മനുഷ്യന്റെ ഉത്പത്തിയും പരിണാമവും
മനുഷ്യന്റെ ഉത്പത്തിയും പരിണാമവും | |
---|---|
പ്രമാണം:T=Cover | |
കർത്താവ് | പ്രൊഫ.എം.ശിവശങ്കരൻ |
ഭാഷ | മലയാളം |
വിഷയം | [[]] |
സാഹിത്യവിഭാഗം | ലഘുലേഖ |
പ്രസാധകർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
പ്രസിദ്ധീകരിച്ച വർഷം | ഒക്ടോബർ, 2009 |
ആധുനികശാസ്‌ത്രവിജ്ഞാനം, ശാസ്‌ത്രീയ വീക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യമുള്ള ഏതൊരാളെ സംബന്ധിച്ചിടത്തോളവും ഏറെ പ്രാധാന്യമുള്ള വർഷമാണ് 2009. ഭൗതികശാസ്‌ത്രരംഗത്ത് പൊതുവിലും ജ്യോതിശ്ശാസ്‌ത്രരംഗത്ത് പ്രത്യേകിച്ചും യുഗപരിവർത്തനത്തിന് തുടക്കം കുറിച്ച ഗലീലിയോ ഗലീലിയുടെ പ്രശസ്‌തമായ ടെലിസ്‌കോപ്പ് നിരീക്ഷണം നടന്നിട്ട് 400 സംവത്സരങ്ങൾ പൂർത്തിയാകുന്നത് ഈ വർഷമാണ് . അതുപോലെ തന്നെ ജീവശാസ്‌ത്രരംഗത്ത് അന്നുവരെ നിലനിന്നിരുന്ന ഒട്ടേറെ അബദ്ധധാരണകളെ തകിടം മറിച്ച് ആധുനിക ജീവശാസ്‌ത്രത്തിന് അടിത്തറ പാകിയ ചാൾസ് ഡാർവിന്റെ 200-ാം ജന്മവാർഷികവും, അദ്ദേഹത്തിന്റെ `സ്‌പീഷീസുകളുടെ ഉത്‌പത്തി' (Origin Of Species) എന്ന മഹദ്‌ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ട് 150 സംവത്സരങ്ങൾ പൂർത്തിയാകുന്നതും ഈ വർഷം തന്നെ. ചുരുക്കത്തിൽ നവ മാനവസംസ്‌കാരത്തിന്റെ അസ്‌തിവാരമെന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ആധുനിക ശാസ്‌ത്രത്തിന്റെ ചരിത്രത്തിലെ അത്യന്തം പ്രാധാന്യമേറിയ ചില മുഹൂർത്തങ്ങളുടെ ഓർമ പുതുക്കിക്കൊണ്ടാണ് 2009 നമ്മുടെ മുന്നിൽ എത്തുന്നത്. ഇന്ത്യൻ ആണവ പരിപാടിയുടെയും ബഹിരാകാശ ഗവേഷണത്തിന്റേയും ഉപജ്ഞാതാവായ ഹോമി ജെ ഭാഭയുടെ ജന്മശതാബ്‌ദി വർഷമാണ് ഇതെന്ന കാര്യവും ഈ അവസരത്തിൽ സ്‌മരണീയമാണ്.
ഈ ചരിത്രമുഹൂർത്തത്തിന്റെ സവിശേഷ പ്രാധാന്യം കണക്കിലെടുത്ത് കൊണ്ട് 2009 -2010 പ്രവർത്തനവർഷം ശാസ്‌ത്രവർഷമായി ആചരിക്കാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തീരുമാനിച്ചിരിക്കുകയാണ്. ആധുനിക ശാസ്‌ത്രവിജ്ഞാനവും ശാസ്‌ത്രബോധവും സമസ്‌ത ജനവിഭാഗങ്ങളിലേക്കും പ്രസരിപ്പിക്കുക എന്നത് പണ്ടെന്നത്തേക്കാളും ഇന്ന് പ്രസക്തമായി തീർന്നിരിക്കുന്നു എന്ന വിശ്വാസമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ പരിഷത്തിനെ പ്രേരിപ്പിക്കുന്നത്.
ആധുനിക ശാസ്‌ത്രവിജ്ഞാനത്തിന്റെ അനന്തസാധ്യതകൾക്കും അതുണർത്തിവിടുന്ന ഉദാത്തമായ ജിജ്ഞാസക്കുമൊപ്പം, ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ വിവേകപൂർണമായ ഉപയോഗവും അവയ്‌ക്ക് മേലുള്ള സാമൂഹ്യനിയന്ത്രണവും വ്യാപകമായ ചർച്ചക്ക് വിഷയീഭവിക്കേണ്ടതുണ്ടെന്ന് പരിഷത്ത് കരുതുന്നു. ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ ശാസ്‌ത്ര പ്രചാരണ പ്രവർത്തനങ്ങൾക്കാണ് പരിഷത്ത് രൂപം നൽകിയിട്ടുള്ളത്. ശാസ്‌ത്രവർഷാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലഘുഗ്രന്ഥപരമ്പരയിലെ ഒരു പുസ്‌തകമാണിത്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ആമുഖം
ഈ വർഷം നാം ചാൾസ് ഡാർവിന്റെ ജനനദിനത്തിന്റെ ദ്വിശതാബ്‌ദിയും, ?സ്‌പീഷീസുകളുടെ ഉത്‌പത്തിയെക്കുറിച്ച് ? എന്ന പുസ്‌തകത്തിന്റെ നൂറ്റി അമ്പതാം വാർഷികവും ആഘോഷിക്കുകയാണ്. വിവിധ മതങ്ങളിലും സംസ്‌കാരങ്ങളിലും ജീവന്റേയും മനുഷ്യന്റേയും ഉത്‌പത്തിയെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ ഉണ്ട്. ?സ്‌പീഷീസുകളുടെ ഉത്‌പത്തിയെകുറിച്ച്?എന്ന പുസ്‌തകത്തിൽ, ഡാർവിൻ ദീർഘദൃഷ്‌ടിയോടുകൂടി ഒരു വാചകമെഴുതി. ?മനുഷ്യന്റെ ഉത്‌പത്തിയേയും അവന്റെ ചരിത്രത്തേയും കുറിച്ച് വെളിച്ചം വീശപ്പെടും.? എന്തു കൊണ്ടാണ് ഡാർവിൻ മനുഷ്യന്റെ കാര്യം ഇങ്ങനെ ഒറ്റ വാചകത്തിൽ നിർത്തിയതെന്ന് ഇന്ന് നമുക്ക് ഊഹിക്കുവാൻ പോലും പ്രയാസമാണ്. മറ്റൊരു ജന്തുവിൽ നിന്നുമാണ് മനുഷ്യൻ ഉത്ഭവിച്ചതെന്ന്, പ്രത്യക്ഷമായി പറയാതെതന്നെ, ഡാർവിന്റെ പുസ്‌തകം ഒരു കൊടുങ്കാറ്റാണ് ഉയർത്തിയത്. ഡാർവിന്റെ സിദ്ധാന്തത്തിന്റെ യുക്തിയുക്തമായ നിഗമനം, മനുഷ്യനും മറ്റു സ്‌പീഷീസുകളെ പോലെ, ഒരു പൂർവ്വികനിൽനിന്നും പരിണാമപരമായ മാറ്റങ്ങൾ വഴി ഉത്ഭവിച്ചതാണെന്ന് തന്നെയാണല്ലോ. അക്കാലത്ത് ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിൽ വച്ച് (1860) ബിഷപ്പ് വിൽബർഫോഴ്‌സും തോമസ് ഹക്‌സ്‌ലിയും തമ്മിൽ നടന്ന ചരിത്രപ്രസിദ്ധമായ സംവാദത്തിലെ കേന്ദ്രബിന്ദു, മനുഷ്യന്റെ ഉത്‌പത്തി തന്നെയായിരുന്നു. താങ്കൾക്ക് അമ്മൂമ്മ വഴിക്കാണോ മുത്തച്ഛൻ വഴിക്കാണോ ആൾക്കുരങ്ങുമായി ബന്ധമുള്ളത് എന്നായിരുന്നു ഹക്‌സ്‌ലിയോട് ബിഷപ്പിന്റെ ചോദ്യം. പരിഹാസം നിറഞ്ഞ, മൂർച്ചയുള്ള ചോദ്യമാണത് എന്നതിൽ സംശയമില്ല. പക്ഷെ ഹക്‌സ്‌ലി അതിന് ചുട്ട മറുപടി നൽകി. അദ്ദേഹത്തിന്റെ മറുപടിയിലെ ഏറ്റവും പ്രസക്തമായ വരികളിതാണ്. ?തന്റെ സമ്പത്തും സ്വാധീനശക്തിയും ഗൗരവമുള്ള ഒരു ശാസ്‌ത്രചർച്ചയിൽ പരിഹാസം കലർത്താൻ മാത്രം ഉപയോഗിക്കുന്ന ഒരാളേക്കാൾ, പാവപ്പെട്ട ഒരാൾക്കുരങ്ങിനെ എന്റെ മുത്തച്ഛനായി കണക്കാക്കുവാനാണ് ഞാൻ ഇഷ്‌ടപ്പെടുന്നത് എന്നായിരുന്നു. ഹക്‌സ്‌ലിയുടെ വാക്കുകൾക്ക് ഇന്നും പ്രസക്തിയുണ്ട്.
ജീവജാലങ്ങളുടെ ശാസ്‌ത്രീയമായ വർഗീകരണത്തിന് അടിത്തറ പാകിയ കാൾ ലിനേയസ് (1707-1778) ആണ് മനുഷ്യന് ഹോമൊസാപിയൻസ് എന്ന് പേരിടുകയും, സസ്‌തനികളിലെ പ്രൈമേറ്റ് വിഭാഗത്തിൽ പെടുത്തുകയും ചെയ്‌തത്. തേവാങ്ക് തെക്കെ അമേരിക്കയിലെയും, ആഫ്രിക്കയിലെയും, ഏഷ്യയിലെയും കുരങ്ങുകൾ, ആൾക്കുരങ്ങുകൾ എന്നിവ ഉൾപ്പെട്ട വിഭാഗമാണിത്. ശരീരഘടനയുടെ അടിസ്ഥാനത്തിലാണ്, ലിനേയസ് വർഗ്ഗീകരണം നടത്തിയതെങ്കിലും, ഇതിലെ അംഗങ്ങൾ തമ്മിൽ പരിണാമപരമായ ഒരു ബന്ധവും ഉള്ളതായി ലിനേയസ് കണക്കാക്കിയിരുന്നില്ല. അതേസമയം ഇവയെല്ലാം എന്തുകൊണ്ടാണ് ഒരു വിഭാഗത്തിൽപ്പെട്ട ഉപവിഭാഗങ്ങളിലെ ജനുസ്സുകളും സ്‌പീഷീസുകളുമായതെന്ന് ഡാർവിന്റെ പരിണാമസിദ്ധാന്തം വഴി വിശദീകരിക്കുവാൻ കഴിയും. ഡാർവിന്റെ കാലത്ത് ആൾക്കുരങ്ങും മനുഷ്യനും തമ്മിൽ പല സാദൃശ്യങ്ങളും ഉണ്ടെന്ന് സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ നടന്നു. ഇതിൽ ഏറ്റവും പ്രധാനമായ ഒന്നാണ് തോമസ് ഹക്‌സിലി എഴുതിയ ?പ്രകൃതിയിൽ മനുഷ്യന്റെ സ്ഥാനം? (Man?s Place in Nature) എന്ന പുസ്‌തകം. അക്കാലത്ത് ശരീരഘടനയിൽ പോലും മനുഷ്യനും ആൾക്കുരങ്ങും തമ്മിൽ വലിയ സാദൃശ്യമുണ്ടെന്ന് സ്ഥാപിക്കുന്നത് തന്നെ വലിയ ഒരു കാര്യമായിരുന്നു. അവസാനം 1871-ൽ ഡാർവിൻ മനുഷ്യന്റെ അവരോഹണം (The Descent of Man) എന്ന പുസ്‌തകത്തിൽ മനുഷ്യന്റെ ഉത്‌പത്തിയെക്കുറിച്ച് വിശദമായി ചർച്ച ചെയ്‌തു. അതിൽ അദ്ദേഹമെഴുതി. `അങ്ങനെ മനുഷ്യൻ, വാലുള്ള, കൂർത്ത ചെവികളും, മിക്കവാറും വൃക്ഷവാസിയുമായ, പഴയ ലോകത്തിൽ വസിക്കുന്ന, രോമാവൃത ശരീരമുള്ള ഒരു നാൽക്കാലിയിൽനിന്നും ഉത്ഭവിച്ചതായിരിക്കണം.' വിക്‌റ്റോറിയൻ യുഗത്തിലെ ഇംഗ്ലണ്ടിൽ ഇതുണ്ടാക്കിയ കോലാഹലത്തെകുറിച്ച് വിവരിക്കേണ്ടതില്ലല്ലോ. ഡാർവിനെ വാലുള്ളതും ഇല്ലാത്തതുമായ കുരങ്ങനും ആൾക്കുരങ്ങനുമായി ചിത്രീകരിക്കാത്ത വാരികകളോ പത്രങ്ങളോ അന്നില്ലായിരുന്നു.
?മനുഷ്യന്റെ അവരോഹണം? എന്ന പുസ്‌തകത്തിന്റെ അവസാനത്തെ അദ്ധ്യായത്തിൽ ഡാർവിൻ എതിർപ്പുകൾക്ക് മറുപടിയെന്നോണം ഇങ്ങനെ എഴുതി.
`ഈ കൃതിയിൽ എത്തിയിട്ടുള്ള നിഗമനങ്ങളെ അങ്ങേയറ്റം മതവിരുദ്ധമെന്ന് പറഞ്ഞ് നിന്ദിക്കപ്പെടുമെന്ന് എനിക്കറിയാം. പക്ഷെ അങ്ങനെ നിന്ദിക്കുന്നവൻ, മനുഷ്യൻ താഴെക്കിടയിലുള്ള ഒന്നിൽനിന്നും മാറ്റങ്ങളോടു കൂടിയുള്ള പിൻതുടർച്ചയിലൂടെയാണ് വ്യതിയാനത്തിന്റേയും പ്രകൃതി നിർധാരണത്തിന്റേയും നിയമങ്ങൾക്കനുസരിച്ച് ഒരു സവിശേഷ സ്‌പീഷീസായി തീർന്നതെന്ന വിശദീകരണം, പുനരുത്‌പാദനത്തിന്റെ നിയമങ്ങൾക്കനുസരിച്ച് (ഭ്രൂണവികാസത്തിന്റെ മാത്രൃക) ഒരു വ്യക്തിയുടെ ജനനം വിശദീകരിക്കുന്നതിനേക്കാൾ മത വിരുദ്ധമാണെന്ന് കാണിച്ചു തരുവാൻ ബാധ്യസ്ഥരാണ്.
അക്കാലത്തെ രചനാ സമ്പ്രദായമനുസരിച്ച് ഡാർവിൻ എഴുതിയത് വളഞ്ഞു പുളഞ്ഞതാണെന്ന് നമുക്ക് തോന്നിയേക്കാം. പക്ഷെ ഡാർവിന്റെ യുക്തി ഭദ്രമായ ചിന്താഗതിയുടെ നല്ലൊരു ഉദാഹരണമാണിത്. ബീജസങ്ക ലനം കഴിയുമ്പോൾ ഒരു കോശമായ സിക്താണ്‌ഡം (zygote) നിരവധി വിഭജനങ്ങൾക്ക് ശേഷം വിഭേദനം (differentiation) സംഭവിച്ച് ശരീരത്തിലെ വിവിധകലകളും പിന്നീട് അവയവങ്ങളുമെല്ലാം ആയിത്തീരുന്നു. അവസാനം പൂർണ്ണ വളർച്ചയെത്തിയ ഒരു വ്യക്തിയായിത്തീരുന്നു. ഇത് യഥാർഥത്തിൽ അത്ഭുതകരമായ ഒരു പ്രക്രിയയാണല്ലോ. ഇതിനെ ഭ്രൂണവിജ്ഞാനീയവും തന്മാത്രാ ജൈവശാസ്‌ത്രവും എല്ലാം ചേർന്ന് വിശദീകരിക്കുമ്പോൾ, ആരും അതിനെ എതിർക്കുന്നില്ലല്ലോ. പിന്നെ എന്തുകൊണ്ട് അതേ ശാസ്‌ത്ര തത്വങ്ങളെ ആധാരമാക്കിയുള്ള പരിണാമ സിദ്ധാന്തത്തെമാത്രം എതിർ ക്കുന്നു എന്നതാണ് ഡാർവിന്റെ ചോദ്യം. ഡാർവിൻ ജീവിച്ചിരുന്ന കാലത്ത് മനുഷ്യ പൂർവ്വികന്റെ ഒരു ഫോസിൽപോലും തിരിച്ചറിയപ്പെട്ടിരുന്നില്ലെന്നത് ഒരു വസ്‌തുതയാണ്. 1871-ൽ നിയാണ്ടർത്താൽ മനുഷ്യന്റെ ഒരു ഫോസിൽ കണ്ടെത്തിയിരുന്നു. പക്ഷെ അത് റിക്കററ്‌സ് രോഗം ബാധിച്ച ഒരു രോഗിയുടെതാണെന്ന് സ്ഥാപിക്കുവാനാണ് ശാസ്‌ത്രജ്ഞർ ശ്രമിച്ചത്. ശാസ്‌ത്രജ്ഞരുടെ മാനസികാവസ്ഥ തന്നെ അന്ന് അങ്ങനെയായിരുന്നു. പിന്നീട് ഡച്ച് വൈദ്യശാസ്‌ത്രജ്ഞനായ യൂജീൻ ദുബോയ് 1891-ൽ മനുഷ്യ പൂർവ്വികന്റെ ഫോസിൽ കണ്ടെത്തണമെന്ന ഉദ്ദേശത്തോടെ, ഇൻഡോനേഷ്യയിലേക്ക് പോയി. അവിടെ നിന്നും അദ്ദേഹം ഒരു ഫോസിൽ മനുഷ്യന്റെ തലയോട് കണ്ടുപിടിക്കുകയും ചെയ്‌തു. അതിന് അദ്ദേഹം `പിത്തെകാന്ത്രോപസ് ഇറക്‌റ്റസ്' എന്നാണ് ശാസ്‌ത്രനാമം ഇട്ടത്. ഇതാണ് പിന്നീട് പ്രസിദ്ധമായ ജാവമനുഷ്യൻ.
മുകളിൽ ജാവമനുഷ്യനെ മനുഷ്യ പൂർവ്വികന്റെ ഫോസിൽ എന്നാണ് വിശേഷിപ്പിച്ചതെന്ന വസ്‌തുത ശ്രദ്ധിക്കുക. മനുഷ്യപരിണാമത്തിലെ കാണാതായ കണ്ണി (missing link) തേടിയാണ് ദുബോയ് പോയത്. മനുഷ്യനേയും ആൾക്കുരങ്ങുകളേയും ബന്ധിപ്പിക്കുന്ന കണ്ണിയാണ് അങ്ങനെ വിശേഷിപ്പിക്കുന്നത്. അന്നത്തെ കാലത്ത് പകുതി ആൾക്കുരങ്ങിന്റേയും പകുതി മനുഷ്യന്റേയും ലക്ഷണങ്ങൾ കാണിക്കുന്ന ഒന്നിനേയാണ് കാണാതായ കണ്ണി എന്ന് വിശേഷിപ്പിച്ചിരുന്നത്. അങ്ങനെ ഒരു സങ്കല്‌പത്തിനു തന്നെ യാതൊരു അർത്ഥവുമില്ല. പരിണാമം ചലനാത്മകമായൊരു പ്രക്രിയയാണ്. പരിണാമ പ്രക്രിയയിൽ ശരീരഘടനയിലും ഫിസിയോളജീയമായ പ്രക്രിയകളിലുമെല്ലാം പല ദിശയിലും മാറ്റങ്ങൾ ഉണ്ടാകും. മനുഷ്യന്റെ കാര്യമെടുത്താൽ ഡാർവിന്റെ കാലത്തുതന്നെ, മനുഷ്യനോട് ഏറ്റവും അടുപ്പമുള്ള ആൾക്കുരങ്ങ് ചിമ്പാൻസിയാണെന്ന് അറിയാമായിരുന്നു. ഇന്ന് ജൈവരസതന്ത്രപരവും ജീനോമിക പഠനങ്ങൾ വഴിയുള്ള തെളിവുകളും ഇത് ശരിയാണെന്ന വസ്‌തുത തെളിയിച്ചിരിക്കുകയാണ്. നമ്മുടെ ഡി.എൻ.എയുടെ 98.5% വും ചിമ്പാൻസിയിലേത് പോലെ തന്നെയാണ്. വ്യത്യസ്‌തദിശയിലേക്ക് പോകൽ (principle of divergence) എന്നത് ഡാർവീനിയൻ സിദ്ധാന്തത്തിന്റെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഒരു ആദിമ ആൾക്കുരങ്ങ് രണ്ട് വ്യത്യസ്‌ത സ്‌പീഷീസുകളായി മാറി. അതിൽ നിന്നും ഒരു ശാഖ പരിണാമ മാറ്റങ്ങളിലൂടെ ഇന്നത്തെ ചിമ്പാൻസിയായി തീർന്നു. മറ്റേത് തികച്ചും വ്യത്യസ്‌തമായ ഒരു ദിശയിലാണ് നീങ്ങിയത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, അത് പുതിയൊരു അനുകൂലനമേഖലയിൽ (adaptive zone) പ്രവേശിച്ചു. ഇങ്ങനെ വഴിപിരിഞ്ഞ സ്‌പീഷീസിനെ വേണമെങ്കിൽ കാണാതായ കണ്ണി ആയി വിശേഷിപ്പിക്കാം. പക്ഷെ അതിന്റെ മൗലിക അനുകൂലനത്തോട് ബന്ധപ്പെട്ടതല്ലാത്ത ലക്ഷണങ്ങളെല്ലാം ചിമ്പാൻസിയുടേയും മനുഷ്യന്റേയും പൊതുപൂർവ്വികരിൽ കാണുന്നവ തന്നെയായിരിക്കും. അല്ലാതെ പകുതി ആൾക്കുരുങ്ങും പകുതി മനുഷ്യനും ആയ ഒരു ജീവി ആയിരിക്കുകയില്ല. മനുഷ്യന്റെ ഫോസിൽ ചരിത്രത്തിലേക്ക് കടക്കുമ്പോൾ ഇക്കാര്യം കൂടുതൽ വ്യക്തമാകും.
മനുഷ്യൻ മറ്റു ജന്തുക്കളുമായി ബന്ധമില്ലാത്ത ജീവിയാണെന്ന വിശ്വാസം മാറ്റേണ്ടിവന്നപ്പോൾ, മനുഷ്യനിലേക്ക് നയിച്ച പരിണാമം സവിശേഷമാണെന്ന ആശയമായി. ഇന്നത്തെ അവസ്ഥ വച്ച് നോക്കുമ്പോൾ, ഏറ്റവും വലിയ മസ്‌തിഷ്‌കവും ബുദ്ധിശക്തിയുമുള്ള ജന്തുവാണ് മനുഷ്യൻ. അതിനാൽ മസ്‌തിഷ്‌ക വികാസമാണ്, മനുഷ്യ പരിണാമത്തിലെ മുഖ്യഘടകം. ഇതായിരുന്നു 1924ൽ ആദ്യത്തെ ആസ്‌ത്രേലോപിത്തെക്കസ് ഫോസിൽ കണ്ടുകിട്ടുന്നതുവരെ, മനുഷ്യപരിണാമത്തെക്കുറിച്ചുള്ള മുഖ്യ ആശയം. സ്‌പീഷീകരണത്തിൽ ഏതൊരു ജീവിയും പുതിയൊരു അനുകൂലന മേഖലയിലേക്ക് (adaptive zone) കടക്കുമ്പോൾ, അനുകൂലന വികിരണം (adaptive radiation) ഉണ്ടാവുക സാധാരണമാണ്. ഉദാഹരണത്തിന് ആദ്യത്തെ പക്ഷി വായുവിൽ പറക്കുവാൻ കഴിയുന്ന ഒന്നായി. തുടർന്ന് സസ്യഭുക്കുകളും, മാംസഭുക്കുകളും, സർവ്വഭോജികളുമായ എത്രയോ ഇനം പക്ഷികൾ പരിണമിച്ച് ഉണ്ടായി. ഒരു കാലത്ത് മസ്‌തിഷ്‌കത്തിന്റെ വലിപ്പം ക്രമേണ കൂടിക്കൂടി വന്ന്, അവസാനം ആധുനിക മനുഷ്യനിൽ എത്തി എന്ന ധാരണയാണ് ഉണ്ടായിരുന്നത്. നിയാണ്ടർത്താൽ മനുഷ്യൻ, ക്രോമാഗ്‌നൺ മനുഷ്യൻ എന്നിവയുടെ ഫോസിലുകൾ മാത്രം പരിശോധിച്ചാൽ, അങ്ങനെയൊരു ധാരണ ഉണ്ടായതിൽ തെറ്റില്ല. പക്ഷെ 1924-ൽ റെയ്‌മണ്ട് ഡാർട്ട് ആദ്യത്തെ ആസ്‌ത്രലോപിത്തെക്കസ് ഫോസിൽ കണ്ടുപിടിച്ചതോടെ ചിത്രം ആകെ മാറി. അതിന്റെ തലയോടാണ് ആദ്യം കിട്ടിയത്. താടിയെല്ല്, ദന്തതോരണം പല്ലുകളുടെ ഘടന എന്നിവയെല്ലാം മനുഷ്യന്റേതിനോട് സാദൃശ്യമുള്ള ലക്ഷണങ്ങൾ ഉള്ളവയായിരിന്നു. മസ്‌തിഷ്‌കത്തിന്റെ ബാഹ്യരൂപവും മനുഷ്യലക്ഷണങ്ങൾ കാണിച്ചിരുന്നു. തലയോടിൽ മസ്‌തിഷ്‌കത്തിന്റെ നല്ലൊരു എൻഡോകാസ്റ്റ് (endocast) ഉണ്ടായിരുന്നതിനാലാണിത് മനസ്സിലാക്കുവാൻ കഴിഞ്ഞത്. ഒരു മൃദുഅവയവമായ മസ്‌തിഷ്‌കം ഒരിക്കലും ഫോസിലീകരിക്കപ്പെടുകയില്ല. മസ്‌തിഷ്‌കം ദ്രവിച്ചുപോയശേഷം, തലയോടിനകത്ത് മൂശയിലെന്നപോലെ കല്ലിൽ വാർത്തെടുക്കപ്പെടുന്ന മസ്‌തിഷ്‌ക മാതൃകയാണ് എൻഡോകാസ്‌ററ്. അതേസമയം വലിപ്പത്തിൽ ഇത് ചിമ്പാൻസിയുടെതിൽ നിന്നും വലിയ വ്യത്യാസമുള്ളതായിരുന്നില്ല. അതിനാൽ മനുഷ്യകുടുംബമായ ഹോമിനിഡേ (hominidae) യിൽപെട്ട ഒരു ജീവിയുടെ നിർണായകമായ ലക്ഷണം, വലിയ മസ്‌തിഷ്‌കമല്ലെന്ന് അതോടെ വ്യക്തമായി.
സമീപകാലം വരെ ആസ്‌ത്രലോപിത്തെക്കസിനെ കാണാതായ കണ്ണി ആയി കണക്കാക്കി വന്നു. ആ പദവി നഷ്‌ടപ്പെട്ടതെങ്ങനെ എന്ന് വഴിയെ വിശദീകരിക്കാം. ഏതായാലും ഒരു കാര്യം വ്യക്തമായി. മനുഷ്യന്റെ അടിസ്ഥാന അനുകൂലനം, ഇരുകാലി (bipedal) നടത്തമാണ്. ഇതിന്റെ ഫലമായിട്ടാണ് മറ്റുള്ള പരിണാമ മാറ്റങ്ങളെല്ലാം ഉണ്ടായത്. ചിമ്പാൻസിയുടേയും മനുഷ്യന്റേയും പൊതുപൂർവ്വികനിൽ നിന്നും മനുഷ്യനിലേക്ക് നയിച്ച ശാഖ വേർപിരിഞ്ഞതിനുശേഷം അതിൽ നിരവധി പരിണാമ മാറ്റങ്ങൾ ഉണ്ടായി. പല ജനുസുകളും സ്‌പീഷീസുകളും ഉണ്ടായി. ചുരുക്കി പറഞ്ഞാൽ മറ്റു ജീവികളിലെന്നപോലെ ഇവിടെയും അനുകൂലന വികിരണം (adaptive radiation) ഉണ്ടായി. ആധുനിക മനുഷ്യനോട് അടുത്ത ബന്ധമുള്ള ഫോസിലുകളെയെല്ലാം ഹോമിനിനുകൾ (hominin) എന്ന് വിളിക്കുന്നു. അടുത്ത കാലം വരെ ഇവയെ ഹോമിനിഡുകൾ എന്നാണ് വിശേഷിപ്പിച്ചിരുന്നുത്. എന്നാൽ ഇന്ന് ആൾക്കുരങ്ങുകളേയും മനുഷ്യനേയും ഹോമിനിഡേ (hominidae) എന്ന കുടുംബത്തിലാണ് പെടുത്തിയിരിക്കുന്നത്. അതിനാൽ ഇപ്പോൾ ഹോമിനിഡ് എന്നുപറഞ്ഞാൽ ആൾക്കുരങ്ങുകളും ഉൾപ്പെടും. (ശാസ്‌ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച മനുഷ്യന്റെ ഉത്‌പത്തി എന്ന പുസ്‌തകത്തിൽ ഹോമിനിനുകൾ എന്നതിനുപകരം ഹോമിനിഡുകൾ എന്നാണ് പറഞ്ഞിട്ടുളളത്. കാരണം അതിൽ ഹോമിനിഡെ എന്ന കുടുംബത്തിൽ മനുഷ്യനേയും, പൂർവ്വികരേയും മാത്രമേ ഉൾപ്പെടുത്തിയിരുന്നുളളു. അതിനാൽ ഹോമിനിനുകളെ ഹോമിനിഡുകളായിട്ടാണ് വിശേഷിപ്പിച്ചിട്ടുള്ളത്.) എന്നാൽ ഇന്നത്തെ കാഴ്‌ചപ്പാടിൽ, ജീവശാസ്‌ത്രപരമായി നോക്കിയാൽ, മനുഷ്യനേയും ആൾക്കുരങ്ങുകളേയും വ്യത്യസ്‌ത കുടുംബത്തിൽ പെടുത്തുന്നതിന് യാതൊരു ന്യായീകരണവും ഇല്ല. അപ്പോൾ ആൾക്കുരങ്ങും മനുഷ്യനും പൂർവ്വികന്മാരുമെല്ലാം ഹോമിനിഡുകളാണ്. അതിനാൽ മനുഷ്യപൂർവ്വികന്മാരെമാത്രം വിശേഷിപ്പിക്കണമെങ്കിൽ ഹോമിനിൻ എന്ന് പറയണം. അവസാനമായി, മേൽവിവരിച്ചതിന്റെ വെളിച്ചത്തിൽ മനുഷ്യപരിണാമത്തിന്റെ പാത കാണാതായ കണ്ണിയിൽനിന്നു നേർരേഖയിലൂടെ ആധുനിക മനുഷ്യനിലേക്ക് നയിക്കുന്ന ഒന്നല്ല. മനുഷ്യന്റെ പരിണാമചരിത്രത്തെ ചിത്രീകരിച്ചാൽ, അതിന് പല ശാഖകളും ഉപശാഖകളും ഉള്ളതായി കാണാം. ശാഖകൾ പലതും അന്യം വന്ന് പോയതായും കാണാം. വളരെ വിരളമായി മാത്രം സംഭവിക്കുന്ന ഒരു പ്രക്രിയയാണ് ഫോസിലീകരണം. കൂടാതെ ഉഷ്‌ണമേഖലാവനങ്ങളിൽ ജീവിക്കുന്നവയുടെ ഫോസിലുകൾ കിട്ടുവാൻ കൂടുതൽ പ്രയാസമാണ്. ഈർപ്പവും ചൂടുമുള്ള പ്രദേശങ്ങളിൽ, മൃതശരീരങ്ങൾക്ക് എളുപ്പത്തിൽ വിഘടനം സംഭവിക്കാം. ഒരു മൃതദേഹം ഫോസിലായി മാറുവാൻ വളരെ കാലം വേണം. അതിനാൽ ജീവിച്ചിരിക്കുന്ന എല്ലാ ഹോമിനിനുകളുടെയും ഫോസിലുകൾ കിട്ടുക സാധ്യമല്ല.
എല്ലുകളും പല്ലുകളും പോലെയുള്ള കാഠിന്യമുള്ള ശരീരഭാഗങ്ങളാണ് സാധാരണയായി ഫോസിൽ ആയിത്തീരുന്നത്. അതിനാൽ മനുഷ്യന്റെ സവിശേഷ ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് ആദ്യം പരിശോധിക്കാം ഇരുകാലി നടത്തമാണ് മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ അനുകൂലനമെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. അതിനാൽ കാൽപാദത്തിന്റെ ഘടന, തുടയെല്ലുകൾ (ഫീമർ) ശ്രോണീവലയത്തിൽ ഘടിപ്പിച്ചിരിക്കുന്ന രീതി, ശ്രോണീവലയത്തിന്റെ ഘടന എന്നിവയിലെല്ലാം സവിശേഷതകൾ കാണാം. തുടയെല്ല് ശരീരത്തിന്റെ മധ്യരേഖയിലേക്ക് ചെരിഞ്ഞ ഒരു കോണിലാണ് ഘടിപ്പിച്ചിരിക്കുന്നത്. നടക്കുമ്പോൾ ഗുരുത്വാകർഷണത്തിന്റെ കേന്ദ്ര ബിന്ദു മധ്യഭാഗത്തേക്ക് മാറി, സന്തുലിതാവസ്ഥ നിലനിർത്തുവാനാണിത്. ശ്രോണീവലയം ഉയരം കുറഞ്ഞ്, പരന്ന്, ആന്തരീകാവയവങ്ങളെ താങ്ങിനിർത്തുവാനുള്ള ഒന്നായിത്തീർന്നു. ഇതും നിവർന്ന് നിൽപ്പിന്റെ അനന്തരഫലമായി ഉണ്ടായ ഒരാവശ്യമാണ്. അതേപോലെ തലയോടിനെ, നട്ടെല്ലിൽ സന്തുലിതമായി നിർത്തുവാനായി, രണ്ടും തമ്മിൽ ചേരുന്ന സ്ഥാനം മാറി. അതോടെ സുഷുമ്‌നാനാഡി പുറത്തേക്ക് വരുന്ന ദ്വാരമായ ഫൊറാമെൻ മാഗ്നം തലയോടിന്റെ അടിവശത്തായി നാൽക്കാലികളിൽ ഇത് നേരെ പിൻവശത്താണ്. മുഖം പരന്നതായി, മൂക്ക് ഉന്തിനിൽക്കുന്നതും ആയി. പല്ലുകൾ ലഘൂകരിച്ചു, ദംഷ്‌ട്രകൾ ചെറുതായി. താടിയെല്ലും ചെറുതായി. മുഖം ഉന്തിനിൽക്കാത്തതിന്റെ ഒരു കാരണമിതാണ്. മസ്‌തിഷ്‌കം വളരുന്നതിനനുസരിച്ച്, തലയോടിന്റെ ആകൃതിയിലും മാറ്റങ്ങൾ ഉണ്ടായി.
ഫോസിൽ ചരിത്രം
1924-ൽ റെയ്‌മണ്ട് ഡാർട്ട് ആസ്‌ത്രേലോപിത്തെക്കസിന്റെ ഫോസിൽ കണ്ടെത്തിയതിനുശേഷം, മനുഷ്യപൂർവ്വികരുടെ ഫോസിലുകൾ തേടിയുള്ള പര്യവേക്ഷണങ്ങൾ ആഫ്രിക്കയിലായി. മനുഷ്യപൂർവ്വികനെ തേടേണ്ടത് ആഫ്രിക്കയിലാണെന്നാണല്ലോ ഡാർവിനും പ്രവചിച്ചിരുന്നത്. കിഴക്കെ ആഫ്രിക്കയിൽ ഓൾഡുവോയ് ഗോർജ് എന്ന് മലയിടുക്കിൽ, ഫോസിലുകൾ ഉള്ള ഊറൽപാറകളുടെ നിരകളെ വ്യക്തമായി കാണാം. അതിനാൽ ഫോസിൽ ഉത്‌ഖനനങ്ങൾക്ക് പറ്റിയസ്ഥലമാണിത്. ഇവിടെ പിൽക്കാലത്ത് ലോകപ്രശസ്‌തരായിത്തീർന്ന ലൂയി ലീക്കിലും ഭാര്യ മേരിയും ഉത്‌ഖന നങ്ങൾ ആരംഭിച്ചു. ഇക്കാര്യത്തിൽ അവർ താമസിയാതെ വിജയം കൈവരിക്കുകയും ചെയ്‌തു. ലൂയി ലീക്കിക്ക് ആദ്യം കിട്ടിയത് പാക്കുവെട്ടി മനുഷ്യൻ (nutcracker man) എന്ന പേരിട്ട ആസ്‌ത്രേലോപിത്തെക്കസിന്റെ ഫോസിലാണ്. ഇതിന്റെ താടിയെല്ലിന് നല്ല കട്ടിയുണ്ടായിരുന്നു. അണപ്പല്ലുകളും വലുതായിരുന്നു. ലീക്കി ഇതിനെ ആദ്യം ``സിഞ്ചാന്ത്രോപസ് ബോയ്‌സെ എന്നാണ് പേരിട്ടതെങ്കിൽ, പിന്നീടിത് ആസ്‌ത്രേലോപിത്തെക്കസ് ജനുസിൽ തന്നെ പെട്ടതാണെന്ന് തെളിഞ്ഞു. അതിനുശഷം മറ്റൊരു ആസ്‌ത്രേലോപിത്തെക്കസ് സ്‌പീഷീസിന്റെ ഫോസിലും ഇവിടെ നിന്നും കിട്ടി. ഇതിന് ആസ്‌ത്രേലോപിത്തെക്കസ് റോബസ്റ്റസ് എന്ന് പേരിട്ടു. ഇവ രണ്ടും ഡാർട്ടിന്റേതിനേക്കാൾ ബലിഷ്‌ഠ ശരീരമുള്ളവയായിരുന്നു. ഡാർട്ടിന്റെ കൃശഗാത്രരായവയെ ആഫ്രിക്കാനസ് എന്ന സ്‌പീഷീസിലാണ് പെടുത്തിയിരിക്കുന്നത്. ഇവയുടെ പ്രായം ഏതാണ്ട് 25 ലക്ഷം വർഷമായിരുന്നു.
സഹെലാന്ത്രോപസും കൂട്ടരും
ജീവജാലങ്ങളെക്കുറിച്ച് പറയുമ്പോൾ സാധാരണക്കാരന്, ദുഷ്‌കരമായ ഒരു കാര്യമുണ്ട്. ലാറ്റിനും ഗ്രീക്കും കലർന്ന അവയുടെ ശാസ്‌ത്രനാമങ്ങളാണത്. പക്ഷെ ഇക്കാര്യത്തിൽ അൽപം ബുദ്ധിമുട്ട് സഹിച്ചേ പറ്റൂ. ഓരോ പുരാനരവംശവിജ്ഞാനീയനും, തലയോടിന്റെ ഭാഗമോ, മറ്റു എല്ലുകളോ, കേവലം ഒരു പല്ല് മാത്രമോ കിട്ടിയാൽ, ഉടൻ തന്നെ അതിനൊരു പേര് നൽകിയിരുന്ന കാലമുണ്ടായിരുന്നു. അങ്ങനെയാണ് പീക്കിങ്ങ് മനുഷ്യനും, ജാവ മനുഷ്യനും, റോഡേഷ്യൻ മനുഷ്യനും, ക്രോമാഗ്‌നൺ മനുഷ്യനുമെല്ലാം, രംഗത്തുവന്നത്. ഇവ തമ്മിലുള്ള ബന്ധമെന്താെണന്നോ, മനുഷ്യ പരിണാമത്തിൽ ഇവയുടെ സ്ഥാനമെന്താണെന്നോ ഒന്നും വ്യക്തമായിരുന്നില്ല. സമ്പൂർണ്ണ ആശയക്കുഴപ്പം മാത്രമായിരുന്നു ഫലം. അവസാനം സംശ്ലേഷിത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളും, ആധുനിക വർഗ്ഗീകരണ വിജ്ഞാനീയത്തിന്റെ നേതാവുമായ ഏണസ്റ്റ് മേയർ ഒരു ശുദ്ധികലശം നടത്തി. അങ്ങനെയാണ്. പീക്കിങ്ങ് മനുഷ്യനും ജാവ മനുഷ്യനുമെല്ലാം ഹോമൊ ജനുസ്സിൽപ്പെട്ട് ഇറക്‌റ്റസ് എന്ന സ്‌പീഷീസിലെ അംഗങ്ങളായത്. ഇന്ന് പുരാനരവംശവിജ്ഞാനീയം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ശാസ്‌ത്ര ശാഖയാണ്. ഇതുതന്നെ ഡാർവിന്റെ സിദ്ധാന്തത്തിനുള്ള ഒരു ബഹുമാനസൂചകമാണ്.
ഇനി നമുക്ക് കാലഗണന ക്രമത്തിൽ, ഹോമിനിൻ ഫോസിലുകളെ പരിശോധിക്കാം. (അതായത് ഫോസിലുകളെ കണ്ടുപിടിച്ച സമയമല്ല അടിസ്ഥാനമാക്കിയിട്ടുളളതെന്നർത്ഥം) ഇന്ന് അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള ഹോമിനിൻ ഫോസിൽ, ആഫ്രിക്കയിലെ ചാഡിൽനിന്നും കണ്ടെത്തിയ സാഹെലാന്ത്രോപസ് ചാഡെൻസിസ് ആണ്. ഇതിന്റെ കാലപ്പഴക്കം ഏതാണ്ട് 65-67.5 ലക്ഷം വർഷമാണ്. തലയോടും, താടിയെല്ലും മാത്രമെ കണ്ടു കിട്ടിയിട്ടുള്ളു. അവ രണ്ടുകാലിൽ നടന്നിരുന്ന ജീവിയാണെന്ന് ഉറപ്പിച്ച് പറയുവാൻ കഴിയുകയില്ല. എങ്കിലും തലയോടിന്റെ അടിഭാഗത്തിനും താടിയെല്ലിനും ഹോമിനിനുകളിലെ ലക്ഷണങ്ങൾ ഉണ്ട്. ഇതേ പോലെ 2000-ാമാണ്ടിൽ കെനിയയിലെ ടുജൻ കുന്നുകളിൽ നിന്നും, ഏതാണ്ട് 60 ലക്ഷം വർഷം പഴക്കമുള്ള ഒരു ഫോസിൽ താടിയെല്ല് കിട്ടി. ഇതിന് മില്ലീനിയം മനുഷ്യൻ എന്ന് പേരുമിട്ടു. തുച്ഛമായ തെളിവിന്റെ അടിസ്ഥാനത്തിൽ, ഇത് ഒരു ഹോമിനിൻ ആണെന്ന് സമ്മതിക്കുവാൻ പല വിദഗ്‌ധരും മടിക്കുന്നുണ്ട്. ഇതിന്റെ ശാസ്‌ത്രനാമം `ഒറോറിൻ ടുജൻസിസ്' എന്നാണ്. അതേ പോലെ 55 ലക്ഷവും 45 ലക്ഷവും വർഷങ്ങൾ പഴക്കമുള്ള ഫോസിലുകളാണ്, ആർഡിപിത്തെക്കസിന്റെ രണ്ട് സ്‌പീഷീസുകൾ. റെയ്‌മണ്ട് ഡാർട്ട് തെക്കെ ആഫ്രിക്കയിൽ നിന്നും കണ്ടുപിടിച്ച ആസ്‌ത്രേലൊപിത്തെക്കസിന്റെ പല ഫോസിലുകളും, പിന്നീട് ആഫ്രിക്കയുടെ പല ഭാഗങ്ങളിൽ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്. ഇവ പല സ്‌പീഷീസുകളായി പരിണമിച്ചിരുന്നു. സ്‌പീഷീകരണത്തിൽ സാധാരണ നടക്കുന്ന ഒരു സംഭവമാണിതെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇതിൽ ഏറ്റവും പഴക്കം ചെന്ന ഫോസിൽ അനാമൻസിസിന്റേതാണ്. ഇതിന് 40 ലക്ഷത്തിൽപരം വർഷത്തെ പ്രായമുണ്ട്. ഈയിടെ കെനിയയിൽനിന്നും റിച്ചാഡ് ലീക്കിയുടെ ഭാര്യയായ മീവ് ലീക്കിക്ക് തികച്ചും വ്യത്യസ്‌തമായൊരു ഫോസിൽ കിട്ടി. ഇതിനെ പ്രത്യേകമായൊരു ജനുസ്സിലാണ് പെടുത്തിയിട്ടുളളത്. ശാസ്‌ത്രനാമം, കെനിയാന്ത്രോപസ് പ്‌ളാറ്റിപസ്. ഇതും മറ്റു ഹോമിനിനുകളുമായുളള ബന്ധം വ്യക്തമല്ല. സജീവമായി ഗവേഷണങ്ങൾ നടക്കുന്ന ഒരു മേഖലയിലാണ് പുരാനരംവംശ ശാസ്‌ത്രമെന്ന് ഓർമ്മിക്കണം. ശാസ്‌ത്രലോകത്തെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു ഫോസിൽ കണ്ടെത്തിയത്, ഗവേഷണത്തെ കൂടുതൽ രസകരമാക്കുന്ന ഒന്നാണ്.
പുരാനരവംശ ശാസ്‌ത്രത്തിലെ ഏററവും പ്രസിദ്ധമായ ഒരു കണ്ടുപിടുത്തമാണ് ലൂസി. ഡൊണാൾഡ് ജൊഹാൻസനും സഹപ്രവർത്തകരും കൂടി. 1973-ൽ എത്യോപ്പിയയിലെ ഹഡാറിൽ നിന്നുമാണ് ലൂസിയുടെ ഫോസിൽ കണ്ടെടുത്തത്. ഇതിന്റെ തലയോടിന്റെ ഭാഗങ്ങൾ, താടിയെല്ല്, കശേരുകകൾ, കൈകാലുകളിലെ അസ്ഥിയുടെ ഭാഗങ്ങൾ, തുടയെല്ല് ഇങ്ങനെ പല ഭാഗങ്ങളും കിട്ടിയിരുന്നു എന്നതാണ് സുപ്രധാന വസ്‌തുത. അതിനാൽ പല കാര്യങ്ങളെ കുറിച്ചും വ്യക്തമായ നിഗമനങ്ങളിൽ എത്തുവാൻ കഴിയും. അങ്ങനെ അസ്ഥികൂടം ഒരു പെണ്ണിന്റേതാണെന്ന് മനസ്സിലാക്കിയതോടെ, അതിന് ലൂസി എന്ന ഓമനപ്പേരും ഇട്ടു. ശാസ്‌ത്രനാമം `ആസ്‌ത്രലോപിത്തെക്കസ് അഫാറെൻസിസ്' എന്നാണ്. അതായത് നേരത്തെ കണ്ടത്തിയ ആസ്‌ത്രേലോപിത്തെക്കസ് ആഫ്രിക്കാനസിന്റെ മറ്റൊരു സ്‌പീഷീസ്. ഇതാണ് കൂടുതൽ പഴക്കമുള്ളത് (35 ലക്ഷം). അതിനാൽ ഇതിൽ നിന്നുമാണ് മറ്റ് ആസ്‌ത്രേലോപിത്തെക്കസ് സ്‌പീഷീസുകളും, പാരാന്ത്രോപ്പസും രൂപപ്പെട്ടത്. ഇവർക്ക് വൃക്ഷക്കൊമ്പുകളിൽ തൂങ്ങിക്കിടക്കുവാൻ കഴിഞ്ഞിരുന്നു എന്നു വേണം വിശ്വസിക്കുവാൻ. ഇതിൽ അത്ഭുതപ്പെടാനില്ല. ഒരു കാലത്ത് മനുഷ്യപൂർവ്വികൻ സാവന്ന പ്രദേശത്താണ് ഉത്ഭവിച്ചതെന്ന് കരുതിയിരുന്നു. ഇന്ന് ശാസ്‌ത്രീയമായ ഉത്‌ഖനനം നടത്തുമ്പോൾ, ആ പ്രദേശത്തെ പുരാപരിസ്ഥിയെക്കുറിച്ചും പഠിക്കുന്നുണ്ട്. ഇതിന്റെ ഫലമായി ആദ്യകാല ഹോമിനിനുകൾ തുറന്ന പ്രദേശങ്ങളും വൃക്ഷങ്ങളും ഇടകലർന്ന പ്രദേശങ്ങളിലാണ് ജീവിച്ചിരുന്നത് എന്നു മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. അഫാറെൻസിസിന്റെ സാമൂഹ്യഘടന ഏതുതരത്തിൽ ഉള്ളതായിരുന്നു? ആദിമ മനുഷ്യന്റേതിനെ അനുകരിക്കുന്നതോ, അതോ, ചിമ്പാൻസിയുടേയും ഗൊറില്ലയുടേയും പോലുള്ളതോ? കൃത്യമായ ഉത്തരം പറയാറായിട്ടില്ല. ജൊഹാൻസൻ ലൂസിയെ കണ്ടെത്തുന്നതിന് വളരെമുമ്പ്, ടാൻസാനിയയിലെ ലേട്ടോളിയിൽ മേരി ലീക്കിയും സഹപ്രവർത്തകരും രണ്ട് ജോഡി കാൽപാടുകൾ കണ്ടെത്തി. തൊട്ടടുത്ത് സാൻഡിമാൻ അഗ്നിപർവ്വതം ഉണ്ട്. അത് പൊട്ടിത്തെറിച്ചപ്പോൾ ആഗ്നേയചാരം കാറ്റിൽ പരന്നു. നല്ലൊരു മഴ പെയ്‌തതിനാൽ താഴെ വീണ ചാരം ചെളിപ്പോലെ ആയി. അതിൽ പതിച്ച കാൽപ്പാടുകളാണ് സംരക്ഷിക്കപ്പെട്ടത്. പെരുവിരലിന്റെ ഘടന, പാദത്തിന്റെ കമാനം എന്നിവയുടെ അടിസ്ഥാനത്തിൽ, ഇത് രണ്ടു കാലിൽ നടന്നിരുന്ന ഒരു ഹോമിനിന്റേതാണെന്ന് സംശയാതീതമായി പറയുവാൻ കഴിയും. ആഗ്നേയചാരമായതിനാൽ പൊട്ടാസിയം - ആർഗൺ റേഡിയോമെട്രിക് കാലഗണന സാധ്യമാണ്. അതിന്റെ പഴക്കം 36 ലക്ഷം വർഷമാണ്. അതിനാലത് അഫാറെൻസിസിന്റേതാണെന്ന് ഊഹിക്കാം.
ലൂയി ലീക്കി `സിഞ്ചാന്ത്രോപസ് ബോയ്‌സെ' എന്ന പേരിട്ടതിന്റെ ഇപ്പോഴത്തെ പേര് `പാരാന്ത്രോപ്പസ് ബോയ്‌സെയ്' എന്നാണ്. ഇതിൽ റോബസ്റ്റസ് എന്ന പേരുള്ള മറ്റൊരു സ്‌പീഷീസുമുണ്ടായിരുന്നു. പാരാന്ത്രോപ്പസ് എത്തിയോപ്പിക്കസ് എന്നൊരു സ്‌പീഷീസും, ഉദ്ദേശം 25 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നു. ആസ്‌ത്രേലോപിത്തെക്കസിൽ തന്നെ ഗാർഹി, ബാർഎൽഗസാലി എന്നീ സ്‌പീഷീസുകളുമുണ്ടായിരുന്നു. ഒരു കാലത്ത് കിഴക്കെ ആഫ്രിക്കയിലെ പിളർപ്പ് താഴ്‌വരയിൽ നിന്നുമാണ് നിരവധി ഹോമിനിൻ ഫോസിലുകൾ കണ്ടുപിടിക്കപ്പെട്ടത്. അതിനാൽ മനുഷ്യവംശത്തിന്റെ കളിത്തൊട്ടിൽ അതാണെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പൊളിച്ചെഴുത്ത് ആവശ്യമായിക്കഴിഞ്ഞു. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നും ആസ്‌ത്രേലോപിത്തെക്കസിന്റെ ഫോസിൽ കണ്ടുകിട്ടിയിട്ടുണ്ട്. കൂടാതെ സാഹെലാന്ത്രോപസിന്റെ ഫോസിൽ, ചാഡിലെ സാഹെൽ പ്രദേശത്തു നിന്നാണ് കണ്ടുകിട്ടിയിട്ടുള്ളത്. മറ്റൊരു കാര്യത്തിൽക്കൂടി തിരുത്തൽ ആവശ്യമായി. ഒരു സമയത്ത് ഭൂമിയിൽ ഒരു ഹോമിനിൻ മാത്രമേ ജീവിച്ചിരുന്നുള്ളു എന്ന് വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഹോമൊ ഉത്ഭവിച്ചതിനുശേഷവും പാരാന്ത്രോപസ് നിലനിന്നിരുന്നു.
1961-ൽ ലൂയി ലീക്കിക്ക് ഓൾഡുവായ് മലയിടുക്കിൽ നിന്ന് ഒരു താടിയെല്ലിന്റെ ഫോസിൽ കിട്ടി. ഇതിലെ പല്ലുകൾക്ക് ആസ്‌ത്രേലോപിത്തെക്കസിനേക്കാൾ, മനുഷ്യന്റേതിനോടാണ് സാമ്യമുണ്ടായിരുന്നത്. താമസിയാതെ തലയോടിന്റെ മുൻവശത്തെ പരൈറ്റൽ അസ്ഥിയുടെ ഒരു ഭാഗവും കിട്ടി. ഇത് വച്ച് നോക്കുമ്പോൾ, തലയോടിന്റെ മുൻഭാഗത്തിന് കൂടുതൽ ഗോളാകൃതി ഉണ്ടായിരിക്കണം. ഇതും ഹോമൊജനുസ്സിന്റെ ഒരു ലക്ഷണമാണ്. മസ്‌തിഷ്‌ക വ്യാപ്‌തം 650 സി.സി. ആയി കണക്കാക്കപ്പെട്ടു. ഇതിനെ ലീക്കി ഹോമൊ ജനുസ്സിൽ പെടുത്തി. `ഹോമൊ ഹബിലിസ്' എന്ന് പേരും ഇട്ടു. 25 ലക്ഷം വർഷങ്ങൾമുമ്പ് ജീവിച്ചിരുന്ന ഇതാണ് ഇന്നുവരെയുള്ള അറിവ് വച്ച് ഏറ്റവും പഴക്കമുള്ള ഹോമൊ. ഇതിനോട് ബന്ധപ്പെട്ട് മറ്റൊരു സുപ്രധാന കണ്ടുപിടുത്തവും നടന്നു. ഹബിലിസുകൾ ശിലോപകരണങ്ങൾ ഉണ്ടാക്കിയിരുന്നു. അവയ്‌ക്ക് വൈവിധ്യം ഉണ്ടായിരുന്നില്ല. മാത്രമല്ല, അവ പരുക്കനുമായിരുന്നു. ഇതിന് ഓൾഡോവാൻ സംസ്‌കാരം എന്ന് പേര് കിട്ടി. എങ്കിലും ശിലോപകരണങ്ങൾ ഉണ്ടാക്കുവാൻ തുടങ്ങി എന്നു പറഞ്ഞാൽ വലിയൊരു കാൽവെപ്പ് തന്നെയാണ്. ഹബിലിസുകൾ വളരെക്കാലം ജീവിച്ചിരുന്നു. ഏതാണ്ട് 15 ലക്ഷം വർഷങ്ങൾമുമ്പ് മാത്രമാണവ അപ്രത്യക്ഷമായത്.
ഇവിടം മുതൽ, മനുഷ്യപരിണാമത്തിൽ ശരീരഭാഗങ്ങളിൽ പരിണാമ മാറ്റങ്ങൾ വരുന്നതോടൊപ്പം, ശിലോപകരണങ്ങളിലും മാറ്റങ്ങൾ ഉണ്ടാകുന്നതായി കാണാം. ലൂയി ലീക്കിയുടെ മകൻ റോബർട്ട് ലീക്കി ഇന്ന് പുരാനരവംശവിജ്ഞാനീയരുടെ മുൻപന്തിയിലുള്ള ഒരാളാണ്. അച്ഛന്റെ കീഴിലായിരുന്നു ശിഷ്യത്വമെങ്കിലും, താമസിയാതെ സ്വന്തമായി ഒരു ഗവേഷണ സംഘത്തെ ഉണ്ടാക്കി. ഓൾഡുവോയ് ഗോർജിൽ നിന്നും മാറി, ടർക്കാന തടാകത്തിന്റെ തീരപ്രദേശത്തുള്ള കൂബി ഫോറയിൽ പര്യവേക്ഷണം ആരംഭിച്ചു. അവിടെ റോബർട്ട് ലീക്കിയും സംഘവും പകിട്ടേറിയ ഒരു കണ്ടുപിടുത്തം നടത്തി. അവർക്ക് ഏതാണ്ട് പൂർണ്ണമായ ഒരു ഫോസിൽ അസ്ഥികൂടം കിട്ടി. ഇത് ഒരു ആൺകുട്ടിയുടെതായിരുന്നു. അതിനാൽ അത് `ടർക്കാന ആൺകുട്ടി' എന്ന പേരിൽ പ്രസിദ്ധമായി. കഴുത്തിനു താഴെ ശരീര ലക്ഷണങ്ങളെല്ലാം തന്നെ, ആധുനിക മനുഷ്യനോട് സാമ്യമുളളതായിരുന്നു. തലയോട് താരതമ്യേന ചെറുതായിരുന്നതിനാൽ മസ്‌തിഷ്‌കവ്യാപ്‌തവും കുറവായിരുന്നു. പൂർണ്ണവളർച്ച എത്തിയിരുന്നെങ്കിൽ നല്ല ഉയരമുള്ള ഒരാളായേനെ. ഉഷ്‌ണമേഖലയിലെ ചൂടിനെ നേരിടുവാൻ പറ്റിയ ശരീരഘടനയാണിത്. ഇതിനും ഹോമൊ ഇറക്‌റ്റസും (ജാവമനുഷ്യനും മറ്റും) തമ്മിൽ വലിയ വ്യത്യാസമൊന്നും ഇല്ല. കാല് നീട്ടി വച്ച് അനായാസം നടക്കുവാൻ കഴിവുള്ള എർഗാസ്റ്റർ തന്നേയാണ് ആദ്യമായി ആഫ്രിക്കയിൽ നിന്ന് പുറത്തേക്ക് പോയത്. ഇതു തന്നെയാണ് ഏഷ്യയിൽ ഇറക്‌റ്റസ് എന്ന പേരിലറിയപ്പെടുന്നത്. ഇക്കൂട്ടർ അഷൂലിയൻ സംസ്‌കാരത്തിന്റെ ഉടമകളാണ്. ഇവരുടെ ശിലോപകരണങ്ങൾ, ഓൾഡൊവാനെ അപേക്ഷിച്ച് കൂടുതൽ പരിഷ്‌കൃതവും വൈവിധ്യമാർന്നതും ആയിരുന്നു. കൈക്കോടാലികൾക്ക് കൂടുതൽ പൂർണ്ണതയുണ്ടായിരുന്നു. ഇത് ഹബിലിസിനേക്കാൾ കൂടുതൽ സങ്കീർണ്ണതയുള്ള ഒരു അവബോധശേഷിയേയാണ് കാണിക്കുന്നത്. ഹോമോ ഇറക്‌റ്റസ് ഇന്ത്യ വഴി തെക്ക്-കിഴക്ക് ഏഷ്യയിലേക്കും, അവിടെനിന്നും ആസ്‌ത്രേലിയയിലേക്കും വ്യാപിച്ചു. ചെറിയ തോതിലാണെങ്കിലും തെക്കെ ആഫ്രിക്ക മുതൽ വടക്കെ അറ്റം വരെ ഇവ വ്യാപിച്ചിരുന്നതായി കണക്കാക്കാം. (ഹോമൊ ഇറക്‌റ്റസിന്റെ ഫോസിൽ, നർമ്മദ താഴ്‌വരയിൽ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് കണ്ടുകിട്ടിയിട്ടുള്ള ഏക ഹോമിനിൻ ഫോസിൽ ഇതാണ്. അതേസമയം അഷൂലിയൻ ശിലോപകരണങ്ങൾ ഇന്ത്യയിലുടനീളം കാണാം. അതിനാൽ ഹോമൊ ഇറക്‌റ്റസ് ഇന്ത്യയിൽ വ്യാപിച്ചിരുന്നു എന്ന് വ്യക്തമാണ്.) ഒരു കാലത്ത് ഹോമൊ ഇറക്‌റ്റസിൽ നിന്നും പരിണമിച്ചുണ്ടായതാണ് ഹോമൊ സാപിയൻസ് എന്നാണ് കരുതിയിരുന്നത്. ഇന്ന് അങ്ങനെ വിശ്വസിക്കുന്നവർ ഒരു ന്യൂനപക്ഷമാണ്. ഇതേ പറ്റി കൂടുതലായി വഴിയെ പറയാം.
1907-ൽ ജർമ്മനിയിലെ ഹൈഡൽബർഗ് എന്ന സ്ഥലത്ത് നിന്നും ഒരു താടിയെല്ലിന്റെ ഫോസിൽ കിട്ടി. അന്നത്തെ സമ്പ്രദായമനുസരിച്ച് അതിന് ഹൈഡൽബർഗ് മനുഷ്യൻ എന്ന് പേരും ഇട്ടു. ഇതിന് പ്രാകൃതമനുഷ്യന്റെയും ആധുനിക മനുഷ്യന്റെയും ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഏതാണ്ട് അഞ്ച് ലക്ഷം വർഷങ്ങൾക്ക് മുമ്പാണിത് ജീവിച്ചിരുന്നത്. വളരെ കാലം കഴിഞ്ഞ് 1976-ൽ ആഫ്രിക്കയിലെ ബോഡൊയിൽ നിന്നും ഇതേ ലക്ഷണങ്ങളുള്ള ഒരു ഫോസിൽ തലയോട് കിട്ടി. പിന്നീട് സ്റ്റെയ്‌ൻഹെയം, ഗ്രീസിലെ പെട്രലോണ എന്നിവിടങ്ങളിൽനിന്നും ഏതാണ്ട് ഇതേ ലക്ഷണങ്ങളുള്ള ഫോസിലുകൾ കണ്ടുകിട്ടി. ഇവയെ എല്ലാം പുരാതന സാപിയൻസ് (archaic sapiens) എന്ന ഒരു ഗ്രൂപ്പ് ആക്കി. സാപിയൻസ് എന്നത് ആധുനിക മനുഷ്യന്റെ സ്‌പീഷീസ് നാമമാണ്. എന്നാൽ പിന്നീട് ഇവക്കെല്ലാം ഹോമൊ ഹൈഡൽബർഗൻസിസ് എന്ന ശാസ്‌ത്രനാമം നൽകി. പരിണാമമാറ്റങ്ങൾ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണല്ലോ. അത് ചലനാത്മകമായൊരു പ്രക്രിയയാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളും ഘടനകളും വ്യത്യസ്‌തമായ രീതിയിലും വേഗതയിലും പരിണമിക്കുക സാധാരണമാണ്. ഗ്രീസിലെ പെട്രലോണയിൽ നിന്നും കിട്ടിയ തലയോടിന്റെ മുൻവശം നിയാണ്ടർത്താലുകളെ അനുസ്‌മരിപ്പിക്കുന്നതായിരുന്നു. ഇറക്‌റ്റസുകളുടെ മസ്‌തിഷ്‌കവ്യാപ്‌തം 800-900 സി.സിക്കിടയിലായിരുന്നു. ഹൈഡൽബർഗൻസിസ്സിന്റേത്(Homo heidelbergensis) 1,100 സി.സിയും അതിനാൽ ഇക്കൂട്ടർ വ്യത്യസ്‌ത ജീവിതരീതി സ്വീകരിച്ചിരുന്നവരായിരിക്കണം. സ്‌പെയ്‌നിലെ അറ്റാപ്യുർക്കയിലും ഗ്രാൻ ദോലീനയിലും സമീപകാലത്ത് നടന്ന ഗവേഷണ ഫലങ്ങൾ ശ്രദ്ധേയമാണ്. 1992-ൽ അവിടെ നിന്ന് കിട്ടിയ ഫോസിലുകൾക്ക് ഹോമൊ ആന്റിസിസ്സർ എന്ന പേര് നൽകപ്പെട്ടു. സ്‌പെയ്‌നിലെ ടൊരാബെല്ല, ആംബ്രോണ എന്നീ സ്ഥലങ്ങളിൽ, ആദി മനുഷ്യർ ആന, കണ്ടാമൃഗം എന്നിവയെ വേട്ടയാടിയിരുന്നതിന്റെ ലക്ഷണങ്ങൾ കണ്ടിട്ടുണ്ട്. ഇക്കാലമായപ്പോഴേക്കും ശിലായുധങ്ങൾക്ക് പുറമെ മരം, എല്ല്, എന്നിവ കൊണ്ടുണ്ടാക്കിയ ഉപകരണങ്ങളും ഉപയോഗിക്കുവാൻ തുടങ്ങി. ഫ്രാൻസിലെ ടെറാ അമാട്ടയിൽ (Terra Amata) ചെറിയ കുടിലുകൾ കെട്ടിയിരുന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. നിയാണ്ടർത്താൽ മനുഷ്യൻ പരിണമിച്ചുണ്ടായത്, ഹൈഡൽബർഗൻസിസിൽ നിന്നുമായിരിക്കണം.
ഡിമാനിസി
സമീപകാലം വരെ ആഫ്രിക്കയിൽനിന്നും ആദ്യമായി പുറത്തേക്ക് വന്നത് ഇറക്‌റ്റസാണെന്നായിരുന്നു വിശ്വസിച്ചിരുന്നത്. ഇറക്‌റ്റസ് യൂറോപ്പിൽ പ്രവേശിച്ചതിനുള്ള യാതൊരു തെളിവും ഇന്നുവരെ കിട്ടിയിട്ടില്ല. 1991-ൽ ജോർജിയയിൽ നിന്നും ഹോമിനിൻ ഫോസിലുകൾ കണ്ടെത്തി. അവിടെ ഡിമാനിസി (Dmanisi) യിൽ നല്ലൊരു ഫോസിൽ ശേഖരമുണ്ടായിരുന്നു. ഇതിന്റെ കാലപഴക്കം 18.5 ലക്ഷം വർഷമായിട്ടാണ് കണക്കാക്കപ്പെട്ടിരിക്കു ന്നത്. രണ്ട് തലയോടുകളുടെ മസ്‌തിഷ്‌കവ്യാപ്‌തം 770 സി.സിയും 650 സി.സിയുമായിരുന്നു. എന്നാൽ മൂന്നാമതൊന്നിന്റേത് 600 സി.സി മാത്രമായിരുന്നു. മുഖത്തിന്റെ ഉന്തിനിൽപ്പും. തലയോടിന്റെ പിൻഭാഗത്തിന്റെ വളവുമെല്ലാം ഹബിലിസിനെ അനുസ്‌മരിപ്പിക്കുന്നതായിരുന്നു. ഇവിടെ നിന്നും കിട്ടിയ ഫോസിലുകളുടെ കൂട്ടത്തിൽ ഭീമമായൊരു കീഴ്‌ത്താടിയെല്ലും ഉണ്ട്. താമസിയാതെ ഇതിനെ മാച്ച് ചെയ്യുന്ന ഒരു തലയോടും കിട്ടി. ഡിമാനിസിയിൽ ഒന്നിൽ കൂടുതൽ ഹോമൊ സ്‌പീഷീസുകൾ ജീവിച്ചിരുന്നു എന്നു വേണം കരുതുവാൻ. അവിടെത്തെ ഒരു ഫോസിലിന് ഹോമൊ ജിയോർജിക്കസ് എന്ന പേരാണ് നൽകിയിട്ടുള്ളത്. ഇതിനെ മറ്റു സ്‌പീഷീസുകളുമായി എങ്ങനെ ബന്ധപ്പെടുത്തണമെന്നതിനെക്കുറിച്ച് ഒരു ധാരണയിലെത്തുവാൻ കഴിഞ്ഞിട്ടില്ല. ഇത്തരം പ്രശ്‌നങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോഴാണ് ശാസ്‌ത്രം പുരോഗമിക്കുന്നത്.
ഹോമൊ സാപിയൻസ്
ആധുനിക മനുഷ്യൻ യൂറോപ്പിൽ 40,000 വർഷങ്ങൾക്ക് മുമ്പ് ഉത്ഭവിച്ചു എന്ന് വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഫ്രാൻസിലെ ക്രൊമാ ഗ്നണിൽ നിന്ന് ആധുനിക മനുഷ്യന്റെ ഒരു ഫോസിൽ കിട്ടിയപ്പോഴാണ് ഇങ്ങനെ ഒരു ആശയം ഉടലെടുത്തത്. ക്രൊമാഗ്നൺ മനുഷ്യന്റെ പൂർവ്വികൻ നിയാണ്ടർത്താൽ മനുഷ്യനാണെന്നും കരുതിയിരുന്നു. ഏഷ്യക്കാരും ആഫ്രിക്കക്കാരുമെല്ലാം ഹോമൊ ഇറക്‌റ്റസിൽ നിന്നും ഉത്ഭവിച്ചതായിട്ടാണ് കണക്കാക്കിയിരുന്നത്. ഓരോ മനുഷ്യവർഗ്ഗത്തിനും പ്രത്യേകമായ പൂർവ്വികൻ ഉണ്ടെന്നുള്ള അടിസ്ഥാനത്തിലാണിത്. ഇതാണ് ബഹുമേഖല പരികൽപ്പന (multi regional hypothesis) എന്ന പേരിൽ അറിയപ്പെടുന്നത്. യൂറോപ്യന്മാർ മേൽത്തരം വർഗ്ഗത്തിൽപ്പെട്ടവരാണെന്ന മുൻവിധിയും പക്ഷപാതവും ഇതിന്റെ പിന്നിൽ ഉണ്ട്. എങ്കിലും ഇതിനെ ന്യായീകരിക്കുന്ന തെളിവുകളാണ് അന്ന് ഉണ്ടായിരുന്നത്. പക്ഷെ ഇന്ന് അങ്ങനെയല്ല.
ആഫ്രിക്കയിൽ നിന്ന്
ഇസ്രായേലിലെ ക്വാഫ്‌സെയിലും, സ്‌കൂലിലും (skhul) 50,000- 60,000 വർഷങ്ങൾക്കിടയിൽ ആധുനിക മനുഷ്യൻ ജീവിച്ചിരുന്നതിനുള്ള തെളിവുകൾ കിട്ടിയതോടെ ചിത്രം ആകെ മാറി. ഏതാണ്ട് ഇതേ കാലഘട്ടത്തിൽ തന്നെ ഇവിടെ നിയാണ്ടർത്താൽ മനുഷ്യരും ജീവിച്ചിരുന്നു. അതുകൊണ്ട് തന്നെ നിയാണ്ടർത്താലുകൾ, ആധുനിക മനുഷ്യന്റെ പൂർവ്വികരായിരിക്കുവാൻ സാധ്യതയില്ലെന്ന് വന്നുവല്ലോ. ഈ സമയത്താണ് റെബേക്കാ കാനും, അല്ലൻവൽസണും ചേർന്ന് തന്മാത്രാ വംശാവലി പഠനങ്ങളിൽ നിന്നും, മൈറ്റൊകോൺഡ്രിയൽ ഹവ്വ എന്ന് വിശേഷിക്കപ്പെട്ട, ആധുനിക മനുഷ്യന്റെ പൂർവ്വിക സ്‌ത്രീ ഏതാണ്ട് 1,50,000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിലാണ് ജീവിച്ചിരുന്നതെന്ന് പ്രഖ്യാപിച്ചത്. ഇതു വലിയ ഒച്ചപ്പാട് ഉണ്ടാക്കി. എങ്കിലും പിന്നീട് മൈറ്റൊകോൺഡ്രിയ ഡി എൻ എയെ ഉപയോഗിച്ചു നടത്തിയ പഠനങ്ങളും ഇതേ നിഗമനത്തിൽ തന്നെയാണെത്തിയത്. പിന്നീട് പുരുഷന്മാരിൽ മാത്രം കാണുന്ന Y ക്രോമസോമിന്റെ അടിസ്ഥാനത്തിലും ഇതേ പഠനങ്ങൾ നടത്തുകയുണ്ടായി. അതിൽ നിന്നും ആധുനിക മനുഷ്യപുരുഷൻ ആഫ്രിക്കയിൽ 60,000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നു എന്നാണ് മനസ്സിലാക്കുവാൻ കഴിഞ്ഞത്. ഇതു സംബന്ധിച്ച് വംശങ്ങളെകുറിച്ച് ചർച്ചചെയ്യുമ്പോൾ കൂടുതലായി വിശദീകരിക്കാം.
എത്യോപ്പിയയിലെ ഹെർട്ടൊയിൽ നിന്നും 1,60,000 വർഷം പഴക്കമുള്ള ഹോമൊ സാപിയൻസ് ഫോസിൽ കിട്ടിയതോടെ, ആധുനിക മനുഷ്യൻ ഉത്ഭവിച്ചത് ആഫ്രിക്കയിലാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടതായി കരുതാം. ആഫ്രിക്കയുടെ തെക്കെ അറ്റത്ത് ക്‌ളാസീസ് റിവർ മൗത്ത് എന്ന സ്ഥലത്തുനിന്നും 1,20,000 വർഷം പഴക്കമുള്ള ആധുനിക മനുഷ്യന്റെ അവശിഷ്‌ടങ്ങൾ കിട്ടിയിട്ടുണ്ട്. അതിനാൽ യൂറോപ്പിൽ പ്രത്യക്ഷപ്പെടുന്നതിന് വളരെ മുമ്പുതന്നെ ഹോമൊ സാപിയൻസ് ആഫ്രിക്കയിൽ ജീവിച്ചിരുന്നു എന്നതിന് തെളിവുണ്ട്. എല്ലാ വൻകരകളിലുമുള്ള എല്ലാ മനുഷ്യ വർഗ്ഗങ്ങളുടേയും പൂർവ്വികർ ആഫ്രിക്കയിൽനിന്നും വന്നവരാണ്.
ആധുനിക മനുഷ്യന്റെ പൂർവ്വികൻ ക്രോമാഗ്നൺ മനുഷ്യനാണെന്ന് വിശ്വസിച്ചിരുന്ന കാലത്ത്, കലയും പ്രതീകാത്മക ചിന്തയും എല്ലാം ഉത്ഭവിച്ചതും (40,000 വർഷങ്ങൾ) അക്കാലത്ത് തന്നെയാണെന്ന് വിശ്വസിച്ചിരുന്നു. ഇന്ന് അതു ശരിയല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. തെക്കെ ആഫ്രിക്കയിലെ ബ്‌ളാംബോസിൽ കണ്ടെത്തിയ ഗുഹാചിത്രങ്ങളുടെ കാലപഴക്കം 75,000 വർഷമാണ്. ഏതായാലും ശരീരഘടനയിൽ ആധുനിക മനുഷ്യന്റെ ലക്ഷണങ്ങൾ കൈവന്നതിന് വളരെക്കാലം കഴിഞ്ഞശേഷമാണ് സാംസ്‌കാരിക പരിണാമത്തിൽ വലിയൊരു മുന്നേറ്റമുണ്ടായത്. ഇതിന്റെ കാരണമെന്താണെന്നതിനെക്കുറിച്ച് സജീവമായ ചർച്ചകൾ നടക്കുന്നുണ്ട്. മസ്‌തിഷ്‌ക ഘടനയിലും പ്രവർത്തനങ്ങളിലും വന്ന മാറ്റങ്ങൾ ഇതിന്റെ പ്രധാന ഘടകമാണ്. ഇത് പ്രധാനമായും ഭാഷയുടെ വികാസവുമായി ബന്ധപ്പെട്ടതുമാണ്.
നിയാണ്ടർത്താൽ മനുഷ്യൻ
ഇന്നത്തെ അവസ്ഥയിൽ നിയാണ്ടർത്താലുകളെകുറിച്ച് ഇവിടെ ചർച്ച ചെയ്യുന്നതിൽ അപാകതയൊന്നുമില്ല. ഒരു കാലത്ത് കരുതിയിരുന്നതുപോലെ ക്രോമാഗ്നൺ മനുഷ്യന്റെ ആവിർഭാവത്തോടെ നിയാണ്ടർത്താലുകൾ അപ്രത്യക്ഷമായതുമില്ല. ഇസ്രായേലിലെന്നപോലെ യൂറോപ്പിലും ആധുനിക മനുഷ്യൻ ജീവിച്ചിരുന്ന കാലത്ത് തന്നെ നിയാണ്ടർത്താലുകളും ജീവിച്ചിരുന്നു. മാത്രമല്ല, നിയാണ്ടർത്താലുകൾ ഒരു യൂറോപ്യൻ പ്രതിഭാസവുമല്ല. അവയുടെ ഫോസിലുകൾ ഇറക്കിലെ ഷാനിഡാർ, ഇറാനിലെ ടെഷാകാടാഷ് എന്നിവിടങ്ങളിൽനിന്നും കണ്ടുകിട്ടിയിട്ടുണ്ട്. പ്‌ളീസ്റ്റോസീൻ കാലത്ത് പല ഹിമയുഗങ്ങളും ഉണ്ടായിരുന്നു. അതിൽ അവസാനത്തെ ഹിമയുഗത്തിലാണ്, നിയാണ്ടർത്താലുകൾ അവയുടെ പരിണാമത്തിന്റെ ഉച്ചകോടിയിലെത്തിയത്, ഇതാണ് ക്‌ളാസിക് നിയാണ്ടർത്താലുകൾ എന്ന പേരിൽ അറിയപ്പെടുന്നത്. അവരുടെ സവിശേഷമായ ശരീരലക്ഷണങ്ങൾ എല്ലാം തന്നെ, കടുത്ത തണുപ്പിനെ അതിജീവിക്കുവാനുളളവയാണ്. തന്മാത്രാവംശാവലി പഠനങ്ങൾ, ആധുനിക മനുഷ്യനും നിയാണ്ടർത്താലുകളും തമ്മിൽ അടുത്ത ബന്ധമുള്ളവരല്ലെന്ന് തെളിയിച്ചിട്ടുണ്ട്. നിയാണ്ടർത്താലുകളുടെ ഫോസിലിൽ നിന്നും മൈറ്റൊകോൺഡ്രിയ ഡി.എൻ.എ ശേഖരിച്ച്, സീക്വൻസ് ചെയ്‌ത്, ആധുനിക മനുഷ്യന്റേതുമായി താരതമ്യം ചെയ്‌തിട്ടുണ്ട്. ഈ ദിശയിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നുമുണ്ട്.
ഈയിടെ ഇൻഡോനേഷ്യൻ ദ്വീപ് സമൂഹത്തിൽപ്പെട്ട ഫ്‌ളോറെസിൽ കണ്ടെത്തിയ ഫോസിൽ പ്രധാന്യമർഹിക്കുന്നു. അതിന്റെ തലയോട് ചെറുതാണ്. അതിനാൽ അതിന്റെ ഉടമസ്ഥന്റെ മസ്‌തിഷ്‌കവും ചെറുതായിരിക്കണം. ഇതിനെ ഹോമൊ ഫ്‌ളോറെസിയൻസിസ് എന്ന പുതിയൊരു സ്‌പീഷിസായിട്ട് കണക്കാക്കിയിരിക്കുന്നു. ലക്ഷണങ്ങൾ വച്ച് നോക്കുമ്പോൾ, അതിന് ഇറക്‌റ്റസിനോടാണ് കുടുതൽ അടുപ്പം. ആധുനിക മനുഷ്യൻ ഏഷ്യയിൽ വ്യാപിച്ചശേഷവും ഇക്കൂട്ടർ ആരുമറിയാതെ, അവരുടെ ദ്വീപിൽ ജീവിച്ചു. ദ്വീപ് നിവാസികളായ മൃഗങ്ങളുടെ ശരീരം ചെറുതായിവരുന്ന ഒരു പ്രതിഭാസമുണ്ട്. ഫ്‌ളോറെസിൽ തന്നെ ഫ്‌ളോറെസ് മനുഷ്യന് പറ്റിയ കുള്ളൻ ആനയുമുണ്ടായിരുന്നു. ഫ്‌ളോറെസ് മനുഷ്യൻ മൈക്രൊസെഫാലി എന്ന രോഗം ബാധിച്ച ഒരാളുടേതാണ്. അല്ലാതെ അതൊരു പുതിയൊരു സ്‌പീഷീസൊന്നുമല്ല എന്ന് വാദിക്കുന്ന ഒരു ന്യൂനപക്ഷമുണ്ട്.
മാനവ കുടുംബം
ആധുനിക മനുഷ്യനെ പല വംശങ്ങളായി തരം തിരിക്കാമെന്ന് ഒരു പൊതുധാരണയുണ്ട്. എന്നാൽ എത്രതരം മനുഷ്യവംശങ്ങൾ ഉണ്ടെന്നതിനെക്കുറിച്ച് നരവംശ ശാസ്‌ത്രജ്ഞർക്കിടയിൽ തന്നെ ഒരു പൊതുധാരണ ഉണ്ടായിരുന്നില്ല. ഇപ്പോഴും ഇല്ല. മാത്രമല്ല, ജീവശാസ്‌ത്രപരമായി വർഗ്ഗം എന്ന ആശയവും സാംസ്‌കാരിക സങ്കൽപ്പങ്ങളും തമ്മിൽ വേർതിരിച്ചറിയുവാൻ കഴിയാത്തതിന്റെ ഫലമായി വൻദുരന്തങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഉദാഹരണമാണ്, അഡോൾഫ് ഹിറ്റ്‌ലറുടെ ആര്യൻ വംശത്തിന്റെ പരിശുദ്ധി സംരക്ഷിക്കുവാനുള്ള ശ്രമങ്ങൾ. ബഹുസ്ഥല പരികൽപന (multi regional hypothesis) അനുസരിച്ച് വിവിധ വംശങ്ങൾ വെവ്വേറെയായി പരിണമിച്ചുണ്ടായതാണെങ്കിൽ, അവരെ നമ്മുടെ കുടുബാംഗങ്ങളായി പരിഗണിക്കേണ്ടതില്ലല്ലോ. അമേരിക്കൻ ഐക്യനാടുകളിൽ അടിമകളായി ജീവിച്ചിരുന്ന നീഗ്രോകളെ മൃഗങ്ങളെപ്പോലെ കണക്കാക്കി മൃഗീയമായി പണി എടുപ്പിച്ചിരുന്നതിന്റെ പിന്നിലുള്ള യുക്തി ഇതാണ്. ഒരു കാലത്ത് യൂറോപ്പിൽ സഞ്ചരിക്കുന്ന എക്‌സിബിഷനുകളിൽ പ്രദർശിപ്പിച്ചിരുന്ന വിചിത്രമൃഗങ്ങളുടെ കൂട്ടത്തിൽ, ആഫ്രിക്കയിലെ സ്‌ത്രീകളും ഉണ്ടായിരുന്നു.
ആദ്യകാലത്ത് ദൃശ്യമായതും പ്രകടമായതുമായ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് വംശങ്ങളെ തരം തിരിച്ചിരുന്നത്. അങ്ങനെ നീഗ്രോയ്‌ഡ്, മംഗോളോയ്‌ഡ്, കോക്കസോയ്‌ഡ് എന്നീ മൂന്ന് അടിസ്ഥാനവംശങ്ങളെ കാഴ്‌ചയിൽ തന്നെ തിരിച്ചറിയുവാൻ യാതൊരു പ്രയാസവുമില്ല. (1775-ൽ മനുഷ്യവംശങ്ങളെ കുറിച്ചുള്ള തന്റെ ഗവേഷണ പ്രബന്ധത്തിൽ, ജർമ്മൻ ഭൗതിക നരവംശശാസ്‌ത്രജ്ഞനായ ജോൺ ഫ്രീഡ്രക്ക് ബ്‌ളു മെൻബാക്ക് ആണ് ആദ്യമായി കോക്കേസിയൻ (caucasian) എന്ന പേര് ഉപയോഗിച്ചത്. യൂറോപ്യൻ വംശക്കാരുടെ മാതൃകാപരമായ ലക്ഷണങ്ങൾ ഉള്ളവർ, കോക്കസസ് പർവ്വതപ്രദേശത്തു താമസിക്കുന്നവരാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്, അങ്ങിനെ പേരിട്ടത്) പിന്നീട് ഈ മൂന്നെണ്ണത്തിന്റെകൂടെ അമേരിക്കൻ ഇന്ത്യക്കാർ ആസ്‌ത്രലോയ്‌ഡുകൾ ഇങ്ങനെ പലതും കൂട്ടി ചേർക്കപ്പെട്ടു. കൃത്യമായി എത്ര മനുഷ്യവംശങ്ങൾ ഉണ്ടെന്നതല്ല പ്രശ്‌നം. പ്രസക്തമായ കാര്യവുമതല്ല. മനുഷ്യവംശങ്ങൾ തമ്മിൽ ഉള്ള വ്യത്യാസം എത്രയാണ്. വിവിധ മനുഷ്യവംശങ്ങളിൽപ്പെട്ടവരെ താഴ്‌ന്നതും ഉയർന്നതും എന്ന രീതിയിൽ തരംതിരിക്കുവാൻ പറ്റുമോ, ഇതെല്ലാമാണ് പ്രധാനപ്പെട്ട കാര്യങ്ങൾ. ഒരു കാലത്ത്, എത്ര തരം മനുഷ്യവംശങ്ങൾ ഉണ്ടെന്നതിനെകുറിച്ചുതന്നെ തർക്കങ്ങൾ ഉണ്ടായിരുന്നതിൽ അത്ഭുതപ്പെടാനില്ല. സ്വഭാവികമായും അക്കാലത്തെ വർഗ്ഗീകരണങ്ങളിൽ വംശീയതയും, അതിന്റെ അടിസ്ഥാനത്തിലുള്ള പക്ഷപാതങ്ങളും എല്ലാമുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതിയതല്ല. ഇക്കാര്യങ്ങൾ ശാസ്‌ത്രീയമായി വിലയിരുത്തുവാനുള്ള വസ്‌തുതകളും, രീതികളും ലഭ്യമാണ്. അതിനാൽ നമുക്ക് അതിലേക്ക് കടക്കാം.
സ്‌പീഷീസുകളുടെ ഒരു ഉപവിഭാഗമാണല്ലോ, വംശങ്ങൾ അല്ലെങ്കിൽ വർഗ്ഗങ്ങൾ. ആധുനിക പരിണാമശാസ്‌ത്രത്തിലെ അതികായൻമാരിലൊരാളായ എണസ്റ്റ് മേയർ (ഇദ്ദേഹത്തെ ഇരുപതാം നൂറ്റാണ്ടിലെ ഡാർവിൻ എന്ന വിശേഷിപ്പിക്കാറുണ്ട്) തന്റെ ?പരിണാമം എന്നാൽ? (what is evolution - 2001) എന്ന പുസ്‌തകത്തിൽ മനുഷ്യവംശങ്ങളെക്കുറിച്ച് ഹ്രസ്വമായി ചർച്ചചെയ്‌തിട്ടുണ്ട്. അദ്ദേഹം ചുണ്ടികാട്ടിയ ഒരു വസ്‌തുത ശ്രദ്ധേയമാണ്. വംശീയ പ്രശ്‌നം വളരെക്കാലം സസ്യ-ജന്തുശാസ്‌ത്രജ്ഞരെ തന്നെ അലട്ടിയിരുന്ന ഒരു പ്രശ്‌നത്തിന്റെ ബാക്കിപത്രമാണ്. പരിണാമസിദ്ധാന്തത്തിന്റെ അന്ത:സത്ത ഉൾക്കൊള്ളുന്നതിന് മുമ്പ്, ജീവശാസ്‌ത്രജ്ഞർ ഓരോ സ്‌പീഷീസിനും ഒരു മാതൃക (type) ഉള്ളതായി കണക്കാക്കി. ആ സ്‌പീഷീസിന്റെ ജീവസമഷ്‌ടിയിൽ (population) കാണുന്ന വ്യതിയാനങ്ങൾ, ഈ മാതൃകയിൽ നിന്നുള്ള വ്യതിചലനങ്ങളെന്ന് തെറ്റിദ്ധരിച്ചു. പ്രകൃതിയിലെ എല്ലാ ജീവസമഷ്‌ടികളിലും വ്യതിയാനങ്ങൾ സ്വഭാവികമാണ്. ഈ വ്യതിയാനങ്ങളാണല്ലോ പ്രകൃതിനിർധാരണത്തിനുള്ള അസംസ്‌കൃത പദാർത്ഥങ്ങൾ. അതിനാൽ യഥാർത്ഥത്തിൽ നീഗ്രോയ്‌ഡ് വംശജന്റെ ഒരു മാതൃക, കോക്കസോയ്‌ഡിന്റെ ഒരു മാതൃക അങ്ങനെയൊന്നുമില്ല. ഇവയെല്ലാം പല വ്യതിയാനങ്ങളും കാണിക്കുന്ന ജീവസമൂഹങ്ങളാണ്. അതിനാൽ ഈ വ്യതിയാനങ്ങളെ കുറിച്ചാണ് പഠിക്കേണ്ടത്. വ്യതിയാനങ്ങൾ എത്ര കണ്ട് ഉണ്ട്, അതിന്റെ പ്രസക്തിയെന്താണ് ഇതെല്ലാമാണ് അറിയേണ്ട കാര്യങ്ങൾ. ഇതിനായി ആദ്യം മനുഷ്യസ്‌പീഷീസിന്റെ മൊത്തത്തിൽ ഉള്ള വ്യതിയാനം കണക്കാക്കണം. എന്നിട്ട് രൂപസാദൃശ്യം വച്ച് വ്യത്യസ്‌ത വംശങ്ങൾ എന്ന് ഇന്ന് കണക്കാക്കപ്പെടുന്ന ഗ്രൂപ്പുകളെ വ്യതിചലനങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിക്കാൻ കഴിയുമോ എന്ന് നോക്കണം. ഒരോ ഗ്രൂപ്പുകളിലും ഉള്ള വ്യതിയാനങ്ങൾ ഗ്രൂപ്പുകൾ തമ്മിലുള്ള വ്യതിയാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രസക്തമായ വ്യത്യാസമില്ലെങ്കിൽ, ജനിതകപരമായി മനുഷ്യരെ ഗ്രൂപ്പുകളായി തിരിക്കാമെന്ന ആശയത്തിന് അടിസ്ഥാനമില്ലാതാകും.
മനുഷ്യവംശങ്ങൾക്കിടയിലുള്ള ജനിതക വ്യതിയാനങ്ങളെ, അവ തമ്മിലുള്ള ജനിതക ദൂരമായി (Genetic distance) (ജീനിന്റെ അല്ലീലുകളുടെ ആവൃത്തിയിലുള്ള വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു അളവാണിത്) കണക്കാക്കിയുള്ള ഒരു പഠനം ആദ്യമായി നടത്തിയത്, ലൂഗി ലൂക്ക കവല്ലി സോഴ്‌സ (L.L. Cavalli Sforza) എന്ന ജനിതക ശാസ്‌ത്രജ്ഞനാണ് (1966). അദ്ദേഹം പന്ത്രണ്ട് ജീനുകളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽനിന്നും എത്തിയ നിഗമനം, വംശങ്ങൾ തമ്മിൽ ഗണ്യമായ വ്യതിയാനം ഇല്ലെന്നാണ്. ഇത്തരം പഠനത്തെ വലിയൊരു കഥയാക്കിയത് ഹാർവാർഡിലെ റിച്ചാഡ് സി.ലെവോൺ ടിൻ (1972) ആണ്. അദ്ദേഹം മനുഷ്യരെ കോക്കേസിയൻസ്, കറുത്ത ആഫ്രിക്കക്കാർ, തെക്കെ ഏഷ്യൻ ആദിവാസികൾ, അമേരിന്ത്യനുകൾ (അമേരിക്കയിലെ റെഡ് ഇന്ത്യൻസ് എന്ന് വിളിക്കപ്പെട്ടരുന്നവർ) മംഗോളോയ്‌ഡുകൾ, ഓഷ്യാനക്കാർ (ആസ്‌ത്രേലിയയിലെ ആദിവാസികൾ). എന്നിങ്ങനെ തരംതിരിച്ചു. ലെവോൺ ഇവരിൽനിന്ന് ഒമ്പത് രക്തഗ്രൂപ്പ് വ്യുഹങ്ങൾ, നാല് രക്തസീറം പ്രോട്ടീനുകൾ എന്നിവയുടെ ജീനുകളുടെ ആവൃത്തി സംബന്ധിച്ച ഡാറ്റകൾ ശേഖരിച്ചു. ഇതിൽനിന്നും അദ്ദേഹം വിഷമജാതീയ സൂചിക (heterozygosity) എന്നൊന്ന് കണക്കാക്കി. ഇതെന്താണെന്ന് വിശദീകരിക്കുവാൻ അൽപം സാംഖിക സമവാക്യങ്ങൾ ഉപയോഗിക്കണം. ഇവിടെ അതിലേക്ക് കടക്കേണ്ടതിന്റെ ആവശ്യമില്ല. ഈ പഠനത്തിൽ ലെവോൺ ടിൻ എത്തിയ നിഗമനം ഇതായിരുന്നു. മനുഷ്യരിൽ മൊത്തമായി കാണുന്ന വ്യതിയാനങ്ങളുടെ 85.4% ഓരോ ഗ്രൂപ്പുകളിലെയും അംഗങ്ങൾക്കിടയിലാണ് കാണുന്നത്. ഗ്രൂപ്പുകൾക്കിടയിലുള്ള (വംശങ്ങൾക്കിടയിൽ) വ്യതിയാനം 14.6% മാത്രമാണ്. ഇതിൽ 8.3% ജീവസമൂഹങ്ങൾക്കിടയിലുള്ളതാണ്. ഓരോ വംശത്തേയും ജീവസമൂഹങ്ങളായി (populations) തിരിച്ചിട്ടാണ് ലെവോൺ ടിൻ സാമ്പിളുകൾ ശേഖരിച്ച് പഠനം നടത്തിയത്. ഉദാഹരണമായി കോക്കേസിയനുകളെ അറബികൾ, അർമേനിയക്കാർ, ബാസ്‌ക്കുകൾ, ബൾഗേറിയക്കാർ, ചെക്കുകൾ (CZECH) എന്നിങ്ങനെ തിരിക്കാം. അതേപോലെ മംഗ്ലോയ്‌ഡ് വംശജരെ ജപ്പാനിലെ അയ്‌നു, ഭൂട്ടാൻകാർ, ബൂറിയറ്റുകൾ, ചൈനീസ് എന്നിങ്ങനെ തിരിക്കാം. മനുഷ്യവംശങ്ങൾ എന്ന് വിശേഷിപ്പിക്കുന്നവ തമ്മിൽ 6.3 % വ്യതിയാനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു.
പിന്നീട് പല ഗവേഷകരും ലെവോൺ ടിന്റെ അപഗ്രഥനം ആവർത്തിച്ചിട്ടുണ്ട്. പലരും ലെവോൺ ടിൻ കണക്കിലെടുത്തതിനേക്കാൾ കൂടുതൽ ജീനുകളെ കണക്കിലെടുത്താണ് പഠനങ്ങൾ നടത്തിയത്. ജീനുകളുടെ എണ്ണം കൂടുതലായിരുന്നു എന്ന് മാത്രമല്ല, അവർ പഠനങ്ങളിൽ വ്യത്യസ്‌ത അല്ലീലുകളെയാണ് പരിഗണിച്ചത്. ജനിതക ദൂരം കണക്കാക്കുവാൻ, അവർ ഉപയോഗിച്ച അളവും വ്യത്യസ്‌തമായിരുന്നു. സീവാൾ റൈറ്റ് (Sewal Wright) എന്ന ജനസംഖ്യാ ജനിതകശാസ്‌ത്രജ്ഞൻ, ഒരു ജീവസമഷ്‌ടി വിഭജിക്കപ്പെടുമ്പോൾ അതിന്റെ ജനിതകഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ കണക്കാക്കുവാൻ, FST സ്റ്റാറ്റിസ്റ്റിക്ക് (statistic) എന്നൊന്ന് ഉപയോഗിച്ചിരുന്നു (ഒരു കൂട്ടം നിരീക്ഷണങ്ങളിൽനിന്നും കണക്കാക്കിയെടുക്കുന്ന അളവിനെ സൂചിപ്പിക്കുന്ന സംഖ്യയാണ്, സ്റ്റാറ്റിസ്റ്റിക്ക്). ഉറപ്പിക്കൽ സൂചികയെ (fixation index) ആണ് ഇത് സൂചിപ്പിക്കുന്നത്. ഇത് കണക്കാക്കുവാനായി പല രീതികൾ ഉണ്ട്. അതിലൊന്ന് ജീവസമഷ്‌ടികളിലെ വിഷമജാതീയത (heterozygosity) കണക്കാക്കുകയെന്നതാണ് (ജനസംഖ്യ എന്നത് കൊണ്ട് മനുഷ്യന്റെ ഒരു സമൂഹത്തിലെ അംഗങ്ങളുടെ എണ്ണമാണ് ഉദ്ദേശിക്കുന്നത്. ഇതുതന്നെ ഏതൊരു ജീവിയേയും കുറിച്ചാകുമ്പോൾ, ജീവസമഷ്‌ടി എന്നാണ് പറയുക). സമവാക്യത്തിൽ മൊത്തം ജനസംഖ്യയുടെ വിഷമജാതീയതയെ HT എന്നാണ് എഴുതുക. ജനസംഖ്യയുടെ വിഭജിക്കപ്പെട്ട ഭാഗത്തിന്റേത് കണക്കാക്കുമ്പോൾ HS എന്നെഴുതും FST യിലെ Sഉം Tഉം അങ്ങനെ വന്നതാണ്. അപഗ്രഥനത്തിന് ഉപയോഗിച്ച രീതി എതായാലും, എല്ലാവരും ഏതാണ്ട് ഒരേ നിഗമനത്തിലാണ് എത്തിയത്. FST മൂല്യം 10 മുതൽ 15 ശതമാനം വരെ ആയിരുന്നു. ഇത് 25% ആയാൽ മാത്രമേ, ജീവശാസ്‌ത്രപരമായി വ്യത്യസ്‌തമായ ഒരു വംശം ആണെന്ന് പറയാൻ കഴിയൂ.
ജനിതകപരമായി നോക്കിയാൽ നമ്മെളെല്ലാവരും 99.9% ഒരേ പോലെയാണ്. അതായത് മറ്റു സ്‌പീഷീസുകളെ അപേക്ഷിച്ച് നോക്കിയാൽ വ്യക്തികൾ തമ്മിലുള്ള വ്യതിയാനം വളരെ തുച്ഛമാണ്. ജനിതകശാസ്‌ത്രജ്ഞർ വളരെ കാലമായി ഗവേഷണങ്ങൾ നടത്തുന്ന ഒരു ജീവിയാണ് പഴം ഈച്ച (fruit fly) ഒറ്റ നോട്ടത്തിൽ ഇവയെല്ലാം ഒരേപോലെ ഇരിക്കുന്നതായി നമുക്ക് തോന്നും. പക്ഷെ അവയ്‌ക്കിടയിൽ നമ്മളേക്കാൾ പത്ത് മടങ്ങ് വ്യതിയാനമുണ്ട്. അന്റാർട്ടിക്കിന്റെ ചിത്രങ്ങൾ കണ്ടിട്ടുള്ളവർക്ക്, കണ്ടാൽ ഒരേ പോലെയിരിക്കുന്ന അനേകായിരം അഡിലെ പെൻഗ്വിനുകൾ ഉള്ള കോളനികൾ ഓർമ്മവരും. എന്നാൽ അവയ്‌ക്കിടയിൽ നമ്മളിൽ ഉള്ളതിനേക്കാൾ കൂടുതൽ വ്യതിയാനങ്ങൾ ഉണ്ട്. ഇനി നമ്മുടെ അടുത്ത ബന്ധുക്കളുടെ കാര്യമെടുക്കാം. ചിമ്പാൻസികൾക്കിടയിൽ നമ്മളേക്കാൾ മൂന്നിരട്ടിയും ഗൊറില്ല, ഒറാങ്ങ് ഉട്ടാൻ എന്നിവയിൽ 3.5 ഇരട്ടിയും വ്യതിയാനമുണ്ട്. മനുഷ്യജീനോം പ്രൊജക്‌റ്റിന്റെ അടിസ്ഥാനത്തിലുള്ള നിഗമനമനുസരിച്ച് നമ്മുടെ ഡി എൻ എയുടെ 2% മാത്രമാണ് പ്രൊട്ടീനുകൾ കോഡ് ചെയ്യുന്ന ജീനുകൾ. അതേസമയം വ്യതിയാനത്തിന്റെ കണക്കുകൂട്ടലിൽ മൊത്തം ജീനോമാണ് പരിഗണിച്ചിട്ടുള്ളത്. അതായത്, ഡി എൻ എ തലത്തിൽ കാണുന്ന വ്യതിയാനങ്ങളുടെ 98% വും ജീനുകൾ ഇല്ലാത്ത ഭാഗത്താണ്.
ആധുനിക മനുഷ്യന്റെ ഉത്‌പത്തിയും തന്മാത്രാ വംശാവലിയും
ആധുനികമനുഷ്യന്റെ ഉത്‌പത്തിയെക്കുറിച്ച് നാം നേരത്തെ ചർച്ചചെയ്‌തതാണ്. ഇവിടെ അതിനെക്കുറിച്ച് അൽപംകൂടി വിശദമായി വിവരിക്കുവാനും, അതും മറ്റുവംശങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചർച്ചചെയ്യുവാനുമാണ് ഉദ്ദേശിക്കുന്നത്. റെബേക്ക കാനും (Rebeca Cann) സഹപ്രവർത്തകരും 147 ഡി എൻ എ തന്മാത്രകളിലെ (വ്യക്തികളിലെ) 467 സ്ഥാനങ്ങളെ അപഗ്രഥിക്കുകയുമാണ് ചെയ്‌തത്. ഇതിൽ 195 സ്ഥാനങ്ങളിൽ (ഡി.എൻ.എയിലെ ബെയ്‌സുകൾ) വ്യത്യാസങ്ങൾ ഉള്ളതായി കണ്ടു. ഈ രണ്ട് സാമ്പിളുകൾ എടുത്ത് (ഓരോ സാമ്പിളും ഓരോ സമൂഹത്തെയാണ് പ്രതിനിധാനം ചെയ്‌തിരുന്നത്) അവ തമ്മിലുള്ള വ്യത്യാസം കണക്കാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു തന്മാത്രീയ വംശവൃക്ഷം ഉണ്ടാക്കി. തന്മാത്രാ ഘടികാരത്തിന്റെ സഹായത്താൽ, അവയുടെ ഏറ്റവും അടുത്ത കാലത്തെ പൊതുപൂർവ്വികന്റെ (Most Recent Common Ancestor) കാലം കണക്കാക്കി. അപ്പോൾ ഇത് ഉദ്ദേശം രണ്ട് ലക്ഷം വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരു സ്‌ത്രീയാണെന്ന് കണ്ടു. അവർ ആ സ്‌ത്രീക്ക് മൈറ്റൊകോൺഡ്രിയ ഹവ്വ എന്ന് പേരിടുകയും ചെയ്‌തു. ഇത് വലിയ മാധ്യമശ്രദ്ധ പിടിച്ച് പറ്റി. ഹോമൊ സാപിയൻസ് ഉത്ഭവിച്ചത് ആഫ്രിക്കയിലാണെന്ന് തെളിഞ്ഞു. അതേസമയം ഇത് വലിയ തെറ്റിദ്ധാരണയ്‌ക്ക് വഴി തെളിച്ചു. ആഫ്രിക്കയിൽ അക്കാലത്ത് ജീവിച്ചിരുന്ന ഒരു സ്‌ത്രീയിൽ നിന്നുമാണ് ഇന്ന് ജീവിച്ചിരിക്കുന്നവരെല്ലാം ഉണ്ടായതെന്ന ധാരണയുണ്ടായി. ഇത് തികച്ചും തെറ്റാണ്. അക്കാലത്ത് നിരവധി സ്‌ത്രീകൾ ജീവിച്ചിരുന്നു. അതിൽ ഒരു സ്‌ത്രീയുടെ കോശത്തിലെ മൈറ്റോകോൺഡ്രിയയിലെ ഡി.എൻ.എയാണ്, പിന്നീടുള്ള തലമുറകളിലേക്ക് പകർന്നതെന്ന് മാത്രം. ഇതേ ഡി.എൻ.എയുള്ള മറ്റു സ്‌ത്രീകളും അന്നുണ്ടായിരുന്നു. മാത്രമല്ല ഇത് ജീനുകളിലെ വ്യത്യാസങ്ങൾ കണക്കിലെടുത്ത്, കൊയിലെസൻസ് സിദ്ധാന്തം Coalescence Theory എന്നൊരു രീതി ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു വംശവൃക്ഷമാണ്. കൊയിലെസൻസ് എന്നു പറഞ്ഞാൽ കൂടിച്ചേരൽ എന്നാണർഥം. ഇന്ന് ജീവിക്കുന്ന ഒരു സ്‌പീഷീസിലെ ഏതെങ്കിലും ഒരു ജീൻ എടുക്കാം. ഇതിൽ ഇന്നത്തെ ജീവസമഷ്‌ടിയെ അപഗ്രഥിച്ചതിൽ, നാല് തരം അല്ലീലുകൾ കണ്ടെത്തി എന്ന് കരുതുക. ഈ വ്യത്യാസങ്ങൾ കൈവന്നതെങ്ങനെയാണെന്ന് ഓരോ തലമുറകളിലായി പിന്നാക്കം കണക്കാക്കാം. അങ്ങനെ ഒരു തലമുറയിലെത്തുമ്പോൾ, പൂർവ്വിക അനുക്രമത്തിലെത്തും. മൈറ്റൊകോൺഡ്രിയോണുകൾ, സ്‌ത്രീകൾ വഴിമാത്രമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. അതിനാലാണ് ഏററവും പഴക്കമുള്ള പൂർവ്വികന് ഹവ്വ (Eve) എന്ന് പേരിട്ടത്. ഇതിന് സങ്കുചിതമായ വർഗ്ഗീയ മനോഭാവത്തിന്റെ ചുവയുണ്ട്. പക്ഷെ പ്രശസ്‌ത ശാസ്‌ത്രവാരികയായ നേച്ചറിലാണ് (Nature) ഇത് പ്രസിദ്ധപ്പെടുത്തിയതെന്നതിനാൽ ഈ പേര് ലോകപ്രശസ്‌തി നേടിയെടുത്തു. വാസ്‌തവത്തിൽ 1982-ൽ തന്നെ, ഈ രംഗത്ത് മാർഗ്ഗദർശകങ്ങളായ ഗവേഷണങ്ങൾ നടത്തിയിട്ടുള്ള എം. നെയ് (M.Nei) എ.കെ. റോയ് ചൗധരി എന്നിവർ, ഇതേ നിഗമനത്തിൽ എത്തിയിരുന്നു. അവരുടെ ഗവേഷണ പ്രബന്ധം പൊതുവെ ശ്രദ്ധിക്കപ്പെടാത്ത എവലൂഷണറി ബയോളജി എന്ന ബഹുവാള്യ പുസ്‌തകത്തിലാണ് പ്രസിദ്ധീകരിച്ചതെന്ന് മാത്രം (കാനിന്റെയും സഹപ്രവർത്തകരുടെയും പ്രബന്ധം 1983-ൽ മാത്രമാണ് പ്രസിദ്ധപ്പെടുത്തിയത്.)
സ്വാഭാവികമായും ഇത്രയധികം ജനശ്രദ്ധ പിടിച്ച് പറ്റിയതിനാൽ, കാനി ന്റേയും സഹപ്രവർത്തകരുടെയും പ്രബന്ധം പലതരത്തിലുള്ള വിമർശനങ്ങൾക്ക് വിധേയമായി. ചിലതെല്ലാം ആവർത്തനം അംഗീകരിച്ച് പരിഷ്‌കാ രങ്ങൾ വരുത്തി ഗവേഷണം വീണ്ടും ആവർത്തിച്ചു. ഇവർ ആർ.എഫ്. എൽ പി (R F L P) സമ്പ്രദായം ഉപയോഗിച്ച്. ഡി.എൻ.എ കഷ്‌ണങ്ങൾ ആക്കി മാറ്റിയിട്ടാണ് പരീക്ഷണങ്ങൾ നടത്തിയത്. നേരത്തെ സൂചിപ്പിച്ചതുപോലെ അവർക്ക് 467 സ്ഥാനങ്ങൾ മാത്രമേ പഠിക്കുവാൻ കഴിഞ്ഞുള്ളു. അപഗ്രഥിക്കപ്പെടുന്ന സ്ഥാനങ്ങളുടെ എണ്ണം കൂടുന്തോറും, കിട്ടുന്ന ഫലത്തിന്റെ വിശ്വാസ്യതയും വർദ്ധിക്കും. അതിനാൽ അവസാനം 1995-ൽ സതോഷി ഷിഹോരായും (Satoshi Horai) സഹപ്രവർത്തകരും മൈറ്റൊകോൺഡ്രിയ ഡി.എൻ.എയും 16,500- ഓളം ന്യൂക്‌ളിയോറ്റൈഡുകളുടെയും അനുക്രമം നിർണയിച്ച് അപഗ്രഥനം നടത്തി. അവർ ഇതിനായി ഒരു ആഫ്രിക്കകാരൻ, ഒരു യൂറോപ്യൻ, ഒരു ഏഷ്യക്കാരൻ എന്നിവരിൽ നിന്നും Mt ഡി.എൻ.എ ശേഖരിച്ചു. ഇപ്രകാരം അപഗ്രഥനം നടത്തി വംശവൃക്ഷം നിർമ്മിക്കുമ്പോൾ, റഫറൻസിനായി ഒരു പുറം ഗ്രൂപ്പിനെ (Out group) ഉപയോഗിക്കും. ഇത് മുഖ്യപഠനം നടത്തുന്ന വിഭാഗത്തിനോട് അടുത്ത ബന്ധമുള്ളതായിരിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ കണക്കാക്കിയപ്പോൾ, ആഫ്രിക്കയിലേയും മറ്റു സ്ഥലങ്ങളിലേയും ഹോമൊ സാപിയൻസ് തമ്മിലുള്ള വേർതിരിവ് ഉണ്ടായത് 143,000 ? 1800 വർഷങ്ങൾക്ക് മുമ്പാണ്. ഇവിടെ രണ്ട് കാര്യങ്ങൾ സൂചിപ്പിക്കേണ്ടതുണ്ട്. ആഫ്രിക്കയിൽ ഈ കാലത്തിന് മുമ്പ് തന്നെ ഹോമൊ സാപിയൻസ് ഉണ്ടായിരുന്നു. വംശവൃക്ഷം നിർമ്മിക്കുവാനായി കമ്പ്യൂട്ടർ സോഫ്‌ററ്‌വെയറുകൾ ഉണ്ട്. ഡി.എൻ.എയിൽ ബെയ്‌സുകൾ മാറ്റിവയ്‌ക്കപ്പെടുന്നത് നിശ്ചിതമായ ഒരു സമയക്രമത്തിലാണ് എന്ന അനുമാനത്തിലാണിത്. അങ്ങനെയാണ് തന്മാത്രീയ ഘടികാരം കാലിബ്രേറ്റ് ചെയ്യപ്പെടുന്നത്. ഒരേ ഡാറ്റ ഉപയോഗിച്ച് പലതരം വംശവൃക്ഷങ്ങൾ ഉണ്ടാക്കാം. ഇതിലേതാണ് സ്വീകരിക്കേണ്ടത് എന്നത് മിതവ്യയ തത്വം (Principle of Parsimony) എന്ന യുക്തിക്കനുസരിച്ചാണ്. അനുമാനങ്ങൾ കഴിയുന്നത്ര ചുരുക്കുക എന്നതാണിതിന്റെ അന്ത:സത്ത.
Y ക്രോമസോം പറയുന്ന കഥ
മൈറ്റൊകോൺഡ്രിയൽ ഡി.എൻ.എയുടെ കാര്യത്തിലെന്നപോലെ, സവിശേഷമായ പാരമ്പര്യം ഉള്ള ഒന്നാണ് Y ക്രോമസോമിന്റേത്. Y ക്രോമസോം അച്ഛനിൽ നിന്നും മകനിലേക്ക് മാത്രമേ കൈമാറ്റം ചെയ്യപ്പെടുകയുള്ളു. മകനിൽ നിന്നും അയാളുടെ മകനിലേക്കും. കോശവിഭജന സമയത്ത് നടക്കുന്ന പുന:സംയോജന പ്രക്രിയ, കണക്ക് കൂട്ടലുകളെ ചെറുതായി ബാധിക്കും. പക്ഷെ Y ക്രോമസോമിന്റെ കാര്യത്തിൽ, ഒരു ചെറിയ ഭാഗം മാത്രമേ പുന:സംയോജനത്തിൽ പങ്കെടുക്കുകയുള്ളു. അതിനാൽ ഇത് അത്ര വലിയ പ്രശ്‌നമാകയില്ല. Y ക്രോമസോമിന്റെ ഡി.എൻ.എയിൽ വ്യതിയാനങ്ങൾ കുറവാണ്. വളരെ നീളമുള്ള ഡി.എൻ.എ. കഷ്‌ണങ്ങൾ സീക്വൻസ് ചെയ്‌താൽ മാത്രമേ യുക്തമായ അടയാള സ്ഥാനങ്ങൾ (Marker sites) കണ്ടുകിട്ടുകയുള്ളു. എന്തുകൊണ്ടാണിത്? തുല്യമായ അംഗസംഖ്യയുള്ള ഒരു ജനസമൂഹത്തിൽ ഓട്ടോസോമുകൾ, X ക്രോമസോമുകൾ, Y ക്രോമസോം ഇവ തമ്മിലുള്ള അനുപാതം 4:3:1 ആണ്. (ഓരോ കോശത്തിലും Y ക്രോമസോം ഒഴികെ മറ്റെല്ലാം ജോഡികളായിട്ടുള്ളത്. അതിനാൽ ആണിലും പെണ്ണിലും കൂടി 4 ഓട്ടോസോമുകൾ (ലിംഗ ക്രോമസോമുകൾ അല്ലാത്തവയെയാണ് ഒട്ടോസോമുകൾ എന്ന് വിളിക്കുന്നത്.) സ്‌ത്രീകളിൽ 2 X ക്രോമസോമുകൾ, പുരുഷനിൽ 1, അങ്ങിനെ 3 X ക്രോമസോമുകൾ. അതേ സമയം പുരുഷനിൽ മാത്രമേ Y ക്രോമസോം ഉണ്ടായിരിക്കുകയുള്ളൂ. അതിനാൽ Y ക്രോമസോമിന്റെ ഫലപ്രദമായ ജനസംഖ്യവലിപ്പം (Population size) ഓട്ടോസോമുകളുടേതിന്റെ നാലിൽ ഒന്ന് മാത്രമാണ്. ജനിതകവ്യതിയാനം, ഫലപ്രദമായ ജനസംഖ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. (ഇവിടെ ഫലപ്രദം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രജനനത്തിൽ പങ്കെടുക്കുന്നവ എന്നാണ്). അതിനാൽ ഫലപ്രദമായ ജനസംഖ്യ ചെറുതാണെങ്കിൽ, കണക്കാക്കിയെടുക്കുന്ന ജനിതകവ്യതിയാനവും കുറവായിരിക്കും. ചില ജനസമൂഹങ്ങളിൽ മറ്റൊരു ഘടകം കൂടി പ്രസക്തമാണ്. ഏതാനും ആണുങ്ങൾ മാത്രമാണ് പ്രജനനം നടത്തുന്നത്. ബാക്കി ആണുങ്ങൾക്ക് സന്തതികൾ ഉണ്ടായിരിക്കുകയില്ല. ഇതിന്റെ വിവക്ഷയെന്താണെന്ന് ഉടൻ മനസ്സിലാകും.
1990കളിൽ സങ്കേതിക വിദ്യ പുരോഗമിക്കുന്നതു കാരണം Y ക്രോമോസോമുകളിലെ ബഹുരൂപകതാ മാർക്കറുകളെ (Polymorphic Markers) തിരിച്ചറിയുക എളുപ്പമായി. 2000-ാം ആണ്ടിൽ പീറ്റർ അണ്ടർഹില്ലും (Peter Underhill) സഹപ്രവർത്തകരും Y ക്രോമസോമുമായി ബന്ധപ്പെട്ട 167 ബഹുരൂപകതകൾ, 116 ഹാപ്‌ളൊടൈപ്പുകളിലായി കൂടിക്കിടക്കുകയാണെന്ന് കണ്ടു. (ഒരു യൂണിറ്റായി കൈമാറ്റം ചെയ്യപ്പെടുന്ന ഡി.എൻ.എ. ഭാഗമാണ് ഹാപ്‌ളൊടൈപ്പ് (Haplotype) ഇത് ഒരു ജീനാകാം, അതിലും ചെറിയ ഭാഗമാകാം, ഒറ്റ ന്യൂക്ലീയോറ്റൈഡ് മാത്രമാകാം). അവരുടെ കണക്ക് കൂട്ടലിൽ, Y ക്രോമസോം ഹാപ്‌ളൊടൈപ്പുകളുടെ ഏറ്റവും അടുത്ത കാലത്ത് ജീവിച്ചിരുന്ന പൊതുപൂർവ്വികൻ (M R C A) ഉദ്ദേശം 60,000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിലാണ് ജീവിച്ചിരുന്നത്. (ഇതിന്റെ പരിധി 40,000 - 1,40,000 ഇടക്കാണ്) മൈറ്റോകോൺഡ്രിയ ഹവ്വയെ അനുകരിച്ച്, ഇതിനെ Y ക്രോമസോം ആദാം എന്നു വിളിക്കാം. ആദാമും ഹവ്വയും വ്യത്യസ്ഥ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നു എന്ന് പറയുന്നത് ഒരു വൈരുദ്ധ്യമാണെന്ന് തോന്നിയേക്കാം. എന്നാൽ ജനസംഖ്യ ജനിതകതത്വമനുസരിച്ച്, ഇതിൽ അപാകതയൊന്നുമില്ല. ജനസംഖ്യ ജനിതകത്തിലെ സമവാക്യങ്ങൾ ഉപയോഗിച്ച് ഒരു സമയത്തെ ജനസംഖ്യയുടെ വലിപ്പം കണക്കാക്കാം. മൈറ്റോകോൺഡ്രിയ ഹവ്വയുടെ കാലത്ത് 10,000 ഓളം സ്‌ത്രീകളുണ്ടായിരുന്നു. അതേസമയം Y ക്രോമസോം ആദാമിന്റെ കാലത്ത് 3,500 പുരുഷന്മാർ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇതിനു മുമ്പിലത്തെ ഖണ്‌ഡികയിൽ ഫലപ്രദമായ ജനസംഖ്യാവലിപ്പത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞകാര്യങ്ങൾ ഓർമ്മിക്കുക.
ഓരോ ജീനിന്റെയും അല്ലെങ്കിൽ ഹാപ്ലോടൈപ്പിന്റേയും കൂടിച്ചേരൽ (Coalescence) നടക്കുന്നത് വ്യത്യസ്‌ത കാലഘട്ടങ്ങളിൽ (തലമുറകളിൽ) ആയിരിക്കും. അതിനാൽ കൂടിച്ചേരൽ സിദ്ധാന്തമനുസരിച്ച് നിർമ്മിക്കുന്ന ജീൻവൃക്ഷവും (Gene tree) വംശവൃക്ഷവും ഒന്നായിരിക്കുകയില്ല.
സമീപകാലത്ത് Y ക്രോമസോമിലേയും ഓട്ടോസോമിലേയും ജീനുകളെ ഉപയോഗിച്ച് അപഗ്രഥനങ്ങൾ നടത്തുവാൻ കഴിഞ്ഞിട്ടുണ്ട്. ജനസംഖ്യാ ജനിതകപഠനങ്ങളിൽ, പ്രത്യേകിച്ചും ഗണിതശാസ്‌ത്രപരമായ പഠനങ്ങളിൽ, ജപ്പാൻകാർ വളരെ മുൻപന്തിയിലാണ്. ജീൻ ആവൃത്തിയിൽ പ്രകൃതി നിർധാരണത്തിന്റെ സ്വാധീനമുണ്ടോ? ജനിതക ഡ്രഫ്‌റ്റിന്റെ പങ്കെന്താണ് എന്നീ വിഷയങ്ങളിൽ, മൂട്ടൊ കിമുറാ (Mooto Kimura) വികസിപ്പിച്ചെടുത്ത നിഷ്‌പക്ഷ സിദ്ധാന്തം (Neutral Theory) വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നായോയുകി തക്കഹാതാ (Naoyuki Takahata)യുടെ നേതൃത്വത്തിലുള്ള ഒരു ടീം, പത്ത് X ക്രോമസോമുകളുമായി ബന്ധപ്പെട്ട ജീനുകൾ, അഞ്ച് ഓട്ടോസോമീയ ജീനുകൾ, മൈറ്റൊകോൺഡ്രിയ ഡി.എൻ.എ. ഡാറ്റ Y ക്രോമസോം ഡാറ്റ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിൽ പുതിയ അപഗ്രഥനങ്ങൾ നടത്തിയിട്ടുണ്ട്. അതിൽനിന്നും പൊതുപൂർവ്വികൻ ആഫ്രിക്കയിലാണ് ജീവിച്ചിരുന്നു എന്നുതന്നെയാണ് കണ്ടത്. തക്കാഹാത ഇതേ ഡാറ്റ ഉപയോഗിച്ച്, അവ ബഹുപ്രദേശപരികൽപ്പനയുമായി പൊരുത്തപ്പെടുമോ എന്ന് പരിശോധിക്കുവാൻ കമ്പ്യൂട്ടർ സിമുലേഷൻ പഠനങ്ങളും നടത്തിയിട്ടുണ്ട്. പക്ഷെ അപ്പോഴും നമ്മുടെ ജനിതക പൂളിന്റെ മുഖ്യസ്രോതസ് ആഫ്രിക്കയാണെന്നുള്ള നിഗമനത്തിൽ തന്നെയാണെത്തിയത്. അതായത് ബഹു ദേശപരികൽപനയെ അത് പിന്താങ്ങുന്നില്ല.
ഇതിൽ നിന്നെല്ലാം നമുക്ക് എന്തു നിഗമനങ്ങളിൽ എത്തുവാൻ കഴിയും? നമ്മുടേത് ചെറുപ്പമായ ഒരു സ്‌പീഷീസാണ്. ക്രോമാഗ്നൺ മനുഷ്യന്റെ പൂർവ്വികൻ ആഫ്രിക്കകാരൻ തന്നെയായിരുന്നു. ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് വംശങ്ങൾ തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതയില്ല. ഇവിടെ ഒരുകാര്യം സൂചിപ്പിക്കട്ടെ. പ്രധാനപ്പെട്ട മനുഷ്യവംശങ്ങളെ എളുപ്പത്തിൽ തിരിച്ചറിയുവാൻ കഴിയുന്നത് ദൃശ്യമായ സംവേദനം വഴിയാണ്. ഇവ സ്വാഭാവികമായും പുറമെ കാണുന്ന ലക്ഷണങ്ങളാണല്ലോ. ഡാർവിൻ, ഈ വ്യത്യാസങ്ങൾ രൂപീകരിച്ചതിൽ ലിംഗനിർധാരണത്തിന് (Sexual selection) ഒരു പങ്കുള്ളതായി കണക്കാക്കി. ആദ്യകാലത്ത് ഈ പ്രക്രിയ നടന്നിരിക്കാം. കറുത്ത നിറം തീർച്ചയായും കാലാവസ്ഥയ്‌ക്കനുസരിച്ചുള്ള ഒരു അനുകൂലനമാണ്. ഇതിന്റെ മറുവശമാണ് വെളുത്ത നിറം. വടക്കൻ യൂറോപ്പിലാണ് ഏറ്റവും വിളറിയ വെള്ളക്കാരുള്ളത്. അവിടെ സൂര്യപ്രകാശത്തിന്റെ തീവ്രത കുറവാണ്. അതിനാൽ അവിടെ പതിക്കുന്ന അൾട്രാവയലറ്റ് രശ്‌മികളുടെ തോതും കുറവാണ്. ത്വക്കിൽ മെലാനിൻ വർണകം കൂടുതലാണെങ്കിൽ, കിട്ടുന്ന അൾട്രാവയലറ്റ് രശ്‌മികളെ ആഗിരണം ചെയ്യുവാൻ കഴിയുകയില്ല. അതിനാൽ ത്വക്കിനടിയിൽ വിറ്റാമിൻ D യുടെ സംശ്ലേഷണം നടക്കുകയില്ല. ഫലം റിക്കറ്റ്‌സ് രോഗമായിരിക്കും.
ഐക്യു വിവാദം
മനുഷ്യവംശങ്ങൾ തമ്മിൽ ഉച്ചനീചത്വങ്ങൾ ഉണ്ടെന്നു വിശ്വസിക്കുന്നവരുടെ ഒരു പ്രധാനവാദം, ബുദ്ധിശക്തി അളക്കുവാൻ ഉപയോഗിക്കുന്ന ഐക്യു (Intelligence Quotient) പരീക്ഷകളിൽ ആഫ്രിക്കക്കാരുടെ സ്‌കോർ കുറവാണ് എന്നതാണ്. ഇതിന് ജനിതക അടിസ്ഥാനം ഉണ്ടെന്നും അതു മാത്രമാണ് മുഖ്യഘടകം എന്നും അവർ വിശ്വസിച്ചു. ബുദ്ധിശക്തി എന്നാൽ എന്താണെന്ന് കൃത്യമായി നിർവ്വചിക്കുവാൻ തന്നെ പ്രയാസമാണ്. അതിനെ കൃത്യമായി അളക്കുവാൻ കഴിയുമോ എന്നും സംശയമാണ്. ഏതായാലും ഇക്കാര്യത്തിൽ സമീപകാലത്ത് വംശീയവാദികൾ നടത്തിയ ഏറ്റവും കുപ്രസിദ്ധമായ ഒരു ആഞ്ഞടിക്കലാണ്, ദി ബെൽ കർവ് എന്ന പുസ്‌തകത്തിലൂടെ, ഹെൺസ്റ്റെയ്‌നും മറെയും നടത്തിയത്. (The Bell Curve wars: Race, Intelligence, and the future of America, Basic Books, 1995) ഐക്യുവിൽ പാരമ്പര്യമായി കൈമാറുന്ന നല്ലൊരു ഘടകം ഉണ്ട്. പക്ഷെ അതേസമയം വിദ്യാഭ്യാസവും, സമ്പുഷ്‌ടമായ സാഹചര്യങ്ങളും കൊണ്ട് ഐക്യു സ്‌കോറുകൾ ഉയർത്താമെന്നതിന് ധാരാളം തെളിവുകൾ ഉണ്ട്. ഒരു ഐക്യുവിന്റെ ജനിതക അടിസ്ഥാനത്തെകുറിച്ചുള്ള തർക്കത്തേക്കാൾ, ചൂട് പിടിച്ച വിഷയം വംശങ്ങൾക്കിടയിൽ, ഐക്യുവിന്റെ കാര്യത്തിൽ ജന്മനാ ഉള്ള വ്യത്യാസങ്ങൾ ഉണ്ട് എന്നതാണ്. ഇക്കാര്യത്തിൽ കറുത്തവർഗ്ഗക്കാരും, വെള്ളക്കാരും തമ്മിലുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനം, സാമൂഹികവും, സാമ്പത്തികവും, വിദ്യാഭ്യാസപരവുമായ വ്യത്യാസങ്ങളാണെന്നാണ് അമേരിക്കയിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് (മുമ്പ് പറഞ്ഞ പുസ്‌തകത്തിൽ ആർ നിസ്‌ബെറ്റിന്റെ ലേഖനം). വെള്ളക്കാരുടെ വീടുകളിലേക്ക് ദത്തെടുക്കപ്പെട്ട കറുത്ത കുട്ടികളുടെ കാര്യത്തിലും, വെളുത്തവർഗ്ഗക്കാർ താമസിച്ച് പഠിക്കുന്ന അതേ സ്‌കൂളിൽ പഠിക്കുന്ന കറുത്ത കുട്ടികളുടെ കാര്യത്തിലും നടത്തിയ പഠനങ്ങൾ കാണിക്കുന്നത്, രണ്ട് വംശക്കാരും തമ്മിൽ വ്യത്യാസമില്ലെന്നാണ്. ഇനി കൗതുകകരമായ മറ്റൊരു പഠനത്തിന്റെ കാര്യംകൂടി പറയാം. രണ്ടാം ലോകമഹായുദ്ധകാലത്ത്, യൂറോപ്പിൽ പോരാടിയിരുന്ന അമേരിക്കൻ പട്ടാളക്കാരിൽ കറുത്ത വർഗ്ഗക്കാരും ഉണ്ടായിരുന്നു. വെള്ളക്കാരായ അമേരിക്കക്കാർ അച്ഛന്മാരായ ജർമ്മൻ കുട്ടികളുടെയും കറുത്തവർഗ്ഗക്കാർ അച്ഛന്മാരായ കുട്ടികളുടെയും ഐക്യു തമ്മിൽ വ്യത്യാസമുണ്ടായിരുന്നില്ല.
അവസാനമായി ഒരു കാര്യം കൂടി ചൂണ്ടിക്കാട്ടാം. ആഗോളമായി തന്നെ ഐക്യു ഉയർന്ന് വന്നിട്ടുണ്ടെന്നാണ്, ന്യൂസിലാൻഡുകാരനായ ഫ്‌ളിൻ (Flynn J.R.) എന്ന മന:ശാസ്‌ത്രജ്ഞൻ കണ്ടെത്തിയിട്ടുള്ളത്. ഇതിനെ ഫ്‌ളിൻ പ്രഭാവം എന്നു പറയും. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ യു.എസ്.എ, ബ്രിട്ടൻ മറ്റു വ്യവസായവൽകൃത രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഐക്യു, ഒരു തലമുറയിൽ ഒമ്പത് മുതൽ ഇരുപത് പോയിന്റ് വരെ കൂടിയിട്ടുണ്ട്. നമ്മുടെ ജനിതക വിജ്ഞാനത്തിന്റെ വെളിച്ചത്തിൽ നോക്കുമ്പോൾ, ഇത്തരത്തിൽ മൊത്തമായി ഒരു ജനിതക മാറ്റം സംഭവിക്കുവാൻ ഇടയില്ല. അതായത് ഇതിന്റെ അടിസ്ഥാനം വിദ്യാഭ്യാസം, ആരോഗ്യം, പോഷകങ്ങളുടെ ലഭ്യത എന്നീ മേഖലകളിൽ ഉണ്ടായ പുരോഗതിയാണ്. ഇത് ഒരു സുപ്രധാന കാര്യത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ജനിതക അടിസ്ഥാനമുള്ള ഒരു ഘടകംപോലും ശ്രദ്ധേയമായ രീതിയിൽ രൂപാന്തരപ്പെടുത്താവുന്നതാണ്. നമ്മൾ ജീനുകളെ മാത്രം ആശ്രയിച്ച് ചാഞ്ചാടുന്ന പാവകൾ അല്ല.
പത്ത് കല്‌പനകൾ
ബൈബിളിലെ മോസസിന്റെ പത്ത് കൽപനകൾപോലെ, നരവംശശാസ്‌ത്രജ്ഞരും പത്ത് കൽപനകൾ അനുസരിക്കേണ്ടതാണ്.
1. എല്ലാ മനുഷ്യരും ഹോമൊ സാപിയൻസ് എന്ന ഒരേ സ്‌പീഷീസിൽ പെട്ടവയാണ്. 2. പ്രാകൃത വർഗ്ഗക്കാരെന്ന ഒന്നില്ല, വ്യത്യസ്‌തങ്ങളായ സംസ്‌കാരങ്ങൾ മാത്രമാണുളളത്. മറ്റു വംശക്കാരെ മനസ്സി ലാക്കുവാൻ കഴിയാത്തവരും അവരെ ചൂഷണം ചെയ്യുന്നവരു മായ വെള്ളക്കാരാണ് ശരിയായ കാടന്മാർ 3. സാമൂഹ്യവും സാംസ്‌കാരികവുമായ വ്യത്യാസങ്ങളുടെ ഫല മായിട്ടാണ്, വിവിധ ലക്ഷണങ്ങൾ ഉണ്ടായിട്ടുള്ളത്. 4. ഓരോ വംശത്തിലും മറ്റുള്ളവരേക്കാൾ കഴിവുള്ളവർ ഉണ്ടായി രിക്കാം. 5. താഴ്‌ന്ന വംശജർ എന്നൊന്നില്ല. 6 മനുഷ്യവംശങ്ങൾ അവർ ജീവിക്കുന്ന സ്ഥലങ്ങളുമായി അനു കൂലനം നേടിയവരാണ്. 7. ഭാഷകളും ശരീരലക്ഷണങ്ങളും കൂടിക്കലർന്നത് പിന്നീടാണ്. 8. ഒരേ വംശത്തിലുള്ള വ്യക്തികൾക്കിടയിലുള്ള വ്യത്യാസങ്ങൾ മാത്രമേ വംശങ്ങൾ തമ്മിലും ഉള്ളൂ. 9. വംശങ്ങൾ തമ്മിലുള്ള സങ്കരങ്ങൾ താഴ്‌ന്നതരങ്ങളല്ല. 10. വംശങ്ങളെ ചൂഷണം ചെയ്യലും നിന്ദിക്കലും ഉടൻ നിർത്തണം.
മേൽവിവരിച്ചവ ഒരു തീവ്ര ഇടതുപക്ഷക്കാരനൊ, വിപ്‌ളവകാരിയൊ എഴുതിയതല്ല. ഇത് 1922-ൽ ജർമ്മൻ നരവംശ ശാസ്‌ത്രജ്ഞനായ ഫെലിക്‌സ് ഫോൺ ലസ്‌ക്കാൻ എഴുതിയ, ``വംശങ്ങൾ, രാഷ്‌ട്രങ്ങൾ, ഭാഷകൾ എന്ന പുസ്‌തകത്തിൽ നിന്നെടുത്ത ഉദ്ധരണിയാണ്.