുന്ന ഉരുൾപൊട്ടലുകൾ, അതിവേഗം വരണ്ടുപോകുന്ന ഉറവകൾ, വർധിച്ചുവരുന്ന വേനൽക്കാല ജലദൗർലഭ്യം, നശിച്ചുപോകുന്ന ജീവവൈവിധ്യം... മുതലായ അപ്രിയപ്രതിഭാസങ്ങളുടെ രൂപത്തിലാണ്‌ ഇവ അനുഭവപ്പെടുന്നത്‌. ഈ സാഹചര്യത്തിലാണ്‌, പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി പരിരക്ഷിക്കപ്പെടണമെന്ന തിരിച്ചറിവ്‌ വളരാൻ തുടങ്ങിയത്‌. വളരെ കൊല്ലങ്ങൾക്കുമുമ്പുതന്നെ പശ്ചിമഘട്ടസംരക്ഷണത്തെക്കുറിച്ച്‌ പഠിക്കാൻ തുടങ്ങിയിരുന്നു. അതിന്റെ ഒരു തുടർച്ച മാത്രമാണ്‌ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധസമിതിയുടെ (ഗാഡ്‌ഗിൽ) റിപ്പോർട്ട്‌. അതൊരു ഒരു അവസാനവാക്ക്‌ അല്ല. ഭാവിയിൽ കൈക്കൊള്ളേണ്ട സമീപനത്തിനുള്ള ഒരു ചട്ടക്കൂട്‌ ആണ്‌ അത്‌ സംഭാവന ചെയ്യുന്നത്‌.

പ്രകൃതിയുടെ ഇതരഘടകങ്ങളുമായി പ്രതിപ്രവർത്തിച്ചുകൊണ്ടല്ലാതെ മനുഷ്യന്‌ ജീവിക്കാൻ പറ്റില്ല. ഇത്‌ എല്ലാവർക്കും അറിയാം. എന്നാൽ ഉപജീവനത്തിനുള്ള പ്രവർത്തനവും ഏതാനും വ്യക്തികൾ ക്ഷിപ്രലാഭം ഉണ്ടാക്കാനായി നടത്തുന്ന പ്രവർത്തനങ്ങളും രണ്ടും രണ്ടാണ്‌. രണ്ടാമത്തെ കൂട്ടർ ഭാവിതലമുറകളെക്കുറിച്ചോ, ആസന്നഭാവിയെക്കുറിച്ചുപോലുമോ വ്യാകുലരല്ല. അവരുടെ ലക്ഷ്യം വൻലാഭം മാത്രമാണ്‌. മറ്റുള്ളവർക്ക്‌ അതുണ്ടാക്കുന്ന നഷ്‌ടം അവരുടെ പ്രശ്‌ന മല്ല. ഇത്തരക്കാരുടെ കയ്യേറ്റങ്ങൾ - അയിർ ഖനനം, പാറ ഖനനം, തടിവെട്ട്‌, റിസോർട്‌ നിർമാണം... ഇവയൊന്നും സാധാരണ ജന ങ്ങളുടെ ഉപജീവനത്തിനുവേണ്ടിയുള്ളതല്ല. ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടണം എന്നതാണ്‌. അതുമാത്രമാണ്‌ - ഗാഡ്‌ഗിൽ കമ്മിറ്റിയുടെ ശുപാർശകളുടെ സത്ത.

എന്നാൽ ഏതുനിയന്ത്രണവും നിലവിലുള്ള നിയോലിബറൽ സങ്കൽപനങ്ങൾക്ക്‌ അരുചികരമാണ്‌. വികസനം എന്നാൽ വളർച്ച. അഭംഗുരമായ വളർച്ച എന്നതാണ്‌ അതിന്റെ മുദ്രാവാക്യം. സാമ്പ ത്തികവളർച്ചയ്‌ക്ക്‌ തടസ്സമായേക്കാവുന്ന ഒരു നിയന്ത്രണവും അഭിലഷണീയമല്ല എന്നവർ കരുതുന്നു. ആ ധാരണയുടെ അടിസ്ഥാന ത്തിലാണ്‌ ഡോ.കസ്‌തൂരിരംഗൻ കമ്മിറ്റി അതിന്റെ ശുപാർശകൾ തയ്യാറാക്കിയത്‌. വനമേഖലയിലും വന്യമൃഗസങ്കേതങ്ങളിലും എന്തിന്‌ റവന്യൂഭൂമിയിൽപോലും ഇടപെടുന്നതിൽ ഇന്ന്‌ ഒട്ടേറെ നിയന്ത്രണങ്ങൾ ഉണ്ട്‌. അവകൂടി ഇല്ലാതാക്കണമെന്നാണ്‌ നിയോലിബറലുകളുടെ ആവശ്യം. ഇവർ ആഗോളതാപനം, കാലാവസ്ഥാമാറ്റം, ഹരിതഗൃഹപ്രഭാവം മുതലായവയെയെല്ലാം പുച്ഛിക്കുന്നു, തിരസ്‌കരിക്കുന്നു. ഇവരുടെ സമീപനം ഭാവിയെ മാത്രമല്ല, വർത്തമാനത്തെയും ബാധിക്കുന്നുണ്ട്‌. അതിഭീമമായി വളർന്നുവരുന്ന സാമ്പത്തികഅസമത്വം, അത്‌ സൃഷ്‌ടിക്കുന്ന ബൗദ്ധികവും സാമൂഹികവുമായ അസമത്വങ്ങൾ, വികസ്വരരാജ്യങ്ങളിലെ പരിസ്ഥിതിത്തകർച്ച മുതലായവയൊക്കെ ഈ നയത്തിന്റെ അനന്തരഫലങ്ങളാണ്‌. ക്യോട്ടോ പ്രോട്ടോക്കോൾ പരാജയപ്പെടുന്നതിനും ഹരിതഗൃഹവാതകവിസർജനനിരക്ക്‌ കുറയ്‌ക്കാൻ വികസിതരാജ്യങ്ങൾ തയ്യാറാകാത്തതിനും കാരണം നിയോലിബ റൽ മുതലാളിത്തത്തിന്റെ അധീശത്വമാണ്‌. ഭൂരിപക്ഷം ജനങ്ങൾക്ക്‌ ഇത്‌ ദ്രോഹം ചെയ്യുന്നു ; ആത്യന്തികമായി മാനവരാശിക്ക്‌ ആകെ ത്തന്നെയും. ആഗോളനിയോലിബറൽ മുതലാളിത്തത്തിന്നെതിരായി എല്ലാ രാജ്യങ്ങളിലും ജനങ്ങൾ സമരം ചെയ്യുന്നുണ്ട്‌. ഇന്ത്യയിലു മുണ്ട്‌, കേരളത്തിലുമുണ്ട്‌. കേരളത്തിലെ നിയോലിബറൽ സാമ്രാജ്യത്വ വിരുദ്ധസമരത്തിൽ ജനങ്ങളുടെ കൂടെ നിൽക്കുന്ന ഒരു പ്രസ്ഥാനമാണ്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌.

എന്നാൽ കേരളത്തിൽ നിയോലിബറലിസത്തിന്റെ വക്താക്കളും ശക്തമാണ്‌. എമർജിങ്ങ്‌ കേരള എന്ന പദ്ധതിയുടെ സമീപനം നിയോലിബറൽ വികസനമാണ്‌. ഒട്ടേറെ പേരെ പാപ്പരാക്കി ഏതാനും പേർ പണക്കാരാകുന്ന വികസനമാണ്‌ അതിന്റെ ഉള്ളക്കം. അവരാണ്‌ ഗാഡ്‌ഗിൽ റിപ്പോർട്ടിന്‌ - വാസ്‌തവത്തിൽ എല്ലാ തരത്തിലുള്ള നിയന്ത്രണങ്ങൾക്കും - എതിരായ പ്രചാരണവുമായി മുന്നോട്ടുനീങ്ങിയത്‌. അവരുടേതിന്‌ വിരുദ്ധമായ താൽപര്യമുള്ള സാധാരണക്കാരെ അതിഭീകരമായി തെറ്റിദ്ധരിപ്പിക്കാൻ അവർക്ക്‌ കഴിഞ്ഞിരിക്കുന്നു. അതിനായി, റിപ്പോർട്ടിന്റെ പേരുംപറഞ്ഞ്‌ ഗവൺമെന്റും ബാങ്കുകളുമൊക്കെ പശ്ചിമഘട്ടപ്രദേശത്തെ കൃഷിക്കാരെയും സാധാരണക്കാരെയും കുത്തിനോവിച്ച്‌, അവരെ നിയന്ത്രണങ്ങൾക്ക്‌ എതിരാക്കുന്ന തന്ത്രവും അവർ സ്വീകരിച്ചിട്ടുണ്ട്‌. അവർ കാട്ടിലും കടലോരത്തും കായലോരത്തും നടത്തിയിട്ടുള്ള അതിക്രമങ്ങൾ, പൊതുമുതലിനെ സ്വായത്ത മാക്കിയും പ്രകൃതിയെ നശിപ്പിച്ചും നടത്തിയ പ്രവർത്തനങ്ങൾ ചോദ്യം ചെയ്യപ്പെടാൻ തുടങ്ങിയപ്പോൾ ഉണ്ടായ അരിശമാണ്‌ ഈ അസത്യപ്രചാരണത്തിന്‌ അവരെ പ്രേരിപ്പിച്ചത്‌. സംഗതികളുടെ സത്യാവസ്ഥ മനസ്സിലാക്കാൻ ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്‌ ഈ ചോദ്യോത്തര പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്‌. ഒട്ടേറെ പേരുടെ പങ്കാളിത്തത്തോടെയാണ്‌ ഇത്‌ തയ്യറാക്കിയിട്ടുള്ളത്‌. ഇനിയും ചോദ്യങ്ങൾ ഉണ്ടാകാം... അവയ്‌ക്കുള്ള ഉത്തരങ്ങളും കൂട്ടായി കണ്ടുപിടിക്കാം.


II

കഴിഞ്ഞ കുറേക്കാലമായി എല്ലാവരും പശ്ചിമഘട്ടത്തെക്കുറിച്ചാണ്‌ സംസാരിക്കുന്നത്‌. രാഷ്ട്രീയക്കാരും മതമേലദ്ധ്യക്ഷന്മാരും സാമുദായികസംഘടനകളും മാധ്യമങ്ങളും പരിസ്ഥിതിപ്രവർത്തകരും ഒക്കെ ഇതിനേപ്പറ്റിപറയുന്നു. യഥാർത്ഥത്തിൽ എന്താണ്‌ പശ്ചിമഘട്ടം?

ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിന്‌ സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വതനിരയാണിത്‌. കേരളത്തിന്റെ കിഴക്കേഅതിർത്തിയിൽക്കൂടി കടന്നുപോകുന്ന ഈ പർവ്വതനിര വടക്ക്‌ താപ്‌തി നദിയുടെ തെക്കുഭാഗത്ത്‌ നിന്ന്‌ തുടങ്ങി തെക്ക്‌ കന്യാകുമാരിയിൽ അവസാനിക്കുന്നു. കേരളം കൂടാതെ മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, തമിഴ്‌നാട്‌, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിലായി ഇത്‌ വ്യാപിച്ചുകിടക്കുന്നു. ഏകദേശം 1490 കി.മീ ദൈർഘ്യവും 210 കി.മീ കൂടിയ വീതിയുമുള്ള ഈ മലനിരകളുടെ ആകെ വിസ്‌തീർണ്ണം 129037 ച.കി.മീ ആയാണ്‌ മാധവ്‌ ഗാഡ്‌ഗിൽ സമിതി കണക്കാക്കിയിരിക്കുന്നത്‌. സമുദ്രനിരപ്പിൽ നിന്നുള്ള ശരാശരി ഉയരം 1200 മീറ്ററാണ്‌.

എന്താണ്‌ പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം?

ഒരുപാട്‌ പ്രാധാന്യമുണ്ട്‌ ഈ ഭൂഭാഗത്തിന്‌. അതിപുരാതനമായ ഒരാവാസവ്യവസ്ഥയാണത്‌. ഇന്റർനാഷണൽ യൂണിയൻ ഓഫ്‌ കൺസർവേഷൻ ഓഫ്‌ നേച്ചറിന്റെ (IUCN) അഭിപ്രായത്തിൽ ലോക ത്താകെ 35 ജൈവവൈവിധ്യചുടുപൊട്ടുകൾ (Hotspots) ഉണ്ട്‌. എന്നു പറഞ്ഞാൽ അതീവ ജൈവവൈവിധ്യ പ്രാധാന്യമേഖലയെന്ന ർഥം. ഇവയിൽ എട്ടെണ്ണം അതീവപ്രാധാന്യമുള്ള അതിചുടുപൊട്ടു കളാണ്‌. ഇവയിലൊന്നാണ്‌ പശ്ചിമഘട്ടം. അതുപോലെതന്നെ യുണെസ്‌കോ (UNESCO) ഇതിന്‌ ലോകപൈതൃകപദവിയും നൽകിയിട്ടുണ്ട്‌. കേരളത്തിന്റെ കാലാവസ്ഥയെയും ജലലഭ്യതയെയും ഒക്കെ നിയന്ത്രിക്കുന്നത്‌ പശ്ചിമഘട്ടമാണ്‌. ഈ മലനിരകളുടെ സ്ഥാനവും അവിടുത്തെ സവിശേഷകാലാവസ്ഥയും ചേർന്നാണ്‌ ഇത്‌ ചെയ്യുന്നത്‌. ഈ കാലാവസ്ഥയെ നിയന്ത്രിക്കുന്നത്‌ മൺസൂൺ കാറ്റുകളാണ്‌. ജൂൺ മുതൽ സെപ്‌തംബർ വരെയുള്ള മാസങ്ങളിൽ മഴമേഘങ്ങളെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന്‌ വീശുന്ന ശക്തിയായ കാറ്റ്‌ പശ്ചിമഘട്ടത്തിൽ എത്തിക്കുന്നു. അതാണ്‌ ഈ മേഖലയിലെ മഴയ്‌ക്കുകാരണം. ഒരു വർഷം ശരാശരി 3000 മുതൽ 4000 വരെ മില്ലീമീറ്റർ മഴ കിട്ടും. ഈ മഴ ലഭിക്കുന്നത്‌ പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്താണ്‌. ഇതാണ്‌ കേരളത്തിലെ ജലസമൃദ്ധിക്ക്‌ കാരണം.

പശ്ചിമഘട്ടത്തിൽ ലഭിക്കുന്ന വെള്ളം ശേഖരിക്കുന്നത്‌ പർവ്വത മുകളിലെ വനമേഖലയാണ്‌. തട്ടുതട്ടായുള്ള ഇലച്ചാർത്തുകൾ, മേൽ മണ്ണിൽ വീണുകിടക്കുന്ന സ്‌പോഞ്ച്‌ രൂപത്തിലുള്ള ജൈവാവശിഷ്ടങ്ങൾ ഇവയൊക്കെ വെള്ളത്തെ പിടിച്ചുനിർത്തുന്നു. സൂര്യതാപവും കാറ്റും കാര്യമായൊന്നും കാടിനുള്ളിലേക്ക്‌ എത്തുന്നില്ല. അതുകൊണ്ട്‌ സംഭരിച്ച്‌ വയ്‌ക്കപ്പെടുന്ന വെള്ളം വറ്റിപ്പോകുന്നില്ല. ഇങ്ങനെ കിട്ടുന്ന വെള്ളത്തിൽ അധികഭാഗവും താഴേക്ക്‌ ഒഴുകുന്നു. കേരളത്തിലെ 44 നദികളും ഇങ്ങനെയാണ്‌ ഉത്ഭവിക്കുന്നത്‌. അതിൽ മൂന്നെണ്ണം കിഴക്കോട്ടാണ്‌ ഒഴുകുന്നത്‌. കേരളത്തിന്‌ പുറത്തുള്ള മൂന്ന്‌ മഹാനദികൾ ഉത്ഭവിക്കുന്നത്‌ പശ്ചിമഘട്ടത്തിൽ നിന്നാണ്‌. കാവേരിയും കൃഷ്‌ണയും ഗോദാവരിയും. ഇവയും കിഴക്കോട്ട്‌ ഒഴുകുന്നവതന്നെ.

കേരളത്തിനാവശ്യമായ കുടിവെള്ളം മുഴുവൻ നൽകുന്നത്‌ പശ്ചിമഘട്ടമാണെന്നാണോ പറഞ്ഞുവയ്‌ക്കുന്നത്‌ ?

കുടിവെള്ളം മാത്രമല്ല എല്ലാത്തരം ആവശ്യങ്ങൾക്കുമുള്ള വെള്ളത്തിന്റ വലിയൊരു പങ്ക്‌ നൽകുന്നത്‌ പശ്ചിമഘട്ടം തന്നെ. കേരള ത്തിന്റെ മുഖ്യ ജലസമ്പത്ത്‌ പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിക്കുന്ന നദികളാണ്‌. കേരളത്തിന്റെ ഉൾനാടൻ ജലാശയങ്ങളെയും കായൽനിലങ്ങളെയും തുരുത്തുകളെയും തണ്ണീർത്തടങ്ങളെയുമൊക്കെ നിലനിർത്തുന്നതും ഇവതന്നെ. കേരളത്തിലെ താരതമ്യേന വലിയ നദികളായ പെരിയാർ, പമ്പ, ചാലിയാർ എന്നിവ പശ്ചിമഘട്ടത്തിന്റെ ഉയർന്ന വിതാനങ്ങളിൽ നിന്ന്‌ ഉത്ഭവിക്കുന്നവയാണ്‌. ചെറിയ നദികളായ മീനച്ചിൽ, മണിമലയാർ എന്നിവ പടിഞ്ഞാറെ താഴ്‌വരകളിൽ നിന്നുത്ഭവിക്കുന്ന വിവിധ നീർച്ചാലുകൾ ഒന്നിച്ച്‌ ചേർന്നുണ്ടാകുന്നതാണ്‌. ഭാരതപ്പുഴയാകട്ടെ ധാരാളം ചെറുപോഷകനദികൾ ചേർന്നാണ്‌ ഉണ്ടാകുന്നത്‌. ഇങ്ങനെയൊക്കെ നോക്കുമ്പോൾ പശ്ചിമഘട്ടം കേരളത്തിന്റെ ജലസ്‌തംഭമാണ്‌. കേരളത്തിന്‌ പുറത്തോ? ഏതാണ്ട്‌ 25 കോടി ജനങ്ങളുടെ ആശ്രയം ഈ പർവ്വതനിരയാണ്‌.

കുടിവെള്ളം നൽകുന്നു എന്നത്‌ പരമപ്രധാനമായി കണക്കാക്കുകതന്നെ വേണം. എന്നാലും മറ്റെന്തെങ്കിലും സേവനങ്ങൾ ഈ മല നിരകൾ നൽകുന്നുണ്ടോ ?

എത്രയോ തരം ജീവജാതികൾക്ക്‌ വാസസ്ഥാനം ഒരുക്കുന്നത്‌ പശ്ചിമഘട്ടമാണ്‌. ബൊട്ടാണിക്കൽ സർവ്വേ ഓഫ്‌ ഇന്ത്യയും സുവോളജിക്കൽ സർവ്വേ ഓഫ്‌ ഇന്ത്യയും മറ്റ്‌ വിവിധ ഗവേഷണസ്ഥാപനങ്ങളും നടത്തിയിട്ടുള്ള പഠനവിവരങ്ങളനുസരിച്ച്‌ 4000ത്തിലധികം ഇനം സപുഷ്‌പികളായ സസ്യങ്ങൾ ഇവിടെയുണ്ട്‌. 139 ഇനം സസ്‌തനികൾ, 508 ഇനം പക്ഷികൾ, 179 ഇനം ജലജീവികൾ, 102 ഇനം മത്സ്യങ്ങൾ, 334 ഇനം പൂമ്പാറ്റകൾ, 316 ഇനം ഒച്ചുകൾ, 600 ൽ ഏറെ കീട ജാതികൾ എന്നിവ ഈ മേഖലയുടെ ജൈവവൈവിധ്യം വിളിച്ചോതുന്നു. പക്ഷികളിൽ 16 ജാതികൾ തദ്ദേശീയങ്ങളാണ്‌. എല്ലാ വിഭാഗം സസ്യങ്ങളിലും ജന്തുക്കളിലും തദ്ദേശീയജാതികളുണ്ട്‌. ഇതെല്ലാം ചേർന്നാണ്‌ പശ്ചിമഘട്ടമേഖലയെ ജൈവവൈവിധ്യചുടുപൊട്ടുകളിൽ ഒന്നാക്കി മാറ്റുന്നത്‌. ഇപ്പറഞ്ഞവയെല്ലാം കൂടാതെ ഏതാണ്ട്‌ അഞ്ചുകോടി മനുഷ്യർ. അവരെയും കാണുകതന്നെ വേണം.

എന്തുകൊണ്ടാണ്‌ ഇതൊക്കെ പശ്ചിമഘട്ടത്തിൽ സാദ്ധ്യമാകുന്നതെന്ന്‌ പറയാമോ ?

സവിശേഷമായ ഭൂമിശാസ്‌ത്രഘടനയാണിവിടുത്തേത്‌. കുത്തനെയുള്ള പടിഞ്ഞാറൻ ചരിവുകൾ, തെക്ക്‌ മുതൽ വടക്ക്‌ വരെ വ്യത്യസ്‌ത കാലാവസ്ഥ, ഭൂമിശാസ്‌ത്ര, ജൈവ മേഖലകൾ, കിഴക്കൻ ചരിവിലും പടിഞ്ഞാറൻ ചരിവിലും അനുഭവപ്പെടുന്ന വ്യത്യസ്‌ത കാലാവസ്ഥാരീതികൾ എന്നിവയെല്ലാം ചേർന്നാണീ സവിശേഷ അവസ്ഥയെ നിലനിർത്തുന്നത്‌.

ഇതു കുറച്ചുകൂടി വിശദീകരിക്കാമോ ?

തീർച്ചയായും. പശ്ചിമഘട്ടത്തിലെ വനമേഖലയെക്കുറിച്ച്‌ ചില കാര്യങ്ങൾ പറയാം. വടക്കൻപ്രദേശങ്ങളിലെ കാടുകൾ ആർദ്രഇലപൊഴിയും കാടുകളും പർവ്വതവനങ്ങളുമാണ്‌. തെക്കൻഘട്ടത്തിൽ ആർദ്ര ഇലപൊഴിയും കാടുകളും പർവ്വതമഴക്കാടുകളുമാണ്‌. വടക്കൻ പശ്ചിമഘട്ടത്തിനും തെക്കൻ പശ്ചിമഘട്ടത്തിനും ഇടയിലാണ്‌ കേരളത്തിലെ വയനാട്‌. കാടുകൾകൊണ്ട്‌ നിറഞ്ഞ പ്രദേശങ്ങളിൽ ധാരാളം ആദിവാസികളുണ്ട്‌. സംരക്ഷിതമേഖലകളും സംരക്ഷിതവനങ്ങളും ധാരാളമുണ്ട്‌. രണ്ട്‌ ബയോസ്‌ഫിയർ റിസർവുകൾ, പതിനൊന്ന്‌ ദേശീയോദ്യാനങ്ങൾ, വന്യജീവിസങ്കേതങ്ങൾ ഇവയൊക്കെ ഈ മേഖലയുടെ പരിസ്ഥിതിപ്രാധാന്യം വിളിച്ചറിയിക്കുന്നു.

തീർച്ചയായും, പശ്ചിമഘട്ടത്തിന്‌ വലിയ പാരിസ്ഥിതികപ്രാധാന്യമുണ്ട്‌. പക്ഷെ പൊടുന്നനെ പശ്ചിമഘട്ടം സംരക്ഷിക്കണം എന്ന പ്രചാരണവുമായി ആളുകൾ ഇറങ്ങിപ്പുറപ്പെട്ടതിന്റെ കാരണമെന്താണ്‌ ? എന്താണ്‌ പശ്ചിമഘട്ടം നേരിടുന്ന ആപത്ത്‌ ?

ഈ ചോദ്യത്തിന്‌ രണ്ട്‌ ഭാഗമായി ഉത്തരം പറയണം. ഒന്നാമത്തേത്‌ പശ്ചിമഘട്ട സംരക്ഷണമെന്നത്‌ പൊടുന്നനെ ഉണ്ടായ ഒരാശയമല്ല. നമുക്ക്‌ പശ്ചിമഘട്ടം നേരിടുന്ന ആപത്ത്‌ എന്താണെന്ന്‌ നോക്കാം. കഴിഞ്ഞ രണ്ട്‌ നൂറ്റാണ്ടുകളായി മനുഷ്യൻ പശ്ചിമഘട്ടത്തിൽ ഇടപെടാൻ തുടങ്ങിയിട്ട്‌. കൊളോണിയൽ ഭരണകാലത്താണ്‌ തോട്ടവിളകൾ ആരംഭിക്കുന്നത്‌. കുറേ കാടുകൾ തോട്ടങ്ങളായി. കുടിയേറ്റവും കയ്യേറ്റവും സംഭവിച്ചു. ഖനനം ഒരു വലിയ പ്രശ്‌നമായി. കേരളത്തിൽ തെക്കുവടക്കുള്ള കരിങ്കൽക്വാറികൾ മുതൽ ഗോവയിൽ ഇരുമ്പയിരിനായി തുറന്നുകൊടുത്ത റിസർവ്വ്‌ വനങ്ങൾ വരെ ഈ കണ്ണിയിൽ പെടുത്താം. പശ്ചിമഘട്ടത്തിൽക്കൂടി ഒഴുകുന്ന പുഴകളിൽ 800ൽ അധികം അണക്കെട്ടുകൾ ഉണ്ട്‌. ഇനിയുമുണ്ട്‌ കാരണങ്ങൾ പറയാൻ. കാലിമേച്ചിൽ, അനധികൃതവേട്ടയാടൽ, മനുഷ്യ-വന്യജീവിസംഘട്ടനം, തടിയിതര വനവിഭവങ്ങളുടെ അമിതചൂഷണം, മലിനീകരണം, കാട്ടുതീ, റോഡുനിർമ്മാണം എന്നിങ്ങനെ പട്ടിക നീളുന്നു. ഒരുപക്ഷേ ഏറ്റവും ഒടുവിൽ വിനോദസഞ്ചാരത്തിനുവേണ്ടി വലിയ ഹോട്ടലു കളും റിസോർട്ടുകളും ഉല്ലാസബംഗ്ലാവുകളും വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകമായപ്പോൾ സ്വകാര്യകോർപ്പറേറ്റുകൾ പശ്ചിമഘട്ടത്തിന്റെ പ്രകൃതിവിഭവചൂഷണത്തിനായി മൂലധനനിക്ഷേപം വലിയ തോതിൽ വർദ്ധിപ്പിച്ചു.

വികസനത്തിനായി കുറച്ചുകാട്‌ നഷ്ടപ്പെടുത്തുന്നത്‌ അത്ര വലിയ തെറ്റാണോ ?

പശ്ചിമഘട്ടത്തിന്റെ നാശത്തിന്‌ കാരണമായ ചില വസ്‌തുതകൾ പരിശോധിക്കാം. ജനസംഖ്യാവർദ്ധനവും ഭക്ഷ്യക്ഷാമവും ഒരു പ്രധാന കാരണമാണ്‌. ഭക്ഷ്യക്ഷാമം നേരിടാൻ ആളുകളെ നിർബന്ധിച്ച്‌ കാട്ടിലേയ്‌ക്കയച്ച്‌ കാട്‌ വെട്ടിത്തെളിയിച്ച്‌ കൃഷിചെയ്യാൻ പ്രേരിപ്പിച്ചിരുന്നു. വിശേഷിച്ചും വിവിധ യുദ്ധങ്ങളുടെ കാലത്ത്‌ കേരളം വിശ പ്പടക്കിയിരുന്നതങ്ങനെയായിരുന്നു. 1920-80 കാലത്ത്‌ നടന്ന കാട്‌ വെട്ടലിന്റെ 40%വും കൃഷി വ്യാപനത്തിനായി മാത്രം നടന്നവയായി കരുതപ്പെടുന്നു. വൻകിട വനാധിഷ്‌ഠിത വ്യവസായങ്ങൾക്കായി ഇക്കാലത്ത്‌ കാട്‌ വെട്ടിത്തെളിച്ചിരുന്നു.

കൊളോണിയൽ ഭരണകാലത്ത്‌ തന്നെ വനത്തിനെ ഒരു സാമ്പത്തികസ്രോതസ്സായാണ്‌ കരുതിപ്പോന്നത്‌. കാടിന്റെ വിലയെന്നാൽ കാട്ടിലെ തടിയുടെ വില എന്നാണർത്ഥമാക്കിയിരുന്നത്‌. അടുത്ത കാലത്ത്‌ അന്തർദ്ദേശീയ കച്ചവടവ്യവസ്ഥകളിൽ മാറ്റങ്ങൾ വന്നതോടെ രാജ്യങ്ങൾ തമ്മിലുള്ള വനവിഭവങ്ങളുടെ കൈമാറ്റം വളരെ എളുപ്പമായിത്തീരുകയും തടി ഇറക്കുമതി വർദ്ധിക്കുകയും ചെയ്‌തു. ഇത്‌ നമ്മുടെ വനങ്ങളിലെ തടിക്കുവേണ്ടിയുള്ള സമ്മർദം കുറച്ചിട്ടുണ്ട്‌.

ഇങ്ങനെയൊക്കെയാണെങ്കിലും പശ്ചിമഘട്ടത്തിലെ മാറ്റങ്ങൾക്ക്‌ കാരണമായ മൂന്ന്‌ സംഗതികൾ എടുത്തുപറയാതെ പറ്റില്ല. വൈദ്യുതിക്കും ജലസേചനത്തിനുമായി നടത്തിയ ജലസംഭരണികളുടെ നിർമ്മാണം. ഗോവയിൽ 7ഉം ഗുജറാത്തിൽ 537ഉം, മഹാരാഷ്ട്രയിൽ 1529ഉം, കർണ്ണാടകത്തിൽ 216ഉം, തമിഴ്‌നാട്ടിൽ 97ഉം കേരളത്തിൽ 54ഉം ജലസംഭരണികൾ ഉണ്ട്‌. ഇതിന്‌ പുറമെ വേറെയും ധാരാളം എണ്ണം നിർമ്മാണത്തിലുണ്ട്‌. ഈ ജലസംഭരണികൾക്കായി വനം വെട്ടിയിട്ടുണ്ട്‌. വനം വെള്ളത്തിൽ മുങ്ങിപ്പോയിട്ടുണ്ട്‌.

ഖനനംമൂലം പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതികലോലപ്രദേശങ്ങൾ ക്കാണ്‌ ഏറെ കോട്ടം തട്ടിയത്‌. കേരളത്തിൽ വാളയാർകാട്ടിലെ ചുണ്ണാമ്പുകല്ല്‌ ഖനനം, നിലമ്പൂരിലെ കരിങ്കല്ല്‌ ഖനനം എന്നിവ ഗുരുതരമായ പരിക്കുകൾ ഏൽപ്പിച്ചവയാണ്‌. കേരള ഗവണ്മെന്റിന്റെ 2009ലെ ഖനിനയം, നീലേശ്വരം, കയ്യൂർ തുടങ്ങിയ കാസർകോടൻ ഗ്രാമങ്ങളിൽ നിന്ന്‌ ലിഗ്‌നൈറ്റും നിലമ്പൂരിൽ നിന്ന്‌ സ്വർണ്ണവും കോഴിക്കോട്‌, മലപ്പുറം ജില്ലകളിൽ നിന്ന്‌ ഇരുമ്പും കുഴിച്ചെടുക്കാൻ ലക്ഷ്യമിടുന്നുണ്ട്‌. ഇതെല്ലാമാണെങ്കിലും കർണ്ണാടകത്തിലെയും ഗോവ യിലെയും പോലെയുള്ള വൻകിട ഖനികൾ കേരളത്തിലില്ല.

മൂന്നാമത്തെ കാരണം തോട്ടവൽക്കരണമാണ്‌. നീലഗിരിയിൽ മാത്രം 55330 ഹെക്ടർ തോട്ടങ്ങളുണ്ട്‌. കേരളത്തിൽ ചായ, കാപ്പി, ഏലം, യുക്കാലിപ്‌റ്റസ്‌, റബ്ബർ, അക്കേഷ്യ എന്നിവയെല്ലാം ചേർത്ത്‌ ഏകദേശം 1490 ച.കി.മീ തോട്ടങ്ങളാണുള്ളത്‌.

ശരിതന്നെ, സമ്മതിച്ചു, കേരളത്തിന്റെ നിലനിൽപ്പിന്‌ പശ്ചിമഘട്ടം അനുപേക്ഷണീയമായ ഒന്നാണ്‌. എന്നാലത്‌ ഗുരുതരമായ പാരിസ്ഥിതികത്തകർച്ചയെ നേരിടുന്നു. ഈ തകർച്ച കേരളത്തിന്റെ കാലാവസ്ഥയെയും മഴലഭ്യതയെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്‌. ഇതൊക്കെ സംഭവിക്കുമ്പോൾ സർക്കാർ ഒന്നും ചെയ്‌തില്ലേ ?

സർക്കാർ ഒന്നും ചെയ്‌തില്ല എന്ന്‌ പറയാനാവില്ല. 1986ൽ കേന്ദ്രസർക്കാർ പരിസ്ഥിതി (സംരക്ഷണ) നിയമം കൊണ്ടുവന്നു. ആ നിയമത്തിൽ പശ്ചിമഘട്ടം സംബന്ധിച്ച്‌ നിരവധി പരാമർശങ്ങൾ ഉണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ട രണ്ടെണ്ണം പാരിസ്ഥിതികപ്രാധാന്യ മുള്ള മേഖലകളെയും പശ്ചിമഘട്ട അതോറിറ്റിയെയും സംബന്ധി ച്ചുള്ളതായിരുന്നു. ഈ നിയമത്തിന്റെ മൂന്നാംവകുപ്പുപ്രകാരം കേന്ദ്രസർക്കാറിന്‌ ഏതൊരു പ്രദേശത്തിന്റെയും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും അതിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനും പരിസര മലിനീകരണം തടയുന്നതിനും ആവശ്യമായ നടപടികൾ സ്വീകരി ക്കാനുള്ള അധികാരമുണ്ട്‌. ഇതിനുമുമ്പുതന്നെ 1980ലെ കേന്ദ്ര-വനനിയമം ഉണ്ട്‌. അതനുസരിച്ച്‌ വനഭൂമി വനേതരമായ ആവശ്യങ്ങൾക്ക്‌ ഉപയോഗിച്ചുകൂടാ. ഇതിന്റെയൊക്കെയടിസ്ഥാനത്തിൽ വിവിധ സംസ്ഥാനസർക്കാരുകൾ വ്യത്യസ്‌ത നിയമങ്ങൾ ഉണ്ടാക്കി. എന്നാൽ ഈ നിയമങ്ങൾ പല കാരണങ്ങളാൽ ഫലപ്രദമായി നടപ്പിലാക്കുന്നതിന്‌ കഴിഞ്ഞിരുന്നില്ല. ഇതുമൂലം പശ്ചിമഘട്ടമേഖലയിൽ ചിലയിടങ്ങളിൽ അനിയന്ത്രിതമായ കടന്നുകയറ്റം വഴിയുള്ള പരിസ്ഥിതി നാശം സംഭവിച്ചിട്ടുണ്ട്‌.


എപ്പോഴും കേൾക്കുന്ന ഒരു വാക്കാണല്ലോ പരിസ്ഥിതിലോല മേഖലയെന്നത്‌. എന്താണതിന്റെയർത്ഥം ?

മഹാരാഷ്ട്രയിലെ ദഹാനു താലൂക്കിൽ ഉണ്ടായ പരിസ്ഥിതിപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്‌ ആദ്യമായി പരിസ്ഥിതിലോലമേഖല എന്ന പ്രയോഗം ഉണ്ടാകുന്നത്‌. 1989ലാണ്‌ ഇന്ത്യയിലാദ്യമായി ഇത്തരം ഒരു മേഖല പ്രഖ്യാപിക്കപ്പെടുന്നത്‌. അത്‌ മഹാരാഷ്ട്രയിലെ തന്നെ മുരുഡ്‌-ജൻജിറ ഗ്രാമത്തിലാണ്‌. ഇത്‌ മഹാരാഷ്ട്രയിലെ ഒരു തീരദേശഗ്രാമമാണ്‌. 1980ൽ അവിടെ മാഡഗോവൻ ഡോക്ക്‌സ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനം ഒരു കപ്പൽശാല നിർമ്മിക്കാൻ ശ്രമിക്കുന്നതിൽ നിന്നാണ്‌ ഈ പ്രശ്‌നം തുടങ്ങിയത്‌. വിവിധ ചർച്ചകൾക്കും പരിശോധനകൾക്കും ശേഷം 1989 ജനുവരിയിൽ ഈ മേഖലയെ പാരിസ്ഥിതികപ്രാധാന്യമുള്ള സ്ഥലമായി പ്രഖ്യാപിക്കുകയും കപ്പൽശാലപോലെയുള്ള വ്യവസായങ്ങൾ പാടില്ലെന്ന്‌ തീരുമാനി ക്കുകയും ചെയ്‌തു.

ഇതേത്തുടർന്ന്‌ നിരവധി മേഖലകളിൽ നിന്ന്‌ സമാനമായ ആവശ്യം ഉയരുകയും പുതിയ പുതിയ പരിസ്ഥിതിലോലമേഖലകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ ഉണ്ടാവുകയും ചെയ്‌തു. 1991ൽ മഹാരാഷ്ട്രയിലും നിരവധി പരിസ്ഥിതിലോലമേഖലകൾ പ്രഖ്യാപിക്കപ്പെട്ടു. 2002 ആയപ്പോഴേക്കും ഇന്ത്യൻ വന്യജീവി ബോർഡ്‌ വന്യജീവിസങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും പത്ത്‌ കിലോമീറ്റർ ചുറ്റളവ്‌ വരെ വരാവുന്ന പുറംമേഖലകൾ സംരക്ഷിതപ്രദേശമാകണമെന്ന്‌ ഒരു പ്രമേയം അംഗീകരിച്ചു. പരിസ്ഥിതിലോലമേഖലകൾ സംബന്ധിച്ച വിശദാംശങ്ങൾ രൂപപ്പെടുത്തുന്നതിന്‌ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം വിവിധ സമിതികളെ നിയോഗിച്ചിരുന്നു. 2000-മാണ്ടിൽ നിയോഗിക്കപ്പെട്ട പ്രണബ്‌ സെൻ കമ്മറ്റിയും 2003ൽ വന്ന റാം മോഹൻ കമ്മറ്റിയും ഉദാഹരണങ്ങൾ. രണ്ടുസമിതികളും ഇത്‌ സംബന്ധിച്ച വിശദമായ റിപ്പോർട്ടുകളും നൽകിയിട്ടുണ്ട്‌. ഇതേ സമയം തന്നെ പരിസ്ഥിതിലോലമേഖലകൾ സംബന്ധിച്ച ചില അഭിപ്രായപ്രകടനങ്ങൾ സുപ്രീംകോടതിയും നടത്തിയിട്ടുണ്ട്‌.

ഒരു പ്രദേശം പരിസ്ഥിതിലോലമാണെന്നു പറയുന്നതിന്റെ മാന ദണ്ഡങ്ങൾ എന്തെല്ലാമാണ്‌ ?

ആ പ്രദേശത്തിന്റെ ജൈവവൈവിധ്യം, അവിടെ പ്രത്യേകമായി സംരക്ഷിക്കപ്പെടേണ്ട, വംശനാശഭീഷണി നേരിടുന്ന ജീവജാതികൾ ഉണ്ടെങ്കിൽ അവ സംബന്ധിച്ച വിവരങ്ങൾ, ആ പ്രദേശത്തിന്റെ പാരിസ്ഥിതികഘടനയിലുണ്ടാകുന്ന മാറ്റം അവിടെത്തന്നെയും മറ്റ്‌ പ്രദേശങ്ങളിലും എന്തെല്ലാം തരത്തിലുള്ള ആഘാതങ്ങൾ ഉണ്ടാക്കുന്നു തുടങ്ങിയ വ്യത്യസ്‌ത വസ്‌തുതകൾ പരിഗണിച്ചാണ്‌ പ്രദേശത്തിന്റെ പരിസ്ഥിതിലോലത നിർണ്ണയിക്കുന്നത്‌. ഓരോ ഘട്ടത്തിലും ഇത്‌ കണ്ടെത്താൻ അനുയോജ്യമായ രീതീസമ്പ്രദായം സ്വീകരിക്കാറുണ്ട്‌.

എന്താണീ മാധവ്‌ ഗാഡ്‌ഗിൽ സമിതി ?

പശ്ചിമഘട്ടപ്രദേശങ്ങളുടെ പാരിസ്ഥിതികസംവേദന സ്വഭാവവും സങ്കീർണ്ണമായ ഭൂപ്രകൃതിയും സംസ്ഥാനാന്തരവിന്യാസവും മറ്റും കണക്കിലെടുത്ത്‌ പശ്ചിമഘട്ടത്തിന്റെ സുരക്ഷയ്‌ക്ക്‌ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്നു പഠിച്ച്‌ ശുപാർശകൾ നൽകാനാണ്‌ 2010 മാർച്ച്‌ 14ന്‌ ഡോ.മാധവ്‌ ഗാഡ്‌ഗിൽ അധ്യക്ഷനായ ഒരു വിദഗ്‌ധസമിതിയെ കേന്ദ്രസർക്കാർ നിയോഗിച്ചത്‌. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്‌ധ സമിതി (Western Ghats Ecologi Expert Panel - WGEEP) എന്നാണ്‌ ഇതറിയപ്പെടുന്നത്‌. ജനങ്ങൾ ചുരുക്കി ഈ സമിതിയെ ഗാഡ്‌ഗിൽ സമിതി എന്ന്‌ വിളിക്കുന്നു. ഗാഡ്‌ഗിലിനെ കൂടാതെ 13 വിദഗ്‌ധർ കൂടി ഈ സമിതിയിൽ അംഗങ്ങളാണ്‌.

ഈ സമിതി എന്തെല്ലാം കാര്യങ്ങളാണ്‌ പരിശോധിച്ചത്‌ ?

സമിതിയുടെ പരിഗണനാവിഷയങ്ങളായി ആറ്‌ കാര്യങ്ങൾ നിർദ്ദേശിക്കപ്പെട്ടു. അവ ഇനിപ്പറയുന്നവയാണ്‌.

1. പശ്ചിമഘട്ട ആവാസമേഖലയുടെ തൽസ്ഥിതി വിലയിരുത്തുക.

2. 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം പശ്ചിമഘട്ട പ്രദേശങ്ങളിലെ പാരിസ്ഥിതികലോലപ്രദേശങ്ങളെ വേർതിരിക്കുക. ഇതിനായി നിലവിലുള്ള പശ്ചിമഘട്ട പഠനറിപ്പോർട്ടുകളായ പ്രണബ്‌ സെൻ കമ്മറ്റി റിപ്പോർട്ട്‌, ഡോ.ടി.എസ്‌.വിജയരാഘവൻ കമ്മറ്റി റിപ്പോർട്ട്‌, ഈ വിഷയം സംബന്ധിച്ച സുപ്രീംകോടതി നിർദ്ദേശങ്ങൾ, ദേശീയവന്യജീവിബോർഡിന്റെ ശുപാർശകൾ എന്നിവ പരിശോധിക്കുന്നതോടൊപ്പം ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി ഈ വിഷയം ചർച്ച ചെയ്യുകയും വേണ്ടതാണ്‌.

3. ബന്ധപ്പെട്ട എല്ലാ സംസ്ഥാന ഭരണകൂടങ്ങളുടെയും പ്രദേശ വാസികളായ ജനങ്ങളുടെയും പങ്കാളിത്തത്തോടുകൂടി പശ്ചിമഘട്ട പ്രദേശങ്ങളുടെ സംരക്ഷണം, പുനരുജ്ജീവനം എന്നിവ സംബന്ധിച്ച്‌ മാർഗ്ഗരേഖകൾ നിർദ്ദേശിക്കുക.

4. പരിസ്ഥിതി (സംരക്ഷണ) നിയമത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമഘട്ടപ്രദേശങ്ങളിലെ സവിശേഷപ്രദേശങ്ങളെ കണ്ടെത്തി അവയെ പരിസ്ഥിതിലോലപ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതിനുള്ള യുക്തമായ നടപടികൾ നിർദ്ദേശിക്കുക.

5. പശ്ചിമഘട്ടപ്രദേശങ്ങളുടെ ആവാസവ്യവസ്ഥയെ പരിപാലിക്കുന്നതിനും സുസ്ഥിരവികസനം ഉറപ്പുവരുത്തുന്നതിനും പര്യാപ്‌തമായ ഒരു പ്രൊഫഷണൽ സമിതിയെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നിർദ്ദേശിക്കുക.(ഈ സാങ്കേതികസമിതി 1986ലെ പരിസ്ഥിതി സംരക്ഷണനിയമമനുസരിച്ചുള്ള പശ്ചിമഘട്ടആവാസവ്യവസ്ഥാ അതോറിറ്റിയാണ്‌. ഈ സമിതിയെ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ പിന്തുണയോടെ നടപ്പിൽ വരുത്തുന്നതിനുള്ള നടപടിക്രമങ്ങൾ നിർദ്ദേശിക്കുക).

6. കേന്ദ്രവനംമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നവ ഉൾപ്പെടെ പശ്ചിമ ഘട്ടത്തെ സംബന്ധിച്ചുള്ള മറ്റ്‌ പാരിസ്ഥിതികപ്രശ്‌നങ്ങളെയും അർഹ മായ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുക.

ഇവ കൂടാതെ ഏഴാമതൊരു ചുമതല കൂടി പിന്നീട്‌ നിർദ്ദേശിക്കപ്പെട്ടു. അതായിരുന്നു ഒരുപക്ഷേ ചുമതല നിർദ്ദേശിക്കപ്പെട്ടപ്പോൾ തന്നെയും തുടർന്ന്‌ സമിതി അതിന്റെ ശുപാർശകൾ സമർപ്പിച്ചതിന്‌ ശേഷവും ഏറ്റവും കൂടുതൽ വിവാദവിഷയമായിത്തീർന്നത്‌. കേരളത്തിലെ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി, കർണ്ണാടകത്തിലെ ഗുണ്ടിയ ജലവൈദ്യുതപദ്ധതി എന്നിവയെ വിലയിരുത്തി റിപ്പോർട്ടുകൾ സമർപ്പിക്കുക, മഹാരാഷ്ട്രയിലെ രത്‌നഗിരി, സിന്ധുദുർഗ്ഗ്‌ ജില്ലകളിൽ നടക്കുന്ന ഖനനം, ഊർജോൽപാദനപദ്ധതികൾ, വ്യവസായ മലിനീക രണം എന്നിവ സംബന്ധിക്കുന്ന ഒരു വികസന മാർഗ്ഗരേഖ നിർദ്ദേശിക്കുക - ഇതായിരുന്നു ഈ അവസാനനിർദ്ദേശം.

ഗാഡ്‌ഗിൽ സമിതി എന്തൊക്കെ ശുപാർശകളാണ്‌ നൽകിയ തെന്ന്‌ പറയാമോ ?

പശ്ചിമഘട്ടത്തിന്റെ മേഖലാവൽക്കരണമാണ്‌ സമിതിയിൽ അർപ്പിക്കപ്പെട്ട ഏറ്റവും പ്രധാന ചുമതലയെന്ന്‌ പറയാം. ഈ ജോലി തുടങ്ങിയത്‌ പശ്ചിമഘട്ടം ഒന്നാകെ ഒരു പരിസ്ഥിതിപ്രാധാന്യമുള്ള പ്രദേശമായി കണക്കിലെടുത്തുകൊണ്ടാണ്‌. പശ്ചിമഘട്ടത്തിന്റെ ജൈവ വൈവിധ്യം, പാരിസ്ഥിതികമൂല്യം, തനത്‌ പരിസ്ഥിതിസ്വഭാവം എന്നീ ഘടകങ്ങൾ കണക്കിലെടുത്ത്‌ കൊണ്ട്‌ മൂന്ന്‌ പാരിസ്ഥിതികലോല മേഖല (ecologically sensitive zone)കളായി വിഭജിച്ചു. ESZ 1, ESZ 2, ESZ 3 എന്നിങ്ങനെ അവയെ വിളിക്കുന്നു.

ഇങ്ങനെ വേർതിരിക്കുന്നതിന്റെ അടിസ്ഥാനമെന്ത്‌ ?

പ്രധാനപ്പെട്ട സൂചികകൾ താഴെപ്പറയുന്നവയാണ്‌.

ജൈവഘടകങ്ങൾ, സാംസ്‌കാരികവും ചരിത്രപരവുമായ ഘടകങ്ങൾ, ഭൗമകാലാവസ്ഥാ ഘടകങ്ങൾ, ദുരന്തസാധ്യതകൾ, വ്യത്യസ്‌ത താൽപര്യമുള്ള സംഘങ്ങളുടെ നിലപാടുകൾ, നദികളുടെ ഉത്ഭവസ്ഥാനങ്ങൾ, ദേശീയോദ്യാനങ്ങളോടും വന്യജീവിസംരക്ഷണകേന്ദ്രങ്ങ ളോടും തുടർന്ന്‌ കിടക്കുന്ന കാടുകൾ, നദിയോര സസ്യജാലങ്ങൾ എന്നിങ്ങനെ വ്യത്യസ്‌ത സൂചകങ്ങൾ തീരുമാനിച്ചു. പശ്ചിമഘട്ട മേഖലയെ മൊത്തത്തിൽ 81 ച.കി.മീ വീതമുള്ള (9കി.മീX9കി.മീ) വീതമുള്ള 2200 ചതുരങ്ങളായി തിരിച്ച്‌ മേൽപ്പറഞ്ഞ സൂചകങ്ങൾ ഓരോന്നും ഈ ഓരോ ചതുരക്കള്ളിയിലും എത്രയുണ്ട്‌ എന്ന്‌ കണക്കാക്കുകയും ഓരോന്നിനും 1 മുതൽ 10 വരെ സ്‌കോർ നൽകുകയും ചെയ്‌തു. ഒരു ചതുരത്തിന്‌ ഇത്തരത്തിൽ ലഭിക്കുന്ന സ്‌കോർ മൂന്നിൽ താഴെയാണെങ്കിൽ അതിനെ സോൺ 3ലും, സ്‌കോർ 3നും 5നും ഇടയിലാണെങ്കിൽ സോൺ 2ലും, അഞ്ചിൽ കൂടുതൽ ലഭിച്ചവയെ സോൺ 1ലും ഉൾപ്പെടുത്തി.

ഈ ഓരോ സോണിലും ചെയ്യാവുന്നതും നിരോധിക്കേണ്ടതും പരിമിതപ്പെടുത്തേണ്ടതുമായ കാര്യങ്ങൾ സംബന്ധിച്ച്‌ ശുപാർശകൾ നൽകി. എന്നാൽ ഇത്തരം മേഖലാനിർണ്ണയം സംബന്ധിച്ച അന്തിമതീരുമാനം കൈക്കൊള്ളേണ്ടത്‌ പ്രാദേശികഭരണകൂടവും ഗ്രാമസഭകളുമാണെന്ന്‌ ശുപാർശ ചെയ്യുന്നു.

ഇതാണല്ലോ പ്രശ്‌നമായത്‌, വലിയ പരാതികൾ ഉയർന്നില്ലേ? ഉദാഹരണമായി പ്രാദേശിക ജനസംഖ്യയിൽ വർദ്ധിച്ച്‌ വരുന്നവർക്ക്‌ വീട്‌ വയ്‌ക്കുന്നതിനായി ഗ്രാമീണപാർപ്പിടമേഖലയുടെ വികസനം എന്നതൊഴിച്ചാൽ മറ്റൊരാവശ്യത്തിനും ഭൂമി വിനിയോഗിക്കാൻ അനുവദിക്കില്ല. ഇത്‌ അംഗീകരിച്ചാൽ പൊതുവേ വികസനപിന്നോക്കാവസ്ഥ നേരിടുന്ന പശ്ചിമഘട്ടത്തിലെ 75% പ്രദേശങ്ങളിലും പുതുതായി സ്‌കൂളോ ആശുപത്രിയോ സർക്കാർ ഓഫീസോ വാണിജ്യ വ്യവസായസ്ഥാപനമോ റോഡോ റെയിൽവേയോ ലൈബ്രറി പോലുമോ നിർമ്മിക്കാനാവില്ല. ഇതേക്കുറിച്ച്‌ എന്തു പറയുന്നു ?

വനഭൂമി വനേതര ആവശ്യങ്ങൾക്കോ, കൃഷിഭൂമി കാർഷികേ തര ആവശ്യങ്ങൾക്കോ ഉപയോഗിക്കരുത്‌ എന്ന നിർദ്ദേശത്തിന്റെ വിശദീകരണമാണിത്‌. അതായത്‌ ഈ രണ്ട്‌ വിഭാഗം ഭൂമിയും കെട്ടിടം പണിയാൻ വേണ്ടി മാറ്റരുത്‌. അല്ലാതെ പശ്ചിമഘട്ടത്തിലൊരിടത്തും നിർമ്മിതികൾ നിരോധിക്കാൻ സമിതി ശുപാർശ ചെയ്യുന്നേയില്ല. വനഭൂമിയോ കൃഷിഭൂമിയോ പോലും വർദ്ധിച്ച്‌ വരുന്ന ജനസംഖ്യയ്‌ക്ക്‌ ആവശ്യമായ പാർപ്പിടം നിർമ്മിക്കാൻ ഉപയോഗിക്കുകയും ചെയ്യാം. (Report Of Western Ghats Ecology Expert panel, page 41, 42) ഇതിൽ വനഭൂമി മറ്റാവശ്യങ്ങൾക്ക്‌ ഉപയോഗിക്കരുത്‌ എന്നത്‌ 1980ലെ വനനിയമത്തിൽ നിലനിൽക്കുന്ന വ്യവസ്ഥയാണ്‌.

അതുപോലെ തന്നെ റോഡുകളുടെ കാര്യത്തിലും ചോദ്യത്തിൽ പറയുന്ന നിരോധനങ്ങൾ ഇല്ലതന്നെ. റോഡ്‌ നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ വരുമ്പോൾ നിർമ്മാണം ആരംഭിക്കുന്നതിനു മുമ്പ്‌ ഒരു നേട്ടകോട്ട വിലയിരുത്തൽ നടത്തണം എന്നാണ്‌ സമിതി നിർദ്ദേശിക്കുന്നത്‌. പദ്ധതി മൂലമുണ്ടാകുന്ന പാരിസ്ഥിതികവ്യയവും പൊതുജനങ്ങൾക്കുണ്ടാകുന്ന നേട്ടവും പരിശോധിച്ച്‌ വേണം തീരുമാനമെടുക്കാൻ എന്നാണ്‌ സമിതി വിശദീകരിക്കുന്നത്‌. അല്ലാതെ റോഡുകൾ പാടില്ല എന്നല്ല. പുതിയ റെയിൽവെ ലൈനുകളോ വലിയ (major) റോഡുകളോ വേണ്ടിവരുമ്പോൾ അവ ഏറ്റവും അത്യാവശ്യമുള്ള മേഖലകളിൽ പരിസരാഘാതവിലയിരുത്തലിന്റെ അടിസ്ഥാനത്തിലേ നിർമ്മിക്കാവൂ എന്നും ശുപാർശകൾ പറയുന്നു. (റിപ്പോർട്ട്‌, 41-44 പേജുകൾ).

എന്നാൽ പ്രത്യേക സാമ്പത്തികമേഖലകൾ, പുതിയ ഹിൽസ്‌റ്റേഷനുകൾ, പുതിയ ഹൈവേകൾ, എക്‌സ്സ്‌പ്രസ്സ്‌ ഹൈവേകൾ എന്നിവ പശ്ചിമഘട്ടമേഖലയിൽ പാടില്ല എന്ന്‌ സമിതി പറയുന്നുണ്ട്‌. മേൽ പ്പറഞ്ഞവയൊക്കെ ഒന്നാം സോണിൽ വരുന്ന നിയന്ത്രണങ്ങളാണ്‌.

രാസവളം നിരോധിക്കുമെന്ന്‌ കേൾക്കുന്നല്ലോ? അതിനേക്കുറിച്ച്‌ എന്തുപറയുന്നു ?

പശ്ചിമഘട്ടത്തിലെ വിവിധ സോണുകളിൽ സമയബന്ധിതമായി ജൈവകൃഷി രീതിയിലേക്ക്‌ മാറണമെന്ന ശുപാർശകളുണ്ട്‌. എന്നാൽ ജൈവകൃഷിയിലേയ്‌ക്കു പെട്ടന്നുണ്ടാകുന്ന മാറ്റം ഉൽപാദനത്തിൽ ഇടിവുണ്ടാക്കുമെന്ന വസ്‌തുതകൾ കർഷകരുടെ ആശങ്കകകളായി ഉയർത്തിയിട്ടുണ്ട്‌. കർഷകർക്ക്‌ സാമ്പത്തികനഷ്ടം വരാതെ പരി സ്ഥിതി സൗഹൃദപരമായ കൃഷിരീതിയിലേയ്‌ക്ക്‌ മാറാനായി നഷ്‌ട പരിഹാരം നൽകണമെന്ന നിർദേശം ഉണ്ടെങ്കിലും അതിന്റെ ഫലപ്രാപ്‌തിയിൽ കർഷകർക്ക്‌ ആശങ്കയുണ്ട്‌.

എന്നാൽ ഈ നിർദ്ദേശങ്ങളോടുള്ള വിയോജിപ്പുകളും പരിഗണിക്കേണ്ടതുണ്ട്‌. ഒന്നാംമേഖലയിൽ അഞ്ചുവർഷത്തിനുള്ളിലും രണ്ടാം മേഖലയിൽ എട്ടുവർഷത്തിനുള്ളിലും ജൈവകൃഷിയിലേക്ക്‌ മാറണം എന്നാണ്‌ നിർദ്ദേശം. ജൈവകൃഷി അംഗീകരിച്ചാൽ രാസവളവും കീടനാശിനിയും പൂർണ്ണമായും ഒഴിവാക്കേണ്ടിവരും. ഉയർന്നുവരുന്ന പാരിസ്ഥിതികപ്രതിസന്ധികളെ കണക്കിലെടുക്കുമ്പോൾ ഈ നിർദ്ദേശത്തിന്‌ പ്രസക്തിയുണ്ട്‌. എന്നാൽ ഹരിതവിപ്ലവം മുതലിങ്ങോട്ട്‌ ഭക്ഷ്യോൽപാദനമേഖലയിൽ രാസവളങ്ങൾ നൽകിയ സംഭാവന അവഗണിക്കാവുന്നതല്ല. രാസകീടനാശികൾക്ക്‌ പകരം ജൈവകീടനാശിനികൾ ലഭ്യമായേക്കാം. എന്നാലും കാർഷികമേഖലയിൽ നിന്ന്‌ രാസവളത്തെ പൂർണ്ണമായി കയ്യൊഴിയാമെന്ന്‌ വിദഗ്‌ധന്മാർ തന്നെ കരുതുന്നില്ല. ഏതായാലും അമിതവും അശാസ്‌ത്രീയവുമായ രാസവള, കീടനാശിനി ഉപയോഗം നിയന്ത്രിക്കേണ്ടത്‌ തന്നെയാണ്‌. ഇത്‌ കുടിവെള്ളത്തിന്റെ മലിനീകരണവും, മണ്ണിൽ കീടനാശിനികളുടെ തോതും വർദ്ധിപ്പിക്കും. ഇവ മനുഷ്യനും ജീവജാലങ്ങൾക്കും ഹാനികരമാകുമെന്നത്‌ ദീർഘകാല നിലനിൽപ്പിന്റെ ഭീഷണികളായി കാണേണ്ടതുണ്ടുതാനും.

പശ്ചിമഘട്ടത്തിലെ തേക്ക്‌തോട്ടം പരിസ്ഥിതിവിരുദ്ധമാണ്‌. തേക്കുമരങ്ങൾ ധാരാളം ഭൂഗർഭജലം ഉപയോഗിക്കുന്നു. തന്നെയുമല്ല സ്വാഭാവികവനവുമല്ല. എന്നാലത്‌ വെട്ടിക്കളഞ്ഞ്‌ പകരം സ്വാഭാവികവനം വച്ചുപിടിപ്പിക്കാൻ സമിതി ശുപാർശ ചെയ്യാത്തതെന്തുകൊണ്ടാണ്‌ ?

സ്വാഭാവികവനം വച്ച്‌ പിടിപ്പിക്കാൻ കഴിയുമെന്നത്‌ തെറ്റായ ധാരണയാണ്‌. സ്വാഭാവികവനമെന്നത്‌ അനേകവർഷങ്ങൾ കൊണ്ട്‌ രൂപപ്പെട്ട്‌ വരുന്ന ഒരു പാരിസ്ഥിതികവ്യവസ്ഥയാണ്‌. കാടുവെട്ടി തേക്ക്‌തോട്ടം ഉണ്ടാക്കിയത്‌ ഒരു പരിസ്ഥിതിവിരുദ്ധപ്രവർത്തനം തന്നെ. എന്നാൽ അത്‌ സംഭവിച്ചുകഴിഞ്ഞിട്ട്‌ എത്രയോ വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇപ്പോൾ തേക്ക്‌ മരങ്ങൾ അടങ്ങുന്ന ഒരു സവിശേഷ പരിസ്ഥിതി വ്യവസ്ഥ അവിടെ രൂപപ്പെട്ടിട്ടുണ്ടാവണം. ഇനി തേക്ക്‌ മരങ്ങളെല്ലാം ഒറ്റയടിക്ക്‌ വെട്ടിക്കളഞ്ഞാൽ അവിടെ പെട്ടെന്ന്‌ പഴയ വനപരി സ്ഥിതി രൂപപ്പെടുകയില്ല.

എന്തൊക്കെയാണ്‌ ഗാഡ്‌ഗിൽ സമിതിയുടെ മറ്റ്‌ ശുപാർശകളെന്ന്‌ പറയാമോ ?

എഴുപതോളം ശുപാർശകളുണ്ട്‌ ഈ സമിതിയുടെ റിപ്പോർട്ടിൽ. അതെല്ലാം ഇവിടെ പറയാൻ കഴിയില്ല. റിപ്പോർട്ട്‌ അതിന്റെ പൂർണ്ണ രൂപത്തിൽ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതുവായിച്ചാൽ സമിതിയുടെ ശുപാർശകൾ മനസ്സിലാക്കാവുന്നതേയുള്ളൂ.(ശുപാർശകളിൽ പ്രധാനപ്പെട്ടത്‌ അനു ബന്ധമായി ചേർത്തിരിക്കുന്നു).

കേരള സംസ്ഥാനസർക്കാർ ഈ നിർദ്ദേശങ്ങളോട്‌ എന്ത്‌ സമീപ നമാണെടുത്തത്‌ ?

കേരളനിയമസഭ ഈ റിപ്പോർട്ട്‌ ചർച്ച ചെയ്യുകയും ഏകകണ്‌ഠമായെടുത്ത ഒരു പ്രമേയത്തിലൂടെ കേന്ദ്രസർക്കാരിനോട്‌ റിപ്പോർട്ട്‌ നടപ്പിലാക്കരുതെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പശ്ചിമഘട്ടസംരക്ഷണത്തെ കുറിച്ച്‌ കേരളവിക സനത്തിൽ അതിന്റെ പ്രാധാന്യത്തെ കുറിച്ചും ജനങ്ങളുടെ ഇടയിൽ ചർച്ച നടത്തുന്നതിന്‌ ശ്രദ്ധിച്ചില്ല. കേന്ദ്രസർക്കാരാകട്ടെ എതിർപ്പുകൾ പരിഗണിച്ച്‌ കസ്‌തൂരിരംഗൻ ചെയർമാനായ പുതിയ കമ്മിറ്റിയെ നിയോഗിക്കുകയാണുണ്ടായത്‌.

WGEEP പശ്ചിമഘട്ടത്തെ പാരിസ്ഥിതികകാഴ്‌ചപ്പാടിൽ നിന്ന്‌ കാണാനാണ്‌ ശ്രമിച്ചിരിക്കുന്നത്‌. കേരളം പശ്ചിമഘട്ടത്തെ ഭൂമിശാസ്‌ത്രപരമായാണ്‌ കാണുന്നത്‌. പശ്ചിമഘട്ടത്തിന്റെ അതിരുകൾ തിരിച്ചി രിക്കുന്നത്‌ അന്തിമമല്ലെന്ന്‌ സമിതി റിപ്പോർട്ടിൽ തന്നെ പറയുന്നു. അതിരുകൾ കണക്കാക്കിയിരിക്കുന്നത്‌ വസ്‌തുനിഷ്‌ഠമായല്ല, എന്നൊക്കെയാണല്ലോ സംസ്ഥാനസർക്കാർ ഗാഡ്‌ഗിൽ സമിതി ക്കെതിരായി ഉന്നയിച്ച ഒന്നാമത്തെ ആരോപണം ?

യഥാർത്ഥത്തിൽ പശ്ചിമഘട്ടത്തിന്റെ അതിർത്തിയേക്കുറിച്ചല്ല, അവിടെ നടക്കേണ്ടുന്ന പ്രവർത്തനങ്ങളെക്കുറിച്ചാണ്‌ തർക്കം നിലനിന്നത്‌. യഥാർത്ഥപ്രശ്‌നങ്ങളെക്കുറിച്ച്‌ സർക്കാർ മൗനം പാലിക്കുകയാണ്‌ ചെയ്യുന്നത്‌.

സമിതിയുടെ ശുപാർശകളെ ഓരോന്നായി എടുത്താണല്ലോ സർക്കാർ എതിർപ്പ്‌ പ്രകടിപ്പിച്ചത്‌. ഉദാഹരണമായി പശ്ചിമഘട്ടത്തിന്റെ അതിരുകൾതന്നെ അന്തിമമല്ലാതിരിക്കെ അതിനെ വീണ്ടും മേഖല കളാക്കിയത്‌ അടിസ്ഥാനമില്ലാതെയാണെന്നും പരിസ്ഥിതിപ്രധാന മേഖലകളുമായി ബന്ധപ്പെട്ട മുഴുവൻ വസ്‌തുതകളും പരിശോധിച്ചിട്ടില്ലെന്ന്‌ പാനൽ റിപ്പോർട്ടിൽത്തന്നെ പറയുന്നുണ്ടെന്നും സർക്കാർ ആരോപിച്ചു. യാതൊരു അടിസ്ഥാനവുമില്ലാതെ പല താലൂക്കുകളും പരിസ്ഥിതിലോലമേഖലകളിലാക്കിയിട്ടുണ്ടെന്നതാണ്‌ സർക്കാർ മുന്നോട്ടുവച്ച ഒരാരോപണം. ഇത്‌ ശരിയല്ലേ ?

പശ്ചിമഘട്ടത്തിനുള്ളിലുള്ള നിരവധി പ്രദേശങ്ങളുടെ പാരിസ്ഥിതികപ്രാധാന്യം വ്യക്തമാക്കാൻ പുറമേയുള്ള അതിരുകൾ ക്ലിപ്‌ത പ്പെടുത്തേണ്ടത്‌ നിർബന്ധമല്ലെന്ന്‌ വ്യക്തമാണല്ലോ? മാത്രമല്ല എങ്ങനെയാണ്‌ മേഖലകൾ തിരിച്ചതെന്നും അവയ്‌ക്ക്‌ അടിസ്ഥാനമായി എടുത്ത സൂചികകൾ എന്തെല്ലാമാണെന്നും നേരത്തെതന്നെ പറഞ്ഞിട്ടുള്ളത്‌ ശ്രദ്ധിക്കുക. പശ്ചിമഘട്ടം പോലെ വിസ്‌തൃതമായ ഒരു പ്രദേശത്തിന്റെ മുഴുവൻ പാരിസ്ഥിതികവിശദാംശങ്ങളും ശേഖരിക്കുക യെന്നത്‌ എത്രയോ വർഷങ്ങൾകൊണ്ട്‌ മാത്രം പൂർത്തിയാക്കാൻ കഴിയുന്ന ഒരു പ്രവർത്തനമായിരിക്കും. എത്രമാത്രം വിദഗ്‌ധർ അതിനു വേണ്ടി ജോലി ചെയ്യേണ്ടിവരും. ലഭ്യമായ വിവരങ്ങൾ വച്ച്‌ പ്രവർത്തനങ്ങൾ തുടങ്ങുകയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും ജനങ്ങളു ടെയും പങ്കാളിത്തത്തോടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയുമാണ്‌ ചെയ്യേണ്ടത്‌. അതുകൊണ്ടാണ്‌ മേഖലാവിഭജനം ഒരു ശിലാശാസനമല്ലെന്ന്‌ പറയുന്നത്‌. നീർത്തടങ്ങളെയും ഗ്രാമാതിർത്തിക ളെയും കണക്കിലെടുത്ത്‌ സോണുകളുടെ അന്തിമനിർണ്ണയം (സംരക്ഷിതപ്രദേശങ്ങളുടെ ചുറ്റുപാട്‌ അടക്കം), പരിപാലനരീതികൾ എന്നിവയെല്ലാം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ, ഗ്രാമസഭവരെ എത്തുന്ന പങ്കാളിത്തപ്രക്രിയയിലൂടെ രൂപപ്പെടുത്തണമെന്നാണ്‌ ഗാഡ്‌ഗിൽ സമിതി ശുപാർശചെയ്യുന്നത്‌.

സോൺ 1ന്‌ വന്യജീവിസങ്കേതത്തിന്‌/ദേശീയോദ്യാനത്തിന്‌ തുല്യമായ മാർക്കെന്ന്‌ സമിതി പറഞ്ഞു പക്ഷേ, സോൺ 2നും 3നും വ്യക്തമായ മാനദണ്ഡം പറയുന്നില്ല. ഓരോ പ്രദേശത്തെയും വിശദമായ പരിശോധനകൾ നടത്താതെ സോൺ തിരിച്ചത്‌ വസ്‌തുനിഷ്‌ഠമായല്ല. ശുപാർശകൾ നടപ്പിലാക്കിയാൽ തിരുവനന്തപരം ജില്ല മുഴുവൻ രണ്ട്‌ സംരക്ഷിതവനമേഖലകളിലും മൂന്ന്‌ പാരിസ്ഥിതികമേഖലകളിലു മായി വരും. ഇത്‌ അംഗീകരിക്കാനാവില്ല എന്നായിരുന്നു സർക്കാരിന്റെ മൂന്നാമത്തെ വാദം. അതിനെക്കുറിച്ച്‌ എന്തുപറയുന്നു ?

മേഖലാവിഭജനത്തിന്റെ മാനദണ്ഡങ്ങൾ നേരത്തേ വിശദീകരി ച്ചതു ഇവിടെ ആവർത്തിക്കുന്നില്ല. തിരുവനന്തപുരം ജില്ല മുഴുവൻ പരിസ്ഥിതിലോലമേഖലയിൽ വരുമോയെന്നതാണ്‌ മറ്റൊരു ചോദ്യം. മാനദണ്ഡങ്ങൾക്കനുസരിച്ച്‌ പരിസ്ഥിതിലോലമേഖലകൾ ഉൾപ്പെട്ട താലൂക്കുകളെയാണ്‌ സമിതി പട്ടികപ്പെടുത്തിയത്‌. ഇത്‌ ഏറെ തെറ്റിദ്ധാരണയുണ്ടാക്കി. സോൺ 1, 2, 3 എന്നിവയിൽ ഏതിന്റെയെങ്കിലും കീഴിൽ ഒരു താലൂക്ക്‌ വന്നാൽത്തന്നെ ആ താലൂക്ക്‌ മുഴുവനായും തന്നെ പാരിസ്ഥിതികലോലമേഖലയായി കണക്കാക്കേണ്ട ആവശ്യമില്ല. ഒരു പാരിസ്ഥിതികലോലപ്രദേശം ആ പ്രത്യേക താലൂക്കിൽ സ്ഥിതി ചെയ്യുന്നു എന്ന്‌ മാത്രമേ അതിനർത്ഥമുള്ളൂ. ഇത്‌ ഒരു പഞ്ചാ യത്തോ ആ പഞ്ചായത്തിലെ തന്നെ ഒന്നോ രണ്ടോ വാർഡുകളോ ആകാം. പഞ്ചായത്തിന്റെയും മറ്റു തദ്ദേശസ്വയംഭരണസ്ഥാപനങ്ങ ളുടെയും അറിവോടും പങ്കാളിത്തത്തോടും കൂടി മാത്രമേ പരിസ്ഥിതിലോലപ്രദേശത്തിന്റെ അതിരുകൾ നിർണ്ണയിക്കാൻ പാടുള്ളൂ. എന്നാൽ ജനവാസപ്രദേശത്ത്‌ താമസിക്കുന്ന ജനങ്ങൾ തങ്ങളുടെ പ്രദേശംകൂടി സോൺ 1ൽ ഉൾപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ടാൽ അത്‌ സാധ്യമാണ്‌. കാരണം തീരുമാനമെടുക്കാൻ ഗ്രാമസഭകളടക്കം ജനങ്ങൾക്ക്‌ അനുമതി നൽകിയിട്ടുണ്ട്‌. ഇങ്ങനെ തീരുമാനിച്ചാൽ തങ്ങളുടെ പരിസരപ്രദേശത്ത്‌ നിയമവിരുദ്ധമായ നിർമ്മാണപ്രവർത്തനങ്ങളോ മാലിന്യകാരികളായ വ്യവസായങ്ങളോ വരില്ലെന്ന്‌ അവർക്ക്‌ ഉറപ്പിക്കാൻ കഴിയും.

സംസ്ഥാനത്തിന്റെ മൊത്തം ഭൂവിസ്‌തൃതിയായ 38683 ച.കി.മീറ്ററിൽ 21856 ചി.കി.മീ (56%) പശ്ചിമഘട്ടപ്രദേശമാണ്‌. 1279.3 ചി.കി.മീ ഉൾനാടൻ, തീരദേശതണ്ണീർത്തടങ്ങൾ ആണ്‌. ഇതിന്റെ പരിധിയിൽ 300 ചി.കി.മീ ഉണ്ട്‌. 3818.3 ച.കി.മീ നെൽവയൽ നീർത്തടസംരക്ഷണനിയമത്തിന്‌ കീഴിലാണ്‌. ഇവിടെയെല്ലാം ഓരോരോ നിയന്ത്രണങ്ങൾ ബാധകമാണ്‌. ബാക്കി 11879.4 ച.കി.മീ ഭൂമി (അത്‌ 30.6% വരും) മാത്രമാണ്‌ ജനവാസത്തിനും കൃഷിക്കും വികസനപ്രവർത്തനങ്ങൾക്കും ലഭ്യ മായിട്ടുള്ളത്‌. ഇതിലിനിയും കുറവ്‌ പാടില്ലെന്നും സർക്കാർ പറഞ്ഞു. ഇതിനെ നിഷേധിക്കാൻ കഴിയുമോ?

ജനവാസവും കൃഷിയുമുണ്ട്‌. അവ രണ്ടും നിയന്ത്രണമേഖലക്ക്‌ പുറത്ത്‌ മാത്രം നടക്കുന്ന പ്രവർത്തനങ്ങളേയല്ല. ഗാഡ്‌ഗിൽ സമിതിയുടെ റിപ്പോർട്ടിൽ ഇവ തടയുന്ന ഒരു ശുപാർശകളും ഇല്ല. വൻകിട നിർമ്മാണ പ്രവർത്തനങ്ങളാണ്‌ വികസനം എന്ന്‌ കണക്കാക്കിയാൽ വികസനത്തെക്കുറിച്ച്‌ വേണമെങ്കിൽ ഒരു തർക്കം ഉന്നയിക്കാവുന്ന താണ്‌. അനധികൃതമായി പാറപൊട്ടിക്കുന്നവർ, മണലൂറ്റുന്നവർ, വനംകയ്യേറ്റം നടത്തുന്നവർ ഇവർക്കെല്ലാം നിയന്ത്രണരഹിതമായ ഇന്നത്തെ വികസനവഴി ഏറെ പഥ്യമാണ്‌. നിയന്ത്രണങ്ങൾ ഇക്കൂട്ട രുടെ അതിദ്രുത ലാഭക്കൊതിയെ തടയും. മഴയില്ലാത്തതും പുഴ വറ്റുന്നതും ഇവരുടെ ലാഭഭ്രാന്തിന്‌ പ്രശ്‌നമല്ല. അത്‌ അനുവദിക്കാനാവില്ലല്ലോ ?

അതിരപ്പിള്ളി ഒരു തർക്കവിഷയമാവില്ലേ ?

അതിരപ്പിള്ളി മാത്രമല്ല വേറെയും ചില തർക്കവിഷയങ്ങൾ വരാം. എന്നാലും അതിരപ്പിള്ളിയെക്കുറിച്ച്‌ ചില കാര്യങ്ങൾ പറയാം. അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയെക്കുറിച്ചുള്ള അഭിപ്രായം അറിയി ക്കുകയെന്നത്‌ സമിതിക്ക്‌ സർക്കാർ നൽകിയ നിർദ്ദേശങ്ങളിലൊന്നായിരുന്നു. അതുകൊണ്ട്‌ ഈ പദ്ധതിയെക്കുറിച്ചുള്ള വ്യക്തമായ അഭിപ്രായം പറയാൻ സമിതിക്ക്‌ ബാധ്യതയുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്‌ സമിതി പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിക്കുന്നത്‌. പദ്ധതിപ്രദേശത്തെ ജലലഭ്യതയും ജൈവസമ്പന്നതയും അവയുടെ തനിമയും പദ്ധതി വന്നാൽ അവിടുത്തെ തദ്ദേശഗോത്രവാസികളുടെ അധിവാസകേന്ദ്രങ്ങളിൽ ഉണ്ടാകുന്ന ആഘാതങ്ങൾ, നിർദ്ദിഷ്ട അണക്കെട്ടിന്റെ താൽപര്യത്തിലുള്ള കാർഷികവൃത്തി, കുടിവെള്ളം എന്നിവയിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്നിവ പരിശോധിച്ചാണ്‌ സമിതി ഇക്കാര്യത്തിൽ തീരുമാനമെടുത്തത്‌. ഒപ്പം സമിതി താഴെപ്പറയുന്ന വസ്‌തുതകൾ കൂടി കണക്കിലെടുത്തു.

1. ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, ബേർഡ്‌ ലൈഫ്‌ ഇന്റർനാഷണൽ എന്നീ സ്ഥാപനങ്ങൾ പദ്ധതിപ്രദേശത്തെ ലോകത്തിലെ ഒരു പ്രധാന പക്ഷിസങ്കേതകമായി പ്രഖ്യാപിച്ചിട്ടുണ്ട്‌.

2. ഫ്രഞ്ച്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഈ മേഖലയെ അതീവപ്രാധാന്യമുള്ള സംരക്ഷിതമേഖലയായി നിർദ്ദേശിച്ചിട്ടുണ്ട്‌.

3. നാഷണൽ ബ്യൂറോ ഓഫ്‌ ഫിഷ്‌ ജനറ്റിക്‌സ്‌ റിസോഴ്‌സസ്‌ ചാലക്കുടിപ്പുഴയെ മത്സ്യസംരക്ഷിതകേന്ദ്രമായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്‌തിട്ടുണ്ട്‌.

4. കേരളസംസ്ഥാനജൈവവൈവിധ്യബോർഡ്‌ ജൈവവൈവിധ്യ പ്രാധാന്യത്തെയും ആവാസവ്യവസ്ഥയെയും കണക്കിലെടുത്ത്‌ പദ്ധതിപ്രദേശത്തെ മൊത്തം ആവാസവ്യവസ്ഥക്ക്‌ നേരിട്ടോ അല്ലാതെയോ യാതൊരുവിധ അലോസരവും ഉണ്ടാകാതെ സംരക്ഷിച്ച്‌ നിർത്തണമെന്ന്‌ ശുപാർശ ചെയ്‌തിട്ടുണ്ട്‌.

അതിരപ്പിള്ളിയിൽ 162 MW വൈദ്യുതി ഉൽപാദിപ്പിക്കാനാണ്‌ ലക്ഷ്യമിട്ടത്‌. അത്രതന്നെ സാധ്യമാകുമോ എന്ന സംശയം പലകോണിൽ നിന്നും ഉയർന്നുവന്നിരുന്നു. പദ്ധതിപ്രദേശവും ജൈവസമ്പന്ന മാണെന്നും ഇത്ര ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നദീതട ആവാസ വ്യവസ്ഥ കേരളത്തിൽ മറ്റെങ്ങുമില്ലെന്നുള്ള വസ്‌തുതകളും കണക്കിലെടുക്കണം. ഊർജ്ജാവശ്യങ്ങൾക്ക്‌ വനഭൂമി നശിപ്പിച്ചുകൊണ്ട ല്ലാതെയുള്ള മറ്റ്‌ ഉൽപാദനമാർഗങ്ങൾ പരിശോധിക്കാവുന്നതാണ്‌. ഇവയെല്ലാം കണക്കിലെടുത്ത്‌ പദ്ധതി വേണ്ട എന്ന നിർദ്ദേശമാണ്‌ ഗാഡ്‌ഗിൽ സമിതി മുന്നോട്ടുവച്ചത്‌.

അതിരപ്പിള്ളി പദ്ധതി ഇതേ രൂപത്തിൽ നടപ്പാക്കുന്നതാണ്‌ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക്‌ ഗുണകരം എന്ന വാദവും നിലനിൽക്കുന്നുണ്ട്‌. ഇതേക്കുറിച്ച്‌ കേരളശാസ്‌ത്രസാഹിത്യപരിഷത്ത്‌ മുൻപു തന്നെ ചില നിഗമനങ്ങളിൽ എത്തിയിരുന്നു. അത്‌ ആതിരപ്പി ള്ളിയിൽ വലിയ ഒരു റിസർവോയർ ഒഴിവാക്കി റൺ ഓഫ്‌ ദി റിവർ അടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന സാധ്യതകൾ ഉണ്ട്‌ എന്നും അതിന്‌ ഇനിപ്പറയുന്ന സാധ്യതകൾ പരിശോധി ക്കണമെന്നുമായിരുന്നു.

1. പെരിങ്ങൽക്കുത്ത്‌ പവർഹൗസിൽ നിന്ന്‌ ടണൽവഴി നേരിട്ട്‌ കണ്ണൻകുഴി പവർഹൗസിലേക്ക്‌ വെള്ളമെത്തിച്ചാൽ അതിരപ്പിള്ളി യിൽ അണക്കെട്ട്‌ വേണ്ടിവരില്ല.

2. അണക്കെട്ടിന്റെ ഉയരം നിർദ്ദേശിക്കപ്പെട്ടതിൽ നിന്ന്‌ മൂന്നോ നാലോ മീറ്റർ കുറച്ചാൽ മുങ്ങിപ്പോകുന്ന പ്രദേശത്തിന്റെ വിസ്‌തൃതി നല്ലൊരളവ്‌ വരെ കുറയ്‌ക്കാം. അല്ലാത്തപക്ഷം 104.4 ഹെക്ടർ പ്രദേശമാണ്‌ വെള്ളത്തിനടിയിലാകുന്നത്‌.

3. പെരിങ്ങൽക്കുത്തിലെ ഉൽപാദനശേഷി വർദ്ധിപ്പിച്ച്‌ ഇതും അതി രപ്പിള്ളിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പവർഹൗസും ഒരേ സമയം ക്രമത്തിൽ പ്രവർത്തിപ്പിച്ചാൽ അതിരപ്പിള്ളിയിൽ ചെറിയ ഒരു ഡൈവർഷൻ വിയറേ വേണ്ടിവരികയുള്ളൂ.

ഇത്തരം ഒരു സാഹചര്യത്തിൽ നിലവിലുള്ള പദ്ധതിരേഖയുടെയും പാരിസ്ഥിതിക ആഘാതപഠനത്തിന്റെയും അടിസ്ഥാനത്തിൽ ആതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകുന്നത്‌ അപകടമാണ്‌ എന്നായിരുന്നു പരിഷത്തിന്റെ വാദം. ഈ അഭിപ്രായം പരിഷത്ത്‌ ഗാഡ്‌ഗിൽ സമിതിക്ക്‌ സമർപ്പിക്കുകയും ചെയ്‌തിരുന്നു. ഇത്തരത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയ പദ്ധതി സാധ്യമാണോ എന്ന വസ്‌തുത സമിതി പരിശോധിച്ചതേയില്ല. പകരം പദ്ധതിതന്നെ വേണ്ട എന്ന അന്തിമവാക്കിന്റെ ശൈലിയിലുള്ള നിലപാട്‌ എടുത്തു. ഇതുമൂലം പശ്ചിമഘട്ടസംരക്ഷണത്തിനുള്ള ഗാഡ്‌ഗിൽ കമ്മറ്റി ശുപാർശകളെക്കുറിച്ചുള്ള ചർച്ചകൾ ആദ്യഘട്ടത്തിൽ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ചുള്ള വിവാദത്തിൽ കുടുങ്ങിപ്പോയി. 25 കോടി ജനങ്ങളുടെ കുടിവെള്ളം അടക്കമുള്ള ജീവിതാവശ്യങ്ങൾ നിറവേറ്റുന്ന ഒന്നാണ്‌ പശ്ചിമഘട്ടമെന്ന വസ്‌തുതകൂടി പരിഗണിച്ചുകൊണ്ടുള്ള ഗാഡ്‌ഗിൽ ശുപാർശകൾക്കെതിരായി വലിയതോതിൽ എതിർപ്പുകൾ ഉയരാനും ഈ നിലപാട്‌ കാരണമായി.

പശ്ചിമഘട്ടപരിസ്ഥിതി അതോറിറ്റി വേണമെന്നാണ്‌ സമിതിയുടെ കണ്ടെത്തൽ. ഇതിൽ ജനപ്രതിനിധികളോ കർഷകരുടേയോ തൊഴിലാളികളുടേയോ പ്രതിനിധികളോ ഇല്ല. ഉള്ളവർ വിദഗ്‌ദ്ധന്മാർ മാത്രം. ഇതുശരിയാണോ, വിശേഷിച്ചും അധികാരവികേന്ദ്രീകരണം കൂടുതൽ ശക്തിയായി മുന്നോട്ടുപോകുന്ന ഇക്കാലത്ത്‌ ?

അതിരപ്പിള്ളി പദ്ധതിക്കാര്യത്തിലെന്നതുപോലെ തന്നെ അതോറിറ്റിയുടെ കാര്യത്തിലും അഭിപ്രായം അറിയിക്കാൻ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. അതോറിറ്റിയെന്നത്‌ ഗാഡ്‌ഗിൽ കമ്മിറ്റിയുടേതായ ഒരു നിർദ്ദേശമല്ല. അത്‌ 1986ലെ പരിസര (സംരക്ഷണ) നിയമത്തിലുള്ള ഒരു നിർദ്ദേശമാണ്‌. അത്‌ നടപ്പിൽവരുത്തുന്നതിനുള്ള നടപടികളായിരുന്നു സമിതിക്ക്‌ നിർദ്ദേശിക്കേണ്ടിയി രുന്നത്‌. പശ്ചിമഘട്ട അതോറിറ്റി എന്ന അഭിപ്രായത്തോട്‌ പൊതുവെ വിയോജിപ്പുകൾ ഉണ്ടായിട്ടില്ല. കേന്ദ്രസർക്കാരിനും സംസ്ഥാനസർക്കാരിനും ഇടയിൽ പശ്ചിമഘട്ടത്തിന്‌ വേണ്ടി ഒരധികാരകേന്ദ്രം ഉണ്ടാകുന്നു എന്നത്‌ ഇന്ത്യയുടെ ഫെഡറലിസത്തിനും അധികാര വികേന്ദ്രീകരണത്തിനും എതിരായ സന്ദേശമാണെന്ന വാദം ഉയർന്നിട്ടുണ്ട്‌. പ്രധാനമായ ഒരു പോരായ്‌മ ഈ അതോറിറ്റിയിൽ ജനപ്രതിനിധികൾ അംഗങ്ങളല്ല എന്നുള്ളതാണ്‌. ഈ അവസ്ഥ ഒഴിവാക്കേണ്ടതാണ്‌, ഒഴിവാക്കാമായിരുന്നുതാനും.

സമിതി ശുപാർശകൾ പ്രകാരമുള്ള പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി മൂന്ന്‌ തട്ടിലുള്ളതാണ്‌ - മൊത്തം പശ്ചിമഘട്ടതലം, സംസ്ഥാനതലം, ജില്ലാതലം. ഉദ്യോഗസ്ഥരും വിദഗ്‌ധരും സാമൂഹിക പ്രവർത്തകരും മാത്രമാണ്‌ അംഗങ്ങൾ.

പരിസ്ഥിതിസംരക്ഷണത്തിനായി സംസ്ഥാനത്ത്‌ നിരവധി നിയമങ്ങളുണ്ട്‌. ഇവ തന്നെ പര്യാപ്‌തമാണ്‌. പരിസ്ഥിതി അവബോധമുള്ള ജനതയും പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കുന്നു. അതിനാൽ ഒരു പുതിയ അതോറിറ്റിയുടെ ആവശ്യമില്ല എന്നാണ്‌ സർക്കാരിന്റെ ഒരു വാദം. ഇത്‌ ശരിയല്ലേ ?

കേരളത്തിൽ ഇരുപതോളം പരിസ്ഥിതി നിയമങ്ങളുണ്ട്‌. അവ നടപ്പാക്കാൻ സർക്കാർ വകുപ്പുകളുമുണ്ട്‌. പക്ഷേ കേരളപരിസ്ഥിതി ഓരോ ദിവസം തകർച്ചയിലേക്ക്‌ കൂപ്പുകുത്തുകയാണ്‌. കടലും കായലും വയലും ചതുപ്പും ചെങ്കല്ലും കുന്നുകളും പാറക്കെട്ടുകളും കാടുകളും എല്ലാം ഓരോ ദിവസവും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്‌ നിയമവിരുദ്ധമായി മാത്രം സംഭവിക്കുന്ന കാര്യമല്ല. കേരളത്തിൽ പാറമടകൾ പോലെ നിയമവിധേയമായിത്തന്നെ പരിസ്ഥിതിക്ക്‌ ദൂഷണം വരുത്തുന്ന പ്രവർത്തനങ്ങളുണ്ട്‌ എന്ന കാര്യവും ഓർക്കണം. സർക്കാർതന്നെ വിവിധ നിർമ്മാണപ്രവർത്തനങ്ങൾക്കായി കായൽ നികത്തുകയും ഭൂമി പതിച്ചുകൊടുക്കുകയും പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. തന്നെയുമല്ല വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്‌മയും സമഗ്രമായ കാഴ്‌ചപ്പാടില്ലായ്‌മയും സർക്കാർ കാര്യം മുറപോലെ എന്ന സ്ഥിതിയുമെല്ലാം സംഗതികൾ കൂടുതൽ വഷളാക്കുന്നുണ്ട്‌. ഇവയെല്ലാം ചേർന്ന്‌ വരുമ്പോൾ പശ്ചിമഘട്ടത്തിന്‌ പൊതുവായി ഒരു മേൽനോട്ടസമിതി വേണ്ടതാണ്‌. തീരദേശസംരക്ഷണത്തിനായി തീരദേശപരിപാലന അതോറിറ്റി ഇപ്പോൾ തന്നെ ഉണ്ടല്ലോ ? എന്നാൽ WGAയെ സംബന്ധിച്ച്‌ നേരത്തെ പറഞ്ഞ ഗൗരവതരമായ വിമർശനം തള്ളിക്കളയേണ്ടതല്ല.

പശ്ചിമഘട്ടമേഖലയിലെ അണക്കെട്ടുകൾ പൊളിച്ചുമാറ്റണ മെന്ന നിർദ്ദേശം ഉണ്ടല്ലോ? അത്‌ കേരളത്തിന്റെ ഭാവിയെ എപ്രകാരം ബാധിക്കും ? കേരളം ഇരുട്ടിലാവില്ലേ ?

തീർച്ചയായും നമ്മൾ അഭിസംബോധന ചെയ്യേണ്ട ഒരു പ്രശ്‌നം തന്നെയാണിത്‌. ഒരുവശത്ത്‌ നമ്മുടെ വൈദ്യുതോൽപാദനത്തിന്റെ സിംഹഭാഗവും ജലവൈദ്യുതിപദ്ധതിയിൽ നിന്നാണെന്നുള്ള വസ്‌തുത അംഗീകരിച്ചേ മതിയാകൂ. അതേസമയം ഈ മേഖലയിൽ കണക്കില്ലാതെ അണക്കെട്ടുകൾ ഇനിയും പെരുകുന്നത്‌ പശ്ചിമഘട്ടത്തെയും കാടിനെയും നശിപ്പിക്കുമെന്ന കാര്യത്തിൽ സംശയമേയില്ല. അണക്കെട്ടുകൾ ഡീകമ്മീഷൻ ചെയ്യണം എന്ന പദമാണ്‌ ഗാഡ്‌ഗിൽ സമിതി ഉപയോഗിച്ചിരിക്കുന്നത്‌. കാലാവധി കഴിഞ്ഞതും പ്രവർത്തനശേഷിയില്ലാത്തതുമായ അണക്കെട്ടുകളാണ്‌ ഡീകമ്മീഷൻ ചെയ്യേണ്ടത്‌. അന്താരാഷ്ട്രതലത്തിൽ അണക്കെട്ടുകളുടെ ആയുസ്സിനെ ക്കുറിച്ചുള്ള ധാരണകൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌. അവ അപ്പടി അംഗീകരിക്കപ്പെട്ടാൽ കേരളത്തിലെ പല അണക്കെട്ടുകളും ഡീകമ്മീഷൻ ചെയ്യേണ്ടിവരും. ഡീകമ്മീഷൻ എന്നാൽ പൊളിച്ചുകളയൽ എന്ന ധാരണയാണ്‌ പൊതുവെ ഉണ്ടായത്‌.

ഡീകമ്മീഷൻ എന്നാൽ പൊളിച്ചുകളയലല്ല എന്നും യുക്തമായ സമയത്ത്‌ ആവശ്യമായ മെച്ചപ്പെടുത്തലുകൾ നടത്തി ആയുസ്സ്‌ പോകാതെ നിലനിർത്തുക എന്നാണെന്നും ഇതെല്ലാം ചെയ്‌താലും പ്രവർത്തനരഹിതമാകുന്നവയെ മാത്രമേ പൊളിച്ച്‌ കളയേണ്ടതുള്ളൂ എന്നും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്‌. പക്ഷേ അത്തരം വിശദീകരണം റിപ്പോർട്ടിൽ കുറച്ചുകൂടി വ്യക്തമായി കൊടുക്കാമായിരുന്നു. ഇത്തരം വിശദീകരണങ്ങൾ ഉണ്ടായിരുന്നെങ്കിൽ റിപ്പോർട്ടിനെക്കുറിച്ച്‌ ഉയർന്നു വന്ന ഒട്ടനവധി വിവാദങ്ങൾ ഒഴിവാക്കാമായിരുന്നു.

ഗാഡ്‌ഗിൽ സമിതി റിപ്പോർട്ട്‌ മലയോരകർഷകർക്കെതിരായുള്ള ഗൂഢാലോചനയാണെന്നും റിപ്പോർട്ട്‌ തയ്യാറാക്കുന്നതിൽ അന്താരാഷ്ട്ര ഇടപെടൽ ഉണ്ടെന്നും പറഞ്ഞ്‌ കേൾക്കുന്നുണ്ടല്ലോ ?

മാധവ്‌ ഗാഡ്‌ഗിൽ ശുപാർശകൾ പുറത്തുവരുന്നതിന്‌ മുമ്പുതന്നെ അതിനെതിരായ പ്രചാരണങ്ങൾ ആരംഭിച്ചിരുന്നു. സമിതിയുടെ ശുപാർശകളും റിപ്പോർട്ടിന്റെ വിശദാംശങ്ങളും അതിന്റെ പൂർണരൂപത്തിൽ ജനങ്ങളിൽ എത്തിക്കാൻ അധികാരികളുടെ ഭാഗത്തുനിന്ന്‌ ഉണ്ടായ വീഴ്‌ചകൾ ഈ പ്രചാരണങ്ങൾക്ക്‌ ജനങ്ങളുടെ ഇടയിൽ വലിയ പ്രചാരം ലഭിക്കുന്നതിനു കാരണമായി. യഥാർത്ഥ വിവരങ്ങൾ അറിഞ്ഞുകൊണ്ടുള്ള ചർച്ചകൾക്കും തീരുമാനങ്ങൾക്കും ഇതു തടസ്സമായി. കുടിയേറ്റക്കാരെ മുഴുവൻ ഒഴിപ്പിക്കാൻ പോകുന്നു, കൃഷി തുടരാനാവില്ല, ആശുപത്രിയും സ്‌കൂളും പണിയാനാവില്ല, ഹൈ റേഞ്ചിലെ ജനങ്ങൾക്ക്‌ വികസനം അന്യമാകും, പശുവളർത്തലും ആടുവളർത്തലും പാടില്ല, വീടിനു പച്ച പെയിന്റ്‌ അടിക്കണം, പള്ളി മണി പോലും അടിക്കാനാവില്ല എന്നിങ്ങനെ വസ്‌തുതാപരമല്ലാത്ത കാര്യങ്ങൾ കൂടി ചേർത്തുള്ള വൈകാരികപ്രചാരണങ്ങൾ നടന്നി രുന്നു എന്നത്‌ ശരിയാണ്‌. ഇതിനുപുറമേ വിദേശഏജൻസികളുടെ ഗൂഢാലോചനകൾ, വിദേശ സാമ്പത്തിക സഹായത്തോടെയുള്ള പ്രവർത്തനങ്ങൾ, ഒക്കെ ചേരുംപടി സൗകര്യാർത്ഥം കൂട്ടികലർത്തിയ പ്രചാരണങ്ങളിൽ രാഷ്ട്രീയപ്രസ്ഥാനങ്ങളും മത-സാമുദായികനേതൃത്വങ്ങളും പ്രാദേശികസംരക്ഷണസമിതികളും ഒക്കെ പങ്കുചേർന്നു. പരിസ്ഥിതി സംബന്ധമായ എല്ലാ ചർച്ചകളും റിപ്പോർട്ടുകളും വിദേശ ഗൂഢാലോചന ആണെന്ന്‌ പ്രചാരണം മുമ്പും ഉണ്ടായിട്ടുണ്ട്‌. സൈലന്റ്‌വാലി പദ്ധതിവേണ്ടെന്നു പറഞ്ഞവരെല്ലാം സിഐഎ ചാര ന്മാരെന്ന്‌ പരക്കെ മുദ്ര കുത്തിയിരുന്നു. കേരളത്തിന്റെ നിലനിൽപിനായി കേരളസമൂഹം ഒന്നാകെ ഏറ്റെടുക്കേണ്ട ഒരു വികസനഇട പെടലാണ്‌ പശ്ചിമഘട്ടസംരക്ഷണം എന്ന വസ്‌തുത അംഗീകരി ക്കുന്നിടത്ത്‌ നിന്ന്‌ മാത്രമേ ഈ തെറ്റായ ?പ്രചാരണങ്ങൾ അവസാനിക്കുകയുള്ളൂ. അറിഞ്ഞുകൊണ്ടുള്ള ജനപങ്കാളിത്തം ഇതിനു ആവശ്യമാണ്‌.

കേരളത്തിൽ നടന്ന പശ്ചിമഘട്ട കുടിയേറ്റത്തിലൂടെ അവിടെ എത്തിയ ജനങ്ങൾ ഇന്ന ആ പരിസ്ഥിതിയുടെ ഭാഗം തന്നെയല്ലേ? അവരുടെ നിലനിൽപ്പിനാവശ്യമായ ഘടകങ്ങൾക്കും നിലവിലുള്ള പ്രശ്‌നങ്ങൾക്കും വേണ്ടത്ര പരിഗണ നൽകിയില്ല എന്നും അവരുമായി ചർച്ചകളോ സംവാദങ്ങളോ നടത്തിയില്ല എന്നും ആക്ഷേപമുണ്ട്‌. അത്‌ ശരിയല്ലേ ?

പശ്ചിമഘട്ടസംരക്ഷണത്തിനായി നിയോഗിച്ച രണ്ട്‌ സമിതികളും കർഷകരുമായും പ്രാദേശികസമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായും പരിമിതമായ ചർച്ചകൾ മാത്രമേ നടത്തിയിട്ടുള്ളൂ. ഇത്‌ ഒരു പ്രധാന പരിമിതിയായും പ്രധാനപ്പെട്ട പ്രശ്‌നമായും ഉയർത്തിക്കാട്ടുന്നുണ്ട്‌. അവർ ഉയർത്തിയ പ്രശ്‌നങ്ങൾക്കും ആശങ്കകൾക്കും കൂടുതൽ വിശദീകരണവും വ്യക്തതയും നൽകി മാത്രമേ പശ്ചിമഘട്ടസംരക്ഷ ണത്തിന്‌ ജനപങ്കാളിത്തം ഉറപ്പാക്കാനാവൂ.

ഗാഡ്‌ഗിൽ സമിതി ശുപാർശകളുടെ പൊതുദിശ പശ്ചിമഘട്ട ത്തിന്റെ സംരക്ഷണം തന്നെ. എന്നിരുന്നാലും അതിനെക്കുറിച്ച്‌ ഇനിയും കൂടുതൽ ചർച്ചകളും സൂക്ഷ്‌മാർത്ഥത്തിലെങ്കിലും തിരുത്തലുകളും വേണമെന്നാണോ പറഞ്ഞുവരുന്നത്‌ ?

തീർച്ചയായും. പശ്ചിമഘട്ടത്തെ വിവിധ സോണുകളായി തിരിച്ചതിൽ സാമൂഹിക-സാമ്പത്തികഘടകങ്ങൾ വേണ്ട വിധത്തിൽ കണക്കിലെടുത്തിട്ടില്ല എന്ന വിമർശനം ഉയർന്നിട്ടുണ്ട്‌. അതുകാണാതെ പോകരുത്‌. ഓരോ ഗ്രിഡിലുമുള്ള സാമൂഹിക-സാമ്പത്തികവിവര ങ്ങൾ പ്രത്യേകിച്ചും ജനസംഖ്യയിലുള്ള വളർച്ച, ജനസാന്ദ്രത, സാമ്പത്തികവളർച്ചയും അസമത്വവും, ദാരിദ്ര്യം, തൊഴിലില്ലായ്‌മ, സാമ്പത്തികമേഖലകളിലെ മാറ്റങ്ങൾ എന്നിവ കൂടി കണക്കിലെടുക്കേണ്ടതുണ്ട്‌. മറ്റൊരുകാര്യം പശ്ചിമഘട്ടത്തിലെ പരിസ്ഥിതിപ്രശ്‌നങ്ങ ളുടെ പ്രധാനകാരണങ്ങൾ ആ പ്രദേശത്തിന്‌ പുറത്ത്‌ അനുവർത്തിക്കുന്ന കമ്പോളാധിഷ്‌ഠിത വികസനനയങ്ങളാണ്‌. അനിയന്ത്രിതമായ പ്രകൃതിവിഭവചൂഷണം അനിവാര്യമാകുന്ന വികസനരീതികളാണ്‌ ഇത്തരം പ്രശ്‌നങ്ങളിലേക്ക്‌ നയിക്കുന്നതെന്ന്‌ കാര്യത്തിൽ സംശയമേയില്ല.

അതായത്‌ പശ്ചിമഘട്ടത്തെ സമീപിക്കുന്നത്‌ പരിസ്ഥിതിയുടെ അടിസ്ഥാനത്തിൽ മാത്രമല്ലെന്നു വരുന്നു. ഇന്നവിടെ വസിക്കുന്ന മനുഷ്യരുടെ ഉൽക്കണ്‌ഠകളാണ്‌ ഗാഡ്‌ഗിൽ സമിതിയുടെ ശുപാർശകൾക്കെതിരായുള്ള പ്രക്ഷോഭങ്ങളിലും മറ്റും കാണുന്നത്‌. അതിന്‌ പശ്ചിമഘട്ടത്തെ ഇന്നുകാണുന്ന രൂപത്തിൽ ഉപയോഗിക്കാതെ പറ്റില്ലല്ലോ? ഈ സ്ഥിതി ഇന്നത്തെ രൂപത്തിൽ പോയാൽ എന്താണപ കടം എന്നതിനെക്കുറിച്ച്‌ ആരെങ്കിലും പഠനം നടത്തിയിട്ടുണ്ടോ ?

പഠനങ്ങൾ ധാരാളം ഉണ്ട്‌. കുടിവെള്ളം മുട്ടുന്ന കാര്യം ആദ്യമേ പറഞ്ഞു. വെള്ളമില്ലെങ്കിൽ മനുഷ്യൻ മാത്രമല്ല ഒരു ജീവിയും ഉണ്ടാകില്ല. അതിന്റെ സൂചനകൾ കസ്‌തൂരിരംഗൻ സമിതിയുടെ ശുപാർശകളിലും വ്യക്തമാക്കിയിട്ടുണ്ട്‌. പശ്ചിമഘട്ടമേഖലയിൽ കാലാവസ്ഥാവ്യതി യാനം വരുത്താവുന്ന അപകടങ്ങളെ സംബന്ധിച്ച നിരവധി വിവരങ്ങൾ അവർ ശേഖരിച്ചിട്ടുണ്ട്‌. ഏറ്റവും കൂടിയ താപനിലയുടെ പരിധി ഉയരുകയും താഴ്‌ന്ന താപനിലയുടെ പരിധി ഈ മേഖലയിൽ മുൻ കാലത്തേതിനെ അപേക്ഷിച്ച്‌ താഴുകയും ചെയ്‌തിട്ടുള്ളതായി സമിതി നിരീക്ഷിച്ചു. അതായത്‌ ഒരുദിവസം തന്നെ ഉയർന്ന താപനി ലയും താഴ്‌ന്ന താപനിലയും തമ്മിലുള്ള അന്തരം വർദ്ധിച്ചിരിക്കുന്നു. ഇതിന്റെ സൂക്ഷ്‌മതലകണക്കുകൾ വരെ ലഭ്യമാണ്‌. മാത്രമല്ല, കാലാവസ്ഥാമാറ്റവും അന്തരീക്ഷതാപനവും ഇന്ത്യയിൽ ഉണ്ടാക്കിയേ ക്കാവുന്ന അപകടങ്ങളെക്കുറിച്ചും സമിതി മുന്നറിയിപ്പ്‌ നൽകുന്നു. ഈ അപകടങ്ങൾ താഴെപ്പറയുന്നവയാണ്‌.

-മഴ കുറയുന്നത്‌ മൂലം ജലസമ്മർദ്ദവും ശുദ്ധജല ദൗർലഭ്യവും ഉണ്ടാകും.

-ഭക്ഷ്യോൽപാദനം പൊതുവെ മഴയെ ആശ്രയിച്ചിരിക്കുന്നതിനാൽ ഇത്‌ ഭക്ഷ്യക്ഷാമത്തിലേക്ക്‌ നയിക്കും.

-മൊത്തം വനത്തിന്റെ വിസ്‌തൃതി കുറഞ്ഞുവരുന്നത്‌ ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിക്കും.

പശ്ചിമഘട്ടം ഒരു ജൈവവൈവിധ്യ ചുടുപൊട്ടാണെന്നും എന്നിട്ടും മേഖലയുടെ വടക്കൻഭാഗത്ത്‌ അത്‌ ഏറെ ഛിന്നഭിന്നമായിട്ടുണ്ടെന്നും ഇത്തരം മാറ്റങ്ങൾ ജൈവവൈവിധ്യം നശിക്കാൻ കാരണമാകും വിശദീകരിച്ചുവല്ലോ. ഇതിന്റെ ഫലമായി കൃഷി, ജലം, ജലസേചനം എന്നിവ തകരുമെന്ന്‌ മാത്രമല്ല, പശ്ചിമഘട്ടത്തിലെ വൈദ്യുതിപദ്ധതികളെക്കൂടി പ്രതികൂലമായി ബാധിച്ചുതുടങ്ങുകയും ചെയ്യും.

ഗാഡ്‌ഗിൽ സമിതി ശുപാർശകൾക്കെതിരെ ഉയർന്ന എതിർപ്പുകളെ തുടർന്ന്‌ നിയോഗിച്ച കസ്‌തൂരിരംഗൻ സമിതി കർഷകർക്കെതിരാണെന്നാണല്ലോ പൊതുവേയുള്ള പ്രചാരണം? അതിന്റെ യാഥാർത്ഥ്യം എന്താണ്‌ ?

ഗാഡ്‌ഗിൽ സമിതിയുടെ ശുപർശകൾക്കെതിരെ ഉണ്ടായ സമര ങ്ങളുടെ പശ്ചത്തലത്തിലാണ്‌ കേന്ദ്രസർക്കാർ ഡോ.കെ.കസ്‌തൂരി രംഗൻ അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചത്‌. പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ഉന്നതതലപ്രവർത്തകസംഘം (The High Level Working Group - HLWG) എന്നാണീ സമിതിയുടെ പേര്‌. ഇതിനെയാണ്‌ ചുരുക്കി കസ്‌തൂരിരംഗൻ സമിതി എന്ന്‌ വിളിക്കുന്നത്‌. കേന്ദ്രസർക്കാർ അവർക്ക്‌ നൽകിയ പരിഗണനാവിഷയങ്ങൾ താഴെപ്പറയുന്നവയാണ്‌

1. വ്യത്യസ്‌ത അഭിപ്രായങ്ങളുടെയും വിമർശനങ്ങളുടെയും പശ്ചാത്തലത്തിൽ ഗാഡ്‌ഗിൽ സമിതി നിർദ്ദേശങ്ങളെ സമഗ്രമായും ബഹു വിഷയാധിഷ്‌ഠിതമായും പരിശോധിക്കുക. താഴെപ്പറയുന്ന കാര്യങ്ങൾ അക്കാര്യത്തിൽ പരിശോധിക്കണം.

  • അമൂല്യമായ ജൈവവൈവിധ്യത്തെയും വന്യമൃഗങ്ങളെയും സസ്യങ്ങളെയും ജീവിവർഗ്ഗങ്ങളെയും അവയുടെ ഇനിയുള്ള നാശം തടഞ്ഞുകൊണ്ട്‌ സംരക്ഷിക്കുമ്പോൾ തന്നെ പ്രദേശത്തിന്റെ നീതി പൂർവ്വമായ സാമൂഹിക-സാമ്പത്തികവളർച്ചയുടെ നിലനിൽപ്പ്‌.
  • നീതിപൂർവ്വമായ സാമൂഹിക-സാമ്പത്തികവളർച്ചയും സുസ്ഥിര വികസനവും പാരിസ്ഥിതികസമഗ്രതയും സന്തുലിതമായി നില നിർത്തുമ്പോൾ തന്നെ പ്രാദേശികജനതയുടെയും ആദിവാസിക ളുടെയും ഗോത്രവർഗ്ഗക്കാരുടെയും വനവാസികളുടെയും അവകാശങ്ങളും ആവശ്യങ്ങളും വികസനമോഹങ്ങളും ഉറപ്പുവരുത്തൽ.
  • പശ്ചിമഘട്ടമേഖലയുടെ പരിധിയിൽ കാലാവസ്ഥാവ്യതിയാനം ചെലുത്തുന്ന ഫലങ്ങളും ആഘാതങ്ങളും.
  • പശ്ചിമഘട്ടത്തിലെ ചില പ്രദേശങ്ങൾ ലോകപൈതൃകമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതിനാൽ ഈ പദവി സ്ഥായിയായ വിക സനം, പരിസ്ഥിതിസംരക്ഷണം എന്നീ സങ്കൽപ്പനങ്ങളെ എങ്ങനെ ബാധിക്കും.
  • പശ്ചിമഘട്ടസംരക്ഷണവും സുസ്ഥിരവികസനവും കേന്ദ്ര- സംസ്ഥാനബന്ധങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കണം.

2. പശ്ചിമഘട്ടം കടന്നുപോകുന്ന ആറ്‌ സംസ്ഥാനങ്ങളുമായും മറ്റ്‌ തൽപ്പരകക്ഷികളുമായും (വിശേഷിച്ച്‌ പരിസ്ഥിതിപ്രവർത്തകർ, വനസംരക്ഷണവിദഗ്‌ധർ) ആശയവിനിമയം നടത്തുക.

3. ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള തുടർനടപടികൾ ഏത്‌ ദിശയിലായിരിക്കണം എന്നതിന്‌ സർക്കാരിന്‌ നിർദ്ദേശം നൽകുക.

4. കേന്ദ്രസർക്കാർ നിർദ്ദേശിക്കാനിടയുള്ള മറ്റ്‌ പ്രസക്തകാര്യങ്ങൾ, ഗാഡ്‌ഗിൽ സമിതി റിപ്പോർട്ട്‌ ഏറ്റവും ഫലപ്രദമായി നടപ്പാക്കാനായുള്ള കർമ്മപദ്ധതികൾ രൂപവൽക്കരിക്കുക.

വളരെ സ്വാഗതാർഹമായ ഒരു തീരുമാനമല്ലേയിത്‌? ഒരു ജനാധി പത്യസർക്കാർ ഇങ്ങനെ തന്നെയല്ലേ പ്രവർത്തിക്കേണ്ടത്‌ ?

ശരിയാണ്‌. ഒറ്റക്കേൾവിയിൽ വളരെ ശരിയായതും ശാസ്‌ത്രീയവുമായ അന്വേഷണവിഷയങ്ങളാണിവയെന്ന്‌ തോന്നും. പക്ഷേ ഈ സമിതിയെ നിയോഗിച്ചതിന്റെ യഥാർത്ഥലക്ഷ്യം സമിതിയുടെ റിപ്പോർ ട്ടോടുകൂടിത്തന്നെ വെളിവായി. പശ്ചിമഘട്ടത്തിൽ നിലവിലുള്ള കടന്നുകയറ്റങ്ങളെ അപ്പാടെ അംഗീകരിക്കുകയും കൂടുതൽ കയ്യേറ്റങ്ങൾക്കും പരിസ്ഥിതിതകർച്ചയ്‌ക്കും വഴിവയ്‌ക്കുന്ന തീർപ്പുകൾ കൽപ്പിക്കുകയും ചെയ്‌തു എന്നതാണ്‌ വാസ്‌തവം.

ഇപ്പറഞ്ഞത്‌ വെറുമൊരാരോപണം മാത്രമല്ലേ ? കുറച്ചുകൂടി വസ്‌തുനിഷ്‌ഠമായി ഇതിനെ വിശദീകരിക്കാമോ?

ഗാഡ്‌ഗിൽ സമിതി ശുപാർശകളോടുള്ള പൊതുപ്രതികരണം വിലയിരുത്തുകയാണ്‌ കസ്‌തൂരിരംഗൻ സമിതി ശുപാർശകളുടെ ആദ്യഭാഗത്ത്‌. കസ്‌തൂരിരംഗൻ സമിതി രൂപവൽക്കരിക്കുന്നതിനുമുമ്പുതന്നെ ഗാഡ്‌ഗിൽ റിപ്പോർട്ടിനെതിരായ പരാതികൾ ഉയർന്നിരുന്നുവല്ലോ? അതുകൊണ്ട്‌ തന്നെ ഈ സമയത്ത്‌ പ്രതികരണം അറിയിച്ച 1750 പേരിൽ 80.90% പേർ റിപ്പോർട്ടിനെതിരായിരുന്നു. കേവലം 19.10% പേർ മാത്രമാണ്‌ ഗാഡ്‌ഗിൽ റിപ്പോർട്ടിനെ പിന്തുണച്ചത്‌. HLWG രൂപംകൊണ്ടതിനുശേഷം 145 പേരാണ്‌ പ്രതികരണം അറിയിച്ചത്‌. ഇതിൽ 30.34% പേരായിരുന്നു ഗാഡ്‌ഗിൽ അനുകൂലികൾ. 69.36% പേരും എതിർത്തു. അതായത്‌ ആകെ അഭിപ്രായം അറിയിച്ചവർ 1895 പേർ. 25 കോടി ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണിതെന്നോർക്കണം. ഇത്‌ HLWGയുടെ ഏതെങ്കിലും പോരായ്‌മയല്ല. പകരം മാധ്യമങ്ങളിലും ചർച്ചാവേദികളിലും വലിയ വിവാദങ്ങൾക്ക്‌ കാരണമാകുന്ന വിഷയങ്ങളിൽപോലും ഇന്ത്യയുടെ സാമാന്യജനതയുടെ പ്രതികരണശേഷി എത്ര ചെറുതാണ്‌ എന്നതിന്റെ സൂചകം കൂടിയാണിത്‌. എതിർപ്പുകൾ പൊതുവേ താഴെപ്പറയുന്ന സ്വഭാവത്തിലുള്ളവയായിരുന്നു

- മേഖലാവൽക്കരണത്തിന്റെ രീതിയ്‌ക്കെതിരെ

- സിന്ധുദുർഗ്ഗിലെ ഖനനം സംബന്ധിച്ച ശുപാർശകൾക്കെതിരെ

- ഗോവയിലെ ഖനനം സംബന്ധിച്ച ശുപാർശകൾക്കെതിരെ

- WGAയോടുള്ള എതിർപ്പ്‌

- ലോട്ടെ പർശുറാമിലെ നിരോധനങ്ങൾക്കെതിരെ

- മറ്റുള്ള പൊതുവായ കാരണങ്ങൾ

എതിർപ്പുകാരിൽ 53% പേർ ഖനനമേഖലയിൽ നിന്നുള്ളവരാ ണെന്ന്‌ HLWG അതിന്റെ റിപ്പോർട്ടിൽത്തന്നെ വെളിപ്പെടുത്തുന്നു മുണ്ട്‌. ഖനനലോബിയും കേരളത്തിലെ വനംകയ്യേറ്റക്കാരും കൂടിയായപ്പോൾ മഹാഭൂരിപക്ഷമായി.

കസ്‌തൂരിരംഗൻ സമിതി ഒരു റിപ്പോർട്ട്‌ വെറുതെ തട്ടിക്കൂട്ടുകയായിരുന്നു എന്നാണോ പറഞ്ഞുവരുന്നത്‌ ?

സമിതി ചില സാങ്കേതികവിവരങ്ങൾ ശേഖരിച്ച കാര്യം നേരത്തെ പറഞ്ഞല്ലോ? ഇത്തരം സാങ്കേതികവിശദാംശങ്ങൾ പിന്നിട്ട്‌ പരിസ്ഥിതിലോലമേഖലകളെ തരംതിരിക്കുന്ന ഭാഗത്ത്‌ എത്തുമ്പോഴാണ്‌ കസ്‌തൂരിരംഗൻ സമിതിയും ഗാഡ്‌ഗിൽ സമിതിയും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം പ്രകടമാകുന്നത്‌. കസ്‌തൂരിരംഗൻ സമിതി ഉപഗ്രഹസഹായത്തോടെ ശേഖരിച്ചിട്ടുള്ള വിവരങ്ങൾ നാഷണൽ റിമോട്ട്‌ സെൻസിംഗ്‌ സെന്ററിന്റെ സഹായത്തോടെ വിശകലനം ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതിലോലമേഖലകൾ ഏതൊക്കെയാണെന്ന്‌ നിർണ്ണയിച്ചു.

പരിസ്ഥിതിമേഖലകൾ നിർണ്ണയിക്കാൻ ഈ സമിതി എന്തു രീതിശാസ്‌ത്രമാണ്‌ ഉപയോഗിച്ചത്‌ ?

പരിസ്ഥിതിലോലമേഖലകളെ കണ്ടെത്താൻ നാല്‌ ഘടകങ്ങളാണ്‌ ഉപയോഗിച്ചത്‌. നിലവിലുള്ള ഭൂവിനിയോഗം, മനുഷ്യവാസം എന്നിവയാണ്‌ ആദ്യത്തേത്‌. രണ്ടാമത്തേത്‌ കാടിന്റെ ഛിന്നഭിന്നതയും മൂന്നാമത്തേത്‌ അതിലുള്ള ഇടപെടലുകളും. അവസാനമായി പരിസ്ഥിതി ഘടകങ്ങളും എടുത്തു. പാരിസ്ഥിതികഘടകങ്ങളിൽ അപൂർവ്വജീവിസാന്നിധ്യം, ആവാസവ്യവസ്ഥ, ജീവജാതിവൈവിധ്യം, ജൈവവിഭവങ്ങൾ എന്നിവ ഉൾപ്പെടുത്തി. ഇവയെല്ലാം രണ്ട്‌ ഗുണപരമായ സവി ശേഷതകളിലേക്ക്‌ ചുരുക്കിക്കൊണ്ടുവന്നു.

1. വനത്തിന്റെ ഛിന്നഭിന്നത : ഇതിന്‌ മൂന്ന്‌ ശ്രേണികൾ കൽപ്പിച്ചു. ചെറിയ തോതിൽ, ഇടത്തരം, ഉയർന്നതോതിൽ എന്നിങ്ങനെ.

2. ജൈവസമ്പുഷ്ടത : ഇതിന്‌ നാല്‌ ശ്രേണികൾ കൽപ്പിച്ചു. ചെറുത്‌, ഇടത്തരം, ഉയർന്നത്‌, വളരെ ഉയർന്നത്‌.

ഇതിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതിലോലമേഖലകൾ താഴെപ്പറയുന്നവയാണ്‌.

1. ഉയർന്നതും വളരെ ഉയർന്നതുമായ ജൈവസമ്പന്നതയുള്ളതും ചെറിയ തോതിൽ മാത്രം ഛിന്നഭിന്നമായ കാടുകളും.

2. വളരെ ഉയർന്ന ജൈവസമ്പന്നതയും ഇടത്തരം ഛിന്നഭിന്നതയും.

3. ഉയർന്ന ജൈവസമ്പന്നതയും ഇടത്തരം ഛിന്നഭിന്നതയും ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന്‌ 100ൽ താഴെ മാത്രമുള്ളതും. ഇവ കൂടാതെ സംരക്ഷിതപ്രദേശങ്ങളും ലോകപൈതൃകസമ്പത്തായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളും.

ഇതിന്റെ അടിസ്ഥാനത്തിൽ കസ്‌തൂരിരംഗൻ സമിതി പശ്ചിമഘട്ടത്തെ പ്രകൃതിദത്തഭൂഭാഗങ്ങൾ (natural landscape), സാംസ്‌കാരികഭൂഭാഗങ്ങൾ (cultural landscape) എന്നിങ്ങനെ രണ്ടായി തിരിക്കുകയാണ്‌ ചെയ്‌തത്‌.

ഈ രീതി നല്ലതല്ലേ? ഇതിനെന്തെങ്കിലും പോരായ്‌മയുണ്ടോ ?

കസ്‌തൂരിരംഗൻ സമിതിയുടെ ഈ രീതി വളരെ കൃത്യമായി മുൻകൂട്ടി നിർണ്ണയിച്ച്‌ ഉത്തരം കിട്ടുന്നതിന്‌ വേണ്ടിയുള്ള ഒരു പ്രശ്‌ന പരിഹാരശ്രമമായിരുന്നു എന്നുകാണാം. ആദ്യം തന്നെ പശ്ചിമഘട്ട മേഖലയെ പ്രകൃതിദത്തഭൂഭാഗങ്ങൾ, സാംസ്‌കാരികഭൂഭാഗങ്ങൾ എന്നിങ്ങനെ രണ്ടായി തിരിച്ചു. വനത്തിന്റെ ഛിന്നഭിന്നതയും ജൈവസമ്പുഷ്ടതയും പ്രകൃതിദത്തഭൂഭാഗങ്ങളിൽ മാത്രമേ കണക്കാക്കിയിട്ടുള്ളൂ. മനുഷ്യഇടപെടലുകൾ നടക്കുന്ന ഭൂഭാഗങ്ങളെ ആദ്യംതന്നെ സംര ക്ഷണത്തിൽ നിന്ന്‌ പുറത്താക്കി. പ്രകൃതിദത്തഭൂഭാഗങ്ങളിൽത്തന്നെ ഛിന്നഭിന്നത ഉയർന്നിരിക്കുമ്പോൾ പാരിസ്ഥിതികപ്രാധാന്യം കുറയും. വനം എങ്ങനെയാണ്‌ ഛിന്നഭിന്നമായത്‌ എന്ന ചോദ്യം പ്രധാന മാണല്ലോ? അത്‌ മനുഷ്യർ അവിടെ നടത്തിയ വിവിധ പ്രവർത്തനങ്ങൾ കൊണ്ടാണ്‌. അതായത്‌ മുമ്പ്‌ നടത്തിയിട്ടുള്ള വനനശീകരണ പ്രവർത്തനങ്ങളാണ്‌ തുടർന്നും അവ തന്നെ ചെയ്യുന്നതിനുള്ള നീതീകരണം എന്നർത്ഥം. സംരക്ഷിക്കേണ്ടതായ ഒരു പരിസ്ഥിതിഭൂഭാഗ മാണ്‌ പശ്ചിമഘട്ടം എന്ന ധാരണയിൽ നിന്ന്‌ കൊണ്ടല്ല കസ്‌തൂരി രംഗൻ സമിതി വിശകലനം തുടങ്ങുന്നത്‌ എന്നുകൂടി ഇതിനർത്ഥമുണ്ട്‌.

കുറച്ചുകൂടി വിശദീകരിക്കാമോ ?

കസ്‌തൂരിരംഗൻ സമിതിയുടെ ശുപാർശകളെക്കുറിച്ച്‌ വന്ന ഒരാരോ പണം പാറമടകൾ പ്രവർത്തിക്കന്ന വില്ലേജുകൾ ഭൂരിഭാഗവും സാംസ്‌കാരികഭൂപ്രകൃതിയിലാക്കിയെന്നതാണ്‌. ചുറ്റുപാടുമുള്ള മറ്റ്‌ വില്ലേജുകൾ സ്വാഭാവികഭൂപ്രകൃതിയിലും. പാറമടകളും അവിടെ തൊഴിലാളികളും വന്നതോടുകൂടി അവയുടെ സ്വാഭാവികത നഷ്ടമാവുകയും സംരക്ഷണത്തിനുള്ള അർഹതയില്ലാതാവുകയും ചെയ്‌തു എന്ന്‌ വ്യാഖ്യാനിക്കാം. അതായത്‌ പ്രകൃതിയെ നശിപ്പിച്ചവർക്ക്‌ വീണ്ടും വീണ്ടും നശിപ്പിക്കാനുള്ള അനുമതിയായി. ച.കി.മീന്‌ നൂറിൽ കൂടുതൽ ജനസംഖ്യയുള്ള പ്രദേശങ്ങളെയും സാംസ്‌കാരികഭൂപ്രകൃതി യിൽ പെടുത്തി. ഇതിന്റെയെല്ലാം ഫലമായി ഇപ്പോൾ തന്നെ സംരക്ഷിക്കപ്പെടുന്ന വനങ്ങളുള്ള പ്രദേശങ്ങൾമാത്രം സ്വാഭാവികഭൂപ്രകൃതിയിൽ പെട്ടു. ബാക്കിയെല്ലാം അതിനുപുറത്തായി. അങ്ങനെ പശ്ചിമഘട്ടത്തിന്റെ മൊത്തം വിസ്‌തൃതി കസ്‌തൂരിരംഗൻ സമിതി കണക്കാക്കിയത്‌ ഗാഡ്‌ഗിൽ സമിതി കണക്കാക്കിയതിനേക്കാൾ കൂടുതലാണെങ്കിലും പാരിസ്ഥിതികലോലമേഖലയുടെ അളവ്‌ കുറഞ്ഞു. കയ്യേറ്റക്കാർ ഇച്ഛിച്ചതും ഉന്നതതലസമിതി കൽപ്പിച്ചതും ഒന്നുതന്നെയെന്നു വന്നു.

HLWG ശുപാർശകൾപ്രകാരം പശ്ചിമഘട്ടത്തിന്റെ ആകെ വിസ്‌തൃതി 164280 ച.കി.മി ആണ്‌. ആകെ വിസ്‌തൃതിയുടെ 36.49% മാത്രമേ കസ്‌തൂരിരംഗൻ സമിതിയുടെ കണക്കുകൾപ്രകാരം പ്രകൃദിദത്ത ഭൂഭാഗങ്ങളിൽ വരുന്നുള്ളൂ. അത്‌ 68,249 ച.കി.മീ.ൽ താഴെയാണ്‌. ഗാഡ്‌ഗിൽ സമിതി ശുപാർശകൾ പ്രകാരം 129037 ച.കി.മീ പ്രദേശത്തിനും ഏറിയും കുറഞ്ഞുമുള്ള സംരക്ഷണം നൽകേണ്ടതുണ്ട്‌ എന്ന്‌ നിശ്ചയിച്ചിരുന്നു. ഇത്‌ പരിഗണിക്കുമ്പോൾ 60000 ച.കി.മീറ്റ റിലധികം പശ്ചിമഘട്ടപ്രദേശത്തെ യാതൊരു നിയന്ത്രണവുമില്ലാതെ വിട്ടുകൊടുത്തുവെന്നതാണ്‌ കസ്‌തൂരിരംഗൻ സമിതി ശുപാർശ കളുടെ കാതൽ.

പരിസ്ഥിതിപ്രാധാന്യമുള്ള സ്ഥലങ്ങൾ മാത്രം സംരക്ഷിച്ചാൽ പോരേ ? അതിനു പുറത്ത്‌ എന്തിനാണ്‌ നിയന്ത്രണങ്ങൾ ?

കാട്‌ മാത്രം സംരക്ഷിക്കുകയും കാടിന്‌ ചുറ്റുമുള്ള ഭൂഭാഗങ്ങൾ കാണാതിരിക്കുകയും ചെയ്യുന്നതിലെ അപകടമെന്താണ്‌? ഒരിക്കലും കാട്‌ മാത്രമായി സംരക്ഷിക്കാനാവില്ലെന്നത്‌ തന്നെ. കാടിനും നാടിനും ഇടയിൽ ശിലാനിർമ്മിതമായ അതിരുകളൊന്നുമില്ല. സാന്ദ്രമായ കാടിനും ജനവാസപ്രദേശത്തിനും ഇടയിൽ കാടും നാടും മേളിക്കുന്ന ഒരു സ്ഥലമുണ്ടായിരിക്കുമല്ലോ? ഇന്ത്യാ-പാക്ക്‌ അതിർത്തിയിൽ ഒരു `നോ മാൻസ്‌ ലാൻഡ്‌' ഉണ്ട്‌. രാജ്യങ്ങൾക്ക്‌ അത്‌ ബാധകമാണ്‌. പക്ഷേ കാടിനും നാടിനും ആ യുക്തി ബാധകമല്ല. കാടിനും നാടിനുമിടയിൽ ഇരുകൂട്ടരുടേതുമല്ലാത്ത ഒരു ഭൂമിയില്ല, പകരം ഇരുകൂട്ടരുടേതുമായ ഭൂമിയാണുള്ളത്‌. അവിടെ മനുഷ്യരും സസ്യജാലങ്ങളും വന്യ മൃഗങ്ങളും ഇടകലർന്നുണ്ടാകും. അവയുടെ പരസ്‌പരപൂരണം വഴിയുണ്ടാകുന്ന ഒരു സവിശേഷസന്തുലിതാവസ്ഥയാണ്‌ ആ പ്രദേശത്തെ നിലനിർത്തുന്നത്‌. ഇങ്ങനെ കാടിന്റെതും നാടിന്റെതുമായ ഭൂമി സംരക്ഷിക്കപ്പെടണം. അപ്പോഴാണ്‌ യഥാർത്ഥ വനാതിർത്തി സംരക്ഷിക്കപ്പെടുന്നത്‌. ഇതിനെയാണ്‌ സാങ്കേതികമായി കാടിന്റെ ബഫർസോൺ എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്‌.

എന്തായാലും കസ്‌തൂരിരംഗൻസമിതിയുടെ ശുപാർശകൾ വഴി കാടെങ്കിലും സംരക്ഷിക്കപ്പെടുമെന്നുറപ്പായില്ലേ?

ഇല്ല. ഈ മേഖലയിൽ ഖനനവും മണലൂറ്റലും പാറപൊട്ടിക്കലും നിരോധിക്കണം എന്നാവശ്യപ്പെടുന്ന സമിതി പരിസ്ഥിതിദുർബല മേഖലയിൽ നിന്ന്‌ വനേതര ഉപയോഗത്തിനായി ഭൂമി മാറ്റുമ്പോൾ സുതാര്യത പുലർത്തണമെന്നും നിർദ്ദേശിക്കുന്നു. എന്താണീ ശുപാർശയുടെയർത്ഥം? പരിസ്ഥിതിദുർബലമേഖലയിൽ വനേതര ഉപയോഗത്തിന്‌ ഭൂമി കൈമാറാം. പരിസ്ഥിതിദുർബലമേഖലയിൽ വനം മാത്രമേ ഉള്ളൂ എന്ന്‌ ആദ്യമേ തീരുമാനിച്ചുകഴിഞ്ഞു. എന്നിട്ടാണ്‌ ഈ ഭൂമി സുതാര്യമായി വനേതര ആവശ്യത്തിന്‌ കൈമാറാമെന്ന്‌ പറഞ്ഞിരിക്കുന്നത്‌. വനഭൂമി മറ്റാവശ്യങ്ങൾക്ക്‌ കൈമാറുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന 1980ലെ വനനിയമത്തിന്‌ തന്നെ വിരുദ്ധമാണത്‌. അതായത്‌ വനഭൂമിയുടെ നിലവിലുള്ള നിയമപരമായ സംരക്ഷണത്തെ പ്പോലും നിഷേധിക്കുകയാണ്‌ കസ്‌തൂരിരംഗൻ സമിതി റിപ്പോർട്ട്‌.

ചുവപ്പ്‌ പട്ടികയിൽപ്പെട്ട വ്യവസായങ്ങൾ ഈ മേഖലയിൽ വേണ്ട എന്നത്‌ മാത്രമാണ്‌ കസ്‌തൂരിരംഗൻ സമിതി പറയുന്ന ഒരു പരിസ്ഥിതി അനുകൂല നിർദ്ദേശം. ജലവൈദ്യുതപദ്ധതികളുടെ അനുമതി ക്കായി നിരവധി ഉപാധികൾ സമിതി മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌. വിവിധ പദ്ധതികൾ നടപ്പാക്കുമ്പോൾ ദുർലഭകാലത്തെ നീരൊഴുക്കിന്റെ 30% എങ്കിലും തടസ്സമില്ലാത്ത ഒഴുക്കുണ്ടാകണം. പദ്ധതികൾ തമ്മിൽ 3 കിലോമീറ്ററെങ്കിലും അകലമുണ്ടാകണം. ജൈവവൈവിധ്യനാശം കണക്കിലെടുക്കണം. എന്നാൽ 25 MWൽ കുറവ്‌ ശേഷിയുള്ള പദ്ധതികൾ കാര്യക്ഷമമല്ലെന്നും അവ പുന:പരിശോധിക്കണമെന്നുമാണ്‌ ശുപാർശ ചെയ്യുന്നത്‌. വൻകിട ജലവൈദ്യുതപദ്ധതികൾക്കുള്ള പ്രോത്സാഹനമാണിത്‌. ലോകമെമ്പാടും ചെറുകിട ജലവൈദ്യുത പദ്ധതികൾക്ക്‌ വേണ്ടിയുള്ള മുറവിളികൾ ഉയരുന്ന കാലത്തും വൻകിട പദ്ധതികൾക്ക്‌ വഴിയൊരുക്കാൻ ഒരു പഴുത്‌ നൽകിയിരിക്കുന്നു.

ഇനിയുമുണ്ട്‌ പ്രകൃതിദത്ത ഭൂപ്രദേശത്തേക്കുള്ള ഒരുപാട്‌ നിർദ്ദേശങ്ങൾ. വനമേഖലയിൽ 20,000 ചതുരശ്രമീറ്റർ വരെയുള്ള നിർമിതികൾ ആവാം. സംരക്ഷിതമേഖലയിൽ തന്നെ 50 ഹെക്ടറിൽ കൂടാത്ത ടൗൺഷിപ്പുകളും 150000 ച.മീ വരെയുള്ള പുതിയ നിർമ്മിതികളും ആവാമെന്നും പറയുന്നു. അവയുടെ എണ്ണത്തിന്‌ പരിധി നിശ്ചയി ച്ചിട്ടുമില്ല. പരിസ്ഥിതിലോലമേഖലയിലേയ്‌ക്ക്‌ വിനോദസഞ്ചാരവ്യവസായത്തെ പ്രവേശിപ്പിക്കുകയാണിതിന്റെ ലക്ഷ്യം.

ഈ നിർദ്ദേശങ്ങളുടെയെല്ലാം അർത്ഥം വ്യക്തമാണ്‌. ഇടതൂർന്ന വനത്തിലും സുതാര്യമായി ഭൂമി കൈമാറ്റവും വൻകിടനിർമ്മിതികളും നടത്താം. വൻകിടജലവൈദ്യുതപദ്ധതികൾ വേണം. നിരോധിക്കണം എന്ന്‌ സമിതി പറയുന്ന മറ്റ്‌ കാര്യങ്ങളാകട്ടെ ഇപ്പോൾ തന്നെ നിയമം മൂലം നിരോധിച്ചിട്ടുള്ളവയുമാണ്‌. കസ്‌തൂരിരംഗൻസമിതിയുടെ അഭിപ്രായത്തിൽ പരിസ്ഥിതിദുർബലമേഖലയെന്നാൽ കാട്‌ മാത്രം. അതുതന്നെയാണ്‌ അതിലെ അപകടവും.

കാര്യമൊക്കെ ശരിതന്നെ. പക്ഷെ കെട്ടിടം പണിയാതെയും പാതകൾ നിർമ്മിക്കാതെയും നാട്‌ എങ്ങനെ വികസിക്കും?

നമുക്കെത്ര കെട്ടിടം വേണം, എത്ര നീളത്തിൽ പാതകൾ വേണം എന്നൊക്കെ നിർണ്ണയിച്ചുകൊണ്ടേ ഇതിനുത്തരം പറയാനാകൂ. കേരളത്തിലാകെ 65 ലക്ഷത്തോളം കുടുംബങ്ങളാണുള്ളത്‌. അതിനേക്കാൾ ഏതാണ്ട്‌ 15 ലക്ഷത്തിലധികം വാസയോഗ്യമായ കെട്ടിടങ്ങൾ കൂടുതലായി ഇന്നുണ്ട്‌. എന്നിട്ടും നമ്മുടെ ഏറ്റവും ലാഭകരമായ കച്ചവടം നിലം നികത്തി, കെട്ടിടം പണിത്‌ വിൽക്കലാണ്‌. വീടുകൾ താമസിക്കാനുള്ളതാണെങ്കിൽ ഇത്രയധികം കെട്ടിടങ്ങൾ നമുക്കാവശ്യമില്ല എന്നതാണ്‌ വാസ്‌തവം. പലപ്പോഴും അത്‌ കൂടിയ വിലയ്‌ക്ക്‌ വിറ്റ്‌ ലാഭം ഉണ്ടാക്കാനുള്ളതാണ്‌. വലിയ റോഡുകൾ പണിയുന്നതിന്റെ പിന്നിലും ഇതേ കച്ചവടക്കണ്ണുണ്ട്‌. ആഗോളവാഹനവിപണിക്ക്‌ വഴിയൊരുക്കുകയാണ്‌ ഇതിലൂടെ നാം ചെയ്യുന്നത്‌. എല്ലാവർക്കും സുഖമായി സഞ്ചരിക്കുന്നതിനുള്ള പൊതുഗതാഗതസംവിധാനം ഒരുക്കുകയാണ്‌ യഥാർത്ഥത്തിൽ നമ്മൾ ചെയ്യേണ്ടത്‌. ഭൂമിയും അതിലെ വിഭവങ്ങളും പൊതുസ്വത്താണെന്ന ബോദ്ധ്യമില്ലാതെ അവയെല്ലാം സ്വകാര്യലാഭത്തിനുവേണ്ടി ഉപയോഗിക്കുമ്പോഴാണ്‌ പരിസ്ഥിതി യുടെയും വിഭവങ്ങളുടെയും മേൽ അത്യാർത്തി പൂണ്ട ആക്രമണം ഉണ്ടാകുന്നത്‌. ഇതാണ്‌ നമ്മുടെ വികസനനയത്തിലെ പോരായ്‌മ. വിനോദസഞ്ചാരവ്യവസായം, ബി.ഒ.ടി റോഡുകൾ, എല്ലാവർക്കും സ്വകാര്യവാഹനങ്ങൾ, പരമാവധി ഉപഭോഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള ഒരു വളർച്ചയെയും അതുവഴിയുണ്ടാകുന്ന വിക സനത്തെയുമാണ്‌ നാമാഗ്രഹിക്കുന്നതെങ്കിൽ അതുണ്ടാക്കാനിട യുള്ള പ്രകൃതിസമ്പത്തിന്റെ തകർച്ച ഏറെകാലം കേരളത്തിന്‌ താങ്ങാനാവില്ല.

ഇതല്ലാതെ മറ്റേതൊരു വികസനപാതയാണ്‌ നമുക്ക്‌ ചൂണ്ടിക്കാണിക്കാനുള്ളത്‌?

ഭൂമിയിൽ അദ്ധ്വാനിക്കുകയും ആഭ്യന്തരമായ ഉൽപാദനം വർദ്ധി പ്പിക്കുകയും ചെയ്യുന്നതും പ്രകൃതിവിഭവങ്ങളിലും ഭൂമിയുടെ ഉപ യോഗത്തിലും സാമൂഹികനിയന്ത്രണമുള്ളതുമായ ഒരു വികസനപാത നമുക്ക്‌ സ്വീകരിച്ചുകൂടേ? കൃഷിയില്ലാതെ നമുക്ക്‌ എത്ര കാലം ജീവിക്കാനാകും? ഭക്ഷ്യധാന്യം പുറമെ നിന്ന്‌ വാങ്ങാമെന്ന്‌ പറയുന്നവ രുണ്ട്‌. എന്നാൽ കുടിവെള്ളം ഇല്ലാതെ നാമെത്രകാലം ജീവിക്കും എന്ന ചോദ്യത്തിന്‌ ആരാണുത്തരം പറയുക?

വികസനവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെ പുനർനിർവചിച്ചുകൊണ്ട്‌ മാത്രമേ നമുക്ക്‌ നിലനിൽക്കുന്ന വൈരുദ്ധ്യങ്ങളെ മറികടക്കാനാവൂ എന്നതാണ്‌ ഗാഡ്‌ഗിൽ സമിതി ശുപാർശകൾ നൽകുന്ന പ്രധാന പാഠം. കേരള സർക്കാർ അടക്കം എല്ലാ അധികാരകേന്ദ്രവവങ്ങളും ഗാഡ്‌ഗിൽ സമിതി ശുപാർശകളെ തള്ളിക്കളയാൻ പറഞ്ഞ ന്യായം വികസനത്തിന്റേതായിരുന്നു. അതേസമയം കേരളത്തിന്റെ നിലനിൽപ്പിന്‌ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്‌ പശ്ചിമഘട്ടപരിസ്ഥിതി സംരക്ഷണമെന്നത്‌ നമ്മുടെ വികസനനയം അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യം ബാക്കിയാകും. കാടും മഴയുമില്ലാതെ, പുഴയും വെള്ളവുമില്ലാതെ, ഭക്ഷ്യധാന്യങ്ങളില്ലാതെ, ഏലവും ചുക്കും കുരുമുളകു മില്ലാതെ കേരളം എങ്ങനെ നിലനിൽക്കുമെന്നാണ്‌ നമ്മുടെ വികസ നാസൂത്രകർ സ്വപ്‌നം കാണുന്നത്‌? ഇന്ന്‌ പിന്തുടർന്നുപോരുന്ന വികസനനയത്തിന്റെ അപകടങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്‌ അതിന്‌ നിർദേശിക്കാനുള്ള പരിഹാരങ്ങൾ കണ്ടെത്തലാണ്‌ നാം നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി. വികസനമെന്നാൽ കമ്പോളാധിഷ്‌ഠിതമായ ഉപഭോഗസംസ്‌കാരവും, ഉപഭോഗത്വരയെ തൃപ്‌തിപ്പെടുത്തുന്ന ഉൽപന്നങ്ങളുടെ പ്രദർശനവിൽപനയും മാത്രമാണെന്ന ധാരണ അവസാനിപ്പിക്കാതെ പറ്റില്ല. ഈ അർത്ഥത്തിൽ നോക്കുമ്പോൾ പശ്ചിമഘട്ടസംരക്ഷണവും നിലനില്‌പുള്ള വികസനവും എന്നത്‌ കേവലം പരിസ്ഥിതിസംരക്ഷണപ്രശ്‌നമല്ല, കേരളത്തിന്റെ സുസ്ഥിര വികസനത്തിനായുള്ള ഇടപെടലാണ്‌. ഈ പശ്ചാത്തലത്തിൽ നമ്മുടെ അടിയന്തിരചർച്ചക്ക്‌ വിഷയമാകേണ്ടതായ ഒരു കാര്യം ചേർക്കട്ടെ.

കേരളത്തിന്റ വളർച്ചയുടെ പാത നിശ്ചയിക്കുമ്പോൾ, കേരളത്തിന്റെ പ്രകൃതിസമ്പത്ത്‌, മനുഷ്യസമ്പത്ത്‌, സാമൂഹികസമ്പത്ത്‌, ഭൗതിക സമ്പത്ത്‌ എന്നിവ തമ്മിൽ നിലനിൽക്കേണ്ട സന്തുലിതാവസ്ഥ പരമപ്രധാനമാണ്‌. ഇന്ന്‌ പ്രകൃതിവിഭവങ്ങളുടെ മേൽ നടത്തുന്ന അനിയന്ത്രിതമായ ചൂഷണവും ഭൗതികസ്വത്തിലുണ്ടാക്കുന്ന വർദ്ധനവും അത്യന്തികമായി ചെറുന്യൂനപക്ഷത്തിലേക്ക്‌ സമ്പത്ത്‌ കുന്നു കൂടുന്നതിനു മാത്രമേ സഹായിക്കൂ. കേരളത്തിന്റെ വികസനപ്രതി സന്ധിയായി ഇവ ഇപ്പോൾ തന്നെ അനുഭവഭേദ്യമായി കഴിഞ്ഞിരിക്കുന്നു. പ്രകൃതിവിഭവങ്ങളെ പരമാവധി പരിരക്ഷിക്കുക എന്നതും മനുഷ്യവിഭവ വളർച്ചയും സാമൂഹികവികസനവും ഉറപ്പാക്കുക എന്നതും വികസനത്തിന്റെ ദിശാസൂചകങ്ങളായി നാം നിശ്ചയിക്കേ ണ്ടതുണ്ട്‌. ഇത്‌ കേരളത്തിന്റെ വികസനത്തെ സംബന്ധിച്ച രാഷ്ട്രീയ തീരുമാനം കൂടിയാണ്‌.


അനുബന്ധം

ഗാഡ്‌ഗിൽ സമിതിയുടെ പ്രധാന ശുപാർശകൾ

1. പശ്ചിമഘട്ടത്തിൽ ജനിതകമാറ്റം വരുത്തിയ വിളകൾ, പ്ലാസ്റ്റിക്ക്‌ ഉപയോഗം, പ്രത്യേക സാമ്പത്തികമേഖലകൾ, പുതിയ വിനോദസഞ്ചാര മേഖലകൾ എന്നിവ ഒഴിവാക്കുക.

2. നീരൊഴുക്ക്‌, ജലസംഭരണികൾ, അതിവിശിഷ്ട ആവാസമേഖല കൾ, സ്വാഭാവിക ഭൗമ രൂപീകരണങ്ങൾ, ജൈവവൈവിദ്ധ്യസമ്പന്ന മേഖലകൾ, കാവുകൾ എന്നിവ കെട്ടിടനിർമ്മാണത്തിനോ മറ്റ്‌ വികസനപ്രവർത്തനങ്ങൾക്കോ വേണ്ടി ഇല്ലായ്‌മ ചെയ്യരുത്‌.

3. പൊതുസ്ഥലങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക്‌ നൽകരുത്‌.

4. വനമേഖലകൾ ഇല്ലായ്‌മ ചെയ്യുകയോ, മറ്റാവശ്യങ്ങൾക്ക്‌ ഉപയോഗപ്പെടുത്തുകയോ, കൃഷിയിടങ്ങൾ കാർഷികേതര ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കുകയോ ചെയ്യുന്നത്‌ അനുവദനീയമല്ല. ജനസംഖ്യാധിക്യം മൂലം പ്രദേശനിവാസികൾക്ക്‌ കൂടുതൽ താമസസൗകര്യം വേണ്ടി വരുന്ന സാഹചര്യങ്ങളിൽ മാത്രമേ ഇതിന്‌ മാറ്റം വരുത്താവൂ. എന്നാൽ ZONE 3ൽ കൃഷിയിടങ്ങളെ കാർഷികേതര ഇടങ്ങളാക്കി മാറ്റുന്നത്‌ ഉപാധികളോടെ അനുവദനീയമാണ്‌.

5. ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങിയവയുടെ നിർമ്മാണങ്ങ ൾക്ക്‌ അനുമതി നൽകുന്നത്‌ പശ്ചിമഘട്ടപരിസ്ഥിതിഅതോറിറ്റി കാലാനുസ്യതമായി രൂപപ്പെടുത്തുന്ന നയങ്ങൾക്ക്‌ അനുസൃതമായിട്ടായിരിക്കണം.

6. പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപപ്പെടുത്തുന്ന കെട്ടിട നിർമ്മാണ ചട്ടങ്ങളായിരിക്കും ഈ പ്രദേശങ്ങളിൽ പിന്തുടരേണ്ടത്‌. സ്റ്റീൽ, സിമന്റ്‌ എന്നിവ കുറച്ചും പരിസ്ഥിതിസൗഹാർദ്ദപരമായ നിർമ്മാണവസ്‌തുക്കൾ പരമാവധി ഉപയോഗിച്ചും വേണം കെട്ടിടനിർമ്മാണം നടത്തേണ്ടത്‌. മഴവെള്ളസംഭരണം, പാരമ്പര്യേതര ഊർജ്ജോൽ പ്പാദനരീതികൾ, മാലിന്യസംസ്‌കരണം എന്നിവയും കെട്ടിടനിർമ്മാണചട്ടങ്ങളിൽ ഉൾപ്പെടുന്നു.

7. നിർമ്മാണപ്രവർത്തനങ്ങൾ നടത്തുമ്പോൾ, മേൽമണ്ണും വൃക്ഷ ങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തേണ്ടതുണ്ട്‌. ചതുപ്പുനിലങ്ങളോ, നീർത്തടങ്ങളോ ഇത്തരം ആവശ്യങ്ങൾക്കായി ഇല്ലായ്‌മ ചെയ്യുന്നത്‌ അനുവദനീയമല്ല.

8. നടപ്പാതകൾ, മുറ്റം തുടങ്ങിയ ഇടങ്ങളിൽ കോൺക്രീറ്റോ, തറ ഓടോ പാകുന്നത്‌ നിയന്ത്രിക്കേണ്ടതാണ്‌.

9. ZONE 1ലും ZONE 2ലും വിഷമാലിന്യസംസ്‌കരണയൂണിറ്റുകൾ പുതുതായി അനുവദിക്കരുത്‌. നിലവിലുള്ളവ 2016 വരെ നിലനിർത്താം. മലിനീകരണനിയന്ത്രണബോർഡിന്റെ നിയന്ത്രണമാനദണ്ഡങ്ങൾ കർശനമായി പരിപാലിച്ചുകൊണ്ട്‌, ZONE 3ൽ പുതിയ മാലിന്യ സംസ്‌കരണയൂണിറ്റുകൾ സ്ഥാപിക്കാവുന്നതാണ്‌.

10. ജലവൈദ്യുതപദ്ധതികൾ, ജലസേചനപദ്ധതികൾ എന്നിവ നട പ്പിലാക്കുമ്പോൾ വൃഷ്ടിപ്രദേശങ്ങളുടെ ആയുർദൈർഘ്യം ഉറപ്പു വരുത്തുക.

11. പരമ്പരാഗതവിത്തുകൾ ഉപയോഗിക്കുന്നവർ, പരമ്പരാഗത ഇനത്തിൽപ്പെട്ട വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവർ, രാജ്യത്തെ തനതു മത്സ്യങ്ങളെ ടാങ്കിലും മറ്റും വളർത്തുന്നവർ, കാവുകൾ സംരക്ഷി ക്കുന്നവർ, 30% കൂടുതൽ ചരിവുള്ള പ്രദേശങ്ങളിൽ വാർഷിക വിളയിൽ നിന്ന്‌ ദീർഘകാലവിളകളിലേക്ക്‌ ചൂവടുമാറുന്നവർ (അങ്ങനെ മാറണം എന്ന്‌ സമിതി നിർദ്ദേശിക്കുന്നു), സ്വാഭാവിക സസ്യജാലങ്ങൾ നിലനിർത്തിപ്പോരുന്നവർ എന്നിവർക്ക്‌ പരിസ്ഥിതിസംരക്ഷണ സേവനപ്രതിഫലം നൽകേണ്ടതാണ്‌.

12. വൻ കൃഷിത്തോട്ടങ്ങളിൽ യന്ത്രവൽകൃത കളനിയന്ത്രണസംവിധാനങ്ങൾക്ക്‌ സബ്‌സിഡി ഏർപ്പെടുത്തുക.

13. സംരക്ഷിതമേഖലയ്‌ക്ക്‌പുറത്തുള്ള പുൽമേടുകളും മേച്ചിൽസ്ഥലങ്ങളും പുനരുദ്ധരിക്കുക.

14. പ്രതികൂലമായ കാലാവസ്ഥാസാഹചര്യങ്ങളെ അതിജീവിക്കാൻ കെൽപ്പുള്ള കന്നുകാലി ഇനങ്ങളെ പ്രോത്സാഹിപ്പിക്കുക.

15. നാണ്യവിളകളിലെ കളകളിൽ ഒട്ടുമിക്കതും കാലിത്തീറ്റ എന്ന നിലയിൽ കൂടി ഉപയോഗിക്കാമെന്നതിനാൽ ഇവയിലെ കളനാശിനി പ്രയോഗം നിശ്ചയമായും നിരോധിക്കേണ്ടതാണ്‌.

16. ഗ്രാമവാസികളുടെ കാലിക്കൃഷിക്കാവശ്യമായ തീറ്റപ്പുല്ല്‌ വേണ്ടത്ര അളവിൽ അതാതിടങ്ങളിൽ തന്നെ ഉൽപാദിപ്പിച്ചെടുക്കാനുള്ള സഹായങ്ങൾ നൽകുക.

17. പശ്ചിമഘട്ടപ്രദേശങ്ങളിലെ രണ്ട്‌ കന്നുകാലികളെങ്കിലുമുള്ള കുടുംബങ്ങൾക്ക്‌ ജൈവവാതകപ്ലാന്റ്‌ സ്ഥാപിക്കുവാനുള്ള സൗകര്യങ്ങൾ നൽകേണ്ടതാണ്‌. കൂടാതെ, ഗ്രാമീണതലത്തിൽ തന്നെ പൊതുവായ ആവശ്യങ്ങൾക്ക്‌ ബൃഹത്തായ രീതിയിൽ ജൈവവാതക പ്ലാന്റ്‌ സ്ഥാപിച്ച്‌ നടപ്പാക്കാവുന്നതാണ്‌.

18. തോട്ട തുടങ്ങിയ സ്‌ഫോടകവസ്‌തുക്കൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കുക.

19. ചെറുകിട ഭൂവുടമകളുടെയും, വനഅവകാശനിയമപ്രകാരം അംഗീകരിക്കപ്പെട്ട പരമ്പരാഗത ഭൂവുടമകളുടെയും അവകാശങ്ങൾ അംഗീകരിക്കുക.

20. വനനിയമം അതിന്റെ ശരിയായ അർത്ഥത്തിൽ നടപ്പിൽ വരുത്തുക.

21. യൂക്കാലിപ്‌റ്റ്‌സ്‌ പോലെയുള്ള ഏകവിളകൃഷിയെ ഒഴിവാക്കി നമ്മുടെ തനത്‌ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്നത്‌ പ്രോത്സാഹിപ്പിക്കുക.

22. ഔഷധസസ്യങ്ങളുടെ ശേഖരണം കർശനമായ നിയന്ത്രണങ്ങ ളോടെ മാത്രം ചെയ്യുക.

23. ZONE 1ലും 2ലും പെടുന്ന മേഖലകളിൽ ഖനനത്തിനുവേണ്ടി പുതിയ ലൈസൻസുകൾ ഒന്നുംതന്നെ നൽകാൻ പാടില്ല. നില വിലുള്ള ഖനനം 2016 ഓടെ ഘട്ടംഘട്ടമായി അവസാനിപ്പിക്കേണ്ട താണ്‌. ZONE 3നെ സംബന്ധിച്ചിടത്തോളം സമതലപ്രദേശങ്ങളിൽ ദുർലഭമായ ധാതുക്കൾ കർശനമായ നിയന്ത്രണോപാധികളോടെയും ജനകീയമേൽനോട്ടത്തോടുകൂടിയും നടത്താവുന്നതാണ്‌. ഗോത്ര വർഗ്ഗക്കാരുടെ മുൻകൂട്ടിയുള്ള അനുവാദം ഇതിനായി വാങ്ങിയിരി ക്കണം. തന്നെയുമല്ല, ഇത്തരം പ്രക്രിയകൾ ഗോത്രവർഗ്ഗക്കാരുടെയും മറ്റ്‌ ജനവിഭാഗങ്ങളുടെയും അവകാശങ്ങൾ അംഗീകരിച്ചുകൊണ്ടു മായിരിക്കണം.

24. അനുവാദമില്ലാത്ത ഖനനപ്രക്രിയകൾ മൂന്ന്‌ മേഖലകളിലും ഉടനടി നിർത്തിവയ്‌ക്കേണ്ടതാണ്‌.

25. അതീവ അപകടകാരികളായ ചുവപ്പ്‌, ഓറഞ്ച്‌ വിഭാഗത്തിൽപ്പെട്ട മാലിന്യങ്ങൾ പുറന്തള്ളുന്ന യാതൊരുവിധ പുതിയ വ്യവസായങ്ങളും ZONE1ലും 2ലും അനുവദനീയമല്ല. ഇപ്പോൾ നിലവിലുള്ള വ്യവസായങ്ങൾ തന്നെ 2016-ാമാണ്ടോടെ മാലിന്യവിമുക്തവിഭാഗത്തി ലേക്ക്‌ മാറ്റിയിരിക്കണം. തന്നെയുമല്ല, ഇപ്പോഴുള്ള വ്യവസായങ്ങൾ കർശനമായ നിയന്ത്രണങ്ങൾക്കും ജനകീയമേൽനോട്ടത്തിനും വിധേയമായിവേണം പ്രവർത്തിക്കാൻ.

26. ഊർജ്ജ ഉൽപാദനത്തിന്‌ കൊടുക്കേണ്ടിവരുന്ന പാരിസ്ഥിതി കവും സാമൂഹികവുമായ വില എന്തെന്ന്‌ ഉപഭോക്താക്കളെ ബോധവൽക്കരിക്കുക, ആഡംബര ആവശ്യങ്ങൾ കുറക്കേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തുക.

27. വൈദ്യുതിയുടെ ഉൽപാദനം, വിതരണം എന്നിവ വികേന്ദ്രീകരിക്കുന്നതോടൊപ്പം സൗരോർജ്ജ ഉപയോഗം വിപുലമാക്കുകയും ചെയ്യണം.

28. സമഗ്ര പാരിസ്ഥിതിക ആഘാതപഠനം നടത്തിയതിനു ശേഷം മാത്രം നദീജല പദ്ധതികൾ നടപ്പിലാക്കുക. ZONE 1ൽ പരമാവധി മൂന്ന്‌ മീറ്റർ ഉയരം മാത്രമുള്ള ചെറുകിട ഡാമുകൾ നിർമ്മിക്കാവുന്നതാണ്‌. ZONE 2ൽ ആകട്ടെ 10 മുതൽ 25 മെഗാവാട്ട്‌ വരെ ശേഷിയുള്ള പുതിയ ജലവൈദ്യുതപദ്ധതികൾക്ക്‌ പരമാവധി 10 മീറ്റർ ഉയരം വരെയാകാം. എന്നാൽ ZONE 3ൽ പാരിസ്ഥിതികആഘാതപഠനത്തിന്‌ വിധേയമായി വലിയ അണക്കെട്ടുകൾ അനുവദനീയമാണ്‌.

29. പുതിയ താപനിലയങ്ങളോ കാറ്റിൽ നിന്ന്‌ വൈദ്യുതി ഉൽപാദിപ്പിക്കുന്ന വൻകിടപദ്ധതികളോ ZONE 1ൽ അനുവദനീയമല്ല. എല്ലാ സോണിലെയും താപനിലയങ്ങൾ പരിസ്ഥിതി വിനാശകാരികളാവുന്നില്ലായെന്നും ഉറപ്പു വരുത്തേണ്ടതുണ്ട്‌. ZONE 3ൽ പുതിയ താപ നിലയങ്ങൾ അനുവദനീയമാണെങ്കിൽപോലും ഇവ തികച്ചും മാലിന്യവിമുക്തപ്രവർത്തനരീതിയോടു കൂടിയവ ആയിരിക്കണം.

30. പ്രതീക്ഷിത ആയുർദൈർഘ്യം പൂർത്തിയായി കഴിഞ്ഞവയും പ്രവർത്തനക്ഷമത കുറഞ്ഞവയും, നിർദ്ദിഷ്ടഅളവിലേറെ എക്കലും ചെളിയും അടിഞ്ഞുകൂടിയതുമായ അണക്കെട്ടുകളുടെ പ്രവർത്തനം നിർത്തിവയ്‌ക്കണം.

31. ZONE 1, 2 മേഖലകളിൽ ഒഴിവാക്കാനാവാത്ത തരത്തിൽ അത്യാവശ്യമുള്ള സ്ഥലങ്ങളിലൊഴികെ മറ്റ്‌ സ്ഥലങ്ങളിൽ പുതിയ റെയിൽവെ ലൈനുകളോ മറ്റ്‌ വലിയ റോഡുകളോ അനുവദിക്കാൻ പാടുള്ളതല്ല. ഇതുതന്നെ പാരിസ്ഥിതിക ആഘാതപഠനങ്ങൾക്ക്‌ ശേഷവും, കർശന നിയന്ത്രണമാനദണ്ഡങ്ങളനുസരിച്ചും ജനകീയമേൽനോട്ട ത്തിനുകീഴിലും ആയിരിക്കണം. എന്നാൽ സോൺ ZONE 3ൽ കടുത്ത നിയന്ത്രണങ്ങളോടെയും സാമൂഹികമേൽനോട്ടത്തിലും ഇപ്രകാരം റെയിൽവേ ലൈനുകളോ റോഡുകളോ അനുവദിക്കുന്നതിൽ അപാകതയില്ല.

32. പരിസ്ഥിതിക്ക്‌ ഏറ്റവും കുറഞ്ഞ ആഘാതം മാത്രമുണ്ടാക്കുന്ന വിനോദസഞ്ചാരപദ്ധതികളെയാണ്‌ പ്രോത്സാഹിപ്പിക്കേണ്ടത്‌. എന്നാൽ ZONE 2ലും ZONE 3ലും ആകട്ടെ വിനോദസഞ്ചാരമേഖലയുടെ വാഹകശേഷി, ആ പ്രദേശങ്ങളിലെ പൊതുസമൂഹത്തിന്‌ ഉണ്ടാവുന്ന അസൗകര്യങ്ങൾ, പരിസ്ഥിതിക്ക്‌ സംഭവിച്ചേക്കാവുന്ന ആഘാതങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ബൃഹദ്‌പരിപാടിയുടെ അടിസ്ഥാനത്തിൽ കർശന നിയന്ത്രണങ്ങളോടെ വിനോദസഞ്ചാരവികസനം നടപ്പിലാക്കാവുന്നതാണ്‌

33. അണക്കെട്ട്‌ നിർമ്മാണം, ഖനനം, വിനോദസഞ്ചാരവികസനം, പാർപ്പിട സമുച്ചയനിർമ്മാണം തുടങ്ങിയ ഏതൊരു പുതിയ പദ്ധതിയും ഈ പ്രദേശങ്ങളിലെ ജലസ്രോതസ്സുകളിൽ വിശേഷിച്ചും, ആവാസവ്യവസ്ഥയിൽ മൊത്തത്തിലും ഉണ്ടാക്കുന്ന ആഘാതങ്ങൾ സൂക്ഷ്‌മ പഠനത്തിന്‌ വിധേയമാക്കേണ്ടതുണ്ട്‌. ഈ മേഖലയിലെ വാഹക ശേഷിക്ക്‌ അനുസ്യതമായി മാത്രമേ ഇത്തരം പദ്ധതികൾക്ക്‌ അനു മതി നൽകാൻ പാടുള്ളു.

34. പശ്ചിമഘട്ടനിരകൾ ഉള്ള സംസ്ഥാനങ്ങൾക്ക്‌ അവയുടെ സംര ക്ഷണത്തിന്‌ പ്രത്യേക സാമ്പത്തികവിഹിതം നൽകുവാൻ കേന്ദ്ര ഗവൺമെന്റ്‌ തയ്യാറാവണം.

35. അതിരപ്പിള്ളി പദ്ധതി സോൺ ഒന്നിലാണ്‌. അതുകൊണ്ട്‌ അതു നടപ്പാക്കാനാവില്ല.