ജനസൗഹൃദ മാലിന്യസംസ്കരണം തൃശൂർ നഗര പശ്ചാത്തലത്തിൽ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ജനസൗഹൃദ മാലിന്യസംസ്കരണം തൃശൂർ നഗര പശ്ചാത്തലത്തിൽ
പ്രമാണം:T=Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം പരിസരം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം മാർച്ച്, 2012

തൃശൂർ നഗരവും മാലിന്യ സംസ്‌കരണവും

കഴിഞ്ഞ 30 വർഷമായി തൃശൂർ നഗരത്തിലെ രാഷ്‌ട്രീയ സമൂഹിക നേതൃത്വം ചർച്ച ചെയ്‌ത്‌ കൊണ്ടിരിക്കുന്ന പ്രധാന വിഷയമാണ്‌ നഗരത്തിലെ മാലിന്യസംസ്‌കരണം. എല്ലാ ചർച്ചകളും ലാലൂരിനെ കേന്ദ്രീകരിച്ചാണ്‌. പൊറുതിമുട്ടുമ്പോൾ ലാലൂരുകാർ സമരത്തിന്‌ ഇറങ്ങും നിരാഹാരവും മറ്റുമായി സമരം മുറുകും ഒപ്പം കുറേ കേസുകളും നിലവിൽ വരും. തുടർന്ന്‌ വീണ്ടും ചർച്ച നടത്തി വലിയ പാക്കേജൊക്കെ എഴുതി തയ്യാറാക്കികൊണ്ടുവരും. സമരം താൽക്കാലികമായി നിർത്തിവെക്കും. വീണ്ടും ലാലൂരിൽ തന്നെ ``സംസ്‌കരണം തുടരും. തൃശൂർ മാലിന്യ പ്രശ്‌നത്തെ ഇങ്ങനെ ക്രോഡീകരിക്കാം. ലാലൂർ മുതൽ ലാലൂർ വരെ. ഈ സ്ഥിതി മാറണമെന്ന്‌ ഒറ്റപ്പെട്ട ആഗ്രഹമുണ്ടെങ്കിലും സമഗ്രമായ പരിപാടികൾ നടപ്പിലാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല എന്നതാണ്‌ യാഥാർത്ഥ്യം. മാലിന്യം ഉണ്ടാക്കുന്നത്‌ നമ്മൾ തന്നെയാണ്‌. നമ്മുടെ പ്രവൃത്തികളുടെ സ്വഭാവം മൂലം ആണ്‌ മാലിന്യം ഉണ്ടാകുന്നത്‌. കഴിഞ്ഞ 30 വർഷത്തിനിടയിൽ തൃശൂർ നഗരം വലിയ രീതിയിൽ ഉള്ള മാറ്റങ്ങൾക്ക്‌ വിധേയമായിട്ടുണ്ട്‌. നഗരത്തിന്റെ വിസ്‌തീർണ്ണം വർധിച്ചു, അതോടൊപ്പം നഗരവാസികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്‌. വൻ നഗരസൗകര്യങ്ങളിലേക്ക്‌ ഈ ചെറു നഗരവും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്‌. നഗരത്തിലെ സ്വാഭാവിക എതിർ രൂപമായ ചേരികൾ വലിയരീതിയിൽ രൂപപ്പെട്ടിട്ടില്ല എന്നു മാത്രം. 1982ൽ ജനസംഖ്യ 1,70,100 ആയിരുന്നത്‌ 2012ൽ 3,25,474 ആയി വർധിച്ചു. 1982 ൽ34,000 വീടുകൾ ആണ്‌ തൃശൂർ നഗര പരിധിയിൽ ഉണ്ടായിരുന്നത്‌ എങ്കിൽ ഇന്ന്‌ അതിന്റെ എണ്ണം ഫ്‌ളാറ്റുകൾ ഉൾപെടെ 66,827 ആണ്‌. നഗരത്തിന്റെ സ്വഭാവവും ജീവിതരീതിയും ആർഭാഢങ്ങളും ഉപഭോഗങ്ങളും വലിയ തോതിൽ വർധിച്ചു കൊണ്ടിരിക്കുകയാണ്‌. ഷോപ്പിങ്‌ മാളുകൾ, ഹോട്ടലുകൾ, കല്യാണമണ്ഡപങ്ങൾ, ഫ്‌ളാറ്റുകൾ എന്നിവയുടെ എണ്ണവും വണ്ണവും വർധിച്ചു. സ്വാഭാവികമായും ഇവയുടെ ഭാഗമായ മാലിന്യങ്ങളും വർധിച്ചു. ഇതോടൊപ്പമുണ്ടായ മറ്റൊരു മാറ്റമാണ്‌ പ്ലാസ്റ്റിക്‌ ക്യാരിബാഗുകളുടെ ഉപയോഗത്തിലുണ്ടായ വർധനവ്‌. ഇന്ന്‌ ഒരുവിധം എല്ലാ വസ്‌തുക്കളും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞാണ്‌ ലഭിക്കുന്നത്‌. സൂപ്പർ മാർക്കറ്റുകാർ മുതൽ തള്ളുവണ്ടി കച്ചവടക്കാർവരെ ഉപഭോഗവസ്‌തുക്കൾ പ്ലാസിറ്റിക്‌ കവറിൽ ഇട്ടാണ്‌ നൽകുന്നത്‌. ഒരു ദിവസം ചുരുങ്ങിയത്‌ 5 പ്ലാസ്റ്റിക്‌ കിറ്റെങ്കിലും നാം നമ്മുടെ വീട്ടിലേക്ക്‌ കൊണ്ടുവരുന്നുണ്ട്‌. ഇതുകൂടാതെ പിറന്നാൾ ഉൾപ്പെടെ ചെറുതും വലുതുമായി വീട്ടിൽ നടത്തുന്ന ആഘോഷങ്ങൾക്ക്‌ ഡിസ്‌പോസിബിൾ ഗ്ലാസിന്റെയും പാത്രങ്ങളുടെയും ഉപയോഗം പതിന്മടങ്ങായി വർദ്ധിച്ചിട്ടുണ്ട്‌. ഉപയോഗിച്ച്‌ വലിച്ചെറിയുന്ന വസ്‌തുക്കളുടെ വർദ്ധനവാണ്‌ മാലിന്യക്കൂമ്പാരങ്ങളുടെ വലിയ ഭാഗം. പ്ലാസ്റ്റിക്‌ കിറ്റിൽ സാധനങ്ങൾ വാങ്ങിവന്നു ആവശ്യം കഴിഞ്ഞാൽ ഉടൻ എല്ലാതരം മാലിന്യങ്ങളും ഈ കിറ്റിൽതന്നെ ഇട്ട്‌ വായ മുറുക്കികെട്ടി വലിച്ചെറിയുക എന്നത്‌ ഒരുശീലമായി മാറിക്കഴിഞ്ഞു. ഇങ്ങനെ നമ്മുടെ ജീവിതത്തിലും സാഹചര്യത്തിലും ഉണ്ടാക്കിയ മാറ്റങ്ങൾ മാലിന്യങ്ങൾ വർധിപ്പിക്കുന്നതിൽ നിർണ്ണായകമായ പങ്കാണ്‌ വഹിച്ചിട്ടുള്ളത്‌. മനുഷ്യന്റെ ഭൗതികമായ ജീവിതനേട്ടങ്ങൾക്കൊപ്പം മാലിന്യങ്ങളും വർധിച്ചുകൊണ്ടിരിക്കുന്നു എന്നത്‌ ഒരു യാഥാർത്ഥ്യമാണ്‌. ഈയിടെ എനർജി റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ ഒരു പഠനത്തിൽ മാസം 2000രൂപ വരുമാനമുള്ളവർ 200 രൂപയുടെ മാലിന്യം ഉണ്ടാക്കുമ്പോൾ മാസം 8000രൂപ വരുമാനമുള്ളവർ 700രൂപയുടെ മാലിന്യങ്ങൾ ഉണ്ടാക്കുന്നു എന്ന്‌ കണ്ടെത്തുകയുണ്ടായി. ഇത്‌ നമുക്കും ബാധകമാണ്‌. വരുമാനം ജീവിതരീതിയിൽ മാറ്റം വരുത്തുകയും അത്‌ കൂടുതലായി മാലിന്യം സൃഷ്‌ടിക്കുന്നതിന്‌ ഇടവരുത്തുകയും ചെയ്യുന്നു. ഇന്ന്‌ വളർന്ന്‌ പന്തലിച്ച്‌ മനുഷ്യനെ ചുറ്റിവരിഞ്ഞ്‌ നിൽക്കുന്ന ഉപഭോഗ തൃഷ്‌ണയുടെ പ്രതിരൂപമാണ്‌ മാലിന്യം. ഉപയോഗിച്ച്‌ വലിച്ചെറുയുക എന്നതാണ്‌ അതിന്റെ അടിസ്ഥാനതത്വം. എന്നാലേ എല്ലാകാലത്തും ഉപഭോഗപരത നിലനിർത്താനാകൂ. അതിനാൽ നമ്മുടെ ജീവിതത്തിൽ ഇന്ന്‌ ഉപയോഗിക്കുന്ന സകലവസ്‌തുക്കളുടെയും ആയുസ്സ്‌ ഹ്രസ്വമാണ്‌. ഒരുവർഷത്തേയ്‌ക്കോ 6 മാസത്തേയ്‌ക്കോ ഗ്യാരന്റി നൽകുക എന്നാലർത്ഥം ഈ കാലാവധി കഴിഞ്ഞാൽ അത്‌ വലിച്ചെറിഞ്ഞ്‌ പുതിയത്‌ ഒന്ന്‌ വാങ്ങുക എന്നാണ്‌. കാലാവധി കഴിഞ്ഞ്‌ കേടുവന്നില്ലായെങ്കിൽ രൂപത്തിലും ഭാവത്തിലും പുതിയ മാറ്റത്തോടെ ഇറങ്ങുന്ന അതിന്റെ സൗന്ദര്യം കണ്ട്‌ മതിമറന്ന്‌ നമ്മൾ പഴയത്‌ വലിച്ചെറിയും. എല്ലാവിധ ഗൃഹോപകരണങ്ങളുടേയും ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടേയും ആയുസ്സ്‌ കുറയുന്നത്‌ മാലിന്യക്കൂമ്പാരങ്ങളുടെ അളവ്‌ വർദ്ധിപ്പിക്കുന്നു. സി. എഫ്‌. എൽ ബൾബിലെ മെർക്കുറിയും കമ്പ്യൂട്ടറിലേയും മറ്റ്‌ ഇലക്‌ട്രോണിക്ക്‌ ഉപകരണങ്ങളിലേയും രാസവസ്‌തുക്കളും ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്ന്‌ തെളിഞ്ഞിട്ടുള്ള കാര്യമാണ്‌. പക്ഷേ അതും നമ്മൾ പുറത്തേക്ക്‌ വലിച്ചെറിഞ്ഞ്‌ നമ്മുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിയുന്നു. മാലിന്യം ഉണ്ടാക്കുന്നവർക്ക്‌ അതിന്റെ സംസ്‌കരണത്തിൽ യാതൊരു ഉത്തരവാദിത്വവുമില്ല എന്നതാണ്‌ പൊതുവെയുള്ള ധാരണ. സംസ്‌കരണത്തിന്റെ ഉത്തരവാദിത്വം മുനിസിപ്പാലിറ്റിയോ, പഞ്ചായത്തോ ഏറ്റെടുക്കണമെന്നാണ്‌ ജനങ്ങളുടെ പക്ഷം. അല്ലെങ്കിൽ മാലിന്യം റോഡിലോ തോട്ടിലോ വലിച്ചെറിയും. അതോടെ അവരുടെ പ്രശ്‌നം തീരുമെന്നാണ്‌ വിശ്വാസം. ഇത്‌ ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി മാറുമ്പോൾ മാത്രമാണ്‌ യഥാർത്ഥ ഉത്തരവാദിത്വം ആർക്കാണ്‌ എന്ന ചോദ്യം ഉയരുക. സ്വാഭാവികമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേർക്ക്‌ ആക്ഷേപം ഉയരും. ജനങ്ങളുടെ സഹകരണമില്ലാതെ ഒരുവിധ സംസ്‌കരണരീതിയും പ്രയോഗത്തിലാക്കാനാവില്ല. സംസ്‌കരണരീതിക്ക്‌ അതിന്റേതായ കൃത്യത ആവശ്യമാണ്‌. ഉത്ഭവം മുതൽ അന്ത്യഘട്ടം വരെ ഇത്‌ മുന്നേറണം. അല്ലാതെയുള്ള മാലിന്യ മാനേജ്‌മെന്റ്‌ ശാസ്‌ത്രീയമല്ല. തൃശൂർ കോർപ്പറേഷനിൽ കാലാകാലങ്ങളായി ഇത്‌ സംബന്ധിച്ച്‌ സർവ്വകക്ഷിയോഗം കൂടാറുണ്ട്‌. പക്ഷേ മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കും തീരുമാനത്തിനും ഒടുവിൽ എല്ലാവരും സന്തോഷത്തോടെ പിരിയും. കുറേ തീരുമാനങ്ങളും ഉണ്ടാകും. മാധ്യമങ്ങളിൽ വലിയക്ഷരത്തിൽ ഇത്‌ അച്ചടിച്ചുവരും. പക്ഷേ ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങാറില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ തൃശൂർ കോർപറേഷനിലെ മാലിന്യ പ്രശ്‌നം കോർപറേഷനോ ഏതെങ്കിലും രാഷ്‌ട്രീയകക്ഷിയോ മാത്രം വിചാരിച്ചാൽ തീർക്കാവുന്ന കാര്യമല്ല. മറിച്ച്‌ ഗവൺമെന്റും നാട്ടുകാരും നിയമവും രാഷ്‌ട്രീയ ഇച്ഛാശക്തിയും കൂടിച്ചേർന്നാൽ മാത്രമേ പ്രശ്‌ന പരിഹാരത്തിലേക്ക്‌ എത്തുകയുള്ളൂ.

box


മാലിന്യസംസ്‌കരണം ഉറവിടത്തിൽ നിന്നുതന്നെ തുടങ്ങണം

മാലിന്യ പ്രശ്‌നത്തിനു കാരണം തങ്ങൾതന്നെയാണ്‌ എന്നും, മാലിന്യം അനിവാര്യതയാണെങ്കിലും അത്‌ പരമാവധി കുറയ്‌ക്കുക എന്നത്‌ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്‌ എന്നും ഉള്ള ബോധം എല്ലാ നഗരവാസികൾക്കും നഗരത്തിൽ വന്നുപോകുന്നവർക്കും ഉണ്ടാകണം. നഗരത്തിലെ കച്ചവടക്കാർക്കും ഇക്കാര്യത്തിൽ ഏകമനസ്സാണ്‌ ഉണ്ടാകേണ്ടത്‌. ഇത്തരം ബോധ്യം മനുഷ്യമനസ്സിൽ ഉണ്ടാക്കിയെടുക്കുക എളുപ്പമല്ല. അതിന്‌ വ്യാപകമായ പ്രചാരവേല കൂടിയേ തീരു. പ്രചാരണ പ്രവർത്തനങ്ങൾ അനസ്യൂതം തുടരേണ്ടതുമാണ്‌. അതിലൂടെ മാത്രമേ മാലിന്യ സംസ്‌കരണം ഒരു സാംസ്‌കാരിക ബോധമായി മനുഷ്യ മനസ്സുകളിൽ ഉണ്ടാക്കിയെടുക്കാൻ കഴിയുകയുള്ളൂ. ഇതിനായി മുഴുവൻ രാഷ്‌ട്രീയ സാമൂഹ്യ പ്രവർത്തകരും മുന്നിട്ടിറങ്ങണം എന്നതാണ്‌ പ്രധാനം. ഒരു പൊതു ലക്ഷ്യത്തിനായി എല്ലാവിധ തർക്കങ്ങളും മാറ്റിവെച്ച്‌ സഹകരിക്കുകയാണ്‌ വേണ്ടത്‌. സംസ്‌കരണ സാങ്കേതികവിദ്യ ഏതായാലും അത്‌ വിജയിക്കണമെങ്കിൽ മാലിന്യത്തിന്റെ തരംതിരിക്കലും പ്രഭവസ്ഥാനം മുതൽക്കുള്ള അതിന്റെ നീക്കവും കുറ്റമറ്റ രീതിയിൽ തുടർച്ചയായി കണ്ണിമുറിയാതെയുള്ള ജാഗ്രതാ സംവിധാനവും കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്‌. ഇത്‌ ഉണ്ടാക്കാനുള്ള പ്രവർത്തനം ഏത്‌ സാഹചര്യത്തിലും ഉണ്ടായേ പറ്റു. അതിനാൽ ഈ ലക്ഷ്യത്തിലൂന്നിയുള്ള പരിഹാര നിർദ്ദേശങ്ങളാണ്‌ ഉണ്ടാകേണ്ടത്‌.

ഉറവിടത്തിൽ തന്നെ മാലിന്യങ്ങളെ(പാഴ്‌ വസ്‌തുക്കളെ) കൈകാര്യം ചെയ്യണമെന്ന നിഷ്‌കർഷക്ക്‌ കേരളത്തെ സംബന്ധിച്ച്‌ ഏറെ പ്രസക്തിയുണ്ട്‌. കേരളത്തിന്റെ ഭൂപ്രകൃതിയുടെയും കാലാവസ്ഥയുടേയും സവിശേഷതയാണ്‌ അടിസ്ഥാന കാരണങ്ങൾ. വർഷപാതം, അന്തരീക്ഷത്തിലെ ആർദ്രത ഊഷ്‌മാവ്‌ എന്നിവയിൽ വർദ്ധിച്ച അളവിലുണ്ടാകുന്ന വ്യതിയാനം മൂലം സൂക്ഷ്‌മാണുക്കളുടെ വൈവിദ്ധ്യത്തിലും എണ്ണത്തിലും ഉള്ള പെരുപ്പം നമ്മുടെ ഭൂപ്രദേശത്തിന്റെ ഒരു പ്രത്യേകതയാണ്‌. ജൈവപാഴ്‌ വസ്‌തുക്കൾ ചീയുന്നതിനും ദ്രവിക്കുന്നതിനും ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ്‌ നമ്മുടേത്‌. ഏതാണ്ട്‌ ഒരാഴ്‌ചകൊണ്ട്‌ അവ ചീയുകയും പിന്നീട്‌ അഞ്ചോ ആറോ ആഴ്‌ചകൊണ്ട്‌ അത്‌ ദ്രവിച്ച്‌ ജൈവവളമായി രൂപാന്തരപ്പെടുകയുമാണ്‌ ചെയ്യുക. സസ്യാവശിഷ്‌ടങ്ങൾ ചീയുമ്പോൾ കാര്യമായ ദുർഗന്ധം ഉണ്ടാകില്ല എങ്കിലും അതിൽ മാംസ്യത്തിന്റെ അളവ്‌ കൂടുന്നതിന്‌ ആനുപാതികമായി ദുർഗന്ധം കൂടിവരും. മത്സ്യമാംസാദികൾ ചീയുന്നതിന്റെ ആദ്യഘട്ടങ്ങളിൽ ദുർഗന്ധം അസഹനീയവുമായിരിക്കും. ചീയൽ പ്രക്രിയയിൽ നിന്ന്‌ ദ്രവിക്കുന്ന ഘട്ടത്തിലേക്ക്‌ കടക്കുമ്പോൾ ദുർഗന്ധം ശമിക്കുകയും ചെയ്യും. എന്നാൽ പ്രസ്‌തുത മാറ്റത്തിന്റെ വേഗത ജലാംശത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. മഴയത്ത്‌ തുറസ്സായിടത്ത്‌ നടക്കുന്ന ചീയൽ മൂലം ദുർഗന്ധമുണ്ടാക്കുന്ന ചീയൽ കാലയളവ്‌ കൂടാനും അന്തരീക്ഷ ഊഷ്‌മാവ്‌ വർദ്ധനക്ക്‌ കാരണമാകുന്ന മീഥേൻ വാതകം അവയിൽ നിന്ന്‌ ബഹിർഗമിക്കാനും ഇടവരും. അതുപോലെതന്നെ ചീയുന്ന വസ്‌തുക്കളോടൊപ്പം ചീയാത്തവ കൂട്ടിക്കലർത്തിയാൽ ചീയൽ പ്രക്രിയയുടെ ദൈർഘ്യം കൂടുകയും ദുർഗന്ധം ഏറെ നാൾ നിലനിൽക്കുകയും ചെയ്യും. ജൈവപാഴ്‌വസ്‌തുക്കൾ പ്ലാസ്റ്റിക്‌ ക്യാരിബാഗിൽ കെട്ടിയിടുമ്പോഴും സംഭവിക്കുന്നത്‌ ഇതാണ്‌. കൂടുപൊട്ടുമ്പോഴാണ്‌ മണം പുറത്തുവരുന്നതെന്നുമാത്രം. ഇക്കാരണങ്ങളൊക്കെ കണക്കിലെടുത്തുകൊണ്ട്‌ കേരളത്തിലെ മാലിന്യമാനേജ്‌മെന്റിനുവേണ്ടി പ്രധാനപ്പെട്ട നാല്‌ പരിഗണനകൾ നിർബന്ധമാക്കേണ്ടതുണ്ട്‌.

1. ഉൽഭവസ്ഥാനത്ത്‌ മാലിന്യങ്ങളെ തരംതിരിച്ച്‌ സൂക്ഷിക്കുകതന്നെ വേണം.

2. ചീയൽ പ്രക്രിയ തുടങ്ങി ദുർഗന്ധം വമിച്ചു തുടങ്ങുന്ന 24 മണിക്കൂർ സമയത്തിനുള്ളിൽത്തന്നെ പാഴ്‌വസ്‌തുക്കൾ സംസ്‌കരിക്കേണ്ടത്‌ അനിവാര്യമാണ്‌. വികേന്ദ്രീകരണത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഇവിടെയാണ്‌ നാം കാണേണ്ടത്‌.

3. മാലിന്യത്തിലെ അളവും അതിലെ ജലാംശവും നിയന്ത്രിക്കാനായാൽ ദുർഗന്ധം ഒഴിവാക്കിക്കൊണ്ടുതന്നെ സസ്യജന്യ പാഴ്‌വസ്‌തുക്കളെ ചീയിച്ചും ദ്രവിപ്പിച്ചും വളമാക്കി മാറ്റാനാകും. വികേന്ദ്രീകൃത സംസ്‌കരണത്തിന്റെ പ്രസക്തിയും അനുയോജ്യതയും പ്രയോജനപ്പെടുത്തുന്നത്‌ ഏറെ സാമ്പത്തിക ചെലവ്‌ ഒഴിവാക്കിക്കൊണ്ട്‌ ശുചിത്വവും ആരോഗ്യവും പരിരക്ഷിക്കുന്നതിനുള്ള എളുപ്പവഴിയാണ്‌. ജൈവവള ലഭ്യത ഇതിനു പുറമെയുള്ള നേട്ടവും.

4. ജലാംശം അധികമുള്ള മാലിന്യങ്ങളും, മത്സ്യമാംസ അവശിഷ്‌ടങ്ങളും ചീയുമ്പോൾ അവയിൽനിന്ന്‌ രൂക്ഷമായ ദുർഗന്ധം വമിക്കുമെന്നതിനാൽ സെപ്‌റ്റിക്‌ടാങ്കിലെ ജൈവവിഘടന മാതൃകയിൽ പ്രവർത്തിക്കുന്ന ബയോഗ്യാസ്‌ യൂണിറ്റുകളിൽ അവ സംസ്‌കരിച്ച്‌ അതിന്റെ ഭാഗമായുണ്ടാകുന്ന മീഥേൽ വാതകം കത്തിക്കാനുപയോഗിക്കുകയാണ്‌ വേണ്ടത്‌. ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന പക്ഷം അനുയോജ്യമായ സ്ഥലത്ത്‌ വായുസമ്പർക്കകമ്പോസ്റ്റോ, ഡ്രൈകമ്പോസ്റ്റോ ആക്കിമാറ്റാനും സാധിക്കും.

മാലിന്യസംസ്‌കരണം കുറ്റമറ്റ രീതിയിൽ നടത്തിക്കൊണ്ടുപോകാൻ കേരളത്തിൽ ഇതുവരെ ഒരു ഏജൻസിക്കും കഴിഞ്ഞിട്ടില്ല. സാങ്കേതികവിദ്യകളോടുള്ള ജനങ്ങളുടെ നിഷേധാത്മകമായ സമീപനമാണ്‌ ഇതിന്റെ മുഖ്യകാരണം. മാലിന്യത്തിന്റെ അളവ്‌ കുറക്കാനുള്ള മാർഗങ്ങൾ ആർക്കും സ്വീകാര്യമല്ല. ഒപ്പംതന്നെ അന്യരാജ്യങ്ങളിൽ നിന്ന്‌ ഏറെ വ്യത്യസ്‌തമായ കേരളത്തിന്റെ തനതു കാലാവസ്ഥക്കു വിധേയമായി അനുയോജ്യമായ സാങ്കേതികവിദ്യ പ്രയോഗിച്ച്‌ മാലിന്യം മാനേജ്‌ ചെയ്യുന്നതിനു പകരം വൈവിധ്യമാർന്ന ജീവിതശൈലിക്കു ഇണങ്ങുന്ന ഒറ്റമൂലി സാങ്കേതികവിദ്യവേണം എന്ന മനോഭാവം വച്ചുപുലർത്തുന്നവരാണു നമ്മൾ. അതിനാലാണ്‌ കേട്ടുകേൾവിയോ, കണ്ടുപരിചയമോ ഇല്ലാത്ത പ്ലാസ്‌മ പൈറോളിസിസ്‌ പോലുള്ള സർവതും ഭസ്‌മമാക്കാവുന്ന ചിതകളായാലെന്താ എന്ന്‌ നാം ചിന്തിച്ചു തുടങ്ങിയിരിക്കുന്നത്‌. ജൈവസംസ്‌കരണം പ്രായോഗികമല്ല എന്ന നിഗമനത്തിലേയ്‌ക്ക്‌ നാം എത്തിച്ചേർന്നിട്ടുള്ളതും പ്രസ്‌തുത മനോഭാവം വച്ചുപുലർത്തുന്നതുമൂലമാണ്‌. നവലിബറൽ സംസ്‌കാരത്തിന്റെ കൂടപ്പിറപ്പായ വലിച്ചെറിയൽ ശീലം ലോകമെമ്പാടുനിന്നും സ്വായത്തമാക്കിയശേഷം നാട്ടിൽ അതുതന്നെ അനുകരിക്കുക എന്നതാണ്‌ പരിഷ്‌ക്കാരത്തിന്റെ അളവുകോലായി കേരളീയർ പൊതുവെ കരുതുന്നത്‌. സംസ്‌കരണം എന്നത്‌ മറ്റാരുടെയോ ബാധ്യതയാണെന്നും, അതിന്റെ വിശദാംശങ്ങൾ തങ്ങളറിയേണ്ട കാര്യമില്ലെന്നും ഓരോ പൗരനും കരുതുന്നു. തന്റെ പ്രവൃത്തി സംസ്‌കരണത്തിന്റെ വിജയത്തിനു വിഘാതമാകുന്നുണ്ടോ എന്ന്‌ അന്വേഷിക്കേണ്ടത്‌ തന്നെ സംബന്ധിച്ച ഒരു പ്രശ്‌നമല്ല എന്ന്‌ ഓരോരുത്തരും കരുതുന്നു. ഗ്രാമ-നഗര വേർതിരിവില്ലാതെ മാലിന്യപ്രശ്‌നം പരിഹരിക്കാനാകാത്തതിന്റെ മുഖ്യകാരണം മാലിന്യമുണ്ടാക്കുന്നവരും അത്‌ സംസ്‌കരിക്കുന്നവരും തമ്മിലുള്ള പൊരുത്തമില്ലായ്‌മയാണ്‌. ഉറവിടത്തിൽ നിന്നുള്ള സഹകരണമാണ്‌ ആത്യന്തികമായി മാലിന്യമാനേജ്‌മെന്റ്‌ വിജയിപ്പിക്കുന്നതിന്‌ ആവശ്യമായിട്ടുള്ളത്‌.

നയസമീപനങ്ങൾ

മാലിന്യ സംസ്‌കരണത്തിന്‌ താഴെ പറയുന്ന നയ സമീപനങ്ങളാണ്‌ വേണ്ടത്‌

1. ഗാർഹിക മാലിന്യമായാലും ശരി വാണിജ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന മാലിന്യമായാലും ശരി മാലിന്യം കഴിയുന്നത്ര കുറച്ച്‌ കൊണ്ടുവരിക. മാലിന്യങ്ങൾ കഴിയുന്നത്ര കുറക്കുന്ന സമീപനം ഓരോ വീട്ടുകാരുടേയും സ്ഥാപനങ്ങളുടേയും ഉത്തരവാദിത്തം ആക്കുക.

2. പുനർചംക്രമണത്തിന്‌ സാധ്യമാകാത്ത മാലിന്യം ഉണ്ടാകില്ല എന്ന്‌ ഓരോ സ്രോതസ്സിലും ഉറപ്പ്‌ വരുത്തുക.

3. ആളോഹരി മാലിന്യത്തിന്‌ പരമാവധി അളവ്‌ നിശ്ചയിക്കുക. അതിൽ കൂടുതൽ മാലിന്യം ഉണ്ടായാൽ സംസ്‌കരണ ഫീസ്‌ പ്രത്യേകം ഈടാക്കുക.

4. വീടും പുരയിടവും ഉള്ളവർ ബയോഗ്യാസ്‌ ഉൽപാദനത്തിലൂടെയോ കമ്പോസ്റ്റിലൂടെയോ ജൈവമാലിന്യം സംസ്‌കരിക്കുക.

5. പ്ലാസ്‌റ്റിക്‌ കിറ്റുകൾ കർശനമായി നിരോധിക്കുക. കടകളിലും സൂപ്പർ മാർക്കറ്റുകളിലും തുണി സഞ്ചി ലഭ്യമാക്കുക. തുണിസഞ്ചി എന്നാൽ കോട്ടൺ സഞ്ചി തന്നെയാകണം. എല്ലാവിധ ഷോപ്പുകളിലും സാധനങ്ങൾ നൽകുന്നത്‌ തുണിസഞ്ചിയിലോ പേപ്പർ ബാഗിലോ ആയിരിക്കണം. പാൽ, മത്സ്യം എന്നിവ മാത്രം ജി. എസ്‌. എം കൂടുതൽ ഉള്ള പ്ലാസ്റ്റിക്‌ ബാഗിൽ നൽകാം. ഇത്തരം പ്ലാസ്റ്റിക്‌ ബാഗുകൾ കഴുകി വൃത്തിയാക്കി കടകളിലേക്ക്‌ തന്നെ തിരിച്ച്‌ നൽകാനുള്ള സംവിധാനം ഉണ്ടാക്കുക. കീറിയാലും ഇവ തിരിച്ച്‌ എടുത്ത്‌ പുന:ചക്രമണത്തിന്‌ വിധേയമാക്കുക.

6. പുതിയതായി ഫ്‌ളാറ്റ്‌ സമുച്ചയങ്ങൾ നിർമ്മിക്കുന്നവർ മാലിന്യസംസ്‌കരണത്തിന്‌ ആവശ്യമായ സംവിധാനം ഒരുക്കുക.

7. ജൈവമാലിന്യത്തെ വളമാക്കി കൃഷി ഭൂമിയിലെത്തിക്കുക.

8. സ്വയം സംസ്‌കരിക്കാൻ കഴിയാത്ത വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ജൈവമാലിന്യങ്ങൾ ഏറ്റെടുത്ത്‌ സംസ്‌കരിക്കുക. നിശ്ചിത തോതിൽ കൂടുതൽ ആണ്‌ മാലിന്യം എങ്കിൽ ഉപഭോക്താക്കളിൽ നിന്ന്‌ ആവശ്യമായ സംസ്‌കരണ ഫീസ്‌ ഈടാക്കുക.

9. വീടുകളിലും, ഹോട്ടലുകളിലും കല്യാണപാർട്ടികളിലും മറ്റും ഉപയോഗിക്കുന്ന ഡിസ്‌പോസിബിൾ വസ്‌തുക്കളുടെ ഉപയോഗം പടിപടിയായി ഇല്ലാതാക്കുക.

10. ബേക്കറി സാധനങ്ങൾ അലുമിനിയം ഫോയലിന്റെ ബാഗിൽ തന്നെ നൽകണം എന്നത്‌ കർശനമാക്കുക. ഇവിടെയും പ്ലാസ്റ്റിക്‌ ഉപയോഗം ഇല്ലാതാക്കുക.

11. വീടുകളിലേത്‌ പോലെതന്നെ പ്രധാനമാണ്‌ സ്ഥാപനങ്ങളിലേയും മറ്റും മാലിന്യങ്ങൾ. ഓരോ സ്ഥാപനങ്ങളും അവരുടെ വലിപ്പ ചെറുപ്പമനുസരിച്ച്‌ മാലിന്യം സംസ്‌കരിക്കാൻ ഉള്ള സംവിധാനം ഉണ്ടാക്കണം. ഇവിടെയും പ്ലാസ്‌റ്റിക്‌ മാലിന്യം കർശനമായി നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യുക. മേൽപറഞ്ഞ പൊതു നയങ്ങളുടെ അടിസ്ഥാനത്തിൽ ക്ലീൻ തൃശൂർ സിറ്റി സമിതിയുടെ നേതൃത്വ ത്തിൽ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച്‌ നടപ്പാക്കണം.

മുന്നൊരുക്കങ്ങൾ

1. ``ക്ലീൻ തൃശൂർ സിറ്റി എന്ന പേരിൽ ഒരു ക്യാമ്പയിന്‌ രൂപം നൽകണം. എല്ലാവരേയും ഉൾക്കൊള്ളാവുന്നവിധത്തിൽ ഒരു സമിതി ഉണ്ടാക്കാം. കോർപ്പറേഷൻ അധികാരികളും പൊതുജനങ്ങളും അടങ്ങിയ സമിതി ഒരു സ്റ്റാറ്റിയൂട്ടറി ബോഡി ആയി രജിസ്റ്റർ ചെയ്യുന്നതിൽ തെറ്റില്ല. ഇപ്പോൾ ഇത്തരത്തിലുള്ള സംവിധാനങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത്‌ തുടരാവുന്നതുമാണ്‌.

2. ക്ലീൻ തൃശൂർ സിറ്റി ക്യാമ്പയിന്റെ നേതൃത്വത്തിൽ ജൈവമാലിന്യത്തിന്റെ ഉറവിടം മുതൽ അത്‌ സംസ്‌കരിച്ച്‌ ഉണ്ടാക്കുന്ന വളം കൃഷിയിടത്തിലേക്കെത്തിക്കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളിൽ നടക്കേണ്ട പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും അവ കോർത്തിണക്കി ഏകോപിപ്പിക്കുകയും ചെയ്യുക. സമഗ്രമായ ഒരു പദ്ധതി രൂപകൽപന ചെയ്യുക. ആദ്യ മൂന്ന്‌ വർഷത്തേക്ക്‌ വേണ്ടതായ ചെലവു കണക്കാക്കി നിർവ്വഹണച്ചുമതല ഉത്തരവാദപ്പെട്ടവരെ ഏൽപിക്കുക.

3. ഇതിനായി കോർപ്പറേഷൻ തലത്തിൽ ഒരു സാങ്കേതിക സഹായ സമിതിക്ക്‌ രൂപം കൊടുത്ത്‌ ഉടൻ പ്രവർത്തനക്ഷമമാക്കുക.

4. മനോഭാവത്തിൽ മാറ്റം വരുത്തി മാലിന്യങ്ങളുടെ ഉറവിടങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ നടപ്പാക്കാൻ സംഘടനാ സംവിധാനം ഉണ്ടാക്കി പ്രവർത്തിപ്പിക്കുക. മാലിന്യങ്ങളുടെ അളവ്‌ കുറയ്‌ക്കൽ, ജൈവമാലിന്യങ്ങൾ വേർതിരിക്കൽ , കഴിയുന്നത്ര സ്വയം സംസ്‌കരിക്കൽ തുടങ്ങിയ സാധ്യതകൾ എത്രയുണ്ട്‌ എന്ന്‌ കണ്ടെത്തുകയും അവയെ പ്രോത്സാഹിപ്പിക്കാൻ വേണ്ട സൗകര്യങ്ങൾ ഇണക്കിക്കൊടുക്കുന്നതു സംബന്ധിച്ച്‌ വിവരങ്ങൾ ശേഖരിക്കുകയുമാണ്‌ ഈ ഘട്ടത്തിൽ ഉദ്ദേശിക്കുന്നത്‌.

5. ക്ലീൻ തൃശൂർ സിറ്റി കാമ്പയിന്റെ നേതൃത്വത്തിൽ തയ്യാറെടുപ്പ്‌ ജോലികൾ പൂർത്തിയാക്കി പ്രവർത്തനങ്ങൾ തുടങ്ങുക.

പ്രവർത്തന നിർദ്ദേശങ്ങൾ

1. വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങൾ. വീടുകളിലും കടകളിലും ഓഫീസുകളിലും മറ്റ്‌ സ്ഥാപനങ്ങളിലും ``ക്ലീൻ തൃശൂർ സിറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളേയും അതിൽ ഓരോ വ്യക്തിയും, കുടുംബവും സമൂഹവും അനുവർത്തിക്കേണ്ട മര്യാദകളേയും ശീലങ്ങളേയും കുറിച്ചുമുള്ള ലഘുലേഖ, നോട്ടീസ്‌, ചുമരിൽ തൂക്കി ഇടുന്ന ഒരു കാർഡ്‌ എന്നിവയുടെ വിതരണം, റസിഡൻസ്‌ അസോസിയേഷൻ, ഫ്‌ളാറ്റ്‌ അസോസിയേഷൻ, വ്യാപാരികളുടെ സംഘടന, സാംസ്‌കാരിക സാമൂഹ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ആയിരിക്കണം ഈ പ്രവർത്തനം.

2. 50 വീടുകൾ ഉള്ള ക്ലസ്റ്റർ ആയി തിരിച്ച്‌ പ്രത്യേക ക്ലാസുകൾ, ചർച്ചകൾ, ഡോക്യുമെന്ററി പ്രദർശനം.

3. രാഷ്‌ട്രീയ പാർട്ടികൾ, ട്രേഡ്‌യൂണിയനുകൾ, സാമൂഹ്യ സംഘടനകൾ, സാംസ്‌കാരിക സംഘടനകൾ, യുവജനസംഘടനകൾ വിദ്യാർത്ഥി സംഘടനകൾ, വനിത സംഘടനകൾ, കുടുംബശ്രീകൾ തുടങ്ങിയവർ അവരവരുടെ പ്രവർത്തകർക്ക്‌ വേണ്ടിയുള്ള പ്രത്യേക ക്ലാസുകളും ചർച്ചകളും സംഘടിപ്പിക്കൽ.

4. വിവിധ സ്ഥലങ്ങളിൽ പൊതു ബോർഡുകൾ സ്ഥാപിക്കലും മാധ്യമങ്ങൾ വഴിയുള്ള പ്രചാരണവും.

5. മാലിന്യങ്ങൾ ഏറ്റവും കുറച്ച്‌ ഉണ്ടാക്കുകയും അവമാതൃകാപരമായി സംസ്‌കരിക്കാൻ സഹായിക്കുകയും ചെയ്യുന്ന റസിഡൻഷ്യൻ അസോസിയേഷനുകൾക്ക്‌ അവാർഡുകൾ നൽകണം. മികച്ച മാലിന്യ സംസ്‌കരണം നടത്തുന്ന സ്ഥാപനങ്ങൾക്കും അവാർഡുകൾ നൽകാവുന്നതാണ്‌.

6. ഡിസ്‌പോസിബിൾ ഗ്ലാസ്‌, പ്ലേറ്റ്‌ എന്നിവ കുറക്കേണ്ടതാണ്‌ എന്ന ബോധം ജനങ്ങളുടെ ഇടയിൽ ഉണ്ടാക്കി എടുക്കണം. റസിഡൻസ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ സ്റ്റീൽ ഗ്ലാസുകളും ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങളും വാങ്ങി സൂക്ഷിക്കുകയാണ്‌ എങ്കിൽ അവരുടെ ഇടയിൽ നടക്കുന്ന ചെറിയ ആഘോഷങ്ങൾക്ക്‌ ഡിസ്‌പോസിബിൾ വസ്‌തുക്കളുടെ ഉപയോഗം ഇല്ലാതാക്കാൻ കഴിയും.

7. പ്ലേറ്റുകൾ പെട്ടെന്ന്‌ കഴുകി ലഭിക്കുന്നതിന്‌ ചെറിയ മെഷ്യനുകൾ ഇപ്പോൾ ലഭ്യമാണ്‌.

8. തൃശൂർ ടൗണുകളിലെ എല്ലാ തെരുവോരങ്ങളിലും ആവശ്യത്തിന്‌ മാലിന്യനിക്ഷേപ ബോക്‌സുകൾ സ്ഥാപിക്കണം. ഒന്നിൽ പേപ്പറും മറ്റൊന്നിൽ ജൈവമാലിന്യങ്ങളും നിക്ഷേപിക്കണം. ഇത്‌ ഇവിടെ വന്ന്‌ പോകുന്ന യാത്രക്കാരെ ഉദ്ദേശിച്ചിട്ടുള്ളതാകണം.

വീട്‌, ഫ്‌ളാറ്റ്‌, സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള മാലിന്യമാനേജ്‌മെന്റ്‌

ഉറവിടത്തിൽ തന്നെ പാഴ്‌വസ്‌തുക്കൾ തരംതിരിക്കുക എന്നതും ദിവസവും അവ നീക്കം ചെയ്യുക എന്നതും വീഴ്‌ചകൂടാതെ ചെയ്യേണ്ട പ്രവൃത്തിയാണ്‌. അതിനു ഒഴിവുദിവസമില്ല, ഹർത്താൽ ദിനമില്ല ഒരു മുടക്കവും ബാധകമല്ല. ഇതിനൊരു കൃത്യനിഷ്‌ഠകൂടിയേ തീരൂ. പാഴ്‌ വസ്‌തുക്കൾ വേർതിരിച്ച്‌ സമയാസമയങ്ങളിൽ അവ കൈമാറുന്ന പ്രവർത്തിയും ആത്മാർത്ഥമായി നിർവ്വഹിച്ചേ പറ്റൂ. പ്ലാസ്റ്റിക്കിൽ കെട്ടി കൈകാര്യം ചെയ്യുന്നത്‌ ഓരോ വ്യക്തിക്കും,വീടിനും, സ്ഥാപനത്തിനും സൗകര്യപ്രദമാണ്‌ എന്നകാര്യത്തിൽ തർക്കമില്ല. എന്നാൽ ഇത്‌ തുടരണം എന്ന്‌ പൗരസമൂഹം നിർബന്ധം പിടിക്കുന്നുണ്ടെങ്കിൽ സ്വാഭാവികമായും നാം വീണ്ടും എത്തിച്ചേരുന്നത്‌ ഇന്നത്തെ ദുഷ്‌കരമായ അവസ്ഥയിലായിരിക്കും. എന്തായാലും ക്യാരിബാഗിൽ കെട്ടി മാലിന്യം സൂക്ഷിക്കുന്ന ശൈലി ഉപേക്ഷിക്കാതെ തരമില്ല.

മാലിന്യങ്ങളുടെ അളവ്‌ കൂടുംതോറും അത്‌ സംസ്‌കരിക്കാനുളള ബുദ്ധിമുട്ടും സ്വാഭാവികമായും വർദ്ധിക്കും. ഉണ്ടാക്കുന്ന മാലിന്യം മുഴുവൻ ലഭ്യമായ സ്ഥലത്ത്‌ കുന്നുകൂട്ടി ഇട്ട്‌ അത്‌ സംസ്‌കരണമാണ്‌ എന്ന്‌ അവകാശപ്പെടുകയാണ്‌ ഇന്ന്‌ ചെയ്യുന്നത്‌. ശാസ്‌ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലും, ശരിയായ സാങ്കേതികമേൽനോട്ടത്തിലും ആരംഭിച്ച്‌ നടപ്പാക്കുന്ന പദ്ധതികൾ പോലും അവതാളത്തിലാകുന്നതിന്റെ കാരണവും ഇതുതന്നെയാണ്‌. ഒരു നിശ്ചിത അളവ്‌ മാലിന്യത്തിനായി ഡിസൈൻ ചെയ്‌ത സംസ്‌കരണശാല പ്രവർത്തനം ആരംഭിച്ച്‌ കഴിഞ്ഞാൽ ഇതിന്റെ പ്രയോജനം തങ്ങൾക്കും ലഭിക്കണമെന്ന അവകാശവാദം എല്ലാ ജനവിഭാഗങ്ങളും ഉന്നയിക്കുകയും തുടർന്ന്‌ ശേഷിയേക്കാൾ കൂടുതൽ മാലിന്യം അവിടെ കൊണ്ടുപോയി തള്ളുകയും, സംസ്‌കരണം ക്രമേണ അസാദ്ധ്യമാകുകയും ചെയ്യുന്നതാണ്‌ അനുഭവം. സംസ്‌കരണശാല എന്ന്‌ ബോർഡിൽ എഴുതിവയ്‌ക്കുകയും ദുർഗന്ധ പൂരിതമായ അന്തരീക്ഷം നിലവിൽ വരുകയും ചെയ്യുന്നതിനാൽ ജനങ്ങൾക്കു സംസ്‌കരണരീതിയോട്‌ മതിപ്പില്ലാതാകുകയാണ്‌ ചെയ്യുന്നത്‌. എന്നാൽ സംസ്‌കരണരീതിക്ക്‌ യാതൊരു കുഴപ്പവുമില്ല എന്നും ശേഷിക്കുള്ളിൽ പ്രവർത്തിപ്പിക്കുന്ന യൂണിറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുകയാണാവശ്യമെന്നും തിരുത്തിപ്പറയാൻ ജനങ്ങൾ പഠിക്കേണ്ടതുണ്ട്‌. അങ്ങനെയായാൽ വളനിർമ്മാണ കേന്ദ്രങ്ങൾ എവിടെയും സ്ഥാപിച്ച്‌ പ്രവർത്തിപ്പിക്കാം. മാലിന്യ പ്രശ്‌നം പരിഹരിക്കുകയും ചെയ്യാം. അതുകൊണ്ടാണ്‌ ആദ്യം സംസ്‌കരണ സംവിധാനം വീടുകൾ കേന്ദ്രീകരിച്ചുതന്നെ കഴിയുന്നത്ര തുടങ്ങാം എന്ന്‌ നിർദ്ദേശിക്കുന്നത്‌. പ്രതിദിനം 5-10 കിലോഗ്രാം മാലിന്യം ബയോഗ്യാസ്‌ ആക്കി മാറ്റാവുന്ന യൂണിറ്റുകൾ ഓരോ വീടിനോ 3-4 വീടുകൾ ചേർന്നോ നിർമ്മിക്കാവുന്നതാണ്‌. സ്ഥാപനങ്ങൾക്കും ഈ രീതി സൗകര്യപ്രദമായിരിക്കും.

ബയോഗ്യാസ്‌ പ്ലാന്റുകളുടെ സൗകര്യം

``ഒരേറിന്‌ രണ്ട്‌ മാങ്ങ പരിഷത്തിന്റെ ഗവേഷണ കേന്ദ്രമായ ഐ.ആർ.ടി.സി നിർമ്മിച്ച്‌ നൽകുന്ന ബയോഗ്യാസ്‌ പ്ലാന്റിന്റെ പരസ്യവാചകമാണിത്‌. ബയോഗ്യാസ്‌ പ്ലാന്റ്‌ നിർമ്മിച്ചാൽ ജൈവമാലിന്യ പ്രശ്‌നം ഇല്ലാതാകുന്നതോടൊപ്പം നമ്മുടെ ഉപയോഗത്തിലേക്ക്‌ അല്‌പം ഗ്യാസുകൂടി ലഭിക്കുന്നു എന്നതാണ്‌ പരസ്യവാചകത്തിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്‌. അടുക്കള മാലിന്യങ്ങളെ ഉറവിടത്തിൽതന്നെ സംസ്‌കരിച്ച്‌ കുക്കിങ്‌ ഗ്യാസ്‌ ആക്കി മാറ്റുന്ന സംവിധാനമാണിത്‌. 3-4 കി.ഗ്രാം വരെ ജൈവമാലിന്യം പ്ലാന്റിൽ നിക്ഷേപിക്കാൻ കഴിഞ്ഞാൽ 1.5 മണിക്കൂർ വരെ (സിങ്കിൾ ബർണർ) ഗ്യാസ്‌ നമുക്ക്‌ ലഭിക്കും. ഒപ്പം വളവും. ഇതിന്‌ 15000 രൂപയിൽ താഴെ മാത്രമേ ചെലവു വരൂ. 500 ലിറ്റർ ടാങ്ക്‌ സ്ഥാപിക്കാനുള്ള സ്ഥലം മതി. പോർട്ടബിൾ ആയതിനാൽ എവിടെയും സ്ഥാപിക്കാം. പക്ഷേ പ്ലാന്റ്‌ ശരിയായി പ്രവർത്തിക്കണമെങ്കിൽ നല്ലരീതിയിൽ അത്‌ പരിപാലിക്കണമെന്നുമാത്രം. ഭക്ഷണാവശിഷ്‌ടങ്ങൾ, പച്ചക്കറി അവശിഷ്‌ടങ്ങൾ, കഞ്ഞിവെള്ളം, ധാന്യങ്ങൾ കഴുകിയവെള്ളം, മത്സ്യ-മാംസാദികൾ കഴുകിയ വെള്ളം, തൂവൽ, രോമം എന്നിവ ഒഴികെയുള്ള അവശിഷ്‌ടങ്ങൾ, തേങ്ങാവെള്ളം, ചാണകം എന്നിവ പ്ലാന്റിൽ നിക്ഷേപിക്കാവുന്നതാണ്‌. എന്നാൽ മുട്ടത്തോട്‌, ചിരട്ട, ഓറഞ്ച്‌, നാരങ്ങ, അച്ചാർ, ഇലകൾ, കീടനാശിനികൾ, ഫീനോയിൽ, ഡെറ്റോൾ, സോപ്പ്‌ വെള്ളം, കല്ല്‌, കുപ്പി, പ്ലാസ്റ്റിക്‌, ലോഹങ്ങൾ, തടിക്കഷ്‌ണങ്ങൾ എന്നിവ യാതൊരു കാരണവശാലും പ്ലാന്റിൽ നിക്ഷേപിക്കരുത്‌. ആവശ്യാനുസരണം പ്ലാന്റിന്റെ വലിപ്പം വർദ്ധിപ്പിച്ച്‌ ഹോട്ടലുകൾക്കും മറ്റും ഉപയോഗിക്കാവുന്നതാണ്‌.

ബയോഗ്യാസ്‌ പ്ലാന്റിന്റെ പ്രവർത്തനക്ഷമത കാത്തുസൂക്ഷിക്കുന്നതിനും ഏറെ ശ്രദ്ധ ആവശ്യമുണ്ട്‌. സ്ഥാപിതശേഷിയേക്കാൾ കൂടുതൽ മാലിന്യം തുടർച്ചയായി നിക്ഷേപിക്കരുത്‌. അങ്ങനെ ചെയ്‌താൽ ദഹിക്കാതെയുള്ള കറുത്ത കട്ടിയുള്ളതും ദുർഗന്ധമുള്ളതുമായ സ്ലറി പുറത്തേക്ക്‌ ഒഴുകിവരും. ഇതോടൊപ്പം വാതകടാങ്കിനു ചുറ്റും ദഹിക്കാത്ത മാലിന്യം ഖരരൂപത്തിൽ ഉണങ്ങി ഒരു പാളിപോലെ കട്ടപിടിച്ചു വരികയും ചെയ്യും. തുറന്നിരിക്കുന്ന ഫ്‌ളോട്ടിംങ്‌ മോഡൽ ബയോഗ്യാസ്‌ യൂണിറ്റാണെങ്കിൽ ദുർഗന്ധത്തോടൊപ്പം ഈച്ചയും കൊതുകും പെറ്റുപെരുകുകയും ചെയ്യും. എന്നാലും കുറെ ഗ്യാസ്‌ ഉൽപാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും. മേൽപറഞ്ഞ പ്രശ്‌നങ്ങളൊന്നും ശ്രദ്ധിക്കാതെ കിട്ടിയ വാതകം കത്തിച്ചു ദിവസങ്ങൾ നീക്കിക്കൊണ്ടു പോകുന്ന അശാസ്‌ത്രീയ പരിപാലനരീതിയാണ്‌ മിക്കവരും അവലംബിക്കുന്നത്‌. ഫലമോ ``ബയോഗ്യാസ്‌ പ്ലാന്റും രക്ഷയില്ല,``കൊതുകും, മണവും, വൃത്തികെട്ട സ്ലറിയും അതിനുണ്ട്‌, `നിത്യവും മെനക്കെട്ട്‌ പരിലാളിക്കാനൊന്നും എന്നെകിട്ടില്ല'. `അതിനു സൗകര്യമുള്ള ആരും വീട്ടിലില്ല', ഞങ്ങൾ കരുതിയത്‌ പാചകവാതക കുറ്റിപോലെ കത്തിക്കാൻ പറ്റുന്ന ഒരു യന്ത്രമാണിതെന്നാണ്‌- തുടങ്ങി വിവിധ അഭിപ്രായ പ്രകടനങ്ങളോടുകൂടി പ്രവർത്തനരഹിതമാക്കി മാറ്റുന്ന ബയോഗ്യാസ്‌ യൂണിറ്റുകളാണ്‌ നാട്ടിലുള്ളതിൽ ബഹുഭൂരിപക്ഷവും.

അപ്പോൾ നമുക്കാവശ്യം മനോഭാവത്തിലൊരു മാറ്റമാണ്‌. മാലിന്യം കൈകാര്യം ചെയ്യുന്നതിൽ ഒരു പരിഷ്‌ക്കാരം ഉണ്ടാകണം. പതിനായിരക്കണക്കിന്‌ രൂപ ചെലവുചെയ്‌ത്‌ ടോയ്‌ലറ്റ്‌ സംവിധാനം നാം ഉണ്ടാക്കുന്നുണ്ടല്ലോ? അതുപോലെ പണമുള്ളവർക്കും ശ്രദ്ധിക്കാൻ സമയമില്ലാത്തവർക്കും സ്വയം പരിപാലിക്കാൻ അറപ്പും വെറുപ്പുമുള്ളവർക്കും, ഒരു ബദൽ സംവിധാനം- ഒരു ബയോഗ്യാസ്‌ സർവീസ്‌ ഡലിവറി സിസ്റ്റം, നമുക്ക്‌ ഉണ്ടാക്കി പ്രവർത്തിപ്പിക്കാവുന്നതാണ്‌. മറിച്ച്‌ വേണ്ടത്ര അറിവ്‌ ഇല്ലാത്തവരും, സന്നദ്ധത വേണ്ടുവോളമുള്ളവർക്കുമായി ബയോഗ്യാസ്‌ പരിപാലന പരിശീലനം നൽകി അവരുടെ കാര്യശേഷി വർദ്ധിപ്പിക്കുകയും ആകാം. ഒപ്പംതന്നെ മാലിന്യം ചെറുകഷ്‌ണങ്ങളാക്കാനും, അരച്ച്‌ ദ്രവകരൂപത്തിലാക്കാനും മിക്‌സിപോലുള്ള സംവിധാനത്തെക്കുറിച്ചും അലോചിക്കാവുന്നതാണ്‌. ഇപ്രകാരം വീടുകളിലും, ഫ്‌ളാറ്റുകളിലും, സ്ഥാപനങ്ങളിലും കഴിയുന്നത്ര ബയോഗ്യാസ്‌ യൂണിറ്റുകൾ പ്രവർത്തിപ്പിക്കുന്നത്‌ ഒരു ഊർജ്ജവിപ്ലവം തന്നെയായിരിക്കും.

മറ്റ്‌ സംസ്‌കരണരീതികൾ

ഫ്‌ളാറ്റുകൾക്ക്‌ അനുയോജ്യമായ വായുസമ്പർക്ക കമ്പോസ്റ്റ്‌ ടാങ്കുകൾ പ്രചാരത്തിലുണ്ട്‌. ക്രഡായ്‌ ഗ്രൂപ്പാണിതിന്റെ പ്രായോജകർ. കാർഷിക സർവകലാശാലയുടെ തുമ്പൂർമുഴി മാതൃക എന്നപേരിൽ മറ്റൊരു വായുസമ്പർക്ക യൂണിറ്റും പ്രചരിപ്പിച്ചുവരുന്നുണ്ട്‌. മണ്ണിൽ പൈപ്പ്‌ കുഴിച്ചിട്ട്‌ കമ്പോസ്‌റ്റ്‌ നടത്തി നേരിട്ട്‌ അതിന്റെ പോഷകഗുണങ്ങൾ ചുറ്റുവട്ടത്തുള്ള ചെടികൾക്കു ലഭ്യമാക്കുന്ന മറ്റൊരു രീതി കോഴിക്കോട്‌ സർവകലാശാലയും വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. വായു സമ്പർക്ക കമ്പോസ്റ്റിന്റെ ക്ഷമത കൂട്ടാനും, കാലദൈർഘ്യം കുറക്കാനും, ഈ പ്രക്രിയയെ ദുർഗന്ധ വിമുക്തമാക്കാനും സഹായിക്കുന്ന സൂക്ഷ്‌മാണു മിശ്രിതകൂട്ടം പ്രചരിപ്പിക്കുന്നുണ്ട്‌. കാർഷിക സർവ്വകലാശാല അടക്കം വിവിധ ഏജൻസികൾ ഇത്തരം സൂക്ഷ്‌മാണുകൂട്ടുകൾ(Effective Micro Organisam) പുറത്തിറക്കിയിട്ടുണ്ട്‌. ഇവയുടെ ഒക്കെ സഹായത്തോടെ ഗാർഹിക മാലിന്യ സംസ്‌കരണം ഫലപ്രദവും മനുഷ്യസൗഹൃദപരവും ആക്കി പ്രോത്സാഹിപ്പിക്കുന്നതിന്‌ ആവശ്യമായ മറ്റ്‌ സഹായവും തദ്ദേശഭരണ സ്ഥാപനങ്ങൾ ചെയ്‌തുകൊടുക്കണം. നിയമപരമായി അവരുടെ ചുമതല നിർവഹിക്കപ്പെടുന്നതിന്റെ ഭാഗമായി അതിനെ കാണണം.

മേൽ സൂചിപ്പിച്ച വിശദാംശങ്ങളുടെ പശ്ചാത്തലത്തിൽ പൊതുനിർദേശങ്ങളെ താഴെപറയും വിധം ക്രോഡീകരിക്കാം.

1. എല്ലാവീടുകളിലും സ്ഥാപനങ്ങളിലും മൂന്ന്‌ മാലിന്യ ബിന്നുകൾ സ്ഥാപിക്കൽ. ഒന്ന്‌ ജൈവമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനും, രണ്ടാമത്തേത്‌ റീസൈക്കിൾ ചെയ്യാവുന്ന ഖര മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനും, മൂന്നാമത്തേത്‌ ചില്ലുകളും സൂക്ഷിച്ച്‌ കൈകാര്യം ചെയ്യേണ്ട മറ്റ്‌ ഖരമാലിന്യങ്ങളും നിക്ഷേപിക്കുന്നതിനുമാണ്‌. ഏതൊക്കെ മാലിന്യങ്ങൾ ആണ്‌ ഈ മൂന്ന്‌ ബിന്നുകളിൽ നിക്ഷേപിക്കേണ്ടത്‌ എന്ന്‌ വിശദമാക്കുന്ന കുറിപ്പ്‌ ഓരോ വീട്ടിനും സ്ഥാപനത്തിനും നൽകുക.

2. വീടും പുരയിടവും ഉള്ളവർ ജൈവമാലിന്യങ്ങൾ ബയോഗ്യാസ്‌ ആക്കുകയോ കമ്പോസ്റ്റ്‌ ആക്കുകയോ വേണം. ഇത്‌ പ്രോത്സാഹിപ്പിക്കുന്നതിന്‌ സബ്‌സിഡിയും മറ്റ്‌ ആനുകൂല്യങ്ങളും ഗവൺമെന്റു നൽകണം. സാങ്കേതികവിദ്യയുടെ കുറ്റമറ്റ പ്രയോഗത്തിന്‌ വിദഗ്‌ധ മേൽനോട്ട സംവിധാനം ഏർപ്പെടുത്തണം.

3. മറ്റ്‌ രണ്ട്‌ ബിന്നുകളിലെ അജൈവമാലിന്യങ്ങൾ ആഴ്‌ചയിൽ ഒരിക്കൽ ശേഖരിച്ച്‌ അത്തരം സാധനങ്ങൾ വാങ്ങുന്നവർക്ക്‌ ഉടനെ കൈമാറണം.

4. മുന്തിയ തരം ഹോട്ടലുകളിൽ നിന്ന്‌ വലിയ തോതിൽ പ്ലാസ്റ്റിക്കും ഡിസ്‌പോസിബിൾ വസ്‌തുക്കളുടെ അവശിഷ്‌ടങ്ങളും പുറത്തേക്ക്‌ തള്ളുന്നുണ്ട്‌. ഇത്‌ അവിടെതന്നെ സംസ്‌കരിക്കാനുള്ള ഏർപ്പാട്‌ ഉണ്ടാക്കണം.

5. 30-50 ഫ്‌ളാറ്റുകളുള്ള സമുച്ചയത്തിൽ ജൈവമാലിന്യങ്ങൾ ഉപയോഗിച്ച്‌ ബയോഗ്യാസ്‌ നിർമ്മിക്കാനുള്ള പ്ലാന്റുകൾ സ്ഥാപിക്കണം. ഇതിൽ നിന്നും നിർമ്മിക്കുന്ന ഗ്യാസ്‌ അവരുടെ പൊതു ആവശ്യത്തിനോ ഭക്ഷണം പാകം ചെയ്യുന്നതിനോ ഉപയോഗിക്കാവുന്നതാണ്‌.

6. മത്സ്യ മാർക്കറ്റും മാംസ മാർക്കറ്റും ആധുനികവൽക്കരിക്കുക തന്നെ വേണം. അവിടുത്തെ മാലിന്യങ്ങൾ ഗ്യാസും വളവുമാക്കിമാറ്റാനുള്ള പ്രത്യേക സംവിധാനങ്ങൾ ആലോചിക്കണം. ഇത്‌ കഴിയുന്നതും അവിടെതന്നെ ചെയ്യുന്നതിനുള്ള സംവിധാനം ആയിരിക്കും നല്ലത്‌.

7. പച്ചക്കറി മാർക്കറ്റിലെ ഫ്രഷ്‌ വേസ്റ്റ്‌ കന്നുകാലികൾക്ക്‌ തീറ്റയായി നൽകാവുന്നതാണ്‌. അത്തരത്തിലുള്ള ഉപയോഗത്തിന്‌ ശേഷം ബാക്കിയുള്ളവ വളമാക്കി മാറ്റണം. തറയിൽ നല്ല ടൈൽസൊക്കെ പാകി മേൽക്കൂരയുള്ള വൃത്തിയായ സംവിധാനമാകണം പഴം പച്ചക്കറി മാർക്കറ്റുകൾ.

8. മാർക്കറ്റുകളെ ബന്ധിപ്പിച്ച്‌ വെയ്‌സ്റ്റ്‌ വാട്ടർ ട്രീറ്റ്‌മെന്റ്‌ പ്ലാന്റുകൾ സ്ഥാപിക്കണം.

9. സൂപ്പർ മാർക്കറ്റുകളും തുണിക്കടകളും അവർ വഴി വിതരണം ചെയ്യപ്പെട്ടിട്ടുള്ള പ്ലാസ്റ്റിക്‌ കിറ്റുകളും കവറുകളും ബാഗുകളും അവർ തന്നെ തിരിച്ചെടുത്ത്‌ റീസൈക്കിൾ ചെയ്യുന്നതിന്‌ സംവിധാനം ഒരുക്കണം.

10. ഫ്‌ളക്‌സ്‌ ബോർഡുകൾക്കും ഫ്‌ളക്‌സ്‌ ബാനറുകൾക്കും കർശനമായ നിയന്ത്രണമോ നിരോധനമോ ഉണ്ടാകണം.

സ്വയം സംസ്‌കരിക്കാനാകാത്ത മാലിന്യങ്ങൾക്കു മാത്രം സംവിധാനം

ശാസ്‌ത്രീയമായ യാതൊരുവിധ മാലിന്യമാനേജ്‌മെന്റും നിലവിലില്ലാത്ത പ്രദേശമാണ്‌ തൃശൂർ കോർപറേഷൻ. കിട്ടുന്ന മാലിന്യം അതേപടി ശേഖരിച്ച്‌ ലാലൂർ പറമ്പിൽ തള്ളുന്ന പ്രവർത്തനം മാത്രമാണ്‌ ഇവിടെ നടന്നു വരുന്നത്‌. സ്‌ഥാപനങ്ങളും മാർക്കറ്റുകളും അവരുടെ മാലിന്യങ്ങൾ അതേപടിയും വീടുകൾ പ്ലാസ്റ്റിക്‌ ക്യാരിബാഗിൽ കെട്ടിയുമാണ്‌ സമ്മിശ്രമാലിന്യം പുറന്തള്ളുന്നത്‌. പ്രതിദിനം ഒട്ടാകെ 50 ടൺ മാലിന്യമുണ്ടാകാമെന്നാണ്‌ ഏകദേശ കണക്ക്‌. ചെലവിടുന്ന തുകയും, ശേഖരണ-സംസ്‌കരണ ആവശ്യത്തിലേക്ക്‌ പരമാവധി ചെലവാക്കാവുന്ന അനുവദനീയ തുകയും പൊരുത്തപ്പെടുത്താൻ മാലിന്യങ്ങളുടെ അളവ്‌ ക്രമീകരിക്കുന്ന രീതിയാണ്‌ പൊതുവെ വൻനഗരങ്ങളിൽ അനുവർത്തിക്കുന്നത്‌. ഒരു വർഷം ഒട്ടാകെ ശേഖരിക്കുന്ന മാലിന്യം കൃത്യമായി തിട്ടപ്പെടുത്തിയാൽ മാത്രമേ ശരാശരി തോത്‌ കണക്കാക്കാനാകൂ. ദൈനംദിന വ്യതിയാനത്തിനുപുറമെ, കാലാകാലങ്ങളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും മാലിന്യം തിട്ടപ്പെടുത്തുന്ന കാര്യത്തിൽ സങ്കീർണത സൃഷ്‌ടിക്കുന്നുണ്ട്‌. ദൃശ്യമായ മാലിന്യങ്ങൾക്കു പുറമെ അദൃശ്യമായവയുമുണ്ട്‌. ചീയുന്നതും ചീയാത്തതും കൂടിക്കുഴഞ്ഞ മാലിന്യമാണ്‌ എവിടെയും കാണുന്നത്‌. അവ എത്ര ലോറിലോഡ്‌ ശേഖരിച്ച്‌ ലാലൂർ പറമ്പിൽ നിക്ഷേപിക്കുന്നു എന്നതാണ്‌ മാലിന്യത്തിന്റെ ഔദ്യോഗിക കണക്ക്‌. KSUDP പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി 2006 ൽ നടത്തിയ പഠനത്തിൽ ഗാർഹികമാലിന്യം 40.8 ടൺ ഉൾപെടെ മൊത്തം പ്രതിദിനമാലിന്യം 64 ടണ്ണായിട്ടാണ്‌ തിട്ടപ്പെടുത്തിയിട്ടുള്ളത്‌. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങളിലുണ്ടായിട്ടുള്ള സമീപകാല വർദ്ധനവ്‌ മൂലം ഇത്‌ ഇപ്പോൾ ഇരട്ടിയിലധികമായി വർദ്ധിച്ചിട്ടുണ്ട്‌ എന്ന്‌ വ്യക്തമാണ്‌. നിർമ്മാണ അവശിഷ്‌ടങ്ങൾ ഇപ്പോൾ താഴ്‌ന്ന നിലങ്ങളും ചതുപ്പുകളും നികത്താനാണ്‌ ഏറിയകൂറും വിനിയോഗിച്ചു വരുന്നത്‌. മറ്റ്‌ മാലിന്യങ്ങളൊക്കെ കഴിയുന്നത്ര ശേഖരിച്ച്‌ ലാലൂർ പറമ്പിൽ തള്ളുന്നതുമൂലം ആപ്രദേശം വാസയോഗ്യമല്ലാതായി മാറിയിരിക്കുകയാണ്‌. കെട്ടിക്കിടക്കുന്ന മാലിന്യം സംസ്‌കരിക്കുകയാണ്‌ ഏറ്റവും അടിയന്തിരമായ ആവശ്യം. കാപ്പിംങ്‌ ഒരു പോംവഴിയാണ്‌. ഇന്ത്യയിലെ മഹാനഗരങ്ങളിൽ ചെയ്യുന്നപോലെ കട്ടികൂടിയ പോളിമർഷീറ്റ്‌ വിരിച്ച്‌ ഭൂഗർഭ സാനിറ്ററി സംസ്‌കരണവും തുടർന്ന്‌ അതിനുമുകളിൽ പൂന്തോട്ടം പാർക്ക്‌ എന്നിവ നിർമ്മിച്ചുള്ള പ്രശ്‌ന പരിഹാരവുമുണ്ട്‌. എന്നാൽ അതിനും അനുയോജ്യമായ സ്ഥലം കണ്ടെത്തിയേ മതിയാകൂ. ഏതായാലും ലാലൂരിനെ സാധാരണസ്ഥിതിയിലേക്കു തിരിച്ചു കൊണ്ടുവരിക എന്നത്‌ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കേണ്ടത്‌ തന്നെയാണ്‌. ഇതിനർത്ഥം അവിടെകുറേകാലത്തേക്ക്‌ മാലിന്യം നിക്ഷേപിക്കാൻ പാടില്ല എന്നു തന്നെയാണ്‌. തൃശൂർ പട്ടണത്തിൽ ഒരു സ്ഥലത്തും ഇപ്പോൾ മാലിന്യം നിക്ഷേപിക്കാൻ സാധ്യമല്ല എന്നതാണ്‌ വാസ്‌തവം. പിന്നെ മാലിന്യം എന്തുചെയ്യും എന്ന ചോദ്യത്തിന്‌ സ്വാഭാവികമായ ഉത്തരമാണ്‌ നഗരത്തിന്റെ ചീഞ്ഞുനാറുന്ന ഇന്നത്തെ അവസ്ഥ. വേനൽമഴ അടുത്തതോടെ പകർച്ചവ്യാധികൾ ഇന്നത്തേക്കാൾ അനേകമടങ്ങ്‌ ശക്തിയോടെ പരക്കുമെന്നുറപ്പാണ്‌.

പുതിയ പോംവഴികളെക്കുറിച്ച്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. നാളിതുവരെ നടന്ന രീതിയിൽ നിന്ന്‌ അത്‌ വ്യത്യസ്‌തമായിരിക്കണം. ഇനിയെങ്കിലും പ്രായോഗിക വിജയം കൈവരിക്കാനുതകുന്ന തരത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കണം. വികേന്ദ്രീകരിച്ചുള്ള സംസ്‌കരണമാണ്‌ ശാസ്‌ത്രീയമായ പോംവഴി. ജനസൗഹൃദപരമായ മാലിന്യസംസ്‌കരണം അസാധ്യമാണ്‌ എന്ന വിശ്വാസം നിലനിൽക്കുന്നിടത്തോളം കാലം വികേന്ദ്രീകൃത മാലിന്യസംസ്‌കരണം കോർപറേഷന്റെ നേതൃത്വത്തിൽ പൊതുസ്ഥലത്ത്‌ നടപ്പാക്കുക എന്നത്‌ ഒരു വെല്ലുവിളിതന്നെയാണ്‌. വലിയതോതിൽ മാലിന്യം കൈകാര്യം ചെയ്യുന്നത്‌ ജനനിബിഡമായ നമ്മുടെ നാട്ടിൽ പരിസ്ഥിതി പ്രശ്‌നങ്ങൾക്കു വഴിയൊരുക്കുമെന്നുറപ്പാണ്‌. ആയതിനാൽ ഒരുടൺ അല്ലെങ്കിൽ പരമാവധി രണ്ട്‌ ടൺ എന്ന അളവിലേക്ക്‌ പൊതുസംസ്‌കരണ യൂണിറ്റുകളുടെ ശേഷി പരിമിതപ്പെടുത്തണം. സാധ്യമാകുന്നത്രയും മണ്ണിര യൂണിറ്റുകൾ ഈ ശേഷിയിൽ നിർമ്മിക്കുക, ഒപ്പംതന്നെ വായു സമ്പർക്കകമ്പോസ്റ്റും, ക്രഡായി യൂണിറ്റുകളും, തുമ്പൂർമുഴി യൂണിറ്റുകളും ഒക്കെ സാധ്യമാകുന്നിടത്തൊക്കെ പരിഗണിക്കേണ്ടതാണ്‌.

ചുരുക്കത്തിൽ ഇക്കാര്യത്തിൽ കോർപ്പറേഷന്‌ താഴെപറയുന്ന പ്രവർത്തനപരിപാടികളാണ്‌ ഉണ്ടാകേണ്ടത്‌.

1. വീടുകളിലേയും കടകളിലേയും ഹോട്ടലുകളിലേയും മറ്റുമുള്ള ജൈവമാലിന്യങ്ങൾ രണ്ട്‌ ദിവസം കൂടുമ്പോൾ ശേഖരിക്കണം. ജൈവമാലിന്യങ്ങൾ വേണ്ടവിധത്തിൽ ബിന്നുകളിൽ ഇടാതിരിക്കുകയോ അശ്രദ്ധയോടെ അജൈവ മാലിന്യങ്ങളോടൊപ്പമോ പ്ലാസ്റ്റിക്‌ മാലിന്യങ്ങളോടൊപ്പമോ കൂട്ടിക്കലർത്തി ഇട്ടിരിക്കുകയോ ആണ്‌ എങ്കിൽ ഇത്തരം മാലിന്യങ്ങൾ ശേഖരിക്കാതിരിക്കുകയും അവർക്ക്‌ പെനാലിറ്റി ചുമത്തുന്ന വിധത്തിൽ താക്കീതുനൽകുകയും ചെയ്യേണ്ടതാണ്‌. തുടരെ തുടരെ കുറ്റകരമായ വിധത്തിൽ അശ്രദ്ധകാട്ടുകയാണ്‌ എങ്കിൽ കോർപ്പറേഷൻ അത്തരക്കാർക്കെതിരെ നടപടികൾ കൈക്കൊള്ളണം.

2. പ്രതിദിനം ശരാശരി 20 ടൺ ജൈവമാലിന്യമാണ്‌ കോർപ്പറേഷൻ ഏരിയയിൽ കോർപ്പറേഷന്റെ ഉത്തരവാദിത്വത്തിൽ സംസ്‌കരിക്കേണ്ടിവരുന്നത്‌ എന്ന്‌ കരുതുന്നു. മുൻപ്‌ സൂചിപ്പിച്ച പ്രവർത്തന പരിപാടിയിലൂടെ ഇത്തരം മാലിന്യം കുറച്ച്‌കൊണ്ടുവരാൻ കഴിഞ്ഞാൽ10 ടൺ എന്നാക്കി ചുരുക്കാൻ കഴിയും. ഇവ ജൈവവളമാക്കി മാറ്റാൻ 10 കുടുംബശ്രീകൾക്കോ, അവർ തയ്യാറല്ലെങ്കിൽ മറ്റുളളവർക്കോ കരാർ നൽകാം. തയ്യാറാകുന്നവരിൽ നിന്നും ബോണ്ട്‌ ഒപ്പിട്ട്‌ വാങ്ങി വിദഗ്‌ധ പരിശീലനം നൽകണം. ഏറ്റവും ചുരുങ്ങിയത്‌ 30 ദിവസത്തെ പരിശീലനം കൊടുക്കണം. ഈ പണിയിലേർപ്പെടുന്നവർക്ക്‌ ഒരു മാസം 9000-10000 രൂപ വരെ വരുമാനം ഉറപ്പുവരുത്താനാകണം.

3. ഉപയോഗിച്ച്‌ കഴിഞ്ഞ സി. എഫ്‌. എൽ ലാമ്പുകൾ, ഇക്‌ട്രോണിക്‌ വെയ്‌സ്റ്റുകൾ എന്നിവ പ്രത്യേകം ശേഖരിച്ച്‌ സംസ്‌ക്കരിക്കുന്നതുവരെ സൂക്ഷിക്കാനുള്ള സംവിധാനം ഉണ്ടാക്കണം.

4. ഇനി പുനഃചക്രമണം ചെയ്യാവുന്ന മറ്റു മാലിന്യങ്ങൾ ബിന്നുകളിൽ നിന്നും ആഴ്‌ചയിൽ ഒരിക്കൽ ശേഖരിച്ച്‌ ആദ്യത്തെ 6 മാസക്കാലം ടെൻഡർ ഇല്ലാതെയും തുടർന്ന്‌ ടെൻഡറിന്റെ അടിസ്ഥാനത്തിലും വില്‌പന നടത്തണം. ഇതിന്റെ തരംതിരിവ്‌ അടക്കം വാങ്ങുന്ന ആളുടെ ഉത്തരവാദിത്തത്തിൽ ആയിരിക്കണം ചെയ്യേണ്ടത്‌. മുംബൈയിലെ അന്ധേരി മാതൃക ഇതിനായി സ്വീകരിക്കാവുന്നതാണ്‌.

5. തൃശൂരിലെ തെരുവുകളും ഓടകളും മാലിന്യമുക്തമാക്കുക സുന്ദരമാക്കുക എന്നതായിരിക്കണം ലക്ഷ്യം. ക്ലോസ്‌ സർക്യൂട്ട്‌ ക്യാമറകളുടെ (CCTV) സഹായത്തോടെ തെരുവുകളിൽ പ്ലാസ്റ്റിക്‌ കവറുകളോ മറ്റ്‌ മാലിന്യങ്ങളോ നിക്ഷേപിക്കുന്നത്‌ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണം. ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തരക്കാർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണം. തെരുവുകൾ ആഴ്‌ചയിൽ ഒരിക്കലെങ്കിലും അടിച്ച്‌ വൃത്തിയാക്കണം. കോർപ്പറേഷൻ ഏരിയ തങ്ങളുടെ വീടിന്റെയും പെരുമാറുന്ന സ്ഥലത്തിന്റെയും ഭാഗമാണ്‌ എന്ന്‌ ഓരോരുത്തർക്കും തോന്നാവുന്ന വിധത്തിൽ പ്രവർത്തനം സംഘടിപ്പിക്കണം.

വായു സമ്പർക്ക കമ്പോസ്റ്റ്‌ വൃത്തിയായി നടത്താം

വീടിനുള്ളിലെ ടോയ്‌ലറ്റ്‌ നാം ശ്രദ്ധയോടെ സൂക്ഷിക്കുന്നുണ്ട്‌. ഇത്രയും ശ്രദ്ധയും താല്‌പര്യവും മാലിന്യ സംസ്‌കരണത്തിനും വേണ്ടതാണ്‌. ടോയ്‌ലറ്റ്‌ വൃത്തികേടാകാൻ ചെറിയ ഒരു അശ്രദ്ധ മാത്രം മതിയാകും. അതുപോലെതന്നെയാണ്‌ കമ്പോസ്റ്റിന്റെയും ബയോഗ്യാസിന്റെയും കാര്യവും. ജൈവവസ്‌തുക്കൾ മാത്രം വേർതിരിച്ച്‌ കമ്പോസ്റ്റ്‌ ഉണ്ടാക്കുക എന്നരീതി മാത്രമേ വിജയിക്കുകയുള്ളൂ. നമ്മുടെ നാട്ടിൽ അങ്ങിനെ ഒരു ശ്രമം പരീക്ഷണ ഘട്ടത്തിൽ മാത്രമാണ്‌ നടക്കുന്നത്‌. പൊതു സംവിധാനത്തിലേക്കു വരുമ്പോൾ ചീയുന്നതും ചീയാത്തതും ഒന്നിച്ചിട്ട്‌ കമ്പോസ്റ്റാക്കാൻ ശ്രമിക്കുകയും ശ്രമം പരാജയപ്പെടുകയും ചെയ്യുന്നു. പിന്നീടത്‌ മാലിന്യകൂമ്പാരമായി മാറുന്നു. വീട്ടിനുള്ളിലെ ഒരു ടോയ്‌ലറ്റ്‌ 100-200 പേർ ദിനംപ്രതി ഉപയോഗിക്കാൻ ശ്രമിച്ചാൽ സെപ്‌റ്റിക്‌ ടാങ്ക്‌ പെട്ടന്ന്‌ നിറയും. അതുപോലെ ഒരു ടൺ ശേഷി നിശ്ചയിച്ച്‌ നിർമ്മിച്ച പ്ലാന്റിലേക്ക്‌ ദിനംപ്രതി 10 ടൺ കൊണ്ടുവന്നു നിക്ഷേപിച്ചാലോ? അത്‌ സംസ്‌കരണമാവില്ല. മാലിന്യ മലയാകുകയേ ഉള്ളൂ. ജനങ്ങൾ നാളിതുവരെ ഇത്തരം അനുഭവങ്ങൾ മാത്രമാണ്‌ കണ്ടിട്ടുള്ളത്‌. ആയതിനാൽ ആരും തന്റെ വീടിനടുത്ത്‌ കമ്പോസ്‌റ്റ്‌ നിർമ്മാണം അനുവദിക്കില്ല. ഇതാണ്‌ നിലവിലുള്ള ഏറ്റവും വലിയ പ്രശ്‌നം. ഈ പ്രശ്‌നം പരിഹരിക്കാനായാലേ ചെലവു കുറഞ്ഞ കമ്പോസ്റ്റ്‌ നിർമ്മാണം നമുക്ക്‌ നടത്താൻ കഴിയൂ.

കമ്പോസ്റ്റ്‌ നിർമ്മാണം ജനങ്ങൾക്ക്‌ സ്വീകാര്യമായ ഒരു അനുഭവമാക്കി മാറ്റണം. ഇതിനായി ഓരോ വാർഡിലും അല്ലെങ്കിൽ ഒരു ക്ലസ്റ്ററിൽ ഒരു മാതൃകാ യൂണിറ്റ്‌ പ്രവർത്തിപ്പിച്ച്‌ കാണിച്ചു കൊടുക്കണം. സാങ്കേതിക മേൽനോട്ടം ഐ.ആർ.ടി.സി യിൽ (ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ഗവേഷണ കേന്ദ്രം- പാലക്കാട്‌ മുണ്ടൂരിൽ പ്രവർത്തിക്കുന്നത്‌) ലഭ്യമാണ്‌. ക്ലീൻ തൃശൂർ സിറ്റി ക്യാമ്പയിൻ ഇത്തരം മാതൃകാ യൂണിറ്റുകൾ പ്രവർത്തിപ്പിക്കാൻ മുൻകൈ എടുക്കണം. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ നേതൃത്വപരമായി ഇടപെടണം. അനുഭവത്തിലൂടെ വിശ്വാസം വീണ്ടെടുക്കാനുള്ള അവസരം ഉണ്ടാക്കണം. ഒരു പുതിയ കൂട്ടായ്‌മ ഉണ്ടായിവരണം. മാലിന്യമല്ല ജൈവവള നിർമ്മാണ പ്രക്രിയയാണ്‌ നടക്കുന്നതെന്ന്‌ ക്രമേണ ജനങ്ങൾ തിരിച്ചറിയും. എന്നിരുന്നാലും ജനനിബിഡമായ പ്രദേശങ്ങൾ ഒഴിവാക്കി പാടങ്ങളോട്‌ ചേർന്നും, തരിശായികിടക്കുന്ന പ്രദേശത്തും മറ്റ്‌ ഒഴിഞ്ഞ സ്ഥലത്തും ഇത്തരം മാതൃകായൂണിറ്റ്‌ സ്ഥാപിക്കാൻ നമുക്ക്‌ കഴിയണം. ഇതിനുള്ള സാമ്പത്തിക സഹായം അതത്‌ പ്രാദേശിക ഭരണകൂടം ചെയ്യണം.

ഇപ്രകാരം കോർപ്പറേഷനിലോ തൊട്ടടുത്ത പഞ്ചായത്തിലോ 15-20 സെന്റ്‌ സ്ഥലം കണ്ടെത്തി സ്വന്തമായോ വാടകയ്‌ക്ക്‌ എടുത്തോ കോർപ്പറേഷൻ സംരംഭകർക്ക്‌ നൽകണം. സംരംഭകർക്ക്‌ സ്വന്തം സ്ഥലത്തും ഇത്‌ ആരംഭിക്കാം. പ്ലാന്റ്‌ തയ്യാറാക്കി കൊടുക്കേണ്ട ഉത്തരവാദിത്വം കോർപ്പറേഷന്‌ ആണ്‌. ഇതിന്‌ 5 ലക്ഷം രൂപയിൽ താഴെ മാത്രമെ ചെലവു വരികയുള്ളൂ. ഇത്‌ തയ്യാറാക്കേണ്ടത്‌ അക്രഡിറ്റഡ്‌ ഏജൻസികൾ ആണ്‌. പ്ലാന്റിലേക്ക്‌ മാലിന്യം എത്തിച്ച്‌ കൊടുക്കേണ്ടത്‌ കോർപ്പറേഷൻ ആണ്‌. ഇതിന്‌ ഇപ്പോൾ ഉള്ള സംവിധാനം ധാരാളം മതി. പ്ലാന്റിൽ ഉത്‌പാദിപ്പിച്ച വളം ക്ലീൻ തൃശൂർ കമ്പോസ്റ്റ്‌ എന്ന പേരിൽ 2kg, 5kg, 10kg 50 kg പാക്കറ്റുകളാക്കി ക്ലീൻ തൃശൂർ സമിതി വിലയിട്ട്‌ തിരിച്ചെടുത്ത്‌ സബ്‌സിഡി നൽകി കർഷകർക്ക്‌ വിൽക്കാം. ഇവിടെ രണ്ട്‌ കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്നാമത്‌ സംരംഭകർക്ക്‌ നിശ്ചിത വരുമാനം ഉറപ്പ്‌ വരുത്തണം. രണ്ടാമത്‌ വളത്തിന്റെ ഗുണനിലവാരം ഉറപ്പ്‌ വരുത്തണം. ഇത്രമാത്രം ആയാൽ ഇതിന്റെ വിൽപന ഒരു പ്രശ്‌നമേ ആകില്ല. വിറ്റ്‌ കിട്ടുന്ന തുക കോർപ്പറേഷൻ സമിതിയുടെ വരുമാനം ആക്കണം.

മറ്റൊരുവിധത്തിലും മാലിന്യം സംസ്‌കരിക്കാവുന്നതാണ്‌. കർഷക സമിതിയുടെയോ കർഷക കൂട്ടായ്‌മയുടേയോ നേതൃത്വത്തിലും സംസ്‌കരണം നടത്താവുന്നതാണ്‌. ഇതിനായി കോർപ്പറേഷൻ അതിർത്തിപ്രദേശത്തോ ചുറ്റുവട്ടത്തോ പ്രവർത്തിക്കുന്ന കർഷക സംഘങ്ങളുമായി കരാറിൽ ഏർപ്പെടണം. തയ്യാറുള്ള സംഘങ്ങളുമായി ചുരുങ്ങിയത്‌ 3 വർഷത്തെയെങ്കിലും കരാർ ഉണ്ടാക്കണം. കരാർ പ്രകാരം ഒരു ദിവസം ഒരു ടൺ എന്ന നിരക്കിൽ വളമായി മാറ്റാവുന്ന ജൈവമാലിന്യം ഇവർക്ക്‌ നൽകണം. ഈ സംഘത്തിലെ തയ്യാറുള്ള 5 പേർക്ക്‌ 30 ദിവസത്തെ പരിശീലനം നൽകണം. ഇവർക്ക്‌ ആവശ്യമായ സൗകര്യങ്ങളെ സംബന്ധിച്ച വിശദാംശങ്ങൾ അനുബന്ധത്തിൽ നൽകിയിട്ടുണ്ട്‌. കർഷകസംഘങ്ങളുടെ ആവശ്യം കഴിഞ്ഞ്‌ അധിക വളമുണ്ടെങ്കിൽ ``ക്ലീൻ തൃശൂർ സിറ്റി ഏറ്റെടുത്ത്‌ ആവശ്യക്കാർക്ക്‌ വിതരണം ചെയ്യണം. ഇത്തരത്തിൽ ജൈവമാലിന്യങ്ങളെ വളമാക്കി മാറ്റി ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ പരസ്‌പര സഹകരണത്തോടുകൂടിയ മാലിന്യ സംസ്‌കരണ മാതൃക തൃശൂരിന്‌ സ്വന്തമാക്കാൻ കഴിയും.

മുൻസിപ്പൽ നിയമവും മാലിന്യ സംസ്‌കരണവും

നിലനിർക്കുന്ന നഗരപാലിക നിയമം നഗരസഭ അധികൃതർക്ക്‌ മാലിന്യത്തെ നിയന്ത്രിക്കുന്നതിനും ശാസ്‌ത്രീയമായി സംസ്‌കരിക്കുന്നതിനും ആവശ്യമായ ഒട്ടനവധി അധികാരങ്ങൾ നൽകുന്നുണ്ട്‌. പ്രത്യേകിച്ച്‌ നവംബർ 2011 ൽ നിലവിൽവന്ന ഭേദഗതി നിയമം. പ്രസ്‌തുത ഭേദഗതിപ്രകാരം വ്യാപാര കേന്ദ്രങ്ങൾ, ആശുപത്രികൾ, ചന്തകൾ, അറവുശാലകൾ, ചിക്കൻ സ്റ്റാളുകൾ, കല്ല്യാണമണ്ഡപങ്ങൾ, ഫ്‌ളാറ്റുകൾ, മൂന്നു നിലയിൽ കൂടുതലുള്ള വീടുകൾ തുടങ്ങി പ്രത്യേക വിജ്ഞാപനത്തിലൂടെ ഉൾപ്പെടുത്താവുന്ന വിധത്തിൽ മറ്റ്‌ സ്ഥാപനങ്ങൾ എന്നിവരെക്കൊണ്ട്‌ മാലിന്യത്തെ ഉറവിടത്തിൽവച്ചുതന്നെ തരംതിരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ആവശ്യമായ സംവിധാനം ഒരുക്കുന്നതിന്‌ നിർബന്ധിക്കാവുന്നതാണ്‌. ഇവിടെ പ്രത്യേക സ്ഥാപനങ്ങൾ എന്നാൽ അർത്ഥമാക്കുന്നത്‌, മേൽ പറഞ്ഞ സ്ഥാപനങ്ങൾ കൂടാതെ കോർപറേഷൻ പ്രദേശത്തെ വീടുകൾ ഉൾപ്പെടെയുള്ളവയാണ്‌. അതുകൊണ്ടു തന്നെ ഉറവിടത്തിൽ നിന്നുതന്നെ മാലിന്യസംസ്‌കരണം ആരംഭിക്കുന്നതിന്‌ എല്ലാവരേയും പ്രേരിപ്പിക്കാൻ ഇപ്പോഴുള്ള നിയമ പിൻബലത്തോടെ കോർപ്പറേഷനു കഴിയും.

മേൽപറഞ്ഞ സംവിധാനം നിശ്ചിതസമയത്തിനുള്ളിൽ നിർവ്വഹിച്ചില്ലയെങ്കിൽ ഇന്ത്യൻ ശിക്ഷ നിയമപ്രകാരം 6 മാസം മുതൽ 1 വർഷം വരെ തടവോ 10000 രൂപ മുതൽ 50000 രൂപവരെ പിഴയോ രണ്ടും കൂടിയ ശിക്ഷയോ ലഭിക്കുന്ന കുറ്റമായിരിക്കും. ലംഘനം തുടരുന്ന ഓരോ ദിവസവും 250 രൂപയിൽ കുറയാത്ത തുക കുറ്റം ചെയ്‌തവരിൽ നിന്നും ഈടാക്കാവുന്നതുമാണ്‌.

ജലാശയങ്ങളിലേക്കും ഓടകളിലേക്കും പൊതുവഴികളിലേക്കും മലിനജലം ഒഴുക്കുന്നത്‌ കർശനമായി തടയാനും ഇതിനാവശ്യമായ സംവിധാനം ഒരുക്കുന്നതിനും അവരവരെതന്നെ നിർബന്ധിക്കാനും മുനിസിപ്പാലിറ്റിക്ക്‌ അധികാരമുണ്ട്‌. പ്ലാസ്റ്റികും മറ്റ്‌ മാലിന്യങ്ങളും കിടന്ന്‌ ഓടകൾ അടയുന്നതും അഴുകുന്നതും തൃശൂരിലെ നിത്യക്കാഴ്‌ചയാണ്‌. ഇത്‌ സമയാസമയങ്ങളിൽ വൃത്തിയാക്കാനുള്ള ഉത്തരവാദിത്തത്തോടൊപ്പം ഓടകൾ വൃത്തികേടാക്കുന്നവർക്കെതിരെ നടപടിയെടുക്കാനും നഗരസഭക്ക്‌ കഴിയും. വ്യാപകമായരീതിയിൽ മലിനജലം പുറത്ത്‌ വിടുന്നവരുടെ ഉത്തരവാദിത്വത്തിലോ അവരിൽനിന്ന്‌ ഫീസ്‌ ഈടാക്കിയോ മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനം കോർപറേഷൻ അധികാരികളുടെ നേതൃത്വത്തിൽ സ്ഥാപിക്കാവുന്നതാണ്‌.

മാലിന്യം അശ്രദ്ധയോടെ കൈകാര്യം ചെയ്യുകയോ, നിർദ്ദേശപ്രകാരം തരംതിരിച്ച്‌ നിശ്ചിത സ്ഥലത്ത്‌ നിക്ഷേപിക്കാതിരിക്കുകയോ, തോന്നിയ ഇടത്തേക്ക്‌ വലിച്ചെറിയുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ എടുക്കാനും അധികാരികൾക്ക്‌ കഴിയും.

പ്ലാസ്റ്റിക്കിന്റെ കാര്യത്തിലാണെങ്കിൽ പ്ലാസ്റ്റിക്‌ ബാഗുകളുടെ ഉപയോഗം കർശനമായും നിയന്ത്രിക്കുന്നതിന്‌ നഗരസഭക്ക്‌ അധികാരമുണ്ട്‌. കോർപറേഷൻ പ്രദേശത്ത്‌ വിൽപന നടത്തുന്ന പ്ലാസ്റ്റിക്‌ ക്യാരി ബാഗുകളുടെ വിൽപന നിയന്ത്രിക്കുന്നതിനായി ക്യാരി ബാഗുകളുടെ വില നിശ്ചയിക്കാനും, വിൽപനക്കാർക്ക്‌ പ്രത്യേക ലൈസൻസ്‌ഫീസ്‌ ഏർപ്പെടുത്താനും നഗരസഭാഅധികാരികൾക്ക്‌ അധികാരമുണ്ട്‌. പ്ലാസ്റ്റിക്‌ ക്യാരി ബാഗുകളുടെ ഉപയോഗം കർശമായി നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാതെ തൃശൂർ നഗരത്തെ വൃത്തിയാക്കിയെടുക്കാൻ കഴിയില്ലയെന്നകാര്യം ഇപ്പോൾ നിലനിൽക്കുന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ തർക്കമറ്റ വസ്‌തുതയാണ്‌.

ഇനി മാലിന്യമാനേജ്‌മെന്റ്‌ പ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ ഫണ്ട്‌ കണ്ടെത്തുന്നതിനായി മാലിന്യനിർമ്മാർജന ഫണ്ട്‌ എന്നപേരിൽ ഒരു പ്രത്യേക നിധി സ്വരൂപിക്കുന്നതിനും നിലനിൽക്കുന്ന നിയമം അനുശാസിക്കുന്നുണ്ട്‌. മാലിന്യക്കുറ്റങ്ങൾ ചെയ്യുന്നവരിൽ നിന്നും ഈടാക്കുന്ന പിഴ, ജനങ്ങളിൽ നിന്നും പിരിക്കുന്ന പ്രത്യേകഫീസ്‌, മറ്റ്‌ ഗവൺമെന്റ്‌ ഫണ്ടുകൾ എന്നിവ ചേർത്താണ്‌ ഇത്‌ ഉണ്ടാക്കേണ്ടത്‌. മേൽപറഞ്ഞതിന്റെ പശ്ചാത്തലത്തിൽ ഖരമാലിന്യമായാലും വേണ്ടില്ല ദ്രവമാലിന്യമായാലും വേണ്ടിയില്ല ഇവ വേണ്ടവിധം സംസ്‌കരിക്കുന്നതിനാവശ്യമായ നിയമപരവും സാമ്പത്തികപരവുമായ എല്ലാവിധ പിൻതുണയും ഇപ്പോൾ തന്നെ നിലനിൽക്കുന്നുണ്ട്‌. ഇത്‌ നടപ്പിലാക്കാൻ ആവശ്യമായ ജനകീയ സഹകരണം നേടിയെടുക്കുകയും രാഷ്‌ട്രീയ ഇച്ഛാശക്തിയോടെ നടപ്പിലാക്കുകയും ആണ്‌ തൃശൂർ കോർപറേഷൻ അടിയന്തിരമായി ചെയ്യേണ്ടത്‌.

അനുബന്ധങ്ങൾ

പ്ലാസ്റ്റിക്കിനെ എന്തുകൊണ്ട്‌ നിയന്ത്രിക്കണം

പ്ലാസ്റ്റിക്കിന്റെ ഉത്‌പാദനം തടയുവാനോ ഉപയോഗം പൂർണ്ണമായി നിരോധിക്കുവാനോ സാധിക്കുമെന്ന്‌ വിചാരിക്കേണ്ടതില്ല. ഇൻഡ്യയിൽ 17% വളർച്ചാനിരക്കുള്ള പ്ലാസ്റ്റിക്ക്‌ വ്യവസായം സൺറൈസ്‌ ഇൻഡസ്‌ട്രീ എന്നാണ്‌ അറിയപ്പെടുന്നത്‌. സൊസൈറ്റി ഓഫ്‌ പ്ലാസ്റ്റിക്‌ എഞ്ചിനീയേഴ്‌സിന്റെ കണക്കു പ്രകാരം പ്രതിവർഷം 200 മില്യൺ ടണ്ണിലധികം പ്ലാസ്റ്റിക്‌ ഉതൊ്‌പന്നങ്ങൾ ലോകത്ത്‌ നിർമ്മിക്കുന്നുണ്ട്‌. ഇതിൽ ഏകദേശം 35% പാക്കേജിംങ്ങിനാണ്‌ ഉപയോഗിക്കുന്നത്‌. പ്ലാസ്‌റ്റിക്‌ കാരിയർ ബാഗുകളും, കവറുകളും, വീട്ടുമാലിന്യങ്ങൾ നിറച്ച്‌ പൊതുനിരത്തുകളിൽ നിക്ഷേപിക്കുമ്പോഴാണ്‌ അത്‌ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നത്‌. പ്ലാസ്റ്റിക്‌ മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും എത്രമാത്രം ദോഷകരമാണെന്ന്‌ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

1. പ്ലാസ്റ്റിക്‌ മണ്ണിൽ ലയിച്ചു ചേരുന്നില്ല. സൂര്യപ്രകാശത്താൽ വിഘടിച്ച്‌ ചെറിയ കണികകളായി വേർപിരിഞ്ഞാലും രാസമാലിന്യങ്ങൾ അടങ്ങിയ കണികകൾ മണ്ണിൽ ലയിക്കാതെ സഹസ്രാബ്‌ദങ്ങൾ വരെ കിടക്കും. പ്രയോജനകരമായ ബാക്‌ടീരിയകളെ നശിപ്പിക്കുകയും മണ്ണിലെ വായുസഞ്ചാരവും ജലസംഭരണ ശേഷിയും കുറച്ച്‌ ഭൂമിയെ കൃഷിക്ക്‌ ഉപയുക്തമല്ലാതാക്കി തീർക്കുകയും ചെയ്യുന്നു.

2. ഒരിക്കലും ശുദ്ധീകരിക്കാൻ കഴിയാത്തവിധം ജലസ്രോതസ്സുകളെ മലിനമാക്കുകയും ജലലഭ്യത കുറക്കുകയും ചെയ്യുന്നു. വേൾഡ്‌ ബാങ്കിന്റെ റിപ്പോർട്ട്‌ പ്രകാരം 1947 ൽ പ്രതിവർഷം ആളോഹരി ജലലഭ്യത 5000 ക്യു.മീ ആയിരുന്നെങ്കിൽ 1997ൽ അത്‌ 2000 ക്യു.മീ. താഴെയായി. 1951 ൽ വെസ്റ്റ്‌ ബംഗാളിലെ 2574 ക്യു.മീ. ആളോഹരി ശുദ്ധജല ലഭ്യത 2011 ൽ 720 ക്യു.മീറ്ററായി ചുരുങ്ങി എന്ന കാര്യം വിസ്‌മരിക്കരുത്‌.

3. പ്ലാസ്റ്റിക്‌ നിർമ്മാണ വേളയിൽ, ഉപയോഗിക്കുന്ന താലേറ്റുകൾ, ലെഡ്‌, ബിസ്‌ഫിനോൾ എ മുതലായ രാസവസ്‌തുക്കൾ പ്ലാസ്റ്റിക്‌ പദാർത്ഥങ്ങളുടെ പ്രത്യേകതമൂലം പ്ലാസ്‌റ്റിക്‌ തന്മാത്രകളുമായി സംയോജിക്കുകയില്ലെന്ന്‌ ഹാൻഡ്‌ബുക്ക്‌ ഓഫ്‌ പ്ലാസ്റ്റിക്‌ പ്രോസെസ്സസ്‌ എന്ന ഗ്രന്ഥത്തിൽ ചാത്സ്‌ എ. ഹാർപ്പർ അഭിപ്രായപ്പെടുന്നു. വായു, സൂര്യപ്രകാശം, ഡിറ്റർജന്റ്‌ എന്നിവയാൽ ഈ രാസവസ്‌തുക്കൾ വിഘടിക്കപ്പെടുമെന്നും പ്ലാസ്‌റ്റിക്‌ കളിപ്പാട്ടങ്ങൾ, വാട്ടർബോട്ടിൽ, ബേബി ബോട്ടിൽ എന്നിവയിൽ അടങ്ങിയ ബിസ്‌ഫിനോൾ, താലേറ്റുകൾ, ലെഡ്‌ എന്നിവ മനുഷ്യനും പരിസ്ഥിതിക്കും ഏറെ ദോഷകരമാണെന്നും ബിസ്‌ഫിനോൾ മനുഷ്യരിൽ ക്യാൻസർ ഉണ്ടാക്കുമെന്നും ലെഡ്‌ കുട്ടികളിൽ ശാരീരികവും മാനസികവുമായ വളർച്ചയെ മുരടിപ്പിക്കുകയും ചെയ്യുകയും നെർവസ്‌ സിസ്റ്റത്തെ ദോഷകരമായി ബാധിക്കുമെന്നും സെന്റർ ഫോർ ഡിസീസ്‌ കൺട്രോൾ ആന്റ്‌ പ്രിവൻഷൻ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കാനഡ, യൂറോപ്പ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങൾ ബേബിബോട്ടിൽ നിർമ്മാണത്തിന്‌ ബിസ്‌ഫിനോൾ ഉപയോഗം നിരോധിച്ചു കഴിഞ്ഞു.

4. പ്ലാസ്‌റ്റിക്‌ സഞ്ചികൾ മൂലം ഓടകൾ അടഞ്ഞ്‌ മലിനജലം കെട്ടിക്കിടക്കാൻ ഇടയാകുന്നു. ബംഗ്ലാദേശിൽ 1988ലും മുംബൈയിൽ 1998 ലും ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ പ്രധാന കാരണം പ്ലാസ്റ്റിക്ക്‌ ക്യാരിയബാഗുകളുടെ ബാഹുല്യത്താൽ ഓടകൾ അടഞ്ഞതാണെന്ന്‌ കരുതപ്പെടുന്നു.

5. ലോകത്ത്‌ ഉത്‌പാദിപ്പിക്കപ്പെടുന്ന പെട്രോൾ/ പ്രകൃതിവാതകത്തിന്റെ 8-10% വരെ പ്ലാസ്റ്റിക്ക്‌ നിർമ്മാണത്തിന്‌ ഉപയോഗിക്കുന്നു. 1 കിലോ പ്ലാസ്റ്റിക്ക്‌ നിർമ്മിക്കുവാൻ 2 കിലോ ഓയിൽ വേണ്ടിവരുന്നു.

6. ശാസ്‌ത്രീയമായ റീസൈക്കിളിങ്ങ്‌ വളരെ ചെലവേറിയതാണ്‌. റീസൈക്കിൾ ചെയ്‌ത പ്ലാസ്റ്റിക്കിൽ നിന്നും രാസവസ്‌തുക്കൾ ഒലിച്ചിറങ്ങാനുള്ള സാദ്ധ്യത വളരെയേറെയാണ്‌.

7. പി.വി.സി പ്ലാസ്റ്റിക്‌ കത്തിക്കുമ്പോൾ ഡയോക്‌സിൻ, ഫ്യൂറാൻ, വിനൈൽ ക്ലോറൈഡ്‌ , ബെൻസീൻ എന്നീ വിഷവാതകങ്ങൾ അന്തരീക്ഷത്തിലേക്ക്‌ ഉയരുന്നു. ഇതിൽ പലതും കാൻസറിന്‌ സാദ്ധ്യതയുള്ളതാണെന്ന്‌ ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തുന്നു.

8. ഫ്‌ളക്‌സ്‌ ബോർഡുകൾ വിഷകരമായ രാസവസ്‌തുക്കൾകൊണ്ട്‌ ഉണ്ടാക്കിയതും മനുഷ്യനും പരിസ്ഥിതിക്കും ഏറെ ദോഷം ചെയ്യുന്നതുമാകയാൽ പരസ്യങ്ങൾ എഴുതുവാൻ ഉപയോഗിക്കരുതെന്ന്‌ പൊളൂഷൻ കൺട്രോൾ ബോർഡ്‌ ഇലക്‌ഷൻ കമ്മീഷനോട്‌ ആവശ്യപ്പെടുകയുണ്ടായി.

9. 1970 ലെ നാഷണൽ മറൈൻ മാമ്മൽ ലബോറട്ടറിയിലെ ശാസ്‌ത്രജ്ഞന്മാരുടെ പഠനത്തിൽ ഓരോ വർഷവും നീർനായ, കടലാമ തുടങ്ങി ഒരു ലക്ഷത്തിലധികം സമുദ്രജീവികളും 200ൽപരം ഇനങ്ങളിൽ പെട്ട ജീവീകളും പ്ലാസ്റ്റിക്‌ മുഖേന ഇല്ലാതാകുന്നു.

അനുബന്ധം 2

സ്ഥലം 15 സെന്റ്‌ പരമാവധി ഷെഡ്‌ 40 X50 അടി വലിപ്പത്തിലുള്ളത്‌ വെർമികമ്പോസ്റ്റ്‌ നിർമ്മിക്കുന്നതിനായി 2 അടി ആഴത്തിലുള്ള ടാങ്കുകൾ രണ്ട്‌ കുഴികൾ 1. ചാണകം ഇടുന്നതിന്‌, 2. അടിഞ്ഞുകൂടുന്നത്‌സംസ്‌കരിക്കാൻ കഴി യാത്ത വസ്‌തുക്കൾ ഇടുന്നതിന്‌ ആവശ്യമായ വസ്‌തുക്കൾ ഒരു റോട്ടറിസീവ്‌, 2 വീൽബാരോ, ഷവലുകൾ, മൺവെട്ടി, കൊക്കി, ഗ്ലൗസ്‌, ഗംബൂട്ട്‌, മാസ്‌ക്‌......,വെയിങ്ങ്‌ മെഷീൻ, പേക്കിങ്‌മെഷീൻ, സിൽപോളീൻ, തെർമോമീറ്റർ, ബോർഡ്‌, ഹോസ്‌,.... വൈദ്യുതിക്കും വെള്ളത്തിനുംവേണ്ട സൗകര്യങ്ങൾ ഒന്നര എച്ച്‌.പി. മോട്ടോർ പമ്പ്‌ 2 തൊഴിലാളികൾ ഇവരെ മാസത്തിൽ 20 ദിവസം മാത്രമേ ജോലി ചെയ്യിക്കാവൂ. പ്രതീക്ഷിത നിർമ്മാണ ചെലവ്‌ 5-6 ലക്ഷം രൂപ പ്രതീക്ഷിത ആവർത്തന ചെലവ്‌ വർഷത്തിൽ സ്ഥലവിലയുടെ പലിശ, തേയ്‌മാനം,...... 1,80,000 കൂലി 3X600X12 2,16,000 കറന്റ്‌ മറ്റ്‌ ചെലവുകൾ 450,00 ആകെ 4,41,000 പ്രതീക്ഷിത വരവ്‌ കമ്പോസ്റ്റ്‌ 70 ടൺX 3000 2,10,000 വെർമി 20 ടൺ X 8000 1,60,000 വെർമി വാഷ്‌ 1000 ലിറ്റർ X50 50,000 സംസ്‌കരണ സബ്‌സിഡി 300X500 1,50,000 ആകെ 5,70000