വേമ്പനാടിനെ വീണ്ടെടുക്കുക

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വേമ്പനാടിനെ വീണ്ടെടുക്കുക
പ്രമാണം:T=Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം പരിസരം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം സെപ്തംബർ, 2013

1970-കളുടെ രണ്ടാം പകുതിയിൽ തണ്ണീർമുക്കം ബണ്ട്‌ നിർമ്മിക്കപ്പെട്ടപ്പോൾ മുതലാണ്‌ വേമ്പനാട്‌ കായൽ പാരിസ്ഥിതികമായി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്‌. ബണ്ടിനോടൊപ്പം വന്ന മറ്റ്‌ നിർമ്മിതികളും വിവിധ രൂപത്തിലുള്ള ചർച്ചകൾക്ക്‌ വഴിതെളിച്ചു. കാലം മാറുകയും കായലിന്‌ ചുറ്റുമുള്ള ജനങ്ങളുടെ ജീവിതശൈലിയും വികസന സ്വപ്‌നങ്ങളും മാറി വന്നതനുസരിച്ച്‌ കായലിന്റെ പരിസ്ഥിതിക ഘടനയിൽ മാറ്റങ്ങൾ വരാൻ തുടങ്ങി. തണ്ണീർ മുക്കത്തിന്‌ തെക്കും വടക്കും വ്യത്യസ്‌ത കാരണങ്ങൾ കൊണ്ടാണെങ്കിലും കായൽ മലിനപ്പെട്ടുകൊണ്ടിരിന്നു. കുട്ടനാട്ടിലെ നെൽകൃഷി പുറന്തള്ളുന്ന രാസവളം - കീടനാശിനി അവശിഷ്‌ടങ്ങളും കൊച്ചി വ്യവസായ മേഖലയിൽ നിന്ന്‌ ഒഴുകിയെത്തുന്ന രാസമാലിന്യങ്ങളും കായലിന്റെ ആരോഗ്യത്തെ തകർത്തുകൊണ്ടിരുന്നു. പമ്പയുടെയും മീനച്ചലാറിന്റെയും മലിനീകരണം തെക്ക്‌ ഭാഗത്തും പെരിയാറിന്റെ മലിനീകരണം വടക്ക്‌ ഭാഗത്തും കായലിന്റെ ഗുണത തകർത്തുകൊണ്ടിരുന്നു. ഒപ്പം കായൽ മേഖലയിലെ ഭൂവിനിയോഗത്തിൽ വന്ന മാറ്റം കൂനിന്മേൽ കുരുവെന്നപോലെ പ്രശ്‌നങ്ങളെ രൂക്ഷമാക്കി. മത്സ്യ സമ്പത്ത്‌ കുറഞ്ഞു. കൃഷി മുരടിച്ചു, ജല പരിസ്ഥിതി അപകടത്തിലായി, കായൽ ആഴത്തിലും പരപ്പിലും കുറഞ്ഞു, ജലഗുണത കുറഞ്ഞു. ഇതെല്ലാം ചേർന്ന്‌ പ്രകൃതിയെ ആശ്രയിച്ച്‌ ഉപജീവനം കഴിക്കുന്ന ജനതയുടെ തൊഴിലിടം നഷ്‌ടമാക്കി. വികസനത്തിന്റെ സ്ഥിതിവിവരക്കണക്കുകളിൽ സംഖ്യകൾ ഉയർന്നുകൊണ്ടിരുന്നപ്പോഴും പരമ്പരാഗത തൊഴിൽ ചെയ്യുന്ന പരിസ്ഥിതിക ജനതയുടെ ജീവിതനിലവാരം തുടർച്ചയായി മോശമായിക്കൊണ്ടിരുന്നു.

മേൽസൂചിക 1970 കളുടെ പകുതി മുതൽ തന്നെ വേമ്പനാടിനെ രക്ഷിക്കാനുള്ള മുറവിളികളും ഇടപെടലുകളും ഉയർന്നുകൊണ്ടിരുന്നു. ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആദ്യപഠന സംഘം ഇക്കാലത്താണ്‌. അതിന്റെ റിപ്പോർട്ട്‌ മാധ്യമങ്ങളും അക്കാദമിക്ക്‌ വിദഗ്‌ദരും വിശദമായി ചർച്ച ചെയ്യുകയും വിശകലനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. അതിന്‌ശേഷം കുട്ടനാട്‌ കേന്ദ്രമാക്കിയും കൊച്ചിക്കായൽ കേന്ദ്രമാക്കിയും വ്യത്യസ്‌ത പഠനങ്‌ഹൾ നടക്കുകയുണ്ടായി. തൊണ്ണൂറുകളുടെ ആദ്യ പകുതിയിൽ കായൽ നികത്തി വിറ്റ്‌ അതിൽ നിന്ന്‌ സാമ്പത്തിക ലാഭമുണ്ടാക്കി. ദ്വീപുകളിലേയ്‌ക്ക്‌ പാലങ്ങൾ നിർമ്മിക്കാനുള്ള നിർദ്ദേശത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയുണ്ടായി. പാലങ്ങൾ നിർമ്മിക്കാന മറ്റ്‌ രീതിയിൽ പണം കണ്ടെത്താമെന്ന നിർദ്ദേശങ്ങളൊന്നും അധികാരികൾ പരിഗണിച്ചില്ല. എന്നാൽപോലും നികത്താൻ തീരുമാനിച്ച കായൽ പരപ്പിന്റെ അളവ്‌ ഗണ്യമായ തോതിൽ കുറയ്‌ക്കാൻ പ്രരി#ോധ സമരത്തിന്‌ കഴിഞ്ഞൂ. ഔദ്യോഗികമായ നിരവധി പഠനങ്ങളും കമ്മീഷനുകളും പീന്നീടും വരികയുണ്ടായി. എന്നാൽ പഠനങ്ങളും നിർദ്ദേശങ്ങളും പുസ്‌തകത്തിൽ തന്നെ ഉറങ്ങുകയും വളർച്ചയുടേയും വികസനത്തിന്റെയും കഥകൾ വേമ്പനാടിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തുകയും ചെയ്‌തു കൊണ്ടിരുന്നു. വേമ്പനാട്‌ ഒരു റാംസർ തടാകമായി പ്രഖ്യാപിക്കപ്പെട്ടു. അതനുസരിച്ച്‌ ഈ കായലിന്‌ ഒരു സംരക്ഷണ പദ്ധതി ഒരുക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ബാദ്ധ്യസ്ഥരാണ്‌. എന്നിട്ടും പക്ഷേ വികസിച്ചു വന്നത്‌ വിനോദ സഞ്ചാര വികസനം മാത്രമാണ്‌. ഏറ്റവും ഒടുവിൽ കുട്ടനാടന്റെ രക്ഷയ്‌ക്ക്‌ എന്ന പേരിൽ ഡോ. എം. എസ്‌ സ്വാമിനാഥൻ അദ്ധ്യക്ഷനായ സമിതിയും അതിന്റെ ശുപാർശകളും വന്നു. അതിലെ ചില നല്ല നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. അതേസമയം അതിന്റെ ആന്തരീക വൈരുദ്ധ്യങ്ങളും ചിലയിടങ്ങളിലുള്ള അശാസ്‌ത്രീയതകളും നടത്തിപ്പിലെ മെല്ലെപ്പോക്കും, അഴിമതിയ്‌ക്ക്‌ സാധ്യതയുള്ള പ്രവർത്തനങ്ങൾ മാത്രം നടപ്പാക്കാനുള്ള ഉദ്യോഗസ്ഥ - ഭരണ - കരാറുകാർ എന്നീ ത്രികക്ഷി സംഖ്യത്തിന്റെ ശ്രമവും കാര്യങ്ങളെ കുടുതൽ കുഴപ്പത്തിലാക്കി.

ആദ്യകാല പഠന റിപ്പോർട്ടുകൾക്കും ഗോശ്രീ പാലം സംബന്ധിച്ച്‌ ഇടപെടലുകൾക്കും ശേഷം വേമ്പനാടിന്റെ പുന:രുജ്ജീവനത്തിന്‌ സമഗ്രമായൊരു കർമ്മപദ്ധതി തയ്യാറാക്കാനുള്ള ശ്രമത്തിലായിരുന്ന പരിഷത്ത്‌. അത്‌ ഒരു ഘട്ടംവരെ എത്തി നിൽക്കുകയാണ്‌. ഇത്തരമൊരു ഘട്ടത്തിൽ കായലിന്റെ ആരോഗ്യത്തെ അതീവ ഗുരുതരമായി ബാധിക്കുന്ന നിരവധി വികസനങ്ങൾ ഇപ്പോഴും പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നു. കായൽ കയ്യേറ്റത്തിന്റെ തീവ്രത കൂടിക്കൊണ്ടിരിക്കുന്നു. ബോൾഗാട്ടിയിൽ തുറമുഖ ആവശ്യത്തിനെന്ന പേരിൽ നികത്തിയ ഭൂമിയിൽ വൻ മുതലാളിക്ക്‌ കൻവൻഷൻ സെന്റർ നിർമ്മിക്കാനുള്ള അനുമതി നീതിപീഠം തന്നെ ഉത്തരവിട്ടിട്ടും അത്‌ നടപ്പാക്കുന്നില്ല. തീരദേശ നിയന്ത്രണ നിയമം ലംഘിച്ച്‌ നിർമ്മിച്ച കെട്ടിടങ്ങളുടെ വിവരങ്ങൾ സൂപ്രീം കോടതി ചോദിച്ചപ്പോൾ അവ ശരിയായി കൊടുക്കരുത്‌ എന്ന്‌ ചില മതപുരോഹിതന്മാരും വിവിധ രാഷ്‌ട്രീയ കക്ഷികളിൽ പെടുന്ന ജനപ്രതിനിധികളും പരസ്യമായി ആവശ്യപ്പെടുന്നത്‌വരെ കാര്യങ്ങളെ ത്തിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ്‌ വേമ്പനാട്‌ കായലിൽ നടന്ന കയ്യേറ്റങ്ങളുടെ സ്വഭാവം പഠിക്കുന്നതും കായലിന്റെ പാരിസ്ഥിതിക പുന:രൂജ്ജീവനം സാധ്യമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി പരിഷത്ത്‌ ഒരു ജനകീയ കമ്മീഷനെ നയോഗിക്കുന്നത്‌. കമ്മീഷൻന്റെ പ്രവർത്തനം വിപുലമായ ജനകീയ വിദ്യാഭ്യാസത്തിന്‌ വഴിതെളിക്കുമെന്ന്‌ പരിഷത്ത്‌ വിചാരിക്കുന്നു. വേമ്പനാടിനെ രക്ഷിക്കുകയെന്നത്‌ ഇനി സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനം കൊണ്ട്‌ മാത്രം കഴിയില്ല. വിപുലമായ ജനപങ്കാളിത്തം അതിന്‌ ആവശ്യമാണ്‌. ഇത്തരത്തിലൊന്ന്‌ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ്‌ പരിഷത്ത്‌ വേമ്പനാട്‌ കമ്മീഷന്റെ പ്രവർത്തനം തുടങ്ങുന്നത്‌. അതിന്റെ ഭാഗമായുള്ള പ്രചരണ പ്രവർത്തനങ്ങൾക്ക്‌ ഈ ലഘുലേഖ സഹായകരമാകുമെന്ന്‌ കരുതുന്നു.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌


വേമ്പനാട്‌ വിധിയും ഭാവിയും

?2011-ലെ തീരദേശ നിയന്ത്രണ വിജ്ഞാപനം വേമ്പനാട്‌ കായലിനെ അതിലോല തീര പ്രദേശം (Critically vulnerable coastal Area-CVCA) ആയിട്ടാണ്‌ നിർണ്ണയിച്ചത്‌. ജലജൈവ വൈവിദ്ധ്യത്തിന്റെയും ദേശാടനപക്ഷികളുടേയും സങ്കേതമായ വേമ്പനാട്‌ അതിപ്രധാനമായ പരിസ്ഥിതി വ്യവസ്ഥയാണ്‌. മത്സ്യത്തിന്റേയും കക്കയുടേയും മറ്റനവധി ജലജീവികളുടേയും ആവാസ വ്യവസ്ഥയും പ്രജനനകേന്ദ്രവുമാണ്‌ വേമ്പനാട്‌. ഈ തണ്ണീർ തടത്തിന്റെ പാരിസ്ഥിതിക സംതുലനാവസ്ഥ, ജലമലിനീകരണവും തത്‌ഫലമായ ജൈവനാശം, കായലിന്റെ തന്നെ നാശം എന്നിവയെല്ലാം കണക്കിലെടുത്താണ്‌ വേമ്പനാടിനെ ദേശീയ കായൽ സംരക്ഷണപരിപാടിയിൽ ( National Lake Conversation Programme- NLCP) ഉൾപ്പെടുത്തിയത്‌.വേമ്പനാടിനെ വീണ്ടെടുക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള പരിപാടികൾക്കായി വേമ്പനാട്‌ പരിസ്ഥിതി പരിപാലന അതോറിറ്റി രൂപീകരിക്കാൻ സംസ്ഥാന സർക്കാരും തീരുമാനിച്ചു. നികത്തൽ മൂലം ആഴത്തിലും പരപ്പിലുമുണ്ടായ ഗണ്യമായ കുറവാണ്‌ ഏറ്റവും വിനാശകരമായത്‌. വേമ്പനാട്ടുകായൽ നേരിടുന്ന ഗുരുതരമായ പരിസ്ഥിതി നാശം സംസ്ഥാനത്തിനും രാജ്യത്തിനാകെയും ആശങ്കയുണ്ടാക്കുന്നതാണ്‌.?

വേമ്പനാട്ട്‌ കായലിലെ തീരദേശ നിയമലംഘനത്തിന്‌ എതിരായ ഒരു ഹൈക്കോടതി വിധിയ്‌ക്കെതിരെ സമർപ്പിക്കപ്പെട്ട പ്രത്യേക അനുമതി ഹർജ്ജിയിൽ വിധി പ്രഖ്യാപിച്ചുകൊണ്ട്‌ ഇന്ത്യയുടെ പരമോന്നത നീതിപീഠം പറഞ്ഞ കാര്യങ്ങളുടെ സാമാന്യ പരിഭാഷയാണ്‌ മുകളിൽ കൊടുത്തത്‌. എത്രമേൽ പരിസ്ഥിതി പ്രാധാന്യമുള്ള ഒരു വ്യവസ്ഥയാണ്‌ വേമ്പനാട്‌ തണ്ണീർതട വ്യവസ്ഥയെന്ന്‌ സുപ്രീംകോടതി ഓർമ്മിപ്പിക്കുന്നു. ചേർത്തല താലൂക്കിലെ പാണാപള്ളി പഞ്ചായത്തിൽപ്പെട്ട വെറ്റില തുരുത്തിൽ തീരദേശ നിയന്ത്രണ നിയമം നഗ്നമായി ലംഘിച്ച്‌ പടുത്തുയർത്തിയ നിർമ്മിതികൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതിവിധിക്കെതിരെയാണ്‌ റിസോർട്ട്‌ ഉടമകളായ വാമിക ഐലന്റ്‌ കമ്പനി സുപ്രീംകോടതിയിൽ ഹർജ്ജിനൽകിയത.്‌ വേമ്പനാടിന്റെ പെരുമയും പ്രാധാന്യവും ചൂണ്ടിക്കാണിക്കുന്നതിനാണ്‌ ഈ പരാമർശങ്ങൾ നടത്തുന്നത്‌ എന്ന്‌ പറഞ്ഞ കോടതി ഏറ്റവും ഉല്‌പാദനക്ഷമമായ പരിസ്ഥിതിവ്യവസ്ഥയാണ്‌ വേമ്പനാട്‌ എന്നും പറഞ്ഞു. ഇത്രയേറെ പ്രാധാന്യമുള്ള ഒരു പരിസ്ഥിതി വ്യവസ്ഥയുടെ ഇന്നത്തെ പരിതാപകരമായ സ്ഥിതിയ്‌ക്ക്‌ എന്താണ്‌ കാരണം? ആരാണ്‌ ഉത്തരവാദികൾ? വെറ്റില തുരുത്തിലെ അനധികൃത നിർമ്മിതികൾ നീക്കം ചെയ്യണമെന്ന കേരളാ ഹൈക്കോടതി വിധിയാണ്‌ സുപ്രീംകോടതി ശരിവെച്ചത്‌. രാജ്യത്തെ പരമോന്നത നീതിപീഠം ശരിവെച്ച വിധിയുടെ അവസാന ഖണ്ഡിക നാമൊന്ന്‌ ഇരുത്തി വായിക്കണം. ആരാണ്‌ ഉത്തരവാദികൾ?

?കോടതി തീർപ്പാക്കുന്ന ഈ കേസ്‌ അധികാരികളുടെ, പ്രത്യേകിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിമുഖതയും ആത്മാർത്ഥമില്ലായ്‌മയും പ്രകടമാക്കുന്ന ഒന്നാണ്‌. തീരപരിപാലനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടിയാണ്‌ വിജ്ഞാപനം (CRZ)പുറപ്പെടുവിച്ചത്‌. പ്രത്യേകിച്ച്‌ മത്സ്യത്തൊഴിലാളികളുടെയും മറ്റ്‌ തദ്ദേശജനവിഭാഗങ്ങളുടെയും സുസ്ഥിര വികസനത്തിനുവേണ്ടി. ഇത്‌ പൂർണ്ണാർത്ഥത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ചുള്ളതാണ്‌. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ സർക്കുലറുകളും അയച്ചു. വിജ്ഞാപനത്തിന്റെ വ്യവസ്ഥകൾ നടപ്പിലാക്കാൻ അധികാരികൾ അധരവ്യായാമം മാത്രമാണ്‌ നടത്തുന്നത്‌. ഈ അക്ഷന്തവ്യമായ വിമുഖതയും തന്മൂലമുള്ള ലംഘനങ്ങളും, ഇന്നത്തെയും നാളത്തെയും തലമുറകളെ ഗുരുതരമായി ബാധിക്കുന്ന പരിസ്ഥിതി തകർച്ചയ്‌ക്ക്‌ തടയിടാൻ ഉണ്ടാക്കിയ ഒരു നിയമത്തെ നോക്കുകുത്തിയാക്കുകയാണ്‌. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെങ്കിലും ജാഗ്രതയോടെ നിയമം അനുസരിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ഇപ്പോഴത്തെ പരിതാപ നിലയിൽ എത്തുമായിരുന്നില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളടക്കം അധികാരികൾ ഈ നിയമത്തിന്റെ ഫലപ്രദമായ വിനിമയത്തിനും വിനിയോഗത്തിനും ഒന്നായി പ്രവർത്തിക്കുമെന്ന്‌ ഞങ്ങൾ ആശിക്കുന്നു.

എന്തുകൊണ്ടാണീ വാചാലമായ വിമുഖത? പ്രത്യേകാനുമതി ഹർജ്ജിയിൽ വാദം കേൾക്കെ സുപ്രീംകോടതി സ്വമേധയാ ഒരു നടപടി സ്വീകരിച്ചു. അധികാരികൾക്ക്‌ ഒരു നോട്ടീസ്‌ അയച്ചു. 2011-ലെ തീരദേശനിയന്ത്രണ വിജ്ഞാപനം വേമ്പനാട്‌ കായലിനെ അതിലോല തീരദേശ (Critivically Vulnerable Coastal Area) മായിട്ടാണ്‌ നിർവ്വചിച്ചിരിക്കുന്നത്‌ എന്ന്‌ പറഞ്ഞ കോടതി വേമ്പനാട്‌ കായലിന്റെ ഇന്നത്തെ പരിതാപകരമായ സ്ഥിതി നോട്ടീസിൽ ചൂണ്ടിക്കാട്ടി. ഈ തണ്ണീർ തടത്തിന്റെ അന്തർദേശീയ പ്രാധാന്യം കണക്കിലെടുത്താണ്‌ വേമ്പനാടിനെ റാംസർ പ്രദേശമായി(Ramsor site) പ്രഖ്യാപിച്ചത്‌. കായൽ കയ്യേറ്റവും നികത്തും തിരിച്ച്‌ പിടിക്കാനും, അനധികൃതമായ നിർമ്മിതികൾ നീക്കം ചെയ്യാനും കർശന നടപടികൾ അനിവാര്യമാണെന്ന്‌ നിരീക്ഷിച്ച സുപ്രീംകോടതി മൂന്ന്‌ കാര്യങ്ങളിൽ ആറ്‌ ആഴ്‌ചയ്‌ക്കകം വിശദീകരണം നൽകാൻ അധികാരികളോട്‌ ആവശ്യപ്പെട്ടു. കായലും അതിലെ തുരുത്തുകളും കായലിന്റെ തുടർച്ചയായി കിടക്കുന്ന കോൾ നിലങ്ങളും ചേർന്ന അതിലോലമായ ഒരു പരിസ്ഥിതി വ്യൂഹമാണ്‌ വേമ്പനാട്‌. ഈ പ്രദേശത്ത്‌ ഒന്നാകെ CRZ (Costal Regulation Zone) വിജ്ഞാപനത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടു. അനധികൃതമായി നികത്തപ്പെട്ട കായൽ തീരം തിരിച്ചുപിടിക്കാനും, മലിനീകരണം തടയാനും എന്ത്‌ നടപടികൾ സ്വീകരിച്ചു എന്നും വിശദീകരിക്കാൻ കോടതി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ, സംസ്ഥാന ചീഫ്‌ സെക്രട്ടറി, തീരദേശ പരിപാലന അതോറിറ്റി, മലിനീകരണ നിയന്ത്രണബോർഡ്‌, ജില്ലാകളക്‌ടർമാർ എന്നിവർക്കാണ്‌ സുപ്രീംകോടതി നോട്ടീസ്‌ അയച്ചത്‌ (നോട്ടീസ്‌ അനുബന്ധത്തിൽ) വേമ്പനാട്ട്‌ കായലിലെ നിക്ഷിപ്‌തമൂലധന താല്‌പര്യങ്ങളുടെ നെഞ്ചിൽ നെരിപ്പോട്‌ ചാർത്തിയ ഒന്നായിരുന്നു ഈ നോട്ടീസ്‌. പാണാവള്ളി പഞ്ചായത്തിലെ തന്നെ നെടിയതുരുത്തിൽ മിനി മുത്തൂറ്റ്‌ ഗ്രൂപ്പിന്‌ മുഖ്യ പങ്കാളിത്തമുള്ള KAPICO കമ്പനി നടത്തിയ അനധികൃത നിർമ്മിതികളും പൊളിച്ച്‌ നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വെറ്റില തുരുത്ത,്‌ നെടിയതുരുത്ത്‌്‌ വിധികൾ തന്നെ മൂലധന താൽപര്യങ്ങൾക്ക്‌ ഞെട്ടലുണ്ടാക്കി. സുപ്രീംകോടതിയുടെ നോട്ടീസ്‌ കൂടിയായതോടെ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന്‌ തോന്നി. അതിന്റെ പ്രതിഫലനമായിരുന്നു മതമേലദ്ധ്യക്ഷന്മാരുടെയും ചില ജനപ്രതിനിധികളുടേയും പേരിൽ മുഖ്യമന്ത്രിക്ക്‌ സമർപ്പിക്കപ്പെട്ട നിവേദനം. സുപ്രീംകോടതി ആവശ്യപ്പെട്ട റിപ്പോർട്ട്‌ നൽകുമ്പോൾ അത്‌ ടൂറിസത്തെ യാതൊരുവിധത്തിലും ബാധിക്കാത്ത തരത്തിൽ വേണം എന്ന്‌ നിവേദനം ഒർമ്മപ്പെടുത്തുന്നു. മറിച്ച്‌ തീരദേശ നിയമലംഘനങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെടുകയാണെങ്കിൽ അത്‌ 50,000 കോടി രൂപയുടെ റിസോർട്ടുകളേയും ഹോട്ടലുകളേയും ബാധിക്കും എന്നും നിവേദനം മുഖ്യമന്ത്രിയെ തെര്യപ്പെടുത്തുന്നുണ്ട്‌ (നിവേദനം അനുബന്ധത്തിൽ) വേമ്പനാടിനെ ഒന്നായി കണ്ട്‌ ഇന്നത്തെ തലമുറയുടെ മാത്രമല്ല നാളത്തെ തലമുറകളുടെയും താൽപര്യം മുൻനിർത്തി കർശനമായി നിയമം നടപ്പിലാക്കണമെന്ന്‌ പറഞ്ഞപ്പോഴുണ്ടായ പ്രതികരണമാണിത്‌. കേരളത്തിലെ മറ്റേതൊരു പരിസ്ഥിതിവ്യൂഹത്തേയുംപോലെ വേമ്പനാടും മൂലധനത്തിന്റെ അതിദ്രൂത ലാഭകൊള്ളയ്‌ക്ക്‌ വേദിയാകുകയാണ്‌. പച്ചയായ പ്രകൃതി കൊള്ളയാണ്‌ ഈ വികസന രീതിയുടെ മുഖമുദ്ര. പ്രകൃതി സമ്പത്തിനെ തന്നെ തൂക്കി വിറ്റ്‌ അതിദ്രൂതം ലാഭം നേടുന്ന രീതി. ഈ ലാഭവഴികളെ ചുറ്റിപ്പറ്റി ഉയർന്നു വരുന്ന സാംസ്‌ക്കാരിക രൂപങ്ങളുമുണ്ട്‌. കേരളത്തിൽ സ്വാധീനം സിദ്ധിച്ച ഒരു ചെറു വിഭാഗത്തിന്‌ ഈ വികസന വഴിയും അത്‌ നൽകുന്ന സാംസ്‌ക്കാരിക രൂപങ്ങളും എല്ലാം പഥ്യമാണ്‌. ഈ പ്രാകൃതമായ വിഭവ കൊള്ളയും, ലാഭകൊള്ളയും ക്രമേണ നാടിനെ വാസയോഗ്യമല്ലാത്ത ഇടമാക്കി മാറ്റുകയാകും ചെയ്യുക. അതിന്റെ ദുരന്തങ്ങൾ ആദ്യം ആഴത്തിൽ അനുഭവിക്കുക പ്രാന്തവല്‌ക്കരിക്കപ്പെട്ട (Marginalsed) ജനവിഭാഗമായിരിക്കും. അക്ഷരമായും ആരോഗ്യമായും കേരളം നേടിയ നന്മകളിൽ അർഹമായത്‌ ലഭിക്കാതെ പോയവരിൽ പ്രമുഖ വിഭാഗമാണ്‌ മത്സ്യത്തൊഴിലാളികൾ. അവരുടെ തൊഴിലിടങ്ങളിലേയ്‌ക്കും, കുടിയിടങ്ങളിലേയ്‌ക്കുമാണ്‌ മൂലധനത്തിന്റെ കയ്യേറ്റം. വളന്തക്കാടായും, ബോൾഗാട്ടിയായും, ആകാശനഗരമായും (Sky city) മെത്രാൻകായൽ പദ്ധതിയായും, ക്രിക്കറ്റ്‌ സ്റ്റേഡിയമായും എല്ലാം മൂലധനം കയ്യേറ്റം നടത്തും. ആദ്യം തന്നെ അത്‌ ദുരന്തമായി ഭവിക്കുക പാരിസ്ഥിതിക ജനവിഭാഗങ്ങൾക്കായിരിക്കും. കയ്യേറ്റങ്ങൾ സാമൂഹ്യ ദുരിതങ്ങളും, പിന്നെ ദുരന്തവുമായി പരിണമിക്കുമ്പോൾ, കയ്യേറ്റക്കാർ മൂലധനത്തിന്‌ സുരക്ഷിത താവളം തേടി പലായനം ചെയ്‌തിട്ടുണ്ടാകും. കാട്ടിൽനിന്നും കായലിലേക്ക്‌ ഇപ്പോൾ നടക്കുന്ന മൂലധന സഞ്ചാരംപോലെ. ഈ മൂലധന താൽപര്യമാണ്‌ അധികാരികളുടെ വിമുഖതയ്‌ക്ക്‌ കാരണം എന്ന്‌ നാം തിരിച്ചറിയേണ്ടതുണ്ട്‌.


വേമ്പനാട്‌ - പൊതു ചിത്രം

വേമ്പനാട്‌ കായലും,കായലിലേയ്‌ക്ക്‌ ഒഴുകിയെത്തുന്ന നദികളുടെ ഡെൽറ്റാ പ്രദേശവും (കുട്ടനാട്‌) വടക്ക്‌ ഭാഗത്തെ കോൾനിലങ്ങളും ചേർന്നതാണ്‌ വേമ്പനാട്‌ തണ്ണീർതടം (Vembanadu Wetland). തെക്ക്‌ ആലപ്പുഴ മുതൽ വടക്ക്‌ അഴീക്കോട്‌ വരെ 96.5 കി.മീറ്ററാണ്‌ വേമ്പനാട്‌ കായലിന്റെ ദൈർഘ്യം. 500 മീറ്റർ മുതൽ 4 കി.മീ വരെ വീതിയുള്ള ഭാഗങ്ങൾ വേമ്പനാടിനുണ്ട്‌. 1 മീറ്റർ മുതൽ 12 മീറ്റർ വരെയാണ്‌ വിവിധ ഭാഗങ്ങളിലെ കായലിന്റെ ആഴം. പമ്പ, മണിമല, അച്ചൻകോവിൽ മീനച്ചിൽ, മൂവാറ്റുപുഴ എന്നീ നദികൾ പൂർണ്ണമായും വേമ്പനാട്‌ കായലിലാണ്‌ പതിക്കുന്നത്‌. പശ്ചിമഘട്ടത്തിൽ നിന്നും ഉത്ഭവിച്ച്‌ ഇടനാടും കടന്ന്‌ കുട്ടനാട്ടിലെത്തുന്ന (Deltaic region) നദികൾ ശാഖകളായി പിരിയുകയും വേമ്പനാട്‌ കായലിലെത്തുകയും ചെയ്യുന്നു. വേമ്പനാട്ടിലെത്തുന്ന വെള്ളം പ്രധാനമായും കൊച്ചി അഴിമുഖം വഴി അറബിക്കടലിലേയ്‌ക്ക്‌ ഒഴുകുകയാണ്‌ ചെയ്യുന്നത്‌. ഈ നദികളിലൂടെ 13353 ദശലക്ഷം ഘനമീറ്റർ ജലമാണ്‌ പ്രതിവർഷം ഒഴുകിയെത്തുന്നത്‌. വേമ്പനാട്ടിലേയ്‌ക്ക്‌ ഒഴുകിയെത്തുന്ന നദികളുടെ നീരൊഴുക്ക്‌ പ്രദേശം (Drinage area) 4957 ച.കി.മീറ്ററാണ്‌.

box വേമ്പനാട്ടിൽ പതിക്കുന്ന പ്രധാന നദികൾ

നീരൊഴുക്ക്‌ മൺസൂൺ Base flow വാർഷിക നദി പ്രദേശം (km2) നീരൊഴുക്ക്‌ (Mm3) നീരൊഴുക്ക്‌ (Mm3) (Mm3) അച്ചൻകോവിൽ 796 1108 57 1165 പമ്പ 1644 3645 339 3984 മണിമല 706 1591 81 1672 മീനച്ചിൽ 603 1587 91 1678 മൂവാറ്റുപുഴ 1208 4002 852 4854 ആകെ 4957 11933 1420 13353

വേമ്പനാട്ടിൽ ഒഴുകിയെത്തുന്ന ജലത്തിന്റെ അളവാണ്‌ കായലിന്റെ ഓരു നിലയെയും സമീപപ്രദേശങ്ങളിലെ ജല ലഭ്യതയെയും എല്ലാം നിർണ്ണയിക്കുന്നത്‌. സിംഹഭാഗം വെള്ളവും മൺസൂൺ കാലത്താണ്‌ ഒഴുകിയെത്തുന്നത്‌. ഈ അധിക ജലത്തിന്റെ സ്വാഭാവിക സംഭരണികൂടിയാണ്‌ വേമ്പനാട്‌. കായലിന്റെ വിസ്‌തൃതി കുറഞ്ഞാൽ പ്രളയജലം കൃഷിയിടങ്ങളിലേയ്‌ക്കും ജനവാസ പ്രദേശങ്ങളിലേയ്‌ക്കും കടന്നു കയറും. കായൽ പരപ്പിന്റെ വിസ്‌തൃതി വളരെ പ്രധാനമാണെന്ന്‌ അർത്ഥം.

നീരൊഴുക്ക്‌ കുറയുന്ന കാലത്ത്‌ അഴിമുഖത്ത്‌ നിന്നും മുകളിലേയ്‌ക്ക്‌ കായലിലേയ്‌ക്കും അതുവഴി നദികളിലേക്കും ഓര്‌ കയറും. കായൽ വിസ്‌തൃതി എത്ര കുറയുന്നുവോ അത്രയും മുകളിലോട്ട്‌ കൂടുതലായി ഓര്‌ കയറും. വെള്ളപ്പൊക്കത്തിലും ഓര്‌ കയറ്റത്തിലും വേമ്പനാട്‌ നിർവ്വഹിക്കുന്ന നിയന്ത്രണങ്ങളും പാരിസ്ഥിതിക ധർമ്മങ്ങളും ഈ പ്രദേശത്തെയാകെ ജനജീവിതത്തെ ഗണ്യമായി സ്വാധീനിക്കുന്നതാണെന്ന്‌ കാണണം.

വേമ്പനാടിന്റെ ജൈവവൈവിദ്ധ്യം

വേമ്പനാട്‌ ജൈവവൈവിദ്ധ്യ കലവറയാണ്‌. 102 മത്സ്യ ഇനങ്ങളാണ്‌ വേമ്പനാട്ടിൽ കണ്ടെത്തിയിട്ടുള്ളത്‌. മൺസൂണിലും വേനലിലും ഓര്‌ നിലയിലുണ്ടാകുന്ന വ്യതിയാനം മൂലം വേമ്പനാടിന്റെ മത്സ്യവൈവിദ്ധ്യം ഗണ്യമാണ്‌. വേലിയേറ്റത്തിൽ അറബിക്കടലിൽ നിന്നും കായലിലേക്ക്‌ കയറി വരുന്ന ലക്ഷക്കണക്കിന്‌ ജീവജാലങ്ങളുടെ തീറ്റപ്പാടവും നഴ്‌സറിയുമാണ്‌ വേമ്പനാട്‌. രാജ്യത്തെ കടൽ മത്സ്യസമ്പത്തിന്റെ 20 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത്‌ 10 ശതമാനം മാത്രം വിസ്‌തൃതിയുള്ള നമ്മുടെ കടൽ തീരമാണ്‌. ഈ ഉയർന്ന ഉല്‌പാദന ക്ഷമതയ്‌ക്ക്‌ അടിസ്ഥാനം കായലിന്റെ ജൈവ സമ്പന്നതയാണ്‌. മത്സ്യത്തിന്റെ പ്രജനനത്തിനും വളർച്ചയ്‌ക്കും കായലൊരുക്കുന്ന കരുതലാണ്‌ നമ്മുടെ കടൽതീരത്തിന്റെ സമ്പന്നതയ്‌ക്ക്‌ ആധാരമായ ഒരു സംഗതി. പ്രളയകാലത്ത്‌ കായലിലുണ്ടാകുന്ന ജല സമ്മർദ്ദത്തെ തുടർന്ന്‌ തീരദേശ മണൽപ്പരപ്പിലൂടെ ഊർന്ന്‌ കടലിലേയ്‌ക്ക്‌ എത്തുന്ന വെള്ളം തീരത്തുണ്ടാക്കുന്ന മാറ്റങ്ങളാണ്‌ ചാകരയ്‌ക്ക്‌ ആധാരം എന്നു കരുതുന്ന പണ്ഡിതന്മാരുണ്ട്‌. 14 ഇനം കണ്ടലുകളും (Mangroves) 30 ഇനം കണ്ടൽ അനുബന്ധ സസ്യ(Mangrove Associate)ങ്ങളും വേമ്പനാട്ടിലുണ്ട്‌. മത്സ്യപ്രജനനത്തിന്‌ താവളമൊരുക്കുന്നതിന്‌ കണ്ടൽ വഹിക്കുന്ന പങ്ക്‌ പ്രധാനമാണ്‌. 189 ഇനം പക്ഷികളെയാണ്‌ വേമ്പനാട്ടിൽകണ്ടെത്തിയിട്ടുള്ളത്‌. ഇവയിൽ 50 ഇനങ്ങൾ ദേശാടനപക്ഷികളാണ്‌. നീർകാക്കകളുടെ മൂന്നാമത്തെ വലിയ താവളമാണ്‌ വേമ്പനാട്‌. സൂക്ഷ്‌മജീവികളുടെയും കീടങ്ങളുടേയും വൈവിദ്ധ്യവും എടുത്ത്‌ പറയാവുന്നത്‌ തന്നെ.

box vembanadu - biodiversity Group No of Species Fauna Phyto Planktons 67 Herbs, Shrubs 142 Trees 68 Fauna Zooplanktons 32 Fishes 102 Insects 26 Birds 189

വേമ്പനാടും നെൽകൃഷിയും

വേമ്പനാട്‌ - കോൾ തണ്ണീർ തടത്തിന്റെ ആകെ വിസ്‌തൃതി 151250 ഹെക്‌ടറാണ്‌. പശ്ചിമഘട്ടത്തിൽ നിന്നും ഉത്ഭവിക്കുന്ന പത്ത്‌ നദികളാണ്‌ ഈ തടത്തിലാകെയായി എത്തിച്ചേരുന്നത്‌. (വേമ്പനാട്‌ കായലിൽ പതിക്കുന്നത്‌ 5 നദികളാണെന്ന്‌ നേരത്തെ സൂചിപ്പിച്ചു) ഇതിൽ തൃശൂർ, മലപ്പുറം ജില്ലകളിലായി കിടക്കുന്ന 13632 ഹെക്‌ടറാണ്‌ കോൾ പാടങ്ങൾ. സമുദ്രനിരപ്പിൽ നിന്നും 0.5 മുതൽ 1 മീറ്റർ വരെ താഴെ കിടക്കുന്ന നെൽപ്പാടങ്ങളാണിത്‌. തൃശൂർ ജില്ലയിലെ കോൾ പാടങ്ങളെ തൃശൂർകോൾ എന്നും മലപ്പുറം ജില്ലയിലെ കോൾപാടങ്ങൾ പൊന്നാനി കോൾ എന്നുമാണ്‌ അറിയപ്പെടുന്നത്‌.

1970 കളിൽ 60921 ഹെക്‌ടറിലായിരുന്നു കുട്ടനാട്ടിലെ നെൽകൃഷി. 2003 ആയപ്പോഴേയ്‌ക്കും ഇത്‌ 37624 ഹെക്‌ടറായി ചുരുങ്ങി. വേനൽകാലത്തെ ഓരുകയറ്റം തടഞ്ഞ്‌ നെൽകൃഷി സുഗമമാക്കുന്നതിനാണ്‌ തണ്ണീർമുക്കം ബണ്ട്‌ (Salt Water Barrier) നിർമ്മിച്ചത്‌. 1955 ൽ നിർമ്മാണം ആരംഭിച്ച ബണ്ട്‌ 1974 ൽ ഭാഗികമായി പൂർത്തിയാക്കി കമ്മീഷൻ ചെയ്‌തു. വേമ്പനാട്‌ കായലിലെ ഏറ്റവും പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കിയ വികസന ഇടപെടലായിരുന്നു തണ്ണീർമുക്കം ബണ്ട്‌. ബണ്ട്‌ പക്ഷെ നെൽകൃഷിയിൽ യാതൊരു വർദ്ധനയും വരുത്തിയില്ല. കേരളത്തിന്റെ നെല്ലുല്‌പാദനത്തിൽ കുട്ടനാടിന്റെ പങ്ക്‌ 1970 വരെ 37% ആയിരുന്നത്‌ 2003 ആയപ്പോഴേക്കും 18% ആയി കുറഞ്ഞു. ഇതിനാകെ കാരണം തണ്ണീർമുക്കം ബണ്ടാണെന്ന്‌ പറയാൻ കഴിയില്ല.. എന്നാൽ നെൽകൃഷി വർദ്ധനയ്‌ക്ക്‌ തണ്ണീർമുക്കം ബണ്ട്‌ ഒറ്റമൂലയായിരുന്നില്ല എന്ന്‌ വ്യക്തം. തണ്ണീർമുക്കം ബണ്ട്‌ കായൽ പരിസ്ഥിതിയ്‌ക്ക്‌ അപരിഹാര്യമായ നാശം വരുത്തി വെച്ചുഎന്ന്‌ ഇന്ന്‌ ഏവരും അംഗീകരിക്കുന്നു.


വേമ്പനാടും മത്സ്യമേഖലയും

2011 ലെ കനേഷുമാരി കണക്ക്‌ പ്രകാരം കേരളത്തിലെ മത്സ്യതൊഴിലാളികളുടെ എണ്ണം 10.02 ലക്ഷമാണ്‌. ഇതിൽ 2.31 ലക്ഷം ഉൾനാടൻ മേഖലയിലെ മത്സ്യത്തൊഴിലാളികളാണ്‌. കായൽ പരിസ്ഥിതി ഉൾനാടൻ മത്സ്യ സമ്പത്തിനെ മാത്രമല്ല സ്വാധീനിക്കുന്നത്‌. ഏറ്റവും ഉല്‌പാദനക്ഷമമായ തീരമായി കൊല്ലം ബാങ്കിനെ (Quilon Bank) നിലനിർത്താൻ കായൽ വഹിക്കുന്ന പങ്ക്‌ ശാസ്‌ത്രീയമായി സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്‌. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മത്സ്യത്തൊഴിലാളി ജനസംഖ്യയുള്ള രണ്ട്‌ ജില്ലകൾ ആലപ്പുഴ, എറണാകുളം എന്നീ വേമ്പനാടൻ ജില്ലകളാണ്‌. യഥാക്രമം 1.68 ലക്ഷവും 1.33 ലക്ഷവും (1.65 ലക്ഷം മത്സ്യതൊഴിലാളി ജനസംഖ്യയുള്ള തിരുവനന്തപുരമാണ്‌ രണ്ടാം സ്ഥാനത്ത്‌) വേമ്പനാട്‌ കായലിലെ വികസന പ്രവർത്തനങ്ങൾ മത്സ്യസമ്പത്തിനെ ഗണ്യമായി ബാധിച്ചിരിക്കുന്നു. വേമ്പനാട്‌ കായലിന്റെയും അതിലെ കണ്ടൽ കാടുകളുടേയും എല്ലാം നാശം വേലിയേറ്റ സമയത്ത്‌ കായലിലേയ്‌ക്കെത്തുന്ന മത്സ്യ ഇനങ്ങളുടെ പ്രജനനത്തേയും തീറ്റപ്പാടത്തേയുമാണ്‌ ഇല്ലാതാക്കുന്നത്‌. ഇത്‌ സമുദ്ര മത്സ്യ സമ്പത്തിനെ ഗണ്യമായി ബാധിച്ചിരിക്കുന്നു.

കായൽ മത്സ്യസമ്പത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്‌. 1975 ൽ വേമ്പനാട്ടിലെ പ്രതിവർഷ മത്സ്യ ഉല്‌പാദനം 16000 ടൺ ആയിരുന്നു. 1990 ആയപ്പോഴേക്കും ഇത്‌ 720 ടൺ ആയി കുറഞ്ഞു. 2001 ൽ ഇത്‌ 485 ടൺ മാത്രമാണ്‌. ആറ്റു കൊഞ്ചിന്റെ ഉല്‌പാദനം 1967ൽ 429 ടൺ ആയിരുന്നത്‌ 2002 ൽ 27 ടൺ ആയി കുറഞ്ഞു. 1967 ൽ 28600 ടൺ ആയിരുന്നു കക്കയുടെ വാർഷിക ഉല്‌പാദനം. 1990 ആയപ്പോഴേക്കും ഇത്‌ 1/4 ലും താഴെയായി കുറഞ്ഞു.

തണ്ണീർമുക്കം ബണ്ടിന്‌ തെക്ക്‌ മത്സ്യോല്‌പാദനം അമ്പരിപ്പിക്കും വിധം കുറഞ്ഞു. വേമ്പനാട്ടിലെ മത്സ്യ ഉല്‌പാദനത്തിന്റെ 7 ശതമാനവും, ചെമ്മീൻ ഉല്‌പാദനത്തിന്റെ 2 ശതമാനവും മാത്രമാണ്‌ തണ്ണീർമുക്കം ബണ്ടിന്‌ തെക്ക്‌ ഭാഗത്തുള്ള കായലിന്റെ പങ്ക്‌. ബണ്ടിന്‌ വടക്ക്‌ ഭാഗത്തെ അപേക്ഷിച്ച്‌ പത്തിലൊന്ന്‌ മാത്രമാണ്‌ ഉല്‌പാദനക്ഷമത. നികത്തലും മലിനീകരണവും വേമ്പനാടിന്റെ മത്സ്യസമ്പത്തിനെയും ഉല്‌പാദനക്ഷമതയെയും പൊതുവിൽ ദോഷകരമായി ബാധിച്ചിട്ടുണ്ട്‌. തണ്ണീർമുക്കം ബണ്ടിന്‌ തെക്ക്‌ സ്ഥിതി അതീവ ഗുരുതരമാണ്‌ താനും.

വേമ്പനാട്ടിലെ മത്സ്യസമ്പത്തിനെ ആശ്രയിക്കുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളി (Fisher men Population) ജനസംഖ്യ താഴെപട്ടികയിൽ ചേർക്കുന്നു.

box ജില്ല പുരുഷൻ സ്‌ത്രീകൾ കുട്ടികൾ ആകെ ആലപ്പുഴ 24491 23472 12627 60590 എറണാകുളം 23258 22746 16428 62432 കോട്ടയം 9611 9124 5685 24420 ആകെ 57360 55342 34740 147442

വേമ്പനാടും ടൂറിസവും

വേമ്പനാടിന്റെ സൗന്ദര്യവും സ്വച്ഛതയും സഞ്ചാരികളെ ആകർഷിക്കുന്നതിൽ അത്ഭുതമില്ല. ഈ ജൈവവ്യവസ്ഥയുടെ തനത്‌ താളത്തിൽ അതിനെ ആസ്വദിക്കാനെത്തുന്നവർക്ക്‌ ആതിഥ്യമരുളേണ്ടതുമുണ്ട്‌. എന്നാൽ കായൽ ടൂറിസമെന്നത്‌ ഈ പരിസ്ഥിതി വ്യൂഹത്തിന്റെ താളത്തെ തകിടം മറിക്കുന്ന ഇടപെടലായി മാറിയിരിക്കുന്നു. ഇതിന്‌ കാരണം അതിദ്രുത ലാഭമോഹത്തോടെയുള്ള മൂലധനത്തിന്റെ കടന്നു വരവാണ്‌. വേമ്പനാട്ടിലെ മൂലധന നിക്ഷേപത്തിന്റെ പുത്തൻ രൂപമാണ്‌ കായൽ ടൂറിസം.

നിരുത്തരവാദപരമായ കടൽതീര ടൂറിസം വരുത്തി വെച്ച വിനകൾ കേരളം കണ്ടതാണ്‌. സഞ്ചാരികൾ തന്നെ പാരിസ്ഥിതികമായും സാംസ്‌ക്കാരികമായും മലിനപ്പെട്ട കടൽതീരം ഒഴിവാക്കുന്ന നിലവന്നു. കായൽ ടൂറിസത്തിലേയ്‌ക്ക്‌ മൂലധനത്തിന്റെ ശ്രദ്ധ കാര്യമായി തിരിയുന്നത്‌ ഈ ഘട്ടത്തിലാണ്‌. കയ്യേറ്റവും നികത്തലുമായി പിന്നീടിന്നോളം കളം നിറഞ്ഞാടുകയാണ്‌ ഈക്കൂട്ടർ. അതിന്‌ ഒത്താശ ചെയ്യുന്ന ജോലിയാണ്‌ സർക്കാർ ചെയ്യുന്നത്‌. ഉത്തരവാദിത്ത്വവും പരിസ്ഥിതി പരിപാലനവും പ്രാദേശിക ജനവിഭാഗങ്ങളുടെ ശാക്തീകരണവുമെല്ലാം വായ്‌ത്താരികൾ മാത്രമായി മാറി. വേമ്പനാടിന്‌ തെക്ക്‌ CRZ ബാധകമല്ല എന്ന വ്യാഖ്യാനം വന്നതോടെ കയ്യേറ്റം കുറേകൂടി എളുപ്പമായി. കുമരകത്തും ആലപ്പുഴയിലും നടക്കുന്ന കായൽ കയ്യേറ്റങ്ങൾ അമ്പരപ്പിക്കുന്നതാണ്‌. വേമ്പനാട്ട്‌ കായലിനെ ഇളക്കിമറിച്ച്‌ സഞ്ചാരികളുമായി ഒഴുകുന്നത്‌ രണ്ടായിരത്തോളം ഹൗസ്‌ബോട്ടുകളാണ്‌. കോടിയിലധികം രൂപ മുടക്കി നിർമ്മിക്കുന്ന ഹൗസ്‌ബോട്ടുകൾക്ക്‌ സംസ്‌ക്കരണ സംവിധാനമുള്ള കക്കൂസുകൾപോലും നിർബ്ബന്ധമില്ല. അതെല്ലാം കായൽ താങ്ങികൊള്ളണം. തണ്ണീർമുക്കത്തിന്‌ വടക്കുഭാഗവും, വടക്ക്‌ തെക്ക്‌ ഭേദമില്ലാതെ കായൽ കരകളും റിസോർട്ടുകൾ കയ്യടക്കിയിരിക്കുന്നു. റിസോർട്ടുകൾ നിശ്ചിത ദൂരം കായലിൽ വളച്ചു കെട്ടുന്നതും വ്യാപകമാണ്‌. തുറമുഖ ആവശ്യങ്ങൾക്ക്‌ എന്ന്‌ പറഞ്ഞ്‌ ബോൾഗാട്ടിയിൽ കായൽ നികത്തി സ്വകാര്യ ഗ്രൂപ്പിന്‌ കൈമാറിയതും ടൂറിസം അനുബന്ധ നിക്ഷേപത്തിനാണ്‌. ഇവിടെയൊന്നും നിയമം ബാധകമല്ല എന്നു വന്നിരിക്കുന്നു., വേമ്പനാടൻ ടൂറിസം മേഖലയിൽ 5000 പേർ പണിയെടുക്കുന്നുണ്ടെന്നാണ്‌ കണക്ക്‌. ഈ മേഖലകളുടെ ആകെ വാർഷിക വരുമാനം 250 കോടി രൂപയാണത്രേ! വേമ്പനാടൻ ജില്ലകളിലെ, ഉൾനാടൻ മത്സ്യതൊഴിലാളി ജനസംഖ്യയുടെ കണക്ക്‌ മുകളിൽ നൽകിയിട്ടുണ്ട്‌. അതിലും ഏറെയാണല്ലോ വേമ്പനാടൻ ജൈവവ്യവസ്ഥ കടൽ മത്സ്യ സമ്പത്തിന്റെ വർദ്ധനയ്‌ക്ക്‌ നൽകുന്ന സംഭാവന. ഈ വസ്‌തുത അവഗണിച്ച്‌ മൂലധനത്തിന്റെ താൽപര്യങ്ങൾക്ക്‌ ഒരു പരിസ്ഥിതിവ്യൂഹത്തെ അപ്പാടെ കൊള്ളയ്‌ക്ക്‌ വിട്ടുകൊടുക്കുന്നതാണ്‌ വികസനം എന്ന നിലപാടാണ്‌ അധികാരികളുടേത്‌. കായലിൽ വിമാനമിറക്കാൻ സർക്കാർ കാണിച്ച നിർബ്ബന്ധമൊന്ന്‌ മാത്രം മതി ഈ കാര്യം മനസിലാകാൻ. 6 - 8 പേർ യാത്ര ചെയ്യുന്ന ഒരു പഴഞ്ചൻ വിമാനം ടൂറിസം മേഖലയ്‌ക്ക്‌ തന്നെ ഗണ്യമായ ഒരു സംഭാവനയും നൽകില്ല എന്ന്‌ വ്യക്തമായിരുന്നു. എന്നിട്ടും കേരള സർക്കാർ കാണിച്ച നിർബ്ബന്ധ ബുദ്ധി നാം കണ്ടതാണല്ലോ? ഏറ്റവും പ്രാന്തവത്‌ക്കരിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ ജീവിക്കാനുള്ള അവകാശത്തിനുമേലുള്ള മൂലധനത്തിന്റെ കുതിര കയറലായി കായൽ ടൂറിസം ജനവിരുദ്ധവും ദേശവിരുദ്ധവുമായി മാറിയിരിക്കുന്നു.

വേമ്പനാടും കുട്ടനാടും

പശ്ചിമഘട്ടത്തിൽ നിന്നും ഉത്ഭവിച്ച്‌ വേമ്പനാട്ടിലെത്തുന്ന നദികളുടെ പതനസ്ഥാനത്ത്‌ രൂപപ്പെട്ട ഡൽറ്റാ പ്രദേശമാണ്‌ കുട്ടനാട്‌. ഇങ്ങനെ പ്രകൃത്യാ സൃഷ്‌ടിയ്‌ക്കപ്പെട്ട പ്രദേശത്തെ ആദിമ കുട്ടനാടെന്നു പറയാം. പിന്നീട്‌ കൃഷിയ്‌ക്കും മറ്റുമായി വേമ്പനാട്ടിൽ നിന്നും നികത്തിയിരിക്കുന്ന പ്രദേശമാണ്‌ പുതുകുട്ടനാട്‌. നദികളിലൂടെ കുട്ടനാട്ടിലെത്തുന്ന വെള്ളമാണ്‌ കുട്ടനാടിന്റെ താളം നിർണ്ണയിക്കുന്നത്‌. കുട്ടനാട്ടിലെത്തുന്ന വെള്ളത്തിന്റെ 67% ഇടവപ്പാതിക്കാലത്തും (May- August) 12% തുലാവർഷ (October- November) ക്കാലത്തുമാണ്‌. ഇങ്ങനെ കുട്ടനാട്ടിലെത്തുന്ന വെള്ളം വേമ്പനാട്‌ കായലിലേയ്‌ക്ക്‌ ഒഴുകിമാറുകയാണ്‌ ചെയ്യുന്നത്‌. അറബിക്കടലിനും വേമ്പനാടിനും ഇടയിൽ പലസ്ഥലത്തും അഴികളും പൊഴികളുമുണ്ട്‌. എന്നാലും പ്രധാനമായും കൊച്ചി അഴിമുഖം വഴിയാണ്‌ വെള്ളം കടലിലേയ്‌ക്ക്‌ പോകുന്നത്‌. ഇടവപ്പാതിയ്‌ക്ക്‌ ഒഴുകിയെത്തുന്ന വെള്ളം വേമ്പനാടിന്‌ സ്വാഭാവികമായി വഹിക്കാവുന്നതിനേക്കാൾ ഏറെയാണ്‌. 300 ദശലക്ഷം ഘനമീറ്റർ ജലമാണ്‌ ഇങ്ങനെ അധികമായി എത്തുന്നത്‌. ഇതാണ്‌ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്‌ കാരണം. ഈ അധിക ജലം പാടങ്ങളിലും മറ്റും പരന്നൊഴുകാൻ അനുവദിക്കണം. അല്ലെങ്കിൽ ജനവാസപ്രദേശങ്ങളിലേയ്‌ക്ക്‌ വെള്ളം കയറും. കുട്ടനാടൻ പാടങ്ങളിൽ നല്ലൊരു പങ്ക്‌ പ്രളയകാലത്ത്‌ തരിശാക്കി ഇടണമെന്ന്‌ പറയുന്നത്‌ ഇതിനാലാണ്‌. വെള്ളപ്പൊക്കം കൊണ്ടുവരുന്ന എക്കൽ അടിഞ്ഞാണ്‌ ഈ പാടങ്ങൾ ഫലഭൂയിഷ്‌ഠമായിരുന്നത്‌. കുട്ടനാട്ടിലേയ്‌ക്കെത്തുന്ന നദികൾ ശാഖോപശാഖകളായി പിരിഞ്ഞ്‌ സിരാപടലംപോലെ കുട്ടനാട്ടിലെമ്പാടും പടർന്ന്‌ വേമ്പനാട്ടിലെത്തുകയാണ്‌ ചെയ്യുന്നത്‌. കനാലുകളും, പാടങ്ങളും കായലും എല്ലാം ചേർന്നതാണ്‌ കുട്ടനാടിന്റെ ജലപരപ്പ്‌ (Water Spread). തടസമില്ലാതെ തുടർച്ചയുള്ള കായലും കനാലുമാണ്‌ കുട്ടനാടിന്റെ നിലനിൽപ്പിന്‌ തന്നെ ആധാരം. വേമ്പനാടിന്റെ നാശം കുട്ടനാടിനെ കൃഷി യോഗ്യമല്ലാത്ത വാസയോഗ്യമല്ലാത്ത നാടാക്കി മാറ്റുമെന്ന്‌ സാരം.

വേമ്പനാട്ടിലുടെയുള്ള ഓരുവെള്ളക്കയറ്റത്തിനും കുട്ടനാടിന്റെ നിലനിൽപ്പിൽ നിർണ്ണായക സ്വാധീനമുണ്ട്‌. നദികളിൽ നിന്നുമുള്ള വെള്ളമൊഴുക്ക്‌ കുറയുന്നതോടെ അഴിമുഖത്തുനിന്ന്‌ മുകളിലേയ്‌ക്ക്‌ ഓര്‌ കയറും. ഈ ഓര്‌ കയറ്റത്തിന്‌ വലിയ പരിസ്ഥിതി ധർമ്മമുണ്ടായിരുന്നു. ഓര്‌ കയറ്റം തടഞ്ഞ്‌ കൃഷി വിസ്‌തീർണ്ണം വർദ്ധിപ്പിക്കാനാണ്‌ 1974 ൽ തണ്ണീർമുക്കം ബണ്ട്‌ കമ്മീഷൻ ചെയ്‌തത്‌. തണ്ണീർമുക്കം ബണ്ട്‌ നിലവിൽ വന്നതിനുശേഷം നെൽകൃഷിയിലുണ്ടായമാറ്റം നേരത്തെ സൂചിപ്പിച്ചുവല്ലോ? നെൽകൃഷി വിസ്‌തീർണ്ണം വർദ്ധിച്ചില്ല. ബണ്ടിന്‌ തെക്ക്‌ മത്സ്യസമ്പത്ത്‌, കക്കപൊടിപ്പ്‌ ഗണ്യമായി കുറയുകയും ചെയ്‌തു. ഓര്‌ കയറ്റം കുട്ടനാടിന്റെ പ്രകൃത്യായുള്ള കള, കീട നിയന്ത്രണ സംവിധാനമായിരുന്നു. ഓര്‌ കയറാതെ, കളകളും, കീടങ്ങളും പെരുകി, രോഗവാഹികളായ ഓവ്‌ ചാലുകളായി കുട്ടനാടൻ ജലാശയങ്ങൾ മാറിയിരിക്കുന്നു. വേമ്പനാട്‌ കായലിന്റെ സ്വാഭാവികതയ്‌ക്ക്‌ മേൽ ചെയ്‌ത തിരുത്താനാകാത്ത ഈ തെറ്റ്‌ കുട്ടനാട്ടിൽ ദുരിതങ്ങൾ തീർത്തുകൊണ്ടിരിക്കുകയാണ്‌. വേമ്പനാടില്ലെങ്കിൽ കുട്ടനാടില്ല എന്നത്‌ നാം മനസിലാക്കണം.

വേമ്പനാടും കൊച്ചിയും

തണ്ണീർമുക്കം ബണ്ടിന്‌ നിർദ്ദേശം ഉയർന്നുവന്നപ്പോൾ തന്നെ കൊച്ചി തുറമുഖ അധികാരികൾ എതിർപ്പ്‌ ഉയർത്തിയിരുന്നു. ബണ്ട്‌ അടച്ചിട്ടാൽ അഴിമുഖത്തേയ്‌ക്കുള്ള ഒഴുക്ക്‌ കുറയുകയും തത്‌ഫലമായി മണൽ അടിഞ്ഞ്‌ തുറമുഖം അടയാൻ സാദ്ധ്യതയുണ്ടെന്നതുമായിരുന്നു എതിർപ്പിന്‌ കാരണം. തുടർന്ന്‌ കേന്ദ്രസർക്കാർ തണ്ണീർമുക്കം ബണ്ടിന്‌ അനുമതി നിഷേധിച്ചു. നിരന്തര സമ്മർദ്ദത്തെ തുടർന്ന്‌ കേന്ദ്ര ജലവിഭവ സെക്രട്ടറിയായിരുന്ന കെ.എൽ.റാവുവിനെ പദ്ധതിയെക്കുറിച്ച്‌ പഠിക്കാനായി നിയോഗിച്ചു. കെ.എൽ.റാവുവിന്റെ റിപ്പോർട്ട്‌ അനുസരിച്ച്‌ സോപാധികമായി ബണ്ടിന്‌ അനുമതി നൽകുകയായിരുന്നു. ഡിസംബർ 15 മുതൽ മാർച്ച്‌ 15 വരെ മാത്രമേ ബണ്ട്‌ അടച്ചിടാവൂ, 5 കൊല്ലം കഴിഞ്ഞ്‌ ബണ്ടിന്റെ പ്രവർത്തനം അവലോകനം ചെയ്യണം എന്നീ ഉപാധികൾ മുന്നോട്ട്‌ വച്ചിരുന്നു. വേമ്പനാട്ട്‌ കായലിൽനിന്നും കൊച്ചി അഴിമുഖം വഴി കടലിലേയ്‌ക്കുള്ള ഒഴുക്ക്‌ കുറയുന്നത്‌ തുറമുഖത്തെ ദോഷകരമായി ബാധിക്കും എന്നതിനാൽ തോട്ടപ്പള്ളി സ്‌പിൽവേയുടെ ശേഷി വർദ്ധിപ്പിക്കരുത്‌ എന്നും കെ.എൽ.റാവൂ നിബന്ധനവെച്ചു. കൊച്ചിയുടെ ഇന്നത്തെ വളർച്ചയ്‌ക്ക്‌ ആധാരം കൊച്ചി തുറമുഖമാണ്‌ എന്നത്‌ അവിതർക്കിതമാണ്‌. കൊച്ചി തുറമുഖത്തിന്റെ സുഗമമായ നിലനിൽപ്പിന്‌ വേമ്പനാട്‌ നിർവ്വഹിക്കുന്ന ധർമ്മം കായൽ നികത്തി നാടു വികസിപ്പിക്കാൻ ഇറങ്ങുന്നവർ കാണണം. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ പ്രധാന സാമ്പത്തിക പ്രശ്‌നം വർദ്ധിക്കുന്ന ഡ്രഡ്‌ജിംഗ്‌ ചെലവുകളാണ്‌. തുറമുഖ ട്രസ്റ്റിനുണ്ടാകുന്ന കനത്ത നഷ്‌ടത്തിന്‌ ഇതൊരു പ്രധാന കാരണവുമാണ്‌. ഇങ്ങനെയുണ്ടാകുന്ന നഷ്‌ടം കായൽ നികത്തിയെടുത്ത ഭൂമി വിറ്റ്‌ വീടാനാണ്‌ തുറമുഖട്രസ്റ്റ്‌ ശ്രമിക്കുന്നത്‌ എന്നത്‌ വിചിത്രം തന്നെ. തുറമുഖാവശ്യങ്ങൾക്ക്‌ തീരദേശ പരിപാലന നിയമം നല്‌കുന്ന ഇളവുകൾ ഉപയോഗിച്ച്‌ 27 ഏക്കർ ഭൂമി നികത്തി പ്രവാസി വ്യവസായിക്ക്‌ ചുളുവിലയ്‌ക്ക്‌ ഹോട്ടലുകെട്ടാൻ പാട്ടത്തിന്‌ നൽകിയ ബോൾഗാട്ടി കായൽ ഭൂമിയുടെ കഥയും ഇതുതന്നെ.

വാനംമുട്ടെ വളർച്ചയും വികസനവും കൈവരിച്ച എറണാകുളത്ത്‌ 2011 ലെ സെൻസസ്‌ കണക്കുകൾ പ്രകാരം മത്സ്യത്തൊഴിലാളി ജനസംഖ്യ 133387 ആണ്‌. ഇതിൽ 70955 പേർ കടൽ മത്സ്യമേഖലയിലും 62432 പേർ ഉടനാടൻ മേഖലയിലുമാണ്‌. ഉൾനാടൻ മത്സ്യബന്ധത്തിന്റെ കാര്യത്തിൽ മാത്രമല്ല കായൽ സ്വാധീനം ചെലുത്തുന്നത്‌. പലയിനം തീരകടൽ മത്സ്യങ്ങളുടേയും പ്രജനന ഘട്ടത്തിൽ കായൽ നിർണ്ണായക സ്വാധീനമാണ്‌. ലവണാംശം കുറഞ്ഞ കായൽ നിരവധിയിനം മത്സ്യകുഞ്ഞുങ്ങളുടെ നഴ്‌സറിയാണ്‌. കായൽ നികത്തി കൊച്ചിയുടെ വികസനം നേടാൻ തുനിയുന്നവർ അറിയണം. ഈ മത്സ്യത്തൊഴിലാളി ജനതയുടെ ജീവിതോപാധി തകർത്താണ്‌ നാം വികസിച്ചു മുന്നേറുന്നത്‌.

വേമ്പനാട്ടിലെ വികസന ഇടപെടലുകൾ

നെൽകൃഷിയ്‌ക്കുവേണ്ടിയുള്ള കായൽ നികത്തലാണ്‌ വേമ്പനാട്ട്‌ കായലിലെ ആദ്യത്തെ പ്രധാന വികസന ഇടപെടൽ. പശ്ചിമഘട്ടത്തിൽനിന്നും വേമ്പനാട്ടിലേയ്‌ക്ക്‌ എത്തുന്ന നദികൾ ഒഴുക്കികൊണ്ടുവന്ന എക്കലും മണലും അടിഞ്ഞ്‌ പ്രകൃത്യാ സൃഷ്‌ടിക്കപ്പെട്ടതാണ്‌ ആദിമ കുട്ടനാട്‌. 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ വേമ്പനാടിന്റെ ഭാഗങ്ങൾ നെൽകൃഷിക്കായി നികത്തി തുടങ്ങിയിരുന്നു. ഇങ്ങനെ നെൽകൃഷിയ്‌ക്കായി കായൽ നികത്തിയെടുത്ത പ്രദേശങ്ങളാണ്‌ പുതുകുട്ടനാട്‌. തുടക്കത്തിൽ സാഹസികരായ കൃഷിക്കാർ സ്വമേധയാ കായൽ നികത്തുകയായിരുന്നു എങ്കിൽ 1880 ആയപ്പോഴേയ്‌ക്കും സർക്കാർ പ്രോത്സാഹനത്തിൽ കായൽ നികത്തൽ ആരംഭിച്ചു. കുറഞ്ഞ പലിശയ്‌ക്ക്‌ വായ്‌പയും കരമൊഴിവുമൊക്കെയായി കായൽ നികത്തലിന്‌ സർക്കാർ പ്രോത്സാഹനം നൽകി. കൊച്ചി തുറമുഖത്ത്‌ മണൽ അടിഞ്ഞ്‌ തുറമുഖം അടയും എന്ന കാരണത്താൽ 1903 ൽ തിരുവിതാംകൂർ സർക്കാർ കായൽ നികത്ത്‌ നിരോധിച്ചു. 1912 ലാണ്‌ നിരോധനം നീക്കിയത്‌. ഇതോടെ കായൽ നികത്ത്‌ വീണ്ടും സജീവമായി.

കൊച്ചി നഗരവികസനത്തിനും തുറമുഖ ആവശ്യങ്ങൾക്കുമായി വേമ്പനാടിന്റെ ഭാഗമായ കൊച്ചികായലിൽ നടത്തിയ നികത്തലാണ്‌ മറ്റൊരു പ്രധാന ഇടപെടൽ. വികസന ആവശ്യങ്ങൾക്കായുള്ള ഭൂമിയ്‌ക്കുവേണ്ടി കായൽ നികത്തിയെടുക്കുക എന്ന നിലവിട്ട്‌ വികസനം നടപ്പിലാക്കാനുള്ള പണം കണ്ടെത്താൻ കായൽ നികത്തി വിൽക്കുക എന്ന നിലയിലേക്കാണ്‌ കാര്യങ്ങൾ ഇപ്പോൾ എത്തിയിട്ടുള്ളത്‌. വൈപ്പിൻ, മുളവുകാട്‌, വല്ലാർപാടം ദ്വീപുകളുടെ വികസനത്തിനായി നടപ്പിലാക്കി ഗോശ്രീ പദ്ധതിയാണ്‌ കായൽ നികത്തി വിറ്റ്‌ പണം ഉണ്ടാക്കി വികസനം നടത്താം എന്ന സമീപനത്തിന്‌ ആക്കം കൂട്ടിയത്‌. ദ്വീപുകളെ എറണാകുളവുമായി ബന്ധിപ്പിക്കുന്ന പാലങ്ങൾക്കുവേണ്ടിയുള്ള ജനങ്ങളുടെ ദീർഘകാല അഭിലാഷത്തെ മുതലെടുത്താണ്‌ 905 ഏക്കർ കായൽ നികത്താൻ പദ്ധതിയിട്ടത്‌. ഭൂമി വിറ്റ്‌ കിട്ടുന്ന പണം ഉപയോഗിച്ച്‌ 800 കോടി രൂപ (1995) യുടെ വികസനം നടത്താൻ ഗോശ്രീ വികസന അതോറിറ്റി രൂപീകരിക്കുകയും ചെയ്‌തു. വലിയ പ്രക്ഷോഭങ്ങളെ തുടർന്ന്‌ കായൽനികത്ത്‌ 61.75 ഏക്കറാക്കി പരിമിതപ്പെടുത്താൻ കഴിഞ്ഞു. നികത്ത്‌ ഭൂമിയിൽ പാലങ്ങൾക്കും അനുബന്ധ റോഡുകൾക്കും മറ്റും ആവശ്യം വന്ന ഭൂമി കഴിച്ച്‌ 51 ഏക്കർ വിറ്റ്‌ 350 കോടി രൂപ ഗോശ്രീ വികസന അതോറിറ്റിക്ക്‌ കൈമാറി. അവർ ഈ പണം ഉപയോഗിച്ചാണ്‌ ഇപ്പോൾ പ്രവർത്തിക്കുന്നത്‌. ഈ വികസനമൊക്കെ നടത്തി കഴിഞ്ഞും കുടിവെള്ളത്തിനായി രാവും പകലും ലോറികൾക്ക്‌ മുന്നിൽ ക്യൂ നിൽക്കുകയാണ്‌ ദ്വീപ്‌ നിവാസികൾ !!

വേമ്പനാട്‌ കായൽ നികത്ത്‌ വിശദാംശങ്ങൾ

box നികത്ത്‌ കാലം വിസ്‌തൃതി ആവശ്യം (ഹെക്‌ടർ) 18341-903 2226.72 കൃഷി 1912-1931 5253.15 കൃഷി 1941- 1950 1325.00 കൃഷി 1970 വരെ 5100.00 കൃഷി, ചെമ്മീൻ കൃഷി 1970-1984 800.00 കൃഷി 1900-1984 1500.00 വീട്‌, വ്യവസായം, തുടങ്ങിയവയ്‌ക്ക്‌ 1920-1936 364.37 കൊച്ചിതുറമുഖ വികസനം, വെല്ലിംഗ്‌ടൺദ്വീപ്‌ വികസനം 1978 10.78 ഫിഷിങ്‌ ഹാർബർ 1981-1985 141.70 കൊച്ചി സമഗ്രവികസന പദ്ധതി വല്ലാർപാടം, കായൽ തുറമുഖത്ത്‌ വികസനം 1981-1985 141.00 വെല്ലിംങ്‌ടൺ ദ്വീപിന്റെ തെക്ക്‌ ഭാഗത്തെ വികസനം 1981-1985 23.91 ഫോർഷോർ നഗരവികസന പദ്ധതി 1981-1985 1.73 കൊച്ചിൻ ഷിപ്പ്‌യാർഡ്‌, നോർത്ത്‌ ടാങ്കർ ബർത്ത്‌ എന്നിവയ്‌ക്ക്‌ 1994 25 ഗോശ്രീ

ഇതിന്റെയൊക്കെ ഫലമായി വേമ്പനാടിന്റെ വിസ്‌തൃതി 1912 ലെ 315 ച.കി.മീറ്ററിൽ നിന്നും 1980 കളിൽ 179 ച.കി.മീറ്ററായി ചുരുങ്ങി. ഏഴുപതിറ്റാണ്ട്‌ കൊണ്ട്‌ വിസ്‌തൃതിയിൽ 43 ശതമാനമാണ്‌ കുറവുണ്ടായത്‌. വേമ്പനാടിന്റെ ജലവാഹകശേഷി 78% കുറഞ്ഞിരിക്കുന്നു. 8-9 മീറ്ററായിരുന്ന ശരാശരി ആഴം 3- 3.35 മീറ്ററായി കുറഞ്ഞിരിക്കുന്നു. പശ്ചിമഘട്ട മലനിരകളിലെ വനനാശം മൂലം ഇടിയുന്ന മണ്ണ്‌ നദികളിലൂടെ ഒഴുകി വേമ്പനാട്ടിലെത്തുന്നത്‌ ആഴം കുറയുന്നതിന്‌ ഒരുപ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്‌.

തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്‌പിൽവേയുമാണ്‌ മറ്റ്‌ രണ്ട്‌ പ്രധാന വികസന ഇടപെടലുകൾ, ഓര്‌ കയറ്റം തടഞ്ഞ്‌ നെൽകൃഷി വർദ്ധിപ്പിക്കുന്നതിനായി നിർമ്മിച്ച തണ്ണീർമുക്കം ബണ്ടിന്റെ കഥ നാം നേരത്തെ കണ്ടു. ബണ്ടിന്‌ തെക്ക്‌ വേമ്പനാട്‌ കായലിനെ പാരിസ്ഥിതികമായി കായലല്ലാതാക്കി മാറ്റിയ ഇടപെടലായിരുന്നു തണ്ണീർമുക്കം. 6900 ഹെക്‌ടർ പ്രദേശത്തിനാണ്‌ ഇങ്ങനെ കായൽ സ്വഭാവം നഷ്‌ടപ്പെട്ടത്‌. ഓര്‌ കയറ്റം നിലച്ചത്തോടെ കുട്ടനാട്ടിലെ നെൽകൃഷി തോന്നിയപ്പോലെയായി. വിതയും കൊയ്‌ത്തും വ്യവസ്ഥയില്ലാതെ നീണ്ടതോടെ ബണ്ട്‌ അടച്ചിടുന്നതിന്റെ ദൈർഘ്യം കൂടി. 1982-1983 ൽ 142 ദിവസം, 83-84 ൽ 178 ദിവസം, 85-86 ൽ 165 ദിവസം 1986-87 ൽ 181 ദിവസം. ഏതാണ്ട്‌ 6 മാസക്കാലം ബണ്ട്‌ അടച്ചിടുന്ന നിലയായി. ബണ്ടിന്‌ തെക്ക്‌ കായൽ തടാകമായി മാറി. ഓര്‌ കയറാത്ത തോടുകളിലും ജലാശയങ്ങളിലും കളകളും രോഗവാഹികളായ കീടങ്ങളും പെരുകി. കുടുതൽ കീടനാശിനി, കൂടുതൽ കളനാശിനി - ജലമലിനീകരണം രൂക്ഷമായി. ജല ജന്യരോഗങ്ങളും. മത്സ്യവും കക്കയും നശിച്ച കാര്യം നേരത്തെ പറഞ്ഞു. തണ്ണീർമുക്കം ബണ്ടിന്റെ പരിണിതഫലമാണിതെല്ലാം.

തോട്ടപ്പള്ളിയുടെ സ്ഥിതിയും വ്യത്യസ്‌തമായിരുന്നില്ല. പ്രളയകാലത്തെ ജലം കുറുക്കുവഴിയിലൂടെ അറബിക്കടലിലേയ്‌ക്ക്‌ ഒഴുക്കി മാറ്റാനാണ്‌ തോട്ടപ്പള്ളി സ്‌പിൽവേ നിർമ്മിച്ചത്‌. ഇതിനെ ശേഷി കൂട്ടുന്നതിനെപ്പറ്റിയാണ്‌ ഇപ്പോഴത്തെ ചർച്ച.

വേമ്പനാട്‌ തണ്ണീർതടത്തിന്‌ ചുറ്റുമായി വളർന്ന്‌ വന്ന വ്യവസായങ്ങൾ നദികളിലേയ്‌ക്കും കായലുകളിലേയും തള്ളുന്ന മാലിന്യം ഗുരുതരമായ ജലമലിനീകരണത്തിന്‌ കാരണമായിരിക്കുന്നു. 1 ലക്ഷം ലീറ്റർ മലിനജലമാണ്‌ പ്രതിദിനം കൊച്ചി കായലിലേയ്‌ക്ക്‌ തള്ളുന്നത്‌. വേമ്പനാട്ട്‌ കായലിലെ ഘനലോഹ മനിലീകരണത്തെ സംബന്ധിച്ചും പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്‌. കോപ്പർ, മെർക്കുറി, ലെഡ്‌ എന്നിവയുടെയെല്ലാം അപകടകരമായ സാന്നിദ്ധ്യം വേമ്പനാട്ടിൽ കണ്ടെത്തിയിട്ടുണ്ട്‌. കുട്ടനാട്ടിലെ നെൽപ്പാടങ്ങളിൽ മാത്രം പ്രതിവർഷം 20000 ടൺ രാസവളങ്ങളാണത്രേ ഉപയോഗിക്കുന്നത്‌. പുഞ്ചകൃഷിയ്‌ക്ക്‌ 370 ടൺ കീടനാശിനിയും രണ്ടാം കൃഷിയ്‌ക്ക്‌ 130 ടൺ കീടനാശിനിയുമാണ്‌ കുട്ടനാട്ടിൽ ഉപയോഗിക്കുന്നത്‌. ഇതിന്റെയെല്ലാം അവശിഷ്‌ടം വേമ്പനാട്ടിലേയ്‌ക്ക്‌ തള്ളപ്പെടുകയാണ്‌. ജൈവബന്ധമറ്റ കാർഷിക രീതികൾ കായലിനെ അതിരറ്റ്‌ മലിനീകരിക്കുകയാണ.്‌ വേമ്പനാട്ടിലെ കോളിഫോം ബാക്‌ടീരിയയുടെ അളവ്‌ 100 മി.ലിറ്ററിന്‌ 31000 വരുമത്രേ! ഈ വെള്ളം കുടിച്ചും അതിൽ കുളിച്ചുമാണ്‌ ഒരു ജനത ജീവിക്കുന്നത്‌.

ടൂറിസമാണ്‌ വേമ്പനാട്‌ കായൽ വ്യവസ്ഥയിൽ ഇന്ന്‌ ഗണ്യമായ ആഘാതങ്ങൾ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന ഇടപെടൽ. വേമ്പനാട്ടിലെ ടൂറിസത്തിന്റെ സ്വഭാവം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്‌. മൂലധനത്തിന്റെ ഇംഗിതങ്ങൾക്കനുസരിച്ച്‌ ഒരു പരിസ്ഥിതി വ്യൂഹത്തെ കൈകാര്യം ചെയ്യാൻ ആർക്കും മടിയേതുമില്ല. നിയമങ്ങൾപോലും ഇതിനെ ബാധിക്കാറില്ല. തീരദേശ പരിപാലന നിയമത്തിന്റെ ദുര്യോഗത്തെകുറിച്ച്‌ നമ്മുടെ പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടിയത്‌ ഈ പശ്ചാത്തലത്തിൽ വേണം മനസിലാക്കാൻ. മൂലധനത്തിന്റെ ശക്തിയ്‌ക്ക്‌ മീതേ ഒന്നും പറക്കില്ല എന്ന്‌ വന്നിരിക്കുന്നു.


വെറ്റില തുരുത്ത്‌, നെടിയ തുരുത്ത്‌ വിധികൾ

ചേർത്തല താലൂക്കിലെ പാണാവള്ളി പഞ്ചായത്തിൽപ്പെട്ട രണ്ട്‌ വേമ്പനാടൻ കായൽ തുരുത്തുകളാണ്‌ വെറ്റില തുരുത്തും നെടിയ തുരുത്തും. ഈ രണ്ടു തുരുത്തുകളിലും രണ്ടു കമ്പനികൾ ടൂറിസം റിസോർട്ടുകൾ നിർമ്മിച്ചു. ഇവയുടെ നിയമ ലംഘനം ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട 7 ഹർജികളിലാണ്‌ 2013 ജൂലൈ 25 -ന്‌ വിധിയുണ്ടായത്‌. ഇതിൽ 5 ഹർജികൾ നെടിയ തുരുത്തുമായി ബന്ധപ്പെട്ടതും 2 എണ്ണം വൈറ്റില തുരുത്തുമായി ബന്ധപ്പെട്ടവയുമായിരുന്നു. ഈ രണ്ട്‌ തുരുത്തുകളും തണ്ണീർമുക്കം ബണ്ടിന്‌ വടക്ക്‌ സ്ഥിതിചെയ്യുന്നവയാണ്‌. 1991 -ലെ തീരദേശ പരിപാലന നിയമ പ്രകാരം തയ്യാറാക്കിയ കോസ്റ്റൽ സോൺ മാനേജ്‌മെന്റ്‌ പ്ലാൻ CZMP അനുസരിച്ച്‌ CRZ ബാധകമായ പ്രദേശമായിരുന്നു ഈ രണ്ട്‌ തുരുത്തുകളും. തണ്ണീർമുക്കം ബണ്ടിന്‌ തെക്ക്‌ ഓരു കയറ്റവും വേലിയേറ്റ വേലിയിറക്ക സ്വാധീനവും (Tidal Influence) ഇല്ല എന്ന കാരണത്താൽ CZMP -ൽ ഉൾപ്പെടുത്തിയിരുന്നില്ല. 1991 -ലെ CRZ നിയമത്തിന്‌ പിന്നീട്‌ പല ഭേദഗതികളും കൊണ്ടുവന്നു. 2011 -ൽ പുതിയൊരു തീരദേശ പരിപാലന നിയമം തന്നെ വിജ്ഞാപനം ചെയ്‌തു. ഈ തീരദേശ നിയമങ്ങളുടെ സാങ്കേതിക വിശദാംശങ്ങൾ ഇവിടെ പരിശോധിക്കുന്നില്ല. വേമ്പനാട്‌ ക്യാംപെയ്‌നിന്റെ ഭാഗമായി CRZ നിയമത്തെക്കുറിച്ചു സമഗ്രമായി പ്രതിപാദിക്കുന്ന മറ്റൊരു രേഖ പുറത്തിറക്കുന്നതാണ്‌.

1991 -ലെ വിജ്ഞാപനത്തിന്‌ 2002 -ൽ കൊണ്ടുവന്ന ഭേദഗതിയിലാണ്‌ ?ഓരുപരിശോധന?(SaIinity test) എന്ന ഒരു വ്യവസ്ഥ കൊണ്ടുവന്നത്‌. ജലാശയത്തിന്റെ ഓരുനില അടിസ്ഥാനപ്പെടുത്തിയാണ്‌ പ്രസ്‌തുത പ്രദേശം CRZ -ൽ പെടുമോ എന്ന്‌ നിർണ്ണയിക്കുക. ഓരുനില 5ppt -യോ അതിനു മുകളിലോ ഉള്ള ജലാശയങ്ങൾക്കാണ്‌ CRZ ബാധകമാകുക എന്നതായി വ്യവസ്ഥ. ഓരുകയറ്റം തടയുന്നതിനാണല്ലോ തണ്ണീർമുക്കം ബണ്ട്‌ കൊണ്ടുവന്നത്‌. അതിനാൽ തണ്ണീർമുക്കത്തിന്‌ തെക്ക്‌ വേമ്പനാട്‌ കായൽ കോസ്റ്റൽ സോൺ മാനേജ്‌മെന്റ്‌ പ്ലാനിൽ ഉൾപ്പെടുത്തിയില്ല. വാസ്‌തവത്തിൽ 1991 -ലെ CRZ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ CESS 1995 -ൽ തന്നെ മാനേജ്‌മെന്റ്‌ പ്ലാൻ ഉണ്ടാക്കിയിരുന്നു. അന്ന്‌ SaIinity test എന്ന വ്യവസ്ഥ വിജ്ഞാപനത്തിൽ ഉണ്ടായിരുന്നില്ല. CESS അന്നേ ഇതിന്റെ അടിസ്ഥാനത്തിലാണ്‌ CZMP തയ്യാറാക്കിയത്‌. അതിനുശേഷം 2002-ൽ ഓരു പരിശോധന (Salinity test) വിജ്ഞാപനത്തിൽ ഭേദഗതിയായി വന്നത്‌. ഇതിനാലാണ്‌ തണ്ണീർമുക്കത്തിന്‌ തെക്ക്‌ ഭാഗം CRZ -ൽ ഉൾപ്പെടുന്നില്ല എന്ന സ്ഥിതിവന്നത്‌.

ഇപ്പോൾ പ്രതിപാദിക്കുന്ന രണ്ടു തുരുത്തുകളും നേരത്തേ തന്നെ CRZ ബാധകമായ പ്രദേശങ്ങളാണ്‌. ഹൈക്കോടതിയിൽ വന്ന കേസുകളിൽ ഭൂമി കൈയ്യേറ്റവും, CRZ ലംഘനവുമാണ്‌ പരിശോധിക്കപ്പെട്ടത്‌. നെടിയ തുരുത്തിൽ KAPICO റിസോർട്ട്‌സ്‌ എന്ന കമ്പനിയും വൈറ്റില തുരുത്തിൽ Vamika Island Resorts എന്ന കമ്പനിയുമാണ്‌ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്‌.

ഭൂമി കൈയ്യേറ്റം സംബന്ധിച്ച ആക്ഷേപങ്ങളിൽ ഹൈക്കോടതി തീർപ്പു കൽപ്പിച്ചില്ല. കേരളാ ലാൻഡ്‌ കൺസർവൻസി റൂൾ പ്രകാരം നിയമ നടപടികൾ തുടരാൻ നിർദ്ദേശിക്കുകയാണ്‌ ഹൈക്കോടതി ചെയ്‌തത്‌. എന്നാൽ ഈ രണ്ടു കമ്പനികളും തീരദേശ പരിപാലന നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാണ്‌ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്‌ എന്ന്‌ കോടതി കണ്ടെത്തി. തീരദേശ പരിപാലന നിയമത്തിന്റെ ലംഘനം നടത്തി സൃഷ്‌ടിക്കുന്ന നിർമ്മിതികൾ, ചെയ്യുന്ന കയ്യേറ്റങ്ങൾ ക്രമീകരിക്കാൻ (Regularise) ചെയ്യാൻ നിയമത്തിൽ വ്യവസ്ഥയില്ല എന്ന്‌ കോടതി പ്രസ്‌താവിച്ചിട്ടുണ്ട്‌. കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ വീഴ്‌ച വരുത്തിയാൽ ഫൈൻ ഈടാക്കിയും മറ്റും ക്രമീകരിക്കാൻ വ്യവസ്ഥയുണ്ട്‌. എന്നാൽ തീരദേശ പരിപാലന നിയമം ലംഘിച്ച്‌ സൃഷ്‌ടിക്കുന്ന എടുപ്പുകളും, നികത്തുകളും നീക്കം ചെയ്യുക മാത്രമേ നിയമ പ്രകാരം കരണീയമായിട്ടുള്ളൂ എന്നാണ്‌ കേരള ഹൈക്കോടി നിരീക്ഷിച്ചത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ നെടിയതുരുത്ത്‌, വൈറ്റില തുരുത്ത്‌ ദ്വീപുകളിലെ നിയമ വിരുദ്ധ നിർമ്മിതികൾ പൊളിച്ചു നീക്കാൻ കോടതി ഉത്തരവായത്‌. തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിർമ്മിതികളും മറ്റും നടത്തുന്നവർക്ക്‌ കർശന താക്കിതാണ്‌ ഈ വിധി.

ഈ വിധിയ്‌ക്കെതിരെ വൈറ്റില തുരുത്തിലെ വാമിക ഗ്രൂപ്പ്‌ സുപ്രീം കോടതിയിൽ പ്രത്യേകാനുമതി ഹർജി നൽകി. ഈ ഹർജിയിൽ സുപ്രീംകോടതി വേമ്പനാടു സംബന്ധിച്ചു നിർണ്ണായമായ നിരീക്ഷണങ്ങളും നിഗമനങ്ങളും നടത്തുന്നുണ്ട്‌. വേമ്പനാടുകായലും അതിനോടു ചേർന്നു കിടക്കുന്ന കോൾ നിലങ്ങളും ചേരുന്ന വേമ്പനാട്‌ - കോൾ തണ്ണീർതടം (vembanadu- kol wet land system) 2011 -ലെ തീരദേശ പരിപാലന വിജ്ഞാപനം (Costal Regulation Zone Notification 2011) പ്രകാരം ഒരു പ്രത്യേക വിഭാഗത്തിലാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്‌.

അതീവ ലോല തീരദേശമായിട്ടാണ്‌ 2011 -ലെ തീരദേശ നിയമം വേമ്പനാടിനെ നിർവ്വചിച്ചിരിക്കുന്നത്‌. അസാധാരണമാം വിധം അനന്തമായ ഒരു ജൈവ വൈവിദ്ധ്യത്തിന്റെ കലവറയാണ്‌ വേമ്പനാട്‌. വേമ്പനാടിന്‌ നിർണ്ണായകമായ പാരിസ്ഥിതിക പ്രാധാന്യമുണ്ട്‌. അതിനാലാണ്‌ വേമ്പനാട്‌-കോൾ തണ്ണീർതടത്തെ അന്തർദേശീയ പ്രാധാന്യമുള്ള തണ്ണീർതടമായി (Wet land of international importance) പ്രഖ്യാപിച്ചിരിക്കുന്നത്‌. തണ്ണീർതടങ്ങൾ ഏറ്റവും ഉല്‌പാദനക്ഷമമായ പരിസ്ഥിതി വ്യൂഹമാണ്‌. ഈ പരിസ്ഥിതിവ്യൂഹങ്ങളുടെ വിവേകപൂർണ്ണമായ വിനിയോഗത്തിനുവേണ്ടിയാണ്‌ (wise use of wet land) റാംസർ കൺവെൻഷൻ രൂപപ്പെട്ടത്‌. റാംസർ കൺവെൻഷനിൽ ഇന്ത്യ പങ്കാളിയാണ്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ നമ്മുടെ രാജ്യത്തെ സുപ്രധാന തണ്ണീർ തടങ്ങളെ റാംസർ പ്രദേശങ്ങളായി പ്രഖ്യാപിച്ചത്‌. വേമ്പനാട്‌ ഇപ്രകാരം പ്രഖ്യാപിക്കപ്പെട്ട ഒരു റാംസർ പ്രദേശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ സുപ്രധാന നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി സ്വമേധയാ ഒരു നടപടി സ്വീകരിച്ചു. കേന്ദ്രസർക്കാരിനും, സംസ്ഥാന ചീഫ്‌ സെക്രട്ടറിയ്‌ക്കും, മലിനീകരണ നിയന്ത്രണ ബോർഡിനും, തീരദേശ പരിപാലന അതോറിറ്റിയ്‌ക്കും ജില്ലാ കളക്‌ടർമാർക്കും കോടതി നോട്ടീസ്‌ അയച്ചു. മൂന്നു കാര്യങ്ങളിൽ വിശദീകരണം നല്‌കാനാണ്‌ രാജ്യത്തെ പരമോന്നത നീതിപീഠം ആവശ്യപ്പെട്ടത്‌.

1) വേമ്പനാട്ടിലൊന്നാകെ തീരദേശ പരിപാലന നിയമം നടപ്പിലാക്കുന്നതിന്‌ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദീകരിക്കുക.

2) കായൽ കയ്യേറ്റങ്ങളും നികത്തുകളും തിരിച്ചുപിടിക്കുന്നതിന്‌ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുക.

3) വേമ്പനാട്ടിലെ മലിനീകരണം ഒഴിവാക്കുന്നതിന്‌ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുക.

ഈ നോട്ടീസ്‌ വേമ്പനാട്ടിൽ കടന്നുകയറ്റം നടത്തുന്ന മൂലധന ശക്തികളെ ഞെട്ടിച്ചിട്ടുണ്ട്‌. മതമേലദ്ധ്യക്ഷൻമാരെയും ഒരു വിഭാഗം ജനപ്രതിനിധികളേയും കൂട്ടുപിടിച്ച്‌ സുപ്രീംകോടതി ആവശ്യപ്പെട്ട റിപ്പോർട്ട്‌ അട്ടിമറിക്കാൻ ഇക്കൂട്ടർ നടത്തിയ നീക്കം ഇത്‌ വ്യക്തമാക്കുന്നതാണ്‌. തീരദേശപരിപാലന നിയമം തീരത്തേയും തീരദേശനിവാസികളേയും സംരക്ഷിക്കാൻ വേണ്ടി രൂപപ്പെടുത്തിയ നിയമമാണ്‌. അതിദ്രുത ലാഭം ലക്ഷ്യമാക്കുന്ന മൂലധന ശക്തികൾക്ക്‌ തീരദേശവും മറ്റെന്തുമെന്നപോലെ വില്‌കാനുള്ളതാണ്‌. തീരദേശത്തിന്റേയും, തീരദേശവാസികളുടേയും നിലനില്‌പും ജീവിതവും ഒന്നും ഇവർക്ക്‌ പ്രശ്‌നമേയല്ല. കേരള ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടേയും വിധികൾ തീരദേശ സംരക്ഷണത്തിലെ രജതരേഖയാണെന്നത്‌ നിശ്ചയമാണ്‌.


വേമ്പനാടിനെ വീണ്ടെടുക്കുക

വിപുലമായ ഒരു പ്രദേശത്തെ ജനജീവിതത്തെയും അവരുടെ വ്യത്യസ്‌തങ്ങളായ സാമ്പത്തിക പ്രവർത്തനങ്ങളെയും നിർണ്ണായകമായി സ്വാധീനിക്കുന്ന വ്യവസ്ഥയാണ്‌ വേമ്പനാട്‌. വേമ്പനാട്ടിലേയ്‌ക്ക്‌ എത്തുന്ന നദികളും അതിന്റെ നീരൊഴുക്കു പ്രദേശവും ചേർന്നാൽ കേരളത്തിന്റെ മൂന്നിലൊന്നോളം വരും. ഈ നദികളുടെ ആവാഹപ്രദേശങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും വനനശീകരണവുമെല്ലാം വേമ്പനാടിന്റെ സ്വഭാവത്തെ മാറ്റിമറിക്കും. വനനശീകരണം മൂലമുണ്ടാകുന്ന മണ്ണിടിച്ചിൽ, വേമ്പനാടിന്റെ ആഴം കുറയ്‌ക്കുന്നതിന്‌ കാരണമാകുന്നുവെന്ന്‌ നാം നേരത്തെ കണ്ടതാണ്‌. വേമ്പനാടിന്റെ ജലവാഹകശേഷിയിലുള്ള കുറവ്‌ ജനവാസപ്രദേശങ്ങളിലും കൃഷിയിടങ്ങളിലും പ്രളയം വിതയ്‌ക്കുന്നതിന്‌ ഹേതുവാകും. കായലിന്റെ ഓരുനിലയും വേലിയേറ്റ വേലിയിറക്ക സ്വാധീനവും തടഞ്ഞാൽ അത്‌ മത്സ്യ സമ്പത്തിന്റെയും കക്കയുടേയും ഗണ്യമായ കുറവിന്‌ കാരണമാകും. നമ്മുടെ തീരക്കടലിന്റെ മത്സ്യസമ്പന്നതയ്‌ക്ക്‌ കായൽ വലിയ സംഭാവന നല്‌കുന്നുണ്ടല്ലോ? വേമ്പനാട്ട്‌ കായലിൽ നിന്നും കൊച്ചി അഴിമുഖത്തേയ്‌ക്ക്‌ ഒഴുക്കുകുറയുന്നത്‌ തുറമുഖത്ത്‌ മണ്ണടിഞ്ഞു കൂടുന്നതിന്‌ കാരണമായിരിക്കുന്നു. നിരന്തരം മണ്ണുനീക്കേണ്ടി വരുന്നതാണ്‌ തുറമുഖ ട്രസ്റ്റിന്റെ സാമ്പത്തീക പ്രയാസങ്ങൾക്ക്‌ ഒരു കാരണം. വേമ്പനാടിന്റെ നാശം ഒരു നാടിന്റെ മുഴുവൻ ജലചക്രത്തെയും ദോഷകരമായി ബാധിക്കും. വേമ്പനാടിന്‌ ജനജീവിതവും തൊഴിൽ തുറകളുമായുള്ള ബന്ധം പ്രധാനപ്പെട്ടതാണ്‌.എന്നാൽ മൂലധനത്തിന്റെ പുത്തൻരൂപങ്ങൾ കടന്നുവരുന്നതോടെ സ്ഥായിത്വം, നിലനില്‌ക്കുന്ന വികസനം, പരസ്‌പര ബന്ധിതമായ ചിട്ടകൾ എന്നതൊന്നും പ്രശ്‌നമാകുന്നില്ല. പ്രകൃതി സമ്പത്തിനെ തന്നെ കടുംവെട്ട്‌ നടത്തി അതിവേഗം അമിതലാഭം എന്ന ലക്ഷ്യത്തോടെ കൊളളയടിക്കുകയാണ്‌ പുത്തൻകൂറ്റ്‌ മൂലധന യുക്തി. അവർക്ക്‌ ടൂറിസം തന്നെ നിലനില്‌ക്കണമെന്നില്ല. തങ്ങളുടെ ലാഭതാല്‌പര്യങ്ങൾ കഴിഞ്ഞാൽ ഒഴുക്കടഞ്ഞ്‌, കളനിറഞ്ഞ്‌ രോഗവാഹികയായ ഈ വ്യവസ്ഥയെ പ്രേതഭൂമി (ghost land) ആയി കണക്കാക്കി അവർ ഉപേക്ഷിക്കും.അപ്പോഴും തീരവാസികൾ ദുരിതം പേറാൻ വിധിക്കപ്പെട്ട്‌ തുടരും.

വേമ്പനാടിനെ സമഗ്രമായി കാണേണ്ടിയിരിക്കുന്നു. വേമ്പനാട്‌ അതീവലോല തീരദേശമായിട്ടാണ്‌ സുപ്രീംകോടതി തന്നെ കണ്ടെത്തിയിട്ടുള്ളത്‌ എന്ന്‌ സൂചിപ്പിച്ചല്ലോ. തീരദേശ വിജ്ഞാപനത്തിലെ പ്രത്യേക പരിഗണനാപ്രദേശമെന്ന നിലയിൽ വേമ്പനാടിന്‌ സമഗ്രമായ മനേജ്‌മെന്റ്‌ പ്ലാൻ സമയബന്ധിതമായി തയ്യാറാക്കണം. തീരദേശനിയമ ലംഘനങ്ങളെ ഒഴിവാക്കി കായൽ പുനസ്ഥാപിക്കാനുള്ള കോടതി നിർദ്ദേശം കർശനമായി നടപ്പിലാക്കണം.

വേമ്പനാട്ടുകായലിന്‌ അളന്ന്‌ അതിരിടണം. തീരദേശനിയമപ്രകാരം കരുതൽ മേഖലയും തിരിക്കണം. ഇവിടെ ഒരു തരത്തിലുള്ള വാണിജ്യ പ്രവർത്തനവും കൈയ്യേറ്റവുംഅനുവദിക്കരുത്‌.

വേമ്പനാട്ടുകായലിൽ നടക്കുന്ന വിവധയിനം സാമ്പത്തികപ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌ കൃഷി. കുട്ടനാട്ടിലെ കൃഷിയുടെ പേരുപറഞ്ഞാണ്‌ തണ്ണീർമുക്കം ബണ്ട്‌ കെട്ടിയത്‌. ബണ്ട്‌ വന്നതോടെ കൃഷിയുടെ കാലക്രമത്തിൽ വ്യവസ്ഥയില്ലാതായി. നിർമ്മാണവേളയിൽ വിഭാവന ചെയ്‌തതിനേക്കാൾ എത്രയോ കൂടുതൽ സമയം ബണ്ട്‌ അടച്ചിടേണ്ട നിലവരുന്നു. ബണ്ടിന്റെ നിർമ്മാണം തന്നെ പാതിയിൽ നിർത്തുകയായിരുന്നല്ലോ? മൂന്നിലൊരു ഭാഗം മണ്ണിട്ട്‌ സ്ഥിരമായി അടച്ചിട്ടിരിക്കുകയാണ്‌. നെൽകൃഷിക്ക്‌ വ്യവസ്ഥയുണ്ടാക്കിയാലെ തണ്ണീർമുക്കത്തിന്റെ കാര്യത്തിൽ പുന:ക്രമീകരണം സാധ്യമാകൂ. പലപ്പോഴും ചർച്ചയിൽ വന്നിട്ടുള്ള കൃഷി കലണ്ടർ നടപ്പിലാക്കാൻ നടപടികൾ സ്വീകരിക്കണം. അതിന്റെ അടിസ്ഥാനത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ പ്രവർത്തനം പുന:ക്രമീകരിച്ചേ തീരൂ. വേമ്പനാട്ടിലെ ഏറ്റവും വലിയ പാരിസ്ഥിതിക വിഢ്‌ഢിത്തമാണ്‌ തണ്ണീർമുക്കം എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല.

കുട്ടനാട്ടിൽ മാത്രം പ്രതിവർഷം 20,000 ടൺ രാസവളവും 500 ടൺ കീടനാശിനിയുമാണ്‌ ഉപയോഗിക്കുന്നത്‌. ഇതിന്റെ അവശിഷ്‌ടം വേമ്പനാട്ടിലേയ്‌ക്കാണ്‌ എത്തുന്നത്‌. കുട്ടനാട്ടിലെ നെൽകൃഷിക്ക്‌ കൂടുതൽ ജൈവബന്ധം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഉണ്ടായേ തീരു. ഇന്നത്തെ രീതി പാരിസ്ഥിതികമായി അസ്വീകാര്യമായിരിക്കുന്നു എന്നു മാത്രമല്ല സാമ്പത്തികമായി നിലനില്‌ക്കുന്നതുമല്ല. ഇക്കാര്യത്തിൽ ഒരു ദീർഘകാല പരിപാടിയും അടിയന്തര ലക്ഷ്യവുമുണ്ടായിരിക്കണം. ദീർഘകാലലക്ഷ്യം നേടാൻ പരിസ്ഥിതി പുനസ്ഥാപന പരിപാടി നടപ്പിലാക്കണം. അടുത്ത ഒരു കൊല്ലക്കാലം കൊണ്ട്‌ കുട്ടനാട്ടിലെ കീടനാശിനി ഉപയോഗം പാതിയാക്കി കുറയ്‌ക്കുന്നതിനുള്ള ഒരു ജനകീയപരിപാടിയും, സർക്കാർ ഇടപെടലും ഉണ്ടാകണം.

വേമ്പനാട്ടിലെ ടൂറിസം പ്രവർത്തനങ്ങൾക്ക്‌ കർശന നിയന്ത്രണം കൊണ്ടുവരണം. ഇത്രയും ഹൗസ്‌ ബോട്ടുകൾ താങ്ങാൻ വേമ്പനാടിന്‌ ആവതുണ്ടോ? ഹൗസ്‌ ബോട്ടുകളുടെ എണ്ണം നിയന്ത്രിക്കണം, അവയ്‌ക്ക്‌ സാനിട്ടറി മാനദണ്‌ഡങ്ങൾ അടക്കം കർശന വ്യവസ്ഥകൾ കൊണ്ടുവരണം. നിശ്ചിത യാത്രാപഥങ്ങളിലൂടെ മാത്രമേ ബോട്ടു സവാരി അനുവദിക്കാവൂ. ഒരു യാത്രാപഥത്തിൽ ഒരേ സമയം അനുവദിക്കാവുന്ന യാനങ്ങളുടെ എണ്ണം നിയന്ത്രിക്കണം. ഒരു കാരണവശാലും രാത്രി കാലങ്ങളിൽ യാത്രയോ നങ്കൂരമിടലോ അനുവദിക്കരുത്‌.

കായൽ തീരം കയ്യേറി നികത്തിയും, വളച്ചുകെട്ടിയും സ്വകാര്യ വ്യക്തികളും ഗ്രൂപ്പുകളും വേമ്പനാടിനെ വരുതിയിലാക്കുന്നുണ്ട്‌. സുപ്രീംകോടതി നോട്ടീസിന്റെ അടിസ്ഥാനത്തിൽ ഈ കയ്യേറ്റങ്ങളെല്ലാം തിട്ടപ്പെടുത്തി കോടതിയ്‌ക്ക്‌ റിപ്പോർട്ട്‌ കൊടുക്കുകയം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ അവ നീക്കം ചെയ്യുകയും വേണം. വൈറ്റില തുരുത്ത്‌, നെടിയതുരുത്ത്‌ നിർമ്മിതികൾ നീക്കം ചെയ്യുന്നതിനും, അവരുടെ ഭൂമി കയ്യേറ്റം ചട്ടപ്രകാരം നടപടിയ്‌ക്കു വിധേയമാക്കുന്നതിനും കാല താമസം ഉണ്ടാകരുത്‌.

വേമ്പനാട്ടിലേയ്‌ക്ക്‌ ഒഴുകിയെത്തുന്ന മാലിന്യത്തിന്റെ കാര്യം നേരത്തെ സൂചിപ്പിച്ചതാണ്‌. വേമ്പനാടിന്റെയും, അതിലേയ്‌ക്ക്‌ ഒഴുകിയെത്തുന്ന നദികളുടേയും തീരത്തെ വ്യവസായ ശാലകളിൽ കർശനമായ മോണിറ്ററിംഗ്‌ ഏർപ്പെടുത്തണം ഇതിനൊരു സ്ഥിരം സംവിധാനം ആലോചിക്കണം. കായലിലേയ്‌ക്ക്‌ ഒഴുകിയെത്തുന്നത്‌ രാസമാലിന്യങ്ങൾ മാത്രമല്ല. ജൈവ മാലിന്യത്തിന്റെ അളവും ഭീതിദമാണ്‌. വേമ്പനാടൻ നഗരങ്ങളിലെ പരിതാപകരമായ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങൾ ഒരുകാരണമാണ്‌. വികേന്ദ്രീകൃതവും ശാസ്‌ത്രീയവുമായ നഗര മാലിന്യ സംസ്‌ക്കരണ പരിപാടികൾ ചിട്ടയോടെ സമയബന്ധിതമായി നടപ്പിലാക്കണം. കായലിൽ മനുഷ്യ വിസർജ്യവും കലരുന്നുണ്ട്‌. ഹൗസ്‌ബ്ബോട്ടുകളും മറ്റും കാണിക്കുന്ന നിരുത്തരവാദിത്തമാണ്‌ ഒരു കാരണം. ഇത്‌ കർശനമായി കൈകാര്യം ചെയ്യണം. താഴ്‌ന്ന, വെള്ളക്കെട്ട്‌ പ്രദേശങ്ങളിൽ സുരക്ഷിതമായി ഉപയോഗിക്കാവുന്ന കക്കൂസുകൾ ഇപ്പോഴും പ്രചാരത്തിൽ വന്നിട്ടില്ല. കുട്ടനാട്‌ പോലുള്ള പ്രദേശങ്ങളിൽ ഒരു മുൻഗണനാ പരിപാടിയായി കക്കൂസും, കുടിവെള്ളവും നടപ്പിലാക്കണം. വീടോരോന്നിലും ഓരോ നല്ല കക്കൂസും കുടിവെള്ള സ്രോതസ്സും തീരദേശ വാസികൾക്ക്‌ ഇപ്പോഴും പ്രാപ്യമല്ല എന്ന്‌ നാം ആവർത്തിച്ച്‌ പറഞ്ഞു കൊണ്ടിരിക്കണം.

വികസന ആവശ്യങ്ങൾക്കായി ഭൂമി കണ്ടെത്താൻ കായൽ നികത്തുക എന്നതും കടന്ന്‌ വികസന ആവശ്യത്തിനുള്ള പണം കണ്ടെത്താൻ കായൽ നികത്തി വിൽക്കുക എന്ന സ്ഥിതിവന്നു ചേർന്നിരിക്കുന്നു. ഇനി കായൽ നികത്താൻ അനുവദിയ്‌ക്കരുത്‌. ലക്ഷോപലക്ഷം മനുഷ്യരുടെ തൊഴിലിടം തകർക്കുന്ന കുടിലതയാണത്‌. കായലിനെ കേന്ദ്രീകരിച്ച്‌, തീരദേശ നിയമങ്ങളും, ഭൂസംരക്ഷണ നിയമങ്ങളും, നെൽവയൽ തണ്ണീർതട നിയമവുമെല്ലാം ലംഘിച്ച്‌ നടപ്പിലാക്കാൻ ശ്രമിക്കുന്ന എമർജിംഗ്‌ കേരള നക്ഷത്ര വികസന പരിപാടികളെല്ലാം കെട്ടിപ്പൂട്ടണം. വളന്തക്കാടും, ആകാശ നഗരവും, ബോൾഗാട്ടിയും, മെത്രാൻ കായലും, ഇടക്കൊച്ചി ക്രിക്കറ്റ്‌ സ്റ്റേഡിയവും എല്ലാം ഇങ്ങനെ പുന:പരിശോധിക്കണം. ടൂറിസത്തിന്റെയും അതിരുകടന്ന നഗരവത്‌ക്കരണത്തിന്റെയും പേരിൽ ഇനിയും ഈ പരിസ്ഥിതി വ്യൂഹത്തെ കയ്യേറി നാമാവശേഷമാക്കാൻ അനുവദിക്കരുത്‌.

ഈ നാടിനെ വാസയോഗ്യമായ ഒരു പ്രദേശമാക്കി നിലനിർത്താൻ ഈ കയ്യേറ്റങ്ങളെ തടഞ്ഞേമതിയാകൂ. വേമ്പനാടിനെ വീണ്ടെടുക്കാനുള്ള പോരാട്ടം ഇതിനുവേണ്ടിയുള്ളതാണ്‌.


അനുബന്ധം

സുപ്രീം കോടതി വിധി

ITEM NO. NIL COURT NO.8 SECTION XIA

SUPREME COURT OF INDIA

RECORD OF PROCEEDINGS IN RE: VEMBANAD LAKE, KERALA

SPECIAL LEAVE PETITION (CIVIL) NOS. 24390-24391 OF 2013

(M/S. VAAMIKA ISLAND (GREEN LAGOON RESORT) V. UNION OF INDIA & ORS.

Date: 01/08/2013 Court on its own motion

CORAM :

HON MR. JUSTICE K.S. RADHAKRISHNAN HON MR. JUSTICE A.K. SIKRI


During the course of arguments in Special Leave Petition(Civil) Nos. 24390-24391 of 2013, the Court took suo moto cognizance and passed the following order:

We have taken suo moto notice of the fact that Vembanad Backwaters is presently undergoing severe environmental degradation and there has been large scale encroachment and illegal constructions are going on in violation of the CRZ Notifications. The Backwaters is also seen highly polluted due to indiscriminate discharge of effluents into the lake.

CRZ Notification 2011 has defined Vembanad Lake as a critically vulnerable coastal area (CVCA). Vembanad Lake along with other adjacent Kol lands, wetland, is a complex system of backwaters, marshes, lagoons, mangrove forests, reclaimed land and an intricate network of natural, manmade canals. Ramsar Convention has included this lake in the Ramsar list which has now acquired a new status at the national and international level and the conservation and wise use of the lake through local,regionaland national actions is of considerable importance for sustaining Vembanad lake. India is a signatory to Ramsar Convention.

Vembanad lake has immense conservation importance as it supports a large aquatic bio-diversity. Considering the fragile eco-system of the Wetland, deterioration of water quality and the consequent damage to aquatic organism, this has been included in the National Lake Conservation Programme (NLCP) by the NationalRiver Conservation Authority under MoEF. Under NLCP projects of conservation and management of polluted lake are take up on 70:30 cost sharing between Central and State Governments. State of Kerala has also decided to establish Vembanad Eco Deveopment Authority towards the implementation of the project for the restoration and regeneration of the Vembanad Lake. The proper legal framework for protecting and conserving the lake, and its resources, regulation of tourism, construction of resorts on the banks, industrial, domestic and agricultural pollution etc. calls for urgent attention. The necessity of effective implementation of CRZ Notifications also requires serious attention at the hands of KCZMA. The necessity of restoring land encroached into the backwaters as well as removing the illegal construction effected in violation of the CRZ Notifications of 1991 and 2011 needs urgent action. The local bodies are freely issuing licenses without following the provisions of CRZ Notification, in spite of the fact that Directorate of Panchayats vide its letter No.C5-5634/95 dated 9.3.1995, No.C3-21688/96 dated 17.7.1996 has directed to all the Panchayats to strictly follow the provisions of CRZ Notifications. We have also noticed that the Vembanad Lake is highly polluted and the reason for deteriorating the quality of the same is due to industrial, agro chemical residue, municipal sewerage effluent discharge from House-boats, resorts, coir retting etc. State Pollution Control Board is duty bound to take proper remedial action. Considering the larger public interest and the importance of the issue we are inclined to issue notice to the following authorities to explain the steps they have taken to implement CRZ, in the lake and Islands as a whole, steps they have taken to restore the illegally reclaimed banks of the lake, steps taken to avert pollution etc. within a period of six weeks from today:

1) Union of India represented by its Secretary, MoEF,

2) State of Kerala represented by its Chief Secretary,

3) The Kerala Coastal Zone Management Authority represented by its Member Secretary, Trivandrum

4) The Kerala State Pollution Control Board, Trivandrum, represented by its Member Secretary, Trivandrum

5) District Collector, Ernakulam

6) District Collector, Kottayam

7) Director of Panchayats, Trivandrum.


(N.S.K. Kamesh) (Renuka Sadana) Court Master Court Master


മുഖ്യമന്ത്രിക്ക് മതമേലധ്യക്ഷന്മാരും ചില എം എൽ എ മാരും സമർപ്പിച്ച നിവേദനം

ചെരിച്ചുള്ള എഴുത്ത്






"https://wiki.kssp.in/index.php?title=വേമ്പനാടിനെ_വീണ്ടെടുക്കുക&oldid=3283" എന്ന താളിൽനിന്ന് ശേഖരിച്ചത്