ഇന്ത്യൻ ഔഷധവ്യവസായം- ആഗോളവൽക്കരണനയങ്ങളുടെ രക്തസാക്ഷി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഇന്ത്യൻ ഔഷധവ്യവസായം- ആഗോളവൽക്കരണനയങ്ങളുടെ രക്തസാക്ഷി
200px
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം ആരോഗ്യം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം സെപ്തംബർ, 2012

ആമുഖം

ഇന്ത്യയിൽ ഔഷധവില കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്‌. ആധുനികചികിത്സ കൂടുതൽ സ്വീകരിക്കുന്ന സംസ്ഥാനം ആയതുകൊണ്ടും, പകർച്ചവ്യാധികളും ജീവിതകാലം മുഴുവൻ ചികിത്സ ആവശ്യമായ ജീവിതശൈലീരോഗങ്ങളും വർധിച്ചുവരുന്നതുകൊണ്ടും കേരളീയരെയാണ്‌ ഔഷധവിലവർധന കൂടുതലും ബാധിക്കുക. കുടുംബബഡ്‌ജറ്റ്‌ മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ ആരോഗ്യബഡ്‌ജറ്റും വലിയ പ്രതിസന്ധി നേരിടുകയാണ്‌. അതിനിടെ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും അനധികൃത ഔഷധപരീക്ഷണങ്ങൾ നടന്നുവരികയാണെന്ന സുപ്രീംകോടതിയുടെ നിരീക്ഷണവും, പരീക്ഷണങ്ങൾ പോലും നടത്താതെ നിരവധി മരുന്നുകൾ ഇന്ത്യയിൽ വിറ്റുവരികയാണെന്ന പാർലമെന്ററി സ്റ്റാന്റിംഗ്‌ കമ്മിറ്റിയുടെ റിപ്പോർട്ടും ഇന്ത്യൻ ഔഷധമേഖല നേരിടുന്ന ഗുരുതരമായ മറ്റു പ്രശ്‌നങ്ങളെക്കൂടി വെളിച്ചത്തു കൊണ്ടുവന്നിരിക്കയാണ്‌. കേരളത്തിൽ മരുന്നുകൾ വിലകുറച്ച്‌ ജനങ്ങൾക്കെത്തിക്കുന്നതിനെ സംബന്ധിച്ച്‌ ശ്രീ.ടി.എൻ.പ്രതാപൻ ചെയർമാനായുള്ള നിയമസഭാകമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട്‌ സംസ്ഥാന നിയമസഭ ചർച്ച ചെയ്യുകയുണ്ടായി. അതിനിടെ ഫൈസർ എന്ന ജർമ്മൻ കമ്പനി മാർക്കറ്റുചെയ്‌തിരുന്ന നെക്‌സാവർ എന്ന വിലകൂടിയ മരുന്നിനു പകരമായി വിലകുറഞ്ഞ മരുന്ന്‌ മാർക്കറ്റ്‌ ചെയ്യാൻ ഇന്ത്യൻ കമ്പനിയായ നാറ്റ്‌കോയെ അനുവദിച്ചുകൊണ്ട്‌ മലയാളിയായ മുൻ പേറ്റന്റ്‌ കൺട്രോളർ ഉത്തരവിറക്കിയത്‌ അല്‌പം ആശ്വാസം പകർന്നിട്ടുണ്ട്‌.

ഗുണമേന്മയും വിലക്കുറവുമുള്ള അവശ്യമരുന്നുകൾ ഏതാണ്ട്‌ പൂർണ്ണമായും ഉല്‌പാദിപ്പിക്കാനുള്ള സാങ്കേതികശേഷിയും സ്വാശ്രയത്വവും കൈവരിച്ച വികസ്വരരാജ്യങ്ങളിൽ ഇന്ത്യ പ്രമുഖസ്ഥാനം വഹിക്കുന്നുണ്ട്‌. സ്വാതന്ത്ര്യം കിട്ടുന്ന അവസരത്തിൽ മരുന്നുകളെല്ലാം ബ്രിട്ടനിൽ നിന്ന്‌ ഇറക്കുമതി ചെയ്യുന്ന സ്ഥിതിയാണ്‌ ഉണ്ടായിരുന്നത്‌. ബ്രിട്ടീഷ്‌ കമ്പനികൾ വൻവില ഈടാക്കിയാണ്‌ മരുന്നുകൾ വിറ്റുവന്നിരുന്നത്‌. ലോകത്ത്‌ ഏറ്റവും വിലയേറിയ മരുന്നുകൾ വിറ്റുവന്നിരുന്ന രാജ്യമായിരുന്നു അക്കാലത്ത്‌ ഇന്ത്യ. ലോകാരോഗ്യസംഘടനയുടെ സഹായത്തോടെ ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്‌സും (1954), സോവിയറ്റ്‌ യൂണിയന്റെ സഹായത്തോടെ ഇൻഡ്യൻ ഡ്രഗ്‌സ്‌ ആന്റ്‌ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡും (1961) സ്ഥാപിതമായതോടെ ഇന്ത്യയിൽ പൊതുമേഖലയിൽ ഔഷധ ഉല്‌പാദനം ആരംഭിച്ചു. ഔഷധവ്യവസായമേഖലയിൽ വിദേശമൂലധനത്തിന്മേൽ നിയന്ത്രണം ഏർപ്പെടുത്തിയും ഇന്ത്യൻ പൊതുമേഖല - സ്വകാര്യകമ്പനികളെ പ്രോത്സാഹിപ്പിച്ചും ഇന്ത്യൻ സർക്കാർ പിന്തുടർന്ന ഔഷധവ്യവസായ നയങ്ങൾ ഇന്ത്യൻ ഔഷധ വ്യവസായത്തിന്റെ വളർച്ചയ്‌ക്ക്‌ സഹായകരമായി. ഇതോടൊപ്പം 1971ൽ നടപ്പിലാക്കിയ പേറ്റന്റ്‌ നിയമവും 1977ലെ ഔഷധവില നിയന്ത്രണ നിയമവും ഇന്ത്യൻ ഔഷധവ്യവസായത്തിന്റെ അഭൂതപൂർവ്വമായ വളർച്ചയ്‌ക്ക്‌ കാരണമായി.

ഇന്ത്യൻ ഔഷധവ്യവസായത്തിന്റെ വളർച്ച :വികസ്വരരാജ്യങ്ങളുടെ ഫാർമസി

ഇന്ത്യൻ പേറ്റന്റ്‌ നിയമത്തിലെ പ്രക്രിയാപേറ്റന്റ്‌ (Process Patent) വ്യവസ്ഥപ്രകാരം വിദേശരാജ്യങ്ങളിൽ പേറ്റന്റ്‌ ചെയ്യപ്പെടുന്ന മരുന്നുകൾ മറ്റൊരു ഉല്‌പാദനരീതിയിലൂടെ നിർമ്മിച്ച്‌ മാർക്കറ്റ്‌ ചെയ്യാൻ ഇന്ത്യൻ കമ്പനികൾക്ക്‌ അവകാശമുണ്ടായിരുന്നു. വിദേശരാജ്യങ്ങളിൽ പേറ്റന്റ്‌ ചെയ്യപ്പെടുന്ന നവീന ഔഷധങ്ങൾ വിലകുറച്ച്‌ ഇന്ത്യയിലും വിദേശത്തും മാർക്കറ്റ്‌ ചെയ്യാൻ ഇന്ത്യൻ കമ്പനികൾക്ക്‌ ഇതുവഴി സാധിച്ചു. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുമ്പോൾ കേവലം 10 കോടി രൂപയുടെ മരുന്നുകൾ മാത്രമാണ്‌ ഇന്ത്യയിൽ ഉല്‌പാദിപ്പിച്ചിരുന്നത്‌്‌. ഇപ്പോൾ അത്‌ ഒരു ലക്ഷംകോടി രൂപയായി വർധിച്ചിരിക്കയാണ്‌. ഇതിൽ 40000 കോടി രൂപയുടെ മരുന്ന്‌ വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ച്‌ വികസ്വര രാജ്യങ്ങളിലാണ്‌ വിറ്റുവരുന്നത്‌. വൻകിട ബഹുരാഷ്‌ട്ര മരുന്നുകമ്പനികളുടെ വിലയേറിയ മരുന്നുകളുടെ സ്ഥാനത്ത്‌ വിലകുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഔഷധങ്ങൾ ഇന്ത്യൻ കമ്പനികളാണ്‌ മിക്ക വികസ്വരരാജ്യങ്ങളിലും മാർക്കറ്റ്‌ ചെയ്‌തുവരുന്നത്‌. എയ്‌ഡ്‌സിനുള്ള മരുന്നുകൾ, എയ്‌ഡ്‌സ്‌ ബാധിതർ കൂടുതലുള്ള, ദക്ഷിണാഫ്രിക്കയടക്കമുള്ള രാജ്യങ്ങളിൽ വിൽക്കുന്നത്‌ ഇന്ത്യൻ കമ്പനികളാണ്‌. എയ്‌ഡ്‌സ്‌ രോഗത്തെ നിയന്ത്രിച്ചു നിർത്താൻ വികസ്വരരാജ്യങ്ങൾക്ക്‌ കഴിഞ്ഞത്‌ സാമ്പത്തികശേഷിയില്ലാത്ത ബഹുഭൂരിപക്ഷം വരുന്ന എയ്‌ഡ്‌സ്‌ രോഗികൾക്ക്‌ ഇന്ത്യൻമരുന്നുകൾ കുറഞ്ഞവിലയ്‌ക്ക്‌ ലഭ്യമാക്കിയതു കൊണ്ടാണെന്ന്‌ സാർവ്വദേശീയമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ഇന്ത്യയെ വികസ്വര രാജ്യങ്ങളുടെ ഫാർമസി (Pharmacy of Developing Countries) എന്നു വിശേഷിപ്പിക്കുന്നത്‌.

എന്നാൽ 1971ലെ പേറ്റന്റ്‌ നിയമം, ലോകവ്യാപാര സംഘടനയുടെ ട്രിപ്പ്‌സ്‌ (TRIPS - Trade Related Aspects of Intellectual Property Rights) നിബന്ധനപ്രകാരം മാറ്റുകയും, ഔഷധവിലനിയന്ത്രണത്തിനു കീഴിൽ വരുന്ന മരുന്നുകൾ 347ൽ നിന്നും 74 ആയി കുറയ്‌ക്കുകയും, വിദേശകമ്പനികളുടെ മേലുള്ള നിയന്ത്രണങ്ങൾ നീക്കുകയും, പൊതുമേഖലാ ഔഷധക്കമ്പനികളെ അവഗണിക്കുകയും ചെയ്‌തതോടെയാണ്‌ ഔഷധവില കുതിച്ചുയർന്നു തുടങ്ങിയത്‌. പേറ്റന്റ്‌ നിയമത്തിൽ പ്രക്രിയാപേറ്റന്റിന്റെ സ്ഥാനത്ത്‌ ഉല്‌പന്നപേറ്റന്റ്‌ (Product Patent) രീതി നടപ്പാക്കിയതോടെ വിദേശരാജ്യങ്ങളിൽ പേറ്റന്റ്‌ ചെയ്യപ്പെടുന്ന മരുന്നുകൾ മറ്റൊരു ഉല്‌പാദനരീതിയിലൂടെ ഇന്ത്യൻ കമ്പനികൾക്ക്‌ നിർമ്മിക്കാനാവില്ല എന്ന സ്ഥിതി വന്നിരിക്കയാണ്‌. പേറ്റന്റ്‌ഭേദഗതിയെതുടർന്ന്‌ വിദേശകമ്പനികൾ ഇന്ത്യയിൽ വൻതോതിൽ ഔഷധപരീക്ഷണവും (Drug Trials) കരാർ ഗവേഷണവും (Contract Reserach) നടത്തിവരികയാണ്‌. ഇതിനുപുറമേ ഇന്ത്യൻ കമ്പനികളെ ഒന്നൊന്നായി വിലയ്‌ക്കെടുത്തും വരികയാണ്‌. ഇതിനകംതന്നെ റാൻബാക്‌സി (Ranbaxy) ജപ്പാൻ ബഹുരാഷ്‌ട്ര കമ്പനിയായ ഡയിച്ചിയും (Dauchi Sankyo), ശാന്താബയോടെക്ക്‌ (Santha Biotech) ഫ്രഞ്ച്‌ കമ്പനിയായ ഷനോഫി അവന്റിസും (Sanofi Aventis), പിരമൽ ഹെൽത്ത്‌ കെയർ (Piramal Health Care) അമേരിക്കൻ കമ്പനിയായ ആബട്ടും (Abbot) വിലക്കെടുത്തുകഴിഞ്ഞു. ഇന്ത്യൻ ഔഷധവ്യവസായം സ്വാതന്ത്ര്യം ലഭിക്കുമ്പോഴത്തെ സ്ഥിതിയിലേക്ക്‌ ഇപ്പോൾ മാറിക്കൊണ്ടിരിക്കുകയാണ്‌. ഇന്ത്യൻ സർക്കാർ തൊണ്ണൂറുകളുടെ ആദ്യം മുതൽ പിന്തുടർന്നു വരുന്ന നവലിബറൽ സാമ്പത്തികനയത്തിന്റെ ആദ്യത്തെ സമ്പൂർണ്ണരക്തസാക്ഷിയായി ഇന്ത്യൻ ഔഷധവ്യവസായം മാറിയിരിക്കുന്നുവെന്ന്‌ അതിശയോക്തി കൂടാതെ പറയാൻ കഴിയും.

ചരിത്രം സൃഷ്‌ടിച്ച ഉത്തരവ്‌

നിർബന്ധിത ലൈസൻസ്‌ (Compulsory licensing) വ്യവസ്ഥപ്രകാരം കാൻസർ ചികിത്സക്കുള്ള വിലകുറഞ്ഞ മരുന്നുല്‌പാദിപ്പിക്കാൻ ഇന്ത്യൻ കമ്പനിയെ അനുവദിച്ചുകൊണ്ട്‌ മലയാളികൂടിയായ ഇന്ത്യൻ പേറ്റന്റ്‌ കൺട്രോളർ ശ്രീ.പി.എച്ച്‌.കുര്യൻ പുറപ്പെടുവിച്ച ചരിത്രം സൃഷ്‌ടിച്ച ഉത്തരവ്‌ അവശ്യമരുന്നുകൾ ജനങ്ങൾക്ക്‌ വിലകുറച്ച്‌ ലഭ്യമാക്കുന്നതിനുള്ള വലിയ സാധ്യത തുറന്നുതന്നിരിക്കുകയാണ്‌. ഔഷധവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, മറ്റ്‌ നടപടികളോടൊപ്പം ബഹുരാഷ്‌ട്രകമ്പനികൾ അമിതവില ഈടാക്കി വിറ്റുവരുന്ന മരുന്നുകൾ, കുറഞ്ഞചെലവിൽ ഉല്‌പാദിപ്പിക്കാൻ സന്നദ്ധതയുള്ള ഇന്ത്യൻ കമ്പനികൾക്ക്‌ അനുവാദം നിർബന്ധിത ലൈസൻസിങ്‌ വഴി നൽകണമെന്ന്‌ ജനകീയാരോഗ്യ പ്രസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. അതിനാണിപ്പോൾ ശ്രീ. കുര്യൻ തന്റെ ഉത്തരവിലൂടെ തുടക്കം കുറിച്ചത്‌.

ജർമ്മൻ കമ്പനിയായ ബേയർ കോർപ്പറേഷൻ നെക്‌സാവർ (Nexavar) എന്ന കമ്പനി നാമത്തിൽ വിൽക്കുന്ന സൊറാബെനിബ്‌ റ്റൊസിലേറ്റ്‌ (Sorabenib tosylate) എന്ന മരുന്നുല്‌പാദിപ്പിക്കാനുള്ള അവകാശം നാറ്റ്‌കോ എന്ന ഇന്ത്യൻകമ്പനിക്ക്‌ നൽകിക്കൊണ്ടാണ്‌ ശ്രീ.കുര്യൻ ഉത്തരവിറക്കിയത്‌. 2005ൽ വൃക്കകാൻസറിനും (റീനൽ സെൽ കാർസിനോമ), 2007ൽ കരൾ കാൻസറിനും (ഹെപ്പാറ്റോസെല്ലുലർ കാർസിനോമ) ഈ മരുന്ന്‌ ഉപയോഗിക്കുന്നതിനുള്ള പേറ്റന്റ്‌ ബേയർ കമ്പനിക്ക്‌ വിവിധ രാജ്യങ്ങളിലായി ലഭിച്ചിരുന്നു. 2008 മുതൽ ബേയർ ഇന്ത്യയിൽ നെക്‌സാവർ മാർക്കറ്റ്‌ ചെയ്‌തുതുടങ്ങി. നെക്‌സാവർ കാൻസർ ചികിത്സയ്‌ക്കുപയോഗിക്കുമ്പോൾ ഒരു മാസത്തെ ചികിത്സക്ക്‌ 2,80,428 രൂപയും ഒരു വർഷത്തേക്ക്‌ 33,65,136 രൂപയും ചെലവ്‌ വരും. ഗുരുതരാവസ്ഥയിലുള്ള വൃക്ക-കരൾ കാൻസർരോഗികൾക്കാണ്‌ ഈ മരുന്നു നൽകുക. നെക്‌സാവർ ഉപയോഗിച്ചാൽ വൃക്ക കാൻസർ രോഗികളുടെ ആയുസ്സ്‌ 4-5 വർഷം വരെയും കരൾ കാൻസർ രോഗികളുടെ ആയുസ്സ്‌ ഒരു വർഷം വരെയും നീട്ടിക്കിട്ടാൻ സാധ്യതയുണ്ട്‌.

സിപ്ല, നാറ്റ്‌കോ എന്നീ ഇന്ത്യൻകമ്പനികൾ വ്യത്യസ്‌തമായ ഉല്‌പാദനരീതികളിലൂടെ ഗുണമേന്മയും വിലക്കുറവുമുള്ള സൊറാബെനിബ്‌ ഉല്‌പാദിപ്പിച്ച്‌ മാർക്കറ്റിലെത്തിച്ചു. ഒരു മാസത്തെ ചികിത്സക്ക്‌ സിപ്ലയുടെ മരുന്നിന്‌ 30,000 രൂപയും നാറ്റ്‌കോയുടെ മരുന്നിന്‌ 8,800 രൂപയും ആയിരുന്നു വില. രണ്ടു കമ്പനികൾക്കുമെതിരെ പേറ്റന്റ്‌ നിയമലംഘനം നടത്തിയെന്നാരോപിച്ച്‌ ബേയർ കോടതിയിൽ കേസ്‌ ഫയൽചെയ്‌തു. അതിനിടെ നാറ്റ്‌കോ നിർബന്ധിത ലൈസൻസിങ്ങ്‌ വ്യവസ്ഥപ്രകാരം തങ്ങളുടെ മരുന്ന്‌ വിൽക്കാനുള്ള അനുവാദത്തിനായി പേറ്റന്റ്‌കൺട്രോളർക്ക്‌ അപേക്ഷ നൽകി. നാറ്റ്‌കോയുടെ അപേക്ഷ പേറ്റന്റ്‌ കൺട്രോളർ പരിഗണനയ്‌ക്കായി സ്വീകരിച്ചു. ഇതിനെതിരെ ബേയർ നൽകിയ കേസുകൾ ബോംബെ, ഡൽഹി കോടതികൾ തള്ളിക്കളയുകയാണുണ്ടായത്‌. തുടർന്ന്‌ രണ്ട്‌ കമ്പനികളും അവരുടെ വാദങ്ങൾ തുടർച്ചയായി മൂന്നുദിവസം 18 മണിക്കൂർ നേരമെടുത്ത്‌ പേറ്റന്റ്‌ കൺട്രോളർ ജനറലിന്റെ മുന്നിൽ അവതരിപ്പിച്ചു. ഇരുകമ്പനികളുടെയും വാദങ്ങൾക്ക്‌ പുറമേ ലോകാരോഗ്യ സംഘടന, യൂണിസെഫ്‌ തുടങ്ങിയ അന്താരാഷ്‌ട്ര ആരോഗ്യസ്ഥാപനങ്ങളുടെയും, വികസ്വരരാജ്യങ്ങളിലെ ഔഷധവ്യവസായങ്ങളെ സംബന്ധിച്ച്‌ ആധികാരികമായ നിരവധി രേഖകൾ തയ്യാറാക്കിയിട്ടുള്ള കാർലോസ്‌ കൊറിയ, ജെയിംസ്‌ ലൌ തുടങ്ങിയ ഔഷധപേറ്റന്റ്‌ വിദഗ്‌ധരുടെയും അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തും, നന്നായി ഗൃഹപാഠം ചെയ്‌തുകൊണ്ടും, ജനകീയതാല്‌പര്യങ്ങൾ വിട്ടുവീഴ്‌ചയില്ലാതെ സംരക്ഷിച്ചുകൊണ്ടുമാണ്‌ ശ്രീ.കുര്യൻ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

ശ്രീ.കുര്യന്റെ 68 പേജുള്ള ഉത്തരവ്‌ കേവലമൊരു സർക്കാർ ഉത്തരവ്‌ മാത്രമല്ല. ബഹുരാഷ്‌ട്ര മരുന്നുകമ്പനികളുടെ അധാർമ്മിക വിപണന തന്ത്രങ്ങളെയും കപടവാദങ്ങളെയും ദുരയെയും തട്ടിപ്പിനെയും മറ്റും അടിസ്ഥാനവസ്‌തുതകളുടെ പിൻബലത്തോടെ തുറന്നുകാട്ടുന്ന ആധികാരികരേഖ കൂടിയാണ്‌. ഇന്ത്യയിൽ കഴിഞ്ഞ അരനൂറ്റാണ്ടായി ജനകീയ ആരോഗ്യനയത്തിനും അതിന്റെ ഭാഗമായ ജനകീയ ഔഷധനയത്തിനും വേണ്ടി പ്രചാരണ പ്രവർത്തനങ്ങൾ നടത്തിവരുന്ന ജനകീയാരോഗ്യപ്രസ്ഥാനങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചുവരുന്ന വസ്‌തുതകളെ അംഗീകരിക്കുന്ന വിലപ്പെട്ട ഒരു രേഖ കൂടിയാണിത്‌.

നിർബന്ധിത ലൈസൻസിങ്ങ്‌

നവീന ഔഷധങ്ങൾ കണ്ടുപിടിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും അതിനുവേണ്ടിവരുന്ന ചെലവ്‌ കണക്കാക്കിയും പ്രോത്സാഹനമെന്ന നിലയിലും അനുവദിച്ചിട്ടുള്ള ചില കുത്തക വിപണനാധികാരങ്ങളാണ്‌ പേറ്റന്റ്‌ വ്യവസ്ഥയിലുള്ളത്‌. ഒരു ഉല്‌പന്നത്തിന്റെ വിപണനാവകാശം അതിന്റെ പേറ്റന്റ്‌ ലഭിച്ചിട്ടുള്ളവർക്ക്‌ മാത്രമായി ഒരു നിശ്ചിത കാലത്തേക്ക്‌ നൽകുന്നതാണ്‌ പേറ്റന്റ്‌ വ്യവസ്ഥ. എന്നാൽ ഔഷധലഭ്യത പൊതുജനങ്ങൾക്ക്‌ ഉറപ്പാക്കുന്നതിനായി നിർബന്ധിത ലൈസൻസിങ്ങ്‌ എന്ന വ്യവസ്ഥ നിരവധി രാജ്യങ്ങളുടെ പേറ്റന്റ്‌ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. അമേരിക്ക, ബ്രിട്ടൻ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ബ്രസീൽ, തായ്‌ലന്റ്‌, ഘാന, മലേഷ്യ, ഇക്വഡോർ, സിംബാബ്‌വേ തുടങ്ങിയ വികസ്വരരാജ്യങ്ങളിലും നിർബന്ധിത ലൈസൻസിങ്ങ്‌ വ്യവസ്ഥ നിലവിലുണ്ട്‌.

ഔഷധങ്ങളുടെ അമിതവില, ഔഷധ ദൗർലഭ്യം, രാജ്യത്തിന്‌ ആവശ്യമുള്ള അളവിൽ മരുന്നുല്‌പാദിപ്പിക്കാൻ കമ്പനികൾക്ക്‌ കഴിയാത്ത അവസ്ഥ, സർക്കാർ മേഖലയിൽ സൗജന്യമായി വിതരണം ചെയ്യുന്നതിന്ന്‌ മരുന്ന്‌ ലഭ്യമാക്കാതിരിക്കൽ, പേറ്റന്റ്‌ അനുവദിച്ച്‌ നിശ്ചിത കാലയളവിനുള്ളിൽ മരുന്നുല്‌പാദിപ്പിക്കാതിരിക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ നിർബന്ധിത ലൈസൻസിങ്ങ്‌ പ്രകാരം പേറ്റന്റ്‌ എടുക്കാത്ത മറ്റു കമ്പനികൾക്ക്‌ മരുന്നുല്‌പാദിപ്പിക്കാനുള്ള അവകാശം പേറ്റന്റ്‌ ഓഫീസിന്‌ നൽകാനാവും. ലോകത്ത്‌ പലരാജ്യങ്ങളിലും നിർബന്ധിത ലൈസൻസിങ്ങ്‌ വ്യവസ്ഥ പ്രകാരം മരുന്നുല്‌പാദിപ്പിക്കാൻ കമ്പനികൾക്ക്‌ അനുവാദം നൽകിയിട്ടുണ്ട്‌. തായ്‌ലന്റിൽ അടുത്തകാലത്ത്‌ 7 മരുന്നുകൾക്ക്‌ നിർബന്ധിത ലൈസൻസിങ്ങ്‌ അനുവദിച്ചിരുന്നു. എന്നാൽ ഇന്ത്യയിലാദ്യമായാണ്‌ ഇത്‌ നടപ്പിലാവുന്നത്‌ എന്നതുകൊണ്ടാണ്‌ ശ്രീ.കുര്യന്റെ ഉത്തരവ്‌ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത്‌.

ബേയർ കമ്പനി മുന്നോട്ടുവച്ച എല്ലാ വാദമുഖങ്ങളേയും വസ്‌തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിൽ പേറ്റന്റ്‌ കൺട്രോളർ ജനറൽ തള്ളിക്കളയുന്നുണ്ട്‌. മാത്രമല്ല ഗുരുതരമായ കാൻസർരോഗം ബാധിച്ച്‌ നിസ്സഹായരായ രോഗികളെ പിഴിഞ്ഞ്‌ ബേയർ കുന്നുകൂട്ടിയ ലാഭത്തിന്റെ കണക്കും ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നു. പ്രധാനമായും മൂന്നു കാര്യങ്ങളാണ്‌ പേറ്റന്റ്‌ കൺട്രോളർ പരിശോധിച്ചത്‌.

പേറ്റന്റ്‌ നിയമത്തിലെ 84 (1) വകുപ്പനുസരിച്ച്‌ പേറ്റന്റ്‌ ലഭിക്കുന്ന കമ്പനിക്ക്‌ രോഗികൾക്ക്‌ ആവശ്യമായ അളവിൽ മരുന്ന്‌ ലഭ്യമാക്കാനുള്ള (Availability) ഉത്തരവാദിത്വമുണ്ട്‌. ഇത്‌ ഇന്ത്യയിൽ വൃക്ക-കരൾ രോഗം ബാധിച്ചവരെ സംബന്ധിച്ചിടത്തോളം നിർവ്വഹിക്കപ്പെടുന്നുണ്ടോ എന്നതാണ്‌ കൺട്രോളർ ആദ്യമായി പരിഗണനക്കെടുത്തത്‌. ഇതിലേക്കായി ലോകാരോഗ്യസംഘടനയുടെ കാൻസർ രോഗങ്ങളെ സംബന്ധിച്ച വിവരങ്ങളടങ്ങിയ ഗ്ലോബോകാൻ (GLOBOCAN) എന്ന രേഖയാണ്‌ പേറ്റന്റ്‌കൺട്രോളർ ആധാര മാക്കിയത്‌. ഇതനുസരിച്ച്‌ ഇന്ത്യയിലുള്ള 20000 കരൾ-കാൻസർ രോഗികളിൽ 16000 പേർക്കും 8900 വൃക്കരോഗികളിൽ 7120 പേർക്കും സൊറാബെനിബ്‌ ഉപയോഗിച്ചുള്ള ചികിത്സ വേണ്ടിവരും. എന്നാൽ ഗുരുതരമായ രോഗമുള്ള ഇത്രത്തോളം രോഗികൾക്കാവശ്യമായ മരുന്ന്‌ ഇന്ത്യയിൽ ബേയർ മാർക്കറ്റ്‌ ചെയ്യുന്നില്ലെന്ന്‌ കൺട്രോളർ കണ്ടെത്തി. 2008 മുതൽ മരുന്നു മാർക്കറ്റ്‌ ചെയ്യാൻ അനുവാദം ലഭിച്ച ബേയർ കമ്പനി 2009ൽ 120 ഗുളികകൾ വീതമടങ്ങിയ 200 ബോട്ടിലുകൾ മാത്രമാണ്‌ ഇന്ത്യൻ മാർക്കറ്റിലെത്തിച്ചത്‌. ഇത്‌ ആവശ്യമായ മരുന്നിന്റെ കേവലം ഒരു ശതമാനം മാത്രമാണ്‌. അതേയവസരത്തിൽ ലോകമാർക്കറ്റിൽ വികസിതരാജ്യങ്ങളിലെ സമ്പന്നരെ ലക്ഷ്യമാക്കി ബേയർ ഓരോ വർഷവും വർധമാനമായ തോതിൽ നെക്‌സാവർ മാർക്കറ്റ്‌ ചെയ്‌തുവരികയാണെന്നും കൺട്രോളർ കണ്ടെത്തി. (പട്ടിക1)

ബേയർ: നെക്‌സാവർ വില്‌പന

വർഷം 2006 2007 2008 2009 2010
ലോകകമ്പോളത്തിലെ പ്രതിവർഷ വില്പന
(ദശലക്ഷം ഡോളറിൽ)
165 371 678.8 843.5 934
ഇന്ത്യയിലെ വില്പന ഇല്ല ഇല്ല ഇല്ല 16 കോടി
രൂപ
ലഭ്യമല്ല

സിപ്ലയുടെ ഉല്‌പാദനം കൂടി കണക്കിലെടുത്താൽ ആവശ്യത്തിന്‌ മരുന്ന്‌ ലഭ്യമാണെന്ന അതിവിചിത്രമായ വാദമാണ്‌ ഇതിനുള്ള മറുപടിയായി ബേയർ ഉന്നയിച്ചത്‌. സിപ്ലയുടെ ഉല്‌പാദനം തടയാൻ കേസ്‌ ഫയൽ ചെയ്‌തിട്ടുള്ള ബേയറിന്‌ ഈ തടസ്സവാദമുന്നയിക്കാൻ അവകാശമില്ലെന്ന്‌ കൺട്രോളർ ചൂണ്ടിക്കാട്ടി.

1970ലെ പേറ്റന്റ്‌ നിയമം നടപ്പിലാക്കുന്നതിനു മുൻപ്‌ ഔഷധങ്ങൾക്കായി വിദേശകമ്പനികളെ മാത്രം ആശ്രയിച്ചിരുന്ന പഴയകാലത്തേക്ക്‌ ഇന്ത്യ തിരികെ പോയിരിക്കുന്നുവെന്നാണ്‌ ഈ കണക്കുകൾ സൂചിപ്പിക്കുന്നത്‌. അതിന്‌ മുമ്പുണ്ടായിരുന്ന ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ നടപ്പിലാക്കിയ പേറ്റന്റ്‌ നിയമമനുസരിച്ച്‌ ഉല്‌പന്ന പേറ്റന്റ്‌ വ്യവസ്ഥ നിലനിന്നിരുന്നതുമൂലം ഇന്ത്യൻ കമ്പനികൾക്ക്‌ നവീന മരുന്നുകൾ ഉല്‌പാദിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. വിദേശകമ്പനികൾക്ക്‌ ഇഷ്‌ടമുള്ളപ്പോൾ ഇന്ത്യയിൽ മാർക്കറ്റ്‌ ചെയ്യുന്ന മരുന്നുകൾ അവർ അടിച്ചേൽപ്പിക്കുന്ന വിലയ്‌ക്ക്‌ വാങ്ങാൻ ഇന്ത്യക്കാർ നിർബന്ധിതരായിരുന്നു. മിക്ക നവീന മരുന്നുകളും മറ്റ്‌ രാജ്യങ്ങളിൽ മാർക്കറ്റ്‌ ചെയ്യപ്പെട്ട ശേഷം പത്തും പതിനഞ്ചും വർഷങ്ങൾ കഴിഞ്ഞാണ്‌ ഇന്ത്യയിലെത്തിയിരുന്നത്‌. എന്നാൽ 1970-ൽ ഉല്‌പന്നപേറ്റന്റിന്റെ സ്ഥാനത്ത്‌ പ്രക്രിയാപേറ്റന്റ്‌ വന്നതോടെ ഇന്ത്യൻ കമ്പനികൾക്ക്‌ മറ്റു രാജ്യങ്ങളിൽ പേറ്റന്റ്‌ ചെയ്യപ്പെടുന്ന മരുന്ന്‌ ഉല്‌പാദിപ്പിക്കാൻ അവകാശം ലഭിച്ചിരുന്നു. ആ വ്യവസ്ഥ മാറ്റി പഴയതുപോലെ ഉല്‌പന്ന പേറ്റന്റ്‌ വന്നതിന്റെ ഫലമായാണ്‌ ബേയറിന്‌ ഇത്തരം മനുഷ്യത്വരഹിതമായ മാർക്കറ്റിങ്ങ്‌ രീതി പിന്തുടരാനുള്ള ധാർഷ്‌ട്യം കാട്ടാനാവുന്നത്‌.

പേറ്റന്റ്‌കൺട്രോളർ രണ്ടാമത്‌ പരിശോധിച്ചത്‌ പേറ്റന്റ്‌ നിയമത്തിലെ 84(7) വകുപ്പിൽ നിഷ്‌കർഷിക്കുന്നതുപോലെ രോഗബാധിതർക്ക്‌ ബേയറിന്റെ മരുന്ന്‌ വാങ്ങാനുള്ള സാമ്പത്തിക ശേഷിയുണ്ടോ (Affordability) എന്നാണ്‌. ബഹുഭൂരിപക്ഷം ഇന്ത്യക്കാർക്കും അതിനാവില്ലെന്ന്‌ വ്യക്തമാണല്ലോ. ഔഷധഗവേഷണത്തിനും മറ്റുമായി അതിഭീമമായ തുക ചെലവിടേണ്ടിവരുമെന്നുള്ളതുകൊണ്ട്‌ വിലകുറച്ചു വിൽക്കാൻ തങ്ങൾക്കാവില്ലെന്നും സാമ്പത്തികമായി കമ്പനി തകർച്ചയെ നേരിടുമെന്നും തുടർന്നും മികച്ച മരുന്നുകൾ ഗവേഷണംചെയ്‌ത്‌ കണ്ടെത്തുന്നതിനുള്ള തങ്ങളുടെ സംരംഭങ്ങൾ അവസാനിപ്പിക്കേണ്ടിവരുമെന്നും അത്‌ രോഗികളുടെ ദീർഘകാല താത്‌പര്യത്തിന്‌ ഗുണം ചെയ്യില്ലെന്നും ബേയർ വാദിച്ചു. കർശനമായ പേറ്റന്റ്‌ വ്യവസ്ഥക്കും വിലവർധനവിനും ന്യായീകരണമായി വൻകിട മരുന്നുകമ്പനികൾ സ്ഥിരമായി ഉന്നയിക്കുന്ന ഒരു വാദമാണിത്‌. ഈ വ്യാജവാദത്തിന്റെ പൊള്ളത്തരവും കൺട്രോളർ തുറന്നു കാട്ടുന്നുണ്ട്‌.

അമേരിക്കൻ എഫ്‌ ഡി എ 2006ൽ ബേയറിന്‌ നെക്‌സാവർ ഓർഫൻ ഡ്രഗ്‌ (Orphan Drug) എന്ന നിലയിൽ പ്രത്യേക പരിഗണന നൽകിയാണ്‌ പേറ്റന്റ്‌ നൽകിയത്‌. രണ്ടു ലക്ഷത്തിൽ താഴെ രോഗികൾക്ക്‌ മാത്രം ആവശ്യമായിരുന്ന മരുന്നുകൾക്കാണ്‌ ഓർഫൻ ഡ്രഗ്‌ (അനാഥ മരുന്ന്‌) പരിഗണന ലഭിക്കുക. വളരെ കുറച്ച്‌ രോഗികൾക്ക്‌ മാത്രം ആവശ്യമായി വരുന്ന മരുന്നുകൾ ഗവേഷണം ചെയ്‌ത്‌ മാർക്കറ്റ്‌ ചെയ്യാൻ മരുന്നുകമ്പനികൾക്ക്‌ താല്‌പര്യം ഉണ്ടാകാനിടയില്ലാത്തതുകൊണ്ട്‌ ഓർഫൻ മരുന്നുകളുടെ ഗവേഷണത്തിനായി മരുന്നുകമ്പനികൾക്ക്‌ പ്രോത്സാഹനമെന്ന നിലയിൽ ചില സാമ്പത്തികാനുകൂല്യങ്ങൾ സർക്കാർ നൽകുന്നു. ഇതനുസരിച്ച്‌ നെക്‌സാവർ ഗവേഷണവുമായി ബന്ധപ്പെട്ട നികുതിയിൽ അൻപതു ശതമാനം ഇളവു ബേയറിന്‌ ലഭിച്ചിട്ടുണ്ട്‌. ഇതാവട്ടെ 1994 മുതൽ 2004 വരെയുള്ള പത്തുവർഷകാലയളവിൽ ഔഷധ ഗവേഷണത്തിനായി ബേയർ ചെലവാക്കിയ തുകയ്‌ക്ക്‌ തുല്യമാണുതാനും. മാത്രമല്ല ഔഷധം മാർക്കറ്റ്‌ ചെയ്‌ത്‌ ആദ്യ മൂന്നു വർഷം കൊണ്ടുതന്നെ 120 കോടി രൂപയ്‌ക്കുള്ള മരുന്ന്‌ കമ്പനി വിൽക്കുകയുണ്ടായി. ഇതിനകം തന്നെ ബേയർ ഗവേഷണത്തിനായി മുടക്കിയ തുകയിൽ കൂടുതൽ ലാഭമുണ്ടാക്കിക്കഴിഞ്ഞുവെന്നാണ്‌ ഈ കണക്കുകൾ വ്യക്തമാക്കുന്നത്‌. ഈ സാഹചര്യത്തിൽ ഗവേഷണച്ചെലവിന്റെ ന്യായം പറഞ്ഞ്‌ ഇന്ത്യയിൽ അമിതവില ഈടാക്കി മരുന്ന്‌ വിൽക്കുന്നതിലും വിലകുറഞ്ഞ മരുന്ന്‌ വിൽക്കുന്നവരെ അതിൽ നിന്നും തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതിലും യാതൊരു ന്യായീകരണവുമില്ലെന്ന്‌ കൺട്രോളർ ഉത്തരവിൽ ശക്തമായ ഭാഷയിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.

മൂന്നാമതായി പേറ്റന്റ്‌ നിമയത്തിലെ 84(7) (a) വകുപ്പിൽ നിഷ്‌കർഷിച്ചിട്ടുള്ളതുപോലെ ഇന്ത്യയിൽ തന്നെ ബേയർ മരുന്ന്‌ ഉല്‌പാദിപ്പിക്കുന്നുണ്ടോ (Working of Patent) എന്നതാണ്‌ പരിശോധിക്കപ്പെട്ടത്‌. ബേയർ വിദേശത്ത്‌ നിർമ്മിച്ച മരുന്ന്‌ (Formulations) ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്‌തുവരികയാണെന്നും, ഇത്‌ പേറ്റന്റ്‌ നിയമത്തിന്റെ ലംഘനമാണെന്നും കൺട്രോളർ കണ്ടെത്തി. 2002ലെ പേറ്റന്റ്‌ ഭേദഗതിയിൽ ഈ വകുപ്പ്‌ നീക്കം ചെയ്‌തിരുന്നു എന്ന ബേയറിന്റെ വാദം കൺട്രോളർ തള്ളിക്കളയുകയാണുണ്ടായത്‌.

1971ലെ പേറ്റന്റ്‌ നിയമത്തിന്‌ സർക്കാർ നിർദ്ദേശിച്ച ഭേദഗതികളിൽ നിർബന്ധിത ലൈസൻസിങ്ങ്‌ നൽകുന്നതിനായി വളരെ സങ്കീർണ്ണമായ വ്യവസ്ഥകളാണുണ്ടായിരുന്നത്‌. എന്നാൽ ഇടതുപക്ഷപാർട്ടികളുടെ അവസരോചിതമായ ഇടപെടൽ മൂലം നിലവിലുണ്ടായിരുന്ന വകുപ്പ്‌ നിലനിർത്തുകയാണുണ്ടായത്‌.

ദോഹ വിട്ടുവീഴ്‌ച

ബൗദ്ധികസ്വത്തവകാശ നിയമങ്ങളിലൂടെ വിജ്ഞാനകുത്തക കൈവരിക്കാനാണ്‌ ലോകമുതലാളിത്ത രാജ്യങ്ങൾ ശ്രമിച്ചുവരുന്നത്‌. ഇതിന്റെ ഭാഗമായാണ്‌ ലോകവ്യാപാര സംഘടനയുടെ ചട്ടക്കൂടിൽ ബൗദ്ധികസ്വത്തവകാശ ഉടമ്പടി (ട്രിപ്‌സ്‌) ഉൾപ്പെടുത്തിയിട്ടുള്ളത്‌. ലോകവ്യാപാര സംഘടനയിൽ അംഗങ്ങളായ എല്ലാ രാജ്യങ്ങളും നടപ്പിലാക്കേണ്ട മിനിമം ബൗദ്ധികസ്വത്തവകാശ നിയമങ്ങളാണ്‌ ട്രിപ്‌സിൽ ഉളളത്‌. ഇതിന്റെ ഭാഗമായി ഇന്ത്യൻ പേറ്റന്റ്‌ നിയമത്തിൽ എൻ.ഡി.എ, യു.പി.എ സർക്കാരുകൾ വരുത്തിയ ഭേദഗതികളോടെയാണ്‌ 2005ൽ പുതിയ പേറ്റന്റ്‌നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നത്‌. ട്രിപ്‌സ്‌ നടപ്പിലാക്കാത്ത രാജ്യങ്ങളുടെ മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നാണ്‌ ലോകവ്യാപാര സംഘടന ഭീഷണിപ്പെടുത്തുന്നത്‌.

ട്രിപ്‌സ്‌ നിയമം നടപ്പിലാക്കിയതിനെ തുടർന്ന്‌ നിരവധി വികസ്വരരാജ്യങ്ങളിൽ ജീവൻരക്ഷാ ഔഷധങ്ങളുടെ വില കുതിച്ചുയർന്നു. ഇതേതുടർന്ന്‌ ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങളുടെ സമ്മർദ്ദഫലമായി 2010 നവംബറിൽ ദോഹയിൽ ചേർന്ന ലോകവ്യാപാരസംഘടനയുടെ അഞ്ചാം മന്ത്രിതല സമ്മേളനത്തിൽ ചില വിട്ടുവീഴ്‌ചകൾക്ക്‌ (Doha Flexibilities) അമേരിക്ക തയ്യാറായി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി നിർബന്ധിത ലൈസൻസിങ്‌ വ്യവസ്ഥ നടപ്പിലാക്കാൻ വികസ്വരരാജ്യങ്ങളെ അനുവദിച്ചതാണ്‌ അതിൽ പ്രധാനപ്പെട്ടത്‌. അമിതവില, ഔഷധ ദൗർലഭ്യം, ആവശ്യമുള്ള അളവിൽ മരുന്നുല്‌പാദിപ്പിക്കാൻ കമ്പനികൾക്ക്‌ കഴിയാത്ത അവസ്ഥ തുടങ്ങിയ സാഹചര്യങ്ങളിൽ നിർബന്ധിത ലൈസൻസിങ്ങ്‌ പ്രകാരം പേറ്റന്റ്‌ എടുക്കാത്ത മറ്റു കമ്പനികൾക്ക്‌ മരുന്നുല്‌പാദിപ്പിക്കാനുള്ള അവകാശം പേറ്റന്റ്‌ ഓഫീസിനു നൽകാനാവും.

സാർവ്വലൗകിക പേറ്റന്റിലേക്ക്‌

ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും ഔഷധവില കുറക്കുന്നതിനായി നിർബന്ധിത ലൈസൻസിങ്ങ്‌ നടപ്പിലാക്കിത്തുടങ്ങിയത്‌ അമേരിക്കയെ അങ്കലാപ്പിലാക്കിയിരിക്കയാണ്‌. ദോഹയിൽ വികസ്വരരാജ്യങ്ങൾക്ക്‌ അനുവദിച്ച നിർബന്ധിത ലൈസൻസിങ്ങ്‌ പോലുള്ള ആനുകൂല്യങ്ങൾ അവസാനിപ്പിക്കാനുള്ള നീക്കം അമേരിക്ക ആരംഭിച്ചു കഴിഞ്ഞു. നിർബന്ധിത ലൈസൻസിങ്ങ്‌ നൽകിക്കൊണ്ട്‌ പേറ്റന്റ്‌ കൺട്രോളർ പുറപ്പെടുവിച്ച ഉത്തരവിനെതിരെ അടുത്തയിടെ ഇന്ത്യ സന്ദർശിച്ച അമേരിക്കൻ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലാരി ക്ലിന്റൺ രംഗത്തെത്തിയത്‌ ഇന്ത്യൻ സർക്കാരിനു മേൽ സമ്മർദ്ദം ചെലുത്തുന്നതിനായിരുന്നു. ഇന്ത്യയിലെ അമേരിക്കൻ സാമ്പത്തിക താല്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനായി മുൻകൂട്ടി വിശദമായി തയ്യാറാക്കിയ അജണ്ടകളോടെയാണ്‌ നാല്‌പതംഗസംഘത്തോടൊപ്പം അവർ ഇന്ത്യയിലെത്തിയത്‌. തിരികെ പോകുന്നതിനു മുമ്പായി ഇന്ത്യ കൂടുതൽ കർശനമായ ബൗദ്ധികസ്വത്തവകാശനിയമങ്ങൾ നടപ്പിലാക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌ ഹിലാരിയുടെ സന്ദർശനത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു ദൗത്യത്തിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌.

ഐക്യരാഷ്‌ട്രസംഘനയുടെ കീഴിലുള്ള ബൗദ്ധികസ്വത്തവകാശങ്ങളെ സംബന്ധിച്ച നിയമങ്ങളുടെ മാനകീകരണത്തിനും ഏകീകരണത്തിനുമായി ലോകരാജ്യങ്ങൾക്ക്‌ ഉപദേശം നൽകുന്ന ലോക ബൗദ്ധികസ്വത്തവകാശ സംഘടനയിൽ (World Intellectual Property Organisation - WIPO) ഇടപെട്ട്‌ കൂടുതൽ കർശനമായ പേറ്റന്റ്‌ നിയമങ്ങൾക്ക്‌ രൂപം നൽകി ലോകവ്യാപാര സംഘടനയിൽ അവതരിപ്പിച്ച്‌ അംഗീകാരം നേടാനാണ്‌ അമേരിക്കയുടെ നീക്കം. ആത്യന്തികമായി വികസിതരാജ്യങ്ങളിലെ മരുന്നുകമ്പനികളുടെയും മറ്റും സാമ്പത്തിക താല്‌പര്യം സംരക്ഷിക്കുന്നതിന്‌ സഹായകമായതും വികസ്വരരാജ്യങ്ങൾക്ക്‌ യാതൊരു ആനുകൂല്യങ്ങളും അനുവദിക്കാത്തതുമായ സാർവ്വലൗകിക പേറ്റന്റ്‌ (Universal Patent System) വ്യവസ്ഥക്കായാണ്‌ അമേരിക്ക ശ്രമിക്കുന്നത്‌. ഇതിനെതിരെ ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ വിപ്പോയിൽ പ്രതിരോധം ഉയർത്തിയിട്ടുണ്ട്‌. ലോകവ്യാപാര സംഘടനയുടെ നിബന്ധനകളേക്കാളുപരി വികസിത മുതലാളിത്തരാജ്യങ്ങളുടെ വാണിജ്യതാല്‌പര്യങ്ങൾ സംരക്ഷിക്കാനുതകുന്ന ബൗദ്ധികസ്വത്തവകാശനിയമങ്ങളടക്കമുള്ള നിബന്ധനകളുമായി സ്വതന്ത്രവ്യാപാരക്കരാറുകൾ (Free Trade Agreement) ഉണ്ടാക്കലാണ്‌ അമേരിക്കയും മറ്റും സ്വീകരിച്ചുവരുന്ന മറ്റൊരു തന്ത്രം. ലോകവ്യാപാരസംഘടനയുടെ വ്യവസ്ഥകൾ എല്ലാ അംഗരാജ്യങ്ങളും പിന്തുടരേണ്ടതാണെന്ന അന്താരാഷ്‌ട്ര ധാരണയുടെ നഗ്നമായ ലംഘനം കൂടിയാണ്‌ സ്വതന്ത്ര വ്യാപാരക്കരാറുകൾ.

വ്യാജ വാണിജ്യ വിഭവക്കരാർ: മറ്റൊരു മുതലാളിത്ത തന്ത്രം

ഒരു ഭാഗത്ത്‌ ലോകവ്യാപാരസംഘടനയിലൂടെയും മറുഭാഗത്ത്‌ അതിലൂടെ കൈവരിക്കാനാവാത്ത വാണിജ്യതാല്‌പര്യങ്ങൾ മറ്റ്‌ മാർഗ്ഗങ്ങളിലൂടെയും നേടിയെടുക്കാനായി മുതലാളിത്ത രാജ്യങ്ങൾ നടത്തിവരുന്ന കുതന്ത്രങ്ങളുടെ ഭാഗമായി വ്യാജ വാണിജ്യ വിഭവ കരാർ (Anti Counterfeit Trade Agreement) എന്ന അന്താരാഷ്‌ട്രനിയമം നടപ്പിലാക്കാൻ അമേരിക്കയും യൂറോപ്യൻ യൂണിയനും മറ്റും ചേർന്ന്‌ ശ്രമം ആരംഭിച്ചിരിക്കയാണ്‌. വാണിജ്യ ഇടപാടുകളിൽ ട്രിപ്‌സിനേക്കാൾ കർശന വ്യവസ്ഥകളാണ്‌ ആക്‌ടായിൽ (ACTA) ഉൾക്കൊള്ളിച്ചിട്ടുള്ളത്‌. ഇന്ത്യയും മറ്റും വിദേശരാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യുന്ന വിലകുറഞ്ഞ ജനറിക്‌ ഔഷധങ്ങളെ വ്യാജമരുന്നുകളെന്ന വകുപ്പിൽപ്പെടുത്തി ഇറക്കുമതി രാജ്യങ്ങൾക്കും മരുന്ന്‌ കൊണ്ടുപോകുംവഴി ഇടക്ക്‌ തങ്ങേണ്ടിവരുന്ന രാജ്യങ്ങൾക്കും പിടിച്ചുവയ്‌ക്കാനും നശിപ്പിക്കാനും ഈ നിയമം അധികാരം നൽകുന്നു. ജനിതകഘടന പേറ്റന്റ്‌ ചെയ്‌തുവെന്നവകാശപ്പെടുന്ന കമ്പനികൾ പരാതിപ്പെട്ടാൽ ജനിതകമരുന്നുകൾ മാർക്കറ്റ്‌ ചെയ്യുന്നതിൽ നിന്നും ഉല്‌പാദകരെ വിലക്കാനുള്ള വകുപ്പുകളും ആക്‌ടായിലുണ്ട്‌. ഉല്‌പാദകരുടെ വിശദീകരണത്തിനായി കാത്തുനിൽക്കാതെ തന്നെ നടപടികൾ സ്വീകരിക്കാൻ കരാർ അധികാരം നൽകുന്നുണ്ട്‌. അതേയവസരത്തിൽ വ്യാജ ഉല്‌പന്നങ്ങൾക്ക്‌ വ്യക്തമായ നിർവ്വചനം പോലും ആക്‌ടായിലില്ലെന്നതാണ്‌ വാസ്‌തവം. മരുന്നുകൾ മാത്രമല്ല, ജനിതകവിളകളും ഇന്റർനെറ്റിലൂടെയും സാമൂഹിക ശൃംഖലകളിലൂടെയും ഉള്ള ആശയവിവരവിനിമയവും ആക്‌ടായുടെ പരിധിയിൽ വരും. ഇന്റർനെറ്റിൽ നിന്നും വിവരങ്ങൾ ഡൗൺലോഡ്‌ ചെയ്യുന്നത്‌ തടയാനും തങ്ങൾക്കിഷ്‌ടമില്ലാത്ത വിവരങ്ങൾ നീക്കം ചെയ്യാനും ഇന്റർനെറ്റ്‌ ബന്ധം വിച്ഛേദിക്കാനും ഇന്റർനെറ്റ്‌ സേവനദാതാക്കൾക്ക്‌ ആക്‌ട അനുമതി നൽകുന്നുണ്ട്‌. ഇന്റർനെറ്റിന്റെ മുഖ്യശക്തിയായ വിജ്ഞാനത്തിന്റെ സ്വതന്ത്രമായ വിനിമയത്തിന്‌ ഇതൊരു കനത്ത തിരിച്ചടിയാവാൻ പോവുകയാണ്‌. 1999ൽ സമാധാനത്തിനുള്ള നോബൽസമ്മാനം ലഭിച്ച ജനകീയാരോഗ്യപ്രവർത്തകരുടെ കൂട്ടായ്‌മയായ മെഡിസിൻസ്‌ സാൻസ്‌ ഫ്രോന്റിയേഴ്‌സ്‌, മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന `ആവാസ്‌' തുടങ്ങിയ അന്താരാഷ്‌ട്ര സംഘടനകളും ഇന്ത്യയിലെ ജനകീയാരോഗ്യപ്രസ്ഥാനമായ ജനസ്വാസ്ഥ്യ അഭിയാനും സ്വതന്ത്രസോഫ്‌റ്റ്‌വെയർ പ്രസ്ഥാനങ്ങളും ആക്‌ടക്കെതിരെ പ്രതിരോധമുയർത്തി പ്രചാരണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്‌.

നിർബന്ധിത ലൈസൻസിങ്ങ്‌ നിഷ്‌ക്രിയമാക്കാൻ വിവരകുത്തക നിയമം

നിർബന്ധിത ലൈസൻസിങ്ങിനെ നിഷ്‌ക്രിയമാക്കാനായി വിവരകുത്തകനിയമം (Data Exclusivity) നടപ്പിലാക്കണമെന്നും ഹിലാരി ആവശ്യപ്പെട്ടിരുന്നു. പേറ്റന്റ്‌ നൽകുന്ന അഞ്ചുവർഷത്തേക്ക്‌ ഔഷധപരീക്ഷണവിവരങ്ങൾ പുറത്തുവിടുന്നത്‌ തടയുന്നതിനുള്ള വിവരകുത്തകനിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനായി അമേരിക്ക വികസ്വരരാജ്യങ്ങളുടെമേൽ നടത്തിവരുന്ന സമ്മർദ്ദത്തിന്റെ ഭാഗമായാണ്‌ ഹിലാരി ഇക്കാര്യം സൂചിപ്പിച്ചത്‌. ഇത്തരത്തിലൊരു നിയമം പ്രാബല്യത്തിൽ വന്നാൽ പേറ്റന്റ്‌ നൽകിക്കഴിഞ്ഞ്‌ അഞ്ചുവർഷത്തേക്ക്‌ ഔഷധവില നിയന്ത്രിച്ചുനിർത്താനായി നിർബന്ധിത ലൈസൻസിങ്ങ്‌ വ്യവസ്ഥ നടപ്പിലാക്കാൻ കഴിയാതെ വരും. കാരണം, ഔഷധപരീക്ഷണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ വിലകുറഞ്ഞ മരുന്നുല്‌പാദിപ്പിക്കാൻ ശ്രമിക്കുന്ന കമ്പനി പുതിയ പരീക്ഷണങ്ങൾ നടത്തി വിവരങ്ങൾ ശേഖരിക്കേണ്ടിവരും. ഇതിനുള്ള ചെലവും കാലതാമസവും മൂലം നിർബന്ധിത ലൈസൻസിങ്ങിന്‌ അപേക്ഷിക്കാൻ മറ്റു കമ്പനികൾ തയ്യാറാവാതെ വരും.

2005 മുതൽ നടപ്പിലാക്കിതുടങ്ങിയ പുതിയ പേറ്റന്റ്‌നിയമത്തിൽ ഇടതുപക്ഷ പാർലമെന്റംഗങ്ങളുടെ ഇടപെടലിന്റെ ഫലമായി ഉൾപ്പെടുത്തിയ ഉദാരമായ നിർബന്ധിത ലൈസൻസിങ്ങ്‌, അനാവശ്യപേറ്റന്റ്‌ തടയുന്നതിനുള്ള വകുപ്പ്‌ ഇവയെല്ലാം അട്ടിമറിക്കുന്നതിനുള്ള അമേരിക്കൻ നീക്കമാണ്‌ കർശനമായ ബൗദ്ധികസ്വത്തവകാശനിയമം നടപ്പിലാക്കണമെന്ന്‌ ഹിലാരി ആവശ്യപ്പെടുന്നതിന്റെ പിന്നിലുള്ളതെന്ന്‌ വ്യക്തമാണ്‌. സാമ്പത്തിക രാഷ്‌ട്രീയ നയങ്ങളിൽ അമേരിക്കൻ സർക്കാരിന്‌ ദാസ്യവേല ചെയ്‌തുകൊണ്ടിരിക്കുന്ന ഇന്ത്യാഗവൺമെന്റ്‌ ഇക്കാര്യത്തിലും അവർക്ക്‌ കീഴടങ്ങാനാണ്‌ സാധ്യത. അതോടെ ഔഷധവില കുതിച്ചുയരും. ജനജീവിതം കൂടുതൽ ദുസ്സഹമാകും.

നൊവാർട്ടിസ്‌ കേസിൽ സർക്കാർ പിന്നോട്ടുപോകുമോ?

സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതും ഇന്ത്യൻ ഔഷധവ്യവസായത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനിടയുള്ളതുമായ ഒരു കേസിൽ അമേരിക്കയ്‌ക്ക്‌ താല്‌പര്യമുണ്ട്‌. പഴയമരുന്നുകളുടെ രാസഘടനയിൽ നേരിയ മാറ്റംവരുത്തി ചികിത്സാക്ഷമത കൂടുതലെന്നവകാശപ്പെട്ടുകൊണ്ടും പഴയമരുന്നുകൾക്ക്‌ പുതിയ ഉപയോഗമുണ്ടെന്ന്‌ അവകാശപ്പെട്ടുകൊണ്ടും പുതിയ പേറ്റന്റ്‌ നേടാൻ മരുന്നുകമ്പനികൾ ശ്രമിക്കാറുണ്ട്‌. പേറ്റന്റ്‌ കാലാവധിക്കുശേഷം മരുന്നിന്റെമേലുള്ള തങ്ങളുടെ നിയന്ത്രണം തുടരുന്നതിനും വിലകുറഞ്ഞ ജനറിക്‌ മരുന്നകൾ മറ്റുകമ്പനികൾ ഉല്‌പാദിപ്പിക്കുന്നത്‌ തടഞ്ഞ്‌ വിലകൂടിയ തങ്ങളുടെ മരുന്നുകൾ തുടർന്നും വിൽക്കുന്നതിനുമായാണ്‌ ഇങ്ങനെ അവകാശവാദം ഉന്നയിക്കുന്നത്‌. ഇതിനെ നിത്യഹരിത പേറ്റന്റ്‌ (Greening of patent), സുസ്ഥിര പേറ്റന്റ്‌ (Perpetual Patent) എന്നൊക്കെയാണ്‌ വിളിക്കാറുള്ളത്‌. കേന്ദ്രസർക്കാർ പേറ്റന്റ്‌ ഭേദഗതിക്കായി പാർലമെന്റിൽ അവതരിപ്പിച്ച നിയമത്തിൽ ഇത്തരത്തിലുള്ള അവകാശവാദങ്ങൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരുന്നു. ഇടതുപാർട്ടികളുടെ എതിർപ്പിനെ തുടർന്ന്‌ സർക്കാർ ആദ്യം കൊണ്ടുവന്ന നിയമത്തിൽ മാറ്റം വരുത്തുകയും ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ച്‌ പേറ്റന്റെടുക്കുന്നത്‌ തടയുന്നതിനായി 3(d) എന്നൊരു പുതിയ വകുപ്പ്‌ എഴുതിച്ചേർക്കുകയും ചെയ്‌തു. ഈ വകുപ്പ്‌ ട്രിപ്‌സ്‌ നിയമങ്ങൾക്കെതിരാണെന്ന്‌ അവകാശപ്പെട്ട്‌ നൊവാർട്ടിസ്‌ എന്ന സ്വിസ്സ്‌ കമ്പനി കേസ്‌ ഫയൽ ചെയ്‌തിരിക്കയാണ്‌.

ക്രോണിക്‌ മയലോയിഡ്‌ ലുക്കീമിയ (Chronic Myeloid Leukemia) എന്ന രക്താർബുദത്തിന്റെ ചികിത്സക്കായി ഇമാറ്റിനിബ്‌ മെസിലേറ്റ്‌ (Imatinib Mesylate) എന്ന അടിസ്ഥാന രാസവസ്‌തു ഉപയോഗിച്ച്‌ നൊവാർട്ടിസ്‌ നിർമ്മിക്കുന്ന മരുന്നാണ്‌ ഗ്ലീവക്ക്‌ (Glevac). നൊവാർട്ടിസിനു പുറമെ ഇന്ത്യൻകമ്പനികളായ നാറ്റ്‌കോ, സിപ്ല, ഹെട്ടറോ എന്നീ കമ്പനികളും ഇമാറ്റിനിബ്‌ മെസിലേറ്റ്‌ വിലകുറഞ്ഞ ജനറിക്‌ ഔഷധമായി വിറ്റുവരുന്നുണ്ട്‌. ഇന്ത്യൻ കമ്പനിയുടെ മരുന്നിന്റെ പത്തിരട്ടി വിലക്കാണ്‌ നൊവാർട്ടിസ്‌ തങ്ങളുടെ ബ്രാൻഡ്‌ മരുന്ന്‌ വിൽക്കുന്നത്‌. തങ്ങൾ ഉല്‌പാദിപ്പിക്കുന്ന ഗ്ലിവക്ക്‌ പുതിയ മരുന്നാണെന്ന്‌ അവകാശപ്പെട്ട്‌ നൊവാർട്ടിസ്‌ ചെന്നൈയിലെ പേറ്റന്റ്‌ ഓഫീസിൽ പേറ്റന്റിനായി അപേക്ഷിച്ചു. തങ്ങളുടെ ഉല്‌പന്നം കൂടുതൽ ചികിത്സാക്ഷമതയുള്ള ഇമാറ്റിനിബ്‌ മെസിലേറ്റിന്റെ ബീറ്റാ ക്രിസ്റ്റൽ ഫോമിലുള്ളതാണെന്നും മറ്റ്‌ കമ്പനികളുടേത്‌ ചികിത്സാക്ഷമത കുറഞ്ഞ ഫ്രീ ബേസ്‌ ഫോമിലുള്ളതാണെന്നും, തങ്ങളുടെ മരുന്നിന്റെ ജൈവലഭ്യത കൂടുതലാണെന്നും അവർ അവകാശപ്പെട്ടിരുന്നു. എന്നാൽ പേറ്റന്റ്‌ കൺട്രോളർ, പേറ്റന്റ്‌ നിയമത്തിലെ 3(d) വകുപ്പ്‌ പ്രയോഗിച്ച്‌ നൊവാർട്ടിസിന്റെ അപേക്ഷ തള്ളിക്കളയുകയാണുണ്ടായത്‌. തുടർന്നാണ്‌ നൊവാർട്ടിസ്‌ 3(d) വകുപ്പ്‌ റദ്ദാക്കണമെന്ന ആവശ്യവുമായി ആദ്യം ചെന്നൈ ഹൈക്കോടതിയെ സമീപിച്ചത്‌. ചെന്നൈ ഹൈക്കോടതി നൊവാർട്ടിസിന്റെ വാദം അംഗീകരിക്കാത്തതിനെ തുടർന്ന്‌ സുപ്രീംകോടതിയിൽ അപ്പീൽ കൊടുത്തിരിക്കയാണ്‌. സുപ്രീംകോടതിയിൽ കേസ്‌ പരിഗണിക്കാനിരുന്ന ജഡ്‌ജുമായി നൊവാർട്ടിസിനു ബന്ധമുണ്ടെന്ന്‌ ജനകീയാരോഗ്യ സംഘടനകൾ ചീഫ്‌ ജസ്റ്റിസിനെ അറിയിച്ചതിനെതുടർന്ന്‌ അദ്ദേഹം ചുമതലയിൽ നിന്നും ഒഴിഞ്ഞു. മറ്റൊരു ബെഞ്ചിലേക്ക്‌ കേസ്‌ മാറ്റിയിരിക്കയാണ്‌. ഈ കേസിൽ നൊവാർട്ടിസിന്‌ അനുകൂലമായി വിധിവന്നാൽ നിരവധി നിരർത്ഥക പേറ്റന്റുകളുടെ പ്രളയം തന്നെ ഉണ്ടാകും. സുപ്രീംകോടതി ജനങ്ങൾക്കനുകൂലമായ വിധി പ്രസ്‌താവിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനകീയാരോഗ്യപ്രവർത്തകർ. എന്നാൽ ഹിലാരിയുടെ സമ്മർദ്ദത്തിന്‌ വഴങ്ങി സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ നൊവാർട്ടിസിനെതിരെ ശക്തമായ നിലപാടു സ്വീകരിക്കാതിരിക്കാൻ സാധ്യതയുണ്ട്‌.

ഔഷധവിലനിയന്ത്രണവും കമ്പോളശക്തികൾക്ക്‌

നിർബന്ധിത ലൈസൻസിങ്ങ്‌ വഴി ഔഷധവില കുറയ്‌ക്കാനാവുമെന്ന പ്രതീക്ഷയ്‌ക്ക്‌ വലിയ തിരിച്ചടി നിൽകിക്കൊണ്ട്‌ പുതിയ ഔഷധവില നിശ്ചയിക്കൽ നിയമവും കേന്ദ്രസർക്കാർ നടപ്പിലാക്കാൻ പോവുകയാണ്‌. ജീവൻരക്ഷാ ഔഷധങ്ങളുടെ വിലയും ബഹുരാഷ്‌ട്രകുത്തക കമ്പനികളുടെ സാമ്പത്തിക താല്‌പര്യം സംരക്ഷിച്ചുകൊണ്ട്‌ പെട്രോളിയം ഉല്‌പന്നങ്ങളുടെ കാര്യത്തിലെന്നപോലെ കമ്പോളശക്തികൾക്ക്‌ വിട്ടുകൊടുക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നതായാണ്‌ പുതിയ ഔഷധവില നിശ്ചയിക്കൽ നയരേഖ (National Pharmaceuticals Pricing Policy, 2011) വ്യക്തമാക്കുന്നത്‌. ഔഷധങ്ങളുടെ ഉല്‌പാദനചെലവിന്റെ അടിസ്ഥാനത്തിൽ ഒരു നിശ്ചിത അനുപാതത്തിൽ ലാഭമെടുത്ത്‌ വില നിശ്ചയിക്കുന്നതിനാണ്‌ ഇതുവരെ കമ്പനികളെ അനുവദിച്ചിരുന്നത്‌. ഇതിനെ ചെലവടിസ്ഥാന വിലനിശ്ചയിക്കൽ (Cost Based Pricing)എന്നും വിശേഷിപ്പിച്ചിരുന്നു. എന്നാലിപ്പോൾ ഈ നയം മാറ്റി അതിന്റെ സ്ഥാനത്ത്‌ പെട്രോളിയം ഉല്‌പന്നങ്ങളുടെ കാര്യത്തിൽ ചെയ്‌തതുപോലെ കമ്പോളാടിസ്ഥാന വിലനിശ്ചയിക്കൽ നയം (Market Based Pricing) നടപ്പിലാക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. അതായത്‌ വില നിയന്ത്രിക്കാൻ തീരുമാനിക്കുന്ന മരുന്നുകളിൽ മാർക്കറ്റിൽ ഏറ്റവുമധികം വിറ്റുവരുന്ന മൂന്നു മരുന്നുകളുടെ വില ഏറ്റവും ഉയർന്ന വിലയായി നിശ്ചയിച്ച്‌ (Ceiling Price) ആ വിലയ്‌ക്കോ അതിൽ താഴ്‌ന്നവിലയ്‌ക്കോ മരുന്നുകൾ വിൽക്കാൻ മറ്റു കമ്പനികളെ അനുവദിക്കാനാണ്‌ പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്‌തിട്ടുള്ളത്‌. രണ്ടുവർഷം കൂടുമ്പോൾ സീലിങ്ങ്‌ വില പുതുക്കുമെന്നും വ്യവസ്ഥചെയ്‌തിരിക്കുന്നു.

ഡോക്‌ടർമാരെയും ഔഷധവ്യാപാരികളെയും സ്വാധീനിക്കുന്നതിനുള്ള പലതരത്തിലുള്ള ഔഷധപ്രചാരണതന്ത്രങ്ങൾ പിന്തുടരുന്നതുമൂലം വൻകിട കുത്തകകമ്പനികൾ വിറ്റുവരുന്ന മരുന്നുകളായിരിക്കും മിക്കപ്പോഴും ഏറ്റവും പ്രചാരത്തിലുള്ളവ. ഇവയുടെ വില മാർക്കറ്റിലുളള മറ്റു മരുന്നുകളെക്കാൾ എപ്പോഴും ഏറ്റവും ഉയർന്നതുമായിരിക്കും. ചില ഉദാഹരണങ്ങൾ നോക്കുക. എയ്‌ഡ്‌സിനുള്ള സിഡുവിഡിൻ എന്ന ഇന്ത്യൻ കമ്പനി മരുന്നിന്റെ വില ഒരു ഗുളികയ്‌ക്ക്‌ 7 രൂപ 70 പൈസയാണെങ്കിൽ വിദേശകമ്പനിയുടേതിന്റെ വില 20 രൂപ 40 പൈസയാണ്‌. അതുപോലെ സ്‌തനാർബുദത്തിനുള്ള റ്റമോക്‌സിഫിന്റെ വില യഥാക്രമം 2 രൂപ 90 പൈസയും 19 രൂപ 30 പൈസയുമാണ്‌. മൊത്തം വരുമാനത്തിന്റെ നാല്‌പതുശതമാനത്തോളമാണ്‌ മരുന്നുകമ്പനികൾ ഔഷധപ്രചാരണത്തിനായി ചെലവിട്ടുവരുന്നത്‌. ഇന്ത്യയിലെ 50 വൻകിട മരുന്നുകമ്പനികൾ ഒരു ഡോക്‌ടർക്കായി ശരാശരി ഒരു ലക്ഷത്തിഅൻപതിനായിരം രൂപ ചെലവിട്ടുവരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്‌. ചുരുക്കത്തിൽ പുതിയ ഔഷധനിയമം നടപ്പിലാക്കുന്നതോടെ പെട്രോളിയം ഉല്‌പന്നങ്ങളുടെ കാര്യത്തിൽ സംഭവിച്ചതുപോലെ ജീവൻരക്ഷാ ഔഷധങ്ങളുടെ വില ഇനിയും വർധിക്കും.

അശാസ്‌ത്രീയ ഔഷധ ചേരുവകൾ

ഔഷധവിലവർധനവിനായി മറ്റു ചില തന്ത്രങ്ങളും മരുന്നു കമ്പനികൾ പ്രയോഗിക്കുന്നുണ്ട്‌. വില നിയന്ത്രണത്തിന്റെ പരിധിയിൽ വരുന്ന മരുന്നുകൾ ഏകമാത്ര (Single Ingredient) മരുന്നുകളായതുകൊണ്ട്‌ അവയോട്‌ ചികിത്സാപരമായി യാതൊരു നീതീകരണവുമില്ലാത്ത മരുന്നുകൾ കൂട്ടിച്ചേർത്ത്‌ വിലകൂട്ടി ഔഷധച്ചേരുവകളുടെ (Combination Drugs) രൂപത്തിൽ മാർക്കറ്റ്‌ ചെയ്‌ത്‌ ലാഭം വർധിപ്പിക്കാനാണ്‌ മരുന്നുകമ്പനികൾ ശ്രമിക്കുന്നത്‌. ഏതാണ്ട്‌ മുന്നൂറോളം അശാസ്‌ത്രീയ ഔഷധച്ചേരുവകളാണ്‌ ഇന്ത്യൻ മാർക്കറ്റിൽ വിറ്റുവരുന്നത്‌. വൈദ്യശാസ്‌ത്രപരമായി നീതീകരണമില്ലാത്ത ഔഷധച്ചേരുവകൾ ഉടൻ തന്നെ നിരോധിക്കേണ്ടതാണ്‌.

ജൈവ ഔഷധങ്ങൾക്ക്‌ അമിതവില

ജനിതകസാങ്കേതിക വിപ്ലവം കൂടുതൽ ചികിത്സാക്ഷമതയുള്ള ഔഷധങ്ങളുടെ ഉല്‌പാദനസാധ്യത ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്‌. ഗവേഷണച്ചെലവ്‌ കിഴിച്ചാൽ രാസഔഷധങ്ങളെപ്പോലെ ജനിതക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിർമ്മിക്കുന്ന മരുന്നുകൾ പിന്നീട്‌ വൻതോതിൽ ഉല്‌പാദിപ്പിക്കാൻ വലിയ ചെലവ്‌ വേണ്ടിവരില്ല. എന്നാൽ മരുന്നുകമ്പനികൾ ഈ സാധ്യത പ്രയോജനപ്പെടുത്തി നവീന ഔഷധങ്ങൾ വിലകുറച്ച്‌ ജനങ്ങൾക്ക്‌ ലഭ്യമാക്കാൻ ശ്രമിക്കാറില്ല. ജനിതക ഔഷധങ്ങളെല്ലാം വൻവില ഈടാക്കിയാണ്‌ മരുന്നുകമ്പനികൾ മാർക്കറ്റ്‌ ചെയ്‌തുവരുന്നത്‌. നവീന ഔഷധങ്ങളിൽ കൂടുതലും ജൈവസാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ നിർമ്മിക്കുന്നവയാണ്‌. പ്രാരംഭ ഗവേഷണത്തിനായുള്ള ചെലവു കഴിച്ചാൽ ഔഷധ ഉല്‌പാദനത്തിനുള്ള ചെലവ്‌ രാസ ഔഷധങ്ങളേക്കാൾ ജൈവ ഔഷധങ്ങൾക്ക്‌ (Biomedicines) കുറവാണെന്ന സത്യം മറച്ചുവെച്ച്‌ അതിഭീമമായ വിലയ്‌ക്കാണ്‌ ഇവ വിറ്റുവരുന്നത്‌ (പട്ടിക രണ്ട്‌). ഔഷധവില നിയന്ത്രണത്തിന്റെയും ഡ്രഗ്‌സ്‌ ആന്റ്‌ കോസ്‌മെറ്റിക്ക്‌ ആക്‌ടിന്റെയും പരിധിയിൽനിന്നും ജൈവമരുന്നുകളെ യാതൊരു നീതീകരണവുമില്ലാതെ ഒഴിവാക്കിയിരിക്കയുമാണ്‌. വരുംകാലങ്ങളിൽ ജൈവ ഔഷധങ്ങളാവും കൂടുതലായി ഉല്‌പാദിപ്പിക്കെപ്പടുക. ജൈവഔഷധങ്ങളുടെ വില നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കി വിലനിയന്ത്രണത്തിന്റെ പരിധിയിൽ കൊണ്ടുവരേണ്ടതാണ്‌.

പട്ടിക രണ്ട്‌

ജൈവ ഔഷധങ്ങൾ ഉപയോഗിക്കുമ്പോഴുള്ള ചികിത്സാചെലവ്‌

ഔഷധം കമ്പനി രോഗം ചികിത്സാചെലവ്
അബ്സിക് സിമാവ്
Abciximab
എലി ലില്ലി
Eli Lilly
ഹൃദ്രോഗം
Angina
39,480 രൂപ ഒരു ദിവസത്തേയ്ക്ക്
എപ്പോയിറ്റിൻ ആൽഫാ
Epoeitinalpha
വിപ്പോക്സ് /വോക്ക് ഹാർഡ്റ്റ്
Wepox/Wockhardt
വിളർച്ച
Anaemia
10,200രൂപ എട്ടാഴ്ചത്തേക്ക്
ഇന്റർഫെറോൺ ആൽഫാ 2എ
Interferone alpha 2a
റോഫറാൻ നിക്കോലാസ് പിരമൽ
Roferan/Nicholas Piramal
ലുക്കീമിയ 1,06,158/3,18,474 രൂപ 6-18 മാസത്തെ ചികിത്സയ്ക്ക്
എറ്റാനെർസെപ്റ്റ്
Etanercept
എൻബ്രൽ /വൈത്ത്
Enbrel
സന്ധി നീര്
Arthritis
18131 രൂപ ഒരാഴ്ചത്തെ ചികിത്സയ്ക്ക്

ഔഷധപരീക്ഷണം:പരീക്ഷണ മൃഗങ്ങളാക്കപ്പെടുന്ന ഇന്ത്യൻ ജനത

ഇന്ത്യൻ ജനതയുടെ മേൽ നടക്കുന്ന അനധികൃത ഔഷധപരീക്ഷണങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീംകോടതി അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവ്‌ വ്യാപകമായി ചർച്ചചെയ്യപ്പെട്ടുവരികയാണ്‌. മധ്യപ്രദേശിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അനധികൃത മരുന്നുപരീക്ഷണം നടക്കുന്നതായി ചൂണ്ടിക്കാട്ടി ``സ്വാസ്ഥ്യ അധികാർ മഞ്ച്‌ എന്ന സന്നദ്ധസംഘടന സമർപ്പിച്ച പൊതുതാല്‌പര്യ ഹർജി പരിഗണിച്ചുകൊണ്ട്‌ സുപ്രീംകോടതി കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ ഇക്കാര്യത്തിലുള്ള നിരുത്തരവാദിത്തത്തെ രൂക്ഷമായി വിമർശിച്ചു. ബഹുരാഷ്‌ട്ര മരുന്നുകമ്പനികൾ മനുഷ്യരെ ഗിനിപ്പന്നികളെപ്പോലെയാണ്‌ കൈകാര്യം ചെയ്യുന്നതെന്ന്‌ ജസ്റ്റിസുമാരായ ആർ.എം.ലോധ, അനിൽ.ആർ.ദവെ എന്നിവരുൾപ്പെട്ട ബെഞ്ച്‌ അഭിപ്രായപ്പെട്ടു. ഭോപ്പാൽ മെമ്മോറിയൽ ഹോസ്‌പിറ്റൽ ആന്റ്‌ റിസർച്ച്‌ സെന്ററിൽ ഭോപ്പാൽ ദുരന്തത്തെ (കൂട്ടക്കൊല) തുടർന്ന്‌ വിഷവാതകം ശ്വസിച്ച്‌ രോഗബാധിതരായവരിൽ കഴിഞ്ഞ വർഷം അനധികൃത മരുന്നു പരീക്ഷണം നടത്തിയതായി സി.എൻ.എൻ-ഐ.ബി.എൻ ചാനൽ റിപ്പോർട്ടു ചെയ്‌തിരുന്നു. മധ്യപ്രദേശിലും മറ്റു ചില സംസ്ഥാനങ്ങളിലും ആദിവാസികളിലും ദളിതരിലും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഔഷധങ്ങളും ഗർഭപാത്ര കാൻസറിനുള്ള വാക്‌സിനുകളും പരീക്ഷിച്ചുവരുന്നതായി ജനകീയാരോഗ്യ പ്രവർത്തകർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം ഉൾപ്പെടുത്തി നൽകിയ പൊതുതാല്‌പര്യ ഹർജി പരിഗണിച്ചുകൊണ്ടാണ്‌ സുപ്രീംകോടതി ഇപ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക്‌ വിശദീകരണ നോട്ടീസ്‌ നൽകിയിട്ടുള്ളത്‌.

ഔഷധപരീക്ഷണങ്ങൾ നടത്തുന്നതു സംബന്ധിച്ച്‌ ഇന്ത്യയിൽ കർശനമായ നിയമങ്ങൾ നിലവിലുണ്ട്‌. ഔഷധപരീക്ഷണം സംബന്ധിച്ച്‌ എല്ലാ വിവരങ്ങളും നൽകി ഇന്ത്യൻ മെഡിക്കൽ റിസർച്ച്‌ കൗൺസിലിന്റെ കീഴിലുള്ള ക്ലിനിക്കൽ ട്രയൽസ്‌ റജിസ്‌ട്രിയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക്‌ മാത്രമേ ഔഷധ പരീക്ഷണം നടത്താൻ അവകാശമുള്ളൂ. ഇതനുസരിക്കാതെ നടത്തുന്ന ഔഷധപരീക്ഷണങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ലേഖനങ്ങൾ വൈദ്യശാസ്‌ത്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കാനും പാടില്ല. 2006 മുതൽ ഇന്ത്യൻ മെഡിക്കൽ റിസർച്ച്‌ കൗൺസിൽ മനുഷ്യശരീരത്തിൽ നടത്തുന്ന ഔഷധ പരീക്ഷണങ്ങളിൽ പിന്തുടരേണ്ട നിർദ്ദേശകതത്വങ്ങളും മാനദണ്ഡങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഇതിനുപുറമേ ഔഷധപരീക്ഷണം നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങൾ നിയമ-ആരോഗ്യ വിദഗ്‌ധരെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന എത്തിക്‌സ്‌ കമ്മറ്റി അംഗീകാരം നൽകുന്ന ഔഷധപരീക്ഷണങ്ങൾ മാത്രമെ നടത്താവൂ എന്നും നിബന്ധനയുണ്ട്‌. എന്നാൽ ഇതെല്ലാം നഗ്നമായി ലംഘിക്കപ്പെടുന്നു എന്നാണ്‌ സുപ്രീംകോടതിയുടെ മുന്നിലെത്തിയിരിക്കുന്ന അനുഭവങ്ങൾ തെളിയിക്കുന്നത്‌.

ബഹുരാഷ്‌ട്ര മരുന്നുകമ്പനികൾ പലതും ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങളെയാണ്‌ ഔഷധപരീക്ഷണങ്ങൾക്കായി തെരഞ്ഞെടുക്കാറുള്ളത്‌. ഇതിനു പലകാരണങ്ങളുമുണ്ട്‌. നവീന ഔഷധങ്ങൾ ഗവേഷണം ചെയ്‌തു കണ്ടെത്തി മാർക്കറ്റ്‌ ചെയ്യുന്നതിനായി വിദേശരാജ്യങ്ങളിൽ വൻതുക ചെലവിടേണ്ടതുണ്ട്‌. ഇതിന്റെ നാല്‌പതു ശതമാനത്തോളം മനുഷ്യശരീരത്തിൽ നടത്തുന്ന മൂന്നാംവട്ട പരീക്ഷണത്തിനായിട്ട്‌ ചെലവിടേണ്ടിവരും. വികസിതരാജ്യങ്ങളിൽ മനുഷ്യരിൽ നടത്തുന്ന പരീക്ഷണങ്ങൾക്കായി ഓരോമരുന്നിനും ഏതാണ്ട്‌ 15 കോടി ഡോളറാണ്‌ വേണ്ടിവരിക. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ഇതിന്റെ പകുതിയിൽതാഴെ ചെലവിട്ടാൽ മതിയാവും. വികസിതരാജ്യങ്ങളിലെ ജനങ്ങൾ ഔഷധപരീക്ഷണങ്ങൾക്ക്‌ വിധേയരാവാൻ വിസമ്മതിക്കുന്നതും ഇത്തരം പരീക്ഷണങ്ങൾ ഇവിടെ നടത്തുന്നതിനുള്ള കാരണമാണ്‌.

ചികിത്സ തന്നെ അപ്രാപ്യമായ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ ദരിദ്രരായ രോഗികൾ പരീക്ഷണത്തിന്റെ ഭാഗമായിട്ടെങ്കിലും സൗജന്യമായി ലഭിക്കുന്ന മരുന്നു സ്വീകരിക്കാൻ തയ്യാറാവുന്നു. കർശനമായ നിരീക്ഷണ സംവിധാനങ്ങളുടെ കീഴിൽ രോഗികളുടെ അറിവോടുകൂടിയുള്ള സമ്മതത്തോടെ (Informed Consent) മാത്രമേ വികസിതരാജ്യങ്ങളിൽ മനുഷ്യരിൽ പരീക്ഷണങ്ങൾ നടത്താനാവൂ. എന്നാൽ ഇവിടെയാവട്ടെ, നിയമങ്ങളിലെ പഴുതുകളും നിരീക്ഷണ സംവിധാനങ്ങളുടെ പിടിപ്പുകേടും നാട്ടുകാരുടെ ഇത്തരം കാര്യങ്ങളിലുള്ള അജ്ഞതയും മുതലെടുത്ത്‌ എന്തു പരീക്ഷണവും നടത്താനാവും. ഇന്ത്യയിൽ വർധിച്ചുവരുന്ന ജീവിതരീതീരോഗങ്ങളും വിദേശകമ്പനികളെ ആകർഷിക്കുന്ന ഘടകമാണ്‌. ഉദാഹരണത്തിന്‌ ഇന്ത്യയിൽ ഏതാണ്ട്‌ രണ്ടുകോടി പ്രമേഹരോഗികളുണ്ടെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. പ്രമേഹത്തിനെതിരെ നിരവധി മരുന്നുകൾ പരീക്ഷണ ഘട്ടത്തിലുമാണ്‌. വിവിധ രോഗങ്ങളുടെ സാന്നിധ്യം സൃഷ്‌ടിക്കുന്ന ജനിതക വൈവിധ്യവും നിരവധി മരുന്നുകൾ പരീക്ഷിക്കുന്നതിനുള്ള അനുകൂല സാഹചര്യം സൃഷ്‌ടിക്കുന്നു.

അതേയവസരത്തിൽ വികസ്വരരാജ്യങ്ങളിലേയും സ്വന്തം നാട്ടിലെയും ദരിദ്രജനവിഭാഗങ്ങളിലെ കുറച്ചുപേരെ മാത്രം ബാധിക്കുന്ന രോഗങ്ങൾ ചികിത്സിക്കുന്നതിനുള്ള മരുന്നുകൾ കണ്ടെത്തുന്നതിൽ ബഹുരാഷ്‌ട്ര കമ്പനികൾക്ക്‌ താല്‌പര്യവുമില്ല. ഇത്തരം രോഗങ്ങളെ അവഗണിക്കപ്പെട്ടുവരുന്ന രോഗങ്ങൾ (Neglected Diseases), അനാഥ രോഗങ്ങൾ (Orphan Diseases) എന്നെല്ലാമാണ്‌ വിശേഷിപ്പിക്കാറുള്ളത്‌. ഇത്തരം രോഗങ്ങൾക്കുള്ള മരുന്നുകൾ കണ്ടെത്തി വിലകുറച്ച്‌ ജനങ്ങൾക്കെത്തിക്കുന്നതിനായി ആഗോള ഗവേഷണ ഫണ്ട്‌ (Global Research Fund) രൂപീകരിച്ച്‌ പൊതു ഗവേഷണസ്ഥാപനങ്ങളിലൂടെ ഔഷധഗവേഷണം ആരംഭിക്കണം എന്നാണ്‌ ജനകീയാരോഗ്യപ്രവർത്തകർ ആവശ്യപ്പെട്ടുവരുന്നത്‌.

ഇന്ത്യൻ പേറ്റന്റ്‌നിയമത്തിൽ 2005ൽ ലോകവ്യാപാര സംഘടനയുടെ നിബന്ധനപ്രകാരം മാറ്റം വരുത്തിയതോടെ മുൻകാലങ്ങളിലെപ്പോലെ വിദേശത്ത്‌ പേറ്റന്റ്‌ ചെയ്യപ്പെടുന്ന മരുന്നുകൾ ഇതരരീതികളുപയോഗിച്ച്‌ നിർമ്മിക്കാൻ ഇന്ത്യൻ കമ്പനികൾക്ക്‌ കഴിയില്ല. അതോടെ പല ഇന്ത്യൻ കമ്പനികളും വിദേശകമ്പനികൾക്കുവേണ്ടി പുറംകരാർ ഗവേഷണവും (Contract Research) ഔഷധപരീക്ഷണവും നടത്തുന്നതിനുള്ള ഏജൻസികളായി മാറിക്കൊണ്ടിരിക്കയാണ്‌. ഇതിനകം വിദേശകമ്പനികളായ അവന്റിസ്‌ (Aventis), നൊവാർട്ടിസ്‌ (Novartis), ഗ്ലാക്‌സോ സ്‌മിത്ത്‌ക്ലിൻ (Glaxo Smith Kline), എലിലില്ലി (Eli Lilly), ഫൈസർ (Pfizer) തുടങ്ങിയ കമ്പനികൾ നിരവധി ഔഷധപരീക്ഷണ പ്രോജക്‌ടുകൾ ഇന്ത്യയിൽ നടപ്പിലാക്കി വരികയാണ്‌. കരാർ ഗവേഷണത്തിനുള്ള നിരവധി ദേശീയ അന്തർദേശീയ ഏജൻസികളും ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്‌. ഇവയിൽ പ്രമുഖ സ്ഥാനം വഹിക്കുന്നത്‌ ക്യുന്റൈത്സ്‌ (Quintiles), ഓമ്‌നികെയർ (Omnicare), ഫാർമാനെറ്റ്‌ (Pharma Net), ഫാർമഒലാം (Pharm-Olam) തുടങ്ങിയ അമേരിക്കൻ ഏജൻസികളാണ്‌. 2007 ഓടെ ഇന്ത്യൻ കമ്പനികൾക്ക്‌ വിദേശകമ്പനികളിൽ നിന്നും കരാർ ഗവേഷണത്തിലൂടെ ലഭിച്ചത്‌ 20 കോടി ഡോളറാണ്‌. 2010ൽ നൂറുകോടി ഡോളറിന്റെ ബിസിനസ്സ്‌ ഈ മേഖലയിൽ നടന്നതായി കരുതപ്പെടുന്നു. വൻകിട കമ്പനികളുടെ ഈ സാമ്പത്തികദുരയ്‌ക്കിടെ വിസ്‌മരിക്കപ്പെട്ടുപോവുന്നത്‌ പരീക്ഷണവിധേയരാവുന്ന രോഗികളുടെ മനുഷ്യാവകാശങ്ങളും ജീവനുമാണ്‌. സുപ്രീംകോടതിയിൽ ഡ്രഗ്‌ കൺട്രോളർ ബോധിപ്പിച്ചത്‌ കഴിഞ്ഞ വർഷം നടത്തിയ പരീക്ഷണങ്ങളുടെ ഫലമായി മാത്രം 2000 പേരുടെ ജീവൻ നഷ്‌ടപ്പെട്ടിട്ടുണ്ടെന്നാണ്‌.

ഇതിനിടെ പാർലമെന്റിലെ ആരോഗ്യ-കുടുംബക്ഷേമ സ്റ്റാന്റിങ്ങ്‌ കമ്മറ്റി 2012 മെയ്‌ മാസത്തിൽ അവതരിപ്പിച്ച അമ്പത്തി ഒമ്പതാം റിപ്പോർട്ടിൽ (59th Report of the Parlimentary Standing Committee on Health and Family Welfare) ഔഷധപരീക്ഷണങ്ങളൊന്നും ഇന്ത്യയിലോ വിദേശത്തോ നടത്താത്ത നിരവധി മരുന്നുകൾ ഇന്ത്യയിൽ വിറ്റുവരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നിട്ടുണ്ട്‌. 2008 ജനുവരി മുതൽ 2010 ഒക്‌ടോബർ വരെയുള്ള കാലയളവിൽ ഇത്തരത്തിലുള്ള 33 ഔഷധങ്ങൾ മാർക്കറ്റുചെയ്യാൻ അനുവദിക്കപ്പെട്ടതായി റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യയിൽ മാർക്കറ്റുചെയ്യുന്ന മരുന്നുകൾക്ക്‌ അനുമതി നൽകേണ്ട സെൻട്രൽ ഡ്രഗ്‌സ്‌ സ്റ്റാൻഡേർഡ്‌ കൺട്രോൾ ഓർഗനൈസേഷന്റെ (Central Drugs Standard Control Organisation) നിരവധി പ്രവർത്തന വൈകല്യങ്ങൾ റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നുമുണ്ട്‌. എന്നാൽ നാളിതുവരെ ഈ റിപ്പോർട്ടിന്മേൽ കേന്ദ്രസർക്കാർ യാതൊരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല.

ഔഷധപരീക്ഷണങ്ങൾ നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യലഭ്യതയുടെ കുറവും അനഭിലഷണീയമായ നിരവധി പ്രവണതകൾക്ക്‌ കാരണമാവുന്നുണ്ട്‌. ഇന്ത്യയിലിപ്പോൾ പ്രാക്‌ടീസുചെയ്യുന്ന ഏഴുലക്ഷത്തോളം ഡോക്‌ടർമാരിൽ ആയിരത്തിൽ താഴെയുള്ളവർ മാത്രമാണ്‌ ഔഷധ ഗവേഷണത്തിൽ പരിശീലനം നേടിയിട്ടുള്ളത്‌. ഔഷധപരീക്ഷണത്തിന്‌ വിധേയരാക്കപ്പെട്ട ഓരോ രോഗിക്കും 30000 രൂപ വരെ പരീക്ഷണം നടത്തുന്ന ആശുപത്രികൾക്ക്‌ പ്രതിഫലം ലഭിക്കുന്നതു മൂലം ഇന്ത്യയിൽ നിരവധി ആശുപത്രികൾ ഈ മേഖലയിലേയ്‌ക്ക്‌ ചാടിവീണിരിക്കയാണ്‌. അതേയവസരത്തിൽ ഇന്ത്യയിൽ 20000ത്തോളം വരുന്ന ജനറൽ ആശുപത്രികളിൽ കേവലം നൂറ്റിഅമ്പതിൽ മാത്രമാണ്‌ ഔഷധപരീക്ഷണത്തിനുള്ള പരിമിതമായ സൗകര്യമെങ്കിലും ഒരുക്കിയിട്ടുള്ളത്‌.

ഇന്ത്യൻ ഡ്രഗ്‌സ്‌ ആന്റ്‌ കോസ്‌മെറ്റിക്‌സ്‌ ആക്‌ടിൽ 2005ൽ വരുത്തിയ മാറ്റങ്ങളും കരാർ ഗവേഷണം നടത്തുന്നതിന്‌ സഹായകരമായിട്ടുണ്ട്‌. ഫെയ്‌സ്‌ 1,2,3 എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായിട്ടാണ്‌ മനുഷ്യരിൽ ഔഷധപരീക്ഷണം നടത്തുക. വിദേശരാജ്യങ്ങളിൽ വിജയകരമായി പൂർത്തിയാക്കിയശേഷം മാത്രമേ ഓരോഘട്ടം പരീക്ഷണങ്ങളും ഇന്ത്യയിൽ നടത്താവൂ എന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്ന നിയമം. എന്നാൽ ഇതിൽ മാറ്റം വരുത്തുകയും വിദേശരാജ്യങ്ങളിൽ പൂർത്തിയാക്കാത്ത പരീക്ഷണഘട്ടങ്ങൾ ഇന്ത്യയിൽ നടത്താമെന്ന്‌ നിയമഭേദഗതി വരുത്തുകയും ചെയ്‌തിരിക്കയാണ്‌. ഈ അനുകൂല അന്തരീക്ഷം മുതലെടുത്ത്‌ 2010 ആയപ്പോഴേക്കും 20 ലക്ഷം രോഗികളിലാണ്‌ നവീന ഔഷധങ്ങൾ പരീക്ഷിക്കപ്പെട്ടത്‌.

200 ഗവേഷകർ വിവിധ രാജ്യങ്ങളിൽ നടത്തുന്ന ഔഷധ പരീക്ഷണങ്ങൾ വിലയിരുത്തിക്കൊണ്ട്‌ ഒരു റിപ്പോർട്ട്‌ അമേരിക്കയിലുള്ള നാഷണൽ ബയോഎത്തിക്‌സ്‌ ഉപദേശകസമിതി (National Bio-ethics Advisory Commission) വിശ്രുത ജേർണലായ ജേർണൽ ഓഫ്‌ മെഡിക്കൽ എത്തിക്‌സിൽ (Journal of Medical Ethics) പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ച്‌ വികസ്വരരാജ്യങ്ങളിൽ നടക്കുന്ന പരീക്ഷണങ്ങളിൽ നാലിലൊന്നിൽ മാത്രമേ വൈദ്യശാസ്‌ത്ര നൈതികതത്വങ്ങൾ പാലിക്കപ്പെടാറുള്ളു എന്ന്‌ കണ്ടെത്തിയിരുന്നു.

ചില സന്നദ്ധസംഘടനകളുടെ പരാതിയെ തുടർന്ന്‌ സുപ്രീംകോടതി ഇടപെട്ട രണ്ടു സംഭവങ്ങൾ അഖിലേന്ത്യാതലത്തിൽ നേരത്തെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഡൽഹിയിൽ വൃദ്ധജന സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ആടാർ ഡെസ്റ്റിറ്റിയൂട്ട്‌ ആൻഡ്‌ ഓൾഡ്‌ പീപ്പിൾസ്‌ ഹോം (Adaar Destitute and Old Peoples Home) എന്ന സംഘടന, ജൈവ സാങ്കേതികവിദ്യാ കമ്പനികളായ ഹൈദരാബാദിലെ ശാന്താബയോടെക്കും, ബാംഗ്ലൂരിലെ ബയോകോൺ ഇന്ത്യയും നടത്തിവരുന്ന നിയമാനുസൃതമല്ലാത്ത ഔഷധപരീക്ഷണങ്ങൾ തടയണമെന്നാവശ്യപ്പെട്ട്‌ സുപ്രീംകോടതിയിൽ ഒരു പൊതുതാല്‌പര്യ ഹർജി ഫയൽചെയ്‌തതോടെയാണ്‌ ഈ കമ്പനികളുടെ തട്ടിപ്പ്‌ വെളിയിൽ വന്നത്‌. ഔഷധപരീക്ഷണമാണെന്ന്‌ രോഗികളെ അറിയിക്കാതെ ഹൃദ്രോഗചികിത്സയ്‌ക്കുള്ള സ്‌ട്രപ്‌റ്റോകൈനേസ്‌ (Streptokinase) എന്ന മരുന്ന്‌ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ രോഗികൾക്ക്‌ നൽകുകയാണെന്നാണ്‌ ആരോപിക്കപ്പെട്ടത്‌. തുടർന്ന്‌ നടത്തിയ അന്വേഷണത്തിൽ രോഗികളെ തെരഞ്ഞെടുക്കുന്നതിലും മറ്റും ശാസ്‌ത്രീയ നിബന്ധനകൾ പിന്തുടരാതിരുന്നതിന്റെ ഫലമായി മരുന്ന്‌ സ്വീകരിച്ച എട്ടു പേർ മരണമടഞ്ഞതായി കണ്ടെത്തി. ജനിതക സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നിർമ്മിക്കുന്ന മരുന്നുകൾ രോഗികൾക്ക്‌ നൽകുന്നതിനു മുൻപ്‌ ജെനറ്റിക്‌ എഞ്ചിനീയറിംഗ്‌ അപ്രൂവൽ കമ്മറ്റിയുടെ (Genetic Engineering Approval Committee) അനുമതി തേടേണ്ടതാണെന്ന നിബന്ധന അനുസരിക്കാതെയാണ്‌ മരുന്നുകമ്പനികൾ അങ്ങനെ നിർമ്മിച്ച സ്‌ട്രപ്‌റ്റോകൈനേസ്‌ രോഗികൾക്ക്‌ നൽകിയത്‌.

ആർത്തവം നിലച്ച സ്‌ത്രീകൾക്ക്‌ സ്‌തനാർബുദത്തിന്‌ നൽകിവരുന്ന ലെട്രാസോൾ (Letrazole) എന്ന മരുന്നുപയോഗിച്ച്‌ സൺ ഫാർമസ്യൂട്ടിക്കൽസ്‌ (Sun Pharmaceuticals) എന്ന ഇന്ത്യൻ കമ്പനി, നൊവാർട്ടിസ്‌ (Novartis) എന്ന വിദേശകമ്പനിക്കുവേണ്ടി നടത്തിയ ഔഷധപരീക്ഷണവും ഡൽഹിയിൽനിന്നുള്ള മറ്റൊരു സംഘടനയുടെ പരാതിയെ തുടർന്ന്‌ സുപ്രീംകോടതി തടയുകയുണ്ടായി. നാനൂറോളം യുവതികൾക്ക്‌ അവരുടെ പൂർണ്ണമായ അറിവില്ലാതെയാണ്‌ ലെട്രാസോൾ നൽകിയത്‌. വന്ധ്യത പരിഹരിക്കാൻ ഈ മരുന്ന്‌ പ്രയോജനപ്പെടുമെന്ന്‌ തെളിയിക്കുന്നതിനായിട്ടായിരുന്നു പരീക്ഷണം നടത്തിയത്‌. പശ്ചിമബംഗാളിൽ 790 ദരിദ്രരും നിരക്ഷരരുമായ ഗ്രാമീണ വനിതകളിൽ രാസവന്ധീകരണം ലക്ഷ്യമിട്ട്‌ എറിത്രോമൈസിൻ (Erythromycin) എന്ന മരുന്ന്‌ പരീക്ഷിച്ച വിവരവും വലിയ വിവാദം സൃഷ്‌ടിച്ചിരുന്നു.

കരാർ ഗവേഷണവും അധാർമ്മികങ്ങളായ ഔഷധഗവേഷണങ്ങളും ഉയർത്തുന്ന ഗുരുതരമായ പ്രശ്‌നങ്ങളെ സംബന്ധിച്ച്‌ ഇന്ത്യയിലെ ജനകീയാരോഗ്യ പ്രസ്ഥാനങ്ങൾ പ്രചാരണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്‌. പുറംഗവേഷണത്തിലേർപ്പെടുന്ന കമ്പനികളെ നിരീക്ഷിക്കുന്നതിനായി മനുഷ്യാവകാശ ജനകീയാരോഗ്യ പ്രവർത്തകരെയും മറ്റും പങ്കെടുപ്പിച്ചുകൊണ്ടുള്ള കരാർ ഗവേഷണസ്ഥാപനം (Contract Research Organisation) എന്നൊരു പുതിയ സംവിധാനം ഏർപ്പെടുത്തേണ്ടതാണെന്ന്‌ ജനകീയാരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഔഷധഗവേഷണത്തിലെ കാപട്യങ്ങൾ

സ്വകാര്യ കമ്പനികളെ ആശ്രയിക്കാതെ പൊതുഗവേഷണ സ്ഥാപനങ്ങൾ വഴി ഔഷധഗവേഷണം നടത്താനുള്ള ശ്രമങ്ങൾ വികസിതരാജ്യങ്ങളിൽ പോലും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്‌. ഔഷധ മേഖലയിലെ വൻകിട കമ്പനികൾ പ്രസക്തങ്ങളായ നവീന ഔഷധ ഗവേഷണത്തിൽ വലിയ താല്‌പര്യം കാട്ടുന്നില്ലെന്ന വിമർശനം അമേരിക്കയിൽപോലും ഉയർന്നുവന്നിരിക്കയാണ്‌. ഔഷധ ഗവേഷണത്തിനായി ചെലവാക്കുന്നതിന്റെ ഇരട്ടി തുകയാണ്‌ മരുന്നുകമ്പനികൾ ഇപ്പോൾ ഔഷധ മാർക്കറ്റിങ്ങിനായും പ്രചാരണത്തിനായും ചെലവിടുന്നത്‌.

അമേരിക്കയിൽ വർദ്ധിച്ചുവരുന്ന പല രോഗങ്ങൾക്കുമുള്ള ഔഷധങ്ങൾ വികസിപ്പിച്ചെടുക്കാൻ സ്വകാര്യ മരുന്നുകമ്പനികൾക്ക്‌ താല്‌പര്യമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്‌. ഉദാഹരണത്തിന്‌ അമേരിക്കൻ ജനതയിൽ വർധിച്ചുവരുന്ന മാനസിക രോഗങ്ങൾക്ക്‌ എതിരെ കേവലം രണ്ട്‌ മരുന്നുകൾ മാത്രമാണ്‌ കഴിഞ്ഞ ആറുപതിറ്റാണ്ടുകൾക്കിടയിൽ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്‌. ഇതെല്ലാം പരിഗണിച്ച്‌ ഔഷധ ഗവേഷണത്തിനായി സർക്കാർ മുതൽമുടക്ക്‌ വർധിപ്പിച്ച്‌ പൊതു ഗവേഷണസ്ഥാപനങ്ങളിലെ ഗവേഷണസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരു പദ്ധതിക്ക്‌ അമേരിക്കൻ സർക്കാർ അംഗീകാരം നൽകിയിരിക്കയാണ്‌. ജെയിംസ്‌ വാട്‌സനുശേഷം ഹ്യൂമൻ ജീനോം പ്രോജക്‌റ്റിന്റെ ഡയറക്‌ടറായിരുന്ന പ്രസിദ്ധ ജനിതകശാസ്‌ത്രജ്ഞൻ ഫ്രാൻസിസ്‌ കോളിൻസാണ്‌ ഇതിനായുള്ള പദ്ധതി തയ്യാറാക്കിയിട്ടുള്ളത്‌. നാഷണൽ ഇൻസ്റ്റിറ്റിയൂട്ട ഓഫ്‌ ഹെൽത്തിന്റെ കീഴിൽ നാഷണൽ സെന്റർ ഫോർ അഡ്വാൻസിങ്ങ്‌ ട്രാൻസേഷണൽ സയൻസസ്‌ (National Centre for Advancing Transational Sciences) എന്ന പേരിൽ ഒരു കേന്ദ്രം സ്ഥാപിച്ച്‌ ഔഷധഗവേഷണം ത്വരിതപ്പെടുത്താനാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌.

വൻകിട സ്വകാര്യകമ്പനികളെ ആശ്രയിക്കാതെ ജനങ്ങളുടെ ആരോഗ്യാവശ്യങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർതന്നെ മുൻകയ്യെടുത്ത്‌ ഔഷധഗവേഷണ രംഗത്തേയ്‌ക്ക്‌ കടന്നുവരാനുള്ള അമേരിക്കയുടെ തീരുമാനത്തിന്‌ വികസ്വരരാജ്യങ്ങൾക്ക്‌ പൊതുവിലും ഇന്ത്യയ്‌ക്ക്‌ പ്രത്യേകിച്ചും വലിയ പ്രസക്തിയാണുള്ളത്‌. ജനകീയ ആരോഗ്യപ്രസ്ഥാനങ്ങൾ, പ്രത്യേകിച്ച്‌ മെഡിസിൻ സാൻസ്‌ ഫ്രോണ്ടിയേഴ്‌സ്‌ (Medicines Sans Frontiers) പോലുള്ള സംഘടനകൾ, വികസ്വരരാജ്യങ്ങളിലെ ഭൂരിഭാഗം വരുന്ന സാധാരണക്കാരെ ബാധിക്കുന്ന രോഗങ്ങൾക്കാവശ്യമായ മരുന്നുകൾ കണ്ടെത്തുന്നതിലോ മാർക്കറ്റ്‌ ചെയ്യുന്നതിലോ ബഹുരാഷ്‌ട്ര മരുന്നു കമ്പനികൾ താല്‌പര്യം കാട്ടാറില്ല എന്ന വിമർശനം വർഷങ്ങളായി ഉയർത്തിവരുന്നതാണ്‌. 1975 മുതൽ 1997 വരെ മാർക്കറ്റ്‌ ചെയ്‌ത 1223 മരുന്നുകളിൽ കേവലം 13 എണ്ണം മാത്രമാണ്‌ (1.06%) വികസ്വരരാജ്യങ്ങളിലെ പ്രധാനപ്പെട്ട രോഗചികിത്സക്കാവശ്യമായിട്ടുള്ളത്‌ (പട്ടിക 3)

 പട്ടിക 3
മരുന്നുകൾ എണ്ണം ശതമാനം
പുതിയ മരുന്നുകൾ 1223 100
ചികിത്സാക്ഷമത വർധിച്ചവ 379 30.8
വികസ്വര രാജ്യങ്ങൾക്കാവശ്യമായവ 13 1.06


ഇപ്പോൾ ഉപയോഗത്തിലുള്ള മരുന്നുകളുമായി തട്ടിച്ച്‌ നോക്കുമ്പോൾ ചികിത്സാക്ഷമതയിൽ വർധനയുള്ള മരുന്നുകൾ കേവലം 30.8 ശതമാനം മാത്രമാണ്‌. ഇവയിൽ പലതും വികസ്വരരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പ്രസക്തങ്ങളുമല്ല. ഇതിനകം അംഗീകരിക്കപ്പെട്ട മരുന്നുകളുടെ ഘടനയിൽ നേരിയ മാറ്റങ്ങൾ വരുത്തി ഫലസിദ്ധിയെപ്പറ്റി അമിത അവകാശവാദവുമായി വൻവില ചുമത്തി പുതിയ മരുന്നുകൾ മാർക്കറ്റ്‌ ചെയ്യുക എന്നത്‌ കമ്പനികളുടെ വരുമാനം ലക്ഷ്യമാക്കിയുള്ള വിപണനതന്ത്രമാണ്‌.

ഇതിനെല്ലാം പുറമേ വളരെയേറെ പ്രചാരത്തിലുള്ള നിരവധി മികച്ച ഔഷധങ്ങൾ ഗവേഷണം ചെയ്‌ത്‌ കണ്ടെത്തിയിട്ടുള്ളത്‌ അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹെൽത്ത്‌, നാഷണൽ കാൻസർ ഇൻസ്റ്റിറ്റിയൂട്ട്‌, സർവകലാശാലകൾ തുടങ്ങിയ പൊതു ഗവേഷണ സ്ഥാപനങ്ങളിലാണെന്നും കാണാൻ കഴിയും. ഹൃദ്രോഗം, രക്താതിമർദ്ദം തുടങ്ങിയ രോഗങ്ങൾക്കാവശ്യമായ ബീറ്റാബ്ലോക്കർ, എസി.ഇ ഇൻഹിബിറ്റർ, ആമാശയ വ്രണത്തിനുള്ള എച്ച്‌ 2 ബ്ലോക്കർ, എയ്‌ഡ്‌സിനുള്ള സിഡുവിഡിൻ, സ്‌തനാർബുദത്തിനുള്ള ടാക്‌സോൾ തുടങ്ങിയ ആധുനിക മരുന്നുകൾ ഇവയിൽ പെടുന്നു. പൊതു സ്ഥാപനങ്ങൾ ഗവേഷണം ചെയ്‌ത്‌ കണ്ടെത്തിയ ഇത്തരം മരുന്നുകൾ മാർക്കറ്റ്‌ ചെയ്യാനായി സ്വകാര്യകമ്പനികൾക്ക്‌ ലൈസൻസ്‌ നൽകുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. പൊതുസ്ഥാപനങ്ങളിലെ ഗവേഷണഫലങ്ങളിൽ നിന്നും ലാഭം കൊയ്യാൻ സ്വകാര്യ കമ്പനികളെ അനുവദിക്കരുത്‌ എന്ന ആവശ്യവും ജനകീയ പ്രസ്ഥാനങ്ങൾ അമേരിക്കയിൽ നിരന്തരമായി ഉയർത്തിവരുന്നുണ്ട്‌. അമേരിക്കൻ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പിന്‌ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക്ക്‌ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ്‌ ഫണ്ടിലേക്ക്‌ വൻതുക സംഭാവന നൽകിക്കൊണ്ടാണ്‌ മരുന്നുകമ്പനികൾ ഈ ചൂഷണരീതി നിലനിർത്തുന്നത്‌.

ആധുനിക ഔഷധഗവേഷണമേഖലയെ സ്വകാര്യ വൻകിട മരുന്നുകമ്പനികളുടെ പിടിയിൽ നിന്നും മോചിപ്പിക്കുന്നതിനായി ലോകരാജ്യങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ച്‌ ഒരു ആഗോള ഔഷധഗവേഷണ ഫണ്ട്‌ (Global Drug Research Fund) സമാഹരിച്ച്‌ പൊതു ഗവേഷണസ്ഥാപനങ്ങൾക്ക്‌ നൽകണമെന്ന ആവശ്യവും സാർവ്വദേശീയമായി ഉയർന്നുവന്നിട്ടുണ്ട്‌.

കേരളം : ജീവൻരക്ഷാ മരുന്നുകൾ :പ്രതാപൻ കമ്മറ്റി റിപ്പോർട്ട്‌ നടപ്പിലാക്കുമോ?

കേരള നിയമസഭയിൽ ശ്രീ.രമേശ്‌ ചെന്നിത്തല എം. എൽ.എയ്‌ക്കുവേണ്ടി ശ്രീ.ബെന്നി ബെഹനാൻ എം.എൽ.എ മരുന്നു കമ്പനികളും വിതരണക്കാരും ജനങ്ങളെ ചൂഷണം ചെയ്യുന്നത്‌ അവസാനിപ്പിച്ച്‌ ന്യായവിലയ്‌ക്ക്‌ സർക്കാർ ഏജൻസികൾ വഴി എല്ലാ മരുന്നുകളും ജനങ്ങൾക്ക്‌ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന്‌ അനൗദ്യോഗിക പ്രമേയം അവതരിപ്പിച്ച്‌ പാസ്സാക്കിയിരുന്നു.

നിയമസഭാചട്ടങ്ങളനുസരിച്ച്‌ ശ്രീ.ടി.എൻ പ്രതാപൻ ചെയർമാനായുള്ള അനൗദ്യോഗിക ബില്ലുകളെ സംബന്ധിച്ചുള്ള സമിതി പ്രസ്‌തുത പ്രമേയം പഠിച്ച്‌ ഉന്നത ഉദ്യോഗസ്ഥർ, മരുന്നു വിപണന രംഗത്തെ സംഘടനാപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്നെല്ലാം അഭിപ്രായങ്ങൾ സമാഹരിച്ച്‌ മികച്ച ഒരു റിപ്പോർട്ട്‌ നിയമസഭയുടെ നടപ്പുസമ്മേളനത്തിൽ അവതരിപ്പിച്ചു. സമിതി ചെയർമാൻ ടി.എൻ പ്രതാപനും, പ്രതിപക്ഷനേതാവ്‌ ശ്രീ.വി.എസ്‌. അച്യുതാനന്ദനും, ശ്രീ.വി.ഡി.സതീശനും മുൻ വ്യവസായ വകുപ്പുമന്ത്രി എളമരം കരീമും അടക്കമുള്ളവർ സമിതി റിപ്പോർട്ടിന്മേലുള്ള നിയമസഭാചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സമിതി റിപ്പോർട്ടും ചർച്ചകളും കക്ഷിരാഷ്‌ട്രീയ ചിന്തകൾക്ക്‌ അതീതമായി അവശ്യമരുന്നുകൾ ജനങ്ങൾക്ക്‌ വിലകുറച്ചു ലഭ്യമാക്കുന്നതിനുള്ള വിലയേറിയ ഒട്ടനവധി നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചിട്ടുണ്ട്‌. സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകൾ ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള നടപടികൾ ഉടൻ തന്നെ സ്വീകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത്‌ ശ്രീ.കുട്ടിഅഹമ്മദ്‌ കുട്ടി എം.എൽ.എ ചെയർമാനായുളള നിയമസഭാ അഷ്വറൻസ്‌ കമ്മറ്റി ഒരു ജനകീയ ഔഷധനയം നടപ്പിലാക്കുന്നതിനുള്ള മൂർത്തവും സമഗ്രവുമായ നിർദ്ദേശങ്ങൾ സർക്കാരിന്‌ സമർപ്പിച്ചിരുന്നതാണ്‌. നിർഭാഗ്യവശാൽ സമിതിയുടെ അപൂർവ്വം ചില നിർദ്ദേശങ്ങൾ മാത്രമാണ്‌ നടപ്പിലാക്കപ്പെട്ടത്‌. മാത്രമല്ല ജീവൻരക്ഷാഔഷധങ്ങൾ രോഗികൾക്കു ലഭ്യമാക്കുന്നതിനായി സർക്കാർ ആത്മാർത്ഥതയോടെ നടപ്പിലാക്കാൻ ശ്രമിച്ച പല പദ്ധതികളും അട്ടിമറിക്കുന്നതിൽ മരുന്നുവ്യാപാരികളും കച്ചവടക്കാരും വിജയിക്കയാണുണ്ടായത്‌.

1979 ൽ 342 മരുന്നുകൾ അവശ്യമരുന്ന്‌ പട്ടികയിൽ ഉണ്ടായിരുന്നത്‌ 1995 മുതൽ 74 ആയി കുറച്ചുവെന്നും 62 ഇനം മരുന്നുകളുടെ വില നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്‌ അതോറിട്ടി അടുത്തകാലത്ത്‌ വർധിപ്പിച്ചിട്ടുണ്ടെന്നും പ്രതാപൻ കമ്മറ്റി റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നുണ്ട്‌. സർക്കാർ ആശുപത്രികളിലേക്ക്‌ ഗുണനിലവാരമുള്ള മരുന്നുകൾ മിതമായ നിരക്കിൽ എത്തിക്കുന്നതിനായി രൂപീകരിച്ച മെഡിക്കൽ സർവ്വീസസ്‌ കോർപ്പറേഷന്റെ ലക്ഷ്യം പൂർണ്ണമായും സാക്ഷാത്‌ക്കരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സമിതി വിലയിരുത്തി. മെഡിക്കൽ സർവ്വീസസ്‌ കോർപ്പറേഷന്റെ മരുന്നുഗുണനിലവാര പരിശോധനാ സംവിധാനങ്ങൾ ഒട്ടും കാര്യക്ഷമമല്ലെന്ന ശക്തമായ വിമർശനം കമ്മറ്റി മുന്നോട്ടുവെക്കുന്നുണ്ട്‌. ഏഴ്‌ പ്രൈവറ്റ്‌ ലാബുകളെ എംപാനൽ ചെയ്‌തു ഗുണമേന്മാ പരിശോധന നടത്തുന്ന രീതി ഒട്ടും ഉചിതമല്ലെന്നും കമ്മറ്റി അഭിപ്രായപ്പെടുന്നു.

മരുന്നു വിപണന രംഗത്തെ വ്യാപാരികളുടെ സംഘടന ന്യായവില ഷോപ്പുകൾ വഴി മരുന്നു വിതരണം ചെയ്യാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ തകർക്കുന്നതിനായി നടത്തുന്ന കുത്സിത തന്ത്രങ്ങൾ റിപ്പോർട്ട്‌ തുറന്നുകാട്ടുന്നുണ്ട്‌. കുട്ടിഅഹമ്മദ്‌ കുട്ടി കമ്മിറ്റിയും ഇക്കാര്യം ശക്തമായി ഉന്നയിച്ചിരുന്നതാണെങ്കിലും മരുന്ന്‌ വ്യാപാരികളുടെ സംഘടന യാതൊരു മാനുഷിക പരിഗണനയും കാട്ടാതെ പാവപ്പെട്ട രോഗികൾക്ക്‌ വിലകുറഞ്ഞ ഔഷധം ലഭ്യമാക്കുന്നതിനുള്ള എല്ലാ സംരംഭങ്ങളെയും അട്ടിമറിച്ച്‌ കൊണ്ടിരിക്കയാണ്‌.

ഗുണമേന്മയുള്ള അവശ്യമരുന്നുകൾ ന്യായവിലയ്‌ക്ക്‌ ലഭ്യമാക്കുന്നതിനായി കമ്മറ്റി പ്രധാനമായും താഴെ പറയുന്ന നിർദ്ദേശങ്ങളാണ്‌ മുന്നോട്ടുവെയ്‌ക്കുന്നത്‌.

1. സ്വകാര്യ ലാബുകളുടെ സേവനം ഉപേക്ഷിച്ച്‌ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാൻ മെഡിക്കൽ സർവ്വീസ്‌ കോർപ്പറേഷൻ എല്ലാ ജില്ലാകേന്ദ്രങ്ങളിലും ലാബുകൾ തുടങ്ങുക. ടെൻഡർ നടപടികൾ കാര്യക്ഷമതയോടെ വാർഷികാടിസ്ഥാനത്തിൽ പൂർത്തിയാക്കുക.

2. സർക്കാർ ആശുപത്രികൾക്ക്‌ മരുന്നു നൽകുന്നതിനു പുറമേ കമ്പനികളിൽ നിന്നും മരുന്നുകൾ നേരിട്ടുവാങ്ങി വിതരണം ചെയ്യുന്ന ഹോൾ സെയിൽ ഡീലറായി കോർപ്പറേഷൻ മാറുക. കോർപ്പറേഷൻ നിർദ്ദേശിക്കുന്ന വിലയ്‌ക്ക്‌ മരുന്നു വിൽക്കാൻ തയ്യാറുള്ള സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക്‌ മരുന്ന്‌ നൽകുക.

3. ഇരുപത്തിനാലുമണിക്കൂറും പ്രവർത്തിക്കുന്ന കാരുണ്യാഫാർമസി എല്ലാ സർക്കാർ ആശുപത്രികളിലും ആരംഭിക്കുക.

4. കേരള സ്റ്റേറ്റ്‌ ഡ്രഗ്‌സ്‌ ആന്റ്‌ ഫാർമസ്യൂട്ടിക്കലിന്റെ മാതൃകയിൽ കൂടുതൽ മരുന്ന്‌ നിർമ്മാണ കമ്പനികൾ പൊതുമേഖലയിൽ ആരംഭിക്കുക.

5. ആയുർവേദമരുന്നുകളുടെ വില്‌പനയ്‌ക്ക്‌ ലൈസൻസ്‌ ഏർപ്പെടുത്തുകയും ആയുർവേദചേരുവകൾ മാനകീകരിക്കയും ചെയ്യുക. അശാസ്‌ത്രീയ ആയുർവേദ മരുന്നുകൾക്കെതിരെ നടപടി സ്വീകരിക്കുക. ഹോമിയോ മരുന്നുകളുടെ ഗുണനിലവാരം നിശ്ചയിക്കുന്നതിനുള്ള ലാബുകൾ തുടങ്ങുക.

6. ഹാത്തി കമ്മിറ്റിയും മറ്റും ശുപാർശ ചെയ്‌തതുപോലെ വിലകൂടിയ ബ്രാൻഡ്‌ മരുന്നുകൾക്ക്‌ പകരം കുറഞ്ഞവിലയും കൂടിയ ഗുണനിലവാരവുമുള്ള ജനറിക്‌ ഔഷധങ്ങൾ നിർദ്ദേശിക്കാൻ ഡോക്‌ടർമാരെ പ്രേരിപ്പിക്കുക. സംസ്ഥാന ഔഷധ നിയന്ത്രണ വകുപ്പ്‌ ജനറിക്‌ ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക.

7. ഔഷധഗുണനിയന്ത്രണ വകുപ്പ്‌ ആരോഗ്യവകുപ്പിന്റെ കീഴിലാക്കി ഡ്രഗ്‌ അനലിസ്റ്റുമാരുടെ എണ്ണം വർധിപ്പിച്ചും ജില്ലാ ഡ്രഗ്‌ ടെസ്റ്റിംഗ്‌ ലാബറട്ടറികൾ സ്ഥാപിച്ചും ശക്തിപ്പെടുത്തുക. സ്വകാര്യ ആശുപത്രികളിലെ ഫാർമസികൾ കൂടി ഔഷധ ഗുണനിയന്ത്രണ വകുപ്പിന്റെ പരിശോധനാ പരിധിയിൽ കൊണ്ടുവരിക.

8. പൊതുമേഖലാ ഔഷധക്കമ്പനിയായ കെ.എസ്‌.ഡി.പിയുടെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുക.

9. ജീവൻരക്ഷാ ഔഷധങ്ങൾക്ക്‌ സർക്കാർ നികുതി ഈടാക്കുന്നത്‌ ഒഴിവാക്കുക.

മരുന്നുകളുടെ വില നിശ്ചയിക്കുന്നതിനായി കേന്ദ്രത്തിൽ നിലവിലുള്ള നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ്‌ അതോറിറ്റിയുടെ മാതൃകയിൽ സംസ്ഥാനത്ത്‌ മരുന്നുകളുടെ സ്വതന്ത്രമായ വിലനിർണ്ണയത്തിനായി ഒരു പ്രത്യേക അതോറിറ്റി രൂപീകരിക്കേണ്ടതാണെന്ന പുതുമയുള്ള നിർദ്ദേശം സമിതി മുന്നോട്ടുവെക്കുന്നുണ്ട്‌. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ്‌ അതോറിറ്റി പെട്രോളിയം രാസവകുപ്പിൽ നിന്നും മാറ്റി ആരോഗ്യവകുപ്പിന്റെ കീഴിലാക്കണമെന്നും കമ്മറ്റി നിർദ്ദേശിക്കുന്നുണ്ട്‌. രസകരമായ കാര്യം ഔഷധവ്യവസായവുമായി ബന്ധപ്പെട്ടകാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനുള്ള അധികാരം ഇപ്പോൾ നിക്ഷിപ്‌തമായിരിക്കുന്നത്‌ വ്യവസായം, വാണിജ്യം തുടങ്ങി കേന്ദ്രസർക്കാരിലെ ഏഴോളം ഡിപ്പാർട്ടുമെന്റുകളിലാണെന്നതാണ്‌. ഇവയെല്ലാം ഏകോപിപ്പിച്ച്‌ ആരോഗ്യവകുപ്പിന്റെ കീഴിലാക്കണമെന്ന്‌ ജനകീയാരോഗ്യ പ്രവർത്തകർ വർഷങ്ങളായി ആവശ്യപ്പെട്ടുവരുന്നുണ്ട്‌.

ഔഷധവിലനിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരുന്ന മരുന്നുകളുടെ എണ്ണം ഗണ്യമായി കുറച്ചതിനുപുറമേ 2005ൽ ഇന്ത്യൻ പേറ്റന്റ്‌ നിയമം ലോകവ്യാപാരസംഘടനയുടെ നിബന്ധനപ്രകാരം സമൂലമായി മാറ്റുകകൂടി ചെയ്‌തതോടെയാണ്‌ ഇന്ത്യയിലെ ഔഷധവില കുതിച്ചുയർന്നു തുടങ്ങിയത്‌. 1971 ലെ പേറ്റന്റ്‌ നിയമത്തിലുണ്ടായിരുന്ന പ്രക്രിയാപേറ്റന്റ്‌ വ്യവസ്ഥമാറ്റി, ഉല്‌പന്ന പേറ്റന്റ്‌ വ്യവസ്ഥ നടപ്പിലാക്കിയതോടെയാണ്‌ പ്രധാനമായും ഔഷധവില വർധിക്കുന്നതിനിടയായത്‌. ഇതോടെ മറ്റ്‌ രാജ്യങ്ങളിൽ പേറ്റന്റ്‌ ചെയ്യപ്പെടുന്ന മരുന്നുകൾ വിലകുറച്ച്‌ ഇതര രീതികളിലൂടെ നിർമ്മിക്കാൻ ഇന്ത്യൻ കമ്പനികൾക്ക്‌ അധികാരമില്ലാതെ വരികയും നവീന മരുന്നുകൾ വൻ വിലയിട്ട്‌ ഇന്ത്യൻ മാർക്കറ്റിൽ വിദേശകമ്പനികൾ വിറ്റുതുടങ്ങുകയും ചെയ്‌തു. പേറ്റന്റ്‌ കാലാവധി 7 വർഷത്തിൽ നിന്നും 20 വർഷം ആയി വർധിപ്പിച്ചതുമൂലം അടുത്ത രണ്ടു പതിറ്റാണ്ട്‌ കഴിഞ്ഞു മാത്രമെ നവീന ഔഷധങ്ങൾ വില കുറച്ച്‌ ഉല്‌പാദിപ്പിക്കാൻ ഇന്ത്യൻ കമ്പനികൾക്ക്‌ കഴിയൂ. അപ്പോഴേക്കും പേറ്റന്റ്‌ ചെയ്യപ്പെട്ട പുതിയ മരുന്നുകൾ മാർക്കറ്റിൽ എത്തുകയും ചെയ്യും. പേറ്റന്റ്‌ നിയമവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഇക്കാര്യം റിപ്പോർട്ട്‌ പരിഗണിച്ചിട്ടില്ലെന്നത്‌ വലിയൊരു കുറവാണ്‌.

ബഹുരാഷ്‌ട്രകുത്തകകളുടെ വിലകൂടിയ മരുന്നിനു പകരം വിലകുറഞ്ഞ മരുന്നുല്‌പാദിപ്പിക്കാൻ തയ്യാറുള്ള ഇന്ത്യൻ കമ്പനികൾക്ക്‌ അതിനുള്ള അനുവാദം നൽകിക്കൊണ്ട്‌ കൂടുതൽ മരുന്നുകളുടെ കാര്യത്തിൽ നിർബന്ധിത ലൈസൻസിങ്ങ്‌ ഏർപ്പെടുത്തണമെന്ന്‌ സംസ്ഥാന സർക്കാർ കേന്ദ്രഗവൺമെന്റിനോട്‌ ആവശ്യപ്പെടേണ്ടതാണ്‌.

ഇന്ത്യൻ ജനതയ്‌ക്കാവശ്യമായ ഔഷധങ്ങൾ ഗവേഷണം ചെയ്‌ത്‌ ഉല്‌പാദിപ്പിക്കാനും വിൽക്കാനും വിദേശകമ്പനികൾക്ക്‌ താല്‌പര്യമില്ലാത്ത സാഹചര്യത്തിൽ ഇന്ത്യയിലെ പൊതുഗവേഷണസ്ഥാപനങ്ങളിലൂടെ നാടിനാവശ്യമായ ഔഷധങ്ങൾ ഗവേഷണം ചെയ്‌തു കണ്ടെത്തി പൊതുമേഖലാ ഔഷധകമ്പനികൾ വഴി ഉല്‌പാദിപ്പിച്ച്‌ വിലകുറച്ച്‌ ജനങ്ങളിലെത്തിക്കാനുള്ള ദേശീയ സംരംഭം ആരംഭിക്കേണ്ടതുണ്ട്‌. സി.എസ്‌.ഐ.ആറിന്റെ (Council of Scientific and Industrial Research) ആഭിമുഖ്യത്തിൽ ആരംഭിച്ചിട്ടുള്ള ഓപ്പൺ സോഴ്‌സ്‌ ഡ്രഗ്‌ ഡിസ്‌കവറി (Open Source Drug Discovery) സംരംഭം ഇക്കാര്യത്തിൽ ശ്രദ്ധേയമായ തുടക്കംകുറിച്ചു കഴിഞ്ഞിട്ടുണ്ട്‌.

രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി പോലുള്ള ആധുനിക ഗവേഷണസ്ഥാപനങ്ങളുടെയും ഔഷധസസ്യങ്ങളെക്കുറിച്ചുള്ള പരമ്പരാഗത വിജ്ഞാനത്തിന്റെയും സാന്നിധ്യമുള്ള കേരളത്തിൽ ഒരു ആധുനിക ഔഷധ ഗവേഷണകേന്ദ്രം സ്ഥാപിക്കാനും കേരള സർക്കാർ മുൻകയ്യെടുക്കേണ്ടതാണ്‌. അതോടൊപ്പം ഒരു ജനകീയ ആരോഗ്യ നയത്തിന്റെ ഭാഗമായി സമഗ്രമായ ഔഷധനയം ആവിഷ്‌കരിക്കാനും സർക്കാർ തയ്യാറാകണം.

ഇന്ത്യയിലെ ജനകീയാരോഗ്യ പ്രവർത്തകർ കഴിഞ്ഞ വർഷം കൊൽക്കത്തയിൽ യോഗം ചേർന്ന്‌ ഇന്ത്യൻ ഔഷധവ്യവസായം നേരിടുന്ന പ്രതിസന്ധികൾ പരിഹരിച്ച്‌ ഇന്ത്യൻ ജനതയ്‌ക്കാവശ്യമായ ജീവൻരക്ഷാ ഔഷധങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിർദ്ദേശങ്ങളടങ്ങിയ പ്രഖ്യാപനം അംഗീകരിച്ചിട്ടുണ്ട്‌. അവശ്യമരുന്നുകളുടെ ദേശീയ പട്ടിക (National Essential Medicines List) തയ്യാറാക്കുക, ഇവയുടെ ലഭ്യത സർക്കാർ ആശുപത്രികളിൽ ഉറപ്പുവരുത്തുക, വൈദ്യപാഠ്യപദ്ധതിയിൽ അവശ്യമരുന്ന്‌ സങ്കല്‌പനം ഉൾപ്പെടുത്തുക, ഔഷധങ്ങൾ അവയുടെ ജനറിക്‌ നാമത്തിൽ മാർക്കറ്റു ചെയ്യുക, അതിരുകടന്നതും അധാർമികങ്ങളുമായ ഔഷധ പ്രചാരണം അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമ്മാണം നടത്തുക, അശാസ്‌ത്രീയങ്ങളായ ഔഷധചേരുവകൾ നിരോധിക്കുക, ലോകവ്യാപാര സംഘടനയുടെ നിബന്ധനകളിൽ നിന്നും പേറ്റന്റ്‌ നിയമം നീക്കം ചെയ്യുക, ഇന്ത്യൻ പേറ്റന്റ്‌ നിയമത്തിൽ വിദേശകമ്പനികൾക്ക്‌അനുകൂലമായി വരുത്തിയ മാറ്റങ്ങൾ ഉപേക്ഷിക്കുക, ദേശീയ ഗവേഷണ സ്ഥാപനങ്ങൾക്ക്‌ നവീന ഔഷധഗവേഷണം നടത്താൻ പ്രോത്സാഹനം നൽകുക, ദേശീയ ഔഷധ അതോറിറ്റി (National Pharmaceutical Authority) രൂപീകരിക്കുക എന്നിവയാണ്‌ കൊൽക്കത്താ പ്രഖ്യാപനം മുന്നോട്ടു വെക്കുന്ന മുഖ്യ ആവശ്യങ്ങൾ. ഇവയുടെ അടിസ്ഥാനത്തിൽ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ ഇന്ത്യൻ ജനകീയാരോഗ്യ പ്രസ്ഥാനമായ ജനസ്വാസ്ഥ്യ അഭയാൻ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്‌. ലോകവ്യാപാരസംഘടനയുടെ ട്രിപ്പ്‌സ്‌പേറ്റന്റ്‌വ്യവസ്ഥ ഔഷധലഭ്യതയിൽ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്ക്‌എതിരെ കൂടുതൽ ശക്തമായ ചെറുത്തുനിൽപ്പ്‌ സംഘടിപ്പിക്കാൻ 2012 ജൂലൈ 6 മുതൽ 11 വരെ ദക്ഷിണാഫ്രിക്കയിലെ കേപ്പ്‌ ടൗണിൽ നടന്ന സാർവ്വദേശീയ ജനകീയാരോഗ്യ അസംബ്ലി (Peoples Health Assembly) തീരുമാനിച്ചിട്ടുണ്ട്‌.


അധിക വായനയ്‌ക്ക്‌

1. പാർലമെന്ററി സ്റ്റാൻഡിങ്ങ്‌ കമ്മറ്റി റിപ്പോർട്ട്‌ Rajyasabha Secretariat : Department Related Parliamentary Standing Committee on Health Family and Welfare. Fifty Ninth Report on the Functioning of the Central Drug Standard Control Organisation : New Delhi May 2012. http://164.100.47.5/newcommittee/reports/englishcommittees/committee% 20on%20health%20and%20family%20welfare/59.pdf

2. ദേശീയ ഔഷധവില നിശ്ചയിക്കൽ നയം A look at the Draft National Pharmaceutical Policy 2011 http://spicyipindia.blogspot.in/2011/12/look-at-draft-national-pharmaceuticals.html

3.നിർബന്ധിത ലൈസൻസിങ്ങ്‌ ഉത്തരവ്‌ Order of Controller of Patents Mumbai on the Application for Compulsory License Under section 84(1)of the Patent Act, 1970 in respect of Patent No: 215758 http://ipindia.nic.in/iopNew/compulsory_License_12032012.pdf

4.അനധികൃത ഔഷധ പരീക്ഷണങ്ങളെ പറ്റി സുപ്രീംകോടതി Supreme Court Slams Lax Government for illegal Clinical Trials: Times of India July 17,2012 http://timesofindia.indiatimes.com/topic/Clinical-trials/news/2

5.നൊവാർട്ടിസ്‌ ബോയ്‌ക്കോട്ട്‌ വെബ്‌സൈറ്റ്‌ : http://novartisboycott.org/

6.ശ്രീ ടി എൻ പ്രതാപൻ എം എൽ എ(അദ്ധ്യക്ഷൻ) : അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതി റിപ്പോർട്ട്‌ : മെയ്‌ 2011

7.Report of the Expert Committee on a Comprehensive Examination of Drug Regulatory issues, including the problem of Spurious Drugs : Ministry of Health and Family Welfare: Government of India Novermber 2003

8.Patent to Plunder: Cover Story: Frontline: Article by Amit Sengupta, CP Chandrasekhar, TK Rajalakshmi, Leena Menghaney, V Venkatesan: May 4,2012

9.Gopakumar K.M Product Patent and Access to Medicines in India: A Critical Review of the Implementation of TRIPS Patent Regime: The Law and Development Review: Volume 3, Issue2,325-368: 2010

10.Sudip Chaudhuri: Multinationals and Monopolies Pharmaceutical Industry in India after TRIPS: Indian Institute of Management Calcutta: Working Paper Series: WPS No. 685/November 2011

11.ഡോ.ബി.ഇക്‌ബാൽ : ആഗോളവൽക്കരണ കാലത്ത്‌ ജനങ്ങളുടെ ആരോഗ്യം: മാതൃഭൂമി ബുക്‌സ്‌ : കോഴിക്കോട്‌: 2006

12.ഡോ.ബി.ഇക്‌ബാൽ (എഡിറ്റർ) : ഹാത്തി കമ്മിറ്റി ഒരു ദശാബ്‌ദത്തിന്‌ ശേഷം. കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ : 1988