കാലം തെറ്റിയ കാലാവസ്ഥ
കാലം തെറ്റിയ കാലാവസ്ഥ | |
---|---|
കർത്താവ് | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ഭാഷ | മലയാളം |
വിഷയം | [[]] |
സാഹിത്യവിഭാഗം | ലഘുലേഖ |
പ്രസാധകർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
പ്രസിദ്ധീകരിച്ച വർഷം | ഒക്ടോബർ, 2009 |
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.
ആധുനികശാസ്ത്രവിജ്ഞാനം, ശാസ്ത്രീയ വീക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യമുള്ള ഏതൊരാളെ സംബന്ധിച്ചിടത്തോളവും ഏറെ പ്രാധാന്യമുള്ള വർഷമാണ് 2009. ഭൗതികശാസ്ത്രരംഗത്ത് പൊതുവിലും ജ്യോതിശ്ശാസ്ത്രരംഗത്ത് പ്രത്യേകിച്ചും യുഗപരിവർത്തനത്തിന് തുടക്കം കുറിച്ച ഗലീലിയോ ഗലീലിയുടെ പ്രശസ്തമായ ടെലിസ്കോപ്പ് നിരീക്ഷണം നടന്നിട്ട് 400 സംവത്സരങ്ങൾ പൂർത്തിയാകുന്നത് ഈ വർഷമാണ് . അതുപോലെ തന്നെ ജീവശാസ്ത്രരംഗത്ത് അന്നുവരെ നിലനിന്നിരുന്ന ഒട്ടേറെ അബദ്ധധാരണകളെ തകിടം മറിച്ച് ആധുനിക ജീവശാസ്ത്രത്തിന് അടിത്തറ പാകിയ ചാൾസ് ഡാർവിന്റെ 200-ാം ജന്മവാർഷികവും, അദ്ദേഹത്തിന്റെ `സ്പീഷീസുകളുടെ ഉത്പത്തി' (Origin Of Species) എന്ന മഹദ്ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ട് 150 സംവത്സരങ്ങൾ പൂർത്തിയാകുന്നതും ഈ വർഷം തന്നെ. ചുരുക്കത്തിൽ നവ മാനവസംസ്കാരത്തിന്റെ അസ്തിവാരമെന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ആധുനിക ശാസ്ത്രത്തിന്റെ ചരിത്രത്തിലെ അത്യന്തം പ്രാധാന്യമേറിയ ചില മുഹൂർത്തങ്ങളുടെ ഓർമ പുതുക്കിക്കൊണ്ടാണ് 2009 നമ്മുടെ മുന്നിൽ എത്തുന്നത്. ഇന്ത്യൻ ആണവ പരിപാടിയുടെയും ബഹിരാകാശ ഗവേഷണത്തിന്റേയും ഉപജ്ഞാതാവായ ഹോമി ജെ ഭാഭയുടെ ജന്മശതാബ്ദി വർഷമാണ് ഇതെന്ന കാര്യവും ഈ അവസരത്തിൽ സ്മരണീയമാണ്.
ഈ ചരിത്രമുഹൂർത്തത്തിന്റെ സവിശേഷ പ്രാധാന്യം കണക്കിലെടുത്ത് കൊണ്ട് 2009 -2010 പ്രവർത്തനവർഷം ശാസ്ത്രവർഷമായി ആചരിക്കാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തീരുമാനിച്ചിരിക്കുകയാണ്. ആധുനിക ശാസ്ത്രവിജ്ഞാനവും ശാസ്ത്രബോധവും സമസ്ത ജനവിഭാഗങ്ങളിലേക്കും പ്രസരിപ്പിക്കുക എന്നത് പണ്ടെന്നത്തേക്കാളും ഇന്ന് പ്രസക്തമായി തീർന്നിരിക്കുന്നു എന്ന വിശ്വാസമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ പരിഷത്തിനെ പ്രേരിപ്പിക്കുന്നത്.
ആധുനിക ശാസ്ത്രവിജ്ഞാനത്തിന്റെ അനന്തസാധ്യതകൾക്കും അതുണർത്തിവിടുന്ന ഉദാത്തമായ ജിജ്ഞാസക്കുമൊപ്പം, ശാസ്ത്രസാങ്കേതിക വിദ്യകളുടെ വിവേകപൂർണമായ ഉപയോഗവും അവയ്ക്ക് മേലുള്ള സാമൂഹ്യനിയന്ത്രണവും വ്യാപകമായ ചർച്ചയ്ക്ക് വിഷയീഭവിക്കേണ്ടതുണ്ടെന്ന് പരിഷത്ത് കരുതുന്നു. ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ ശാസ്ത്ര പ്രചാരണ പ്രവർത്തനങ്ങൾക്കാണ് പരിഷത്ത് രൂപം നൽകിയിട്ടുള്ളത്. ശാസ്ത്രവർഷാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലഘുഗ്രന്ഥപരമ്പരയിലെ ഒരു പുസ്തകമാണിത്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കാലം തെറ്റിയ കാലാവസ്ഥ
മാനവരാശി അതിസങ്കീർണമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ ആഗോള സാമ്പത്തിക പ്രതിസന്ധിയല്ല ഇവിടെ വിവക്ഷിക്കുന്നത്. ഒട്ടേറെ ദുരിതങ്ങൾ അത് വിതച്ചേക്കും, പ്രത്യേകിച്ചു വികസ്വര രാജ്യങ്ങളിൽ. എന്നാൽ ആത്യന്തികമായ മുൻകാലങ്ങളിലുണ്ടായ പ്രതിസന്ധികളിൽ എന്ന പോലെ ഇതിൽ നിന്നും മാനവരാശി രക്ഷപ്പെട്ടേക്കും - ധനികർ കൂടുതൽ ധനികരും ദരിദ്രർ കൂടുതൽ ദരിദ്രരും ആയിക്കൊണ്ടാണെങ്കിൽ പോലും. എന്നാൽ രക്ഷപ്പെടാൻ ആകാത്ത മറ്റൊരു പ്രതിസന്ധിയിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത് ഒരു ആഗോള പാരിസ്ഥിതിക പ്രതിസന്ധിയിലേക്ക്. ഒരു വശത്ത് ഭൂമിയിലെ പ്രകൃതിവിഭവ ശേഖരങ്ങൾ അതിവേഗം ശോഷിച്ചു വരുന്നു. അവയുടെ ഖനനം ഭൂതലത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുണ്ട്. മറുവശത്ത് ഖനനം ചെയ്തെടുക്കുന്ന വിഭവങ്ങളുടെ വിനിയോഗം സൃഷ്ടിക്കുന്ന മാലിന്യങ്ങൾ വെള്ളത്തിലും വായുവിലും ഈട്ടം കൂടുന്നു. ശുദ്ധജലത്തിന്റെ ലഭ്യത കുറയുന്നു. എന്നാൽ അതിലും പ്രധാനമായി വായുവിൽ അധികമായി എത്തിച്ചേരുന്ന കാർബൺഡൈഓക്സൈഡ്, മീഥേൻ വാതകം, നൈട്രജൻ ഓക്സൈഡുകൾ മുതലായവ സൃഷ്ടിക്കുന്ന, അടുത്തകാലം വരെ നമ്മുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലാത്ത ചില പ്രശ്നങ്ങൾ കൂടിയുണ്ട്. സൂര്യനിൽ നിന്ന് ഭൂമിയിലേക്കു വരുന്ന വികിരണങ്ങൾക്ക് പ്രത്യേകമായ തടസ്സമൊന്നും സൃഷ്ടിക്കാത്ത അവ, ഭൂമിയിൽ നിന്ന് തിരിച്ചു വികിരണം ചെയ്യപ്പെടുന്ന ചൂടിനെ തടഞ്ഞു നിർത്തുന്നു. പുറത്തു പോകാൻ അനുവദിക്കുന്നില്ല. അങ്ങനെ അന്തരീക്ഷത്തിലും ഭൂതലത്തിലുമായി ഈട്ടം കൂടി വരുന്ന ഊർജം അതിനെ ചൂടാക്കുന്നു. അന്തരീക്ഷത്തിന്റെ താപനില ഉയരുന്നു. തീരഭൂമികൾ മുങ്ങിപ്പോകുന്നു; കൃഷി കൂടുതൽ കൂടുതൽ ചൂതാട്ടമായിത്തീരുന്നു. മത്സ്യസമ്പത്തിനെയും പവിഴ സമ്പത്തിനെയുംപരിസ്ഥിതി വ്യൂഹങ്ങളെയും തകരാറിലാക്കുന്നു, മാനവരാശിയുടെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടെയും നിലനിൽപു തന്നെ ദുഷ്കരമാക്കിത്തീർക്കുന്നു.
ഇതിന്റെയെല്ലാം സൂചനകൾ പല പതിറ്റാണ്ടുകൾക്കു മുമ്പുതന്നെ കിട്ടിയിരുന്നെങ്കിലും അതിനെ ഗൗരവത്തോടെ എടുക്കാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല.
വളർച്ചയുടെ പരിമിതി: ക്ലബ്ബ് ഓഫ് റോം പഠനങ്ങൾ
1972ൽ ആദ്യ ഐക്യരാഷട്രസഭയുടെ ഒന്നാമത്തെ പരിസ്ഥിതി സമ്മേളനത്തിന്റെ (സ്റ്റോക്ക്ഹോം) മുന്നോടിയായി ഏതാനും പഠനങ്ങൾ നടക്കുകയുണ്ടായി. അതിലൊന്നായിരുന്നു യു.എസിലെ പ്രശസ്ത സ്ഥാപനമായ എം.ഐ.ടിയിലെ ഡോണെല്ല മെഡോസ്, ഡെനിസ് മെഡോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്ലബ് ഓഫ് റോം എന്ന സംഘടനയുടെ ആവശ്യപ്രകാരം നടത്തിയ അതിബൃഹത്തായ പഠനം. ഒരു കമ്പ്യൂട്ടർ മോഡലിങ്ങ് പഠനമായിരുന്നു അത്. നിരവധി മേഖലകൾ തമ്മിലുള്ള പരസ്പര ബന്ധങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് ആ പഠനം നടത്തിയത്. മനുഷ്യൻ ഇതേവരെ ചെയ്തിരുന്നത് അതേപടി നടക്കുകയാണെങ്കിൽ വരുന്ന ഒന്നൊന്നര നൂറ്റാണ്ടിലെ അവന്റെ ജീവിതവുമായി ബന്ധപ്പെട്ട അഞ്ചു രാശികൾ എങ്ങനെ മാറും എന്നതായിരുന്നു അടിസ്ഥാന പഠനം. പിന്നീട് ഇന്നത്തെ ശൈലിയിൽ നിന്ന് പല തരത്തിലുള്ള മാറ്റങ്ങൾ വരുത്തിയാൽ ഉദാഹരണത്തിന് ആളോഹരി ഉപഭോഗം നിശ്ചിത തോതിൽ കുറച്ചാൽ, അല്ലെങ്കിൽ സാങ്കേതിവിദ്യകൾ മെച്ചപ്പെടുത്തിയാൽ, അല്ലെങ്കിൽ വിഭവലഭ്യത വർധിച്ചാൽ- ഈ ചിത്രത്തിന് എന്തുമാറ്റം വരുമെന്നും അവർ പരിശോധിച്ചു. അവർ പരിശോധനക്ക് തെരെഞ്ഞെടുത്ത രാശികൾ ഇവയെല്ലാമായിരുന്നു.
- ആളോഹരി ലഭ്യത: ഭക്ഷണം
- ആളോഹരിലഭ്യത: ഉപഭോഗച്ചരക്കുകൾ
- ആളോഹരി ലഭ്യത: സേവനങ്ങൾ
- പ്രതീക്ഷിത ആയുസ്സ്
ഇവയെ ഗ്രാഫുകളുടെ രൂപത്തിൽ ചിത്രീകരിച്ചു. 15 ഓളം വ്യത്യസ്ത സിനാറിയോകൾ അവർ അങ്ങനെ സൃഷ്ടിച്ചു. 1992ലും 2002 ലും അവർ തങ്ങളുടെ പഠനങ്ങൾ, ലഭ്യമായ കൂടുതൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റം വരുത്തി. എല്ലാ പഠനങ്ങളും നൽകിയത് ഒരേ സാമാന്യ ചിത്രം തന്നെയാണ്. ആ സാമാന്യചിത്രം ഇങ്ങനെയാണ്.
ഈ ചിത്രത്തിന്റെ എക്സ് അക്ഷത്തിൽ കാലം. അവർ 2100 വരെയുള്ള കാലമാണ് പഠിച്ചത്. വൈ അക്ഷത്തിൽ പരിശോധനാ വിധേയമായ ഏതു രാശിയും. ഭക്ഷ്യലഭ്യത, വിഭവലഭ്യത, സേവന ലഭ്യത, പ്രതീക്ഷിത ആയുസ്സ് ഏതും ആകാം. ചിത്രം ഒന്ന് തന്നെയാണ്. ആദ്യം എല്ലാം വളർന്നു കൊണ്ടിരിക്കും. വളർച്ച-ദുരന്തം-തളർച്ച എന്ന ഒരു ചിത്രം. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ഈ ദുരന്തം സംഭവിക്കുമെന്നു തന്നെയാണ് എല്ലാ പഠനങ്ങളും കാണിക്കുന്നത്. വിഭവങ്ങളിൽ ഒന്നിന്റെ, പെട്രോളിയത്തിന്റെ ലഭ്യത 2025 -30 ആകുമ്പോഴേക്കും ഉച്ചിയിൽ എത്തുമെന്നും അതിനുശേഷം കുറയുമെന്നുമാണ് ഇന്ന് കരുതപ്പെടുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിനു മുമ്പു തന്നെ പെട്രോളിയം കുരുക്ക് കഴുത്തിൽ കുടുങ്ങുന്നതാണ്. ഈ സന്ദർഭത്തിലാണ് നാനോ കാറുകൾക്കുള്ള ആർത്തിയെത്തുന്നത്. വലിയ കാറുകൾക്ക് പകരം ചെറിയ കാറ് എന്ന ധാരണ. വലിയതിനു പുറമേ ചെറുതും. സ്കൂട്ടറിനു പുറമെ കാറും. വരുന്ന 10-15 കൊല്ലത്തിനുള്ളിൽ ഇന്ത്യയുടെ കാർ നയം ഒരു ദുരന്തം സൃഷ്ടിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.
ക്ലബ് ഓഫ് റോം അതിന്റെ പഠനത്തിൽ ഭൗതികവശങ്ങൾ മാത്രമേ നോക്കിയിട്ടുള്ളൂ. മനുഷ്യന്റെ സാമൂഹ്യവശങ്ങൾ, പരസ്പര ബന്ധങ്ങൾ പെരുമാറ്റങ്ങൾ ഇവ ഒന്നും തന്നെ നോക്കിയിട്ടില്ല.എന്തെങ്കിലും ഒരു പദാർ ത്ഥത്തിന്റെ ലഭ്യത കുറയാൻ പോകുന്നു എന്നറിഞ്ഞാൽ, ആളുകളുടെ ഇടയിൽ ഒരുതരം ശേഖരിച്ചുവെക്കൽ ഭ്രാന്ത് വളരുന്നത് പല സന്ദർഭങ്ങളിലും നാം കണ്ടതാണ്. പെട്രോളിയത്തിനും ശുദ്ധജലത്തിനും ക്ഷാമം വരും എന്ന് കണ്ടിട്ടാണ് അമേരിക്ക ഇറാക്കിനെ കീഴ്പ്പെടുത്തിയത്. ഇറാന്റെ മേൽ ആക്രമണഭീഷണി മുഴക്കുന്നത്. ക്ഷാമം വരുമ്പോൾ മനുഷ്യരുടെ പെരുമാറ്റത്തിലും മാറ്റം വരാം. മനുഷ്യരിൽ അടങ്ങിയിട്ടുള്ള എങ്ങനെയും തൻകാര്യം നേടാനുള്ള വാസന സമൂഹത്തെ നിലനിർത്തുന്ന സാമൂഹികവാസനയെ കീഴ്പ്പെടുത്തിയേക്കാം. ഭക്ഷ്യക്ഷാമ സന്ദർഭങ്ങളിൽ ഇങ്ങനെ സംഭവിച്ചതു കൊണ്ട് ഒട്ടനവധി സ്പീഷീസുകൾ നാമാവശേഷമായിട്ടുണ്ട്. വരുന്ന രണ്ടു മൂന്നു പതിറ്റാണ്ടിൽ ദുരന്തത്തെ സമീപിക്കാൻ തുടങ്ങുമ്പോഴും, അതിനു ശേഷമുള്ള പതനഘട്ടത്തിലും മനുഷ്യജാതിയുടെ സാമൂഹിക പെരുമാറ്റങ്ങളിൽ വന്നേക്കാവുന്ന മാറ്റങ്ങളെപ്പറ്റി ക്ലബ് ഓഫ് റോം പഠിച്ചിട്ടില്ല. ഒരു വേള മാനവജാതി കാടത്തത്തിലേക്ക് അധഃപതിച്ചേക്കാം അല്ലെങ്കിൽ പരസ്പരം നശീകരണത്തിലൂടെ നാമാവശേഷമായേക്കാം. ഇന്ന് മനുഷ്യൻ കുന്നുകൂട്ടിവെച്ചിട്ടുള്ള നശീകരണായുധങ്ങളുടെ ചെറിയൊരുശതമാനം മതി എല്ലം നശിപ്പിക്കാൻ. ഈ സാധ്യത തള്ളിക്കളയാനാവില്ല. അത് മുന്നിൽ കണ്ടുകൊണ്ട് പരിഹാര നടപടികൾ മുന്നേത്തന്നെ ആസൂത്രണം ചെയ്യാൻ തത്വത്തിൽ മനുഷ്യർക്ക് കഴിയേണ്ടതാണ്.
അങ്ങിനെയാണ് 1992ൽ റിയോദ്ജനീറോയിൽ വെച്ച് ഒരു ഭൗമ ഉച്ചകോടി ചേരുന്നതിലെത്തിയത്. ഒരു കാലത്ത് പ്രകൃതിശക്തികളെ ഭയപ്പെടുകയും അവയെ ദേവന്മാരായി ആരാധിക്കുകയും ചെയ്തിരുന്ന മനുഷ്യർ ഇന്ന് പ്രകൃതിയോളം ശക്തരായിത്തീർന്നിരിക്കുന്നു. പ്രകൃതിയിൽ നിർണായമായ മാറ്റം വരുത്താൻ കരുത്തുള്ളവനായിത്തീർന്നിരിക്കുന്നു. ആ മാറ്റങ്ങളാകട്ടെ മനുഷ്യരുടെ തന്നെ നിലനിൽപിന് ഒരു ഭീഷണിയായി മാറുകയും ചെയ്തിരിക്കുന്നു. മണ്ണിനും വെള്ളത്തിനും വായുവിനും ജൈവസമ്പത്തിനും ഒക്കെ ഭീഷണി ഉയർന്നിരിക്കുന്നു. ഇതൊന്നും പ്രേതകഥകൾ അല്ലെന്നും യഥാർത്ഥ ഭീഷണി ആണെന്നും ഏറെ രാജ്യങ്ങൾക്ക് ബോധ്യമായതിനെ തുടർന്നാണ് ഭൗമഉച്ചകോടി വിളിച്ചുചേർക്കപ്പെട്ടത്. ആ സമ്മേളനത്തിൽ സഹകരിക്കാത്ത ഒരേ ഒരു രാജ്യമേ ഉണ്ടായിരുന്നുള്ളൂ: അമേരിക്കൻ ഐക്യനാടുകൾ. അവർ തങ്ങളുടെ ചരിത്രപരമായ ഔദ്ധത്യത്തോടെ പറഞ്ഞു: നിങ്ങൾ എന്തുവേണമെങ്കിലും തീരുമാനിച്ചുകൊള്ളുക, ഞങ്ങൾ എല്ലാം പഴയപടി തുടരും. എങ്കിലും ആ സമിതിയിൽ അതിപ്രധാനമായ പല തീരുമാനങ്ങളും എടുക്കുകയുണ്ടായി. ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ വ്യതിയാന പ്രശ്നം എന്നിങ്ങനെ പലതിനെപ്പറ്റിയും. അന്തരീക്ഷത്തിലേക്ക് വിസർജിക്കപ്പെടുന്ന മുൻപറഞ്ഞ വാതകങ്ങളുടെ - അവയെ പൊതുവിൽ ഹരിതഗൃഹ വാതകങ്ങൾ എന്നും വിളിക്കുന്നു - അളവ് പടിപടിയായി കുറച്ചു കൊണ്ടു വരണം എന്ന് മിക്കവർക്കും ബോധ്യമായിരുന്നു. ഇതിനുള്ള നടപടിക്രമങ്ങൾ ആലോചിക്കാനായി ജപ്പാനിലെ ക്യോട്ടോ നഗരത്തിൽ വെച്ച് ലോക രാഷ്ട്ര പ്രതിനിധികൾ സമ്മേളിക്കുകയും ചില നടപടികളെ കുറിച്ച് ധാരണയിൽ എത്തുകയും ചെയ്തു. ഈ നടപടിക്രമങ്ങൾ `ക്യോട്ടോ പ്രോട്ടോക്കോൾ' എന്ന പേരിൽ അറിയപ്പെടുന്നു. അതുപ്രകാരം വികസിത രാഷ്ട്രങ്ങൾ അവരുടെ വിസർജനം ഒരു നിശ്ചിത അളവുവരെ കുറക്കേണ്ടിയിരുന്നു. എന്നാൽ ആ രാജ്യങ്ങൾ, വിശിഷ്യ അമേരിക്കൻ ഐക്യനാടുകൾ അതിന് തയ്യാറായില്ല. ഫലമോ കഴിഞ്ഞ 17 കൊല്ലത്തിനുള്ളിൽ സ്ഥിതിഗതി പൂർവാധികം വഷളാവുക മാത്രമാണ് ചെയ്തത്. ഈ സാഹചര്യത്തിൽ ഭൂമി എന്ന നമ്മുടെ ഗ്രഹത്തെയും അതിലെ നിവാസികൾ നേരിടുന്ന ആപത്തിനെയും കണക്കിലെടുത്തുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ ജനറൽ കൗൺസിൽ 2007-2009 കാലഘട്ടത്തെ ഭൂമിയെയും അതിലെ ജീവൻ നേരിടുന്ന ആപത്തിനെയും ജനങ്ങൾക്കിടയിൽ ബോധവത്ക്കരണം നടത്താനായി, ``അന്താരാഷ്ട്ര ഭൗമവർഷം ആയി പ്രഖ്യാപിച്ചു. എന്താണ് ഭൂമിക്കു നേരിടുന്ന വിപത്തുകൾ, അവയുടെ കാരണം എന്ത്? എങ്ങനെ അവയെ നേരിടാം എന്നൊക്കെ ജനങ്ങളുമായി വൻതോതിൽ സംവദിക്കുന്നതിന് വേണ്ടിയായിരുന്നു അത്.
അന്തരീക്ഷ താപനവും പ്രത്യാഘാതങ്ങളും
`പൊള്ളുന്ന വെയിൽ' എന്നൊരു പ്രയോഗമുണ്ടല്ലോ. വെയിലിന്, വെളിച്ചം മാത്രമല്ല ചൂടും ഉണ്ട്. സൂര്യനിൽ നിന്നാണ് വെയിൽ വരുന്നതെന്ന് നമുക്കറിയാം. വെയിൽ അഥവാ സൂര്യകിരണങ്ങൾ വ്യത്യസ്ത തരംഗദൈർഘ്യങ്ങളോടു കൂടിയ വികിരണങ്ങൾ ആണ്. അതിൽ ഒരു ഭാഗം മാത്രമാണ് ദൃശ്യപ്രകാശം. ചൂടുനൽകുന്ന, തരംഗദൈർഘ്യം കുറഞ്ഞ, അൾട്രാ വയലറ്റ് വികിരണങ്ങളാണ് ഭൂമിയിലെത്തുന്ന സൂര്യവികിരണത്തിന്റെ മൂന്നിലൊന്ന്. അന്തരീക്ഷം, സമുദ്രം, കര, ഐസ്, ജന്തുജാലങ്ങൾ എന്നിവയാൽ അത് അവശോഷണം ചെയ്യപ്പെടുന്നു. ഇങ്ങനെ എത്ര ചൂട് അവശോഷിക്കപ്പെടുന്നുവോ അത്രയും തന്നെ, ചൂടുപിടിച്ച ഭൂമിയിൽ നിന്നു അന്തരീക്ഷത്തിൽ നിന്നും തിരിച്ച് വികിരണം ചെയ്യപ്പെടുന്നു. എന്നാൽ 60000 c താപനിലയിലുള്ള സൂര്യൻ വികിരണം ചെയ്യുന്നതിനേക്കാൾ എത്രയോ കൂടുതൽ തരംഗ ദൈർഘ്യമുള്ള -അതായത് താപനില കുറഞ്ഞ- വികിരണങ്ങളാണ് പുറത്തു പോകുന്നത്. ഹ്രസ്വ തരംഗങ്ങളുടെ ഊർജം കൂടുതലാണ്. അവയ്ക്ക് അന്തരീക്ഷത്തിലൂടെ എളുപ്പം കടന്നു പോകാൻ കഴിയും എന്നാൽ ഭൂമിയിൽ നിന്നും തിരിച്ചു വികിരണം ചെയ്യപ്പെടുന്ന തരംഗങ്ങൾ ദീർഘതരംഗങ്ങളായിരിക്കും. അവ അന്തരീക്ഷത്തിലുള്ള നീരാവി, മീഥേൻ, കാർബൺ ഡൈഓക്സൈഡ് എന്നിവയാൽ അവശോഷണം ചെയ്യപ്പെടുന്നതിനാലാണ് ഭൂമിയുടെ താപനില ഇന്നത്തെ നിലയിൽ നിൽക്കുന്നത്. ഈ വാതകങ്ങൾ ഇല്ലായിരുന്നെങ്കിൽ ഭൂമി ഊഹിക്കാൻ പറ്റാത്തത്ര തണുത്തുപോകുമായിരുന്നു. അന്തരീക്ഷം ഇല്ലാത്ത ഗ്രഹങ്ങളുടെ രാത്രികാലത്തെ താപനില ഏറെ കുറഞ്ഞതായിരിക്കും. തികച്ചും അനുയോജ്യമായ തരത്തിലുള്ള ഒരു അന്തരീക്ഷം ഉള്ളതുകൊണ്ടാണ് ഭൂമിയിൽ ജീവന് നിലനിൽക്കാൻ കഴിയുന്നത്. വീനസ്-ശുക്രൻ/വെള്ളി- എന്ന ഗ്രഹത്തിന്റെ അന്തരീക്ഷവും മുഖ്യമായും കാർബൺ ഡൈഓക്സൈഡ് ആണ്. ഉള്ളിലോട്ടു കടക്കുന്ന ഊർജത്തിന്റെ ചെറിയൊരു ശതമാനമേ അത് പുറത്തുപോകാൻ അനുവദിക്കുന്നുള്ളൂ. അങ്ങനെ ശുക്രന്റെ ഉപരിതല താപനില ഗണ്യമായി വർധിക്കുന്നു. ഏതാണ്ട് 4000c വരെ. സ്വാഭാവികമായും അവിടെ ഒരു ജീവനും നിലനിൽക്കില്ല. ഭൂമിയുടെ അന്തരീക്ഷത്തിൽ കോടിക്കണക്കിന് കൊല്ലങ്ങളായി നൈട്രജൻ, ഓക്സിജൻ, കാർബൺ ഡൈഓക്സൈഡ് എന്നിവ ഏതാണ്ട് സ്ഥിരമായ ഒരു അനുപാതത്തിൽ നിലനിൽക്കുകയായിരുന്നു. സൂര്യനിൽ നിന്നും ഈ അന്തരീക്ഷത്തെ ഭേദിച്ച് ഭൂമിയിൽ എത്തുന്ന ചൂടിന്റെ ഏറിയപങ്കും തിരിച്ചുപോകാൻ അത് അനുവദിച്ചിരുന്നു. അതനുസരിച്ച് ഭൂമിയിലാകെ ഒരു തരത്തിലുള്ള സന്തുലനം നിലനിന്നിരുന്നു. അതിന്റെ ശരാശരി താപനില സ്ഥിരമായിരുന്നു.
ഇവിടെ ശരാശരി താപനില എന്നുപറയുന്നത് എന്താണ് എന്നു മനസ്സിലാക്കണം. ചില പ്രദേശങ്ങളിൽ ചില കാലങ്ങളിൽ കൊടും ശൈത്യവും ചിലകാലങ്ങളിൽ കൊടും ചൂടും അനുഭവപ്പെടുന്നുണ്ട്. റഷ്യയിൽ വടക്കു കിഴക്കൻ പ്രദേശങ്ങളിൽ തണുപ്പുകാലത്ത് - 400c ക്കു താഴെ പോകുന്നു താപനില. സഹാറയിലും ഗൾഫ് മരുഭൂമികളിലും ഏതാണ്ട് +480c വരെ ഉയരുന്നു. ധ്രുവപ്രദേശങ്ങളിൽ എക്കാലത്തും 00c ക്ക് താഴെയാണ് താപനില. ഇങ്ങനെയിരിക്കെ ഭൂമിയുടെ താപനില എന്നുപറയുന്നത് എന്താണ്? പല സ്ഥാനങ്ങളിലും പല ഉയരങ്ങളിലും -ഇതിനൊക്കെ സർവസമ്മതമായ ചില രീതികളുണ്ട്- താപനിലകൾ അളന്ന് ഒരു ശരാശരി കണ്ടുപിടിക്കുന്നു. ഒരു നിലക്കു പറഞ്ഞാൽ മൊത്തം അന്തരീക്ഷത്തിൽ ഉള്ളടങ്ങിയിട്ടുള്ള താപ ഊർജത്തിന്റെ അളവ് ആണത്. മൊത്തം വായുവിന്റെ ദ്രവ്യമാനവും അതിന്റെ താപശേഷിയും സ്ഥിരമാണ്. താപനില കാലാകാലങ്ങളിൽ, സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിൽ വരുന്ന മാറ്റത്തിന് ആനുപാതികമായി മാറുന്നതാണ്. അതിന്റെ വാർഷിക ശരാശരി കണക്കാക്കുന്നു. അങ്ങനെ പ്രാദേശിക താപനിലകളുടെ വാർഷിക ശരാശരിയുടെ ആകെ മൊത്തം ശരാശരിയെ ആണ് ഭൂമിയുടെ താപനില എന്നു വിളിക്കുന്നത്. ഇത് പതിനായിരക്കണക്കിന് കൊല്ലങ്ങളായി സ്ഥിരമായി നിൽക്കുകയാണ്.
ശരാശരി ആണെന്നതുകൊണ്ടുതന്നെ, പ്രാദേശികമായും കാലാനുസൃതമായും അത് വ്യത്യസ്തങ്ങളായിരിക്കും എന്ന് വ്യക്തമാണ്. ഈ വ്യത്യാസങ്ങൾ ആണ് അന്തരീക്ഷത്തിലെ വായുവിന്റെ ചലനങ്ങൾക്ക്- കാറ്റിന്- കാരണമാകുന്നത്. മൊത്തത്തിൽ നോക്കുമ്പോൾ അതിന് ഓരോ പ്രദേശത്തും ഒരു വാർഷിക ക്രമം കാണാം. കൊല്ലാകൊല്ലങ്ങളായി അത് ആവർത്തിക്കപ്പെടുന്നു. ഇതുകൊണ്ടാണ് എല്ലാ കൊല്ലവും ആവർത്തിക്കപ്പെടുന്ന ഋതുക്കൾ - കാലങ്ങൾ - ഉണ്ടാകുന്നത്. ഇതുകൊണ്ടാണ് വാണിജ്യവാതങ്ങളും കാലവർഷവും തുലാവർഷവും ഒക്കെ ഉണ്ടാകുന്നത്. ഓരോ പ്രദേശത്തും ഓരോന്നും ഏതേത് മാസങ്ങളിൽ ആണുണ്ടാവുക എന്നത് ഏറെക്കുറെ കൃത്യമായി നമുക്കറിയാം. അതുകൊണ്ടാണ് ഓരോ ഞാറ്റുവേലയിലും ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി കാരണവന്മാർ പറഞ്ഞു വെച്ചിട്ടുള്ളത്. അൽപസ്വൽപ വ്യതിയാനങ്ങൾ ഏതാനും ദിവസം മുമ്പു തന്നെ നമുക്ക് കണക്കാക്കാമായിരുന്നു. ഇതിനാണ് കാലാവസ്ഥാ പ്രവചനം എന്നു പറയുന്നത്. അങ്ങനെ ജീവിച്ചു പോരുകയായിരുന്നു മനുഷ്യരാശി.
അങ്ങനെയിരിക്കെയാണ് 18-ാം നൂറ്റാണ്ടോടു കൂടി മനുഷ്യർ തങ്ങളുടെ ജീവിതരീതിയിൽ ഗണ്യമായ ഒരു മാറ്റം വരുത്തിയത്. ഇതിന് നമ്മൾ വ്യവസായ വിപ്ലവം എന്നു പറയുന്നു. പലതരത്തിലുള്ള യന്ത്രങ്ങളുടെ ആവിഷ്കാരവും പ്രചാരവും ആണ് അതിലൊന്ന്. എന്നാൽ അതിലും പ്രധാനമായ മറ്റൊന്നാണ് ഈ യന്ത്രങ്ങൾ ചലിപ്പിക്കാൻ ഉപയോഗിച്ച ഇന്ധനങ്ങൾ. അതേവരെ മനുഷ്യശക്തിയോ, കുറച്ചൊക്കെ ഒഴുകുന്ന വെള്ളത്തിന്റെയും വീശുന്ന കാറ്റിന്റെയും ശക്തിയോ ആണ് മനുഷ്യർ ഉപയോഗിച്ചിരുന്നത്. താപ ഊർജത്തിന് കത്തിക്കാൻ വിറകും. അക്കാലത്താണ് ഭൂമിക്കടിയിൽ ആഴത്തിൽ കിടന്നിരുന്ന കൽക്കരിയും എണ്ണയും കുഴിച്ചെടുക്കാനും അവ കത്തിച്ച് ഇരുമ്പുരുക്കാനും ആവിയന്ത്രം ചലിപ്പിക്കാനും ഒക്കെ തുടങ്ങിയത്. വിറകിനെക്കാൾ കുറഞ്ഞ വിലക്കും ധാരാളമായും ഇവ ലഭിക്കുമായിരുന്നു. ഈ ഫോസിൽ ഇന്ധനങ്ങളുടെ- അങ്ങനെയാണ് അവയെ വിളിക്കുക - ഉപയോഗം ത്വരിതഗതിയിൽ വികസിച്ചു. അവ കത്തിക്കുമ്പോൾ മുഖ്യമായും ഉണ്ടാകുന്നത് കാർബൺ ഡൈഓക്സൈഡ് ആണ്. അന്തരീക്ഷത്തിലേക്ക് ചെല്ലുന്ന അതിന്റെ അളവ് വർധിക്കാൻ തുടങ്ങി.
മുമ്പും ജീവികളുടെ ശ്വാസോച്ഛ്വാസത്തിൽ നിന്നും വിറകുകത്തിക്കുന്നതിൽ നിന്നും കൃഷിയിൽ നിന്നും ഒക്കെ ഉണ്ടാകുന്ന കാർബൺ ഡൈഓക്സൈഡ് അന്തരീക്ഷത്തിൽ എത്താറുണ്ടായിരുന്നു. എന്നാൽ സസ്യങ്ങൾ പ്രഭാസങ്കലനം വഴി അവയെ അന്തരീക്ഷത്തിൽ നിന്ന് വലിച്ചെടുത്ത് ജൈവദ്രവ്യമായി മാറ്റും. ഈ രണ്ടും ഏതാണ്ട് ഒരേ തോതിൽ നടന്നിരുന്നു. അതിനാൽ അന്തരീക്ഷത്തിലുണ്ടായിരുന്ന കാർബൺ ഡൈഓക്സൈഡിന്റെ അളവ് ഏതാണ്ട് സ്ഥിരമായി നിലനിന്നുപോന്നു. ഒരു മിശ്രിതത്തിൽ, ലായനിയിൽ ഒക്കെ അടങ്ങിയിരിക്കുന്ന വ്യത്യസ്ത ഘടകങ്ങളുടെ അളവ് പറയുക ``ഇത്രശതമാനം അതായത് 100 ൽ ഇത്ര എന്ന രീതിയിലാണ്. എന്നാൽ നേരിയ തോതിൽ മാത്രമുള്ള ഘടകങ്ങൾ കുറിക്കാൻ ഇന്ന് സാർവദേശീയമായി അംഗീകരിച്ച ചില രീതികളുണ്ട്. പത്തുലക്ഷത്തിൽ ഒന്ന് -പി.പി.എം (ppm-part per million), നൂറുകോടിയിൽ ഒന്ന് (പിപിബി-ppb- parts per billion) എന്നിവയാണവ. അന്തരീക്ഷ വായുവിലുള്ള കാർബൺ ഡൈ ഓക്സൈഡിന്റെ അളവിനെ ppm എന്ന രീതിയിലാണ് പറയുന്നത്. 18-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിവരെ ഇത് ഒട്ടൊക്കെ സ്ഥിരമായി 280 ppm എന്ന നിലവാരത്തിൽ തുടർന്നുപോന്നു. അപ്പോഴേക്കും വ്യാവസായിക ആവശ്യങ്ങൾക്കും മറ്റാവശ്യങ്ങൾക്കുമായി മനുഷ്യൻ പ്രതിദിനം കത്തിക്കുന്ന ഫോസിൽ ഇന്ധനത്തിന്റെ അളവ് വാണം പോലെ കുതിച്ചുയരാൻ തുടങ്ങി. ആ കുതിപ്പ് ഇന്നും നിലനിൽക്കുന്നു. ഫലമോ, അന്തരീക്ഷത്തിലേക്ക് വിസർജിക്കപ്പെടുന്ന കാർബൺ ഡൈഓക്സൈഡ് മുഴുവൻ തിരിച്ചു പിടിക്കാൻ സസ്യങ്ങൾക്ക് - മരങ്ങൾക്കും ചെടികൾക്കും പുല്ലുകൾക്കും പായലുകൾക്കും-കഴിയാതെയായി. അതിന്റെ ഫലമോ, അന്തരീക്ഷത്തിലേക്ക് വിസർജിക്കപ്പെടുന്ന കാർബൺ ഡൈഓക്സൈഡിന്റെ ഒരംശം അവിടെതന്നെ തങ്ങിനിൽക്കുന്നു എന്ന അവസ്ഥ സംജാതമായി. അങ്ങനെ അന്നേവരെ ഉണ്ടായിരുന്ന കാർബൺ ഡൈഓക്സൈഡിന്റെ അളവ് 280 ppm ആയിരുന്നത് ക്രമാനുഗതമായി വർധിക്കാൻ തുടങ്ങി. ഇന്നത് ഏതാണ്ട് 360 ppm വരെ എത്തി നിൽക്കുകയാണ്.
കാർബൺ ഡൈഓക്സൈഡിന്റെ അനുപാതം കൂടുന്ന മുറക്ക് അന്തരീക്ഷം ഭൂതലത്തിൽ നിന്നു വരുന്ന താപവികിരണത്തെ കൂടുതൽ കൂടുതൽ തടസ്സപ്പെടുത്തുന്നു. അതായത് കൂടുതൽ കൂടുതൽ ഊർജം ഉള്ളടക്കപ്പെടുന്നു. അതിന്റെ താപനില വർധിക്കുന്നു. തണുപ്പു രാജ്യങ്ങളിൽ പൂക്കളും പച്ചക്കറികളും വളർത്താനായി ഗ്ലാസ് ഹൗസുകൾ ഉണ്ടാക്കാറുണ്ട്. ഇവിടെയും പല നഴ്സറികളിലും അവ കാണാം. സൂര്യപ്രകാശം ഗ്ലാസിൽ കൂടെ അകത്ത് വരുന്നു. എന്നാൽ തിരിച്ചുള്ള വികിരണം, അതിന്റെ തരംഗദൈർഘ്യം കുറവായതിനാൽ ഗ്ലാസിലൂടെ കടന്നു പോകാനാകാതെ ഉള്ളിൽ അകപ്പെടുന്നു. ഉള്ളിലെ താപനില വർധിക്കുന്നു. ഇതുതന്നെയാണ് സോളാർ കുക്കറിന്റെ പ്രവർത്തനതത്വവും. അങ്ങനെ അന്തരീക്ഷത്തിൽ അകപ്പെടുന്ന ഊർജത്തിന്റെ അളവ് പടിപടിയായി കൂടാൻ തുടങ്ങി. താപനില ഉയരാൻ തുടങ്ങി. അതുമാദ്യമൊക്കെ നന്നേ തുച്ഛമായിരുന്നു. സൂക്ഷ്മമായി അളക്കാൻ പറ്റാത്തത്ര കുറവായിരുന്നു. അതിനാൽ അതിനെ ഒരു സിദ്ധാന്തം ആയി മാത്രമേ ആളുകൾ കണ്ടിരുന്നുള്ളൂ. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർധമായപ്പോൾ ഏറെക്കുറെ അളക്കാൻ പറ്റുന്ന നിലയിലേക്ക് അതിന്റെ അളവ് വർധിച്ചു. പ്രതിവർഷം നാം കത്തിക്കുന്ന ഇന്ധനങ്ങളുടേയും അതുവഴി അന്തരീക്ഷത്തിൽ എത്തിച്ചേരുന്ന കാർബൺ ഡൈ ഓക്സൈഡിന്റെയും അളവ് ഇന്ന് ഏതാണ്ട് കൃത്യമായി കണക്കാക്കാൻ കഴിയും. പ്രതിവർഷ വർധനവ് ഏതാണ്ട് 3-4 ppm ആണെന്ന് കണക്കാക്കിയിരിക്കുന്നു.
അന്തരീക്ഷതാപനില-അതിലെ ഊർജം- ഉയരുമ്പോൾ മുമ്പുണ്ടായിരുന്ന സന്തുലനങ്ങൾ അട്ടിമറിക്കപ്പെടുന്നു. പ്രാദേശിക ശരാശരിയ്ക്കുള്ളിൽ ഗണ്യമായ മാറ്റം വരുന്നു. അതിനാൽ വായുപിണ്ഡങ്ങളുടെ ചലനത്തിൽ -കാറ്റിൽ- മാറ്റം വരുന്നു. കാലാവസ്ഥയിൽ മാറ്റം വരുന്നു. അത് കൂടുതൽ അപ്രവചനീയമായിത്തീരുന്നു. കൂടുതൽ കൂടുതൽ കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും ഒക്കെ ഉണ്ടാകുന്നു. അവയുടെ രൗദ്രത - അവയിൽ അടങ്ങിയിട്ടുള്ള ഊർജത്തിന്റെ അളവ്- വർധിക്കുന്നു. ഇവയൊക്കെ ഇന്ന് സാധാരണക്കാർക്ക് കൂടി മനസ്സിലാകുന്നു. കാരണം ഈ മാറ്റങ്ങൾ അവർ നേരിട്ട് അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു. ശാസ്ത്രജ്ഞന്മാർക്ക് ഏതാണ്ട് 3-4 പതിറ്റാണ്ടു മുമ്പു തന്നെ ഇത് ബോധ്യമാകാൻ തുടങ്ങിയിരുന്നു. രാഷ്ട്രീയ നേതാക്കൾക്കു കൂടി, ഇതിൽ എന്തോ സത്യമുണ്ട് എന്നു ബോധ്യപ്പെട്ടപ്പോഴാണ് 1992ലെ ഭൗമ ഉച്ചകോടി വിളിച്ചു ചേർക്കപ്പെട്ടത്. ഇവിടെ ഒരുകാര്യം പറഞ്ഞു വെക്കട്ടെ. അന്തരീക്ഷ താപനത്തിന്- ആഗോളതാപനത്തിന്- ഉത്തരവാദിയായ, തടസ്സസൃഷ്ടിക്ക് ഏതാണ്ട് 60% മാത്രമേ കാർബൺ ഡൈഓക്സൈഡ് കാരണമാകുന്നുള്ളൂ. മീഥേൻ (20%), നൈട്രസ് ഓക്സൈഡ് (6%), ഹാലോണുകൾ (സി.എഫ്.സി-14%) എന്നിവയും കാരണക്കാരാണ്. അവയുടെ അളവും വർധിച്ചിട്ടുണ്ട്.
box 1982 നും 2005 നും ഇടയ്ക്കുള്ള വർധന: കാർബൺഡൈഓക്സൈഡ് 35% 280 ppm 360 ppm മിഥേൻ 150% 750 ppb 1750 ppb നൈട്രസ് ഓക്സൈഡ് 18% 260 ppb 310 ppb
മൊത്തത്തിൽ നോക്കുമ്പോൾ മുഖ്യഉത്തരവാദി കാർബൺ ഡൈഓക്സൈഡ് തന്നെയാണ്. ഇതിന്റെ അമ്പതു ശതമാനത്തിലധികം വിസർജനം നടത്തുന്നത് യു.എസ്.എയും യൂറോപ്പുമാണ്. ആളോഹരിക്കണക്കിൽ ഏറെ മുന്നിൽ നില്ക്കുന്നത് യു.എസ് തന്നെയാണ്. പ്രതിവർഷം 20 ടൺ. ആ സ്ഥാനത്ത് ശരാശരി ഇന്ത്യക്കാരന്റെ സംഭാവന 1.2-1.5 ടൺ മാത്രമാണ്. കഴിഞ്ഞ അരനൂറ്റാണ്ട് കാലത്ത് വിവിധ രാഷ്ട്രങ്ങളുടെ മൊത്തം ഉത്സർജനത്തിന്റെ കണക്കുകൾ നോക്കുക.
box ഹരിതഗൃഹവാതകങ്ങളുടെ ഉത്സർജനത്തിൽ ചില രാഷ്ട്രങ്ങളുടെ സംഭാവന (1950 - 2003) യു.എസ്. 26.77% യൂറോപ്യൻ യൂണിയൻ 21.51% ചൈന 9.57% റഷ്യൻ ഫെഡറേഷൻ 9.37% ജർമനി 5.72% ജപ്പാൻ 4.07% യു.കെ. 3.06% ഇന്ത്യ 2.53% ഉക്രെയ്ൻ 2.49% ഫ്രാൻസ് 2.27%
വികസ്വരരാജ്യങ്ങളുടെ ഊർജ ഉപഭോഗം ഇന്നത്തേതിന്റെ രണ്ടോ മൂന്നോ മടങ്ങായി വർധിച്ചാലെ എല്ലാവർക്കും ആവശ്യമായ ആഹാര വസ്ത്ര പാർപ്പിടാദികളും ആരോഗ്യ -വിദ്യാഭ്യാസ-വിനോദ വിശ്രമ സൗകര്യങ്ങളും ഉറപ്പുവരുത്താൻ കഴിയൂ. അതിനാൽ അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡിന്റെ അളവ് കുറച്ചു കൊണ്ടു വരുന്നതിന്റെ പൂർണമായ ഉത്തരവാദിത്തം വികസിത രാജ്യങ്ങൾക്കാണ്. വിശിഷ്യ അമേരിക്കക്ക്. ഈ ധാരണകളുടെ അടിസ്ഥാനത്തിൽ, ഒരു പതിറ്റാണ്ടു കാലത്തിനുള്ളിൽ ഈ രാജ്യങ്ങൾ അവയുടെ വിസർജിക്കുന്ന നിരക്ക് 1990ൽ ഉണ്ടായിരുന്ന നിലവാരത്തിലേക്ക് കുറച്ചു കൊണ്ടുവരണം എന്ന ഒരു ധാരണയും അതിനാവശ്യമായ പ്രവർത്തനങ്ങളും അടങ്ങുന്ന നടപടിക്രമമാണ് ക്യോട്ടോ പ്രോട്ടോക്കോൾ. കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ പഠിക്കാനായി ഒരു സാർവദേശീയ സമിതിക്കും രൂപം കൊടുത്തു (IGPCC). എന്നാൽ യു.എസ് അതിനോട് യോജിക്കാൻ കൂട്ടാക്കിയില്ല. അമേരിക്കയുടെ നയങ്ങളിൽ മാറ്റം വരുത്തുന്ന പ്രശ്നമേ ഉദിക്കുന്നില്ല എന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. അവരുടെ വിസർജന നിരക്ക് വർധിച്ചുകൊണ്ടേയിരുന്നു. യൂറോപ്പും ആദ്യത്തെ ഒരു ശ്രമത്തിന്ശേഷം പിന്നോട്ട്പോയി. എല്ലാ രാജ്യങ്ങളും ക്യോട്ടോ പ്രോട്ടോക്കോൾ അംഗീകരിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നെങ്കിൽ പോലും മൊത്തം വിസർജന നിരക്കിൽ ഗണ്യമായ കുറവ് വരുമായിരുന്നില്ല; നിരക്ക് ഗണ്യമായി വർധിക്കുമായിരുന്നില്ല എന്നേ ഉള്ളൂ. എന്നാൽ അപ്പോഴും അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡിന്റെ അളവ് വർധിച്ചുകൊണ്ടുതന്നെ വരും. അതിന്റെ മുഴുവൻ പ്രത്യാഘാതങ്ങളും അനുഭവപ്പെടാൻ ഒരു നൂറുകൊല്ലമെങ്കിലും പിടിക്കും.
ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ
സമുദ്രവിതാനം: ഭൂമിയിൽ അധികമായി അവശേഷിക്കുന്ന താപത്തിന്റെ ഏറിയ പങ്കും സമുദ്രത്തിലാണ് ഉൾക്കൊള്ളുന്നത്. അതിന്റെ ഫലമായി സമുദ്രജലത്തിന്റെ താപനില ഉയരുന്നു. അത് വികസിക്കുന്നു. സമുദ്രവിതാനം ഉയരുന്നു. ഇതോടൊപ്പം ധ്രുവപ്രദേശങ്ങളിൽ കുമിഞ്ഞു കൂടിയിരുന്ന ഐസ് ഉരുകി സമുദ്രത്തിൽ ചേരുന്നു. രണ്ടും കൂടി സമുദ്രവിതാനത്തിന്റെ ഉയർച്ച എന്ന പ്രതിഭാസം സൃഷ്ടിക്കുന്നു. അതിന്റെ ലക്ഷണങ്ങൾ ഇപ്പോൾ തന്നെ കണ്ടു തുടങ്ങിയിട്ടുണ്ട്. പതുക്കെപതുക്കെ തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. മാലി ദ്വീപ് മുഴുവൻ മുങ്ങിപ്പോകും. കുട്ടനാടും ആലപ്പുഴയും ഒക്കെ വെള്ളത്തിനടിയിൽ ആകും. ബംഗ്ലാദേശിൽ ഒന്നൊന്നരക്കോടി ജനങ്ങൾക്ക് മാറി താമസിക്കേണ്ടിവരും. ഏറ്റവും അധികം ജനസാന്ദ്രതയുള്ള തീരപ്രദേശങ്ങൾ ആകെ വെള്ളത്തിനടിയിൽ ആകും. ഇപ്പോൾ തുടക്കം കുറിച്ചിട്ടുള്ള പ്രക്രിയ, അതിന്റെ കാരണങ്ങൾ ഇന്നു തന്നെ പൂർണമായി ഇല്ലാതാക്കിയാലും, ഒരു നൂറ്റാണ്ടു കാലത്തേക്ക് തുടരും. ഇതാണ് ഇന്നത്തെ സാമാന്യ ധാരണ.
കാലാവസ്ഥ: കാലാവസ്ഥയുടെ താളം തെറ്റും. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വരൾച്ച കൂടും. മരുഭൂവത്കരണം നടക്കും. തെക്കും വടക്കും നീങ്ങിയ പ്രദേശങ്ങളിൽ മഴകൂടും. പലപ്പോഴും ശക്തമായ മഴ ഉണ്ടാകും. ആഫ്രിക്കക്കും ഏഷ്യക്കും കൂടുതൽ ദുരിതം. വടക്കെ അമേരിക്കക്കും യൂറോപ്പിനും കൂടുതൽ മഴ.
ധ്രുവപ്രദേശ താപനില: വർധിക്കുന്ന ശരാശരിയേക്കാൾ കൂടുതൽ വേഗത്തിൽ അവിടുത്തെ തണുപ്പ് കുറയുന്നു. താപതരംഗങ്ങൾ ഉണ്ടാകുന്നു. മഞ്ഞുരുകുന്നു. മഞ്ഞു മൂടിയ പ്രദേശ വിസ്തൃതി കുറയുന്നു. ഇതെല്ലാം നിരീക്ഷിക്കപ്പെട്ട പ്രതിഭാസങ്ങളാണ്.
ഹിമശേഖരങ്ങൾ: മലയിടുക്കുകളിലെ ഹിമശേഖരങ്ങൾ-ഹിമാനികൾ ശുഷ്കമായിക്കൊണ്ടിരിക്കുന്നു. ഹിമാലയത്തിലും ആൽപ്സിലും ഒക്കെ ഇത് കാണാം. ശുദ്ധജല സ്രോതസ്സുകളാണിവ. വേനൽക്കാലത്തെ ശുദ്ധജല ലഭ്യത കുറയുന്നു. ഗംഗ-യമുന തുടങ്ങി ഹിമാലയൻ മഞ്ഞുമലകളിൽ നിന്നുത്ഭവിക്കുന്ന നദികളിലെ വേനൽക്കാല നീരൊഴുക്കു വറ്റും.
ചുഴലിക്കാറ്റ്: അറ്റ്ലാന്റിക്ക് മേഖലയിലെ ചുഴലിക്കാറ്റുകളുടെ തീവ്രത വർധിക്കുന്നു. ഇതും നമ്മൾ കഴിഞ്ഞ 8-10 കൊല്ലമായി കാണുന്ന വസ്തുതകളാണ്. ഒറീസയിലെ സൂപ്പർ സൈക്ലോണിന്റെ ഓർമ ഇപ്പോഴും ഭീതിദമായി നിലനിൽക്കുന്നു.
IGPCCയുടെ നിരീക്ഷണങ്ങൾ
കാലാവസ്ഥാമാറ്റം ഒരു യാഥാർത്ഥ്യമാണ്. അതിന്റെ ഫലം കാണാനുണ്ട്. അടുത്ത 100 കൊല്ലത്തിൽ കഴിഞ്ഞ 100 കൊല്ലത്തേക്കാൾ തീവ്രമായിരിക്കും അത്.
പ്രകൃതിവ്യൂഹങ്ങൾ : ഏറെ മാറ്റം താങ്ങാൻ കഴിവുള്ളവയല്ല പ്രകൃതിവ്യൂഹങ്ങൾ. അവയാണ് ആദ്യം തകരുക.
കൃഷി: മണ്ണിലെ ജലാംശം കുറയും. കാലാവസ്ഥാ മാറ്റങ്ങൾ തീഷ്ണമാകും. വരണ്ടപ്രദേശം കൂടുതൽ വരളും. തണുപ്പുള്ള പ്രദേശങ്ങളിൽ കൂടുതൽ മഴ പെയ്യും. ഫലമോ ഒരു വശത്ത് വരൾച്ച മറുവശത്ത് വെള്ളപ്പൊക്കം. കൂടുതൽ തെക്കും വടക്കമുള്ള ഭാഗങ്ങൾ കൂടുതൽ ചൂടാകുന്നു.കാലവർഷം തെക്കോട്ടും വടക്കോട്ടും നീങ്ങുന്നു. മധ്യമേഖലയിലെ കാർഷികോത്പാദനം 10-30% കുറയുന്നു. വിളകളും ഭക്ഷ്യരീതികളും മാറ്റേണ്ടി വരും. കീടങ്ങളും രോഗങ്ങളും വർധിക്കും- ഉൽപ്പാദനക്ഷമത കുറയും.
ജലസ്രോതസ്സുകൾ: കാലാവസ്ഥാ മാറ്റമില്ലാതെ തന്നെ ശുദ്ധജലം പ്രശ്നമായിക്കൊണ്ടിരിക്കയാണ്. കാലാവസ്ഥാമാറ്റം, വർഷപാതം, ബാഷ്പീകരണം എന്നിവയിൽ മാറ്റം വരുത്തുന്നു. മനുഷ്യരുടേയും സസ്യങ്ങളുടെയും പരിസ്ഥിതിയുടേയും മേലുള്ള മർദം വർധിക്കും. കൃഷിയെ തകരാറിലാക്കും. ജലവൈദ്യുതി ഉൽപാദനത്തെയും ബാധിക്കും.
പരിസ്ഥിതി വ്യൂഹങ്ങൾ: വനമേഖലകൾ ധ്രുവപ്രദേശങ്ങളിലേക്ക് നീങ്ങും. വമ്പിച്ച തോതിലുള്ള മാറ്റം സസ്യജന്തു സമൂഹങ്ങളെ ബാധിക്കുന്നതാണ്. അതിവേഗത്തിലുള്ള മാറ്റത്തിനൊപ്പം മാറാൻ പരിസ്ഥിതിവ്യൂഹങ്ങൾക്ക് കഴിയുന്നതല്ല. നിരവധി സ്പീഷിസുകൾ അന്യം വരും. ജീവി വൈവിധ്യം കുറയും.
മത്സ്യസമ്പത്ത്: ഇന്നുതന്നെ പലതരം മത്സ്യങ്ങൾ മുമ്പുണ്ടായിരുന്ന സ്ഥലത്ത് കാണുന്നില്ല. മറ്റിടങ്ങളിലേക്ക് അവ നീങ്ങിയിരിക്കുന്നു. സാൽമൺ മത്സ്യം ഒരു ഉദാഹരണമാണ്. അത് ധ്രുവ പ്രദേശങ്ങളിലേക്ക് നീങ്ങിയിരിക്കുന്നു.
ജന്തുസമ്പത്ത്: കീടങ്ങൾ നട്ടെല്ലില്ലാത്ത ജീവികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, പവിഴപ്പുറ്റുകൾ, പക്ഷികൾ എല്ലാറ്റിനെയും കാലാവസ്ഥാ മാറ്റം പ്രതികൂലമായി ബാധിക്കും.
കാലാവസ്ഥാ മാറ്റത്തിന്റെ ദോഷഫലങ്ങൾ ഏറ്റവും അധികം അനുഭവപ്പെടുന്നത് വികസ്വര രാജ്യങ്ങളിലായിരിക്കും. അവ മിക്കവയും ഇപ്പോൾ തന്നെ വരൾച്ച, വെള്ളപ്പൊക്കം എന്നീ ദ്വന്ദ്വ ദുരിതം അനുഭവിക്കുന്നവയാണ്. അവയുടെ സമ്പദ്വ്യവസ്ഥയാകട്ടെ ഗണ്യമായ തോതിൽ കാലാവസ്ഥയെ ആശ്രയിക്കുന്നു. കാലാവസ്ഥാ മാറ്റങ്ങൾ നേരിടാൻ അവയ്ക്ക് കൂടുതൽ പ്രയാസമാണ്. കാരണം അവ ദരിദ്രങ്ങളാണ്. സാങ്കേതിക ശേഷിയും ഇല്ല. അങ്ങനെ ദരിദ്രരാജ്യങ്ങളെ അത് കൂടുതൽ തീക്ഷ്ണമായി ബാധിക്കുന്നു. ഭക്ഷ്യലഭ്യത, ശുദ്ധജല ലഭ്യത, ആരോഗ്യം - എല്ലാ മേഖലയിലും അസമത്വം വർധിപ്പിക്കും. വിപണികളെയും ദോഷകരമായി ബാധിക്കും. എന്നാൽ വികസിത രാജ്യങ്ങൾക്ക് രക്ഷപ്പെടാനാകുമോ? ഇല്ലെന്നാണ് മറ്റു പല പഠനങ്ങളും കാണിക്കുന്നത്.
പ്രതിരോധം : പരോക്ഷ നടപടികൾ
ഒരു വശത്ത് ആഗോള താപനം സൃഷ്ടിക്കുന്ന ഉൽപാദന പ്രതിസന്ധിയും പ്രകൃതികോപങ്ങളും, മറുവശത്ത് വർധിച്ച വിഭവശോഷണവും ഉപഭോഗവും സൃഷ്ടിക്കുന്ന ദുരന്തം. ഇത് ഒഴിവാക്കാൻ പറ്റുമോ? പരിഹാര നടപടികൾ കൈക്കൊള്ളാൻ വൈകുന്തോറും പരിഹാര സാധ്യത കുറയുന്നതാണ് - ഭൗതികവും സാമൂഹികവുമായ കാരണങ്ങൾകൊണ്ട്. എന്തുകൊണ്ടാണ് അമേരിക്കയും യൂറോപ്പും തങ്ങളുടെ കാർബൺവിസർജനം കുറച്ചുകൊണ്ടുവരാത്തത്? അവിടത്തെ ജനങ്ങളുടെയും ഗവൺമെന്റിന്റെയും സവിശേഷമായ ദുഷ്ടത കൊണ്ടാണോ? അങ്ങനെ പറയാൻ പറ്റില്ല. പക്ഷെ ഒന്നു പറയാൻ കഴിയും ഈ രാജ്യങ്ങളിൽ - മറ്റു ലോകരാജ്യങ്ങളിലും - നിലനിൽക്കുന്ന മുതലാളിത്തവ്യവസ്ഥയ്ക്കുള്ളിൽ അവർക്ക് അത് കഴിയുന്നതല്ല. മുതലാളിത്ത വ്യവസ്ഥ മാറിയേ തീരൂ. കാരണം മുതലാളിത്ത വ്യവസ്ഥയുടെ അടിത്തറ തന്നെ സദാ വികസിച്ചു വരുന്ന മൂലധനമാണ്. അതിനാകട്ടെ മിച്ച മൂല്യോൽപാദനം തുടർച്ചയായി വർധിക്കണം. അതിനാകട്ടെ ചരക്കുകളുടെയും സേവനങ്ങളുടെയും ഉൽപ്പാദനവും വിനിമയവും ഉപഭോഗവും തുടർച്ചയായി വർധിച്ചു കൊണ്ടുവരണം.വർധിച്ച ഉൽപാദനം വർധിച്ച വിഭവശോഷണത്തിലേക്കും വർധിച്ച മാലിന്യ വിസർജനത്തിലേക്കും നയിക്കുന്നു. അങ്ങനെയല്ലാതെ മുതലാളിത്തത്തിന് നിലനില്ക്കാൻ കഴിയില്ല.
ദുരന്തം ഒഴിവാക്കുന്നതിനും അതിന്റെ ആഘാതം കുറയ്ക്കുന്നതിനും അവശ്യം ഒരു മുൻ ഉപാധിയാണ്, മുതലാളിത്തം അവസാനിപ്പിക്കുക എന്നത്. അതുകൊണ്ടു മാത്രമായില്ല അതിനെ തുടർന്ന് വരുന്ന സമൂഹം ഉപഭോഗത്തെ യാന്ത്രികമായി കാണുന്ന ഒന്നാകരുത്. പല വസ്തുക്കളുടെയും ഉപഭോഗം ഭൗതികമോ ഭൗതികേതരമോ ആയ ജീവിത ഗുണത മെച്ചപ്പെടുത്തുന്നതിന് ഉപകരിക്കുന്നില്ല. പലവയും അതിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. അതിനാൽ പുതിയ സമൂഹത്തിൽ ഉൽപാദനം നടത്തുന്നത് ക്ഷേമമൂല്യങ്ങൾ ഉൽപാദിപ്പിക്കാനായി മാത്രമായിരിക്കും. പൊങ്ങച്ച മൂല്യങ്ങളും നശീകരണമൂല്യങ്ങളും (ആയുധങ്ങൾ, മയക്കുമരുന്നുകൾ...) ഉൽപാദിപ്പിക്കുന്നതായിരിക്കില്ല. മുതലാളിത്തത്തെ പൂർണമായി നിഷ്കാസനം ചെയ്ത് തൽസ്ഥാനത്ത് പുതിയ ഒരു സമൂഹം സ്ഥാപിക്കുക എന്നത് പ്രായോഗികമായി സാധ്യമല്ല. എല്ലാ പുതിയ സമൂഹങ്ങളും പഴയ സമൂഹങ്ങളുടെ ഉള്ളിൽ തന്നെ മുളപൊട്ടിയവയാണ്. അവയുടെ വളർച്ചയുടെ ഒരു ഘട്ടത്തിലാണ് പഴയ സമൂഹം പൊളിക്കുകയും പുതിയ സമൂഹം നിർണായക സ്ഥാനത്തെത്തുകയും ചെയ്യുന്നത്. എന്നാൽ അത് `സ്വമേധയാ' രൂപം കൊള്ളുന്ന ഒന്നായിരിക്കില്ല, ബോധപൂർവം രൂപപ്പെടുത്തുന്ന ഒന്നായിരിക്കും.
പക്ഷെ ആർ ഇത് പ്രാവർത്തികമാക്കും? എങ്ങനെ? അമേരിക്കകത്തും ഇന്ത്യയ്ക്കകത്തും ലോകത്തിലെ മറ്റു രാജ്യങ്ങൾക്കകത്തും മുതലാളിത്തത്തിൽ നിന്ന് വ്യത്യസ്തമായ പ്രാദേശിക സമ്പദ്വ്യവസ്ഥകളും സമൂഹവും എങ്ങനെ കെട്ടിപ്പടുക്കാൻ കഴിയും? ബലപ്രയോഗത്തിലൂടെ ഇതിന് സാധ്യമല്ല. അമേരിക്ക, സൈനികമായി അജയ്യമാണ്. പക്ഷെ സാമ്പത്തികമായി അതിന്റെ അടിത്തറ ദുർബലമാണ്. അവരുണ്ടാക്കുന്ന ചരക്കുകൾ പ്രത്യേകിച്ച് പൊങ്ങച്ച ചരക്കുകളും സൈനിക ചരക്കുകളും നാം വാങ്ങി, നമ്മുടെ പോക്കറ്റിലുള്ള പണം അവരുടെ പോക്കറ്റിലെത്തിയാൽ മാത്രമേ അതിന് നിലനിൽക്കാനാകൂ. അവ വാങ്ങണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് നമ്മളാണ്.
ആദ്യം നമുക്ക് ഇന്ത്യാ രാജ്യമെടുക്കുക. ഇന്ത്യയിലെ ജനങ്ങളുടെ അതിജീവനത്തിന് ആവശ്യമായ ആഹാര വസ്ത്ര പാർപ്പിടാദികളും, ആരോഗ്യ വിദ്യാഭ്യാസ-വിനോദ-വിശ്രമാദികളും ഉറപ്പുവരുത്താൻ ഇന്ന് ഒരു വിദേശ രാജ്യത്തിന്റെയും ഒരു സഹായവും വേണ്ട. എല്ലാം നമുക്ക് തന്നെ ഉണ്ടാക്കാൻ കഴിയും ഈ അവസ്ഥയിൽ എന്തു വാങ്ങണം, എങ്ങനെ വാങ്ങണം, ഏതു നിബന്ധനക്കുള്ളിൽ എന്നൊക്കെ തീരുമാനിക്കാൻ നമുക്ക് അവകാശമുണ്ട്. അമേരിക്കക്കാർ ഉപഭോഗിക്കുന്ന പൊങ്ങച്ചമൂല്യങ്ങൾ അതേ പടി ഉണ്ടാക്കാൻ നമുക്ക് പറ്റില്ല. പക്ഷെ ഇന്ത്യയിൽ പ്രത്യേകിച്ചും അതിന്റെ നഗരങ്ങളിൽ അമേരിക്കക്കാരെ പോലെ ജീവിക്കുന്നവരുണ്ട്. മൊത്തം ജനസംഖ്യയുടെ 10-15 ശതമാനം. അവരുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തലാണ് ഇന്ത്യാ ഗവൺമെന്റിന്റെ ഉത്തരവാദിത്തം എങ്കിൽ അമേരിക്കക്കു കീഴടങ്ങുകയേ നിവൃത്തിയുള്ളൂ. അതേ പോലെ അയൽരാജ്യങ്ങളുമായി ശത്രുത നിലനിർത്തണമെന്നത് അമേരിക്കയുടെയും വികസിത രാജ്യങ്ങളുടെയും ഇന്ത്യയിലെതന്നെ ഒരു ന്യൂനപക്ഷത്തിന്റെയും താൽപര്യമാണ്. ഇന്ത്യൻ ഭരണകൂടം അവരുടെതാണ്. അവരുടെ താൽപര്യസംരക്ഷണത്തിന്റെതാണ്. പുതിയ മൂല്യബോധത്തോടും ദിശാബോധത്തോടും കൂടിയ ഒരു ഭരണകൂടം ഇന്ത്യയിൽ വന്നാലേ ഈ ദിശയിൽ അത് മുൻകൈ എടുക്കുകയുള്ളൂ. അങ്ങനെ ഒരു ഭരണകൂടം, ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളുടെ താൽപര്യം പ്രതിനിധാനം ചെയ്യുന്ന ഒരു ഭരണകൂടം ഇവിടെ അടുത്ത ഭാവിയിലൊന്നും സ്ഥാപിക്കപ്പെടുന്നതിന്റെ ലക്ഷണം കാണുന്നില്ല.
ഇത് ഇന്ത്യയിലെ മാത്രം അവസ്ഥയല്ല. ലോകത്തെമ്പാടും ഇതു തന്നെയാണ് സ്ഥിതി. ഇതിനെതിരായി രണ്ടു തരം പ്രസ്ഥാനങ്ങളാണ് ഇന്ന് ബഹുജനങ്ങൾക്കിടയിൽ വളർന്നു വരുന്നത്. ഒന്ന് ബഹിഷ്കരണ പ്രസ്ഥാനം. ഇതിൽ അമേരിക്കയിലും മറ്റു വികസ്വര രാജ്യങ്ങളിലും അവയുടെ നിയന്ത്രണത്തിലും ഉണ്ടാക്കുന്ന ഉൽപന്നങ്ങളുടെ ബഹിഷ്ക്കരണം. അവശ്യം വേണ്ട യഥാർത്ഥക്രയമൂല്യമുള്ള സാധനങ്ങൾ സ്വയം ഉൽപ്പാദിപ്പിക്കുക അല്ലെങ്കിൽ മറ്റു വികസ്വര രാജ്യങ്ങളിൽ നിന്ന് നേടുക, പൊങ്ങച്ച മൂല്യമുള്ളവ തീരെ ഉപയോഗിക്കുകയില്ലെന്നു സ്വയം തീരുമാനിക്കുക. കാരണം അവയുടെ ഉപഭോഗം വിഭവത്തെ ശോഷിപ്പിക്കുന്നു, മാലിന്യം വർധിപ്പിക്കുന്നു.
രണ്ട്: പ്രാദേശിക സമ്പദ്വ്യവസ്ഥകളെ ശക്തിപ്പെടുത്തിക്കൊണ്ടു വരിക. ദേശീയ സമ്പദ്വ്യവസ്ഥയുമായുള്ള അതിന്റെ ബന്ധം കീഴാളത്തത്തിൽ നിന്ന് തുല്യപങ്കാളിത്തത്തിലേക്ക് ഉയർത്തുക. സാർവദേശീയ സമ്പദ്വ്യവസ്ഥയുമായുള്ള ബന്ധവും നമ്മുടെ നിയന്ത്രണത്തിലാക്കുക.
ഇത് പ്രായോഗികമാണോ എന്ന ചോദ്യം ഉന്നയിച്ചേക്കാം. ഇന്ന് മാനവരാശിയുടെ പക്കൽ ലഭ്യമായ ശാസ്ത്രസാങ്കേതികവിദ്യകൾ ഉപയോഗിച്ച് എല്ലാ മനുഷ്യർക്കും ആവശ്യമുള്ള ആഹാര, വസ്ത്ര, പാർപ്പിടാദികളും ക്ഷേമമൂല്യങ്ങളും ഉൽപ്പാദിപ്പിക്കാൻ കഴിയും. മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായ സാമൂഹിക പ്രസ്ഥാനങ്ങൾ തങ്ങൾക്ക് ലഭ്യമായ അറിവുകളും കഴിവുകളും മറ്റുള്ളവരുമായി പങ്കിടുക എന്ന ഒരു പ്രസ്ഥാനം ആരംഭിക്കാം. അതിന് താത്വികമോ പ്രായോഗികമോ ആയ ഒരു തടസ്സവും ഇല്ല. ഇത് സ്വകാര്യ സ്വത്താക്കി വെച്ചിരിക്കുന്ന അറിവിനെ പോലും പൊതുസ്വത്താക്കി മാറ്റുന്നതിനുള്ള പരിപാടിയാക്കി മാറ്റാം. ഒരു പുതിയതരം നിയമ നിഷേധ പ്രസ്ഥാനം. പേറ്റന്റ് അവകാശങ്ങളും ബൗദ്ധികസ്വത്ത് അവകാശങ്ങളും കോപ്പി റൈറ്റ് അവകാശങ്ങളും നിഷേധിക്കുന്ന ഒരു പ്രസ്ഥാനം. ഇവ ഉപയോഗിച്ച് പ്രാദേശിക സമ്പദ്വ്യവസ്ഥകൾ ശക്തിപ്പെടുത്തുന്ന ഒരു പ്രസ്ഥാനം. ഭൗതിക ഉൽപ്പാദനം വർധിപ്പിക്കുന്നതിന് പുറമെ സാമൂഹിക സുരക്ഷാസംവിധാനങ്ങൾ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രസ്ഥാനം. ക്ലബ് ഓഫ് റോം പ്രവചിച്ച, ആഗോളതാപനം ഉറപ്പു വരുത്തുന്ന പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ ദുരന്തങ്ങളിലൂടെ കടന്നു പോകുമ്പോഴും, ജനസംഖ്യയിൽ ഗണ്യമായ കുറവ് വരുമ്പോഴും - അതായത് കോടിക്കണക്കിന് ആളുകൾ മരിക്കുമ്പോഴും - ആർജിത മാനവസത്ത അതായത് അറിവും കഴിവും സംസ്കൃതിയും, പൂർണമായി നഷ്ടപ്പെടാത്ത, പുതിയൊരു തുടക്കത്തിന് സാധ്യമായ വിധത്തിൽ അവയെ സംരക്ഷിക്കുന്നതിനും ആഗോളതലത്തിൽ മാനവസത്ത പങ്കിടുന്നതിലൂടെ പ്രാദേശിക സമൂഹങ്ങളുടെ ശൃംഖലയ്ക്ക് കഴിഞ്ഞേക്കാം.
കേരളത്തിൽ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി പരീക്ഷിച്ചുകൊണ്ടിരിക്കുന്ന വികേന്ദ്രീകൃത ജനാധിപത്യത്തിനും ജനകീയാസൂത്രണത്തിനും ഇത്തരത്തിലുള്ള ഉദാത്തവും ദൂരവ്യാപകവും ആയ ഉള്ളടക്കം നൽകാൻ കഴിയുകയാണെങ്കിൽ, തദ്ദേശ സ്വയംഭരണത്തെ പൂർണമായ അർത്ഥത്തിൽ യാഥാർത്ഥ്യമാക്കാൻ കഴിയുകയാണെങ്കിൽ, മാനവചരിത്രത്തിന്റെ പുതിയൊരു അധ്യായം ഇവിടെ നിന്ന് ആരംഭിക്കാൻ കഴിഞ്ഞേക്കും.
പ്രതിരോധം: പ്രത്യേക നടപടികൾ
പ്രത്യക്ഷ നടപടികൾ രണ്ടുതരത്തിൽപെടുന്നു: ഒന്ന് അന്തരീക്ഷത്തിലേക്കുള്ള കാർബൺ ഡൈഓക്സൈഡ് അടക്കമുള്ള ഹരിതഗൃഹ വാതകങ്ങളുടെ വിസർജനം നേരിട്ടു കുറക്കുക. രണ്ട്: അന്തരീക്ഷത്തിൽ കുമിഞ്ഞു കൂടിയിട്ടുള്ള കാർബൺഡൈ ഓക്സൈഡിനെ തിരിച്ചു പിടിക്കുക.
ആദ്യത്തേതിലെ പ്രധാനഘടകങ്ങൾ
1. ഇന്ധന ഉപഭോഗം കുറയ്ക്കുക
2. ഹരിതഗൃഹവാതകങ്ങൾ പുറത്തുവിടുന്നത് അനിവാര്യമാക്കുന്ന ചരക്കുകളുടെ ഉൽപ്പാദനവും ഉപഭോഗവും കുറയ്ക്കുക. ഈ രണ്ടാമത്തേതാണ് മുൻ ഖണ്ഡികയിൽ ചർച്ച ചെയ്തത്.
ഒരു യൂണിറ്റ് ഉൽപന്നം ഉണ്ടാക്കാനോ സേവനം നൽകാനോ ആവശ്യമായി വരുന്ന കാർബൺ ഡൈഓക്സൈഡ് വിസർജനത്തിന് അതിന്റെ കാർബൺ കാല്പാട് (carbon foot print )എന്നു പറയാം. കാർബൺ കാല്പാട് പരമാവധി കുറക്കുന്ന തരത്തിൽ സ്വന്തം ഉപഭോഗത്തെ ക്രമീകരിക്കാം. സി.എഫ്.എൽ ഉപയോഗിക്കുക, ഓഫീസിലേക്ക് നടക്കുക. എ.സി യുടെ ഉപയോഗം കുറയ്ക്കുക എന്നിങ്ങനെ പലതും. എന്നാൽ ഒരു സമൂഹം എന്ന നിലയ്ക്ക് കേരളത്തിന് നേതൃത്വപരമായ പങ്ക് വഹിക്കാൻ രണ്ടു മേഖലകൾ ഉണ്ട്.
ഗാർഹിക ഇന്ധന ഉപഭോഗം പരമാവധി കുറയ്ക്കുക
ഇന്ന് കേരളത്തിൽ 65 ലക്ഷത്തോളം വീടുകളുണ്ട്. 35 ലക്ഷം വീടുകളിൽ ഗ്യാസോ വൈദ്യുതിയോ ആണ് പാചകത്തിന് ഉപയോഗിക്കുന്നത്. അവയിൽ പലതിലും വിറകടുപ്പുകളുണ്ട്. 30 ലക്ഷം വീടുകളിൽ വിറകടുപ്പേ ഇന്നുള്ളൂ. അവയിൽ 4 - 5 ലക്ഷം വീടുകളിൽ ദക്ഷത കൂടിയ അടുപ്പുകൾ ഉണ്ട്. നാലോ അഞ്ചോ ലക്ഷം വരുന്ന വീടുകൾ എട്ടോ പത്തോ കൊല്ലത്തിനുള്ളിൽ ഗ്യാസിലേക്ക് മാറിയേക്കാം ഏതായാലും 20 ലക്ഷം വീടുകളിലെങ്കിലും ദക്ഷത കുറഞ്ഞ അടുപ്പുകൾ ഉണ്ടായിരിക്കും. ഒരു പഞ്ചായത്തിൽ ശരാശരി 1500-2500 വീടുകളിൽ ദക്ഷത കുറഞ്ഞ അടുപ്പുകളുപയോഗിക്കുന്നു. 4-5 ആളുള്ള ഒരു വീട്ടിൽ 25-30 ടൺ വിറക് കത്തിക്കുന്നു. ഇത്രയും വിറക് കത്തിക്കുമ്പോൾ അഞ്ച് ആറ് ടൺ കാർബൺ അന്തരീക്ഷത്തിലേക്ക് വിസർജിക്കപ്പെടുന്നു. പലതരം ദക്ഷത കൂടിയ അടുപ്പുകൾ ഇന്ന് ലഭ്യമാണ്. അവ ഉപയോഗിച്ചാൽ വിറകിന്റെ ഉപയോഗം പകുതിയിൽ താഴെയായി കുറയ്ക്കാം. പരിഷത്തിന്റെയോ മറ്റുള്ളവരുടെയോ ചൂടാറാപ്പെട്ടികൾ ശാസ്ത്രീയമായി ഉപയോഗിച്ചാൽ വിറകിന്റെ ആവശ്യം പിന്നെയും 10-15 ശതമാനം കുറയ്ക്കാവുന്നതാണ്. ആകെ 60 ശതമാനം കുറവു വരുത്താവുന്നതേയുള്ളു. വീടുകൾക്ക് പ്രതിവർഷം ഒന്നൊന്നൊര ടൺ വിറക് ലാഭിക്കാം. ഏതാണ്ട് 2000 രൂപയുടെ ലാഭം. അടുപ്പിനും ചൂടാറാപ്പെട്ടിക്കും കൂടി 1500 രൂപയിലധികം വരില്ല. ദക്ഷത കൂടിയ അടുപ്പിന് മറ്റൊരു മെച്ചം കൂടിയുണ്ട്. അടുക്കളയിലെ പുകയുടെ അളവ് കുറയ്ക്കുന്നു. വിറകിന്റെ ദഹനം അപൂർണമാകുമ്പോഴാണ് അതുണ്ടാകുന്നത്. ഇതാകട്ടെ ആരോഗ്യത്തിനേറെ ഹാനികരവും. അധികമായാൽ മരണത്തിന് തന്നെ കാരണവും ആകാം. സ്ത്രീകൾക്കിടയിലെ വ്യാപകമായ അനീമിയയുടെ ഒരു കാരണം അടുക്കളയിലെ പുകവാതകങ്ങളുടെ ആധിക്യമാണ്. ദക്ഷത കൂടിയ അടുപ്പിന്റെ അധിക മേൻമയാണ് ഇത് കുറയ്ക്കുക എന്നത്. മാത്രമല്ല ഒരു വീട്ടിൽ ഒരു വർഷം പുറത്തു വിട്ടിരുന്ന കാർബൺ ഡൈഓക്സൈഡ് 5- 6 ടണിൽ നിന്ന് 2-2.5 ടൺ ആയി കുറയുന്നു. 3 ടൺ കുറവ്. 20ലക്ഷം വീടുകളിൽ ദക്ഷത കൂടിയ അടുപ്പ് സ്ഥാപിച്ചാൽ കാർബൺ ഡൈഓക്സൈഡ് വിസർജനം 60 ലക്ഷം ടൺ കുറയുന്നു. ഇന്ത്യയാകെ എടുത്താൽ 15 കോടി വീടുകളിലായി പ്രതിവർഷം 40 - 50 കോടി ടൺ വിറകും ചാണകവറളിയും (ഇത് ഏതാണ്ട് 40 ശതമാനം വരും). കത്തിക്കുന്നത് എല്ലാ വീടിലും ദക്ഷത കൂടിയ അടുപ്പാക്കിയാൽ വിറകിന്റെ ഉപയോഗം 35 കോടി ടണ്ണിൽ നിന്ന് 15 കോടി ടൺ ആയി കുറയും.10 കോടി ടൺ ഉണങ്ങിയ ചാണകം വളമായി ലാഭിക്കാം. ഇതിനു പുറമെ അന്തരീക്ഷത്തിലേക്ക് വിസർജിക്കുന്ന കാർബൺ ഡൈ ഓക്സൈഡിൽ 40 കോടി ടണ്ണിന്റെ കുറവു വരും. ഇത് ഭീമമായ ഒരു തുകയാണ്. ലളിതമാണ് സാങ്കേതികവിദ്യ-ചെലവും നിസ്സാരമാണ്. വേണ്ടത് ഇച്ഛാശക്തിയും സംഘടിത പ്രസ്ഥാനവും ആണ്. സാക്ഷരതയുടെ കാര്യത്തിലെന്നപോലെ ഇതിലും ഭാരതത്തിന് വഴികാട്ടിയാകാൻ കേരളത്തിന് കഴിയും; കഴിയേണ്ടതാണ്.
തിരിച്ചുപിടിക്കൽ
ഇതിനകം അന്തരീക്ഷത്തിൽ അധികമായി എത്തിപ്പെട്ടിട്ടുള്ളതും ഇനിയും എത്താവുന്നതുമായ കാർബണിന്റെ അളവ് ഭീമമാണ്. ഭൂമിക്കടിയിൽ ഉണ്ടായിരുന്ന കൽക്കരിയിലും എണ്ണയിലും ഉള്ള കാർബൺ മുഴുവൻ സ്വതന്ത്രമായി അന്തരീക്ഷത്തിലേക്ക് വിട്ടിരിക്കയാണ്. തിരിച്ചുപിടിക്കാനായി പല എഞ്ചിനീയറിങ്ങ് വിദ്യകളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്്. പക്ഷെ അവയൊന്നും പ്രായോഗികമല്ല.
ഇവിടെ രസാവഹമായ ചില വസ്തുതകൾ മനസ്സിലാക്കേണ്ടതുണ്ട്. ജീവന്റെ ആവിർഭാവത്തിനു മുമ്പ് ഭൗമാന്തരീക്ഷത്തിൽ സ്വതന്ത്ര ഓക്സിജൻ ഉണ്ടായിരുന്നില്ല. കാർബൺ ഡൈ ഓക്സൈഡേ ഉണ്ടായിരുന്നുള്ളു. സസ്യങ്ങൾ രൂപം കൊള്ളുകയും ലോകമാകെ കാടുകൊണ്ട് നിറയുകയും ചെയ്തപ്പോൾ അന്തരീക്ഷത്തിലെ കാർബണിന്റെ ഒരംശം തടികളിലും കൊമ്പുകളിലും ഇലകളിലുമായി സ്ഥിരീകരിക്കപ്പെട്ടു. പിന്നീട് ഒരു ഘട്ടത്തിൽ ഇവയെല്ലാം ഭൂമിക്കടിയിൽ പോയി കോടിക്കണക്കിനുകൊല്ലം കൊണ്ട് അവ കൽക്കരിയും എണ്ണയും ഒക്കെയായി അവിടെ ഉറഞ്ഞുകിടന്നു. ഭൂതലത്തിൽ വീണ്ടും കാടുകൾ വളർന്ന് അവ വീണ്ടും അന്തരീക്ഷത്തിൽ നിന്ന് കാർബൺ വലിച്ചെടുത്തു. അങ്ങനെ പുതിയ അന്തരീക്ഷം രൂപം കൊണ്ടു. 280 ppm കാർബൺ ഡൈഓക്സൈഡ്. ആ സന്തുലനമാണ് തകരാറിലായത്. ഭൂമിക്കടിയിൽ ഉറച്ചു കിടന്നിരുന്ന കാർബണിനെ വീണ്ടും അന്തരീക്ഷത്തിൽ എത്തിച്ചിരിക്കുകയാണ്. അതിനെ അവിടെ നിന്ന് തിരിച്ചെടുക്കണം. കൽക്കരിയേക്കാൾ കാലം പിടിക്കും. പക്ഷെ കെട്ടിടത്തിന്റെ കൂര, ചുമർ, തറ, മതിൽ, ജനൽ അങ്ങനെ പല രൂപത്തിലും അവയെ സ്ഥിരീകരിക്കാം. ഭൂഗോളാടിസ്ഥാനത്തിൽ ഒരു വൻ വൃക്ഷവൽക്കരണ പരിപാടിയെപ്പറ്റി ആലോചിക്കാം. ശുഷ്കവനങ്ങൾ പുഷ്ടിപ്പെടുത്താം. തരിശു ഭൂമികളിൽ മരം നടാം. പുൽത്തകിടികളുടെയും ധാന്യവയലുകളുടെയും ഒരു ഭാഗം ഭക്ഷ്യമരങ്ങൾ നടാം. പ്ലാവ്, കടപ്ലാവ്, മാവ്, നെല്ലി... മുതലായവ. വളരുന്നു. മറ്റു സ്പീഷിസുകളും നടാം. ഭൂഗോളത്തിലെ ജീവനായി നിൽക്കുന്ന ജൈവ ദ്രവ്യഖനി ഇരട്ടിപ്പിക്കാം. പിന്നീടവയെ വെട്ടിമാറ്റി, നിർമാണഘടകങ്ങളാക്കി സ്ഥിരീകരിക്കാം. ഒഴിവു വരുന്ന ഇടങ്ങളിൽ പിന്നെയും നടാം. അങ്ങനെ അന്തരീക്ഷത്തിൽ അധികമായി എത്തിച്ചേർന്ന കാർബണിനെ തടിയുടെ രൂപത്തിൽ തിരിച്ചെടുത്ത് നിർമാണഘടകങ്ങളുടെ രൂപത്തിൽ സ്ഥിരീകരിക്കാം. ഒപ്പം ഭക്ഷണവും ഉണ്ടാകും. കാലാവസ്ഥാ മാറ്റം പല പ്രദേശങ്ങളെയും ധാന്യക്കൃഷിക്ക് പറ്റാതാക്കുന്നു. അവയിൽ പല സ്ഥലത്തും ഭക്ഷ്യമരങ്ങളും മൃദുമരങ്ങളും വെച്ചു പിടിപ്പിക്കാവുന്നതാണ്. മൃദുമരങ്ങളെ കടുപ്പമുള്ള മരമാക്കാൻ വേണ്ട ടെക്നോളജി ഇന്നുണ്ട്.
ഇതിനും കേരളത്തിൽ ഒരു തുടക്കം കുറിക്കാം. ഉദ്ദേശം 4 ലക്ഷം ഹെക്ടർ ശുഷ്കവനങ്ങളുണ്ടിവിടെ. അവിടെ നിന്നാരംഭിക്കാം. ആ പ്രദേശങ്ങളിലെ വൃക്ഷസാന്ദ്രത പരമാവധി വർധിപ്പിക്കാം. ഒരു ഹെക്ടറിൽ പുതുതായി 100 മരത്തൈകൾ നട്ടാൽ 4 കോടി തൈകളാകും. അവ വളരട്ടെ. വളർത്താനായി പങ്കാളിത്ത വനവൽക്കരണത്തെ ശക്തിപ്പെടുത്തട്ടെ. അതിൽ നിന്നുള്ള കായ്ഫലങ്ങൾക്ക് പട്ടയം നൽകാം. തൽക്കാലം അസാധാരണമായ പരിതസ്ഥിതിയാണ് നാം നേരിടുന്നത്. അതിന് പരിഹാരം കാണാൻ അസാധാരണമായ നടപടിക്രമങ്ങളെക്കുറിച്ച് ആലോചിക്കേണ്ടി വരും. അതിനു ധൈര്യമുള്ളവരാകണം. പഞ്ചായത്തടിസ്ഥാനത്തിൽ അതിബൃഹത്തായ ഒരു ഭക്ഷ്യ-വനവത്ക്കരണ പരിപാടിക്ക് രൂപം നൽകാം. തൊഴിലുറപ്പു പദ്ധതിയെ സാർത്ഥകമാക്കാം.
ആഗോളതാപനത്തെ ലഘൂകരിക്കാനും പാരിസ്ഥിതിക ദുരന്തത്തെ അതിജീവിക്കാനും ധീരവും നൂതനവുമായ മാർഗങ്ങൾ ആരായുക തന്നെ വേണം നമ്മളെല്ലാവരും.
പരിസ്ഥിതി പ്രശ്നവും മാനവരാശിയുടെ നിലനില്പും
നമ്മുടെ ഭൂമിയുടെ ചരിത്രം പരിശോധിച്ചാൽ പാരിസ്ഥിതിക മാറ്റങ്ങൾ നിരവധി തവണ സംഭവിച്ചിട്ടുള്ളതായി കാണാൻ കഴിയും.മനുഷ്യൻ ഭൂമിയിൽ ആവിർഭവിക്കുന്നതിനും കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഹിമയുഗങ്ങളനവധി കടന്ന് പോയിട്ടുണ്ട്.ഇതിന്റെ ഫലമായി ലോകത്തിന്റെ പരിസ്ഥിതി കനത്ത ആഘാതങ്ങൾക്ക് വിധേയമാവുകയും എല്ലാ തരത്തിലുമുള്ള ജീവജാലങ്ങൾ നശിച്ചുപോവുകയുമുണ്ടായി. കാലാവസ്ഥാ മാറ്റങ്ങളുടേതായ ഈ പാരിസ്ഥിതിക ചാക്രികത 50000 മുതൽ 1000000 വരെ വർഷങ്ങൾ നിലനിന്നു. ഇതിന്റെ ഫലമായി ഭൂമിയിലെ ചൂടിൽ ഏറ്റക്കുറച്ചിലുകളുണ്ടായി. ഈ പാരിസ്ഥിതിക മാറ്റങ്ങൾക്ക് പുറമെ കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായി മനുഷ്യൻ ചെയ്യുന്ന പ്രവർത്തികളും ഭൂമിയുടെ താപനിലയിലും പാരിസ്ഥിതിക മാറ്റങ്ങൾക്കും കാരണമായി. ഇതിന്റെയൊക്കെ അനന്തര ഫലങ്ങളാകട്ടെ എത്രയോ കാലം നിലനിൽക്കുകയും ചെയ്യും.
പരിസ്ഥിതിയും സമൂഹവും
മാനവസംസ്കാരത്തിന്റെ വികാസഘട്ടങ്ങളിൽ മനുഷ്യന്റെ പ്രവർത്തനങ്ങളും, പ്രകൃതി സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് വികസിച്ച് വന്ന നിരന്തരബന്ധങ്ങളും മൂലം മറ്റൊരുതരത്തിലുള്ള പാരിസ്ഥിതിക മാറ്റങ്ങൾ കൂടി സംഭവിക്കാൻ തുടങ്ങി. പുരാതനകാലഘട്ടത്തിൽ വേട്ടയാടലും പ്രകൃതിയിലെ ഉൽപ്പന്നങ്ങൾ സ്വരൂപിക്കലുമായി ചെറിയ സമൂഹങ്ങളാണ് നിലനിന്നിരുന്നത്. കൃഷിയുടെ സ്ഥായിയായ വികാസത്തോടൊപ്പം ജനസംഖ്യയും വർധിച്ചപ്പോൾ ഉൽപ്പാദനം വർധിപ്പിക്കേണ്ടിവന്നു. ഇത് പരിസ്ഥിതിയേയും ബാധിച്ചു തുടങ്ങി. ഗംഗാതടങ്ങളെപ്പോലുള്ള സ്ഥലങ്ങളിൽ വൻതോതിൽ വനങ്ങൾ വെട്ടിവെളുപ്പിച്ചു. ഇതിന്റെ ഫലമൊ....തണുത്തുറഞ്ഞുകിടന്നിരുന്ന ഈ പ്രദേശമാകെ ചൂട് പിടിക്കാൻ തുടങ്ങി. ഇങ്ങിനെയൊക്കെയാണെങ്കിലും പരിസ്ഥിതി ഈ മാറ്റങ്ങൾക്കനുകൂലമായി പരുവപ്പെടാനും പുതിയൊരു തലത്തിലേക്ക് സാമൂഹ്യഘടനയെ പരിപോഷിപ്പിക്കാനും തുടങ്ങി.
യൂറോപ്പിൽ വ്യവസായവൽക്കരണത്തിന്റെ തുടക്കവും കോളനീവൽക്കരണത്തിന്റെ വിജയവും സംഭവിച്ചതോടെ ലോകം മുതലാളിത്തസാമ്പത്തികവ്യവസ്ഥയുടെ കൈപ്പിടിയിലൊതുങ്ങുകയും പരിസ്ഥിതി പുതിയ രീതിയിലുള്ള ആക്രമണങ്ങൾക്ക് വിധേയമാവാനും തുടങ്ങി. ഈ ആക്രമണത്തിന്റെ തോത് വളരെ വലുതും അതിന്റെ ആഗോള വ്യാപ്തി വളരെ വ്യാപകവും ആയിരുന്നു. പരിസ്ഥിതിക്കുള്ള പുനരുജ്ജീവനശക്തിയെപ്പോലും പലപ്പോഴും ഇത് ബാധിച്ച് തുടങ്ങി.
ലോകത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളിലിപ്പോൾ മനുഷ്യർക്ക് വ്യത്യസ്ഥമായ പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടിവരുന്നത്. ആഫ്രിക്കയിലെ സഹാറാപ്രദേശങ്ങളിലെ മരുഭൂമിയുടെ വ്യാപനം ശാന്തസമുദ്രത്തിലെ മത്സ്യങ്ങളിലുണ്ടായ വൻതോതിലുള്ള കുറവ്, ഇന്ത്യയിലേയും മറ്റ് പല രാഷ്ട്രങ്ങളിലേയും ജലദൗർലഭ്യം തുടങ്ങിയവ ഇവയിൽ ചിലതാണ്. പരിസ്ഥിതിക്കു മാത്രമല്ല നാശം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭൂമി, ജലം, പ്രകൃതിയിലെ ഉൽപ്പന്നങ്ങൾ എന്നിവയെ ആശ്രയിച്ചുകഴിയുന്ന മനുഷ്യജീവിതത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാണ്.
ആഗോളതാപനവും അതുമായി ബന്ധപ്പെട്ട സാമൂഹ്യപ്രത്യാഘാതങ്ങളും മൂലം മാനവരാശിയുടെ മുന്നിലെ ഏറ്റവും വലിയ വിപത്ത് പാരിസ്ഥിതിക മാറ്റങ്ങൾ തന്നെയാണ്. ഇതേ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ മറ്റ് ഗംഭീരപ്രശ്നങ്ങൾക്കൊപ്പം തന്നെ ചൂടിന്റെ അളവും കൂടിക്കൊണ്ടിരിക്കും. അത് മനുഷ്യകുലത്തിന്റെ നിലനിൽപ്പ്തന്നെ അപകടത്തിലാക്കും.
പരിസ്ഥിതിപ്രശ്നം
ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിലുള്ള ശാസ്ത്രസ്ഥാപനമായ പാരിസ്ഥിതികമാറ്റങ്ങൾക്കുള്ള അന്താരാഷ്ട്ര സമൂഹം 2007-ൽ തങ്ങളുടെ നാലാമത്തെ മോണിറ്ററിങ്ങ് റിപ്പോർട്ട് പുറത്തിറക്കുകയുണ്ടായി. ഇതിൽ ലോകപരിസ്ഥിതിയെക്കുറിച്ച് ഹ്രസ്വമായി വിവരിച്ചിട്ടുണ്ട്. മനുഷ്യന്റെ ചെയ്തികളുടെ ഫലമായി രൂപം കൊണ്ട ആഗോളതാപനത്തിന്റെ ഫലമായുണ്ടാകുന്ന പ്രശ്നങ്ങൾ എങ്ങിനെ തരണം ചെയ്യാമെന്നതിനെക്കുറിച്ച് നിർദ്ദേശങ്ങളും ചർച്ചകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഐ.പി.സി.സിയുടെ നിർണയം അമ്പരിപ്പിക്കുന്നതാണ്. അതനുസരിച്ച് ലോകത്തെവിടെനിന്നും അപായ സൂചനകളാണുയരുന്നത്.
ഈ റിപ്പോർട്ട്, പ്രകൃതി പ്രതിഭാസങ്ങളാൽ സ്വാഭാവികമായാണ് ആഗോളതാപനമുണ്ടാവുന്നതെന്ന സംശയവാദം പൂർണമായും തള്ളിക്കളഞ്ഞിരിക്കയാണ്. മനുഷ്യപ്രവർത്തിമൂലം എന്നെന്നേക്കുമായുണ്ടാകുന്ന മാറ്റങ്ങളാണിതെന്ന് ഉറപ്പിച്ചുപറയുന്നു. ലോകത്താകെ വായുവിന്റെയും സമുദ്രത്തിന്റേയും ചൂടിലുള്ള ആനുപാതികമായ വർധനവ്, മഞ്ഞുകട്ടകളലിയുന്നത്, സമുദ്രവിതാനം വർധിച്ചുവരുന്നത്, തുടങ്ങിയ ഉദാഹരണങ്ങൾ ഇതിലുണ്ട്.
മൃഗപരിപാലനം, വനനശീകരണം, ജൈവ ഇന്ധനങ്ങളായ എണ്ണ, കൽക്കരി എന്നിവ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന വൈദ്യുത നിലയങ്ങൾ, വാഹനങ്ങൾ, വ്യവസായ ശാലകൾ, യന്ത്രങ്ങൾ, കൃഷി (പ്രധാനമായും ധാന്യങ്ങളുടെ) ഇവയെല്ലാം ചെലുത്തുന്ന സ്വാധീനങ്ങളും പരസ്പരബന്ധങ്ങളും.... എന്നിവയെക്കുറിച്ചൊക്കെ റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുള്ളതായി കാണാം.
ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിൽ വർധിച്ച അളവിൽ കൂടിക്കലരുന്നതിനാൽ പ്രകൃതിദത്തമായി തന്നെ വനങ്ങൾക്കും, സമുദ്രങ്ങൾക്കും ഇതിനെ അതിജീവിക്കാൻ കഴിയാതെ വന്നിരിക്കുന്നു. ഈ വാതകങ്ങൾ അന്തരീക്ഷത്തിലൊരുമിച്ച് കൂടുന്നതിനാൽ ചൂടിന് പുറത്തേക്ക് കടക്കാനാവുന്നില്ല. ഇത് മൂലം ഉപരിതലത്തിൽ ചൂടിന്റെ അളവ് കൂടുകയും ലോകപരിസ്ഥിതിയിൽതന്നെ വ്യാപകമായ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
ഐ.പി.സി.സി.(എആർ4) റിപ്പോർട്ട് പ്രകാരം അന്തരീക്ഷത്തിൽ 2005 ലെ കണക്കനുസരിച്ച് (ആകെ ജി.എച്ച്.ജിയിലെ-Green House Gases- ഏതാണ്ട് മൂന്നിലൊന്ന്) കാർബൺ ഡൈഓക്സൈഡിന്റെ അളവ് പഴയതിനെ അപേക്ഷിച്ച് വളരെയധികമാണ്. 6,50,000 വർഷങ്ങൾക്ക് മുമ്പ് നാമമാത്രമായ അളവിൽ ഉണ്ടായിരുന്നത് വ്യവസായവൽക്കരണത്തിന് ശേഷം വളരെയേറെ വർധിച്ചു. കഴിഞ്ഞ 10 വർഷക്കാലത്ത് തന്നെ കാർബൺ ഡൈഓക്സൈഡിന്റെ വർധനവ് വളരെ കൂടുതലാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ 1900നും 2005നും ഇടയിൽ ഏറ്റവും ചൂട് കൂടിയത് കഴിഞ്ഞ 10 വർഷക്കാലത്തായിരുന്നു. ജി എച്ച് ജി മൊത്തത്തിൽ കണക്കാക്കുമ്പോളതിന്റെ അടിസ്ഥാനം ഒരു ലക്ഷത്തിൽ 300 മുതൽ 425 പി.പി.എം വരെയാണ്.
വ്യവസായവൽക്കരണത്തിന്റെ തുടക്കമായി പരിസ്ഥിതിശാസ്ത്രജ്ഞർ കണക്കാക്കുന്നത് 1750 തൊട്ടാണ്. നിലവിൽ പുറത്ത് വിടുന്ന ജി.എച്ച്.ജി.യുടെ അളവിൽ തുടർന്നും അനുവദിച്ചാൽ (ബിസിനസ് ആസ് യൂഷ്വൽ -BAU) ഇതിന്റെ സാന്ദ്രീകരണം 2030 ആകുമ്പോഴേക്കും 475-490 പിപിഎം ആയിത്തീരും. ലോകത്താകെ താപനിലയിൽ 2.0 മുതൽ 2.8 ഡിഗ്രി സെൽഷ്യസ് വരെ ഭയാനകമായ തോതിൽ വർധനവുണ്ടാകും. തുടർച്ചയായുള്ള ഈ വർധനവ് 550-600 പി.പി.എം. വരെയായി മനുഷ്യവംശത്തിന്റെ നിലനിൽപ്പ് തന്നെ അപകടകരമാവുന്ന അവസ്ഥയിലെത്തും.
box ജി.എച്ച്.ജിയുടെ തോതും താപനിലയിലെ വർധനവും (അനുമാനം BAU) 1750 300 - 2005 425 1 2030 475-490 2.0-2.8 2100 580-600 4.0-5.0 ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം വളരെ പ്രധാനപ്പെട്ടതാണ്. ഈ റിപ്പോർട്ട് തയ്യാറാക്കുന്നതിൽ 105 രാഷ്ട്രങ്ങളിലെ 3000ൽ അധികം ശാസ്ത്രജ്ഞർ പങ്ക് വഹിച്ചിട്ടുണ്ട്. പ്രസിദ്ധീകൃതമായ 30,000ൽ അധികം ഗവേഷണപ്രബന്ധങ്ങൾ, ശാസ്ത്രീയമായ സ്ഥിതിവിവരക്കണക്കുകൾ, പരിശീലന മാതൃകകൾ...തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയടക്കമുള്ള 130ലധികം രാഷ്ട്രങ്ങൾ ഈ റിപ്പോർട്ട് പുനഃപരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.
പ്രവചനം
നാം വല്ലാത്തൊരു പതനത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇവിടെനിന്ന് മുന്നോട്ടുള്ള ഓരോ ഘട്ടത്തിലും പരിസ്ഥിതിക്കു മേലേൽക്കുന്ന ആഘാതം മറികടക്കാനാവാത്തതാവും. കാരണം നാമിപ്പോളത്തരമൊരു ബിന്ദുവിലാണ് ചെന്നെത്തിനിൽക്കുന്നത്. മറിച്ചാവണമെങ്കിൽ ജി.എച്ച്.ജിയുടെ അളവ് പരമാവധി 450 പി.പി.എമ്മിൽ (ഇപ്പോഴത്തെ സ്ഥിതിയിൽ) നിലനിർത്താനാവണം.
ആഗോളതാപനം മാത്രമല്ല സമ്പൂർണ പരിസ്ഥിതി നാശമാണ് നാമഭിമുഖീകരിക്കാൻ പോകുന്നത്. അത്തരമൊരു മുന്നറിയിപ്പാണ് ഐ.പി.സി.സി റിപ്പോർട്ട് നൽകുന്നത്. സമീപഭാവിയിലുണ്ടാകാവുന്ന അത്യാപത്തിനെ മറികടക്കാൻ ഇപ്പോഴെ ശ്രമിച്ചാൽ കഴിയുമെന്ന ശുഭാപ്തി വിശ്വാസവും റിപ്പോർട്ട് നൽകുന്നുണ്ട്. ഈ ആഗോളപ്രശ്നം പരിഹരിക്കുന്നതിനായി ലോകരാഷ്ട്രങ്ങളെല്ലാം തന്നെ അതിനു വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പ്രശ്നം മനസ്സിലാക്കുകയും കാലതാമസം കൂടാതെ പരിഹാരം കാണുകയും ചെയ്യേണ്ടതത്യാവശ്യമാണ്.
ഈ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനും, പുതിയ രക്ഷാമാർഗങ്ങളാരായുന്നതിനും വിഭിന്നങ്ങളായ രീതികളവലംബിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരു ചുവടെങ്കിലും മുന്നോട്ടുവെക്കാൻ വ്യക്തിപരമായൊ, സാമൂഹ്യതലങ്ങളിലൊ നമുക്ക് സാധിക്കുമോ? ഇതൊരു ആഗോളപ്രശ്നമായതിനാൽ പ്രശ്നപരിഹാരവും ആഗോളമായി തന്നെ വേണ്ടതാണ്.
ആരാണുത്തരവാദി?
ഗതാഗതവും വ്യാവസായികപ്രവർത്തനങ്ങളുമാണ് ഹരിതഗൃഹവാതകങ്ങൾ പുറത്ത് വിടുന്നതിനുള്ള മുഖ്യ ഉത്തരവാദികൾ. യൂറോപ്പും, അമേരിക്കയുമടക്കമുള്ള പടിഞ്ഞാറൻ വ്യാവസായികരാഷ്ട്രങ്ങളും, ജപ്പാനും, ആസ്ത്രേലിയയുമാണ് മുഖ്യകുറ്റവാളികൾ. ഇങ്ങനെ പുറത്ത് വിടുന്നതിന്റെ തോത് വർധിച്ച് വന്നത് വ്യാവസായികവിപ്ലവത്തോട് കൂടിയാണ്. വികസ്വരരാജ്യങ്ങളിലാകട്ടെ ഈ രീതിയിലുള്ള വ്യാവസായിക പരിവർത്തനം അടുത്തകാലത്താണ് ആരംഭിച്ചത്. അതുതന്നെ വളരെകുറഞ്ഞ തോതിൽ. അന്തരീക്ഷത്തിൽ മൊത്തം പുറത്തുവിടുന്ന ജി.എച്ച്.ജിയുടെ അളവിൽ 80 ശതമാനവും സമ്പന്നരാഷ്ട്രങ്ങളുടേതാണ്. നിലവിൽ ഏറ്റവും കൂടുതൽ ഉത്സർജനം നടത്തുന്ന രാഷ്ട്രം അമേരിക്കയാണ്. മൊത്തം ഉത്സർജനത്തിന്റെ 16 ശതമാനം വരും അത്. ലോകജനസംഖ്യയുടെ 4 ശതമാനം മാത്രമാണ് അമേരിക്കയുടെ ജനസംഖ്യ. ഇതിനെ അപേക്ഷിച്ച് ഭാരതത്തിന്റെ ജനസംഖ്യ 5 ഇരട്ടിയാണെങ്കിലും പുറത്ത് വിടൽ മൊത്തം ഉത്സർജനത്തിന്റെ 3 ശതമാനം മാത്രമാണ്. ഓരോ വ്യക്തിയെ അടിസ്ഥാനമാക്കുകയാണെങ്കിൽ ശരാശരി ഭാരതീയനെ അപേക്ഷിച്ച് അമേരിക്കക്കാരൻ ചുരുങ്ങിയത് 10 ഇരട്ടി ജി.എച്ച്.ജിയും 20 ഇരട്ടി കാർബൺ ഡൈഓക്സൈഡും പുറത്ത് വിടുന്നുണ്ട്.
വരുമാനം കൂടുതലുള്ള രാഷ്ട്രങ്ങൾ ഊർജോപയോഗത്തിലും മുൻപന്തിയിലാണ്. ജി.എച്ച്.ജി പുറത്ത് വിടുന്നതിലും മുന്നിൽ തന്നെ. എന്നാൽ കുറഞ്ഞ വരുമാനമുള്ള ദരിദ്രരാജ്യങ്ങളിലാവട്ടെ ഓരോ വ്യക്തിയുടെ ഊർജോപയോഗത്തിലും നിയന്ത്രണങ്ങളുണ്ടാവും. അതുകൊണ്ട് തന്നെ ഉത്സർജനത്തോതും കുറയും.
വികസ്വരരാഷ്ട്രങ്ങളിൽ തന്നെ ഓരോ വ്യക്തിയുടെ വരുമാനം ഊർജോപയോഗം എന്നിവയിൽ ഏറ്റക്കുറച്ചിലുണ്ട്. ഉദാഹരണമായി ഭാരതത്തിലെ ഏതാണ്ട് പകുതി വീടുകളിൽ വൈദ്യുതിയില്ല. നാലിലൊന്ന് വീടുകൾ ഇന്ധനമായി ഉപയോഗിക്കുന്നത് ഉണങ്ങിയ ചാണകവറളിയും, മറ്റ് വാണിജ്യപ്രാധാന്യമില്ലാത്ത വസ്തുക്കളുമാണ്. ഇന്ത്യൻ ജനസംഖ്യയിൽ ഏറ്റവും സമ്പന്നരായ 10 ശതമാനത്തോളം വരുന്ന നഗരവാസികളുടെ ഉത്സർജനം 50 ശതമാനം വരുന്ന ദരിദ്രഗ്രാമീണ ജനസംഖ്യയെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണ്.
പ്രശ്നപരിഹാരത്തിനൊരു രൂപരേഖ
165 ലധികം ലോകരാഷ്ട്രങ്ങളിലെ പ്രതിനിധികൾ ഒരുമിച്ച് ചേർന്ന് ലോകപരിസ്ഥിതി ഉടമ്പടിയിലൊപ്പുവെച്ചിട്ടുണ്ട്. ക്യോട്ടോ ഉടമ്പടി എന്ന പേരിലിതറിയപ്പെടുന്നു. വരുമാനം, ഊർജോപയോഗം, ഉത്സർജനതോതിൽ നിലവിലുള്ള അസമാനതകൾ എന്നിവ കണക്കിലെടുത്തും, അംഗീകരിച്ചും ക്യോട്ടൊ ഉടമ്പടി പങ്കാളിത്തപൂർണവും വ്യത്യസ്ഥതലങ്ങളുള്ളതുമായ ഉത്തരവാദിത്തം എന്ന സിദ്ധാന്തം അംഗീകരിച്ചു. ആഗോളതാപനത്തിന് ഏറ്റക്കുറച്ചിലോടെ എല്ലാവരും ഉത്തരവാദികളാണെന്ന് ഇതർഥമാക്കുന്നു. എന്നാൽ വികസ്വര രാഷ്ട്രങ്ങളെ അപേക്ഷിച്ച് സമ്പന്ന രാഷ്ട്രങ്ങൾക്കിതിൽ കൂടുതൽ ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടാണ് സമ്പന്നരാഷ്ട്രങ്ങൾ തങ്ങളുടെ ഉത്സർജനതോത് 2008-2012 നകം 1990 ലെ അവസ്ഥയിൽ നിന്നും .5 ശതമാനം കുറച്ചുകൊണ്ട് വരാൻ ഉടമ്പടി നിർദ്ദേശിച്ചിട്ടുള്ളത്. വികസ്വരരാഷ്ട്രങ്ങളെയാവട്ടെ അത്തരം ബാധ്യതകളിൽ നിന്നൊഴിവാക്കുകയും ചെയ്തു.
എന്നാൽ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ വ്യാവസായികരാഷ്ട്രങ്ങൾ തങ്ങളിൽ അർപ്പിതമായ ഈ നിയമപരമായ ഉത്തരവാദിത്വത്തിൽ നിന്നും നിർലജ്ജം ഒഴിഞ്ഞുമാറി. ആഗോളതാപനവും അതിന്റെ ഭവിഷ്യത്തുകളുമൊന്നും അവർ ഗൗനിച്ചില്ല. മാത്രമല്ല ഏറ്റവുമാദ്യം കരാർ പ്രസ്താവിതമായ 1992ൽ നിന്നും ലോകമാകെ ഉത്സർജനം 11 ശതമാനം വർധിക്കുകയും ചെയ്തു. ഇംഗ്ലണ്ടും, ജർമനിയും ഏതാനും ചെറിയ വ്യവസായികരാഷ്ട്രങ്ങളും മാത്രമാണ് ഉത്സർജനത്തോത് കുറച്ച് കൊണ്ട് വന്നത്. ഉത്സർജനം കുറച്ചുകൊണ്ട് വരാൻ ശ്രമിച്ചാൽ കഴിയും എന്ന് ഇത് തെളിയിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ ഏറ്റവും വീഴ്ച്ച വരുത്തിയ രാജ്യം അമേരിക്കയാണ്. ആഗോളതാപനം പ്രകൃതിദത്തമാണെന്ന മുടന്തൻ ന്യായവും പറഞ്ഞ് അമേരിക്കൻ പ്രസിഡണ്ടായിരുന്ന ബുഷിന്റെ കാലയളവ് മുഴുവനും കരാറിന്റെ ഭാഗമാകാതെ വിട്ടുനിന്നു. അത് സ്വാഭാവികമായി പരിഹരിക്കപ്പെടുമെന്നും, ചൈന, ഇന്ത്യ തുടങ്ങിയ വൻ ജനസംഖ്യയുള്ള രാഷ്ട്രങ്ങളെ ഉത്സർജനതോത് കുറച്ച് കൊണ്ടുവരാനുള്ള ലക്ഷ്യം അടിച്ചേൽപ്പിക്കണമെന്നും അമേരിക്ക വാദിച്ചു. അസമാനതകൾ നിലനിർത്തലാണിതിലൂടെ ലക്ഷ്യം വെക്കുന്നത്. കരാറിന്റെ ഭാഗമാകാതെ മാറിനിൽക്കുമ്പോൾത്തന്നെ കരാറിലെ വ്യവസ്ഥകൾ ലഘൂകരിക്കാനും, മാറ്റി മറിക്കാനുമുള്ള സർവ കുതന്ത്രങ്ങളും അമേരിക്ക പയറ്റി. മുതലാളിത്ത പുത്തൻ സാമ്പത്തിക നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള വൃത്തികെട്ട കളികൾക്ക് ഈ രംഗത്തും അവർ നേതൃത്വം നൽകി. ഈ കുത്തിത്തിരിപ്പുകൾ മൂലം ക്യോട്ടോ ഉടമ്പടിയിലൊരുപാട് ഒത്തുതീർപ്പുകൾ വേണ്ടിവന്നു. കമ്പോളവ്യവസ്ഥയെ കൂടുതലാശ്രയിക്കേണ്ടുന്ന അവസ്ഥയിലായി. വരുംകാല ഭവിഷ്യത്തുകളെ തരണം ചെയ്യാനാവാത്ത അവസ്ഥയിലെത്തിച്ചു.
ഇങ്ങനെയൊക്കെയാണെങ്കിൽ കൂടി മുന്നോട്ട് പോകാനുള്ള മെച്ചപ്പെട്ട ഒരു രൂപരേഖ തന്നെയാണ് ക്യോട്ടോകരാർ. സർവ്വരാഷ്ട്രങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള അന്താരാഷ്ട്ര കരാറാണിത്. ഇതിനുവേണ്ടി ഒട്ടനവധി തയ്യാറെടുപ്പുകൾ വേണ്ടിവന്നിട്ടുണ്ട്. സംഘടനാപരമായി ഒരു ചട്ടക്കൂട് വികസിപ്പിച്ചെടുക്കാനെങ്കിലും ഇതുകൊണ്ടായി. ഐക്യരാഷ്ട്രസംഘടനയുടെ മേൽനോട്ടത്തിലായതിനാൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ സ്വീകാര്യതയും ലഭിച്ചു. കൃത്യമായി ഫലം പ്രതീക്ഷിക്കാവുന്ന ഒരു രൂപരേഖയായി ഇതിനെ കാണാവുന്നതാണ്. കരാറിലെ അടിസ്ഥാന ധാരണകളെ വർത്തമാനകാലത്തിനനുസരിച്ച് വേണ്ടമാറ്റങ്ങൾ വരുത്തി 2012നപ്പുറത്തുള്ള കാലത്തേക്ക് രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഉത്സർജനതോത് സ്ഥിരമായി നിർത്തുന്നതിനും കുറക്കുന്നതിനും ഐ.പി.സി.സി (എആർ4) അനുസരിച്ച് വികസിതരാഷ്ട്രങ്ങൾക്ക് 2030നകം തങ്ങളുടെ ഉത്സർജനം 1990 ലെ 40-50 ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവരാൻ കഴിയണം.
വികസ്വര രാഷ്ട്രങ്ങൾക്കാകട്ടെ അത്തരം ബാധ്യതപ്പെട്ട ലക്ഷ്യങ്ങൾ നിശ്ചയിച്ചില്ലെങ്കിലും ഐ.പി.സി.സി. അവരോട് തങ്ങളുടെ പുരോഗതി അപ്പപ്പോൾ വിലയിരുത്താനും 2030-2050 ആകുമ്പോഴേക്കും ഉത്സർജനം നിലവിലുള്ളതിനേക്കാൾ കുറച്ചു കൊണ്ടുവരാനും നിർദേശിച്ചിട്ടുണ്ട്. അതിനായി സാങ്കേതികസഹായം കൈമാറാനും, സാമ്പത്തികസഹായം ചെയ്യാനും ഐ.പി.സി.സി. വികസിതരാഷ്ട്രങ്ങളോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്. തങ്ങളുടെ പ്രവർത്തിമൂലം ഉണ്ടായ പ്രശ്നങ്ങൾക്ക് ചെറിയ ഒരളവിലെങ്കിലും പരിഹാരം ചെയ്യാൻ വികസിതരാഷ്ട്രങ്ങൾക്കിതൊരവസരമാണ്. എന്നാൽ അമേരിക്കയുടെ ആർത്തിപൂണ്ട നിലപാടുകൾ മൂലം ഒരുവട്ടം ചർച്ച ചെയ്ത് തീരുമാനത്തിലെത്തിയ കാര്യങ്ങൾ പോലും വീണ്ടും ചർച്ചക്കെടുക്കേണ്ടി വരികയാണ്. ചൈനയും ഇന്ത്യയുമടക്കമുള്ള വികസ്വരരാജ്യങ്ങളും ഉത്സർജനം കുറക്കാൻ ബാധ്യസ്ഥരാക്കണമെന്ന് അമേരിക്ക വാശിപിടിക്കുന്നു. അതിനുവേണ്ടി സമ്മർദ്ദം ചെലുത്തണമെന്നവരാവശ്യപ്പെടുന്നു. അമേരിക്കയുടെ സമ്മർദ്ദഫലമായി സമ്പന്നരാഷ്ട്രങ്ങളുടെ ക്ലബ്ബായ ജി-8 രാഷ്ട്രങ്ങളും വികസ്വരരാഷ്ട്രങ്ങൾ അമേരിക്കപറയുന്നത് പോലെ കേൾക്കണമെന്ന നിർദ്ദേശവുമായി രംഗത്ത് വന്നിട്ടുണ്ട്. ഒരിക്കലും അംഗീകരിക്കാനാവാത്ത നിലപാടാണിത്.
അനുദിനം വർധിച്ചു വരുന്ന ഉത്സർജനം കുറച്ച് കൊണ്ടുവരിക എന്ന ഒറ്റ മാർഗമേ വികസിതരാഷ്ട്രങ്ങൾക്ക് മുമ്പിലുള്ളൂ. ആവശ്യമായ ഊർജോൽപ്പാദനത്തിലൂടെ വികസനവും അതുവഴി തങ്ങളുടെ ജനതയുടെ മെച്ചപ്പെട്ട ജീവിതവും ഉറപ്പുവരുത്തുകയെന്നത് ദരിദ്രരാഷ്ട്രങ്ങളുടെയും കടമയാണ്. അതൊടൊപ്പം തന്നെ ഉത്സർജനം പരമാവധി കുറച്ച് കൊണ്ടുവരുന്നതോടൊപ്പം തന്നെ പരിസ്ഥിതി സൗഹൃദപരമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും കഴിയണം. അങ്ങിനെ സാവധാനത്തിലാണെങ്കിൽകൂടി സമ്പന്ന-ദരിദ്രരാഷ്ട്രങ്ങളിലെ വ്യക്തിഗത ഉത്സർജന നിരക്ക് തുല്യനിലയിലെത്തിക്കാനാവണം. അങ്ങിനെ ലോകം മുഴുവൻ ആദർശനിഷ്ഠമായ രീതിയിൽ ഏതാണ്ട് തുല്യമായ അളവിലേക്ക് വ്യക്തിഗത ഉത്സർജന നിരക്ക് എത്തിക്കാൻ കഴിയണം.
ഉത്സർജനം കുറക്കാനുള്ള മാർഗങ്ങൾ
ഇച്ഛക്കനുസൃതമായി 2030-2050 കാലത്തിനുള്ളിലെങ്കിലും ഉത്സർജനം കുറച്ചു കൊണ്ടുവരുന്നതിനുള്ള നിരവധി നിർദ്ദേശങ്ങൾ ഐ.പി.സി.സി. റിപ്പോർട്ടിൽ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ ലോകത്ത് ഇന്ന് ലഭ്യമായ സാങ്കേതിക വിദ്യകളിലൂടെ ദീർഘകാല പദ്ധതികൾക്ക് രൂപം കൊടുത്തു കൊണ്ട് കാർബൺരഹിത സമൂഹത്തെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കേണ്ടതുണ്ട്. അതിനായി സാങ്കേതികവിദ്യകളിലൂടെ ലക്ഷ്യം കൈവരിക്കാനായി എന്തൊക്കെ മാർഗങ്ങളവലംബിക്കാമെന്നും റിപ്പോർട്ടിൽ ഹ്രസ്വമായിട്ടാണെങ്കിൽ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്.
- വൈദ്യുതി ഉൽപ്പാദനക്ഷമത വർധിപ്പിക്കുക.
- ഊർജസ്രോതസ്സായി ഉപയോഗിച്ച് വരുന്ന ഇന്ധനങ്ങളിൽ എണ്ണ, കൽക്കരി എന്നിവ പരമാവധി ഒഴിവാക്കി സൗരോർജം, കാറ്റ് എന്നീ പുതിയ സ്രോതസുകളെ ഉപയോഗപ്പെടുത്തുക.
- ഇന്ധനങ്ങളുടെ ഉപയോഗത്തിലെ ശ്രദ്ധ മെച്ചപ്പെട്ട ഇന്ധനം, മിശ്രിത ഇന്ധനം, സ്വകാര്യ ഗതാഗതത്തിന്റെ സ്ഥാനത്ത് പൊതുഗതാഗതത്തിന് പ്രാധാന്യം....എന്നിങ്ങനെ ഉത്സർജനം കുറച്ചു കൊണ്ടുവരാനുള്ള മാർഗങ്ങളാരായണം.
- ഗതാഗതവും, മറ്റ് വർധിച്ചുവരുന്ന ഊർജോപഭോഗവും നിയന്ത്രിക്കുന്നതിന് നഗരാസൂത്രണപദ്ധതികളിൽ ഉചിതമായ സമയത്ത് ആവശ്യമായ ഭേദഗതികൾ കൊണ്ടുവരണം.
- കെട്ടിട നിർമാണത്തിൽ ശ്രദ്ധിക്കുക, ഉചിതമായ സാമഗ്രികളുടെ ഉപയോഗം മൂലം ഊർജോപഭോഗം കുറക്കാനാവും. വീടുകൾക്കാവശ്യമായ ചൂടും തണുപ്പുമൊക്കെ ആവശ്യാനുസരണം ഉറപ്പുവരുത്താനുമാകും.
- ഐ.പി.സി.സി. റിപ്പോർട്ട് ചൂണ്ടിക്കാണിച്ച മറ്റൊരു പ്രധാന കാര്യം അമേരിക്കയും മറ്റ് സംശയവാദികളും പ്രചരിപ്പിച്ചതുപോലുള്ള പണച്ചെലവ് ഇതിന് വേണ്ടിവരില്ലെന്നാണ്. നിശ്ചയിച്ച രൂപത്തിലെല്ലാം നടക്കാൻ അടുത്ത 20 വർഷത്തേക്ക് ലോക ജി.ഡി.പിയുടെ 0.1 ശതമാനമെ ചിലവ് വരൂ. നമ്മെ നേരിടുന്ന മഹാവിപത്തിന്റെ കാര്യമോർക്കുമ്പോൾ ഇത് നിസ്സാര തുകയാണ്.
ഇവിടെ പറഞ്ഞ കാര്യങ്ങൾ ഒറ്റനോട്ടത്തിൽ എളുപ്പമുള്ളതായി തോന്നാം. എന്നാൽ വാസ്തവത്തിലതങ്ങിനെയല്ല. ഊർജം, ഗതാഗതം, മോട്ടോർ വാഹന ഉൽപ്പാദനം നിർമാണപ്രവർത്തനങ്ങൾ എന്നിവയിൽ വ്യവസായമേഖലക്കും കോർപ്പറേറ്റ് മേഖലക്കും പ്രകടമായ സ്വാർത്ഥതാൽപ്പര്യങ്ങളുണ്ടാകുമെന്ന കാര്യം മറക്കരുത്. പ്രധാന വ്യാവസായിക വികസ്വരരാഷ്ട്രങ്ങളിൽ ഭൂരിപക്ഷമില്ലെങ്കിലും കുറച്ചെങ്കിലും ഗവണ്മെന്റുകൾ ഉദാരവൽക്കരണ നയങ്ങൾ പിന്തുടരുന്നവയാണ്. ഇതുമൂലം സാമൂഹ്യസേവനത്തിനുപകരം കമ്പോള ശക്തികളുടെ ആധിപത്യമാണ് നമ്മുടെ സമൂഹത്തിൽ ദൃശ്യമാവുന്നത്. കമ്പോള ശക്തികളെ വിശ്വസിച്ചാൽ പ്രധാനപ്പെട്ട സാമൂഹ്യലക്ഷ്യങ്ങൾ പൂർത്തീകരിക്കാനാവില്ല. ദാരിദ്ര്യം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ പ്രശ്നങ്ങൾ കമ്പോളം ഒരിക്കലും പരിഹരിച്ചിട്ടില്ല. പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും കമ്പോളത്തിന് പരിഹരിക്കാനാവില്ല. പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നിലവിലുള്ള നിയമങ്ങളും, അനിവാര്യമായ വ്യവസ്ഥകളും കമ്പോളപ്രക്രിയയെ അപേക്ഷിച്ച് വളരെയധികം പ്രഭാവശാലിയാണ്. 10 കൊല്ലത്തിനുള്ളിൽ റഫ്രിജറേറ്ററും, എയർകണ്ടിഷനറും പുറത്ത് വിടുന്ന ക്ലോറോഫ്ളൂറോ കാർബൺ തടയാനായാൽ അത് ഓസോൺ തുള എന്ന പ്രശ്നത്തിന് പരിഹാരമാവും. അതുപോലെ കാർ നിർമാണരംഗത്ത് നിർബന്ധമായി ഉത്സർജനം കുറച്ചു കൊണ്ടുവരുന്നതിനുള്ള രീതികളവലംബിക്കുന്നുണ്ട്. ഇങ്ങനെ എല്ലാവരും കൂടി ഒന്നു ഒത്തുപിടിച്ചാൽ ലക്ഷ്യം നിറവേറ്റാനാകും. എന്നാൽ നമ്മുടെ രാഷ്ട്രീയ സാമൂഹ്യസാമ്പത്തിക മേഖലയിൽ കാതലായ പരിവർത്തനങ്ങളാവശ്യമാണ്.
ഭാവിയിലെ രാഷ്ട്രീയ സമരം
ഇതുവരെ വ്യക്തമാക്കിയ മാർഗങ്ങളിലൂടെ രാഷ്ട്രതലത്തിലും അന്താരാഷ്ട്രതലത്തിലും പ്രതിബദ്ധതയോടെ രാഷ്ട്രീയ സമരങ്ങൾ വളർത്തിക്കൊണ്ടുവരണം. നിരവധി പരിമിതികൾക്കകത്താണെങ്കിലും അന്താരാഷ്ട്രഉടമ്പടികളും, ചർച്ചകളും നടത്താനായത് വിജയമാണ്. നിരവധി രാഷ്ട്രങ്ങളിലായി വളർന്നുവന്ന പൊതുജനസമ്മർദത്തിന്റെ ഫലമാണിത്. ഉത്സർജനം കുറക്കാനും, നിശ്ചിതലക്ഷ്യം കൈവരിക്കുന്നതിന്നായി കർശന വ്യവസ്ഥകൾ പാലിക്കുന്നതിനും അതിനുവേണ്ടി സമ്മർദം ചെലുത്തുന്നതിനും നേതൃത്വപരമായ പങ്ക് യൂറോപ്പ് നിർവഹിക്കുന്നുണ്ട്. ജനകീയ സമരങ്ങളിലൂടെയാണിത് രൂപപ്പെട്ടത്. ഈയിടെ ആസ്ത്രേലിയയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ലേബർപാർട്ടിയാണ് ഭരണത്തിൽ വന്നത്. അമേരിക്കൻ പിന്തുണയോടെയുള്ള വലതുപക്ഷ വഴി ഒഴിവാക്കാനും, ഇറാക്കിൽ അമേരിക്കൻ കൂട്ടുകെട്ടിൽ നിന്നും പുറത്ത് വരാനും തയ്യാറായതാണ് ഇതിനു കാരണം. തെരഞ്ഞെടുപ്പ് ജയിച്ച് മൂന്ന് ദിവസത്തിനകം തന്നെ കരാറിലൊപ്പുവെക്കാൻ പുതിയ പ്രധാനമന്ത്രി തയ്യാറായി. ``ക്യോട്ടൊ നിർദേശിച്ചതുപോലെ ഉത്സർജനം കുറച്ച് കൊണ്ടുവരാൻ അമേരിക്കയിലെ തന്നെ 50ൽ 25 സംസ്ഥാനങ്ങളും 250 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും നിർബന്ധിതരായിട്ടുണ്ട്.
ഭാരതത്തിലും വലിയൊരു മുന്നേറ്റം വളർത്തിക്കൊണ്ടു വരേണ്ടതിന്റെ ആവശ്യകതയുണ്ട്. പ്രശ്നത്തിന്റെ ഗൗരവം ജനങ്ങളിലെത്തിക്കണം. സർക്കാർതലത്തിലും, അന്താരാഷ്ട്രവേദികളിലും ഉത്സർജനം കുറച്ചുകൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിന് ആവശ്യമായ പൊതുജനസമ്മർദം വളർന്നുവരണം.
പരിസ്ഥിതി ചർച്ചകളിൽ ഭാരതത്തിന്റെ ഔദ്യോഗികമായ നിലപാട് ദുർബ്ബലവും ആടിക്കളിക്കുന്നതുമാണ്. അതിലധികവും ഐക്യരാഷ്ട്രസംഘടനയുടെ നയരേഖയെ എതിർക്കുന്നതരത്തിലൂം, ക്യോട്ടോ കരാറിനെ ദുർബലപ്പെടുത്തുന്ന അമേരിക്കൻ ശ്രമങ്ങളെ പിന്തുണക്കുന്നതുമാണ്. ഇന്ത്യ ഉത്സർജനം കുറച്ചു കൊണ്ടുവന്നേ പറ്റു എന്ന അമേരിക്കയുടെയും മറ്റ് അന്താരാഷ്ട്രസമ്മർദങ്ങളേയും ഫലപ്രദമായി നേരിടാൻ ഇന്ത്യാ ഗവണ്മെന്റ് തയ്യാറായിട്ടില്ല. തങ്ങൾക്കിക്കാര്യത്തിൽ കാര്യമായി ഒന്നും ചെയ്യാനില്ലെന്ന അഴകൊഴമ്പൻ നിലപാടിലേക്കാണിത് എത്തിച്ചേരുന്നത്.
ഇന്ത്യ അടുത്ത കാലത്ത് പുറത്തിറക്കിയ ദേശീയ പരിസ്ഥിതി നയം തീർത്തും നിരാശാജനകമാണ്. അസ്പഷ്ടമായ ആശയങ്ങൾ കുത്തിനിറച്ചതാണത്. കൃത്യവും, സ്വീകരിക്കാവുന്നതുമായ മാർഗങ്ങളതിലുൾക്കൊള്ളിച്ചിട്ടില്ല. സമ്പന്ന രാഷ്ട്രങ്ങൾ ഉത്സർജനം കുറച്ചു കൊണ്ടുവരാൻ സ്വീകരിക്കേണ്ട നടപടികൾ അതേപോലെ പ്രാവർത്തികമാക്കേണ്ട ബാധ്യത ഭാരതത്തിനില്ല. ``തങ്ങൾക്കൊന്നും ചെയ്യാനില്ല. ആ രീതിയിൽ പ്രവർത്തിക്കാനാവില്ല. നമ്മുടെ രാജ്യത്തിന് നിലവിലുള്ള ഉത്സർജനം കുറക്കാൻ കഴിയില്ല. അത് സാമ്പത്തികവികസനത്തിന് തടയിടലാവും എന്നൊരു വാദഗതി ഉയർന്ന് വന്നിട്ടുണ്ട്. എന്നാൽ ഭാരതം 2030ലും ഇന്നത്തെ രീതിയിൽ ഉത്സർജനം (ബിസിനസ് ആസ് യൂഷ്വൽ) എന്ന മാർഗം സ്വീകരിക്കുന്നതിനുപകരം കുറച്ചുകൊണ്ടുവരാൻ ശ്രമിക്കണം. ഇത് ഐ.പി.സി.സി. ശുപാർശകൾക്കും ആധികാരിക പഠനങ്ങൾക്കും അനുസരിച്ചാവണം. നിലവിലുള്ള നടപടികൾ കൈക്കൊള്ളുമ്പോഴുണ്ടാകുന്നതിനെ അപേക്ഷിച്ച് ഉത്സർജനം 25 ശതമാനം കുറക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു. ഇവിടെ പ്രതിപാദിച്ച രീതികൾ ഇന്ത്യയെ സംബന്ധിച്ചേടത്തോളം ചുരുങ്ങിയ ചെലവിൽ നടപ്പിലാക്കാനാവുന്നതാണ് ഊർജം മിച്ചം വെക്കുക എന്നതിനർത്ഥം ധനം മിച്ചംവെക്കുക എന്നത് തന്നെയാണ്. ഇത്തരം പദ്ധതികളിലൂടെ രാഷ്ട്രത്തിന് സാമ്പത്തികലാഭം കൈവരിക്കാനാവും. സമ്പന്നരും ദരിദ്രരും തമ്മിലും നഗരവാസികളും ഗ്രാമീണരും തമ്മിലും ഊർജോപഭോഗത്തിൽ നിലവിലുള്ള അന്തരം കുറച്ച് കൊണ്ടുവരുന്നതിനുവേണ്ട നടപടികളും ഭാരതം സ്വീകരിക്കേണ്ടതാണ്. സാമ്പത്തിക വളർച്ച പ്രചരിപ്പിച്ചപോലെ 8.5 ശതമാനത്തിൽ നിന്നും 8.4 ശതമാനമായി എന്നുവെച്ച് ഭാരതത്തിന്റെ `ഉദയവും' `നിർമ്മാണ' വും നിലച്ചു പോവുകയൊന്നുമില്ല. രാഷ്ട്രത്തിനും ജനങ്ങൾക്കും ഗുണം ലഭിക്കേണ്ട നടപടികളാണല്ലോ ചെയ്യേണ്ടത്. ഈ രീതിയിൽ ഗുണകരമായ ഒരു തുടക്കത്തിന് ഭാരതം ശ്രമിച്ചാലത് അന്താരാഷ്ട്രകരാറിനും, ചർച്ചകൾക്കും സഹായകരമാകും. ഒഴിവുകഴിവ് പറഞ്ഞ് വിട്ടുനിൽക്കാൻ അമേരിക്കക്ക് കഴിയാതെയാവും. ഒരു കാലത്ത് വികസ്വരരാഷ്ട്രങ്ങളുടെ കൂടിച്ചേരലുകളിലും, മറ്റന്താരാഷ്ട്രവേദികളിലുമുണ്ടായിരുന്ന നേതൃത്വപരമായ ഒരു തലത്തിലേക്ക് ഭാരതത്തിന് വീണ്ടും ഉയർന്നുവരാൻ കഴിയും.
നമുക്കെന്ത് ചെയ്യാനാവും?
ഏതൊരു രാഷ്ട്രീയ നീക്കത്തിനു പിന്നിലും വ്യക്തിയുടെ പ്രധാനപ്പെട്ട ഒരുപങ്കുണ്ടാവും. പാരിസ്ഥിതികമാറ്റത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. വ്യക്തിപരമായ പ്രവർത്തനങ്ങൾക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. അത് ഊർജസ്വലതയും പങ്കാളിത്തസ്വഭാവവും പ്രതിബദ്ധതയും പ്രോത്സാഹിപ്പിക്കുന്നു.
-വലിയ പ്രസ്ഥാനങ്ങൾക്ക് പ്രേരണ ചെലുത്തുന്നു.
-സമൂഹത്തെ അപകടപ്പെടുത്തുന്ന പാരിസ്ഥിതിക മാറ്റങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വ്യത്യസ്തമായ ജീവിതശൈലി സ്വീകരിച്ചുകൊണ്ട് വിഭിന്നങ്ങളായ മാതൃകകൾ സൃഷ്ടിക്കാൻ വ്യക്തികൾക്ക് കഴിയുന്നു. ഉദാഹരണമായി....
- എല്ലാ മേഖലകളിലും ഊർജസംരക്ഷണം
- സി.എഫ്.എൽ, എൽ. ഇ. ഡി, ഇലക്ട്രോണിക് ബെല്ലാസ്റ്റിന്റെ ഉപയോഗം.
- ടെലിവിഷൻ, മൈക്രോവേവ് ഓവൻ തുടങ്ങിയവയുടെ മെയിൻസ്വിച്ച് ഓഫ് ചെയ്യുക. ഉപകരണം ഭാഗികമായി സ്വിച്ച് ഓഫ് ചെയ്യുന്നത് ഒഴിവാക്കുക. ഉദാ: ടി.വി റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ഓഫ് ചെയ്യുന്നത്.
- ഊർജം മിച്ചം വെക്കാവുന്ന ഉപകരണങ്ങൾ ഉപയോഗിക്കുക.
- സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുന്നതിനുപകരം കഴിയുന്നതും പൊതുവാഹനങ്ങളെ ആശ്രയിക്കുക.
അവസാനത്തെ നിർദേശം പ്രത്യേകം ശ്രദ്ധിക്കുക. ഇതിനൊടൊപ്പം നിയമപരവും, നയപരവുമായ മാർഗങ്ങളും, ജനാധിപത്യസമ്പ്രദായത്തിലൂടെ ഉയർന്ന് വരുന്ന നിർദേശങ്ങളും കൂടുതൽ പ്രഭാവശാലിയും സ്ഥിരതയുള്ളതുമാണെന്ന് ജനകീയ ശാസ്ത്രപ്രസ്ഥാനം വിശ്വസിക്കുന്നു. ഇവിടെ പരാമർശിച്ച ഓസോൺപാളിയിലെ തുളയിലായാലും, വാഹനമലിനീകരണം തടയുന്നതിനുള്ള ശ്രമങ്ങളായാലും അത് വ്യക്തമാണ്.
അതുകൊണ്ടുതന്നെ നയപരമായ മാറ്റങ്ങൾക്കു വേണ്ടിയുള്ള ജനകീയ പ്രസ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ നമ്മുടെയോരോരുത്തരുടേയും സജീവപങ്കാളിത്തം പരമപ്രധാനമാണ്. അതിനായി ചില നിർദ്ദേശങ്ങൾ കൂടി താഴെ കൊടുക്കുന്നു.
- ഊർജസംരക്ഷണം ലക്ഷ്യമാക്കുക.
- ഉത്സർജനം കുറച്ചു കൊണ്ടുവരുന്നത് ലക്ഷ്യമാക്കുക.
- ഉപകരണങ്ങളിൽ ഊർജസംരക്ഷണത്തിനുതകുന്നതിനാവശ്യമായ രീതികൾ കൈക്കൊള്ളുക (ഉദാഹരണമായി പമ്പ്, ഡീസൽ സെറ്റ്, മോട്ടോർ, എയർകണ്ടീഷനർ, റഫ്രിജറേറ്റർ, ഹീറ്റർ, തുടങ്ങിയവയിൽ)
- വാഹനങ്ങളിൽ ഇന്ധനക്ഷമത ഉറപ്പ് വരുത്തുന്ന മാതൃകകൾ നിർബന്ധമായും സ്വീകരിക്കുക.
- കെട്ടിടനിർമാണരംഗത്ത് ശീതീകരണത്തിന്നാവശ്യമായ ഏറ്റക്കുറച്ചിലുകൾക്കനുസൃതമായി പരിസ്ഥിതി സൗഹൃദനിർമാണ കോഡ്.
- പൊതു ഗതാഗതത്തിനും, അതിന്നനുസൃതമായുള്ള നഗരാസൂത്രണപദ്ധതികൾക്കും ആവശ്യമായ പ്രോത്സാഹനം.
- പകൽ പ്രകൃതിദത്തമായ പ്രകാശം ഉപയോഗിച്ച് ഊർജം മിച്ചം വെക്കുക.
- വ്യവസായങ്ങളിൽ ഊർജ ഓഡിറ്റിങ്ങ്
- ജനങ്ങളിൽ ഇക്കാര്യത്തിൽ പ്രതികരണശേഷിയും, ജാഗ്രതയും വർധിപ്പിക്കുക.
- നയസമീപനങ്ങൾക്ക് രൂപം നൽകുന്നവർ, രാഷ്ട്രീയപാർട്ടികൾ, നിയമനിർമാതാക്കൾ എന്നിവരെ ഇത്തരമൊരു നയസമീപനത്തിന് നിർബന്ധിതരാക്കുക.
(ഈ ലേഖനത്തിന് ഡൽഹി സയൻസ് ഫോറത്തിലെ ഡോ. ഡി രഘുനന്ദനോട് കടപ്പാട്)