കേരളത്തിലെ ഭൂവിനിയോഗവും വികസനവും (2014)

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്കേരളത്തിലെ ഭൂവിനിയോഗവും വികസനവും
Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വികസനം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ജനുവരി, 2014

വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട്‌ വിപുലമായ പ്രചാരണപ്രവർത്തനങ്ങൾ 2011-ലാണ്‌ പരിഷത്ത്‌ ആരംഭി ച്ചത്‌. വ്യത്യസ്‌ത വിഷയങ്ങളെ ആസ്‌പദമാക്കി അതത്‌ രംഗത്തെ വിദഗ്‌ധരെ പങ്കെടുപ്പിച്ചുകൊണ്ട്‌ നടത്തിയ ശിൽപശാലകളും സെമിനാറുകളും, കലാജാഥകൾ, സംസ്ഥാനതല പദയാത്രകൾ ഇതൊക്കെ ഇതിന്റെ ഭാഗമായിരുന്നു. തുടർന്ന്‌ പ്രാദേശികപഠനങ്ങളിലൂടെ ജന പക്ഷവികസനബദലുകൾ രൂപപ്പെടുത്താനുള്ള ശ്രമങ്ങൾക്കും തുടക്കം കുറിച്ചു.

ഇത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയും വളർച്ചയുമായിരുന്നു പരിഷത്ത്‌ നടത്തിയ വികസനസംഗമങ്ങളും വികസനകോൺഗ്രസും. പുതിയ കേരളത്തെക്കുറിച്ചുള്ള സങ്കൽപനങ്ങൾക്കും സമീപനങ്ങൾക്കും വ്യക്തത വരുത്താനും മൂർത്തമായ നിർദ്ദേശങ്ങൾക്ക്‌ രൂപം നൽകാനും സഹായകമായ ആഴത്തിലുള്ള ചർച്ചകളും സംവാദങ്ങ ളുമാണ്‌ ഇവിടെയെല്ലാം നടന്നത്‌.

നവകേരളനിർമിതി ലളിതമോ സുഗമമോ ആയ കാര്യമല്ലെന്ന്‌ നമുക്കറിയാം. കേരളത്തിന്റെ പുരോഗതിയിൽ നിർണായകസ്വാധീനം ചെലുത്തിയ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, വികേന്ദ്രീകരണം തുടങ്ങിയ എല്ലാ മേഖലകളിലും പ്രതിലോമപരമായ പ്രവർത്തനങ്ങൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്‌.

ഈ മാറ്റങ്ങളുടെ പിറകിൽ നമ്മുടെ ആഭ്യന്തരപരിമിതികളും നവലിബറൽനയങ്ങൾ സൃഷ്‌ടിക്കുന്ന പ്രതിസന്ധികളുമുണ്ട്‌. അഴിമതിയും അധികാരദുർവിനിയോഗവും സാമൂഹിക-സാംസ്‌കാരികതകർച്ചയും ഭീകരമായി വർധിച്ചിരിക്കുന്നു. ഇവയ്‌ക്കെതിരെ ഒന്നിച്ചണിനിരക്കേണ്ട ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച്‌ ദുർബലരാക്കാനും തീവ്രമായ മാധ്യമപ്രചാരണങ്ങളിലൂടെ ഉപഭോഗാസക്തരും കർമവിമുഖരും ആക്കിമാറ്റാനുമുള്ള ശ്രമങ്ങൾ പൂർവാധികം ശക്തിയോടെ തുടരുകയാണ്‌.

ഈ സാഹചര്യത്തിലാണ്‌ സമൂഹം നേരിടുന്ന യഥാർഥപ്രശ്‌ന ങ്ങളിലേക്ക്‌ ജനശ്രദ്ധയാകർഷിക്കുന്നതിനും സർഗാത്മകമായ സംവാദങ്ങൾ വളർത്തിയെടുക്കുന്നതിനും വേണ്ടി വിപുലമായൊരു ബഹു ജനവിദ്യാഭ്യാസപരിപാടിക്ക്‌ പരിഷത്ത്‌ ആരംഭം കുറിക്കുന്നത്‌. ബഹുജനങ്ങളെ ബാധിക്കുന്ന ഏതൊരു കാര്യവും വിവാദമായിമാറ്റി അതിനെ തമസ്‌കരിക്കുകയോ തിരസ്‌കരിക്കുകയോ ലഘൂകരിക്കുകയോ ചെയ്യാനുള്ള സംഘടിതപ്രയത്‌നങ്ങൾ വിവിധ കോണുകളിൽനിന്ന്‌ ഉണ്ടാകുന്നതിന്‌ നാം നിത്യേന സാക്ഷികളാവുകയാണ്‌. ഇവിടെയാണ്‌ ജനങ്ങളുടെ സാമാന്യബോധത്തെ ശാസ്‌ത്രബോധമാക്കി മാറ്റാനുള്ള ജനകീയസംവാദങ്ങളുടെ പ്രസക്തിയും പ്രാധാന്യവും. ഈ സംവാദങ്ങൾ, ശ്രീനാരായണഗുരു പറഞ്ഞതുപോലെ, വാദിക്കാനും ജയിക്കാനുമുള്ളതല്ല; അറിയാനും അറിയിക്കാനും വേണ്ടിയുള്ളതാണ്‌. ജനാധിപത്യബോധത്തിന്റെയും ശാസ്‌ത്രസംസ്‌കാര ത്തിന്റെയും അന്തഃസത്തയാണ്‌ സംവാദാത്മകത എന്ന ബോധ്യത്തോടെ, വേണം മറ്റൊരു കേരളം മറ്റൊരിന്ത്യയ്‌ക്കായി എന്ന വിശാലകാഴ്‌ചപ്പാടോടെ സംഘടിപ്പിച്ചിട്ടുള്ള ജനസംവാദയാത്ര ദേശീയതലത്തിൽ നടത്തുന്ന ദശലക്ഷം സംവാദങ്ങളുടെ പ്രാരംഭം കൂടിയാണ്‌.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌

ആമുഖം

കേരളത്തിൽ ഭൂമിക്കു നേരെയുള്ള കയ്യേറ്റങ്ങൾ കൂടിവരികയാണ്‌. വനനശീകരണം, പാടം നികത്തൽ, പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണം, അവയുടെ കച്ചവടം എന്നിവയൊക്കെ അനിയന്ത്രിതമാവുകയാണ്‌. ലാഭക്കൊതിയോടെയുള്ള ഇത്തരം കടന്നാക്രമണങ്ങൾ ഭൂമിയുടെ സ്വതസിദ്ധമായ സന്തുലനാവസ്ഥ നശിപ്പിക്കുന്നു. ഇതിന്റെ ഫലമായി നീർത്തടങ്ങൾ, തണ്ണീർത്തടങ്ങൾ, വയൽ, പറമ്പ്‌, തീരപ്രദേശങ്ങൾ എന്നിങ്ങനെ വ്യത്യസ്‌ത ധർമങ്ങൾ നിറവേറ്റുന്ന ഇക്കോവ്യൂഹങ്ങൾ തകരുകയാണ്‌. ഇക്കോവ്യൂഹങ്ങളുടെ തകർച്ച മൂലം എല്ലാ പ്രവചനങ്ങൾക്കുമതീതമായി കാലാവസ്ഥ താളം തെറ്റുകയാണ്‌. ഇത്‌ ഭക്ഷ്യസുരക്ഷയ്‌ക്കും തൊഴിൽസുരക്ഷയ്‌ക്കും നേരെ പുതിയ വെല്ലുവിളികൾ ഉയർത്തുകയാണ്‌.

കമ്പോളാധിഷ്‌ഠിതമായ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ളതും പഴുതുകളില്ലാത്തതുമായ നിയമനടപടികൾ ഉണ്ടാകുന്നില്ല. നിലവിലുള്ള നിയമങ്ങളാകട്ടെ കൃത്യമായി പാലിക്കപ്പെടുന്നുമില്ല. കേരളത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്തുകൊണ്ടുള്ള ഒരു ഭൂനയം അതിന്റെ സമഗ്രതയിൽ തയ്യാറാക്കാനോ നടപ്പാക്കാനോ കഴിയുന്നില്ല. 1990കളിൽ രാജ്യത്താകെ നവലിബറൽ നയങ്ങൾ ശക്തി പ്പെട്ടതോടെ സ്വതന്ത്രകമ്പോളത്തിന്റെ സ്വാധീനം കൂടിവന്നു. ഇതിന്റെ ഫലമായി ജീവിതസൗകര്യങ്ങൾ മിക്കതും പണക്കാർക്കായി പരിമിതപ്പെട്ടു. പണം ഉണ്ടാക്കുക എന്നത്‌ പ്രധാന ലക്ഷ്യമായി. ഇത്‌ ആവാസവ്യവസ്ഥയിലും ജീവിതശൈലിയിലും പലതരം മാറ്റങ്ങൾക്കിടയാക്കി. ഭൂവുടമകൾ, കരാറുകാർ, പുത്തൻപണക്കാർ എന്നിവർ ചേർന്ന അവിശുദ്ധകൂട്ടുകെട്ട്‌ ശക്തിപ്പെട്ടു. ഇവർക്ക്‌ രാഷ്‌ട്രീയാധികാരം കയ്യാളുന്നവരിലുള്ള സ്വാധീനം കൂടി. അങ്ങനെ പ്രകൃതിവിഭവങ്ങളെ ചുറ്റി പ്പറ്റിയുള്ള ഭൂമാഫിയ കേരളത്തിൽ ശക്തിപ്പെട്ടിരിക്കയാണ്‌. ഇതോടെ ഭൂമിയുടെ അനിയന്ത്രിത ക്രയവിക്രയവും അശാസ്‌ത്രീയവും അനാസൂത്രീതവുമായ വിനിയോഗരീതിയും വിപുലപ്പെട്ടു. ഭൂമി കേവലം വിൽ പ്പനച്ചരക്ക്‌ മാത്രമായി മാറുന്ന സ്ഥിതിയുണ്ടായി.

ഈ പശ്ചാത്തലം സാമ്പത്തികവും രാഷ്‌ട്രീയവുമായ വിവിധ തരം സംഘർഷങ്ങൾക്കിടയാക്കി. ഭൂകേന്ദ്രീകൃതമായ ധാരാളം പ്രക്ഷോഭങ്ങൾ കേരളത്തിന്റെ പല ഭാഗങ്ങളിലായി ശക്തിപ്പെട്ടു. കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പ്രശ്‌നങ്ങളിൽ പലതും ഭൂമിയുമായി ബന്ധപ്പെട്ടതാണ്‌. പ്ലാച്ചിമട, ചെങ്ങറ, വയനാട്ടിലെ ആദിവാസി ഭൂസമരം, ദേശീയപാത വികസിപ്പിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിരോധങ്ങൾ എന്നിവ ഉദാഹരണങ്ങൾ. വിശാലാടിസ്ഥാനത്തിൽ ചില പരിമിതികൾ ഇത്തരം സമരങ്ങൾക്ക്‌ ചൂണ്ടിക്കാണിക്കാമെങ്കിലും ഭൂകേന്ദ്രീകൃതസമരങ്ങൾ എന്ന നിലയിൽ ഇവയ്‌ക്കെല്ലാം പ്രസക്തിയും പ്രാധാന്യവുമുണ്ട്‌. ഭൂബന്ധിതമായ പ്രശ്‌നങ്ങളാൽ കേരളം കൂടുതൽ സംഘർഷാത്മകമാകുന്ന സ്ഥിതിയെ അഭിമുഖീകരിക്കുകയാണ്‌. ഈ പശ്ചാത്തലത്തിൽ ശാസ്‌ത്രീയമായ ഒരു ഭൂനയം ആവിഷ്‌കരിക്കുകയും പ്രശ്‌നങ്ങൾക്ക്‌ പരിഹാരമാർഗങ്ങൾ രൂപപ്പെടുത്തുകയും ചെയ്യേണ്ടത്‌ ഇന്നത്തെ കേരളീയസാഹചര്യത്തിൽ അനിവാര്യമാണ്‌.

ഭൂപരിഷ്‌കരണത്തിന്റെ നീക്കിബാക്കി

ജനകീയസമരങ്ങളിലൂടെ ഭൂബന്ധങ്ങളിൽ വിപ്ലവകരമായ മാറ്റം വരുത്തിയ സംസ്ഥാനമാണ്‌ കേരളം. ഇവിടുത്തെ ഭൂപരിഷ്‌കരണം ജനജീവിതത്തിന്റെ എല്ലാരംഗങ്ങളിലും ഒട്ടേറെ അനുകൂലമാറ്റങ്ങൾ വരുത്തി. ഭക്ഷണലഭ്യത, ദരിദ്രജനങ്ങളുടെ വിലപേശൽ കഴിവ്‌, രാഷ്‌ട്രീയാവബോധം എന്നിവയൊക്കെ ശക്തിപ്പെടുത്താനും ജന്മിത്വം അവസാനിപ്പിക്കാനും കഴിഞ്ഞു. കേരളീയരുടെ മൊത്തം ജീവിത ഗുണനിലവാരം ഉയർത്താൻ ഭൂപരിഷ്‌കരണം സഹായകമായി.

1957-ൽ തന്നെ നിയമസഭയിൽ അവതരിപ്പിച്ചെങ്കിലും 1970-ഓടെ മാത്രമാണ്‌ ഭൂപരിഷ്‌കരണനിയമം നടപ്പാക്കാനായത്‌. ഇതിന്നിടയിൽ ഭൂപരിഷ്‌കരണബില്ലിൽ ഭൂ ഉടമസ്ഥർക്കും തോട്ടക്കാർക്കുമെല്ലാം അനുകൂലമായി ധാരാളം മാറ്റങ്ങൾ വരുത്തി. തോട്ടങ്ങൾ ഭൂപരിഷ്‌ക രണനിയമത്തിന്റെ പരിധിയിൽ നിന്നൊഴിവായി. അതോടൊപ്പം ഭൂപരിഷ്‌കരണത്തിലെ സമീപനത്തിന്റെ സവിശേഷത കൊണ്ടുതന്നെ കൃഷിഭൂമി പാട്ടക്കൃഷിക്കാരിലേക്കുമാത്രമേ എത്തിയുള്ളൂ. ഭൂമിയിൽ അധ്വാനിക്കുന്ന കർഷകത്തൊഴിലാളികളിലേക്കെത്തിയില്ല. അതുകൊണ്ടുതന്നെ ഭൂപരിഷ്‌കരണം അതിന്റെ സാമൂഹിക-രാഷ്‌ട്രീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഒരുപരിധിവരെ മാത്രമേ വിജയിച്ചുള്ളൂ. മാത്രവുമല്ല, അത്‌ ഉൽപാദനരംഗങ്ങളുടെ തുടർവളർച്ച യിലോ അധ്വാനശക്തികളെയും ചെറുകിട ഉൽപാദനസംരംഭങ്ങളെയും വളർത്തുന്നതിലോ ഉപകരിച്ചില്ല.

കേരളത്തിൽ 1980കൾക്ക്‌ ശേഷം ഗണ്യമായ തോതിൽ സാമ്പത്തിക വളർച്ച ഉണ്ടായിട്ടുണ്ട്‌ എന്നത്‌ ശരിയാണ്‌. പക്ഷേ ഉൽപാദന ഉപാധി എന്ന നിലയിൽ ഭൂമിയുടെ ഉപയോഗം വർധിക്കുകയല്ല; കുറയുക യാണ്‌ ചെയ്‌തത്‌. ഇപ്പോഴത്തെ വരുമാന വർധന ഭൂബന്ധിതമല്ല; ഉൽ പാദനാധിഷ്‌ഠിതവുമല്ല. അത്‌ പ്രധാനമായും സേവനമേഖലയെ ആശ്രയിച്ചുള്ള വളർച്ചയാണ്‌. പിന്നീടുള്ള വളർച്ച നിർമാണമേഖല യിലാണ്‌. അതാകട്ടെ കാർഷികമേഖലയെ പല വിധത്തിലും പ്രതി കൂലമായാണ്‌ ബാധിച്ചത്‌.

അതേസമയം ഭൂപരിഷ്‌കരണം കേരളത്തിലെ ഭൂഘടനയിൽ വലിയ മാറ്റങ്ങളാണ്‌ സൃഷ്‌ടിച്ചത്‌. കാർഷികഭൂമി (വയലും, പറമ്പും) വലിയ തോതിൽ തന്നെ വിഭജിക്കപ്പെട്ടു. ചെറുകിടകർഷകർക്ക്‌ ഭൂമി ലഭിച്ചുവെങ്കിലും കൈവശഭൂമിയെ ഏറ്റവും ഉൽപ്പാദനക്ഷമമായ രീതിയിൽ ഉപയോഗിക്കാനുള്ള കാർഷികമുറകൾ ഉയർന്നുവന്നില്ല. കൂട്ടുകൃഷി, സഹകരണകൃഷി, ഗ്രൂപ്പ്‌ ഫാമിങ്ങ്‌ എന്നിങ്ങനെയുള്ള പുതിയ നിർവഹണരീതിയും ഉണ്ടായില്ല. ഇത്‌ കൂടുതലും പ്രതികൂലമായി ബാധിച്ചത്‌ നെൽകൃഷിയെയാണ്‌. സംഘടിതമായ വിലപേശലിലൂടെ കേരളത്തിലെ തൊഴിലാളിപ്രസ്ഥാനങ്ങൾക്ക്‌ മറ്റു സംസ്ഥാനങ്ങളിലെതിനേക്കാൾ മെച്ചപ്പെട്ട കൂലി നേടിയെടുക്കാൻ കഴിഞ്ഞു. എന്നാൽ അതിനനുസരിച്ച്‌ ഉൽപാദനക്ഷമത വർധിപ്പിക്കാൻ തക്കവിധത്തിൽ ആധുനികശാസ്‌ത്രസാങ്കേതികവിദ്യകളുടെ പ്രയോഗം കൃഷിയിൽ ഉണ്ടായില്ല. മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ള അരിയുടെ വരവും സ്റ്റാറ്റിയൂട്ടറി റേഷനിങും ഉൽപന്നവിലയെ പിടിച്ചുനിർത്തുകയും ചെയ്‌തു. ഇത്‌ കൂലിക്ക്‌ ആളെ നിർത്തി പണിയെടുപ്പിക്കുന്ന നെൽക്കർഷകരെ വിഷമവൃത്തത്തിലാക്കി. ഈ നഷ്‌ടം നികത്താൻ സർക്കാർ സഹായം എത്തിയതുമില്ല. അവരിൽ മറ്റു ജീവിതമാർഗങ്ങൾ കൂടി ഉണ്ടായി രുന്നവർ `നഷ്‌ടം സഹിച്ചു' കൃഷിചെയ്യാൻ തയ്യാറാകാതെ പാടം തരിശിടാൻ മുതിർന്നു. അല്ലാത്തവർ താരതമ്യേന തൊഴിൽച്ചെലവു കുറഞ്ഞ വാഴക്കൃഷി മുതലായവയിലേക്കു തിരിയുയും ക്രമേണ പാടം നികത്തി കമുങ്ങും തെങ്ങും വയ്‌ക്കുകയോ, നികത്തിവിൽക്കുകയോ ചെയ്യാനാണ്‌ തയ്യാറായത്‌. ഇതിന്റെ ഫലമായി കേരളത്തിലെ നെൽ പ്പാടങ്ങളുടെ വിസ്‌തൃതി കഴിഞ്ഞ 35 വർഷക്കാലംകൊണ്ട്‌ മൂന്നി ലൊന്നായി ചുരുങ്ങി.

ഇതിലെല്ലാം അടങ്ങിയിരിക്കുന്ന സമീപനം ഭൂ ഉടമയ്‌ക്ക്‌ അതിനെ ഇഷ്‌ടാനുസരണം പരിവർത്തനപ്പെടുത്താനോ ഏതാവശ്യത്തിനും വിനിയോഗിക്കാനോ തരിശിടാനോ ഉള്ള പരമാധികാരമുണ്ട്‌ എന്നുള്ളതാണ്‌. ഉയരുന്ന കൂലിച്ചെലവും രാസവളം, കീടനാശിനി തുടങ്ങിയവ വരുത്തിക്കൂട്ടിയ അധികച്ചെലവും ഒരുഭാഗത്ത്‌. സർക്കാരിൽനിന്ന്‌ അനുഭാവപൂർവമായ പരിഗണനയോ സാമൂഹികസുരക്ഷയോ കിട്ടാത്ത അവസ്ഥ മറുഭാഗത്ത്‌. സേവനമേഖലകളിൽ, പ്രത്യേകിച്ച്‌ സർക്കാർ ജോലിയിൽ, അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വരുമാനവർധനവും സാമൂഹിക അംഗീകാരവും - ഇതിന്റെയെല്ലാം നടുവിൽ നട്ടംതിരിയുന്ന കർഷകൻ മറ്റുമാർഗങ്ങൾതേടിയെന്നതിൽ അത്ഭുതത്തിന്‌ അവകാശമില്ല; കുറ്റപ്പെടുത്താനുമാകില്ല. എങ്കിലും ഈ മാറ്റത്തിന്റെ പാരിസ്ഥിതകവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നതും മതിയായ പ്രതിരോധനടപടികൾ നടപ്പാക്ക പ്പെട്ടില്ല എന്നതുമാണ്‌ കേരളത്തെ പ്രതിസന്ധിയിലേക്ക്‌ നയിക്കുന്നത്‌. സങ്കരവിളരീതികൾ മാറി ഏകവിളരീതി ശക്തിപ്പെട്ടു. പൊതുഇടങ്ങൾ ഇല്ലാതായി. വയലുകളുടെ വിഭജനം തരിശ്ശിടലും തകർച്ചയും പരമ്പരാഗത ജലസേചനസംവിധാനങ്ങളെ ഉപയോഗശൂന്യമാക്കി. കുളങ്ങൾ പരിചരിക്കപ്പെട്ടില്ല. പലയിടങ്ങളിലും കുളങ്ങൾ നികത്തി. റിസർവോയറുകൾവരെ പരിപാലിക്കാൻ സംവിധാനം ഉണ്ടായില്ല. ഇത്‌ പാടശേഖരങ്ങളുടെയും മറ്റും നാശത്തിനിടയാക്കി. ജലവിതരണത്തിലെ ഇത്തരം അപാകതകൾ ഭൂമിയുടെ തരിശ്ശിടൽ സാധ്യത വർധിപ്പിച്ചു. നെൽ പാടങ്ങൾ ഭക്ഷ്യോൽപാദനം നടത്തുന്നതോടൊപ്പംതന്നെ വിവിധ പാരിസ്ഥിതികധർമങ്ങളും നിർവഹിക്കുന്നുണ്ട്‌ എന്നത്‌ വേണ്ടത്ര മനസ്സിലാക്കപ്പെട്ടില്ല. കേരളത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ തനത്‌ നെല്ലുൽപാദനത്തിന്റെ പങ്കിനെപ്പറ്റി രണ്ടഭിപ്രായങ്ങളുണ്ട്‌. ഭക്ഷ്യ സുരക്ഷയെപ്പറ്റിയുള്ള ഔദ്യോഗിക വ്യാഖ്യാനം ഭക്ഷണത്തിന്റെ ലഭ്യതയും വാങ്ങാനുള്ള ശേഷിയും ഉണ്ടെങ്കിൽ ഭക്ഷ്യസുരക്ഷയായി എന്നതാണ്‌. ഇതനുസരിച്ച്‌ എം.എസ്‌.സ്വാമിനാഥൻ റിസർച്ച്‌ ഫൗണ്ടേഷൻ തയ്യാറാക്കിയ ഇൻ ഫുഡ്‌ സെക്യൂരിറ്റി അറ്റ്‌ലസ്‌ ഓഫ്‌ ഇന്ത്യ അനു സരിച്ച്‌ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്ഷ്യസുരക്ഷയുള്ള സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളം! ആന്ധ്രയിലും പഞ്ചാബിലും ഒക്കെ നെല്ലു ൽപാദനം ഭംഗിയായി നടക്കുകയും, അവിടുത്തെ ആവശ്യം കഴിഞ്ഞുള്ള മിച്ചം കേരളത്തിലേക്ക്‌ തടസ്സമില്ലാതെ ഒഴുകിയെത്തുകയും, അതുവാങ്ങാനുള്ള പണം ഗൾഫിൽനിന്ന്‌ കേരളത്തിലേക്ക്‌ വന്നു കൊണ്ടിരിക്കുകയും ചെയ്‌താൽ ഭക്ഷ്യസുരക്ഷ ശുഭം എന്ന ഈ കാഴ്‌ചപ്പാടിനോട്‌ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ യോജിക്കുന്നില്ല. എന്നു കരുതി നമുക്ക്‌ ആവശ്യമുള്ള അരിയും പഞ്ചസാരയും എല്ലാം പൂർണമായും ഇവിടെത്തന്നെ ഉൽപാദിപ്പിച്ചാലേ ഭക്ഷ്യസുരക്ഷയാകൂ എന്ന്‌ വാശിപിടിക്കുന്നുമില്ല. പക്ഷേ, കേരളത്തിനാവശ്യമുള്ള അരിയുടെ നാലിലൊന്നുപോലും ഉൽപാദിപ്പിക്കാനാകാത്ത അവസ്ഥ നമ്മുടെ മേൽ പുറമേനിന്നുള്ള അരിവരവിനോടുള്ള അപകടകരമായ ആശ്രിതത്വം അടിച്ചേൽപ്പിക്കുന്നു എന്ന്‌ പരിഷത്ത്‌ കരുതുന്നു. ഇത്‌ അടിസ്ഥാനരഹിതമായ ആശങ്കയാണെന്ന്‌ കരുതുന്ന നേതാക്കളും ശാസ്‌ത്രജ്ഞരും നമുക്കിടയിലുണ്ട്‌. പക്ഷേ ഭക്ഷ്യവിതരണത്തിൽപോലും വിപണിസർവാധിപത്യം പുലരണമെന്നുള്ള സിദ്ധാന്തങ്ങൾ ശക്തിപ്രാപിച്ചുവരുന്ന, പൊതുവിതരണ സമ്പ്രദായം ദുർബലപ്പെട്ടുവരുന്ന, ഇക്കാലത്ത്‌ ആഗോളതാപനത്തിന്റെ ഭീഷണി യാഥാർഥ്യമായി ക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, അരിയിറക്കുമിതിയിന്മേലുള്ള നമ്മുടെ ആശ്രിതത്വം ആവുന്നത്ര കുറയ്‌ക്കുന്നത്‌ ഭക്ഷ്യസുരക്ഷക്ക്‌ ആവശ്യമാണെന്നും പരിഷത്ത്‌ വാദിക്കുന്നു. അതിനു നിലവിലുള്ള നെൽവയലുകൾ വയലുകളായിത്തന്നെ സംരക്ഷിക്കപ്പെടണം. അവിടെ താൽക്കാലികമായി വാഴയോ പച്ചക്കറിയോ കൃഷി ചെയ്‌താലും സീസൺ അനുസരിച്ച്‌ മത്സ്യം വളർത്തിയാലും അടിയന്തിരഘട്ടത്തിൽ നെൽകൃഷിയിലേക്ക്‌ തിരിച്ചുപോകാനുള്ള സാധ്യത പരിരക്ഷിക്ക പ്പെടണം. നെൽകൃഷിയുടെ ഉൽപാദനക്ഷമത ആധുനികസാങ്കേതികവിദ്യകളുടെ സഹായത്തോടെയും ജൈവവളങ്ങളുടെയും രാസവളങ്ങളുടെയും ശാസ്‌ത്രീയമായ ചേരുവകളിലൂടെയും ഇന്നത്തേതിന്റെ രണ്ടിരട്ടിയായെങ്കിലും ഉയർത്തണം (അനുകൂലസാഹചര്യങ്ങളിൽ ഒന്നരയിരട്ടിയെങ്കിലും സാധ്യമാണ്‌). അതോടൊപ്പം പഴങ്ങൾ, പയറുകൾ മരച്ചീനി പച്ചകറികൾ തുടങ്ങിയ മറ്റ്‌ ഭക്ഷ്യവസ്‌തുക്കളുടെ കൃഷിയും പരമാവധി പരിപാലിക്കപ്പെടണം. എങ്കിൽമാത്രമേ അപ്രതീക്ഷിത മായ പ്രതിസന്ധികളിൽ പിടിച്ചുനിൽക്കാനാവൂ. അത്തരമൊരു അവസ്ഥയെയാണ്‌ ഭക്ഷ്യസുരക്ഷ എന്ന്‌ പരിഷത്ത്‌ വിവക്ഷിക്കുന്നത്‌.

ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉള്ളവർക്കുപോലും കേരളത്തെ കേരളമാക്കുന്നതിൽ നെൽവയലുകൾക്കുള്ള പങ്കിനെപ്പറ്റി തർക്കമുണ്ടാവില്ല. കേരളത്തിൽ തീരദേശത്തെ തണ്ണീർത്തടങ്ങളും ഇടനാട്ടിലെ താഴ്‌വാരങ്ങളുമാണ്‌ നെൽവയലുകളായി മാറ്റപ്പെട്ടത്‌. അതുകൊണ്ടുതന്നെ മഴക്കാലത്ത്‌ അവ ജലസംഭരണികളായി പ്രവർ ത്തിക്കും. വെള്ളം കെട്ടിനിന്ന്‌ ഭൂഗർഭജലശേഖരം സമ്പുഷ്‌ടമാക്കുന്നത്‌ നമ്മുടെ വയലുകളാണ്‌. ബാക്കി എല്ലാ കൃഷികൾക്കും നീർവാർച്ചയാണു പ്രധാനം. നെൽകൃഷി മറ്റു കൃഷികൾക്കായി വഴിമാറുന്നതോടെ അവിടെനിന്നു മഴവെള്ളം എത്രയും പെട്ടെന്ന്‌ ഒഴുക്കിക്കളയാനുള്ള പ്രവണത ശക്തമാകുന്നു. സ്വാഭാവികമായ നീരൊഴുക്കും വെള്ളം കെട്ടിനിന്ന്‌ മണ്ണിൽ താഴലും തടസ്സപ്പെടുന്നു. വയൽ നികത്തിയ സ്ഥലങ്ങളിലെല്ലാം തുടർന്ന്‌ വരൾച്ചയും കുടിവെള്ളക്ഷാമവും അനുഭവപ്പെടുന്നത്‌ യാദൃശ്ചികമല്ല. അത്‌ നാം പ്രകൃതിയിൽ നടത്തിയ കൈയേറ്റത്തിന്റെ സ്വാഭാവികതിരിച്ചടിയാണ്‌.

നെൽവയലുകൾ വളരെ സമ്പന്നമായ ഒരു ജൈവവ്യൂഹത്തിന്റെ ഭാഗമാണ്‌. തവളകളും മത്സ്യങ്ങളും വിവിധയിനം മിത്രകീടങ്ങളും മണ്ണിരകളും എണ്ണമറ്റ സൂക്ഷ്‌മജീവികളും എല്ലാം ചേർന്ന വയലുകൾ ജൈവവൈവിധ്യത്തിൽ സമ്പന്നവുമാണ്‌. അവ അങ്ങനെത്തന്നെ നിലനിർത്തുക എന്നത്‌ കർഷകന്റേത്‌ എന്നതിലുപരി സമൂഹത്തിന്റെകൂടി ആവശ്യമാണ്‌. പക്ഷേ നിയമംമൂലം അതിനു കർഷകനെ നിർബന്ധിക്കുന്നത്‌ സ്ഥായിയായ പരിഹാരമാവില്ല. അവർ പഴുതുകൾതേടി അതിൽനിന്നു എടുത്തുചാടും. കർശനമായ നെൽവയൽ സംരക്ഷണനിയമം പുസ്‌തകത്തിലുണ്ടായിട്ടും കേരളത്തിൽ സംഭവിച്ചത്‌ അതാണ്‌. ശരിയായ മാർഗം കർഷകന്‌ നെൽകൃഷി ആകർഷകമാക്കുക എന്നതുതന്നെയാണ്‌. അതിന്‌ പല ഘടകങ്ങളുണ്ട്‌, ഉൽപ്പന്നത്തിനു ന്യായമായ വില ലഭ്യമാക്കണം. ഭൂമി ഒരുക്കുക, വെള്ളം പമ്പുചെയ്യുക ജലസേചനം ലഭ്യമാക്കുക തുടങ്ങിയ അനുബന്ധപ്രവർത്തനങ്ങൾ സമൂഹത്തിന്റെ മൊത്തം അജണ്ടയാകണം. ആധുനികജീവിത ശൈലിക്ക്‌ അനുരൂപകമായതരത്തിൽ അധ്വാനരൂപങ്ങൾ മാറണം. ഇക്കാര്യത്തിൽ അനുയോജ്യമായ യന്ത്രവൽക്കരണം തീർച്ചയായും പ്രധാനമാണ്‌. ചേറിലിറങ്ങി പണിയെടുക്കാൻ മടിക്കുന്ന ചെറുപ്പക്കാർ സസന്തോഷം യന്ത്രമോടിക്കാൻ മുന്നോട്ടുവരും. അവയുടെ അറ്റകുറ്റപ്പണികളും സർവീസിങ്ങും പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും. അതിന്റെ ഗുണമെടുക്കാൻ പുതുതലമുറക്ക്‌ കഴിയണം. അതിനനു സരിച്ച്‌ വിദ്യാഭ്യാസം താൽപര്യപ്പെടുന്നവർക്ക്‌ കിട്ടണം.

ഇതെല്ലാം ചേർന്ന ഒരു പാക്കേജിനു മാത്രമേ നമ്മുടെ നെൽപ്പാടങ്ങളെയും ഭൂപ്രകൃതിയെയും രക്ഷിക്കാനാകൂ. എങ്കിൽമാത്രമേ കേരളം നമ്മുടെ മനസ്സിലുള്ള ഹരിതാഭമായ ഭൂമിയായി നിലനിൽക്കൂ.

ഈ ഹരിതസ്വപ്‌നം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണി കമ്പോളശക്തികളിൽ നിന്നാണ്‌. കേരളത്തിലിന്ന്‌ ഭൂമി കച്ചവടവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്‌. ഇതിന്റെ ഒരു പ്രധാന നിമിത്തമായത്‌ മധ്യവർഗത്തിലെ ഒരു വിഭാഗത്തിനു കൈവന്ന സമ്പന്നതയും പ്രവാസിപ്പണത്തിന്റെ ഒഴുക്കുമാണ്‌. അവരുടെ മിച്ച സമ്പാദ്യത്തെ ഉൽപാദന മേഖലകളിലേക്ക്‌ വഴിതിരിച്ച്‌ വിടാൻതക്ക ആസൂത്രണം ഇവിടെ ഉണ്ടായില്ല അതിനാൽ എന്തുവിലകൊടുത്തും `കണ്ണായ' സ്ഥാനത്ത്‌ ഒരു പ്ലോട്ടുവാങ്ങി അവിടെ നാലാൾ കൊതിക്കുന്ന ഒരു രമ്യഹർമം പണിതുയർത്തുക എന്നതായി കൈയിൽ കാശുള്ള ഏവരുടെയും പൂതി. അതോടെ വീട്‌ താമസിക്കാനുള്ള ഒരിടം എന്നതിലുപരി സ്റ്റാറ്റസ്‌ സിംബലായി - പൊങ്ങച്ചപ്രദർശനത്തിനുള്ള ഉപാധിയായി. ഭൂമി കൃഷി ചെയ്യാനും താമസിക്കാനും വ്യവസായമോ നടത്തി ഉപജീവനം തേടാനും ഉള്ള ഉൽപാദനോപാധി എന്നതിൽനിന്ന്‌ വെറുമൊരു കച്ചവടച്ചരക്കായി മാറി. അതോടെ അതിൽ ധനമൂലധനത്തിന്റെ കണ്ണു വീണു. അത്‌ ഊഹക്കച്ചവടത്തിനുള്ള ഉപകരണമായി. ഒരു പരിധിക്കപ്പുറം ഭൂമിവില കയറിയാൽ അതു കൃഷിക്കു മുതലാവില്ല; നെൽ ക്കൃഷിക്കെന്നല്ല ഒരു കൃഷിക്കും, അതുവിറ്റ്‌ ആ പണം ബാങ്കിലിടുന്നതായിരിക്കും ബുദ്ധി. അങ്ങനെ വിലകയറിയാൽ വ്യവസായത്തിനും മുതലാവില്ല. അതുകൊണ്ടാണല്ലോ ഏറ്റവും ലാഭം കൊയ്യുന്ന ഐ.ടി.വ്യവസായത്തിനുപോലും സർക്കാർ ഭൂമി ലഭ്യമാക്കണമെന്ന്‌ അവർ ആവശ്യപ്പെടുന്നത്‌. സാധാരണക്കാരനു വീടുവയ്‌ക്കുക എന്ന സ്വപ്‌നം അപ്രാപ്യമായിരിക്കുന്നു. പത്തോ ഇരുപതോ സെന്റിൽ അഞ്ചാറുതെങ്ങും അല്‌പസ്വല്‌പം പച്ചക്കറികൃഷിയുമായി കഴിഞ്ഞിരുന്നവർ പോലും അതിലൊരുഭാഗം മറിച്ചുവിറ്റാൽ കിട്ടുന്ന ലക്ഷങ്ങൾ സ്വപ്‌നം കണ്ടുതുടങ്ങും. കള്ളപ്പണക്കാർക്കും അതിസമ്പന്നർക്കും മാത്രം പ്രവേശനമുള്ള ആ വിപണി പൂർണമായും ഊഹക്കച്ചവടക്കാരുടെ പിടിയിലായിരിക്കുന്നു.

ഭൂമാഫിയ കണ്ണുവച്ചിട്ടുള്ള മേഖലയിൽ പെട്ടുപോയ സ്വന്തം കിടപ്പാടം വിൽക്കാൻ കൂട്ടാക്കാത്ത വികസനവിരുദ്ധരെ മെരുക്കാൻ അല്‌പസ്വല്‌പം കൈക്രിയയും ആവാം എന്ന അവസ്ഥ വരും; വന്നു കഴിഞ്ഞു!

ഈ പരിണാമത്തിന്റെ ഉപോൽപ്പന്നമാണ്‌ അനിയന്ത്രിതമായി വളരുന്ന നിർമാണമേഖല, പ്രതിവർഷം 20 ശതമാനത്തോളം തോതിൽ വളരുന്ന അത്‌ കേരളവികസനത്തിന്റെ ചാലകശക്തി ആണെന്ന്‌ നമ്മുടെ പല സാമ്പത്തികശാസ്‌ത്രജ്ഞരും വിലയിരുത്തുന്നു. പക്ഷേ അത്‌ ആരോഗ്യകരമായ വളർച്ചയാണോ? ആർക്കാണതിന്റെ ഗുണം? അവിടെ തൊഴിൽ കിട്ടുന്നത്‌ ഒട്ടുമിക്കവാറും അന്യസംസ്ഥാനങ്ങളിൽ നിന്നുവരുന്നവർക്കാണ്‌. അതിനുപയോഗിക്കുന്ന നിർമാണ സാമഗ്രികളിൽ മണലും വെള്ളവും ഇഷ്‌ടികയും ഒഴികെ മറ്റെല്ലാം വരുന്നതു പുറമേ നിന്ന്‌ (സിമന്റ്‌, കമ്പി, അലൂമിനിയം, ഗ്ലാസ്സ്‌, പെയിന്റ്‌, ടൈൽസ്‌, മാർബിൾ, പി.വി.സി... ലിസ്റ്റ്‌ എത്രയോ നീണ്ടാതാണ്‌). ഇവിടെ നിന്ന്‌ എടുക്കുന്ന കല്ലും മണ്ണും വെള്ളവും നികത്തപ്പെടുന്ന നീർത്തടങ്ങളും വയലുകളും ആണ്‌ നമ്മുടെ നേട്ടം!(ശരീരത്തിന്റെ മറ്റു കലകൾക്കു കിട്ടേണ്ട പോഷകങ്ങൾ വലിച്ചെടുത്ത്‌ ചില കലകൾ അമിതമായി വളരുന്നതിനു മറ്റൊരു പേരല്ലേ ചേരുക) അതാണോ വികസനം? സുസ്ഥിരവികസനം?

ഈ ചൂതാട്ടത്തിലെ ഒരു കരുമാത്രമായി ഭൂമി മാറിയിരിക്കുന്നു. വീണ്ടും ചൂണ്ടിക്കാണിക്കട്ടെ, ഈ അധ:പതനത്തിനുള്ള അടിസ്ഥാനകാരണം ഭൂമിയെ അതിന്റെ പാരിസ്ഥിതിക-ജൈവിക-ഉൽപാദന ധർമങ്ങളിൽനിന്നു വേർപ്പെടുത്തി വെറുമൊരു വിൽപനച്ചരക്കുമാത്രമായി കാണുന്ന സമീപനമാണ്‌. സ്വകാര്യലാഭത്തിനായി ഭൂമി എന്തും ചെയ്യാമെന്നായിരിക്കുന്നു. തന്നിഷ്‌ടപ്രകാരം ഭൂമി ഏതുവിധത്തിലും ഉപയോഗിക്കാനുള്ള അവകാശം ഒരു പരിഷ്‌കൃതസമൂഹത്തിനും യോജിച്ചതല്ല. സോഷ്യലിസ്റ്റുരാജ്യങ്ങളിൽ ഭൂവുടമസ്ഥത സ്റ്റേറ്റിൽ നിക്ഷിപ്‌തമായിരുന്നു. വികസിതമുതലാളിത്തരാജ്യങ്ങളിലും ഭൂമി യിൽ ആർക്കും എന്തും ചെയ്യാനുള്ള അധികാരമില്ല. അവിടെപോലും ഭൂവിനിയോഗം സാമൂഹികനിയന്ത്രണത്തിനു വിധേയമാണ്‌. Eminent Domain സിദ്ധാന്തം ഉപയോഗിച്ചുകൊണ്ട്‌ പൊതുതാൽപര്യത്തിന്റെ പേരിൽ മാത്രമല്ല, സാമ്പത്തികവികസനത്തിന്റെ പേരിൽപോലും ഭൂമി ഏറ്റെടുക്കാൻ സ്റ്റേറ്റിനു അധികാരം നൽകുന്ന നിയമങ്ങൾ മുതലാളിത്തരാജ്യങ്ങളിൽ നിലവിലുണ്ട്‌.

മിക്ക പരിഷ്‌കൃതരാജ്യങ്ങളിലും മേഖലാവത്‌കരണം (zoning) കർ ശനമാണ്‌. ജനവാസപ്രദേശങ്ങളിൽ (residential zones) കച്ചവടസ്ഥാപനങ്ങളോ വ്യവസായങ്ങളോ സ്ഥാപിക്കാൻ അനുവാദം കിട്ടില്ല. മറിച്ചും പറ്റില്ല. വീടുകൾ പണിയുമ്പോൾ പോലും ആ സ്ഥലത്തെ പൈതൃക കെട്ടിട നിർമാണ രീതിക്ക്‌ യോജിക്കാത്ത കെട്ടിടങ്ങൾ പണിയാൻ സമ്മതിക്കില്ല. ഉദാഹരണമായി പരമ്പരാഗതരീതിയിൽ ഓടിട്ട കൂരകൾ നിരനിരയായി നിലനിൽക്കുന്ന തെരുവിൽ ഒരു കോൺക്രീറ്റ്‌ കെട്ടിടം അതെത്ര മനോഹരമായിരുന്നാൽ പോലും അരോചകമായിരിക്കും. എന്തിന്‌, സ്വന്തം വീട്‌ വേണ്ടതുപോലെ അറ്റകുറ്റപ്പണികൾ നടത്താതെ അലങ്കോലമായിട്ടിട്ടാൽ പോലും നഗരസഭ നിങ്ങൾക്ക്‌ നോട്ടീസയയ്‌ക്കും. അതായത്‌, സ്വകാര്യസ്വത്ത്‌ എന്നത്‌ നിരങ്കുശ മായ ഒരു അവകാശമല്ലെന്നർത്ഥം. ഇത്‌ മുതലാളിത്ത രാജ്യങ്ങളിലെ അവസ്ഥ. എന്നാൽ ഇന്ത്യയിൽ ഇപ്പോഴും സ്വകാര്യഭൂമി ഉടമസ്ഥത എന്നത്‌ ഒരു വിശുദ്ധപശുവിനെപ്പോലെ ഭരണകൂടം കൈവയ്‌ക്കാൻ ഭയപ്പെടുന്ന ഒരു സംഗതിയാണ്‌.

ഇന്ത്യയിൽ ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും ഭൂപരിഷ്‌കരണം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സ്വകാര്യ ഭൂവുടമ സ്ഥതയുമായി ബന്ധപ്പെട്ട്‌ കേരളത്തിൽ അനിവാര്യമായിരിക്കുന്നതു പോലുള്ള സൂക്ഷ്‌മമായ ആലോചനകളോ നിയമനടപടികളോ അഖിലേന്ത്യാടിസ്ഥാനത്തിൽ ഉടൻ ഉണ്ടാവാനുള്ള സാധ്യത കുറവാണ്‌. അതിനാൽ വികസനത്തിന്റെ മറ്റ്‌ രംഗങ്ങളിലേത്‌ പോലെ കേരളത്തിൽ ഭൂപരിഷ്‌കരണരംഗത്തും കൈവരിച്ച നേട്ടങ്ങൾ നിലനിർത്തുന്നതിന്നാവണം മുൻഗണന. തുടർനടപടികളാകട്ടെ സമൂഹത്തിന്‌ മൊത്തത്തിലും ദരിദ്രർക്ക്‌ പ്രത്യേകിച്ചും പ്രയോജനപ്പെടുന്ന രീതിയിലാവണം. അതിന്‌ സഹായകമായ നിയമ നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊള്ളണം. എതിർപ്പുകളെ ജനകീയമായി പ്രതിരോധിക്കാനും കഴിയണം. നിലവിലുള്ള ഭൂനയവും പരിസ്ഥിതിനയവും ഇതിന്ന്‌ പര്യാപ്‌തമല്ല. അതിനാൽ ഭൂവിനിയോഗത്തിലും ഭൂ ഉടമസ്ഥതയിലും മാറ്റം വരുത്തിക്കൊണ്ടുള്ള നിയമനടപടികൾ അനിവാര്യമാണ്‌.

എന്നാൽ കേരളത്തിൽ സംഭവിക്കുന്നതോ?

കേരളത്തിൽ വികസനത്തിന്റെ പേരിൽ നടപ്പാക്കി വരുന്ന ഭൂബന്ധിതനടപടികൾ മിക്കതും ജനങ്ങൾക്ക്‌ പൊതുവിലും ദരിദ്രർക്ക്‌ പ്രത്യേകിച്ചും ഗുണകരമല്ല. ഇക്കാലത്ത്‌ നടപ്പാക്കിയ/നടപ്പാക്കാൻ ശ്രമിച്ച പല പ്രവർത്തനങ്ങൾക്കും മുതലാളിത്ത വികസനത്തിന്റെ പരിമിതികളെ മറികടക്കാൻ പോലും കഴിയുന്നില്ല. PPP, എക്‌സ്‌പ്രസ്സ്‌ പാത, ബി ഒ ടി റോഡ്‌ നിർമാണം, SEZ, EPZ, പാടം നികത്തി റിയൽ എസ്റ്റേറ്റ്‌ ഉണ്ടാക്കൽ, എന്നിവയിലെല്ലാം മൂലധനവ്യവസ്ഥയുടെ താൽ പ്പര്യങ്ങളാണ്‌ സംരക്ഷിക്കുന്നത്‌.

പ്രത്യേക ധർമങ്ങൾ നിർവഹിച്ചുകൊണ്ടിരുന്ന കേരളത്തിലെ സമുദ്രതീരങ്ങൾ, റോഡുകൾ, പുഴകൾ, കായലുകൾ, വയലുകൾ, കുന്നിൻ ചെരിവുകൾ, മലകൾ, തണ്ണീർത്തടങ്ങൾ എന്നിവയെല്ലാം ഇന്ന്‌ കമ്പോളശക്തികളുടെ കടന്നാക്രമണങ്ങൾക്ക്‌ ഇരയായിക്കൊണ്ടിരിക്കയാണ്‌ എന്നു തുടക്കത്തിലേ ചൂണ്ടിക്കാണിച്ചുവല്ലൊ. ഭൂമി കൃത്യമായൊരു വിൽപ്പനച്ചരക്കായതോടെയും സാമൂഹിക നിയന്ത്രണ ഉപാധികൾ ദുർബലപ്പെട്ടതോടെയും ഈ കടന്നാക്രമണ രീതി വിപുലപ്പെടുക മാത്രമല്ല വലിയ തോതിൽ ശക്തി കൈവരിച്ചിക്കുകയുമാണ്‌. മണ്ണ്‌, വെള്ളം, കല്ല്‌, പാറ, മണൽ, വനം എന്നീ പ്രകൃതിവിഭവങ്ങ ളിലെ കൈയേറ്റങ്ങൾ വിവിധതരം മാഫിയകൾ പങ്കുവച്ചെടുത്തിരിക്കുകയാണ്‌. ഇവർക്കാകട്ടെ, വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ പ്രവർ ത്തകരുമായി ബന്ധമുണ്ടെന്നത്‌ ജനകീയ പ്രതിരോധങ്ങളെ ദുർബലപ്പെടുത്തുന്നു. അനിയന്ത്രിതമായ നഗരവൽക്കരണത്തിന്റെയും വാണിജ്യത്തിന്റെ വ്യാപനത്തിന്റെയും പേരിൽ നമ്മുടെ ജൈവപരിസ്ഥി തിയും ജൈവവൈവിധ്യവും തകരുകയാണ്‌. വർധിച്ച ജനസാന്ദ്രത, അണുകുടുംബവ്യാപനം, സവിശേഷമായ ആവാസവ്യവസ്ഥ എന്നിവ ഭൂമിയുടെ തുണ്ടവൽക്കരണത്തിന്‌ ആക്കം കൂട്ടുന്നു. ദാരിദ്ര്യം മൂലമുള്ള കടബാധ്യതകൾ ഇത്തരം തുണ്ടുഭൂമികളുടെ വിൽപ്പന വർധി പ്പിക്കുന്നു. തുണ്ടുഭൂമി അവസാനം ധനികരിലേക്ക്‌ എത്തിപ്പെടുന്നു. അവർ ലാഭത്തിനു വേണ്ടി മറിച്ചുവിൽക്കുന്നു. ഈ പ്രക്രിയ കേരളത്തിൽ ഒരു ദൂഷിതവലയമായി മാറിയിരിക്കയാണ്‌.

വയലുകൾ നികത്തിയുള്ള ഫ്‌ളാറ്റുനിർമാണം, മലമുകളിലെയും കടൽത്തീരത്തെയും റിസോർട്ട്‌ നിർമാണം എന്നിവ എല്ലാ പരിസ്ഥിതി നിയമങ്ങളെയും നിയന്ത്രണങ്ങളെയും അതിലംഘിക്കയാണ്‌. CRZ നിയമം വൻതോതിൽ ലംഘിക്കപ്പെടുന്നു. ടൂറിസത്തിന്റെ പേരിൽ നടക്കുന്ന എല്ലാതരം കടന്നാക്രമണങ്ങളും വിദേശപണം ലഭിക്കുന്നതിന്റെ പേരിൽ ന്യായീകരിക്കപ്പെടുകയാണ്‌. കേന്ദ്രസർക്കാറും ആസൂത്രണ കമ്മീഷനും ഈയിടെയായി പശ്ചാത്തലവികസനത്തിന്റെ പേരിൽ ഭൂമി ഏറ്റെടുത്തുകൊണ്ടിരിക്കുകയോ ഏറ്റെടുക്കാൻ സംസ്ഥാന സർ ക്കാറുകളെ പ്രേരിപ്പിക്കുകയോ ആണ്‌. ദേശീയ പാതകളുടെ ബി ഒ ടി വ്യവസ്ഥകളും ഇത്തരത്തിലുള്ളവയാണ്‌.

കേന്ദ്രത്തിന്റെ എല്ലാ നിർമാണപ്രവർത്തനങ്ങളും നേരത്തെ കേന്ദ്ര പി ഡബ്ല്യു ഡി (PWD) മുഖേനയാണ്‌ നടന്നിരുന്നതെങ്കിലും ഇപ്പോൾ വൻകിടക്കാരായ സ്വകാര്യകമ്പനികൾ BOT, PPPഎന്നീ സംവിധാനങ്ങൾ വഴിയാണ്‌ നടപ്പാക്കുന്നത്‌. പശ്ചാത്തലസൗകര്യങ്ങളുടെ വികസനത്തിന്റെ മറവിൽ ആവശ്യത്തിലധികം ഭൂമി കൈവശപ്പെടുത്തി അതിലൂടെ റിയൽ എസ്റ്റേറ്റ്‌ കച്ചവടം നടത്താനുള്ള അവസരം ബോധപൂർവം സൃഷ്‌ടിക്കപ്പെടുന്നു. ഇതൊക്കെ വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ്‌ കേരളത്തിൽ സൃഷ്‌ടിക്കുന്നത്‌. സാധാരണ ക്കാരായ ജനങ്ങളും ദരിദ്രരും അവരുടെ തുണ്ട്‌ ഭൂമിയിൽ നിന്ന്‌ പുറംതള്ളപ്പെടുകയാണ്‌. ഏതാനും പുത്തൻപണക്കാരും അവരുടെ സഹചാരികളുമാണ്‌ എല്ലാ ആസ്‌തികളുടെയും ഉടമസ്ഥരായിത്തീരുന്നത്‌. കേരളത്തിൽ ഭൂപരിഷ്‌കരണത്തിലൂടെ കൂടുതൽ കുടുംബങ്ങളിലേക്കു വ്യാപിച്ച ഭൂ ഉടമസ്ഥത വീണ്ടും ചുരുക്കം പേരിലേക്ക്‌ പരിമിതപ്പെടുകയാണെന്നും ഇതിന്റെ ഫലമായി ധനിക-ദരിദ്ര അന്തരം കൂടി ക്കൊണ്ടിരിക്കുകയാണെന്നും `കേരളപഠനം' കാണിക്കുന്നു. ഇതിലെല്ലാം വ്യക്തമാകുന്നത്‌ കമ്പോളത്തിന്റെ ശക്തമായ കടന്നുവരൽ തന്ത്രങ്ങളാണ്‌. നവലിബറൽനയങ്ങൾ ശക്തിപ്പെട്ടതോടെ എന്തും വിറ്റ്‌ കാശാക്കാനുള്ള ത്വര കൂടി വരികയുമാണ്‌. ഈയൊരു പശ്ചാത്ത ലത്തിന്റെ സ്വാധീനത്തിലാണ്‌ വികലമായ ഭൂവിനിയോഗരീതികൾ ശക്തിപ്പെടുന്നതെന്ന്‌ തിരിച്ചറിയേണ്ടിയിരിക്കുന്നു.

മാറ്റങ്ങൾക്കുള്ള നിർദേശങ്ങൾ

കേരളം ഇക്കാലത്ത്‌ നേരിടുന്ന ഭൂരിഭാഗം പ്രശ്‌നങ്ങളും ഭൂബന്ധിതമാണ്‌. ഭൂമിയിലും അതിന്റെ വിഭവങ്ങളിലും സാധാരണ ജനങ്ങൾക്ക്‌ നിയന്ത്രണമില്ലാതാകുന്നു എന്നതാണ്‌ പ്രധാന പ്രശ്‌നം. കമ്പോളം കൈയേറി തുടങ്ങിയതോടെ പരമ്പരാഗത ഭൂവിനിയോഗരീതി തകർന്നു. ആധുനികവും ശാസ്‌ത്രീയവുമായ ബദൽരീതിയാകട്ടെ, വളർന്നുവന്നതുമില്ല. അതുകൊണ്ടുതന്നെ ജനങ്ങൾക്കും മറ്റു ജീവ ജാലങ്ങൾക്കും സ്വതന്ത്രമായി ജീവിക്കാനും ഭക്ഷിക്കാനും പ്രവർത്തിക്കാനും ഇടപെടാനുമുള്ള അവസരങ്ങൾ ഉറപ്പാക്കുന്ന രീതിയിൽ ശാസ്‌ത്രീയമായ ഭൂവിനിയോഗ രീതി ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതിന്‌ സഹായകമാം വിധം പാർപ്പിടം, കൃഷി, വ്യവസായം, ഖനനം, ടൂറിസം, ഗതാഗതം, മറ്റ്‌ പശ്ചാത്തലസൗകര്യങ്ങൾ എന്നിവയൊക്കെ വിക സിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും സ്ഥലീയ ആസൂത്രണരീതികളും വളർന്നുവരണം.

കേരളം പോലെ പാരിസ്ഥിതികപ്രശ്‌നങ്ങളും കനത്ത ജനസാന്ദ്രതയുള്ള ഒരു പ്രദേശത്ത്‌ സന്തുലിതമായ ഭൂവിനിയോഗം അത്യാവശ്യമാണ്‌. ഇതിന്‌ ആവാസവ്യവസ്ഥകൾ, ജൈവമേഖലകൾ, ഉൽപ്പാദന മേഖലകൾ, സാംസ്‌കാരികമേഖലകൾ, വിനിമയ-ഗതാഗതമേഖല കൾ എന്നിവ കൃത്യമായി നിർണയിക്കുന്ന സ്ഥലീയ ആസൂത്രണം ആവശ്യമാണ്‌. കേരളത്തിന്റെ സവിശേഷസാഹചര്യത്തിൽ സ്ഥലീയ ആസൂത്രണം ജലവിഭവാസൂത്രണവുമായും ബന്ധപ്പെടും. അതു കൊണ്ട്‌ സമഗ്രമായ നീർത്തടവ്യവസ്ഥകളുടെ ആസൂത്രണത്തിന്റെ ഭാഗമായിവേണം ഭൂവിനിയോഗആസൂത്രണം നടത്തുന്നത്‌. വ്യവ സായ മേഖലകൾക്കും വിവിധ സ്ഥാപനങ്ങൾക്കുമുള്ള ഭൂമിയും ഇതിന്റെ ഭാഗമാകണം.

ഉൽപ്പാദനവ്യവസ്ഥകളും ജൈവപ്രകൃതിയും മനുഷ്യജീവിതവും തമ്മിലുള്ള സന്തുലനം ഏറ്റവും ഫലപ്രദമായി നടക്കുക പ്രാദേശിക തലത്തിലാണ്‌. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക്‌ ഭൂവിനിയോഗ-നിർവഹണത്തിൽ പ്രധാന പങ്കു വഹിക്കാനുണ്ട്‌. അതിന്‌ നിയമപരമായ പ്രാബല്യമുണ്ടാവുകയും ഭൂവിനിയോഗത്തെ കർശനമായി നിർണയിക്കുന്നതിനാവശ്യമായ വ്യവസ്ഥകൾ തദ്ദേശസ്വയംഭരണസ്ഥാപ നങ്ങളെ സംബന്ധിച്ച നിയമങ്ങളിൽ ഉൾപ്പെടുത്തുകയും വേണം. നീർത്തടാധിഷ്‌ഠിതമായ ജനകീയസമിതികളെയും ഇതിനായി പരിഗണിക്കാവുന്നതാണ്‌.

ഭൂമി വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില നിർദ്ദേശങ്ങൾ ചർച്ചക്കായി സമർപ്പിക്കുകയാണ്‌.

1. പാർപ്പിടം : എല്ലാവരുടെയും പാർപ്പിടപ്രശ്‌നം പരിഹരിക്കണം. എല്ലാ ഭൂമിയും പാർപ്പിടയോഗ്യമല്ല. പാർപ്പിടയോഗ്യമല്ലാത്ത വയലുകൾ നികത്തിയും കുന്നുകൾ നിരപ്പാക്കിയും പാർപ്പിടമേഖലയാക്കി മാറ്റുന്നത്‌ ശാസ്‌ത്രീയമല്ല. പാർപ്പിടം ഏറ്റവും അനുയോജ്യമായ മേഖലകളിലേക്ക്‌ പരിമിതപ്പെടുത്തണം. ദരിദ്രജനങ്ങൾക്ക്‌ പാർപ്പിടം ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം. ഈ ആവശ്യത്തിന്നായി സർക്കാർ നൽകുന്ന ഭൂമിയും വീടും ഒരു കാരണവശാലും വിൽക്കാൻ പാടില്ല. എന്നാൽ തലമുറകൾക്ക്‌ കൈമാറാം. പാർപ്പിടത്തെപ്പറ്റി കൃത്യമായ ആസൂത്രണം വേണം. അതിന്റെ അടിസ്ഥാനത്തിൽ പാർപ്പിട (ഹൗസിങ്ങ്‌) മേഖലകൾ ഉണ്ടായി വരണം.

2. ഖനനം : ഭൂവിഭവങ്ങൾക്കായുള്ള (മണ്ണെടുപ്പും വെള്ളമൂറ്റലും ഉൾപ്പെടെ) എല്ലാവിധ ഖനനവും അതിനുവേണ്ടി നിർദ്ദേശിച്ച സ്ഥലത്ത്‌ കൃത്യമായ ലൈസൻസിന്‌ വിധേയമായി മാത്രമേ ആകാവൂ. സമഗ്രമായ പാരിസ്ഥിതികആഘാതപഠനത്തിന്‌ ശേഷം പരിസ്ഥിതി ആഘാതങ്ങൾ വിലയിരുത്തി അവ പരമാവധി ലഘൂകരിച്ച്‌ മാത്രമേ ലൈസൻസ്‌ നൽകാവൂ. ഖനനത്തിന്‌ ശേഷം ആ ഭൂമിയുടെ പുനരു പയോഗത്തിനുള്ള പദ്ധതിയും അതിനുള്ള ചെലവും കൂടി കണക്കിലെടുക്കണം. വൻതോതിൽ ഖനനസാധ്യതയുള്ള പ്രദേശങ്ങൾക്ക്‌ മൊത്തമായ മാസ്റ്റർപ്ലാൻ തയ്യാറാക്കി ആവശ്യമായ പുനരധിവാസ പരിപാടികൾ നടപ്പാക്കിയ ശേഷമേ ഖനനം തുടങ്ങാവൂ.

3. നീർതടാധിഷ്‌ഠിത വികസന മാസ്റ്റർപ്ലാനുകളുടെ അടിസ്ഥാനത്തിലാവണം കാർഷികവികസനപരിപാടികൾ നടപ്പാക്കേണ്ടത്‌. നെൽപ്പാടങ്ങളായോ നീർത്തടങ്ങളായോ നിർദ്ദേശിച്ച സ്ഥലങ്ങൾ അപ്രകാരം തന്നെ സംരക്ഷിക്കണം. അവയിൽ എന്തെങ്കിലും മാറ്റം അനിവാര്യമായാൽ ആ സാഹചര്യം `പബ്ലിക്‌ ഹിയറിംഗി'ലൂടെ പൊതുജനങ്ങളെ ബോധ്യപ്പെടുത്തി സുതാര്യമായി ചെയ്യേണ്ടതാണ്‌. യാതൊരു കാരണവശാലും അത്‌ സ്വകാര്യ ലാഭാർത്ഥമാകരുത്‌. പൊതു ആവശ്യങ്ങൾക്കുമാത്രമേ ആകാവൂ.

4. ടൂറിസത്തിനായുള്ള ഭൂവികസനവും മേൽസൂചിപ്പിച്ച നിയാമകതത്വങ്ങൾക്ക്‌ വിധേയമായി മാത്രമേ നടപ്പാക്കാവൂ. ഇക്കോടൂറിസത്തിനും ചരിത്രപ്രാധാന്യമുള്ള ടൂറിസത്തിനുമാകണം മുൻഗണന. ഏകജാലകസമ്പ്രദായം ചട്ടങ്ങൾക്ക്‌ ഇളവുനൽകാനുള്ള പിൻവാതിലാകരുത്‌.

5. ഇന്ന്‌ ഭൂമി കൈവശം വച്ചിരിക്കുന്നവരിൽ നിക്ഷിപ്‌തമായുള്ളത്‌ അത്‌ ജീവനാവശ്യങ്ങൾക്കായി നിശ്ചിതരീതിയിൽ ഉപയോഗിക്കാനുള്ള നിയമപരമായ അധികാരം മാത്രമാണ്‌. ഭൂമി പ്രകൃതിദത്ത ഉൽപാദന ഉപാധിയാണ്‌. അതുകൊണ്ട്‌ തന്നെ ഉപയോഗിക്കാനുളള നിയമപരമായ അധികാരം ഭൂമിയുടെ പ്രകൃതിദത്ത ഗുണത്തെ നശിപ്പിക്കാനുള്ള അവകാശമായി ഒരു തരത്തിലും മാറാൻ പാടില്ല.

6. ഭൂമിക്ക്‌ കരം കൊടുക്കുന്നതും, ഭൂമി രജിസ്‌ടർ ചെയ്‌തുവാങ്ങുന്നതും കാണിക്കുന്നത്‌ ഭൂമിയിലെ നിയമപരമായ അവകാശത്തിന്റെ കൈമാറ്റ സാധ്യതകൾ മാത്രമാണ്‌. ഒരാൾ മറ്റൊരാളിലേക്ക്‌ ഭൂമി ഒരു കരാറിലൂടെ കൈമാറുകയാണ്‌. അതുകൊണ്ട്‌ തന്നെ അത്യന്തിക അവകാശം സമൂഹത്തിൽ/സ്റ്റേറ്റിൽ തന്നെയാണ്‌ നിക്ഷിപ്‌തമായിരിക്കുന്നത്‌. ഇക്കാര്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഭൂനയപ്രഖ്യാപനം നടത്തണം.

7. ഭൂമിയുടെ ഉപയോഗത്തെ അടിസ്ഥാനമാക്കി ക്രയവിക്രയ വില നിജപ്പെടുത്തുന്നതിന്‌ സോണിങ്‌ (Zoning)സഹായിക്കും. ഉൽപാദ നാവശ്യത്തിന്ന്‌ ന്യായമായവിലക്ക്‌ ഭൂമി ലഭ്യമാക്കാൻ കഴിയും. എന്നാൽ, അത്തരം ഭൂമി ഉപയോഗിക്കുന്നത്‌ ഉൽപാദനാവശ്യത്തിന്ന്‌ തന്നെയാണെന്ന്‌ ഉറപ്പാക്കണം. നിർദ്ദേശിക്കപ്പെട്ട പ്രവർത്തനം നിശ്ചിത സമയത്തിനുള്ളിൽ ആരംഭിച്ചില്ലെങ്കിൽ കൈമാറ്റം റദ്ദാക്കണം. ഇക്കാര്യങ്ങൾ സുഗമമാക്കുന്ന വിധം ഭൂമിയുടെ ക്രയവിക്രയപ്രക്രിയയിൽ പ്രാദേശികഭരണസമിതികൾക്കും പങ്കാളിയാകാൻ കഴിയണം.

8. നീർത്തടാധിഷ്‌ഠിത വികസനം/സ്ഥലീയ ആസൂത്രണം : പ്രാദേശിക ഉൽപാദനത്തിനും വിപണനത്തിനും സഹായകമെന്നോണം മനുഷ്യാധ്വാനത്തെയും പ്രകൃതിവിഭവങ്ങളെയും കാര്യക്ഷമമായി വിനിയോഗിക്കുന്ന രീതിയാണ്‌ സ്ഥലീയാസൂത്രണം (Spacial planning). ഇവിടെ നാം സ്ഥല-ജല വിഭവങ്ങളുടെ ശാസ്‌ത്രീയമായ വിനിയോഗത്തെയാണ്‌ ലക്ഷ്യമാക്കുന്നത്‌. സ്ഥലീയാസൂത്രണമെന്നാൽ വിഭ വാസൂത്രണണമാണ്‌. ചെറുതും വലുതുമായ നീർത്തടങ്ങളെ അടി സ്ഥാനമാക്കിയുള്ള ഭൂപ്രദേശമായിരിക്കും ആസൂത്രണത്തിന്റെ അടിസ്ഥാന യൂണിറ്റ്‌. ഒരു ജലസ്രോതസ്സിലേക്ക്‌ വെള്ളത്തെ എത്തിക്കുന്നതും അതിലെ വെള്ളം ഉപയോഗിക്കുന്നതുമായ പ്രദേശങ്ങൾ ചേർന്നതാണ്‌ നീർത്തടം. നീർത്തടം പ്രകൃതിദത്തമാണ്‌. അത്‌ മണ്ണ്‌, ജലം, മനുഷ്യാധ്വാനം, സൂര്യപ്രകാശം എന്നിവയുടെ കൂട്ടായ ഉപയോഗം ഉറപ്പാക്കുന്നു.

9. സ്ഥലീയാസൂത്രണത്തിന്റെ പരിധിയിൽ കൃഷിക്ക്‌ പുറമെ വ്യവസായം, കളിസ്ഥലം, പൂന്തോട്ടം, ഗതാഗതം, കെട്ടിട നിർമാണം, വന സംരക്ഷണം, എന്നിവയൊക്കെ ചേരണം. ഓരോ പ്രവൃത്തിക്കും ഉചിതമായ സ്ഥലം കണ്ടെത്തണം. നീർത്തടത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകൾക്കനുസരിച്ച്‌ അതാതിടത്തെ ആവശ്യങ്ങൾ ക്രമീകരിക്കാനും കഴിയണം.

10. ഗതാഗത നയം : ഭൂവിനിയോഗവുമായി ബന്ധപ്പെട്ട്‌ ഏറെ ചർച്ച ചെയ്യുന്ന രംഗമാണ്‌ ഗതാഗതം. പ്രധാന റോഡുകൾ BOT അടിസ്ഥാനത്തിൽ പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെടുത്തി കേരളത്തിൽ വലിയ സംഘർഷങ്ങൾ തന്നെ ഉണ്ടാകുന്നു. ഭൂവിനിയോഗവുമായി ബന്ധപ്പെട്ട ഗതാഗതനയത്തിന്റെ അഭാവമാണ്‌ ഇതിന്‌ കാരണം. ഗതാഗതനയത്തിന്റെ ലക്ഷ്യം ഒരു സ്ഥലത്തുനിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ ചെലവ്‌ കുറഞ്ഞ നിരക്കിൽ കൂടുതൽ ജനങ്ങളും ചരക്കുകളും എത്തുക എന്നതായിരിക്കണം. ഒരിക്കലും പരമാവധി വാഹനങ്ങളെ എത്തിക്കുന്നതിനാകരുത്‌ മുൻഗണന. ഈ രീതിയിൽ പരമാവധി ജനങ്ങളുടെ യാത്ര എന്ന നിലയിൽ തെക്ക്‌-വടക്ക്‌ റെയിൽ ഗതാഗതവും, റെയിൽവെ സ്റ്റേഷനുമായി ബന്ധപ്പെടുത്തി കിഴക്ക്‌-പടിഞ്ഞാറ്‌ റോഡു ഗതാഗതത്തിനും ഊന്നൽ എന്നതായിരിക്കും ഏറ്റവും അനുയോജ്യം. കൂടുതൽ ഹ്രസ്വദൂര തീവണ്ടികൾ ഓടിക്കണം.

11. വർദ്ധിച്ചുവരുന്ന നഗരവൽക്കരണം അമിതകേന്ദ്രീകരണത്തി നിടയാക്കുന്നു. മാലിന്യനിർമാർജ്ജനം ഒരു തീരാപ്രശ്‌നമായി മാറുന്നു. ഗ്രാമങ്ങളിലെ വിഭവങ്ങൾ നഗരങ്ങളിലേക്ക്‌ കടത്തിക്കൊണ്ടു പോകുന്നു. അസന്തുലിതാവസ്ഥ വർധിക്കുന്നു. ഭൂമിയുടെ സവിശേഷത കണക്കിലെടുത്തുകൊണ്ട്‌ ആവാസകേന്ദ്രങ്ങളും മറ്റ്‌ പ്രവർത്തന മേഖലകളും വേർതിരിക്കാൻ കഴിയണം.

12. CRZ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കണം. ഇതിന്റെ ഭാഗമായി നഗരവികസന പദ്ധതികളുടെ ശാസ്‌ത്രീയത, ജലാശയ ങ്ങളുടെ സംരക്ഷണം എന്നിവയൊക്കെ ഉറപ്പാക്കേണ്ടതുണ്ട്‌.

13. കാർഷികോൽപ്പാദനം വർധിപ്പിക്കുന്നതിൽ ഊന്നിക്കൊണ്ടാവണം വികേന്ദ്രീകൃതആസൂത്രണപദ്ധതികൾ തയ്യാറാക്കേണ്ടത്‌. ഭൂമി കൈയേറ്റം തടയുംവിധം രജിസ്‌ട്രേഷൻ വ്യവസ്ഥയിൽ മാറ്റം വരുത്തേണ്ടതുണ്ട്‌.

14. ഭൂസുരക്ഷ-തൊഴിൽ സുരക്ഷ : ഭക്ഷണം അടക്കമുള്ള ജീവിതോപാധികൾ വാങ്ങുന്നതിന്‌ തൊഴിലും വരുമാനവും ഉണ്ടാവണം. കേരളീയരിൽ പകുതി പേർക്കും സംസ്ഥാനം ഇതിനകം നേടിയ നേട്ടങ്ങളുടെ ശരാശരി പോലും അനുഭവിക്കാൻ കഴിയുന്നില്ല. അതുകൊണ്ടു തന്നെ അവർ ദരിദ്രരാണ്‌. ഇവരിൽ പകുതിയും കേവലമായി ദരിദ്രരാണ്‌. പരിഷത്ത്‌ നടത്തിയ ``കേരള പഠനപ്രകാരം കർഷകതൊഴിലാളികൾ, പരമ്പരാഗത വ്യവസായതൊഴിലാളികൾ, കടലോരനിവാസികൾ, ദളിതർ, ആദിവാസികൾ-ഇവരൊക്കെ ദാരിദ്ര്യത്തിന്റെ കൊടും പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ്‌. ഇവർക്ക്‌ പരിമിതമായുള്ള കൈവശഭൂമിപോലും വിൽക്കേണ്ടി വരികയാണ്‌. ഈ സ്ഥിതി മാറണം. മനുഷ്യാധ്വാനമാണ്‌ പ്രധാന ഉൽപ്പാദനശക്തി. അതിനെ വളർത്തിയും വികസിപ്പിച്ചും മാത്രമേ നാടിന്റെ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും കൂട്ടാൻ കഴിയൂ. നമ്മുടെ വിദ്യാഭ്യാസം, ആരോഗ്യപ്രവർത്തനങ്ങളും ഈ ലക്ഷ്യത്തോടെ സംഘടിപ്പിക്കുമ്പോൾ മാത്രമേ ഭൂവിനിയോഗം കൂടുതൾ ശാസ്‌ത്രീയമാകൂ.

15. തൊഴിലിന്റെ പേരിലാണ്‌ കേരളത്തിലെ നാണ്യവിളതോട്ടങ്ങളെ ഭൂപരിഷ്‌കരണനിയമത്തിന്റെ പരിധിയിൽ നിന്ന്‌ ഒഴിവാക്കിയത്‌. എന്നാൽ ക്രമത്തിൽ ഇത്തരം തോട്ടങ്ങളിൽ ഒരു ഭാഗം പറമ്പുകളോ റിസോർട്ടുകളോ ആയി മാറിയിട്ടുണ്ട്‌. ഈ മാറ്റം ഭൂപരിഷ്‌കരണനിയമത്തിന്റെ ലംഘനമാണ്‌. എന്നാൽ അതിന്റെ ഉത്തരവാദികൾക്കെതിരെ നടപടി ഉണ്ടായില്ല. അതുകൊണ്ട്‌ തന്നെ തോട്ടങ്ങൾ മറ്റ്‌ ആവശ്യത്തിന്‌ ഉപയോഗിക്കുന്നത്‌ തടയാനും ഭൂപരിഷ്‌കരണനിയമത്തിന്റെ ലംഘനം ഇല്ലാതാക്കാൻ കഴിയുന്ന വിധവും പുതിയ നിയമനിർമാണം നടത്തണം.

16. ഭൂബന്ധ സംഘർഷങ്ങൾ : ഭൂപരിഷ്‌കരണനിയമത്തിലെ പഴുതുകൾ ഉപയോഗിച്ച്‌ നാണ്യവിള തോട്ടങ്ങൾ വൻകിടക്കാർ സ്വന്തമാക്കി. കയ്യേറ്റം, കുടിയേറ്റം എന്നിങ്ങനെ വിവാദങ്ങൾ ശക്തിപ്പെട്ട തല്ലാതെ തട്ടിയെടുത്ത ഭൂമി തിരിച്ചുപിടിച്ചില്ല. അവയെ സ്വകാര്യ സ്വത്താക്കി മാറ്റാൻ മാറിമാറി അധികാരത്തിൽ വന്ന രാഷ്‌ട്രീയ അധികാരകേന്ദ്രങ്ങളെയും സർക്കാരുകളെയും സ്വാധീനിക്കുകയാണ്‌ കയ്യേറ്റക്കാർ ചെയ്‌തത്‌. ഈ സാഹചര്യത്തിലാണ്‌ ഭൂബന്ധിതമായ ധാരാളം സംഘർഷങ്ങൾ കേരളത്തിൽ ഉണ്ടായത്‌.

പ്ലാച്ചിമടയിൽ കൊക്കോകോളകമ്പനിക്കെതിരെ നടന്ന സമരം, ചെങ്ങറ ഭൂസമരം, മൂന്നാർ പ്രശ്‌നം, വയനാട്ടിലെ ആദിവാസി ഭൂസമരം ഇവയെല്ലാം ഭൂകേന്ദ്രീകൃതമായ പ്രശ്‌നങ്ങളാണ്‌. പ്രകൃതിവിഭവങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ ഉയരുന്ന ഇത്തരം പ്രശ്‌ന ങ്ങളിലും സമരങ്ങളിലും കൃത്യമായ നിലപാടെടുക്കാൻ രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾക്ക്‌ കഴിയേണ്ടതാണ്‌.

ഇവയുടെയെല്ലാം ഫലമായി കേരളത്തിൽ പുതിയ രീതിയിലുള്ള സാമൂഹിക, രാഷ്‌ട്രീയ സംഘർഷങ്ങൾ ശക്തിപ്പെടുകയാണ്‌. ഒരു ഭാഗത്ത്‌ ഉയർന്ന ജീവിതസാഹചര്യം, മറുഭാഗത്ത്‌ കേവലദാരിദ്ര്യം, തൊഴിൽസുരക്ഷക്ക്‌ പകരം കരാർതൊഴിൽ, അഭ്യസ്ഥവിദ്യരുടേതടക്കം തൊഴിലില്ലായ്‌മ ഒരു ഭാഗത്ത്‌, കൃഷിപ്പണിക്ക്‌ ആളെ കിട്ടാനില്ലാത്ത സ്ഥിതി മറുഭാഗത്ത്‌. കാർഷികോൽപ്പാദനം വർദ്ധിപ്പിക്കാൻ പ്രചാരണം നടക്കുമ്പോൾ വിളഞ്ഞ നെല്ല്‌ പോലും കൊയ്‌തെടുക്കാൻ കഴിയാത്തസ്ഥിതി. പ്രവാസിപ്പണം ഉപയോഗിക്കാൻ പദ്ധതികൾ ഇല്ലാത്തപ്പോൾ നിബന്ധനകളോടെയുള്ള വിദേശപ്പണം സ്വീകരിക്കുന്ന സ്ഥിതി. ഉയർന്ന സ്‌ത്രീവിദ്യാഭ്യാസം, എന്നാൽ കുറഞ്ഞ സ്‌ത്രീതൊഴിൽ പങ്കാളിത്തം. അശാസ്‌ത്രീയ കൂലിവ്യവസ്ഥ, കാർഷിക ഉൽപാദന മുരടിപ്പ്‌, തൊഴിലാളികളുടെ വൈദഗ്‌ധ്യകുറവ്‌ എന്നിങ്ങനെയുള്ള വൈരുദ്ധ്യങ്ങൾ കൂടിവരുന്ന സ്ഥിതി. ഇവയൊക്കെ ചേർന്ന്‌ കേരളത്തിന്റെ നാട്ടിൽപുറങ്ങളിൽ പോലും പുതിയ സംഘർഷങ്ങൾ രൂപപ്പെടുന്നു. ഒരേപക്ഷത്തു നിൽക്കേണ്ട ചെറുകിട ഉൽപാദകരും ഇടത്തരം കൃഷിക്കാരും തൊഴിലാളികളും പരസ്‌പരം ശത്രുക്കളും തമ്മിൽ തമ്മിൽ മത്സരിക്കുന്നവരുമായി കാണുന്നു. ഈ വൈരുധ്യങ്ങൾ പരിഹരിക്കേണ്ടതുണ്ട്‌.

ഭൂമി പൊതുസ്വത്ത്‌

മുകളിൽ വിശദീകരിച്ച കാര്യങ്ങൾ വ്യക്തമാക്കുന്നത്‌ കമ്പോള യുക്തിക്കനുസൃതമായ ഒരു ഭൂ ഉപയോഗ രീതിയാണ്‌ കേരളത്തിലേത്‌ എന്നാണ്‌. ഇത്‌ ഇന്നത്തെ ധനികവൽക്കരണ-ദരിദ്രവൽക്കരണ പ്രക്രിയയ്‌ക്ക്‌ ആക്കം കൂട്ടുന്നതും പാർശ്വവൽക്കരിക്കപ്പെടുന്ന ജനങ്ങളുടെ ജീവിതത്തെ തകർക്കുന്നതുമാണ്‌. ഈ അവസ്ഥയെ പ്രതിരോധി ക്കണം. അതുകൊണ്ടുതന്നെ, പ്രതിരോധത്തിനായുള്ള ചെറുത്തുനിൽപ്പുകൾ ആഗോളവൽക്കരണത്തിനും നവലിബറൽ കടന്നാക്രമണങ്ങൾക്കും അതുണ്ടാക്കുന്ന ജീവിതശൈലിക്കും എതിരായ സമരത്തിന്റെ ഭാഗം തന്നെയാണ്‌. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്‌ക്കാനും ആത്യന്തികമായി ഇല്ലാതാക്കാനും വേണ്ടിയുള്ള സമരത്തിന്റെ ഭാഗമാണ്‌. ദരിദ്രരും ഇടത്തരക്കാരും സമ്പന്നരുടെ ആശ്രിതരായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥ ഇല്ലാതാക്ക ലാണ്‌. ഇന്നത്തെ പശ്ചാത്തലത്തിൽ ഇത്തരം സമരങ്ങൾ ലക്ഷ്യം കൈവരിക്കണമെങ്കിൽ ഭൂമിയെ യഥാർത്ഥ ഉൽപ്പാദനോപാധിയായി തിരിച്ചുകൊണ്ടു വരികയും അതിന്റെ വിനിയോഗം ഭൂസുരക്ഷയും തൊഴിൽ സുരക്ഷയും ഉറപ്പാക്കും വിധം പുനർക്രമീകരിക്കയും വേണ്ടതുണ്ട്‌.

ഈ വിശാലകാഴ്‌ചപ്പാടിനെ `ഭൂമി പൊതുസ്വത്താക്കുക' എന്ന മുദ്രാവാക്യത്തിലൂടെ ഉയർത്തിക്കൊണ്ടുവരാനാണ്‌ ഭൂവിനിയോഗ ക്യാമ്പയിൻ വഴി പരിഷത്ത്‌ ശ്രമിച്ചത്‌. ഈ മുദ്രാവാക്യത്തിലൂടെ പരിഷത്ത്‌ എന്ത്‌ ഉദ്ദേശിക്കുന്നു എന്ന കാര്യം ചുരുക്കിവിവരിക്കാം.

കേരളം ഇതരസംസ്ഥാനങ്ങളെപ്പോലെ തന്നെ ഒരു കാർഷിക ഭൂപ്രദേശമാണ്‌. അതിനാൽ ഭൂമിയും അതിലെ വിഭവങ്ങളും ഉൽപ്പാദനവും ആണ്‌ കേരളത്തിലെ ജനജീവിതത്തിന്റെ നട്ടെല്ലായി പ്രവർത്തിച്ചുവന്നത്‌. ഭൂമിയെയും അതിലെ വിഭവങ്ങളെയും കയ്യേറിക്കൊണ്ട്‌ ജനങ്ങളുടെ ജീവിതോപാധികളെ തങ്ങളുടെ കാൽക്കീഴിൽ കൊണ്ടുവന്ന ജാതി-ജന്മി-നാടുവാഴി വ്യവസ്ഥക്കെതിരായ ജനകീയപോരാട്ടങ്ങളാണ്‌ ആധുനിക കേരളരൂപീകരണത്തിന്‌ അടിത്തറയിട്ടത്‌. ഭൂപരിഷ്‌കരണം ഭൂമിയുടെ മേലുള്ള ചൂഷകവിഭാഗങ്ങളുടെ (ധനികരുടെ) ആധിപത്യത്തിനേറ്റ ശക്തമായൊരു പ്രഹരമായിരുന്നു.

എന്നാൽ ഇന്ന്‌ പുതിയ സാഹചര്യങ്ങളിൽ മറ്റൊരു തരത്തിലുള്ള ഭൂകേന്ദ്രീകരണം നടക്കുകയാണ്‌. ഒരു സംഘം കർഷകമുതലാളിമാർക്ക്‌ പുറമെ കൃഷിയുമായോ ഭൂമിയുമായോ യാതൊരു ബന്ധവുമില്ലാത്ത ഊഹക്കച്ചവടക്കാരുടെയും കരാറുകാരുടെയും റിസോർട്ട്‌ ഉടമകളുടെയും കൈകളിലേക്ക്‌ കേരളത്തിലെ ഭൂമിയുടെ നല്ലൊരു ഭാഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. 2004ൽ പരിഷത്ത്‌ നടത്തിയ `കേരളപഠനം' കാണിക്കുന്നത്‌ ഭൂമികൈമാറ്റങ്ങളുടെ പൊതുസ്വഭാവം താഴ്‌ന്ന വരുമാനക്കാരിൽനിന്ന്‌ ഉയർന്ന വരുമാനക്കാരിലേക്കാണ്‌. ഈ പഠന പ്രകാരം കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ 41.3 ശതമാനവും 10 ശതമാനത്തിൽ താഴെ വരുന്ന സമ്പന്നരാണ്‌ കൈയടക്കിയിരി ക്കുന്നത്‌. ഇന്നാകട്ടെ കേന്ദീകരണം കൂടിയിരിക്കാനാണ്‌ സാധ്യത. കാരണം ഭൂമി കൈമാറ്റത്തിന്റെ വേഗത അത്രയും വർദ്ധിച്ചിരിക്കയാണ്‌.

കേന്ദ്രാസൂത്രണകമ്മീഷന്റെ പശ്ചാത്തല സൗകര്യവികസനത്തെ ക്കുറിച്ചുള്ള നിബന്ധനകൾ അനുസരിച്ച്‌ ദേശീയ, അന്തർദേശീയ തലത്തിലുള്ള വിവിധ തരം ഏജൻസികളും ഇന്ന്‌ കേരളത്തിൽ ഭൂമി ഇടപാടുകളിൽ സജീവ പങ്കാളികളാണ്‌. ഇവർക്കാർക്കും തന്നെ കേരളത്തിലെ ഭൂമിയുടെ സുരക്ഷയെക്കുറിച്ചോ ഭക്ഷ്യസുരക്ഷയെക്കുറിച്ചോ ജനജീവിതത്തെക്കുറിച്ചുപോലുമോ യാതൊരു താൽപ്പര്യവുമില്ല. ഇവയെല്ലാം ലാഭമുണ്ടാക്കാനുള്ള കരുക്കൾ മാത്രം! ഇന്നത്തെ സാഹചര്യങ്ങളിൽ സമൂഹത്തിലെ ഭൂരിപക്ഷംവരുന്ന സാധാരണക്കാർക്ക്‌ തല ചായ്‌ക്കാനുള്ള നാല്‌ സെന്റിനുള്ള അവകാശം പോലും ഭീഷ ണി നേരിടുകയാണ്‌.

കമ്പോളം സൃഷ്‌ടിക്കുന്ന മോഹവില നൽകി ഭൂമി വാങ്ങാനോ വീടു പണിയാനോ സാധാരണ ജനങ്ങൾക്ക്‌ കഴിയുന്നില്ല. പലതരം വികസനപ്രവർത്തനങ്ങളാൽ പുറം തള്ളപ്പെടുന്നവർക്ക്‌ അവരുടെ നിത്യജീവിതം നടത്താനുതകുന്ന വിധത്തിൽ ഭൂമി ലഭിക്കുന്നില്ല. തൊഴിൽ ചെയ്യാൻ താൽപ്പര്യമുള്ളവർക്കുപോലും ആവശ്യമായ ഭൂമിയില്ല. അതേസമയം വൻകിടക്കാരുടെ ഭൂമി തരിശിടുകയും ഭാവി ക്രയവിക്രയ ആവശ്യങ്ങൾക്ക്‌ വേണ്ടി മാത്രം നിലനിർത്തുകയും ചെയ്യുന്ന അവസ്ഥയും ഇന്നുണ്ട്‌. ക്രയവിക്രയത്തിനുവേണ്ടിയുള്ള ഇത്തരം വൻകിടക്കാരുടെ കടന്നുകയറ്റങ്ങൾ നിലവിലുള്ള ഏറെ ദുർബലമായ ഭൂ നിയമങ്ങളെ മാത്രമല്ല, കേരളത്തിലെ ഭൂഘടനയെക്കുറിച്ച്‌ നമുക്കുള്ള ശാസ്‌ത്രീയ അറിവിനെയും ശാസ്‌ത്രജ്ഞർ നിർദേശിച്ച ഭൂവിനിയോഗ നിബന്ധനകളെയും അട്ടിമറിക്കുന്നവയാണ്‌.

ഇത്തരത്തിലുള്ള അനിയന്ത്രിതമായ സ്വകാര്യകയ്യേറ്റങ്ങൾ കൊണ്ട്‌ സന്തുലിതവും സ്ഥായിയും ജനപക്ഷത്തുനിന്നുള്ളതുമായ ഒരു ഭൂവിനിയോഗക്രമം സൃഷ്‌ടിക്കുക സാധ്യമല്ല. അതുകൊണ്ട്‌ ഭൂമിയുടെമേൽ സമൂഹത്തിന്‌ മൊത്തത്തിലും അവരുടെ പ്രതിനിധിക ളെന്ന നിലയിൽ ഭരണകൂടത്തിനും ഉള്ള നിയന്ത്രണാധികാരങ്ങൾ പരമാവധി വർധിപ്പിക്കേണ്ടതുണ്ട്‌. ഭൂമിയുടെ മേൽ ആർക്കും ആത്യന്തിക അവകാശമില്ല. ഭൂ ഉടമസ്ഥതയെ അതിനെ ഉപയോഗിച്ച്‌ ജീവിതവൃത്തി നടത്തുന്നതിനുള്ള നിയമവിധേയമുള്ള കൈവശാവകാശമായി മാത്രമേ കാണാനാവൂ. അത്‌ നിലനിർത്തിക്കൊണ്ടുതന്നെ ഭൂവിനിയോഗത്തിന്റെ മേലുള്ള നിയന്ത്രണം ഭരണകൂടം ഏറ്റെടുക്കുക എന്നത്‌ തന്നെയാണ്‌ ഇതിനുള്ള സ്ഥായിയായ പോംവഴി.

ജനങ്ങളുടെ ഭക്ഷണം, പാർപ്പിടം, തൊഴിൽ മുതലായവ സംര ക്ഷിക്കുന്നതിനാവശ്യമായ സമഗ്രമായ സ്ഥലജലപരിപാലനം നട ത്താനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനാണുള്ളത്‌. അത്‌ ഭരണകൂടത്തിൽ നിക്ഷിപ്‌തവുമാണ്‌. ഈ അർത്ഥത്തിൽ കേരളത്തിലെ ഭൂമിയെ കേരളത്തിലെ ജനങ്ങളുടെ പൊതുസ്വത്തായി പ്രഖ്യാപി ക്കുകയും അതിന്റെ ഉള്ളിൽ നിയമവിധേയമായ അവകാശങ്ങളും വിനിയോഗവും എങ്ങനെ നടത്തണം എന്നുള്ളതിനെ കുറിച്ച്‌ വിശദമായ ചർച്ച നടത്തി അത്തരത്തിലുള്ള ഒരു സ്ഥലജലാസൂത്രണ ത്തിന്‌ അന്തിമരൂപം നൽകുകയും വേണം. അതിനുള്ള ബാധ്യത ഭരണകൂടത്തിനാണ്‌.

ശാസ്‌ത്രീയമായ സ്ഥലീയാസൂത്രണം വഴി മാത്രമേ ഭൂരഹിത രുടെയും പുറംതള്ളപ്പെടുന്നവരുടെയും തൊഴിൽ ചെയ്യാൻ താൽപ്പര്യമുള്ള സാധാരണക്കാരുടെയും ഭൂമിയുടെ മേലുള്ള അവകാശം ഉറപ്പുവരുത്താൻ കഴിയൂ. ഇന്ന്‌ കേരളം ഭക്ഷണത്തിലും നിത്യോപയോഗവസ്‌തുക്കളുടെ ലഭ്യതയിലും അനുഭവിച്ചുവരുന്ന ഭീകരമായ പരാധീനതയ്‌ക്ക്‌ പരിഹാരം കാണാനും ഇത്തരത്തിലുള്ള നയപരമായ ഇടപെടലിലൂടെ മാത്രമേ കഴിയൂ. എങ്കിൽ മാത്രമേ ലാഭക്കൊതിയന്മാരായ മാഫിയകളുടെ അനിയന്ത്രിതമായ കടന്നുകയറ്റങ്ങളിൽ നിന്ന്‌ ഭൂമിയെ സംരക്ഷിക്കാൻ കഴിയൂ.

പൊതുസ്വത്ത്‌ എന്ന നിലയിൽ, ഭൂമിയുടെ ഉടമസ്ഥതയും നിയന്ത്രണവും സമൂഹത്തിൽ/സ്റ്റേറ്റിൽ നിക്ഷിപ്‌തമാകണം. വ്യക്തികൾക്ക്‌ ഇന്ന്‌ ഭൂമിയിലുള്ള അവകാശം ഭൂമിയുടെ പരിപാലനഅവകാശം മാത്രമായി നിജപ്പെടുത്തണം. ഭൂമിയെ സുഭദ്രമായി വരുംതലമുറക്ക്‌ കൈമാറാനുള്ള ഉത്തരവാദിത്തം കൂടി ഓരോ വ്യക്തിക്കും ഉണ്ട്‌. ഇക്കാര്യം കുറച്ചുകൂടി വിശദീകരിക്കാം.

  • ഭൂവുടമസ്ഥത നിയമപരം മാത്രമാണ്‌. നിലവിലുള്ള അവകാശം പ്രകൃതിദത്തമോ സ്വാഭാവികമോ അല്ല. ഭൂമി ആത്യന്തികമായി ആരുടേയും പൈതൃകസ്വത്തല്ല. ഭൂമിയുടെ കായ്‌ഫലങ്ങൾ എടുത്തുപയോഗിക്കാനുള്ള അവകാശം ഇന്നത്തെ ഉടമസ്ഥർക്ക്‌ ഉണ്ട്‌. കാരണം അത്‌ അവരുടെ അധ്വാനത്തിന്റെ വിലയാണ്‌. വീടുവെക്കാനും ഭൂമി ഉപ യോഗിക്കാം. എന്നാൽ തോന്നിയപോലെ ക്രയവിക്രയം ചെയ്യാനോ ഭൂമിയുടെ ഘടനാപരമായ സ്വഭാവം മാറ്റാനോ ഉള്ള അവകാശമില്ല. അതായത്‌ ഉടമസ്ഥത എന്നാൽ കുന്നിടിച്ച്‌ നിരത്താനോ കുളം നികത്തി വീടുവയ്‌ക്കാനോ, വയൽ നികത്തി ഷോപ്പിങ്ങ്‌ കോംപ്ലക്‌സ്‌ പണിയാനോ ഉള്ള അവകാശം ആരും അനുവദിച്ചിട്ടില്ല.
  • സ്വകാര്യവ്യക്തികൾക്ക്‌ ലഭിച്ച പട്ടയം ആ ഭൂമി നിർദ്ദിഷ്‌ടമായ പ്രത്യേക ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കാനുള്ള ലൈസൻസ്‌ മാത്ര മാണ്‌. അത്തരം ആവശ്യത്തിന്‌ ഉപയോഗിക്കാൻ പറ്റാത്ത സാഹ ചര്യമുണ്ടായാൽ ഭൂമി സ്റ്റേറ്റിന്‌ തിരിച്ചു നൽകണം.
  • ഭൂമി രജിസ്റ്റർ ചെയ്യുമ്പോൾത്തന്നെ എന്ത്‌ ആവശ്യത്തിന്ന്‌ എന്ന്‌ പ്രമാണത്തിൽ വ്യക്തമാക്കണം. പ്രസ്‌തുത ആവശ്യത്തിന്ന്‌ മാത്രമേ ആ ഭൂമി ഉപയോഗിക്കാൻ പാടുള്ളൂ. മറ്റെന്ത്‌ ആവശ്യത്തിന്‌ ഉപ യോഗിക്കുന്നതും ശിക്ഷാർഹമായിരിക്കണം. ഘടനാപരമായ മാറ്റ ങ്ങൾ വരുത്തുന്ന പ്രവർത്തനങ്ങൾക്ക്‌ വേണ്ടി ഭൂമി റജിസ്റ്റർ ചെയ്‌ത്‌ നൽകാൻ പാടില്ല.
  • സർക്കാർ വക ഭൂമിയുടെ ഭൂവിനിമയങ്ങളും സ്വകാര്യവ്യക്തികൾ തമ്മിലുള്ള കൈമാറ്റങ്ങളും കൈകാര്യം ചെയ്യുന്നതിനായി ഒരു ഭൂവിനിമയബാങ്ക്‌ (Land Bank) ഉണ്ടാവണം. വിതരണം ചെയ്യപ്പെടാനുള്ള എല്ലാ സർക്കാർ ഭൂമിയും ഭൂവിനിമയബാങ്കിനെ ഏൽപ്പിക്കണം. ദുർബലവിഭാഗങ്ങൾക്ക്‌ താമസിക്കാനോ കൃഷി ചെയ്യാനോ വേണ്ടി മാറ്റിവച്ച ഭൂമി അതത്‌ ആവശ്യങ്ങൾക്കായി അർഹതയനുസരിച്ച്‌ സൗജന്യമായോ നിശ്ചിതവിലക്കോ വിതരണം ചെയ്യണം. വ്യവസായങ്ങൾ ക്കുള്ള ഭൂമി തുറന്ന ലേലത്തിലൂടെ വിപണിവിലയ്‌ക്ക്‌ വ്യവസായികൾക്ക്‌ ലഭ്യമാക്കാം. സ്വകാര്യവ്യക്തികൾ തമ്മിലുള്ള ഭൂമി കൈ മാറ്റവും ഭൂവിനിമയബാങ്കിന്റെ മധ്യസ്ഥതയിലൂടെ സുതാര്യമായും നടപടിക്രമങ്ങൾ പാലിച്ചും മാത്രമേ നടത്താവൂ. അതാതയത്‌ ഒരു പ്ലാട്ട്‌ വിൽക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആ വിവരം രേഖാമൂലം ഭൂവിനിമയബാങ്കിനെ അറിയിക്കുന്നു. അവർ ആ വിവരം യുക്തമായ രീതിയിൽ പരസ്യപ്പെടുത്തി ആവശ്യക്കാരിൽനിന്ന്‌ അപേക്ഷകൾ സ്വീകരിച്ച്‌ തുറന്ന ലേലത്തിലൂടെ വിൽക്കും. സ്വാഭാവികമായും ഡിമാന്റ്‌ കൂടിയ ഭൂമിക്ക്‌ വിലക്കയറ്റം അനുഭവപ്പെടാം. പക്ഷേ തുറന്ന നടപടിക്രമങ്ങൾ ഉള്ളതിനാൽ കള്ളപ്പണക്കാർക്കും ഊഹക്കച്ചവടക്കാർക്കും വിപണി കയ്യടക്കുവാൻ കഴിയില്ല. ഈ തുറന്ന പ്രക്രിയയിലൂടെ വീടുവയ്‌ക്കാനോ കടപണിയാനോ, വ്യവസായം നടത്താനോ സ്ഥലം കൈവശപ്പെടുത്തിയ ആൾക്ക്‌ ആ പ്രവൃത്തി ചെയ്യാനാകാതെ വന്നാൽ വാങ്ങിയ വിലയ്‌ക്ക്‌ പ്രസ്‌തുതസ്ഥലം ഭൂവിനിമയബാങ്കിന്‌ മാറ്റി ക്കൊടുക്കണം. അല്ലാതെ മറിച്ചുവിൽക്കാൻ പാടില്ല. അതിലൂടെ വിലകയറുമ്പോൾ വിൽക്കാമെന്ന മോഹത്തോടെ ഭൂമിയിൽ നടത്തുന്ന നിക്ഷേപം നിരുത്സാഹപ്പെടും. ഭൂവിനിമയരംഗം യഥാർഥ ആവശ്യക്കാർ മാത്രം പങ്കെടുക്കുന്ന ഒരുവിപണിയായി മാറും. അതുകൊണ്ടുതന്നെ കൃത്രിമമായ വിലക്കയറ്റവും ഒഴിവാകും. ഉൽപാദനാവശ്യങ്ങൾക്ക്‌ ന്യായമായ വിലയ്‌ക്ക്‌ ഭൂമി ലഭ്യമാകുന്ന അവസ്ഥയും സംജാതമാകും.
  • നെൽവയലുകൾ സംരക്ഷിക്കാനായി നിയമം പാസ്സാക്കിയിട്ടുണ്ടെങ്കിലും തുടർനടപടികളുണ്ടാകാത്തതുകൊണ്ട്‌ അത്‌ പ്രഹസനമായിത്തീർന്നിരിക്കുന്നു. നാം നിർദ്ദേശിക്കുന്ന ഭൂനയത്തിൽ നെൽ വയൽ സംരക്ഷണം സ്വാഭാവികമായ ഒരു പരിണതിയായിരിക്കും. മാത്രമല്ല, ആർക്കും സ്വന്തം വയൽ തരിശായിടാൻ അവകാശമുണ്ടാവില്ല. അപ്രകാരം തരിശുകിടക്കുന്ന ഭൂമി ഏറ്റെടുത്ത്‌ അധ്വാനിക്കാൻ തയ്യാറുള്ള ജനകീയകൂട്ടായ്‌മകൾക്ക്‌ കൃഷിക്കായി നൽകാൻ പഞ്ചായത്തുകൾക്ക്‌ അധികാരമുണ്ടാകും. തരിശിടുന്ന ഭൂമിയിൽ നിന്ന്‌ ആദായമൊന്നും പ്രതീക്ഷിക്കാൻ ഭൂവുടമയ്‌ക്ക്‌ ന്യായമൊന്നുമില്ലല്ലോ. വ്യക്തികൾ തമ്മിലുള്ള പാട്ടക്കൈമാറ്റം ക്രമേണ അമിതമായ പാട്ടക്കൂലിയിലേക്കും പഴയ ചൂഷണവ്യവസ്ഥയിലേക്കും നയിക്കും എന്നതുകൊണ്ട്‌ അതിന്റെ നിരോധനം തുടരണം. പകരം ഭൂവിനിമയബാങ്ക്‌ മുഖേന പഞ്ചായത്തിന്റെ മധ്യസ്ഥതയിൽ കൃഷിഭൂമി യഥാർത്ഥ കർഷകരി ലേക്ക്‌ എത്തിക്കാനുള്ള ശ്രമമായി പുതിയ ഭൂനയം മാറണം. അതിലൂടെ, `കൃഷി ഭൂമി കർഷകന്‌' എന്ന പഴയ മുദ്രാവാക്യം സാർത്ഥക മാകുന്ന അവസ്ഥവരും.

ഭൂവിനിയോഗവും വികസനവും

ആത്യന്തികമായി ഭൂവിനിയോഗം എന്നത്‌ കേരളത്തിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായും അതിന്‌ സമാന്തരമായും നടക്കേണ്ട ഒരു പ്രക്രിയയാണ്‌. അതുകൊണ്ടുതന്നെ എന്തായിരിക്കണം, എങ്ങനെ യായിരിക്കണം വികസനം എന്നത്‌ ഏറെ പ്രസക്തമാണ്‌. വികസനത്തിന്റെ കാര്യത്തിൽ ``രാഷ്‌ട്രീയത്തിന്‌ അതീതമായ സമവായമുണ്ടാകണമെന്ന വാദം പലപ്പോഴും കേൾക്കാറുണ്ട്‌. എന്താണിതിന്‌ അർത്ഥം? തീർച്ചയായും കക്ഷിരാഷ്‌ട്രീയത്തിന്റെ സങ്കുചിതതാൽപര്യങ്ങൾക്കതീതമാകണം വികസനരംഗത്തെ ഇടപെടൽ. ഏതു കക്ഷിക്ക്‌ ഗുണം കിട്ടുന്നു എന്ന്‌ നോക്കേണ്ടതില്ല. പക്ഷേ, ഏതു വിഭാഗത്തിനാണ്‌ വികസനം കൊണ്ട്‌ ഗുണം കിട്ടുന്നത്‌ എന്നത്‌ തീർച്ചയായും പ്രസക്ത മാണ്‌. അതാണ്‌ വികസനത്തിന്റെ രാഷ്‌ട്രീയം. വിദേശത്തുപോയി അധ്വാനിച്ച്‌ പണമുണ്ടാക്കി നാട്ടിലേക്ക്‌ അയക്കുന്നവർ തീർച്ചയായും നാടിന്റെ വികസനത്തിന്‌ സംഭാവന നൽകുന്നുണ്ട്‌. അവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണം. പക്ഷേ, ഗൾഫ്‌ നാടുകളിലും അമേരിക്കയിലും കാണുന്നതാണ്‌ വികസനമെന്നും അത്‌ പിന്തുടരുകയാകണം കേരളത്തിന്റെ വികസനത്തിനുള്ള കുറിപ്പടിയെന്നും കരുതുന്നത്‌ ശരിയാവില്ല. എക്‌സ്‌പ്രസ്‌ വേയും ഷോപ്പിങ്ങ്‌ഫെസ്റ്റിവലും ജില്ലതോറും വിമാനത്താവളങ്ങളും ബഹുനിലമന്ദിരങ്ങളുമൊക്കെ വികസനചിഹ്നങ്ങളാകുന്നത്‌ അങ്ങനെയാണ്‌. ഗൾഫിൽ നടക്കുന്ന അത്തരം വികസനത്തിന്റെ പൊട്ടും പൊടിയും അവശിഷ്‌ടങ്ങളും നമുക്കു വീണുകിട്ടുന്നുണ്ടെന്നതും ശരിയാണ്‌. പക്ഷേ, നമ്മുടെ വികസനമുൻഗണനകൾ അതാകരുത്‌. നമ്മുടെ മുൻഗണനകൾ അടിസ്ഥാനജനവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തൽ തന്നെയാകണം.

വികസനം കാർഷിക-വ്യാവസായിക ഉൽപാദനം വർദ്ധിപ്പിക്കണം ഉൽപ്പാദനപ്രക്രിയയുടെ അടിത്തറ വിപുലപ്പെടുത്തുകയും തൊഴി ലാളികളുടെ അധ്വാനശേഷി നിരന്തരമായി വളർത്തിക്കൊണ്ടു വരികയും വേണം. സമ്പത്തുൽപാദനത്തിന്റെ അടിത്തറ വികസിപ്പിക്കുന്നതിന്‌ മുൻഗണന നൽകുന്നതാകണം വികസനപ്രക്രിയ. ഈ രീതിയിൽ ഇന്ന്‌ കേരളത്തിന്‌ അനുയോജ്യമായ വികസനപ്രക്രിയയെ ``ഉൽപാദനാധിഷ്‌ടിത വികസനം എന്ന്‌ പറയുന്നതാവും ശരി.

ജനങ്ങളുടെ പൂർണ്ണ പിന്തുണയോടെ സംഘടിപ്പിക്കുന്നതും മനുഷ്യാധ്വാനത്തേയും പ്രകൃതിവിഭവങ്ങളെയും കൂട്ടായി ഉപയോഗി ക്കുന്നതും പ്രാദേശിക പ്രസക്തവുമായ ഉൽപാദന-വിതരണസംവിധാനങ്ങൾക്ക്‌ പൊതുവിലാണ്‌ ഉൽപാദനാധിഷ്‌ഠിതവികസനം എന്ന്‌ പറയുന്നത്‌.

ഇത്തരത്തിൽ സാമഗ്രമായൊരു വികസന ഇടപെടലിന്ന്‌ ഇക്കാല ത്ത്‌ കേരളത്തിൽ തടസ്സമാകുന്നത്‌ നിലവിലുള്ള ഭൂവിനിയോഗരീതിയാണ്‌. അതുകൊണ്ടുതന്നെ ഉടമസ്ഥതയിലടക്കം ഭൂബന്ധങ്ങളിൽ മാറ്റം വരേണ്ടതുണ്ട്‌.

ഭൂവിനിയോഗക്യാമ്പയിന്റെ രാഷ്‌ട്രീയപ്രാധാന്യം

ഇന്ന്‌ ലോകം അടക്കിവാഴുന്നത്‌ മുതലാളിത്ത വ്യവസ്ഥയാണ്‌. മുതലാളിത്തവളർച്ച സാമ്പത്തികഅസമത്വം കൂട്ടുന്നതാണ്‌. നമ്മുടെ ലക്ഷ്യമാകട്ടെ, സാമൂഹികനീതിയ്‌ക്കുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുകയാണ്‌. ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മുതലാളിത്ത വ്യവസ്ഥയിൽ സാമ്പത്തികവളർച്ചയും സാമൂഹികനീതിയും പൊരുത്തപ്പെട്ട്‌ നിലനിൽക്കില്ല. അതേ സമയം സാമൂഹികനീതി ബലികഴിച്ചുകൊണ്ടുള്ള സാമ്പത്തികവളർച്ചക്ക്‌ ദരിദ്രപക്ഷതാൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയാത്തതിനാൽ നമുക്ക്‌ അംഗീകരിക്കാനും കഴിയില്ല. സാമൂഹികനീതി ഇല്ലാത്ത ഉൽപ്പാദനവളർച്ച സമ്പത്തിന്റെ അമിതകേന്ദ്രീകരണത്തിനും ഭൂരിഭാഗം ജനങ്ങളുടെ ദരിദ്രവൽക്കരണത്തിനും മാത്രമേ ഇടയാക്കൂ.

മുതലാളിത്തം പ്രതിസന്ധിയിൽ നിന്ന്‌ കരകയറാനായി മറ്റ്‌ രാജ്യങ്ങളുടെ വിപണികളിലേക്ക്‌ ഇടിച്ചുകയറുകയാണ്‌. അതിലൂടെ തകരുന്നത്‌ ദരിദ്രരാജ്യങ്ങളും ദരിദ്രജനതയുമാണ്‌. ഇതിനെതിരെയുള്ള ചെറുത്തുനിൽപ്പ്‌ സമരങ്ങൾ ജനപങ്കാളിത്തത്തിലൂടെ പ്രാദേശിക ഉൽപ്പാദന സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിൽ ഊന്നിയാവണം. ഭൂമി അടക്കമുള്ള പ്രാദേശിക വിഭവങ്ങളുടെ സ്റ്റേറ്റ്‌ ഉടമസ്ഥത ഉറപ്പാക്കിക്കൊണ്ടു മാത്രമെ ഇത്‌ സാധ്യമാകൂ. എങ്കിൽ മാത്രമെ കൃഷിയും ചെറുകിട സംരംഭങ്ങളും നിലനിർത്താനും വളർത്താനും കഴിയൂ. അതാണ്‌ ഭൂ സുരക്ഷക്കും തൊഴിൽസുരക്ഷക്കും അടിസ്ഥാനം. അതിന്ന്‌ കഴിയണമെങ്കിൽ ഭൂമി പൊതുസ്വത്തായി തന്നെ നിലനിൽക്കണം.

പരിഷത്ത്‌ നടത്തുന്ന ക്യാമ്പയിൻ ദരിദ്രരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുദ്ദേശിച്ചുള്ളതാണ്‌. അത്‌ കുടികിടപ്പുകാരുടേയോ ദരിദ്ര കർഷകരുടെയോ, ഇടത്തരം കൃഷിക്കാരുടേയോ നിലവിലുള്ള പരിമിതമായ ഭൂഉടമസ്ഥത ഇല്ലാതാക്കാനുള്ള ശ്രമമല്ല. അവരുടെ ജീവിതം അനുദിനം സംഘർഷാത്മകമായി മാറുമ്പോൾ ചെറുകിട ഉൽപാദകരും ദരിദ്രകൃഷിക്കാരും തൊഴിലാളികളും ഇടയിലുള്ള ഐക്യം പോലും തകരുകയുമാണ്‌. ഇതിനുകാരണം ഇവരുടെയെല്ലാം ജീവനത്തിന്‌ ആധാരമായ ഭൂമിയെയും ഭൂവിഭവങ്ങളെയും ഊഹക്കച്ചവടത്തിനുള്ള ഉപാധിയാക്കി മാറ്റുന്ന മാഫിയകളാണ്‌. അതുകൊണ്ടാണ്‌ കൃഷിയും വ്യവസായവും തകരുന്നത്‌. കാർഷിക വ്യവസ്ഥയുടെ തകർച്ചയാണ്‌ ദരിദ്രർക്കിടയിൽ സംഘർഷങ്ങൾക്കിടയാക്കുന്നത്‌. ദരിദ്രർക്കിടയിലെ ഐക്യം ശക്തിപ്പെടുത്തി ഭൂമാഫിയയെ പ്രതിരോധിക്കുകയാണ്‌ ഈ ക്യാമ്പയിനിലൂടെ പരിഷത്ത്‌ പ്രതീക്ഷിക്കുന്നത്‌.

`ഭൂമി പൊതുസ്വത്താണ്‌' എന്ന മുദ്രാവാക്യം കേവലമായ റൊമാന്റിക്‌ സ്വപ്‌നമല്ല. ഭൂമി ആർക്കും തന്നിഷ്‌ടം പോലെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നല്ലെന്നും ചരിത്രത്തിന്റെ എല്ലാ ദശകളിലും മനുഷ്യർക്ക്‌ ഭൂമിയുടെ മേൽ ഉപയോഗാവകാശം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമുള്ള ഓർമപ്പെടുത്തലാണത്‌. ഭൂമിയുടെയും പ്രകൃതിദത്തമായ വിഭവങ്ങളുടെയും മേലുള്ള മനുഷ്യരുടെ അവകാശം സ്വത:സിദ്ധമല്ല. ഓരോ ഘട്ടത്തിലും സമൂഹവും ഭരണകൂടങ്ങളും വ്യക്തിക്കു നൽകുന്ന നിയമാവകാശം മാത്രമാണത്‌.

കൃഷിഭൂമിയുടെ മേൽ കർഷകന്‌ ലഭിക്കുന്ന അവകാശം കാർഷിക രംഗത്തെ ഉൽപ്പാദനശക്തികളുടെ വികാസത്തിന്റെ സൂചനയാണ്‌, ഭൂമി ക്രയവിക്രയവസ്‌തു മാത്രമാക്കി മാറ്റുന്നതിനുള്ള ലൈസൻസല്ല ഇത്‌. കൃഷിഭൂമി കൃഷിചെയ്യാൻ കൂട്ടാക്കാത്തവർ അത്‌ കൃഷി ചെയ്യാൻ തയ്യാറുള്ളവർക്ക്‌ നൽകുകയാണ്‌ വേണ്ടത്‌. ഭൗമപരിസ്ഥിതിയുടെമേൽ ആഘാതമേൽപ്പിക്കാനുള്ള അവകാശം സ്വകാര്യസ്വത്തുടമാഅവ കാശത്തിനോട്‌ ചേരുന്നതല്ലെന്നും മനസ്സിലാക്കേണ്ടതുണ്ട്‌. സ്വത്തുടമാവകാശം സ്വത്തിനെ വളർത്താനുള്ളതാണ്‌, നശിപ്പിക്കാനുള്ളതല്ല.

ഭൂവിനിയോഗത്തിന്‌ മേലുള്ള സാമൂഹികനിയന്ത്രണത്തിനും സ്ഥലജലാസൂത്രണത്തിനും വേണ്ടിയാണ്‌ പരിഷത്ത്‌ വാദിക്കുന്നത്‌. ഇന്നത്തെ സാഹചര്യത്തിൽ ഒരു ജനാധിപത്യവ്യവസ്ഥയിൽ ഇത്തരം ആസൂത്രണത്തിന്‌ നേതൃത്വം കൊടുക്കേണ്ടത്‌ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യഗവണ്മെന്റുകളാണ്‌. പ്രാദേശികതലത്തിൽ അതിന്‌ നേതൃത്വം നൽകേണ്ടത്‌ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ്‌. അവയുടെ നേതൃത്വത്തിൽ കേരളത്തിലെ ഭൂവിനിയോഗം ശാസ്‌ത്രീയമായും സന്തുലിതമായും പുനഃസംവിധാനം ചെയ്യുന്നതിനുള്ള ധീരമായ നടപടികൾ ഇന്നത്തെ ആവശ്യമാണ്‌.

കർഷകരെയും കർഷകത്തൊഴിലാളികളെയും അധ്വാനിക്കുന്ന ജനങ്ങളെയും യോജിപ്പിച്ചുകൊണ്ട്‌ റിയൽ എസ്റ്റേറ്റ്‌-ഭൂമി കയ്യേറ്റ സംഘങ്ങൾക്കെതിരായ വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടത്തിലൂടെ മാത്രമേ ഇന്നത്തെ അവസ്ഥയിൽ നിന്ന്‌ കേരളത്തെ മോചിപ്പിക്കാൻ കഴിയൂ.