സുപ്രീംകോടതിയുടെ നർമദാ വിധിയും പരിസ്ഥിതി സംരക്ഷണവും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
സുപ്രീംകോടതിയുടെ നർമദാ വിധിയും പരിസ്ഥിതി സംരക്ഷണവും
പ്രമാണം:T=Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം പരിസരം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം സെപ്തംബർ, 2001

നീതിന്യായ കോടതിയുടെ വിധികൾ സമൂഹത്തിലും സംസ്‌കാരത്തിലും സൃഷ്‌ടിക്കുന്ന ദൂരവ്യാപകമായ അനുരണനങ്ങൾ കാരണമാണ്‌ അവ ചർച്ചചെയ്യപ്പെടുന്നത്‌. നീതിതേടി കോടതി കയറുന്നവർക്കു വേണ്ടി മാത്രമുള്ളതല്ല ഓരോ വിധിയും. അവ സമൂഹത്തിനാകെ ബാധകമാവുന്നു എന്നതിനാലാണ്‌ ചില കോടതിവിധികളെങ്കിലും നാഴികക്കല്ലുകളാവുന്നത്‌, അത്തരം വിധികൾ വീണ്ടും വീണ്ടും ഉദ്ധരിക്കപ്പെടും. കൂടുതൽ സംസ്‌കരിക്കപ്പെട്ട മാനുഷിക വ്യവഹാരങ്ങൾക്ക്‌ വഴികാട്ടിയായിക്കൊണ്ട്‌ അവ അനസ്യൂതമായ തുടർച്ച സൃഷ്‌ടിക്കുകയും ചെയ്യും.

ഏറെ ജനശ്രദ്ധയാകർഷിച്ച നർമദാകേസിൽ ഈ തുടർച്ച പ്രതീക്ഷിച്ചവരെ അമ്പരപ്പിച്ച വിധിയാണ്‌ 2000 ഒക്‌ടോബർ 18ന്‌ ഇന്ത്യൻ സുപ്രീംകോടതിയിൽ നിന്നുണ്ടായത്‌. പൊതുതാൽപര്യ വ്യവഹാരത്തിന്റെ ചരിത്രത്തിൽ നീതിയുടെ തുലാസ്‌ ഇത്രയേറേ ചരിഞ്ഞുപോയ മറ്റൊരു വിധിയില്ലെന്നത്‌ ഇന്ത്യയിലെ പൗരാവകാശ പ്രവർത്തകരിലും ജനകീയ പ്രസ്ഥാനങ്ങളിലും ആശങ്കയുയർത്തിയിട്ടുണ്ട്‌. നർമദ വിധിയെക്കുറിച്ച്‌ വിവിധ കോണുകളിൽ നിന്നുള്ള വിമർശനങ്ങളും വിലയിരുത്തലുകളും ഉയർന്നു വരുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌.

നർമദാകേസിലെ വിധിക്ക്‌ ഏറെ സവിശേഷതകളുണ്ട്‌. അതിൽ ഭൂരിപക്ഷ വിധിയോടൊപ്പം ഒരു ന്യൂനപക്ഷ വിധിയുമുണ്ട്‌ എന്നതാണ്‌ അതിലൊന്ന്‌. വിധിയേക്കാൾ കൂടുതൽ മുൻവിധികളായില്ലേ എന്ന്‌ ആരും ന്യായമായി സംശയിച്ചുപോകുന്ന പരാമർശങ്ങൾ നിറഞ്ഞതാണ്‌ ഭൂരിപക്ഷ വിധി. ലോകത്തിൽ തന്നെ ഏറ്റവും മൗലികമായ പരിസ്ഥിതി സംരക്ഷണ - പൗരാവകാശ നിയമങ്ങൾ നിലവിൽ വന്ന രാജ്യത്ത്‌ അതിന്റെ തുടർച്ച പ്രതീക്ഷിച്ചവർക്ക്‌ ഈ ഇടർച്ചയുണ്ടാക്കുന്ന വേവലാതി കുറച്ചൊന്നുമല്ല. നീതിക്കുവേണ്ടി കേഴുന്ന നിസ്വരും നിസ്സഹായരുമായ ആയിരക്കണക്കിനു മനുഷ്യരെ `വിധി'ക്കുവിട്ടുകൊടുത്ത വിധിക്കു കാരണമായതു കാലതാമസമത്രേ. കാലതാമസത്തെക്കുറിച്ചു വിധി കൽപിക്കാൻ ബഹുമാനപ്പെട്ട കോടതിക്കു ആറു വർഷം മാത്രമേ വേണ്ടിവന്നുള്ളു.

ജസ്റ്റിസ്‌ ബറൂച്ചയുടെ ന്യൂനപക്ഷ വിധി നീതിന്യായ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത്‌ കാഴ്‌ചപ്പാടിന്റെ മൗലികമായ വ്യത്യാസംകൊണ്ടുതന്നെ. ഭൂരിപക്ഷ വിധി നടപ്പാകുന്നുവെങ്കിലും ഈ ന്യൂനപക്ഷ വിധി രേഖപ്പെടുത്തിയിരിക്കുന്നു എന്നതുതന്നെയാണ്‌ നീതിന്യായ കോടതികളിലുള്ള പ്രതീക്ഷ.

ശാസ്‌ത്രപുരോഗതിയുടെ ഈ യുഗത്തിൽ ചുറ്റുപാടുമുള്ള സുലഭമായ അറിവുകൾ അവഗണിക്കപ്പെടുന്നതും നാടിന്റെ മാറുന്ന മുഖം കോടതിയിൽ പ്രതിഫലിക്കുന്നതും പഠനാർഹമായ വിഷയങ്ങളാണ്‌. ഇത്തരം പഠനങ്ങളിൽ ഏറെ ശ്രദ്ധേയമായ എൽ.സി.ജയിനിന്റെ വിശകലനങ്ങൾ ഈ ലഘുലേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

നർമദയിൽ അതിജീവനപ്പോരാട്ടം തുടരുന്ന ആദിവാസികളോടും കർഷകരോടും ശാസ്‌ത്രസാഹിത്യ പരിഷത്തിന്‌ ശക്തമായ ഐക്യദാർഢ്യമുണ്ട്‌. പരിസ്ഥിതിയും നീതിയും സംരക്ഷിക്കുന്നവരുടെ കൂട്ടായ്‌മ വളർത്തുന്നതിന്‌ സഹായകമാവുമെന്ന പ്രതീക്ഷയോടെയാണ്‌ നർമദാവിധിയെക്കുറിച്ചുള്ള ഈ കുറിപ്പ്‌ പരിഷത്ത്‌ പ്രസിദ്ധീകരിക്കുന്നത്‌.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌

ലോകത്തിൽ മറ്റൊരിടത്തും നീതിന്യായാധികാര രംഗത്ത്‌ ഇല്ലാത്ത നൂതനവും വിപുലവുമായ പരിസ്ഥിതി അവകാശ നിയമ തത്വസംഹിതയാണ്‌ ഇന്ത്യയുടേത്‌. മലിനമല്ലാത്ത വെള്ളവും വായുവും പൗരന്റെ മൗലികാവകാശമാണെന്ന്‌ സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്‌. മാത്രമല്ല, ഈ അവകാശത്തെ മുൻനിർത്തി പരിസ്ഥിതി പരിപാലനത്തിലെ സങ്കീർണമായ നിരവധി പ്രശ്‌നങ്ങൾക്ക്‌ പരിഹാരമുണ്ടാക്കുകയും, അസ്‌തിത്വമായ (substantive right) ഈ പ്രത്യേക അധികാരത്തെ നിർണയിക്കാനുതകുന്ന അതി വിപുലവും നൂതനവുമായ ഒട്ടനവധി കാര്യക്രമങ്ങളും സുപ്രീംകോടതി നിർദേശിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതിനു പുറമെ പാരിസ്ഥിതിക നാശത്തിന്റെ ഏറ്റവും ക്രൂരമായ ആഘാതം പേറേണ്ടിവരുന്ന ദരിദ്രരും നിരക്ഷരരുമായ ആളുകൾക്ക്‌ (കോടതികളെ സമീപിക്കാൻ പോലും സൗകര്യമില്ലാത്ത ഈ രാജ്യത്ത്‌) വേഗത്തിലും കുറഞ്ഞ ചെലവിലും നിയമപരിഹാരം തേടാൻ ഈ മൗലികാവകാശം ഒരു രാജവീഥിയാണ്‌ തുറന്നുകൊടുത്തത്‌.

ഭരണത്തിൽ പരിസ്ഥിതി ഒരു പ്രധാന വിഷയമായി ഭവിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ 1976ൽ ഭരണഘടനയുടെ ആർട്ടിക്കിൾ 48 Aയിൽ ഡയരക്‌ടീവ്‌ പ്രിൻസിപ്പിൾസ്‌ ഓഫ്‌ സ്റ്റേറ്റ്‌ പോളിസിയും, ആർട്ടിക്കിൾ 51 A (g)യുടെ പരിധിയിൽ എല്ലാ പൗരന്മാരുടെയും ഒരു മൗലികാവകാശമായി ചേർത്തതും, പരിസ്ഥിതീയമായ നിയന്ത്രണവും മെച്ചപ്പെട്ട വനപരിപാലനവും സംസ്ഥാനത്തിന്റെ ചുമതലകളാക്കി കൺകറന്റ്‌ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്‌തു. 1980ൽ ഒരു വനസംരക്ഷണ നിയമം പാസാക്കി. ഇതേതുടർന്ന്‌ വളരെ പ്രധാനപ്പെട്ട പരിസ്ഥിതീയ ചട്ടങ്ങൾ ഉണ്ടാക്കി. ഇന്ത്യയിലെ പരിസ്ഥിതി നയത്തിലും പരിപാലനത്തിലും നിയമങ്ങളുടെ ഘടന തന്നെ മാറ്റാൻ ഇതു വഴിവെച്ചു. 1986ൽ പരിസ്ഥിതി സംരക്ഷണ നിയമവും ചട്ടങ്ങളും 1991ൽ പബ്ലിക്‌ ലയബിലിറ്റി ഇൻഷ്വറൻസ്‌ നിയമവും, 1994ൽ പരിസ്ഥിതി ആഘാത നിർണയ നോട്ടിഫിക്കേഷനും, 1995ൽ നാഷണൽ എൻവയോൺമെന്റൽ ട്രൈബ്യൂണൽ ആക്‌റ്റും, 1997ൽ നാഷണൽ എൻവയോൺമെന്റ്‌ അപ്പെലറ്റ്‌ അതോറിറ്റിയും പിന്നീടു വന്നു.

പരിസ്ഥിതി അവകാശം വ്യക്തിഗതമായ അവകാശം മാത്രമല്ല, അത്‌ സമൂഹത്തിന്റെ അവകാശം കൂടിയാണെന്ന വ്യാഖ്യാനം വന്നു. ജീവിക്കാനുള്ള അവകാശവും, പൂർണാരോഗ്യത്തിനുള്ള അവകാശവും സ്വകാര്യതയ്‌ക്കുള്ള അവകാശവും ശാശ്വതമായ വികസനത്തിനുള്ള അവകാശവും പരിസ്ഥിതി അവകാശത്തിൽ ഉൾപ്പെടുന്നതാണ്‌. പരിസ്ഥിതി ധ്വംസനങ്ങളെ നിയമപരമായി നേരിടുന്നതിന്‌ ``നിയമത്തിന്റെ ന്യായമായ നടപടിക്രമം നിർബന്ധമാക്കിയതും പ്രധാനപ്പെട്ട വഴിത്തിരിവായി. ജുഡീഷ്യൽ ആക്‌റ്റിവിസവും നിരവധി പൊതുതാൽപര്യ വ്യവഹാരങ്ങളും പരിസ്ഥിതി സംബന്ധമായ പല പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാക്കി. പരിസ്ഥിതി ആഘാതങ്ങൾ ഉണ്ടാക്കുന്ന പ്രവൃത്തികൾ തടയാൻ വേണ്ടിയുള്ള ഹർജികൾ കോടതികൾ സ്വീകരിക്കാനും അപകടങ്ങൾ ഒഴിവാക്കാനും സഹായിച്ചിട്ടുണ്ട്‌. പരിസ്ഥിതി പരിപാലനരംഗത്ത്‌ മികവുറ്റ സാങ്കേതിക തന്ത്രങ്ങളുടെ പ്രയോഗം, പാരിസ്ഥിതിക ആഘാത നിർണയം എന്നിവയൊക്കെ ഉണ്ടായത്‌ സുപ്രീംകോടതിയുടെ സന്ദർഭോചിതമായ ഇടപെടലുകൾ കൊണ്ടാണെന്ന്‌ പരക്കെ അറിവുള്ള കാര്യമാണ്‌. ഈ പശ്ചാത്തലത്തിൽ വേണം നർമദയെ പറ്റിയുള്ള സുപ്രീംകോടതി വിധി (18 ഒക്‌ടോബർ 2000) പരിശോധിക്കാൻ.

പൊതുതാൽപര്യ വ്യവഹാരം-ഭരണഘടനയിലെ ആർട്ടിക്കിൾ 21ഉം 32ഉം പരിസ്ഥിതി (സംരക്ഷണ) ആക്‌റ്റ്‌ 1986-സെക്‌ഷൻ 3, അനുസരിച്ച്‌ നർമദാ അണക്കെട്ടു നിർമാണം തടയാൻ ആവശ്യപ്പെട്ട്‌ നർമദാ ബചാവോ ആന്ദോളൻ (NBA) ഇന്ത്യാഗവണ്മെന്റിന്‌ എതിരായി ഹർജി ഫയൽ ചെയ്‌തു. കേസുവാദം കേട്ടവർ ജസ്റ്റിസുമാരായ ഡോ. എ.എസ്‌.ആനന്ദ്‌, എസ്‌.പി.ബറൂച്ച, ബി.എൻ.കൃപാൽ എന്നിവരാണ്‌. ഇവരിൽ ഒന്നാമൻ ചീഫ്‌ജസ്റ്റിസാകുന്നു. വാദിഭാഗം വക്കീൽ, ശാന്തിഭൂഷണും.

ഹർജിയിലെ പ്രധാന ആവശ്യങ്ങൾ: (1) 1987ൽ ഇന്ത്യൻ പ്രധാനമന്ത്രി കൊടുത്ത പരിസ്ഥിതി ക്ലിയറൻസ്‌ പുനഃപരിശോധിക്കുക, (2) തികച്ചും സ്വതന്ത്രമായ ഒരു വിദഗ്‌ധ സമിതിയുടെ നിയമനം. സർക്കാർ വേണ്ടത്ര ഇക്കാര്യം പഠിച്ചിട്ടുണ്ടോ, പദ്ധതിയടെ പരിസ്ഥിതി ആഘാതങ്ങളെപ്പറ്റി വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ, ക്ലിയറൻസ്‌ നൽകുമ്പോൾ പറഞ്ഞിരുന്ന ഉപാധികളിൽ ഏതെങ്കിലും ലംഘിക്കപ്പെട്ടിട്ടുണ്ടോ?, ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ നിയമപരമായ ഫലം എന്താണ്‌ എന്നീ കാര്യങ്ങളാണ്‌ ഈ കമ്മറ്റി അന്വേഷിക്കേണ്ടത്‌.

മൂന്ന്‌ ജഡ്‌ജിമാരിൽ ചീഫ്‌ ജസ്റ്റിസ്‌ ആനന്ദും ജസ്റ്റിസ്‌ കൃപാലും ചേർന്ന്‌ ഈ ഹർജി തള്ളിക്കൊണ്ട്‌ വിധിയെഴുതി. മൂന്നാമൻ ജസ്റ്റിസ്‌ ബറൂച്ച ഒറ്റയ്‌ക്ക്‌ വേറെ വിധിയെഴുതി ഹർജിയിൽ പറഞ്ഞ ആവശ്യങ്ങൾ അംഗീകരിച്ചു. വിശദാംശങ്ങൾ പിന്നെ പറയാം.

എൻ.ബി.എയുടെ ഹർജി തള്ളിക്കൊണ്ടുള്ള വിധിയിൽ പറയുന്നു; ഇന്ത്യാ ഗവണ്മെന്റിന്‌ നർമദാസാഗർ, സർദാർ സരോവർ എന്നീ പ്രോജക്‌ടുകളുടെ പരിസ്ഥിതീയ വശങ്ങളിൽ വളരെ അഗാധമായ ഉൽക്കണ്‌ഠയുള്ളതായി മനസ്സിലാകുന്നു. ഈ പദ്ധതിക്ക്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്ന കാര്യത്തിൽ ജലവിഭവ മന്ത്രാലയവും പരിസ്ഥിതി മന്ത്രാലയവും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായതിനാൽ ഈ പ്രശ്‌നം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്‌ അയച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ വളരെയധികം ചർച്ചകൾ നടന്നു. പരിസ്ഥിതിയിൽ പ്രധാനമന്ത്രിക്കുണ്ടായിരുന്ന താൽപര്യവും ആദിവാസികളെ സംരക്ഷിക്കാനുള്ള വ്യഗ്രതയും തീരുമാനമെടുക്കുന്നതിന്‌ താമസം വരുത്തി. എന്നാൽ 1987 ഏപ്രിൽ 13ന്‌ പ്രധാനമന്ത്രി ക്ലിയറൻസ്‌ കൊടുക്കുകയും 1987 ജൂൺ 24-ാം തിയ്യതി ഔപചാരികമായ കത്ത്‌ പുറപ്പെടുവിക്കുകയും ചെയ്‌തു.

ഈ സാഹചര്യം വച്ചുകൊണ്ട്‌ ക്ലിയറൻസ്‌ കൊടുത്തത്‌ വേണ്ടത്ര ആലോചനയില്ലാതെയാണെന്ന ഹർജിക്കാരന്റെ അഭിപ്രായം അംഗീകരിക്കാൻ കോടതിക്കു കഴിയില്ല. പല പഠനങ്ങളും നടത്തേണ്ടതുണ്ടെന്നും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വളരെ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നും സർക്കാരിന്‌ അറിയുമായിരുന്നു. ഇത്‌ മനസ്സിൽ വെച്ചുകൊണ്ടാണ്‌ പരിസ്ഥിതീയ ക്ലിയറൻസ്‌ നൽകാനും പരിസ്ഥിതി പരിപാലന പരിപാടികൾ നിർമാണപ്രവൃത്തികൾക്കൊപ്പം നടപ്പാക്കുമെന്ന്‌ ഉറപ്പാക്കാനുമാണ്‌ നർമദാ മാനേജ്‌മെന്റ്‌ അതോറിറ്റി ഉണ്ടാക്കണമെന്ന്‌ നിർദേശം നൽകിയതു തന്നെ.

നർമദ കൺട്രോൾ അതോറിറ്റിയും അതിന്റെ പരിസ്ഥിതി ഉപസമിതിയും ഉള്ളപ്പോൾ പ്രത്യേകിച്ചും ഒരു സ്വതന്ത്ര വിദഗ്‌ധസംഘത്തെ നിയോഗിക്കേണ്ട ആവശ്യം ഞങ്ങൾക്കു മനസ്സിലാകുന്നില്ല. പഠനങ്ങൾ നടത്തുന്നതിന്റെ ഗുണനിലവാരം, കൃത്യത, ശുപാർശകളും അവയുടെ നടത്തിപ്പും എന്നിവ പരിശോധിക്കാൻ ഒരു കമ്മറ്റി വേണ്ട. ഇവയ്‌ക്ക്‌ പഠനങ്ങളുടെ ഫലം ലഭ്യമാണ്‌. അവയെ കൈകാര്യം ചെയ്യാൻ ആ സമിതികൾക്കു കഴിവില്ല എന്നു വിചാരിക്കാൻ ഒരു കാരണവും ഞങ്ങൾ കാണുന്നില്ല.

1987 ജൂണിൽ നൽകപ്പെട്ട ക്ലിയറൻസു പ്രകാരം അണ കെട്ടലും റിസർവോയർ നിറയ്‌ക്കലും ഒപ്പം നടത്തണമെന്നാണ്‌. മഴവെള്ളം വീഴുന്ന സ്ഥലത്തെ ക്യാച്ച്‌മെന്റ്‌ പ്രദേശം എന്നു വിളിക്കുന്നു. മണ്ണൊലിപ്പു തടയലും റിസർവോയറിൽ എക്കൽ അടിയുന്നത്‌ പരമാവധി ഇല്ലാതാക്കലുമാണ്‌ ക്യാച്ച്‌മെന്റ്‌ ഏരിയട്രീറ്റ്‌മെന്റുകൊണ്ടുദ്ദേശിക്കുന്നത്‌. 1987ലെ ക്ലിയറൻസിൽ പറഞ്ഞിരിക്കുന്നത്‌ ക്യാച്ച്‌മെന്റ്‌ഏരിയ ട്രീറ്റ്‌മെന്റിനും ആളുകളുടെ പുനരധിവാസത്തിനും പദ്ധതികൾ ഉണ്ടാക്കി റിസർവോയറിൽ വെള്ളം നിറയ്‌ക്കുന്നതിനു മുമ്പ്‌ അവ നടപ്പാക്കണം എന്നാണ്‌. അതുകൊണ്ട്‌ പദ്ധതി നിർമാതാക്കൾ മനസ്സിലാക്കിയത്‌ രണ്ടും നടത്തേണ്ടതാണെന്നാണ്‌. റിസർവോയറിൽ വെള്ളം നിറയ്‌ക്കുന്നത്‌ 1994ൽ തുടങ്ങിയെങ്കിലും, വെള്ളം നിറഞ്ഞ സ്ഥലം ക്യാച്ച്‌മെന്റ്‌ ഏരിയ ട്രീറ്റ്‌മെന്റ്‌ ചെയ്‌തതിനെ അപേക്ഷിച്ച്‌ വിസ്‌തീർണം വളരെ കുറവാണ്‌. 1999ലാണെങ്കിൽ വെള്ളം നിറഞ്ഞ സ്ഥലം 6881 ഹെക്‌ടറാണെങ്കിൽ ട്രീറ്റ്‌മെന്റ്‌ നടന്നത്‌. 128230 ഹെക്‌ടറാണ്‌ എന്നു കാണുന്നു. കൂടാതെ പരിസ്ഥിതി ഉപസമിതി വേണ്ട രീതിയിൽ മോണിറ്ററിങ്ങും നടത്തുന്നുണ്ട്‌ എന്നു മനസ്സിലാക്കുന്നു.

ഈ പ്രത്യേക കാര്യത്തിൽ, മലിനീകരണം നടത്തുന്ന ഒരു ഫാക്‌ടറി സ്ഥാപിക്കുമ്പോഴത്തെപ്പോലെ ഞങ്ങൾ ഉൽക്കണ്‌ഠാകുലരല്ല. ഇവിടെ നിർമാണം നടക്കുന്നത്‌ വലിയ ഡാമാണ്‌. ഡാം അണുശക്തി നിലയമോ മലിനീകരിക്കുന്ന വ്യവസായശാലയോ അല്ല. ഒരു ഡാം പണിയുമ്പോൾ തീർച്ചയായും പരിസ്ഥിതിയിൽ മാറ്റമുണ്ടാക്കും. എന്നാൽ സർദാർ സരോവർ ഡാമിന്റെ നിർമാണം കൊണ്ട്‌ പരിസ്ഥിതി അപകടം ഉണ്ടാകും എന്ന്‌ വിശ്വസിക്കുന്നത്‌ ശരിയല്ല. ഇന്ത്യക്ക്‌ 40 കൊല്ലത്തെ ഡാം നിർമാണ പരിചയമുണ്ട്‌. വലിയ ഡാമുകൾ ചെലവിനൊത്ത ഗുണം നൽകുന്നവയല്ലെന്നും അവ ഇക്കോളജിയമോ, പാരിസ്ഥിതികമോ ആയ ആപത്തുകൾ ഉണ്ടാക്കുന്നവയാണെന്നും കരുതാൻ ഈ അനുഭവം നമ്മെ അനുവദിക്കുന്നില്ല. നേരെ മറിച്ച്‌ ഡാം നിർമിക്കുന്നതുകൊണ്ട്‌ പരിസ്ഥിതി മെച്ചപ്പെടുകയാണ്‌ ചെയ്യുന്നത്‌. ഡാമിന്റെ പരിസ്ഥിതി ആഘാതമെന്തെന്ന്‌ ഇന്ത്യയിൽ പരക്കെ അറിയാവുന്നതാണ്‌. ആകയാൽ ആന്ധ്രപ്രദേശ്‌ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കേസ്‌ ഇവിടെ പ്രസക്തമല്ല.

പരിസ്ഥിതി സംരക്ഷണ നിയമം സെക്‌ഷൻ 3 അനുസരിച്ച്‌ പദ്ധതി നിർമാണം തുടങ്ങും മുമ്പെ പരിസ്ഥിതി ക്ലിയറൻസ്‌ വാങ്ങിയിരിക്കണം എന്ന നോട്ടിഫിക്കേഷൻ വന്നത്‌ 1994ൽ ആകുന്നു. 1987ൽ നർമദ പദ്ധതിക്ക്‌ ക്ലിയറൻസ്‌ നൽകുമ്പോൾ നിയമാനുസൃതമായ ക്ലിയറൻസ്‌ വേണമെന്നത്‌ ബാധകമല്ലായിരുന്നു. 1987ൽ ലഭിച്ച ക്ലിയറൻസ്‌ പ്രധാനമായും ഭരണപരമായ ഒന്നായിരുന്നു. ആ പ്രദേശത്തെ പരിസ്ഥിതിയെപ്പറ്റിയുള്ള ഉൽക്കണ്‌ഠ കൊണ്ടാണ്‌ അത്‌ വാങ്ങിയത്‌. ഭരണഘടനയിലെ ആർട്ടിക്കിൾ 21ൽ പറയുന്ന അവകാശലംഘനമൊന്നും പരിസ്ഥിതീയമാറ്റം കൊണ്ടുണ്ടാകുന്നില്ല; പ്രത്യേകിച്ചും പരിഹാരകർമങ്ങൾ ചെയ്യുന്നതുകൊണ്ട്‌. ഈ കർമങ്ങളാണെങ്കിലോ പരിസ്ഥിതിയെ സംരക്ഷിക്കുക മാത്രമല്ല അത്‌ മെച്ചപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. സ്ഥലം വിട്ടുപോകേണ്ടയാളുകളെ സംബന്ധിച്ചാണെങ്കിൽ നിർമാണം നടക്കുന്നതിനോടൊപ്പം തന്നെ പുനരധിവാസവും നടക്കുന്നുണ്ട്‌.

പ്രധാനമന്ത്രി ക്ലിയറൻസ്‌ കൊടുക്കുമ്പോൾ അക്കാലത്ത്‌ ലഭ്യമായിരുന്ന എല്ലാ പഠനങ്ങളും പ്രയോജനപ്പെടുത്തിയിരുന്നു. ഡാം നിർമിച്ചു കഴിഞ്ഞാൽ ചില പ്രദേശങ്ങൾ മുങ്ങിപ്പോകുമെന്നും അതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കുമെന്നും അപ്പോൾ അറിയാമായിരുന്നു. ചില പഠനങ്ങൾ നടന്നിരുന്നു. പരിസ്ഥിതിയുടെ പല വശങ്ങൾ പഠിക്കേണ്ടതുണ്ട്‌. എന്നാൽ ചില വശങ്ങളെപ്പറ്റി പഠനങ്ങളൊന്നും നടന്നിരുന്നില്ലെന്നതുകൊണ്ടുതന്നെ ക്ലിയറൻസു കൊടുക്കാൻ എടുത്ത തീരുമാനം ഏതെങ്കിലും തരത്തിൽ ദുരുപദിഷ്‌ടമായിരുന്നു എന്നു പറയുകവയ്യ. കൂടുതൽ പഠനങ്ങൾ ആവശ്യമായിരുന്നു. ക്ലിയറൻസു കൊടുക്കാൻ ഇവ നടന്നുവരുന്നുണ്ടായിരുന്നു എന്നും ഇപ്പോഴും നടക്കുന്നുണ്ടെന്നും ഞങ്ങൾക്കു ബോധ്യമുണ്ട്‌. പരിസ്ഥിതി ശുശ്രൂഷ എന്നത്‌ ഒരു കാര്യപരിപാടിയാണ്‌. എപ്പോഴൊക്കെ പരിസ്ഥിതിയെ പ്രതികൂലമായി എന്തെങ്കിലും ബാധിക്കുന്നുവോ അപ്പോഴൊക്കെ അത്‌ ശരിപ്പെടുത്തിക്കൊടുക്കാൻ അവിടെ സംവിധാനം നിലവിലുണ്ട്‌.

ഒന്നൂകൂടിയുണ്ട്‌: പരിസ്ഥിതിയെപ്പറ്റിയുള്ള ഉൽക്കണ്‌ഠ മുങ്ങിപ്പോകുന്ന സ്ഥലത്തെപ്പറ്റിയും അതിന്റെ പ്രാന്തപ്രദേശത്തെപ്പറ്റിയും മാത്രം പോര. ആഘാതം പദ്ധതിയുടെ മുഴുവൻ ആഘാതമായി കാണണം. ഡാം നിർമാണം കൊണ്ട്‌ കുറച്ചു ഭൂമി മുങ്ങിപ്പോകുമെന്നത്‌ ശരിയാണ്‌. പക്ഷേ, ഈ നിർമാണം കൊണ്ടുണ്ടാകുന്ന കനാൽവെള്ളം ബഹുമുഖമായ പരിസ്ഥിതീയ അഭിവൃദ്ധിയാണുണ്ടാക്കുക. ആവശ്യക്കാർക്ക്‌ കുടിവെള്ളം തൊട്ടടുത്ത്‌ ലഭ്യമാകും, മരുവൽക്കരണം കൊണ്ട്‌ ബുദ്ധിമുട്ടുന്ന രാജസ്ഥാനിൽ വെള്ളം ലഭിക്കും. അവിടെ മനുഷ്യവാസം വർധിക്കും. അങ്ങനെ പാക്കിസ്ഥാനുമായുള്ള ഇന്ത്യൻ അതിർത്തിയിലെ ദ്വാരങ്ങൾ സംരക്ഷിക്കപ്പെടും.

പരിസ്ഥിതീയവും ഇക്കോളജീയവുമായ പരിഗണനകൾക്ക്‌ അർഹമായ പരിഗണന കൊടുക്കേണ്ടതാണെന്ന്‌ സമ്മതിക്കാം. പക്ഷേ, വികസന പ്രവർത്തനങ്ങൾ വേണ്ട രീതിയിൽ വിന്യസിപ്പിച്ചാൽ ഇക്കോളജിയും പരിസ്ഥിതിയും സമ്പുഷ്‌ടമാക്കാം. ഉദാഹരണമായി പെരിയാറിലെ ഡാം തന്നെയെടുക്കുക. ചുറ്റും നിബിഡമായ കാടുകൾ കൊണ്ട്‌ അതൊരു ആനയുടെ അഭയാരണ്യമായില്ലേ? അതേസമയം തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ ദാരിദ്ര്യം അമ്പേ തുടച്ചുമാറ്റിയില്ലേ? കൃഷ്‌ണരാജ സാഗർ ഡാം ഒരുകാലത്ത്‌ കുറ്റിച്ചെടികളും വന്യമൃഗങ്ങളും മാത്രമായിരുന്ന മാണ്‌ഡിയ ജില്ല പച്ചപുതച്ച നെൽപാടങ്ങളും കരിമ്പിൻ തോട്ടങ്ങളും കൊണ്ട്‌ ശോഭിതമാക്കിയില്ലേ?

ഇത്തരം നിരവധി നദീതടപദ്ധതികൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുണ്ട്‌. പരിസ്ഥിതീയമായ ദൂഷ്യഫലങ്ങളുണ്ടാക്കിയ ഒരൊറ്റ ഡാമിനെപോലും ചൂണ്ടിക്കാണിക്കാൻ അന്യായക്കാരനു കഴിഞ്ഞിട്ടില്ല. നേരെ മറിച്ച്‌ പരിസ്ഥിതിക്ക്‌ ഗുണമുണ്ടായിട്ടുണ്ട്‌. അതുകൊണ്ട്‌ ഇവിടെയും ദൂഷ്യഫലങ്ങളല്ല, ഗുണമേ ഉണ്ടാകൂ എന്നാണ്‌ അനുഭവങ്ങൾ തെളിയിക്കുന്നത്‌. പരിസ്ഥിതി നാശത്തിന്റെ കാരണങ്ങളിൽ ഒന്ന്‌ ദാരിദ്ര്യമാണെന്ന്‌ മറക്കരുത്‌. വർധിച്ച ജലസേചനം കൊണ്ട്‌ ജനങ്ങൾ അഭിവൃദ്ധിപ്പെടും. പഴയ അവിഭക്ത പഞ്ചാബിലെ പിന്നോക്ക പ്രദേശങ്ങൾ ബക്‌ഡാ ഡാം വന്നതിനു ശേഷം എത്ര അഭിവൃദ്ധിപ്പെട്ടു എന്നത്‌ തിളങ്ങുന്ന ഒരു ഉദാഹരണമല്ലേ? അതിപ്പോൾ ഇന്ത്യയുടെ ധാന്യ അറയായി മാറിയില്ലേ? പ്രോജക്‌ട്‌ വരുംമുമ്പേ ഉണ്ടായിരുന്ന പരിസ്ഥിതി എത്ര മെച്ചപ്പെട്ടിരിക്കുന്നു.

ജസ്റ്റിസ്‌ ആനന്ദും ജസ്റ്റിസ്‌ കൃപാലും എഴുതിയ മേൽപറഞ്ഞ വിധിയോട്‌ വിയോജിച്ചുകൊണ്ട്‌ ജസ്റ്റിസ്‌ ബറൂച്ച പുറപ്പെടുവിച്ച വിധിയാണ്‌ ഇനി പറയാൻ പോകുന്നത്‌.

ക്ലിയറൻസ്‌ നൽകേണ്ടത്‌ നിയമപ്രകാരം വനം പരിസ്ഥിതി മന്ത്രാലയമാണെന്നിരിക്കേ ആ തീരുമാനം പ്രധാനമന്ത്രിക്ക്‌ വിട്ടതായി കാണുന്നു. 1987ൽ പരിസ്ഥിതി ക്ലിയറൻസ്‌ കൊടുക്കുമ്പോൾത്തന്നെ നദീതട പദ്ധതികളുടെ പാരിസ്ഥിതിക ആഘാത പഠനം ആവശ്യമാണെന്ന്‌ ഇന്ത്യാ സർക്കാരിന്‌ തോന്നിയിരുന്നു. അവിടെയുള്ള വന്യജീവികൾ, സസ്യജാലങ്ങൾ, ജനിതക ശേഖരം എന്നീ ജൈവ വിഭവങ്ങളുടെ അതുല്യത ആ പ്രദേശത്തെ തനതായി നിലനിർത്താൻ ആവശ്യപ്പെടുന്നുവോ എന്നറിയാനാണ്‌ പഠനങ്ങൾ വേണമെന്നു തോന്നിയത്‌. അങ്ങനെയൊന്ന്‌ തെളിയിക്കപ്പെട്ടാൽ ക്ലിയറൻസ്‌ നൽകാതിരിക്കാമായിരുന്നു. അതല്ലെങ്കിൽപോലും ഈ പദ്ധതി ജനാരോഗ്യത്തിൽ, സസ്യജനിതക വിഭവങ്ങളിൽ, നീർക്കെട്ട്‌, ജലസേചിത പ്രദേശങ്ങളിലെ അമ്ലതയിൽ വനനശീകരണം മൂലമുണ്ടാകുന്ന മണ്ണൊലിപ്പിൽ-ഒക്കെയുള്ള പദ്ധതിയുടെ ആഘാതം പരിഗണിക്കേണ്ടതായിരുന്നു. ജനസംഖ്യയിന്മേലുണ്ടായേക്കാവുന്ന ഹ്രസ്വകാല-ദീർഘകാല ആഘാതം, സസ്യജന്തുജാലങ്ങളിലും, വന്യജീവികളിലും ദേശീയ പാർക്കുകളിലെയും, അഭയാരണ്യങ്ങളിലെയും, ചരിത്ര സാംസ്‌കാരിക മത സ്‌മാരകങ്ങളിലെയും വനം, കൃഷി, മത്സ്യബന്ധനം, വിനോദം, ടൂറിസം എന്നിവയിൽ ഉണ്ടാകാനിടയുള്ള സ്വാധീനം - ഇതൊക്കെ കണക്കിലെടുക്കേണ്ട. ആഘാത പഠനത്തിനായി വിവരങ്ങൾ ശേഖരിക്കാൻ ഫീൽഡ്‌ സർവേകൾ നടത്തണം. ആഘാതങ്ങൾ പരിഹരിക്കാനോ ഇല്ലാതാക്കാനോ വേണ്ട നടപടികൾക്കായി എത്ര ചെലവുവരും എന്നത്‌ പ്രോജക്‌ടിന്റെ ബഡ്‌ജറ്റിൽ ഉൾക്കൊള്ളിക്കാമായിരുന്നു. ഇതിനായുള്ള മാർഗരേഖകൾ കേന്ദ്ര സർക്കാർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

ജലവിഭവമന്ത്രാലയവും പരിസ്ഥിതി-വനം മന്ത്രാലയവും ഉണ്ടാക്കിയ രേഖകൾ സംശയെമന്യേ തെളിയിക്കുന്നത്‌ പരിസ്ഥിതി ആഘാത നിർണയത്തിനായി വേണ്ട വിവരങ്ങൾ ഒന്നും ക്ലിയറൻസ്‌ കൊടുക്കുമ്പോൾ ലഭ്യമല്ലായിരുന്നെന്നാണ്‌. വേണ്ട വിവരങ്ങൾ ശേഖരിക്കാൻ രണ്ടു മൂന്നു കൊല്ലം കൂടി വേണ്ടി വരുമായിരുന്നു എന്നാണ്‌ കുറിപ്പുകളിൽ ഉള്ളത്‌. വേണ്ടത്ര വിവരങ്ങൾ ഇല്ലാതെ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുക എന്നത്‌ അന്നുള്ള കേന്ദ്രസർക്കാരിന്റെ അന്നത്തെ നയത്തിന്‌ തന്നെ കടകവിരുദ്ധമാണെന്നതിനാൽ യാതൊരു ക്ലിയറൻസും ഇല്ലായെന്നു കരുതേണ്ടതാണ്‌.

1987 ജൂൺ 24ന്‌ നൽകിയ പാരിസ്ഥിതിക ക്ലിയറൻസിൽത്തന്നെ പറഞ്ഞിരിക്കുന്നു, പുനരധിവാസ പദ്ധതി, കമാന്റ്‌ ഏരിയ വികസനം, സസ്യ-ജന്തുജാല സർവെ, ചുറ്റുമുള്ള പ്രദേശങ്ങളുടെ സംവഹനശേഷി, ഭൂചലന സംബന്ധമായ കാര്യങ്ങൾ, ജനാരോഗ്യം എന്നീ കാര്യങ്ങളെ സംബന്ധിച്ച്‌ വിശദാംശങ്ങൾ പ്രോജക്‌ട്‌ അധികാരികളോട്‌ ചോദിച്ചിട്ടുണ്ട്‌ എന്ന്‌. ഫീൽഡ്‌ സർവേകൾ മുഴുമിപ്പിച്ചിട്ടില്ലെന്നും 1989-ഓടു കൂടി മുഴുവൻ വിവരങ്ങളും ലഭ്യമാകും എന്നും എഴുതിയിട്ടുണ്ട്‌.

ക്ലിയറൻസ്‌ നൽകുമ്പോൾ വേണമായിരുന്ന അടിസ്ഥാന വിവരങ്ങൾ ഇല്ലാതിരിക്കെ ക്ലിയറൻസ്‌ കൊടുക്കാൻ സാധ്യമല്ലായിരുന്നു. ഇനി നൽകപ്പെട്ട ക്ലിയറൻസു പ്രകാരം തന്നെയും റിസർവോയറിൽ വെള്ളം നിറയ്‌ക്കും മുമ്പെ ക്യാച്ച്‌മെന്റ്‌ ഏരിയ ട്രീറ്റ്‌മെന്റും ആളുകളുടെ പുനരധിവാസവും കഴിഞ്ഞിരിക്കേണ്ടതായിരുന്നു. വെള്ളം നിറയ്‌ക്കൽ വളരെ മുമ്പെ തുടങ്ങിക്കഴിഞ്ഞിരുന്നു.

ക്ലിയറൻസ്‌ പരിസ്ഥിതി-വനംമന്ത്രാലയമല്ല പ്രധാനമന്ത്രിയാണ്‌ നൽകിയത്‌ എന്നതൊന്നും കാര്യമാക്കേണ്ടതില്ല. എന്നാൽ യൂണിയൻ ഗവണ്മെന്റിന്റെ നയമനുസരിച്ചും മാർഗരേഖകൾ അനുസരിച്ചും പാരിസ്ഥിതിക ക്ലിയറൻസ്‌ നൽകണമെങ്കിൽ (a) പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം മനസ്സിലാക്കാനും നിർണയിക്കാനും ആവശ്യമായ വിവരങ്ങൾ ശേഖരിച്ചിരിക്കണം. (b) ആഘാത നിർണയപ്രകാരം പദ്ധതി തുടരാം. (c) പാരിസ്ഥിതികമായ സുരക്ഷാമാർഗങ്ങളും അവയുടെ ചെലവും കണക്കാക്കിയിരിക്കണം.

പദ്ധതി കൊണ്ടുള്ള ഒരു മോശമായ ആഘാതം ഈ തലമുറയെ മാത്രമല്ല വരാനിരിക്കുന്ന തലമുറകളെയും ബാധിക്കും. ഭരണഘടനയിലെ ആർട്ടിക്കിൾ 21 ഉൾക്കൊണ്ടുകൊണ്ട്‌ ഈ കോടതി തന്നെ ഈ തത്വത്തെ വിശദീകരിച്ചിട്ടുള്ളതാണ്‌. ഇത്രയും ബൃഹത്തായ ഒരു പദ്ധതിയിന്മേൽ അംഗീകാര ചിഹ്നം രേഖപ്പെടുത്താൻ ഈ കോടതിക്ക്‌ കഴിയില്ല. അർഹമായ ആളുകൾക്ക്‌ പരിസ്ഥിതി ആഘാതം നിർണയിക്കാൻ ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനും അവ ചർച്ച ചെയ്യാനും സൗകര്യമുണ്ടാകണം. അവർ തന്നെ പറയണം പരിസ്ഥിതീയ രക്ഷാസംവിധാനങ്ങൾ എന്തൊക്കെ നിർബന്ധമാക്കണം, അതിന്റെ ചെലവ്‌ എത്രയാകും എന്നൊക്കെ. അതിനു ശേഷം അവർ തീരുമാനിക്കും പരിസ്ഥിതി ക്ലിയറൻസ്‌ നൽകണമോ എന്ന്‌. പരിസ്ഥിതി സംബന്ധമായ സർവേകളും പഠനങ്ങളും ക്ലിയറൻസ്‌ കിട്ടിയതിനു ശേഷമാണ്‌ എങ്കിൽ അത്‌ മിതമായ ഭാഷയിൽ പറഞ്ഞാൽ അതൊരുതരം `തെന്നിപ്പോകൽ' തന്നെയാണ്‌. ഇപ്പോൾ ഇനി പരിസ്ഥിതി ക്ലിയറൻസ്‌ നൽകേണ്ടതുണ്ടോ എന്ന്‌ പരിശോധിക്കുന്നവർക്ക്‌ സർവേകളും പഠനങ്ങളും നടത്താൻ സ്വാതന്ത്ര്യമുണ്ട്‌. അവർ, തീർച്ചയായും അത്തരം സർവേകളും പഠനങ്ങളും നടന്നുകഴിഞ്ഞിട്ടുണ്ടെന്നും ഓർക്കണം. ഡാമിന്റെ പണിയും മറ്റു പ്രോജക്‌ട്‌ പ്രവർത്തനവും ഇതിനകം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു എന്നതിനാൽ പരിസ്ഥിതി ക്ലിയറൻസ്‌ നൽകണമോ വേണ്ടയോ എന്നത്‌ തീരുമാനിക്കാൻ ഇതൊരു സുപ്രധാന ഘടകമാണ്‌. ക്ലിയറൻസ്‌ കിട്ടുംവരെ ഡാം നിർമാണം നിർത്തിവയ്‌ക്കണം.

ഈ പശ്ചാത്തലത്തിൽ (1) പരിസ്ഥിതി-വനം മന്ത്രാലയത്തിലെ പരിസ്ഥിതി ആഘാത ഏജൻസി ഉടൻ തന്നെ വിദഗ്‌ധരുടെ ഒരു കമ്മറ്റിയെ നിയോഗിക്കണം-വിദഗ്‌ധന്മാർ ഏതു തരക്കാരായിരിക്കണമെന്ന്‌ 1994ലെ എൻവയോൺമെന്റൽ ഇംപാക്‌ട്‌ അസ്സെസ്‌മെന്റ്‌ നോട്ടിഫിക്കേഷന്റെ മൂന്നാം ഷെഡ്യൂളിൽ പറഞ്ഞിട്ടുണ്ട്‌. (2) ഈ വിദഗ്‌ധ കമ്മറ്റി പ്രോജക്‌ടിന്റെ പരിസ്ഥിതി ആഘാതങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ശേഖരിക്കണം. അവർക്ക്‌ ആവശ്യമെങ്കിൽ സർവേകളോ പഠനങ്ങളോ പ്രത്യേകം നടത്താൻ സ്വാതന്ത്ര്യമുണ്ടായിരിക്കും. ഇതിനകം നടത്തിവന്നിട്ടുണ്ടെന്നു പറയുന്ന സർവേകളും പഠനങ്ങളും അവർക്ക്‌ പരിഗണനയ്‌ക്കായി എടുക്കാം. (3) ശേഖരിച്ച വിവരങ്ങൾ വെച്ചുകൊണ്ട്‌ ആ കമ്മറ്റി പ്രോജക്‌ടിന്റെ പരിസ്ഥിതി ആഘാതങ്ങൾ മനസ്സിലാക്കിയശേഷം പ്രോജക്‌ടിന്‌ ക്ലിയറൻസ്‌ കൊടുക്കേണ്ടതുണ്ടോ എന്നും, പരിസ്ഥിതി ശോഷണത്തിനെതിരെ എന്തു പ്രതിരോധ നടപടികളാണ്‌ സ്വീകരിക്കേണ്ടതെന്നും അതിന്റെ ചെലവ്‌ എന്തു വരുമെന്നും തീരുമാനിക്കട്ടെ. (4) അങ്ങനെ ചെയ്യുമ്പോൾ കമ്മറ്റി ഓർത്തിരിക്കേണ്ട ഒരു വസ്‌തുത പ്രോജക്‌ടിന്റെ പണി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നതാണ്‌. (5) മേൽ സൂചിപ്പിച്ചപോലെ വിദഗ്‌ധസമിതി ക്ലിയറൻസ്‌ കൊടുക്കുന്നതുവരെ ഡാമിന്റെ നിർമാണ പ്രവർത്തനം നിർത്തിവയ്‌ക്കണം. (6) ഗുജറാത്ത്‌, മധ്യപ്രദേശ്‌, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളുടെ പരാതി പരിഹാര അതോറിറ്റികൾ പദ്ധതിപ്രദേശത്തു നിന്നും ഒഴിവാക്കപ്പെടുന്നവരുടെ പുനരധിവാസം നടത്തിയിരിക്കണം. ഡാമിന്റെ നിർമാണം പുനരാരംഭിക്കും മുമ്പേ ഇത്‌ കഴിഞ്ഞിരിക്കണം. (7) ഓരോ സംസ്ഥാനത്തിലെയും പരാതിപരിഹാര അതോറിറ്റിയും പരിശോധനകൾക്കു ശേഷം 5 മീറ്റർ പൊക്കം കൂട്ടിയതുകൊണ്ട്‌ പുറത്താക്കപ്പെടുന്ന എല്ലാവരെയും തൃപ്‌തികരമായി പുനരധിവസിപ്പിച്ചുകഴിഞ്ഞു എന്ന സർട്ടിഫിക്കറ്റ്‌ നൽകണം. അതോടൊപ്പം ഇനി 5 മീറ്റർ കൂടി ഡാമിന്റെ ഉയരം കൂട്ടുക മൂലം പുറത്താക്കപ്പെടാനിടയുള്ളവരെ പുനരധിവസിപ്പിക്കാൻ അവശ്യം വരുന്ന സ്ഥലം ഓരോ സംസ്ഥാനത്തിന്റെ കൈവശമുണ്ടെന്ന്‌ ഉറപ്പുവരുത്തണം. അതിനു ശേഷമേ ക്ലിയറൻസ്‌ നൽകാവൂ. (8) മേലാൽ ഓരോ 5 മീറ്റർ പൊക്കം കൂട്ടുമ്പോഴും ഇത്‌ ആവർത്തിക്കണം. (9) ഭാവിയിൽ ഏതെങ്കിലും കാരണവശാൽ പ്രോജക്‌ട്‌ പണി മുഴുവനായില്ലെങ്കിൽ പുനരധിവസിപ്പിക്കപ്പെട്ട എല്ലാവരും അവരവരുടെ ആദ്യത്തെ വാസസ്ഥലങ്ങളിലേക്ക്‌-ആ സ്ഥലങ്ങൾ നിലനിൽക്കുന്നുവെങ്കിൽ- മടങ്ങിപ്പോകും. ഇതിനായി യാതൊരു വക പണബാധ്യതയും അവർക്കുണ്ടാവാൻ പാടില്ല.

ഇനി നമുക്ക്‌ ആനന്ദും കൃപാലും നൽകിയ വിധിയുടെ ന്യായം നോക്കാം.

വലിയ ഡാമുകൾ പരിസ്ഥിതിയിൽ വലിയ ആഘാതം ഉണ്ടാക്കും എന്ന വാദത്തെ നേരിടാൻ വിധിയിൽ ഇങ്ങനെ പറയുന്നു: ഇന്ത്യക്ക്‌ വലിയ ഡാമുകൾ നിർമിക്കുന്നതിൽ 40 വർഷത്തെ പരിചയമുണ്ട്‌. ഈ പരിചയത്തിൽ നിന്നു പറയാൻ കഴിയും വലിയ ഡാമുകൾ മുടക്കിയ മുതലിന്റെ പ്രയോജനം കിട്ടിയില്ലെന്ന വാദം ശരിയല്ല എന്ന്‌. പരിസ്ഥിതീയമായ അപകടങ്ങൾ ഉണ്ടാക്കുകയല്ല മറിച്ച്‌ പരിസ്ഥിതീയമായ മെച്ചമാണുണ്ടാക്കുക.

ഈ അഭിപ്രായങ്ങൾ അറിവില്ലായ്‌മയുടെയാണോ, കൺമുമ്പിൽത്തന്നെയുള്ള രേഖകൾ വായിക്കാൻ കാണിച്ച മടിയുടെ ഫലമാണോ? 1967 ഡിസംബർ 10-ാം തിയ്യതി കൊയ്‌നാ ഭൂമികുലുക്കം- പ്രോജക്‌ട്‌ ടൗൺഷിപ്പിനെ നിരപ്പാക്കി. 200ൽ ഏറെ പേർ മരിച്ചു. 1500 പേർക്കു പരിക്കുപറ്റി. ആയിരങ്ങൾ വഴിയാധാരമായി. കൊയ്‌ന ഡാം പണിത പ്രദേശത്തെ ഭൂഗർഭതലത്തിന്റെ ശക്തിക്കുറവുകൊണ്ടാണ്‌ ഭൂമികുലുക്കമുണ്ടായതെന്ന്‌ വിദഗ്‌ധർ പറഞ്ഞു. ഭൂമികുലുക്കത്തിനു കാരണം ഡാമിൽ ശേഖരിക്കപ്പെട്ട റിസർവോയർ ജലം. ഗുജറാത്തിൽ സർദാർ സരോവർ ഡാം പണിയുന്ന പ്രദേശവും ഇപ്രകാരം ഭൂഗർഭതല ശേഷിയില്ലായ്‌മയ്‌ക്ക്‌ ഉദാഹരണമാണെന്ന്‌ വിദഗ്‌ധർ വിലയിരുത്തിയിട്ടുണ്ട്‌. എഞ്ചിനീയറിങ്‌ കൺസൾട്ടന്റായ ഡോ. ഹെർബർട്‌ ടിഡേമാൻ പറയുന്നത്‌ നോക്കുക: ``ഗുജറാത്തിൽ സർദാർ സരോവർ പ്രദേശത്തെ ഭൂഗർഭ ഭീഷണി സ്ഥിരമായ ഒന്നാണ്‌. അത്‌ സിമന്റു കൊണ്ട്‌ അടച്ചും മറ്റും മാറ്റാനാവില്ല. ഡോ. ടിഡേമാൻ അമേരിക്കൻ സീസ്‌മോളജിക്കൽ സൊസൈറ്റിയിലെ അംഗമാണ്‌, എർത്ത്‌ ക്വയിക്‌ എഞ്ചിനീയറിങ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടിലെ അംഗവുമാണ്‌. ഇദ്ദേഹത്തിന്റെ അഭിപ്രായത്തെ ഹൈദരാബാദിലെ നാഷണൽ ജിയോളജിക്കൽ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടിലെ വിദഗ്‌ധരും പിന്താങ്ങിയിട്ടുണ്ട്‌.

ലോകത്താകെ നൂറിലധികം ഭൂമികുലുക്കങ്ങൾ ഡാമുകൾ മൂലമുണ്ടായതായി റിപ്പോർട്ടുണ്ട്‌. 1983ൽ ഡോ. ഹർഷ്‌ ഗുപ്‌തയുടെ ഒരു പഠനത്തിൽ അണക്കെട്ടിലെ വെള്ളത്തിന്റെ ലെവലും ലോഡിങ്‌ തോതും ഭൂമികുലുക്കത്തിന്റെ ആവർത്തനവും തമ്മിൽ വളരെ അടുത്ത ബന്ധം ഉണ്ടെന്ന്‌ സ്ഥാപിച്ചിട്ടുണ്ട്‌. 1992ൽ പ്രസിദ്ധീകരിക്കപ്പെട്ട അണക്കെട്ടിനാൽ പ്രേരിതമായ ഭൂചലന ഭൂപടത്തിൽ ഇടുക്കിയും ആന്ധ്രയിലെ സാന്തിപ്പേട്ടും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മണ്ണൊലിപ്പുകൊണ്ട്‌ ഡാമുകളുടെ സംവഹനശേഷി കുറഞ്ഞുപോകുന്നതായി 1976ലെ നാഷണൽ കമ്മീഷൻ ഓൺ അഗ്രികൾച്ചർ സർവെ കാണിച്ചിട്ടുണ്ട്‌. ഇന്ത്യയിലെ പ്രധാനപ്പെട്ട 9 അണക്കെട്ടുകളുടെ കണക്ക്‌ റിപ്പോർട്ടിൽ കൊടുത്തിട്ടുണ്ട്‌. റിസർവോയർ പണിയുമ്പോൾ പ്രതീക്ഷിച്ചിരുന്ന അളവിനേക്കാൾ എത്രയോ അധികമായിരുന്നു അളവുകൾ. നർമദാ സാഗർ ഡാമിന്റേത്‌ 100 ച.കി.മീ ക്യാച്ച്‌മെന്റ്‌ ഏരിയയിൽ നിന്നും പ്രതിവർഷം 1.55 ഹെക്‌ടോമീറ്റർ മണ്ണൊലിപ്പാണ്‌ കണക്കാക്കിയിരുന്നതെങ്കിലും അത്‌ പിന്നീട്‌ 5.62 ഹെക്‌ടോമീറ്ററായി ഉയർന്നു. ഇത്‌ വലിയ അപകടസാധ്യതയേയാണ്‌ കാണിക്കുന്നത്‌. ഈ വിവരങ്ങൾ ലഭ്യമായിരിക്കേയാണ്‌ കോടതി ഉത്തരവിൽ എത്രയോ നിരുത്തരവാദപരമായ പ്രസ്‌താവന നടത്തിയിരിക്കുന്നതെന്ന്‌ ഓർക്കുക.

നീർക്കെട്ടും ക്ഷാരതയുമാണ്‌ റിസർവോയറുകളുടെ താഴെയുള്ള പ്രദേശങ്ങളെ ബാധിക്കുന്ന ദോഷം. ഇക്കാരണം കൊണ്ട്‌ നൂറ്‌ ലക്ഷം ഹെക്‌ടർ കൃഷിഭൂമി നീർക്കെട്ടിനാലും 250 ലക്ഷം ഹെക്‌ടർ ഭൂമി ക്ഷാരതയാലും ഉൽപാദനയോഗ്യമല്ലാതായി തീർന്നതായി അറിവുണ്ട്‌. പഞ്ചാബിലും ഹരിയാനയിലും ഈ അനുഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്‌. നർമദാസാഗർ ഡാമും ഇക്കഥ ആവർത്തിക്കുമെന്ന്‌ ഉറപ്പാണ്‌. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയൻസിലെ ഗവേഷകർ ഇത്‌ പ്രവചിച്ചിട്ടുണ്ട്‌.

ജലജന്യമായ രോഗങ്ങളാണ്‌ മറ്റൊരു ദോഷം. എവിടെയൊക്കെ വൻകിട ജലസംഭരണികൾ നിർമിച്ചിട്ടുണ്ടോ അവയുടെ പ്രാന്തപ്രദേശങ്ങളിൽ മലേറിയ, ഫൈലേറിയ, കോളറ, വൈറൽഎൻസെഫലൈറ്റിസ്‌, ഗോയിറ്റർ എന്നീ രോഗങ്ങൾ വർധിച്ചതായാണ്‌ കാണിച്ചിട്ടുള്ളത്‌. മധ്യപ്രദേശ്‌ ഗവണ്മെന്റിന്റെ ശാസ്‌ത്രസാങ്കേതിക കൗൺസിലിന്റെ ഒരു കുറിപ്പിൽ നർമദാസാഗർ ഡാമിന്റെ ഈയൊരു ഭവിഷ്യത്തിനെപ്പറ്റി സൂചിപ്പിച്ചിട്ടുമുണ്ട്‌ (1984). ഇന്ത്യാഗവണ്മെന്റിന്റെ ആറാം പഞ്ചവൽസര പദ്ധതി രേഖയിൽ ജലസംഭരണി പ്രേരിതമായ നീർക്കെട്ടിന്റെ കെടുതികളെപ്പറ്റി പ്രതിപാദനമുണ്ട്‌. ഇതൊന്നും ഇന്ത്യയുടെ 40 വർഷക്കാലത്തെ വൻകിട ജലസംഭരണി നിർമാണത്തിന്റെ അനുഭവങ്ങളിൽ ബഹു. ജസ്റ്റിസ്‌ ആനന്ദും കൃപാലും വായിച്ചില്ലേ? ആവോ! (1988നകം നാൽപതോളം സാങ്കേതിക പഠന റിപ്പോർട്ടുകൾ വെളിയിൽ വന്നുകഴിഞ്ഞിരുന്നു.)

യാഥാർഥ്യങ്ങൾ ഇങ്ങനെയായിരിക്കെയാണ്‌ കോടതിയുത്തരവിന്റെ 240-ാം ഖണ്‌ഡികയിൽ ``ഡാം നിർമിച്ചതുകൊണ്ട്‌ പാരിസ്ഥിതിക ആഘാതങ്ങൾക്കുണ്ടായിട്ടുള്ള ഒരൊറ്റ ഉദാഹരണം പോലും അന്യായക്കാരന്‌ ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞിട്ടില്ല എന്ന്‌ എഴുതിവെച്ചത്‌!

വികസന പദ്ധതികളുടെ പരിസ്ഥിതി ആഘാതം പഠിക്കേണ്ടത്‌ നിയമം മൂലം നിർബന്ധമാക്കിയ, 1994ൽ പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ വഴിയാണെന്നും നർമദ പദ്ധതിക്ക്‌ 1987ൽത്തന്നെ ഇന്ത്യാഗവണ്മെന്റ്‌ ക്ലിയറൻസ്‌ നൽകിക്കഴിഞ്ഞിരുന്നുവെന്നും, ആകയാൽ നർമദ പദ്ധതിക്ക്‌ ഈ സംഗതി ബാധകമല്ല എന്നും ജഡ്‌ജിമാർ ആനന്ദും കൃപാലും ഉത്തരവാക്കിയിരിക്കുന്നു. ഈ ഉത്തരവിനോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചുകൊണ്ട്‌ മൂന്നാമത്തെ ജഡ്‌ജി ബറൂച്ച ഇങ്ങനെയാണ്‌ പറഞ്ഞിരിക്കുന്നത്‌: ``1987ൽ പരിസ്ഥിതി ക്ലിയറൻസ്‌ കൊടുക്കുമ്പോൾത്തന്നെ, പദ്ധതിയുടെ പാരിസ്ഥിതിക ആഘാതങ്ങളെപ്പറ്റി കർക്കശമായ വിലയിരുത്തലുകൾ വേണ്ടിയിരിക്കുന്നു എന്ന്‌ ഇന്ത്യാഗവണ്മെന്റ്‌ വ്യക്തമാക്കിയിരിക്കുന്നു (ഖണ്‌ഡിക 263).

1987ലെ പാരിസ്ഥിതിക ക്ലിയറൻസിനെപ്പറ്റിയും നാം അറിയേണ്ടതുണ്ട്‌. 1987ലെ ക്ലിയറൻസ്‌ വെറും ഭരണപരമായ (administrative) ഒന്നാണെന്നും നിയമത്താൽ ബന്ധപ്പെട്ട (Statutary) ക്ലിയറൻസാണ്‌ വേണ്ടിയിരുന്നതെന്നുമാണ്‌ ഹർജിക്കാരുടെ വാദം. 1987ൽ അങ്ങനെയൊരു നിയമബാധ്യതയില്ലായിരുന്നു എന്നാണ്‌ രണ്ട്‌ ബഹു. ജഡ്‌ജിമാരുടെ നിർബന്ധം.

1987ൽ ക്ലിയറൻസ്‌ നൽകിയത്‌ പ്രധാനമന്ത്രിയാണ്‌. അന്ന്‌ അങ്ങനെ ചെയ്യുമ്പോൾ ലഭ്യമായിരുന്ന എല്ലാ പഠനങ്ങളും കണ്ടിരുന്നു. ഡാം പണിയുന്നതുകൊണ്ട്‌ കുറെ പ്രദേശങ്ങൾ മുങ്ങിപ്പോകുമെന്നും അതിന്റെ ഫലമായി ഡാമിന്റെ ചുറ്റുപ്രദേശങ്ങളുടെ പരിസ്ഥിതി മാറുമെന്നും അറിയാമായിരുന്നു. ചില പഠനങ്ങളൊക്കെ നടന്നുകഴിഞ്ഞിരുന്നു. അതിൻഫലമായി അറിവായിരുന്ന പാരിസ്ഥിതിക ആഘാതങ്ങൾ ജഡ്‌ജ്‌മെന്റിൽ ഞങ്ങൾ മുമ്പ്‌ സൂചിപ്പിച്ചിട്ടുണ്ട്‌. പരിസ്ഥിതിക്ക്‌ പലവിധ മുഖപ്പുകളുണ്ട്‌. അവയിൽ ചിലതിനെ സംബന്ധിച്ച്‌ വേണ്ട വിവരങ്ങൾ അറിവില്ല എന്നതുകൊണ്ട്‌ പാരിസ്ഥിതിക ക്ലിയറൻസ്‌ നൽകാനെടുത്ത തീരുമാനം ദൂഷിതമാണെന്ന്‌ കരുതാനാവില്ല. ക്ലിയറൻസുപ്രകാരം തുടർന്നുള്ള പഠനങ്ങൾ ആവശ്യമായിരുന്നു. അവ നടന്നിട്ടുണ്ടെന്നും നടന്നുവരുന്നുണ്ടെന്നും ഞങ്ങൾക്കറിയാം. ഞങ്ങളതിൽ തൃപ്‌തരാണ്‌ (1987ൽ കൊടുത്തതാണ്‌ ക്ലിയറൻസ്‌. 2000-ാമാണ്ടിലാണ്‌ പറയുന്നതെന്നോർക്കണം). പരിസ്ഥിതിയോടുള്ള ജാഗരൂകത ഒരു നിരന്തര പ്രക്രിയയാണ്‌. ഡാം പണിയുന്നതിനിടയ്‌ക്ക്‌ എന്തെങ്കിലും ദോഷം പരിസ്ഥിതിക്ക്‌ സംഭവിക്കുന്നെങ്കിൽ, സ്ഥലത്തുള്ള സംവിധാനങ്ങൾ അപ്പപ്പോൾ വേണ്ട നടപടി സ്വീകരിച്ച്‌ ഇല്ലാതാക്കിക്കൊള്ളും (പരിസ്ഥിതിയെന്നുള്ള പ്രതിഭാസത്തെപ്പറ്റിയുള്ള തികഞ്ഞ അജ്ഞതയെന്നല്ലാതെ എന്തു പറയാൻ!!!).

പ്രധാനമന്ത്രി കൊടുത്ത ക്ലിയറൻസിലേക്കു മടങ്ങാം. 1980ൽ ഗുജറാത്ത്‌ സർക്കാരും മധ്യപ്രദേശ്‌ സർക്കാരും ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. 1986ൽ ഇന്ത്യാഗവണ്മെന്റ്‌ പരിസ്ഥിതി സംരക്ഷണനിയമവും ചട്ടങ്ങളും കൊണ്ടുവന്നതിന്റെ വെളിച്ചത്തിൽ നർമദ പദ്ധതിക്ക്‌ പാരിസ്ഥിതിക ക്ലിയറൻസ്‌ ആവശ്യമായിവന്നു (1994 ജനുവരി വരെ കേന്ദ്രഗവണ്മെന്റിൽ നിന്നും പാരിസ്ഥിതിക ക്ലിയറൻസ്‌ വാങ്ങേണ്ടത്‌ ഭരണപരമായ ഒരു ആവശ്യകതയായിരുന്നു). നർമദാപദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക വശങ്ങൾ പരിശോധിച്ചത്‌ സെൻട്രൽ വാട്ടർ കമ്മീഷനായിരുന്നു. ആ പരിശോധനകൾക്കു ശേഷം അത്‌ ശാസ്‌ത്രസാങ്കേതിക ഡിപ്പാർട്ടുമെന്റാണ്‌ നടത്തിയത്‌. നിരവധി ചർച്ചകൾ, കത്തിടപാടുകൾ, സംശയനിവാരണങ്ങൾ-ഒടുവിൽ 1986 ഡിസംബർ 19- ാം തിയ്യതി പരിസ്ഥിതി-വനംവകുപ്പ്‌ സെക്രട്ടറി പ്രധാനമന്ത്രിയുടെ സെക്രട്ടറിക്ക്‌ ഒരു നോട്ട്‌ അയയ്‌ക്കുന്നു. നർമദാ സാഗർ, സർദാർ സരോവർ, എന്നീ പ്രോജക്‌ടുകളെ സംബന്ധിച്ച കുറിപ്പ്‌. സർദാർ സരോവർ പ്രോജക്‌ട്‌ ഏതാണ്ട്‌ തുടങ്ങാൻ തയ്യാറായിരിക്കുകയാണെങ്കിലും പൊതുവെ രണ്ടു പദ്ധതികളെ സംബന്ധിച്ചും പാരിസ്ഥിതിക വശങ്ങളുടെ പ്രധാനപ്പെട്ട ചില വിവരങ്ങളുടെ അഭാവം പ്രത്യേകം ശ്രദ്ധിക്കണം എന്നുമായിരുന്നു കുറിപ്പിന്റെ സംഗ്രഹം. വേണ്ടത്ര അധികാരങ്ങളോടുകൂടിയ ഒരു നർമദ മാനേജ്‌മെന്റ്‌ അതോറിറ്റി സ്ഥാപിക്കേണ്ട ആവശ്യത്തെപ്പറ്റിയും ശുപാർശ ചെയ്യപ്പെട്ടിരുന്നു. ഇതേതുടർന്ന്‌ പ്രധാനമന്ത്രിയുടെ സെക്രട്ടറിയേറ്റും വാട്ടർ റിസോഴ്‌സ്‌ മന്ത്രാലയവും തമ്മിൽ ആയി ചർച്ച. അതിനുശേഷം 1987 ജനുവരി 15-ാംതിയ്യതി പ്രധാനമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി മിസിസ്‌. ബോർഡിയ വിശദമായ ഒരു കുറിപ്പ്‌ എഴുതി.

കുറിപ്പിന്റെ ചുരുക്കം ഇതാണ്‌: ഗുജറാത്തും മധ്യപ്രദേശും ഈ ക്ലിയറൻസ്‌ ലഭിക്കാൻ വേണ്ടി ധൃതി കൂട്ടുകയാണ്‌. മുഖ്യമായ പാരിസ്ഥിതീയ ഉൽക്കണ്‌ഠ പുറത്താക്കപ്പെടുന്ന ആളുകളുടെ പുനരധിവാസവും, പരിഹാരവനവൽക്കരണവും, ആവാഹപ്രദേശ പരിരക്ഷയും, സ്വാധീനപ്രദേശ വികസനത്തിലെ നീർവാർച്ച, നീർക്കെട്ട്‌, ക്ഷാരവൽക്കരണം എന്നിവയുമാണ്‌. പരിസ്ഥിതി വനംവകുപ്പും വകുപ്പ്‌ മന്ത്രിയും ഉപാധികളോടെയുള്ള ഒരു ക്ലിയറൻസ്‌ ശുപാർശ ചെയ്‌തിട്ടുണ്ടെന്നും ഇതിൽ സൂചിപ്പിച്ചു. മിസിസ്‌. ബോർഡിയയുടെ ഈ കുറിപ്പിൽ മിസിസ്‌. ഗ്രേവാൾ (പ്രധാനമന്ത്രിയുടെ സെക്രട്ടറി) താഴെ എഴുതിയത്‌ ഇപ്രകാരമാണ്‌:

``ഖണ്‌ഡിക 17 ദയവായി അംഗീകരിച്ചാലും. ഈ പ്രോജക്‌ട്‌ കഴിഞ്ഞ ഏഴു വർഷങ്ങളായി ക്ലിയറൻസിനു വേണ്ടി കാത്തുകിടപ്പാണ്‌. ഗുജറാത്തിന്റെയും മധ്യപ്രദേശിന്റെയും മുഖ്യമന്ത്രിമാർ ക്ലിയറൻസിനായി കാത്തിരിപ്പാണ്‌. ഈ പ്രോജക്‌റ്റിന്റെ നിർവഹണത്തിൽ മോണിറ്ററിങ്ങിനു വേണ്ടി ഉണ്ടാക്കാൻ പോകുന്ന ഏജൻസി ഈ പദ്ധതിമൂലം ഉണ്ടാകാനിടയുള്ള പരിസ്ഥിതീയ ശോഷണം വേണ്ട രീതിയിൽ കൈകാര്യം ചെയ്‌തുകൊള്ളും. പ്രധാനമന്ത്രിക്ക്‌ ഉൽക്കണ്‌ഠയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ഉതകുന്ന ഉപാധികളോടെയാണ്‌ പരിസ്ഥിതി-വനം വകുപ്പ്‌ ക്ലിയറൻസിന്‌ ശുപാർശ ചെയ്‌തിട്ടുള്ളത്‌. വാട്ടർ റിസോഴ്‌സ്‌ സെക്രട്ടറിയായിരിക്കുമല്ലോ ഈ മോണിറ്ററിങ്‌ ഏജൻസിയുടെ ചെയർമാൻ. അദ്ദേഹത്തോട്‌ ഉപാധികൾ വീഴ്‌ചയില്ലാതെ നടപ്പാക്കുന്നത്‌ പ്രത്യേകം ശ്രദ്ധിക്കാൻ ഞാൻ ആവശ്യപ്പെടുന്നുണ്ട്‌. ഓരോ മൂന്നുമാസം കൂടുമ്പോഴും പ്രോജക്‌ട്‌ നിർവഹണത്തിന്റെ പുരോഗതിയെപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസിൽ റിപ്പോർട്ട്‌ ചെയ്യണമെന്നും അറിയിക്കുന്നുണ്ട്‌. ഈ സംഗതി വളരെ അത്യാവശ്യമാണ്‌. കഴിഞ്ഞയാഴ്‌ചയാണ്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി ജനുവരി 20-ാംതിയ്യതിക്കു മുമ്പ്‌ പച്ചക്കൊടി കാണണമെന്ന ആഗ്രഹം അറിയിച്ചത്‌. പ്രധാനമന്ത്രി ദയവായി ഇത്‌ അംഗീകരിക്കണം.

പ്രധാനമന്ത്രി, രാജീവ്‌ ഗാന്ധി ഇതിന്‌ അംഗീകാരം നൽകുന്നതിനു പകരം ഫയലിൽ എഴുതി: ``ഒരു റിവർ വാലി അതോറിറ്റിയെപ്പറ്റി ആലോചിക്കാനുള്ള സമയം ഇതാണ്‌. ചർച്ച ചെയ്യുക.

പിന്നീട്‌ മൂന്ന്‌ മുഖ്യമന്ത്രിമാരെ (ഗുജറാത്ത്‌, മധ്യപ്രദേശ്‌, രാജസ്ഥാൻ) വിളിച്ചു വരുത്തി റിവർവാലി അതോറിറ്റിയെപ്പറ്റി ചർച്ച നടത്തി. രാഷ്‌ട്രീയനേതാക്കന്മാർ പലരും പ്രധാനമന്ത്രിക്ക്‌ കത്തെഴുതി. ഒടുവിൽ 1987 ജൂൺ 24-ാം തിയ്യതി ചില ഉപാധികൾക്കു വിധേയമായി ഇന്ത്യാഗവണ്മെന്റ്‌ മധ്യപ്രദേശിലെ നർമദാ സാഗർ, ഗുജറാത്തിലെ സർദാർ സരോവർ എന്നീ പദ്ധതികൾക്ക്‌ പരിസ്ഥിതീയ ക്ലിയറൻസ്‌ നൽകുകയുണ്ടായി. അത്‌ താഴെ കൊടുക്കുന്നു:

ഓഫീസ്‌ മെമ്മോറാണ്ടം

വിഷയം: മധ്യപ്രദേശിലെ നർമദാ പ്രോജക്‌ട്‌, ഗുജറാത്തിലെ സർദാർ സരോവർ പ്രോജക്‌ട്‌ എന്നിവയ്‌ക്ക്‌ പരിസ്ഥിതീയ അംഗീകാരം നൽകൽ സംബന്ധിച്ച്‌.

1. നർമദാ സാഗർ പ്രോജക്‌ടും (മധ്യപ്രദേശ്‌) സർദാർ സരോവർ പ്രോജക്‌ടും (ഗുജറാത്ത്‌) ഈ ഡിപ്പാർട്ടുമെന്റിലേക്ക്‌ ക്ലിയറൻസിനായി അയയ്‌ക്കുകയുണ്ടായി.

2. നദീതടപദ്ധതികൾക്കായുള്ള പരിസ്ഥിതി വിലയിരുത്തൽ കമ്മറ്റി ഇവ പരിശോധിക്കുകയും കേന്ദ്ര-സംസ്ഥാന അധികാരികളുമായി ചർച്ച നടത്തുകയും ചെയ്‌തു. അതിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന സംഗതികളെപ്പറ്റിയുള്ള വിവരങ്ങൾ പദ്ധതി അധികാരികളോട്‌ ആവശ്യപ്പെട്ടു.

(i) പുനരധിവാസത്തിനുള്ള മാസ്റ്റർപ്ലാൻ. (ii) ആവാസ പ്രദേശത്തിന്റെ പടിപടിയായുള്ള ട്രീറ്റ്‌മെന്റ്‌ പ്ലാൻ. (iii) പരിഹാരവനവൽക്കരണ പ്ലാൻ. (iv) കമാന്റ്‌ ഏരിയ വികസനം. (v) സസ്യ-ജന്തു സർവേ. (vi) ചുറ്റുപ്രദേശത്തിന്റെ സംവഹനശേഷി. (vii) ഭൂചലനം. (viii) ആരോഗ്യപരമായ കാര്യങ്ങൾ.

3. ഫീൽഡ്‌ സർവേകൾ ഇനി നടത്താനിരിക്കുന്നതേയുള്ളൂ. വിവരങ്ങളുടെ ആദ്യ ഗഡു സമർപ്പിക്കപ്പെട്ടിട്ടുണ്ട്‌. പരിപൂർണമായ വിവരങ്ങൾ 1989ൽ തരുമെന്ന്‌ ഉറപ്പുനൽകിയിട്ടുണ്ട്‌.

4. നർമദാ കൺട്രോൾ അതോറിറ്റി(NCA)യെപ്പറ്റി പരിശോധന നടത്തി. പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ എടുക്കേണ്ട മുൻകരുതൽ, രക്ഷാ നടപടികൾ എന്നിവ ആസൂത്രണം ചെയ്യാനും കർക്കശമായി നടപ്പാക്കാനും അത്‌ പദ്ധതിയുടെ നിർമാണ സമയത്തുതന്നെ നടക്കുമെന്ന്‌ ഉറപ്പാക്കാനും ഉതകുന്ന തരത്തിൽ NCAയുടെ ചുമതലകൾ വിപുലീകരിച്ചു.

5. ബന്ധപ്പെട്ട എല്ലാ സ്ഥിതി വിശേഷങ്ങളും കണക്കിലെടുത്തുകൊണ്ട്‌ മധ്യപ്രദേശിലെ നർമദാ സാഗർ പ്രോജക്‌റ്റിനും ഗുജറാത്തിലെ സർദാർ സരോവർ പ്രോജക്‌റ്റിനും താഴെ പറയുന്ന ഉപാധികൾക്കു വിധേയമായി പരിസ്ഥിതീയ ക്ലിയറൻസ്‌ നൽകിക്കൊള്ളുന്നു. (i) നർമദാ കൺട്രോൾ അതോറിറ്റി പരിസ്ഥിതീയ രക്ഷാസംവിധാനങ്ങൾ വേണ്ടവിധത്തിൽ ആസൂത്രണം ചെയ്യുകയും നിർമാണത്തിന്റെ പുരോഗതിക്കൊപ്പം അവ നടപ്പിൽ വരുത്തുമെന്ന്‌ ഉറപ്പുനൽകുകയും വേണം.

(ii) വിശദമായ സർവേകൾ/പഠനങ്ങൾ, ഉറപ്പുനൽകിയ വിധത്തിൽത്തന്നെ, പ്രഖ്യാപിത ഷെഡ്യൂളുകൾക്കനുസൃതമായി നടത്തുകയും, വിശദവിവരങ്ങൾ ഡിപ്പാർട്ടുമെന്റിന്‌ വിലയിരുത്തേണ്ടതിലേക്ക്‌ സമർപ്പിക്കുകയും വേണം. (iii) ജലസംഭരണി നിറയുംമുമ്പേ തന്നെ ആവാഹപ്രദേശ ട്രീറ്റ്‌മെന്റും പുനരധിവാസപ്ലാനും ഉണ്ടാക്കി നടത്തിപ്പ്‌ പൂർത്തിയാക്കിയിരിക്കണം. (iv) വിവിധ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഡിപ്പാർട്ടുമെന്റിനെ ഇടയ്‌ക്കിടെ അറിയിച്ചുകൊണ്ടിരിക്കണം.

6. വനം മറ്റാവശ്യങ്ങൾക്കുപയോഗിക്കുന്നതിന്‌ വന(സംരക്ഷണ)നിയമം 1980 പ്രകാരമുള്ള അനുവാദം പ്രത്യേകമായി വാങ്ങിയിരിക്കണം. ഈ അനുവാദ ലബ്‌ധിക്കു മുമ്പായി വനപ്രദേശത്ത്‌ ഒരു പ്രവൃത്തിയും തുടങ്ങിക്കൂട.

7. നർമദാ തടത്തിൽ വേറെ എന്തെങ്കിലും - ജലസേചനം, ഊർജോൽപാദനം എന്നീ പദ്ധതികളോ മറ്റു വികസന പ്രവർത്തനമോ, ചെയ്യുന്നതിന്‌ പരിസ്ഥിതീയവും വനസംവർധനപരവുമായ ക്ലിയറൻസ്‌ വേറെ വാങ്ങിയിരിക്കണം.

(ഒപ്പ്‌) എസ്‌. മുഡ്‌ഗൽ (ഡയറക്‌ടർ, ഐ.എ)

ഈ ക്ലിയറൻസ്‌ കൊടുത്തതിന്റെ അടിസ്ഥാനത്തിൽ 1988 ഒക്‌ടോബർ മാസത്തിൽ പ്ലാനിങ്‌ കമ്മീഷൻ 6406 കോടി രൂപയുടെ പദ്ധതി അടങ്കൽ അംഗീകരിച്ചു. പരിസ്ഥിതീയ ക്ലിയറൻസിൽ പറഞ്ഞിരിക്കുന്ന ഉപാധികൾക്കു (24.6.1987ലെ) വിധേയമായാണ്‌ ഈ അംഗീകാരവും നൽകപ്പെട്ടതെന്ന്‌ ശ്രദ്ധിക്കുക. 1987ൽത്തന്നെ പദ്ധതി നിർമാണം തുടങ്ങി.

നമുക്കിനി കേസിലേക്കു തന്നെ മടങ്ങാം. ഹർജിയിൽ അന്യായക്കാരൻ പറഞ്ഞത്‌ പരിസ്ഥിതീയ ക്ലിയറൻസ്‌ നൽകിയത്‌ വേണ്ടത്ര ആലോചനയില്ലാതെയാണെന്നാണ്‌ (Without Application of mind). അതിന്‌ ജസ്റ്റിസ്‌ ആനന്ദും കൃപാലും പ്രതികരിച്ചതിങ്ങനെയാണ്‌: പരിസ്ഥിതീയ ക്ലിയറൻസുമായി നടന്ന കാര്യങ്ങൾ പരിശോധിച്ചാൽ ഈ ആക്ഷേപം നിലനിൽക്കാത്തതാണെന്നും, പരിസ്ഥിതി സംബന്ധമായ ധാരാളം പഠനങ്ങൾ നടക്കാനിരിക്കുന്നതേയുള്ളൂവെന്ന്‌ സർക്കാർ മനസ്സിലാക്കിക്കൊണ്ടുതന്നെയാണ്‌ ക്ലിയറൻസ്‌ നൽകിയതെന്നുമാണ്‌. ഇതു മനസ്സിൽ വെച്ചുകൊണ്ട്‌ ബോധപൂർവമായ ഒരു തീരുമാനമാണ്‌ ക്ലിയറൻസ്‌ നൽകാൻ എടുത്തത്‌. പരിസ്ഥിതി പരിപാലന പ്രവർത്തനങ്ങൾ പദ്ധതിയുടെ നിർമാണ സമയത്തുതന്നെ നടത്താനാണ്‌ നർമദാ മാനേജ്‌മെന്റ്‌ അതോറിറ്റി സർക്കാർ ഉണ്ടാക്കിയത്‌. ഈ ഉപാധി പരിസ്ഥിതീയ ക്ലിയറൻസ്‌ നൽകുമ്പോൾത്തന്നെ സൂചിപ്പിച്ചിരുന്നതാണുതാനും. ഒരു വൻകിട നിർമാണ പ്രവർത്തനം നടക്കുന്നതുകൊണ്ട്‌ അപ്പോഴും ഭാവിയിലും ഉണ്ടാകാനിടയുള്ള ആഘാതങ്ങളെ പഠനങ്ങൾ കൊണ്ട്‌ മുൻകൂട്ടി തിരിച്ചറിഞ്ഞ്‌ പരിഹാരമാർഗങ്ങൾ നിർദേശിക്കലാണ്‌ ശാസ്‌ത്രീയമായി കരണീയം. അല്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതീയ ആഘാതങ്ങൾ കണ്ടറിഞ്ഞ്‌ അപ്പപ്പോൾ പരിഹാരം തേടുന്ന പരിപാടി അശാസ്‌ത്രീയമാണ്‌; പരിസ്ഥിതി നിരക്ഷരതയുടെ പ്രതിഫലനമാണ്‌.

ഇക്കാര്യത്തിൽ എങ്ങനെയാണ്‌ ജസ്റ്റിസ്‌ ബറൂച്ച പ്രതികരിച്ചതെന്നു നോക്കുക. ഖണ്‌ഡിക 264ൽ ഇതു വ്യക്തമാണ്‌. അദ്ദേഹം പറയുന്നു: ജലവിഭവ മന്ത്രാലയവും പരിസ്ഥിതി-വനം മന്ത്രാലയവും ഉണ്ടാക്കി സമർപ്പിച്ച കുറിപ്പുകളിൽ നിന്നും സംശയാസ്‌പദമായി തെളിയുന്നത്‌ പ്രോജക്‌റ്റിന്റെ പരിസ്ഥിതി ആഘാതം നിർണയിക്കുന്നതിന്‌ ആവശ്യമായ വിവരങ്ങൾ ക്ലിയറൻസ്‌ നൽകുന്ന അവസരത്തിൽ ഇല്ലായിരുന്നു എന്നുതന്നെയാണ്‌. കുറിപ്പുകളിൽ നിന്ന്‌ വ്യക്തമാകുന്ന മറ്റൊരു വസ്‌തുത പരിസ്ഥിതീയ ആഘാതങ്ങൾ നിർണയിക്കുന്നതിനാവശ്യമായ വിവരങ്ങൾ കിട്ടാൻ പഠനങ്ങൾ, കാനേഷുമാരി കണക്കുകൾ, ഭൂപട നിർമാണം, ഫീൽഡ്‌ സർവേകൾ മുതലായവ നടത്താൻ ഇനിയും രണ്ടു മൂന്ന്‌ വർഷങ്ങൾക്കൂടി വേണ്ടിവരുമെന്നാണ്‌. വേണ്ടതായ വിവരങ്ങളുടെ അഭാവത്തിൽ പരിസ്ഥിതീയ ക്ലിയറൻസ്‌ നൽകുക എന്നത്‌ യൂണിയൻ സർക്കാരിന്റെ അക്കാലത്ത്‌ അനുവർത്തിച്ചിരുന്ന നയത്തിനു തന്നെ എതിരാണ്‌.

1987 ജൂൺ 24ലെ ക്ലിയറൻസിൽത്തന്നെ പറഞ്ഞിരുന്നത്‌ പുനരധിവാസ മാസ്റ്റർ പ്ലാനും, ആവാസ പ്രദേശ ട്രീറ്റ്‌മെന്റിന്റെ ഘട്ടംഘട്ടമായ വിശദാംശങ്ങളും, പരിഹാര വനവൽക്കരണ സ്‌കീമും, കമാന്റ്‌ ഏരിയ വികസനം, സസ്യ-ജന്തു സർവെ, ചുറ്റു പ്രദേശങ്ങളുടെ സംവഹനശേഷി പഠനം, ഭൂചലനവുമായി ബന്ധപ്പെട്ട വിവരങ്ങൾ, ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ആ വിവരങ്ങളെല്ലാം സമർപ്പിക്കണം എന്നാണ്‌. 1989ൽ ഇവയൊക്കെ സമർപ്പിക്കും എന്ന്‌ ഉറപ്പുനൽകപ്പെടുകയുണ്ടായി. ഇത്‌ വ്യക്തമാക്കുന്നത്‌ ക്ലിയറൻസ്‌ നൽകുന്നത്‌ സമയത്ത്‌ മേൽ സൂചിപ്പിക്കപ്പെട്ടതും, എന്നാൽ അത്യാവശ്യം ആവശ്യമായിരുന്നതുമായ വിവരങ്ങൾ ഉണ്ടായിരുന്നില്ല എന്നുതന്നെയാണ്‌. ആകയാൽ ക്ലിയറൻസ്‌ കൊടുക്കാൻ പാടില്ലാത്തതായിരുന്നു (ഖണ്‌ഡിക 265). (ഈ ഉത്തരവ്‌ എഴുതുമ്പോഴും ഇത്തരം വിവരങ്ങൾ ഉള്ളതായി ജസ്റ്റിസ്‌ ബറൂച്ചയ്‌ക്ക്‌ ബോധ്യമില്ലായിരുന്നു എന്ന്‌ വ്യക്തം!)

റിസർവോയർ നിറയും മുമ്പേ തന്നെ ആവാഹപ്രദേശ ട്രീറ്റ്‌മെന്റും, പുനരധിവാസവും കഴിഞ്ഞിരിക്കണമെന്നതുതന്നെയായിരുന്നു ധാരണ. അതുതന്നെയാണ്‌ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതും. അങ്ങനെയല്ല, ട്രീറ്റ്‌മെന്റിനും പുനരധിവാസത്തിനുമുള്ള പ്ലാനുകൾ ഉണ്ടാക്കിയിരുന്നാൽ മതി എന്നായിരുന്നു ഉദ്ദേശിക്കപ്പെട്ടിരുന്നതെങ്കിൽ ``The catchment area treatment programme and the rehabilitation places shall be drawn ahead of reservoir filling" എന്നാകുമായിരുന്നു എഴുതുക. വെള്ളം നിറയുന്നതുകൊണ്ടുണ്ടാകുന്ന ആഘാതങ്ങൾ നേരിടുന്നതിനാണ്‌ രണ്ടും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്ന്‌ വളരെ വ്യക്തം. പിന്നെങ്ങനെയാണ്‌ ഞങ്ങൾ `അങ്ങനെ'യാണ്‌ മനസ്സിലാക്കിയത്‌ എന്നു പറയുക?

പ്രതികൂലമായ പരിസരാഘാതം ഈ തലമുറയോടും വരുംതലമുറയോടും വിനാശകരമായ പ്രത്യാഘാതങ്ങളാണ്‌ ചെയ്യുക. ഈ കോടതി തന്നെ ഇന്ത്യൻ ഭരണഘടനയുടെ 21-ാം ആർട്ടിക്കിളിനെ ആസ്‌പദമാക്കിയ ജഡ്‌ജുമെന്റുകളിൽ ഇത്‌ അംഗീകരിച്ചിട്ടുണ്ടല്ലോ. അതുകൊണ്ട്‌ ഇത്രയും ബൃഹത്തായ ഒരു പ്രോജക്‌റ്റിന്മേൽ അംഗീകാരത്തിന്റെ മുദ്രപതിപ്പിക്കാൻ ഈ കോടതിക്കു കഴിയില്ല. ഈ പ്രോജക്‌റ്റിന്റെ പരിസരാഘാതങ്ങളെപ്പറ്റി ആദ്യം വിവരങ്ങൾ ശേഖരിക്കുകയും അവയെ പഠിക്കുകയും ചെയ്‌തതിനു ശേഷമല്ലാതെ അങ്ങനെ ചെയ്യാൻ പാടില്ല. ആഘാതങ്ങൾക്ക്‌ എന്തു പരിഹാരം ചെയ്യണമെന്നും അതിന്‌ എന്തു ചെലവ്‌ വരുമെന്നും മുൻകൂർ അറിയണം. ക്ലിയറൻസിനു ശേഷം പരിസ്ഥിതി സംബന്ധമായ പഠനങ്ങളും സർവെകളും നടന്നിട്ടുണ്ടായിരിക്കാം. പക്ഷേ, ഇപ്പോൾ പരിസ്ഥിതീയ ക്ലിയറൻസ്‌ കൊടുക്കാമോ എന്നു പരിശോധിക്കുന്ന ആളുകൾക്ക്‌, അവർക്കു തോന്നുന്ന രീതിയിൽ പഠനങ്ങളും സർവേകളും നടത്താൻ പുതുതായി ഏർപ്പാടുകൾ ഉണ്ടാക്കാം. മുമ്പ്‌ ചെയ്‌തതിന്റെ ഫലങ്ങളും അവർക്കു നോക്കാം. ഡാമിന്റെ നിർമാണവും മറ്റു പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു എന്ന യാഥാർഥ്യം വെച്ചുകൊണ്ട്‌, പരിസ്ഥിതീയ ക്ലിയറൻസ്‌ കൊടുക്കണമോ വേണ്ടയോ എന്നും അവർക്ക്‌ പരിഗണിക്കാം. ഇനിയുള്ള ഡാമിന്റെ നിർമാണ പ്രവർത്തനങ്ങൾ, പുതിയ പരിസ്ഥിതീയ ക്ലിയറൻസ്‌ ലഭിക്കും വരെ നിർത്തിവയ്‌ക്കണം (ഖണ്‌ഡിക 271).

ഈ പശ്ചാത്തലത്തിൽ ഭൂരിപക്ഷ ജഡ്‌ജിമാരുടെ ഉത്തരവ്‌ തെറ്റും പക്ഷപാതപരവും, പാരിസ്ഥിതികമായി അശാസ്‌ത്രീയമാണെന്നും കാണാം. കഴിഞ്ഞ അഞ്ചു കൊല്ലക്കാലത്തിനിടയ്‌ക്ക്‌ സുപ്രീംകോടതി തന്നെ പ്രസ്‌താവിച്ചിട്ടുള്ള നിരവധി വിധിന്യായങ്ങൾ പരിപൂർണമായും അവഗണിച്ചുകൊണ്ടുള്ളതാണ്‌ ഈ കുപ്രസിദ്ധ വിധിയെന്നാണ്‌ ഇതേപ്പറ്റി അറിവുള്ളവർ പറയുന്നത്‌. ഈ വിധിയെപ്പറ്റി ഒരുപാട്‌ നിരൂപണങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഇതിൽ ഏറ്റവും കാതലായ ഒരെണ്ണം ശ്രീ. എൽ.സി.ജെയിന്റേതാണ്‌.

ഭൂരിപക്ഷ വിധിയുടെ പ്രത്യയശാസ്‌ത്രം പരിശോധിക്കുക. ബി.എൻ. കൃപാലും എ.എസ്‌.ആനന്ദും ചേർന്ന്‌ എഴുതിയ ഭൂരിപക്ഷ വിധിയുടെ താഴെ കൊടുത്ത പ്രസക്തഭാഗം വായിച്ചാൽ ഈ ജഡ്‌ജിമാരുടെ വിധിക്ക്‌ ആസ്‌പദമായ പ്രത്യയശാസ്‌ത്രം വ്യക്തമാവും.

``ബാധിതരായ ആദിവാസികൾ ദാരിദ്ര്യത്തിൽ കഴിയുന്നവരാണ്‌. അവർ പൈപ്പുവെള്ളം, വിദ്യാഭ്യാസം, റോഡുകൾ, വൈദ്യുതി, വൈദ്യസഹായം മുതലായ വികസന ഫലങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടവരാണ്‌. അവർ നിത്യവൃത്തിക്ക്‌ മഴയെ ആസ്‌പദമാക്കിയുള്ള കാർഷിക പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുമാണ്‌. ചിലർ വനമേഖലയിൽ പ്രവർത്തിയെടുക്കുന്നുണ്ട്‌. ഇവർ താമസിക്കുന്ന പ്രദേശം മലഞ്ചെരിവുകളാകയാൽ കാലവർഷത്തിന്റെ കനിവിനെ മാത്രം ആശ്രയിച്ചു കഴിയുന്നവരാണ്‌. ഒരുപ്പൂ കൃഷിയേ അവർക്ക്‌ ആവൂ.

വെള്ളത്തിൽ മുങ്ങിപ്പോകുന്ന സ്ഥലങ്ങളും പദ്ധതി പ്രദേശത്തുനിന്ന്‌ ആളുകളെ മാറ്റിത്താമസിപ്പിക്കലും പ്രധാനപ്പെട്ട പ്രശ്‌നമാണ്‌. പ്രോജക്‌ടുകൾ മൂലം ആളുകളെ അവരുടെ പരമ്പരാഗത വാസസ്ഥലത്തുനിന്നും തള്ളിമാറ്റുന്നു എന്നത്‌ വാസ്‌തവമാണ്‌. ഇങ്ങനെ സ്ഥലം മാറ്റുന്നതു മൂലം അവർ തങ്ങളുടെ ഭൂതകാലത്തു നിന്നും, സംസ്‌കാരത്തിൽ നിന്നും, ആചാര-പാരമ്പര്യത്തിൽ നിന്നും വിച്ഛേദിക്കപ്പെടുന്നു എന്നതും വാസ്‌തവമാണ്‌. എന്നാൽ ഒരു നദിയെ വലിയ നേട്ടങ്ങൾ കൊയ്യാൻ വേണ്ടി പ്രയോജനപ്പെടുത്തുമ്പോൾ അത്‌ വേണ്ടി വരും. പ്രകൃതിയിലെ ഒരു നദി അതിന്റെ സമീപവാസികൾക്കു മാത്രമായുള്ളതല്ല, അത്‌ അതിനെ ഉപയോഗിക്കാൻ പറ്റുന്ന, സമീപവാസികൾക്കും വിദൂരവാസികൾക്കും പ്രയോജനം കിട്ടാൻ ആവശ്യമായതാണ്‌.

ആദിവാസികളും അവികസിത ഗ്രാമപ്രദേശത്തു വസിക്കുന്നവരും എന്നെന്നും അതേ അവസ്ഥയിൽ കഴിഞ്ഞു കൂടണം എന്നത്‌ അനൗചിത്യമാണ്‌. ശാസ്‌ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ഫലങ്ങൾ, മെച്ചപ്പെട്ട ആരോഗ്യത്തിനും ഉയർന്ന ജീവിത നിലവാരത്തിനും വേണ്ടി അവർക്കും ഉപയോഗിക്കാൻ അർഹതയുണ്ട്‌. ഹരിതാഭമായ പുതിയ മേച്ചിൽസ്ഥലങ്ങൾ മറ്റെവിടെയെങ്കിലും അന്വേഷിച്ചുപോകാൻ, അവ ലഭ്യമെങ്കിൽ, അവരെ നമുക്ക്‌ പ്രോത്സാഹിപ്പിക്കേണ്ടതില്ലേ? ഒരു ജനാധിപത്യ വ്യവസ്ഥയിൽ, ക്ഷേമം എന്നത്‌ ഒരു ചെറിയ സമൂഹത്തിനു മാത്രമല്ല, ജനങ്ങൾക്ക്‌ പൊതുവെ എന്ന്‌ ലക്ഷ്യമാക്കേണ്ടതാണ്‌ ഉത്തരവാദപ്പെട്ട ഒരു സർക്കാരിന്റെ ഉത്തരവാദിത്വം.

പൊരുത്തപ്പെട്ടു പോവാത്ത അവകാശങ്ങൾ പരിഗണിക്കേണ്ടതുണ്ട്‌. ഒരു വിഭാഗം ജനങ്ങൾക്ക്‌, ഉദാഹരണത്തിന്‌ ഗുജറാത്തിലെ, ആകപ്പാടെ ഒറ്റ പരിഹാരമാർഗമേയുള്ളൂ: അതായത്‌ ഡാം പണിയുക എന്നത്‌. ഈ പ്രവൃത്തിക്ക്‌ മറ്റൊരു ജനവിഭാഗത്തിന്റെ മേൽ പ്രതികൂലമായ അവസ്ഥയുണ്ടാകും. അവരുടെ വീടുകളും കൃഷിയിടങ്ങളും വെള്ളത്തിൽ മുങ്ങിപ്പോകുന്നു. ഗുജറാത്തിലെ ജനങ്ങൾക്ക്‌ നർമദയിൽ നിന്ന്‌ വെള്ളം നൽകാൻ മറ്റൊരു മാർഗവുമില്ലാത്തതിനാലാണ്‌ ഡാം പണിയാൻ അനുമതി നൽകേണ്ടി വന്നത്‌. മധ്യപ്രദേശിൽ കുടിയിറക്കപ്പെട്ടവർക്ക്‌ ബദൽ ഭൂമി നൽകി അവരുടെ കഷ്‌ടപ്പാട്‌ ഇല്ലാതാക്കാം. ഇങ്ങനെ പൊരുത്തപ്പെടാത്ത താൽപര്യങ്ങൾ നേരിടാൻ സംസ്ഥാനം ഭരിക്കുന്നവർക്ക്‌ ഇങ്ങനെയൊക്കെ ചെയ്യേണ്ടി വരും. സർക്കാർ വേണ്ട വിധത്തിൽ ആലോചനയോടെ, മുഴുവനായും മനസ്സിരുത്തി ഒരു തീരുമാനമെടുക്കുമ്പോൾ അതിൽ കോടതി ഇടപെടേണ്ട ആവശ്യമില്ല.

ഭീൽ2 വർഗക്കാർ (ഒറ്റയാൻമാർ) അകന്നകന്ന്‌ വീടുവയ്‌ക്കുന്നവരാണ്‌. അവർ സാമൂഹ്യജീവികളായി വരികയാണ്‌. അവർ സമൂഹമായി ജീവിക്കാൻ പഠിച്ചുവരുന്നു.

ആദിവാസികളെയും മറ്റുള്ളവരെയും കുടിയൊഴിപ്പിക്കുന്നതുകൊണ്ട്‌ അവരുടെ മൗലികാവകാശങ്ങളോ മറ്റ്‌ അവകാശങ്ങളോ ഭംഗപ്പെടുത്തപ്പെടുന്നില്ല. അവരെ പുനരധിവസിപ്പിക്കുന്നത്‌ ഫലത്തിൽ അവരെ പഴയതിൽ നിന്നും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിൽ എത്തിക്കുക എന്നതാണ്‌. അവർ ആദിവാസി ആവാസങ്ങളിൽ അനുഭവിച്ചുപോന്നതിലും മെച്ചമായ സൗകര്യങ്ങളാണ്‌ പുതിയ ഇടങ്ങളിലുണ്ടാവുക. അങ്ങനെ അവർ മെയിൻ സ്‌ട്രീം സൊസൈറ്റിയിൽ പതുക്കെപ്പതുക്കെ സ്വാംശീകരണം ചെയ്യപ്പെടുന്നു. ഇത്‌ അവർക്ക്‌ നന്മയും പുരോഗതിയും നൽകും.

ചുരുക്കത്തിൽ ഭൂരിപക്ഷ വിധി കരുതുന്നത്‌ കുടിയൊഴിപ്പിക്കൽ ഒഴിച്ചുകൂടാനാവാത്ത ഒരു ദുരന്തം എന്നല്ല അഭികാമ്യമായ ഒരു പ്രയോജനമാണെന്നാണ്‌. അത്‌ അവർക്ക്‌ ഗുണം ചെയ്യും. അവർ സമ്പന്നരാക്കപ്പെടും, മെയിൻസ്‌ട്രീമിൽ ചേർക്കപ്പെടും. ഇങ്ങനെയൊരു `തത്വസംഹിത' അംഗീകരിച്ചതിനു ശേഷം ഈ രണ്ടു ജഡ്‌ജിമാരും വികസനപദ്ധതിയെപ്പറ്റി സർക്കാർ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല എന്ന നിഗമനത്തിലെത്തുന്നു. എന്നിട്ടിങ്ങനെ പറയുന്നു: ``ഒരു പദ്ധതി നിർവഹണം ആരംഭിക്കുകയും ഒരുപാട്‌ പണം ചെലവഴിക്കുകയും ചെയ്‌തതിനു ശേഷം ആ പദ്ധതിയെ, കുറെ കൊല്ലങ്ങൾക്കു ശേഷം, വെല്ലുവിളിക്കുന്നത്‌ അനുവദിക്കുക എന്നത്‌ അംഗീകൃത നീതിന്യായ വ്യവസ്ഥകൾക്കെതിരാണ്‌; ദേശീയ താൽപര്യത്തിന്‌ വിരുദ്ധമാണ്‌.

ഒരു തീരുമാനമെടുക്കുമ്പോൾ, നിയമം ലംഘിക്കപ്പെടരുതെന്നും ഭരണഘടന അനുവദിക്കുന്നിടംവരെയല്ലാത്ത മൗലികാവകാശ ലംഘനം അനുവദിക്കുകയില്ല എന്നതും നോക്കേണ്ടത്‌ കോടതിയുടെ കടമയാണ്‌. എന്നിരുന്നാലും ഒരു പദ്ധതിയെ എതിർക്കുന്നത്‌/ വെല്ലുവിളിക്കുന്നത്‌ ആ പദ്ധതിയുടെ നിർവഹണം തുടങ്ങുന്നതിനു മുമ്പായിരിക്കണം.

ഒരു പദ്ധതി നിർവഹണം താമസിപ്പിക്കുന്നതുകൊണ്ട്‌ മതിപ്പുചെലവ്‌ വർധിക്കും. നിർവഹണം ആരംഭിച്ചതിനു ശേഷം പദ്ധതി തടയാനുള്ള ഏതൊരു ശ്രമവും ആരംഭത്തിൽത്തന്നെ തടയണം; പദ്ധതി നടപ്പാക്കാനുള്ള തീരുമാനം നേരത്തെ അറിഞ്ഞിരുന്നുകൊണ്ട്‌ പിന്നീട്‌ കോടതിയെ സമീപിച്ചാൽ അത്‌ അപ്പോൾത്തന്നെ തള്ളണം- എവിടെയായിരുന്നു ഇത്രകാലം എന്ന ന്യായേന (Should be thrown out at the very threshold on the ground of latches എന്നാണ്‌ പ്രയോഗം!). പൊതുതാൽപര്യ ഹർജി എന്ന പേരിലാണെന്നു വെച്ച്‌ നീതി ന്യായ രീതിയുടെ തത്വങ്ങൾ വേണ്ടെന്നുവയ്‌ക്കാൻ പാടില്ല. കാലതാമസം (latches) അതിലൊന്നാണ്‌.

മനുഷ്യാവകാശങ്ങൾ സ്വയം സംരക്ഷിക്കാൻ കഴിയാത്തവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും പരിപാലിക്കാനും ഒരു പുതിയ മാർഗമായാണ്‌ പൊതു താൽപര്യ ഹർജികളെ കണക്കാക്കേണ്ടത്‌. എന്നാൽ സമയം ചെല്ലെ ചെല്ലെ അത്‌ ഊതി വീർപ്പിച്ച്‌ പൊതു ജീവിതത്തിലെ സത്യസന്ധത, ലൈസൻസ്‌ വഴി പാരിതോഷികം, പരിസ്ഥിതി സംരക്ഷണം ഇത്യാദിയൊക്കെ ഉൾപ്പെടുത്തി. എന്നാൽ ബലൂൺ ഊതിവീർപ്പിച്ച്‌ പൊട്ടിക്കരുതല്ലോ. പൊതുതാൽപര്യഹർജി പരസ്യ താൽപര്യ ഹർജിയാക്കിയോ, പൊതു ജിജ്ഞാസാ ഹർജിയാക്കിയോ തരംതാഴ്‌ത്തപ്പെടരുത്‌.

വേണ്ടത്ര ആലോചനകൾക്കും ചർച്ചകൾക്കും ശേഷം അംഗീകാരം നൽകപ്പെട്ട ഒരു പദ്ധതിയുടെ അംഗീകാരം വീണ്ടുവിചാരമാവശ്യപ്പെട്ട്‌ പൊതുതാൽപര്യ ഹർജി വന്നാൽ കോടതി അത്‌ പരിഗണിക്കരുത്‌. പദ്ധതി അംഗീകരിക്കുമ്പോൾ പരിഗണിക്കപ്പെടാത്ത ഒരു `വശം' ഉണ്ടായിരുന്നുവെന്നും അത്‌ പരിഗണിക്കപ്പെട്ടില്ല എന്നും-അത്‌ യഥാർഥത്തിൽ സർക്കാർ പരിഗണിച്ചിട്ടുണ്ടായിരിക്കാനാണു സാധ്യത- പറഞ്ഞുവരുമ്പോൾ അത്‌ കേൾക്കരുത്‌ കോടതി. എല്ലാ വിധ `വശ'ങ്ങളും പരിഗണിച്ചിട്ടാണ്‌ സർക്കാർ പദ്ധതിയെപ്പറ്റി തീരുമാനിച്ചതെന്നതുകൊണ്ട്‌ കോടതിക്ക്‌ വീണ്ടും പരിഗണിക്കാൻ അവകാശമില്ല.��

ഇവിടെ പരാമർശിക്കപ്പെട്ട ആദിവാസി സമൂഹത്തെപ്പറ്റി നമ്മുടെ ഭൂരിപക്ഷ വിധിയുടെ പ്രത്യയശാസ്‌ത്രവും ഹരിജന-ഗിരിജന കമ്മീഷണർ സുപ്രീംകോടതിയെ ധരിപ്പിച്ച റിപ്പോർട്ടും തമ്മിലുള്ള അന്തരം നോക്കുക. 1990ൽ ഇതേ ബെഞ്ചിന്റെ മുമ്പാകെ 1201-ാം നമ്പറായി കമ്മീഷണർ നൽകിയ ഹർജിയിൽ ഇങ്ങനെ പറഞ്ഞിരുന്നു: ``വികസനത്തെ സംബന്ധിച്ച സങ്കൽപത്തെയും അതിൽ ജനങ്ങളുടെ പങ്കിനെപ്പറ്റിയും ഒരു പുതിയ സംവാദം നടത്തേണ്ട സ്ഥിതിയാണിന്നുള്ളത്‌. ആദിവാസികളെ സംബന്ധിച്ച്‌ ഇത്‌ അത്യന്തം നിർണായകമായിരിക്കുന്നു. ആദിവാസി സമൂഹങ്ങളുടെ നിലനിൽപുതന്നെ അപകടത്തിലാണ്‌.

ആദിവാസികളിൽ ഏതാണ്ട്‌ 15 ശതമാനം പേർ കുടിയൊഴിപ്പിക്കപ്പെട്ടിരിക്കുന്നു. അവർക്ക്‌ ഈ പ്രക്രിയയിൽ ഉണ്ടായിരുന്നതെല്ലാം നഷ്‌ടപ്പെട്ടു. എന്നിട്ട്‌ ഇപ്പോഴും ദേശീയ വികസനത്തിനു വേണ്ടി അവർക്ക്‌ എന്തെങ്കിലും നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന്‌ ആരും കരുതുന്നില്ല. അവരുടെ നഷ്‌ടം വിലയിരുത്തുകയേ ഉണ്ടായിട്ടില്ല എന്നതുപോകട്ടെ, ഈ സ്ഥിതിവിശേഷം ഇനിയും തുടർന്നാൽ ഇവർക്ക്‌ അവരുടെ സ്വന്തം ആവാസങ്ങളിൽ നിൽക്കാൻപോലും സ്ഥലമുണ്ടാവില്ല. പല ദിക്കിലും ഇത്‌ സംഭവിച്ചു കഴിഞ്ഞു. പലയിടങ്ങളിലും ഇത്‌ നടന്നുവരുന്നു.

എല്ലാ പദ്ധതികളും കൂട്ടിനോക്കിയാൽ എവിടെയും ആദിവാസികളാണ്‌ സഹിക്കേണ്ടവർ. നേടുന്നവർ മറ്റുള്ളവരും.

നർമദാവാലിയുടെ കാര്യമെടുത്താൽ ഒരുപാട്‌ പ്രശ്‌നങ്ങൾ ആദ്യമായിട്ടാണ്‌ അനുഭവപ്പെടുന്നത്‌. അവയിൽ ഏറ്റവും ഗുരുതരമായ വഴിത്തിരിവ്‌ ഇപ്പോഴാണുണ്ടായത്‌....

എന്റെ അഭിപ്രായത്തിൽ, ഏതൊരു പദ്ധതിയിലേയുംപോലെ സർദാർ സരോവർ പദ്ധതിയിലും നിയമവും ഭരണഘടനയും മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നു. ആദിവാസികളെ സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വത്തെ സംബന്ധിച്ച്‌ സംസ്ഥാന സർക്കാർ അജ്ഞത നടിക്കുന്നു. പ്രോജക്‌റ്റുമൂലം നഷ്‌ടങ്ങൾ സഹിക്കുന്ന ആദിവാസികളുടെ സ്വതന്ത്ര താല്‌പര്യങ്ങൾക്ക്‌ ബദലുകളോടുള്ള സമീപനത്തിന്‌ യാതൊരു വ്യത്യാസവും ഉണ്ടാകാൻ പോകുന്നില്ല. അതുപോലെ തന്നെ, ഇതേവരെ അതിഗുരുതരമായ അനീതിയാണ്‌ കാണിച്ചിരുന്നത്‌. ഇപ്പോൾ അത്‌ വേറെ കാര്യങ്ങളിലാണ്‌ എന്നത്‌ താരതമ്യേന ഗൗരവം കുറഞ്ഞ അനീതിയെ നീതീകരിക്കാനുള്ള സംരംഭങ്ങൾ അംഗീകരിക്കാനാവില്ല. അനീതി അനീതിതന്നെയാണ്‌. എവിടെയൊക്കെ ആളുകൾ അനീതിക്കെതിരായി സമരം ചെയ്യുന്നുവോ, ആ സമരങ്ങളെല്ലാം നീതീകരണമുള്ളവയാണ്‌.

ആളുകളെ അവരുടെ അംഗീകാരത്തോടെയല്ലാതെ കുടിയൊഴിപ്പിക്കാമോ? ഒരു ജനതയുടെ സാമൂഹിക അനന്യത വിലപേശലിന്‌ വിധേയമാണോ? തങ്ങളുടെ സമുദായം ഛിന്നഭിന്നമായിപ്പോകുമെന്നും, സമുദായത്തിലെ അംഗങ്ങൾ അഗതികളായിപ്പോകുമെന്നും പരിപൂർണമായി വിശ്വസിച്ചുകൊണ്ട്‌ ഒരു ആദിവാസി സമൂഹത്തെ കുന്തമുനയിൽ നിലയുറപ്പിക്കാൻ നിർബന്ധിക്കാമോ? നീതി നിർണയം സംഖ്യകളുടെ കണക്കടിസ്ഥാനത്തിലാണോ ചെയ്യുക? കുറച്ചുപേരുടെ അതിജീവനത്തിന്റെ കാര്യവും വളരെപ്പേരുടെ അധിക സൗകര്യങ്ങളും സുഖങ്ങളും തമ്മിൽ ഒരു കൈമാറ്റക്കച്ചവടം ആകാമോ?

ഒരു മാർഗമേ ഉള്ളൂ ഇനി: സർദാർ സരോവർ പദ്ധതിയുടെ തുർന്നുള്ള പ്രവർത്തനം ജനങ്ങളുടെ അംഗീകാരത്തോടെ മാത്രമേ ആകാവൂ. ജനങ്ങളുടെ വിശ്വാസം ആർജിച്ചതിനു ശേഷമേ ഇത്‌ ലഭ്യമാകൂ.��

ഇനി നമുക്ക്‌ ഭൂരിപക്ഷ വിധിയുടെ അനുമാനങ്ങളും അതിന്റെ വിജ്ഞാന അടിത്തറയും പരിശോധിക്കാം.

ഈ ഭൂരിപക്ഷ വിധിയിലൂടെ സർദാർ സരോവർ പദ്ധതിയെ ബാധിക്കുന്നതല്ലാത്ത നിരവധി കാര്യങ്ങളെപ്പറ്റി ജഡ്‌ജിമാർ ചില പ്രഖ്യാപനങ്ങൾ നൽകുകയുണ്ടായിട്ടുണ്ട്‌. ഉദാഹരണമായി,

1. വൻകിട ജലസംഭരണികൾ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ജീവിത നിലവാരം - പ്രത്യേകിച്ച്‌ ആദിവാസികളുടെ- ഉയർത്തിയിട്ടുണ്ട്‌.

2. വൻകിട ജലസംഭരണികൾ ചെലവിനനുസൃതമായി നേട്ടങ്ങൾ നൽകുന്നവയാണ്‌ (Cost effective).

3. നമ്മുടെ ഗംഭീരമായ ഭക്ഷ്യോൽപാദന വിജയം വൻകിട ജലസംഭരണികൾ കാരണമാണ്‌.

4. വൻകിട ജലസംഭരണികൾ പരിസ്ഥിതിയെ മെച്ചപ്പെടുത്തിയിട്ടുണ്ട്‌.

5. ജലവൈദ്യുതി പരിസരസഹായകമാണ്‌ (Ecology - friendly).

6. ജീവിതനിലവാരത്തിന്റെ പുരോഗതിയുടെ ഒരു സൂചകമാണ്‌ കൂടിയ വൈദ്യുതി ഉപയോഗം.

7. മുൻകരുതൽ തത്വം വൻകിട ജലസംഭരണികൾക്ക്‌ ബാധകമല്ല.

മേൽപറഞ്ഞ ഓരോ സ്റ്റേറ്റ്‌മെന്റുകളുടേയും പല വശങ്ങളും പരിശോധിച്ചാൽ ബഹു: ജഡ്‌ജിമാരുടെ വിജ്ഞാന അടിത്തറ തെളിയും.

1. വൻകിട ജലസംഭരണികൾ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ, പ്രത്യേകിച്ചും ആദിവാസികളുടെ, ജീവിത നിലവാരം ഉയർത്തിയെന്ന അവകാശം. അറിയപ്പെടുന്ന ചില വസ്‌തുതകൾ നോക്കുക:

(i) ആസൂത്രണ കമ്മീഷന്റെ മിഡ്‌ ടേം അസെസ്‌മെന്റ്‌ 2000-ൽ പറയുന്നത്‌ 1950നു ശേഷം 2.5 കോടി പേരെ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്‌. അതിൽ 40 ശതമാനവും ആദിവാസികളാണ്‌. 50 ശതമാനത്തിനു താഴെ പേരെ പുനരധിവസിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ബാക്കിയുള്ളവർ വികസന പ്രക്രിയകാരണം പാപ്പരായവരാണ്‌.

(ii) ഹരിജന-ഗിരിജന കമ്മീഷണർ തന്റെ സുപ്രീംകോടതി ഹർജി 1201/1990ൽ പറഞ്ഞ കാര്യങ്ങൾ നോക്കുക.

(iii) ബക്ര അണ (1978): അണക്കെട്ട്‌ നിർമിച്ചപ്പോൾ ബക്ര ഗ്രാമം മുഴുവൻ വെള്ളത്തിനടിയിലായി. ഗ്രാമീണർ അടുത്തുള്ള കുന്നിൽ വീടുകെട്ടി താമസമാക്കി. അവർ ദുരിതത്തിലാണ്‌ കഴിഞ്ഞുവന്നത്‌. അവർക്ക്‌ കുടിവെള്ളമോ വൈദ്യുതിയോ ലഭ്യമല്ലായിരുന്നു. പ്രോജക്‌റ്റിന്റെ മാനേജ്‌മെന്റു ബോർഡിന്റെ ധാരണ ഈ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ക്ഷേമപ്രവർത്തനങ്ങൾ അതിന്റെ ചുമതലയല്ലായിരുന്നു എന്ന്‌ യൂണിയൻ ഇറിഗേഷൻ മന്ത്രി കെ. എൻ. റാവു ഒരിക്കൽ പറഞ്ഞിട്ടുണ്ട്‌.

(iv) ഇന്ദിരാഗാന്ധി കനാൽ പ്രോജക്‌റ്റ്‌ (1961): മരുഭൂമിയിലെ ഗ്രാമങ്ങളിൽ ജീവിച്ചിരുന്ന കൃഷിക്കാരെ ദരിദ്രരാക്കി. വൻകിട കൃഷിമുതലാളിമാരെ ധനികരാക്കി.

(V) ശരാവതി, അപ്പർ കൃഷ്‌ണ, കാളി, അലമാട്ടി ഡാമുകൾ: കർണാടകത്തിലെ ഈ വൻകിട പദ്ധതികളാൽ പുറത്താക്കപ്പെട്ട ഗ്രാമീണരുടെ കഥയും തഥൈവ.

2. വൻകിട ഡാമുകൾ-ചെലവും ഗുണവും.

കോടതി വിധിയിൽ പ്രസ്‌താവിച്ചിരിക്കുന്നത്‌ ഇന്ത്യക്ക്‌ ഡാമുകൾ നിർമിക്കുന്നതിൽ 40 വർഷത്തെ അനുഭവമുണ്ടെന്നും, അനുഭവം കാണിക്കുന്നത്‌ വൻ ജലസംഭരണികൾ Cost effective അല്ല എന്നു പറയുന്നത്‌ ശരിയല്ല എന്നുതന്നെയാണ്‌. വേറെ ചില അഭിപ്രായങ്ങൾ ഇതാ:

(i) പ്രധാനമന്ത്രി നെഹ്‌റു (1958): ബക്ര-നങ്കൽ ഡാമുകളെപ്പറ്റി നെഹ്‌റു 1958ൽ പറഞ്ഞത്‌ ``അത്തരം ഡാമുകൾ വളരെ ചെലവു കൂടിയതാണ്‌, പണി തീർക്കാൻ ഒരുപാടു കാലമെടുത്തു, ധാരാളം വിദേശ ധനനിക്ഷേപം ചെലവായി. എന്നിട്ട്‌ ഇന്ത്യയ്‌ക്കു ലഭിച്ചതോ, വൈദ്യുതിയും കുറച്ചു ജലസേചനവും.��

(ii) ജലസേചന മന്ത്രാലയം (1981): പൂർത്തിയാക്കാൻ ഒരുപാട്‌ സമയം എടുത്തു വൻകിട പദ്ധതികൾ. എസ്റ്റിമേറ്റിലും കൂടുതൽ ചെലവ്‌ വന്നു. പ്രതീക്ഷിച്ചതിലും എത്രയോ പിന്നീടാണ്‌ ഗുണം കിട്ടാൻ തുടങ്ങിയത്‌; അതോ, പ്രതീക്ഷയിലും എത്രയോ കുറവും.

(iii) പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി (1986): 1951ൽ 246 വൻകിട ജലസേചന പദ്ധതികൾ ആസൂത്രണം ചെയ്‌തു പണി തുടങ്ങി. 66 എണ്ണമാണ്‌ പൂർത്തിയായത്‌. ഈ പദ്ധതികളിൽ നിന്ന്‌ ജനങ്ങൾക്ക്‌ ഒരു പ്രയോജനവും കിട്ടിയിട്ടില്ല. 16 കൊല്ലക്കാലം പണം വാരിക്കോരി ചെലവഴിച്ചു. ഒന്നും തിരിച്ചു കിട്ടിയില്ല-വെള്ളമോ, ഉൽപാദനമോ ഒന്നും.

(iv) ഇറിഗേഷൻ സെക്‌ടർ റെവ്യൂ - ഇന്ത്യ (1991): ലോകത്തിലേയ്‌ക്കും വലിയ മുതൽമുടക്കാണ്‌ ഇറിഗേഷനിൽ ഇന്ത്യ ചെയ്‌തത്‌. നിരവധി ദശാബ്‌ദങ്ങൾക്കു ശേഷവും ഉൽപാദനക്ഷമത വർധിപ്പിക്കാൻ ഇവ ഉതകിയില്ല.

(v) സെൻട്രൽ വാട്ടർ കമ്മീഷൻ 1993 - 94: നദീജല പദ്ധതികളിലെ ധനനഷ്‌ടം 1980-81ൽ 424 കോടിയിൽ നിന്നും 1980 - 85ൽ 945 കോടിയായി. 1993 - 94ൽ അത്‌ 3124 കോടി. ഇതുതന്നെ യാഥാർഥ്യത്തിൽനിന്നും വളരെ കുറവാണെന്നാണ്‌ വൈദ്യനാഥൻ കമ്മറ്റി അഭിപ്രായപ്പെട്ടത്‌.

(vi) എൻ. കെ. പി. സാൽവെ - യൂണിയൻ മിനിസ്റ്റർ ഫോർ എനർജി & വാട്ടർ-1995: ഇനി നമുക്ക്‌ വൻകിട ഡാമുകൾ വേണ്ട. ഡാമുകൾ ആവശ്യമാണെങ്കിൽ ചെറുകിട മാത്രമെ നിർമിക്കാവൂ.

(vii) ഒമ്പതാം പഞ്ചവത്സര പദ്ധതി 1999: പല പൊതുമേഖലാ പദ്ധതികളുടേയും ചെലവ്‌ അമിതമാവുന്നു; പ്രധാനമായും നിർവഹണത്തിനിടയ്‌ക്ക്‌ ഡിസൈനിൽ മാറ്റം വരുത്തുന്നതുകൊണ്ട്‌. 100 കോടി രൂപയിലധികം അടങ്കലുള്ള 187 സെൻട്രൽ സെക്‌ടർ പ്രോജക്‌ടുകൾ വിലയിരുത്തവേ (1997) 118 എണ്ണവും നിർമാണത്തിൽ പിന്നിലാണെന്നു കണ്ടു. ജനങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുക്കാതെ മുകൾത്തട്ടിൽ ആസൂത്രണം ചെയ്‌തതാണ്‌ മിക്ക വൻകിട പ്രോജക്‌ടുകളും.

3. വൻകിട ഡാമുകൾ ആണ്‌ അഭൂതപൂർവമായ ഭക്ഷ്യധാന്യ ഉത്‌പാദനത്തിനു കാരണം എന്ന ധാരണ.

കോടതിവിധി പറയുന്നത്‌ സ്വാതന്ത്ര്യലബ്‌ധിക്കാലത്ത്‌ ഭക്ഷ്യധാന്യ ഉൽപാദനം വെറും 51 ദശലക്ഷം ടൺ ആയിരുന്നു. ഇന്നത്‌ 200 ദശലക്ഷം ടൺ ആയിട്ടുണ്ട്‌. ഇന്ന്‌ രാജ്യം ഭക്ഷ്യധാന്യ മിച്ചമുള്ള ഒന്നാണ്‌. ഇത്‌ വൻകിട ജലസംഭരണികൾ കാരണമാണ്‌.

മറ്റ്‌ അഭ്രിപ്രായങ്ങൾ നോക്കുക:

(i) ഇന്ത്യൻ ഇറിഗേഷൻ, 1999: ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉൽപാദന നേട്ടത്തിൽ വൻകിട ഡാമുകളുടെ സംഭാവന 10 ശതമാനത്തിൽ കുറവാണ്‌; യഥാർഥത്തിൽ ഈ നേട്ടം തന്നെ ചെറുകിട സേചന വ്യവസ്ഥകൾ കൊണ്ടാണ്‌; വൻകിട ജല സംഭരണികൾ അല്ല. കൂടാതെ കനാൽ ഇറിഗേഷനു വേണ്ടി നഷ്‌ടപ്പെട്ട കൃഷിഭൂമിയുടെ ഉൽപാദനം കണക്കിലെടുത്താൽ ഈ നേട്ടം മൊത്തത്തിൽ 5 ശതമാനമേ വരൂ.

പ്രൊഫ. നിർമൽ സെൻഗുപ്‌ത 1996ൽ നടത്തിയ ഇന്ത്യൻ കെയ്‌സ്‌ സ്റ്റഡിയിലും ആസൂത്രണ കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ 1999ൽ എഴുതിയ പ്രബന്ധത്തിലും മേൽപറഞ്ഞ നിഗമനം തന്നെയാണ്‌ സൂചിപ്പിച്ചിട്ടുള്ളത്‌.

4. ഡാമുകൾ പരിസ്ഥിതിയെ പോഷിപ്പിച്ചിട്ടുണ്ട്‌ എന്ന വിധിന്യായം പരിശോധിക്കുക. പ്രസക്തമായ മറ്റ്‌ അഭിപ്രായങ്ങൾ കാണുക.

(i) പെരിയാർ ഡാം: ഡാമിന്റെ കീഴ്‌പ്രദേശത്തെ പുഴ വരൾച്ച അനുഭവിക്കുന്നതും ഏറ്റവുമധികം മലിനീകൃതവുമത്രേ. ഇതാണ്‌ ഒരു പഠനറിപ്പോർട്ട്‌. കോഴിക്കോട്ടുള്ള CWRDM പറയുന്നത്‌ പെരിയാറിന്റെ കഷ്‌ടകാലം തീരണമെങ്കിൽ ആ നദിയിൽ പണികഴിച്ചിട്ടുള്ള എല്ലാ അണക്കെട്ടുകളും തുറന്നുവിടണമെന്നാണ്‌.

(ii) ഇന്ദിരാഗാന്ധി കനാലിന്റെ കഥയും പറയുന്നത്‌ മറ്റൊന്നല്ല. ഈ കനാലിലൂടെ മരുപ്രദേശത്ത്‌ എത്തിയ ശുദ്ധജലം ഭൂഗർഭ ജലവിതാനത്തെ ബാധിച്ചു. മേൽമണ്ണ്‌ അമിതക്ഷാരവൽക്കരണ വിധേയമായി. ധാന്യകൃഷി അസാധ്യമാക്കി.

(iii) ഇന്ത്യൻ കൺട്രി പേപ്പർ 1988: വേൾഡ്‌ കമ്മീഷൻ ഓൺ എൻവയേൺമെന്റ്‌ & ഡെവലപ്‌മെന്റിന്‌ സമർപ്പിച്ചതിൽ പറയുന്നത്‌ വൻകിട ജലസേചന പദ്ധതികൾക്കായി ഇന്ത്യയ്‌ക്ക്‌ 95 ലക്ഷം ഹെക്‌ടർ വനം നഷ്‌ടപ്പെട്ടിട്ടുണ്ട്‌ എന്നാണ്‌. വനാവരണം നഷ്‌ടപ്പെടുകവഴി വരൾച്ചയും വെള്ളപ്പൊക്കവും പതിവായിരിക്കുന്നു.

(iV) സെന്റർ ഫോർ സയൻസ്‌ & എൻവയേൺമെന്റ്‌ 1987ൽ പറഞ്ഞു: 10-15 കോടി ഹെക്‌ടർ ഭൂമി കൊല്ലംതോറും തരിശായി വരികയാണ്‌. 10 ലക്ഷം ഹെക്‌ടർ കൃഷിഭൂമിയും മേച്ചിൽ സ്ഥലവും നശിച്ചുകൊണ്ടിരിക്കുന്നു. നീർക്കെട്ടുകൊണ്ടും ലവണീകരണംകൊണ്ടും ജലസേചനം ലഭിച്ച കൃഷിഭൂമി നാശമടയുന്നു.

ശ്രീ. എ. വൈദ്യനാഥൻ (1999)ന്റെ റിപ്പോർട്ടും, വേൾഡ്‌ കമ്മീഷൻ ഓൺ ഡാംസ്‌ (2000) റിപ്പോർട്ടും ഡാമുകൾ പരിസ്ഥിതിയെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നു പറഞ്ഞിട്ടുണ്ട്‌.

5. ജലവൈദ്യുതി എക്കോഫ്രണ്ട്‌ലി ആണെന്ന വാദം.

ഹൈഡൽ പവർ ജെനറേഷൻ കൊണ്ട്‌ ഗ്രീൻഹൗസ്‌ ഗ്യാസുകൾ ഒന്നും ഉണ്ടാവുന്നില്ലെന്നും, ഈ പദ്ധതിയിൽ ഉൽപാദിപ്പിക്കുന്ന ഊർജത്തിന്‌ ഉൽപാദനച്ചെലവ്‌ കുറവാണെന്നുമാണ്‌ വാദഗതി. എന്നാൽ മറ്റഭിപ്രായങ്ങൾ നോക്കുക:

(i) ഒമ്പതാം പഞ്ചവത്സര പദ്ധതിയിൽ ഇങ്ങനെ പരാമർശിക്കപ്പെട്ടിരിക്കുന്നു: ജലവൈദ്യുതി പദ്ധതികൾ മിക്കവയും പരിസ്ഥിതീയമായി വളരെ എളുപ്പം പൊട്ടിത്തകരുന്ന പ്രദേശങ്ങളിലാണ്‌. ഈ സ്രോതസ്സ്‌ ഇനിയും ഉപയോഗപ്പെടുത്തുന്നത്‌ അപകടകരമാണ്‌, വില കൂടിയതാണ്‌.

(ii) വേൾഡ്‌ കമ്മീഷൻ ഓൺ ഡാംസിന്റെയും അണു ഊർജവകുപ്പിന്റെയും റിപ്പോർട്ടുകൾ പറയുന്നത്‌ പരിസ്ഥിതീയമായ അപകടങ്ങൾ ഉൾക്കൊണ്ടതാണ്‌ ജലവൈദ്യുതി പദ്ധതികൾ എന്നാണ്‌.

6. അധികമായ വൈദ്യുതി ഊർജ ഉപയോഗം ജീവതനിലവാരത്തിന്റെ സൂചകമാണെന്ന വാദം.

ഇത്‌ എഴുപതുകളിൽത്തന്നെ കാലഹരണപ്പെട്ട ആശയമാണ്‌. കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലക്കാലത്തെ പുരോഗതിയുടെ സൂചകങ്ങളെപ്പറ്റിയുള്ള സങ്കൽപങ്ങളിൽ വന്ന മാറ്റം ജഡ്‌ജിമാർ അറിഞ്ഞില്ലെ? ഊർജഉപയോഗം കുറയ്‌ക്കുക, ഉൽപാദനത്തിന്റെ ഓരോ ഏകകത്തിലും ചെലവാക്കേണ്ട ഊർജവും അസംസ്‌കൃത പദാർഥങ്ങൾ പാഴാക്കലും ഏറ്റവും ചുരുക്കുക എന്നതാണ്‌ ആധുനിക സങ്കല്‌പം.

ചില അഭിപ്രായങ്ങൾ കാണുക:

(i) എ. കെ. എൻ. റെഡ്ഡി & ഗിരീഷ്‌ സാന്റ്‌: ഊർജ ഉപഭോഗമല്ല വികസനത്തിന്റെ സൂചകം. മറിച്ച്‌ വികസനത്തിൽ ഊന്നിയ, അവസാന ഉപയോഗത്തെ ലാക്കാക്കിയ സേവനനിരതമായ ഊർജ ഉപയോഗത്തെയാണ്‌ ലക്ഷ്യമാക്കേണ്ടത്‌.

(ii) വൈദ്യുതി ഉപഭോഗമാണ്‌ ജീവിതനിലവാരത്തിന്റെ സൂചകം എന്ന്‌ തർക്കത്തിനുവേണ്ടി സമ്മതിച്ചാൽത്തന്നെയും യാഥാർഥ്യം എത്രയോ അകലെയാണെന്നതോർക്കണം.

ഇന്ത്യയിലെ ഗ്രാമങ്ങളിൽ 70 ശതമാനം വീടുകളിലും വൈദ്യുതി എത്തിയിട്ടില്ല.

ബീഹാറിലെ 95.9 ശതമാനം ഹരിജന-ഗിരിജന വീടുകളിൽ വൈദ്യുതി എത്തിയിട്ടില്ല.

ഒറീസ്സയിൽ 93.5 ശതമാനത്തിലും ഇതാണ്‌ കഥ.

പശ്ചിമ ബംഗാളിലെ 90 ശതമാനം ഹരിജന-ഗിരിജന വീടുകളിൽ വൈദ്യുതിയില്ല.

ഉത്തർ പ്രദേശിൽ ഈ ശതമാനം 87.5 ആണ്‌.

ആകെ ഉൽപാദിപ്പിക്കപ്പെടുന്ന ഊർജത്തിന്റെ 58 ശതമാനവും ധനികരിൽ 20 ശതമാനം പേർ ഉപയോഗിക്കുന്നു. 5 ശതമാനം ദരിദ്രരിൽ 4 ശതമാനം പേരേ ഇത്‌ ചെയ്യുന്നുള്ളൂ. (ഇന്ത്യാ ഗവൺമെന്റിന്റെ 1999 ലെ കണക്കാണിത്‌.)

7. മുൻകരുതൽ തത്വം വൻ ഡാമുകൾക്ക്‌ ബാധകമല്ല എന്ന വിശ്വാസം.

മുൻകരുതൽ തത്വം ഒരു ജീവൻ രക്ഷാ മാർഗമാണ്‌. വൻ ജലസംഭരണികളുടെ പരിസ്ഥിതീയ പ്രത്യാഘാതങ്ങൾ അറിയാം; അവ അത്യാപത്തിലേക്കു നയിക്കുന്നില്ല; അവ മാറ്റാനൊക്കാത്തവയുമല്ല; ശാശ്വതമായ വികസനം എന്ന തത്വം ഉപയോഗപ്പെടുത്തിയാൽ അവ മയപ്പെടുത്താനാവും. ഇത്തരം ധാരണകൾ വെച്ചു പുലർത്തുന്നവർ പറയുന്നത്‌ മുൻകരുതൽ തത്വം വൻകിട ജലസംഭരണികളുടെ കാര്യത്തിൽ ബാധകമല്ല എന്നാണ്‌.

ഈ അഭിപ്രായം പ്രകടിപ്പിച്ച ജഡ്‌ജിമാർ അറിഞ്ഞിരിക്കേണ്ട ചില അഭിപ്രായങ്ങൾ: വൻ ഡാമുകളെ പറ്റിയുള്ള ആഗോള റിവ്യൂവിൽ പറയുന്നത്‌: ഇന്നത്തെ അറിവ്‌ വെച്ചു പറയുകയാണെങ്കിൽ വൻഡാമുകൾ നദി, നീർമറി ,ജല ആവാസവ്യവസ്ഥകൾ എന്നിവയിൽ വളരെ ആഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്‌. അതിൽ പലതും സ്‌പീഷീസുകൾ അപ്രത്യക്ഷമാകലിൽ സഹായിച്ചിട്ടുണ്ട്‌. ആഘാതങ്ങൾ വളരെ സങ്കീർണവും നിരവധിയും ആകയാൽ കൃത്യമായ ഫലത്തെ പറ്റിയുള്ള പ്രവചനം അസാധ്യമാണ്‌.

വേൾഡ്‌ കമ്മീഷൻ ഓൺ ഡെവലപ്‌മെന്റ്‌-2000: 1992ൽ റിയോ ഡി ജനീറോവിൽ വെച്ചു നടന്ന ഭൗമഉച്ചകോടി അംഗീകരിച്ച റിയോ പ്രഖ്യാപനത്തിലെ 15-ാമത്‌ ഇനം ഈ മുൻകരുതൽ തത്വത്തെ പറ്റിയാണെന്ന്‌ ഈ റിപ്പോർട്ട്‌ ഓർമിപ്പിക്കുന്നു. ഏതെങ്കിലുമൊരു വികസന പ്രക്രിയ ഗുരുതരമായതോ, പരിഹരിക്കാൻ പറ്റാത്തതോ ആയ ആഘാതം ഉണ്ടാക്കുമെന്ന്‌ തോന്നിയാൽ, പരിപൂർണമായ ശാസ്‌ത്രീയ വിവരങ്ങൾ ലഭ്യമല്ല എന്ന കാരണം കൊണ്ട്‌ പരിസ്ഥിതീയ പ്രത്യാഘാതങ്ങൾ തടയാൻ നടപടിയെടുക്കുന്നത്‌ മാറ്റിവയ്‌ക്കരുത്‌ എന്നാണ്‌ മുൻകരുതൽ തത്വം. ഇത്‌ സംസ്ഥാനങ്ങൾക്ക്‌ അവരുടെ പരിധിയിലുള്ള അധികാരങ്ങൾ ഉപയോഗിച്ച്‌ നടപ്പാക്കാനുള്ളതേയുള്ളൂ.

ഭൂരിപക്ഷ വിധിയുടെ പ്രത്യയ ശാസ്‌ത്രവും അതിൽ ഉയർത്തിപ്പിടിച്ച വാദങ്ങളും ആ വാദങ്ങളെ മാറ്റുരച്ചു നോക്കാൻ ഉതകുന്ന വിവിധ അറിവുകളും നാം കണ്ടുകഴിഞ്ഞു. എത്ര ബുദ്ധി ശൂന്യമായാണ്‌ രണ്ട്‌ സുപ്രീംകോടതി ജഡ്‌ജിമാർ, യുക്തിയേയും, വർത്തമാന കാലത്ത്‌ ലഭ്യമായ അറിവുകളേയും തൃണവൽഗണിച്ചുകൊണ്ട്‌ ഹർജികൾ തള്ളിയതെന്നത്‌ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ നാണിപ്പിക്കാൻ പോന്ന പ്രവർത്തിയായിപ്പോയി. ഈ നാട്ടിൽ സാധാരണക്കാർക്കു പോലും അറിയാവുന്ന ചില സാമാന്യവിവരങ്ങൾ ഇവർക്കറിയാത്തതാണോ? ഇവർ പത്രങ്ങൾ പോലും വായിക്കാറില്ലേ? 1994ൽ ഫയൽ ചെയ്‌ത ഒരു ഹർജി 2000-ാമാണ്ടുവരെ കൈവശം വെച്ചുകൊണ്ട്‌ പറയുകയാണ്‌ കോടതിയെ സമീപിക്കാൻ വൈകിപ്പോയി എന്ന്‌! ആ കാരണം പറഞ്ഞ്‌ ഹർജി തള്ളുന്നു എന്നും. പൊതുതാൽപര്യ ഹർജിയെപ്പറ്റി ഇത്ര പുച്ഛത്തോടെ നിരീക്ഷണങ്ങൾ നടത്തിയ ജഡ്‌ജിമാർ വേറെയില്ല തന്നെ. ഈ രണ്ടു മഹാന്മാർ ഈ നിരീക്ഷണമൊക്കെ നടത്തുന്നതിനിടയ്‌ക്ക്‌ എത്രയെത്ര പ്രയോജനകരമായ ഉത്തരവുകൾ-ജീവിക്കാനുള്ള അവകാശം, പരിശുദ്ധമായ പരിസരം ജന്മാവകാശം തന്നെയാണ്‌, മലിനീകരണം ആ അവകാശത്തെ നിഷേധിക്കലാണ്‌ എന്നൊക്കെയുള്ള ന്യായങ്ങൾ-വെച്ചുകൊണ്ട്‌ സുപ്രീംകോടതി തന്നെ വിധി പ്രസ്‌താവിച്ചിരിക്കുന്നു! ബഹു: കുൽദീപ്‌ സിങ്ങിന്റെ വിധികളെപ്പറ്റി ഇവർക്കറിയില്ലെന്നോ? ഈ കിണറ്റിലെ തവളകളുടെ വിധിന്യായത്തിൽ വിയോജിച്ചുകൊണ്ട്‌ മറ്റൊരു ജഡ്‌ജിയായ ശ്രീ. ബറൂച്ച എഴുതിയ വരികൾ ന്യൂനപക്ഷ വിധിയെന്ന പേരിൽ അവഗണിക്കപ്പെട്ടു. പക്ഷേ, അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും നിർദേശങ്ങളും ശാസ്‌ത്രീയവും യുക്തിസഹവും നിയമപ്രാബല്യമുള്ളതുമാണെന്ന്‌ വിവരമുള്ളവർ പറയുന്നു.

ഈ അവസ്ഥയിൽ എന്താണിനി ചെയ്യുക? നിയമപരമായി ഒന്ന്‌ ചെയ്യാമെന്ന്‌ കേരളാ ഹൈക്കോടതിയിലെ സീനിയർ അഡ്വക്കേറ്റായ ശ്രീ. ബാലഗംഗാധര മേനോൻ പറയുന്നു. അത്‌ ഇതാണ്‌: ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്‌ട്രപതിക്ക്‌ ഇന്ത്യാ ഗവൺമെന്റിനോട്‌ ആവശ്യപ്പെടാം-സുപ്രീംകോടതിയിൽ ഒരു ഹർജി ഫയൽ ചെയ്യുക വഴി-ജസ്റ്റിസ്‌ ബറൂച്ചയുടെ വിധിയെ സംബന്ധിച്ച ഒരു വിശദീകരണ വിധേയമായ അവസാനത്തെ ജഡ്‌ജ്‌മെന്റ്‌ നൽകാൻ അഭ്യർഥിക്കുന്ന ഹർജി. എങ്കിൽ അത്തരം ഹർജി ഒരു ഫുൾബെഞ്ച്‌ കേൾക്കും. ഇതിനായി നമുക്ക്‌ ഇന്ത്യൻ പ്രസിഡണ്ടിനെ സമീപിക്കാം, ഇനിയും വൈകാതെ.

1. Dam is Drinking Water-Exploring Narmada Judgement 2001, Parisar, Pune 411007.

2. മധ്യപ്രദേശിലെ ഒരു ആദിവാസിവർഗം.