ജീവിതശൈലിയും ആരോഗ്യവും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ജീവിതശൈലിയും ആരോഗ്യവും
Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം ആരോഗ്യം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഏപ്രിൽ , 2008

ഭാഗം 1

കഴിഞ്ഞ 50 വർഷത്തിനുള്ളിൽ വികസിത രാജ്യങ്ങളോട്‌ കിട പിടിക്കുന്ന ഒട്ടേറെ നേട്ടങ്ങൾ ആരോഗ്യ മേഖലയിൽ കൈവരിക്കാൻ കേരളത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌.

അംഗീകൃത മാനദണ്‌ഡങ്ങളായ പൊതു മരണ നിരക്ക്‌, ശിശു മരണ നിരക്ക്‌, ആയുർദൈർഘ്യം എന്നിവ കണക്കിലെടുത്താൽ ഇന്ത്യൻ ശരാശരിയേക്കാൾ മുന്നിലാണെന്ന്‌ മാത്രമല്ല ഏതാണ്ട്‌ വികസിത രാജ്യങ്ങൾക്കു തുല്യമായ സൂചികകളാണ്‌ കേരളം നേടി കഴിഞ്ഞിട്ടുള്ളത്‌ (പട്ടിക 1). സാമൂഹ്യ നീതിയിലധിഷ്‌ഠിതമായ, ചെലവുകുറഞ്ഞ മെച്ചപ്പെട്ട ആരോഗ്യം ജനങ്ങൾക്കാകെ ലഭ്യമാക്കി എന്നതാണ്‌ കേരള ആരോഗ്യ മാതൃകയുടെ സവിശേഷത. സാമ്പത്തികമായ പിന്നോക്കാവസ്ഥ തുടരുമ്പോൾ തന്നെ ആരോഗ്യ രംഗത്ത്‌ കേരളം കൈവരിച്ച ഉജ്ജ്വലമായ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യമേഖലയിലെ ``കേരള മാതൃക ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ടു വരികയാണ്‌.

കേരളത്തിൽ നടപ്പാക്കിയ ഭൂപരിഷ്‌കരണനിയമം വഴി ജൻമിത്തം അവസാനിച്ചതും, സാർവ്വത്രിക വിദ്യാഭ്യാസം നടപ്പിലാക്കിയതിലൂടെ ഉയർന്ന സാക്ഷരത നേടാനായതും, പ്രത്യേകിച്ച്‌ സ്‌ത്രീകളുടെ വിദ്യാഭ്യാസ നിലവാരം ഉയർന്നതുമെല്ലാം ഗ്രാമീണരുടെ ജീവിത നിലവാരം ഉയരാൻ സഹായകരമായി. ശക്തമായ പൊതുവിതരണ സമ്പ്രദായം, ദുർബല വിഭാഗങ്ങളുടെ ഉയർന്ന അവകാശബോധം തുടങ്ങിയ സാമൂഹ്യ സാമ്പത്തിക ഘടകങ്ങളും, കേരളത്തിൽ നിലവിലുള്ള സാർവ്വത്രികവും, സൗജന്യവുമായ പൊതുജനാരോഗ്യ സംവിധാനവും കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിൽ വലിയ സംഭാവന നൽകിയിട്ടുണ്ട്‌.

പട്ടിക 1- ആരോഗ്യനിലവാരം- ഇന്ത്യ, കേരളം, അമേരിക്ക താരതമ്യം

ആതോഗ്യസൂചികകൾ ഇന്ത്യ കേരളം അമേരിക്ക
പൊതുമരണനിരക്ക് 8.10 6.40 6.10
ശിശുമരണനിരക്ക് 63.00 10.00 8.00
ആയുർദൈർഘ്യം(ആൺ) 64 74 78
ആയുർദൈർഘ്യം(പെൺ) 65 76 80

1. എക്കണോമിക്ക് റിവ്യൂ : സംസ്ഥാന ആസൂത്രണബോർഡ് 2004(2000ലെ കണക്ക്) 2. ലോകാരോഗ്യസംഘടന വെബ്സൈറ്റ് : 2005


കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം അര നൂറ്റാണ്ടു പിന്നിടുമ്പോൾ ആരോഗ്യ മേഖല ഒട്ടനവധി ഗുരുതരമായ പ്രതിസന്ധികളേയും, വെല്ലുവിളികളേയും നേരിട്ടുകൊണ്ടിരിക്കയാണ്‌.

നാം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ പ്രധാനമായും 5 ആയി തരം തിരിക്കാം.

1. പരിസ്ഥിതി ജന്യ രോഗങ്ങൾ (പകർച്ചവ്യാധികളുടെ പുനരാവിർഭാവവും, പുത്തൻ സാംക്രമിക രോഗങ്ങളുടെ കടന്നുവരവും)

2. ജീവിതശൈലീ രോഗങ്ങളുടെ വർധന

3. ആരോഗ്യമേഖലയുടെ സ്വകാര്യവൽക്കരണം

4. സർക്കാർ ആശുപത്രികളുടെ പിന്നോക്കാവസ്ഥ

5. സ്വകാര്യ - സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ കടന്നുവരവ്‌.

നമ്മുടെ ജീവിത ശൈലിയിൽ പ്രത്യക്ഷമായും പരോക്ഷമായും വന്ന മാറ്റങ്ങളുടെ ഫലമായാണ്‌, മേൽ സൂചിപ്പിച്ച മേഖലകളിൽ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെന്ന്‌ ആദ്യമേതന്നെ സൂചിപ്പിക്കേണ്ടതുണ്ട്‌.

മലമ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ്‌ തുടങ്ങി ഏതാണ്ട്‌ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്‌തു കഴിഞ്ഞിരുന്നു എന്നു കരുതിയ പല രോഗങ്ങളും കേരളത്തിൽ അവിടവിടെ വീണ്ടും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു. ക്ഷയരോഗം പൂർണ്ണമായി നിയന്ത്രിക്കാൻ നമുക്കായിട്ടില്ല. ജപ്പാൻ ജ്വരം, എലിപ്പനി, ഡെൻഗിപ്പനി, ഈ അടുത്ത കാലത്തായി റിപ്പോർട്ട്‌ ചെയ്‌ത ചിക്കൻ ഗുനിയ തുടങ്ങി മുൻകാലങ്ങളിൽ നമുക്ക്‌ അപരിചിതമായിരുന്ന സാംക്രമിക രോഗങ്ങൾ ചില പ്രത്യേക പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.

നമ്മുടെ മാറിയ ജീവിതശൈലിയുടെ ഭാഗമായുണ്ടായ സാമൂഹ്യ ശുചിത്വത്തിന്റെ അഭാവമാണ്‌ പ്രധാനമായും സാംക്രമിക രോഗങ്ങളുടെ പുനരാവിർഭാവത്തിന്‌ വഴിതെളിച്ചിട്ടുള്ളത്‌.

ജനസംഖ്യാ വർദ്ധനവിനും, നഗരവത്‌കരണത്തിനും അനുസൃതമായി പരിസര - ശുചിത്വ - മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ ഒരുക്കുന്നതിനും, ശുദ്ധജല വിതരണം ശക്തിപ്പെടുത്തുന്നതിലും നാം വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. ഖരമാലിന്യം ശാസ്‌ത്രീയമായി സംസ്‌ക്കരിക്കാൻ ഫലപ്രദമായ സംവിധാനങ്ങളില്ലാത്തതും, സാമൂഹ്യ ശുചിത്വത്തിൽ കാട്ടുന്ന (വ്യക്തി ശുചിത്വത്തിൽ അതീവ താൽപര്യമുള്ളവരെങ്കിലും) അലംഭാവവും പകർച്ചവ്യാധികളുടെ കടന്നുവരവിനുള്ള മുഖ്യകാരണങ്ങളായി കാണാം.

ഹൃദ്രോഗം, രക്താതിമർദ്ദം, പ്രമേഹം തുടങ്ങിയ സമ്പന്നരുടേതെന്നും ജീവിതരീതിയുടേതെന്നും (Life style Diseases) വിശേഷിപ്പിക്കപ്പെടുന്ന രോഗങ്ങളും കേരളത്തിൽ വർദ്ധിച്ചുവരികയാണ്‌. ഇത്തരം രോഗങ്ങൾ ഇന്ത്യൻശരാശരിയേക്കാൾ കൂടുതലായാണ്‌ കേരളത്തിൽ കണ്ടുവരുന്നത്‌ (പട്ടിക 3) ഇവയിൽ പല രോഗങ്ങളും പ്രായമായവരിൽ കാണപ്പെടുന്നവയാണ്‌. വർദ്ധിച്ചുവരുന്ന ആയുർദൈർഘ്യം ജനങ്ങളുടെ ഉയർന്ന ആരോഗ്യബോധം, രോഗനിർണ്ണയ ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത തുടങ്ങിയ കാരണങ്ങളാൽ ഇത്തരം രോഗങ്ങളുടെ വർധനവിനെ നമ്മുടെ വിജയങ്ങളുടെ പരാജയമായും (The failure of our success) വിശേഷിപ്പിക്കാവുന്നതാണ്‌. എന്നാൽ ഇവയിൽ പല രോഗങ്ങളും കേരളീയരുടെ മാറി വരുന്ന ആഹാരരീതിയിലും മറ്റും പിന്തുടർന്നു വരുന്ന തെറ്റായ ജീവിതക്രമത്തിന്റെ ഫലമായുണ്ടാവുന്നവയാണെന്ന വസ്‌തുത വിസ്‌മരിച്ചുകൂടാ. മാത്രമല്ല, 2010-ാമാണ്ടോടെ കേരള സമൂഹത്തിൽ ഇരുപതു ശതമാനത്തോളം അറുപതുവയസ്സിനു മുകളിലുള്ളവരായിരിക്കും. ചെലവേറിയ ചികിത്സായാവശ്യമായ ഇത്തരം രോഗങ്ങളുടെ വൻവർധന വലിയൊരു പൊതുജനാരോഗ്യ സാമ്പത്തിക ബാധ്യതയായി വളർന്നുവരാനിടയുണ്ട്‌.

കേരളത്തിൽ വർദ്ധിച്ചുവരുന്ന വാഹന അപകടങ്ങളും ആത്മഹത്യകളും നാം നേരിടേണ്ടി വരുന്ന മറ്റുചില ആരോഗ്യ പ്രശ്‌നങ്ങളാണ്‌. വർഷം തോറും 3000ത്തോളം പേരാണ്‌ വാഹനാപകടങ്ങളിൽ പെട്ട്‌ കേരളത്തിൽ മരണമടയുന്നത്‌. ഇതിന്റെ 5 ഇരട്ടിയോളം പേർക്ക്‌ ഗുരുതരമായ അംഗവൈകല്യങ്ങളും സംഭവിക്കുന്നുണ്ട്‌. ഇന്ത്യൻ ശരാശരിയേക്കാൾ മൂന്നിരട്ടിയാണ്‌ കേരളത്തിലെ ആത്മഹത്യാ നിരക്ക്‌. അതായത്‌ ഒരു ലക്ഷം പേരിൽ ഏതാണ്ട്‌ 25 പേരിലേറെ കേരളത്തിൽ വർഷം തോറും ആത്മഹത്യ ചെയ്യുന്നുണ്ട്‌. സാമൂഹ്യ സാമ്പത്തിക ഘടകങ്ങളാണ്‌ ഉയർന്നുവരുന്ന ആത്മഹത്യകളുടെ പ്രധാന കാരണങ്ങളെങ്കിലും കേരളീയരുടെ ദുർബലമായ മാനസിക ആരോഗ്യവും ഇതിന്‌ കാരണമായ ഘടകങ്ങളിലൊന്നാണ്‌.

അധികം വൈകാതെ തന്നെ എയിഡ്‌സ്‌ രോഗം കേരളത്തിൽ വലിയൊരു പൊതുജനാരോഗ്യ പ്രശ്‌നമായി വളരാനുള്ള സാധ്യതയും തള്ളിക്കളയാനാവാത്തതാണ്‌. എയ്‌ഡ്‌സ്‌ രോഗികളോട്‌ തൊട്ടുകൂടായ്‌മയും, ഭ്രഷ്‌ടും കാട്ടുന്ന സമൂഹത്തിൽ രോഗികൾ ചികിത്സ സ്വീകരിക്കുവാൻ വിമുഖരാവുമെന്നുള്ളതിനാൽ രോഗം നിശബ്‌ദമായി വ്യാപിക്കാനുള്ള സാധ്യതയേറെയാണ്‌.

കേരളീയരുടെ ആരോഗ്യ നില മെച്ചപ്പെടുത്തുന്നതിൽ ഗണ്യമായ പങ്കുവഹിച്ച സർക്കാർ ആശുപത്രികളുടെ ഇന്നത്തെ സ്ഥിതി ഏറെ പരിതാപകരമാണ്‌. പൊതുജനാരോഗ്യ സംവിധാനത്തിന്റെ തകർച്ചയും, ശോച്യാവസ്ഥയും ജനങ്ങൾക്ക്‌ ഇവയിലുള്ള വിശ്വാസം നഷ്‌ടപ്പെടാനുള്ള കാരണമായിട്ടുണ്ട്‌. രാഷ്‌ട്രീയ ഇച്ഛാശക്തിയില്ലായ്‌മ, ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലായ്‌മ, ആസൂത്രണത്തിന്റെ വൈകല്യം സർവ്വോപരി സമുചിതമായ ഒരു ആരോഗ്യനയത്തിന്റെ അഭാവം തുടങ്ങിയ നിരവധി കാരണങ്ങൾ സർക്കാർ ആശുപത്രികളുടെ ഇന്നത്തെ ദു:സ്ഥിതിക്കുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടാം.

ആരോഗ്യരംഗത്ത്‌ യാതൊരു നിയന്ത്രണവുമില്ലാതെ സ്വകാര്യ ആശുപത്രികൾ തഴച്ചു വളരുകയാണ്‌. മൊത്തം ആശുപത്രി കിടക്കകളുടേയും ഡോക്‌ടർമാരുടേയും 60% ഇപ്പോൾ സ്വകാര്യ മേഖലയിലാണ്‌. നഗരങ്ങളെ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന വൻകിട സ്വകാര്യ ആശുപത്രികൾ അമിത വൈദ്യവൽക്കരണത്തിലൂടെ ഒരു പുത്തൻ സൂപ്പർ സ്‌പെഷ്യാലിറ്റി സംസ്‌ക്കാരത്തിന്‌ ജന്മം നൽകിയിരിക്കുകയാണ്‌. പണമുള്ളവന്‌ മാത്രം ചികിത്സ എന്നത്‌ യാഥാർത്ഥ്യമാവുന്നു.

പരിഷത്ത്‌ 1987, 1996, 2004 എന്നീ വർഷങ്ങളിൽ നടത്തിയ പഠനങ്ങളിൽ നിന്നും സമൂഹത്തിലെ താഴെ തട്ടിലുള്ള ആളുകൾ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്‌ പൊതുവിൽ കുറവാണെങ്കിൽ പോലും ക്രമാനുഗത വർദ്ധവനുള്ളതായി കാണാം. (പട്ടിക 4)

അതേപോലെതന്നെ സാധാരണക്കാർക്ക്‌ ഗുരുതരമായ അസുഖങ്ങൾ വന്നാൽ ആശ്രയം ഇന്നും സർക്കാർ ആശുപത്രികൾ തന്നെയാണെന്നും 2004ലെ കേരളപഠനത്തിൽ നിന്നും കാണാൻ കഴിയുന്നു. (പട്ടിക 5)

സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികൾക്ക്‌ പലപ്പോഴും പുറത്തുനിന്നും മരുന്ന്‌ വാങ്ങുന്നതിനും, ടെസ്റ്റുകൾ നടത്തുന്നതിന്നും, ഫീസിനത്തിലും (നിയമസാധുതയില്ലെങ്കിലും) എല്ലാമായി വലിയ തുക ചിലവിടേണ്ടിവരുന്നുണ്ട്‌. സ്വകാര്യ ആശുപത്രികളുടെ മേധാവിത്തവും, സർക്കാർ ആശുപത്രികളുടെ ഇത്തരം ആന്തരിക സ്വകാര്യവത്‌ക്കരണവും കൂടി ചികിത്സാ ചെലവ്‌ കുത്തനെ ഉയർത്തിയിക്കുകയാണ്‌.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ 1987, 1996, 2004 കാലത്ത്‌ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്‌ കേരളത്തിൽ 87-96 വരെയുള്ള 10 വർഷം കൊണ്ട്‌ മാത്രം ആരോഗ്യ ചെലവ്‌ 5 ഇരട്ടി വർദ്ധിച്ചിരിക്കുന്നു എന്നാണ്‌ (പട്ടിക 6). അതേയവസരത്തിൽ ഈ കാലയളവിൽ പൊതുചെലവിൽ 137% മാത്രമാണ്‌ വർദ്ധനവുണ്ടായിട്ടുള്ളത്‌. 96 ലെ ചികിത്സാ ചെലവ്‌ 2004 ആകുമ്പോഴേക്ക്‌ ഏകദേശം 3 ഇരട്ടിയോളം വീണ്ടും വർദ്ധിച്ചിട്ടുണ്ട്‌.

ദുർബല ജനവിഭാഗങ്ങളുടെ മേലാണ്‌ വർധിച്ചുവരുന്ന ആരോഗ്യ ചെലവ്‌ കൂടുതൽ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നത്‌. പരിഷത്ത്‌ പഠനമനുസരിച്ച്‌ ഏറ്റവും ദരിദ്രരായ സാമ്പത്തിക വിഭാഗങ്ങളുടെ മൊത്തം കുടുംബ ബഡ്‌ജറ്റിന്റെ 35% രോഗചികിത്സയ്‌ക്കായി ചെലവിടേണ്ടിവരുന്നു. ഇത്‌ 1987-ൽ 7.18% മാത്രമായിരുന്നു. സ്വാഭാവികമായും, സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങൾക്ക്‌ ചികിത്സ അപ്രാപ്യമാവുകയോ വമ്പിച്ച സാമ്പത്തിക ബാധ്യതയാവുകയോ ചെയ്‌തിരിക്കുന്നു. അതിവിശ്‌ഷ്‌ടചികിത്സ സമൂഹത്തിലെ സമ്പന്നർക്കുമാത്രം ലഭ്യമാക്കുകയും ദരിദ്രർക്ക്‌ ആതുരസേവനം നിഷേധിക്കുകയും ചെയ്യുന്ന ഒരു ``അമേരിക്കൻ മാതൃക കേരളത്തിൽ വളർന്നുവരികയാണ്‌. ചെലവുകുറഞ്ഞതും സാമൂഹ്യനീതിയിൽ അധിഷ്‌ഠിതവുമായ ആരോഗ്യരംഗത്തെ കേരളമാതൃകയുടെ സ്ഥാനത്ത്‌ ചെലവേറിയതും പണക്കാർക്കുമാത്രം ലഭ്യവുമായ അമേരിക്കൻ മാതൃക കടന്നുവരുന്നത്‌ ഒട്ടും ആശാസ്യമല്ല.

നമ്മുടെ സംസ്ഥാനത്ത്‌ നടപ്പാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനം മറ്റു മേഖലകളോടൊപ്പം ആരോഗ്യരംഗത്തും വലിയ മാറ്റത്തിന്റെ സാധ്യത തുറന്നുതന്നിരിക്കുന്നു. പ്രാഥമീകാരോഗ്യ കേന്ദ്രം മുതൽ ജില്ലാ ആശുപത്രികൾ വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ കൈമാറിയതോടെ ജനപങ്കാളിത്തത്തോടെ ഈ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പ്രാദേശിക ആരോഗ്യപ്രശ്‌നങ്ങൾക്കനുസൃതമായി താഴെത്തട്ടിൽ നിന്നുതന്നെ മുൻഗണനാക്രമം നിശ്ചയിച്ച്‌ ആരോഗ്യാസൂത്രണം നടത്താനും പൊതുജന സഹകണത്തോടെ വിഭവ സമാഹരണം നടത്തി സാമ്പത്തിക പ്രതിസന്ധി മുറിച്ചു കടക്കാനും പുതിയ സാഹചര്യം പാശ്ചാത്തലമൊരുക്കി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക്‌ നൽകിയ പ്ലാൻ വിഹിതത്തിന്റെ മുപ്പതുശതമാനം ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ സേവനപ്രവർത്തനങ്ങൾക്കുള്ള പ്രോജക്‌ടുകൾ തയ്യാറാക്കാനായി നീക്കിവച്ചിരുന്നു. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി ഡോക്‌ടർമാരുടേയും മറ്റാരോഗ്യപ്രവർത്തകരുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക ആരോഗ്യസ്ഥാപനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്‌. ഇതിന്റെ ഫലമായി സർക്കാർ ആശുപത്രികളിൽ ചികിത്സക്കായി എത്തുന്നവരുടെ ശതമാനം 28ൽ (1996)നിന്നും 32(2004) ആയി വർദ്ധിച്ചിട്ടുണ്ട്‌. (പട്ടിക 4)

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും ആരോഗ്യ വകുപ്പിന്റേയും ഏകോപനത്തിലൂടെ സർക്കാർ ആശുപത്രി സംവിധാനങ്ങൾ മെച്ചപ്പെടുത്തി ഗുണഫലങ്ങളുണ്ടാക്കാൻ കഴിയുമെന്ന്‌ ഈ അനുഭവങ്ങൾ തെളിയിക്കുന്നു. പകർച്ച വ്യാധികളുടെ വ്യാപനവും, ജീവിതശൈലീ രോഗങ്ങളും കാലേകൂട്ടി കണ്ടെത്താനുള്ള കർമ്മ പരിപാടികൾ ആവിഷ്‌ക്കരിച്ച്‌ ഫലവത്തായ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്‌.

ഇതോടൊപ്പം മെഡിക്കൽ കോളേജുകളുടെ നിലവാരം വർദ്ധിപ്പിച്ച്‌ അതിവിശിഷ്‌ട ചികിത്സാ കേന്ദ്രങ്ങളാക്കി ഇവയെ മാറ്റണം. വൃദ്ധജന പരിപാലനം, സാന്ത്വന ചികിത്സ തുടങ്ങിയ വിഷയങ്ങളിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കണം.

ലക്ഷക്കണക്കിനു രൂപ നൽകി സ്വാശ്രയ കോളേജുകളിൽ പഠിച്ചു പുറത്തു വരുന്ന ഡോക്‌ടർമാർ വൈദ്യശാസ്‌ത്ര മൂല്യങ്ങൾ പിന്തുടരുമെന്ന്‌ കരുതാൻ നിവൃത്തിയില്ല. മറ്റു ഡോക്‌ടർമാർക്കൊപ്പം ഇത്തരക്കാരും ഗ്രാമീണ മേഖലയിൽ നിർബന്ധിത സേവനം നടത്തുമെന്നും, ഇത്തരം മെഡിക്കൽ കോളേജുകൾ. ആവശ്യകതയും സാമൂഹ്യ പ്രത്യാഘാതങ്ങളും പരിഗണിക്കാതെ അനുവദിക്കില്ല എന്നും സർക്കാർ തലത്തിൽ തീരുമാനമെടുക്കേണ്ടതുണ്ട്‌.

സർക്കാർ ആശുപത്രികളോടൊപ്പം ചെറുകിട-ഇടത്തരം സ്വകാര്യ ആശുപത്രികളും ഇന്ന്‌ തകർച്ചയെ നേരിട്ടുവരികയാണ്‌. ചെറുകിട സ്വകാര്യ ആശുപത്രികളേയും സർക്കാർ ആശുപത്രികളേയും കോർത്തിണക്കിക്കൊണ്ടുള്ള ഒരു ``കുടുംബ ഡോക്‌ടർ സംവിധാനം ഗ്രാമപ്രദേശങ്ങളിൽ ഏർപ്പെടുത്തുന്ന കാര്യം പരിശോധിച്ചുനോക്കാവുന്നതാണ്‌. അതോടൊപ്പം വൻകിട സ്വകാര്യ ആശുപത്രികളെ കർശനമായ സാമൂഹ്യ നിയന്ത്രണത്തിനു വിധേയമാക്കേണ്ടതുമാണ്‌.

കേരളം നേരിടുന്ന ആരോഗ്യ പ്രതിസന്ധി പരിഹരിക്കാൻ സമുചിതമായ ഒരു ആരോഗ്യനയം ആവിഷ്‌ക്കരിച്ചു നടപ്പാക്കേണ്ടിയിരിക്കുന്നു. ജനകീയമായ ഒരു ആരോഗ്യ നയത്തിന്റെ പ്രധാന ലക്ഷ്യം പൊതുജനാരോഗ്യത്തിന്റെ ദൗർബല്യങ്ങൾ പരിഹരിച്ച്‌ അവയിൽ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസം പുന:സ്ഥാപിക്കലായിരിക്കണം. വർധിച്ചുവരുന്ന പകർച്ചവ്യാധികൾ നിയന്ത്രിക്കലാണ്‌ അടിയന്തിരമായി ഏറ്റെടുക്കേണ്ട മറ്റൊരു കടമ. സാമൂഹ്യശുചിത്വ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയും രോഗ-മോണിറ്ററിംഗ്‌ സംവിധാനങ്ങൾ ഏർപ്പെടുത്തിയും പകർച്ചവ്യാധി വ്യാപനം തടയാവുന്നതാണ്‌. ``ജീവിതരീതി രോഗങ്ങൾ തടയുകയും മുൻകൂട്ടി കണ്ടുപിടിച്ച്‌ ചികിത്സിക്കുകയും വേണം. ഇതിനായി ആരോഗ്യമേഖലയിൽ ബഹുജനപങ്കാളിത്തം ഉറപ്പുവരുത്തുകയും പ്രാഥമീക ദ്വിതീയ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും വേണം. ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ ആരോഗ്യരംഗത്ത്‌ ധനപരവും ഭരണപരവുമായി അധികാര വികേന്ദ്രീകരണം നടപ്പിലാക്കി കൊണ്ടുമാത്രമേ ഈ ലക്ഷ്യം സാക്ഷാത്‌ക്കരിക്കാൻ കഴിയൂ.

ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, ജനകീയപ്രസ്ഥാനങ്ങളും, ആരോഗ്യപ്രവർത്തകരും ലക്ഷ്യബോധത്തോടെയും പ്രതിബദ്ധതയോടെയും ഒത്തുചേർന്നാൽ കേരളം നേരിടുന്ന ആരോഗ്യ പ്രതിസന്ധികൾ പരിഹരിച്ചുകൊണ്ട്‌ വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോടുകൂടിയതുമായ (Decentralised and Participatory) ഒരു പുതിയ കേരള ആരോഗ്യ മാതൃക സൃഷ്‌ടിക്കാൻ കഴിയും.

ഭാഗം 2

പകർച്ച വ്യാധികളല്ലാത്ത ദീർഘസ്ഥായി രോഗങ്ങൾ ഇന്ന്‌ ലോകം മുഴുവൻ വർദ്ധിച്ചുവരികയാണ്‌. യൂറോപ്പ്‌, വടക്കേ അമേരിക്ക തുടങ്ങിയ പല വികസിത രാജ്യങ്ങളിലും ആകെ മരണങ്ങളുടെ 70 - 75 ശതമാനവും ഹൃദ്രോഗവും കാൻസറും മൂലമാണുണ്ടാകുന്നത്‌.

വികസിത രാജ്യങ്ങളിലെ ആരോഗ്യ സൂചികകൾക്കൊപ്പമെത്തുന്ന കേരളാ മോഡൽ ആരോഗ്യ നേട്ടങ്ങളെ കുറിച്ച്‌ നാം ഏറെ അഭിമാനിക്കാറുണ്ട്‌.

എന്നാൽ വികസിത രാജ്യങ്ങളിലെ ജീവിതശൈലീ രോഗങ്ങൾ സംബന്ധിച്ച കണക്കുകളെ കടത്തിവെട്ടുന്ന തരത്തിലേക്കാണ്‌ കേരളത്തിന്റെ പോക്ക്‌ എന്നത്‌ ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്‌.

മുമ്പെങ്ങും ഇല്ലാതിരുന്നവിധം കേരളത്തിൽ അലസജീവിതത്തിന്റെയും ആർഭാടത്തിന്റെയും മുഖമുദ്രകളായ ഹൃദ്രോഗം, തലച്ചോറിലെ രക്തസ്രാവം, രക്താതിമർദ്ദം, പൊണ്ണത്തടി, സ്ഥായീഭാവമുള്ള ശ്വാസകോശ രോഗങ്ങൾ, പലവിധത്തിലുള്ള അർബുദങ്ങൾ എന്നിവ അധികരിച്ചിരിക്കുന്നു. സാംക്രമിക രോഗങ്ങൾ, പോഷണക്കുറവ്‌ എന്നീ രോഗങ്ങൾ മിക്കവാറും കുറഞ്ഞുവരുന്ന കേരളത്തിൽ പ്രമേഹവും രക്തസമ്മർദ്ദവും എല്ലാംകൂടി ഒരു പുതിയ ആരോഗ്യപ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നു. ചിത്രം 1 ൽ കാണിച്ചിരിക്കുന്നതുപോലെ പ്രധാനപ്പെട്ട മരണകാരണങ്ങൾ പഠിക്കുമ്പോൾ പകർച്ച വ്യാധികളും, മറ്റുള്ളവയും കൂടി 13% മാത്രമേ മരണകാരണമാവുന്നുള്ളു. 87% മരണകാരണങ്ങളും പകർച്ചേതര വ്യാധികളാണ്‌ എന്നാണ്‌ കണക്കുകൾ കാണിക്കുന്നത്‌. 1956 ൽ സംസ്‌ഥാനം രൂപംകൊള്ളുമ്പോൾ ഈ അനുപാതം തിരിച്ചായിരുന്നു.

അമ്പതുവർഷം കൊണ്ട്‌ സാമൂഹ്യരംഗത്തുണ്ടായ വിപ്‌ളവകരമായ മാറ്റങ്ങൾ ആരോഗ്യമേഖലയെ എങ്ങനെയാണ്‌ സ്വാധീനിച്ചത്‌ എന്നത്‌ മരണകാരണങ്ങൾ പഠിക്കുമ്പോൾ നാം മനസ്സിലാക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട മരണകാരണമായി ഹൃദ്‌രോഗവും, രണ്ടാമത്തെ പ്രധാന കാരണമായി പക്ഷാഘാതവും കാണപ്പെടുന്നു. കേരള സമൂഹത്തിൽ മൂന്നിലൊന്നിലേറെ മരണം ഈ രോഗസമുച്ചയത്തിനാലാണ്‌. ക്യാൻസർ, ആത്‌മഹത്യ, അപകടങ്ങൾ എന്നിവയുടെ സംഭാവനയും ചെറുതല്ല. ഈ രോഗങ്ങൾ എല്ലാത്തിന്റെയും അടിസ്‌ഥാനമായി കാണപ്പെടുന്നത്‌ അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണ്‌. ജീവിതശൈലി എന്നു പറഞ്ഞതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഒരു വ്യക്തി അയാളുടെ ജീവിതം ദീർഘകാലാടിസ്‌ഥാനത്തിൽ എങ്ങനെയൊക്കെ ചെലവിടുന്നു എന്നത്‌ പരിഗണിച്ചാണ്‌. ആഹാരം, വ്യായാമം, പുകയിലയുടെ ഉപയോഗം, മദ്യം, മയക്കുമരുന്നുകൾ, ലൈംഗിക ജീവിതം എന്നിങ്ങനെ ജീവിത ശൈലിയുമായി ബന്‌ധപ്പെട്ട വിവിധ മാനങ്ങൾ ആരോഗ്യത്തിന്‌ ഗുണകരമായോ, വിനാശകരമായോ ഭവിക്കാം. പൊതുവെ പറഞ്ഞാൽ കാർഷിക സംസ്‌കാരത്തിന്റെ തളർച്ച കായികാദ്ധ്വാനത്തിന്റെ തളർച്ചയിലേക്കും അതിൽ നിന്നും ജീവിതശൈലീരോഗങ്ങളിലേക്കും നയിക്കുന്ന രീതിയിലാണ്‌ കേരളത്തിലെ സാമൂഹ്യവികസനം ആരോഗ്യമേഖലയിൽ സ്വാധീനം ചെലുത്തിയിരിക്കുന്നത്‌.

ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ചുമാത്രം ആഹാരം കഴിക്കുന്നവരാണ്‌ മലയാളികൾ. അല്‌പാഹാരികളായ കേരളീയരുടെ ഇടയിൽ അമിതഭാരവും ദുർമ്മേദസ്സുമുണ്ട്‌ എന്ന്‌ പറഞ്ഞാൽ അത്‌ അതിശയോക്തിയായി തോന്നാം. പക്ഷേ യാഥാർത്ഥ്യം അതാണ്‌. അമിതഭാരം ഉയർന്ന രക്തസമ്മർദ്ദത്തിലേക്കും പ്രമേഹത്തിലേക്കും നമ്മെ മാടി വിളിക്കുന്നു. ഇവയുടെ ഫലമായി ഹൃദ്രോഗവും പക്ഷാഘാതവും മറ്റും വർദ്ധമാനമായ തോതിൽ ജനങ്ങളെ വേട്ടയാടുന്നു.

ഇപ്പറഞ്ഞ രോഗങ്ങളുടെ വ്യാപ്‌തിയും കാഠിന്യവും കേരള സമൂഹത്തിൽ എങ്ങനെയുണ്ട്‌ എന്നു നമുക്ക്‌ നോക്കാം. പ്രമേഹത്തിന്റെ കാര്യം തന്നെ എടുക്കാം. 1960-കളിൽ കേരളം ഉൾപ്പെടെ ഭാരതത്തിൽ പ്രായമായവരുടെ ഇടയിൽ വെറും 3%-ത്തിൽ താഴെയായിരുന്നു പ്രമേഹരോഗം കണ്ടു വന്നിരുന്നത്‌. ഇന്ന്‌, ചിത്രമാകെ മാറി കേരളത്തിൽ ഗ്രാമ നഗര വ്യാത്യാസമില്ലാതെ പ്രമേഹരോഗം അതിന്റെ ജൈത്രയാത്ര തുടരുകയാണ്‌. 20 വയസ്സു കഴിഞ്ഞവരിൽ 16% മുതൽ 20% വരെ ആളുകൾക്ക്‌ പ്രമേഹരോഗമുണ്ട്‌ എന്ന്‌ സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. ഹെൽത്ത്‌ ആക്‌ഷൻ ബൈ പീപ്പിൾ എന്ന സംഘടന ഇപ്പോൾ നടത്തിവരുന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്‌ പ്രമേഹരോഗത്തിന്റെ പ്രാചുര്യത്തിൽ കാര്യമായ സ്‌ത്രീ-പുരുഷ വ്യത്യാസം കാണുന്നില്ല എന്നതാണ്‌. 30 വയസ്സിനും 40 വയസ്സിനും ഇടയ്‌ക്കുതന്നെ 10%-ത്തിൽ ഏറെ ആളുകൾക്ക്‌ പ്രമേഹം ഉണ്ട്‌ എന്നാണ്‌. 40-50 വയസ്സ്‌ ആകുമ്പോഴേക്കും ഇതിന്റെ തോത്‌ 20%-ത്തിൽ അധികമാകുകയും 50-70 വരെയുള്ള പ്രായത്തിൽ പ്രമേഹ രോഗികളുടെ എണ്ണം 35-45% ആകുകയും ചെയ്യുന്നു. പൊതുവെ 35-70 വയസ്സിന്‌ ഇടയ്‌ക്കുള്ളവരുടെ പ്രമേഹരോഗത്തിന്റെ പ്രാചുര്യം 22% മുതൽ 28% വരെയാണ്‌. വിവിധ സമൂഹങ്ങളിൽ ഈ ഉയർന്ന പ്രാചുര്യത്തിന്‌ ഏക അപവാദം കേരളത്തിലെ തീര പ്രദേശങ്ങളാണ്‌. എങ്കിലും മത്സ്യ തൊഴിലാളികളുടെ ഇടയിൽ പ്രമേഹരോഗം ഇപ്പോഴും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതശൈലിയിലൂടെ മാത്രമേ ഈ രോഗത്തെ ഫലപ്രദമായി നമുക്ക്‌ നിയന്ത്രിക്കാനാവൂ.

പ്രമേഹം

പ്രാചീനകാലം തൊട്ട്‌ മനുഷ്യസമൂഹത്തിൽ കണ്ടുവരുന്ന ഒരു രോഗമാണ്‌ പ്രമേഹം. ആയുർവേദ ഗ്രന്ഥങ്ങളിൽ മധുമേഹം എന്നാണ്‌ ഈ അവസ്ഥയെ വിളിച്ചിരുന്നത്‌. രോഗിയുടെ മൂത്രത്തിൽ തേൻ പോലെയുള്ള ഏതോ പദാർത്ഥം ഉണ്ട്‌ എന്ന ധാരണയുടെ വെളിച്ചത്തിലാണ്‌ രോഗത്തിന്‌ മധുമേഹം എന്ന പേര്‌ നൽകിയത്‌. താരതമ്യേന പ്രായപൂർത്തിയായവരിൽ കൂടുതലായി കണ്ടുവരുന്ന ഈ രോഗം സ്‌ത്രീയെയും പുരുഷനെയും ഏതാണ്ട്‌ ഒരുപോലെ ബാധിക്കും. ശക്തമായ പാരമ്പര്യ സ്വഭാവം ഈ രോഗത്തിന്റെ പ്രത്യേകതയാണ്‌. 20 വയസു കഴിഞ്ഞവരിൽ മൂന്നു മുതൽ 5% വരെ ആളുകൾക്ക്‌ പ്രമേഹരോഗബാധയുണ്ടാകാം എന്ന്‌ കണക്കാക്കിയിരിക്കുന്നു. അതായത്‌ കേരളത്തിൽ 6 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയ്‌ക്ക്‌ പ്രമേഹരോഗികളുണ്ടെന്ന്‌ അർത്ഥം.

1. എന്താണ്‌ പ്രമേഹം?

രക്തത്തിലെ ഗ്ലൂക്കോസിൻെറ അളവ്‌ ക്രമാതീതമായി വർദ്ധിക്കുകയാണ്‌ പ്രമേഹരോഗത്തിന്റെ ആദ്യത്തേതും പ്രധാനവുമായ ലക്ഷണം. ഗ്‌ളൂക്കോസിന്റെ അളവ്‌ ഒരു പരിധിയിലധികമാകുമ്പോൾ അത്‌ മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്നു. മൂത്രത്തിൽ പഞ്ചസാര ഉണ്ടോ എന്ന്‌ നോക്കി പ്രമേഹരോഗം കണ്ടുപിടിക്കുന്നതിന്റെ കാരണം ഇതാണ്‌. രോഗം മൂർഛിക്കുമ്പോൾ അതിയായ ദാഹം, അധികമായ വിശപ്പ്‌, അകാരണമായ ക്ഷീണം, പെട്ടെന്ന്‌ ശരീരഭാരം കുറയുക, തുടരെത്തുടരെ മൂത്രം ഒഴിക്കാൻ തോന്നുക എന്നീ ലക്ഷണങ്ങളും സാധാരണയാണ്‌.

പലപ്പോഴും പ്രമേഹരോഗം കണ്ടുപിടിക്കുന്നത്‌ തികച്ചും യാദൃശ്ചികമായിട്ടാണ്‌. മറ്റേതെങ്കിലും അസുഖവുമായി ചെല്ലുമ്പോൾ ഡോക്‌ടർ രക്തത്തിലെ ഗ്ലൂക്കോസ്‌ നിർണ്ണയം ആവശ്യപ്പെടുമ്പോഴാണ്‌ രോഗം കണ്ടുപിടിക്കുക. കൈയ്യിലോ, കാലിലോ ഉണ്ടാകുന്ന നിസ്സാര വ്രണങ്ങൾ പോലും കരിയാൻ താമസിക്കുക, പെട്ടെന്ന്‌ കാഴ്‌ചശക്തി കുറയുക, ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക, അകാരണമായി ക്ഷീണം തോന്നുക എന്നിവയും പ്രമേഹരോഗം സംശയിക്കാൻ ഇടനൽകുന്നു.

2. പ്രമേഹരോഗം എത്രതരം?

മുഖ്യമായും രണ്ടുതരം ഉണ്ട്‌.

1. ഫലപ്രദമായ രോഗനിയന്ത്രണത്തിന്‌ ഇൻസുലിൻ തുടർച്ചയായി ആവശ്യമായ പ്രമേഹം.

2. ഇൻസുലിന്റെ സഹായമില്ലാതെ തന്നെ ചികിത്സിച്ച്‌ നിയന്ത്രണവിധേയമാക്കാൻ സാധ്യമായ പ്രമേഹം.

ഇവയിൽ ഒന്നാമത്തെ ഗണത്തിൽ പെടുന്ന പ്രമേഹം താരതമ്യേന ചെറുപ്പക്കാരിലാണ്‌ കണ്ടുവരുന്നത്‌. ശരീരം വല്ലാതെ മെലിയുക ഒരു പ്രധാന ലക്ഷണമാണ്‌. രോഗനിർണ്ണയം ചെയ്‌താൽ ജീവിതകാലം മുഴുവൻ ഇൻസുലിൻ ചികിത്സ ആവശ്യമായി വരുന്നു.

രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന പ്രമേഹം താരതമ്യേന 40 വയസ്സ്‌ കഴിഞ്ഞവരിലാണ്‌ കൂടുതലായി പ്രത്യക്ഷപ്പെടുക. തടിച്ച ശരീരപ്രകൃതിയുള്ളവർക്ക്‌ ഇത്തരം പ്രമേഹം പിടിപെടാനുള്ള സാദ്ധ്യത ഏറെയാണ്‌. പക്ഷേ നമ്മുടെ നാട്ടിൽ കുറച്ചുകൂടി പ്രായം കുറഞ്ഞവരിലും മെല്ലിച്ച ശരീരപ്രകൃതിയുള്ളവരിലും ഈ പ്രമേഹം കണ്ടുവരാറുണ്ട്‌.

മുകളിൽ വിവരിച്ച രണ്ട്‌ വിഭാഗത്തിനും പുറമേ മുതിർന്ന കുട്ടികളിലും ചെറുപ്പക്കാരിലും അപൂർവ്വമായി പ്രത്യക്ഷപ്പെട്ടിരുന്ന ഒരുതരം പ്രമേഹം അറുപതുകളിലും എഴുപതുകളിലും കേരളത്തിലുണ്ടായിരുന്നു. കാലം ചെന്നപ്പോൾ അതിന്റെ പ്രാചുര്യം തീരെ കുറഞ്ഞു.

3. രോഗം എങ്ങനെയുണ്ടാകുന്നു ?

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ വർദ്ധിക്കുകയാണ്‌ പ്രമേഹത്തിന്റെ കാതലായ ലക്ഷണം എന്ന്‌ നേരത്തേ സൂചിപ്പിച്ചുവല്ലോ. ശരീരത്തിലെ എല്ലാ അവയവങ്ങളിലെയും കോടിക്കണക്കിന്‌ കോശങ്ങളിലേക്ക്‌ ഗ്ലൂക്കോസ്‌ കടന്നുചെല്ലണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോൺ ആവശ്യമാണ്‌. ആഗ്നേയഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ്‌ ആവശ്യമുള്ള അളവിൽ ഇൻസുലിൻ ഉത്‌പാദിപ്പിക്കുന്നത്‌. ഈ കോശങ്ങളുടെ പ്രവർത്തക്ഷമത നശിച്ചാൽ രക്തത്തിൽ ഇൻസുലിന്റെ അളവ്‌ കുറയുകയും ഗ്ലൂക്കോസ്‌ വർദ്ധിക്കുകയും ചെയ്യുന്നു. ഗ്ലൂക്കോസ്‌ രക്തത്തിൽ അധികരിക്കുമ്പോൾ മൂത്രത്തിലൂടെ പുറത്തേക്കു പോകുന്നു. ചില വ്യക്തികളുടെ രക്തത്തിൽ ഇൻസുലിന്റെ പ്രവർത്തനത്തിനെ ചെറുക്കുന്ന ഘടകങ്ങൾ അധികരിച്ചും പ്രമേഹം പ്രത്യക്ഷപ്പെടാം. ശരീരത്തിലുള്ള ഇൻസുലിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ ഇത്തരം പ്രമേഹം നിയന്ത്രിക്കാം.

4. രോഗനിർണ്ണയം ചെയ്യുന്നതെങ്ങനെ ?

മുൻപ്‌ വിവരിച്ച ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ പ്രമേഹരോഗം സംശയിക്കാം. മൂത്രത്തിൽ പഞ്ചസാരയുണ്ടോ എന്ന ലളിതമായ പരിശോധനയിലൂടെ പലപ്പോഴും രോഗനിർണ്ണയം ചെയ്യാനാകും. പക്ഷേ രോഗത്തിന്റെ കാഠിന്യം അറിയണമെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൃത്യമായും തിട്ടപ്പെടുത്തേണ്ടതുണ്ട്‌. സംശയാതീതമായ രോഗനിർണ്ണയത്തിന്‌ സ്വീകരിക്കുന്ന രീതി മറ്റൊന്നാണ്‌. കാലത്ത്‌ വെറും വയറ്റിൽ സിരാരക്തമെടുത്ത്‌ ഗ്ലൂക്കോസിന്റെ അളവ്‌ നിർണ്ണയിക്കുന്നു. രക്തം എടുത്ത ഉടനെ 75 ഗ്രാം ഗ്ലൂക്കോസ്‌ ഒരു പാനീയമായി നൽകി കൃത്യം രണ്ട്‌ മണിക്കൂറിനുശേഷം സിരാരക്തമെടുത്ത്‌ ഗ്ലൂക്കോസിന്റെ അളവ്‌ വീണ്ടും നിർണ്ണയിക്കുന്നു. ഇത്‌ സാധിച്ചില്ലെങ്കിൽ നല്ലതുപോലെ ആഹാരം കഴിച്ച്‌ 2 മണിക്കൂറിനുശേഷം രക്തതത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ നിർണ്ണയിക്കുന്ന മറ്റൊരു രീതിയും ഉണ്ട്‌.

5. പ്രമേഹരോഗ ചികിത്സ എങ്ങനെ ?

ഫലപ്രദമായ രോഗചികിത്സയ്‌ക്ക്‌ പൊതുവായി അംഗീകരിച്ച ചില തത്വങ്ങൾ ഉണ്ട്‌, ഔഷധചികിത്സ (അവശ്യം വേണ്ടവർക്ക്‌), ആഹാരനിയന്ത്രണം, വ്യായാമം, ശരീര ഭാരനിയന്ത്രണം എന്നിവയാണിവ.

ഈ തത്വങ്ങളുടെ കുടക്കീഴിൽ നിന്നുകൊണ്ട്‌ ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും രോഗത്തിന്റെ പ്രത്യേകതകളും കണക്കിലെടുത്തതിനുശേഷം ഡോക്‌ടർ ചികിത്സ നിശ്ചയിക്കുന്നു. ഇൻസുലിൻ ആവശ്യമുള്ള രോഗികൾക്ക്‌ തക്കതായ അളവിൽ അനുയോജ്യമായ തരത്തിലുള്ള ഇൻസുലിൻ കുത്തിവയ്‌പ്പ്‌ നിർദ്ദേശിക്കുന്നു. ഗുളികകളാണ്‌ വേണ്ടതെങ്കിൽ ഏറ്റവും പറ്റിയതരം ഗുളികകൾ, ആവശ്യമുള്ള മാത്രയിൽ ശുപാർശ ചെയ്യുന്നു.

ഔഷധചികിത്സ ഏതുതരമായാലും ശരി പ്രമേഹരോഗനിർണ്ണയത്തിന്‌ ആവശ്യം വേണ്ട ചില ശീലങ്ങളാണ്‌ വ്യായാമം, ആഹാരനിയന്ത്രണം, ശരീരഭാരം നിയന്ത്രിക്കൽ എന്നിവ.

a. വ്യായാമം

മരുന്നുപോലെയോ, അതിനെക്കാൾ പ്രധാനമോ ആണ്‌ രോഗനിയന്ത്രണത്തിൽ വ്യായാമത്തിനുള്ള പങ്ക്‌. പതിവായുള്ള വ്യായാമം ഇൻസുലിന്റെ ആവശ്യകതയെ കുറയ്‌ക്കുന്നതോടൊപ്പം ഉള്ള ഇൻസുലിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഗുളിക ചികിത്സ വേണ്ടവർക്ക്‌ ഗുളികയുടെ ആവശ്യകതയും തൻമൂലം കുറയുന്നു.

ഇന്ന തരത്തിലുള്ള വ്യായാമം എന്ന്‌ കർക്കശമായ ചിട്ടകളൊന്നും ഇല്ല. അവരവർക്ക്‌ ചെയ്യാവുന്നത്‌, കുറഞ്ഞത്‌ അരമണിക്കൂറെങ്കിലും ശരീരം നന്നായി വിയർക്കുന്ന തരത്തിലുള്ള വ്യായാമം ചെയ്‌താൽ മതി. ഉദാഹരണത്തിന്‌ ദിവസം അരമണിക്കൂർ സാമാന്യ വേഗത്തിലുള്ള നടത്തം ആർക്കും ചെയ്യാവുന്നതാണ്‌.

b. ആഹാരനിയന്ത്രണം

ഔഷധങ്ങളെപ്പോലെയോ, പലപ്പോഴും അതിലേറെയോ പ്രാധാന്യം പ്രമേഹരോഗനിയന്ത്രണത്തിൽ ആഹാരക്രമീകരണത്തിനുണ്ട്‌. ഒരു പ്രധാന തത്വം, ആഹാരത്തിന്റെ അളവ്‌ ഓരോ വ്യക്തിക്കും ശരീരഭാരം ഉചിതമായ തോതിൽ നിയന്ത്രിച്ച്‌ നിർത്താൻതക്കവണ്ണം ക്രമീകരിക്കുക എന്നതാണ്‌. ഇതിനർത്ഥം ഭാരം കൂടിയവർക്ക്‌ ആഹാരത്തിന്റെ അളവിൽ കുറവും കുറഞ്ഞവർക്ക്‌ ആഹാരത്തിന്റെ അളവിൽ വർദ്ധനവും വരുത്തണമെന്നാണ്‌. ഇതിനുപരിയായി ഒരു പ്രമേഹരോഗി അനുവർത്തിക്കേണ്ട മറ്റു ചില ആഹാരശീലങ്ങളുണ്ട്‌. അവ ചുവടെ ചേർക്കുന്നു.

1. മിഠായി, മറ്റ്‌ മധുരപലഹാരങ്ങൾ, മധുരമുള്ള പഴങ്ങൾ, തേൻ, തുടങ്ങിയവ കഴിവതും വർജിക്കുക.

2. അമിതമായ തോതിൽ കൊഴുപ്പ്‌ ഉപയോഗിക്കാതിരിക്കുക.

3. ആഹാരത്തിൽ ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്തുക.

4. ഇലക്കറികൾ, മലക്കറികൾ എന്നിവ ധാരാളം ഉൾപ്പെടുത്തുക.

5. മാംസഭുക്കുകൾ ഇറച്ചിക്ക്‌ പകരം മൽസ്യം സമൃദ്ധമായി ഉപയോഗിക്കുക.

6. മരച്ചീനി, ഉരുളക്കിഴങ്ങ്‌ എന്നിവയുടെ ഉപയോഗം വല്ലപ്പോഴുമാക്കുക.

7. പാലിന്റെ ഉപയോഗം പരിമിതപ്പെടുത്തുക.

പ്രമേഹരോഗികൾ അരിയാഹാരം വർജിച്ച്‌ ഗോതമ്പ്‌ കഴിക്കുന്നത്‌ നല്ലതാണ്‌ എന്നൊരു ധാരണ നമ്മുടെ നാട്ടിൽ പ്രചുരമായുണ്ട്‌. ഈ ധാരണയ്‌ക്ക്‌ യാതൊരു ശാസ്‌ത്രീയാടിസ്ഥാനവുമില്ല. രണ്ട്‌ ധാന്യങ്ങളിലും മുഖ്യഘടകം അന്നജം തന്നെയാണ്‌.

c. ശരീരഭാരം നിയന്ത്രണം

ആഹാരം ക്രമീകരിക്കുന്നതിലൂടെയും അനുയോജ്യമായ വ്യായാമമുറകളിലൂടെയും ശരീരഭാരം വേണ്ട രീതിയിൽ നിയന്ത്രിച്ച്‌ നിർത്താൻ ആർക്കും സാധിക്കും.

6. രോഗനിയന്ത്രണത്തിൽ വീഴ്‌ച വരുത്തിയാൽ

ആരംഭത്തിൽതന്നെ രോഗനിർണ്ണയം ചെയ്‌ത്‌ തക്കതായ ചികിത്സാ രീതികൾ അവലംബിച്ചാൽ അല്ലലില്ലാത്ത ഒരു ദീർഘജീവിതം ഏത്‌ പ്രമേഹരോഗിക്കും സാധ്യമാകും. നേരേ മറിച്ച്‌ വളരെ വൈകിമാത്രം രോഗനിർണ്ണയംചെയ്യുകയോ രോഗം കണ്ടുപിടിച്ചാൽതന്നെ അത്‌ ഗൗരവമായി എടുക്കാതെ അലക്ഷ്യമായി മുന്നോട്ടു പോകുകയോ ചെയ്‌താൽ ഗുരുതരമായ ഭവിഷ്യത്തുകൾ തീർച്ചയാണ്‌. അവയിൽ പ്രധാനമായവ ചുവടെ ചേർക്കുന്നു.

a. വൃക്കരോഗങ്ങൾ

b. നാഡിരോഗങ്ങൾ

c. നേത്രരോഗങ്ങൾ

d. ഡയബറ്റിക്‌ കോമാ (ബോധക്ഷയം)

a. വൃക്കരോഗങ്ങൾ

അലക്ഷ്യജീവിതം നയിക്കുന്ന പ്രമേഹരോഗിയുടെ വൃക്കകൾ തകരാറിലാവാനുള്ള സാദ്ധ്യത വളരെയധികമാണ്‌. വൃക്കകൾക്ക്‌ സ്ഥായിയായ തകരാറുണ്ടായി, രക്തത്തിൽ അവശ്യം വേണ്ട അൽബ്യൂമിൻ എന്ന മാംസ്യം ധാരാളമായി പുറത്തുപോയി ശരീരമാസകലം നീരുണ്ടാകുന്നു. ശരീരത്തിൽ ഉൽപാദിക്കപ്പെടുന്ന വിസർജ്യവസ്‌തുക്കൾ പുറംതള്ളാനുള്ള കഴിവ്‌ വൃക്കകൾക്ക്‌ നഷ്‌ടപ്പെടുന്നു. ഇവ രക്തത്തിൽ അധികരിച്ച്‌ തലച്ചോറിന്റെ പ്രവർത്തനം തകരാറിലായി ബോധക്ഷയവും അകാലത്തിൽ മരണവും സംഭവിക്കുന്നു.

b. നാഡീരോഗങ്ങൾ

കൈകാലുകളിൽ പുകച്ചിൽ, നീറ്റൽ, തരിപ്പ്‌ എന്നീ ലക്ഷണങ്ങളോടു കൂടി ആരംഭിച്ച്‌ മാംസപേശികളുടെതന്നെ പ്രവർത്തനക്ഷമത കാലക്രമത്തിൽ ഇല്ലാതാകുന്നു. ചികിത്സ കൊണ്ട്‌ കാര്യമായ പ്രയോജനം പ്രതീക്ഷിക്കേണ്ട.

c. നേത്രരോഗങ്ങൾ

പ്രമേഹം ശരിയായി നിയന്ത്രിക്കാത്ത ആളുകൾക്ക്‌ അകാലത്തിൽ തിമിരം ബാധിക്കുക സാധാരണയാണ്‌. അതിലേറെ ഗുരുതരം, പ്രമേഹരോഗികളുടെ നേത്രപടലത്തിലുണ്ടാകുന്ന രക്തസ്രാവമാണ്‌. ഇവ അധികരിക്കുമ്പോൾ ശാശ്വതമായ അന്ധതയ്‌ക്ക്‌ കാരണമാകും. മേൽ പ്രസ്‌താവിച്ച ഭവിഷ്യത്തുകൾക്കുപരിയായി രക്തസമ്മർദ്ദം, തലച്ചോറിന്റെ രക്തസ്രാവം, കൈകാലുകളിലെ ധമനീ രോഗങ്ങൾ, ഹൃദയാഘാതം എന്നിവയും പ്രമേഹരോഗബാധിതരിൽ കൂടുതലാണ്‌.

d. ഡയബറ്റിക്‌ കോമാ അഥവാ ബോധക്ഷയം.

രോഗനിയന്ത്രണത്തിൽ ഒട്ടും ശ്രദ്ധിക്കാതെ അലക്ഷ്യമായി കഴിയുന്നവരിലും രോഗനിർണ്ണയം ചെയ്യാതെ രോഗം മൂർച്ഛിച്ചവരിലും ചിലപ്പോൾ പെട്ടെന്നുണ്ടാകുന്ന ഒരു ലക്ഷണമാണ്‌ ബോധക്ഷയം അഥവാ ഡയബറ്റിക്‌ കോമാ. ഈ സന്ദർഭങ്ങളിൽ രോഗിയുടെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ്‌ വളരെ മടങ്ങ്‌ വർദ്ധിച്ചിരിക്കും. തലച്ചോറിനെ ബാധിക്കുന്ന ചില വിഷവസ്‌തുക്കൾ രക്തത്തിലും മൂത്രത്തിലും അധികരിക്കും. അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച്‌ ചികിത്സിക്കേണ്ട ഒരു അവസ്ഥയാണ്‌ ഇത്‌.

ചികിത്സാവേളയിലുണ്ടാകുന്ന ബോധക്ഷയം.

അപൂർവ്വമായാണെങ്കിലും ചിലപ്പോൾ ഇൻസുലിന്റെയോ ഗുളികകളുടെയോ മാത്ര അധികരിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ പെട്ടെന്ന്‌ കുറയുകയും രോഗി അർദ്ധബോധാവസ്ഥയിലേക്കോ അബോധാവസ്ഥയിലേക്കോ നീങ്ങുകയും ചെയ്യുന്നു. പെട്ടെന്ന്‌ ശരീരം വിയർക്കുക, ശരീരമാകെ തണുക്കുക, നാഡിമിടിപ്പിന്റെ തോത്‌ കുറയുക, നാക്ക്‌ കുഴയുക എന്നിവയാണ്‌ പ്രാരംഭ ലക്ഷണങ്ങൾ. ഉടൻതന്നെ പഞ്ചസാര, ഗ്ലൂക്കോസ്‌, കരിക്കിൻവെള്ളം, തേങ്ങാവെള്ളം എന്നിവയിലേതെങ്കിലും കഴിക്കുക.

7. പ്രമേഹരോഗവും നാടൻ ഔഷധങ്ങളും

ആയുർവേദഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ശിലാജിത്ത്‌ എന്ന ധാതു ചക്കരകൊല്ലി, പൊൻകുരണ്ടി, ഉലുവ, പാവയ്‌ക്ക എന്നിവയിലും ഇവയിലൊന്നും പെടാത്ത അനേകം ഔഷധച്ചെടികളിലും നിലവിലുണ്ട്‌. ഇവയിൽ ചിലതിനൊക്കെ താൽക്കാലികമായി ചെറിയ തോതിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ കുറക്കാനുള്ള കഴിവുണ്ട്‌. ഇത്തരം ഔഷധങ്ങളിൽ അന്ധമായ വിശ്വാസം അർപ്പിച്ച്‌ ശാസ്‌ത്രീയ ചികിത്സാക്രമം ഉപേക്ഷിക്കുന്നവർ അകാലമൃത്യുവും ഗുരുതരമായ ഭവിഷ്യത്തുകളുമാണ്‌ വിളിച്ചുവരുത്തുന്നത്‌.

പ്രമേഹം ഒരിക്കൽ പ്രത്യക്ഷപ്പെട്ടാൽ ജീവിതകാലം മുഴുവൻ ഒരു വ്യക്തി പ്രമേഹബാധിതനാണ്‌. ക്ഷയരോഗമോ വയറിളക്കമോ ചികിത്സിച്ചു മാറ്റുന്നതുപോലെ പ്രമേഹത്തിൽ നിന്ന്‌ പൂർണ്ണമായും ആർക്കും മോചനം ലഭിക്കുന്നില്ല. പക്ഷേ ശരിയായ സമീപനത്തിലൂടെ, രോഗത്തിന്റെ ലക്ഷണങ്ങളെല്ലാം അമർച്ച ചെയ്‌ത്‌ പൂർണ്ണ ആരോഗ്യത്തോടെ ദീർഘജീവിതം നയിക്കാൻ ഏത്‌ പ്രമേഹരോഗിക്കും സാധിക്കും.

നാം എത്ര ശ്രമിച്ചാലും പ്രമേഹം മനുഷ്യസമൂഹത്തിൽ നിന്നും തുടച്ചു മാററാൻ സാധിക്കില്ല. ശക്തമായ പാരമ്പര്യ സ്വഭാവമുള്ള രോഗമാണ്‌ പ്രമേഹം. പക്ഷേ ആരോഗ്യകരമായ ഒരു ജീവിതശൈലിയിലൂടെ രോഗം പ്രത്യക്ഷപ്പെടുന്നത്‌ വൈകിക്കാനും, രോഗം പിടിപെട്ടാൽ ഫലപ്രദമായി നിയന്ത്രിച്ച്‌, ദീർഘജീവിതം നയിക്കുവാനും നമുക്കേവർക്കും സാധിക്കും. അതാവണം നമ്മുടെ ലക്ഷ്യം.

പക്ഷാഘാതം (Stroke)

നമ്മുടെ നാട്ടിൽ പ്രധാനപ്പെട്ട മരണകാരണങ്ങളിൽ ഒന്നാണ്‌ പക്ഷാഘാതം. തലച്ചോറിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന തകരാറാണ്‌ ഇതിന്‌ കാരണമാകുന്നത്‌. തകരാറുകളുടെ ഗൗരവവും വ്യാപ്‌തിയും അനുസരിച്ച്‌ രോഗസങ്കീർണ്ണതകൾ വ്യത്യാസപ്പെട്ടിരിക്കും. അല്‌പനേരത്തെ ബോധക്ഷയം മുതൽ ഒന്നോ അതിലധികമോ അംഗങ്ങളുടെ തളർച്ച (കൈ-കാൽ) സംസാരശേഷി നഷ്‌ടമാകുക, ബോധക്ഷയം ഉണ്ടാകുക അവസാനം മരണംവരെ സംഭവിക്കാം. രോഗത്തിൽ നിന്ന്‌ രക്ഷപ്പെടുന്നവരുടെ ജീവിതത്തിന്റെ ഗുണനിലവാരം മിക്കവാറും മോശപ്പെട്ടതായിരിക്കും. ഇതുകൊണ്ടാണ്‌ ഈ രോഗത്തിന്‌ മറ്റു പകർച്ചേതരവ്യാധികളെക്കാൾ ഗൗരവം ഏറുന്നത്‌.

പക്ഷാഘാതം സംഭവിക്കുന്നത്‌ തലച്ചോറിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന തകരാറുകൾമൂലമാണെന്ന്‌ സൂചിപ്പിച്ചുവല്ലോ. എന്തൊക്കെയാണ്‌ ഈ തകരാറുകൾ എന്ന്‌ നോക്കാം. 1) ഏറ്റവും സാധാരണമായി കാണുന്ന തകരാറുകൾ ത്രോംബോസിസ്‌ എന്നതാണ്‌. പ്രധാനപ്പെട്ട രക്തക്കുഴലുകൾ പതുക്കെ പതുക്കെ അടഞ്ഞ്‌ പോകുന്നതുകൊണ്ട്‌ വരുന്ന അപകടമാണിത്‌. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ്‌ വർദ്ധിക്കൽ, പുകയിലയുടെ ഉപയോഗം, വ്യായാമക്കുറവ്‌, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങി വിവിധ കാരണങ്ങൾ ത്രോബോസിസിന്‌ നിദാനമായി പ്രവർത്തിക്കുന്നു. ചില സാഹചര്യങ്ങളിൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും വരുന്ന രക്തക്കട്ടകൾ തലച്ചോറിലെ രക്തധമനിയെ അടക്കുന്നു. (എംബോളിസം). ഹൃദയാഘാതത്തെ തുടർന്ന്‌ ഹൃദയത്തിൽ നിന്നും വരുന്ന രക്തക്കട്ടകൾ ഇതിന്‌ കാരണമാകാം. അതുകൊണ്ടുതന്നെ ഇവ രണ്ടും ഒന്നിച്ച്‌ വന്നാൽ തിരിച്ചറിയുക സാധാരണക്കാരന്‌ വിഷമമാണ്‌. നമ്മുടെ നാട്ടിലെ പക്ഷാഘാതം കൂടുതലും ഇത്തരത്തിലുള്ള തകരാറുകൾ കൊണ്ടാണ്‌ സംഭവിക്കുന്നത്‌.

തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്നതുവഴി രക്തസ്രാവം ഉണ്ടാകുന്നതിനാലാണ്‌ മറ്റൊരു കൂട്ടരിൽ പക്ഷാഘാതം വരുന്നത്‌. രക്തക്കുഴലുകൾ പൊട്ടുന്ന സ്ഥലം തലച്ചോറിനകത്തോ, തലച്ചോറിനെ പൊതിയുന്ന സ്ഥലത്തോ ആകാം (Subarachnoid haemorrhage and cerebral haemorrhage). ഇവ കൂടാതെ നിരവധി രോഗങ്ങൾ രക്തക്കുഴലുകളുടെ ആരോഗ്യത്തിനെ ബാധിക്കാം. ഈ കൂട്ടത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടവ രക്തക്കുഴലുകളിൽ വരുന്ന ട്യൂമറുകൾ, തലച്ചോറിലെ കോശങ്ങളിൽ വരുന്ന ട്യൂമറുകൾ തുടങ്ങിയവയാണ്‌. ഇവ ഓരോന്നും പക്ഷാഘാതത്തിന്‌ കാരണവും ആകാം. മൊത്തം പക്ഷാഘാതരോഗികളിൽ വളരെ കുറച്ച്‌ ശതമാനമേ ഈ കൂട്ടത്തിൽപ്പെടുകയുള്ളു.

വികസിത സമൂഹങ്ങളിൽ 10-15% മരണം പക്ഷാഘാതം കൊണ്ടാണ്‌ സംഭവിക്കുന്നത്‌. ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇതിന്റെ തോത്‌ ഇതിനെക്കാൾ കൂടുതലാണ്‌. രോഗസാദ്ധ്യതയുടെ പ്രധാനപ്പെട്ട കാരണം ഇനി പറയുന്നവയാണ്‌. 1) ഉയർന്ന രക്തസമ്മർദ്ദം 2) ഹൃദ്രോഗം, പ്രമേഹം, രക്തത്തിലെ കൊഴുപ്പ്‌, അമിതവണ്ണം തുടങ്ങിയവയാണ്‌. പ്രായം കൂടുന്തോറും രോഗസാദ്ധ്യത കൂടുന്നു. പ്രായാധിക്യമുള്ള പുരുഷന്മാരിലാണ്‌ രോഗസാദ്ധ്യത കൂടുതൽ.

രോഗം വന്നു കഴിഞ്ഞാൽ എത്രയും പെട്ടെന്ന്‌ ചികിത്സയ്‌ക്ക്‌ വിധേയമാക്കുക, ജീവൻ നിലനിർത്തുവാൻ അത്യാവശ്യമാണ്‌. ഈ രോഗികൾക്ക്‌ അത്യാഹിത പരിചരണം എത്രയും പെട്ടെന്ന്‌ നൽകണം. മരണത്തിൽ നിന്നും രക്ഷപ്പെടുന്നവർക്ക്‌ അംഗവൈകല്യങ്ങൾ വരാൻ സാദ്ധ്യത വളരെ കൂടുതലാണ്‌. കൈകാലുകളുടെ തളർച്ച, സംസാരശേഷി ഇല്ലായ്‌മ മുതൽ ബോധമില്ലാതെ വളരെക്കാലം ജീവിക്കുന്ന സ്ഥിതി വരെ എത്താം. ഇവരുടെ പുനരധിവാസം, ആവശ്യമായ ചികിത്സ എന്നിവ ഏത്‌ കുടുംബത്തിന്റെയും, സമൂഹത്തിന്റെയും വെല്ലുവിളിയാണ്‌. പക്ഷാഘാതം വന്നവരുടെ പരിചരണത്തിനും, നാം ഇനിയും വളരെദൂരം മുന്നോട്ട്‌ പോകേണ്ടിയിരിക്കുന്നു. രോഗനിയന്ത്രണത്തിന്‌ സംയോജിതമായ ഒരു സമീപനമാണ്‌ സ്വീകരിക്കേണ്ടിയിരിക്കുന്നത്‌. ഹൃദ്രോഗ നിയന്ത്രണം, പ്രമേഹ നിയന്ത്രണം, ഹൈപ്പർ ടെൻഷൻ നിയന്ത്രണം, അമിത വണ്ണ നിയന്ത്രണം എന്നിവ സാദ്ധ്യമായാൽ പക്ഷാഘാതനിയന്ത്രണവും സാദ്ധ്യമാകുന്നതാണ്‌. മുൻപറഞ്ഞ രോഗങ്ങളിൽ ജീവിതശൈലി ചെലുത്തുന്ന സ്വാധീനം അവയിലൂടെ പക്ഷാഘാതത്തിലും ചെലുത്തുന്നു. ചുരുക്കത്തിൽ ജീവിതശൈലിയിൽ കാര്യമായ മാറ്റം വരുത്തുന്നില്ലായെങ്കിൽ രോഗനിയന്ത്രണവും സാദ്ധ്യമല്ലതന്നെ.

രക്താതിമർദ്ദം (HYPERTENSION)

രക്താതിമർദ്ദം ഒരു പ്രധാനപ്പെട്ട ദീർഘസ്ഥായീരോഗമാണ്‌. ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങി വിവിധ രോഗങ്ങൾക്ക്‌ അടിസ്ഥാനകാരണമായി രക്താതിമർദ്ദം പ്രവർത്തിക്കുന്നു. സാമൂഹ്യ സാമ്പത്തിക മാറ്റങ്ങൾ അനുഭവപ്പെടുന്ന സമൂഹത്തിൽ ഈ രോഗം വളരെ പ്രധാനപ്പെട്ട ഒരു വെല്ലുവിളിയാണ്‌ ഉയർത്തുന്നത്‌. പ്രധാനമായും രണ്ട്‌ തരത്തിലുള്ള രോഗികളാണ്‌ ഉള്ളത്‌. വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാനില്ലാതെ ജീവിതശൈലിയുമായി ബന്ധപ്പെട്ട്‌ നിൽക്കുന്ന ഒരു കൂട്ടം. ഇവരെ പ്രൈമറി ഹൈപ്പർ ടെൻസിവ്‌സ്‌ എന്നും, വ്യക്തമായ ചില രോഗങ്ങളുടെ പശ്ചാത്തലത്തിൽ വരുന്ന ഹൈപ്പർ ടെൻസിവ്‌സ്‌ രോഗികളെ സെക്കൻഡറി ഹൈപ്പർ ടെൻസിവ്‌സ്‌ എന്നും വിളിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദത്തിന്‌ കാരണമാകുന്ന മറ്റ്‌ രോഗങ്ങളിൽ ചിലത്‌ ഇനി പറയുന്നവയാണ്‌.

വ്യക്കരോഗങ്ങൾ, അഡ്രിനൽ ഗ്രന്ഥിയുടെ ട്യൂമറുകൾ, പ്രധാനരക്തക്കുഴലായ അയോർട്ട ഇടുങ്ങിയിരിക്കുക, ഗർഭാവസ്ഥയുമായി ബന്ധപ്പെട്ടു നിൽക്കുന്ന രോഗങ്ങൾ എന്നിവയാണ്‌. ഇവയെല്ലാം കൂടി ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികളിൽ 5 മുതൽ 10% വരെ വരും. അതായത്‌ 90-95% രോഗികളും പ്രൈമറി ഹൈപ്പർ ടെൻസിവ്‌ ഗ്രൂപ്പിൽ ഉൾപ്പെടുന്നവരാണ്‌.

പ്രായപൂർത്തിയായവരിൽ (20 വയസ്സ്‌ കഴിഞ്ഞവർ) 20% മുതൽ 40% വരെയാണ്‌ ഉയർന്ന രക്താതിമർദ്ദപ്രാചുര്യം. സമൂഹത്തിന്റെ ജീവിതരീതി, സാമ്പത്തിക സ്ഥിതി എന്നിവ അനുസരിച്ച്‌ രോഗപ്രാചുര്യത്തിന്‌ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. പ്രായാധിക്യമുള്ളവരുടെ എണ്ണം / ശതമാനം കൂടി കൂടി വരുന്ന നമ്മുടേതുപോലുള്ള സമൂഹത്തിൽ രോഗത്തിന്റെ പ്രാചുര്യം ഇനിയും വർദ്ധിക്കാനാണ്‌ സാദ്ധ്യത.

രോഗികളെ കണ്ടുപിടിക്കുന്നതിനുള്ള മാനദണ്ഡം വ്യത്യാസപ്പെടുന്നത്‌ അനുസരിച്ച്‌ പ്രാചുര്യത്തിന്‌ വലിയ ഏറ്റക്കുറച്ചിലുകൾ വരാം. ഇപ്പോൾ അനുവർത്തിക്കുന്ന രോഗനിർവചനം സിസ്റ്റോളിക്‌ ബി.പി.140 mm of Hg, ഡയസ്റ്റോളിക്‌ ബി.പി. 90 mm of Hg - എന്നിവയാണ്‌. എന്നാൽ ഡയസ്റ്റോളിക്‌ ബി.പി. 80-90 വരെയും സിസ്റ്റോളിക്‌ ബി.പി. 120-140 വരെയും ഉള്ളവർ വളരെ വേഗം തന്നെ രോഗികളാവാൻ സാദ്ധ്യതയുണ്ടെന്ന്‌ പഠനങ്ങളിൽ നിന്ന്‌ മനസ്സിലാക്കാൻ കഴിയുന്നു. അതുകൊണ്ടുതന്നെ ജീവിത ശൈലിമാറ്റങ്ങൾ ഇവരിൽ അത്യാവശ്യമാണുതാനും.

ഉയർന്ന രക്തസമ്മർദ്ദം പ്രധാനമായ രോഗലക്ഷണങ്ങൾ ഒന്നുമില്ലാത്ത രോഗമാണ്‌. അതുകൊണ്ടുതന്നെ രോഗികളെ കണ്ടെത്തുവാൻ പ്രയാസം നേരിടുന്നു. നിർഭാഗ്യവശാൽ തിരിച്ചറിഞ്ഞ രോഗികളിൽ വളരെ കുറച്ചുപേർ മാത്രമേ ശരിയായ അളവിൽ ചികിത്സ തേടാറുള്ളൂ ജീവിതശൈലി വ്യതിയാനവും കൃത്യമായ ചികിത്സയും ഒരു പക്ഷേ ജീവിതാന്ത്യത്തോളം ഈ രോഗത്തിന്‌ ആവശ്യമാണ്‌.

രോഗകാരണങ്ങൾ പ്രധാനമായും രണ്ടായി തരംതിരിക്കാം, മാറ്റാൻ കഴിയാത്തതും, മാറ്റാൻ കഴിയുന്നതും. മാറ്റാൻ കഴിയാത്തത്‌ വയസ്സ്‌ കൂടുന്തോറും രക്തസമ്മർദ്ദം വർദ്ധിക്കുന്നു. ഇതിന്റെ ഫലമായി രോഗത്തിന്റെ പ്രാചുര്യവും വർദ്ധിക്കുന്നു. വിവിധ സമൂഹങ്ങളിൽ ഈ പ്രതിഭാസം ദൃശ്യമാണ്‌. ഉയർന്ന രക്തസമ്മർദ്ദത്തിന്റെ പ്രാചുര്യത്തിന്‌ കാര്യമായി ലിംഗഭേദം ഇല്ല. സ്‌ത്രീകളിലും, പുരുഷന്മാരിലും ഏറെക്കുറെ ഒരേപോലെ തന്നെ രോഗം ബാധിക്കുന്നു. ജനിതകമായ ഘടകങ്ങൾ, കുടുംബപാരമ്പര്യം എന്നിവയും രോഗകാരണമായി ഉൾപ്പെടുത്താം. ഈ പറഞ്ഞ ഘടകങ്ങൾ മാത്രംകൊണ്ട്‌ ഒരാൾ രോഗിയാകുന്നില്ല. ഈ ഘടകങ്ങൾ രോഗസാദ്ധ്യത വർദ്ധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. രോഗിയായി മാറുന്നതിന്‌ മറ്റു സാഹചര്യങ്ങൾ (ജീവിതശൈലി) കൂടി അത്യാവശ്യമാണ്‌.

അമിതവണ്ണം ആണ്‌ ഏറ്റവും പ്രധാനപ്പെട്ട രോഗനിദാനങ്ങളിൽ ഒന്ന്‌. തൂക്കം കൂടുന്തോറും ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാദ്ധ്യതയും വർദ്ധിക്കുന്നു. തൂക്കം കൂടുതലുള്ള രോഗികൾ തൂക്കം കുറച്ചാൽ രോഗവും കുറയുന്നു. ശരീരത്തിന്റെ മൊത്തം തൂക്കത്തിനോടൊപ്പം പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകമാണ്‌ ``കുടവയർ നമ്മുടെ സമൂഹത്തിൽ ഇതിന്റെ പ്രധാന്യം വളരെയേറെയാണ്‌ എന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ.

ഉയർന്ന ഉപ്പുപഭോഗം ഉയർന്ന രക്തസമ്മർദ്ദത്തിന്‌ കാരണമാകുന്നു എന്ന്‌ വിശ്വസിക്കുന്നു. ആഹാരം അമിതമായി കഴിക്കുന്നത്‌ അമിത വണ്ണത്തിനും, അതുവഴി ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകുന്നു. അമിതാഹാരം എന്ന്‌ ഉദ്ദേശിക്കുന്നത്‌ ശാരീരിക പ്രവർത്തനത്തിന്‌ ആവശ്യമുള്ളതിൽ കൂടുതൽ ഊർജ്ജം സംഭരിക്കുന്നു എന്നതാണ്‌. ആഹാരത്തിലൂടെ ലഭിക്കുന്ന ഊർജ്ജം വ്യായാമത്തിലൂടെ ചിലവിടുന്നില്ലാ എങ്കിൽ മിച്ചമുള്ള ഊർജ്ജം കൊഴുപ്പായി ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ സംഭരിക്കപ്പെടും. ആഹാരത്തിൽ അമിതമായ കൊഴുപ്പുണ്ടെങ്കിൽ ഈ പ്രക്രിയ കൂടുതൽ വേഗത്തിൽ നടക്കും. കൂട്ടത്തിൽ പറയട്ടെ കൊഴുപ്പുകൾ ഊർജ്ജസാന്ദ്രത വളരെ കൂടിയ ആഹാരമാണ്‌. പൂരിത കൊഴുപ്പുകളുടെ അമിതമായ ഉപഭോഗം ദുർമേദസിന്‌ അടിസ്ഥാനപരമായ കാരണമാണ്‌. ചാരായത്തിന്റെ ഉപഭോഗവും ശരീരത്തിൽ പൂരിതകൊഴുപ്പുകളുടെ സംഭരണത്തിന്‌ സഹായിക്കുന്നവയാണ്‌. അതുകൊണ്ട്‌ ഏതു രൂപത്തിലുള്ള ചാരായമായാലും അത്‌ അമിതവണ്ണത്തിനും, ഹൈപ്പർ ടെൻഷനും കാരണമായേക്കാം.

വ്യായാമം ഇല്ലാത്ത ഒരു ജീവിതരീതി ഉയർന്ന രക്തസമ്മർദ്ദത്തിന്‌ ഒരു പ്രധാന കാരണമാണ്‌. തൊഴിൽപരമായോ, വിനോദത്തിനുവേണ്ടിയോ സ്ഥിരമായി വ്യായാമം നടത്തുന്നില്ലാ എങ്കിൽ പ്രമേഹം, രക്തസമ്മർദ്ദം ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങി വിവിധ പകർച്ചേതരവ്യാധികൾ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്‌. ശരീരത്തിലെ അമിത കൊഴുപ്പ്‌ കൂടാതെ വ്യായാമം കൊണ്ടുമാത്രം നേരിട്ട്‌ ഈ രോഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നതായി കണ്ടിട്ടുണ്ട്‌. ശരീരം അനങ്ങാതെയുള്ള ജീവിതം തീർച്ചയായും അനഭിലഷണീയവും രോഗം വിളിച്ചുവരുത്തുന്നതുമായ ജീവിതശൈലിയാണ്‌.

ആധുനിക ജീവിതത്തിലെ മാനസിക സംഘർഷങ്ങൾ നേരിട്ടോ, പരോക്ഷമായോ ഉയർന്ന രക്തസമ്മർദ്ദത്തിന്‌ കാരണമായേക്കാം. ഇത്‌ ശരീരത്തിലെ വിവധ ഹോർമോണുകളുടെ പ്രവർത്തനഫലമായാണ്‌ നടക്കുന്നത്‌. സാമൂഹ്യമായ കാരണങ്ങൾ മാനസിക സംഘർഷം വർധിക്കുന്നതിനോ കുറയ്‌ക്കുന്നതിനോ സഹായിക്കാം.

രോഗ നിയന്ത്രണത്തിന്‌ ഇനി പറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കാം. 1. മുൻപറഞ്ഞ രോഗസാദ്ധ്യത കൂടിയ ജീവിതശൈലി തിരുത്തുക. 2. സാദ്ധ്യത കൂടിയ ആൾക്കാർ രണ്ട്‌ മൂന്ന്‌ മാസത്തിലൊരിക്കൽ എങ്കിലും രക്തസമ്മർദ്ദം പരിശോധിപ്പിക്കുക.

രോഗികളെ കണ്ടെത്തി ശരിയായ ചികിത്സ ലഭ്യമാക്കുക എന്നത്‌ ഈ രോഗം ഉണർത്തുന്ന സങ്കീർണതകൾ കുറയ്‌ക്കുവാൻ സഹായിക്കുന്ന നടപടിയാണ്‌. ഉയർന്ന രക്തസമ്മർദ്ദം ഉള്ളയാൾക്ക്‌ ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും, മരുന്നുകളും, ജീവിതാന്ത്യം വരെ വേണ്ടി വന്നേക്കാം. കാലാകാലമായി (ഒന്ന്‌ രണ്ട്‌ മാസത്തിലൊരിക്കൽ) രക്തസമ്മർദ്ദം പരിശോധിക്കുകയും, മരുന്നുകളിലും ജീവിതശൈലിയിലും ആവശ്യമായ മാറ്റം വരുത്തുകയും ചെയ്യേണ്ടതുണ്ട്‌. രോഗലക്ഷണങ്ങൾ കാര്യമായി ഒന്നും ഇല്ലാത്ത രോഗമായതിനാൽ രക്തസമ്മർദ്ദം അളന്നുമാത്രമേ രോഗാവസ്ഥ അറിയുവാൻ സാധിക്കുകയുള്ളൂ. രോഗികളെ നേരത്തേ കണ്ടുപിടിക്കുന്നതിനും ശാസ്‌ത്രീയമായ ചികിത്സ ലഭ്യമാക്കുന്നതിനും, ജിവിത~ശൈലി മാറ്റത്തിനും ആവശ്യമായ സാമൂഹ്യ സാഹചര്യങ്ങൾ ഒരുക്കുകയും ഇത്‌ സമൂഹ മദ്ധ്യത്തിൽ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ്‌ രോഗനിയന്ത്രണത്തിന്‌ സ്വീകരിക്കാവുന്ന തന്ത്രം.

ഹൃദായാഘാതം (Heart Attack)

ഹാർട്ട്‌ അറ്റാക്ക്‌ എന്ന വാക്ക്‌ കേരളത്തിലെ കുട്ടികൾക്ക്‌ പോലും സുപരിചിതമാണ്‌. രണ്ടുതലമുറകൾക്കു മുൻപ്‌ അപൂർവ്വമായി മാത്രം സംഭവിച്ചു കൊണ്ടിരുന്ന ഹൃദയാഘാതം ഇപ്പോൾ ഒരു സാംക്രമിക രോഗമെന്ന രീതിയിൽ ജനങ്ങളുടെ ഇടയിൽ പടർന്നു പിടിച്ചിരിക്കുന്നു. കേരളത്തിലെ ഗ്രാമങ്ങളിൽ പോലും ഹൃദയാഘാതംമൂലമുള്ള മരണനിരക്ക്‌ സമ്പന്ന രാഷ്ട്രമായ അമേരിക്കയിലുള്ളതിനേക്കാൾ അധികമാണ്‌ എന്ന വസ്‌തുത പലരും അവിശ്വസിച്ചേക്കാം. ഹെൽത്ത്‌ ആക്‌ഷൻ ബൈ പീപ്പിൾ നടത്തിയ പഠനം സൂചിപ്പിക്കുന്നത്‌ നമ്മുടെ പുരുഷന്മാരിൽ ഹൃദയാഘാതംമൂലമുള്ള മരണം അമേരിക്കൻ പുരുഷന്മാരുടേതിനേക്കാൾ 50% കൂടുതലാണ്‌ എന്നതാണ്‌. നമ്മുടെ സ്‌ത്രീകളിൽ പോലും ഹൃദയാഘാതം മുലമുള്ള മരണനിരക്ക്‌ യൂറോപ്യൻ രാജ്യമായ ഫ്രാൻസിലെ സ്‌ത്രീകളുടേതിനേക്കാൾ അധികമാണ്‌. ഹൃദയാഘാതത്തിന്റെ കാരണങ്ങളും അവ തടയാൻ ആവശ്യമായ മാർഗ്ഗങ്ങളും ജനങ്ങൾ അറിഞ്ഞാലല്ലാതെ ഭാവിയിൽ വളരെയധികം വർദ്ധിക്കാൻ സാദ്ധ്യതയുള്ള ഹൃദയാഘാത മരണങ്ങളിൽ നിന്ന്‌ കേരളത്തെ മോചിപ്പിക്കാനാകില്ല.

എന്താണ്‌ ഹൃദയാഘാതം ?

ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും അനസ്യൂതം രക്തം എത്തിച്ച്‌ കൊടുക്കുന്നത്‌ ഹൃദയം ആണ്‌. മാംസപേശികളാൽ നിർമ്മിച്ച ഒരു പമ്പാണ്‌ ഹൃദയം. ഹൃദയ മാംസപേശികൾക്കാവശ്യമായ രക്തം എത്തിച്ചേരുന്നത്‌ ചെറിയ രക്തക്കുഴലുകളായ കൊറോണറി ധമനികൾ വഴിയാണ്‌. ഈ ധമനികളിലൂടെയുള്ള രക്തയോട്ടത്തിന്‌ തടസ്സം സംഭവിക്കുമ്പോഴാണ്‌ ഹൃദയാഘാതം ഉണ്ടാകുന്നത്‌. കൊറോണറി ധമനികളിലൂടെയുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോൾ ഹൃദയമാംസപേശികൾക്ക്‌ പ്രാണവായു ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു. പ്രാണവായുവിന്റെ ലഭ്യത ഏതാനും മിനിട്ടുകൾ പൂർണ്ണമായും ഇല്ലാതായാൽ ഹൃദയത്തിന്റെ താളമിടിപ്പ്‌ തകരാറിലാവുകയും ഹൃദയം നിശ്ചലമാവുകയും ചെയ്യും.അപ്പോഴാണ്‌ മരണം സംഭവിക്കുക. തടസ്സം ഭാഗികമാണെങ്കിൽ ഏതാനും മിനിട്ടുകൾ നീണ്ടുനിൽക്കുന്ന അതിശക്തമായ നെഞ്ചുവേദനയോ, ശ്വാസംമുട്ടലോ, ചിലപ്പോൾ രണ്ടുംകൂടിയോ അനുഭവപ്പെടും. മരണം ഉടൻ സംഭവിക്കണമെന്നില്ല.

എന്താണ്‌ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ ?

8 ശക്തമായ നെഞ്ചുവേദനയാണ്‌ ഹൃദയാഘാതത്തിന്റെ ഏറ്റവും പ്രധാന ലക്ഷണം. നെഞ്ചിൽ വലിയ ഭാരം കയറ്റിവച്ചാൽ ഉണ്ടാകുന്ന രീതിയിലുള്ള വേദനയാകും പലപ്പോഴും അനുഭവപ്പെടുന്നത്‌.

  • മിക്കവാറും വേദന കഴുത്ത്‌, താടിയെല്ല്‌, ഇടത്തേ തോള്‌, ഇടംകൈ എന്നിവിയിലേക്ക്‌ വ്യാപിക്കുന്നു. ചിലപ്പോൾ മുതുകിലേക്കും വ്യാപിക്കും. ചിലർക്ക്‌ നെഞ്ചെരിച്ചിലായും വേദന അനുഭവപ്പെടാറുണ്ട്‌.
  • വേദനയോടൊപ്പം ശരീരം നന്നായി വിയർക്കും.
  • ചിലർക്ക്‌ ശ്വാസമുട്ടൽ, ക്ഷീണം എന്നിവ അനുഭവപ്പെടും.
  • ശക്തമായ ഹൃദയാഘാതം ഉള്ളപ്പോൾപ്പോലും കാര്യമായ വേദന അനുഭവപ്പെടാറില്ല. പ്രമേഹം ഉള്ളവർക്കാണ്‌ ഇതിന്‌ സാദ്ധ്യത കൂടുതൽ. പ്രായമായവർക്ക്‌ ഉറക്കത്തിൽ സംഭവിക്കുന്ന മരണം പലപ്പോഴും ഹൃദയാഘാതം മൂലം ആവാനാണ്‌ സാദ്ധ്യത.

ചില പ്രത്യേക വിഭാഗങ്ങൾക്ക്‌ ഹൃദയാഘാതം വന്നാൽ മരണ സാദ്ധ്യത സാധാരണയിലും ഏറെയുണ്ട്‌. അവർ ആരൊക്കെയാണെന്ന്‌ ചുവടെ ചേർക്കുന്നു.

  • പ്രായം ചെന്നവർ
  • മുൻപേ ഹൃദ്രോഗം ഉള്ളവർ
  • ഹൃദ്രോഗത്തിലേക്കു നയിക്കുന്ന അപകട ഘടകങ്ങൾ ഉള്ളവർ
  • പ്രമേഹ രോഗികൾ
  • വൃക്കരോഗത്തിന്‌ ദീർഘകാലം ഡയലിസിസ്‌ ചികിത്സക്ക്‌ വിധേയമായവർ

ചിലപ്പോൾ ഹൃദയാഘാതം ഉണ്ടാകുമ്പോൾ ഹൃദയത്തിന്റെ താളമിടിപ്പ്‌ തകരാറിലായി പെട്ടെന്ന്‌ ഹൃദയം നിശ്ചലമാകുന്നു. ഹൃദായാഘാതമുണ്ടായി ആദ്യത്തെ ഏതാനും മണിക്കൂറുകൾക്കുള്ളിലാണ്‌ ഇത്തരം മരണം സംഭവിക്കുന്നത്‌. ചിലരുടെ രക്തസമ്മർദ്ദം പെട്ടെന്നു താഴ്‌ന്ന്‌, ഹൃദയത്തിന്റെ പ്രവർത്തനം സ്‌തംഭിക്കുന്നു. ഹൃദയബന്ധിയായ ഷോക്ക്‌ എന്നാണ്‌ ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്‌. പാശ്‌ചാത്യ രാജ്യങ്ങളിൽ ഏതാണ്ട്‌ 20 ശതമാനം ഹൃദയാഘാതങ്ങളും ആദ്യത്തെ 48 മണിക്കൂറിനുള്ളിൽ മരണത്തിൽ കലാശിക്കുന്നു. നമ്മുടെ നാട്ടിൽ കൃത്യമായ കണക്കുകൾ ലഭ്യമല്ല.

ഹൃദ്രോഗത്തിലേക്കു നയിക്കുന്ന അപകടസാധ്യതകൾ

കൊറോണറി ഹാർട്ട്‌ ഡിസീസ്‌ എന്ന ഹൃദ്രോഗം ആണ്‌ ഏതാണ്ട്‌ എല്ലായ്‌പ്പോഴും ഹൃദയാഘാതത്തിലേക്ക്‌ നയിക്കുന്നത്‌. ഒരൊറ്റ കാരണം കൊണ്ടല്ല പലപ്പോഴും ഹൃദ്രോഗം ഉണ്ടാകുന്നത്‌. അനേകം അപകടസാദ്ധ്യതകൾ കൂട്ടായി പ്രവർത്തിക്കുമ്പോഴാണ്‌ ഹൃദയാഘാതമുണ്ടാകാനുള്ള സാദ്ധ്യത ഏറുന്നത്‌. അവയിൽ മുഖ്യമായവ ചുവടെ ചേർക്കുന്നു.

പുരുഷനോ, സ്‌ത്രീയോ എന്നത്‌

30 വയസ്സിനും 50 വയസ്സിനും ഇടക്ക്‌ പുരുഷന്മാർക്ക്‌ ഹൃദ്രോഗ ബാധ വരാനുള്ള സാദ്ധ്യത സ്‌ത്രീകളേക്കാൾ വളരെ ഏറെയാണ്‌. പക്ഷേ ആർത്തവം നിലച്ചശേഷം സ്‌ത്രീകളിൽ ഹൃദ്രോഗ ബാധയുടെ തോത്‌ ഏറുന്നു. 70 വയസ്സിന്‌ ശേഷം സ്‌ത്രീകളുടേയും പുരുഷന്മാരുടേയും ഹൃദ്രോഗനിരക്ക്‌ ഏതാണ്ട്‌ ഒരുപോലെയാണ്‌. ചെറുപ്പക്കാരായ സ്‌ത്രീകൾക്ക്‌ ഹൃദ്രോഗം ഉണ്ടായാൽ മരണ സാദ്ധ്യത പുരുഷന്മാരേക്കാൾ ഏറെയാണ്‌.

പ്രായം

പ്രായം ചെല്ലുന്തോറും ഹൃദയാഘാതത്തിനുള്ള സാദ്ധ്യത ഏറുന്നു. ഉദാഹരണത്തിന്‌ ഹൃദ്രോഗം വരാനുള്ള സാദ്ധ്യത 70 വയസ്സുകാർക്ക്‌ 60 വയസ്സുകാരേക്കാൾ കൂടുതലാണ്‌.

വംശം

വെള്ളക്കാരേക്കാൾ ഏറെ ഹൃദ്രോഗബാധയ്‌ക്കുള്ള സാദ്ധ്യത ഏഷ്യക്കാർക്ക്‌ വിശിഷ്യാ ഇന്ത്യാക്കാർക്കാണ്‌ എന്ന്‌ സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു.

പുകവലി

ഹൃദ്രോഗബാധയുടെ ഒരു പ്രധാന കാരണം പുകവലിയാണ്‌ എന്നത്‌ നിഷേധിക്കാനാവില്ല. പുകവലിക്കുന്നവരിൽ ഹൃദ്രോഗബാധ വരാനുള്ള സാദ്ധ്യത, പുകവലിക്കാത്തവരേക്കാൾ നാലു മുതൽ അഞ്ച്‌ ഇരട്ടിവരെയാണ്‌. ഹൃദയാഘാതമുണ്ടായാൽ ആദ്യത്തെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അപകടമരണം വരാനുള്ള സാദ്ധ്യത പുകവലിക്കാരിൽ വളരെ കൂടുതലാണ്‌.

കൊളസ്‌ട്രോൾ

രക്തത്തിൽ കൊളസ്‌ട്രോൾ വർദ്ധിക്കുമ്പോൾ, ഹൃദ്രോഹസാദ്ധ്യതയും ഏറുന്നു. കൊളസ്‌ട്രോളും ബന്ധപ്പെട്ട ചില കൊഴുപ്പുകളും കൊറോണറി രക്തധമനികളിൽ അടിഞ്ഞുകൂടുന്നതുകൊണ്ടാണ്‌ ഹൃദയത്തിലേക്കുള്ള രക്തയോട്ടം പലപ്പോഴും തടസ്സപ്പെടുന്നത്‌. 100 മില്ലി ലിറ്റർ രക്തത്തിൽ പരമാവധി 200 മില്ലിഗ്രാം കൊളസ്‌ട്രോൾ എന്നതാണ്‌ അനുവദീനിയമായ അളവ്‌. കേരളത്തിൽ 50 ശതമാനത്തിലേറെ വ്യക്തികൾക്ക്‌ കൊളസ്‌ട്രോളിന്റെ അളവ്‌ 200 മില്ലിഗ്രാമിലും കൂടുതലാണ്‌. രക്തത്തിലെ കൊളസ്‌ട്രോളിന്റെ ഉപവിഭാഗമായ എൽ.ഡി.എൽ. കൊളസ്‌ട്രോൾ വർദ്ധിക്കുമ്പോഴാണ്‌ അപകടസാദ്ധ്യത വളരെ ഏറുന്നത്‌. നേരെ മറിച്ച്‌, താരതമ്യേന അളവിൽ കുറവുള്ള എച്ച്‌.ഡി.എൽ. കൊളസ്‌ട്രോൾ വർദ്ധിക്കുന്നത്‌ ഒരു പരിധി വരെ ഹൃദ്രോഗത്തിൽ നിന്ന്‌ മോചനം നൽകുന്നു.

രക്തസമ്മർദ്ദം

ഉയർന്ന രക്തസമ്മർദ്ദമാണ്‌ മറ്റൊരു മുഖ്യ അപകട ഘടകം. പ്രായപൂർത്തിയായ ഒരാളുടെ രക്തസമ്മർദ്ദം 140 / 90 എന്ന അളവിലും അധികമാണെങ്കിൽ ആ വ്യക്തിയെ രക്തസമ്മർദ്ദരോഗിയായി വിശേഷിപ്പിക്കും. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്ക്‌ ഹൃദ്രോഗബാധ വരാനുള്ള സാദ്ധ്യത വളരെ അധികമാണ്‌.

അമിതഭാരം

ആവശ്യത്തിലധികം ശരീരഭാരം ഉള്ളവർക്ക്‌ ഹൃദ്രോഗബാധക്കുള്ള സാദ്ധ്യതയും വർദ്ധിക്കുന്നു. ഇക്കൂട്ടർക്ക്‌ മറ്റ്‌ അപകടഘടകങ്ങളായ പ്രമേഹം, രക്തസർമ്മദ്ദം എന്നിവയും പിടിപെടാൻ സാദ്ധ്യത ഏറെയാണ്‌.

വ്യായാമക്കുറവ്‌

മൂന്നാം ലോക രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്ന ഹൃദ്രോഗബാധയുടെ മുഖ്യകാരണങ്ങളിൽ ഒന്ന്‌ വ്യായമാക്കുറവാണ്‌. വ്യായാമം തീരെയില്ലാത്തവർക്ക്‌ മിതവ്യായാമം ചെയ്യുന്നവരേക്കാൾ രണ്ടിരട്ടിയിലധികമാണ്‌ ഹൃദ്രോഗബാധ വരാനുള്ള സാദ്ധ്യത. ശരീരം വിയർക്കുന്നതുവരെയുള്ള വ്യായാമം പതിവായി ചെയ്‌താൽ മതി.

പ്രമേഹം

പ്രമേഹ രോഗികൾക്ക്‌ ഹൃദ്രോഗ ബാധ വരാനുള്ള സാദ്ധ്യത വളരെ അധികമാണ്‌. പ്രമേഹരോഗികളുടെ മരണങ്ങളിൽ 60 ശതമാനവും ഹൃദ്രോഗ ബാധ മൂലമാണ്‌.

ആഹാരം

ആഹാരരീതിയും ഹൃദ്രോഗ സാദ്ധ്യതയും തമ്മിൽ വലിയ ബന്ധമുണ്ട്‌. ആഹാരത്തിൽ ധാരാളം കൊഴുപ്പുകൾ, പ്രത്യേകിച്ചും പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ടെങ്കിൽ ഹൃദ്രോഗം വരാനുള്ള സാദ്ധ്യത ഏറുന്നു. മനുഷ്യർ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണകളിൽ ഏറ്റവും അധികം പൂരിതകൊഴുപ്പ്‌ അടങ്ങിയ എണ്ണയാണ്‌ വെളിച്ചെണ്ണ എന്ന്‌ ഓർക്കണം. ഹൃദ്രോഗത്തിന്റെ മറ്റപകടസാദ്ധ്യതകൾ ഉള്ള വ്യക്തികൾ ആഹാരത്തിൽ പൂരിത കൊഴുപ്പുകൾ കുറയ്‌ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അപൂരിത എണ്ണകൾ (വെജിറ്റബിൾ ഓയിൽ, സോയാബീൻ, നിലക്കടല എണ്ണ എന്നിവ) ഹൃദ്രോഗ സാദ്ധ്യത വർദ്ധിപ്പിക്കുന്നില്ല. പതിവായി മത്സ്യം കഴിക്കുന്നത്‌ ഹൃദ്രോഗത്തെ ഒരു പരിധിവരെ തടയുമെന്ന്‌ പല പഠനങ്ങളും സൂചിപ്പിക്കുന്നു.

ഇലക്കറികൾ, മലക്കറികൾ, കായ്‌കനികൾ എന്നിവയുടെ സമൃദ്ധമായ ഉപയോഗം ഹൃദ്രോഗബാധയിൽ നിന്ന്‌ പരിരക്ഷ നൽകുന്നു എന്നത്‌ പ്രസ്‌താവ്യമാണ്‌. ഉപ്പ്‌ അധികമായി ഉപയോഗിച്ചാൽ ചിലർക്ക്‌ - പ്രത്യേകിച്ച്‌ അമിതഭാരം ഉള്ളവർക്ക്‌ ഹൃദ്രോഗബാധ വരാനുള്ള സാദ്ധ്യത ഏറുന്നു. പൊതുവിൽ പറഞ്ഞാൽ, പോഷകസമൃദ്ധമായ ആഹാരം മിതമായ അളവിൽ കഴിക്കുകയാണ്‌ ഹൃദയാരോഗ്യത്തിന്‌ നല്ലത്‌. അങ്ങനെയുള്ള ആഹരത്തിൽ ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, ഇലക്കറികൾ, മലക്കറികൾ, കായ്‌കനികൾ എന്നിവ സമൃദ്ധമായി ഉണ്ടാകണം. മത്സ്യം കറിയായി കഴിക്കുന്നതാണ്‌ നല്ലത്‌. പക്ഷേ ഇറച്ചികളും കൊഴുപ്പുകളും പാലും അധികം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

മനസ്സിന്റെ പിരിമുറുക്കം

മാനസിക സംഘർഷം നിരന്തരമായി അനുഭവിക്കുന്നവർക്ക്‌ ഹൃദ്രോഗബാധ വരാനുള്ള സാദ്ധ്യതയും ഏറും. ഇക്കൂട്ടർക്ക്‌ ഹൃദ്രോഗം വന്നാൽ ഹൃദയത്തിന്റെ താളമിടിപ്പ്‌ തകരാറിലാകുന്നതിന്‌ സാദ്ധ്യത കൂടുതലാണ്‌.

മദ്യം

കേരളത്തിലെ മദ്യപാനശീലം വച്ചു നോക്കുമ്പോൾ മിതമായി മദ്യപിക്കുന്നവർ വളരെ കുറവാണ്‌ എന്നു കാണാം. മദ്യപാനം വരുത്തിവയ്‌ക്കുന്ന വിപത്തുകൾ കൂടി നാം പരിഗണിക്കണം.

ഹൃദ്രോഗ ബാധയുണ്ടായാൽ

നേരത്തേ സൂചിപ്പിച്ച ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ ഹൃദ്രോഗബാധയല്ല എന്ന്‌ ഉറപ്പുവരുത്തേണ്ടതുണ്ട്‌. സംശയ നിവാരണത്തിനായി സമയം ഒട്ടും വൈകാതെ അടുത്തുള്ള ആശുപത്രിയിൽ പോകുകയാണ്‌ ചെയ്യേണ്ടത്‌. സമയം വൈകും തോറും അപകടം സംഭവിക്കാനുള്ള സാദ്ധ്യത ഏറുന്നു.

ഹൃദ്രോഗം ഒഴിവാക്കണമെങ്കിൽ

അച്ചടക്കവും കൃത്യനിഷ്‌ഠയുമുള്ള, മിതത്വത്തിന്റേതായ ജീവിത ശൈലിയാണ്‌ ഹൃദ്രോഗ ബാധ ഒഴിവാക്കാനുള്ള ഏറ്റവും പറ്റിയ മാർഗ്ഗം. അത്തരം ഒരു ജീവിതശൈലിയുടെ അവിഭാജ്യ ഘടകങ്ങൾ ചുവടെ ചേർക്കുന്നു.

8 ദിവസേനയുള്ള വ്യായാമം : അരമണിക്കൂർ നീണ്ടുനിൽക്കുന്ന മിതമായ വ്യായാമം മതി. ജോലിയുമായി ബന്ധപ്പെട്ട്‌ ശാരീരിക വ്യായാമം ഉള്ളവർക്ക്‌ അധികവ്യായാമം വേണമെന്നില്ല. ഭാരോദ്വോഹനം, ജിംനേഷ്യത്തിൽ വച്ചുള്ള കഠിനമായ വ്യായാമം എന്നിവ വേണമെന്നില്ല.

8 മിതമായ ആഹാരം : സമീകൃതാഹാരം മിതമായ അളവിൽ കഴിക്കുമ്പോൾ ശരീരഭാരം വർദ്ധിക്കാതെ നോക്കാം. ആഹാരത്തിൽ ധാന്യങ്ങൾ, പയറ്‌, ഇലക്കറികൾ, കായ്‌കനികൾ എന്നിവ പതിവായി ഉണ്ടായിരിക്കണം. പൂരിതകൊഴുപ്പുകൾ കുറയ്‌ക്കണം, കൊഴുപ്പിന്റെ അളവ്‌ കുറയ്‌ക്കണം, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കുറയ്‌ക്കുക. മാംസഭക്ഷണങ്ങൾ ദിവസേന എന്ന ശീലം വർജിക്കുക. പ്രായമായ ഒരാൾക്ക്‌ ഒരു ദിവസം ഒരു കപ്പ്‌ പാല്‌ ധാരാളം മതിയാകും. മത്സ്യം ദിവസേനയാകാം. ആഹാരത്തിൽ ഉപ്പ്‌ അധികമാകാതെ സൂക്ഷിക്കുക.

8 രക്തസമ്മർദ്ദം സാധാരണ നിലയിലേക്കു കൊണ്ടുവരിക: ആവശ്യമെങ്കിൽ, ഡോക്‌ടറുടെ നിർദ്ദേശം അനുസരിച്ച്‌ മരുന്നുകൾ ഉപയോഗിക്കുക.

8 പുകവലിയും മദ്യപാനവും ഒരു കാരണവശാലും ആരംഭിക്കരുത്‌: ഈ ശീലത്തിന്റെ അടിമയാണെങ്കിൽ അവ വർജ്ജിക്കുക.

8 അമിതഭാരമുണ്ടെങ്കിൽ ഭാരം കുറയ്‌ക്കുക.

8 വികാരവിക്ഷോഭങ്ങൾക്ക്‌ അടിമയാകാതെ സമചിത്തത പുലർത്തുക

8 പ്രമേഹ രോഗമുണ്ടെങ്കിൽ, അതു ശാസ്‌ത്രീയ ചികിത്സയിലൂടെ ശരിയായി നിയന്ത്രിക്കുക

8 30 വയസ്സ്‌ കഴിയുമ്പോൾ ആണ്ടിലൊരിക്കലെങ്കിലും രക്തസമ്മർദ്ദമോ പ്രമേഹമോ ഉണ്ടോ എന്ന്‌ പരിശോധിക്കുക.

8 രോഗം നിർണ്ണയിച്ചുകഴിഞ്ഞാൽ ഡോക്‌ടർ നിർദ്ദേശിക്കുന്ന രീതിയിലുള്ള ഔഷധ ചികിത്സ, രോഗ സങ്കീർണ്ണതകളും മരണസാദ്ധ്യതയും കുറയ്‌ക്കും.

പ്രായപൂർത്തിയായ ഒരു വ്യക്തി എങ്ങനെ ജീവിക്കണം എന്നത്‌ വ്യക്തിപരമായ തീരുമാനം ആണ്‌. ഒരു കാര്യം തീർച്ചയാണ്‌. ഹൃദയാഘാതം, മസ്‌തിഷ്‌കാഘാതം തുടങ്ങിയ രോഗങ്ങൾ അകാലത്തിൽ ക്ഷണിച്ച്‌ വരുത്താതിരിക്കാനുള്ള ഉത്തരവാദിത്വം നമുക്കോരോരുത്തർക്കുമുണ്ട്‌. അതിന്‌ സഹായിക്കുന്ന ജീവിശൈലി, ലളിതവും, ചിലവ്‌ കുറഞ്ഞതുമാണ്‌. ദുശ്ശീലങ്ങൾ ഒഴിവാക്കി, ആഹാരത്തിൽ മിതത്വം പാലിച്ച്‌ പതിവായി വ്യായാമം ചെയ്‌തുള്ള ഒരു ജീവിതം ആർക്കാണ്‌ സാദ്ധ്യമല്ലാത്തത്‌?

പൊണ്ണത്തടി

കൊഴുപ്പ്‌ നമ്മുടെ ശരീരത്തിന്റെ ഘടനയിൽ അവിഭാജ്യമായ ഒരു ഘടകമാണ്‌. സ്‌ത്രീകളുടെ ശരീരത്തിൽ 20 മുതൽ 25% വരെയും പുരുഷന്മാരുടെ ശരീരത്തിൽ 15-20% വരെയും കൊഴുപ്പ്‌ ഉണ്ടാകാമെന്ന്‌ ആരോഗ്യ ശാസ്‌ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. ഇതിലധികം കൊഴുപ്പ്‌ ശരീരത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ അത്‌ അധിക ഭാരത്തിലേക്കും അമിതമാകുമ്പോൾ ദുർമ്മേദസ്സിലേക്കും നയിക്കുന്നു. സാധാരണഗതിയിൽ ശരീരത്തിൽ കൊഴുപ്പിന്റെ അളവ്‌ വർദ്ധിക്കുന്നത്‌ വ്യായാമത്തിലൂടെ നാം ദിവസേനയെന്നോണം എരിച്ചു കളയുന്ന ഊർജ്ജത്തിന്റെയും ആഹാരത്തിലൂടെ ദിവസേന സ്വാംശീകരിക്കുന്ന ഊർജ്ജത്തിന്റെയും തമ്മിലുള്ള അസന്തുലിതാവസ്ഥയാണ്‌. അതായത്‌ ദിവസേന നമ്മുടെ ശരീരത്തിൽ നിന്ന്‌ നഷ്‌ടപ്പെടുത്തുന്ന ഊർജ്ജത്തേക്കാൾ അധികമാണ്‌ ആഹാരത്തിലൂടെ ലഭിക്കുന്ന ഊർജ്ജമെങ്കിൽ അധികമായി കഴിച്ച ഊർജ്ജം കൊഴുപ്പായി ശരീരത്തിൽ നിക്ഷേപിക്കുന്നു. ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇത്‌ വ്യക്തമാക്കാം.

20 വയസ്സായ ഒരു പെൺകുട്ടിക്ക്‌ 50 കിലോഗ്രാം ശരീരഭാരം ഉണ്ട്‌ എന്നിരിക്കട്ടെ അവളുടെ തൃപ്‌തികരമായ ആരോഗ്യത്തിന്‌ ദിവസേന 2000 കലോറി ഊർജ്ജം ആവശ്യമാണ്‌. ഈ യുവതി ദിവസേന ആഹാരത്തിലൂടെ 2027 കലോറി ഊർജ്ജം കഴിക്കുന്നു എന്നിരിക്കട്ടെ. അധികമായി ഓരോ ദിവസവും 27 കലോറി ഊർജ്ജമാണ്‌ കൊഴുപ്പായി മാറി പെൺകുട്ടിയുടെ ശരീരത്തിൽ നിക്ഷേപിക്കപ്പെടുക. 9 കലോറി ഊർജ്ജം ഒരു ഗ്രാം കൊഴുപ്പിന്‌ സമമാണ്‌. 27 കലോറി ഊർജ്ജം 3 ഗ്രാം കൊഴുപ്പായി ശരീരത്തിൽ നിക്ഷേപിക്കപ്പെടുന്നു. ഒരാണ്ടിൽ 300 ദിവസം ഈ രീതിയിൽ ഊർജ്ജം അധികമായി ലഭിക്കുകയാണെങ്കിൽ ഈ യുവതിയുടെ ശരീരഭാരം 9 കിലോഗ്രാം ഒരു വർഷം കൊണ്ട്‌ വർദ്ധിക്കും. ഈ കണക്ക്‌ സൂചിപ്പിക്കുന്നത്‌ ഊർജ്ജവിനിമയവും, ഊർജ്ജ ലഭ്യതയും തമ്മിലുള്ള ചെറിയ വ്യത്യാസംപോലും അധികനാൾ നീണ്ടു നില്‌ക്കുമ്പോൾ ശരീരഭാരത്തിൽ കാര്യമായ വ്യത്യാസം അനുഭവപ്പെടുത്തും എന്നുള്ളതാണ്‌.

താരതമ്യേന അല്‌പാഹാരികളായ കേരളീയർ എന്തുകൊണ്ട്‌ അധികഭാരത്തിന്റെ അടിമകളാകുന്നു എന്ന ചോദ്യത്തിന്‌ നമുക്ക്‌ നല്‌കാനുള്ള ഉത്തരം ഇതാണ്‌. കഴിക്കുന്ന ആഹാരത്തിൽ നിന്നും കിട്ടുന്ന അല്‌പമായ ഊർജ്ജം പോലും ചിലവാക്കാനുള്ള ശാരീരിക അധ്വാനത്തിൽ നിന്ന്‌ മലയാളി അകന്നു പോയി എന്നതാണ്‌. കാരണം ആഹാരത്തിലുള്ള അപചയംപോലെ തന്നെ ജനിതകമായ കാരണങ്ങൾകൊണ്ടും ചിലർക്ക്‌ പൊണ്ണത്തടി ഉണ്ടാവാം. ഹോർമോണുകളുടെ തകരാറുമൂലം പൊണ്ണത്തടി ഉള്ളവരും അപൂർവ്വമായി കോർട്ടിസോൺ പോലെയുള്ള ഔഷധങ്ങളുടെ അനിയന്ത്രിതമായ ഉപയോഗംമൂലവും പലരിലും കാണപ്പെടുന്നു.

ഉദരമേദസ്സ്‌

പാശ്ചാത്യരുമായി താരതമ്യപ്പെടുത്തുമ്പോൾ ഭാരതീയർക്ക്‌ ഉദരത്തിൽ കൊഴുപ്പ്‌ അടിഞ്ഞുകൂടാനുള്ള പ്രവണത വളരെ കൂടുതലാണ്‌. ഉദരത്തിൽ കൊഴുപ്പ്‌ അടിഞ്ഞു കൂടുമ്പോൾ പ്രമേഹരോഗം ക്ഷണിച്ചുവരുത്താനുള്ള പ്രവണതയും ഏറുന്നു. ഉദര മേദസ്സിന്റെ ഒരു സൂചികയായി നമുക്ക്‌ അരക്കെട്ടിന്റെ ചുറ്റളവ്‌ സ്വീകരിക്കാം. സ്‌ത്രീകൾക്ക്‌ അരക്കെട്ടിന്റെ ചുറ്റളവ്‌ 80 സെ.മീറ്ററിൽ അധികമാണെങ്കിൽ അവർക്ക്‌ പ്രമേഹവും രക്തസമ്മർദ്ദവും മറ്റും പിടിപെടാനുള്ള സാധ്യത ഇരട്ടിയിൽ ഏറെയാണ്‌. പുരുഷന്മാർക്ക്‌ ശുപാർശ ചെയ്‌തിരിക്കുന്ന ചുറ്റളവ്‌ പരമാവധി 90 സെ. മീറ്റർ ആണ്‌. ഈ പരിധി കഴിഞ്ഞാൽ അവർക്കും മറ്റു ജീവിത ശൈലി രോഗങ്ങൾ വർദ്ധിക്കാനുള്ള പ്രവണത ഏറുന്നു. പ്രായമായവരുടെ ഇടയിൽ കൂടുതൽ പേർക്കും ഉദരമേദസ്സ്‌ ഉള്ളതായി കാണാറുണ്ട്‌. ഇത്‌ ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾക്ക്‌ കാരണമാകുന്നുമുണ്ട്‌. മിതമായ ആഹാരവും ശരിയായ വ്യായാമചര്യയും കൂടിയാവുമ്പോൾ ഉദരമേദസ്സിനെ നിയന്ത്രിക്കാൻ സാധിക്കും എന്ന്‌ അനുഭവങ്ങൾ തെളിയിക്കുന്നു.

സർവ്വസാധാരണയായി പൊണ്ണത്തടിയുടെ പ്രാചുര്യം അളക്കാൻ ഉപയോഗിക്കുന്ന മാപനം ബോഡി മാസ്‌ ഇന്റക്‌സ്‌ (ബി.എം.ഐ) എന്ന സൂചികയാണ്‌. ശരീരഭാരവും ഉയരവും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു മാപനമാണ്‌ ബോഡി മാസ്‌ ഇന്റക്‌സ്‌ (ബി.എം.ഐ) കണക്കാക്കാനുള്ള സമവാക്യം ഇതാണ്‌.


സമൂഹത്തിൽ നടത്തിയ പഠനങ്ങളുടെ ഫലമായി ആരോഗ്യനിലവാരവും ബി.എം.ഐ.യും തമ്മിലുള്ള ബന്ധം താഴെ ചേർത്തിരിക്കുന്ന പട്ടികയിൽ നിന്ന്‌ വ്യക്തമാകും.

ആരോഗ്യ നിലവാരം ബി.എം.ഐ ഭാരക്കുറവ്‌ 18.5-ൽ കുറവ്‌ തൃപ്‌തികരം 18.5 - 24.9 വരെ അമിതഭാരം 25-29.9 വരെ പൊണ്ണത്തടി (ദുർമ്മേദസ്സ്‌) 30 മുതൽ

പൊണ്ണത്തടിയുടെ പ്രാചുര്യം (BMI > 25)

വളരെ അസ്വസ്‌ഥതയുണ്ടാക്കുന്ന ഒരു ചിത്രമാണ്‌ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന പട്ടികകളിൽ നിന്നും വ്യക്തമാകുന്നത്‌. നഗരപ്രദേശത്തും ഗ്രാമപ്രദേശത്തും ഏറെക്കുറെ 40 മുതൽ 54 ശതമാനം വരെ ആളുകൾക്ക്‌ അമിതഭാരമോ പൊണ്ണത്തടിയോ ഉണ്ട്‌ എന്നു കാണാം. വാഹനങ്ങളുടെ അമിതമായ ഉപയോഗവും തൊഴിൽപരമായ വ്യത്യസ്‌തതയും കൊണ്ട്‌ നഗര പ്രദേശങ്ങളിൽ നാം പൊണ്ണത്തടിയുടെ പ്രാചുര്യം കൂടുതൽ പ്രതീക്ഷിക്കും. എന്നാൽ വർക്കല പോലുള്ള ഒരു ഗ്രാമ/അർദ്ധ നഗരപ്രദേശത്ത്‌ നഗരപ്രദേശത്തോടടുത്തു നിൽക്കുന്ന രീതിയിൽ അമിതഭാരം/പൊണ്ണത്തടി ഉണ്ട്‌ എന്നത്‌ നമ്മെ വിഷമിപ്പിക്കുന്നു. നഗര - ഗ്രാമ പ്രദേശങ്ങളിലെ ജീവിതരീതികളിൽ കാര്യമായ മാറ്റമില്ല എന്നതാണ്‌ ഇതു നമ്മെ പഠിപ്പിക്കുന്നത്‌. വരാനിരിക്കുന്ന ഒരു വൻവിപത്തിന്റെ മുന്നോടിയായിട്ട്‌ ഇതിനെ നാം കാണണം. സമൂഹത്തിന്റെ വിവിധതലങ്ങളിൽ ഈ ആശയം എത്തിക്കുകയും വേണം.

അധികഭാരം കൊണ്ടുണ്ടാവുന്ന ഭവിഷ്യത്തുകൾ

ഭാരാധിക്യം ഉള്ള വ്യക്തികൾക്ക്‌ അധികമായി കണ്ടുവരുന്ന രോഗങ്ങൾ ഇനി ചേർക്കുന്നു.

? പ്രമേഹം

? ഉയർന്ന രക്തസമ്മർദ്ദം

? ഹൃദ്രോഗം

? പക്ഷാഘാതം

? പിത്തസഞ്ചി സംബന്ധിക്കുന്ന രോഗങ്ങൾ

? സ്ഥായിഭാവമുള്ള ശ്വാസകോശ രോഗങ്ങൾ

? സന്ധിവാതം

? ചില അർബുദങ്ങൾ (പ്രത്യേകിച്ചും സ്‌തനാർബുദം)

അമിതഭാരം/ പൊണ്ണത്തടി എങ്ങനെയാണ്‌ ഈ രോഗങ്ങൾക്ക്‌ നിദാനമാകുന്നത്‌ എന്നത്‌ പരിപൂർണ്ണമായും വ്യക്തമല്ല. അമിതാഹാരം വഴി ലഭ്യമാകുന്ന ഊർജ്‌ജം വിവിധതരം കൊഴുപ്പുകളായി ശരീരത്തിൽ സംഭരിക്കപ്പെടുന്നതായി പറഞ്ഞുവല്ലോ. ഇതിന്റെ ഭാഗമായി രക്തക്കുഴലുകളിലും ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുന്നു. ഇതൊക്കെയാവാം ഈ രോഗങ്ങൾക്ക്‌ അടിസ്‌ഥാനകാരണമായി പ്രവർത്തിക്കുന്നത്‌. ഈ രോഗങ്ങളുടെ നിയന്ത്രണം സാധ്യമാകണമെങ്കിൽ അമിതഭാരം/പൊണ്ണത്തടി നിയന്ത്രിച്ചുകൊണ്ടുമാത്രമേ കഴിയുകയുള്ളു. അമിതഭാരം/പൊണ്ണത്തടി നിയന്ത്രിക്കുന്നതിന്‌ ഇനിപ്പറയുന്ന ചില നടപടികളെ കുറിച്ച്‌ ചിന്തിക്കാം.

1. ആരോഗ്യകരമായ ആഹാരരീതി. നമ്മുടെ പരമ്പരാഗത ആഹാര രീതികൾ പലതും ആരോഗ്യകരമാണ്‌. എന്നാൽ ആധുനിക യുഗത്തിലെ ഫാസ്‌റ്റ്‌ഫുഡ്‌ സംസ്‌കാരം ഊർജ്‌ജസാന്ദ്രതയുള്ള ആഹാരം കൂടുതൽ കഴിക്കുവാൻ സാഹചര്യമുണ്ടാക്കുന്നു. സ്വാഭാവികമായും ശരീരത്തിന്‌ ആവശ്യത്തിൽ കൂടുതൽ ഊർജ്‌ജം ലഭിക്കുകയും കൊഴുപ്പുകളായി അടിയുകയും ചെയ്യുന്നു. ആഹാരത്തിലെ കൊഴുപ്പുകളുടെ ഊർജ്‌ജസംഭാവന ആരോഗ്യകരമായ ആഹാരക്രമത്തിൽ 20% ൽ താഴെയാണ്‌. എന്നാൽ മലയാളികളുടെ ഇടയിൽ ഇത്‌ 30 മുതൽ 37% വരെ ഉയർന്നുനിൽക്കുന്നു. കൊഴുപ്പിന്റെ അളവ്‌ 20% ൽ താഴെ നിർത്തിയിട്ടുള്ള ആഹാരക്രമം ശരീരഭാരം വർദ്ധിപ്പിക്കാതെ നിലനിർത്താനായാൽ അതുതന്നെയാണ്‌ അമിതഭാരം/ പൊണ്ണത്തടി നിയന്ത്രണത്തിന്റെ ആദ്യത്തെ ചുവടുവയ്‌പ്‌.

2. കായിക പ്രവൃത്തി - മുമ്പു സൂചിപ്പിച്ചതുപോലെ കായിക പ്രവൃത്തിയോടുള്ള വിമുഖതയാണ്‌ അമിതഭാരം/പൊണ്ണത്തടിയുടെ കാരണം എന്നതുകൊണ്ട്‌ കായികസംസ്‌കാരം വളർത്തിയെടുക്കുന്നതിലൂടെ മാത്രമേ ഈ രോഗനിയന്ത്രണവും സാധ്യമാകൂ. വ്യാപകമായ ആരോഗ്യവിദ്യാഭ്യാസമാണ്‌ ഇതിന്‌ ആദ്യം ആവശ്യം. ജനസാന്ദ്രതകൂടിയ സംസ്‌ഥാനങ്ങളിലൊന്നായ കേരളത്തിലെ ഗ്രാമങ്ങളിൽപോലും കളിക്കളങ്ങളുടെ അപര്യാപ്‌തത നേരിടുന്നുണ്ട്‌. കുട്ടികൾ ശരീരത്തിന്‌ വ്യായാമം ലഭിക്കുന്ന കളികളിൽനിന്നും കമ്പ്യൂട്ടർ ഗെയിമുകളിലേക്കും മറ്റ്‌ ശരീരം അനങ്ങാത്ത വിനോദങ്ങളിലേയ്‌ക്കും നീങ്ങിക്കൊണ്ടിരിക്കുന്നു എന്നത്‌ ഏറെ ഭീതി ജനകമാണ്‌. കളിക്കളങ്ങളെ ആവശ്യത്തിന്‌ വികസിപ്പിക്കേണ്ടത്‌ പുതിയ സംസ്‌കാരത്തിന്റെ വളർച്ചയ്‌ക്ക്‌ അനിവാര്യമാണ്‌. കുട്ടിക്കാലത്തു തന്നെ ഇത്തരം സ്വഭാവം വളർത്തിയെടുക്കുന്നതിലൂടെ മാത്രമേ ഭാവിതലമുറയെങ്കിലും അപകടത്തിൽ നിന്നും രക്ഷനേടൂ. കൂടാതെ മൂന്നിലൊന്ന്‌ അമിത ഭാര/പൊണ്ണത്തടി രോഗികളും ഈ സ്വഭാവം ആർജ്‌ജിക്കുന്നത്‌ കുട്ടിക്കാലം മുതലാണ്‌ എന്നും ഓർക്കണം.

പ്രായപൂർത്തി ആയവരിൽ കായിക പ്രവർത്തനം നിലനിർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വിവിധ തരത്തിലുള്ള ഇടപെടലുകൾ ആവശ്യമാണ്‌. അഭിരുചിക്കനുസരിച്ചുള്ള ചെറുചെറു കൂട്ടങ്ങൾ രൂപപ്പെടുത്തുകയും അവരുടെ സ്വന്തം ജീവിതത്തിനുവേണ്ടി നടക്കാനോ ഓടാനോ കായിക പ്രവൃത്തി ആവശ്യമുള്ള കളികളിലേർപ്പെടാനോ ഉള്ള അവസരം സൃഷ്‌ടിക്കണം.

കുട്ടികളിലായാലും മുതിർന്നവരിലായാലും കായിക പ്രവൃത്തി ആവശ്യമുള്ള കളികൾ ശാരീരിക ആരോഗ്യത്തിനുപരി മാനസിക ആരോഗ്യത്തിനെയും വികസിപ്പിക്കാൻ സഹായിക്കും. ഇന്നത്തെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മാനസിക പിരിമുറുക്കങ്ങളെയും ആത്‌മഹത്യാ പ്രവണതകളെയും ഈ പശ്‌ചാത്തലത്തിൽ വിശകലനം ചെയ്യുന്നത്‌ നന്നായിരിക്കും.

കായിക പ്രവൃത്തികളെയും കളികളെയും പറ്റി സംസാരിക്കുമ്പോൾ പ്രധാനമായും പുരുഷന്മാരുടെ വീക്ഷണകോണുകളിലൂടെയാണ്‌ കാര്യങ്ങൾ അവതരിപ്പിക്കുക. എന്നാൽ 50%ലേറെ സ്‌ത്രീകൾ അമിതഭാരം/പൊണ്ണത്തടി ഉള്ളവരാണ്‌. നിലവിലുള്ള സാമൂഹ്യസാഹചര്യം അവരെ കളിക്കുവാനോ നടക്കുവാനോ ഓടുവാനോ അനുവദിക്കുന്നില്ല, പ്രത്യേകിച്ചും മുതിർന്നവരെ. സമൂലമായ ഒരു മാറ്റം സമീപനങ്ങളിൽ ഇവിടെ ആവശ്യമാണ്‌. സ്‌ത്രീകളെയും കായിക ആഭിമുഖ്യമുള്ളവരാക്കി മാറ്റേണ്ടത്‌ രോഗസാധ്യത കുറയ്‌ക്കുവാൻ വളരെ അത്യാവശ്യമാണ്‌.

3. അമിതഭാരം/ പൊണ്ണത്തടി കുറയ്‌ക്കുവാൻ അപൂർവ്വമായി ചില ചികിത്സാരീതികളെയും അവലംബിക്കാറുണ്ട്‌. എന്നാൽ ഇത്തരം ചികിത്സാരീതികൾ എല്ലാം തന്നെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കനത്തവില കൊടുത്തുകൊണ്ടു മാത്രമേ നടത്തുവാനാവൂ. ശരീരം രൂപപ്പെടുത്തുന്നതിനുള്ള ആധുനിക ഉപകരണങ്ങളിൽ പലതിനും ശാസ്‌ത്രീയ അടിത്തറ ഇല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്‌.

പൊണ്ണത്തടിയെ ഒരു ശാരീരികാവസ്ഥ എന്നതിനു പുറമേ ഒരു രോഗമായി ആണ്‌ ലോകാരോഗ്യ സംഘടന ഇപ്പോൾ നിർവചിച്ചിരിക്കുന്നത്‌. ബി.എം.ഐ 25 കഴിയുമ്പോഴാണ്‌ അധികഭാരം എന്ന്‌ ലോകാരോഗ്യ സംഘടന നിർവചിക്കുമ്പോഴും, ബി.എം.ഐ 23 കഴിയുമ്പോൾ തന്നെ അപകടസാധ്യത ഏറുന്നു എന്ന്‌ കേരളത്തിലെ പഠനങ്ങൾ വ്യക്തമാക്കുന്നു. അധിക ഭാര നിയന്ത്രണത്തിന്‌ ഔഷധ ചികിത്സയ്‌ക്കും ശാസ്‌ത്രീയതയ്‌ക്ക്‌ വളരെ ചെറിയ ഒരു സ്ഥാനം മാത്രമേയുള്ളു. വ്യായാമവും ആഹാരവും സന്തുലിതമാക്കുന്നതിലൂടെ മാത്രമേ നമുക്ക്‌ അധികഭാരം നിയന്ത്രിക്കുവാൻ സാധിക്കൂ. മലയാളിയുടെ ഭക്ഷണത്തിലെ വളരെ പ്രധാനപ്പെട്ട ഘടകമായ തേങ്ങയുടെ ഉപയോഗം കുറക്കുമ്പോൾ തന്നെ നമ്മുടെ ആഹാരത്തിലെ ഊർജ്ജസാന്ദ്രത കാര്യമായി കുറയ്‌ക്കാൻ നമുക്ക്‌ സാധിക്കും. ഇപ്പോൾ ഉള്ളതിനേക്കാൾ ഏറെ ദൈനംദിന വ്യായാമത്തിൽ ഏർപ്പെടും എന്ന ദൃഢനിശ്ചയവും കൂടിയാവുമ്പോൾ നമ്മുടെ സമൂഹത്തിൽ ഇന്ന്‌ പ്രചുരമായിരിക്കുന്ന അധികഭാരത്തിന്‌ കടിഞ്ഞാണിടാൻ നമുക്ക്‌ സാധിക്കും എന്നതിന്‌ സംശയമില്ല.

അപകടങ്ങൾ

നമ്മുടെ സമകാലിക സാമൂഹ്യ ജീവിതത്തിൽ ഒരു മാറാ വ്യാധിയായി അപകടങ്ങൾ മാറിയിട്ടുണ്ട്‌. അപകടങ്ങൾ മിക്കപ്പോഴും സംഭവിക്കുന്നതല്ല നാം ക്ഷണിച്ചുവരുത്തുന്നതാണ്‌. അപകടങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമായത്‌ റോഡപകടങ്ങളാണ്‌. എന്നാൽ വിഷവസ്‌തുക്കളുടെ യാദൃശ്‌ചികമായ ഉപഭോഗം, ഉയരത്തിൽ നിന്നുള്ള വീഴ്‌ച, തീപിടുത്തം, മുങ്ങിമരണം തുടങ്ങിയവയും പ്രധാനപ്പെട്ട അപകടങ്ങളാണ്‌.

1980 ൽ 1,74,704 വാഹനങ്ങൾ ഉണ്ടായിരുന്നപ്പോൾ 2002ൽ അത്‌ 23,15,272 എണ്ണമായാണ്‌ വർധിച്ചത്‌. വാഹനങ്ങളുടെ എണ്ണത്തിലുള്ള ഈ വർദ്ധനവിന്‌ ആനുപാതികമായി അപകടങ്ങളുടെ എണ്ണത്തിലും വർദ്ധനവ്‌ ഉണ്ടാകുന്നുണ്ട്‌. ഓരോ വർഷവും നമ്മുടെ കേരളത്തിൽ 3000 ൽ ഏറെ ആളുകൾ റോഡപകടങ്ങളിൽ മാത്രം മരിച്ചുവീഴുന്നു. റോഡപകടങ്ങൾ ലോകശരാശരിയെക്കാൾ കൂടുതലായി അനുഭവപ്പെടുന്ന രാജ്യമാണ്‌ ഇന്ത്യ. ഇന്ത്യൻ ശരാശരിയെക്കാൾ ഉയർന്ന തോതിൽ റോഡപകടങ്ങൾ ഉണ്ടാകുന്ന സംസ്‌ഥാനമാണ്‌ കേരളം. ഇതിൽ നിന്നും നാം എത്തിനിൽക്കുന്ന ഗുരുതരാവസ്‌ഥ മനസ്സിലാകുമല്ലോ.

കേരളത്തിലെ റോഡപകടങ്ങൾ-ഒറ്റനോട്ടത്തിൽ

  • കേരളത്തിൽ ദിനംപ്രതി 105 റോഡപകടങ്ങൾ ഉണ്ടാകുന്നു.
  • പ്രതിദിനം 7 പേർ റോഡപകടങ്ങളിൽ മരണമടയുന്നു.
  • ഒരു ദിവസം 136 പേർക്ക്‌ പരിക്കു പറ്റുന്നു.
  • ഓരോ ദിവസവും 32 ഇരുചക്രവാഹനങ്ങൾ അപകടങ്ങളിൽ പെടുന്നു.
  • ദിനം പ്രതി സംഭവിക്കുന്ന അപകടങ്ങളിൽ 19 എണ്ണം ഓട്ടോറിക്ഷ ഉൾപ്പെടുന്നവയാണ്‌.
  • ദിവസേന 13 കാറുകൾ അപകടത്തിൽ പെടുന്നു.
  • വസവും 17 ബസ്സുകൾക്ക്‌ അപകടം സംഭവിക്കുന്നു.
  • 27 കാൽനടയാത്രക്കാർക്ക്‌ ദിവസേന അപകടങ്ങൾ ഉണ്ടാകുന്നു.

നഗരവത്‌കരണത്തിന്റെ അവിഭാജ്യ ഘടകമാണ്‌ വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ. വാഹനങ്ങളുടെ എണ്ണം ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനേക്കാൾ കൂടുതൽ വേഗത്തിൽ വർദ്ധിക്കുമ്പോൾ അപകടങ്ങൾ സ്വാഭാവികമായി വർദ്ധിക്കുന്നു (ചിത്രം 2,3). റോഡ്‌ സുരക്ഷിതത്വനിയമങ്ങൾ പാലിക്കുന്നതിൽ കാര്യമായി ശ്രദ്ധ ചെയ്യാതിരിക്കുമ്പോൾ അപകടങ്ങൾ വീണ്ടും വർദ്ധിക്കും എന്നതിൽ സംശയമില്ലല്ലോ. ശരിയായ പരിശോധനകളില്ലാതെ ലൈസൻസ്‌ നൽകുക, പ്രായമാകുന്നതിനുമുമ്പ്‌ ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുക എന്നിവയുടെയെല്ലാം ഫലമായി കേരളത്തിൽ റോഡപകടങ്ങൾ ഓരോ വർഷവും വർദ്ധിച്ചുവരുന്നു. അപകടങ്ങളിൽപ്പെട്ട്‌ മരിക്കുന്നവരിൽ ഭൂരിപക്ഷവും 20-50 വയസ്സിനിടയ്‌ക്കുള്ളവരാണ്‌. മരിക്കുന്നവരേക്കാൾ അധികം ശാശ്വതമായ അംഗവൈകല്യത്തിന്‌ അടിമകളായി ശിഷ്‌ടജീവിതം ദുരിതപൂർണ്ണമായി ചെലവഴിക്കാൻ നിർബന്ധിതരാവുന്നു. 1999-2003 കാലയളവിൽ കേരളത്തിൽ നടന്ന റോഡപകടങ്ങളെ സംബന്‌ധിച്ച്‌ ചിത്രം നാലിൽ കാണിച്ചിട്ടുണ്ട്‌.

റോഡപകടങ്ങൾ കഴിഞ്ഞാൽ കൂടുതൽ അപകടങ്ങൾ നടക്കുന്നത്‌ കുടുംബപശ്‌ചാത്തലത്തിലോ തൊഴിലിടങ്ങളിലോ ആയിരിക്കും. തീപ്പൊള്ളലുകൾ, വൈദ്യുതാഘാതം, വീഴ്‌ച, യാദൃശ്‌ചികമായ വിഷവസ്‌തുക്കളുടെ ഉപഭോഗം തുടങ്ങിയവ ഇതിൽപ്പെടും.

അപകടങ്ങളുടെ നിയന്ത്രണം എളുപ്പമല്ല. വിവിധ മാർഗങ്ങളിലൂടെയുള്ള ഇടപെടലുകളിലൂടെ മാത്രമേ അപകടങ്ങളുടെ സാധ്യത കുറയ്‌ക്കുവാൻ കഴിയൂ. വർദ്ധിതമായ അപകട സാധ്യത രോഗഗ്രസ്‌തമായ ഒരു മനസ്സിനെയാണ്‌ കാണിക്കുന്നത്‌. വർദ്ധിച്ചുവരുന്ന മാനസിക രോഗത്തിന്റെ പശ്‌ചാത്തലത്തിൽ അപകടങ്ങളും മാനസികാരോഗ്യവും തമ്മിലുള്ള ബന്‌ധം ദൃഢമാണെന്നു കാണാം. അപകട സാധ്യത കുറയ്‌ക്കുന്നതിന്‌ മാനസിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും സമൂഹത്തിൽ നടത്തേണ്ടിയിരിക്കുന്നു. അപകടം ക്ഷണിച്ചുവരുത്തുന്ന ഭൗതിക സാഹചര്യങ്ങൾ ഇല്ലാതാക്കേണ്ടിയിരിക്കുന്നു. ഉദാ: പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, പഴകിയ വാഹനങ്ങൾ തുടങ്ങിയവ. അപകട സാധ്യത കുറയ്‌ക്കുന്നതിനാവശ്യമായ നിയമനിർമ്മാണം, നിയമം നടപ്പിലാക്കൽ, നിയമ വിദ്യാഭ്യാസം എന്നിവയും ഈ മേഖലയിൽ അത്യാവശ്യമാണ്‌. അപകടമുണ്ടായാൽ എത്രയും പെട്ടെന്ന്‌ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ വേണ്ട നടപടികളും ആവശ്യമാണ്‌.

ആത്മഹത്യ

ഒരു സമൂഹത്തിന്റെ മാനസികാരോഗ്യം കണക്കാക്കുന്നതിനുള്ള അളവുകോലായി സാമൂഹ്യ ശാസ്‌ത്രജ്ഞന്മാർ ആത്മഹത്യയെ വിശേഷിപ്പിക്കുന്നു. പോണ്ടിച്ചേരി കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും അധികം ആത്മഹത്യകൾ നടക്കുന്നത്‌ കേരളത്തിലാണ്‌. പ്രത്യേകിച്ചും എടുത്തുപറയേണ്ട വസ്‌തുത കേരളത്തിലെ സ്‌ത്രീകളുടെ ആത്മഹത്യാനിരക്കാണ്‌.

ലോകത്ത്‌ പ്രസിദ്ധീകരിച്ചിരിക്കുന്ന നിരക്കുകൾ വച്ച്‌ നോക്കുമ്പോൾ ആത്‌മഹത്യയിൽ 1-ാം സ്ഥാനത്താണ്‌ കേരളം (ഒരു ലക്ഷം പുരുഷന്മാരിൽ 43 പേരും ഒരു ലക്ഷം സ്‌ത്രീകളിലും 25 പേരും ആത്‌മഹത്യ ചെയ്യുന്ന പ്രദേശമാണത്രേ കേരളം). ഓരോ വർഷവും അത്മഹത്യാനിരക്ക്‌ വർദ്ധിച്ചു വരുന്നു എന്നുള്ളതും ആശങ്കാജനകമാണ്‌. സ്‌ത്രീകളുടെ ഇടയിലെ ആത്മഹത്യയുടെ അടിവേരുകൾ തേടി പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കേണ്ടത്‌ നമ്മുടെ ചുമതലയാണ്‌. ആത്മഹത്യ ചെയ്യുന്നതിൽ ഒരുവിഭാഗം ഗുരുതരമായ വിഷാദരോഗത്തിന്റെ അടിമകളാണ്‌ എന്ന കാര്യവും പ്രസ്‌താവ്യമാണ്‌. ജീവിത അഭിലാഷങ്ങളും നേട്ടങ്ങളും തമ്മിലുള്ള അന്തരം, ജോലിസ്ഥലത്തും വീട്ടിലും നാം അനുഭവിക്കുന്ന മാനസിക സമ്മർദ്ദം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, സാമൂഹികമായ മറ്റ്‌ കാരണങ്ങൾ എന്നിവയെല്ലാം വിഷാദരോഗത്തിലേക്കും പലപ്പോഴും ആത്മഹത്യയിലേക്കും നയിക്കുന്നു. ശാരീരികാരോഗ്യമേഖലയിൽ പരിവർത്തനങ്ങൾ നടത്തുന്നതിനോടൊപ്പം തന്നെ അനുദിനം മോശമായിക്കൊണ്ടിരിക്കുന്ന മാനസികാരോഗ്യമേഖലയിലേക്കും നമ്മുടെ ശ്രദ്ധ അടിയന്തിരമായി ചെല്ലേണ്ടിയിരിക്കുന്നു.


ജീവിത ശൈലീ രോഗങ്ങൾക്കെതിരെ നമുക്ക്‌ ഏറ്റെടുക്കാവുന്ന പ്രവർത്തനങ്ങൾ

  • ഓരോ വ്യക്തികളും ജീവിതശൈലീ രോഗങ്ങളെക്കുറിച്ച്‌ സ്വയം അവബോധം ഉണ്ടാക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുക.
  • രോഗ സാധ്യത കൂടിയ ജീവിതശൈലികൾ ഉപേക്ഷിക്കുക(മദ്യം, പുകയില, മയക്കുമരുന്ന്‌, അമിതഭക്ഷണം...)
  • രോഗസാധ്യതയുള്ള ഘടകങ്ങൾ (Risk Factor) ഇല്ലാതാക്കുക
  • ജീവിതശൈലീ രോഗത്തിനെതിരെ ജനകീയ കൂട്ടായ്‌മകൾ സംഘടിപ്പിച്ച്‌ പ്രവർത്തിക്കുക(നടക്കുന്നവരുടെ സംഘം, ഓടുന്നവരുടെ സംഘം, കളിക്കാരുടെ സംഘം, പുകയില വിരുദ്ധ സമിതികൾ, മദ്യവിരുദ്ധ സംഘങ്ങൾ...)
  • പരമാവധി പ്രചാരണം സംഘടിപ്പിക്കുക(ക്ലാസുകൾ, നോട്ടീസുകൾ, ലഘുലേഖകൾ, പോസ്റ്ററുകൾ, നാടകങ്ങൾ, ചർച്ചകൾ, പാവനാടകങ്ങൾ...)
  • സമൂഹത്തിൽ ജീവിത ശൈലീരോഗങ്ങൾക്കെതിരായ ജീവിതരീതി ഉണ്ടാക്കിയെടുക്കുക.
  • സ്‌ത്രീകൾക്ക്‌ കായികപ്രവർത്തനങ്ങൾക്കുള്ള അവസരം സാമൂഹ്യമായി സൃഷ്‌ടിക്കുക.
  • കളികൾ, സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്ക്‌ പറ്റുന്ന വിധത്തിൽ സംഘടിപ്പിക്കുക.
  • എല്ലാ വാർഡുകളിലും കളിക്കളങ്ങളും, ജനങ്ങൾക്ക്‌ ഒത്തുകൂടാനുമുള്ള സ്ഥലങ്ങളും നിർമ്മിക്കുക.
  • സ്‌കൂളുകളിൽ വ്യായാമം ഉറപ്പാക്കുക
  • കുട്ടികളെ കളിക്കാൻ അനുവദിക്കുക
  • പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വ്യാപകമായ ബോധവൽക്കരണം നടത്തുക
  • പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജീവിതശൈലീരോഗങ്ങൾ മുൻകൂട്ടി കണ്ടുപിടിക്കാൻ സഹായിക്കുന്ന പ്രവർത്തന പരിപാടികൾ നടത്തുകയും ചികിത്സാ സംവിധാനങ്ങൾ ഉറപ്പാക്കുകയും ചെയ്യുക.
  • ക്ലബ്ബുകളുൾപ്പെടെയുള്ള സമൂഹ്യസംഘടനകളെ പ്രോത്സാഹിപ്പിച്ച്‌ വ്യായാമ ശീലം വ്യാപകമാക്കുക.
  • സർക്കാർ തലത്തിൽ ഈ പ്രശ്‌നത്തിന്റെ ഗൗരവം ഉൾക്കൊണ്ട്‌ സമഗ്രപാക്കേജ്‌ നടപ്പിലാക്കുക(ആവശ്യമായ പഠനം, ഗവേഷണം, ചികിത്സാ സംവിധാനങ്ങൾ, ആരോഗ്യബോധവൽക്കരണം, പ്രായോഗിക പ്രവർത്തനങ്ങൾ, നിയമനടപടികളിലൂടെ രോഗമുണ്ടാകുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കൽ മുതലായവ....).


"https://wiki.kssp.in/index.php?title=ജീവിതശൈലിയും_ആരോഗ്യവും&oldid=2739" എന്ന താളിൽനിന്ന് ശേഖരിച്ചത്