കെ ഇ ആർ പരിഷ്‌കരണവും എൻട്രൻസ്‌ പരീക്ഷാപരിഷ്‌കരണവും നടപ്പാക്കുക

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
കെ ഇ ആർ പരിഷ്‌കരണവും എൻട്രൻസ്‌ പരീക്ഷാപരിഷ്‌കരണവും നടപ്പാക്കുക
പ്രമാണം:T=Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വിദ്യാഭ്യാസം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം മെയ്, 2009


ആമുഖം

കേരളത്തിലെ വിദ്യാഭ്യാസം എക്കാലത്തും പൊതുജനശ്രദ്ധയെ ഏറെ ആകർഷിക്കുന്ന ഒരു വിഷയമാണ്‌. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും വിദ്യഭ്യാസരംഗത്തു നടക്കുന്ന ചെറുചലനങ്ങൾ പോലും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നു. കേരളത്തിന്റെ പുരോഗതിക്ക്‌ അടിത്തറയായി വർത്തിച്ച സുപ്രധാന ഘടകങ്ങളിലൊന്ന്‌ സാർവ്വത്രികമായി ഇവിടെ ലഭിച്ചുപോരുന്ന വിദ്യാഭ്യാസമാണ്‌.

രണ്ടുതരത്തിലുള്ള സമ്മർദ്ദങ്ങളുടെ നടുവിലാണ്‌ കേരളവിദ്യാഭ്യാസം ഇന്നെത്തിപ്പെട്ടു നിൽക്കുന്നത്‌. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭൂരിപക്ഷത്തിന്റെ മേലും ആധിപത്യം ചെലുത്തുന്ന മതസാമുദായിക സംഘടനകൾ അവരുടെ അവകാശ സംരക്ഷണത്തിനായി സമരങ്ങൾ സംഘടിപ്പിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ മൊത്തം വിദ്യാഭ്യാസ ആവശ്യങ്ങൾ മുൻനിർത്തിയുള്ള സർഗ്ഗാത്മക പരീക്ഷണങ്ങളെയും വിദ്യാലയങ്ങൾ സാമൂഹ്യ ഉത്തരവാദിത്വം നിർവ്വഹിക്കണമെന്നുള്ള ജനങ്ങളുടെ നിരന്തരാവശ്യങ്ങളേയും അവർ എതിർക്കുന്നു.

സമൂഹത്തിന്റെ ജ്ഞാനസമ്പാദനത്തിന്റേയും ജ്ഞാനോത്‌പാദനത്തിന്റേയും പ്രധാന ഉപാധിയായ വിദ്യാഭ്യാസത്തെ സ്വന്തം മത സാമൂദായിക ബോധനത്തിന്റെ ഭാഗമാക്കി മാറ്റുക എന്ന സങ്കുചിതമായ സമീപനമാണ്‌ അവർ സ്വീകരിച്ചു പോരുന്നത്‌. ഇതിനായി ഭരണഘടന നൽകുന്ന ന്യൂനപക്ഷാവകാശങ്ങളേയും സ്വന്തം സമുദായത്തിന്റെ രാഷ്‌ട്രീയ സമ്മർദ്ദശക്തിയേയും അവർ ഉപയോഗപ്പെടുത്തുന്നു. ഇത്തരം സമ്മർദ്ദ തന്ത്രങ്ങളുടെ പിൻബലത്തോടെ ജനാധിപത്യപരമായ വിദ്യാഭ്യാസ ചർച്ചകളെപ്പോലും തകർക്കുകയാണ്‌ മതസാമുദായിക ശക്തികളുടെ ഉന്നം.

വാണിജ്യ വിദ്യാഭ്യാസ ശക്തികളാണ്‌ ശക്തമായ വെല്ലുവിളി ഉയർത്തുന്ന മറ്റൊരു വിഭാഗം. അൺ എയിഡഡ്‌ വിദ്യാഭ്യാസ ശൃംഖലകൾ സൃഷ്‌ടിച്ചും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും പ്രൊഫഷണൽ കോഴ്‌സുകളേയും വിദ്യാഭ്യാസ വാണിഭ കേന്ദ്രങ്ങളാക്കിയും പൊതു വിദ്യാഭ്യാസത്തിനുമേൽ അവർ ശക്തമായ ഭീഷണി ഉയർത്തുകയാണ്‌. അവരുടെ ഹീനമായ തന്ത്രങ്ങൾ മൂലം തകർച്ച നേരിടുന്നതും പൊതുവിദ്യാഭ്യാസം തന്നെയാണ്‌.

നിലവിലുള്ള വിദ്യാഭ്യാസ നിയമങ്ങളേയും സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ അടിസ്ഥാന മാനദണ്‌ഡങ്ങളേയും മറികടക്കാൻ ഇവർ മതശക്തികളുമായി ഒത്തുചേർന്ന്‌ സർക്കാരിനോട്‌ യുദ്ധം പ്രഖ്യാപിക്കുകയാണ്‌. അധ്യാപകനിയമനം, വിദ്യാർത്ഥികളുടെ പ്രവേശനം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളടക്കമുള്ള സ്ഥാപനങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങൾ, സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വം, ഫീസ്‌ നിരക്കുകൾ, ക്യാപിറ്റേഷൻ ഫീ അടക്കമുള്ള നിയമലംഘനങ്ങളുടെ രൂപങ്ങൾ തുടങ്ങിയ എല്ലാ മേഖലകളിലും ഈ കൂട്ടായ്‌മ പ്രകടമാവുന്നത്‌ കാണാം.

സാമൂഹ്യനീതിയിലധിഷ്‌ഠിതമായ പുതിയ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെ അട്ടിമറിക്കാൻ ഇത്തരക്കാർ എല്ലാ പരിശ്രമങ്ങളും നടത്തുമെന്നുറപ്പാണ്‌. വിദ്യാഭ്യാസത്തിന്റെ മതവൽക്കരണത്തിനും വാണിജ്യവത്‌കരണത്തിനും അനുകൂലമായ സമവായം കേരളത്തിന്റെ ഭാവിക്കു തന്നെ ആപൽക്കരമായിരിക്കുമെന്ന്‌ പരിഷത്ത്‌ നിരവധി തവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്‌.

ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ന്യൂനപക്ഷ അവകാശങ്ങൾക്കോ മാനേജുമെന്റുകളുടെ വിദ്യാഭ്യാസ സംരംഭങ്ങൾക്കോ എതിരല്ല. എന്നാൽ ശാസ്‌ത്രീയവും ഗുണമേൻമയുള്ളതുമായ വിദ്യാഭ്യാസം നേടാൻ എല്ലാ ജാതിമതക്കാർക്കും, ജാതിയിലോ മതത്തിലോ വിശ്വാസമില്ലാത്തവർക്കും അവകാശമുണ്ടെന്ന്‌ പരിഷത്ത്‌ കരുതുന്നു. കുട്ടികളുടെ ശേഷികളും അഭിരുചികളും അനുസരിച്ചുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി ഏറ്റവും ഉയർന്ന വിദ്യാഭ്യാസം ഏതു വിദ്യാലയത്തിലും നേടുക എന്നത്‌ വളരുന്ന തലമുറയുടെ അടിസ്ഥാനാവകാശമാണ്‌. അതുകൊണ്ട്‌ പാഠ്യപദ്ധതി, ബോധനമൂല്യനിർണയ സമ്പ്രദായങ്ങൾ, അധ്യാപക പരിശീലനവും നിയമനവും, കുട്ടികളുടെ പ്രവേശനം, വിദ്യാലയങ്ങളുടെ ഘടന, നിയന്ത്രണങ്ങളുടേയും മോണിട്ടറിംഗിന്റേയും രൂപങ്ങൾ എന്നിവയിൽ ശാസ്‌ത്രീയവും മതനിരപേക്ഷവുമായ രൂപങ്ങൾ ശക്തിപ്പെടുത്താനുള്ള പോരാട്ടങ്ങൾ വളർന്നുവരണമെന്നു പരിഷത്ത്‌ ആഗ്രഹിക്കുന്നു.

ശാസ്‌ത്രീയവും മതനിരപേക്ഷവുമായ വിദ്യാഭ്യാസം സാമൂഹ്യപ്രതിബദ്ധതയും കർമ്മോത്സുകതയുമുള്ള ജനസമൂഹത്തെ സൃഷ്‌ടിക്കുന്നതിന്‌ അനുപേക്ഷണീയമാണ്‌. അതിനുള്ള പ്രാഥമിക ഉത്തരവാദിത്തം മൊത്തം ജനങ്ങളുടെ പ്രതിനിധി എന്ന നിലയിൽ സർക്കാരിനുണ്ടെന്നു പരിഷത്ത്‌ കരുതുന്നു.

ഈ ദിശയിലുള്ള വിദ്യാഭ്യാസ പരിവർത്തനങ്ങൾക്ക്‌ സർക്കാർ നടത്തുന്ന ശ്രമങ്ങളെ പിന്തുയണയ്‌ക്കുന്നതോടൊപ്പം ഇത്തരം പ്രവർത്തനങ്ങൾക്ക്‌ വളരെയധികം ശക്തിപകരാനുതകുന്ന രണ്ട്‌ പരിഷ്‌കരണ സമിതി ശുപാർശകൾ- കെ ഇ ആർ പരിഷ്‌കരണസമിതി ശുപാർശകളും (സി പി നായർ അധ്യക്ഷനായുള്ള കമ്മറ്റി) പ്രവേശനപരീക്ഷാ പരിഷ്‌കരണസമിതി റിപ്പോർട്ടും എത്രയും വേഗം നടപ്പിലാക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന്‌ പരിഷത്ത്‌ ആവശ്യപ്പെടുന്നു.

അരനൂറ്റാണ്ട്‌ പിന്നിട്ട കേരള വിദ്യാഭ്യാസ നിയമം

1. കേരളവിദ്യാഭ്യാസ നിയമം നിലവിൽ വന്നിട്ട്‌ അരനൂറ്റാണ്ടായിരിക്കുന്നു. കേരളത്തിലെ എയിഡഡ്‌- അൺ എയിഡഡ്‌ സ്‌കൂളുകളെ ഉത്തരവാദിത്വങ്ങളുടേയും കടമകളുടേയും പൊതുചട്ടക്കൂടിനുള്ളിൽ കൊണ്ടുവരുന്നതിനാണ്‌ ഈ നിയമം കൊണ്ടുവന്നത്‌. നിയമം കൊണ്ട്‌ താഴെ സൂചിപ്പിക്കുന്ന പൊതുഫലങ്ങളുണ്ടായിട്ടുണ്ട്‌.

1.) ഗവൺമെന്റ്‌-എയിഡഡ്‌ സ്‌കൂളുകൾ ഒരു പൊതു കരിക്കുലവും പരീക്ഷാസമ്പ്രദായം പിന്തുടരുന്നുവെന്ന്‌ നിഷ്‌കർഷിക്കാൻ നിയമത്തിനു കഴിഞ്ഞു.

2) ഗവൺമെന്റ്‌- എയിഡഡ്‌ സ്‌കൂളുകളിലെ അധ്യാപകർക്ക്‌ പൊതുവായ സേവനവേതന വ്യവസ്ഥകൾ ഉറപ്പുവരുത്താൻ സാധിച്ചു.

3) എയിഡഡ്‌ സ്‌കൂൾ മാനേജ്‌മെന്റുകൾക്ക്‌ ഗവൺമെന്റിനോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വം നിറവേറ്റുമെന്ന്‌ ഉറപ്പുവരുത്താൻ നിയമത്തിനു കഴിഞ്ഞു.

4) കഴിഞ്ഞ അരനൂറ്റാണ്ടിൽ കേരളത്തിലെവിദ്യാഭ്യാസത്തിനുണ്ടായ കുതിച്ചുചാട്ടത്തിനുള്ള ഭരണപരവും അക്കാദമികവുമായ ചട്ടക്കൂടുണ്ടാക്കാൻ കഴിഞ്ഞു. 2. വിദ്യാഭ്യാസനിയമത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ അര നൂറ്റാണ്ടിൽ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത്‌ വന്ന മാറ്റങ്ങളെ താഴെ പറയും പ്രകാരം സംഗ്രഹിക്കാം.

1) ആറുവയസ്സിനും 14 വയസ്സിനും ഇടയിലുള്ള ഏതാണ്ടു മുഴുവൻ കുട്ടികളേയും സ്‌കൂളുകളിൽ പ്രവേശിപ്പിക്കാൻ ഇന്നു കഴിയുന്നു.

2) ഗോത്രവർഗമേഖലകളിലും തീരപ്രദേശത്തിലെ ചില മേഖലകളിലുമൊഴികെ, വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക്‌ ഏതാണ്ടു പൂർണമായി തടയാൻ കഴിയുന്നു.

3) ആറുവയസ്സിൽ താഴേയുള്ള കുട്ടികൾക്ക്‌ വേണ്ടിയുള്ള പ്രീ പ്രൈമറി വിദ്യാഭ്യാസശൃംഖല ഇന്ന്‌ വ്യാപിച്ചിരിക്കുന്നു.

4) പത്താം ക്ലാസിനുശേഷം ഹയർസെക്കണ്ടറി തലവും ഇപ്പോൾ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്‌.

5) അൺ എയിഡഡ്‌- ഇംഗ്ലീഷ്‌ മീഡിയം വിദ്യാലയങ്ങളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചിരിക്കുന്നു. അവ ഒരു പ്രത്യേകമേഖലയായി മാറിയിരിക്കുന്നു.

6) കഴിഞ്ഞ ദശകങ്ങളിലായി കേരളത്തിലെ ജനസംഖ്യാ നിരക്കുകളിലെ മാറ്റം സ്‌കൂൾപ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ വൻതോതിൽ കുറവു വരുത്തിയിരിക്കുന്നു. അൺ എയിഡഡ്‌ സ്‌കൂളുകളുടെ വളർച്ചയും പൊതുവിദ്യാലയങ്ങളിലെ പ്രവേശനത്തെ ബാധിച്ചിരിക്കുന്നു.

7) ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലാണ്‌ ജനങ്ങളുടെ താല്‌പര്യം. അതുനേടാൻ ആവശ്യമുള്ളത്ര പണം ചെലവാക്കാനും പുതിയ സ്ഥാപനങ്ങൾ പരീക്ഷിക്കാനും ഒരു വിഭാഗം രക്ഷിതാക്കൾ സന്നദ്ധരാണ്‌. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ ഏറ്റവും ദരിദ്രരായ രക്ഷിതാക്കൾ പോലും ബദ്ധശ്രദ്ധരാണ്‌.

8) കേവലമായ ഗുണമേൻമക്കപ്പുറം വിദ്യാഭ്യാസത്തിന്റെ വൈവിധ്യവൽകരണത്തിലും ജനങ്ങൾ തൽപരരാണ്‌. പുതിയ പഠനവിഷയങ്ങൾ, സാങ്കേതിക വിദ്യകൾ, ബോധനമാർഗ്ഗങ്ങൾ തുടങ്ങിയവ വിദ്യാഭ്യാസത്തിന്റെ ഭാഗമാകണമെന്ന്‌ അവർ ആവശ്യപ്പെടുന്നു, വിദ്യാഭ്യാസവും തൊഴിൽ സാധ്യതകളും തമ്മിലുള്ള ബന്ധവും ഇന്നത്തെ പ്രധാന ചർച്ചാ വിഷയമാണ്‌.

3 വിദ്യാഭ്യാസരംഗത്തുണ്ടായ മാറ്റങ്ങൾ കൂടാതെ പൊതുജീവിത സാഹചര്യങ്ങളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്‌.

1. ഭൂപരിഷ്‌കാരം കേരളത്തിൽ വിവിധതലത്തിലുള്ള മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. കാർഷിക ഉത്‌പാദനം നാണ്യവിളകളിൽ കേന്ദ്രീകരിച്ചു. അതേസമയം ഭക്ഷ്യവിള ഉൽപാദകരുടേയും കർഷകതൊഴിലാളികളുടേയും തൊഴിലവസരങ്ങൾ ക്ഷയിച്ചു. സമാനമായ വ്യാവസായിക വികസനം ഉണ്ടായില്ല. അതുകൊണ്ട്‌ ജനങ്ങൾ തൊഴിലവസരങ്ങൾ തേടി മറുനാടുകളിലെത്തി. അല്ലാത്തവർ മദ്ധ്യവർഗത്തൊഴിലുകളിലും വാണിജ്യത്തിലും കേന്ദ്രീകരിച്ചു. വിദ്യാഭ്യാസം ഇത്തരം തൊഴിലുകൾ ലഭിക്കുന്നതിനുള്ള സാധ്യതകളൊരുക്കുന്നതായി കണ്ടെത്തപ്പെട്ടു.

2. സാമൂഹ്യരംഗത്ത്‌ മദ്ധ്യവർഗ്ഗസംസ്‌കാരത്തിന്റേയും ആശയസംഹിതകളുടേയും സ്വാധീനം വർദ്ധിച്ചു. വരുമാനദായകമായ തൊഴിലുകൾ എല്ലാവരുടേയും സ്വപ്‌നമായി. മാധ്യമസംസ്‌കാരത്തിന്റേയും ജീവിതശൈലികളുടേയും പ്രാധാന്യം വർദ്ധിച്ചു. സാംസ്‌കാരിക ജിവിതത്തിൽ മതജാതിശക്തികൾ ആധിപത്യം നേടി. വിദ്യാഭ്യാസം, ആരോഗ്യം മുതലായ മേഖലകളിലെ ആധിപത്യം കൂടാതെ ഗവർമ്മെണ്ടിതര സംഘടനകളിലൂടെ സാമൂഹ്യസേവനരംഗത്തും അവർ സ്വാധീനം നേടി. വാണിജ്യവത്‌കരണം, പ്രവാസി നിക്ഷേപങ്ങളുടെ വർദ്ധന മുതലായവയോടൊപ്പം സാമുദായികമൂല്യങ്ങൾക്കും കേരളസമൂഹത്തിൽ വേരോട്ടം ഉണ്ടായി.

3. രാഷ്‌ട്രീയരംഗത്ത്‌ വലതുപക്ഷവും ഇടതുപക്ഷവും തുല്യശക്തികളായി. അവർ തമ്മിലുള്ള ശക്തമായ സംഘർഷം വിദ്യാഭ്യാസത്തേയും സ്വാധീനിച്ചു. വലതുപക്ഷം അടിസ്ഥാനപരമായി സ്വകാര്യവത്‌കരണത്തിനനുകൂലമായ നിലപാടെടുത്തപ്പോൾ പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണത്തിൽ ഇടതുപക്ഷം ഊന്നി. ഇത്‌ വിദ്യാഭ്യാസത്തെ രാഷ്‌ട്രീയപോരാട്ടത്തിന്റെ വേദിയാക്കിമാറ്റി.

4. തദ്ദേശീയ സ്വയംഭരണസംവിധാനങ്ങളുടെ വളർച്ച ഇക്കാലത്തെ പ്രധാനമാറ്റമായിരുന്നു. തദ്ദേശീയസ്വയംഭരണസ്ഥാപനങ്ങൾക്ക്‌ പ്രൈമറി വിദ്യാഭ്യാസം കൈമാറിക്കൊണ്ടുള്ള നിയമവ്യവസ്ഥകൾ കേരളത്തിൽ പൂർണരൂപത്തിൽ നടപ്പിലാക്കപ്പെട്ടില്ലെങ്കിലും പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ നടത്താൻ പഞ്ചായത്തുകൾക്ക്‌ കഴിഞ്ഞു.

5. ഗുണമേൻമയുള്ള വിദ്യാഭ്യാസത്തിനുള്ള ജനങ്ങളുടെ താല്‌പര്യം പൊതുവിദ്യാലയങ്ങളിൽ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള ശ്രമങ്ങളിലേക്കു നയിച്ചു. പ്രക്രിയാധിഷ്‌ഠിത സമീപനം മുതൽ നിരന്തര മൂല്യനിർണയം വരെയുള്ള ഘടകങ്ങൾ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി.

4 ഈ സാഹചര്യങ്ങളിലാണ്‌ കേരളവിദ്യാഭ്യാസ നിയമത്തിന്റെ പുന:പരിശോധന ആവശ്യമായി വരുന്നത്‌. നിലവിലുള്ള വിദ്യാഭ്യാസനിയമത്തിന്റെ ജനാധിപത്യപരമായ അംശങ്ങൾ പൂർണമായി നിലനിർത്തേണ്ടത്‌ ആവശ്യമാണ്‌. അതേസമയം ഇപ്പോൾ വന്നിരിക്കുന്ന മാറ്റങ്ങളെ കണക്കിലെടുത്തുകൊണ്ട്‌ നിയമത്തിന്റെ വിശദാംശങ്ങളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത്‌ അത്യാവശ്യമാണ്‌.

കേരളവിദ്യാഭ്യാസ നിയമം:സി പി നായർ കമ്മറ്റിയുടെ ശുപാർശകൾ

താഴെ പറയുന്ന മേഖലകളാണ്‌ കമ്മറ്റി വിശദമായ പഠനത്തിനു വിധേയമാക്കിയത്‌.

a സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭരണനിർവഹണം

b തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായുള്ള ബന്ധം

c സ്‌കൂളുകളുടെ ഘടനയും അദ്ധ്യാപകരുടേയും അനധ്യാപകരുടേയും സേവനവ്യവസ്ഥയും

d അൺ എയിഡഡ്‌ സ്‌കൂളുകളുടെ ഘടനയും മാനേജ്‌മെന്റുകളുടെ അവകാശങ്ങളും

e പാഠ്യപദ്ധതിയും വിദ്യാഭ്യാസത്തിന്റെ ഘട്ടങ്ങളും.

ശുപാർശകളുടെ ചുരുക്കം

1) ഭരണനിർവഹണം

a പ്രീ പ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെയുള്ള വിവിധഘട്ടങ്ങളെ സമഗ്രമായാണ്‌ കാണേണ്ടത്‌. അവയെ നിയന്ത്രിക്കുന്ന നയങ്ങളും നിർവ്വഹണരൂപങ്ങളും ഒരുപോലെയാകണം. ഇത്‌ ഉറപ്പുവരുത്തുന്നതിന്‌ ഇന്ന്‌ നിലവിലുള്ള വിവിധ ഡയറക്‌ടറേറ്റുകളെ സ്‌കൂൾ വിദ്യാഭ്യാസ ഡയറക്‌ടറേറ്റ്‌ എന്ന പൊതു നിർവഹണ ഏജൻസിയിൽ കൊണ്ടുവരണം. വ്യത്യസ്‌ത മേഖലകളുടെ നിർവഹണം അതിനായി ചുമതലപ്പെട്ട അസിസ്റ്റന്റ്‌ ഡയറക്‌ടർമാരുടെ കീഴിലാവണം

b വിദ്യാഭ്യാസ ഉപദേശകബോർഡ്‌ വിദ്യാഭ്യാസ വിദഗ്‌ധരുടെ സമിതിയാകണം. അതിലെ അംഗത്വം പതിനഞ്ചംഗങ്ങളിൽ കൂടരുത്‌.

c വിദ്യാഭ്യാസത്തിന്റെ ഗുണമേൻമയുറപ്പു വരുത്താൻ ഒരു സ്‌കൂൾ വിദ്യാഭ്യാസകമ്മീഷൻ സ്ഥാപിക്കണം.

d ഒരു പൊതു പരീക്ഷാബോർഡ്‌ നിലവിൽ വരും.

e. സർക്കാർ, സംസ്ഥാനം മുഴുവനും സൗജ്യന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തണം.

f. SCERT,DIET,SIEMAT,SIETഎന്നിവയെ അക്കാദമിക നിർവഹണ ഏജൻസികളായി കണക്കാക്കും.

2. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായുള്ള ബന്ധം

a സ്‌കൂളുകളും പഞ്ചായത്തുകളുമായുള്ള ബന്ധം താഴെ പറയുന്ന വിധത്തിലാകണം

പ്രീപ്രൈമറി- പ്രൈമറി വിദ്യാലയങ്ങൾ- ഗ്രാമപഞ്ചായത്ത്‌

സെക്കണ്ടറിസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂൾ, ടി ടി ഐ തുടങ്ങിയവ- ജില്ലാപഞ്ചായത്ത്‌.

നഗരപ്രദേശങ്ങളിലെ എല്ലാ സ്‌കൂളുകളും - മുനിസിപ്പാലിറ്റി , നഗരസഭ.

b ഭരണപരവും അക്കാദമികവും ഗുണനിലവാര വർദ്ധനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിർദ്ദേശിക്കപ്പെടുന്ന പ്രവർത്തനങ്ങളും അധികാരങ്ങളും തദ്ദേശീയ സ്വയംഭരണസ്ഥാപനങ്ങൾക്കുണ്ടാകും.

c) വിദ്യാഭ്യാസരംഗത്തെ ജനാധിപത്യസംവിധാനങ്ങളെന്ന നിലയിൽ താഴെ പറയുന്ന സമിതികൾ നിലവിൽ വരും.

i) ജില്ലാ വിദ്യാഭ്യാസ സമിതി - ഹയർ സെക്കണ്ടറി- സെക്കണ്ടറി മേഖലകളുമായുള്ള ബന്ധം നിലനിർത്തുന്ന സമിതി.

ii) ഗ്രാമപഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി പ്രൈമറി വിഭാഗങ്ങളുമായുള്ള ബന്ധം നിലനിർത്തുന്നു.

iii) മുൻസിപ്പൽ കോർപ്പറേഷൻ വിദ്യാഭ്യാസ സമിതി

iv) സ്‌കൂൾ വികസന സമിതി

d) പി.ടി.എ, മദർ പി.ടി.എ എന്നിവയെ സ്റ്റാറ്റിയൂട്ടറി സമിതികളാക്കും.

e) ഓരോ പഞ്ചായത്തിനും ഒരു പഞ്ചായത്ത്‌ എഡ്യുക്കേഷനൽ ഓഫീസർ ഉണ്ടാകും. അവർക്ക്‌ ഹെഡ്‌മാസ്റ്റർക്ക്‌ തുല്യമായ യോഗ്യത ഉണ്ടാകും. 3) സ്‌കൂളുകളുടെ ഘടനയും അധ്യാപക അനധ്യാപകരുടെ സേവന വ്യവസ്ഥയും

a) സ്‌കൂളുകൾ ആരംഭിക്കുന്നതും അപ്‌ഗ്രേഡ്‌ ചെയ്യുന്നതും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ചർച്ച ചെയ്‌തുമാത്രമേ നടപ്പിലാക്കുകയുള്ളൂ. വ്യക്തമായ സ്‌കൂൾ മാപ്പിങ്ങിന്റെ അടിസ്ഥാനത്തിലാവും അതു നിർണയിക്കുക.

b) സ്‌കൂളുകൾ നിർത്തുന്നത്‌ ബന്ധപ്പെട്ട ഓഫീസറുടെ അംഗീകാരത്തോടെ മാത്രമായിരിക്കും.

c)പ്രൈമറി തലത്തിലെ അധ്യാപക വിദ്യാർത്ഥി അനുപാതം 1 : 30 ഉം സെക്കന്ററി ഹയർസെക്കണ്ടറിതലത്തിൽ 1 : 40 ആയിരിക്കും. ഒരു ഡിവിഷനിലെ വിദ്യാർത്ഥികളുടെ എണ്ണം പ്രൈമറിയിൽ മിനിമം 15, സെക്കന്ററിയിൽ മിനിമം 18, ഹയർ സെക്കന്ററിയിൽ മിനിമം 23 ആയിരിക്കും.

d) പ്രൈമറി, സെക്കണ്ടറി, ഹയർസെക്കണ്ടറി അധ്യാപകർ നിയമിക്കപ്പെടുന്നതിന്‌ ഒരു General Eligibility test പാസായിരിക്കണം. എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപകരുടേയും അനധ്യാപകരുടേയും നിയമനാധികാരം മാനേജർക്കായിരിക്കും. എന്നാൽ നിയമസഭയോട്‌ പൂർണമായി ഉത്തരവാദിത്തമുള്ള ഒരു സ്വതന്ത്ര സ്റ്റാറ്റിയുട്ടറി ഏജൻസിയായിരിക്കും അധ്യാപക-അനധ്യാപക നിയമനത്തിന്‌ യോഗ്യരായവരെ തെരഞ്ഞടുക്കുക.

e) അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപക- അനധ്യാപകർക്ക്‌ ഗവൺമെന്റ്‌ നിരക്കിൽ ശമ്പളം നൽകും. ബാങ്കുകൾ എക്കൗണ്ട്‌ പേയി ചെക്ക്‌ വഴിയാകും ശമ്പളം വിതരണം ചെയ്യുക.

f) റഗുലർ വേക്കൻസികളിൽ നിയമിക്കപ്പെടുന്ന അധ്യാപകർക്ക്‌ മാത്രമായിരിക്കും പിന്നീട്‌ വരുന്ന വേക്കൻസികളിൽ ക്ലെയിം അനുവദിക്കുക.

g) സ്‌കൂളിലെ ഷിഫ്‌റ്റ്‌ സെഷനൽ സമ്പ്രദായം എടുത്തുകളയും.

h) ഒരു ക്ലാസ്‌ പിരിയഡ്‌ ഒരു മണിക്കൂറായി നിജപ്പെടുത്തും. പാർട്ട്‌ ടൈം പോസ്റ്റുകൾക്കുള്ള മിനിമം പിരിയഡ്‌ മൂന്ന്‌ മണിക്കൂറായിരിക്കും.

i) ഫുൾടൈം പോസ്റ്റിനുള്ള മിനിമം പിരിയഡുകൾ 11 ഉം മാക്‌സിമം 19 ഉം ആയിരിക്കും.

j) ടീച്ചിങ്ങ്‌ പോസ്റ്റിനുള്ള മിനിമം യോഗ്യത വിഷയത്തിൽ 55% മാർക്കോ തത്തുല്യമായ ഗ്രേഡോ ആയിരിക്കും.

k) ഒന്നു മുതൽ പന്ത്രണ്ടാം സ്റ്റാന്റേർഡ്‌ വരെ ഗവൺമെന്റ്‌/എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഫീസ്‌ ഈടാക്കുന്നതല്ല. 4) അൺ എയ്‌ഡഡ്‌ സ്‌കൂളുകൾ

a) സ്‌കൂളുകളെ സംബന്ധിച്ച പൊതുമാനദണ്‌ഡങ്ങളെല്ലാം അൺഎയിഡഡ്‌ സ്‌കൂളുകൾക്കും ബാധകമായിരിക്കും. അവയെ സംബന്ധിച്ച്‌ വേണ്ട ഉത്തരവുകൾ ഇറക്കാനും ഗവൺമെന്റിന്‌ കഴിയും.

b) അൺഎയിഡഡ്‌ സ്‌കൂളുകളിൽ വാങ്ങുന്ന ട്യൂഷൻ ഫീസ്‌ നിജപ്പെടുത്തി. ട്യൂഷൻ ഫീസ്‌ അധ്യാപിക-അധ്യാപകരുടെ ശമ്പളം നൽകുന്നതിനാകും ഉപയോഗിക്കുക.

c) ഗവൺമെന്റ്‌ നിർദ്ദേശിക്കുന്ന യോഗ്യതകളുള്ളവരെ മാത്രമേ അൺഎയിഡഡ്‌ സ്‌കൂളുകളിൽ നിയമിക്കാവൂ.

ഡി സി.ബി.എസ്‌.ഇ/ഐ.സി.എസ്‌.ഇ സ്‌കൂളുകൾക്ക്‌ താഴെ ചേർത്ത വ്യവസ്ഥകൾ അനുസരിച്ചായിരിക്കും എൻ.ഒ.സി നൽകുക.

i. ഏഴു വർഷമെങ്കിലും സ്‌കൂൾ പ്രവർത്തിച്ചിരിക്കണം.

ii. ചുരുങ്ങിയത്‌ 500 വിദ്യാർത്ഥികളെങ്കിലും ഉണ്ടാവണം.

iii. ഒന്ന്‌ മുതൽ പന്ത്രണ്ട്‌ വരെ ക്ലാസ്സുകൾ ഉണ്ടാവണം.

iv. അഫിലിയേഷന്‌ എല്ലാ നിശ്ചിത ഗുണനിലവാരവും പാലിക്കണം. 5)പാഠ്യപദ്ധതിയും വിദ്യാഭ്യാസത്തിന്റെ ഘട്ടങ്ങളും

a) സ്റ്റേറ്റ്‌ കരിക്കുലം കമ്മറ്റി ഒരു സ്റ്റാറ്റിയൂട്ടറി സമിതിയാകും.

b) വിദ്യാഭ്യാസരംഗത്തെ ഗുണമേന്മ ഉറപ്പു വരുത്തുന്നത്‌ സ്‌കൂൾ വിദ്യാഭ്യാസ കമ്മീഷന്റെ ചുമതലയായിരിക്കും.

c) തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഗുണമേന്മ ഉറപ്പുവരുത്തുന്ന പിന്തുണാസംവിധാനങ്ങളായി പ്രവർത്തിക്കും.

d) പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസത്തിന്റെ ഘട്ടങ്ങളെ ഏകീകൃതമായി കണക്കാക്കുകയും അവ തമ്മിലുള്ള ബന്ധങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങൾ വരുത്തുകയും ചെയ്യും.

e) പ്രീസർവീസ്‌-ഇൻസർവീസ്‌, പരിശീലന രൂപങ്ങൾ കാലോചിതമായി പരിഷ്‌കരിക്കും.

6) മറ്റുള്ളവ

a) സ്‌കൂളുകളിലെ റാഗിങ്ങ്‌, മദ്യം, മയക്കുമരുന്ന്‌ കച്ചവടം തുടങ്ങിയവ പൂർണമായി നിരോധിക്കും.

b) സ്‌കൂളുകളിലെ പ്രവേശനത്തിന്‌ മതജാതി പരിഗണനകൾ ഒപ്‌ഷണലാക്കും.

c) സാധ്യായ ദിവസങ്ങളെ ബാധിക്കാത്ത വിധത്തിൽ അധ്യാപക പരിശീലനവും കലോത്സവങ്ങൾ മുതലായ പരിപാടികളും ക്രമീകരിക്കും.

d) വിദ്യാർത്ഥികൾക്കെതിരെ ശിക്ഷാ നടപടികളുടെ പേരിൽ നടത്തുന്ന പീഡനമുറകൾ നിരോധിക്കുകയും അവയെ ക്രിമിനൽ കുറ്റമായി കണക്കാകുകയും ചെയ്യും.

e) HIV പോസിറ്റീവായ വിദ്യാർത്ഥികളെ സ്‌കൂളുകളിൽ പഠിപ്പിക്കണം. അതിനു തയ്യാറാകാത്ത സ്‌കൂളുകളുടെ അംഗീകാരം എടുത്തുകളയും

f) കാമ്പസിൽ മൊബൈൽ ഫോൺ നിരോധിക്കും

g) കുട്ടികളുടെ സഹായത്തിന്‌ ട്യൂട്ടോറിയൽ സിസ്റ്റം നടപ്പിലാക്കും

h) പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ പ്രത്യേക സംവിധാനമുണ്ടാക്കും.

i) നിലവിലുള്ള നിയമത്തിലെ പ്രൈവറ്റ്‌സ്റ്റഡി വകുപ്പ്‌ എടുത്തുകളയും. ശാരീരികവും മാനസികവുമായ ശേഷിക്കുറവുള്ളവർക്ക്‌ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനാൽ ഇപ്പോൾ ഈ വകുപ്പിന്‌ പ്രസക്തിയില്ല.

j) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ബോധന മാധ്യമം മലയാളമായിരിക്കും. തമിഴും കന്നഡയും മാതൃഭാഷയായവർക്ക്‌ വേണ്ടത്ര കുട്ടികളുണ്ടെങ്കിൽ അവരുടെ മാതൃഭാഷയിൽ പഠിക്കാം. പ്രത്യേക സാഹചര്യങ്ങളിൽ ഗവൺമെന്റ്‌ അനുമതിയോടെ ഡയറക്‌ടർക്ക്‌ മറ്റു ഭാഷകൾ മാധ്യമമായി ഉപയോഗിക്കാൻ അനുവദിക്കാം. അത്തരം സാഹചര്യങ്ങൾ നിലവിലില്ലെങ്കിൽ ഡയറക്‌ടർക്ക്‌ ഈ ആനുകൂല്യം പിൻവലിക്കാം.

ഈ നിർദ്ദേശങ്ങൾ വിശദമായ ചർച്ചകൾക്ക്‌ വിധേയമാക്കി നടപ്പിലാക്കേണ്ടതാണ്‌. വിദ്യാഭ്യാസത്തെ ജനാധിപത്യവൽകരിക്കുന്നതിനും നിലവിലുള്ള വൈവിധ്യങ്ങളെ അംഗീകരിച്ചു തന്നെ അവയെ പൊതുമാനദണ്‌ഡങ്ങൾക്കു വിധേയമാക്കുന്നതിനുള്ള നിർദ്ദേശങ്ങളാണിവ.


പ്രവേശനപരീക്ഷാ പരിഷ്‌കരണ സമിതി ശുപാർശകൾ

കേരളത്തിലെ പ്രൊഫഷണൽ കോളജു പ്രവേശനത്തിനായി നടത്തപ്പെടുന്ന പൊതുപ്രവേശനപരീക്ഷ (സി.ഇ.ഇ.) പരിഷ്‌കരിക്കാനായി ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന ഉടനേതന്നെ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആ കമ്മിറ്റി സമർപ്പിച്ച നിർദേശങ്ങൾ ഒരു കൊല്ലത്തോളമായി സർക്കാറിന്റെ മുന്നിൽ ഇരിക്കയാണ്‌. ഇതിനിടെ മറ്റൊരു അധ്യയനവർഷംകൂടി കടന്നുപോയി. അടുത്ത പ്രവേശനപരീക്ഷ കൂടി വന്നുകഴിഞ്ഞു. കമ്മിറ്റിയുടെ നിർദേശങ്ങൾ പൊതുവേ സ്വാഗതാർഹമാണെന്നു പറഞ്ഞ സർക്കാർ എന്തുകൊണ്ട്‌ ആ നിർദേശങ്ങൾ നടപ്പാക്കാൻ ഉചിതമായ നടപടികൾ അടിയന്തിരമായി എടുത്തില്ല? ഇപ്പോഴും എന്തുകൊണ്ട്‌ മെല്ലെപ്പോക്ക്‌ തുടരുന്നു? പ്രസ്‌തുത കമ്മിറ്റിയുടെ നിർദേശങ്ങളിൽ സ്വീകാര്യമായവ ഉടനടി നടപ്പാക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.

അല്‌പം ചരിത്രം

കേരളത്തിൽ മെഡിക്കൽ കോളജു പ്രവേശനത്തിന്‌ പ്രത്യേക പ്രവേശന പരീക്ഷ നടപ്പാക്കിയത്‌ പൊടുന്നനെ 1981-82 ൽ ഒരു ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. പ്രീഡിഗ്രി പരീക്ഷയിൽ ക്രമക്കേട്‌ നടക്കുന്നുവെന്നും വ്യാജമാർക്കുലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ചിലർ അഡ്‌മിഷൻ നേടുന്നുവെന്നും മറ്റുമുള്ള പരാതിയെത്തുടർന്ന്‌ ഹൈക്കോടതിയിൽ കേസ്‌ നടക്കുന്ന സമയത്താണ്‌ മൂന്നുവിഷയങ്ങൾക്കും (ഫിസിക്‌സ്‌, കെമിസ്‌ട്രി, ബയോളജി) പൂജ്യം കിട്ടിയ ഒരു വിദ്യാർത്ഥി തനിക്കു തോന്നിയ മാർക്കുകൾ വ്യാജമായി എഴുതിച്ചേർത്ത്‌ മെഡിക്കൽ കോളജു പ്രവേശനത്തിനപേക്ഷിച്ചത്‌. പ്രവേശനത്തിന്റെ ഒരു ഘട്ടത്തിൽ ഒറിജിനൽ മാർക്കുലിസ്റ്റുമായുള്ള ഒത്തുനോക്കൽ തീർച്ചയായും നടക്കുമായിരുന്നു എന്നുള്ളതുകൊണ്ട്‌ അയാൾ ക്കൊരിക്കലും അഡ്‌മിഷൻ കിട്ടുമായിരുന്നില്ല എന്നതുറപ്പ്‌. എന്നിരുന്നാലും ഈ കൃത്രിമം വൻവാർത്തയായി. 0+0+0=100 എന്നൊരു പുതിയ ഫോർമുല പത്രങ്ങളിലൊക്കെ നിറഞ്ഞുനിന്നു. സർവകലാശാലാ പരീക്ഷകളെല്ലാം കൃത്രിമം നിറഞ്ഞതാണെന്നു ധാരണ പരന്നു. ഈ സന്ദർഭത്തിലാണ്‌ പ്രീഡിഗ്രി മാർക്കിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രവേശനങ്ങളെല്ലാം റദ്ദ്‌ ചെയ്‌ത്‌ ഒരു പ്രവേശനപരീക്ഷ നടത്തി പുതിയതായി അഡ്‌മിഷൻ നടത്താൻ ഹൈക്കോടതി ഉത്തരവായത്‌. യോഗ്യതയുടെ അടിസ്ഥാനത്തിൽ ആദ്യത്തെ ലിസ്റ്റിൽ പ്രവേശനം നേടിയിരുന്ന, തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട്‌ പ്രവേശനം റദ്ദ്‌ ചെയ്യപ്പെട്ട, കുട്ടികളാരും അപ്പീലുമായി സുപ്രീംകോടതിയിൽ പോകാതിരുന്നതുകൊണ്ടുമാത്രം ആ തീരുമാനം നിയമപരമായി ചോദ്യം ചെയ്യപ്പെട്ടില്ല. രണ്ടാമതും പരീക്ഷ നടന്നു. പുതിയ ലിസ്റ്റ്‌ വന്നു. ആദ്യത്തെ ലിസ്റ്റിൽ പേരുണ്ടായിരുന്ന കുറേ മിടുക്കർക്കെങ്കിലും കൃത്രിമം നടത്തി അഡ്‌മിഷൻ നേടിയവർ എന്ന ദുഷ്‌പേരുണ്ടായതു മിച്ചം. അവരുടെ കണ്ണീർ പക്ഷേ ആരും കണ്ടില്ല.

എത്ര ലാഘവബുദ്ധിയോടെയാണ്‌, നിരുത്തരവാദപരമായാണ്‌, വളരെ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉണ്ടാകുന്നത്‌ എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്‌. വ്യത്യസ്‌ത സർവകലാശാലകൾ നടത്തിക്കൊണ്ടിരുന്ന പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷകൾ, സി.ബി.എസ്സ്‌.ഇ, ഐ.സി.എസ്‌.ഇ. തുടങ്ങിയ കേന്ദ്ര ഏജൻസികൾ നടത്തുന്ന ഹയർസെക്കണ്ടറി പരീക്ഷകൾ എന്നിവയുടെ മാർക്കുകളെ ഒരേതട്ടിൽ തൂക്കി തുലനം ചെയ്യുതിന്‌ ഒരു സംവിധാനം കൂടിയേ തീരൂ എന്നത്‌ തീർച്ചയായും യുക്തിഭദ്രമായ ഒരു വാദമാണ്‌. അത്‌ ഒരു പൊതുപ്രവേശനപരീക്ഷ ആകുന്നതിലും തെറ്റില്ല. പക്ഷേ ഇങ്ങനെയാണോ അതു നടപ്പാക്കേണ്ടിയിരുന്നത്‌? സർവകലാശാലകൾ നടത്തുന്ന പരീക്ഷകൾക്ക്‌ വിശ്വാസ്യതയില്ലെന്ന വിധിക്ക്‌ അടിസ്ഥാനമുണ്ടായിരുന്നോ? ഏതാനും ചിലർ കള്ളനോട്ട്‌ അടിച്ചാൽ റിസർവ്‌ ബാങ്ക്‌ അടിച്ച നോട്ടെല്ലാം റദ്ദാക്കുകയാണോ പരിഹാരം? എന്തുകൊണ്ടോ ഈ ചോദ്യങ്ങളൊന്നും അന്ന്‌ വേണ്ടത്ര ശക്തിയോടെ ഉന്നയിക്കപ്പെട്ടില്ല. പകരം പൊതുപ്രവേശനപരീക്ഷ പൊതുവേ സ്വാഗതം ചെയ്യപ്പെടുകയാണുണ്ടായത്‌. ചില സർവകലാശാലകൾ മാർക്കു വാരിക്കോരി കൊടുക്കുന്നു, ചില കോളജുകളിൽ പ്രാക്‌ടിക്കൽ പരീക്ഷയിൽ വിവേചനം കാട്ടുന്നു, സി.ബി.എസ്സ്‌.ഇ./ഐ.സി.എസ്സ്‌.ഇ കുട്ടികൾക്ക്‌ യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള പ്രവേശനം ബുദ്ധിമുട്ടുണ്ടാക്കുന്നു തുടങ്ങിയ പരാതികൾ വ്യാപകമായുണ്ടായിരുന്നതാകാം ഇതിനു കാരണമായത്‌. തുടർവർഷങ്ങളിൽ എഞ്ചിനീയറിങ്ങ്‌ കോളജുപ്രവേശനവും മറ്റു പ്രൊഫഷണൽ കോളജു പ്രവേശനങ്ങളും പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായി.

പ്രവേശനപരീക്ഷയുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു. കമ്പ്യൂട്ടർ വാല്വേഷനു സഹായകമാകുംവിധം മൾട്ടിപ്പിൾ ചോയ്‌സ്‌-ഒബ്‌ജക്‌റ്റീവ്‌ ടൈപ്പ്‌ ക്വസ്റ്റ്യൻസ്‌ മാത്രമടങ്ങുന്നതായി ചോദ്യങ്ങൾ. ഉത്തരക്കടലാസും ഉത്തരം അടയാളപ്പെടുത്തുന്ന രീതിയും അതിനനുസരിച്ച്‌ മാറി. ചുരുങ്ങിയ സമയം കൊണ്ട്‌ ഒരുപാട്‌ ചോദ്യങ്ങൾക്ക്‌ (90 മിനുട്ടിൽ 120 ചോദ്യങ്ങൾ) ഉത്തരമെഴുതിക്കുന്ന രീതിവന്നതോടെ സ്‌പെഷ്യൽ കോച്ചിങ്‌ ഇല്ലാതെ പ്രവേശനപ്പരീക്ഷയിൽ ഉയർന്ന റാങ്കുകിട്ടുക അസാധ്യമായി. ആയിടക്ക്‌ കോഴിക്കോട്‌ മെഡിക്കൽകോളജിലും തിരുവനന്തപുരം എഞ്ചിനീയറിങ്ങ്‌ കോളജിലും ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ പ്രവർത്തകർ നടത്തിയ പഠനങ്ങൾ കാണിച്ചത്‌ ഈ പരിഷ്‌കരണത്തിന്റെ ഫലമായി ഗ്രാമപ്രദേശങ്ങളിൽനിന്നു വരുന്ന കുട്ടികളുടെ അനുപാതം വ്യക്തമായും കുറഞ്ഞു എന്നായിരുന്നു. പ്രീഡിഗ്രിപരീക്ഷയിൽ ഉയർന്ന മാർക്കു കിട്ടിയ പലരും എൻട്രൻസ്‌ പരീക്ഷയിൽ പിന്നിലാകുന്നതും ശ്രദ്ധിക്കപ്പെട്ടു. സ്‌പെഷ്യൽ കോച്ചിങ്ങിന്റെ പ്രാധാന്യം വ്യക്തമായതോടെ കോച്ചിങ്ങ്‌ സ്‌കൂളുകളിലെ തിരക്കേറി. അത്‌ ശതകോടികൾ മറിയുന്ന ബിസിനസായി മാറി. അതിനനുസരിച്ച്‌ മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുറഞ്ഞു. അത്‌ മിനിമം യോഗ്യത നേടാനുള്ള ഒരു അനുഷ്‌ഠാനം മാത്രമായി ചുരുങ്ങി. എസ്‌.എസ്‌.എൽ.സി. കഴിഞ്ഞാൽ പ്രീഡിഗ്രി (പിന്നീട്‌ പ്ലസ്‌ടു) പ്രവേശനം തരപ്പെടുത്തും മുമ്പുതന്നെ വിഷയാധിഷ്‌ഠിതകോച്ചിങ്ങ്‌ ഉറപ്പാക്കുന്നതിലായി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധ. ക്ലാസ്സിൽ നടക്കുന്ന പഠിത്തത്തിനു പകരം കോച്ചിങ്ങിന്റെ ഭാഗമായ ഡ്രില്ലിന്‌ പ്രാധാന്യം കൂടിയതോടെ വിഷയം പഠിക്കൽ എന്നത്‌ ചോദ്യോത്തരം കാണാപ്പാഠമാക്കൽ പ്രക്രിയയിൽ ഒതുങ്ങി.

ട്യൂഷനെ അമിതമായി ആശ്രയിക്കുന്നതുമൂലം സ്വന്തമായി പഠിക്കാനുള്ള കുട്ടികളുടെ കഴിവ്‌ ക്രമമായി കുറഞ്ഞു വരുന്നു എന്ന്‌ പിന്നീട്‌ പഠിപ്പിക്കേണ്ടിവരുന്ന അധ്യാപകർ നിരീക്ഷിച്ചിട്ടുണ്ട്‌. അതിന്റെ മറുവശം, പ്രീഡിഗ്രിയിലെ ട്യൂഷൻ പിന്നീട്‌ പ്രൊഫഷണൽ കോഴ്‌സുകളിലും തുടരുന്നു എന്ന പ്രതിഭാസമാണ്‌. ചുരുക്കത്തിൽ മുഖ്യാധാരാ വിദ്യാഭ്യാസംഅപ്രസക്തമാകുന്ന അവസ്ഥ വന്നു. വിഷയപഠനം എന്ന യഥാർത്ഥ വിദ്യാഭ്യാസം ഇല്ലാതായി. യഥാർത്ഥത്തിലുള്ള അർഹതയ്‌ക്കു പകരം മികവുറ്റ കോച്ചിങ്ങ്‌ തരപ്പെടുത്താൻ കഴിയുന്നവർക്ക്‌ ഉയർന്ന റാങ്കും അഡ്‌മിഷനും കിട്ടുന്ന അവസ്ഥ വന്നു. ഇത്‌ ഗ്രാമീണ പശ്ചാത്തലമുള്ളവരെയും ചെലവേറിയ കോച്ചിങ്ങിന്‌ വേണ്ട സാമ്പത്തികമില്ലാത്തവരെയും അകറ്റുന്നതിനും കാരണമായി.

ഈ സാഹചര്യത്തിലാണ്‌ എൻട്രൻസ്‌ പരീക്ഷകൾ പരിഷ്‌കരിക്കണം എന്ന ആവശ്യത്തിനു ശക്തിയേറിയത്‌. ഇതിനെത്തുടർന്ന്‌ 1996-ലെ എൽ.ഡി.എഫ്‌. സർക്കാർ എം.പി. ചന്ദ്രശേഖരൻ കമ്മിറ്റിയെ എൻട്രൻസ്‌ പരിഷ്‌കരണ നിർദേശങ്ങൾ സമർപ്പിക്കാനായി നിയോഗിച്ചു. 1998-ൽ ആ കമ്മിറ്റി ചില നിർദേശങ്ങൾ സമർപ്പിച്ചു.

ചന്ദ്രശേഖരൻ കമ്മിറ്റി ശുപാർശകൾ

എഞ്ചിനീയറിങ്ങിനും മെഡിക്കൽ -അഗ്രികൾച്ചർ ധാരകൾക്കും വെവ്വേറെ ഫിസ്‌ക്‌സ്‌-കെമിസ്‌ട്രി പരീക്ഷകൾ നടത്തുക, വിവിധ വിഷയങ്ങളുടെ വെയിറ്റേജ്‌ മാറ്റുക തുടങ്ങിയ ചില നിർദ്ദേശങ്ങൾ സർക്കാർ നടപ്പാക്കി. എന്നാൽ എൻട്രൻസ്‌ പരീക്ഷയുടെ സ്വഭാവം മാറ്റാനുതകുംവിധം സമർപ്പിച്ച നിർദേശങ്ങളൊന്നും സർക്കാർ സ്വീകരിച്ചില്ല. ഉദാഹരണമായി, കോച്ചിങ്ങിന്റെ അമിത പ്രാധാന്യം കുറയ്‌ക്കാനുതകുന്ന `ക്വസ്റ്റ്യൻ ബാങ്ക്‌' രൂപീകരണനിർദ്ദേശം സർക്കാർ അവഗണിച്ചു. ചോദ്യങ്ങൾ മലയാളത്തിലും വേണം എന്ന പരിഷത്തിന്റെ ആവശ്യത്തെ കമ്മിറ്റി പോലും പരിഗണിച്ചില്ല. ചുരുക്കത്തിൽ എൻട്രൻസ്‌ പരീക്ഷയെ സംബന്ധിച്ച കാതലായ പരാതികൾക്കൊന്നും ശമനമുണ്ടായില്ല.

ഇതിനിടെ സെൽഫ്‌ ഫിനാൻസിങ്ങ്‌ കോളജുകളെ സംബന്ധിച്ചുണ്ടായ വിവിധ സുപ്രീകോടതിവിധികളിൽ ഒരു പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ പൊതുറാങ്കുലിസ്റ്റുണ്ടാക്കി യോഗ്യതാനുസരണം പ്രവേശനം നടത്തേണ്ടതിന്റെ ആവശ്യത്തെപ്പറ്റി കൂടെക്കൂടെ പരാമർശമുണ്ടായത്‌ പൊതുപ്രവേശനപരീക്ഷ അനിവാര്യമാണെന്ന ധാരണ പരക്കാനിടയായി. എന്നാൽ പ്രത്യേക പ്രവേശനപരീക്ഷ ഗ്രാമീണ വിദ്യാർത്ഥികളെയും സാമ്പത്തികമായി പിന്നാക്കം നില്‌ക്കുന്നവരെയും ഒഴിവാക്കുന്നു എന്നു ബോധ്യപ്പെട്ട തമിഴ്‌നാട്‌ സർക്കാർ പൊതുപ്രവേശനപരീക്ഷ റദ്ദാക്കി. ഹയർസെക്കന്ററി മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്ന അവസ്ഥ പുനഃസ്ഥാപിച്ചു. അത്‌ തമിഴ്‌നാട്‌ ഹൈക്കോടതി ശരിവച്ചു. അതിന്മേലുള്ള അപ്പീലിൽ സുപ്രീംകോടതി ഇതുവരെ തീരുമാനം നല്‌കിയിട്ടില്ല. പക്ഷേ ആ അവസ്ഥ തുടരാനനുവദിച്ചിട്ടുണ്ട്‌. അതുപ്രകാരം തമിഴ്‌നാട്ടിൽ ഇപ്പോൾ പ്രത്യേക പ്രവേശനപരീക്ഷ ഇല്ല. യോഗ്യതാ പരീക്ഷയുടെ മാർക്ക്‌ അങ്ങനെ തന്നെ എടുക്കുകയാണ്‌ ചെയ്യുന്നത്‌. അവിടുത്തെ 95% വിദ്യാർത്ഥികളും തമിഴ്‌നാട്‌ ഹയർസെക്കന്ററി ബോർഡിന്റെ പ്ലസ്‌ടു പരീക്ഷയാണ്‌ എഴുതുന്നത്‌ എന്ന സൗകര്യം അവിടുണ്ട്‌ എന്നതും ഓർക്കേണ്ടതുണ്ട്‌.

പുതിയ കമ്മിറ്റി

2006-ലെ എൽ.ഡി.എഫ്‌. സർക്കാർ അധികാരത്തിൽ വന്നു താമസിയാതെ തന്നെ പ്രൊഫഷണൽ കോളജു പ്രവേശനസമ്പ്രദായം സമഗ്രമായി പരിഷ്‌കരിക്കുന്നതിനു നിർദേശങ്ങൾ സമർപ്പിക്കാനായി പുതിയൊരു കമ്മിറ്റിയെ നിയോഗിച്ചു. മുൻ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന എം.പി. ചന്ദ്രശേഖനുപുറമേ, ഡോ. സി.ആർ. സോമൻ, ഡോ. അച്യുത്‌ശങ്കർ, പ്രൊഫ. ജി. ജയശങ്കർ, ഡോ. ആർ.വി.ജി. മേനോൻ എന്നിവരും ആ കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു. 2007-ൽ കമ്മിറ്റി അവരുടെ പ്രാഥമിക നിർദേശങ്ങളും 2008-ൽ അന്തിമറിപ്പോർട്ടും സമർപ്പിച്ചു. പത്രവാർത്തകളനുസരിച്ച്‌ താഴെപ്പറയുന്ന പരിഷ്‌കാരങ്ങളാണ്‌ അവർ നിർദേശിച്ചിട്ടുള്ളത്‌.

1. പ്രൊഫഷണൽ കോളജു പ്രവേശനത്തിന്‌ യോഗ്യതാ പരീക്ഷയിലെ മാർക്കിനും പൊതുപ്രവേശന പരീക്ഷയിലെ മാർക്കിനും തുല്യ പരിഗണന (50 : 50) കൊടുക്കുക.

2. ഇതിനായി വിവിധ യോഗ്യതാ പരീക്ഷകളിലെ മാർക്കുകളെ ഒരു മാനകീകൃത സ്‌കോറായി പരിവർത്തിപ്പിക്കുന്നതിന്‌ അംഗീകൃത മാനകീകരണ ഫോർമുലകൾ ഉപയോഗിക്കാം.

3. പ്രവേശന പരീക്ഷയുടെ മൾട്ടിപ്പിൾ ചോയ്‌സ്‌ ഒബ്‌ജക്‌റ്റീവ്‌ ടൈപ്പ്‌ സ്വഭാവം തുടരാം. പക്ഷേ അവ സമൂലം പരിഷ്‌കരിക്കണം. ഇതിനായി താഴെപ്പറയുന്ന പരിഷ്‌കാരങ്ങൾ നടപ്പാക്കണം.

- ഓരോ വിഷയത്തിലും ആയിരക്കണക്കിനു ചോദ്യങ്ങൾ അടങ്ങുന്ന ചോദ്യബാങ്കുകൾ ഉണ്ടാക്കണം. ഇതു പരസ്യപ്പെടുത്തണം. ചില അക്കങ്ങളുടെ മാറ്റമൊഴിച്ചാൽ ഈ ബാങ്കിൽ നിന്നുള്ള ചോദ്യങ്ങളാകണം പ്രവേശനപരീക്ഷയിൽ ഉണ്ടാവുക.

- ഈ ബാങ്കിലേക്ക്‌ ആർക്കും ചോദ്യങ്ങൾ നിർദേശിക്കാം. ഒരു വിദഗ്‌ധ സമിതി പരിശോധിച്ച്‌ തിരഞ്ഞെടുത്തവ ബാങ്കിൽ ഉൾപ്പെടുത്തും. അതനുസരിച്ച്‌ ചോദ്യബാങ്ക്‌ നിത്യമായി പുതുക്കിക്കൊണ്ടിരിക്കും.

- എല്ലാ ചോദ്യങ്ങൾക്കും മലയാളം പരിഭാഷയും ഉണ്ടായിരിക്കും.

- വെറും ഓർമശക്തി പരീക്ഷിക്കുന്നതിനുപകരം വിദ്യാർത്ഥികളുടെ അപഗ്രഥനപാടവം, ഗ്രഹണശേഷി, പ്രശ്‌നപരിഹാരശേഷി തുടങ്ങിയവ അളക്കുന്ന ചോദ്യങ്ങൾക്കായിരിക്കണം പ്രാമുഖ്യം.

- ചോദ്യങ്ങൾക്ക്‌ താരതമ്യേന എളുപ്പം, ശരാശരി, കഠിനം എന്നീ തലങ്ങൾ ഉണ്ടാകണം. അവയുടെ സയുക്തികമായ ചേരുവയായിരിക്കണം ചോദ്യപേപ്പറിൽ ഉൾപ്പെടുത്തേണ്ടത്‌.

- പ്രവേശനപരീക്ഷയ്‌ക്ക്‌ രണ്ട്‌ അവസരങ്ങളിൽ കൂടുതൽ നല്‌കേണ്ടതില്ല.

പ്രസ്‌തുത നിർദേശങ്ങളെല്ലാം തത്വത്തിൽ അംഗീകരിക്കാവുന്നതാണെന്ന്‌ ബഹു. വിദ്യാഭ്യാസമന്ത്രി തന്നെ പ്രസ്‌താവിച്ചിട്ടുണ്ടെങ്കിലും ഇവ നടപ്പാക്കാനുള്ള നടപടികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. യോഗ്യതാ പരീക്ഷയുടെ മാർക്കുകൂടി കണക്കിലെടുക്കണം എന്നു നിഷ്‌കർഷിച്ചാൽ സ്വാഭാവികമായും ചില പ്രശ്‌നങ്ങൾ ഉയർന്നുവരാനിടയുണ്ട്‌ എന്നത്‌ വസ്‌തുതയാണ്‌. തീർച്ചയായും പ്ലസ്‌ടു പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്തണം. ഒന്നാം വർഷപ്പരീക്ഷയുടെ മാർക്കുകൂടി കണക്കിലെടുക്കും എന്നു വന്നാൽ ആ പരീക്ഷയും ഏറ്റവും ഉത്തരവാദിത്വത്തോടെ നടത്തണം. ഫാൾസ്‌ നമ്പറിങ്ങും കേന്ദ്രീകൃത വാല്വേഷനും ആവശ്യമായേക്കാം. പുനർമൂല്യനിർണയത്തിനുള്ള സമ്മർദം ഒഴിവാക്കാനായി എല്ലാ പേപ്പറും ഇരട്ട മൂല്യനിർണയം നടത്തുന്നതും ആലോചിക്കാം. പരീക്ഷാ ഹാളിലെ കോപ്പിയടി ഒഴിവാക്കാനായി അന്യ സ്‌കൂളുകളിൽ പരീക്ഷ എഴുതിപ്പിക്കുകയോ അന്യസ്‌കൂളുകളിലെ അധ്യാപകരെ സൂപ്പർ വിഷൻ എല്‌പിക്കുകയോ ചെയ്യണം. മാനകീകരണം സംബന്ധിച്ച്‌ ഉയർന്നു വരാവുന്ന പ്രശ്‌നങ്ങൾ മുൻകൂട്ടികാണാനായി പരീക്ഷണ യത്‌നങ്ങൾ നടത്തി ഫലം വിലയിരുത്തണം. ക്വസ്റ്റ്യൻബാങ്ക്‌ രൂപീകരിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി തുടങ്ങണം.

ഏറ്റവും പ്രധാനമായി, പ്ലസ്‌ടു മാർക്കുകൂടി പ്രവേശനത്തിനു കണക്കിലെടുക്കും എന്ന വിവരം വിദ്യാർത്ഥികൾ പ്ലസ്‌ വൺ ക്ലാസ്സിൽ ചേരുമ്പോൾ തന്നെ അവരെ അറിയിച്ചില്ലെങ്കിൽ അതുമാത്രം മതിയാകും കോടതിക്ക്‌ ആ തീരുമാനം ദുർബലപ്പെടുത്താൻ.

ഈ വക നടപടികളൊന്നും ഇതുവരെ നടന്നിട്ടില്ല എന്നത്‌ ദുരൂഹമായിരിക്കുന്നു. ഒടുവിൽ വേണ്ടത്ര തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും ഇല്ലാതെ ഇതു നടപ്പാക്കിയാൽ അതുകൊണ്ടുതന്നെ ഉദ്ദേശിച്ച ഫലം കിട്ടാതാവുകയും മറ്റൊരു നല്ല പരിഷ്‌കാരം കൂടി വികലമായി നടപ്പാക്കി നശിപ്പിച്ചു എന്ന ദുഷ്‌പേര്‌ ബാക്കിയാവുകയും ചെയ്യും.

കമ്മിറ്റിയുടെ പരിഷ്‌കാര നിർദേശങ്ങൾ കുറ്റമറ്റതാണെന്ന അഭിപ്രായം പരിഷത്തിനില്ല. തീർച്ചയായും ലഘുവായി പരിഹരിക്കാവുന്ന പ്രശ്‌നമല്ല ഇത്‌ എന്നു പരിഷത്തു തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഒരു പരീക്ഷണം എന്ന നിലയിൽ നടപ്പാക്കി ഫലം വിലയിരുത്തി വേണ്ട തിരുത്തലുകൾ വരുത്തിമുന്നോട്ട്‌ പോകുക എന്ന നയം മാത്രമേ സ്വീകാര്യമായിട്ടുള്ളൂ. പൊതുപ്രവേശന പരീക്ഷ എന്ന തത്വം ലോകമെങ്ങും നടപ്പാക്കുന്നുണ്ടെങ്കിലും അതിന്റെ പരിമിതികളെപ്പറ്റി എല്ലാ വിദ്യാഭ്യാസ ചിന്തകരും ബോധവാന്മാരാണ്‌. അതുകൊണ്ടുതന്നെ പഠിച്ച ക്ലാസ്സിലെ പ്രകടനത്തിനും പഠിപ്പിച്ച അധ്യാപകരുടെ വിലയിരുത്തലിനും വിദ്യാർത്ഥിയുടെ മറ്റു ചെയ്‌തികൾക്കും അവർ പ്രാധാന്യം നൽകുന്നുണ്ട്‌. പ്രായോഗിക കാരണങ്ങളാൽ അതെല്ലാം അതേപടി പകർ ത്താൻ നമുക്കാവില്ല. എന്നാൽ പഠിച്ചക്ലാസ്സിലെ അവസാന പരീക്ഷയുടെ മാർക്കിനു വിലകൊടുക്കുമ്പോൾ ക്ലാസ്സിലെ പഠിത്തത്തിനു കുറേക്കൂടി പ്രാധാന്യം കൈവരും. വിദ്യാഭ്യാസം എന്നത്‌ ഒരു മൾട്ടിപ്പിൾ ചോയ്‌സ്‌ പരീക്ഷയിലെ പ്രകടനമല്ല എന്നും ട്യൂഷൻ ക്ലാസ്സിൽ അതിനായി കിട്ടുന്ന കോച്ചിങ്‌ അല്ല എന്നും അത്‌ ക്ലാസ്സിലെ പ്രവർത്തനമാണെന്നും നമ്മുടെ സമൂഹം മനസ്സിലാക്കേണ്ടതുണ്ട്‌. ആ പ്രവർത്തനത്തെ വിലയിരുത്തുന്നത്‌ കഴിവതും കുറ്റമറ്റ രീതിയിലാക്കാനും നാം പഠിക്കേണ്ടതുണ്ട്‌.

ഇതൊന്നും എളുപ്പമല്ല. പക്ഷേ തുടക്കം കുറിച്ചാൽ മാത്രമേ നമുക്കു മുന്നോട്ടു പോകാനാകൂ. അതിനു ധൈര്യംവരാതെ അറച്ചുനിന്നാലോ? ഇക്കാര്യത്തിൽ അക്ഷന്തവ്യമായ അലംഭാവമാണ്‌ ഇപ്പോൾ ഉണ്ടായിരിക്കുന്നത്‌. എൻട്രൻസ്‌ കോച്ചിങ്‌ ലോബികളുടെ സമ്മർദ്ദത്തിനു സർക്കാർ കീഴടങ്ങുകയാണ്‌ എന്ന ആരോപണത്തിന്‌ ഇതു വഴി വച്ചേക്കും. അതിനിടയാകാതെ സത്വര നടപടികൾ ഉണ്ടാകണം.