കേരള പാഠ്യപദ്ധതി സംരക്ഷിക്കുക

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(Save Kerala Curriculum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരള പാഠ്യപദ്ധതി സംരക്ഷിക്കുക
പ്രമാണം:T=Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വിദ്യാഭ്യാസം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ആഗസ്റ്റ്, 2013

ചരിത്രം ആവർത്തിക്കുകയാണോ ?

ഫ്യൂഡൽ ക്രമത്തിന്റെ ജീർണ്ണിച്ച നടപടിക്രമങ്ങൾ പാലിച്ചിരുന്ന ക്ലാസ്‌മുറികളെയും അധ്യാപകരെയും അതിൽ നിന്ന്‌ മോചിപ്പിക്കുകയും ജനാധിപത്യപരമായ ക്ലാസ്‌മുറികളും കുട്ടികളെ വിശ്വാസത്തിലെടുക്കുന്ന പഠനരീതികളും ആവിഷ്‌കരിക്കുകയും ചെയ്‌ത പാഠ്യപദ്ധതിയായിരുന്നു കേരളത്തിൽ 97-ൽ നടപ്പിലാക്കിയത്‌.ബഹൂഭൂരിപക്ഷം വരുന്ന കുട്ടികളെ അരിച്ച്‌ മുഖ്യധാരയിൽനിന്നും വലിച്ചെറിയുക എന്ന ധർമം അറിഞ്ഞോ അറിയാതെയോ നിർവ്വഹിച്ചിരുന്ന പാഠ്യപദ്ധതിക്കുപകരം, അറിവാർജ്ജി ക്കുന്ന പ്രക്രിയ ആനന്ദകരമാക്കുകയും എല്ലാവരെയും ഉൾക്കൊള്ളുകയും ചെയ്യുന്ന അവസ്ഥ അതിലൂടെ സംജാതമായി. അധ്യാപകരുടെ പങ്കിന്റെ പ്രാധാന്യം ബോധ്യപ്പെടുന്ന പഠനരീതിയിലേക്ക്‌ കേരളത്തിലെ സ്‌കൂളുകൾ മാറാൻ തുടങ്ങി. ഈ ഘട്ടത്തിലാണ്‌ 2001ൽ യാതൊരുവിധ അക്കാദമികപിൻബലവുമില്ലാതെ രാഷ്‌ട്രീയ കാരണങ്ങളാൽ മാത്രം ഈ പാഠ്യപദ്ധതിയെ അട്ടിമറിച്ചത്‌. പഠനബോധനരംഗത്ത്‌ പൊതുവിദ്യാലയങ്ങളിൽ വന്നുകൊണ്ടിരുന്ന മാറ്റത്തെ തൊട്ടറിഞ്ഞ കേരളീയസമൂഹം പ്രതിരോധത്തിന്റെ പുത്തൻ സങ്കേതങ്ങൾ പ്രയോഗിച്ചു. ഭരണകൂടത്തിന്‌ തങ്ങൾ കൈക്കൊണ്ട ജനാധിപത്യവിരുദ്ധവും അക്കാദമികവിരുദ്ധവുമായ തീരുമാനങ്ങളിൽ നിന്നും പിൻതിരിയേണ്ടി വന്നു. അക്കാദമികപിന്തുണയോടെ വളർന്നുവന്ന ജനകീയകൂട്ടായ്‌മയുടെ മുമ്പിൽ സർക്കാർ മുട്ടു മടക്കി. അന്ന്‌ പുതിയ പാഠ്യപദ്ധതി പിൻവലിക്കാൻ സർക്കാറിനെ പ്രേരിപ്പിച്ച ശക്തികൾ അൽപകാലം നിശ്ശബ്‌ദരായിരുന്നു. അവർ അവസര ത്തിനുവേണ്ടി കാത്തുനിൽക്കുകയായിരുന്നു. മുൻപുപറ്റിയ ചില പിഴവുകൾ ഒഴിവാക്കാൻ അവർ ശ്രമിച്ചു. അക്കാദമിക പിൻബലമുണ്ട്‌ എന്ന്‌ സ്ഥാപിക്കാൻ ആലോചനകൾ നടത്തി. ഇതിനായി എഴുതി നടപ്പാക്കിയ തിരക്കഥയിൽ വില്ലനായി എസ്‌.സി.ഇ.ആർ.ടിയെതന്നെ അവതരിപ്പിച്ചു. പഠനപ്രഹസനങ്ങൾ നടത്തി. ചില കമ്മറ്റികളെയും അതിന്റെ റിപ്പോർട്ടിനെയും കൂട്ടുപിടിച്ചു. പക്ഷെ, ഉണ്ട്‌ എന്ന്‌ പറയപ്പെടുന്ന റിപ്പോർട്ടുകൾ ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കാൻ തയ്യാറായതുമില്ല. ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച, അക്കാദമികസമൂഹത്തിന്റെ വിപുലമായ പങ്കാളിത്തത്തോടെ രൂപപ്പെടുത്തിയ ഒരു വിദ്യാഭ്യാസ പദ്ധതിയെയാണ്‌ ഇങ്ങനെ അട്ടിമറിക്കുന്നത്‌. ഇതിനെതിരെ ശക്തമായ പ്രതിരോധം കേരളത്തിൽ വളർന്നുവരേണ്ടതുണ്ട്‌. 2001ൽ നിന്നും വ്യത്യസ്‌തമായി കഴിഞ്ഞ 10-15 വർഷം കൊണ്ട്‌ കേരളത്തിലെ സ്‌കൂളുകളിൽ വളർന്നുവികസിച്ച ധാരാളം അനുഭവമാതൃകകൾ നമ്മുടെ മുന്നിൽ സാക്ഷ്യപത്രങ്ങളായുണ്ട്‌. ശൂന്യതയിൽനിന്നോ കേവലം സിദ്ധാന്തങ്ങളുടെ അമൂർത്തതയിൽനിന്നോ മാത്രമല്ല നാം നമ്മുടെ വാദമുഖങ്ങൾ നിരത്തുന്നത്‌. കൃത്യമായ അനുഭവങ്ങളുടെയും പഠനങ്ങളുടെയും പശ്ചാത്തലത്തിലാണ്‌.

പാഠ്യപദ്ധതിയെ സംരക്ഷിക്കുക എന്ന അക്കാദമികവും ജനാധി പത്യപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നവർക്ക്‌ സഹായക മായ ഒരു ആയുധമായിമാറും ഈ പ്രസിദ്ധീകരണം എന്ന്‌ ഞങ്ങൾ കരുതട്ടെ.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌'

ആമുഖം

കേരളത്തിൽ നിലവിലുള്ള സ്‌കൂൾ പാഠ്യപദ്ധതി മാറ്റുന്നതിനുള്ള നീക്കങ്ങൾ സർക്കാർ തലത്തിൽ ആരംഭിച്ചിരിക്കുന്നു. 1997-98ൽ ആരംഭിച്ച പാഠ്യപദ്ധതിക്ക്‌ 2007ൽ ആണ്‌ ഇതിനു മുമ്പ്‌ കാതലായ ചില മാറ്റങ്ങൾ വന്നത്‌. അതാകട്ടെ വിപുലമായ പഠനങ്ങളുടെയും ചർച്ചകളുടെയും ബോധ്യപ്പെടുത്തലുകളുടെയും അടിത്തറയിലായിരുന്നു നടന്നത്‌. ഇപ്പോഴുള്ള മാറ്റങ്ങൾക്ക്‌ ഇത്തരത്തിലുള്ള എന്തെ ങ്കിലും ഒരു അടിത്തറയുണ്ടോ എന്ന്‌ ആർക്കും അറിയില്ല. എന്നാൽ പാഠ്യപദ്ധതി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ എസ്‌.സി.ഇ.ആർ.ടി യിൽ തകൃതിയായി നടക്കുകയാണ്‌. സമീപനരേഖയും കരിക്കുലം ഗ്രിഡുകളും തയ്യാറായത്രേ! ഇനി പാഠപുസ്‌തകം തയ്യാറാക്കുകയേ വേണ്ടൂ. അതിനുള്ള ആളുകളെയൊക്കെ കണ്ടെത്തിക്കഴിഞ്ഞു!

ഇങ്ങനെയാണോ മുമ്പ്‌ ഇവിടെ പാഠ്യപദ്ധതി മാറ്റങ്ങൾ നടന്നി രുന്നത്‌? ഈ രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയാൽ അത്‌ ആർക്കാണ്‌ ഗുണം ചെയ്യുക? വാസ്‌തവത്തിൽ ഈ ഘട്ടത്തിൽ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട വകതിരിവുള്ളവർ ചെയ്യേണ്ടതെന്തായിരുന്നു? ഇത്തരം ചോദ്യങ്ങൾ ഗൗരവപൂർവം ചോദിക്കേണ്ട സന്ദർഭ മാണ്‌ ഇതെന്ന്‌ പരിഷത്ത്‌ കരുതുന്നു. കേരളത്തിലെ വിദ്യാഭ്യാസ സ്‌നേഹികൾ സന്ദർഭത്തിനൊത്ത്‌ പ്രവർത്തിക്കാതിരുന്നാൽ സംഭവിക്കുന്നത്‌ തീർത്താൽ തീരാത്ത നഷ്‌ടമായിരിക്കും.

നമ്മുടെ പാഠ്യപദ്ധതി കഴിഞ്ഞ ഒന്നരനൂറ്റാണ്ടിനുള്ളിൽ ചരിത്ര പരമായ പ്രാധാന്യമുള്ള ഒരു മാറ്റത്തിനാണ്‌ വിധേയമായത്‌. അതാകട്ടെ ഒട്ടനവധി ആലോചനകളുടെയും ഇടപെടലുകളുടെയും ഭാഗ മായാണ്‌ സംഭവിച്ചത്‌. എന്തായിരുന്നു അതിനു മുമ്പത്തെ സ്ഥിതി? എന്തായിരുന്നു ആ മാറ്റത്തിന്റെ ഗുണഫലങ്ങൾ? ഇപ്പോഴത്തെ പോക്ക്‌ എങ്ങോട്ടാണ്‌? ഇക്കാര്യങ്ങൾ ശരിയായി വിലയിരുത്തി യാലേ ഇപ്പോഴത്തെ മാറ്റത്തിന്റെ അപകടങ്ങൾ ബോധ്യപ്പെടൂ.

നിലവിലുള്ള പാഠ്യപദ്ധതിക്കു മുമ്പ്‌

മതം, ജാതി, സാമൂഹ്യപദവി തുടങ്ങിയവയാൽ നിർണയിക്കപ്പെട്ട വിദ്യാഭ്യാസമാണ്‌ നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നിരുന്നത്‌. മിഷനറിമാരും വൈദേശിക ഭരണാധികാരികളും കൊണ്ടുവന്ന ആധുനിക വിദ്യാഭ്യാസം ഈ അടിത്തറക്ക്‌ മാറ്റം വരുത്തി. ഭാഷ, പ്രകൃതിശാസ്‌ത്രം, ഗണിതം തുടങ്ങിയവ മുഖ്യവിഷയങ്ങളായി. പാഠപുസ്‌തകത്തിൽ അധിഷ്‌ഠിതവും അധ്യാപകനെ കേന്ദ്രീകരിച്ചുള്ളതും പരീക്ഷയ്‌ക്ക്‌ പ്രാധാന്യമുള്ളതുമായ ആധുനിക സ്‌കൂൾ വിദ്യാഭ്യാസരീതി പശ്ചാത്യരുടെ സംഭാവനയായിരുന്നു.

സമാന്തരമായി, പൂർവകാലത്തു തന്നെ എല്ലാവരെയും സ്‌കൂളിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളും കേരളത്തിൽ ശക്തമായിരുന്നു. സ്‌കൂളുകൾ നാട്ടിലെങ്ങും സ്ഥാപിക്കാൻ ഭരണാധികാരികളും സാമുദായിക സംഘടനകളും വ്യക്തികളും ശ്രമിച്ചതും ഗ്രാന്റ്‌ ഇൻ എയിഡ്‌ സമ്പ്രദായം നേരത്തെ നിലവിൽ വന്നതും ഇതിനു സഹായകമായി. ജാതിവിവേചനത്തിന്റെയും ആഢ്യത്തത്തിന്റെയും മതിലുകൾ തകർത്ത്‌ ജാതിമതലിംഗഭേദമന്യേ എല്ലാവർക്കും സ്‌കൂളിന്റെ വാതിലുകൾ തുറന്നുകിട്ടാൻ നിരവധി സമരങ്ങൾ ഇവിടെ നടന്നു. നവോത്ഥാന ചിന്തകളിലൂടെയും ദേശീയ പ്രസ്ഥാനത്തിലൂടെയും രൂപപ്പെട്ട പുതിയ കേരളം ജനകീയ സർക്കാരുകളുടെയും അതത്‌ പ്രദേശത്തെ ജന ങ്ങളുടെയും കൂട്ടായ്‌മയിൽ വിദ്യാഭ്യാസത്തെ സാർവത്രികമാക്കുന്നതിൽ വിജയം നേടി.

വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും രീതിശാസ്‌ത്രവും നവീകരിക്കാനായിരുന്നു സ്റ്റേറ്റ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എജ്യുക്കേഷനും എൻ.സി.ഇ.ആർ.ടിയും സ്ഥാപിതമായത്‌. 1958, 1964, 1971, 1984 വർഷങ്ങളിൽ പാഠ്യപദ്ധതിയിൽ മാറ്റങ്ങൾ ഉണ്ടായെങ്കിലും അവയെല്ലാം ബാഹ്യമായ ചില മിനുക്കലുകൾ മാത്രമായി ചുരുങ്ങി.

നിലവിലുണ്ടായിരുന്ന പാഠ്യപദ്ധതിയിലൂടെ പൊതുവിദ്യാലയങ്ങളിൽ ഏഴാം തരത്തിൽ പഠിക്കുന്നവരിൽ 30% നും അക്ഷരങ്ങളും ചിഹ്നങ്ങളും അറിയില്ല എന്നത്‌ 1989ൽ കേരള ശാസ്‌ത്രസാഹിത്യപരി ഷത്ത്‌ നടത്തിയ ഒരു സർവേയിലൂടെയാണ്‌ പുറത്തുവന്നത്‌. ഇതേത്തുടർന്നാണ്‌ അക്ഷരകേരളം? പദ്ധതിയുടെ കൂടി പശ്ചാത്തലത്തിൽ പല രൂപത്തിലുള്ള ?അക്ഷരപ്പുലരികൾ കേരളമെങ്ങും നടന്നത്‌. തദ്ദേശസ്ഥാപനങ്ങളുടെയും വിദ്യാഭ്യാസവകുപ്പിന്റെയും സന്നദ്ധസംഘടനകളുടെയും കൂട്ടായ്‌മയിലാണ്‌ ഇത്‌ നടന്നത്‌.

1994-95ൽ ആരംഭിച്ച MLL (മിനിമം ലെവൽ ഓഫ്‌ ലേർണിങ്ങ്‌) പദ്ധതി വലിയ തോതിലുള്ള പ്രതീക്ഷകൾ തുടക്കത്തിൽ നൽകിയിരുന്നു. എന്നാൽ യാന്ത്രികമായ പഠനം, രേഖീയരീതിയിലുള്ള ശേഷീ വികസനം, വലിപ്പം കൂടിയ പാഠപുസ്‌തകങ്ങൾ, ശ്രമകരമായ പരീക്ഷ എന്നിവ അതിന്റെ പോരായ്‌മകളായിരുന്നു.

ഗുണകരമായ ഒരു മാറ്റത്തിനുള്ള ആഗ്രഹം വിദ്യാഭ്യാസപ്രവർത്തകർക്കിടയിൽ ശക്തിപ്പെട്ടുവന്ന ഈയൊരു പശ്ചാത്തലത്തിലാണ്‌ ഡി.പി.ഇ.പിയിലെ ഗുണമേന്മ ഉയർത്തുന്നതിനുള്ള ധനവിഹിതം ഉപയോഗിച്ചുകൊണ്ട്‌ കേരളത്തിന്‌ ഇണങ്ങുന്ന ഒരു പാഠ്യപദ്ധതി യുണ്ടാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌.

1997-98ലെ പാഠ്യപദ്ധതിമാറ്റം

1 മുതൽ 4 വരെയുള്ള ക്ലാസ്സിൽ 1997-98ൽ വരുത്തിയ ഈ പാഠ്യ പദ്ധതിമാറ്റം അതുവരെയുള്ള പരിഷ്‌കരണരീതികളിൽ നിന്നും പലതു കൊണ്ടും ഭിന്നമായിരുന്നു.

 • നിലവിലുള്ള പാഠ്യപദ്ധതിയുടെ പോരായ്‌മ കണ്ടെത്തൽ, ലക്ഷ്യവും സമീപനവും പുതുക്കി നിശ്ചയിക്കൽ, TB (ടെക്‌സ്റ്റ്‌ബുക്ക്‌), HB (ഹാന്റ്‌ബുക്ക്‌) എന്നിവയുടെ നിർമാണം, ട്രൈഔട്ട്‌, കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം, അധ്യാപക പരിശീലനം, ആസൂത്രിതമായ നിർവഹണം എന്നിങ്ങനെയുള്ള ശാസ്‌ത്രീയഘട്ടങ്ങളിലൂടെ അതു കടന്നുപോയി.
 • വിശദമായ അധ്യാപകസഹായി നൽകിയും അധ്യാപകരെ സമഗ്രമായി പരിശീലിപ്പിച്ചും തൽസ്ഥല പിന്തുണ ലഭ്യമാക്കിയും പാഠ്യപദ്ധതി നിർവഹണം ഫലപ്രദമാക്കാൻ അന്ന്‌ നടപടികളെടുത്തു.
 • ജ്ഞാനനിർമിതി രീതിയിലേക്കുള്ള പരിവർത്തനമാണ്‌ വിഭാവനം ചെയ്യപ്പെട്ടത്‌. ബഹുമുഖബുദ്ധി സിദ്ധാന്തം, ഉദ്‌ഗ്രഥിതസമീപനം എന്നിങ്ങനെയുള്ള നവീനമായ സമീപനങ്ങൾ ഇതോടെ പാഠ്യ പദ്ധതി സമീപനത്തിന്റെ ?ഭാഗമായി.
 • ടീച്ചിങ്ങ്‌ മാനുവൽ പരിഷ്‌കരണം, പരീക്ഷയെ തുടർച്ചയായതും സമഗ്രവുമാക്കി മാറ്റൽ തുടങ്ങിയവയും മുന്നോട്ടുവച്ചു.
 • പാഠ്യപദ്ധതി പ്രവർത്തനം ശക്തിപ്പെടുത്താനായി സ്‌കൂൾ ഗ്രാന്റും ടീച്ചർ ഗ്രാന്റും ലഭ്യമാക്കി.
 • കോർ എസ്‌.ആർ.ജി, എസ്‌.ആർ.ജി, ഡി.ആർ.ജി എന്നിങ്ങനെ അധ്യാപകപരിശീലനത്തിനുള്ള പുതിയ ഒരു ശൃംഖല തന്നെ വികസിപ്പിച്ചു.

പുതിയ രീതി കുട്ടികളെ സംബന്ധിച്ച്‌ അത്യന്തം രസകരമായിരുന്നു. എന്നാൽ കുട്ടികളുടെ ചോദ്യങ്ങൾക്ക്‌ ചെവികൊടുക്കാൻ ബാധ്യസ്ഥരായ അധ്യാപകരിൽ പലർക്കും പുതിയ രീതിയിലുള്ള പഠനം വലിയ വെല്ലുവിളിയായി അനുഭവപ്പെട്ടു. രക്ഷിതാക്കളാവട്ടെ കുട്ടികളെ സഹായിക്കേണ്ടത്‌ എങ്ങനെ എന്നറിയാതെ ബുദ്ധിമുട്ടി. അധ്യാപകരിലും രക്ഷിതാക്കളിലുമുണ്ടായ താത്‌കാലികമായ ഈ പ്രയാസം മുതലെടുക്കാൻ ചില നിക്ഷിപ്‌തതാൽപര്യക്കാർ ഇറങ്ങിപ്പുറപ്പെട്ടു. പരമ്പരാഗതവാദികൾ, പാഠ്യപദ്ധതിയെ മുമ്പ്‌ നിയന്ത്രിച്ചിരുന്നവർ, ഉള്ളടക്കം കുറഞ്ഞുപോയെന്ന്‌ വിശ്വസിച്ചവർ, കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാനിറങ്ങിയ ഏതാനും അധ്യാപക സംഘടനകൾ, സങ്കുചി തമായ ലക്ഷ്യങ്ങളുള്ള ചില രാഷ്ട്രീയസംഘടനകൾ എന്നിവരൊക്കെ കൂടിച്ചേർന്ന ഒരു പാഠ്യപദ്ധതി വിരുദ്ധമുന്നണി രൂപപ്പെട്ടു. ലഘുലേഖകളും സംവാദങ്ങളും പ്രദർശനങ്ങളുമുപയോഗിച്ച്‌ അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ ഉയർന്നു. കേരളം അന്നുവരെ കണ്ടിട്ടില്ലാത്ത ശക്തമായ ഒരു ആശയസമരത്തിലേക്കാണ്‌ അത്‌ എത്തിപ്പെട്ടത്‌.

അധികൃതരുടെ ഭാഗത്തുണ്ടായ ചില പോരായ്‌മകളും എതിർപ്പിനു കാരണമായി..

 • ഘട്ടംഘട്ടമായി പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനു പകരം 1 മുതൽ 4 വരെ ക്ലാസ്സുകളിൽ ഒറ്റയടിക്ക്‌ മാറ്റം നടപ്പിലാക്കിയത്‌ പരിഷ്‌കരണത്തിന്റെ ഗുണമേന്മയെ ബാധിച്ചു (1997-98).
 • ഡി പി ഇ പി ജില്ലകളിൽ കിട്ടുന്ന അളവിലുള്ള സാമ്പത്തികവും അല്ലാത്തതുമായ പിന്തുണ ഉറപ്പിക്കാതെ ഡി പി ഇ പി ഇതരജില്ലകളിലേയ്‌ക്ക്‌ പദ്ധതി വ്യാപിപ്പിച്ചതും ദോഷംചെയ്‌തു (1998-99).
 • അക്ഷരം പഠിപ്പിക്കുന്നില്ല, മുഴുവനും കളിയാണ്‌, പാഠപുസ്‌തക ത്തിൽ ഉള്ളടക്കമില്ല, കുട്ടികൾക്കു നിലവാരമില്ല, പരീക്ഷയുടെ ഗൗരവം കുറച്ചു?എന്നിങ്ങനെ മുന്നോട്ടുവെച്ച വിമർശനങ്ങൾക്ക്‌ യഥാസമയം മറുപടി നൽകാൻ വിദ്യാഭ്യാസവകുപ്പ്‌ വേണ്ടത്ര ശ്രദ്ധിച്ചില്ല.
 • രക്ഷിതാക്കളെ ബോധവൽകരിക്കുന്നതിന്‌ ഫലവത്തായ നടപടികൾ ഉണ്ടായില്ല.
 • തെറ്റുതിരുത്തേണ്ടതില്ല?എന്നതുപോലുള്ള പല തെറ്റായ സന്ദേശങ്ങളും ഫീൽഡിലേക്ക്‌ പോകുന്നുണ്ട്‌ എന്ന വസ്‌തുത യഥാസമയം തിരിച്ചറിഞ്ഞില്ല.
 • ലോകബാങ്കുമായി ബന്ധപ്പെടുത്തി, ഇത്‌ പാവപ്പെട്ടവരുടെ മക്കളെ വിദ്യാവിഹീനരാക്കി തൊഴിൽസേനയിലേക്ക്‌ കൂട്ടാനുള്ള തന്ത്രമാണ്‌ എന്ന രീതിയിൽ ഉയർന്ന എതിർവാദത്തെ ഫലപ്രദമായി നേരിട്ടില്ല.

സൈദ്ധാന്തികമായി നോക്കിയാൽ, വ്യവഹാരവാദത്തിൽ നിന്നും ജ്ഞാതൃവാദത്തിലേക്കുള്ള ഈ മാറ്റം ആഴത്തിലുള്ള ഒരു പരിവർത്തനമാണ്‌ സാധ്യമാക്കിയത്‌. എന്നാൽ പിയാഷിയൻ ജ്ഞാതൃവാദത്തിന്റെ അമിതസ്വാധീനം നിമിത്തം കുട്ടിയുടെ പഠനത്തെ ഉദാത്തവൽക്കരിക്കാനും അധ്യാപകരുടെ ഇടപെടലിനെ ലഘൂകരിക്കാനുമുള്ള ശ്രമം അറിഞ്ഞോ അറിയാതെയോ പാഠ്യപദ്ധതി മാറ്റത്തിന്‌ നേതൃത്വം കൊടുത്തവരുടെ ഭാഗത്തുനിന്നും ഉണ്ടായി.

അതേസമയം, പാഠ്യപദ്ധതി പരിഷ്‌കരണത്തെ വിലപ്പെട്ട ഒരു അവസരമായിക്കണ്ട്‌ പഠിക്കാനും പ്രയോഗിക്കാനും തയ്യാറായി മുന്നോട്ടുവന്ന ഒരുസംഘം അധ്യാപകരുടെ ക്ലാസ്‌മുറികളിൽ ഇത്‌ വമ്പിച്ച മുന്നേറ്റമുണ്ടാക്കി. സർഗാത്മകമായ അധ്യാപനത്തിന്റെ അനവധി മാതൃകകൾ അത്തരം ക്ലാസ്‌മുറികളിൽ ഉയർന്നുവന്നു.

 • വർധിച്ച അളവിലുള്ള രചനാപ്രവർത്തനങ്ങൾ നടന്നു.
 • പതിപ്പുകൾ, ആൽബങ്ങൾ, മാതൃകകൾ, ഗ്രാഫുകൾ, കൈയെഴുത്തു മാസികകൾ, പ്രോജക്‌ട്‌ റിപ്പോർട്ടുകൾ എന്നിങ്ങനെ ഒട്ടേറെ ഉൽപന്നങ്ങൾ ഉണ്ടായി.
 • വായനമൂല, ദിനാചരണങ്ങൾ, സഹവാസക്യാമ്പുകൾ, പ്രകൃതി പഠനയാത്രകൾ എന്നിവ സജീവമായി.
 • നിരീക്ഷണം, പരീക്ഷണം, പ്രോജക്‌ട്‌, അഭിമുഖം എന്നിങ്ങനെ വിവിധ പഠനതന്ത്രങ്ങൾ ഉപയോഗിക്കപ്പെട്ടു.

ഇതേത്തുടർന്ന്‌ പല സ്‌കൂളുകളിലും ഒട്ടേറെ മികവുകൾ എടുത്തു കാട്ടാനുണ്ടായി. രക്ഷാകർത്തൃയോഗങ്ങളുടെയും അതിൽ പങ്കെടുക്കുന്നവരുടെയും എണ്ണം കൂടി. പല പഞ്ചായത്തുകളും വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്ന പദ്ധതികളുമായി മുന്നോട്ടുവന്നു.

എന്നാൽ ഇതിന്‌ സമാന്തരമായിത്തന്നെ പാഠ്യപദ്ധതിക്കെതിരായ പ്രവർത്തനങ്ങളും ശക്തിപ്രാപിച്ചു. ചിട്ടപ്പടി ക്ലാസുകളെടുത്തു ശീലിച്ചുവന്നിരുന്ന ഒരുകൂട്ടം അധ്യാപകർ ഈ പ്രചരണത്തോടൊപ്പം ചേർന്നു. മധ്യവർഗവ്യാമോഹം ശക്തിപ്രാപിച്ച കേരളത്തിൽ നല്ലൊരു പങ്ക്‌ രക്ഷിതാക്കളെ ആശങ്കയിലാഴ്‌ത്താനും ഈ പ്രചാരണങ്ങൾക്കു കഴിഞ്ഞു. കുട്ടികളുടെ വായനാതാത്‌പര്യത്തെയും പുതിയ രീതിയിലുള്ള സ്‌കൂൾ പ്രവർത്തനങ്ങളെയും ശക്തിപ്പെടുത്താൻ കുട്ടികൾക്കായി പേജുകൾ തുടങ്ങിയ ചില മാധ്യമങ്ങൾ തന്നെ മറ്റൊരുഭാഗത്തുകൂടി പാഠ്യ പദ്ധതിക്കെതിരായ പ്രചരണങ്ങളിലും അണിചേർന്നു.

അഞ്ചാംതരം തൊട്ടുള്ള പരിഷ്‌കരണം എസ്‌ സി ഇ ആർ ടി ഏറ്റെടുത്തു. എന്നാൽ ഡി പി ഇ പി ഘട്ടത്തിൽ കണ്ട പരിഷ്‌കരണവാഞ്ച അഞ്ചു തൊട്ടുള്ള പുസ്‌തകങ്ങളിൽ വേണ്ടത്ര നിഴലിച്ചില്ല. മുകളി ലേക്കു പോകുന്തോറും പാഠപുസ്‌തകങ്ങൾ അനുരഞ്‌ജനത്തിന്റെ പല സ്വഭാവങ്ങളും പ്രദർശിപ്പിച്ചു തുടങ്ങി. ഇത്‌ പാഠ്യപദ്ധതി പരിഷ്‌കരണത്തെ കാലക്രമത്തിൽ പിന്നോട്ടടിപ്പിച്ചു.

ഇടക്കാലത്തെ പിന്മടക്കം

2001ൽ യു ഡി എഫിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ വന്നപ്പോൾ എട്ടാം ക്ലാസിലേക്കു തയ്യാറാക്കിവെച്ചിരുന്ന പുസ്‌തകം ഒരു കൊല്ലത്തേക്ക്‌ മാറ്റിവെച്ചു. 2005ൽ എസ്‌ എസ്‌ എൽ സിക്ക്‌ ഗ്രേഡിങ്ങ്‌ ഏർപ്പെടുത്തേണ്ടിവന്നപ്പോഴും ഈ ചാഞ്ചാട്ടം പ്രകടമായി. എന്നാൽ പാഠ്യപദ്ധതി അനുകൂലവിഭാഗത്തിന്റെ ശക്തമായ പ്രവർത്തനം മൂലവും ദേശീയതലത്തിൽ കേരള പാഠ്യപദ്ധതിക്ക്‌ കിട്ടിക്കൊണ്ടി രുന്ന അംഗീകാരത്തെ കണ്ടില്ലെന്നു നടിക്കാൻ പറ്റാത്തതുകൊണ്ടും പ്രസ്‌തുത മാറ്റങ്ങൾ തിരിച്ചുകൊണ്ടുവരാൻ സർക്കാർ നിർബന്ധിതമായി. 2005ൽ ഉണ്ടായ ദേശീയ പാഠ്യപദ്ധതിയും സി ബി എസ്‌ ഇയിൽ വന്ന ഗ്രേഡിങ്ങും പാഠ്യപദ്ധതിക്കെതിരായ നീക്കത്തെ ഒരളവോളം ദുർബലപ്പെടുത്തി.

ഇതിനിടയിൽ ഒട്ടേറെ റിവ്യൂ കമ്മിറ്റികൾ ഇരുഗവണ്മെന്റുകളുടെ കാലത്തും ഉണ്ടായി. അതിൽ ചില നിർദേശങ്ങൾ അപ്പപ്പോൾ പാഠ്യപദ്ധതിയിൽ ചേർക്കാനും നടപടികളുണ്ടായി.

പിയാഷിയൻ ജ്ഞാതൃവാദത്തെ സാമൂഹ്യജ്ഞാതൃവാദമായി പരിവർത്തിക്കുന്നതിനുള്ള ചില തുടക്കങ്ങൾ ഉണ്ടായത്‌ ഏതാണ്ട്‌ അഞ്ചുവർഷം പിന്നിട്ടപ്പോഴാണ്‌. ഇംഗ്ലീഷ്‌ പഠനം മെച്ചപ്പെടുത്താൻ ഡോ.കെ.എൻ.ആനന്ദന്റെ നേതൃത്വത്തിൽ നടന്ന വിവിധ ശ്രമങ്ങ ൾക്കും (ഉദാ : SLAP, RACE) ഇക്കാലത്ത്‌ നാം സാക്ഷ്യംവഹിച്ചു. ഏതായാലും 1997 മുതൽ 2007 വരെയുള്ള ആദ്യത്തെ പത്തുവർഷങ്ങൾ സംഭവബഹുലമായിരുന്നു എന്നതിൽ സംശയമില്ല .

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2005

കേന്ദ്രമാനവശേഷി വികസനമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന്‌ 2004 ജൂലൈ 19 നാണ്‌ എൻ.സി.ഇ.ആർ.ടി നിലവിലുണ്ടായിരുന്ന ദേശീയ പാഠ്യപദ്ധതി രൂപരേഖ പരിഷ്‌കരിക്കാൻ തീരുമാന മെടുത്തത്‌. 2000ൽ എൻ ഡി എ സർക്കാരിന്റെ കാലത്തുണ്ടാക്കിയ പാഠ്യപദ്ധതി രൂപരേഖ അതിലടങ്ങിയ വർഗീയ അജണ്ടയുടെ പേരിൽ അതിനകം തന്നെ ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ സാഹചര്യത്തിലായിരുന്നു പ്രസ്‌തുത നടപടി. ഇതിനായി ആദ്യം ചെയ്‌തത്‌ പ്രശസ്‌ത വിദ്യാഭ്യാസവിദഗ്‌ധരെ ഉൾപ്പെടുത്തി ഒരു ദേശീയ സ്റ്റിയറിങ്ങ്‌ കമ്മിറ്റി രൂപീകരിക്കുകയും അതിന്റെ കീഴിൽ വിവിധ മേഖലകൾക്കായി 21 ഫോക്കസ്‌ ഗ്രൂപ്പുകൾ രൂപീകരിക്കുകയുമാണ്‌. പ്രൊഫ.യശ്‌പാൽ ചെയർമാനും പ്രൊഫ.എം.എ.ഖാദർ മെമ്പർ സെക്രട്ടറിയുമായ പ്രസ്‌തുത സ്റ്റിയറിങ്ങ്‌ കമ്മിറ്റിയും വിദഗ്‌ധർ അംഗങ്ങളായ ഫോക്കസ്‌ ഗ്രൂപ്പുകളും ചേർന്നാണ്‌ 2005ലെ ദേശീയ പാഠ്യപദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള ശ്രമകരമായ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌. രാജ്യമെങ്ങും സഞ്ചരിച്ച്‌ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച്‌ രൂപീകരിക്കപ്പെട്ട ആ പാഠ്യപദ്ധതി രൂപ രേഖയിൽ കേരളം അതിനകം പ്രയോഗത്തിൽ വരുത്തിക്കൊണ്ടി രുന്ന പല സമീപനങ്ങളും ഉൾച്ചേർന്നിരുന്നു.

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ (NCF - 2005) അഞ്ച്‌ അടിസ്ഥാന തത്വങ്ങളെയാണ്‌ പാഠ്യപദ്ധതി രൂപീകരണത്തിൽ അടിസ്ഥാനമാക്കിയത്‌ (പേജ്‌ 5).

 • അറിവിനെ സ്‌കൂളിനു ചുറ്റുമുള്ള ജീവിതവുമായി ബന്ധിപ്പിക്കണം
 • പഠനത്തെ മനപ്പാഠരീതിയിൽ നിന്നും മോചിപ്പിക്കണം
 • പാഠ്യപദ്ധതിയെ പാഠപുസ്‌തകകേന്ദ്രീകൃതമല്ലാത്തതും കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന്‌ ഊന്നൽ നൽകുന്നതു മാക്കണം
 • പരീക്ഷകളെ കൂടുതൽ വഴക്കമുള്ളതും ക്ലാസ്‌റൂം അനുഭവങ്ങ ളുമായി ബന്ധപ്പട്ടതുമാക്കി മാറ്റണം
 • ജനാധിപത്യസംവിധാനത്തിന്‌ അനുസൃതമായ ദൃഢമായ വ്യക്തിത്വം കുട്ടികളിൽ വളർത്തണം

അറിവിനെ കുട്ടികളുടെ ജീവിതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ വിമർശനാത്മകബോധനത്തെ ദേശീയ പാഠ്യ പദ്ധതിയുടെ ജീവശ്വാസമാക്കാനുള്ള തീരുമാനത്തിൽ പാഠ്യപദ്ധതി നിർമാതാക്കൾ എത്തിയത്‌. വർഗം, വർണം, ലിംഗം എന്നിങ്ങനെ കുട്ടികളുടെ ലോകത്തെ വ്യത്യസ്‌തമാക്കുന്ന നിരവധി ഘടകങ്ങൾ ചരിത്രത്തിൽ ആദ്യമായി പല പാഠങ്ങളുടെയും ഉള്ളടക്കത്തെ നിർണയിച്ചു.

കരുതലോടെയാണെങ്കിലും വിദ്യാഭ്യാസരംഗത്തെ വാണിജ്യ വൽക്കരണത്തെയും ആഗോളവൽക്കരണം ഇന്ത്യൻ സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും ചൂണ്ടിക്കാട്ടാനുള്ള അക്കാദമികമായ ധീരതയും ഈ രേഖ പ്രകടിപ്പിക്കുകയുണ്ടായി.

വിദ്യാഭ്യാസലക്ഷ്യങ്ങളെ കുറിച്ച്‌ പ്രതിപാദിച്ച ഭാഗങ്ങളിലും 2005 ലെ രൂപരേഖ പ്രകടിപ്പിച്ച വ്യത്യസ്‌തത ശ്രദ്ധിക്കപ്പെടുകയുണ്ടായി.

 • അവസരതുല്യത, നീതി, സ്വാതന്ത്ര്യം, മറ്റുള്ളവരുടെ നൻമ പരി ഗണിക്കൽ, മതനിരപേക്ഷത, മനുഷ്യമഹത്വത്തെയും അവകാശങ്ങളെയും മാനിക്കൽ തുടങ്ങിയവയോട്‌ പ്രതിബദ്ധതയുള്ള തലമുറയെ വളർത്തിയെടുക്കണം
 • മൂല്യാധിഷ്‌ഠിതമായ തീരുമാനങ്ങൾ വ്യക്തിഗതമായും കൂട്ടായും എടുക്കുന്നതിനുള്ള കഴിവ്‌ വികസിക്കാനുതകുന്ന സ്വതന്ത്രചിന്തയും പ്രവർത്തനസന്ദർങ്ങളും ഒരുക്കണം
 • പഠിക്കാൻ പഠിക്കാനും, പഠിച്ചത്‌ തെറ്റെങ്കിൽ മാറ്റിപ്പഠിക്കാനുമുള്ള കഴിവുകൾ കുട്ടികളിൽ വളർത്തണം
 • തൊഴിലുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസത്തിലൂടെ തൊഴിലെടുക്കാനും സാമ്പത്തികപ്രക്രിയകളിൽഏർപ്പെടാനും സാമൂഹ്യമാറ്റങ്ങളിൽ പങ്കെടുക്കാനും കുട്ടികളെ പ്രാപ്‌തരാക്കണം
 • കുട്ടികളുടെ സർഗാത്മകത വികസിപ്പിക്കാനും സൗന്ദര്യാസ്വാദനശേഷി വളർത്താനും ശ്രമിക്കണം (പേജ്‌ 10)

ഇത്തരം ലക്ഷ്യങ്ങൾ നേടണമെങ്കിൽ ഉൽപന്നം മാത്രം ലക്ഷ്യ മാക്കുന്ന പഴയ വിദ്യാഭ്യാസരീതി ഉപേക്ഷിക്കണമെന്നും അതിന്റെ സ്ഥാനത്ത്‌ ജ്ഞാനനിർമിതിയിൽ ഊന്നിയ പുതിയ സമീപനം സ്വീകരിക്കണമെന്നും രേഖ അർഥശങ്കയ്‌ക്കിടയില്ലാതെ വ്യക്തമാക്കുന്നു. (പേജ്‌ 19, 20)

പാഠ്യപദ്ധതി രൂപരേഖയിൽ വ്യക്തമാക്കിയ ഇത്തരം ലക്ഷ്യങ്ങളും സമീപനങ്ങളും പ്രയോഗത്തിൽ വരുത്തുന്നതിനുള്ള ശ്രമങ്ങൾ പക്ഷേ, എല്ലാ പാഠപുസ്‌തകങ്ങളിലും ഒരേ അളവിൽ ഉണ്ടായില്ല. എങ്കിലും ജാതീയതയെയും അഴിമതിയെയും ഉപഭോക്തൃവാസനയെയും ആഗോളവൽക്കരണത്തെയും രാഷ്‌ട്രീയരംഗത്തെ ജീർണതകളെയും തുറന്നെതിർക്കാനും ദാരിദ്ര്യവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിൽക്കുന്ന ഇന്ത്യൻ സാമൂഹ്യാവസ്ഥയെ സത്യസന്ധ മായി വരച്ചുകാട്ടാനും അവയിൽ പലതും ധൈര്യപ്പെട്ടു. കുട്ടികളെ അന്വേഷണശീലത്തെ ഒരുപരിധി വരെ പ്രചോദിപ്പിക്കാൻ എൻ സി ഇ ആർ ടി തയ്യാറാക്കിയ പാഠപുസ്‌തകങ്ങൾക്ക്‌ കഴിഞ്ഞു. ഇന്ത്യ പോലെ സ്‌കൂൾ സൗകര്യങ്ങളിലും ഗൃഹാന്തരീക്ഷത്തിലും വലിയ അന്തരം പുലർത്തുന്ന ഒരു രാജ്യത്ത്‌ ഇത്തരം ചുവടുവെപ്പുകൾ തന്നെ ധീരമാണ്‌. പരീക്ഷാകേന്ദ്രിതമായ പഠനരീതിയെ ഒരു പരിധിവരെ അംഗീകരിച്ചുകൊണ്ടാണ്‌ പാഠങ്ങൾ തയ്യാറാക്കപ്പെട്ടത്‌. അതേസമയം തുടർച്ചയായതും സമഗ്രവുമായ മൂല്യനിർണയത്തെ ഒരു സമീപന മായി മുന്നോട്ടുവെക്കാനും ഗ്രേഡിങ്ങ്‌ നടപ്പിലാക്കാനും ഈ രേഖ വഴിമരുന്നിട്ടു എന്നത്‌ ഇതിന്റെ മേന്മയിൽ പെടുന്നു.

2005ലെ ദേശീയ പാഠ്യപദ്ധതി രൂപരേഖയുടെ ചുവടുപിടിച്ചുകൊണ്ട്‌ എല്ലാ സംസ്ഥാനങ്ങളോടും അതത്‌ സംസ്ഥാനത്തിന്റെ തനിമകള ടങ്ങിയ സംസ്ഥാന പാഠ്യപദ്ധതികൾ രൂപീകരിക്കാൻ എൻ സി ഇ ആർ ടി നിർദേശിക്കുകയുണ്ടായി. ഇതിനായി ഓരോ സംസ്ഥാനത്തിനും പത്തുലക്ഷം രൂപ വീതം നൽകാനും എൻ സി ഇ ആർ ടി മുൻകൈയെടുത്തു. ഇക്കാര്യത്തിൽ ആദ്യം മുന്നോട്ടുവന്നത്‌ കേരളമാണ്‌ എന്നതിൽ നമുക്ക്‌ അഭിമാനിക്കാം. 2007ലെ കേരള പാഠ്യ പദ്ധതി രൂപരേഖ രൂപപ്പെട്ടതിന്റെ പ്രധാനപ്പെട്ട പശ്ചാത്തലം ഇതായിരുന്നു. ഈ പാഠ്യപദ്ധതി രേഖ അട്ടിമറിക്കാനാണ്‌ ഇപ്പോൾ യു ഡി എഫ്‌ സർക്കാർ ഉത്സാഹിക്കുന്നത്‌.

കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2007

നേരത്തെ സൂചിപ്പിച്ചതുപോലെ, 2005ലെ ദേശീയ കരിക്കുലം ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ പാഠ്യപദ്ധതി മാറ്റുന്നതിനുള്ള ശ്രമം നടന്നത്‌ 2007 ലാണ്‌. എൻ.സി.ഇ.ആർ.ടിയുടെ ധന സഹായവും പിന്തുണയും ഉപയോഗിച്ച്‌ വിവിധ ഡയറ്റുകളുടെ നേതൃത്വത്തിലാണ്‌്‌ പാഠ്യപദ്ധതി അവലോകനം നടന്നത്‌. ഈ അവലോകനറിപ്പോർട്ടുകൾ ക്രോഡീകരിച്ച്‌ അവതരിപ്പിച്ച വർക്ക്‌ഷോപ്പുകളിൽ നിന്നാണ്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ - 2007 യഥാർഥത്തിൽ രൂപംകൊണ്ടത്‌. വിദ്യാഭ്യാസവിദഗ്‌ധരെ കൂടാതെ കേരളത്തിലെ എല്ലാ അധ്യാപകസംഘടനകളുടെയും പ്രതിനിധികൾ ഈ വർക്ക്‌ഷോപ്പു കളിൽ പങ്കെടുത്തിരുന്നു എന്നത്‌ പ്രത്യേകം ഓർക്കാവുന്നതാണ്‌.

 • എൻ.സി.ഇ.ആർ.ടിയുടെ ദേശീയ കരിക്കുലത്തിൽ നിർദേശിക്കപ്പെട്ട വിദ്യാർഥികേന്ദ്രിതവും പ്രക്രിയാബന്ധിതവുമായ ചട്ടക്കൂടാണ്‌ കേരള പാഠ്യപദ്ധതിയും ആധാരമാക്കിയത്‌. പാഠ്യപദ്ധതിയെ സമൂഹബന്ധിതമാക്കാനും സമൂഹത്തിലെ അധഃസ്ഥിതരായ സ്‌ത്രീകൾ, ആദിവാസികൾ, ദളിതർ തുടങ്ങിയവരുടെ പ്രശ്‌നങ്ങളും വീക്ഷണങ്ങളും കൂടി ഉൾപ്പെടുന്ന പാഠ്യപദ്ധതി നിർമിക്കാനുമുള്ള നിർ ദേശങ്ങൾ ദേശീയ പാഠ്യപദ്ധതിയിൽ തന്നെ അടങ്ങിയിരുന്നു. പ്രാദേശിക വൈവിധ്യങ്ങൾ എങ്ങനെ ഉൾപ്പെടുത്തണമെന്നും ദേശീയകരിക്കുലം നിർദേശിച്ചിരുന്നു. ദേശീയ പാഠ്യപദ്ധതി രൂപരേഖയിലുള്ള വിമർശനാത്മക ബോധനശാസ്‌ത്രവും ജ്ഞാനനിർ മിതിവാദവും തന്നെയാണ്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂടിലും ഉപയോഗിച്ചതെന്നു കാണാം.
 • ഒരു പതിറ്റാണ്ടു കാലത്തെ പാഠ്യപദ്ധതി അനുഭവങ്ങളും കേരള പാഠ്യപദ്ധതിചട്ടക്കൂട്‌ രൂപപ്പെടുത്തുന്നതിൽ പ്രയോജനപ്പെടുത്തി. ദേശീയ കരിക്കുലം പ്രമേയാധിഷ്‌ഠിതമായ (thematic) സങ്കേതങ്ങളാണ്‌ പാഠ്യപദ്ധതി നിർമാണത്തിന്‌ നിർദേശിച്ചത്‌. വിദ്യാർഥി, സാമൂഹ്യമായ വളർച്ചയുടെ ?ഭാഗമായി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ നിന്നാണ്‌ പ്രമേയങ്ങൾ രൂപപ്പെടുത്തേണ്ടതെന്ന സാമൂഹ്യ നിർമിതിവാദപരമായ നിലപാടാണ്‌ കേരള പാഠ്യപദ്ധതി ചട്ട ക്കൂടിന്‌ ഉപയോഗിച്ചത്‌. പ്രശ്‌നോന്നീത സമീപനമെന്നത്‌ അധ്യാപകരുടെ അനു?വങ്ങളിൽനിന്നു തന്നെ ഉയർന്നുവന്ന ശ്രദ്ധേയമായ ഒരു ചുവടുവെപ്പായിരുന്നു. ദേശീയകരിക്കുലം നിർദേശിച്ച വിമർശനാത്മക ബോധനശാസ്‌ത്രത്തെ കൂടുതൽ ക്രിയാത്മകമായി രൂപപ്പെടുത്താൻ ഇതു സഹായിച്ചു. ഓരോ പ്രമേയത്തിന്റെയും ഉള്ളടക്കത്തോടൊപ്പം അതിനെ സാമൂഹ്യപ്രശ്‌നങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രാദേശിക പാഠങ്ങൾ (Local text) ഉൾപ്പെടുത്താനും ഇത്‌ ഉപകരിച്ചു. കൂടുതൽ ജീവസ്സുറ്റ ക്ലാസ്‌മുറികൾ ഇതിന്റെ ഭാഗമായി വളർന്നുവന്നു.
 • പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ?ഭാഗമായി സുപ്രധാനമായ പല നിർദേശങ്ങളുമുണ്ടായി. എട്ടാം സ്റ്റാൻഡേർഡിനെ പ്രൈമറിതല പാഠ്യ പദ്ധതിയിൽ നിന്നുള്ള പരിവർത്തനഘട്ടമായി ഉപയോഗപ്പെടുത്തണമെന്ന്‌ നിർദേശിക്കപ്പെട്ടു. വിദ്യാർഥികൾ പ്രദർശിപ്പിക്കുന്ന അഭിരുചികളുടെയും താൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽ അവർക്ക്‌ ചില വിഷയങ്ങളിൽ കൂടുതൽ ഉയർന്ന തലങ്ങളിലേക്ക്‌ പോകാൻ അവസരം നൽകണമെന്നും നിർദേശിക്കപ്പെട്ടു. സെക്കണ്ടറിയും ഹയർസെക്കണ്ടറിയും ഒറ്റ ഘടനയുടെ ഭാഗമാക്കണമെന്നുള്ള നിർദേശവും ഉണ്ടായി.
 • പ്രോജക്ടുകൾ, അസൈൻമെന്റുകൾ തുടങ്ങിയവയിലൂടെയുള്ള പഠനരീതി പഠനത്തെ നിരന്തരമായ പ്രക്രിയയാക്കി. അത്‌ വിദ്യാർ ഥികളുടെ മൊത്തം പ്രകടനത്തെ വൻതോതിലുയർത്തി. താരതമ്യേന പിന്നാക്കമായിരുന്ന നിരവധി ഗവൺമെന്റ്‌ സ്‌കൂളുകൾ സ്വകാര്യ വിദ്യാലയങ്ങളുമായി കിടപിടിക്കുന്ന വിധത്തിൽ മുന്നോട്ടുവന്നത്‌ ഇതിന്റെ ഭാഗമാണ്‌. എസ്‌.എസ്‌.എൽ.സി യിലും ഹയർ സെക്കണ്ടറിയിലുമുള്ള വിദ്യാർഥികളുടെ പ്രകടനത്തെയും ഇതു സ്വാധീനിച്ചു. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ ഉയർന്ന പ്രകടനം കാഴ്‌ച വെച്ചുവെന്നു മാത്രമല്ല വിവിധ യോഗ്യതാപരീക്ഷകളിൽ അവ രുടെ പ്രകടനം വരേണ്യ വിദ്യാലയങ്ങൾക്കൊപ്പമായി തീരുകയും ചെയ്‌തു.
 • എന്നാൽ പാഠ്യപദ്ധതി നിർവഹണത്തിൽ ഗൗരവമുള്ള ചില പിഴവുകളും ഉണ്ടായി. പ്രശ്‌നോന്നീത സമീപനം യാന്ത്രികമായാണ്‌ പ്രയോഗിക്കപ്പെട്ടത്‌. സാമൂഹ്യപ്രശ്‌നങ്ങളെ പ്രക്രിയാധിഷ്‌ഠിത പഠനത്തിന്റെ ഭാഗമായി വിലയിരുത്താനുള്ള അവസരമുണ്ടാക്കുക എന്ന വിമർശനാത്മകരീതി ഫലപ്രദമായി ഉപയോഗിച്ചില്ല. പാഠ്യപദ്ധതിക്കെതിരെ വിമർശനങ്ങളുണ്ടായപ്പോൾ പിഴവുകൾ തിരുത്തി മുന്നോട്ടുപോകുന്നതിനു പകരം പിൻവാങ്ങാനുള്ള ശ്രമങ്ങൾ നടന്നത്‌ ആശയക്കുഴപ്പത്തിനിടയാക്കി. ക്ലസ്റ്റർ യോഗങ്ങൾ, പരി ശീലനം തുടങ്ങിയവ വേണ്ടത്ര ഫലപ്രദമായില്ല. ഇതിനോടൊപ്പം ബോധനപഠന രൂപങ്ങളെക്കാൾ പ്രധാനം ഉന്നത പരീക്ഷാഫലങ്ങളാണെന്ന മാനേജ്‌മെന്റുകളുടെയും രക്ഷിതാക്കളുടെയും സമീപനം പൊതുബോധമായി വളർന്നുവന്നു. അതിനോട്‌ ഫലപ്രദമായി പ്രതികരിച്ച്‌ സ്വന്തം നിലപാടിന്റെ ശാസ്‌ത്രീയത വിശ ദീകരിക്കാൻ അധ്യാപകർക്കു കഴിഞ്ഞില്ല. പൊതുപാഠ്യപദ്ധതി പരാജയമാണെന്ന വസ്‌തുതാവിരുദ്ധമായ നിലപാട്‌ പലരിലും വളരാൻ ഇതൊക്കെ ഇടവരുത്തി.

പൊതുപാഠ്യപദ്ധതിക്കെതിരായ പടനീക്കം ഇന്നും വ്യാപകമാണ്‌. പാഠ്യപദ്ധതിയുടെ ശാസ്‌ത്രീയ അടിത്തറയെ വിശകലനാത്മകമായി പരിശോധിക്കുന്നതിനു പകരം നിർവഹണത്തിൽ വന്നിട്ടുള്ള പിഴവുകളെ കേന്ദ്രീകരിച്ചുള്ള ആക്രമണമാണ്‌ നടക്കുന്നത്‌. നിർവഹണത്തിലെ പിഴവുകൾ പാഠ്യപദ്ധതിയുടെ പ്രശ്‌നമല്ല. അതു നടപ്പി ലാക്കിയ വിദ്യാഭ്യാസവകുപ്പിന്റെതാണ്‌. അതേ വിദ്യാഭ്യാസവകുപ്പാണ്‌ ഇപ്പോൾ പാഠ്യപദ്ധതിയെ തകർക്കാൻ മുന്നിട്ടിറങ്ങുന്നതും. അവർക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്‌ മാധ്യമങ്ങളും വിദ്യാഭ്യാസ വിദഗ്‌ധരെന്ന്‌ അവകാശപ്പെടുന്ന ചില ബുദ്ധിജീവികളും ശ്രമിക്കുന്നു. സ്വന്തം മക്കളെ സുരക്ഷിതമായ പദവികളിലെത്തിക്കണമെന്ന്‌ ആഗ്രഹമുള്ള രക്ഷിതാക്കളും അതിനൊപ്പം ചേരുമ്പോൾ പൊതുവിദ്യാഭ്യാസ പദ്ധതി മൊത്തത്തിൽ നിലവാരത്തകർച്ചയെ നേരിടുകയാണെന്ന പ്രചരണം ശക്തിപ്പെടുന്നു. നിലവിലുള്ള ഇംഗ്ലീഷ്‌മീഡിയം വിദ്യാഭ്യാസത്തിലുള്ള ഭ്രമവും അതിലേക്കു നയിക്കുന്നു. ഈ ഭ്രമം സൃഷ്ടിക്കുന്നതിൽ കച്ചവട വിദ്യാഭ്യാസ ശക്തികളായ ജാതിമതസംഘടനകൾ വളരെ പ്രധാനപ്പെട്ട പങ്കാണ്‌ വഹിക്കുന്നത്‌. മലയാളം പഠിച്ചതുകൊണ്ട്‌ ഒരു പ്രയോജനവുമില്ലെന്ന്‌ പരസ്യമായി പറയുന്ന ജാതിമത സമുദായ നേതാക്കൾ നിരവധിയാണ്‌.

വിമർശകർക്കാവശ്യമുള്ളത്‌ വ്യക്തിനിഷ്‌ഠവും വരേണ്യതാൽപര്യങ്ങൾക്കനുകൂലവും കോച്ചിങ്ങ്‌ രീതികളെയും കാണാപ്പാഠത്തെയും പ്രോത്സാഹിപ്പിച്ച്‌ കുട്ടികൾക്ക്‌ മത്സരപരീക്ഷകളിൽ നേട്ടങ്ങളുണ്ടാക്കുന്നതുമായ വിദ്യാഭ്യാസമാണ്‌. അതിന്‌ ദേശീയ കരിക്കുലവും കേരള കരിക്കുലം ചട്ടക്കൂടും മുന്നോട്ടുവയ്‌ക്കുന്ന നിർദേശങ്ങൾ ആവശ്യ മില്ല. കൃത്യമായ അച്ചടക്കത്തോടെ കനത്ത ഫീസ്‌ വാങ്ങി മാനേജ്‌മെന്റുകൾ നടത്തുന്ന കോച്ചിങ്ങ്‌ കളരികൾ മതി. അത്തരക്കാരാണ്‌ ഏകീകൃത സിലബസ്‌?എന്ന മുദ്രാവാക്യമുയർത്തുന്നത്‌. സ്വന്തമായി സിലബസും പാഠ്യപദ്ധതിയുമുണ്ടാക്കുന്നതിനേക്കാൾ ഏളുപ്പം ആരെങ്കിലും ഉണ്ടാക്കിയ പാഠപുസ്‌തകങ്ങൾ കടമെടുക്കുകയാണല്ലോ!

യഥാർഥത്തിൽ, ഈ പാഠ്യപദ്ധതി മികവുകൾ സൃഷ്‌ടിക്കാൻ പര്യാപ്‌തമല്ലേ? പാഠ്യപദ്ധതി വിമർശകരെ പിന്തുടർന്നുകൊണ്ട്‌ സർക്കാരും ഇത്തരമൊരു തീരുമാനിത്തിലെത്തിയത്‌ എന്ത്‌ അടിസ്ഥാനത്തിലാണ്‌? ഇംഗ്ലീഷ്‌ മീഡിയത്തെയും സി ബി എസ്‌ ഇ യെയും ഉയർത്തിക്കാട്ടുന്നത്‌ എത്രകണ്ട്‌ നീതീകരിക്കാനാവും?

അക്കാദമിക മികവിന്റെ ചില പാഠങ്ങൾ

ഡൽഹിയിലെ പ്രൈമറി വിദ്യാലയങ്ങളിലെ നിലവാരം യാഷ്‌ ആഗർവാൾ (NIEPA?-2000) പഠനവിധേയമാക്കുകയുണ്ടായി. ഹിന്ദി മീഡിയം വിദ്യാലയങ്ങളും ഇംഗ്ലീഷ്‌ മീഡിയം വിദ്യാലയങ്ങളും സാമ്പിളായി തെരഞ്ഞെടുത്താണ്‌ പഠനം നടത്തിയത്‌. നാലാം ക്ലാസ്സിലെ ഗണിത നിലവാരം ഇങ്ങനെ - ഹിന്ദി മീഡിയം വിദ്യാർഥികളുടെ ശരാശരി സ്‌കോർ 40.46. ഇംഗ്ലീഷ്‌മീഡിയക്കാരുടേത്‌ 47.8. ഭാഷയിൽ യഥാക്രമം 56.5, 49.7. ഇംഗ്ലീഷ്‌ മീഡിയം വിദ്യാലയങ്ങളിലെ നിലവാരം സമൂഹം കരുതുന്നതുപോലെ വളരെ മികച്ചതല്ലെന്നാണ്‌ അദ്ദേഹം എത്തിച്ചേർന്ന നിഗമനം.

2011 ജൂൺ, പെരുമ്പടപ്പ്‌ : വെളിയങ്കോട്‌ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിലെ ഇംഗ്ലീഷ്‌മീഡിയം ക്ലാസുകൾ നിർത്തലാക്കിയതോടെ ഏതാനും വിദ്യാർഥികൾ ടി.സി വാങ്ങി അടുത്തുള്ള അൺഎയ്‌ഡഡ്‌ സ്‌കൂളുകളിൽ ചേർന്നു. നാലുവർഷം മുമ്പാണ്‌ വെളിയങ്കോട്‌ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകൾ ആരംഭിച്ചത്‌. കഴിഞ്ഞ അധ്യയനവർഷം (2010) ഇവിടെ 5 മുതൽ 9 വരെയുള്ള ഓരോ ഡിവിഷനിലും ഇംഗ്ലീഷ്‌മീഡിയത്തിലായിരുന്നു അധ്യയനം. ഈ നില ഈ അധ്യയനവർഷവും തുടരാൻ സ്‌കൂൾ പി.ടി.എ യോഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യാർഥികൾ കുറഞ്ഞതിനാലാണ്‌ ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകൾ നിർത്തലാക്കിയതെന്ന്‌ പ്രധാന അധ്യാപിക പി.ലീല പറയുന്നു

ചോദ്യം - സമാന്തര ഇംഗ്ലീഷ്‌ മീഡിയം ആരംഭിച്ച്‌ പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കാമെന്നു കരുതി പുറപ്പെട്ടവരുടെ സ്ഥിതി ആശാവഹമാണോ?

2011 ജനുവരിയിൽ ബാംഗ്ലൂർ റീജിയണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇംഗ്ലീഷിലെ ഫാക്കൽടി അംഗങ്ങൾ ആലപ്പുഴ ജില്ലയിലെ വിവിധ സ്‌കൂളുകൾ സന്ദർശിക്കുകയുണ്ടായി. ഹിതേഷ്‌, ഉസ്‌മ രേഹേൽ, വിദ്യാനന്ദ്‌ ആരാധ്യ, ജയരാജ്‌ എന്നിവരുടെ സംഘം ആലപ്പുഴ ജില്ലയിലെ ഇംഗ്ലീഷ്‌ പഠനനിലവാരം നേരിട്ട്‌ മനസ്സിലാക്കാനാണ്‌ എത്തിയത്‌. അവർ ഒന്നാം ദിവസം കക്കാഴം യു.പി.സ്‌കൂളിൽ പോയി. കുട്ടികളുടെ പ്രകടനം കണ്ടു. അവരുമായി സംവദിച്ചു. രണ്ടാം ദിവസം രാവിലെ കുമാരപുരം എൽ.പി.സ്‌കൂളിലും ഉച്ചയ്‌ക്ക്‌ ശേഷം തൃക്കുന്നപ്പുഴ എം.ടി.യു.പി.സ്‌കൂളിലും ചെന്ന്‌ ക്ലാസുകൾ നേരിട്ടു നിരീക്ഷിച്ചു. എന്തായിരുന്നു അവരുടെ കണ്ടെത്തൽ എന്ന്‌ ഇന്ന്‌ പാഠ്യപദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നവർ പരിശോധിക്കുന്നത്‌ നന്നാവും. പുതിയ പഠനരീതി പാലിക്കുന്നിടത്തൊക്കെ കുട്ടികൾ നന്നായി ഇംഗ്ലീഷ്‌ കൈകാര്യം ചെയ്യുന്നതായാണ്‌ അവർ കണ്ടത്‌. കുട്ടികൾ പല തരത്തിൽ ആശയം പ്രകാശിപ്പിക്കുന്നു. സങ്കോചമില്ലാതെ ഇംഗ്ലീഷിൽ സദസ്സുകളെ അഭിസംബോധന ചെയ്യുന്നു. പാഠപുസ്‌തകത്തിൽ നിന്നും അവർ തന്നെ വികസിപ്പിച്ച ഇംഗ്ലീഷ്‌ നാടകം കുട്ടികൾ അവതരിപ്പിക്കുന്നു. രചനയിൽ ബഹുദൂരം മുന്നിൽ. ധാരാളം ലേഖന പ്രവർത്തനങ്ങൾ. (അത്‌ കണ്ടപ്പോൾ അവയിൽ ചിലത്‌ അവർക്ക്‌ വേണം, അവരുടെ കോഴ്‌സുകളിൽ കാണിക്കാൻ!) കാണാൻ വന്ന അധ്യാപകർ സംതൃപ്‌തി പ്രകടിപ്പിച്ചു. എന്നാൽ മറ്റു തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ കാണാൻ കഴിയാത്ത ഈ നേട്ടം ജില്ലയിലെ എല്ലാ സ്‌കൂളുകളുകളിലും ഉദ്ദേശിച്ച രീതിയിൽ ഉണ്ടായിട്ടില്ല. പഴയ രീതിയിൽ പഠിപ്പിക്കുന്നവരും ഇടകലർത്തി പഠിപ്പിക്കുന്നവരും ഇപ്പോഴും ഉണ്ട്‌.

അനിത ടീച്ചർ മംഗലം സ്‌കൂളിലാണ്‌ പഠിപ്പിക്കുന്നത്‌. കടൽത്തീരത്തുള്ള സാധാരണ സ്‌കൂൾ. സുനാമിബാധിത പ്രദേശം. എല്ലാം നഷ്ടപ്പെട്ടവരാണ്‌ രക്ഷിതാക്കൾ. കുട്ടികളെ വീട്ടിൽ സഹായിക്കാൻ വേണ്ടത്ര കഴിയാത്തവർ. കടലിനെ ആശ്രയിച്ചു ജീവിക്കുന്നവരുടെ മക്കൾ പഠിക്കുന്ന വിദ്യാലയം. 2010ൽ റീജിയണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇംഗ്ലീഷ്‌ ബാംഗ്ലൂരിലെ ഡയറക്ടർ ഡോ.മണി അവിടം സന്ദർശിക്കുകയുണ്ടായി. അദ്ദേഹം കുട്ടികളോട്‌ ഇംഗ്ലീഷിൽ ചോദിച്ചു. അതിനൊക്കെ മറുപടി ഇംഗ്ലീഷിൽ തന്നെ! ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്‌ ഇംഗ്ലീഷ്‌ പരിശീലനം നൽകുന്ന സ്ഥാപന മേധാവിക്ക്‌ കുട്ടികൾ മികവുറ്റവർ തന്നെ എന്നതിൽ സംശയമില്ല.

ആലപ്പുഴ ജില്ലയിലെ ചില അധ്യാപകരുടെ അഭിപ്രായങ്ങൾ നോക്കുക:

ജഗദമ്മ ടീച്ചർ

തുറവൂർ വെസ്റ്റ്‌ യു.പി.സ്‌കൂളിൽ നാലാം ക്ലാസ്സിൽ പഠിപ്പിക്കുന്നു. ടീച്ചറുടെ അനുഭവം ഇങ്ങനെ : ``കുട്ടികൾ ഇംഗ്ലീഷ്‌ പഠിക്കാൻ കൂടുതൽ താൽപര്യം കാണിക്കുന്നു. ഒരു ഭയവുമില്ലാതെ ആശയങ്ങൾ ഇംഗ്ലീഷിൽ പ്രകടിപ്പിക്കാൻ അവർ മുന്നോട്ടുവരുന്നു.

ലിസ്സി സിറിയക്‌, ജി.എച്ച്‌.എസ്‌.എൽ.പി.എസ്‌ തിരുനല്ലൂർ :

ഏതാണ്ടെല്ലാ കുട്ടികൾക്കും ഇംഗ്ലീഷിൽ പറയുന്നത്‌ ഗ്രഹിക്കാൻ കഴിയും. ചെറിയ വാക്യങ്ങളിൽ ഇംഗ്ലീഷ്‌ പറയാൻ അവർക്ക്‌ കഴിയുന്നുണ്ട്‌. അവർ ഇംഗ്ലീഷ്‌ സംസാരിക്കാൻ കഴിവ്‌ നേടിയതിൽ ഞാൻ സന്തുഷ്ടയാണ്‌.

എൻ.എസ്‌.ലിജിമോൾ, ജി.എൽ.പി.എസ്‌ കൊനാട്ടുശേരി :

കുട്ടികൾക്ക്‌ ഇംഗ്ലീഷിൽ സ്വന്തമായി ലഘു നാടകം എഴുതാൻ കഴിയും. സ്‌കിറ്റ്‌, കോറിയോഗ്രാഫി എന്നിവയും പുതിയ തീമിനെ ആസ്‌പദമാക്കി അവർ തയ്യാറാക്കും. എന്റെ സ്‌കൂളിലെ എല്ലാ അധ്യാപകർക്കും ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്‌.

പദ്‌മകുമാർ, ജി.വി.എച്ച്‌.എസ്‌.ഏ.ഇറവങ്കര :

എന്റെ ക്ലാസ്സിലെ കുട്ടികൾ ഇംഗ്ലീഷിൽ സർഗാത്മക രചനകൾ നടത്തും. ക്ലാസ്‌ അവരുടെ വർക്ക്‌ കൊണ്ട്‌ നിറഞ്ഞിരിക്കുന്നു.

സിജുമോൾ, റിസോഴ്‌സ്‌ ടീച്ചർ, വെളിയനാട്‌ :

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും ഇംഗ്ലീഷ്‌ ക്ലാസ്സുകളിൽ സജീവമായി പങ്കെടുക്കുന്നു, രചനകൾ നിർവഹിക്കുന്നു.

സിന്ധു എം, ജി എൽ പി എസ്‌ രാമങ്കരി:

എന്റെ കുട്ടികൾക്ക്‌ ഇപ്പോൾ ആത്മവിശ്വാസം ഉണ്ട്‌. അവർ കളികളിൽ ഏർ പ്പെടുമ്പോഴും ഇംഗ്ലീഷ്‌ ഉപയോഗിക്കുന്നു. വീടുകളിലും ഇംഗ്ലീഷ്‌ പറയാറുണ്ട്‌. കുട്ടികൾ ഉല്ലാസത്തിലാണ്‌. അവരുടെ രക്ഷിതാക്കളും സന്തോഷത്തിൽ. എന്റെ ക്ലാസ്സിൽ ഏവരേയും അതിശയിപ്പിക്കുന്ന ഇംഗ്ലീഷ്‌ മാഗസിനുകൾ ഉണ്ട്‌. കുട്ടികൾ എഴുതിയവ. ഒരു അധ്യാപിക എന്ന നിലയിൽ ഞാൻ അവരുടെ രചനകളിൽ അഭിമാനിക്കുന്നു. ഒരിക്കലും എന്റെ ക്ലാസ്സിൽ ഇങ്ങനെ സംഭവിക്കുമെന്ന്‌ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

മുന്നേറ്റം മറ്റു വിഷയങ്ങളിലും

കാസർഗോഡ്‌ ജില്ലയിലെ ബേക്കൽ ഫിഷറീസ്‌ എൽ.പി.സ്‌കൂൾ ആർക്കും വേണ്ടാതെ കിടന്നതാണ്‌. ഹെഡ്‌മാസ്‌ററർ നാരായണന്റെ നേതൃത്വത്തിൽ അവിടെ പുതിയ പാഠ്യപദ്ധതി ഫലപ്രദമായി നടപ്പിലാക്കി. വിദ്യാലയ മാനേജ്‌മെന്റിൽ ജനാധിപത്യപരമായ സമീപനം കൊണ്ടുവന്നു. സമൂഹത്തിലേക്കിറങ്ങിച്ചെന്നു. കുട്ടികളുടെ പഠന പുരോഗതി എല്ലാ മാസവും കൃത്യമായി രക്ഷിതാക്കളെ അറിയിച്ചു. അങ്ങനെ ജില്ലയിലെ മികച്ച വിദ്യാലയമായി അതു മാറി. പരാധീനതകളിൽപെട്ട, തീരവാസി ജനതയുടെ മക്കൾ പഠിക്കുന്ന വിദ്യാലയത്തെ മികവിന്റെ ആലയമാക്കി മാറ്റാനാകുമെങ്കിൽ എന്തുകൊണ്ട്‌ വിദ്യാഭ്യാസ വകുപ്പ്‌ ഇത്തരം വിജയമാതൃകകളിൽ നിന്നും പാഠങ്ങൾ പഠിക്കുന്നില്ല?

ഇതുപോലെ നിരവധി വിദ്യാലയങ്ങൾ വിജയക്കൊടി പാറിച്ചില്ലേ? അവിടെയൊക്കെ പുതിയ പാഠ്യപദ്ധതിയല്ലേ വിജയിച്ചത്‌?

കണ്ണൂരിലെ കണ്ണവം സ്‌കൂൾ കോഴിക്കോട്ടെ ആഴ്‌ചവട്ടം, പറമ്പിൽ, പിടഞ്ഞാറ്റുമുറി സ്‌കൂളുകൾ പാലക്കാട്ടെ മുണ്ടൂർ ഗവൺമെന്റ്‌ എൽ.പി.എസ്‌, ബമ്മണ്ണൂർ യു.പി.സ്‌കൂൾ, കക്കാട്ടിരി യു.പി സ്‌കൂൾ, കഞ്ചിക്കോട്‌ എൽ.പി.സ്‌കൂൾ, പിരിയാരി സ്‌കൂൾ തൃശ്ശൂരിലെ വെള്ളാങ്ങല്ലൂർ യു.പി.സ്‌കൂൾ, കോടാലി യു.പി.സ്‌കൂൾ ഇടുക്കിയിലെ തേർഡ്‌ ക്യാമ്പ്‌, തൊണ്ടിക്കുഴ, പൂമാല സ്‌കൂളുകൾ, ആലപ്പുഴയിലെ സി.എം.എസ്‌.മുഹമ്മ കാസർഗോഡ്‌ ജില്ലയിലെ ബാര യു.പി.സ്‌കൂൾ, പാടിക്കീൽ യു.പി.സ്‌കൂൾ, കൂട്ടക്കനി യു.പി.എസ്‌, കാഞ്ഞിരപ്പൊയിൽ യു.പി.സ്‌കൂൾ, ഹോളിഫാമിലി യു.പി.എസ്‌, മുഴക്കോം യു.പി.സ്‌കൂൾ, കോളിയടുക്കം യു.പി.സ്‌കൂൾ തിരുവനന്തപുരത്തെ അയിലം യു.പി.സ്‌കൂൾ, ജി.യു.പി.എസ്‌ ചാല, പച്ച സ്‌കൂൾ, മലപ്പുറം തേഞ്ഞിപ്പാലം യു.പി.സ്‌കൂൾ, മലപ്പുറം എ.യു.പി എസ്‌ വയനാട്‌ ജില്ലയിലെ വാളാട്‌ സ്‌കൂൾ, തേറ്റമല യു.പി.സ്‌കൂൾ കൊല്ലം കരുനാഗപ്പള്ളി ജി.യു.പി.എസ്‌ എറണാകുളം ജില്ലയിലെ വളയൻ ചിറങ്ങര എൽ.പി.സ്‌കൂൾ, അല്ലപ്ര യു.പി.സ്‌കൂൾ, ഏലൂർ സ്‌കൂൾ.

ഇങ്ങനെ എത്രയോ വിദ്യാലയങ്ങൾ. തെളിവുകൾ ധാരാളം. (കൂടുതൽ തെളിവുകൾക്ക്‌ http:learning pointnew.blogspot.in/ സന്ദർശിക്കുക) പക്ഷേ, ഒരുവിഭാഗം അധ്യാപകർക്ക്‌ ഇപ്പോഴും സാധ്യത ബോധ്യപ്പെടുന്നില്ല. അവർ പൊതുവിദ്യാലയങ്ങളിലെ നേട്ടങ്ങളെ ചെറുതാക്കി കാണിക്കുന്നു. ആദ്യം പറഞ്ഞത്‌ സമാന്തര ഇംഗ്ലീഷ്‌ മീഡിയം ഡിവിഷനുകൾ അനുവദിച്ചാൽ മതി എന്നായിരുന്നു. പിന്നെ ആവശ്യപ്പെട്ടത്‌ ഒന്നാം ക്ലാസ്‌ മുതൽ ഇംഗ്ലീഷ്‌ പഠിപ്പിക്കണമെന്നാണ്‌. ആ തീരുമാനം നടപ്പിലാക്കിയിട്ടും ഫലമില്ലെന്നു വന്ന പ്പോൾ സിലബസ്‌ മാറിയാൽ എല്ലാത്തിനും പരിഹാരമാകും എന്നു പറയുന്നു. സ്വന്തം മുന്നിലുള്ള തെളിവുകൾ കാണാൻ കൂട്ടാക്കാതെ ഇപ്പോഴും പാഠ്യപദ്ധതിയെ കുറ്റം പറയുന്നത്‌ ആരെയാണ്‌ സഹായിക്കുക എന്നെങ്കിലും ഇവർ ആലോചിക്കേണ്ടതല്ലേ?

സിലബസിന്റെ ഫോട്ടോകോപ്പിയെടുത്താൽ നിലവാരം വർധിക്കുമോ?

ദേശീയ സിലബസ്‌ സ്വീകരിക്കണമെന്നു തീരുമാനിക്കുന്നതിന്റെ യുക്തി എന്താണ്‌? കൂടുതൽ നിലവാരമുണ്ടെന്ന്‌ ശാസ്‌ത്രീയ പഠനങ്ങളിൽ തെളിഞ്ഞതാണെങ്കിൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ പാഠ്യപദ്ധതി ഒന്നല്ല. ഭൂമിശാസ്‌ത്രപരമായും സാംസ്‌കാരികമായും വൈവിധ്യം നിലനിൽക്കുന്ന ഒരു രാജ്യത്ത്‌ ഒരു കേന്ദ്രത്തിൽ നിശ്ചയിക്കുന്ന സിലബസും പാഠ പുസ്‌തകവും പ്രാദേശികത്തനിമയെ നിരാകരിക്കില്ലേ? സംസ്ഥാന ങ്ങളുടെ സമ്പന്നമായ ചരിത്ര സാംസ്‌കാരിക വൈജ്ഞാനിക പാരമ്പര്യത്തെ അത്‌ എത്രമാത്രം പ്രതിഫലിപ്പിക്കും?

എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടേയും പാഠ്യപദ്ധതികളുടെ നിർവഹണത്തെ കുറിച്ച്‌ എൻ.സി.ഇ.ആർ.ടി താരതമ്യപഠനം നടത്തിയിട്ടുണ്ട്‌.(National Study on Ten Year School Curriculum Implementation 2011)

പ്രൈമറി തലത്തിൽ എൻ.സി.ഇ.ആർ.ടി സിലബസ്‌ പിന്തുടരുന്ന സംസ്ഥാനങ്ങൾ അഞ്ചെണ്ണം മാത്രം. (ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ചണ്ഡീഗഡ്‌, അരുണാചൽ പ്രദേശ്‌, ഝാർഖണ്ഡ്‌, ഹിമാചൽ പ്രദേശ്‌). അപ്പർ പ്രൈമറി തലത്തിലെത്തുമ്പോൾ ഡൽഹിയും ഹരിയാനയും കൂടി എൻ.സി.ഇ.ആർ.ടി സിലബസ്‌ സ്വീകരിക്കുന്നതു കാണാം. സെക്കണ്ടറി തലത്തിൽ ഇവയെക്കൂടാതെ മിസോറാം, സിക്കിം എന്നിവ കൂടി ഈ ഗ്രൂപ്പിലേയ്‌ക്കു വരുന്നു. അതായത്‌ പത്തെണ്ണം ഇനിയും തികഞ്ഞിട്ടില്ല. വലിപ്പത്തിൽ ചെറിയ പ്രദേശങ്ങൾ. എന്തുകൊണ്ട്‌ മറ്റെല്ലാ സംസ്ഥാനങ്ങളും കേന്ദ്രസിലബസ്‌ സ്വീകരിക്കുന്നില്ല? വിദ്യാർഥികളുടെ ജീവിതവുമായും ചുറ്റുപാടു മായും ബന്ധിപ്പിച്ചുള്ള പഠനാനുഭവങ്ങളാണ്‌ ശാസ്‌ത്രീയം എന്നു കരുതുന്നതു കൊണ്ടാവില്ലേ? മറ്റൊരു പ്രധാന ചോദ്യം എൻ.സി.ഇ.ആർ.ടി സിലബസ്‌ പിന്തുടരുന്ന സംസ്ഥാനങ്ങൾക്ക്‌ അക്കാദമിക മേൽക്കൈ ഉണ്ടോ എന്ന താണ്‌. എഡ്യുക്കേഷണൽ ഇനീഷ്യേറ്റീവ്‌ എന്ന സംഘടന നടത്തിയ (Student Learning Study - 2009) പഠനത്തിന്റെ ഫലം വ്യത്യസ്‌തമായ ചിത്രമാണ്‌ നൽകുന്നത്‌. അന്താരാഷ്ട്ര നിലവാരമുള്ള ചോദ്യങ്ങളുപയോഗിച്ചുള്ള ആ പഠനത്തിൽ ആറാംക്ലാസിലെ ഭാഷാപഠന നിലവാരത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്‌. മാത്രമല്ല എൻ.സി.ഇ.ആർ.ടി സിലബസ്‌ പിന്തുടരാത്ത തമിഴ്‌നാട്‌, കർണാടക, മഹാരാഷ്ട്ര, ഒറീസ, ഉത്തരഖണ്ഡ്‌ എന്നിവയും മുൻനിരയിലുണ്ട്‌. ഹരിയാന ഒമ്പതാം സ്ഥാനത്തും ചണ്ഡീഗഡ്‌ മൂന്നാം സ്ഥാനത്തും. നാലാം ക്ലാസ്സിന്റെ കാര്യമെടുത്താൽ പ്രൈമറി വിഭാഗത്തിൽ എൻ.സി.ഇ.ആർ.ടി സിലബസ്‌ സ്വീകരിക്കാത്ത ഡൽഹി ഒന്നാം സ്ഥാനത്തും കേരളം രണ്ടാമതുമാണ്‌. നാല്‌, ആറ്‌, എട്ട്‌ ക്ലാസ്സുകളിലെ ഗണിതശേഷി യിലും കേരളം അഖിലേന്ത്യാ ശരാശരിയേക്കാൾ ഉയർന്ന നിലയി ലാണ്‌. ഈ പഠനം സിലബസുകളുടെ മികവ്‌ നിശ്ചയിക്കുന്നതിൽ ഒരു തിരിച്ചറിവും നൽകുന്നില്ല എന്നു പറയുവാനാകുമോ?

എൻ.സി.ഇ.ആർ.ടി 2012ൽ നടത്തിയ ശ്രദ്ധേയമായ മറ്റൊരു പഠന റിപ്പോർട്ടുകൂടി നമ്മുടെ മുന്നിലുണ്ട്‌ (National Achievement Survey - Class V). അതിലെ കണ്ടെത്തലുകൾ ഏതു സിലബസുകളെ പിന്തുണയ്‌ക്കുന്നുവെന്നു നോക്കാം. ഭാഷാപഠന നിലവാരത്തിൽ ഉത്തർ പ്രദേശും തമിഴ്‌നാടും കേരളവുമാണ്‌ ആദ്യ മൂന്നുസ്ഥാനക്കാർ. ഗണിതത്തിൽ ഉത്തർപ്രദേശ്‌, തമിഴ്‌നാട്‌, കർണാടക എന്നിവ യാണ്‌ മുന്നിലുള്ളത്‌. ശാസ്‌ത്രപഠന നിലവാരത്തിലും ഇതേ സംസ്ഥാനങ്ങൾ മുന്നിലാണെന്നു മാത്രമല്ല എൻ.സി.ഇ.ആർ.ടി സിലബസ്‌ പിന്തുടരുന്ന സംസ്ഥാനങ്ങളാണ്‌ ഏറ്റവും പിന്നിൽ നിൽക്കുന്നത്‌!

ആഗോള തലത്തിലും പഠനനിലവാരം അളക്കുന്നതിനുള്ള പരീക്ഷ കൾ നടക്കാറുണ്ട്‌. പിസ (Programme for International Student Assessment - PISA) എന്ന പേരിലറിയപ്പെടുന്ന ഈ പഠനനിലവാര പരിശോധനയിൽ ലോകത്തെ എഴുപത്തിനാലുരാജ്യങ്ങൾ പങ്കെടുത്തു. (ഇന്ത്യയുൾപ്പെടെ പത്തുരാജ്യങ്ങൾ ആദ്യലിസ്റ്റിൽ ഉണ്ടായിരുന്നില്ല) ഇന്ത്യയിൽ നിന്നും ഹിമാചൽപ്രദേശും തമിഴ്‌നാടുമാണ്‌ പഠനത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്‌. ലോകനിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ അതിദയനീയമാണ്‌ ഇന്ത്യയുടെ അവസ്ഥ. ഹിമാചലിലെ എൻ.സി.ഇ.ആർ.ടി സിലബസ്‌ അവരെ തുണച്ചില്ല. അവിടെ 11 ശതമാനം കുട്ടികൾക്ക്‌ മാത്രമാണ്‌ ജീവിതം നയിക്കുവാനാവശ്യമായ വായനാശേഷി ഉള്ളത്‌. 89 ശതമാനവും നിലവാരരേഖയ്‌ക്കു താഴെ. തമിഴ്‌നാട്ടിൽ 17 ശതമാനം കുട്ടികൾ ഈ കഴിവുള്ളവരാണ്‌. ഗണിതശേഷിയുടെ കാര്യത്തിലും 12%, 15% എന്നിങ്ങനെയാണ്‌ യഥാക്രമം നിലവാരം. വായനാശേഷിയിൽ ഷാങ്‌ഹായ്‌ (ചൈന), കൊറിയ, ഫിൻലാൻഡ്‌, ഹോങ്കോംഗ്‌ (ചൈന), സിംഗപ്പൂർ, കാനഡ, ന്യൂ സിലാൻഡ്‌ എന്നിവയാണ്‌ ആദ്യ സ്ഥാനക്കാർ. ഇവയിൽ മിക്ക രാജ്യങ്ങളും ജ്ഞാനനിർമിതി അനുസരിച്ചുള്ള പുതിയ വിദ്യാഭ്യാസ സമീപനങ്ങൾക്ക്‌ പേരുകേട്ടവരാണ്‌. മേൽ പരീക്ഷയിൽ ഏറ്റവും പിന്നിൽ നിന്നും രണ്ടും മൂന്നും സ്ഥാനങ്ങളാണ്‌ ഇന്ത്യൻ സംസ്ഥാനങ്ങൾ നേടിയത്‌. ഈ സാഹചര്യത്തിലാണ്‌ കേരളം ലോകനിലവാരം ലക്ഷ്യം വെച്ച്‌ ഇന്ത്യക്ക്‌ മാതൃകയാകണമോ അതോ എൻ.സി.ഇ.ആർ.ടി സിലബസിന്റെ പരിമിതിയിൽ കിടക്കണമോ എന്ന്‌ തീരുമാനിക്കേണ്ടത്‌. ലോകനിലവാരത്തെ പരിഗണിക്കാതെ ഇന്ത്യയ്‌ക്കും ഇനി മുന്നോട്ടു പോകുവാനാകില്ല. വ്യത്യസ്‌തമായി ചിന്തിക്കുന്നതിനു പകരം നാം അനാവശ്യവിവാദങ്ങൾക്ക്‌ പിറകേ പോവുകയാണ്‌.

ഉള്ളടക്കം കുറവോ കൂടുതലോ?

കേരളത്തിലെ പാഠ്യപദ്ധതിയിൽ പഠിക്കാനൊന്നുമില്ല. സി.ബി. എസ്‌.ഇ (എൻ.സി.ഇ.ആർ.ടി) സിലബസിലാണ്‌ ഉള്ളടക്കം കൂടുത ലുള്ളത്‌. കേരളത്തിലെ കുട്ടികൾ പിന്തള്ളപ്പെടും എന്ന രീതിയിലുള്ള വാദമാണല്ലോ പലപ്പോഴും ഉയരുന്നത്‌. ഇന്ത്യയിൽ ഉള്ള സെക്കണ്ടറി സ്‌കൂളുകളുടെ 6.69% മാത്രമാണ്‌ സി.ബി.എസ്‌.ഇ സ്‌കൂളുകൾ (അവലബം MHRD വാർഷിക റിപ്പോർട്ട്‌ 2009-2010). അതായത്‌ ഇന്ത്യയിൽ സി.ബി.എസ്‌.ഇ അല്ല മുഖ്യം. ചെറിയ ശതമാനം വിദ്യാലയ ങ്ങളിൽ മാത്രം പിന്തുടരുന്ന ഉള്ളടക്കത്തിനുവേണ്ടിയാണ്‌ നാം ദാഹിക്കുന്നത്‌.

എൻ സി ഇ ആർ ടി യുടെ പാഠപുസ്‌തകങ്ങളും സിലബസുമൊക്കെ നമ്മുടെ മുന്നിലുണ്ട്‌. താരതമ്യം ചെയ്യുന്നത്‌ ഉചിതമായിരിക്കും. ഗണിതത്തിൽ കേരള സിലബസിലും സി.ബി.എസ്‌.ഇ സിലബസിലും എട്ട്‌, ഒമ്പത്‌, പത്ത്‌ ക്ലാസ്സുകളിൽ ഉള്ളടക്കം സമാനമാണ്‌. എന്നാൽ ശാസ്‌ത്രപാഠ്യപദ്ധതിയിൽ ഉള്ളടക്കം കൂടുതലാണ്‌. കേരളത്തിലെ കുട്ടികളുടെ മേൽ ഉള്ളടക്ക?ഭാരം കൂട്ടിവെച്ച്‌ അവരെ എൻട്രൻസിനും മറ്റും തേൽപ്പിക്കുന്നതിനുള്ള ഗൂഢമായ അജണ്ട ആരോ ഒളിച്ചു കടത്തിയതാണോ എന്നു സംശയിക്കണം. അല്ലെങ്കിൽ എന്തിനാണ്‌ സി.ബി.എസ്‌.ഇക്കാർ പത്തിൽ പഠിക്കുന്ന പല കാര്യങ്ങളും കേരളത്തിലെ കുട്ടികൾ എട്ടാം ക്ലാസ്സിൽ വച്ചേ പഠിക്കണമെന്ന നിശ്ചയിച്ചത്‌? ഉദാഹരണമായി ഫിസിക്‌സിൽ ഫോക്കസ്‌ ദൂരവും വക്രതാആരവും തമ്മിലുള്ള ബന്ധം, ഗോളീയദർപ്പണങ്ങളും അതിന്റെ അനുബന്ധപദങ്ങളും, മിഥ്യാപ്രതിബിംബവും അതിന്റെ യഥാർഥ പ്രതിബിംബവും, ഫ്‌ളക്‌സ്‌ രേഖകൾ എന്നിവ. അവിടെ പത്തിൽ പഠിക്കുന്ന ഉളളടക്കം ഇവിടെ ഒമ്പതിൽ കയറ്റിവെച്ചിരിക്കുന്നു - പ്രകാശത്തിന്റെ അപവർത്തനം, അപവർത്തന നിയമങ്ങൾ, വിവിധ തരം ലെൻസുകൾ, ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിനു ചുറ്റുമുള്ള കാന്തികമണ്ഡലം, ചാലകത്തിൽ നിന്നുള്ള ദൂരവും കാന്തികമണ്ഡലത്തിന്റെ വ്യതി യാനവും, വൈദ്യുതകാന്തവും ഉപയോഗവും, കറന്റ്‌, അമ്മീറ്റർ, വോൾട്‌മീറ്റർ, ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ തുടങ്ങിയവ ഉദാഹരണം. പല സംസ്ഥാനങ്ങളിലും പ്രവേശനപ്രായം ആറാണ്‌ എന്നതും ഓർക്കാവുന്നതാണ്‌. ചെറിയ ക്ലാസ്സിൽ മുതൽ പ്രായത്തിന്റെ അന്തരം സിലബസിനെ സ്വാധീനിക്കുന്നുണ്ട്‌. അതിന്റെ കൂടെയാണ്‌ ഉയർന്ന ക്ലാസ്സിലെ ഉള്ളടക്കം കേരളത്തിൽ താഴ്‌ന്ന ക്ലാസ്സിൽ പഠിപ്പിച്ച്‌ സി.ബി.എസ്‌.ഇയ്‌ക്ക്‌ മുമ്പിൽ നമ്മുടെ കുട്ടികളെ തോൽപ്പിക്കുന്നത്‌

സി.ബി.എസ്‌.ഇ സിലബസിൽ ഇല്ലാത്ത പലതും കേരളത്തിലെ ഹൈസ്‌കൂൾ ശാസ്‌ത്രപാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിനെ എങ്ങനെ ന്യായീകരിക്കും? കേട്ടാൽ വിശ്വസിക്കില്ല. പ്രകാശത്തിന്റെ പൂർണ ആന്തര പ്രകീർണനവും പ്രകീർണനവും, അതാര്യവസ്‌തുക്കളുടെ നിറവും സുതാര്യവസ്‌തുക്കളുടെ നിറവും, പ്രാഥമികവർണങ്ങളും ദ്വിതീയവർണങ്ങളും, ഇലക്ട്രോമാഗ്നെറ്റിക്‌ സ്‌പെക്‌ട്രം, ദ്രാവകമർദവും ആഴവും തമ്മിലുള്ള ബന്ധം, സിങ്കിൾ ടച്ച്‌ രീതിയിലുള്ള കാന്തവൽക്കരണം, ആറ്റോമിക കാന്തങ്ങൾ, കാന്തിക പ്രേരണം, ഭൂമിയുടെ കാന്തികത, വൈദ്യുതവിശ്ലേഷണം, വൈദ്യുതിലേപനം (ഇതുപോലെ വൈദ്യുതി കാന്തികതയുമായി ബന്ധപ്പെട്ടു കേരള സിലബസിൽ ഉള്ള 34 ആശയങ്ങൾ) സി.ബി.എസ്‌.ഇ.കുട്ടികൾ പഠിക്കുന്നില്ല. ആകാശ ക്കാഴ്‌ച, പ്രപഞ്ചം ഇവയുമായി ബന്ധപ്പെട്ട ?ഭൂമിയുടെ പരിക്രമണം, സൂര്യന്റെ ഘടന, ഗാലക്‌സികൾ, പ്രപഞ്ചോൽപ്പത്തി തുടങ്ങിയ 11 പ്രധാന കാര്യങ്ങളും സി.ബി.എസ്‌.ഇ യിൽ പഠിക്കേണ്ടതില്ല. കേരളത്തിൽ ഫിസിക്‌സിൽ മാത്രം എൺപത്തിയെട്ടാശയങ്ങൾ കൂടുത ലായിട്ടുണ്ട്‌. ഇത്‌ നമ്മുടെ കുട്ടികൾക്ക്‌ താങ്ങാനാകുമോ? രസ തന്ത്രത്തിലും ജീവശാസ്‌ത്രത്തിലും സ്ഥിതി വ്യത്യസ്‌തമല്ല. സി.ബി.എസ്‌.ഇ പ്രകാരമുള്ള പിരീഡ്‌ സയൻസിനു കേരളത്തിൽ കിട്ടുന്നു മില്ല. സാധ്യായ ദിനങ്ങളും കുറവ്‌. എന്നിട്ടും കൂടുതൽ ഉള്ളടക്കം! വസ്‌തുത ഇതായിരിക്കെയാണ്‌ ഇവിടെ ഉള്ളടക്കം കുറവാണെന്ന വ്യാജപ്രചാരണം!

നിലവാരവും സിലബസും

Quality Council of India യ്‌ക്ക്‌ വേണ്ടി നടത്തിയ Quality in School Education എന്ന പഠനത്തിൽ വിവിധ സിലബസുകൾ പ്രകാരം പ്രവർത്തിക്കുന്ന സ്‌കൂളുകളെ താരതമ്യം ചെയ്യുന്നുണ്ട്‌. ഒരു വിദ്യാലയത്തിന്റെ നിലവാരം അതിന്റെ സിലബസിനെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത്‌. നാല്‌ തരം വിദ്യാഭ്യാസ ബോർഡുകളുടെ കീഴിലുള്ള വിദ്യാലയങ്ങളെ പഠനവിധേയമാക്കി. പരിഗണിച്ച ഗുണനിലവാര മാനദണ്ഡങ്ങൾ ഇവയായിരുന്നു, അധ്യാപകരുടെ പെർഫോമൻസ്‌, ലഭിക്കുന്ന പരിശീലനം, ക്ലാസിലെ പഠനപ്രക്രിയ നൽകുന്ന സംതൃപ്‌തി, കുട്ടികൾ സ്‌കൂളിനെ കുറിച്ച്‌ നടത്തുന്ന വിലയിരുത്തൽ എന്നിവയാണ്‌ പ്രധാനം. ഇതനുസരിച്ച്‌ ഡൽഹിയിലെ പൊതുവിദ്യാലയങ്ങളായ ബോർഡ്‌ സ്‌കൂളുകൾ പിന്നിൽ നിൽക്കുന്നു. സി.ബി.എസ്‌.ഇ സ്‌കൂളുകൾ പിന്തുടരുന്ന കരിക്കുലം/സിലബസ്‌/പുസ്‌തകം തന്നെയാണ്‌ ഡൽഹി ബോർഡ്‌ സ്‌കൂളുകളും പിന്തുടരുന്നത്‌. എന്നിട്ടും ദൽഹി ബോർഡ്‌ സ്‌കൂളുകൾ ഗുണനിലവാരത്തിൽ പിന്നിലാകുന്നെങ്കിൽ എന്താണ്‌ മനസ്സിലാക്കേണ്ടത്‌? അവിടെ പഠിക്കുന്ന കുട്ടികളുടെ സാമൂഹികസാഹചര്യം അവരുടെ പഠനത്തെ സ്വാധീനിക്കുന്നു എന്നല്ലേ? സിലബസ്‌ ഏകീകരിച്ചതു കൊണ്ടു മാത്രം നിലവാരം ഉയരുകയില്ലെന്നല്ലേ ഇത്‌ വ്യക്തമാക്കുന്നത്‌?

വെല്ലുവിളികൾ അകത്തും പുറത്തും

സാമൂഹികജ്ഞാനനിർമിതി പ്രകാരമുള്ള പഠനരീതിയെ ഇപ്പോ ഴാരും പൊതുവെ വിമർശിക്കുന്നില്ല. പക്ഷേ ആ രീതി ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നുണ്ടോ? അതുറപ്പാക്കാനുള്ള നടപടികൾ ദുർ ബലമാകുകയാണ്‌. ക്ലസ്റ്റർ പരീശീലനമടക്കമുള്ളവ കഴിഞ്ഞവർഷം നടത്തിയത്‌ അധ്യാപകരുടെ ക്ലാസ്സ്‌റൂം പ്രക്രിയ മെച്ചപ്പെടുത്താൻ സഹായകമായ രീതിയിലായിരുന്നില്ല. അധ്യാപകരുടെ അന്വേഷണ പരതയുടെ നിറം കെടുത്തി. ഒരു വിഷയം പഠിപ്പിക്കുന്നവർ പ്രതിമാസം ഒന്നിച്ചുകൂടി അധ്യയനാനു?വങ്ങൾ പങ്കിടുമ്പോഴുണ്ടാകുന്ന ഊർജം വലുതാണ്‌. മികവുകൾ പ്രചോദനം നൽകും. കൂട്ടായ ആസൂത്രണം വ്യക്തത നൽകും. ക്രിയാത്മക ഇടപെടൽ നടത്തുന്ന വിദ്യാലയമാതൃകകൾ ദിശാബോധം നൽകും.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളായിരുന്നു പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിച്ച്‌ മികവുയർത്താനുള്ള നൂതന പരിപാടികൾ ആസൂത്രണം ചെയ്‌തിരുന്നത്‌. പന്ത്രണ്ടാം പദ്ധതിക്കാലത്ത്‌ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ വിദ്യാഭ്യാസരംഗത്ത്‌ കാഴ്‌ചക്കാരായി നിന്നാൽ മതിയെന്ന നിലപാട്‌ സ്വീകരിക്കപ്പെട്ടു. ഒരുവശത്തു വിദ്യാഭ്യാസ അവകാശനിയമത്തിൽ ലോക്കൽ അതോറിറ്റിയുടെ ചുമതലകളെപ്പറ്റി പറയുന്നു. മറുവശത്ത്‌ ഇടപെട്ടുകൂടാ എന്ന മാർഗനിർദേശം മുന്നോട്ടുവെക്കുന്നു! (അനുബന്ധം-1).

വിദ്യാഭ്യാസഅവകാശനിയമം പ്രാബല്യത്തിലായി എന്നു പറയ പ്പെടുന്നു. അധ്യാപക വിദ്യാർഥി അനുപാതം രേഖയിലൊഴികെ ഫലത്തിൽ പുനക്രമീകരിക്കപ്പെട്ടില്ല. സാധ്യായദിനങ്ങളുടെ എണ്ണം ഇരുന്നൂറാക്കുമെന്നു പ്രഖ്യാപിച്ചുവെങ്കിലും അവധികളുടെ വേലിയേറ്റം, പ്രവൃത്തിദിനങ്ങളിലെ പരിശീലനം എന്നിവയിലൂടെ കുട്ടിയുടെ അവകാശത്തെ പരിഹസിച്ചു. സാമൂഹിക പിന്തുണയോടെ വിദ്യാലയം മെച്ചപ്പെടുത്താനുള്ള അവസരമായിരുന്നു എസ്‌.എം.സി (സ്‌കൂൾ മാനേജ്‌മെന്റ്‌ കമ്മിറ്റി). എന്നാൽ എയിഡഡ്‌ വിദ്യാലയങ്ങളിൽ സർക്കാർ അത്‌ നിർബന്ധിച്ചില്ല. സർക്കാർ സ്‌കൂളുകളിൽ എസ്‌.എം.സിയെ നേരെ ചൊവ്വേ പ്രവർത്തിക്കാനനുവദിച്ചതുമില്ല. കുട്ടികളുടെ പഠന പുരോഗതി രണ്ടു മാസത്തിലൊരിക്കൽ ക്ലാസ്‌ പി.ടി.എ വിളിച്ചവതരിപ്പിക്കണമെന്നും നടത്തിയ പരിഹാരബോധനത്തിന്റെ ഫലപ്രാപ്‌തി ചർച്ച ചെയ്യണമെന്നുള്ള നിർദേശവും പാലിക്കപ്പെടുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ അവകാശനിയമം കടലാസിൽ മതിയെന്ന കാഴ്‌ചപ്പാട്‌ കേരളം അംഗീകരിച്ചതുപോലെയായി. ഇതു പൊതുവിദ്യാലയങ്ങളെ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കു മങ്ങലേൽപ്പിച്ചു.

 • അറിവു നിർമാണം, വിമർശനാത്മക ബോധനം, പ്രശ്‌നാധിഷ്‌ഠിതം എന്നെല്ലാം പറയുന്നുണ്ടെങ്കിലും ചിലർക്ക്‌ ഇപ്പോഴും പ്രഭാഷണബോധനമാണു പഥ്യം.
 • നിരന്തര വിലയിരുത്തലിനുള്ള അന്വേഷണങ്ങൾ മുന്നോട്ടുപോയില്ല. എസ്‌.ഇ.ആർ.ടി തയ്യാറാക്കിയ സമീപനവും മാർഗരേഖയും നടപ്പിലാക്കുന്നതിനു കരിക്കുലം കമ്മിറ്റി അംഗീകാരം നൽകിയിട്ടും പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവിറക്കുകയോ അധ്യാപകർക്കു നിർദേശം നൽകുകയോ ചെയ്‌തില്ല. കൈപ്പുസ്‌തകങ്ങൾ എസ്‌.എസ്‌.എ വഴി പരിചയപ്പെടുത്തിയെങ്കിലും തുടർനടപടി യില്ലാതെ പോയി.
 • പരീക്ഷകളിൽ ഒബ്‌ജക്ടീവ്‌ ടൈപ്പ്‌ ചോദ്യങ്ങളാകാം എന്ന നിലപാട്‌ സ്വീകരിക്കപ്പെട്ടു. എൽ.എസ്‌.എസ്‌, യു.എസ്‌.എസ്‌ പരീക്ഷകളി ലൂടെ ഇതു പ്രയോഗിച്ചു. ഓർമയെ അളക്കുന്ന തരം ചോദ്യ ങ്ങൾക്ക്‌ സമീപനത്തിന്റെ പിന്തുണ ലഭിക്കുന്ന വ്യാഖ്യാനങ്ങളുണ്ടായി. എല്ലാ ക്ലാസുകളിലെയും പരീക്ഷാചോദ്യങ്ങളിൽ തിരിച്ചു നടത്തത്തിന്റെ മുദ്രകൾ കണ്ടുതുടങ്ങി. പരീക്ഷകളുടെ എണ്ണം കൂട്ടിയതും ഒരു കുട്ടിയെയും തോൽപ്പിക്കാൻ പാടില്ലെന്നതും തമ്മിലുള്ള വൈരുധ്യത്തിൽ കുട്ടികൾ ഞെരുങ്ങി. (കഴിഞ്ഞ ക്രിസ്‌തുമസ്‌ പരീക്ഷയ്‌ക്കു തോറ്റുപോയ കാഞ്ഞങ്ങാടുള്ള പ്രിയ എന്ന എട്ടാം ക്ലാസുകാരി സ്വയം ബലികൊടുത്തു.)
 • വിദ്യാലയങ്ങൾ സ്വന്തം പാഠ്യപദ്ധതി നടപ്പിലാക്കുന്നതിനെ അംഗീകരിക്കുന്ന അവസ്ഥയാണിപ്പോൾ. പല ജില്ലകളിലെയും പൊതു വിദ്യാലയങ്ങളിൽ സർക്കാർ അംഗീകരിച്ച പാഠപുസ്‌തകങ്ങൾ പഠിപ്പിക്കുന്നില്ല. ഒറ്റ ഡിവിഷനുള്ളിടത്തു പോലും ലോവർ പ്രൈമറിയിൽ സി.ബി.എസ്‌.ഇ സിലബസെന്ന പേരിലുള്ള ഇംഗ്ലീഷ്‌ മീഡിയം പുസ്‌തകങ്ങൾ! അതിനായി കൂടുതൽ പണം കൊടുക്കുന്നതിന്‌ പല രക്ഷിതാക്കൾക്കും മടിയില്ല. ഈ കുട്ടികളുടെ തുടർ പഠനത്തെ കുറിച്ച്‌ അവർ ആലോചിക്കുന്നതേയില്ല. വിദ്യാലയത്തിലെ പ്രിവിലേജ്‌ഡ്‌ ഗ്രൂപ്പായി സമാന്തര ഇംഗ്ലീഷ്‌ മീഡിയം മാറിക്കൊണ്ടിരിക്കുന്നു. പലയിടത്തും രക്ഷാകർത്തൃസമിതി ഭാരവാഹികൾ ഈ വിഭാഗത്തിൽ നിന്നുമാണ്‌. അധ്യാപകരുടെ അസാന്നിധ്യം പഠനത്തെ ബാധിക്കരുതെന്നുള്ള ജാഗ്രത ഇത്തരം ഡിവിഷനുകളുടെ കാര്യത്തിൽ മാത്രം. ഇതൊക്കെ തെറ്റാണെന്നു പറയാൻ ഒരു പ്രതിരോധസമിതിയും മുന്നോട്ടു വരുന്നില്ല.
 • പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കു സഹായിയെ വെക്കാമെന്ന ആനുകൂല്യം മുതലെടുത്ത്‌ കുഴപ്പമൊന്നുമില്ലാതെ ഒമ്പതാം ക്ലാസ്‌ വരെ പഠിച്ചുവന്ന കുട്ടികളെ മന്ദബുദ്ധികളാക്കി പരീക്ഷ എഴുതിച്ച്‌ ഉയർന്ന ഗ്രേഡോടു കൂടി നൂറു ശതമാനം വിജയം നേടുന്ന പുതിയ പ്രവണത കണ്ടില്ലെന്നു നടിക്കുകയാണെല്ലാവരും. ഒരു ക്ലാസ്സിലേക്കു പോലും പാഠ്യപദ്ധതി അനുരൂപീകരണപ്രവർ ത്തനങ്ങൾ നടത്താനുള്ള ശ്രമം അക്കാദമിക അതോറിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടായതുമില്ല.
 • ബിനാമി അധ്യാപകർ വിദ്യാലയക്കാഴ്‌ചകളിൽ സാധാരണയായി. പ്രഥമാധ്യാപകരുടെ ക്ലാസ്‌ ചാർജ,്‌ അധ്വാന?ഭാരം ഇവ പരിഗ ണിച്ച്‌ അനുകൂലമായ നടപടികൾ ഉണ്ടാകാതെ വന്നപ്പോൾ വിദ്യാലയങ്ങൾ പകരക്കാരെ വെക്കാൻ തുടങ്ങി. ക്ലാസിൽ എപ്പോഴും അധ്യാപകസാന്നിധ്യം ഉള്ളതിനാൽ രക്ഷിതാക്കളും ഇതിനെ പിന്താങ്ങി. ബിനാമി അധ്യാപകർ പരിശീലനങ്ങളിൽ പങ്കെടു ക്കാറില്ല. ഇവരുടെ പ്രവർത്തനം വ്യവസ്ഥാപിതമാക്കേണ്ടതുണ്ട്‌.
 • കമ്പ്യൂട്ടർ, ഇംഗ്ലീഷ്‌ പഠനം എന്നീ പേരുകളിൽ ഫീസ്‌ വാങ്ങി പഠിപ്പിക്കുന്ന പ്രവണത കണ്ടുതുടങ്ങി. ചില എൽ.പി.സ്‌കൂളുകളിൽ നാലുവരെ ക്ലാസ്സുകളിലെ ഇംഗ്ലീഷ്‌ അധ്യയനം കരാർ കൊടുത്തിരിക്കുന്നു.
 • വിദ്യാഭ്യാസ അവകാശ നിയമം കുട്ടിയ്‌ക്ക്‌ നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്‌ അക്കാദമിക മോണിറ്ററിംഗ്‌ വിഭാവനം ചെയ്‌തിരുന്നു. എന്നാൽ അതിനുള്ള സംവിധാനങ്ങൾ ഇന്ന്‌ ചലിക്കുന്നില്ല.
 • നിലവിലുള്ള പാഠപുസ്‌തകങ്ങൾ പൂർണതയുള്ളവയാണോ? പല പ്രശ്‌നങ്ങളും അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു. സമീപനത്തിനു യോജിക്കാത്ത പാഠങ്ങൾ, അധ്യാപകസഹായിയുടെ പ്രക്രിയാപരമായ വീഴ്‌ചകൾ, പ്രായോഗികത പരിഗണിക്കാത്ത നിർദേശങ്ങൾ, സമയവുമായി പൊരുത്തമില്ലായ്‌മ, ജ്ഞാനനിർമിതി ഉറപ്പാക്കുന്ന തന്ത്രങ്ങളെക്കുറിച്ചുള്ള മൗനം, പാഠപുസ്‌തകം തയ്യാറാക്കിയ കാലത്ത്‌ നിരന്തരവിലയിരുത്തൽ സംബന്ധിച്ച വ്യക്തത ഉണ്ടാകാതിരുന്നതിന്റെ പോരായ്‌കകൾ, സിലബസിലെ അവ്യക്തത, പ്രശ്‌നമേഖലകൾ വിമർശനാത്മക ബോധനം ഇവ ക്ലാസ്‌റൂമിലേയ്‌ക്ക്‌ പരിഭാഷപ്പെടുത്തുന്ന രീതി സംബന്ധിച്ച അവ്യക്തത എന്നിവ ഇതിൽ പെടുന്നു.

ഇതൊന്നും പക്ഷേ പരിഹരിക്കപ്പെടുന്നില്ല. അഥവാ ഇതൊന്നും പരിഹരിക്കാനുള്ള യാതൊരു ശ്രമവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. പാഠ്യപദ്ധതി മാറ്റിയാൽ എല്ലാറ്റിനും പരിഹാരമുണ്ടാകും എന്ന അന്ധവിശ്വാസമാണ്‌ സർക്കാരിന്‌ ഉപദേശം നൽകുന്ന പലരും മുന്നോട്ടുവയ്‌ക്കുന്നത്‌.

വിദ്യാഭ്യാസ ഗുണനിലവാരം പാഠ്യപദ്ധതിയെ മാത്രം ആശ്രയിച്ചല്ല നിൽക്കുന്നത്‌. അധ്യാപകയോഗ്യത, പഠനസാമഗ്രികളുടെ ലഭ്യത, ഓരോ വിഷയത്തിനുമുള്ള പഠനമണിക്കൂറുകൾ, അക്കാദമിക പിന്തുണ, വിദ്യാലയ മാനേജ്‌മെന്റ്‌, സുതാര്യത, സമൂഹത്തിന്റെ ഇടപെടൽ, അന്വേഷണ സംസ്‌കാരം, നിരന്തരമായ നവീകരണ പ്രക്രിയ, ഗവേഷണങ്ങൾ, അധ്യാപക വിദ്യാർഥി അനുപാതം, വിവേചന രഹിതവും പ്രചോദനാത്മകവുമായ പഠനാന്തരീക്ഷം, ജനായത്ത സംസ്‌കാരം, പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള അക്കാദമിക സംവി ധാനങ്ങളുടെ കാര്യക്ഷമത, പഠനപ്രക്രിയ, വിലയിരുത്തലും ഫീഡ്‌ ബാക്കും തുടർനടപടികളും തമ്മിലുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളെയെല്ലാം ഒരേപോലെ അഭിസംബോധന ചെയ്യാനിതുവരെ കഴിഞ്ഞിട്ടില്ല. സമൂഹത്തിന്റെ വിശ്വാസം അവരുടെ ബോധ്യപ്പെടലിനെ ആശ്രയിച്ചാണ്‌. വിദ്യാലയങ്ങളിൽ നിന്നും ഗുണമേന്മയുള്ള തെളിവുകൾ നിരന്തരം പ്രാദേശിക സമൂഹത്തിനു ലഭിക്കുകയാണെങ്കിൽ വലിയൊരു മുന്നേറ്റം സാധ്യമാകും. പക്ഷേ ആ വഴിക്കല്ല നിർഭാഗ്യവശാൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്‌ ഇപ്പോൾ നയിക്കപ്പെടുന്നത്‌.

സൈദ്ധാന്തിക അടിത്തറയില്ലാത്ത പുതിയ സമീപനരേഖ

പാഠ്യപദ്ധതി അട്ടിമറിക്കാൻ ഒരുങ്ങിയിരിക്കുവർ അതിനായി ഒരു സമീപന രേഖ തയ്യാറാക്കിയിരിക്കുകയാണ്‌ (കേരള സ്‌കൂൾ പാഠ്യ പദ്ധതി രൂപരേഖ - 2013). എാൽ ആ സമീപനരേഖ പൊതുജനമദ്ധ്യത്തിൽ അവതരിപ്പിക്കാനോ ചർച്ചകൾക്ക്‌ വിധേയമാക്കാനോ ഉള്ള സത്യസന്ധത എസ്‌ സി ഇ ആർ ടി യോ സംസ്ഥാനവിദ്യാഭ്യാസ വകുപ്പോ ഇതുവരെയും പ്രദർശിപ്പിച്ചിട്ടില്ല. പകരം പാഠപുസ്‌തക നിർമാണത്തിനായി വിളിച്ചവരുടെ മുന്നിൽ അത്‌ അവതരിപ്പിച്ചുവെന്നു വരുത്തി സ്വന്തം അജണ്ടകൾ നടപ്പിലാക്കുകയാണ്‌.

ഏതൊരു പാഠ്യപദ്ധതിയും രൂപീകരിക്കേണ്ടത്‌ സൈദ്ധാന്തികമായ ചില അടിത്തറകളെ മുൻനിർത്തിയാണ്‌. ദാർശനികവും മനശ്ശാസ്‌ത്രപരവും സാമൂഹികവുമായ അത്തരം അടിത്തറകളെ അടിസ്ഥാന മാക്കിയാണ്‌ കെ സി എഫും എൻ സി എഫും രൂപീകരിക്കപ്പെട്ടത്‌. എാൽ അത്തരത്തിലുള്ള സുഭദ്രമായ അടിത്തറയിലല്ല കേരള സ്‌കൂൾ പാഠ്യപദ്ധതി രൂപരേഖ - 2013 തയ്യാറാക്കിയിരിക്കുത്‌.

ഇപ്പോൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന്‌ ഇടയാക്കിയത്‌ മൂന്ന്‌ പഠനറിപ്പോർട്ടുകളിലെ കണ്ടെത്തലുകളാണ്‌ എന്നാണ്‌ സമീപന രേഖയിൽ പറഞ്ഞിരിക്കുന്നത്‌ (പേജ്‌ - 4,5). അതിൽ ആദ്യത്തേത്‌ ഡോ.കെ.എൻ.പണിക്കർ കമ്മിറ്റി റിപ്പോർട്ടാണ്‌. `മതമില്ലാത്ത ജീവൻ' എന്ന പാഠത്തെ കുറിച്ച്‌ വിവാദമുയർന്ന സാഹചര്യത്തിൽ സാമൂഹ്യശാസ്‌ത്ര പാഠപുസ്‌തകങ്ങൾ പരിശോധിച്ച ഈ കമ്മിറ്റിയുടെ റിപ്പോർട്ടിൽ പാഠപുസ്‌തകങ്ങളിൽ ഉള്ളടക്കം കുറവാണെന്ന നിരീക്ഷണമുണ്ടൊണ്‌ പറഞ്ഞിരിക്കുന്നത്‌. എന്നാൽ അത്തരമൊരു നിരീക്ഷണം ആ റിപ്പോർട്ടിൽ ഇല്ല എന്നതാണ്‌ വസ്‌തുത. രണ്ടാമതായി ചൂണ്ടിക്കാട്ടുന്നത്‌ ഡോ.നാഗരാജു കമ്മിറ്റി റിപ്പോർട്ടാണ്‌. ഇതുവരെയും പുറത്തുവിട്ടില്ലാത്ത ഈ റിപ്പോർട്ട്‌ അധ്യാപകപരിശീല നത്തെ കുറിച്ചാണ്‌ എന്നിരിക്കെ അതിൽ പാഠപുസ്‌തകങ്ങളുടെ ഉള്ളടക്കക്കുറവിനെ കുറിച്ച്‌ ആഴത്തിൽ പഠനം നടത്തി എന്തെങ്കിലും പറഞ്ഞിരിക്കുമെന്നു കരുതാനാവില്ല. എസ്‌.സി.ഇ.ആർ.ടി കഴിഞ്ഞ വർഷം നടത്തിയ അഭിപ്രായസർവെയാണത്രേ അടുത്ത ആധികാരികരേഖ. അധികൃതർ ആഗ്രഹിക്കുന്ന നിഗമനങ്ങളിലെത്താൻ ഇട വരുത്തുംവിധം ചോദ്യങ്ങൾ ചിട്ടപ്പെടുത്തുകയും അതു പൂരിപ്പിക്കാൻ ഭരണകക്ഷിക്കാരുടെ അനുഭാവികളായവരെ കൂടുതൽ ഉൾപ്പെടുത്തുകയും ചെയ്‌തുകൊണ്ട്‌ തട്ടിക്കൂട്ടിയ ആ പഠനത്തിന്റെ ആധികാരികത ഇതിനകം തന്നെ ചോദ്യംചെയ്യപ്പെട്ടിരിക്കെ ആ രേഖ ആധാരമാക്കുന്നതിന്റെ അധാർമികത ചൂണ്ടിക്കാട്ടാതിരിക്കാൻ വയ്യ. പുറത്തുകാണിക്കാത്ത ആ റിപ്പോർട്ടിൽ നിലവിലുള്ള പാഠപുസ്‌തകങ്ങളിൽ വിടവുകളുണ്ട്‌ എന്ന കണ്ടെത്തൽ ഉണ്ടത്രേ. ഏത്‌ ക്ലാസിലെ ഏത്‌ പാഠ പുസ്‌തകത്തിലാണ്‌ വിടവ്‌ എന്നു ചൂണ്ടിക്കാണിക്കാതെ നടത്തിയ കാടടച്ചുള്ള ചില അഭിപ്രായപ്രകടനങ്ങളാണ്‌ ഇപ്പോഴത്തെ എടുത്തുചാട്ടത്തിനു പിന്നിൽ എന്നു വരുമ്പോൾ അതിനെ ചോദ്യം ചെയ്യാതിരിക്കാൻ കേരളത്തിലെ വിദ്യാഭ്യാസസ്‌നേഹികൾക്ക്‌ സാധിക്കില്ല. നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ ദേശീയതലത്തിലെ നിരവധി പഠനങ്ങൾ കേരളത്തിലെ പാഠ്യപദ്ധതിയുടെ മികവിനെ സംശയ രഹിതമായി അടയാളപ്പെടുത്തിയിട്ടുണ്ട്‌ എന്നിരിക്കെയാണ്‌ അടി സ്ഥാനരഹിതമായ ചില കണ്ടെത്തലുകളുമായി മുന്നോട്ടുപോകുന്ന എസ്‌.സി.ഇ.ആർ.ടി യുടെ അക്കാദമികമായ സത്യസന്ധതയില്ലായ്‌മ നമ്മെ ഞെട്ടിക്കുന്നത്‌.

പാഠ്യപദ്ധതി പരിഷ്‌കരണത്തെ കുറിച്ച്‌ പഠിക്കാൻ സർക്കാർ നിയമിച്ച അബ്‌ദുൾ അസീസ്‌ കമ്മിറ്റിയുടെ ചില കണ്ടത്തലുകൾ നിർദിഷ്‌ട സമീപനരേഖയിൽ ഉണ്ട്‌. ഉള്ളടക്കത്തെ എന്നു പ്രശ്‌നമേഖലകളി ലായി തിരിച്ചതും ഭാഷയിൽ ദീർഘമായ ആഖ്യാനങ്ങൾ ഉൾപ്പെടുത്തിയതും ഒന്നും രണ്ടും ക്ലാസുകളിലെ ഉദ്‌ഗ്രഥിത പാഠങ്ങൾ സങ്കീർ ണമായതും ടീച്ചിങ്ങ്‌ മാന്വൽ തയ്യാറാക്കാൻ അധ്യാപകർ പ്രയാസ മനുഭവിക്കുന്നതും ഒക്കെയാണത്രേ പരിഷ്‌കരണത്തിനുള്ള ന്യായങ്ങൾ. ഇതാണ്‌ ന്യായങ്ങളെങ്കിൽ അതിന്‌ പാഠപുസ്‌തകങ്ങൾ പരിഷ്‌കരിച്ചാൽ പോരേ എന്ന മറുചോദ്യത്തിന്‌ എസ്‌.സി.ഇ.ആർ.ടി മറുപടി പറയേണ്ടതുണ്ട്‌.

Critical pedagogy എന്ന പദം പുതിയ സമീപനരേഖയിൽ ഒരിടത്തും (വിമർശിക്കാൻ വേണ്ടിയായാൽ പോലും!) വരരുതെന്ന നിർബന്ധം പാഠ്യപദ്ധതി നിർമാതാക്കൾക്ക്‌ ഉണ്ടെന്നു തോന്നുന്നു. ദേശീയപാഠ്യപദ്ധതി ചട്ടക്കൂടിനെയാണ്‌ ആധാരമാക്കുന്നതെന്ന്‌ ഇടയ്‌ക്കിടെ പറയുന്ന സമീപനരേഖ വിമർശനാത്മകബോധനത്തെ കുറിച്ച്‌ നിശ്ശബ്‌ദത പാലിച്ചത്‌ എന്തുകൊണ്ടാണെന്ന്‌ എസ്‌.സി.ഇ.ആർ.ടി വ്യക്തമാക്കേണ്ടതുണ്ട്‌. ലഭ്യമാകുന്ന ജ്ഞാനത്തെ വിമർശനാത്മകമായി സ്വീകരിക്കണമെന്നത്‌ സാമ്രാജ്യത്വത്തിന്റെ അജണ്ടയാണ്‌. ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ്‌ വിമർശനാത്മകചിന്ത എന്നൊക്കെ അവിടവിടെ പ്രയോഗിക്കുന്നത്‌ എന്ന്‌ വ്യക്തമാണ്‌. ക്ലാസ്‌മുറിയിലും സമൂഹത്തിലും നിലനിൽക്കുന്ന അന്തരങ്ങളെയും അടിച്ചമർത്തലുകളെയും കുറിച്ച്‌ തികഞ്ഞ രാഷ്‌ട്രീയബോധ്യത്തോടെയാണ്‌ NCFൽ വിവരിച്ചിരിക്കുന്നത്‌. ജാതിമതശക്തികളെയും പിന്തിരിപ്പൻചിന്താഗതിക്കാരെയും തൃപ്‌തിപ്പെടുത്താനാകാം മറിച്ചൊരു നിലപാട്‌ കേരളത്തിലെ സർക്കാർ സ്വീകരിച്ചിരിക്കുന്നത്‌.

പാഠ്യപദ്ധതി ലക്ഷ്യങ്ങൾ നിർണയിച്ച്‌ അവതരിപ്പിക്കുകയെന്ന ഉത്തരവാദിത്തത്തിൽ നിന്നും ഈ രേഖ ഒഴിഞ്ഞുനിൽക്കുന്നു. കെ.സി.എഫും എൻ.സി.എഫും കൃത്യമായ ലക്ഷ്യങ്ങൾ അവതരിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ്‌ ഇതെന്നോർക്കണം. ലക്ഷ്യം പറയാതെ ലക്ഷ്യനിർണയത്തിൽ പരിഗണിക്കേണ്ട ചില ഘടകങ്ങൾ മാത്രം അവതരിപ്പിക്കുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. പരിഗണനാഘടകങ്ങളായി പറഞ്ഞിരിക്കുന്ന പതിനൊന്നു കാര്യങ്ങളും കെ.സി.എഫിന്റെ ലക്ഷ്യനിർണയത്തിലും പരിഗണിച്ചവയാണ്‌ എന്നിരിക്കെ എന്തിനാണ്‌ പുതിയൊരു പരിഷ്‌കരണയജ്ഞവുമായി എസ്‌.സി.ഇ.ആർ.ടി ഇറങ്ങിത്തിരിച്ചതെന്ന ചോദ്യം അവശേഷിക്കുന്നു.

പാഠ്യപദ്ധതി സമീപനരേഖയിൽ സാധാരണഗതിയിൽ പഠി താവിന്റെ ആവശ്യങ്ങൾ, പ്രകൃതം, അവകാശങ്ങൾ എന്നിവ വ്യക്ത മാക്കാറുണ്ട്‌. അറിവ്‌ രൂപീകരിക്കുന്ന പ്രക്രിയയെ കുറിച്ചും വിശദ മാക്കേണ്ടതുണ്ട്‌. ഈ പാഠ്യപദ്ധതി വ്യവഹാരവാദമാണോ ജ്ഞാനനിർമിതിവാദമാണോ അടിസ്ഥാനമാക്കുന്നത്‌? വിഭാവനം ചെയ്യുന്ന പഠനപ്രക്രിയ, പഠനാന്തരീക്ഷം, അധ്യാപകന്റെ റോൾ, പഠനസാമഗ്രികളുടെ സ്വഭാവം എന്നിവ എന്താണ്‌? ഇവയൊന്നും കൃത്യമായി പറയാതെ ആർക്കും എങ്ങനെയും വ്യാഖ്യാനിക്കാവുന്ന രീതിയിൽ അവിടവിടെ പലതും പറഞ്ഞുപോകുന്ന രീതിയാണ്‌ ഈ സമീപനരേഖയിൽ സ്വീകരിച്ചിരിക്കുന്നത്‌. ആർക്കും എങ്ങനെയും പഠിപ്പിക്കാവുന്ന ഈയൊരവസ്ഥ അക്കാദമികമായി ഇപ്പോൾ തന്നെ നിലനിൽക്കുന്ന അരാജകാവസ്ഥയെ ശക്തിപ്പെടുത്താനേ ഇടവരുത്തൂ. `പഠനപ്രക്രിയ' എതിനു പകരം `വിനിമയരീതി' എന്നാണ്‌ ഇതിൽ പ്രയോഗിച്ചിരി ക്കുന്നത്‌. `ഫസിലിറ്റേറ്റ'റെ `മെന്റർ' ആക്കിയും മാറ്റിയിരിക്കുന്നു. ഇതൊക്കെ ബോധപൂർവമാണെന്നതിൽ സംശയമില്ല. ജ്ഞാനനിർ മിതിയെന്ന്‌ ചിലേടത്തൊക്കെ പറയുകയും എന്നാൽ മറ്റു ചിലേടങ്ങളിൽ വ്യവഹാരവാദത്തിനു നിരക്കുന്ന സമീപനങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന ഈ അവിയൽ രീതി കേരളം പോലൊരു സംസ്ഥാനത്തെ എസ്‌.സി.ഇ. ആർ.ടി ക്ക്‌ അപമാനകരമാണ്‌. വിദ്യാഭ്യാസപണ്ഡിതർ ഇന്ത്യയിലും പുറത്തും നടത്തുന്ന ചർച്ചകളെയും നിഗമനങ്ങളെയും സംബന്ധിച്ച പൊതുധാരണകൾപോലും എസ്‌.ഇ.ഇ.ആർ.ടിക്ക്‌ ഇല്ലെന്നും വ്യക്തമാണ്‌.

`പഠനഫലത്തെ അടിസ്ഥാനമാക്കിയുള്ള പഠനം' എന്നാണ്‌ പുതിയ മുദ്രാവാക്യം. 1990കളിൽ നടന്നുവതും സമീപനകാലത്ത്‌ കൈയൊഴിക്കപ്പെട്ടു കൊണ്ടിരിക്കുന്നതുമായ ഒരു സമീപനമാണ്‌ Outcome based learning എത്‌. ഉദാഹരണമായി ഒരുകാലത്ത്‌ ഇതിന്റെ പിന്നാലെ പോയിരുന്ന പടിഞ്ഞാറൻ ആസ്‌ട്രേലിയ 2007ലും ദക്ഷിണാഫ്രിക്ക 2010ലും അത്‌ കൈയൊഴിഞ്ഞു. എന്നാൽ വിമർശനാത്മകബോധനത്തിനും സാമൂഹികജ്ഞാനനിർമിതിവാദത്തിനും ചരമക്കുറിപ്പെഴു താൻ തുനിഞ്ഞിറങ്ങിയ യു ഡി എഫ്‌ സൈദ്ധാന്തികർക്ക്‌ കയ്യിൽ തടഞ്ഞത്‌ ഈ സമീപനമാണ്‌ എന്നത്‌ അവരുടെ അക്കാദമികമായ പാപ്പരത്തത്തെ വിളംബരം ചെയ്യുന്നു. അവർ മുന്നോട്ടുവെക്കുന്ന പഠനഫലത്തിൽ ഉള്ളടക്കജ്ഞാനം മാത്രമാണോ ഉള്ളത്‌ എന്ന കാര്യം ഈ സൈദ്ധാന്തികർ വ്യക്തമാക്കിയാൽ നന്നായിരുന്നു. അതോ പ്രക്രിയാധിഷ്‌ഠിതമായ ധാരണയും നൈപുണികളും മനോഭാവ ങ്ങളും അതിൽ ഉൾപ്പെടുമോ? പ്രക്രിയാധിഷ്‌ഠിതമായ ധാരണകൾ Outcome based Learningൽ പരിശോധിക്കാൻ കഴിയുകയില്ലെന്നും വ്യവഹാരവാദത്തിലേക്ക്‌ തിരിച്ചുപോകേണ്ടിവരുമെന്നുമുള്ള തിരിച്ചറിവാണ്‌ ഈ രീതി തിരസ്‌കരിക്കപ്പെടാൻ കാരണം. അപ്പോൾ ജ്ഞാന നിർമിതിവാദം ഉപേക്ഷിച്ച്‌ തിരിച്ചുപോവുകയാണ്‌ ഫലത്തിൽ എസ്‌.സി.ഇ.ആർ.ടി പണ്ഡിതർ ചെയ്യന്നത്‌. എന്നാൽ ഇക്കാര്യം തുറന്നുപറയാൻ അവർ തയ്യാറല്ല. പുതിയ സൈദ്ധാന്തികർ ഇങ്ങനെ നിശ്ശബ്‌ദത പാലിച്ച പല കാര്യങ്ങളിൽ ബഹുമുഖബുദ്ധി സിദ്ധാന്തവും വൈകാരികബുദ്ധി സങ്കൽപവും കൂടി പെടുന്നുണ്ട്‌.

പുതിയ സമീപനരേഖയിൽ മുഴച്ചുനിൽക്കുന്നത്‌ വികാസമന ശാസ്‌ത്രമാണ്‌. ശാരീരിക ചാലകവികാസം, സാമൂഹികവികാസം, വൈകാരികവികാസം, വൈജ്ഞാനികവികാസം, സർഗാത്മക വികാസം തുടങ്ങിയവയെ ഇതിന്റെ ഭാഗമായി മുന്നിൽ നിർത്തിയിരിക്കുന്നു. എന്നാൽ പഠനം, ബുദ്ധി, വ്യക്തിത്വം തുടങ്ങിയ മനശാസ്‌ത്രമേഖലകൾക്ക്‌ അർഹിക്കുന്ന പ്രാധാന്യം നൽകാതിരിക്കുകയും ചെയ്‌തിരിക്കുന്നു. വികാസമേഖലകളെ തന്നെ സമഗ്രമായി പരാമർശിക്കുന്നില്ല എന്നത്‌ എടുത്തുപറയണം. ഉദാഹരണമായി പ്രീപ്രൈമറിയിലും പ്രൈമറിയിലും ശാരീരികവികാസത്തിനു സ്ഥാനമില്ല. അന്വേഷണാത്മകത അപ്പർ പ്രൈമറിയിലും സെക്കന്ററിയിലും മതി. സർഗാത്മകത പ്രൈമറിയിൽ നിന്നും ഒഴിവാക്കിയതിന്റെ യുക്തി എന്തെന്ന്‌ അറിയില്ല. ഇവകൂടാതെ പരിസ്ഥിതിപരം, ലിംഗനീതിപരം, ജീവിതമൂല്യങ്ങൾ എന്നൊക്കെ പലതും തോന്നിയ പ്രകാരം വിന്യസിച്ചിരിക്കുന്നു. ഇത്ര ലാഘവമായാണ്‌ ഒരു സമീപനരേഖ അവതരിപ്പിക്കുന്നതെങ്കിൽ ഇതിലൂടെ ഉണ്ടാകാൻ പോകുന്ന പാഠപുസ്‌തകങ്ങളുടെ സ്ഥിതി എന്താവും എന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ.

പ്രമേയാധിഷ്‌ഠിതമായ ഉദ്‌ഗ്രഥനമാണ്‌ വേണ്ടതെന്ന്‌ രേഖ പറ യുന്നു. ഗണിതത്തിനും ഭാഷയ്‌ക്കും പരിസരപഠനത്തിനും ഇംഗ്ലീ ഷിനും വേറെ വേറെ പുസ്‌തകങ്ങൾ വേണമെന്ന്‌ പലയിടത്തായി പറയുന്നു. ഗണിതം സ്വാഭാവികമായി ഉദ്‌ഗ്രഥിക്കാൻ എസ്‌.സി.ഇ.ആർ.ടി യിലെ വിദഗ്‌ധർക്ക്‌ കഴിയുന്നില്ലത്രേ! ഏതായാലും പാഠപുസ്‌തക ങ്ങളുടെ എണ്ണം കൂട്ടുന്നതിലൂടെ പിഞ്ചുകുഞ്ഞുങ്ങളുടെ പഠനം ക്ലേശകരമാക്കാനാണ്‌ പുതുസൈദ്ധാന്തികർ തീരുമാനിച്ചിരിക്കുന്നത്‌ എന്നുവ്യക്തം.

ഭാഷാപഠനത്തെ കുറിച്ച്‌ പുതിയ രേഖയിൽ പറഞ്ഞിട്ടുള്ളതു നോക്കൂ. `സാമൂഹികജ്ഞാനനിർമിതിവാദത്തിൽ അധിഷ്‌ഠിതമായ ഭാഷാപാഠ്യപദ്ധതി സൈദ്ധാന്തികതലത്തിൽ നവീനമായ കാഴ്‌ച പ്പാടുകൾ മുന്നോട്ടുവച്ചെങ്കിലും പ്രായോഗികതലത്തിൽ വേണ്ടത്ര ഫലങ്ങൾ ചെയ്‌തിട്ടില്ല' (സമീപനരേഖ പേജ്‌-44). ഇതു ശരിയെങ്കിൽ വിനിമയത്തിലെ വീഴ്‌ചകൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ മതിയായിരുന്നല്ലോ. എലിയെ കൊല്ലാൻ ഇല്ലം ചുടുന്നത്‌ എന്തിനാണ്‌? യു.പി മുതൽ ഹയർസെക്കന്ററി വരെയുള്ള മലയാള പാഠാവലികൾ നോക്കുക. ഭാഷയുടെ സൗന്ദര്യതലങ്ങൾ ആസ്വദിക്കാൻ പറ്റിയ പാഠങ്ങളില്ലത്രേ. പാഠപുസ്‌തകത്തിലുൾപ്പെടുത്തിയ രചനകളുടെ കർത്താ ക്കളായ ഒ.എൻ.വി, എം.ടി, സുഗതകുമാരി, സാറാ ജോസഫ്‌, സച്ചി ദാനന്ദൻ, മുണ്ടശ്ശരി, വി.ടി.ഭട്ടതിരിപ്പാട്‌ തുടങ്ങിഎഴുത്തച്ഛൻ വരെയുള്ള മലയാളസാഹിത്യത്തിലെ പ്രകാശഗോപുരങ്ങളെ ഇവിടെ സമീപന രേഖാരചയിതാക്കൾ അപമാനിച്ചിരിക്കുകയാണ്‌. എഡിറ്റിങ്ങ്‌ പോലെ യുള്ള ഭാഷയിലെ തെറ്റുതിരുത്തൽപ്രക്രിയ വിരസമാണെന്നു നിരീക്ഷിക്കുന്ന രേഖ പഴയ കേട്ടെഴുത്തിലേക്കാണോ കാര്യങ്ങളെ നയിക്കുന്നതെന്നു സംശയിക്കണം. ഭാഷാപഠനത്തിൽ ആശയഗ്രഹണം, ആശയപ്രകടനം എന്നിവയ്‌ക്കൊപ്പം വായന, എഴുത്ത്‌ തുടങ്ങിയ ശേഷികൾക്കും പരിഗണന നൽകേണ്ടതാണെന്ന്‌ രേഖയിൽ പറ ഞ്ഞിരിക്കുന്നു. രേഖ തയ്യാറാക്കിയവർക്ക്‌ വായന ആശയഗ്രഹണ പ്രവർത്തനമാണെന്നു പോലും ധാരണയില്ല എന്നല്ലേ കരുതേണ്ടത്‌?

വൈജ്ഞാനികതലത്തെ കുറിച്ചു പറയുമ്പോൾ പ്രൈമറിയിലേക്ക്‌ സംഖ്യാബോധം മാത്രമാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. ഉള്ളടക്കം കുറവാണെന്ന പേരിൽ പാഠ്യപദ്ധതി പരിഷ്‌കരിക്കാനിറങ്ങിയവരാണ്‌ പ്രൈമറിയിൽ ഇത്രവരെ പഠിച്ചാൽ മതിയെന്നു പറയുന്നത്‌. ഇത്തരം തമാശകൾ ഈ രേഖയിൽ ഇനിയും എത്ര വേണമെങ്കിലും കണ്ടെത്താനാവും. തുടക്കത്തിൽ പ്രീ പ്രൈമറി, പ്രൈമറി, അപ്പർ പ്രൈമറി, സെക്കണ്ടറി എന്നിങ്ങനെ വ്യവച്ഛേദിച്ച്‌ പരിഗണനകൾ അവതരിപ്പിച്ച രേഖ വിഷയസമീപനത്തിലേക്കു വരുമ്പോൾ പ്രൈമറിയും അപ്പർ പ്രൈമറിയും ചേർത്തവതരിപ്പിച്ചിരിക്കുന്നു. രണ്ടോ മൂന്നോ സംഘ ങ്ങൾ വെവ്വേറെ എഴുതിയത്‌ തുന്നിക്കൂട്ടുന്ന പണിയേ എസ്‌.സി.ഇ. ആർ.ടി ചെയ്‌തിട്ടുള്ളൂ എന്നാണോ ഇതിൽ നിന്നും അനുമാനിക്കേണ്ടത്‌? `ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസ'ത്തെ കുറിച്ചു പറയുന്നിടത്ത്‌ ആരൊക്കെയാണ്‌ അതിൽ പെടുക എന്നു പറയുന്നുണ്ടെങ്കിലും പിന്നീട്‌ അത്‌ ശാരീരികമാനസിക വെല്ലുവിളികൾ മാത്രമുള്ളവരായി ചുരുങ്ങുന്നു.

ഐ ടി ഒരു പ്രത്യേക വിഷയമായി ഇനി ഉണ്ടാകില്ലത്രേ. ഐ ടി യെ മറ്റു വിഷയങ്ങളുമായി ഉദ്‌ഗ്രഥിച്ചു പഠിപ്പിക്കാനുള്ള തീരുമാനം എത്രകണ്ട്‌ പ്രായോഗികമാകും? അതിനുള്ള കൂടുതൽ സൗകര്യങ്ങൾ ആര്‌ ഏർപ്പെടുത്തും? പാഠപുസ്‌തകത്തോടൊപ്പം പിന്തുണാസാമഗ്രികൾ കൂടി തയ്യാറാക്കേണ്ട അധിക ഉത്തരവാദിത്തം എസ്‌.സി.ഇ. ആർ.ടി ഏറ്റെടുക്കുമോ? എയിഡഡ്‌ സ്‌കൂളുകൾക്ക്‌ എങ്ങനെയാണ്‌ അതിനുള്ള സൗകര്യങ്ങൾ ഒരുക്കാനാവുക? പൊതുവിദ്യാലയങ്ങൾക്ക്‌ ഐ ടി പഠനത്തിൽ ഇപ്പോഴുള്ള മേൽക്കൈ നഷ്‌ടപ്പെടുത്താനാവും നിലവിലുള്ള അവസ്ഥയിൽ ഈ തീരുമാനം വഴിവെക്കുക.

അധ്യയനഗുണമേന്മ ഉറപ്പാക്കാനായി വിദ്യാഭ്യാസ അവകാശ നിയമത്തിൽ നിർദേശിച്ചിട്ടുള്ള മോണിറ്ററിങ്ങ്‌ രീതിയല്ല ഈ രേഖ യിലുള്ളത്‌. അക്കാദമികസ്ഥാപനങ്ങളായ ഡയറ്റിനെയും ബിആർസിയെയും ഒഴിവാക്കിയുള്ള മോണിറ്ററിങ്ങ്‌ അതീവദുർബലമായിരിക്കും എതിൽ സംശയമില്ല. അതുപോലെ അധ്യാപകപരിശീലനം ഇനി മുതൽ വിദ്യാലയാടിസ്ഥാനത്തിൽ ആയിരിക്കും എന്ന നിർദേശവും അപ്രായോഗികമാണ്‌. പാഠപുസ്‌തകരചയിതാക്കളെ തെരഞ്ഞെടുക്കുന്നതിനോ പരിശീലിപ്പിക്കാനോ ശാസ്‌ത്രീയമായ ഒരു പരിപാടിയും ഇല്ലെറിയുന്നു. ചുരുക്കത്തിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന സ്ഥിതി വരാൻ പോവുകയാണ്‌.

ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്‌ സമീപനരേഖ മാത്രമാണ്‌. യഥാർഥത്തിൽ അതിലും എത്രയോ ഉയരത്തിൽ നിൽക്കുന്ന ഒരു പ്രമാണമാണ്‌ പാഠ്യപദ്ധതി രൂപരേഖ. അതില്ലാതെ എങ്ങനെയാണ്‌ സമീപനമാറ്റമുള്ള പാഠപുസ്‌തകങ്ങൾ നിർമിക്കുക എതുപോലുള്ള ചോദ്യങ്ങളൊന്നും വിദ്യാഭ്യാസവകുപ്പിനെ അലട്ടുതായി തോന്നുന്നില്ല. പുതിയ സർക്കാർ വന്നതിനു ശേഷം വിദ്യാഭ്യാസവകുപ്പിൽ നിന്നും ഇറങ്ങിയ പല വിവാദ ഉത്തരവുകളുടെയും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ലല്ലോ.

സമീപനരേഖയിലെ ആശയക്കുഴപ്പങ്ങളും ലാഘവത്തോടെെയുളള സമീപനവും സൃഷ്‌ടിക്കുന്ന അരാജകത്വം ബോധപൂർവമാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. Outcome based Learning ഉം പ്രമേയാധിഷ്‌ഠിത പാഠപുസ്‌തകങ്ങളും വികാസമന:ശാസ്‌ത്രവും ചേർന്ന്‌ ഇല്ലാതാക്കുന്നത്‌ എൻ.സി.എഫ്‌ 2005 ഉം കെ.സി.എഫ്‌ 2007 ഉം ഒരു പോലെ അംഗീകരിക്കുന്ന ജ്ഞാനനിർമിതിവാദപരമായ സമീപനത്തെയാണ്‌. ഉദ്‌ഗ്രഥിതസമീപനവും പ്രക്രിയാധിഷ്‌ടിത പഠനവും ഇല്ലാതാകുക എന്നാൽ ശിശുകേന്ദ്രീകൃത സമീപനവും ഇല്ലാതാകുക എന്നാണതിന്റെ അർഥം. അതോടെ വിദ്യാഭ്യാസം പഴയതുപോലെ പാഠപുസ്‌തക പഠനവും പരീക്ഷയെഴുത്തുമായി ചുരുങ്ങുകയും അന്തിമപരീക്ഷ കളിലെ പ്രകടനം പഠനഫലമായി കണക്കാക്കപ്പെടുകയും ചെയ്യും. അതായത്‌ പുതിയപാഠ്യപദ്ധതി സൃഷ്‌ടിച്ച മുേന്നറ്റങ്ങളുടെ അന്ത:സത്ത മുഴുവനും ഇല്ലാതാകും.

സമീപനത്തിലെ അരാജകത്വം യാന്ത്രികബോധനത്തെ പുന: സ്ഥാപിക്കും. ഇത്‌ ഏറ്റവും സഹായിക്കുക വിദ്യാഭ്യാസം വെറും കച്ചവടമായി കരുതുന്ന മാനേജ്‌മെന്റുകളെയും എന്തുചെയ്‌തും സ്വന്തം കുട്ടികളെ വരുമാനദായകമായ തൊഴിലുകളിലെത്തിക്കാൻ വെമ്പുന്ന മധ്യവർഗത്തെയുമാണ്‌. കഴിഞ്ഞ ദശകത്തിൽ പ്രക്രിയാധിഷ്‌ഠിത ബോധനം ഉപയോഗിച്ച്‌ വൻതോതിൽ മുന്നോട്ടുവന്ന പാവപ്പെട്ടവരുടെ മക്കൾ വീണ്ടും പിറകോട്ടുപോകും. രക്ഷിതാവിന്റെ പണക്കൊഴുപ്പും സ്‌കൂളിന്റെ ചിട്ടകളും പഠന ഫലത്തെ നിർണയിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസത്തിൽ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം ശക്തമായി പ്രത്യക്ഷപ്പെടും.

പഠനഫലത്തെ ആധാരമാക്കിയുള്ള സമീപനത്തിന്‌ ഒരുവശം കൂടിയുണ്ട്‌. കരിക്കുലം നിർമാണം, ബോധനരൂപങ്ങൾ, മൂല്യനിർണയം എന്നിവയിൽ അക്കാദമിക്‌ സമൂഹത്തിനുള്ള നിർണായകപങ്കിനെ ഇല്ലാതാക്കുകയും അവയെ മാനേജ്‌മെന്റ്‌ താൽപര്യങ്ങൾക്ക്‌ കീഴ്‌പ്പെടുത്തുകയും ചെയ്യും. എല്ലാകുട്ടികളും എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ നേടണമെന്നുള്ള സ്‌കൂളുകളുടെ വെമ്പൽ അതനുസരിച്ചുള്ള പഠന രീതികൾ ചിട്ടപ്പെടുത്തുന്നതിലേക്ക്‌ സ്‌കൂളുകളെ എത്തിക്കും. അതായത്‌ സ്വന്തം അഭിരുചികളെ ബലികഴിച്ചും സർഗാത്മകതയും ചൈതന്യവും നഷ്‌ടപ്പെടുത്തിയും ഉയർന്ന പഠനഫലങ്ങൾ സൃഷ്‌ടിക്കുന്ന യന്ത്രങ്ങളായി വിദ്യാർഥികളും അധ്യാപകരും മാറും. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ അന്തസത്ത നഷ്‌ടപ്പെടുത്തുന്നത്‌ വാണിജ്യമാനേജ്‌മെന്റുകളുടെ നേർവാഴ്‌ചയെ ശക്തിപ്പെടുത്തും.

വിദ്യാഭ്യാസ മുന്നേറ്റത്തിനുവേണ്ടിയുള്ള സമരം

ഈ അരാജകത്വത്തെ ചോദ്യം ചെയ്യാൻ കേരളത്തിന്റെ വിദ്യാഭ്യാസഭാവിയിൽ താത്‌പര്യമുള്ളവർ ഉണർന്നേ പറ്റൂ. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തെ ഇതരസംസ്ഥാനങ്ങൾക്ക്‌ മാതൃകയാക്കി മാറ്റുന്ന തിൽ നിർണായകമായ പങ്ക്‌ നിർവഹിച്ച നിലവിലുള്ള പാഠ്യപദ്ധതി സമീപനത്തെ സംരക്ഷിക്കുതിനുള്ള ശക്തമായ സമരങ്ങൾ ആരംഭിക്കേണ്ടതുണ്ട്‌. നിലവിലുള്ള പാഠ്യപദ്ധതി എല്ലാം തികഞ്ഞതാണെന്ന അഭിപ്രായം പരിഷത്തിനില്ല. അതിലുള്ള പോരായ്‌മകൾ വസ്‌തു നിഷ്‌ഠമായി നിർണയിച്ച്‌ മതിയായ മാറ്റങ്ങൾ വരുത്തുന്നതിനെ ആരെങ്കിലും എതിർക്കുമെന്നും തോന്നുന്നില്ല.

കേരള പാഠ്യപദ്ധതി ചട്ടക്കൂടിനുവേണ്ടിയുള്ള സമരം ശാസ്‌ത്രീയവും ജനാധിപത്യപരവും മതനിരപേക്ഷവുമായ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള രാഷ്ട്രീയസമരമാണ്‌. ഇതിന്റെ ഭാഗമായി ഉയർത്തി പ്പിടിക്കേണ്ട ചില അടിസ്ഥാന തത്ത്വങ്ങൾ ചുവടെ ചേർക്കുന്നു.

 • ദേശീയ കരിക്കുലം വിഭാവനം ചെയ്യുന്ന ഉൾക്കൊള്ളൽ വിദ്യാഭ്യാസമെന്നാൽ ഇംഗ്ലീഷ്‌മീഡിയം വിദ്യാഭ്യാസമല്ല. മലയാളഭാഷ കേട്ടും സംസാരിച്ചും വളരുന്ന കേരളത്തിലെ വിദ്യാർഥികൾ മലയാളം മാധ്യമമായി തന്നെ പഠിക്കണം. ആദിവാസികളുമടക്കമുള്ള ഭാഷാന്യൂനപക്ഷങ്ങൾക്ക്‌ അവരുടെ ഭാഷകളിൽ തന്നെ പഠിക്കാൻ അവസരമുണ്ടാവണം. അതിനുള്ള സൗകര്യങ്ങൾ പ്രൈമറി തലത്തിൽ സൃഷ്ടിച്ചതിനുശേഷം ക്രമേണ ഇംഗ്ലീഷ്‌ മാധ്യമം ആവശ്യമുള്ള വരെ അതിലേക്കു നയിക്കാം. അത്‌ സെക്കണ്ടറി ഹയർസെക്കണ്ടറി തലത്തിൽ മാത്രമാകണം. അവിടെയും മലയാള ഭാഷാമാധ്യമ ത്തിന്‌ സൗകര്യമുണ്ടാകണം.
 • പ്രശ്‌നോന്നീത സമീപനവും വിമർശനാത്മക ബോധനവും സാമൂഹികനിർമിതി വാദത്തിന്റെ ഉൽപന്നങ്ങളാണ്‌. അത്‌ കേരളത്തിലെ അധ്യാപകസമൂഹം സ്വാനുഭവങ്ങളിൽ നിന്ന്‌ വളർത്തി യെടുത്തതുമാണ്‌. അവയെ തള്ളിക്കളയുന്നതിനു പകരം പിഴവുകൾ തീർത്തു മുന്നോട്ടുകൊണ്ടുപോകണം. ഈ സമീപനം പ്രമേയ പരമായ പാഠപുസ്‌തകങ്ങൾക്കെതിരല്ല. അവയെ ഒരുമിപ്പിക്കാനുള്ള കരിക്കുലം പ്രസ്‌താവനകളാണ്‌ വേണ്ടത്‌.
 • പ്രൈമറി തലത്തിൽത്തന്നെ കുട്ടികളുടെ പൊതുബോധവും സമഗ്രമായ ലോകജ്ഞാനവും രൂപപ്പെടുത്താം. അതിനുശേഷം പ്രത്യേക വിഷയങ്ങളിലെ വിശേഷ പഠനത്തിന്‌ സഹായകമായ A ലെവൽ - O ലെവൽ പരീക്ഷിക്കണം. ദേശീയ കരിക്കുലം ഇതിനെതിരല്ല.
 • മാന്യമായ തൊഴിലുകളെക്കുറിച്ചുള്ള രക്ഷിതാക്കളുടെ ആശയ ങ്ങൾ ന്യായമാണ്‌. അത്‌ പാഠ്യപദ്ധതിയിൽ തീർച്ചയായും കണക്കിലെടുക്കണം. അതേസമയം തൊഴിലുകളുടെ ലഭ്യത വിദ്യാർഥികളുടെ ഉന്നതമായ നൈപുണികളും ജ്ഞാനവും അനുസരിച്ചായിരിക്കുമെന്നും അതിനാവശ്യമായ പാഠ്യപദ്ധതിയും പാഠപുസ്‌തകങ്ങളുമാണ്‌ രൂപപ്പെടുത്തുന്നതെന്നും രക്ഷിതാക്കളെ ബോധ്യ പ്പെടുത്താൻ കഴിയണം.
 • പാഠ്യപദ്ധതി വിജയിക്കണമെങ്കിൽ അതിന്റെ പ്രധാന ഉത്തര വാദിയും പ്രേരകശക്തിയും അധ്യാപകരാണ്‌. ഒരു മാനേജ്‌മെന്റിനും അവരുടെ സ്ഥാനം അപഹരിക്കാൻ കഴിയുകയില്ല. ക്ലാസുമുറി കളിലെ പഠനബോധനപ്രക്രിയയെ പുനരാവിഷ്‌കരിക്കുകയും അതിന്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത്‌ ആവശ്യമാണ്‌. ഇത്‌ ചെയ്യാൻ സാധിക്കുക അധ്യാപകർക്കാണ്‌. അധ്യാപകർ ഈ സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കണം.

മേൽസൂചിപ്പിച്ച നിലയിലുള്ള വിദ്യാഭ്യാസപദ്ധതി സൃഷ്‌ടിക്കാനുള്ള പ്രയത്‌നത്തിൽ ബഹുദൂരം മുന്നോട്ടുപോയ സംസ്ഥാനമാണ്‌ കേരളം. ഇതിന്റെ അടിസ്ഥാനാശയങ്ങളെക്കുറിച്ച്‌ പ്രാധമിക ധാരണപോലു മില്ലാതെ ഇതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന പണ്ഡിതന്മാരെയും അവരെ പിന്താങ്ങുന്ന മാനേജ്‌മന്റുകളെയും രാഷ്‌ട്രീയശക്തികളെയും ശക്തമായി നേരിടാൻ കഴിഞ്ഞ രണ്ടു ദശകക്കാലം വിദ്യാഭ്യാസപദ്ധതി പരിഷ്‌കാരത്തിനുവേണ്ടി യത്‌നിച്ച കേരളത്തിലെ അക്കാദമിക്‌ സമൂഹത്തിനുകഴിയണം. ശാസ്‌ത്രീയവും ജനാധിപത്യപരവും കുട്ടികളുടെ സർതോമുഖമായ ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസപദ്ധതിക്കു വേണ്ടിയാണ്‌ നാം ഇത്രയും കാലം നിലകൊണ്ടത്‌ എന്ന്‌ ആത്മാഭി മാനത്തോടെ പറയാനും അതിന്റെ ഗുണവശങ്ങളെ ശക്തമായി ന്യായീകരിക്കാനും അക്കാദമിക്‌ സമൂഹത്തിലെ ജനാധിപത്യശക്തികൾ തയ്യാറാകണം.

ഏത്‌ ജ്ഞാനരൂപീകരണ പ്രക്രിയയും സ്വയം വിമർശനപരമാണ്‌. പിഴവുകൾ ആർക്കും ചൂണ്ടിക്കാണിക്കാം. അത്‌ തിരുത്തുകയും വേണം. അതിന്‌ വളെര വിശദമായ അന്വേഷണങ്ങളും പുതിയ സങ്കേതങ്ങളുടെ രൂപീകരണവും ആവശ്യമായ സാഹപ്രവർത്തനങ്ങളും ആവശ്യമാണ്‌. അത്തരത്തിലുള്ള പ്രവർത്തനങ്ങളാണ്‌ സാമൂഹിക ഉത്തരവാദിത്തവും വിദ്യാർഥികളോട്‌ പ്രതിബദ്ധതയുമുള്ള പണ്ഡിതസമൂഹം ചെയ്യേണ്ടത്‌. അതിനുപകരം മാനേജ്‌മെന്റുകളുടെയും രാഷ്‌ട്രീയനേതാക്കളുടെയും താൽപര്യത്തിനനുസരിച്ചു തള്ളുന്ന അൽപജ്ഞാനികളായ വിദഗ്‌ധർ വിദ്യാഭ്യാസസംവിധാനം നിയന്ത്രിക്കുന്നത്‌ വിദ്യാഭ്യാസപുരോഗതിക്ക്‌ പ്രതിബന്ധമാണെന്ന തിരിച്ചറിവുണ്ടാകണം. പക്ഷേ ഇരിക്കുന്ന കൊമ്പ്‌ മുറിക്കുക വിമർശനമോ സ്വയം വിമർശനമോ അല്ല. ഇതാണ്‌ സർക്കാർ ഇപ്പോൾ ചെയ്യുന്നത്‌. ഇത്‌ ആത്മഹത്യാപരമാണ്‌. കേരളം വളരെ ശ്രമപ്പെട്ട്‌ വളർത്തി യെടുത്ത ഒരു സാദ്ധ്യതയെ ഇല്ലായ്‌മ ചെയ്യലാണ്‌. ഈ ബോധ്യം സർക്കാരിന്‌ ഇന്നില്ല. അധ്യാപകരും വിദ്യാഭ്യാസപ്രവർത്തകരും പൊതുസമൂഹവും ഈ പാവകളിയിലെ പാവകളല്ല. സ്വാഭിമാനമുള്ള ആർക്കും ഇത്തരം പൊതുസ്‌കൂളുകൾക്ക്‌ കൂട്ടുനിൽക്കാനാവില്ല. അവരത്‌ തിരിച്ചറിഞ്ഞ്‌ മുന്നോട്ടുവരുമ്പോൾ സർക്കാരിന്‌ തെറ്റു തിരുത്താതെ മുന്നോട്ടുപോകാനാവില്ല. അതിനുള്ള പ്രചാരണങ്ങളും പ്രക്ഷോഭങ്ങളും ആണ്‌ ഇന്ന്‌ കേരളത്തിൽ നടക്കേണ്ടത്‌. ഒരു നിമിഷം പോലും ഇനി അമാന്തിക്കാനില്ലെന്നു ചുരുക്കം.


അനുബന്ധം - 1

വിദ്യാഭ്യാസ അവകാശ നിയമം

പ്രാദേശിക ഭരണകൂടത്തിന്റെ ചുമതലകൾ :

1. എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം നൽകുക.

2. അയൽപക്ക വിദ്യാലയങ്ങൾ ഉണ്ടെന്നുറപ്പുവരുത്തുക.

3. ദുർബല വിഭാഗങ്ങളിൽപ്പെട്ട കുട്ടികളും അവശവിഭാഗങ്ങളിൽപ്പെട്ട കുട്ടികളും യാതൊരു വിധത്തിലും വിദ്യാഭ്യാസം നേടുന്നതിനും പൂർത്തിയാക്കുന്നതിനും വിവേചനം അനുഭവിക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തുക.

4. അധികാരപരിധിയിലുള്ള സ്ഥലത്തെ പതിനാലു വയസുവരെ യുള്ള കുട്ടികളുടെ റെക്കോർഡുകൾ പരിപാലിക്കുക.

5. അധികാരപരിധിയിലുള്ള സ്ഥലത്തെ കുട്ടികളുടെ പ്രവേശനം തുടർപഠനം, പഠന പൂർത്തീകരണം എന്നിവ ഉറപ്പാക്കുക, മോണിറ്റർ ചെയ്യുക.

6. സ്‌കൂൾ കെട്ടിടമുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപകർ, പഠനസഹായക വസ്‌തുക്കൾ എന്നിവ ലഭ്യമാക്കുക.

7. അധ്യാപകർക്ക്‌ സെക്ഷൻ നാലിൽ പറയുന്ന പ്രത്യേക പരിശീലന സൗകര്യങ്ങൾ നൽകുക. പ്രായക്കൂടുതലുള്ള കുട്ടികൾ പ്രവേശിക്കപ്പെട്ടാൽ അവർക്ക്‌ പ്രത്യേക പരിശീലനം നൽകുക.

8. ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥയ്‌ക്കും നിലവാരത്തിനും യോജിച്ച തരത്തിൽ ഗുണമേന്മയുള്ള എലിമെന്ററി വിദ്യാഭ്യാസം ഉറപ്പാക്കുക.

9. ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന കരിക്കുലവും പഠനക്രമവും യഥാസമയം നിർദേശാനുസരണം നടപ്പിൽ വരുന്നുണ്ടെന്ന്‌ ഉറപ്പു വരുത്തുക.

10. അധ്യാപകർക്ക്‌ പരിശീലന സൗകര്യം ഒരുക്കുക.

11. നാടോടികളായ കുട്ടികളുടെ വിദ്യാലയ പ്രവേശനം ഉറപ്പാക്കുക.

12. അധികാര പരിധിയിലുള്ള വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുക. അക്കാദമിക കലണ്ടർ തയ്യാറാക്കുക.


ആസൂത്രണബോർഡിന്റെ മാർഗരേഖ

1. പ്രൈമറി വിദ്യാഭ്യാസ ഗുണനിലവാരം വർധിപ്പിക്കുന്നതിനും പഠനനിലവാരം ഉയർത്തുന്നതിനും കുട്ടികളുടെ സർഗാത്മകശേഷി വികസിപ്പിക്കുന്നതിനും വേണ്ടി അധ്യാപക പരിശീലനമുൾപ്പെടെ നിരവധി പരിപാടികൾ എസ്‌.എസ്‌.എ നടപ്പിലാക്കുന്നുണ്ട്‌. അനുപൂരകമായി ഇത്തരം പരിപാടികൾ ഏറ്റെടുക്കുന്നതിന്‌ ഉദ്ദേശി ക്കുന്നുണ്ടെങ്കിൽ ആവർത്തനം ഒഴിവാക്കുന്നതിനായി അത്തരം പരിപാടികൾ എസ്‌.എസ്‌.എ പ്രോജക്ടിൽ ഉൾപ്പെടുത്തി നടപ്പി ലാക്കേണ്ടതാണ്‌.

2. അധ്യാപക പരിശീലനങ്ങൾ, അധ്യാപകർക്കും വിദ്യാർഥികൾക്കും വിതരണം ചെയ്യാനുള്ള പുസ്‌തകങ്ങൾ തയ്യാറാക്കൽ, അച്ചടി, മറ്റ്‌ പഠന സാമഗ്രികൾ തയ്യാറാക്കൽ എന്നിവ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിൽ നടന്നു വരുന്ന പ്രവർത്തനങ്ങളാകയാൽ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനു മുമ്പ്‌ സർക്കാർ അനുമതി വാങ്ങിച്ചിരിക്കേണ്ടതാണ്‌.

3. സ്‌കൂൾ ഉച്ചഭക്ഷണ പരിപാടി വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിൽ നടന്നുവരുന്നതാകയാൽ അതുമായി ബന്ധപ്പെട്ട ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളായിരി ക്കണം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ടത്‌.

4. ഹോണറേറിയമോ വേതനമോ കൂടാതെ സന്നദ്ധ മനോഭാവത്തോടെ പ്രവർത്തിക്കാൻ തയ്യാറുള്ള അധ്യാപകർ വിദ്യാസമ്പന്നരായ യുവതീയുവാക്കൾ എന്നിവരെ സംഘടിപ്പിച്ച്‌ പഠന ത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു വേണ്ടി പ്രത്യേകം കോച്ചിംഗ്‌ നടത്താവുന്നതാണ്‌.

5. കേരള സംസ്ഥാന സാക്ഷരതാമിഷൻ തുടർ വിദ്യാഭ്യാസപ്രവർത്തനങ്ങൾ നടത്തി വരുന്ന സാഹചര്യത്തിൽ തുടർവിദ്യാകേന്ദ്രങ്ങൾക്ക്‌ വേണ്ട ഭൗതികസൗകര്യങ്ങൾ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ മാത്രമേ ഇതുമായി ബന്ധപ്പെട്ട്‌ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഏറ്റെടുക്കാവൂ.