വേണം മറ്റൊരു കേരളം വേണ്ടത്‌ സാമൂഹിക വികസനം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
19:35, 25 സെപ്റ്റംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMMurali (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേണ്ടത് സാമൂഹിക വികസനം
പ്രമാണം:T=Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വികസനം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഒക്ടോബർ, 2011

കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുപതിറ്റാണ്ടു കാലമായി സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌. ശാസ്‌ത്രീയ അറിവുകൾ ജനങ്ങളിലേക്ക്‌ അവരുടെ സ്വന്തം ഭാഷയിൽ എത്തിക്കാനും അതുവഴി അവരിൽ ശാസ്‌ത്രബോധം വളർത്താനും ലക്ഷ്യമിട്ടാണ്‌ പരിഷത്ത്‌ പ്രവർത്തനം ആരംഭിക്കുന്നത്‌. ക്രമേണ ശാസ്‌ത്രത്തിന്റെ ദുരുപയോഗത്തിനെതിരെയും ജനക്ഷേമകരമായ പ്രയോഗത്തിനു വേണ്ടിയും പരിഷത്ത്‌ ശബ്‌ദമുയർത്താൻ തുടങ്ങി. ശാസ്‌ത്ര-സാങ്കേതിക വിദ്യകളുടെ പ്രയോഗം ബഹുഭൂരിപക്ഷത്തിന്റെ ജീവിതം മെച്ചപ്പെടുത്താൻ ഉപകരിക്കാത്തതും പലപ്പോഴും ദോഷകരമായി ബാധിക്കുന്നതിന്റെയും അടിസ്ഥാന കാരണം നീതിപൂർവമല്ലാത്ത ഒരു സാമൂഹ്യ വ്യവസ്ഥയാണെന്നും അതിൽ ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ നിയന്ത്രണം ധനിക ന്യൂനപക്ഷത്തിന്റെ കൈവശമാണെന്നും പരിഷത്ത്‌ നിരീക്ഷിച്ചു. `ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌' എന്ന മുദ്രാവാക്യം സ്വീകരിക്കുന്നതിന്റെ അടിസ്ഥാനം അതാണ്‌.

പരിഷത്ത്‌ പ്രവർത്തനങ്ങൾക്ക്‌ കൃത്യമായ ദിശാബോധം നൽകാൻ ഈ മുദ്രാവാക്യം സഹായകമായി. തുടർന്ന്‌ സാമൂഹ്യജീവിതത്തിന്റെ നാനാ മേഖലകളിൽ ശാസ്‌ത്രരീത്യാ ഇടപെടുകയും ദരിദ്രപക്ഷത്തു നിന്നുകൊണ്ട്‌ നിലപാടുകൾ കൈക്കൊള്ളുകയും ചെയ്‌തു. വിദ്യാഭ്യാസം, പരിസ്ഥിതി, ഊർജം, ആരോഗ്യം, സംസ്‌കാരം, ജെൻഡർ തുടങ്ങിയ രംഗങ്ങളെല്ലാം ഈവിധം പരിഷത്ത്‌ ഇടപെടുകയും പുതിയ ചിന്തകൾക്ക്‌ വഴിമരുന്നിടുകയും ചെയ്‌ത മേഖലകളാണ്‌. വിമർശനങ്ങൾ ഉയർത്തിയും പഠനപ്രവർത്തനത്തിലേർപ്പെട്ടും ചിലപ്പോൾ പുതിയ ബദൽ മാതൃകകൾ വികസിപ്പിച്ചുമായിരുന്നു പരിഷത്തിന്റെ ഓരോ രംഗത്തെയും ഇടപെടൽ. ഓരോ പ്രത്യേക രംഗങ്ങളിലിടപെടുമ്പോഴും അവ തമ്മിലുള്ള പരസ്‌പര ബന്ധം മനസ്സിലാക്കി ഉദ്‌ഗ്രഥിതമായ ഒരു സമീപനം വളർത്തിയെടുക്കാനും പരിഷത്ത്‌ ശ്രദ്ധിച്ചിരുന്നു.

ജനജീവിതവുമായി ബന്ധപ്പെട്ട പ്രാദേശിക ഉൽപ്പാദന പ്രവർത്തനങ്ങളിൽ ശാസ്‌ത്രത്തിന്റെ പ്രയോഗം ഉണ്ടാകുന്നതിലൂടെയേ ശാസ്‌ത്രബോധം ജനങ്ങളിൽ വളരൂ എന്ന തിരിച്ചറിവാണ്‌ 1975ൽ ഗ്രാമശാസ്‌ത്ര സമിതികൾ രൂപീകരിക്കാൻ പരിഷത്തിനെ പ്രേരിപ്പിച്ചത്‌. വാഴയൂർ ജലവിഭവ സർവേ, കല്യാശ്ശേരി വിഭവ ഭൂപട നിർമാണം, പതിനഞ്ച്‌ പഞ്ചായത്തുകളിൽ നടത്തിയ ജനകീയാസൂത്രണ പരിപാടി, കേരളത്തെ അറിയുക; കേരളത്തെ മാറ്റുക ക്യാമ്പയിൻ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ പ്രാദേശികാസൂത്രണം സംബന്ധിച്ച പരിഷത്ത്‌ അനുഭവങ്ങളും നിലപാടുകളും വികസിച്ചുവന്നു. ആഗോളവൽക്കരണത്തിന്റെ ഭാഗമായി നവലിബറൽ നയങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയപ്പോൾ അവയ്‌ക്കെതിരെ പ്രചരണം നടത്താനും പ്രതിരോധങ്ങൾ ഉയർത്താനും പരിഷത്ത്‌ ശ്രമിച്ചത്‌ അതുവരെയുള്ള പ്രവർത്തന അനുഭവങ്ങളുടെ വെളിച്ചത്തിലാണ്‌. വികസനവും രാഷ്‌ട്രീയവും തമ്മിലുള്ള ബന്ധം കൂടുതൽ തിരിച്ചറിയാൻ ഈ പ്രവർത്തനങ്ങൾ സഹായിച്ചു. കേരളത്തിന്റെ വിഭവലഭ്യതയെയും മാനവശേഷിയെയും സമഗ്രമായി പരിശോധിച്ചുകൊണ്ട്‌ ഒരു വികസന പരിപ്രേക്ഷ്യം അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ തുടക്കമായിരുന്നു 1975 ൽ പ്രസിദ്ധീകരിച്ച കേരളത്തിന്റെ സമ്പത്ത്‌. തുടർന്ന്‌ 1988 ൽ പ്രസിദ്ധീകരിച്ച എട്ടാം പദ്ധതിക്ക്‌ ഒരാമുഖം, ജനകീയാസൂത്രണ പ്രസ്ഥാനം, കേരളപഠനം, ഭൂമി പൊതുസ്വത്ത്‌ കാമ്പയിൻ തുടങ്ങിയവയിലൂടെ കാലികമായി കേരള സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെക്കൂടി പരിശോധിച്ചുകൊണ്ട്‌ കേരള വികസനം സംബന്ധിച്ച നിലപാട്‌ പരിഷത്ത്‌ വികസിപ്പിക്കുകയുണ്ടായി.

പരിഷത്ത്‌ അമ്പത്‌ വർഷം പിന്നിടുകയാണ്‌. ആഗോളവൽക്കരണം രാജ്യത്ത്‌ നടപ്പിലാക്കാൻ തുടങ്ങിയിട്ട്‌ രണ്ട്‌ ദശകവും പിന്നിടുന്നു. വികസനത്തിന്റെ വിവിധ തലങ്ങളിൽ നടത്തിയ ഇടപെടലുകളിൽ നിന്നാർജിച്ച അനുഭവങ്ങളുടെയും ഉൾക്കാഴ്‌ചയുടെയും അടിസ്ഥാനത്തിൽ വീക്ഷിക്കുമ്പോൾ കേരളം ഇന്ന്‌ വളരുന്ന രീതി ആപൽക്കരമാണെന്നാണ്‌ ഞങ്ങളുടെ അഭിപ്രായം. നാം നേടിയ സാമൂഹ്യനീതി നഷ്‌ടമാവുന്നു. പാരിസ്ഥിതികവും സാമ്പത്തികവുമായ അസ്ഥിരത നമുക്ക്‌ മുമ്പിൽ വെല്ലുവിളിയാവുന്നു. ലോകമെങ്ങും സംഭവിക്കുന്ന ദുരിതങ്ങളും പ്രക്ഷോഭങ്ങളും നമുക്ക്‌ ചൂണ്ടുപലകയാണ്‌. `വേണം മറ്റൊരു കേരളം' എന്ന ഒരു മുദ്രാവാക്യം ഉയർത്തുവാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നതതാണ്‌. 2011 ഫെബ്രുവരിയിൽ നടന്ന പരിഷത്തിന്റെ 48-ാം വാർഷികത്തിൽ ആസൂത്രണം ചെയ്‌ത ഈ കാമ്പയിൻ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന്‌ ആരംഭിക്കുന്നു. ഏതാണ്ട്‌ രണ്ടുവർഷക്കാലം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്നതും വിപുലമായതുമായ ഒരു ക്യാമ്പയിനാണ്‌ പരിഷത്ത്‌ തുടക്കം കുറിക്കുന്നത്‌. ഇതു വിജയിപ്പിക്കുവാൻ വലിയ അളവിലുള്ള ജനകീയ കൂട്ടായ്‌മകൾ ആവശ്യമാണ്‌. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഇതിന്നായി അഭ്യർത്ഥിക്കുന്നു.

                                                    കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌


ആമുഖം

ഇന്നത്തെ കേരളത്തിന്റെ പ്രശ്‌നങ്ങളും പോരായ്‌മകളും ചർച്ച ചെയ്യാനും ഇന്നത്തേതിനേക്കാൾ മെച്ചപ്പെട്ട കേരളം സാധ്യമാണെന്ന ശുഭാപ്‌തിവിശ്വാസം വളർത്താനും ഉദ്ദേശിച്ചാണ്‌ `വേണം മറ്റൊരു കേരളം' എന്ന ബഹുജന വിദ്യാഭ്യാസ പരിപാടിക്ക്‌ പരിഷത്ത്‌ രൂപം നൽകിയിട്ടുള്ളത്‌. സാമൂഹ്യ വികസനത്തിന്റെ നിലപാടുകൾ വിശദീകരിക്കുക, വികസനത്തിന്റെ ശാസ്‌ത്രതലങ്ങൾ പ്രചരിപ്പിക്കുക, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുക, നവലിബറൽ പരിഷ്‌കാരങ്ങളുടെ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടുക, കേരള വികസന ചരിത്രം ജനങ്ങളെ ഓർമിപ്പിക്കുക, എല്ലാ രംഗത്തും ജനകീയ കൂട്ടായ്‌മകൾ വളർത്താൻ സഹായിക്കുക എന്നിങ്ങനെ സർവതല സ്‌പർശിയായൊരു പ്രവർത്തന പരിപാടിയായാണ്‌ `വേണം മറ്റൊരു കേരളം' ക്യാമ്പയിൻ വിഭാവനം ചെയ്‌തിരിക്കുന്നത്‌.

കേരളത്തിലെ ഇന്നത്തെ പല പ്രവണതകളും സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ പലതും ഇല്ലാതാക്കുന്നവയാണ്‌. നേടിയ നേട്ടങ്ങൾ സംരക്ഷിച്ചുകൊണ്ട്‌ പുതിയ നേട്ടങ്ങൾ കൈവരിക്കണമെങ്കിൽ നിലവിലുള്ള പരിമിതികൾ പലതും മറികടക്കാൻ കഴിയണം. അതിന്‌ ജനങ്ങളെ തയ്യാറാക്കുകയാണ്‌ ഈ ക്യാമ്പയിന്റെ ഒരു പ്രധാന ലക്ഷ്യം.

ഒട്ടേറെ സാമൂഹ്യ നേട്ടങ്ങൾ ഉണ്ടാക്കിയ പ്രദേശമാണ്‌ കേരളം. വലിയ തോതിൽ സാമ്പത്തിക വളർച്ച ഇല്ലാഞ്ഞിട്ടു പോലും ജനകീയ ഇടപെടലുകൾ വഴി ജീവിതഗുണനിലവാരം മെച്ചപ്പെടുത്താൻ നമുക്ക്‌ കഴിഞ്ഞു. എണ്ണമറ്റ ജനകീയ പ്രക്ഷോഭങ്ങൾ വഴി പൊതു സംവിധാനങ്ങളെ മെച്ചപ്പെടുത്താനും വ്യാപിപ്പിക്കാനും കഴിഞ്ഞു. മിനിമം കൂലിയും ഭൂപരിഷ്‌കരണവും അധികാരവികേന്ദ്രീകരണ സാധ്യതകളുമെല്ലാം ജനജീവിതത്തെ പുഷ്‌ടിപ്പെടുത്തി. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടിൽ പോലും മാനവ വികസന രംഗത്ത്‌ കേരളമാണ്‌ ഒന്നാം സ്ഥാനത്തുള്ളത്‌. എന്നാൽ ഈ നേട്ടങ്ങളോടൊപ്പം ചില പോരായ്‌മകളും കേരളത്തിൽ ശക്തിപ്പെടുന്നുണ്ടായിരുന്നു. തദ്ദേശീയ ഉൽപ്പാദന മുരടിപ്പായിരുന്നു ഇതിൽ പ്രധാനം. സാർവത്രിക വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും ചേർന്ന്‌ അഭ്യസ്ഥവിദ്യരുടെ എണ്ണവും തൊഴിൽ ശേഷിയും വർധിപ്പിച്ചു. എന്നാൽ ഉൽപ്പാദനമേഖലകളുടെ മുരടിപ്പ്‌ പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കിയില്ല. ഈ സാഹചര്യം നമ്മുടെ യുവാക്കളെ ഇതര സംസ്ഥാനങ്ങളിലേക്കും ഇതര രാജ്യങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും ആകർഷിച്ചു. അങ്ങനെ പ്രവാസിപ്പണം കേരളത്തിൽ ഒരു പ്രധാന വരുമാനമാർഗമായി. ഇതും ഉൽപ്പാദനക്ഷമമായി പ്രയോജനപ്പെടുത്താൻ നമുക്ക്‌ പദ്ധതികൾ ഇല്ലാതെ പോയി.

ഇതോടെയാണ്‌ നവലിബറൽ പരിഷ്‌കാരങ്ങൾ കയറിവന്നത്‌. കമ്പോളം എല്ലാറ്റിനും പരിഹാരമാണെന്ന്‌ അത്‌ കൽപ്പിച്ചു. സ്വകാര്യ മേഖലയുടെ അനിയന്ത്രിത വികാസം, ധനികപക്ഷ നിലപാടുകൾ, നിയന്ത്രണങ്ങൾ, ഉദാരീകരണം എന്നിവയെല്ലാം മുതലാക്കി ഒരുതരം പുത്തൻകൂറ്റ്‌ പണക്കാർ ഇവിടെ ഉയർന്നുവന്നു. മദ്യം, സ്വർണം, ടൂറിസം വാഹനം എന്നിവയൊക്കെ ഇവരുടെ പ്രധാന മേച്ചിൽ സ്ഥലങ്ങളായി. ഇതിന്‌ വേണ്ടി പ്രകൃതിവിഭവങ്ങളിൽ അമിതമായ കയ്യേറ്റം നടന്നു. പശ്ചാത്തല സൗകര്യങ്ങളിലെ കോർപ്പറേറ്റുവൽക്കരണം, സ്വാശ്രയ വിദ്യാഭ്യാസം, പഞ്ചനക്ഷത്ര ആശുപത്രികൾ, മാളുകൾ എന്നിവയെല്ലാമാണ്‌ വളർന്നുവന്നത്‌.

ശാസ്‌ത്രീയമായൊരു ആസൂത്രണമില്ലാതെയാണ്‌ ഇന്ന്‌ പ്രകൃതിവിഭവങ്ങളും മനുഷ്യാധ്വാനവും കേരളത്തിൽ വിനിയോഗിക്കപ്പെടുന്നത്‌. പുത്തൻകൂറ്റ്‌ പണക്കാരെ ആശ്രയിക്കുന്ന കരാർ തൊഴിലാളികളായാണ്‌ ഇവിടുത്തെ അധ്വാനശേഷി പ്രവർത്തിക്കുന്നത്‌. നല്ലൊരുഭാഗം തൊഴിലാളികൾ അന്യനാടുകളിലേക്ക്‌ കരാർപ്പണിക്കായി ചേക്കേറുന്നു. ഇത്‌ നാടിന്റെ വികസനത്തിനുപയോഗിക്കാവുന്ന വലിയൊരു വിഭവത്തെ നഷ്‌ടമാക്കുന്നു.

ഈ അവസ്ഥ നാടിന്റെയും ജനങ്ങളുടെയും മൊത്തത്തിലുള്ള സാമൂഹ്യ വികസനത്തെ സഹായിക്കുന്നില്ല. മാത്രമല്ല, ആധുനിക വികസനം സൃഷ്‌ടിക്കുന്ന പലതരം കെടുതികൾക്കും ജനങ്ങൾ ഇരയാകേണ്ടിവരുന്നു. പാടം നികത്തലും വനനശീകരണവും തീരദേശ റിസോർട്ടുകളും മണൽ വാരലുമെല്ലാം സാധാരണ ജനങ്ങളുടെ ജീവിതത്തിന്‌ വിനയായിത്തീരുന്നു. എന്നാൽ താൽക്കാലിക വരുമാനത്തിന്റെ പുളപ്പിൽ ഭാവിയെ മറന്ന്‌ കമ്പോളത്തിന്റെ മാസ്‌മരികതയിൽ പലരും അഭിരമിക്കുന്നു. സാമ്പത്തിക അസമത്വം കൂടിക്കൊണ്ടിരിക്കുന്നു.

ഈ സാഹചര്യം ജീവിത ഗുണനിലവാരത്തെ സൂചികകളിൽ മാത്രം ഒതുക്കുന്നു. യഥാർത്ഥ ജീവിതം കൂടുതൽ സംഘർഷ ഭരിതമാകുന്നു. മദ്യപാനം, ആത്മഹത്യ, ജീവിതശൈലീ രോഗങ്ങൾ, റോഡപകടങ്ങൾഎന്നിവയൊക്കെ ഒരു പരിഷ്‌കൃത സമൂഹത്തിന്‌ ചേരാത്ത തോതിൽ കൂടിക്കൊണ്ടിരിക്കുന്നു. ഇതിന്നിടയിൽ സ്വത്വ രാഷ്‌ട്രീയ പ്രചരണങ്ങൾ ജനാധിപത്യ മതേതരമൂല്യങ്ങൾക്ക്‌ പോലും വിനയായി മാറുന്നു.

കമ്പോളത്തിന്റെ യുക്തിയും അന്ധവിശ്വാസങ്ങളും ചേർന്നാണ്‌ ഇന്നത്തെ കേരളത്തെ നയിക്കുന്നത്‌. ഈ അവസ്ഥയെ ഫലപ്രദമായി നേരിടുന്ന രാഷ്‌ട്രീയ മുന്നേറ്റങ്ങൾ ഉണ്ടാകുന്നില്ല. ഇത്‌ ജനങ്ങളിൽ അന്ധാളിപ്പ്‌ ഉളവാക്കുന്നു; ശുഭാപ്‌തിവിശ്വാസം നഷ്‌ടപ്പെടുന്നു. നാളെയെക്കുറിച്ച്‌ ചിന്തിക്കാതെ ഇന്നിനെ എങ്ങനെയെങ്കിലും മറികടക്കുന്നതിനായി ജനങ്ങളിൽ നല്ലൊരു ഭാഗം വ്യാപൃതരാകുന്നു. മറ്റൊരു കൂട്ടർ അടിച്ചുപൊളിക്കാൻ തയ്യാറെടുക്കുന്നു. ദരിദ്രരായ നല്ലൊരു ഭാഗം വിധി വിശ്വാസവുമായി കഴിയുന്നു.

ഈ പോക്ക്‌ അപകടകരമാണ്‌. ഇതിനെ തടഞ്ഞേ മതിയാകൂ. അതിനുള്ള പ്രചരണ പ്രവർത്തനങ്ങളും ചർച്ചയുമാണ്‌ `വേണം മറ്റൊരു കേരളം' പരിപാടിയിലൂടെ പരിഷത്ത്‌ നടത്തുന്നത്‌.

പണമില്ലാത്തവൻ പിണം

പണത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലാണ്‌ എവിടേയും. പണം ഏതുവിധേനയെങ്കിലും സമ്പാദിച്ചാൽ നമ്മുടെ അഭീഷ്‌ടങ്ങൾ എല്ലാം സാധിക്കുമെന്ന്‌ മിക്ക മലയാളികളും ഉറച്ചുവിശ്വസിക്കുന്നു. വിവിധ രീതിയിൽ നാട്ടിലേയ്‌ക്ക്‌ ഒഴുകുന്ന പണവും ഉദാരവൽക്കരണത്തിന്റെ ഫലമായി കേരളത്തിലേക്കു കടന്നുവരുന്ന ഉൽപ്പന്നങ്ങളുടെയും സാങ്കേതികവിദ്യകളുടെയും ജീവിതശൈലികളുടെയും ഒഴുക്കും കൂടി പണമുണ്ടാക്കാനുള്ള പുതിയ മാർഗങ്ങളെ സൃഷ്‌ടിക്കുന്നു. വൻ വരുമാനദായകമായ തൊഴിലുകൾ ഏതുവിധേനയും നേടിയെടുക്കാനുള്ള സ്വപ്‌നങ്ങൾ സാധാരണക്കാരുടെ മനസ്സിലുമുണ്ട്‌. ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളിലേക്കും സ്വാശ്രയ കോഴ്‌സുകളിലേക്കും ആഗോളവിപണിയിലെ ഏതു രൂപത്തിലുള്ള തൊഴിലുകളിലേക്കും ആളുകൾ തള്ളിക്കയറുന്നത്‌ ഈ സ്വപ്‌നസാക്ഷാൽക്കാരത്തിന്റെ ഭാഗമാണ്‌. അതിനുള്ള സാധ്യതകൾ തുറന്നിടുന്നതുവഴി ലാഭാധിഷ്‌ഠിത മുതലാളിത്ത വ്യവസ്ഥ മനുഷ്യരുടെ മനസ്സുകളിലും ജീവിത രീതികളിലും ആധിപത്യം നേടുന്നു.

സ്വപ്‌നവീട്‌

പണം കേരളത്തിൽ എങ്ങനെയാണ്‌ ഉപയോഗിക്കുന്നത്‌? `കേരള പഠന'ത്തിലൂടെ പരിഷത്ത്‌ ഇത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. പണമുണ്ടാക്കാൻ ഓടി നടക്കുക, അതിനുശേഷം സ്വപ്‌നവീടുകളും സ്വപ്‌ന?നിക്ഷേപങ്ങളും നടത്തുക, മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും ആർഭാട പൂർവം പണം ചെലവാക്കുക, സുഖഭോഗങ്ങൾക്കും വിനോദത്തിനും മദ്യത്തിനുമായി ബാക്കി പണം ചെലവാക്കുക, തുടർന്നുണ്ടാകുന്ന പ്രമേഹം, രക്തസമ്മർദം,കൊളസ്റ്റെറോൾ, ഹൃദ്‌രോഗം, കരൾരോഗം മുതലായവയ്‌ക്കായി ശേഷിച്ച പണം ചെലവാക്കുക . ഇതിനിടയിൽ കടം കയറി ആത്മഹത്യചെയ്യൽ, ആർഭാടപൂർവം നടത്തിയ വിവാഹം റദ്ദാക്കൽ, സ്‌ത്രീപീഡനം, അന്ധവിശ്വാസങ്ങൾ, ആനന്ദോൽസവങ്ങൾ തുടങ്ങിയവയും അരങ്ങേറുന്നു. സ്വപ്‌ന വീടുകളും ആനന്ദമന്ദിരങ്ങളും നിർമിക്കുമ്പോൾ കുടുതൽ പ്രദേശങ്ങൾ നഗരങ്ങളായി മാറുന്നു. പരിസ്ഥിതി ആഘാതം, വയലുകളെയും കുന്നുകളെയും പുഴകളെയും മാത്രമല്ല, കേരളത്തിന്റെ ജൈവവൈവിധ്യത്തെയും ഭൂമിയുടെ പ്രതലത്തേയും മുഴുവൻ ബാധിക്കുന്നു. പണമുള്ളവരും സ്വപ്‌നവീടുകൾ നിർമിക്കുന്നവരും ഇതിനുസാധിക്കാത്തവരെ പുച്ഛത്തോടെയും പരിഹാസത്തോടെയും നോക്കുന്നു. ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വർധിക്കുന്നു. ഇടത്തരക്കാർ എന്തടവും പയറ്റി ധനികരുടെ ഇടയിൽ സ്ഥാനം പിടിക്കാൻ ശ്രമിക്കുന്നു. കേരളത്തിൽ ഇതുവരെ നടപ്പിലായ ഭൂപരിഷ്‌കരണത്തിന്റെയും സൗജന്യ സാർവത്രിക വിദ്യാഭ്യാസത്തിന്റെയും അവസര തുല്യതയുടെയും മറ്റു നിരവധി ക്ഷേമപദ്ധതികളുടെയും ഭാഗമായി മുൻനിരയിലെത്തിയവർ പോലും പുതിയ സാമ്പത്തിക നയങ്ങളുടെ മലവെള്ളപ്പാച്ചിലിൽ അതിന്റെ ഭാഗമായി അറിഞ്ഞോ അറിയാതെയോ മാറുന്നു.

ചിന്ന ചിന്ന ആശൈ

ഇത്തരത്തിലുള്ളവർ പ്രചരിപ്പിക്കുന്ന നിരവധി ആശയങ്ങളുണ്ട്‌.

ഒന്നാമത്‌, നവലിബറൽ മുതലാളിത്തത്തിൽ മാറ്റം സാധ്യമല്ല. കമ്പോളത്തെ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. ഇനി അതിനെതിരെ പ്രസംഗിച്ചും പ്രവർത്തിച്ചും നടക്കുന്നത്‌ വിഡ്‌ഢിത്തമാണ്‌.

രണ്ടാമത്‌, വമ്പിച്ച വിഭവങ്ങളാണ്‌ ഇന്ന്‌ മുതലാളിത്തത്തിന്റെ കൈവശമുള്ളത്‌. വിവരസാങ്കേതികവിദ്യ, ജൈവസാങ്കേതികവിദ്യ മുതലായവ തുറക്കുന്ന സാധ്യതകൾ അനന്തമാണ്‌. അതുകൊണ്ട്‌, ഇന്നത്തെ സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ മുഴുവൻ നിറവേറ്റാനുള്ള കഴിവ്‌ നവലിബറൽ വ്യവസ്ഥയ്‌ക്കുണ്ട്‌.

മൂന്നാമത്‌, നവലിബറൽ വ്യവസ്ഥയ്‌ക്ക്‌ ചില പിഴവുകളുണ്ടാകാം. അതു തിരുത്താനായി നമ്മൾ പ്രവർത്തിക്കണം. ഇന്നത്തെ സംവിധാനങ്ങളെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വിധത്തിൽ ഫലപ്രദമായി പ്രവർത്തിപ്പിക്കുകയാണ്‌ വേണ്ടത്‌. മെച്ചപ്പെട്ട `സർവീസ്‌ ഡെലിവറി' സമ്പ്രദായം ഉണ്ടായാൽ മതി.

നാലാമത്‌, ജനങ്ങൾക്ക്‌ ആശകളും മോഹങ്ങളും അഭിലാഷങ്ങളുമുണ്ടാകുന്നതിൽ ഒരു തെറ്റുമില്ല. ഇന്നത്തെ മുതലാളിത്ത വ്യവസ്ഥയിൽ എല്ലാവർക്കും `ചിന്നചിന്ന ആശ'കളുണ്ടാകും. ആശകൾ നിറവേറ്റാനായി പണം ചെലവാക്കാനും തയ്യാറാകും. അതവർ ചെയ്‌തോട്ടെ; അതിലെന്താണ്‌ തെറ്റ്‌? ആശകൾ അതിരു കവിഞ്ഞ്‌ 2-ജി, 3-ജി സ്‌പെക്‌ട്രത്തിലെത്താതിരുന്നാൽ മാത്രം മതി. ഈ കാഴ്‌ചപ്പാടിന്റെ ഫലമായി ജനങ്ങളുടെ സ്വാഭാവികവും ന്യായവുമായ ആശങ്കകളും അതുകൂടാതെ അവരുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന വ്യാമോഹങ്ങളും തമ്മിൽ കൂടിക്കുഴയുന്നു. ജനങ്ങൾ ലാഭക്കൊതിയന്മാരുടെ ഇരകളായി തീരാൻ ഇതുമതി.

ആകാശത്തിലെ പറവകൾ

`ആകാശത്തിലെ കുരുവികൾ വിതയ്‌ക്കുന്നില്ല, കൊയ്യുന്നില്ല. കളപ്പുരകൾ കെട്ടുന്നില്ല, അളന്നളന്നുകൂട്ടുന്നില്ല.' പഴയ സിനിമാഗാനമാണിത്‌. മലയാളികൾ വിതയും കൊയ്‌ത്തുമില്ലാത്ത ആകാശത്തിലെ പറവകളാകുകയാണ്‌. കളപ്പുരകൾക്കുപകരം ബാങ്ക്‌ലോക്കറുകളും സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളുമായിമാറുന്ന ലോകം നവലിബറൽ ആകാശത്തിന്റെ സംഭാവനകളാണ്‌.ആകാശത്തിലെ പറവകളായാൽ ലോകത്ത്‌ എങ്ങും പറന്ന്‌ നടക്കാം. ദേശത്തിന്റെയോ രാജ്യത്തിന്റെയോ പ്രശ്‌നങ്ങളും, ധനികരും ദരിദ്രരും തമ്മിലുള്ള അന്തരങ്ങളും അവരെ ബാധിക്കുന്നില്ല. അതുകൊണ്ട്‌ ആഗോളതലത്തിലുള്ള മനുഷ്യശക്തിയുടെ കയറ്റുമതിയും ആഗോളമൂലധനത്തിന്റെ കേരളത്തിലേക്കുളള കടന്നുവരവും പറവകളായി നടക്കാൻ ആവശ്യമാണ്‌. അതിനായി വിദേശ മൂലധനനിക്ഷേപത്തിനെ സ്വാഗതം ചെയ്യും, അവർക്ക്‌ പറന്നുനടക്കാൻ വിമാനത്താവളങ്ങളും അതിവേഗത്തിൽ പായാനുള്ള ഗതാഗതസൗകര്യങ്ങളുമൊരുക്കാം. പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തിനായി ഏറ്റെടുക്കുന്ന സ്ഥലമുടമകൾക്ക്‌ ബോണ്ടുകൾ നൽകിയും ആനുകൂല്യങ്ങൾ നൽകിയും അവരെ മൂലധനചംക്രമണത്തിന്റെ ഭാഗമാക്കാം. കൃഷിയിടങ്ങൾ പറന്നുനടക്കുന്ന കരാർ കൃഷിക്കാർക്കും കോർപ്പറേറ്റ്‌ വ്യവസായികൾക്കും നൽകാം. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും ആഗോള ?ഹബ്ബുകളാക്കി കേരളത്തെ വികസിപ്പിക്കാം. കേരളത്തിന്റെ അവശേഷിക്കുന്ന പ്രകൃതിഭംഗിയെ ടൂറിസ്റ്റുകൾക്ക്‌ വിറ്റ്‌ കാശാക്കാം. കേരളത്തിലെ വെള്ളവും കടൽസമ്പത്തും കാറ്റും വിറ്റ്‌ കാശാക്കുന്നതിനെക്കുറിച്ചും ആലോചിക്കാം. കലഹിച്ചും സ്വപ്‌നം കണ്ടും ഭക്ഷണത്തിന്‌ വകകിട്ടാതെയും അലയുന്ന പാവപ്പെട്ടവർക്കും വിറ്റുകിട്ടുന്ന കാശിന്റെ ചെറിയ ശതമാനം നീക്കിവെച്ച്‌ അവർക്ക്‌ സുരക്ഷാപദ്ധതികൾ ആരംഭിക്കാം. പ്ലാനിങ്ങ്‌ കമ്മീഷന്റെ ദാരിദ്ര്യരേഖ കഴിയാവുന്നത്ര താഴ്‌ത്തിവരച്ചാൽ സുരക്ഷയുടെ കീഴിൽ വരുന്നവരുടെ എണ്ണം കുറയുകയും ചെയ്യും.ശേഷിച്ചവരെ ആഗോളവിപണിയിലേക്ക്‌ പറഞ്ഞയക്കാം. ബാക്കിയുള്ള വൃദ്ധർക്ക്‌ വൃദ്ധസദനങ്ങൾ പണിയുകയും ചെയ്‌താൽ `നല്ലൊരു വികസന മാതൃക' വളർന്നുവരും.

മൂന്നു പണ്ഡിതന്മാരും ഒരു സിംഹവും

ഏവർക്കും അറിയുന്ന ഒരു നാടോടിക്കഥയുണ്ട്‌. മൂന്നു പണ്ഡിതന്മാർ ഒരു സിംഹത്തിന്റെ കങ്കാളം കണ്ടെത്തി. ഒരാൾ അതിന്‌ മജ്ജയും മാംസവും വച്ചുപിടിപ്പിച്ചു. രണ്ടാമത്തെ ആൾ അതിന്‌ സിംഹത്തിന്റെ രൂപം നൽകി. മൂന്നാമത്തെയാൾ അതിന്‌ ജീവനും നൽകി. സിംഹം ചാടിവീണ്‌ മൂന്നാളെയും ശാപ്പിട്ടു. ഇതുപോലെയാണ്‌ നമ്മുടെ വികസന ചർച്ചകളും പോകുന്നത്‌. നാം നാടുനീളെ വികസന സെമിനാറുകൾ നടത്താറുണ്ട്‌. ഒരു സെമിനാറിൽ `ആഗോളവിപണി'യുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന്‌ വാദിക്കുന്നു. അതിനായി വിദേശനിക്ഷേപങ്ങൾക്ക്‌ വാതിലുകൾ മലർക്കെ തുറന്നിടാം. ആഗോളതൊഴിൽ വിപണിയിലേക്ക്‌ ആളുകളെ കയറ്റിഅയയ്‌ക്കാം. സ്വതന്ത്ര വിപണിക്ക്‌ അതിന്റെതായ യുക്തിയുണ്ട്‌. അതുകൊണ്ട്‌ ഇന്നു നേരിടുന്ന എല്ലാ പ്രശ്‌നങ്ങളെയും പരിഹരിക്കാൻ കഴിയും. എല്ലാവരും ഒന്നുചേർന്നു പണിയെടുക്കണമെന്നു മാത്രം. സമരങ്ങളും മറ്റു വയ്യാവേലികളുമൊന്നും പാടില്ല.

രണ്ടാമത്തെ സെമിനാറിൽ ചർച്ച വേറെയാണ്‌. സ്വതന്ത്ര വിപണിക്ക്‌ പ്രശ്‌നങ്ങളുണ്ടെന്നത്‌ ശരിയാണ്‌. ദാരിദ്ര്യം, അഴിമതി, ദളിതുകൾ, ആദിവാസികൾ, സ്‌ത്രീകൾ എന്നിവർക്കുനേരെയുള്ള മർദനം, പരിസ്ഥിതി നാശം എന്നിങ്ങനെ. പക്ഷേ, `മാനവികമുഖ'മുള്ള മുതലാളിത്തംകൊണ്ട്‌ ഇവ പരിഹരിക്കാൻ കഴിയും. `ഉൾപ്പെടൽ വികസനം' (Inclusive growth) എന്നൊക്കെ ഈ രീതിയെ വിളിക്കും. ഗവണ്മെന്റിന്റെ റെവന്യുകൊണ്ടും ധനികരുടെ സംഭാവനകൾകൊണ്ടും ജനങ്ങളുടെ പൊതുവായ പ്രവർത്തനം (Public action) കൊണ്ടും പ്രശ്‌നങ്ങൾ പരിഹരിക്കാം.

മൂന്നാമത്തെ സെമിനാറിൽ ഒരു പടികൂടി മുന്നോട്ടുപോകും. നവലിബറൽ വിപണിവ്യവസ്ഥ അശാസ്‌ത്രീയവും ജനവിരുദ്ധവുമാണ്‌. എന്നാൽ ഇന്നത്തെ അവസ്ഥയിൽ അതിനെ നിരാകരിക്കാൻ കഴിയില്ല. അതേസമയം വികസനം വേണ്ടെന്നു വെയ്‌ക്കാനും കഴിയില്ല. നവലിബറൽ വികസനത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ജനങ്ങളുടെ ആവശ്യങ്ങളനുസരിച്ചുള്ള വികസനതന്ത്രം ആവിഷ്‌കരിക്കുകയാണ്‌ മാർഗം. അതുകൊണ്ട്‌ വിദേശ വായ്‌പകളാകാം. ആവശ്യമായ മേഖലകളിൽ വിദേശനിക്ഷേപങ്ങളുമാകാം. അവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പാവപ്പെട്ടവർക്ക്‌ സാമൂഹ്യരക്ഷ നൽകുന്നതിനുള്ള ഉത്തരവാദിത്വം ഗവണ്മെന്റ്‌ ഏറ്റെടുക്കണം.

ഈ പണ്ഡിതന്മാരെല്ലാം സൃഷ്‌ടിക്കുന്ന സിംഹം ഒന്നുതന്നെയാണ്‌. എന്നാൽ, ഇതിൽ നിന്ന്‌ വ്യത്യസ്‌തമായ മറ്റൊരു വഴിയുണ്ട്‌. ഇന്നത്തെ വ്യവസ്ഥയുടെ കാതൽ വ്യക്തിനിഷ്‌ഠമായ നേട്ടങ്ങളും കുത്തകരീതിയിലുള്ള ലാഭവുമാണ്‌. ഇതിനാവശ്യമായ കടന്നുകയറ്റമാണ്‌ വിഭവങ്ങളുടെയും ഉൽപ്പാദനോപാധികളുടെയും അധ്വാനശേഷിയുടെയും മേൽ ഇക്കൂട്ടർ നടത്തുന്നത്‌. അതിനനുരൂപമായ ഉപഭോഗശീലങ്ങളും സാംസ്‌കാരിക രൂപങ്ങളും അവർ സൃഷ്‌ടിക്കുന്നു.

ഇത്തരം മർദന ചൂഷണ രൂപങ്ങളെയും മിഥ്യാബോധങ്ങളെയും തുടർച്ചയായി തുറന്നുകാണിക്കുക, സാമൂഹ്യമായ അധ്വാനത്തിലും വിഭവസമാഹരണത്തിലും ഊന്നുക, ഉൽപ്പന്നങ്ങളുടെ ആവശ്യാധിഷ്‌ഠിതവും നീതിയുക്തവുമായ വിതരണം ഉറപ്പുവരുത്തുക, ഇതെല്ലാമാണ്‌ ഈ വഴി കൊണ്ടർഥമാക്കുന്നത്‌. കൂടുതൽ ആഴത്തിലുള്ള ശാസ്‌ത്രസാങ്കേതികവിദ്യകളുടെ വിനിയോഗത്തിലും യുക്തിഭദ്രമായ സാമൂഹ്യാധ്വാനത്തിലുമാണ്‌ അത്‌ ഊന്നുക. നിലവിലുള്ള സിംഹത്തിന്റെ കങ്കാളത്തെ പുനരുജ്ജീവിപ്പിക്കാനല്ല അത്‌ ശ്രമിക്കുക. വളരെ ശ്രദ്ധാപൂർവവും ശാസ്‌ത്രീയവും, ഒരുപക്ഷേ, ഏറെക്കാലം നീണ്ടുനിൽക്കുന്നതുമായ അന്വേഷണത്തിലൂടെ പുതിയൊരു ലോകത്തെ സൃഷ്‌ടിക്കാനാണ്‌ അത്‌ ശ്രമിക്കുക. കുഴപ്പങ്ങളിൽ നിന്നു കുഴപ്പങ്ങളിലേക്കു നീങ്ങുന്ന വ്യവസ്ഥയെ അതേപടിയോ പല്ലും നഖങ്ങളും കൊഴിച്ചുകൊണ്ടോ പുനരുജ്ജീവിപ്പിക്കുന്ന വിഡ്‌ഢിത്തവുമല്ല ഈവഴി മുന്നോട്ടുവയ്‌ക്കുക.

എന്നാൽ ലാഭാധിഷ്‌ഠിതസമൂഹത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്‌ വിപണിയുടെ വ്യാപനമാണ്‌. അതിനുവേണ്ടി എത്ര യുദ്ധങ്ങൾ നടത്താനും എത്ര പേരുടെ ജീവിതോപാധികൾ നശിപ്പിക്കാനും അവർ തയ്യാറാണ്‌. ലാഭാധിഷ്‌ഠിതമായ സാമ്പത്തികവികാസത്തിന്റെ യുക്തിയനുസരിച്ചാണ്‌ അവർ ഭരണകൂടത്തെയും പൊതു സേവനമേഖലകളെയും കാണുന്നുത്‌ . പല തലങ്ങളിലും പുരോഗമനപരമായിരുന്നെങ്കിലും കെയ്‌ൻസിയാനിസത്തിനും മുതലാളിത്തത്തിന്റെ അടിസ്ഥാനയുക്തിയെ ചോദ്യം ചെയ്യാൻ സാധിച്ചില്ലെന്ന്‌ ഓർക്കണം. അതായത്‌ സാമൂഹ്യസുരക്ഷയുടെ രൂപങ്ങളും രീതികളും തീരുമാനിക്കുന്നത്‌ ജനങ്ങളല്ല, ഭരിക്കുന്നവരാണ്‌. ഇപ്പോഴത്തെ ദാരിദ്ര്യരേഖ ചർച്ചതന്നെ നല്ലൊരുദാഹരണമാണ്‌. വിദേശവായ്‌പകൾ വാങ്ങാം , വിദേശ മൂലധനം ആവശ്യമെങ്കിൽ ഉപയോഗിക്കുകയും ചെയ്യാം. പക്ഷേ, വായ്‌പ തിരിച്ചടയ്‌ക്കുമെന്നുറപ്പുവരുത്തുന്ന, വിദേശ നിക്ഷേപത്തിന്റെ പ്രസക്തി നഷ്‌ടപ്പെട്ടാൽ അതിനെ മടക്കിയയക്കാൻ സാധിക്കുന്ന ശക്തമായ ഉൽപ്പാദന അടിത്തറ വളർന്നുവരണം. ഇത്തരത്തിലുള്ള അടിത്തറ സൃഷ്‌ടിച്ചിട്ടുപോലും വ്യക്തമായ ദിശാബോധമില്ലാത്തതുകൊണ്ട്‌ തകർന്നുപോയ രാഷ്‌ട്രങ്ങളുടെ അനുഭവങ്ങൾ നമ്മുടെ മുമ്പിലുണ്ട്‌. പൊതുമേഖലയെ മുഴുവനും വിറ്റുതുലയ്‌ക്കുന്ന, അന്താരാഷ്‌ട്രസമ്മർദത്തിനുമുമ്പിൽ ആവശ്യത്തിനും അനാവശ്യത്തിനും കീഴടങ്ങുന്ന ഭരണകൂടത്തിനും അവരുടെ നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ടു പ്രവർത്തിക്കുന്ന ഗവൺമെന്റുകൾക്കും മാത്രമായി ഇന്നത്തെ ദരിദ്രവൽക്കരണപ്രക്രിയ ഇല്ലാതാക്കാൻ കഴിയില്ല. സ്വപ്‌നങ്ങളുടെ വിൽപ്പനക്കാരായി നമുക്ക്‌ മാറിക്കൂട.

ഓർമകളുണ്ടായിരിക്കണം

കേരളത്തിൽ പോരാട്ടങ്ങളാരംഭിച്ചത്‌ സാമൂഹ്യനീതിക്കുവേണ്ടിയാണ്‌. അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരായി, സ്‌ത്രീകൾ നേരിടുന്ന വിവേചനത്തിനും മർദനങ്ങൾക്കുമെതിരായി, പാവപ്പെട്ടവർക്ക്‌ വിദ്യാഭ്യാസത്തിനും തൊഴിലിനും സുരക്ഷിതമായ ജീവിതത്തിനും വേണ്ടി നടത്തിയ പോരാട്ടങ്ങളാണ്‌ നമ്മുടെ സമൂഹത്തെ മാറ്റിമറിച്ചത്‌. ഇത്തരം പോരാട്ടങ്ങളാണ്‌ ജന്മികുടിയാൻ ബന്ധങ്ങൾക്കും നാടുവാഴിത്തത്തിനും ബ്രിട്ടീഷ്‌ കൊളോണിയലിസത്തിനും എതിരായ പോരാട്ടങ്ങളായി പരിണമിച്ചത്‌. ഈ പോരാട്ടങ്ങൾ സൃഷ്‌ടിച്ച സാമൂഹ്യമാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വളർന്നുവന്ന തലമുറയ്‌ക്ക്‌ ജീവിതോപാധികൾ സൃഷ്‌ടിക്കുന്നതിന്റെ ഭാഗമായാണ്‌ വികസനം എന്ന ആശയം തന്നെ വളർന്നുവന്നത്‌. കേരളം എന്ന ദേശീയ വിഭാഗത്തിന്റെ സമഗ്രമായ വളർച്ചയാണ്‌ അന്ന്‌ മലയാളി ലക്ഷ്യമാക്കിയത്‌. അതിന്‌ ലാഭാധിഷ്‌ഠിതമായ സാമൂഹ്യവ്യവസ്ഥയാണോ നല്ലത്‌ അതോ തുല്യതയിലും നീതിയിലുമധിഷ്‌ഠിതമായ മറ്റൊരു സമൂഹമാണോ നല്ലത്‌ എന്ന തർക്കം അന്നുമുതലുണ്ടായിരുന്നു. ആ തർക്കം നിലവിലുള്ളപ്പോൾ തന്നെ സാമൂഹ്യനീതിയുടെ അടിസ്ഥാനാശയങ്ങൾ ആരും ചോദ്യം ചെയ്‌തില്ലെന്നുമോർക്കണം. ഈ സമവായത്തിന്റെ അടിസ്ഥാനത്തിലാണ്‌ പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതു വിതരണസമ്പ്രദായം, പൊതു നിരത്തുകൾ, പൊതുമരാമത്ത്‌, പൊതു കളിസ്ഥലങ്ങളും പാർക്കുകളും തുടങ്ങിയ നിരവധി സങ്കൽപ്പങ്ങൾ യാഥാർഥ്യമാക്കുന്നത്‌. ഭൂപരിഷ്‌കാരങ്ങൾ പോലും നടപ്പിലാക്കുന്നതിൽ വലിയൊരളവു വരെ ഈ സമവായം പങ്കുവഹിച്ചിട്ടുണ്ട്‌. ഇന്നത്തെപ്പോലെ കമ്പോളത്തിനും മുതലാളിത്തത്തിനും അനുകൂലമായ സമവായമായിരുന്നില്ല അത്‌. എന്നും തൊഴിലാളികളുടെയും ദരിദ്രരുടെയും അവകാശങ്ങൾ അനുവദിക്കുന്ന കാര്യത്തിലാണ്‌ സമവായം ഉണ്ടായതെന്ന്‌ ഓർക്കണം.ഈ അവകാശ സമരങ്ങളിലൂടെയാണ്‌ പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യവുമുൾപ്പെടെയുള്ള ജീവിത ഗുണനിലവാരത്തിന്റെ വർധനയുണ്ടായത്‌.

തകർന്നുപോയ ഇടിമുഴക്കങ്ങൾ

ഇന്നത്തെ വ്യവസ്ഥ മാറിയാലേ ലോകം നന്നാവുകയുള്ളൂ എന്ന മുദ്രാവാക്യം ശരിയാണ്‌. എന്നുവച്ച്‌ ഇന്ന്‌ നടത്തേണ്ട പ്രവർത്തനങ്ങളെ നാളത്തേയ്‌ക്ക്‌ മാറ്റിവെക്കുന്നത്‌ വിഡ്‌ഢിത്തമാണ്‌. അതുപോലെയാണ്‌ സമൂഹത്തെ മാറ്റിമറിക്കാൻ ആർക്കും സാധിക്കുകയില്ല എന്ന വിശ്വാസവും. ധൂർത്തും ദുരാഗ്രഹവും നടമാടുന്ന സമൂഹത്തിൽ നിന്ന്‌ പിൻവാങ്ങി ആദർശഗ്രാമങ്ങൾ സൃഷ്‌ടിച്ചതുകൊണ്ട്‌ ധൂർത്തും ദുരാഗ്രഹവും ഇല്ലാതാവുകയില്ല. ധൂർത്തും ദുരാഗ്രഹവും സൃഷ്‌ടിക്കുക എന്നത്‌ ഒരു സാമൂഹ്യവ്യവസ്ഥയുടെ യുക്തിയാകുമ്പോൾ അതിനെതിരെ പോരാടാനുള്ള ആയുധങ്ങൾ ഉണ്ടാക്കണം. ഇതിന്‌ ശാസ്‌ത്രീയമായ അന്വേഷണങ്ങളും വ്യക്തമായ തയ്യാറൊടുപ്പുകളും പ്രതിരോധ രൂപങ്ങളും വേണ്ടിവരും. തകർന്നുപോയ ഇടിമുഴക്കങ്ങളുടെ അനുഭവങ്ങൾ വികസനത്തിന്റെ രാഷ്‌ട്രീയത്തിനാവശ്യമായ ശാസ്‌ത്രീയവും സർഗാത്മകവുമായ അടിത്തറ ഏറെ പ്രസക്തമാക്കുന്നു.

മറ്റൊരു ലോകം സാധ്യമാണ്‌

സാധ്യം മാത്രമല്ല; ആവശ്യം കൂടിയാണ്‌. വെറും പരിഷ്‌കരണവാദങ്ങൾ കൊണ്ട്‌ ഇന്നത്തെ ലാഭാധിഷ്‌ഠിത വ്യവസ്ഥയുടെ ആയുസ്സ്‌ കുറേക്കൂടി ദീർഘിപ്പിക്കാമെന്നല്ലാതെ , അതിനെ ഇല്ലാതാക്കാൻ കഴിയില്ല. മാറ്റങ്ങൾ പടിപടിയായി വിപ്ലവാത്മമക പരിവർത്തനത്തിലേക്ക്‌ നയിക്കുന്നവയായിരിക്കണം. ദരിദ്രരും ധനികരും തമ്മിൽ നാൾക്കുനാൾ വളർന്നുവരുന്ന അന്തരം ലാഭാധിഷ്‌ഠിത വ്യവസ്ഥ നടത്തുന്ന കൊള്ളരുതായ്‌മകളുടെ മാത്രം ഫലമല്ല.കൊള്ളരുതായ്‌മകളില്ലാതാകുന്നതുകൊണ്ട്‌ മാത്രം സമൂഹത്തിലെ വൈരുധ്യങ്ങളിൽ മാറ്റങ്ങളുണ്ടാവില്ല. നമ്മുടെ ലക്ഷ്യം ദരിദ്രരും ധനികരുമില്ലാത്ത പുതിയലോകമാണ്‌. ദാരിദ്ര്യത്തെ മാത്രം വിതരണം ചെയ്യുന്ന ലോകമല്ല അത്‌. സ്വയം ധനികരായി ദാരിദ്ര്യത്തെ മറ്റുള്ളവരുടെ തലയിൽ വെച്ചുകെട്ടുന്ന ലോകവുമല്ല. മനുഷ്യരുടെ കൂട്ടായ അധ്വാനത്തിന്റെയും സർഗാത്മകതയുടെയും ചരിത്രത്തിന്റെ ഭാഗമായി മനുഷ്യനുലഭിച്ച അറിവിന്റെയും സംസ്‌കാരത്തിന്റെയും സാങ്കേതിക വിദ്യകളുടെയും ഉൾബലത്തിൽ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരത്തെ മനുഷ്യർ മറികടക്കുന്ന പുതിയ ലോകമാണത്‌. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുകയും മനുഷ്യബന്ധങ്ങളെ സാമൂഹ്യഉൽപ്പാദനത്തിന്റെ വളർച്ചയ്‌ക്ക്‌ അനുരൂപമായ വിധത്തിൽ ഉടച്ചുവാർക്കുകയും ചെയ്യുന്ന പുതിയ സമൂഹസംവിധാനം അത്‌ വിഭാവനം ചെയ്യുന്നു. ?ശാസ്‌ത്രം അധ്വാനം , അധ്വാനം സമ്പത്ത്‌? എന്ന ആശയം മനുഷ്യരുടെ ക്രിയാശേഷിയുടെയും അതു സൃഷ്‌ടിക്കുന്ന മൂല്യങ്ങളുടെയും അടിത്തറയായി തീരുന്നു. അതായത്‌ മൂലധനത്തിന്റെ ലാഭാധിഷ്‌ഠിതയുക്തിക്കെതിരായി മനുഷ്യാധ്വാനശേഷിയുടെയും അതുസൃഷ്‌ടിക്കുന്ന സമ്പത്തിന്റെ മേലുള്ള സാമൂഹ്യമായ അവകാശങ്ങളുടെയും നിയന്ത്രണത്തിന്റെയും സങ്കൽപ്പങ്ങൾ വളർത്തിക്കൊണ്ടുവരുന്നു. `ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌' എന്ന ആശയം അതോടെ ഒരു പ്രായോഗിക പദ്ധതിയായിതീരുന്നു.

നിണവും പൂവുമണിഞ്ഞ കാൽപ്പാടുകൾ

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ നാം നേടിയെടുത്തതെല്ലാം സാമൂഹ്യമുന്നേറ്റങ്ങളുടെ ഭാഗമാണെന്നത്‌ ഇവിടെ പ്രസക്തമാണ്‌. തൊഴിലെടുക്കുന്നവരിലേക്കും മർദിത ജനവിഭാഗങ്ങളിലേക്കും വിദ്യാഭ്യാസമെത്തിക്കാൻ കഴിഞ്ഞത്‌ ഇതിനുദാഹരണമാണ്‌. സ്‌ത്രീകൾ വിദ്യാഭ്യാസം നേടിയതും കർമനിരതരായി മുന്നോട്ടുവന്നതും ഇതിന്റെ ഭാഗമാണ്‌. ജന്മിമാരുടെയും മുതലാളിമാരുടെയും ചൂഷണരൂപങ്ങൾക്കെതിരായി നടത്തിയ പോരാട്ടം നാമോർക്കണം. ഇതിന്റെയെല്ലാം ഫലമായാണ്‌ ഏറ്റവും ദരിദ്രരായ ജനങ്ങൾക്കുപോലും സ്വന്തം കുട്ടികളെ സ്‌കൂളുകളിലേക്കയയ്‌ക്കാനും മാന്യമായ തൊഴിലുകൾ ചെയ്‌ത്‌ ജീവിക്കാനുമായത്‌. ചുറ്റുപാടുമുള്ള സമൂഹബന്ധങ്ങളുടെയും വൈരുധ്യങ്ങളുടെയും ശാസ്‌ത്രീയമായ വിലയിരുത്തലുകളിലൂടെയാണ്‌ നമുക്ക്‌ ഭൂപരിഷ്‌കാരം എന്ന ആശയത്തിലേയ്‌ക്കെത്താനും ജന്മിമാർ കയ്യടക്കിവെച്ചിരുന്ന ഭൂമി പുനർവിതരണം നടത്താനും സാധ്യമായത്‌. ഇതേ കാഴ്‌ചപ്പാടാണ്‌ പരിസ്ഥിതി സന്തുലനത്തിനും പൊതുവിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യത്തിനും വേണ്ടി പോരാടാൻ നമ്മെ സഹായിച്ചത്‌. സാർവദേശീയ തലങ്ങളിൽ വളർന്നുവരുന്ന ജനവിരുദ്ധ പ്രവണതകളോട്‌ സക്രിയമായി പ്രതികരിക്കാനുള്ള ശേഷിയും ഊർജസ്വലതയും നമുക്കു നൽകുന്നതും ഇതേ ജനാധിപത്യ അവബോധമാണ്‌. ഇതേ അവബോധം ഓരോ ഘട്ടത്തിലും ജനങ്ങളുടെ സംഘശക്തിയിൽ ഉറച്ചതായിരുന്നുവെന്നു നാം മറക്കരുത്‌. നിരവധി കാട്ടരുവികൾ പുഴയായി മാറുന്നതുപോലെ നിരവധി ചെറിയ സംഘടിത പ്രവർത്തനങ്ങൾ ഒന്നുചേർന്നാണ്‌ വിപുലമായ ജനാധിപത്യ പ്രസ്ഥാനങ്ങളിലേക്കു നയിച്ചത്‌. നവലിബറൽ കടന്നുകയറ്റത്തിന്റെ ഭാഗമായി കേരളത്തിന്റെ വികസനത്തിനുള്ള സാമൂഹ്യമായ അടിത്തറ നഷ്‌ടപ്പെടുത്താൻ നാമൊരിക്കലും അനുവദിച്ചുകൂട. കേരളത്തിന്റെ വികസനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ശക്തി ശാസ്‌ത്രബോധവും ക്രിയാശേഷിയുമുള്ള ജനതതന്നെയാണ്‌. അവരുടെ ജനാധിപത്യസമരങ്ങളുടെ ഭാഗമായിതന്നെയാണ്‌ വികസന കാഴ്‌ചപ്പാടുകൾ പ്രായോഗികമാക്കേണ്ടതും. ഇതുവരെ നാം മുന്നേറിയ പാതയും അതിൽ നാം അവശേഷിപ്പിച്ച കാൽപ്പാടുകളും മറന്നുകൊണ്ട്‌ കമ്പോളം അടിച്ചേൽപ്പിക്കുന്ന മറ്റൊരു പാത നാം സ്വീകരിച്ചുകൂട. മറ്റൊരു കേരളം നാം പ്രവൃത്തിയിൽ കൊണ്ടുവരേണ്ടത്‌. നമ്മുടെ സാമൂഹ്യമായ ക്രിയാശേഷിയുടെ അടിസ്ഥാനലത്തിലാണ്‌.

മണ്ണിലെ നക്ഷത്രങ്ങൾ

ഇതിനുവേണ്ടി നാം സ്വീകരിച്ച നിരവധി മാർഗങ്ങളുണ്ട്‌. ലാഭാധിഷ്‌ഠിത വ്യവസ്ഥ നിയന്ത്രിച്ച സംസ്ഥാന ഭരണകൂടം തന്നെയാണ്‌ ഭൂപരിഷ്‌കാരം നടപ്പിലാക്കിയത്‌. ഇതേ ഭരണകൂടം തന്നെയാണ്‌ പൊതു വിദ്യാഭ്യാസവും പൊതുജനാരോഗ്യ സംവിധാനങ്ങളും വികസിപ്പിച്ചത്‌, സ്റ്റാറ്റിയൂട്ടറി റേഷനിംഗ്‌ നടപ്പിലാക്കിയത്‌, നിരവധി സാമൂഹ്യക്ഷേമ പദ്ധതികളും ആശ്വാസ നടപടികളും വ്യാപിപ്പിച്ചത്‌. അതേപോലെ പ്രാദേശിക തലത്തിൽ സാമൂഹ്യക്ഷേമ പദ്ധതികളും തൊഴിൽ പദ്ധതികളും നടപ്പിലാക്കിയത്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്‌.

ഇന്ന്‌ സ്വന്തം അജണ്ട നടപ്പിലാക്കാൻ സംസ്ഥാന ഗവണ്മെന്റുകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉപയോഗിക്കുന്നതിൽ നവലിബറൽ ഭരണകൂടം ശുഷ്‌കാന്തി കാണിക്കുന്നുണ്ടെന്നത്‌ വസ്‌തുതയാണ്‌. പക്ഷേ, ഇതുവരെ നമുക്ക്‌ സാമൂഹ്യ പുരോഗതി ഉറപ്പുവരുത്തുകയും മാനവികശേഷി വികസനത്തിൽ കേരളത്തിന്‌ ഒന്നാം സ്ഥാനം നേടിത്തരുകയും ചെയ്‌ത പൊതു സ്ഥാപനങ്ങളുടെ നിലനിൽപ്പും ശാക്തീകരണവും അനിവാര്യമാണ്‌. പക്ഷേ, ഇവയ്‌ക്ക്‌ വേണ്ടി ലാഭാധിഷ്‌ഠിത വ്യവസ്ഥ അനുശാസിക്കുന്ന അതേ അളവുകോലുകൾ നമുക്ക്‌ ഉപയോഗിക്കാൻ കഴിയുകയില്ല. അതിനുപകരം, ജനകീയാസൂത്രണ ക്യാമ്പെയ്‌ൻ പുറത്തുകൊണ്ടുവന്ന ജനങ്ങളുടെ കൂട്ടായ്‌മകളുടെയും സർഗാത്മകശേഷികളുടെയും അനന്തമായ സാധ്യതകൾ പ്രയോജനപ്പെടുത്തി നാം മുന്നേറണം. അതിനാവശ്യമായ നിയമപരവും ജനാധിപത്യപരവുമായ സംരക്ഷണ രൂപങ്ങളും സാധ്യമായ മേഖലകളിൽ സ്റ്റേറ്റുടമയിലുള്ള സംവിധാനങ്ങളും വളർത്തിയെടുക്കാനും സാധിക്കണം. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വമാർന്ന പാർപ്പിടം, കുടിവെള്ളം, ഗതാഗത സൗകര്യങ്ങൾ എന്നിവയടക്കം ജനങ്ങളുടെ ന്യായമായ ആഗ്രഹങ്ങൾക്ക്‌ സമയാധിഷ്‌ഠിതമായ വിധത്തിൽ പരിഹാരങ്ങളുണ്ടാക്കുന്നതിന്‌ ആവശ്യമായ ജനാധിപത്യപരമായ ആസൂത്രണം നടപ്പിലാക്കാനും ഇന്നത്തെ ഭരണസ്ഥാപനങ്ങൾക്ക്‌ കഴിയണം. ഇതിനായി പ്രവാസിനിക്ഷേപങ്ങളെ പ്രയോജനപ്പെടുത്താൻ കഴിയുന്നത്‌ ഭരണകൂട സംവിധാനങ്ങൾക്കാണ്‌. പ്രത്യക്ഷ വിദേശ നിക്ഷേപങ്ങളുടെയും വായ്‌പ്‌കളുടെയും കുത്തൊഴുക്കിനെ സാമൂഹ്യമായി നിയന്ത്രിക്കുന്നതിനുള്ള ശാസ്‌ത്രീയ സംവിധാനങ്ങൾ വളർത്താനും ഭരണകൂട രൂപങ്ങൾക്ക്‌ കഴിയണം.

അധ്വാനം സമ്പത്ത്‌

ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌?എന്ന ആശയത്തെ മുൻനിർത്തി വികസന പദ്ധതി സാദ്ധ്യമാണോ? സാധ്യമാണ്‌. ഈ ആശയം എങ്ങനെ വ്യക്തമാക്കാം. ശാസ്‌ത്രമെന്നത്‌ സ്‌കൂൾ കോളേജ്‌ സയൻസ്‌ മാത്രമല്ല, ചരിത്രത്തിന്റെ ഭാഗമായി മനുഷ്യരാശി പ്രകൃതിയെയും മനുഷ്യരെയും കുറിച്ച്‌ നേടിയെടുക്കുന്ന മുഴുവൻ അറിവുകളും അവയിൽനിന്ന്‌ രൂപപ്പെടുത്തുന്ന സാമാന്യതത്വങ്ങളുമാണ്‌. ഉൽപ്പാദനോപാധികൾ, വിഭവങ്ങൾ, ഉൽപ്പാദനവിതരണ രൂപങ്ങൾ, സാങ്കേതികവിദ്യകൾ, സാംസ്‌കാരിക രൂപങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽപ്പെടും. മനുഷ്യരുടെ അധ്വാനശേഷിയിലും ഇവ ഉൾക്കൊണ്ടിരുന്നു. ശാസ്‌ത്രം വ്യക്തിഗതമായ നേട്ടങ്ങൾക്കും ഏതാനും ധനികരുടെ ലാഭക്കൊതിക്കും വേണ്ടി ഉപയോഗിക്കാനുള്ളതല്ല. വിജ്ഞാനത്തിന്റെ മേൽ മുതലാളിമാരും വ്യക്തികളും വെയ്‌ക്കുന്ന പകർപ്പവകാശ( പേറ്റന്റ്‌) വ്യവസ്ഥകളും പണത്തിന്റെ അടിസ്ഥാനത്തിലുളള വിലപേശലുകളും നാമംഗീകരിക്കുന്നില്ല. ശാസത്രത്തിന്റെ എല്ലാ അറിവുകളും സാങ്കേതിക വിദ്യകളും മനുഷ്യരുടെ പൊതു അറിവാണ്‌. അധ്വാനിക്കുന്നവരുടെ ശേഷി വികസിക്കുന്നത്‌ അവയിലൂടെയാണ്‌. സാങ്കേതികവിദ്യകൾ മനുഷ്യരെ അധ്വാനത്തിൽനിന്ന്‌ ഒഴിവാക്കുന്നതിനുള്ള തന്ത്രമല്ല, മനുഷ്യാധ്വാനത്തെ അതിരില്ലാതെ വികസിപ്പിക്കാനുള്ള ഉപാധികളാണ്‌.

മനുഷ്യാധ്വാനത്തിന്റെ സൃഷ്‌ടിയാണ്‌ സമ്പത്ത്‌. മനുഷ്യാധ്വാനം ഉണ്ടാകുന്നതിനു മുമ്പു തന്നെ പ്രകൃതിയും സമ്പത്ത്‌ സൃഷ്‌ടിച്ചിട്ടുണ്ടെന്ന്‌ നാമോർക്കണം. ഇത്തരത്തിൽ ഭൂമി സമ്പത്താണ്‌, പ്രകൃതിവിഭവങ്ങൾ സമ്പത്താണ്‌, നമ്മുടെ ഉൽപ്പാദനോപധികളും ഉൽപ്പന്നങ്ങളും സമ്പത്താണ്‌. പ്രകൃതിയെ നശിപ്പിച്ചുകൊണ്ട്‌ മനുഷ്യരുടെ സമ്പത്ത്‌ വർധിപ്പിക്കാൻ കഴിയില്ല. മനുഷ്യരുടെ അധ്വാനത്തിന്റെ വികസനത്തിന്‌ ഉൽപ്രേരകമായി പ്രകൃതിയെ പ്രയോജനപ്പെടുത്താൻ കഴിയണം. അതിന്‌ മനുഷ്യരുടെ ഇടയിൽ ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ വിന്യാസം ആവശ്യമാണ്‌. സമ്പത്തിന്റെ മേൽ സാമൂഹ്യനിയന്ത്രണം ആവശ്യമാണ്‌. ലാഭാധിഷ്‌ഠിത വ്യവസ്ഥയെ ചെറുക്കുന്നതിൽ മനുഷ്യാധ്വാനശേഷിയുടെ വളർച്ച , സമ്പത്തിന്റെ മേലുള്ള സാമൂഹ്യനിയന്ത്രണം , സമ്പത്തിന്റെ തുല്യവും നീതിയുക്തവുമായ വിതരണം എന്നിവയുടെ പങ്ക്‌ അനാദൃശമാണ്‌.

എന്തു ചെയ്യണം?

നിലവിലുള്ള സാമ്പത്തിക വളർച്ചയിലൂന്നിയ വികസന സമീപനത്തിനു പകരം ജനങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കിയുള്ള സാമൂഹ്യ വികസന സമീപനമാണ്‌ ആവശ്യമായിട്ടുള്ളത്‌. മനുഷ്യരുടെ അധ്വാനശേഷിയുടെയും സാമൂഹ്യമായ സമ്പത്തിന്റെയും സമഗ്രമായ വികാസമാണ്‌ സാമൂഹ്യവികസനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. ലാഭത്തിന്റെയും മത്സരത്തിന്റെയും അടിസ്ഥാനത്തിലുള്ള വ്യക്തിപരവും കൂട്ടായതുമായ വികസനത്തെ ഇതു നിരാകരിക്കുന്നു. സാമൂഹ്യവികസനം ഒററയടിക്ക്‌ നടക്കുന്നതല്ല. ലാഭക്കൊതിയും ദുരാഗ്രഹങ്ങളും സുഖജീവിതത്തിനുള്ള സ്വപ്‌നങ്ങളും വ്യക്തിഗതമായ നേട്ടങ്ങൾക്കുള്ള ശ്രമങ്ങളും ഒക്കെ നിലനിൽക്കുന്ന സമൂഹമാണ്‌ നമ്മുടേത്‌. അവയെല്ലാം പെട്ടെന്ന്‌ ഇല്ലാതാവുകയുമില്ല. സാമൂഹ്യ വികസനം എന്നാൽ വ്യക്തികളുടെ താൽപ്പര്യങ്ങളുടെയും സ്വപ്‌നങ്ങളുടെയും നിരാകരണവുമല്ല. സ്വതന്ത്രരായ വ്യക്തികളുടെ ആവശ്യങ്ങളും അഭിരുചികളും ഉൾക്കൊള്ളുന്ന ശാസ്‌ത്രീയ സാമൂഹ്യ വികസന സങ്കൽപ്പമാണ്‌ ആവശ്യം. ഇന്നത്തെ ലാഭാധിഷ്‌ഠിത വ്യവസ്ഥയുടെ ഉൽപ്പാദനരൂപങ്ങളിൽനിന്നു പുറന്തള്ളപ്പെടുന്ന ധനിക വർഗം പുച്ഛിച്ചു തള്ളുന്ന ഇരകളും വ്യത്യസ്‌ത തരത്തിലുള്ള സുരക്ഷാപദ്ധതികളുടെ ഗുണഭോക്താക്കളുമൊക്കെയായ ദരിദ്രജനങ്ങളിൽനിന്നാണ്‌ സാമൂഹ്യവികസനം ആരംഭിക്കേണ്ടത്‌ . അവരിൽനിന്ന്‌ സാമൂഹ്യവികസനം ആരംഭിക്കണമെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യണം.

ഒന്ന്‌: അവരുടെ സർഗശേഷിയും ക്രിയാശേഷിയും വർധിപ്പിക്കുന്നവിധത്തിൽ സാമൂഹ്യമായ അറിവും രൂപങ്ങളും ശാസ്‌ത്രസാങ്കേതിക വിദ്യകളും അവരിലെത്തിക്കണം. ഈ വിദ്യകളെ അവരുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ പോഷിപ്പിക്കാനും പുതിയ രൂപങ്ങൾ സൃഷ്‌ടിക്കാനും അവർക്ക്‌ കഴിയണം. അതിനുതകുന്ന വിദ്യാഭ്യാസരൂപങ്ങൾ സൃഷ്‌ടിക്കണം. സ്‌കൂൾ തലത്തിൽ സമഗ്രമായ ഒരു തൊഴിൽ അഭിരുചിയും സർഗപരതയും വളർത്തണം. ഉന്നതവിദ്യാഭ്യാസതലത്തിൽ അതിനുള്ള വൈദഗ്‌ധ്യവും ഗവേഷണ വികസന ത്വരയും വർധിപ്പിക്കാൻ കഴിയണം.

രണ്ട്‌: അവരുടെ കായികവും മാനസികവുമായ ആരോഗ്യ പരിപാലനം, ശുചിത്വം , ജീവിക്കാനാവശ്യമായ സ്ഥലം, ആരോഗ്യകരമായ സ്‌ത്രീ-പുരുഷ ബന്ധങ്ങൾ , സാംസ്‌കാരിക ജീർണതകൾക്കെതിരായ പോരാട്ടം, മദ്യം, മയക്കുമരുന്നുകൾ തുടങ്ങിയവയ്‌ക്കെതിരായ പോരാട്ടം തുടങ്ങിയവ ഇതിന്റെ ഭാഗമാക്കണം. സുഖചികിത്സ, മസേജിംഗ്‌ ജിമ്മുകൾ, സൗന്ദര്യവർധക രൂപങ്ങൾ തുടങ്ങിയവയെ ആസ്‌പദമാക്കി കൃത്രിമമായി വളർത്തുന്ന കച്ചവടാരോഗ്യ സങ്കൽപ്പത്തെ തുറന്നു കാണിക്കണം.

മൂന്ന്‌: കായികവും മാനസികവുമായ ശേഷി വളർത്താനുള്ള പരിശീലനരൂപങ്ങൾ സൃഷ്‌ടിക്കണം. അതിന്റെ അടിസ്ഥാനത്തിൽ തൊഴിൽ നേടാനും കൂട്ടായ്‌മയുടെ അടിസ്ഥാനത്തിൽ തൊഴിൽ സംരഭങ്ങൾക്കാവശ്യമായ മാനേജ്‌മെന്റ്‌ രൂപങ്ങളും നിർവഹണശേഷികളും വളർത്തിക്കൊണ്ടുവരാനും, അവരുടെ ഉൽപ്പന്നങ്ങളുടെ വിതരണത്തിനാവശ്യമായ നെറ്റ്‌ വർക്കിംഗ്‌ രീതികൾ വികസിപ്പിക്കുവാനും കഴിയണം. തൊഴിൽസംരഭങ്ങൾ, സ്വയം തൊഴിൽ പദ്ധതികൾ മാത്രമായി നിന്നാൽ പോര. നിലവിലുള്ള ഉൽപ്പാദവ്യവസ്ഥയിലുള്ള കൂട്ടായ ഇടപെടലായി അവ മാറണം.

നാല്‌: ഇത്തരത്തിലുള്ള തൊഴിൽ കൂട്ടായ്‌മകളുടെ കാതലായ ഘടകം സ്‌ത്രീകളായിരിക്കണം. സ്‌ത്രീകളുടെ ക്രയശേഷിയും നിർവഹണശേഷിയും വളർത്തുന്നവിധത്തിലുള്ള സമഗ്രമായ സംരംഭങ്ങളുണ്ടാകണം. അതിനാവശ്യമായ സമ്പൂർണമായ സഞ്ചാരസ്വാതന്ത്ര്യവും പ്രവർത്തനസ്വാതന്ത്ര്യവും താമസിക്കാനുള്ള സ്ഥലങ്ങളും ഉണ്ടാകണം അതിനുയോജിച്ച വിധത്തിൽ വേണ്ടിവന്നാൽ കുടുംബബന്ധങ്ങളിലും സ്വത്തവകാശക്രമത്തിലും ആവശ്യമായ മാറ്റം വരുത്താനുള്ള സാംസ്‌കാരികവും നിയമപരവുമായ ഇടപെടലുകളും ഉണ്ടാകണം. സ്‌ത്രീകളെ ഉപഭോഗവസ്‌തുക്കളും കാഴ്‌ചവസ്‌തുക്കളുമായി മാറ്റുന്ന കമ്പോള സംസ്‌കാരത്തിനെതിരെ ശക്തമായ പോരാട്ടങ്ങൾ നടത്തണം.

അഞ്ച്‌: ജനാധിപത്യത്തെ കൂടുതൽ ആഴത്തിലാക്കേണ്ടത്‌ ഇതിന്റെ ഭാഗമാണ്‌. അരാഷ്‌ട്രീയവൽക്കരണം വ്യക്തിനിഷ്‌ഠയുടെ ഭാഗമാണ്‌. അന്യരുടെ ആഗ്രഹങ്ങളേയും അഭിരുചികളേയും ബഹുമാനിക്കുകയും അവയുടെ സാഫല്യത്തിനായി കൂട്ടായി ശ്രമിക്കുകയും ചെയ്യുന്നത്‌ ജനാധിപത്യത്തിന്റെ ഭാഗമാണ്‌. അതിനുവേണ്ടി താഴേത്തട്ടിൽ വളർന്നുവരുന്ന കൂട്ടായ്‌മാരൂപങ്ങൾ ഇപ്പോഴുമുണ്ട്‌. അവയിൽനിന്നാണ്‌ സാമൂഹ്യവികസന രൂപങ്ങൾ വളർന്നുവരേണ്ടത്‌.

ആറ്‌: കൃഷി,വ്യവസായം, സേവനമേഖല തുടങ്ങിയവയിലെല്ലാം ഇത്തരം തൊഴിൽ കൂട്ടായ്‌മകൾ വളർന്നുവരണം. ഉൽപ്പാദനസഹകരണസംഘങ്ങൾ , പരസ്‌പരസഹായ സംഘങ്ങൾ, സഹകരണകൃഷി, കൂട്ടുകൃഷി മുതലായ രൂപങ്ങൾ, സർവീസ്‌ മേഖലയിൽ വിദഗ്‌ധ തൊഴിലാളികളുടെ കൂട്ടായ സംരഭങ്ങൾ തുടങ്ങിയവയെല്ലാം പരീക്ഷിക്കാവുന്നതാണ്‌ (ഒരു സംഗീത സിംഫണി നിരവധി ഉപകരണങ്ങളുടെ സർഗാത്മകസമ്മേളനമാണ്‌. അത്‌ എന്തുകൊണ്ട്‌ കൂട്ടുദ്ദ്യമങ്ങൾക്ക്‌ മാതൃകയായിക്കൂട?). കേരളം ഇപ്പോൾ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്ന കാർഷിക മേഖല, നിത്യോപയോഗവസ്‌തുക്കളുടെ ഉൽപ്പാദനം, ഗൃഹോപകരണങ്ങൾ, ലഘുയന്ത്രസാമഗ്രികൾ തുടങ്ങിയവയുടെ നിർമാണം തുടങ്ങിയവയിലും ഇന്ന്‌ കേരളീയർ ഏറ്റവുമധികം വൈദഗ്‌ധ്യം നേടുന്ന ഇലക്‌ട്രോണിക്‌ മുതലായ മേഖലകളിലും കൂട്ടുദ്യമങ്ങൾ ഉണ്ടാകണം.

ഏഴ്‌: ഇത്തരം ഉദ്യമങ്ങൾ മുതലാളിത്തഘടനയ്‌ക്കുള്ളിൽ തന്നെയാണ്‌ ആദ്യം വളർന്നുവരിക. അവ ചെറുക്കുന്നത്‌ കോർപ്പറേറ്റ്‌ മുതലാളിത്തത്തിന്റെ ലാഭരൂപങ്ങളേയും അതുവഴി നടക്കുന്ന സമ്പത്തിന്റെ ചോർച്ചയേയുമാണ്‌. നവലിബറൽ ആധിപത്യത്തിന്റെ കീഴിൽ ഇത്തരത്തിലുള്ള ഉദ്യമങ്ങൾക്ക്‌ നിയമപരമായ സംരക്ഷണം ആവശ്യമാണ്‌. അതിനു വേണ്ട തൊഴിൽ - സേവന വ്യവസ്ഥകൾ, വിപണനരൂപങ്ങൾ , ലാഭവിഹിതം വിതരണം ചെയ്യുന്ന സംവിധാനങ്ങൾ തുടങ്ങിയവ ആലോചിക്കേണ്ടിവരും. ഇതിനാവശ്യമായ പ്രാദേശിക സംഘടനാ രൂപങ്ങളായി പഞ്ചായത്തുകൾ മാറണം. ഇത്തരം ഉദ്യമങ്ങളുടെ വളർച്ചയ്‌ക്കാവശ്യമായ നിയമനിർമാണം ഭരണകൂടവും നടത്തേണ്ടതുണ്ട്‌. ധനവായ്‌പയ്‌ക്കുള്ള സംവിധാനങ്ങളും ഭരണകൂടം സൃഷ്‌ടിക്കേണ്ടി വരും.

എട്ട്‌: ഇത്തരം ഉൽപ്പാദനരൂപങ്ങൾ പൂർണമായും പൊതുമേഖലയാവില്ല. പബ്ലിക്ക്‌ - സോഷ്യൽ (ഹ്യൂഗോ ഷാവെസിസിന്റെ പ്രയോഗമാണിത്‌ ) എന്നുവിളിക്കാവുന്ന ഘടനയാകും ഉണ്ടാവുക. ഇത്തരം രൂപങ്ങൾ സ്വകാര്യവായ്‌പയും സ്വീകരിക്കും . വായ്‌പകൾ തിരിച്ചടയ്‌ക്കാനുള്ള ശേഷിയെക്കുറിച്ചുള്ള ജനാധിപത്യപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും നടപടികളുണ്ടാവുക. അതേസമയം തൊഴിൽ കൂട്ടായ്‌മകളുടെ പ്രവർത്തനസ്വാതന്ത്ര്യത്തെയും സർഗശേഷിയേയും നഷ്‌ടപ്പെടുത്തുന്ന വിധത്തിലുള്ള എല്ലാ നിബന്ധനകളെയും ഇത്തരം ഉദ്യമങ്ങൾ ശക്തമായെതിർക്കും. അതിനാവശ്യമായ സാമൂഹ്യ ശൃംഖലാ സംവിധാനങ്ങൾ, ഉദ്യമങ്ങൾ സൃഷ്‌ടിക്കും. നിലവിലുള്ള സഹകരണ ബാങ്കുകളെ ഈ രീതിയിൽ വളർത്തിയെടുക്കണം.

ഒൻപത്‌: സാമൂഹ്യവികസന രൂപങ്ങൾക്കും പശ്ചാത്തല സൗകര്യങ്ങൾ ആവശ്യമായി വരും. ഗതാഗതം, ഊർജം, വാർത്താവിനിമയശൃംഖലകൾ, ഇ-ഗവേണൻസിന്റെയും നെറ്റ്‌ വർക്കിങ്ങിന്റെയും രൂപങ്ങൾ തുടങ്ങിയവ ഉദാഹരണമാണ്‌. അതിവേഗ റെയിൽവേ കോറിഡോർ തുടങ്ങിയ ആശയങ്ങൾ ഇപ്പോൾ തന്നെ നിലവിലുണ്ട്‌. ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്‌ പശ്ചാത്തലസൗകര്യങ്ങളൊരുക്കി നിക്ഷേപങ്ങളാകർഷിക്കുക നവലിബറൽ രീതിയാണ്‌. ഭൂമിയുടേയും വിഭവങ്ങളുടേയും സാമൂഹ്യനിയന്ത്രണവും വ്യക്തമായ പ്ലാനിങ്ങും ഉള്ള സാഹചര്യത്തിലാണ്‌ പശ്ചാത്തല സൗകര്യങ്ങളുടെ വികാസം ജനങ്ങൾക്ക്‌ പ്രയോജനകരമാവുക. പ്രാദേശിക വ്യവസായസംരഭങ്ങളുടെയും മറ്റു തൊഴിൽ രൂപങ്ങളുടേയും വികാസത്തിന്റെ പശ്ചാത്തലത്തിൽ അവയ്‌ക്കനുരൂപമായ വിധത്തിലാണ്‌ പശ്ചാത്തലസൗകര്യങ്ങൾ രൂപപ്പെടുത്തേണ്ടത്‌. അത്തരത്തിലുള്ള പശ്ചാത്തലസൗകര്യങ്ങളുടെ ഉപയോഗത്തിൽ സാമൂഹ്യനിയന്ത്രണവും ഇടപെടലും ആവശ്യമാണ്‌. അതിവേഗ റെയിൽപ്പാത കോർപ്പറേറ്റ്‌ മുതലാളിത്തത്തിന്റെ ആവശ്യത്തിനുമാത്രമാകരുത്‌; പ്രാദേശികനിവാസികളായ ജനങ്ങളുടെ ആവശ്യങ്ങളും സൗകര്യങ്ങളും തൃപ്‌തിപ്പെടുത്തുക കൂടി വേണം. ഇതിനോടൊപ്പം ഗതാഗതം, ഊർജം മുതലായ മേഖലകളിൽ പ്രാദേശികമായ ഉൽപ്പാദനവിതരണ - വിനിമയരൂപങ്ങൾ വികസിപ്പിക്കാനും സാധിക്കണം. ഇവ നടത്താതെയുള്ള പശ്ചാത്തലസൗകര്യങ്ങൾ പ്രദേശത്തിന്റെ വിഭവങ്ങളെ മുഴുവൻ കോർപ്പറേറ്റ്‌ മുതലാളിത്തത്തിന്‌ അടിയറവയ്‌ക്കാനേ ഉപകരിക്കുകയുള്ളൂ.

പത്ത്‌: സാമൂഹ്യവികസനത്തിൽ സാംസ്‌കാരികതലവും പ്രധാനമാണ്‌. ഒരു പ്രദേശത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും വിഭവങ്ങളെയും അടിയറവെച്ചുകൊണ്ട്‌ ആ പ്രാദേശിക സമൂഹത്തിന്റെ വികസനം നടത്താൻ സാധ്യമല്ല എന്നാണ്‌ ഇതുവരെയുള്ള ചരിത്രാനുഭവങ്ങൾ നമ്മെ പഠിപ്പിച്ചിട്ടുള്ളത്‌. അതുകൊണ്ട്‌ തന്നെയാണ്‌ ദേശീയ പ്രശ്‌നവും ദേശീയതയുടെ വികാസവും ജനാധിപത്യപ്രസ്ഥാനത്തിന്റെ മുഖ്യ അജണ്ടയായി രൂപം കൊണ്ടത്‌. ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പോലുള്ള സംഘടനകൾ ഉണ്ടായി വന്നതും ഇതേ സാഹചര്യത്തിൽ തന്നെ. എന്നാൽ ഇന്ന്‌ സംസ്‌കാരം ഒരു കമ്പോള ഉൽപ്പന്നമായിക്കഴിഞ്ഞു. അതുകൊണ്ട്‌ പ്രാദേശിക സംസ്‌കൃതികളെ നശിപ്പിക്കാനും കോർപ്പറേറ്റ്‌ മുതലാളിത്തം സൃഷ്‌ടിക്കുന്ന ഐക്യരൂപം(ഒരു സങ്കര സംസ്‌കാരത്തിലൂടെ) അടിച്ചേൽപ്പിക്കാനും മുതലാളിത്തം ശ്രമിക്കുന്നു. ഇന്ന്‌ മലയാളഭാഷയും സംസ്‌കാരവും ഈ കടന്നുകയറ്റത്തിന്റെ ബലിയാടുകളാണ്‌. ഭാഷയും സംസ്‌കാരവും എന്നും ദരിദ്രജന സമൂഹത്തെ സാമൂഹ്യഉൽപ്പാദനശക്തികളാക്കിമാറ്റാനുള്ള ഉപാധികളാണ്‌.ഇതുകൊണ്ട്‌ ദേശീയവും സാംസ്‌കാരികവുമായ വൈവിധ്യത്തിൽ ഊന്നിനിന്നുകൊണ്ടുള്ള സാമൂഹ്യവികസനത്തിനുവേണ്ടി പോരാടണം.

പതിനൊന്ന്‌: സ്വത്വരാഷ്‌ട്രീയം ഇന്ന്‌ കേരള സംസ്‌കാരത്തിന്റെ ഏറ്റവും ശക്തമായ രൂപമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഹിന്ദുക്കൾ, മുസ്ലീങ്ങൾ, ക്രിസ്‌ത്യാനികൾ എന്നിവർ കൂടാതെ വിവിധ ജാതിവിഭാഗങ്ങളും ആദിവാസികൾ, ദളിതർ തുടങ്ങിയവരും സ്വത്വാടിസ്ഥാനത്തിൽ സംഘടിക്കുന്നു. ദരിദ്രപക്ഷത്തിന്റെ സംഘടിതപോരാട്ടങ്ങളെ തകർക്കുക മാത്രമല്ല ഇതു ചെയ്യുന്നത്‌. അവരിൽ അവശ്യം വളരേണ്ട ശാസ്‌ത്രബോധവും പരസ്‌പരസഹവർത്തിത്വവും ഇല്ലാതാക്കുകയും ആത്മനിഷ്‌ഠമായ ചട്ടക്കൂടുകളിലേക്ക്‌ ഉൾവലിയാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ശാസ്‌ത്രബോധവും ജനാധിപത്യവും സെക്കുലർ സാമൂഹ്യബോധവുമുള്ള പുതിയ സംസ്‌കാരത്തിന്റെ വളർച്ച സ്വത്വരാഷ്‌ട്രീയത്തെ അതിജീവിക്കാൻ അത്യാവശ്യമാണ്‌.

പന്ത്രണ്ട്‌: സാംസ്‌കാരിക വ്യവസായത്തിന്റെ ഏറ്റവും ശക്തമായ രൂപമായി മാധ്യമങ്ങൾ മാറുകയാണ്‌. സാമൂഹ്യ യാഥാർഥ്യങ്ങളെയും രാഷ്‌ട്രീയ സാംസ്‌കാരിക വ്യവഹാരങ്ങളെയും കുറിച്ചുള്ള ഇമേജുകളെല്ലാം ഇന്ന്‌ ജനങ്ങളിൽ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്‌ മാധ്യമങ്ങളാണ്‌. ഇന്നത്തെ മാധ്യമങ്ങൾ മുഴുവൻ വൻ മുതലാളിത്തത്തിന്റെ നിയന്ത്രണത്തിലായതോടെ അവരുടെ ആശയപ്രചരണരൂപമായി മാധ്യമങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിനെതിരായ പ്രതിമാധ്യമരൂപങ്ങൾ വളർന്നുവന്നിട്ടില്ല. വാർത്താവിനിമയം, ആശയവിനിമയം, ദൃശ്യശ്രാവ്യരൂപങ്ങൾ തുടങ്ങിയവയിൽ പ്രതിമാധ്യമരൂപങ്ങൾ ഇന്നാവശ്യമാണ്‌. ഇവ സൃഷ്‌ടിക്കാൻ മുൻകയ്യെടുക്കണം. സിനിമ പോലുള്ള അധീശമാധ്യമ രൂപങ്ങൾക്കും പ്രതിരൂപങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കണം (ചിലയിടങ്ങളിൽ രൂപംകൊണ്ട ഹോംസിനിമ ഉദാഹരണമാണ്‌).

പതിമൂന്ന്‌: മദ്യം ഇന്ന്‌ സാംസ്‌കാരിക രൂപവും പദവിചിഹ്നവുമാണ്‌. ഏതൊരാഘോഷ പരിപാടികൾക്കും ചടങ്ങുകൾക്കും മദ്യം അനിവാര്യഘടകമായി മാറിയിരിക്കുന്നു. ഇതിനെതിരായ ബോധവൽക്കരണം വിജയിക്കുന്നില്ല. മദ്യപാനം സൃഷ്‌ടിക്കുന്ന ആപത്തിനെക്കുറിച്ച്‌ ബോധമില്ലാത്തതുകൊണ്ടല്ല മദ്യപന്മാർ വർധിക്കുന്നത്‌. അത്‌ ഇന്നത്തെ `ആനന്ദ'ത്തിന്റെ ചിഹ്നമായതുകൊണ്ടാണ്‌. നവലിബറലിസം പ്രചരിപ്പിക്കുന്ന `ആനന്ദ' (അടിപൊളി) സംസ്‌കാരത്തിനെതിരായി ശക്തമായി പോരാടിയും സംഗീതം, കല, കായികരൂപങ്ങൾ മുതലായ ആനന്ദരൂപങ്ങളിൽ ഊന്നിയുമുള്ള പുതിയ സാംസ്‌കാരിക രൂപങ്ങളുടെ വളർച്ച ആവശ്യമാണ്‌.

പതിനാല്‌: പരിസ്ഥിതിയിലൂന്നിയുള്ള കാഴ്‌ചപ്പാട്‌ വികസനത്തിനെതിരാണ്‌ എന്ന വാദം മുതലാളിത്തം തുടർച്ചയായി മുന്നോട്ടുവയ്‌ക്കുന്നു. കേരളസമൂഹത്തിലും ഇതിനെ അനുകൂലിക്കുന്നവർ ധാരാളം പേരുണ്ട്‌. മുതലാളിത്തത്തിന്റെ ലാഭവർധനയ്‌ക്ക്‌ പരിസ്ഥിതിയുടെ മേലുള്ള കടന്നുകയറ്റം ആവശ്യമാണ്‌ (സർഗാത്മകമായ നശീകരണം എന്നാണ്‌ മുതലാളിത്തത്തെ ചിലർ വിളിക്കുന്നത്‌). ആഗോളതാപനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ കാർബൺ വികിരണം കുറയ്‌ക്കണമെന്ന ദരിദ്ര രാഷ്‌ട്രങ്ങളുടെ ആവശ്യം സമ്പന്ന രാഷ്‌ട്രങ്ങൾ അവഗണിച്ചു. ഇതിന്‌ കാരണം ആഗോള ലാഭം കുറയുമെന്ന സമ്പന്ന രാഷ്‌ട്രങ്ങളുടെ ഭയമായിരുന്നു. അവരുടെ പരിസ്ഥിതി വിരുദ്ധനിലപാടുകൾ ജനാധിപത്യശക്തികൾ ഏറ്റുപാടേണ്ട ആവശ്യമില്ല. മുതലാളിത്തത്തെ നിലനിർത്തിക്കൊണ്ട്‌ പരിസ്ഥിതിമാനേജ്‌മെന്റിലൂടെ ഇന്നത്തെ പരിസ്ഥിതിനാശം തടയാനുമാകില്ല. സാമൂഹ്യവികസനത്തിന്റെ പശ്ചാത്തലത്തിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെ ശാസ്‌ത്രീയമായും ആസൂത്രിതമായും പുനസംവിധാനം ചെയ്‌തുകൊണ്ടുമാത്രമേ ഇന്നത്തെ പരിസ്ഥിതിനാശം തടയാൻ സാധിക്കുകയുള്ളൂ. ഇതിന്‌ ദരിദ്രവിഭാഗങ്ങൾ തന്നെയാണ്‌ മുൻകൈ എടുക്കേണ്ടത്‌.

ഒറ്റനോട്ടത്തിൽ

മേൽ സൂചിപ്പിച്ച പൊതുകാഴ്‌ചപ്പാടനുസരിച്ച്‌ സാമൂഹ്യവികസനം എന്നാൽ

- മനുഷ്യന്റെ അധ്വാനശേഷിയും വിഭവസാമഗ്രികൾ, പ്രകൃതിശക്തികൾ, ഭൂമി തുടങ്ങിയവയും തമ്മിലുള്ള, അതായത്‌ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സന്തുലിതമായ ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു.

- അത്‌ വ്യക്തിഗതവും കൂട്ടായുമുള്ള, അതേസമയം പരസ്‌പരസഹകരണത്തിലും സാമൂഹ്യ ബന്ധങ്ങളിലുമധിഷ്‌ഠിതമായ ഉൽപ്പാദനസംരഭങ്ങളിൽ കേന്ദ്രീകരിക്കുന്നു.

- ഉൽപ്പന്നങ്ങളുടെയും വിഭവങ്ങളുടെയും നീതിയുക്തമായ വിതരണത്തിൽ കേന്ദ്രീകരിക്കുന്നു.

- ഉൽപ്പാദനവിതരണരൂപങ്ങളുടെ ക്രമാനുഗതമായ വളർച്ചയെ സഹായിക്കുന്നു. സാമൂഹ്യ-സംഘടന നിയന്ത്രണരൂപങ്ങളിൽ ഊന്നുന്നു.

- അതിനാവശ്യമായ ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ വിന്യാസത്തിലും മനുഷ്യാധ്വാനശേഷിയുടെ സമഗ്രവും സന്തുലിതവും നീതിയുക്തവുമായ വികാസത്തിലും ഊന്നുന്നു.

- ഈ വികസനത്തിനാവശ്യമായ പൊതുസാംസ്‌കാരിക മണ്ഡലത്തിന്റെയും കൂട്ടായ പ്രവർത്തന രൂപങ്ങളുടെയും സൃഷ്‌ടി ഉറപ്പുവരുത്തുന്നു.

എവിടെ തുടങ്ങണം?

ലാഭാധിഷ്‌ഠിതമായ കോർപ്പറേറ്റ്‌ നവലിബറൽ സമ്പദ്‌വ്യവസ്ഥയുടെ അനിയന്ത്രിതമായ കടന്നുകയറ്റത്തിൽ കേരളം തകരുകയേ ഉള്ളൂ. എന്നു വ്യക്തമാണ്‌. സ്റ്റേറ്റ്‌ ഇടപെടലുകളും ഉദാരവൽക്കരണവും കൂടിയുള്ള ചേരുവകൾ ഇന്നത്തെ സാഹചര്യത്തിൽ എത്രമാത്രം ഫലപ്രദമാകുമെന്നും പരിശോധിക്കേണ്ടതാണ്‌. അതേസമയം നവലിബറൽ കടന്നുകയറ്റം ശക്തമാണ്‌.അതിനനുകൂലമായ ഒരു മാനസികാവസ്ഥ കേരളത്തിൽ ഇന്ന്‌ വളർന്നുവന്നിട്ടുണ്ട്‌. മധ്യവർഗം പരസ്യമായി അതിനെ അനുകൂലിക്കുന്നവരാണ്‌. എതിർക്കുന്നവർപോലും അതു നൽകുന്ന അവസരങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുന്നുമുണ്ട്‌.

അതുകൊണ്ട്‌ സാമൂഹ്യവികസന സങ്കൽപ്പത്തിനനുകൂലമായ ആത്മനിഷ്‌ഠ ഘടകങ്ങൾ ദുർബലമാണ്‌.

അതുകൊണ്ട്‌ ഇതവതരിപ്പിക്കുമ്പോൾ തന്നെ ഇന്നത്തെ പ്രവർത്തനങ്ങൾക്കുള്ള പരിമിതികളും നാം അറിയണം.

ഒന്ന്‌: സാമൂഹ്യവികസന സങ്കൽപ്പം സ്വകാര്യമൂലധനാധിപത്യത്തെ എതിർക്കുന്നെണ്ടെങ്കിലും അതിന്റെ പ്രവർത്തനത്തെ നിരാകരിക്കുന്നില്ല.

രണ്ട്‌: സാമൂഹ്യവികസന സങ്കല്‌പം മുന്നോട്ടുവയ്‌ക്കുന്ന മേഖലകളെല്ലാം ഇന്ന്‌ മൂലധനകടന്നുകയറ്റത്തിനു വിധേയമാണ്‌ ഉദാ: കൃഷി. വ്യവസായം , വിദ്യാഭ്യാസം , ആരോഗ്യം സംസ്‌കാരം... അത്തരം മേഖലകളിലെല്ലാം ശക്തമായ പോരാട്ടം ആവശ്യമായിവരും.

മൂന്ന്‌: ഗതാഗതം, ഊർജം, വിനിമയ ശൃംഖലകൾ തുടങ്ങിയവ സാമൂഹ്യവികസനത്തിനും നവലിബറൽ മുതലാളിത്തത്തിനും ഒരു പോലെ ആവശ്യമാണ്‌. അതുകൊണ്ട്‌ അവ എങ്ങനെ ഉപയോഗിക്കുന്നു എന്നതിൽ വൈരുദ്ധ്യങ്ങൾ ഉണ്ടാകും.

നാല്‌: ശാസ്‌ത്രസാങ്കേതിക വിദ്യകൾ ഇന്ന്‌ മുതലാളിത്തത്തിന്റെ നിയന്ത്രണത്തിലാണ്‌. അവയുടെ മോചനമില്ലാതെ ദരിദ്രരുടെ ഭാഗത്തു നിന്നുള്ള സാമൂഹ്യ വികസന രൂപങ്ങൾ പൂർണമാവില്ല.

അഞ്ച്‌: മധ്യവർഗങ്ങളുടെ മോഹങ്ങളെ തൃപ്‌തിപ്പെടുത്തുകയും അതു സൃഷ്‌ടിക്കുന്ന വൈരുധ്യങ്ങളിൽ നിന്ന്‌ `പാവപ്പെട്ടവരെ' സംരക്ഷിക്കുകയുമല്ല വേണ്ടത്‌. `പാവപ്പെട്ടവരെന്ന ദരിദ്രപക്ഷത്തിന്റെ അവകാശങ്ങളെ ശക്തിപ്പെടുത്തുകയും മധ്യവർഗത്തെ അനുനയിച്ച്‌ `പാവപ്പെട്ടവരുടെ' കൂടെ നിർത്തുകയുമാണ്‌ വേണ്ടത്‌. മുതലാളിത്തത്തിന്റെ പ്രവർത്തനങ്ങളെ തുടർച്ചയായി തുറന്നുകാട്ടിയും യുക്തിസഹമായ വികസനരൂപങ്ങൾ അവതരിപ്പിച്ചുമാണ്‌ ഇത്‌ സാധിക്കുക. ഈ സാഹചര്യങ്ങളിൽ , വിവിധ മേഖലകളിൽ സാധ്യമാണെന്ന്‌ വിശ്വസിക്കുന്ന ചില പ്രവർത്തനങ്ങളാണ്‌ താഴെ നിർദേശിക്കുന്നത്‌.

ജീവിതത്തിനുതകുന്ന വിദ്യാഭ്യാസം

കായികവും മാനസികവുമായ അധ്വാനശീലത്തെ പോഷിപ്പിക്കുക വിദ്യാഭ്യാസത്തിന്റെ ധർമമായി ഏറ്റെടുക്കുകയും നിലവിലുള്ള അക്കാദമിക്‌ പഠനരൂപങ്ങളെ അധ്വാനത്തിന്റെ സർഗാത്മകരൂപങ്ങളുമായി ബന്ധപ്പെടുത്തുകയും വേണം. ഇത്തരത്തിലുള്ള രൂപങ്ങൾ ഐ.ടി. മാത്രമാകരുത്‌. നാലാം ക്ലാസുവരെയുള്ള പരിസ്ഥിതിപഠനം പ്രകൃതി പഠനമായി വളർത്തിക്കൊണ്ടുവരുകയും കൃഷി, കൈത്തൊഴിലുകൾ മുതലായ മേഖലകളെ കുട്ടികൾക്ക്‌ പരിചയപ്പെടുത്തുകയും ചെയ്യണം. അതുപോലെ ആധുനിക ശാസ്‌ത്ര സാങ്കേതിക മേഖലകളിലും താൽപ്പര്യമുള്ളവരെ പരിചയപ്പെടുത്തണം. സർഗാത്മക രചന, ആവിഷ്‌കാരങ്ങൾ, അഭിനയം, ആശയവിനിമയം, വാർത്താവിനിമയം തുടങ്ങിയ മേഖലകളും കുട്ടികളെ ചരിചയപ്പെടുത്തണം. ഹയർസെക്കന്ററി തലത്തിൽ സയൻസ്‌, സോഷ്യൽ സയൻസ്‌, കൊമേഴ്‌സ്‌ എന്നിങ്ങനെയുള്ള വിഷയങ്ങൾ കൂടാതെ കൃഷി , ഫുഡ്‌ സയൻസ്‌, മെറ്റലർജി, ആർക്കിടെക്‌ചർ, ജ്യോഗ്രഫി കായിക വിദ്യാഭ്യാസം, എസ്‌തെറ്റിക്‌സ്‌ (ആസ്വാദനം), ടെക്‌സ്റ്റൈൽ ഡിസൈനിംഗ്‌ തുടങ്ങിയ നിത്യജീവിതവുമായി ബന്ധപ്പെട്ട മേഖലകളെല്ലാം പഠനത്തിന്‌ വിധേയമാക്കണം. ഉന്നതവിദ്യഭ്യാസത്തിൽ വിദഗ്‌ധ പരിശീലനത്തിനും എല്ലാ വിഷയങ്ങളിലും സർഗാത്മകവും ഗവേഷണപരവുമായ വികസനപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകാൻ വിദഗ്‌ധ പരിശീലനം നൽകണം, ഇന്നത്തെ വൊക്കേഷണൽ - അക്കാദമിക്ക്‌ വേർതിരിവുകൾ ഇനിയെങ്കിലും എടുത്തു കളയണം. പൊതുഭരണം മുതലായ സേവനമേഖലകളിലും പരിശീലനം ഏർപ്പെടുത്തണം. എല്ലാ തൊഴിൽ മേഖലകളിലും തുടർച്ചയായി ശാസ്‌ത്രസാങ്കേതിക പരിശീലനത്തിന്‌ അവസരം നൽകണം.

ഇത്തരം മേഖലകളെല്ലാം ദരിദ്രവിഭാഗങ്ങളിൽപ്പെട്ട കുട്ടികൾക്ക്‌ തുല്യാവസരം നൽകുകയും പണം, എൻട്രൻസ്‌ പരീക്ഷകൾ, സമുദായം മുതലായ അരിപ്പകളിൽനിന്നു വിമുക്തമാക്കുകയും വേണം . ഒരു വിദ്യാർഥി പൂർണമായി പരിശീലനം നേടാൻ അവസരം നൽകുന്ന വിധത്തിൽ അയവുള്ള കാലാവധിയോടെയുള്ള കോഴ്‌സുകൾ നടത്തണം. ഇത്തരത്തിലുള്ള സന്തുലനത്തിന്‌ ഗാന്ധിയൻ മാതൃക അടക്കമുള്ള നിലവിലുള്ള എല്ലാ രൂപങ്ങളും പ്രയോജനപ്പെടുത്തണം.

മുന്നാഭായിയുടെ പിൻതുടർച്ചക്കാർ

ഔപചാരിക വൈദ്യ പ്രാക്‌ടീസിനെ വെല്ലുവിളിക്കുന്ന മുന്നാഭായ്‌ എന്ന കഥാപാത്രമുണ്ട്‌. വൈദ്യത്തിന്റെ ഹരിശ്രീ പോലും അറിയാത്ത അയാൾ സ്‌നേഹം കൊണ്ടാണ്‌ രോഗം സുഖപ്പെടുത്തുന്നത്‌. തികച്ചും `അപ്രായോഗികമായ' ഈ സമീപനം ആരോഗ്യ പരിപാലനത്തിന്‌ ഒരു സന്ദേശം നൽകുന്നുണ്ട്‌. ആരോഗ്യം രോഗചികിത്സ മാത്രമല്ല . രോഗമില്ലാതാകുന്ന ജീവിതസാഹചര്യങ്ങളുടെ സൃഷ്‌ടി കൂടിയാണ്‌. വീടിന്റെ ഘടന, ഗാർഹിക പരിതസ്ഥിതി, തൊഴിൽ രംഗത്തെ സാഹചര്യങ്ങൾ തുടങ്ങി റോഡുകളും പുഴകളും ഗട്ടറുകളും അന്തരീക്ഷമലിനീകരണവുമെല്ലാം ആരോഗ്യപരിപാലനത്തിൽ പങ്കുവഹിക്കുന്നുണ്ട്‌. ഉഷ്‌ണമേഖലാ രോഗങ്ങൾ ഭയന്നാണ്‌ ബ്രിട്ടീഷുകാർ `മെഡിക്കൽ റിസോർട്ടുകൾ' എന്ന പേരിൽ ഹിൽസ്റ്റേഷനുകളിൽ താമസമാക്കിയത്‌. ഇന്നിവയെല്ലാം ഇന്ത്യൻ ധനികവർഗത്തിന്റെ കേന്ദ്രങ്ങളാണ്‌. ദരിദ്രർ മലിനമായ സാഹചര്യങ്ങളിൽ കഴിയുന്നു. ഈ സ്ഥിതി വിശേഷങ്ങൾക്ക്‌ മാറ്റം വരണമെങ്കിൽ രോഗം വരുമ്പോൾ മാത്രം ഓടിനടന്നാൽ പോര, സമഗ്രമായ ആരോഗ്യപരിപാലനനയം രൂപപ്പെടണം. അതിനു ജീവശാസ്‌ത്രപഠനം മാത്രം പോര. പരിസ്ഥിതി പഠനവും സാമൂഹ്യശാസ്‌ത്രവും ആവശ്യമാണ്‌. രോഗി ഒരു അവയവമല്ല, മനുഷ്യരും അവരുടെ ജീവിത സാഹചര്യങ്ങളുമാണ്‌ എന്ന ബോധമുള്ള പുതിയ തലമുറ ആരോഗ്യപ്രവർത്തകരെ രൂപപ്പെടുത്തണം. അതിനായി പൊതുജനാരോഗ്യാസൂത്രണം മുഖ്യപ്രവർത്തനമായി മാറുകയും പാർപ്പിടങ്ങളും തൊഴിൽ ശാലകളും മാർക്കറ്റുകളും വിനോദമേഖലകളുമടക്കം മനുഷ്യരുടെ എല്ലാ വ്യവഹാര മേഖലകളും അതിനുകീഴിൽ വരികയും വേണം.

കേരളത്തിൽ വർധിച്ചുവരുന്ന ആത്മഹത്യകളുടെയും വ്യക്തിഗതസംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ മാനസികാരോഗ്യപ്രവർത്തനവും പ്രധാനമായി വരണം. മാനസികസംഘർഷങ്ങളെ രോഗമായി കണ്ടു ചികത്സിക്കുന്ന രീതിയിൽ മാറ്റം വരണം. ഇന്നു വളർന്നുവരുന്ന നിരാശാബോധത്തിന്റെയും ഭീതിയുടെയും അന്തരീക്ഷം അകറ്റി ആത്മവിശ്വാസമുള്ള പുതിയ തലമുറയെ സൃഷ്‌ടിക്കുക മാനസികാരോഗ്യ പ്രവർത്തനത്തിന്റെ മുഖ്യ ലക്ഷ്യമാകണം.

മണ്ണിന്റെ മാറിൽ

കൃഷി, മത്സ്യബന്ധനം, സമ്പത്തിന്റെ വിനിയോഗം തുടങ്ങിയവയെല്ലാം പ്രതിസന്ധിയിലാണ്‌. ഭക്ഷ്യവസ്‌തുക്കളും മറ്റുവിഭവങ്ങളും വിപണിയിൽ ലഭിക്കുന്നതുകൊണ്ട്‌ ഭക്ഷ്യോൽപ്പാദനം ഇനി കേരളത്തിൽ പ്രസക്തമല്ല. എന്ന വാദമുണ്ട്‌. വർധിച്ച നഗരവൽക്കരണവും ഭൂമിയുടെ കമ്പോളവൽക്കരണവും ചേർന്ന്‌ ഭൗമവിഭവ സമ്പത്തിനെ തകർക്കുന്നു. കരാർകൃഷി , കോർപ്പറേറ്റ്‌ ഫാമിങ്ങ്‌ സമുദ്രസമ്പത്തിലെ കോർപ്പറേറ്റ്‌ ഇടപെടലുകൾ എന്നിവയുടെ സാധ്യതയും വർധിക്കുന്നു. സ്റ്റേറ്റിന്റെ ഇടപെടലോടെ സഹകരണാത്മകവും സാമൂഹ്യവുമായ ഉൽപ്പാദന സംരഭങ്ങൾ ആരംഭിക്കുക, ശാസ്‌ത്രസാങ്കേതിക പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ ഉൽപ്പാദനക്ഷമത വർധിപ്പിക്കുക, കാർഷികാനുബന്ധവ്യവസായങ്ങളും, ഭക്ഷ്യസംസ്‌കരണരൂപങ്ങളും ശക്തിപ്പെടുത്തുക, വനസമ്പത്തിന്റെ ശാസ്‌ത്രീയമായ വിനിയോഗവും വനവൽക്കരണവും പ്രോത്സാഹിപ്പിക്കുക, സമുദ്രസമ്പത്തിന്റെ ശാസ്‌ത്രീയമായ പുനരുജ്ജീവനവും വിനിയോഗവും ഭൂമിയുടെ ശാസ്‌ത്രീയമായ വിനിയോഗവും ഉറപ്പാക്കുക, തരിശിടൽ, പാഴ്‌നിലങ്ങളുടെ രൂപീകരണം, അശാസ്‌ത്രീയ നഗരവൽക്കരണം തുടങ്ങിയവ നിയന്ത്രിക്കുക തുടങ്ങി സാമൂഹ്യനിയന്ത്രണത്തിൻ കീഴിൽ വരുന്ന കാർഷിക പുനരുജ്ജീവനപരിപാടി ഇന്നത്തെ ആവശ്യമാണ്‌. കേരളത്തിലെ ദരിദ്രജന വിഭാഗത്തിന്റെ സമഗ്രമായ വികാസവും ഇതിലൂടെ ഉറപ്പുവരുത്താൻ കഴിയും. കാർഷികവികസനത്തോട്‌ ഇന്നുള്ള അവഗണന നവലിബറലിസത്തിന്റെ അക്രമാസക്തിയാണെന്ന തിരിച്ചറിവും ആവശ്യമാണ്‌. കരാർകൃഷിയോടും കോർപ്പറേറ്റ്‌ ഫാമിങ്ങിനോടുമുള്ള എതിർപ്പ്‌ പ്രകടിപ്പിക്കുമ്പോൾ തന്നെ ജനിതക സാങ്കേതികവിദ്യയെ ആധാരമാക്കിയ പുതിയ കൃഷിരൂപങ്ങൾ ആവശ്യമാണെന്ന വാദവും ഉയരുന്നുണ്ട്‌. ശാസ്‌ത്രസാങ്കേതിക വിദ്യകൾ ഒന്നിനെയും എതിർക്കേണ്ടതില്ല. പക്ഷേ, അവ ഉപയോഗിച്ച്‌ ലാഭക്കൊതി തീർക്കുകയും അതിനുവേണ്ടി ഒരു പ്രദേശത്തെ പ്രകൃതിയുടെയും സമൂഹത്തിന്റെയും ചയാപചയ രൂപങ്ങൾ തകർക്കുകയും ചെയ്യുന്നത്‌ ജനജീവിതത്തെ നശിപ്പിക്കും .അത്തരം സാങ്കേതിക ദുരുപയോഗത്തിനെതിരായ ജാഗ്രതയും ആവശ്യമാണ്‌. സമുദ്ര സമ്പത്തിന്റെയും വനസമ്പത്തിന്റെയും കാര്യത്തിലും സാങ്കേതിക വിദ്യാമാറ്റത്തിന്റെ അടിസ്ഥാനത്തിലുള്ള കടന്നുകയറ്റങ്ങൾ ചെറുക്കപ്പെടണം (ട്രോളിങ്ങ്‌ നിരോധനം സാധ്യമാക്കിയത്‌ അത്തരം ചെറുത്തുനിൽപ്പിന്‌ ഉദാഹരണമാണ്‌).

വ്യവസായങ്ങളുടെ വരവേൽപ്പുകൾ

വ്യവസായങ്ങൾ തുടങ്ങാൻ സംരഭകർ അനുഭവിക്കുന്ന തത്രപാടുകളും `ലേബർ പ്രോബ്ലവും' അടുത്തകാലംവരെ സ്ഥിരം ചർച്ചാവിഷയമായിരുന്നു. ഉദാരവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ ഓട്ടത്തിന്റെയും ചാട്ടത്തിന്റെയും ആവശ്യം വരുന്നില്ല.മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ള കൂലികുറഞ്ഞ അധ്വാനം ധാരാളം ലഭ്യമായതുകൊണ്ട്‌ ?ലേബർ പ്രോബ്ലവും? കുറഞ്ഞു. വളർന്നുവന്നത്‌ മുഴുവൻ നിർമാണ വ്യവസായവും ബാങ്കുകളും കുറിക്കമ്പനികളുമാണ്‌. എന്തായാലും കേരളത്തിന്റെ വളർച്ചാനിരക്കുകൾ അതിവേഗം കുതിച്ചുകയറി മുതലാളിമാരുടെ ലാഭം ഉറപ്പുവരുത്തുന്നതും മുതൽമുടക്ക്‌ അധികം വേണ്ടാത്തതുമായ വിദ്യാഭ്യാസം, റിസോർട്ടുകൾ, മസാജ്‌ പാർലറുകൽ, ആയുർവേദ ഔഷധങ്ങൾ, സൗന്ദര്യവർധകവസ്‌തുക്കൾ തുടങ്ങിയ വ്യവസായങ്ങളും പച്ചപിടിച്ചുകഴിഞ്ഞു. എന്നിട്ടും നിത്യോപയോഗ വസ്‌തുക്കളുടെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളോടുള്ള നമ്മുടെ വിധേയത്വം അവസാനിച്ചിട്ടില്ല. ഐ. ടി., വാഹനങ്ങൾ, ഫോണുകൾ, ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ തുടങ്ങിയവയിലെല്ലാം നമുക്കിന്നുള്ള ടെക്‌നോളജി അവയുടെ റിപ്പയറിലാണ്‌. ഉൽപ്പാദനത്തിലല്ല. കേരളത്തിലെ വിഭവങ്ങളുടെ അടിസ്ഥാനത്തിൽ വളർത്തിക്കൊണ്ടുവരാവുന്ന ഒരു മേഖലയിലും കാർഷികാനുബന്ധരൂപങ്ങൾ, നെയ്‌ത്ത്‌, കളിമണ്ണ്‌, വനവിഭവങ്ങൾ,സമുദ്രസമ്പത്ത്‌, ലോഹപ്പണി തുടങ്ങിയവ കേരളത്തിന്‌ പുതിയ സാങ്കേതിക വിദ്യകളും ഉൽപ്പന്നങ്ങളും വികസിപ്പിക്കാൻ കഴിയുന്നില്ല. ഇന്നു ഒഴുകിനടക്കുന്ന ഫൈനാൻഷ്യൽ വിഭവം കൊണ്ടുതന്നെ വിദഗ്‌ധരായ തൊഴിൽ സേനയുണ്ടെങ്കിൽ മറ്റുസംസ്ഥാനങ്ങളിലെ വിഭവങ്ങൾകൊണ്ടുവരുവാൻ കഴിയും. വിദഗ്‌ധരായ തൊഴിൽ സേനയില്ല. ബാങ്ക്‌ ലോക്കറുടമകൾക്ക്‌ താൽപ്പര്യവുമില്ല. ഈ അവസ്ഥ വൻകുത്തകകളെയും വിദേശനിക്ഷേപത്തെയും ചുവപ്പുപരവതാനിവിരിച്ച്‌ വരവേൽക്കുന്നതുകൊണ്ടുമാത്രം പരിഹരിക്കയില്ല. അതിനുവേണ്ടത്‌ ആന്തരികമായി മൂലധന ചംക്രമണത്തിന്റെ രൂപങ്ങൾ സാമൂഹ്യമായി വളർത്തിക്കൊണ്ടുവരുകയാണ്‌. വ്യക്തികളുടെയോ സംഘം ചേർന്ന്‌ ആരംഭിക്കുന്നതോ ആയ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവരെ വിദഗ്‌ധതെഴിൽ സേനയെ സമാഹരിച്ചു പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യണം. പ്രവാസി നിക്ഷേപങ്ങളടക്കം ഇന്ന്‌ നാം സൃഷ്‌ടിക്കുന്ന സമ്പത്തിന്റെ ക്രിയാത്മകമായ ഉപയോഗം ഇവിടെ സാധിക്കും. അത്തരം സംരംഭങ്ങളിൽ മുതലാളി തൊഴിലാളിബന്ധങ്ങൾ ജനാധിപത്യപരമായ രീതിയിൽ സംഘടിപ്പിക്കപ്പെടണം. കേരളത്തിൽ വളർന്നുവരുന്ന വിദഗ്‌ധതൊഴിലാളികൾക്ക്‌ ഇവിടെതന്നെ നിന്ന്‌ പ്രവർത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം വളർത്തണം അതിനുള്ള പുതിയ തൊഴിൽ സംസ്‌കാരം സാമൂഹ്യമായി വളർത്തണം. മുതലാളിത്തരീതി അവലംബിച്ചതുകൊണ്ടുമാത്രം അത്തരം തൊഴിൽ സംസ്‌കാരം ഉണ്ടാകണമെന്ന്‌ ശഠിക്കുന്നത്‌ അശാസ്‌ത്രീയമാണ്‌.

സേവനവും ക്ഷേമപദ്ധതികളും

സേവനമേഖലയുടെ വ്യവസായവൽക്കരണത്തെ സ്വാഗതം ചെയ്യുന്നവരുണ്ട്‌ .അത്‌ അനിവാര്യമാണെന്ന്‌ കരുതി അംഗീകരിക്കുന്നവരുമുണ്ട്‌. സേവനമേഖലയിൽ നടക്കുന്ന ഉൽപ്പാദനം അടിസ്ഥാന ഉൽപ്പാദനരൂപങ്ങൾക്ക്‌ അനുപൂരകമാണ്‌. ഇന്നത്തെ സാഹചര്യങ്ങളിൽ സേവനമേഖലയുടെ വ്യവസായവൽക്കരണം മൂലധനാധിപത്യത്തെ ശക്തിപ്പെടുത്തുക മാത്രമാണ്‌ ചെയ്യുന്നത്‌. സേവനമേഖലയെക്കുറിച്ചുള്ള പുതിയ ആശയം വളർത്തുകയാണ്‌ ഇന്നത്തെ ആവശ്യം. മൂലധനാധിപത്യത്തെ വളർത്തുന്നതിനുപകരം സാമൂഹ്യവികസനത്തിന്റെ വ്യാപനത്തിലൂന്നിയുള്ള സേവനമേഖലയുടെ വികാസം ലക്ഷ്യമാക്കണം. വിദ്യാഭ്യാസം, ആരോഗ്യം, പൊതുഭരണരൂപങ്ങൾ, സാമൂഹ്യപ്രവർത്തനം, രാഷ്‌ട്രീയം തുടങ്ങിയവയെല്ലാം മൂലധനസേവകരായിമാറുന്നതിനുപകരം സമൂഹത്തിന്റെ സമഗ്രമായ വികാസത്തിൽ പങ്കാളികളാകണം.

പുറന്തള്ളപ്പെട്ടവർക്ക്‌ സുരക്ഷ എന്നതാണ്‌ ക്ഷേമപദ്ധതികളുടെ ലക്ഷ്യം . ക്ഷേമം എന്നാൽ സുരക്ഷ മാത്രമാണോ എന്ന്‌ ആലോചിക്കണം. ജനങ്ങളുടെ അടിസ്ഥാനജീവിതമാർഗങ്ങളുടെ സംഘാടനവും വികാസവുമില്ലാതെ ?ക്ഷേമം? സാധ്യമല്ല. അതായത്‌ അധ്വാനശേഷി നിലനിൽക്കുന്ന എല്ലാവർക്കും അതു പ്രാവർത്തികമാക്കാൻ തുറകൾ സൃഷ്‌ടിക്കുക ക്ഷേമത്തിന്റെ ഭാഗമാണ്‌. സേവനപ്രവർത്തനങ്ങൾ വെറും ഭൂതദയയുടെതല്ല, ജീവിക്കാനുള്ള അവകാശത്തിന്റെ വികാസമാണ്‌. സാമൂഹ്യനീതി സങ്കൽപ്പം ജീവിക്കാനുള്ള അവകാശത്തിന്റെ വളർച്ചയുമായി ബന്ധപ്പെടുന്നു.

ലിംഗനീതി

ലിംഗനീതി പുതിയ ക്ഷേമ സങ്കൽപ്പത്തിന്റെ സവിശേഷഘടകമാണ്‌. ഇന്നത്തെ ലിംഗനീതിസങ്കൽപ്പങ്ങൾ സ്‌ത്രീരക്ഷയിൽ ഒതുങ്ങുന്നു. അവരെ പൂർണമായി സ്വതന്ത്രരായി വ്യക്തികളായി കാണുന്നില്ല. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെയും ജീവിതഗുണനിലവാരത്തിന്റെയും ഏറ്റവും വലിയ ഗുണഭോക്താക്കൾ സ്‌ത്രീകളാണ്‌. എന്നിട്ടും സ്‌ത്രീകളുടെ അധ്വാനശേഷിയും സർഗശക്തിയും സാമൂഹ്യവികസനത്തിനായി ഉപയോഗപ്പെടുത്തുന്നില്ല. അതിനായി സ്‌ത്രീരക്ഷയുടെ മാർഗങ്ങളും കാല്‌പനികമായ ?ഇടങ്ങൾ കയ്യടക്കലും? മാത്രംകൊണ്ടു പ്രയോജനമില്ല, കുടുംബബന്ധങ്ങളിലെ ജനാധിപത്യപരമായ മാറ്റങ്ങളും അതിനാവശ്യമായ നിയമഭേദഗതികളും (വിവാഹ രജിസ്‌ട്രേഷൻ മുതലായവ)സ്‌ത്രീകളുടെ സഞ്ചാരം, താമസം, തൊഴിൽ സമയം എന്നിവയിലുള്ള സ്വാതന്ത്ര്യം സ്‌ത്രീകളുടെ സ്വത്തവകാശത്തിലുള്ള പൂർണസ്വാതന്ത്ര്യം, സമൂഹത്തിലെ കടമകൾ നിർവഹിക്കുന്നതിനുള്ള സമഗ്രവും പൂർണവുമായ പരിശീലനരൂപങ്ങൾ തുടങ്ങിയ വിപുലമായ മാറ്റങ്ങൾ ആവശ്യമാണ്‌. സ്‌ത്രീകളുടെ തൊഴിൽ കൂട്ടായ്‌മയും ഉൽപ്പാദനസംഘങ്ങളും പ്രോത്സാഹിപ്പിക്കണം. കുടുംബശ്രീപോലുള്ള സ്വയം സഹായസംഘങ്ങളെ സഹകരണാടിസ്ഥാനത്തിലുള്ള ഉൽപ്പാദനകൂട്ടായ്‌മകളായി വികസിപ്പിക്കണം (സ്വയം സഹായമാണോ പരസ്‌പരസഹായമാണോ കൂടുതൽ പ്രസക്തമെന്നു വിലയിരുത്തണം). സ്‌ത്രീകളെ ഉപഭോഗവസ്‌തുക്കളായി കാണുന്ന ധനികവർഗപ്രവണതയെ ശക്തമായി നേരിടുകയും വേണം.

പശ്ചാത്തലസൗകര്യങ്ങൾ

ഹൈവേകൾക്കും അതിവേഗപാതകൾക്കും അനൂകൂലമായ മാനസീകാവസ്ഥ വളർന്നുവരുന്നുണ്ടെന്നതു സത്യമാണ്‌. ഉപഭോഗവസ്‌തുക്കളെന്നനിലയിൽ വാഹനങ്ങൾ വർധിക്കുകയും നഗരങ്ങൾ വ്യാപകമാകുകയും യാത്രക്കാരുടെ പോക്കുവരവുകൾ വർധിക്കുകയും അതനുസരിച്ച്‌ ഗതാഗതസൗകര്യങ്ങൾ വികസിക്കാതിരിക്കുകയും ചെയ്യുന്നതിന്റെ ദുരന്തഫലമാണിത്‌. കേരളത്തിൽ ദീർഘദൂരയാത്രകൾക്ക്‌ റോഡുകൾ അല്ല, റെയിൽപാതകളാണ്‌ നല്ലത്‌ എന്ന്‌ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്‌. സമഗ്ര റെയിൽ വികസനത്തിൽ ഊന്നുന്നതിനുപകരം കൊച്ചിൻ മേട്രോ റെയിലിൽ കേന്ദ്രീകരിക്കുന്നത്‌ നവലിബറൽ നഗരകേന്ദ്രീകൃത വികസനസങ്കൽപ്പത്തിന്റെ നല്ല ഉദാഹരണമാണ്‌.കേരളത്തിൽ റെയിൽ പാതകളും സമാന്തരമായി അർട്ടറിയൽ റോഡുകളും റെയിൽവേസ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്നതരത്തിലുള്ള റോഡ്‌ ശൃംഖലകളുമാണാവശ്യം. ധാരാളം സ്റ്റേറ്റ്‌ ഹൈവേകളുണ്ടാകുന്നത്‌ ഗതാഗതത്തിന്റെ വിന്യാസത്തെ സഹായിക്കുകയില്ല. ഊർജത്തിന്റെ വിനിയോഗത്തിലും ശാസ്‌ത്രീയമായ മാറ്റങ്ങളാവശ്യമാണ്‌. കേരളത്തിലെ പ്രധാന ഊർജ ഉപഭോഗം ഗാർഹികോപഭോഗമാണ്‌. ഇതിൽ നല്ലൊരു ഭാഗം മൈക്രോ- മിനി പ്രോജക്‌റ്റുകൾ വഴിയാകുന്നത്‌ പ്രധാനപ്പെട്ട വൈദ്യുതി ശൃംഖലകളിലെ ലോഡ്‌ കുറയ്‌ക്കാൻ സഹായിക്കും. ഇതിന്‌ നിരവധി നിർദേശങ്ങളുണ്ടായിട്ടും (ചൈനീസ്‌ മാതൃകയടക്കം) ആരും അത്‌ ഉപയോഗപ്പെടുത്താൻ തയ്യാറായിട്ടില്ല. ഇപ്പോൾ സെൻട്രൽ ഗ്രിഡിൽ നിന്നുള്ള വൈദ്യുതി വൈകിയാൽ ലോഡ്‌ ഷെഡ്ഡിംഗ്‌ ഏർപ്പെടുത്തേണ്ട സ്ഥിതിയാണ്‌ കേരളത്തിലുള്ളത്‌. കനത്ത മഴ കിട്ടിയതിനു ശേഷമുള്ള സ്ഥിതിയാണിതെന്ന്‌ ഓർക്കണം.

ആശയവിനിമയശൃംഖല ഏതാണ്ടു മുഴുവനും ഇന്ന്‌ കുത്തകകളുടെ നിയന്ത്രണത്തിലാണ്‌. അതുകൊണ്ട്‌ കമ്യൂണിറ്റി ടി വി നെറ്റ്‌വർക്കുകൾ, ഇ- മാഗസിനുകൾ, മൊബൈൽ നെറ്റ്‌വർക്കുകൾ തുടങ്ങിയവയിലൂടെയുള്ള സമാന്തര വാർത്താവിനിമയരൂപങ്ങൾ ആവശ്യമാണ്‌. പഞ്ചായത്ത്‌ ഇൻഫർമേഷൻ സിസ്റ്റം മുതലായ ആശയങ്ങൾ പരിഗണനയിലുണ്ടായിരുന്നെങ്കിലും അവയൊന്നും നടപ്പിലാക്കിയിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്‌റ്റിവിറ്റി ഉറപ്പുവരുത്താത്തതുകൊണ്ട്‌ അവയിലൂടെയുള്ള വിനിമയത്തിന്റെ പ്രവാഹവും ഭദ്രമല്ല. പ്രാദേശിക വിനിമയ ശൃംഖലകളുടെ വികാസം സാമൂഹ്യവികസനത്തിന്റെ പ്രധാന ഘടകമാണ്‌.

ഭൂവിനിമയവും പരിസ്ഥിതിയും

ഭൂമി ഒരു പൊതുസ്വത്ത്‌ എന്ന ആശയത്തിന്‌ അംഗീകാരം കിട്ടിയിട്ടുണ്ടെങ്കിലും അതിനെതിരെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്‌. ഭൂമിയുടെ ദേശസാൽക്കരണമാണ്‌ ഉദ്ദേശിക്കുന്നത്‌ എന്ന തെറ്റിധാരണ പരന്നിട്ടുണ്ട്‌ . വാസ്‌തവത്തിൽ ദേശസാൽക്കരണം ഇന്നത്തെ സ്ഥിതിയിൽ ഭൂവിനിയോഗത്തെ കമ്പോളവൽക്കരിക്കാൻ കൂടുതൽ സഹായിക്കുകയാണ്‌ ചെയ്യുക. ഭൂവിനിയോഗത്തിൽ സാമൂഹ്യമായ നിയന്ത്രണരൂപങ്ങൾ വളർത്തിക്കൊണ്ടുവരികയും അതിന്‌ ആവശ്യമായ നിർവഹണാധികാരം പഞ്ചായത്തുകൾ പോലുള്ള ജനാധിപത്യ ഭരണരൂപങ്ങൾക്കു നൽകുകയും ചെയ്യുകയാണ്‌ ഇന്നാവശ്യം. ഭൂമിയുടെ അനിയന്ത്രിതവും മോഹവിലയ്‌ക്കനുസരിച്ചുള്ളതുമായ ക്രയവിക്രയം ഇന്ന്‌ വിഭവങ്ങളെ നശിപ്പിക്കുകയും കാർഷികോൽപ്പാദനത്തെ തകർക്കുകയും ചെയ്യുന്നു. അതിനെതിരായി കാർഷിക പുനരുജ്ജീവന പാക്കേജ്‌ നടപ്പിലാക്കണമെന്ന്‌ നിർദേശിക്കുമ്പോൾ അതിനോടൊപ്പം ശാസ്‌ത്രീയവും ആസൂത്രീതവുമായ ഭൂവിനിയോഗം വേണമെന്ന വാദവുമാണ്‌ പരിഷത്ത്‌ ഉയർത്തിപ്പിടിക്കുന്നത്‌.

പരിസ്ഥിതിനാശവും ഇതുമായി ബന്ധപ്പെടുത്തി കാണണം. ദരിദ്രജനതയുടെ ജീവിതമാർഗങ്ങൾ പുനസ്ഥാപിക്കപ്പെടുകയും വളർന്നുവരികയും ചെയ്യണമെങ്കിൽ ധനികവർഗത്തിന്റെ പരിസ്ഥിതിയിലേക്കുള്ള കടന്നുകയറ്റങ്ങൾ അവസാനിക്കണം.ആദിവാസികൾ, തീരദേശവാസികൾ, നഗരങ്ങളിലെയും ഗ്രാമങ്ങളിലേയും ദരിദ്രർ എന്നിവർ ഇന്ന്‌ വിഭവശൂന്യവും മലീമസവുമായ സാഹചര്യങ്ങളിൽ കഴിയുന്നവരാണ്‌. പാരിസ്ഥിതിക സന്തുലിതാവസ്ഥയുടെ സ്ഥാപനം അവരുടെ വികസനത്തിന്റെ അടിസ്ഥാനഘടകമാണ്‌.

സംസ്‌കാരം

സാമൂഹ്യവികസനത്തിന്റെ അടിസ്ഥാനഘടകമാണ്‌ സംസ്‌കാരം . മലയാളഭാഷയുടെയും മലയാളിയുടെ സാംസ്‌കാരികപൈതൃകത്തിന്റെയും ദൃഢീകരണവും വികാസവും ഇതിന്റെ ഭാഗമാണ്‌. മലയാളികൾ സങ്കരഭാഷയിലും സംസ്‌കാരത്തിലും വളരേണ്ടവരല്ല.അവർ മലയാളഭാഷയിലും സംസ്‌കാരത്തിലുമുറച്ചുനിന്നുകൊണ്ട്‌ മറ്റുഭാഷകളും ജീവിതരീതികളും പഠിക്കേണ്ടവരാണെന്നും ആവരാർജിക്കുന്ന അറിവുകളും സാങ്കേതികവിദ്യകളും സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ സ്വന്തം ജീവിതസാഹചര്യങ്ങളിൽ വികസിപ്പിക്കേണ്ടവരാണെന്നുമുള്ള ബോധം വളർന്നുവരണം. ആഗോളതൊഴിൽ വിപണിയിലെ കളിപ്പാട്ടമായി മാത്രം ജനങ്ങളെ കാണുന്ന സാംസ്‌കാരികബോധം സാമൂഹ്യവികസനസങ്കൽപ്പവുമായി പൊരുത്തപ്പെടുന്നില്ല. കേരളത്തിലെ വിഭവങ്ങളും ഉൽപ്പാദനരീതികളും സർഗാത്മകവൈവിധ്യവും ഉപയോഗിച്ച്‌ സ്വന്തം വ്യവഹാരമേഖലകൾ വികസിപ്പിക്കാൻ പോരാടുന്നവരായി മലയാളികൾ മാറണം. അതിന്‌ കേരളീയത എന്നോ മറ്റോ വിളിക്കാവുന്ന ദേശീയ സാംസ്‌കാരികവബോധത്തിന്റെ വികാസം ആവശ്യമാണ്‌. സെക്കുലറായ ഒരു പൊതു മണ്ഡലത്തിന്റെ വളർച്ച ഇതിന്റെ അടിസ്ഥാന ഘടകമാണ്‌. ഇതിനു തടസ്സം നിൽക്കുകയും തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സ്വത്വ സാംസ്‌കാരിക രൂപങ്ങൾക്കെതിരായ പോരാട്ടവും അനിവാര്യമാണ്‌.

വളർച്ചയോ വികസനമോ?

മേൽ സൂചിപ്പിച്ച ആശയങ്ങളെല്ലാം കൂടി കൂട്ടിവായിച്ചാൽ നാമെത്തിചേരുന്ന ചില നിഗമനങ്ങളുണ്ട്‌. കേരളത്തിന്‌ പ്രതിശീർഷ ദേശീയോൽപ്പാദനത്തിന്റെ അടിസ്ഥാനത്തിലുള്ള വളർച്ചാനിരക്കുകളാണാവശ്യമെങ്കിൽ ഇപ്പോൾ നടക്കുന്ന ദരിദ്ര്യവൽക്കരണത്തെയും പുറന്തള്ളപ്പെടലിനെയും നിലനിർത്തിക്കൊണ്ടുതന്നെ അതു സാധിക്കാം. നവലിബറൽ മുതലാളിത്താധിപത്യത്തിൽ മലയാളികൾ എവിടെ എത്തിപ്പെടുന്നുവെന്നു വേവലാതിപ്പെടേണ്ടതില്ല (ഇപ്പോഴും നാം ഗൾഫ്‌ പോലുളള പ്രവാസിമലയാളികൾ എവിടെ എത്തിപ്പെടുന്നുവെന്ന്‌ വേവലാതിപ്പെടാറില്ലല്ലോ. അവർകൊണ്ടുവരുന്ന പണത്തിലാണ്‌ നമ്മുടെ കണ്ണ്‌). അത്തരത്തിലുള്ള കാഴ്‌ചപ്പാടിന്‌ സാമൂഹ്യവൈരുധ്യങ്ങൾ പ്രശ്‌നമല്ല. ജനിച്ചുപോയതുകൊണ്ട്‌ സംരക്ഷിക്കപ്പെടേണ്ട ഒരു കൂട്ടം നിർഭാഗ്യവാൻമാർ മാത്രമാണ്‌ ദരിദ്രർ. കൂട്ടത്തോടെ മരിച്ചാലും ആരും അവരെ ഔദ്യോഗികബഹുമതികളോടെ അടക്കം ചെയ്യുകയില്ല. ഏറിയാൽ നഷ്‌ടപരിഹാരമായി കുറെ രൂപ നൽകും ,അത്രതന്നെ. വളർച്ചാനിരക്കുകൾ ഉയരുകയാണല്ലോ പ്രധാനം.

വളർച്ചാനിരക്കുകളിൽ ഊന്നിയുള്ള വികസന രൂപങ്ങൾ സൃഷ്‌ടിക്കുന്ന മറ്റ്‌ പ്രശ്‌നങ്ങളുമുണ്ട്‌. ഇന്ന്‌ വളർന്നുവരുന്ന നഗരവൽക്കരണവും നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും അസന്തുലിതമായ വളർച്ചയും പരിശോധിക്കേണ്ടതാണ്‌. ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്‌ കേരളത്തിൽ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ജീവിത ഗുണനിലവാരം തുല്യമാണെന്നാണ്‌. ഗ്രാമങ്ങൾക്ക്‌ നേരിയ മുൻതൂക്കം വരെ ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്‌. ഈ സ്ഥിതി ഇന്നും തുടരുന്നുണ്ടോ എന്നത്‌ പഠിക്കേണ്ടിയിരിക്കുന്നു. നഗരങ്ങളുടെ വളർച്ചകൊണ്ടുണ്ടാകുന്ന പാരിസ്ഥിതികമായ കടന്നുകയറ്റങ്ങൾ ഇന്നു പ്രകടമാണ്‌. ഭൂവിനിയോഗത്തിൽ വരുന്ന മാറ്റങ്ങൾ, ജൈവവൈവിധ്യത്തിന്റെ നാശം, ജലപ്രവാഹത്തിൽ വരുന്ന മാറ്റങ്ങൾ തുടങ്ങിയവ ഗ്രാമീണ ജീവിതരീതികളെ മുഴുവൻ തകിടംമറിക്കുകയാണ്‌. തകരുന്ന ഇക്കോവ്യൂഹത്തിന്റെ പുന:സൃഷ്‌ടി സാങ്കേതികമായി (ഹരിതസാങ്കേതിക വിദ്യകൾ അടക്കം) സാധ്യമാണെന്ന അവകാശവാദങ്ങളുണ്ടെങ്കിലും അവയുടെ സാമൂഹ്യബാധ്യതകൾ എത്രമാത്രമായിരിക്കുമെന്ന്‌ പറയാൻ സാധ്യമല്ല. ഇവയെല്ലാം കൂടാതെയാണ്‌ ആഗോള ലാഭവ്യവസ്ഥയിലേക്കുള്ള സമ്പത്തിന്റെയും തൊഴിൽ സേനയുടെയും കുത്തിയൊഴുക്ക്‌. പശ്ചിമഘട്ടങ്ങളിലേക്കും അറബിക്കടലിലേക്കും തീരപ്രദേശങ്ങളിലേക്കും സമ്പത്തിനെ ലാക്കാക്കിയുള്ള മൂലധനത്തിന്റെ കടന്നുകയറ്റം എത്ര ജീവിതങ്ങളെയാണ്‌ തകർക്കുക എന്നത്‌ പ്രവചനാതീതമാണ്‌. കമ്പോള വികസനത്തിന്റെ `കിനിഞ്ഞിറങ്ങൽ'പ്രക്രിയയിലുള്ള `ശുഭാപ്‌തിവിശ്വാസം' കഴിഞ്ഞ 20 വർഷങ്ങളായി ഫലം കണ്ടിട്ടില്ല. മാത്രമല്ല എല്ലാ വൻകിട രാജ്യങ്ങളിലും ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വർധിക്കുകയാണ്‌. പുതിയതായി വികസിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം ആഗോള ശരാശരിയെക്കാൾ എത്രയോ ഉയരെയാണ്‌. ഈ അന്തരം നിലവിലുള്ള വ്യവസ്ഥയിൽ ഇല്ലാതാക്കുക എളുപ്പമല്ലെന്നാണ്‌ അമേരിക്കയടക്കമുള്ള നിരവധി രാജ്യങ്ങളിൽ ഉയർന്നുവരുന്ന കലാപങ്ങൾ വ്യക്തമാക്കുന്നത്‌.

സാമൂഹികവികസനത്തിന്റെ കാഴ്‌ചപ്പാട്‌ നേരെ തിരിച്ചാണ്‌. ഇവിടെ നാം വളർത്തിക്കൊണ്ടുവരേണ്ട അടിസ്ഥാന തൊഴിൽശക്തിയാണ്‌ ദരിദ്രർ. നമുക്ക്‌ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ക്രിയാശേഷിയുടെയും സർഗാത്മകതയുടെയും നാമ്പുകൾ വളർന്നുവരേണ്ടത്‌ അവരിൽനിന്നാണ്‌. മുതലാളിത്തത്തിന്‌ എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയില്ല. തൊഴിൽരഹിത വികസനമാണ്‌ അവർക്ക്‌ പഥ്യം. എന്നാൽ സാമൂഹികവികസനം ലക്ഷ്യമാക്കുന്നത്‌ ഈ ജനവിഭാഗങ്ങളുടെയെല്ലാം സർവതോന്മുഖമായ വികാസമാണ്‌. അതുകൊണ്ട്‌ വളർച്ചാനിരക്കുകൾ അൽപ്പം കുറയുമായിരിക്കും . കേരളം എഴുപതുകൾ വരെ പരീക്ഷിച്ചു മുന്നേറിയ പാതയും അതുതന്നെയാണ്‌. അതിൽ നിന്നു പിൻമാറുകയല്ല വേണ്ടത്‌. കൂടുതൽ ശാസ്‌ത്രീയമായും ജനാധിപത്യപരമായും വികസന രൂപങ്ങൾ ആവിഷ്‌കരിച്ച്‌ മുന്നോട്ടുപോവുകയാണ്‌ വേണ്ടത്‌.

ഇപ്പോൾ മുമ്പോട്ടുവെയ്‌ക്കുന്ന സാമൂഹ്യവികസന സങ്കൽപ്പം മുമ്പ്‌ പരിഷത്ത്‌ അവതരിപ്പിച്ചിട്ടുള്ള പരിസ്ഥിതി സന്തുലിതമായ വികസനം ഉൽപ്പാദനാധിഷ്‌ഠിത വികസനം എന്നിവയുടെ തുടർച്ചയാണ്‌. ഇപ്പോൾ മൂലധനസമാഹരണത്തിലും ചംക്രമണത്തിലും വന്ന മാറ്റങ്ങൾ അതു കണക്കിലെടുക്കുന്നു. ലാഭാധിഷ്‌ഠിതമായ സമൂഹവ്യവസ്ഥയ്‌ക്ക്‌ ഇപ്പോൾ ആഗോളാധിപത്യം ലഭിച്ചിരിക്കുകയാണ്‌. ഉൽപ്പാദനത്തിൽ മാത്രമല്ല, വിതരണത്തിലും വിനിമയത്തിലും ഉപഭോഗത്തിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന്‌ നാം തിരിച്ചറിയണം. അതുകൊണ്ട്‌ ധനികപക്ഷത്തിന്റെ ആക്രമണ രൂപങ്ങൾ വിവിധ വഴികളിലൂടെയാണ്‌. അവയെ ഏകപക്ഷീയമായ മുദ്രാവാക്യങ്ങൾ കൊണ്ട്‌ നേരിടാൻ കഴിയുകയില്ല. ലാഭാധിഷ്‌ഠിതമായ വ്യവസ്ഥ ഇന്നു നിലനൽക്കുന്നത്‌ വ്യക്തിഗതമായ അധ്വാനത്തിന്റെയും ശേഷികളുടെയും വികാസത്തിലൂന്നിയല്ല, സാമൂഹ്യാധ്വാനവും ശേഷിയും പ്രയോജനപ്പെടുത്തുന്ന സങ്കീർണമായ ശൃംഖലകളെ പ്രയോജനപ്പെടുത്തിയാണ്‌. ഇന്ന്‌ ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ അധ്വാനശക്തി മുഴുവനും ഈ ശൃംഖലയിലെ കണ്ണികളായി മാറുകയാണ്‌. ഇവരെ ഒന്നിച്ചുകൊണ്ടുവരികയും അവരുടെ ക്രിയാശേഷിയുടെയും കൂട്ടായ്‌മയുടെയും സാധ്യതകൾ അവരെ ബോധ്യപ്പെടുത്തുകയും ചെയ്‌താലാണ്‌. സമ്പത്തു മുഴുവൻ തങ്ങളിൽ കേന്ദ്രീകരിക്കുന്ന മൂലധനശക്തികളെ തകർക്കാൻ കഴിയുക. അതിനുതകുന്ന സമഗ്രമായ ഒരു മുദ്രാവാക്യമായാണ്‌ സാമൂഹ്യവികസനം ഇവിടെ നിർദേശിക്കുന്നത്‌. അതേസമയം പരിസ്ഥിതി സന്തുലിതാവസ്ഥ, ഉൽപ്പാദനശക്തികളുടെ വികാസം എന്നിവ ഉൾപ്പെട്ട ലക്ഷ്യവും സാമൂഹ്യവികസനത്തിൽ ഉൾച്ചേർന്നിരിക്കുന്നു.