പുത്തൻ സാമ്പത്തികനയവും സ്ത്രീകളും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
പുത്തൻ സാമ്പത്തികനയവും സ്ത്രീകളും
പ്രമാണം:T=Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം ജെൻഡർ
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം നവംബർ, 2001

ആമുഖം

പുതിയ സാമ്പത്തിക നയത്തിന്റെയും ഗാട്ട്‌ കരാറിന്റെയും തിക്ത ഫലങ്ങൾ നാം അനുഭവിച്ചുകൊണ്ടിരിക്കയാണല്ലോ. ലോകബാങ്ക്‌, അന്താരാഷ്‌ട്ര നാണയ നിധിപോലുള്ള സ്ഥാപനങ്ങളെ ഉപയോഗിച്ചുകൊണ്ട്‌ സാമ്രാജ്യത്വ ശക്തികൾ നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെ ഹനിക്കുന്നു. വികസിതരജ്യങ്ങൾ ഇന്ത്യയെപോലുള്ള ദരിദ്ര രാജ്യങ്ങളിലെ വികസിച്ചുവരുന്ന മാർക്കറ്റിൽ കടന്നുകൂടുന്നു. അവരുടെ സാമ്പത്തിക പ്രതിസന്ധി നമ്മുടെ ചുമലിലേക്ക്‌ മാറ്റാൻ ശ്രമിക്കുന്നു. അമിതലാഭത്തിനുവേണ്ടി മൂന്നാം ലോകരാജ്യങ്ങളിലെ ജനങ്ങളെ ചൂഷണം ചെയ്യുന്നു. ചുരുക്കത്തിൽ ഇന്ന്‌ നമ്മുടെ മുമ്പിൽ പത്തിവിടർത്തിയാടുന്ന ഒരു യാഥാർത്ഥ്യമാണ്‌ ആഗോളവൽക്കരണം. പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നപോലെ മനുഷ്യന്റെ അവബോധത്തിൽ ഉണ്ടായ ഒരു മാറ്റമല്ല ഇത്‌. ആഗോളവൽക്കരണത്തെ ചരക്ക്‌, ധനം, അറിവ്‌ എന്നിവ ആഗോളമായി കൈമാറ്റം ചെയ്യുന്ന അവസ്ഥ എന്ന്‌ നിർവചിക്കാം.

ആഗോള ധന മൂലധനത്തിന്റെ താല്‌പര്യം ദേശീയ അതിർ വരമ്പുകളില്ലാതെ വിദേശ നിക്ഷേപകർക്കും കോർപ്പറേഷനുകൾക്കും സ്വതന്ത്രമായി കടന്നുവരാനും ഉല്‌പന്നങ്ങൾ വിറ്റഴിക്കാനും കഴിയണം എന്നതാണ്‌. ഇതിനനുസൃതമായി ഇറക്കുമതി - കയറ്റുമതി ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ ലോകവ്യാപാരസംഘടനയുടെ നിർദ്ദേശാനുസരണം നമ്മുടെ ദേശീയ സർക്കാർ തയ്യാറായിക്കഴിഞ്ഞു. ഈ നീക്കം ഇന്ന്‌ നിലനില്‌ക്കുന്ന വിവേചനങ്ങൾ കൂടുതലാക്കും. മതമൗലികവാദം, ജാതീയ വിവേചനം, ന്യൂനപക്ഷ വിവേചനം, ആദിവാസികളെ ആക്രമിക്കൽ മുതലായവകൊണ്ട്‌ വീർപ്പ്‌മുട്ടുന്ന ഒരു ജനസമൂഹത്തിന്റെ മേലാണ്‌ പുത്തൻ സാമ്പത്തിക ക്രമങ്ങളുടെ പേരിലുള്ള ക്രൂരമായ കടന്നാക്രമണം ഉണ്ടാവുന്നത്‌. സമൂഹത്തിലെ പ്രബല വിഭാഗങ്ങളുടെയും ധനികരുടെയും ഒത്താശയുണ്ടെന്നുള്ളതുകൊണ്ടാണ്‌ സർക്കാരിന്‌ ഇവയൊക്കെ നിഷ്‌പ്രയാസം നടപ്പിലാക്കാൻ സാധിക്കുന്നത്‌.

സാർവദേശിയ ധനകാര്യ സ്ഥാപനങ്ങളായ ലോകബാങ്കിന്റെയും അന്താരാഷ്‌ട്ര നാണ്യ നിധിയുടെയും താല്‌പര്യങ്ങൾക്കനുസരിച്ച്‌ താഴെപറയുന്ന മാറ്റങ്ങൾക്ക്‌ നമ്മൾ നടപടി സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു.

1. സ്ഥിരീകരണം (Stabilization): സമ്പദ്‌വ്യവസ്ഥയെ സ്ഥിരീകരിക്കാനുള്ള ഹ്രസ്വകാല നടപടി. സബ്‌സിഡി കുറക്കുക, പ്ലാൻ ചെലവുകൾ വെട്ടിക്കുറക്കുക, രൂപയുടെ മൂല്യം കുറയ്‌ക്കുക എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്‌.

2. പുനഃക്രമീകരണം (Re organizaiton): ഇത്‌ ഒരു ഇടക്കാല പ്രക്രിയയാണ്‌. വിദേശകമ്മി കുറക്കുന്നതിനുള്ള നടപടികളാണ്‌ ഇതിൽ മുഖ്യം. ബാലൻസ്‌ ഓഫ്‌ പെയ്‌മെന്റ്‌ എങ്ങിനെയെങ്കിലും മെച്ചപ്പെടുത്തുക എന്നതാണ്‌ മുഖ്യലക്ഷ്യം.

3. ഘടനാപരമായ പുനഃസംഘടന (Structural adjustment programme- SAP): ഇത്‌ ദീർഘകാല താല്‌പര്യത്തോടുകൂടിയ സമ്പദ്‌ ക്രമത്തിന്റെ പുനഃക്രമീകരണംആണ്‌. കൂടുതൽ കാര്യക്ഷമതയും മത്സരസാധ്യതയുമാണ്‌ ലക്ഷ്യം. ഇതിനായി വിപണി സൗഹൃദനയങ്ങൾ നടപ്പിലാക്കുന്നു. സാമ്പത്തിക രംഗത്തു മാത്രമല്ല സാമൂഹ്യ, രാഷ്‌ട്രീയ രംഗങ്ങളിലും ഇവയുടെ പ്രത്യാഘാതം കാണാം. ഈ നയം സ്വതന്ത്ര മാർക്കറ്റിനെ കേന്ദ്രീകരിച്ചുള്ളതാണ്‌. അതുകൊണ്ടുതന്നെ ജീവിതമൂല്യങ്ങൾ �കഴിയുന്നത്ര വേഗം കഴിയുന്നത്ര തോതിൽ ധന സമ്പാദനം� എന്നതിൽ ഒതുങ്ങുന്നു. മനുഷ്യബന്ധങ്ങൾ തകരുന്നു. അതിക്രമങ്ങൾ പെരുകിവരുന്നു. സ്വാഭാവികമായി അതിക്രമത്തിന്റെ ഇരകളും അതുമൂലം കഷ്‌ടപ്പെടുന്നവരുമായി സ്‌ത്രീകൾ മാറുന്നു.

ആഗോളവൽക്കരണത്തിന്റെ ഭാഗമായുള്ള പലതീരുമാനങ്ങളും എടുക്കുന്നത്‌ നമ്മുടെ രാജ്യത്തിനകത്തല്ല പുറത്താണ്‌. തീരുമാനങ്ങൾ എടുക്കുന്ന സമിതികളിൽ നിന്ന്‌ അതിനുമുൻപു തന്നെ ഒഴിച്ചുനിർത്തപ്പെട്ടിരുന്ന സ്‌ത്രീകൾ ഇപ്പോൾ കൂടുതൽ പുറംതള്ളപ്പെട്ടിരിക്കുന്നു. പൗരയെന്നനിലയിൽ, തൊഴിലെടുക്കുന്നവൾ, ഉൽപാദനത്തിൽ പങ്കാളി, ഉപഭോക്താവ്‌, ഭാര്യ, അമ്മ, മനുഷ്യജീവി എന്നീ നിലകളിൽ മാന്യമായ ജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്ന സ്‌ത്രീക്ക്‌ കനത്ത തിരിച്ചടിയാണ്‌ പുതിയനയങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്‌. അസന്തുലിതാവസ്ഥ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ഘടനാപരമായ മാറ്റം ജാതി-വർഗ്ഗം-ലിംഗം തുടങ്ങിയ വ്യത്യസ്‌ത വിഭാഗങ്ങളെ ഒരുപോലെയല്ല ബാധിച്ചത്‌. വിഭവങ്ങളും സാധ്യതകളും പരിമിതമായ സമൂഹത്തിൽ ഒരു വിഭാഗത്തിന്‌ ലഭിക്കുന്ന നേട്ടങ്ങൾ മറ്റൊരു വിഭാഗത്തിന്‌ വിനയായി മാറുന്നു.

1991ൽ വലിയൊരു കടബാധ്യത ഒഴിവാക്കാനാണ്‌ ലോകബാങ്കിന്റെയും ഐ.എം.എഫിന്റെയും സഹായത്തോടെ പുതിയ നയം കൊണ്ടുവന്നത്‌. പക്ഷേ ഇതിന്റെ കൂടെ വന്നത്‌ ഗവൺമെന്റിന്റെ ക്ഷേമപ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കൽ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, തുറന്ന മാർക്കറ്റ്‌, പ്രതിരോധം ഉൾപ്പെടെ എല്ലാ മേഖലകളിലും വിദേശമൂലധനം, അവരുടെ സാമ്പത്തിക പുനഃസംഘടന, വിലനിയന്ത്രണം എടുത്തുകളയൽ, തൊഴിൽ മേഖലയുടെ തകർച്ച എന്നിവയാണ്‌. ചുരുക്കിപ്പറഞ്ഞാൽ ഭൂരിപക്ഷം ജനതയും താണ വരുമാനക്കാർ, നിരക്ഷരർ, ആരോഗ്യമില്ലാത്തവർ, വിശപ്പ്‌ മാറാത്തവർ, പോഷകാഹാരമില്ലാത്തവർ എന്നിവരാണ്‌. ഗവൺമെന്റടക്കമുള്ളവരുടെ ആത്മാർത്ഥമായ ശ്രമത്തിലൂടെ മാത്രമെ ഈ സ്ഥിതിക്കൊരു മാറ്റം വരുത്താൻ കഴിയുകയുള്ളു. പക്ഷേ എസ്‌.എ.പി. യുടെ നിർദ്ദേശം മറിച്ചാണ്‌. പുതിയ നയങ്ങളുടെ ദോഷവശങ്ങൾ ദരിദ്രർ, ദളിതർ, രോഗികൾ, സ്‌ത്രീകൾ മുതലായ അവശ വിഭാഗങ്ങളുടെ ജീവിതം അസഹ്യമാക്കിത്തീർത്തിരിക്കുന്നു.

ജനക്ഷേമെന്നത്‌ കാലങ്ങളായി കേട്ടുവരുന്ന ഒരു വാക്കാണ്‌. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ, നിയമം, അധികാരം, നയപരിപാടികൾ എന്നിവ ഉപയോഗിക്കുകയാണ്‌ ജനക്ഷേമത്തിലൂന്നിയ ഭരണകൂടത്തിന്റെ ലക്ഷ്യം. ഈ നയപരിപാടികൾ ആഗോളതലത്തിലായാലും പ്രാദേശികതലത്തിലായാലും വിലയിരുത്തേണ്ടത്‌ പൊതുജനക്ഷേമം ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നീ കാഴ്‌ചപ്പാടുകളിലാണ്‌. പക്ഷേ കഴിഞ്ഞ ഒരു ദശകമായി നാം കാണുന്ന ഗാട്ട്‌, ഐ.എം.എഫ്‌. ശക്തികൾ നിർദ്ദേശിക്കുന്ന ഘടനാപരമായ പുഃനസംഘടനയും ഗുണനിലവാരത്തെക്കുറിച്ച്‌ സംസാരിക്കുന്നു. ആരുടെ ഗുണനിലവാരത്തെകുറിച്ച്‌ എന്നതാണ്‌ പ്രസക്തം. പണക്കാരന്റെയോ, മധ്യവർഗ്ഗത്തിന്റേയോ? അതോ ആദിവാസികളും സ്‌ത്രീകളും ദളിതരും തെരുവുയാചകരും എല്ലാവരും ഉൾപ്പെടുന്ന പാവപ്പെട്ടവരുടേയോ? ആരാണ്‌ ഗുണനിലവാരം ഉറപ്പുവരുത്താൻ പോകുന്നത്‌? ഹിന്ദുസ്ഥാൻ ലിവർ, പി.& ജി., എ.ടി.എൻ.ടി., വാർണർബ്രദേഴ്‌സ്‌ മുതലായ വൻകിട കുത്തകകളും കോർപ്പറേഷനുകളുമാണോ? ജനാധിപത്യ രാജ്യത്തിൽ ഭൂരിപക്ഷംപേർക്ക്‌ ഗുണകരമായ നയമാണ്‌ തുടരേണ്ടത്‌. ഗുണനിലവാരം അളക്കേണ്ടത്‌ പ്രതിശീർഷവരുമാനത്തിലും ജി.എൻ.പി. അടിസ്ഥാനമാക്കിയും മാത്രമല്ല. മാനസികസുരക്ഷ, ധൈര്യം, അനുകമ്പ, കൂട്ടായ്‌മ, സഹാനുഭൂതി മുതലായവയും ഗുണനിലവാരത്തിന്റെ ഭാഗംതന്നെയാണ്‌. അമർത്യാസെൻ പറയാറുള്ള `കേപബിലിറ്റി തിയറി' അനുസരിച്ച്‌ ഒരാൾ സ്വായത്തമാക്കിയ കഴിവുകൾ വിശപ്പ്‌, രോഗം എന്നിവയിൽ നിന്നുള്ള മോചനം. സാമ്പത്തിക സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ നേടിയെടുക്കാനുള്ള പ്രവർത്തനം, ആത്മാഭിമാനം ഉണ്ടാക്കുന്ന പ്രവൃത്തി ഇതിലേതുമാവാം. മേൽപറഞ്ഞ കഴിവുകളെ എങ്ങിനെ വിനിയോഗിക്കാൻ കഴിയുന്നു എന്നതിനനുസരിച്ചാണ്‌ ജനാധിപത്യപ്രക്രിയയുടെ വിജയം തീരുമാനിക്കേണ്ടത്‌. ഈ അടിസ്ഥാനത്തിലാണ്‌ ആഗോളവൽക്കരണത്തെ കാണേണ്ടത്‌. വിലയിരുത്തേണ്ടത്‌.

വിലക്കയറ്റം - ഭക്ഷ്യഭദ്രത - സ്‌ത്രീകൾ

നാം നേരിടുന്ന ഏറ്റവും വലിയ വിപത്ത്‌ ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റമാണ്‌. ദാരിദ്ര്യരേഖക്ക്‌ താഴെയുള്ള ജനവിഭാഗങ്ങളുടെ എണ്ണത്തെപ്പറ്റി കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾ തർക്കത്തിലാണ്‌. ഇന്ത്യയിലെ പ്രതിശീർഷ ധാന്യ ഉപഭോഗം കുറഞ്ഞു വരികയാണ്‌. ദരിദ്രരുടെ ഏക പ്രൊട്ടീൻ ആഹാരമായ പരിപ്പിന്റെ ഉപഭോഗം 20% കുറഞ്ഞു. റേഷൻവിതരണം താറുമാറായി. റേഷനരിയുടെ വില പലതവണയായി ഉയർത്തി ഏതാണ്ട്‌ പൊതു വിപണിയിലെ വിലക്കൊപ്പം എത്തി. റേഷൻ വ്യാപാരികൾ ആത്മഹത്യചെയ്യുന്ന സ്ഥിതിയിലാണ്‌. ഭക്ഷണം കുറയുമ്പോൾ സമൂഹത്തിൽ പൊതുവിൽ നിലനിൽക്കുന്ന ലിംഗ വിവേചനം കാരണം സ്‌ത്രീകളുടെ ആഹാരം വളരെ കുറയുന്നു. ദാരിദ്ര്യരേഖക്ക്‌ താഴെയുള്ള ജനതയിൽ 70% സ്‌ത്രീകളാണെന്നുള്ള വസ്‌തുത ആരും കാണുന്നതേയില്ല. സ്‌ത്രീകൾ, കുട്ടികൾ, വിധവകൾ, പെൺകുട്ടികൾ, സ്‌ത്രീകൾ ഗൃഹനാഥയായ കുടുംബത്തിലെ അംഗങ്ങൾ, ആദിവാസികൾ മുതലായവരാണ്‌ ഏറ്റവും അധികം കഷ്‌ടപ്പാട്‌ സഹിക്കുന്നത്‌.

വ്യവസായവൽക്കരണത്തിന്റെ പേരിൽ ധനികർക്ക്‌ നികുതി ഇളവുകൾ പ്രഖ്യാപിക്കുന്നു. അതേസമയം നിയമപ്രകാരമുള്ള കുറഞ്ഞ നികുതിപോലും വൻകിടക്കാരിൽനിന്ന്‌ പിരിച്ചെടുക്കാൻ ശ്രമിക്കുന്നില്ല. സത്യസന്ധമായി വ്യവസായികൾ നികുതി അടച്ചിരുന്നെങ്കിൽ സർക്കാറിന്റെ നികുതിവരുമാനം 100% വർദ്ധിക്കേണ്ടതാണ്‌. ഇത്‌ വസൂലാക്കി എടുക്കുന്നതിനുപകരം പാവപ്പെട്ടവരുടെ അവശ്യസാധനങ്ങളുടെ വിലകൂട്ടി, പൊതുവിതരണ സമ്പ്രദായം തകർത്ത്‌ ചൂഷണം ചെയ്യുന്നു. റേഷനരി, ഗോതമ്പ്‌, മണ്ണെണ്ണ, പഞ്ചസാര എന്നിവയുടെ വില പൊതു മാർക്കറ്റിലെ വിലയുമായി വലിയ വ്യത്യാസമില്ലാതാക്കിത്തീർത്തിരിക്കുന്നു. പുതിയ നയത്തിന്റെ ഭാഗമായി സബ്‌സിഡികൾ വെട്ടിക്കുറക്കുക മാത്രമല്ല പൊതു വിതരണ സമ്പ്രദായം തന്നെ തകർത്ത്‌ ലക്ഷക്കണക്കിന്‌ പാവപ്പെട്ടവർക്ക്‌ റേഷൻ കാർഡ്‌ പോലും നിഷേധിക്കുന്നു.

ആരോഗ്യവകുപ്പിന്റെ പഠനം അനുസരിച്ച്‌ പ്രതിദിനം 370 ഗ്രാം ഭക്ഷണമെങ്കിലും ഒരു വ്യക്തിക്ക്‌ അത്യാവശ്യമാണ്‌. അതു ലഭ്യമാകണമെങ്കിൽ ഇപ്പോൾ നൽകുന്നതിന്‌ പുറമെ 32.4 ദശലക്ഷം ടൺ ഭക്ഷ്യധാന്യം കൂടി വിതരണം ചെയ്യണം. പക്ഷേ സർക്കാർ 15.1 ദശലക്ഷം ടണ്ണായി വെട്ടിക്കുറക്കുകയാണ്‌ ചെയ്‌തത്‌. ഫുഡ്‌ കോർപറേഷന്റെ ഗോഡൗണുകളിൽ ഭക്ഷ്യധാന്യം സൂക്ഷിക്കാനിടമില്ലാതെ കേടുവന്ന്‌ പോകുന്ന അവസരത്തിലാണ്‌ ഈ വെട്ടിച്ചുരുക്കൽ നടപടി എന്നതാണ്‌ ഏറെ ആശ്ചര്യമുളവാക്കുന്നത്‌. ചുരുക്കത്തിൽ ഇന്ന്‌ ഭൂരിപക്ഷം ജനതയും പൊതുവിപണിയെ ആശ്രയിക്കേണ്ടിവരുന്നു. ഫലം വിശപ്പും പോഷകാഹാരക്കുറവും ആണ്‌. ആദിവാസികളുടെ ഇടയിലെ പട്ടിണിമരണങ്ങൾ ഏതാണ്ട്‌ എല്ലാ സംസ്ഥാനത്തും ഒരുപോലെ അധികരിച്ചിരിക്കുന്നത്‌ ഈ സാഹചര്യത്തിലാണ്‌.

സേവനമേഖല സ്വകാര്യവൽക്കരിച്ചതും വിലക്കയറ്റത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. ഔഷധവിലയും ചികിത്സാച്ചെലവും ക്രമാതീതമായി വർദ്ധിച്ചു. സ്വന്തം കിടപ്പാടം വിറ്റ ഭൂരിപക്ഷം പേരും ചികിത്സാ ചെലവിലേക്കു വേണ്ടിയാണ്‌ അങ്ങനെ ചെയ്‌തത്‌ എന്ന്‌ കേരളത്തിൽ തന്നെ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു. സ്‌ത്രീധനത്തിനും വിവാഹച്ചെലവിനും രണ്ടാം സ്ഥാനമേയുള്ളൂ. ബസ്സ്‌ ചാർജ്‌, വൈദ്യുതിയുടെ ചാർജ്ജ്‌, കുടിവെള്ള വിതരണത്തിന്‌ ഈടാക്കുന്ന തുക ഇവയെല്ലാം വൻതോതിൽ വർദ്ധിച്ചത്‌ കേരളത്തിൽ ഈ അടുത്ത കാലത്ത്‌ നടന്ന സംഭവമാണല്ലോ.

സ്‌ത്രീകളുടെ തൊഴിലും തൊഴിൽ സാഹചര്യവും

90 ശതമാനത്തിൽ അധികം സ്‌ത്രീകളും തൊഴിലെടുക്കുന്നത്‌ അസംഘടിത മേഖലയിലാണ്‌. അതിൽ 76% കൃഷിപ്പണിയിലാണ്‌ ഏർപ്പെട്ടിരിക്കുന്നത്‌. 28.3 ദശലക്ഷം സ്‌ത്രീകൾ തുച്ഛമായ കൂലിക്ക്‌ വർഷത്തിൽ 100 ദിവസം പോലും ജോലിയില്ലാത്ത കർഷകത്തൊഴിലാളികളാണ്‌. 30-35 ശതമാനം ഗ്രാമീണ കുടുംബങ്ങൾ സ്‌ത്രീകളുടെ വരുമാനത്തെ മാത്രം ആശ്രയിച്ച്‌ കഴിയുന്നു. 21.5 ദശലക്ഷം സ്‌ത്രീകൾ കുടുംബ കൃഷിസ്ഥലങ്ങളിൽ ജോലി ചെയ്യുന്നു. പല സമുദായങ്ങളിലും സ്‌ത്രീക്ക്‌ സ്വത്തവകാശം ഇല്ലാത്തതുകൊണ്ട്‌ ഈ ഭൂമിയിൽ സ്‌ത്രീക്ക്‌ ഒരവകാശവും ഉണ്ടാവില്ല. കുടുംബ നിലനില്‌പിന്‌ ഉള്ള ജോലിയാണെങ്കിലും ശമ്പളമില്ലാത്തതുകൊണ്ട്‌ അംഗീകാരവുമില്ല. സംഘടിതമേഖലയിൽ 14% മാത്രമാണ്‌ സ്‌ത്രീകളുടെ തൊഴിൽ പങ്കാളിത്തം.

ആഗോളവൽക്കരണം തൊഴിലിന്റെ ഘടനയിലും ഉൽപാദനരംഗത്തും വമ്പിച്ച മാറ്റങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്‌. ആഗോളവൽക്കരണം നടപ്പിലാക്കുന്നതിന്‌ മുൻപു തന്നെ സാങ്കേതിക വൈദഗ്‌ധ്യം ഉള്ള തൊഴിലുകളിൽ സ്‌ത്രീ പ്രാതിനിധ്യം കുറവായിരുന്നു. സ്‌ത്രീകളുടെയും കുട്ടികളുടെയും അധ്വാനം ഉപയോഗിച്ചു വന്നിരുന്നത്‌ വേതനം കുറഞ്ഞ, കഠിനാധ്വാനം വേണ്ട മേഖലകളിലായിരുന്നു. പുതിയ മാറ്റങ്ങൾ അവിദഗ്‌ധ തൊഴിലാളികളെയും ഗുമസ്‌ത ജോലികളെയും മൊത്തത്തിൽ ഇല്ലാതാക്കുകയാണ്‌. സ്‌ത്രീകളുടെ തൊഴിൽ ഏറ്റവും അധികം ഈ മേഖലകളിൽ ആയിരുന്നതു കൊണ്ട്‌ അവരുടെ തൊഴിൽ സാധ്യതകൾ പൂർണ്ണമായും നഷ്‌ടപ്പെടുന്നു. അതേസമയം സാങ്കേതിക വൈദഗ്‌ധ്യം നേടിയ സ്‌ത്രീകൾ ഇന്നും എണ്ണത്തിൽ കുറവാണ്‌. അവരിൽ തന്നെ ഫീൽഡു ജോലിക്കു പോകുന്നവരുടെ എണ്ണം വളരെ കുറവാണ്‌. അതുകൊണ്ട്‌ പുതിയ സാങ്കേതിക മാറ്റങ്ങൾ സത്രീകളെ കൂട്ടത്തോടെ തൊഴിൽ മേഖലയിൽ നിന്ന്‌ പുറന്തള്ളുകയാണ്‌. പുതിയതായി തൊഴിലവസരങ്ങൾ ഉണ്ടാകുന്ന ഐ.ടി. മേഖലയിൽ ആകട്ടെ കമ്പ്യൂട്ടർ ഓപ്പറേറ്റർമാരായിട്ടാണ്‌ ഭൂരിപക്ഷം സ്‌ത്രീകളും ജോലി ചെയ്യുന്നത്‌. അവരെത്തന്നെ കോൺട്രാക്‌ട്‌ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനാണ്‌ വ്യവസായ സ്ഥാപനങ്ങൾ കൂടുതൽ താൽപര്യം കാണിക്കുന്നത്‌. സ്‌ത്രീകളുടെ കോൺട്രാക്‌റ്റ്‌ ജോലിയെപ്പറ്റി നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്‌.

ഇന്ത്യയിൽ ധാരാളം സ്‌ത്രീകൾ ജോലി ചെയ്യുന്നതും കൂടുതൽ വിദേശപണം ലഭിക്കുന്നതുമായ ഒരു മേഖലയാണ്‌ വൈരക്കൽ സംസ്‌ക്കരണ യൂണിറ്റുകൾ. ഇവിടെ സത്രീകൾ ജോലി ചെയ്യുന്നത്‌ `പീസ്‌ റേറ്റ്‌' അടിസ്ഥാനത്തിലാണ്‌. സ്‌ത്രീകൾക്ക്‌ മോശമല്ലാത്ത വേതനം ലഭിക്കുന്നുണ്ടെങ്കിലും മറ്റൊരു വിധത്തിലുള്ള ആനൂകൂല്യങ്ങളും ഇല്ല. മുംബെയിലെ പ്ലാസ്റ്റിക്‌ വ്യവസായ രംഗത്ത്‌ സ്‌ത്രീകൾ വീട്ടിലിരുന്നാണ്‌ പണിയെടുക്കുന്നത്‌. ആ തൊഴിലവസരം പോലും നഷ്‌ടപ്പെടുത്തിക്കൊണ്ട്‌ ഡി-ലൈസൻസിംഗ്‌ നടക്കുകയാണവിടെ. അതായത്‌ വലിയ വ്യവസായ സ്ഥാപനങ്ങൽക്കുവേണ്ടി ജോലി ചെയ്യുന്ന ഏജൻസികളുടെയും വ്യക്തികളുടെയും ലൈസൻസ്‌ റദ്ദാക്കിക്കൊണ്ടിരിക്കുകയാണ്‌. അതുമൂലം വീട്ടിലിരുന്നു ചെയ്യുന്ന ഈ തൊഴിലും സ്‌ത്രീകൾക്ക്‌ നഷ്‌ടമായിക്കൊണ്ടിരിക്കുകയാണ്‌. സ്‌ത്രീ തൊഴിലാളികൾക്ക്‌ പുറത്തു പോകേണ്ടിവരുന്ന ഫാർമസ്യൂട്ടിക്കൽ രംഗമാണ്‌ പഠനം നടന്ന മറ്റൊരു രംഗം. നിരവധി ഫാർമസ്യൂട്ടിക്കൽ കമ്പനികൾ സ്ഥലപരിമിതി മൂലം അടച്ചുപൂട്ടേണ്ടി വന്നു. ഈ മേഖലയിൽ കൂടുതലും സ്‌ത്രീതൊഴിലാളികളാണ്‌ പണിയെടുത്തിരുന്നത്‌. അവരെ ഈ ഫാക്‌ടറികളിൽ നിന്ന്‌ നിർബന്ധമായി പിരിച്ചയക്കുകയാണ്‌ ചെയ്‌തത്‌. ഇന്നവർ അദൃശ്യരായിരിക്കുന്നു. സമ്പാദ്യമില്ല. വീടില്ല, കുടുംബമില്ല. പലരും ആത്മഹത്യയുടെ വക്കിലാണ്‌. വിവിധ വ്യവസായങ്ങളിൽ നിന്ന്‌ ഇതേപോലെ പിരിഞ്ഞു പോകേണ്ടിവരുന്ന പുരുഷൻമാരുടെ എണ്ണവും ലക്ഷക്കണക്കിനാണ്‌. ബാങ്കിംങ്ങ്‌, എൽ.ഐ.സി മുതലായ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന്‌ വി.ആർ.എസ്‌. പ്രകാരം പിരിഞ്ഞു പോയവരുടെ എണ്ണവും ചെറുതല്ല.

കയർ, കശുവണ്ടി, പുകയില, ഖാദി, കൈത്തറി, മത്സ്യം എന്നീ മേഖലകളിലും ധാരാളം സ്‌ത്രീകൾ തൊഴിലെടുക്കുന്നുണ്ട്‌ പുതിയ സാമ്പത്തിക നയവും ഉദാരവൽക്കരണവും മറ്റും ഈ രംഗങ്ങളിലും കുഴപ്പം സൃഷ്‌ടിച്ചിരിക്കുന്നു. ആന്ധ്രയിലെ നെയ്‌ത്തു തൊഴിലാളികളുടെ പട്ടിണി മരണം ഒരു തുടർക്കഥയായി മാറിയിരിക്കുന്നു. ഈ നെയ്‌ത്തു താഴിലാളികളിൽ 44% സ്‌ത്രീകളാണ്‌. തൊഴിൽ നഷ്‌ടപ്പെട്ട പലരും വേശ്യാവൃത്തിയിലേക്ക്‌ വലിച്ചിഴക്കപ്പെട്ടു. ചെറിയ കുട്ടികൾ വിൽക്കപ്പെട്ടു.

പട്ടുനൂൽ വ്യവസായത്തിലും ലക്ഷക്കണക്കിന്‌ സ്‌ത്രീകൾ ജോലി ചെയ്യുന്നുണ്ട്‌. ഉദാരവൽക്കരണവും ഇറക്കുമതിയും കാരണം ഇവരും നിരാധാരമായി. മത്സ്യബന്ധന മേഖലയിൽ ബഹുരാഷ്‌ട്ര കുത്തകകൾ മെഷീൻ പിടിപ്പിച്ച ബോട്ടുകളുമായി ആഴക്കടൽ മത്സ്യങ്ങളെപ്പോലും തൂത്തുവാരി കൊണ്ടുപോകുന്നത്‌ ലക്ഷക്കണക്കിന്‌ മത്സ്യത്തൊഴിലാകളെ പട്ടിണിയിലേക്ക്‌ തള്ളി വിട്ടുകൊണ്ടാണ്‌. കയർ മേഖലയിലും ധാരാളം മെഷീനുകൾ സ്‌ത്രീകളുടെ തൊഴിലവസരങ്ങൾ നിഷേധിച്ചു കൊണ്ട്‌ കടന്നു വരുന്നു.

ചുരുക്കത്തിൽ പുതിയ സാമ്പത്തികനയം സ്‌ത്രീകൾക്ക്‌ ലഭ്യമായിരുന്ന തൊഴിലും ഇല്ലാതാക്കി. അവരെ അനൗപചാരിക അസംഘടിത മേഖലകളിലേക്ക്‌ തള്ളിവിട്ടിരിക്കുന്നു. വ്യവസായികൾ തൊഴിൽ നിയമങ്ങളെ മറികടക്കാൻ അനുബന്ധ ജോലികൾ സ്‌ത്രീകളെകൊണ്ട്‌ വീടുകളിൽ വെച്ച്‌ ചെയ്യിക്കുന്നു. പ്രത്യേകിച്ച്‌ തയ്യൽ, തുകൽ, ഇലക്‌ട്രോണിക്‌ വ്യവസായങ്ങളിൽ ഉദാ: മുംബെയിൽ കയറ്റുമതിക്കുള്ള റഡിമെയ്‌ഡ്‌ വസ്‌ത്രങ്ങളിൽ ബട്ടൺ പിടിപ്പിക്കുന്ന ജോലി. ഒരു ബട്ടൺ പിടിപ്പിക്കാൻ 5 പൈസ നിരക്കിൽ കൊടുക്കുന്നു. 8-10 മണിക്കൂർ ജോലിചെയ്‌ത്‌ 500 ബട്ടൺ പിടിപ്പിച്ചാൽ 25 രൂപ കൂലി കിട്ടും. മിനിമം കൂലിയിലും എത്രയോ കുറവ്‌.

തുകൽ ഉപയോഗിച്ച്‌ ബെൽറ്റ്‌ ഉണ്ടാക്കുന്ന ജോലിക്ക്‌ സ്‌ത്രീകളെ ഉപയോഗിക്കുന്നു. ദിവസം 20-25 ബൽറ്റുണ്ടാക്കുന്ന ജോലിക്ക്‌ സ്‌ത്രീകളെ ഒരു ബൽറ്റിന്‌ 60 പൈസയാണ്‌ കൂലി. ജലന്ദറിൽ റബർ ചെരുപ്പിന്റെ സ്‌ട്രാപ്പ്‌ 55 പൈസനിരക്കിൽ സ്‌ത്രീകളെക്കൊണ്ട്‌ ഉൽപാദിപ്പിക്കുന്നു. ഗവൺമെന്റാകട്ടെ ഇത്തരം തൊഴിലുകൾ സ്‌ത്രീകൾക്ക്‌ സഹായകരം എന്ന നിലപാടിൽ അവയെ പ്രോത്സാഹിപ്പിക്കുന്നു. ബഹുരാഷ്‌ട്ര കുത്തകകൾ മാർക്കറ്റുപിടിക്കാൻ തുടങ്ങിയതോടെ സ്വയം തൊഴിൽ കണ്ടെത്തലിന്‌ പ്രസക്തി ഇല്ലാതായി. ബാങ്കുകൾ സ്വകാര്യ വൽക്കരണത്തിന്റെ ഭാഗമായി കടം കൊടുക്കാൻ മടിക്കുന്നു. സബ്‌സിഡികളും വെട്ടിക്കുറയ്‌ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. വിദേശകുത്തകകളുടെ മുതൽ മുടക്ക്‌ 2.4 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന്‌ ഗവ: പറയുന്നു. പക്ഷേ, വരുന്ന മുതലെല്ലാം സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിലാണ്‌ എത്തുന്നത്‌. എപ്പോൾ വേണമെങ്കിലും അത്‌ പിൻവലിക്കുകയുമാവാം.

ഇടത്തരക്കാരായ സ്‌ത്രീകൾക്ക്‌ തൊഴിലും സ്വാതന്ത്ര്യവും കൂടും എന്നൊരു വ്യാമോഹം ആഗോളവൽക്കരണം ഉണ്ടാക്കിയിട്ടുണ്ട്‌. അഭ്യസ്‌തവിദ്യരായ കുറച്ച്‌ സ്‌ത്രീകൾക്ക്‌ സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുണ്ട്‌ എന്നത്‌ വാസ്‌തവം തന്നെ. പക്ഷേ നഷ്‌ടപ്പെട്ട തൊഴിൽ സാധ്യതയുമായി താരതമ്യപ്പെടുത്താൻ വയ്യ എന്ന്‌ മാത്രമല്ല സ്‌ത്രീകളുടെ ഇടയിൽ മത്സരം വർധിക്കുകയും ചെയ്‌തു. തൊഴിൽ സ്ഥലത്തെ ശല്യങ്ങളും ലൈംഗിക ചൂഷണങ്ങളും വർധിച്ചുവരുന്നു. സംഘടിക്കാനും ചെറുത്തുനില്‌ക്കാനും ഇത്‌ സ്‌ത്രീകളെ പ്രേരിപ്പിക്കുന്നുമുണ്ട്‌. ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള കേരളത്തിൽ സാഹചര്യങ്ങൾ കൂടുതൽ വഷളാകുന്നു. കമ്പോളകേന്ദ്രീകൃതമായ സമ്പദ്‌വ്യവസ്ഥ ദാരിദ്ര്യത്തിന്റെ ആക്കം കൂട്ടുന്നു. ഇതിന്റെ ഭാരം കൂടുതലായി പേറേണ്ടിവരുന്നത്‌ സ്‌ത്രീകളാണ്‌. ഒട്ടുംതന്നെ സുരക്ഷിതമല്ലാത്ത കൂടുതൽ ചൂഷണ സാഹചര്യങ്ങൾ നില നിൽക്കുന്ന അസംഘടിത മേഖലയിൽ ജോലിചെയ്യാൻ സ്‌ത്രീകൾ നിർബന്ധിതരാകുന്നു. പരമ്പരാഗത മേഖലകളുടെ തകർച്ച ഈ പ്രക്രിയയുടെ ആഴം കൂട്ടുന്നു. തൊഴിൽ തേടി അന്യനാടുകളിലേക്ക്‌ പോകേണ്ടിവരുന്ന സ്‌ത്രീകൾ ഏറെ ചൂഷണ സാഹചര്യങ്ങളിലാണ്‌ ജോലി ചെയ്യേണ്ടിവരുന്നത്‌. ഒരു ഈറ്റ തൊഴിലാളിയായോ, ഒരു നെയ്‌ത്ത്‌ തൊഴിലാളിയായോ പണിയെടുത്ത്‌ ഒരു സ്‌ത്രീക്കും ഇന്ന്‌ കുടുംബം പോറ്റാൻ കഴിയില്ല. വ്യവസായ വൽക്കരണത്തിന്റെയും ടൂറിസത്തിന്റെയും പേരിൽ നടക്കുന്ന വനനശീകരണവും ജലാശയങ്ങളുടെ സ്വകാര്യവൽക്കരണവും പാവപ്പെട്ടവരായ മത്സ്യതൊഴിലാളികളുടേയും ആദിവാസികളുടേയും തൊഴിൽ സാധ്യതക്കാണ്‌ പ്രഹരമേൽപ്പിക്കുന്നത്‌. കയറ്റുമതി വ്യവസായങ്ങളുടെ വളർച്ച സ്‌ത്രീകളുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നു എന്ന്‌ സാധാരണയായി ഉയർന്ന്‌ കേൾക്കാറുണ്ട്‌. ഇത്‌ ഒരു പരിധിവരെ ശരിയാണ്‌താനും. പക്ഷേ എന്തുതരം തൊഴിൽ സാഹചര്യങ്ങളിലാണ്‌ ഇത്തരം ജോലികൾ എന്നതാണ്‌ ഏറെ പ്രസക്തം. സ്വതന്ത്രകയറ്റുമതി മേഖലയിലും മറ്റും പണിയെടുക്കന്ന യുവതികൾ ഒരു തൊഴിൽ സുരക്ഷിതത്വവുമില്ലാതെ കുറഞ്ഞ കൂലിക്കാണ്‌ പണിയെടുക്കുന്നത്‌. വളരെ മോശപ്പെട്ട സാഹചര്യങ്ങളാണ്‌ തൊഴിലിടങ്ങളിൽ ഇവർക്ക്‌ ലഭിക്കുന്നത്‌.സംഘടിക്കാനുള്ള സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടിരിക്കുന്നു.

സ്‌ത്രീകൾ കാർഷികരംഗത്ത്‌

ഇന്ത്യയിലെ ഭൂരിപക്ഷം ജനതയുടെ ഉപജീവനമാർഗ്ഗം കൃഷിയാണ്‌. ഗ്രാമീണരിൽ മാടുവളർത്തൽ, ഇഷ്‌ടികയുണ്ടാക്കൽ, കൈത്തൊഴിലുകൾ മുതലായവയിൽ ഏർപ്പെടുന്നവരും കുറവല്ല. ഇവരിൽ ഒരു നല്ല ശതമാനം പട്ടികജാതി വർഗ്ഗത്തിൽ പെട്ടവരായതുകൊണ്ട്‌ അതിന്റേതായ വിഷമങ്ങളും ഉണ്ട്‌. സ്‌ത്രീകളാണെങ്കിൽ വർഗ്ഗ-ജാതി-ലിംഗ വിവേചനങ്ങൾ അനുഭവിക്കുന്നു. അത്യധ്വാനമുള്ള ജോലി ചെയ്‌താലും സ്‌ത്രീക്ക്‌ പുരുഷനേക്കാൾ കുറഞ്ഞ കൂലിയാണ്‌ ലഭിക്കുന്നത്‌. കൃഷിപ്പണിക്ക്‌ മിനിമം കൂലിപോലും ഇതുവരെ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുമില്ല. ഒരു കർഷകതൊഴിലാളിക്ക്‌ വിളവിന്റെ ഇനമനുസരിച്ച്‌ വർഷത്തിൽ 100 മുതൽ 150 വരെ തൊഴിൽ ദിനങ്ങൾ ലഭിക്കുന്നു. ബാക്കി ദിവസങ്ങളിൽ തൊഴിൽതേടി അലയുന്നു. കർഷകപ്രസ്ഥാനങ്ങളുടെ സമ്മർദ്ദം കാരണം പല സംസ്ഥാനങ്ങളിലും സർക്കാർ �തൊഴിലിന്‌ ഭക്ഷണം കൂലി� എന്ന പരിപാടി നടപ്പിലാക്കുകയുണ്ടായി. നമ്മുടെ കാലാവസ്ഥയും, ഭൂപ്രകൃതിയും വിപത്തായിമാറുമ്പോൾ (വെള്ളപ്പൊക്കം, വരൾച്ച, ഭൂകമ്പം, ചുഴലിക്കാറ്റ്‌) സർക്കാരിന്റെ ആശ്വാസനടപടികളാണ്‌ ജീവൻ നിലനിർത്താൻ ജനങ്ങളെ സഹായിച്ചുപോന്നത്‌. പുതിയ സാമ്പത്തിക നയത്തിന്റെ പ്രത്യേകത ഈ പദ്ധതികളെല്ലാം ഗണ്യമായി വെട്ടിക്കുറക്കപ്പെട്ടു എന്നതാണ്‌.

ബഹുരാഷ്‌ട്ര കുത്തകകൾക്ക്‌ ഇഷ്‌ടംപോലെ ഭൂമിവാങ്ങാൻ അനുവാദം കൊടുത്തിരിക്കുന്നു. ഗവർമെന്റിന്റെ കൈവശമുണ്ടായിരുന്ന മിച്ചഭൂമിയും പലയിടത്തും അവർ കൈക്കലാക്കിയിരിക്കുന്നു. ഇത്‌ ഭൂപരിഷ്‌കരണം-ഭൂമിവിതരണം അതിൽ സ്‌ത്രീകൾക്ക്‌ ഉടമാവകാശം മുതലായ വനിതാപ്രസ്ഥാനങ്ങൾ മുന്നോട്ട്‌ വെച്ചിരുന്ന മുദ്രാവാക്യങ്ങളെ തന്നെ അപ്രസക്തമാക്കി മാറ്റിയിരിക്കുന്നു. അതേസമയം വളം സബ്‌സിഡിയായും വിള സബ്‌സിഡിയായും കൊടുത്തുവന്നിരുന്ന ധനസഹായം നിർത്തലാക്കിയതിനാൽ ചെറുകിട കൃഷിക്കാർ കഷ്‌ടത്തിലാവുകയും ഉള്ള ഭൂമി വിൽക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു.

കയറ്റുമതി ലക്ഷ്യമാക്കിയുള്ള കൃഷി ഇപ്പോൾതന്നെ ധാന്യങ്ങളെ തഴഞ്ഞ്‌ പരുത്തി, സൂര്യകാന്തി, പഴങ്ങൾ, യൂക്കാലി, പൂക്കൾ എന്നിവയിലേക്ക്‌ തിരിഞ്ഞിരിക്കുന്നു. ഈ മാറ്റം ഭക്ഷ്യ സ്വയം പര്യാപ്‌തത സാധ്യമല്ലാതാക്കിത്തീർക്കുന്നു. മറ്റു രാജ്യങ്ങളിലെ അനുഭവം വെച്ചുനോക്കുമ്പോൾ ഈ പ്രവണത രാജ്യത്തിന്റെ പരമാധികാരത്തിനുതന്നെ ഭീഷണിയാണ്‌. തൊഴിൽ സാധ്യതയേയും പ്രതികൂലമായും ബാധിക്കുന്നു. പക്ഷേ, ബഹുഭൂരിപക്ഷം ജനതക്കും തൊഴിലില്ലായ്‌മയും കുറഞ്ഞ കൂലിയും തന്നെ അനുഭവം. വലിയ ഭൂവുടമകൾക്ക്‌ ലാഭം വർധിക്കുമായിരിക്കും. വലിയ വ്യവസായികളും ബഹുരാഷ്‌ട്രകുത്തക കമ്പനികളും ചെമ്മീനും മറ്റും ഉല്‌പാദിപ്പിച്ചു കയറ്റുമതി നടത്തുന്നു. ഒറീസ്സ, ആന്ധ്ര, തമിഴ്‌നാട്‌ എന്നിവിടങ്ങളിലെ ഫലഭൂയിഷ്‌ടമായ തീരപ്രദേശങ്ങൾ ഇതിനുവേണ്ടി ഉപ്പുവെള്ളം കയറ്റി നശിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. ആ നിലങ്ങളിൽ ജോലി ചെയ്‌ത്‌ ജീവിച്ചിരുന്ന കർഷക തൊഴിലാളികൾക്ക്‌ അവിടെ നിന്ന്‌ സ്ഥലം വിടേണ്ടിവന്നു. കൃഷിഭൂമി പുഷ്‌പത്തോട്ടങ്ങളായി മാറിയപ്പോൾ പുരുഷൻമാർ തൊഴിൽ തേടി കുടുംബം വിട്ടുപോയ സാഹചര്യവും ഉണ്ടായി ഇത്‌ കുടുംബ ഭാരം പൂർണ്ണമായും, സ്‌ത്രീകളുടെ ചുമലിലേക്ക്‌ മാറ്റി. കൃഷിയുടെ യന്ത്രവൽക്കരണവും സ്‌ത്രീ തൊഴിലാളികളെ പുറന്തള്ളുന്നതിന്‌ ഇടയാക്കിയിട്ടുണ്ട്‌.

കൂടുതൽ തൊഴിൽ ലഭിക്കാൻ ഗ്രാമങ്ങളിൽ പദ്ധതികൾ തുടങ്ങുമെന്ന വാഗ്‌ദാനവും പൊള്ളയാണെന്ന്‌ തെളിഞ്ഞിരിക്കുന്നു. പാലും പാലുൽപ്പന്നങ്ങളും മിക്ക സംസ്ഥാനത്തും സഹകരണ മേഖലയിലായിരുന്നു. ഈ രംഗത്ത്‌ ധാരാളം സ്‌ത്രീകൾ തൊഴിൽ ചെയ്‌തിരുന്നു. പക്ഷേ നെസെ്‌ലെ പോലുള്ള ബഹുരാഷ്‌ട്രകുത്തകകൾ ഈ രംഗം കയ്യടക്കിയതോടെ സഹകരണ സംഘങ്ങൾ തകരാൻ തുടങ്ങി. സ്‌ത്രീകളുടെ തൊഴിലും ഇല്ലാതായി. പാലുല്‌പാദനം ഉപജീവന മാർഗ്ഗമായിരുന്ന സ്‌ത്രീകളെ ഈ മാറ്റം വളരെയധികം കഷ്‌ടത്തിലാക്കി.

ഇങ്ങനെ ദാരിദ്ര്യവും വിവേചനവും തൊഴിലില്ലായ്‌മയും വർദ്ധിച്ചു വന്നിരിക്കുന്ന ഈ സമയത്ത്‌ ഗവൺമെന്റിന്റെ ദാരിദ്ര്യനിർമ്മാർജ്ജന പരിപാടികൾ വെട്ടിക്കുറച്ചിരിക്കുകയാണ്‌. പുതിയ നയത്തിന്റെ തുടക്കത്തിൽ തന്നെ വികസനപ്രവർത്തനങ്ങളിൽ കുറവു വരുത്തിയതിനേക്കാളും കൂടുതൽ ശതമാനം തുക ദാരിദ്ര്യനിർമ്മാജ്ജനത്തിൽ കുറവു വരുത്തി. എന്നുവെച്ചാൽ സ്‌ത്രീകൾക്കും കുട്ടികൾക്കുമുമുള്ള ആശ്വാസ നടപടികളാണ്‌ ഏറ്റവും അധികം കുറച്ചത്‌ എന്നർത്ഥം. ഐ.ആർ.ഡി.പി. പദ്ധതിയിൻ പ്രകാരം 89-90ൽ 3.35 ദശലക്ഷം തൊഴിൽ ദിനങ്ങൾ ഉണ്ടായിരുന്നത്‌ 99-2000 ആയപ്പോഴേക്കും 1.5 ദശലക്ഷമായി കുറഞ്ഞു.

സ്‌ത്രീകൾക്ക്‌ വീട്ടുജോലിക്ക്‌ പുറമെ വിറകും കാലിത്തീറ്റയും സംഭരിക്കണം. വ്യവസായികൾക്ക്‌ വിശാലമായ ഭൂപ്രദേശങ്ങൾ വാങ്ങാൻ അനുമതി നൽകിയതോടെ കാലികളെ മേയ്‌ക്കാനും വിറകുശേഖരിക്കാനും മറ്റും ഒഴിഞ്ഞ സ്ഥലങ്ങൾ ഇല്ലാതെയായി. അതേസമയം കുടിവെള്ളത്തിനും പരിസരശുചീകരണത്തിനും സർക്കാർ ചെലവാക്കിയിരുന്ന തുകയിൽ കുറവു വരുത്തി. അതും സ്‌ത്രീകളുടെ അധ്വാനം വർദ്ധിപ്പിക്കുന്നു. വിലക്കയറ്റം മറികടക്കാൻ കൂടുതൽ സാധനങ്ങൾ വീട്ടിൽ ഉല്‌പാദിപ്പിക്കാനായി കൂടുതൽ അധ്വാനിക്കേണ്ടിവരുന്നു. കാട്‌ അപ്രത്യക്ഷമായതോടെ ആദിവാസികളും പട്ടിണിയിലാണ്‌. കാടുകളും വ്യവസായവൽക്കരിക്കപ്പെട്ടതോടെ ശക്തന്മാരായ കോൺട്രാക്‌ടർമാർ കാട്ടിലെ ഉല്‌പന്നങ്ങൾ കൊള്ളയടിക്കുന്നു. വനനശീകരണം നടത്തുന്നു. സ്‌ത്രീകൾക്ക്‌ അതിൽ പ്രവേശിക്കാനുള്ള അവകാശം നിഷേധിക്കുന്നു. പാരമ്പര്യമായി ആദിവാസി സ്‌ത്രീകൾക്ക്‌ അറിയാമായിരുന്ന ഔഷധച്ചെടികളും ചികിത്സയും അവർക്ക്‌ അപ്രാപ്യമാകുന്നു. കുത്തകകൾ ഈ അറിവ്‌ അവരുടേതാക്കിമാറ്റി പേറ്റന്റ്‌സമ്പാദിക്കാനും മരുന്ന്‌ ഉദ്‌പാദിപ്പിക്കാനും ലാഭം വർദ്ധിപ്പിക്കാനും ആരംഭിക്കുന്നു.

സാമൂഹ്യ രംഗത്തെ മാറ്റങ്ങൾ

സർക്കാരിന്റെ ചെലവു ചുരുക്കൽ ആരോഗ്യം, വിദ്യാഭ്യാസം, ശിശുസംരക്ഷണം, ദാരിദ്ര്യ നിർമ്മാർജ്ജനം എന്നീ മേഖലയിലാണ്‌ കനത്ത ആഘാതം സൃഷ്‌ടിച്ചിരിക്കുന്നത്‌. വനിതകളുടേയും കുട്ടികളുടേയും ക്ഷേമപ്രവർത്തനങ്ങളും വെട്ടിക്കുറച്ചിട്ടുണ്ട്‌. ഐ.സി.ഡി.എസ്‌. നുള്ള തുക വെട്ടിക്കുറച്ചതിന്റെ ഫലമായി മഹാരാഷ്‌ട്രയിലെ അമരാവതി ജില്ലയിലെ ആദിവാസികളുടെ ജീവിതം നരകതുല്യമായി മാറി. 1991 ജൂലൈക്കും സെപ്‌തംബറിനും ഇടക്ക്‌ 6 വയസ്സിനു താഴെയുള്ള 162 കുട്ടികൾ ധാർണി താലൂക്കിൽ മരണമടഞ്ഞു 1992 ൽ 157 കുട്ടികളും 1993ൽ 316 കുട്ടികളും മരിച്ചു. 2000-ാമാണ്ടായപ്പോഴേക്ക്‌ മരണസംഖ്യ 500 നോടടുത്തു. സർക്കാർ സഹായത്തോടെ സന്നദ്ധ സംഘടനകൾ കുട്ടികൾക്ക്‌ പോഷകാഹാരം നൽകുകയും സംരക്ഷിക്കുകയും ചെയ്‌തിരുന്ന ക്രഷേകൾ സർക്കാർ സഹായം പിൻവലിച്ചതോടെ പൂട്ടി. പൂട്ടാത്തവ ഫീസ്‌ കൂട്ടി. രണ്ടായാലും പാവപ്പെട്ട സ്‌ത്രീകളാണ്‌ വിഷമിക്കുക.

വിദ്യാഭ്യാസം

വിദ്യാഭ്യാസ രംഗത്ത്‌ നിന്ന്‌ സർക്കാർ പിൻവാങ്ങുകയാണ്‌. സ്വാശ്രയ കോളേജുകൾ പ്രഫണണൽ രംഗം കയ്യടക്കിരിക്കുന്നു. സ്വാഭാവികമായും പിൻതള്ളപ്പെടുന്നത്‌ പെൺകുട്ടികൾതന്നെ. ലക്ഷങ്ങൾ കോഴകൊടുത്ത്‌ പഠിപ്പിക്കുമ്പോൾ ആൺകുട്ടികൾക്കാണ്‌ മുൻഗണന കിട്ടുന്നത്‌. സ്വകാര്യവൽക്കരണം മൂലം കച്ചവടമായി അധ:പതിച്ച വിദ്യാഭ്യാസം ലാഭം കൊയ്യാനുള്ള ഒരു ഉപാധി മാത്രമായി മാറിയിരിക്കുന്നു.

ആരോഗ്യം

പുതിയ സാമ്പത്തിക നയത്തിന്റെ ഫലമായി ആരോഗ്യ സംരക്ഷണം കൂടുതൽ അവഗണിക്കപ്പെടുന്നു. സ്‌ത്രീകളുടെ ആരോഗ്യമെന്നാൽ കുടുംബാസൂത്രണം എന്ന്‌ കരുതപ്പെടുന്നു. ലോകവിഭവങ്ങളുടെ കുറവ്‌ നികത്താൻ എന്നപേരിൽ പാശ്ചാത്യർ 3-ാം ലോക രാജ്യങ്ങളിലെ ജനസംഖ്യാ നിയന്ത്രണത്തിന്‌ ഊന്നൽ കൊടുക്കുന്നു. (യഥാർത്ഥത്തിൽ പാശ്ചാത്യരുടെ അമിതഉപഭോഗമാണ്‌ വിഭവശോഷണത്തിന്‌ കാരണം) ഇതിനുവേണ്ടി അപകടകരങ്ങളായ ഗർഭ നിയന്ത്രണ ഉപാധികൾ ഉപയോഗിച്ച്‌ സ്‌ത്രീകളുടെ ആരോഗ്യം നശിപ്പിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്‌ നീക്കിവെച്ചതിനേക്കാൾ കൂടുതൽ തുകയാണ്‌ കുടുംബാസൂത്രണത്തിന്‌ നീക്കി വെച്ചിരിക്കുന്നത്‌. ഇതിന്റെ പകുതിയെങ്കിലും കുടിവെള്ളം, ശുചീകരണം, അഴുക്കുചാൽ പദ്ധതി എന്നിങ്ങനെ രോഗം വരുന്നത്‌ തടയാനുള്ള പരിപാടികൾക്ക്‌ ചെലവാക്കിയിരുന്നെങ്കിൽ ഇന്ത്യയിലെ സ്‌ത്രീകളുടെ ആരോഗ്യനില ഇത്ര മോശമാകുമായിരുന്നില്ല. ജീവിത ഗുണനിലവാരം ഉയർത്തുക എന്നതാണ്‌ ഏറ്റവും ഫലപ്രദമായ കുടുംബാസൂത്രണ പരിപാടി എന്ന്‌ ലോകരാജ്യങ്ങളിലെ സ്ഥിതി വിലയിരുത്തുന്ന ആർക്കും മനസ്സിലാകും.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ആരോഗ്യസംരക്ഷണത്തിന്‌ ചെലവാക്കിയതിൽ ഏറ്റവും കൂടിയതുക (4.8%) 83-84 ലായിരുന്നു. പിന്നീടത്‌ കുറഞ്ഞുവന്നു. ഏറ്റവും അധികം തുക കുറച്ചത്‌ രോഗപ്രതിരോധ രംഗത്താണ്‌. ഇതിനു പുറമെ അമിതമായ കീടനാശിനി രാസവളപ്രയോഗത്തിന്റെ പരിണിതഫലങ്ങൾ മണ്ണിനേയും ജലാശയങ്ങളേയും നശിപ്പിക്കുകയും മനുഷ്യരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്‌തിരിക്കുന്നു. സ്‌ത്രീകളുടെ ഇടയിൽ മുലകളിലെ ക്യാൻസർ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. കേരളംപോലെ ജനസാന്ദ്രതയുള്ള പ്രദേശത്ത്‌ മണ്‌ഡരിയ്‌ക്ക്‌ പ്രതിവിധിയായി ഡെക്കഫോളും കശുവണ്ടിത്തോട്ടങ്ങളിൽ എൻഡോസൾഫാനും തളിക്കുന്നത്‌ പൊതു ജനാരോഗ്യത്തിന്‌ കടുത്ത ഭീഷണിയാണ്‌.

കേരളത്തിൽ 23% ആളുകൾ മാത്രമാണ്‌ സർക്കാർ ആരോഗ്യസംവിധാനം ഉപയോഗിക്കുന്നത്‌. സർക്കാർ ആശുപത്രികളിൽ വരുമാനം കുറഞ്ഞവർക്ക്‌ സൗജന്യമായി ലഭിച്ചിരുന്ന ചികിത്സ ഇന്ന്‌ സൗജന്യമല്ല. അവിടെ മരുന്നുകൾ ലഭ്യമല്ല. പേറ്റന്റ്‌ നിയമത്തിലും മറ്റും വരുത്തിയ മാറ്റങ്ങൾ ഔഷധവില കുത്തനെ ഉയർത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ 10 വർഷക്കാലം കൊണ്ട്‌ ചികിത്സാ ചെലവ്‌ 10 ഇരട്ടിയായി വർധിച്ചു. ഒരു പാവപ്പെട്ടവന്റെ മൊത്തം വരുമാനത്തിന്റെ 38% ചികിത്സക്കായി ചെലവഴിക്കേണ്ടിവരുന്നു. അനാവശ്യമായി സ്‌കാൻ മുതലായ ടെസ്റ്റുകൾ നടത്തുന്ന പ്രവണത വർദ്ധിച്ചുവരുന്നു. സാധാരണ പ്രക്രിയയായ ഗർഭവും പ്രസവവും ചെലവേറിയതായിരിക്കുന്നു. കേരളത്തിലെ സ്വകാര്യആശുപത്രികളിൽ നടക്കുന്ന പ്രസവങ്ങളിൽ 30% സിസേറിയനാണ്‌. അന്തർദേശിയ തലത്തിൽ 5-10% മാത്രമാണ്‌ സിസേറിയൻ വേണ്ടിവരുന്നത്‌. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ മേൽ സർക്കാരിന്‌ പ്രത്യേകിച്ച്‌ യാതൊരു നിയന്ത്രണവുമില്ല. പെൺശിശുഭ്രൂണഹത്യ നടത്തുന്നത്‌ തടയാൻ ഉദ്ദേശിച്ചുകൊണ്ടുള്ള നിയമം കേരളത്തിൽ നടപ്പിലാക്കിയിട്ടില്ല. കേരളത്തിലെ ആശുപത്രികളിൽ പ്രസവങ്ങളുടെ ആറിരട്ടി ഗർഭഛിദ്രങ്ങൾ നടക്കുന്നു. സ്‌ത്രീകളുടെ ആരോഗ്യത്തെപ്പറ്റി യാതൊരു ശ്രദ്ധയു മില്ലാത്ത ഒരു സമൂഹത്തിൽ മാത്രമേ കുടുംബാസൂത്രണത്തിനായി വൻതോതിൽ ഗർഭഛിദ്രം നടത്താനാവൂ. ഇതിൽ നല്ല ശതമാനം പെൺശിശുഹത്യയാണെന്ന കാര്യത്തിൽ സംശയമില്ല.

കേരളത്തിലെ കുട്ടികളിൽ 9 വയസ്സിനു താഴെ പെൺകുട്ടികളുടെ എണ്ണം വളരെകുറവാണെന്ന്‌ ജനകീയാസൂത്രണത്തിന്റെ ഭാഗമായി നടന്ന സ്‌ത്രീ പദവി പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ ആയൂർദൈർഘ്യം കൂടുതലാണെങ്കിലും രോഗാതുരത വളരെ കൂടുതലാണെന്ന്‌ പരിഷത്ത്‌ നടത്തിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്‌. രോഗാതുരത മൂലം കൂടുതൽ കഷ്‌ടതകൾ അനുഭവിക്കേണ്ടിവരുന്നത്‌ സ്‌ത്രീകൾക്കാണ്‌. സ്‌ത്രീകളുടെ ചികിത്സയ്‌ക്കായി പണം ചെലവഴിക്കാനുള്ള സന്നദ്ധത പുരുഷൻമാരുടേതിനോട്‌ താരതമ്യം ചെയ്യുമ്പോൾ കുറവാണ്‌. സ്‌ത്രീകൾ എല്ലാം ക്ഷമയോടെ സഹിക്കേണ്ടവരാണെന്ന്‌ അവരും സമൂഹവും കരുതുന്നതുകൊണ്ട്‌ സാധാരണ അസുഖങ്ങളൊന്നും സ്‌ത്രീകൾ ആരോടും പറയാതെ സഹിക്കുന്നു. സഹിക്കവയ്യാതെയാകുമ്പോൾ മാത്രമാണ്‌ ചികിത്സതേടുക. സ്‌ത്രീകളുടെ ആയൂർദൈർഘ്യം കൂടുതലാണെന്നുള്ളതുകൊണ്ടും വിവാഹസമയത്ത്‌ സ്‌ത്രീകൾക്ക്‌ പ്രായക്കുറവ്‌ നിഷ്‌കർഷിക്കുന്നത്‌കൊണ്ടും വിധവകളായി സ്‌ത്രീകൾ കൂടുതൽ കാലം ജീവിക്കേണ്ടിവരുന്നു. വിധവയാകുന്നതോടെ കുടുംബത്തിലും സമൂഹത്തിലും ഉണ്ടായിരുന്ന പരിമിതമായ സ്ഥാനംപോലും നഷ്‌ടപ്പെടുന്ന സ്‌ത്രീക്ക്‌ ചികിത്സയും മറ്റും അപ്രാപ്യവും ആകുന്നു. ചികിത്സ ചെലവേറിയതു കൂടിയാകുമ്പോൾ പറയേണ്ടതില്ലല്ലോ.

സാംസ്‌കാരിക കടന്നുകയറ്റം

ആഗോളവൽക്കരണത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾക്കൊപ്പം തന്നെ അതീവ ശ്രദ്ധയോടെ വിശകലനം ചെയ്യേണ്ട ഒന്നാണ്‌ സാംസ്‌കാരിക തലത്തിലുള്ള കടന്നുകയറ്റവും അതുമൂലം ഉണ്ടാകുന്നപ്രശ്‌നങ്ങളും. കമ്പോളാധിപത്യം ഉറപ്പിക്കണമെങ്കിൽ ഉപഭോഗസംസ്‌കാരത്തിലൂന്നിയ ഒരു മാനസിക സമീപനവും സംസ്‌ക്കാരവും എല്ലാ മനുഷ്യരിലും ഉണ്ടാകണമെന്ന്‌ ആഗോള വൽകരണത്തിന്റെ വക്താക്കൾക്ക്‌ അറിയാം. ഈ ലോക വീക്ഷണത്തിൽ മനുഷ്യൻ ശരീരത്തിന്‌ സമമാണ്‌. ഇതിന്റെ ഏറ്റവും ആദ്യത്തെ ഇരകളാണ്‌ സ്‌ത്രീകൾ. ഒരു പിതൃമേധാവിത്വ സമൂഹത്തിൽ സ്‌ത്രീകളും ചരക്കുകളാണ്‌. പ്രബുദ്ധകേരളം സ്വർണ്ണത്തിന്റേയും മറ്റ്‌ ഉപഭോഗ ഉല്‌പന്നങ്ങളുടേയും ഏറ്റവും നല്ല വിപണിയാണ്‌. ഇവ സ്റ്റാറ്റസ്‌ അടയാളങ്ങൾ ആവുമ്പോൾ കടംവാങ്ങിയും തവണവ്യവസ്ഥയിലും ഏറ്റവും പുതിയ മോഡൽ ഗൃഹോപകരണങ്ങളും ആഭരണങ്ങളും മറ്റും വാങ്ങി കടക്കെണിയിൽ അകപ്പെട്ട്‌ കരകയറാനാവാതെ ആത്മഹത്യയിലഭയം പ്രാപിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 5 വർഷക്കാലം കേരളത്തിൽ 42,000 പേർ ആത്മഹത്യചെയ്‌തുവെന്നും അതിൽ 12,569 പേർ സ്‌ത്രീകളാണെന്നും മുഖ്യമന്ത്രി ഒരു ചോദ്യത്തിനു മറുപടിയായി നിയമസഭയിൽ പറയുകയുണ്ടായി. കേരളത്തിലെ ആത്മഹത്യ 1990-2000

വർഷം 1990 1991 1992 1993 1994 1995 1996 1997 1998 1999 2000
എണ്ണം 7845 8409 8103 8124 8533 8012 8086 8961 9306 9314 9080

കുടുംബ ആത്മഹത്യകൾ ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ജീവിത ശൈലിയിൽ വന്ന മാറ്റം തന്നെയാണെന്നുള്ളതിൽ സംശയമില്ല.

സാമൂഹ്യ ഉല്‌പാദന രംഗത്ത്‌ നിന്ന്‌ പുറംതള്ളപ്പെടുകയും വീട്ടമ്മവൽക്കരിക്കപ്പെടുന്നതുമായ സ്‌ത്രീയാണ്‌ സാംസ്‌കാരിക രംഗത്തെ മാറ്റത്തിന്റെ പ്രധാന ഇരയായിമാറുന്നത്‌. സ്ഥിരമായ വരുമാനം നൽകുന്ന തൊഴിൽ ഇല്ലാതാവുകയും കുടുംബശൃംഖലകളിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ പുതിയ ഉപഭോഗ സംസ്‌ക്കാരത്തിന്റെ സ്വാധീനവും സ്‌ത്രീകളിൽ കേന്ദ്രീകരിക്കുന്നു. സ്‌ത്രീകളേയും കുട്ടികളേയുമാണ്‌ ബഹുരാഷ്‌ട്രകുത്തകകളുടെ പരസ്യങ്ങൾ മുഖ്യമായും ലക്ഷ്യമിടുന്നത്‌. അതിലൂടെ പ്രചരിക്കപ്പെടുന്ന ജീവിതശൈലി കമ്പോളശക്തികളുടെ ആധിപത്യത്തിന്‌ ആക്കം കൂട്ടുന്നു. കേരളത്തിലെ ഒരു മുറുക്കാൻകടയിലെ വിറ്റുവരവിന്റെ 50% കൊക്കക്കോളയും ഫാന്റയും തംസപ്പും പോലുള്ള പാനീയങ്ങളിൽ നിന്നാണ്‌ എന്നുള്ളത്‌ നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റത്തിന്റെ തെളിവാണ്‌. കഞ്ഞിവെള്ളവും സംഭാരവും ആയിരുന്നു മലയാളികളുടെ പാനീയങ്ങൾ.

ഇതിനുപുറമെയാണ്‌ സ്‌ത്രീശരീരത്തെയും വികാരങ്ങളെയും സ്വകാര്യമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന സ്‌ത്രീ-പുരുഷബന്ധങ്ങളുടെ രൂപങ്ങളെയും ഉല്‌പാദന ഉപകരണങ്ങൾ ആക്കുന്ന അവസ്ഥ. സാംസ്‌ക്കാരിക വ്യവസായത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രൂപമാണ്‌ സൗന്ദര്യവ്യവസായം. സൗന്ദര്യത്തെ ലാവണ്യശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തിലല്ല ആഗോളവൽക്കരണം നോക്കിക്കാണുന്നത്‌. വ്യത്യസ്‌ത തരത്തലുള്ള ഉപഭോഗവസ്‌തുക്കളും ജീവിത ശൈലികളുംകൊണ്ട്‌ സൃഷ്‌ടിച്ചെടുക്കാവുന്ന ഒരു ഉല്‌പന്നമായിട്ടാണ്‌. ഇതിന്റെ വമ്പിച്ച കമ്പോള സാധ്യതകളാണ്‌ അവരെ ഈ മേഖലയിലേക്ക്‌ നയിച്ചിരിക്കുന്നത്‌. മൂന്നാം ലോകരാജ്യങ്ങളിലെ സൗന്ദര്യകമ്പോളമാണ്‌ ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്നത്‌. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ്‌ സൗന്ദര്യറാണിമത്സരങ്ങൾ. കഴിഞ്ഞ നിരവധി വർഷങ്ങളിലായി പ്രമുഖ സൗന്ദര്യറാണിപട്ടങ്ങളെല്ലം മൂന്നാം ലോകരാഷ്‌ട്രങ്ങളിലെ പെൺകുട്ടികൾക്കാണ്‌ എന്നത്‌ ശ്രദ്ധേയമാണ്‌. അതിനോടൊപ്പം സ്‌ത്രീകളെ കേന്ദ്രീകരിച്ചുള്ള ഫാഷൻ വ്യവസായത്തിലൂടെ ഒരു പുതിയ തുണി കമ്പോളവും ഉണ്ടായിവരുന്നുണ്ട്‌. ഇന്ത്യൻ ടെക്‌സ്റ്റയിൽ ഉല്‌പന്നങ്ങളുടെ ആഗോളവിപണിയെ വെട്ടിക്കുറക്കാനും പാശ്ചാത്യനിർമ്മിതവസ്‌ത്രങ്ങൾ ഇന്ത്യക്കാരെക്കൊണ്ട്‌ ധരിപ്പിക്കുവാനും ഉള്ള ഒരു തന്ത്രമായിട്ടാണ്‌ ഇന്ന്‌ ഫാഷൻ വ്യവസായം വളർന്നുവരുന്നത്‌.

പുതിയ മാധ്യമ വ്യവസായത്തിന്റെ വളർച്ച സ്‌ത്രീശരീരവില്‌പനയെ മാന്യമായ ഒരു തൊഴിലാക്കി തീർത്തിരിക്കുകയാണ്‌. മാധ്യമങ്ങൾ നടത്തുന്ന യാന്ത്രിക പുനരുൽപാദനംവഴി മോഡൽ മുതലായ രീതികളിൽ സ്‌ത്രീശരീരത്തെ പുനരുല്‌പാദിപ്പിക്കാൻ അവസരം നല്‌കുന്നു. അതേസമയം പ്രാചീനകാലത്തുണ്ടായിരുന്ന �ഗണിക� എന്ന അവസ്ഥയിൽ നിന്ന്‌ വ്യത്യസ്‌തമായി വീട്ടിലിരുന്ന്‌ മറ്റെല്ലാവിധത്തിലുമുള്ള ബാധ്യതകൾ നിറവേറ്റിക്കൊണ്ട്‌ ഇത്തരം തൊഴിൽ ചെയ്യാൻ സാധ്യമാക്കുകയും ചെയ്യുന്നു.ഇന്ന്‌ നിലനിൽക്കുന്ന മാധ്യമ വ്യവസായ രംഗത്തെ കോൺട്രാക്‌റ്റിംഗ്‌ വ്യവസ്ഥ ഏതെങ്കിലും ഒരു ബഹുരാഷ്‌ട്രകുത്തകയ്‌ക്കോ സിനിമാ ഫാഷൻ കമ്പനികൾക്കോ ഉള്ള കരാറനുസരിച്ചുള്ള തൊഴിലാളിയായി സ്‌ത്രീയെ മാറ്റുകയാണ്‌. കരാറനുസരിച്ചുള്ള ആകർഷകമായ വേതനം ലഭിക്കുമ്പോൾ തന്നെ കരാറില്ലാതായിത്തീരുമ്പോൾ അല്ലെങ്കിൽ ശാരീരിക സൗന്ദര്യം നഷ്‌ടപ്പെടുമ്പോൾ അവരുടെ തൊഴിൽ നഷ്‌ടപ്പെടുകയും അവർ നിഷ്‌കരുണം പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി മദ്യത്തിനും മയക്കുമരുന്നിനും മാനസികരോഗത്തിനും അടിമകളായി ജീവിതം അവസാനിപ്പിക്കുന്ന മുൻ സൗന്ദര്യറാണികൾ ഏറെയുണ്ട്‌.

ഇത്തരത്തിലുള്ള സ്‌ത്രീശരീര വ്യവസായം ഇന്ന്‌ മാധ്യമ ഭീമൻമാർവഴി ആഗോളവൽക്കരിക്കപ്പെട്ടിരിക്കുന്നു. ടൈം വർണർ, ഡിസ്‌നി, മാർഡോക്കിന്റെ ന്യൂസ്‌ കോർപ്പറേഷൻ, വൈയാകോം. ടി.സി.ഐ. മുതലായ മാധ്യമ കുത്തകകളും പോളിഗ്രാം, എം.ടി.സി. സോണി മുതലായ വിതരണകുത്തകകളും ആണ്‌ ഇന്ന്‌ ഭൂരിഭാഗം സിനിമ, ടി.വി. സംഗീതചാനലുകളും പുസ്‌തകനിർമ്മാണവും നിയന്ത്രിക്കുന്നത്‌. ഇവയിലൂടെ സ്‌ത്രീകളെ ആകർഷിക്കുന്ന സീരിയലുകൾ, ടെലിഷോപ്പിംഗ്‌, ഫാഷൻസീരിയലുകൾ, സിനിമകൾ മുതലായവ ആഗോളതലത്തിൽ മാർക്കറ്റ്‌ ചെയ്യപ്പെടുന്നു. ഡള്ളാസ്‌, സൈനാസ്റ്റി, സാന്റ ബാർബറ മുതലായ പോപ്പ്‌ സീരിയലുകൾക്ക്‌ ആഗോളതലത്തിലുണ്ടായ പ്രചരണം ഉദാഹരണമാണ്‌. ഇതിനോടൊപ്പം തന്നെ പല കമ്പനികളും പോർണ്ണോഗ്രാഫിക്‌ ചാനലുകൾ മാർക്കറ്റ്‌ ചെയ്യുന്നുമുണ്ട്‌. കംപ്യൂട്ടറിന്റെ വ്യാപനത്തോടെ ചാനലുകളും ഡിജിറ്റൽ മോഡിലേക്ക്‌ മാറിയത്‌ ഒരു മാധ്യമമെന്ന നിലയിൽ കമ്പ്യൂട്ടറിന്റെ സാധ്യതയും വർദ്ധിപ്പിക്കുന്നു. ഇന്റർനെറ്റ്‌ ഇന്ന്‌ വിവരദായകം മാത്രമല്ല സൈബർ സെക്‌സിന്റെ ഒരു മാധ്യമമായും കണക്കാക്കപ്പെടുന്നു. ആദ്യകാലത്ത്‌ കൗമാരപ്രായക്കാരായ കുട്ടികളായിരുന്നു സൈബർ സെക്‌സിൽ കൂടുതൽ ആകൃഷ്‌ടരായിരുന്നത്‌. പക്ഷേ അതിവേഗം തന്നെ വീട്ടമ്മമാരായ സ്‌ത്രീകളും ഇതിന്റെ മായാവലയത്തിൽ കുടുങ്ങിപ്പോയതായികാണാം.

സാംസ്‌കാരിക വ്യവസായത്തിന്റെ മറ്റൊരു രൂപമാണ്‌ ടൂറിസം. മുൻകാലങ്ങളിൽ ചരിത്രപരമായി പ്രാധാന്യമുള്ളതും പ്രകൃതിരമണീയവുമായ സ്ഥലങ്ങളിലേക്ക്‌ സഞ്ചാരികൾ യാത്രപോവുന്ന പതിവാണ്‌ ഉണ്ടായിരുന്നത്‌. ഇന്ന്‌ അത്‌ മാറി. എല്ലാസാധ്യതകളും ഉള്ള പ്രദേശങ്ങളിലും വൻകിട മുതൽമുടക്ക്‌ നടത്തി ടൂറിസ്റ്റ്‌ കേന്ദ്രങ്ങളായി വികസിപ്പിക്കുന്ന ലാഭതന്ത്രമാണ്‌ നടന്നുവരുന്നത്‌. വൻകിടഹോട്ടലുകൾ, തീം പാർക്കുകൾ, അമ്യൂസ്‌മെന്റ്‌ പാർക്കുകൾ, ബീച്ച്‌ റിസോർട്ടുകൾ മുതലായവ പുതിയ ടൂറിസ്റ്റ്‌ വ്യവസായത്തിന്റെ ഭാഗമായിവളർന്നുവരുന്നു. കരീബിയയിലെ ബഹാമസ്‌, മൊറീഷ്യസ്‌, തായ്‌ലാന്റ്‌, ഫിലിപ്പൈൻസ്‌ മുതലായ പ്രദേശങ്ങൾ ഈ പുതിയ ടൂറിസത്തിന്റെ കേന്ദ്രങ്ങളാണ്‌. ഇത്തരം ടൂറിസ്റ്റ്‌ കേന്ദ്രങ്ങളുടെ പ്രധാനപ്പെട്ട ആകർഷണം സ്‌ത്രീശരീര വില്‌പനയാണ്‌. സെക്‌സ്‌ ടൂറിസത്തിന്റെ ഒരു പ്രധാനപ്പെട്ട കേന്ദ്രമാണ്‌ തായ്‌ലാന്റ്‌. തായ്‌ലാന്റിൽ വേശ്യാവൃത്തി ഇന്ന്‌ ഏറ്റവും അധികം വരുമാനം ഉണ്ടാക്കുന്ന തൊഴിലാണ്‌. ടൂറിസത്തിന്റെ ഭാഗമായും അല്ലാതെയും ഇന്ന്‌ വേശ്യാവൃത്തി ഒരു തൊഴിൽ രൂപമായി മാറിക്കഴിഞ്ഞിരിക്കുന്നു. വേശ്യകൾ സംഘടിക്കുകയും അവരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുകയും ചെയ്‌തുവരുന്നു. കേരളസർക്കാർ ഏറ്റവും പ്രാധാന്യംകൊടുക്കുന്നത്‌ ടൂറിസംമേഖലയിലെ വികസനത്തിനാണ്‌. സാമ്പത്തിക ഞെരുക്കംകൊണ്ട്‌ സർക്കാർ ഞെളിപിരികൊള്ളുമ്പോഴും 1000കോടി രൂപ ടൂറിസം മേഖലയിലേക്കായി മാറ്റിവെച്ചിരിക്കുന്നു. കേരളത്തിന്റെ ആയൂർവേദ പാരമ്പര്യവും ടൂറിസം വികസനത്തിനായി പ്രത്യേകം ഉപയോഗിക്കുന്നു. കേരളത്തിലെ ടൂറിസ്റ്റ്‌ കേന്ദ്രങ്ങൾ ആയൂർവേദ മാസ്സേജിംഗ്‌ സെന്ററുകൾകൊണ്ട്‌ സമൃദ്ധമായിരിക്കുന്നു. ആയൂർവേദ വിധിപ്രകാരമുള്ള പഞ്ചകർമ്മ ചികിത്സയൊന്നുമല്ല അവിടെ നടക്കുന്നത്‌. സുന്ദരികളായ പെൺകുട്ടികളെ ഹ്രസ്വകാലകോഴ്‌സുകളിലൂടെ ട്രെയിനിംഗ്‌ നൽകി തിരുമ്മൽതൊഴിലിൽ ഏർപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. വേശ്യാവൃത്തിയിലേക്കുള്ള ആദ്യപടിയായി ഇത്‌ മാറുന്നു. ടൂറിസ്റ്റുകളുടെ ഏതാവശ്യവും സാധിക്കുവാനുള്ള സൗകര്യമൊരുക്കുകയെന്നത്‌ സർക്കാറിന്റെയും ഹോട്ടൽ, മാസ്സേജ്‌പാർലർ മുതലാളിമാരുടേയും ലക്ഷ്യമായിമാറുന്നു.

ഇത്തരത്തിൽ ആഗോളവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ സ്‌ത്രീകൾ പുതിയ രീതിയിലുള്ള തൊഴിലുപകരണങ്ങളും ലൈംഗിക ഉപഭോഗവസ്‌തുക്കളും ആയിമാറുന്നു. സമൂഹവൽക്കരണത്തിൽ നിന്ന്‌ പുറംതള്ളപ്പെടുന്നു. പ്രേമം, അനുരാഗം, മുതലായ തുല്യാധിഷ്‌ഠിത ജീവിതസാധ്യതകളുള്ള മൂല്യങ്ങൾ ലൈംഗികതക്ക്‌ കീഴ്‌പ്പെടുത്തപ്പെടുന്നു. തുറന്ന ലൈംഗികതയും ക്ഷണികമായ ഇന്ദ്രിയസുഖത്തിനുവേണ്ടി മാത്രമുള്ള സ്‌ത്രീ-പുരുഷബന്ധവും ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇത്തരം പഴയമൂല്യങ്ങളുടെ നിഷേധത്തേയും വിറ്റ്‌കാശാക്കാനുള്ള വ്യഗ്രതയിലാണ്‌ ബഹുരാഷ്‌ട്രകുത്തക കമ്പനികൾ. ഇതിന്റെ ഫലമായി ആഗോളവൽക്കരണത്തിന്റെ പിന്തുണയോടെ ഒരു പുരുഷകേന്ദ്രീകൃത വ്യവസ്ഥ വളർന്നുവരുന്നു. കാരണം, പുരുഷവീക്ഷണത്തിലൂടെയാണ്‌ ലൈംഗികതയും സ്‌ത്രീശരീര വില്‌പനയും സ്‌ത്രീതൊഴിലുകളുടെ പുനഃക്രമീകരണവും ഇന്ന്‌ നടക്കുന്നത്‌. അതായത്‌ പുരുഷവീക്ഷണം ആഗോളകുത്തകകളുടെ ലാഭതന്ത്രവുമായി നേരിട്ട്‌ ബന്ധപ്പെടുന്നു എന്നർത്ഥം. ഉദാഹരണമായി, സൗന്ദര്യവർധകവസ്‌തുക്കളുടെ വിപണി എത്രമാത്രമാണ്‌ നമ്മുടെ ഗ്രാമീണ മേഖലയിലേക്ക്‌ വ്യാപരിച്ചിരിക്കുന്നത്‌. സൗന്ദര്യമത്സരങ്ങളും പരസ്യങ്ങളുംവഴിയും ബ്യൂട്ടിപാർലർ സംസ്‌കാരത്തിലൂടെയും വമ്പിച്ച സാധ്യതകളുള്ള ഒരു വിപണിയായി നമ്മുടെ നാട്‌ മാറിക്കഴിഞ്ഞിരിക്കുന്നു. സ്‌ത്രീകളുടെ ചരക്കുവൽക്കരണത്തിന്റെ മറ്റൊരു രൂപമാണ്‌ ഉയർന്നതും വ്യാപകവുമായ സ്‌ത്രീധന രീതി. സ്‌ത്രീകൾക്കെതിരെ കേരളത്തിൽ നിരന്തരം വർധിച്ചുവരുന്ന അതിക്രമങ്ങളെ ഇതിൽനിന്നും വേറിട്ട്‌ കാണാനാവില്ല.

പോംവഴി കൂട്ടായ പ്രതിരോധം മാത്രം

ആകമാനമുള്ള ചിത്രം മ്ലാനതയുളവാക്കുന്നതാണ്‌. വൈവിധ്യങ്ങളെയും വ്യത്യസ്‌തതകളെയും അസഹിഷ്‌ണുതയോടെ കാണുന്ന രീതി പ്രബലമാവുകയാണ്‌. പാർലമെന്റും നീതിന്യായ വ്യവസ്ഥയും ഉൾപ്പെടെയുള്ള ഉന്നതാധികാരഘടനകൾ താഴേത്തട്ടിലെ യാഥാർത്ഥ്യങ്ങളെ അവഗണിക്കുന്നു. ഇതുവരെ സുരക്ഷിത ഇടമായി കരുതിയിരുന്ന ചെറുകിട കാർഷിക ഉല്‌പാദനം, ഗ്രാമീണ, വ്യവസായങ്ങൾ, കൈത്തറി, ഭക്ഷ്യസ്വയംപര്യാപ്‌തത ഇവയെല്ലാം നശിപ്പിക്കപ്പെടുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കപ്പെടുന്നു. ഇൻഷൂറൻസ്‌, നിയമസേവന രംഗം, മാധ്യമം തുടങ്ങി തദ്ദേശീയമായി ഉരുത്തിരിഞ്ഞ സേവനമേഖലകൾകൂടി തീറെഴുതിക്കഴിഞ്ഞിരിക്കുന്നു. എല്ലാത്തിലുമുപരി രാജ്യത്തിന്റെ പരമാധികാരം തന്നെ ഭീഷണിയിലാണ്‌. ഇവയെല്ലാം സമൂഹത്തിൽ അരക്ഷിതാവസ്ഥയും സംഘർഷവും അസഹിഷ്‌ണുതയും സൃഷ്‌ടിച്ചിരിക്കുന്നു. കൂട്ടായപ്രതിരോധം മാത്രമാണ്‌ പോംവഴി.

ഇന്ത്യയുടെ അകത്തും പുറത്തും ഉള്ള പലരും കരുതുന്നതുപോലെ ഇന്ത്യൻ സ്‌ത്രീകൾ ഈ മാറ്റങ്ങളെ നിസ്സഹായരായി നോക്കി നിൽക്കില്ല. ബഹുഭൂരിപക്ഷം സ്‌ത്രീകളും തന്റേയും കുടുംബത്തിന്റേയും നിലനില്‌പിനുവേണ്ടി പ്രതിബന്ധങ്ങളെ തട്ടിനീക്കി ചെറുത്തു നില്‌ക്കും. ജീവിത യാഥാർത്ഥ്യങ്ങൾ അവരെ സമരത്തിന്റെ ഭാഷ പഠിപ്പിക്കുന്നു. ലിംഗപരമായ വിവേചനം മാത്രമല്ല, ഇന്ത്യൻ ജനതയാകെ അനുഭവിക്കുന്ന കഷ്‌ടപ്പാടുകളുടെ കാരണവും സ്‌ത്രീകൾ അറിയണം. കാരണം, ഇവരണ്ടും തമ്മിൽ ബന്ധപ്പെട്ടതാണ്‌. ആഗോളവൽക്കരണപ്രക്രിയകളെ മനസ്സിലാക്കുക, എതിർത്ത്‌ തോല്‌പിക്കുന്ന മറ്റ്‌ ജനകീയ ജനാധിപത്യ പ്രസ്ഥാനങ്ങളോട്‌ കണ്ണിചേരുക. നീണ്ട ഉറച്ചപോരാട്ടം. അതാണ്‌ കാലഘട്ടം നമ്മോട്‌ ആവശ്യപ്പെടുന്നത്‌.